മരണത്തെപ്പറ്റിയുള്ള ചിന്ത
തെരുവുകളുടെ ദുര്‍ഘടതകളുടെയും, ആവശ്യങ്ങളുടെയും, ബഹളങ്ങളുടെയും നടുവില്‍ ജീവിക്കേണ്ടിവരുമ്പോള്‍ അതെന്നില്‍ വിഷാദഭാവം കലര്‍ന്നൊരു ഭാഗ്യം സൃഷ്ടിക്കുന്നു. എത്രമാത്രം ആസ്വാദനവും, അക്ഷമയും, അഭിലാഷവും, എത്രമാത്രം വരണ്ട ജീവിതവും, ജീവിതത്തിന്റെ മദോന്മത്തതയുമാണു് ഓരോ നിമിഷവും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു്! എങ്കില്‍ത്തന്നെയും, ബഹളം വയ്ക്കുന്നവരും, ജീവിക്കുന്നവരും, ജീവിതദാഹികളുമായ ഇവര്‍ക്കുമുഴുവന്‍ താമസിയാതെ എല്ലാം നിശബ്ദമാവും. ഓരോരുത്തന്റെയും തൊട്ടുപിന്നില്‍ അവന്റെ നിഴല്‍, അവന്റെ ഇരുണ്ട സഹയാത്രികന്‍ നില്‍ക്കുന്നുണ്ടു്! ദേശാന്തരഗമനം ചെയ്യുന്ന ഒരു കപ്പലിന്റെ യാത്രാരംഭത്തിനു് മുന്‍പുള്ള ഏറ്റവും അവസാനത്തെ നിമിഷം പോലെയാണതു്: പരസ്പരം പറഞ്ഞറിയിക്കാന്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര കാര്യങ്ങള്‍! ആ നാഴിക ഞെരുക്കുന്നു, ഈ ശബ്ദമുഖരിതകളുടെ എല്ലാം പിന്നില്‍ ഇരയ്ക്കായി അത്യാര്‍ത്തിയോടെ, ഉറപ്പോടെ സമുദ്രവും അതിന്റെ ശൂന്യമായ നിശബ്ദതയും അക്ഷമയോടെ കാത്തിരിക്കുന്നു. അതോടൊപ്പം അവരെല്ലാവരും ഇതുവരെ ഉണ്ടായിരുന്നതെല്ലാം ഒന്നുമായിരുന്നില്ലെന്നും, അല്ലെങ്കില്‍ കുറവായിരുന്നുവെന്നും, അടുത്ത ഭാവിയില്‍ വരാനിരിക്കുന്നതാണു് എല്ലാമെന്നും കരുതുന്നു – എല്ലാവരും! അതുകൊണ്ടാണു് ഈ തിരക്കു്, ഈ ആര്‍പ്പുവിളി, ഈ സ്വയം ചെവിപൊട്ടിക്കല്‍, സ്വയം മുന്‍ഗണന നേടല്‍! ആ ഭാവിയില്‍ ഓരോരുത്തനും ഒന്നാമനാവണം – പക്ഷേ, മരണവും ശ്മശാനനിശബ്ദതയും മാത്രമാണു് ആ ഭാവിയില്‍ എല്ലാവര്‍ക്കും പൊതുവായതും തികച്ചും തീര്‍ച്ചയായതും! എന്നിട്ടും ഈ ഒരേയൊരു തീര്‍ച്ചയും പൊതുത്വവും മനുഷ്യരെ മിക്കവാറും ഒട്ടുംതന്നെ ബാധിക്കുന്നില്ലെന്നു് മാത്രമല്ല, അവര്‍ മരണവുമായുള്ള അവരുടെ സാഹോദര്യത്വം തിരിച്ചറിയുന്നതില്‍ നിന്നും അങ്ങേയറ്റം അകലെയുമാണു്!
മരണത്തെ സംബന്ധിച്ച ചിന്തകള്‍ ചിന്തിക്കാന്‍ മനുഷ്യര്‍ സമ്പൂര്‍ണ്ണമായും തയ്യാറില്ല എന്നു് കാണുന്നതു് എന്നെ ഭാഗ്യവാനാക്കുന്നു. ജീവിതത്തെ സംബന്ധിച്ച ചിന്തകള്‍ മരണചിന്തകളേക്കാള്‍ നൂറുമടങ്ങു് ചിന്തായോഗ്യമാക്കുന്നതിനുവേണ്ടി സന്തോഷത്തോടെ എന്തെങ്കിലും ചെയ്യുവാനാണു് ഞാന്‍ ആഗ്രഹിക്കുന്നതു്.
