RSS

Tag Archives: വോള്‍ട്ടയര്‍

അട്ടയെ മെത്തയിൽ കിടത്തിയാൽ…

(വോൾട്ടയറുടെ Bababec et les fakirs-ന്റെ സ്വതന്ത്ര പരിഭാഷ)

ബ്രാഹ്മണരുടെ പുരാതന വാസസ്ഥലമായ ബനാറസിൽ, ഗംഗയുടെ തീരത്തു് കഴിഞ്ഞിരുന്ന സമയത്തു് എന്റെ അറിവു് കഴിയുന്നത്ര വർദ്ധിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഭാരതീയ ഭാഷയിലെ ജ്ഞാനം കഷ്ടി ആയിരുന്നതിനാൽ ഞാൻ എല്ലാക്കാര്യങ്ങളും കൂടുതൽ ഏകാഗ്രതയോടെ കേൾക്കുകയും ഓരോന്നും കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ അതുവരെ കണ്ടിട്ടുള്ളവരിൽ വച്ചു് ഏറ്റവും മാന്യനായിരുന്ന ഒമ്രി എന്ന ഒരു കച്ചവടക്കാരൻ സുഹൃത്തിനോടൊപ്പമായിരുന്നു എന്റെ താമസം. അവൻ ഒരു ബ്രാഹ്മണനായിരുന്നു. മുസൽമാൻ എന്ന ബഹുമതി ആയിരുന്നു എന്റേതു്. മുഹമ്മദിന്റെയോ ബ്രഹ്മാവിന്റെയോ പേരിൽ ഞങ്ങൾ തമ്മിൽ ഒരിക്കലെങ്കിലും ഉച്ചത്തിലുള്ള വാക്കുതർക്കങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ടുപേരും, ഓരോരുത്തരും അവരവരുടേതായ രീതിയിൽ അനുശാസനങ്ങൾ അനുസരിച്ചുള്ള കഴുകലുകൾ നടത്തിപ്പോന്നു; രണ്ടു സഹോദരങ്ങളെപ്പോലെ, ഞങ്ങൾ ഒരേതരം നാരങ്ങാവെള്ളം കുടിച്ചും ഒരേതരം ചോറുണ്ടും ജീവിച്ചു. ഒരിക്കൽ ഞങ്ങൾ ഗവാനിക്ഷേത്രത്തിൽ പോയപ്പോൾ അവിടെ പല വിഭാഗങ്ങളിൽപ്പെട്ട ഫക്കീറുകളെ കണ്ടു. ധ്യാനത്തിൽ മുഴുകി ശാന്തമായ ജീവിതം നയിച്ചിരുന്ന യോഗികൾ ആയിരുന്നു അവരിൽ ഒരു വിഭാഗം. പഴയ നഗ്നസാധുക്കളുടെ (Gymnosophists) ശിഷ്യന്മാരായിരുന്നു മറ്റൊരു വിഭാഗം. അവർ ക്ലേശകരമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. പുരാതനബ്രാഹ്മണർ സംസാരിച്ചിരുന്ന പണ്ഡിതഭാഷയാണു് അവർ ഉപയോഗിക്കുന്നതെന്നു് പ്രസിദ്ധമായിരുന്നു. “വേദം” എന്നു് അവർ വിളിക്കുന്ന ഒരു ഗ്രന്ഥം ഈ ഭാഷയിൽ എഴുതപ്പെട്ടതാണു്. “Zend Avesta” ഉൾപ്പെടെയുള്ള എല്ലാ ഏഷ്യൻ ഗ്രന്ഥങ്ങളേക്കാളും സംശയരഹിതമായി പഴക്കമേറിയതാണു് ഈ ഗ്രന്ഥം.

ആ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഒരു ഫക്കീറിനെ ഞാൻ കടന്നുപോയപ്പോൾ അവൻ വിളിച്ചുപറഞ്ഞു: “നാശം പിടിച്ച അവിശ്വാസീ, നീ മൂലം ഞാൻ എണ്ണിക്കൊണ്ടിരുന്ന അക്ഷരങ്ങളുടെ എണ്ണം മറന്നു. അതുവഴി ഞാൻ ഇപ്പോഴുംകൂടെ ആശിച്ചിരുന്നതുപോലെ എന്റെ ആത്മാവു് ഒരു തത്തക്കിളിയിലേക്കു് എത്തുന്നതിനുപകരം ഒരു മുയലിന്റെ ശരീരത്തിലേക്കു് കുടിയേറേണ്ടിവരും”! ഞാൻ അവനു് പരിഹാരമായി ഒരു രൂപ കൊടുത്തു. ഞങ്ങൾ കുറച്ചുകൂടി നടന്നപ്പോൾ നിർഭാഗ്യവശാൽ എനിക്കു് തുമ്മേണ്ടിവന്നു. എന്റെ തുമ്മലിന്റെ ശബ്ദം നിര്‍വൃതിയില്‍ മുഴുകിയിരിക്കുകയായിരുന്ന മറ്റൊരു ഫക്കീറിനെ ഉണർത്തി. പരിഭ്രാന്തനായ അവന്റെ ജൽപനം ഇങ്ങനെയായിരുന്നു: “ഞാൻ എവിടെയാണു്? എന്തൊരു ഭയാനകമായ വീഴ്ച്ച! എനിക്കെന്റെ മൂക്കിന്റെ അറ്റം കാണാനാവുന്നില്ല. സ്വർഗ്ഗീയപ്രകാശവും മാഞ്ഞുപോയി”. ഞാൻ അവനോടു് പറഞ്ഞു: “അങ്ങേയ്ക്കു് അങ്ങയുടെ മൂക്കിന്റെ അറ്റത്തേക്കാൾ കൂടിയ അകലത്തിലേക്കു് കാണാൻ കഴിയുന്നതിന്റെ കുറ്റം എന്റേതാണെങ്കിൽ, അതുപോലൊരു അനർത്ഥം സൃഷ്ടിച്ചതിനു് പകരമായി ഞാൻ ഇതാ ഒരു രൂപ തരുന്നു. തുടർന്നും അങ്ങയുടെ സ്വർഗ്ഗീയപ്രകാശത്തിനു് സ്വയം സമർപ്പിച്ചാലും”.

