RSS

Tag Archives: ശാസ്ത്രം

സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ – 2

ഒബ്ജക്റ്റീവ്‌ റിയാലിറ്റി എന്നതിനു് യുക്തിപരമായ ഒരടിസ്ഥാനവും കണ്ടെത്താൻ നമുക്കു് കഴില്ലെങ്കിലും അങ്ങനെയൊന്നുണ്ടെന്ന രീതിയിൽ പെരുമാറുകയല്ലാതെ മനുഷ്യർക്കു് മറ്റു് നിവൃത്തിയൊന്നുമില്ലെന്നു് തത്വചിന്തകൻ ഡേവിഡ്‌ ഹ്യൂം. ലോകത്തെയും തന്നെയും കുറിച്ചു് അൽപമെന്തെങ്കിലുമൊക്കെ അറിയാൻ മനുഷ്യനു് അവന്റെ ഇന്ദ്രിയജ്ഞാനത്തെ ആശ്രയിക്കുകയും വിശ്വസിക്കുകയുമല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ല. ഇന്ദ്രിയാനുഭവങ്ങൾക്കു് തലച്ചോറു് നൽകുന്ന ഇന്റർപ്രെറ്റേഷനിലൂടെ തനിക്കു് മനസ്സിലാക്കാൻ കഴിയുന്നതുതന്നെയാണു് യഥാർത്ഥത്തിൽ ‘അവിടെ പുറത്തു്’ സ്ഥിതി ചെയ്യുന്ന ലോകമെന്നു് തെളിയിക്കാനോ, ആ ലോകം താൻ ഇല്ലാത്തപ്പോഴും അവിടെ അങ്ങനെതന്നെ നിലനിൽക്കുന്നുണ്ടോ എന്നറിയാനോ മനുഷ്യനു് ഒരു വഴിയുമില്ല. ഒരുപക്ഷേ അതുകൊണ്ടുകൂടിയാണു് ഈ ലോകം എന്നതു് ഏതെങ്കിലുമൊരു ദൈവം ഉച്ചയുറക്കത്തിൽ കണ്ട ഒരു ‘കിരാത’സ്വപ്നമാണെന്നോ, അസ്തിത്വമെന്നതു് മനുഷ്യമനസ്സിൽ മാത്രം നിലനിൽപുള്ള ഒരു ആശയമാണെന്നോ, വിശപ്പും ദാഹവും വേദനയുമെല്ലാം ഒന്നുമില്ലായ്മയുടെ എന്തുമാകായ്മയായ വെറും മായ മാത്രമാണെന്നോ ഒക്കെ ചുണ്ടിന്റെ വളർച്ചയ്ക്കും നീളത്തിനുമനുസരിച്ചു് നീട്ടിപ്പാടാൻ മനുഷ്യർക്കു് കഴിഞ്ഞതും കഴിയുന്നതും. കോതപ്പാട്ടു് ശരിയാണെന്നു് തെളിയിക്കാൻ പാടുന്നവർക്കു് കഴില്ലെങ്കിലും, അതു് തെറ്റാണെന്നു് തെളിയിക്കാൻ കേൾക്കുന്നവർക്കു് ആഗ്രഹവുമില്ലാത്തതിനാൽ പാട്ടുകച്ചേരി അനന്തമായി നീളുകയും ചെയ്യാം – “ഹാ മായ, മായ, സകലവും മായ” എന്നും മറ്റുമുള്ള സഭാപ്രസംഗിയുടെ ‘പാട്ടുകൾ’ സഹസ്രാബ്ദങ്ങൾ കടന്നു് ഇന്നും ബൈബിളിന്റെ ലോകത്തിൽ അലയടിക്കുന്നതുപോലെ. മതങ്ങൾ വരച്ചുകാണിക്കുന്ന മായയുടേയും മന്ത്രത്തിന്റേയുമൊക്കെ ലോകവുമായി പ്രകൃതിശാസ്ത്രങ്ങൾക്കു് ബന്ധമൊന്നുമില്ല. സത്യം തേടൽ ശാസ്ത്രലോകത്തിന്റെ ലക്ഷ്യവുമല്ല. “യഥാർത്ഥ സത്യം, അതു് ദൈവങ്ങൾക്കു് മാത്രമുള്ളതാണു്”. ലെസ്സിംഗ്‌ ഇതു് പറഞ്ഞിട്ടു് ഏതാണ്ടു് 250 വർഷങ്ങൾ കഴിഞ്ഞു. പോരെങ്കിൽ, ശാസ്ത്രം മനുഷ്യരുടെ ലോകമാണു്, ദൈവങ്ങളുടെയല്ല. പ്രത്യയശാസ്ത്രങ്ങളും മതങ്ങളും ചെയ്യുന്നപോലെ സാർവ്വലൗകികപ്രശ്നങ്ങൾക്കു് സമ്പൂർണ്ണപരിഹാരം എന്ന ഒറ്റമൂലി മുന്നോട്ടു് വയ്ക്കുന്ന ഒരു അടഞ്ഞ ചിന്താവ്യവസ്ഥയല്ല (closed system of thought) ശാസ്ത്രം. തുറന്നതും, നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നതും, ആവർത്തിച്ചു് തെളിയിക്കാൻ കഴിയുന്ന നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും അധിഷ്ഠിതമായതുമായ ഒരു സ്വതന്ത്രചിന്താരീതിയാണതു്. അതുകൊണ്ടുതന്നെ, ഉപകരണ-സാങ്കേതികവിദ്യയുടെ പുരോഗതിമൂലവും മറ്റും കണ്ടെത്തപ്പെടുന്ന പുതിയ അറിവുകൾ പഴയവയെ ഉപേക്ഷിക്കേണ്ടതോ, തിരുത്തേണ്ടതോ നിർബന്ധിതമാക്കിത്തീർക്കുമ്പോൾ, രക്തച്ചൊരിച്ചിലുകൾക്കൊന്നും കാരണമാവാതെതന്നെ, അവ ശാസ്ത്രലോകത്തിൽ അംഗീകരിക്കപ്പെടുന്നു. ശാസ്ത്രം ഇടപെടുന്ന ലോകം quarks, leptons, bosons എന്നീ വിഭാഗങ്ങളിൽ പെട്ട ആണവഘടകങ്ങൾകൊണ്ടു് പണിതുയർത്തപ്പെട്ടിട്ടുള്ള ഒരു ആഗ്രിഗെയ്റ്റാണു്. ഇത്തരം എലെമെന്ററി പാർട്ടിക്കിളുകൾ കൊണ്ടുള്ള – ജീവജാലങ്ങൾ അടക്കമുള്ള – പ്രപഞ്ചത്തിന്റെ നിർമ്മാണം നാലു് മൗലികശക്തികളാൽ നിയന്ത്രിക്കപ്പെടുന്നു – electromagnetism, strong interaction, weak interaction, gravitation.

ഫിസിക്സിനും എലക്ട്രിക്കൽ എഞ്ചിനീയറിംഗിനുമൊക്കെ നേരെ ഊരിയ വാളുമായി നിൽക്കുന്നവരെ ആശ്വസിപ്പിക്കാനായി ഈ നാലു് ശക്തികളെപ്പറ്റി ഒരൽപം:

എലെക്ട്രോമാഗ്നെറ്റിസം രണ്ടുവിധത്തിൽ പ്രത്യക്ഷപ്പെടുന്നു: എലക്ട്രിക്‌ ഫീൽഡ്‌, മാഗ്നെറ്റിക്‌ ഫീൽഡ്‌ – ഒരു പ്രതിഭാസത്തിന്റെ രണ്ടു് മുഖങ്ങൾ. രണ്ടുതരം ചാർജ്ജുകൾ: പോസിറ്റീവ്‌ ചാർജ്ജ്‌, നെഗറ്റീവ്‌ ചാർജ്ജ്‌. എലക്ട്രിക്‌ ഫീൽഡിൽ വരുന്ന മാറ്റങ്ങൾ മാഗ്നെറ്റിക്‌ ഫീൽഡിനു് കാരണമാവും – നേരെ മറിച്ചും. അങ്ങനെയല്ലായിരുന്നെങ്കിൽ ജെനറേറ്ററുകളും മോട്ടറുകളും, ട്രാൻസ്ഫോർമ്മറുകളും എലക്ട്രിസിറ്റി ബോർഡും ഒന്നും ഉണ്ടാവുമായിരുന്നില്ല. എലെക്ട്രോമാഗ്നെറ്റിസത്തിലെ വ്യത്യസ്ത ചാർജ്ജുകൾ തമ്മിൽ ആകർഷിക്കുകയും, ഒരേതരത്തിലുള്ള ചാർജ്ജുകൾ തമ്മിൽ വികർഷിക്കുകയും ചെയ്യുന്നു. ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ ന്യൂക്ലിയസിൽ ഒരു പ്രോട്ടോണും അതിനു് ചുറ്റുമായി (ആണവലോകത്തിന്റെ മാനദണ്ഡത്തിൽ നോക്കുമ്പോൾ വളരെ വളരെ അകലത്തിൽ) ചലിക്കുന്ന ഒരു എലക്ട്രോണുമാണുള്ളതു്. പ്രോട്ടോണിന്റെ പോസിറ്റീവ്‌ ചാർജ്ജും എലക്ട്രോണിന്റെ നെഗറ്റീവ്‌ ചാർജ്ജും മൂലം ഹൈഡ്രജൻ ആറ്റത്തിന്റെ മൊത്തം ചാർജ്ജ്‌ പൂജ്യവും, അതുവഴി അതു് പുറം ലോകത്തിന്റെ നോട്ടത്തിൽ ന്യൂട്രലും ആകുന്നു. വേണമെങ്കിൽ അയൊണിസേഷൻ വഴി ആ എലക്ട്രോണിനെ പുറത്തു് ചാടിക്കാം. അപ്പോൾ ഹൈഡ്രജന്റെ ന്യൂക്ലിയസിൽ പ്രോട്ടോൺ ഒറ്റയ്ക്കാവും. സാധാരണഗതിയിൽ മറ്റു് എല്ലാ ന്യൂക്ലിയസുകളിലും പ്രോട്ടോണുകളെ കൂടാതെ ന്യൂട്രോണുകളും ഉണ്ടെങ്കിലും അവയ്ക്കു് ചാർജ്ജില്ല. അത്രയും നല്ലതു്.

പ്രോട്ടോണുകളുടെ ചാർജ്ജ്‌ പോസിറ്റീവ്‌ ആയതിനാൽ അവ തമ്മിൽ വികർഷിക്കുമെന്നു് നമ്മൾ കണ്ടു. അവ തമ്മിലുള്ള അകലം കുറയുന്നതിനനുസരിച്ചു് ഈ ശക്തി വൻതോതിൽ വർദ്ധിക്കും (inverse square law). അതായതു്, ന്യൂക്ലിയസിൽ അവ തമ്മിൽത്തമ്മിൽ ചേർന്നു് നിൽക്കണമെങ്കിൽ എലക്ട്രോമാഗ്നെറ്റിസം മൂലമുള്ള വികർഷണത്തിന്റെ ശക്തിയെ മറികടക്കാൻ പോന്ന മറ്റൊരു വൻശക്തി ഉണ്ടായാലേ പറ്റൂ. ആ ശക്തിയാണു് ന്യൂക്ലിയസിനു് വെളിയിൽ പ്രവർത്തിക്കുകയോ സാന്നിദ്ധ്യമറിയിക്കുകയോ ചെയ്യാതെ ഉള്ളിൽ മാത്രം തന്റെ വിശ്വരൂപം കാണിക്കുന്ന സ്റ്റ്രോങ്ങ്‌ ഇന്ററാക്ഷൻ/സ്റ്റ്രോങ്ങ്‌ ഫോഴ്സ്‌. ഇതാണു് അണുകേന്ദ്രവിഭജനം സംഭവിക്കുമ്പോൾ പുറത്തുവരുന്ന ആണവശക്തി. നിയന്ത്രണവിധേയമായ ന്യൂക്ലിയർ ഫിഷൻ വഴി ലഭിക്കുന്ന ചൂടു് സ്റ്റീം ടർബൈനുകളെയും അതുവഴി ജെനറേറ്ററുകളെയും പ്രവർത്തിപ്പിക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാമെങ്കിലും മാനുഷികമോ അല്ലാത്തതോ ആയ കാരണങ്ങളാൽ നിയന്ത്രണം കൈവിട്ടുപോയാൽ എന്തു് സംഭവിക്കുമെന്നു് കാണാൻ ജപ്പാനിലേക്കു് നോക്കിയാൽ മതി. അണുകേന്ദ്രത്തെ നിയന്ത്രണമില്ലാതെ വിഭജിക്കാൻ അനുവദിച്ചാൽ സംഭവിക്കുന്നതെന്തെന്നു് അനുഭവത്തിലൂടെ അറിഞ്ഞതും ജപ്പാനിലെ ജനങ്ങൾ തന്നെയായിരുന്നു – 1945 ഓഗസ്റ്റ്‌ ആറിനും ഒൻപതിനും ഹിരോഷിമയിലും നാഗസാക്കിയിലും ജീവിക്കുകയായിരുന്ന ജനങ്ങൾ. ശാസ്ത്രത്തിന്റെ കാര്യം പൊതുവേ അങ്ങനെയാണു് – ശാസ്ത്രജ്ഞാനം ആരുടെ കയ്യിൽ അകപ്പെടുന്നു എന്നതു് ഒട്ടും അപ്രധാനമായ കാര്യമല്ല.

ചില എലെമെന്റുകളിലെ ന്യൂക്ലിയസുകളിൽ Radioactive decay സംഭവിക്കുന്നതിന്റെ പിന്നിലെ ശക്തിയാണു് വീക്‌ ഇന്ററാക്ഷൻ/വീക്‌ ഫോഴ്സ്‌. സ്റ്റ്രോങ്ങ്‌ ഫോഴ്സ്‌ പോലെതന്നെ ഇതും ന്യൂക്ലിയസിനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ശക്തിയാണു്. ഉദാഹരണത്തിനു്, വീക്‌ ഫോഴ്സാണു് റേഡിയോആക്റ്റീവ്‌ ആയ മൂലകങ്ങളിലെ പ്രോട്ടോണുകളെ ന്യൂട്രോണുകളും, ന്യൂട്രോണുകളെ പ്രോട്ടോണുകളും ആയി മാറാൻ സഹായിക്കുന്നതു്. അതുവഴി പ്രോട്ടോണിലെ ഒരു up-quark down-quark ആയി മാറുകയും (ന്യൂട്രോണിൽ നേരെ മറിച്ചും) വിവിധതരം എലെമെന്ററി പാർട്ടിക്കിളുകളുടെ എമിഷനോ അബ്സോർപ്ഷനോ സംഭവിക്കുകയും ചെയ്യുന്നു. 1968-ൽ ഇലക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സും വീക്‌ ഫോഴ്സും തമ്മിൽ എലെക്ട്രോ-വീക്‌ ഫോഴ്സ്‌ എന്ന പേരിൽ സംയോജിപ്പിക്കപ്പെട്ടു. ഈ രണ്ടു് ശക്തികളും താഴ്‌ന്ന ഊർജ്ജാവസ്ഥയിൽ വളരെ വ്യത്യസ്തമാണെങ്കിലും, ബിഗ്‌-ബാംഗിനോടടുത്തെന്നപോലെ ഉന്നതമായ എനർജ്ജി (ഒന്നിനോടു് പതിനഞ്ചു് പൂജ്യം ചേർത്താൽ ലഭിക്കുന്നത്ര ഊഷ്മാവു്) നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ഒന്നാവുന്നതാണു് ഈ സംയോജിപ്പിക്കലിനു് നിദാനം. Abdus Salam, Sheldon Glashow, Steven Weinberg എന്നിവർക്കു് അതിന്റെ പേരിൽ 1979-ൽ ഫിസിക്സിനുള്ള നോബൽ പ്രൈസും ലഭിച്ചു. എനർജി വീണ്ടും കൂടിയാൽ എലക്ട്രോ-വീക്ഫോഴ്സിനോടു് സ്റ്റ്രോങ്ങ്‌ ഫോഴ്സും ഗ്രാവിറ്റിയും ചേർന്നു് ഒരൊറ്റ മൗലികശക്തിയായി മാറാമെന്നു് ചിലർ കണക്കുകൂട്ടിയിട്ടുണ്ടു്. ആ ശക്തിയാവാം പിന്നീടു് നാലായി പിരിഞ്ഞതു്. പൊരുത്തപ്പെട്ടു് ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മനുഷ്യരും പിരിഞ്ഞുപോകാറാണു് പതിവെന്നു് കേൾക്കുന്നു. അതുകൊണ്ടു് തമ്മിൽ പിരിഞ്ഞതിന്റെ പേരിൽ മൗലികശക്തികളെ നമ്മൾ കുറ്റം പറയരുതു്.

പ്രപഞ്ചത്തിലെ നാലാമത്തെ ശക്തിയാണു് ഗ്രാവിറ്റി. എനർജിയിൽ നിന്നും മൂലകങ്ങളും, സംയുക്തങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഗ്യാലക്സികളും, ഈ ഭൂമിയും, അതിലിരുന്നു് ഓരോരോ കണക്കുകൾ കൂട്ടുകയും ബ്ലോഗ്‌ പോസ്റ്റുകൾ എഴുതുകയും വായിക്കുകയുമെല്ലാം ചെയ്യുന്ന മനുഷ്യരുമൊക്കെ ഉണ്ടായതു് ഈ ഒരു ശക്തി മൂലമാണു്. മറ്റു് രണ്ടു് ശക്തികളിൽ നിന്നും വ്യത്യസ്തമായി, തത്വത്തിൽ അനന്തമായ റേഞ്ച്‌ ഉള്ള ശക്തികളാണു് എലെക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സും ഗ്രാവിറ്റേഷണൽ ഫോഴ്സും. പക്ഷേ, ഗ്രാവിറ്റേഷണൽ ഫോഴ്സിൽ ചാർജ്ജ്‌ എന്നൊന്നില്ല. മറ്റു് മൂന്നു് ഫോഴ്സുകളെക്കാൾ ഏറെ ബലഹീനമായ ഗ്രാവിറ്റിയ്ക്കു് ആകർഷണശക്തി മാത്രമേയുള്ളു. ന്യൂട്ടന്റെ നിയമപ്രകാരം വസ്തുക്കൾ തമ്മിലുള്ള ആകർഷണം അവയുടെ പിണ്ഡങ്ങൾക്കു് ആനുപാതികവും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു് വിപരീതാനുപാതികവുമാണു് (inverse square law). പ്രപഞ്ചത്തിൽ അധികപങ്കും ശൂന്യതയാണെങ്കിലും ചുറ്റുപാടുകളെ അപേക്ഷിച്ചു് അൽപം ദ്രവ്യം എവിടെയെങ്കിലുമൊക്കെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതായി കണ്ണിൽ പെട്ടാൽ അവിടെ ഗ്രാവിറ്റി ആധിപത്യം സ്ഥാപിക്കും. അതിന്റെ ഫലമായി കൂടുതൽ കൂടുതൽ ദ്രവ്യം അങ്ങോട്ടേക്കു് ആകർഷിക്കപ്പെടും. (പ്രപഞ്ചം തൂത്തുവാരി കൂട്ടലാണു് ഗ്രാവിറ്റിയുടെ പ്രഥമജോലി. പക്ഷേ, പ്രപഞ്ചംതൂപ്പുകാരൻ എന്നു് ഗ്രാവിറ്റിയെ അവഗണിക്കാൻ വരട്ടെ, ഗ്രാവിറ്റിയുടെ തനിസ്വരൂപം വഴിയേ പിടികിട്ടും.) അതുവഴി പിണ്ഡവും (mass) തന്മൂലം ഗ്രാവിറ്റിയും പിന്നേയും വർദ്ധിക്കും. അത്തരം ഇടങ്ങളിൽ പിണ്ഡത്തിന്റെ അളവു് അനുയോജ്യമായ മൂല്യത്തിൽ എത്തുമ്പോൾ, ദ്രവ്യം അതിന്റെ സ്വന്തം ഭാരത്തിൽ അതിലേക്കുതന്നെ വീഴുന്നതിന്റെ ഫലമായി നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും രൂപമെടുക്കുന്നു.

ഒരു നക്ഷത്രത്തിന്റെ വ്യാപ്തത്തിനു് (അഥവാ റേഡിയസിനു്) വ്യത്യാസം വരാതെ അതിന്റെ മാസ്‌ വർദ്ധിക്കുന്നു എന്നു് കരുതിയാൽ, (മാസിനു് വ്യത്യാസം വരാതെ റേഡിയസ്‌ കുറഞ്ഞുകൊണ്ടിരുന്നാലും) മാസ്‌ ഒരു പ്രത്യേക അളവിൽ എത്തുമ്പോൾ, ഗ്രാവിറ്റിയുടെ ഫലമായി അതിന്റെ എലക്ട്രോണുകൾ പ്രോട്ടോണുകളിലേക്കു് ഞെക്കിച്ചേർക്കപ്പെടുകയും, അവ ന്യൂട്രോണുകളായി മാറുകയും ചെയ്യും. അതുവഴി ന്യൂട്രോൺ സ്റ്റാറുകൾ ജനിക്കുന്നു. പിണ്ഡം വീണ്ടും കൂടിക്കൊണ്ടിരുന്നാൽ, ഗ്രാവിറ്റിയുടെ ശക്തി ന്യൂട്രോൺ നക്ഷത്രത്തിനുപോലും പിടിച്ചുനിൽക്കാനാവാത്ത വിധം വർദ്ധിക്കുകയും എപ്പോഴെങ്കിലും അതൊരു അന്തിമമായ ഇമ്പ്ലോഷനിലൂടെ അനന്തമായ സാന്ദ്രതയുള്ള ഒരു സിൻഗ്യുലാരിറ്റി ആയി – ഒരു ബ്ലാക്ക്‌ ഹോൾ ആയി – മാറുകയും ചെയ്യും. അവിടെ നിന്നുള്ള escape velocity പ്രകാശത്തിന്റെ വേഗതയിലും കൂടുതലാണെന്നതിനാൽ ഒരിക്കൽ അതിൽ പെട്ടുപോയാൽ പുഷ്പകവിമാനം ഉണ്ടായാൽ പോലും അവിടെ നിന്നും രക്ഷപെടാനാവില്ല. സ്റ്റ്രോങ്ങ്‌ ഫോഴ്സാണെന്നോ, എലെമെന്ററി പാർട്ടിക്കിളാണെന്നോ, ഭാരതത്തിലെ ഏതെങ്കിലും പ്രമുഖമന്ത്രിയുടെ സ്വന്തമാണെന്നോ ഒന്നും പറഞ്ഞിട്ടു് ഒരു കാര്യവുമില്ല. ബ്ലാക്ക്‌ ഹോൾ ആളൊരു സ്ഥിതിസമത്വക്കാരനാണു്. നാടൻ ഭാഷയിൽ പറഞ്ഞാൽ തനി കമ്മൂണിഷ്ട്‌. ഇതുകേട്ടു് ഉടിയെപ്ഫിലെ ഒടിയന്മാർക്കു് തങ്ങളും ഇടിച്ചുനിരത്തപ്പെടുമോ എന്ന ഭയം വേണ്ട. ഭൂമിയോടു് ഏറ്റവും അടുത്ത ബ്ലാക്ക്‌ ഹോൾ 1500 പ്രകാശവർഷങ്ങൾ അകലെയാണു്.

അതുകൊണ്ടു്, ഗ്രാവിറ്റിയെ ആപ്പിൾ വന്നു് തലയിൽ വീഴുന്നപോലുള്ള എന്തോ ഒരു ചിന്നകാര്യമായി നിസ്സാരവത്കരിക്കരുതു്. ഇതുവരെ ശാസ്ത്രത്തിനു് ശരിക്കും പിടികൊടുക്കാത്ത ഒരു ശക്തിയാണതു്. 1687-ൽ Philosophiae Naturalis Principia Mathematica എന്ന ഗ്രന്ഥത്തിൽ ലോകത്തിലാദ്യമായി ഈ ശക്തിയെപ്പറ്റി എഴുതിയ ന്യൂട്ടൺ പോലും ഗ്രാവിറ്റിയുടെ കാര്യത്തിൽ അത്ര സംതൃപ്തനായിരുന്നില്ല. ഗ്രാവിറ്റി ശുദ്ധമായ ആകർഷണശക്തിയായതിനാൽ പ്രപഞ്ചത്തിലെ ദ്രവ്യം മുഴുവൻ – സായിബാബയുടെ സ്വർണ്ണശേഖരം ഉൾപ്പെടെ – തകർന്നുവീഴേണ്ടതല്ലേ എന്ന ചിന്തയാണു് ന്യൂട്ടണെ അലട്ടിയതു്. എങ്ങോട്ടു് വീണാലും വേണ്ടില്ല, തന്റെ പുറത്തേക്കു് വീഴാതിരുന്നാൽ മതിയെന്ന ചിന്തയിൽ പഠിച്ച പ്രാർത്ഥനകളെല്ലാം ഉരുവിട്ടുകൊണ്ടു് ഭൂമി പതിവുപോലെ വട്ടം ചുറ്റിക്കൊണ്ടിരുന്നതിനിടയിൽ പിന്നെയും കഴിഞ്ഞുപോയി പത്തിരുന്നൂറു് വർഷങ്ങൾ. സമയം പോകുന്ന ഒരു പോക്കേ! അങ്ങനെയിരിക്കെയാണു്, “On the Electrodynamics of Moving Bodies” എന്ന പേരിൽ ഒരു പേപ്പർ 1905-ൽ പ്രസിദ്ധീകരിച്ചുകൊണ്ടു് സ്വിറ്റ്‌സർലണ്ടിലെ ബേൺ എന്ന സ്ഥലത്തു് ഒരു പേറ്റന്റ്‌ ഓഫീസിൽ ക്ലർക്ക്‌ ആയിരുന്ന ആൽബെർട്ട്‌ ഐൻസ്റ്റൈൻ എന്നൊരു 26 വയസ്സുകാരൻ ഈ പുലിവാലിൽ കയറി പിടിച്ചതു്. ആ പേപ്പറിന്റെ ഉള്ളടക്കമാണു് ഇന്നു് സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി എന്നപേരിൽ അറിയപ്പെടുന്നതു്. ഐൻസ്റ്റൈൻ ഈ കണ്ടെത്തൽ നടത്തിയതു് കേരളത്തിൽ ഒരു ഗുമസ്തൻ ആയി ജോലി നോക്കുമ്പോഴാവാതിരുന്നതു് മനുഷ്യവർഗ്ഗത്തിന്റെ ഭാഗ്യം. എറ്റവും നല്ല പൂമാല കുരങ്ങന്റെ കയ്യിൽ ഏൽപിക്കുക, ഏറ്റവും നല്ല ആശയങ്ങൾ മലയാളികളെ ഏൽപിക്കുക എന്നാണല്ലോ മഹദ്വചനം. പലരും ആദ്യജോലികൾ തീർത്തിരുന്നതിനാൽ ഐൻസ്റ്റൈന്റെ ഈ കണ്ടെത്തൽ ഉജ്ജ്വലമെങ്കിലും ശാസ്ത്രലോകത്തിൽ അത്ര അപ്രതീക്ഷിതമായിരുന്നില്ല. നാൽപതാം വയസ്സിൽ ക്ഷയരോഗം മൂലം മരിച്ച Bernhard Riemann, നാൽപത്തിനാലാം വയസ്സിൽ ‘വെറുമൊരു’ അപ്പെൻഡിസൈറ്റിസ്‌ (അക്കാലത്തു് അതു് ഓപറേറ്റ്‌ ചെയ്യുന്ന രീതി ഇല്ലായിരുന്നു) മൂലം നിര്യാതനായ Hermann Minkowski മുതലായവരുടെ പേരുകൾ എടുത്തു് പറയേണ്ടതാണു്. ആദ്യകാലത്തു് മിങ്കോവ്സ്കിയുടെ four dimensional space-time continuum എന്ന ആശയത്തെ നിഷേധിച്ചിരുന്ന ഐൻസ്റ്റൈൻ അതുതന്നെ തന്റെ ജെനറൽ റിലേറ്റിവിറ്റി തിയറിയിൽ ഉപയോഗിക്കുകയായിരുന്നു. ജീന്യസ്‌ എന്ന വാക്കു് ആരെങ്കിലും അർഹിക്കുന്നുണ്ടെങ്കിൽ അതു് പതിനെട്ടാം നൂറ്റാണ്ടു് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയുള്ള കാലഘട്ടത്തിൽ ഈ ലോകത്തിൽ ജീവിച്ചിരുന്ന കുറെ മനുഷ്യരാണു്. മാനവരാശിയെ എക്കാലവും രോമാഞ്ചമണിയിക്കേണ്ട പ്രതിഭകൾ!

സ്പെഷ്യൽ തിയറി ചർച്ച ചെയ്യുന്നതു് യൂണിഫോമായും ആപേക്ഷികമായും ചലിക്കുന്ന റെഫ്രെൻസ്‌ ഫ്രെയ്മുകളെ (inertial frames of reference) സംബന്ധിച്ചാണു്. ഫ്ലാറ്റ്‌ ആയ ഒരു പ്രപഞ്ചത്തിൽ യൂണിഫോമായി ചലിക്കുന്ന റെഫ്രെൻസ്‌ ഫ്രെയ്മുകൾ പരസ്പരം എങ്ങനെ പെരുമാറുന്നു, അപ്പോഴെല്ലാം ഫിസിക്സിന്റെ നിയമങ്ങൾക്കുള്ള ഇൻവേര്യൻസും പ്രകാശവേഗതയുടെ കോൺസ്റ്റൻസിയും – ഇത്രയൊക്കെയാണു് തത്വത്തിൽ സ്പെഷ്യൽ തിയറി. ചുരുക്കത്തിൽ, വ്യത്യസ്ത വേഗതയിൽ ചലിക്കുന്ന വാച്ചുകളിലെ സമയങ്ങൾ തമ്മിലുള്ള വ്യത്യാസമാണു് അതിന്റെ കേന്ദ്രവിഷയം. പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ ചലിക്കുമ്പോൾ വസ്തുക്കളുടെ നീളം കുറയും, സമയം സാവകാശമാകും, മാസ്‌ വർദ്ധിക്കും. അതുവഴി, നീളവും (സ്പെയ്സ്‌) സമയവും വേഗതയ്ക്കനുസരിച്ചു് മാറുമെന്നും, അവ അബ്സൊല്യൂട്ട്‌ ആയ മൂല്യങ്ങളല്ല എന്നും വരുന്നു. ന്യൂട്ടന്റെ യൂണിവേഴ്സൽ ലോ ഓഫ്‌ ഗ്രാവിറ്റേഷൻ പ്രകാരം, വസ്തുക്കൾ തമ്മിലുള്ള ആകർഷണശക്തി അവ തമ്മിൽ ആ സമയത്തുള്ള ദൂരത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നതു്. പക്ഷേ, അബ്സൊല്യൂട്ട്‌ ആയ സമയം എന്നൊന്നില്ലെങ്കിൽ എപ്പോഴാണു് അവ തമ്മിലുള്ള ദൂരം അളക്കേണ്ടതു് എന്നറിയാൻ വഴിയൊന്നുമില്ല. ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റിയും ന്യൂട്ടന്റെ ഗ്രാവിറ്റേഷണൽ ലോയും തമ്മിൽ പൊരുത്തപ്പെടുകയില്ല എന്നർത്ഥം. അതിനാൽ, സ്പെഷ്യൽ തിയറിയെ പരിഷ്ക്കരിക്കാതെ ഐൻസ്റ്റൈനു് നിവൃത്തിയില്ലാതെ വന്നു. ഐൻസ്റ്റൈൻ പിടിച്ചതു് ഒരു പുലിവാലായതു് അങ്ങനെയാണു്. ഈ പ്രശ്നത്തിന്റെ പരിഹാരമായാണു് പതിനൊന്നു് വർഷത്തെ ശ്രമഫലമായി ജനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി രൂപമെടുത്തതു്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഐൻസ്റ്റൈൻ അതിനു് ഉപയോഗിച്ചതു്, റീമാനും മിങ്കോവ്സ്കിയുമൊക്കെ വിഭാവനം ചെയ്തു് വച്ചിരുന്ന ആക്സെലറേഷനു് വിധേയമായ റെഫ്രെൻസ്‌ ഫ്രെയ്മുകളാണു് (non-inertial frames of reference).

