RSS

Tag Archives: ശാസ്ത്രം

ഹേഗെലും ചില ‘ഐഡിയ’കളും

പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും അവയുടെ പരസ്പരബന്ധങ്ങളും ആകെമൊത്തമായി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നേനെ. “The truth is the whole” എന്നാണു്‌ ഹേഗെലും പറഞ്ഞതു്‌. അതിനാല്‍, സത്യം അറിയണമെങ്കില്‍ മുഴുവനും അറിയണം. അതറിഞ്ഞവനാണു്‌ ഹേഗെല്‍ (എന്നു്‌ ഹേഗെല്‍). അങ്ങേര്‍ ഇതുമാത്രമല്ല, മറ്റു്‌ പലതും പറഞ്ഞിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌, ശബ്ദത്തെപ്പറ്റിയും ചൂടിനെപ്പറ്റിയും വളരെ അത്ഭുതകരമായ കാര്യങ്ങളാണു്‌ ഹേഗെല്‍ കണ്ടെത്തിയതു്‌:

“Sound is the change in the specific condition of segregation of the material parts, and in the negation of this condition; — merely an abstract or an ideal ideality, as it were, of that specification. But this change, accordingly, is itself immediately the negation of the material specific subsistence; which is, therefore, real ideality of specific gravity and cohesion, i.e. — heat. The heating up of sounding bodies, just as beaten or rubbed ones, is the appearance of heat, originating conceptually together with sound”. – Hegel

ഇപ്പറഞ്ഞതില്‍ എന്തെങ്കിലുമൊരു അര്‍ത്ഥം നല്‍കാവുന്ന ഒരേയൊരു വാചകം അവസാനത്തേതു്‌ മാത്രമാണു്‌. അതിനുതന്നെ ഇതേ അര്‍ത്ഥമുള്ളു: “അടി, (ചെവിക്കു്‌ പിടിച്ചു്‌) തിരുമ്മല്‍ മുതലായവ വഴി വസ്തുക്കള്‍ ശബ്ദത്തോടെ ചൂടാവുന്നതാണു്‌ ശബ്ദവും ചൂടും”! “ശബ്ദവും ചൂടുമാണു്‌ ശബ്ദവും ചൂടും” എന്നു്‌ പറഞ്ഞിരുന്നെങ്കില്‍ വാക്കുകളുടെ എണ്ണമെങ്കിലും കുറയ്ക്കാമായിരുന്നു. അക്ഷരങ്ങള്‍ വളരെ വിലപിടിപ്പുള്ള വസ്തുക്കളാണു്‌ – ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നണമെന്നില്ലെങ്കിലും. അതുകൊണ്ടു്‌ അവയെ കവലപ്രാസംഗികരെപ്പോലെ മലിനീകരിക്കാതെയും ധൂര്‍ത്തടിക്കാതെയും ഉപയോഗിച്ചാല്‍, ശുദ്ധജലത്തിന്റെ ധൂര്‍ത്തടിയും അന്തരീക്ഷത്തിന്റെ മലിനീകരണവും ഒഴിവാക്കിയാല്‍ എന്നപോലെതന്നെ, മനുഷ്യവര്‍ഗ്ഗത്തെ നാശത്തിലേക്കു്‌ നയിക്കാതിരിക്കാന്‍ അതു്‌ സഹായകമാവും. എന്തായാലും ഒരുകാര്യം പറയാതെ വയ്യ: മുഴുവനും അറിഞ്ഞവനായിരുന്നു ഹേഗെലെങ്കിലും ഭാഷാപരമായ മിതവ്യയത്തിന്റെ ആവശ്യത്തെപ്പറ്റി വലിയ ഗ്രാഹ്യമുള്ളവനായിരുന്നു അദ്ദേഹം എന്നു്‌ തോന്നുന്നില്ല. ശബ്ദത്തിലും ചൂടിലും മാത്രമല്ല, ഇനെര്‍ഷ്യയും, ഗ്രാവിറ്റിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും മറ്റും പ്രഖ്യാപിച്ചുകൊണ്ടു്‌ ന്യൂട്ടന്റെ തത്വങ്ങളിലും ഹേഗെല്‍ കൈവച്ചിട്ടുണ്ടു്‌. ഹേഗെല്‍ മരിച്ചു്‌ 48 വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം മാത്രം ഐന്‍‌സ്‌റ്റൈന്‍ ജനിച്ചതു്‌ ഏതായാലും നന്നായി. ഈ ഹേഗെലിനെയാണു്‌ താന്‍ പിടിച്ചു്‌ “തലകീഴാക്കി” എന്നു്‌ കാള്‍ മാര്‍ക്സ് അവകാശപ്പെട്ടതു്‌. ഏതു്‌ ‘തലയെ’ ആണു്‌ കീഴാക്കിയതെന്നും, ആ തലയെ കീഴ്മേല്‍ മറിച്ച തല അതിനുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടിക്കാണുമെന്നും ചിന്തിച്ചാല്‍ മതി. ശാസ്ത്രമെന്തെന്നറിയാതെ ശാസ്ത്രജ്ഞരായി ചമഞ്ഞു്‌ ലോകത്തെ രക്ഷിക്കാന്‍ മത്സരഓട്ടം ഓടിയ രണ്ടു്‌ ചരിത്രപുരുഷന്മാര്‍!

വിടുവായന്‍ തവളകളെപ്പോലെ ഐഡിയോളജിക്കലായി കരയുന്നതു്‌ എത്ര എളുപ്പമാണെന്നും, അതില്‍ നിന്നുമൊക്കെ എത്രയോ മടങ്ങു്‌ പ്രയാസമേറിയതാണു്‌ പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്നും അറിയണമെങ്കില്‍ “ഒരുവന്‍/ഒരുവള്‍” ഹേഗെലിനെ വായിച്ചിരിക്കണം. അക്കാര്യത്തിനു്‌ ഹേഗെലിനെക്കാള്‍ ഒട്ടും കുറയാത്ത സഹായം മാര്‍ക്സിനും നല്‍കാന്‍ കഴിയും. അതുകൊണ്ടു്‌ “ഐഡിയോളജിക്കല്‍ കരച്ചില്‍” ആര്‍ക്കും കഴിയുന്ന ഒരു കാര്യമാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട. കഴുതകളെപ്പോലെ കരയാന്‍ തവളകള്‍ക്കാവുമോ? ചില കഴിവുകള്‍ ചില ജീവികള്‍ക്കു്‌ ഇന്‍സ്റ്റിങ്ക്റ്റീവായി ലഭിക്കുന്നതാണു്‌. ദ്വിതീയാക്ഷരപ്രാസം, ആദ്യപ്രാസം, അന്ത്യപ്രാസം, ആദിമദ്ധ്യാന്തപ്രാസം,  അത്യന്താധുനികപ്രാസം മുതലായ നിയമങ്ങള്‍ പാലിച്ചു്‌ സാഹിത്യസൃഷ്ടികള്‍ നടത്താനോ, അതല്ലെങ്കില്‍ സില്‍മകള്‍ സംവിധാനം ചെയ്യാനോ, സില്‍മയില്‍ അഭിനയിക്കാനോ, നൃത്തം ചെയ്യാനോ ഇപ്പറഞ്ഞ “ജന്മവാസനയില്‍” ഏറിയോ കുറഞ്ഞോ ഒരല്പമെങ്കിലും ഉണ്ടാവാതെ പറ്റുമെന്നു്‌ എനിക്കു്‌ തോന്നുന്നില്ല. എഴുതുന്നവരെല്ലാം ഷേക്സ്‌പിയറോ, സില്‍മാക്കാരെല്ലാം സത്യജിത്ത് റേയോ, മിമിക്രിക്കാരെല്ലാം സൂപ്പര്‍ സ്റ്റാറുകളോ ആവുന്നില്ല എന്നും നമ്മള്‍ ശ്രദ്ധിക്കുക. അതിലൊക്കെ വളരെ ഉയരത്തിലുള്ള മരങ്ങളില്‍ സ്വയം അലങ്കരിച്ചു് തൂക്കുന്നതാണു്‌ അവരില്‍ പലര്‍ക്കും കൂടുതല്‍ ഇഷ്ടമെങ്കിലും.

പണ്ടൊക്കെ, അതായതു്‌ കേരളത്തില്‍ I. R. 8-ന്റെ സ്ഥാനത്തു്‌ I. T. കൃഷി തുടങ്ങുന്നതിനുമൊക്കെ മുന്‍പു്‌, കൊയ്ത്തും പണിയുമെല്ലാം കഴിഞ്ഞു്‌ മനുഷ്യര്‍ സ്വസ്ഥമാവുന്ന കന്നിമാസത്തില്‍ ഗ്രാമപ്രദേശങ്ങളിലെ മനുഷ്യര്‍ “നിങ്ങളെന്നെ (എന്തിനിങ്ങനെ) കമ്മൂണിഷ്ടാക്കി” എന്നും മറ്റുമുള്ള നാടകങ്ങളുടെ റിഹേഴ്സലുകള്‍ നടത്താറും, കലശലായ മനംപിരട്ടല്‍ മൂലം യുവനടികളെ അധികം ദീര്‍ഘിപ്പിക്കാതെ കെട്ടിച്ചു്‌ വിടേണ്ട സാഹചര്യം ഇല്ലാതിരുന്ന അവസരങ്ങളില്‍ അവ അരങ്ങേറ്റം വരെയൊക്കെ എത്താറും ഉണ്ടായിരുന്നു. അപൂര്‍വ്വമായെങ്കിലും അവരില്‍ ചിലര്‍ “K. P. A. C.” വരെയോ, “വെള്ളിത്തിര” വരെയോ ഒക്കെ എത്തിപ്പെട്ടിരുന്നിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. പഠനവിധേയമാക്കാന്‍ കൊള്ളാവുന്ന മറ്റു്‌ ചരിത്രങ്ങളോ, സ്വതന്ത്രമായ ചരിത്രപഠനം നടത്താന്‍ യോഗ്യതയുള്ള ചരിത്രകാരന്മാരോ ഇല്ലാത്തതിനാല്‍, ഉള്ള “ചരിത്രകാരന്മാര്‍ക്കു്‌” അവരുടെ കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍, “ഉള്ളതുകൊണ്ടു്‌ ഓണം പോലെ” എന്ന നിലയില്‍, ഇതുപോലുള്ള വിഷയങ്ങള്‍ പഠനവിധേയമാക്കാവുന്നതാണു്‌. പലതരം വര്‍ണ്ണങ്ങളാലും വര്‍ണ്ണനകളാലും തമ്മില്‍ത്തമ്മില്‍ വേര്‍പെട്ടു്‌ നില്‍ക്കുന്നതും, പരസ്പരവിരുദ്ധമായതുമായ കലാസൃഷ്ടികളുടെ സമാഹാരത്തെയാണല്ലോ നമ്മള്‍ ചരിത്രം എന്നു്‌ വിശേഷിപ്പിക്കുന്നതു്‌! ഹിന്ദുവിനു്‌ ഒരു ഭാരതചരിത്രം, മുസ്ലീമിനു്‌ മറ്റൊരു ഭാരതചരിത്രം, ക്രൈസ്തവനു്‌ ഇതുരണ്ടുമല്ലാത്ത മറ്റൊന്നു്‌… അങ്ങനെ വസ്തുനിഷ്ഠമായി, നിരയനുസരിച്ചു്‌. മതങ്ങള്‍ ചരിത്രരചന തീര്‍ത്തുകഴിയുമ്പോള്‍ ജാതികള്‍ക്കു്‌ അവരുടെ വകയായുള്ള ചരിത്രരചന തുടങ്ങാം. അച്ചടിമഷി പുരട്ടിയിരിക്കുന്ന കടലാസുകളുടെ വിലപോലും ഇല്ലാത്ത തകൃതികളാണു്‌ സാഹിത്യസൃഷ്ടികള്‍ എന്ന പേരില്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയില്‍ എണ്‍പതു്‌ ശതമാനവും എന്നതിനാല്‍, ഈ രീതിയില്‍ “സാമൂഹികപ്രതിബദ്ധതയുള്ള” വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ സാമ്പത്തികമായി വന്‍വിജയം കരസ്ഥമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇനി, ഹേഗെലിന്റെ മറ്റൊരു മൊഴിമുത്തു്‌! മനസ്സിലാകാത്തതിനെ അന്ധമായി ആരാധിക്കുക എന്ന പ്രവണത മനുഷ്യവര്‍ഗ്ഗത്തിനു്‌ ജന്മസിദ്ധമായതിനാല്‍, കാണാതെ പഠിച്ചു്‌, ചായക്കട, കള്ളുഷാപ്പു്‌ മുതലായ ഇടങ്ങളില്‍ “വിദഗ്ദ്ധര്‍” തമ്മില്‍ കയ്യേറ്റത്തിലും കൊലയിലും വരെ എത്തിച്ചേരാവുന്നത്ര ആവേശത്തോടെ അരങ്ങേറുന്ന രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ചര്‍ച്ചകളില്‍ സന്ദര്‍ഭാനുസരണം ഉരുവിട്ടാല്‍ എതിര്‍പക്ഷത്തിന്റെ കണ്ണില്‍ പൊടി വാരിയെറിയുന്നതിനു്‌ തുല്യമായ ഫലം കിട്ടിക്കൂടെന്നില്ല. പഴയകാലത്തെ പൂഴിക്കടകന്‍ അടി, പുതിയകാലത്തെ ചെളി വാരിയെറിയല്‍ മുതലായവയെല്ലാം ഒരര്‍ത്ഥത്തില്‍ എതിരാളിയുടെ കണ്ണിലേക്കു്‌ മണ്ണു്‌ വാരിയെറിഞ്ഞു്‌ കണ്ണുകാണാതാക്കുക എന്ന മലയാളിത്തനിമയുള്ള അടവുകള്‍ തന്നെയാണല്ലോ.

“It is the totality which reaches its truth – the potential becomes actualized – only at the end of the process of its own teleological self-becoming. It is a result of its own development in which it gives itself its own content – Nature (the presupposition of human consciousness) – and returns from the otherness of this content through human consciousness. In other words, it becomes object to itself and comes to know itself to be this object.  It becomes self-consciously, self-thinking thought.” – Hegel

“It is the totality which reaches its truth”. അതുതന്നെയല്ലേ “The truth is the whole” എന്ന വാക്യം പറയുന്നതും? ആണെന്നു്‌ കരുതാം. മനുഷ്യനായാല്‍ എന്തെങ്കിലുമൊന്നു്‌ കരുതാതിരിക്കുന്നതെങ്ങനെ? കേരളത്തില്‍ കരുതിയിരുന്നാല്‍ത്തന്നെ മനുഷ്യനായി ജീവിക്കാന്‍ പറ്റാത്തതാണു്‌ ഇന്നത്തെ കാലം. പഴയ കാലത്തെ മനുഷ്യര്‍ നാച്ചുറല്‍ ഫിലോസഫി മുഴുവനും അറിയാനുള്ള ശ്രമമായിരുന്നു നടത്തിക്കൊണ്ടിരുന്നതു്‌. ഇത്തിരി കൊണ്ടൊന്നും അവര്‍ തൃപ്തിപ്പെട്ടിരുന്നില്ല. ഇന്നത്തെ നാച്ചുറല്‍ സയന്‍സ് ആ ഉദ്യമം ഉപേക്ഷിച്ചു. മുഴുവനും അറിയാനുള്ള ആഗ്രഹമില്ലാത്തതിനാലല്ല, അതു്‌ സാദ്ധ്യമല്ലാത്തതിനാല്‍. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നതാണു്‌ അവരുടെ രീതി. – റിഡക്ഷനിസം. ചെറിയ ചുവടുകളിലൂടെ അറിയാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെ ചേര്‍ത്തുവച്ചു്‌ മൊത്തത്തെപ്പറ്റി എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍ കഴിയുമോ എന്നറിയാനുള്ള ശ്രമം.

മനുഷ്യനു്‌ ആകെമൊത്തം ഈ ലോകത്തില്‍ ജീവിക്കാന്‍ ലഭിക്കുന്ന സമയം എഴുപതോ എണ്‍പതോ വര്‍ഷങ്ങളാണു്‌. കേരളത്തിലെ ട്രാഫിക്കില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തില്‍ ഒരു നാല്പതോ അന്‍പതോ വര്‍ഷങ്ങള്‍ വേണമെങ്കില്‍ കുറയ്ക്കാം. അതായതു്‌, അവരുടെ ജീവിതദൈര്‍ഘ്യം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ മാത്രം. ശാസ്ത്രജ്ഞര്‍ എന്നറിയപ്പെടുന്ന നശിച്ച വര്‍ഗ്ഗം അവരെക്കാള്‍ നശിച്ച ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയതിന്റെ ഫലമായി, ശാസ്ത്രീയമായി പുരോഗതി പ്രാപിച്ച സമൂഹങ്ങളില്‍ ഒരു പത്തോ ഇരുപതോ വര്‍ഷങ്ങള്‍ (സത്രീകളുടെ കാര്യത്തിലാണെങ്കില്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍) കൂട്ടുകയുമാവാം. നൂറു്‌ വയസ്സുവരെയൊക്കെ ജീവിക്കുന്ന പുരുഷന്മാരും, നൂറിനുമീതെ വയസ്സുവരെ ജീവിക്കുന്ന സ്ത്രീകളും പരിഷ്കൃതരാജ്യങ്ങളില്‍ ഇന്നൊരു അപൂര്‍വ്വതയല്ല. അങ്ങനെ, ചുരുക്കം ദശാബ്ദങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്ന മനുഷ്യര്‍ “മുഴുവന്‍ സത്യവും” മനസ്സിലാക്കിയിട്ടേ ചാകാവൂ എന്നെല്ലാം പറയുന്നതു്‌ ഇത്തിരി കടന്നകയ്യാണു്‌.

അല്ലെങ്കിലും ആയുസ്സിന്റെ കാര്യത്തില്‍ പുരുഷവര്‍ഗ്ഗം ആദിമുതലേ അവഗണിക്കപ്പെട്ടവരാണു്‌. ഉദാഹരണത്തിനു്‌, പിടകള്‍ക്കു്‌ കാലവും സമയവും നോക്കാതെ എപ്പോള്‍ വേണമെങ്കിലും മുറ്റത്തും പറമ്പിലും കൊക്കിക്കൊണ്ടു്‌ നടക്കാം. അതു്‌ ആരിലും ഒരുവിധ ചൊറിച്ചിലും ഉണ്ടാക്കാറില്ല. പക്ഷേ, പുലര്‍കാലത്തില്‍ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള പൂവന്മാരുടെ കൂവല്‍ ഒരു പത്തുമിനിട്ടു്‌ മുന്നെയോ, പത്തുമിനിട്ടു്‌ താമസിച്ചോ സംഭവിച്ചാല്‍ ആ വീട്ടില്‍ ആ പൂവനാവും അന്നത്തെ അത്താഴത്തിന്റെ കറി. കൃത്യമായി ടൈം ടേബിള്‍ പാലിക്കാന്‍ വിധിക്കപ്പെട്ടവരാണു്‌ പൊതുവേ പുരുഷവര്‍ഗ്ഗം. ഒരു പത്തുമിനിട്ടു്‌ നേരത്തെയോ, അല്ലെങ്കില്‍ പത്തുമിനിട്ടു്‌ താമസിച്ചോ ആണു്‌ ഉണര്‍ന്നതും കൂവിയതും എന്നതു്‌ വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റമായി എനിക്കു്‌ തോന്നുന്നില്ല.

അതിനെക്കാളൊക്കെ കഷ്ടം, complete truth, absolute truth എന്നൊക്കെ വിളിക്കപ്പെടുന്ന സംഗതി എന്താണെന്നു്‌ സങ്കല്പിക്കാന്‍ പോലും മനുഷ്യര്‍ക്കു്‌ കഴിയില്ല എന്നതാണു്‌. റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയുമൊക്കെ വന്നശേഷം പ്രത്യേകിച്ചും. തീര്‍ച്ചയായും, ദൈവവിശ്വാസികളും മറ്റിനം പച്ചക്കുതിരകളുമെല്ലാം (പച്ചക്കുതിര ജര്‍മ്മന്‍ ഭാഷയില്‍ ദൈവാരാധിക എന്നു്‌ അര്‍ത്ഥം വരുന്ന Gottesanbeterin എന്നാണു്‌ അറിയപ്പെടുന്നതു്‌! തികച്ചും യോഗ്യമായ ഒരു വിളിപ്പേരു്‌). കമ്പ്ലീറ്റ് ട്രൂത്ത്‌, അബ്സൊല്യൂട്ട് ട്രൂത്ത്‌ എന്നൊക്കെപ്പറഞ്ഞാല്‍ എന്തെന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണു്‌. ഇപ്പറഞ്ഞ ഏതാനും കാര്യങ്ങള്‍ മാത്രമല്ല, ഇനി ലോകാവസാനത്തോളം സകലലോകവും പറയാനിരിക്കുന്ന സര്‍വ്വമാനകാര്യങ്ങളും ദൈവം എന്ന ഒരൊറ്റ വാക്കിലേക്കു്‌ ഒതുക്കാന്‍ കഴിയുന്നവയാണെന്ന കാര്യത്തില്‍ ഒരു തരിക്കുപോലും സംശയമില്ലാത്തവര്‍! അവര്‍ക്കാണെങ്കില്‍ അതിനു്‌ സാമാന്യവിദ്യാഭ്യാസത്തിന്റെ പോലും ആവശ്യവുമില്ല. സത്യം പറയാമല്ലോ, ജനിക്കണമെങ്കില്‍ അത്തരം പച്ചക്കുതിരകളായി ജനിക്കണം! പ്രപഞ്ചത്തില്‍ ഒരു അസ്തിത്വത്തിനു്‌ ലഭിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഭാഗ്യമാണതു്‌. ജനിക്കുക, മുടങ്ങാതെ പ്രാര്‍ത്ഥിക്കുക, മുടങ്ങാതെ തിന്നുക, തിന്നുതിന്നു്‌ വീര്‍ക്കുക, കഴിയുന്നത്ര പെരുകുക,  എപ്പോഴെങ്കിലും ചാവുക, അവസാനം നിത്യസ്വര്‍ഗ്ഗത്തിലെത്തുക! അതില്‍ കൂടിയ ഒരു ഭാഗ്യമുണ്ടോ?

ഹേഗെലിന്റെയും മാര്‍ക്സിന്റെയും, എന്തിനു്‌, ഐന്‍‌സ്റ്റൈന്റെ പോലും ലോകത്തില്‍ നിന്നും ശാസ്ത്രവും  മനുഷ്യരും (ചിലരെങ്കിലും) ഇന്നു്‌ വളരെ മുന്നോട്ടുപോയി. പണ്ടു്‌ തത്വചിന്തയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന സംജ്ഞകള്‍ക്കു്‌ ഇന്നത്തെ പ്രകൃതിശാസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സംജ്ഞകളുടെ സൂക്ഷ്മതാനിലവാരം ഇല്ല എന്നതു്‌ തത്വചിന്തകര്‍ തന്നെ അംഗീകരിച്ചുകഴിഞ്ഞ കാര്യമാണു്‌. ക്ലാസിക്കല്‍ ഫിലോസഫി കൈകാര്യം ചെയ്തതു്‌ യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങളായിരുന്നില്ല, സ്യൂഡോ പ്രശ്നങ്ങളായിരുന്നു. വാസ്തവത്തില്‍ തത്വചിന്തകര്‍ ഇടപെടാന്‍ പോകരുതാത്ത മേഖലയാണതു്‌. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും ക്ലാസിക്കല്‍ ഫിലോസഫി ചോദിച്ച ചോദ്യങ്ങളും, നടത്തിയ പരിശോധനകളും അര്‍ത്ഥശൂന്യമായിരുന്നു. ക്വാണ്ടം മെക്കാനിക്സിന്റെ വരവോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. ശാസ്ത്രത്തില്‍ നിന്നും സ്പഷ്ടമായ സംജ്ഞകള്‍ പ്രതീക്ഷിക്കുന്ന തത്വചിന്തകരെ അതിലെ കോമ്പ്ലിമെന്റാരിറ്റി, അണ്‍സെര്‍ട്ടെന്റി റിലേഷന്‍, ഇന്റെര്‍ഫെറെന്‍സ് പ്രോബബിലിറ്റി മുതലായവയെല്ലാം നിരുത്സാഹപ്പെടുത്തിയാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. നീല്‍സ് ബോര്‍ പറയുന്നു: “ഒരു വസ്തുത സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയുമ്പോഴും, അതിനെപ്പറ്റി സാദൃശ്യങ്ങളും ഉപമകളും വഴി മാത്രം സംസാരിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു്‌ ക്വാണ്ടം തിയറി. തരംഗവും കണവും ക്ലാസിക്കല്‍ സംജ്ഞകളാണെങ്കിലും ഇവിടെ അവ കോമ്പ്ലിമെന്ററി ആയതിനാല്‍ യഥാര്‍ത്ഥ ലോകവുമായി ചേര്‍ന്നുപോകാന്‍ കഴിയാത്തവിധം പരസ്പരവിരുദ്ധമായി നിലകൊള്ളുന്നവയാണു്‌. എങ്കിലും, ഒരു വസ്തുതയുടെ വിവരണത്തിനു്‌ നമുക്കു്‌ സ്വാഭാവികഭാഷയുടെ പരിധിക്കുള്ളില്‍ നില്‍ക്കേണ്ടതുള്ളതിനാല്‍, സാദൃശ്യങ്ങളും ഉപമകളും വഴി മാത്രമേ ഈ വസ്തുതയെ നമുക്കു്‌ സമീപിക്കാന്‍ കഴിയൂ”.

പതിനേഴാം നൂറ്റാണ്ടോടെ മാത്രമാണു്‌ ചുരുങ്ങിയപക്ഷം യൂറോപ്പിലെങ്കിലും മനുഷ്യര്‍ അഥോറിറ്റികളില്‍ നിന്നും സ്വതന്ത്രമായി അനുഭവജ്ഞാനത്തിലേക്കു്‌, അല്ലെങ്കില്‍, പരീക്ഷണങ്ങള്‍ വഴി വിശദാംശങ്ങള്‍ വെരിഫൈ ചെയ്തു്‌ അനുഭവജ്ഞാനം സ്ഥിരീകരിക്കുന്ന രീതിയിലേക്കു്‌ പുരോഗമിച്ചതു്‌. അതുവരെ അറിവു്‌ എന്നതു്‌ ആകമാനതയെപ്പറ്റി പൊതുവായുള്ള ചില വിവരങ്ങള്‍ മാത്രമായിരുന്നു. അതിനു്‌ മനുഷ്യര്‍ ആശ്രയിച്ചിരുന്നതു്‌ പ്ലേറ്റോ, അരിസ്റ്റോട്ടില്‍ മുതലായവരുടെ ചിന്തകളെയോ ക്രൈസ്തവസഭയുടെ ഡോക്ട്രിനുകളെയോ ആയിരുന്നു. അക്കാലത്തു്‌ അനുഭവലോകത്തിലെ ചെറിയ ചെറിയ കാര്യങ്ങളും അവയുടെ വിശദാംശങ്ങളുമൊന്നും മനുഷ്യരെ അധികം അലട്ടിയിരുന്നില്ല. അതിനെല്ലാം “ജ്ഞാനികളായ” മന്ത്രവാദികള്‍ നല്‍കുന്ന വിശദീകരണങ്ങള്‍കൊണ്ടു്‌ മനുഷ്യര്‍ സംതൃപ്തരായിരുന്നു. അതിന്റെ ഫലമായി ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും അന്ധവിശ്വാസം പെരുകുകയും, വലിയ കാര്യങ്ങളില്‍ ഒരു ചുവടുപോലും മുന്നോട്ടു്‌ പോകാന്‍ കഴിയാതിരിക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍, ആകാശത്തിലേപ്പോലെ ഭൂമിയിലും എന്ന രീതിയില്‍ “നന്മതിന്മകള്‍ക്കപ്പുറത്തുള്ള” ഏതോ ലോകത്തെ സ്വപ്നം കണ്ടുകൊണ്ടു്‌ ജീവിച്ചു്‌ മരിക്കുക എന്നതിനു്‌ അപ്പുറം എത്തുന്നതായിരുന്നില്ല അന്നത്തെ മനുഷ്യജീവിതം.

ഒരു കരിവണ്ടിനെ അര്‍ദ്ധരാത്രിയില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ മേശപ്പുറത്തു്‌ ചോക്കുകൊണ്ടു്‌ വരച്ച ഒരു വൃത്തത്തിന്റെ നടുക്കു്‌ വച്ചാല്‍, അതിനു്‌ ആ വൃത്തത്തിനു്‌ പുറത്തുകടക്കാന്‍ സാധിക്കുകയില്ല എന്നൊരു വിശ്വാസം പഴയ കാലത്തുണ്ടായിരുന്നു. ഒരിക്കല്‍ നിര്‍ദ്ദിഷ്ടമായ എല്ലാ കണ്ഡീഷനുകളും പാലിച്ചുകൊണ്ടു്‌ വൃത്തത്തിനു്‌ നടുവില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു വണ്ടു്‌ ഒന്നും സംഭവിച്ചിട്ടില്ല എന്നപോലെ (സ്വാഭാവികമായും) വൃത്തത്തിനു്‌ പുറത്തിറങ്ങി അതിന്റെ പാട്ടിനുപോയതോടെ ആ വിശ്വാസം അവസാനിച്ചു. ഇതു്‌ പതിനേഴാം നൂറ്റാണ്ടിലെ ലണ്ഡനില്‍ സംഭവിച്ചതാണു്‌. എങ്കിലും, മഴ പെയ്യിക്കാനായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും യാഗവും ഹോമവുമൊക്കെ നടത്തുന്ന ചില രാജ്യങ്ങളുണ്ടു്‌! അവിടങ്ങളില്‍ മേശപ്പുറത്തു്‌ വരച്ച വൃത്തത്തിന്റെ നടുവില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രതിഷ്ഠിക്കപ്പെടുന്ന കരിവണ്ടുകള്‍ പ്രതിമയെപ്പോലെ ഇരുത്തിയിടത്തു്‌ ഇരിക്കാറാണു്‌ പതിവെന്നും കേള്‍ക്കുന്നു. അത്തരം രാജ്യങ്ങളില്‍ വണ്ടും, മനുഷ്യരും, കല്ലും, തടിയുമൊക്കെ ഒരുപോലെയാണു്‌ – നിന്നിടത്തുനിന്നും ഒരു ചുവടുപോലും അനങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന യാഥാസ്ഥിതികത്വമാണു്‌ അവയുടെ മുഖമുദ്ര! ഇരുത്തിയാല്‍ ഇരുത്തിയിടത്തു്‌ ഇരിക്കുന്ന, കിടത്തിയാല്‍ കിടത്തിയിടത്തു്‌ കിടക്കുന്ന തരം യാഥാസ്ഥിതികത്വം.

