RSS

Tag Archives: വിശ്വാസം

പരിഹാസാതീതമായ വിശ്വാസം

ദൈവത്തെപ്പറ്റിയും, മതത്തെപ്പറ്റിയും, ആത്യന്തികത അവകാശപ്പെടുന്ന മറ്റു്‌ വിശ്വാസസംഹിതകളെപ്പറ്റിയുമൊക്കെ പറയുമ്പോള്‍ ഒരിക്കലും പുച്ഛരസം പാടില്ല. അതു്‌ വിശ്വാസികള്‍ വിശുദ്ധമെന്നു്‌ കരുതുന്ന അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. വ്രണങ്ങള്‍ വളരെ സന്തോഷത്തോടെ ചെയ്യുന്ന ഒരു പ്രധാന കാര്യം അളിയുക എന്നതായതിനാല്‍ വ്രണപ്പെട്ടുകഴിഞ്ഞാല്‍ ഉടനെതന്നെ വികാരങ്ങളും അളിയാനും പൊട്ടിയൊലിക്കാനും തുടങ്ങും. അതുവഴി വിശ്വാസി കണ്ണിലുണ്ണി പോലെ കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ പരിശുദ്ധി അസഹ്യമായ ദുര്‍ഗന്ധവാഹിയായി മാറും. ഈ സത്യം യുക്തിബോധമുള്ള മനുഷ്യരുമായി ഒരിക്കലെങ്കിലും ഇടപെട്ടിട്ടുള്ള എല്ലാ വിശ്വാസികള്‍ക്കുമറിയാം. അതുകൊണ്ടാണു്‌ സ്വന്തം വിശ്വാസങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു്‌ അവര്‍ക്കിഷ്ടമല്ലാത്തതു്‌. എന്നാല്‍, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും നിലപാടുകളെയും പുച്ഛിക്കുന്നതിനോ എതിര്‍ത്തു്‌ നശിപ്പിക്കുന്നതിനോ ഈ വസ്തുത അവര്‍ക്കു്‌ യാതൊരു വിധത്തിലും ഒരു തടസ്സമാവുന്നുമില്ല. പക്ഷേ, ഒരാശയത്തെ മറ്റൊരാശയം കൊണ്ടു്‌ നേരിടണമെങ്കില്‍ രണ്ടിലും സാമാന്യത്തില്‍ അധികമായ പ്രാവീണ്യം ഉണ്ടായിരിക്കണം എന്ന ലളിതസത്യം മൂലം, എതിരാളിയെ വ്യക്തിപരമായോ, പറ്റിയാല്‍ അവന്റെ വീട്ടുകാരെ ആകെമൊത്തമായോ തെറി പറഞ്ഞു്‌ നിശബ്ദനാക്കുക എന്ന എളുപ്പമാര്‍ഗ്ഗമാവും അവര്‍ സ്വീകരിക്കുക. സംഘം ചേര്‍ന്നു്‌ കലപില കൂട്ടുക, ബഹളം വയ്ക്കുക എന്നതില്‍ കവിഞ്ഞുള്ള ശേഷിയൊന്നും അതിനു്‌ ആവശ്യവുമില്ല. കേരളക്കരയിലെ മാദ്ധ്യമലോകത്തില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു്‌ കയറിയിറങ്ങിയാല്‍ ഈ വിഷയത്തിലെ അവസാനത്തെ സംശയവും ദൂരീകരിക്കാനാവും. അതുപോലെതന്നെ, സാദ്ധ്യമാവുന്നിടത്തു്‌ എതിര്‍പക്ഷത്തുള്ള മനുഷ്യരെ കൊലചെയ്തുപോലും സ്വന്തവിശ്വാസം സംരക്ഷിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ വിശ്വാസത്തിന്റെ അടിമകള്‍ക്കു്‌ മനസ്സാക്ഷിക്കുത്തോ മടിയോ ഇല്ല എന്നതിന്റെ അനിഷേദ്ധ്യമായ തെളിവുകളാണു്‌ ഭൂതകാല-, വര്‍ത്തമാനകാലലോകചരിത്രത്തിന്റെ സിംഹഭാഗവും നമ്മെ വരച്ചുകാണിക്കുന്നതു്‌.

ബ്ലോഗ് ലോകത്തില്‍ വിശ്വാസപരമായ കാര്യങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കണ്ടാല്‍ ഉടനെ വിശ്വാസികള്‍ അതില്‍ ‘ഇടപെടും’. ‘ഇടപെടാന്‍’ അവര്‍ക്കു്‌ ആകെയുള്ള ‘ആര്‍ഗ്യുമെന്റ്സ്’ (മുട്ടായുക്തി എന്നു്‌ വായിക്കുക) വിരലിലെണ്ണാവുന്നതേയുള്ളു. അവയുടെയെല്ലാം രത്നച്ചുരുക്കം: “ദൈവത്തിന്റെ കയ്യൊപ്പുള്ള എന്റെ ഗ്രന്ഥത്തെപ്പറ്റിയും, എന്റെ വിശ്വാസത്തിലെ യുക്തിയെപ്പറ്റിയുമൊന്നും നിനക്കൊന്നും ഒരു ചുക്കും അറിയില്ല”. അതുപോലുള്ള ഏതാനും പ്രസ്താവനകളോടൊപ്പം, മറ്റുള്ളവര്‍ക്കു്‌ അവര്‍ നിഷേധിക്കുന്നതായ അതേ പുച്ഛവും അവഹേളനവും വേണ്ടുവോളം കൂട്ടിച്ചേര്‍ത്താല്‍ വിശ്വാസിയുടെ ‘ചര്‍ച്ച’ ആയി. ഈ ‘ഇടപെടല്‍’ കൊണ്ടു്‌ അവര്‍ നേടാനാഗ്രഹിക്കുന്നതു്‌ സത്യം തുറന്നു്‌ പറയാനാഗ്രഹിക്കുന്ന വിമര്‍ശകരെ നിരുത്സാഹപ്പെടുത്തി അവരുടെ ഉദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണു്‌. അങ്ങനെയേ ‘തിരുത്തല്‍ ആവശ്യമില്ലാത്ത’ തങ്ങളുടെ ആത്യന്തികസത്യങ്ങളല്ലാതെ മറ്റു്‌ സത്യങ്ങളില്ല എന്ന വിഡ്ഢിത്തത്തില്‍ ജനങ്ങളെ പിടിച്ചുനിര്‍ത്താന്‍ ആവുകയുള്ളു. അവര്‍ക്കറിയാത്തതു്‌, “ഞാനൊഴികെ മറ്റു്‌ ദൈവങ്ങളില്ല” എന്നു്‌ അവകാശപ്പെടുന്ന ഒരു ദൈവം ചെയ്യുന്നതു്‌ മറ്റു്‌ ദൈവങ്ങള്‍ ഉണ്ടെന്നു്‌ പരോക്ഷമായി സമ്മതിക്കുക മാത്രമാണെന്ന യാഥാര്‍ത്ഥ്യമാണു്‌. മറ്റു്‌ ദൈവങ്ങള്‍ എന്നൊന്നു്‌ ഇല്ലെങ്കില്‍ മറ്റു്‌ ദൈവങ്ങള്‍ എന്ന ആശയം എവിടെ നിന്നു്‌ വരുന്നു? ആ ആശയത്തിനു്‌ എന്തെങ്കിലുമൊരു അടിസ്ഥാനമുണ്ടാവുന്നതെങ്ങനെ? സ്വന്തം ദൈവത്തെ സകലരുടെയും ദൈവമാക്കാന്‍ ആഗ്രഹിക്കുന്ന ഏതാനും മനുഷ്യര്‍ ഇല്ലാത്ത ഒരു ദൈവത്തിന്റെ വായില്‍ ഈ വാചകം തിരുകുന്നതില്‍ നിന്നുമല്ലാതെ മറ്റെവിടെനിന്നുമാണു്‌ ഈ വിരോധാഭാസം വരുന്നതു്‌?

ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവന്‍ അതിനെ പരിഹസിക്കാതിരിക്കുന്നതു്‌ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. പക്ഷേ, അതില്‍ വിശ്വസിക്കാത്തവരും അതിനെ ബഹുമാനിച്ചുകൊള്ളണം എന്ന തിട്ടൂരത്തില്‍ എന്തു്‌ ന്യായം എന്നെനിക്കറിയില്ല. ബഹുമാനം അര്‍ഹിക്കുന്ന കാര്യങ്ങളാണു്‌ അതിന്റെ ഉള്ളടക്കമെങ്കില്‍, നിര്‍ബന്ധമാണെങ്കില്‍, അംഗീകരിച്ചേക്കാം എന്നു്‌ കരുതാമായിരുന്നു. ബൈബിളില്‍ യഹോവയായ ദൈവം ഒരു കഴുതയിലൂടെ തന്റെ ‘ശക്തി’ തെളിയിക്കുന്ന താഴെക്കൊടുക്കുന്ന ഭാഗം വായിച്ചിട്ടു്‌ അതു്‌ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തിന്റെ വചനമാണു്‌ എന്നു്‌ ഒരുവന്‍ പറഞ്ഞാല്‍ ആ അസാമാന്യബുദ്ധിമാനെ ഇക്കാലത്തു്‌ കഴുതകള്‍ പോലും പരിഹസിക്കുമെന്ന കാര്യത്തില്‍ സംശയം വേണോ?

“യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു്‌ അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു്‌ ബിലെയാമിനോടു്‌: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു്‌ എന്തു്‌ ചെയ്തു എന്നു ചോദിച്ചു. ബിലെയാം കഴുതയോടു്‌: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു്‌ പറഞ്ഞു. കഴുത ബിലെയാമിനോടു്‌: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു്‌? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു്‌ കാണിച്ചിട്ടുണ്ടോ എന്നു്‌ ചോദിച്ചു. ഇല്ല എന്നു്‌ അവൻ പറഞ്ഞു. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുതുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്‍ക്കുന്നതു്‌ അവൻ കണ്ടു്‌ സാഷ്ടാംഗം വീണു്‌ നമസ്കരിച്ചു.” (സംഖ്യാപുസ്തകം 22: 27 – 31). വായിച്ചാല്‍ പുച്ഛം തോന്നുകയില്ല എന്നു്‌ ഉറപ്പുള്ളവരും അല്ലാത്തവരുമായ ആവശ്യക്കാര്‍ക്കു്‌ ഇരുപത്തി രണ്ടാം അദ്ധ്യായത്തില്‍ ഉത്തരവാദിത്വബോധമുള്ള ഈ കഴുതയെപ്പറ്റിയും, ദൈവത്തിന്റെ ദൂതനെപ്പറ്റിയും, യഹോവയുടെ ഇതുപോലൊരു ഗൗരവതരമായ ഇടപെടല്‍ ആവശ്യമായി വന്ന സാഹചര്യത്തെപ്പറ്റിയും കുറച്ചുകൂടി വിശദമായി വായിക്കാം.

ആരെങ്കിലും സംസാരിക്കുന്ന കഴുതയില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ അവരുടെ വഴിക്കു്‌ വിടുന്നതല്ലേ നല്ലതു്‌ എന്നും മറ്റും ചിലര്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ ശ്രമിക്കാറുണ്ടു്‌. എന്ന്വച്ചാല്‍, കുറെപ്പേര്‍ തെറ്റായ വഴിയിലൂടെയാണു്‌ പോകുന്നതെങ്കിലും, അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും, അവരുടേതു്‌ തെറ്റായ വഴിയാണെന്നു്‌ അവരെന്നല്ല, മറ്റാരും അറിയാന്‍ ഇടവരരുതെന്നു്‌! മറ്റു്‌ വാക്കുകളില്‍ പറഞ്ഞാല്‍, തെറ്റായ വഴി തിരഞ്ഞെടുത്ത കുറെ വിഡ്ഢികളാല്‍ ആയിരിക്കണം ഈ ലോകത്തിലെ ബാക്കി മനുഷ്യരും നയിക്കപ്പെടേണ്ടതെന്നു്‌! തെറ്റിനെ മനഃപൂര്‍വ്വം ശരി എന്നു്‌ വിളിക്കലല്ലാതെ മറ്റെന്താണതു്‌?

പുച്ഛം തോന്നാനോ പരിഹസിക്കാനോ പാടില്ലാത്തവ ബൈബിളിലേ ഉള്ളു എന്നു്‌ കരുതണ്ട. ദൈവത്തിന്റെ അത്തരം ലീലാവിലാസങ്ങള്‍ ഖുര്‍ആനും വേണ്ടുവോളം കാഴ്ചവയ്ക്കുന്നുണ്ടു്‌. മരണപ്പെട്ടവരെ ദൈവം ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ഖുര്‍ ആനിലെ ഒരു വര്‍ണ്ണന: (പണ്ടൊരു പോസ്റ്റിലും ഞാന്‍ ഇതിനെപ്പറ്റി എഴുതിയിരുന്നു)

“എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.” 2:260

ഇതോ ഇതിനും അപ്പുറത്തുള്ളതോ കേട്ടാലും ആരും പുച്ഛിക്കരുതു്‌, പരിഹസിക്കരുതു്‌; ആമീന്‍ ചൊല്ലി അംഗീകരിക്കുക മാത്രം ചെയ്യുക!

സര്‍ക്കാസം സര്‍ക്കാസമാണെന്നു്‌ മനസ്സിലാവണമെങ്കില്‍, പരാമര്‍ശവിധേയമാവുന്ന കാര്യത്തിന്റെ യഥാര്‍ത്ഥമായ അവസ്ഥയെപ്പറ്റി ഒരു മിനിമം അറിവു്‌ ഉണ്ടായാലേ പറ്റൂ. നിരുപദ്രവകരമായ ഒരു തമാശ കേട്ടാല്‍ ചിരിക്കാനോ, ഒരു സാറ്റയര്‍ വായിച്ചാല്‍ ആസ്വദിക്കാനോ കഴിയാത്ത വിധം മനുഷ്യബുദ്ധിയുടെ എവൊല്യൂഷന്റെ ഏതോ ഘട്ടത്തില്‍ കുറെ മനുഷ്യരെ വിശ്വാസികളാക്കി പിടിച്ചുനിര്‍ത്തി മുരടിപ്പിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമായും ഏറ്റെടുക്കേണ്ടവര്‍ ദൈവത്തിന്റേതെന്ന പേരില്‍ കുറെ ചണ്ടികള്‍ എഴുതിയുണ്ടാക്കി അവരെ പാടിപ്പഠിപ്പിച്ച കുറെ മനുഷ്യര്‍ മാത്രമാണു്‌. ഈ കുറ്റകൃത്യത്തിന്റെ ചുമതല ഒരു കാരണവശാലും പ്രകൃതിയുടെ തലയില്‍ വച്ചുകെട്ടാനാവുന്നതല്ല.

 
2 Comments

Posted by on Jun 20, 2012 in പലവക

 

Tags: , ,

വിശ്വാസിയുടെ സമ്പൂർണ്ണജ്ഞാനം

ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.

എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. “കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ” സകലത്തിനേയും സൃഷ്ടിച്ചവനും, “അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ” സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും “അറിയുന്നവനെ” സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക?

ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം.

വിശ്വാസപരമായ കാര്യങ്ങളിൽ നാസ്തികരുമായി തർക്കിക്കാനായി എത്തുന്ന ചില വിശ്വാസികൾ “ദൈവം മനുഷ്യനു് നൽകിയ” ചട്ടങ്ങളെയും പ്രമാണങ്ങളെയുമൊക്കെപ്പറ്റി പ്രകടിപ്പിക്കുന്ന ആധികാരികത മനം പിരട്ടൽ ഉണ്ടാക്കുന്നവിധം അസഹ്യമാണു്. ഏതോ ദൈവം നൽകിയ കൽപനകളുടെ ശരിതെറ്റുകൾ ഒരു നാസ്തികനുമായി ചർച്ച ചെയ്യാൻ വരുന്നവനു് യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടിട്ടുണ്ടാവാനാണു് സാദ്ധ്യത. ആധുനിക മനുഷ്യർ ഒരു ദൈവത്തിന്റെയും സഹായമില്ലാതെ സ്വയം കണ്ടെത്തിയതും, പരിഷ്കൃതലോകത്തിൽ നിലവിലിരിക്കുന്നതും, സാമൂഹികസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു് നവീകരിക്കപെട്ടുകൊണ്ടിരിക്കുന്നതുമായ നിയമങ്ങൾ വ്യത്യസ്ത മതഗ്രന്ഥങ്ങൾ രൂപമെടുത്ത പുരാതനകാലങ്ങളിലും ബാധകമായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ജയിലറകളിൽ കഴിയേണ്ടിവരുമായിരുന്ന ക്രിമിനലുകളും മാനസികരോഗികളുമാണു് പല മതങ്ങളിലും ദൈവങ്ങളും ദൈവതുല്യരുമായി ഇന്നും ആരാധിക്കപ്പെടുന്നവർ. ആരാധ്യപുരുഷന്റെ ക്രിമിനൽ കുറ്റങ്ങൾവരെ മറച്ചുപിടിക്കുക, അതിനു് കഴിയുന്നില്ലെങ്കിൽ അവയെ ഏതുവിധേനയും ന്യായീകരിക്കാനെങ്കിലും ശ്രമിക്കുക എന്നതു് അന്ധമായ അനുഗമനത്തിന്റെ ഒരു സ്വഭാവജന്യഗുണമാണു്. ഒരു ക്രിമിനലിനെ ദൈവമാക്കുന്നവർ ഒന്നുകിൽ സ്വയം ക്രിമിനലുകൾ ആയിരിക്കണം, അല്ലെങ്കിൽ ക്രിമിനാലിറ്റി എന്നാൽ എന്തെന്നു് അറിയാൻ പോലും ബോധമില്ലാത്തത്ര അജ്ഞരോ, സെൻസ്‌ ഓഫ്‌ റിയാലിറ്റി നഷ്ടപ്പെട്ടവരോ ആയിരിക്കണം. ദൈവം ഒരുതരം ബാധയാണു്. ദൈവവിശ്വാസം അതു് ബാധിച്ചതിന്റെ ലക്ഷണമാണു്. ആ തീരാവ്യാധി തലയിൽ കയറി കൂടിയാൽ പിന്നെ മനുഷ്യർ കലങ്ങിയ വെള്ളത്തിൽ നീന്തുന്ന മീനുകൾക്കു് തുല്യമായിരിക്കും. ഭംഗിവാക്കുകളിൽ എളുപ്പം മയങ്ങിവീഴുന്ന കാര്യത്തിൽ സ്ത്രീകളെ തോൽപിക്കുന്ന ഇക്കൂട്ടരെ പിടിച്ചു് കൂട്ടിലാക്കുക എന്നതു് അനായാസം സാധിക്കുന്ന കാര്യമാണു്. തങ്ങളെ പിടിക്കാൻ വരുന്നവർ ദൈവനാമത്തിൽ എഴുന്നള്ളുന്നവരാണെങ്കിൽ അവർക്കു് അങ്ങോട്ടു് ഏൽപിച്ചുകൊടുക്കുന്നതു് ഒരു കടമയും സന്തോഷവുമായി കാണുന്നവരാണവർ. അറിഞ്ഞുകൊണ്ടു് ഒരു മീനും ചെയ്യാത്ത ഒരു കാര്യം. ഈ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ നിലനിൽപിന്റെ കാര്യത്തിൽ മീനുകളെക്കാൾ അനേകം പടികൾ താഴെ കഴിയുന്ന “ബുദ്ധിരാക്ഷസന്മാർ” ആണു് വിശ്വാസികൾ.

ജന്മവും വളർത്തലും മൂലം തന്റേതായിത്തീർന്ന ഒരു ദൈവത്തെ അനുഭവം വഴി അറിയുന്നു എന്നും മറ്റും അവകാശപ്പെടാൻ അക്ഷരാഭ്യാസം പോലും ആർക്കുമാവശ്യമില്ല. അതിന്റെ തെളിവുകൾ ഏതു് തീർത്ഥാടനകേന്ദ്രവും, ഏതു് പള്ളിയും, ഏതു് അമ്പലവും ധാരാളമായി നൽകുന്നുണ്ടു്. വിശ്വാസികളിലെ ഈ സാധുക്കളെ ഒഴിവാക്കിയാൽതന്നെ, “വിദ്യാസമ്പന്നർ” എന്നവകാശപ്പെടുന്ന ബാക്കിയുള്ളവരിൽ നല്ലൊരു പങ്കും ശാസ്ത്രീയവും സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളിൽ അവിശ്വാസികളായ മറ്റു് ലോകവാസികളെ അപേക്ഷിച്ചു് ഏറ്റവും കുറഞ്ഞ പരിജ്ഞാനം സ്വന്തമാക്കിയിട്ടുള്ളവരാണെന്നു് കാണാൻ കഴിയും. സ്വന്തം പ്രവർത്തനമണ്ഡലങ്ങളിൽ പോലും ദൈവത്തിന്റെ കൂട്ടുപിടിക്കാതെ ഒരുചുവടുപോലും മുന്നോട്ടു് വയ്ക്കാൻ ധൈര്യപ്പെടാത്തവർ. ദൈവം എന്തു് ചതിയാണു് ഒരുക്കിയിരിക്കുന്നതെന്നറിയില്ലല്ലോ. അനുയോജ്യമായ പഠനവും പരിശീലനവും വഴി തന്റെ തൊഴിൽ സ്വായത്തമാക്കിയിട്ടുള്ള ഒരുവനു് അവന്റെ “കർമ്മം” ചെയ്യാൻ ഒരു ദൈവത്തിന്റെയും ഒത്താശ ആവശ്യമില്ല. എന്തു് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമുള്ള അറിവും ആത്മവിശ്വാസവുമാണു് അവന്റെ കൈമുതൽ.

ആരെയാണു് വിശ്വാസികൾ “ദൈവം, ദൈവം” എന്നു് കൊട്ടിഘോഷിക്കുന്നതെന്നു് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിലുള്ള ഓരോ തരിയുടെയും വിധി മുൻകൂട്ടി (എന്ന്വച്ചാൽ ഇന്നലെയും മിനിഞ്ഞാന്നും ഒന്നുമല്ല, പ്രപഞ്ചം ഉണ്ടാവുന്നതിനും വളരെ മുൻപേതന്നേ!) നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ചങ്ങാതിയാണു് ദൈവം എന്ന പേരിൽ അറിയപ്പെടുന്ന ഈ “ഏതാണ്ടു്”. പക്ഷേ, ചില്ലിക്കാശു്, മെഴുകുതിരി, പാച്ചോറു്, പായസം, തുലാഭാരം മുതലായവയൊക്കെ കണ്ടാൽ തീട്ടം കണ്ട ഈച്ചയെപ്പോലെ ഈ ദൈവം തമ്പുരാനു് നിയന്ത്രണം വിടും, വായിൽ വെള്ളമൂറും. അപ്പോൾ ലോകാരംഭത്തിനും മുൻപുതന്നെ താൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ വിശ്വാസിക്കു് അനുകൂലമായവിധത്തിൽ നീക്കുപോക്കുകൾ വരുത്തി നേർച്ചകാഴ്ചകൾ സ്വന്തമാക്കുകയല്ലാതെ അങ്ങേർക്കു് മറ്റു് പോംവഴിയൊന്നുമില്ല. അങ്ങേയറ്റം പരസ്പരവിരുദ്ധമായ ഈ രണ്ടു് കാര്യങ്ങളും ഒരേ നാവുകൊണ്ടു് പറയുകയും ഒരേ “ബുദ്ധി” കൊണ്ടു് വിശ്വസിക്കുകയും ചെയ്യുന്ന ജീവികളാണു് വിശ്വാസികൾ എന്നറിയപ്പെടുന്നവർ. ഭാവിയിലൊരിക്കൽ ദൈവം ഇവരെക്കൊണ്ടു് സ്വർഗ്ഗം മുഴുവൻ നിറയ്ക്കുമത്രെ! രക്ഷപെടുത്താൻ കഴിയുന്നവർ സ്വയം രക്ഷപെടുത്തുക എന്നേ എനിക്കു് പറയാനുള്ളു. വിശ്വാസിയുടെ നക്കാപ്പിച്ചകൾ കാണുമ്പോൾ മയങ്ങിവീഴുന്ന ദൈവം! ഓരോ മൺതരിയും എപ്പോൾ എന്തു് ചെയ്യണം, എങ്ങനെ പെരുമാറണം, ഓരോ മനുഷ്യന്റെയും ഓരോ ജീവിയുടെയും ഓരോ രോമവും എപ്പോൾ എവിടെ എങ്ങനെ (നടക്കുമ്പോഴോ കിടക്കുമ്പോഴോ ഉണ്ണുമ്പോഴോ ഉറങ്ങുമ്പോഴോ കുളിക്കുമ്പോഴോ ചീകുമ്പോഴോ….) കൊഴിയണം മുതലായ കാര്യങ്ങൾ ഈ വക വസ്തുക്കളൊന്നും ഉണ്ടാവുന്നതിനും മുന്നേതന്നെ മാറ്റമില്ലാത്തവിധം നിശ്ചയിച്ചുറപ്പിച്ച അതേ ദൈവം! അതുപോലൊരു ദൈവത്തിനുവേണ്ടി അൽപമെങ്കിലും ചിന്താശേഷിയുള്ള ഒരു മനുഷ്യന്റെ പക്കൽ അറപ്പും അവജ്ഞയും അവഗണനയും മാത്രമേ ബാക്കിയുണ്ടാവാൻ പാടുള്ളു. അതിനു് വിപരീതമായ ഏതു് വികാരവും മനുഷ്യബുദ്ധിയോടുള്ള അക്ഷന്തവ്യമായ അവഹേളനമാണു്.

“എന്റെ ഗ്രന്ഥം നീ ശരിക്കല്ല മനസ്സിലാക്കുന്നതു്”, “എന്റെ ഗ്രന്ഥം മനസ്സിലാവണമെങ്കിൽ എന്റെ ദൈവം മനസ്സുവയ്ക്കണം”, “എന്റെ ദൈവം നിന്റെ മനസ്സു് അടച്ചിരിക്കുന്നു” – ഇതെല്ലാം ഒരു അവിശ്വാസിയോടോ അന്യവിശ്വാസിയോടോ ഒറ്റ ശ്വാസത്തിൽ പറയാൻ ഒരു മതവിശ്വാസിക്കു് ഒരു ബുദ്ധിമുട്ടുമില്ല. നിന്റെ ദൈവം മനസ്സുവച്ചാലേ എനിക്കു് നിന്റെ ഗ്രന്ഥം മനസ്സിലാക്കാൻ കഴിയുകയുള്ളു എങ്കിൽ, ഞാൻ അതു് മനസ്സിലാക്കണമെന്നു് നിന്റെ ദൈവത്തിനു് തോന്നുന്നുണ്ടെങ്കിൽ, ആ ജോലി ചെയ്യേണ്ടതു് അങ്ങേരല്ലേ? അതിനു് നീയെന്തിനു് എന്റെ പിന്നാലെ നടന്നു് വായിട്ടലയ്ക്കണം? അതോ നീതന്നെയാണോ നിന്റെ ദൈവം? ഒരുതരം “അഹം ബ്രഹ്മാസ്മി”? പരസ്പരവൈരുദ്ധ്യങ്ങളെ അഹംഭാവവുമായി കൂട്ടിക്കലർത്തി മനുഷ്യരൂപത്തിൽ വാർത്തെടുക്കുന്നതാണു് ഒരു ദൈവവിശ്വാസി എന്നതിനാൽ അതിനുവേണ്ട എല്ലാ യോഗ്യതകളും നിനക്കുണ്ടു്.

മനുഷ്യൻ മറ്റു് ദൈവങ്ങളെ ആരാധിക്കരുതെന്നു് കൽപിക്കുന്ന ഒരു ദൈവം അവർക്കു് തന്നെവിട്ടു് പോകാൻ തോന്നിക്കുന്ന വിധം തന്നെക്കാൾ ശക്തനായ ഒരു ദൈവമെങ്കിലും ഉണ്ടെന്നു് അംഗീകരിക്കുകയാണു് ചെയ്യുന്നതു്. അതായതു്, മറ്റു് ദൈവങ്ങളെ മാത്രമല്ല, മനുഷ്യരെപ്പോലും ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടൻ മാത്രമാണു് ആ ദൈവം. മറ്റു് ദൈവങ്ങളെക്കാൾ താൻ യോഗ്യനാണെന്നു് വരുത്താൻ മനുഷ്യർക്കു് കൽപന നൽകുകയല്ല, ആ ദൈവങ്ങളെ നേരിടുകയാണു് അന്തസ്സുള്ള ഒരു ദൈവം ചെയ്യേണ്ടതു്. തനിക്കൊപ്പം യോഗ്യതയില്ലാത്ത ദൈവങ്ങളെ അവഗണിക്കുന്നതിൽ ഒരു സർവ്വശക്തനു് എന്തു് പ്രശ്നം? സർവ്വശക്തനായ ഒരു ദൈവത്തിലും ശക്തനായ മറ്റൊരു ദൈവം ഉണ്ടാവുന്നതെങ്ങനെ? മറ്റേതെങ്കിലും ഒരു ദൈവം താനാണു് കൂടുതൽ ശക്തിമാൻ എന്നു് അവകാശപ്പെട്ടാൽ അവനെ നേരിടുന്നതിനു് പകരം “അയ്യോ ആരും അങ്ങോട്ടു് പോകല്ലേ, അവനെ ആരാധിക്കല്ലേ” എന്നു് വിലപിക്കുകയല്ല ഒരു സർവ്വശക്തൻ ചെയ്യേണ്ടതു്. ഇതിന്റെയെല്ലാം പിന്നിൽ യഥാർത്ഥത്തിൽ ഒരു ദൈവമായിരുന്നെങ്കിൽ മാറിമാറി കൽപനകളിറക്കുക, കഥയും നോവലുമെഴുതുക മുതലായ നാണംകെട്ട പണികൾക്കു് അവൻ പോകുമായിരുന്നില്ല. ദൈവനാമത്തിൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന കഥാപ്രസംഗങ്ങൾ എത്ര തിരുത്തിയാലും പുതുക്കിയാലും പണിതിട്ടും പണിതിട്ടും പണി തീരാത്ത വീടുപോലെ അപൂർണ്ണമായി അവശേഷിക്കും. കാലാന്തരത്തിൽ ബൗദ്ധികലോകം അതിനെ ഒരു ഭാർഗ്ഗവീനിലയമായി എഴുതിത്തള്ളിയാലും കുറെ “നിത്യ ഇന്നലെകൾ” അതിനെ കെട്ടിപ്പിടിച്ചു് അതിലെ കെട്ടുകഥകൾ ദൈവവചനങ്ങൾ ആയാലെന്നപോലെ പ്രസംഗിച്ചുകൊണ്ടിരിക്കും. അണഞ്ഞതും കരിന്തിരി കത്തുന്നതുമായ ഏറെ കൽവിളക്കുകൾ അത്തരം ദൈവങ്ങളുടെയും ദൈവവചനങ്ങളുടെയും കഥകൾ വിളിച്ചോതുന്ന മൂകസാക്ഷികളായി ലോകചരിത്രത്തിൽ നിലകൊള്ളുന്നുണ്ടു്.

“എനിക്കറിയാത്ത കാര്യങ്ങൾ എന്നെ അലട്ടുന്നില്ല” എന്നൊരു ചൊല്ലുണ്ടു്. എനിക്കു് ഒരു ചുക്കും അറിയില്ലെങ്കിൽ എന്നെ ഒരു ചുക്കും അലട്ടുന്നില്ല എന്നും വേണമെങ്കിൽ അതിനെ വായിക്കാം. അതുപോലെ, ഒരു മാങ്ങാത്തൊലിയും അറിയില്ലെങ്കിലും എല്ലാം അറിയുന്നവൻ എന്നു് ഭാവിക്കാൻ ഏറ്റവും പറ്റിയ സൂത്രമാണു് ദൈവം. ആ സൂത്രത്തെ, അതായതു് ദൈവത്തെ, കൈവശമാക്കിയവരാണു് സുവിശേഷഘോഷണം നടത്തുന്ന ഉപദേശി, പാസ്റ്റർ മുതലായ അന്യഗ്രഹജീവികൾ. മനുഷ്യരെപ്പോലെതന്നെ രണ്ടുകാലിൽ നടക്കുന്നവരും കൈകൊണ്ടു് വാരിത്തിന്നുന്നവരുമാണു് അവരുമെങ്കിലും, നാലാളു് കൂടിനിൽക്കുന്നതു് കണ്ടാൽ പരിശുദ്ധാത്മാവു് ബാധിച്ചവരെപ്പോലെ അവർക്കോ കേൾക്കുന്നവർക്കോ മനസ്സിലാവാത്ത മറുഭാഷ സംസാരിച്ചില്ലെങ്കിൽ ഇരിക്കപ്പൊറുതിയില്ലാത്ത ഒരുതരം വിചിത്ര ജീവികൾ. ആവേശം മൂത്താൽ സ്റ്റേജിൽ കൊഞ്ചു് തെറിക്കുന്നതുപോലെ തെറിച്ചും കുതിച്ചും കൊണ്ടാവും അവരുടെ ഈ മറുഭാഷാവതരണം. ഒരു മൾട്ടിടാസ്കിംഗ്‌ വിദഗ്ദ്ധനായ അവരുടെ ദൈവം നക്ഷത്രങ്ങളെയും ഗ്യാലക്സികളെയുമൊക്കെ ശൂന്യാകാശത്തിലൂടെ യാതൊരു ട്രാഫിക്‌ ജാമോ കൂട്ടിയിടിയോ ഉണ്ടാവാത്തവിധം ഓടിച്ചുകൊണ്ടിരിക്കുന്നതു് എത്ര അതിശയകരമാണെന്നു് കേൾവിക്കാരെ ബോദ്ധ്യപ്പെടുത്തുന്ന അവരുടെ വാചകമടിവീഡിയോകൾ കണ്ടിട്ടുള്ളവർക്കു് ഇപ്പറഞ്ഞ കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല.

വിവരദോഷവും വക്രബുദ്ധിയും ഇണചേരുമ്പോൾ പിറക്കുന്ന വിടുവായത്തമാണു് മതതത്വ”ശാസ്ത്രം”. നിനക്കു് വേണ്ടതെല്ലാം നിന്റെ വേദഗ്രന്ഥത്തിലുണ്ടു് എന്നാണവർ പഠിപ്പിക്കുന്നതു്. അതത്ര തെറ്റായ ഒരു കാര്യമല്ലെന്നു് പറയേണ്ടിയിരിക്കുന്നു. കാരണം, ഒരു പൊത്തകവും വായിക്കാത്ത പോത്തുകളും തിന്നുക, തൂറുക, കുഞ്ഞുങ്ങളെ ജനിപ്പിക്കുക, ചാവുക മുതലായ കർമ്മങ്ങൾ ചെയ്യുന്നുണ്ടു്. ചില സന്ദർഭങ്ങളിൽ കവിത ചൊല്ലാനും, ചാണകത്തിൽ കലാസൃഷ്ടികൾ നടത്താനുമുള്ള സർഗ്ഗാത്മകതപോലും പോത്തുകളിൽ വീക്ഷിക്കാൻ കഴിയും. വേദങ്ങളും ഉപനിഷത്തുക്കളുമൊന്നും വായിക്കാഞ്ഞിട്ടും ആത്മീയമായ കാര്യങ്ങളിലും പോത്തുകൾ മനുഷ്യരേക്കാൾ ഒട്ടും പിന്നിലല്ല. ഒരു ഭഗവദ്‌ഗീതാപണ്ഡിതന്റെ അഭിപ്രായത്തിൽ, “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്ന ആദ്യത്തെ ഒറ്റ വരിയിൽത്തന്നെ ആ ഗ്രന്ഥത്തിലെ മുഴുവൻ സന്ദേശവും നൽകിയിട്ടുള്ള ലോകത്തിലെ ഒരേയൊരു ഗ്രന്ഥമാണു് ഭഗവദ്‌ഗീത. ആ സന്ദേശം എന്തെന്നും അദ്ദേഹം തന്നെ പറയുന്നുണ്ടു്. പക്ഷേ, ആ സന്ദേശത്തിൽ എത്താനായി “രണ്ടും നാലും വാക്കുകൾ ഇടത്തോട്ടിട്ടിട്ടു് മൂന്നും ഒന്നും വാക്കുകൾ ഒന്നു് തിരിച്ചിട്ടുകൊണ്ടു്” ആ ഒന്നാംവരിയെ ബലാൽക്കാരേണതന്നെ അംഗഭംഗപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല. സത്യാന്വേഷികളായ മനുഷ്യർ സത്യത്തിൽ എത്തിച്ചേരാൻ എന്തെന്തു് ത്യാഗങ്ങളും കുറുക്കുവഴികളും സ്വീകരിക്കുകയില്ല? അതുപോലൊരു ചെറിയ ഗിമിക്ക്‌. അതുവഴി “ക്ഷേത്രേ ക്ഷേത്രേ കുരു ധർമ്മം” എന്ന ഹൈബ്രിഡിൽ എത്തിച്ചേരുന്ന അദ്ദേഹം ആ സന്ദേശം നമ്മോടു് അരുളിച്ചെയ്യുന്നു: “അവനവന്റെ കർമ്മമണ്ഡലത്തിൽ അവനവന്റേതായ ധർമ്മം അനുഷ്ഠിക്കുക.” അതുതന്നെയല്ലേ പോത്തുകളും ചെയ്യുന്നതു്? പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ ഇടപാടിൽ കർമ്മം ചെയ്യാത്തതിന്റേയോ, ധർമ്മം അനുഷ്ഠിക്കാത്തതിന്റെയോ പേരിൽ ഒരു പെറ്റിക്കേസുപോലും പോത്തിനെ പ്രതിയാക്കി ഇതുവരെ കാലൻ ഫയൽ ചെയ്തിട്ടില്ല എന്നും നമ്മൾ നന്ദിപൂർവ്വം സ്മരിക്കുക.