സ്രഷ്ടാവിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലെന്നു് സ്ഥാപിക്കാൻ ഒരു മിസ്റ്റർ എം. പി. പരമേശ്വരൻ എഴുതിയിട്ടുള്ളതായി ചില വാചകങ്ങൾ Adv T K Sujith ഫെയ്സ്‌ ബുക്ക്‌ വഴി എന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എം. പി. പരമേശ്വരനെ ഞാൻ വായിച്ചിട്ടില്ല എന്ന ക്ഷമാപണത്തോടെ, കാര്യം മനസ്സിലാക്കാനുള്ള എളുപ്പത്തിനായി സുജിത്‌ എഴുതിയതിലെ പ്രസക്തമായ ഭാഗം ഇവിടെ ചേർക്കുന്നു:

“സ്ഥലം എന്നതു് ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടമാണു്. സ്ഥലത്തെ ദ്രവ്യത്തിന്റെ ചലനമാണു് സമയം ആയി നാം മനസ്സിലാക്കുന്നതു്. വാച്ചിൽ സൂചികളുടെ ചലനം, സൂര്യന്റെ ചലനം, ആറ്റങ്ങളുടെ ചലനം തുടങ്ങി സ്ഥലത്തിലുള്ള ദ്രവ്യത്തിന്റെ ചലനത്തിലൂടെ നമുക്കു് സമയം മനസ്സിലാക്കാം. അപ്പോൾ ഇത്രായിരം കോടി വർഷങ്ങൾക്കു് മുൻപു് ഒരു പ്രത്യേക ‘നിമിഷത്തിൽ’ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു് പറഞ്ഞാൽ ആ ‘നിമിഷം’ അളക്കുന്നതിനും അവിടെ അപ്പോൾ ദ്രവ്യം വേണമല്ലോ. ആ ദ്രവ്യം പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ. അപ്പോൾ നിങ്ങൾക്കു് ദ്രവ്യമില്ലാതെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട സമയം കണ്ടുപിടിക്കാനാവില്ല. അതായതു് എല്ലായ്പോഴും ദ്രവ്യമുണ്ടു് അഥവാ, പ്രപഞ്ചമുണ്ടു്. … എന്നു് സൃഷ്ടിക്കപ്പെട്ടു എന്നു് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരു ദിവസം ഇല്ലെങ്കിൽ അത്തരം സ്രഷ്ടാവിനെപ്പറ്റിയും ചിന്തിക്കേണ്ടതില്ലല്ലോ” – എം. പി. പരമേശ്വരൻ

ഐൻസ്റ്റൈനെപ്പറ്റി ഇവിടെ പരാമർശിച്ചതിന്റെ കാരണംതന്നെ പ്രധാനമായും ഈ കുറിപ്പാണു്. സമയത്തെപ്പറ്റിയും സ്പെയ്സിനെപ്പറ്റിയുമുള്ള ശ്രീ എം. പി. പരമേശ്വരന്റെ വിലയിരുത്തലുകൾ ഉപരിപ്ലവവും വസ്തുതയിൽ നിന്നും വളരെ അകന്നു് നിൽക്കുന്നവയുമാണു്. സ്ഥലം എന്നതു് ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടമാണെന്നതു് പകുതി സത്യമേ ആകുന്നുള്ളു. ജോൺ വീലറുടെ പ്രസിദ്ധമായ ഒരു വാചകം: “space(-time) tells bodies how to move and and bodies tell space(-time) how to curve”. ദ്രവ്യം ഊർജ്ജത്തിന്റെ മറ്റൊരു രൂപമാണെന്നു് ഐൻസ്റ്റൈന്റെ E=mc^2 നമ്മെ പഠിപ്പിക്കുന്നു. ബിഗ്‌-ബാംഗിനു് ശേഷമുള്ള ആദ്യകാല പ്രപഞ്ചത്തിൽ ഉണ്ടായിരുന്നതുപോലെ വളരെ ഉയർന്ന താപനിലയിൽ ദ്രവ്യം (elementary particles) പൂർണ്ണമായും ഊർജ്ജരൂപത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളു. മുകളിൽ നമ്മൾ കണ്ടതുപോലെ, പ്രപഞ്ചശക്തികൾതന്നെ ഒന്നായിത്തീരുന്ന ഒരു ഊർജ്ജാവസ്ഥയിൽ, ശ്രീ എം. പി. പരമേശ്വരൻ അവകാശപ്പെടുന്നതുപോലെ, ദ്രവ്യത്തിന്റെയോ ആറ്റങ്ങളുടെയോ ചലനമായും മറ്റും സമയത്തെ നിർവചിക്കുന്നതിൽ അർത്ഥമൊന്നുമില്ല. മാത്രവുമല്ല, ദ്രവ്യം അതിന്റെ നാടകങ്ങൾ അവതരിപ്പിക്കുന്ന പാസീവ്‌ ആയ ഒരു സ്റ്റേജ്‌ മാത്രമല്ല സ്പേയ്സ്‌-ടൈം എന്നു് ഐൻസ്റ്റൈനു് ശേഷമെങ്കിലും നമുക്കറിയാം. ദ്രവ്യവും സ്പെയ്സ്‌-ടൈമും പരസ്പരം സ്വാധീനിക്കുന്നതും, പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്നതുമായ ഒരു യൂണിറ്റാണു്. അനാളജികൾ പൊതുവേ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുമെങ്കിലും, ഫിസിക്സിൽ അവ പലപ്പോഴും തെറ്റായ വിഷ്വലൈസേഷനിലേക്കു് നയിച്ചുകൂടായ്കയില്ല. അതു് മറക്കാതിരുന്നാൽ, സ്പെയ്സ്‌-ടൈമിനെ ദ്രവ്യത്തിന്റെ സാന്നിദ്ധ്യവും ചലനവും വഴി മാറ്റങ്ങൾ സംഭവിക്കുന്നതും, പ്രപഞ്ചം മുഴുവൻ വ്യാപിച്ചു് കിടക്കുന്നതുമായ ഒരു ‘ദ്രാവകം’ ആയി സങ്കൽപിക്കുന്നതിൽ തെറ്റില്ല. ദ്രവ്യം/എനർജ്ജി മൂലം സ്പെയ്സ്‌-ടൈമിനു് സംഭവിക്കുന്ന കർവേച്ചർ വ്യക്തമാക്കുന്നതിനായി പലപ്പോഴും വർണ്ണിക്കാറുള്ള അനാളജിയായ വലിച്ചുകെട്ടിയ ഒരു റബ്ബർ ഷീറ്റും, ഭാരമുള്ള ഒരു ഗോളത്തെ അതിൽ വയ്ക്കുമ്പോൾ അതിനു് സംഭവിക്കുന്ന വക്രതയും ഈ രീതിയിൽ മനസ്സിലാക്കേണ്ടതാണു്. റബ്ബർ ഷീറ്റിനു് സംഭവിക്കുന്ന വക്രത ഭൂമിയുടെ ഗ്രാവിറ്റി കൊണ്ടാണെന്നതിനാൽ, ഗ്രാവിറ്റിയെ വിശദമാക്കാൻ ഗ്രാവിറ്റിയെത്തന്നെ ഉപയോഗിക്കുന്നു എന്ന പരിമിതി ഈ അനാളജിയ്ക്കുണ്ടു്. ഇവിടെ വിഷയം ഫോർ ഡൈമെൻഷനലായ സ്പെയ്സ്‌-ടൈം കണ്ടിന്യുവം ആണു്.

(തുടരും)

 
2 Comments

Posted by on Jun 22, 2011 in ശാസ്ത്രം

 

Tags: , ,

സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ – 1

ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ ഉരുത്തിരിയുക എന്നതു് മനുഷ്യന്റെ സാമാന്യബുദ്ധിക്കു് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണു്. സ്രഷ്ടാവില്ലാത്തൊരു സൃഷ്ടി അനുഭവലോകത്തിൽ സാധാരണമല്ല എന്നതിനാൽ, ദൈവനിർമ്മിതിയല്ലാത്ത ഒരു പ്രപഞ്ചത്തിനു് മനുഷ്യഭാവനയിൽ സ്ഥാനം ലഭിക്കുക അത്ര എളുപ്പമല്ല. അതേസമയം, മനുഷ്യൻ പരിധിയില്ലാത്ത ഭാവനാശേഷിയുടെ ഉടമയാണുതാനും. നരസിംഹവും, ഗണപതിയും, സൂര്യനേയും ചന്ദ്രനേയും മണിക്കൂറുകളോളം നിശ്ചലമാക്കി നിർത്തിയവരും, ചങ്കും കരളും ആമാശയവും സഹിതം സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി മടങ്ങിവന്നവരും, മടങ്ങിവരാനിരിക്കുന്നവരും, അവിടെത്തന്നെ സ്ഥിരമായി സുഖമായി വാഴുന്നവരും, എന്നുവേണ്ട, ന്യായീകരിക്കാനാവുന്ന ഏതെങ്കിലുമൊരു അടിത്തറയോ അർത്ഥമോ നൽകാനാവാത്ത ആയിരക്കണക്കിനു് സ്വപ്നങ്ങളും, സങ്കൽപങ്ങളും, ദൈവികവെളിപാടുകളും രൂപമെടുത്ത അളവും അന്തവുമില്ലാത്ത അത്ഭുതസാമ്രാജ്യമാണു് മനുഷ്യരുടെ ഭാവനാലോകം. ഇന്നത്തെ അറിവിൽ, സ്വാർത്ഥതാത്പര്യം ലക്ഷ്യമാക്കിയുള്ള വഞ്ചനാപരമായ നുണയെന്നോ, മാനസികവിഭ്രാന്തിയെന്നോ, യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട രോഗാതുരമായ മനസ്സിൽനിന്നും ഉതിരുന്ന വിടുവാക്കുകളെന്നോ തിരിച്ചറിയപ്പെടുമായിരുന്ന എത്രയോ ഭ്രാന്തൻ ആശയങ്ങൾക്കു് നിരുപാധികമായ അംഗീകാരം നൽകി ജനകോടികൾ അവയെ അന്ധമായി അനുഗമിച്ചതിന്റെയും ആരാധിച്ചതിന്റെയും തുടർക്കഥകളാണു് സാമൂഹികവും മതപരവുമായ ലോകചരിത്രം. കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ ഇടയ്ക്കിടെ മുളച്ചുപൊന്തി വേറിട്ടുനിന്ന എതിർപ്പിന്റെ ഒറ്റപ്പെട്ട ശബ്ദങ്ങൾ സാമൂഹികനേതൃത്വത്തിന്റെ സജീവമായ പിൻതുണയോടെ ശ്രദ്ധാപൂർവ്വം ഉന്മൂലനം ചെയ്യപ്പെട്ടു. തത്ഫലമായി കൂട്ടത്തിനോടു് ചേർന്നു് കൂവുന്നതാണു് നിലനിൽപിനു് ഏറ്റവും അനുയോജ്യമായ നിലപാടെന്നു് വന്നു. അതോടെ, നിലനിൽപിന്റെ അടിസ്ഥാനതത്വമായ നാച്യുറൽ സെലക്ഷനിലൂടെയുള്ള എവൊല്യൂഷന്റെ മാനദണ്ഡം, അഥവാ, സർവൈവലിനുള്ള ഫിറ്റ്‌നസിന്റെ അളവുകോൽ എന്നതു് കൂട്ടത്തിനോടു് ചേർന്നുള്ള കൂവൽസന്നദ്ധതയിലേക്കു് പരിമിതപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും, വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും, ജോലിയുടെയും കൂലിയുടെയുമെല്ലാം അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ട കൂട്ടങ്ങൾ ഓരോന്നും കൂട്ടം തിരിഞ്ഞുനിന്നു് നിരന്തരം അങ്ങോട്ടുമിങ്ങോട്ടും ഓരിയിട്ടുകൊണ്ടിരുന്നപ്പോൾ തിരുത്തപ്പെടാനാവാത്തവിധം മ്യൂട്ടേഷൻ സംഭവിച്ചു് അവരിലെ ഓരോ കൂട്ടവും മറ്റു് കൂട്ടങ്ങളുമായി കാര്യമായ പൊതുഘടകങ്ങൾ ഒന്നുമില്ലാത്ത ഒരുതരം എയ്‌ലിയൻ സ്പീഷീസ്‌ എന്ന അവസ്ഥയിലേക്കു് പരിണമിച്ചുകൊണ്ടിരുന്നു. മനഃപൂർവ്വം വരുത്തിവയ്ക്കുന്ന ഇത്തരം ‘ജനിതകവ്യതിയാനങ്ങളുടെ’ ഗതിവേഗം ഈ രീതിയിൽ തുടരുന്ന പക്ഷം മനുഷ്യൻ എന്ന പൊതുവർഗ്ഗത്തിലെ ഒരു ജാതിയിൽനിന്നും മക്കളെ ജനിപ്പിക്കാൻ മറ്റൊരു ജാതിക്കു് കഴിയാത്തവിധം ഭാരതത്തിലെ മനുഷ്യജാതിക്കു് പരിണാമം സംഭവിക്കുന്ന കാലം അതിവിദൂരമാണെന്നു് തോന്നുന്നില്ല. അല്ലെങ്കിൽത്തന്നെ, യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു് ജീവിക്കാൻ ശ്രമിക്കുന്ന മറ്റു് ലോകസമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി, ആജീവനാന്തം സ്വപ്നലോകത്തിൽ വിഹരിക്കുന്ന ഒരു ‘വിഹാരജീവി’ ആണു് ഭാരതീയൻ. സാഹിത്യവും കലകളുമൊക്കെയാണു് സാധാരണഗതിയിൽ മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്നതിനു് ഒരു സമൂഹത്തിനു് പ്രയോജനപ്പെടുത്താൻ കഴിയുന്ന ചൂരൽക്കഷായങ്ങൾ. പക്ഷേ, അതിനുവേണ്ടി ആരെങ്കിലും ശ്രമിച്ചാൽ ഭാരതീയന്റെ വിഹാരം വല്ലാതെ വ്രണപ്പെടും. വിഹാരം വ്രണപ്പെട്ടാൽ അവൻ നിർത്താതെ നിലവിളിക്കാൻ തുടങ്ങും. കുഞ്ഞുങ്ങൾ അങ്ങനെയാണു്. ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്നു് പറഞ്ഞാൽ – അതു് പറയുന്നതു് താൻ തട്ടിപ്പോകാതിരിക്കാനാണെന്നു് അറിയാൻ മാത്രം ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്തതിനാൽ – അതുതന്നെ ചെയ്യുന്നതും, അതിന്റെ പേരിൽ പെടകിട്ടിയാൽ വലിയകൂട്ടം ഇടുന്നതുമാണു് അവരുടെ ഇഷ്ടവിനോദം. പുരാണകഥകൾ കേട്ടു് ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്ന പ്രായത്തിൽ നിത്യമായി തളച്ചിടപ്പെട്ട ഭാരതീയസമൂഹം ചെയ്യുന്നതും മറ്റൊന്നല്ല.

സൃഷ്ടിയുടെ നിർബന്ധനിബന്ധനയായി ഏതെങ്കിലുമൊരു സ്രഷ്ടാവോ വിവിധ സ്രഷ്ടാക്കളോ അവരോധിക്കപ്പെട്ടതും മനുഷ്യന്റെ ബോധമനസ്സിനു് സംഭവിച്ചുകൊണ്ടിരുന്ന പരിണാമപ്രക്രിയയുടെ വൈകിയ ഏതോ ഒരു കാലഘട്ടത്തിൽ ആയിരുന്നിരിക്കണം. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിലവിലിരുന്നതും, അവിടങ്ങളിലെ ഭൂമിശാസ്ത്രവും ഫ്ലോറയും ഫോണയുമായി അഭേദ്യമെന്നോണം ബന്ധപ്പെട്ടിരുന്നതുമായ പ്രപഞ്ചസൃഷ്ടിസങ്കൽപങ്ങൾ പ്രപഞ്ചസ്രഷ്ടാക്കളായ ദൈവങ്ങളുടെ സൃഷ്ടി മനുഷ്യഭാവനയിൽ മാത്രം സംഭവിച്ചതാണെന്ന സത്യം വിളിച്ചോതുന്നവയാണു്. ഒരു ആഫ്രിക്കൻ പുരാണപ്രകാരം മനുഷ്യരൂപിയും വെളുത്ത തൊലിയുള്ളവനുമായ Mbombo എന്ന ദൈവം കലശലായ വയറ്റുവേദന മൂലം ഒന്നുരണ്ടുവട്ടം ഛർദ്ദിച്ചപ്പോൾ പുറത്തുവന്നതാണു് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും. അതിനു് മുൻപു് മ്പോംബൊ ദൈവം ഏകനും, ഭൂമി അന്ധകാരത്താലും വെള്ളത്താലും മൂടിയതുമായിരുന്നു. സൂര്യപ്രകാശത്തിന്റെ ചൂടേറ്റപ്പോൾ വെള്ളം ആവിയായി, മേഘങ്ങളുണ്ടായി, ഉണങ്ങിയ മലകൾ കാണാറായി. വയറ്റുവേദന എന്നിട്ടും കുറയാത്തതിനാൽ ദൈവം പിന്നെയും ഛർദ്ദിച്ചു. അപ്പോൾ പുറത്തുവന്നതു് ഒൻപതു് മൃഗങ്ങളായിരുന്നു. അവയോരോന്നും സ്വന്തം പോർട്ട്ഫോളിയോ അനുസരിച്ചു് സൃഷ്ടിച്ചവയാണു് ലോകത്തിലെ മറ്റെല്ലാത്തരം ജീവികളും. ഇതിനൊക്കെ ശേഷവും അൽപം വയറ്റുവേദന ബാക്കിനിന്നതിനാൽ മ്പോംബൊ ഒരിക്കൽ കൂടി ഛർദ്ദിച്ചു എന്നും, അപ്പോൾ അവനെപ്പോലെ വെളുത്തനിറമുള്ള ഒരു മകൻ ഉൾപ്പെടെ ധാരാളം മനുഷ്യർ പുറത്തുവന്നു എന്നും മറ്റുമായി ആഫ്രിക്കൻ മോഡൽ സൃഷ്ടിയുടെ കഥ തുടരുന്നു.

ഭൂമദ്ധ്യരേഖയോടടുത്ത ചൂടൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ലോകസൃഷ്ടിചരിതങ്ങൾ ഏകദേശം ഈ രീതിയിലുള്ളവയാണെങ്കിൽ, ധ്രുവപ്രദേശത്തോടടുത്ത മഞ്ഞുരാജ്യങ്ങൾക്കു് പറയാനുള്ളതു് തികച്ചും വ്യത്യസ്തമായ സൃഷ്ടികഥകളാണു്. ഉദാഹരണത്തിനു്, നോർസ്‌ മിഥോളജിക്കു് പറയാനുള്ള പ്രപഞ്ചസൃഷ്ടിപുരാണം അനുസരിച്ചു് ആദിയിൽ ഒന്നുമുണ്ടായിരുന്നില്ല – മുകളിൽ ആകാശമോ താഴെ ഭൂമിയോ ഒന്നും. പക്ഷേ, എങ്ങനെയെന്നു് ആർക്കുമറിയില്ല, ഈ ശൂന്യതയുടെ വടക്കും തെക്കുമായി മഞ്ഞുലോകവും അഗ്നിലോകവും നീണ്ടുനിവർന്നു് കിടന്നിരുന്നു. അഗ്നിലോകത്തിന്റെ ചൂടേറ്റു് മഞ്ഞുലോകം ഉരുകിയപ്പോൾ ഇറ്റുവീണുകൊണ്ടിരുന്ന ജലത്തുള്ളികളിൽ നിന്നും Ymir എന്നൊരു രാക്ഷസൻ രൂപമെടുത്തു. ഭാഗ്യവശാൽ, അവിടെ അവനെക്കൂടാതെ അകിടിൽ നിന്നും നാലു് പാലരുവികൾ പ്രവഹിച്ചുകൊണ്ടിരുന്ന Audhumla എന്നൊരു പശുവുമുണ്ടായിരുന്നതിനാൽ അവൻ പട്ടിണി കിടന്നു് ചാവാതെ അവളുടെ പാലു് കുടിച്ചു് ജീവിച്ചുകൊണ്ടിരുന്നു. അവളാകട്ടെ ഉപ്പുരസമുള്ള മഞ്ഞുകട്ടകൾ നക്കിത്തിന്നായിരുന്നു ജീവിച്ചിരുന്നതു്. അവളുടെ നക്കലിന്റെ ഫലമായി ആദ്യദിവസം വൈകിട്ടു് ഒരു മനുഷ്യന്റെ തലമുടിയും, രണ്ടാം ദിവസം ഒരു മനുഷ്യത്തലയും മൂന്നാം ദിവസം ഒരു പൂർണ്ണമനുഷ്യനും പുറത്തുവന്നു. Buri എന്നു് വിളിക്കപ്പെട്ട ഇവനാണു് ആദ്യത്തെ ദൈവം. ഈ ദൈവത്തിന്റെ മകൻ Borr, അവന്റെ മകൻ Odin. എങ്ങനെയെങ്കിലും ഒരു ദൈവം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ മനുഷ്യർ രക്ഷപെട്ടു. പ്രപഞ്ചത്തിലെ സൃഷ്ടി-സ്ഥിതി-സംഹാരം സംബന്ധിച്ച ബാക്കി സകല കാര്യങ്ങളുടെയും ചുമതല ആ ദൈവത്തിന്റെ തലയിൽ വച്ചുകെട്ടുക എന്നതു് പിന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങനെയാണല്ലോ പുരാണങ്ങൾ രൂപം കൊള്ളുന്നതുതന്നെ.

ഇന്നു് കേൾക്കുമ്പോൾ ഏറിയാൽ ഒരു ഇളം ചിരിക്കു് മാത്രം വക നൽകുന്നവയാണു് എല്ലാ മതപുരാണങ്ങളുമെങ്കിലും, അന്നു് ആരെങ്കിലും അവയെപ്പറ്റി ഗൗരവതരമായ താഴാഴ്മയോടെയല്ലാതെ സംസാരിക്കുകയോ, ദൈവവും പുരോഹിതനുമായുള്ള സിന്ക്രണൈസേഷൻ സംഭവിക്കുന്ന വിശുദ്ധസ്ഥലങ്ങളെ സമീപിക്കുകപോലുമോ ചെയ്താൽ അവർക്കു് നേരിടേണ്ടിയിരുന്നതു് പീഡനവും മരണവും പോലുള്ള ഗുരുതരമായ ഭവിഷ്യത്തുകളായിരുന്നു. ഇതുവരെ യുക്തിബോധത്തിന്റെ സൂര്യൻ ഉദിച്ചിട്ടില്ലാത്ത ചില രാജ്യങ്ങളിൽ ഇപ്പോഴും ഈ അവസ്ഥ നിലനിൽക്കുന്നുമുണ്ടു്. ഈജിപ്റ്റിലും യെമനിലും ലിബിയയിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ, സ്വേച്ഛാധിപത്യപ്രഭുക്കളാൽ അടിച്ചമർത്തപ്പെട്ടിരുന്ന മനുഷ്യർ ഈയിടെയായി ജനാധിപത്യത്തിനുള്ള മുറവിളി കൂട്ടുന്നുണ്ടെങ്കിലും, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നശിപ്പിക്കപ്പെട്ട അത്തരം സമൂഹങ്ങൾക്കു് ഏറെക്കാലത്തെ കഠിനമായ അദ്ധ്വാനം കൊണ്ടുമാത്രമേ ജനങ്ങളുടെ സ്വയംഭരണം എന്ന ലക്ഷ്യത്തിൽ അന്തിമമായി എത്തിച്ചേരാൻ കഴിയൂ. അതിനിടയിൽ അതിനേക്കാൾ എളുപ്പവും വിജയകരവുമായി സംഭവിക്കാൻ സാദ്ധ്യതയുള്ളതു് – അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു് ആശിക്കുമ്പോഴും – ജനകീയവിപ്ലവത്തിന്റെ ഫലമായി തറയിൽ വീണുരുണ്ട കുറെ ചൂഷകതലകളുടെ സ്ഥാനത്തു് അതേ സ്ഥാപിതതാത്പര്യങ്ങളുടെ ലായത്തിൽ നിന്നുതന്നെ വരുന്ന വേറെ കുറെ ചൂഷകതലകൾ അവരോധിക്കപ്പെടുക എന്നതായിരിക്കും.

പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ചതുമൂലമാവാം, താരതമ്യേന അൽപം ലിബറൽ എന്നു് വിശേഷിപ്പിക്കാവുന്ന ഒരു സൗദി രാജകുമാരൻ ഒരു ഇന്റർവ്യൂവിൽ പ്രകടിപ്പിച്ച അഭിപ്രായം ഈയവസരത്തിൽ പ്രസക്തമാണെന്നു് തോന്നുന്നു: “പാശ്ചാത്യരാജ്യങ്ങളിൽ നിലവിലിരിക്കുന്നതുപോലുള്ള ഒരു ജനാധിപത്യം അറേബ്യൻ രാജ്യങ്ങളിൽ എന്നെങ്കിലും സാദ്ധ്യമാവുമെന്നു് തോന്നുന്നില്ല. കാരണം, അത്ര ശക്തമാണു് അവിടത്തെ ജനങ്ങളുടെ മേലുള്ള മതത്തിന്റെ നീരാളിപ്പിടുത്തം”. മറ്റൊന്നു് കണ്ടിട്ടില്ലാത്ത ജനങ്ങൾ, അന്യം ആയതെല്ലാം അപകടകരമെന്ന മനുഷ്യസഹജമായ ഭയവും, അജ്ഞതയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികചുറ്റുപാടുകളും മൂലം പ്രത്യേകിച്ചും, വാസ്തവത്തിൽ അവർ ഒരു ജീവിതപുരോഗതി ആഗ്രഹിക്കുമ്പോൾത്തന്നെ, അതിനു് തടസ്സമായി നിൽക്കുന്ന സമൂഹികഘടകങ്ങളെ, അവ പൊതുമനസ്സാക്ഷിയിൽ വേരുറച്ചുപോയതുമൂലം, യഥാർത്ഥ പ്രശ്നങ്ങളായി തിരിച്ചറിയാനും അവയിൽ നിന്നും സ്വയം മോചിപ്പിക്കുവാനും ധൈര്യപ്പെടുകയില്ല. ദീർഘമായ കാലങ്ങളിലൂടെ സംഭവിച്ച കണ്ഡീഷനിംഗിൽ നിന്നുള്ള സാമൂഹികമനസ്സാക്ഷിയുടെ മോചനം പുതിയ തലമുറകൾക്കു് അനുയോജ്യമായ വിദ്യാഭ്യാസവും ബോധവത്കരണവും നൽകുന്നതുവഴി മാത്രമേ സാദ്ധ്യമാവൂ. പക്ഷേ, ഈ ജോലിയുടെ ചുമതല ഏറ്റെടുക്കേണ്ട അധ്യാപകർതന്നെ അതേ കണ്ഡീഷനിംഗിൽ നിന്നും മോചിതരല്ല എന്നതാണു് അതുപോലുള്ള രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം – വശങ്ങളിലേക്കു് മാത്രം നടക്കാൻ കഴിയുകയും, അതു് ലോകാവസാനത്തോളം പാലിക്കേണ്ട ദൈവനീതിയെന്നു് വിശ്വസിക്കുകയും ചെയ്യുന്ന മുതിർന്ന ഞണ്ടുകൾക്കു് ഇളം ഞണ്ടുകളെ നേരെ നടക്കുന്നതെങ്ങനെയെന്നു് പഠിപ്പിക്കാനാവാത്തതുപോലുള്ള ഗൗരവതരമായ ഒരു പ്രശ്നം. ഐസ്ക്രീമിനും ഗോവിന്ദച്ചാമിക്കും സിൽസിലയ്ക്കും ശേഷം ഇപ്പോൾ കേരളത്തിൽ സജീവമായ ചർച്ചാവിഷയമായിരിക്കുന്നതു് അധ്യയനഭാഷയാണല്ലോ. വിധ്യാർത്തികൾ എട്ടുവരെ മുതലെങ്കിലും അദ്യാപകരെ ബുദ്ദിപൂർവ്വം ബാഷ കണക്കിനു് ചൊല്ലിക്കൊടുത്തു് പടിപ്പിക്കണമെന്നാണു് എന്റെയും അദിപ്രായം.