“ഒരുവന്‍ /ഒരുവള്‍” എന്നു്‌ മുകളില്‍ പ്രത്യേകം എടുത്തുപറയേണ്ടിവന്നതുകൊണ്ടു്‌ ഒരു വിശദീകരണം: സ്ത്രീപുരുഷസമത്വത്തില്‍ ഭാഗികമായി മാത്രം വിശ്വസിക്കുന്നവനാണു്‌ ഞാന്‍. അതു്‌ ഇതില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗം ഇത്തിരി ഉയര്‍ന്നതാണെന്നോ, മറ്റേ വര്‍ഗ്ഗം അതിലുമിത്തിരി താഴ്ന്നതാണെന്നോ ഉള്ള ചിന്തയുടെ പേരിലല്ല, പൂര്‍ണ്ണമായ സ്ത്രീപുരുഷസമത്വം മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടുചെന്നു്‌ എത്തിച്ചേക്കാവുന്ന സ്വയം നശീകരണത്തിനു്‌ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ ശാസ്ത്രത്തിനു്‌ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതിന്റെ പേരില്‍ മാത്രം. വിദ്യാഭ്യാസത്തിനും തൊഴിലിനും തുല്യ അവസരങ്ങള്‍, തുല്യജോലിക്കു്‌ തുല്യകൂലി മുതലായ കാര്യങ്ങള്‍ ജാതി, മത, ലിംഗഭേദമെന്യേ മനുഷ്യവര്‍ഗ്ഗത്തിനു്‌ പൊതുവായി ബാധകമായിരിക്കേണ്ട ജന്മാവകാശങ്ങള്‍ ആയിരിക്കണം എന്നാണെന്റെ അഭിപ്രായം. ഇന്ന ജോലി ഇന്ന വിഭാഗമേ ചെയ്യാവൂ എന്നൊരു നിര്‍ബന്ധത്തിന്റെ പോലും ആവശ്യമില്ല എന്നുംകൂടി പറയാന്‍ കഴിഞ്ഞിരുങ്കില്‍ അതായിരുന്നേനെ എനിക്കു്‌ കൂടുതല്‍ ഇഷ്ടം. പക്ഷേ, ചില വിഷയങ്ങളില്‍ (പുരുഷവര്‍ഗ്ഗത്തെ എങ്ങനെ പ്രസവശേഷിയുള്ള ജീവികളാക്കി മാറ്റാം എന്ന പോലുള്ളവ) ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്താന്‍ ശാസ്ത്രത്തിനു്‌ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്കു്‌, ഈ രണ്ടു്‌ വര്‍ഗ്ഗങ്ങളുടെയും ശരീരങ്ങള്‍ തമ്മില്‍ കാലാകാലങ്ങളായി നിലവിലിരിക്കുന്ന പ്രസക്തമായ ചില വ്യത്യാസങ്ങള്‍ക്കു്‌ കാര്യമായ മാറ്റമൊന്നും സംഭവിക്കാത്തവിധത്തില്‍ തട്ടിക്കൂട്ടാവുന്ന സ്ത്രീപുരുഷസമത്വംകൊണ്ടു്‌ തൃപ്തിപ്പെടുക എന്നതല്ലാതെ തത്കാലം മറ്റു്‌ നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല. സാങ്കേതികമായ ഇത്തരം പ്രശ്നങ്ങള്‍ക്കു്‌ ഒരു കാലത്തു്‌ അനുയോജ്യമായ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പക്ഷം അന്നു്‌ സ്ത്രീപുരുഷസമത്വത്തിലെ ഈ “ഭാഗികത” ഒഴിവാക്കുന്നതിനോടു്‌ എനിക്കു്‌ വിയോജിപ്പുമില്ല. വിയോജിക്കാന്‍, ഇതിപ്പോള്‍ വൈരുദ്ധ്യത്തില്‍ അധിഷ്ഠിതമായ ഭൗതികവാദം പോലെ, തൊടാനും തീണ്ടാനുമൊന്നും അനുവാദമില്ലാത്ത ഒരു “സയന്റിഫിക്” തിയറിയോ, മരണാനന്തരജീവിതം പോലെ, ലോകാവസാനം വരെ ഇടിച്ചാലും കടിച്ചാലും പൊട്ടാത്ത ഒരു വിശ്വാസസത്യമോ ഒന്നുമല്ലല്ലോ.

 
Comments Off on ഹേഗെലും ചില ‘ഐഡിയ’കളും

Posted by on Jul 22, 2013 in പലവക

 

Tags: , , , , ,

പിന്നോട്ടൊഴുകാത്ത സമയനദി

“സമയമാം നദി പുറകോട്ടൊഴുകി
സ്മരണതന്‍ പൂവണിത്താഴ്വരയില്‍
സംഭവമലരുകള്‍ വിരിഞ്ഞുവീണ്ടും …”

പക്ഷേ, സമയമാകുന്ന നദി പുറകോട്ടൊഴുകിയാണു്‌ താന്‍ സ്മരണയുടെ താഴ്വരയില്‍ എത്തി, ഭൂതകാലസംഭവങ്ങള്‍ മലരുകളായി വിരിയുന്നതു്‌ ദര്‍ശിച്ചതെന്ന ആ നായികയുടെ അഭിപ്രായം, ഫിസിക്സിന്റെ കാഴ്ചപ്പാടില്‍, നിഷേധിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. സ്വന്തം ഓര്‍മ്മയുടെ അലമാരയില്‍ നിന്നും ചില പഴയ “പുസ്തകങ്ങള്‍” എടുത്തു്‌ മറിച്ചുനോക്കുക മാത്രമാണു്‌ ഇവിടെ ആ നായിക ചെയ്യുന്നതു്‌. അല്ലാതെ, അതു്‌ സമയത്തിലൂടെ പിന്നോട്ടുള്ള അവളുടെ ഒരു യാത്രയല്ല. ചിന്തകളിലൂടെ ഭൂതകാലത്തില്‍ എത്തുന്നതുവഴി ഭൗതികമായി അവളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയോ, അവള്‍ അന്നത്തെ വ്യക്തി ആവുകയോ ചെയ്യുന്നില്ല.

ഇതുപോലെതന്നെയാണു്‌ ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ “ടൈം ട്രാവലും”. അവിടെയും സമയം പിന്നോട്ടു്‌ സഞ്ചരിക്കുന്നില്ല. സംഭവിക്കുന്നതു്‌, ഒന്നോ ഒന്നിലധികമോ മനുഷ്യര്‍, അവര്‍ സ്പെയ്സിന്റെ ഭാഗം ആയിരിക്കുമ്പോള്‍ തന്നെ, ബാക്കി സ്പെയ്സില്‍ നിന്നും വേര്‍പെട്ടു്‌ അവരുടെ ചുറ്റുപാടുകളുടെ ഭൂതകാലത്തില്‍ എത്തിച്ചേരുക മാത്രമാണു്‌. അതുവഴി, യഥാര്‍ത്ഥത്തില്‍ അവരോ മറ്റുള്ള ആരെങ്കിലുമോ സമയത്തിലൂടെ പിന്നോട്ടു്‌ യാത്ര ചെയ്യുന്നില്ല. ഭൂതകാലത്തിലേക്കുള്ള യാത്ര അവരുടെ പ്രായത്തിനേക്കാള്‍ ദൈര്‍ഘ്യമേറിയതായാലും അവര്‍ ഇല്ലാതാവുന്നില്ല, ഭൂതകാലത്തില്‍ എത്തിയശേഷവും സമയത്തിന്റെ ഗതി അവര്‍ക്കും മുന്നോട്ടുതന്നെയാണു്‌, അവിടെയെത്തുന്നതുവഴി ഭാവികാലത്തിന്റെ ഒരു ഭാഗമായി മാറുന്ന അവരുടെ ഓര്‍മ്മയും അവര്‍ക്കു്‌ നഷ്ടപ്പെടുന്നില്ല മുതലായ വസ്തുതകള്‍ അവിടെ സമയത്തിന്റെ ദിശയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതിനു്‌ തെളിവാണു്‌. സിനിമയിലെ ടൈം ട്രാവലും, സമയത്തിലൂടെ പുറകോട്ടുള്ള സഞ്ചാരം എന്ന അര്‍ത്ഥത്തിലെ ശാസ്ത്രീയമായ ടൈം ട്രാവലും രണ്ടും രണ്ടാണെന്നു്‌ സാരം.

“സമയമാം നദി പുറകോട്ടൊഴുകി” എന്ന നായികയുടെ പാട്ടില്‍ തന്നെ സമയത്തിന്റെ പുറകോട്ടുള്ള ഒഴുക്കു്‌ എന്തുകൊണ്ടു്‌ സാദ്ധ്യമാവുന്നില്ല എന്നതിന്റെ വിശദീകരണമുണ്ടു്‌. ഒഴുക്കു്‌ എന്നതു്‌ ഒരു ചലനമാണു്‌. ഒരു നിശ്ചിതസമയത്തിനുള്ളില്‍ സ്പെയ്സില്‍ സംഭവിക്കുന്ന സ്ഥാനവ്യതിയാനമാണു്‌ ചലനം. അതു്‌ സംഭവിക്കുന്നതു്‌ സ്പെയ്സിലോ സമയത്തിലോ മാത്രമായല്ല, സ്പെയ്സ്-ടൈം എന്ന ഏകതയിലാണു്‌. സമയത്തെ ഒഴിവാക്കിക്കൊണ്ടു്‌ സ്പെയ്സിലൂടെ മാത്രമുള്ള ഒരു ചലനത്തിനും, സ്പെയ്സിനെ ഒഴിവാക്കിക്കൊണ്ടു്‌ സമയത്തിലൂടെ മാത്രമുള്ള ഒരു ചലനത്തിനും യാതൊരു അര്‍ത്ഥവുമില്ല. ദിശയില്ലാത്ത ഒരു സമയത്തിനു്‌ നല്‍കേണ്ടിവരുന്ന വില ചലനമില്ലാത്ത ഒരു ലോകമായിരിക്കും. ചലനത്തില്‍ നിന്നും അബ്സ്ട്റാക്റ്റ് ചെയ്തെടുക്കപ്പെടുന്ന സമയം എന്നതു്‌ റിജിഡ് ആയ ഒരു പരാമീറ്റര്‍ അല്ല, മാറ്റങ്ങളും ചലനവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഫോം മാത്രമാണു്‌.

വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തില്‍ “മുന്നോട്ടു്‌” ഒഴുകുന്ന സമയം, പ്രപഞ്ചത്തിന്റെ വികാസം എന്നെങ്കിലും അവസാനിക്കുകയും, അതിനുശേഷം സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു എന്നു്‌ സങ്കല്പിച്ചാല്‍, അപ്പോള്‍ “പിന്നോട്ടു്‌” ഒഴുകേണ്ടതല്ലേ എന്നൊരു ആശയം 1958-ല്‍ തന്നെ തോമസ് ഗോള്‍ഡ് എന്ന ആസ്റ്റ്റോഫിസിസിസ്റ്റ് മുന്നോട്ടു്‌ വച്ചിരുന്നു. ക്വാണ്ടം ഗ്രാവിറ്റേഷന്റെ ഈ വിഷയത്തിലെ പഠനങ്ങള്‍ പൂര്‍ണ്ണമല്ല എന്നതിനാല്‍, സമയത്തിന്റെ അതുപോലൊരു പിന്നോട്ടൊഴുക്കിനുള്ള ഒരു ചെറിയ സാദ്ധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ സാദ്ധ്യതയുള്ളതു്‌, അങ്ങനെ അല്ലാതിരിക്കാനാണു്‌. അതു്‌ നമ്മള്‍ സ്വീകരിക്കുന്ന ഗണിതശാസ്ത്രപരമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇല്യൂഷന്‍ ആവാനാണു്‌ സാദ്ധ്യത. ഉദാഹരണത്തിനു്‌, നമ്മള്‍ ഭൂമദ്ധ്യരേഖയില്‍ നിന്നും ഉത്തരധ്രുവത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്നു എന്നു്‌ കരുതിയാല്‍, ലാറ്റിറ്റ്യൂഡ് കൂടിക്കൂടിവന്നു്‌, അവസാനം ഉത്തരധ്രുവം കടന്നുകഴിയുമ്പോള്‍ വീണ്ടും കുറയാന്‍ തുടങ്ങുന്നു. അതിനര്‍ത്ഥം നമ്മള്‍ പഴയവഴിയേ പിന്നോട്ടു്‌ മടങ്ങുന്നു എന്നല്ലല്ലോ. ധ്രുവബിന്ദു കടന്നശേഷം നമ്മള്‍ സഞ്ചരിക്കുന്ന മറുപുറത്തെ ലോന്‍ജിറ്റ്യൂഡ് മറ്റൊന്നായിരിക്കുമല്ലോ. പ്രപഞ്ചം ഒരിക്കല്‍ ഒരു സങ്കോചാവസ്ഥക്കു്‌  വിധേയമാകുന്നുവെങ്കില്‍ അപ്പോള്‍ സമയം പിന്നോട്ടായിരിക്കും ഒഴുകുക എന്നതിനെ ന്യായീകരിക്കാന്‍ പറ്റിയ കാരണമൊന്നും തത്കാലമില്ലെന്നു്‌ ചുരുക്കം.

ഗണിതശാസ്ത്രപരവും ഭൗതികവുമായ സമയങ്ങള്‍ തമ്മില്‍ തിരിച്ചറിയേണ്ടതുണ്ടു്‌. ഗണിതശാസ്ത്രപരമായ സമയം ഐഡിയലൈസ്ഡ് ആണു്‌. അതുപോലൊരു സമയം വീക്ഷിക്കപ്പെടുന്നില്ല. അതിനു്‌ പകരം നമ്മള്‍ കാണുന്നതു്‌ ദ്രവ്യങ്ങളുടെ കോണ്‍ഫിഗറേഷനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മാത്രമാണു്‌ – ഭൂമിയുമായുള്ള സൂര്യന്റെ ആപേക്ഷികനില, വാച്ചിന്റെ സൂചികളും ഡയലും തമ്മിലുള്ള ആപേക്ഷികസ്ഥാനങ്ങള്‍ മുതലായവ. അന്യദ്രവ്യങ്ങളുടെ സ്വാധീനം എത്രമാത്രം കുറഞ്ഞിരിക്കുന്നുവോ, അത്രയും കൂടുതലായിരിക്കും അത്തരം സമയമാപിനികളുടെ ക്വാളിറ്റി. പ്രപഞ്ചാരംഭം പോലെ ഉയര്‍ന്ന സാന്ദ്രത നിലവിലിരിക്കുന്ന സാഹചര്യങ്ങളില്‍ ദ്രവ്യഘടകങ്ങളുടെ സ്വാധീനം അതിശക്തമായിരിക്കും എന്നതിനാല്‍, അവിടെ സമയമാപിനികളായി പ്രപഞ്ചത്തിന്റെ വ്യാപ്തം പോലുള്ള കോസ്മൊളോജിക്കല്‍ അളവുകള്‍ ഉപയോഗിക്കേണ്ടിവരുന്നു.

ഗണിതശാസ്ത്രപരമായ സമയത്തില്‍ നിന്നും വ്യത്യസ്തമാണു്‌ ഭൗതികമായ, അനുഭവവേദ്യമായ സമയം. രണ്ടാമത്തേതു്‌ മനുഷ്യന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ടതാണെങ്കില്‍, ആദ്യത്തേതു്‌ അതുപോലൊരു ബന്ധം ഇല്ലാത്തവിധം പ്രകൃതിയെ വിശദീകരിക്കാനുള്ളതാണു്‌. വ്യക്തിനിഷ്ഠമായി സമയത്തിന്റെ വേഗതയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാമെങ്കിലും, പിടിച്ചുനിര്‍ത്താനാവാതെ അനുസ്യൂതം “മുന്നോട്ടു്‌” പോയിക്കൊണ്ടിരിക്കുന്ന ഒരു ക്വാണ്ടിറ്റി ആണു്‌ സമയം. ഭൂതകാലത്തെപ്പറ്റി സ്മരിക്കാനും, ഭാവികാലത്തെപ്പറ്റി ചിന്തിക്കാനും ഓര്‍മ്മ എന്ന പ്രതിഭാസമാണു്‌ കാരണമാവുന്നതു്‌. പഴക്കം കുറഞ്ഞ അനുഭവങ്ങള്‍, പഴക്കം കൂടിയ അനുഭവങ്ങളുടെ ഭാവികാലം എന്ന രീതിയില്‍ ഓര്‍മ്മയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. അപ്രസക്തമായ ചില സംഭവങ്ങള്‍ പോലും, നേരിട്ടുള്ള പരിണതഫലം മൂലം, ഈ പ്രക്രിയയില്‍ കാര്യകാരണബന്ധം ഉണ്ടായാലെന്നപോലെയാണു്‌ തിരിച്ചറിയപ്പെടുന്നതു്‌. അതുവഴി, വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ക്കും അതുപോലുള്ള പരിണതഫലങ്ങള്‍ മനുഷ്യര്‍ പ്രതീക്ഷിക്കുന്നു. അനുഭവവേദ്യമായ സമയത്തിനു്‌ എന്റ്റോപ്പിയുടെ അടിസ്ഥാനത്തിലും ഒരു വിശദീകരണം നല്‍കാനാവും. പക്ഷേ അതു്‌ ഈ കുറിപ്പിന്റെ പരിധിയെ ഭേദിക്കുമെന്നതിനാല്‍ ഇവിടെ ഒഴിവാക്കുന്നു.

റിലേറ്റിവിറ്റിക്കു്‌ ശേഷം സ്പെയ്സ്, ടൈം എന്നിവ വ്യത്യസ്തമായ മൂല്യങ്ങളല്ലെന്നും, പരസ്പരം ബന്ധപ്പെട്ടു്‌ കിടക്കുന്നവയും, രൂപാന്തരം സംഭവിക്കാവുന്നവയും ആണെന്നും മനുഷ്യര്‍ മനസ്സിലാക്കി. എങ്കിലും സ്ഥലവും കാലവും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയാണു്‌. സ്ഥലവും കാലവും ഒരുപോലെ പെരുമാറുന്നവ ആയിരുന്നെങ്കില്‍ സമയത്തിലൂടെ പുറകോട്ടു്‌ സഞ്ചരിച്ചു്‌ ഭൂതകാലത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയോ, കളഞ്ഞുപോയ ചാന്‍സുകള്‍ ഉപയോഗപ്പെടുത്തുകയോ ഒക്കെ ചെയ്യാമായിരുന്നു. സമയസഞ്ചാരം ദൈവങ്ങള്‍ക്കും സാദ്ധ്യമല്ലെന്നു്‌ തോന്നുന്നു. അവര്‍ക്കു്‌ ടൈം ട്രാവല്‍ സാദ്ധ്യമാവുമായിരുന്നെങ്കില്‍ ഏതെല്ലാം ദൈവങ്ങള്‍ക്കു്‌ ഭൂതകാലത്തിലേക്കു്‌ യാത്രചെയ്തു്‌ പഴയ നല്ല  ലോകത്തില്‍ എത്തിയശേഷം വേണ്ട തിരുത്തിക്കുറിക്കലുകളൊക്കെ നടത്തി അവരവരുടെ ലോകത്തെ പുതിയൊരു തുടക്കത്തിനു്‌ യോഗ്യതയുള്ളതാക്കി മാറ്റിയെടുക്കാനാവുമായിരുന്നില്ല? പക്ഷേ, ഭാവിലോകവും (മരണാനന്തര ലോകമാണു്‌ കൂടുതല്‍ പഥ്യം) അതിലെ മനുഷ്യരെ പ്രലോഭിപ്പിക്കാന്‍ പോന്ന വാഗ്ദാനങ്ങളും, ഭയപ്പെടുത്താന്‍ മതിയായ ഭീഷണികളുമൊക്കെയല്ലാതെ, ദൈവികമായ സര്‍വ്വശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ മറ്റു്‌ പ്രവര്‍ത്തനമേഖലകളൊന്നും ദൈവങ്ങള്‍ക്കും കൈമുതലായില്ല എന്നതാണു്‌ സത്യം.

അവലംബം: ബിഗ്-ബാംഗിനും പുറകിലേക്കു്‌ – മാര്‍ട്ടിന്‍ ബോയോവാള്‍ഡ്

 
2 Comments

Posted by on Aug 21, 2012 in ശാസ്ത്രം

 

Tags: , ,

വെളുത്ത വാമനനും ചുവന്ന രാക്ഷസനും (White dwarf and Red giant)

“ശാസ്ത്രനിലാവില്‍ ഗീത” എന്ന തലക്കെട്ടില്‍ 16.10.2011-ലെ വാരാന്ത്യകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ഇന്റര്‍വ്യൂവില്‍ ശ്രീ സി. രാധാകൃഷ്ണന്‍ പ്രകടിപ്പിച്ച പല അഭിപ്രായങ്ങളുടെയും ശാസ്ത്രീയമായ അടിസ്ഥാനരാഹിത്യം കുറച്ചുനാള്‍ മുന്‍പു്‌ നാലു്‌ ലേഖനങ്ങളിലൂടെ വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. “ആപേക്ഷികതാസിദ്ധാന്തം ന്യൂക്ലിയര്‍ സ്കെയിലില്‍ മൈക്രോസ്കോപ്പിക് ആയി അളക്കാന്‍ ആവില്ല. ക്വാണ്ടം മെക്കാനിക്സില്‍ മാക്രോസ്കോപ്പിക് അളവുകളും സാദ്ധ്യമല്ല” എന്നൊരഭിപ്രായവും ശ്രീ രാധാകൃഷ്ണന്‍ തന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അളവായാലും തൂക്കമായാലും, മൈക്രോസ്കോപ്പിക് ലോകവും മാക്രോസ്കോപ്പിക് ലോകവും പരസ്പരം എത്രമാത്രം ബന്ധപ്പെട്ടു്‌ കിടക്കുന്നു എന്നു്‌ സൂചിപ്പിക്കുകയാണു്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം.

ആദിസ്ഫോടനത്തിനുശേഷം വികസിക്കാനും തണുക്കാനും ആരംഭിച്ച പ്രപഞ്ചം അനുയോജ്യമായ ഊഷ്മാവില്‍ എത്തിയപ്പോള്‍ ന്യൂക്ലിയര്‍ സിന്തെസിസ് വഴി രൂപമെടുത്ത, “സ്റ്റേബിള്‍” എന്നു്‌ കഷ്ടിച്ചു്‌ വിശേഷിപ്പിക്കാവുന്ന ഹൈഡ്രജനായിരുന്നു ദ്രവ്യത്തിന്റെ ആദ്യരൂപം. പ്രപഞ്ചം പൂര്‍ണ്ണമായും ഹോമോജീനിയസ് അല്ലാതിരുന്നതിനാല്‍ അവിടവിടെയായി ഹൈഡ്രജന്‍ ധൂമപടലങ്ങള്‍ കേന്ദ്രീകരിക്കപ്പെടുകയും, അവയില്‍ അതുവഴി സംജാതമായ ഗ്രാവിറ്റേഷന്‍ മൂലം കൂടുതല്‍ കൂടുതല്‍ കണികകള്‍ അങ്ങോട്ടേയ്ക്കു്‌ ആകര്‍ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രക്രിയ അനവരതം തുടര്‍ന്നതിന്റെ ഫലമായി ദ്രവ്യത്തിന്റെ അളവും, ഹൈഡ്രജന്‍ ധൂമപടലത്തിന്റെ സാന്ദ്രതയും, ഗ്രാവിറ്റേഷന്റെ ശക്തിയും സ്വാഭാവികമായും പെരുകിക്കൊണ്ടിരുന്നു. അണുകേന്ദ്രത്തിലെ പോസിറ്റീവ് ഇലക്ട്രിക് ചാര്‍ജ്ജുള്ള പ്രോട്ടോണുകളുടെ വികര്‍ഷണശക്തിമൂലമുള്ള പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ ഈ പ്രക്രിയ അനിയന്ത്രിതമായി തുടരാന്‍ ഗ്രാവിറ്റേഷന്റെ പക്ഷത്തുനിന്നും തടസ്സമൊന്നും ഉണ്ടായിരുന്നില്ല. ആണവതലത്തിലെ (മൈക്രോസ്കോപ്പിക് തലത്തിലെ) കണങ്ങളുടെ വികര്‍ഷണശക്തിയെ കീഴ്പ്പെടുത്താന്‍ ഗ്രാവിറ്റേഷണല്‍ ഫോഴ്സിനു്‌ കഴിയാത്തവിധം നിലവിലിരിക്കുന്ന ഈ സംതുലിതാവസ്ഥയാണു്‌ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളുടെ നിലനില്‍പു്‌ സാദ്ധ്യമാക്കുന്നതു്‌. പക്ഷേ, ഗ്രഹങ്ങളില്‍ ഹൈഡ്രജന്‍ മാത്രമല്ല മറ്റു്‌ മൂലകങ്ങളും ഈ ശക്തിമത്സരത്തില്‍ പങ്കാളികളാവുന്നു. ഒരു അണുകേന്ദ്രത്തെയും അതിനെ ചുറ്റുന്ന ഇലക്ട്രോണുകളെയും ഏകദേശം ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന പന്തിനോടും അതിനെ സ്റ്റേഡിയത്തിന്റെ അതിരിലൂടെ ചുറ്റുന്ന ധാന്യമണികളോടും താരതമ്യം ചെയ്യാമെന്നതിനാല്‍, ഒരു മൂലകത്തിന്റെ ഭീമമായ പങ്കും ശൂന്യസ്ഥലമാണെന്നു്‌ പറയുന്നതില്‍ തെറ്റില്ല. അതിനാല്‍, കേന്ദ്രത്തിലേക്കു്‌ ഗ്രാവിറ്റേഷന്‍ മൂലം തള്ളിക്കയറി പിണ്ഡം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ദ്രവ്യത്തിന്റെ അഭാവവും ഈ സംതുലിതാവസ്ഥയെ തകര്‍ച്ചയില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

അതേസമയം, പ്രപഞ്ചത്തില്‍ സാന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഹൈഡ്രജന്‍ ധൂമപടലങ്ങളുടെ ചുറ്റുപാടുകളില്‍ ധാരാളം കണികകള്‍ ലഭ്യമായിരുന്നു എന്നതിനാല്‍, ഗ്രാവിറ്റേഷന്‍ വഴി പിണ്ഡവും സാന്ദ്രതയും തുടര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു – അതിനൊപ്പം ഗ്രാവിറ്റേഷനും! സാന്ദ്രത കൂടുന്നതിനനുസരിച്ചു്‌ ഹൈഡ്രജന്റെ ന്യൂക്ലിയസിലെ കണികകള്‍ തമ്മിലുള്ള അകലം കുറയുകയും, അതു്‌ കണികകള്‍ (രണ്ടു്‌ പ്രോട്ടോണുകള്‍) തമ്മില്‍ വളരെ അടുത്തു്‌ വരാന്‍ കാരണമാവുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അറ്റോമിക്  റിയാക്ഷന്‍ വഴി ആ പ്രോട്ടോണുകളിലൊന്നു്‌ ഒരു ന്യൂട്രോണും, ഇലക്ട്രോണിന്റെ ആന്റിപാര്‍ട്ടിക്കിള്‍ ആയ പോസിട്രോണും, ഒരു ന്യൂട്രീനൊയും ആയി രൂപാന്തരപ്പെടുന്നു. ഈ ന്യൂട്രോണ്‍ അവശേഷിക്കുന്ന പ്രോട്ടോണും ഹൈഡ്രജന്റെ ഷെല്ലുകളില്‍ ഉണ്ടായിരുന്ന രണ്ടു്‌ ഇലക്ട്രോണുകളില്‍ ഒന്നുമായി സംയോജിച്ചു്‌ ഒരു ഡ്യുറ്റീറിയം ആറ്റത്തിനു്‌ ജന്മം നല്‍കുന്നു. പോസിട്രോണ്‍ രണ്ടാമത്തെ ഇലക്ട്രോണുമായി ചേര്‍ന്നു്‌ നശിക്കുന്നു. ന്യൂട്രീനൊ പതിവുപോലെ രൂപമെടുത്ത ഉടനെതന്നെ സംഭവസ്ഥലം വിട്ടുപോകുന്നു. ഇതിനെല്ലാമുപരിയായി ഈ റിയാക്ഷന്‍ വഴി എനര്‍ജിയും സ്വതന്ത്രമാവുന്നു. ഈ എനര്‍ജിയാണു്‌ മിക്കവാറും എല്ലാ നക്ഷത്രങ്ങളുടെയും പ്രകാശമടക്കമുള്ള റേഡിയേഷനു്‌ കാരണമാവുന്നതു്‌.

ഗ്രാവിറ്റേഷന്റെ ശക്തി പിന്നെയും മുന്നിട്ടു്‌ നില്‍ക്കുമ്പോള്‍ ഡ്യുറ്റീറിയവും അവശേഷിക്കുന്ന ഹൈഡ്രജനും തമ്മില്‍ വീണ്ടും കൂടുതല്‍ അടുത്തുവരാന്‍ ഇടയാവുകയും അതു്‌ മറ്റൊരു അറ്റോമിക് റിയാക്ഷനു്‌ കാരണമാവുകയും ചെയ്യുന്നു. അതിന്റെ ഫലമായി, ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഒരു ഇലക്ട്രോണുമുള്ള ഡ്യുറ്റീറിയത്തിന്റെ രണ്ടു്‌ കണങ്ങള്‍ ചേര്‍ന്നു്‌ രണ്ടു്‌ പ്രോട്ടോണുകളും, ഒന്നോ രണ്ടോ ന്യൂട്രോണുകളും രണ്ടു്‌ ഇലക്ട്രോണുകളുമുള്ള ഒരു ഹീലിയം ആറ്റം രൂപമെടുക്കുന്നു. മാത്രവുമല്ല, അതുവഴി ഡ്യുറ്റീറിയം ഫൊര്‍മേഷനിലേതിനേക്കാള്‍ കൂടുതല്‍ എനര്‍ജിയും സ്വതന്ത്രമാവുന്നു. ഈ എനര്‍ജി വഴി നക്ഷത്രത്തിന്റെ ഉള്ളിലെ ഊഷ്മാവും മര്‍ദ്ദവും വര്‍ദ്ധിക്കുകയും അതു്‌ ഗ്രാവിറ്റേഷനെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധത്തിനു്‌ സഹായകമാവുകയും ചെയ്യുന്നതിനാല്‍ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങള്‍ക്കു്‌ ദീര്‍ഘകാലം ഗ്രാവിറ്റേഷനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു.

