RSS

Tag Archives: ബര്‍ണബാസ്

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-4

‘ബർണബാസിന്റെ പ്രവൃത്തികളും’ ബർണബാസ്‌ സുവിശേഷവും

ബർണബാസിന്റെ പ്രവൃത്തികൾ (Acts of Barnabas) എന്ന പേരിൽ അറിയപ്പെടുന്ന സ്യൂഡെപിഗ്രാഫിക്കൽ സൃഷ്ടിയിൽ ബർണബാസ്‌ സുവിശേഷത്തെപ്പറ്റി സൂചനയുണ്ടെന്നതും ഒരു തെറ്റിദ്ധരിപ്പിക്കലിന്റെ ഫലമാണു്. “(തന്റെ സഹപ്രവർത്തകനായിരുന്ന മത്തായിയിൽ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചതായ) സുവിശേഷം ചുരുൾ നിവർത്തി ബർണബാസ്‌ യഹൂദരെ പഠിപ്പിക്കാൻ ആരംഭിച്ചു.” എന്ന അതിലെ ഒരു വാചകത്തിൽ നിന്നും ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന ഭാഗം ഒഴിവാക്കിയാൽ ബർണബാസ്‌ ചുരുൾ നിവർത്തുന്നതു് അവന്റെ സ്വന്തം സുവിശേഷം ആണെന്ന ധാരണ സൃഷ്ടിക്കാമല്ലോ. [“Barnabas, having unrolled the Gospel, (which we have received from Matthew his fellow-labourer,) began to teach the Jews.] ആരംഭകാലകാല ക്രിസ്തുമതത്തിൽ ഒരു ആധികാരിക ബർണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നു് തെളിയിക്കാൻ ആഗ്രഹിക്കുന്നവർ സ്വീകരിക്കുന്ന ഒരു തന്ത്രമാണിതു്. ബർണബാസിന്റെ പ്രവൃത്തികളും, ബർണബാസിന്റെ ലേഖനവും കൂടാതെ, ഇവിടത്തെ വിഷയമായ ബർണബാസിന്റെ സുവിശേഷവും – ഒരു മദ്ധ്യകാലസൃഷ്ടി എന്ന നിലയിൽ സ്വാഭാവികമായും – കനോനിക്കൽ ബൈബിളിന്റെ ഭാഗങ്ങളല്ല. A.D. 70-നും 135-നും ഇടയിൽ എഴുതപ്പെട്ടതെന്നു് കരുതുന്ന ബർണബാസിന്റെ ലേഖനം പോലും ബർണബാസ്‌ എഴുതിയതല്ല എന്നാണു് പൊതുവേ പണ്ഡിതാഭിപ്രായം. അതുപോലെതന്നെ, ‘ബർണബാസിന്റെ പ്രവൃത്തികളിൽ’ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെയും വിശ്വാസപരമായ നിലപാടുകളുടെയും വെളിച്ചത്തിൽ അതു് സൈപ്രസിലെ ക്രൈസ്തവസഭയെ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ നിന്നും മോചിപ്പിച്ചു് സ്വതന്ത്രമാക്കുക എന്ന ആശയത്തിന്റെ അടിത്തറയിൽ 5/6 നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാവാനാണു് സാദ്ധ്യത. A.D. 431-ൽ എഫെസൂസിൽ വച്ചു് നടന്ന ഒന്നാം കൗൺസിലിലെ സൈപ്രസ്‌ സഭയുടെ സ്വാതന്ത്ര്യപ്രഖ്യാപനവും, പിൽക്കാലത്തു് (A.D. 474-475) ബിസാന്റീൻ ചക്രവർത്തി അതു് സ്ഥിരീകരിച്ചതുമെല്ലാം ഇതിനു് ഉപോദ്ബലകമായ തെളിവുകളായി കണക്കാക്കാം.

“ദൈവവചനവും, അത്ഭുതപ്രവൃത്തികളും, പ്രമാണങ്ങളും ഉൾക്കൊള്ളുന്ന” മത്തായിയുടെ സുവിശേഷമായിരുന്നു ബർണബാസ്‌ സൈപ്രസിൽ ഓരോരോ പ്രദേശങ്ങളിൽ ചെല്ലുമ്പോഴും രോഗശാന്തിശുശ്രൂഷക്കായി ഉപയോഗപ്പെടുത്തിയിരുന്നതു് എന്നും നമ്മൾ ‘ബർണബാസിന്റെ പ്രവൃത്തികളിൽ’ വായിക്കുന്നു. മത്തായിയും ബർണബാസും ലേവി ഗോത്രക്കാരായിരുന്നു എന്നതിനാൽ, മത്തായിയുടെ ‘യഹൂദ’സുവിശേഷം സംരക്ഷിക്കാനും തന്റെ പ്രവൃത്തികളുടെ ആധാരശിലയാക്കാനും ബർണബാസ്‌ തീരുമാനിക്കുന്നതും മുൻപേ സൂചിപ്പിച്ച ഇബായണൈറ്റ്‌ ചിന്താധാരയോടു് കൂട്ടിവായിച്ചാൽ മനസ്സിലാക്കാൻ പ്രയാസമില്ല. ബർണബാസിന്റെ മരണശേഷം മത്തായിയുടെ ഈ സുവിശേഷം ബര്‍ണബാസിന്റെ പ്രവൃത്തികളുടെ രചയിതാവെന്നു് അവകാശപ്പെടുന്ന മർക്കോസ്‌ റ്റീമോൺ റോഡോൺ എന്നിങ്ങനെ രണ്ടു് സഹപ്രവർത്തകരുടെ സഹായത്തോടെ രാത്രിയിൽ രഹസ്യമായി രക്ഷപെടുത്തി മൃതശരീരത്തോടൊപ്പം ഒരു ഗുഹയിൽ അടക്കം ചെയ്യുകയായിരുന്നത്രെ. പിന്നീടു്, ബർണബാസിന്റെ ഭൗതികാവശിഷ്ടങ്ങളോടൊപ്പം ആ സുവിശേഷം മൃതശരീരത്തിന്റെ നെഞ്ചോടു് ചേർത്തുവച്ച രീതിയിൽ കണ്ടെത്തുകയായിരുന്നു എന്നാണു് ഒരു ഐതിഹ്യം. കണ്ടെടുത്തപ്പോൾ മൃതശരീരവും സുവിശേഷവും അത്ഭുതകരമാം വിധം യാതൊരു കേടുപാടുമില്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്ന മറ്റൊരു അഭിപ്രായവും നിലവിലുണ്ടു്. ബർണബാസിന്റെ മൃതശരീരത്തോടൊപ്പം ഉണ്ടായിരുന്നതു് ബർണബാസ്‌ സ്വന്തം കൈകൊണ്ടു് പകർത്തിയെഴുതിയ ‘മത്ഥിയാസിന്റെ’ സുവിശേഷമായിരുന്നു എന്ന മറ്റൊരു വേർഷൻ നമ്മൾ നേരത്തേ കണ്ടിരുന്നല്ലോ. ചുരുക്കത്തിൽ, ബർണബാസിന്റെ പ്രവൃത്തികളോ, ബർണബാസിന്റെ ലേഖനമോ ഒരിക്കലും മദ്ധ്യകാലസൃഷ്ടിയായ ബർണബാസിന്റെ സുവിശേഷമോ അതിന്റെ മുൻഗാമിയോ ആവുക എന്നതു് അടിസ്ഥാനരഹിതമാണു്.

ബർണബാസ്‌ കൈവശം സൂക്ഷിച്ചിരുന്നതും സംരക്ഷിച്ചിരുന്നതുമായ മത്തായിയുടെ സുവിശേഷം, ഒരുപക്ഷേ തെറ്റിദ്ധാരണയുടെ ഫലമായി, വിശ്വാസിവൃത്തങ്ങളിൽ ബർണബാസിന്റെ സുവിശേഷം എന്നു് അറിയപ്പെട്ടിരുന്നതാവാം. മുൻപു് സൂചിപ്പിച്ച രണ്ടു് ലിസ്റ്റുകളിലും ‘ബര്‍ണബാസ്‌ സുവിശേഷം’ എന്നു് രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടു് ആ ലിസ്റ്റ്‌ തയാറാക്കിയവർ അതു് കണ്ടിട്ടുള്ളതാവണം എന്നു് നിർബന്ധമൊന്നുമില്ല. ആരംഭകാലക്രിസ്തുമതത്തിന്റെ ചരിത്രം ഇതുപോലൊരു നിഗമനത്തെ അപ്പാടെ നിഷേധിക്കാവുന്ന വിധത്തിൽ ഉള്ളതുമല്ല. ബർണബാസ്‌ സുവിശേഷം നാമമാത്രമായേ നിലനിന്നിരുന്നുള്ളുവെന്നു് അറിയാമായിരുന്നവനായിരുന്നു വ്യാജസൃഷ്ടിയുടെ കർത്താവു് എങ്കിൽ, അങ്ങനെയൊന്നു് യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ല എന്നതിനാൽ, അതുപോലൊന്നു് എപ്പോഴെങ്കിലും കണ്ടുകിട്ടാനുള്ള സാദ്ധ്യതയും ഇല്ല എന്ന ഉറപ്പുമൂലം തന്റെ കൃതിക്കു് ധൈര്യമായി ‘ബർണബാസ്‌ സുവിശേഷം’ എന്ന പേരു് നൽകാനും അവനു് കഴിയുമായിരുന്നു.

ബര്‍ണബാസ്‌ സുവിശേഷത്തിലെ പൗലോസ്‌വിരോധം

ബർണബാസ്‌ സുവിശേഷത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ മുഖവുരയിൽ വ്യക്തമായ ഭാഷയിൽ പൗലോസിന്റെ പഠിപ്പിക്കലുകളോടുള്ള വിരോധം കാണാം. സാത്താന്റെ ചതിയിൽപ്പെട്ടവരോടൊപ്പം, പൗലോസിനെയും ഭക്തിരഹിതമായ കാര്യങ്ങൾ പഠിപ്പിക്കുന്നവനായി “ഇതെഴുതുന്നവൻ” എന്നു് സ്വയം വിശേഷിപ്പിക്കുന്ന ബര്‍ണബാസ്‌ കുറ്റപ്പെടുത്തുന്നു. യേശുവിനെ ദൈവപുത്രൻ എന്നു് വിളിക്കുന്നു, എന്നാളത്തേക്കുമായി ദൈവം ഏർപ്പെടുത്തിയ ചേലാകർമ്മം (circumcision) എന്ന നടപടി ഉപേക്ഷിക്കുന്നു, അശുദ്ധമായ മാംസം ഭക്ഷിക്കാൻ അനുവദിക്കുന്നു മുതലായവയാണു് പ്രധാന ആരോപണങ്ങൾ. “അതുകൊണ്ടാണു് നേരിൽ കണ്ടതും കേട്ടതുമായ ഈ സത്യങ്ങൾ ഞാനിവിടെ എഴുതുന്നതു്.” ഈ പൗലോസ്‌ വിരോധം അവസാന അദ്ധ്യായത്തിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു: “അനുയായികൾ എന്നു് ഭാവിച്ചുകൊണ്ടു് ചില ‘ദുഷിച്ച മനുഷ്യർ’ യേശു മരിച്ചുവെന്നും, ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും പ്രസംഗിക്കുന്നു. മറ്റു് ചിലർ യേശു യഥാർത്ഥത്തിൽ മരിച്ചുവെന്നും ഉയിർത്തെഴുന്നേറ്റുവെന്നും പഠിപ്പിക്കുന്നു. പൗലോസ്‌ അടക്കമുള്ള വീണ്ടും മറ്റു് ചിലരാകട്ടെ, യേശു ദൈവപുത്രനെന്നു് പ്രസംഗിച്ചു, ഇപ്പോഴും പ്രസംഗിക്കുന്നു”.

പക്ഷേ, മുഖവുരയിലെ ഈ ആരോപണങ്ങളുടെ തീവ്രത ആ സുവിശേഷത്തിന്റെ ഉള്ളിൽ ഇല്ല എന്നതാണു് സത്യം. ഉദാഹരണത്തിനു്, ചേലാകർമ്മവിഷയം 21 മുതൽ 29 വരെയുള്ള അദ്ധ്യായങ്ങളിലെ ഏതാനും പരാമർശങ്ങളായി പരിമിതപ്പെടുമ്പോൾ, ആകെ 222 അദ്ധ്യായങ്ങളിൽ മറ്റൊരിടത്തും അതിനു് സ്ഥാനം ലഭിക്കുന്നില്ല. അതുപോലെതന്നെ, അശുദ്ധമാംസം എന്ന പ്രശ്നം രണ്ടാം അദ്ധ്യായത്തിൽ, യേശു അശുദ്ധമാംസത്തിൽ നിന്നും വീഞ്ഞിൽ നിന്നും, വീര്യമുള്ള മദ്യത്തിൽ നിന്നും അകറ്റി നിർത്തപ്പെടണമെന്ന ഒരു സൂചനയിലും, അദ്ധ്യായം 32-ലെ ഒരു വാക്യത്തിലും മാത്രമായി ഒതുങ്ങുന്നു. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു്, മുഖവുരയിലും ഏതാനും അദ്ധ്യായങ്ങളിലും നടത്തിയ കൂട്ടിച്ചേർക്കൽ വഴി, ആ സുവിശേഷത്തിൽ ആരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായും വ്യക്തമായും പൗലോസ്‌ വിരോധം തിരുകിക്കയറ്റാനുള്ള ശ്രമം നടന്നു എന്നാണു്. ഈ ശ്രമത്തിനോടൊപ്പം, പൗലോസ്‌ ഗലാത്യർക്കെഴുതിയ ലേഖനത്തിൽ 2:12-ന്റെ ചുവടുപിടിച്ചു് ബര്‍ണബാസിനു് ഈ സുവിശേഷത്തിന്റെ സ്രഷ്ടാവു് എന്ന പദവി നൽകപ്പെടുകയായിരുന്നില്ലേ എന്നതും ചിന്തായോഗ്യമാണു്.

‘ജാതികൾ’ ക്രിസ്ത്യാനികൾ ആവാൻ തുടങ്ങിയതോടെ യഹൂദരുടെ ചട്ടങ്ങളായ ചേലാകർമ്മം, ‘അശുദ്ധമായ’ വസ്തുക്കൾ ഭക്ഷിക്കരുതു് മുതലായ കാര്യങ്ങൾ സഭാപിതാക്കളിൽ അഭിപ്രായവ്യത്യാസങ്ങൾക്കും ലഹളക്കും കാരണമായിരുന്നു. ഗലാത്യർക്കുള്ള ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ ഈ വിഷയം സംബന്ധിച്ചു് കേഫാവും പൗലോസും രണ്ടുപക്ഷത്തായി നിന്നുകൊണ്ടു് യേരുശലേമിൽ വച്ചു് നടക്കുന്ന വാക്കുതർക്കം ശ്രദ്ധേയമാണു്. (ഇവിടെ പറയുന്ന കേഫാവു് ശിഷ്യന്മാരുടെ തലവനായ പത്രോസ്‌ അല്ല എന്നൊരു പഠനമുണ്ടു്. പക്ഷേ, അതു് ഇവിടെ പ്രസക്തമല്ലാത്തതിനാൽ ഒഴിവാക്കുന്നു.) ഭാവിയിൽ പൗലോസും ബർണബാസും ജാതികളോടും, യാക്കോബും പത്രോസും യോഹന്നാനും യഹൂദരോടും സുവിശേഷം അറിയിക്കണമെന്നും, ജാതികൾ ക്രൈസ്തവരാവുമ്പോൾ ചേലാകർമ്മം അനുഷ്ഠിക്കേണ്ട കാര്യമില്ലെന്നുമുള്ള തീരുമാനമായിരുന്നു തർക്കത്തിന്റെ പരിണതഫലം. താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന യേരുശലേം ക്രിസ്ത്യാനികളെ സഹായിച്ചിരുന്നതു് അധികപങ്കും കച്ചവടക്കാരും, അതുകൊണ്ടുതന്നെ സാമ്പത്തികമായി ഉയർന്നവരുമായിരുന്ന അന്ത്യോഖ്യൻ ക്രിസ്ത്യാനികൾ ആയിരുന്നു എന്നതും, ‘ചേലാകർമ്മം’ യവനരിൽ അങ്ങേയറ്റം അറപ്പുളവാക്കിയിരുന്ന ഒരു ചടങ്ങായിരുന്നു എന്നതും ഈ തീരുമാനത്തെ പൗലോസിനും ബർണബാസിനും അനുകൂലമായി സ്വാധീനിച്ച പ്രധാന ഘടകങ്ങളായിരുന്നു. ‘ധനദാതാക്കളെ’ മുഷിപ്പിക്കരുതല്ലോ. വിശ്വാസം – അതാവാം ഒരുപക്ഷേ എല്ലാം. എങ്കിലും, ആർക്കിഷ്ടമായാലും ഇല്ലെങ്കിലും, ഒരു ‘പക്ഷേ’യുമില്ലാതെ പറയാൻ കഴിയുന്ന അതിലും വലിയ, എല്ലാറ്റിലും വലിയ ഒന്നുണ്ടു്: അതാണു് പണം!