സെമിറ്റിക്‌ മതങ്ങളിലും, ഹിന്ദുമതത്തിലും, എന്നുവേണ്ട, ലോകത്തിൽ നിലനിന്നിരുന്നതും നിലനിൽക്കുന്നതുമായ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും ആ സമൂഹങ്ങളിലെയും അതാതു് കാലഘട്ടങ്ങളിലെയും ചുറ്റുപാടുകൾക്കും ബൗദ്ധികശേഷിയ്ക്കും പൊരുത്തപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ക്രിയേഷൻ മിത്തുകൾ കാണാനാവും. അവയൊക്കെ വാക്കുവാക്കായും അക്ഷരം അക്ഷരമായും സത്യമെന്നും, ഇന്നും നിരുപാധികം പിന്തുടരേണ്ടവയെന്നും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവരോടു് സഹാനുഭൂതി പ്രകടിപ്പിക്കുന്നതുപോലും മനുഷ്യബുദ്ധിയോടുള്ള അവഹേളനമേ ആവൂ. പീഡൊഫൈലുകളോടും സ്ത്രീപീഡകരോടും അഴിമതിക്കാരോടും “ഒരു ജനം എന്ന നിലയിൽ ഞങ്ങളുടെ ഭാഗധേയം നിശ്ചയിക്കൂ” എന്ന മുദ്രാവാക്യവുമായി അവരെ ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു് അധികാരക്കസേരയിൽ എത്തിയ്ക്കാൻ മാത്രം മനുഷ്യബുദ്ധിയെ മയക്കി നിർവീര്യമാക്കാനുള്ള അത്ഭുതസിദ്ധി മതവിശ്വാസത്തിനുണ്ടു്. മനുഷ്യരെ മയക്കാൻ മാത്രമല്ല, അന്യമതവിശ്വാസികളിൽ നിന്നും ഭിന്നമായ ഒരു സ്പീഷീസ്‌ ആക്കി മനുഷ്യരെ പരിണമിപ്പിക്കാൻ പോലും കഴിയുന്നത്ര മാരകമായ വിഷം പേറുന്നവയാണു് മിക്കവാറും എല്ലാ മതങ്ങളും. അത്തരത്തിൽ ജനിതകമാറ്റം സംഭവിച്ചവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നാണെങ്കിൽ, അവർ സഭ്യതയുടെയും സദാചാരത്തിന്റെയും ധാർമ്മികതയുടെയും മൊത്തക്കച്ചവടക്കാരും കാവൽപ്പടയാളികളുമായി സ്വയം അവരോധിച്ചിട്ടുള്ളവരാണെന്നതിനാൽ, അവരെ തിരിച്ചറിയുന്നത്ര എളുപ്പമായ മറ്റൊരു കാര്യവും ലോകത്തിലില്ല എന്നേ പറയാനുള്ളു. “അധാർമ്മികവും അസഭ്യവുമായ” തീട്ടം, മൂത്രം, കീഴ്ശ്വാസം, തമിഴിലെ രോമം മുതലായ വാക്കുകൾ കേൾക്കുമ്പോൾ കുരിശു് കണ്ട പിശാചിനെപ്പോലെയോ, വെളുത്തുള്ളി മണത്ത ഡ്രാക്കുളയെപ്പോലെയോ, വെള്ളം കണ്ട പേപ്പട്ടിവിഷബാധിതനെപ്പോലെയോ ഒക്കെ പൊട്ടിത്തെറിച്ചു്, തട്ടിക്കയറി, കത്തിയുടെ മൂർച്ചക്കുറവുമൂലം പകുതിമുറിഞ്ഞ കഴുത്തുമായി മരണവെപ്രാളത്താൽ തല്ലിപ്പിടയ്ക്കുന്ന കോഴിയെപ്പോലെയോ, ചയ്കോവ്സ്കിയുടെ സ്വാൻ ലെയ്കിൽ അരയന്നത്തിന്റെ അന്ത്യരംഗമാടുന്ന ബാലേ നർത്തകിയെപ്പോലെയോ ഒക്കെ ബ്രേക്ക്‌ ഡാൻസ്‌ ചെയ്യുന്ന ഹോമോ സേപ്പിയൻസിനെക്കണ്ടാൽ രണ്ടാമതു് ഒരാലോചനയില്ലാതെ കട്ടായമായും മനസ്സിൽ ഉറപ്പിക്കാം: വേദോപദേശം വഴി ബുദ്ധിരാക്ഷസരായി വളർന്നു് വികസിച്ചു് ദൈവത്തിന്റെ പുന്നാരമക്കളായി രൂപാന്തരം പ്രാപിച്ചവർ ഇവർതന്നെ! ദൈവനിഷേധികളും നിത്യനരകത്തിനു് അവകാശികളുമായ ഞാനും നിങ്ങളും പോലുള്ള സാദാ മനുഷ്യർ അതുപോലുള്ള മഹാത്മാക്കളുമായി ഇടപെടേണ്ടിവരുന്ന സാഹചര്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുകയാണു് ബുദ്ധി. ഇനി അബദ്ധവശാലെങ്ങാനും അവരുടെ കെണിയിൽചെന്നു് പെട്ടുപോയാൽ ആത്മരക്ഷാർത്ഥം നമ്മൾ ഉടനടി ചെയ്യേണ്ടതു്, അപകടമേഖലയിലേയ്ക്കു് പ്രവേശിക്കാതെ അനുയോജ്യമായ, അഥവാ ആസ്ഫാൾട്ട്‌ പെഡഗോഗുകളിൽ നിന്നും പാലിക്കേണ്ടതായി ഡ്രൈവിംഗ്‌ സ്കൂളിൽ പഠിച്ച മിനിമം ദൂരത്തിൽ അകന്നുനിൽക്കുക എന്നതാണു്. വെജിറ്റേറിയനും നോൺ-വെജിറ്റേറിയനുമായ മുഴുവൻ ആർഷഭാരതസംസ്കാരത്തിന്റേയും, ഭൗമികവും അഭൗമികവുമായ സകല ആദ്ധ്യാത്മികമീമാംസയുടെയും, പച്ചയും ഉണക്കയുമായ മറ്റെല്ലാ മീന്മാംസങ്ങളുടെയും അതീന്ദ്രിയജ്ഞാനപരിവേഷത്തിന്റെ ചിതൽപ്പുറ്റിനാൽ ആവരണം ചെയ്യപ്പെട്ടവരോടു് മാനുഷികമായ എക്സ്‌ക്രിമെന്റുകളെയും ദുർഗന്ധങ്ങളെയും സൂചിപ്പിക്കുന്ന നീചമായ വാക്കുകൾ ഉച്ചരിക്കുകയോ? ഒരിക്കലും പാടില്ല! അതൊക്കെ വളരെ മോശമായ കാര്യങ്ങളാണു്. ആസാമികൾക്കു് യോഗാസനങ്ങൾ പലതുണ്ടെങ്കിലും ജന്തുലോകസഹജവും, അതുകൊണ്ടുതന്നെ മോശവുമായ ഇൻലെറ്റുകളും ഔട്ട്‌ലെറ്റുകളും ഫിറ്റ്‌ ചെയ്തിട്ടുള്ള സാദാ ആസനമില്ലെന്നറിയുക. സദാചാരമൂല്യമില്ലാത്തതും സംസ്കാരശൂന്യവുമായ പദാവലികൾ കേട്ടാൽ ദിവ്യപുരുഷന്മാരുടെ മർദ്ദം കൂടും, അതേസമയം, വീർക്കാവുന്നതിന്റെ പരമാവധി പണ്ടേ വീർത്തുകഴിഞ്ഞിട്ടുള്ളതിനാൽ ശാരീരികവ്യാപ്തത്തിനു് കൂടുതൽ വർദ്ധിക്കാൻ ആവുകയുമില്ല. ഒരു തെർമോഡൈനാമിക്സ്‌ തത്വപ്രകാരം മർദ്ദവും വ്യാപ്തവും ഇൻവേഴ്സിലി പ്രൊപ്പോർഷണലായതിനാൽ ഇത്തരമൊരവസ്ഥയിൽ ആസാമികളുടെ ആകമാന പൊട്ടിത്തെറി സുനിശ്ചിതം. മലയാളക്കരയിലെ പതിരില്ലാത്ത ഒരു ചൊല്ലു് പ്രകാരം “തൂറാത്തവൻ തൂറിയാൽ തീട്ടം കൊണ്ടു് ആറാട്ടു്”! ആ സ്ഥിതിക്കു്, ഉന്നതകുലജാതരായതിനാൽ സാധാരണ നാട്ടുനടപ്പനുസരിച്ചു് അമേധ്യവും മറ്റും പുറത്തുപോകേണ്ടുന്ന എക്സോസ്റ്റ്‌ പൈപ്പുകൾ സ്വാഭാവികമായും ഇല്ലാത്തവരായ ആത്മീയരും അൽമായരുമൊക്കെ പൊട്ടിത്തെറിച്ചാൽ തീട്ടത്തിലുള്ള ആറാട്ടിനിടയിൽ തോട്ടപൊട്ടിയാലത്തെ അവസ്ഥയായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടല്ലോ. അതുകൊണ്ടാണു് ആളപായമുണ്ടാവാതിരിക്കാൻ സുരക്ഷിതമായ അകലം പാലിക്കേണ്ടതു് ആവശ്യമായി വരുന്നതു്.

മനുഷ്യജീവിതവുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുത്താവുന്ന ലൗകികവും അലൗകികവുമായ എല്ലാ മേഖലകളുടെയും സർവ്വാധികാരം തങ്ങളുടെ ചുമതലയിലാണെന്നു് മനുഷ്യരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നതും, അതിൽ അനായാസം വിജയിച്ചിരുന്നതും എക്കാലവും മതങ്ങൾ ആയിരുന്നു. മനുഷ്യന്റെ മാനസികശേഷി വളരുന്നതിനനുസരിച്ചു് ദൈവസങ്കൽപങ്ങളുടെ ആകൃതിയും പ്രകൃതിയും കാലാനുസൃതമായി പുതിയപുതിയ വ്യാഖ്യാനങ്ങളിലൂടെ തിരുത്തിക്കുറിക്കുന്നതിലും അവർ ബദ്ധശ്രദ്ധരായിരുന്നു. ഇടിയും മിന്നലും പ്രകൃതിക്ഷോഭങ്ങളുമൊക്കെയായിരുന്നു ഒരുകാലത്തു് അധികം മനുഷ്യരുടെയും ദൈവങ്ങൾ. കാലക്രമേണ, വിരൂപി, സ്വരൂപി, അരൂപി മുതലായ വിവിധ ഘട്ടങ്ങൾ കടന്നു് ശൂന്യതയിൽ നിന്നും സൃഷ്ടി നടത്താൻ പ്രാപ്തിയുള്ളവൻ എന്ന നിലയിലേക്കു് ദൈവത്തെ അവർ പരിണമിപ്പിച്ചിട്ടു് അധികനാളുകളായിട്ടില്ല. ഒന്നുമില്ലാത്ത ഒരവസ്ഥയിൽനിന്നും എല്ലാം ഉണ്ടാക്കാൻ കഴിയുന്നവൻ! അതിൽ കൂടിയ ഒരു വിശേഷണം ദൈവത്തിനു് നൽകാനാവുമോ? സത്യത്തിൽ ഇതു് ഒരു പുതിയ നിലപാടല്ല. ആർക്കും കഴിയാത്തതു് കഴിയുന്നവനും, ആർക്കും അറിയാത്തതു് അറിയുന്നവനുമൊക്കെയായിരുന്നു എക്കാലവും മനുഷ്യമനസ്സിലെ ദൈവം. പക്ഷേ, തടവറകൾക്കും ഇരുമ്പുചങ്ങലകൾക്കും ചിതകൾക്കും തോൽപിക്കാനാവാതെ മനുഷ്യന്റെ ബുദ്ധിയും കഴിവും അറിവും നിരന്തരമെന്നോണം (ചില രാജ്യങ്ങളിലെങ്കിലും) വളരുന്നു എന്നു് കണ്ടപ്പോൾ ദൈവത്തിന്റെ അംഗരക്ഷകരായ ഫീൽഡ്‌ മാർഷൽമാരും ബ്രിഗെഡിയർ ജനറൽമാരും ചാടിക്കെട്ടിച്ചവിട്ടി വീശിയടിച്ച പൂഴിക്കടകനടി ആയിരുന്നു ശൂന്യതയിൽ നിന്നുള്ള ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി. കാലം മാറുമ്പോൾ മനുഷ്യരുടെ കോലം മാത്രമല്ല, ദൈവത്തിന്റെ കോലവും മാറും! ഇനി, വെറും ശൂന്യതയിൽ പ്രത്യക്ഷപ്പെട്ട ആ ദൈവത്തെ ആരു് സൃഷ്ടിച്ചു എന്ന തികച്ചും ന്യായമായ ചോദ്യം ആരെങ്കിലും ചോദിച്ചാലോ? ചോദ്യം ചോദിക്കൽ വിശ്വാസിക്കു് മാത്രം അവകാശപ്പെട്ട കാര്യമായതിനാൽ മറുപടി ലഭിക്കാനുള്ള സാദ്ധ്യത കുറവാണു്. ഇനി അഥവാ ലഭിച്ചാൽത്തന്നെ, ദൈവം ആദ്യകാരണമാണെന്നോ, മദ്ധ്യതോരണമാണെന്നോ, അന്ത്യമാരണമാണെന്നോ, അതുകൊണ്ടു് ദൈവത്തിനെ ആരും സൃഷ്ടിക്കേണ്ടതില്ലെന്നോ ഒക്കെയാവും മറുപടി. അതുവഴി നമ്മൾ വിശ്വാസികളുമായുള്ള ഏതു് ചർച്ചകളിലുമെന്നപോലെ വീണ്ടും തുടങ്ങിയിടത്തു് തന്നെ എത്തിച്ചേരുന്നു: “എല്ലാം കഴിയുന്നവനാണു് ദൈവം”! അതായതു്, വിശ്വാസികൾ അവരുടെ ദൈവത്തിനു് ചാർത്തിക്കൊടുക്കുന്ന സ്വഭാവഗുണങ്ങൾ വച്ചു് നോക്കിയാൽ, എട്ടുകാലി മമ്മൂഞ്ഞിന്റെ ഇരട്ടയായി പിറന്നവനാവാൻ എന്തുകൊണ്ടും യോഗ്യതയുള്ളവനാണു് അവർ തലയിൽ ചുമന്നുകൊണ്ടുനടക്കുകയും പ്രപഞ്ചസ്രഷ്ടാവെന്നു് വാഴ്ത്തുകയും ചെയ്യുന്ന അവരുടെ ദൈവം. “ഇതും എന്റെ ദൈവത്തിന്റേതു്, മറ്റേതും എന്റെ ദൈവത്തിന്റേതു്, അതിനപ്പുറം വല്ലതുമുണ്ടെങ്കിൽ അതും എന്റെ ദൈവത്തിന്റേതു്”!

മ്പോംബൊ ദൈവം സൃഷ്ടിച്ച ആഫ്രിക്കൻ രാജ്യത്തിൽ ഇന്നു് ജീവിക്കുന്നതു് മുസ്ലീമുകളോ ക്രിസ്ത്യാനികളോ ആണെങ്കിൽ ലോകസൃഷ്ടിയുടെ ചുമതല ഇതിനോടകം അല്ലാഹുവോ യഹോവയോ ഏറ്റെടുത്തിട്ടുണ്ടാവണം. യൂറോപ്പിൽ പൊതുവെ എന്നപോലെ, സ്കാൻഡിനേവിയൻ രാജ്യങ്ങളിലും മിക്കവാറും പൂർണ്ണമായി മതപരമായ സർവ്വാധിപത്യം സ്ഥാപിക്കാൻ ക്രിസ്തുമതത്തിനു് കഴിഞ്ഞതിനാൽ പശു നക്കിനക്കി പുറത്തുകൊണ്ടുവന്ന ദൈവത്തിന്റെ സ്ഥാനം പണ്ടേതന്നെ യഹോവ ഏറ്റെടുക്കുകയും ചെയ്തു – അവിടത്തെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ബൈബിളിൽ വർണ്ണിക്കുന്ന പ്രപഞ്ചസൃഷ്ടിക്കു് ഒരു പുരാണകഥ എന്നതിൽ കവിഞ്ഞ വിലയൊന്നും ഇന്നു് നൽകുന്നില്ലെങ്കിൽ പോലും. ഒരു മതം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ആ മതം വരച്ചുകാണിച്ച പ്രപഞ്ചസൃഷ്ടിപുരാണത്തിനും, അതിലെ പ്രോട്ടഗോണിസ്റ്റായ ദൈവത്തിനും നിലനിൽക്കാനാവൂ. അതാണു് മണ്മറഞ്ഞ എത്രയോ മതങ്ങളുടെയും ദൈവങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്ന വസ്തുത. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അത്തരം ഓരോ ദൈവങ്ങളും, ആ ദൈവങ്ങളുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട മതങ്ങളുടെ നീതിശാസ്ത്രങ്ങളും “ഒറ്റവാക്കും കൊഴിഞ്ഞുപോകാതെ” ലോകാന്ത്യത്തോളം നിലനിൽക്കുമെന്നായിരുന്നു അവയോരോന്നിലും അധികാരസ്ഥാനങ്ങൾ കയ്യാളി മനുഷ്യരെ ചൂഷണം ചെയ്തിരുന്നവർ വീമ്പിളക്കിക്കൊണ്ടിരുന്നതു്. ശൂന്യതയിൽ നിന്നും പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതുൾപ്പെടെ എന്തും ചെയ്യാൻ കഴിയുന്നവിധം സർവ്വശക്തനാണു് ദൈവമെന്നു് ഇന്നും ഘോഷിക്കുന്നവരുടെ ജൽപനങ്ങൾക്കും അതിൽ കൂടിയ എന്തെങ്കിലും ഒരർത്ഥമോ വിലയോ നൽകാൻ ചരിത്രം അറിയാവുന്നവർ തയ്യാറാവാത്തതും അതുകൊണ്ടുതന്നെ. ഏതെങ്കിലും ആശയങ്ങളെയോ വിശ്വാസപ്രമാണങ്ങളേയോ കുറെ ലക്ഷങ്ങളോ കോടികളോ പിൻതുടരുന്നുവെന്നതു് ആ മാർഗ്ഗങ്ങളെ നീതീകരിക്കാൻ മതിയായ മാനദണ്ഡമല്ല. ഏതെങ്കിലുമൊരു മതം ഏറെക്കാലമായിട്ടും നശിച്ചുപോകാതെ ലോകത്തിൽ നിലനിൽക്കുന്നു എന്ന അവകാശവാദം വിളിച്ചുപറയുന്നതു് ഒന്നുമാത്രമാണു്: ഇത്രയും കാലമായിട്ടും അതിന്റെ അനുയായികൾക്കു് ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിലേക്കു് സ്വന്തം വിശ്വാസപ്രമാണങ്ങളെ നീക്കിനിർത്തി അവയുടെ അർത്ഥശൂന്യത തിരിച്ചറിയുന്നതിനുള്ള ബൗദ്ധികശേഷി കൈവരിക്കാനായിട്ടില്ല എന്ന ലളിതസത്യം – മാനവചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ കാലാകാലങ്ങളിൽ വീണുകിടന്നു് ജീർണ്ണിക്കുന്ന “നിത്യസത്യങ്ങൾ” എല്ലാംതന്നെ മനുഷ്യരുടെ മേൽ അടിച്ചേൽപിക്കപ്പെട്ടവയും, കാലത്തിന്റെ കുത്തിയൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ പിൽക്കാലത്തു് കടപുഴകി വീണവയുമാണെന്ന അടിസ്ഥാനസത്യം. പക്ഷേ, അതറിയാൻ ആദ്യം ലോകചരിത്രം അറിയണം. അതാണെങ്കിൽ, സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ഏതെങ്കിലുമൊരു ദൈവത്തിന്റെ തലയിൽ ഏൽപിച്ചുകൊടുത്തിട്ടു് ചൊറിയും കുത്തി സീരിയൽ കാണുന്നപോലെ അത്ര എളുപ്പമായ കാര്യവുമല്ല.

പ്രപഞ്ചത്തിന്റെ സൃഷ്ടിയെപ്പറ്റി ലോകത്തിലെ എല്ലാ പുരാണങ്ങൾക്കും പറയാനുള്ളതു് ഇവിടെ സൂചിപ്പിച്ചതുപോലുള്ള കെട്ടുകഥകൾ മാത്രമാണു്. മാനവരാശി അതിന്റെ ബാല്യം പിന്നിട്ടിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ മനുഷ്യരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുവാൻ അവ മതിയായിരുന്നു, അഥവാ, അവയിൽ കൂടിയ വിശദീകരണങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യർ അശക്തരായിരുന്നു. മനുഷ്യബുദ്ധി/ബോധം എന്നതു് നിരന്തരമായ പരിണാമത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ബയോളജിക്കൽ ആഗ്രിഗെയ്റ്റ്‌ ആയ തലച്ചോറിൽ സംഭവിക്കുന്ന വൈദ്യുതവും രാസപരവുമായ പ്രക്രിയകളുടെ ഫലമായി രൂപമെടുക്കുന്ന ഒരു പ്രതിഭാസമാണു്. തലച്ചോറിൽ കൂടുതൽ കൂടുതൽ സർക്യൂട്ടുകൾ രൂപമെടുക്കുന്നതിനനുസരിച്ചു് അതിന്റെ പ്രവർത്തനശേഷിയും വർദ്ധിച്ചുകൊണ്ടിരിക്കും. ഒരുകാലത്തു് ഛർദ്ദിക്കാരനായ ഒരു മ്പോംബൊയോ, പശുനക്കി പുറത്തുകൊണ്ടുവന്ന ഒരു ബുറിയോ, മറ്റു് പലതരം വിചിത്ര രൂപങ്ങളോ ഒക്കെ ആയിരുന്ന ദൈവങ്ങളിൽ നിന്നും കാലക്രമേണ, അരൂപിയോ, കാരണമാവശ്യമില്ലാത്ത ആദ്യകാരണമായി ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുന്നതോ, മനുഷ്യഭാവനയും വാക്കുകളും അനുവദിക്കുന്നിടത്തോളം മറ്റെന്തൊക്കെയോ എത്രയൊക്കെയോ യോഗ്യതകളും കഴിവുകളും വേണമെങ്കിലും കൽപിച്ചുനൽകാൻ തടസ്സമൊന്നുമില്ലാത്തതോ ആയ ഒരു അവനോ, അവളോ, അതോ എന്ന നിലകളിലേക്കു് ദൈവം വളരുന്നതു് മനുഷ്യന്റെ ബുദ്ധിക്കും യുക്തിബോധത്തിനും സംഭവിക്കുന്ന വളർച്ചയ്ക്കനുസരിച്ചു് “ദൈവത്തെ” രക്ഷപെടുത്തി സ്വന്തം ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിനായി മതങ്ങൾ കണ്ടെത്തുന്ന വാചകമടി മാത്രമായ മുട്ടായുക്തികളിലൂടെയാണു്. സ്വഭാവത്തിൽത്തന്നെ ഇത്തിക്കണ്ണികളായ മതനേതാക്കൾ സ്വാർത്ഥതാത്പര്യസംരക്ഷണാർത്ഥം നടത്തുന്ന ഈ കള്ളക്കളി എപ്പോഴും ദൈവത്തെ മുന്നിൽ നിർത്തി ആണെന്നതിനാൽ, ദൈവമില്ലാതെ അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലേക്കു് സ്വയം തള്ളിക്കയറ്റിയ ഒരു വിശ്വാസിക്കു് ഒരിക്കലും അതിലെ കാപട്യവും ദുരുദ്ദേശ്യവും തിരിച്ചറിയാനാവില്ല. മനുഷ്യന്റെ അജ്ഞതയിലാണു് മതങ്ങളുടെ വേരുകൾ ഉറപ്പിയ്ക്കപ്പെടുന്നതു്. തന്റെ ദൈവത്തിനു് മുൻപും ഈ ലോകത്തിൽ ദൈവങ്ങൾ ഉണ്ടായിരുന്നുവെന്നും, ആ ദൈവങ്ങളുടെ ഗുണഗണങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നും മനസ്സിലാക്കിയിട്ടുള്ള ഒരു മനുഷ്യനു് ഒരിക്കലും ഒരു വിശ്വാസി ആയിരിക്കാൻ സാധിക്കുകയില്ല. അതായതു്, ഒരു നിരീശ്വരൻ ദൈവത്തെ നിഷേധിക്കുമ്പോൾ അവൻ നിഷേധിക്കുന്നതു്, മൗലികമായ അർത്ഥത്തിൽ, ഇന്നോളം ലോകത്തിൽ മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട ഓരോ മ്പോംബൊകളെയുമാണു്. മ്പോംബൊ ഒരു ദൈവമല്ലെങ്കിൽ ഇന്നു് ലോകത്തിൽ ആരാധിക്കപ്പെടുന്ന ഒരു ദൈവവും ദൈവമല്ല. മറ്റുവാക്കുകളിൽ പറഞ്ഞാൽ, യഹോവ ദൈവമാണെങ്കിൽ, അല്ലാഹു ദൈവമാണെങ്കിൽ, ഇന്നത്തെ മറ്റു് മതങ്ങളിലെ ദൈവങ്ങൾ ദൈവങ്ങളാണെങ്കിൽ മ്പോംബൊയും, ബുറിയും, മനുഷ്യമനസ്സിൽ ഇന്നോളം ജനിച്ചു് വളർന്നു് മരിച്ച എല്ലാ ദൈവങ്ങളും ദൈവങ്ങളാണു്. ചുരുക്കത്തിൽ, ഒരു ദൈവത്തിന്റെ അസ്തിത്വത്തിനും ശാസ്ത്രീയമായ അടിത്തറയില്ല – മണ്മറഞ്ഞ ദൈവങ്ങളായാലും, മതങ്ങൾ ഇന്റൻസീവ്‌ കെയറിൽ കിടത്തി ജീവൻ നിലനിർത്താൻ പെടാപ്പാടു് പെടുന്ന ഇന്നത്തെ ദൈവങ്ങളായാലും.

ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ രൂപമെടുക്കാൻ ദൈവത്തിന്റെയോ പ്രകൃത്യതീതമായ മറ്റേതെങ്കിലുമൊരു ശക്തിയുടെയോ ആവശ്യമില്ല. അതു് വിശദീകരിക്കാൻ മാത്രം ശാസ്ത്രം ഇന്നു് വളർന്നുകഴിഞ്ഞു. ദൈവത്തെ തൃപ്തിപ്പെടുത്താനായി മനുഷ്യരെ കുരുതികൊടുക്കുന്നതുപോലും ന്യായം എന്ന രീതിയിൽ ആരോ എവിടെയോ എഴുതിവച്ച ഭ്രാന്തൻ ജൽപനങ്ങളെ സ്വന്തം ദൈവത്തിന്റെ വായിൽ തിരുകാൻ മടിക്കാത്ത ഏതാനും മാനസികരോഗികളൊഴികെ മറ്റേതൊരു മനുഷ്യജന്മവും ശാസ്ത്രലോകം കൈവരിക്കുന്ന ഓരോ നേട്ടത്തിലും അഭിമാനിക്കുകയേയുള്ളു. കാരണം, ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യബുദ്ധിയുടെ വളർച്ചയാണു്. ദൈവത്തിന്റെ പക്ഷം ചേർന്നു് മനുഷ്യബുദ്ധിയെ അപഹസിക്കാൻ മാത്രമുള്ള ദൈവികപൊങ്ങച്ചവും മാനുഷികനീചത്വവും തലയിൽ പേറുന്നവർക്കു് ഇതു് മനസ്സിലാവുമോ എന്നെനിക്കറിയില്ല. അതിനുവേണ്ട മിനിമം ചിന്താശേഷിയെങ്കിലും അവർക്കുണ്ടായിരുന്നെങ്കിൽ, അവർതന്നെ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നപോലെ, സകലത്തിന്റേയും സ്രഷ്ടാവു് അവരുടെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിന്റെതന്നെ സൃഷ്ടിയായിരിക്കണം കൂടുതൽ കൂടുതൽ ആഴത്തിൽ പ്രപഞ്ചരഹസ്യങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന വിധം കഴിഞ്ഞ മൂന്നു് നാലു് നൂറ്റാണ്ടുകളിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതും, ഇന്നും വളർന്നുകൊണ്ടിരിക്കുന്നതുമായ മനുഷ്യബുദ്ധിയും എന്നു് മനസ്സിലാക്കാൻ അവർക്കു് കഴിയേണ്ടതായിരുന്നു. ഞങ്ങളുടെ ദൈവം ഞങ്ങളെ സൃഷ്ടിച്ചതു് വളർച്ച പ്രാപിക്കാനല്ല, ആരോ ചൂണ്ടിക്കാണിച്ച ദിക്കിലേക്കു് നോക്കിയപടി നോക്കിക്കൊണ്ടു് ഇരുത്തിയിടത്തു് ഇരിക്കാനാണു് എന്നു് കുറെപ്പേർ പിടിവാശി പിടിച്ചാൽ എന്തുചെയ്യാൻ? ദൈവത്തിന്റെ വക്കാലത്തു് ഏറ്റെടുത്തു്, ശാസ്ത്രതത്വങ്ങൾ ശരിയോ തെറ്റോ എന്നതിന്റെ മാനദണ്ഡം എട്ടുകാലി മമ്മൂഞ്ഞുകൾ അവ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണെന്നു് വിളിച്ചുകൂവാനുള്ള മനുഷ്യരുടെ മടിയില്ലായ്മയെ മനുഷ്യാധമത്വത്തിനു് മാത്രം സാദ്ധ്യമാവുന്ന അജ്ഞതയുടെയും അഹംഭാവത്തിന്റെയും ലജ്ജയില്ലായ്മയുടെയും ക്രൈറ്റീരിയൻ ആയി പ്രഖ്യാപിക്കേണ്ടതാണു്.

ശൂന്യതയിൽ നിന്നുള്ള പ്രപഞ്ചത്തിന്റെ രൂപമെടുക്കലിനെ സംബന്ധിച്ചു് ശാസ്ത്രത്തിനു് പറയാനുള്ളതു് അടുത്ത ഭാഗത്തിൽ.

(തുടരും)

 
7 Comments

Posted by on Jun 12, 2011 in ശാസ്ത്രം

 

Tags: , ,

ബിഗ്-ബാങ്ങിനും മുൻപു്

ബിഗ്-ബാങ് സിൻഗ്യുലാരിറ്റിയെ ചോദ്യം ചെയ്യുന്ന ഒരു പഠനത്തെപ്പറ്റി

ഏകദേശം 1370 കോടി വർഷങ്ങൾക്കു് മുൻപു് ഒരു ബിഗ്-ബാങ്ങിലൂടെ  പ്രപഞ്ചത്തിന്റെ ആരംഭം കുറിക്കപ്പെട്ടു എന്നതാണു് പ്രപഞ്ചോത്ഭവത്തെ സംബന്ധിച്ചു് ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം. ഈ തത്വത്തെ താങ്ങിനിർത്തുന്ന തൂണുകളിൽ പ്രധാനമായ ഒന്നു് ഡൊപ്ലെര്‍ എഫെക്റ്റ് എന്ന തത്വമാണു്. പ്രകാശസ്പെക്ട്രത്തിലെ ചുവപ്പുനിറം ഫ്രീക്വൻസി കുറഞ്ഞതും നീലനിറം ഫ്രീക്വൻസി കൂടിയതുമായതിനാൽ, ഗാലക്സികളിൽ നിന്നും മറ്റും നമുക്കു് ലഭിക്കുന്ന പ്രകാശത്തിലെ സ്പെക്ട്രൽ ലൈനുകൾ ചുവപ്പിലേക്കോ (റെഡ് ഷിഫ്റ്റ്) അല്ലെങ്കിൽ നീലയിലേക്കോ (ബ്ലൂഷിഫ്റ്റ്) നീങ്ങി കാണപ്പെടുന്നുവെങ്കിൽ ആ പ്രകാശത്തിന്റെ ഉത്ഭവസ്ഥാനം നമ്മിൽ നിന്നും യഥാക്രമം അകന്നു് പോകുകയാണു്, അഥവാ അടുത്തു് വരികയാണു് എന്നു് തീരുമാനിക്കാനാവും. ഒരു പോലീസ്‌ വണ്ടിയിൽ നിന്നും മുഴങ്ങുന്ന സൈറണിന്റെ ശബ്ദം കേട്ടാൽ ആ വാഹനം നമ്മോടു് അടുത്തു് വരികയാണോ അതോ അകന്നുപോകുകയാണോ എന്നു് തീരുമാനിക്കാൻ കഴിയുന്ന അതേ രീതിയിൽ തന്നെ. ഭൂമിയിൽ എത്തുന്ന അസ്ട്രോണമിക്കൽ പ്രകാശങ്ങൾ പൊതുവേ റെഡ്‌ ഷിഫ്റ്റ്‌ പ്രദർശിപ്പിക്കുന്നു എന്നതിനാലാണു് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നതു്. ഈ വികാസത്തിനു് ഒരു ആരംഭം ഉണ്ടായിരിക്കണമെന്നതിനാൽ സ്വാഭാവികമായും ഒരു ആദിസ്ഫോടനത്തിൽ നമ്മള്‍ എത്തുന്നു. ബിഗ്-ബാങ് സിദ്ധാന്തത്തെ താങ്ങിനിർത്തുന്ന മറ്റൊരു പ്രധാന തൂണു് ആദിസ്ഫോടനത്തിന്റെ മുഴക്കം എന്നു് വേണമെങ്കിൽ ആലങ്കാരികമായി പറയാവുന്ന, പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന, 1964-ൽ കണ്ടുപിടിക്കപ്പെട്ട മൈക്രോവേവ്‌ ബാക്ക്‌ഗ്രൗണ്ട്‌ റേഡിയേഷനാണു്.

അതായതു്, ഈ തിയറിയുടെ അടിസ്ഥാനത്തിൽ, ആദിയിൽ, സമയമില്ലായ്മയുടെ ഏതോ “നിമിഷത്തിൽ”, സ്ഥലമില്ലായ്മയുടെ ഏതോ “അഗാധതയിൽ”, തികഞ്ഞ നിശബ്ദതയിൽ, പൂർണ്ണമായ അന്ധകാരത്തിൽ സംഭവിച്ച ഒരു ബിഗ്-ബാങ് വഴി “അനന്തമായ” ചൂടും സാന്ദ്രതയും നിലനിന്നിരുന്ന ഒരു ബിന്ദുവിൽ നിന്നും സ്ഥലവും സമയവും രൂപമെടുക്കുകയായിരുന്നു. പ്രപഞ്ചോത്ഭവത്തിലെ ഈ ബിന്ദുവാണു് സിന്‍ഗ്യുലാരിറ്റി എന്നറിയപ്പെടുന്ന സംഭവം. ബിഗ്-ബാങ്ങിനുശേഷം ഒരു സെക്കന്റിന്റെ നിസ്സാരമായ ഒരംശം സമയപരിധിക്കുള്ളിൽ (ഒരു കോമയും മുപ്പതു് പൂജ്യവും പിന്നിലുള്ളത്ര ചെറിയ ഒരു സമയത്തിനുള്ളിൽ) പ്രപഞ്ചം നമുക്കു് ഇന്നു് കാണാൻ സാധിക്കുന്നതിനേക്കാൾ കൂടിയ വലിപ്പത്തിലേക്കു് വികസിച്ചു എന്നു് ഗണിതങ്ങൾ വ്യക്തമാക്കുന്നു. മുകളിൽ നമ്മൾ മനസ്സിലാക്കിയതുപോലെ, അതിനുശേഷം ഇന്നുവരെ പ്രപഞ്ചം നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നു. ആദിസ്ഫോടനത്തിനുശേഷം നിലവിലുണ്ടായിരുന്നതും ശൂന്യമായതുമായ ഒരു സ്പെയ്സിലേക്കു് പ്രപഞ്ചം വികസിക്കുകയായിരുന്നില്ല, സ്ഥലവും കാലവും ആദിസ്ഫോടനത്തിലൂടെ ഒന്നുമില്ലായ്മയിൽ നിന്നും രൂപമെടുക്കുകയായിരുന്നു. പ്രപഞ്ചവികാസത്തോടൊപ്പം സ്ഥലവും സഹകാലികമായി മാത്രം വികസിക്കുകയാണെന്നു് സാരം. ശൂന്യാകാശത്തിലെ ശൂന്യതയും ഈ പ്രക്രിയയുടെ ഭാഗമായി രൂപമടുത്തതാണെന്നതിനാൽ ആ ശൂന്യതയല്ല പ്രപഞ്ചാരംഭത്തിലെ ഒന്നുമില്ലായ്മ എന്ന അവസ്ഥ കൊണ്ടുദ്ദേശിക്കുന്നതു്. ഇതുസംബന്ധിച്ചു് ചില തെറ്റായ ധാരണകൾ ചിലരെങ്കിലും പുലർത്തുന്നുണ്ടു് എന്നതിനാലാണു് ഇതിവിടെ സൂചിപ്പിച്ചതു്.