ഈ റിയാക്ഷനുകളിലെ ഇന്ധനങ്ങളായ ഹൈഡ്രജനും ഡ്യുറ്റീറിയവും കാലക്രമേണ “എരിഞ്ഞു്‌” തീരാന്‍ തുടങ്ങുകയും, അതുവഴി ആണവതലങ്ങളില്‍ നിന്നുണ്ടായിരുന്ന പ്രതിരോധശേഷി കുറയുകയും ചെയ്യുമ്പോള്‍ ഗ്രാവിറ്റേഷനു്‌ വീണ്ടും മേല്‍ക്കോയ്മ ലഭിക്കുന്നു. തത്ഫലമായി പരസ്പരം അടുത്തുവരുന്ന കണങ്ങള്‍ തമ്മിലുള്ള റിയാക്ഷന്‍ മൂലം ഹീലിയത്തിന്റെ ന്യൂക്ലിയസില്‍ കൂടുതല്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടിച്ചേര്‍ക്കപ്പെടുകയും, അതുവഴി കാര്‍ബണ്‍, ഓക്സിജന്‍, ഇരുമ്പു്‌, നിക്കല്‍ മുതലായ ഭാരമേറിയ മൂലകങ്ങള്‍ രൂപമെടുക്കുകയും ചെയ്യുന്നു. അതോടെ ഒരു നക്ഷത്രത്തിലെ മിക്കവാറും എല്ലാ ഫ്യൂഷന്‍ റിയാക്ഷനുകളും അവസാനിക്കുന്നു. അവയില്‍ ചില നക്ഷത്രങ്ങള്‍ “സ്യുപ്പര്‍നോവ” എന്ന പൊട്ടിത്തെറിയിലൂടെ ഭാരമേറിയ ഇത്തരം മൂലകങ്ങളെ ശൂന്യാകാശത്തില്‍ ചിതറിത്തെറിപ്പിക്കുന്നു. ഈ എലമെന്റുകള്‍ ആദിപ്രപഞ്ചത്തിലെ ഹൈഡ്രജന്‍ എന്നപോലെ അവിടവിടെയായി കേന്ദ്രീകരിക്കപ്പെടുകയും അവ കാലാന്തരത്തില്‍ സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഇന്ധനങ്ങള്‍ തീരാന്‍ തുടങ്ങുന്നതോടെ നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ നിന്നും അറ്റോമിക് ഫ്യൂഷന്‍ പുറം പാളികളിലേക്കു്‌ വ്യാപിക്കുന്നു. ആ റേഡിയേഷന്റെ മര്‍ദ്ദത്തില്‍ പുറംതോടിനു്‌ വികാസം സംഭവിക്കുന്നതിനാല്‍ അതു്‌ നക്ഷത്രത്തിന്റെ ഡയമീറ്ററില്‍ നൂറിരട്ടിവരെയുള്ള വര്‍ദ്ധനവിനു്‌ കാരണമാവുന്നു. ചുവപ്പുനിറം പ്രസരിപ്പിക്കുന്നതിനാല്‍ “ചുവന്ന രാക്ഷസര്‍” (Red giants) എന്നു്‌ വിളിക്കപ്പെടുന്ന ഈ നക്ഷത്രങ്ങളുടെ അവസ്ഥ ഏകദേശം അഞ്ഞൂറുകോടി വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ സൂര്യനും നേരിടേണ്ടിവരുമെന്നും, അതോടനുബന്ധിച്ചു്‌ ഭൂമിയെ സൂര്യന്‍ “വിഴുങ്ങുമെന്നും” കണക്കാക്കപ്പെടുന്നു.

അങ്ങനെ ഒരു നക്ഷത്രത്തിലെ മുഴുവന്‍ ഇന്ധനവും അവസാനിച്ചു്‌ കഴിയുമ്പോഴും ഗ്രാവിറ്റേഷന്‍ പഴയപടി തന്റെ “ജോലി” തുടര്‍ന്നുകൊണ്ടിരിക്കും. ചെറിയ നക്ഷത്രങ്ങളില്‍ ഗ്രാവിറ്റേഷനെ ചെറുത്തു്‌ നില്‍ക്കാന്‍, ഗ്രഹങ്ങളില്‍ എന്നപോലെ, ദ്രവ്യത്തിന്റെ മര്‍ദ്ദം മതിയാവുമ്പോള്‍, വലിയ നക്ഷത്രങ്ങളുടെ പിണ്ഡത്തെ നേരിടാന്‍ അവ പോരാതെ വരുന്നു. ഹൈഡ്രജന്റെ കാര്യത്തില്‍ നമ്മള്‍ മുകളില്‍ കണ്ടതുപോലെ മൈക്രോസ്കോപ്പിക് തലത്തിലെ, അഥവാ, ക്വാണ്ടം മെക്കാനിക്സിന്റെ ലോകത്തിലെ തന്നെ Pauli exclusion principle എന്നറിയപ്പെടുന്ന, Wolfgang Pauli എന്ന ഓസ്ട്രിയന്‍ ഫിസിസിസ്റ്റ് 1925-ല്‍ കണ്ടെത്തിയ ഒരു തത്വം മൂലമുള്ള വികര്‍ഷണശക്തിയാണു്‌ ഇവിടെ ഗ്രാവിറ്റേഷനെ നേരിടുന്നതു്‌. അതിന്‍പ്രകാരം, ഐഡന്റിക്കല്‍ ആയ രണ്ടു്‌ ഫെര്‍മിയനുകള്‍ക്കു്‌ (ഉദാ. ഇലക്ട്രോണ്‍, പ്രോട്ടോണ്‍) ഒരേസമയം ഒരേ ക്വാണ്ടം അവസ്ഥ സ്വീകരിക്കാനാവില്ല. ഈ കണങ്ങള്‍ തമ്മിലുള്ള അകലം അങ്ങേയറ്റം ചെറുതാവുമ്പോള്‍ മാത്രമേ ഈ തത്വം വഴിയുള്ള അവയുടെ വികര്‍ഷണം ആക്റ്റീവ് ആവുകയുള്ളു എന്നതിനാല്‍, അപ്പോഴേക്കും ഗ്രാവിറ്റേഷന്‍ മൂലമുള്ള ദ്രവ്യത്തിന്റെ കൊളാപ്സ് അവയെ തമ്മില്‍ അത്രയേറെ അടുപ്പിച്ചിട്ടുണ്ടാവണം. തന്മൂലം അങ്ങനെ സ്റ്റെബിലൈസ് ചെയ്യപ്പെടുന്ന നക്ഷത്രങ്ങള്‍ വളരെ ചെറുതായിരിക്കും. മുഴുവന്‍ ഇന്ധനവും ഉപയോഗിച്ചു്‌ കഴിഞ്ഞശേഷം ശക്തമായ ഗ്രാവിറ്റേഷന്റെ ഫലമായി സാന്ദ്രീകരിക്കപ്പെടുന്ന ഇത്തരം നക്ഷത്രങ്ങളാണു്‌ “വെളുത്ത വാമനന്മാര്‍” (White dwarfs). സോളര്‍ മാസിന്റെ ആയിരത്തിലൊന്നു്‌ മുതല്‍ ഏകദേശം ഒന്നര മടങ്ങില്‍ താഴെ വരെ മാത്രം പിണ്ഡമുള്ള ഇവയുടെ സാന്ദ്രത സാധാരണ നക്ഷത്രങ്ങളുടേതിനേക്കാള്‍ ഒരുലക്ഷം മടങ്ങു്‌ കൂടുതലും, ഏകദേശവ്യാസം വ്യാഴഗ്രഹത്തിന്റേതിലും കുറവുമായിരിക്കും. (White dwarfs മലയാളത്തില്‍ “വെളുത്ത വാമനന്മാര്‍” എന്നാണോ വിളിക്കപ്പെടുന്നതെന്നു്‌ അറിയില്ല. അല്ലെങ്കില്‍ ഇതു്‌ എന്റെ സംഭാവന.)

വൈറ്റ് ഡ്വാര്‍ഫുകളുടെ പിണ്ഡം Chandrasekhar limit  എന്നറിയപ്പെടുന്ന (ഏകദേശം) 1.38 സോളര്‍ മാസിലും കൂടുതലായാല്‍ അവയ്ക്കു്‌ സ്റ്റേബിള്‍ ആയി നിലനില്‍ക്കാന്‍ ആവില്ല. അപ്പോള്‍ അവയില്‍ ഗ്രാവിറ്റേഷന്റെ ഫലമായി പ്രോട്ടോണുകളും ഇലക്ട്രോണുകളും വീണ്ടും വളരെ അടുത്തുവരുന്നു. പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ വ്യത്യസ്ത കണങ്ങള്‍ക്കു്‌ ബാധകവുമല്ല. അതിന്റെ ഫലമായി പ്രോട്ടോണും ഇലക്ട്രോണും തമ്മില്‍ ഒരു റിയാക്ഷന്‍ വഴി സംയോജിച്ചു്‌ ഒരു ന്യൂട്രോണും ഒരു ന്യൂട്രീനൊയും രൂപമെടുക്കുന്നു. ന്യൂട്രീനൊ എപ്പോഴത്തെയും പോലെ സ്ഥലം കാലിയാക്കി രക്ഷപെടുന്നു. ഈ റിയാക്ഷന്‍ ആ നക്ഷത്രത്തിലെ എല്ലാ പ്രോട്ടോണുകളെയും ഇലക്ട്രോണുകളെയും തമ്മില്‍ സംയോജിപ്പിച്ചു്‌ ന്യൂട്രോണുകളാക്കി മാറ്റാന്‍ പര്യാപ്തമായതിനാല്‍ അതുവഴി അതിനു്‌ വീണ്ടും സങ്കോചിക്കാനും അതുവഴി എനര്‍ജി സ്വതന്ത്രമാക്കാനും കഴിയുന്നു. ഒരു പ്രോട്ടോണും ഇലക്ട്രോണും ചേര്‍ന്ന ഒരു കണികയ്ക്കു്‌ സ്ഥിതി ചെയ്യാന്‍ ആവശ്യമായത്ര സ്ഥലം ഒരു ന്യൂട്രോണ്‍ മാത്രമാവുമ്പോള്‍ ആവശ്യമില്ലല്ലോ. ഈ റിയാക്ഷന്‍ വഴി രൂപമെടുക്കുന്ന ന്യൂട്രീനൊകളുടെ “മിന്നല്‍പ്രവാഹത്തിന്റെ” അകമ്പടിയോടെയും, ഭീമമായ എനര്‍ജി സ്വതന്ത്രമാക്കിക്കൊണ്ടും സംഭവിക്കുന്ന ഈ സ്യുപ്പര്‍നോവ വഴി ആ നക്ഷത്രത്തിന്റെ ബാഹ്യഭാഗങ്ങളുടെ നല്ലൊരംശം ശൂന്യാകാശത്തിലേക്കു്‌ ചിതറപ്പെടുന്നു. അങ്ങനെ അവശേഷിക്കുന്ന ന്യൂട്രോണ്‍ സ്റ്റാറില്‍ ന്യൂട്രോണുകള്‍ മാത്രമായതിനാല്‍ എലക്ട്രിക് ചാര്‍ജ്ജ് മൂലമുള്ള ശക്തികളൊന്നും അതിലില്ല. ഗ്രാവിറ്റേഷന്റെ ശക്തിയെ നേരിടാനും അതുവഴി ആ നക്ഷത്രത്തെ സ്റ്റെബിലൈസ് ചെയ്യാനുമായി ആകെയുള്ളതു്‌ പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ അനുസരിച്ചു്‌ ന്യൂട്രോണുകള്‍ തമ്മിലുള്ള വികര്‍ഷണശക്തി മാത്രം. ന്യൂട്രോണ്‍ സ്റ്റാറിന്റെ തരത്തില്‍ പെട്ട ദ്രവ്യത്തിന്റെ ഒരു ക്യുബിക് സെന്റിമീറ്ററിന്റെ പിണ്ഡം 500 മീറ്റര്‍ മുതല്‍ 1400 മീറ്റര്‍ വരെ വശനീളമുള്ള ഇരുമ്പു്‌ ചതുരക്കട്ടകളുടെ പിണ്ഡത്തിനു്‌ തുല്യമാവാം. സൂര്യന്റെ രണ്ടിരട്ടി വരെ ഭാരമുണ്ടാകാവുന്ന അവയുടെ വ്യാസം ഏകദേശം ഇരുപതു്‌ കിലോമീറ്റര്‍ മാത്രമാവാമെന്നതില്‍ നിന്നും അതിന്റെ സാന്ദ്രത എത്ര ഭീമമാണെന്നു്‌ ഊഹിക്കാവുന്നതേയുള്ളു.

അവിടെയും അവസാനിക്കുന്നില്ല ഗ്രാവിറ്റേഷന്റെ ശക്തി. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, സൂര്യന്റെ ഏകദേശം രണ്ടിരട്ടി ഭാരം വരുന്ന ന്യൂട്രോണ്‍ സ്റ്റാറുകളുടെ കാര്യത്തില്‍ Pauli exclusion principle-നു്‌ പോലും ഗ്രാവിറ്റേഷനെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല. അതുപോലൊരു സാഹചര്യത്തില്‍ അനിയന്ത്രിതമായ ഗ്രാവിറ്റേഷന്റെ ഫലമായി ദ്രവ്യത്തിന്റെ അന്തിമമായ ഒരു കൊളാപ്സിലൂടെ ന്യൂട്രോണ്‍ സ്റ്റാര്‍ ഒരു ബ്ലാക്ക് ഹോള്‍ ആയി രൂപാന്തരം പ്രാപിക്കുന്നു.

ആണവകണികകളുടെ മൈക്രോസ്കോപ്പിക് ലോകവും നക്ഷത്രങ്ങളുടെ മാക്രോസ്കോപ്പിക് ലോകവും തമ്മില്‍ നിലവിലിരിക്കുന്ന അടിസ്ഥാനപരമായ ബന്ധങ്ങളിലേക്കാണു്‌ ഈ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നതു്‌. ഈ രണ്ടു്‌ ലോകങ്ങളും തമ്മിലുള്ള ഇന്ററാക്ഷന്‍ ഇല്ലാതെ പ്രപഞ്ചത്തിന്റെ നിലനില്പു്‌ തന്നെ സാദ്ധ്യമല്ല എന്നാണല്ലോ ഇതില്‍ നിന്നും വ്യക്തമാവുന്നതു്‌. G+ ല്‍ നിന്നും ഞാന്‍ ഷെയര്‍ ചെയ്ത ഒരു ചിത്രത്തില്‍ കാണാനാവുന്നതുപോലെ, ആടിന്റെ കഴുത്തറുത്തു്‌ ചൂടോടെ രക്തം മോന്തിയാല്‍ കാളിയും ദൈവവുമൊക്കെ ആവാമെന്നു്‌ കരുതുന്ന മനുഷ്യരെ ക്വാണ്ടം മെക്കാനിക്സ് പറഞ്ഞു്‌ മനസ്സിലാക്കാനാവില്ല എന്നു്‌ എനിക്കുമറിയാം. കുരിശില്‍ മരിച്ചശേഷം കബറിടത്തില്‍ വച്ച യേശുവിന്റെ മൃതശരീരം ജീവന്‍ വച്ചു്‌ ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ പോയി എന്നും, നല്ലവരെയും മോശക്കാരെയും തമ്മില്‍ വേര്‍തിരിച്ചു്‌ അവര്‍ക്കു്‌ യഥാക്രമം സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും വിസ നല്‍കാനായി അവന്‍ കാഹളനാദത്തോടെ മേഘത്തിലേറി താമസിയാതെ മടങ്ങിവരുമെന്നും കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി വിശ്വസിച്ചു്‌ കാത്തിരിക്കുന്ന മനുഷ്യര്‍ പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ എന്നു്‌ കേള്‍ക്കുമ്പോള്‍ ഹിന്ദു, മുസ്ലിം മുതലായ അന്യമതക്കാരെ എക്സ്ക്ലൂഡ് ചെയ്യാന്‍ കര്‍ത്താവു്‌ അവരോടു്‌ ആഹ്വാനം ചെയ്യുന്നതാണു്‌ വിഷയം എന്നു്‌ കരുതിക്കൂടായ്കയില്ല എന്നും ഊഹിക്കാവുന്നതേയുള്ളു. “ഇതെന്തു്‌ സാധനം” എന്നു്‌ അറിയാന്‍ പോയിട്ടു്‌ ആലോചിക്കാന്‍ പോലും പ്രായം ആവാത്ത ബാല്യത്തില്‍ത്തന്നെ മുറിച്ചുമാറ്റാനായി ലിംഗാഗ്രത്തില്‍ ചര്‍മ്മം വച്ചുപിടിപ്പിക്കുന്ന ഒരു ശുംഭനല്ലാതെ മറ്റു്‌ ദൈവങ്ങളൊന്നും ദൈവങ്ങളേ അല്ല എന്നു്‌ വിശ്വസിക്കുകയും, അവനെ ആരാധിക്കാത്തവര്‍ എല്ലാം മരണാര്‍ഹരായ ശൈത്താന്‍മാരാണെന്നു്‌ വിധിയെഴുതുകയും ചെയ്യുന്ന കൂട്ടരുടെ കാര്യം പറയാതിരിക്കുകയാണു്‌ ഭേദം. ഇവിടെ പ്രശ്നം അതിനെക്കാളൊക്കെ ഗുരുതരമാണു്‌. താന്‍ ഒരു ഫിസിസിസ്റ്റ് ആണെന്നു്‌ അവകാശപ്പെടുന്ന ഒരു വിദ്യാസമ്പന്നന്‍ ഫിസിക്സിനെത്തന്നെ തെറ്റായ വെളിച്ചത്തില്‍ നിര്‍ത്തി മനുഷ്യരെ വഴിതെറ്റിക്കുന്നതാണു്‌ വിഷയം. സമൂഹത്തില്‍ അതു്‌ നിരോധിക്കുന്ന നിയമങ്ങള്‍ നിലവിലില്ലാത്തിടത്തോളംകാലം ആടിന്റെ ചുടുരക്തം കുടിക്കേണ്ടവര്‍ക്കു്‌ കുടിക്കാം. ചോര്‍ന്നുപോകാതെ മേഘത്തില്‍ ഇരുന്നു്‌ ആകാശയാത്ര ചെയ്യാന്‍ കഴിയുന്ന ദൈവപുത്രന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നവര്‍ക്കു്‌ അതു്‌ ചെയ്യാം. അഗ്രചര്‍മ്മം മുറിച്ചുമാറ്റി സ്വന്തം ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കു്‌ അതുമാവാം. പക്ഷേ, അത്തരം അന്ധവിശ്വാസികളെ അവര്‍ക്കു്‌ അവരുടെ അന്ധവിശ്വാസങ്ങള്‍ ന്യായീകരിക്കാന്‍ ഉതകുന്ന വിധത്തില്‍ ശാസ്ത്രത്തെ അവരുടെ മുന്നില്‍ തെറ്റായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും ഒരു ശാസ്ത്രജ്ഞന്‍ ശ്രമിക്കുമ്പോള്‍ അവന്‍ ചെയ്യുന്നതു്‌ ക്രിമിനല്‍ കുറ്റത്തിനു്‌ തുല്യമായ സമൂഹദ്രോഹമാണു്‌. ഹിന്ദുമതത്തെ വിമര്‍ശിക്കുമ്പോള്‍ “ഹായ് ഹായ്” വിളിക്കാന്‍ ഓടിയെത്തുന്ന മുസ്ലിമിനോടൊപ്പമോ, ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ പിരി കയറ്റാന്‍ എത്തുന്ന ക്രിസ്ത്യാനിയോടൊപ്പമോ, ക്രിസ്ത്യാനിയെ വിമര്‍ശിക്കുമ്പോള്‍ കയ്യടിച്ചു്‌ പ്രോത്സാഹിപ്പിക്കാനെത്തുന്ന ഹിന്ദുവിനോടൊപ്പമോ, അതിനേക്കാളൊക്കെ വളരെ താഴെ എവിടെയോ ആണു്‌ ശാസ്ത്രത്തെ അടിസ്ഥാനരഹിതമായി കരിതേച്ചു്‌ കാണിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞവേഷധാരിയുടെ സ്ഥാനം.

(അവലംബം: Martin Bojowald – Zurueck vor den Urknall)

 
3 Comments

Posted by on Feb 2, 2012 in പലവക

 

Tags: , , ,

സയന്‍സിലെ അന്ധവിശ്വാസം

മാധ്യമത്തില്‍ വന്നതായി ഒരു സുഹൃത്തു്‌ സൂചിപ്പിച്ച സി. രാധാകൃഷ്ണന്റെ ഒരു ലേഖനം വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്നു്‌ തോന്നി.

ലേഖനത്തിന്റെ ലിങ്ക്: http://origin-www.madhyamam.com/news/144055/120106?mid=57144

“ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു്‌ തോന്നും” എന്നു്‌ കേട്ടിട്ടുണ്ടു്‌. അതുപോലെ, ഒരുവന്‍ അന്ധവിശ്വാസി ആയാല്‍ താന്‍ കാണുന്നവര്‍ എല്ലാവരും അന്ധവിശ്വാസികളാണെന്നും ഒരുപക്ഷേ അവനു്‌ തോന്നുമായിരിക്കും. അങ്ങനെ തോന്നുന്നതു്‌ ഒരുതരം സ്വയം ന്യായീകരണത്തിനു്‌ സഹായകവുമാവാം. കണ്ണടയുടെ ഗ്ലാസുകള്‍ നിറം പിടിപ്പിച്ചതായാലും കാഴ്ചയുടെ കാര്യത്തില്‍ ഇതുപോലൊരു പ്രശ്നമുണ്ടു്‌. അതിനേക്കാളൊക്കെ ഗുരുതരമായി കാഴ്ചപ്പാടുകളെ പ്രതികൂലമായി ബാധിക്കുന്നതു്‌ മനസ്സിന്റെ കണ്ണട നിറം പിടിപ്പിച്ചതായാലാണു്‌.  അതു്‌ കണ്ണട പോലെ എടുത്തുമാറ്റി പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല. മനസ്സിലെ വര്‍ണ്ണക്കണ്ണട എടുത്തു്‌ മാറ്റാവുന്നതല്ല. അത്തരം കണ്ണടയുമായി നടക്കുന്നവര്‍ തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമാത്രമേ കാണൂ. “നാളെ ലോകാവസാനം”, “മറ്റന്നാള്‍ വിധിദിനം” മുതലായ “പ്രവചനങ്ങളുമായി” മനുഷ്യരെ ഭയപ്പെടുത്തി തന്‍കാര്യം നേടുന്നവര്‍ക്കു്‌ ലൗകിക ജീവിതത്തിന്റെ എല്ലാ ഭംഗിയും അനുയായികളുടെ മുന്നില്‍ തള്ളിപ്പറയേണ്ടതുണ്ടു്‌. ശാസ്ത്രനിഷേധം അതിന്റെ ഒരു ഭാഗമാണു്‌. അതിനുവേണ്ടി ശാസ്ത്രത്തിന്റെ തന്നെ എല്ലാവിധ ഉപാധികളും ഉപകരണങ്ങളും സ്വയം ഉപയോഗിക്കാന്‍ അവര്‍ക്കു്‌ മടിയുമില്ല.

ശാസ്ത്രം മുഴുവന്‍ അന്ധവിശ്വാസമാണെന്നു്‌ സ്ഥാപിക്കാനുള്ള വിശ്വാസിസമൂഹത്തിന്റെ അടങ്ങാത്ത ത്വരയുടെ പിന്നിലും ഇതുപോലുള്ള ചില മാനസികാവസ്ഥകളാവാം. ശാസ്ത്രത്തില്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ പണം ആവശ്യമാണു്‌. Sputnik എന്ന വാക്കു്‌ കണ്ടുപിടിച്ചവനും, “ശൂന്യാകാശയാത്രയുടെ പിതാവു്‌” എന്നു്‌ വിശേഷിപ്പിക്കപ്പെടുന്നവനും, ബാല്യത്തിലേതന്നെ ഒരു രോഗം മൂലം കേള്‍വിശേഷി നഷ്ടപ്പെട്ടവനുമായ Konstantin Ziolkowsky മൂന്നുവര്‍ഷം മോസ്ക്കോയില്‍ ഫിസിക്സും ആസ്ട്രോണമിയും മെക്കാനിക്സും ജിയോമെട്രിയും പഠിച്ചതു്‌ “ബ്ലാക്ക് ബ്രെഡ്” മാത്രം തിന്നുകൊണ്ടാണെന്നു്‌ കേട്ടിട്ടുണ്ടു്‌. അതേസമയം, സങ്കീര്‍ണ്ണവും വിലപിടിപ്പുള്ളതുമായ ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ഇന്നു്‌ ശാസ്ത്രപഠനം സാദ്ധ്യമല്ല. “പണം ഒന്നിനും പരിഹാരമല്ല”, “അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും എന്റെയടുത്തേക്കു്‌ പോരൂ”, “Poverty and humility lead to heaven” എന്നും മറ്റുമുള്ള ശര്‍ക്കര പുരട്ടിയ വാചകങ്ങള്‍ കൊണ്ടു്‌ പണമില്ലാത്തവനെ സോപ്പിട്ടും കബളിപ്പിച്ചും അവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി സമൂഹത്തിനു്‌ സാമ്പത്തികമോ വൈജ്ഞാനികമോ ആയ ഒരു പ്രയോജനവും നല്‍കാത്ത പള്ളികളും ക്ഷേത്രങ്ങളും മാനംമുട്ടെ പണിതുയര്‍ത്താനോ, സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കാനോ അല്ല ആ പണം വിനിയോഗിക്കപ്പെടുന്നതു്‌. മനുഷ്യന്റെ അറിവു്‌ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണു്‌ ശാസ്ത്രീയമായ പഠനങ്ങളില്‍ നടക്കുന്നതു്‌. അതിനായി പണം നല്‍കുന്നതിനു്‌ മുന്‍പു്‌ എന്താണു്‌ അവന്റെ പഠനലക്ഷ്യമെന്നും, നല്‍കിയശേഷം അവന്‍ അവന്റെ ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കുന്നുണ്ടോ എന്നുമെല്ലാം പരിശോധിക്കാന്‍ എല്ലാ നിയമരാഷ്ട്രങ്ങളിലും സംവിധാനങ്ങളുണ്ടു്‌. ഭാഗ്യത്തിനു്‌, ലോകത്തിലെ മുഴുവന്‍ റിപബ്ലിക്കുകളും “ബനാന”കളല്ലാത്തതുകൊണ്ടു്‌ ശാസ്ത്രവും അതിനോടൊപ്പം മനുഷ്യന്റെ അറിവും വളരുന്നുമുണ്ടു്‌.

അതുകൊണ്ടു്‌ ശാസ്ത്രലോകം എന്നതു്‌ മാലാഖമാര്‍ മാത്രം വിഹരിക്കുന്ന ഒരു ലോകമാണെന്നൊന്നും അര്‍ത്ഥവുമില്ല. മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരും ഉള്ളതുപോലെ, ശാസ്ത്രജ്ഞരുടെ ഇടയില്‍ ഇല്ലാതിരിക്കണമെങ്കില്‍ അവര്‍ മനുഷ്യര്‍ അല്ലാതിരിക്കണം. ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതു്‌ അതൊന്നുമല്ല. ഭാരതം പോലെ അജ്ഞരും അന്ധവിശ്വാസികളും നിറഞ്ഞ ഒരു സമൂഹത്തില്‍ ശാസ്ത്രമെന്നാല്‍ പൈശാചികമായ എന്തോ ആണെന്നും, അതിനോടു്‌ മനുഷ്യര്‍ക്കു്‌ അവജ്ഞയാണു്‌ തോന്നേണ്ടതെന്നും ധ്വനിപ്പിക്കുന്ന തരത്തിലുള്ള ആത്മീയപ്രഭാഷണങ്ങള്‍ “ബോധവത്കരിക്കപ്പെട്ടവന്‍” എന്നു്‌ സാമാന്യജനം ചിന്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ അതു്‌ ഒരു ക്രിമിനല്‍ കുറ്റത്തിനു്‌ തുല്യമായ ചിന്താശൂന്യതയാണു്‌. ഒരു ശാസ്ത്രജ്ഞന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തുന്നതു്‌ രോഗശാന്തിയും കുടുംബസമാധാനവും തേടി ഏതെങ്കിലും “ആസാമികളെ” ചുറ്റിപ്പൊതിയുന്ന വിഭാഗത്തില്‍ പെട്ട മനുഷ്യരല്ല എന്നാണു്‌ ഞാന്‍ കരുതുന്നതു്‌.

ആരുടെയെങ്കിലും പഠനങ്ങളും പരീക്ഷണങ്ങളും അന്തര്‍ദേശീയതലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയെങ്കില്‍ അതു്‌ തീര്‍ച്ചയായും അപലപനീയമാണു്‌. പക്ഷേ, അതു്‌ ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞനെ പഠിപ്പിക്കേണ്ട പാഠം, എന്റെ കാഴ്ചപ്പാടില്‍, ജനങ്ങളെ ആത്മീയതയിലേക്കു്‌ ആട്ടിയോടിക്കുക എന്നതല്ല, അവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം ഉയര്‍ന്നു്‌ വരത്തക്കവിധത്തില്‍ അവരില്‍ ശാസ്ത്രബോധത്തിന്റെ വിത്തുകള്‍ പാകുക എന്നതാണു്‌. മിക്കവാറും എല്ലാവരും ഭക്തരായ ഭാരതത്തില്‍ ആത്മീയത പ്രസംഗിക്കുന്നതു്‌ ഒഴുക്കിനൊപ്പം ഒഴുകലാണെന്നതിനാല്‍ പ്രത്യേകം നീന്തേണ്ട ആവശ്യമില്ല എന്നതു്‌ ശരിതന്നെ. പക്ഷേ, ജനങ്ങളെ വേദം ഉപദേശിക്കുകയാണു്‌ ഒരു വിദ്യാസമ്പന്നന്റെ ലക്ഷ്യമെങ്കില്‍, ലക്ഷങ്ങളും കോടികളും മുടക്കി ഭാരതീയസമൂഹം എന്തിനു്‌ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ദ്ധരെയുമൊക്കെ സൃഷ്ടിച്ചെടുക്കുന്നു എന്നെനിക്കറിയില്ല. ഒരു ശാസ്ത്രജ്ഞന്‍, അവനില്‍ അല്പമെങ്കിലും ശാസ്ത്രബോധം അവശേഷിച്ചിട്ടുണ്ടെങ്കില്‍, ഒരു പത്തുമിനിട്ട് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ നീക്കിവയ്ക്കുന്നതു്‌ നന്നായിരിക്കുമെന്നാണു്‌ എന്റെ അഭിപ്രായം.

