കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ ക്യാമ്പസ് രാഷ്ട്രീയം കേരളത്തിലെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളെ നയിച്ചതു് മാര്‍ക്സിയന്‍ ഐഡിയോളജി എന്ന ചെളിക്കുഴിയിലേക്കായിരുന്നു. ചെളിക്കുഴി എന്നു് പറയാന്‍ കാരണം, കാലുകുത്തിയ എല്ലാ രാജ്യങ്ങളിലും, മനുഷ്യര്‍ കൂടുതല്‍ ബോധവാന്മാരായതോടെ, പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ഒരു സിദ്ധാന്തമാണു് മാര്‍ക്സിസം എന്നും, ആ മാര്‍ഗ്ഗം പിന്‍തുടര്‍ന്നുകൊണ്ടു് ഒരു സമൂഹത്തിന്റെ പുരോഗതി അസാദ്ധ്യമാണെന്നും അവര്‍ തിരിച്ചറിയുകയും, അതിനെ ഉപേക്ഷിക്കുകയും ചെയ്തതിനാലാണു്. പന്നിക്കുഴിയില്‍ ജീവിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുമോ? മാര്‍ക്സിസം കാലുകുത്തിയതും അല്ലാത്തതും സമാനവുമായ സമൂഹങ്ങളെ തമ്മില്‍ താരതമ്യം ചെയ്താല്‍ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണിതു്. ഉദാ. ഈസ്റ്റ് ജര്‍മ്മനി – വെസ്റ്റ് ജര്‍മ്മനി, നോര്‍ത്ത് കൊറിയ – സൗത്ത് കൊറിയ. പക്ഷേ അതിനൊക്കെ തുനിയുന്നതിനെക്കാള്‍, മാര്‍ക്സിസത്തിനു് സംഭവിച്ച പരാജയം അമേരിക്കയുടെ തലയില്‍ ചാര്‍ത്തിക്കൊടുത്തു് സ്വയം ആശ്വസിപ്പിക്കുന്നതാണു് അതില്‍ വിശ്വസിക്കുന്നവര്‍ക്കു് തീര്‍ച്ചയായും കൂടുതല്‍ എളുപ്പം. ഇനി, ആ പരാജയങ്ങള്‍ക്കു് മുഴുവന്‍ പിന്നില്‍ ഇപ്പറയുന്ന അമേരിക്കയാണെങ്കില്‍, ആ അമേരിക്ക ഒരു സംഭവം തന്നെയായിരിക്കണം എന്നേ അതിനര്‍ത്ഥം നല്‍കാന്‍ കഴിയൂ. ഒരു മോഡിയെയോ ഒരു കെജ്രിവാളിനെയോ ഒരു രാഹുല്‍ ഗാന്ധിയെയോ ഒക്കെ വ്യക്തിപരമായി അവഹേളിക്കാനായി ചിലര്‍ നിര്‍ത്താതെ തെറി പറയുന്നതു് കേള്‍ക്കുമ്പോള്‍, ആ തെറിയന്മാര്‍ ഭയപ്പെടുന്ന ചില നന്മകള്‍ അവരില്‍ ഉണ്ടായിരിക്കണമല്ലോ എന്നാര്‍ക്കെങ്കിലും തോന്നിയാല്‍, അതിനവരെ കുറ്റപ്പെടുത്താനാവില്ല എന്നപോലെ – തെറി പറയുന്നവര്‍ വ്യക്തിപരമായോ ആദര്‍ശപരമായോ യാതൊരുവിധ ക്രെഡിബിലിറ്റിയും അവകാശപ്പെടാനില്ലാത്തവര്‍ കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും. സംസ്കൃതചിത്തരായ മനുഷ്യര്‍ കഴിവതും ഒഴിവാക്കുന്ന ആര്‍ഗ്യുമെന്റേഷന്‍ രീതിയാണു് ad hominem. പക്ഷേ, കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു് (പ്രത്യേകിച്ചും അവരുടെ ശിങ്കിടികള്‍ക്കു്) അതല്ലാതെ മറ്റൊരു രീതി അറിയില്ല എന്നേ വിമര്‍ശനങ്ങളുടെ സ്വഭാവം കണ്ടാല്‍ തോന്നൂ. ആശയപരമായി നേരിടാന്‍ കഴിവില്ലാത്തവരുടെ സമരമുറയാണു് വ്യക്തിപരമായ ആക്രമണം. അതാണെങ്കില്‍ ആര്‍ക്കും കഴിയുന്ന ഒരു കലാപരിപാടിയാണുതാനും.
