RSS

Tag Archives: വോള്‍ട്ടയര്‍

ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്‌മാനും – 2

(വോൾട്ടയറിന്റെ Les oreilles du comte de Chesterfield et le chapelain Goudman-ന്റെ സ്വതന്ത്ര പരിഭാഷ)

അദ്ധ്യായം – 5

അതിനടുത്തദിവസം ആ മൂന്നു് ചിന്തകരും ഒരുമിച്ചു് മിസ്റ്റർ സിഡ്രാക്കിന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചു. തത്വചിന്തകരുടെ ഇടയിൽ പതിവാണെന്നു് കേൾക്കുന്നപോലെ, ഭക്ഷണത്തിന്റെ അന്ത്യഘട്ടത്തോടടുത്തു് കാര്യങ്ങൾ ഇത്തിരി ഉത്സാഹഭരിതമായപ്പോൾ ഓസ്റ്റ്രേലിയ മുതൽ ഉത്തരധ്രുവം വരെയും, ലിമ മുതൽ മെക്ക വരെയും മനുഷ്യൻ എന്ന ജീവി സഹിക്കേണ്ടിവരുന്ന പ്രയാസങ്ങളേയും, വിഡ്ഢിത്തങ്ങളേയും, ഭയാകുലതകളേയും കുറിച്ചു് അവർ അത്യന്തം ആഹ്ലാദകരമായ സംഭാഷണത്തിൽ ഏർപ്പെട്ടു. തീർച്ചയായും ഇത്തരം നിർഭാഗ്യങ്ങളുടെ നാനാമുഖത്വം വളരെ രസകരവും ആനന്ദദായകവുമാണെങ്കിലും, വീട്ടിനകത്തു് തപസിരിക്കുന്നവർക്കും, പള്ളിമുഖവാരത്തിന്റെ അറ്റംവരെ മാത്രം അറിഞ്ഞിട്ടുള്ളവരും, ബാക്കി പ്രപഞ്ചം എന്നതു് ലണ്ടണിലെ എക്സ്ചേയ്ഞ്ച്‌ തെരുവുപോലെയോ, പാരീസിലെ റ്യു ഡെലയുഷെറ്റ്‌ പോലെയോ ആണെന്നു് വിശ്വസിക്കുന്നവരുമായ ഇടവകവികാരികൾക്കും ഈ വിനോദം അജ്ഞാതമായ ഒരു കാര്യമാണു്.

ഡോക്ടർ ഗ്രൗ പറഞ്ഞു: നമ്മുടെ ഈ ഭൂഗോളത്തിൽ എണ്ണമറ്റ വ്യത്യസ്തതകൾ കാണാനാവുമെങ്കിലും, എനിക്കു് വീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളിടത്തോളം, എല്ലാ മനുഷ്യരും, – അവർ കറുത്തവരോ, വെള്ളോടിന്റെ നിറമുള്ളവരോ, ചുവന്നവരോ, തവിട്ടുനിറക്കാരോ, വെള്ളനിറമുള്ളവരോ ആവട്ടെ, – ഓരോരുത്തരും മറ്റുള്ളവരെപ്പോലെതന്നെ, തലയില്ലാത്ത പുരുഷന്മാരെയും, ഒറ്റക്കണ്ണന്മാരെയും, ഒറ്റക്കാലന്മാരേയും താൻ നേരിൽ കണ്ടിട്ടുണ്ടെന്നു് വിശുദ്ധ അഗസ്റ്റിൻ തന്റെ മുപ്പത്തേഴാമത്തെ മതപ്രഭാഷണത്തിൽ ഈ വിഷയത്തിൽ നൽകിയ ഉറപ്പിനു് വിപരീതമായി, രണ്ടു് കാലുകളും, രണ്ടു് കണ്ണുകളും, തോളുകളിൽ ഒരു തലയും ഉള്ളവരാണു്. എന്നിരുന്നാലും, മനുഷ്യരെ തിന്നുന്നവരും ധാരാളമുണ്ടെന്നും, പുരാതനകാലങ്ങളിൽ എല്ലാ മനുഷ്യരും മനുഷ്യരെ തിന്നുന്നവരായിരുന്നുവെന്നും സമ്മതിക്കാതിരിക്കാൻ എനിക്കു് നിവൃത്തിയില്ല.

ഇന്നത്തെ ലോകത്തിലെ എല്ലാ പ്രാകൃതരിലും വച്ചു് ഏറ്റവും പ്രാകൃതരായ ന്യൂസീലാന്റിലെ ജനങ്ങൾ മാമോദീസ മുങ്ങിയവരാണോ എന്നു് എന്നോടു് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ടു്. അപ്പോഴെല്ലാം, അതിനെസംബന്ധിച്ചു് എനിക്കൊന്നുമറിയില്ലെന്നും, പക്ഷേ, അവരേക്കാൾ പ്രാകൃതരായ യഹൂദന്മാർ ഒന്നല്ല, രണ്ടു് മാമോദീസകൾ, ഒന്നു് ഔദ്യോഗികമായും, മറ്റൊന്നു് അനൗദ്യോഗികമായി വീട്ടിൽ വച്ചും, മുങ്ങിയിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നുമാണു് ഞാൻ മറുപടി പറഞ്ഞിട്ടുള്ളതു്.

അപ്പോൾ മിസ്റ്റർ ഗോഡ്‌മാൻ വ്യക്തമാക്കി: സ്വാഭാവികമായും, അതെനിക്കറിയാം. മാത്രവുമല്ല, നമ്മളാണു് മാമോദീസ കണ്ടുപിടിച്ചതെന്നു് വിശ്വസിക്കുന്ന ഒട്ടേറെപ്പേരുമായി അതിന്റെ പേരിൽ എനിക്കു് തീക്ഷ്ണമായ വാദപ്രതിവാദങ്ങളിൽ ഏർപ്പേടേണ്ടിവരികയും ചെയ്തിട്ടുണ്ടു്. അല്ല, ജെന്റിൽമെൻ, നമ്മൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല, നവീകരണങ്ങൾ നടപ്പിൽ വരുത്തി എന്നതൊഴികെ മറ്റൊന്നും നമ്മൾ ചെയ്തിട്ടില്ല. എന്നിരുന്നാലും, മിസ്റ്റർ ഗ്രൗ, നിങ്ങളുടെ ലോകം ചുറ്റലിൽ നിങ്ങൾ പരിചയപ്പെട്ടതായ എൺപതോ നൂറോ മതങ്ങളിൽ ഏതു് മതമാണു് ഏറ്റവും ആശ്വാസദായകമായി നിങ്ങൾക്കു് അനുഭവപ്പെട്ടതു്, സീലാന്റന്മാരുടേതോ അതോ ഹൊട്ടൻ-ടൊട്ടന്മാരുടേതോ?

ഗ്രൗ: അതെന്തുകൊണ്ടും റ്റഹീറ്റി ദ്വീപിലെ മതമാണു് . ഭൂമിയുടെ രണ്ടു് അർദ്ധഗോളങ്ങളും ഞാൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, റ്റഹീറ്റിക്കും അവിടത്തെ ഭക്തയായ രാജ്ഞിക്കും തുല്യമായ മറ്റൊന്നും മറ്റെവിടെയെങ്കിലും കാണാൻ എനിക്കു് കഴിഞ്ഞിട്ടില്ല. റ്റഹീറ്റിയിൽ പ്രകൃതി കഴിയുന്നതു് സ്വന്തം വീട്ടിൽ ആയാലെന്നപോലെയാണു്. മറ്റെല്ലായിടത്തും ഞാൻ കണ്ടതു് കപടന്മാരെയും, പൊട്ടന്മാരായ മനുഷ്യരെ കബളിപ്പിക്കുന്ന ചതിയന്മാരേയും, സമൂഹത്തിൽ ഉയർന്ന പദവി നേടാനായി നല്ല അയൽക്കാരുടെ പണം അപഹരിക്കുന്നവരോ, അല്ലെങ്കിൽ, ശിക്ഷക്കു് വിധിക്കപ്പെടാതെ അന്യരുടെ പണം സ്വന്തമാക്കാനായി വളഞ്ഞ വഴികളിലൂടെ ഉയർന്ന പദവികളിൽ എത്തിച്ചേരുന്ന പണ്ഡിതവേഷധാരികളോ ആയവരെ മാത്രമാണു്. അവർ ജീവിച്ചിരിക്കുമ്പോൾ അവർക്കു് നിങ്ങൾ പ്രതിഫലം നൽകുന്നതിനുവേണ്ടി, നിങ്ങൾ ഭൂമിയിൽ ഇല്ലാതാവുമ്പോൾ നിങ്ങൾക്കു് ലഭിക്കാനിരിക്കുന്ന നിധികളും സന്തോഷങ്ങളും അവർ വാഗ്ദാനം ചെയ്യുന്നു.

സത്യമായും – റ്റഹീറ്റിയിൽ അതുപോലെ ഒന്നുമില്ല. ആ ദ്വീപു് സീലാന്റിനേക്കാളും, കാഫിറുകളുടെ നാടിനേക്കാളും വളരെ സംസ്കൃതമാണു്, അതേ, പ്രകൃതിദത്തമായി ഫലഭൂയിഷ്ടമായ മണ്ണിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് റ്റഹീറ്റി ഇംഗ്ലണ്ടിനേക്കാൾ സംസ്കൃതമാണെന്നുപോലും ഞാൻ പറയും. തെക്കൻ പസിഫിക്കിലെ ചുരുക്കം ചില ദ്വീപുകൾക്കു് മാത്രം ലഭിച്ച ഭാഗ്യവും, പ്രയോജനപ്രദവും അത്ഭുതകരവുമായ ‘അപ്പമരത്തെ’ (Adansonia) സമ്മാനമായി നൽകി പ്രകൃതി ഈ ദ്വീപിനെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൂടാതെ, റ്റഹീറ്റിക്കു് ധാരാളം വളർത്തുപക്ഷികളും, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉണ്ടു്. അതുപോലൊരു നാട്ടിൽ മനുഷ്യനു് വിശപ്പുമാറ്റാൻ തന്റെ അയൽക്കാരനെ പിടിച്ചുതിന്നേണ്ട ആവശ്യമില്ല. ഇതിന്റെയെല്ലാം മകുടമെന്നോണം, പ്രകൃതിസഹജവും മധുരതരവും പൊതുവായതുമായ ഒരു മാനുഷികദാഹത്തിന്റെ തൃപ്തിപ്പെടുത്തൽ റ്റഹീറ്റിയിലെ മതം ഔദ്യോഗികമായി അംഗീകരിച്ചു് ജനങ്ങൾക്കു് അനുവദിച്ചു് നൽകിയിരിക്കുന്നു. അതു് മതപരമായ എല്ലാ മാമൂലുകളെയും അപേക്ഷിച്ചു് സംശയരഹിതമായും ഏറ്റവും ആദരണീയമായതാണെന്നു് പറയാതെ വയ്യ. ഞാൻ മാത്രമല്ല, ഞങ്ങളുടെ കപ്പലിലെ മുഴുവൻ അംഗങ്ങളും അതിനു് സാക്ഷികളായിരുന്നു. ഞാനിപ്പറയുന്നതു് ബഹുമാന്യരായ ജെസുവിറ്റുകളുടെ ‘ഉൽകൃഷ്ടവും ശ്രദ്ധാർഹവുമായ വർണ്ണനകളിൽ’ ഇടയ്ക്കിടെ കാണാൻ കഴിയുന്ന തരത്തിലുള്ള മിഷനറിമാരുടെ കെട്ടുകഥകളല്ല. തെക്കൻ ഹെമിസ്ഫിയറിൽ ഞങ്ങൾ നടത്തിയ കണ്ടെത്തലുകളുടെ പ്രിന്റിംഗ്‌ സംബന്ധമായ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണു് ഈ നിമിഷത്തിൽ ഡോക്ടർ ജോൺ ഹോക്സ്‌വർത്ത്‌. അന്റാർക്ടിക്ക്‌ പ്രദേശത്തു് പ്രകൃതിസംബന്ധമായ പഠനങ്ങൾ നടത്താൻ സമയവും പണവും ബലികഴിച്ച മാന്യയുവാവായ മിസ്റ്റർ ബാങ്ക്സിന്റെ സ്ഥിരം സഹയാത്രികനായിരുന്നു ഞാൻ. പാൽമൈറയിലെയും ബാൽബക്കിലെയും അവശിഷ്ടങ്ങളുടെ അടിയിൽ നിന്നും സ്മാരകശിൽപങ്ങൾ മാന്തിയെടുക്കലായിരുന്നു മിസ്റ്റർ ഡോക്കിൻസിന്റെയും മിസ്റ്റർ വുഡിന്റെയും ജോലി. അതേസമയം മിസ്റ്റർ ഹാമിൽടൺ ചെയ്തിരുന്നതു്, അത്ഭുതം മൂലം വായും പിളർന്നു് നിന്നിരുന്ന നിയപ്പോളിറ്റന്മാരോടു് അവരുടെ മൗണ്ട്‌ വെസുവിയസിന്റെ ചരിത്രം പ്രസംഗിക്കുക എന്ന കൃത്യമായിരുന്നു. ഞാൻ ഇപ്പോൾ നിങ്ങളോടു് പറയാൻ പോകുന്നതു് ശ്രീമാന്മാർ ബാങ്ക്സിനും, സൊലാൻഡർക്കും, കുക്കിനും നൂറു് മറ്റുള്ളവർക്കുമൊപ്പം ഞാൻ നേരിട്ടു് കണ്ട കാര്യങ്ങളാണു്:

“റ്റഹീറ്റി ദ്വീപിലെ രാജ്ഞിയായ രാജകുമാരി ഒബൈര…”

മിസ്റ്റർ ഗ്രൗ ഇത്രയും പറഞ്ഞപ്പോഴേക്കും കാപ്പി എത്തി. അതിനാൽ കാപ്പികുടി കഴിഞ്ഞശേഷം ഗ്രൗ തന്റെ റിപ്പോർട്ട്‌ തുടർന്നു.

അദ്ധ്യായം – 6

ഇംഗ്ലണ്ടിലെ രാജ്ഞിക്കു് ഒപ്പം നിൽക്കുന്ന വിധത്തിൽ ഞങ്ങളെ സമ്മാനങ്ങൾ കൊണ്ടു് പൊതിഞ്ഞശേഷം, ആകാംക്ഷയാൽ പ്രേരിപ്പിക്കപ്പെട്ടു് ഒരുദിവസം ഞങ്ങളുടെ ആംഗ്ലിക്കൻ കുർബ്ബാന കാണണമെന്ന ആഗ്രഹം രാജകുമാരി ഒബൈര പ്രകടിപ്പിച്ചു. ഞങ്ങൾ ആവുന്നത്ര മുഴുവൻ ആഡംബരത്തോടെയും കൂടി അവളുടെ മുന്നിൽ വിശുദ്ധ കുർബ്ബാന ആഘോഷിച്ചു. ആഹാരത്തിനുശേഷം അവൾ ഞങ്ങളെ അവളുടെ ആരാധനാക്രമം കാണാൻ ക്ഷണിച്ചു. അതു് 1769 മെയ്മാസം പതിനാലാം തീയതിയായിരുന്നു. രണ്ടു് ലിംഗത്തിലും പെട്ട ഏകദേശം ആയിരം പേർ ബഹുമാനപുരസരമായ നിശബ്ദതയോടെ അർദ്ധവൃത്താകൃതിയിൽ അവൾക്കു് ചുറ്റും നിന്നിരുന്നു. യുവസൗന്ദര്യം തുളുമ്പുന്ന ഒരു പെൺകുട്ടി നേരിയ ഒരു വസ്ത്രത്തിൽ പൊതിഞ്ഞു് ബലിയർപ്പണം നടത്തേണ്ടുന്ന അൾത്താരയായ ഒരു തട്ടിൽ കിടന്നിരുന്നു. ഏകദേശം ഇരുപതു് വയസ്സു് പ്രായം വരുന്ന സുന്ദരനായ ഒരു യുവാവിനോടു് ബലികർമ്മം പൂർത്തിയാക്കാൻ രാജ്ഞി ഒബൈര ആവശ്യപ്പെട്ടു. ഒരു പ്രാർത്ഥനപോലെ തോന്നിയ എന്തോ പിറുപിറുത്തുകൊണ്ടു് അവൻ ബലിത്തട്ടിൽ കയറി. ബലിയർപ്പിക്കേണ്ടവരായ അവർ രണ്ടുപേരും അർദ്ധനഗ്നരായിരുന്നു. രാജകീയമായ അംഗവിക്ഷേപങ്ങളോടെ ഒബൈര രാജ്ഞി ഇതുപോലൊരു ബലി എങ്ങനെ ഏറ്റവും ഭംഗിയാക്കാമെന്നു് അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. മുഴുവൻ റ്റഹീറ്റിക്കാരും വളരെ ശ്രദ്ധാലുക്കളും ഭക്തിനിറഞ്ഞവരുമായിരുന്നതിനാൽ ഞങ്ങളിലെ ഒരു നാവികനും അപമര്യാദയായ രീതിയിൽ ചിരിച്ചുകാണിച്ചു് ആ ചടങ്ങിനെ അപകീർത്തിപ്പെടുത്താൻ ധൈര്യപ്പെട്ടില്ല. അതു് ഞാൻ എന്റെ രണ്ടു് കണ്ണുകൾ കൊണ്ടു് കണ്ടതാണു്, അതുപോലെതന്നെ ഞങ്ങളുടെ മുഴുവൻ കപ്പൽ ടീമും ആ കാഴ്ച കണ്ടു. തുടർന്നുള്ള കാര്യങ്ങൾ നിങ്ങൾ സ്വയം അനുമാനിച്ചാൽ മതി.

അപ്പോൾ ഡോക്ടർ ഗോഡ്‌മാൻ ഇടപെട്ടു: റ്റഹീറ്റിയിലെ ഈ അഭിഷേകോത്സവം എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മനുഷ്യവർഗ്ഗം ഏറ്റവും ആദ്യം ആഘോഷിച്ച ഉത്സവം ഇതായിരുന്നു എന്നും എനിക്കു് ഉത്തമബോദ്ധ്യമുണ്ടു്. നമ്മുടെ ശരീരത്തിനു് ആവശ്യമായ ആഹാരം കഴിക്കാൻ തുടങ്ങുന്നതിനുമുൻപു് ഓരോ പ്രാവശ്യവും നമ്മൾ ദൈവത്തോടു് പ്രാർത്ഥിക്കുന്നുണ്ടെന്നിരിക്കെ, ദൈവത്തിന്റെ തനിസ്വരൂപത്തിൽ ഒരു സൃഷ്ടി നടത്താൻ മനുഷ്യൻ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടു് ദൈവത്തോടു് പ്രാർത്ഥിച്ചുകൂടാ എന്നു് എനിക്കു് മനസ്സിലാവുന്നില്ല. ആത്മബോധത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിയെ ഈ ഭൂമിയിലേക്കു് ജനിപ്പിക്കുക എന്ന ജോലി അത്യന്തം ഉൽകൃഷ്ടവും വിശുദ്ധവുമായ ഒരു പ്രവൃത്തിയാണു്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായ ലിംഗത്തെ ആരാധിച്ചിരുന്ന ആദ്യത്തെ ഇൻഡ്യാക്കാരും അങ്ങനെയാണു് ചിന്തിച്ചിരുന്നതു്, പ്രദക്ഷിണങ്ങളിൽ പുരുഷലിംഗം (phallus) ചുമന്നുകൊണ്ടു് നടന്നിരുന്ന പണ്ടത്തെ ഈജിപ്തുകാരും, പ്രയാപ്പസിനു് (Priapus) അമ്പലം പണിത ഗ്രീക്കുകാരും ചിന്തിച്ചിരുന്നതും അതുപോലെതന്നെ. തങ്ങളുടെ അയൽക്കാരെ മുഴുവൻ കൊഴുക്കെ അനുകരിക്കുന്നവരും കരുണാർഹരുമായ ചെറിയ യഹൂദ രാജ്യത്തെ ജനങ്ങളെ പരാമര്‍ശിക്കാൻ അനുവാദമുണ്ടെങ്കിൽ, അവരും പ്രയാപ്പസിനെ ആരാധിച്ചിരുന്നതായും, യഹൂദരാജാവായ ആസയുടെ അമ്മരാജ്ഞി അവന്റെ ഒരു പുരോഹിത ആയിരുന്നതായും അവരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (1. രാജാക്കന്മാർ 15: 13, 14 -ലേക്കു് വോൾട്ടയർ നടത്തുന്ന പരോക്ഷസൂചന)

അതെങ്ങനെയുമാവട്ടെ, ഒരു ജനവിഭാഗവും ഏതെങ്കിലും ഒരു ആരാധനാസമ്പ്രദായം ചപലമായ കാരണങ്ങൾകൊണ്ടു് ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല, വരുത്താൻ മിക്കവാറും കഴിയുകയുമില്ല. കാലക്രമേണ ഇടയ്ക്കിടെ അമിതാസക്തിയുടെ നുഴഞ്ഞുകയറ്റം ഉണ്ടാവാമെങ്കിലും, സ്ഥാപനം അതിൽത്തന്നെ കുറ്റമറ്റതും ശുദ്ധവുമാണു്. കുമാരീകുമാരന്മാർ വളരെ ഒതുക്കത്തോടെയും സങ്കോചത്തോടെയും പരസ്പരം ചുണ്ടുകളിൽ ചുംബിച്ചിരുന്ന നമ്മുടെ ആദ്യകാലത്തെ പ്രണയാഘോഷങ്ങൾ വളരെ താമസിച്ചാണു് റോണ്ടേവ്യൂ ആയും പാതിവ്രത്യമില്ലായ്മയായും പരിണമിച്ചതു്. ദൈവം അനുഗ്രഹിച്ചിരുന്നെങ്കിൽ എനിക്കും ഒബൈര രാജ്ഞിയുടെ സന്നിധിയിൽ മിസ്‌ ഫിഡ്ലറുമായി എല്ലാ ബഹുമാനത്തോടെയുംകൂടി ബലി അർപ്പിക്കാൻ കഴിഞ്ഞേനെ. അതായിരുന്നേനെ തീർച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും ഏറ്റവും നല്ല പ്രവൃത്തിയും.

ഗോഡ്മാനും ഗ്രൗവും നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ അതുവരെ നിശബ്ദത പാലിക്കേണ്ടിവന്ന മിസ്റ്റർ സിഡ്രാക്‌ അവസാനം സംയമനം ഉപേക്ഷിച്ചുകൊണ്ടു് പറഞ്ഞു: ഞാൻ ഈ കേട്ടതെല്ലാം എന്നെ അത്ഭുതം കൊണ്ടു് നിറയ്ക്കുന്നു. ദക്ഷിണ ഹെമിസ്ഫിയറിലെ ഏറ്റവും പ്രമുഖയായ വ്യക്തിയാണു് രാജ്ഞി ഒബൈര എന്നെനിക്കു് തോന്നുന്നു, രണ്ടു് ഹെമിസ്ഫിയറിലേയും എന്നു് പറയാൻ ഏതായാലും ഞാൻ ധൈര്യപ്പെടുന്നില്ല. എങ്കിലും ഇത്രമാത്രം കീർത്തിക്കും പരമാനന്ദത്തിനുമിടയിലും എന്നെ ഞെട്ടിക്കുന്ന ഒരു കാര്യമുണ്ടു്. മിസ്റ്റർ ഗോഡ്മാൻ അതിനെപ്പറ്റി സൂചിപ്പിക്കുകയും നിങ്ങൾ അതിലേക്കു് കടക്കുകയും ചെയ്തിരുന്നു. മിസ്റ്റർ ഗ്രൗ, നമുക്കും മുൻപേ ഭാഗ്യമുള്ള ആ ദ്വീപിൽ എത്തിയ ക്യാപ്റ്റൻ വാലിസ്‌ ആണു് സിഫിലിസ്‌ (syphilis) എന്ന, മനുഷ്യരാശിയുടെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്നായ, ഭയാനകരോഗം അവിടെക്കു് എത്തിച്ചതു് എന്നതു് സത്യമാണോ? അതിനു് മറുപടിയായി ഗ്രൗ പറഞ്ഞു: കഷ്ടം തന്നെയെങ്കിലും, അതു് സത്യമാണു്. ഫ്രഞ്ചുകാർ അതിനു് നമ്മളെ ഉത്തരവാദികളാക്കുന്നു, നമ്മൾ അവരെയും. മിസ്റ്റർ ബൂഗൻവിൽ പറയുന്നതു് ശപിക്കപ്പെട്ട ഇംഗ്ലീഷുകാരാണു് ഒബൈര രാജ്ഞിക്കു് ഈ രോഗം പകർന്നുകൊടുത്തതു് എന്നാണു്; മിസ്റ്റർ കുക്ക്‌ പറയുന്നതു് ഒബൈര രാജ്ഞിക്കു് ഈ ഭീകരരോഗം മിസ്റ്റർ ബൂഗൻവില്ലിൽ നിന്നും നേരിട്ടു് കിട്ടിയതാണെന്നും. അതു് എങ്ങിനെ ആയിരുന്നാൽത്തന്നെയും, സിഫിലിസ്‌ എന്ന രോഗം ഏറ്റവും മനോഹരമായ കലകൾക്കു് തുല്യമാണു്. അതു് എവിടെനിന്നു് വരുന്നുവെന്നു് ആർക്കുമറിയില്ല. പക്ഷെ, പതിയെപ്പതിയെ ആ രോഗം അതിന്റെ തേരോട്ടം യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു.

സിഡാക്‌ തുടർന്നു: ഞാൻ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ടു് ഏറെ നാളുകളായി. എന്റെ സമ്പത്തിന്റെ നല്ലൊരംശത്തിനും സിഫിലിസിനോടാണു് ഞാൻ നന്ദി പറയേണ്ടതു്. അതുകൊണ്ടു് ആ രോഗത്തിനോടുള്ള എന്റെ വെറുപ്പു് ഒട്ടും കുറയുന്നുമില്ല. വിവാഹരാത്രിയിൽത്തന്നെ എന്റെ ഭാര്യ എനിക്കു് സിഫിലിസ്‌ പകർന്നുതന്നു. ആഭിജാത്യപരമായ എല്ലാ കാര്യങ്ങളിലും അവൾ വളരെ സെൻസിറ്റീവ്‌ ആയതിനാൽ, തനിക്കു് അശുദ്ധരോഗമായ സിഫിലിസ്‌ ഉണ്ടെന്നതു് ശരിയാണെങ്കിൽത്തന്നെയും, ഒരു പഴയ കുടുംബദൗർഭാഗ്യമായ ആ രോഗത്തെ ലോകത്തിനു് കാഴ്ചവച്ചതു് താനാണെന്നു് അവൾ ലണ്ടനിലെ എല്ലാ ദിനപ്പത്രങ്ങളിലും ആഘോഷപൂർവ്വം പ്രസിദ്ധപ്പെടുത്തി.

ജീവന്റെ ഉറവയിലേക്കു് ഈ മാരകവിഷം കോരിയൊഴിച്ചപ്പോൾ ‘പ്രകൃതി’ എന്ന സംഗതി എന്താണാവോ ചിന്തിച്ചതു്? പണ്ടേ പറഞ്ഞുകഴിഞ്ഞതാണെങ്കിലും ഞാൻ അതു് വീണ്ടും ആവർത്തിക്കുന്നു: നിഷ്ഠൂരവും നിന്ദ്യവുമായ ഒരു വൈരുദ്ധ്യമാണതു്. മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെടുകയായിരുന്നത്രെ! finxit in effigiem moderantum cuncta deorum എന്നാണു് പറയുന്നതു് ([മനുഷ്യരെ] അവൻ [പ്രൊമിത്യൂസ്‌] സകലതും നിയന്ത്രിക്കുന്ന ദൈവങ്ങളുടെ ആകൃതിയിൽ രൂപപ്പെടുത്തി: Metamorphoses – Ovid). അതോടൊപ്പം ആ സൃഷ്ടിയുടെ ബീജസഞ്ചിയിൽ വേദനയും സാംക്രമികരോഗങ്ങളും മരണവും കുത്തിനിറയ്ക്കുകയും ചെയ്തു. മിലോർഡ്‌ റോചെസ്റ്ററിന്റെ സുന്ദരമായ ഈ വരികൾ ഇവിടെ ശ്രദ്ധേയം: “നിരീശ്വരവാദികൾ ദൈവസ്തുതി പാടുന്നിടത്തേക്കു് പ്രണയം മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നു.”

അതുകേട്ട ഡോക്ടർ ഗോഡ്മാൻ പറഞ്ഞു: ആഹ്‌, ഒരുപക്ഷേ എന്റെ കാമുകിയായ മിസ്‌ ഫിഡ്ലറെ കല്യാണം കഴിക്കാൻ എനിക്കു് കഴിയാതെ പോയതിനു് ഈശ്വരേച്ഛയോടു് നന്ദിപറയാനാണു് ഞാൻ കടപ്പെട്ടിരിക്കുന്നതെന്നു് തോന്നുന്നു. അതിന്റെ പരിണതഫലങ്ങൾ എന്തായിരുന്നേനെ എന്നാർക്കറിയാം? ഈ ലോകത്തിൽ മനുഷ്യനു് ഒന്നിനും ഒരു ഉറപ്പുമില്ല. അതെന്തായാലും, മിസ്റ്റർ സിഡ്രാക്‌, എന്റെ മൂത്രസഞ്ചിക്കു് സംഭവിക്കാവുന്ന എല്ലാ ഭാഗ്യദോഷങ്ങളിലും വാഗ്ദാനപ്രകാരം നിങ്ങൾ എന്നെ സഹായിക്കുമെന്നു് കരുതുന്നു.

മിസ്റ്റർ സിഡ്രാക്‌ അവനെ ആശ്വസിപ്പിച്ചു: സേവനസന്നദ്ധനായി ഞാൻ നിങ്ങളോടൊപ്പമുണ്ടു്. എങ്കിലും അത്തരം ചീത്ത ചിന്തകളെ നമ്മൾ മനസ്സിൽനിന്നും തുരത്തണം.

ഈ സംസാരം കേട്ട ഗോഡ്മാനു് തന്റെ വിധി മുൻകൂട്ടി കാണാൻ കഴിയുന്നപോലെ തോന്നി.

അദ്ധ്യായം – 7

അടുത്തദിവസം ആ മൂന്നു് ചിന്തകരും പരിശോധനാവിധേയമാക്കിയ വിഷയം ഇതായിരുന്നു: “മാനുഷികമായ പ്രവൃത്തികളുടെ ആദ്യത്തെ കാരണം എന്തു്?”

എപ്പോഴും തനിക്കു് നഷ്ടപ്പെട്ട ഉദ്യോഗത്തേയും തന്റെ കാമുകിയേയും പറ്റി മാത്രം ഓർത്തിരുന്ന ഗോഡ്മാന്റെ അഭിപ്രായത്തിൽ, എല്ലാറ്റിന്റേയും കാരണം പ്രണയവും തീവ്രമായ ഉൽക്കർഷേച്ഛയുമായിരുന്നു. ലോകത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടവനായ ഗ്രൗ പറഞ്ഞതു് പണമാണു് എല്ലാറ്റിനും കാരണമെന്നാണു്. മഹാനായൊരു ശരീരശാസ്ത്രജ്ഞനായിരുന്ന സിഡ്രാക്കു് അതേസമയം, സ്റ്റൂളിലാണു് (night-stool) എല്ലാറ്റിന്റെയും അടിസ്ഥാനകാരണം കണ്ടെത്തിയതു്. ഇതുകേട്ട അവന്റെ രണ്ടു് അതിഥികളുടെയും അത്ഭുതം അപാരമായിരുന്നു. പണ്ഡിതനായ സിഡ്രാക്‌ തന്റെ ഹൈപ്പോത്തെസിസ്‌ ഇങ്ങനെ ഫോര്‍മുലെയ്റ്റ്‌ ചെയ്തു:

ഈ ലോകത്തിലുള്ള എല്ലാ കാര്യങ്ങളും ഒരു പ്രധാനവ്യക്തിയുടെ – അതു് ഒരു രാജാവാവട്ടെ, ഒരു പ്രധാനമന്ത്രിയാവട്ടെ, ഒരു ഉന്നത ഉദ്യോഗസ്ഥനാവട്ടെ – അഭിപ്രായത്തേയും ഇച്ഛയേയും ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് എല്ലായ്പോഴും വീക്ഷിക്കാൻ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. ഈ അഭിപ്രായങ്ങളും ഇച്ഛകളും ഇന്ദ്രിയപരമായ അനുഭവങ്ങൾ അനുമസ്തിഷ്കത്തിലേക്കും അവിടെനിന്നും സുഷുമ്നാകാണ്ഡത്തിലേക്കും ഒഴുകുന്നതു് എങ്ങനെയെന്നതിന്റെ പ്രത്യക്ഷമായ പരിണതഫലമാണു്. ഇന്ദ്രിയപരമായ അനുഭവങ്ങൾ രക്തചംക്രമണത്തെ ആശ്രയിച്ചിരിക്കുന്നു, രക്തം അതേസമയം ചൈൽ (chyle) രൂപമെടുക്കലുമായും. ചൈലിന്റെ മാന്യുഫാക്ചറിംഗ്‌ ചെറുകുടൽമടക്കുകളിൽ സംഭവിക്കുന്നു. കുടൽ, അങ്ങനെ പറയാൻ അനുവാദമുണ്ടെങ്കിൽ, തീട്ടം കൊണ്ടാണു് നിറയ്ക്കപ്പെടുന്നതു്. കുടലിനെ മൂന്നു് ശക്തമായ ചർമ്മങ്ങൾ പൊതിയുന്നുണ്ടെങ്കിലും, അവ ഒരു അരിപ്പപോലെ നിറയെ ചെറിയ തുളകൾ ഉള്ളതാണു്. പ്രകൃതിയിൽ ഉള്ളതെല്ലാം തുറന്നതാണു്, ഒരു ചെറിയ മണൽത്തരിപോലും, അതിൽ അഞ്ചൂറു് ദ്വാരങ്ങൾ ഉണ്ടാവാൻ പാടില്ലാത്തത്ര ചെറുതല്ല. വേണ്ടത്ര നേരിയതും, ശക്തിയുള്ളവയുമാണെങ്കിൽ, ആയിരം സൂചികൾ ഒരു പീരങ്കിയുണ്ടയിൽക്കൂടി കടത്തിവിടാനാവും.