 
3 Comments

Posted by on Jan 2, 2012 in പലവക

 

Tags: , ,

വിഡ്ഢിയാവുക, വിശ്വാസിയാവുക!

വിശ്വാസപരമായ കാര്യങ്ങളിൽ ഓരോ വാക്കിനും അതിന്റേതായ സ്ഥാനമുണ്ടു്‌. ഒരൊറ്റ വാക്കു്‌ സ്ഥാനം തെറ്റി പ്രത്യക്ഷപ്പെട്ടാൽ മതി, വിശ്വാസികൾ അസ്വസ്ഥരാവും. ദൈവം പറയുന്നതു്‌, അതു്‌ സ്വന്തം മകനെ കുരുതി കഴിക്കാനായാലും ശരി, ഒരക്ഷരംപോലും തെറ്റിക്കാതെ അനുസരിക്കുകയാണു്‌ നിന്റെ കർത്തവ്യം എന്നാണു്‌ വിശ്വാസി ബാല്യം മുതലേ പഠിപ്പിക്കപ്പെടുന്നതു്‌. അതിൽ നിന്നും വ്യത്യസ്തമായതെന്തെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യുകയോ ചെയ്യേണ്ടിവന്നാൽ, അതു്‌ അവന്റെ ഓറിയെന്റേഷൻ ആകെമൊത്തം താറുമാറാക്കും – പ്രത്യേകിച്ചും, താൻ മനുഷ്യരാൽ വീക്ഷിക്കപ്പെടുന്നുണ്ടു് എന്ന ബോധം അവനുള്ളപ്പോൾ. തിന്മ ചെയ്യുന്നതിലല്ല, താൻ തിന്മ ചെയ്യുന്നതു് ദൈവം അറിയുന്നതിൽ പോലുമല്ല, തന്റെ തിന്മകൾ മനുഷ്യർ അറിയുന്നതിലാണു് അവന്റെ അങ്കലാപ്പു്. വല്ലപ്പോഴും അബദ്ധവശാൽ അവനൊരു നന്മ ചെയ്യുന്നുണ്ടെങ്കിൽ അതു് നാലാൾ അറിയണമെന്നും അവനു് നിർബന്ധമുണ്ടു്.

പൊതുവേ ഓറിയെന്റേഷൻ അൽപം കുറഞ്ഞ ജീവികളാണു് അല്ലെങ്കിൽത്തന്നെ വിശ്വാസികൾ. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്നെ ഇതിനു് തെളിവു് നൽകുന്നുണ്ടു്. (വിവരവും വിദ്യാഭ്യാസവും ബിരുദവുമൊക്കെയുള്ളവർ ഇതൊന്നും വായിക്കുന്നുണ്ടാവുമെന്നു് തോന്നുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ, ഏബ്രഹാം എന്നേ വായിക്കാവൂ, അല്ലെങ്കിൽ അക്ഷരസ്ഫുടതയില്ലായ്മയുടെ പേരിൽ പ്രൊമോഷൻ കിട്ടാതിരിക്കാൻ സാദ്ധ്യതയുണ്ടു്.) ബൈബിൾ പറയുന്നതു് ശരിയാണെങ്കിൽ, ഈ അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറയിൽ നിന്നും ജനിച്ച യിസഹാക്കു് എന്ന പയ്യനെ ദൈവകൽപനപ്രകാരം – കടമറ്റത്തു് കത്തനാർക്കു് പണ്ടൊക്കെ ചില ശുദ്ധമാനകർഷകർ അർപ്പിക്കാറുണ്ടായിരുന്നു എന്നു് കേട്ടിട്ടുള്ള “കോഴിവെട്ടും വെള്ളം കുടിയും” നേർച്ചയുടെ മാതൃകയിൽ – യഹോവക്കു് നരബലിയായി അർപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. ഈ കഥ കേൾക്കാത്തവർ ചുരുക്കമായിരിക്കും. പക്ഷേ, കഥാന്ത്യം The operation was successful, but the patient died എന്ന പ്രയോഗത്തിനു് വിപരീതമായി The operation was not successful, because the patient did not die എന്ന രീതിയിൽ ആയിരുന്നതിനാൽ, ഫോർമാലിറ്റികളിൽ എന്തെങ്കിലും പിഴവു് സംഭവിച്ചോ എന്ന സംശയം ന്യായമായും അബ്രഹാമിനെ അലട്ടിയിട്ടുണ്ടാവണം. തുടർക്കഥക്കു് അങ്ങനെയേ കേൾക്കാൻ കൊള്ളാവുന്ന ഒരു വിശദീകരണം നൽകാനാവൂ എന്നാണെന്റെ പക്ഷം. “നിന്റെ മകനെ എനിക്കായി കുരുതി കഴിക്കണം” എന്ന ദൈവകൽപന താൻ കേട്ടു എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ലാതിരുന്നിട്ടും ബലികർമ്മം എന്തുകൊണ്ടു് നടക്കാതെ പോയി? അതായിരുന്നിരിക്കണം അബ്രഹാമിനെ മഥിച്ചുകൊണ്ടിരുന്ന ചിന്ത. ദൈവത്തിന്റെ വാക്കിനു് മാറ്റം സംഭവിക്കുകയോ? മറ്റെന്തു് സംഭവിച്ചാലും അതുമാത്രം സംഭവിക്കില്ലെന്ന കാര്യം അവനു് ഉറപ്പായിരുന്നു. അപ്പോൾ തനിക്കു് ദാസി ഹാഗാറിൽ നിന്നും ജനിച്ച യിശ്മായേലിന്റെ കാര്യം അബ്രഹാം ഓർത്തുകാണണം. സമ്പത്തുകാലത്തു് തൈപത്തു് വച്ചാൽ ആപത്തു് കാലത്തു് ഉണ്ടാകാവുന്ന ഓരോ ഗുണങ്ങൾ! ഇനിയിപ്പോൾ യഹോവ അറുക്കാൻ പറഞ്ഞതു് യിശ്മായേലിന്റെ കഴുത്തായിരുന്നോ ആവോ? ഓർമ്മക്കുറവു് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രായത്തിലുമായിരുന്നു അബ്രഹാം എന്നും കൂട്ടിക്കോളൂ. പിന്നെ ഒട്ടും താമസിച്ചില്ല, അദ്ദേഹം ഒരുവട്ടം കൂടി മലചവിട്ടാൻ തീരുമാനിച്ചു. ഇത്തവണ ബലികഴിക്കേണ്ടതു് യിശ്മായേലിനെ ആയിരുന്നതിനാലും, ഒരുവന്റെ കഴുത്തറക്കാൻ അവന്റെ കഴുത്തുതന്നെ വേണമെന്നതിനാലും, അവനെയും കൂട്ടിയായിരുന്നു മലകയറ്റം. പക്ഷേ, യിശ്മായേലിന്റെ ഭാഗ്യത്തിനു് ഇത്തവണയും അബ്രഹാമിനു് തന്നിലുള്ള വിശ്വാസം ടെസ്റ്റ്‌ ചെയ്യുക എന്നൊരു ലക്ഷ്യമേ യഹോവക്കുണ്ടായിരുന്നുള്ളു. ചില കാര്യങ്ങളിൽ പരീക്ഷണനിരീക്ഷണങ്ങൾ വഴി ഒരു തീരുമാനത്തിലെത്തുന്നതാണു് ഉത്തമമെന്നു് ദൈവത്തിനുമറിയാം. മൈക്ക്‌ ടെസ്റ്റ്‌ ചെയ്യുന്നതു് കേട്ടിട്ടില്ലേ? ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, ഹലോ, ഹലോ, വൺ, ടൂ, ത്രീ, ഹലോ അബ്രഹാം, ഹലോ, ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌, യുവർ വിശ്വാസം ടെസ്റ്റിംഗ്‌, ഹിയർ യുവർ യഹോവ, ഹലോ, ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, …..

ഖുർആൻ രചിച്ചവരുടെ അഭിപ്രായപ്രകാരം ഈ കഥയുടെ രണ്ടാം ഭാഗം സത്യവും ആദ്യഭാഗം നുണയുമാണു്, മോശെയുടെ പുസ്തകങ്ങൾ രചിച്ചവർ ആരോ അവരുടെ അഭിപ്രായത്തിൽ ആദ്യഭാഗം സത്യവും രണ്ടാം ഭാഗം നുണയുമാണു്. ബൈബിൾ അനുസരിച്ചു് ബലി കഴിക്കാൻ കൊണ്ടുപോയതു് യിസഹാക്കിനെയാണു്. ഖുർആൻ പറയുന്നു യിശ്മായേൽ ആയിരുന്നു “ബലിമൃഗത്തിന്റെ” പാർട്ട്‌ അഭിനയിച്ചതെന്നു്. രണ്ടും ദൈവവചനമാണെന്ന കാര്യത്തിൽ അതിലോരോന്നിലും വിശ്വസിക്കുന്നവർക്കു് തെല്ലുപോലും സംശയവുമില്ല. അതിനുവേണ്ടി തിളയ്ക്കുന്ന എണ്ണയിൽ (തിളയ്ക്കുന്നതു് കാരെള്ളെണ്ണ ആയാലും, സൂര്യകാന്തിയെണ്ണ ആയാലും, മണ്ണെണ്ണ ആയാലും) ഭാഗികമായോ പൂർണ്ണമായോ മുങ്ങിക്കുളിക്കാൻ പോലും തയ്യാറാവുന്ന ലക്ഷക്കണക്കിനു് വിശ്വാസികൾ രണ്ടുപക്ഷത്തുമുണ്ടു്. അതുകൊണ്ടാണു് ഒരു യിസഹാക്കു് വേർഷനും ഒരു യിശ്മായേൽ വേർഷനും ആവശ്യമായി വരുന്നതു്. “മതവിഹാരം” വ്രണപ്പെടാതിരിക്കാൻ എന്തെന്തു് ഓയിന്റ്‌മെന്റുകൾ പരുവിനുമീതെ വാരിപ്പൂശാൻ നമ്മൾ തയ്യാറാവുകയില്ല? കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, നമ്മെ സംബന്ധിച്ചു് ഈ അങ്കത്തിൽ ശ്രദ്ധാർഹമായതു്, കർട്ടൻ വീഴുന്നതിനുമുൻപു്, മുറുക്കാൻകല്ലിലും അമ്മിക്കല്ലിലും മാറിമാറിവച്ചു് ഇടിച്ചാലും പൊട്ടാത്ത അടയ്ക്ക പോലെ ഉറച്ച വിശ്വാസത്തിന്റെ ഉടമയാണു് അബ്രഹാം എന്നു് പരീക്ഷിച്ചറിഞ്ഞ യഹോവ അവനു് “സ്വന്തം മക്കളുടെ കഴുത്തറക്കാൻ പോലും മടിക്കാത്തവൻ” എന്ന അർത്ഥത്തിൽ “വിശ്വാസികളുടെ പിതാവു്” എന്ന ബിരുദം നൽകി അഭിനന്ദിച്ചു എന്ന ചരിത്രപ്രധാനമായ വസ്തുതയാണു്.

എന്താണു് ദൈവം ഒരു വിശ്വാസിയിൽ നിന്നും ആവശ്യപ്പെടുന്നതെന്നു് എങ്ങനെ അറിയും? അക്കാര്യത്തിൽ വിശ്വാസിക്കു്‌ സംശയമൊന്നുമില്ല. അതു്‌ അവന്റെ ദൈവം വേദഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു് അവനറിയാം. ദൈവത്തിനെ ശരിക്കു് സോപ്പിടുന്നവർക്കു് അപൂർവ്വമായി ചിലതൊക്കെ സ്വപ്നത്തിലൂടെയും ദൈവം വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഏതു് പിശാചു് കുത്തിവച്ച വിഷത്തിന്റെ സ്വാധീനത്താലാണെന്നറിയില്ല, മനുഷ്യർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തവിധം സർവ്വശക്തിയുടെ അധികപങ്കും നഷ്ടപ്പെട്ടു് ദൈവം പക്ഷവാതം ബാധിച്ചവനെപ്പോലെയായി. ഏതു് മതം എന്നതിന്റെ അടിസ്ഥാനത്തിൽ ഇടതുവശം തളർന്ന ദൈവമുണ്ടു്, വലതുവശം തളർന്ന ദൈവമുണ്ടു്. [തലച്ചോറിന്റെ വലത്തുഭാഗത്തുണ്ടാവുന്ന ആഘാതങ്ങൾ (രക്തധമനിയുടെ അടയലോ പൊട്ടലോ) ഇടതുവശത്തിന്റെ തളർച്ചക്കും, അതുപോലെതന്നെ നേരേ മറിച്ചുമാണെന്ന കാര്യം മറക്കാതിരിക്കുക. പക്ഷനിർണ്ണയസംബന്ധമായ വ്യാഖ്യാനങ്ങളിൽ വകതിരിവു് നഷ്ടപ്പെടാതിരിക്കാൻ അതു് സഹായിക്കും]. അതിനാൽ, തന്റെ വചനങ്ങൾ ശരിയായ രീതിയിൽ മനുഷ്യർക്കു് പൊരുൾ തിരിച്ചുകൊടുക്കാൻ ദൈവം തന്നെ വേണ്ടുവോളം വ്യാഖ്യാതാക്കളെയും ചുമതലപ്പെടുത്തി.

അങ്ങനെ എല്ലാം ശുഭമായി കലാശിക്കേണ്ടതായിരുന്നു. പക്ഷേ, ദൈവത്തെ വീണ്ടും നാണം കെടുത്താനായി ഏതോ പിശാചു് ചെയ്ത ക്ഷുദ്രപ്രവൃത്തി മൂലമാവണം, ഓരോ വ്യാഖ്യാതാവിനും ദൈവവചനങ്ങൾ ഓരോ വിധത്തിലാണു് മനസ്സിലാകുന്നതു്. ഫലമോ, ദൈവവചനങ്ങൾ എന്ന പേരിൽ ഓരോരുത്തനും വിളിച്ചുപറയുന്നതു് അവനു് “കൂടോത്രം” ചെയ്ത പിശാചിന്റെ ദൈവശാസ്ത്രമാണു്. ഒരു ദൈവമാണു് സകല മനുഷ്യരെയും സൃഷ്ടിച്ചതെന്നു് പറയുകയും, അതേസമയംതന്നെ അന്യമതസ്ഥരെ അവരുടെ വിശ്വാസത്തിന്റെ മാത്രം പേരിൽ വെറുക്കണമെന്നും നശിപ്പിക്കണമെന്നും പഠിപ്പിക്കുകയും ചെയ്യുന്ന നീതിശാസ്ത്രങ്ങൾ ഒരു പിശാചിന്റെ വായിൽ നിന്നും വരുന്നതാവാതിരിക്കുന്നതെങ്ങനെ? ഏതായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഏതർത്ഥത്തിലും ദൈവത്തേക്കാൾ യോഗ്യനും, ബുദ്ധിമാനും, കാര്യപ്രാപ്തിയുള്ളവനുമാണു് പിശാചു്. ഇതുവരെയുള്ള മതങ്ങളുടെ ചരിത്രം വെളിപ്പെടുത്തുന്നതു് ഈ കേവലസത്യമാണു്. ദൈവത്തേയും പിശാചുക്കളേയും മതങ്ങളേയും സൃഷ്ടിച്ച മനുഷ്യർ ദൈവത്തെ ഏറ്റവും ഉയരത്തിലെ കൊമ്പത്തു് കയറ്റി ഇരുത്താൻ പരമാവധി ശ്രമിച്ചിട്ടും അക്കാര്യത്തിൽ അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്തിനു് പിശാചു്? പ്രപഞ്ചസൃഷ്ടിയുടെ കഥ എഴുതിവച്ചിരിക്കുന്ന ബൈബിളിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, വെറുമൊരു പാമ്പുപോലും ദൈവത്തേക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്ന ജീവിയാണു്. മഹദ്‌വചനപ്രകാരം “അറിവു് ശക്തിയാണു്” എങ്കിൽ, ആ ശക്തി മനുഷ്യനു് ലഭിച്ചതു് പാമ്പുവഴിയാണു്. അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുക്കുതന്നെ നട്ടുപിടിപ്പിച്ചിട്ടു് അതിന്റെ ഫലം തിന്നരുതെന്നു് മനുഷ്യനെ വിലക്കുന്ന ഒരു ശുംഭൻ ദൈവത്തേക്കാൾ എത്രയോ യോഗ്യനാണു് ആ വൃക്ഷത്തിന്റെ ഫലം പറിച്ചു് മനുഷ്യനു് നൽകി “നിങ്ങൾ അറിവു് വർദ്ധിപ്പിക്കൂ കുഞ്ഞുങ്ങളേ” എന്നു് ഉപദേശിച്ച ആ പാമ്പു്? ആ ദൈവിക ശുംഭത്തത്തിന്റെ പിൻഗാമികളാണു് വിശ്വാസികൾ. അവർ മനുഷ്യബുദ്ധിയെ അവഹേളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?

ഒരുവൻ ഏതെങ്കിലും ഒരു മതത്തിലും ആ മതത്തിന്റെ ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നതു് അവന്റെ വ്യക്തിപരമായ കാര്യങ്ങളാണു്. ഒരു മതത്തിൽ ജനിച്ചതുകൊണ്ടും വളർത്തപ്പെട്ടതുകൊണ്ടും ആ മതത്തിൽ തുടരുന്നവരാണു് ബഹുഭൂരിപക്ഷം വിശ്വാസികളും. വളരെ ചെറിയ ഒരു വിഭാഗം മാത്രമേ മുതിർന്നതിനു് ശേഷമുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വഴി ഏതെങ്കിലുമൊരു മതവും അതിലെ ദൈവവും തനിക്കു് പിൻതുടരാൻ മാത്രം യോഗ്യതയുള്ളതാണെന്നു് ബോദ്ധ്യപ്പെട്ടശേഷം വിശ്വാസികളാവുന്നവരായുള്ളു. സൂക്ഷ്മമായി പരിശോധിച്ചാൽ തികച്ചും ലൗകികമായ പരിഗണനകളാണു് അവരെയും ആ തീരുമാനത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചതെന്നു് കാണാൻ കഴിയുകയും ചെയ്യും. നെറ്റിയിൽ “വിശ്വാസി” എന്ന ലേബലും ഒട്ടിച്ചുകൊണ്ടു് നടക്കുന്നവരിൽത്തന്നെ സാമൂഹികമായ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാനായി ദൈവവിശ്വാസമില്ലെങ്കിലും മതവിശ്വാസി ആയി തുടരുന്നവരും കുറവല്ല. ഊരുവിലക്കും തെമ്മാടിക്കുഴിയുമൊന്നും സമൂഹത്തിലെ സ്വൈര്യജീവിതത്തിനു് അത്ര ആശാസ്യമായ കാര്യങ്ങളല്ലല്ലോ. രാവിലെ മുതൽ വൈകുന്നതുവരെ വാചകമടിയുമായി നാൽക്കവലകളിൽ കുത്തിയിരിക്കുന്നവർ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഒരു കാര്യമാണു് ഏതെങ്കിലുമൊരു സമൂഹാംഗത്തിന്റെ പ്രവൃത്തി “നാട്ടുനടപ്പിനു്” പരുക്കേൽപ്പിക്കുന്നുണ്ടോ എന്നതു്. ഇക്കൂട്ടരിൽ നിന്നാണു് “സദാചാരപോലീസ്‌” മുതലായ “തൊഴിലുകൾ” ഉരുത്തിരിയുന്നതുതന്നെ. ഒരു കാർഷികരാജ്യത്തിൽ മനുഷ്യർക്കു് സമയമുണ്ടു്. ധാരാളം സമയമുണ്ടു്. വിളവിറക്കലിനും വിളവെടുപ്പിനുമിടയിൽ തല്ലിക്കൊന്നാലും ചാവാത്തത്ര സമയമുണ്ടു്! യാതൊരു അദ്ധ്വാനവുമില്ലാതെ ഇഷ്ടം പോലെ സമയം ലഭിക്കുമ്പോൾ സമയത്തിന്റെ വില അറിയാനാവില്ല. സാമൂഹികനന്മക്കായി പ്രയോജനപ്പെടുത്താൻ അറിയാത്തതോ കഴിയാത്തതോ ആയ സമായാധിക്യം അലസതയിലേക്കും അതിന്റെ ബൈപ്രോഡക്റ്റ്‌സ്‌ ആയ സ്വാർത്ഥപരതയിലേക്കും പരദ്രോഹത്തിലേക്കുമൊക്കെയേ നയിക്കൂ. ചിലർ ദിവസേന ജോലിക്കു് പോകുന്നതുതന്നെ പത്രം വായിക്കാനും മാസാവസാനം ശമ്പളം വാങ്ങാനുമായിട്ടാണല്ലോ. സമൂഹത്തിന്റെ കഴുത്തറത്തു് ചോര കുടിക്കൽ അഥവാ, ഒരുതരം നോക്കുകൂലി വാങ്ങൽ!

മതങ്ങളെ, പ്രത്യേകിച്ചും മതാധികാരികളെ, പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്ന ചില വിശ്വാസികളുണ്ടു്. പുരോഗമനക്കാർ എന്നാണു് അവർ സ്വയം വിശേഷിപ്പിക്കാറുള്ളതു്. “ഞാൻ ഒരു മതവിശ്വാസിയല്ല, പക്ഷേങ്കി, ഞാനൊരു ദൈവവിശ്വാസിയാണു്” ഇതാണു് അവരുടെ മുദ്രാവാക്യം. ഒരു ദൈവവിശ്വാസിയും സർവ്വശക്തനല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. സർവ്വശക്തനും സർവ്വജ്ഞാനിയുമല്ലാത്ത ഒരു ദൈവമുണ്ടോ? അങ്ങനെയൊരു ദൈവത്തെപ്പറ്റി ഞാനിതുവരെ കേട്ടിട്ടില്ല. അതുപോലൊരു ദൈവത്തിൽ വിശ്വസിച്ചിട്ടു് എന്തു് പ്രയോജനം? തന്നേക്കാൾ ശക്തിയും ജ്ഞാനവും കൂടുതലുള്ള ഒരു ദൈവത്തിനുമുന്നിൽ ആ ദൈവം തീർച്ചയായും സുല്ലിടേണ്ടി വരും. അതുകൊണ്ടു്, എന്റെ ദൈവമാണു് എല്ലാം തികഞ്ഞ ദൈവം എന്നു് വിശ്വസിക്കാനും സ്ഥാപിക്കാനും ശ്രമിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഒരു വിശ്വാസിക്കില്ല. പക്ഷേ, മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയതുപോലെയാണു് വിശ്വാസി ദൈവത്തോടൊത്തു് നടത്തുന്ന തീർത്ഥയാത്രകളും അവസാനിക്കാറു്. ഇത്തിരി ദൂരം പോകുമ്പോഴേക്കും കാറ്റും മഴയും ഒരുമിച്ചു് വരും. മണ്ണാങ്കട്ട മണ്ണിൽ അലിഞ്ഞും കരിയില എങ്ങോട്ടെന്നറിയാതെ പറന്നും അഡ്രസില്ലാതാവുന്ന ശോകപര്യവസായികൾ! ഇവിടെയും അതുതന്നെയാണു് സംഭവിക്കുന്നതു്. മതാധികാരികൾ ചെയ്യുന്നതു് ചൂഷണവും തെമ്മാടിത്തരവുമാണെങ്കിൽ അതു് ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമായിരിക്കുമോ? ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമാണെങ്കിൽ അവർ ദൈവത്തേക്കാൾ “മുടുക്കന്മാർ” ആണെന്നല്ലാതെ മറ്റെന്താണു് അതിനർത്ഥം? അത്ര തികഞ്ഞവനും വിശ്വാസയോഗ്യനുമായ ഒരു ദൈവത്തിലല്ല നമ്മുടെ ദൈവവിശ്വാസി അവന്റെ വിശ്വാസം അർപ്പിക്കുന്നതു് എന്നല്ലാതെ മറ്റെന്തെങ്കിലുമൊന്നു് അതിൽ നിന്നും വായിച്ചെടുക്കാനാവുമോ? ഒരുവൻ വിമർശിക്കുന്ന മതാധികാരികളെ നിയന്ത്രിക്കാനും നേർവഴിക്കാക്കാനും കഴിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നവന്റെ ദൈവവിശ്വാസം കപടവും അവനെത്തന്നെ വഞ്ചിക്കലുമാണു്. അർത്ഥശൂന്യമായ അവന്റെ ഈ നിലപാടിനെപ്പറ്റി ആരെങ്കിലും സൂചിപ്പിച്ചാൽ അതു് ന്യായീകരിക്കാനായി ഏതാനും മുട്ടായുക്തികൾ അവന്റെ കൈവശമുണ്ടു്. ദൈവം മനുഷ്യരുടെയിടയിൽ നടത്തുന്ന ട്രെയിനിംഗ്‌, ദൈവത്തിന്റെ പരൂക്ഷ, ദൈവം മനുഷ്യനു് അനുവദിച്ചിരിക്കുന്ന പ്രൊബേഷൻ പിരിയഡ്‌, അങ്ങനെ പോകും വാലും തലയുമില്ലാത്ത അവന്റെ വാദമുഖങ്ങൾ. അറ്റമെത്തിയാൽ വീണ്ടും ആദ്യം മുതൽ പടം നിരത്തൽ തുടങ്ങും. ഓരോ മനുഷ്യനും ജനനം മുതൽ മരണം വരെ എന്തൊക്കെ ചെയ്യുമെന്നും, അവന്റെ ഓരോ മുടിയും എപ്പോൾ എവിടെ എങ്ങനെ കൊഴിയുമെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും ലോകാരംഭത്തിനു് മുൻപുതന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവം അവന്റെ ഓരോ പ്രവൃത്തികളെയും, അവനു് സംഭവിക്കുന്ന തെറ്റുകുറ്റങ്ങളേയും “സ്വർണ്ണം” തൂക്കുന്ന ത്രാസിൽ തൂക്കിനോക്കി രക്ഷയും ശിക്ഷയും വിധിക്കുമെന്നും മറ്റും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു് അസംബന്ധമാണെന്നു് അതൊക്കെ വായിക്കുന്ന ആർക്കും മനസ്സിലാവും – വിശ്വാസികളുടെ തലയിൽ മാത്രം എത്രവട്ടം ആവർത്തിച്ചാലും എന്തുകൊണ്ടോ അതൊന്നും കയറുകയില്ല.

“പൊങ്ങു്” ദൈവത്തിന്റെ ഇഷ്ടഭോജനമായതിനാലാവാം ദൈവം തലയിൽ കയറിക്കൂടിയാൽ വിശ്വാസിയുടെ തലച്ചോറു് പൊങ്ങായി മാറുന്നതു്. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ മുഴുവൻ അവിശ്വാസികളും “വിവരമില്ലാത്തവർ” ആവുന്നതിന്റെ രഹസ്യം ഈ പൊങ്ങാവണം. ചില വിശ്വാസികളുടെ അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ പൊങ്ങു് എന്നാൽ പൊങ്ങുന്നതു് എന്നതിന്റെ അബ്രിവിയേഷൻ ആണെന്നാണു് അവർ ധരിച്ചുവച്ചിരിക്കുന്നതെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. മറ്റാർക്കും കാണാൻ കഴിയാത്തതു് കാണാനും, മറ്റാർക്കും അനുഭവിക്കാൻ കഴിയാത്തതു് അനുഭവിക്കാനും, എന്തിനു്, പ്രപഞ്ചത്തിനു് അപ്പുറം സംഭവിക്കുന്നതെന്തൊക്കെയെന്നു് തത്സമയംതന്നെ അറിയാൻപോലും ഇന്ദ്രിയശേഷിയുള്ളവരാണു് അവർ. അതു് വട്ടാണെന്നൊന്നും പറയാൻ പോയേക്കരുതു്. പോയാൽ വട്ടു് നിങ്ങൾക്കാണെന്നു് കാര്യകാരണസഹിതം അവർ തെളിയിച്ചുതരും. അവർ വായിക്കുന്ന ഗ്രന്ഥങ്ങൾ നിറയെ അതിനുള്ള തത്വങ്ങളാണു്. അല്ലെങ്കിൽത്തന്നെ, അതൊക്കെ വായിച്ചാൽ “ശരിക്കും” മനസ്സിലാവാത്തതാണല്ലോ നിങ്ങളുടെ പ്രധാന പ്രശ്നവും! ഒരു ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതാണു് വായിക്കേണ്ടതു് എന്ന നിങ്ങളുടെ ചിന്ത തന്നെ തെറ്റാണു്. എഴുതാപ്പുറം വായിക്കാനുള്ള ശേഷിയാണു് ശേഷി. അതു് ദൈവം വിശ്വാസികൾക്കു് മാത്രമായി നേരിട്ടു് നൽകുന്നതാണു്.

യാഥാർത്ഥ്യങ്ങളെ മുഖാമുഖം നോക്കിക്കാണാനുള്ള കരുത്തില്ലെങ്കിൽ മനുഷ്യൻ അവന്റെ മതത്തിലും ദൈവത്തിലും വിശ്വസിച്ചു് പണ്ടാറമടങ്ങണം. ജീവിതത്തെ മിഥ്യാബോധങ്ങളുടെ സഹായമില്ലാതെ നേരിടാനുള്ള കരുത്തുണ്ടെങ്കിൽ ദൈവവും പിശാചും സ്വർഗ്ഗവും നരകവും മതവും പൗരോഹിത്യവുമെല്ലാം ആകെമൊത്തം നാറിയ ഏർപ്പാടാണെന്നു് അംഗീകരിച്ചു് അവയോടെല്ലാം വിടചൊല്ലി മനുഷ്യനായി ജീവിക്കാൻ തുടങ്ങണം. അതുപോലൊരു ജീവിതം സ്വന്തം സമൂഹത്തിൽ സാദ്ധ്യമാവുന്നില്ലെങ്കിൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കണം. അല്ലാതെ “അത്ര ആണുമല്ല, അത്ര പെണ്ണുമല്ല” എന്ന നാണംകെട്ട നിലപാടു് സ്വീകരിക്കുകയും, അതു് ന്യായീകരിക്കാനായി “കാണുന്നവർക്കു് എല്ലാം മനസ്സിലാവുന്നുണ്ടു്” എന്ന വിലാപവുമായി കിടന്നിടത്തുകിടന്നു് വീണ്ടും വീണ്ടും ഉരുളുകയുമല്ല ചെയ്യേണ്ടതു്. കാണുന്നവരിൽ അധികം പേർക്കും വേണ്ടപോലെയൊക്കെ മനസ്സിലാവുന്നുണ്ടു്. പക്ഷേ, കരഞ്ഞാലും ചിരിച്ചാലും പൊങ്ങു് വീണ്ടും തേങ്ങയാവില്ല എന്നറിയാവുന്നതിനാൽ അവഗണിക്കുന്നു, അത്രതന്നെ.

 
30 Comments

Posted by on Dec 4, 2011 in മതം

 

Tags: , ,

ഓം മണിപദ്മേ ഹൂം

എല്ലാ മതങ്ങൾക്കുമുണ്ടു് പതിവായി ആവർത്തിക്കപ്പെടേണ്ട മുദ്രാവാക്യങ്ങൾ എന്നതു് കേരളീയരോടു് പ്രത്യേകം പറയേണ്ട ഒരു കാര്യമാണെന്നു് തോന്നുന്നില്ല. എങ്കിലും, ടിബറ്റിലെ ബുദ്ധമതവിശ്വാസികളുടേതു് “ഓം മണിപദ്മേ ഹൂം” (Om manipadme hum/Om Mani Peme Hung) എന്നാണെന്നു് അറിയാത്ത ചിലരെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ല എന്നതു് ഒരു ബുദ്ധമതവിശ്വാസിക്കു് മോക്ഷം പ്രാപിക്കുന്നതിനു് ഒരിക്കലും ഒരു തടസ്സമാവരുതു് എന്നതിനാലാവാം, ആ മതത്തിലെ ചുമതലപ്പെട്ടവർ അവർക്കു് ഇക്കാര്യത്തിൽ ചില കൺസെഷൻ അനുവദിച്ചു് നൽകിയിട്ടുണ്ടു്. അതിൻപ്രകാരം, അനുഗ്രഹം നേടാനും മോക്ഷം പ്രാപിക്കാനും വിശ്വാസികൾ ഈ അത്ഭുത ഫോർമ്യുല സ്വന്തമായി എഴുതണമെന്നോ, വായിക്കണമെന്നോ, ഉച്ചരിക്കണമെന്നോ നിർബന്ധമില്ല. അംഗീകൃത ഏജൻസികൾ ഈ ആറു് ഏകസ്വരാക്ഷരങ്ങളും, അഷ്ടമംഗലചിഹ്നങ്ങളും, ഉടയതമ്പുരാനു് മാത്രം അറിയാവുന്ന മറ്റെന്തൊക്കെയോ മന്ത്രങ്ങളുമൊക്കെ പുറത്തും അകത്തുമായി എഴുതി തയ്യാറാക്കി വിൽക്കുന്ന ഒരു മാന്ത്രികചക്രം (Prayer Wheel) നിത്യേന പിടിച്ചു് തിരിച്ചുകൊണ്ടിരുന്നാൽ മതി. ഇതുപോലൊരു ആശയത്തിൽ ടിബറ്റുകാർ എങ്ങനെ എത്തിച്ചേർന്നു എന്നതാണു് എന്നെ അത്ഭുതപ്പെടുത്തുന്നതു്. “വായടച്ചോളൂ, പണി ചെയ്യാതിരിക്കുകയും വേണ്ട” എന്നാണു് ഈ ചക്രം മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു്. ഓരോ തിരിയ്ക്കലും അതിലെ ആകെമൊത്തം മന്ത്രങ്ങൾ ഒറ്റയടിക്കു് ഉച്ചരിക്കുന്നതിനു് തുല്യമാണത്രെ! ഒരു വീലിനകത്തു് ആയിരം മന്ത്രങ്ങളുടെ കോപ്പിയാണു് ഉള്ളതെങ്കിൽ ഒറ്റത്തിരിക്കലിൽ ഒരു വിശ്വാസി പരസഹായമില്ലാതെ ചൊല്ലിത്തീർക്കുന്നതു് ആയിരം മന്ത്രങ്ങളാണു്. ചൊല്ലിയോ എന്നു് ചോദിച്ചാൽ, ചൊല്ലിയില്ലെങ്കിലും ചൊല്ലിയതിനുതുല്യം എന്നാണുത്തരം. ചൊല്ലാത്തതു് ചൊല്ലി എന്നു് വരുത്താനും, കാണാത്തതു് കണ്ടു എന്നു് വരുത്താനും, ഇല്ലാത്തതു് ഉണ്ടു് എന്നു് വരുത്താനും, മണ്ടന്മാരെ ഉത്തമബോദ്ധ്യമുള്ളവരാക്കുവാനും, തനിമലയാളത്തിൽ പറഞ്ഞാൽ, പട്ടിയെ പട്ടിയല്ലാതാക്കാനും പറ്റിയ ഒരു ഉത്തമശാസ്ത്രമാണു് വ്യാഖ്യാനം. ചക്രം തിരിയ്ക്കലും ശ്ലോകം ചൊല്ലലും ഒന്നുതന്നെ എന്നു് വ്യാഖ്യാതാവു് പറഞ്ഞാൽ അവ ഒന്നുതന്നെ. അത്രേയുള്ളു അതിന്റെ കാര്യം. അതാണു് വ്യാഖ്യാനത്തിന്റെ ഒരു ഗുണം. വ്യാഖ്യാനത്തിന്റെ ലോകത്തിൽ കാര്യങ്ങൾക്കു് ഒരു തീർച്ചയും തീരുമാനവും ഉണ്ടു്. അതു് പ്രപഞ്ചസൃഷ്ടിയായാലും ശരി, ആദ്യകാരണമായാലും ശരി, പരിണാമസിദ്ധാന്തമായാലും ശരി, ഐസ്ക്രീം കേസായാലും ശരി. വ്യാഖ്യാനത്തിന്റെ മാന്ത്രികശക്തി നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടണം എന്നുള്ളവർക്കു് ഇപ്പോൾ പ്രയോജനപ്പെടുത്താവുന്ന ഒരു സുവർണ്ണാവസരമാണു് ബ്ലോഗിലെ എവൊല്യൂഷൻ ചർച്ചകളിൽ ചില സൃഷ്ടിവാദികൾ അവതരിപ്പിക്കുന്ന ഗോൾഡൻ ആർഗ്യുമെന്റ്‌സ്‌. എവൊല്യൂഷനെപ്പറ്റി ചർച്ച ചെയ്യാൻ ആദ്യം വേണ്ട യോഗ്യത അതെന്താണെന്നു് അറിയാതിരിക്കുക എന്നാണു് സൃഷ്ടിവാദികൾ മനസ്സിലാക്കിയിരിക്കുന്നതെന്ന വെളിപാടുമായി വീട്ടിലേക്കു് മടങ്ങാൻ അവിടെ ഒരു പത്തുമിനിട്ടു് ചുറ്റിക്കറങ്ങിയാൽ മതി. ഏറെ പാതാളമറുതകൾ ഉണ്ടെങ്കിലും, മണികെട്ടി വില്ലടിച്ചാൻപാട്ടു് പാടുന്ന ഇനങ്ങളെ കാണണമെങ്കിൽ സോഷ്യൽ മീഡിയ തന്നെ ശരണം.