ക്യാമ്പസ് രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികളെ ‘രക്തഹാരമണിഞ്ഞു്’ നയിച്ചവരും, നയിക്കുന്നവരും മാര്‍ക്സിസം എന്നാല്‍ അതീവ രുചികരമായ എന്തോ കൊക്രോച്ച് ബിരിയാണിയാണു് എന്ന ധാരണയിലാണു് ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊടുത്തതും, ഇന്നും വിളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നതും. ആ ചെളിക്കുഴിയില്‍ എത്തിപ്പെട്ടതിനു് പക്ഷേ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. മനുഷ്യനന്മ, സത്യസന്ധത, നീതിനിഷ്ഠ തുടങ്ങിയ സദ്ഗുണങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും മരണം വരെ പോരാടാനുമൊക്കെ മനുഷ്യനെ പ്രേരിപ്പിക്കുന്ന യുവരക്തത്തിന്റെ കാലഘട്ടമാണു് കോളേജ് ജീവിതം. ജീവിതപങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രണയത്തിന്റെ കാലം കൂടിയായതുകൊണ്ടാവണം, സൗന്ദര്യം, സാഹിത്യം, സംഗീതം, കലകള്‍ തുടങ്ങിയവയിലെ സാദ്ധ്യമായതില്‍ ഏറ്റവും നല്ല തൂവലുകള്‍കൊണ്ടു് മനുഷ്യന്‍ അലങ്കരിക്കപ്പെടുന്ന ആ കാലഘട്ടത്തില്‍, വിപ്ലവം വഴി വരാനിരിക്കുന്ന സമത്വസുന്ദരലോകം എന്നും മറ്റുമുള്ള ഒറ്റവരി സമവാക്യങ്ങളില്‍ അവര്‍ വളരെ പെട്ടെന്നു് വീണുപോകുന്നതു്. സങ്കീര്‍ണ്ണതയുടെ ഗഹനതയെക്കാള്‍ ലാളിത്യത്തിന്റെ ഭംഗിയും സൗന്ദര്യത്തിന്റെ ലഹരിയും മനുഷ്യരെ കൂടുതല്‍ ആകര്‍ഷിക്കുന്ന കൗമാര-യൗവനകാലഘട്ടം. വീരശൂരപരാക്രമികളായ വിപ്ലവകാരികളും, ആ ഹീറോകളോടു് “ഇത്തിരി കോഴിച്ചാര്‍ കൂടി ഒഴിക്കട്ടേ ചേട്ടാ” എന്നു് ചോദിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിപ്ലവകാരിണികളും തോളോടുതോള്‍ ചേര്‍ന്നു് നവഭാരതനിര്‍മ്മിതി പ്ലാന്‍ ചെയ്യുന്ന ക്യാമ്പസുകള്‍! ഐഡിയോളജികള്‍ക്കു്, പ്രത്യേകിച്ചു് പുരോഗമനപരം എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നവയ്ക്കു്, ഇത്രയും അനുയോജ്യമായ ബ്രീഡിങ് ഗ്രൗണ്ഡ് വേറെയെവിടെ കിട്ടും? അവിടേക്കു് (ആരാന്റെ മക്കളുടെ) ചോര വീണു് കുതിര്‍ന്ന ഏതോ മണ്ണിന്റെ വീരഗാഥയുമായി കുറെ നേതാക്കള്‍ കടന്നു് ചെല്ലുമ്പോള്‍ അവര്‍ക്കു് അനുയായികള്‍ ഉണ്ടാവുക സ്വാഭാവികം. എന്തിനെപ്പറ്റിയാണു്, എത്ര ഉള്‍ക്കാഴ്ചയോടെയാണു് തങ്ങള്‍ പറയുന്നതു് എന്നതിനെപ്പറ്റി അവര്‍ക്കു് വലിയ ഗ്രാഹ്യമൊന്നുമില്ല എന്നു്, അക്കാര്യങ്ങളെപ്പറ്റി പൂജ്യം ഗ്രാഹ്യം മാത്രമുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെ അറിയാന്‍? അല്ലെങ്കില്‍ത്തന്നെ, ആവേശത്താല്‍ ഭരിക്കപ്പെടുമ്പോള്‍, വിശദാംശങ്ങളൊക്കെ ആര്‍ക്കറിയണം? അതിന്റെ ഫലമായി, ലെക്ചര്‍ റൂമുകളിലും, ലബോററ്ററികളിലും, ലൈബ്രറികളിലുമായി പ്രയോജനപ്പെടുത്തേണ്ട