ഈ പ്രപഞ്ചവികാസത്തെ സമയപരമായി വിപരീതദിശയിൽ പിൻതുടർന്നാൽ, അഥവാ, പ്രപഞ്ചം സങ്കോചിച്ചുകൊണ്ടിരിക്കുന്നതായി സങ്കൽപിച്ചാൽ, നമ്മൾ 1370 കോടി വർഷങ്ങൾക്കു് മുൻപുണ്ടായിരുന്ന അവസ്ഥയിൽ എത്തിച്ചേരും: മുഴുവൻ ദ്രവ്യവും (ഐൻസ്റ്റൈന്റെ തത്വം വഴി ദ്രവ്യം=എനർജി) കേന്ദ്രീകരിക്കപ്പെടുന്ന, അനന്തമായ സാന്ദ്രതയും ഊഷ്മാവും നിലനിൽക്കുന്ന ബിഗ്-ബാങ് സിൻഗ്യുലാരിറ്റി എന്ന ബിന്ദുവിൽ. അവിടെ സംഭവിച്ച ആദിസ്ഫോടനം വഴി സ്ഥലകാലങ്ങളുടെയും ദ്രവ്യത്തിന്റെയും തുടക്കം കുറിച്ചുകൊണ്ടു് പ്രപഞ്ചം ജനിക്കുകയായിരുന്നു. ജനറൽ റിലേറ്റിവിറ്റി തിയറിയുടെ അടിത്തറയിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന ഈ തിയറി പൊതുവേ പ്ലോസിബിൾ ആണെങ്കിലും സിൻഗ്യുലാരിറ്റിയുടെ ഗണിതങ്ങളിൽ അനന്തത (ഇന്‍ഫിനിറ്റി) ഒരു ഘടകമായി രംഗപ്രവേശം ചെയ്യുന്നതിനാൽ അവിടെ ജനറൽ റിലേറ്റിവിറ്റി തിയറി സത്യത്തിൽ പരാജയപ്പെടുകയാണു് ചെയ്യുന്നതു്. കാരണം, അനന്തമായ സാന്ദ്രത, അനന്തമായ ഊഷ്മാവു് മുതലായവ ഇല്ല എന്നതുപോലെതന്നെ, ദ്രവ്യത്തിന്റെ ഒരു ബിന്ദുവിലെ കേന്ദ്രീകരണവും ഗുരുത്വാകർഷണത്തിന്റെ ശക്തിയും സ്ഥല-കാലത്തിന്റെ ക്വാണ്ടം-ഘടനവഴി നിയന്ത്രിക്കപ്പെടാമെന്നതും ഈ തിയറിയിൽ പരിഗണിക്കപ്പെടുന്നില്ല. ചുരുക്കത്തിൽ, ആദിസ്ഫോടനസമയത്തു് യഥാർത്ഥത്തിൽ എന്താണു് സംഭവിച്ചതു് എന്നറിയാൻ ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി തിയറി മാത്രം പോരാതെ വരുന്നു. ഇവിടെയാണു് അനുയോജ്യമായ ഒരു പരിഹാരം എന്ന രീതിയിൽ ഗുരുത്വാകർഷണത്തിന്റേതായ ഒരു ക്വാണ്ടം തിയറി (ക്വാണ്ടം തിയറി ഓഫ് ഗ്രാവിറ്റേഷന്‍) പ്രസക്തവും പഠനാർഹവുമാവുന്നതു്. പെൻസിൽവേനിയ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ആയ മാർട്ടിൻ ബോയോവാൾഡ്‌ എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ ഈ പഠനങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്നവരിൽ ഒരാളാണു്. ചില ആനുകാലികങ്ങൾ ഒരു രണ്ടാം ഐൻസ്റ്റൈൻ എന്നുപോലും വിശേഷിപ്പിക്കുന്ന ബോയോവാൾഡ്‌ കഴിഞ്ഞ പത്തുവർഷമായി പഠനവിധേയമാക്കുന്ന ലൂപ്-ക്വാണ്ടം തിയറി ഓഫ് ഗ്രാവിറ്റേഷന്‍ എൺപതുകളുടെ അവസാനത്തോടെ വിഭാവനം ചെയ്യപ്പെടുകയും അതിനുശേഷം തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്ത ഒരു തിയറിയാണു്. ബോയോവാൾഡ്‌ അതേറ്റെടുക്കുകയായിരുന്നു. ഈ തിയറിയിൽ സ്ഥല-കാലം എന്നതു് സ്പെയ്സ്-റ്റൈം ആറ്റം എന്ന ചെറിയ ഏകകങ്ങളായി വിഭജിക്കപ്പെടുന്നു. അതുവഴി, ബിഗ്-ബാങ് സിൻഗ്യുലാരിറ്റിയിൽ പ്രപഞ്ചം പൂജ്യത്തിലേക്കു് ചുരുങ്ങേണ്ടിവരുന്ന അസംഗത ഒഴിവാക്കാനാവുന്നു. സിൻഗ്യുലാരിറ്റിയിലേതിനോടടുത്ത ഉയർന്ന എനർജിസാന്ദ്രത നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ സ്ഥല-കാല-കണികകൾക്കു് സ്വഭാവപരിണാമം സംഭവിക്കുന്നു എന്നതാണു് അതിനു് കാരണം.

സ്ഥല-കാല-കണികകളുടെ (സ്പെയ്സ്-റ്റൈം ആറ്റം) അസ്തിത്വം നമ്മുടെ പ്രപഞ്ചത്തിൽ തിരിച്ചറിയപ്പെടാത്തതിനു് കാരണം, അവയുടെ ഘടന ഒരു അവിച്ഛിന്നത (കണ്ടിന്യുവം) ആയാലെന്നപോലെ സാന്ദ്രമായതാണെന്നതാണു്. പക്ഷേ, ബിഗ്-ബാങ്-സിൻഗ്യുലാരിറ്റി പോലെ ഉന്നത ഊർജ്ജം നിലനിൽക്കുന്ന അവസ്ഥകളിൽ അവ കണികകൾ (ക്വാണ്ടം) എന്ന അവയുടെ യഥാർത്ഥ സ്വഭാവം പ്രദർശിപ്പിക്കുന്നു. സ്ഥല-കാല-കണികകളുടെ നീളം, മീറ്ററിൽ പറഞ്ഞാൽ, ഏകദേശം ഒരു കോമക്കും മുപ്പത്തഞ്ചു് പൂജ്യങ്ങൾക്കും ശേഷം വരുന്നത്ര ചെറിയ ഒരളവു് (പ്ലാങ്ക് ലെങ്ത്) ആണെന്നതിനാൽ, അവ ദ്രവ്യകണങ്ങളെ അപേക്ഷിച്ചു് വളരെ വളരെ ചെറുതാണു്. ഇന്നു് ലഭ്യമായതിൽ ഏറ്റവും ശക്തമായ എലക്ട്രോൺ മൈക്രോസ്കോപ്പിന്റെ റെസൊല്യൂഷൻ പോലും അവയെ കാണാൻ ആവശ്യമായതിനേക്കാൾ പലമടങ്ങു് കുറഞ്ഞതാണെന്നതിനാൽ, അവയുടെ അസ്തിത്വം നേരിട്ടു് തെളിയിക്കുക എന്നതു് അസാദ്ധ്യമാണു്. അതേസമയം, പരോക്ഷമായി അവയെ തെളിയിക്കാൻ ഗുരുത്വാകർഷണതരംഗങ്ങളും ന്യുട്രീനോകളും സഹായകമാവുമെന്നു് ബോയോവാൾഡ്‌ പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ദ്രവ്യവുമായി പരസ്പരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല എന്നതിനാൽ, ആരംഭപ്രപഞ്ചത്തിലെ പ്ലാസ്മയിൽ നിന്നും നഷ്ടമൊന്നും സംഭവിക്കാതെ രക്ഷപെട്ടിട്ടുണ്ടാവണം. അതിനാൽ ഇവക്കു് ആദിസ്ഫോടനത്തിനു് തൊട്ടുശേഷവും ഒരുപക്ഷേ അതിനു് മുൻപും ആദിപ്രപഞ്ചത്തിൽ നിലനിന്നിരുന്ന അവസ്ഥകളെപ്പറ്റി വിവരങ്ങൾ നൽകാനാവും. സ്ഥല-കാല-കണികകളുടെ അസ്തിത്വം പരോക്ഷമായി മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരു സാദ്ധ്യത പ്രകാശത്തിന്റെ ഗതിയിൽ സ്ഥല-കാല-ക്വാണ്ടത്തിന്റെ ആന്ദോളനങ്ങൾ ചെലുത്തുന്ന സ്വാധീനമാണു്. ലൂപ്പ്‌-ഗ്രാവിറ്റേഷൻ തത്വപ്രകാരം പ്രകാശതരംഗങ്ങൾ അവിച്ഛിന്നമല്ല. തരംഗദൈർഘ്യം കുറയുന്നതിനനുസരിച്ചു് സ്ഥലത്തിന്റെ അഴികൾ പ്രകാശതരംഗത്തെ വക്രീകരിക്കുന്നു. തത്ഫലമായി വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ ഗതി വ്യത്യസ്തമായ വേഗതയിലാവും. സ്വാഭാവികമായും ഈ വ്യത്യാസം വളരെ നിസ്സാരമായിരിക്കുമെങ്കിലും ദൈർഘ്യം കൂടുന്നതനുസരിച്ചു് അതിന്റെ ആകെത്തുക ശ്രദ്ധാർഹമായ അളവിൽ എത്താമെന്നതിനാൽ വിദൂര ഉറവിടങ്ങളിൽ (ഗാമാ റേ ബഴ്സ്റ്റ്സ്) ഇവയുടെ തെളിവുകൾ കണ്ടെത്താനാവും.

ലൂപ്പ്‌-ക്വാണ്ടം-തിയറി അനുസരിച്ചു് സ്പെയ്സ്-റ്റൈം ക്വാണ്ടം എന്നതു് – സാധാരണ ദ്രവ്യ-എനർജി-ക്വാണ്ടങ്ങളിൽ നിന്നും വിഭിന്നമായി – നിലവിലിരിക്കുന്ന ഒരു സ്പെയ്സിലെ അസ്തിത്വങ്ങളല്ല. അവ തന്നെയാണു് സ്പെയ്സ്‌ എന്ന അസ്തിത്വത്തെ സൃഷ്ടിക്കുന്നതും, വളർത്തുന്നതും, രൂപവും ഭാവവും ഘടനയുമെല്ലാം നൽകുന്നതും. ഉദാഹരണത്തിനു്, സ്ഥല-കാലങ്ങൾ ഇല്ലാത്ത ഒരവസ്ഥയിൽ രണ്ടു് ബിന്ദുക്കളെ സങ്കൽപിച്ചാൽ – അവിടെ സ്ഥല-കാല-കണികകൾ ഇല്ലാത്തതിനാൽ – അവ തമ്മിലുള്ള ദൂരം പൂജ്യമായിരിക്കും. അവിടേയ്ക്കു് നമ്മൾ ഏതാനും സ്പെയ്സ്‌-റ്റൈം-കണികകളെ പ്രവേശിപ്പിക്കുന്നു എന്നുകൂടി കരുതുക. അപ്പോൾ ആ ബിന്ദുക്കൾ തമ്മിലുള്ള ദൂരവും അതിനു് അനുസൃതമായി കൂടുന്നു. എത്ര കൂടുതൽ സ്ഥല-കാല-കണികകൾ നമ്മൾ അവിടേയ്ക്കു് പ്രവേശിപ്പിക്കുന്നുവോ അത്രമേൽ കൂടുതലാവും ആ ബിന്ദുക്കൾ തമ്മിലുള്ള ദൂരവും. സ്പെയ്സ്‌ രൂപമെടുക്കുന്നതു് ഈ വിധത്തിലാണു്. ലൂപ്പ്‌-ക്വാണ്ടം-തിയറിയിൽ സ്പെയ്സ്‌ ചെറിയ വ്യാപ്തകണികകളായി വിഭജിക്കപ്പെടുകയാണെന്നതിനാൽ, അവയ്ക്കു് ഒരു നിശ്ചിത അളവിൽ ദ്രവ്യത്തെ(=എനർജിയെ) മാത്രമേ ഉൾക്കൊള്ളാനാവൂ. കൂടുതലുള്ളതു് പിൻതള്ളപ്പെടുന്നു. താങ്ങാനാവുന്നത്ര ജലം സംഭരിച്ചുകഴിഞ്ഞ ഒരു സ്പോഞ്ച്‌ പിന്നീടു് നൽകപ്പെടുന്ന ജലം സ്വീകരിക്കുന്നില്ലാത്തതുപോലെ.

സ്ഥല-കാലങ്ങൾക്കു് സംഭവിക്കാവുന്ന വ്യതിയാനങ്ങളെ വിശദീകരിക്കാൻ ആവുന്നു എന്നതാണു് ഈ തിയറിയുടെ പ്രത്യേകത. സ്ഥലവും കാലവും എന്നതു് പ്രപഞ്ചത്തിലെ “നാടകങ്ങൾക്കു്” അരങ്ങേറാനുള്ള ഒരു വേദി മാത്രമല്ല, അവ പ്രപഞ്ചപ്രതിഭാസങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു എന്നു് ലോകത്തെ ആദ്യമായി മനസ്സിലാക്കിയതു് ഐൻസ്റ്റൈനാണു്. വികസിക്കാനും ചുരുങ്ങാനും കഴിയുന്ന സ്ഥല-കാലങ്ങൾ വാനഗോളസംഘങ്ങളുടെ ചലനങ്ങൾ നിശ്ചയിക്കുക മാത്രമല്ല, ദ്രവ്യവുമായുള്ള പരസ്പരപ്രവർത്തനങ്ങളിലൂടെ വളരുകയും ചെയ്യുന്നു. സ്ഥല-കാലങ്ങളുടെ ഈ സവിശേഷത ലൂപ്പ്‌-ക്വാണ്ടം-തിയറിയിൽ ക്വാണ്ടം തലങ്ങളിലേക്കു് വിപുലീകരിക്കപ്പെടുന്നു. ദ്രവ്യകണികകളെ സംബന്ധിച്ച അറിവുകൾ സ്ഥല-കാല-കണികകളിലേക്കു് വ്യാപിപ്പിക്കുന്നതിലൂടെ പ്രപഞ്ചത്തെസംബന്ധിച്ച അടിസ്ഥാനപരമായ അറിവുകൾ ഏകോപിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിനു്, എലക്ട്രോമാഗ്നെറ്റിസത്തിലെ ക്വാണ്ടം തിയറിയിൽ ശൂന്യത (വാക്യും) എന്നതു്, പ്രകാശകണികകളായ ഫോട്ടോണുകളോ മറ്റുതരം കണികകളോ ഇല്ലാത്ത ഒരവസ്ഥയാണു്. അവിടെ എനർജി ലഭ്യമാക്കിയാൽ അതുവഴി പുതിയ കണികകൾ രൂപമെടുക്കും. അതേസമയം, ഗുരുത്വാകർഷണത്തിലെ ക്വാണ്ടം തിയറിയിൽ ശൂന്യത സ്ഥലമോ കാലമോ, അഥവാ സ്ഥല-കാല-കണികകൾ ഇല്ലാത്ത അവസ്ഥയാണു് – സങ്കൽപാതീതമായ തികഞ്ഞ ശൂന്യത! ഈ ശൂന്യതയിൽ സംഭവിക്കുന്ന ഓരോ എനർജിവർദ്ധനവും വഴി പുതിയ സ്ഥല-കാല-കണികകൾ ജന്മമെടുക്കും.

ഗുരുത്വാകർഷണം, ആ പേരു് വെളിവാക്കുന്നതുപോലെതന്നെ, ലക്ഷണമൊത്ത ഒരു ആകർഷണശക്തിയാണു്. ഗോളാകൃതിയിലുള്ള ഒരു കഷണം ദ്രവ്യം അതിന്റെ സ്വന്തം ഭാരത്തിൽ തകർന്നുവീഴാനുള്ള പ്രവണത പ്രദർശിപ്പിക്കുന്നു. ഗോളത്തിനു് വേണ്ടത്ര ഭാരമുണ്ടെങ്കിൽ ഗുരുത്വാകർഷണം മറ്റെല്ലാ ശക്തികളേയും കീഴ്പ്പെടുത്തുകയും അതു് തമോഗർത്തത്തിന്റെ (ബ്ലാക്ക് ഹോള്‍) കേന്ദ്രബിന്ദുവിലേതുപോലുള്ള ഒരു സിൻഗ്യുലാരിറ്റിയിലേക്കു് സാന്ദ്രീകരിക്കപ്പെടുകയും ചെയ്യും. പക്ഷേ, ലൂപ്പ്‌-ഗ്രാവിറ്റേഷൻ തത്വപ്രകാരം വളരെ ഉയർന്ന എനർജിസാന്ദ്രതയിൽ സ്ഥല-കാലത്തിന്റെ ആണവഘടന ഗുരുത്വശക്തിയുടെ സ്വഭാവത്തിനു് മാറ്റം വരുത്തുന്നു. ഗുരുത്വത്തിന്റെ അടിസ്ഥാന സ്വഭാവമായ ആകർഷണം ആ അവസ്ഥയിൽ നേരെ വിപരീതമായി മാറി വികർഷണസ്വഭാവം സ്വീകരിക്കുന്നു. അങ്ങനെ, ജനറൽ റിലേറ്റിവിറ്റിയിലെ സ്പെയ്സിൽ നിന്നും വ്യത്യസ്തമായി, സിൻഗ്യുലാരിറ്റിയിൽ ശക്തികളുടെ സമതുലിതാവസ്ഥക്കു് മാറ്റം വരുന്നു എന്നതിനാൽ, അനന്തമായ ദ്രവ്യസാന്ദ്രത അസാദ്ധ്യമായിത്തീരുന്നു. ഈ തിയറിയുടെ അടിസ്ഥാനത്തിൽ, ആരംഭപ്രപഞ്ചത്തിൽ വളരെ ഉയർന്നതെങ്കിലും നിശ്ചിതമായ സാന്ദ്രതയേ ഉണ്ടായിരുന്നിരിക്കാൻ കഴിയൂ. (പ്ലാങ്ക് ഡെന്‍സിറ്റി: ഒരു ക്യുബിക്‌ മീറ്റർ വ്യാപ്തത്തിൽ 51-നോടു് തൊണ്ണൂറ്റഞ്ചു് പൂജ്യം ചേർത്താൽ കിട്ടുന്നത്രയും കിലോഗ്രാം അടങ്ങിയാലുള്ള സാന്ദ്രത) ഈ പരമാവധി അവസ്ഥയിൽ വികർഷണമായി മാറുന്ന ഗ്രാവിറ്റേഷൻ ആദിസ്ഫോടനത്തിനും സ്പെയ്സിന്റെ വികാസത്തിനും കാരണമാവുന്നു. ആരംഭദശയിൽ ത്വരിതഗതിയിൽ സംഭവിക്കുന്ന ഈ വികാസത്തിന്റെ (കോസ്മിക് ഇന്‍ഫ്ലേഷന്‍) ശക്തി കുറയുന്നതോടെ മന്ദഗതിയിൽ ആവുന്നു. അതു് മിച്ചമുള്ള എനർജി ഉപയോഗിച്ചു് റീഹീറ്റിങ് എന്ന പ്രക്രിയക്കു് തുടക്കം കുറിക്കുകയും അതുവഴി പ്രപഞ്ചത്തിൽ ദ്രവ്യം രൂപമെടുക്കുകയും ചെയ്യുന്നു. അതായതു്, മറ്റു് പ്രപഞ്ചാരംഭമോഡലുകളിൽ നിരീക്ഷണങ്ങളെ തൃപ്തിപ്പെടുത്താൻ കോസ്മിക്‌ ഇൻഫ്ലേഷൻ എന്ന ആശയം “അഡ്‌ ഹോക്ക്‌” ആയി കൂട്ടിച്ചേർക്കുകയായിരുന്നെങ്കിൽ, ലൂപ്പ്‌-ക്വാണ്ടം-തിയറിയിൽ ഈ വിശദീകരണം വഴി അതിനു് സ്ഥല-കാല-കണികകളുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായ ഒരു അടിത്തറ ലഭിക്കുന്നു.

സമയത്തിന്റെ ആരംഭം കുറിക്കുന്ന സിൻഗ്യുലാരിറ്റി എന്നൊരു സംഭവം ഇല്ല എങ്കിൽ, പ്രപഞ്ചത്തിന്റെ ചരിത്രം അതിനു് മുൻപു് തുടങ്ങിയതാവണം എന്നൊരു സാദ്ധ്യത തള്ളിക്കളയാനാവില്ല. പ്രപഞ്ചാരംഭത്തെ വിശദീകരിക്കാൻ ശ്രമിക്കുന്ന സ്ട്രിംഗ്‌ തിയറി പോലുള്ള മറ്റു് ചില മോഡലുകളും ഈ ആശയത്തെ പിൻതുണക്കുന്നുണ്ടെങ്കിലും അവ ലൂപ്പ്‌-ക്വാണ്ടം-തിയറിയിൽ എന്നപോലെ സിൻഗ്യുലാരിറ്റിയെ പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നില്ല. പകരം അവക്കു് ഈ പ്രശ്നം പരിഹരിക്കാൻ വീണ്ടും പുതിയ അനുമാനങ്ങൾ നടത്തേണ്ടിവരികയും ചെയ്യുന്നു. ലൂപ്പ്‌-ക്വാണ്ടം-തിയറിയിൽ ഇന്നത്തെ പ്രപഞ്ചത്തിന്റെ ആരംഭദശയിലെ ഉയർന്ന സാന്ദ്രതയുടെ കാരണം ഇതിനു് മുൻപുണ്ടായിരുന്ന പ്രപഞ്ചം ഗുരുത്വാകർഷണശക്തിയുടെ സ്വാധീനത്തിൽ തകർന്നതുമൂലമാവാം എന്നതാണു് നിഗമനം. ഗുരുത്വാകർഷണം വികർഷണമായി മാറുന്ന നിലയിലേക്കു് എനർജിസാന്ദ്രത വർദ്ധിച്ചപ്പോൾ മുകളിൽ സൂചിപ്പിച്ചപോലെ പ്രപഞ്ചവികാസം ആരംഭിക്കുകയായിരുന്നിരിക്കാം. കോസ്മോളജിസ്റ്റുകൾ ഈ പ്രതിഭാസത്തെ “ബൌണ്‍സ്” എന്നു് വിളിക്കുന്നു. ഒരു ബിഗ്-ബൌണ്‍സിനു്‌ മുൻപുണ്ടായിരുന്നിരിക്കാവുന്ന പ്രപഞ്ചം ഇന്നത്തെ പ്രപഞ്ചത്തിനോടു് എത്ര തുല്യമായിരുന്നതായാൽ തന്നെയും, ദ്രവ്യത്തിന്റെയും എനർജിയുടെയും സാന്ദ്രതകൾ കടന്നുപോകേണ്ടിവരുന്ന യാദൃശ്ചികവും ശക്തവുമായ ആന്ദോളനങ്ങളുടെ ദീർഘമായ ഘട്ടങ്ങൾ അവയെ സമൂലം അലങ്കോലപ്പെടുത്തുമെന്നു് സിമ്യുലേഷനുകൾ വെളിപ്പെടുത്തുന്നു. ആദിസ്ഫോടനത്തിനു് മുൻപും പിൻപും ഉള്ള ആന്ദോളനങ്ങൾ തമ്മിൽ സാമ്യങ്ങൾ ഒന്നുംതന്നെയില്ല എന്നതിനാൽ, പഴയ പ്രപഞ്ചത്തിന്റെ സകല ചരിത്രവും സ്ഫോടനസമയത്തെ ക്വാണ്ടം ഇഫെക്റ്റുകൾ വഴി പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു. മറ്റു് വാക്കുകളിൽ, ബിഗ്-ബൌണ്‍സിലൂടെ പ്രപഞ്ചം പരിതാപകരമായ ഒരു “മറവിരോഗത്തിനു്” വിധേയമാവുന്നു.

ചുരുക്കത്തിൽ, ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി ബിഗ്‌-ബാംഗ്‌-സിൻഗ്യുലാരിറ്റിയിൽ പരാജയപ്പെടുമ്പോൾ, ലൂപ്പ്‌-ക്വാണ്ടം-ഗ്രാവിറ്റേഷൻ തിയറിക്കു് അവിടെ നിലനിൽക്കുന്ന അവസ്ഥകളെ നിയന്ത്രണാധീനമാക്കാൻ കഴിയുന്നു. ഈ തിയറിയുടെ അടിസ്ഥാനത്തിൽ, ആദിസ്ഫോടനം എന്നതു് ഫിസിക്കൽ അർത്ഥത്തിൽ ഒരു ആരംഭമോ, ഗണിതശാസ്ത്രപരമായ ഒരു സിൻഗ്യുലാരിറ്റിയോ അല്ല, അതു് അവിടെ നമ്മുടെ അറിവിനു് പ്രായോഗികമായ ഒരു പരിധി നിശ്ചയിക്കുകയാണു് ചെയ്യുന്നതു്. ബിഗ്‌-ബൗൺസിനു് ശേഷം ബാക്കിയാവുന്നതിനു് അതിനു് മുൻപുണ്ടായിരുന്നതിന്റെ ഒരു പൂർണ്ണമായ ചിത്രം നൽകാനാവില്ല.

ആദിസ്ഫോടനത്തിനും മുൻപുള്ള വിവരങ്ങൾ പ്രപഞ്ചം സൗകര്യപൂർവ്വം മറക്കുന്നു എന്നതു് അത്ര പ്രത്യാശാജനകമായ ഒരു കാര്യമല്ലെങ്കിലും ഭൗതികവ്യവസ്ഥകളിലും ദൈനംദിനജീവിതത്തിലും നമ്മൾ സ്ഥിരമായി കാണുന്ന ഒരു അടിസ്ഥാനപ്രശ്നത്തെ ന്യായീകരിക്കാൻ അതു് എന്തായാലും സഹായകമാണു്. തെർമ്മോഡൈനാമിക്സിലെ രണ്ടാം നിയമമായ “എന്‍ട്രോപ്പി” പ്രകാരം പ്രപഞ്ചത്തിൽ ക്രമഭംഗം തിരുത്താനാവാത്തവിധം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണു്. അതിന്റെ വെളിച്ചത്തിൽ നിത്യമായ ഒരു പ്രപഞ്ചം എന്നതു് അസാദ്ധ്യമാണു്. കാരണം, കാലാകാലമായി, നിത്യമായി നിലനിൽക്കുന്ന ഒന്നായിരുന്നെങ്കിൽ എൻട്രോപ്പി മൂലം പ്രപഞ്ചം പണ്ടേതന്നെ എത്തിച്ചേരുമായിരുന്ന ക്രമഭംഗം നമ്മൾ ഇന്നു് ഭൂമിയിലും ഗാലക്സികളിലും ദർശിക്കുന്ന ഘടനകളെ മുഴുവൻ അസാദ്ധ്യമാക്കിത്തീർക്കേണ്ടതായിരുന്നു. കോസ്മിക്‌ മറവി മൂലം പഴയ പ്രപഞ്ചത്തിലെ സകല ഇൻഫർമേഷനുകളും വിസ്മരിക്കപ്പെടുന്നു എന്നതിനാൽ സ്ഫോടനം വഴി രൂപമെടുക്കുന്ന പ്രപഞ്ചത്തിനു് കഴിഞ്ഞ പ്രപഞ്ചത്തിലെ “ചവറുകളുടെ” യാതൊരു ശല്യവുമില്ലാതെ ഒരു പുതിയ ആരംഭം സാദ്ധ്യമാവുന്നു. അതേസമയം, ഈ ലോകത്തിലെ തെർമ്മോഡൈനാമിക്സിൽ അതുപോലുള്ള ഒരവസ്ഥ ഇല്ല. അതിൻപ്രകാരം, ഇവിടെ എല്ലാ വ്യവസ്ഥയും അവയുടെ പരമാണുഘടനകളിൽ ഭൂതകാലത്തിന്റെ ഓർമ്മ നിലനിർത്തുന്നവയാണു്.

മാർട്ടിൻ ബോയോവാൾഡിന്റെ സ്വന്തം വാക്കുകളിൽ: “കൃത്യമായി പറഞ്ഞാൽ ലൂപ്പ്‌-ക്വാണ്ടം-ഗ്രാവിറ്റേഷൻ തിയറി പൂർണ്ണമായി എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. എനിക്കിനിയും ഒരുപാടു് കണക്കു് കൂട്ടേണ്ടതുണ്ടു്.”

അവലംബം: Martin Bojowald: Zurueck vor den Urknall

 

Tags: , ,

പുരോഹിതന്റെ ശാസ്ത്രഭയം

(ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയുടെ The Antichrist- ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)

ബൈബിളിന്റെ തുടക്കത്തിൽ എഴുതപ്പെട്ടിരിക്കുന്ന വിഖ്യാതമായ കഥ വേണ്ടവിധത്തിൽ മനസ്സിലാക്കപ്പെട്ടോ? ശാസ്ത്രത്തിനു് നേരെയുള്ള ദൈവത്തിന്റെ നരകഭീതിയെപ്പറ്റിയുള്ള കഥ? ഇല്ല, അതു് ശരിയായി മനസ്സിലാക്കപ്പെട്ടില്ല. ആ പുരോഹിതപുസ്തകത്തിനു് അനുയോജ്യമെന്നോണം അതു് ആരംഭിക്കുന്നതുതന്നെ പുരോഹിതന്റെ ഏറ്റവും വലിയ ആന്തരവൈഷമ്യവുമായിട്ടാണു്: പുരോഹിതനു് ഒരു പ്രധാനവൈഷമ്യമേ ഉള്ളു, തൻനിമിത്തം “അവന്റെ ദൈവത്തിനും” ഒരു പ്രധാനവൈഷമ്യമേ ഉള്ളു.

പൂർണ്ണ “ആത്മാവും”, പൂർണ്ണ മഹാപുരോഹിതനും, സർവ്വസമ്പൂർണ്ണതയുമായ വൃദ്ധദൈവം അവന്റെ തോട്ടത്തിൽ ഉലാത്തുന്നു; പക്ഷേ, അവൻ വിരസനാണു്. വിരസതയ്ക്കെതിരായി ദൈവങ്ങൾ പോലും നിഷ്ഫലയത്നമാണു് നടത്തുന്നതു്. അവൻ എന്താണു് ചെയ്യുന്നതു്? അവൻ മനുഷ്യനെ കണ്ടുപിടിക്കുന്നു – മനുഷ്യൻ വിനോദിപ്പിക്കുന്നവനാണു്. പക്ഷേ, നോക്കൂ! മനുഷ്യനും വിരസനായിത്തീരുന്നു. എല്ലാ പറുദീസകളേയും വ്യതിരിക്തമാക്കുന്ന ദൈവത്തിന്റെ കേവലതീവ്രദുഃഖസഹാനുഭൂതിക്കു് അതിരുകളില്ല: അതിനാൽ അവൻ ഒപ്പം മറ്റു് മൃഗങ്ങളേയും സൃഷ്ടിക്കുന്നു. ദൈവത്തിന്റെ ആദ്യത്തെ തെറ്റു്: മനുഷ്യൻ മൃഗങ്ങളെ വിനോദിപ്പിക്കുന്നവയായി കണ്ടില്ല – പകരം അവൻ അവയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണു് ചെയ്തതു്, “മൃഗം” ആവാൻ പോലും അവൻ ആഗ്രഹിച്ചില്ല. – തത്ഫലമായി ദൈവം സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ തീർച്ചയായിട്ടും വിരസതക്കു് ഒരു് അറുതിവന്നു – അതോടൊപ്പം മറ്റു് പല കാര്യങ്ങൾക്കും! ദൈവത്തിന്റെ രണ്ടാമത്തെ തെറ്റായിരുന്നു സ്ത്രീ. “സ്ത്രീ സ്വഭാവം കൊണ്ടു് പാമ്പാണു്, Heva” – ഏതു് പുരോഹിതനും അതറിയാം; “ലോകത്തിലെ മുഴുവൻ അത്യാപത്തുകളും വരുന്നതു് സ്ത്രീയിൽ നിന്നുമാണു്” – അതും ഏതു് പുരോഹിതനും അറിയാം. “തത്ഫലമായി ശാസ്ത്രം വരുന്നതും അവളിൽ നിന്നുതന്നെ.” ജ്ഞാനവൃക്ഷത്തിന്റെ ഫലത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞതും സ്ത്രീയിൽക്കൂടിയാണു്.