അങ്ങനെ ആ പ്രശ്നത്തിൽ നിന്നും തന്മയത്വത്തോടെ തലയൂരിയശേഷം ഞാൻ നഗ്നസാധുക്കളുടെ അരികിലേക്കു് പോയി. ബ്രഹ്മാവിന്റെ നാമത്തിൽ തുടയിലോ കൈത്തണ്ടയിലോ തുളച്ചുകയറ്റാനുള്ളവയാണെന്ന നിർദ്ദേശത്തോടെ സുന്ദരമായ കുറെ ചെറിയ ആണികൾ അവരിൽ ചിലർ എനിക്കു് വച്ചുനീട്ടി. ഞാൻ അതു് വിലകൊടുത്തുവാങ്ങി. പിൽക്കാലത്തു് ഞാൻ അവ എന്റെ പരവതാനികൾ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു. ആ നഗ്നസാധുക്കളിലെ മറ്റുചിലർ കൈകളിൽ കുത്തി നടന്നുകൊണ്ടിരുന്നു. വേറേ ചിലർ അയഞ്ഞ കയറിൽ സ്വയം പ്രതിഷ്ഠിച്ചു് കാഴ്ചക്കുവച്ചു. വീണ്ടും ചിലർ ഒറ്റക്കാലിൽ ചാടിക്കൊണ്ടിരുന്നു. ചിലർ മാലകൾ ചാർത്തിയിരുന്നു, മറ്റുചിലർ ഭാരം ചുമന്നിരുന്നു. വേറെ പലരും അവരുടെ തല ഒരു പാത്രത്തിനുള്ളിൽ ഇറക്കിവച്ചു് ലോകത്തിലെ ഏറ്റവും മര്യാദക്കാരായ മനുഷ്യരെപ്പോലെ നിലകൊണ്ടു.

(ഇതുപോലുള്ള ആക്രബാറ്റിക്സ്‌ ബ്ലോഗിലും ബസിലും ചാറ്റിലുമൊക്കെ കൂടിവരുന്നുണ്ടെന്നതിനാൽ, അതിന്റെ പിന്നിൽ ഇത്തരം സാധുക്കളുടെ പിന്മുറക്കാരാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ചില അഭിപ്രായങ്ങൾ ചരിത്രകാരന്മാരുടേതായി നിലവിലുണ്ടു്. ചരിത്രം എന്നതു് ഭാരതത്തിൽ ചരിത്രകാരന്മാരുടെ ജാതി, മതം, രാഷ്ട്രീയ നിലപാടുകൾ, സാമ്പത്തികസ്രോതസ്സ്‌ മുതലായ പല കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാറിമറിയാവുന്നവയാണെന്നതിനാൽ കൃത്യമായ ഒരു വിലയിരുത്തൽ ഒരിക്കലും സാദ്ധ്യമല്ല).

എന്റെ സുഹൃത്തു് ഒമ്രി എന്നെ ബാബാബെക്‌ എന്ന പ്രസിദ്ധനായ ഒരു ഫക്കീറിന്റെ അറയിൽ കൊണ്ടുപോയി. ഒരു കുരങ്ങനെപ്പോലെ നഗ്നനായിരുന്ന അവൻ അറുപതു് പൗണ്ടിൽ കൂടുതൽ ഭാരം വരുന്ന ഒരു വലിയ ചങ്ങല കഴുത്തിൽ ധരിച്ചിരുന്നു. ചെറിയ ആണികൾ നിരപ്പെ വെടിപ്പായി ഉറപ്പിച്ചിരുന്ന ഒരു മരക്കുരണ്ടിയിലായിരുന്നു അവൻ ആസനസ്ഥനായിരുന്നതു്. ആണികൾ അവന്റെ ചന്തികളിൽ തുളഞ്ഞുകയറുന്നുണ്ടായിരുന്നെങ്കിലും, ഒരു വെൽവെറ്റ്‌ കുഷ്യനിൽ ഇരിക്കുകയായിരുന്നാലെന്നപോലുള്ള ഭാവമായിരുന്നു അവന്റെ മുഖത്തു്. എണ്ണമറ്റ സ്ത്രീകൾ അവനോടു് ഉപദേശം ചോദിക്കുന്നതിനുവേണ്ടി വന്നുകൊണ്ടിരുന്നു. ഒരു കുടുംബകോമരം ആയിരുന്ന അവൻ വലിയ ജനപ്രീതിയുള്ളവനായിരുന്നു എന്നു് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല.