മലബന്ധം അനുഭവിക്കുന്ന ഒരു മനുഷ്യനു് എന്താണു് സംഭവിക്കുന്നതു്? അവന്റെ മലത്തിലെ നേർത്തതും ലോലമായതുമായ ഘടകങ്ങൾ അസെല്ലിയസ്‌ നാഡികളിൽ വച്ചു് ചൈലുമായി കൂടിച്ചേർന്നു് ഹെപാറ്റിക്‌ പോർട്ടൽ വെയിനിലും പെക്വെ റെസെർവ്വ്‌വായിലും എത്തുകയും തുടർന്നു് സബ്ക്ലേവിയൻ വെയിനിലൂടെ ഏറ്റവും കാമവിലാസിനിയായ സ്ത്രീയുടേയും, ഏറ്റവും കോമളരൂപനായ പുരുഷന്റേയും പോലും ഹൃദയത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഒരു ചെറിയ തുള്ളി വിഷമായ ഈ സാധനം അവിടെനിന്നും ശരീരമാകെ വിതരണം ചെയ്യപ്പെടുന്നു. ഈ വിഷത്തിലൊരംശം ദുർമ്മുഖനായ ഒരു മനുഷ്യന്റെ പരെൻകമയിൽ, ഞരമ്പുകളിൽ, ഗ്രന്ഥികളിൽ കടന്നുകൂടുമ്പോൾ, അവന്റെ ചീത്തയായ മാനസികാവസ്ഥ അന്ധമായ ഉഗ്രകോപമായി പരിണമിക്കുന്നു. അവന്റെ കണ്ണിന്റെ വെള്ള ചുവന്നു് ജ്വലിക്കുന്നു, ചുണ്ടുകൾ പരസ്പരം ഇറുകി മുറുകുന്നു, മുഖത്തിന്റെ നിറം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അവൻ നിങ്ങളെ ഭീഷണിപ്പെടുത്താൻ ആഗ്രഹിക്കുന്നതുപോലെ കാണപ്പെടുന്നു. ആ അവസ്ഥയിൽ അവനിൽ നിന്നും എത്രയും അകന്നു് നിൽക്കാനാണു് നിങ്ങൾ ശ്രമിക്കേണ്ടതു്, ഇനി, അവനെങ്ങാനും ഒരു മന്ത്രിയാണെങ്കിൽ, ആ സമയത്തു് പൂരിപ്പിച്ച അപേക്ഷാഫോറങ്ങളൊന്നും അവനു് കൈമാറാതിരിക്കുക, കാരണം, ആ സമയത്തു് ഏതു് കടലാസും, ലജ്ജാവഹമായ പഴയ യൂറോപ്യൻ രീതിയനുസരിച്ചുള്ള ഒരു സഹായവസ്തുവായിട്ടു് മാത്രം കാണാനും തദനുസരണം ഉപയോഗിക്കാനും അവൻ മടിക്കില്ല. അതുപോലുള്ള സാഹചര്യങ്ങളിൽ, ‘ഹിസ്‌ എക്സെലൻസിക്കു്’ രാവിലെ മലശോധന ഉണ്ടായിരുന്നോ എന്നു് വളരെ ശ്രദ്ധാപൂർവ്വവും തന്മയത്വമായും അവന്റെ ഭൃത്യന്റെയടുത്തു് അന്വേഷിക്കുക.

നമ്മൾ ഒരുപക്ഷേ കരുതുന്നതിനേക്കാളും വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണതു്. മലബന്ധം ചരിത്രത്തിൽ പലപ്പോഴും രക്തരൂഷിതമായ കടുംകൈകൾക്കു് കാരണമായി ഭവിച്ചിട്ടുണ്ടു്. നൂറുവയസ്സുണ്ടായിരുന്ന എന്റെ പിതാമഹൻ ക്രോംവെല്ലിന്റെ (Oliver Cromwell) അപ്പോത്തിക്കിരി (Apotheker = Pharmacist) ആയിരുന്നു. അവൻ എന്നോടു് പലവട്ടം പറഞ്ഞിട്ടുള്ള ഒരു കാര്യമാണു്, തന്റെ രാജാവിന്റെ തല വെട്ടാൻ കൂട്ടുനിന്ന ക്രോംവെല്ലിനു് അതിനുമുൻപത്തെ എട്ടു് ദിവസത്തേക്കു് മലശോധന ഉണ്ടായിരുന്നില്ല എന്നതു്.

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കാര്യങ്ങളിൽ അൽപം വിവരം ശേഖരിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണു്, വിന്ററിൽ വടക്കുകിഴക്കൻ കാറ്റു് വീശുമ്പോൾ ഹെൻറി മൂന്നാമനെ (Henry III of France) ദ്വേഷ്യം പിടിപ്പിക്കരുതെന്നു് മറ്റെല്ലാവരെയുംപോലെതന്നെ ഗ്വീസിലെ പ്രഭുവിനെയും പലരും പല പ്രാവശ്യം താക്കീതു് ചെയ്തിട്ടുണ്ടു് എന്ന കാര്യം. ആ രാജാവു് ആ സമയത്തു് കനത്ത മലബന്ധം അനുഭവിക്കാൻ വിധിക്കപ്പെട്ടവനായിരുന്നു. ആ കാലാവസ്ഥയിൽ മലം അവന്റെ തലവരെ കയറിയിരുന്നതിനാൽ, അപ്പോൾ അവൻ എന്തു് ക്രൂരപ്രവൃത്തി ചെയ്യാനും മടിക്കുമായിരുന്നില്ല. ഗ്വീസിലെ പ്രഭു അവനു് ലഭിച്ച താക്കീതുകൾ മുഖവിലയ്ക്കെടുക്കേണ്ടതിനു് പകരം അതൊക്കെ കണ്ണടച്ചു് അവഗണിച്ചു. എന്നിട്ടു് അവനെന്താ സംഭവിച്ചതു്? അവനും അവന്റെ സഹോദരനും, രണ്ടുപേരും നിഷ്കരുണം കൊലചെയ്യപ്പെട്ടു.

അവന്റെ മുൻഗാമിയായിരുന്ന ചാൾസ്‌ ഒൻപതാമൻ (Charles IX of France) അവന്റെ രാജ്യത്തിലെ ഏറ്റവും കൂടുതൽ മലബന്ധം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു. അവന്റെ വൻകുടലും ചെറുകുടലും മലം കൊണ്ടു് നിറഞ്ഞു് അവസാനം അവൻ രക്തം വിയർക്കുകയായിരുന്നു. അവന്റെ ക്ഷിപ്രകോപമാണു് ബാർത്തൊലോമ്യൂസ്‌ രാത്രി എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ പ്രധാന കാരണങ്ങളിൽ ഒന്നെന്നു് ആർക്കാണറിയാത്തതു്?

ഇക്കൂട്ടർക്കു് നേരേ വിപരീതമായ വിഭാഗമാണു് ഒരുമാതിരി ഇളം മെഴുപ്പുള്ളവരും, വെൽവെറ്റ്‌ പോലുള്ള ദഹനേന്ദ്രിയങ്ങളും, തടസ്സമില്ലാതെ ഒഴുകുന്ന പിത്തരസവും, അനായാസവും ക്രമാനുഗതവുമായ പെരിസ്റ്റൾടിക്‌ ചലനങ്ങളോടുകൂടിയവരും, രാവിലെ ഒന്നു് തുപ്പുന്നത്ര ലഘുവായ രീതിയിൽ മലശോധനയുള്ളവരുമായവർ. പ്രകൃതിതന്നെ പ്രഥമഗണന നൽകുന്ന ഇത്തരം മനുഷ്യർ സൗമ്യരും, സൗഹാർദ്ദതയുള്ളവരും, മര്യാദയുള്ളവരും, ഉപചാരശീലരും, സഹതാപമുള്ളവരും, സൗമനസ്യമുള്ളവരുമായിരിക്കും. അവരുടെ വായിൽ നിന്നും വരുന്ന ഒരു ‘ഇല്ല’, മലബന്ധമുള്ളവരുടെ വായിൽനിന്നും വരുന്ന ഒരു ‘ഉവ്വു്’ എന്നതിനേക്കാൾ സൗഹൃദപരമായിരിക്കും. ഒരു അതിസാരത്തിനു് മനുഷ്യരെ ഭീരുക്കളാക്കി മാറ്റാൻ മാത്രമുള്ള ശക്തിയുണ്ടു്. ഡിസെന്ററി ധൈര്യത്തെ കെടുത്തുന്നു. ഉറക്കമില്ലായ്മയും, നുഴഞ്ഞുകയറുന്ന പനിയും, അൻപതുവട്ടം സംഭവിച്ച നാറുന്ന വയറിളക്കവും വഴി ക്ഷീണിതനായ ഒരു മനുഷ്യനോടു് പട്ടാപ്പകൽ ഒരു കോട്ടയെ ആക്രമിക്കാൻ ഒരിക്കലും ആവശ്യപ്പെടരുതു്. അതുകൊണ്ടു്, നമ്മുടെ സൈന്യത്തിനു് അസാങ്കൂർ യുദ്ധത്തിൽ ഡിസെന്ററി ബാധിച്ചിരുന്നുവെന്നും, അവർ ബട്ടൺസ്‌ തുറന്ന പാന്റ്‌സുമായാണു് അതിൽ വിജയം നേടിയതെന്നുമുള്ള അവകാശവാദം വിശ്വസനീയമായി എനിക്കു് തോന്നുന്നില്ല. വഴിയിൽ കണ്ട മൂക്കാത്ത മുന്തിരിങ്ങ മുഴുവൻ പറിച്ചുതിന്നു് വയറുനിറച്ചതിനാൽ അവരിൽ ഏതാനും പട്ടാളക്കാർക്കു് വയറിളക്കം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ചരിത്രകാരന്മാർ അതിനെ പെരുപ്പിച്ചു് മുഴുവൻ പട്ടാളക്കാർക്കും ഡിസെന്ററി ആയിരുന്നെന്നു് വരുത്തി. അവർ നഗ്നമായ ചന്തികളും കൊണ്ടാണു് വിജയം വെട്ടിപ്പിടിച്ചതെന്ന കാര്യം, ജെസുവിറ്റ്‌ ആയ ദാനിയേൽ ‘പറക്കുന്ന പതാകയിൽ’ പ്രസ്താവിച്ചതുപോലെ, യുവസുന്ദരന്മാരായ ഫ്രഞ്ച്‌ പട്ടാളക്കാരോടുള്ള സഹതാപപൂർവ്വമുള്ള പരിഗണനയുടെ പേരിൽ തിരുത്തപ്പെടുകയായിരുന്നു.

ഇതിൽനിന്നും എങ്ങനെയാണു് ചരിത്രം എഴുതപ്പെടുന്നതെന്നു് നമുക്കു് മനസ്സിലാക്കാം.

അതുപോലെതന്നെ, മഹാനായ നമ്മുടെ എഡ്വേഡ്‌ മൂന്നാമൻ (Edward III of England), തൂക്കിക്കൊല്ലുന്നതിനുവേണ്ടി, കലേയിൽ നിന്നും ആറു് പൗരന്മാരെ, അവർ ധൈര്യപൂർവ്വം അവന്റെ ഉപരോധത്തെ ചെറുത്തുനിന്നതിനാൽ, കഴുത്തിൽ കുടുക്കുമായി തന്റെ മുന്നിൽ ഹാജരാക്കുവാൻ ആവശ്യപ്പെട്ടുവെന്നു് എല്ലാ ഫ്രഞ്ചുകാരും ഒരുവനുപുറകെ മറ്റൊരുവൻ എന്നോണം വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ടു്. എങ്കിലും, അവസാനം അവന്റെ ഭാര്യ ഏറെ കണ്ണുനീരൊഴുക്കി അവരുടെ സ്വാതന്ത്ര്യം വീണ്ടെടുത്തുവത്രെ! പ്രാകൃതമായിരുന്ന അക്കാലത്തു്, ഉപരോധികളുടെ നേതാവിനെ, സ്വാഭാവികമായും ശോച്യമായിരുന്ന കോട്ടയ്ക്കു് ചുറ്റും ഒരുപാടു് ദിവസങ്ങൾ കാത്തുനിൽക്കാൻ ഇടവരുത്തുന്ന വിധം കോട്ടയ്ക്കുള്ളിൽ പിടിച്ചുനിന്നിരുന്ന ശത്രുക്കളെ കഴുത്തിൽ കുരുക്കുമായി നേതാവിന്റെ മുന്നിൽ കൊണ്ടുവരുന്നതു് ഒരു ആചാരമായിരുന്നുവെന്നു് ഈ നോവലെഴുത്തുകാർ അറിയുന്നില്ല. തീർച്ചയായും, മഹാനുഭാവനായ എഡ്വേഡ്‌ മൂന്നാമനു്, അവൻ സമ്മാനങ്ങളും പദവികളും നൽകി ബഹുമാനിച്ച ഈ ആറു് തടവുകാരുടെ കഴുത്തിലെ കുരുക്കു് മുറുക്കുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യവും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ചരിത്രകാരന്മാർ എന്നു് വിളിക്കപ്പെടുന്ന എത്രയോപേർ അവരുടെ പുസ്തകങ്ങളിൽ കുത്തിനിറച്ചിരിക്കുന്ന ഇതുപോലുള്ള മുഴുവൻ ബാലിശപ്രസ്താവങ്ങളും തെറ്റായ യുദ്ധവർണ്ണനകളും വായിച്ചു് എനിക്കു് മടുത്തു. അതുപോലെതന്നെ ഞാൻ മുഖവിലയ്ക്കെടുക്കുന്ന ഒരു യുദ്ധചരിതമാണു്, ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നതു്. മുന്നൂറു് കുടങ്ങൾ ഉപയോഗിച്ചാണത്രെ ഗിദെയോൻ മിദ്യാന്യരോടുള്ള യുദ്ധം ജയിച്ചതു്! (ന്യായാധിപന്മാർ 7: 15 – 25 കാണുക). എന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ഞാൻ പ്രകൃതിചരിത്രങ്ങളെ വായിക്കാറുള്ളു. പക്ഷേ, അതിനൊരു നിബന്ധനയുള്ളതു്, അവ ബര്‍ണറ്റിന്റെയും (Thomas Burnet), വിസ്റ്റൺറ്റെയും (William Whiston), വുഡ്‌വേഡിന്റെയും (John Woodward) ഒക്കെ പുസ്തകങ്ങളിലെപ്പോലെ അയോഗ്യമായ വ്യവസ്ഥകൾകൊണ്ടു് എന്നെ ബോറഡിപ്പിക്കാത്തവയും, അല്ലെങ്കിൽ മയ്യെ (Benoit de Maillet) അവകാശപ്പെടുന്നപോലെ, ഐറിഷ്‌ സീ ആണു് കൗക്കസസിനു് ജന്മം നൽകിയതെന്നും, നമ്മുടെ ഭൂമി ഗ്ലാസുകൊണ്ടുള്ളതാണെന്നും, അതുമല്ലെങ്കിൽ, ഏതെങ്കിലും ഷാർലറ്റനുകൾ അവരുടെ സ്വപ്നങ്ങളും വെളിപാടുകളും നിത്യനിതാന്തപരമസത്യങ്ങളായി മനുഷ്യവർഗ്ഗത്തിനു് വിളമ്പാൻ ധൈര്യപ്പെടുന്നതുമൊന്നും ആയിരിക്കരുതു് എന്നുമാത്രമാണു്. എന്റെ മാനസികാവസ്ഥയെ സമതുലിതാവസ്ഥയിൽ നിലനിർത്താൻ ഉതകുന്ന ആഹാരവും, തടസ്സമൊന്നുമില്ലാത്തവിധം സംഭവിക്കുന്ന ദഹനവും, നല്ല ഉറക്കവുമാണു് എന്നെസംബന്ധിച്ചു് കൂടുതൽ വിലപ്പെട്ടതു്. തണുത്തു് മരവിക്കുമ്പോൾ ചൂടുള്ള പാനീയങ്ങൾ, ചുട്ടുപൊരിയുമ്പോൾ തണുത്തവ; എല്ലാ സാഹചര്യത്തിലും മിതത്വം. ദഹനം, ഉറക്കം, വിനോദോപാധികൾ, അതിനപ്പുറമുള്ളവയെ ഒന്നിനെയും നിങ്ങളെ ശല്യം ചെയ്യാൻ അനുവദിക്കാതിരിക്കുക.

അദ്ധ്യായം – 8

മിസ്റ്റർ സിഡ്രാക്‌ ഈ ജ്ഞാനോപദേശം നൽകിക്കഴിഞ്ഞ ഉടനെ ഒരു ഭൃത്യൻ ഗോഡ്മാനെ തേടി വന്നു. യശശ്ശരീരനായ മിലോർഡ്‌ ചെസ്റ്റർഫീൽഡിന്റെ സെക്രട്ടറി താഴെ വാഹനത്തിൽ കാത്തിരിക്കുകയാണെന്നും, ഡോക്ടർ ഗോഡ്മാനുമായി ഒരു അത്യാവശ്യവിഷയം സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നും അവൻ അറിയിച്ചു. ഗോഡ്മാൻ ഉടനെ താഴേക്കു് ചെന്നു് അവനെ അഭിവാദ്യം ചെയ്തു. അവനെ വാഹനത്തിലേക്കു് ക്ഷണിച്ചശേഷം സെക്രട്ടറി പറഞ്ഞു: “മിസ്റ്റർ ഗോഡ്മാൻ, മിസ്റ്റർ ആൻഡ്‌ മിസ്സിസ്‌ സിഡ്രാകിനു് വിവാഹരാത്രിയിൽ സംഭവിച്ചതെന്തെന്നു് നിങ്ങൾക്കറിയാമോ?”

“ഉവ്വു്, ആ ദമ്പതികൾക്കുണ്ടായ ചെറിയ അനുഭവത്തെപ്പറ്റി അൽപം മുൻപു് അവൻ പറഞ്ഞിരുന്നു.”

“ശ്രദ്ധിക്കൂ! അതേ അനുഭവം തന്നെ സുന്ദരിയായ മിസ്‌ ഫിഡ്ലറിനും അവളുടെ ഭർത്താവായ മിസ്റ്റർ പാതിരിക്കും സംഭവിച്ചു. അടുത്തദിവസം അവർ പരസ്പരം പൊതിരെ തല്ലുകൂടി. അതിന്റെ പിറ്റേതിന്റെ പിറ്റേന്നു് അവർ തമ്മിൽ വേര്‍പെടുകയും, ആ പാതിരിക്കു് അവന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ഞാൻ മിസ്‌ ഫിഡ്ലറെ സ്നേഹിക്കുന്നു. അവൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും, അതോടൊപ്പം എന്നെ വെറുക്കുന്നില്ലെന്നും എനിക്കറിയാം. ഡിവോഴ്സിന്റെ കാരണമായ ആ ചെറിയ ദൂഷ്യം എനിക്കൊരു പ്രശ്നമല്ല. ഞാൻ പ്രണയപരവശനാണു്, എനിക്കു് ഒന്നിനെയും ഭയമില്ല. നിങ്ങൾ മിസ്‌ ഫിഡ്ലറെ എനിക്കു് വിട്ടുതരിക, പകരമായി ഞാൻ നിങ്ങൾക്കു് നൂറ്റൻപതു് ഗിനി വരുമാനമുള്ള ഇടവകവികാരിസ്ഥാനം വാങ്ങിത്തരും. പക്ഷേ, നിങ്ങൾ പത്തു് മിനുട്ടിനുള്ളിൽ തീരുമാനിക്കണം.”

“മിസ്റ്റർ സെക്രട്ടറി, നിങ്ങളുടെ നിർദ്ദേശം തികച്ചും അസാധാരണമായ ഒന്നാണു്. ഈ വിഷയം എന്റെ തത്വചിന്തകരായ ഗ്രൗവും സിഡ്രാകുമായി ആലോചിച്ചശേഷം ഞാൻ ഉടനെ മടങ്ങിവരാം.”

ആ രണ്ടു് ഉപദേഷ്ടാക്കളുടെ അടുത്തേക്കു് ഓടിച്ചെന്നശേഷം അവൻ പറഞ്ഞു: “എനിക്കു് തോന്നുന്നതു്, ഈ ലോകത്തിലെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതു് മലശോധനയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, പ്രണയവും, ഉൽക്കർഷേച്ഛയും, പണവും അതിനോടു് തുല്യമായ ഒരു പങ്കു് വഹിക്കുന്നുണ്ടെന്നാണു്.” ഇതുപറഞ്ഞശേഷം അവൻ കാര്യം അവരുടെ മുന്നിൽ അവതരിപ്പിക്കുകയും, തനിക്കൊരു പണ്ഡിതോപദേശം നൽകണമെന്നു് അപേക്ഷിക്കുകയും ചെയ്തു. നൂറ്റൻപതു് ഗിനി വരുമാനമുള്ള ഒരു പാതിരിക്കു് അവന്റെ ഇടവകയിലെ ഏതു് പെൺകുട്ടിയെയും ലഭിക്കാൻ കഴിയുമെന്നും, വേണമെങ്കിൽ മിസ്‌ ഫിഡ്ലറെ അതിനുപുറമേയും കണക്കിടാമെന്നും അവർ രണ്ടുപേരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.

ഈ തീരുമാനം വളരെ ബുദ്ധിപൂർവ്വകമാണെന്നു് ഗോഡ്മാൻ മനസ്സിലാക്കി. അവനു് ആ ഇടവക ലഭിച്ചു, മിസ്‌ ഫിഡ്ലറെ രഹസ്യമായി അവൻ പ്രാപിച്ചുകൊണ്ടുമിരുന്നു. അവളെ സ്ഥിരം ഭാര്യയായി വച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ ആസ്വാദ്യകരമാണു് അതെന്നു് അവനു് സാവകാശം മനസ്സിലായി. മിസ്റ്റർ സിഡ്രാക്‌ ഇടയ്ക്കിടെ അവന്റെ സേവനം ഗോഡ്മാനു് നൽകിക്കൊണ്ടിരുന്നു. ഗോഡ്മാൻ ഇംഗ്ലണ്ടിലെ ഏറ്റവും ഉത്സുകരായ പാതിരിമാരിൽ ഒരുവനായിത്തീർന്നു. ലോകത്തിലെ എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നതു് ഈശ്വരേച്ഛയാണെന്നു് മുൻപത്തേതിലും കൂടുതലായി അവനു് ബോദ്ധ്യമായി.

 
Comments Off on ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്‌മാനും – 2

Posted by on Oct 12, 2010 in ഫിലോസഫി

 

Tags: , ,

ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്‌മാനും – 1

(വോൾട്ടയറിന്റെ Les oreilles du comte de Chesterfield et le chapelain Goudman-ന്റെ സ്വതന്ത്ര പരിഭാഷ)

അദ്ധ്യായം – 1

ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും ഈശ്വരേച്ഛയുടെ അനിവാര്യമായ നിയന്ത്രണത്തിലാണു് – എന്റെ അനുഭവത്തിലൂടെ ഞാൻ എത്തിച്ചേർന്ന നീതിപൂർവ്വകമായ ഒരു അനുമാനം.

എന്നെ വളരെ വിലമതിച്ചിരുന്ന മിലോർഡ്‌ ചെസ്റ്റർഫീൽഡ്‌ എനിക്കു് ഒരു ജോലി ലഭിക്കാൻ വേണ്ട ഒത്താശ ചെയ്യാമെന്നു് എന്നോടു് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണു് ഒരു നല്ല വികാരിപ്പണി ഒഴിവുണ്ടെന്നു് കേട്ടതു്. ഉടനെതന്നെ ഞാൻ ഒരുപാടു് അകലെയുള്ള എന്റെ ചെറുഗ്രാമത്തിൽ നിന്നും ലണ്ടനിലേക്കു് പുറപ്പെട്ടുചെന്നു് മിലോർഡ്‌ ചെസ്റ്റഫീൽഡിനെക്കണ്ടു് അദ്ദേഹത്തിന്റെ വാഗ്ദാനത്തെപ്പറ്റി ഓർമ്മിപ്പിച്ചു. അദ്ദേഹം വളരെ സൗഹൃദപൂർവ്വം എന്റെ കൈപിടിച്ചു് കുലുക്കിക്കൊണ്ടു് ഞാൻ ഒട്ടും ആരോഗ്യവാനായിട്ടല്ല കാണപ്പെടുന്നതെന്നു് എന്നോടു് പറഞ്ഞു. എന്റെ ഏറ്റവും വലിയ ദുരിതം പട്ടിണിയാണെന്നു് ഞാൻ അവനെ അറിയിച്ചപ്പോൾ, എന്നെ എത്രയുംവേഗം സുഖപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുവെന്നു് പറയുകയും കയ്യോടെതന്നെ മിസ്റ്റർ സിഡ്രാകിനു് ഒരു കത്തെഴുതി എന്നെ ഏൽപിക്കുകയും ചെയ്തു. പള്ളി ഇടവകയിലേക്കു് എന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവു് എനിക്കു് കൈമാറാൻ ചുമതലപ്പെട്ടവനാണു് ഈ മിസ്റ്റർ സിഡ്രാക്‌ എന്ന കാര്യത്തിൽ എനിക്കു് തെല്ലും സംശയം ഉണ്ടായിരുന്നില്ല. സന്തോഷംകൊണ്ടു് ഞാൻ അവന്റെയടുത്തേക്കു് കുതിച്ചു് പായുകയായിരുന്നു. കത്തു് വായിച്ചശേഷം എന്നെ അത്യാവശ്യമായി ഉടനെ പരിശോധിക്കേണ്ടതു് സുപ്രധാനമായ ഒരു കാര്യമാണെന്നു് മിലോർഡ്‌ ചെസ്റ്റർഫീൽഡിന്റെ ഫാമിലി ഫിസിഷ്യൻ ആയിരുന്ന മിസ്റ്റർ സിഡ്രാക്‌ എന്നെ അറിയിച്ചു. അഥവാ, എനിക്കു് മൂത്രസഞ്ചിയിൽ കല്ലുണ്ടെങ്കിൽ, എന്നെ ഭംഗിയായി ഓപ്പറേറ്റ്‌ ചെയ്യുന്ന കാര്യവും താനേറ്റു എന്നും അവൻ ഉറപ്പുനൽകി.

എന്നുവച്ചാൽ, എനിക്കു് കഠിനമായ ബ്ലാഡർ ട്രബിൾ ഉണ്ടെന്ന ധാരണയാണു് ഞാൻ മിലോർഡിൽ സൃഷ്ടിച്ചതു് എന്നതിനാൽ, പ്രസിദ്ധമായിരുന്ന അദ്ദേഹത്തിന്റെ സ്വാഭാവികനന്മമൂലം, സ്വന്തം ചിലവിൽ എന്നെ ഓപ്പറേറ്റ്‌ ചെയ്യിച്ചു് രക്ഷപെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവന്റെ സഹോദരനെപ്പോലെതന്നെ പ്രഭു ചെസ്റ്റർഫീൽഡും ബധിരനായിരുന്നു. അതു് ഞാൻ അറിഞ്ഞിരുന്നില്ല.

എന്നെ നിശ്ചയമായും പരിശോധിക്കണം എന്ന നിലപാടുകാരനായിരുന്ന മിസ്റ്റർ സിഡ്രാകിൽ നിന്നും എന്റെ മൂത്രസഞ്ചിയെ പ്രതിരോധിക്കുന്നതിനായി എനിക്കു് നഷ്ടപ്പെട്ട സമയത്തിനിടയ്ക്കു് എന്റെ അൻപത്തിരണ്ടു് സഹഅപേക്ഷകരിൽ ഒരുവൻ മിലോർഡ്‌ ചെസ്റ്റർഫീൽഡിനെ ചെന്നു് കാണുകയും, കാര്യം എങ്ങനെയോ വ്യക്തമാക്കുകയും, എനിക്കു് ലഭിക്കേണ്ട പള്ളിവികാരിസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഞാൻ മിസ്‌ ഫിഡ്ലറിൽ അനുരാഗബദ്ധനായിരുന്നു, ഇടവകാധികാരം കിട്ടിയാൽ ഉടനെ അവളെ വിവാഹം കഴിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷേ സംഭവിച്ചതോ, എന്റെ എതിരാളിക്കു് എന്റെ ഉദ്യോഗവും കിട്ടി, എന്റെ കാമുകിയെ ഭാര്യയായും കിട്ടി.

പ്രഭു ചെസ്റ്റർഫീൽഡ്‌ എന്റെ ഭാഗ്യദോഷത്തെപ്പറ്റി കേട്ടപ്പോൾ ഒരുപാടു് പശ്ചാത്തപിക്കുകയും, എനിക്കു് സംഭവിച്ച നഷ്ടം മറ്റൊരവസരത്തിൽ പരിഹരിക്കാമെന്നു് എനിക്കു് ഉറപ്പുതരികയും ചെയ്തു. പക്ഷേ, രണ്ടുദിവസങ്ങൾക്കുശേഷം അവൻ മരിച്ചുപോയി. എന്റെ സംരക്ഷകന്റെ മരണസമയത്തെ ശാരീരികാവയവങ്ങളുടെ അവസ്ഥപ്രകാരം ഒരു നിമിഷം പോലും കൂടുതൽ ജീവിക്കാൻ അവനു് കഴിയുമായിരുന്നില്ല എന്നു് മിസ്റ്റർ സിഡ്രാക്‌ സംശയത്തിനിടനൽകാതെ, സംക്ഷിപ്തമായി എന്നെ പറഞ്ഞു് മനസ്സിലാക്കി. മിലോർഡിന്റെ ബധിരതക്കു് കാരണം, അവന്റെ കർണ്ണപുടം കല്ലുപോലെ കഠിനമായതാണെന്നും, വേണമെങ്കിൽ എന്റെ രണ്ടു് ചെവികളും സ്പിരിറ്റ്‌ ഉപയോഗിച്ചു് ചികിത്സിച്ചു് എന്നെ മറ്റാരേക്കാളും കൂടുതലായി ബധിരനാവാൻ കഴിയുന്നത്ര എന്റെ കർണ്ണപുടങ്ങളേയും കഠിനമാക്കിത്തരാമെന്നും അവൻ നിർദ്ദേശിച്ചു.

മിസ്റ്റർ സിഡ്രാക്‌ ഒരുപാടു് പഠിച്ച ഒരു പണ്ഡിതനാണെന്നു് എനിക്കു് മനസ്സിലായി. ഒരുപാടു് സ്നേഹത്തോടെ അവൻ എന്നെ പ്രകൃതിശാസ്ത്രങ്ങൾ പഠിപ്പിച്ചു. അതു് മാത്രമല്ല, അവൻ വളരെ കൃപയുള്ളവനുമാണെന്നും, ആവശ്യമായിവന്നാൽ, എന്റെ മൂത്രസഞ്ചിയെ പ്രതിഫലമില്ലാതെ ഓപ്പറേറ്റ്‌ ചെയ്യാനും, അതുവഴി എന്റെ സഞ്ചിയെ ഭീഷണിപ്പെടുത്തിയേക്കാവുന്ന എല്ലാത്തരം അപകടങ്ങളും ഇല്ലായ്മ ചെയ്യാനും അവൻ മടി കാണിക്കുകയില്ലെന്നും എനിക്കു് ബോദ്ധ്യമായി.

അങ്ങനെ, എന്റെ ഇടവകയും, കാമുകിയും എനിക്കു് നഷ്ടപ്പെട്ടതു് മറക്കാനും എന്നെ സ്വയം ആശ്വസിപ്പിക്കാനുമായി ഞാൻ മിസ്റ്റർ സിഡ്രാകിന്റെ അധ്യാപനത്തിനു് കീഴിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ തുടങ്ങി.

അദ്ധ്യായം – 2

അഞ്ചു് ഇന്ദ്രിയങ്ങളുടേയും, എന്റെ കണ്ണടയുടേയും, ഒരു മൈക്രോസ്കോപ്പിന്റേയും സഹായത്തോടെ പ്രകൃതിയിൽ ഒരുപാടു് നിരീക്ഷണങ്ങൾ നടത്തിയശേഷം ഒരു ദിവസം ഞാൻ സിഡ്രാകിനോടു് പറഞ്ഞു: “മനുഷ്യർ നമ്മളെ തീർച്ചയായും വിഡ്ഢികളായി കരുതും. പ്രകൃതി എന്നൊന്നില്ല, എല്ലാം വെറും കലയാണു്. ആശ്ചര്യപ്പെടേണ്ടതായ ആ ഒരു കലയാണു് സൂര്യനെ സ്വയം തിരിഞ്ഞുകൊണ്ടിരിക്കാനും, ഗ്രഹങ്ങളെ ക്രമാനുസൃതമായി സൂര്യനു് ചുറ്റും കറങ്ങാനും അനുവദിക്കുന്നതു്. ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ ഉള്ളവരെപ്പോലെതന്നെ വിശദാംശങ്ങൾ പഠിച്ചവനായ ആരോ ഒരാൾ എല്ലാം അത്ഭുതകരമായി സജ്ജീകരിച്ചതാവണം ഇതെല്ലാം. അതിന്റെ താക്കോൽ കണ്ടെത്തണമെങ്കിൽ ഒരുവൻ ഒരു ആഭിചാരകനായിരിക്കണം.

തെംസിൽ വേലിയേറ്റവും വേലിയിറക്കവും വരുന്നതും, എന്റെ അഭിപ്രായത്തിൽ, ഇതിലും ഒട്ടും കുറവല്ലാത്തവിധം ആഴമേറിയതും, മനസ്സിലാക്കാൻ പ്രയാസമേറിയതുമായ ഒരു കലയുടെ പ്രവർത്തനഫലമായാണു്.

മൃഗങ്ങൾ, ചെടികൾ, ധാതുക്കൾ മുതലായവയെല്ലാം അളവും തൂക്കവും എണ്ണവും ചലനവും ഉള്ളവയാണെന്നതുപോലെ എനിക്കു് തോന്നുന്നു. പുൽക്കൊടി മുതൽ തേക്കു് വരെയും, ചെള്ളു് മുതൽ മനുഷ്യൻ വരെയും, മണൽത്തരി മുതൽ മേഘങ്ങൾ വരെയും എല്ലാം സ്പ്രിംഗുകളും, ഉത്തോലകങ്ങളും, കപ്പികളും, ഹൈഡ്രോളിക്‌ മെഷീനുകളും കെമിക്കൽ ലബോററ്ററികളുമാണു്.

തീർച്ചയായും എല്ലാം കലയും, പ്രകൃതി ഒരു മസ്തിഷ്കഭൂതവുമാണു്.

അതിനു് മറുപടിയായി സിഡ്രാക്‌ പറഞ്ഞു: “നിങ്ങൾ പറയുന്നതു് ശരിയാണു്. പക്ഷേ, ഇംഗ്ലീഷ്‌ ചാനെലിനപ്പുറത്തു് ഇതേ അഭിപ്രായം പ്രകടിപ്പിച്ച ഒരു സ്വപ്നവിഹാരിക്കു് ചെവി ലഭിക്കാതിരുന്നതുപോലെതന്നെ, നിങ്ങളുടെ ഈ അഭിപ്രായവും മനുഷ്യർ ശ്രദ്ധിക്കാൻ പോകുന്നില്ല.”