“പ്രപഞ്ചത്തിൽ എനിക്കു് നിൽക്കാൻ ഉറപ്പുള്ള ഒരിടം തന്നാൽ ഞാൻ ഭൂമിയെ ഒരു ഉത്തോലിനി ഉപയോഗിച്ചു് പൊക്കിയെടുക്കാം” എന്നു് ഉത്തോലകനിയമക്കാരനായ ആർക്കെമിഡീസ്‌ പറഞ്ഞപ്പോൾ ലോകം എതിർത്തില്ല. എന്തിനേയും എതിർക്കുന്ന ബുദ്ധിജീവികളായ കേരളീയർ പോലും അതിനെ എതിർത്തില്ല. പ്രാർത്ഥനാചക്രങ്ങളുടെ പ്രവർത്തനതത്വവും അതുപോലെ എതിർക്കാൻ ഒന്നുമില്ലാത്ത ഒരു യൂണിവേഴ്സൽ നിയമമാണു്: “എനിക്കൊരു പ്രാർത്ഥനാചക്രം തരൂ, ഞാൻ കാക്കത്തൊള്ളായിരം മന്ത്രങ്ങൾ ഒറ്റശ്വാസത്തിൽ ചൊല്ലാം”. അതിൽ എതിർക്കാൻ എന്തിരിക്കുന്നു? ഇതിൽ നിന്നും ഒരു ഗുണപാഠം നമുക്കു് മനസ്സിലാക്കാം: മനുഷ്യനായാൽ ബോധമില്ലെങ്കിലും പ്രായോഗികബുദ്ധി വേണം. ആ അർത്ഥത്തിൽ നോക്കിയാൽ സമ്പൂർണ്ണ സാക്ഷരത്വം കൈവരിച്ച കേരളമൊഴികെയുള്ള ലോകത്തിനു് ടിബറ്റൻ ജനതയിൽ നിന്നും പലതും പഠിക്കാനുണ്ടു്. അതുകൊണ്ടു്, മോക്ഷം നേടാൻ പ്രാർത്ഥനാചക്രം തിരിയ്ക്കുന്ന ടിബറ്റന്മാർ സമ്പൂർണ്ണ സാക്ഷരത കൂടി കൈവരിച്ചാൽ അവർ കേരളീയർക്കു് ബൗദ്ധികതയുടെ തലങ്ങളിൽ ഗൗരവതരമായ ഒരു ഭീഷണി ആയി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട; വേണ്ടതു് “ജാഗ്രത” മാത്രമാണു്. പ്രാർത്ഥനാചക്രം തിരിയ്ക്കാനുള്ള ഉത്സാഹത്തിനനുസരിച്ചു് വിശ്വാസിയുടെ പ്രതിഫലവും വർദ്ധിക്കുന്നുണ്ടാവണം. പക്ഷേ, ഒരു വിശ്വാസിക്കു് മോക്ഷത്തിൽ കൂടിയ ഒരു പ്രതിഫലം ഉണ്ടാവാൻ വഴിയില്ല എന്നതിനാൽ, വർദ്ധിച്ച പ്രതിഫലം എന്നതിനു് വലിയ പ്രസക്തി ഉണ്ടോ എന്നെനിക്കറിയില്ല. മോക്ഷപ്രാപ്തിക്കു് ഒരു കൈവേല എന്നതാണു് ഇതിന്റെ പിന്നിലെ പ്രത്യയശാസ്ത്രം. ബുദ്ധൻ പഠിപ്പിച്ച രീതിയായ ധർമ്മചക്രത്തിന്റെ തിരിക്കൽ എന്ന ആശയത്തിന്റെ ഭൗതികാവിഷ്കരണമാണു് ഈ പ്രാർത്ഥനാചക്രങ്ങൾ.

ബുദ്ധൻ പഠിപ്പിച്ച രീതിയെ മെഡുല ഒബ്ലോൻഗാറ്റയുടെ തിരിക്കൽ എന്നു് വ്യാഖ്യാനിക്കാൻ പണ്ഡിതന്മാർക്കു് ആർക്കും തോന്നാതിരുന്നതു് ഭാഗ്യം. അതുകൊണ്ടു് ടിബറ്റ്‌ ജനശൂന്യമായില്ല. അല്ലെങ്കിൽ ചൈനക്കു് പട്ടാളത്തിനോടൊപ്പം തൊഴിലാളികളേയും ടിബറ്റിലേക്കു് ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നു. ചൈനയിലെ ജനസംഖ്യ വച്ചുനോക്കുമ്പോൾ അവർക്കതു് ഒരു കാരണവശാലും ഒരു പ്രശ്നമാകുമായിരുന്നില്ല എന്നതു് മറ്റൊരു കാര്യം. ഏറ്റവും കൂടുതൽ മാൻ പവ്വർ ഉത്പാദിപ്പിക്കപ്പെടുന്നതു് ഭാരതം ചൈന മുതലായ, അത്ര വികസ്വരവുമല്ല, എന്നാൽ വികസിതവുമല്ല എന്ന ഒരുതരം “മിസ്‌ ശിഖണ്ഡിയുടെ” അവസ്ഥയിൽ കഴിയുന്ന വൻകരകളിലാണെന്നതിനാൽ അതിൽ ധാരാളമായി അഭിമാനിക്കാനുള്ള വക നമുക്കുമുണ്ടു്. മുക്കിയും മൂളിയുമാണെങ്കിലും ഭാരതീയനും അത്രയൊക്കെ ഒരുവിധത്തിൽ ഒപ്പിക്കുന്നുണ്ടല്ലോ. അല്ലെങ്കിൽ വിശാലമായ എന്തുമാത്രം ഭൂപ്രദേശം ജനശൂന്യമാകുമായിരുന്നേനെ! ബ്രൂട്ടോ സോഷ്യൽ പോപ്യുലേഷൻ 120 കോടിയോളം എത്തിക്കാൻ നമുക്കും കഴിഞ്ഞിട്ടുണ്ടു്. ഉത്സാഹിച്ചാൽ ചൈനയുടെ 134 കോടിയെ മറികടക്കാവുന്നതേയുള്ളു. (List of countries by population)

അതായതു്, പ്രാർത്ഥനാചക്രങ്ങൾ: ആരാധനാലയങ്ങളിൽ നിരനിരയായി ഫിറ്റ്‌ ചെയ്തിരിക്കുന്ന വലിയ രൂപത്തിലുള്ളവ മുതൽ, സായിപ്പിന്റെ പൈപ്പുപോലെ (അതിൽ ഇത്തിരി പുകയില, ഇതിൽ ഒത്തിരി മന്ത്രങ്ങൾ, അതേയുള്ളു വ്യത്യാസം.) സ്ഥിരം കയ്യിൽ കൊണ്ടുനടന്നു് തിരിക്കാവുന്നവ വരെയുള്ള പല മോഡലുകളിൽ ഇവ മനുഷ്യർക്കു് മോക്ഷത്തിലേക്കുള്ള കവാടം തുറക്കാൻ അനേക നൂറ്റാണ്ടുകളായി സഹായിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയതു് നാലാം നൂറ്റാണ്ടുമുതലെങ്കിലും കയ്യാംകളിയിലൂടെ മോക്ഷം പ്രാപിക്കുന്ന ഈ രീതി ടിബറ്റിൽ നിലവിലുണ്ടെന്നാണു് രേഖകൾ. ജലപ്രവാഹം, കാറ്റു്, തിരിവെളിച്ചത്തിന്റെ ചൂടു്, വൈദ്യുതി മുതലായവ ഒക്കെ ഉപയോഗിച്ചു് തിരിയ്ക്കപ്പെടുന്ന പ്രാർത്ഥനാചക്രങ്ങളുമുണ്ടു്.

Animated GIF ഉപയോഗിച്ചാലും തുല്യഫലം ലഭിക്കുമെന്നു് ദലായ്‌ ലാമ പറയുന്നു. അതായതു്, ഗ്രാഫിക്സ്‌ ഇന്റർചെയ്ഞ്ച്‌ ഫോർമാറ്റ്‌ വഴിയും കരുണയുടെ തരംഗങ്ങൾ പ്രസരിക്കും! ഭക്തിയുടെ ദൃഷ്ടിയിൽ കൂടി നോക്കിയാൽ അതും ശരിയാണെന്നു് കാണാൻ കഴിയേണ്ടതാണു്. അല്ലെങ്കിൽത്തന്നെ, വിശ്വാസമെന്നതു് ദേഹമാസകലം ഉള്ളിലും പുറത്തും തരംഗാകൃതിയിൽ പടർന്നു് പന്തലിക്കുന്ന ഒരുതരം തരുതരുപ്പും, കിരുകിരുപ്പും, പരുപരുപ്പുമൊക്കെയാണെന്നു് ഭക്തിയുടെ ഓവർഡോസിൽ മൂർച്ഛിതാവസ്ഥയിലെത്തി ഉറഞ്ഞുതുള്ളുന്നവരെ കണ്ടിട്ടുള്ള ആർക്കാണു് അറിയാത്തതു്? എനിക്കു് ദലായ്‌ ലാമയോടു് ഒരപേക്ഷയുള്ളതു്, ഏതു് തരികിട വഴിയും കരുണയുടെ തരംഗങ്ങൾ പ്രസരിക്കുമെന്നു് ഉറപ്പായ സ്ഥിതിക്കു് എല്ലാ ആധുനിക മാധ്യമങ്ങളേയും പ്രെയർ വീലുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണു്. ഉണർന്നാൽ ഉറങ്ങുന്നതുവരെ Facebook ഇടവകയിലും, SMS കരയോഗത്തിലും, Twitter മഹാസഭയിലും, Buzz സെക്റ്റിലും തപസ്സനുഷ്ഠിക്കുന്ന യുവആത്മാക്കളെ മോക്ഷമാർഗ്ഗത്തിലേക്കു് നയിക്കാൻ അതൊരു നല്ല ചുവടുവയ്പായിരിക്കും. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണു് അധികപങ്കും അവിടങ്ങളിൽ തട്ടിക്കളിക്കപ്പെടുന്നതെങ്കിലും ഇടയ്ക്കിടെ ഓം മണിപദ്മേ ഹൂം എന്നുകൂടി കൂട്ടിച്ചേർക്കുന്നതു് ഒരു വലിയ പ്രശ്നമാവാൻ വഴിയില്ല എന്നു് തോന്നുന്നു.

ഒട്ടും കുറഞ്ഞവനല്ല, ഒരു ഒറിജിനൽ ടിബറ്റുകാരനും, അവലോകിതേശ്വരന്റെ പതിനാലാം പുനർജ്ജന്മവും, നോബൽപ്രൈസ്‌ ജേതാവുമായ ദലായ്‌ ലാമയാണു് ഇതു് പറയുന്നതെന്നോർക്കുക. എങ്കിലും, പ്രായ-ലിംഗഭേദമെന്യേ, ജാതി-മതം തിരിച്ചു് ആരെയും ദൈവാനുഗ്രഹത്തിലേക്കും ശോഭനമായ ഭാവിയിലേക്കും ക്യാറ്റപുൾട്ട്‌ ചെയ്യുന്ന അത്ഭുതസിദ്ധികൾ കൈവരിക്കുന്നതിനു് പറ്റിയ കല്ലുകളുടേയും ലോഹങ്ങളുടേയും ഉറുക്കുകളുടേയും മുറുക്കുകളുടേയും മറ്റു് പലതരം കുറുക്കുവഴികളുടേയും പരസ്യങ്ങൾ വായിക്കാനായി മലയാള പത്രങ്ങൾ വാങ്ങിയ്ക്കുന്നവർക്കൊഴികെ ദലായ്‌ ലാമയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ അതു് അങ്ങേർ ഒരു തമാശ പറഞ്ഞതാണെന്നേ തോന്നാൻ വഴിയുള്ളു. എന്നാൽ വസ്തുത അങ്ങനെയല്ല. അതു് പറഞ്ഞപ്പോൾ ലാമയുടെ മുഖത്തു് പ്രസരിച്ച ആത്മാർത്ഥതയുടെ തരംഗങ്ങൾ ശ്രദ്ധിച്ച എല്ലാവർക്കും അതു് കട്ടായമായും ഒരു തമാശ ആയിരുന്നില്ല എന്നു് മനസ്സിലായിട്ടുണ്ടാവണം. മേൽപറഞ്ഞ രീതികളിലുള്ള പ്രാർത്ഥനാചക്രങ്ങൾ സാങ്കേതികമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ കൂൾ അല്ലെന്നു് കരുതുന്ന ഇൻഫൊർമേഷൻ യുഗവാസികൾ നിരാശപ്പെടേണ്ട. കമ്പ്യൂട്ടറിലെ ഹാർഡ്‌ ഡിസ്കും ഇന്റർനെറ്റുമെല്ലാം ഓം മണിപദ്മേ ഹൂം എന്ന മോക്ഷഫോർമ്യുലയുമായി പൂർണ്ണമായും കമ്പാറ്റിബിൾ ആണു്. മിനുട്ടിൽ എത്രയോ ആയിരം വട്ടം കറങ്ങുന്ന ഒരു ഹാർഡ്‌ ഡ്രൈവിനു് പ്രസരിപ്പിക്കാൻ കഴിയുന്ന കരുണാതരംഗധാരയുടെ ആത്മീയോർജ്ജത്തിനു് നേടിത്തരാൻ കഴിയാത്ത മോക്ഷമുണ്ടോ? ഇതിനൊക്കെ പുറമേ, ഇന്റർനെറ്റ്‌ കണക്ഷനും ഒരു വെബ്ക്യാമും ഉണ്ടെങ്കിൽ ഒരു ഇലക്ട്രിക്‌ പ്രെയർ വീലിനെ പ്രവർത്തിപ്പിച്ചു് അനുഗ്രഹം നേടാൻ കഴിയുന്ന സംവിധാനവും നിലവിലുണ്ടത്രെ. ഇതെല്ലാം വിക്കി പറയുന്നതായതുകൊണ്ടു് നുണയാവാനേ വഴിയുള്ളു. സൃഷ്ടിവാദികൾ ഇതൊന്നും കേട്ടു് കുലുങ്ങേണ്ട കാര്യമില്ല. അല്ലെങ്കിലും കേളൻ ഒരിക്കലും കുലുങ്ങാറില്ല, പാലത്തെ കുലുക്കാറേയുള്ളു. എന്തുകൊണ്ടെന്നറിയില്ല, ഈ ചുറ്റലും ചുറ്റിക്കലും തിരിക്കലും തിരിപ്പിക്കലുമൊക്കെ മിക്കവാറും എല്ലാ മതവിശ്വാസങ്ങളുടെയും ഒരു പ്രധാനഘടകമാണു്. പിരി അൽപം ലൂസായാൽ കിടന്നിടത്തു് കിടന്നു് തിരിയുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനുള്ള ശേഷി ഒരു സ്ക്രൂവിനും ഇല്ല എന്നതിലാവാം ഒരുപക്ഷേ ഇതിന്റെ ഉത്തരം കുടികൊള്ളുന്നതു്.

ദൈവം വായാടിത്തത്തേക്കാൾ കായികാഭ്യാസത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവനാവാനാണു് സാദ്ധ്യത എന്നാണെന്റെ അഭിപ്രായം. ഒച്ചയും ബഹളവും ഇഷ്ടപ്പെട്ടിരുന്നവൻ ആയിരുന്നെങ്കിൽ ശ്രീബുദ്ധൻ ഭാര്യയേയും മകനേയും ഉപേക്ഷിച്ചു് മരച്ചുവട്ടിൽ പോയി ഒറ്റയ്ക്കു് ഇരിക്കുമായിരുന്നോ? കുടുംബത്തിലെ ശബ്ദമലിനീകരണം അക്കാലത്തു് ഡിവോഴ്സിനു് മതിയായ കാരണമായിരുന്നില്ല എന്നുവേണം കരുതാൻ. ശബ്ദം വളരെ അപകടകാരിയാണു്. ഏതു് കുടുംബനാഥനും അതറിയാം. ഉദാഹരണത്തിനു്, പച്ചിലകൾ അനങ്ങുന്ന ശബ്ദത്തിന്റെ ലെവൽ 10 dB ആണു്. ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിന്റേതു് ഒരു മീറ്റർ അകലത്തിൽ 40-60 dB. (ഒരു സുവിശേഷകന്റേതു് അതിലും എത്രയോ കൂടുതൽ ആയിരിക്കും). ജെറ്റ്‌ പ്ലെയിനിന്റേതു് 30 മീറ്റർ അകലത്തിൽ 150 dB. അതിനും മുകളിലാവണം മലയാളക്കരയിൽ ഉച്ചഭാഷിണിയിലൂടെ ദൈവസന്നിധിയിലേക്കു് എക്സ്‌പ്രെസ്സ്‌ പോസ്റ്റ്‌ ആയി അയക്കപ്പെടുന്ന അപേക്ഷകളുടെ ലെവൽ. അത്രയും ഉച്ചത്തിലുള്ള കോലാഹലം ഒരു അപേക്ഷയാവുകയില്ല, അതൊരു ആക്രോശമേ ആവൂ. അതിനാൽ, അഥവാ ദൈവം ഒരുകാലത്തു് കേൾവിയുള്ളവൻ ആയിരുന്നെങ്കിൽത്തന്നെ കേരളത്തിൽ പ്രാർത്ഥനയ്ക്കു് ഉച്ചഭാഷിണി ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ബധിരനായി തീർന്നിട്ടുണ്ടാവണം. ദൈവത്തെ (കുന്തുരുക്കം) പുകച്ചു് പുറത്തുചാടിച്ചിട്ടാണു് ആക്രോശിച്ചു് ചെവി പൊട്ടിക്കുന്നതു്! ഇടിവെട്ടിയവനെ അട്ട കടിച്ചു എന്നു് പറയുന്നപോലെ, (അതോ കടിച്ചതു് പട്ടിയാണോ? ആർക്കറിയാം? ഏതായാലും ഇടി വെട്ടിയവനെ എന്തോ ഒന്നു് കടിച്ചു. അതാണു് പ്രധാനവും) ഒരു കണക്കിനെന്നല്ല, ഏതു് കണക്കിനു് നോക്കിയാലും ദൈവത്തിന്റെ അവസ്ഥ സഹാനുഭൂതി അർഹിക്കുന്നതാണു്. ചുരുക്കത്തിൽ, ആരോഗ്യത്തിനു് പുകവലിയേക്കാൾ ഹാനികരമാണു് ബഹളം. ഇക്കാര്യം പക്ഷേ ആരോഗ്യമുള്ളവരേ ശ്രദ്ധിക്കേണ്ടതുള്ളു. നല്ല ഫിഗറിനുവേണ്ടി ഏറോബിക്‌ ചെയ്യാൻ കൊത്തലുണ്ണികളോടു് ആഹ്വാനം ചെയ്യുന്നതു് തീർച്ചയായും സാഡിസമാണു്.

ഒച്ചയുടെ ലെവൽ ഒരു പരിധിയിൽ കൂടിയാൽ എപിലെപ്സി പോലുള്ള രോഗങ്ങൾ ഇളകാൻ സാദ്ധ്യതയുണ്ടത്രെ! കേരളത്തിൽ ആർക്കും എപിലെപ്സി ഇല്ലാത്തതുകൊണ്ടാണു് ഏതു് പാതിരാത്രിക്കുപോലും വെടിക്കെട്ടും ഉച്ചഭാഷിണിയും താങ്ങാനാവുന്നതു് എന്നു് തോന്നുന്നില്ല. എപിലെപ്സി ഒക്കെ വെറും പെറ്റിക്കേസുകളായ ഒരു നാട്ടിൽ ഇനിയെങ്ങോട്ടു് ഇളകാൻ എന്നതാവും അതിന്റെ കൂടുതൽ യുക്തമായ വിശദീകരണം. നട്ടപ്പാതിരായ്ക്കു് അടുത്ത അമ്പലത്തിലോ പള്ളിയിലോ അമിട്ടു് പൊട്ടുന്നതു് കേട്ടു് ഞെട്ടിയുണർന്നാൽ ഒരു ചിരിയും പാസാക്കി എഴുന്നേറ്റു് വിശദമായി ഒന്നു് മൂത്രമൊഴിച്ചിട്ടു് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും കിടന്നുറങ്ങാൻ ഈ ഭൂമിയിൽ മലയാളിക്കു് മാത്രമേ കഴിയൂ. സ്വന്തം വിശ്വാസം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളം മലയാളികൾ വളരെ സഹിഷ്ണുതയുള്ളവരാണു്. എന്തു് സംഭവിച്ചാലും ചുമ്മാ ചിരിക്കുന്നതു് കേരളത്തിൽ നൊർമാലിറ്റിയുടേയും ആരോഗ്യത്തിന്റേയും ലക്ഷണമാണെന്നു് അവിടത്തെ ഏതു് ഹോമിയോ ഡോക്ടർക്കും അറിയാം. കൈ വേണ്ടവിധം മടക്കിയാൽ മുദ്ര വച്ച മെഡിക്കൽ സർട്ടിഫിക്കറ്റും ലഭിക്കും. ബുദ്ധന്റെ മാതൃകയിൽ ഒന്നും മിണ്ടാതെ വെറുതെ എവിടെയെങ്കിലും ഇരുന്നാലും മോക്ഷം പ്രാപിക്കാം എന്നു് പറഞ്ഞാൽ ടിബറ്റന്മാരും ചുമ്മാ ചിരിക്കാറാണു് പതിവു്. റേഷൻ കാർഡില്ലാതെ റേഷൻ പോലും കിട്ടില്ല, പിന്നെ പ്രെയർ വീൽ തിരിയ്ക്കാതെ മോക്ഷം കിട്ടുമോ എന്നതാണു് അവരുടെ നിലപാടു്. അതിൽ തീർച്ചയായും ദൃഷ്ടാന്തവും യുക്തിയുമുണ്ടു്. ടിബറ്റുകാർ മലയാളികളെപ്പോലെ അനുസരിക്കാതിരിക്കാനും, ചുമ്മാ നോക്കി ചിരിക്കാനുമായി നിയമങ്ങൾ ഉണ്ടാക്കുന്നവരോ, അദ്ധ്വാനിക്കാതെ ജീവിക്കാനായി സർക്കാർജോലി തേടുന്നവരോ അല്ലാത്തതിനാൽ, മറ്റെല്ലാ കാര്യങ്ങളും എന്നപോലെതന്നെ മോക്ഷവും മനുഷ്യർ പ്രയത്നിച്ചു് നേടിയെടുക്കേണ്ട ഒരു കാര്യമാണെന്നു് ഉത്തമബോദ്ധ്യമുള്ളവരാണു്. മോക്ഷത്തിനുവേണ്ടി പ്രെയർ വീലുമായി സഹകരിച്ചു് ഇത്തിരി നന്നായിത്തന്നെ അദ്ധ്വാനിക്കാൻ അവർക്കു് മടിയൊന്നുമില്ല.

പല ആകൃതിയിലും പ്രകൃതിയിലും കാണാൻ കഴിയുന്ന ഈ പ്രാർത്ഥനാ മെഷിനെറി ശബ്ദമലിനീകരണത്തിന്റെ കാര്യത്തിൽ താരതമ്യേന നിരുപദ്രവകാരിയാണെന്നതിനാൽ, വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നപോലെ, പ്രാർത്ഥന ഉച്ചഭാഷിണിയിലൂടെ എന്ന പ്രമാണവാക്യത്തിൽ വിശ്വസിക്കുന്ന മതങ്ങൾക്കു് വേണമെങ്കിൽ പ്രാർത്ഥനയ്ക്കു് അതിനെ ഒരു മാതൃകയാക്കാവുന്നതാണു്, പക്ഷേ അതവർ ചെയ്യില്ല. കാരണം, നമ്മൾ എന്തെങ്കിലും ചെയ്താൽ അതു് നാലുപേർ കാണണം, അറിയണം എന്നവർക്കു് നിർബന്ധമുണ്ടു്. കാൽമുട്ടിലെ തഴമ്പു് മറ്റുള്ളവർക്കു് തുണി പൊക്കി നോക്കാതെതന്നെ കാണാൻ തടസ്സമില്ലാത്തവിധത്തിൽ ബെർമ്യൂഡഷോർട്ട്സ്‌ ധരിക്കുന്നവരായിരുന്നു മലയാളികളെങ്കിൽ അവർക്കു് നെറ്റിയിൽ പ്രാർത്ഥനയുടെ തഴമ്പുണ്ടാവുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം. എക്സിബിഷനിസം സെക്സിൽ മാത്രമല്ല, മതവിശ്വാസത്തിലും ഉണ്ടു്. “അഭിനയമാണു് പകുതി ജീവിതം” എന്നൊരു ചൊല്ലുണ്ടു്. പക്ഷേ, കേരളത്തിൽ അഭിനയമാണു് മുഴുവൻ ജീവിതവും എന്നപോലെയാണു് കാര്യങ്ങളുടെ പോക്കു്. കേരളത്തിൽ എഞ്ചിനിയറോ, ഡോക്ടറോ, ശാസ്ത്രജ്ഞനോ, രാഷ്ട്രതന്ത്രജ്ഞനോ, എന്തിനു്, പുരോഹിതൻ പോലുമോ ഇല്ല, അങ്ങനെ അഭിനയിക്കുന്നവരേ ഉള്ളു. അതിനു് നമ്മൾ ഏറ്റവും കടപ്പെട്ടിരിക്കുന്നതു് സിനിമകളോടാണു്. പുസ്തകങ്ങൾക്കും സിനിമകൾക്കുമൊക്കെ സമൂഹത്തെ സാംസ്കാരികമായി മാറ്റിയെടുക്കാനുള്ള കരുത്തുണ്ടു് – രണ്ടു് ദിശകളിലേക്കും. നമ്മൾ നയിക്കപ്പെട്ടതു് തെറ്റായ ദിശയിലേക്കായിരുന്നു എന്നുമാത്രം. മലയാളം സിൽമയിൽ മൃതശരീരങ്ങളെ അവതരിപ്പിക്കുന്നതു് കണ്ടിട്ടില്ലേ? ശവസ്റ്റാറിന്റെ (അതോ സ്റ്റാർ ശവമോ?) മൂക്കിന്റെ രണ്ടു് തുളകളിലുമായി തിരുകുന്ന പഞ്ഞിയുണ്ടെങ്കിൽ മുതിർന്നവർക്കുള്ള രണ്ടു് തലയണ നിശ്ചയം.

ഒരു പ്രെയർ വീൽ കയ്യിൽപിടിച്ചു് തിരിച്ചുകൊണ്ടു് പരസ്യമായി സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ഏർപ്പാടു് മഹാ നാണക്കേടും അന്ധവിശ്വാസവുമാണെന്നു് കരുതുന്ന മുഴുവൻ മതവിശ്വാസികളും ഒരുകാര്യം മറക്കേണ്ട: നിങ്ങൾ മോക്ഷപ്രാപ്തിക്കായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ടിബറ്റുകാർ കണ്ടാൽ അവർ ശീർഷാസനത്തിൽ നിന്നു് ചിരിച്ചുചിരിച്ചു് മരിക്കും. അവർക്കു് തീർച്ചയായും മോക്ഷവും ലഭിക്കും. കാരണം, ജാതി-മത-വർഗ്ഗ-വർണ്ണ-പ്രായ-ലിംഗഭേദമെന്യേ എല്ലാവർക്കും മരണശേഷം ലഭിക്കുന്ന ഒന്നാണു് മോക്ഷം. നിരീശ്വരന്മാർക്കുമാത്രം അതു് രണ്ടുവട്ടം ലഭിക്കും – ജീവിക്കുമ്പോഴും മരിച്ചശേഷവും. അന്ധവിശ്വാസങ്ങൾ ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ പ്രാകൃതത്വമാകുന്നതു് അവ മറ്റു് മതങ്ങളിൽ ആചരിക്കപ്പെടുമ്പോൾ മാത്രമാണു്. ഏതൊരുത്തനും അവന്റെ വിശ്വാസത്തിനുവേണ്ടി ചെയ്യുന്ന ഏതു് കാട്ടാളത്തവും ഒന്നൊഴിയാതെ യുക്തവും വിശുദ്ധവും, ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്തവിധം കുറ്റമറ്റതുമാണു്. അവനു് മറ്റു് എന്തിനേയും ഏതിനേയും – അന്യമതങ്ങളും ശാസ്ത്രനിയമങ്ങളും അടക്കം – ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്ന തോന്നലും സ്വന്തവിശ്വാസത്തിന്റെ അപ്രമാദിത്വഭ്രാന്തിൽ നിന്നുമാണു് മുളപൊട്ടുന്നതു്. എല്ലാവരും ആടുമാടുകളെപ്പോലെ കഴുത്തിൽ ഒരു തട്ടയുമായി നടക്കുന്ന ഒരു സമൂഹത്തിൽ തട്ടയില്ലാതെ പ്രത്യക്ഷപ്പെടുന്നവനായിരിക്കും അപഹാസ്യനാവുക. എല്ലാ പുരുഷന്മാരും പൊട്ടുതൊടുകയും കാതിൽ കമ്മലിടുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ അതു് ആർക്കും ലജ്ജാവഹമായ ഒരു പ്രവൃത്തിയായി തോന്നേണ്ട കാര്യമില്ല. അന്താരാഷ്ട്രീയവേദികളിൽ അതൊരു കോമാളിവേഷമായി പരിഹസിക്കപ്പെടാമെങ്കിലും, അത്തരമൊരു സാഹചര്യത്തിൽ ചെന്നുപെടേണ്ട ആവശ്യമില്ലാത്തവർക്കു് അതൊരു പ്രശ്നമായിപ്പോലും തോന്നേണ്ടതില്ല.

ഗദ്ദാഫി ഒരിക്കൽ ലിബിയൻ മോഡൽ “പുരുഷ സാരി” ചുറ്റി റഷ്യ സന്ദർശിച്ചപ്പോൾ നൽകപ്പെട്ട സ്വീകരണത്തിൽ ഡിപ്ലോമാറ്റ്‌സിന്റെ മുഖങ്ങളിൽ പുറത്തുചാടാൻ വെമ്പുന്ന ചിരി ഒതുക്കാനായി അവർ പെടുന്ന പാടു് വ്യക്തമായി കാണാനാവുമായിരുന്നു. ഗദ്ദാഫിയ്ക്കു് അന്തർദ്ദേശീയ തലങ്ങളിലുള്ള റെപ്യുട്ടേഷനും ആരിലും ചിരിയുണർത്താൻ പര്യാപ്തമായതാണുതാനും. ദേശീയവേഷം ധരിക്കാൻ ഗദ്ദാഫി ഔദ്യോഗികമായി ബാദ്ധ്യസ്ഥനായിരിക്കാം എന്നതും മറക്കുന്നില്ല. വ്യവസായത്തിനും അതിലേറെ ആയുധങ്ങൾക്കും കോടികളുടെ ഓർഡർ ലഭിക്കുമെന്നു് പ്രതീക്ഷിക്കുന്ന ഒരു രാജ്യം അവിടെ സന്ദർശിക്കാനായി എത്തുന്ന രാഷ്ട്രനേതാക്കൾ സാരിയല്ല, വെറും അണ്ടർവെയറുമായി പ്രത്യക്ഷപ്പെട്ടാലും അവരെ ഭവ്യതയോടെയേ സ്വീകരിക്കൂ. ആ സന്ദർശനത്തിന്റെ അന്തിമഫലം തങ്ങൾക്കു് അനുകൂലമോ പ്രതികൂലമോ എന്നതു് മാത്രമാണു് സ്വീകരണത്തിന്റെ തണുപ്പും ചൂടും നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം. ആവശ്യമെന്നു് തോന്നുന്ന സന്ദർഭങ്ങളിൽ ഉള്ളിൽ ജ്വലിക്കുന്ന പരിഹാസത്തേയും പച്ചത്തെറിയേയും സൗഹൃദത്തിന്റെ പുറംകുപ്പായത്താൽ മറച്ചു് പിടിക്കുന്നതിനുള്ള ശേഷികൂടിയാണു് ഡിപ്ലോമസി. അതാണു് ചില പ്രത്യേക സാഹചര്യങ്ങളിൽ വിഷപ്പാമ്പുകൾ പോലും സിംഹാസനത്തിൽ അവരോധിക്കപ്പെടുന്നതിന്റെ രഹസ്യവും. ഏറ്റവും അടുത്ത അനുകൂല നിമിഷത്തിൽ നിർദ്ദാക്ഷിണ്യം അവഗണനയുടെ ചവറ്റുകുട്ടയിൽ എറിയപ്പെടാനുള്ള കറിവേപ്പിലകൾ. അന്തരീക്ഷോഷ്മാവു് മൈനസ്‌ പത്തോ പതിനഞ്ചോ ഡിഗ്രിയോ അതിൽത്താഴെയോ ആയി കുറയുന്ന മഞ്ഞുകാലത്തു് ഡെലിഗേഷനുകളോടൊപ്പം മുണ്ടും ഷർട്ടും ധരിച്ചു് യൂറോപ്പിലെത്തുന്ന ചില മലയാളികളുണ്ടത്രെ! ഒരു അന്യനാട്ടിൽ സന്ദർശനത്തിനായി പോകുന്നതിനു് മുൻപു് ആ നാട്ടിലെ കാലാവസ്ഥ, ആഹാരരീതികൾ, യാത്രാസൗകര്യങ്ങൾ, പെരുമാറ്റരീതികൾ മുതലായവയെപ്പറ്റി അത്യാവശ്യം വേണ്ട കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക എന്ന സാമാന്യരീതി പോലും അറിയാത്ത നേതാക്കളെപ്പറ്റി എന്തു് പറയാൻ? ഗാന്ധിജി ഇംഗ്ലണ്ടിൽ വട്ടമേശസമ്മേളനത്തിനു് പോയതും ഒറ്റമുണ്ടുമായിട്ടായിരുന്നല്ലോ എന്നാവും ന്യായീകരണം. ഒരു ന്യായീകരണവുമില്ലായിരുന്നെങ്കിൽ നിരന്തരം ഒരു പ്രെയർ വീലും തിരിച്ചുകൊണ്ടു് നാടുനീളെ നടക്കാൻ ടിബറ്റുകാരും തയ്യാറാകുമായിരുന്നില്ല.