എന്താ സംഭവിച്ചതു്? വൃദ്ധനായ ദൈവത്തെ നരകഭീതി പിടികൂടി. മനുഷ്യൻ തന്നെ ദൈവത്തിന്റെ ഏറ്റവുംവലിയ തെറ്റായി മാറി; ദൈവം അവനുതന്നെ ഒരു എതിരാളിയെ സൃഷ്ടിക്കുകയായിരുന്നു; ശാസ്ത്രം മനുഷ്യനെ ദൈവതുല്യൻ ആക്കുന്നു, – മനുഷ്യൻ ശാസ്ത്രീയനായാൽ അതു് ദൈവങ്ങളുടെയും പുരോഹിതന്മാരുടെയും അന്ത്യമാണു്! – ഗുണപാഠം: ശാസ്ത്രം അതിൽത്തന്നെ വിലക്കപ്പെട്ടതാണു് – അതു് മാത്രമാണു് വിലക്കപ്പെട്ടതു്. ശാസ്ത്രമാണു് ഒന്നാമത്തെ പാപം, എല്ലാ പാപങ്ങളുടെയും ബീജം, ആദ്യപാപം. – “നീ അറിയരുതു്” – ഇതു് മാത്രമാണു് സദാചാരം. ബാക്കിയെല്ലാം അതിൽ നിന്നും വരുന്നു.

ദൈവത്തിന്റെ നരകഭീതി അവന്റെ കൗശലത്തിനു് ഒരു തടസ്സമായിരുന്നില്ല. എങ്ങനെ ശാസ്ത്രത്തിനെ ചെറുക്കാൻ കഴിയും? അതായിരുന്നു ദീർഘനാളത്തേക്കു് അവന്റെ പ്രധാന പ്രശ്നം. മറുപടി: മനുഷ്യനെ പറുദീസയിൽ നിന്നും പുറത്തു് ചാടിക്കുക! ആനന്ദവും അലസതയും മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കും – എല്ലാ ചിന്തകളും ചീത്ത ചിന്തകളാണു്. അതിനാൽ മനുഷ്യൻ ചിന്തിക്കരുതു്. അങ്ങനെ “തനിപ്പുരോഹിതൻ” ദുരിതവും, മരണവും, ഗർഭധാരണത്തിലെ മരണകരമായ അപകടസാദ്ധ്യതകളും, എല്ലാവിധ കഷ്ടതയും, വാർദ്ധക്യവും, ക്ലേശവും, എല്ലാറ്റിലുമുപരി രോഗവും – എല്ലാം ശാസ്ത്രത്തോടു് പൊരുതാനുള്ള ഉപാധികൾ – കണ്ടെത്തുന്നു! ദുരിതം മനുഷ്യനെ ചിന്തിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ടും! ഭയാനകം! സ്വർഗ്ഗത്തെ പിടിച്ചടക്കാനെന്നപോലെ, ദൈവങ്ങളെ ഇരുട്ടുകൊണ്ടു് മൂടാനെന്നപോലെ വിജ്ഞാനത്തിന്റെ സൗധം ഉയരുന്നു – എന്തു് ചെയ്യും? – വൃദ്ധനായ ദൈവം യുദ്ധം കണ്ടുപിടിക്കുന്നു, അവൻ മനുഷ്യരെ തമ്മിൽ വേർപ്പെടുത്തുന്നു, അവൻ അവരെ പരസ്പരം ഉന്മൂലനം ചെയ്യുന്നവരാക്കി മാറ്റുന്നു. (- പുരോഹിതന്മാർക്കു് യുദ്ധം എന്നും ആവശ്യമായിരുന്നു.) യുദ്ധം – മറ്റു് പലതിന്റെയും കൂട്ടത്തിൽ ശാസ്ത്രത്തെ ശല്യം ചെയ്യുന്ന ഒന്നാണു്! – അവിശ്വസനീയം! ജ്ഞാനം, അഥവാ, പുരോഹിതന്മാരിൽ നിന്നുള്ള വിമോചനം, യുദ്ധം ഉണ്ടായിട്ടുപോലും വീണ്ടും വളരുന്നു. – വൃദ്ധനായ ദൈവം അന്തിമമായ ഒരു തീരുമാനമെടുക്കുന്നു: “മനുഷ്യൻ ശാസ്ത്രീയനായിക്കഴിഞ്ഞു – മറ്റു് മാർഗ്ഗമൊന്നുമില്ല, അവൻ മുക്കിക്കൊല്ലപ്പെടണം!”

– നിങ്ങൾ എന്നെ മനസ്സിലാക്കി. ബൈബിളിന്റെ തുടക്കം ഉൾക്കൊള്ളുന്നതു് പുരോഹിതന്റെ മുഴുവൻ മനഃശാസ്ത്രവുമാണു്. – തനിക്കു് സംഭവിക്കാവുന്ന വലിയതായ ഒരേയൊരു അപകടം മാത്രമേ പുരോഹിതനു് അറിയാവൂ: അതു് ശാസ്ത്രമാണു്, – കാരണത്തേയും ഫലത്തേയും കുറിച്ചുള്ള നിരാമയധാരണ. പക്ഷേ, സന്തുഷ്ടമായ സാഹചര്യങ്ങളിലേ ശാസ്ത്രം മൊത്തത്തിൽ വളർന്നു് വികസിക്കുകയുള്ളു – അറിവു്’ സാദ്ധ്യമാവണമെങ്കിൽ സമയവും ചിന്താശേഷിയും ജാസ്തിയായി ഉണ്ടായാലേ കഴിയൂ എന്നു് സാരം. “തന്മൂലം മനുഷ്യൻ അസന്തുഷ്ടനാക്കപ്പെടണം” – ഏതു് കാലത്തും ഇതായിരുന്നു പുരോഹിതന്റെ ലോജിക്ക്‌. ഈ ലോജിക്ക്‌ പ്രകാരം എന്താണു് ലോകത്തിലേക്കു് ആദ്യമായി അവതരിപ്പിക്കപ്പെട്ടതു് എന്നു് നിങ്ങൾ ഊഹിച്ചുകാണും: “പാപം”. കുറ്റവും ശിക്ഷയും എന്ന ആശയവും, മുഴുവൻ “ലോകസദാചാരവ്യവസ്ഥയും” ശാസ്ത്രത്തിനു് എതിരായി കണ്ടുപിടിക്കപ്പെട്ടവയാണു്, – അഥവാ, പുരോഹിതനിൽ നിന്നുമുള്ള മനുഷ്യന്റെ വിമോചനത്തിനു് എതിരായി. മനുഷ്യൻ പുറത്തേക്കു് നോക്കരുതു്, അവൻ അവന്റെ ഉള്ളിലേക്കു് മാത്രമേ നോക്കാവൂ; ഒരു വിദ്യാർത്ഥിയെപ്പോലെ അവൻ ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവും വസ്തുക്കളിലേക്കു് നോക്കരുതു്, അവൻ നോക്കുകയേ ചെയ്യരുതു്, അവൻ നരകിക്കുക മാത്രം ചെയ്യണം. ഏതു് സമയവും ഒരു പുരോഹിതനെ ആവശ്യമായി വരുന്നവിധത്തിൽ ആയിരിക്കണം അവൻ നരകിക്കുന്നതു്. വൈദ്യന്മാരെ എന്നേക്കുമായി ഒഴിവാക്കുക! ഒരു രക്ഷകൻ ആവശ്യമാണു്. – കുറ്റവും ശിക്ഷയും എന്ന ആശയം – “ദൈവകൃപ”, “വീണ്ടെടുപ്പു്”, “മാപ്പു്” മുതലായ സിദ്ധാന്തങ്ങൾ ഉൾപ്പെടെ – മനഃശാസ്ത്രപരമായ യാതൊരു യാഥാർത്ഥ്യവും ഇല്ലാത്ത കല്ലുവെച്ച നുണകൾ മാത്രമാണു് – അവ കണ്ടുപിടിക്കപ്പെട്ടതു് മനുഷ്യന്റെ കാര്യകാരണബോധം നശിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു: കാരണ-ഫലങ്ങൾക്കുനേരെയുള്ള വധശ്രമമായിരുന്നു അവ. മുഷ്ടികൊണ്ടോ, കത്തികൊണ്ടോ, വെറുപ്പിലും സ്നേഹത്തിലും ഉള്ള സത്യസന്ധത കൊണ്ടോ ഉള്ള വധശ്രമമായിരുന്നില്ല! പകരം, അങ്ങേയറ്റം ഭീരുത്വപരമായ, അങ്ങേയറ്റം വഞ്ചനാപരമായ, ഏറ്റവും നീചമായ സഹജവാസനയിൽ നിന്നും രൂപമെടുത്ത ഒന്നു്! ഒരു പുരോഹിത-അക്രമം! ഒരു പരോപജീവി-അക്രമം! രക്തം കുടിക്കുന്ന ഒരു വിളറിയ അധോലോകവേതാള-അക്രമം!

ഒരു കർമ്മത്തിന്റെ സ്വാഭാവികമായ പരിണതഫലം “സ്വാഭാവികം” അല്ലാതിരിക്കുകയും, പകരം അവ സംഭവിക്കുന്നതിന്റെ കാരണം അന്ധവിശ്വാസത്തിലെ ആശയഭൂതങ്ങൾ വഴി, ദൈവം വഴി, പ്രേതങ്ങൾ വഴി, ആത്മാവുകൾ വഴി അവ ധാർമ്മികമായ പരിണതഫലങ്ങളോ, പ്രതിഫലമോ, ശിക്ഷയോ, മാർഗ്ഗനിർദ്ദേശമോ, വിദ്യാഭ്യാസോപാധിയോ ആയാലെന്നപോലെ കരുതി ചിന്തിക്കപ്പെടുമ്പോൾ അറിവിന്റെ മുൻനിബന്ധനകൾ നശിപ്പിക്കപ്പെടുകയാണു് ചെയ്യുന്നതു് – അങ്ങനെ മനുഷ്യരാശിയോടു് ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യപ്പെട്ടു. – ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു, പാപം, മനുഷ്യന്റെ നിരുപാധികമായ സ്വയംപങ്കിലമാക്കലിന്റെ ഈ രൂപം, ശാസ്ത്രത്തേയും, സംസ്കാരത്തേയും, മനുഷ്യന്റെ എല്ലാ ശ്രേഷ്ഠതയേയും, മാഹാത്മ്യത്തേയും അസാദ്ധ്യമാക്കിത്തീർക്കുന്നതിനു് വേണ്ടിയാണു് കണ്ടുപിടിക്കപ്പെട്ടതു്; പാപത്തിന്റെ കണ്ടുപിടുത്തം വഴിയാണു് പുരോഹിതൻ മനുഷ്യരുടെമേൽ ഭരണാധികാരം ഏറ്റെടുത്തതു്.

 
2 Comments

Posted by on Jun 24, 2009 in ഫിലോസഫി, മതം

 

Tags: , ,

അന്തരീക്ഷപരിണാമം

അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ കാലാന്തരങ്ങളില്‍ അന്തരീക്ഷത്തില്‍ വാതകങ്ങളും, ഭൂമിയില്‍ ആദിസമുദ്രങ്ങളും രൂപംകൊണ്ടെങ്കിലും, അന്നത്തെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായ പ്രാണവായു (oxygen) ഉണ്ടായിരുന്നില്ല. Oxygen വളരെ ആക്റ്റീവ്‌ ആയ ഒരു മൂലകം ആയതിനാല്‍, അതു് വളരെ വേഗം മറ്റു് മൂലകങ്ങളുമായി ചേര്‍ന്നു് സംയുക്തങ്ങളായിത്തീരും എന്നതാണു് കാരണം. ഇന്നത്തെ അന്തരീക്ഷത്തിലെ വാതകങ്ങള്‍ അന്നത്തേതുപോലെതന്നെ നൈട്രജനും, കാര്‍ബണ്‍ഡയോക്സൈഡും, മെഥെയ്നും, അമ്മോണിയയുമൊക്കെ മാത്രമായിരുന്നെങ്കില്‍ മനുഷ്യനു് ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. അതേസമയം, വിചിത്രം എന്നു് തോന്നാമെങ്കിലും, ആദി അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലാതിരുന്നതു് ഭൂമിയില്‍ ജീവന്റെ മൗലികഘടകങ്ങള്‍ രൂപമെടുക്കുന്നതിനു് സഹായകമാവുകയായിരുന്നു. അതെങ്ങനെയെന്നു് നോക്കാം. സാധാരണ പ്രകാശത്തേക്കാള്‍ കുറഞ്ഞ തര്‍ംഗദൈര്‍ഘ്യമുള്ളതും ഉയര്‍ന്ന ഊര്‍ജ്ജമുള്ളതുമായ അള്‍ട്രാ വയലറ്റ്‌ (UV) രശ്മികളെ ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഓക്സിജന്‍ പ്രധാന പങ്കു് വഹിക്കുന്നുണ്ടു്. അന്നു് അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നു എന്നതിനാല്‍, UV രശ്മികള്‍ക്കു് തടസ്സമില്ലാതെ ഭൗമോപരിതലത്തില്‍ എത്താന്‍ കഴിയുമായിരുന്നു. ആദിസമുദ്രങ്ങളിലെയും കടലുകളിലെയും ജലനിരപ്പുകളില്‍ നിന്നും അനേകം മീറ്റര്‍ ആഴത്തില്‍ വരെ എത്താനും അവയ്ക്കു് കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍ മുതലായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ അടക്കമുള്ള അജൈവ മോളിക്യൂളുകള്‍ അന്തരീക്ഷത്തിലും ജലത്തിലും ധാരാളമായി ഉണ്ടായിരുന്നതിനാല്‍, ഈ രശ്മികള്‍ക്കു് അത്തരം അജൈവ സംയുക്തങ്ങളില്‍നിന്നും ജൈവവസ്തുക്കളുടെ അടിസ്ഥാനഘടകങ്ങളായ മോളിക്യൂളുകള്‍ക്കു് ജന്മം നല്‍കാന്‍ കഴിഞ്ഞിരുന്നു. ഇന്നു് ഏതു് പരീക്ഷണശാലയിലും തെളിയിക്കാന്‍ കഴിയുന്ന ഒരു വസ്തുതയാണിതു്. അതേസമയം, അങ്ങനെ രൂപമെടുക്കുന്ന മോളിക്യൂളുകളെ വീണ്ടും നശിപ്പിക്കാനും ഈ രശ്മികളുടെ എനര്‍ജി മതിയായിരുന്നു. അതിനാല്‍, സൃഷ്ടിക്കപ്പെടുന്നവ ഉടനെതന്നെ വീണ്ടും നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും, ചില മോളിക്യൂളുകള്‍ക്കെങ്കിലും ജലാന്തര്‍ഭാഗത്തേക്കു് താഴ്‌ന്നു് രക്ഷപെടുവാന്‍ കഴിഞ്ഞിരുന്നു. കാരണം, UV രശ്മികള്‍ക്കു് പത്തോ പതിനഞ്ചോ മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ എത്താന്‍ കഴിയുമായിരുന്നില്ല. അതുമൂലം, ജലോപരിതലത്തില്‍ സൃഷ്ടിയും സംഹാരവും നടന്നുകൊണ്ടിരുന്നപ്പോഴും സമുദ്രജലത്തിന്റെ പ്രക്ഷുബ്ധത മൂലം പില്‍ക്കാലത്തെ ജീവന്‍ എന്ന സങ്കീര്‍ണ്ണതയുടെ മൗലികഘടകങ്ങള്‍ ആവേണ്ടിയിരുന്ന മോളിക്യൂളുകള്‍ കൂടുതല്‍ കൂടുതല്‍ അളവില്‍ താഴേക്കു് എത്തിപ്പെട്ടുകൊണ്ടിരുന്നു.

ഈ പ്രക്രിയ നടന്നുകൊണ്ടിരുന്നതിനൊപ്പംതന്നെ, UV രശ്മികള്‍ ഉപരിതലജലത്തെ അതിന്റെ ഘടകങ്ങളായ ഹൈഡ്രജനും ഓക്സിജനുമായി വേര്‍പിരിച്ചുകൊണ്ടിരുന്നു (photodissociation). മൂലകങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞതായതിനാല്‍, അതുവഴി രൂപമെടുത്ത ഹൈഡ്രജന്‍ അന്തരീക്ഷത്തിലൂടെ ശൂന്യാകാശത്തിലേക്കു് പോയി മറഞ്ഞു. ബാക്കിയായ ഓക്സിജന്‍ UV രശ്മികളെ തടഞ്ഞിരുന്നതിനാല്‍ തുടര്‍ന്നുള്ള photodissociation സാദ്ധ്യമായിരുന്നില്ല. മറുവശത്തു്, അന്തരീക്ഷത്തില്‍ നിലവിലുള്ള ഓക്സിജന്റെ അളവു് oxidation മൂലം കുറഞ്ഞുകൊണ്ടുമിരുന്നു. അങ്ങനെ കുറഞ്ഞു് ഒരു പ്രത്യേക മൂല്യത്തില്‍ എത്തുമ്പോള്‍ ഓക്സിജന്റെ അളവു് UV രശ്മികളെ തടയാന്‍ മതിയാവാതാവും. അതുവഴി photodissociation പുനഃസ്ഥാപിക്കപ്പെടും. ചാക്രികമായി ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ ‘feedback’ അവസ്ഥയെ ശാസ്ത്രജ്ഞര്‍ ‘Urey-effect’ എന്നു് വിളിക്കുന്നു. (അതിന്റെ ഉപജ്ഞാതാവും നോബല്‍ പ്രൈസ്‌ നേടിയവനുമായ Harold C. Urey-യുടെ ഓര്‍മ്മയ്ക്കായി.) അന്നത്തെ ഭൗമോപരിതലത്തില്‍ നിന്നും ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആഴങ്ങളില്‍ കുടുങ്ങിയ ധാതുക്കളുടെ പരിശോധനയില്‍ നിന്നും ആദ്യ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തുകയായിരുന്നു.

‘Urey-effect’ വഴി അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് (സ്വയം നിയന്ത്രിതമായി) ഒരു നിശ്ചിത പരിധിക്കുള്ളില്‍ “ചാഞ്ചാടി”ക്കൊണ്ടിരുന്നു. ഏതു് മൂല്യത്തെ കേന്ദ്രീകരിച്ചായിരുന്നിരിക്കണം ആ ആന്ദോലനം? Berkner, Marshall എന്ന രണ്ടു് അമേരിക്കന്‍ geophysicists കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഈ വിഷയത്തില്‍ നടത്തിയ കണക്കുകൂട്ടലുകള്‍ അന്നത്തെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് 0,1 ശതമാനം (ഇന്നത്തെ അളവിന്റെ ആയിരത്തിലൊന്നു്) ആയിരുന്നിരിക്കണം എന്നു് കണ്ടെത്തി. photodissociation വലിയ തോതില്‍ ഓക്സിജന്‍ നിര്‍മ്മിക്കുവാന്‍ പര്യാപ്തമല്ല എന്നതിനാല്‍, ഈ ചെറിയ അളവു് സ്വാഭാവികവുമായിരുന്നു. അതേസമയം, UV കിരണങ്ങളെ ഫലപ്രദമായി തടയാന്‍ ഈ അളവു് ധാരാളം മതി താനും. ഈ അറിവിന്റെ വെളിച്ചത്തില്‍, അന്തരീക്ഷത്തിലെ ‘UV filter’-ന്റെ frequency bandwidth അവര്‍ കണക്കുകൂട്ടി. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്‌ angsrom ആണു്. ഒരു angsrom = 0,1 നാനോമീറ്റര്‍ അഥവാ, ഒരു മീറ്ററിന്റെ ആയിരം കോടിയില്‍ ഒരംശം. മറ്റു് വാതകങ്ങളും, 0,1 ശതമാനം ഓക്സിജനും ചേര്‍ന്ന അന്നത്തെ അന്തരീക്ഷത്തിനു് ഏറ്റവും ശക്തവും ഫലപ്രദവുമായി തടയാന്‍ കഴിഞ്ഞിരുന്നതു് UV ബാന്‍ഡ്‌വിഡ്തിലെ 2600 മുതല്‍ 2800 angstrom വരെയുള്ള തരംഗദൈര്‍ഘ്യങ്ങളെ ആയിരുന്നു എന്നവര്‍ കണ്ടെത്തി. ജീവജാലങ്ങളുടെ അടിസ്ഥാനഘടകങ്ങളായ Protein, Nucleic acid (സെല്‍ കേന്ദ്രത്തില്‍ ജീവന്റെ Genetic code സൂക്ഷിക്കുന്ന വസ്തു) എന്നിവയെ നിശേഷം നശിപ്പിക്കാന്‍ കഴിയുമായിരുന്ന UV wavelength-ന്റെ bandwidth ആണിതു്! ഈ bandwidth ഭൌമോപരിതലത്തില്‍ എത്താതെ തടയപ്പെട്ടതിനാല്‍, അതുവരെ രൂപമെടുത്തതും ശേഖരിക്കപ്പെട്ടതുമായ മോളിക്യൂളുകള്‍ നശിപ്പിക്കപ്പെടാതിരിക്കുകയും, തുടര്‍ന്നുള്ള പരിണാമത്തിനു് വഴിതുറക്കുകയും ചെയ്തു. UV റേഡിയേഷന്‍ എന്നതു് തരംഗദൈര്‍ഘ്യങ്ങളുടെ നീണ്ട നിരയ്ക്കു് (bandwidth) പൊതുവേ പറയുന്ന പേരാണു്. അല്ലാതെ, അതൊരു ഒറ്റ തരംഗദൈര്‍ഘ്യമല്ല. UV രശ്മികളുടെ തരംഗദൈര്‍ഘ്യം അനുസരിച്ചാണു് അവയുടെ പ്രവര്‍ത്തനമേഖല. photodissociation-നു് വേണ്ട തരംഗദൈര്‍ഘ്യമല്ല അണുനശീകരണത്തിനു് വേണ്ടതു് എന്നു് ചുരുക്കം.

“ജീവവിരോധിയായ” അവസ്ഥയില്‍ ആദ്യം ജീവനു് ഹരിശ്രീ കുറിക്കുകയും, പിന്നീടു് ജീവനു് നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമായ അവസ്ഥയിലേക്കു്പരിണമിക്കുകയും ചെയ്ത അന്തരീക്ഷം നല്‍കുന്ന സേവനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായേനെ. ജീവികളുടെ നിലനില്‍പിനു് ഒഴിച്ചുകൂടാനാവാത്ത ശരീരത്തിലെ രാസപരിണാമത്തിനു് വേണ്ട ഓക്സിജനും, സസ്യലോകത്തിനു് അത്യാവശ്യമായ കാര്‍ബണ്‍ ഡയോക്സൈഡും പരസ്പരം വച്ചുമാറാന്‍ ഈ രണ്ടു് വിഭാഗങ്ങള്‍ക്കും അന്തരീക്ഷത്തിന്റെ സഹായമില്ലാതെ സാദ്ധ്യമാവുകയില്ല. സൂര്യനില്‍ നിന്നു്പുറപ്പെടുന്ന UV റേഡിയേഷന്‍ ഭൂമിയിലെ മുഴുവന്‍ ജീവനെയും നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്നു് ശൂന്യാകാശഗവേഷണങ്ങള്‍ നമ്മെ മനസ്സിലാക്കി. അവയെ ഫലപ്രദമായി തടയാന്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍ ഫില്‍റ്ററിനു് കഴിയുന്നു. അന്തരീക്ഷവായു അധികപങ്കു് ഉല്‍ക്കകളേയും ഭൂമിയില്‍ എത്തുന്നതിനു് മുന്‍പുതന്നെ ഘര്‍ഷണം വഴി കത്തിച്ചു് നശിപ്പിക്കുന്നു. അന്തരീക്ഷം ഇല്ലാത്ത ഭൂമിയുടെ ഉപരിതലം ചന്ദ്രന്‍, ചൊവ്വാഗ്രഹം (Mars) മുതലായ വാനഗോളങ്ങളുടേതിനു് സമം ആയിരുന്നേനെ! സമുദ്രങ്ങളെപ്പോലെതന്നെ, ഭൂമിയുടെ air-conditioner കൂടിയാണു് അന്തരീക്ഷം. പകല്‍ സമയത്തെ ചൂടു് രാത്രികാലത്തേക്കായി സംഭരിച്ചുവയ്ക്കാന്‍ അവയ്ക്കു് കഴിയുന്നതുവഴി ഭൂമിയുടെ പകല്‍ഭാഗവും, രാത്രിഭാഗവും തമ്മിലുള്ള ഊഷ്മാവില്‍ ചന്ദ്രനിലേതും മറ്റും പോലുള്ള വലിയ വ്യത്യാസം ഉണ്ടാവുന്നില്ല. അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ മഴയോ കാലാവസ്ഥയോ ഉണ്ടാവുമായിരുന്നില്ല. അവയില്ലായിരുന്നെങ്കില്‍ ഫലഭൂയിഷ്ഠമായ മണ്ണും, കൃഷിയും, മനുഷ്യരുടെ സ്ഥിരതാമസവും പിന്നീടുണ്ടായ സാംസ്കാരികമായ വളര്‍ച്ചയും അസാദ്ധ്യമായിരുന്നേനെ! ഇതിലൊന്നും തീരുന്നതല്ല ഭൂമിയിലെ ജീവന്റെ നിലനില്‍പിനു് അന്തരീക്ഷം വഹിക്കുന്ന പങ്കു്.

സൂര്യനില്‍ നിന്നും പുറപ്പെടുന്ന റേഡിയേഷനുകളിലെ ജീവനു് ഹാനികരങ്ങളായ X-rays, gamma-rays മുതലായ മറ്റു് രശ്മികളെപ്പറ്റി മനുഷ്യനു് മനസ്സിലാക്കാന്‍ കഴിഞ്ഞതുതന്നെ ശൂന്യാകാശഗവേഷണം ആരംഭിച്ചതുശേഷമാണു്. അവയെ അന്തരീക്ഷം തടഞ്ഞുനിര്‍ത്തിയിരുന്നതിനാല്‍ അവ ഭൂമിയില്‍ എത്തിയിരുന്നില്ല. ‘ഇല്ലാത്തതിനെ’ അറിയാന്‍ മനുഷ്യനു് കഴിയില്ലല്ലോ! തരംഗദൈര്‍ഘ്യം കുറഞ്ഞ (ഊര്‍ജ്ജം കൂടിയ) ഇത്തരം രശ്മികളെ കൂടാതെ, കൂടിയ തരംഗദൈര്‍ഘ്യമുള്ള (ഊര്‍ജ്ജം കുറഞ്ഞ) കിരണങ്ങളെയും അന്തരീക്ഷം ഭൂമിയിലേക്കു് കടത്തിവിടുന്നില്ല. ഇതിനൊരു അപവാദം VHF (very high frequency) തരംഗങ്ങളാണു്. ആകാശം മേഘാവൃതമായിരിക്കുമ്പോഴും radio astronomy സംബന്ധമായ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ കഴിയുന്നതു് അതുകൊണ്ടാണു്.

അതുപോലെതന്നെ, മേഘങ്ങള്‍ സൂര്യപ്രകാശത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുമെന്നു് നമുക്കറിയാം. പക്ഷേ സൂര്യപ്രകാശത്തേക്കാള്‍ കൂടുതലായി സൂര്യനില്‍ നിന്നുള്ള ചൂടിനെ തടഞ്ഞുനിര്‍ത്താനാണു് മേഘത്തിനു്, അഥവാ ജലകണങ്ങള്‍ക്കു് കഴിയുന്നതു്. നല്ല ചൂടുണ്ടായിരുന്ന ആദ്യകാല ഭൂമിയിലേക്കു്, അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും അന്തരീക്ഷത്തിലെത്തിയ നീരാവി തണുത്തു് പെയ്തിരുന്ന മഴ വീണ്ടും ആവിയായിക്കൊണ്ടിരുന്നതിനാല്‍, അന്തരീക്ഷം നീരാവിയാല്‍ പൂരിതമായിരുന്നു. ഈ പ്രത്യേകതമൂലം, ആ കാലഘട്ടത്തില്‍, സൂര്യപ്രകാശത്തിനു് മാത്രമല്ല, അതിനേക്കാള്‍ കൂടുതലായി സൂര്യനില്‍ നിന്നുള്ള ചൂടിനും ഭൂമിയില്‍ എത്താനാവുമായിരുന്നില്ല. അതുവഴി, ഭൂമിയുടെ ചൂടിനു്, അന്തരീക്ഷത്തെ മാദ്ധ്യമമാക്കി, ശൂന്യാകാശത്തിലേക്കു് കൂടുതല്‍ ഫലപ്രദമായി നഷ്ടപ്പെടുവാന്‍ കഴിഞ്ഞു. ഇന്നത്തെ ‘ഗ്രീന്‍ഹൗസ്‌’ പ്രതിഭാസം അന്നത്തെ അന്തരീക്ഷത്തില്‍ അപ്രസക്തമായിരുന്നു എന്നു് സാരം. മുകളില്‍ സൂചിപ്പിച്ച റേഡിയോ ഫ്രീക്വന്‍സിയുടെ (VHF) ഒരു അപവാദം ഒഴിച്ചാല്‍, സൂര്യനില്‍ നിന്നുള്ള റേഡിയേഷനിലെ നേരിയ ഒരംശം മാത്രമാണു് അന്തരീക്ഷം ഭൂമിയില്‍ എത്തിക്കുന്നതു്. ഇന്ദ്രിയഗോചരമായ വയലറ്റ്‌ മുതല്‍ ചുവപ്പു് വരെ, അല്ലെങ്കില്‍, 4000 angstrom മുതല്‍ 7000 angstrom വരെ മാത്രമുള്ള വളരെ ചെറിയ ഒരംശം!