പത്രോസിനോടൊപ്പമുള്ള അന്ത്യോഖ്യയിലെ സുവിശേഷപ്രവർത്തനത്തിനിടയിൽ അവിടത്തെ ക്രിസ്തീയസമൂഹത്തിനു് പൗലോസിനെ പരിചയപ്പെടുത്തിയതും ബർണബാസ്‌ ആണു്. ശിഷ്യന്മാർക്കു് ആദ്യമായി ക്രിസ്ത്യാനികൾ എന്ന പേരു് ഉണ്ടായതും അവിടെവച്ചാണു്. പിന്നീടു്, സൈപ്രസിലെ സെർഗ്യോസ്‌ പൗലോസ്‌ എന്നൊരു ദേശാധിപതിയെ മാനസാന്തരപ്പെടുത്താൻ പൗലോസിനു് ചില ജാലവിദ്യകളിലൂടെ കഴിഞ്ഞതോടെ ആദ്യമാദ്യം പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന ബർണബാസിനെ പിൻതള്ളി പൗലോസിനു് ആ സ്ഥാനത്തു് കയറിപ്പറ്റാനായി. (അപ്പൊ. പ്രവൃത്തികൾ 13: 1-12) “പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രോസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു് … … ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാൻ തക്കവണ്ണം എനിക്കും ബർണബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നു” (ഗലാത്യർ 2:7-10) എന്നു് പൗലോസ്‌ എഴുതുന്നുണ്ടു്. എങ്കിലും മുകളിൽ സൂചിപ്പിച്ച വാക്കുതർക്കത്തിൽ ബർണബാസ്‌ പൗലോസിന്റെ എതിര്‍പക്ഷത്താണു്. അതുപോലെതന്നെ, മറ്റൊരിക്കൽ പൗലോസ്‌ ബർണബാസുമൊത്തു് സുവിശേഷം അറിയിച്ച പട്ടണങ്ങൾ സന്ദര്‍ശിക്കാൻ പ്ലാനിട്ടപ്പോൾ തന്റെ മച്ചുനനായ മർക്കോസിനേയും (John Mark) കൂടെ കൊണ്ടുപോകാൻ ബർണബാസ്‌ ആഗ്രഹിച്ചു. പക്ഷേ, മുൻപൊരിക്കൽ പംഫുല്യ ദേശത്തുവച്ചു് ഈ മർക്കോസ്‌ പൗലോസും കൂട്ടരുമൊത്തു് പ്രവൃത്തിക്കു് നിൽക്കാതെ യേരുശലേമിലേക്കു് മടങ്ങിപ്പോയതിന്റെ ദ്വേഷ്യം മൂലം അവനെ കൂടെ കൂട്ടുവാൻ പൗലോസ്‌ ഇഷ്ടപ്പെട്ടില്ല. അതു് പൗലോസും ബർണബാസും തമ്മിൽ ഉഗ്രവാദത്തിനു് ഇടയാവുകയും അവർ തമ്മിൽ വേര്‍പിരിയുകയും അങ്ങനെ ബർണബാസ്‌ മർക്കോസുമായി സൈപ്രസിലേക്കു് കപ്പൽ കയറുകയും ചെയ്യുന്നു. പൗലോസാകട്ടെ, ശീലാസിനെയും കൂട്ടി താൻ പ്ലാനിട്ട സന്ദര്‍ശനത്തിനും പുറപ്പെടുന്നു. (അപ്പൊ. പ്രവൃത്തികൾ 15:35-40) എങ്കിലും, പിന്നീടു് അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും, ബർണബാസ്‌ തന്റെ സുവിശേഷപ്രവർത്തനം തുടർന്നു എന്നും വേണം കരുതുവാൻ. (1. കൊരിന്ത്യർ 9:5,6) ഈ വസ്തുതകളുടെ വെളിച്ചത്തിൽ മദ്ധ്യകാല ബർണബാസ്‌ സുവിശേഷം പോലെയൊരു സൃഷ്ടി പൗലോസിന്റെ ദൃഷ്ടിയിൽ ‘കൂട്ടായ്മയുടെ വലങ്കൈ’ ആയിരുന്ന ബർണബാസിൽ നിന്നും ഉരുത്തിരിയുക എന്നതു് സാധാരണഗതിയിൽ അസംഭവ്യം എന്നേ പറയാനാവൂ.

ബർണബാസ്‌ എന്ന പേരിന്റെ എറ്റിമോളജി

അപ്പൊസ്തലപ്രവൃത്തികൾ (4: 36,37): “പ്രബോധനപുത്രൻ (son of exhortation) എന്നു് അർത്ഥമുള്ള ബർന്നബാസ്‌ എന്നു് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ (സൈപ്രസ്‌) യോസേഫ്‌ എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു് പണം കൊണ്ടുവന്നു് അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചു.”

അരാമ്യ ഭാഷയിൽ നിന്നും വരുന്ന ബർ ‘നബി’യ എന്ന വാക്കിനു് പ്രവാചക(പുത്രൻ) എന്നാണർത്ഥം. അതേസമയം, ലൂക്കോസിന്റെ അപ്പൊസ്തലപ്രവൃത്തികളുടെ ഗ്രീക്ക്‌ വേർഷനിൽ ഈ വാക്കു് സാന്ത്വനപുത്രൻ (son of consolation), പ്രോത്സാഹനപുത്രൻ (son of encouragement) എന്നീ അർത്ഥങ്ങളുള്ള hyios parakleseos എന്നാണു്. കൂടാതെ, പാരക്ലീറ്റ്‌ എന്നാൽ ഒരു കോടതിയിലെ വക്കീൽ എന്നപോലെ വാദിക്കുന്നവനുമാണു്. “പ്രവചിക്കുന്നവനോ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു് സംസാരിക്കുന്നു” എന്നു് പൗലോസും പ്രവചനവും പ്രബോധനവും തമ്മിൽ ബന്ധപ്പെടുത്തുന്നുണ്ടു്. (1. കൊരിന്ത്യർ 14: 3) പ്രവാചകർ പ്രബോധിപ്പിക്കുന്നവരും ആണെന്നതിനാൽ പ്രവാചകപുത്രനും പ്രബോധനപുത്രനും തമ്മിൽ പൊരുത്തപ്പെടാതിരിക്കുന്നില്ല എന്നു് സാരം. ബര്‍ണബാസ്‌ സുവിശേഷത്തിനു് ആ പേരു് ലഭിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം മറ്റൊരു ദിശയിലേക്കു് തിരിച്ചുവിടാൻ ആവുമെന്നതാണു് ഇതിവിടെ സൂചിപ്പിക്കാനുണ്ടായ കാരണം.

ബർണബാസ്‌ സുവിശേഷത്തിലെ ‘മശിഹാസിദ്ധാന്തം’

“ഞാൻ പിതാവിനോടു് ചോദിക്കും; അവൻ ‘സത്യത്തിന്റെ ആത്മാവു്’ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു് നിങ്ങൾക്കു് തരും” എന്ന യോഹന്നാന്റെ സുവിശേഷത്തിലെ (14: 16) വാക്യം ബർണബാസ്‌ സുവിശേഷത്തിൽ “എനിക്കു് മുൻപു് സൃഷ്ടിക്കപ്പെട്ടവനും എനിക്കു് ശേഷം വരുവാനിരിക്കുന്നവനും, നിങ്ങൾ മശിഹാ എന്നു് വിളിക്കുന്ന ദൈവദൂതനുമായവൻ ‘സത്യത്തിന്റെ വചനങ്ങൾ’ നിങ്ങൾക്കായി കൊണ്ടുവരും” എന്നാക്കി മാറ്റിയിരിക്കുന്നു. ബർണബാസ്‌ സുവിശേഷപ്രകാരം, മുഹമ്മദിന്റെ ‘മശിഹാത്വം’ പ്രവചിക്കുന്നവനാണു് യേശു. യേശുവിനെ ‘മശിഹായുടെ’ മുന്നോടി ആക്കുന്നതുവഴി എഴുത്തുകാരൻ യേശുവിനെ ‘വരാനിരിക്കുന്ന സത്യത്തിന്റെ ആത്മാവു് എന്ന കാര്യസ്ഥന്റെ’ മുന്നോടിയാക്കുകയാണു് ചെയ്യുന്നതു്. ഇസ്ലാമികചിന്താധാരയുടെ സാന്നിദ്ധ്യം ബർണബാസ്‌ സുവിശേഷത്തിൽ ഉണ്ടെങ്കിലും മുഹമ്മദ്‌ എന്ന പേരു് അതിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമല്ല. മുഹമ്മദ്‌ എന്ന വാക്കിന്റെ സ്ഥാനത്തു് യോഹാന്നാന്റെ സുവിശേഷത്തിന്റെ അടിസ്ഥാനത്തിലും അർത്ഥത്തിലും, ‘വരുവാനിരിക്കുന്ന കാര്യസ്ഥൻ’ എന്നർത്ഥമുള്ള ഒരു വാക്കു് പ്രതിഷ്ഠിച്ചാൽ അതിലെ ‘മശിഹാസിദ്ധാന്തത്തിനു്’ ഭംഗമൊന്നും സംഭവിക്കുകയില്ല എന്നു് സാരം. ഏതായാലും, എഴുത്തുകാരനു് നാലാം സുവിശേഷത്തെപ്പറ്റി ഉണ്ടായിരുന്നത്ര വ്യക്തമായ അറിവു് ഖുർആനെപ്പറ്റിയോ മുഹമ്മദിന്റെ ഹാദിത്തുകളെപ്പറ്റിയോ ഉണ്ടായിരുന്നില്ല എന്നു് വ്യക്തമാണു്. ആ സുവിശേഷത്തിലെ ഖുർആനുമായി പൊരുത്തപ്പെടാത്ത പല കാര്യങ്ങളും, മുഹമ്മദിനു് ‘മശിഹാ’ ആയി സ്ഥാനാരോഹണം നൽകുന്നതുമെല്ലാം ഇതിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണു്.

മദ്ധ്യകാല കാർമ്മിലൈറ്റ്‌സ്‌

രാജാക്കന്മാരുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഏലിയാ, എലീശാ എന്നീ പ്രവാചകന്മാരോടും അവരുടെ അനുയായികളോടും (പ്രവാചകരുടെ പുത്രന്മാർ) ഉള്ള ആഭിമുഖ്യം ബർണബാസ്‌ സുവിശേഷത്തിലുടനീളം പ്രകടമാണു്. യേശുവിനു് തന്നെ അതിൽ യോഹന്നാൻ സ്നാപകന്റെ റോൾ ആണു് നൽകപ്പെടുന്നതു്. യഹൂദരുടെ വിശ്വാസപ്രകാരം, യഥാർത്ഥ മശിഹാ ഇതുവരെ വന്നിട്ടില്ല, വരാനിരിക്കുന്നതേയുള്ളു. ബൈബിളിലെ രാജാക്കന്മാരിലെ വർണ്ണനകളോടു് ബാഹ്യമായവ കൂട്ടിച്ചേർത്തും തിരുത്തിയും കഥയെ ലക്ഷ്യത്തിനു് അനുയോജ്യമാക്കിർത്തീർത്തിരിക്കുന്ന ഒരു സൃഷ്ടിയാണു് ബർണബാസ്‌ സുവിശേഷം. വെട്ടിത്തിരുത്തലുകളുടെയും തുന്നിച്ചേർക്കലുകളുടെയും ആകെത്തുകയാണു് ബർണബാസ്‌ സുവിശേഷം എന്നു് പറഞ്ഞാലും അതിൽ അതിശയോക്തി ഒന്നുമില്ല. ബര്‍ണബാസ്‌ സുവിശേഷത്തിൽ നിന്നും എഡിറ്റിംഗ്‌ വഴി കൂട്ടിച്ചേർത്തതെന്നു് വിളിച്ചുപറയുന്ന വിധം മുഴച്ചുനിൽക്കുന്ന പൗലോസ്‌ വിരോധം, ചേലാകർമ്മവിഷയം, ബർണബാസ്‌ എന്ന പേരിലേക്കുള്ള സൂചനകൾ, മുഖവുര മുതലായ ഏതാനും കാര്യങ്ങൾ മാത്രം നീക്കം ചെയ്താൽ മതി, അതു് യോഹന്നാന്റെ സുവിശേഷത്തിന്റെ മാതൃകയിലുള്ളതും, എന്നാൽ ഇബായണൈറ്റ്‌ ചിന്താധാര ഉൾക്കൊള്ളുന്നതുമായ ഒരു സുവിശേഷമായി മാറും. ബർണബാസിന്റെ നാമത്തിലുള്ള ഒരു ആരംഭകാലസുവിശേഷം തേടിയുള്ള അന്വേഷണം അതോടെ അർത്ഥശൂന്യമായി മാറുകയും ചെയ്യും.

ബർണബാസ്‌ സുവിശേഷത്തിൽ യേശു ‘കപട’ പരീശന്മാരിൽ നിന്നും വേർത്തിരിക്കുന്ന ‘സത്യ’ പരീശന്മാർ സംശയരഹിതമായി കർമ്മേൽപർവ്വതത്തിലെ ഏലിയാപ്രവാചകനെയും പ്രവാചകപുത്രന്മാരെയും പ്രതിനിധീകരിക്കുന്നവരാണു് (അദ്ധ്യായങ്ങൾ 144 മുതൽ 151 വരെ കാണുക). കർമ്മേൽ പർവ്വതം അതിൽ പേരെടുത്തു് പറയുന്നുമുണ്ടു് (അദ്ധ്യായം 188). ഏലിയാ, എലീശാ പ്രവാചകന്മാരിൽനിന്നും, ‘പ്രവാചകപുത്രന്മാർ’ വഴി, യോഹന്നാൻ സ്നാപകനിലൂടെയുള്ള പിൻതുടർച്ച അവകാശപ്പെടുന്നവരാണു് മദ്ധ്യകാല കാർമ്മിലൈറ്റ്‌സ്‌ (medieval carmelites). ക്ലെമന്റൈൻ വൾഗെയ്റ്റിന്റെ അടിസ്ഥാനത്തിൽ, രാജാക്കന്മാരുടെ പുസ്തകത്തിന്റെ ഏലിയാവൃത്തങ്ങളെ കേന്ദ്രീകരിച്ചുള്ള ‘സത്യപ്രവാചകവ്യാഖ്യാനം’ യാക്കോബിന്റെ (James the Just) പഠിപ്പിക്കലുകളുടെ മുഖമുദ്രയായിരുന്നു. ഏതാണ്ടു് അതുതന്നെയാണു് മദ്ധ്യകാല ബർണബാസ്‌ സുവിശേഷത്തിൽ നമ്മൾ കാണുന്ന ചിന്താരീതിയും. ബര്‍ണബാസ്‌ എന്ന വാക്കു് പ്രവാചകപുത്രൻ എന്ന അർത്ഥത്തിൽ എടുത്താൽ, ബര്‍ണബാസ്‌ സുവിശേഷത്തിന്റെ കേന്ദ്ര ആശയവും കാർമ്മിലൈറ്റ്‌ ചിന്തകളും പൊരുത്തപ്പെടാതിരിക്കുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ, അതിന്റെ ഉത്ഭവം, പണ്ടുണ്ടായിരുന്ന ഒരു ബര്‍ണബാസ്‌ സുവിശേഷത്തിൽ നിന്നെന്നതിനേക്കാൾ, ക്ലെമന്റൈൻ വൾഗെയ്റ്റിന്റെ അടിത്തറയിൽ, ഇബായണൈറ്റ്‌ വിശ്വാസപ്രമാണങ്ങളിൽ അധിഷ്ഠിതമായി നിലനിന്നിരുന്ന ഒരു സ്ഥൂലകൃതിയിൽ നിന്നായിരിക്കാം എന്ന നിഗമനം തള്ളിക്കളയാവുന്നതല്ല – ബർണബാസ്‌ സുവിശേഷം ഒരു സുവിശേഷം എന്ന നിലയിൽ പ്രദര്‍ശിപ്പിക്കുന്ന അസാധാരണമായ കൃത്രിമത്വം മറച്ചുവയ്ക്കാവുന്നതല്ല എന്ന യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും.