പ്രെയർ വീലുകൾ മോക്ഷപ്രാപ്തിക്കു് ഉതകുന്ന ഒരു ഉപകരണമാകുന്നതു് ഓം-മ-ണി-പദ്‌-മേ-ഹൂം എന്ന ആറു് ഏകസ്വരാക്ഷരങ്ങളെ വേണ്ടവിധം വ്യാഖ്യാനിക്കുമ്പോഴാണു്. അതേസമയം, മോക്ഷം ലഭിക്കാൻ അങ്ങനെ ചില വ്യാഖ്യാനങ്ങൾ നിലവിലുണ്ടെന്നുപോലും അതുപയോഗിക്കുന്നവർ അറിയണമെന്നില്ല. അതാണു് ഈ വീലുകളെ ഇത്ര ആകർഷകമാക്കുന്നതു്. ഓരോ സ്വരാക്ഷരവും വ്യത്യസ്ത കാര്യങ്ങളെ പ്രതിനിധീകരിക്കുന്നവയാണു്. പൂർണ്ണത, ശുദ്ധീകരണം, നിരന്തരമായ ഒഴുക്കു്, വർണ്ണം, ദൈവികചിഹ്നം, വ്യത്യസ്ത തലങ്ങൾ അവയെല്ലാം വ്യാഖ്യാനിക്കപ്പെടേണ്ടവയാണു്. എവിടെ വ്യാഖ്യാനമുണ്ടോ അവിടെ ഭിന്നതയുമുണ്ടു് എന്നു് പ്രത്യേകം പറയേണ്ടല്ലോ. പതിനാലാം ദലായ്‌ ലാമയുടെ അഭിപ്രായത്തിൽ ഓം മണിപദ്മേ ഹൂം എന്ന മന്ത്രം ഉരുവിടുന്നതു് അനുഗ്രഹപ്രദമായ കാര്യമാണു് . പക്ഷേ, ഓരോ അക്ഷരത്തിന്റേയും അർത്ഥമറിഞ്ഞുവേണമത്രേ അതു് ചെയ്യാൻ! കാരണം, അവയുടെ അർത്ഥം വളരെ വിപുലവും വിശാലവുമാണു്. ഉഗ്രൻ! ഒരു മതമേധാവി ആ മതത്തിലെ ആചാരങ്ങൾ അർത്ഥശൂന്യമാണെന്നു് പറയുമെന്നായിരുന്നു ഇതു് കേൾക്കുന്നതുവരെ എന്റെ ധാരണ. ഈ വീലും പിടിച്ചുകൊണ്ടിരിക്കുന്നവരെ കണ്ടാൽ അവർ ആ മന്ത്രത്തിലെ ഓരോ സില്ലബിളും അതിന്റെ വിപുലമായ അർത്ഥം പൂർണ്ണമായും മനസ്സിലാക്കിക്കൊണ്ടാണു് ആ പ്രാർത്ഥനാചക്രം തിരിക്കുന്നതെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാവുമെന്നു് തോന്നുന്നില്ല.

ഓം എന്നതിനു് ഒരു വാച്യാർത്ഥം നൽകപ്പെടുന്നില്ല, സ്വരത്തിനാണു് അർത്ഥം. ഹിന്ദുമതത്തിലും ജൈനമതത്തിലും വളരെ പ്രസക്തിയുള്ള ഈ സ്വരാക്ഷരം ഈ മന്ത്രത്തിൽ മഹാമനസ്കത എന്ന സമ്പൂർണ്ണതയെ പ്രതിനിധീകരിച്ചുകൊണ്ടു് അഹങ്കാരത്തിൽ നിന്നും ഗർവ്വിൽ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നു. ദേവന്മാർ, ബുദ്ധി, വെളുപ്പു് ഇവയെല്ലാം ഈ സില്ലബിളിന്റെ ആറ്റ്രിബ്യൂട്ടുകളാണു്. ആരംഭത്തിൽ മണി എന്നാൽ രത്നവും, പദ്മം താമരയും ആയിരുന്നു. മണിപദ്മ എന്നതു് ഭാരതത്തിൽ ഇന്നും ഒരു സ്ത്രീനാമമാണു്. പക്ഷേ, വ്യാഖ്യാനം കൊടുമ്പിരിക്കൊണ്ടപ്പോൾ, മ, ണി, പദ്‌, മേ എല്ലാം അക്ഷരം അക്ഷരമായി വേറേ വേറേ പരിശോധിക്കപ്പെടുകയും അർത്ഥങ്ങൾ നൽകപ്പെടുകയും ചെയ്തു. ഉദാഹരണത്തിനു് എഥിക്സിന്റെ ചുമതല വഹിച്ചുകൊണ്ടു് അസൂയയോടും ആഘോഷതാത്പര്യങ്ങളോടും സന്ധിയില്ലാസമരത്തിൽ ഏർപ്പെടുന്നു. അസുരന്മാർ, ഭൂതദയ, പച്ചനിറം ഇവയൊക്കെയാണു് ആറ്റ്രിബ്യൂട്‌സ്‌. ക്ഷമയുടെ പ്രതിനിധിയായ ണി ഇച്ഛാവികാരങ്ങളിൽ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നു. ഇതൊന്നും പോരാ എന്നുള്ളവർക്കു് ഈ ലിങ്കിൽ പോയി തുടർന്നു് വായിക്കാം. Om mani padme hum

ഇതുപോലെയോ, ഇതിലും മഹത്തരമോ ആയ ഒരു വ്യാഖ്യാനം സ രി ഗ മ പ ത നി സ യ്ക്കും നൽകാവുന്നതല്ലേ എന്നാണു് ഞാനിപ്പോൾ ആലോചിക്കുന്നതു്. എന്റെ മറ്റൊരു ആലോചന, ന്യൂട്ടോണിയൻ മെക്കാനിക്സ്‌, ജെനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്സ്‌, നാച്യുറൽ സെലക്ഷൻ, എവൊല്യൂഷൻ മുതലായ തിയറികളുടെ സാരാംശം മുഴുവനും അടങ്ങുന്ന ഒരു ചെറിയ ചിപ്പ്‌ വിശ്വാസികൾ അറിയാതെ ഓരോ പ്രെയർ വീലുകൾക്കുള്ളിലും ഫിറ്റ്‌ ചെയ്താൽ അവരിൽ ഓം-മ-ണി-പദ്‌-മേ-ഹൂം തത്വപ്രകാരം, “ഇടുകുടുക്കേ ചോറും കറിയും” എന്ന സൂത്രവാക്യത്തിന്റെ മാതൃകയിൽ ശാസ്ത്രബോധം ഉണ്ടായിവരേണ്ടതല്ലേ എന്നതാണു്.

 
4 Comments

Posted by on Mar 7, 2011 in മതം

 

Tags: , , ,

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!

യുക്തിഭദ്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരെ “യുക്തിവാദികൾ” എന്ന നെഗറ്റീവ്‌ ലേബൽ ഒട്ടിച്ച മേശവലിപ്പിലാക്കി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സമൂഹം ജീവിക്കുന്നതു് അതിന്റെ സ്വന്തം ശവക്കുഴിയിലാണു്.

മനുഷ്യബുദ്ധിയുടെ വളർച്ചയുടെ ഉത്തുംഗതയെ അലങ്കരിക്കുന്ന പൊൻതൂവലാണു് ഇന്ദ്രിയാനുഭവങ്ങൾ യുക്തിപൂർവ്വം അപഗ്രഥിക്കാനുള്ള ശേഷി. ആ ശേഷി അന്തിമമായ ഒരു അവസ്ഥയല്ല, നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഏതു് ദൈവത്തിന്റെ പേരിലായാലും, ഏതു് ചെകുത്താന്റെ പേരിലായാലും, മനുഷ്യരാശിയെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ യുക്തിബോധത്തെ അവഹേളിക്കുന്നവന്റെ ബൗദ്ധികഅധമത്വത്തെ വിശേഷിപ്പിക്കാൻ മതിയായ വാക്കുകൾ ഭാഷയിൽ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. യുക്തിയുക്തമായി, കാര്യകാരണബന്ധത്തിൽ അധിഷ്ഠിതമായി വസ്തുതകളെ കാണാനും അപഗ്രഥിക്കാനുമുള്ള ശേഷിയില്ലായിരുന്നെങ്കിൽ ശാസ്ത്രചിന്തതന്നെ സാദ്ധ്യമാവുമായിരുന്നില്ല. എത്രയോ വട്ടം പലരാൽ ആവർത്തിക്കപ്പെട്ടിട്ടും ചില തലച്ചോറുകളിൽ ഇതുവരെ കയറിപ്പറ്റാൻ കഴിയാത്ത ഒരു ലളിതയാഥാർത്ഥ്യമുണ്ടു്: ആധുനികമനുഷ്യൻ ഇന്നു് എവിടെ എത്തിനിൽക്കുന്നുവോ, അവിടേക്കു് അവനെ കൈപിടിച്ചു് നടത്തിയതു് അതുവരെ മനുഷ്യവർഗ്ഗത്തിനു് അജ്ഞാതമോ അപരിചിതമോ ആയ വഴികളിലൂടെ നടക്കാനുള്ള ധീരത കാണിച്ച ഏതാനും പ്രതിഭകളുടെ ഒറ്റപ്പെട്ട നൂതനചിന്തകളായിരുന്നു. സമൂഹത്തിൽ വേരുറച്ച നോമുകളിൽ നിന്നും (norms of society) വേറിട്ടുനിൽക്കുന്ന ചിന്തകൾക്കു് ഒരുവൻ നൽകേണ്ടിയിരുന്ന വില സ്വന്തം ജീവനായിരുന്ന ആ കാലഘട്ടത്തെ മാനവരാശി പിന്നിലാക്കിയിട്ടു് അധികനാളുകൾ ആയിട്ടില്ല. ആരു് അംഗീകരിച്ചാലും ഇല്ലെങ്കിലും, യാഥാസ്ഥിതികസമൂഹങ്ങളിൽ അതേ അവസ്ഥ ഇന്നും സജീവമായ ഒരു നഗ്നയാഥാർത്ഥ്യമായി നിലകൊള്ളുന്നുണ്ടു്. മനുഷ്യരെ അടിമമാനസരാക്കാൻ വേണ്ടി അടിച്ചേൽപിക്കപ്പെട്ട തത്വസംഹിതകളിൽ ആവേശം കൊള്ളുന്നതു് ഒരു യോഗ്യതയായി കരുതുന്ന ജന്മനാ മാസക്കിസ്റ്റുകൾ ആ അവസ്ഥയെ അനവരതം പാടിപ്പുകഴ്ത്തുന്നുമുണ്ടു്. ഇന്നത്തെ ബോധവത്കരിക്കപ്പെട്ട മനുഷ്യനെ അവനാക്കിത്തീർത്ത, മനുഷ്യജീവിതത്തെ ജീവിതയോഗ്യമാക്കിത്തീർത്ത ശാസ്ത്രീയനേട്ടങ്ങൾക്കു് കാരണഭൂതമായ സ്വതന്ത്രചിന്തയെ തുടക്കത്തിലേതന്നെ ചിതാഗ്നിയിലേക്കു് തള്ളിയിട്ടു് നശിപ്പിക്കാൻ ശ്രമിച്ചതു് യുക്തിവാദികളായിരുന്നില്ല. അവർ ആരൊക്കെ ആയിരുന്നു എന്നു് ഇന്നും അറിയാത്തവരോടു് അതൊക്കെ വെളിപ്പെടുത്തിയിട്ടും വലിയ പ്രയോജനമൊന്നുമില്ല. അതിനാൽ ഞാനിവിടെ അതിനൊട്ടു് മുതിരുന്നുമില്ല. “സ്വാതന്ത്ര്യം സമത്വം സാഹോദര്യം” എന്ന ഫ്രഞ്ചു് വിപ്ലവത്തിന്റെ മുദ്രാവാക്യം മുഴങ്ങിയതു് ഏതെങ്കിലും വിശുദ്ധ ധൂപക്കുറ്റിയുടെ തിരുവായിൽ നിന്നായിരുന്നില്ല, മനുഷ്യന്റെ ചിന്താശേഷിയിൽ നിന്നായിരുന്നു എന്ന സത്യം സാമാന്യവിദ്യാഭ്യാസമുള്ള ഒരു വ്യക്തി അറിഞ്ഞിരിക്കണം, അതു് നിരുപാധികം അംഗീകരിക്കാൻ അവൻ തയ്യാറായിരിക്കണം.

തലച്ചോറിന്റെ പടിപടിയായുള്ള പരിണാമത്തിലൂടെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയിൽ മനുഷ്യബുദ്ധിയുടെ വളർച്ച, മുകളിൽ നിന്നോ താഴെ നിന്നോ ഏതെങ്കിലും ഒരു മായാവി ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും “തിരഞ്ഞെടുക്കപ്പെട്ട” മനുഷ്യർക്കു് ആരോരുമറിയാതെ പ്രത്യക്ഷപ്പെട്ടു് പൊതിക്കെട്ടായി ഏൽപിച്ചുകൊടുക്കുന്നതല്ല, ഏൽപിച്ചുകൊടുക്കാവുന്നതുമല്ല. അതുകൊണ്ടു്, അങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നവരും, അതുപോലെതന്നെ അതു് പരമസത്യം എന്നു് മുഖവിലക്കെടുത്തു് നൂറ്റാണ്ടുകളിലൂടെ മനുഷ്യരെ കബളിപ്പിച്ചവരും, ഇന്നും കബളിപ്പിച്ചുകൊണ്ടിരിക്കുന്നവരും ചെയ്യുന്നതു്, സ്വതന്ത്രമായ അന്വേഷണത്തിലൂടെ മാത്രം സാദ്ധ്യമാവുന്ന മനുഷ്യബുദ്ധിയുടെ വളർച്ചയെ തടഞ്ഞുനിർത്തുന്ന സമൂഹദ്രോഹമാണു്. “എല്ലാം ദൈവം ഇറക്കിത്തന്ന എന്റെ കിത്താബിലുണ്ടു്, മറ്റൊന്നു് മനുഷ്യർക്കാവശ്യമില്ല” എന്ന സ്ഥിരം പല്ലവിയിലൂടെ അത്തരം ഷാർലറ്റനുകൾ മനുഷ്യരെ അന്ധമായ വിശ്വാസത്തിന്റെ തടവറകളിൽ തളച്ചിടാൻ വിശ്രമമില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തടവറക്കു് വെളിയിലും ഒരു ലോകമുണ്ടെന്നു് അറിയാൻ അനുവദിക്കാത്തിടത്തോളം ഏതൊരു തടവുകാരനെയും അവൻ സ്വതന്ത്രനാണെന്നു് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടില്ല. യുക്തിബോധം മനുഷ്യരെ നിർബന്ധമായും സ്വാഭാവികമായും സ്വതന്ത്രചിന്തയിലേക്കു് നയിക്കുമെന്നതിനാൽ യുക്തിപൂർവ്വമുള്ള ചിന്തയെ ഇവർ പ്രതിക്കൂട്ടിൽ കയറ്റുന്നു. യുക്തിയുക്തമായി ചിന്തിക്കുന്നവരെ എന്തുവിലകൊടുത്തും നശിപ്പിക്കേണ്ട നിത്യശത്രുക്കളായി പ്രഖ്യാപിക്കുന്നു. അവർക്കു് “യുക്തിവാദികൾ” എന്ന പേരു് നൽകി, ആ പേരിനു് ഒരു ആധുനികസമൂഹത്തിലും കാണാനാവാത്തവിധം നെഗറ്റീവ്‌ ആയ ഒരു ഇമേജും നൽകി, ദൈവത്തിന്റെ കാവൽപ്പടയാളികൾ എന്ന വ്യാജേന, മനുഷ്യമനസ്സിൽ തലമുറകളിലൂടെ വളർത്തിയെടുത്ത ഈശ്വരചിന്ത എന്ന ബലഹീനതയെ മുതലെടുത്തു്, യുക്തിചിന്ത എന്നതു് ദൈവദ്രോഹവും എതിർക്കപ്പേടേണ്ടതും ആണെന്ന ധാരണയുടെ മാരകവിഷം ഇവർ പൊതുസമൂഹത്തിൽ കുത്തിവയ്ക്കുന്നു. മനുഷ്യബുദ്ധിയുടെ യുക്തിയുക്തമായ ചോദ്യങ്ങൾക്കുമുന്നിൽ ഒളിച്ചോടേണ്ടി വരുന്ന ഒരു ദൈവത്തെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുന്ന ഇവർ ഉത്തരം മുട്ടുമ്പോൾ അസഹിഷ്ണുതയുടെ ഭാഷയിൽ പ്രതികരിക്കാൻ നിർബന്ധിതരാവുന്നു. അതോടൊപ്പം, യുക്തിവാദികൾ അസഹിഷ്ണുക്കളാണെന്ന മുൻകൂർ ജാമ്യമെടുത്തു് തടി രക്ഷപെടുത്താനും ഇവർ വൃഥാ ശ്രമം നടത്തുന്നു. യുക്തിപൂർവ്വം വാദിക്കുന്നവരെ പ്രതിക്കൂട്ടിൽ കയറ്റുന്നതുവഴി ഇവർ ചെയ്യുന്നതു് തങ്ങൾ യുക്തിഹീനമായി വാദിക്കുന്നവരാണെന്നു് പെരുമ്പറകൊട്ടി വിളംബരം ചെയ്യുകയല്ലാതെ മറ്റെന്താണു്? യുക്തിഹീനതയോടു് യുക്തിചിന്തക്കു് എന്താണു് സംവദിക്കാനുള്ളതു്?

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന രണ്ടു് മനുഷ്യർ തമ്മിൽ ഏഴാം നൂറ്റാണ്ടിനെപ്പറ്റിയും, ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യരെപ്പറ്റിയും, അവരുടെ വിശ്വാസങ്ങൾ അബദ്ധമായിരുന്നോ അല്ലയോ എന്നതിനെപ്പറ്റിയുമൊക്കെ ചർച്ച ചെയ്യുന്നതിനു് തടസ്സമൊന്നുമില്ല. അവർ രണ്ടുപേരും വിപരീത നിലപാടുകാരാണെങ്കിൽപ്പോലും അതുപോലൊരു ചർച്ച സാദ്ധ്യമാണു്. ഈ രണ്ടു് ലോകങ്ങളെപ്പറ്റിയും ഒരു ചർച്ചക്കു് വേണ്ട മിനിമം പരിജ്ഞാനം അവർ നേടിയിട്ടുണ്ടാവണം എന്നേയുള്ളു. പക്ഷേ, ഒരു ഏഴാം നൂറ്റാണ്ടുകാരനുമായി ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടുകാരനു് ഒരു ചർച്ച പോയിട്ടു് അർത്ഥപൂർവ്വമായ ഒരു സംഭാഷണം പോലും സാദ്ധ്യമാവില്ല. ഏഴാം നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ടു് ആധുനികചിന്തകളെ നേരിടാൻ ആവില്ലെന്നു് ഏഴാം നൂറ്റാണ്ടിൽ ജീവിക്കുന്നവൻ എങ്ങനെ അറിയാൻ? അവന്റെ കാഴ്ചപ്പാടിൽ അവനാണു് ജ്ഞാനി. “ജപ്പാനിൽ ഞാൻ വലിയവൻ!” പോരെങ്കിൽ സ്വർഗ്ഗവും നരകവും കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു ദൈവവുമുണ്ടു് സഹായത്തിനു്! ഗ്രാമപ്രദേശങ്ങളിലെ വേലിയരികുകളിൽ നിത്യേനയെന്നോണം സംഭവിക്കുന്ന “നീ പോടീ, നീ വാടീ” രീതിയിലുള്ള “പെൺപടയെ” വെളിവുള്ള ആരും “ചർച്ച” എന്നു് വിളിക്കാറില്ല. മതസംവാദം എന്ന പേരിൽ ഇന്നു് ബ്ലോഗിൽ സംഭവിക്കുന്ന യുക്തിഹീനമായ തർക്കങ്ങളും മതങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും അതിനേക്കാൾ പരിഹാസ്യമായ ഒരു ചിത്രമാണു് പലപ്പോഴും കാഴ്ചവയ്ക്കുന്നതു്. എങ്കിൽത്തന്നെയും, അവനവന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടെന്നും, ഉണ്ടായിരിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നായ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചു് സ്വന്തം നിലപാടു് വ്യക്തമാക്കുന്നതിനും, ചർച്ച എന്ന പേരിൽ അരങ്ങേറുന്ന നാടകങ്ങൾ ദയനീയമാണെന്നു് വിളിച്ചുപറയുന്നതിനുമുള്ള അവകാശം മറ്റോരോരുത്തർക്കുമുണ്ടു്.

“വിശ്വാസവും അവിശ്വാസവും” തമ്മിലുള്ള വാദപ്രതിവാദങ്ങൾ ലോകത്തിലെ ഒരു പുതിയ പ്രതിഭാസമല്ല. പണ്ടൊക്കെ അഭിപ്രായങ്ങൾ ആധികാരികമായി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പുസ്തകങ്ങൾ എഴുതുകയായിരുന്നു എന്നതിനാൽ അതു് പരാമര്‍ശവിഷയം വിശദമായി പഠിച്ചവരുടെ മാത്രം മേഖലയായിരുന്നു. ഇന്നു് ഒരു ഗൂഗിൾ ID-യുള്ള ആർക്കും അഭിപ്രായപ്രകടനം നടത്താം. അതിനു് ലേഖനമായാലും മറ്റെന്തായാലും വായിച്ചുനോക്കണമെന്നുപോലും നിർബന്ധമില്ല. എഴുതുന്നവനെ/ളെപ്പറ്റിയുള്ള ഒരു ഏകദേശധാരണ ധാരാളം മതി വലിയവായിൽ ഒരു വാചകം കമന്റായി എഴുതാൻ. ബ്ലോഗിലെ മിക്കവാറും എല്ലാ ചർച്ചകളും ഈ രീതിയിലാണു് നടക്കുന്നതും. ആദ്യം കുറെ അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്നു, ചോദ്യങ്ങളും ചൊല്ലുകളുമായി തർക്കത്തിന്റെ എല്ലുകടിച്ചു് പല്ലുകൊഴിയുമ്പോൾ അവർ പിൻവാങ്ങുന്നു. തുടർന്നു് പുതിയ നടന്മാർ രംഗത്തെത്തുന്നു. (ചില പഴയ നടന്മാർ പുതിയ നാമവുമായി തലയിൽ മുണ്ടിട്ടുകൊണ്ടു് തിരിച്ചുവരാറുമുണ്ടു്.) പല്ലുകൊഴിഞ്ഞു് പിൻവാങ്ങിയവർ ആലപിച്ച അതേ പല്ലവി വള്ളിപുള്ളിവ്യത്യാസമില്ലാതെ അവരും ആർഭാടമായി ആലപിക്കുന്നു. എപ്പോഴെങ്കിലും അവരും മടുത്തു് പിൻവാങ്ങുന്നു. ഈ നാടകം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഉദാഹരണങ്ങൾ തപ്പി അധികം അലയേണ്ട കാര്യമില്ല. ബ്ലോഗിൽ തന്നെയുണ്ടു് ആവശ്യത്തിലേറെ. അനുകൂലപക്ഷക്കാരായ മതവിശ്വാസികളുടെ ബ്ലോഗുകളിൽ പരസ്പരം സ്തുതിഗീതങ്ങൾ പാടാനും, അന്യചിന്താഗതിക്കാരായ മതവിശ്വാസികളുടെ ബ്ലോഗുകളിലും, “യുക്തിവാദി”കളുടെ ബ്ലോഗുകളിലും ഒന്നിനുപുറകെ ഒന്നായി കമന്റുകൾ എന്ന പേരിൽ അർത്ഥശൂന്യമായ ഗീർവ്വാണങ്ങൾ തട്ടിക്കൂട്ടാനും, അത്തരം അഭിപ്രായചാപിള്ളകൾ വിലപ്പോവില്ലെന്നുറപ്പാവുമ്പോൾ പരാജയം സമ്മതിക്കുന്നതിനുപകരം വ്യക്തിഹത്യയും തെറിയഭിഷേകവും തുടങ്ങാനുമായി ഓടിനടക്കുന്നവർ ആരൊക്കെയാണെന്നറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളും, മനുഷ്യനിന്ദയുമൊക്കെ അക്കമിട്ടു് ചൂണ്ടിക്കാണിച്ചാൽ പോലും അവയ്ക്കു് ലഭിക്കുന്ന മറുപടി ഒന്നുകിൽ അതുമായി പുലബന്ധം പോലുമില്ലാത്ത മറുചോദ്യങ്ങളോ, അല്ലെങ്കിൽ മറ്റു് മതഗ്രന്ഥങ്ങളിലെ പോരായ്മകളോ, അതുമല്ലെങ്കിൽ ഉരുണ്ടുകളിയോ ഒക്കെയാവും. സമയവും ക്ഷമയും ബാർബർഷോപ്പ്‌ മോഡൽ ചർച്ചകളിൽ താത്പര്യവുമുള്ളവർക്കു് സമയംകൊല്ലി എന്ന രീതിയിൽ പരീക്ഷിച്ചുനോക്കാവുന്ന ഒരു വ്യായാമം. അതിൽ കൂടിയ എന്തെങ്കിലുമൊരു വില ഇത്തരം മതസംവാദങ്ങൾക്കു് നൽകുന്നവരെപ്പറ്റി സഹതപിക്കാനേ കഴിയൂ. മതബ്ലോഗുകളിൽ പണ്ടൊക്കെ സദുദ്ദ്യേശത്തോടെ “ചർച്ചകളിൽ” പങ്കെടുത്തിരുന്ന യുക്തിവാദികളിലും നിഷ്പക്ഷമതികളിലുമൊക്കെപ്പെട്ടവരിൽ ആരുംതന്നെ ഇപ്പോൾ ആ ഭാഗത്തേക്കു് കാര്യമായ ശ്രദ്ധ ചെലുത്താറില്ല – അവരുടെ അപഹാസ്യമായ കുതർക്കങ്ങൾക്കു് കസ്റ്റമേഴ്സിനെ ചാക്കിട്ടുപിടിക്കാൻ “കടക്കണ്ണേറും”, പ്രകോപനവുമൊക്കെ മുറപോലെ ഇറക്കിക്കളിക്കുന്നുണ്ടെങ്കിലും. കാലഹരണപ്പെട്ടു് കസ്റ്റമേഴ്സ്‌ കുറയുമ്പോൾ വാസവദത്തമാരും ഇതേ തന്ത്രം പ്രയോഗിക്കാറുണ്ടെന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, അവർ അതു് ചെയ്യുന്നതു് സർവ്വശക്തനെങ്കിലും വിശ്വാസികൾ മുലയൂട്ടിയില്ലെങ്കിൽ നിലനിൽക്കാൻ കഴിയാത്ത ഏതെങ്കിലുമൊരു മായാവിയെ രക്ഷപെടുത്താനല്ല, അവർക്കു് ജീവിക്കാനും അങ്ങനെ സ്വന്തം തടി രക്ഷപെടുത്താനും വേണ്ടിയാണു്. അതുകൊണ്ടുതന്നെ അതിനു് നീതീകരണവുമുണ്ടു്. അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിക്കാൻ മനുഷ്യന്റെ യുക്തിബോധത്തെ അവഹേളിക്കണമെന്നുണ്ടോ? മനുഷ്യകുലത്തിലെതന്നെ ഒരംഗത്തിനു് അൽപമെങ്കിലും ബോധമുണ്ടെങ്കിൽ മനുഷ്യബുദ്ധിയുടെ പണിയായുധമായ യുക്തിചിന്തയെ തള്ളിപ്പറയാനാവുമോ? അതുവഴി അവൻ തത്വത്തിൽ മനുഷ്യകുലത്തിൽ നിന്നുതന്നെ വിടവാങ്ങുകയല്ലേ ചെയ്യുന്നതു്?

തീവ്രമതവിശ്വാസികൾ എതിര്‍പക്ഷത്തിനു് നേരെ നടത്തുന്ന ഓരോ ആരോപണങ്ങളും ശ്രദ്ധിച്ചാൽ, അതു് അവരുടെ പ്രതിയോഗികളേക്കാൾ എല്ലാ അർത്ഥത്തിലും യോജിക്കുന്നതു് അവർക്കുതന്നെയാണെന്നു് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവനെ വ്യക്തിപരമായി ആക്രമിക്കാനല്ലാതെ, ഒരു മതഗ്രന്ഥത്തിലെ ഉള്ളടക്കം ആ ഗ്രന്ഥം ഒരിക്കലും ദൈവികമല്ല, മാനുഷികം മാത്രമേ അവാൻ കഴിയൂ എന്നു് തെളിയിക്കാനായി ഉന്നയിക്കപ്പെടുന്ന ഏതെങ്കിലുമൊരു വാദമുഖത്തിനു് സാമാന്യബോധത്തിനു് നിരക്കുന്നതായ ഒരു വിശദീകരണമോ എതിര്‍വാദമോ നൽകാൻ ഇതുവരെ ഇവർക്കു് കഴിഞ്ഞിട്ടില്ല എന്നതു് ഒരു വസ്തുതയാണു്. ഇതു് വെറുതെ പറയുന്നതല്ല എന്നതിനു് ബ്ലോഗിൽ നടന്ന “സംവാദങ്ങളുടെ” ഏതാനും ചില ഉദാഹരണങ്ങൾ: ശെരീഖ്‌ ഹൈദർ വെള്ളറക്കാടുമായി സൂരജ്‌ അടക്കം പലർ നടത്തിയ “സംവാദം”. (221 കമന്റുകളോടെ എങ്ങുമെത്താതെ അവസാനിച്ച ആ പോസ്റ്റിന്റെ ലിങ്ക്‌ ഇവിടെ. “ജബ്ബാർ മാഷ്‌ മുങ്ങുന്നേ” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് സ്വയം മുങ്ങിയ ഫൈസൽ കൊണ്ടോട്ടിയെയും അതിലെ കമന്റുകളുടെ അവസാനഭാഗത്തു് കാണാം. ഫൈസൽ കുറെ നാളുകൾക്കു് ശേഷം കാളിദാസന്റെ ഒരു പോസ്റ്റിലൂടെ ഒരു രണ്ടാം വരവിനു് ശ്രമിച്ചതായി കണ്ടു. ശെരീഖ്‌ ഹൈദർ വെള്ളറക്കാടു് അതിനുശേഷം ഒരു ചെറിയ പോസ്റ്റിട്ടെങ്കിലും ഇപ്പോൾ ബ്ലോഗിൽ സജീവമല്ല. മറ്റേതെങ്കിലും ID-യിൽ പിന്നീട്‌ ഉയിർത്തെഴുന്നേറ്റോ എന്നതു് എന്റെ അറിവിനു് അതീതമാണു്.) ജബ്ബാർ മാഷ്‌ പല പോസ്റ്റുകളിലൂടെ പല ഇസ്ലാം വക്താക്കളുമായി നടത്തിയ “സംവാദങ്ങൾ”. കാളിദാസനുമായി ചില ആഗ്രഹപണ്ഡിതന്മാർ നടത്തിയതും (ശക്തി കുറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും) ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ “സംവാദങ്ങൾ”. ക്രൈസ്തവരുടെയും ഇസ്ലാമിന്റെയും ചില വക്താക്കൾ ഞാനുമായി ആരംഭിച്ച സംവാദം. ഇവയെല്ലാം വിശ്വാസി/അവിശ്വാസി വിഭാഗങ്ങൾ തമ്മിൽ അർത്ഥപൂർവ്വമായ ഒരു സംവാദം സാദ്ധ്യമാവില്ല എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണു്.

ഇതിനൊക്കെയും ശേഷം ഇപ്പോഴും ഇത്തരം ചർച്ചകൾ നടത്തുന്നവരോടു് എനിക്കൊന്നേ പറയാനുള്ളു: ഒരബദ്ധം മനുഷ്യനു് പറ്റാം. പക്ഷേ ഒരേ അബദ്ധം തന്നെ ഒൻപതു് പ്രാവശ്യം പറ്റാനായി നമ്മൾ നിന്നുകൊടുക്കരുതു്. അങ്ങോട്ടു് പറയുന്നതു് ശ്രദ്ധയോടെ വായിക്കാനുള്ള താത്പര്യമോ, ഇങ്ങാട്ടു് പറയുന്ന കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു സംവാദം അർത്ഥശൂന്യമാണെന്നു് മനസ്സിലാക്കേണ്ടിവന്നതുകൊണ്ടു് കാലേകൂട്ടിത്തന്നെ അത്തരം സംവാദങ്ങളിൽ നിന്നു് ഞാൻ ഒഴിവാവുകയായിരുന്നു. അതുവഴി ഏറെ സമയം എനിക്കു് ലാഭിക്കാനുമായി. ഇന്നു് ഞാൻ ബ്ലോഗെഴുതുന്നതു് വഴിമദ്ധ്യേ ഞാൻ ശേഖരിച്ചതും ശേഖരിക്കേണ്ടിവന്നതുമായ അല്ലറ ചില്ലറക്കാര്യങ്ങൾ സമാനചിന്താഗതിക്കാരുമായി പങ്കുവയ്ക്കുന്നതിനു് മാത്രമാണു്. ഒന്നരയും രണ്ടും അതിൽ കൂടുതലും സഹസ്രാബ്ദങ്ങൾക്കു് മുൻപു് ജീവിക്കുന്നവരുമായി യാതൊരു വിധ തർക്കവും ഞാൻ ലക്ഷ്യമാക്കുന്നില്ല. അവർ പോകാൻ ആഗ്രഹിക്കുന്ന വഴികളെ ഞാൻ തടയുന്നുമില്ല. മേൽപ്പറഞ്ഞ പോസ്റ്റുകളിലൊക്കെ “ചർച്ച” എന്ന പേരിൽ അരങ്ങേറിയ ആഭാസങ്ങളിലൂടെ വ്യക്തികളെ തേജോവധം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടന്നു എന്നല്ലാതെ, യുക്തിപൂർവ്വമായ വാദമുഖങ്ങളിലൂടെ വസ്തുനിഷ്ഠമായി എന്തെങ്കിലുമൊരു കാര്യം അവതരിപ്പിക്കാൻ വിശ്വാസിപക്ഷത്തിനു് കഴിഞ്ഞില്ല എന്നതാണു് സത്യം. അവരൊഴികെ, ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത മറ്റു് വായനക്കാർക്കൊക്കെ അതു് മനസ്സിലാവുകയും ചെയ്തു.

ഇവരുടെ അസഭ്യങ്ങൾക്കു് അതേ നാണയത്തിൽ മറുപടി നൽകിയാൽ അതൊരു വലിയ ഇഷ്യൂ ആയി മാറും. കമന്റുകളിലൂടെ തെറി പറയാൻ ബ്ലോഗുടമ അനുവദിച്ചില്ലെങ്കിൽ തെറി പറയാനായി മാത്രം പുതിയ പോസ്റ്റുകൾ ഇട്ടു് തൃപ്തിയടയും. മലയാളം ബ്ലോഗുലോകം കേരളീയസമൂഹത്തിന്റെ ഒരു ചെറിയമാതൃകയല്ലാതെ മറ്റെന്തെങ്കിലും ആയിരിക്കണം എന്ന മോഹം അതിമോഹമല്ലേ ആവൂ? “വിമര്‍ശനവും തെറിയുമൊക്കെ നമ്മുടെ കുത്തകയാണു്” എന്നതാണു് കേരളത്തിലെ ഒരോ സാമൂഹികമേശവലിപ്പുകളുടെയും തത്വം. വിമര്‍ശിക്കുന്നവരെ ആശയപരമായി നേരിടാനുള്ള അറിവില്ലായ്മയും കഴിവുകേടും മൂലം, എതിര്‍ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തണമെന്നുവരെ അവരിൽ ചില എരിവേറിയ പണ്ഡിതർ പ്രഖ്യാപിച്ചുകളയും! എത്രയൊക്കെ ആയാലും, തിട്ടൂരം ഇറക്കുമ്പോഴേക്കും ചാടിപ്പുറപ്പെടുന്ന അവസ്ഥയിലേക്കു് ഭൂരിപക്ഷം മലയാളികളും ഇതുവരെ അധഃപതിച്ചിട്ടില്ല. എങ്കിലും ഒന്നു് ആഹ്വാനം ചെയ്തുനോക്കുന്നതുകൊണ്ടു് തെറ്റൊന്നുമില്ലല്ലോ! അവജ്ഞകൊണ്ടു് ആരും “ചർച്ചകളിലേക്കു്” ചെല്ലാതിരുന്നാൽ അതു് ഭയം കൊണ്ടാണെന്നോ, അല്ലെങ്കിൽ തോറ്റോടലാണെന്നോ ഒക്കെയാവും വ്യാഖ്യാനിക്കപ്പെടുക. കോടാനുകോടി മനുഷ്യർ ഇതിനോടകം ജീവിച്ചു് മരിച്ചതും, ഇപ്പോഴും ജീവിക്കുന്നതുമായ ഈ ലോകത്തിൽ, ഏതോ മരുഭൂമിയിൽ പോയി മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവയും, മുഹമ്മദിനു് പ്രത്യക്ഷപ്പെട്ട അല്ലാഹുവും അങ്ങനെ ചെയ്തതു് ഭയം കൊണ്ടോ, അതോ ആ ദൈവം/ദൈവങ്ങൾ നാണംകുണുങ്ങികൾ ആയതുകൊണ്ടോ? യഹോവയും അല്ലാഹുവും ഒന്നല്ല രണ്ടുപേരാണു് എന്നേതോ മതബ്ലോഗിൽ പണ്ടു് വായിച്ചതോർക്കുന്നു. അതുകൊണ്ടാണു് “ദൈവങ്ങൾ” എന്നുകൂടി ചേർത്തതു്. കഷ്ടമെന്നേ പറയാനുള്ളു, അന്ധവിശ്വാസികൾക്കു് (ഏതു് വിശ്വാസവും അന്ധവിശ്വാസമാണു്!) യുക്തിചിന്തയുടെ നേരെ എറിയാനുള്ള ആയുധങ്ങൾക്കെല്ലാം ബ്യൂമെറാങ്ങിന്റെ ആകൃതിയാണു്. അതുകൊണ്ടു് അവർ എയ്യുന്ന അമ്പുകളെല്ലാം കയ്യോടെ തിരിച്ചുവന്നു് അവരുടെ കണ്ണിൽത്തന്നെ കൊള്ളുന്നു!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും യുക്തിവാദികളാണത്രെ അസഹിഷ്ണുക്കൾ. യുക്തിവാദികളുടെ അസഹിഷ്ണുത മൂലമാണോ പാകിസ്ഥാനിൽ ഫെയ്സ്‌ ബുക്കും, യൂട്യൂബും, ട്വിറ്ററുമൊക്കെ നിരോധിച്ചതു് എന്നെനിക്കറിയില്ല. മതങ്ങൾ വിഭാവനം ചെയ്യുന്ന ദൈവരാജ്യമെന്നാൽ “തിരുവായ്ക്കെതിര്‍വായില്ല” എന്ന മാതിരി എതിർത്തൊരക്ഷരം ഉരിയാടാതെ മനുഷ്യർ “ഇരുത്തിയാൽ ഇരുത്തിയേടത്തിരിക്കുന്ന” സമത്വസുന്ദരശ്യാമളകോമളതയാണെന്നറിയാത്തവർക്കു് പാകിസ്ഥാന്റേതുപോലുള്ള രാഷ്ട്രീയ ഇടപെടലുകളും, നിരോധന നടപടികളും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. “ഞാൻ പറയുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടു്” – അതാണു് മതങ്ങളുടെ വ്യാഖ്യാനപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിർവചനം. ഭാരതത്തിലും പാകിസ്ഥാൻ മാതൃകയിൽ ഒരു മതാധിപത്യവ്യവസ്ഥിതി വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നെനിക്കു് തോന്നുന്നു. അങ്ങനെവന്നാൽ ഇവിടെയും ട്വിറ്ററും യൂട്യൂബുമൊക്കെ ഒരു കൊച്ചുവെളുപ്പാൻകാലത്തു് ഏകപക്ഷീയമായി നിരോധിക്കപ്പെടും. മനുഷ്യർ ഒരച്ചിലുണ്ടാക്കിയ പത്മാസനപാവകളായി മാറും. അപ്പോൾ ഭാരതത്തിലും എല്ലാവർക്കും ഒരേ മതവും ഒരേ ദൈവവും ഒരേ വിശ്വാസവും ഒരേ അഭിപ്രായവും ഒരേ വസ്ത്രധാരണവും ഒരേ വിയർപ്പുഗന്ധവും ആയിരിക്കുമെന്നതിനാൽ സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തികളോ അവരുടെ ബ്ലോഗുകളോ ഒന്നും ഉണ്ടാവുകയില്ല. തന്മൂലം, അവരുടെയൊക്കെ വാദഗതികളെ കുത്തിയിരുന്നു് “കണ്ടിക്കാനായി” മതബ്ലോഗുകൾ തുടങ്ങേണ്ട ആവശ്യവുമില്ല. അങ്ങനെ, മനുഷ്യർക്കു് സദാചാരവിരുദ്ധവും പൈശാചികസൃഷ്ടിയുമായ ആധുനികസാങ്കേതികത്വങ്ങൾ ഉപയോഗിക്കുന്നതിനുവേണ്ടി സമയം നഷ്ടപ്പെടുത്താതെ പ്രാർത്ഥനയിലും ധ്യാനത്തിലും തീർത്ഥാടനത്തിലും മുഴുകി ജീവിച്ചു് സായൂജ്യമടയാം, ചത്തു് സ്വർഗ്ഗം പൂകാം. നരകത്തിൽ ഒരൊറ്റ ഭാരതീയനെ മഷിയിട്ടു് നോക്കിയാൽ പോലും കാണാനുണ്ടാവില്ല. അതിൽ കൂടുതൽ എന്തോന്നു് ജീവിതസൗഭാഗ്യം?

