RSS

Tag Archives: വ്യാജശാസ്ത്രം

ഖുര്‍ആനിലെ ബ്ലാക്ക് ഹോള്‍

ചിത്രത്തിലെ ഖുര്‍‌ആന്‍ വാക്യം രണ്ടുവട്ടം വായിക്കുക: “മനുഷ്യാ നീ ചിന്തിക്കുന്നതുപോലെയല്ല, ഞാന്‍ സത്യം ചെയ്യുന്നു, നക്ഷത്രങ്ങള്‍ പതിക്കുന്ന (വീഴുന്ന, അ’സ്ഥ’മിക്കുന്ന) ഒരു സ്ഥാനത്തെ ചൊല്ലി ഞാന്‍ സത്യം ചെയ്യുന്നു. (v:qur an:su: waqia)”

ഇനി, ഖുര്‍ആനിലെ Surah No.56 Waqia-ല്‍ ആ വാക്യം (75) ശ്രദ്ധിക്കുക. അതിങ്ങനെ: “അല്ല, നക്ഷത്രങ്ങളുടെ അസ്തമനസ്ഥാനങ്ങളെക്കൊണ്ടു്‌ ഞാന്‍ സത്യം ചെയ്തു്‌ പറയുന്നു.”

വാക്യത്തില്‍ നിന്നും ഒട്ടും മുറിച്ചുമാറ്റിയിട്ടില്ല എന്നറിയാനായി അതിനു്‌ മുന്‍പും പിന്‍പുമുള്ള ഓരോ വാക്യങ്ങള്‍ കൂടി: “ആകയാല്‍ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക(74)”. “തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണു്‌ (76)”.

നക്ഷത്രങ്ങളുടെ അസ്തമനസ്ഥാനങ്ങളെ “ബ്ലാക്ക് ഹോള്‍” ആക്കി മാറ്റി ഖുര്‍ആന്‍ ശാസ്ത്രീയമാണെന്നു്‌ വരുത്താന്‍ വ്യാഖ്യാതാവു്‌ പെടുന്ന പാടുകള്‍! “ദൈവത്തിന്റെ” ഭാഷയില്‍ നക്ഷത്രങ്ങളുടെ “അസ്തമനസ്ഥാനങ്ങള്‍” ആയതിനെ വ്യാഖ്യാതാവിന്റെ വക്രബുദ്ധി “നക്ഷത്രങ്ങള്‍ പതിക്കുന്ന (വീഴുന്ന, അ’സ്ഥ’മിക്കുന്ന) ‘ഒരു സ്ഥാനം'” ആക്കി മാറ്റുന്നു. നക്ഷത്രങ്ങള്‍ ചെന്നു്‌ പൊത്തോന്നു്‌ വീഴുന്ന കുഴിയും ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ ചങ്ങാതി ശ്രദ്ധിച്ചിട്ടുണ്ടു്‌. വിശ്വാസികള്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നവരാണെന്നതിനാല്‍ ഹൈഡ്രജനും ഹീലിയവും തീര്‍ന്നു്‌ കാറ്റുപോയ ബലൂണ്‍ പോലെ ചുരുങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ ആകാശത്തുള്ള ഏതു്‌ അ’ഗാത’മായ കുഴിയിലേക്കാണു്‌ ചെന്നു്‌ വീഴുന്നതു്‌/പതിക്കുന്നതു്‌/അ’സ്ഥ’മിക്കുന്നതു്‌  എന്നു്‌ ചോദിക്കാതിരിക്കില്ലല്ലോ. വ്യാഖ്യാതാക്കള്‍ അല്ലാഹുവിനെപ്പോലെതന്നെ വളരെ ദീര്‍ഘവീക്ഷണം ഉള്ളവരും മുന്‍കൂട്ടി ചിന്തിക്കുന്നവരുമാണു്‌.

എന്തിനു്‌ ഈ വളഞ്ഞ വഴികള്‍? അതും നീതിമാന്‍ എന്നു്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ നാമത്തില്‍? ഇത്തരം വഴികളിലൂടെ നടക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമെന്നാണോ? ഇക്കൂട്ടരാണു്‌ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നരകം തന്നെയാണു്‌ ഭേദം.

വേദഗ്രന്ഥത്തില്‍ ബിഗ് ബാംഗും ബ്ലാക്ക് ഹോളും ഒക്കെയുണ്ടെന്നു്‌ വ്യാഖ്യാനിച്ചൊപ്പിക്കാന്‍ നടക്കുന്നവര്‍ അതിലെ സാമാന്യബുദ്ധിക്കുപോലും മനസ്സിലാക്കാന്‍ പ്രയാസമില്ലാത്ത വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും കാണുന്നില്ലെന്നുണ്ടോ?