ഇന്നു്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ ശാസ്ത്രജ്ഞരിൽ ഒരുവനാണു്‌ Stephen Hawking. അതുകൊണ്ടു്‌ ഹോക്കിംഗിന്റെ തത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നില്ല.  ഹോക്കിംഗ് പൂണൂല്‍ ധരിച്ചിട്ടുണ്ടോ, അങ്ങേര്‍ ആര്‍ക്കൊക്കെ പൂണൂല്‍ നല്‍കിയിട്ടുണ്ടു്‌, ഇതൊന്നും ആശയപരമായി, വസ്തുതാപരമായി ഹോക്കിംഗിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരെ അലട്ടുന്നില്ല. പലരും ഹോക്കിംഗിന്റെ തത്വങ്ങളെ ഭാഗികമായിട്ടെങ്കിലും ചോദ്യം ചെയ്യുന്നുമുണ്ടു്‌. അതു്‌ വിശ്വാസിസമൂഹം ചെയ്യുന്നതുപോലെ, ഹോക്കിംഗിന്റെ രോഗത്തെയോ, മറ്റു്‌ വ്യക്തിപരമായ കാര്യങ്ങളെയോ പരിഹസിച്ചുകൊണ്ടല്ല. ദൈനംദിനജീവിതവുമായി നേരിട്ടു്‌ ബന്ധമൊന്നുമില്ലാത്തവ ആയതിനാല്‍ ശാസ്ത്രലോകത്തിലെ ഏതാനും വ്യക്തികളുടെ താത്പര്യം മാത്രമേ ഇതുവരെ ഹോക്കിംഗിന്റെ തത്വങ്ങള്‍ സജീവമായി ഉണര്‍ത്തിയിട്ടുള്ളു. ആ സ്ഥിതിക്കു്‌ അവയുടെ വിമര്‍ശനങ്ങള്‍ തത്കാലം അതിലും ചെറിയ പ്രൊഫഷണല്‍ സര്‍ക്കിളുകളിലായി ഒതുങ്ങേണ്ടി വരുമെന്നതു്‌ സ്വാഭാവികം. മകരജ്യോതി ഒരു നക്ഷത്രമാണെന്നും, മകരവിളക്കു്‌ ആരോ ചൂട്ടു്‌ കത്തിക്കുന്നതാണെന്നും വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും വഴി തെളിയിച്ചിട്ടും അതിലെല്ലാം ദൈവികതയും അത്ഭുതവും കാണുന്നവരെ ഉന്നത ഗണിതശാസ്ത്രത്തിന്റെ സഹായത്താല്‍ മാത്രം ഇഴപിരിക്കാന്‍ കഴിയുന്ന ആഴമേറിയ പ്രപഞ്ചരഹസ്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എവിടെയെത്തുമെന്നു്‌ ആലോചിച്ചാല്‍ മതി. വിശ്വാസികളുടെ ഈ വിഡ്ഢിസാമ്രാജ്യത്തില്‍ “ശാസ്ത്രജ്ഞന്‍” എന്ന പദവിയുമായി ഒരുവന്‍ പ്രത്യക്ഷപ്പെട്ടു്‌ ശാസ്ത്രം പറയുന്ന കാര്യങ്ങളും, ശാസ്ത്രം തന്നെയും വ്യാജമാണെന്നും, ശാസ്ത്രജ്ഞരുടെയിടയില്‍ “ചാതുര്‍വര്‍ണ്ണ്യം”  സംഹാരതാണ്ഡവം ആടുകയാണെന്നുമൊക്കെ അവകാശപ്പെട്ടാല്‍ അതിനു്‌ അവരുടെയിടയില്‍ “ആധികാരികത” ലഭിക്കുന്നതില്‍ അത്ഭുതത്തിനു്‌ വകയൊന്നുമില്ല. വോട്ടുബാങ്കു്‌ കാണിച്ചു്‌ രാഷ്ട്രീയത്തെ വശത്താക്കി മതങ്ങളെ വിമര്‍ശിക്കുന്നതിനെ നിരോധിക്കുന്നതുപോലുള്ള വിലക്കൊന്നും ശാസ്ത്രത്തെ വിമര്‍ശിക്കുന്നതിനില്ല. പക്ഷേ, ആ വിമര്‍ശനത്തിനു്‌ – ഏതു്‌ വിമര്‍ശനത്തിനും – ലോജിക്കലി കണ്‍സിസ്റ്റന്റ് ആയ ഒരു രീതിശാസ്ത്രം വേണം. അല്ലെങ്കില്‍ അതു്‌ ഏറിയാല്‍ പിച്ചും പേയുമോ, കുറഞ്ഞാല്‍ കൊതിക്കെറുവു്‌ പറച്ചിലോ മാത്രമായേ വിശ്വാസികള്‍ അല്ലാത്തവര്‍ വിലയിരുത്തുകയുള്ളു.

ടാക്യോണുകള്‍ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന “സാങ്കല്പിക” കണികകളാണു്‌. ഇവയുടെ താത്വികമായ സാദ്ധ്യതയെപ്പറ്റിയുള്ള ഹൈപോതെസിസിന്റെ ഉപജ്ഞാതാവായി ജര്‍മ്മന്‍ ഫിസിസിസ്റ്റ് ആയിരുന്ന ആര്‍നോള്‍ഡ് സൊമ്മര്‍ഫെല്‍ഡ് (1868 – 1951) കണക്കാക്കപ്പെടുന്നു. സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയിലെ സമവാക്യങ്ങള്‍ക്കു്‌ പല സൊല്യൂഷനുകളുണ്ടു്‌. അതിലൊന്നിന്റെ അടിസ്ഥാനത്തില്‍ സാധാരണ ദ്രവ്യത്തിനു്‌ എപ്പോഴും പ്രകാശവേഗതയില്‍ താഴെ മാത്രമേ സഞ്ചരിക്കാനാവൂ. മറ്റൊരു സൊല്യൂഷന്‍ പ്രകാരം മറ്റുചില കണങ്ങള്‍ക്കു്‌ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. അവയെ പ്രകാശവേഗതയിലേക്കു്‌ പരിമിതപ്പെടുത്താന്‍ ആവുകയുമില്ല. 1962-ല്‍ Olexa-Myron Bilaniuk, Vijay Deshpande and E. C. G. Sudarshan എന്നിവര്‍ ഈ സാദ്ധ്യത ചൂണ്ടിക്കാണിക്കുകയുണ്ടായി. അവരുമായി ബന്ധമില്ലാതെ Jakow Petrowitsch Terlezki എന്ന റഷ്യന്‍ ഫിസിസിസ്റ്റും അറുപതുകളുടെ തുടക്കത്തില്‍ ഇതേ വസ്തുത വെളിപ്പെടുത്തുകയുണ്ടായി. 1967- ല്‍ കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍ ആയിരുന്ന Gerald Feinberg ആണു്‌ ഈ കണങ്ങളെ Tachyons എന്നു്‌ നാമകരണം ചെയ്തതു്‌. 1958-ല്‍ രണ്ടുതരം ന്യൂട്രിനോകളുടെ അസ്തിത്വം “പ്രവചിച്ചതും” ഫെയ്ന്‍ബെര്‍ഗ് ആണു്‌. അതു്‌ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മൂന്നു്‌ സഹപ്രവര്‍ത്തകര്‍ക്കു്‌ നോബല്‍ പ്രൈസ് ലഭിക്കുകയുമുണ്ടായി. തന്റെ പ്രവചനത്തിനു്‌ നോബല്‍ പ്രൈസ് കിട്ടാത്തതിന്റെ പേരില്‍ ഫെയ്ന്‍ബെര്‍ഗ് കരഞ്ഞുവിളിച്ചു്‌ നടന്നിരുന്നോ എന്നറിയില്ല.

ചുരുക്കത്തില്‍, പ്രകാശവേഗതയേക്കാള്‍ കൂടിയ വേഗത, ഒരു ഹൈപോതെസിസ് എന്ന രൂപത്തിലെങ്കിലും, 1951-ല്‍ മരണമടഞ്ഞ സൊമ്മര്‍ഫെല്‍ഡിന്റെ വകയായി നിലവിലുണ്ടു്‌. പക്ഷേ താത്വികമായ നിഗമനങ്ങള്‍ തെളിവുകളല്ല. ഒരു ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചു്‌ കണങ്ങളെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമൊക്കെ പഠനം നടത്തണമെങ്കില്‍ ആദ്യം അതുപോലൊരു ഉപകരണം നിര്‍മ്മിക്കപ്പെടണം. എവിടെയെങ്കിലും ഒരു പന ഒടിഞ്ഞുവീണാല്‍ അവശേഷിക്കുന്ന കുറ്റി യക്ഷിയോ ശിവനോ ആണെന്നു്‌ കരുതി തടിച്ചുകൂടുന്ന മനുഷ്യര്‍ ഇന്നും കേരളത്തിലുണ്ടു്‌. അതുപോലുള്ളവര്‍ കാള പെറ്റെന്നു്‌ കേട്ടാല്‍ കയറുമായി നാടുനീളെയുള്ള തൊഴുത്തുകള്‍ കയറിയിറങ്ങുന്നതും മനസ്സിലാക്കാവുന്ന കാര്യമാണു്‌. പക്ഷേ, അതില്‍ “ശാസ്ത്രം” ഒന്നുമില്ല. മാത്രവുമല്ല, ഒരു ശാസ്ത്രജ്ഞന്‍ അതിനു്‌ കൊടി പിടിക്കുക കൂടി ചെയ്താല്‍ അതു്‌ അങ്ങേയറ്റം പരിഹാസ്യവുമാണു്‌.

CERN-ലെ ചില പരീക്ഷണങ്ങളില്‍ ന്യൂട്രീനോകളുടെ വേഗത പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയതായി കാണപ്പെട്ടെങ്കില്‍, അതു്‌ ഒരു “പനങ്കുറ്റി ശിവന്‍” പോലെയുള്ള അത്ഭുതമോ, ആര്‍ക്കും അതുവരെ അറിയാമായിരുന്നില്ലാത്ത ഒരു രഹസ്യം ശാസ്ത്രലോകത്തെ നാണംകെടുത്താനെന്നോണം ആകാശത്തില്‍ നിന്നും CERN-ലേക്കു്‌ പൊട്ടിവീണ ഒരു ദിവ്യജ്യോതിയോ ഒന്നുമായിരുന്നില്ല. CERN-ലെ പരീക്ഷണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു്‌ അറിയണമെങ്കില്‍ ഒന്നുകില്‍ അതു്‌ യുണീക് ആയിരിക്കണം, അല്ലെങ്കില്‍ അതു്‌ മറ്റു്‌ സ്ഥലങ്ങളിലെ പരീക്ഷണങ്ങളുടെ ഫലങ്ങളുമായുള്ള താരതമ്യം വഴി സ്ഥിരീകരിക്കപ്പെടണം. അതിനുശേഷം അതിനു്‌ ശാസ്ത്രലോകത്തില്‍ അംഗീകാരം ലഭിക്കാന്‍ തടസ്സമൊന്നുമില്ല. അതുകൊണ്ടു്‌ മറ്റാര്‍ക്കും എതിരഭിപ്രായമൊന്നും ഉണ്ടാവാന്‍ പാടില്ല എന്നൊന്നുമില്ലതാനും. മനുഷ്യര്‍ ഇന്നതേ ചിന്തിക്കാവൂ എന്നു്‌ പറയാന്‍ ആര്‍ക്കവകാശം? അതിലെന്തു്‌ ശാസ്ത്രം? ശാസ്ത്രം ഒരു ഐഡിയോളജിയല്ല. ന്യൂട്രീനോകള്‍ക്കു്‌ പ്രകാശകണികകളെക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നു്‌ യുക്തിസഹമായി തെളിയിക്കപ്പെട്ടാല്‍ എതിരഭിപ്രായക്കാരനായിരുന്ന ഒരു “ശാസ്ത്രജ്ഞബ്രാഹ്മണനും” പൂണൂലില്‍ കെട്ടിത്തൂങ്ങി ചാവുകയുമില്ല. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു – “ഒന്നുകില്‍ കീഴ്പെടുക, അല്ലെങ്കില്‍ ചാവുക” എന്ന “ദൈവവചനം” അരങ്ങു്‌ വാണിരുന്ന ഒരു ഭൂതകാലം. ഭാഗ്യത്തിനു്‌, മതങ്ങള്‍ക്കു്‌ സര്‍വ്വാധികാരം ഉണ്ടായിരുന്ന അത്തരം സമൂഹങ്ങളില്‍ ആരും ഇന്നു്‌ ശാസ്ത്രവിമര്‍ശനവുമായി വിഡ്ഢിവേഷം കെട്ടാറില്ല – അത്രത്തോളം വളരാന്‍ അവര്‍ക്കു്‌ കുറെ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എങ്കിലും. ഭാരതം ഒരുപക്ഷേ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാവുന്ന വളര്‍ച്ച.

ലേഖനത്തിലെ ഒരു ചെറിയ നോട്ടപ്പിശകുകൂടി ചൂണ്ടിക്കാണിക്കുന്നു: “വിദ്യുത്കാന്തബലവും ലഘു ആണവബലവും സംയോജിപ്പിച്ച് “ഇലക്ട്രോ വീക്ക്”(electro- weak) ബലം എന്ന ആശയം അദ്ദേഹമാണ് (E. C. G. Sudarshan) ആദ്യമായി അവതരിപ്പിച്ചത്. പക്ഷേ, അതിന്‍െറ പേരില്‍ നൊബേല്‍ സമ്മാനം നല്‍കിയത് മറ്റ് രണ്ടാള്‍ക്കും!”  അതിന്റെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ചതു്‌ രണ്ടുപേര്‍ക്കായിരുന്നില്ല, മൂന്നുപേര്‍ക്കായിരുന്നു. അവര്‍ ഇവരാണു്‌: Steven Weinberg, Sheldon Glashow and Abdus Salam.

E. C. G. Sudarshan-നെപ്പറ്റി വിക്കിപ്പീഡിയ നല്‍കുന്ന വിവരത്തില്‍ നിന്നും ഒരു വാക്യം:

“He is also deeply interested in Vedanta, on which he lectures frequently.”

വേദാന്തവും, ഭഗവദ് ഗീതയുമൊക്കെ ശ്രീ സി. രാധാകൃഷ്ണന്റെയും ഇഷ്ടവിഷയങ്ങളായതുകൊണ്ടു്‌ സൂചിപ്പിച്ചെന്നേയുള്ളു.

 
9 Comments

Posted by on Jan 7, 2012 in ശാസ്ത്രം

 

Tags: , ,

സ്ഥലകാലരൂപാന്തരീകരണം

സ്ഥലത്തിനും കാലത്തിനും (space, time) സംഭവിക്കുന്ന രൂപാന്തരീകരണം എന്നതു് രാസപ്രവർത്തനങ്ങളിലും മറ്റു് ഭൗതികപ്രക്രിയകളിലും സംഭവിക്കുന്ന മാറ്റങ്ങളിൽ നിന്നും വ്യത്യസ്തമായി മനസ്സിലാക്കേണ്ടതുണ്ടു്. സോഡിയം ക്ലോറൈഡും സൾഫ്യൂറിക്‌ ആസിഡും ചേർന്നു് സോഡിയം സൾഫേറ്റും ഹൈഡ്രജൻ ക്ലോറൈഡും ഉണ്ടാവുന്നതുപോലെയോ, ജീവജാലങ്ങളിൽ ജനനം മുതൽ മരണം വരെയും അതിനു് ശേഷവും സംഭവിക്കുന്ന പരിണാമങ്ങൾ പോലെയോ ഉള്ള മാറ്റങ്ങളല്ല സ്ഥലകാലങ്ങളുടെ രൂപാന്തരീകരണം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. സ്ഥലം എന്നതു് നീളം വീതി ഉയരം (ഘനം) എന്നീ മൂന്നു് അളവുകൾ കൊണ്ടു് നിർവചിക്കപ്പെടാവുന്നതാണു്. ഇവ മൂന്നും പരസ്പരാശ്രയമില്ലാത്തവിധം പരമമോ സ്വതന്ത്രമോ ആയ “ഡൈമെൻഷനുകൾ” അല്ല. ഈ മൂന്നു് മാനങ്ങളും വീക്ഷകന്റെ സ്ഥാനത്തിനു് അനുസരിച്ചു് മാറ്റം സംഭവിക്കാവുന്നവയാണു്.

ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ നിൽക്കുന്നവന്റെ മുകൾവശം ഭൂഗോളത്തിൽ അവനു് നേരെ എതിർവശത്തായി നിൽക്കുന്ന ഒരുവന്റെ കാഴ്ചപ്പാടിൽ താഴ്‌വശമാണെന്നതിനാൽ, അവനു് സുന്ദരമായൊരു “ഹായ്‌” നിമിഷത്തിൽ ഭൂമി തുരക്കണമെന്നു് തോന്നുകയും, തുരന്നുതുരന്നു് നരകവും കടന്നു് ഭൂമിക്കപ്പുറമെത്തിയിട്ടും തുരക്കൽ നിറുത്താൻ തോന്നാതിരിക്കുകയും ചെയ്താൽ ഒന്നാമന്റെ ആകാശപ്പന്തലിലാവും തുള വീഴുന്നതു്. (ബൈബിൾ സാക്ഷ്യപ്പെടുത്തുന്നതു് ശരിയാണെങ്കിൽ, അതുവഴി ആകാശത്തിനു് മുകളിൽ ദൈവം ശേഖരിച്ചു് വച്ചിരിക്കുന്ന ജലം ആകെമൊത്തം താഴേക്കൊഴുകി അവന്റെ ലോകത്തെ മുഴുവൻ മൂടുന്ന ഒരു രണ്ടാം മഹാപ്രളയത്തിനു് അതു് കാരണമായിക്കൂടെന്നുമില്ല. തുളയടക്കാൻ പരിശീലനം ലഭിച്ച പ്ലംബർമാർ സ്വർഗ്ഗത്തിലുണ്ടോ ആവോ. ഏതായാലും എല്ലാ ഭൂലോകവാസികളും നോഹയെ മാതൃകയാക്കി ഒരു കുടുംബത്തിനു് ഒന്നു് എന്ന കണക്കിൽ ഓരോ പെട്ടകം തട്ടിക്കൂട്ടി തട്ടുമ്പുറത്തു് സൂക്ഷിക്കുന്നതു് നല്ലതാണു്. ഭൂമി തുരക്കണം എന്ന തോന്നൽ ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നതിനാൽ അതുപോലൊരു മുൻകരുതൽ അതിജീവനത്തിനു് സഹായിക്കും. പറമ്പിൽ വേണ്ടത്ര സ്ഥലമുണ്ടെങ്കിൽ ഒരു മൃഗശാല തുടങ്ങി അവിടെ എല്ലാ ഇനത്തിലും പെട്ട ജീവികളുടെയും ഇണകളെ വളർത്തുന്നതും നന്നായിരിക്കും. അവ പ്രത്യുത്പാദനശേഷിയുള്ളവയാണെന്നു് നിരന്തരം പരിശോധിച്ചു് ഉറപ്പുവരുത്താനും മറക്കണ്ട.) ഇത്രയൊക്കെയായിട്ടും, തുടങ്ങിയ ചർച്ച നിറുത്താൻ കഴിയാത്ത വിശ്വാസികളെപ്പോലെ, തുടങ്ങിയ തുരക്കൽ നിറുത്താൻ അവനു് കഴിയാതിരിക്കുകയോ തോന്നാതിരിക്കുകയോ ചെയ്താൽ ദൈവത്തിന്റെ സിഹാസനവും, ദൈവം സിംഹാസനത്തിൽ നിന്നും ഇറങ്ങി ഓടാതിരുന്നാൽ ദൈവത്തെത്തന്നെയും അവൻ തുളച്ചു് നാശമാക്കും. എന്നാൽ അവന്റെ സ്വന്തം ആകാശത്തിനോ, ദൈവത്തിനോ, ദൈവസിംഹാസനത്തിനോ തകരാറൊന്നും സംഭവിക്കുകയുമില്ല. തുരക്കൽ തുടർന്നു് പ്രപഞ്ചത്തിനു് അപ്പുറമെത്തിയിട്ടും ആ ചങ്ങാതി നിറുത്താൻ ഭാവമില്ലെങ്കിൽ എന്തു് സംഭവിക്കുമെന്ന കാര്യം എനിക്കറിയില്ല. അതു് അറിയണമെന്നു് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ അവർ ഏതെങ്കിലും വിശ്വാസികളെ സമീപിക്കുക എന്നേ പറയാനുള്ളു. അതീന്ദ്രിയജ്ഞാനികളും പ്രപഞ്ചത്തിനപ്പുറമുള്ള ദൈവത്തിനു് ദിവസേന പലവട്ടം ഷേക്ക്‌ ഹാൻഡ്‌ കൊടുക്കുന്നവരുമാണല്ലോ അവർ! പ്രപഞ്ചാതീതവും ഇന്ദ്രിയാതീതവുമൊക്കെ ആയ കാര്യങ്ങൾ അറിയാനും പറയാനും അപഗ്രഥിക്കാനും കഴിവുള്ളവരായി അവരല്ലാതെ മറ്റാരെങ്കിലും ലോകത്തിൽ എവിടെയെങ്കിലും ഉള്ളതായി എനിക്കു് കേട്ടുകേൾവി പോലും ഇല്ല. (ഒരൽപം തമാശയും വേണം, അല്ലെങ്കിൽ ആരും ശവമടക്കിനു് വരില്ല എന്നാണല്ലോ പഴഞ്ചൊല്ല്.)

ഉയരവും താഴ്ചയും പോലെതന്നെ, അനുയോജ്യമായ രീതിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞുനിന്നുകൊണ്ടു് വീക്ഷിക്കുകയേ വേണ്ടൂ, നീളവും വീതിയും തമ്മിലും മാറിമറിയാൻ. അതിനാൽ, സ്ഥലത്തെ ത്രിമാനമായ ഒരു അഭിന്നതയായിട്ടല്ലാതെ മൂന്നു് വ്യത്യസ്തമായ ദിശകളായി പരിഗണിക്കുന്നതിൽ അർത്ഥമില്ല. സ്ഥലത്തിന്റെ ഡൈമെൻഷനുകൾക്കു് രൂപാന്തരീകരണം സംഭവിക്കുന്നു എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് വീക്ഷണകോണിൽ അധിഷ്ഠിതമായ ഈ മാറ്റമാണു്.

സ്ഥലവും കാലവും തമ്മിൽ രൂപാന്തരീകരണം സംഭവിക്കുന്നതും ഏതാണ്ടു് ഇതേ അർത്ഥത്തിലാണു്. സ്ഥലത്തിന്റെ കാര്യത്തിൽ ത്രിമാനങ്ങൾക്കു് പരസ്പരം രൂപാന്തരീകരണം സംഭവിക്കുന്നതു് വീക്ഷകന്റെ സ്ഥാനത്തിൽ വരുന്ന മാറ്റം വഴി, അഥവാ, അവന്റെ വീക്ഷണകോണിൽ സംഭവിക്കുന്ന മാറ്റം വഴിയാണെങ്കിൽ, സ്ഥലത്തിനും കാലത്തിനും പരസ്പരം സംഭവിക്കുന്ന രൂപാന്തരീകരണം മനസ്സിലാക്കാൻ അവ രണ്ടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അളവിനെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. അതുപോലൊരു അളവാണു് വേഗത (speed). പൊതുവെ പറഞ്ഞാൽ, ഒരു വസ്തു പിന്നിട്ട ദൂരത്തെ അതിനു് വേണ്ടിവന്ന സമയം കൊണ്ടു് ഹരിക്കുമ്പോൾ കിട്ടുന്നതാണു് സ്പീഡ്‌. (ചലനത്തിന്റെ ദിശയും പിന്നിട്ട ദൂരവും ഉൾപ്പെടുത്തിക്കൊണ്ടുള്ളതും ഒരു വെക്ടർ ക്വാണ്ടിറ്റിയുമായ velocity-യെ ഇവിടെ ഒഴിവാക്കുന്നു. എന്തിനു് അനാവശ്യമായ ഭാരങ്ങൾ വേണ്ടാത്തിടത്തേക്കു് ചുമന്നുകൊണ്ടു് ചെല്ലണം? അതു് ശല്യമേ ആവൂ). ഒരു അളവെന്ന നിലയിൽ വേഗതയുടെ കാര്യത്തിൽ, വസ്തുവിന്റെ സ്ഥാനത്തിൽ മാറ്റം വരുന്നതുവഴി സ്ഥലവും, അതിനു് വേണ്ടിവരുന്ന സമയം ഉൾപ്പെടുത്തുന്നതുവഴി കാലവും ഭാഗഭാക്കുകളാവുന്നു. വ്യത്യസ്ത വേഗതയിൽ സഞ്ചരിച്ചുകൊണ്ടു് ഒരു സംഭവത്തെ വീക്ഷിക്കുന്ന രണ്ടുപേർക്കു് അതു് സംഭവിക്കുന്ന കാലത്തിന്റെയും സമയത്തിന്റെയും അകലങ്ങൾ വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. മറ്റു് വാക്കുകളിൽ, വീക്ഷകന്റെ ചലനവേഗതയിൽ വരുന്ന വ്യത്യാസം സ്ഥലകാലങ്ങളുടെ പരസ്പരമുള്ള രൂപാന്തരീകരണത്തിനു് കാരണമാകുന്നു. സാധാരണ വേഗതകളിൽ അവഗണനീയമായവിധം ചെറുതായതിനാൽ അനുഭവവേദ്യമല്ലെങ്കിലും പ്രകാശത്തിന്റേതിനോടടുത്ത ഉയർന്ന വേഗതകളിൽ നീളം ചുരുങ്ങുന്നു, സമയം സാവകാശമാകുന്നു, പിണ്ഡം വർദ്ധിക്കുന്നു. അതായതു്, സ്ഥലത്തിന്റെ മൂന്നു് ദിശകൾ ത്രിമാനമായ ഒരു ‘വസ്തു’ ആകുന്നതുപോലെ, വീക്ഷകന്റെ അഭാവത്തിൽ അടിസ്ഥാനരഹിതമായ സ്ഥലവും കാലവും വീക്ഷകന്റെ ഗതിവേഗതാനുസൃതമായി രണ്ടു് വ്യത്യസ്ത മാനങ്ങളായി വേർതിരിക്കപ്പെടാനാവാത്ത സ്ഥല-കാലം (space-time) എന്ന ഒരു “വസ്തു” ആയി മാറുന്നു. സത്യത്തിൽ ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി പറയുന്നതും മറ്റൊന്നല്ല.

ന്യൂട്ടൺസ്‌ ലോ ഓഫ്‌ യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ അനുസരിച്ചു് രണ്ടു് പിണ്ഡങ്ങൾ തമ്മിലുള്ള ആകർഷണശക്തി അവയുടെ പിണ്ഡങ്ങളുടെ ഗുണനഫലത്തിനു് ആനുപാതികവും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു് വിപരീതാനുപാതികവുമാണു്. ഈ പ്രൊപ്പോർഷണാലിറ്റിയെ ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ്‌ ഉപയോഗിച്ചു് ഒരു സമവാക്യമാക്കുമ്പോൾ ആകർഷണശക്തിയുടെ കൃത്യമായ മൂല്യം ലഭിക്കും (inverse square law). ആകർഷണശക്തി കണക്കാക്കാൻ പിണ്ഡവും ദൂരവും ഒരു കോൺസ്റ്റന്റും മാത്രമേ ആവശ്യമുള്ളു എന്നതിൽ നിന്നും ന്യൂട്ടന്റെ ആകർഷണനിയമത്തിൽ സമയം ഒരു ഘടകമല്ല എന്നു് വ്യക്തമാവുന്നു. പക്ഷേ, അൽപം ശ്രദ്ധിച്ചാൽ ഈ നിയമത്തിൽ ചില അപാകതകളുണ്ടെന്നു് മനസ്സിലാക്കാം. ഈ നിയമപ്രകാരം പിണ്ഡങ്ങൾ തമ്മിലുള്ള ദൂരം എത്രയായാലും ആകർഷണം സംഭവിക്കുന്നതു് സമയനഷ്ടമില്ലാതെ ആയിരിക്കും. വസ്തുക്കൾ വ്യത്യസ്തസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നതു് ഒരേ സമയത്താണെങ്കിൽ പ്രശ്നമൊന്നുമില്ലെന്നു് ചുരുക്കം. പരസ്പരം അകന്നു് സ്ഥിതിചെയ്യുന്ന രണ്ടു് വസ്തുക്കൾ തമ്മിൽ ആകർഷണം സാദ്ധ്യമാവണമെങ്കിൽ, അവ തമ്മിൽ ഒരു ശക്തിയുടെ വ്യാപനം ആവശ്യമാണെന്നതിനാൽ, സമയം ഒരു ഘടകം ആവാതെ നിവൃത്തിയില്ല. വസ്തുക്കൾ തമ്മിൽ ഒരു ശക്തി (തരംഗരൂപത്തിലാവട്ടെ, കണികാരൂപത്തിലാവട്ടെ) കൈമാറ്റം ചെയ്യപ്പെടാൻ സമയം ആവശ്യമാണല്ലോ. പക്ഷേ, ന്യൂട്ടന്റെ കാലത്തു് (അതിനുശേഷം ഒന്നുരണ്ടു് നൂറ്റാണ്ടുകളിൽ പോലും) നിലവിലിരുന്ന ധാരണകൾ സ്പെയ്സിലെ വസ്തുക്കളുടെ സ്ഥാനത്തിനും ദൂരത്തിനും മാറ്റം സംഭവിക്കാമെങ്കിലും, സ്ഥലം എന്നതു് അതിൽത്തന്നെ മാറ്റമില്ലാത്തതാണെന്നും, സമയം ഈവക കാര്യങ്ങളുമായി ബന്ധമൊന്നുമില്ലാതെ സ്വച്ഛന്ദം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നുമൊക്കെ ആയിരുന്നതിനാൽ അതൊരു പ്രശ്നമായി ആർക്കും തോന്നിയില്ല. എങ്കിൽത്തന്നെയും, അകന്നുനിൽക്കുന്ന വസ്തുക്കൾ തമ്മിൽ സമയബന്ധിതമല്ലാതെ സംഭവിക്കുന്ന ആകർഷണത്തിനു് അനുയോജ്യമായ ഒരു വിശദീകരണം നൽകാൻ ആവാത്തതിൽ ന്യൂട്ടൺ അത്ര സംതൃപ്തനായിരുന്നില്ല. ഈ പ്രശ്നത്തിന്റെ വിശദീകരണവും പരിഹാരവുമായാണു് ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി രംഗപ്രവേശം ചെയ്തതു്.