കുരിശുയുദ്ധങ്ങൾക്കു് (Crusades) മുൻപുതന്നെ കർമ്മേൽ മലയിൽ (Mount Carmel) ‘പ്രവാചകപുത്രന്മാരായ’ പ്രാകൃതസന്യാസിമാർ വസിച്ചിരുന്നു. യഹൂദ, ക്രൈസ്തവ, ഇസ്ലാം പാരമ്പര്യത്തിലും ഏലിയൻ പ്രവാചകത്വത്തിലും അടിയുറച്ചു് വിശ്വസിച്ചിരുന്ന ഒരു പലസ്റ്റീനിയൻ ക്രൈസ്തവസമൂഹമായിരുന്നു അവർ. പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവർക്കവിടെ സ്വന്തമായ വിദ്യാലയം പോലുമുണ്ടായിരുന്നു. കുരിശുയുദ്ധങ്ങളുടെ അവസാനത്തിൽ അവർ യൂറോപ്പിലേക്കു് കുടിയേറാൻ നിർബന്ധിതരായതോടെ പൂർവ്വകാല കീഴ്‌വഴക്കങ്ങൾ അവർക്കു് നഷ്ടമായി. വിശുദ്ധ മലയിൽ നിന്നും, ആശ്രമങ്ങളിലെ സന്യാസജീവിതത്തിൽ നിന്നും പിഴുതെറിയപ്പെട്ട അവർ ഭിക്ഷാംദേഹികളുടെ സമൂഹമായി മാറി. അവരുടെ കൂട്ടത്തിൽ ഈ മാറ്റത്തിനു് എതിരായിരുന്നവർ ബർണബാസ്‌ സുവിശേഷത്തിന്റെ ഭാഷയിൽ ‘സത്യ’ പരീശന്മാരും (പ്രാകൃത സന്യാസികൾ), എതിരാളികൾ ‘വ്യാജ’ പരീശന്മാരും (അക്ഷരജ്ഞാനികളായ നാട്യക്കാർ) ആയി മുദ്രകുത്തപ്പെട്ടു. ഒരുപക്ഷേ, ഈ ഏറ്റുമുട്ടലിന്റെ ഫലമായി രംഗപ്രവേശം ചെയ്ത ഏതെങ്കിലും ഒരു പുരാതനലിഖിതമാവാം ബര്‍ണബാസ്‌ സുവിശേഷത്തിന്റെ രൂപത്തിലേക്കു് തിരുത്തി എഴുതപ്പെടുന്നതിനുള്ള കരടുരേഖയായിത്തീർന്നതു്.

അവലംബം:

1. The Medieval Gospel of Barnabas
2. Wurde das wahre Evangelium Christi gefunden? – Dr. Christine Schirmacher
3. Barnabas and the Gospels – R. Blackhirst
4. Bible, Quran and Various Wikipedia essays to compare and verify the details

 
4 Comments

Posted by on May 16, 2010 in മതം

 

Tags: , ,

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-3

ബർണബാസ്‌ സുവിശേഷത്തിന്റെ മൂലകൃതി അടുത്തയിടെ ടർക്കിയിൽ കണ്ടുകിട്ടി?

ബര്‍ണബാസ്‌ സുവിശേഷത്തിന്റെ ജർമ്മൻ പതിപ്പിന്റെ പുറംചട്ടക്കുറിപ്പിൽ അതിന്റെ ഒരു മൂലകൃതി അടുത്ത കാലത്തു് ടർക്കിയിൽ കണ്ടെത്തി എന്നു് അവകാശപ്പെട്ടിരുന്നു. അതിനു് ആധാരമെന്നോണം ഒരു ടർക്കി ദിനപ്പത്രത്തിലെ വാർത്ത (Tuerkiye 25.07.1986) സൂചിപ്പിച്ചിട്ടുള്ളതല്ലാതെ, അതിന്റെ ഫോട്ടോയോ, ഉപോദ്ബലകമായ മറ്റെന്തെങ്കിലും തെളിവുകളോ ഹാജരാക്കാൻ ഇതുവരെ പ്രസാധകർക്കു് കഴിഞ്ഞിട്ടില്ല. അതിനാൽ ഒരു പ്രചരണതന്ത്രം എന്നതിൽ കവിഞ്ഞ പ്രാധാന്യം ഈ അവകാശവാദത്തിനു് നൽകാനാവില്ല. ‘ഒരു പഴയ ബൈബിൾ കയ്യെഴുത്തുപ്രതി’ കണ്ടെത്തി എന്ന ‘ചൂടൻ വാർത്തകൾ’ എൺപതുകളുടെ ആരംഭത്തിൽ ടർക്കിയിലെ പല ദിനപ്പത്രങ്ങളിലും വന്നിരുന്നു എന്നതു് ശരിയാണു്. ഏകദേശം അൻപതു് കിലോഗ്രാം തൂക്കം വരുന്നതും റേഡിയോ-കാർബൺ പരിശോധനയിൽ 1900 വർഷങ്ങൾ പഴക്കമുണ്ടെന്നു് തെളിഞ്ഞതുമായ ‘അറാമി-സുറിയാനി’ ഭാഷയിലുള്ള ബർണബാസ്‌ സുവിശേഷമാണു് അതെന്നും, A.D. 325-ലെ നിഖ്യാ സുന്നഹദോസിൽ നിരോധിക്കപ്പെട്ടതിനാൽ ഒരു കാരണവശാലും ക്രിസ്ത്യാനികളുടെ കയ്യിൽപ്പെടാതിരിക്കാൻ അതിർത്തി ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടയിൽ ശ്രദ്ധിക്കപ്പെടുകയും രക്ഷിക്കപ്പെടുകയുമായിരുന്നു എന്നൊക്കെ ആയിരുന്നു പൊതുവേ ആ വാർത്തകളുടെ ഉള്ളടക്കം. താമസിയാതെതന്നെ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന തിരുത്തലും വന്നു. പുതിയനിയമത്തിന്റെ ചില പ്രതികളും, ഏറിയാൽ നാനൂറു് വർഷങ്ങൾ മാത്രം പഴക്കമുള്ള ബൈബിളിന്റെ ഒരു കയ്യെഴുത്തുപ്രതിയും മാത്രമായിരുന്നു അവ എന്നായിരുന്നു തിരുത്തൽ. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഒരു കയ്യെഴുത്തുപ്രതി കണ്ടുകിട്ടിയാൽ പഴക്കത്തിന്റെ മാത്രം പേരിൽ അതു് ലോകത്തിൽ അത്യന്തം ആവേശജനകമായ ഒരു വാർത്തയായിരുന്നേനെ. അപ്പോൾപിന്നെ അതു് ആധികാരികബൈബിളിലെ നിലപാടുകളെ തകിടം മറിക്കുന്ന വസ്തുതകൾ ഉൾക്കൊള്ളുന്ന ഒരു സുവിശേഷം കൂടി ആയിരുന്നാൽ എത്രയെത്ര പണ്ഡിതരും ഗവേഷകരുമായിരുന്നേനെ അതിന്റെ പിന്നാലെ എന്ന കാര്യം പ്രത്യേകം പറയണോ? ‘ചെന്നതും കോലേ പതിനാറു്’ എന്ന രീതിയിൽ വാർത്തകൾ പടച്ചുവിടുന്ന മലയാളപത്രങ്ങൾ വായിച്ചു് ശീലിച്ചിട്ടുള്ള കേരളീയനോടു് പത്രവാർത്തകളുടെ ആധികാരികതയെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടെന്നും തോന്നുന്നില്ല.

(പരിഷ്കൃതരാജ്യങ്ങളിൽ വിഭിന്നമായ മേഖലകളിലെ ഓരോ ചെറിയ വിഷയങ്ങൾവരെ വിശദവും ശാസ്ത്രീയവുമായ പഠനത്തിനു് വിധേയമാക്കാൻ പരിശീലനം നേടുന്നവർ ഗവേഷണം ഒരു ജീവിതദൗത്യമായി സ്വയം ഏറ്റെടുത്തിട്ടുള്ളവരാണു്. അവരെസംബന്ധിച്ചു് വിദ്യാഭ്യാസവും ജോലിയുമൊക്കെ സ്ത്രീധനം വാങ്ങി പെണ്ണുകെട്ടി, വീടുവച്ചു് ജീവിതം ആസ്വദിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല. ഭൂരിപക്ഷം കേരളീയർക്കും ഒരുപക്ഷേ ഒരിക്കലും മനസ്സിലാക്കാൻ കഴിയണമെന്നില്ലാത്തതരം ഉത്തരവാദിത്വബോധമാണു് തൊഴിലിനു് അവർ ഇത്ര ഉയർന്ന സ്ഥാനവില നൽകുന്നതിന്റെ ഒരു പ്രധാനകാരണം. അതിനുള്ള അവരുടെ യോഗ്യത നിശ്ചയിക്കപ്പെടുന്നതു് പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ അവർക്കുള്ള വാസനയിലും താത്പര്യത്തിലും അധിഷ്ഠിതമായാണു്. അല്ലാതെ, മാതാപിതാക്കളുടെ സ്ഥാനമാനങ്ങളോ കുലമഹിമയോ ഉന്നതസ്ഥാനങ്ങളിലെ അവരുടെ പിടിപാടോ അടിസ്ഥാനമാക്കിയല്ല. അവർ പ്രദർശ്ശിപ്പിക്കുന്ന ശാസ്ത്രീയനിഷ്പക്ഷതയും പൊതുസമൂഹത്തിനോടുള്ള പ്രതിബദ്ധതയും പഠനങ്ങളോടുള്ള ആത്മാർത്ഥതയും മൂലം അവർ ജനങ്ങളുടെ ഇടയിൽ വിശ്വാസയോഗ്യരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ആധികാരിക പ്രതിനിധികളുമായി അംഗീകരിക്കപ്പെടുന്നു.)

ബ്രദർ മറീനോ (Fra Marino)

ബർണബാസ്‌ സുവിശേഷത്തിന്റെ സ്പാനിഷ്‌ പതിപ്പിന്റെ മുഖവുരയിൽ ബ്രദർ മറീനോ എന്നൊരു സന്യാസി ആ സുവിശേഷത്തിന്റെ മൂലകൃതി പോപ്പ്‌ സിക്സ്റ്റസ്‌ അഞ്ചാമന്റെ (ഭരണകാലം 1585-1590) ലൈബ്രറിയിൽ നിന്നും ഒളിച്ചു് കടത്തുകയായിരുന്നു എന്നൊരു വർണ്ണനയുണ്ടു്. ആ കഥ ചുരുക്കത്തിൽ ഇങ്ങനെ: ക്രൈസ്തവസഭയിലെ ഇൻക്വിസിഷനിൽ പ്രവർത്തിച്ചിരുന്നവനായ സഹോദരൻ മറീനോയ്ക്കു് സഭാപിതാവായിരുന്ന ഐറീനിയസിന്റെ (Irenaeus) എഴുത്തുകളിലെ ഒരു റെഫറൻസ്‌ വഴി ആരംഭകാലക്രൈസ്തവസഭയിൽ ഒരു ബർണബാസ്‌ സുവിശേഷം ഉണ്ടായിരുന്നതായി ഗന്ധം ലഭിക്കുന്നു! പക്ഷേ, ഐറീനിയസിന്റെ അറിയപ്പെടുന്ന ഗ്രന്ഥമായ Adversus haereses-ലോ, ലഭ്യമായ മറ്റേതെങ്കിലും എഴുത്തുകളിലോ ഒരു ബർണബാസ്‌ സുവിശേഷം – അതിനെ വിമര്‍ശിക്കുന്നതിനോ നിന്ദിക്കുന്നതിനോ ആയിപ്പോലും – പരാമര്‍ശിക്കപ്പെടുന്നില്ല. ഏതായാലും, ഈ കഥയുടെ അടിസ്ഥാനത്തിൽ, കുറെ നാളുകൾക്കു് ശേഷം ബ്രദർ മറീനോയെ തന്റെ ലൈബ്രറി കാണിക്കുന്നതിനിടയിൽ പോപ്പ്‌ സിക്സ്റ്റസ്‌ ഉറങ്ങിപ്പോവുകയും ആ തക്കത്തിനു് അവൻ ബർണബാസ്‌ സുവിശേഷം കൈക്കലാക്കുകയും ചെയ്യുകയായിരുന്നത്രേ! മാർപ്പാപ്പ ഉറങ്ങുന്നതിനിടയിൽ പേപ്പൽ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരത്തിൽ തപ്പുന്ന മറീനോയുടെ കയ്യിൽ വലിയ തിരച്ചിൽ ഒന്നും നടത്താതെതന്നെ ഒരു അത്ഭുതം എന്നോണം ബർണബാസ്‌ സുവിശേഷം തടയുകയായിരുന്നിരിക്കാം! accidental coincidence എന്നല്ലാതെ എന്തു് പറയാൻ? (ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും തമ്മിൽത്തല്ലിക്കാൻ ഉചിതമായ ഒരു മാർഗ്ഗം എന്ന നിലയിൽ ‘സമാധാനദൂതനായ’ ഏതെങ്കിലും ഒരു മാലാഖ കൃത്യസമയത്തുതന്നെ പ്രത്യക്ഷപ്പെട്ടു് ആ പുസ്തകം തൊട്ടുകാണിക്കുകയായിരുന്നു എന്നു് കരുതുന്നതിലും അപാകതയൊന്നുമില്ല. മതപരമായ കാര്യങ്ങളിൽ യാദൃച്ഛികതയും ഗുണ്ടുകളുമൊക്കെ എത്രമാത്രം അവിശ്വസനീയമാണോ അത്രയും വലുതുമായിരിക്കും വിശ്വാസി അതിനു് നൽകുന്ന അത്ഭുതമൂല്യം എന്നതാണല്ലോ നമ്മുടെ നിത്യാനുഭവപാഠവും!) ബർണബാസ്‌ സുവിശേഷം ബ്രദർ മറീനോ കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച കഥയൊന്നും അറിയാതെ ഉറക്കമുണർന്ന മാർപ്പാപ്പ മറീനോയെ ലൈബ്രറിയിൽ നിന്നും പുറത്തേക്കു് ആനയിച്ചതോടെ ഒന്നാം അങ്കത്തിന്റെ തിരശ്ശീല വീണു. മറീനോ ആ സുവിശേഷം വിശദമായി പഠിക്കുകയും അതിന്റെ വെളിച്ചത്തിൽ മാനസാന്തരപ്പെട്ടു് മുസ്ലീം ആവുകയും ചെയ്യുന്നു. പിന്നീടു് അവൻ ഈസ്റ്റാൻബൂളിലേക്കു് ഒളിച്ചോടുന്നു. ഈ കഥ ബർണബാസ്‌ സുവിശേഷം വ്യാജമല്ല എന്ന തങ്ങളുടെ നിലപാടിന്റെ ശക്തമായ ഒരു തെളിവായാണു് ഇസ്ലാം താർക്കികർ ചൂണ്ടിക്കാണിക്കുന്നതു്. പക്ഷേ, ഈ വിവരണം അതേ ബർണബാസ്‌ സുവിശേഷത്തിൽത്തന്നെയാണു് രേഖപ്പെടുത്തിയിരിക്കുന്നതെന്നതിനാൽ, ആ സുവിശേഷത്തിന്റെ ഒറിജിനാലിറ്റിയുടേയും ആധികാരികതയുടെയും തെളിവു് എന്ന രീതിയിൽ – ചരിത്രപരമായി വെരിഫൈ ചെയ്യാനാവുന്ന വസ്തുതകളുടെ പിൻബലം ഈ അവകാശവാദത്തിനു് ഇല്ലാത്തിടത്തോളം – അതിനു് കാര്യമായ മൂല്യമൊന്നും നൽകാനാവില്ല എന്ന യാഥാർത്ഥ്യം അവർ സൗകര്യപൂർവ്വം മറക്കുന്നു.