“ദുര്‍ഗ്രഹമായതെന്നു് തോന്നുന്ന ഈ കല വഴി രണ്ടു് പണിയായുധങ്ങൾ മൂന്നാമതൊരു പണിയായുധത്തെ നിർമ്മിക്കുന്നതാണു് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതും, എനിക്കു് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതും. മിസ്‌ ഫിഡ്ലറിനോടു് ചേർന്നു് അതുപോലൊരു മൂന്നാമത്തേതിനെ നിർമ്മിക്കാൻ എനിക്കു് കഴിയാതെ പോയതിൽ ഞാൻ അങ്ങേയറ്റം ദുഃഖിതനുമാണു്. അതേസമയം, മിസ്‌ ഫിഡ്ലർ ഈ ജോലിക്കു് മറ്റൊരു മെഷീനെയാണു് ഉപയോഗപ്പെടുത്തേണ്ടതെന്നു് അനശ്വരമായ ആലോചനാസമിതിയിൽ തീരുമാനിക്കപ്പെട്ടിരുന്നു എന്ന വസ്തുത ഞാൻ നിരുപാധികം അംഗീകരിക്കുകയും ചെയ്യുന്നു.”

ഇതുകേട്ട സിഡ്രാക്‌ എന്നോടു് പറഞ്ഞു: “നിങ്ങൾ ഈ പറയുന്നതു് പണ്ടേ പറഞ്ഞുകഴിഞ്ഞതാണെങ്കിലും, അതു് ഒരിക്കൽകൂടി പറയുന്നതു് നല്ലതാണു്, കാരണം, അതിൽനിന്നും വെളിപ്പെടുന്നതു് നിങ്ങൾ ചിന്തിക്കുന്നതു് ശരിയാണെന്നതിന്റെ പ്രോബബിലിറ്റിയാണു്. അതേ, രണ്ടു് അസ്തിത്വങ്ങൾ മൂന്നാമതൊന്നിനു് രൂപം നൽകുന്നതു് വളരെ ആഹ്ലാദകരമായ ഒരു കാര്യമാണു്. എങ്കിൽത്തന്നെയും, അതു് എല്ലാ അസ്തിത്വങ്ങൾക്കും ബാധകമല്ല. രണ്ടു് റോസാപ്പൂക്കൾ പരസ്പരം സ്പര്‍ശിച്ചാൽ ഒരുവിധത്തിലും മൂന്നാമതൊന്നു് ഉണ്ടാവുന്നില്ല. രണ്ടു് ചരൽക്കല്ലുകളോ, ലോഹങ്ങളോ മൂന്നാമതൊന്നിനെ സൃഷ്ടിക്കുന്നില്ല. എന്നാലും, കല്ലുകളും ലോഹങ്ങളും മനുഷ്യന്റെ വൈദഗ്ദ്ധ്യത്തിനു് നിർമ്മിക്കാൻ കഴിയാത്ത പദാർത്ഥങ്ങളാണു്. (വോൾട്ടയറുടെ കാലത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്നു് അത്തരം നിർമ്മാണം ശാസ്ത്രത്തിനു് സാദ്ധ്യമാണു്. ലഭിക്കുന്ന ഫലം അതിനു് വേണ്ടിവരുന്ന ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ അവഗണനീയമായിരിക്കുമെന്നതിനാൽ അതുപോലുള്ള ശ്രമങ്ങൾ അർത്ഥശൂന്യമാണെങ്കിലും.) മഹനീയവും മനോഹരവും എപ്പോഴും തുടർന്നു് നിലനിൽക്കുന്നതുമായ ഒരു അത്ഭുതമാണു് ഒരു യുവാവും യുവതിയും ചേർന്നു് ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതും, ഒരു രാക്കുയിൽപ്പൂവൻ രാക്കുയിൽപിടയോടു് ചേർന്നു് – ഒരു ആറ്റക്കുരുവിപ്പിടയോടു് ചേർന്നല്ല – ഒരു രാക്കുയിൽക്കുഞ്ഞിനെ ജനിപ്പിക്കുന്നതും. ഒരുവൻ അവന്റെ ജീവിതത്തിന്റെ പകുതി അവയെ അനുകരിക്കാനും, ബാക്കി പകുതി ഈ മാർഗ്ഗം കണ്ടുപിടിച്ചവനെ പുകഴ്ത്താനുമാണു് ചിലവഴിക്കേണ്ടതു്. പ്രത്യുത്പാദനത്തിൽ ആയിരം അത്ഭുതകരമായ രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നു. പ്രകൃതി എല്ലായിടത്തും ഒരുപോലെയാണെന്നു് ന്യൂട്ടൺ പറയുന്നു. എന്നാൽ പ്രണയത്തിന്റെ കാര്യത്തിൽ അതു് ശരിയല്ല. മത്സ്യങ്ങളും ഇഴജന്തുക്കളും പക്ഷികളും പ്രണയിക്കുന്നതു് നമ്മളിൽ നിന്നും വ്യത്യസ്തമായും, അതുതന്നെ എണ്ണമറ്റ വിധത്തിലുമാണു്. അനുഭവശേഷിയുള്ള, പ്രവർത്തനശേഷിയുള്ള ഒരു അസ്തിത്വം രൂപമെടുക്കുന്നതു് എന്നെ ഉല്ലാസവാനാക്കുന്നു. ചെടികൾക്കും അവയുടെ ആകർഷണീയതയുണ്ടു്. മണ്ണിലേക്കെറിഞ്ഞ ഒരു ധാന്യമണി അനേകം ധാന്യമണികളെ ജനിപ്പിക്കുന്നതിനെപ്പറ്റി ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ടു്.”

അതുകേട്ടു് ഒരു വിഡ്ഢിയേപ്പോലെ – അന്നു് ഞാൻ ഒരു വിഡ്ഢി ആയിരുന്നുതാനും – ഞാൻ പറഞ്ഞു: “ആഹ്‌, അങ്ങനെ സംഭവിക്കുന്നതു്, ഞങ്ങളെ സ്കൂളിൽ പഠിപ്പിച്ചതുപോലെ, ആ ധാന്യമണി വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനായി മരിക്കണം എന്നതിനാലാണു്.”

മിസ്റ്റർ സിഡ്രാക്‌ നിഗൂഢമായ ഒരു പുഞ്ചിരിയോടെ എന്നെ തിരുത്തി: “(സണ്ഡേ)സ്കൂളിൽ അവർ അങ്ങനെ പഠിപ്പിക്കുന്നുണ്ടാവാം. പക്ഷേ, അതു് പരിഹാസ്യമായ വിടുവായത്തരമാണെന്നു് ഇന്നു് ഒരു സാധാരണ കർഷകനുപോലും അറിയാം.”

“ഓ, മിസ്റ്റർ സിഡ്രാക്‌, ഞാൻ ക്ഷമ യാചിക്കുന്നു, ഞാൻ ഒരു തിയൊളോജിയനായിരുന്നു. നിങ്ങൾക്കറിയാവുന്നപോലെ, ഒരുവനു് തന്റെ ശീലങ്ങൾ ഒറ്റയടിക്കു് ഉപേക്ഷിക്കാനാവില്ലല്ലോ.”

അദ്ധ്യായം – 3

പാവം പാതിരി ഗോഡ്‌മാനും ഉഗ്രൻ അനാടമിസ്റ്റായ സിഡ്രാകും തമ്മിൽ ഈ സംഭാഷണം നടന്നു് ഏതാനും നാളുകൾക്കു് ശേഷം അവർ രണ്ടുപേരും സെന്റ്‌ ജെയിംസ്‌ പാർക്കിൽ വച്ചു് വീണ്ടും കണ്ടുമുട്ടി. ആ പാതിരി ചിന്തകളിലും സ്വപ്നങ്ങളിലും മുഴുകിയവനായിരുന്നു. തെറ്റായ കണക്കുകൂട്ടൽ നടത്തിയ ഒരു ഗണിതശാസ്ത്രജ്ഞനേക്കാൾ ചിന്നിച്ചിതറിയവനായി അവൻ കാണപ്പെട്ടു.

“എന്താ നിങ്ങളുടെ പ്രശ്നം? ബ്ലാഡറോ അതോ വൻകുടലോ നിങ്ങളെ ശല്യപ്പെടുത്തുന്നതു്?” സിഡ്രാക്‌ ചോദിച്ചു.

“അല്ല, മൂത്രാശയമല്ല, പിത്താശയമാണു് ഇപ്രാവശ്യത്തെ ആകുലതയ്ക്കു് കാരണം. അൽപം മുൻപു് ഞാൻ കാൽനടയായി പോകുകയായിരുന്നു. അപ്പോളതാ ഗ്ലോസ്റ്ററിലെ വായാടിയും ലജ്ജയില്ലാത്തവിധം പണ്ഡിതമ്മന്യനുമായ ബിഷപ്പു് മനോഹരമായ ഒരു വാഹനത്തിൽ പോകുന്നു; അതെന്നെ വല്ലാതെ ദ്വേഷ്യം പിടിപ്പിച്ചു. ഞാൻ ആലോചിച്ചതു്, നമ്മുടെ രാജ്യത്തിൽ ഒരു ബിഷപ്പു് സ്ഥാനത്തിനുവേണ്ടി ഞാൻ ശ്രമിച്ചാൽ എനിക്കതു് ലഭിക്കുകയില്ല എന്നതിന്റെ പേരിൽ ആർക്കുവേണമെങ്കിലും ഒന്നിനു് പതിനായിരം എന്ന തോതിൽ ബെറ്റ്‌ വയ്ക്കാം, കാരണം, നമുക്കു് ഇംഗ്ലണ്ടിൽ പതിനായിരം പാതിരിമാരുണ്ടു്. ബധിരനായിരുന്ന മിലോർഡ്‌ ചെസ്റ്റർഫീൽഡ്‌ മരിച്ചുപോയതിനാൽ എന്നെ സ്പോൺസർ ചെയ്യാൻ ഇപ്പോൾ ആരുമില്ല. ഇനി, ഇപ്പറഞ്ഞ പതിനായിരം ആംഗ്ലിക്കൻ പാതിരിമാർക്കു് ഓരോരുത്തർക്കും ഈരണ്ടു് പേയ്ട്രണുകൾ ഉണ്ടെന്നു് നമ്മളൊന്നു് സങ്കൽപിച്ചുനോക്കിയാൽ, എനിക്കു് ബിഷപ്പു് സ്ഥാനം ലഭിക്കില്ല എന്നതിനു് ഒന്നിനു് ഇരുപതിനായിരം എന്നുപോലും ആർക്കും ഉറപ്പായി ബെറ്റ്‌ വയ്ക്കാം. അതിനെപ്പറ്റി ചിന്തിച്ചാൽ ആർക്കായാലും ദ്വേഷ്യം വരും.

മുൻപൊരിക്കൽ ഒരു ഷിപ്പ്‌-ബോയ്‌ ആയി ഇൻഡ്യയിലേക്കു് പോകാൻ ചിലർ എന്നെ ഉപദേശിച്ചതു് ഞാനിപ്പോഴും ഓർമ്മിക്കുന്നു. അവിടെ എനിക്കു് എന്റെ ഭാഗ്യം പരീക്ഷിക്കാമെന്നു് അവർ എനിക്കുറപ്പു് തന്നിരുന്നെങ്കിലും, ഭാവിയിൽ ഒരു സുപ്രഭാതത്തിൽ അഡ്മിറൽ ആവാനാണു് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന തോന്നൽ എനിക്കില്ലായിരുന്നു. അവസാനം, എല്ലാ തൊഴിലുകളും പരിശോധിച്ചതിനുശേഷം, ഒരു പ്രയോജനവുമില്ലാത്ത ഒരു ആത്മീയനായി തുടരാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.”

സിഡ്രാക്‌ അവനെ ഉപദേശിച്ചു: “എങ്കിൽപ്പിന്നെ നിങ്ങൾ പാതിരിയായി തുടരാതെ ഒരു ചിന്തകൻ ആവൂ. ആ തൊഴിലിനു് സമ്പത്തിന്റെ ആവശ്യമില്ല, സമ്പത്തു് ഉണ്ടാവുകയുമില്ല. എത്രയാണു് നിങ്ങളുടെ ഇപ്പോഴത്തെ വരുമാനം?”

“മുപ്പതു് ‘ഗിനി’ മാത്രമാണു് എന്റെ വാർഷികവരുമാനം. എന്റെ വയസ്സിയായ അമ്മായിയുടെ മരണശേഷം അതു് അൻപതായേക്കാം.”

“ഓ, പ്രിയ ഗോഡ്‌മാൻ, സ്വതന്ത്രമായി ജീവിക്കാനും വിചിന്തനം ചെയ്യാനും അതു് ധാരാളം മതി. മുപ്പതു് ഗിനി അറുന്നൂറ്റിമുപ്പതു് ഷില്ലിംഗ്‌ ആണു്: അതായതു്, ഒരു ദിവസത്തേക്കു് ഏകദേശം രണ്ടു് ഷില്ലിംഗ്‌. ഫിലിപ്സിനു് ഒരു ദിവസത്തേക്കു് ഒരു ഷില്ലിംഗ്‌ മതിയായിരുന്നു. ഇത്രയും ഉറപ്പായ വരുമാനത്തിന്റെ പിൻബലത്തിൽ, ഈസ്റ്റ്‌ ഇൻഡ്യാ കമ്പനിയെപ്പറ്റിയും, പാർലമെന്റിനെപ്പറ്റിയും, നമ്മുടെ കോളണികളെപ്പറ്റിയും, രാജാവിനെപ്പറ്റിയും, അസ്തിത്വത്തെപ്പറ്റി പൊതുവേതന്നേയും, ദൈവത്തെപ്പറ്റിയും, മനുഷ്യരെപ്പറ്റിയും നിങ്ങൾ ചിന്തിക്കുന്നതു് മുഴുവനും വിളിച്ചുപറയാൻ ഒരു ചിന്തകൻ എന്നനിലയിൽ നിങ്ങൾക്കു് കഴിയും. അതു് ഭയങ്കര രസമുള്ള ഒരു ജോലിയാണുതാനും. ആഹാരം നിങ്ങൾക്കു് എന്നോടൊപ്പം കഴിക്കാമെന്നതിനാൽ അതുവഴിയും പണം ലാഭിക്കാം. അങ്ങനെ നമുക്കു് പരസ്പരം ചർച്ചകളിൽ ഏർപ്പെടാം. എന്റെ വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ പരിചിന്തനശേഷി ആനന്ദത്തിൽ ആറാടും. മനുഷ്യർക്കു് ഇതുവരെ വേണ്ടത്ര വിസ്മയത്തോടെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത വളരെ ശ്രദ്ധേയമായ ഒരു കാര്യമാണതു്.”

അദ്ധ്യായം – 4

ഡോക്ടർ ഗോഡ്‌മാനും ശരീരശാസ്ത്രജ്ഞനായ സിഡ്രാകും തമ്മിൽ ആത്മാവിനെയും മറ്റു് കാര്യങ്ങളെയും പറ്റി നടത്തുന്ന സംഭാഷണം:

ഗോഡ്‌മാൻ: എന്നാലുമെന്റെ പ്രിയ സിഡ്രാക്‌, നിങ്ങൾ എന്തിനാണു് എപ്പോഴും ‘എന്റെ പരിചിന്തനശേഷി’ എന്നു് പറയുന്നതു്? നിങ്ങൾ എന്തുകൊണ്ടു് ലളിതമായി ‘എന്റെ ആത്മാവു്’ എന്നു് പറയുന്നില്ല? ആത്മാവിനു് നീളം കുറവാണു്, അതെനിക്കു് മറ്റേതുപോലെതന്നെ നന്നായി മനസ്സിലാവുകയും ചെയ്യും.

സിഡ്രാക്‌: പക്ഷേ അപ്പോൾ എനിക്കതു് സ്വയം മനസ്സിലാവില്ല. ചിന്തിക്കാനും സംസാരിക്കാനുമുള്ള ശേഷി ദൈവം എനിക്കു് നൽകിയിട്ടുണ്ടെന്നതു് എനിക്കു് അനുഭവവേദ്യമാണു്, അതെനിക്കറിയുകയും ചെയ്യാം; എന്നാൽ, മനുഷ്യർ ‘ആത്മാവു്’ എന്നു് വിളിക്കുന്ന എന്തോ ഒന്നു് ദൈവം എനിക്കു് നൽകിയിട്ടുണ്ടോ എന്നു് അനുഭവിക്കാനോ അറിയാനോ എനിക്കു് കഴിയുന്നില്ല.

ഗോഡ്‌മാൻ: വാസ്തവം, അതിനെപ്പറ്റി കൂടുതൽ ചിന്തനം ചെയ്യുമ്പോൾ, ആത്മാവിനെപ്പറ്റി ഒന്നും എനിക്കറിയില്ലെന്നും, ഞാൻ ഇക്കാലമത്രയും ചിലതൊക്കെ എനിക്കറിയാമെന്നു് വലിയ തന്റേടത്തോടെ എന്നെത്തന്നെ ധരിപ്പിക്കുകയായിരുന്നുവെന്നും എനിക്കു് ബോദ്ധ്യമാവുന്നു. കിഴക്കൻ രാജ്യങ്ങളിലെ ജനങ്ങൾ ആത്മാവു് എന്നതിനു് ‘ജീവൻ’ എന്ന അർത്ഥം വരുന്ന പദം ഉപയോഗിക്കുന്നതായി ഞാൻ കണ്ടെത്തിയിട്ടുണ്ടു്. അവരുടെ മാതൃക സ്വീകരിച്ചു് റോമാക്കാർ ‘anima’ എന്ന വാക്കു് ആദ്യം മൃഗങ്ങളുടെ ജീവൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ശ്വാസമാണു് ആത്മാവു് എന്നു് ഗ്രീക്കുകാർ പറഞ്ഞു. ശ്വാസമാണെങ്കിൽ ഒരു ഇളം കാറ്റാണു്. റോമാക്കാർ ആ വാക്കിനെ ‘spiritus’ എന്നു് തർജ്ജമ ചെയ്തു. അങ്ങനെയാണു് മിക്കവാറും എല്ലാ ആധുനികജനവിഭാഗങ്ങളിലും ആത്മാവു് എന്ന വാക്കു് എത്തിപ്പെട്ടതു്. ഈ ‘ഇളംകാറ്റിനെ’ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ, അതിൽനിന്നും ആർക്കും കാണാനോ തൊടാനോ കഴിയാത്ത ആത്മാവു് എന്ന ഒരു ‘അസ്തിത്വത്തെ’ മനുഷ്യർ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തു. ആത്മാവു് മനുഷ്യരുടെ ശരീരത്തിനുള്ളിൽ പ്രത്യേകം സ്ഥലത്തിന്റെ ആവശ്യമില്ലാതെ വസിക്കുന്നു എന്നും, അതു് നമ്മുടെ അവയവങ്ങളെ തൊടാതെതന്നെ ചലിപ്പിക്കുന്നുവെന്നും പഠിപ്പിക്കപ്പെട്ടു. അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടു് മറ്റെന്തൊക്കെയാണു് ആത്മാവിനെപ്പറ്റി മനുഷ്യർ പറഞ്ഞു് ഫലിപ്പിച്ചതു്! എന്റെ അഭിപ്രായത്തിൽ, നമ്മുടെ എല്ലാ സംസാരങ്ങളും ഉഭയാർത്ഥങ്ങളുടെ അടിത്തറയിലാണു് നിലകൊള്ളുന്നതു്. ഉദാഹരണത്തിനു്, എല്ലാ ഭാഷയിലും കാണാൻ കഴിയുന്നതായ വാക്കുകളുടെ ഈ ഉഭയാർത്ഥസ്വഭാവം മനുഷ്യബുദ്ധിയിൽ നടത്തിയ കടന്നാക്രമണങ്ങൾ എന്തെന്തു് അലങ്കോലങ്ങൾക്കാണു് കാരണഭൂതമായതെന്നതിനെപ്പറ്റി ബുദ്ധിമാനായിരുന്ന ലോക്ക്‌ എങ്ങനെയാണു് ചിന്തിച്ചിരുന്നതെന്നു് എനിക്കറിയാം. മെറ്റഫിസിക്സിനെപ്പറ്റി എഴുതപ്പെട്ടവയിൽ എന്തെങ്കിലും അർത്ഥമുള്ള ഒരേയൊരു പുസ്തകത്തിൽ (An Essay Concerning Human Understanding – John Locke) ആത്മാവിനുവേണ്ടി ഒരദ്ധ്യായം പോലും അവൻ നീക്കിവച്ചില്ല. യാദൃച്ഛികമായി എവിടെയെങ്കിലും അവനു് ആ വാക്കു് ആവശ്യമായി വന്നപ്പോഴെല്ലാം, അതു് ഉപയോഗിക്കപ്പെട്ടിരിക്കുന്നതു് ബോധം എന്ന അർത്ഥത്തിലാണു്.

മനുഷ്യർക്കു് ബോധമുണ്ടെന്നും, അവരിൽ ചിന്തകൾ രൂപമെടുക്കുന്നുണ്ടെന്നും, സമാഹരിക്കപ്പെടുന്നുണ്ടെന്നും, വിശകലനം ചെയ്യപ്പെടുന്നുണ്ടെന്നും വാസ്തവത്തിൽ ഓരോരുത്തർക്കും അറിയാം. പക്ഷേ, തനിക്കു് ചലനങ്ങളും അനുഭവങ്ങളും, ചിന്തകളും പ്രദാനം ചെയ്യുന്ന മറ്റൊരു അസ്തിത്വം തന്നിൽ വസിക്കുന്നുണ്ടെന്നു് ആർക്കും അറിവില്ല. തനിക്കു് അറിഞ്ഞുകൂടാത്ത വാക്കുകൾ പറയുന്നതും, തനിക്കു് നേരിയ ഗ്രാഹ്യം പോലുമില്ലാത്ത ഒന്നു് ഉള്ളതായി സങ്കൽപിക്കുന്നതും അടിസ്ഥാനപരമായി നോക്കിയാൽ പരിഹാസ്യമാണു്.

സിഡ്രാക്‌: അങ്ങനെ, നൂറ്റാണ്ടുകളായി തർക്കവിഷയമായിരുന്ന ആ ഒരു കാര്യത്തിൽ നമ്മൾ ഏകാഭിപ്രായക്കാരായി!

ഗോഡ്‌മാൻ: അതിൽ നമ്മൾ ഏകാഭിപ്രായക്കാരാണെന്നതു് എന്നെ അത്ഭുതപ്പെടുത്തുന്നു!

സിഡ്രാക്‌: നമ്മുടെ രണ്ടുപേരുടെയും ലക്ഷ്യം സത്യം തേടുകയാണെന്നതിനാൽ, അതിൽ അത്ഭുതത്തിനു് വകയൊന്നുമില്ല. നമ്മൾ സ്കൂൾബഞ്ചിൽ ഇരിക്കുകയായിരുന്നെങ്കിൽ റാബ്ലെയുടെ നോവലുകളിലെ (Gargantua and Pantagruel – Francois Rabelais) വിചിത്രരൂപങ്ങളെപ്പറ്റി ആയിരുന്നേനെ നമ്മൾ ചർച്ചചെയ്യുന്നതു്. ഇംഗ്ലണ്ടിനെ ദീര്‍ഘകാലം മൂടിയിരുന്നതുപോലുള്ള ഭീകരമായ അന്ധകാരത്തിന്റെ യുഗത്തിലായിരുന്നു നമ്മൾ ജീവിച്ചിരുന്നതെങ്കിൽ, നമ്മളിലൊരുത്തൻ മറ്റവനെ ചുട്ടുകരിക്കാൻ തയ്യാറായേനെ. പക്ഷേ, നമ്മൾ ജീവിക്കുന്നതു് യുക്തിബോധത്തിന്റെ യുഗത്തിലാണു്. സത്യമാവാൻ സാദ്ധ്യതയുള്ളതെന്തെന്നു് നമ്മൾ എളുപ്പം മനസ്സിലാക്കുകയും അതു് തുറന്നു് പറയുകയും ചെയ്യുന്നു.

ഗോഡ്‌മാൻ: അതേ, പക്ഷേ, ആ സത്യം വലിയ വിലയുള്ളതല്ലെന്നു് ഞാൻ ഭയപ്പെടുന്നു. ഗണിതശാസ്ത്രത്തിൽ നമ്മൾ അപ്പൊളോണിയസിനേയും (Apollonius of Perga) ആർക്കിമെഡിസിനെയും (Archimedes) വിസ്മയിപ്പിക്കാനും അവരെ നമ്മുടെ വിദ്യാർത്ഥികളാക്കാനും പോന്ന അത്ഭുതങ്ങൾ സൃഷ്ടിച്ചു. പക്ഷേ മേറ്റഫിസിക്സിൽ നമ്മുടെ അജ്ഞതയല്ലാതെ മറ്റെന്താണു് നമ്മൾ കണ്ടെത്തിയതു്?

സിഡ്രാക്‌: അതത്ര നിസ്സാരമാണോ? അനുഭവിക്കാനും ചിന്തിക്കാനുമുള്ള ശേഷിയും, അതുപോലെതന്നെ, ചലിക്കാനുള്ള ശേഷി കാലുകൾക്കും, ആയിരം കാര്യങ്ങൾ ചെയ്യുന്നതിനുള്ള കഴിവു് കൈകൾക്കും, ദഹിപ്പിക്കാനുള്ള ശേഷി ആമാശയത്തിനും കുടലുകൾക്കും, രക്തം ഞരമ്പുകളിലേക്കു് പമ്പുചെയ്യുന്നതിനുള്ള ശേഷി നിങ്ങളുടെ ഹൃദയത്തിനുമെല്ലാം ലഭിച്ചതു് അത്യുന്നതനായ ഒരു അസ്തിത്വത്തിൽനിന്നുമാണെന്നു് നിങ്ങൾ സമ്മതിക്കുന്നു. എല്ലാം നമുക്കു് അവനിൽ നിന്നും ലഭിക്കുന്നു. സ്വയം എന്തെങ്കിലും നൽകാൻ നമുക്കു് കഴിയുന്നില്ല. പ്രപഞ്ചത്തിന്റെ നാഥൻ നമ്മെ നയിക്കാൻ എന്തു് ഉപകരണങ്ങളാണു് ഉപയോഗിക്കുന്നതെന്നു് നമുക്കറിയില്ല. വസ്തുതകളുടെ ഉത്ഭവത്തെപ്പറ്റി എത്ര പരിമിതമാണു് എന്റെ അറിവു് എന്നു് മനസ്സിലാക്കിത്തന്നതിന്റെ പേരിൽ ഞാൻ അവനോടു് നന്ദിയുള്ളവനാണു്.

ആത്മാവു് ശരീരവുമായി എങ്ങനെ പ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നു് നിജപ്പെടുത്തുവാൻ മനുഷ്യർ എപ്പോഴും ശ്രമിച്ചിരുന്നു. അതിനു് ആദ്യം ആത്മാവു് എന്നൊന്നുണ്ടോ എന്നറിയണം. ഒന്നുകിൽ ദൈവം നമുക്കു് ഒരു ആത്മാവിനെ സമ്മാനിച്ചു, അല്ലെങ്കിൽ അതിനു് തുല്യമായ ഒന്നിനെ നമുക്കു് നൽകി. ഏതുവിധത്തിലാണു് അവൻ അതു് ചെയ്തതെങ്കിലും, നമ്മൾ അവന്റെ കൈകളിലാണു് വസിക്കുന്നതു്. അവൻ നമ്മുടെ നാഥനാണു്, അതു് മാത്രമാണു് എനിക്കാകെ അറിയാവുന്നതു്.

ഗോഡ്മാൻ: ചുരുങ്ങിയപക്ഷം, അതിനെപ്പറ്റി നിങ്ങൾ എന്താണു് ഊഹിക്കുന്നതെന്നെങ്കിലും എന്നോടു് പറയൂ. നിങ്ങൾ ഒരുപാടു് തലച്ചോറുകൾ കീറിമുറിച്ചിട്ടുണ്ടു്, ഭ്രൂണങ്ങളെയും ഗർഭസ്ഥശിശുക്കളെയും കണ്ടിട്ടുമുണ്ടു്. ഒരു ആത്മാവു് ആവാൻ നേരിയ സാദ്ധ്യതയുള്ള എന്തെങ്കിലുമൊന്നിനെ അക്കൂട്ടത്തിൽ എവിടെയെങ്കിലും കാണാൻ നിങ്ങൾക്കു് കഴിഞ്ഞിട്ടുണ്ടോ?

സിഡ്രാക്‌: അതുപോലൊന്നും കണ്ടിട്ടില്ല. പോരെങ്കിൽ, ശരീരമില്ലാത്ത, മരണമില്ലാത്ത എന്തോ ഒന്നിനു്, ദുർഗ്ഗന്ധവാഹിയായ ഒരു തൊലിയ്ക്കുള്ളിൽ, ഒരാവശ്യവുമില്ലാതെ മൂത്രത്തിനും മലത്തിനുമിടയിൽ എങ്ങനെ ഒൻപതു് മാസക്കാലം ഒളിച്ചു് താമസിക്കാൻ കഴിയുന്നുവെന്നും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ശരീരത്തിന്റെ രൂപമെടുക്കലിനു് മുൻപുതന്നെ ആത്മാവു് സ്വതന്ത്രമായി നിലനിൽക്കുന്നുണ്ടെന്ന അവകാശവാദവും എന്നെസംബന്ധിച്ചു് ദുര്‍ഗ്രാഹ്യമാണു്, കാരണം, ഒരു മനുഷ്യനിൽ ആത്മാവു് ആകുന്നതിനു് മുൻപു്, എത്രയോ നൂറ്റാണ്ടുകളിൽ, ഈ വെറും ആത്മാവു് എന്തു് ചെയ്യുകയായിരുന്നു? അൽപം ദ്രവ്യത്തിനു് ഏതാനും മിനുട്ടു് സമയത്തേക്കു് ജീവൻ നൽകേണ്ട ഒരു നിമിഷത്തിനുവേണ്ടി അനന്തമായ കാലം കാത്തിരിക്കുന്ന ഒരു അസ്തിത്വത്തെ എങ്ങനെയാണു് നമുക്കു് സങ്കൽപിക്കാനാവുക? ഇനി, ഭ്രൂണം ഗർഭപാത്രത്തിൽ വച്ചുതന്നെ മരിക്കുന്ന ഒരു സാഹചര്യത്തിൽ, ആ ഭ്രൂണത്തിനു് ജീവൻ നൽകേണ്ടതായിരുന്ന അജ്ഞാതമായ ആ എന്തോ ഒന്നിനു് (ആത്മാവിനു്) എന്താണു് സംഭവിക്കുന്നതു്?

അതിനേക്കാൾ പരിഹാസ്യമായി എനിക്കു് തോന്നുന്നതു്, ഒരു പുരുഷൻ ഒരു സ്ത്രീയുമായി ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ ശ്രമിക്കുന്ന അതേനിമിഷത്തിൽത്തന്നെ ദൈവവും ഒരു ആത്മാവിനെ സൃഷ്ടിച്ചിരിക്കണം എന്നതാണു്. അതിലുപരി, ദൈവത്തിനു് എവിടെയെങ്കിലും ഒരു വ്യഭിചാരമോ, അഗമ്യഗമനമോ സംഭവിക്കുന്നതു് കാത്തിരിക്കേണ്ടിവരുന്നതും, അതുപോലുള്ള അപകീർത്തികളെ അപ്പോഴപ്പോൾ ആത്മാവുകളെ സൃഷ്ടിച്ചു് പാരിതോഷികം നൽകി സഫലീകരിക്കേണ്ടിവരുന്നതും ഒരു ബ്ലാസ്ഫെമിയായിട്ടാണു് ഞാൻ കരുതുന്നതു്. അതിലുമെത്രയോ ദയനീയമാണു് ദൈവം ശൂന്യതയിൽ നിന്നും അനശ്വരമായ ആത്മാക്കളെ എടുത്തു് അവയെ നിത്യവും ക്രൂരവുമായ ദുരിതങ്ങൾ അനുഭവിക്കാൻ ഭൂമിയിലെ ഉരുക്കളിലേക്കു് അയക്കുകയാണു് എന്നു് പറയുന്നതു്. അതുപോലെ അസ്തിത്വമില്ലാത്ത, തീപിടിക്കാനാവുന്ന യാതൊന്നുമില്ലാത്ത ഒന്നിനു് എങ്ങനെയാണു് തീപിടിപ്പിക്കാനാവുക, എങ്ങനെയാണു് നമുക്കു് ശബ്ദത്തിലെ സ്വരത്തെ, വീശിയകലുന്ന ഒരു കാറ്റിനെ കത്തിക്കാനാവുക? എങ്കിലും, ആ സ്വരത്തിനും, ആ കാറ്റിനും, അവയെ നമ്മൾ അനുഭവിക്കുന്ന സമയത്തു് നൈസർഗ്ഗികമായ എന്തോ ഒന്നുണ്ടു്. പക്ഷേ, ഒരു വെറും ആത്മാവു്? ഒരു ചിന്ത? ഒരു നിരാശ? അവിടെ എന്റെ ധാരണാശക്തി അവസാനിക്കുകയാണു് ചെയ്യുന്നതു്. ഞാൻ എങ്ങോട്ടു് തിരിഞ്ഞാലും അവിടെയെല്ലാം അന്ധകാരവും, വൈരുദ്ധ്യവും, അസാദ്ധ്യതയും, പരിഹാസ്യതയും, മിഥ്യാഭാവനയും, അനുമാനവും, മസ്തിഷ്കഭൂതങ്ങളും, മണ്ടത്തവും, വിഡ്ഢിത്തവും, ചതിയും മാത്രം.

എങ്കിലും ഞാൻ എന്നോടു് ഇങ്ങനെ പറഞ്ഞു് സംതൃപ്തനാവുന്നു: ദൈവം എന്ന നാഥൻ എണ്ണമറ്റ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു, ചെറിയതും അന്യമായതും, അദൃശ്യമായതും, ആത്മാവു് എന്നു് വിളിക്കപ്പെടുന്നതുമായ ഒരു കണികയുടെ സഹായമില്ലാതെ നമുക്കു് ബോധവും ചിന്താശേഷിയും നൽകാൻ മാത്രം ശക്തനാണു് അവൻ.

എല്ലാ മൃഗങ്ങളെയും ദൈവം ഒരുക്കിയിരിക്കുന്നതു് ബോധവും ഓർമ്മശക്തിയും, വൈഭവവും നൽകിയാണു്. ദൈവം അവയ്ക്കു് ജീവൻ നൽകി. ജീവനോ അല്ലെങ്കിൽ ആത്മാവോ നൽകുന്നതും ഒരുപോലെതന്നെ നല്ലതാണു്. മൃഗങ്ങൾ ജീവിക്കുന്നു എന്നും, അവയ്ക്കു് വികാരങ്ങൾ ഉണ്ടെന്നും, അനുഭവേന്ദ്രിയങ്ങൾ ഉണ്ടെന്നും നമുക്കറിയാവുന്ന കാര്യമാണു്. ഒരു ആത്മാവിന്റെ സഹായമില്ലാതെ അവയ്ക്കു് ഇതെല്ലാം ഉണ്ടാവാമെങ്കിൽ, മനുഷ്യനു് മാത്രം എന്തു് വില നൽകിയിട്ടായാലും ഒരു ആത്മാവു് ഉണ്ടായേ തീരൂ എന്നു് എന്തിനിത്ര നിർബന്ധം?