ഒമ്രിയും അവനും തമ്മിലുള്ള നീണ്ട ഒരു സംഭാഷണത്തിനു് ഞാൻ സാക്ഷിയായിരുന്നു. ഒമ്രി ചോദിച്ചു: “ബഹുമാന്യനായ പിതാവേ, ഏഴുവട്ടം പുനർജ്ജനിക്കുക എന്ന പരീക്ഷയിൽ ജയിച്ചാൽ ഞാൻ ബ്രഹ്മാവിന്റെ സന്നിധിയിൽ എത്തുമെന്നു് അങ്ങു് കരുതുന്നുണ്ടോ”? അതിനു് ഫക്കീർ ഇങ്ങനെ മറുപടി പറഞ്ഞു: “നീ എങ്ങനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്”. അപ്പോൾ ഒമ്രി: “ഒരു നല്ല പൗരനും, ഒരു നല്ല ഭർത്താവും, ഒരു നല്ല അച്ഛനും, ഒരു നല്ല സുഹൃത്തുമായിരിക്കാൻ ഞാൻ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടു്. ഇടയ്ക്കിടെ പലിശ വാങ്ങാതെ ഞാൻ ധനികർക്കു് പണം കടം കൊടുക്കാറുണ്ടു്; ദരിദ്രർക്കും ഞാൻ പണം കൊടുക്കാറുണ്ടു്, കൂടാതെ ഞാൻ അയൽക്കാരുമായി സമാധാനത്തിലാണു് ജീവിക്കുന്നതു്”. “നീ ഇടയ്ക്കിടെയെങ്കിലും നിന്റെ ആസനത്തിൽ ആണികൾ തിരുകാറുണ്ടോ?” ആ ബ്രാഹ്മണൻ അന്വേഷിച്ചു. അതിനു് ഒമ്രി: “ഇല്ല പിതാവേ, ഒരിക്കലുമില്ല”. അതിനു് ഫക്കീറിന്റെ മറുപടി: “എങ്കിൽ ഞാൻ ദുഃഖിക്കുന്നു. നീ തീർച്ചയായും പത്തൊൻപതാം സ്വർഗ്ഗത്തിനു് അപ്പുറത്തേക്കു് കടക്കുകയില്ല. അതു് കഷ്ടം തന്നെ”. അതുകേട്ടു് അത്ഭുതപ്പെട്ട ഒമ്രി പറഞ്ഞു: “അതുകൊണ്ടെന്തു് കഷ്ടം? അതു് വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനമാണല്ലോ. എന്റെ വിധിയിൽ ഞാൻ സംതൃപ്തനാണു്. എന്റെ ജന്മപരിണാമങ്ങളിലൂടെ കർത്തവ്യനിഷ്ഠതയോടെ ജീവിക്കാനും അവസാനത്തെ താവളത്തിൽ എത്തിച്ചേരാനും കഴിഞ്ഞാൽ, അങ്ങനെ ഞാൻ എത്തുന്ന സ്വർഗ്ഗം പത്തൊൻപതാമത്തേതോ ഇരുപതാമത്തേതോ എന്നതു് ഒരു വലിയ പ്രശ്നമായി എനിക്കു് തോന്നുന്നില്ല. ബ്രഹ്മാവിന്റെ സന്നിധിയിൽ അനുഗൃഹീതനായിത്തീരാൻ ഈ ഭൂമിയിൽ മാന്യമായി ജീവിച്ചാൽ പോരേ? ആട്ടെ, ആണികളും ചങ്ങലയുമായി ജീവിക്കുന്ന ബഹുമാന്യനായ അങ്ങു് ഏതു് സ്വർഗ്ഗത്തിൽ എത്തിച്ചേരാനാണു് ആഗ്രഹിക്കുന്നതു്?” “മുപ്പത്തഞ്ചാമത്തേതിൽ” ഫക്കീർ പറഞ്ഞു. ഒമ്രി തിരിച്ചടിച്ചു: “സ്വർഗ്ഗത്തിൽ എന്നേക്കാളും മുകളിൽ ആയിരിക്കണം എന്ന അങ്ങയുടെ ആഗ്രഹം പരിഹാസ്യമായിട്ടാണു് എനിക്കു് തോന്നുന്നതു്. അതിമോഹമാണു് അതിനുപിന്നിൽ. ഈ ലോകത്തിൽ ഉന്നത പദവികൾ മോഹിക്കുന്നവരെ ശപിക്കുന്ന നിങ്ങൾ എന്തുകൊണ്ടു് പരലോകത്തിൽ സ്വയം ഉന്നതപദവികളിൽ എത്താൻ മോഹിക്കുന്നു? എന്തിന്റെ പേരിലാണു് സ്വർഗ്ഗത്തിൽ എന്നേക്കാൾ ഉയർന്ന പരിഗണനകൾക്കു് നിങ്ങൾ അർഹരാവുന്നതു്? നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി ഞാൻ ഇതുകൂടി പറയുന്നു: നിങ്ങളുടെ ആസനം തുളക്കാനുള്ള ആണികൾക്കായി പത്തുകൊല്ലംകൊണ്ടു് നിങ്ങൾ ചിലവാക്കുന്ന തുക ഞാൻ പത്തുദിവസംകൊണ്ടു് ദാനധർമ്മം ചെയ്യുന്നുണ്ടു്. നിങ്ങൾ മുഴുവൻ ദിവസവും പൂർണ്ണനഗ്നനായി ഒരു ചങ്ങലയും കഴുത്തിലിട്ടു് ആണിക്കുരണ്ടിയിൽ കുത്തിയിരിക്കുന്നതുകൊണ്ടു് ബ്രഹ്മാവിനു് തീർച്ചയായും ഏറെ ഗുണങ്ങളുണ്ടു്! കൂടാതെ, അതുവഴി നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിനു് ചെയ്യുന്നതും വിലമതിക്കാനാവാത്ത ഒരു സേവനമാണു്! എന്റെ കാഴ്ചപ്പാടിൽ, പച്ചക്കറി കൃഷി ചെയ്യുന്നവരും മരങ്ങൾ നട്ടുപിടിപ്പിക്കുന്നവരും, നിങ്ങളേയും നിങ്ങളുടെ സഹപ്രവർത്തകരേയും പോലെ മൂക്കിന്റെ അറ്റം വീക്ഷിക്കുന്നവരും, അമിതമായ ആത്മീയകുലീനത്വത്തിന്റെ ഭാരം ചുമക്കുന്നവരുമായവരേക്കാൾ നൂറിരട്ടി മഹത്വമുള്ളവരാണു്”.

ഇത്രയും പറഞ്ഞശേഷം ശാന്തനായ ഒമ്രി ആ ഫക്കീറിനെ മുഖസ്തുതികൊണ്ടു് സാവകാശം കീഴ്പ്പെടുത്തുകയും, അവന്റെ ചങ്ങലയും ആണികളും ഉപേക്ഷിക്കാൻ അവനോടു് അപേക്ഷിക്കുകയും, തന്റെ വീട്ടിലേക്കു് വന്നു് മാന്യമായ ഒരു ജീവിതം നയിക്കാൻ അവനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, കുളിപ്പിച്ചു് വൃത്തിയാക്കി സുഗന്ധദ്രവ്യങ്ങൾ പൂശി ശുദ്ധവസ്ത്രങ്ങൾ ധരിപ്പിക്കപ്പെട്ട ബാബാബെക്‌ പതിനാലു് ദിവസം ഒമ്രിയുടെ വീട്ടിൽ മര്യാദക്കാരനായി ജീവിച്ചു. ഇപ്പോഴത്തെ ജീവിതത്തിൽ താൻ മുൻപിലത്തേക്കാളും നൂറിരട്ടി ഭാഗ്യവാനാണെന്നു് അവൻ പലവട്ടം സമ്മതിച്ചു. പക്ഷേ, ഈ പുതിയ ജീവിതം വഴി അവനു് ജനത്തിന്റെ ഇടയിൽനിന്നും ലഭിച്ചിരുന്ന ശ്രദ്ധയും പ്രീതിയും നഷ്ടമായി; ഉപദേശം ചോദിക്കാനായി ഒരു സ്ത്രീയും അവനെത്തേടി വന്നില്ല. അവസാനം, പഴയതുപോലെ വീണ്ടും തന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അവൻ ഒമ്രിയെ വിട്ടു് അവന്റെ ആണികളിലേക്കുതന്നെ മടങ്ങിപ്പോയി.