ഐൻസ്റ്റൈന്റെ ഈ തിയറി ഇടപെടുന്നതു് പ്രകാശത്തിന്റേതിനോടോ അതിനോടടുത്തതോ ആയ വേഗതയുടെ ലോകത്തിലാണു്. ന്യൂട്ടന്റെ ആകർഷണശക്തിയിൽ സമയം ഒരു ഘടകമല്ലാതിരുന്നതു് ആദ്യകാലത്തു് ആർക്കും ഒരു പ്രശ്നമാവാതിരുന്നതും പ്രകാശവേഗതയുമായി തട്ടിച്ചുനോക്കുമ്പോൾ ദൈനംദിന ജീവിതത്തിലെ ഗതിവേഗതകൾ അവഗണനീയമായ വിധം ചെറുതായതിനാലാണു്. കടിയനായ ഒരു പട്ടി പുറകെ എത്തുമ്പോഴും ഒരു കംഗാരുവിന്റെ വേഗതയിൽ പോലും ഓടാൻ സാധിക്കാത്ത മനുഷ്യനെ പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയിൽ സ്ഥലകാലങ്ങൾക്കു് സംഭവിക്കുന്ന മാറ്റങ്ങളും മറ്റും എന്തിനു് അലട്ടണം? എങ്കിലും, അസാദ്ധ്യമായ കാര്യങ്ങൾ പോലും ഭാവനയിൽ കാണാൻ ശേഷിയുള്ള ഒരു ജീവിയാണു് മനുഷ്യൻ. സകലമാന ദൈവങ്ങളും പിശാചുക്കളും മാലാഖമാരും ജിന്നും ബ്രാണ്ടിയുമൊക്കെ ജന്മമെടുക്കുന്നതും ആ ലോകത്തിലാണു്. അതെല്ലാം വസ്തുതകളാണെന്നു് വിശ്വസിക്കാൻ കുറെപ്പേർ തയ്യാറാവുമ്പോൾ വിശ്വാസിസമൂഹങ്ങളും മതങ്ങളും രൂപംകൊള്ളുന്നു. എന്റെ ഭ്രാന്താണു് നിന്റേതിനേക്കാൾ ശരിക്കും മൂത്തുവിളഞ്ഞ ഒറിജിനൽ ഭ്രാന്തു് എന്ന വിശ്വാസം വ്യത്യസ്ത മതങ്ങളിൽ ഉത്തമബോദ്ധ്യമായി മാറുന്നതോടെ മതങ്ങൾ തമ്മിലുള്ള സ്പർദ്ധയും ചാവേറുകളുടെ ചാകരയും ആരംഭിക്കുന്നു. ചിന്താപരീക്ഷണങ്ങളുടെ ഒരു മാസ്റ്റർ ആയിരുന്ന ഐൻസ്റ്റൈനും ഏതാണ്ടു് ഇതുപോലൊരു ലോകത്തിൽ ഏറെ സമയം ചിലവിട്ടിരുന്ന വ്യക്തിയാണു്. പക്ഷേ, ആവശ്യത്തിലേറെ ദൈവങ്ങളും മതങ്ങളും അതിനോടകം സൃഷ്ടിക്കപെട്ടു് കഴിഞ്ഞിരുന്നതിനാലാവാം, ഐൻസ്റ്റൈൻ ദൈവത്തിന്റേയും ആദ്ധ്യാത്മികതയുടെയും മായാലോകങ്ങളെയെല്ലാം ഒഴിവാക്കി പ്രകാശത്തിന്റെ വേഗത, ഫോട്ടോഎലക്ട്രിക്‌ എഫെക്റ്റ്‌ മുതലായ പഠിക്കാനും തെളിയിക്കാനും കഴിയുന്നതും, ദൈവത്തെപ്പോലെ ഒത്തിരി വലുതല്ലാത്തതും തീരെ ‘കുഞ്ഞിങ്ങാരി’ ആയതുമായ ഭൗതികയാഥാർത്ഥ്യങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയതു്.

സാമാന്യലോകത്തിൽ വേഗതകളെ തമ്മിൽ കൂട്ടാനും കുറയ്ക്കാനുമൊക്കെ സാധിക്കും. മണിക്കൂറിൽ 400 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ഒരു ട്രെയിനിന്റെ ഉള്ളിൽ മണിക്കൂറിൽ അഞ്ചു് കിലോമീറ്റർ സ്പീഡിൽ മുന്നോട്ടു് നടക്കുന്ന ഒരുവന്റെ സ്വന്തം അനുഭവത്തിൽ (ട്രെയിൻ ഒരു അടഞ്ഞവ്യവസ്ഥ എന്ന നിലയിൽ) സ്പീഡ്‌ അഞ്ചുകിലോമീറ്റർ മാത്രമായിരിക്കുമെങ്കിലും, പുറത്തുനിന്നുകൊണ്ടു് അവനെ വീക്ഷിക്കുന്ന ഒരുവന്റെ ദൃഷ്ടിയിൽ അവന്റെ സ്പീഡ്‌ മണിക്കൂറിൽ 405 കിലോമീറ്ററായിരിക്കും. അതുപോലെ, ട്രെയിനിൽ പിന്നോട്ടാണു് അവൻ നടക്കുന്നതെങ്കിൽ പുറത്തെ വീക്ഷകന്റെ നോട്ടത്തിൽ അവന്റെ സ്പീഡ്‌ 395 കിലോമീറ്റർ ആയിരിക്കും. അങ്ങനെ, വേഗതകളെ പരസ്പരം കൂട്ടാനും കുറയ്ക്കാനും ആവുമെങ്കിലും, പ്രകാശത്തിന്റെ വേഗതയുടെ കാര്യത്തിൽ അതു് അസാദ്ധ്യമാണു്. പ്രകാശവേഗതയോടു് പ്രകാശവേഗത കൂട്ടിയാലും ലഭിക്കുന്നതു് പ്രകാശവേഗത മാത്രമായിരിക്കും. പ്രകാശത്തിന്റെ വാക്യുമിലെ വേഗത ഒരു സെക്കൻഡിൽ 299792458 മീറ്ററാണു്. ഭാവിയിൽ പ്രകാശവേഗതയുടെ കൂടുതൽ കൃത്യമായ അളവു് സാദ്ധ്യമായാൽ അതുവഴി വരുന്ന മാറ്റം മീറ്ററിന്റെ ദൈർഘ്യത്തിൽ മാത്രമാവുകയും, ഈ സംഖ്യയെ അതു് ബാധിക്കാതിരിക്കുകയും ചെയ്യുന്നവിധം, 1983-ലെ General Conference on Weights and Measures ഒരു സെക്കൻഡിന്റെ 299792458-ൽ ഒരംശം കൊണ്ടു് പ്രകാശം ശൂന്യതയിൽ (vacuum) പിന്നിടുന്ന ദൂരം എന്ന നിർവ്വചനം മീറ്ററിനു് നൽകി ഒരു തൊന്തരവു് ഒഴിവാക്കി.

ദ്രവ്യത്തിനും എനർജിക്കും ഇൻഫർമേഷനുമെല്ലാം സഞ്ചരിക്കാൻ കഴിയുന്ന ഏറ്റവും കൂടിയ വേഗതയാണു് ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത. ജലം, വായു മുതലായ സുതാര്യമാദ്ധ്യമങ്ങളിൽ പ്രകാശത്തിന്റെ വേഗത സ്വാഭാവികമായും ഇതിൽ കുറവായിരിക്കും. അത്തരം മാദ്ധ്യമങ്ങളിൽ പ്രകാശം സഞ്ചരിക്കുന്ന വേഗതയേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന സിഗ്നലുകൾ ഉണ്ടാവാമെങ്കിലും, ആ വേഗത പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയേക്കാൾ കുറഞ്ഞതായിരിക്കും. സങ്കൽപങ്ങളിലും ചിന്താപരീക്ഷണങ്ങളിലും ഒതുങ്ങാതെ നിവൃത്തിയില്ലാതിരുന്ന ഐൻസ്റ്റൈന്റെ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്നു് പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ തൃപ്തികരമായ പരീക്ഷണങ്ങൾ നടത്തുക സാദ്ധ്യമാണു്. അതിനു് പറ്റിയ ‘വാച്ചുകൾ’ പ്രകൃതിതന്നെ സജ്ജീകരിച്ചിട്ടുണ്ടു്. അതിലൊന്നാണു് മ്യുഓണുകൾ. ക്ഷീരപഥത്തിനു് വെളിയിൽ നിന്നും ഭൂമിയിലേക്കു് വരുന്ന കോസ്മിക്‌ റേഡിയേഷൻ ഉയർന്ന എനർജിയും, പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയുള്ളതുമാണു്. ഈ റേഡിയേഷനിലെ അധികപങ്കും ഭൂമിയിൽ എത്താതെ ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ വച്ചുതന്നെ അന്തരീക്ഷത്തിലെ കണികകളുടെ അണുകേന്ദ്രങ്ങളുമായി കൂട്ടിയിടിച്ചു് muon എന്നറിയപ്പെടുന്ന പുതിയ കണികകളെ സൃഷ്ടിക്കുന്നു. ഈ കണിക ഒരു സെക്കൻഡിന്റെ പത്തുലക്ഷത്തിൽ ഒരംശം സമയം കൊണ്ടു് ഒരു എലക്ട്രോണും ന്യൂട്രീനോയുടെ രണ്ടുതരം കണികകളുമായി ശിഥിലീകരിക്കപ്പെടുന്നു. അതിൻപ്രകാരം മ്യുഓൺ കണികകൾക്കു് ഏകദേശം 800 മീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ കഴിയില്ല. അതിനുമുന്നേ അവയുടെ ശിഥിലീകരണം സംഭവിച്ചു് കഴിഞ്ഞിരിക്കണം. തന്മൂലം, ഭൂമിയിലെ ഒരു മ്യുഓൺ ഡിറ്റക്ടറിൽ എത്താനുള്ള സമയം അവയ്ക്കില്ലാതിരിക്കേണ്ടതാണു്. പക്ഷേ, ഭൂമിയിൽ നടത്തുന്ന പരീക്ഷണങ്ങളിൽ ഡിറ്റക്ടറുകൾക്കു് ധാരാളം മ്യുഓൺ കണികകളെ സ്വീകരിക്കാൻ കഴിയുന്നുണ്ടു്! ഇതെങ്ങനെ സംഭവിക്കുന്നു? സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി എന്നാണു് ആ ചോദ്യത്തിന്റെ മറുപടി. മ്യുഓൺ കണികകൾ രൂപമെടുക്കുന്ന അന്തരീക്ഷപാളിയുടെ ഉയരം 30 കിലോമീറ്ററിൽ കുറയുന്നില്ലെങ്കിലും പ്രകാശത്തിന്റേതിനോടു് വളരെ അടുത്ത വേഗതയിൽ സഞ്ചരിക്കുന്ന അവയെ സംബന്ധിച്ചു് 30 കിലോമീറ്റർ എന്നതു് ഏകദേശം 800 മീറ്ററിൽ താഴെ ആയാണു് അനുഭവപ്പെടുന്നതു്. ഉന്നതമായ വേഗതയിൽ ദൂരത്തിനു് സംഭവിക്കുന്ന ചുരുങ്ങൽ മൂലം ശിഥിലീകരണം സംഭവിക്കുന്നതിനു് മുൻപുതന്നെ ഭൂമിയിൽ എത്താൻ ആ കണികകൾക്കു് കഴിയുന്നു. മറ്റു് വാക്കുകളിൽ പറഞ്ഞാൽ, ഉന്നത വേഗതയിൽ സഞ്ചരിക്കുന്ന മ്യുഓൺ കണികകളുടെ വാച്ചു് ഭൂമിയിൽ ‘വിശ്രമാവസ്ഥയിൽ’ കഴിയുന്ന നമ്മുടെ വാച്ചുകളിലേതിൽ നിന്നും സാവകാശമാണു് നടക്കുന്നതു് എന്നതിനാൽ ഡിസിന്റഗ്രേഷൻ വഴി നാശം സംഭവിക്കുന്നതിനു് മുൻപു് ഭൂമിയിൽ എത്താനുള്ള സമയം അവയ്ക്കു് ലഭിക്കുന്നു. റിലേറ്റിവിറ്റി തിയറി പറയുന്ന പ്രകാരമുള്ള സ്ഥലകാലങ്ങളുടെ രൂപാന്തരീകരണം സംഭവിക്കാതിരുന്നെങ്കിൽ പത്തുലക്ഷത്തിലൊന്നു് സെക്കൻഡ്‌ സമയം കൊണ്ടു് ഭൂമിയിലെത്താൻ അവയ്ക്കു് കഴിയുമായിരുന്നില്ല. സ്ഥലകാലങ്ങളുടെ രൂപാന്തരീകരണം പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഒന്നുകിൽ മ്യുഓണിന്റേതു് പോലെ പ്രകാശത്തിന്റേതിനോടടുത്ത വേഗതയോ, അല്ലെങ്കിൽ ചെറിയ മാറ്റങ്ങളെ അളക്കാൻ കഴിയുന്ന പ്രിസിഷൻ സമയമാപിനികളോ ആവശ്യമാണു്. ഇന്നു് ആറ്റോമിക്‌ ക്ലോക്കുകൾ ലഭ്യമാണെന്നതിനാൽ, ആധുനിക വിമാനങ്ങളുടെ വേഗതയിൽ സ്ഥലത്തിനും സമയത്തിനും സംഭവിക്കുന്ന രൂപാന്തരീകരണങ്ങൾ പോലും പഠനവിധേയമാക്കാൻ സാധിക്കും – വിമാനത്തിന്റെ ഉയരത്തിനനുസരിച്ചു് ഗ്രാവിറ്റേഷനിൽ സംഭവിക്കുന്ന കുറവുമൂലം ക്ലോക്കുകളുടെ ഗതിവേഗത്തിലും മാറ്റം വരുമെന്നതിനാൽ അതുകൂടി ഗണനത്തിൽ പരിഗണിക്കപ്പെടണമെങ്കിലും.

അൽപമെങ്കിലും പിണ്ഡമുള്ള ഒന്നിനും പ്രകാശവേഗതയിൽ സഞ്ചരിക്കാൻ ആവില്ല എന്നതിനാൽ, വളരെ ചെറിയതെങ്കിലും പൂജ്യത്തിനേക്കാൾ കൂടിയ rest mass ഉള്ള മ്യുഓണിനും പ്രകാശത്തിനോടു് വളരെ അടുത്ത വേഗതയല്ലാതെ അതിനൊപ്പം എത്താൻ ആവില്ല. പിണ്ഡമില്ലാത്ത കണികകൾക്കു് മാത്രം സാദ്ധ്യമായ പ്രകാശവേഗതയിൽ എത്തുമ്പോൾ മുഴുവൻ സമയവും സ്ഥലമായുള്ള രൂപമാറ്റത്തിനായി വിനിയോഗിക്കപ്പെട്ടു് കഴിഞ്ഞിരിക്കും എന്നതിനാലാണു് ഒരു സിഗ്നലിനും പ്രകാശത്തേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കാനാവാത്തതു്. പ്രകാശവേഗതയെ ‘കടത്തിവെട്ടിയ’ ന്യൂട്രീനോ പരീക്ഷണത്തെപ്പറ്റി ശാസ്ത്രലോകം പൊതുവേ സംശയാലുക്കളാവുന്നതിന്റെ കാരണവും അതൊക്കെത്തന്നെയാണു്.

ഏതായാലും ന്യൂട്രീനോയെപ്പറ്റി ഒരൽപം: ഒരു സാങ്കൽപിക കണികയായാണു് ന്യൂട്രീനോ ശാസ്ത്രലോകത്തിലേക്കു് രംഗപ്രവേശം ചെയ്തതു്. 1930-ൽ ചില റേഡിയോ ആക്റ്റീവ്‌ ഡീക്കേകളിൽ ശ്രദ്ധിക്കപ്പെട്ട എനർജിനഷ്ടം വിശദീകരിക്കാൻ മാർഗ്ഗമൊന്നും കാണാതിരുന്ന വോൾഫ്‌ഗാങ്ങ്‌ പൗളി എന്ന ശാസ്ത്രജ്ഞനു് ഫിസിക്സിലെ കൊൺസെർവേഷൻ ഓഫ്‌ എനർജി എന്ന തത്വത്തെ രക്ഷപെടുത്തുന്നതിനുവേണ്ടി ഒരു കണികയെ സങ്കൽപിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. സംശയരഹിതമായിരുന്ന ആ എനർജിനഷ്ടത്തിനു് പിന്നിൽ അങ്ങേയറ്റം ബലഹീനമായ പരസ്പരപ്രവർത്തനം മൂലം ഒരുവിധ അളവുകൾക്കും പിടികൊടുക്കാത്ത ഒരു കണികയായിരിക്കണം എന്നു് പൗളി ഊഹിച്ചു. 1934-ൽ എൻറിക്കോ ഫെർമി എന്ന ശാസ്ത്രജ്ഞൻ ഇറ്റാലിയനിൽ ‘ചെറിയ ന്യൂട്രോൺ’ എന്നർത്ഥമുള്ള ‘ന്യൂട്രീനോ’ എന്ന പേരുനൽകിയ ആ കണികയെ 1956-ൽ Reines, Cowan എന്നീ രണ്ടു് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു് നോബൽ സമ്മാനം നേടി. ഇന്നു് ശാസ്ത്രലോകത്തിൽ നിന്നും മാറ്റിനിർത്താനാവാത്ത പ്രാധാന്യം ന്യൂട്രീനോയ്ക്കുണ്ടു്.

പൂജ്യത്തിനോടടുത്തു് മാത്രം പിണ്ഡമുള്ള ന്യൂട്രീനോ ചാർജില്ലാത്ത എലിമെന്ററി പാർട്ടിക്കിളാണു്. പ്രകാശത്തിന്റെ കണികകളായ ഫോട്ടോണുകളിൽ നിന്നും വ്യത്യസ്തമായി ഇവ ദ്രവ്യത്താൽ ആഗിരണം ചെയ്യപ്പെടുന്നില്ല. അതിനാൽ, പ്രകാശം ഉൾഭാഗത്തെ അപേക്ഷിച്ചു് ഊഷ്മാവു് കുറഞ്ഞ സൂര്യന്റെ ഉപരിതലത്തിൽ നിന്നുമാത്രം പുറപ്പെടുമ്പോൾ, സൂര്യനുള്ളിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ വഴി രൂപമെടുക്കുന്ന ന്യൂട്രീനോകൾക്കു് അവിടെനിന്നും തൽക്ഷണം സ്ഥലം വിടുന്നതിനു് തടസ്സമൊന്നുമില്ല. അങ്ങനെ ഭൂമിയിലെത്തുന്ന ന്യൂട്രീനോകൾക്കു് സൂര്യനു് എതിരായ ഭൂമിയുടെ (രാത്രി)വശത്തു് എത്തുന്നതുപോലും ഒരു പ്രശ്നമല്ല. പ്രപഞ്ചത്തിലെ ഒരു ക്യുബിക്‌ മീറ്റർ സ്പെയ്സിൽ ഏകദേശം മൂന്നു് കോടി ന്യൂട്രീനോകൾ ഉണ്ടെന്നു് കണക്കാക്കപ്പെടുന്നു. ദ്രവ്യവുമായി പരസ്പരപ്രവർത്തനം ഇല്ലാത്തതിനാലും, മിക്കവാറും പൂജ്യം എന്നു് പറയാവുന്ന പിണ്ഡവും മൂലം നിരന്തരം നമ്മുടെ ശരീരത്തെ തുളച്ചു് കടന്നുപോയിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ ന്യൂട്രീനോകൾ നമ്മളെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല.

ഈ ഗുണങ്ങൾ മൂലം, ബിഗ്‌-ബാംഗ്‌ കാലഘട്ടത്തിൽ അനേകായിരം വർഷങ്ങൾക്കു് ശേഷം മാത്രം പ്രപഞ്ചത്തിൽ വ്യാപിക്കാൻ കഴിഞ്ഞ മൈക്രൊവേവ്‌ ബാക്ക്ഗ്രൗണ്ഡ്‌ റേഡിയേഷനേക്കാൾ വളരെ മുൻപുതന്നെ ന്യൂട്രീനോകൾ “പ്രപഞ്ചയാത്ര” ആരംഭിച്ചിട്ടുണ്ടാവും എന്നു് കരുതുന്നതിൽ തെറ്റില്ല. ബിഗ്‌-ബാംഗിനു് ഒരു സെക്കൻഡ്‌ (പ്രപഞ്ചാരംഭത്തിന്റെ അവസ്ഥയിൽ ഒരു സെക്കൻഡ്‌ എന്നതു് വളരെ ദീർഘമായ ഒരു കാലഘട്ടം ആണെങ്കിലും!) കഴിഞ്ഞപ്പോൾ മുതൽ അതുപോലൊരു രക്ഷപെടൽ തത്വത്തിൽ ന്യൂട്രീനോകൾക്കു് സാദ്ധ്യമായിട്ടുണ്ടാവണം. Water water everywhere but not a drop to drink എന്ന ചൊല്ലുപോലെ, എണ്ണമറ്റ ന്യൂട്രീനോകൾ പ്രപഞ്ചം മുഴുവനും ചുറ്റിത്തിരിയുന്നുണ്ടെങ്കിലും, അവയെ കണ്ടെത്താനും, മെരുക്കിയെടുത്തു് ബിഗ്‌-ബാംഗിനോടടുത്ത ആദ്യകാലപ്രപഞ്ചത്തെപ്പറ്റിയും മറ്റും പഠനങ്ങൾ നടത്താനും പറ്റിയ സാങ്കേതികത്വങ്ങൾ ഇന്നില്ലെന്നു് മാത്രമല്ല, അടുത്ത കാലത്തൊന്നും ഉണ്ടാവാനുള്ള സാദ്ധ്യതയും വളരെ വിരളമാണെന്നു് പറയാൻ ഒരു പെസിമിസ്റ്റ്‌ ആയിരിക്കണമെന്നും തോന്നുന്നില്ല.

Reference: Zurueck vor den Urknall – Martin Bojowald

 
8 Comments

Posted by on Oct 9, 2011 in ശാസ്ത്രം

 

Tags: ,

സ്ഥലകാലാതീതമായ നന്മതിന്മകൾ

സ്ഥലവും കാലവും ദൈനംദിനജീവിതത്തിലൂടെ നമുക്കു് പരിചിതമായ സംജ്ഞകളാണു്. എന്തെങ്കിലും അസാധാരണത്വം തോന്നേണ്ട ആവശ്യമില്ലാത്തവിധം മനസ്സിൽ പതിഞ്ഞുപഴകിയ പ്രതിഭാസങ്ങളാണവ. നീളം വീതി ഉയരം എന്നിങ്ങനെ മൂന്നു് അളവുകൾ കൊണ്ടു് സ്ഥലത്തെ വിശദീകരിക്കാം. ഇവ മൂന്നും ദൈർഘ്യത്തെ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളാണെന്നതിനാൽ അവയുടെ അളവിനു് ഒരൊറ്റ ഏകകത്തിന്റെ ആവശ്യമേയുള്ളു. അതുപോലെതന്നെ, ആർക്കും തടഞ്ഞുനിർത്താനാവാതെ നിരന്തരം കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെ കാലവും തന്റെ സാന്നിദ്ധ്യം സ്പഷ്ടമായി എല്ലാ ജീവജാലങ്ങളേയും അറിയിച്ചുകൊണ്ടിരിക്കുന്നു. ആന, കുഴിയാന മുതലായ ജീവികളുടെ നിമിഷങ്ങൾ തമ്മിൽ അത്ര ചില്ലറയല്ലാത്ത വ്യത്യാസം ഉണ്ടാവാമെങ്കിലും, അവയുടെ വാച്ചുകൾ അവയെപ്പോലെതന്നെ വ്യത്യസ്ത വേഗതയിൽ നടക്കുന്നവയാണെന്നതിനാൽ, ആ വ്യത്യാസം അവയ്ക്കു് അനുഭവവേദ്യമാവുന്നില്ല. അതുകൊണ്ടാവാം ആറാട്ടിനും ഏഴാട്ടിനുമൊക്കെ നെറ്റിപ്പട്ടം കെട്ടി കൊമ്പനാനകളോടൊപ്പം അണിനിരക്കുന്നതിൽ എന്തെങ്കിലും അപാകത കാണാൻ കുഴിയാനകൾക്കു് കഴിയാത്തതു്. “Was hat sie, das ich nicht habe” എന്നൊരു ജർമ്മൻ പാട്ടു് Katja Ebstein-ന്റെ വകയായിട്ടുണ്ടു്. “എനിക്കില്ലാത്ത എന്തു് കോപ്പാണു് അവൾക്കുള്ളതു്” എന്നാണു് ഗായികയുടെ ചോദ്യം. കുഴിയാനകളുടെ ചോദ്യവും ഏതാണ്ടു് അതുപോലെതന്നെയാണു്. ജനാധിപത്യം വന്നതുമുതൽ അവയ്ക്കു് അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവകാശം നിയമപരമായി ഉണ്ടുതാനും.

അങ്ങനെ ഓരോ ജീവിയും അതിന്റേതായ വ്യവസ്ഥിതികളിലൂടെയും നിമിഷങ്ങളിലൂടെയും ജീവിക്കുന്നു, മതിയാവുമ്പോൾ മരിക്കുന്നു. ജീവിതത്തിൽ അതുപോലൊരു “മതിവരൽ” ഇല്ലാത്ത ഒരേയൊരു ജീവിയാണു് മനുഷ്യൻ. ഈ രഹസ്യം മനസ്സിലാക്കിയ ചില സൂത്രശാലികൾ മനുഷ്യർ ചത്താലും ജീവിക്കുമെന്നും ആ ജീവിതം നിത്യനിതാന്തമായിരിക്കുമെന്നുമൊക്കെ ചില നോവലുകൾ എഴുതിയുണ്ടാക്കി. ആ ലോകത്തിന്റെ ചുമതലക്കാരനായി നനഞ്ഞ ഒരു പഴന്തുണി പോലെ, “അങ്ങോട്ടുരുട്ടിയിട്ടാൽ അവിടെ കിടക്കും, ഇങ്ങോട്ടുരുട്ടിയിട്ടാൽ ഇവിടെ കിടക്കും” എന്നപോലുള്ള ഒരു ദൈവത്തേയും പ്രതിഷ്ഠിച്ചു. ദൈവം എവിടെ എങ്ങനെ കിടക്കണമെന്നു് തീരുമാനിക്കുന്നതു് ദൈവത്തെ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്ന “ഉരുട്ടൽ വിദഗ്ദ്ധർ” ആണെന്നു് സാരം. രാത്രിയില്ലെങ്കിൽ പകലിനു് അർത്ഥമില്ല എന്നതിനാൽ, നരകമില്ലെങ്കിൽ സ്വർഗ്ഗവും, പിശാചില്ലെങ്കിൽ ദൈവവും അർത്ഥശൂന്യമാവും. അതിനാലാവാം, ദൈവവും സ്വർഗ്ഗവും കൂടുതൽ കൂടുതൽ പ്രതാപത്തിലേക്കു് വളർന്നുകൊണ്ടിരുന്നപ്പോൾ അവയുടെ ബൈപ്രോഡക്റ്റ്‌സ്‌ എന്ന നിലയിൽ പിശാചും നരകവും ഓട്ടോമാറ്റിക്കായി രൂപം കൊണ്ടു് ഇവ രണ്ടിനോടും കിടപിടിച്ചു് വളർന്നു് പടിപടിയായി “ആന്റിപ്രതാപത്തിൽ” എത്തിക്കൊണ്ടിരുന്നതു്. ഇഹലോകജീവിതത്തെ പട്ടിലും സ്വർണ്ണത്തിലും പൊതിഞ്ഞാൽ എങ്ങനെയിരിക്കുമോ അതിൽ കവിഞ്ഞ എന്തെങ്കിലും ദിവ്യത്വമോ, സുഖസൗകര്യങ്ങളോ, മഹത്വമോ ഒന്നും സ്വർഗ്ഗീയജീവിതത്തിനോ, ലൗകികജീവിതത്തെ പരമാവധി ദുരിതപൂർണ്ണമാക്കിയാൽ എങ്ങനെയിരിക്കുമോ അതിൽ കവിഞ്ഞ പീഡനങ്ങളോ, ക്രൂരതകളോ ഒന്നും നരകത്തിലെ മനുഷ്യവാസത്തിനോ സങ്കൽപിക്കാൻ അവർക്കു് കഴിഞ്ഞില്ലെങ്കിലും, വിഡ്ഢിത്തം മനുഷ്യന്റെ ജന്മവാസനയായതിനാൽ അധികം പേരും അവർ പറഞ്ഞതു് അപ്പാടെ സത്യമാണെന്നു് വിശ്വസിച്ചു് അവരുടെ ഐഹികനിമിഷങ്ങളിൽ നിന്നും നല്ലൊരംശവും, ലൗകികസമ്പത്തിൽ നിന്നും ചെറിയൊരംശവും മരണാനന്തരം സ്വന്തം കയ്യിലിരുപ്പും ജന്മപാപവും മൂലം ലഭിക്കുമെന്നു് പുരോഹിതന്മാർ അവരോടു് തീർത്തുപറഞ്ഞതുമൂലം തീർച്ചയായിരുന്ന അവരുടെ നരകയാത്രയുടെ ടിക്കറ്റുകൾ തിരുത്തി യാത്ര സ്വർഗ്ഗലോകത്തിലേക്കാക്കി മാറ്റിയെടുക്കാൻ സാധിക്കുമെന്നുമുള്ള ഉത്തമവിശ്വാസത്തിൽ യഥാക്രമം പ്രാർത്ഥനകൾക്കും പള്ളികൾക്കുമായി പകുത്തുനൽകി.