ഗോഡ്‌മാൻ: അതൊരുപക്ഷേ പൊങ്ങച്ചത്തിന്റെ പേരിൽ ആയിരിക്കും. ഒരു ആൺമയിലിനു് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ തനിക്കു് ആത്മാവുണ്ടെന്നും, അതു് സ്ഥിതിചെയ്യുന്നതു് തന്റെ വാലിലാണെന്നും അഹങ്കാരത്തോടെ അവൻ അവകാശപ്പെടുമായിരുന്നു എന്നാണെന്റെ ഉത്തമവിശ്വാസം. കുടിക്കുകയും, നടക്കുകയും, ഉറങ്ങുകയും, അനുഭവിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നവരും, വികാരവും, അഹങ്കാരവും, വേദനയും ഉള്ളവരുമായ നമ്മൾ മനുഷ്യരെ സൃഷ്ടിച്ച ദൈവം അവന്റെ രഹസ്യങ്ങളുടെ ഒരംശം പോലും നമുക്കു് വെളിപ്പെടുത്തിയിട്ടില്ല എന്ന നിങ്ങളുടെ അഭിപ്രായത്തോടു് ഞാനും യോജിക്കുന്നു. ഈ വിഷയത്തിൽ, ഞാൻ തൊട്ടുമുൻപു് സൂചിപ്പിച്ച മയിലിനെപ്പോലെതന്നെ നമ്മളും ഒന്നും അറിയുന്നില്ല. ‘എങ്ങനെയെന്നറിയാതെയാണു് നമ്മൾ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതു്’ എന്നു് പറഞ്ഞവൻ ഒരു വലിയ സത്യമാണു് വെളിപ്പെടുത്തിയതു്.

‘ഈശ്വരേച്ഛയുടെ മാരിയണെറ്റുകൾ’ എന്നു് നമ്മളെ വിളിച്ച ആ മനുഷ്യൻ വളരെ കൃത്യമായാണു് മനുഷ്യരെ വർണ്ണിച്ചതെന്നാണു് എനിക്കു് തോന്നുന്നതു്, കാരണം, നമ്മുടെ നിലനിൽപ്പിനു് എണ്ണമറ്റ ചലനങ്ങൾ ആവശ്യമാണു്. ചലനം നിലവിൽ വരുത്തിയതു് നമ്മളല്ല, നമ്മൾ ചലനത്തിന്റെ നിയമങ്ങൾ മാത്രമാണു് കണ്ടുപിടിച്ചതു്. പ്രകാശത്തെ നിർമ്മിച്ചതും, അതിനെ എട്ടു് മിനുട്ടുകൊണ്ടു് സൂര്യനിൽ നിന്നും നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നതുമായ ഒരു അസ്തിത്വമുണ്ടു്. ചലനം വഴി മാത്രമേ എന്റെ അഞ്ചു് ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നുള്ളു, ഈ അഞ്ചു് ഇന്ദ്രിയങ്ങൾ വഴി മാത്രമേ എനിക്കു് ചിന്തകൾ ഉള്ളു: അതിനർത്ഥം, ചലനത്തിന്റെ സ്രഷ്ടാവാണു് എനിക്കു് ചിന്തകൾ നൽകുന്നതു്. എങ്ങനെയാണു് അവൻ എനിക്കതു് നൽകുന്നതെന്നുകൂടി എന്നോടൊന്നു് പറഞ്ഞിരുന്നെങ്കിൽ, ഞാൻ താഴാഴ്മയോടെ അവനെ എന്റെ നന്ദി അറിയിക്കുമായിരുന്നു. അല്ലെങ്കിൽത്തന്നെ, ഏപിൿറ്റെറ്റസ്‌ (Epictetus) പറഞ്ഞതുപോലെ, വിശിഷ്ടമായ ഈ ലോകനാടകം കാണാൻ ഏതാനും വർഷങ്ങൾ എനിക്കനുവദിച്ചുതന്നതിനു് ഞാൻ അവനോടു് വളരെ നന്ദിയുള്ളവനാണു്. ഒരു നല്ല ജോലിയും, മിസ്‌ ഫിഡ്ലറെയും കൂടി എനിക്കു് സംഘടിപ്പിച്ചുതന്നു് വേണമെങ്കിൽ അവനു് എന്നെ തീർച്ചയായും കൂടുതൽ ഭാഗ്യവാനാക്കാമായിരുന്നു, എങ്കിലും എന്റെ അറുന്നൂറ്റിമുപ്പതു് ഷില്ലിംഗ്‌ വാർഷികവരുമാനത്തിന്റെ പേരിൽ ഞാൻ അവനോടു് ഇപ്പോൾത്തന്നെ ഒരുപാടു് നന്ദി പറയാൻ കടപ്പെട്ടവനാണു്.

സിഡ്രാക്‌: നിങ്ങൾക്കൊരു നല്ല ജോലി ഏർപ്പാടാക്കിത്തന്നു് നിങ്ങളെ ഇപ്പോൾ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാഗ്യവാനാക്കാൻ ദൈവത്തിനു് കഴിയുമായിരുന്നു എന്നു് നിങ്ങൾ പറയുന്നു. പക്ഷേ അങ്ങനെ ചിന്തിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുമുണ്ടു്. ഈശ്വരേച്ഛയെപ്പറ്റി നിങ്ങൾതന്നെ പരാതിപ്പെട്ടതു് നിങ്ങൾ ഓർമ്മിക്കുന്നില്ലേ? പാതിരിയാവാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ പരസ്പരവിരുദ്ധമായി സംസാരിക്കരുതു്. നിങ്ങൾ ആഗ്രഹിച്ചതുപോലെ, മിസ്‌ ഫിഡ്ലറെയും ആ ഇടവകയും നിങ്ങൾക്കു് കിട്ടിയിരുന്നെങ്കിൽ അവളിൽ നിന്നും ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതു് നിങ്ങളുടെ എതിരാളിയല്ല നിങ്ങളായിരുന്നേനെ എന്നു് എന്തുകൊണ്ടാണു് നിങ്ങൾ മനസ്സിലാക്കാത്തതു്? അങ്ങനെ നിങ്ങൾ ആ കുഞ്ഞിനെ ജനിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ഒരു ഷിപ്പ്‌-ബോയിയിൽ നിന്നും ഒരു അഡ്മിറൽ ആയി പ്രമോഷൻ നേടുകയും ഗംഗാനദീമുഖത്തു് വച്ചു് നടക്കുന്ന ഒരു കടൽയുദ്ധത്തിൽ ജയിക്കുകയും മഹാനായ ഒരു മുഗൾ ചക്രവർത്തിയെ സിംഹാസനഭ്രഷ്ടനാക്കുകയും ചെയ്യുമായിരുന്നിരിക്കാം. അതുകൊണ്ടുമാത്രം സകലപ്രപഞ്ചത്തിന്റെയും വ്യവസ്ഥാപിതനിയാമകതത്ത്വസംഹിത മാറിമറിഞ്ഞുപോകുമായിരുന്നേനെ. അതായതു്, നിങ്ങളുടെ സഹതൊഴിലാർത്ഥിക്കു് ആ ഇടവക കിട്ടാതിരിക്കുകയും, അതുവഴി അവൻ മിസ്‌ ഫിഡ്ലറെ കല്യാണം കഴിക്കാതിരിക്കുകയും, നിങ്ങൾ വയസ്സിയമ്മായിയുടെ മരണം വരെ അറുന്നൂറ്റിമുപ്പതു് ഷില്ലിംഗിൽ ഒതുങ്ങി ജീവിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അതിനായി നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രപഞ്ചം ആവശ്യമായി വരുമായിരുന്നു. എല്ലാം പരസ്പരം കെട്ടുപിണഞ്ഞു് കിടക്കുകയാണു്. എന്റെ പ്രിയ സുഹൃത്തു് ഗോഡ്‌മാനോടുള്ള സ്നേഹത്തിന്റെ പേരിൽ ദൈവം നിത്യമായ ഒരു ശൃംഖലയെ മുറിച്ചു് കുളമാക്കുകയില്ല.

ഗോഡ്‌മാൻ: ഈശ്വരേച്ഛയേപ്പറ്റി പറഞ്ഞപ്പോൾ ഇങ്ങനെയൊരു വിവക്ഷിതാർത്ഥത്തെപ്പറ്റി ഇത്ര ഗഹനമായി ഞാൻ ചിന്തിച്ചിരുന്നില്ല. എങ്കിലും, നിങ്ങൾ പറയുന്നതുപോലെയാണു് കാര്യങ്ങളെങ്കിൽ, ദൈവവും എന്നേപ്പോലെതന്നെ ഒരു അടിമയല്ലേ?

സിഡ്രാക്‌: അവന്റെ ഇച്ഛയുടെ, അവന്റെ ബുദ്ധിയുടെ, അവൻ നിശ്ചയിച്ച നിയമത്തിന്റെ, അനിവാര്യമായ അവന്റെ പ്രകൃതിയുടെ അടിമയാണു് അവൻ. നമ്മേപ്പോലെ ബലഹീനനോ, സ്ഥിരതയില്ലാത്തവനോ, ക്ഷണികനോ അല്ലാത്തതിനാലും, നിരുപാധികവും നിത്യവുമായ ഒരു അസ്തിത്വത്തിനു് ഒരു കാലാവസ്ഥക്കാറ്റാടി ആവാൻ കഴിയില്ല എന്നതിനാലും, അവയ്ക്കു് പരുക്കേൽപിക്കാൻ ദൈവത്തിനാവില്ല.

ഗോഡ്‌മാൻ: മിസ്റ്റർ സിഡ്രാക്‌, അതു് നമ്മെ നേരിട്ടു് അവിശ്വാസത്തിലേക്കാണു് നയിക്കുന്നതു്: ദൈവത്തിനു് ഈ പ്രപഞ്ചത്തിലുള്ളതൊന്നും മാറ്റാനാവില്ലെങ്കിൽ, അവനോടു് പ്രാർത്ഥിക്കുന്നതിനും, അവനെ പുകഴ്ത്തുന്നതിനും എന്താണർത്ഥം?

സിഡ്രാക്‌: എന്തു്! ആരാണു് ദൈവത്തോടു് പ്രാർത്ഥിക്കണമെന്നും ദൈവത്തെ പുകഴ്ത്തണമെന്നും നിങ്ങളോടു് പറയുന്നതു്? നിങ്ങളുടെ സ്തുതിഗീതങ്ങളും യാചനകളും സത്യമായും അവനു് ആവശ്യമില്ല! മനുഷ്യർ ഒരുവനെ പുകഴ്ത്തുന്നതു് അവർ അവനെ ഒരു പൊങ്ങച്ചക്കാരനായി കരുതുന്നതുകൊണ്ടാണു്. മനുഷ്യർ ഒരുവനോടു് യാചിക്കുന്നതു് അവർ അവനെ ഒരു ബലഹീനനായി കരുതുന്നതുകൊണ്ടാണു്, അവന്റെ മനസ്സു് മാറ്റാനാവുമെന്നു് അവർ പ്രതീക്ഷിക്കുന്നതുകൊണ്ടാണു്. ദൈവത്തോടുള്ള നമ്മുടെ കടമ നിർവ്വഹിക്കണം, അവനെ ബഹുമാനിക്കണം, നീതി പുലർത്തണം: അതാണു് യഥാർത്ഥ പുകഴ്ത്തലും, യഥാർത്ഥ പ്രാർത്ഥനയും.

ഗോഡ്‌മാൻ: മിസ്റ്റർ സിഡ്രാക്‌, നമ്മൾ വിശാലമായ ഒരു പ്രദേശം മുഴുവൻ ചർച്ച ചെയ്തു. മിസ്‌ ഫിഡ്ലറെ ഒഴിവാക്കിയാൽ, നമുക്കൊരു ആത്മാവുണ്ടോ, ഒരു ദൈവമുണ്ടോ, അവനു് മാറാൻ കഴിയുമോ, നമ്മൾ രണ്ടു് ജീവിതത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ടവരാണോ … മുതലായ ധാരാളം കാര്യങ്ങൾ നമ്മൾ ഇവിടെ അപഗ്രഥനം ചെയ്തു. അതെല്ലാം വളരെ ആഴത്തിലുള്ള പഠനങ്ങളാണു്. ഒരു പാതിരി ആയിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഒരിക്കലും ഈ ചോദ്യങ്ങളെപ്പറ്റി ചിന്തിക്കുകയില്ലായിരുന്നു. ഉന്നതവും, അവശ്യവുമായ ഈ പഠനം നിർബന്ധമായും തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം, എനിക്കു് അതിനായി ധാരാളം സമയമുണ്ടു്.

സിഡ്രാക്‌: നല്ലതു്! നാളെ ഞാൻ ലഞ്ചിനു് ഡോക്ടർ ഗ്രൗവിനെ പ്രതീക്ഷിക്കുന്നു. ശ്രീമാന്മാരായ ബാങ്ക്സും സൊലാൻഡറുമൊരുമിച്ചു് ഒരു ലോകയാത്ര നടത്തിയ അവൻ സമർത്ഥനായ ഒരു ഡോക്ടറാണു്. കോവെന്റ്‌ഗാർഡനിൽ നിന്നും പുറത്തു് കടന്നിട്ടില്ലാത്ത എല്ലാവരെക്കാളും കൂടുതലായി ദൈവവും ആത്മാവും, സത്യവും മിഥ്യയും, ശരിയായതും ശരിയല്ലാത്തതും തമ്മിൽ തരംതിരിക്കാൻ തീർച്ചയായും അവനു് കഴിയും. കൂടാതെ, ഡോക്ടർ ഗ്രൗ അവന്റെ ചെറുപ്പത്തിൽ മുഴുവൻ യൂറോപ്പും കണ്ടിട്ടുണ്ടു്, റഷ്യയിലെ അഞ്ചോ ആറോ വിപ്ലവങ്ങൾക്കു് സാക്ഷിയായിരുന്നിട്ടുണ്ടു്, കോൺസ്റ്റാന്റിനോപ്പിളിൽ ചെന്നു് ഒരു മുസൽമാനായി മാറിയ പാഷ ബോണ്ണെവൽ പ്രഭുവിനെ നേരിൽ കണ്ടിട്ടുണ്ടു്. വിശേഷിച്ചു്, മുഹമ്മദിനോടുള്ള ബഹുമാനസൂചകമായി തന്റെ ലിംഗാഗ്രം മുറിച്ചുകളഞ്ഞവനും, അയർലണ്ടുകാരനും, പോപ്പിസ്റ്റ്‌ സുവിശേഷകനുമായ മൿകാർത്തിയുമായും, അഗ്രച്ഛേദകർമ്മത്തിൽ മൿകാർത്തിയെ അനുകരിച്ചവനും, പിൽക്കാലത്തു് റഷ്യൻ പട്ടാളത്തിൽ ചേർന്നു് ഫിൻലാൻഡിൽ വച്ചു് സ്വീഡനുമായുള്ള ഒരു യുദ്ധത്തിൽ മരണം കണ്ടവനും, സ്കോട്ട്‌ലണ്ടുകാരനും, പ്രെസ്ബിറ്റീറിയനുമായ (Presbyterianism) റാംസേയുമായും അവൻ ബന്ധത്തിൽ കഴിഞ്ഞിട്ടുണ്ടു്. അതിലെല്ലാമുപരി, ഇതിനോടകം ലിസ്ബനിൽ വച്ചു് ചിതയിൽ എരിക്കപ്പെട്ട ബഹുമാന്യനായ ഫാദർ മലാഗ്രിഡയുമായും അവനു് ബന്ധമുണ്ടായിരുന്നു. വിശുദ്ധകന്യക മറിയം അവളുടെ മാതാവായ വിശുദ്ധ അന്നയുടെ ഗർഭത്തിലായിരുന്നപ്പോൾ ചെയ്ത പ്രവൃത്തികൾ എല്ലാം അവനു് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പേരിലായിരുന്നു അവൻ ചിതയിൽ എരിക്കപ്പെട്ടതു്. ഇത്രയൊക്കെ കണ്ടിട്ടുള്ള മിസ്റ്റർ ഗ്രൗവിനേപ്പോലൊരു മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ മേറ്റഫിസിഷ്യൻ ആയിരിക്കുമെന്ന കാര്യം നിങ്ങളോടു് പ്രത്യേകം പരയേണ്ടതില്ലല്ലോ. അപ്പോൾ, നാളെ ഉച്ചക്കു് എന്റെയടുത്തു് ലഞ്ച്‌, ഗുഡ്ബൈ.

ഗോഡ്‌മാൻ: മറ്റെന്നാളും, പ്രിയപ്പെട്ട മിസ്റ്റർ സിഡ്രാക്‌, കാരണം, വിദ്യ അഭ്യസിക്കുന്നതിനുള്ള ആഗ്രഹം ഒരു ഉച്ചഭക്ഷണത്തിൽ തീരുന്നതല്ല.

(രണ്ടാം ഭാഗം അടുത്തത്തില്‍ )

 
Comments Off on ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്‌മാനും – 1

Posted by on Oct 7, 2010 in ഫിലോസഫി

 

Tags: , ,

യുക്തിക്കു് മംഗളാശംസകൾ – 2

വെനീസിലെ ഓപ്പെറയും കൂടി സന്ദര്‍ശിച്ചശേഷം നമ്മുടെ തീർത്ഥാടകർ അവിടെനിന്നും യാത്രപറഞ്ഞു് ജർമ്മനിയിലെത്തി. ‘കാൾ ഡെർ ഗ്രോസെ’യുടെ (Charlemagne the Great) കാലത്തു് ചതുപ്പുനിലങ്ങൾ നിറഞ്ഞ വിശാലമായ വനപ്രദേശമായിരുന്ന ആ രാജ്യം ഇപ്പോൾ സമാധാനമുള്ള പട്ടണങ്ങളായി വിരിഞ്ഞുനിൽക്കുന്നതു് സംതൃപ്തിയോടെ അവർ നോക്കിക്കണ്ടു. പണ്ടു് ദരിദ്രരും സംസ്കാരശൂന്യരുമായിരുന്ന നാട്ടുരാജാക്കന്മാർ ധനികരും വിദ്യാസമ്പന്നരുമായി മാറിയിരുന്നു. മാന്തിയെടുത്ത പരുക്കൻ കല്ലുകളിൽ മനുഷ്യബലി അർപ്പിച്ചിരുന്ന വെറും മന്ത്രവാദികളായിരുന്നു പഴയ കാലത്തു് അവിടത്തെ പുരോഹിതന്മാർ. പിന്നീടു്, ‘അവനിലോ, അവനോടു് കൂടെയോ, അവനു് കീഴിലോ’ (Consubstantiation vs Transubstantiation) ആണോ, അതോ അല്ലയോ എന്നു് കൃത്യമായി ആർക്കും അറിവില്ലാതിരുന്നതിനാൽ, രക്തപ്പുഴയായി മാറിയ ആ രാജ്യം ഇപ്പോൾ മൂന്നു് ശത്രുമതങ്ങൾ സമാധാനപരമായും സമാന്തരമായും നിലനിൽക്കുന്നതു് കണ്ടു് അവർ അത്ഭുതപ്പെട്ടു. യുക്തി പറഞ്ഞു: ” ദൈവത്തിനു് സ്തുതി, അവസാനം ഇവിടത്തെ ജനങ്ങൾ അവരുടെ ഭ്രാന്തു് ഉപേക്ഷിച്ചു് എന്നിലേക്കുള്ള വഴി കണ്ടെത്തി.”

വിവേകമുള്ളവൾ മാത്രമല്ല, അതിലും വില നൽകേണ്ടതായ, ഉദാരമനസ്ഥിതി ഉള്ളവളുമായിരുന്ന ഒരു രാജ്ഞിയുടെ സന്നിധിയിലേക്കു് യുക്തിയും സത്യവും ആനയിക്കപ്പെട്ടു (Empress Maria Theresa). ആ തീർത്ഥാടകകൾ അവളിൽ അത്രയേറെ സംതൃപ്തരായിരുന്നതിനാൽ, അവിടെ കണ്ട മനോവ്യഥയുണ്ടാക്കുന്നതായ ചില സമ്പ്രദായങ്ങൾ അവർ കണ്ടില്ലെന്നു് നടിച്ചു. അവളുടെ മകനായ കൈസറിൽ അവർ പ്രണയിതരായി (Joseph II).

അതിനുശേഷം സ്വീഡനിൽ എത്തിയപ്പോൾ അവരുടെ ആശ്ചര്യം പെരുകി. ആവേശത്തോടെ അവർ പറഞ്ഞു: “എത്രയോ പ്രയാസമേറിയ വിപ്ലവം എത്ര പെട്ടെന്നാണു് ഇവിടെ സംഭവിച്ചതു്! അതു് വളരെ അപകടകാരി ആയിരുന്നെങ്കിലും സമാധാനപരമായി നടക്കുകയും ചെയ്തു! ആ മഹത്തായ ദിനത്തിനുശേഷം ഇവിടെ നല്ല കാര്യങ്ങൾ സംഭവിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. അതും, യുക്തിബോധം വളരെ വിരളമായി മാത്രം കാണാൻ കഴിയുമായിരുന്ന ഒരു കാലഘട്ടത്തിൽ! ശ്രദ്ധേയമായ ഈ സംഭവം യൂറോപ്പിനെ ഒന്നടങ്കം വിസ്മയഭരിതമാക്കി എന്നതിനാൽ, നമ്മൾ നമ്മുടെ രഹസ്യവാസസ്ഥലം ഉപേക്ഷിക്കാൻ തീരുമാനിച്ചതു് വളരെ ശരിയായ ഒരു കാര്യമായിരുന്നു.”

സ്വീഡനിൽ നിന്നും അവർ പോളണ്ടിലൂടെ യാത്ര തുടർന്നു. അവിടത്തെ അവസ്ഥ കണ്ടപ്പോൾ സത്യം വ്യാകുലയായി: “പ്രിയ മാതാവേ, എന്തൊരു വൈരുദ്ധ്യം! എനിക്കു് തിരിച്ചു് നമ്മുടെ പഴയ കുളത്തിലേക്കു് പോകാൻ തോന്നുന്നു. മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും പ്രയോജനകരമായ ഭാഗം നശിപ്പിക്കപ്പെട്ടാൽ, കർഷകർ അവരുടെ ഉഴവുകുതിരകളെ കൈകാര്യം ചെയ്യുന്നതുപോലെ കർഷകർ കൈകാര്യം ചെയ്യപ്പെട്ടാൽ, എന്തു് സംഭവിക്കുമെന്നു് നമ്മൾ ഇവിടെ കാണുന്നു. അരാജകത്വത്തിന്റെ കുഴമറിയലുകൾ ലജ്ജാവഹമായ അന്ത്യത്തിലേക്കല്ലാതെ മറ്റെങ്ങോട്ടും നയിക്കുകയില്ല എന്ന ദീർഘവീക്ഷണം എത്ര കൃത്യമായിരുന്നു! ജ്ഞാനിയും ശേഷിയുള്ളവനും മനുഷ്യസ്നേഹിയുമായ ഒരു രാജാവിനെയോർത്തു് ഞാൻ ദുഃഖിക്കുകയും, മറ്റു് രാജാക്കന്മാർ ഇതിനോടകം ആയിത്തീർന്നതുപോലെ അവനും ഒരിക്കൽ ഭാഗ്യവാനായിത്തീരുമെന്നു് ഞാൻ ആശിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, പ്രിയ മാതാവെ, നിന്റെ പ്രകാശത്തിനു് അതിന്റെ കിരണങ്ങൾ കൂടുതൽ കൂടുതൽ വ്യാപിപ്പിക്കുവാൻ കഴിയുമെന്നും ഞാനാശിക്കുന്നു.”

അവൾ തുടർന്നു: “ഇനി നമുക്കു് കൂടുതൽ തൃപ്തികരവും ഏറെ ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു രൂപാന്തരീകരണം കാണാം. എൺപതു് വർഷങ്ങൾക്കു് മുൻപു് അങ്ങേയറ്റം അസംസ്കൃതമായിരുന്നിട്ടുപോലും ഇപ്പോൾ ബോധവത്കരിക്കപ്പെട്ടതും അജയ്യമായതും വിസ്തൃതവുമായ വടക്കൻ പ്രദേശങ്ങളിലേക്കു് നമുക്കു് പോകാം. ഒരു പുതിയ സൃഷ്ടിയുടെ അത്ഭുതം പൂർത്തീകരിച്ച ഒരു രാജ്ഞിക്കു് അഭിവാദ്യങ്ങൾ അർപ്പിക്കാം.” അങ്ങനെ, ഉടനെതന്നെ അവിടേക്കു് പുറപ്പെട്ടുചെന്ന അവർക്കു് അവർ കേട്ടതു് അൽപം പോലും കൂടുതലായിരുന്നില്ല എന്നു് സമ്മതിക്കേണ്ടിവന്നു.

ഏതാനും വർഷങ്ങൾ കൊണ്ടു് ലോകം എത്രമാത്രം മാറിപ്പോയി എന്നവർ വീണ്ടും വീണ്ടും അത്ഭുതപ്പെടുകയും, അതിന്റെ വെളിച്ചത്തിൽ, ഒരുപക്ഷേ ചിലിയും ഓസ്റ്റ്രേലിയയും ഒരിക്കൽ നല്ല സ്വരത്തിന്റേയും അഭിരുചിയുടെയും കേന്ദ്രങ്ങൾ ആയേക്കാമെന്നും, നല്ല ജീവിതരീതികൾ പഠിക്കാൻ മനുഷ്യർക്കു് തെക്കൻ ധ്രുവപ്രദേശത്തേക്കു് പോകേണ്ടിവന്നേക്കാമെന്നുമുള്ള നിഗമനത്തിൽ എത്തുകയും ചെയ്തു.

ഇംഗ്ലണ്ടിൽ എത്തിയപ്പോൾ സത്യം അവളുടെ അമ്മയോടു് പറഞ്ഞു: “ഈ രാജ്യത്തിന്റെ ഭാഗ്യം മറ്റു് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യാവുന്നതല്ല എന്നെനിക്കു് തോന്നുന്നു. എനിക്കറിയാവുന്ന മറ്റെല്ലാ രാജ്യങ്ങളിലെയും മനുഷ്യരേക്കാൾ ഭോഷന്മാരും, സ്വപക്ഷാന്ധരും, ഭീകരരും, നിർഭാഗ്യവാന്മാരുമായിരുന്നെങ്കിലും, ഒരു രാജവാഴ്ചയുടെ എല്ല നല്ല വശങ്ങളും അതിനോടൊപ്പം ഒരു റിപ്പബ്ലിക്കിന്റെ എല്ലാ ആവശ്യകോപാധികളും നിലനിർത്തിക്കൊണ്ടു് ഒരു ഐകരൂപ്യഭരണം നിർമ്മിക്കുന്നതെങ്ങനെയെന്നു് മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും ഇവർക്കു് കഴിഞ്ഞു. യുദ്ധസംബന്ധമായ കാര്യങ്ങളിലും, നിയമനിർമ്മാണപരമായ മേഖലകളിലും, കലകളിലും കച്ചവടത്തിലുമാണു് ഇവരുടെ ശ്രേഷ്ഠത കുടികൊള്ളുന്നതു്. ലോകത്തിന്റെ ഒരുവശത്തു് വടക്കേ അമേരിക്കയോടു് ജയിച്ചതും, മറ്റൊരു വശത്തു് സുന്ദരമായ ഇൻഡ്യൻ പ്രോവിൻസുകളെ കീഴ്പ്പെടുത്തിയതും മാത്രമാണു് ഇവരെ പരുങ്ങലിലാക്കിയതു്. എങ്ങനെയാണു് ഇവർക്കു് ഇവരുടെ ഭാഗ്യത്തിന്റെ ഈ ഇരട്ടഭാരം താങ്ങാനാവുന്നതു്?” അതിനു് മറുപടിയായി യുക്തി പറഞ്ഞു: “പ്രയാസമേറിയതാണു് ആ ഭാരമെങ്കിലും, ഈ രാജ്യം കുറച്ചെങ്കിലും ഞാൻ പറയുന്നതു് കേൾക്കാൻ തയ്യാറായാൽ അതു് ലഘൂകരിക്കാനാവുന്ന മാർഗ്ഗം കണ്ടെത്താൻ അവർക്കു് കഴിയും.”

യാത്രയുടെ അവസാനം യുക്തിയും സത്യവും ഫ്രാൻസിൽ എത്തി. ഈ രാജ്യത്തിൽ അവർ പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അപ്പോഴെല്ലാം അവർ ആട്ടിയോടിക്കപ്പെടുകയായിരുന്നു.

സത്യം യുക്തിയോടു് ചോദിച്ചു: “നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ലുഡ്‌വിഗ്‌ പതിനാലാമന്റെ (Ludwig XIV) പ്രതാപകാലത്തു് ഫ്രാൻസിൽ സ്ഥിരതാമസം ആക്കാനായിരുന്നുവെന്നു് നീ ഓർമ്മിക്കുന്നുണ്ടോ? പക്ഷേ, ജെസുവിസ്റ്റുകളുടെയും, ജാൻസെനിസ്റ്റുകളുടെയും നിന്ദ്യമായ കലഹം നമ്മെ നാടുകടത്തുകയായിരുന്നു. ജനങ്ങളുടെ ഇടവിടാതുള്ള രോദനങ്ങൾക്കുപോലും നമ്മെ തിരിച്ചുവിളിക്കാനായില്ല. ഇപ്പോൾ ഞാൻ കേൾക്കുന്നതു് ഇരുന്നൂറു് ലക്ഷം മനുഷ്യരുടെ ആനന്ദഭരിതമായ ആർപ്പിടലാണു്. ഒരുകൂട്ടർ പറയുന്നു: ‘നമുക്കു് ചിലവൊന്നുമില്ലാത്തതുകൊണ്ടു് ഈ സിംഹാസനാരോഹണം കൂടുതൽ ആഹ്ലാദിപ്പിക്കുന്നതാണു്.’ മറ്റു് ചിലർ വിളിച്ചുപറയുന്നു: ‘ലക്ഷ്വറി പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. ഇരട്ട അധികാരസ്ഥാനങ്ങൾ, അധികപ്പറ്റായ ധനവ്യയം, അളവിൽക്കവിഞ്ഞ സമ്പാദ്യങ്ങൾ ഇവയെല്ലാം നിർത്തലാക്കണം, – അവർ പറയുന്നതു് ശരിയാണു്, – ഓരോ പുതിയ നികുതിയും നിഷേധിക്കപ്പെടണം’, – അവർ പറയുന്നതു് ശരിയല്ല, – കാരണം, പൊതുവിന്റെ ഭാഗ്യത്തിനായാണു് ഓരോരുത്തരും നികുതി നൽകുന്നതു്.”

‘നിയമങ്ങൾ ഏകരൂപമായതായിരിക്കണം.’ ഇത്രയും അഭികാമ്യമായതും അതേസമയം പ്രയാസമേറിയതുമായ മറ്റൊന്നുമില്ല. ‘ദാരിദ്ര്യത്തെ തൊഴിൽപരമായ പ്രതിജ്ഞയിലൂടെ ഏറ്റെടുത്ത ചില വൃഥാ സമയംകളയൽകാരുടെ ഭീമമായ സമ്പത്തു് തൊഴിലെടുക്കുന്നവരും എന്നിട്ടും ദരിദ്രരുമായ ജനങ്ങൾക്കും, പ്രത്യേകിച്ചു്, വകയില്ലാത്തവരായ ഉദ്യോഗസ്ഥന്മാർക്കുമായി വീതിച്ചുകൊടുക്കണം. ‘ചത്ത കൈകളുടെ’ ആൾക്കാർ ചത്ത കൈകളുടെ ആളുകളെ അടിമകളാക്കാൻ പാടില്ല. (പൊതുവ്യവഹാരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നതിന്നാല്‍ സമൂഹത്തിന്റെ ദൃഷ്ടിയില്‍ ‘ചത്ത കൈകള്‍ ‘ ആയിരുന്ന സഭയുടെ ഭൂസ്വത്തുക്കള്‍ ) മുൻകാലത്തെ ജേതാക്കളുടേതു് മാത്രമായിരുന്ന വിശേഷാവകാശങ്ങൾ സൂത്രത്തിൽ ഏറ്റെടുത്തു് തങ്ങളുടെയും അവകാശങ്ങളാക്കി ആസ്വദിക്കുന്ന സന്ന്യാസികൾ കോടതികളുടെ നടത്തിപ്പുകാരായി ചമഞ്ഞു് യാചകമന്ദിരത്തിലെത്തിച്ച അനാഥരെ അവരുടെ പിൻതുടർച്ചാവകാശം കൊണ്ടു് മഠങ്ങളുടെ സമ്പത്തു് വർദ്ധിപ്പിക്കുന്നതിനുവേണ്ടി പിതൃഭവനത്തിൽ നിന്നും പുറത്താക്കുന്ന നടപടി അനുവദിച്ചുകൂടാ. എത്രയോ കുടുംബങ്ങൾ അവർക്കുള്ളതെല്ലാം പിടിച്ചുവാങ്ങിയ മഠങ്ങളുടെ പടിവാതിലുകളിൽ നിഷ്ഫലമായി ഭിക്ഷ യാചിച്ചു് നിൽക്കേണ്ടിവരുന്നതു് കാണാൻ മനുഷ്യർ ആഗ്രഹിക്കുന്നില്ല.’ മറ്റൊന്നും ഒരു രാജാവിനു് തക്കതായതല്ല എന്നതിനാൽ, ദൈവം അവനെ ആ മാറ്റങ്ങൾ നടപ്പിൽ വരുത്താൻ സഹായിക്കട്ടെ. സർഡിനിയൻ രാജാവു് അവന്റെ രാജ്യത്തിൽ വൃത്തികെട്ട ഇത്തരം ദുരാചാരങ്ങൾ നിർത്തലാക്കിക്കഴിഞ്ഞു. അവയ്ക്കെല്ലാം ഫ്രാൻസിലും ഉന്മൂലനം സംഭവിക്കാൻ ഇടവരട്ടെ.

രാജ്യത്തിനു് പ്രയോജനകരമായ ലക്ഷക്കണക്കിനു് കുടുംബങ്ങളിൽ നിലവിലിരിക്കുന്ന ദാമ്പത്യബന്ധം മേലിൽ ‘കാടൻദാമ്പത്യം’ എന്നു് മുദ്രകുത്തപ്പെടരുതെന്നും, ഇത്തരം ദാമ്പത്യബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ‘ജാരസന്തതികൾ ‘ എന്നു് വിളിക്കപ്പെടരുതെന്നും വിളിച്ചുപറയുന്നവരുടെ ശബ്ദം മാതാവേ, നീ കേൾക്കുന്നില്ലേ? പ്രകൃതിയും, നീതിയും, നീയും, പ്രിയ മാതാവേ, നിങ്ങളെല്ലാവരും പ്രധാനമായ ഈ കാര്യത്തിനു് ബുദ്ധിപൂർവ്വമായ ഒരു ക്രമീകരണം ആവശ്യപ്പെടുന്നവരാണു് – രാജ്യത്തിന്റെ ശാന്തിയും സമാധാനവുമായും, എല്ലാവിധ മനുഷ്യാവകാശങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു ക്രമീകരണം.