(ഏകദേശം മുന്നൂറു് വർഷങ്ങളോളം പഴക്കമുള്ള വോൾട്ടയറിന്റെ ഈ രചനകൾ ഒരുപക്ഷേ മൂവായിരം വർഷങ്ങൾക്കു് മുൻപു് എഴുതപ്പെട്ടിരുന്നവ ആയിരുന്നെങ്കിൽ പോലും, ഭാരതീയ അവസ്ഥകളുടെ വർണ്ണനകളിൽ ഇന്നും വലിയ മാറ്റങ്ങൾ ഒന്നും വരുത്തേണ്ട കാര്യമില്ല എന്നതു് ഓരോ ഭാരതീയനും അഭിമാനാർഹമാണു്. അതിനേക്കാൾ നമ്മൾ രാജ്യഭക്തിയാൽ വികാരഭരിതരായി, ഞരമ്പുകളിൽ ചോര തിളച്ചുമറിയുന്നവരായി മാറേണ്ടതു്, ഇനിയും മിനിമം ഒരു മൂവായിരം വർഷങ്ങൾ കൂടി യാതൊരുവിധ മാറ്റവും ആവശ്യമില്ലാതെ നിലനിൽക്കാൻ മതിയായ പൊട്ടൻഷ്യൽ നമ്മുടെ നഗ്നസാധുക്കൾ നമുക്കു് പണ്ടേ പകർന്നു് നൽകിയിട്ടുണ്ടു് എന്ന വാദമുഖങ്ങളുടെ അഖണ്ഡനീയതയിലാണു്.)

 
1 Comment

Posted by on Aug 31, 2010 in ഫിലോസഫി

 

Tags: , ,

ഇൻഡ്യൻ അഡ്‌വെഞ്ചർ

(വോൾട്ടയറുടെ Aventure indienne-ന്റെ സ്വതന്ത്ര പരിഭാഷ)

പതാഗൊറസ്‌ ഭാരതത്തിൽ കഴിഞ്ഞിരുന്ന കാലത്തു് അവിടത്തെ നഗ്നസാധുക്കളുടെ വിദ്യാലയത്തിൽ നിന്നും മൃഗങ്ങളുടെയും ചെടികളുടെയും ഭാഷ പഠിച്ചിരുന്നു എന്നതു് പരസ്യമാണല്ലോ. ഒരിക്കൽ കടൽത്തീരത്തുള്ള ഒരു പുൽത്തകിടിയിലൂടെ നടക്കാനിറങ്ങിയപ്പോൾ അവൻ ഇങ്ങനെ ചില വാക്കുകൾ കേട്ടു: “വെറും ഒരു പുൽക്കൊടിയായി ഈ ഭൂമിയിൽ ജനിക്കേണ്ടിവന്ന ഞാൻ എത്ര നിർഭാഗ്യവാനാണു്! കഷ്ടിച്ചു് രണ്ടിഞ്ചു് വളരുമ്പോഴേക്കും തീറ്റഭ്രാന്തനായ ഒരു രാക്ഷസൻ, ഭയങ്കരനായ ഒരു ഭീകരജന്തു വന്നു് അവന്റെ ഭീമാകാരമായ കാലുകൾ കൊണ്ടു് എന്നെ ചവിട്ടിമെതിക്കുന്നു. അവന്റെ വായിൽ മൂർച്ചയേറിയ രണ്ടുനിര കത്തികളുണ്ടു്. അവകൊണ്ടു് അവൻ എന്നെ അരിഞ്ഞെടുത്തു് കഷണങ്ങളായി നുറുക്കി വിഴുങ്ങുന്നു. ഈ രാക്ഷസനെ മനുഷ്യർ ചെമ്മരിയാടു് എന്നാണു് വിളിക്കുന്നതു്. ഈ ജന്തുവിനേക്കാൾ അറപ്പുളവാക്കുന്ന മറ്റേതെങ്കിലുമൊരു ജീവി ലോകത്തിൽ ഉണ്ടെന്നു് തോന്നുന്നില്ല”.

പതാഗൊറസ്‌ ഏതാനും ചുവടുകൾ കൂടി നടന്നപ്പോൾ ഒരു പാറക്കെട്ടിനു് മുകളിൽ തോടുവിടർത്തിക്കിടന്നിരുന്ന ഒരു കക്കയെക്കണ്ടു. മൃഗങ്ങളും മനുഷ്യർക്കു് തുല്യരാണെന്നും അതിനാൽ അവയെ തിന്നരുതെന്നുമുള്ള നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അതുവരെ പതാഗൊറസിനു് കഴിഞ്ഞിട്ടില്ലായിരുന്നു. അവൻ ആ ജീവിയെ തിന്നാൻ ആരംഭിച്ചപ്പോൾ കരളലിയിക്കുന്ന ഈ വാക്കുകൾ അവന്റെ ചെവിയിൽ പെട്ടു: “പ്രകൃതീ, എന്നെപ്പോലെതന്നെ നിന്നാൽ സൃഷ്ടിക്കപ്പെട്ട ആ പുൽക്കൊടി എന്നേക്കാൾ എത്രയോ ഭാഗ്യമുള്ളതാണു്. മുറിച്ചാലും അതു് വീണ്ടും വളരും; അതിനു് മരണമില്ല. ഞങ്ങൾ പാവം ചിപ്പികൾ ഇരട്ടത്തോടുകൊണ്ടു് വൃഥാ ഞങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. നികൃഷ്ടരായവർ അവരുടെ ഭക്ഷണസമയങ്ങളിൽ ഞങ്ങളെ ഡസൻ കണക്കിനു് വിഴുങ്ങുമ്പോൾ അതു് ഞങ്ങളുടെ എന്നേക്കുമായ അന്ത്യമാണു്. എത്ര ദാരുണമായ വിധിയാണു് ഞങ്ങൾ ചിപ്പികൾ അനുഭവിക്കുന്നതു്! മനുഷ്യർ എന്നതു് എന്തൊരു കാട്ടാളവർഗ്ഗമാണു്”.

പതാഗൊറസിന്റെ ഹൃദയം കലങ്ങി. എത്ര ഭീകരമായ ഒരു കുറ്റകൃത്യമാണു് താൻ ചെയ്യാൻ തുടങ്ങിയതെന്നു് അവനു് ബോധ്യപ്പെട്ടു. കണ്ണുനീരോടുകൂടി ആ ചിപ്പിയോടു് ക്ഷമ യാചിച്ചുകൊണ്ടു് അവൻ അതിനെ വളരെ ശ്രദ്ധാപൂർവ്വം തിരിച്ചു് പാറപ്പുറത്തുതന്നെ വച്ചു. ഈ അനുഭവത്തെപ്പറ്റി ആലോചിച്ചുകൊണ്ടു് അവൻ പട്ടണത്തിലേക്കു് മടങ്ങിയപ്പോൾ, ചിലന്തികൾ ഈച്ചകളെ പിടിച്ചുതിന്നുന്നതും, ചിലന്തികളെ കുരുവികളും, കുരുവികളെ പരുന്തുകളും ശാപ്പിടുന്നതുമൊക്കെ അവന്റെ മനസ്സിലൂടെ കടന്നുപോയി. ഈ വർഗ്ഗങ്ങൾക്കു് തത്വചിന്തയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ എന്നവൻ സ്വയം പറഞ്ഞു.