സമയം, കൊച്ചിക്കു് പോകാന്‍ പറഞ്ഞാല്‍ ഉടനെ കൊച്ചിക്കു് പോയി അടുത്ത ബസില്‍ തിരിച്ചു് വരുന്ന വിനീതവിധേയനെപ്പോലെ, മനുഷ്യരാശിയുടെ ഭാവി ശോഭനമാക്കാന്‍ അനിവാര്യമെന്നു് പണ്ടാരോ കൂവിക്കേള്‍പ്പിച്ച സമവാക്യങ്ങള്‍ ആവര്‍ത്തിച്ചു് കൂവിക്കൊണ്ടു് തെരുവു് നിരങ്ങാനായി ചിലവഴിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ആ സമയം, ഏതു് സ്വപ്നലോകത്തിനു് വേണ്ടിയാണോ ഇങ്ങനെ തൊണ്ട കീറുന്നതു്, ആ സ്വപ്നലോകസിദ്ധാന്തം എന്തെന്നറിയാന്‍, നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ കേള്‍ക്കലല്ലാതെ, സ്വന്തമായി ശ്രമിച്ചിരുന്നെങ്കില്‍, വെറുപ്പില്‍ അധിഷ്ഠിതമായ ചില പ്രവചനങ്ങള്‍ മാത്രമാണതെന്നും, ഒരു മാര്‍ക്സിനോ, മറ്റാര്‍ക്കെങ്കിലുമോ പ്രവചിക്കാന്‍ കഴിയുന്നതല്ല ലോകചരിത്രമെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞേനെ. പക്ഷേ, അറിയുന്നതിനേക്കാള്‍ അറിയുന്നതായി ഭാവിക്കുന്നതാണല്ലോ എളുപ്പം. അതിനു് നിനക്കൊന്നും ഒരു ചുക്കും അറിയില്ലെന്നോ, നീയൊക്കെ വെറും പയ്യന്‍സ് എന്നോ ഒക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ മതി. ഇഷ്ടംപോലെ കൊമേഴ്സ്യല്‍ മല്ലു സില്‍മകള്‍ മാതൃകയായി ഉള്ളപ്പോള്‍ അനുയോജ്യമായ സംഭാഷണശകലങ്ങള്‍ക്കു് പഞ്ഞമുണ്ടാവേണ്ട കാര്യവുമില്ല. ഊശാന്‍ താടിയും തോള്‍സഞ്ചിയും അതില്‍ പുസ്തകങ്ങളെന്നു് തോന്നുന്ന ചില വസ്തുക്കളും, മലബന്ധമോ അതോ ഇഞ്ചി തിന്നതോ എന്നു് തീര്‍ത്തു് പറയാനാവാത്ത മുഖഭാവവുമായി, താന്‍ ചുമക്കുന്ന അസ്തിത്വദുഃഖഭാരത്തെ ലോകസമക്ഷം പ്രദര്‍ശിപ്പിച്ചു് നാടു് ചുറ്റിയിരുന്ന ബുദ്ധിജീവികളെ അത്ര എളുപ്പം മറക്കാനാവുമോ?
ഭാഗ്യത്തിനു്, ഇന്നു് കാലം മാറി. ഇന്റര്‍നെറ്റിന്റെയും ഗൂഗിളിന്റെയുമൊക്കെ ഇന്നത്തെ ലോകത്തില്‍, വേണമെന്നുള്ളവര്‍ക്കു് വസ്തുതകള്‍ മനസ്സിലാക്കാന്‍ പണ്ഡിതരുടെ വ്യാഖ്യാനങ്ങളെയോ, നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളെയോ ഒന്നും ആശ്രയിക്കേണ്ട ഗതികേടില്ല. അതൊക്കെ കാരണമാവാം, മനുഷ്യര്‍ക്കു് കാര്യങ്ങള്‍ ഏകദേശം പിടികിട്ടിക്കൊണ്ടിരിക്കുന്നതു്. എങ്കിലും, ആഗ്രഹസിദ്ധിക്കും മോക്ഷം നേടാനുമായി ആള്‍ദൈവങ്ങളുടെ മുന്നില്‍ വാക്കയ്യുംപൊത്തി വിദ്യാസമ്പന്നരായ മനുഷ്യര്‍വരെ വോട്ടുബാങ്ക് ലക്ഷ്യമാക്കുന്ന രാഷ്ട്രീയക്കാരോടൊപ്പം ക്യൂനില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തില്‍, വരാനിരിക്കുന്ന മാര്‍ക്സിയന്‍ പറുദീസക്കുവേണ്ടി ചാകാനും കൊല്ലാനും തയ്യാറാവുന്ന ഏതാനും ജന്മങ്ങള്‍ കുറെനാളത്തേക്കുകൂടി വംശനാശം സംഭവിക്കാതെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.