‘ഒരു പട്ടാളക്കാരനും മേലിൽ ജോലി പരിത്യജിക്കാൻ ശ്രമിക്കാതിരിക്കുന്നതിനുവേണ്ടി അവന്റെ ജോലി ഇനിമുതൽ ആദരണീയമായ ഒന്നായി അംഗീകരിക്കപ്പെടണം.’ അതത്ര എളുപ്പമല്ല, എങ്കിലും സാദ്ധ്യമാണു്. ‘എല്ലാം പരസ്പരം ശരിയായ അനുപാതത്തിൽ ആയിരിക്കണമെന്നതിനാൽ, ചെറിയ കുറ്റകൃത്യങ്ങൾ വലിയ കുറ്റകൃത്യങ്ങൾ ആയാലെന്നപോലെ ശിക്ഷിക്കപ്പെടരുതു്. വ്യക്തമല്ലാത്ത പദപ്രയോഗങ്ങൾ മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കരാളനിയമങ്ങൾ ഉപയോഗിച്ചു് അശ്രദ്ധമായും വിവേകശൂന്യമായും പെരുമാറുന്ന കുഞ്ഞുങ്ങൾ, അവർ അവരുടെ അപ്പനെയും അമ്മയേയും കൊന്നാലെന്നപോലെ, ചങ്ങലയിലും തീയിലും മരിക്കാൻ ഇടവരരുതു്. ശിക്ഷാനിയമപുസ്തകങ്ങളുടെ ഏറ്റവും ഉന്നതമായ ആദര്‍ശം അതായിരിക്കണം.

പിതാക്കൾ ചെയ്ത തെറ്റിനു് മക്കൾ പട്ടിണി കിടന്നു് ചാവേണ്ടിവരാതിരിക്കാനും, രാജാവിനു് അതുപോലെ ദയനീയമായ ഒരു കണ്ടുകെട്ടലിന്റെ ആവശ്യമില്ലാത്തതിനാലും, ഒരു കുടുംബനാഥനുള്ള മുഴുവൻ മുതലുകളും സർക്കാരിലേക്കു് കണ്ടുകെട്ടാൻ പാടില്ല. ഒരു ഭരണാധികാരിയുടെ ഉൽകൃഷ്ടതക്കും അതിലുപരി അവന്റെ മഹാമനസ്ക്കതയ്ക്കും അനുയോജ്യമായ ഒരു നടപടി ആയിരിക്കും അങ്ങനെയൊരു പരിഷ്ക്കാരം.

തെരുവിലെ പിടിച്ചുപറിക്കാർ ആക്രമിക്കപ്പെട്ടവനെ അവന്റെ മുതലുകൾ വിട്ടുകൊടുക്കാൻ നിർബന്ധിക്കുന്നതിനായി കണ്ടുപിടിച്ചതും, ഇന്നു് വളരെ ചുരുക്കം രാജ്യങ്ങളിൽ മാത്രം കടുപ്പക്കാരനായ ഒരു കുറ്റവാളിയെ രക്ഷപെടുത്തുന്നതിനു് വേണ്ടിയോ, ബലഹീനനായ ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കുന്നതിനു് വേണ്ടിയോ ഉപയോഗിക്കപ്പെടുന്നതുമായ ദണ്ഡനമുറകൾ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ, അതും സഹകുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നതിനു് വേണ്ടി മാത്രമായിരിക്കണം പ്രയോഗിക്കപ്പെടേണ്ടതു്. പക്ഷേ, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുകയാണു് കൂടുതൽ നല്ലതു്.

ഇതുപോലുള്ള അഭിപ്രായങ്ങൾ എല്ലായിടത്തും ഞാൻ കേൾക്കുന്നു. സാരമായ ഈ സാമൂഹികമാറ്റങ്ങൾ സത്യം എന്ന ഈ ഞാൻ എന്റെ പുരാവൃത്തത്തിൽ എഴുതിച്ചേർക്കും.

കോടതികളിൽ എല്ലാ വശത്തുനിന്നും ഞാൻ ശ്രദ്ധേയമായ ഇത്തരം പ്രസ്താവനകൾ കേൾക്കുന്നു: ‘രണ്ടിൽ ഒന്നിനേ നിലനിൽക്കാനാവൂ എന്നതിനാൽ, മേലിൽ ഒരിക്കലും ഞങ്ങൾ രണ്ടു് പരമാധികാരങ്ങളെ വിളിക്കുകയില്ല: ഒരു രാജാധിപത്യത്തിൽ രാജാവിന്റെ, അഥവാ, നിയമത്തിന്റെ പരമാധികാരം, ഒരു റിപ്പബ്ലിക്കിൽ ജനങ്ങളുടെ പരമാധികാരം. ദൈവികമായ അധികാരം അടിസ്ഥാനപരമായിത്തന്നെ ഇവയിൽ നിന്നും വ്യത്യസ്തവും ഉത്കൃഷ്ടവുമാണെന്നതിനാൽ മനുഷ്യാവകാശത്തിന്റേതും ഭൗമികവുമായ കൂട്ടിച്ചേർക്കലുകൾ വഴി അതു് അധഃപതിപ്പിക്കപ്പെടരുതു്. അപരിമേയമായതിനു് പരിമേയമായതുമായി ബന്ധിക്കാനാവില്ല. അപരിമേയമായതിനെ സഹായത്തിനു് വിളിക്കാൻ ആദ്യമായി ധൈര്യപ്പെട്ടവൻ ഗ്രിഗറി ഏഴാമൻ മാർപ്പാപ്പയായിരുന്നു(Pope Gregory VII). അതും, അതുവരെ ഒരിക്കലും സംഭവിച്ചിട്ടില്ലായിരുന്ന വിധം അന്യായമായി അവൻ വെറും നശ്വരനായ, അതായതു്, തികച്ചും പരിമിതനായ, ഹെൻറി നാലാമൻ കൈസറുമായി (Henry IV, Holy Roman Emperor) നടത്തിയ യുദ്ധത്തിലും. അവസാനം, പരസ്പരം പൊതുവായി ഒന്നും ഇല്ലാത്തവരായ ഈ രണ്ടു് പ്രതാപവാന്മാരേയും വേർപ്പെടുത്തുന്നതുവരെ ഈ യുദ്ധങ്ങൾ ഏറെക്കാലം യൂറോപ്പിനെ രക്തക്കറയാൽ ആവൃതമാക്കി. സമാധാനം ഉണ്ടാക്കാൻ പര്യാപ്തമായ ഒരേയൊരു മാർഗ്ഗം അതായിരുന്നു.’ രാജ്യത്തിലെ മന്ത്രിമാർ നടത്തുന്ന ഇതുപോലുള്ള പ്രസംഗങ്ങൾ വളരെ സാരഗർഭമായതായി എനിക്കു് തോന്നുന്നു. ചൈനയിലോ ഇൻഡ്യയിലോ, പേർഷ്യയിലോ കോൺസ്റ്റാന്റിനോപ്പിളിലോ, മോസ്കോവിലോ ലണ്ടനിലോ മറ്റെവിടെയെങ്കിലുമോ രണ്ടു് പരമാധികാരത്തെ അംഗീകരിക്കുന്നതായി എനിക്കറിവില്ല. എങ്കിലും, മാതാവേ, എല്ലാം ഞാൻ നിന്നിൽ ഭരമേൽപിക്കുകയും നീ പറഞ്ഞുതരുന്നതു് എഴുതുകയും ചെയ്യുന്നു.

അതിനു് മറുപടിയായി യുക്തി പറഞ്ഞു: “പ്രിയ മകളേ, ഏകദേശം അതുതന്നെയാണു്, പോരാ, അതിലും വളരെ കൂടുതലാണു് ഞാനും ആഗ്രഹിക്കുന്നതെന്നു് നിനക്കറിയാമല്ലോ. അതിനെല്ലാം ഏറെ സമയവും ചിന്തനവും ആവശ്യമാണു്. എനിക്കു് ബുദ്ധിമുട്ടു് വരുത്തിയപ്പോഴെല്ലാം, മറ്റുവിധത്തിൽ എനിക്കു് പിൻതുണ ലഭിച്ചിരുന്നു എന്നതിനാൽ, ഞാൻ എല്ലായ്പ്പോഴും സംതൃപ്തയായിരുന്നു. ഇന്നു് ഞാൻ വളരെ ഭാഗ്യവതിയാണു്.”

“ലോകം അഗാധമായ സമാധാനത്തിൽ കഴിഞ്ഞിരുന്നതും, മിക്കവാറും എല്ലാ രാജാക്കന്മാരും അവരുടെ സമയം സമസ്യാപൂരണങ്ങളിലൂടെ ചിലവഴിച്ചിരുന്നതും, സാബായിലെ സുന്ദരിയായ രാജ്ഞി ശലോമോൻ രാജാവിനു് ലോഗോഗ്രിഫുകൾ നൽകിയിരുന്നതുമായ കാലം നീ ഓർക്കുന്നുണ്ടോ?” “ഉവ്വു്, മാതാവേ, അതൊരു നല്ല കാലമായിരുന്നെങ്കിലും, അധികം നീണ്ടുനിന്നില്ല.” അപ്പോൾ യുക്തി ഇടയിൽക്കയറി പറഞ്ഞു: “പക്ഷേ, അതിനേക്കാൾ എത്രയോ മെച്ചമായതാണു് ഇന്നത്തെ കാലം. അക്കാലത്തു് അൽപം മേധാശക്തി പ്രകടിപ്പിക്കുക എന്നതു് മാത്രമായിരുന്നു മനുഷ്യരുടെ ലക്ഷ്യം. ഇന്നു് പക്ഷേ ഞാൻ കാണുന്നതു്, ജീവിതത്തിലെ കഷ്ടപ്പാടുകൾ കഴിവതും ലഘൂകരിക്കുക എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ പത്തു് പന്ത്രണ്ടു് വർഷങ്ങളായി യൂറോപ്പിൽ മനുഷ്യർ കലകളിലേക്കും ധാർമ്മികമായ മറ്റു് മേഖലകളിലേക്കും തിരിയുന്നതായിട്ടാണു്. സഹസ്രാബ്ദങ്ങളിൽ ചെയ്തിട്ടില്ലാത്തത്ര ആഴത്തിൽ കാര്യങ്ങളെപ്പറ്റി ചിന്തനം ചെയ്യുക എന്ന തീരുമാനമാണു് മനുഷ്യൻ എടുത്തിരിക്കുന്നതെന്നാണു് പൊതുവേ എനിക്കു് തോന്നുന്നതു്. ഒരിക്കലും നുണ പറയാൻ കഴിയാത്തവളായ നീതന്നെ പറയൂ, ഇപ്പോഴല്ലാതെ, എപ്പോഴാണു് നീ ഫ്രാൻസിൽ സ്ഥിരവാസമുറപ്പിക്കാൻ തീരുമാനിക്കുക?”

മകളുടെ മറുപടി: “തങ്ങുന്ന പ്രദേശങ്ങളിലെല്ലാം തീർത്തും കഠിനമായ കാര്യങ്ങൾ പറയുന്നവളാണു് ഞാൻ എന്നാണു് ആളുകൾ പൊതുവേ എന്നെപ്പറ്റി പറയാറുള്ളതു്. അതല്ലാതെ എനിക്കു് മറ്റു് മാർഗ്ഗങ്ങൾ ഇല്ല എന്നു് നിനക്കറിയാമല്ലോ. ഒരുപാടു് എഴുത്തുകാർ ഭൂതകാലത്തെ പ്രശംസിക്കുന്നവരാണെങ്കിലും, ഇന്നത്തെ കാലത്തെപ്പറ്റി നല്ലതേ എനിക്കു് പറയാനുള്ളു എന്നു് ഞാൻ സമ്മതിക്കുന്നു.

ഞെട്ടിപ്പിക്കുന്നതും, മരണകരമായതുമായ ഒരു രോഗത്തെ പ്രതിരോധിക്കുവാനും, മനുഷ്യരെ അവരുടെ വേദനകളിൽ നിന്നും മോചിപ്പിക്കുവാനും, വെള്ളത്തിൽ വീണു് ശ്വാസം നിലച്ചവനെ വീണ്ടും ജീവിപ്പിക്കുവാനും, ഇടിമിന്നലിനെ വഴിതിരിച്ചു് വിട്ടു് അതിൽ നിന്നുള്ള അപകടം ഒഴിവാക്കുവാനും, പടിഞ്ഞാറുനിന്നും കിഴക്കോട്ടു് മാറ്റിസ്ഥാപിക്കാൻ ചിലർ ആഗ്രഹിച്ച ‘സ്ഥിരബിന്ദുവിനെ’ പുനഃസ്ഥാപിക്കുവാനുമൊക്കെ ഈ കാലഘട്ടത്തിലെ മനുഷ്യർ പഠിച്ചുകഴിഞ്ഞു എന്നു് വരുംകാലത്തെ മനുഷ്യരെ അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ധാർമ്മികതയുടെ തലങ്ങളിൽ അതിലേറെ കാര്യങ്ങൾ അവർ ചെയ്തുകഴിഞ്ഞു. ധാർമ്മികത വധശിക്ഷക്കു് വിധിക്കുമായിരുന്ന നിയമങ്ങൾക്കെതിരേ നിയമങ്ങളിൽ നിന്നും നീതി ആവശ്യപ്പെടാൻ മനുഷ്യൻ ധൈര്യപ്പെട്ടു. ഏറ്റവും അവസാനം, സഹിഷ്ണുത എന്ന വാക്കു് ഉച്ചരിക്കുവാൻവരെ മനുഷ്യർ ധൈര്യം നേടി.”

അതുകൊണ്ടു്, പ്രിയ മകളേ, ഇവർ അനുവദിക്കുന്നിടത്തോളം ഇവിടെ കഴിഞ്ഞു് ഈ ദിനങ്ങളെപ്പറ്റി നമുക്കു് സന്തോഷിക്കാം. ഇനി, അപ്രതീക്ഷിതമായി ഇടിമിന്നലും കൊടുംകാറ്റും വരികയാണെങ്കിൽ, നമുക്കു് വീണ്ടും നമ്മുടെ കുളത്തിലേക്കു് മടങ്ങാം.

 
Comments Off on യുക്തിക്കു് മംഗളാശംസകൾ – 2

Posted by on Sep 29, 2010 in ഫിലോസഫി

 

Tags: , ,

യുക്തിക്കു് മംഗളാശംസകൾ – 1

ഒരു പ്രോവിൻസ്‌ ഹൈസ്കൂളിൽ മിസ്റ്റർ … ചെയ്ത പ്രസംഗം

(വോൾട്ടയറിന്റെ Eloge historique de la raison, prononce dans une Academie de province par M. …-ന്റെ സ്വതന്ത്രപരിഭാഷ)

ജെന്റിൽമെൻ,

പതിനാറാം നൂറ്റാണ്ടിൽ ഇറാസ്മസ്‌ “ഭോഷത്തത്തിന്റെ ആശംസ” എന്ന പുസ്തകം എഴുതി(Desiderius Erasmus Roterodamus). ഇപ്പോൾ യുക്തിയെപ്പറ്റി (reason) നിങ്ങളോടു് സംസാരിക്കാൻ നിങ്ങൾ എന്നോടു് ആവശ്യപ്പെടുന്നു. വാസ്തവത്തിൽ യുക്തി രണ്ടു് നൂറ്റാണ്ടുകൾക്കു് ശേഷമാണു് ആഘോഷിക്കപ്പെടുന്നതു്, പലപ്പോഴും അതിലേറെ താമസിച്ചും. അതേ, ഇതുവരെ യുക്തി എന്നാൽ എന്തെന്നുപോലും മനസ്സിലാക്കിയിട്ടില്ലാത്ത ജനവിഭാഗങ്ങളുണ്ടു്.

ഡ്രുയിഡുകളുടെ (Druids) കാലത്തു് യുക്തി എന്നതു്, നമ്മുടെ ഭാഷയിൽ അതിനു് ഒരു പേരുപോലും ഇല്ലാതിരുന്നത്ര അജ്ഞാതമായ ഒരു കാര്യമായിരുന്നു. സ്വിറ്റ്‌സർലണ്ടിലേക്കോ, അറ്റാങ്ങ്‌ലേക്കോ, അല്ലെങ്കിൽ, അന്നു് വെറുമൊരു മുക്കുവക്കൂടായിരുന്ന പാരീസിലേക്കോ സീസർ (Gaius Julius Caesar) യുക്തിയെ കൊണ്ടുവന്നിരുന്നില്ല, അതെന്തെന്നു് അവൻ അറിഞ്ഞിരുന്നുമില്ല. അവനു് അത്യുൽകൃഷ്ടമായ അനവധി കഴിവുകൾ ഉണ്ടായിരുന്നതിനാൽ, അവയുടെയെല്ലാമിടയിൽ യുക്തിക്കു് സ്ഥാനമുണ്ടായിരുന്നില്ല. നമ്മുടെ രാജ്യം നശിപ്പിച്ചു് തരിശുഭൂമിയാക്കിയശേഷം മഹാനുഭാവനായ ആ വിഡ്ഢി ഇവിടം വിട്ടു് പോയതു് സ്വന്തം രാജ്യം തകർത്തു് തരിപ്പണമാക്കാനും, അവന്റെ അഞ്ചയലത്തു് വരാൻ യോഗ്യതയില്ലാത്ത വേറെ ഇരുപത്തിമൂന്നു് കുലീനവിഡ്ഢികളാൽ ഇരുപത്തിമൂന്നു് കഠാരിക്കുത്തു് ഏറ്റുവാങ്ങാനുമായിരുന്നു.

അതിനും അഞ്ഞൂറു് വർഷങ്ങൾക്കു് ശേഷം ക്ലോഡ്‌വിഗ്‌ (ലുഡ്‌വിഗ്‌) എന്ന ഫ്രാങ്കൻ (Clovis I) വന്നതു് നമ്മുടെ ദേശത്തിന്റെ ഒരുഭാഗത്തെ ഉന്മൂലനം ചെയ്യുന്നതിനും, ബാക്കിയെ കീഴടക്കുന്നതിനുമായിരുന്നു. അവന്റെ സൈന്യങ്ങളിലോ, നിർഭാഗ്യവാന്മാരായ നമ്മുടെ കൊച്ചുഗ്രാമീണരിലോ ആരെങ്കിലും അക്കാലത്തു് യുക്തിയെപ്പറ്റി സംസാരിക്കുന്നതു് കേൾക്കാനുണ്ടായിരുന്നില്ല; “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്നതായിരുന്നു അന്നു് നിലവിലിരുന്ന നീതി.

ഭയാനകവും അപമാനകരവുമായ ഈ കാട്ടാളത്തത്തിൽ മുങ്ങി ദീർഘകാലം നമ്മൾ കഴിച്ചുകൂട്ടി. ആ മൃഗീയാവസ്ഥയിൽ നിന്നും നമ്മെ രക്ഷിക്കാൻ, വ്യാപകമായിരുന്നതും, അങ്ങേയറ്റം മോശമായതും, പരിഹാസ്യമായതും, ദൗർഭാഗ്യകരമായിരുന്നതുമായ കുരിശുയുദ്ധങ്ങൾ എന്ന ഭോഷത്തത്തിനും കഴിഞ്ഞില്ല. നൂറ്റാണ്ടുകൾ നീണ്ടുനിന്ന കുരിശുയുദ്ധങ്ങൾക്കു് ശേഷം വന്നതു്, തെക്കൻ ഭാഷയോ വടക്കൻ ഭാഷയോ (langues d’oc, Langues d’oil) സംസാരിച്ചിരുന്നവരായ അനേകരുടെ ജീവൻ നശിപ്പിച്ച ക്രൂരവും ഭ്രാന്തവുമായ വിശുദ്ധ ആഭ്യന്തരയുദ്ധങ്ങളായിരുന്നു. ആ കാലഘട്ടങ്ങളിൽ ലോകത്തിനുമുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു് യുക്തി മറഞ്ഞിരിക്കുകയായിരുന്നു.

അക്കാലത്തെ റോമിൽ രാഷ്ട്രീയമായിരുന്നു രാജാവു്; ആ രാജാവിന്റെ മന്ത്രിമാർ ദുരാഗ്രഹവും പോക്കിരിത്തരവുമായിരുന്നു. അവരുടെ നിർദ്ദേശപ്രകാരം അജ്ഞതയും ഫണാറ്റിസവും മതഭ്രാന്തും യൂറോപ്പിലൂടെ ജൈത്രയാത്ര നടത്തിയപ്പോൾ എല്ലായിടത്തും അവയുടെ പിന്നാലെ ദാരിദ്ര്യവും ഒത്തുകൂടി. അതോടെ യുക്തി അവളുടെ മകളായ സത്യത്തിനോടൊപ്പം ഒരു കുളത്തിൽ ഒളിച്ചു. ആ കുളം എവിടെയായിരുന്നുവെന്നു് ആരുമറിഞ്ഞിരുന്നില്ല, ആരെങ്കിലും അതറിഞ്ഞിരുന്നെങ്കിൽ അവർ ഉടനെ ആ കുളത്തിലിറങ്ങി അവരെ രണ്ടുപേരേയും കഴുത്തു് ഞെരിച്ചു് കൊല്ലുമായിരുന്നു.

തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതുവഴി പണ്ടേതന്നെ അതിദാരുണമായ അവസ്ഥയിൽ എത്തിയിരുന്ന ദുരിതങ്ങൾ നേരെ ഇരട്ടിയായി. ജീവൻ രക്ഷപെടുത്താനായി ഒളിച്ചോടുന്നവഴി രണ്ടോ മൂന്നോ ഗ്രീക്കുകാർ വിശപ്പും ക്ഷീണവും ഭയവും മൂലം മൃതപ്രായരായി ആ കുളത്തിൽ, കൃത്യമായി പറഞ്ഞാൽ ആ ഗുഹയിൽ, വീണു.

യുക്തി അവരെ മനുഷ്യസ്നേഹപരമായ പരിഗണനയുടെ പേരിൽ സ്വീകരിക്കുകയും വർഗ്ഗപരമായ വ്യത്യാസം കണക്കാക്കാതെ അവർക്കു് ഭക്ഷിക്കാൻ മാംസം കൊടുക്കുകയും ചെയ്തു. (കോൺസ്റ്റാന്റിനോപ്പിളിൽ അങ്ങനെയൊരു സംഗതി അവർ അറിഞ്ഞിട്ടുപോലുമില്ലായിരുന്നു). യുക്തി സ്വതവേ വാചാലയല്ലാത്തതിനാൽ, അവളിൽ നിന്നും അവർക്കു് വളരെ കുറച്ചു് നിർദ്ദേശങ്ങളേ ലഭിച്ചുള്ളു. യുക്തിയും മകളും ഒളിച്ചിരിക്കുന്ന സ്ഥലം ആർക്കും വെളിപ്പെടുത്തുകയില്ലെന്നു് ആ ഗ്രീക്കുകാർ ആണയിടേണ്ടിയിരുന്നു; അവിടെനിന്നും, ദീർഘമായ വഴികളിലൂടെ ചുറ്റിത്തിരിഞ്ഞു് അവർ ചാൾസ്‌ അഞ്ചാമന്റെയും ഫ്രാൻസ്‌ ഒന്നാമന്റെയും കൊട്ടാരത്തിലെത്തി (Charles V, Holy Roman Emperor and Francis I of France).

അവർ അവിടെ സ്വീകരിക്കപ്പെട്ടതു് കൊട്ടാരത്തിലെ മഹതീമഹാന്മാരുടെ ഇടവേളകളിലെ ബോറഡി മാറ്റുക എന്ന കൃത്യം നിർവ്വഹിക്കാൻ ചുമതലപ്പെട്ട ഇന്ദ്രജാലക്കാർ എന്ന രീതിയിലായിരുന്നു . അവിടത്തെ മന്ത്രിമാർ അവരുടെ ഭാരിച്ച ഭരണനിർവ്വഹണത്തിന്റെ തിരക്കിനിടയിൽ കഷ്ടിച്ചു് കണ്ടെത്തിയ ഏതാനും നിമിഷങ്ങൾ അവരുടെ ‘പ്രകടനങ്ങൾ’ കാണാനായി കനിഞ്ഞു് താഴേക്കു് ഇറങ്ങിവന്നിരുന്നു. ഫ്രാൻസിലെ ചക്രവർത്തിയും രാജാവും പോലും വെപ്പാട്ടികളുടെ അടുത്തേക്കു് പോകുന്ന വഴിയിൽ അവരുടെ നേരെ ഒന്നു് ദൃഷ്ടി പായിച്ചു് അവരെ സ്വീകരിക്കുകയുണ്ടായി. എവിടെനിന്നെന്നു് എനിക്കറിയില്ല, സാമാന്യബോധത്തിന്റെ നേരിയ വെളിച്ചം എങ്ങനെയോ സ്വന്തമാക്കിയിരുന്ന ഏതാനും നല്ല പൗരന്മാരെ കണ്ടെത്താൻ കഴിഞ്ഞിരുന്ന ചെറിയ പട്ടണങ്ങളിൽ അതേസമയം അവർക്കു് അതിൽ കൂടുതൽ ഭാഗ്യമുണ്ടായിരുന്നു.

ആഭ്യന്തരയുദ്ധങ്ങളുടെ സമയത്തു് ഈ മങ്ങിയ വെളിച്ചത്തിന്റെ തിളക്കവും മറഞ്ഞുപോയതിനാൽ യൂറോപ്പു് മൊത്തത്തിൽ അന്ധകാരത്തിൽ മുങ്ങിനശിച്ചു. ഫണാറ്റിസം അനേക വർഷങ്ങളിലൂടെ കൊളുത്തിയ തീയിൽ ആളിക്കത്തിക്കൊണ്ടിരുന്ന ചിതകളുടെയും പന്തങ്ങളുടെയും ഇടയിൽ യുക്തിയുടെ ഒന്നോ രണ്ടോ തിരിവെളിച്ചങ്ങളുടെ പ്രസക്തി സ്വാഭാവികമായും നഷ്ടപ്പെട്ടു. യുക്തിയും അവളുടെ മകളും മുൻപത്തേതിലും കൂടുതൽ ശ്രദ്ധയോടെ ഒളിച്ചിരിക്കാൻ നിർബന്ധിതരായി.

അവരുടെ അപ്പൊസ്തലന്മാരുടെ ആദ്യശിഷ്യന്മാരിൽ അങ്ങേയറ്റം അയുക്തികമായി അനുയോജ്യമല്ലാത്ത സമയത്തു് യുക്തിയെപ്പറ്റി പ്രസംഗിക്കുവാൻ മാത്രം അശ്രദ്ധാലുക്കളായിരുന്ന ചുരുക്കം ചിലരൊഴികെ ബാക്കി എല്ലാവരും നിശ്ശബ്ദത പാലിച്ചു. സോക്രട്ടീസിനെപ്പോലെ, ആരും അതൊന്നും ശ്രദ്ധിക്കുകപോലും ചെയ്യാതെ, സ്വന്തം ജീവൻ അവർ അതിനു് മറുവിലയായി നൽകേണ്ടിവന്നു. ബാർത്തൊലോമ്യൂസ്‌ രാത്രിയും (St. Bartholomew’s Day massacre), അയർലണ്ടിലെ കൂട്ടക്കൊലകളും, ഹംഗറിയിലെ തൂക്കുമരത്തട്ടുകളും, രാജവധങ്ങളുമൊക്കെയായി ജനങ്ങൾ വളരെ തിരക്കിലായിരുന്നതിനാൽ, ലോകത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിറഞ്ഞുനിന്നിരുന്ന ചെറിയ കുറ്റകൃത്യങ്ങളേയും രഹസ്യമായ വൈഷമ്യങ്ങളേയുമൊക്കെപ്പറ്റി ചിന്തിക്കാൻ വേണ്ടത്ര സമയമോ, വേണ്ടത്ര ചിന്താസ്വാതന്ത്ര്യമോ അവർക്കുണ്ടായിരുന്നില്ല.

യുക്തിയുടെ അടുത്തു് അഭയം തേടിയ ഏതാനും നാടുകടത്തപ്പെട്ടവർ അവൾക്കു് എല്ലാ സംഭവവികാസങ്ങളെപ്പറ്റിയും അറിവുനൽകിയിരുന്നതിനാൽ, പൊതുവേ അത്ര അലിവു് തോന്നുന്നവളല്ല എങ്കിലും, അവളിൽ സഹാനുഭൂതി രൂപമെടുക്കാൻ ആ വിവരണങ്ങൾ കാരണമായി. കൂടുതൽ സാഹസികസ്വഭാവക്കാരിയായ അവളുടെ മകൾ, ലോകത്തിലേക്കു് ഇറങ്ങിച്ചെന്നു് മനുഷ്യരുടെ രോഗവിമോചനത്തിനുവേണ്ടി ശ്രമിക്കാൻ അവൾക്കു് ധൈര്യം പകർന്നു. അങ്ങനെ അവർ ലോകത്തിൽ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്തെങ്കിലും, അവർക്കു് നേരിടേണ്ടിവന്നതു് അവരോടു് മറുത്തുപറയുന്നതിൽ മാത്രം തത്പരരായ അനേകം ചീത്ത മനുഷ്യരെയായിരുന്നു – തിന്മയുടെ ശമ്പളക്കാരായിരുന്ന അനേകം മൂഢന്മാർ, യുക്തിയെപ്പറ്റിയോ, അവളുടെ മകളെപ്പറ്റിയോ, അവരുടെ ശത്രുക്കളെപ്പറ്റിയോ യാതൊരു വേവലാതിയും ഇല്ലാതെ, തങ്ങളെപ്പറ്റിത്തന്നെയും, തത്ക്കാലവിഷയങ്ങളിലും മാത്രം മുഴുകിയിരുന്ന ഉദാസീനർ. അതുകൊണ്ടു് വീണ്ടും തങ്ങളുടെ ഒളിയിടത്തിലേക്കു് മടങ്ങുന്നതാണു് ബുദ്ധി എന്നവർ മനസ്സിലാക്കി. എങ്കിൽത്തന്നെയും, അവർ എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന വിത്തുകളിൽനിന്നും അവർ വിതച്ച ധാന്യമണികളിൽ ചിലതു് ഒട്ടും ചീഞ്ഞുപോകാതെതന്നെ മുളപൊട്ടിവിരിഞ്ഞു.

ഏതാനും നാളുകൾക്കു് ശേഷം യുക്തിയും സത്യവും റോമിലേക്കു് തീർത്ഥാടനത്തിനു് പോകാനുള്ള താത്പര്യം തങ്ങളിൽ അനുഭവവേദ്യമാകുന്നതു് തിരിച്ചറിഞ്ഞു. ഇൻക്വിസിഷനോടുള്ള ഭയം മൂലം, അവർ പ്രച്ഛന്നവേഷധാരികളാവുകയും, തങ്ങളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. റോമിൽ എത്തിയ ഉടനെ അവർ ഗാൻഗനെല്ലി എന്ന ക്ലെമെന്റ്‌ പതിനാലാമൻ മാർപ്പാപ്പയുടെ (Pope Clement XIV) കുശിനിക്കാരനെ സമീപിച്ചു. റോമിലെ ഏറ്റവും തിരക്കു് കുറഞ്ഞ പാചകക്കാരൻ അവനായിരുന്നുവെന്നു് അവർക്കറിയാമായിരുന്നു. ജെന്റിൽമെൻ, റോമിലെ കുമ്പസാരപിതാക്കൾക്കു് ശേഷം അവന്റെ പദവിയിലെ ഏറ്റവും മഹാനായ നിഷ്ക്രിയൻ അവനായിരുന്നു എന്നുപോലും വേണമെങ്കിൽ നമുക്കു് അവനെപ്പറ്റി പറയാം.

നമ്മുടെ രണ്ട്‌ തീർത്ഥാടകകൾക്കും ഏതാണ്ടു് മാർപ്പാപ്പയുടേതുപോലെ തന്നെ മിതവ്യയരൂപിയായ ഒരു ആഹാരം നൽകിയശേഷം ആ സാധു അവരെ മാർക്ക്‌ ഔറെലിന്റെ (Marcus Aurelius Antoninus) ‘ആത്മചിന്തനം’ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന വിശുദ്ധപിതാവിന്റെ സന്നിധിയിലേക്കു് ആനയിച്ചു. അവരുടെ പ്രച്ഛന്നവേഷം തിരിച്ചറിഞ്ഞ മാർപ്പാപ്പ താൻ പാലിക്കേണ്ട ആചാരമര്യാദകൾ മറന്നു് അവരെ ഹൃദയപൂർവ്വം കെട്ടിപ്പുണർന്നു. “മഹതികളേ, നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനായിരുന്നു നിങ്ങളെ ആദ്യം സന്ദര്‍ശിക്കുന്നതു്” അവൻ അവരോടു് പറഞ്ഞു.

അഭിവാദ്യങ്ങൾക്കുശേഷം അവരുടെ സംസാരം ‘ബിസിനസ്‌ മാറ്റേഴ്സിലേക്കു്’ കടന്നു. അടുത്തദിവസം തന്നെ സ്മരണാർഹമായ ഏറ്റവും വലിയ മാനുഷിക മണ്ടത്തരങ്ങളിലൊന്നും, ദീർഘകാലങ്ങളായി മതാധികാരികളുടെ മുഖത്തു് കരിവാരിത്തേച്ചുകൊണ്ടിരുന്നതുമായ ‘In Coena Domini‘ (At the table of the Lord) എന്ന പേയ്പ്പൽ ബൂൾ ഗാൻഗനെല്ലി പിൻവലിച്ചു. അടുത്ത ദിവസങ്ങളിൽത്തന്നെ Garasse, Guignard, Garnett, Busembaum, Malagrida, Paulian, Patouillet, Nonnotte മുതലായ, (എന്തു് ഏതു് എന്നു് ദൈവത്തിനുപോലും നല്ല നിശ്ചയമൊന്നും ഉണ്ടാവാൻ വഴിയില്ലാത്ത,) ‘ചപ്പുചവറു്’ കോൺഗ്രിഗേഷനുകളെയെല്ലാം പിരിച്ചുവിടാനും ഗാൻഗനെല്ലി തീരുമാനിച്ചു. യൂറോപ്പുമുഴുവൻ സന്തോഷത്തിന്റെ കരഘോഷം മുഴങ്ങി. അതിനടുത്ത ദിവസം ജനങ്ങൾ പരാതിപ്പെട്ടുകൊണ്ടിരുന്ന നികുതികളിൽ അവൻ ഇളവു് വരുത്തി. കൃഷിയും എല്ലാത്തരം കലകളും പ്രോത്സാഹിപ്പിക്കപ്പെട്ടതോടെ അതുവരെ അവന്റെ സ്ഥാനത്തെ ശത്രുതയോടെ കണ്ടിരുന്നവരുടെ പോലും മമത അവൻ നേടിയെടുത്തു. ലോകം മുഴുവനും ഒരു ജനതയും ഒരു നിയമവും മാത്രമേയുള്ളു എന്നായിരുന്നു അക്കാലത്തു് റോമിൽ നിലനിന്നിരുന്ന അഭിപ്രായം.