പട്ടണത്തിൽ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ കടന്നുപോകാൻ തുടങ്ങി. അവനെ സൈഡിലേക്കു് ഉന്തിമാറ്റിയും തള്ളിവീഴിച്ചുംകൊണ്ടു് ഓടുകയായിരുന്ന പ്രാകൃതരായ ആ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജനക്കൂട്ടം ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “അങ്ങനെതന്നെ വേണം, അങ്ങനെതന്നെ വേണം, അവർ അതു് അർഹിക്കുന്നുണ്ടു്”. “ആരു്? എന്തു്”? വീണിടത്തിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ പതാഗൊറസ്‌ ചോദിച്ചു. പക്ഷേ ആ കൂട്ടം കൂക്കിവിളിച്ചുകൊണ്ടു് ഓട്ടം തുടർന്നതേയുള്ളു. “ഹായ്‌, പൊരിയുന്നതു് കാണാൻ നല്ല രസമായിരിക്കും”.

വല്ല മുതിരയോ പച്ചക്കറികളോ മറ്റോ പൊരിക്കുന്നതിന്റെ കാര്യമാവുമെന്നാണു് പതാഗൊറസ്‌ കരുതിയതു്. പക്ഷേ അതൊന്നുമായിരുന്നില്ല, സഹാനുഭൂതി അർഹിക്കുന്ന രണ്ടു് ഭാരതീയരുടേതായിരുന്നു പ്രശ്നം. “ഇപ്പോഴത്തെ ജീവിതം മടുത്തതിനാൽ മറ്റൊരു ജന്മം വഴി ഒരു പുതിയ ജീവിതം എടുക്കുന്നതിൽ സന്തോഷിക്കുന്ന മഹാത്മാക്കളായ രണ്ടു് ഭാരതീയ തത്വചിന്തകരായിരിക്കും അവർ” – പതാഗൊറസ്‌ ചിന്തിച്ചു. “താമസസൗകര്യം കുറവാണെങ്കിൽ ഒരു പുതിയ വീട്ടിലേക്കു് കുടിയേറിപ്പാർക്കാൻ മനുഷ്യർ ആഗ്രഹിക്കുന്നതു് സ്വാഭാവികമാണല്ലോ. അഭിരുചിയെപ്പറ്റി തർക്കിക്കേണ്ട കാര്യമില്ല”.

അവൻ ആ ജനക്കൂട്ടത്തെ ചന്തസ്ഥലം വരെ അനുഗമിച്ചപ്പോൾ അവിടെ ഒരു വലിയ ചിത എരിയുന്നതായി കണ്ടു. ഈ ചിതക്കെതിര്‍വശത്തായി ഒരു ബഞ്ചുണ്ടായിരുന്നു. ട്രൈബ്യൂണൽ എന്നറിയപ്പെടുന്ന ആ ബഞ്ചിൽ ജഡ്ജിമാർ ഓരോരുത്തരും കയ്യിൽ ഒരു പശുവാലും തലയിൽ തൊപ്പിയുമായി ഇരുന്നിരുന്നു. ആ തൊപ്പികൾ – ഓർഫിക്ക്‌ കാവ്യങ്ങളിൽ സത്യസന്ധമായി വർണ്ണിക്കുന്നതുപോലെ – കാലുകൾ നനയാതെ ചെങ്കടൽ കടക്കുകയും സൂര്യനേയും ചന്ദ്രനേയും നിശ്ചലമാക്കുകയും ചെയ്തശേഷം ബാക്കസിനെയും സെയിലനസിനെയും രാജ്യത്തു് എത്തിച്ച ഒരു മൃഗത്തിന്റെ (കഴുത) ചെവികളുടെ സ്മരണ ഉണർത്താൻ പര്യാപ്തമായതായിരുന്നു.

പതാഗൊറസിനു് നല്ല പരിചയമുണ്ടായിരുന്ന വളരെ ബഹുമാന്യനായ ഒരുവൻ ആ ജഡ്ജിമാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭാരതീയനായ പണ്ഡിതൻ സാമോസ് കാരനായ പണ്ഡിതനു് ആ ഹൈന്ദവസമൂഹത്തിനു് മുന്നിൽ പ്രദര്‍ശിപ്പിക്കപ്പെടാൻ പോകുന്ന നാടകത്തിന്റെ ചരിത്രം പറഞ്ഞുകൊടുത്തു.

അവൻ പറഞ്ഞു: “ബഹുമാന്യരായ എന്റെ സഹപ്രവർത്തകർ അങ്ങനെ വിധി എഴുതിയെങ്കിലും, ദഹിപ്പിക്കപ്പെടാൻ ഈ രണ്ടു് ഭാരതീയർക്കും ഇഷ്ടമില്ല. ശാക്യമുനിയുടെ സ്വത്വവും ബ്രഹ്മാവിന്റെ സ്വത്വവും തമ്മിൽ പൊതുവായ ഘടകങ്ങൾ ഒന്നുമില്ല എന്ന അവകാശവാദമായിരുന്നു അവരിൽ ഒരുത്തൻ ചെയ്ത കുറ്റകൃത്യം. മറ്റവൻ ചെയ്ത കുറ്റം, മനുഷ്യനു് സന്മാർഗ്ഗപരമായ ജീവിതം കൊണ്ടു് ഉന്നതനായ ദൈവത്തിന്റെ കൃപ നേടാൻ ആവുമെന്നും, അതിനുവേണ്ടി മരണസമയത്തു് ഒരു പശുവിന്റെ വാലിൽ പിടിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നതായിരുന്നു. അവൻ അതിനു് നൽകിയ വിശദീകരണം ഇതായിരുന്നു: മനുഷ്യനു് ഏതു് സമയത്തും വേണമെങ്കിൽ സന്മാർഗ്ഗിയാവാൻ കഴിയും, പക്ഷേ, മരണസമയത്തു് പിടിക്കാനായി ഒരു പശുവിന്റെ വാൽ എല്ലായ്പ്പോഴും കൈവശം ഉണ്ടായിക്കൊള്ളണമെന്നില്ല. ആ പട്ടണത്തിലെ ധീരരായ സ്ത്രീകളെ ഈ രീതിയിലുള്ള ദൈവനിന്ദാപരമായ അഭിപ്രായപ്രകടനങ്ങൾ വല്ലാതെ ഞെട്ടിപ്പിച്ചതിനാൽ അവർ ആ നിർഭാഗ്യവാന്മാരെ മരണശിക്ഷക്കു് വിധിക്കുന്നതുവരെ ജഡ്ജിമാർക്കു് സ്വൈര്യം കൊടുത്തില്ല.