കാലക്രമേണ, മഴത്തുള്ളികളെപ്പോലെ ചെറുതുള്ളികളായ മനുഷ്യർ ഒന്നിനുപുറകെ ഒന്നായി മണ്ണിൽ വീണു് എന്നേക്കുമായി മറഞ്ഞുകൊണ്ടിരുന്നപ്പോൾ, ഫലം നൽകാൻ മടിച്ചിരുന്ന കൃഷിഭൂമിയിൽ ദൈവശാപപ്രകാരം കഠിനാദ്ധ്വാനം ചെയ്തു്, മൂക്കിൻ തുമ്പുകളിൽ നിന്നും ചൊരിയാൻ അവരിലെ പുരുഷന്മാർ നിർബന്ധിതരാക്കപ്പെട്ടിരുന്ന വിയർപ്പുതുള്ളികൾ, “പലതുള്ളികൾ പെരുവെള്ളമായിത്തീരുന്നു” എന്ന “നീതിശാസ്ത്ര”പ്രകാരം, ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അറകളിൽ സ്വർണ്ണവും മുത്തും മരതകവുമായി രൂപാന്തരം പ്രാപിച്ചു് കുന്നുകൂടിക്കൊണ്ടിരുന്നു.അങ്ങനെ കണ്ണിൽ പെടാനില്ലാത്ത ചെറിയ കൈത്തോടുകളിലൂടെ വിയർപ്പുതുള്ളികളെ കൊള്ളമുതൽ ശേഖരിക്കപ്പെടുന്ന സമുദ്രത്തിലേക്കു് തിരിച്ചുവിട്ടതുവഴി, ഈ കെട്ടുകഥകളുടെ യഥാർത്ഥ ലക്ഷ്യം വഞ്ചനയും ചൂഷണവുമാണെന്നു് തിരിച്ചറിയുകയും അതിനാൽ കൂട്ടത്തിന്റെ കൂടെ ഒഴുകാൻ വിസമ്മതിക്കുകയും ചെയ്തവരെ ഉടനെതന്നെ പരലോകത്തേക്കയക്കാൻ വേണ്ട സമ്പത്തും സമ്പത്തിന്റെ അവിഭാജ്യഘടകമായ അധികാരവും ചുരുങ്ങിയ കാലം കൊണ്ടു് നേടിയെടുക്കാനും സമൂഹങ്ങളുടെ തലപ്പത്തു് ചാട്ടയും കടിഞ്ഞാണുമായി കയറിപ്പറ്റുവാനും ദൈവകഥാപ്രാസംഗികർക്കു് കഴിഞ്ഞു. എവിടെ സമ്പത്തും അധികാരവുമുണ്ടോ അവിടെക്കു് ഇവ രണ്ടും, ഗ്രാവിറ്റേഷൻ പോലൊരു നിയമത്തിന്റെ സ്വാധീനത്താലെന്നപോലെ, ഇടതടവില്ലാതെ ഒഴുകിയെത്തിക്കൊണ്ടിരിക്കും. എക്സ്‌ട്രീമുകളിൽ ജ്ഞാനവും പ്രശ്നങ്ങളുടെ പരിഹാരവും തേടാൻ മാത്രം ശുദ്ധഗതിക്കാരായിരുന്നതിനാലാവാം, പല സാമ്പത്തികശാസ്ത്രജ്ഞരും സാമൂഹികപരിഷ്ക്കർത്താക്കളും കാണുകയോ പിഴുതെറിയുകയോ ചെയ്യാതെ കടന്നുപോയ ഒരു “ഫിലോസൊഫേഴ്സ്‌ സ്റ്റോൺ” ആണു് ഈ സാമ്പത്തിക ഗ്രാവിറ്റേഷൻ. പല പിൽക്കാല സമൂഹങ്ങളും തട്ടിവീഴേണ്ടിവന്നതും ഇന്നും തട്ടിവീണുകൊണ്ടിരിക്കുന്നതുമായ ഒരു സാമൂഹിക ഇടർച്ചക്കല്ലു്. സ്വയം നിയന്ത്രിതമായി വിട്ടാൽ പ്രകൃതിവിരുദ്ധമെന്നോണം അടിയിൽ നിന്നും മുകളിലേക്കു് മാത്രം ഒഴുകാൻ കഴിയുന്ന ചെറിയ സാമ്പത്തിക സ്രോതസ്സുകൾ വൻതോടുകളും പുഴകളും നദികളുമായി നിയന്ത്രണാതീതമായി അപ്രാപ്യമായ ഔന്നത്യങ്ങളിലേക്കു് “ഒഴുകി കയറുന്നതിനു്” മുൻപു്, താഴ്ച്ചകളിലെ ഉറവിടം വറ്റാതിരിക്കാൻ മാത്രമല്ല, അനവരതം പോഷിപ്പിച്ചുകൊണ്ടിരിക്കാനും ഉതകുന്ന കൈവഴികൾ വഴി സമ്പത്തു് മുകളിൽ നിന്നും താഴേക്കു് തിരിച്ചുവിടുന്ന “വികർഷണ ഗ്രാവിറ്റിയെ” പ്രകൃതിസഹജമാക്കുന്ന നിയമങ്ങൾക്കു് രൂപം നൽകാതെ സാമൂഹിക സുരക്ഷിതത്വം സാദ്ധ്യമല്ല. ഇപ്പോൾ ചിരിക്കേണ്ടവർക്കു് ഇഷ്ടം പോലെ ആർത്തു് ചിരിക്കാം, കാരണം, അത്തരം നിയമങ്ങൾക്കു് രൂപം നൽകേണ്ടവർ സാമ്പത്തികഗ്രാവിറ്റിയുടെ ബന്ധുക്കളും, തന്മൂലം അടിയിൽ നിന്നും മുകളിലേക്കുള്ള “ആകർഷണശക്തി” തൊട്ടുകൂടാനാവാത്തവിധം വിശുദ്ധമാണെന്നു് വിശ്വസിക്കുന്നവരും, അതു് സകല ലോകത്തേയും വിശ്വസിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നവരുമാണു്.

പുരുഷന്മാരെപ്പോലെതന്നെ, സ്ത്രീകളും അവരാൽ ആവുന്നപോലെയൊക്കെ ആദിമുതലേ വിയർത്തുകൊണ്ടിരുന്നു. പക്ഷേ, ദൈവികമായ കാര്യങ്ങളിൽ അവർ പൊതുവേ നിശബ്ദരാക്കപ്പെട്ടിരുന്നതിനാൽ, കൈകൊട്ടു്, കുരവയിടൽ മുതലായ കലാപരിപാടികളുമായി കാലം കഴിക്കാൻ ഇന്നത്തെപ്പോലെതന്നെ അന്നും നിർബന്ധിതരായിരുന്ന അവരുടെ വിയർപ്പു് ഒഴുകിയിരുന്നതു് മൂക്കിൻ തുമ്പത്തുനിന്നും മാത്രമായിരുന്നോ എന്നു് നിശ്ചയമായി പറയാൻ പറ്റുന്ന രേഖകൾ ഒന്നും അവരുടേതായി ലഭ്യമല്ല. ചില പുരുഷനീതിശാസ്ത്രപ്രകാരം, സ്ത്രീകളുടെ വിയർപ്പു് ദൈവസന്നിധിയിൽ പോലും കണക്കിടപ്പെടാറില്ലെന്നാണു് കേൾക്കുന്നതു്. ഇട്ടാൽത്തന്നെ പുരുഷന്റെ ഒരു തുള്ളി വിയർപ്പു് സ്ത്രീയുടെ അരത്തുള്ളി വിയർപ്പിനോടോ, കാൽത്തുള്ളി വിയർപ്പിനോടോ തുല്യം മുതലായ വിയർപ്പിന്റെ എക്സ്ചേഞ്ച്‌ നിരക്കിന്റെ കാര്യങ്ങളിൽ വ്യക്തമായ സ്റ്റാൻഡെർഡുകൾ നിലവിലില്ലായിരുന്നു. ഈവക കണക്കുകൂട്ടലുകളിൽ തല പെരുത്തും മനം മടുത്തും അതിൽനിന്നുമുള്ള നിന്നുമുള്ള ഒരു മോചനം എന്ന നിലയിലാണു്, “എനിക്കു് ഒരു കോപ്പും കാണണ്ട, കേൾക്കണ്ട, മിണ്ടണ്ട” എന്നതിന്റെ ഹനുമാൻ വേർഷൻ അവതരിപ്പിക്കുന്ന മൂന്നു് കുരങ്ങന്മാരെ മാതൃകയാക്കിയെന്നോണം, ദേഹമാസകലം പർദ്ദയിട്ടുമൂടുന്ന ഒരു എക്സ്ക്ലൂസീവ്‌ മതപര വേർഷനിലേക്കു് ദൈവനാമത്തിൽ പരിമിതപ്പെടുത്താൻ സ്ത്രീകൾ തീരുമാനിച്ചതെന്നൊരു സ്ഥിരീകരിക്കപ്പെടാത്ത വാർത്ത നിലവിലുണ്ടു്. ആ വാർത്ത ശരിയാണെങ്കിൽ, ലോകത്തിൽ ആദ്യമായി യുദ്ധത്തിന്റെ നിർണ്ണായകഘട്ടത്തിൽ, ജീവനും മരണത്തിനുമിടയിൽ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അന്തിമമായ പൊരുതലിൽ, മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെടുന്നു എന്നു് ഉറപ്പാവുമ്പോൾ, അപ്പോൾ മാത്രം, വേണമെങ്കിൽ സ്വയം കീറിയെറിഞ്ഞോ എറിയാതെയോ രക്തസാക്ഷിത്വം വരിക്കാമെന്നല്ലാതെ, മറ്റാർക്കും നേരിടാനോ നശിപ്പിക്കാനോ ആവാത്ത പർദ്ദ എന്ന ക്യാമൊഫ്ലാജ്‌ ആൻഡ്‌ കൺസീൽമെന്റിൽ അധിഷ്ഠിതമായ ഒരു അതിവിദഗ്ദ്ധ ഡിഫൻസ്‌ സ്ട്രാറ്റെജിയിലൂടെ സ്ത്രീവിമോചനം എന്നൊരു പ്രസ്ഥാനത്തിനു് അടിത്തറയിട്ട അതേ സ്ത്രീയിൽ നിന്നുതന്നെയാവണം “എല്ലാം വെറും കോപ്പാണു്” എന്ന ആപ്തവാക്യം വെള്ളിടി കുയിൽനാദത്തിൽ വെട്ടിയാലെന്നപോലെ ആദ്യമായി ലോകം ശ്രവിച്ചതു്. ‘അഹം ബ്രഹ്മാസ്മി’, “ശൂന്യാകാശത്തിലേക്കുള്ള പെരുവഴിയും നാട്ടുവഴിയും ഞാൻ തന്നെ” മുതലായ മഹദ്വചനങ്ങളോടു് ഒപ്പം നിൽക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള തത്വചിന്താപരമായ ഒരു തിരിച്ചറിവാണിതു് എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല.

അതേസമയം, സ്ത്രീകൾ അഴിച്ചുവയ്ക്കുന്ന അടിവസ്ത്രങ്ങൾ പെറുക്കാൻ അവരുടെ കുളിക്കടവുകൾ തേടി ചെല്ലുന്ന ജനുസ്സിൽ പെട്ട ഒരു ശ്രീകൃഷ്ണനൊന്നുമല്ലെങ്കിലും, ഗണിതശാസ്ത്രം അടിസ്ഥാനപരമായി അത്ര സ്ത്രീവിദ്വേഷിയല്ല എന്നതാണു് സത്യമെന്നു് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്കു് ഉറപ്പായി പറയാൻ കഴിയും. ഇതെഴുതുമ്പോൾ, പ്രീഡിഗ്രിക്കു് എന്നെ ട്രിഗൊണൊമെട്രി പഠിപ്പിച്ച രമാദേവി ടീച്ചറാണു് എന്റെ മനസ്സിൽ. (പേരു് അൽപം മാറ്റിയിട്ടുണ്ടു്). തീറ്റ എന്ന ഗ്രീക്ക്‌ അക്ഷരം ബോർഡിൽ എഴുതിയപ്പോൾ അതിന്റെ നടുക്കിടേണ്ട വരയിടാൻ മറന്ന ടീച്ചറോടു് “ദാ ടീച്ചറെ, തീറ്റ തുണിയുടുക്കാതെ നിൽക്കുന്നു” എന്നു് പറഞ്ഞപ്പോൾ ചിരിയടക്കാൻ കഴിയാതെ വരയിട്ടശേഷം ക്ലാസ്സിൽ നിന്നും പുറത്തുപോയി അൽപം കഴിഞ്ഞു് വീണ്ടും തിരിച്ചുവന്നു് സാധാരണപോലെ ക്ലാസ്സ്‌ തുടർന്ന രമാദേവിടീച്ചർ! ഗണിതശാസ്ത്രം സ്ത്രീകൾക്കു് അപ്രാപ്യമാവേണ്ട കാര്യമില്ല എന്നതിന്റെ ഒരു ഉത്തമോദാഹരണം.

എന്നിരിക്കിലും, ഭൂരിഭാഗം പുരുഷന്മാരെയും അപേക്ഷിച്ചു് ബഹുഭൂരിപക്ഷം സ്ത്രീകളും ഇൻസ്റ്റിങ്ക്റ്റീവ്‌ ആയെന്നോണം തീക്ഷ്ണമായ ദൈവവിശ്വാസവും നേർച്ചയിടൽ മേനിയയും പ്രദർശിപ്പിക്കുന്നവരാണു്. No taxation without representation എന്ന, ഇംഗ്ലണ്ടിനോടു് അമേരിക്കൻ പൗരന്മാർ പണ്ടൊരിക്കൽ വിളിച്ചുപറഞ്ഞ മുദ്രാവാക്യമൊന്നും സ്ത്രീകളെ എന്തുകൊണ്ടോ ആവേശഭരിതരാക്കുന്നില്ല. അത്ഭുതമെന്നേ പറയേണ്ടൂ, നേരെ മറിച്ചാണു് അവരുടെ നിലപാടു്. ദൈവത്തിനു് സ്ത്രീകളെ വേണമെന്നു് അത്ര വലിയ നിർബന്ധമൊന്നുമില്ലെന്നു് അങ്ങേർ കിട്ടിയ അവസരങ്ങൾ ഒന്നും പാഴാക്കാതെ വേദഗ്രന്ഥങ്ങളിലും പത്രസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും യാതൊരു അർത്ഥശങ്കയ്ക്കുമിടയില്ലാതെ വ്യക്തമാക്കാറുണ്ടു്. എന്നിട്ടും, “നിനക്കു് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്കു് നിന്നെ വേണം” എന്നാണു് സ്ത്രീകളുടെ മുദ്രാവാക്യം! എന്താണിത്തരമൊരു ഇല്ലോജിക്കൽ നിലപാടിന്റെ പിന്നിലെ രഹസ്യം? പുരുഷനും സ്ത്രീയും തമ്മിൽ കാലാകാലങ്ങളായി നിലവിലിരിക്കുന്നതും, ദൈവനിശ്ചിതമെന്നു് സ്ത്രീകളടക്കം ചില മനുഷ്യർ പഠിപ്പിക്കുന്നതുമായ അസമത്വത്തിൽ നിന്നുമുള്ള ഒരു മോചനത്തിനുവേണ്ടി സ്ത്രീകളുടെ അബോധമനസ്സിൽ നിന്നും ദൈവത്തിനുനേരെ ഉയരുന്ന ഒരു ഭീഷണിയോ, ചുരുങ്ങിയപക്ഷം ഒരു സങ്കടഹർജിയെങ്കിലുമോ ആയി മാത്രമേ നിരുപാധികമായ ദൈവസ്നേഹത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ നയതന്ത്രജ്ഞതയെ വിലയിരുത്താനാവൂ എന്നാണു് ചരിത്രത്തിന്റെ മുച്ചട്ടിയരിപ്പിൽ അടിഞ്ഞുകൂടിയ മട്ടും മാലിന്യങ്ങളും വാരിമാറ്റി മണലും കരിയും പരിശോധിച്ചതിൽ നിന്നും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞതു്.

അതിശയമെന്നേ പറയേണ്ടൂ, ബിഗ്‌-ബാംഗ്‌ എന്നോ, ശൂന്യതയെന്നോ, എന്ട്രോപ്പിയെന്നോ, സ്ഥലകാലങ്ങളുടെ ആരംഭമെന്നോ ഒക്കെ ആർക്കും എവിടെയും, വേണമെങ്കിൽ മെഗാഫോണിലൂടെവരെ വിളിച്ചുപറയാൻ നിയമപരമായി തടസ്സമൊന്നുമില്ല. അതിനു് ആ വാക്കുകളുടെയൊക്കെ അർത്ഥമെന്തെന്നുപോലും അറിയണമെന്നില്ല. ഇതുപക്ഷേ ജനാധിപത്യവ്യവസ്ഥിതി നിലവിലിരിക്കുന്ന രാജ്യങ്ങളിലെ കാര്യമാണെന്നു് മറക്കണ്ട. അതിനാൽ, നിങ്ങളുടെ ആത്മരക്ഷയെ മുൻനിർത്തി സൗദി അറേബ്യയിലും അഫ്ഘാനിസ്ഥാനിലും ഇറാനിലുമൊക്കെ ചെന്നു് എന്തെങ്കിലുമൊക്കെ വിടുവായത്തരം വിളിച്ചുപറഞ്ഞു് പരീക്ഷണങ്ങൾ നടത്താതിരുന്നാൽ നിങ്ങൾക്കു് കൊള്ളാം. കോതകൾ വായിൽ തോന്നുന്നതു് പാടുക മാത്രമേ ചെയ്യാറുള്ളു. പക്ഷേ, പരിശുദ്ധാത്മാവു് തലയിൽ കയറിക്കൂടിയാൽ വായിൽ തോന്നാത്തതും വയറ്റിൽ ഒതുങ്ങാത്തതും പോലും നീട്ടിപ്പാടുന്നവരാണു് വിശ്വാസികൾ. അവർക്കതു് കോതപ്പാട്ടല്ല, “പരമന്റെ” ആത്മാവിൽ നിന്നും ജീവന്റെ ആത്മാവിലേക്കു് അലയടിച്ചെത്തുന്ന നിത്യസത്യങ്ങളാണു്. ദൈവത്തിനും ദൈവവിശ്വാസികൾക്കും “നിത്യസത്യത്തിന്റെ” ആവർത്തനം വിരസതയോ തമാശയോ ഉണ്ടാക്കുന്ന ഒരു കാര്യമല്ല. “ഭയങ്കരനായ ദൈവമേ, ഇന്നു് ഞായറാഴ്ചയാണു്” എന്നു് രാവിലെ ആറുമണി മുതൽ രാത്രി പത്തുമണി വരെ ഓരോ മണിക്കൂറിലും പത്തോ നൂറോ വട്ടം ആവർത്തിക്കുന്നതു് വിശ്വാസികളുടെ ലോകത്തിൽ ഒരു കാരണവശാലും ഒരു അസാധാരണത്വമല്ല. ഈ “പ്രാർത്ഥന” കരളുരുകി നടത്തപ്പെടുന്നതു് ഏതെങ്കിലുമൊരു ഞായറാഴ്ച ആയിരിക്കണമെന്നുപോലും യാതൊരു നിർബന്ധവുമില്ലാത്ത ഒരേയൊരു ലോകമാണതു്. ദൈവവുമായി നേരിട്ടു് നിരന്തര സമ്പർക്കം പുലർത്താൻ ശേഷിയുള്ള വിശ്വാസി ഈ ലോകത്തിന്റെ ആളല്ല എന്നതാണു് അനന്യസാധാരണമായ ഈ സ്വഭാവവിശേഷത്തിന്റെ കാരണം. ദൈവത്തിന്റെ ഭാഷ മനസ്സിലാകാത്തവർക്കു് വിശ്വാസിയുടെ ഈ പെരുമാറ്റരീതികൾ വിചിത്രവും പരിഹാസ്യവുമായി തോന്നുന്നതു് സ്വാഭാവികം. അൽപമെങ്കിലും ഹാസ്യരസം ഉള്ളവനാണെങ്കിൽ ഈ പ്രാർത്ഥനായജ്ഞം കേൾക്കുമ്പോൾ ദൈവം കുമ്പകുലുക്കി ചിരിച്ചു് “ആടിക്കളിയെട കൊച്ചുരാമാ, ചാടിക്കളിയെട കുഞ്ഞുരാമാ” എന്നു് പാടിത്തിമിർക്കുകയാവണം.

ബൈബിളിന്റെ അടിസ്ഥാനത്തിൽ, അപ്പം കൊണ്ടു് മാത്രമല്ലാതെ ജീവിക്കാൻ പ്രത്യേക കഷ്ടപ്പാടുകളൊന്നും അനുഭവിക്കേണ്ട ആവശ്യം വരുന്നില്ലാത്ത വിശ്വാസികൾ ജീവിക്കുന്നതു് ദൈവത്തിൽ വിശ്വസിച്ചുകൊണ്ടു് മാത്രമല്ല, ദൈവത്തിന്റെ ഇടതും വലതും കൈകളുടെ വേലയിലൂടെ ലോകത്തിൽ നിമിഷംപ്രതിയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളിൽ വിശ്വസിച്ചുകൊണ്ടുകൂടിയാണു്. സൊമാലിയയും സുനാമിയുമൊക്കെ ദൈവം പ്രത്യേകം പ്ലാൻ ചെയ്തു് സംഭവിപ്പിക്കുന്ന അത്ഭുതങ്ങളുടേയും മനുഷ്യകാരുണ്യപ്രവർത്തികളുടെയും ഉദാഹരണങ്ങളാണു്. വിശ്വാസികളല്ലാത്തവർക്കു്, മുകളിൽ പറഞ്ഞപോലെ, ദൈവത്തിന്റെ ഭാഷയുടെ പ്രശ്നം മൂലം അതൊന്നും ശരിക്കങ്ങോടു് മനസ്സിലാവുന്നില്ലെന്നേയുള്ളു. ഭൂലോകത്തിലെ തന്റെ ഇതുപോലുള്ള സമയോചിതമായ ഇടപെടലുകൾ വഴി ദൈവം എന്താണു് ഉദ്ദേശിക്കുന്നതെന്നു് ഒരു ഏകദേശ രൂപമെങ്കിലും ലഭിക്കാൻ ദൈവത്തിന്റെ ഭാഷ അറിയാവുന്നവരുടെ വ്യാഖ്യാനങ്ങളെ ആശ്രയിക്കുകയല്ലാതെ അവിശ്വാസികൾക്കു് തത്കാലം വേറെ മാർഗ്ഗമൊന്നുമില്ല. അതുകൊണ്ടൊക്കെയാണു് വിശ്വാസികളുമായി അന്യചിന്തകൾ പങ്കുവയ്ക്കാനുള്ള ഏതു് ശ്രമവും “ഫ്രെഷ്‌” ആയി മുറിച്ച പച്ചച്ചക്കയുടെ മുളഞ്ഞിലിൽ രണ്ടുകൈകളും ആവേശപൂർവ്വം അമർത്തുന്നതിനു് തുല്യമായിരിക്കുന്നതു്. തന്നെ തൊടുന്നവരോടു് വിട്ടുപിരിയാൻ കഴിയാത്തവിധം തോന്നുന്ന ജന്മവാസനയായ സ്നേഹബന്ധമാണു് മുളഞ്ഞിലിനെ മുളഞ്ഞിലാക്കുന്ന ചേതോവികാരമെങ്കിൽ, വിശ്വാസിയുടേതു് തന്റെ ദൈവത്തെ സംരക്ഷിക്കാൻ താനല്ലാതെ മറ്റാരുമില്ല എന്ന ഉത്തമവിശ്വാസമാണു്. അതുകൊണ്ടു് ദൈവത്തോടുള്ള അവന്റെ സ്നേഹബന്ധം അന്യനിലപാടുകാരുടെ സാമീപ്യത്തിൽ, പ്രത്യേകിച്ചും അവർ സ്വന്തനിലപാടുകൾ ന്യായീകരിക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ, അക്രമാസക്തിയുടെ രൂപം കൈക്കൊള്ളുന്നു. കാരണം, ഒരു വിശ്വാസിയുടെ ദൈവം സ്നേഹമയനാവുന്നതു് അവനോടും അവന്റേതുകളോടും മാത്രമാണു്. അന്യദൈവവിശ്വാസികളുടെ ശത്രുവല്ലാത്ത ഒരു ദൈവം ഏതൊരു മതത്തിനും കാളകൂടതുല്യമാണു്. കാളകൂടത്തിനെ ശർക്കരയിൽ പൊതിഞ്ഞാൽ “എല്ലാ മതങ്ങളും ഘോഷിക്കുന്നതു് ഓരേയൊരു ദൈവത്തെയാണു്” എന്ന കപടവാക്യം ലഭിക്കും. എന്റെ ദൈവവും നിന്റെ ദൈവവും ഒന്നാണെന്നു് സത്യസന്ധമായി ഏതെങ്കിലും രണ്ടു് മതങ്ങൾ അംഗീകരിക്കുന്ന അതേദിവസം സംഭവിക്കുന്നതു് ആ രണ്ടു് മതങ്ങളുടെയും എന്നേക്കുമുള്ള അന്ത്യമായിരിക്കും.

ജന്മവൈകല്യം മൂലം മന്ദബുദ്ധികളായ കാമുകീകാമുകന്മാരെ ശ്രദ്ധിച്ചാൽ അവർ പരസ്പരം എത്ര തീവ്രമായാണു് സ്നേഹിക്കുന്നതെന്നു് മനസ്സിലാക്കാനാവും. സ്വന്തം കുറ്റത്താലല്ലാതെ മന്ദബുദ്ധികളായവരെ വില കുറച്ചു് കാണുകയല്ല, ഒരു യാഥാർത്ഥ്യത്തിലേക്കു് വിരൽ ചൂണ്ടുക മാത്രമാണു് ഇവിടെ ലക്ഷ്യം. വഞ്ചന എന്നൊന്നു് സാധാരണഗതിയിൽ അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടാവാനിടയില്ല, അഥവാ ഉണ്ടായാൽ, അതു് തിരിച്ചറിയപ്പെട്ടാൽ, അതു് പങ്കാളിയെ ജീവിതത്തകർച്ചയിൽ എത്തിച്ചേക്കാൻ മതിയായ ഒരു ഷോക്ക്‌ ആയിക്കൂടെന്നുമില്ല. ഇവിടെ സ്നേഹബന്ധത്തിന്റെ ഓബ്ജെക്റ്റ്‌സ്‌ ആവുന്നതു് മജ്ജയും മാംസവുമുള്ള, ഭൗതികമായ അസ്തിത്വമുണ്ടെന്നു് ആർക്കും കാണാനാവുന്നതുമായ മനുഷ്യരാണെന്നതിനാൽ അതിൽ അപാകതയെന്തെങ്കിലും ഉണ്ടെന്നു് തോന്നുന്നുമില്ല. “നോർമൽ” ആയ മനുഷ്യരിലും പരസ്പരബന്ധങ്ങളിലെ പാകപ്പിഴകൾ ഏറിയോ കുറഞ്ഞോ ജീവിതത്തകർച്ചയിലേക്കും ആത്മഹത്യയിലേക്കുമൊക്കെ നയിക്കാറുണ്ടെന്നതു് ഒരു രഹസ്യമല്ലല്ലോ. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുന്നവരിൽ അധികം പേരും ഒന്നുകിൽ പ്യൂബെർട്ടിക്കാരോ, അല്ലെങ്കിൽ വളർത്തൽ മൂലവും മറ്റും പ്യൂബെർട്ടിയിൽ തളച്ചിടപ്പെട്ടവരോ ആണെന്നതിൽ നിന്നും ഇത്തരം കാര്യങ്ങളിൽ യുക്തിപൂർവ്വമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നതിൽ മാനസികവളർച്ച എത്ര വലിയ പങ്കാണു് വഹിക്കുന്നതെന്നു് വ്യക്തമാവുന്നു. ഇന്നു് ആത്മഹത്യ ചെയ്യാതിരുന്നാൽ, നാളെ അതിന്റെ പേരിൽ ഒരു ഇളം ചിരി മാത്രം ബാക്കിയുണ്ടാവുന്ന ഒരു വൈകാരികപ്രതിഭാസമാണു് മിക്കവാറും എല്ലാ പ്രണയനൈരാശ്യങ്ങളും.

ഇതുപോലുള്ള പ്രണയബന്ധങ്ങളിൽ നിന്നും കടകവിരുദ്ധമായി, കാണാനോ അറിയാനോ തെളിയിക്കാനോ കഴിയാത്ത എന്തോ ഒന്നിനെ കാണാനും അറിയാനും തെളിയിക്കാനും ആവുമെന്നും, അതൊന്നും പോരെങ്കിൽ, അതുപോലൊന്നുണ്ടെന്ന അവകാശവാദം സ്ഥാപിക്കാനായി അങ്ങനെയൊന്നുണ്ടെന്നു് കഴുതയും ഒട്ടകവുമൊക്കെ മനുഷ്യരുടെ വാഹനങ്ങളായിരുന്നതും, മനുഷ്യരുടെ മാനസികരോഗങ്ങൾക്കു് പാസ്പോർട്ടും വിസയും നൽകി പന്നികളിലേക്കു് കുടിയേറ്റം നൽകി അവരെ രോഗവിമുക്തരാക്കിക്കൊണ്ടിരുന്നതുമായ ചരിത്രത്തിലെ ഏതോ “സുവർണ്ണകാലഘട്ടങ്ങളിൽ” ഏതോ മനുഷ്യർ തിരുത്തിയും പകർത്തിയും എഴുതിവച്ചിരിക്കുന്ന അതേ ഗ്രന്ഥങ്ങളിലെ തന്നെ വാക്യങ്ങൾ ഉദ്ധരിക്കുന്നതിലെ ബുദ്ധിശൂന്യത പോലും തിരിച്ചറിയാൻ കഴിയാത്തവിധം ദൈവവുമായി ഒരുതരം ദിവ്യമായ പ്രണയബന്ധത്തിൽ ഏർപ്പെട്ടു് ആജീവനാന്തം “ആത്മീയ പ്യൂബെർട്ടിയിൽ” സ്വയം തളച്ചിടുന്നവരും, സ്വന്തം വളർച്ചയില്ലായ്മയിൽ അന്തംവിട്ടു് അഹങ്കരിക്കുന്നവരുമാണു് വിശ്വാസികൾ. വളർച്ചയില്ലായ്മക്കു് സ്വന്തം വളർച്ചയില്ലായ്മയെ തിരിച്ചറിയാനുള്ള വളർച്ചയില്ലാത്തതിനാൽ, ഈ പ്രശ്നം കാലാകാലത്തോളം പരിഹാരമില്ലാതെ അവശേഷിക്കാനാണു് എല്ലാ സാദ്ധ്യതയും. ഈ വസ്തുത മനസ്സിലാക്കിയിരുന്നാൽ “പരാജയപ്പെടാനായി” മാത്രം ദൈവജ്ഞാനികളായ വിശ്വാസികളുമായി ഗഹനമായ ചർച്ചകളിൽ ഏർപ്പെട്ടു് വെറുതെ നിങ്ങളുടെ സമയവും ഊർജ്ജവും നഷ്ടപ്പെടുത്താതിരിക്കാം.