ബർണബാസിന്റെ ശവകുടീരവും സുവിശേഷവും

രക്തസാക്ഷിയായി മരിച്ച ബര്‍ണബാസിന്റെ ശവകുടീരവും അതിൽ മൃതശരീരത്തിന്റെ നെഞ്ചോടു് ചേർത്തുവച്ച രീതിയിൽ ബർണബാസ്‌ സുവിശേഷവും സൈപ്രസിൽ കണ്ടെത്തിയെന്നതാണു് ഇസ്ലാം താർക്കികർ മുന്നോട്ടു് വയ്ക്കുന്ന മറ്റൊരു വാദം. ഇവിടെ പരാമര്‍ശവിഷയമായ ഇറ്റാലിയൻ/സ്പാനിഷ്‌ ബർണബാസ്‌ സുവിശേഷങ്ങളുടെ ഒരു ‘മുൻഗാമിസുവിശേഷം’ ആദ്യകാലക്രിസ്തുമതത്തിൽ നിലനിന്നിരുന്നുവെന്നോ, അതു് ഏതെങ്കിലും വിധത്തിൽ സൈപ്രസിൽ എത്തിപ്പെട്ടുവെന്നോ ഉള്ളതിനു് ചരിത്രപരമായ യാതൊരു തെളിവും ഇല്ല എന്നിരിക്കെ, മുസ്ലീം താർക്കികർ എങ്ങനെ ഇതുപോലൊരു നിഗമനത്തിലെത്തി? അതിന്റെ അടിത്തറ ഒരു ഐതിഹ്യം മാത്രമാണു്. അതിങ്ങനെ: സലാമിസിലെ (സൈപ്രസ്‌) ഒരു ബിഷപ്പിനു് ബർണബാസ്‌ വെളിപ്പെടുകയും, ഒരു ഗുഹയിലെ ശവപ്പെട്ടിയെപ്പറ്റിയും അതിലെ ബർണബാസിന്റെ മൃതശരീരത്തെപ്പറ്റിയും അതിനോടൊപ്പം ബർണബാസ്‌ സ്വന്തകൈകൊണ്ടു് പകർത്തിയെഴുതിയ അപ്പൊസ്തലനായ മത്ഥിയാസിന്റെ സുവിശേഷത്തെപ്പറ്റിയും അറിയിക്കുകയും ചെയ്യുന്നു. അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ളതായി പതിനാറാം നൂറ്റാണ്ടിലെ ഒരു രചയിതാവു് വർണ്ണിക്കുന്ന ഈ ഐതിഹ്യത്തിനു് ചരിത്രപരമായ ഒരു സ്ഥിരീകരണവുമില്ല. മാത്രവുമല്ല, അതിൻപ്രകാരം, ബർണബാസ്‌ അതു് മത്ഥിയാസ്‌ സുവിശേഷം എന്ന മൂലകൃതിയിൽ നിന്നും പകർത്തി എഴുതുക മാത്രമായിരുന്നു എന്നതിനാൽ അതിന്റെ ഒറിജിനൽ സ്രഷ്ടാവു് മത്ഥിയാസേ ആവൂ, ബർണബാസ്‌ ആവുകയില്ല. പക്ഷേ, ഇസ്ലാം താർക്കികർ അതു് ബർണബാസ്‌ സ്വയം രചിച്ചതാണെന്നാണു് വ്യാഖ്യാനിക്കുന്നതു്!

ബർണബാസ്‌ സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ള രണ്ടു് ലിസ്റ്റുകൾ

ഇസ്ലാം താർക്കികർ ഉന്നയിക്കുന്ന മറ്റൊരു വാദമുഖമാണു്, ബർണബാസ്‌ സുവിശേഷത്തെപ്പറ്റി ജെലേഷ്യസ്‌ ഡിക്രീ (Decretum Gelasianum) എന്ന ലിസ്റ്റിൽ സ്ഥിരീകരിക്കപ്പെട്ട സൂചനയുണ്ടെന്നതു്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ തെക്കൻ ഫ്രാൻസിലോ വടക്കൻ ഇറ്റലിയിലോ രൂപമെടുത്തതാവാം എന്നു് കരുതപ്പെടുന്ന ഈ ലിസ്റ്റിനു് ആ പേരു് ലഭിച്ചതു് Pope Gelasius-ൽ നിന്നുമാണു് (ഭരണകാലം A.D. 492-496). എങ്കിലും, അതിലെ ചില രേഖകൾ Pope Damasus-ന്റെ കാലത്തുനിന്നും വരുന്നവയാണു് (ഭരണകാലം A.D. 366-384). ആ ലിസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ അംഗീകൃതബൈബിളിലെ (പഴയനിയമവും പുതിയനിയമവും) പുസ്തകങ്ങളും, അഞ്ചാം ഭാഗത്തിൽ കാനോനിക്കൽ അല്ലാത്തവയെന്നു് സഭ തിരസ്കരിച്ച അപ്പോക്രിഫയും അല്ലാത്തതുമായ സൃഷ്ടികളും രേഖപ്പെടുത്തിയിട്ടുണ്ടു്. അതിൽ യാക്കോബിന്റേയും പത്രോസിന്റേയും അന്ത്രയാസിന്റേയും അടക്കം പല സുവിശേഷങ്ങളുടെയും കൂട്ടത്തിൽ (മത്ഥിയാസ്‌ സുവിശേഷത്തിനോടു് ചേർന്നു്) ബർണബാസ്‌ സുവിശേഷവും (Evangelium nomine Barnabae apocryphum) രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നുതന്നെ വ്യക്തമാവേണ്ടതാണു്, ഇസ്ലാം പക്ഷം അവകാശപ്പെടുന്നതുപോലെ, ബർണബാസ്‌ സുവിശേഷം മറ്റു് സുവിശേഷങ്ങളിൽ നിന്നും വിപരീതമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാവാൻ കഴിയില്ല എന്നതു്. കാനോനികസുവിശേഷങ്ങളിൽ നിന്നും കടകവിരുദ്ധമായ ഉള്ളടക്കമുള്ള ഒന്നായിരുന്നു ബർണബാസ്‌ സുവിശേഷമെങ്കിൽ, അതു് നശിപ്പിക്കാൻ സഭാപിതാക്കൾ തീരുമാനിക്കുന്നതു് സ്വാഭാവികവും വിശ്വാസയോഗ്യവുമാണു്. പക്ഷെ, അങ്ങനെ നശിപ്പിക്കപ്പെട്ട ഒരു സുവിശേഷത്തിന്റെ പേരു് മാത്രം രേഖാമൂലം നിലനിർത്താൻ സഭയിലെ പുരാതനപിതാക്കൾ തീരുമാനിച്ചു എന്നതു് സാമാന്യബോധത്തിനു് നിരക്കുന്നതല്ല. പേരൊഴികെ മറ്റൊരു അംശം പോലും ഇന്നോളം ലഭിച്ചിട്ടില്ലാത്ത ഈ ബർണ്ണബാസ്‌ സുവിശേഷവും മദ്ധ്യകാലബർണബാസ്‌ സുവിശേഷവും തമ്മിൽ എന്തെങ്കിലും ഒരു ബന്ധമുണ്ടെന്നു് സ്ഥാപിക്കാൻ മതിയായ യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല എന്നതാണു് സത്യം.

അതുപോലെതന്നെയുള്ള മറ്റൊരു ലിസ്റ്റാണു് ഏഴാം നൂറ്റാണ്ടിൽ നിന്നുള്ള ‘അറുപതു് കാനോനിക്കൽ പുസ്തകങ്ങളുടെ ലിസ്റ്റ്‌’. 34 പഴയനിയമപുസ്തകങ്ങളും 26 പുതിയനിയമപുസ്തങ്ങളും (യോഹന്നാനുണ്ടായ വെളിപാടു് അതിലില്ല) അടങ്ങുന്ന 60 കാനോനിക്കൽ പുസ്തകങ്ങളുടെ ലിസ്റ്റിനു് പുറമേ ഒൻപതു് മറ്റു് പുസ്തകങ്ങളും, അവയെ കൂടാതെ 25 അപ്പോക്രിഫൽ പുസ്തകങ്ങളും ആ ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. ആ ഇരുപത്തഞ്ചിൽ (ജെലേഷ്യസ്‌ ഡിക്രീയിൽ എന്നപോലെതന്നെ) മത്ഥിയാസ്‌ സുവിശേഷത്തിനോടു് ചേർന്നു് ബർണബാസ്‌ സുവിശേഷവും നിലകൊള്ളുന്നു. ചുരുങ്ങിയതു് ഒരു നൂറ്റാണ്ടിന്റെയെങ്കിലും അകൽച്ചയിൽ രൂപമെടുത്ത ഈ രണ്ടു് ലിസ്റ്റുകളും തമ്മിൽ പൗരസ്ത്യവും പാശ്ചാത്യവും എന്ന ഭൂമിശാസ്ത്രപരമായ അകൽച്ചയുമുണ്ടു്. ഈ രണ്ടു് ലിസ്റ്റുകളിലൊഴികെ മറ്റൊരിടത്തും ബർണബാസ്‌ സുവിശേഷം പരാമര്‍ശിക്കപ്പെടുന്നില്ല. ഈ ലിസ്റ്റുകളിൽ പറയുന്ന പുസ്തകങ്ങളിൽ ബർണബാസ്‌ സുവിശേഷം ഒഴികെ മറ്റെല്ലാ പുസ്തകങ്ങളും പൂർണ്ണമോ ഭാഗികമോ ആയി ലഭിച്ചിട്ടുണ്ടുതാനും. ഈ രണ്ടു് ലിസ്റ്റുകളിലും പേരുണ്ടായിട്ടും ബർണബാസ്‌ സുവിശേഷം മാത്രം എന്തുകൊണ്ടു് ഒരു തെളിവുമില്ലാതെ അവശേഷിക്കുന്നു? ഇതിനു് ന്യായമായ എന്തെങ്കിലും വിശദീകരണം കണ്ടെത്താനാവുമോ? പുരാതനരേഖകളിൽ ലഭ്യമായ നുറുങ്ങുകൾ കൂട്ടിച്ചേർത്താൽ ഈ സമസ്യക്കു് ഒരു പരിഹാരം കാണാനാവുമോ എന്നു് നോക്കാം.

ഇബായണൈറ്റ്‌ ചിന്താധാരയുടെ അംശങ്ങൾ

ഈ വിഷയം പഠനവിധേയമാക്കിയ പല പണ്ഡിതരും ബർണബാസ്‌ സുവിശേഷത്തിൽ ആരംഭകാലക്രിസ്തുമതത്തിലെ ഒരു വിഭാഗമായിരുന്ന ഇബായണൈറ്റുകളുടെ (Ebionites) ചിന്താധാര ദര്‍ശിക്കുന്നവരാണു്. മോശെയുടെ ന്യായപ്രമാണത്തിനു് യേശു നൽകിയ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ യഹൂദനിയമങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന നിലപാടു് സ്വീകരിച്ചിരുന്ന യഹൂദ-ക്രൈസ്തവരുടെ ഒരു സെക്റ്റായിരുന്നു ഇവർ. ദാരിദ്ര്യത്തെ മഹത്വീകരിച്ചിരുന്ന ഇവർ യേശുവിനെ മശിഹാ ആയിട്ടല്ലാതെ ദൈവമായി അംഗീകരിച്ചിരുന്നില്ല. യേറുശലേം സഭയുടെ തലവൻ എന്ന നിലയിൽ യാക്കോബിനെ (James the Just) ആദരിച്ചിരുന്ന ഇക്കൂട്ടർ ‘ജാതികളുടെ അപ്പൊസ്തലൻ’ എന്നു് സ്വയം വിശേഷിപ്പിച്ചിരുന്ന പൗലോസിനെയും (Paul of Tarsus) അവന്റെ പഠിപ്പിക്കലുകളെയും നിഷേധിച്ചിരുന്നു.

പുരാതനപിതാക്കളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്ന പ്രകാരം, ഈ വിഭാഗം ആധാരമാക്കിയിരുന്നതു് ‘യഹൂദ സുവിശേഷം’ എന്നുകൂടി അറിയപ്പെടുന്ന മത്തായിയുടെ സുവിശേഷമായിരുന്നു. പ്രത്യേകിച്ചും ‘ജാതിയിൽ’ നിന്നും വരുന്നവനായ ലൂക്കോസിന്റെ സുവിശേഷം അവർ ഒഴിവാക്കിയിരുന്നു! സ്വാഭാവികമായും യഹൂദരായിരുന്ന ആദ്യകാലപിതാക്കൾ ക്രിസ്തുമതത്തിന്റെ യഹൂദപൈതൃകത്തിനെ ഏറെ വിലമതിച്ചിരുന്നു എന്നതിനാൽ, യേശുവിന്റെ ‘മണ്ണിൽ’, യേശുവിന്റെ ഭാഷയിൽ ആദ്യമായി എഴുതപ്പെട്ട ഒരു ‘യഹൂദ’സുവിശേഷം എന്ന ബഹുമതി അവർ മത്തായിയുടെ സുവിശേഷത്തിനു് നൽകിയിരുന്നു. ആദ്യകാലങ്ങളിൽ അവർ മറ്റു് സുവിശേഷങ്ങളെ പരാമർശ്ശിച്ചിരുന്നതുപോലും വളരെ വിരളമായിട്ടായിരുന്നു എന്നു് രേഖകൾ വെളിപ്പെടുത്തുന്നു.

മത്തായി/മത്ഥിയാസ്‌ – ബർശബാസ്‌/ബര്‍ണബാസ്‌

യേശുവിനെ ഒറ്റിക്കൊടുത്തവനായ ഇസ്കാര്യോത്ത്‌ യൂദായുടെ ആത്മഹത്യമൂലം വന്ന ഒഴിവിലേക്കു് പന്ത്രണ്ടാമത്തെ ശിഷ്യനായി മത്ഥിയാസ്‌ തിരഞ്ഞെടുക്കപ്പെടുന്നതായി അപ്പൊസ്തലപ്രവൃത്തികളിൽ വായിക്കാം: “…. അങ്ങനെ അവർ യുസ്തോസ്‌ എന്നു് മറുപേരുള്ള ‘ബർശബാ’ എന്ന യോസേഫ്‌, മത്ഥിയാസ്‌ എന്നെ രണ്ടുപേരെ നിർത്തി. … … ചീട്ടു് മത്ഥിയാസിനു് വീഴുകയും അവനെ പതിനൊന്നു് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (അപ്പൊ. പ്രവൃത്തികൾ 1: 21-26). പക്ഷേ, ഇബായണൈറ്റ്‌ വിശ്വാസപ്രകാരം, ഈ തിരഞ്ഞെടുപ്പിൽ ജയിച്ചതു് മത്ഥിയാസ്‌ ആയിരുന്നില്ല, ബർശബാസ്‌ ആയിരുന്നു. ഇവിടെ പരാമര്‍ശവിഷയമായ മദ്ധ്യകാലബർണബാസ്‌ സുവിശേഷത്തിൽ (അദ്ധ്യായം 14) യേശുവിന്റെ ശിഷ്യന്മാരെ വർണ്ണിക്കുന്ന ഭാഗത്തു്, ബർണബാസിനെ യേശുവിന്റെ ശിഷ്യനായി വിശേഷിപ്പിക്കുന്നതു് ശ്രദ്ധിക്കൂ: “… നികുതിസ്ഥലത്തു് ഇരുന്നവനായ ചുങ്കക്കാരൻ മത്തായി, അവനോടുകൂടെ ഇതെഴുതിയവനായ ബർണബാസ്‌; …”.

രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളായാണു് പൊതുവേ ശിഷ്യന്മാർ വർണ്ണിക്കപ്പെടുന്നതു്. ബൈബിളിൽ മത്തായിയുടെ ‘ഇരട്ട’ തോമാസാണു്. ബർണബാസ്‌ സുവിശേഷത്തിൽ തോമാസ്‌ ഒഴിവാക്കപ്പെടുന്നു. ലേവി ഗോത്രക്കാരായ മത്തായിയും ബർണബാസുമാണു് അവിടെ ഒരു ഗ്രൂപ്പാവുന്നതു്. മത്തായിയും മത്ഥിയാസും, അതുപോലെതന്നെ ബർശബാസും ബർണബാസും പരസ്പരം മാറ്റിയെഴുതാവുന്ന പേരുകളാണെന്നു് തെറ്റിദ്ധരിക്കപ്പെട്ടു എന്നു് ഒരുനിമിഷം അനുമാനിച്ചാൽ, ബർണബാസ്‌ യേശുവിന്റെ ശിഷ്യനായിരുന്നുവെന്ന മദ്ധ്യകാല ബര്‍ണബാസ്‌ സുവിശേഷത്തിലെ അവകാശവാദം യൂദാസിന്റെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബർശബാസ്‌ മത്ഥിയാസിനെയാണു് തോൽപ്പിച്ചതെന്ന ഇബായണൈറ്റ്‌ നിലപാടുമായി പൊരുത്തപ്പെടുന്നതു് കാണാം. കൂട്ടത്തിൽ പറയട്ടേ, പുതിയനിയമത്തിൽ മർക്കോസിന്റെ ബന്ധുവായി വർണ്ണിക്കപ്പെടുന്ന ബര്‍ണബാസ്‌ പൗലോസുമായിട്ടാണു് ഒരു ഗ്രൂപ്പിൽ വരുന്നതു്.