നിങ്ങൾ കേട്ടില്ലേ? യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയുന്നവരും അതുകൊണ്ടുതന്നെ വിശ്വാസി-സ്റ്റാറ്റിസ്റ്റിക്സ്‌ പ്രകാരം മന്ദബുദ്ധികളായിരിക്കേണ്ടവരുമായ ഏതോ കുറേ ശാസ്ത്രജ്ഞർ മനുഷ്യനിർമ്മിതമായ DNA ഉപയോഗിച്ചു് ഒരു ജീവിക്കുന്ന സെൽ സൃഷ്ടിച്ചത്രെ! ഇതുകേട്ടാൽ ഒരു പക്കാ വിശ്വാസി എന്തുപറയുമെന്നുകരുതി? “ഹാ ഹാ ഹാ! ഇതാണോ ഇത്ര വലിയ ഒരു കാര്യം? പറ്റുമെങ്കിൽ ഒരു ഞാഞ്ഞൂലിനെ സൃഷ്ടിച്ചു് കാണിക്കൂ!” അതേസമയം, ദൈവത്തെ പ്രപഞ്ചസൃഷ്ടിയുടെ ഹോൾസെയിൽ വ്യാപാരി ആയി വാഴിച്ചു് ആ ദൈവത്തിന്റെ റീട്ടെയിൽ വ്യാപാരികളായി വിശ്വാസികളുടെ മുതുകത്തു് കയറിയിരുന്നു് വാഴുന്നവർ പണ്ടായിരുന്നെങ്കിൽ കയ്യോടെ സാമാന്യത്തിൽ ഭേദപ്പെട്ട ഒരു ചിതയൊരുക്കുവാൻ വിനീതവിധേയരായ അനുയായികൾക്കു് കൽപന കൊടുത്തേനെ. ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലാത്തതിനാൽ അവർക്കു് ചില നീക്കുപോക്കുകളും താക്കീതുകളുമായി ഒതുങ്ങിക്കൂടേണ്ടിവരുന്നു.

ഏതായാലും, കത്തോലിക്കാസഭയിൽ, ചുരുങ്ങിയപക്ഷം വത്തിക്കാനിലെ ചില തലകളിലെങ്കിലും ബോധോദയത്തിന്റെ ആദ്യകിരണങ്ങൾ പതിയാൻ തുടങ്ങുന്നു എന്നതു് ആശ്വാസദായകമാണു്. ഒരു അൻപതു് കൊല്ലങ്ങൾ കഴിയുമ്പോഴേക്കും അവർ ഇന്നത്തെ മനുഷ്യരുടെ ബൗദ്ധികനിലവാരത്തിൽ എത്തിക്കൂടായ്കയില്ല. അതേസമയം, ഇന്നത്തെ ഇസ്ലാം, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, കത്തോലിക്കാസഭയെ അപേക്ഷിച്ചു്, ചുരുങ്ങിയതു് ഒരു ഇരുന്നൂറു് വർഷങ്ങൾക്കെങ്കിലും പുറകിലാണെന്നതിനാലും, ഇസ്ലാമിനെ അതിലും പുറകിലേക്കു് ഓടിക്കാനുള്ള ശ്രമങ്ങൾ അവരുടെ പക്ഷത്തുനിന്നുതന്നെ തകൃതിയായി നടക്കുന്നുണ്ടെന്നതിനാലും, അവിടെ ബോധവത്കരണത്തിന്റെ പ്രകാശരശ്മികൾ കാണാൻ വരാനിരിക്കുന്ന ഏറെ തലമുറകൾക്കു് ഭാഗ്യമുണ്ടാവണമെന്നില്ല. അതുകൊണ്ടു്, ഏതാനും വർഷങ്ങൾക്കോ ദശകങ്ങൾക്കോ ശേഷം ഒരു മനുഷ്യജീവിയെത്തന്നെ സൃഷ്ടിക്കുന്നതിൽ ശാസ്ത്രം വിജയിച്ചു എന്നു് കരുതൂ. അപ്പോൾ മതബ്ലോഗുകളിൽ വായിക്കാം: “പറ്റുമെങ്കിൽ ഞങ്ങടെ സർവ്വശക്തനായ ദൈവം പടച്ചതുപോലെ പശമണ്ണു് കുഴച്ചു് മനുഷ്യനെ സൃഷ്ടിച്ചുകാണിക്കൂ!” അതാണു് വിശ്വാസി! പൂച്ചയെ മുകളിലേക്കു് എറിഞ്ഞാൽ നാലുകാലിൽ കുത്തിയേ താഴെയെത്തൂ എന്നതിനാൽ എറിഞ്ഞവനെ കണ്ണിറുക്കിനോക്കി ചൂളമടിക്കാനുള്ള അർഹത പൂച്ചക്കുണ്ടു്. അതേസമയം വിശ്വാസി അവന്റെ നിലപാടുകളുമായി മുതുകുകുത്തി വീണു് നടുവൊടിഞ്ഞു് കിടന്നകിടപ്പിൽ കിടക്കുകയാണെങ്കിലും താൻ വീണതു് നാലുകാലിലായിരുന്നു എന്നാവും അവകാശപ്പെടുക. അതാണു് സാക്ഷാൽ വിശ്വാസി!

ഈ ലോകത്തിൽ കോടിക്കണക്കിനാളുകൾ പുകവലിക്കുന്നവരാണു്. പുകവലി ലംഗ്‌ ക്യാൻസർ ഉണ്ടാവാൻ കാരണമാവാമെന്നും, അതൊരു മാരകമായ രോഗമാണെന്നും പുകവലിക്കുന്നവർ അടക്കം മിക്കവാറും എല്ലാ മനുഷ്യർക്കുമറിയാം. പോരെങ്കിൽ പല രാജ്യങ്ങളിലും സിഗററ്റ്‌ പാക്കറ്റുകളിൽ പുകവലി മാരകമാണെന്നും, കുഞ്ഞുങ്ങൾ സിഗററ്റിന്റെ പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നുമൊക്കെ വലിയ അക്ഷരങ്ങളിൽത്തന്നെ എഴുതി വച്ചിട്ടുമുണ്ടു്. പുകവലിക്കുന്നവർ ഓരോ സിഗററ്റ്‌ പുറത്തെടുക്കുമ്പോഴും ഈ താക്കീതുകൾ കാണുന്നുമുണ്ടു്. എങ്കിലും അവർ തുടർന്നും പുകവലിക്കുന്നു! കോടിക്കണക്കിനാളുകൾ പുകവലി നിർത്താതെ ഇപ്പോഴും തുടരുന്നു എന്നതു് പുകവലിയുടെ ന്യായീകരണമാണു് എന്നൊരുവൻ വാദിക്കുന്നതുപോലെയാണു് കോടിക്കണക്കിനു് മനുഷ്യർ ദൈവവിശ്വാസികളായിരിക്കുന്നതു് ദൈവവിശ്വാസത്തിന്റെ നീതീകരണമായും അതുവഴി ദൈവാസ്തിത്വത്തിന്റെ തെളിവായും ഒരുവൻ വാദിക്കുന്നതു്. പുകവലിയും മദ്യപാനവും ചൂതുകളികളുമെല്ലാം അഡിക്ഷനാണു്. ഒരു പരിധി ലംഘിച്ചാൽ ചികിത്സകൊണ്ടു് മാത്രം മാറ്റാൻ കഴിയുന്ന രോഗങ്ങളാണു് അവയെല്ലാം. അത്തരം ചികിത്സയുടെ വിജയസാദ്ധ്യതയിൽ ആ വ്യക്തിയുടെ ആത്മനിയന്ത്രണശേഷി നല്ലൊരു പങ്കു് വഹിക്കുന്നുമുണ്ടു്. ദൈവവിശ്വാസവും ഒരു അഡിക്ഷൻ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഒരു പരിധി ലംഘിച്ചാൽ ഭ്രാന്തായി മാറുന്ന അഡിക്ഷൻ. നിരപരാധികളെയും, സ്വന്തം മക്കളേയും അടുത്ത കുടുംബാംഗങ്ങളേയും പോലും നിർദ്ദയം കൊല്ലാൻ മടിയില്ലാതാക്കുന്ന മാനസികാവസ്ഥയിലേക്കു് മനുഷ്യനെ എത്തിച്ചേക്കാവുന്ന ദൈവ/മതവിശ്വാസഭ്രാന്തു്. ക്രിമിനോളജിയിൽ അതിനുള്ള ഉദാഹരണങ്ങൾ ധാരാളം. അതുപോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ദൈവകൽപന തങ്ങൾക്കു് ലഭിച്ചതു് സ്വപ്നത്തിലൂടെയോ വെളിപാടിലൂടെയോ ഒക്കെയാണെന്നാണു് ചോദ്യം ചെയ്യുമ്പോൾ അത്തരം കുറ്റവാളികളും നൽകുന്ന മറുപടി. ദൈവം മരുഭൂമികളിൽ മാത്രമല്ല വെളിപെടാറുള്ളതു് എന്നു് സാരം.

സാധാരണഗതിയിൽ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും വിശ്വസിക്കാനോ ചെയ്യാനോ തയ്യാറാവാത്ത ഒരു കാര്യം, അതു് ദൈവം കൽപിച്ചതാണെന്നു് വരുത്താനായാൽ, അതു് നിരുപാധികം വിശ്വസിക്കാനും അക്ഷരം പ്രതി അനുസരിക്കാനും, അതു് അഭിമാനകരമായ ഒരു കാര്യമായാലെന്നപോലെ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കാനും ചിന്താശേഷിയില്ലാത്ത മനുഷ്യർ മടിക്കാറില്ല. ചേലാകർമ്മം എന്ന ദൈവകൽപന ഉദാഹരണമായി എടുക്കാം. അതൊരു ദൈവകൽപന ആണെന്നു് തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടാതിരുന്നെങ്കിലോ, അല്ലെങ്കിൽ, അതു് ഇഷ്ടമുള്ളവർക്കു്, വേണമെങ്കിൽ മാത്രം, ചെയ്യാവുന്ന ഒരു ഓപ്ഷൻ ആയിരുന്നെങ്കിലോ അതുപോലൊരു ഏർപ്പാടു് ചെയ്യാൻ തയ്യാറാവുന്നവരുടെ എണ്ണം കൽപന ലഭിച്ചു് അധികം താമസിയാതെതന്നെ പൂജ്യമായിത്തീർന്നേനെ. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതുപോലൊരു കർമ്മം ആചരിക്കാത്തവരാണു് എന്നുകൂടി ഇതിനോടു് ചേർത്തു് വായിക്കുക. ദൈവനാമത്തിൽ ആചരിക്കപ്പെട്ടാൽ ഏതു് ഭ്രാന്തും നോര്‍മൽ ആയി കണക്കാക്കാൻ മനുഷ്യർക്കുള്ള മടിയില്ലായ്മക്കു് മറ്റൊരുദാഹരണം കൂടി (പണ്ടൊരിക്കൽ എവിടെയോ എഴുതിയതാണെങ്കിലും): “സഖാവേ, നീ എന്റെ സുഹൃത്താകുന്നു” എന്നൊരു നല്ല മനുഷ്യൻ നമ്മോടു് പറഞ്ഞാൽ നമ്മൾ അതിൽ സന്തോഷിക്കും. നമ്മുടെ സന്തോഷവും നന്ദിയും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം, ആ മനുഷ്യൻ അതേ വാചകം ഇരുന്ന ഇരുപ്പിൽ ഇരുപത്തഞ്ചു് പ്രാവശ്യം നമ്മുടെ ചെവിയിൽ ഉരുവിടാൻ തുടങ്ങിയാൽ അയാളെ നമ്മൾ സ്നേഹപൂർവ്വം അടുത്ത മാനസികരോഗാശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കും. കാരണം, അയാളുടെ ആ പ്രവൃത്തി സ്വാഭാവികമായും നമ്മുടെ ദൃഷ്ടിയിൽ ഒരു അബ്നോര്‍മാലിറ്റിയാണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാർത്ഥനാശകലങ്ങൾ കൊന്തയുടെയോ രുദ്രാക്ഷമാലയുടെയോ പിൻതുണയോടെ റെയിൽവേ സ്റ്റേഷനിലോ ബസ്‌ സ്റ്റോപ്പിലോ ഒക്കെ ഇരുന്നു് ഇടവിടാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭക്തൻ ഒരു അസാധാരണത്വവും നമ്മിൽ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാൻ ശ്രമിച്ചാൽ, ദൈവം ഒന്നുകിൽ ചെവിയില്ലാത്തവനോ, അല്ലെങ്കിൽ കേൾക്കുന്നതു് മനസ്സിലാക്കാൻ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാൽ അതിൽ അത്ഭുതമുണ്ടോ? സ്വന്തം പ്രവൃത്തികളെപ്പറ്റി ചിന്തിക്കാൻ കഴിയുമായിരുന്നെങ്കിൽ തന്റെ ദൈവത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുവാൻ ആ മനുഷ്യൻ തയ്യാറാവുമായിരുന്നോ? പറയുന്നതു് നൂറുവട്ടം ആവർത്തിച്ചാലും മനസ്സിലാവാത്ത മനുഷ്യർ നമ്മുടെ അഭിപ്രായത്തിൽ വിഡ്ഢികളാണു്. ദിവസത്തിൽ എത്രയോവട്ടം ദൈവത്തോടു് ആവർത്തിക്കപ്പെടുന്ന പ്രാർത്ഥനാജപങ്ങൾ വഴി ഭക്തന്മാർ ചെയ്യുന്നതു് അവരുടെ ദൈവത്തെ വിഡ്ഢിയാക്കലല്ലാതെ മറ്റെന്താണു്?

വെറുമൊരു നേരിയ അംശം മാത്രം ഇതുവരെയായിട്ടും നമുക്കു് മനസ്സിലാക്കാൻ കഴിഞ്ഞ – അതും ശാസ്ത്രത്തിന്റെ സഹായം ഒന്നുകൊണ്ടുമാത്രം! – ആകമാനപ്രപഞ്ചത്തിന്റെ ആദ്യകാരണമാണു് ദൈവം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, ആ ദൈവമെവിടെ, ആ ദൈവം ശിക്ഷിക്കുമെന്നും, രക്ഷിക്കുമെന്നും, ആ ദൈവത്തെ തൃപ്തിപ്പെടുത്തണമെന്നും, ആ ദൈവത്തിനു് നേർച്ചകാഴ്ചകൾ അർപ്പിക്കണമെന്നും ഒക്കെ അനുശാസിക്കുന്ന മതങ്ങളെവിടെ, ആ മതങ്ങളിലെ ദൈവമെവിടെ? ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! പ്രപഞ്ചത്തിനു് ഒരു ആദ്യകാരണം വേണമെന്നു് മനുഷ്യർക്കാണു് നിർബന്ധം. അങ്ങനെയൊരു നിർബന്ധം തനിക്കുണ്ടെന്നു് പ്രപഞ്ചം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനി അഥവാ വേണമെങ്കിൽത്തന്നെ, അതു് കല്യാണക്കുറിയുമായി നടക്കുന്ന ഒരു പോസ്റ്റ്‌മാനോ, പശമണ്ണു് കുഴക്കുന്ന ഒരു കുശവനോ, മനുഷ്യർക്കു് തോലുകൊണ്ടു് വസ്ത്രമുണ്ടാക്കുന്ന ഒരു തയ്യൽക്കാരനോ ഒന്നും ആയിരിക്കുകയില്ല എന്നു് യാതൊരു സംശയവും ഇല്ലാതെ പറയാം. അതുപോലൊരുവനാണു് ദൈവമെങ്കിൽ, ആ ദൈവത്തെ ഈ ഭൂമിയിൽ നിന്നും ആട്ടിയോടിക്കേണ്ട സമയം അതിക്രമിച്ചു എന്നേ പറയാനുള്ളു. പ്രപഞ്ചം എന്നാൽ കോത്താഴം ആണെന്നും, അവിടത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമനാണു് ദൈവമെന്നും സങ്കൽപ്പിച്ചാൽ പ്രശ്നമൊന്നുമില്ല. പ്രസിഡന്റ്‌ രാമൻ തന്റെ “പ്രപഞ്ചത്തിലെ” ഒന്നോ രണ്ടോ കല്യാണത്തിന്റെ ദല്ലാൾ പണിയേറ്റെടുക്കുന്നതിലും, സദ്യവട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്നതിലും അസാധാരണമായി ഒന്നുമില്ല. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, ഒരു കോത്താഴമല്ല പ്രപഞ്ചം. അതുകൊണ്ടുതന്നെ, കോത്താഴത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമൻ ഒരിക്കലും പ്രപഞ്ചം എന്ന അപാരതയുടെ ആദ്യകാരണമാവുകയുമില്ല.

സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം? ലോട്ടറിയിൽ പങ്കെടുക്കുന്ന മറ്റു് പതിനായിരങ്ങളുടെ പണമാണു് പങ്കെടുക്കുന്ന ഓരോരുത്തനും തന്റെ പോക്കറ്റിലേക്കു് ഒഴുകണം എന്നാഗ്രഹിക്കുന്നതു്. അവരെല്ലാവരും അതുതന്നെ ആഗ്രഹിക്കുന്നവരാണെന്നതിനാൽ അതിൽ പരാതിപ്പെടേണ്ട കാര്യവുമില്ല. പക്ഷേ, ദൈവം ലോട്ടറി നടത്തുന്നവനാവുമോ? “പലതുള്ളി പെരുവെള്ളം” – അതാണു് മതങ്ങൾ വാരിക്കൂട്ടുന്ന ധനത്തിന്റെയും രഹസ്യം. വേണ്ടത്ര ശേഖരിച്ചുകഴിഞ്ഞാൽ സ്വയം പ്രവർത്തിച്ചു് പെരുകാൻ കഴിവുള്ള ഒരു പ്രതിഭാസമാണു് ധനം. ദൈവമല്ല, ദൈവത്തെ സ്വന്തം കോട്ടകൊത്തളങ്ങളിൽ ഒതുക്കാൻ ശ്രമിക്കുന്ന മതങ്ങളാണു് ഏതൊരു സമൂഹത്തിന്റെയും ശാപം. ഞങ്ങളുടേതാണു് മറ്റു് മതങ്ങളെക്കാൾ ഭേദമെന്നു് സ്ഥാപിക്കണമെങ്കിൽ ഞങ്ങളുടെ ദൈവമാണു് ഏകസത്യദൈവമെന്നു് സ്ഥാപിക്കപ്പെടണം. അതിനുവേണ്ടി ആരോ എന്നോ അക്കാലത്തെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ എഴുതിയുണ്ടാക്കിയ അക്ഷരങ്ങളെ അവർ തിരിച്ചും മറിച്ചും തലകുത്തിനിന്നും വ്യാഖ്യാനിക്കുന്നു. അവർക്കു് വേണ്ടതു് കിട്ടുന്നതുവരെ ഈ അരിയ്ക്കലും പാറ്റലും കൊഴിയ്ക്കലും തുടർന്നുകൊണ്ടിരിക്കും. അവസാനം അതെഴുതിയുണ്ടാക്കിയവൻ സ്വപ്നത്തിൽ പോലും സങ്കൽപിച്ചിരിക്കാൻ സാദ്ധ്യതയില്ലാത്ത ചില മസ്തിഷ്ക്കഭൂതങ്ങൾ അതിൽനിന്നും ഉരുത്തിരിയുന്നു. ഒരു മതത്തിനു് അതിന്റെ ഘടനകൊണ്ടുതന്നെ സഹിഷ്ണുതയുള്ളതായിരിക്കാനാവില്ല. മതവും രാഷ്ട്രവും തമ്മിൽ നിർബന്ധമായും വേർപെടുത്തപ്പെടേണ്ടതിന്റെ ആവശ്യവും അതുകൊണ്ടുതന്നെ.

വ്യാഖ്യാനങ്ങൾ ജനിക്കുന്നതിന്റെ ബാലപാഠം

“മാ നിഷാദ” എന്നാൽ “അരുതേ കാട്ടാളാ” എന്നു് സാമാന്യമായ അർത്ഥം. പക്ഷെ, ഉരലിൽ ഇട്ടു് അതിനെ ഒന്നു് കുത്തിപ്പൊടിച്ചാൽ “അമ്മേ കാട്ടാള” എന്നാക്കി മാറ്റാം. പൊടിച്ചശേഷം വ്യാഖ്യാതാവു് ഇതു് പറയുമ്പോൾ സദസ്യരായ കേൾവിക്കാർക്കു് കാണാനാവുന്നവിധത്തിൽ യാതൊരു കാരണവശാലും മുഖത്തെ മാംസപേശികൾ ചലിപ്പിക്കുകയോ, മുഖത്തെ “ഗൗരവഭാവം” കൈവെടിയുകയോ ചെയ്യരുതെന്ന ഒരു നിബന്ധനയേ ഉള്ളു. മതവിശ്വാസപരം, പ്രത്യയശാസ്ത്രപരം, ബുദ്ധിജീവിപരം, ജ്യോതിഷപരം, “മുതലായപരം” കാര്യങ്ങളിൽ തമാശ, സാറ്റയർ തുടങ്ങിയ പുള്ളകളികൾക്കു് യാതൊരു സ്ഥാനവുമില്ലെന്നറിയുക. (സറ്റീറിക്കൽ ഷോകളിലെപ്പോലെ, ചാൻസലറിനേയും മന്ത്രിമാരെയും സാംസ്കാരികനായകന്മാരേയും മാർപ്പാപ്പയേയും ദൈവത്തെയുമൊക്കെ സ്റ്റേജിൽ നൂറുകണക്കിനു് പ്രേക്ഷകരുടെ മുന്നിൽ നർമ്മരസം കലർത്തി തൊലിയുരിച്ചു് വിമര്‍ശിക്കാനും അവയുടെയൊക്കെ തത്സമയപ്രക്ഷേപണം രാജ്യം മുഴുവൻ ടെലിവിഷനിലും റേഡിയോയിലുമൊക്കെ അവതരിപ്പിക്കാനും ഇതു് പശ്ചിമയൂറോപ്പല്ല, ഭാരതമാണെന്നു് മറക്കാതിരിക്കുക. ഭാരതത്തിൽ “ജീവിക്കുന്ന” ആത്മാരാധനാജനുസ്സുകൾക്കു് ഈശ്വരനിലും ആത്മാവിലും മോക്ഷത്തിലും രാഷ്ട്രീയത്തിലും കുറഞ്ഞ ഒരു വിഷയത്തിലും താത്പര്യമില്ല, വെളിവുമില്ല. അഹം ആണല്ലോ അനാദികാലം മുതൽ ഭാരതത്തിൽ ഭാവവും ബ്രഹ്മവും! അതിലും താഴ്‌ന്ന വിഷയങ്ങൾ അവിടെ ആർക്കും വേണ്ടാത്തതിനാൽ അവ പൊതുവേ “ദളിതവിഷയങ്ങൾ” എന്നു് മുദ്രകുത്തപ്പെടുന്നു. ഭാരതത്തിൽ ജാതികളും മതങ്ങളുമേ ഉള്ളു, മനുഷ്യരില്ല എന്നതാണു് ഇൻഡോളജിയിൽ നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം തന്നെ! സാറ്റയറും ഏൽക്കാതായ ഒരു സമൂഹത്തെ രക്ഷപെടുത്താനാവില്ല എന്നു് വെളിവുള്ള ആരോ പറഞ്ഞിട്ടുണ്ടു്.)

വ്യാഖ്യാനം പോലുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും അങ്ങേയറ്റത്തെ ബൗദ്ധികതീവ്രത ആവശ്യപ്പെടുന്ന ഇടപാടുകളാണെന്നതിനാൽ, കുഞ്ഞിന്റെ കൈ ആദ്യം പുറത്തുവന്ന ഒരു കേസിൽ പ്രസവം എടുക്കേണ്ടിവരുന്ന വയറ്റാട്ടിയുടെ മുഖത്തെന്നപോലെ പസിഫിക്‌ സമുദ്രത്തിന്റെ ആഴവും പരപ്പുമുള്ള ഗൗരവമാണു് സദസ്യർ വ്യാഖ്യാതാവിൽ നിന്നും പ്രതീക്ഷിക്കുന്നതു്. കേരളക്കരയിലെ ആപ്പീസറന്മാരെപ്പോലെ ഇത്തിരി ഗൗരവത്തിലായാൽ ഒരുമാതിരിക്കാർ ചോദ്യം ചോദിച്ചു് ശല്യം ചെയ്യാൻ ധൈര്യപ്പെടുകയില്ല എന്നൊരു ഗുണവുമുണ്ടു്. ആപ്പീസറായ നമ്മൾ വിവരത്തിൽ പണ്ടേതന്നെ ഇത്തിരി പുറകിലാണെന്നു് നാട്ടുകാരെ അറിയിക്കാതിരിക്കാനും ഈ ഗൗരവഭാവം ഒരു നല്ല സഹായമാണു്. പക്ഷേ, “നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന ഏതെങ്കിലും മൂളിക്കുരങ്ങു്” സദസ്സിൽ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അവൻ, “objection your honour, ‘അമ്മേ കാട്ടാള’ എന്നതിൽ വ്യാകരണപരമായ ലിംഗപ്പൊരുത്തമില്ലായ്മ നിൽക്കുന്നു” എന്നോ മറ്റോ വിളിച്ചുപറഞ്ഞുകൂടെന്നില്ല. അവിടെയാണു് വ്യാഖ്യാതാവു് ശാസ്ത്രജ്ഞാനിയായി പരിണമിക്കേണ്ടതു്. അടുത്ത പ്രസന്റേഷനു് മുൻപായി ജ്ഞാനിയായ ‘വ്യാഖ്യാനി’ തന്ത്രപൂർവ്വം ഒരു ടൈപ്പോ തിരുകുന്നു. a-യുടെ സ്ഥാനത്തു് i പ്രത്യക്ഷപ്പെടുന്നു! ‘മാ നിഷാദ/അമ്മേ കാട്ടാള’ എന്നതിനു് ‘മാ നിഷാദി/അമ്മേ കാട്ടാളി’ എന്നു് ഡാർവിനെ നാണിപ്പിച്ചുകൊണ്ടു് പരിണാമം സംഭവിക്കുന്നു. അങ്ങനെ, ആരോപിക്കപ്പെട്ട ലിംഗപ്പൊരുത്തമില്ലായ്മയുടെ സ്പീഷീസിനു് വംശനാശം സംഭവിച്ചു് ലിംഗങ്ങൾ തമ്മിൽ പൊരുത്തക്കേടൊന്നുമില്ലാത്ത ഒരു പുതിയ സ്പീഷീസ്‌ ജന്മമെടുക്കുന്നു! വിശുദ്ധവചനത്തിന്റെ അച്ചട്ടായ വ്യാഖ്യാനത്തിൽ സദസ്യർ ഹാപ്പി, വ്യാഖ്യാനി അതിലും കൂടുതൽ ഹാപ്പി! ആടിനെ പട്ടിയാക്കാനും ആളിനെ ചെട്ടിയാക്കാനും ഗ്രന്ഥവ്യാഖ്യാനം എന്ന ഈ ഗർഭം കലക്കിതന്നെ ഒറ്റമൂലി!

 
10 Comments

Posted by on May 24, 2010 in പലവക

 

Tags: , ,

3009-ലും ലോകമോ?

മാനുവൽ ജോർജ്ജ്‌ മലയാള മനോരമയിൽ എഴുതിയ “3009-ലെ ലോകം” എന്ന ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണിതു്. ഒരു സുഹൃത്തു് വഴിയാണു് ഞാൻ ആ ലേഖനത്തിൽ എത്തിച്ചേർന്നതു്.

ദൈവവിശ്വാസം സർവ്വരോഗസംഹാരിയാണെന്ന വിശ്വാസത്തിൽ നിന്നും ആരംഭിച്ചു് ശാസ്ത്രത്തിലെ ചില പദപ്രയോഗങ്ങളുടെ അവിടെയും ഇവിടെയും ഒക്കെ ഒന്നു് തൊട്ടുനോക്കിയശേഷം ചുറ്റിത്തിരിഞ്ഞു് വീണ്ടും അതേ ദൈവവിശ്വാസത്തിൽത്തന്നെ തിരിച്ചെത്തുന്ന ദൈവത്തിന്റെ കാവൽപ്പടയാളികളുടെ പതിവു് ധ്യാനമസാലയ്ക്കു് മറ്റൊരു ഉദാഹരണമാണു് ആ ലേഖനം. അതിൽ സൂചിപ്പിച്ചിരിക്കുന്ന ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവശ്യമായ മിനിമം അറിവോ പഠനമോ ഉള്ളവനല്ല ലേഖകൻ എന്നു് ശാസ്ത്രവുമായി സാമാന്യബന്ധമെങ്കിലുമുള്ള ആർക്കും ഒറ്റവായനയിൽ മനസ്സിലാക്കാവുന്നതേയുള്ളു. ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതുമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണു്. പക്ഷേ, തന്റെ നിലപാടുകൾ ശരിയാണെന്നു് സ്ഥാപിക്കാൻ തനിക്കു് വേണ്ടത്ര അറിവില്ലാത്ത കാര്യങ്ങളെ കരുവാക്കുന്നവർ ആരുതന്നെയായാലും അവർ ചെയ്യുന്നതു് മനുഷ്യരെ വഴിതെറ്റിക്കലാണു്. അതിനു് ഒരു പ്രമുഖമാധ്യമം കൂട്ടുനിൽക്കുകകൂടി ചെയ്യുമ്പോൾ, അതു് പണ്ടേ മുതൽതന്നെ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു ജനവിഭാഗത്തിനോടു് ചെയ്യുന്ന അക്ഷന്തവ്യവും സംഘടിതവുമായ ഒരു സാമൂഹികക്രിമിനൽ കുറ്റമാണെന്നു് പറയാതെ വയ്യ. ബൈബിളിലും ഖുർആനിലുമൊക്കെ ദൈവം വർണ്ണിക്കപ്പെടുന്നതു് ‘വ്യക്തി’ എന്ന രീതിയിലാണെന്നതു് അവ വായിച്ചിട്ടുള്ളവർ മനസ്സിലാക്കിയിട്ടുണ്ടാവണം. സർവ്വാധികാരിയായ ഒരു വ്യക്തിയെപ്പോലെ ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന, ശിക്ഷിക്കുന്ന, രക്ഷിക്കുന്ന ഒരു ദൈവം! അതുപോലൊരു ദൈവത്തിനു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല. വ്യക്തീകരിക്കപ്പെടുന്ന ഒരു ദൈവസങ്കൽപത്തെ പരിഹാസ്യമാക്കുന്നതാണു് പ്രപഞ്ചത്തെ സംബന്ധിച്ചു് മനുഷ്യൻ ഇതിനോടകം കൈവരിച്ച അറിവുകൾ. ശാസ്ത്രബോധമുള്ള ആർക്കും യാതൊരു സംശയത്തിനും ഇടനൽകാൻ പാടില്ലാത്ത ഒരു യാഥാർത്ഥ്യമാണതു്. ഒരു ‘വ്യക്തിദൈവത്തെ’ മാനദണ്ഡമാക്കിക്കൊണ്ടു് ആധുനികശാസ്ത്രത്തെ പരിശോധിക്കാമെന്നു് കരുതുന്നവർ ഒന്നുകിൽ വിഡ്ഢികൾ, അല്ലെങ്കിൽ കപടന്മാർ എന്നേ പറയാനുള്ളു.

ലേഖകന്റെയോ മറ്റു് വിശ്വാസികളുടെയോ മനസ്സു് മാറ്റാം എന്നുള്ള വ്യാമോഹമൊന്നുമല്ല ഈ കുറിപ്പിനു് ആധാരം. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചില തെറ്റിദ്ധാരണകൾക്കു് ഇടം നൽകുന്നുണ്ടെന്നതിനാൽ ഒരു വിശദീകരണം ആവശ്യമാണെന്ന തോന്നലാണു് ഇതിനടിസ്ഥാനം. ദൈവത്തിനു് ഒരു ‘താങ്ങു്’ കൊടുക്കാനായി വേണ്ടത്ര ശാസ്ത്രജ്ഞാനമില്ലാത്ത, അർദ്ധജ്ഞാനികളായ മതപണ്ഡിതർ ശാസ്ത്രത്തിലെ ചില വാക്കുകൾ – അതും പുകമറയിലൂടെ – അജ്ഞാനികളായ അവരുടെ കേൾവിക്കാർക്കു് മുന്നിൽ പ്രദർശിപ്പിക്കാറുണ്ടു്. മൂക്കില്ലാത്തിടത്തു് മുറിമൂക്കനായിരുന്നല്ലോ എന്നും രാജാവു്! മുറിവൈദ്യൻ ആളെക്കൊല്ലുമെന്നതുപോലെ, ഇത്തരം മതപണ്ഡിതരുടെ സുവിശേഷപ്രസംഗം വഴി മനുഷ്യർ വിഡ്ഢികളാക്കപ്പെടാതിരിക്കാൻ പ്രതികരണമല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ല. സ്ഥാപിതതാത്പര്യങ്ങളുടെ പേരിൽ മുറിവൈദ്യന്മാർക്കു് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമമുതലാളികൾ ജനങ്ങൾ വസ്തുതകൾ അറിയണം എന്നു് ആഗ്രഹിക്കുകയില്ല എന്നതു് മറ്റൊരു കാര്യം. ആ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു് മറുപടി പറഞ്ഞശേഷം ‘യേശുവിന്റെ അപ്പൻ’ എന്നു് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ദൈവത്തെപ്പറ്റി ചില ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചോദ്യം ചോദിക്കൽ മതപണ്ഡിതരുടെ തറവാട്ടു് സ്വത്തൊന്നുമല്ലല്ലോ. ബൈബിൾ വരച്ചുകാണിക്കുന്ന ദൈവത്തിന്റെ വിശേഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള ആ ചോദ്യങ്ങൾ കഴിയുമെങ്കിൽ ആദ്യം ശ്രദ്ധിച്ചു് കേൾക്കുക. അതിനുശേഷം, മാനുവൽ ജോർജ്ജ്‌ അടക്കമുള്ള ഇന്നത്തെ മനുഷ്യരാശിക്കു് ആധുനികശാസ്ത്രം മനസ്സിലാക്കിക്കൊടുത്ത പ്രപഞ്ചം എന്ന അപാരപ്രതിഭാസത്തിന്റെ സ്രഷ്ടാവും നിയന്ത്രകനും ആയിരിക്കാനുള്ള എന്തു് യോഗ്യതയാണു് ബൈബിളിലെ ദൈവത്തിനുള്ളതെന്നു് എനിക്കൊന്നു് പറഞ്ഞു് മനസ്സിലാക്കിത്തരിക.