ശീലം മൂലം, സ്വയം പ്രത്യക്ഷം എന്നപോലെയാണു് പല കാര്യങ്ങളും നമ്മള്‍ കാണുന്നതു്. ഉദാഹരണത്തിനു്, നമുക്കു്  “സൗന്ദര്യവും പ്രകൃതിഭംഗിയും” ഒക്കെ ആസ്വദിക്കുന്നതിനുവേണ്ടി അന്തരീക്ഷം അതിനനുയോജ്യമായ ഒരംശം പ്രകാശത്തെ ഭൂമിയില്‍ എത്തിക്കുകയായിരുന്നു എന്ന രീതിയില്‍ നമ്മുടെ കാഴ്ചശക്തിയെപ്പറ്റി ചിന്തിക്കുന്നതാണു് നമുക്കു് പൊതുവേ എളുപ്പം. പക്ഷേ, മനുഷ്യന്‍ രൂപമെടുക്കുന്നതിനും എത്രയോ കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ പ്രകൃതിയില്‍ ലഭ്യമായിരുന്ന electromagnetic radiation-ലെ വളരെ ചെറിയ ഒരു bandwidth, തങ്ങളുടെ ചുറ്റുപാടുകളിലൂടെ അധികം “തപ്പിത്തടയാതെ” ജീവിക്കുവാനായി ജീവജാലങ്ങളില്‍ കാഴ്ചശക്തിയായി, കണ്ണുകളായി രൂപം കൊള്ളുകയായിരുന്നു എന്നതു് അതിന്റെ വസ്തുനിഷ്ഠമായ വശം. ആദ്യകാലങ്ങളില്‍ മനുഷ്യനും അവന്റെ കാഴ്ചശക്തി ആഹാരസമ്പാദനത്തിനും, ഇണയെത്തേടുന്നതിനും, ശത്രുക്കളില്‍ നിന്നും രക്ഷപെടുന്നതിനും, പ്രാകൃതമായ മറ്റു് ജീവിതസാഹചര്യങ്ങളെ കീഴടക്കുന്നതിനും മറ്റും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതു്. പിന്നീടാണു് അവ സൗന്ദര്യബോധത്തിന്റേയും ആസ്വാദനത്തിന്റേയും മറ്റും മാദ്ധ്യമങ്ങളും അളവുകോലുകളുമൊക്കെ ആയി മാറിയതു്. പ്രകൃതി മനുഷ്യന്റെ കാഴ്ചശക്തിയില്‍ വരുത്തുന്ന വെട്ടിച്ചുരുക്കലുകളെ നികത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വരെ കാലക്രമേണ മനുഷ്യന്‍ കണ്ടെത്തി. കണ്ണട, കണ്ണിന്റെ ലേസര്‍ ഓപ്പറേഷന്‍ മുതലായവ ചില ഉദാഹരണങ്ങള്‍ മാത്രം. മനുഷ്യരുടെ ഈ ജൈത്രയാത്ര ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

എന്നിട്ടും, തന്റെ യഥാര്‍ത്ഥ രൂപം എങ്ങനെയാണെന്നു് നമുക്കാര്‍ക്കും അറിയാനാവില്ല എന്നതാണു് സത്യം. ആകെ നമുക്കു് നമ്മെപ്പറ്റി കാഴ്ചയിലൂടെ അറിയാന്‍ കഴിയുന്നതു്, പതിനഞ്ചുകോടി കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന സൂര്യന്‍ എന്നൊരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന എലക്ട്രോമാഗ്നെറ്റിക്‌ റേഡിയേഷനിലെ, അന്തരീക്ഷത്താല്‍ അധികപങ്കും അരിച്ചുമാറ്റപ്പെട്ടശേഷം ഭൂമിയില്‍ എത്തുന്ന വളരെ ചെറിയ ഒരു പ്രകാശസ്പെക്ട്രത്തിന്റെ വെളിച്ചത്തില്‍ നമ്മള്‍ എങ്ങനെ കാണപ്പെടുന്നു എന്നുമാത്രം! പൂര്‍ണ്ണമായും വസ്തുനിഷ്ഠമായി (ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍!) നമ്മള്‍ “കാഴ്ചയില്‍” എങ്ങനെയാണു് ഇരിക്കുന്നതെന്നു് കാണാന്‍ (“കാണല്‍” എന്നതു് തികച്ചും ഭൗതികമായ അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുക!) ഒരുകാലത്തും നമുക്കു് ആവില്ല! ആദ്ധ്യാത്മികതകൊണ്ടു് ഉപജീവനം കഴിക്കുന്നവരും, അവരെ താങ്ങിക്കൊണ്ടു് പുറകെ നടക്കുന്നവരുമൊക്കെ ഇന്ദ്രിയങ്ങള്‍ക്കു് അതീതമായ ലോകങ്ങളിലേയ്ക്കു് വരെ ചേക്കേറി, സാമാന്യജനങ്ങള്‍ക്കു് അത്ര എളുപ്പമൊന്നും കാണാന്‍ കഴിയാത്ത അവിടത്തെ “കാഴ്ചകള്‍” ഘോരഘോരം വാദമുഖങ്ങളിലൂടെ വെളിപ്പെടുത്താറുണ്ടു്. അവരുടെ ചാക്കില്‍ വീഴുന്നതിനു് മുന്‍പു് അത്ഭുതങ്ങള്‍ തേടുന്ന “സാമാന്യജനപ്പരിഷകള്‍” ഈ കാര്യങ്ങളൊക്കെ ഒന്നു് ചിന്തിക്കാന്‍ തയ്യാറായിരുന്നെങ്കില്‍, അധികം താമസമില്ലാതെ ആദ്ധ്യാത്മികതയുടെ അതീന്ദ്രിയലോകം അപ്രത്യക്ഷമാവുകയും തൂമ്പയ്ക്കും മണ്‍വെട്ടിയ്ക്കും ഡിമാന്‍ഡ്‌ വര്‍ദ്ധിക്കുകയും ചെയ്തേനെ! “ചിന്തിക്കുക എന്നതും ഒരു കഴിവാണു്, അതു് എല്ലാവര്‍ക്കും ആവുന്നതല്ല” എന്നു് പറഞ്ഞ പണ്ഡിതന്‍ തീര്‍ച്ചയായും ഈ അത്ഭുതാന്വേഷികളെ കണ്ടിട്ടാവണം അങ്ങനെ പറഞ്ഞതു്!

ഒരു പ്രത്യേക പിണ്ഡമുള്ള ഭൂമി. അതുവഴി അന്തരീക്ഷവാതകങ്ങളെ ഒരു നിശ്ചിതമായ മര്‍ദ്ദത്തില്‍ പിടിച്ചുനിര്‍ത്താന്‍ മതിയായ ഗുരുത്വാകര്‍ഷണം. ഊര്‍ജ്ജദായകനായ സൂര്യനില്‍ നിന്നുള്ള പ്രത്യേക അകലവും റേഡിയേഷന്‍ സ്പെക്ട്രവും വഴി നിശ്ചയിക്കപ്പെട്ട ഊഷ്മാവിന്റേയും റേഡിയേഷന്റേയും വിതരണം. അഗ്നിപര്‍വ്വതപ്രവര്‍ത്തനങ്ങള്‍ വഴി അന്തരീക്ഷത്തില്‍ നിലനിന്ന വാതകങ്ങളുടെ രാസഘടന. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍, പ്രകൃതിനിയമങ്ങള്‍ക്കു് വിധേയമായി സംഭവിച്ച പരിണാമങ്ങള്‍ ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകങ്ങളും അതിസങ്കീര്‍ണ്ണങ്ങളുമായ Biopolymers-ന്റെ (Proteins, Nucleic acids) രൂപമെടുക്കലിനു് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. തെറ്റായ നിഗമനത്തില്‍ എത്തിച്ചേരാതിരിക്കാന്‍ ഇവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ: ജീവന്‍ ഉണ്ടാവുന്നതിനുവേണ്ടി ഈ സാഹചര്യങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാവുകയായിരുന്നില്ല, യാദൃച്ഛികമായി പ്രകൃതിയില്‍ രംഗപ്രവേശം ചെയ്ത ചുറ്റുപാടുകള്‍ ജീവന്റെ രൂപമെടുക്കലിനു് കാരണമാവുകയായിരുന്നു. മുകളില്‍ സൂചിപ്പിച്ചപോലെ, പ്രോട്ടീനുകളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്ന, ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്ന ജീവനു് നിലനില്‍ക്കാന്‍ പോലും കഴിയാതിരുന്ന മാരകമായ അവസ്ഥയില്‍ നിന്നുമായിരുന്നു ‘ജീവന്‍’ എന്ന പ്രതിഭാസം യാത്ര ആരംഭിച്ചതു്!

മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലോകചിത്രത്തിനു്, ലോകത്തെ മനുഷ്യന്റെ കളിയരങ്ങു് മാത്രമായി വീക്ഷിച്ചുകൊണ്ടുള്ള ലോകചരിത്രത്തിനു് ഏതാനും ആയിരം വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. പ്രപഞ്ചചരിത്രം ഏകദേശം 1350 കോടി വര്‍ഷങ്ങളുടെ ചരിത്രമാണു്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യചരിത്രം ഏതാനും നിമിഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള ഒരു “കൊച്ചുചെറുകഥ” ആയി ചുരുങ്ങുന്നു. തലമുറകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യമനസ്സില്‍ വേരുറച്ചുപോയ ഓരോ “അറിവുകളും” മുന്‍വിധികളാണു്. (ഓരോ വാക്കും ഓരോ മുന്‍വിധിയാണെന്നു് നീറ്റ്‌സ്ഷെ) അവയുടെ അടിസ്ഥാനത്തില്‍, ശാസ്ത്രീയമായ പുതിയ അറിവുകളെ നിഷേധിക്കുന്നതിനോ വിമര്‍ശിക്കുന്നതിനോ മുന്‍പു് ഈ വസ്തുതകള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കണം. പരിണാമസിദ്ധാന്തത്തേയും ഡാര്‍വിനിസത്തിനേയും ഒക്കെ വിമര്‍ശിക്കുന്നവര്‍, “അറിവുകള്‍” എന്നു് അവര്‍ കരുതുന്ന മനുഷ്യചരിത്രപരമായ മുന്‍വിധികളെ വീണ്ടും വീണ്ടും ഉയര്‍ത്തിക്കാണിക്കുക മാത്രമാണു് ചെയ്യുന്നതു്. ഏറ്റവും ചുരുങ്ങിയതു്, മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാവുന്നതിനു് കോടാനുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ ജീവന്റെ പ്രാകൃതമായ രൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നെങ്കിലും അംഗീകരിക്കാന്‍ മനുഷ്യനു് കഴിഞ്ഞാല്‍ അതു് അറിവിലേക്കുള്ള വലിയൊരു ചുവടായിരിക്കും. പ്രപഞ്ചസൃഷ്ടിയെ അടിസ്ഥാനപ്പെടുത്തിയുള്ള യഹൂദ കലണ്ടറായ Anno Mundi  (“in the year of the world”) പ്രകാരം യഹോവ സൃഷ്ടി നടത്തിയതു് 5769 വര്‍ഷങ്ങള്‍ക്കു് മുന്‍പു് മാത്രമായിരുന്നു! അതിനു് മുന്‍പു് പ്രപഞ്ചം എന്നാല്‍ ഒന്നുമില്ലാത്ത ശൂന്യത. ആകാശവുമില്ല, ഭൂമിയുമില്ല. കീഴ്‌വഴക്കം മൂലം, അതു് അക്ഷരം പ്രതി ശരിയാണെന്നു് വിശ്വസിക്കുന്ന യഹൂദമതമൗലികരുണ്ടു്. അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുക സാദ്ധ്യമല്ല. (ഗണിതശാസ്ത്രപരമായി, ഏതെങ്കിലും ഒരു ഉപ്പായി മാപ്ലയുടെ ജനനത്തീയതിയോ, മരണത്തീയതിയോ അടിസ്ഥാനമാക്കിയും ഒരു കലണ്ടര്‍ നിര്‍മ്മിക്കാനാവും.) മനഃശാസ്ത്രപരമായി വിശ്വാസം ബുദ്ധിയേക്കാള്‍ ആഴത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍, ശരി-തെറ്റുകളുടെ മാനദണ്ഡം നിശ്ചയിക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നതു് വിശ്വാസമായിരിക്കും, ബുദ്ധി ആയിരിക്കുകയില്ല. ഒരുവന്റെ വിശ്വാസത്തെ അതിനു് വെളിയില്‍ നിന്നു് വീക്ഷിക്കുന്ന മറ്റൊരുവനേ അതിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിയാനാവൂ! അതിനായാലും അല്‍പം ബുദ്ധി ഇല്ലാത്തവനു് ഒട്ടു് കഴിയുകയുമില്ല. കടുവയെ പിടിക്കുന്ന കിടുവകളും ഉള്ളതാണീ ലോകമെന്നു് സാരം!

അടുത്തതില്‍: ജീവന്റെ ഉത്ഭവം

 

Tags: , , ,

ഭൂമിയുടെ പരിണാമം

ഭൂമിയില്‍ ജീവന്‍ രൂപമെടുത്തതിനെപ്പറ്റി ശാസ്ത്രത്തില്‍ നിലവിലിരിക്കുന്ന നിലപാടുകളുടെ ഒരു ചെറിയ ക്രോഡീകരണമാണിതു്. ഈ വിഷയത്തില്‍ ഭൂലോകത്തിലും ബ്ലോഗിലും കാലാകാലങ്ങളിലായി അഭിപ്രായസംഘട്ടനങ്ങള്‍ നടക്കുന്നുണ്ടെന്നതിനാല്‍, – ഒരുപക്ഷേ എന്നാളും നടക്കുമെന്നതിനാല്‍, – ഭൂമിയുടെ പരിണാമം ഒരു അന്തരീക്ഷത്തിനും, അന്തരീക്ഷപരിണാമം ഭൂമിയില്‍ ജീവന്റെ ആദ്യഘടകങ്ങള്‍ രൂപമെടുക്കുന്നതിനും സഹായകമായതെങ്ങനെ എന്നതിലേക്കു് കടക്കുന്നതിനു് മുന്‍പു് ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ!

പ്രപഞ്ചവും ജീവനും “ദൈവം” എന്ന ഒരു പ്രപഞ്ചാതീതശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന മതങ്ങളുടെ, പ്രത്യേകിച്ചും സെമിറ്റിക്‌ മതങ്ങളുടെ, കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി, പ്രകൃതിക്കു് അതീതമായ യാതൊരു ശക്തിയുടെയും പങ്കാളിത്തമില്ലാതെ ജീവന്‍ എന്ന പ്രതിഭാസം സ്വയമേവ രൂപമെടുക്കുകയായിരുന്നു എന്ന അഭിപ്രായമാണു് ശാസ്ത്രം പ്രതിനിധീകരിക്കുന്നതു്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ അടിസ്ഥാനനിലപാടുകള്‍ ഏതാനും നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ശാസ്ത്രീയ അറിവുകള്‍ വഴി അര്‍ത്ഥശൂന്യമാവുക എന്നതു് മതങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണു്. അതുകൊണ്ടു് മതം ശാസ്ത്രനിലപാടുകളെ എതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുന്നു. അതേസമയം, ശാസ്ത്രജ്ഞരെ സംബന്ധിച്ചു് ഇതുവരെ തെളിയിക്കപ്പെട്ട എല്ലാ വസ്തുതകളും ജീവന്റെ രൂപീകരണപ്രക്രിയയിലെ അവരുടെ നിലപാടു് നീതീകരിക്കുന്നവയാണെന്നതിനാല്‍, അവര്‍ മതത്തിനു് ചെവി നല്‍കുന്നതുമില്ല. അണികള്‍ പിടിവിട്ടു് പോകരുതെന്നതിനാല്‍, മതങ്ങള്‍ സ്വന്തനിലപാടുകളുടെ വിശദീകരണത്തിനും നീതീകരണത്തിനും നിര്‍ബന്ധിതരാവുന്നു. അതിനു് അവര്‍ക്കുള്ള ആയുധങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ സംഭരിച്ച ധനവും, അത്രയും നാളുകളായിത്തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന “ദൈവവചനങ്ങളും” മാത്രമാണു്. ശാസ്ത്രത്തിനു് അറിയാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നതാണു് മതപക്ഷത്തിന്റെ ഒരു പുതിയ വാദമുഖം! ഈ വിവരം അവര്‍ അറിഞ്ഞതുതന്നെ, ശാസ്ത്രം പറഞ്ഞതുകൊണ്ടു് മാത്രമാണു് എന്നതു് മറ്റൊരു സത്യം. ശാസ്ത്രത്തിനു് അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അറിയേണ്ടുന്നവനായ ഒരു ദൈവത്തെ “അറിയുന്നവര്‍” ആണു് തങ്ങള്‍ എന്ന നിലപാടിലെ പൊരുത്തക്കേടു് എന്തുകൊണ്ടോ അവര്‍ തിരിച്ചറിയുന്നില്ല. പ്രപഞ്ചത്തെ സംബന്ധിച്ചു് അത്തരം “ശാസ്ത്രത്തിനറിയാത്ത അറിവുകള്‍” ദൈവം എവിടെയാണോ ശേഖരിച്ചിരിക്കുന്നതു്, (അവനവന്റെ വേദഗ്രന്ഥങ്ങളില്‍ ആണെന്നു് ഓരോരുത്തന്റെയും വിശ്വാസം!) അവിടെനിന്നും എടുത്തു് തന്റേടത്തോടെ ശാസ്ത്രത്തിന്റെ മുന്നിലേക്കിട്ടിരുന്നെങ്കില്‍, ഒറ്റയടിക്കു് അവര്‍ക്കു് ശാസ്ത്രത്തെ കടത്തിവെട്ടാന്‍ കഴിഞ്ഞേനെ! മാത്രവുമല്ല, അറിവു് തേടുന്ന സകല മനുഷ്യര്‍ക്കും അതു് പ്രയോജനകരവുമായിരുന്നേനെ! മനുഷ്യന്‍ അറിവുനേടുന്നതു് ദൈവങ്ങള്‍ക്കു് ഇഷ്ടമുള്ള കാര്യമല്ല. ബൈബിളില്‍ പറയുന്നപോലെ, അറിവു് നേടിയാല്‍ മനുഷ്യര്‍ “ദൈവത്തേപ്പോലെ” ആകുമല്ലോ! അതുകൊണ്ടാണു് അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു് ദൈവം കല്‍പിച്ചതുതന്നെ! അപ്പോള്‍, അതുപോലൊരു ദൈവത്തിന്റെ പ്രതിനിധികള്‍ അറിവു് പങ്കുവയ്ക്കുന്നവരാവുമോ? അവരുടെ നിലപാടു് ശരിയെങ്കില്‍, സത്യം രഹസ്യത്തിലാവണം സ്ഥിതിചെയ്യുന്നതു്”!

“യഥാര്‍ത്ഥ” ദൈവം ശാസ്ത്രത്തെ ഭയപ്പെടണമോ? സര്‍വ്വശക്തനായ ഒരു ദൈവത്തിന്റെ അസ്തിത്വം മനുഷ്യര്‍ വാദിച്ചു് സ്ഥാപിക്കേണ്ടതുണ്ടോ? ദൈവത്തെ മനുഷ്യര്‍ സഹായിക്കണമോ? രോഗം, പ്രകൃതിക്ഷോഭം മുതലായ മാരകമായ സാഹചര്യങ്ങളില്‍ നിന്നു് ഭാഗ്യം മൂലം രക്ഷപെടുന്നവരില്‍ എല്ലാ മതവിഭാഗങ്ങളും, നിരീശ്വരവാദികളുമുണ്ടു്. രക്ഷപെട്ട നിരീശ്വരവാദികള്‍ക്കു് അതു് ഭാഗ്യം കൊണ്ടാണെന്നു് പറയാനും, വിശ്വാസികള്‍ക്കു് അതു് ദൈവാനുഗ്രഹം കൊണ്ടാണെന്നു് പറയാനും കഴിയുന്നതു് അവര്‍ ജീവിക്കുന്നതുകൊണ്ടല്ലേ? അതേ അത്യാഹിതങ്ങള്‍ വഴി മരിക്കേണ്ടിവന്നവരോ? അവരുടെ “ആത്മാവിനു്” അഭിപ്രായമില്ലേ? അവരെ ദൈവം വിളിച്ചതെങ്കില്‍, ഒരുപക്ഷേ അതുവഴി അനാഥരാവേണ്ടിവന്ന അവരുടെ കുഞ്ഞുങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും അഭിപ്രായങ്ങളോ? തീര്‍ച്ചയായും ഈ ചോദ്യങ്ങള്‍ക്കൊക്കെ എന്തെങ്കിലും മുട്ടായുക്തികള്‍ മറുപടി ആയി നല്‍കാനാവും. മനുഷ്യരുടെ ഏതു് നിലപാടുകള്‍ക്കും അവയുടേതായ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആദ്ധ്യാത്മികതയും വൈദികജ്ഞാനവുമൊക്കെ ഘോഷിക്കുന്ന മഹാജ്ഞാനികളെ (ദൈവജ്ഞാനത്തെ അറിയുക എന്നതില്‍ കവിഞ്ഞ മഹാജ്ഞാനമുണ്ടോ?) ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. അവര്‍ ഇത്തിരി വലിയവനായ ദൈവത്തെ പ്രതിനിധീകരിക്കുന്നവരായതിനാല്‍, അവര്‍ക്കു് ആരെയും അവജ്ഞയോടെ വീക്ഷിക്കാം, വിമര്‍ശിക്കാം. അതേസമയം, ഈ വല്യേട്ടന്മാര്‍ക്കു് അതേ നാണയത്തില്‍ ആരെങ്കിലും മറുപടി കൊടുത്താല്‍ അവര്‍ കെറുവിക്കും! കാരണം അവര്‍ ദൈവത്തെപ്പോലെതന്നെ ഇത്തിരി വലിയവരാണല്ലോ! ദൈവത്തിന്റെ ജ്ഞാനം വല്ല “അണ്ടനും അടകോടനും” ഒക്കെ പുഷ്പം പോലെ വലിച്ചെറിയാവുന്നതാണെന്നു് വന്നാല്‍ എന്താവും ലോകത്തിന്റെ ഗതി? ലോകത്തിന്റെ ചുമതല വഹിക്കുന്നവര്‍ക്കല്ലേ അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാവൂ! അതുകൊണ്ടു് വിമര്‍ശിക്കുന്നവനെ നിശബ്ദനാക്കാന്‍ വേണ്ടി അവനു് എവിടെയെങ്കിലും ചൊറിയോ ചിരങ്ങോ ഉണ്ടെങ്കില്‍ അതിന്റെ പൊറ്റ വരെ മാന്തി പൊളിച്ചു് നാല്‍ക്കവലയില്‍ ചെണ്ടമേളത്തോടെ പ്രതിഷ്ഠിച്ചു് സ്വന്തം യോഗ്യത തെളിയിക്കാന്‍ നോക്കും! അതാണു് ദൈവസ്നേഹിയുടെ മനുഷ്യസ്നേഹം! ദൈവസ്നേഹിയുടെ സ്നേഹം മനുഷ്യര്‍ക്കു് ലഭിക്കണമെങ്കില്‍ അവര്‍ ദൈവത്തെ – നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ദൈവത്തെ! – സ്നേഹിക്കുന്നവരായിരിക്കണം. ഒരുവന്‍ ദൈവത്തെ സ്നേഹിക്കാത്തവന്‍ ആയതും ദൈവം അറിഞ്ഞുകൊണ്ടാവണം എന്നതിനാല്‍, ദൈവം വെളിവുള്ളവനും, ചെയ്യുന്ന പ്രവൃത്തികള്‍ക്കു് എന്തെങ്കിലും ലക്‍ഷ്യമുള്ളവനുമാണെങ്കില്‍, ആ “നിഷേധി”യിലും ദൈവം ഉണ്ടായിരിക്കേണ്ടതല്ലേ എന്നൊന്നും ചോദിച്ചിട്ടു് കാര്യമില്ല. അല്ലെങ്കില്‍ തന്നെ, ചോദിക്കാന്‍ ആര്‍ക്കാണു് കഴിയാത്തതു്? ഉത്തരങ്ങള്‍ക്കല്ലേ പഞ്ഞം! (“ദൈവം” എന്ന സര്‍വ്വചോദ്യസംഹാരിയെ മറക്കുന്നില്ല!) ദൈവസ്നേഹികളുടെ മനുഷ്യസ്നേഹത്തിലെ “ജാതീയ-വര്‍ഗ്ഗീയ” പരിഗണനകള്‍ വേറൊരദ്ധ്യായം!

“എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു് തെളിച്ചും വ്യക്തമായും പറയാന്‍ സാധിക്കും, ഇല്ലെങ്കില്‍ മനുഷ്യന്‍ നിശബ്ദത പാലിക്കണം” എന്നു് ഒരു തത്വചിന്തകന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ടു്. നിശബ്ദത പാലിച്ചില്ലെങ്കിലും, പറയുന്ന കാര്യങ്ങള്‍ പത്തുപേര്‍ക്കു് പതിനഞ്ചുവിധത്തില്‍ അര്‍ത്ഥം കല്‍പിക്കാവുന്ന വിധത്തിലായാല്‍ അതുകൊണ്ടു് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്നു് തോന്നുന്നില്ല. എങ്കിലും, മനുഷ്യര്‍ ഒരുപാടു് കാലങ്ങളിലൂടെ, ഒരുപാടു് ജീവന്‍ നഷ്ടപ്പെടുത്തി ജനാധിപത്യവും, അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ നേടിയെടുത്തു് ചെവികളെ ഈയത്തില്‍ നിന്നും സ്വതന്ത്രമാക്കിയതിനാല്‍, മനുഷ്യര്‍ക്കു് ഒരഭിപ്രായം പറയാനോ, മറ്റുള്ളവര്‍ പറയുന്നതു് കേള്‍ക്കാനോ ഇന്നു് അധികപങ്കു് രാജ്യങ്ങളിലും വലിയ തടസ്സമില്ല. പറഞ്ഞിട്ടു് പ്രയോജനമില്ലെങ്കില്‍ മിണ്ടാതിരിക്കുകയുമാവാം എന്നതു് വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ മഹാഭാഗ്യം!

ലോകജനതയില്‍ എണ്ണംകൊണ്ടു് അവഗണനീയമായ ഒരു വിഭാഗമാണു് ശാസ്ത്രജ്ഞര്‍. മുഴുവന്‍ മനുഷ്യരും തന്നെ ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണു്. കാരണം, മതവിശ്വാസം എളുപ്പമാണു്, സാമ്പത്തികമായി താങ്ങാവുന്നതാണു്, വേണ്ടത്ര ചേരുവകള്‍ ചേര്‍ത്തു് പാകം ചെയ്തു്, ചെറുപ്പം മുതല്‍ തീറ്റി ശീലിപ്പിച്ചതിനാല്‍ ഇഷ്ടാഹാരമായി മാറിയതാണു്. (വലിയ ചൂടില്ലാതെ കിട്ടിയാല്‍ പന്നി പായസവും കുടിക്കും. പക്ഷേ, ഒരിക്കലും പായസം കുടിച്ചിട്ടില്ലെങ്കില്‍ അതു് കുടിക്കണമെന്നൊരു സ്വപ്നം കാണാന്‍ പന്നിക്കും കഴിയില്ല. യുവത്വത്തില്‍ പായസം ആസ്വദിച്ചവരില്‍ ചിലരെങ്കിലും വാര്‍ദ്ധക്യത്തില്‍ പഴയ “പന്നിത്തീറ്റയിലേക്കു്” മടങ്ങുന്നതിനു് കാരണം ഈ ഗൃഹാതുരത്വമാണു്.) ചുരുക്കത്തില്‍, മതങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ലോകചിത്രവും ഏതാനും വാചകങ്ങളില്‍ ഒതുക്കാന്‍ മാത്രം ലളിതമാണു്. “ദൈവം – മതസ്ഥാപകന്‍ – പുരോഹിതര്‍/അധികാരികള്‍ – കാലാള്‍പ്പട”! തീര്‍ന്നു! ഏതു് മതത്തിലായാലും, ഈ പറഞ്ഞതിനു് അപ്പുറത്തുള്ളതെല്ലാം പൊടിപ്പും തൊങ്ങലും തോരണവും കെട്ടിയ കെട്ടുകഥകള്‍ മാത്രം! നൂറ്റാണ്ടുകളിലൂടെ ആവര്‍ത്തിക്കപ്പെട്ടു്, മനസ്സിലെ മായ്ക്കാനാവാത്ത “വടു” ആയി മാറിയ പാണന്റെ പാട്ടുകള്‍! മതസ്ഥാപകന്‍ ഏറ്റുവാങ്ങിയതും, മതാധികാരികള്‍ വ്യാഖ്യാനിക്കുന്നതുമായ ദൈവകല്‍പനകള്‍ വീഴ്ചകൂടാതെ പ്രാവര്‍ത്തികമാക്കുക എന്നൊരു ഉത്തരവാദിത്വമേ വിശ്വാസികളായ കാലാള്‍പ്പടയ്ക്കുള്ളു. ഒരു വിശ്വാസിയെസംബന്ധിച്ചു് ആവര്‍ത്തിക്കപ്പെടേണ്ട ചില കാണാപ്പാഠങ്ങളിലും, ഏതാനും ശാരീരിക പ്രവൃത്തികളിലും ഒതുങ്ങുന്ന ചില ശീലങ്ങളാണു് മതവിശ്വാസം. പരിശീലിപ്പിച്ചാല്‍ ആനയെ സ്റ്റൂളില്‍ ഇരുത്താമെന്നു് സര്‍ക്കസ്‌ കണ്ടിട്ടുള്ളവര്‍ക്കറിയാം. ആനകള്‍ ജനിക്കുന്നതു് പക്ഷേ സ്റ്റൂളില്‍ ഇരിക്കാനല്ല. ശീലിപ്പിച്ചാല്‍ തത്തമ്മയെക്കൊണ്ടു് ഉടമസ്ഥന്റെ ദേശീയഗാനം പാടിക്കാം. പക്ഷേ, ഉഗാണ്ടയുടെയോ ഉസ്ബക്കിസ്ഥാന്റെയോ ദേശീയഗാനം പാടാനല്ല ഒരു തത്തമ്മ ജനിക്കുന്നതു്. മനുഷ്യനെ “സ്വന്തം സ്റ്റൂളില്‍” ഇരിക്കുന്ന ആനയും, “അവനവന്റെ ദേശീയഗാനം” പാടുന്ന തത്തയുമാക്കി മാറ്റി പണമുണ്ടാക്കാന്‍ കഴിയുന്ന മാന്ത്രികതന്ത്രമാണു് മതം. സര്‍വ്വോപരി, – ഇതു് വളരെ പ്രധാനപ്പെട്ട കാര്യമാണു് – നമുക്കുവേണ്ടി മറ്റാരോ ചിന്തിക്കുന്നതുകൊണ്ടു്, സ്വയം ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. മതാധികാരികള്‍ പറയുന്നതു് വിശ്വസിച്ചാല്‍ ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ഇല്ലാത്തിടത്തു് മറുപടിയുടെ ആവശ്യവുമില്ല. ഇനി അഥവാ, ചോദ്യം ഉണ്ടെങ്കില്‍ ഏതു് ചോദ്യത്തിനും നല്‍കാന്‍ കഴിയുന്ന മറുപടിയുമുണ്ടു് – “ദൈവം”! പണ്ടൊക്കെ ചോദ്യകര്‍ത്താവിന്റെ കഴുത്തു് മുറിയ്ക്കുന്നതും ഒരുതരം മറുപടി ആയിരുന്നു. (ഈ രീതി ചില രാജ്യങ്ങളില്‍ ഇന്നും നിലവിലുണ്ടു്!) എത്ര ലളിതമാണു് കാര്യങ്ങള്‍ എന്നു് നോക്കൂ! ആര്‍ക്കും യാതൊരു ബുദ്ധിയുടെയോ, ചിന്തയുടെയോ, അക്ഷരജ്ഞാനത്തിന്റെ പോലുമോ ആവശ്യമില്ലാതെ പിന്‍തുടരാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍!

ശാസ്ത്രസംബന്ധമായ കാര്യങ്ങള്‍ ഇപ്പറഞ്ഞതുപോലെ അത്ര എളുപ്പമായ കാര്യങ്ങളല്ല. ശാസ്ത്രത്തില്‍ വ്യാഖ്യാനം എന്നതു് വാചകമടിയോ, വളച്ചൊടിക്കലോ അല്ല. അവിടെ പല നിബന്ധനകളും പാലിക്കേണ്ടതുണ്ടു്. മനുഷ്യചിന്തയ്ക്കു് അഗമ്യമായ സ്വര്‍ഗ്ഗം എന്നൊരു മേഖലയില്‍ ദൈവം എന്ന ഇടിച്ചാല്‍ പൊട്ടാത്ത ഒരു ഉത്തരം നിശ്ചയിച്ചുറപ്പിച്ചിട്ടു്, അതിനനുയോജ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന മതങ്ങളുടെ രീതിയില്‍ നിന്നു് വിഭിന്നമായി, ചെറിയചെറിയ ചുവടുകളിലൂടെ, കൊച്ചുകൊച്ചു് ചോദ്യങ്ങളിലൂടെ മറുപടികള്‍ കണ്ടെത്തി അറിവിന്റെ ചക്രവാളം പടിപടിയായി വികസിപ്പിക്കുന്നതാണു് ശാസ്ത്രം പിന്‍തുടരുന്ന രീതി. അറിവിന്റെ അടിത്തറകളില്‍ നിന്നു് ആരംഭിക്കാതെ, “ജ്ഞാനവൃക്ഷത്തിന്റെ” ഏതെങ്കിലും ഒരു കൊമ്പില്‍ തൂങ്ങിക്കിടന്നു് വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നവരെ തൃപ്തിപ്പെടുത്തുക എന്നതു് ശാസ്ത്രത്തിനു് സാദ്ധ്യമല്ല. അങ്ങനെയൊരു ഉത്തര‍വാദിത്വം ഒരു ശാസ്ത്രവും ഏറ്റെടുത്തിട്ടുമില്ല. സ്വന്ത വഴികള്‍ ഓരോ മനുഷ്യനും സ്വയം കണ്ടെത്തണം. ഏതു് ചോദ്യത്തിനും റെഡി മെയ്ഡ് മറുപടി ലഭിച്ചില്ലെങ്കില്‍ അതു് ശാസ്ത്രത്തിന്റെ കഴിവുകേടായി പരിഹസിക്കാന്‍ ശ്രമിക്കുന്നതില്‍ കൂടിയ ഒരു തെളിവു് അത്തരം ചോദ്യകര്‍ത്താക്കളുടെ അറിവിന്റെയും, വീക്ഷണചക്രവാളത്തിന്റെയും പരിമിതിക്കു് ആവശ്യമില്ല. ഈ വസ്തുത അവര്‍ക്കു് സ്വയം മനസ്സിലാവാത്തതിന്റെ കാരണവും വേറെങ്ങും തേടേണ്ടതില്ല.