പുൽക്കൊടി മുതൽ മനുഷ്യർ വരെ എല്ലാ ജീവജാലങ്ങൾക്കും പരാതിപ്പെടാൻ കാരണങ്ങളുണ്ടെന്നു് പതാഗൊറസ്‌ മനസ്സിലാക്കി. എങ്കിലും, ആ ജഡ്ജിമാരെയും, കടുത്ത വിശ്വാസികളെപ്പോലും, മര്യാദയിലേക്കു് തിരിച്ചുകൊണ്ടുവരുവാൻ അവനു് കഴിഞ്ഞു – അങ്ങനെയൊരു കാര്യം ഈ ഒരൊറ്റ പ്രാവശ്യം മാത്രമേ സംഭവിച്ചിട്ടുള്ളു.

ഈ സംഭവത്തിനുശേഷം ക്രോട്ടോണിലേക്കു് മടങ്ങിയ പതാഗൊറസ്‌ അവന്റെ അനുയായികളോടു് സഹിഷ്ണുതയെപ്പറ്റി പ്രഘോഷിച്ചു. എന്നിട്ടും, അസഹിഷ്ണുവായ ഒരുവൻ പതാഗൊറസിന്റെ വീടിനു് തീ വയ്ക്കുകയും, അങ്ങനെ, രണ്ടു് ഭാരതീയരെ ചിതാമരണത്തിൽനിന്നും രക്ഷപെടുത്തിയവനായ പതാഗൊറസ്‌ തീയിൽപ്പെട്ടു് മരിക്കുകയും ചെയ്തു.

അതുകൊണ്ടു്, “കഴിയുന്നവൻ രക്ഷപെടുക!

 
Comments Off on ഇൻഡ്യൻ അഡ്‌വെഞ്ചർ

Posted by on Aug 25, 2010 in ഫിലോസഫി

 

Tags: , ,

ഒരു നല്ല ബ്രാഹ്മണന്റെ കഥ

(വോൾട്ടയറുടെ Histoire d’un bon bramin-ന്റെ സ്വതന്ത്ര പരിഭാഷ)

എന്റെ യാത്രകളിൽ ഞാൻ വളരെ പണ്ഡിതനും, ആത്മീയസമ്പത്തും ഉന്നതവിദ്യാഭ്യാസമുള്ളവനുമായ ഒരു വൃദ്ധബ്രാഹ്മണനെ പരിചയപ്പെട്ടു. അതിനൊക്കെ പുറമെ വളരെ ധനികനുമായിരുന്ന അവനു് ഒന്നിന്റെയും കുറവില്ലാതിരുന്നതിനാൽ ആരെയെങ്കിലും കബളിപ്പിക്കേണ്ട ആവശ്യമില്ലാതിരുന്ന അവൻ ഒരു യഥാർത്ഥജ്ഞാനിയായിരുന്നു. മാതൃകാപരമായി അവന്റെ വീട്ടുകാര്യങ്ങൾ നോക്കിനടത്തിപ്പോന്നിരുന്ന സുന്ദരികളായ മൂന്നു് സ്ത്രീകൾ അവനിൽ താത്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ആ സ്ത്രീകളുമായി ആനന്ദത്തിൽ ഏർപ്പെടാത്തപ്പോഴെല്ലാം അവൻ തത്വചിന്താപരമായ കാര്യങ്ങളിൽ മുഴുകിയിരുന്നു.

വിസ്മയകരമായ പൂങ്കാവനത്താൽ ചുറ്റപ്പെട്ടു് ഏറെ ചിത്രപ്പണികളാൽ മനോഹരമാക്കിയിരുന്ന അവന്റെ വീടിനു് സമീപം കൃത്രിമത്വമൊന്നുമില്ലാത്ത, ആശക്കു് വകയില്ലാത്തവിധം ദരിദ്രയും പുണ്യതൽപരയും വൃദ്ധയുമായിരുന്ന ഒരു ഭാരതീയസ്ത്രീ ജീവിച്ചിരുന്നു.

ഒരിക്കൽ ആ ബ്രാഹ്മണൻ എന്നോടു് പറഞ്ഞു: “ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്നാണു് ഞാൻ ആഗ്രഹിക്കുന്നതു്”. അതെന്തുകൊണ്ടെന്ന എന്റെ ചോദ്യത്തിനു് അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “നാൽപതു് വർഷങ്ങളായി ഞാൻ പഠനങ്ങൾ നടത്തുന്നു. അതു് നഷ്ടപ്പെട്ട എന്റെ നാൽപതു് വർഷങ്ങളാണു്. മറ്റുള്ളവരെ ഞാൻ പഠിപ്പിക്കുന്നു, പക്ഷേ, എനിക്കു് ഒന്നും അറിയുകയുമില്ല. ഈ അവസ്ഥ എന്റെ മനസ്സിനെ അസംതൃപ്തികൊണ്ടും വെറുപ്പുകൊണ്ടും നിറയ്ക്കുന്നതിനാൽ എന്റെ ജീവിതം തന്നെ അസഹ്യമായി തീർന്നിരിക്കുന്നു. ഞാൻ ജനിക്കുകയും ഈ സമയത്തു് ജീവിക്കുകയും ചെയ്യുന്നു, പക്ഷേ, സമയം എന്നാൽ എന്തെന്നുപോലും എനിക്കറിയില്ല. ഞങ്ങളിലെ ജ്ഞാനികളുടെ അഭിപ്രായപ്രകാരം ഞാൻ രണ്ടു് നിത്യതകളുടെ മദ്ധ്യേയുള്ള ഒരു ബിന്ദുവിലാണു് കഴിയുന്നതു്, പക്ഷേ, നിത്യത എന്നതിനെപ്പറ്റി ഒരു ഗ്രാഹ്യവും എനിക്കില്ല. ദ്രവ്യത്താലാണു് ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നാണെന്റെ ചിന്ത, പക്ഷേ, ചിന്തകൾ എങ്ങനെ രൂപമെടുക്കുന്നു എന്നതു് എനിക്കു് ഇന്നും വ്യക്തമായിട്ടില്ല. എന്റെ ഗ്രാഹ്യശേഷി എന്നതു്, നടക്കുന്നതും ദഹിക്കുന്നതും പോലെയുള്ള ഒരു സാമാന്യശേഷിയാണോ എന്നോ, ഞാൻ എന്റെ തലകൊണ്ടു് ചിന്തിക്കുന്നതു് എന്റെ കൈകൾ കൊണ്ടു് പിടിക്കുന്നതുപോലെ എന്തോ ആണോ എന്നോ എനിക്കറിയില്ല. ചിന്താശേഷിയുടെ ഉത്ഭവം മാത്രമല്ല, എന്റെ ചലനങ്ങളുടെ തത്വവും എനിക്കു് മറഞ്ഞിരിക്കുന്നു: ഞാൻ എന്തിനു് ജീവിക്കുന്നു എന്നെനിക്കറിയില്ല. എങ്കിൽപ്പോലും ഇതുപോലുള്ള മുഴുവൻ കാര്യങ്ങളെപ്പറ്റിയും ആളുകൾ ദിവസേന എന്നോടു് ചോദിക്കുന്നു. വെളിവുള്ള ഒരു മറുപടിയും പറയാൻ എനിക്കു് കഴിയുന്നില്ലെങ്കിലും ഞാൻ ഒരുപാടു് സംസാരിക്കുകയും, ഓരോ പ്രാവശ്യവും അങ്ങനെ സംസാരിച്ചതിനെപ്പറ്റി അത്ഭുതപ്പെടുകയും സ്വയം ലജ്ജിക്കുകയും ചെയ്യേണ്ടിവരുന്നു”.