ആ ലേഖനത്തിന്റെ ലക്ഷ്യം ലേഖകന്റെ സ്വന്തം വാക്കുകളിൽ: “ശാസ്ത്രത്തിന്റെ വളർച്ച ദൈവം എന്ന സങ്കൽപത്തിനു് എതിരാണു് എന്നു് വാദിക്കുന്നവർക്കു് ഒരു തിരിച്ചറിവു് ഉണ്ടാക്കുക എന്നതു് മാത്രമാണു്”. അതിനായി ‘സങ്കൽപവിദഗ്ദ്ധനായ’ അദ്ദേഹം ശാസ്ത്രം കൈവരിച്ചേക്കാവുന്ന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം വർഷങ്ങൾക്കു് ശേഷമുള്ള ലോകത്തിന്റെ ഒരു സിനാറിയൊ സങ്കൽപിക്കുന്നു! പ്രപഞ്ചാരംഭത്തിനും പണ്ടുപണ്ടേ നിലനിൽക്കുന്ന, ഉണ്ടെന്നും ഇല്ലെന്നും തെളിയിക്കാനാവാത്ത ഒരു ദൈവത്തെ ഏതു് ഉപ്പായിമാപ്ലക്കും സങ്കൽപിക്കാമെങ്കിൽ 3009-ലെ ലോകത്തെ സങ്കൽപിക്കാനാണോ ബുദ്ധിമുട്ടു്? ആ സങ്കൽപം എത്രത്തോളം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടും എന്നതു് മറ്റൊരു കാര്യം. പക്ഷേ, ഒരു ക്രിസ്ത്യാനി ആയിരം വർഷങ്ങൾക്കു് ശേഷമുള്ള ലോകത്തെപ്പറ്റിയൊക്കെ സംസാരിക്കുമ്പോൾ ബൈബിളിൽ നിന്നും അവനുനേരെ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നതു് കാണാൻ അവൻ ബാദ്ധ്യസ്ഥനാണു്. ബൈബിൾ വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമുള്ള ആർക്കും ഈ ‘3009-സങ്കൽപം’ ദഹിക്കുമെന്നു് തോന്നുന്നില്ല. 3009-ലും ലോകം ഉണ്ടായിരിക്കും എന്നതിനർത്ഥം യേശുനാഥന്റെ രണ്ടാം വരവിനായി മനുഷ്യർ ഇനിയും മിനിമം ആയിരം വർഷങ്ങൾ കൂടി കാത്തിരിക്കണമെന്നല്ലേ? അപ്പോൾ യേശു നൽകിയിട്ടു് പോയ ‘ഈ തലമുറ ഒഴിഞ്ഞുപോകുന്നതിനു് മുൻപേതന്നെ’ സംഭവിക്കേണ്ട രണ്ടാം വരവിന്റെ അടയാളങ്ങളും വാഗ്ദാനങ്ങളുമോ? രണ്ടായിരം വർഷങ്ങളായി ‘ഈശോമശിഹാക്കു് സ്തുതി’ ചൊല്ലി കാത്തിരുന്നു് മരിച്ചുമണ്ണടിഞ്ഞ കോടിക്കണക്കിനു് മനുഷ്യരും, ഇന്നും ദൈവപുത്രന്റെ രണ്ടാം വരവിനായി കാത്തിരുപ്പു് തുടരുന്നവരും ആ വാഗ്ദാനത്തിന്റെ പൊള്ളത്തരം തെളിയിക്കുന്നുണ്ടു്. ആയിരം വർഷങ്ങൾക്കു് ശേഷമുള്ള ലോകത്തെപ്പറ്റിയൊക്കെ മാനുവൽ ജോർജ്ജ്‌ സങ്കൽപങ്ങൾ നടത്തുമ്പോൾ യേശുവിന്റെ തലമുറയിൽ തന്നെ സംഭവിക്കുമെന്നു് വാഗ്ദാനം ചെയ്യപ്പെട്ട രണ്ടാം വരവു് അസംബന്ധമാണെന്നു് പരോക്ഷമായി അംഗീകരിക്കുകയല്ലാതെ മറ്റെന്താണു് ആ മാന്യദേഹം ചെയ്യുന്നതു്?

വായിച്ചിട്ടില്ലാത്തവർക്കായി ഇതാ യേശു നൽകിയിട്ടുപോയ ആ സത്യവാഗ്ദാനം: “സൂര്യൻ ഇരുണ്ടു് പോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും ആകാശത്തുനിന്നും നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോവുകയും ചെയ്യും, അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടും കൂടെ മേഘങ്ങളിൽ വരുന്നതു് അവർ കാണും, ഇതു് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്നാൽ എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” യേശു ചുറ്റും കൂടി നിന്ന ശിഷ്യന്മാർക്കും മറ്റുള്ളവർക്കും വലിയവായിൽ നൽകിയിട്ടു് പോയ ആ വാഗ്ദാനത്തിനു് ഒരർത്ഥവുമില്ലായിരുന്നു എന്നു് അതിനുശേഷം കൊഴിഞ്ഞുവീണ രണ്ടായിരം വർഷങ്ങളിൽ കൂടിയ ഒരു തെളിവു് ആവശ്യമുണ്ടോ? യേശുവിന്റെ ഈ സത്യവാഗ്ദാനം ബൈബിളിൽ ഒരിടത്തല്ല, മൂന്നു് സുവിശേഷങ്ങളിലാണു് എഴുതി വച്ചിരിക്കുന്നതു്. (മത്തായി 24: 29-35, മർക്കോസ്‌ 13: 24-31, ലൂക്കോസ്‌ 21: 25-27). ‘ക്രിസ്തുവർഷം’ രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നു് കട്ടായമായി അനുയായികളെ പഠിപ്പിച്ച ഒരു ആഫ്രിക്കൻ ഉപദേശി അവനെ ക്രിസ്തു കയ്യൊഴിഞ്ഞു എന്നറിഞ്ഞപ്പോൾ, ക്രിസ്തുവിൽ രക്ഷയില്ല, വിഷത്തിലാണു് രക്ഷ എന്നു് സ്വയം തിരുത്തി, അനുയായികൾക്കു് അവസാനത്തെ തിരുവത്താഴത്തിൽ വിഷം കലർത്തിക്കൊടുത്തു് കൊല്ലേണ്ടിവന്ന കഥ മറക്കാറായിട്ടില്ലല്ലോ. അതുപോലുള്ള എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടു്. ഇനിയും എത്ര അനുഭവങ്ങൾ ഉണ്ടായാലാണു് വിഡ്ഢികളായ വിശ്വാസിവർഗ്ഗത്തിനു് തിരിച്ചറിവുണ്ടാവുക? മാനുവൽ ജോർജ്ജിനെപ്പോലെയുള്ള സുവിശേഷഘോഷകർ കത്തിച്ചുവയ്ക്കുന്ന വിശുദ്ധതിരിനാളത്തിലേക്കു് പറന്നുചെന്നു് ചിറകുകരിഞ്ഞു് ചാവാൻ ഇന്നും ഇഷ്ടംപോലെ വിശ്വാസി-ഈയാമ്പാറ്റകളെ ലഭിക്കുന്നതു് അവർക്കു് അരണബുദ്ധിയായതുകൊണ്ടോ, അതോ ബുദ്ധി എന്നൊരേർപ്പാടു് അവർക്കു് അന്യമായതുകൊണ്ടോ?

ലേഖനത്തിൽ മാനുവൽ ജോർജ്ജ്‌ സ്വയം പ്രഖ്യാപിക്കുന്നു: “ശാസ്ത്രമാണു് ശരി, ദൈവമല്ല എന്നു് പറയുന്നവർ ചോദിക്കുന്ന ഒരു സംശയമുണ്ടു്. ഈ പ്രപഞ്ചത്തെ ദൈവമാണു് സൃഷ്ടിച്ചതെങ്കിൽ ദൈവം എങ്ങനെ ഉണ്ടായി എന്നതാണു് ആ ചോദ്യം.” ബഹുമാന്യനായ മാനുവൽ ജോർജ്ജേ, ഒരു ശാസ്ത്രജ്ഞനും അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നില്ല. അതു് നിങ്ങളുടെ മറ്റൊരു സങ്കൽപം മാത്രമാണു്! കാരണം, അങ്ങനെ ശാസ്ത്രജ്ഞർ ചോദിക്കുന്നു എന്നു് വരുത്തേണ്ടതു് നിങ്ങളുടെ മാത്രവും മനഃപൂർവ്വവുമായ ആവശ്യമാണു്. അതു് നിങ്ങളുടെ ആവശ്യമാണെന്നതിന്റെ തെളിവു് തപ്പി മറ്റെങ്ങും പോകണ്ട, തുടർവാക്യങ്ങളിൽ തന്നെ അതു് വ്യക്തമായി കാണാം: “ഇത്തരം അന്ധശാസ്ത്ര വിശ്വാസികളോടു് ഒരു മറുചോദ്യം. എങ്ങനെയാണു് ഈ പ്രപഞ്ചം ഉണ്ടായതു്?” ‘മറുചോദ്യം’ ചോദിക്കുന്നതിനുവേണ്ടി കരുതിക്കൂട്ടി സൃഷ്ടിക്കപ്പെടുന്ന സാങ്കൽപിക ചോദ്യങ്ങൾ! “ആബ്രകഡാബ്ര! ഉടൻ വരട്ടെ ഒരു ചോദ്യം”! – ആത്മീയരുടെ എക്കാലത്തേയും കപടതന്ത്രം! പ്രപഞ്ചം എങ്ങനെയാണു് ഉണ്ടായതെന്നു് എന്താ ഇത്ര സംശയം? ബൈബിളിൽ അതു് പറയുന്നില്ലേ? ദൈവം ആറു് ദിവസങ്ങൾ കൊണ്ടു് പ്രപഞ്ചത്തെയും അതിലുള്ളതിനെ ഒക്കെയും സൃഷ്ടിച്ച ശേഷം ഏദൻ തോട്ടത്തിലെ ഒരു ഹോട്ടലിൽ കയറി മട്ടൻ ബിരിയാണി കഴിച്ചു (യഹോവ നോൺ-വെജിറ്റേറിയനാണു്!). ഏഴാം ദിവസം കുർബ്ബാനസമയത്തും (അല്ലാത്തപ്പോഴും) പള്ളീലച്ചന്മാർ ചെയ്യുന്നപോലെ വീഞ്ഞുകുടിച്ചും അപ്പം തിന്നും വിശ്രമിച്ചു. എന്താ, കേട്ടിട്ടു് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? മരിച്ചവനെ ഉയിർപ്പിച്ചു, മരിച്ചവൻ ഉയിർത്തു, മരിച്ച മനുഷ്യൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു് ശിഷ്യന്മാരിൽ നിന്നും മീനും തേൻകട്ടയും ചോദിച്ചുവാങ്ങി തിന്നു് വിശപ്പുമാറ്റിയശേഷം ഉടലോടെ സ്വർഗ്ഗത്തിലേക്കു് കരേറി എന്നും മറ്റും വിശ്വസിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ലെന്നാണെന്റെ പക്ഷം.

‘അന്ധശാസ്ത്രവിശ്വാസികൾ’ പോലും! ആരാണു് അന്ധമായി വിശ്വസിക്കുന്നതു്? ആരാണു് അന്ധമായ വിശ്വാസത്തെ പുകമറ സൃഷ്ടിച്ചു് സത്യവിശ്വാസമാക്കി മാറ്റാനായി ദൈവം അരുളിച്ചെയ്തതു് എന്നു് സ്വയം ഘോഷിക്കുന്ന വചനങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതു്? ലേഖനത്തിന്റെ അവസാനം “നിങ്ങൾ എന്നെ കണ്ടതുകൊണ്ടു് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” എന്നു് യോഹന്നാനെ (20:29) ഉദ്ധരിക്കുന്ന മാനുവൽ ജോർജ്ജ്‌ തന്നെ വേണം ‘അന്ധശാസ്ത്രവിശ്വാസികൾ’ എന്ന പ്രയോഗം ഉപയോഗിക്കാൻ! ഈ വാക്യം ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്കു് പ്രത്യക്ഷപ്പെട്ടപ്പോൾ അവരിൽ ഒരുവനായ ദിദിമോസ്‌ എന്ന തോമസിനോടു് പറഞ്ഞതാണു്. ശരിയായ വാക്യം “നീ (നിങ്ങൾ എന്നല്ല!) എന്നെ കണ്ടതുകൊണ്ടു് വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ (വിശ്വസിക്കുന്നവർ എന്നല്ല!) ഭാഗ്യവാന്മാർ എന്നു് പറഞ്ഞു” എന്നാണു്. കിംഗ്‌ ജെയിംസ്‌ വേർഷൻ എന്നറിയപ്പെടുന്ന ഇംഗ്ലീഷ്‌ ബൈബിളിലും, മാർട്ടിൻ ലൂത്തറിന്റെ ജർമ്മൻ ബൈബിളിലും ‘തോമസേ’ എന്നു് പേരുചൊല്ലി വിളിച്ചുകൊണ്ടു് യേശു പറയുന്നതായാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. (ഇതിന്റെ പേരിൽ ബൈബിളിന്റെ വേർഷനും പറഞ്ഞുകൊണ്ടു് വരാതിരിക്കാനാണു് പ്രത്യേകം പറയുന്നതു്. അങ്ങനെയും ചില ‘മതപണ്ഡിതരെ’ കാണേണ്ടി വന്നിട്ടുണ്ടു്. ദൈവത്തിന്റെ പേരും പറഞ്ഞു് സ്വന്തം നിലപാടു് ശരിയെന്നു് വരുത്താൻ മനുഷ്യരെ കൊല്ലാൻ പോലും മടിക്കാത്തവരാണല്ലോ തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കുന്ന ക്രിസ്ത്യാനികൾ! സംശയമുള്ളവർക്കു് നോർത്ത്‌ അയർലണ്ടിന്റെ ചരിത്രം വായിക്കാം.) “നീ വ്യഭിചാരം ചെയ്യരുതു്” എന്ന കൽപന മനുഷ്യർ വ്യഭിചരിക്കരുതു് എന്നു് മാത്രമല്ല, വിശ്വാസികൾ ദൈവവചനങ്ങളെ വ്യഭിചരിക്കരുതു് എന്ന അർത്ഥത്തിലും മനസ്സിലാക്കിയിരിക്കുന്നതു് നല്ലതാണു് – പ്രത്യേകിച്ചും ദൈവവചനങ്ങളുടെ എരിവേറിയ കാവൽഭടന്മാർ എന്നു് ഞെളിയുന്നവർ! ദൈവവചനം തിരുത്തുന്ന ദൈവമക്കളും, കപ്പലിലെ കള്ളനും തമ്മിൽ വ്യത്യാസം വല്ലതുമുണ്ടോ? പണ്ടാരോ പറഞ്ഞ പച്ചക്കള്ളങ്ങൾ ദൈവവചനങ്ങൾ എന്നു് വിശ്വസിക്കാൻ ഒന്നും കാണണമെന്നില്ല! അവയൊക്കെ ഇഷ്ടാനുസരണം വീണ്ടും വീണ്ടും തിരുത്തിയും വെള്ളപൂശിയും സത്യമെന്നു് വരുത്തിത്തീർത്തു് ചിലവാവുന്ന ഇടങ്ങളിൽ തിരിച്ചും മറിച്ചും വിറ്റു് മനുഷ്യരെ വഞ്ചിക്കാം! പക്ഷേ, ശാസ്ത്രസത്യങ്ങൾ തികച്ചും പ്രായോഗികമായ കാരണങ്ങളാൽ പോലും ‘കാണാതെ’ എങ്ങാനും വിശ്വസിച്ചുപോയാൽ മഹാ അപരാധം!

‘അന്ധശാസ്ത്ര വിശ്വാസികൾ’ പോലും! ആരാണു് അന്ധമായി വിശ്വസിക്കുന്നവർ? എന്താണു് അന്ധമായ വിശ്വാസം? ഞാൻ ഓസ്റ്റ്രേലിയ നേരിൽ കണ്ടിട്ടില്ല. എങ്കിലും ഓസ്റ്റ്രേലിയ ഉണ്ടെന്നു് ഞാൻ വിശ്വസിക്കുന്നു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നതു് ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നു് ഞാൻ വിശ്വസിക്കുന്നു. കാരണം, എനിക്കു് ലഭ്യമായ എല്ലാ വിവരങ്ങളും എന്റെ ആ വിശ്വാസങ്ങളെ ന്യായീകരിക്കുന്നതാണു്. ഒരു ചന്ദ്രയാത്ര – ഏറ്റവും ചുരുങ്ങിയപക്ഷം തത്വത്തിലെങ്കിലും – സാദ്ധ്യമാണെന്നു് വിശ്വസിക്കാനും തെളിയിക്കാനും ധാരാളം മതിയാവുന്നത്ര ശാസ്ത്രീയ വിദ്യാഭ്യാസം ഞാൻ നേടിയിട്ടുണ്ടു്. അറിയാൻ ആഗ്രഹിക്കുന്നവരെ അക്കാര്യങ്ങൾ പറഞ്ഞു് മനസ്സിലാക്കാനും എനിക്കു് കഴിയും. എല്ലാറ്റിലുമുപരി, ഇതുപോലുള്ള ‘വിശ്വാസങ്ങൾ’ താത്വികവും പ്രായോഗികവുമായി വെരിഫൈ ചെയ്യാൻ വിവിധ സാദ്ധ്യതകൾ ഇന്നു് നിലവിലുണ്ടു്. ഏതെങ്കിലും ഒരു ഉപദേശി ചാണ്ടിക്കോ കപ്യാർ ദാനിയേലിനോ അത്തരം സാദ്ധ്യതകൾ ലഭിച്ചിട്ടു് പ്രയോജനം ഒന്നുമില്ല എന്നതു് ശരിയാവാം. ദൈവത്തിലോ മിത്തോളജിയിലോ ഉള്ള വിശ്വാസം പോലെ കയ്യും കാലും തലയും ഉടലുമില്ലെങ്കിലും, കാണാനും കേൾക്കാനും സ്പർശിക്കാനും മണക്കാനും രുചിക്കാനും ആവില്ലെങ്കിലും നിത്യമായി ‘ജീവിക്കുന്ന’ എന്തോ മങ്ങാത്തൊലിയിൽ ഞാൻ വിശ്വസിക്കും എന്ന പിടിവാശിയിലല്ല ശാസ്ത്രജ്ഞാനം പണിതുയർത്തപ്പെട്ടിരിക്കുന്നതു്. ശാസ്ത്രം നിത്യസത്യത്തെ പ്രതിനിധാനം ചെയ്യുന്നില്ല. അങ്ങനെയാണെന്നു് വരുത്തേണ്ടതു് ചാണ്ടി ഉപദേശിമാരുടെ ആഗ്രഹവും ആവശ്യവുമാണു്. യുക്തിബോധത്തിനു് നിരക്കുന്ന പുതിയ അറിവു് ലഭിക്കുന്നതുവരെ മാത്രമുള്ള വലിഡിറ്റിയേ ശാസ്ത്രം അവകാശപ്പെടുന്നുള്ളു. അതുകൊണ്ടു് യുക്തിയെ കൂടുതൽ തൃപ്തിപ്പെടുത്തുന്ന നിലപാടുകൾ അംഗീകരിക്കേണ്ടി വരുമ്പോൾ നിത്യസത്യക്കാരെപ്പോലെ അവർക്കു് ചമ്മലിന്റെ ആവശ്യം വരുന്നില്ല. “അയ്യയ്യേ, പ്രപഞ്ചത്തിലെ ആകെമൊത്തത്തിന്റെ നാലു് ശതമാനമേ ഇതുവരെ ശാസ്ത്രത്തിനു് പിടികിട്ടിയിട്ടുള്ളേ” എന്നു് പരിഹസിക്കുന്ന അതേ നാവുകൊണ്ടുതന്നെ ഈ നാലും ബാക്കി തൊണ്ണൂറ്റാറും ഉൾപ്പെടെ നൂറു് ശതമാനം പ്രപഞ്ചവും അതിലെ സകല തമോഗർത്തങ്ങളും ശ്യാമദ്രവ്യവും ഹിഗ്സ്‌ ബോസോണുകളും മാറാപ്പിൽ ചുമക്കുന്ന ദൈവം എന്റെ കക്ഷത്തിലാണെന്നു് ഉളുപ്പില്ലാതെ വിളിച്ചുപറയുന്നതു് അഹന്തയോ അതോ ഭ്രാന്തോ? തിരുശേഷിപ്പുകളുമായി ഏതെങ്കിലും മൂലയിൽ കുത്തിയിരുന്നു് പിറുപിറുക്കേണ്ടതിനു് പകരം വെളിവുള്ള മനുഷ്യരെ പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന യോഗ്യന്മാർ! ലോകരക്ഷിതാക്കളാണത്രെ! പണ്ടൊരു അമേരിക്കൻ പ്രസിഡന്റ്‌ പറഞ്ഞപോലെ “നിങ്ങൾ രക്ഷിക്കാതിരുന്നാൽ മതി, ജനങ്ങൾ അവരെ സ്വയം രക്ഷിച്ചുകൊള്ളും!”

മാനുവൽ ജോർജ്ജ്‌ തുടരുന്നു: “അനന്തസാന്ദ്രതയുള്ള ഒരു ദ്രവ്യപിണ്ഡത്തിനു് ആയിരത്തിയഞ്ഞൂറു് കോടി വർഷങ്ങൾക്കു് മുൻപു് അത്യുന്നത ഊഷ്മാവിൽ സംഭവിച്ച ഒരു വൻ പൊട്ടിത്തെറിയിൽ നിന്നാണു് പ്രപഞ്ചത്തിന്റെ തുടക്കം എന്നാവും മറുപടി. … … പക്ഷേ, എങ്കിൽ ആ ദ്രവ്യപിണ്ഡം എങ്ങനെയുണ്ടായി? ഈ അത്യുന്നത ഊഷ്മാവു് എങ്ങനെയുണ്ടായി?” ഇവിടെയും പതിവു് ശൈലിയിൽ, പറയുന്ന വിഷയത്തെപ്പറ്റി യാതൊരു പഠനവും നടത്താതെ ഛർദ്ദിച്ചുവച്ചിരിക്കുന്ന ശാസ്ത്രസംബന്ധമായ കേട്ടുകേൾവികളുടെ ചില ‘മുട്ടും മുറിയും’! ഉയർന്നതെങ്കിലും നിശ്ചിതമായ സാന്ദ്രതയല്ലാതെ ‘അനന്തമായ’ സാന്ദ്രത എന്നൊന്നില്ല. ശാസ്ത്രതത്വങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്താൽ നടത്തുന്ന അളവുകളും ഗണിതങ്ങളുമാണു് പ്രപഞ്ചോത്ഭവം സംബന്ധിച്ച അറിവുകളിലേക്കു് മനുഷ്യനെ നയിക്കുന്നതു്. അതിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം 1373(+/- 12) കോടി വർഷങ്ങളാണു്. സ്വാഭാവികമായും പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ഇന്നത്തെ ശാസ്ത്രജ്ഞാനം കൃത്യമായി വായനക്കാരെ അറിയിക്കുക എന്നതിനേക്കാൾ കൂടുതലായി ലേഖകന്റെ ലക്ഷ്യം ദ്രവ്യപിണ്ഡവും അത്യുന്നത ഊഷ്മാവും എങ്ങനെയുണ്ടായി എന്ന ചോദ്യങ്ങൾ വഴി തന്റെ ദൈവത്തിന്റെ സർവ്വജ്ഞാനത്തിനു് മുന്നിൽ ശാസ്ത്രജ്ഞരെ മറുപടിയില്ലാത്ത ഭോഷന്മാരാക്കി ചിത്രീകരിച്ചു് നിഷ്പ്രഭരാക്കുക എന്നതാണെന്നതു് വ്യക്തം. ദൈവമെന്നു് കേൾക്കുമ്പോൾ കൗപീനത്തിൽ മൂത്രിക്കുന്നവരാണു് വായനക്കാർ എങ്കിൽ ഇതല്ല, ഇതിൽ അപ്പുറവും തട്ടിമൂളിക്കാം. ലേഖകന്റെ ‘ഇഷ്ടപത്രം’ ദീർഘകാലപരിശ്രമഫലമായി അതിനുപറ്റിയ ഒരു വായനാസമൂഹത്തെ കേരളത്തിൽ സൃഷ്ടിച്ചു് വച്ചിട്ടുമുണ്ടല്ലോ. മറുപടിയില്ലാത്ത ചോദ്യങ്ങൾ പിഞ്ചുകുഞ്ഞുങ്ങളും വിഡ്ഢികളും ചോദിക്കാറുണ്ടു്. മാനുവൽ ജോർജ്ജ്‌ ഏതായാലും ഒരു പിഞ്ചുകുഞ്ഞല്ല എന്നു് ന്യായമായും ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, ഒരു ദൈവത്തിൽ വിശ്വസിക്കാൻ മനുഷ്യർക്കു് ഏതെങ്കിലും വിധത്തിലുള്ള അറിവോ വിദ്യാഭ്യാസമോ വേണമെന്നില്ല. സംശയമുള്ളവർ ഭാരതത്തിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിൽ കാഴ്ചക്കാരായി പോയാൽ മതി. അവിടെ വരുന്ന ഭക്തരിൽ എഴുതാനോ വായിക്കാനോ അറിയാത്തവരുടെ ഒരു ലിസ്റ്റെടുത്താൽ സംശയം മാറിക്കിട്ടും. ആദിസ്ഫോടനത്തിനും മുൻപു് എന്നൊരു ലേഖനം ഏതാനും നാൾ മുൻപു് ഞാൻ എഴുതിയിരുന്നു. ദൈവം ആറു് ദിവസം കൊണ്ടു് സകലവും സൃഷ്ടിച്ചു എന്നു് വിശ്വസിക്കുന്നവർക്കു് അതുകൊണ്ടു് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്നു് തോന്നുന്നില്ല. അല്ലാത്തവർക്കു് വേണമെങ്കിൽ അതു് വായിച്ചു് നോക്കാവുന്നതാണു്.

വീണ്ടും മാനുവൽ ജോർജ്ജ്‌: “ദൈവമെങ്ങനെയുണ്ടായി എന്നു് ചോദിക്കുന്നവർ ശാസ്ത്രത്തിനു് മറുപടി കണ്ടെത്താനാവാത്തവയെ ദൈവത്തിന്റെ പേരിൽ വിളിക്കുന്നുമുണ്ടു്. ദ്രവ്യത്തിനു് പിണ്ഡം എന്ന ഗുണം നൽകുന്ന കണങ്ങളെ ‘ദൈവകണം’ (ഹിഗ്സ്‌ ബോസോണുകൾ – Higgs Boson) എന്നാണവർ പേരിട്ടു് വിളിക്കുന്നതു്.” ഒരിക്കൽ കൂടി പറയുന്നു: ദൈവം എങ്ങനെ ഉണ്ടായി എന്നു് വെളിവുള്ള ശാസ്ത്രജ്ഞർ ആരും ചോദിക്കുന്നില്ല. അവർ അങ്ങനെ ചോദിക്കണം എന്നതു് ചാണ്ടി ഉപദേശിമാരുടെ ആഗ്രഹസ്വപ്നം മാത്രമാണു്. ദൈവത്തിന്റെ കാവൽ പടയാളികൾ എന്നു് സ്വയം അവരോധിച്ചിരിക്കുന്ന ജ്ഞാനശൂന്യരല്ലാതെ, ഒരു ദൈവവും ശാസ്ത്രപഠനങ്ങളിൽ ഇടപെടുന്നില്ല. യഥാർത്ഥ ശാസ്ത്രജ്ഞർക്കു് ദൈവം ഒരു തടസ്സമോ സഹായമോ അല്ല. അവർ അവരുടെ ജോലി ചെയ്യുന്നു, അത്രമാത്രം. മുകളിൽ ദ്രവ്യപിണ്ഡം എങ്ങനെയുണ്ടായി എന്നു് ചോദിക്കാനായി പ്രപഞ്ചത്തിന്റെ ‘കൊട്ടക്കമ്മതി’ പ്രായത്തെ കരുവാക്കിയതുപോലെ, ഇവിടെയും ഹിഗ്സ്‌ ബോസോൺ എന്നാൽ എന്തെന്നതല്ല, ശാസ്ത്രജ്ഞർ അവയെ ‘ദൈവകണങ്ങൾ’ എന്നു് വിളിക്കുന്നു എന്നതാണു് വായനക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായി മാനുവൽ ജോർജ്ജ്‌ ലക്ഷ്യമാക്കുന്ന ‘അതിപ്രധാനമായ’ കാര്യം. ഹിഗ്സ്‌ ബോസോണുകളെ ദൈവകണങ്ങൾ എന്നു് വിളിക്കുന്നതിനു് മതവുമായി യാതൊരു ബന്ധവുമില്ല. 1993-ൽ പ്രസിദ്ധീകരിക്കപ്പെട്ട The God Particle: If the Universe Is the Answer, What Is the Question? എന്ന Leon Lederman-ന്റെ രസകരമായ ഒരു പുസ്തകത്തിനു് ലഭിച്ച വൻസ്വീകരണം വഴി ഹിഗ്സ്‌ ബോസോണുകൾക്കു് ലഭിച്ച ഒരു ‘ഓമനപ്പേരു്’ മാത്രമാണതു്. ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഈ കണങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ, പിണ്ഡമില്ലാത്ത ഫോട്ടോണുകളും താരതമ്യേന പിണ്ഡം കൂടിയ W and Z ബോസോണുകളും തമ്മിലുള്ള വ്യത്യാസത്തിനു് വിശദീകരണം ലഭിക്കുമെന്നു് വിശ്വസിക്കപ്പെടുന്നു. മുകളിലെ ലിങ്കിൽ വേണമെങ്കിൽ കൂടുതൽ വായിക്കാം.

ഇതുപോലെ, ശാസ്ത്രീയമായ കാര്യങ്ങൾ വാലും തലയുമില്ലാതെ എഴുതിവച്ചിരിക്കുന്ന ചവറു് പത്രങ്ങൾ വിലകൊടുത്തു് വാങ്ങി വായിക്കുന്നവരെപ്പറ്റി കഷ്ടം എന്നല്ലാതെ എന്തു് പറയാൻ? ഇതുപോലുള്ള ‘പാണ്ഡിത്യം’ വിസർജ്ജിച്ചു് വച്ചിരിക്കുന്ന പത്രങ്ങൾ പണം കൊടുത്തു് വാങ്ങി വായിച്ചു് കൂടുതൽ വിഡ്ഢിയാവുന്നതിനേക്കാൾ ഭേദം സ്വയം നല്ല നാലു് തെറി വിളിക്കുന്നതാണു്. പണമെങ്കിലും ലാഭിക്കാം. തന്നെത്തന്നെ തെറിവിളിക്കാൻ മറ്റുള്ളവർക്കു് പണം കൊടുക്കണമോ? മലയാളി അവനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്ന ദയനീയമായ അവസ്ഥ! അതിനെന്താ? നമുക്കു് അദ്വൈതമുണ്ടല്ലോ? പിന്നെന്തുവേണം?

ഈ വിധത്തിൽ ‘കടുകട്ടി ശാസ്ത്രവിഷയങ്ങളെ’ അമ്മാനമാടിയശേഷം മാനുവൽ ജോർജ്ജ്‌ വീണ്ടും ഇരുണ്ടദ്രവ്യം (dark matter) എന്ന ‘ദൃശ്യദ്രവ്യത്തിലേക്കു്’ മുങ്ങാം കുഴിയിടുന്നു! ഈ ‘ദൃശ്യദ്രവ്യത്തെ’ കാണാതെ വിശ്വസിക്കുന്നവരെ പരിഹസിച്ചുകൊണ്ടു് ആ മാന്യദേഹം കാണാത്ത ദൈവത്തെ വിശ്വസിക്കുന്നതിനെ ന്യായീകരിക്കുന്നു. ‘ദൃശ്യം’ എന്നാൽ ‘കാണാവുന്നതു്’ എന്നായതിനാൽ, അദ്ദേഹം ഉദ്ദേശിച്ചതു് അദൃശ്യദ്രവ്യം എന്നായിരിക്കാനാണു് സാദ്ധ്യത. Dark matter ദൃശ്യദ്രവ്യമാണെങ്കിൽ കാണാതെ വിശ്വസിക്കേണ്ട ആവശ്യം വരുന്നതെങ്ങനെ? ദൈവവിശ്വാസം കേറി ആവാഹിച്ചാൽ പിച്ചും പേയും പറയുന്നതു് കേരളത്തിൽ അസാധാരണമല്ല എന്നതിനാൽ ഇതും ആ വകുപ്പിൽ പെടുത്താമെന്നു് തോന്നുന്നു. കേരളത്തിലെ സ്വാമിമാരുടെയും അമ്മമാരുടെയും ആസാമിമാരുടെയുമൊക്കെ മുന്നിലേക്കു് ആത്മീയം കേറി ആവാഹിച്ച ആണുങ്ങളും പെണ്ണുങ്ങളും ഇടിച്ചല്ലേ കയറുന്നതു്? എന്താ അവിടെയൊക്കെ മേളം? ലേഖകൻ Dark energy-യെപ്പറ്റി കേട്ടിട്ടില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, അതിനെപ്പറ്റി എന്തുകൊണ്ടോ പരാമർശിക്കുന്നില്ല. അത്രയും ഭാഗ്യം.

ശാസ്ത്രത്തെ അങ്ങനെ അച്ചൂടും മുച്ചൂടും തല്ലി വശംകെടുത്തിയശേഷം മാനുവൽ ജോർജ്ജ്‌ ബൈബിളിന്റെ ദിവ്യപ്രകാശത്തിലേക്കു് ആരോഹണം ചെയ്യുന്നു. നമുക്കു് ഓരോ വാക്യങ്ങളായി എടുത്തു് പരിശോധിക്കാം:

“ശാസ്ത്രത്തിന്റെ വളർച്ച എത്ര മുന്നോട്ടു് പോയാലും ദൈവത്തിന്റെ ശക്തിയുടെ വലിപ്പം കൂടിക്കൂടി വരികയേ ഉള്ളു.”

ദൈവം സർവ്വശക്തനാണെന്നു് ഇതുവരെ ആരെങ്കിലും കരുതിയിരുന്നെങ്കിൽ അവരൊക്കെ അഭിപ്രായം ഉടനെ തിരുത്തുക! ദൈവത്തിന്റെ ശക്തിക്കും വളർച്ച ആവശ്യമാണു്. അതങ്ങനെ വളർന്നു് വളർന്നു് വലിപ്പം കൂടിക്കൂടി വന്നുകൊണ്ടിരിക്കും! പറയുന്നതു് അന്ധശാസ്ത്രവിശ്വാസികളായ അണ്ടൻ-അടകോടൻ ശാസ്ത്രജ്ഞന്മാരൊന്നുമല്ല, സാക്ഷാൽ മാനുവൽ ജോർജ്ജാണു്. കണ്ണടച്ചു് വിശ്വസിക്കാം.

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു് മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു” ബൈബിളിലെ ഇതുവരെ ആരും കേൾക്കാത്ത ഈ ആദ്യവരികൾ ചൂണ്ടിക്കാണിച്ചശേഷം അദ്ദേഹം പ്രഖ്യാപിക്കുന്നു: “ആദിയിൽ എന്നു് പറയുന്നതു് നമ്മുടെ കാലത്തിനും മുൻപേയുള്ളതാണു്. ശാസ്ത്രലോകം പറയുന്ന മഹാവിസ്ഫോടനവും ദ്രവ്യപിണ്ഡവും ഒക്കെ രൂപപ്പെടുന്നതിനു് മുൻപു്.”