Surah No.56 Waqia തുടങ്ങുന്നതിങ്ങനെയാണു്‌:  “ആ സംഭവം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.”

ന്ന്വച്ചാല്‍, ഏതെങ്കിലുമൊരു സംഭവം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ സംഭവ്യതയെ, അതായതു്‌, അതു്‌ സംഭവിക്കാനുള്ള സാദ്ധ്യതയെ, നിഷേധിക്കുന്ന ആരും ഉണ്ടാവില്ല എന്നു്‌! കൊണ്‍ക്രീറ്റ് ആയി പറഞ്ഞാല്‍, ഒരു കെട്ടിടം വീണു്‌ തകര്‍ന്നുകഴിഞ്ഞാല്‍ അതു്‌ വീണു്‌ തകരാനുള്ള സാദ്ധ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടാവില്ലെന്നു്‌! ബ്ലാക്ക് ഹോള്‍ പോലെ അ’ഗാത’മായ ഈ സത്യം പറയുന്നതു്‌ മറ്റാരുമല്ല, ദൈവമാണു്‌.

ദൈവം ബ്ലാക്ക് ഹോള്‍ രഹസ്യം വെളിപ്പെടുത്തിയ ഈ അദ്ധ്യായത്തില്‍ എഴുതിയിരിക്കുന്ന മറ്റു്‌ കാര്യങ്ങള്‍ കൂടി വായിച്ചാല്‍ ഇത്തരം ശാസ്ത്രരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്തുകൊണ്ടും യോഗ്യനായ ഒരു ദൈവം തന്നെയാണു്‌ അവന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ വഴിയില്ല. വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, (സത്യവിശ്വാസത്തിലും സല്‍പ്രവര്‍ത്തികളിലും) മുന്നേറി പരലോകത്തിലും മുന്നോക്കക്കാരായി “സാമീപ്യം” നേടിയെടുത്തവര്‍. പൂര്‍വ്വികന്മാരില്‍ നിന്നു്‌ ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്നു്‌ കുറച്ചുപേരും അടങ്ങുന്ന ഇവരാണു്‌ സ്വര്‍ഗ്ഗത്തില്‍ സുഖിക്കാന്‍ പോകുന്നതു്‌! സ്വര്‍ണ്ണനൂലുകൊണ്ടു്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകള്‍, കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവുമായി ചുറ്റിനടക്കുന്ന നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍, പഴവര്‍ഗ്ഗങ്ങള്‍, പക്ഷിമാംസം, വിശാലമായ നയനങ്ങളുള്ള “വെളുത്ത” തരുണികള്‍, ചിപ്പികളില്‍ ഒളിച്ചുവയ്ക്കപ്പെട്ട മുത്തു്‌ പോലെയുള്ളവര്‍ ….

“അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു്‌ നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു്‌ സൃഷ്ടിച്ചുണ്ടാക്കുന്നതു്‌? അതല്ല, നാമാണോ  സൃഷ്ടികര്‍ത്താവു്‌?” (58, 59)

“എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു്‌ മുളപ്പിച്ചു്‌ വളര്‍ത്തുന്നതു്‌? അതല്ല നാമാണോ, അതു്‌ മുളപ്പിച്ചു്‌ വളര്‍ത്തുന്നവന്‍?” (63, 64)

“ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി …..” (68, 69, 70). “നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി ….” (71, 72)

ദൈവത്തിന്റെ ഇതിലും അ’ഗാത’വും രസകരവുമായ മറ്റു്‌ ജ്ഞാനങ്ങള്‍ വേറെയുമുണ്ടു്‌ ധാരാളം. അതെല്ലാം മനസ്സിലാക്കുവാന്‍ വിശ്വാസി വായിക്കുന്ന രീതിക്കു്‌ നേരെ വിപരീതമായ രീതിയില്‍ ആ ഗ്രന്ഥം വായിക്കുക.

ഇത്രയൊക്കെ ചെയ്തിട്ടും ബ്ലാക്ക് ഹോള്‍ പോലുള്ള പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ യോഗ്യത മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല – നിങ്ങളായി, നിങ്ങളുടെ സ്വര്‍ഗ്ഗമായി.

 
4 Comments

Posted by on Feb 13, 2012 in പലവക

 

Tags: , ,