മത്തായി/മത്ഥിയാസ്‌ – ബർശബാസ്‌/ബര്‍ണബാസ്‌! അപ്പൊസ്തലപ്രവൃത്തികളിൽ മത്ഥിയാസും ബർശബാസും, ക്ലെമന്റൈൻ വൾഗെയ്റ്റിൽ (Clementine Vulgate) മത്ഥിയാസും ബർണബാസും, മറ്റു് പല രേഖകളിലും മത്തായിയും ബര്‍ണബാസും! മുകളിൽ പറഞ്ഞ രണ്ടു് ലിസ്റ്റുകളിലും മത്ഥിയാസിന്റെ സുവിശേഷവും ബർണ്ണബാസിന്റെ സുവിശേഷവും ചേർന്നാണു് നിൽക്കുന്നതെന്നുംകൂടി ഇതിനോടു് ചേർത്തു് വായിക്കുക. വിചിത്രമെന്നോണം, ഇതേ ഗ്രൂപ്പിംഗ്‌ മദ്ധ്യകാല ബർണബാസ്‌ സുവിശേഷത്തിലും നമ്മൾ കാണുന്നു: “… ചുങ്കക്കാരൻ മത്തായി, അവനോടുകൂടെ ഇതെഴുതിയവനായ ‘ബർണബാസ്‌'”!

ശിഷ്യന്മാരുടെ പേരുകൾ തമ്മിലുള്ള സാമ്യം

പുതിയനിയമത്തിലെ കഥാപാത്രങ്ങളായ ശിഷ്യന്മാരുടെയും അനുയായികളുടെയുമെല്ലാം പേരുകൾ ഈവിധം ഏതാണ്ടു് അവിയൽ പരുവത്തിലാണെന്നു് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. ശിഷ്യന്മാരുടെ പേരുകളിലെ വൈവിധ്യവും, അവ തമ്മിൽത്തമ്മിലുള്ള സാമ്യവും തുടക്കക്കാരിൽ ഉണ്ടാക്കിയേക്കാനിടയുള്ള ചിന്താക്കുഴപ്പങ്ങൾ ഒഴിവാക്കാനായി അവ ഇവിടെ ചേർക്കുന്നു.

ലൂക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ 12 മുതൽ 17 വരെ വാക്യങ്ങളിൽ നൽകിയിരിക്കുന്ന ശിഷ്യന്മാരുടെ പേരുകൾ: “ആ കാലത്തു് അവൻ പ്രാർത്ഥിക്കേണ്ടതിന്നു് ഒരു മലയിൽ ചെന്നു് ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവർക്കു് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവർ ആരെന്നാൽ: (മീൻപിടുത്തക്കാരായ) പത്രോസ്‌ എന്നു് അവൻ പേരു് വിളിച്ച ശീമോൻ, അവന്റെ സഹോദരൻ അന്ത്രയാസ്‌, (മീൻപിടുത്തക്കാരനായ സെബെദിയുടെ മകൻ) യാക്കോബ്‌, (അവന്റെ സഹോദരൻ) യോഹന്നാൻ, ഫിലിപ്പോസ്‌, ബാർത്തൊലോമിയസ്‌, (ചുങ്കക്കാരനായ) മത്തായി, തോമാസ്‌, അൽഫായിയുടെ മകനായ യാക്കോബ്‌, എരിവുകാരനായ ശീമോൻ, യാക്കോബിന്റെ സഹോദരനായ യൂദാ (Jude of James, Jude Thaddaeus, Judas Thaddaeus or Lebbaeus എന്ന പല പേരുകളിൽ അറിയപ്പെടുന്നു), ഒറ്റിക്കൊടുത്തവനായ ഈസ്കാര്യോത്ത്‌ യൂദാ എന്നിവർ തന്നേ”. (ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ മത്തായിയുടെ സുവിശേഷത്തിൽ നിന്നും ബൈബിളിലെ മറ്റു് ഭാഗങ്ങളിൽ നിന്നും എടുത്തവയാണു്.) ഈ ലിസ്റ്റ്‌ ശ്രദ്ധിച്ചാൽ, ശീമോൻ എന്നപേരിലും, യാക്കോബ്‌ എന്ന പേരിലും, യൂദാ എന്നപേരിലും ഈരണ്ടുപേർ വീതമുണ്ടെന്നു് മനസ്സിലാവും. പോരെങ്കിൽ സിറിയൻ സഭാപാരമ്പര്യപ്രകാരം തോമാസിനുമുണ്ടു് യൂദാസ്‌ എന്നൊരു മറുപേരു്! (Didymos Judas Thomas). പത്രോസ്‌ എന്നു് അവൻ പേരു് വിളിച്ചവൻ, സെബേദിയോസിന്റെ മകൻ, ഒറ്റിക്കൊടുത്തവൻ, ദിദിമോസ്‌ തോമാസ്‌ മുതലായ വിശേഷണങ്ങളിലൂടെ ശീമോന്മാരെയും, യാക്കോബുമാരെയും, യൂദാമാരെയും തിരിച്ചറിയാനാവുമെങ്കിലും, ഈ വിശേഷണങ്ങൾ പുരാതനസഭയിലെ എല്ലാ സൃഷ്ടികളിലും എല്ലായ്പോഴും ഉപയോഗിച്ചിട്ടുണ്ടാവണം എന്നു് നിർബന്ധമില്ലാത്തതിനാൽ, തെറ്റിദ്ധാരണകൾക്കുള്ള സാദ്ധ്യത കുറവല്ല.

താരതമ്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനായി, ശിഷ്യന്മാരുടെ പേരുകൾ പറഞ്ഞിരിക്കുന്ന ബർണബാസ്‌ സുവിശേഷത്തിലെ ഭാഗംകൂടി:

“ദൈവനിയമപ്രകാരം നടക്കേണ്ടതിനു് മനസ്സുവച്ചവരായ ജനങ്ങളുടെ എണ്ണം പെരുകുന്നതുകണ്ടപ്പോൾ യേശു മലയിലേക്കു് കയറിച്ചെന്നു് പ്രാർത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ മലയിൽ നിന്നും ഇറങ്ങിവന്നു് താൻ അപ്പൊസ്തലന്മാർ എന്നു് വിളിച്ച പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവരിൽ ഒരുവനാണു് കുരിശിൽ തറച്ചു് കൊല്ലപ്പെട്ട യൂദാസ്‌. അവരുടെ പേരുകൾ ഇവയാണു്: മീൻപിടുത്തക്കാരായ അന്ത്രയാസും അവന്റെ സഹോദരൻ പത്രോസും; നികുതിസ്ഥലത്തു് ഇരുന്നവനായ ചുങ്കക്കാരൻ മത്തായി, അവനോടുകൂടെ ഇതെഴുതിയവനായ ബർണബാസ്‌; സെബെദിയുടെ മക്കളായ യോഹന്നാനും യാക്കോബും; തദെയൂസും യൂദാസും; ബാർത്തൊലോമിയസും ഫിലിപ്പോസും; യാക്കോബും ഒറ്റുകാരനായ യൂദാസ്‌ ഇസ്കാര്യോത്തും.” (അദ്ധ്യായം 14)

(തുടരും)

 
Comments Off on ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-3

Posted by on Apr 13, 2010 in മതം

 

Tags: , ,

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-2

മുസ്ലീമുകളുടെ വിശ്വാസപ്രകാരം മായം ചേർക്കാത്ത ഒരേയൊരു ദൈവവചനഗ്രന്ഥവും, ഇസ്ലാമിന്റെ അടിത്തറയുമാണു് ഖുർആൻ. സമ്പൂർണ്ണമെന്നു് അവർ കരുതുന്ന അതുപോലൊരു സത്യഗ്രന്ഥത്തിൽ അവർ സംതൃപ്തരും സന്തുഷ്ടരും ആവേണ്ടതാണു്. പിന്നെ എന്തിനാണു് അവർ ക്രിസ്ത്യാനികൾ സത്യവചനമെന്നു് വിശ്വസിക്കുന്ന ബൈബിളിൽ കയറി പിടിച്ചിരിക്കുന്നതു്? ഉത്തരം ലളിതമാണു്. (നിസ്സംശയം വ്യാജമെന്നു് തെളിയിക്കാവുന്ന) ആന്റി-പൗളിൻ, പ്രോ-ഇസ്ലാം ആയ ബര്‍ണബാസ്‌ സുവിശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവിശ്വാസപ്രമാണങ്ങൾ തിരുത്തപ്പെട്ടതാണെന്നും, യേശു അവതരിച്ചതു് യോഹന്നാൻ സ്നാപകൻ യേശുവിന്റെ വരവു് വിളിച്ചറിയിച്ചതുപോലെ മുഹമ്മദ്‌ എന്ന തന്റെ ‘മുതിർന്ന സഹോദരന്റെ’ വരവു് പ്രവചിക്കാനായിരുന്നുവെന്നുമൊക്കെ പെരുമ്പറമുഴക്കി രംഗപ്രവേശം ചെയ്തപ്പോൾ, അതു് ഇസ്ലാം പണ്ഡിതർക്കു് ക്രൈസ്തവ വിശ്വാസത്തെ തല്ലാനായി വീണുകിട്ടിയ ഒരു വടിയായി മാറി. ബൈബിളിൽ പോലും മുഹമ്മദിനെപ്പറ്റി സൂചനയുണ്ടെന്നു് സ്ഥാപിക്കാൻ കഴിഞ്ഞാൽ, യഹൂദ-ക്രൈസ്തവ മതങ്ങൾ എന്നപോലെതന്നെ, അബ്രാഹാമിന്റെ പിന്തുടർച്ചാവകാശത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഇസ്ലാമിനെ സംബന്ധിച്ചു് അതൊരു ചില്ലറക്കാര്യവുമല്ല. പിന്നെ താമസമുണ്ടായില്ല – മുൻപിൻനോക്കാതെ, ക്രൈസ്തവപണ്ഡിതർ ഇതുസംബന്ധിച്ചു് പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയോ പരാമര്‍ശിക്കുകയോ പോലും ചെയ്യാതെ ‘ബര്‍ണബാസ്‌ ബൈബിളിന്റെ’ പതിപ്പുകൾ ഇസ്ലാമിന്റെ അഡ്രസ്സിൽ പുറത്തിറങ്ങി. മതപരമായ കാര്യങ്ങളിലെ സാധാരണ പതിവുപോലെ, ഇസ്ലാം പണ്ഡിതർ അവയിൽനിന്നും അനുയോജ്യമായ ഭാഗങ്ങൾ മാത്രം ചുഴിഞ്ഞെടുത്തു് പ്രസംഗങ്ങളിലൂടെയും ബ്ലോഗുകളിലൂടെയുമൊക്കെ വിളമ്പിയപ്പോൾ സ്വന്തം വേദഗ്രന്ഥം പോലും വായിച്ചിട്ടില്ലാത്ത വിശ്വാസികൾവരെ സ്വാഭാവികമായും അതേറ്റുപാടി. ബൈബിളിൽ – അതും യേശുവിനാൽ നേരിട്ടു് – മുഹമ്മദ്‌ പ്രവചിക്കപ്പെട്ടു എന്ന, ബൈബിളിലെ അംഗീകൃത സുവിശേഷങ്ങൾ ഉപയോഗിച്ചു് ഒരിക്കലും സ്ഥാപിക്കാൻ സാദ്ധ്യമാവാത്ത, ‘വിശ്വാസയോഗ്യമായ’ ഒരു തെളിവു് ലിഖിതരൂപത്തിൽ നിലനിൽക്കുന്നുണ്ടെന്ന തെറ്റായൊരു ധാരണ അങ്ങനെ ബർണബാസ്‌ സുവിശേഷത്തിന്റെ സഹായത്താൽ മനുഷ്യരുടെ, പ്രത്യേകിച്ചും മുസ്ലീമുകളുടെ മനസ്സിൽ നട്ടുപിടിപ്പിക്കപ്പെട്ടു.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്‌ രൂപമെടുത്ത എണ്ണമറ്റ രചനകളിൽ നിന്നും സ്വാഭാവികമായും ക്രോഡീകരിക്കപ്പെട്ട ബൈബിളിലെ നാലു് അംഗീകൃതസുവിശേഷങ്ങൾ ഏതോ സഭാപിതാക്കൾ തിരുത്തിയെഴുതിയതും, തന്മൂലം വിശ്വാസയോഗ്യമല്ലാത്തതും ആണെന്നു് സ്ഥാപിക്കാൻ പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ രൂപമെടുത്തതെന്നു് എല്ലാ തെളിവുകളും സൂചിപ്പിക്കുന്ന ബര്‍ണബാസ്‌ സുവിശേഷം എന്ന (വ്യാജം എന്നു് സ്പഷ്ടമായ!) ഒരേയൊരു കൃതി മതിയെന്നു് വരുന്നതിലെ വൈചിത്ര്യം ചിന്തിക്കാവുന്നതേയുള്ളു. ചുരുക്കത്തിൽ, ബൈബിളിൽ മുഹമ്മദ്‌ പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്ന മുസ്ലീം അപ്പോളൊജിസ്റ്റുകൾക്കു് വിലപ്പെട്ടതു് ആരംഭകാലക്രൈസ്തവസഭയിൽ രൂപമെടുത്ത, അംഗീകരിക്കപ്പെട്ടവയും, അല്ലാത്തവയുമായ എണ്ണമറ്റ കൃതികളേക്കാൾ, പ്രത്യക്ഷത്തിൽത്തന്നെ അബദ്ധങ്ങൾ കുത്തിനിറച്ചിരിക്കുന്ന ബര്‍ണബാസ്‌ സുവിശേഷം എന്ന മദ്ധ്യകാലകൃതിയായിരുന്നു. കാരണം, അവർക്കു് വേണ്ടതു് അതിൽ നിന്നേ ലഭിക്കുമായിരുന്നുള്ളു. അതേസമയം, ഖുർആൻ അക്ഷരംപ്രതി കുറ്റമറ്റതും ഏകവും ആത്യന്തികവുമായ ദൈവികസത്യമാണെന്നു് കരുതുന്നവരാണു് മുസ്ലീം പണ്ഡിതർ എന്നതിനാൽ, ആ വിശ്വാസത്തെ കുറച്ചുകൂടി ആസ്വാദ്യകരമാക്കാൻ സഹായിച്ചേക്കാവുന്ന ഒരു കറിവേപ്പില എന്നതിൽ കവിഞ്ഞ യാതൊരു പ്രസക്തിയും അവരെ സംബന്ധിച്ചു് ബർണബാസ്‌ സുവിശേഷത്തിനു് ഉണ്ടാവാൻ സാദ്ധ്യതയുമില്ല.

ഓരോ മതവിശ്വാസിക്കും അവന്‍റെ വേദഗ്രന്ഥം ആത്യന്തികവും ദൈവികവുമായ നിത്യസത്യം ഉൾക്കൊള്ളുന്ന വിശുദ്ധഗ്രന്ഥമാണു്. ഒരു മതവിശ്വാസത്തെയോ, ആ മതത്തിലെ ഗ്രന്ഥത്തേയോ ആ മതത്തിലെതന്നെ അംഗങ്ങളോ, യുക്തിവാദികൾ, നിരീശ്വരവാദികൾ മുതലായ ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരോ വിമർശിക്കുന്നതിൽ നിന്നും അങ്ങേയറ്റം വ്യത്യസ്തവും ലജ്ജാവഹവുമാണു് ഒരു മതത്തിലെതന്നെ വിശ്വാസികൾ മറ്റൊരു മതത്തിലെ വിശ്വാസികളെ വിമർശിക്കുന്നതു്. അതുപോലൊരു പ്രവൃത്തിക്കു് സാമാന്യയുക്തിയിലോ വിശ്വാസത്തിൽത്തന്നെയോ യാതൊരുവിധത്തിലുമുള്ള നീതീകരണവുമില്ല. ഒരു മതവിശ്വാസി തന്റെ സ്വന്തം മതത്തെ വിമര്‍ശിക്കുന്നതു്, കാലത്തിനു് നിരക്കാത്തതായി മാറിയ അതിലെ മാറാലകൾ നീക്കം ചെയ്യാനാണെങ്കിൽ, ഒരു നിരീശ്വരവാദി പൊതുവേതന്നെ മതങ്ങളേയും ദൈവത്തേയും വിമര്‍ശിക്കുന്നതു് അവന്റെ നിലപാടിന്റെ നീതീകരണം വ്യക്തമാക്കുന്നതിനു് വേണ്ടിയാണു്. സമഗ്രാധിപത്യവ്യവസ്ഥിതികളിൽ നിന്നും വ്യത്യസ്തമായി, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ സ്വന്തനിലപാടു് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണു്. കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളിൽ കടിച്ചുതൂങ്ങുന്നതിനുള്ള അവകാശം അതു് പൊതുജീവിതത്തിനു് ഒരു ഭീഷണി ആവാത്തിടത്തോളം മാത്രമേ ഒരു ആധുനിക ജനാധിപത്യസമൂഹത്തിനു് അനുവദിക്കാൻ ആവുകയുള്ളു. കാരണം, തിരുത്തൽ ആവശ്യമില്ലാത്ത, ഏകമായ, ആത്യന്തികമായ ഒരു സത്യം എന്നതു് കാലാനുസൃതമോ സാമാന്യബോധത്തിനു് നിരക്കുന്നതോ അല്ല.

ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ, ബർണബാസ്‌ സുവിശേഷത്തിന്റെ വെളിച്ചത്തിൽ ബൈബിളിനെ വിമർശിക്കാനുള്ള മുസ്ലീമുകളുടെ അർഹതയേക്കാൾ എത്രയോ കൂടുതൽ നീതീകരിക്കാവുന്നതാണു് ബൈബിളിന്റെ വെളിച്ചത്തിൽ ബർണബാസ്‌ സുവിശേഷത്തേയും ഖുർആനെയും വിമര്‍ശിക്കാനുള്ള ക്രൈസ്തവരുടെ അർഹത എന്നു് പറയാതിരിക്കാനും വയ്യ. ഇസ്ലാം അവകാശപ്പെടുന്ന മുഹമ്മദിന്റെ അബ്രാഹാം-യിശ്മായേൽ പൈതൃകത്തിന്റെ പിൻതുടർച്ചയും, ക്രൈസ്തവർ അവകാശപ്പെടുന്ന യേശുവിന്റെ അബ്രാഹാം-യിസഹാക്ക്‌ പൈതൃകത്തിന്റെ പിൻതുടർച്ചയും, ക്രൈസ്തവരുടെ മൗലികമായ വിശ്വാസപ്രമാണങ്ങൾ അതിനേക്കാൾ എത്രയോ ബലഹീനമായ മറ്റൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു് മുസ്ലീമുകൾ ചോദ്യം ചെയ്യുന്നതുമെല്ലാം ക്രൈസ്തവപക്ഷത്തിനു് ബർണബാസ്‌ സുവിശേഷത്തെ വിമർശിക്കാനുള്ള അർഹതയ്ക്കു് അനുകൂലമായ പല ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണു്. എന്നിരുന്നാൽത്തന്നെയും, ഇസ്ലാം അപ്പോളൊജെറ്റിക്സ് ബർണബാസ്‌ സുവിശേഷത്തെ കൂട്ടുപിടിച്ചു് ബൈബിളിനെ ആക്രമിക്കാൻ തുടങ്ങിയില്ലായിരുന്നെങ്കിൽ ആവശ്യത്തിലേറെ അപ്പോക്രിഫൽ സുവിശേഷങ്ങളും ലേഖനങ്ങളും കണ്ടു് മതിവന്നിട്ടുള്ള ക്രൈസ്തവപണ്ഡിതരിൽ ആ സുവിശേഷം കാര്യമായ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നോ എന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വിഷയം മുസ്ലീം ലോകത്തിൽ ചർച്ച ചെയ്യപ്പെടുന്നതിന്റെ നേരിയ ഒരംശം തീക്ഷ്ണതയിൽ പോലും ക്രൈസ്തവസഭയുടെ ഈറ്റില്ലമായ പാശ്ചാത്യരാജ്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതും, ചുരുക്കം പ്രതികരണങ്ങൾ ഉണ്ടാവുന്നതുതന്നെ വിദഗ്ദ്ധരുടെ ഭാഗത്തുനിന്നു് മാത്രമാണെന്നതും ശ്രദ്ധേയമാണു്. വ്യത്യസ്ത സമൂഹങ്ങളിൽ നിലവിലിരിക്കുന്ന ബൗദ്ധികമായ പക്വതയുടെ ലക്ഷണമായും ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല. ഒരുപാടു് പാചകക്കാർ വിഭവം കുളമാക്കിയിട്ടേയുള്ളു! സ്വന്തം അജ്ഞതയെപ്പറ്റി ബോധമില്ലാത്തവർക്കു് അവർ മറ്റുള്ളവരെ വഴികാണിക്കാൻ ശ്രമിക്കുന്നതിനുള്ള അവരുടെ അയോഗ്യതയും തിരിച്ചറിയാൻ കഴിയില്ല. വായിച്ചിട്ടില്ലെങ്കിലും (അജ്ഞതമൂലം വായിച്ചിട്ടു് വലിയ കാര്യവുമില്ല!) കക്ഷത്തിൽ സ്ഥിരമായി കൊണ്ടുനടക്കുന്ന ‘ദൈവദത്തമായ’ ഒരു ആധികാരികഗ്രന്ഥം ആധാരമായി ഉള്ളതിനാൽ ഈ സർവ്വജ്ഞാനി ചമയൽ എളുപ്പം ന്യായീകരിക്കാനും കഴിയും. പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ നൂറ്റാണ്ടുകൾ പിന്നിൽ നിൽക്കുന്ന ജനങ്ങൾ ബഹുഭൂരിപക്ഷമായ ഒരു സമൂഹത്തിൽ ഇക്കൂട്ടർക്കു് വേരുറപ്പിക്കാൻ വേണ്ടത്ര വളക്കൂറുള്ള മണ്ണു് ലഭിക്കുന്നതിലും അത്ഭുതത്തിനു് വകയില്ല. താൻ എഴുതുന്നതു് എന്തെന്നു് പോലും കൃത്യമായി അറിയാൻ കഴിവില്ലാത്തവർ ‘ദൈവവചനങ്ങളെ’ മറ്റു് മനുഷ്യർക്കു് വ്യാഖ്യാനിച്ചു് കൊടുക്കാൻ ശ്രമിക്കുന്നതു് പരിഹാസ്യം മാത്രമല്ല, അതു് മനുഷ്യരോടു് ചെയ്യുന്ന ഒരു കുറ്റകൃത്യം പോലുമാണു്. അതുപോലൊരു പരിശോധന എനിക്കും ബാധകമാണെന്നതിനാൽ, ഞാൻ ഇവിടെ എഴുതുന്ന കാര്യങ്ങൾ നിഷ്പക്ഷപണ്ഡിതരും, ക്രൈസ്തവപക്ഷവും നടത്തിയ പഠനങ്ങളെ ആധാരമാക്കിയുള്ളതാണെന്നും എന്റെ സ്വന്തം കണ്ടെത്തലുകൾ അല്ലെന്നും പ്രത്യേകം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവലംബങ്ങൾ ലേഖനം അവസാനിക്കുന്ന മുറയ്ക്കു് നൽകുന്നതായിരിക്കും.

കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നതുപോലെ, 1907-ൽ രണ്ടു് ക്രിസ്ത്യാനികളാൽ ഇറ്റാലിയനിൽ നിന്നും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്യപ്പെട്ടതുകൊണ്ടുമാത്രം മുസ്ലീമുകളുടെ കയ്യിലെത്തിപ്പെടാൻ കഴിഞ്ഞ ബർണബാസ്‌ സുവിശേഷം പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട ഒരു വ്യാജകൃതിയാണെന്നു് സംശയരഹിതമായി തെളിയിക്കാൻ അതിലെതന്നെ രേഖപ്പെടുത്തലുകൾ ധാരാളം മതി. പോരെങ്കിൽ, അതിൽ നൽകിയിരിക്കുന്ന പല വിവരങ്ങളും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി തെറ്റുകളുമാണെന്നും നമ്മൾ കണ്ടു. എങ്കിൽത്തന്നെയും, ബൈബിളിലെ പുതിയനിയമപ്രകാരം ബർണബാസ്‌ ഒരു സങ്കൽപകഥാപാത്രമല്ല എന്നതിനാൽ ആരംഭകാലക്രിസ്തുമതത്തിൽ ഒരു ബർണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എങ്കിൽ അതിൽ അതിശയോക്തി ഒന്നുമില്ല. (ബൈബിളിലെ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ നാലു് അംഗീകൃതസുവിശേഷങ്ങൾക്കു് പുറമേ,) തോമാസ്‌, ഫിലിപ്പോസ്‌, പത്രോസ്‌, യാക്കോബ്‌, ബാർത്തൊലോമിയസ്‌, മത്ഥിയാസ്‌, നിക്കൊദേമോസ്‌ മുതലായവരുടെ എല്ലാം പേരിലുള്ള സുവിശേഷങ്ങൾ പൂർണ്ണമോ ഭാഗികമോ ആയി ലഭിച്ചിട്ടുണ്ടെന്നിരിക്കെ, ബര്‍ണബാസും ഒരു സുവിശേഷം എഴുതിയിട്ടുണ്ടാവാം എന്നു് കരുതുന്നതിൽ അപാകതയൊന്നുമില്ല. ഈ ബര്‍ണബാസ്‌ യേശുവിനെ നേരിട്ടു് കണ്ടിട്ടുള്ളവൻ അല്ലെങ്കിൽ പോലും, (പുനരുത്ഥാനത്തിനു് മുൻപു് അവൻ ശിഷ്യഗണത്തിൽ ഇല്ലായിരുന്നെങ്കിൽ) ആ കുറവും ഒരു സുവിശേഷം എഴുതുന്നതിനു് തടസ്സമാവണമെന്നില്ല. ബൈബിളിലെ മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും എഴുതിയവൻ എന്നു് കരുതപ്പെടുന്ന ലൂക്കോസും യേശുവിനെ നേരിൽ കണ്ടിട്ടുള്ളവനല്ല. ലൂക്കോസ്‌ തന്നെ അതു് പറയുന്നുമുണ്ടു് (ലൂക്കോസ്‌ 1: 1-4). പൗലോസിന്റെ കൊലോസ്സ്യർ ലേഖനത്തിൽ (4: 10-11; 14) ലൂക്കോസ്‌ പരിച്ഛേദന ചെയ്യാത്തവൻ ആയിരുന്നു എന്നൊരു സൂചനയുള്ളതിനാൽ, ഒരു യഹൂദൻ പോലുമായിരുന്നില്ല എന്നു് കരുതുന്ന പണ്ഡിതരുണ്ടു്. ‘ജാതിയിൽ’ നിന്നു് വന്നവനായ, യേശുവിനെ നേരിൽ കാണാത്ത ലൂക്കോസിനു് സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും എഴുതാമെങ്കിൽ, യേശുജീവിതത്തിന്റെ ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ കഴിയുമായിരുന്ന ബർണബാസിനും ഒരു സുവിശേഷം എഴുതാൻ യോഗ്യതക്കുറവൊന്നുമില്ല. പത്രോസിന്റെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണു് ബർണബാസിന്റെ മച്ചുനനായ മർക്കോസ്‌ തന്റെ സുവിശേഷം എഴുതിയതു് എന്നതും ഇതിനോടു് കൂട്ടിവായിക്കാവുന്നതാണു്.

ഇതിന്റെയൊക്കെ വെളിച്ചത്തിൽ, ബർണബാസിന്റേതായി ഒരു സുവിശേഷം ആദ്യകാലത്തു് നിലനിന്നിരുന്നു എന്നു് അംഗീകരിച്ചാൽത്തന്നെ, അതു് ഇവിടെ പരാമർശ്ശവിഷയമായ ബർണബാസോ ആ ബർണബാസിന്റെ സുവിശേഷമോ ആവാൻ കഴിയില്ല എന്ന കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. കാരണം, അതിലെ എല്ലാ തെളിവുകളും അതൊരു മദ്ധ്യകാലസൃഷ്ടിയാണെന്ന നിഷേധിക്കാനാവാത്ത സത്യത്തിലേക്കാണു് വിരൽ ചൂണ്ടുന്നതു്. അതിനാൽ, പൊതുവേ ഇസ്ലാം ചിന്താധാര ഉൾക്കൊള്ളുന്നതായ ഈ ബർണബാസ്‌ സുവിശേഷത്തിൽ കാണാൻ കഴിയുന്ന വിശ്വാസപരമായ അവകാശവാദങ്ങൾ ഭാഗികമായെങ്കിലും ആദ്യകാല ക്രിസ്തുമതത്തിൽ നിലവിലുണ്ടായിരുന്ന ഒരു മൂലകൃതിയെ ആധാരമാക്കിയുള്ളതാണോ എന്നതിനേക്കുറിച്ചുള്ള ഒരു അന്വേഷണത്തിനു് മാത്രമേ ഇവിടെ എന്തെങ്കിലും പ്രസക്തിയുള്ളു. പക്ഷേ, അതുപോലൊരു പുരാതന ബർണബാസ്‌ സുവിശേഷത്തിന്റെ നുറുങ്ങുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ, ലഭ്യമായ മറ്റു് തെളിവുകൾ വച്ചു് പ്ലോസിബിൾ എന്നു് തോന്നുന്ന നിഗമനങ്ങൾ നടത്തുകയല്ലാതെ പ്രായോഗികമായ മറ്റു് പരിഹാരങ്ങളൊന്നും ഈ പ്രശ്നത്തിനില്ല. ഇത്തരം കാര്യങ്ങളിൽ പൊതുവെ എന്നപോലെ, എത്രയായാലും, അന്തിമമായി ബർണബാസ്‌ സുവിശേഷം വ്യാജമോ അല്ലയോ എന്നു് ഒരുവൻ തീരുമാനിക്കുന്നതു്, വസ്തുതകളുടെ അടിസ്ഥാനത്തിൽ എന്നതിലുപരി, അവൻ പിന്തുടരുന്ന മതവിശ്വാസപരവും ലോകദര്‍ശനപരവുമായ നിലപാടിൽ അധിഷ്ഠിതമായി ആയിരിക്കുംതാനും. വിശ്വാസത്തിനു് വിശകലനം ഒരു മുൻവ്യവസ്ഥയല്ലാത്തതിനാൽ അത്തരം തീരുമാനങ്ങൾ വളരെ എളുപ്പമാണെന്നു് മാത്രമല്ല, പലപ്പോഴും ഒരു സജീവചിന്തയുടെ സഹായമില്ലാതെതന്നെ സംഭവിക്കാവുന്നതുമാണു്. അത്തരം സന്ദർഭങ്ങളിൽ ചിന്ത എന്നതു് അന്ധമായി അംഗീകരിച്ച വിശ്വാസത്തെ ന്യായീകരിക്കുന്നതിനുള്ള, കാര്യമായ ഉള്ളടക്കമൊന്നുമില്ലാത്ത വാചാടോപത്തിനു് ഒരു ഉപാധി എന്ന നിലയിലേക്കു് അധഃപതിക്കാറുമാണു് പതിവു്.

ക്രൈസ്തവവിശ്വാസത്തിനോടും ഇസ്ലാമിക വിശ്വാസത്തിനോടുമുള്ള പൊരുത്തക്കേടുകൾ

മദ്ധ്യകാല ബർണബാസ്‌ സുവിശേഷത്തെ കാനോനികസുവിശേഷങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്ന ഉള്ളടക്കത്തിനു് ആധാരമായ ഒരു അടിത്തറ ആരംഭകാലക്രിസ്തുമതത്തിലെ ഏതെങ്കിലും രചനകളിൽ ഉണ്ടോ എന്നു് തിരയുന്നതിനു് മുൻപു് ക്രൈസ്തവ നിലപാടുകൾക്കു് വിരുദ്ധം എന്നപോലെതന്നെ ഖുർആൻ നിലപാടുകൾക്കും വിരുദ്ധമായി ബർണബാസ്‌ സുവിശേഷത്തിൽ വായിക്കാൻ കഴിയുന്ന പലതിൽ ചിലതുകൂടി ഇവിടെ രേഖപ്പെടുത്തുന്നു.

‘ബർണബാസ്‌ സുവിശേഷം അദ്ധ്യായം-39’ എന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ കാണാൻ കഴിയുന്നപോലെ, ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു് രൂപമെടുത്തതു് എന്നവകാശപ്പെടുന്ന ബർണബാസ്‌ സുവിശേഷത്തിൽ ഭൂമിയിലെ ആദ്യമനുഷ്യനായ ആദാം സൃഷ്ടിക്കുശേഷം ആദ്യമായി കണ്ണുതുറന്നപ്പോൾ വായുവിൽ ദര്‍ശിക്കുന്നതു് ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളാണു്! ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഈ ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾ ഉടനെതന്നെ ആദാം വായിച്ചു് മനസ്സിലാക്കുന്നു! (ആ വാചകങ്ങൾ എഴുതിയിരുന്ന ലോകത്തിലെ ആദ്യഭാഷ ദൈവം ആദ്യമനുഷ്യനായ ആദാമിനു് ഒരു ബോണസ്സു് എന്ന രീതിയിൽ സൃഷ്ടിയോടൊപ്പം നൽകിയിരുന്നു എന്നുവേണം ഊഹിക്കാൻ!) ആ വിശ്വാസപ്രമാണങ്ങൾ ദൈവം ആദാമിന്റെ ആഗ്രഹപ്രകാരം അവന്റെ കൈകളിലെ പെരുവിരൽ നഖങ്ങളിൽ (അതേ ഭാഷയിൽ തന്നെയാവണം!) ലിഖിതം ചെയ്തുകൊടുക്കുന്നു! ബർണബാസ്‌ സുവിശേഷപ്രകാരം ദൈവം മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനും അറുപതിനായിരം വർഷങ്ങൾക്കു് മുൻപുതന്നെ മുഹമ്മദിന്റെ ആത്മാവു് ഒരു ദിവ്യതേജസ്സ്‌ ആയി സൃഷ്ടിക്കപ്പെടുന്നു! (ദൈവം ബിഗ്‌-ബാംഗ്‌ സൃഷ്ടിച്ചതു് അറുപതിനായിരം വർഷങ്ങൾക്കു് മുൻപോ അതിനു് ശേഷമോ എന്ന ചോദ്യം ഒരുപക്ഷേ ബാലിശമാണെന്ന അഭിപ്രായം ഉയർന്നേക്കാം. കാരണം, ഒരിക്കലും പഞ്ഞം വരാത്ത ഒന്നാണല്ലോ പൊതുജനാഭിപ്രായം! പക്ഷേ, ബാലിശമായ ചോദ്യങ്ങൾ അതിന്റെ പേരിൽ മാത്രം അർത്ഥശൂന്യം ആയിക്കൊള്ളണമെന്നില്ല.)