മനസ്സിലായില്ലേ? ഒന്നുകൂടി വിശദമായി പറയാം. ‘ആദിയിൽ’ എന്നു് പറയുന്നതു് മഹാവിസ്ഫോടനത്തിനും ദ്രവ്യപിണ്ഡത്തിനും (പ്രത്യേകം ശ്രദ്ധിക്കുക: ആനപ്പിണ്ഡമല്ല, ദ്രവ്യപിണ്ഡം! ദ്രവ്യപിണ്ഡം!!) ഒക്കെ ഒത്തിരി ഒത്തിരി മുൻപുള്ള കാലമാണു്! പിടികിട്ടിയോ? ഇല്ലെങ്കിൽ, അവസാനമായി ഒരുപ്രാവശ്യം കൂടി പറയാം. പിള്ളേരോടു് കഥ പറയുന്നതുപോലെ പിന്നെയും പിന്നെയും പറയാൻ പറയരുതു്. ആൾക്കു് വേറെ ജോലിയുണ്ടു്. അതായതു്, ആദ്യവെടി, സോറി, ആദിസ്ഫോടനം സ്ഫോടുന്നതിനു് മുൻപുതന്നെ യഹോവ ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചിരുന്നു. അപ്പോൾ ആദിയിൽ സ്ഫോടനം സ്ഫോടിയ സമയത്തു് ഭൂമിമലയാളത്തിനു് എന്തു് സംഭവിച്ചു? ഭൂമിമലയാളത്തിനു് ഒന്നും സംഭവിച്ചില്ല. അവിടെയുള്ളവർ പതിവുപോലെ സീരിയലുകൾ മാറിമാറി കണ്ടുകൊണ്ടിരുന്നു. മഹാസ്ഫോടനം സ്ഫോടിക്കൊണ്ടിരുന്നപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾക്കു് എന്തു് സംഭവിച്ചു? അവയ്ക്കും ഒന്നും സംഭവിച്ചില്ല. മനുഷ്യപുത്രൻ കാഹളനാദവുമായി മേഘപ്പുറത്തുകയറി തന്റെ രണ്ടാമത്തെ വരവു് വരുമ്പോൾ ഭൂമിയിലേക്കു് വീഴാനുള്ളതുകൊണ്ടു് തത്കാലം നിന്നിടത്തുതന്നെ നിൽക്കാൻ നക്ഷത്രങ്ങൾ തീരുമാനിക്കുകയായിരുന്നു! ഇപ്പറഞ്ഞ ഈ ‘ആദിയിൽ’ എന്നതിനും മുൻപു്, അതായതു്, ആദിസ്ഫോടനത്തിനും മുൻപുള്ള ‘ആദിയിൽ’ എന്ന ആദിക്കും മുൻപു് എന്തായിരുന്നു എന്നതിനേ സംബന്ധിച്ചും മാനുവൽ ജോർജ്ജ്‌ മർമ്മപ്രധാനമായ ഒരു കണ്ടെത്തൽ നടത്തുന്നുണ്ടു്. “അതു് ഒരു മനുഷ്യനും കണ്ടെത്താനാവില്ല. ഇനിയൊരു 200 വർഷം കൂടി കഴിഞ്ഞാലും.” ഇതൊക്കെ പറയാനുള്ള വിവരങ്ങൾ ഏതു് ലാർജ്ജ്‌ ഹാഡ്രോൺ കൊളൈഡറിൽ നിന്നുമാണു് ലഭിച്ചതു്? കൊളൈഡരിൽ നിന്നല്ല, ദൈവത്തിന്റെ വെളിപാഡറിൽ നിന്നു് ലഭിച്ചതാണു്.

അടുത്തതായി മാനുവൽ ജോർജ്ജ്‌ കൈവയ്ക്കുന്നതു് പൗലോസ്‌ ശ്ലീഹായിലാണു്. തന്നെ, തന്നെ, ലോകത്തിന്റെ ജ്ഞാനികളുടെ ജ്ഞാനത്തെ ഭോഷത്വമാക്കി കലക്കി കയ്യിൽ കൊടുത്ത ഒറിജിനൽ ദൈവത്തിന്റെ യോഗ്യത ഘോഷിക്കാനായി യേശു നേരിട്ടു് പ്രത്യക്ഷപ്പെട്ടു് പ്രത്യേകം തിരഞ്ഞെടുത്ത വിശുദ്ധനായ പൗലോസ്‌ ശ്ലീഹാ! (കൊരിന്ത്യർ 1 :20) സ്ത്രീയെ തൊടാതിരിക്കുന്നതാണു് മനുഷ്യനു് നല്ലതെന്നും, മനുഷ്യർ ഭാര്യാഭർത്തൃബന്ധം നയിക്കുന്നതു് ദുർന്നടപ്പു് ഒഴിവാക്കാനാണെന്നും പഠിപ്പിച്ചു് സകലജീവികളിലും ഉള്ളതുപോലെ മനുഷ്യരിലും ഉള്ള പ്രകൃതിസഹജതയിൽ കാളകൂടം കലക്കിയ യഹൂദനായ അതേ പൗലോസ്‌! (കൊരിന്ത്യർ 7: 2) കള്ളനാണയം എന്നു് നീറ്റ്‌സ്‌ഷെ വിശേഷിപ്പിച്ച ക്രിസ്തുമതത്തിന്റെ സ്ഥാപകനേതാവു്! ആദിയിൽ എന്തായിരുന്നു എന്ന പരമരഹസ്യം ദൈവത്തിനു് മാത്രമേ അറിയാവൂ എന്ന തന്റെ അത്യുഗ്രൻ ഹൈപ്പോത്തെസിസ്‌ അരക്കിട്ടുറപ്പിക്കാനാണു് മാനുവൽ ജോർജ്ജ്‌ പൗലോസിനെ കൂട്ടുപിടിക്കുന്നതു്. “ആർക്കറിയാം?” എന്ന ഒറ്റവാക്കിൽ ഏതു് വീട്ടമ്മയും നിശ്ശേഷം തീർക്കുമായിരുന്ന ഒരു നിസ്സാരപ്രശ്നം!

മാനുവൽ ജോർജ്ജ്‌ തുടരുന്നു: “പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്കു് അതാണു് ലോകം. അതുപോലെയാണു് മനുഷ്യന്റെ അവസ്ഥ. കാണുന്നതിൽ എല്ലാം അവസാനിക്കുന്നു എന്നു് അവൻ കരുതുന്നു.” പൊട്ടക്കിണറും തവളയും ഒരു ക്ലാസിക്കൽ കോമ്പിനേഷനാണു്. എന്തുകൊണ്ടെന്നറിയില്ല, ചില മനുഷ്യർ കാലാകാലങ്ങളായി തന്നെയും പിന്നെയും പൊട്ടക്കിണറ്റിൽ തവളകളുടെ അടുത്തേക്കു് ചെന്നു് വീഴാറുണ്ടു്. ദുഃഖിതരായ മനുഷ്യർ ആശ്വാസം തേടി ഒരു പ്രത്യേക ആകർഷണശക്തിയാലെന്നപോലെ കടൽത്തീരത്തേക്കു് പോകുന്നതു്, ആദിയിൽ ജീവന്റെ ഉത്ഭവം സംഭവിച്ചതായ കടൽ മനുഷ്യനു് ഒരുതരം മാതൃസാന്നിദ്ധ്യം പ്രദാനം ചെയ്യുന്നതിനാലാവാമെന്നു് എവിടെയോ വായിച്ചിട്ടുണ്ടു്. അതുപോലുള്ള ഏതെങ്കിലും പൂർവ്വകാലബന്ധമാണോ ചില മനുഷ്യരെ പൊട്ടക്കിണറും തവളകളുമായി ഇത്ര ഗാഢമായി ബന്ധിപ്പിക്കുന്നതു് എന്നെനിക്കറിയില്ല. ഏതായാലും, തവളയുടെ ആദിസ്ഫോടനവും പിണ്ഡദ്രവ്യവുമൊക്കെ പൊട്ടക്കിണറ്റിൽതന്നെ! അവറ്റകൾ എന്തുകൊണ്ടു് പൊട്ടക്കിണറ്റിലെ വെള്ളത്തിൽ മാമൂദീസ മുങ്ങി ക്രിസ്ത്യാനികളായി, “ഈ കളിയും കളിയല്ല, ഈ ചിരിയും ചിരിയല്ല” എന്ന ഏതോ സിൽമയിലെ അദ്വൈതമന്ത്രം പോലെ, കാണുന്നതിൽ എല്ലാം അവസാനിക്കുന്നില്ല എന്ന സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല? എങ്കിൽ ആദ്യകുർബ്ബാനയും വിളിച്ചുചൊല്ലലും വിവാഹവും വീടു് വെഞ്ചരിപ്പും അന്ത്യകൂദാശകളും മിതമായ നിരക്കിൽ ആ പൊട്ടക്കിണറ്റിൽ വച്ചുതന്നെ സഭാപിതാക്കൾ നടത്തിക്കൊടുക്കുമായിരുന്നില്ലേ? സ്വർഗ്ഗരാജ്യത്തിനു് അവറ്റകളും അവകാശികളാവുമായിരുന്നില്ലേ? മണ്ടൻ തവളകൾ!

മാനുവൽ ജോർജ്ജ്‌ പറയുന്നു: “ഭൂമിയിൽ മാത്രമേ ജീവനുള്ളു എന്നു് മനുഷ്യൻ ഇപ്പോൾ കരുതുന്നു. എന്നാൽ കാലം കടക്കുമ്പോൾ മറ്റെവിടെയെങ്കിലും ജീവൻ കണ്ടെത്തിയെന്നു് വരാം. അപ്പോൾ അതിലും വിശ്വസിക്കുന്നു.” മാനുവൽ ജോർജ്ജ്‌ പറയുന്ന ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ട കാര്യമേ സത്യത്തിൽ മനുഷ്യർക്കുള്ളു. പക്ഷേ, എന്തുചെയ്യാം? ദൈവത്തിനു് ഒരുപാടു് ഒരുപാടു് ഇപ്പുറത്തുള്ളതുപോലും തങ്ങൾക്കു് അറിയില്ല എന്നറിയാവുന്നവരാണു് ശാസ്ത്രബോധമുള്ള മനുഷ്യർ. അങ്ങനെയുള്ളവരോടു് വളരെ പരിമിതമായ അവരുടെ അറിവിന്റെ ഒരംശം പോലും തലച്ചോറിൽ ഇല്ലാത്ത ഏതെങ്കിലും മതപണ്ഡിതൻ “ഹോക്കുസ്‌ പോക്കുസ്‌! ദാണ്ടെ, നിന്റെ ദൈവം” എന്നും പറഞ്ഞു് വന്നാൽ അതു് മുഖവിലക്കെടുത്തു് വിശ്വസിക്കണമെങ്കിൽ അവർ ഭ്രാന്തന്മാരായിരിക്കണം. ഭ്രാന്തന്മാർ അല്ലാത്തതുകൊണ്ടാണു് ശാസ്ത്രം ഓരോരോ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുമ്പോൾ അതു് വിശ്വസിക്കാൻ അവർ തയാറാവുന്നതു്. കാരണം, അത്തരം കണ്ടെത്തലുകൾ മാനുഷികമായ പരിധിയിൽ ഒതുങ്ങുന്നവയാണു്. അല്ലാതെ, കഞ്ചാവടിച്ചു് കാട്ടിൽ കിറുങ്ങിയിരിക്കുമ്പോൾ (തപസ്സു് എന്നും പറയും) ചില ആസാമിമാരുടെ തലയിൽ രൂപമെടുക്കുന്ന അത്ഭുതകരമായ ഭാവനാസൃഷ്ടികൾ പോലുള്ള മസ്തിഷ്കഭൂതങ്ങളല്ല കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കുന്ന ശാസ്ത്രീയമായ കണ്ടെത്തലുകൾ. അതാണു് ശാസ്ത്ര’വിശ്വാസവും’ ദൈവവിശ്വാസവും തമ്മിലുള്ള വ്യത്യാസം. ഈ വസ്തുത ഇതിൽ കൂടുതൽ തെളിച്ചു് പറയാനാവുമെന്നു് തോന്നുന്നില്ല. പ്രപഞ്ചത്തിന്റെ ഒരംശം പോലുമറിയാൻ ഇതുവരെ കഴിയാത്ത മനുഷ്യൻ ദൈവത്തെ അറിയാമെന്നും അനുഭവിക്കാമെന്നുമൊക്കെ പറയുന്നതു് മാനസികവിഭ്രാന്തിയല്ലാതെ മറ്റെന്താണു്? ഏതെങ്കിലും അതീന്ദ്രിയജ്ഞാനമോ വെളിപാടോ കൊണ്ടു് പ്രപഞ്ചനാഥനായ ദൈവത്തെ അറിയാമെങ്കിൽ ആ യോഗ്യന്മാർക്കു് അതേ പ്രപഞ്ചത്തിലെ ഒരു ഭാഗം മാത്രമായ ശ്യാമദ്രവ്യവും ഹിഗ്സ്‌ ബോസോണുമൊക്കെ ‘പുൽപം’ പോലെ അറിയാനും വിശദീകരിക്കാനും കഴിയേണ്ടതല്ലേ? അതെങ്ങനെ? അത്തരം വാക്കുകൾ ഏതെങ്കിലും ആത്മീയർ അഥവാ കേട്ടിട്ടുണ്ടെണ്ടെങ്കിൽ തന്നെ അതു് അവയെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷമാണു്. ശാസ്ത്രം അവയെ കണ്ടെത്തിക്കഴിയുമ്പോൾ ഞങ്ങടെ കിത്താബിൽ അതു് പണ്ടേ ഉണ്ടായിരുന്നു എന്ന അളിഞ്ഞ വ്യാഖ്യാനവുമായി എത്താനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത സർവ്വജ്ഞാനികൾ!

കോടാനുകോടി ഗാലക്സികൾ ഉള്ള സ്ഥിതിക്കു് അവയിൽ ഓരോന്നിലേയും അനവധി ‘സൗരയൂഥങ്ങളിലെ’ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവനും ബുദ്ധിയും ഉണ്ടാവാൻ തീർച്ചയായും സാദ്ധ്യതയുണ്ടു്. അത്തരം ഏറ്റവും ചുരുങ്ങിയതു് ഒരു നൂറു് ഗ്രഹങ്ങളിൽ മനുഷ്യരോടു് രൂപത്തിലോ ബുദ്ധിശക്തിയിലോ അകന്ന സാമ്യമെങ്കിലും ഉള്ള ജീവികൾ ഉണ്ടെന്നു് കരുതിയാൽ അവയും നിത്യജീവനു് അവകാശികളാവേണ്ടതല്ലേ? മതങ്ങളുടെ അഭിപ്രായത്തിൽ ജീവൻ ദൈവത്തിന്റെ പോർട്ട്ഫോളിയോ ആണെന്നതിനാൽ ദൈവം അവിടെയൊക്കെച്ചെന്നു് പണ്ടു് മറിയയോടെന്നപോലെ ചില അമലോത്ഭവ സൂത്രപ്പണികൾ ഒപ്പിച്ചിട്ടുണ്ടാവുമോ? ഓരോ ഗ്രഹത്തിലും ഓരോ മശിഹാ? ഓരോ ദൈവപുത്രന്മാർ? ഓരോ കുരിശുമരണങ്ങൾ? ഓരോ ഉയിർത്തെഴുന്നേൽപ്പുകൾ?

മാനുവൽ ജോർജ്ജിനെ ഉപദേശിക്കാൻ ഞാൻ ആരുമല്ല. പക്ഷേ, മാനുവൽ ജോർജ്ജിന്റെ സ്ഥാനത്തു് ഞാൻ ആയിരുന്നെങ്കിൽ (ഇതൊരു സങ്കൽപം മാത്രമാണു്. അങ്ങനെ ആവാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല!) സ്വന്തം ദൈവത്തിൽ വിശ്വസിച്ചു്, സ്വന്തം ഉത്തമബോദ്ധ്യങ്ങളിൽ ആശ്രയിച്ചു്, സ്വന്തം വിശ്വാസിസമൂഹങ്ങളിൽ പങ്കുകൊണ്ടു്, പഠിച്ച പ്രാർത്ഥനയും ചൊല്ലി ഒതുങ്ങിക്കഴിയാനും, യാതൊരു കാരണവശാലും ശാസ്ത്രകാര്യങ്ങളിൽ തലയിടാതിരിക്കാനുമാവും ശ്രമിക്കുക. കാരണം, ശാസ്ത്രം എന്നതു് ബൈബിളിലേതുപോലുള്ള ഒരു ദൈവത്തിൽ ഇന്നും വിശ്വസിക്കുന്നവർക്കു് എത്രയോ നംബർ വലിയ ചെരിപ്പാണു്.

ആദിസ്ഫോടനം, റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്സ്‌, ഡാർക്ക്‌ മാറ്റർ, ഡാർക്ക്‌ എനർജി, ബ്ലാക്ക്‌ ഹോൾ, ഹിഗ്സ്‌ ബോസോൺ, മുതലായവ എത്രയോ ശാസ്ത്രീയ വിഷയങ്ങളിൽ ചുരുക്കം ചിലതു് മാത്രമാണു്. ഈ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ശാസ്ത്രജ്ഞാനത്തിന്റെ ഒരംശം. ഇവയെയൊക്കെ തലയിൽ നിർത്തിക്കൊണ്ടു് നമുക്കു് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവു് എന്നു് യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരുപോലെ വിശ്വസിക്കുന്ന ദൈവത്തെ ബൈബിളിലെ ചില വചനങ്ങളിൽ നിന്നും ഒന്നു് വായിച്ചെടുക്കാൻ ശ്രമിക്കാം. ബൈബിളിലെ പല പൊരുത്തക്കേടുകളും പല ലേഖനങ്ങളിലായി കൂടുതൽ വിശദമായി ഞാൻ എഴുതിയിട്ടുണ്ടു്. അതിനാൽ അവയിൽ ചിലതുമാത്രം ഇവിടെ സൂചിപ്പിക്കുന്നു.

1. സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും യഹോവ സൃഷ്ടിക്കുന്നതു് നാലാം ദിവസമാണെന്നിരിക്കെ, ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ സന്ധ്യയും ഉഷസ്സും ഉണ്ടാവുന്നതെങ്ങനെ? ലേഖനത്തിൽ പറയുന്ന പോലെ, ദൈവത്തിന്റെ ഒരു ദിവസം മനുഷ്യരുടെ ഒരു കോടി ദിവസങ്ങളോ ഒരു കോടി വർഷങ്ങളോ ആവാമെന്ന വാദവും ഇതുമായി എങ്ങനെ പൊരുത്തപ്പെടും? ഒരുകോടി വർഷം സന്ധ്യ? ഒരുകോടി വർഷം ഉഷസ്സു്? അതും നാലാം കോടി വർഷം വരെ സൂര്യൻ ഉണ്ടായിരുന്നില്ല എന്നിരിക്കെ? (ഉൽപത്തി 1: 1-19)

2. ബൈബിളിൽ ആദിമനുഷ്യൻ എന്നു് വിശേഷിപ്പിക്കപ്പെടുന്ന ആദാമിന്റെ മൂത്തമകനും സഹോദരഘാതകനുമായ കയീനെ യഹോവ ശിക്ഷിച്ചു് പുറത്താക്കിയപ്പോൾ അവൻ നോദ്‌ എന്ന ദേശത്തുചെന്നു് തനിക്കൊരു ഭാര്യയെ എടുക്കുകയും അവൾ ഹാനോക്കിനെ പ്രസവിക്കുകയും ചെയ്തു. (ഉൽപത്തി 4: 16 17) ഈ കഥ ആദാം ആദിപുരുഷൻ എന്ന ബൈബിൾ നിലപാടുമായി എങ്ങനെ പൊരുത്തപ്പെടും?

3. സോദോം-ഗോമോറായിലെ മനുഷ്യർ സ്വവർഗ്ഗാനുരാഗികളായിരുന്നു എന്നതായിരുന്നു ആ പട്ടണങ്ങൾ ആകാശത്തിൽ നിന്നും തീയും ഗന്ധകവും വർഷിപ്പിച്ചു് പൂർണ്ണമായി നശിപ്പിക്കാൻ യഹോവ തീരുമാനിച്ചതിനു് കാരണം. അപ്പോൾ ദൈവം രക്ഷപെടുത്തിയ ലോത്തും രണ്ടു് പെണ്മക്കളും ആദ്യം സോവർ എന്ന പട്ടണത്തിലും അവിടെ നിന്നും എന്തു് കാരണത്താലോ മനുഷ്യവാസമില്ലാത്ത ഒരു പർവ്വതത്തിലെ ഗുഹയിലും ചെന്നു് പാർക്കുന്നു. അവിടെവച്ചു് അവന്റെ രണ്ടു് പെണ്മക്കളും അവനെ മദ്യം നൽകി ബോധമില്ലാത്തവനാക്കി അവനോടൊപ്പം ശയിച്ചു് ഗർഭിണികളാവുകയും മൂത്തവൾ മോവാബ്യരുടെ പിതാവായ മോവാബിനേയും ഇളയവൾ അമ്മോന്യരുടെ പിതാവായ ബെൻ-അമ്മീയേയും പ്രസവിക്കുകയും ചെയ്യുന്നു! പിതാവിൽ നിന്നും സ്വന്തം പെണ്മക്കൾ ഗർഭിണികളാവുന്നതിനേക്കാൾ കൂടിയ പാപമാണോ സ്വവർഗ്ഗാനുരാഗം? സോദോമും ഗോമോറായും നശിപ്പിച്ച ദൈവം അതുവഴി നേടിയ വിശുദ്ധകൃത്യം! ഇതുപോലൊരു നിസ്സാരപ്രശ്നത്തിൽ പോലും പരിണതഫലങ്ങൾ കാണാൻ കഴിയാതെ കാലിടറി വീഴുന്ന ഒരു ദൈവമാണോ ആദിസ്ഫോടനത്തിന്റെയും പ്രപഞ്ചത്തിന്റേയുമൊക്കെ നടത്തിപ്പുകാരൻ? ദൈവത്തിന്റെ ഇത്തരം വിഡ്ഢിത്തങ്ങളെ ഏതെങ്കിലും ചാണ്ടി ഉപദേശി മറ്റു് രീതികളിൽ വ്യാഖ്യാനിച്ചാൽ ഇന്നത്തെ മനുഷ്യർ അതൊക്കെ മുഖവിലക്കെടുക്കണമെന്നാണോ? (ഉൽപത്തി 19: 1-38)

4. യഹൂദർക്കു് യിസ്രായേൽ എന്ന പേരു് ലഭിച്ച കഥ: യഹോവ ഒരു രാത്രി മുഴുവൻ യാക്കോബുമായി മല്ലുപിടിക്കുന്നു. നേരം വെളുക്കുവോളം മല്ലുപിടിച്ചിട്ടും ജയിക്കാതെ ആയപ്പോൾ ദൈവം യാക്കോബിന്റെ തുടയുടെ തടം തൊട്ടു. അതുവഴി തടം ഉളുക്കിയിട്ടും, യഹോവ പിടിവിടാൻ അപേക്ഷിച്ചിട്ടും പിടിവിടാതിരുന്ന യാക്കോബിനു് ‘ദൈവത്തോടും മനുഷ്യരോടും’ മല്ലുപിടിച്ചു് ജയിച്ചവൻ എന്ന അർത്ഥത്തിൽ ദൈവം യിസ്രായേൽ എന്ന പേരു് നൽകുകയായിരുന്നു! ആധുനികശാസ്ത്രം കണ്ടെത്തിയ തമോഗർത്തത്തിന്റെ ചുമതലക്കാരൻ യാക്കോബിനോടു് ഗുസ്തി പിടിക്കുക മാത്രമല്ല, അതിൽ അവനെ തോൽപിക്കാൻ ദൈവത്തിനു് കഴിയുന്നുമില്ല! ഇത്രയും പോരേ ഹാലേലുയ്യ വിളിക്കാൻ? (ഉൽപത്തി 32: 22-32)

5. മോശെയോടു് “ഞാൻ ആകുന്നവൻ ഞാനാകുന്നു” (പുറപ്പാടു് 3: 14) എന്നൊക്കെ വീരവാദം പറയുന്ന അരൂപിയായ ദൈവത്തെപ്പറ്റി അതേ പുറപ്പാടു് പുസ്തകത്തിൽ തന്നെ മറ്റൊരിടത്തു്: “മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരും കൂടെ കയറിച്ചെന്നു. അവർ യിസ്രയേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു് കീഴെ നീലക്കല്ലു് പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛത പോലെയും ആയിരുന്നു.യിസ്രായേൽ മക്കളുടെ പ്രമാണികൾക്കു് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ടു് ഭക്ഷണപാനീയങ്ങൾ കഴിച്ചു.” (പുറപ്പാടു് 24: 9-11) അതേസമയം പുറപ്പാടിൽ തന്നെ മറ്റൊരിടത്തു് അതേ യഹോവ തന്നെ മോശെയോടു് പറയുന്നതായി എഴുതിയിരിക്കുന്നു: “നിനക്കു് എന്റെ മുഖം കാണ്മാൻ കഴികയില്ല. ഒരു മനുഷ്യനും എന്നെ കണ്ടു് ജീവനോടെ ഇരിക്കയില്ല. … … ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു് നിന്നെ മറയ്ക്കും. പിന്നെ എന്റെ കൈ നീക്കും. നീ എന്റെ പിൻഭാഗം കാണും. എന്റെ മുഖമോ കാണാവതല്ല.” (പുറപ്പാടു് 33: 20-23) അങ്ങനെ, ഒരു രാത്രി മുഴുവൻ യാക്കോബിനോടു് ഗുസ്തിപിടിക്കുന്ന യഹോവ, മോശെയടക്കമുള്ള യഹൂദപ്രമാണിമാരെയും മൂപ്പന്മാരെയും തന്നെ നേരിൽ കണ്ടു് ഭക്ഷണപാനീയങ്ങൾ കഴിക്കാൻ അനുവദിച്ച യഹോവ, ഇവിടെ മോശെയോടു് “എന്റെ മുഖം ആർക്കും കാണാവതല്ല എന്നും, നീ എന്റെ ചന്തി കണ്ടുകൊള്ളൂ” എന്നും പറയുന്നു! വിശ്വാസികളുടെ തലയിൽ ഇപ്പോഴും കോടാനുകോടി ഗാലക്സികളുടെ സ്രഷ്ടാവായി വാഴുന്ന അതേ ദൈവം! ഇതൊക്കെയും വെള്ളം തൊടാതെ വിഴുങ്ങുന്ന വിശ്വാസികളുടെ മാനസികാവസ്ഥക്കു് നൽകാൻ ഭ്രാന്തെന്നല്ലാതെ മറ്റൊരു പേരുണ്ടോ?

വേണമെങ്കിൽ ഇനിയുമുണ്ടു് സകലപ്രപഞ്ചത്തിനും മുൻപേ നിലനിൽക്കുന്നവൻ എന്നു് വിശ്വാസികൾ ഘോരഘോരം ഘോഷിക്കുന്ന ദൈവത്തിന്റെ പൃഷ്ഠവിശേഷങ്ങൾ വേണ്ടുവോളം! എങ്കിലും ഞാൻ ഇവിടെ നിർത്തുന്നു. അഞ്ചാമത്തെ ഉദാഹരണം (യഹോവയുടെ പൃഷ്ഠം കാണിക്കൽ) ബൈബിളിലെ 91-ാ‍ം പേജിൽ നിന്നെടുത്തതാണു്. ബാക്കിയുള്ളവ അതിനു് മുൻപുള്ള പേജുകളിൽ നിന്നും. പഴയനിയമത്തിൽ തന്നെയുണ്ടു് ആയിരത്തോളം പേജുകൾ. പുതിയനിയമം വേറെയും! ആ ഭാഗം ഇതുവരെ തൊട്ടുപോലുമില്ല.

അതുകൊണ്ടു് പ്രിയ വിശ്വാസി സുഹൃത്തുക്കളെ! ആരെന്തു് പറഞ്ഞാലും ചെവിക്കൊള്ളാതെ തീനാളത്തിലേക്കു് പറന്നടുക്കാൻ മാത്രം കഴിയുന്ന വിധം ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട ഈയാംപാറ്റകളല്ല നിങ്ങളെങ്കിൽ, ഇതുപോലുള്ള കിത്താബുകളും കക്ഷത്തിൽ വച്ചു് വലിയവായിൽ ശാസ്ത്രത്തെ കീറിമുറിക്കാൻ ഇറങ്ങുന്നതിനു് മുൻപു് ആദ്യം അവയ്ക്കുള്ളിലുള്ളതു് മനസ്സിരുത്തി വായിച്ചു് അവ ചവറുകൾ ആണെന്നും ചവറുകൾ അല്ലാതെ മറ്റൊന്നുമല്ലെന്നും സ്വയം ബോധ്യപ്പെടുത്തുക. സഹജീവിസ്നേഹത്തിന്റെ പേരിലുള്ള വിനീതമായ ഒരപേക്ഷയായി കരുതിയാൽ മതി.

 
7 Comments

Posted by on Dec 23, 2009 in മതം

 

Tags: , , ,

വിശ്വാസികളും ചർച്ചയും

മലയാളം ബ്ലോഗുകളിൽ മതവിശ്വാസവും, യുക്തിവാദവും തമ്മിൽ നടക്കുന്ന, പലപ്പോഴും തെറിവിളിയായി അധഃപതിച്ചു്, പങ്കാളികൾ ക്ഷീണിക്കുമ്പോൾ എങ്ങുമെങ്ങുമെത്താതെ അവസാനിക്കുന്ന ചർച്ചകളുടെ അർത്ഥശൂന്യതയെപ്പറ്റി എനിക്കു് തോന്നുന്ന ചില കാര്യങ്ങളാണിവ.

അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ആയിരക്കണക്കിനു് വർഷങ്ങളിലൂടെ എത്രയോ വട്ടം ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളാണു് ദൈവവും മതവും വിശ്വാസവുമൊക്കെ. എന്നിട്ടും അത്തരം ചർച്ചകൾക്കു് വ്യക്തമായ ഒരു അന്തിമതീരുമാനത്തിലെത്താൻ കഴിയാതിരുന്നതിന്റെ കാരണം എന്തെന്നു് ചിന്തിക്കുന്ന ലോകത്തിലെ ധാരാളം മനുഷ്യർക്കിന്നറിയാം. സന്മാർഗ്ഗസംരക്ഷകർ എന്ന ആട്ടിൻതോൽ ധരിച്ച, സ്ഥാപിതതാൽപര്യസംരക്ഷകരായ സാമൂഹികചെന്നായ്ക്കളുടെ നിരന്തരമായ “കഠിനാദ്ധ്വാനവും” കൈകടത്തലും മൂലം അത്തരം അറിവുകൾ ബഹുഭൂരിപക്ഷം കേരളീയരിലും എത്തിയില്ല എന്നു് മാത്രം. (പോരെങ്കിൽ നമുക്കു് മനോരമയും, വനിതയും, ഫയറും ഒക്കെയുണ്ടല്ലോ!) മതവിശ്വാസം എന്നതു് യുക്തിയുടെ പണിയായുധങ്ങൾ കൊണ്ടു് സ്ഥാപിക്കാനോ ന്യായീകരിക്കാനോ കഴിയുന്ന ഒന്നല്ല – പല വിശ്വാസികളും അതിനു് ശ്രമിക്കാറുണ്ടെങ്കിലും. മനുഷ്യനു് എന്തും ഏതും വിശ്വസിക്കാം, അഥവാ, വിശ്വാസത്തിനു് പരിധികളില്ല. സൂര്യനെ വിഴുങ്ങാൻ ശേഷിയുള്ള പാമ്പും, ഒറ്റ രാത്രികൊണ്ടു് സ്വർഗ്ഗത്തിൽ പോയി മടങ്ങിവരുന്ന മുഹമ്മദും, മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു് പച്ചയായ ശരീരവുമായി സ്വർഗ്ഗാരോഹണം ചെയ്ത യേശുവുമൊന്നും വിശ്വാസത്തിന്റെ ലോകത്തിൽ വൈരുദ്ധ്യങ്ങളല്ല. അതേസമയം, അത്തരം ലോകങ്ങളുമായി ഏതെങ്കിലുമൊരു ബന്ധം സങ്കൽപിക്കാൻ പോലും കഴിയുന്ന ലോകമല്ല യുക്തിബോധത്തിന്റേതു്. മാനസികവിഭ്രാന്തിയുടെയും യുക്തിയുടെയും ലോകങ്ങൾ പരസ്പരം ബന്ധിപ്പിക്കാവുന്നവയല്ല. ഒരു വിശ്വാസി സ്വാഭാവികം എന്നപോലെ വിശ്വസിക്കാൻ തയ്യാറാവുന്ന നൂറുകണക്കിനു് ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണിവ. ഇതിൽ ഏതെങ്കിലും ഒരു കാര്യം ഇന്നത്തെ സാധാരണ ജീവിതത്തിലും സംഭവിക്കാനുള്ള സാദ്ധ്യതയിൽ വിശ്വസിക്കുന്ന ഒരുവനു് മാനസികവിഭ്രാന്തി ഉള്ളതായി മനുഷ്യർ വിശ്വസിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, പണ്ടൊരു കാലത്തു് അക്ഷരം പ്രതി സംഭവിച്ച കാര്യങ്ങളാണു് ഇതൊക്കെ എന്നു് വിശ്വസിക്കാൻ ചില മനുഷ്യർ ഇന്നും ലജ്ജിക്കുന്നില്ല! ഈ നുണകളെ ആരെങ്കിലും ചോദ്യം ചെയ്താൽ അതൊക്കെ പ്രതീകങ്ങളാണെന്നു് സ്ഥാപിച്ചു് ജാള്യത മറയ്ക്കാൻ സ്വയം ബുദ്ധിജീവികളായി കരുതുന്ന ചിലർ ശ്രമിക്കാറുമുണ്ടു്. പക്ഷേ, വസ്തുതകളുടെ തനിനിറത്തിൽ അതുവഴി മാറ്റമൊന്നും വരുന്നില്ല. ഒരു പർവ്വതം പറിച്ചെടുത്തു് പറക്കാൻ എത്ര ശക്തനായാലും ഒരു കുരങ്ങനു് കഴിയുമെന്നു് തലയിൽ കുടിപാർപ്പുള്ള ആരെങ്കിലും ഇന്നു് തമാശക്കുപോലും വിശ്വസിക്കുമോ? പക്ഷേ, പുരാണത്തിലെ അത്തരം കഥകൾ അങ്ങേയറ്റം ഗൗരവത്തോടെ വിശ്വസിക്കാൻ മാത്രമല്ല, അതിനെ പരിഹസിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവനെ പറ്റിയാൽ വകവരുത്താൻ പോലും ചില മനുഷ്യർ തയ്യാറാവും! എന്തുകൊണ്ടു് ഇങ്ങനെ സംഭവിക്കുന്നു? ഇത്തരം വിഷയങ്ങളിൽ ഉണ്ടെന്നു് സങ്കൽപിക്കപ്പെടുന്ന ദൈവത്തിന്റെ പങ്കാളിത്തവും ശീലമായി മാറുന്ന കീഴ്‌വഴക്കങ്ങളും മനുഷ്യനെ എന്തെന്തു് ചെയ്തികൾക്കു് പ്രാപ്തനാക്കുമെന്നതിനുള്ള തെളിവുകളാണിവ. വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ആരെങ്കിലുമായിരുന്നു ഇതൊക്കെ വിശ്വസിക്കുന്നതെങ്കിൽ അതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ.

അനിശ്ചിതത്വങ്ങളുടെ ആകെത്തുകയായ ജീവിതത്തിൽ ആശ്രയയോഗ്യനും വിശ്വസ്തനുമായി ആരോ ചൂണ്ടിക്കാണിച്ച അത്താണിയായ ദൈവത്തെ സാമാന്യമനുഷ്യൻ വലിയ ആലോചനയോ അപഗ്രഥനമോ ഒന്നും നടത്താതെ മനസ്സിലേറ്റുന്നതു് സ്വാഭാവികം. ഈ സംഗതി അവിടെ അവസാനിച്ചിരുന്നെങ്കിൽ പ്രശ്നമൊന്നുമില്ലായിരുന്നു. പക്ഷേ, ആ അത്താണിക്കു് കാവൽക്കാർ ഉണ്ടാവുകയും, അത്താണിയിൽ ഭാരം ഇറക്കിവയ്ക്കുന്നതിനു് നികുതി നിശ്ചയിക്കപ്പെടുകയും, നികുതി അടയ്ക്കുന്നതിലെ പിഴവുകൾ കർശനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു. കരുതിക്കൂട്ടിയുള്ള ഈ ചൂഷണം മനസ്സിലാക്കാതിരിക്കാൻ മനുഷ്യർ അജ്ഞതയിൽ പിടിച്ചുനിർത്തപ്പെടുകയും കൂടി ചെയ്യുമ്പോൾ അതു് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഗൗരവതരമായ ഒരു സാമൂഹികപ്രശ്നമായി രൂപാന്തരം പ്രാപിക്കുന്നു. നൽകാൻ കഴിയാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്തു് പ്രതിഫലം പറ്റുന്നതു് ചൂഷണമാണു്. അത്തരം ചൂഷണങ്ങൾക്കുനേരെ നിശബ്ദത പാലിക്കാൻ ഒരു ആധുനികസമൂഹത്തിനു് അവകാശമില്ല. (അതോടൊപ്പം, “എന്റെ ശത്രുവിന്റെ ശത്രു എനിക്കു് സുഹൃത്തു്” എന്ന തത്വത്തിൽ സാമൂഹിക പരിഷ്കർത്താക്കളുടെ വേഷമണിയുന്നവർ പൊതുസമൂഹത്തിനു് ഗുണത്തിലേറെ ദോഷമേ ചെയ്യൂ എന്നും കൂടി മനസ്സിലാക്കിയിരുന്നാൽ പിൽകാലത്തു് ദൗർഭാഗ്യകരമായ ആശ്ചര്യങ്ങളെ നേരിടാതിരിക്കാം.)