ഇവിടെ “ഇടിച്ചാല്‍ പൊട്ടാത്ത” എന്ന വിശേഷണം ദൈവത്തിനു് കൊടുത്തതു്, ദൈവം എന്നതു് ഉണ്ടെന്നോ, ഇല്ലെന്നോ തെളിയിക്കാന്‍ കഴിയാത്ത ഒരു ആശയം ആയതുകൊണ്ടാണു്. ഒരു പൊതുഘടകം ഇല്ലാത്ത രണ്ടു് ലോകങ്ങളെ സമന്വയിക്കാനുള്ള ഏതു് ശ്രമവും വൈരുദ്ധ്യത്തിലേ അവസാനിക്കൂ. അത്തരം രണ്ടു് ലോകങ്ങളാണു് ദൈവവും, പ്രപഞ്ചവും. ഇന്ദ്രിയാധിഷ്ഠിതമായി മനുഷ്യബുദ്ധിക്കു് അഗമ്യവും, അതേസമയം ഭാവനവഴി, എന്തും ഏതും സങ്കല്‍പിക്കാനാവുന്നതുമായ ഒരു ലോകത്തെ, ഇന്ദ്രിയഗോചരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലെ മാനദണ്ഡങ്ങള്‍ കൊണ്ടു് അനുകൂലമോ, പ്രതികൂലമോ ആയി യുക്തിപൂര്‍വ്വം അപഗ്രഥിക്കാനാവില്ല. ആവുന്നതു് കുറേ ബഹളം വയ്ക്കല്‍ മാത്രം! ബഹളക്കാര്‍ക്കു് യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തെസംബന്ധിച്ച അറിവു് എത്ര പരിമിതമാണോ, അത്രയും കൂടുതലായിരിക്കും ബഹളത്തിന്റെ ഒച്ച! വീണ്ടും വ്യക്തിസ്വാതന്ത്ര്യം!

ഇതെഴുന്നതിന്റെ ലക്‍ഷ്യം ഇവിടെ പറയുന്ന കാര്യങ്ങള്‍ അറിയാത്തവരും, എന്നാല്‍ അറിയണമെന്നു് ആഗ്രഹമുള്ളവരും ആയവര്‍ക്കു് ഒരു ചെറിയ സഹായം എന്ന രീതിയിലാണു്. ഈ നിലപാടുകളോടു് യോജിക്കാന്‍ കഴിയാത്ത ധാരാളം പേര്‍ ഉണ്ടാവാം. അവര്‍ ഇതിനെ അവഗണിച്ചേക്കുക. പ്രത്യേകിച്ചും ഈ വിഷയത്തിലെ മതപരനിലപാടുകാരോടു് ഒരു തര്‍ക്കമോ, അവരെ അവരുടെ വിശ്വാസങ്ങളില്‍ നിന്നു് പിന്‍തിരിപ്പിക്കലോ എന്റെ ലക്‍ഷ്യമല്ല. കാരണം, അതിനുള്ള കഴിവു് എനിക്കില്ല. മതപണ്ഡിതര്‍ ദൈവത്തെ അറിഞ്ഞിട്ടുള്ളവരായതിനാല്‍, അവരുമായി ഒരു തര്‍ക്കം എന്റെ ദൃഷ്ടിയില്‍ ദൈവവുമായി നേരിട്ടുള്ള ഒരു തര്‍ക്കം തന്നെയാണു്! ഇന്നോ നാളെയോ രോഗമോ അപകടമോ മൂലം, മലമൂത്രവിസര്‍ജ്ജനം ഇരുന്നിടത്തു് ഇരുന്നോ, കിടന്നിടത്തു് കിടന്നോ ചെയ്യേണ്ടിവന്നേക്കാവുന്നവനായ ഞാന്‍ അങ്ങനെയൊരു സാഹസത്തിനു് മുതിരരുതു് എന്ന അറിവു് അഹങ്കരിക്കുന്നൊരു അല്‍പജ്ഞാനി ആണെങ്കിലും എനിക്കുമുണ്ടു്.

ഇനി വിഷയത്തിലേക്കു്:

അനേക കോടി വര്‍ഷങ്ങളിലൂടെ, “സോളാര്‍ നെബ്യുല” യുടെ 99,9 ശതമാനവും ഉള്‍ക്കൊണ്ടുകൊണ്ടു് ആദ്യം സൂര്യനും, “ബാക്കിയായ” നിസ്സാര അംശത്തില്‍ നിന്നും പില്‍ക്കാലങ്ങളില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളും രൂപമെടുത്തു. സൗരയൂഥരൂപീകരണമല്ല ഇവിടെ വിഷയം എന്നതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്കു് കടക്കുന്നില്ല. ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ആ ഗ്രഹങ്ങളില്‍ ഒന്നായി ജന്മമെടുത്ത ഭൂമിയില്‍ ശൂന്യാകാശത്തില്‍ നിന്നും കാലാന്തരങ്ങളില്‍ എത്തിപ്പെട്ട ഉല്‍ക്കകളിലെയും, പൊടിപടലങ്ങളിലെയും ദ്രവ്യങ്ങള്‍ വഴി വളര്‍ന്നു് ഭൂമി അതിന്റെ ഇന്നത്തെ വലിപ്പത്തില്‍ എത്തിച്ചേരുകയായിരുന്നു. ഭാരമുള്ള മൂലകങ്ങളുമായി രാസപ്രവര്‍ത്തനം നടത്തി സംയുക്തങ്ങളായി ഭൂമിക്കുള്ളില്‍ പെട്ടുപോയവയൊഴികെ, ബാക്കി വാതകരൂപത്തിലുള്ള ഘടകങ്ങള്‍ എല്ലാം ശൂന്യാകാശത്തിലേക്കു് രക്ഷപെട്ടതിനാല്‍, ആദ്യകാലഭൂമിയില്‍ ഒരു “അന്തരീക്ഷം” ഉണ്ടായിരുന്നില്ല. മറ്റു് മൂലകങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാത്ത ഹീലിയം പോലുള്ള ഇനര്‍ട്ട്‌ ഗ്യാസുകള്‍ ഭൂമിയില്‍ വളരെ വിരളമാണെന്നതു് ഇതിനൊരു തെളിവായി കാണാവുന്നതാണു്. സൂര്യന്റെ ദ്രവ്യത്തിലെ 98 ശതമാനവും ഭാരം കുറഞ്ഞ വാതകങ്ങളായ ഹൈഡ്രജനും ഹീലിയവും ആണെങ്കിലും, ഭൂമിയിലെ ദ്രവ്യത്തിന്റെ നല്ലൊരു പങ്കു് ഇരുമ്പു്, നിക്കല്‍ മുതലായ ഭാരമേറിയ പദാര്‍ത്ഥങ്ങളാണെന്നതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. അങ്ങനെ രൂപമെടുത്ത സംയുക്തങ്ങള്‍ വീണ്ടും നശിപ്പിക്കപ്പെട്ടില്ല എന്നതില്‍ നിന്നും, ഭൂമിയുടെ ഉള്ളിലെ ഉരുകിയ ദ്രവ്യത്തില്‍ നിന്നും വ്യത്യസ്തമായി, മിതമായ ഊഷ്മാവായിരുന്നിരിക്കണം അന്നത്തെ ഭൗമോപരിതലങ്ങളില്‍ നിലനിന്നിരുന്നതു് എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഭൂമിയില്‍ ജീവന്‍ രൂപമെടുക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ക്കു് കാരണഭൂതമായ പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണു് അഗ്നിപര്‍വ്വതങ്ങള്‍. അവ ഇന്നത്തേപ്പോലെതന്നെ അന്നും, ഭൗമാന്തര്‍ഭാഗത്തുനിന്നും പുറത്തേക്കു് തുപ്പിയിരുന്നതു് ഉരുകിയ ലാവയോടൊപ്പം, വലിയ അളവില്‍ നീരാവിയും, നൈട്രജനും, കാര്‍ബണ്‍ ഡയോക്സൈഡും, ഹൈഡ്രജന്‍, മെഥെയ്ന്‍, അമ്മോണിയ മുതലായ വാതകങ്ങളുമായിരുന്നു. ഭൂമിയുടെ പരിണാമത്തിന്റെ ഈ ഘട്ടത്തില്‍, ഒരു അന്തരീക്ഷം രൂപംകൊള്ളുവാന്‍ അത്യാവശ്യമായിരുന്ന, ഭൂമിക്കുള്ളില്‍ സംയുക്തങ്ങളായി മറഞ്ഞിരുന്നിരുന്ന വാതകങ്ങള്‍, ഭൂമിതന്നെ അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്കു് എത്തിക്കുകയായിരുന്നു. ഇന്നു് ഏകദേശം അഞ്ഞൂറു് അഗ്നിപര്‍വ്വതങ്ങളാണു് ആക്റ്റീവ്‌ ആയവ എന്നു് കണക്കാക്കപ്പെടുന്നതു്. ആരംഭത്തില്‍ സ്വാഭാവികമായും അതില്‍ എത്രയോ കൂടുതല്‍ ആയിരുന്നിരിക്കണം. അഗ്നിപര്‍വ്വതങ്ങള്‍ ഇന്നു് ഒരു വര്‍ഷം പുറത്തേക്കു് വര്‍ഷിക്കുന്ന ആകെ മിശ്രിതം ഏതാണ്ടു് മൂന്നു് ക്യുബിക്‌ കിലോമീറ്റര്‍ ആണു്. അതായതു്, കഴിഞ്ഞ 450 കോടി വര്‍ഷങ്ങളിലെ‍ അവയുടെ അളവു് നല്ലൊരു പരിധിവരെ നിര്‍ണ്ണയിക്കാനാവും. വാതകങ്ങളില്‍ 97 ശതമാനവും നീരാവി ആണെന്നിരിക്കെ, അതിദീര്‍ഘമായ ഈ കാലഘട്ടത്തില്‍ അവയില്‍ നിന്നും സമുദ്രങ്ങളും, വാതകങ്ങളില്‍നിന്നും അന്തരീക്ഷവും, ഖരപദാര്‍ത്ഥങ്ങളില്‍നിന്നും ഭൂഖണ്ഡങ്ങളും രൂപമെടുത്തു എന്നതില്‍ യുക്തിഹീനമായി ഒന്നുമില്ല എന്നു് സാരം. മാത്രവുമല്ല, ഭൂമിയിലെ ഇവയുടെ ഇന്നത്തെ വ്യാപ്തത്തിന്റെ കണക്കുകളുമായി അവ പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടു്.

മറ്റു് വാതകങ്ങളോടൊപ്പം അന്തരീക്ഷത്തിലെത്തിയ നീരാവി തണുക്കാനും മഴയായി പെയ്യാനും തുടങ്ങി. പക്ഷേ, ഭൂതലത്തിനു് അപ്പോഴും നൂറു് ഡിഗ്രി സെല്‍ഷ്യസിലും വളരെക്കൂടുതല്‍ താപനിലയുണ്ടായിരുന്നതിനാല്‍, മഴ ഭൂമിയെ നനയ്ക്കുകയായിരുന്നില്ല, പെയ്യുന്ന മഴയെ ഭൂതലം നിരന്തരം വീണ്ടും ആവിയാക്കുകയായിരുന്നു. അങ്ങനെ, വീണ്ടും അന്തരീക്ഷത്തിലെത്തിക്കൊണ്ടിരുന്ന നീരാവി, താപം കൂടുതല്‍ വേഗതയില്‍ അന്തരീക്ഷത്തിന്റെ ഉപരിതലങ്ങളില്‍ എത്തുന്നതിനും, ശൂന്യാകാശത്തിലേക്കു് റേഡിയേറ്റ്‌ ചെയ്യപ്പെടുന്നതിനും, അതുവഴി ഭൗമോപരിതലം കൂടുതല്‍ വേഗത്തില്‍ തണുക്കുന്നതിനും സഹായകമായി. ഇന്നത്തെ ഭൂമിയിലെ മുഴുവന്‍ ജലവും നീരാവിയായി അന്തരീക്ഷത്തില്‍ നിറഞ്ഞു് നിന്നിരുന്നുവെങ്കില്‍, ഭൂതലത്തിലെ മര്‍ദ്ദം ഇപ്പോഴത്തേതിനേക്കാള്‍ ഏകദേശം മുന്നൂറു് മടങ്ങു് കൂടുതലായിരുന്നേനെ! അന്നു് ഇത്രയും ജലം ഭൂമിയില്‍ ഇല്ലായിരുന്നു എന്നതിനാല്‍ അന്നത്തെ മര്‍ദ്ദം ഇതിലും അല്‍പം കുറവായിരുന്നിരിക്കാമെന്നതു് സ്വാഭാവികം. അക്കാലത്തെ ഭൂമിയുടെ അവസ്ഥ ഭീകരമായിരുന്നിരിക്കണം! നീരാവിയില്‍ മൂടിയിരുന്നതിനാല്‍ ഒരു തരി സൂര്യപ്രകാശം പോലും കാണാനില്ലാത്ത ഇരുണ്ട ഭൂമി! നിരന്തരം കര്‍ണ്ണകഠോരവും ഭയാനകവുമായ ഇടിയും മിന്നലും നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷം! ഭൂമിയിലെ വെളിച്ചം മിന്നലിന്റേതുമാത്രം! ഈ അവസ്ഥയില്‍ ഭൂമി അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം എന്നാണു് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അതിനുശേഷം ഭൂതലം കൂടുതല്‍ തണുത്തപ്പോള്‍, പെയ്യുന്ന മഴ ജലമായി ഭൂമിയിലെ “വലിയ കുഴികളില്‍” നിറയാനും അങ്ങനെ, ആദ്യസാഗരങ്ങള്‍ രൂപമെടുക്കാനും തുടങ്ങി. കാലാന്തരത്തില്‍ അന്തരീക്ഷം തെളിഞ്ഞു. ഭൂഖണ്ഡങ്ങളുടെ ആകെ വിസ്തീര്‍ണ്ണം ഏതാണ്ട്‌ ഇന്നത്തേതുതന്നെ ആയിരുന്നെങ്കിലും, ഭൂഖണ്ഡങ്ങളുടെ ചലനങ്ങള്‍ ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഉണങ്ങിയ ഭൂമിയുടെ “മുഖച്ഛായ” ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ജീവന്‍ രൂപമെടുത്തിരുന്നില്ല. കാറ്റും മഴയും ഉപരിതലത്തിലെ പാറകളെയും, തണുത്ത ലാവയേയുമൊക്കെ പൊട്ടിക്കാനും പൊടിക്കാനും ആരംഭിച്ചതുവഴി ഭൗമോപരിതലം മണലും പൊടിയും കൊണ്ടു് നിറഞ്ഞുകൊണ്ടിരുന്നു.

അടുത്തതില്‍: അന്തരീക്ഷപരിണാമം.

 
33 Comments

Posted by on Oct 14, 2008 in ലേഖനം

 

Tags: , , ,

അകലമറിയാത്ത “ആത്മബന്ധം”

“ആത്മബന്ധം” എന്നു് കേട്ടതുകൊണ്ടു് തെറ്റിദ്ധരിക്കണ്ട. ഇതു് ആത്മീയമോ, അത്ഭുതമോ, ഭൂതമോ, പ്രേതമോ, പ്രേമമോ, രോഗശാന്തിശുശ്രൂഷയോ, മരിച്ചു് മണ്ണടിഞ്ഞവരുമായി ഉടലോടെ നേര്‍ക്കുനേര്‍ ബന്ധപ്പെടലോ ഒന്നുമല്ല. അകലങ്ങളിലായിരിക്കുന്ന ആണവഘടകങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധമാണു് (quantum entanglement) ഇവിടത്തെ വിഷയം. പരസ്പരബന്ധങ്ങള്‍ അപവാദമെന്യേ അനുരാഗനിബദ്ധമായിരിക്കണമെന്നും, അവയിലെ പ്രണയഗാനരാഗങ്ങള്‍ ഖരഹരപ്രിയയുടെ ജന്യരാഗമായ കന്നടഗൗളയില്‍ത്തന്നെ വേണമെന്നും നിര്‍ബന്ധമുള്ളവര്‍ ‘ആണവകണികകളുലു ആത്മാനുരാഗുലു ഗുലുഗുലു ഗുല്‍ഗുലു’ എന്നോ മറ്റോ ഏകതാനത്തിലോ, ഏതെങ്കിലും താനത്തിലോ നീട്ടിപ്പാടുകയോ ഓരിയിടുകയോ ചെയ്യുക! വാസ്തുവിന്റെ വായുകോണായ ഖരയോനിയില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നല്ലാതെ മറ്റു് പത്ഥ്യമോ, നോമ്പോ, മേമ്പൊടിയോ ഇല്ല. ഒരു ഫലവും ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്തതുകൊണ്ടു് പാര്‍ശ്വഫലങ്ങളും ഉണ്ടാവാന്‍ വഴിയില്ല. എങ്കിലും, ഈ രാഗാലാപനം കാമരാജകഴുതകള്‍ മദജലജന്യദാഹശമനത്തിനായി അനുഷ്ഠിക്കാറുള്ള കൂട്ടവിലാപമായി രൂപാന്തരം പ്രാപിക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ പാവം ഈശ്വരന്‍ നന്ദിയുള്ളവനായിരിക്കും. ധൂപക്കുറ്റിയില്‍ നിന്നും, ഹോമകുണ്ഡങ്ങളില്‍ നിന്നും അനുസ്യൂതം ഉയരുന്ന ധൂമപടലങ്ങള്‍ക്കിടയിലൂടെ സ്വര്‍ഗ്ഗത്തിലേക്കു് കയറ്റി അയക്കപ്പെടുന്ന അനുതാപത്തിന്റെ ആത്മരോദനങ്ങളെ ഇത്തരം ഗര്‍ദ്ദഭരോദനങ്ങളില്‍ നിന്നു് വേര്‍തിരിച്ചെടുക്കുക എന്നതു് യുഗാന്തരങ്ങള്‍ പിന്നിട്ട ഒരു സാദാ ദൈവത്തിന്റെ വൃദ്ധചെവികള്‍ക്കും അത്ര എളുപ്പമായിരിക്കുകയില്ല. ഹൈ വോള്‍ട്ടേജ്‌ ട്രാന്‍സ്മിഷന്‍ ലൈനുകളിലൂടെയുള്ള carrier communication-ല്‍ സാദ്ധ്യമാവുന്നതുപോലെ അനായാസമായ modulation-demodulation സാങ്കേതികത്വം സ്വര്‍ഗ്ഗത്തില്‍ ഇതുവരെ എത്തിയിട്ടുമുണ്ടാവില്ല. സ്വര്‍ഗ്ഗത്തിലെ പഴയ ചക്കുകള്‍ സാവധാനത്തിലല്ലേ ആടൂ!

അവതരണഗാനം ഉണര്‍ത്തുന്ന ആഹ്ലാദം ഒന്നുകൊണ്ടല്ലാതെ ഒരു തിരശ്ശീലയോ, മറശ്ശീലയോ ഇന്നോളം ആവേശപൂര്‍വ്വം ഉയര്‍ന്നിട്ടില്ല. കര്‍ട്ടനുയരാതെ ഒരു നാടകവും ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുമില്ല. അവതരണഗാനവും, കര്‍ട്ടനും, നാടകവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്ന കാര്യങ്ങളാണു്. സാക്ഷാല്‍ holistic അവസ്ഥ! മനുഷ്യശരീരം ഹൊളിസ്റ്റിക്‌ ആണു്, ക്വാണ്ടംലോകം ഹൊളിസ്റ്റിക്‌ ആണു്, തന്മൂലം, തത്വത്തില്‍ ‘വെറും’ ക്വാണ്ടം തരികളായ പ്രപഞ്ചവും ഹൊളിസ്റ്റിക്‌ ആണു്! അങ്ങനെ, കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ ‘സകലവും ഒന്നായതു’കൊണ്ടാണു് അവതരണഗാനത്തിനോ, നാടകത്തിനോ മസൂരി വരാതിരിക്കാന്‍ കര്‍ട്ടനെ അച്ചുകുത്തിയാല്‍ മതി എന്നു് അറിവുള്ളവര്‍ പറയുന്നതു്! അതുകൊണ്ടാണു് സകല ലാടഗുരുക്കളും, ടെലിപ്പൊത്തില്‍-കീരികളും, മാടന്‍-മറുതസേവാസംഘങ്ങളും, മറ്റനവധി മൂത്രംകുടിസമൂഹങ്ങളും അവരുടെ കച്ചവടതന്ത്രങ്ങളുടെ വിശ്വാസയോഗ്യതക്കായി ഹൊളിസ്റ്റിക്‌ എന്ന വാക്കിനെ തന്നെയും പിന്നെയും ബലാല്‍സംഗം ചെയ്യുന്നതു്! പക്ഷേ, ശാസ്ത്രലോകത്തില്‍ ഉപയോഗിക്കുന്ന holistic എന്ന വാക്കിനു് ആ വിധത്തിലുള്ള ഏതെങ്കിലും ചാത്തന്‍-പോത്തന്‍-കാലന്‍-സേവകളുമായി യാതൊരുവിധ ബന്ധവുമില്ല. “എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു” എന്നതിന്റെ തികച്ചും ഭൗതികമായ അര്‍ത്ഥം മാത്രമേ അതിനിവിടെ ഉള്ളു. എളുപ്പം മനസ്സിലാവാത്ത കാര്യങ്ങള്‍ക്കു് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ശുദ്ധഗതിക്കാരെ ചൂഷണം ചെയ്യുന്നതു് ആത്മീയവും, ദൈവികവും, സര്‍വ്വോപരി, മഹത്വവുമായി അംഗീകരിക്കപ്പെടുന്ന ഭാരതീയസമൂഹത്തില്‍ ഇങ്ങനെയൊരു ഓര്‍മ്മിപ്പിക്കല്‍ ആവശ്യമാണെന്നു് തോന്നുന്നു.

മഞ്ഞുകാലത്തു് തണുപ്പകറ്റാന്‍ ഒരു മിന്നാമിനുങ്ങിനെ പിടിച്ചു് അതിന്റെ മുതുകത്തു് കുറെ വിറകുവാരിക്കൂട്ടി ഊതിയൂതി തീയുണ്ടാക്കാന്‍ ശ്രമിക്കുന്ന കുറെ കുരങ്ങച്ചന്മാരുടെ കഥ ചെറുപ്പത്തില്‍ കേട്ടതു് മറന്നിട്ടില്ല! “വിഡ്ഢിത്തം ചെയ്യരുതു്” എന്നു് പറയുന്നവരെ തല്ലിക്കൊല്ലുന്നതാണു് അവറ്റകളുടെ സാധാരണ രീതിയെന്നും അറിയാം. എങ്കിലും പറയുന്നു! കാരണം, ഈ കുരങ്ങുകഥ പഴയതായതുകൊണ്ടും, കുരങ്ങന്മാരുടെ പുതിയ തലമുറക്കു് “സായിപ്പിന്റെ എച്ചിലുകള്‍” എന്നു് ആരോ വിശേഷിപ്പിച്ചുകേട്ട (ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അടക്കമുള്ള!) ആധുനികസൗകര്യങ്ങളൊക്കെ ഉണ്ടാവാമെന്നതുകൊണ്ടും സ്ഥിതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ! അന്ധമായ ഏകപക്ഷീയതയില്‍ നിന്നുള്ള വ്യക്തിത്വത്തിന്റെ ബൗദ്ധികമായ വിമോചനം എന്നൊരു മാറ്റമെങ്കിലും ഉണ്ടായാല്‍ അത്രയുമായില്ലേ? പാടിപ്പാടി അവതരണഗാനം ഇത്തിരി നീണ്ടുപോയി. പക്ഷേ, ചില “നിത്യദുരിതഗാനങ്ങള്‍” എത്ര പാടിയാലും കേട്ടാലും മതിയാവാത്തവയാണു്, ക്ഷമിക്കുക!

രണ്ടോ അതിലധികമോ കണികകള്‍ തമ്മില്‍ത്തമ്മില്‍ അകലങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍ പോലും അതിലൊന്നിന്റെ ക്വാണ്ടം അവസ്ഥ പങ്കാളിയുടെ അവസ്ഥയെക്കൂടി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ പ്രവചിക്കാനാവാത്തവിധം പരസ്പരം ‘കെട്ടുപിണഞ്ഞു്’ കിടക്കുന്ന പ്രതിഭാസമാണു് quantum entanglement. മനുഷ്യന്‍ ഈ തിരിച്ചറിവില്‍ എത്തിയതു് ദീര്‍ഘമായ ഒരു യാത്രയിലൂടെയാണു്. ന്യൂട്ടണില്‍ ആരംഭിച്ചു്, ഐന്‍സ്റ്റൈനിലൂടെ, ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതത്വതത്വം അടക്കമുള്ള ക്വാണ്ടം മെക്കാനിക്സിലെ എത്രയോ നിയമങ്ങളിലും, nonlocality-യിലുമൊക്കെ എത്തിച്ചേര്‍ന്നതു് ഒരു നീണ്ടകഥയാണു്.

അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കള്‍ക്കു് പരസ്പരം സ്വാധീനിക്കാന്‍ കഴിയില്ല എന്ന തത്വമാണു് ഫിസിക്സിലെ principle of locality. അതിന്‍പ്രകാരം, സമീപസാഹചര്യങ്ങള്‍ക്കു് വസ്തുക്കളെ സ്വാധീനിക്കാന്‍ കഴിയുമെന്നല്ലാതെ, ഏതെങ്കിലും ഒരു വസ്തുവില്‍ ഒരിടത്തു് സംഭവിക്കുന്ന ഭൗതികപ്രക്രിയകള്‍ക്കു് മറ്റൊരിടത്തു് സ്ഥിതിചെയ്യുന്ന വസ്തുക്കളില്‍ നേരിട്ടു് യാതൊരുവിധ സ്വാധീനവും ചെലുത്താനാവില്ല. മറ്റുവിധത്തില്‍ പറഞ്ഞാല്‍, എല്ലാ വസ്തുക്കളുടെയും അളക്കാനാവുന്ന മൂല്യങ്ങള്‍, അളന്നാലും ഇല്ലെങ്കിലും, അഥവാ അളക്കുന്നതിനു് മുന്‍പുതന്നെ, വസ്തുനിഷ്ഠമായി നിലനില്‍ക്കുന്നുണ്ടു്. ഐന്‍സ്റ്റൈന്റെ സ്പെഷ്യല്‍ റിലേറ്റിവിറ്റിതത്വപ്രകാരം, കാര്യകാരണബന്ധത്തിനു് (causality) പരിക്കേല്‍പിക്കാതെ, പ്രകാശത്തിന്റേതില്‍ കൂടിയ വേഗതയില്‍ ഇന്‍ഫര്‍മേഷന്‍ ഒരിടത്തുനിന്നും മറ്റൊരിടത്തു് എത്തിക്കാനാവില്ല. അതിന്റെ വെളിച്ചത്തില്‍, സാധാരണഗതിയില്‍ ആര്‍ക്കും യുക്തിപൂര്‍വ്വം എന്നു് തോന്നാവുന്ന ഈ തത്വത്തിന്റെ അടിസ്ഥാനത്തിലെ locality priciple-നെ ചോദ്യം ചെയ്യുന്ന പുതിയ തത്വങ്ങള്‍ക്കു് എന്തോ ‘തകരാറു്’ ഉണ്ടായിരിക്കണം എന്നു് ഐന്‍സ്റ്റൈന്‍ അടക്കമുള്ള പല ശാസ്ത്രജ്ഞരും കരുതിയതു് സ്വാഭാവികം. അതുകൊണ്ടുതന്നെ ക്വാണ്ടംഫിസിക്സിലെ standard interpretation ആയ Copenhagen Interpretation ഒരു പ്രപഞ്ചയാഥാര്‍ത്ഥ്യം എന്നനിലയില്‍ അപര്യാപ്തമാണെന്ന നിഗമനത്തില്‍ ഐന്‍സ്റ്റൈനും സഹപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. ഈ നിലപാടിന്റെ മൂര്‍ത്തീകരണമാണു് പ്രസിദ്ധമായ EPR Paradox (Einstein Podolsky Rosen Paradox).

locality principle-നു് വിപരീതമായി, ദൂരങ്ങളില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കള്‍ പരസ്പരം സ്വാധീനിക്കുന്നതാണു് ‘nonlocality’. ക്ലാസിക്കല്‍ ഫിസിക്സിലെ corpuscular theory-കളില്‍ ‘action at a distance’ എന്നു് അറിയപ്പെട്ടിരുന്ന ‘nonlocality’, റിലേറ്റിവിറ്റിയുമായി ബന്ധപ്പെട്ട ഫീല്‍ഡ്‌ തിയറികളുമായി പൊരുത്തപ്പെടാതെ വന്നപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. പിന്നീടു്, ക്വാണ്ടം ഫിസിക്സില്‍ ‘entanglement’ എന്ന പ്രതിഭാസത്തിന്റെ രൂപത്തില്‍ nonlocality വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. ഐന്‍സ്റ്റൈനെ ശുണ്ഠിപിടിപ്പിച്ചതിനും, EPR paradox എന്ന പേരിലെ പേപ്പര്‍ വഴി ക്വാണ്ടം തിയറിയിലെ “വൈരുദ്ധ്യം” ശാസ്ത്രലോകത്തെ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിനും പിന്നില്‍ nonlocality-ക്കും, uncertainty principle-നുമാണു് പ്രധാന പങ്കു്. nonlocality-യെ ഐന്‍സ്റ്റൈന്‍ ‘spooky action at a distance’ എന്നു് പരിഹസിച്ചതില്‍നിന്നും അദ്ദേഹം ഈ ആശയത്തില്‍ എത്രമാത്രം അതൃപ്തനായിരുന്നു എന്നു് ഊഹിക്കാവുന്നതേയുള്ളു.

വ്യവസ്ഥകളുടെ (physical systems) “വേര്‍പെടുത്തപ്പെടാന്‍ കഴിയായ്ക” ഫിസിക്സിലെ ഒരു അടിസ്ഥാനതത്വമാണെന്നു് യഥാര്‍ത്ഥ പരീക്ഷണങ്ങളിലൂടെ തെളിയിക്കാന്‍ ശാസ്ത്രത്തിനു് പിന്നേയും രണ്ടുമൂന്നു് ദശകങ്ങളോളം കാത്തിരിക്കേണ്ടിവന്നു. അവയില്‍ പ്രധാനപ്പെട്ട ഒന്നാണു് Alain Aspect-ന്റെ പരീക്ഷണം. പക്ഷേ, അതിലേക്കു് വരുന്നതിനു് മുന്‍പു് കണികകളുടെ spin, പ്രകാശത്തിന്റെ polarisation, Bell’s inequality എന്നീ ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതു് ആവശ്യമാണു്. ‘spin’ എന്നതു് ഒരു sub atomic particle-ന്റെയോ nucleus-ന്റെയോ angular momentum-ത്തിന്റെ അളവാണു്. പക്ഷേ, ഇതു് torque എന്ന ക്ലാസിക്കല്‍ അര്‍ത്ഥത്തിലെ momentum അല്ല. ഫോട്ടോണ്‍ പോലെ spin ഇല്ലാത്തതോ, പൂര്‍ണ്ണഗുണിതങ്ങളായ spin (ഉദാ. s, 2s, 3s, …) (s = spin) ഉള്ളതോ ആയ കണികകള്‍ Bose-Einstein statistics-ന്റെ കീഴില്‍ വരുന്നവയാണു്. അതേസമയം, അര്‍ദ്ധഗുണിതങ്ങളായ spin (ഉദാ. (1/2)s, (3/2)s, (5/2)s …) ഉള്ള കണികകള്‍ Fermi-Dirac statistics-ന്റെ പരിധിയില്‍ വരുന്നു. ആദ്യത്തെ വിഭാഗത്തില്‍ പെട്ട കണികകള്‍ പൊതുവെ bosons എന്നും, രണ്ടാമത്തെ വിഭാഗം fermions എന്നും അറിയപ്പെടുന്നു. ബോസോണുകള്‍ക്കു് വിപരീതമായി, ഫെര്‍മിയോണുകളുടെ ആകെത്തുകയില്‍ പരസ്പരപ്രവര്‍ത്തനങ്ങള്‍ വഴി വ്യത്യാസം സംഭവിക്കുന്നില്ല. പ്രപഞ്ചത്തിലെ എലക്ട്രോണുകളുടെ ആകെ എണ്ണത്തില്‍ വ്യത്യാസം വരുത്താനാവില്ലെന്നു് സാരം. കൂടാതെ, ‘അര്‍ദ്ധസംഖ്യാസ്പിന്‍’ ഉള്ള കണികകള്‍ക്കു് ഏകരൂപത്തിലുള്ള (uniform) ഒരു മാഗ്നെറ്റിക്‌ ഫീല്‍ഡില്‍ parallel ആയോ, antiparallel ആയോ മാത്രമേ ‘നില്‍ക്കാന്‍’ കഴിയൂ എങ്കിലും, ‘പൂര്‍ണ്ണസംഖ്യാസ്പിന്‍’ ഉള്ള കണികകള്‍ക്കു് ഈ രണ്ടു് ദിശകള്‍ കൂടാതെ, കാന്തികമണ്ഡലത്തിനു് വിലങ്ങനെയും സ്ഥാനം പിടിക്കാനാവും. ചുരുക്കത്തില്‍, spin എന്നതു് കണികയുടെ space-ലെ ദിശയിലും അധിഷ്ഠിതമാണു്.