അത്യധികം അത്ഭുതത്തോടെയും ഏറെ സംതൃപ്തിയോടെയും ആ രണ്ടു് തീർത്ഥാടകകളും മാർപ്പാപ്പയോടു് യാത്രപറഞ്ഞപ്പോൾ, മെഴുകുകൊണ്ടുള്ള ആടുരൂപമോ, വിശുദ്ധരുടെ തിരുശേഷിപ്പുകളോ അല്ല, അവർക്കു് സുഖമായി യാത്ര തുടരുന്നതിനുവേണ്ടി ഒരു കുതിരവണ്ടിയായിരുന്നു ക്ലെമെന്റ്‌ പതിനാലാമൻ സമ്മാനമായി നൽകിയതു്. അതുവരെ യുക്തിയും സത്യവും ഒരുവിധത്തിലുമുള്ള സുഖസൗകര്യങ്ങൾ അനുഭവിച്ചിരുന്നില്ല.

ഇറ്റലി മുഴുവൻ യാത്ര ചെയ്ത അവർ പാർമ്മ മുതൽ ടുറിൻ വരെ പ്രഭുക്കളുടെയും റിപ്പബ്ലിക്കുകളുടെയും ഇടയിൽ മാക്കിയവെല്ലിയനിസത്തിനു് പകരം (Niccolo di Bernardo dei Machiavelli) തങ്ങളുടെ പ്രജകളെ കൂടുതൽ നല്ലവരും, കൂടുതൽ ധനികരും കൂടുതൽ ഭാഗ്യവാന്മാരും ആക്കിത്തീർക്കുന്നതിനുവേണ്ടിയുള്ള ഒരു മത്സരം തന്നെ നടക്കുന്നതായാണു് കണ്ടതു്.

യുക്തി സത്യത്തോടു് പറഞ്ഞു: “പ്രിയ മകളേ, അനേകനാളത്തെ നമ്മുടെ തടങ്കലിനുശേഷം ഇപ്പോൾ നമ്മുടെ ഭരണം തുടങ്ങാമെന്നു് എനിക്കു് തോന്നുന്നു. ഭൂമിയിലെ കാര്യങ്ങളുടെ അവസ്ഥ ഇന്നു് കാര്യമായി മാറിയിട്ടുണ്ടെന്നതിനാൽ, നമ്മുടെ ഒളിസങ്കേതമായിരുന്ന കിണറിൽ നമ്മളെ സന്ദര്‍ശിക്കാനായെത്തിയ പ്രവാചകന്മാരിൽ ചിലരെങ്കിലും അവരുടെ വാക്കിലും പ്രവൃത്തിയിലും വിജയം വരിച്ചിട്ടുണ്ടാവണമെന്നു് കരുതേണ്ടിയിരിക്കുന്നു. അങ്ങനെ, എല്ലാം താമസിച്ചാണു് വരുന്നതെന്നു് നീ കാണുന്നു: അനേക നൂറ്റാണ്ടുകളിലൂടെ നമ്മൾ രണ്ടുപേരും പുറത്താക്കപ്പെട്ടിരുന്ന പ്രകാശഹർമ്മ്യത്തിലേക്കു് തിരിച്ചുപോകാൻ നിനക്കു് കഴിയുന്നതിനു് മുൻപു് അജ്ഞതയുടെയും നുണയുടെയും അഗാധഗർത്തങ്ങളിലൂടെ നീ നടത്തേണ്ടിയിരുന്ന യാത്ര സുദീർഘമായിരുന്നു. ഒരു ഗാലീലയി, ഒരു കോപ്പർനിക്കസ്‌, ഒരു ന്യൂട്ടൺ വരുന്നതുവരെ എണ്ണമറ്റ നൂറ്റാണ്ടുകളിലൂടെ വികൃതമായ മുഖപടത്താൽ മൂടപ്പെട്ടു് വിരൂപമാക്കപ്പെട്ടിരുന്നതായ പ്രകൃതിക്കു് സംഭവിച്ചതു് തന്നെയാണു് നമുക്കും സംഭവിച്ചതു്. അവർ വന്നപ്പോൾ പ്രകൃതിയെ മുഖാവരണമില്ലാതെ നമ്മുടെ മുന്നിൽ പ്രദര്‍ശിപ്പിച്ചു് പ്രകൃതിയോടുള്ള സ്നേഹം അവർ നമ്മിലുണർത്തി.”

ഇങ്ങനെ പരസ്പരം സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട്‌ അവർ വെനീസിൽ എത്തിച്ചേർന്നു. അവിടെ നഖങ്ങളും കൊക്കുകളും കറുത്ത തൂവലുകളും കൊണ്ടു് നിറഞ്ഞ ഒരു മേശയുടെ സമീപം വെനീസിയൻ റിപ്പബ്ലിക്കിലെ ഉന്നതനായ ഒരു പ്രോക്യുറേറ്റർ ഒരു കത്രികയും പിടിച്ചുകൊണ്ടു് നിൽക്കുന്നതു് കണ്ടപ്പോൾ അവർ അത്യന്തം ജാഗരൂകരായി. യുക്തി അവനോടു് ചോദിച്ചു: “ക്ഷമിക്കൂ മഹാത്മാവേ, നിങ്ങളുടെ കയ്യിലെ ഈ കത്രിക ഞാൻ എന്റെ മകളുമായി കിണറിൽ ഒളിച്ചപ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നതാണെന്നാണു് എന്റെ വിശ്വാസം. അതെങ്ങനെ അങ്ങയുടെ കയ്യിലെത്തി? അതുകൊണ്ടു് അങ്ങെന്താണു് ചെയ്യുന്നതു്?” അതിനു് അവൻ പ്രതികരിച്ചു: “ബഹുമാന്യയായ മഹതീ, ഈ കത്രിക പണ്ടു് താങ്കളുടേതായിരുന്നിരിക്കാൻ നല്ല സാദ്ധ്യതയുണ്ടു്. കുറേനാൾ മുൻപു് ഒരു ബ്രദർ പവോലൊ ആണു് ഇതു് ഞങ്ങളുടെ അടുത്തെത്തിച്ചതു്. ഈ മേശപ്പുറത്തു് കൂടിക്കിടക്കുന്നതായി കാണാനാവുന്നപോലെ, ഇങ്ക്വിസിഷന്റെ നഖങ്ങൾ മുറിക്കാനാണു് ഞങ്ങൾ ഈ കത്രിക ഉപയോഗിക്കുന്നതു്.

ഈ കറുത്ത തൂവലുകൾ റിപ്പബ്ലിക്കിന്റെ ആഹാരം കവർന്നുതിന്നാൻ ആഗ്രഹിക്കുന്ന ഹാർപ്പികളുടേതാണു് (Harpy). ദിവസേന ഞങ്ങൾ അവയുടെ നഖങ്ങളും ചുണ്ടിന്റെ അഗ്രവും മുറിച്ചുമാറ്റുന്നു. ഈ മുൻകരുതൽ ഇല്ലായിരുന്നെങ്കിൽ അവ മര്യാദക്കാരായ മഹത്തുക്കൾക്കോ, സെനറ്റർമാർക്കോ പൗരന്മാർക്കോ ഒന്നും ബാക്കിയാവാത്തവിധം എല്ലാം വിഴുങ്ങുമായിരുന്നു.

നിങ്ങൾ ഫ്രാൻസിലൂടെ പോകുകയാണെങ്കിൽ, തന്റെ രാജ്യത്തിൽ ഇതേ ലക്ഷ്യം നേടുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്പെയിൻകാരനായ ഒരു അംബാസഡറിന്റെ കയ്യിൽ മറ്റേ കത്രികയും ഒരുപക്ഷേ നിങ്ങൾക്കു് കാണാനായേക്കും. ഒരിക്കൽ ലോകം അവന്റെ പ്രവൃത്തിയുടെ പേരിൽ അവനെ വാഴ്ത്തും.”

 
Comments Off on യുക്തിക്കു് മംഗളാശംസകൾ – 1

Posted by on Sep 26, 2010 in ഫിലോസഫി

 

Tags: , ,

ഒറ്റക്കണ്ണനായ ചുമട്ടുതൊഴിലാളി

(വോൾട്ടയറുടെ Le crocheteur borgne-ന്റെ സ്വതന്ത്ര പരിഭാഷ)

രണ്ടു് കണ്ണുകൾ ഉള്ളതുകൊണ്ടു് നമ്മുടെ ജീവിതം എളുപ്പമാവുകയല്ല ചെയ്യുന്നതു്. ഒരു കണ്ണിന്റെ ജോലി നല്ല വശങ്ങൾ കാണുക എന്നതാണെങ്കിൽ, മറ്റേതിന്റേതു് ചീത്തവശങ്ങൾ കാണുക എന്നതാണു്. ഒരുപാടു് മനുഷ്യർക്കു് ഒരു കണ്ണു് അടച്ചുപിടിക്കുക എന്ന ചീത്തയായ ശീലമുണ്ടു്. വളരെ ചുരുക്കം പേരേ രണ്ടാമത്തേതു് അടച്ചുപിടിക്കുന്നുള്ളു എന്നതാവാം, അധികം മനുഷ്യരും അവരുടെ കണ്ണിനുമുന്നിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണാതിരിക്കാൻ വേണ്ടി പൂർണ്ണമായും അന്ധരായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നതിന്റെ കാരണം. കാണുന്നവയിലെ ദുഷിപ്പു് തിരിച്ചറിയുന്ന തിന്മയുടെ കണ്ണു് ഇല്ലാത്ത ഒറ്റക്കണ്ണന്മാർ ഭാഗ്യവാന്മാർ! അതിനൊരു ഉദാഹരണമാണു് മെസ്രുർ.

മെസ്രുർ ഒരു ഒറ്റക്കണ്ണനായിരുന്നു എന്ന വസ്തുത അന്ധന്മാർ മാത്രമേ കാണാതിരുന്നുള്ളു. അവൻ ജന്മനാ അങ്ങനെ ആയിരുന്നെങ്കിലും രണ്ടാമതൊരു കണ്ണുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം ഒരിക്കലും ഉണ്ടാവാത്തവിധം ആ ഒറ്റക്കണ്ണൻ അവന്റെ വിധിയിൽ പൂർണ്ണസംതൃപ്തനായിരുന്നു. അതു് ഈ കുറവിനൊരു ഉപശാന്തിയായി ഭാഗ്യദേവത അവനെ മറ്റു് അസാധാരണശേഷികൾ നൽകി അനുഗ്രഹിച്ചിരുന്നു എന്നതിനാലുമല്ല, എന്തെന്നാൽ, അവനൊരു സാദാ ചുമട്ടുതൊഴിലാളിയും അവന്റെ ചുമലുകളല്ലാതെ മറ്റു് നിധികളൊന്നും ഇല്ലാത്തവനുമായിരുന്നു – പക്ഷേ, അവൻ ഭാഗ്യവാനായിരുന്നു. അതിൽനിന്നും ഭാഗ്യം എന്നതു് ഒരു കണ്ണു് കൂടുതലോ, അൽപം അദ്ധ്വാനം കുറവോ എന്നതിൽ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമല്ല എന്നു് നമുക്കു് മനസ്സിലാക്കാം. സമ്പാദ്യവും വിശപ്പും ചെയ്ത ജോലിയുമായി എപ്പോഴും ഒത്തുപോയിക്കൊണ്ടിരുന്നു. പകൽ ജോലിചെയ്യുകയും, രാത്രി ഉറങ്ങുകയും, അന്നന്നത്തേക്കായി ജീവിക്കുകയും ചെയ്തതിനാൽ, ഭാവിയെപ്പറ്റിയുള്ള ദുഃഖങ്ങൾ അവന്റെ വർത്തമാനകാലത്തെ ഒരുവിധത്തിലും ബാധിച്ചില്ല. അവൻ, നമ്മൾ മനസ്സിലാക്കുന്നതുപോലെ, ഒരേസമയംതന്നെ ഒറ്റക്കണ്ണനും, ചുമട്ടുതൊഴിലാളിയും, തത്വചിന്തകനുമായിരുന്നു.

ഒരിക്കൽ, സുന്ദരിയായ ഒരു രാജകുമാരി ആഡംബരപൂർണ്ണമായ ഒരു രഥത്തിൽ തന്നെ കടന്നുപോകുന്നതു് കാണാൻ അവനു് കഴിഞ്ഞതു് യാദൃച്ഛികം മാത്രമായിരുന്നു. അവൾക്കു് ഒരു കണ്ണു് കൂടുതൽ ഉണ്ടായിരുന്നെങ്കിലും, അവൾ ഒരു സുന്ദരിയാണെന്നു് കാണാൻ അവന്റെ ഒറ്റക്കണ്ണു് ഒരുവിധത്തിലും അവനൊരു തടസ്സമായിരുന്നില്ല. ഒറ്റക്കണ്ണന്മാരെ മറ്റു് പുരുഷന്മാരിൽ നിന്നും വ്യത്യസ്തരാക്കുന്നതു് കേവലം ഒരു കണ്ണിന്റെ കുറവു് മാത്രമാണെന്നതിനാൽ, അവൻ മരണതുല്യം പ്രണയപരവശനായി.

ഒരുവൻ ഒറ്റക്കണ്ണനും, ചുമട്ടുതൊഴിലാളിയും ആണെന്നിരിക്കെ, അവൻ പ്രേമിക്കാൻ പാടില്ലെന്നു്, പ്രത്യേകിച്ചും ഒരു രാജകുമാരിയെ, അതും രണ്ടുകണ്ണുകളുള്ള ഒരു രാജകുമാരിയെ യാതൊരു കാരണവശാലും പ്രേമിക്കാൻ പാടില്ലെന്നു് വേണമെങ്കിൽ പറയാം. അതുപോലൊരു പ്രേമസന്ദർഭത്തിൽ പ്രതിപ്രണയം ഉണ്ടാവാതിരിക്കാനുള്ള സാദ്ധ്യതയെ ഭയപ്പെടേണ്ടിയിരിക്കുന്നു എന്നും ഞാൻ സമ്മതിക്കുന്നു. പക്ഷേ, പ്രതീക്ഷ ഇല്ലാത്ത പ്രണയമില്ല എന്നതിനാൽ, നമ്മുടെ ചുമട്ടുതൊഴിലാളി പ്രണയിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു.

അവനു് കണ്ണുകളേക്കാൾ കൂടുതൽ കാലുകൾ ഉണ്ടായിരുന്നതിനാലും, ആ കാലുകൾ നല്ല കാലുകൾ ആയിരുന്നതിനാലും തന്റെ പ്രണയദേവത സഞ്ചരിച്ചിരുന്നതും, ശക്തിയുള്ള ആറു് വെള്ളക്കുതിരകളാൽ അമ്പെയ്തപോലെ വലിച്ചുകൊണ്ടിരുന്നതുമായ ആ രഥത്തെ നാലു് മൈലോളം അവൻ പിന്തുടർന്നു. കുലീനവനിതകൾ ഭൃത്യന്മാരോ, വണ്ടിക്കാരനോ ഇല്ലാതെ ഒറ്റക്കു് യാത്ര ചെയ്യുന്നതും സ്വയം വാഹനം നിയന്ത്രിക്കുന്നതും അക്കാലത്തു് ഫാഷനായിരുന്നു. സ്ത്രീകൾ ഒറ്റക്കു് യാത്രചെയ്തു് അവരുടെ കഴിവും ശേഷിയും ഉറപ്പുവരുത്തണമെന്നു് ഭർത്താക്കന്മാരും ആഗ്രഹിച്ചിരുന്നു – ഈ നിലപാടു് പക്ഷേ, സദാചാരതത്വചിന്തകരുടെ അഭിപ്രായവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഏകാന്തതയിൽ സ്ത്രീകള്‍ക്ക് കഴിവും ശേഷിയും ഉണ്ടാവില്ല എന്നായിരുന്നു അവരുടെ അവകാശവാദം.

മെസ്രുർ ആ വാഹനത്തിന്റെ ചക്രങ്ങളോടു് ചേർന്നു് ഓടിക്കൊണ്ടിരുന്നു. ആ രാജകുമാരിയിൽ പതിപ്പിച്ച ആകെയുള്ള ഒരു കണ്ണു് പറിക്കാതെയുള്ള അവന്റെ ഓട്ടം കണ്ടു്, ഒരു ഒറ്റക്കണ്ണനു് ഇത്ര ചുറുചുറുക്കോ എന്നവൾ അത്ഭുതപ്പെട്ടു. പ്രണയപാത്രത്തിനുമുന്നിൽ ഒരുവൻ അർപ്പിക്കുന്ന ബലികൾ ഒന്നും ഒട്ടും കൂടുതലല്ല എന്നു് അങ്ങനെ അവൻ തെളിയിച്ചുകൊണ്ടിരുന്നപ്പോൾ, വേട്ടക്കാരിൽ നിന്നും രക്ഷപെട്ടു് ഓടുകയായിരുന്ന ഒരു കലമാൻ വാഹനത്തിനു് വട്ടം ചാടി കുതിരകളെ ഭയപ്പെടുത്തി. അവയുടെ നിയന്ത്രണം വിട്ടതിനാൽ വാഹനം സുന്ദരിയുമായി ഒരു കിടങ്ങിൽ വീണു. രാജകുമാരിയേക്കാൾ കൂടുതൽ സംഭ്രാന്തനായിരുന്നെങ്കിലും നവകാമുകൻ അത്ഭുതകരമായ വൈഭവത്തോടെ കയറുകൾ എല്ലാം മുറിച്ചുമാറ്റി. കിടങ്ങിൽ നിന്നും രക്ഷപെടാനുള്ള ചാട്ടം കുതിരകൾ സ്വയം ഏറ്റെടുത്തു.

ഭയം കൊണ്ടു് ആ കുതിരകളെപ്പോലെ വെളുത്തുപോയ രാജകുമാരി ഒരു ഞെട്ടലോടെയാണെങ്കിലും രക്ഷപെട്ടു. അവൾ അവനോടു് പറഞ്ഞു: ” നിങ്ങൾ ആരായാലും ശരി, എന്റെ ജീവൻ രക്ഷിച്ചതിന്റെ പേരിൽ ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങൾക്കു് എന്താണു് വേണ്ടതെങ്കിലും ചോദിച്ചുകൊള്ളൂ. എനിക്കുള്ളതെല്ലാം നിങ്ങളുടേതാണു്.” മെസ്രുർ മറുപടി പറഞ്ഞു: “ആഹ്‌, അതേ സമ്മാനം നിങ്ങൾക്കും നൽകാൻ അതിലേറെ കാരണം എനിക്കുണ്ടു്, എങ്കിലും, അപ്പോഴും അതു് നിങ്ങളുടെ സമ്മാനത്തേക്കാൾ കുറവായിരിക്കും, കാരണം, എനിക്കു് ഒരു കണ്ണേയുള്ളു, നിങ്ങൾക്കു് രണ്ടെണ്ണമുണ്ടു്. പക്ഷേ, നിങ്ങളെ നോക്കുന്ന ഒരു കണ്ണു് നിങ്ങളുടെ കണ്ണുകളിലേക്കു് നോക്കാത്ത രണ്ടു് കണ്ണുകളേക്കാൾ വളരെ വിലപ്പെട്ടതാണു്.” ഒറ്റക്കണ്ണന്റേതായാലും കോമ്പ്ലിമെന്റുകൾ കോമ്പ്ലിമെന്റുകൾ തന്നെയാണെന്നതിനാലും, കോമ്പ്ലിമെന്റുകളിൽ മയങ്ങുന്നവർ പുഞ്ചിരിക്കുമെന്നതിനാലും ആ യുവതീരത്നവും അവനെ പുഞ്ചിരിച്ചുകാണിച്ചു. “ഞാൻ സന്തോഷത്തോടെ ഒരു രണ്ടാം കണ്ണു് നിങ്ങൾക്കു് നൽകിയേനെ. പക്ഷേ, നിങ്ങളുടെ മാതാവിനല്ലാതെ മറ്റാർക്കും അതുപോലൊരു സമ്മാനം നൽകാനാവില്ല. ഏതായാലും നിങ്ങൾ എന്നോടൊപ്പം വരൂ.” ആ രാജകുമാരി അവനെ ക്ഷണിച്ചു. ഇതു് പറഞ്ഞശേഷം ബാക്കിവഴി നടന്നുപോകാനായി അവൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. കൂട്ടത്തിൽ ചാടിയിറങ്ങിയ പട്ടി അവളുടെ അകമ്പടിക്കാരനായ വിചിത്രജീവിയെ നോക്കി കുരച്ചുകൊണ്ടു് അവളോടൊപ്പം നടന്നു. “അകമ്പടിക്കാരൻ” എന്ന പ്രയോഗം സത്യത്തിൽ അത്ര യോജിച്ചതല്ല, കാരണം, ചെളിപിടിച്ചിരുന്നതുകൊണ്ടാവാം, അവൻ വച്ചുനീട്ടിയ കൈ അവൾ സ്വീകരിച്ചിരുന്നില്ല. ശുദ്ധിയോടുള്ള അവളുടെ ഈ സ്നേഹത്തിന്റെ ബലിയാടായി അവൾ മാറുന്നതു് നമുക്കു് താമസിയാതെ കാണാം. അവളുടെ പാദങ്ങൾ വളരെ ചെറുതായിരുന്നു, അതിനേക്കാൾ ചെറുതായിരുന്നു അവളുടെ ചെരിപ്പുകൾ. അവളുടെ പാദങ്ങൾക്കോ ചെരിപ്പുകൾക്കോ ദീര്‍ഘമായ ഒരു നടത്തം താങ്ങാനാവുമായിരുന്നില്ല.

ധാരാളം ഭൃത്യന്മാരുടെ അകമ്പടിയോടെ ജീവിതം മെത്തയിൽ ജീവിച്ചു് തീർക്കുമ്പോൾ കാര്യമായി നടക്കേണ്ട ആവശ്യമില്ലാത്തതിനാൽ സൗന്ദര്യമുള്ള പാദങ്ങൾ നല്ലതാവാം. പക്ഷേ, കണ്ടു് ആസ്വദിക്കാൻ ഒരു ചുമട്ടുതൊഴിലാളിയല്ലാതെ, അതും ഒറ്റക്കണ്ണനായ ഒരുവനല്ലാതെ, മറ്റാരും ഇല്ലാത്ത കല്ലും മണ്ണും നിറഞ്ഞ വഴിയിൽ മുത്തുപതിപ്പിച്ച ചെരിപ്പുകൾ കൊണ്ടെന്തു് പ്രയോജനം?

മെലിനാഡ്‌ (അതാണു് ആ യുവതിയുടെ പേരു്. അവളുടെ പേരു് ഇതുവരെ മറച്ചുപിടിച്ചതിനു് എനിക്കു് മതിയായ കാരണമുണ്ടു്, ആ പേരു് ഞാൻ ഇതുവരെ കണ്ടുപിടിച്ചിരുന്നില്ല.) അവൾ കഴിയുന്നത്ര നന്നായി നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൾ അവളുടെ ചെരിപ്പുകുത്തിയെ ശപിച്ചു, ചെരിപ്പു് അഴിച്ചുകെട്ടി, കാലിലെ തൊലി തിരുമ്മി, ഓരോ ചുവടിലും അവളുടെ പാദമുളുക്കി. അങ്ങനെ, ഒരു പ്രൗഢയുവതിക്കു് അനുയോജ്യമായ ചലനമാതൃകയിൽ ഏകദേശം ഒരു ഒന്നര മണിക്കൂർ നടന്നപ്പോഴേക്കും, എന്നുവച്ചാൽ കഷ്ടിച്ചു് ഒരു കാൽ മൈലോളം പിന്നിട്ടപ്പോഴേക്കും, അവൾ ക്ഷീണിതയായി ആകെത്തകർന്നു് നിലംപതിച്ചു.

അവന്റെ സഹായം ആദ്യം അവൾ നിരസിച്ചതിനാൽ, തന്റെ സ്പര്‍ശനം വഴി അവളുടെ ശരീരത്തിൽ അഴുക്കു് പുരണ്ടേക്കുമോ എന്ന ഭയം മൂലം, വീണ്ടും ഒരിക്കൽ കൂടി സഹായിക്കാൻ നല്ലവനായ പാവം മെസ്രുർ മടിച്ചു. താൻ വൃത്തിയുള്ളവനല്ല എന്നു് അവനു് നിശ്ചയമായും അറിയാമായിരുന്നു. ഒട്ടും മയമില്ലാതെതന്നെ ആ മഹതി അതു് വെളിപ്പെടുത്തിയിരുന്നു. പോരെങ്കിൽ, നടത്തത്തിനിടയിൽ അവൻ അവളും അവനുമായി നടത്തിയ താരതമ്യം ഈ വസ്തുത കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ലോലമായ വെൺകസവിൽ പുഷ്പങ്ങളുടെ പാറ്റേണിൽ തീർത്തതും ശരീരവടിവുകൾ എടുത്തുകാണിക്കുന്നതുമായ ഒരു വിശേഷവസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നതു്. പലയിടത്തു് കറപിടിച്ചതും, കീറിയതും, കഷണങ്ങൾ തുന്നിചേർത്തിരുന്നതുമായ ഒരു ജോലിക്കുപ്പായമായിരുന്നു അവൻ ധരിച്ചിരുന്നതു്. തുന്നിച്ചേർത്ത കഷണങ്ങളാണെങ്കിൽ തുളകളുടെ സൈഡുകളിലായിരുന്നു സ്ഥാനം പിടിച്ചിരുന്നതു്. തുളകൾ മൂടപ്പെടാൻ ആഗ്രഹിക്കുന്നവയാണു് എന്നതിനാൽ, കഷണങ്ങൾ അവയുടെ പുറത്തായിരുന്നെങ്കിൽ കൂടുതൽ ഉചിതമായിരുന്നേനെ. തെറിച്ച ഞരമ്പുകളും തയമ്പുകളുമുള്ള അവന്റെ കയ്യും ആമ്പൽപ്പൂപോലെ വെളുത്തതും മൃദുലവുമായ അവളുടെ ചെറിയ കൈകളും തമ്മിൽ അവൻ താരതമ്യം ചെയ്തു. ഒരു ഭാഗം മെടഞ്ഞിട്ടതും, ബാക്കി ഭാഗം നേരിയ ഒരു വലയിൽ ചുരുളുകളായി നിറഞ്ഞു് കവിഞ്ഞിരുന്നതുമായ അവളുടെ ബ്ലോണ്ട്‌ തലമുടിയും അവൻ ശ്രദ്ധിച്ചു. മേന്മയേറിയ അവളുടെ മുടിക്കു് പകരം വയ്ക്കാൻ പിരിഞ്ഞുകെട്ടി എഴുന്നുനിൽക്കുന്ന തന്റെ കറുത്ത സടയല്ലാതെ മറ്റൊന്നും അവനുണ്ടായിരുന്നില്ല. അവന്റെ മുടിയുടെ ആകെമൊത്തമുള്ള അലങ്കാരം കീറിപ്പറിഞ്ഞ ഒരു തലേക്കെട്ടായിരുന്നു.

മെലിനാഡ്‌ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വീണുപോയി, വീണതാണെങ്കിലോ മെസ്രുറിന്റെ അവസാനത്തെ നിയന്ത്രണവും തകർക്കാൻ പോന്നവിധം നിർഭാഗ്യകരമായ ദൃശ്യം അവന്റെ കണ്ണുകൾക്കു് കാഴ്ചവച്ചുകൊണ്ടും. അവളുടെ മുഖമൊഴികെ മറ്റൊന്നും അവന്റെ ആത്മനിയന്ത്രണത്തിനു് മതിയായതായിരുന്നില്ല. താൻ ഒരു ചുമട്ടുതൊഴിലാളിയാണെന്നും, ഒറ്റക്കണ്ണനാണെന്നും അവൻ മറന്നു. അവനും അവളും തമ്മിൽ വിധി നിർണ്ണയിച്ച അകലം പിന്നെ അവനെ ഒട്ടും അലോസരപ്പെടുത്തിയില്ല. പ്രണയിക്കുന്ന ഒരു പുരുഷനാണു് താനെന്ന കാര്യം അവൻ അപ്പാടെ മറന്നിരുന്നതിനാൽ – പൊതുവേ അവകാശപ്പെടുന്നതുപോലെ – ആത്മാർത്ഥമായ പ്രേമത്തിന്റെ ഭാഗവും, ഇടയ്ക്കിടെ അതിന്റെ ആകർഷണീയതയും, പക്ഷേ, അതിലും കൂടുതൽ ബോറഡി ഉയർത്തുന്നതുമായ അതിന്റെ വൈകാരികമൃദുലത എന്ന സ്വഭാവം അവനു് കൈവിട്ടുപോയിരുന്നു. അതിനാൽ അവൻ ചുമട്ടുതൊഴിലാളിവിഭാഗത്തിന്റെ നൈസർഗ്ഗികാവകാശങ്ങൾ ഉപയോഗപ്പെടുത്തി. അവൻ മൃഗീയനും ഭാഗ്യവാനുമായി. ഒന്നുകിൽ ആ രാജകുമാരിയുടെ ബോധം മറഞ്ഞിരുന്നു, അല്ലെങ്കിൽ അവൾ അവളുടെ സാമർത്ഥ്യത്തിന്റെ പേരിൽ ഞരങ്ങുകയായിരുന്നു. പക്ഷേ, നീതിയുക്തയായിരുന്നതിനാലും, ഓരോ നിർഭാഗ്യവും അതിന്റെ സാന്ത്വനവും കൂടെക്കൊണ്ടുവരുമെന്നതിനാലും, ഒരു സംശയത്തിനും ഇടനൽകാതെ അവൾ വിധിയെ ഉടനടി അനുഗ്രഹിക്കാൻ മറന്നില്ല.

മെസ്രുറിന്റെ യഥാർത്ഥ ഭാഗ്യവും, മെലിനാഡിന്റെ ആരോപിതദൗർഭാഗ്യവും മറച്ചുവക്കാനെന്നോണം ചക്രവാളത്തിൽ രാത്രി തന്റെ മൂടുപടത്തിന്റെ നിഴൽ വിരിച്ചു. ഒരു കാമുകന്റെ ഉല്ലാസങ്ങൾ എല്ലാം മെസ്രുർ ആസ്വദിച്ചു, പക്ഷേ, ആ ആസ്വാദനം ഒരു ചുമട്ടുതൊഴിലാളി എന്ന നിലയിൽ അവന്റേതായ രീതിയിൽ ആയിരുന്നു, എന്നുവച്ചാൽ, – മനുഷ്യകുലത്തിനു് അപകീർത്തികരമായി – ഏറ്റവും സമ്പൂർണ്ണമായ രീതിയിൽ. ഓരോ നിമിഷത്തിലും മെലിനാഡിനു് ഓരോ പുതിയ ബോധക്ഷയം വന്നു, ഓരോ വട്ടവും അവളുടെ കാമുകൻ പുതിയതായി ശക്തി സംഭരിച്ചു. “സർവ്വശക്തനായ മുഹമ്മദേ!” ഒരുവട്ടം അവൻ ആരാധനയോടെ, എന്നാൽ ഒരു ചീത്ത കത്തോലിക്കനേപ്പോലെ, വിളിച്ചുപോയി. “എന്റെ മഹാഭാഗ്യത്തിനു് ഒരേയൊരു കുറവുള്ളതു് അവൾ കാരണഭൂതയായ എന്റെ ഈ ഭാഗ്യാതിരേകം അതേ രീതിയിൽ അവളും അനുഭവിക്കുന്നുണ്ടോ എന്നതു് മാത്രമാണു്. വിശുദ്ധപ്രവാചകാ, ഞാൻ നിന്റെ പറുദീസയിൽ കഴിയുന്നിടത്തോളം ഒരു അനുഗ്രഹം കൂടെ നീ എന്നിലേക്കു് ചൊരിയൂ. എന്റെ കണ്ണു് മെലിനാഡിൽ കണ്ടിടത്തോളം ഇഷ്ടം അവളുടെ കണ്ണുകൾക്കു് നേരം വെളുക്കുമ്പോൾ എന്നിലും തോന്നാൻ എന്നെ അനുഗ്രഹിക്കൂ.” അവൻ പ്രാർത്ഥന അവസാനിപ്പിച്ചു് വീണ്ടും കാമരസാസ്വാദനത്തിൽ മുഴുകി. പ്രേമിക്കുന്നവർക്കു് എപ്പോഴും വളരെ നേരത്തേ വരുന്നതായിത്തോന്നുന്ന പ്രഭാതദേവതയായ ഔറോറ മെസ്രുറിനെയും മെലിനാഡിനെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടു് കടന്നുവന്നപ്പോൾ, ഏതാനും മിനുട്ടുകൾക്കു് മുൻപായിരുന്നെങ്കിൽ റ്റിത്തോനോസിനോടൊപ്പം അവളെത്തന്നെ ആശ്ചര്യപ്പെടുത്തിയേക്കാമായിരുന്ന അവസ്ഥയിലായിരുന്നു ആ കമിതാക്കൾ. പക്ഷേ, പ്രഭാതരശ്മികളേറ്റു് അവൾ കണ്ണുകൾ വിടർത്തിയപ്പോൾ മനോഹരമായ ഒരു സ്ഥലത്തു് ആകാരഭംഗിയുള്ള ഒരു യുവകോമളനുമായി ഒരുമിച്ചിരിക്കുന്നതു് കണ്ട മെലിനാഡിനു് അത്ഭുതം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഉടനെ തിരിച്ചുവരുമെന്നു് ഭൂമി പ്രതീക്ഷിച്ചിരിക്കുന്ന ഒരു നക്ഷത്രത്തെപ്പോലെയായിരുന്നു അവന്റെ മുഖം! അവന്റെ കവിളുകൾ റോസാനിറത്തിലായിരുന്നു. പവിഴതുല്യമായിരുന്നു അവന്റെ ചുണ്ടുകൾ. ചൈതന്യവും സ്നേഹവും തിളങ്ങിയിരുന്ന അവന്റെ വിടർന്ന കണ്ണുകൾ കാമാതുരത പ്രകടിപ്പിക്കുകയും, കാമാതുരത പകരുകയും ചെയ്തു. സ്വർണ്ണത്തിൽ തീർത്തു് രത്നങ്ങൾ പതിപ്പിച്ച അവന്റെ ആവനാഴി ചുമലിൽ നിന്നും തൂങ്ങിക്കിടന്നിരുന്നു. കാമാസക്തിക്കു് മാത്രമേ അവന്റെ അമ്പുകളിൽ കിലുക്കം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നുള്ളു. വജ്രം പതിപ്പിച്ച ഒരു നാടയാൽ ഒതുക്കിവച്ചിരുന്ന അവന്റെ ചുരുണ്ടുനീണ്ട മുടി തോളിലേക്കു് ഒഴുകിക്കിടന്നിരുന്നു. മുത്തുകൾ പതിപ്പിച്ച സുതാര്യമായ തുണിയിൽ തീർത്ത അവന്റെ വസ്ത്രം അവന്റെ ശരീരസൗന്ദര്യത്തിന്റെ ഒരംശം പോലും മറച്ചുവച്ചില്ല. “ഞാൻ എവിടെയാണു്?, നിങ്ങളാരാണു്?” അവൾ ചോദിച്ചു. “നിങ്ങളുടെ ജീവൻ രക്ഷിക്കാനും, ആ ശ്രമത്തിനു് വിലയേറിയ പ്രതിഫലം ലഭിക്കാനും ഭാഗ്യം ലഭിച്ച ഒരു സാധുവിന്റെ അടുത്താണു് നിങ്ങൾ.” അവൻ മറുപടി പറഞ്ഞു.