ഇവിടെയാണു് മനുഷ്യർക്കു് കുറ്റവും ശിക്ഷയും വിധിക്കുന്ന ഈ “ദൈവം” ആരാണു് എന്ന ചിന്ത പ്രസക്തമാവുന്നതു്. ഇപ്പോഴാണു് ദൈവത്തിന്റെ വിശ്വസ്തകാവൽക്കാരായി സ്വയം അവരോധിച്ചിരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ദൈവവും മനുഷ്യന്റെ ചിന്തയ്ക്കോ ബുദ്ധിക്കോ ഏതെങ്കിലും വിധത്തിൽ പൂർണ്ണമായി അറിയാൻ കഴിയാത്ത ഒരു പ്രപഞ്ചത്തിന്റെ “നാഥനും” (അങ്ങനെയൊന്നു് ഉണ്ടെങ്കിൽ!) തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു് വ്യക്തമാവുന്നതു്. അപ്പോൾ മാത്രമാണു് ഒരു പ്രപഞ്ചനാഥനെ പ്രതിനിധീകരിക്കുന്നതിനുള്ള യാതൊരു യോഗ്യതയും ഇല്ലാത്ത കുറെ എലികളാണു് പുലിത്തോലിട്ടു് മനുഷ്യരുടെ മുന്നിൽ “പുലിക്കളി” നടത്തി പണം പിടുങ്ങുന്നതു് എന്നു് തിരിച്ചറിയാൻ നമ്മൾ നിർബന്ധിതരാവുന്നതു്. തീർച്ചയായും “പുലിക്കളികൾ” കാണാനും അതിനു് പ്രതിഫലം നൽകാനും, മനുഷ്യർക്കു് സ്വാതന്ത്ര്യമുണ്ടു്. പക്ഷേ, പുലിത്തോലിനുള്ളിൽ എലികളാണെന്ന സത്യം “പുലികൾ” മറച്ചുപിടിക്കുകയാണെങ്കിൽ അതു് ജനവഞ്ചനയാണു്. അതുകൊണ്ടുതന്നെ, ജനജീവിതത്തെ പ്രത്യക്ഷമോ പരോക്ഷമോ ആയി ബാധിക്കുന്ന എല്ലാ കാര്യങ്ങളുടെയും വിവിധ വശങ്ങൾ വ്യക്തമായി മനസ്സിലാക്കാനുള്ള സാഹചര്യം ജനങ്ങൾക്കു് ലഭിച്ചിരിക്കണം. അതിനു് അറിവിലേക്കുള്ള വാതിലുകൾ തുറന്നിട്ടാൽ മാത്രം പോരാ, അറിവിനെ ഉൾക്കൊള്ളാൻ മതിയായ വിദ്യാഭ്യാസം മൗലികമായ മനുഷ്യാവകാശമായി അംഗീകരിക്കുകയും ലഭ്യമാക്കുകയും വേണം. ഒരു പൗരന്റെ തീരുമാനങ്ങളും നിലപാടുകളും യുക്തിപൂർവ്വമാവുന്നതിനുള്ള അടിസ്ഥാനനിബന്ധനയാണതു്. ആദ്യം സൂചിപ്പിച്ചതുപോലെ, മാനസികവിഭ്രാന്തിയും യുക്തിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിലേ മതങ്ങളുടെ “ദൈവവും”, ഒരു പ്രപഞ്ചനിയന്ത്രണശക്തി “ഉണ്ടായിരിക്കണം” എന്ന നിർബന്ധത്തിൽ നിന്നും “ഉടലെടുക്കുന്ന ദൈവവും” തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാവുകയുള്ളു. മനുഷ്യനെ അവന്റെ വിധിയിൽ നിന്നും അവന്റെ ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിവുള്ള ഒരു ദൈവം, അതിനുവേണ്ടി ആരാധിക്കപ്പെടേണ്ട ഒരു ദൈവം, അതിനായി മനുഷ്യനോടു് പിഴയൊടുക്കാൻ ആവശ്യപ്പെടുന്ന ഒരു ദൈവം ഉണ്ടെന്ന മതങ്ങളുടെ അവകാശവാദം മനുഷ്യബുദ്ധിയെ ബലാൽസംഗം ചെയ്യുന്നതിനു് തുല്യമാണു്. ദുരിതങ്ങളിൽ നിന്നും മനുഷ്യനു് മോചനം നൽകാൻ കഴിയുന്ന ഒരു സർവ്വശക്തനു് ദുരിതങ്ങൾ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനും കഴിയേണ്ടതാണു് എന്നതു് ഒരു സിമ്പിൾ ലോജിക്കാണു്. അതുപോലെതന്നെ, മനുഷ്യർക്കു് മരണാനന്തരം സ്വർഗ്ഗീയപറുദീസ ഒരുക്കാൻ കഴിയുന്ന ഒരു ദൈവത്തിനു് മരണത്തിനു് മുൻപുള്ള അവരുടെ ജീവിതത്തിലും പറുദീസയും തീന്മേശയും ഒരുക്കാൻ തീർച്ചയായും കഴിയണം. അതറിയാൻ ഏതെങ്കിലും ഡോഗ്മക്കാരന്റേയോ വ്യാഖ്യാതാവിന്റേയോ സഹായം ആവശ്യമില്ല. അത്തരം ലളിതയാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു് തലതിരിക്കുന്നവർക്കാണു് “ഭണ്ഡാരദൈവങ്ങളുടെ” ആവശ്യം. ഒരു വിശ്വാസിക്കു് അതൊന്നും മനസ്സിലാവുന്നില്ലെങ്കിൽ അതിന്റെ കാരണമെന്തെന്നു് അവൻ അവനിൽ തന്നെ, അവന്റെ ബുദ്ധിശൂന്യതയിൽ തന്നെയാണു് തേടേണ്ടതു്. വിശ്വാസത്തിന്റെ കാര്യത്തിൽ പൊതുവേ എന്നപോലെ, ഒരുവനു് അവന്റെ ബുദ്ധിയിലുള്ള “വിശ്വാസം” അവന്റെ ബുദ്ധിയുടെ തെളിവല്ല. ആ “ബുദ്ധി” കൊണ്ടു് അതു് മനസ്സിലാക്കാൻ അവനു് ആവുകയുമില്ല. അതുപോലുള്ളവരാണു് കേട്ടറിവുകളിൽ മാത്രമുള്ള അവരുടെ ആരാദ്ധ്യപുരുഷന്മാരെ ആദർശപുരുഷന്മാരാക്കി മാറ്റി, സ്വന്തം മൂഢത്വത്തെ ശ്രേഷ്ഠതയാക്കി മാറ്റി ആമോദം കൊള്ളുന്നവർ!

മതങ്ങളുടെ ദൈവവും, എന്തെന്നോ ഏതെന്നോ അറിയാത്ത, ഉണ്ടെന്നും ഇല്ലെന്നും ഒരേശ്വാസത്തിൽ പറഞ്ഞാലും വൈരുദ്ധ്യമൊന്നുമില്ലാത്ത “പ്രപഞ്ചനിയന്ത്രകശക്തി” എന്ന ദൈവവും രണ്ടും രണ്ടാണു് എന്നപോലെതന്നെ വിശ്വാസത്തിന്റെ കാര്യത്തിലും രണ്ടിനമുണ്ടു്. വിശ്വാസത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനു് മുൻപു്  “ഏതു്” വിശ്വാസമാണു് ചർച്ചാവിഷയം എന്നു് നിശ്ചയിക്കപ്പെട്ടാൽ പല ചർച്ചകളും ആരംഭത്തിലേതന്നെ ഒഴിവാക്കാനും സമയം ലാഭിക്കാനും അതു് സഹായിക്കും. വിശ്വാസം എന്നതു് അതിൽത്തന്നെ ഒരു ചീത്തക്കാര്യമല്ല. ജീവിതത്തിൽ ഒരു പ്രത്യേകലക്ഷ്യം നേടാനായി പരിശ്രമിക്കുന്ന ഏതൊരുവനും ആ ലക്ഷ്യം നേടാനുള്ള അവന്റെ യോഗ്യതയിലും കഴിവിലുമുള്ള വിശ്വാസം അഥവാ, ആത്മവിശ്വാസം അത്യന്താപേക്ഷിതമാണു്. അതില്ലാതെ ഒരു ശാസ്ത്രജ്ഞനും ഒരു കലാകാരനും ഒരു സാഹിത്യകാരനും വിജയിക്കാനാവില്ല. അത്തരം ആത്മവിശ്വാസത്തിനു് യുക്തിബോധത്തിന്റേതായ ഒരടിത്തറയുണ്ടു്. അവന്റെ നിലപാടു് തെറ്റാണെന്നു് യുക്തിപൂർവ്വം അവനെ ബോദ്ധ്യപ്പെടുത്തിയാൽ അതു് തിരുത്താൻ അവൻ മടിക്കുകയില്ല. ആ വിശ്വാസത്തേപ്പറ്റി വലിയ ചർച്ചയൊന്നും ആവശ്യമില്ല. ഏതെങ്കിലും ഒരു വിശ്വാസി അങ്ങനെയൊരു ചർച്ച ആവശ്യമുള്ളതായി കരുതുന്നുണ്ടെന്നും തോന്നുന്നില്ല. വിശ്വാസപരമായ കാര്യങ്ങളിൽ ദൈവം കടന്നുവരുമ്പോഴാണു് എപ്പോഴും അതൊരു വലിയ പ്രശ്നമായി മാറുന്നതു്. എന്തുകൊണ്ടെന്നറിയില്ല, ദൈവത്തെ സംരക്ഷിക്കേണ്ടതു് തന്റെ ഒന്നാമത്തെ ചുമതല ആയാണു് ചില വിശ്വാസികൾ കരുതുന്നതു്. അതേസമയം അവരുടെ ദൈവം സർവ്വശക്തനാണു് താനും! മതപരമായ ചർച്ചകളിൽ ദൈവപക്ഷം ചേരുന്നവരെ അവരുടെ സഹിഷ്ണുതയുടേയും, ഭാഷയുടെയും, അറിവിന്റേയും അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ദൈവസംരക്ഷകരാവാൻ മറ്റാരേക്കാളും അവർക്കുള്ള യോഗ്യത പിടികിട്ടും. കുറേ ശ്രമിച്ചിട്ടും പ്രയോജനമില്ലെങ്കിൽ ദൈവവും മനുഷ്യരെ കൈവിടും എന്നതിന്റെ തെളിവാണവർ!

തന്നിൽത്തന്നെയുള്ള വിശ്വാസത്തിൽ നിന്നും, അഥവാ, ആത്മവിശ്വാസത്തിൽ നിന്നും വിപരീതമായി, മതപരമായ വിശ്വാസം മനുഷ്യനു് അവന്റെ വിശ്വാസത്തിൽ തന്നെയുള്ള വിശ്വാസമാണു് – അതുകൊണ്ടുതന്നെ അതു് യുക്തിരഹിതവുമാണു്. യുക്തിരഹിതമായതുകൊണ്ടു് മതപരമായ വിശ്വാസം മനുഷ്യനു് തികച്ചും പ്രയോജനരഹിതമാണെന്നു് അർത്ഥമില്ല. ഒരു മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുമ്പോഴും സത്യത്തിൽ അവൻ അവനിൽ തന്നെയാണു് വിശ്വസിക്കുന്നതു്. പ്രത്യക്ഷമായ ദൈവവിശ്വാസം പരോക്ഷമായ ആത്മവിശ്വാസം മാത്രമാണു്. ബുദ്ധിയിലൂടെയല്ല, വിശ്വാസത്തിലൂടെയാണു് ഒരുവൻ തന്റെ വിശ്വാസത്തിൽ എത്തുന്നതു് എന്നതിനാൽ ഈ സത്യം അവൻ അറിയുന്നില്ലെന്നു് മാത്രം. ബുദ്ധിയിലൂടെ വിശ്വാസത്തിൽ എത്താൻ സാധാരണഗതിയിൽ ആർക്കും കഴിയുകയുമില്ല. കാരണം, ലോജിക്കൽ അല്ലാത്ത തീരുമാനങ്ങൾക്കു് ബുദ്ധിയുടെ അംഗീകാരം ലഭിക്കുകയില്ല. മതപരമായ വിശ്വാസം ഒരു വിശ്വാസിക്കു് നൽകുന്നതു് മനഃശാസ്ത്രപരമായ ഒരു പിൻതുണ, ഒരു ആത്മബലം മാത്രമാണു്. അതിൽ അമാനുഷികമോ, അഭൗമികമോ ആയ യാതൊന്നുമില്ല. ദൈവത്തിനെന്ന ധാരണയിൽ ഒരു വിശ്വാസി അർപ്പിക്കുന്ന പ്രാർത്ഥനയും നോമ്പും നേർച്ചയുമെല്ലാം മനഃശാസ്ത്രപരമായ ഒരു പിൻതുണയ്ക്കായി, അവന്റെ സ്വന്തം ആത്മവിശ്വാസത്തിനായി അവൻ നൽകുന്ന വിലമാത്രമാണു് – അവനു് അറിയാൻ കഴിയാത്തതോ, ഒരുപക്ഷേ, ആഗ്രഹിക്കാത്തതോ ആയ മറ്റൊരു സത്യം! ഒരുകാര്യം എന്തായാലും നമുക്കു് വ്യക്തമായിരിക്കണം: ഏതെങ്കിലും ഒരു മനുഷ്യജീവിതത്തെ സംബന്ധിച്ചു് ദൈവം ഒരിക്കൽ – ലോകാരംഭത്തിനു് മുൻപേതന്നെ എന്നു് കാന്താരിയേക്കാൾ എരിവേറിയ വിശ്വാസമുള്ള ചില അൽപപ്രാണികളുടെ ഭാഷ! – കൈക്കൊണ്ട ഒരു തീരുമാനം, അഥവാ ഒരു മനുഷ്യന്റെ “ദൈവവിധി”, ദൈവത്തിനു് വിലകൊടുത്തോ, ദൈവത്തിനോടു്  “മുട്ടിപ്പായി” (“ദൈവത്തിന്റെ സ്വൈര്യം കെടുത്തി” എന്നു് പച്ചമലയാളം) പ്രാർത്ഥിച്ചോ, നോമ്പു് നോറ്റോ ദൈവത്തെക്കൊണ്ടു് പുനഃപരിശോധിപ്പിക്കാമെന്നും, തിരുത്തിക്കാമെന്നും കരുതുന്നവൻ അവനെ അവന്റെ ദൈവത്തിനും മുകളിലായി പ്രതിഷ്ഠിക്കുകയാണു് ചെയ്യുന്നതു്.

മുടങ്ങാതെ പ്രാർത്ഥിച്ചിട്ടും രോഗം ബാധിച്ചു് മരിച്ച വിശ്വാസിയായ ഒരു ചെറുപ്പക്കാരന്റെ “ആത്മാവിനു്” വേണമെങ്കിൽ ഇങ്ങനെയും പറയാം: “എനിക്കൊരു തീരാരോഗം വരണമെന്നും, അതുവഴി ഞാൻ അതിദാരുണമായി മരിക്കണമെന്നുമായിരുന്നു ദൈവവിധി. മരണത്തിൽ നിന്നും എന്നെ മോചിപ്പിക്കാൻ ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കണമെന്നതും എങ്കിൽ പോലും ഞാൻ മരിക്കണമെന്നതും ദൈവത്തിന്റെ മാറ്റമില്ലാത്ത വിധിയായിരുന്നു. (അല്ലെങ്കിൽ ഞാൻ മരിക്കുകയില്ലായിരുന്നല്ലോ!) പക്ഷേ, ദൈവത്തിന്റെ തീരുമാനം എന്തെന്നു് അറിയാൻ കഴിയാതിരുന്നതുകൊണ്ടു് ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” രോഗവും മരണവും, അതിനെതിരായ പ്രാർത്ഥനയും ഒരേ കഷായകുറിപ്പടിയിൽ രേഖപ്പെടുത്തുന്ന ഒരു ആയുർവ്വേദവൈദ്യനാണോ ദൈവം? പ്രാർത്ഥിച്ചാൽ തിരുത്താൻ വേണ്ടി മനുഷ്യരുടെ വിധി നിശ്ചയിക്കുന്നവൻ ഒരിക്കലും “ദൈവം” എന്ന നാമത്തിനു് അർഹനല്ല. മനുഷ്യരോടു് പ്രാർത്ഥനയും നോമ്പും നേർച്ചയും ആവശ്യപ്പെടുന്ന ദൈവത്തിനു് ഒരു പേരേയുള്ളു: “പുരോഹിതൻ”! മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതു് ദൈവനിശ്ചിതമായ ഒരു വിധിയാണെങ്കിൽ മനുഷ്യവിധിയെ തിരുത്താനായി നടത്തപ്പെടുന്ന ഏതുതരത്തിലുള്ള ചടങ്ങുകളും ദൈവനിശ്ചയത്തെ അവഹേളിക്കലാണു്, ഭ്രാന്താണു്.

ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമായും, മനുഷ്യനെ സൃഷ്ടിയുടെ “മകുടമായും” സങ്കൽപിച്ചിരുന്ന ഒരു കാലത്തു് മനുഷ്യരെ നിയന്ത്രിച്ചിരുന്ന പുരോഹിതവർഗ്ഗവും അവരുടെ ശിങ്കിടികളും കൂടി തട്ടിക്കൂട്ടിയ ഒരു പ്രപഞ്ചവ്യാഖ്യാനത്തിൽ നിന്നും ഇതിൽ കൂടുതലൊക്കെ എന്തു് പ്രതീക്ഷിക്കാൻ? പ്രപഞ്ചത്തെപ്പറ്റി ഒരു സാമാന്യധാരണയെങ്കിലുമുള്ള ആർക്കും അറിയാം ഭൂമിക്കു് ഈ പ്രപഞ്ചത്തിൽ ഒരു ബിന്ദുവിന്റെ പോലും വലിപ്പമോ പ്രാധാന്യമോ ഇല്ലെന്നു്. പിന്നെ അതിൽ ജീവിക്കുന്ന മനുഷ്യരുടെ കാര്യം എന്തു് പറയാൻ? അത്തരം മനുഷ്യരുടെ ജീവിതവും ചേഷ്ടകളും കൃത്യമായി ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കുന്നവനാണു് പ്രപഞ്ചനാഥനെങ്കിൽ ദയനീയമാണു് അവന്റെ കാര്യം എന്നേ പറയാനുള്ളു. പുരോഹിതൻ സൃഷ്ടിച്ചെടുത്ത ഒരു നുണ മാത്രമാണു് മതങ്ങളിലെ ദൈവം! മനുഷ്യരെ ഒന്നടങ്കം ഒരു പിൻതുടരൽ ഭീതിക്കു് അടിമപ്പെടുത്തുകയായിരുന്നു അതുവഴി ഈ വിശുദ്ധപരാന്നഭോജികളുടെ ലക്ഷ്യം. അടിസ്ഥാനരഹിതമായ പിൻതുടരൽഭീതി ഒരു മാനസികരോഗമാണു്. മനുഷ്യരാശിയെ മാനസികരോഗികൾ ആക്കുകയായിരുന്നു പുരോഹിതന്റെ ലക്ഷ്യം. ഇന്നും അവൻ ചെയ്യുന്നതു് മറ്റൊന്നുമല്ല.

ദൈവത്തിൽ (യഹോവയിൽ, അല്ലാഹുവിൽ, ബുദ്ധനിൽ, യേശുവിൽ, മറിയയിൽ) വിശ്വസിക്കുന്ന അതേ പ്രയോജനം കല്ലുകൊണ്ടോ മരംകൊണ്ടോ കളിമണ്ണുകൊണ്ടോ ഉള്ള ദേവീ-ദേവവിഗ്രഹങ്ങളിലുള്ള വിശ്വാസത്തിൽ നിന്നും തീർച്ചയായും മനുഷ്യനു് ലഭിക്കും. അതുപോലെതന്നെ, വിശ്വാസത്തിനു് പ്രതിഫലം ലഭിക്കുന്നതിനു് (കൃത്യമായി പറഞ്ഞാൽ, വിശ്വാസത്തിനു് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തിനു്) ദൈവം മൂർത്തമോ അമൂർത്തമോ എന്ന വ്യത്യാസമൊന്നുമില്ല. രൂപമോ, ഭാവമോ, പേരോ, ഭൗതികമായ മറ്റു് ഏതെങ്കിലും ഗുണങ്ങളോ ഇല്ലാത്ത ഒരു അമൂർത്ത ദൈവത്തിൽ വിശ്വസിക്കാൻ ഒന്നാമതു് മനുഷ്യർക്കാവില്ല, രണ്ടാമതു്, അങ്ങനെയൊരു ദൈവം വെറുംവാക്കുകൾ കൊണ്ടുള്ള പാഴ്‌വർണ്ണന മാത്രമായ, യാതൊരു അർത്ഥവുമില്ലാത്ത ഒരു മസ്തിഷ്കഭൂതം മാത്രമാണുതാനും. ഭൗതികമായ നിലനിൽപിന്റെ എല്ലാ ഗുണങ്ങളും സ്വഭാവങ്ങളും നിഷേധിക്കപ്പെടുന്ന ഒരു വസ്തുവിനു് (ആ വസ്തുവിനു് ദൈവം എന്നു് പേരു് നൽകിയാലും!) ഭൗതികമായ നിലനിൽപുമില്ല, അത്രതന്നെ! ശൂന്യത! വരയില്ലാത്ത “വട്ടപ്പൂജ്യം”!

ഭൗതികതയുടെ ഗുണങ്ങൾ കൊണ്ടു് വർണ്ണിക്കാനാവാത്ത ഒരു “ദൈവത്തെ ആരാധിക്കുക” എന്നാൽ ഭൗതികതയുടെ ഗുണങ്ങളൊന്നുമില്ലാത്ത ഒരു “വിഗ്രഹത്തെ ആരാധിക്കുക” എന്നേ അർത്ഥമുള്ളു, Full stop!

ഖുർആനിലെ ഒരു വാക്യം: “(നബിയേ,) നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ്‌ തീർത്ഥാടനത്തിനും കാലനിർണ്ണയത്തിനുള്ള ഉപാധികളാകുന്നു അവ.” (2:189) ചന്ദ്രക്കലകളെപ്പറ്റി അല്ലാഹു മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുത്ത ഈ “പ്രപഞ്ചസത്യം” ഒരുപ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ളവൻ ഖുർആനിൽ ബിഗ്‌-ബാംഗ്‌ സൂചിപ്പിച്ചിട്ടുണ്ടെന്നും മറ്റും അവകാശപ്പെടാൻ വാസ്തവത്തിൽ ലജ്ജിക്കേണ്ടതല്ലേ? ചന്ദ്രക്കലയെന്തെന്നുപോലും അറിയാത്ത അല്ലാഹുവാണു് ബിഗ്‌-ബാംഗ്‌ കൃത്യമായി മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുക്കുന്നതു്! പൊതുജനം ഇതൊക്കെ കേൾക്കുമ്പോൾ തൊണ്ടതൊടാതെ വിഴുങ്ങുമെന്നാണു് ഈ ‘ഖുർആൻ-ബാംഗ്‌ പണ്ഡിതർ’ കരുതുന്നതെങ്കിൽ അവർ എത്രമാത്രം വിഡ്ഢികളായിരിക്കണം എന്നു് ചിന്തിച്ചാൽ മതി.

ഖുർആനിൽ നിന്നും വീണ്ടും: “തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇമ്രാന്റെ മകളായ മർയമിനേയും (ഉപമയായി എടുത്തു് കാണിച്ചിരിക്കുന്നു.) അപ്പോൾ നമ്മുടെ ആത്മചൈതന്യത്തിൽ നിന്നും നാം അതിൽ ഊതുകയുണ്ടായി.” (66:12)

ഇനി മറ്റൊന്നു്: “തീർച്ചയായും അല്ലാഹുവിനു് പുറമേ നിങ്ങൾ വിളിച്ചു് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാർ മാത്രമാണു്. … … അവർക്കു് നടക്കാൻ കാലുകളുണ്ടോ? അവർക്കു് പിടിക്കാൻ കൈകളുണ്ടോ? അവർക്കു് കാണാൻ കണ്ണുകളുണ്ടോ? അവർക്കു് കേൾക്കാൻ കാതുകളുണ്ടോ?” (7:194,195)

മറിയയുടെ ഗുഹ്യസ്ഥാനത്തു് ഊതുന്ന അല്ലാഹു, കയ്യും കാലും മൂക്കുമുള്ള അല്ലാഹു, ബിഗ്‌-ബാംഗിൽ ഡോക്ടറേറ്റ്‌ എടുത്ത അല്ലാഹു, ജെനറ്റിക്സിൽ റിസേർച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന അല്ലാഹു, പരിണാമസിദ്ധാന്തം കണ്ടുപിടിക്കാതിരിക്കാൻ ചാൾസ്‌ ഡാർവിനെ അവന്റെ കപ്പൽ യാത്രയ്ക്കിടയിൽ മുക്കി കൊല്ലാൻ എന്തുകൊണ്ടോ മറന്നുപോയ അല്ലാഹു!!

ഇതുപോലൊരു നൂറു് മണ്ടത്തരങ്ങൾ വേറെയുമുണ്ടു്. അതിനെപ്പറ്റിയൊക്കെ ഖുർആൻ മാത്രമാണു് genuine എന്നു് അലമുറയിടുന്ന ഒരു വിശ്വാസിയുമായി ചർച്ച ചെയ്യാൻ പോയാൽ കേൾക്കുന്ന വാദമുഖങ്ങൾ കേട്ടോളൂ: ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങൾക്കു് തെളിവില്ല, ചർച്ച നടത്തുന്നവരുടെ യുക്തി അടിച്ചുപോയി, യുക്തിവാദികൾക്കു് ഒരു ചോദ്യത്തിനും മറുപടിയില്ല, മാഷ്‌ എന്നെ ചിരിപ്പിച്ചുകൊല്ലും, നാളെ ഞാൻ പരിണാമവാദത്തിന്റെ ശവസംസ്കാരം നടത്തും, ഞങ്ങൾ ഇങ്ങനെ ഒന്നുരണ്ടുപേരൊഴികെ ബാക്കി നിങ്ങളൊക്കെ വരികൾക്കിടയിലൂടെയാണു് വായിക്കുന്നതു്, … പോരെങ്കിൽ മുകളിൽ സൂചിപ്പിച്ചപോലെ, പരിണാമസിദ്ധാന്തവും, ബിഗ്‌-ബാംഗും, ജെനറ്റിക്സും, ഇടതുപക്ഷവും, വലതുപക്ഷവും, എന്തിനു് , ചർച്ചയിൽ പങ്കെടുക്കുന്നവനേയും, പറ്റുമെങ്കിൽ അവന്റെ സകല കുടുംബാംഗങ്ങളെ വരെയും അസഭ്യം പറയും. ഇതൊക്കെ ചെയ്യുന്നവർ തന്നെ യുക്തിവാദികൾ ലോകത്തിലുള്ള സകലവിഷയങ്ങളും കൂട്ടിക്കലർത്തുന്നു എന്ന പരാതിയും ഉന്നയിക്കും. വസ്തുതകൾ അറിയാവുന്നവനു് വ്യക്തിഹത്യ ചെയ്യാതെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കാം. അതെങ്ങനെ, പാലിൽ വെള്ളം ചേർക്കുന്നതും, ചക്ക പഴുക്കുന്നതും, പച്ച മാങ്ങ പുളിക്കുന്നതുമെല്ലാമാണു് വിശ്വാസത്തിലെ യുക്തി തെളിയിക്കാനായി നിരത്തുന്ന വാദമുഖങ്ങൾക്കു് നൽകുന്ന പിൻബലങ്ങൾ! അതൊക്കെ വേദോപദേശക്ലാസുകളിലെ കൊച്ചുകുട്ടികളോടു്  (ഒരുപക്ഷേ) “രസകരമായ” ഉപമകളായി പറയാൻ കൊള്ളാം. ദൈവവും മതവും വിശ്വാസവുമൊക്കെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നിടത്തു് അത്തരം ഉപമകൾ വിലപ്പോവുകയില്ല.

മനുഷ്യനു് ആദ്യം വേണ്ടതു് തന്നോടുതന്നെയുള്ള ആത്മാർത്ഥതയാണു്. മനുഷ്യരുടെ ശാരീരികാവയവങ്ങളുള്ള, ഏതെങ്കിലും മറിയയുടെ ഗുഹ്യസ്ഥാനത്തു് ഊതുന്ന ഒരുവനാണു്  “പ്രപഞ്ചനാഥൻ” എന്നു് വിശേഷിപ്പിക്കപ്പെടുന്ന അല്ലാഹുവെന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനു് മുൻപു് ഏതു് പ്രപഞ്ചമാണു് അല്ലാഹുവെന്ന, മുഹമ്മദിന്റെ അഭിപ്രായത്തിൽ “കൗശലക്കാരനായ”, ഈ ദൈവം നിയന്ത്രിക്കുന്നതു് എന്നൊരു നേരിയ ധാരണയെങ്കിലും ഇല്ലെങ്കിൽ പിന്നെ അങ്ങനെയുള്ളവരുടെ വാദങ്ങളിൽ എന്തു് ശാസ്ത്രീയത? എന്തു് യുക്തിബോധം? അതുപോലുള്ളവർക്കു് കൂടുതൽ യോജിച്ച പങ്കാളികൾ സന്തോഷ്‌ മാധവനേപ്പോലെയുള്ളവരായിരിക്കും. അവരും ദൈവനാമത്തിലാണു് വിശുദ്ധനാടകങ്ങളുടെ അരങ്ങേറ്റം നടത്തുന്നതു് എന്നതിനാൽ അവിടെ കൂടുതൽ സമാനതകൾ കണ്ടെത്താനായേക്കും.

ബൈബിളിലുമുണ്ടു് ഇതുപോലെ കുറെ ഏറെ “പാണ്ഡിത്യങ്ങൾ”! ഇതാ ഒന്നു്: “ഭൂമിയിൽ നിന്നു് പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം കൽപിച്ചു. അങ്ങനെ സംഭവിച്ചു” (ഉൽപത്തി 1:11). പുതിയതായി സൃഷ്ടിച്ചതും, പാഴും ശൂന്യവുമായിരുന്നതുമായ ഒരു ഭൂമിയിൽ അതതുതരം പുല്ലോ സസ്യങ്ങളോ മരങ്ങളോ മുളച്ചുവരട്ടേ എന്നു് കൽപിച്ചാൽ ഒരു ചവറും മുളച്ചുവരില്ല, വരാൻ കഴിയില്ല – കൽപിക്കുന്നതു് ദൈവമായാലും പോത്തുകാലപ്പനായാലും! പറവജാതികളുടെയും മൃഗങ്ങളുടേയുമൊക്കെ സൃഷ്ടിയും ഇതുപോലെതന്നെ. ഏതു് വേദഗ്രന്ഥത്തിന്റെ അവസ്ഥയും ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല. ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ എഴുതിവച്ചിരിക്കുന്ന കിത്താബുകളാണു് ദൈവികമെന്നും വിശുദ്ധമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നതു്!

ഇതൊക്കെ മുഖവിലക്കെടുക്കുന്ന വിശ്വാസിയാണു് വേദവാക്യങ്ങൾ സാക്ഷാൽ ദൈവം കേട്ടെഴുത്തായി പറഞ്ഞുകൊടുത്തതാണെന്നു് ഘോരഘോരം വാദിക്കുന്നതും അതു് തെളിയിക്കാൻ ശാസ്ത്രത്തിന്റേയും യുക്തിയുടെയും കൂട്ടുപിടിക്കുന്നതും! സാമാന്യബോധമുള്ളവർക്കു് അടിസ്ഥാനരഹിതമെന്നു് രണ്ടാമതൊന്നു് ആലോചിക്കാതെ ഉറപ്പിക്കാൻ കഴിയുന്ന ഇത്തരം വാക്യങ്ങൾ ഉച്ചരിക്കുമ്പോൾ വിശ്വാസിയുടെ മുഖത്തു് നിഴലിക്കുന്ന ഭക്തിയും, ഗൗരവവും കാണേണ്ടതുതന്നെയാണു്! വിശ്വാസികൾക്കു് പൊതുവേ തമാശ മനസ്സിലാവില്ല. വേദഗ്രന്ഥങ്ങൾ മനുഷ്യരെ ചിരിക്കാൻ അനുവദിക്കുന്നില്ല. ചിരിയൊക്കെ അങ്ങു് സ്വർഗ്ഗത്തിൽ ചെന്നിട്ടു് മതി എന്നാണു് ദൈവകൽപന. ഇനി അഥവാ, ഒരു വിശ്വാസി ചിരിക്കുന്നതായി ആരെങ്കിലും കാണുന്നുവെങ്കിൽ സംശയിക്കണ്ട, അതു് യുക്തിപൂർവ്വം ചിന്തിക്കുന്ന ആരെങ്കിലും തുറന്നുപറയുന്ന സത്യം കേൾക്കുമ്പോഴുള്ള പരിഹാസച്ചിരിയായിരിക്കും. ഭൂലോകത്തിൽ വച്ചു് ദൈവകൽപന അനുസരിച്ചു് ജീവിച്ചതുകൊണ്ടു് ചിരിക്കാൻ കഴിയാതെ പോയ ചിരികൾ മുഴുവനുമായിരിക്കാം ശവക്കുഴികളിലെ “സ്വർഗ്ഗീയ പറുദീസയിൽ” എത്തിയ തലയോടുകൾ ഇങ്ങനെ നിത്യമായി “ചിരിച്ചു്” തീർക്കുന്നതു്. മല്ലുസിൽമയിലെ ദേശാടനപ്പക്ഷികൾ കരയാറില്ലാത്തപോലെ, ശവക്കുഴികളിലെ തലയോടുകളും കരയാറില്ല.

ഒരു വേദഗ്രന്ഥത്തിലെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അവയ്ക്കുള്ള മറുപടി പറയുകയാണു് സത്യസന്ധമായ ഒരു ചർച്ചയ്ക്കു് ആവശ്യം. അതിനു് കഴിയാത്തിടത്തോളം ആ ഗ്രന്ഥത്തിന്റെ ദൈവികമായ ആധികാരികതയാണു് ചോദ്യം ചെയ്യപ്പെടുന്നതു്. അതോടെ ഏതെങ്കിലും മാനുഷികപ്രശ്നങ്ങളിൽ വിധി പ്രസ്താവിക്കുന്നതിനുള്ള യുക്തിസഹമായ യോഗ്യത അതിലെ എല്ലാ വാക്യങ്ങൾക്കും നഷ്ടമാവുന്നു. ലക്ഷങ്ങൾ വിശ്വസിക്കുന്നു എന്നതു് ഒരു മതം “സത്യത്തെ” പ്രതിനിധീകരിക്കുന്നു എന്നതിന്റെ തെളിവല്ല. മനുഷ്യർ എന്തെന്തെല്ലാം വിശ്വസിക്കുന്നില്ല? അനേക ലക്ഷങ്ങൾ വിശ്വസിക്കുന്ന മറ്റു് മതങ്ങളും “സത്യത്തെ” പ്രതിനിധീകരിക്കുന്നു എന്നു് അവകാശപ്പെടുന്നവയാണു്. “അത്ഭുതങ്ങൾ” പ്രവർത്തിക്കുന്നതു് ദൈവികമായ ഏതെങ്കിലും സത്യത്തിന്റെ തെളിവല്ല, അതു് വയറ്റിൽപിഴപ്പിനായി “മാജിക്ക്‌ ഷോ” നടത്തുന്നവരുടെ കൈത്തൊഴിലാണു്. സത്യം എന്നതു് ഒരു മതത്തിനു് ഉള്ളതും മറ്റൊരു മതത്തിനു് ഇല്ലാത്തതുമായ ഒന്നല്ല.

 
43 Comments

Posted by on Aug 20, 2009 in ചര്‍ച്ച, മതം

 

Tags: ,