ഇതുമായി നല്ലൊരു പരിധിവരെ താരതമ്യം ചെയ്യാവുന്ന ഒരു ഗുണമാണു് പ്രകാശത്തിന്റെ polarisation. EPR paradox എന്ന ആശയം തെറ്റാണെന്നു് തെളിയിച്ചുകൊണ്ടു്, nonlocality-യെ സ്ഥാപിക്കുവാന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ അധികപങ്കും പ്രകാശത്തിന്റെ polarisation ഉപയോഗിച്ചുള്ളവയാണു്. മറ്റു് കണികകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ പ്രായോഗികമായി പ്രയാസമേറിയതാണെന്നതാണു് കാരണം. ആണവകണികകളുടെ ‘സ്പിന്‍-ദിശ’ പോലെ തന്നെ, പ്രകാശകണികയായ ഫോട്ടോണിന്റെ space-ലെ direction-നുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രതിഭാസമാണു് polarisation. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഇരുളുന്ന polaroid sun glasses-ല്‍ ഈ തത്വമാണു് പ്രയോജനപ്പെടുത്തുന്നതു്. ഒരു പ്രത്യേക polarisation പ്രദര്‍ശിപ്പിക്കാത്ത എല്ലാ ഫോട്ടോണുകളെയും അത്തരം കണ്ണടകളുടെ ഗ്ലാസ്സുകള്‍ തടയുന്നു. ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഈ ‘തടയല്‍’ മനസ്സിലാക്കാം. നിരനിരയായി വെറുതെ പത്തല്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു വേലിയുടെ വിടവിലൂടെ നെടുകെയുള്ള പത്തലുകള്‍ക്കു് കടന്നുപോകാം. പക്ഷേ അതേ പത്തലുകള്‍ തന്നെ ആ വേലി കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ നെടുകെ നില്‍ക്കുന്ന പത്തലുകള്‍ അവയ്ക്കു് തടസ്സമാവും. അതുപോലെ, കുറുകെ അഴിയിട്ടിരിക്കുന്ന ഒരു ഗേറ്റിലൂടെ കുറുകെയുള്ള പത്തലുകള്‍ക്കു് കടന്നുപോകാന്‍ കഴിയുമ്പോള്‍ നെടുകെയുള്ള പത്തലുകള്‍ തടയപ്പെടുന്നു. ഇനി, ഈ രണ്ടു് വേലികളെയും സംയോജിപ്പിച്ചു്, അഥവാ മുന്നില്‍ വേലിയും പിന്നില്‍ ഗേറ്റും (നേരെ മറിച്ചുമാവാം!) ആയി സ്ഥാപിച്ചിരിക്കുന്ന ഒരു ക്രമീകരണം സങ്കല്‍പിച്ചാല്‍, നെടുകെയും കുറുകെയുമുള്ള രണ്ടുതരം പത്തലുകള്‍ക്കും ഏതെങ്കിലും ഒരു വേലി തടസ്സമാവുമെന്നതിനാല്‍, രണ്ടു് വിഭാഗത്തിനും ‘അക്കരെ’യെത്താന്‍ കഴിയുകയില്ല. ഈ ഉദാഹരണങ്ങള്‍ മനസ്സിലാക്കാന്‍ സ്വാഭാവികമായും നമുക്കു് ബുദ്ധിമുട്ടൊന്നുമില്ല.

പക്ഷേ, രണ്ടാമത്തെ വേലി (ഇവിടെ ഗേറ്റ്‌) എടുത്തുമാറ്റി പകരം 45 ഡിഗ്രിയില്‍ (കോണോടുകോണും സമാന്തരവുമായി) അഴികള്‍ പിടിപ്പിച്ചിരിക്കുന്ന ഒരു ‘കോണ്‍വേലി’ സ്ഥാപിച്ചാലോ? അപ്പോള്‍ നമുക്കു് ക്വാണ്ടം ലോകത്തിന്റെ വൈചിത്ര്യം കാണാന്‍ കഴിയും. ആദ്യത്തെ “കടമ്പ” കടന്നുവരുന്ന “പത്തലുകളില്‍” പകുതിയേയും ‘കോണ്‍വേലി’ കടത്തിവിടുന്നു! ഇനി, എടുത്തുമാറ്റിയ ഗേറ്റ്‌ മൂന്നാമതൊരു തടസ്സം എന്ന നിലയില്‍ കോണ്‍വേലിക്കു് പിന്നില്‍ സ്ഥാപിക്കുന്നു എന്നു് കരുതുക. കോണ്‍വേലി കടന്നുവരുന്ന പത്തലുകളുടെ പകുതിക്കും ഈ മൂന്നാമത്തെ കടമ്പയിലൂടെയും കടന്നുപോകാന്‍ കഴിയുന്നു! അതായതു്, ആദ്യത്തെ വേലി കടത്തിവിട്ട ആകെ പത്തലുകളുടെ നാലിലൊന്നു് മൂന്നു് വേലികളെയും കടന്നു് അപ്പുറത്തെത്തുന്നു! നെടുകെയും കുറുകെയും നിന്ന രണ്ടു് വേലികള്‍ക്കു് എല്ലാ പത്തലുകളെയും പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞപ്പോള്‍, ഈ രണ്ടു് വേലികള്‍ക്കുമിടക്കു് മൂന്നാമതൊരു ‘കോണിച്ച’ വേലികൂടി വരുമ്പോള്‍ തടസ്സം കൂടുന്നതിനു് പകരം കുറയുകയാണു് ചെയ്യുന്നതു്!

ഈ ഉദാഹരണത്തില്‍, “വേലികളെ” polarisation പ്രദര്‍ശിപ്പിക്കുന്ന മീഡിയമായും, ഫോട്ടോണുകളെ വേലി കടക്കാന്‍ ശ്രമിക്കുന്ന “പത്തലുകള്‍” ആയും സങ്കല്‍പിച്ചാല്‍, പ്രകാശത്തിന്റെ polarisation-ന്റെ ഒരു ഏകദേശരൂപം ലഭിക്കും. അത്തരം ഒരു മീഡിയം ഫോട്ടോണുകളെ തടയുന്നോ അതോ കടത്തിവിടുന്നോ എന്നതു് അവയുടെ polarisation-ന്റെ ദിശയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. അതുപോലെതന്നെ, spin, polarisation മുതലായവ vector quantity-കള്‍ (പരിമാണവും ദിശയും ഉള്ള മൂല്യങ്ങള്‍) ആയതിനാല്‍, പോളറൈസേഷന്‍ മീഡിയത്തിലെ പരസ്പരം വ്യത്യസ്തമായ കോണുകള്‍ വഴി നമ്മള്‍ അളക്കുന്നതു് വ്യത്യസ്തമായ vector components ആയിരിക്കും. ഒരോ അളവുകളും അതിനു് മുന്‍പിലത്തെ അളവുകളെ അസാധുവാക്കുകയും ചെയ്യും. പരീക്ഷണത്തില്‍ മാറ്റം വരുത്തുമ്പോള്‍ ‘ക്വാണ്ടം റിയാലിറ്റി’യിലും മാറ്റം സംഭവിക്കുന്നു എന്ന ക്വാണ്ടം മെക്കാനിക്സിലെ തത്വത്തിന്റെ മറ്റൊരു തെളിവാണു് ഇവിടെ നമ്മള്‍ ദര്‍ശിക്കുന്നതു്.

അതായതു്, sub atomic particle-ന്റെ spin അളക്കുക എന്നാല്‍ ത്രീ ഡൈമെന്‍ഷണല്‍ ആയ ഒരു vector quantity-യെ അളക്കുക എന്നാണര്‍ത്ഥം. ക്ലാസിക്കല്‍ മെക്കാനിക്സിലാണെങ്കില്‍, സംഗതി എളുപ്പമാണു്. അവിടെ വെക്ടര്‍ ക്വാണ്ടിറ്റിയുടെ ഓരോ co-ordinate-കളും വേറേ വേറേ അളക്കാം, അവസാനം അവയുടെ equivalent കണ്ടുപിടിക്കാം. പക്ഷേ, ക്വാണ്ടം ലോകത്തില്‍ uncertainty, nonlocality മുതലായ പ്രശ്നങ്ങള്‍ മൂലം കൃത്യമായ അളവു് സാദ്ധ്യമല്ല. അവിടെ, മൂന്നു് co-ordinates-ലേയും spinvalues ഒരേസമയത്തു് അളക്കുക എന്നതു് അസാദ്ധ്യമാണു്. ഒരു ദിശയിലെ അളവുവഴി മാത്രം മറ്റു് ദിശകളിലെ സ്പിന്‍ മൂല്യങ്ങള്‍ക്കു് മാറ്റം സംഭവിക്കുന്നു. കൂടാതെ, സ്പിന്‍ വെക്ടറുകള്‍ അതില്‍ത്തന്നെ ക്വാണ്ടൈസ്ഡ്‌ ആണു്. അതുപോലെതന്നെ, spin vectors complementary-യും ആണു്, അവ പരസ്പരം വച്ചുമാറാവുന്നവയല്ല.

ഒരു ഉദാഹരണത്തിലൂടെ ഈ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം: ഒരു പാര്‍ട്ടിക്കിളിന്റെ ‘X’ direction-ലെ സ്പിന്‍ അളന്നപ്പോള്‍ ‘up’ അഥവാ ‘+1’ എന്നു് ലഭിച്ചു എന്നു് കരുതുക. (മറ്റൊരു ഉത്തരസാദ്ധ്യത ‘down’ അഥവാ ‘-1’ ആണു്!) അതിനുശേഷം നമ്മള്‍ ‘Y’- co-ordinate-ന്റെ ദിശയില്‍ അളക്കുന്നു എന്നും സങ്കല്‍പിക്കുക. അതുവഴി കിട്ടുന്ന ഫലം എന്തുതന്നെ (+1 or -1) ആയാലും, ഈ ‘അളവുപരീക്ഷണം’ പലവട്ടം ആവര്‍ത്തിക്കുക. അതിനുശേഷം ലഭിച്ച അളവുകള്‍ പരിശോധിക്കുമ്പോള്‍ വിചിത്രമായ ഒരു ഫലമാണു് നമുക്കു് ലഭിക്കുന്നതു്. ‘Y’-ല്‍ അളക്കുന്നതിനു് മുന്‍പു് ‘X’-ലെ അളവു് ‘+1’ ആയിരുന്ന സന്ദര്‍ഭങ്ങളിലും, ‘Y’-ല്‍ അളന്നശേഷം വീണ്ടും ‘X’-ല്‍ അളക്കുമ്പോള്‍ ആകെ അളവുകളില്‍ പകുതി പ്രാവശ്യം മാത്രമേ ‘X’-ല്‍ ‘+1’ എന്ന ഫലം ലഭിക്കുന്നുള്ളു. complementary vector ആയ ‘Y’-ലെ അളവുവഴി, ആദ്യത്തെ വെക്ടറിന്റെ uncertainty പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു എന്നാണു് ഇതു് വ്യക്തമാക്കുന്നതു്.

ഇനി, Bell’s Theorem എന്ന ചിന്താപരീക്ഷണത്തിലേതുപോലെ, entangled ആയ രണ്ടു് പ്രോട്ടോണുകളെ (ഒരു ജോടി) സങ്കല്‍പിക്കാം. spin-ന്റെ ഡൈമെന്‍ഷന്‍സ്‌ X, Y, Z എന്നും, ഓരോ ദിശയിലേയും spin +1, -1 ആണെന്നും കരുതുക. മൂന്നു് ദിശകളിലെയും സ്പിന്‍ അളക്കുക എന്നതു് അസാദ്ധ്യമാണെങ്കിലും, ഏതെങ്കിലും ഒരു ദിശയില്‍ ഓരോന്നിന്റേയും സ്പിന്‍ അളക്കാനാവും. ഒരു കണികയുടെ ‘X’ ദിശയിലെ സ്പിന്‍ +1 എങ്കില്‍ മറ്റേ കണികയുടെ ‘X’ ദിശയിലെ സ്പിന്‍ -1 ആയിരിക്കുമെന്നു് നമുക്കറിയാം. കാരണം, അവയുടെ തുക പൂജ്യമായിരിക്കണം. അതിനുശേഷം മറ്റേ കണികയിലെ ‘Y’ അല്ലെങ്കില്‍ ‘Z’ ദിശയിലെ സ്പിന്‍ അളക്കാനാവും (രണ്ടു് ദിശയിലും ആവുകയുമില്ല). നമ്മള്‍ ‘Y’ ദിശയിലാണു് അളക്കുന്നതെങ്കില്‍, അതിനു് ലഭിക്കുന്ന സ്പിന്‍ +1 അല്ലെങ്കില്‍ -1 എന്നതിന്റെ അടിസ്ഥാനത്തില്‍, ആദ്യത്തെ കണികയുടെ സ്പിന്‍ യഥാക്രമം -1 അല്ലെങ്കില്‍ +1 ആയിരിക്കും. ഈ വിധത്തില്‍, വിവിധ കണികകളില്‍ നടത്തുന്ന അളവുകള്‍ വഴി, XY, XZ, YZ എന്നീ സാദ്ധ്യമായ ‘സ്പിന്‍ഘടകജോടികള്‍’ കണ്ടെത്താനാവും. John S. Bell-ന്റെ പ്രസിദ്ധമായ Bell’s Theorem അഥവാ, Bell’s inequality രൂപം കൊണ്ടതു് ഈ ചിന്തകളുടെ അടിസ്ഥാനത്തിലായിരുന്നു.

പ്രപഞ്ചത്തെ സംബന്ധിച്ചു് locality principle-ന്റെ വെളിച്ചത്തില്‍ നിലവിലിരിക്കുന്ന മൂന്നു് ‘യാഥാര്‍ത്ഥ്യനിഗമനങ്ങളെ’യാണു് (local reality interpretations) Bell’s theorem അടിസ്ഥാനമാക്കുന്നതു്. (ഈ നിഗമനങ്ങള്‍ ക്വാണ്ടം ലോകത്തില്‍ തെറ്റാണെന്നു് തെളിയിക്കുകയാണു് ബെല്‍ തിയറത്തിന്റെ ലക്‍ഷ്യം.)

1. നമ്മള്‍ വീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതുമായി യാതൊരു ബന്ധവുമില്ലാതെ യഥാര്‍ത്ഥമായ വസ്തുക്കള്‍ നിലനില്‍ക്കുന്നുണ്ടു്.

2. നിരന്തരവും ആവര്‍ത്തിക്കപ്പെടുന്നതുമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പൊതുവായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതു് നീതീകരിക്കപ്പെടാവുന്നതാണു്.

3. ഒരു ഫലത്തിനും (effect) പ്രകാശത്തേക്കാള്‍ കൂടിയ വേഗതയില്‍ പ്രപഞ്ചത്തില്‍ വ്യാപിക്കാനാവില്ല (locality).

ഐന്‍സ്റ്റെന്റെ അഭിപ്രായത്തില്‍ ‘ഭൂതരൂപിയായ’ nonlocality സത്യത്തില്‍ ഒരു “ഭൂതരൂപി” അല്ലെന്നും, nonlocality എന്നതു് ഒരു പ്രപഞ്ചയാഥാര്‍ത്ഥ്യമാണെന്നും തെളിയിക്കാനുതകുന്ന ഒരു സാങ്കല്‍പിക പരീക്ഷണത്തിന്റെ ആദ്യഘട്ടമാണു് മുകളില്‍ പറഞ്ഞ entangled ആയ പ്രോട്ടോണുകളിലെ അളവുകള്‍! Bell’s inequality എന്നും വിളിക്കപ്പെടുന്ന ഈ തിയറം തെളിയിക്കപ്പെടുന്നതുവഴി, (കൃത്യമായി പറഞ്ഞാല്‍, Bell’s inequality violate ചെയ്യപ്പെടുന്നതുവഴി!) ഐന്‍സ്റ്റൈനും കൂട്ടരും പ്രതിനിധീകരിച്ച പ്രപഞ്ചത്തിന്റെ local realistic interpretation എന്ന നിലപാടു് 1964-ല്‍ താത്വികമായും, പിന്നീടുള്ള ദശകങ്ങളില്‍ 1982-ലെ Alain aspect-ന്റേതടക്കമുള്ള പല പരീക്ഷണങ്ങള്‍ വഴി പ്രായോഗികമായും തെറ്റാണെന്നു് തെളിയിക്കപ്പെടുകയായിരുന്നു. ഈ ചിന്താപരീക്ഷണത്തിലേതുപോലെ, പ്രോട്ടോണ്‍ ജോടിയുടെ സ്പിന്‍ അളവുകള്‍ യഥാര്‍ത്ഥത്തില്‍ നടത്തിയാല്‍, ‘local realistic interpretation’-ന്റെ അടിസ്ഥാനത്തില്‍, (X Y) എന്നീ സ്പിന്‍ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ തുക, (X Z), (Y Z) എന്നീ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ ആകെത്തുകയേക്കാള്‍ ചെറുതായിരിക്കണം. ഗണിതശാസ്ത്രത്തിലെ set theory ഉപയോഗിച്ചു് ലളിതമായി കണ്ടെത്താവുന്ന ഒരു വസ്തുതയാണിതു്. അതേസമയം, ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനത്തില്‍ ഈ പരീക്ഷണത്തില്‍ നിന്നും ലഭിക്കുന്നതു് നേരേ വിപരീതമായ ഉത്തരമാണു്. അതായതു്, (X Y) എന്നീ സ്പിന്‍ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ തുക, (X Z), (Y Z) എന്നീ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ ആകെത്തുകയേക്കാള്‍ കുറഞ്ഞതല്ല, കൂടിയതാണു്! പ്രപഞ്ചത്തിന്റെ local reality interpretation അടിസ്ഥാനപ്പെടുത്തി ആരംഭിച്ച പരീക്ഷണം, അവസാനം Bell’s inequality-യെ violate ചെയ്യുന്നു എന്നാണതിനര്‍ത്ഥം! അതുവഴി, ഐന്‍സ്റ്റെന്റെ നിലപാടായിരുന്ന local reality interpretation അസാധുവാകുന്നു, അഥവാ, ക്വാണ്ടം മെക്കാനിക്സ്‌ അടിസ്ഥാനമാക്കുന്ന Copenhagen Interpretation-നും അതിന്റെ വെളിച്ചത്തിലെ nonlocality principle-ഉം ശരിയാണെന്നു് സ്ഥാപിക്കപ്പെടുന്നു.

ബെല്‍ സങ്കല്‍പിച്ചതുപോലെ, 1976-ല്‍ ഒരു പരീക്ഷണം പ്രോട്ടോണുകള്‍തന്നെ ഉപയോഗിച്ചു് നടത്തപ്പെട്ടു. എനര്‍ജി കുറഞ്ഞ പ്രോട്ടോണുകള്‍ ഉപയോഗിച്ചു് ഹൈഡ്രജന്‍ ആറ്റങ്ങളുള്ള ഒരു ടാര്‍ജെറ്റിനെ ബൊംബാര്‍ഡ്‌ ചെയ്യുമ്പോള്‍, (ഒരു പ്രോട്ടോണ്‍ തന്നെയായ!) ഹൈഡ്രജന്‍ ന്യൂക്ലിയസുമായി പരസ്പരപ്രവര്‍ത്തനം സംഭവിച്ചു് പ്രോട്ടോണ്‍ ജോഡികള്‍ രൂപമെടുക്കുന്നു. അവയുടെ സ്പിന്‍ ഘടകങ്ങള്‍ അളക്കപ്പെടുന്നു. അങ്ങേയറ്റം ദുഷ്കരമാണു് ഈ അളവുകള്‍ എങ്കിലും അതുവഴി Bell’s inequality violate ചെയ്യുന്നതായി തെളിയിക്കപ്പെട്ടു. ഫോട്ടോണുകളുടെ polarisation ഉപയോഗിച്ചു് നടത്തിയ പരീക്ഷണങ്ങളില്‍ അധികപങ്കും nonlocality-യെ ശരിവയ്ക്കുന്നതായിരുന്നു. അതുവരെ നടത്തിയ പരീക്ഷണങ്ങളിലെ പരിമിതികള്‍ പരമാവധി ഒഴിവാക്കി രൂപീകരിച്ച ഒരു പരീക്ഷണമായിരുന്നു Alain Aspect-ഉം സഹപ്രവര്‍ത്തകരും നടത്തിയതു്. പ്രകാശത്തെ പോളറൈസ്‌ ചെയ്യാന്‍ കഴിയുന്ന രണ്ടു് ഫില്‍റ്ററുകളിലേക്കു് ഫോട്ടോണുകളെ ഭീമമായ വേഗതയില്‍ (ഒരു സെക്കന്റിന്റെ പത്തുകോടിയില്‍ ഒരംശം എന്ന സമയനിരക്കില്‍!) തിരിച്ചുവിടാന്‍ കഴിയുന്ന ഒരു സ്വിച്ച്‌ വഴി ഡിറ്റക്റ്ററില്‍ എത്തിക്കുകയായിരുന്നു അവര്‍. ഫോട്ടോണിനു് രൂപമെടുക്കുന്ന ആറ്റത്തില്‍നിന്നും ഡിറ്റക്റ്ററില്‍ എത്താന്‍ 20 നാനോസെക്കന്റുകള്‍ വേണമായിരുന്നു എന്നതിനാല്‍, പരീക്ഷണം വഴി നടത്തുന്ന അളവുകളെ ഏതെങ്കിലും ഒരു ഇന്‍ഫര്‍മേഷനു് ഉപകരണത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തു് എത്തി സ്വാധീനിക്കുവാന്‍ പ്രകാശത്തിന്റേതിലും കൂടിയ വേഗതയില്‍ സഞ്ചരിച്ചാലല്ലാതെ കഴിയുമായിരുന്നില്ല. ഈ പരീക്ഷണം വഴിയും Bell’s inequality violate ചെയ്യപ്പെടുകയും, ക്വാണ്ടം മെക്കാനിക്സിലെ മൗലികതത്വങ്ങള്‍ ശരിയാണെന്ന വസ്തുത തെളിയിക്കപ്പെടുകയുമായിരുന്നു.

John Wheeler ആവിഷ്കരിച്ച Wheeler’s delayed choice experiment ഈ വഴിയിലെ മറ്റൊരു നാഴികക്കല്ലാണു് എന്നതിനാല്‍ അതുകൂടി ഇവിടെ സൂചിപ്പിക്കുന്നു. double slit experiment-ല്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടു് ‘ഫോട്ടോണ്‍ വീക്ഷണത്തിനു്’ സമയതാമസം വരുത്താനുതകുന്ന ഒരു ചിന്താപരീക്ഷണമാണു് അതു്. ഒരു സാധാരണ double slit experiment-ല്‍, ഫോട്ടോണ്‍ സ്ലിറ്റുകള്‍ കടന്നശേഷം ഡിറ്റക്ടര്‍ സ്ക്രീന്‍ മാറ്റപ്പെടുകയും, അതിനു് പിന്നില്‍ ക്രമീകരിച്ചിരിക്കുന്ന ടെലസ്കോപ്പുകളിലേക്കു് ഫോട്ടോണ്‍ തിരിച്ചുവിടപ്പെടുകയും ചെയ്യുന്നതാണു് ഈ പരീക്ഷണത്തിന്റെ കാതല്‍. അതുവഴി ഫോട്ടോണ്‍ വീക്ഷിക്കപ്പെടുന്നതു് double slit കടന്നതിനുശേഷമാണെന്നതിനാല്‍, ഈ arrangement വഴി നേടാന്‍ കഴിയുന്നതു്, കണിക പോകുന്ന വഴിയോ, അതോ അതിന്റെ ‘തന്നില്‍ത്തന്നെയുള്ള’ ഇന്റര്‍ഫറന്‍സോ അളക്കേണ്ടതു് എന്ന തീരുമാനം പരീക്ഷകനു് ‘താമസിച്ചു്’ എടുക്കാനാവുമെന്നതാണു്. delayed choice experiment എന്ന പേരും അതുകൊണ്ടുതന്നെ! ഭൂതകാലത്തിലെ ഒരു കാര്യത്തെസംബന്ധിച്ചു് പിന്‍വലിക്കാനാവാത്തൊരു സ്വാധീനം നമ്മള്‍ ഇപ്പോള്‍ എടുക്കുന്ന ഒരു തീരുമാനത്തിനുണ്ടു് എന്ന വിചിത്രമായൊരര്‍ത്ഥവും ഈ പരീക്ഷണത്തിനുണ്ടു്. ചുരുങ്ങിയതു്, ഒരു ഫോട്ടോണിന്റെ ‘ചരിത്രത്തെ’ സംബന്ധിച്ചെങ്കിലും, ഈ അര്‍ത്ഥം ശരിയാണു്. എങ്ങനെ അതിനെ അളക്കണം എന്നു് നമ്മള്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു് അളക്കപ്പെടുന്ന ഫോട്ടോണിന്റെ ഭൂതകാലം നിശ്ചയിക്കപ്പെടുന്നതു്! ഒരു ഫോട്ടോണ്‍ അന്തിമമായി തരംഗമോ കണികയോ എന്നതു് നമ്മുടെ വീക്ഷണം എന്ന പ്രക്രിയയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് സാരം.

ചുരുക്കത്തില്‍. ക്വാണ്ടം ലോകം വളരെ വിചിത്രമായ ഒരു ലോകമാണു്. അനുഭവവേദ്യമായ നമ്മുടെ ലോകത്തിലെ നിയമങ്ങളും നിര്‍വചനങ്ങളും അവിടെ അര്‍ത്ഥശൂന്യമാവുന്നു. വീക്ഷകര്‍ ഇല്ലാത്തിടത്തോളം, ക്വാണ്ടം ലോകം എന്നതു്, സാദ്ധ്യതകളുടെ വര്‍ണ്ണനപോലെ, ഭാവനയില്‍ നിലനില്‍ക്കുന്ന വരക്കപ്പെടാത്ത ഒരു ചിത്രം പോലെ അമൂര്‍ത്തമായ ഒരവസ്ഥ മാത്രം! അളവിന്റെ, അഥവാ വീക്ഷണത്തിന്റെ നിമിഷത്തില്‍ വ്യക്തമായ രൂപം കൈക്കൊള്ളുന്ന, അതുവരെ യാദൃച്ഛികതയാല്‍ ഭരിക്കപ്പെടുന്ന അനിശ്ചിതത്വത്തിന്റെ ലോകം! വരയ്ക്കുമ്പോള്‍ മാത്രമേ ഭാവനയിലെ ചിത്രവും യാഥാര്‍ത്ഥ്യമാവുന്നുള്ളു! അതുപോലെതന്നെ, വേണ്ടത്ര എനര്‍ജി ഉള്ള ഒരു ഫോട്ടോണ്‍, എനര്‍ജി കുറഞ്ഞ രണ്ടു് ഫോട്ടോണുകളായി വേര്‍പിരിയുമ്പോള്‍, അവ പരസ്പരം entangled ആയ അവസ്ഥ സ്വീകരിക്കും. അവ ഓരോന്നും വ്യത്യസ്തവും സാദ്ധ്യവുമായ രണ്ടു് സ്പിന്‍ അവസ്ഥകളില്‍ വിപരീതമായവ സ്വീകരിക്കുന്നു. അളവുകള്‍ വഴി അതിലൊന്നിന്റെ അവസ്ഥ മാറ്റിയാല്‍, അതേസമയംതന്നെ, നൈമിഷികമായി, രണ്ടാമത്തേതിന്റെ അവസ്ഥയും സ്വയംകൃതമായി മാറുന്നു! ആദ്യത്തേതിന്റെ അവസ്ഥയില്‍ മാറ്റം സംഭവിച്ചു എന്നു് ദൂരെ ആയിരുന്നിട്ടും രണ്ടാമത്തേതു് എങ്ങനെ അറിയുന്നു? അവ പരസ്പരം കമ്മ്യൂണിക്കേറ്റ്‌ ചെയ്യുന്നുണ്ടോ? നമുക്കറിയില്ല. കാരണം, ആ വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളു. പക്ഷേ, ഈ പ്രത്യേകത ഉപയോഗപ്പെടുത്തി പുതിയതരം കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കാനും, ഇന്‍ഫര്‍മേഷന്‍ സുരക്ഷിതമായി കൈമാറുവാനും നമുക്കു് ഇപ്പോള്‍തന്നെ, ആരംഭദശയിലാണെങ്കിലും, കഴിയുന്നുമുണ്ടു്! ഇതുവരെയുള്ള സാധാരണ കമ്പ്യൂട്ടറുകളില്‍നിന്നും വിഭിന്നമായി, ഒരു ‘ബിറ്റ്‌’ ഇന്‍ഫര്‍മേഷനു് വെറും ഒരു കണിക മാത്രം മതിയെന്നതിന്റെ വെളിച്ചത്തില്‍, എത്ര വിപ്ലവകരമായ സാദ്ധ്യതകളാണു് അതുവഴി വേഗതയുടെയും, കപ്പാസിറ്റിയുടെയും ഒക്കെ കാര്യത്തില്‍ തുറക്കപ്പെടുന്നതെന്നു് മനസ്സിലാക്കാവുന്നതേയുള്ളു!

ദൈവശാസ്ത്രജ്ഞരോടു് ഒരപേക്ഷ:

സകല ലോകരഹസ്യങ്ങളും തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പണ്ടേ രേഖപ്പെടുത്തിയിട്ടുണ്ടു് എന്നു് വായിട്ടലയ്ക്കുന്ന മതശാസ്ത്രപണ്ഡിതര്‍, ഇതുവരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇത്തരം പ്രപഞ്ചരഹസ്യങ്ങള്‍ അവരുടെ കിത്താബുകളിലെ ഏതേതു് സൂക്തങ്ങളിലൂടെയാണു് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നതെന്നു് ശാസ്ത്രജ്ഞരെ ഒന്നു് വായിച്ചുകേള്‍പ്പിക്കാനുള്ള ദയ കാണിച്ചിരുന്നെങ്കില്‍, ശാസ്ത്രജ്ഞര്‍ മാത്രമല്ല, ഈ ലോകത്തിലെ ബോധമുള്ള മുഴുവന്‍ മനുഷ്യരും അത്തരം പണ്ഡിതരോടു് അങ്ങേയറ്റം നന്ദിയും കടപ്പാടും ഉള്ളവരായിരുന്നേനെ! അതു് അവരുടെ മതത്തിനും ഗുണമല്ലാതെ ദോഷമൊന്നും ചെയ്യുകയുമില്ല! ആയിരത്തഞ്ഞൂറും രണ്ടായിരവും അതില്‍ കൂടുതലുമൊക്കെ വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ (ഇതിനോടകം വളരെ പഴകിക്കഴിഞ്ഞ) മുഴുവന്‍ ശാസ്ത്രസത്യങ്ങളും ദൈവം വെളിപ്പെടുത്തിയിരുന്നു എന്നു് വീരവാദം മുഴക്കുന്നതില്‍ അത്ര വലിയ ആണത്തമോ, തന്റേടമോ ഒന്നുമില്ല. യോഗ്യതയും, ദൈവത്തിന്റെ സര്‍വ്വശക്തിയില്‍ വിശ്വാസവുമുണ്ടെങ്കില്‍, ഇന്നു് ശാസ്ത്രജ്ഞര്‍ വിശ്രമമില്ലാതെ തേടുന്ന മറുപടികള്‍ വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കുകയാണു് ചെയ്യേണ്ടതു്. അങ്ങനെ ചെയ്താല്‍, നാളെ ആ മറുപടികള്‍ ശാസ്ത്രജ്ഞര്‍ സ്വയം കണ്ടെത്തിക്കഴിയുമ്പോള്‍, പതിയെ മുട്ടില്‍ നിന്നും എഴുന്നേറ്റു്, ചമ്മല്‍ പുറത്തുകാണിക്കാതെ, “അതു് ഞങ്ങടെ കിത്താബിലും ഉണ്ടായിരുന്നു” എന്നു് പറയേണ്ട ഗതികേടെങ്കിലും ഒഴിവാക്കാം!

 
Comments Off on അകലമറിയാത്ത “ആത്മബന്ധം”

Posted by on Sep 8, 2008 in ലേഖനം

 

Tags: , ,