വിശ്വാസി ആയാലും അവിശ്വാസി ആയാലും ആർക്കും ആരുടെയും തലയിൽ കയറി പരിശോധിക്കാൻ ആവില്ലെന്നതിനാൽ, ഒരു മനുഷ്യനെ മനസ്സിലാക്കാൻ ആകെയുള്ള ഒരു ഉപാധി അവന്റെ വാക്കുകളെ ശ്രദ്ധിക്കുകയാണു്. ചില മനുഷ്യർക്കു് പ്രത്യേകിച്ചും ക്രിമിനലുകൾക്കു് ഉള്ളിലുള്ളതു് മറച്ചുപിടിച്ചു് സംസാരിക്കാനുള്ള ശേഷിയുണ്ടെങ്കിലും, സാധാരണഗതിയിൽ ഒരുവന്റെ മനസ്സിൽ ഉള്ളതാണു് വാക്കുകളായി പുറത്തുവരുന്നതു്. പഠനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും വേണ്ടത്ര മനുഷ്യജ്ഞാനം കൈവരിച്ചിട്ടുള്ള ഒരുവനു് മറ്റൊരാളെ മനഃശാസ്ത്രപരമായി അപഗ്രഥിക്കനൊന്നും കഴിഞ്ഞില്ലെങ്കിലും, അവനെപ്പറ്റി പ്രായോഗികമായ ആവശ്യങ്ങൾക്കു് മതിയായ ഒരു ഇമേജ്‌ രൂപീകരിക്കാൻ കഴിയേണ്ടതാണു്. ഒരു വിദ്യാർത്ഥി സമർപ്പിക്കുന്ന പേപ്പറിൽ അവൻ കാണാതിരുന്ന തെറ്റുകൾ അവന്റെ പ്രൊഫസ്സർക്കു് പലപ്പോഴും ഒറ്റനോട്ടത്തിൽ തന്നെ കാണാൻ കഴിയുന്നതു് മാന്ത്രികത കൊണ്ടല്ല, ദീർഘകാല എൿസ്പീരിയെൻസ്‌ വഴി അവൻ നേടിയെടുത്ത ശേഷിയാണതു്. “ഒരു മാസ്റ്ററും ആകാശത്തിൽ നിന്നും വീഴുന്നില്ല” എന്നൊരു ചൊല്ലുതന്നെയുണ്ടു്. ഒരുവൻ പറയുന്ന കാര്യങ്ങൾ അതിനെപ്പറ്റി വല്ലതും അറിഞ്ഞുകൊണ്ടാണോ പറയുന്നതെന്നു് ആ വിഷയം അവനെക്കാൾ കൂടുതലോ, അവന്റെ അത്രതന്നെയെങ്കിലുമോ പഠിച്ചിട്ടുള്ള ഒരുവനേ അറിയാൻ സാധിക്കൂ. മിക്കവാറും എല്ലാ മതപണ്ഡിതർക്കും, ഒടിശാസ്ത്രജ്ഞർക്കും പരസ്യമായി വിഡ്ഢിത്തങ്ങൾ വിളിച്ചുപറഞ്ഞു് സദസ്സിന്റെ കയ്യടി വാങ്ങാൻ കഴിയുന്നതു് അവരുടെ കേൾവിക്കാർ അറിവിന്റെ കാര്യത്തിൽ അവരെക്കാൾ താഴ്‌ന്ന നിലവാരം പുലർത്തുന്നതുകൊണ്ടാണെന്നു് മനസ്സിലാക്കാൻ ഇന്നത്തെ യൂട്യൂബ്‌ യുഗത്തിൽ ബുദ്ധിമുട്ടൊന്നുമില്ല – യൂട്യൂബ്‌ കാണുന്നതു് ആ കേൾവിക്കാർ അല്ലാതിരിക്കുന്നിടത്തോളം. തെറ്റു് എന്നു് സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു കാര്യം ശരിയെന്ന രീതിയിൽ ഒരുവൻ ജനങ്ങളെ പഠിപ്പിക്കുന്നുവെങ്കിൽ, ഒന്നുകിൽ അതു് തെറ്റാണെന്നു് മനസ്സിലാക്കാൻ അവനു് ആകെയുള്ളതു് അതു് ശരിയെന്നു് ധരിച്ചു് വച്ചിരിക്കുന്ന അവന്റെ അതേ പൊട്ടബുദ്ധിമാത്രമാണെന്നതിനാൽ, വിഡ്ഢിത്തം വിളമ്പുകയല്ലാതെ അവനു് വേറെ നിവൃത്തിയൊന്നുമില്ല, അല്ലെങ്കിൽ അവൻ കാര്യസാദ്ധ്യത്തിനായി മനഃപൂർവ്വം ജനങ്ങളെ കണ്ണിൽ പൊടിയിട്ടു് വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. ഉപദേശിപ്രസംഗവുമായി നടക്കുന്ന ആസാമികൾ മുഴുവൻ തന്നെ ആദ്യത്തെ വിഭാഗമാണെങ്കിൽ, വിദ്യാസമ്പന്നരെന്ന പദവി അർഹതയില്ലാതെ ലഭിച്ചവർ അധികവും രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവരാണു്.

നിത്യാനുഭവമായ സ്ഥലകാലങ്ങളിൽ നിന്നും തിരിച്ചറിയാനാവാത്തവിധം വ്യത്യസ്തമായ ഒന്നാണു് ആധുനികശാസ്ത്രം മനസ്സിലാക്കുന്ന സ്ഥലവും കാലവും. സ്ഥലവും കാലവും (space, time) പരസ്പരം രൂപാന്തരീകരണം സംഭവിക്കാവുന്നവയാണു് എന്നു് കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും, അതു് ശാസ്ത്രീയമായ അടിത്തറയുള്ള ഒരു യാഥാർത്ഥ്യമാണു്. വേദഗ്രന്ഥങ്ങളിലെ ദൈവം ഉപമയും ഉൽപ്രേക്ഷയും പ്രതീകവും പ്രത്യാശയുമൊക്കെയാണെന്നു് വിശ്വാസികൾ ക്ഷീണമില്ലാതെ ആവർത്തിക്കാറുണ്ടെങ്കിലും, മനുഷ്യരുടെ നന്മതിന്മകളുടെ ചുമതലക്കാരനായ ഏതെങ്കിലും വിധത്തിലുള്ള ഒരു “സർവ്വവ്യാപിയെ” ഒളിപ്പിച്ചു് വയ്ക്കാനുള്ള ഇടം സ്ഥലകാലങ്ങൾക്കുള്ളിലോ അതിനു് വെളിയിലോ ഇല്ല എന്നു് തീർത്തു് പറയാം. ശാസ്ത്രത്തിനു് എല്ലാം അറിയാൻ കഴിയുമോ ഇല്ലയോ എന്നതൊന്നും അതുപോലൊരു പ്രസ്താവനയെ ഒരു കാരണവശാലും ബലഹീനമാക്കാൻ പര്യാപ്തമല്ല. ശാസ്ത്രം ഇപ്പോൾ അറിയുന്ന കാര്യങ്ങളിൽ നിന്നുതന്നെ പ്രപഞ്ചം ഒരു ദൈവത്തിന്റെ സൃഷ്ടിയല്ല എന്നു് മനസ്സിലാക്കാൻ വേണ്ടതിൽ എത്രയോ കൂടുതൽ ഡേറ്റ ലഭ്യമാണു്. സത്യത്തിൽ, ഈ വസ്തുത മനസ്സിലാക്കാൻ ആഴമേറിയ ഒരു ശാസ്ത്രജ്ഞാനത്തിന്റെ ആവശ്യം പോലുമില്ല. അതിനു്, ഇന്നത്തെ മനുഷ്യന്റെ ശരാശരി ബുദ്ധിയും, സാമാന്യബോധവും മാത്രം ഉപയോഗിച്ചു് അവനവന്റെ വേദഗ്രന്ഥം മനസ്സിരുത്തി വായിച്ചാൽ മതി. ഒരു പേജിലെ പ്രസ്താവനക്കു് കടകവിരുദ്ധമായ മറ്റൊരു പ്രസ്താവന അതിന്റെ മറുപുറത്തുതന്നെ എഴുതി വച്ചിരിക്കുന്നതു് കാണാൻ കഴിയാത്ത ഒരുവനു് അപ്രാപ്യമായ മേഖലകളാണു് മനുഷ്യബുദ്ധിയുടെയും യുക്തിചിന്തയുടെയും പണിപ്പുരകളായ ശാസ്ത്രങ്ങൾ. ആരും അവനെ അങ്ങോട്ടു് ക്ഷണിക്കുന്നില്ല. സാമാന്യബുദ്ധിയുണ്ടായിരുന്നെങ്കിൽ അവൻ അങ്ങോട്ടു് പോകുമായിരുന്നുമില്ല.

ഈ ലജ്ജയില്ലായ്മ മൂലം അവൻ ശാസ്ത്രീയത എന്നാൽ എന്തെന്നുപോലും അറിയാതെ, ശാസ്ത്രത്തെ “പൊളിച്ചടുക്കാൻ” ഇറങ്ങിപ്പുറപ്പെടുന്നു. അതിനായി അവനു് ആകെയുള്ള മൂലധനം കീ കൊടുത്താൽ പാടുന്ന പാട്ടുപെട്ടിപോലെ കേട്ടുകേട്ടു് മടുത്ത ഏതാനും ഫ്രേയ്സുകളുടെ മനം പിരട്ടുന്ന ആവർത്തനങ്ങളും! ഓരോ വിശ്വാസിയും മടുപ്പു് എന്നൊന്നില്ലാതെ, അവന്റെ ദൈവത്തെപ്പറ്റി ഘോരഘോരം നടത്തുന്ന പഴകിത്തേഞ്ഞ പ്രസംഗങ്ങൾ ദൈവം എന്നതു് പരമമായ ഒരു അബദ്ധമാണെന്നു് യുക്തിഭദ്രമായി ബോദ്ധ്യപ്പെട്ടതിനാൽ നിരീശ്വരവാദിയായിത്തീർന്ന ഒരുവനിൽ പരിഹാസമേ ഉണർത്തൂ എന്നതുപോലും അന്ധമായ വിശ്വാസത്തിന്റെ ആവേശത്തിൽ കണ്ണു് തുറക്കാനാവാതായ വിശ്വാസിയെ അവന്റെ വിഡ്ഢിവാക്യങ്ങളുടെ മെതിക്കലിൽ നിന്നും പിൻതിരിപ്പിക്കാൻ മതിയാവുന്നില്ല. ഏതു് വിശ്വാസി എത്രയൊക്കെ ശ്രമിച്ചാലും മനുഷ്യബുദ്ധിയെ തോൽപ്പിക്കാൻ ഒരു ദൈവത്തിനും ആവില്ല. കാരണം, മനുഷ്യനിൽ ദൈവത്തിനു് എന്തെങ്കിലും പങ്കോ സ്വാധീനമോ ഇല്ല. ഉണ്ടെന്നു് വിശ്വസിക്കുന്ന കുറെയേറെപ്പേർ തീർച്ചയായും എന്നാളും ഉണ്ടാവുമെന്ന കാര്യത്തിൽ ആർക്കെങ്കിലും എതിരഭിപ്രായമുണ്ടാവാനും വഴിയില്ല. കുശവൻ കലത്തിനു് പന്ത്രണ്ടണ ചോദിച്ചാൽ പതിമൂന്നണയ്ക്കാണെങ്കിൽ എനിക്കു് മതി എന്നു് പറയുന്നവരും ജീവിക്കുന്ന ലോകമാണിതു്. വിഡ്ഢിത്തം വേദനിക്കാത്തതുകൊണ്ടാണല്ലോ ലോകം ഒരു കൂട്ടക്കരച്ചിലാവാത്തതു്. കാലത്തിന്റെ കുത്തിയൊഴുക്കിൽ ഏതു് ദൈവത്തിനും ഒലിച്ചുപോകുകയല്ലാതെ മറ്റു് നിവൃത്തിയൊന്നുമില്ലാത്തതിനാലാണു്, ദൈവത്തെ സൃഷ്ടിച്ച ചീവീടുകൾ ദൈവം എന്ന അവരുടെ പഴന്തുണിയെ, പൂച്ച കുഞ്ഞുങ്ങളെ എന്നപോലെ, ഇല്ലം മാറ്റിമാറ്റി പ്രതിഷ്ഠിക്കാനും, പുതിയപുതിയ വിശേഷണങ്ങൾ നൽകി രക്ഷപെടുത്താനുമായി പരക്കം പായേണ്ടിവരുന്നതു്. മണ്ണുകുഴയ്ക്കുന്ന കുശവനും, തോലുടുപ്പു് നെയ്യുന്ന തയ്യൽക്കാരനും, ഗർഭവാർത്തകൾ ചൂടാറുന്നതിനുമുൻപേ ബന്ധപ്പെട്ടവരെ അറിയിക്കുന്ന പോസ്റ്റ്‌മാനും, ഫറവോയുടെ കൂട്ടിക്കൊടുപ്പുകാരനും ഒക്കെയായിരുന്നു ഒരു കാലത്തു് ഈ ചങ്ങാതി. ആൾ ഒരു മൾട്ടിടാലന്റാണെന്നു് ചുരുക്കം. ഓട്ടയടയ്ക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്തവിധം ദ്രവിച്ചു് ജീർണ്ണിച്ച ഈ പഴന്തുണിക്കഷണത്തെ വിശ്വാസികൾ സ്ഥലകാലാതീതനായി പ്രഖ്യാപിച്ചു് പ്രപഞ്ചത്തിനും പുറത്തു് എവിടെയോ കൊണ്ടുപോയി തിരുകി വച്ചിരിക്കുകയാണെന്നാണു് ഏറ്റവും പുതിയ വാർത്ത. ദൈവത്തിനെയും കൊണ്ടു് ഏതു് ഒളിസങ്കേതത്തിലേക്കായിരിക്കും അവരുടെ അടുത്ത ഓട്ടം എന്നതു് ശാസ്ത്രലോകം അതിനോടകം എന്തു് പുതിയ കണ്ടുപിടുത്തങ്ങളാണു് നടത്തുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കും.

 
1 Comment

Posted by on Sep 4, 2011 in പലവക

 

Tags: , ,

പറക്കും തളികകളും അന്യഗ്രഹജീവികളും

UFO (Unidentified Flying Object) എന്നതുകൊണ്ടു് പൊതുവേ ഉദ്ദേശിക്കാറുള്ളതു് ഭൗമേതര സംസ്കാരങ്ങളിൽ നിന്നും വരുന്നവയെന്നു് വിശ്വസിക്കപ്പെടുന്ന സ്പെയ്സ്ക്രാഫ്റ്റുകളെയാണു്. ആദ്യകാലങ്ങളിൽ കാണപ്പെട്ട UFO-കളുടെ വർണ്ണനകളിലുള്ള രൂപസാദൃശ്യം അവയ്ക്കു് ‘പറക്കും തളിക’ (Flying Saucer) എന്ന പേരു് നേടിക്കൊടുത്തു. പല രൂപങ്ങളിൽ കാണപ്പെട്ടിട്ടുള്ളവയും, വിശദമായ പരിശോധനകൾക്കു് ശേഷം പരിചിതമായ വസ്തുക്കളോ പ്രതിഭാസങ്ങളോ എന്നു് തിരിച്ചറിയപ്പെട്ടവയും, അല്ലാത്തവയുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടെന്നതിനാൽ, തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനായി UFO എന്നതിനു് പകരം തിരിച്ചറിയപ്പെടാത്ത വാനപ്രതിഭാസം എന്ന അർത്ഥത്തിൽ UAP (Unidentified Aerial Phenomenon) എന്ന പ്രയോഗവും നിലവിലുണ്ടു്.

കണ്ണുകൾക്കു് കാര്യമായ തകരാറൊന്നുമില്ലെങ്കിൽ മനുഷ്യർക്കു് പലതും കാണാനുള്ള കഴിവുണ്ടെന്നു് നമുക്കറിയാം – കേരളത്തിൽ ചാനലുകൾ വന്നശേഷം ഒന്നും കാണാതിരിക്കാനുള്ള കഴിവാണു് കൂടുതൽ ആശാവഹമെന്നു് കാണാൻ കണ്ണുള്ളവർക്കൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടെങ്കിലും. മങ്ങിയ വെളിച്ചത്തിൽ കാണുന്ന വസ്തുക്കൾ അകന്നു് നിൽക്കേണ്ടവിധം അപകടകാരികളായ ജീവികളോ മനുഷ്യരോ ഒക്കെ ആണെന്നു് തോന്നി ഭയപ്പെടുന്ന ചില മനുഷ്യരുണ്ടു്. മേഘങ്ങളിലും പൊട്ടറ്റോ ചിപ്സിലും മറ്റും പരിചിതമായ രൂപങ്ങളും വിശുദ്ധരുടെ മുഖങ്ങളുമൊക്കെ ദർശിക്കുന്നവരുമുണ്ടു്. രാശിചക്രത്തിലെ പന്ത്രണ്ടു് രാശികൾക്കു് മേടം ഇടവം മിഥുനം മുതലായ പേരുകൾ ലഭിച്ചതിന്റെ കാരണവും ഈ അക്കൗണ്ടിൽ പെടുത്താവുന്നതാണു്. ഏതെങ്കിലുമൊരു വസ്തുവിനെ കാണുമ്പോൾ അതു് മറ്റൊന്നാണു് എന്നു് തോന്നുന്നതു് കവിതയാവാം, ഭ്രാന്തുമാവാം. ഈ രണ്ടു് ലോകങ്ങളെയും തമ്മിൽ പൊതുഘടകങ്ങൾ ഒന്നുമില്ലാത്തവിധം വേർതിരിക്കുന്ന ഒരു “ബെർലിൻമതിൽ” പണിയുക അത്ര എളുപ്പമല്ലെന്നു് ചുരുക്കം.

ചില പ്രത്യേക മാനസികാവസ്ഥയിൽ ഇല്ലാത്ത വസ്തുക്കൾ കാണാനുള്ള കഴിവുപോലുമുള്ള ജീവിയാണു് മനുഷ്യൻ. അതുപക്ഷേ വേറെ വകുപ്പാണു്. മറ്റുചിലർക്കാണെങ്കിൽ ശത്രുക്കളെ കാണുമ്പോൾ – കേരളരാഷ്ട്രീയത്തിലെന്നപോലെ മൂത്തുപോയ ചില കേസുകെട്ടുകളിൽ അവരെപ്പറ്റി ചിന്തിക്കുമ്പോൾ പോലും – തലയിൽ ഉറുമ്പരിച്ചു് കയറുന്നതുപോലെ തോന്നുമത്രേ! എക്സ്‌ട്രീം ആയ കേയ്സുകളിൽ ശവക്കുഴി വരെ മനുഷ്യരോടൊപ്പമുണ്ടാവാൻ സാദ്ധ്യതയുള്ള ഈവിധ തരുതരിപ്പുകൾ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുമോ എന്നറിയാനെന്നോണം, ഒരു ജർമ്മൻ ബിഹേവിയറൽ ഫിസിയോളജിസ്റ്റും ബയോളജിസ്റ്റും ആയിരുന്ന എറിഹ്‌ ഫോൺ ഹോൾസ്റ്റ്‌ (Erich von Holst) കോഴികളിൽ നടത്തിയ രസകരമായ ഒരു പരീക്ഷണമുണ്ടു്. ബോധം കെടുത്തിയശേഷം അവയുടെ തലച്ചോറിൽ മുടിനാരിഴപോലെ നേരിയ കമ്പികൾ പിടിപ്പിക്കുകയായിരുന്നു ആദ്യപടി. മുറിവുണങ്ങിയശേഷം അവയിൽ ചിലതു് ഒന്നും സംഭവിക്കാത്തപോലെ വർഷങ്ങളോളം ജീവിക്കുകയും ചെയ്തത്രെ. അങ്ങനെ അരോഗദൃഢഗാത്രരായി തികച്ചും വ്യവസ്ഥാപിതമായ രീതിയിൽ പേരുദോഷങ്ങളൊന്നും കേൾപിക്കാതെ കൊക്കിയും കൂവിയും, കടമുള്ള ദിവസങ്ങളിൽ പ്രാർത്ഥനാനിരതരായി ധ്യാനങ്ങളിൽ പങ്കെടുത്തും ജീവിക്കാൻ തുടങ്ങിയ കോഴികളിലായിരുന്നു ഹോൾസ്റ്റിന്റെ പരീക്ഷണങ്ങൾ. തലച്ചോറിൽ സ്ഥാപിക്കപ്പെട്ട അഗ്രമൊഴികെ ബാക്കിഭാഗം ഇൻസുലേറ്റ്‌ ചെയ്തതും, പുറത്തേക്കു് നയിക്കപ്പെട്ടിരുന്നതുമായ ഈ നേരിയ വയറിലൂടെ നെർവ്‌ ഇമ്പൾസിന്റെ അതേ ശക്തിയിലുള്ള വൈദ്യുതി കടത്തിവിട്ടപ്പോൾ, ഏതു് ഭാഗമാണു് എനെർജൈസ്‌ ചെയ്യപ്പെടുന്നതു് എന്നതിന്റെ അടിസ്ഥാനത്തിൽ, കോഴികൾ (ഉദാഹരണത്തിനു്) ഒരു ശത്രുവിനെ കണ്ടാലെന്നപോലെ പെരുമാറുകയും, “ഇല്ലാത്ത നിന്നെയിഹ ഉണ്ടെന്നു് കണ്ടു്”, അതിനെ ആക്രമിക്കാൻ തയ്യാറാവുകയും ചെയ്തു. വൈദ്യുതി വേർപ്പെടുത്തിയാൽ കോഴി വീണ്ടും പഴയപടി “നോർമൽ”. കോഴിയെ ആയാലും, മനുഷ്യനെ ആയാലും, ഒരു പ്രത്യേക പെരുമാറ്റത്തിലേക്കു് നയിക്കാൻ പ്രേരിപ്പിക്കുന്നവിധം തലച്ചോറിലെ ബന്ധപ്പെട്ട ഭാഗങ്ങൾ എനർജൈസ്‌ ചെയ്യപ്പെടുന്നതു് പ്രകൃതിസഹജമായ അനുഭവങ്ങൾ വഴി രൂപമെടുക്കുന്ന രാസ-വൈദ്യുതഘടകങ്ങളുടെ ഫലമായാണോ, അതോ കൃത്രിമമായ ഇമ്പൾസുകൾ വഴിയാണോ എന്നതു് തലച്ചോറിന്റെ പ്രതികരണത്തെ നിർബന്ധമായും ബാധിക്കുന്ന കാര്യമല്ലെന്ന നിഗമനത്തിലെത്താൻ അതുവഴി ഹോൾസ്റ്റിനു് കഴിഞ്ഞു.

അതുപോലെതന്നെ, മയക്കുമരുന്നുകൾ, രോഗം, തലക്കേൽക്കുന്ന പരിക്കുകൾ, ജീവിതസാഹചര്യങ്ങൾ ഇവയെല്ലാം ന്യൂറൽ നെറ്റ്‌വർക്ക്സിൽ പൊരുത്തക്കേടുകൾക്കു് കാരണമാവാം. ചില മനുഷ്യർ അവർക്കു് നേരിട്ടുണ്ടായതായി വർണ്ണിക്കുന്ന അഭൗമികദർശനങ്ങളും, ദിവ്യാനുഭവങ്ങളും, അത്ഭുതപ്രതിഭാസങ്ങളുമെല്ലാം അവരുടെ “അനുഭവങ്ങൾക്കു്” അവരുടെതന്നെ തലച്ചോറു് നൽകുന്ന “വഴിതെറ്റിയ” വ്യാഖ്യാനങ്ങളാണു്. ഇന്ദ്രിയങ്ങൾ വഴി മനുഷ്യർക്കു് ഉണ്ടാവുന്ന “ശരിയായ” അനുഭവങ്ങളും തലച്ചോറിന്റെ നിർമ്മിതി മാത്രമാണെന്നു് നമുക്കറിയാം. സ്വന്തം ശരീരത്തെയും, ബാഹ്യലോകത്തെയും വിവിധതരം അനുഭവങ്ങളിലൂടെ വിലയിരുത്തുന്നതിനുള്ള തലച്ചോറിന്റെ ആന്റെനകൾ മാത്രമാണു് ഇന്ദ്രിയങ്ങൾ. അതിനാൽ അവയിൽ നിന്നുള്ള സിഗ്നലുകളെ സ്വീകരിക്കാനും, തരം തിരിക്കാനും, പുനർനടപടികൾ സമയനഷ്ടമില്ലാതെ നിർദ്ദേശിക്കാനും ശേഷിയുള്ള തലച്ചോർ എന്നൊരു റിസീവറും അതിലെ കണ്ട്രോൾ സിസ്റ്റവും ഇല്ലെങ്കിൽ അനുഭവങ്ങളില്ല, അറിവില്ല, ജ്ഞാനമില്ല, ആത്മാവില്ല, തേന്മാവില്ല, തേന്മാവിൽ കസ്തൂരിമാമ്പഴങ്ങളുമില്ല. അതുപോലൊരു അവസ്ഥയിൽ അതീന്ദ്രിയജ്ഞാനം എന്ന അത്ഭുതപ്രതിഭാസം ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ എന്നു് ചോദിച്ചാൽ, പ്രിയ സുഹൃത്തുക്കളെ, എനിക്കറിയില്ല. പക്ഷേ, “കൊല്ലെടാ, അവനെ”, “വെട്ടെടാ, കഴുത്തു്” മുതലായ വിശുദ്ധകൽപനകൾ വഴി സംസ്കാരസമ്പന്നമാക്കപ്പെടാൻ ചുരുങ്ങിയപക്ഷം ആകൃതിയിലെങ്കിലും ഒരു തലച്ചോറു് ആവശ്യമാണെന്നതിനാൽ അതില്ലാത്തവരിലെ അതീന്ദ്രിയജ്ഞാനം എന്ന “ആത്മീയ” ഭ്രാന്തു് ആളുപദ്രവത്തിനു് കാരണമാവാൻ എന്തായാലും വഴിയില്ലെന്നാണെന്റെ വിശ്വാസം. (കണ്ടോ, ഞാൻ വിശ്വാസം എന്ന വാക്കുപയോഗിച്ചു! ഞാനൊരു വിശ്വാസിയാണെന്നതിനു് ഇതിൽ കൂടിയ ഒരു തെളിവു് വേണോ?)

ദൈവത്തേയും മാലാഖമാരേയുമൊക്കെ കണ്ടിട്ടുള്ള ചില മനുഷ്യരുണ്ടെന്നു് കേൾക്കാത്തവർ ചുരുങ്ങും. കോടാനുകോടി മനുഷ്യർ ജീവിച്ചു് മരിക്കുന്ന ഈ ലോകത്തിൽ തന്റെ നവീകരിക്കപ്പെട്ട ചില ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഏതാനും സഹസ്രാബ്ദങ്ങൾ കൂടുമ്പോൾ (മാത്രം) സർവ്വശക്തനായ ഒരു ദൈവത്തിനു് ഒരു മനുഷ്യന്റെ സഹായം ആവശ്യം വരുന്നുവെങ്കിൽ അതെന്തൊരു ദൈവമായിരിക്കണം? ഒറ്റവാക്കുകൊണ്ടു് ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ കഴിയുന്ന ദൈവം മനുഷ്യരുടെ ഇടയിൽ തന്റെ ചില കർമ്മപരിപാടികൾ നടപ്പിലാക്കാൻ ഒറ്റയാന്മാരെ തേടുന്നു! അതും ഏതു് തരത്തിൽപെട്ട ഒറ്റയാന്മാർ! അതിനായി ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണു് താൻ എന്നൊരു തോന്നൽ ഒരുവന്റെ തലച്ചോറിൽ ഉണ്ടാകുന്നുവെങ്കിൽ അവന്റേതു് എത്രമാത്രം രോഗാതുരമായ ഒരു തലച്ചോറായിരിക്കണം എന്നു് ചിന്തിച്ചാൽ മതി. ഏതായാലും ഒരുകാര്യം ഉറപ്പാണു്: അജ്ഞത മൂലം, മാനസികവിഭ്രാന്തിയാണു് അവയുടെ ഉറവിടം എന്നറിയാതെ, അത്തരം ജൽപനങ്ങളെ ദൈവികവെളിപാടുകളായി അംഗീകരിക്കാനും, അനന്തര തലമുറകൾക്കു് പകർന്നുകൊടുക്കാനും മനുഷ്യർ തയ്യാറാവാത്തിടത്തോളം വെളിപാടുകാരന്റെ തലച്ചോർ മരിക്കുന്ന കൂട്ടത്തിൽ മരിക്കുന്ന ദൈവങ്ങളും മാലാഖമാരും കൽപനകളുമൊക്കെയാണു് അവയോരോന്നും. അങ്ങനെ കാലാകാലങ്ങളിൽ ദൈവം ഓരോ തോന്നലുകൾക്കനുസരിച്ചു് മാറിമാറി അപ്പപ്പോൾ കണ്ടവർക്കു് പകർന്നുനൽകിയ ആശയസംഹിതകൾ എവിടെയെങ്കിലും അകാലനിര്യാണം പ്രാപിക്കാതിരുന്നിട്ടുണ്ടെങ്കിൽ അവിടെയെല്ലാം ഈ “നിത്യ-താത്കാലിക” ഏകസത്യവിശ്വാസം സ്ഥാപിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി കൊല്ലും കൊലയും വംശനശീകരണവും സംഭവിച്ചിട്ടുണ്ടെന്നതിനു് ലോകചരിത്രം സാക്ഷി.