മെലിനാഡിനു് സന്തോഷവും ആശ്ചര്യവും തോന്നി. മെസ്രുറിന്റെ മെറ്റമോർഫസിസ്‌ എന്തുകൊണ്ടു് നേരത്തേ സംഭവിച്ചില്ല എന്നതിലായിരുന്നു അവളുടെ ദുഃഖം. അവളുടെ കണ്ണുകളെ ആകർഷിച്ച പ്രൗഢഗംഭീരമായ ഒരു കൊട്ടാരത്തിനടുത്തേക്കു് നീങ്ങിയ അവൾ പ്രവേശനകവാടത്തിൽ ഇങ്ങനെയൊരു തലവാചകം എഴുതിവച്ചിരിക്കുന്നതായി കണ്ടു: “വിശുദ്ധീകരിക്കപ്പെട്ടവരല്ലാത്തവർ അകന്നുനിൽക്കുക. മോതിരധാരിയായവനു് മാത്രമേ ഈ കവാടം തുറക്കപ്പെടുകയുള്ളു.” മെസ്രുറും അങ്ങോട്ടു് ചെന്നു് ആ തലവാചകം വായിച്ചു. പക്ഷേ അവൻ കണ്ട അക്ഷരങ്ങൾ ഇങ്ങനെയായിരുന്നു: “നീ ഭയപ്പെടരുതു് – മുട്ടുക.” അവൻ മുട്ടി, ഉടനെ വാതിലുകൾ വലിയ ആരവത്തോടെ തുറന്നു. ആ രണ്ടു് പ്രണയിതാക്കളും ആയിരം സ്വരങ്ങളുടെയും ആയിരം ഉപകരണങ്ങളുടെയും അകമ്പടിയോടെ മാർബിളിൽ തീർത്ത പൂമുഖത്തേക്കു് കടന്നു. തുടർന്നു് അവർ പ്രവേശിച്ചതു് രാജകീയ പ്രൗഢിയുള്ള ഒരു ഹാളിലേക്കായിരുന്നു. അവിടെ ആയിരത്തിഇരുന്നൂറു് വർഷങ്ങളായി അവരെ കാത്തിരിക്കുന്ന അത്യന്തം സ്വാദിഷ്ഠമായ ഒട്ടേറെ വിഭവങ്ങൾ അവർ കണ്ടു. അതിലൊന്നുപോലും ലേശമെങ്കിലും തണുത്തുപോയിരുന്നില്ല. അവർ തീന്മേശക്കരികിൽ ആസനസ്ഥരായി. ഓരോരുത്തർക്കും വിളമ്പാൻ അതീവസൗന്ദര്യമുള്ള ആയിരം അടിമകളുണ്ടായിരുന്നു. പാട്ടും നൃത്തവും ഭക്ഷണത്തിനു് ആസ്വാദ്യത കൂട്ടി. ഭക്ഷണം കഴിഞ്ഞതോടെ വിവിധ ഗ്രൂപ്പുകളിൽ നിരനിരയായി വളരെ ശ്രേഷ്ഠവും വിചിത്രവുമായ വസ്ത്രങ്ങൾ ധരിച്ചവരായ സകല ജീനിയസുകളും മോതിരധാരിയായ പ്രഭുവിനു് ഭക്തി പ്രതിജ്ഞ ചെയ്യുന്നതിനും മോതിരം ധരിച്ച വിശുദ്ധവിരൽ ചുംബിക്കുന്നതിനുമായി രംഗപ്രവേശം ചെയ്തു.

അതേസമയത്തുതന്നെ ബാഗ്ദാദിൽ വളരെ ദൈവഭക്തനായ ഒരു മുസൽമാൻ ജീവിച്ചിരുന്നു. സമയാസമയങ്ങളിലെ കഴുകലുകൾക്കായി മോസ്കിലേക്കു് പോകാൻ കഴിയാതിരുന്നതിനാൽ അവൻ പള്ളി അധികാരികൾക്കു് ഒരു ചെറിയ സംഭാവന നൽകി കഴുകാനുള്ള ജലം വീട്ടിൽ എത്തിക്കുകയായിരുന്നു പതിവു്. അന്നും അഞ്ചാമത്തെ കഴുകൽ കഴിഞ്ഞയുടനെ അഞ്ചാമത്തെ പ്രാർത്ഥനക്കായി അവൻ തയ്യാറെടുത്തു. ഒട്ടും ദൈവവിശ്വാസമില്ലാത്തവളും ചെറുപ്പക്കാരിയുമായ ഒരു കിഴങ്ങത്തിയായിരുന്നു അവന്റെ വീട്ടുജോലിക്കാരി. കഴുകലിനുശേഷം അവശേഷിച്ച വിശുദ്ധജലം എളുപ്പത്തിനായി അവൾ ജനലിലൂടെ പുറത്തെക്കൊഴിച്ചു. വഴിവക്കിലെ ഒരു കല്ലു് തലയിണയാക്കി ചുരുണ്ടുകൂടി ഉറങ്ങിയിരുന്ന ഒരു പാവം നിർഭാഗ്യവാന്റെ ദേഹത്തായിരുന്നു ആ വെള്ളം മുഴുവൻ ചെന്നു് പതിച്ചതു്. മുഴുവനും നനഞ്ഞു് അവൻ ഉറക്കമുണർന്നു. മാന്ത്രികക്കൊട്ടാരത്തിൽ നിന്നും മടങ്ങുന്ന വഴി ശലോമോന്റെ മോതിരം നഷ്ടപ്പെട്ട നമ്മുടെ പാവം മെസ്രുർ ആയിരുന്നു അതു്. അവൻ വിശിഷ്ടവസ്ത്രങ്ങളെല്ലാം ഊരിവച്ചു് തന്റെ പഴയ ജോലിക്കുപ്പായം വീണ്ടും ധരിച്ചിരുന്നു. മനോഹരമായിരുന്ന അവന്റെ സ്വർണ്ണ ആവനാഴിയുടെ സ്ഥാനത്തു് അവൻ ചുമന്നിരുന്നതു് വിറകു് നിറച്ച ഒരു കൊട്ടയായിരുന്നു. ഈ ദുരിതങ്ങളുടെ എല്ലാം മകുടം എന്നപോലെ അവന്റെ ഒരു കണ്ണു് എന്നേക്കുമായി അവനു് നഷ്ടപ്പെട്ടിരുന്നു. ബുദ്ധിയെ മന്ദീഭവിപ്പിക്കാനും സുന്ദരസ്വപ്നങ്ങൾ കാണാനും ഉതകുന്നത്ര നല്ലൊരു അളവു് മദ്യം തലേന്നു് വൈകിട്ടു് താൻ അകത്താക്കിയിരുന്നു എന്ന ബോധോദയം പെട്ടെന്നാണു് അവനുണ്ടായതു്.

അതുവരെ ആ പാനീയം അതിന്റെ രുചിയുടെ പേരിലായിരുന്നു അവൻ സന്തോഷത്തോടെ കുടിച്ചിരുന്നതെങ്കിൽ, ഇപ്പോൾ മുതൽ അവൻ അതിനെ നന്ദിയുടെ പേരിൽ ഇഷ്ടപ്പെടാൻ തുടങ്ങി. താൻ സമ്പാദിക്കുന്നതു് കൊടുത്തു് മെലിനാഡിനെ വീണ്ടും കാണാൻ കഴിഞ്ഞേക്കാവുന്ന ആ പാനീയം വാങ്ങി കുടിക്കണം എന്ന ദൃഢനിശ്ചയവുമായി ഉല്ലാസത്തോടെ അവൻ തന്റെ ജോലിയിലേക്കു് മടങ്ങി. ഭംഗിയുള്ള രണ്ട്‌ കണ്ണുകൾ ഉണ്ടായിരുന്നശേഷം ഒരു ഒറ്റക്കണ്ണൻ ആവേണ്ടി വന്നതിന്റെ പേരിലും, കാലിഫിന്റെ സകല കാമുകിമാരെക്കാളും സുന്ദരിയായ ഒരു രാജകുമാരിയുടെ സ്നേഹം ആസ്വദിച്ചശേഷം കൊട്ടാരത്തിലെ ദാസികളുടെ നിന്ദക്കു് പാത്രീഭൂതനാവേണ്ടിവന്നതിലും, എല്ലാ ജീനിയസുകളുടെയും പ്രഭു ആയിരുന്നതിനുശേഷം ബാഗ്ദാദിലെ പൗരന്മാർക്കു് സേവനം അനുഷ്ഠിക്കേണ്ടിവന്നതിന്റെ പേരിലും അവന്റെ സ്ഥാനത്തു് മറ്റാരായിരുന്നെങ്കിലും അവർ നിരാശാഭരിതരായിരുന്നേനെ. പക്ഷേ, കാര്യങ്ങളുടെ ചീത്തവശം കാണാൻ ആവശ്യമായ ആ ഒരു കണ്ണായിരുന്നല്ലോ കൃത്യമായി മെസ്രുറിനു് ഇല്ലാതിരുന്നതു്.

 
1 Comment

Posted by on Sep 15, 2010 in ഫിലോസഫി

 

Tags: , ,

എന്തിനു് വെറുതെ വിദ്യാഭ്യാസം? – (2)

(വോൾട്ടയറുടെ Jeannot et Colin-ന്റെ സ്വതന്ത്ര പരിഭാഷ)

എല്ലാറ്റിനും നമ്മൾ നന്ദി പറയേണ്ടതായ പ്രകൃതി അവനു് നൽകിയിരുന്ന ഒരു നൈപുണ്യം താമസിയാതെ അത്ഭുതകരമായി അവന്റെ വിജയത്തിലേക്കു് വികാസം പ്രാപിച്ചു: അവനു് വളരെ ഭംഗിയായി Gassenhauer പാടാൻ കഴിഞ്ഞു! മഹത്തരമായ ഈ കഴിവു് അവന്റെ യുവത്വത്തിന്റെ ഉത്തേജനവുമായി സമ്മേളിച്ചപ്പോൾ ഏറെ ശുഭപ്രതീക്ഷക്കു് വകനൽകുന്ന ഒരു ഭാവിവാഗ്ദാനമായി ആ യുവാവു് രൂപാന്തരപ്പെട്ടു. സ്ത്രീകൾ അവനെ സ്നേഹിക്കാൻ തുടങ്ങി. അവന്റെ തലയിൽ ആകമാനം പാട്ടുകൾ മൂളാൻ തുടങ്ങിയതിനാൽ തന്റെ കാമുകികൾക്കായും അവൻ ചില പാട്ടുകൾ എഴുതാൻ തുടങ്ങി. ഒരു മ്യൂസിക്കൽ കോമഡിയിൽ നിന്നും ‘ബാക്കസും ആമോറും’, രണ്ടാമതൊന്നിൽ നിന്നും ‘രാവും പകലും’, മൂന്നാമതൊന്നിൽ നിന്നും ‘സന്തോഷവും സഹനവും’ അവൻ മോഷ്ടിച്ചു. അവന്റെ ശീലുകളിൽ എപ്പോഴും ഏതാനും ചുവടുകൾ കൂടുതലോ കുറവോ ആയിരുന്നതിനാൽ, ഇരുപതു് ഫ്രാങ്കിനു് അവ അവൻ തിരുത്തിയെഴുതിച്ചു. അങ്ങനെ അവൻ ‘സാഹിത്യവാർഷികഗ്രന്ഥത്തിൽ’ മറ്റു് ശ്രേഷ്ഠകവികളോടൊപ്പം – ഉദാഹരണത്തിനു് La Fare, Chaulieu, Voiture – ഒരേ നിരയിൽ പ്രത്യക്ഷപ്പെട്ടു.

താൻ ഒരു സൗന്ദര്യാരാധകനായ കവിയുടെ മാതാവാണെന്നു് ശ്രീമതി പ്രഭു വിശ്വസിക്കാൻ തുടങ്ങിയതിനാൽ അവൾ പാരീസിലെ സൗന്ദര്യാരാധകരെ ഡിന്നറിനു് ക്ഷണിച്ചു. ആ ചെറുപ്പക്കാരന്റെ തല അധികം താമസിയാതെ ആകെ വട്ടം തിരിഞ്ഞുപോയി. പറയുന്നതിലെ ഒരക്ഷരം പോലും സ്വയം മനസ്സിലാവാതെതന്നെ പ്രസംഗിക്കാനുള്ള കല അവൻ ശീലിച്ചു. അങ്ങനെ, യഥാർത്ഥത്തിൽ ഒന്നിനും കൊള്ളാത്തവൻ എന്ന പദവിയിൽ ശീലം കൊണ്ടു് അവൻ പൂർണ്ണത കൈവരിച്ചു. അവന്റെ പിതാവു് അവനിലെ ഈ വചോവിലാസം ശ്രദ്ധിച്ചപ്പോൾ അവൻ ലാറ്റിൻ പഠിക്കാത്തതിനെപ്പറ്റിയോർത്തു് ഏറെ ദുഃഖിച്ചു. കാരണം, ലാറ്റിൻ കൂടെ അറിയാമായിരുന്നെങ്കിൽ തന്റെ മകനു് കോടതിയിൽ വളരെ ഉയർന്ന ഒരു സ്ഥാനം വിലക്കു് വാങ്ങാൻ അവനു് കഴിഞ്ഞേനെ. അവന്റെ അമ്മ അതിലും വിലയേറിയ സ്വപ്നങ്ങളായിരുന്നു അവനുവേണ്ടി കണ്ടിരുന്നതെന്നതിനാൽ, അവൾ അവനായി ഒരു റെജിമെന്റ്‌ തന്നെ തരപ്പെടുത്തുക എന്ന ചുമതല ഏറ്റെടുത്തു – ഇതിനിടയിൽ മകൻ തന്റെ ജീവിതം പ്രണയത്തിനായി സമർപ്പിച്ചു. പ്രണയം ചിലപ്പോഴൊക്കെ ഒരു റെജിമെന്റിനേക്കാൾ വിലപിടിപ്പുള്ളതാവാമെന്നതിനാൽ അവൻ അതിനായി നല്ലൊരു തുക ചിലവഴിക്കേണ്ടിവന്നു. അതോടൊപ്പം, വലിയവരാണെന്നു് കാണിക്കാനായി അവന്റെ മാതാപിതാക്കൾ അതിലുമൊക്കെ വളരെ കൂടുതൽ പണം ധൂർത്തടിച്ചുകൊണ്ടിരുന്നു.

ചെറുപ്പക്കാരിയും തറവാടിയുമായിരുന്ന ഒരു വിധവ അവരുടെ അയൽപക്കത്തു് താമസിച്ചിരുന്നു. സാമ്പത്തികമായി ഒരു ഇടത്തരക്കാരി ആയിരുന്ന അവൾ മിസ്റ്റർ ആൻഡ്‌ മിസിസ്‌ ഡെ ല ഷെനൊറ്റ്യേര്‍മാരുടെ വിപുലമായ സമ്പത്തു് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിൽ അവരോടു് അടുത്തുകൂടി. ആ ബന്ധം അവൾ തന്ത്രപരമായി ശ്രീ പ്രഭുകുമാരനുമായുള്ള അവളുടെ വിവാഹത്തിൽ കൊണ്ടുചെന്നെത്തിച്ചു. അവനെ അവൾ അവളുടെ വീട്ടിലേക്കു് താമസം മാറ്റിപ്പിച്ചു, അവൾക്കു് താത്പര്യമില്ലാത്ത ഒരുവനല്ല അവൻ എന്ന തോന്നൽ അവനിൽ ജനിപ്പിച്ചു, അവളെ അവന്റെ ആരാധനാപാത്രമാക്കിത്തീർത്തു, സൂക്ഷ്മതയോടെ അവനെ നിയന്ത്രിച്ചു, അവനെ മയക്കി അനായാസം അവളുടെ അധീനതയിലാക്കി. ഒന്നുകിൽ അവനെ പുകഴ്ത്താൻ, അല്ലെങ്കിൽ അവനു് നല്ല ഉപദേശങ്ങൾ നൽകാൻ അവൾ മറന്നില്ലെന്നു് മാത്രമല്ല, അവന്റെ മാതാപിതാക്കളുടെ ഏറ്റവും നല്ല സുഹൃത്തുമായിത്തീർന്നു അവൾ. ഒരു പഴയ അയൽക്കാരി അവർ തമ്മിലുള്ള വിവാഹം നിർദ്ദേശിച്ചപ്പോൾ, അതുപോലൊരു ബന്ധത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചി അവന്റെ മാതാപിതാക്കൾ സന്തോഷത്തോടെ വിവാഹാനുമതി നൽകി; അവരുടെ ഏറ്റവും നല്ല സുഹൃത്തായ സ്ത്രീക്കു് അവരുടെ ഒരേയൊരു മകനെ അവർ നൽകി, അത്രതന്നെ. യുവപ്രഭു അവൻ ആരാധിക്കുന്ന ഒരു സ്ത്രീയെ, അവനെ സ്നേഹിക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കണം എന്നായിരുന്നു തീരുമാനം. കുടുംബസുഹൃത്തുക്കൾ അവനു് വിവാഹമംഗളാശംസകൾ നേർന്നു. ഉടനെതന്നെ വിവാഹ ഉടമ്പടി പൂർത്തിയായി. അതിനിടയിൽ സ്ത്രീക്കു് ലഭിക്കേണ്ട ധനം, കല്യാണസമയത്തെ കവിതകൾ മുതലായ കാര്യങ്ങളുടെ പണികളും നടന്നുകൊണ്ടിരുന്നു.

സുന്ദരമായ ഒരു പ്രഭാതത്തിൽ തനിക്കു് സ്നേഹവും സൗഹൃദവും ശ്രദ്ധയും നൽകേണ്ടവളും അഴകുറ്റവളുമായ തന്റെ മണവാട്ടിയുടെ സമീപം ഇരിക്കുകയായിരുന്നു അവൻ. ലോലവും വികാരഭരിതവുമായ സംഭാഷണങ്ങളിലൂടെ അവർ അവരുടെ ഭാഗ്യത്തിന്റെ ആദ്യമുകുളങ്ങൾ ആസ്വദിക്കുകയും അത്ഭുതകരമായ ഒരു ഭാവിജീവിതം ഒരുമിച്ചു് നയിക്കുന്നതിനെപ്പറ്റി കണക്കുകൂട്ടലുകൾ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു് അവന്റെ അമ്മയുടെ ഒരു ഭൃത്യൻ “പുതിയ വാർത്തകൾ!” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് അവരുടെ അടുത്തെത്തി. “ബഹുമാന്യനായ പ്രഭുവിന്റെയും ശ്രീമതി പ്രഭുവിന്റെയും വീടു് ജപ്തി ചെയ്യുന്നു. കടം കൊടുത്തവർ എല്ലാം പിടിച്ചെടുത്തു. അറസ്റ്റ്‌ ചെയ്യുമെന്നൊക്കെപ്പോലും കേൾക്കുന്നു. എന്റെ ശമ്പളം കിട്ടുന്നതിനുവേണ്ടി ഞാൻ എന്തായാലും ഉടനെതന്നെ കേസുകൊടുക്കാൻ പോവുകയാണു്.” അതുകേട്ട യുവപ്രഭു പറഞ്ഞു: “വിഡ്ഢിത്തം! കാര്യമെന്താണെന്നും അതിന്റെയൊക്കെ അർത്ഥമെന്തെന്നും ആദ്യം ഞാനൊന്നു് നോക്കട്ടെ.” അതുകേട്ട വിധവയുടെ മറുപടി: “അതാണു് ശരി. നിങ്ങൾ പെട്ടെന്നു് ചെന്നു് ആ തെമ്മാടികളെ വേണ്ടവിധം ശിക്ഷിക്കൂ, പെട്ടെന്നാവട്ടെ!” അവൻ വീട്ടിലേക്കു് കുതിച്ചു. അവന്റെ പിതാവു് അറസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. ഭൃത്യന്മാർ തലയിലേറ്റാവുന്നതെല്ലാം ചുമന്നുമാറ്റി സ്വന്തമാക്കിയശേഷം സ്ഥലം വിട്ടിരുന്നു, ആശ്വസിപ്പിക്കാനോ സഹായിക്കാനോ ആരുമില്ലാതെ അവന്റെ അമ്മ ഒറ്റക്കിരുന്നു് കരഞ്ഞുകൊണ്ടിരുന്നു. അവളുടെ സമ്പത്തിനെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും പാപങ്ങളെപ്പറ്റിയും എല്ലാത്തരം ധൂർത്തുകളെപ്പറ്റിയുമുള്ള ഓർമ്മകൾ ഒഴികെ മറ്റൊന്നും അവളുടേതായി അവശേഷിച്ചില്ല.

അമ്മയോടൊത്തു് ദീര്‍ഘനേരം കരഞ്ഞശേഷം അവൻ അവളോടു് പറഞ്ഞു: “നമ്മൾ ഒരിക്കലും നിരാശപ്പെടരുതു്. യുവതിയായ ആ വിധവ എന്നെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുന്നുണ്ടു്. സമ്പത്തിനേക്കാൾ അവൾ തറവാടിത്തമുള്ളവളാണെന്നതിനാൽ അവൾക്കുവേണ്ടി ഞാൻ ജാമ്യം നിൽക്കുന്നു. ഞാൻ ഉടനെ അവളുടെ അടുത്തുപോയി അവളെ ഇവിടേക്കു് കൊണ്ടുവരാം.”

അങ്ങനെ അവൻ അവന്റെ പ്രിയപത്നിയുടെ അടുത്തേക്കു് മടങ്ങിച്ചെന്നപ്പോൾ അവൾ പ്രണയസ്വരൂപനായ ഒരു യുവ ഓഫീസറുമായി ദൃഢബദ്ധസമ്മേളനത്തിൽ മുഴുകി ഇരിക്കുന്നതാണു് കണ്ടതു്. സ്വതസിദ്ധചാതുരിയോടെ അവൾ പറഞ്ഞു: “മിസ്റ്റർ ഡെ ല ഷെനൊറ്റ്യേർ, നിങ്ങളാണോ ഇതു്? എന്താണു് നിങ്ങൾക്കു് വേണ്ടതു്? സ്വന്തം അമ്മയെ ഇതുപോലൊരു അപകടസന്ധിയിൽ ആരെങ്കിലും ഒറ്റയ്ക്കാക്കുമോ? നിങ്ങൾ ആ പാവം സ്ത്രീയുടെ അടുത്തേക്കു് ചെന്നു് എനിക്കു് ഇപ്പോഴും അവളോടു് സ്നേഹമാണെന്നു് പറയൂ. എനിക്കു് ഒരു ഭൃത്യയുടെ ആവശ്യമുണ്ടു്. ആ ജോലിക്കു് ഞാൻ അവൾക്കു് മുൻഗണന നൽകാം.” അവളെ പിന്താങ്ങിക്കൊണ്ടു് ആ യുവ ഓഫീസർ അവനോടു് പറഞ്ഞു: “എന്റെ കുട്ടീ, നീ വേണ്ടത്ര വളർച്ചയുള്ളവനാണെന്നു് തോന്നുന്നു. എന്റെ കമ്പനിയിൽ ജോലിചെയ്യാൻ തയ്യാറാണെങ്കിൽ ഞാൻ നിനക്കു് ഒരു നല്ല സ്ഥാനം നൽകാം.”

വേദനയും കോപവും കൊണ്ടു് നിറഞ്ഞ മനസ്സുമായി ആ പ്രഭു തന്റെ പഴയ അധ്യാപകന്റെ അടുത്തുചെന്നു് അവന്റെ പ്രശ്നങ്ങൾ വിവരിച്ചശേഷം ഒരു ഉപദേശം തരണമെന്നു് അവനോടു് അപേക്ഷിച്ചു. അവനെപ്പോലെ ഒരു അധ്യാപകൻ ആവുക എന്നതായിരുന്നു അവനു് ആകെ നൽകാനുണ്ടായിരുന്ന ഉപദേശം. “ആഹ്‌, എനിക്കൊന്നും അറിയില്ല. ഞാൻ നിങ്ങളിൽ നിന്നും ഒന്നും പഠിച്ചിരുന്നില്ലല്ലോ. എന്റെ ഈ ദൗർഭാഗ്യത്തിന്റെ കാരണം നിങ്ങൾ മാത്രമാണു്” പ്രഭു ഷെനോ കരഞ്ഞുകൊണ്ടു് പരാതിപ്പെട്ടു. എന്തിനോ അവിടെ എത്തിയിരുന്ന സൗന്ദര്യാരാധകനായ പഴയ എഴുത്തുകാരൻ അവനെ ഉപദേശിച്ചു: “നിങ്ങൾ നോവലുകൾ എഴുതൂ. പാരീസിൽ അതൊരു നല്ല വരുമാനമാർഗ്ഗമാണു്.”

പഴയതിലും കൂടുതൽ നിരാശാഭരിതനായി ആ യുവാവു് അവന്റെ അമ്മയുടെ കുമ്പസാരപിതാവിനെ തേടിച്ചെന്നു. തീറ്റീൻസ്‌ വിഭാഗത്തിൽപ്പെട്ട ആ പുരോഹിതൻ ഏറ്റവും നല്ല സമൂഹത്തിൽ നിന്നുള്ള സ്ത്രീകളുടെ മാത്രം ഉപദേഷ്ടാവായിരുന്നു. അവനെ കണ്ടതോടെ അയാൾ ഓടിവന്നു അവനോടു് ചോദിച്ചു: ” ഓ ദൈവമേ, ശ്രീ മർക്കീ, നിങ്ങളുടെ കുതിരവണ്ടി എവിടെ? ബഹുമാന്യയും നിങ്ങളുടെ മാതാവുമായ ശ്രീമതി മർക്കീസിനു് എന്തുണ്ടു് വിശേഷം?” ആ നിർഭാഗ്യവാൻ തന്റെ കുടുംബത്തിന്റെ കഷ്ടകാലം വിവരിക്കാൻ തുടങ്ങി. വിവരണം പുരോഗമിക്കുന്തോറും ആ പുരോഹിതന്റെ മുഖത്തു് ഗൗരവവും, ഉദാസീനതയും, ഉന്നതഭാവവും കൂടിക്കൂടിവന്നുകൊണ്ടിരുന്നു. “പ്രിയ പുത്രാ, അതു് ദൈവേഷ്ടമാണു്. സമ്പത്തു് ഹൃദയത്തെ നശിപ്പിക്കുകയേയുള്ളു. നിങ്ങളുടെ അമ്മയെ ഒരു ഭിക്ഷക്കാരി ആക്കിയതുവഴി ദൈവം തെളിയിച്ചിരിക്കുന്നതു് അവനു് അവളോടുള്ള കരുണയാണു്.” പ്രഭു ഷെനോ പറഞ്ഞു: “ശരിയാണു് പിതാവേ, അവളുടെ ആത്മാവു് രക്ഷിക്കപ്പെട്ടു എന്നു് അവൾക്കു് ഉറപ്പായും വിശ്വസിക്കാം. പക്ഷേ, ബഹുമാന്യനായ പിതാവേ, ഈ ലോകത്തിൽ മനുഷ്യർക്കു് സഹായം ലഭിക്കാനുള്ള യാതൊരു സാദ്ധ്യതയുമില്ലേ?” അതിനു് ആ പാതിരിയുടെ അക്ഷമയോടെയുള്ള മറുപടി: “ദൈവത്തിലൂടെ, പ്രിയ പുത്രാ, ഒരു ശ്രേഷ്ഠകുലജാത എന്നെ കാത്തിരിക്കുന്നു.”

അവനു് ബുദ്ധിഭ്രമം സംഭവിച്ചതുപോലെയായി. അവന്റെ സുഹൃത്തുക്കളിൽ നിന്നും ഇതുപോലെ തന്നെയുള്ള പ്രതികരണങ്ങളാണു് അവനു് ലഭിച്ചതു്. അങ്ങനെ ഒരു ദിവസത്തിന്റെ പകുതികൊണ്ടു് തന്റെ ബാക്കി മുഴുവൻ ജീവിതകാലത്തു് കഴിഞ്ഞതിനേക്കാളും കൂടുതലായി ലോകത്തെ അറിയാൻ അവനു് സാധിച്ചു.

ആകെത്തകർന്നു് അവശനും നിരാശാഭരിതനുമായി വഴിയരികിൽ നിന്നപ്പോൾ രണ്ടു് ചക്രങ്ങളുള്ള ഒരു ശകടം എന്നു് പറയാവുന്നത്ര പഴയ മോഡലിലുള്ള തോലുകൊണ്ടുള്ള കർട്ടനുകളിട്ട ഒരു കുതിരവണ്ടി ചടപടശബ്ദവുമായി വരുന്നതു് അവൻ കണ്ടു. അതിനുപിന്നിൽ ഫുൾ ലോഡുമായി വേറെ നാലു് വലിയ വണ്ടികളുമുണ്ടായിരുന്നു. ആ വാഹനത്തിൽ സൗഹൃദവും സന്തോഷവും പ്രസരിപ്പിക്കുന്ന വട്ടമുഖവുമായി ഉന്മേഷവാനായ ഒരു യുവാവു് കർഷകവേഷത്തിൽ ഇരുന്നിരുന്നു. ചെറിയവളും പൊതുവേ ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതക്കാരിയുമായ അവന്റെ ബ്രൂണറ്റ്‌ ഭാര്യ അടുത്തു് വാഹനത്തിന്റെ ഉലച്ചിലുകൾക്കനുസരിച്ചു് ആടിക്കൊണ്ടിരുന്നു. ആ ശകടം അത്ര സ്പീഡിലായിരുന്നില്ല ഓടിയിരുന്നതു് എന്നതിനാൽ അകത്തിരിക്കുന്നവർക്കു് വഴിയരികിൽ ചലനമറ്റു് അതീവദുഃഖിതനായി നിലകൊണ്ടിരുന്ന പ്രഭുവിനെ കാണാൻ മതിയായ സമയമുണ്ടായിരുന്നു. “ഓ ദൈവമേ, അതു് ഷെനോ ആണെന്നാണു് എനിക്കു് തോന്നുന്നതു്.” ഈ സ്വരം കേട്ട ഷെനോ മുഖമുയർത്തി. വാഹനം നിന്നു. “അതേ, അതു് അവൻ തന്നെ! അതു് ഷെനോ തന്നെ!” ആ ചെറിയ മനുഷ്യൻ വാഹനത്തിൽ നിന്നും ചാടിയിറങ്ങി തന്റെ പഴയ സുഹൃത്തിനെ ആലിംഗനം ചെയ്തു. ഷെനോ കോളിനെ തിരിച്ചറിഞ്ഞു. ലജ്ജയും കണ്ണുനീരും അവന്റെ മുഖത്തെ പൊതിഞ്ഞു. കോളിൻ പറഞ്ഞു: “നീ എന്നെ വിട്ടുപോയി. നീ വേണമെങ്കിൽ എത്ര വലിയ മനുഷ്യനെങ്കിലും ആയിക്കൊള്ളൂ – പക്ഷേ ഞാൻ എന്നും നിന്റെ സുഹൃത്തായിരിക്കും. അസ്വസ്ഥനും വികാരഭരിതനുമായ ഷെനോ തന്റെ കഥയുടെ ഒരു ഭാഗം അവനോടു് പറഞ്ഞു. അതുകേട്ട കോളിൻ ആശ്വസിപ്പിച്ചു: “ഞങ്ങൾ വിശ്രമിക്കാൻ പോകുന്ന സത്രത്തിലേക്കു് ഞങ്ങളോടൊപ്പം വന്നു് ബാക്കിയും കൂടി പറയൂ. ഇതു് എന്റെ ഭാര്യയാണു്. അവളെ ആശ്ലേഷിക്കൂ. ഞങ്ങളോടൊപ്പം ലഞ്ചു് കഴിക്കാൻ ഞങ്ങൾ നിന്നെ ക്ഷണിക്കുന്നു.”

വാഹനങ്ങൾ പിന്നാലെ ആയി ബാക്കി വഴി അവർ മൂന്നുപേരും നടന്നാണു് പോയതു്. “ഈ ലഗേജിന്റെയൊക്കെ അർത്ഥമെന്താണു്. ഇതെല്ലാം നിന്റേതാണോ?” “അതേ, എന്റെ ഭാര്യയുടെയും എന്റെയും സ്വന്തമാണു് ഇതെല്ലാം. ഞങ്ങൾ ഉൾനാട്ടിൽ നിന്നുമാണു് വരുന്നതു്. ഞാൻ ചെമ്പിന്റെയും ഇരുമ്പിന്റെയും പലകകൾ ഉണ്ടാക്കുന്ന ഒരു നല്ല ഫാക്ടറിയുടെ ഉടമയാണു്. ചെറുതും വലുതുമായ ഉപഭോക്തൃസാധനങ്ങൾ വിൽക്കുന്ന ധനികനായ ഒരു കച്ചവടക്കാരന്റെ മകളാണു് എന്റെ ഭാര്യ. വളരെയേറെ ജോലിചെയ്യണമെങ്കിലും ദൈവാനുഗ്രഹം ഞങ്ങൾക്കുണ്ടു്.” നമ്മുടെ ബന്ധങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഭാഗ്യമുള്ളവരാണു്, സുഹൃത്തായ ഷെനോയെ പിന്താങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഇനിമുതൽ ഒരു പ്രഭു ആവേണ്ട. ഈ ലോകത്തിലെ സകല മഹത്വങ്ങളും ഒരു നല്ല സൗഹൃദത്തിനോടു് കിടപിടിക്കാൻ മാത്രം വലിയതല്ല. ഞങ്ങളോടൊപ്പം നാട്ടിലേക്കു് വരൂ. ഞാൻ നിന്നെ എന്റെ കൈത്തൊഴിൽ പഠിപ്പിക്കാം. അതു് അത്ര പ്രയാസമുള്ളതല്ല. നിന്നെ ഞാൻ എന്റെ പങ്കാളിയാക്കാം. അങ്ങനെ നമുക്കു് നമ്മൾ ജനിച്ച ആ ചെറിയ അംശം ഭൂമിയിൽ സന്തോഷമായി ജീവിക്കാം.”