ബർണബാസ്‌ സുവിശേഷത്തിൽ ആദാം, അബ്രാഹം, ‘യിശ്മായേൽ’, മോശെ, ദാവീദ്‌, മറിയയുടെ മകനായ യേശു എന്നിവരെ മുഹമ്മദ്‌ ദൈവത്തിനു് മുന്നിൽ സാക്ഷികളായി അവതരിപ്പിക്കുന്നുണ്ടു് (അദ്ധ്യായം 55). പഴയ നിയമത്തിലെ മുഴുവൻ പുരാതനപിതാക്കളെയും ഖുർആനും പ്രവാചകന്മാരായി അംഗീകരിക്കുന്നുണ്ടു് എന്നതിനാൽ ഇതൊരു ഇസ്ലാമിക കാഴ്ചപ്പാടാണു്, ക്രിസ്തീയമല്ല. യഹൂദ-ക്രൈസ്തവ മതങ്ങൾ പുരാതനപിതാക്കന്മാരെ ‘പ്രവാചകർ’ എന്ന ഒരു ഒറ്റക്കൂട്ടിൽ ഒതുക്കുകയല്ല, അവർക്കോരോരുത്തർക്കും അവരുടേതായ സ്ഥാനങ്ങൾ നൽകി ബഹുമാനിക്കുകയാണു് ചെയ്യുന്നതു്. മാത്രവുമല്ല, പഴയനിയമപ്രകാരം അബ്രാഹാമിന്റെ മകൻ യിസഹാക്ക്‌, അവന്റെ മകൻ യാക്കോബ്‌ എന്നിങ്ങനെയാണു് യിസ്രായേൽ വംശത്തിലെ ദാവീദിന്റെയും യേശുവിന്റെയുമൊക്കെ തലമുറകളുടെ ആരംഭവും ഗതിയും. അബ്രാഹാമിനു് ഈജിപ്ഷ്യൻദാസിയായ ഹാഗാറിൽ ജനിച്ച പുത്രനാണു് യിശ്മായേൽ. യിസ്രായേൽ വംശം ഒരിക്കലും യിശ്മായേൽ വംശമാവില്ല എന്നു് സാരം. ബർണബാസ്‌ സുവിശേഷത്തിൽ യിസഹാക്കിന്റെ സ്ഥാനം ആദ്യജാതൻ എന്ന പേരിൽ യിശ്മായേലിനു് നൽകുന്നതു് ഒരു ക്രിസ്തീയ കാഴ്ചപ്പാടോ ബൈബിളിന്റെ അടിസ്ഥാനത്തിൽ പ്രാതിനിധ്യസ്വഭാവമുള്ളതോ അല്ല. ഉദാഹരണത്തിനു്, അന്ധനായ പിതാവു് യിസഹാക്കിനു് അമ്മ റിബേക്കയുടെ സഹായത്തോടെ ഇഷ്ടഭോജനമായ വേട്ടയിറച്ചി എന്ന പേരിൽ ആട്ടിറച്ചി നൽകി തൃപ്തിപ്പെടുത്തി ആദ്യജാതനും വേട്ടക്കാരനുമായിരുന്ന ഏശാവിന്റെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും യാക്കോബ്‌ ഏറ്റുവാങ്ങുന്നുണ്ടു്. മാറ്റപ്പെടാൻ പാടില്ലാത്ത ഒന്നല്ല ജ്യേഷ്ഠാവകാശം എന്നു് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു എന്നു് സാരം.

ബർണബാസ്‌ സുവിശേഷപ്രകാരം, യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള വാഗ്ദാനം യിസഹാക്കിന്റെ വംശത്തിനല്ല, യിശ്മായേൽവംശത്തിനാണു് നൽകപ്പെടുന്നതു്. അബ്രാഹമിനോടു് യിസഹാക്കിനെയല്ല, യിശ്മായേലിനെയാണു് ബലികഴിക്കാൻ ദൈവം ആവശ്യപ്പെടുന്നതു്. ഇതും ഇസ്ലാമിക കാഴ്ചപ്പാടുകളാണു്, ക്രൈസ്തവരുടേതല്ല. അതുപോലെതന്നെ, ബൈബിളിലെ വ്യക്തമായ നിലപാടിൽ നിന്നും വിരുദ്ധമായി യേശു ജനിക്കുന്നതു് ദാവീദിന്റെ ഗോത്രത്തിലല്ല. ബര്‍ണബാസ്‌ സുവിശേഷത്തിൽ യേശുവിനു് വീഞ്ഞും അശുദ്ധമായ പന്നിമാംസവും നൽകുന്നതിൽ നിന്നും ദൈവം മറിയയേയും യോസേഫിനേയും വിലക്കുന്നു. അതും ഇസ്ലാമികമാണു്, ഒരു ക്രിസ്തീയ നിലപാടല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, മോശെയുടെയും ദാവീദിന്റെയും പുസ്തകങ്ങൾ തിരുത്തപ്പെട്ടു എന്നു് ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതിനാൽ (അദ്ധ്യായം 124, 159, 189) അതു് പഴയനിയമത്തിലെ തങ്ങൾക്കു് ആവശ്യമായ ഭാഗങ്ങളെ വിമര്‍ശിക്കാൻ പറ്റിയ ഒരു ആയുധമായി ഇസ്ലാം താർക്കികർ ഉപയോഗിക്കുന്നു. പക്ഷേ, ഈ തിരുത്തലിനു് യേശു ഉത്തരവാദികളാക്കുന്നതായി ബർണബാസ്‌ സുവിശേഷം ചൂണ്ടിക്കാണിക്കുന്നതു് മഹാപുരോഹിതന്മാരെയും പരീശന്മാരെയുമാണു്. പക്ഷേ, പരീശന്മാരുടെ പാർട്ടി രൂപമെടുത്തതു് B.C. 104-നും, 135-നും ഇടയിൽ മാത്രമാണു്.

നാലാം നൂറ്റാണ്ടിന്റെ അവസാനം രൂപമെടുത്തു് കത്തോലിക്കാസഭയുടെ ഔദ്യോഗികബൈബിൾ ആയിത്തീർന്ന വൾഗെയ്റ്റിൽ (Vulgate) നിന്നുമുള്ള വാക്യങ്ങൾ ബർണബാസ്‌ സുവിശേഷം ഉദ്ധരിക്കുന്നുണ്ടെന്നതിനാൽ, അതു് യേശുവിന്റെ ഒരു സമകാലികനാൽ എഴുതപ്പെട്ടതാവാൻ സാദ്ധ്യതയില്ല.

യേശുവും ശിഷ്യന്മാരും നാൽപതു് ദിവസം ഉപവസിച്ചതായി ബർണബാസ്‌ സുവിശേഷം പ്രസ്താവിക്കുന്നു. പക്ഷേ, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പു് നാൾ ആയ ഈസ്റ്റർ വരെ നാൽപതു് ദിവസത്തേക്കു് ഉപവസിക്കുന്ന രീതി ക്രൈസ്തവസഭയിൽ ആരംഭിച്ചതുതന്നെ നാലാം നൂറ്റാണ്ടിലാണു്. യേശുവിന്റെ കഷ്ടാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ ആചരിക്കുന്നതിനായി നടപ്പിലാക്കിയ ഈ ഉപവാസം താൻ മരിക്കുന്നതിനു് മുൻപു് യേശുവും അവന്റെ ശിഷ്യന്മാരും ആചരിച്ചു എന്ന ബര്‍ണബാസിന്റെ അവകാശവാദം അബദ്ധമാണെന്നതിലേക്കും, ഈ സുവിശേഷം നാലാം നൂറ്റാണ്ടിനു് മുൻപു് രൂപം കൊണ്ടതാവാൻ കഴിയില്ല എന്നതിലേക്കുമാണു് ഈ പ്രസ്താവന വിരൽ ചൂണ്ടുന്നതു്. (അദ്ധ്യായം 92)

ബര്‍ണബാസ്‌ സുവിശേഷത്തിൽ പരാമര്‍ശിക്കപ്പെടുന്ന ദിനാർ എന്ന സ്വർണ്ണനാണയത്തിന്റെയും (അറുപതു് mites = ഒരു ദിനാർ) അടിസ്ഥാനം തെറ്റിദ്ധാരണയാണു്. പുതിയനിയമകാലത്തു് നിലവിലുണ്ടായിരുന്ന ഒരു സ്വർണ്ണനാണയം (aureus) 3200 ഓട്ടുനാണയത്തിനു് (lepton) (minuti എന്നു് ലാറ്റിൻ) തുല്യമായിരുന്നു. റോമൻ വെള്ളിനാണയമായിരുന്ന denarius-ന്റെ മൂല്യം 128 leptons ആയിരുന്നു. minuti എന്നാൽ അറുപതിൽ ഒന്നു് എന്നതു് കാനോനിക്കൽ മർക്കോസ്‌ സുവിശേഷത്തിലെ (12: 42)-നെപ്പറ്റി മദ്ധ്യകാലാന്ത്യത്തിൽ നിലവിലിരുന്ന തെറ്റായ ഒരു പൊതുധാരണയാണു്. (അദ്ധ്യായം 54)

ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, വീഞ്ഞു് സൂക്ഷിക്കാനായി മരം കൊണ്ടുള്ള വീപ്പകളല്ല, തോൽസഞ്ചികളായിരുന്നു യേശു ജീവിച്ച പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നതു്.

ഖുർആനിൽ നിന്നും വ്യത്യസ്തമായി ബർണബാസ്‌ സുവിശേഷത്തിൽ മറിയ യേശുവിനെ വേദനയില്ലാതെ പ്രസവിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവസഭയിൽ ഇങ്ങനെയൊരു സിദ്ധാന്തം രൂപം കൊണ്ടതു് മദ്ധ്യകാലത്തു് മാത്രമാണു്. (അദ്ധ്യായം 3)

ദാനധർമ്മം, ഉപവാസം, തീർത്ഥാടനം, യേശുവും നടത്തിയിരുന്നതായി അവകാശപ്പെടുന്ന ദിവസത്തിൽ അഞ്ചുനേരത്തെ പ്രാർത്ഥന മുതലായ കാര്യങ്ങൾ ബര്‍ണബാസ്‌ സുവിശേഷം ഊന്നിപ്പറയുന്നുണ്ടെന്നതിനാൽ, അതു് ഇസ്ലാം ജന്മമെടുത്ത ഏഴാം നൂറ്റാണ്ടിനു് ശേഷം മാത്രം എഴുതപ്പെട്ടതാവാനേ കഴിയൂ. (അദ്ധ്യായം 89)

ബർണബാസ്‌ സുവിശേഷത്തിൽ വ്യക്തമായി പറയുന്നപോലെ, പറുദീസയിൽ ആദാമിനും ഹവ്വയ്ക്കും നിരോധിക്കപ്പെട്ട പഴം ആപ്പിൾ ആണെന്നു് പഴയനിയമത്തിൽ ഒരു സൂചനയുമില്ല. അതും പിൽക്കാലസഭാചരിത്രത്തിൽ രൂപമെടുത്ത ഒരു ആശയമാണു്. (അദ്ധ്യായം 39)

ബർണബാസ്‌ സുവിശേഷപ്രകാരം, യേശുവിനു് 30-ാ‍ം വയസ്സിൽ ഉച്ചനമസ്കാരസമയത്തു് വെളിപാടു് ഉണ്ടാവുമ്പോൾ അവൻ തെളിഞ്ഞ പ്രകാശത്താലും മാലാഖമാരാലും പൊതിയപ്പെടുകയും, ഗബ്രിയേൽ മാലാഖ അവനു് ഒരു പുസ്തകം നൽകുകയും അതു് അവന്റെ ഹൃദയത്തിലേക്കു് ആഴ്‌ന്നിറങ്ങുകയും ചെയ്യുന്നു. ഗബ്രിയേൽ മാലാഖയാണു് മുഹമ്മദിനു് പ്രവചനങ്ങൾ എത്തിച്ചതെന്നതു് ഒരു മുസ്ലീം കാഴ്ചപ്പാടാണു്, ക്രൈസ്തവമല്ല. (അദ്ധ്യായം 10, 168)

ബർണബാസ്‌ സുവിശേഷത്തിൽ യേശു മുഹമ്മദിനെ ‘മുതിർന്ന ജ്യേഷ്ഠനായി’ വർണ്ണിക്കുന്നു. മുഹമ്മദിന്റെ നാമവും വരവും യേശു പ്രവചിക്കുന്നു! യേശുവിനെപ്പറ്റി സ്നാപകയോഹന്നാൻ പറയുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, മുഹമ്മദിനെപ്പറ്റി യേശുവും പറയുന്നു: “അവന്റെ ചെരിപ്പിന്റെ വാറു് അഴിപ്പാൻ ഞാൻ യോഗ്യനല്ല”. ലോകത്തെ രക്ഷിക്കുന്നതിനായി മുഹമ്മദിനെ അയക്കാൻ യേശു ദൈവത്തോടു് അപേക്ഷിക്കുന്നു! യേശുവിന്റെ മരണത്തിനും ആറു് നൂറ്റാണ്ടുകൾക്കു് ശേഷം അറേബ്യയിൽ ഒരു മുഹമ്മദ്‌ ദൈവത്താൽ അയക്കപ്പെട്ടവനെന്നും, സത്യത്തിന്റെ ഘോഷകനെന്നും അവകാശപ്പെടുമെന്നു് യേശുവിന്റെ കാലത്തു് ആരും അറിഞ്ഞിരുന്നില്ല. അതായതു്, യേശു മുഹമ്മദിന്റെ വരവു് പ്രവചിക്കുന്നതും, തന്റെ പിതാവായ ദൈവത്തോടു് മുഹമ്മദിനെ അയക്കാൻ അപേക്ഷിക്കുന്നതും ക്രൈസ്തവ കാഴ്ചപ്പാടിൽ അങ്ങയറ്റം അസാദ്ധ്യമായ കാര്യമാണു്. (അദ്ധ്യായം 97)

ബര്‍ണബാസിന്റെ വർണ്ണന അനുസരിച്ചു് നരകം പാപികളുടെ ഒരു താത്കാലിക വാസസ്ഥലമാണു്. അതേസമയം, ഖുർആൻ പ്രകാരം ഒരിക്കൽ നരകത്തിൽ എത്തിപ്പെടുന്ന പാപികൾ എന്നാളും അവിടെ കഴിയാൻ സംശയരഹിതമായി വിധിക്കപ്പെട്ടവരാണു്.

ഖുർആനിൽ നിന്നും വിപരീതമായി, ബര്‍ണബാസ്‌ സുവിശേഷത്തിൽ മുഹമ്മദ്‌ മശിഹാ ആണെന്നും, യേശു മശിഹാ അല്ലെന്നും പലവട്ടം ആവർത്തിക്കപ്പെടുന്നു. അതേസമയംതന്നെ, ബർണബാസ്‌ യേശുവിനെ “chrissto” (Christus) എന്നും വിളിക്കുന്നു! അതിനാൽ, Christus എന്നതു് എബ്രായ ഭാഷയിലെ ‘മശിഹാ’ (അഭിഷിക്തനായവൻ) എന്ന വാക്കിന്റെ ഗ്രീക്ക്‌ തർജ്ജമയാണു് എന്ന വസ്തുത ലേഖനകർത്താവിനു് അറിയുമായിരുന്നില്ല എന്ന നിഗമനത്തിലേ എത്താനാവൂ.