അതിനെക്കാളൊക്കെ എത്രയോ ദയനീയമാണു് ബ്രഹ്മാവിനെ സൃഷ്ടിച്ചതു് വിഷ്ണുവാണോ, അല്ലെങ്കിൽ അവർ രണ്ടുപേരും അനശ്വരരാണോ എന്നും മറ്റുമുള്ള ചോദ്യങ്ങൾ മനുഷ്യർ എന്നോടു് ചോദിക്കുമ്പോഴത്തെ എന്റെ അവസ്ഥ. അതൊക്കെ സംബന്ധിച്ചു് ഒരു “മണ്ണാങ്കട്ടയും” എനിക്കറിയില്ല എന്നതിനു് ദൈവം സാക്ഷി. അതിനനുസരിച്ചുള്ളവയാണു് സ്വാഭാവികമായും എന്റെ മറുപടികളും. “ബഹുമാന്യനായ പിതാവേ, എന്തുകൊണ്ടു് ലോകം തിന്മകളാൽ നിറഞ്ഞിരിക്കുന്നുവെന്നു് ഞങ്ങൾക്കു് വിശദീകരിച്ചുതരിക” എന്നവർ എന്നോടു് പറയുന്നു. അതു് ചോദിക്കുന്നവരെപ്പോലെതന്നെ അറിവില്ലാത്തവനാണു് ഞാനും! ഈ ലോകത്തിലുള്ളതെല്ലാം നന്മക്കു് വേണ്ടിയാണെന്നു് ചിലപ്പോഴൊക്കെ അവരോടു് ഞാൻ പറയാറുണ്ടെങ്കിലും, യുദ്ധം മൂലം എല്ലാം നശിച്ചവരും, അംഗഹീനർ ആയവരും അതൊന്നും വിശ്വസിക്കുന്നില്ല – അവരെപ്പോലെതന്നെ ഞാനും. അപ്പോൾ ജ്ഞാനദാഹത്താൽ പീഡിതനും, അറിവില്ലായ്മയെപ്പറ്റിയുള്ള ബോധം മൂലമുള്ള യാതനയാൽ തകർക്കപ്പെട്ടവനുമായി ഞാൻ പിൻതിരിയുന്നു. ഇതിനെപ്പറ്റി ഞങ്ങളുടെ പുരാതനഗ്രന്ഥങ്ങളിൽ ഞാൻ വായിക്കുമ്പോൾ എന്റെ അറിവില്ലായ്മ കൂടുതൽ ആവുന്നതേയുള്ളു. എന്റെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങളോടു് ഞാൻ സംസാരിക്കാറുണ്ടു്. മറ്റു് മനുഷ്യരുടെ കാര്യങ്ങൾ ചെകുത്താനു് വിട്ടുകൊടുത്തുകൊണ്ടു് നമ്മൾ നമ്മുടെ സ്വന്തം ജീവിതം ആസ്വദിക്കണം എന്നൊരു കൂട്ടർ പറയുന്നു. മറ്റുചിലരാകട്ടെ, ചിലതൊക്കെ അറിയുന്നതായി ഭാവിക്കുകയും, അതിയായി വലിച്ചുമുറുക്കിയ ആശയങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അവയെല്ലാം എന്റെ മനക്ലേശത്തെ വർദ്ധിപ്പിക്കുന്നതേയുള്ളു. എന്റെ എല്ലാ ഗവേഷണങ്ങൾക്കു് ശേഷവും ഞാൻ എവിടെനിന്നു് വരുന്നുവെന്നോ, ഞാൻ എന്താണെന്നോ, ഞാൻ എങ്ങോട്ടു് പോകുന്നുവെന്നോ, എനിക്കു് എന്തു് സംഭവിക്കുമെന്നോ അറിയാൻ എനിക്കു് കഴിയുന്നില്ല എന്നു് ചിന്തിക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ നൈരാശ്യത്തിന്റെ വക്കത്തെത്താറുണ്ടു്.

ആ നല്ല ബ്രാഹ്മണന്റെ മാനസികാവസ്ഥ എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. കാരണം, ആ ബ്രാഹ്മണനേക്കാൾ വിവേകിയും വിശ്വാസയോഗ്യനുമായ ഒരു മനുഷ്യനെ സങ്കൽപിക്കുക സാദ്ധ്യമായിരുന്നില്ല. അവൻ എത്രത്തോളം കുശാഗ്രബുദ്ധിയും സൂക്ഷ്മബോധമുള്ളവനുമായിരുന്നോ, അത്രത്തോളം അവൻ നിർഭാഗ്യവാനുമായിരുന്നു എന്നെനിക്കു് വ്യക്തമായി.

അതേദിവസംതന്നെ അവന്റെ വീടിനു് സമീപം താമസിച്ചിരുന്ന ആ വൃദ്ധസ്ത്രീയെ കാണാനിടയായപ്പോൾ, അവളുടെ ആത്മാവിനുള്ളിലെ കാര്യങ്ങൾ എങ്ങനെയൊക്കെ ആണെന്നു് അറിയാൻ കഴിയാത്തതിൽ അവൾ ദുഃഖിതയാണോ എന്നു് ഞാൻ അവളോടു് ചോദിച്ചു. എന്റെ ചോദ്യം ആ സ്ത്രീക്കു് മനസ്സിലായില്ല എന്നു് മാത്രമല്ല, ആ ബ്രാഹ്മണനെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ ഒന്നിനെപ്പറ്റിയും ജീവിതത്തിലൊരിക്കലെങ്കിലും അവൾ ചിന്തിക്കുകപോലും ചെയ്തിരുന്നുമില്ല. വിഷ്ണുവിന്റെ രൂപാന്തരങ്ങളിൽ അവൾ പൂർണ്ണമായും വിശ്വസിച്ചിരുന്നു. അൽപം ഗംഗാജലംകൊണ്ടു് അവിടെയും ഇവിടെയുമൊക്കെ ഒന്നു് കഴുകാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾ സകല സ്ത്രീകളേക്കാളും ഭാഗ്യവതി ആയിരുന്നേനെ എന്നായിരുന്നു അവളുടെ അഭിപ്രായം.