ദുഃഖത്തിനും സന്തോഷത്തിനുമിടയിൽ, സ്നേഹത്തിനും ലജ്ജക്കുമിടയിൽ പീഡിതനായ ഷെനോ താഴ്‌ന്ന സ്വരത്തിൽ അവനോടുതന്നെ എന്നോണം പറഞ്ഞു: “കുലീനരുടെ കൂട്ടത്തിലെ എന്റെ എല്ലാ സുഹൃത്തുക്കളും എന്നെ തള്ളിപ്പറഞ്ഞു. ഞാൻ നിന്ദിച്ചവനായ കോളിൻ മാത്രം അവസാനം എന്റെ സഹായത്തിനെത്തി. എന്തൊരു പാഠം!” ലോകത്തിനു് നശിപ്പിക്കാൻ കഴിയാതെ ഷെനോയുടെ മനസ്സിൽ അവശേഷിച്ചിരുന്ന നന്മയുടെ നേരിയ തരിയെ നാമ്പിട്ടുവളരാൻ കോളിന്റെ ഹൃദയശുദ്ധി സഹായിച്ചു. തന്റെ മാതാപിതാക്കളെ കയ്യൊഴിയരുതെന്ന ബോധം അവനുണ്ടായി. “നിന്റെ അമ്മക്കു് വേണ്ടതു് തീർച്ചയായും ഞാൻ ചെയ്യാം. തടവിൽ കഴിയുന്ന നിന്റെ പിതാവിനെ സംബന്ധിച്ചാണെങ്കിൽ, ഇത്തരം കാര്യങ്ങളിൽ അൽപസ്വൽപം പരിചയം എനിക്കുണ്ടു്: അവനു് കാര്യമായി ഒന്നും ബാക്കിയില്ല എന്നറിയുമ്പോൾ കടം കൊടുത്തവർ ഉള്ളതുകൊണ്ടു് തൃപ്തിപ്പെടും. അക്കാര്യം ഞാൻ നോക്കിക്കൊള്ളാം.”

ഷെനോയുടെ പിതാവിനെ കടബാദ്ധ്യതയിൽ നിന്നും സ്വതന്ത്രനാക്കാൻ കോളിനു് കഴിഞ്ഞു. ഷെനോ മാതാപിതാക്കളുമായി നാട്ടിലേക്കു് മടങ്ങി. അവർ അവരുടെ പഴയ തൊഴിൽ വീണ്ടും ഏറ്റെടുത്തു. ഷെനോ കോളിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചു. കോളിന്റെ അതേ മനോഭാവം ഉള്ളവളായിരുന്ന അവളോടൊത്തുള്ള ജീവിതത്തിൽ ഷെനോ വളരെ ഭാഗ്യവാനായിരുന്നു. പൊങ്ങച്ചത്തിലല്ല യഥാർത്ഥ ഭാഗ്യം സ്ഥിതിചെയ്യുന്നതെന്നു് അപ്പൻ ഷെനോയും അമ്മ ഷെനോയും മകൻ ഷെനോയും സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കി.

 
Comments Off on എന്തിനു് വെറുതെ വിദ്യാഭ്യാസം? – (2)

Posted by on Sep 11, 2010 in ഫിലോസഫി

 

Tags: , ,

എന്തിനു് വെറുതെ വിദ്യാഭ്യാസം? – (1)

(വോൾട്ടയറുടെ Jeannot et Colin-ന്റെ സ്വതന്ത്ര പരിഭാഷ)

ഒരു അക്കാഡമിക്‌ ഹൈസ്കൂളും പാചകകലങ്ങളും വഴി ലോകം മുഴുവൻ പ്രസിദ്ധിയാർജ്ജിച്ചിരുന്ന ഒവേര്‍ന്യേയിലെ ഇസ്വാ എന്ന പട്ടണത്തിലെ സ്കൂൾ ബഞ്ചിൽ ഒരുമിച്ചിരുന്നു് പഠിക്കുന്നവരായി ഷെനോയേയും കോളിനേയും വിശ്വാസയോഗ്യരായ പലരും കണ്ടിരുന്നു. ഷെനോ പരക്കെ അറിയപ്പെടുന്ന ഒരു കോവർക്കഴുതക്കച്ചവടക്കാരന്റെ മകനായിരുന്നെങ്കിൽ കോളിന്റെ ജീവിതത്തിനു് ഉത്തരവാദി ഇസ്വായുടെ പ്രാന്തപ്രദേശത്തു് തന്റെ വിളനിലം കോവർക്കഴുതകളെ ഉപയോഗിച്ചു് കൃഷിചെയ്തിരുന്നവനും, പൗരനികുതിയും, കൂട്ടുവിലനികുതിയും, ഉപഭോക്തൃനികുതിയും, ഉപ്പുനികുതിയും (ഒരു പൗണ്ടിനു് ഒരു പൈസ) തലനികുതിയും ഭൂവിളനികുതിയുമൊക്കെ നൽകിയശേഷം വർഷാവസാനം താൻ ഒരുപാടു് ധനികനാണെന്ന തോന്നൽ ഇല്ലാതിരുന്ന ഒരു നിഷ്കപടകർഷകനായിരുന്നു.

ഒവേര്‍ന്യേക്കാർ എന്ന നിലയിൽ ഷെനോയും കോളിനും ശരിക്കും ലക്ഷണമൊത്തവരായിരുന്നു. ആത്മസുഹൃത്തുക്കളായിരുന്നതിനാൽ, പിൽക്കാലത്തൊരിക്കൽ ലോകത്തിൽ എവിടെയെങ്കിലും വച്ചു് വീണ്ടും കണ്ടുമുട്ടുമ്പോൾ ആളുകൾ എപ്പോഴും സന്തോഷത്തോടെ അനുസ്മരിക്കുന്ന തരത്തിലുള്ള രഹസ്യങ്ങളും വിശ്വസ്തതകളും അവർക്കു് തമ്മിൽത്തമ്മിൽ ഉണ്ടായിരുന്നു.

വിദ്യാലയജീവിതം തീർന്നയുടനെ ഒരു തയ്യൽക്കാരൻ ത്രിവർണ്ണസാറ്റിനിൽ തീർത്ത ഒരു സ്യൂട്ടും അങ്ങേയറ്റം ഭംഗിയുള്ള ഒരു ലിയോണിയൻ വെസ്റ്റും, അതിനോടൊപ്പം “ശ്രീമാൻ ഡെ ല ഷെനൊറ്റ്യേർ” എന്ന അഡ്രസ്സിൽ ഒരു കത്തുമായി ഷെനോയുടെ വീട്ടിലെത്തി. കോളിനെ ആ സ്യൂട്ട്‌ ഏറെ വിസ്മയിപ്പിച്ചുവെങ്കിലും അവൻ അസൂയാലു ആയിരുന്നില്ല. എങ്കിലും, ഷെനോ ആ സ്യൂട്ടിനുള്ളിൽ താനൊരു മുന്തിയവൻ എന്ന രീതിയിൽ പ്രദര്‍ശിപ്പിച്ചതിനാൽ കോളിനു് അൽപം മനോവ്യഥ ഉണ്ടാവുകയും ചെയ്തു. അതിനുശേഷം ഷെനോ പഠനം തുടർന്നില്ല. അവൻ മുടങ്ങാതെ കണ്ണാടിയിൽ നോക്കാനും സകല ലോകത്തേയും അവജ്ഞയോടെ കാണാനും തുടങ്ങി. ഏതാനും നാളുകൾക്കു് ശേഷം ഒരു ഭൃത്യൻ ശ്രീമാൻ “മാർക്കീ” ഡെ ല ഷെനൊറ്റ്യേർ എന്ന മേൽവിലാസവും, മാന്യപുത്രൻ പാരീസിൽ എത്തണമെന്ന പിതാവിന്റെ നിർദ്ദേശം ഉള്ളടക്കവുമായി രണ്ടാമതൊരു എഴുത്തു് ഷെനോക്കു് കൈമാറി. താമസിയാതെ കുതിരവണ്ടിയിൽ കയറിയ ഷെനോ ഒരു കേമന്റെ മട്ടിൽ ഗമയോടെ ചിരിച്ചുകൊണ്ടു് കോളിനു് വിടവാങ്ങലിനായി ഹസ്തദാനം ചെയ്തു. താനൊരു നിസ്സാരൻ എന്നു് തോന്നിയ കോളിനു് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഷെനോ അവന്റെ പദവിയുടെ എല്ലാ ആഡംബരത്തോടും കൂടി പാരീസിലേക്കു് യാത്രയായി.

ഷെനോയുടെ പിതാവു് ബിസിനസ്‌ വഴി വളരെ പെട്ടെന്നു് ഭീമമായ സമ്പത്തിനു് ഉടമയാവുകയായിരുന്നു എന്ന കാര്യം പിന്നീടു് എന്തു് സംഭവിച്ചു എന്നറിയാൻ സന്തോഷത്തോടെ ആഗ്രഹിക്കുന്ന വായനക്കാർ ആദ്യമേ അറിഞ്ഞിരിക്കണം. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയേറെ സമ്പത്തു് ശേഖരിക്കാൻ എങ്ങനെ കഴിയുമെന്നു് നിങ്ങൾ ചോദിച്ചേക്കാം. അതിനു് പ്രധാനമായും ഒരുവനു് വേണ്ടതു് ഭാഗ്യമാണു്. മിസ്റ്റർ ഷെനോയും അവന്റെ ഭാര്യയും നല്ല രൂപഭംഗിയുള്ളവരും തികച്ചും യൗവനയുക്തരുമായിരുന്നു. ഒരു കേസിൽ തോറ്റു് ആകെത്തകർന്നതിനുശേഷം അവർ രണ്ടുപേരും പാരീസിൽ എത്തിച്ചേർന്നപ്പോൾ മനുഷ്യരെ നിരങ്കുശം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന വിധി അവർക്കു് ഒരു പട്ടാളആശുപത്രിയുടെ തലവന്റെ ഭാര്യയുമായി പരിചയപ്പെടാൻ ഇടനൽകി. അവളുടെ ഭർത്താവു് വളരെ കഴിവുള്ളവനായിരുന്നു. ഒരു പീരങ്കി പത്തു് വർഷങ്ങൾ കൊണ്ടു് കൊല്ലുന്നതിനേക്കാൾ കൂടുതൽ പട്ടാളക്കാരെ ഒരു വർഷം കൊണ്ടു് സ്വർഗ്ഗത്തിലേക്കയക്കുന്നവൻ എന്നു് അഭിമാനിക്കാനുള്ള യോഗ്യത അവനുണ്ടായിരുന്നു. മിസ്യോർ ഷെനോയ്ക്കു് ആ ഓഫീസറുടെ ഭാര്യയേയും മാഡം ഷെനോയ്ക്കു് ആ ഓഫീസറേയും വളരെ ഇഷ്ടപ്പെട്ടു. അധികം താമസിയാതെ ഷെനോ അവന്റെ ബിസിനസിൽ പങ്കാളിയായി. മറ്റു് ബിസിനസുകളിൽ ഇടപെടാനും അവൻ മടിച്ചില്ല. ഒരിക്കൽ നമ്മൾ ശരിയായ ഒഴുക്കിൽ എത്തിച്ചേർന്നാൽ പിന്നെ വെറുതെ ഒഴുകാൻ നമ്മളെ അനുവദിച്ചാൽ മതി, ഒരു പ്രയാസവുമില്ലാതെ നമുക്കു് ഭീമമായ സമ്പത്തിനു് ഉടമയാവാം. മുഴുവൻ പായ്കളും വിടർത്തി യാത്രചെയ്യുന്ന കപ്പലുകളെ തീരത്തുനിന്നു് കാണുന്ന പാവങ്ങൾ അത്ഭുതം കൊണ്ടു് വിടർന്ന കണ്ണുകളോടെ അന്തംവിട്ടു് നോക്കിനിൽക്കും. നമ്മൾ ഈ നിലയിൽ എത്തിച്ചേർന്നതെങ്ങനെയെന്നു് അവർ അറിയുന്നില്ല. ആകസ്മികതയിൽ അസൂയപ്പെട്ടു് അവർ നമുക്കെതിരായി, സ്വാഭാവികമായും നമ്മൾ ഒരിക്കലും വായിക്കാത്ത, ആക്ഷേപഹാസ്യകാവ്യങ്ങൾ രചിക്കും. വലിയ കാലതാമസമില്ലാതെ “ശ്രീമാൻ ഡെ ല ഷെനൊറ്റ്യേർ” ആയിത്തീർന്ന ഷെനോയുടെ പിതാവിനും ഇതുതന്നെയാണു് സംഭവിച്ചതു്. ആറുമാസങ്ങൾക്കുശേഷം ‘മാർക്കീ’ പദവി വിലകൊടുത്തു് വാങ്ങിയപ്പോൾ, പാരീസിൽ പേരും പദവിയുമുള്ളവരുടെ ലോകത്തിലേക്കു് പ്രവേശിപ്പിക്കുന്നതിനുവേണ്ടി അവൻ ശ്രീമാൻ പ്രഭുപുത്രനെ സ്കൂളിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.

ഷെനോയെ മറക്കാൻ കഴിയാതിരുന്ന കോളിൻ അവനു് ആശംസകൾ അർപ്പിച്ചുകൊണ്ടു് ഹൃദയംഗമമായ ഒരു കത്ത്‌ തന്റെ പഴയ സുഹൃത്തിനെഴുതി. പക്ഷേ കൊച്ചുപ്രഭു അതിനു് മറുപടി എഴുതിയില്ലെന്നതിൽ കോളിൻ വളരെ ദുഃഖിതനായിരുന്നു.

യുവപ്രഭുവിന്റെ മാതാപിതാക്കൾ ആദ്യമേ ചെയ്തതു് അവനെ പഠിപ്പിക്കാനായി ഒരു അധ്യാപകനെ നിയമിക്കുകയായിരുന്നു. വളരെ ഭംഗിയായി പെരുമാറാൻ അറിയുമായിരുന്ന ആ അധ്യാപകനു് ഒരു വിവരവും ഉണ്ടായിരുന്നില്ല എന്നതിനാൽ പ്രഭുകുമാരൻ ഷെനോയെ എന്തെങ്കിലും പഠിപ്പിക്കാനും അവനു് കഴിയുമായിരുന്നില്ല. മകൻ ലാറ്റിൻ പഠിക്കണമെന്നായിരുന്നു ശ്രീമാൻ പ്രഭുവിന്റെ ആഗ്രഹം. പക്ഷേ, ശ്രീമതി പ്രഭു അതാഗ്രഹിച്ചില്ല. സുഖിപ്പിക്കുന്ന ചില സാഹിത്യസൃഷ്ടികളിലൂടെ അക്കാലത്തു് പ്രശസ്തനായിത്തീർന്നിരുന്ന ഒരു എഴുത്തുകാരനെ ഈ വിഷയത്തിൽ റഫറിയാക്കാൻ അവൾ തീരുമാനിച്ചു. അവൾ അവനെ ഭക്ഷണത്തിനു് ക്ഷണിച്ചു. വീട്ടുടമസ്ഥൻ ഇങ്ങനെ സംഭാഷണം ആരംഭിച്ചു: “നിങ്ങൾക്കു് ലാറ്റിൻ അറിയാമെന്നതിനാലും, എന്റെ ഗൃഹസദസ്സിൽ ആണെന്നതിനാലും…” ഇത്രയും കേട്ടപ്പോഴേക്കും അവനെ തടസ്സപ്പെടുത്തിക്കൊണ്ടു് ആ സൗന്ദര്യാരാധകൻ പറഞ്ഞു: “ലാറ്റിനോ? എനിക്കോ? ബഹുമാന്യനായ പ്രഭോ, ഒരക്ഷരം ലാറ്റിൻ എനിക്കറിയില്ല, അതു് നല്ലതാണെന്നും ഞാൻ കരുതുന്നു. കാരണം, ഒരേസമയം മാതൃഭാഷയിലും അന്യഭാഷകളിലും ശുഷ്കാന്തി കാണിക്കാതിരുന്നാൽ കൂടുതൽ നന്നായി മാതൃഭാഷ സംസാരിക്കാൻ നമുക്കു് കഴിയും. നമ്മുടെ വനിതകളെ നോക്കൂ! നമ്മൾ ആണുങ്ങളെ അപേക്ഷിച്ചു് അവർ രസികത്തികളും വളരെ മനോഹരമായി കത്തെഴുതുന്നവരുമാണു്. അവർ ലാറ്റിൻ സംസാരിക്കുന്നവരായിരുന്നെങ്കിൽ അവർക്കു് ഇക്കാര്യങ്ങളിൽ നമ്മേക്കാൾ മെച്ചപ്പെട്ടവരാവാൻ ഒരിക്കലും കഴിയുമായിരുന്നില്ല.” അതു് കേട്ടപാടെ മാഡം ഷെനോ ഇടപെട്ടു. “കണ്ടോ, ഇപ്പോ എന്തായി. ഞാൻ പറഞ്ഞതു് ശരിയായിരുന്നില്ലേ? എന്റെ മകൻ ഒരു രസികനായിത്തീരണമെന്നും അവൻ ജീവിതത്തിൽ മുന്നോട്ടു് പോകണമെന്നുമാണു് എന്റെ ആഗ്രഹം. ലാറ്റിൻ സംസാരിക്കുന്നവനായാൽ, നിനക്കു് തീർച്ചയായും അംഗീകരിക്കാൻ കഴിയുന്നതുപോലെ, അവനു് നഷ്ടമേ വരാനുള്ളു. ദയവായി ഒന്നു് കേൾക്കൂ! നാടകവും ഓപെറയുമൊക്കെ ലാറ്റിനിലാണോ കളിക്കുന്നതു്? കോടതിയിൽ കേസ്‌ വാദിക്കുന്നതു് ലാറ്റിനിലാണോ? അല്ലെങ്കിൽ, പ്രണയിക്കുന്നതു് ലാറ്റിനിലാണോ?” ഭാര്യയുടെ യുക്തിഭദ്രമായ ഈ വാദമുഖങ്ങൾ തന്നെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായിരുന്നതിനാൽ ഭർത്താവു് കുറ്റം തന്റേതാണെന്നു് ഏറ്റുപറഞ്ഞു. അങ്ങനെ, പ്രഭുകുമാരൻ ഷെനോ തന്റെ സമയം വെറുതെ സിസെറോ, ഹോറെസ്‌, വിര്‍ജില്‍ തുടങ്ങിയവരോടുകൂടെ നഷ്ടപ്പെടുത്തരുതെന്നു് തീരുമാനമായി.

പക്ഷേ, എന്താണു് അവൻ പഠിക്കേണ്ടതു്? ആത്യന്തികമായി അവൻ എന്തെങ്കിലും അറിയേണ്ടേ? അവനെ അൽപം ജിയോഗ്രഫി പഠിപ്പിച്ചാലോ? അപ്പോൾ അധ്യാപകൻ ചോദിച്ചു: ” അവനു് അതുകൊണ്ടു് എന്താണൊരു പ്രയോജനം ഉണ്ടാവാനുള്ളതു്? ശ്രീമാൻ പ്രഭുമകൻ തന്റെ വസ്തുവകകൾ കാണാൻ പോകുമ്പോൾ കുതിരവണ്ടി പോസ്റ്റ്‌മാന്മാർക്കു് വഴി അറിയാതിരിക്കുമെന്നാണോ? അവർ അവനെ വഴി തെറ്റിച്ചു് തീർച്ചയായും അബദ്ധത്തിൽ ചാടിക്കുകയില്ല. യാത്ര ചെയ്യാൻ മനുഷ്യനു് ഒരു കോമ്പസ്സിന്റെ ആവശ്യമില്ല. പാരീസിൽ നിന്നും സുഖമായി ഒവേര്‍ന്യേയിൽ എത്താൻ ഏതു് അക്ഷാംശരേഖയിലാണു് താൻ നിലകൊള്ളുന്നതെന്നു് അറിയേണ്ട യാതൊരു കാര്യവുമില്ല.”

അതിനു് ശ്രീ പപ്പാ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ പറഞ്ഞതു് ശരിയാണു്. എന്നാൽ, ഞാൻ അസ്റ്റ്രോണമി എന്നോ മറ്റോ പേരുള്ള ഒരു നല്ല ശാസ്ത്രത്തെപ്പറ്റി കേട്ടിട്ടുണ്ടു്, അതെങ്ങനെ?” അപ്പോൾ അധ്യാപകൻ പറഞ്ഞു: “അതു് പഠിക്കുക എന്നതു് ഒരു മഹാ കഷ്ടമായിരിക്കും. ഈ ലോകത്തിൽ ആരെങ്കിലും നക്ഷത്രങ്ങളാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുമോ? പ്രധാന ഉത്സവങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും, അതിനോടുകൂടെ ചന്ദ്രന്റെയും യൂറോപ്പിലെ എല്ലാ രാജകുമാരികളുടെയും പ്രായവും കൃത്യമായി കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടു് എന്നതിനാൽ, സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും കണക്കുകൂട്ടലുകളുമായി തല പുകയ്ക്കേണ്ട വല്ല ആവശ്യവും ശ്രീ പ്രഭുകുമാരനുണ്ടോ?”

അധ്യാപകന്റെ അതേ അഭിപ്രായം തന്നെ ആയിരുന്നു ശ്രീമതിക്കു്, കൊച്ചുപ്രഭു ആകട്ടെ, സന്തോഷം കൊണ്ടു് തുള്ളിച്ചാടി, പിതാവു് ഒരു തീരുമാനത്തിലെത്താനാവാതെ കുഴങ്ങി. “എന്താണു് എന്റെ മകൻ പഠിക്കേണ്ടതു്?” അവൻ ചോദിച്ചു. റഫറി ആയി എത്തിയ എഴുത്തുകാരൻ മറുപടി പറഞ്ഞു: “മനുഷ്യരിൽ സൗഹൃദമുണർത്തുന്നവനാവണം അവൻ. മറ്റുള്ളവരെക്കൊണ്ടു് ഇഷ്ടപ്പെടുത്താൻ കഴിഞ്ഞാൽ മറ്റെല്ലാം അവനു് എളുപ്പം കഴിയും. ഈ കല അവൻ തന്റെ അമ്മയിൽനിന്നും പഠിക്കണം. അതിനു് അവനോ അവൾക്കോ അൽപം പോലും പ്രയത്നത്തിന്റെ ആവശ്യമില്ല.”

ഇതുകേട്ടപ്പോൾ അജ്ഞാനിയായ ആ സ്നേഹസ്വരൂപനെ കെട്ടിപ്പിടിച്ചുകൊണ്ടു് മാഡം ഷെനോ പറഞ്ഞു: “പ്രിയ സുഹൃത്തേ, അങ്ങേയറ്റം പണ്ഡിതനായ ഒരു ലോകപുരുഷനാണു് അങ്ങെന്നു് ഇതിൽനിന്നും ആർക്കും മനസ്സിലാക്കാം. എന്റെ മകന്റെ മുഴുവൻ വിദ്യാഭ്യാസത്തിനും അവൻ നന്ദി പറയേണ്ടതു് അങ്ങയോടു് മാത്രമായിരിക്കും. എങ്കിൽത്തന്നെയും, അവൻ അൽപം ചരിത്രം പഠിച്ചിരിക്കുന്നതു് മോശമായിരിക്കുകയില്ല എന്നെനിക്കു് തോന്നുന്നു. “ആഹ്‌, പ്രിയ മാഡം, എന്തിനുവേണ്ടി?” എന്നായിരുന്നു അധ്യാപകന്റെ ചോദ്യം. അവൻ തുടർന്നു: “രസകരവും പ്രയോജനകരവുമായതു് ആധുനികചരിത്രം മാത്രമാണു്. നമ്മുടെ സൗന്ദര്യാരാധകരിൽ ഒരുവൻ അഭിപ്രായപ്പെട്ടതുപോലെ, ആർക്കും വഴി കണ്ടെത്താനാവാത്തവിധം പഴയ ചരിത്രം ഗൂഢാലോചനകളുടെ യക്ഷിക്കഥയും, ആധുനിക ചരിത്രം കുഴഞ്ഞുമറിഞ്ഞതുമാണു്. മഹാനായ ചാർളമൈൻ ചക്രവർത്തി ഫ്രാൻസിൽ പന്ത്രണ്ടു് തുല്യപദവിക്കാരായ പ്രഭുക്കളെ വാഴിച്ചു എന്നതും, അവന്റെ പിൻഗാമിക്കു് വിക്കുണ്ടായിരുന്നുവെന്നതുമൊക്കെ നമ്മുടെ ശ്രീ കൊച്ചുപ്രഭു അറിഞ്ഞിട്ടു് എന്തു് നേടാൻ?”

അധ്യാപകൻ വാദം തുടർന്നു: “അനാവശ്യമായ അറിവുകളുടെ ഭാരം തലയിൽ തിരുകി നമ്മൾ നമ്മുടെ കുഞ്ഞുങ്ങളുടെ ബുദ്ധിയെ ശ്വാസം മുട്ടിച്ചു് കൊല്ലുകയാണെന്നതാണു് ശരി. എന്റെ അഭിപ്രായത്തിൽ സകല ശാസ്ത്രങ്ങളിലും വച്ചു് ഏറ്റവും അസംബന്ധമായ ഒന്നാണു് ജിയോമെട്രി. അതിലുപരി, അതു് എല്ലാ മാനസികശേഷിയേയും ശ്വാസം മുട്ടിച്ചു് കൊല്ലുന്നു. പരിഹാസ്യമായ ഈ ശാസ്ത്രം ഇടപെടുന്നതു്, പ്രകൃതിയിൽ കാണാൻ പോലും കഴിയാത്ത വിസ്തീർണ്ണം, നീളം, ബിന്ദു മുതലായവയുമായാണു്. അവിടെ ഒരുവൻ ഒരു വൃത്തത്തിനും ഒരു ടാൻജെന്റിനും ഇടയിൽ ഒരു ലക്ഷം ഗ്രാഫുകൾ സങ്കൽപിക്കുന്നു. യഥാർത്ഥത്തിലോ, അതിനിടയിൽ ഒരു കച്ചിത്തുരുമ്പുപോലും കടക്കുകയുമില്ല. ജിയോമെട്രി എന്നതു് സത്യത്തിൽ വളരെ മോശമായ ഒരു തമാശയാണു്.”

അധ്യാപകൻ പറഞ്ഞതെന്താണെന്നു് പ്രഭുദമ്പതികൾക്കു് വേണ്ടത്ര പിടികിട്ടിയില്ലെങ്കിലും രണ്ടുപേരും അവന്റെ അഭിപ്രായത്തോടു് പൂർണ്ണമായും യോജിച്ചു.

അവൻ തുടർന്നു: “ശ്രീ പ്രഭുകുമാരനെപ്പോലെ കുലീനനായ ഒരുവൻ ഇതുപോലെ പ്രയോജനരഹിതമായ പഠനങ്ങളിൽ ഏർപ്പെട്ടു് വെറുതെ തലച്ചോറു് നശിപ്പിക്കരുതു്. എന്നെങ്കിലും ഒരിക്കൽ തന്റെ ഏതെങ്കിലും വസ്തുവിന്റെ ഒരു പ്ലാൻ രൂപവത്കരിക്കാൻ ഒരു സർവേക്കാരനെ വേണ്ടിവന്നാൽ അവൻ അവനു് പ്രതിഫലം കൊടുത്തുകൊള്ളും. അതുപോലെതന്നെ, വളരെ പിന്നോട്ടു് നീണ്ടു് പടർന്നു് കിടക്കുന്ന കുലീനമായ അവന്റെ വംശപരമ്പരയുടെ ഗവേഷണം ഭാവിയിൽ എന്നെങ്കിലും ആവശ്യമായിവന്നാൽ അവനു് ആ ജോലി ഏറ്റെടുക്കാനായി ഒരു ബെനഡിക്റ്റിൻ പാതിരിയെ വിളിക്കാം. എല്ലാ കലകളുടെ കാര്യവും അതുപോലെതന്നെ സാധിക്കാവുന്നതേയുള്ളു. നല്ല പാരമ്പര്യമുള്ള ഒരു യുവാവിനു് പെയിന്ററോ സംഗീതജ്ഞനോ, ആർക്കിടെക്റ്റോ കൊത്തുപണിക്കാരനോ ആവേണ്ട ആവശ്യമില്ല. തന്റെ മഹാമനസ്കതയോടെയുള്ള ദാനങ്ങൾ വഴി ഈവിധ കലകളെയെല്ലാം അവൻ വികസിപ്പിക്കുന്നു. അത്തരം കലകൾ സ്വയം അനുഷ്ഠിക്കുന്നതിനേക്കാൾ സംശയരഹിതമായും പ്രധാനമായതു്, അവയെ സംരക്ഷിക്കുന്നതാണു്. ശ്രീമാൻ പ്രഭുപുത്രനു് നല്ല അഭിരുചിയുണ്ടെങ്കിൽ അതു് ധാരാളം മതി. കാരണം, ജോലിചെയ്യുക എന്നതു് കലാകാരന്മാരുടെ ചുമതലയാണു്. കാലക്രമേണ, വാങ്ങുന്നതും വിലകൊടുക്കുന്നതുമായ എല്ലാ വസ്തുക്കളെയും യഥാർത്ഥത്തിൽ വിലയിരുത്താൻ അവർ ശീലിക്കുമെന്ന അർത്ഥത്തിൽ, ഉന്നതരായ വ്യക്തികൾ (ഒരുപാടു് ധനികരായ വ്യക്തികൾ എന്നു് ഇവിടെ വിവക്ഷ) ഒന്നും പഠിച്ചവരല്ലെങ്കിലും എല്ലാം അറിയുന്നവരാണെന്ന പൊതുജനങ്ങളുടെ അഭിപ്രായം വളരെ ശരിയാണു്.”

സ്നേഹനിർഭരനായ നമ്മുടെ അജ്ഞാനി അപ്പോൾ പറഞ്ഞു: “മാഡം, നിങ്ങൾ ചൂണ്ടിക്കാണിച്ചതു് വളരെ ശരിയായ കാര്യമാണു്. ഒരു മനുഷ്യന്റെ ലക്ഷ്യം സമൂഹത്തിൽ വിലയുണ്ടാക്കിയെടുക്കുക എന്നതാണു്. നെഞ്ചിൽ കൈവച്ചു് പറഞ്ഞാൽ – ഈ വിജയം ശാസ്ത്രങ്ങൾ വഴി നേടിയെടുക്കാവുന്നതാണോ? ഏതെങ്കിലും ഒരു നല്ല സൊസൈറ്റിയിൽ ജിയോമെട്രിയെപ്പറ്റി സംസാരിക്കണം എന്നൊരു തോന്നൽ ആർക്കെങ്കിലും ഇതുവരെ ഉണ്ടായിട്ടുണ്ടോ? അന്തസ്സുള്ള ഏതെങ്കിലും ഒരു മനുഷ്യനോടു് ഇന്നു് സൂര്യനോടൊപ്പം ഉദിക്കുന്ന നക്ഷത്രം ഏതെന്നു് ആരെങ്കിലും എന്നെങ്കിലും ചോദിക്കുമോ? ഒരു അത്താഴസദ്യയിൽ മെറോവിങ്ങ്യനായ ക്ലോഡ്‌വിഗ്‌ റൈൻ നദിയുടെ മറുകരയിൽ എത്തിയോ എന്നു് ആരെങ്കിലും അന്വേഷിക്കുമോ?” “ഇല്ല, തീർച്ചയായും ഇല്ല” ഇടയ്ക്കിടെ ഉന്നതകുലലോകവുമായി ബന്ധപ്പെടേണ്ടിവന്ന മർക്കീസ്‌ ഡെ ല ഷെനൊറ്റ്യേർ ഉത്തേജിതയായി എടുത്തുചാടി പ്രതികരിച്ചു. “എന്റെ ശ്രീ മകന്റെ മനസ്സു് ഇത്തരം ചവറുകളുടെ പഠനങ്ങളിലൂടെ ശ്വാസം മുട്ടരുതു്. പക്ഷേ, മറ്റെന്താണു് അവൻ പഠിക്കേണ്ടതു്? ഒരു യുവകുലീനൻ എന്ന നിലയിൽ ഇടയ്ക്കിടെ, എന്റെ പ്രിയ ഭർത്താവു് പറഞ്ഞതുപോലെ, സൊസൈറ്റിയിൽ തിളങ്ങാൻ കഴിയുന്നതു് എന്തുകൊണ്ടും നല്ലതാണു്. ഏറ്റവും ആനന്ദപ്രദമായ ശാസ്ത്രം ഏതെന്നു് ഒരു മഠാധിപതി ഒരിക്കൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു. പക്ഷേ ആ ശാസ്ത്രത്തിന്റെ പേരു് ഞാൻ മറന്നുപോയി. അതു് തുടങ്ങിയതു് ‘H’ എന്ന അക്ഷരത്തിലായിരുന്നു എന്നുമാത്രം അറിയാം.” “‘H’ കൊണ്ടോ മാഡം? അതു് ‘Heortologie’ ആയിരുന്നില്ലേ മാഡം?” അവൾ പറഞ്ഞു: “അല്ല, ആ ശാസ്ത്രത്തെപ്പറ്റിയല്ല അവൻ സംസാരിച്ചതു്. അതു് ആരംഭിച്ചതു് ‘H’-യിലും അവസാനിച്ചതു് ‘ik’-ലുമായിരുന്നു.” പ്രിയംകരനായ അജ്ഞാനി അവളുടെ സഹായത്തിനെത്തി: “ആഹ്‌, മാഡം, പിടികിട്ടി, പിടികിട്ടി. അതു് ‘Heraldik’ ആയിരുന്നു. അതു് യഥാർത്ഥത്തിൽ വളരെ ഗഹനമായ ഒരു ശാസ്ത്രമാണു്. എങ്കിലും, കുതിരവണ്ടിയുടെ പട്ടയിൽ മുദ്ര പെയിന്റ്‌ ചെയ്യുന്ന രീതി പൊതുവേ ഉപേക്ഷിക്കപ്പെട്ടതോടെ ആ ശാസ്ത്രം ഫാഷൻ അല്ലാതായി. ക്രമീകൃതമായ ഒരു രാജ്യത്തിൽ എന്തായാലും അതു് ഒരുകാലത്തു് ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമായ ഒരു കാര്യമായിരുന്നു എന്നു് പറയാതെ വയ്യ. പക്ഷേ, ഇന്നു് ആ ശാസ്ത്രപഠനം അനന്തമായിരിക്കും, കാരണം, ഇന്നു് സ്വന്തം മുദ്രയില്ലാത്ത ഒരു ക്ഷൗരക്കാരൻ പോലുമില്ല. നിങ്ങൾക്കറിയാവുന്നപോലെ: പൊതുവേ ശീലമായതു് കുറച്ചേ വിലമതിക്കപ്പെടുന്നുള്ളു.”

അങ്ങനെ മുഴുവൻ ശാസ്ത്രങ്ങളുടെയും നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ശ്രീമാൻ പ്രഭുകുമാരൻ ഡാൻസ്‌ പഠിക്കണം എന്ന അന്തിമമായ തീരുമാനത്തിൽ അവർ എത്തിച്ചേർന്നു.

(രണ്ടാം ഭാഗം അടുത്തതില്‍ )

 
Comments Off on എന്തിനു് വെറുതെ വിദ്യാഭ്യാസം? – (1)

Posted by on Sep 9, 2010 in ഫിലോസഫി

 

Tags: , ,