മനുഷ്യവംശങ്ങളെ തമ്മിലടിപ്പിക്കുന്നതിനുവേണ്ടി പൊതിച്ചോറുമായി ഇടയ്ക്കിടെ ഭൂമിയിലെത്തി ഏതെങ്കിലുമൊരു ഒറ്റയാനു് മുന്നിൽ പ്രത്യക്ഷപ്പെട്ടു് പിന്നീടു് പരസ്യമാക്കപ്പെടേണ്ടുന്ന രഹസ്യസംഭാഷണങ്ങളിൽ ഏർപ്പെടുന്ന സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും നാഥനും അമ്മായപ്പനുമായ ഒന്നാന്തരത്തിൽപ്പെട്ട ഒരു ഉഗ്രൻ ദൈവം! മനുഷ്യരെ കാലാകാലങ്ങളായി തമ്മിലടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവത്തിനല്ലാതെ മറ്റാർക്കാണു് സകല മനുഷ്യരുടെയും തന്തപ്പടിയെന്നു് അവകാശപ്പെടാനുള്ള യോഗ്യത? ഇല്ലാത്ത ദൈവത്തെ ഉള്ളവനെന്നു് വരുത്തി, മനുഷ്യഭാവനയിൽ മാത്രം നിലനിൽപുള്ള ആ നിഴൽദൈവം സ്വാഭാവികമായും ഒരിക്കലും പറയാത്ത (ഇല്ലാത്ത ദൈവത്തിന്റെ ശബ്ദതരംഗങ്ങൾ ശൂന്യതയിലൂടെ പടരുന്നു എന്നു് വിശ്വസിക്കുക. അതൊക്കെയല്ലേ മനുഷ്യനു് ജീവിതത്തിൽ ആകെയുള്ള ഒരു രസം) കാര്യങ്ങൾ അവന്റെ വായിൽ കുത്തിത്തിരുകുന്നവരും, പിഞ്ചുമനസ്സു് മുതലേ തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടുന്ന ദൈവഭയം മൂലം സ്വന്തം പ്രവൃത്തികളെ വിമർശനാത്മകമായ ഒരു നേരിയ പരിശോധനക്കുപോലും വിധേയമാക്കാനുള്ള ശേഷിയില്ലാതെ ആജീവനാന്തം വിധേയത്വത്തിന്റെ അടയാളങ്ങളായ കുനിഞ്ഞ മുതുകും നെഞ്ചോടു് ചേർത്ത കൈകളുമായി ആ ആത്മീയകച്ചവടക്കാരെ പിൻതുടരുന്നവരുമാണു് മനുഷ്യബുദ്ധിക്കുമുന്നിൽ വളരെ ഗൗരവപൂർവ്വം ആടിത്തിമിർക്കുന്ന മതം എന്ന ചവിട്ടുനാടകത്തിലെ അഭിനേതാക്കൾ. വെള്ളം വീഞ്ഞാവുക, വീഞ്ഞു് മനുഷ്യരക്തമാവുക, ഗോതമ്പു് മനുഷ്യശരീരമാവുക, മനുഷ്യൻ രായ്ക്കുരാവു് സ്വർഗ്ഗത്തിൽ പോയി മടങ്ങിവരിക, മരിച്ചവരിൽ ചിലർ വീണ്ടും ചാവാനായും, മറ്റുചിലർ സ്വർഗ്ഗത്തിലേക്കു് കരേറാനായും ഉയിർത്തെഴുന്നേൽക്കുക, കുരങ്ങൻ മല ചുമക്കുക, കോഴിക്കു് മുല വരിക, മനുഷ്യരുടെ ഇടയിൽ സ്ഥിതിസമത്വം നിലവിൽ വരിക… ഇവയെല്ലാം അവയിൽത്തന്നെ വേണ്ടുവോളം ചിരിക്കാൻ വക നൽകുന്ന തമാശകളാണു്. അതൊന്നും പോരാഞ്ഞിട്ടെന്നപോലെ, അത്തരം തമാശകൾ ദൈവത്തിന്റെ മരണം നേരിട്ടു് കണ്ട വിശ്വാസിയുടെ ഗൗരവഭാവം വിടാതെ പറയാനുംകൂടി കഴിയുന്നവരാണു് സാക്ഷാൽ ചാർലി ചാപ്ലിനെ വരെ ലജ്ജിപ്പിക്കാൻപോന്ന യഥാർത്ഥ കുഞ്ഞാടുകൾ. ഈ നാടകത്തിൽ അവർ അഭിനയിക്കുകയല്ല, ആ കെട്ടുകഥകളെല്ലാം അക്ഷരം പ്രതി സത്യമാണെന്ന ഉറപ്പിൽ ഏതോ ഒരു (വിർച്വൽ)ദൈവവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടു് ജീവിക്കുകയാണു് ചെയ്യുന്നതെന്നതിനാൽ ചിരിക്കാനുള്ള വകയൊന്നും അവരതിൽ കാണുകയില്ല. അവരുടെ ഗ്രന്ഥങ്ങൾ അവർ പ്രതീക്ഷിക്കുന്നതുപോലെ മനസ്സിലാക്കാത്തതിനാലാണു് മറ്റുള്ളവർ അതൊക്കെ വായിച്ചു് തലകുത്തിനിന്നു് ചിരിക്കുന്നതെന്നാണു് അവരുടെ ഭാഷ്യം. നിങ്ങൾക്കു് അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതിരുന്നുകൂടെ എന്നാണവരുടെ ചോദ്യം. ഞങ്ങൾ നിങ്ങളെപ്പോലെയൊന്നുമല്ല, ഞങ്ങൾക്കു് ദൈവത്തെവരെ അറിയാം എന്നാണവരുടെ ഭാവം. “വട്ടാശുപത്രികളിൽ” എത്തുന്ന ചിലർ അമേരിക്കൻ പ്രസിഡന്റോ, സ്റ്റാലിനോ, ഹിറ്റ്‌ലറോ ഒക്കെയാണെന്നു് പറഞ്ഞാണു് സ്വയം പരിചയപ്പെടുത്താറുള്ളതെന്നു് കേൾക്കുന്നു. ആ സ്ഥിതിക്കു് ദൈവത്തെ എനിക്കറിയാം എന്ന ഒരു വിശ്വാസിയുടെ അവകാശവാദത്തിൽ കഴമ്പില്ലെന്നു് പറയാനാവുമോ? താനൊരു ദൈവമാണെന്നു് സായിബാബക്കുണ്ടായിരുന്ന തോന്നലോളം വരുമോ ദൈവത്തെ തനിക്കറിയാമെന്ന ഒരു വിശ്വാസിയുടെ തോന്നൽ? എനിക്കു് ദൈവത്തെ അറിയാം, ദൈവത്തിനു് എന്നെ അറിയാം. “ഇന്തോ ചീനാ ഭായി ഭായി.”

എന്റെ ഗ്രന്ഥം എങ്ങനെ വ്യാഖ്യാനിക്കണമെന്നു് തീരുമാനിക്കുന്നതു് നീയോ അതോ ഞാനോ? അതാണു് വിശ്വാസിയുടെ നിലപാടു്. താൻ ഉരുണ്ടും ഇഴഞ്ഞും നീങ്ങിക്കൊണ്ടിരിക്കുന്ന തന്റെ വഴി മാത്രമാണു് സത്യം എന്ന ഒരൊറ്റ വിശ്വാസപ്രമാണമേ വിശ്വാസിയുടെ ലോകത്തിലുള്ളു. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ കൂടിയാട്ടമാണെന്നതിനാൽ, സ്വന്തഗ്രന്ഥം ഉപയോഗിച്ചു് തന്റെ വഴി മാത്രമാണു് ശരി എന്നു് സ്ഥാപിക്കുന്നതിലും എത്രയോ മടങ്ങു് എളുപ്പമാണു് അന്യഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിച്ചു് അതു് തെറ്റായ വഴിയാണു് എന്നു് വരുത്തിത്തീർക്കൽ. ഈ തന്ത്രം മറുപക്ഷത്തിനും അതുപോലെതന്നെ പ്രയോഗിക്കാവുന്നതാണെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ലതാനും. കൊച്ചിയിലെ ഓടകളേക്കാൾ അസഹ്യമായ ദുർഗ്ഗന്ധവാഹികളാണു് ഏതു് മതവും എന്നു് പുറത്തറിയാതിരിക്കാൻ എല്ലാ മതങ്ങളും സ്വാഗതം ചെയ്യുന്ന “ആപ്തവാക്യം” ഇതാണു്: “മതവികാരം വ്രണപ്പെടുത്തരുതു്”. കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളെ താങ്ങിനിർത്തുന്നതുതന്നെ മതങ്ങളാണെന്നതിനാൽ ഇതോ ഇതിൽ കൂടിയതോ ആയ ഏതു് തരം വിഡ്ഢിത്തത്തിനും നിയമസാധുത്വം നേടിയെടുക്കാൻ പ്രയാസവുമില്ല. സദാചാരത്തിന്റെ അപ്പൊസ്തലന്മാരായി ചമയുകയും, അതോടൊപ്പം അംഗീകൃത സദാചാരവിരുദ്ധരെ തിരഞ്ഞെടുത്തു് അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നവരുടെയും പോരെങ്കിൽ ദൈവത്തിന്റെയും സ്വന്തം നാടല്ലേ? അതങ്ങനെയേ വരൂ. ശരിയാണു്: തിന്മയുടെ തീരാരോഗവാഹികളായ പഴുപ്പും ചോരയും തിങ്ങിവിങ്ങുന്ന മതങ്ങൾ പോലുള്ള വ്രണങ്ങളെ സ്പർശിക്കരുതു്. അവയെ തൊട്ടാൽ പൊട്ടിയൊലിക്കുന്നതു് ഓടകളെ തോൽപിക്കുന്ന വിഷവും ദുർഗ്ഗന്ധവുമായിരിക്കും. പണ്ടേ തൂത്തുവാരിക്കൂട്ടി തീയിട്ടു് നശിപ്പിക്കേണ്ടിയിരുന്ന ജീർണ്ണതകളിൽ അട്ടകളെപ്പോലെ ഇഴഞ്ഞുല്ലസിക്കുന്നവർക്കു് അവരും അവരുടെ പരിസരങ്ങളും ചീഞ്ഞുനാറുന്നു എന്നാരെങ്കിലും പറയുന്നതു് ഇഷ്ടപ്പെടുകയില്ല. കാരണം, ശുചീകരണം എപ്പോഴും അദ്ധ്വാനമാണു്, അതു് പലപ്പോഴും ഇഷ്ടസ്വർഗ്ഗങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും വലിച്ചെറിഞ്ഞുകൊണ്ടും മാത്രമേ നടപ്പിലാക്കാൻ കഴിയൂ.

മനുഷ്യരെ ചില കാര്യങ്ങൾ അറിയിക്കാനായി ദൈവം അയക്കുന്നവയാണു് പറക്കും തളികകൾ എന്നു് വിശ്വസിക്കുന്നവരുടെ കൂട്ടങ്ങളും നിലവിലുണ്ടു്. UFO-കൾ വഴി ദൈവം അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ളവർ എന്നു് അവകാശപ്പെടുന്നവരാണു് അത്തരം സെക്റ്റുകളുടെ തലവന്മാർ. ദൈവത്തിന്റെ ഓരോ കഷ്ടപ്പാടുകൾ! ഒട്ടകപ്പാലിനോടും ഈത്തപ്പഴത്തിനോടുമുള്ള വ്യാക്കൂണുമൂലമാവാം, പണ്ടൊക്കെ ദൈവം നേരിട്ടു് സന്ദേശങ്ങൾ മരുഭൂമിയിൽ എത്തിക്കുകയായിരുന്നു പതിവു്. മനുഷ്യർ റോബോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ദൈവം UFO-യെ ഉപയോഗിക്കാൻ തുടങ്ങി. “നാടു് നീങ്ങുമ്പോൾ നടുവെ നീങ്ങണം” എന്നോ മറ്റോ ഒരു ചൊല്ലുണ്ടെന്നു് ദൈവത്തിനും അറിയാമായിരിക്കണം. ഉള്ളവയെ കാണുന്നതിനേക്കാൾ ഇല്ലാത്തവയെ കാണാനുള്ള മനുഷ്യരുടെ പ്രത്യേക താത്പര്യത്തിന്റേയും ശേഷിയുടെയും വെളിച്ചത്തിൽ പറക്കും തളികകളെ ദർശിച്ചു എന്ന ചില മനുഷ്യരുടെ അവകാശവാദങ്ങളെ ആദ്യമേതന്നെ ഒരു തരംതിരിക്കൽ നടത്തിയാൽ ആ കഥകളിലെ തൊണ്ണൂറു് ശതമാനം “UFO”-കളും വിശദീകരിക്കാനാവുന്ന പ്രതിഭാസങ്ങൾ എന്ന നിലയിൽ തുടക്കത്തിലേ അവഗണിക്കാവുന്നവയാണെന്നു് കാണാനാവും. UFO ആണെന്നു് തെറ്റിദ്ധരിക്കപ്പെട്ട ദർശനങ്ങളിൽ ഗ്രഹങ്ങൾ മുതൽ തിരിനാളങ്ങളുടെയും മറ്റും ചൂടുകൊണ്ടു് മുകളിലേക്കു് ഉയരുന്ന ദീപങ്ങൾ വരെ ഉൾപ്പെടും. കാലാവസ്ഥാബലൂണുകൾ, സ്കൈബീമർ, റോക്കറ്റുകൾ, ഏറിയൽ ഡ്രോൺസ്‌, ബോൾ ലൈറ്റ്‌നിംഗ്‌, Satellite/Iridium flare, Lenticular clouds ഇവയെല്ലാം UFO-കൾ ആണെന്നു് പലപ്പോഴായി ചിലരെങ്കിലും തെറ്റിദ്ധരിച്ച വസ്തുക്കളോ പ്രതിഭാസങ്ങളോ ആണു്. അത്തരം കാഴ്ചകൾക്കു് സ്വന്തം ഭാവനാശേഷിക്കനുസരിച്ചു് മനുഷ്യർ നൽകുന്ന വർണ്ണനകളിലെ സത്യാസത്യങ്ങൾ അപഗ്രഥിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം. ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ, ഭൗമേതരമായ ഒരു സംസ്കാരത്തിലെ ജീവികൾ ഭൂമിയെ തേടി വരുന്നതിനുള്ള എന്തെങ്കിലും സാദ്ധ്യത ശാസ്ത്രീയവും സാങ്കേതികവുമായ അർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്നൊരു പരിശോധനയാണു് ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നതു്.

നമ്മുടെ ഗ്യാലക്സിയിലോ അതിനു് വെളിയിൽ എവിടെയെങ്കിലുമോ ഉള്ളതും, ജീവന്റെ നിലനിൽപ്പു് സാദ്ധ്യമാക്കുന്ന ചുറ്റുപാടുകൾ നിലവിലിരിക്കുന്നതുമായ ഏതെങ്കിലുമൊരു ഗ്രഹത്തിൽ നിന്നും വരുന്നവരായിരിക്കണം നമ്മുടെ ഭൂമിയെ സന്ദർശിക്കാൻ ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ ആ വിരുന്നുകാർ എന്ന കാര്യത്തിൽ എന്തായാലും ഒരു സംശയത്തിനു് സ്ഥാനമില്ല. കോടാനുകോടി ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള ഈ പ്രപഞ്ചത്തിൽ ജീവൻ രൂപമെടുക്കാനും അവയിൽ നിന്നും കാലക്രമേണയുള്ള പരിണാമത്തിലൂടെ ജീവജാലങ്ങളും ബുദ്ധിയുള്ള ജീവികളും ഉരുത്തിരിയാനും അനുയോജ്യമായ സാഹചര്യങ്ങൾ നിലവിലിരിക്കുന്ന ആയിരമോ പതിനായിരമോ ഒരുപക്ഷേ അതിൽ കൂടുതലോ ഗ്രഹങ്ങൾ ഉണ്ടായിക്കൂടെന്നില്ല, ഉണ്ടായേ തീരൂ എന്നു് നിർബന്ധവുമില്ല. ആ സന്ദർശകർ നമ്മുടെ ഗ്യാലക്സിയിൽ എവിടെനിന്നെങ്കിലും വരുന്നവരാണെങ്കിൽ ഒരു ഇന്റർസ്റ്റെല്ലാർ ഫ്ലൈറ്റ്‌ സംഘടിപ്പിക്കാൻ മാത്രം ബൗദ്ധികവളർച്ച പ്രാപിച്ചവരായിരിക്കണം അവർ. മറ്റു് ഗ്യാലക്സികളിൽ നിന്നും ഉള്ളവരാണെങ്കിൽ ഒരു ഇന്റർഗാലക്റ്റിക്‌ ഫ്ലൈറ്റ്‌ തന്നെ ഓർഗനൈസ്‌ ചെയ്യാതെ അവർക്കു് ഭൂമിയിൽ എത്തിച്ചേരാൻ കഴിയില്ല. പ്രപഞ്ചത്തിൽ എവിടെയെങ്കിലുമുള്ള പ്രിമിറ്റീവ്‌ ആയ ജീവികളിൽ നിന്നും അതുപോലൊരു ബൗദ്ധികശേഷി പ്രതീക്ഷിക്കാനാവില്ല എന്നതിനാൽ, ഭൂമിയിലൊഴികെ മറ്റൊരിടത്തും ബുദ്ധിയുള്ള ജീവികളിലേക്കു് വളരാൻ ജീവനു് കഴിഞ്ഞിട്ടില്ലെങ്കിൽ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ എവിടെനിന്നെങ്കിലും ആരെങ്കിലും ഭൂമിയിലേക്കു് വിരുന്നുവരും എന്ന പ്രതീക്ഷയിൽ നമ്മളിവിടെ കാത്തിരുന്നിട്ടു് കാര്യമൊന്നുമില്ല.

അന്യഗ്രഹങ്ങളിൽ എവിടെയെങ്കിലും ബൗദ്ധികവളർച്ചയുടെ ആരംഭഘട്ടം പിന്നിടാതെ കഴിഞ്ഞുകൂടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരെ അലട്ടുന്നതു് പ്രധാനമായും നിലനിൽപിന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരവും വംശവർദ്ധനവുമൊക്കെ ആയിരിക്കും. പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ബുദ്ധിയുള്ള ജീവികൾ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവരുടെ ലോകത്തിലെ പ്രശ്നങ്ങളാവില്ല. അത്തരം കാര്യങ്ങൾ അവരുടെ ബുദ്ധിയിലും ചിന്തകളിലും ഉദിച്ചിട്ടുപോലും ഉണ്ടാവില്ല. സ്വന്തഗ്രഹത്തെപ്പറ്റിത്തന്നെ പഠിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടില്ലാത്ത ആരെങ്കിലും ഭൂമിയെ തേടിവരുമെന്ന തോന്നൽ അസംബന്ധമാണു്. പിന്നെ അതിനു് ശ്രമിക്കാൻ നേരിയ സാദ്ധ്യതയെങ്കിലുമുള്ളതു് മനുഷ്യരുടെ ഏകദേശം അതേ ബൗദ്ധികത കൈവരിച്ചുകഴിഞ്ഞ അന്യഗ്രഹജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവരാണു്. പക്ഷേ, അതുപോലൊരു വിഭാഗത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വളർച്ചയും മനുഷ്യരുടേതിൽ നിന്നും അധികം വ്യത്യസ്തമാവാൻ വഴിയില്ലാത്തതിനാൽ, അവർ നമ്മെ കണ്ടെത്താനുള്ള അതേ ചാൻസ്‌ നമുക്കു് അവരെ കണ്ടെത്താനുമുണ്ടു്. നമ്മൾ ഇതുവരെ അന്യഗ്രഹജീവികളെ കണ്ടെത്തിയിട്ടില്ല, ഈ അടുത്ത കാലത്തൊന്നും അതിനുള്ള സാദ്ധ്യതയുമില്ല. ആ സ്ഥിതിക്കു്, നമ്മുടെ അതേ നിലവാരത്തിലുള്ള ഏതെങ്കിലും അന്യഗ്രഹജീവികൾ നമ്മളെ ഈ അടുത്ത കാലത്തൊന്നും സന്ദർശിക്കുമെന്നു് കരുതുന്നതിൽ അർത്ഥമൊന്നുമില്ല. അതിനർത്ഥം, UFO വഴി സത്യാവസ്ഥയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തുന്നുണ്ടെങ്കിൽ അവർ മനുഷ്യരേക്കാൾ ബൗദ്ധികമായി വളരെ ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞവരായിരിക്കണം. ഇനി, UFO എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നവ ഉള്ളിൽ ജീവികളില്ലാത്ത റിമോട്ട്‌ കണ്ട്രോൾഡ്‌ സ്പെയ്സ്ക്രാഫ്റ്റുകളാണെന്നു് കരുതിയാൽ തന്നെ, അവയെ ആരെങ്കിലും അയച്ചതാവണമെന്നതിനാൽ, അതിനുള്ള സാങ്കേതികജ്ഞാനം കൈവരിച്ച അന്യഗ്രഹജീവികൾക്കേ അതു് സാദ്ധ്യമാവൂ. മനുഷ്യനു് ഇതുവരെ കൈവരിക്കാൻ കഴിഞ്ഞതിനേക്കാൾ വളരെ ഉയർന്ന ബുദ്ധിശക്തി അതിനു് ആവശ്യമാണു്.

സസ്യവർഗ്ഗത്തിന്റെ നിലനിൽപിനു് കാർബൺ ഡയോക്സൈഡ്‌ അത്യന്താപേക്ഷിതമാണെങ്കിൽ, മനുഷ്യനു് ജീവിക്കാൻ ഓക്സിജൻ കൂടാതെ കഴിയില്ല. നേരെ മറിച്ചായാൽ ഭൂമിയിൽ ഈ രണ്ടു് വിഭാഗത്തിന്റേയും അന്ത്യമാവും ഫലം. കാർബൺ ഡയോക്സൈഡ്‌ മനുഷ്യർക്കു് “ജീവവായു” അല്ല, “മാരകവായു” ആണെന്നു് ചുരുക്കം. അതുകൊണ്ടു്, ഭൂമിയിലേതുപോലെ, കാർബണിന്റെ അടിസ്ഥാനത്തിലല്ലാതെ, മറ്റെവിടെയെങ്കിലും മറ്റേതെങ്കിലുമൊരു മൂലകത്തിന്റെ അടിസ്ഥാനത്തിൽ “ജീവൻ” രൂപമെടുക്കുന്നതിനു് തത്വത്തിൽ തടസ്സമൊന്നുമില്ല. അവ ഏതുവിധത്തിലുള്ളവ ആയിരിക്കും എന്നതിനെ സംബന്ധിച്ചു് തലപുകച്ചിട്ടു് തത്കാലം വലിയ കാര്യവുമില്ല. പ്രപഞ്ചത്തിലെ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ രൂപമെടുത്തു എന്നതുകൊണ്ടു് അതു് ബുദ്ധിയുള്ള ജീവികളുടെ നിലയിലേക്കു് പരിണാമത്തിലൂടെ വളർന്നുകൊള്ളണമെന്നില്ല. പ്രപഞ്ചത്തിൽ സ്ഥിരമെന്നോണം സംഭവിക്കുന്ന കോസ്മിക്‌ കറ്റാസ്റ്റ്രൊഫീകൾ, മാതൃനക്ഷത്രത്തിന്റെ അന്ത്യം, ജീവികൾക്കിടയിലെതന്നെ യുദ്ധങ്ങൾ അങ്ങനെ പല കാരണങ്ങളാൽ ഒരു ഗ്രഹത്തിലെ ജീവന്റെ വളർച്ച എന്നേക്കുമായി നശിപ്പിക്കപ്പെടാം. സ്വന്തം മാതൃനക്ഷത്രം ജീവജാലങ്ങളുടെ സംരക്ഷണത്തിനു് ഉതകാത്ത ഒരു അവസ്ഥയിലേക്കു് എത്തുന്നതിനു് മുൻപു് സ്വന്തഗ്രഹത്തെ ഉപേക്ഷിച്ചു് തുടർജീവിതം സാദ്ധ്യമാവുന്ന അന്യഗ്രഹങ്ങളിൽ ഏതിലെങ്കിലും കുടിയേറാൻ മാത്രം ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്ത എല്ലാ സംസ്കാരങ്ങളും എന്നെങ്കിലും നശിക്കാൻ വിധിക്കപ്പെട്ടവയാണു്. 1370 കോടി വർഷങ്ങൾ പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ ഇതിനോടകം പല ഗ്രഹങ്ങളും സംസ്കാരങ്ങളും അവയുടെ വളർച്ചയുടെ പല ഘട്ടങ്ങളിൽ വച്ചു് നാശത്തെ നേരിട്ടിട്ടുണ്ടാവാമെന്നതു് അവഗണിക്കാനാവാത്ത ഒരു സാദ്ധ്യതയാണു്. അന്യസംസ്കാരങ്ങളിൽ നിന്നുമുള്ള ഒരുവിധ സിഗ്നലുകളും സ്വീകരിക്കാൻ നമുക്കു് കഴിയാത്തതിന്റെ കാരണവും ഒരുപക്ഷേ അതായിരിക്കാം. നമ്മൾ തന്നെ എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളുടെയും മറ്റും രൂപത്തിൽ “ഏയ്‌, കൂയ്‌, അവിടെ ആരെങ്കിലുമുണ്ടോ?” എന്നു് വിളിച്ചുചോദിക്കാൻ തുടങ്ങിയിട്ടു് (അതിനാൽ, ആ വിളി അവിടെ പുറത്തുള്ളവരിൽ കേൾക്കാൻ “ചെവിയുള്ള” ആരെങ്കിലും കേൾക്കാനുള്ള സാദ്ധ്യതതന്നെ തുടങ്ങിയിട്ടും) ഏതാണ്ടു് നൂറു് വർഷങ്ങളേ ആയിട്ടുള്ളു. സമുദ്രത്തിലെ ഒരു തുള്ളി വെള്ളം പോലെ 1370 കോടി വർഷങ്ങൾക്കിടയിലെ നൂറു് വർഷങ്ങൾ!

സൗരയൂഥത്തിനോടു് ഏറ്റവും അടുത്തു് നിൽക്കുന്ന സ്റ്റാർ സിസ്റ്റം ആയ Alpha Centauri ഏകദേശം 4.3 പ്രകാശവർഷങ്ങൾ അകലെയാണു് സ്ഥിതി ചെയ്യുന്നതു്. അതിനർത്ഥം, ആൽഫ സെന്റൗറിയുടെ പരിസരത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തിച്ചേരാൻ ഒരു സ്പെയ്സ്ക്രാഫ്റ്റിനു്, അതു് പ്രകാശവേഗതയിൽ (ഒരു സെക്കൻഡിൽ മൂന്നു് ലക്ഷം കിലോമീറ്റർ) സഞ്ചരിച്ചാൽ പോലും, ഏകദേശം നാലര വർഷത്തോളം യാത്ര ചെയ്യേണ്ടി വരും. ഭൂമിയിൽ നിന്നും എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളുടെ രൂപത്തിൽ അയക്കുന്ന ഒരു സന്ദേശം സ്വീകരിക്കാനും തിരിച്ചു് മറുപടി അയക്കാനും കഴിവുള്ള ജീവികൾ അവിടെ ഏതെങ്കിലുമൊരു ഗ്രഹത്തിൽ ഉണ്ടെന്നു് സങ്കൽപിച്ചാൽ തന്നെ, അതുപോലൊരു മറുപടിക്കുവേണ്ടി നമ്മൾ ഏകദേശം ഒൻപതു് വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു് വരുത്തുന്ന” ഒരു “ഭവാനി” മുകളിലെവിടെയോ ഉണ്ടെന്നതിനാൽ മറുപടി കിട്ടുന്നതിനു് മുൻപു് മേഘസന്ദേശം അയച്ചവനെ “ഭവാനി” ചേനയും കാച്ചിലും അടിയിൽ നിന്നും നോക്കിക്കണ്ടു് ഗൃഹാതുരത്വത്തിന്റെ തീച്ചൂളയിൽ വെന്തെരിയേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ടാവാനും മതി. ആൽഫ സെന്റൗറി 4.3 പ്രകാശവർഷങ്ങൾ അകലെയാണെങ്കിൽ, NGC 4414 എന്ന, 55000 പ്രകാശവർഷങ്ങൾ വ്യാസമുള്ള, സ്പൈറൽ ഗ്യാലക്സി ഭൂമിയിൽ നിന്നും ആറുകോടി പ്രകാശവർഷങ്ങൾ അകലെയാണു് സ്ഥിതി ചെയ്യുന്നതു്. റിലേറ്റിവിറ്റി പ്രകാരം വേഗത വർദ്ധിക്കുമ്പോൾ സമയം സാവകാശമാവും. ബുദ്ധിയുടെ കാര്യത്തിൽ നമ്മെക്കാൾ ആയിരമോ പതിനായിരമോ ഒക്കെ വർഷങ്ങൾ മുന്നിലെത്തിക്കഴിഞ്ഞിട്ടുള്ള ഒരു സംസ്കാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ, പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ സഞ്ചരിക്കാനുള്ള സാങ്കേതികത്വം അവർ വികസിപ്പിച്ചിട്ടുണ്ടെങ്കിൽ, അതുപോലൊരു യാത്രയിൽ പങ്കെടുക്കുന്നവർക്കു്, അവരുടെ വേഗതയുടെ അടിസ്ഥാനത്തിൽ, അവർ യാത്ര തുടങ്ങിയിട്ടു് ഒരു വർഷമായി എന്നു് തോന്നുമ്പോൾ ഭൂമിയിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. അതുപോലെതന്നെ, ആ “ഒരു വർഷം” കൊണ്ടു് സ്വന്തം ഗ്രഹത്തിലെ അവരുടെ ബന്ധുക്കളും മിത്രങ്ങളുമെല്ലാം, അവർ പഴയനിയമത്തിലെ പിതാക്കളെപ്പോലെ ആയിരത്തിലേറെ വർഷങ്ങൾ ജീവിക്കുന്ന അത്ഭുതജീവികളല്ലെങ്കിൽ, പണ്ടെതന്നെ മരിച്ചുകഴിഞ്ഞിട്ടുണ്ടാവും. ചുരുക്കത്തിൽ, അന്യഗ്രഹജീവികൾ UFO എന്ന “കുപ്പിപ്പിഞ്ഞാണത്തിൽ” കയറി ഭൂലോകവാസികളെ സന്ദർശിക്കനെത്തുക എന്നതു് അങ്ങേയറ്റം അസംഭവ്യമായ കാര്യമാണു്.

സങ്കൽപാതീതമായ അത്തരമൊരു ശാസ്ത്രീയനേട്ടം കൈവരിക്കാൻ മാത്രം വളർന്ന ഒരു സംസ്കാരത്തിനു് ഭൗമാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളിൽ നിന്നും ഭൂമിയെ സംബന്ധിച്ചു് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ തളികപ്പുറത്തുകയറി ഭൂമിയിൽ വന്നിറങ്ങേണ്ട ആവശ്യമൊന്നുമില്ല. അത്രയും ഉന്നതമായ ഒരു സംസ്കാരം കെട്ടിപ്പടുക്കണമെങ്കിൽ ഈ ഭൂമിയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നിലവിലിരിക്കുന്നതിൽ നിന്നും നേർവിപരീതമായ ഒരു സാഹചര്യം ഉണ്ടെങ്കിലേ സാദ്ധ്യമാവൂ. അജ്ഞതയും, ദാരിദ്ര്യവും, രോഗങ്ങളും, മതഭ്രാന്തും, യുദ്ധങ്ങളും, പരിസ്ഥിതിമലിനീകരണം വഴി സ്വയം നശിപ്പിക്കാനുള്ള മടിയില്ലായ്മയും, ആകെയുള്ള ഒരു ജീവിതത്തേക്കാൾ ഒരടിത്തറയുമില്ലാതെ ഉണ്ടെന്നു് ആരോ എവിടെയോ പറഞ്ഞുകേട്ട ഒരു മരണാനന്തരജീവിതത്തിനു് മുൻതൂക്കം നൽകാൻ മാത്രമുള്ള ഒറിജിനൽ വിഡ്ഢിത്തവും മുഖമുദ്രയായ ഒരു ലോകത്തിൽ വന്നിറങ്ങിയിട്ടു് അതുപോലൊരു ഉന്നത ജീവിവർഗ്ഗം എന്തുനേടാൻ?

 
5 Comments

Posted by on Aug 1, 2011 in ശാസ്ത്രം

 

Tags: , ,