ഭാഗ്യാനുഭൂതിയെപ്പറ്റിയുള്ള ആ സ്ത്രീയുടെ നിലപാടിൽ അത്ഭുതസ്തബ്ധനായി ഞാൻ തത്വചിന്തകനായിരുന്ന എന്റെ ബ്രാഹ്മണന്റെ അടുത്തേക്കു് തിരിച്ചുചെന്നു. ഞാൻ അവനോടു് ചോദിച്ചു: “നിങ്ങളുടെ പടിവാതിലിനുമുന്നിൽ വൃദ്ധയായ ഒരു ദരിദ്രസ്ത്രീ യാതൊരു പുനര്‍വിചിന്തനങ്ങളും നടത്താതെ, സ്വന്തം പ്രേരകശക്തിക്കു് അനുസരിച്ചു് ജീവിച്ചു് ഭാഗ്യവതിയായി കഴിയുമ്പോൾ, ഇതുപോലെ നിർഭാഗ്യവാനായിരിക്കാൻ നിങ്ങൾ ലജ്ജിക്കുന്നില്ലേ?” അതിനു് അവന്റെ മറുപടി: “നിങ്ങൾ പറയുന്നതു് ശരിയാണു്. എന്റെ അയൽക്കാരിയായ ആ സ്ത്രീയെപ്പോലെ, വിഡ്ഢിയായിരുന്നെങ്കിൽ ഞാനും അവളെപ്പോലെതന്നെ ഭാഗ്യവാനായിരുന്നേനെ എന്നു് ഒരു നൂറുപ്രാവശ്യമെങ്കിലും ഞാൻ എന്നോടുതന്നെ പറഞ്ഞിട്ടുണ്ടാവും. പക്ഷേ, അതുപോലൊരു ഭാഗ്യം എനിക്കു് വേണ്ട”.

ഇതുവരെ ഞാൻ അവനിൽനിന്നും കേട്ട എല്ലാ കാര്യങ്ങളെക്കാളും ആഴമേറിയ മതിപ്പു് അവന്റെ ഈ മറുപടി എന്നിൽ സൃഷ്ടിച്ചു. ഞാൻ ഒരു ആത്മപരിശോധന നടത്തി നോക്കിയപ്പോൾ, വിഡ്ഢിയായിരിക്കുക എന്ന നിബന്ധന പാലിച്ചുകൊണ്ടു് ഭാഗ്യവാനായിരിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല എന്നെനിക്കു് സ്വയം അംഗീകരിക്കേണ്ടിവന്നു.

ഈ ചോദ്യം ഞാൻ മറ്റു് തത്വചിന്തകരോടും ചോദിച്ചു. അവരും എന്റെ അഭിപ്രായക്കാരായിരുന്നു. എങ്കിൽത്തന്നെയും എനിക്കു് പറയേണ്ടിവരുന്നു: “ഈ രീതിയിലുള്ള ചിന്ത സ്പഷ്ടമായ ഒരു വൈരുദ്ധ്യം ഉൾക്കൊള്ളുന്നു. കാരണം, എന്താണു് അന്തിമമായി ഇവിടെ ലക്ഷ്യം? ഭാഗ്യമുള്ളവരായിരിക്കുക എന്നതുതന്നെ. എങ്കിൽപ്പിന്നെ ബുദ്ധിമാനായാലും വിഡ്ഢിയായാലും അതിലെന്തു് പ്രശ്നം”?

തുടർന്നു്: സ്വന്തം ജീവിതത്തെപ്പറ്റി സന്തോഷം അനുഭവിക്കുന്നവർക്കു് അവർ സംതൃപ്തരാണെന്നു് തീർച്ചയായും അറിയാം. അതേസമയം, ആധിപൂണ്ടിരിക്കുന്നവർക്കു് അവർ ശരിയായിട്ടാണോ ചിന്തിക്കുന്നതെന്നു് കൃത്യമായി അറിയില്ല. അതിന്റെ അടിസ്ഥാനത്തിൽ, മനുഷ്യന്റെ സാമാന്യബോധം അവന്റെ ഭാഗ്യാനുഭൂതിയെ ഏതെങ്കിലും വിധത്തിൽ അപകടപ്പെടുത്തുന്നുവെങ്കിൽ, സാമാന്യബോധത്തെ ഉപേക്ഷിക്കുന്നതാണു് മനുഷ്യർക്കു് നല്ലതെന്നു് വ്യക്തമാവുന്നു. ആ തത്വചിന്തകർ എല്ലാവരും അതു് സമ്മതിച്ചു. പക്ഷേ, അവരിൽ ഒറ്റയൊരുത്തനും വിഡ്ഢിത്തം ഏറ്റെടുത്തു് ഭാഗ്യവാനാവുക എന്ന മാറ്റക്കച്ചവടത്തിൽ താത്പര്യം പ്രകടിപ്പിച്ചില്ല. അതിൽ നിന്നും ഞാൻ എത്തിച്ചേർന്ന നിഗമനം ഇതാണു്: ഭാഗ്യാനുഭൂതിക്കു് നമ്മൾ എന്തെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ, അതിനേക്കാൾ കൂടിയ വില നമ്മൾ വിവേകബുദ്ധിക്കു് നൽകുന്നുണ്ടു്. പക്ഷേ, ഇതിനെപ്പറ്റി നമ്മൾ ശരിയായി ചിന്തിക്കുമ്പോൾ, ഭാഗ്യത്തേക്കാൾ വില വിവേകത്തിനു് നൽകുന്നതു് അർത്ഥശൂന്യമായ ഒരു കാര്യമാണെന്നു് വരുന്നു. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണു് വിശദീകരിക്കാനാവുക? മറ്റെല്ലാറ്റിനെയും പോലെതന്നെ! അതിനെസംബന്ധിച്ചു് ഒരുപാടു് സംസാരിക്കാം.

 
1 Comment

Posted by on Aug 22, 2010 in ഫിലോസഫി

 

Tags: , ,