സദാചാരഘോഷകരോടു്
ഞാന്‍ സദാചാരം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു് ആഗ്രഹിക്കുന്നവര്‍ക്കു് ഞാന്‍ ഇങ്ങനെ ഒരു ഉപദേശം തരുന്നു: ഉത്കൃഷ്ടമായ എല്ലാ കാര്യങ്ങളുടെയും അവസ്ഥകളുടെയും മൂല്യവും മാഹാത്മ്യവും ഉന്മൂലനം ചെയ്യാനാണു് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ അധരവ്യായാമം ഇതുവരെയെന്നപോലെതന്നെ ഇനിയും തുടരുക! അവയെ നിങ്ങളുടെ ധര്‍മ്മാചാരങ്ങളുടെ (moral) തലപ്പത്തു് പ്രതിഷ്ഠിച്ചു്, രാവിലെ മുതല്‍ വൈകിട്ടുവരെ സ്വഭാവഗുണത്തിലെ ഭാഗ്യത്തെപ്പറ്റിയും, ആത്മാവിന്റെ ശാന്തിയെപ്പറ്റിയും, നീതിനിഷ്ഠയെപ്പറ്റിയും, സര്‍വ്വാന്തര്‍യാമിയായ ന്യായവിധിയെപ്പറ്റിയും വാതോരാതെ ചിലയ്ക്കുക. നിങ്ങള്‍ അതു് ചെയ്യുന്ന രീതി അനുസരിച്ചു് ആ നല്ല കാര്യങ്ങള്‍ക്കു് അവസാനം ഒരു ജനസമ്മതിയും തെരുവിന്റെ ആര്‍പ്പുവിളികളും നേടാനാവും. പക്ഷേ അപ്പോഴേക്കും അവയുടെ പുറത്തെ സ്വര്‍ണ്ണം മുഴുവന്‍ തേഞ്ഞുപോയിട്ടുണ്ടാവും! പോരാ, അവയുടെ അകത്തെ സ്വര്‍ണ്ണം മുഴുവന്‍ ഈയമായി മാറിയിട്ടുണ്ടാവും! ആല്‍കെമിയുടെ വിപരീതകലയില്‍, അഥവാ അമൂല്യമായവയെ അവമൂല്യനം ചെയ്യുന്നതില്‍, സത്യമായിട്ടും നിങ്ങള്‍ അതിസമര്‍ത്ഥരാണു്!
ഇതുവരെയെന്നതുപോലെ ഇനിയും നിങ്ങള്‍ അന്വേഷിക്കുന്നതിന്റെ നേരെ വിപരീതമായതു് ലഭിക്കാതിരിക്കാന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു രീതി ശ്രമിച്ചുനോക്കൂ: ആ നല്ല കാര്യങ്ങളെ നിഷേധിക്കൂ, ജനക്കൂട്ടത്തിന്റെ കയ്യടികളില്‍നിന്നും, ലഘുവായ പ്രചാരങ്ങളില്‍ നിന്നും അവയെ സ്വതന്ത്രമാക്കൂ, അവയെ വീണ്ടും ഏകാന്തമനസ്സുകളുടെ ഗുപ്തമായ ലജ്ജാശീലമാക്കി മാറ്റൂ, ധര്‍മ്മാചാരം നിഷിദ്ധമായ എന്തോ ആണെന്നു് പറയൂ! ഒരുപക്ഷേ അങ്ങനെ നിങ്ങള്‍ക്കു് ഇത്തരം കാര്യങ്ങളുടെ നേരെയുള്ള മനുഷ്യരുടെ രീതി ഉള്‍ക്കൊള്ളാനായേക്കും, അതിലാണു് കാര്യം. “വീരോചിതം”, അതാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. പക്ഷേ, അപ്പോള്‍ ഭയക്കേണ്ടതായ ചിലതു് അവയിലുണ്ടാവണം, അല്ലാതെ, ഇതുവരെയെന്നപോലെ, അറപ്പു് തോന്നേണ്ടവയാവരുതു്!
ധര്‍മ്മാചാരങ്ങളെ സംബന്ധിച്ചു് ഇന്നു് പറയേണ്ടതു് മാസ്റ്റര്‍ എക്‍ഹാര്‍ട്ട് (Meister Eckhart) പറഞ്ഞപോലെയാണു്: “ദൈവത്തില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ഞാന്‍ ദൈവത്തോടു് അപേക്ഷിക്കുന്നു.”