ഖുർആൻ പ്രകാരം യേശു ജനിക്കുന്നതു് യേറുശലേമിലാണു്. ബര്‍ണബാസ്‌ സുവിശേഷത്തിൽ യേശുവിന്റെ ജനനം ബേത്ലഹേമിലാണു്. (അദ്ധ്യായം 3). ഖുർആനിൽ യേശു ജനിക്കുന്നതു് ഒരു ഈന്തപ്പനയുടെ കീഴിലാണു്. ബർണബാസ്‌ സുവിശേഷത്തിൽ ജനനം ഒരു സത്രത്തിലാണു് സംഭവിക്കുന്നതു്. (അദ്ധ്യായം 3). ഖുർആനിൽ മറിയ തീവ്രമായ വേദന അനുഭവിച്ചാണു് യേശുവിനെ പ്രസവിക്കുന്നതു്. (Sure 19,23). ബർണബാസ്‌ സുവിശേഷത്തിലോ പ്രസവം യാതൊരു വേദനയുമില്ലാതെ സംഭവിക്കുന്നു! (അദ്ധ്യായം 3). ഖുർആൻ അറിയുന്നതു് ഏഴു് സ്വർഗ്ഗങ്ങൾ മാത്രം. (Sure 2,29). ബര്‍ണബാസ്‌ സുവിശേഷം ഒൻപതു് സ്വർഗ്ഗങ്ങൾ വർണ്ണിക്കുന്നു! പത്താമത്തേതു് അതിൽ പറുദീസയാണു്. (അദ്ധ്യായം 105, 178). ബർണബാസ്‌ വ്യക്തമായി ഏകപത്നീവ്രതത്തിനു് ആഹ്വാനം ചെയ്യുന്നു. (അദ്ധ്യായം 115). അതേസമയം, നല്ലൊരുപക്ഷം മുസ്ലീമുകളും Sure 4,3-ന്റെ അടിസ്ഥാനത്തിൽ ഒരേസമയം നാലു് ഭാര്യമാരുമായുള്ള ദാമ്പത്യജീവിതം അംഗീകരിക്കുന്നു.

ആദ്യകാലത്തെ യഥാർത്ഥ സുവിശേഷം തിരുത്തപ്പെട്ടു എന്നു് ബർണബാസ്‌ സുവിശേഷം ആരോപിക്കുന്നു. ഈ സുവിശേഷം എഴുതിയ ‘ബര്‍ണബാസ്‌’ യഥാർത്ഥത്തിൽ യേശുവിന്റെ സമകാലികൻ ആയിരുന്നുവെങ്കിൽ, അക്കാലത്തു് പുതിയനിയമത്തിന്റെ സൃഷ്ടി പൂർത്തീകരിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ, അതുപോലൊരു പ്രസ്താവന വഴി ‘ബർണബാസ്‌’ സ്വന്തം സുവിശേഷത്തിന്റെ വിധി മുൻകൂട്ടി പറയുകയല്ലേ ചെയ്തതു്?

(തുടരും)

 
Comments Off on ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-2

Posted by on Mar 24, 2010 in മതം

 

Tags: , ,

ബര്‍ണബാസ്‌ സുവിശേഷം – അദ്ധ്യായം 39

(ഒരു സ്വതന്ത്ര തർജ്ജമ)

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും -1 എന്ന കഴിഞ്ഞ ലേഖനത്തിന്റെ തുടർച്ചയല്ല ഇതു്. ബർണബാസ്‌ സുവിശേഷത്തിലെ മൃഗ-മനുഷ്യസൃഷ്ടിയുടെ വർണ്ണന ആയതിനാൽ ഇതു് അതിന്റെ ഒരു അനുബന്ധം ആവുകയുമാവാം.

സാധുമനുഷ്യരെ കബളിപ്പിച്ചു് ചാക്കിലാക്കാൻ ദൈവവചനങ്ങൾ എന്ന പേരുപറഞ്ഞു് ‘മാർക്കറ്റിൽ’ എത്തിക്കുന്ന ‘സുവിശേഷമൊഴിമുത്തുകൾ’ ഏതു് കമ്പോസ്റ്റ്‌ കുഴിയിലാണു് നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നു് അറിയണം എന്നുള്ളവർ മാത്രം ഇതു് വായിക്കാൻ അപേക്ഷ.

അപ്പോൾ യോഹന്നാൻ പറഞ്ഞു: “നീ നന്നായി പറഞ്ഞു, ഗുരോ, പക്ഷേ, അഹങ്കാരം മൂലം മനുഷ്യർ പാപം ചെയ്തതെങ്ങനെയെന്നു് ഞങ്ങൾക്കറിയില്ല.” യേശു മറുപടി പറഞ്ഞു: “ദൈവം സാത്താനെ പുറത്താക്കിയശേഷം ഗബ്രിയേൽ മാലാഖ സാത്താൻ തുപ്പിയ ഭൂമിയിലെ മണ്ണു് ശുദ്ധീകരിക്കുകയും അതിൽ നിന്നും ദൈവം എല്ലാത്തരം ജീവികളെയും, പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമായ എല്ലാത്തരം മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകത്തെ അവയ്ക്കുള്ള എല്ലാം കൊണ്ടും അലങ്കരിക്കുകയും ചെയ്തു. ഒരു ദിവസം സാത്താൻ പറുദീസയുടെ വാതിലുകളെ സമീപിച്ചു് അവിടെ പുല്ലുതിന്നുകൊണ്ടു് നിന്നിരുന്ന കുതിരകളോടായി പറഞ്ഞു: ഈ മണ്ണിനു് ആത്മാവു് ലഭിച്ചാൽ അതിന്റെ ഫലം നിങ്ങൾക്കു് വേദനാജനകമായ ജോലിയായിരിക്കും; അതുകൊണ്ടു് ഈ ഭൂപ്രദേശം ഒന്നിനും കൊള്ളാതാവുന്ന വിധത്തിൽ ചവിട്ടിക്കൂട്ടി നശിപ്പിക്കുന്നതാണു് നിങ്ങൾക്കു് കൂടുതൽ പ്രയോജനപ്രദം.

അതുകേട്ട കുതിരകൾ ആവേശഭരിതരായി റോസാപ്പൂവുകളുടെയും ആമ്പൽപ്പൂവുകളുടെയും ഇടയിൽ കിടന്നിരുന്ന ആ ഭൂപ്രദേശത്തിലൂടെ തിടുക്കപ്പെട്ടു് ഓടാൻ തുടങ്ങി. ആ സമയം ദൈവം ഗബ്രിയേൽ ഭൂമിയിൽ നിന്നും എടുത്തതും സാത്താന്റെ തുപ്പൽ കിടന്നിരുന്നതുമായ അശുദ്ധമായ ഭാഗം മണ്ണിനു് ജീവൻ നൽകി പട്ടിയെ സൃഷ്ടിക്കുകയും പട്ടിയുടെ കുരകേട്ടു് ഭയചകിതരായ കുതിരകൾ അവിടെനിന്നും ഓടിപ്പോവുകയും ചെയ്തു. അപ്പോൾ, പരിശുദ്ധരായ മാലാഖമാർ “ഞങ്ങളുടെ യജമാനനായ ദൈവമേ, നിന്റെ നാമം വാഴ്ത്തപ്പെടട്ടെ” എന്നു് പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ, ദൈവം അവന്റെ ആത്മാവു് മനുഷ്യനു് നൽകി. ആദാം കാലിൽ നിവർന്നു് നിന്നപ്പോൾ അവൻ വായുവിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നതായ “ഒരു ദൈവം മാത്രമേ ഉള്ളു, മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണു്” എന്നൊരു ലിഖിതം കണ്ടു.

അതുകണ്ടപ്പോൾ ആദാം വാതുറന്നു് പറഞ്ഞു: “എന്റെ യജമാനനായ ദൈവമേ, എന്നെ സൃഷ്ടിക്കാൻ കനിവുണ്ടായതിനു് ഞാൻ നിനക്കു് നന്ദി പറയുന്നു. എങ്കിലും ഞാൻ നിന്നോടു് യാചിക്കുന്നു, എന്താണു് ഈ വാക്കുകളുടെ സന്ദേശം എന്നു് എനിക്കു് പറഞ്ഞു് തരൂ. ‘മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണു്.’ അപ്പോൾ എനിക്കു് മുൻപേ മറ്റു് മനുഷ്യർ ഉണ്ടായിരുന്നോ?” അപ്പോൾ ദൈവം പറഞ്ഞു: “എന്റെ ദാസനായ ആദാമേ, നിനക്കു് സ്വാഗതം. ഞാൻ നിന്നോടു് പറയുന്നു, നീയാണു് ഞാൻ സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. നീ സൂചിപ്പിച്ച മനുഷ്യൻ നിന്റെ മകനാണു്, അവൻ ഒരുപാടു് വർഷങ്ങൾക്കു് ശേഷം ഭൂമിയിലേക്കു് വരേണ്ടവനാണു്. എന്റെ ദൂതനായ അവനുവേണ്ടിയാണു് ഞാൻ എല്ലാം ഉണ്ടാക്കിയിരിക്കുന്നതു് . അവൻ വരുമ്പോൾ ലോകത്തിനു് പ്രകാശം കൊടുക്കും. ഞാൻ മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനു് അറുപതിനായിരം വർഷങ്ങൾക്കു് മുൻപേതന്നെ അവന്റെ ആത്മാവു് ഒരു ദിവ്യതേജസ്സായി സൃഷ്ടിക്കപ്പെട്ടിരുന്നു.”

അപ്പോൾ ആദാം ദൈവത്തോടു് യാചിച്ചുകൊണ്ടു് പറഞ്ഞു: “യജമാനനേ, ആ ലിഖിതം എന്റെ കൈനഖങ്ങളിൽ ആക്കിത്തരേണമേ!” അപ്പോൾ ദൈവം ഒന്നാം മനുഷ്യന്റെ കൈയിലെ പെരുവിരൽ നഖങ്ങളിലേക്കു് ആ ലിഖിതം എഴുതി. വലത്തുകൈയിലെ പെരുവിരലിന്റെ നഖത്തിൽ “ഒരു ദൈവം മാത്രമേ ഉള്ളു” എന്ന ആദ്യവാക്യവും, ഇടത്തുകൈയിലെ പെരുവിരലിന്റെ നഖത്തിൽ “മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണു്” എന്ന രണ്ടാമത്തെ വാക്യവുമായിരുന്നു എഴുതിക്കൊടുത്തതു്. അപ്പോൾ ആദാം പിതൃനിർവിശേഷമായ സ്നേഹനിർഭരതയോടെ ആ വാക്കുകളെ ചുംബിച്ചു് കണ്ണുകൾ തിരുമ്മിക്കൊണ്ടു് പറഞ്ഞു: “നീ ഭൂമിയിലേക്കു് വരുന്ന ആ ദിനം വാഴ്ത്തപ്പെടട്ടെ.”

മനുഷ്യൻ ഏകനാണെന്നു് കണ്ട ദൈവം പറഞ്ഞു: “അവൻ ഒറ്റക്കു് കഴിയുന്നതു് നല്ലതല്ല.” അതിനാൽ അവൻ അവനു് ഒരു നിദ്ര വരുത്തി, അവന്റെ ഹൃദയത്തിനോടു് ചേർന്നുള്ള ഒരു വാരിയെല്ലു് എടുത്തു് ആ വിടവിൽ മാംസം പിടിപ്പിച്ചു. ആ വാരിയെല്ലിൽ നിന്നും അവൻ ഹവ്വയെ സൃഷ്ടിച്ചു് അവളെ ആദാമിനു് ഭാര്യയായി നൽകി. അവരെ രണ്ടുപേരേയും പറുദീസയിലെ പ്രഭുക്കളായി വാഴിച്ചശേഷം ദൈവം അവരോടു് പറഞ്ഞു: “ശ്രദ്ധിക്കൂ! ആപ്പിളും ചോളവും ഒഴികെ ബാക്കി എല്ലാ പഴങ്ങളും ഞാൻ നിങ്ങൾക്കു് തിന്നാനായി നൽകുന്നു” അവൻ തുടർന്നു് പറഞ്ഞു: “നിങ്ങൾക്കു് ഇവിടെ തുടർന്നു് വസിക്കാനും, ക്ലേശം മൂലം ഞാൻ നിങ്ങളെ പുറത്താക്കി നിങ്ങൾ വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരാതിരിക്കാനുമായി ഒരു കാരണവശാലും ഈ പഴങ്ങൾ തിന്നു് നിങ്ങൾ അശുദ്ധരാവാതിരിക്കുക.

———-

സൃഷ്ടിക്കപ്പെട്ട ആദാം ആദ്യമായി വായുവിൽ ദർശിക്കുന്നതു് ഇസ്ലാമിന്റെ വിശ്വാസപ്രമാണം! ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു് രൂപമെടുത്തതു് എന്നവകാശപ്പെടുന്ന ബർണബാസ്‌ സുവിശേഷത്തിൽ ആദാമിനെക്കൊണ്ടു് എഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങൾ ഉരുവിടുവിക്കുന്ന ഭാഗം അവിശ്വസനീയം എന്നതിനേക്കാൾ രസകരം എന്നു് വിശേഷിപ്പിക്കുന്നതാണു് കൂടുതൽ ഉചിതം എന്നു് തോന്നുന്നു.

ബർണബാസ്‌ സുവിശേഷത്തിലെ ഈ ഭാഗം വെള്ളം തൊടാതെ വിഴുങ്ങാൻ നിങ്ങൾക്കു് ബുദ്ധിമുട്ടു് തോന്നുന്നുണ്ടോ? എങ്കിൽ ഇതു് കാണൂ: അപ്പോൾ യേശു പറഞ്ഞു: “ദൈവം എനിക്കു് ഉറപ്പു് നൽകിയിട്ടുള്ളതായതിനാൽ ഇക്കാര്യം സത്യമാണു്. അതുകൊണ്ടു്, ഇതു് സത്യമാണെന്നു് എല്ലാവരും അറിയുന്നതിനുവേണ്ടി, ദൈവനാമത്തിൽ സൂര്യൻ അനക്കമില്ലാതെ, പന്ത്രണ്ടു് മണിക്കൂർ നേരത്തേക്കു് നിശ്ചലമായി നിൽക്കട്ടെ.” അപ്പോൾ സകല ജെറുസലേമിലും ജുദെയായിലും ഉഗ്രഭയം സൃഷ്ടിച്ചുകൊണ്ടു് അങ്ങനെ സംഭവിച്ചു. (ബർണബാസ്‌: അദ്ധ്യായം 189)

ഇത്രയും വലിയ ഒരത്ഭുതം പോലും നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, പൊന്നുചങ്ങാതിമാരേ, പിന്നെ ബർണബാസ്‌ സുവിശേഷത്തിലെ ബാക്കിയുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത്തരം അത്ഭുതങ്ങൾ വിശ്വസിച്ചില്ലെങ്കിൽ വേണ്ട, മനുഷ്യജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാൻ അത്യാവശ്യമായ ദൈവവിശ്വാസത്തിന്റെ ഒരു അടിത്തറ എന്ന നിലയിലെങ്കിലും ബർണബാസ്‌ സുവിശേഷത്തെ അംഗീകരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണെന്നേ ഒരു അവസാനവാക്കെന്ന നിലയിൽ എനിക്കു് നിങ്ങളോടു് പറയാനുള്ളു.

 
Comments Off on ബര്‍ണബാസ്‌ സുവിശേഷം – അദ്ധ്യായം 39

Posted by on Mar 16, 2010 in പലവക

 

Tags: , ,

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും – 1

യേശുവിന്റെ യഥാർത്ഥമായ ഏകസുവിശേഷമെന്നു് മുസ്ലീം താർക്കികരും, മദ്ധ്യകാലത്തു് എഴുതപ്പെട്ട ഒരു വ്യാജകൃതി എന്നു് അമുസ്ലീമുകളും വിശ്വസിക്കുന്ന ബർണബാസിന്റെ സുവിശേഷത്തിന്റെ ഒരു പരിശോധനയാണിതു്. ബ്ലോഗിലോ പുറത്തോ ഉള്ള ‘ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ’ ‘ഉത്തമബോദ്ധ്യ’ വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം.

യേശുജീവിതത്തിന്റെ ദൃക്‌സാക്ഷിയായ ഒരു ബർണബാസിനാൽ എഴുതപ്പെട്ടതാണെന്ന ആ സുവിശേഷത്തിലെതന്നെ അവകാശവാദവാദമാണു് യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിതക്കും, ക്രിസ്തീയതയെപ്പറ്റിയുള്ള യഥാർത്ഥ സത്യം ആ സുവിശേഷത്തിൽ മാത്രമാണെന്നുമുള്ള മുസ്ലീം പണ്ഡിതരുടെ വാദഗതികളുടെ അടിത്തറ. ആ പുസ്തകം മാത്രമാണു് സത്യമെന്നു് ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നു എന്ന അവരുടെ ആർഗ്യുമെന്റ്‌ തികഞ്ഞ ഹേത്വാഭാസം (logical fallacy) ആവാതിരിക്കണമെങ്കിൽ ആദ്യം, ഏറ്റവും ചുരുങ്ങിയതു്, ആ പുസ്തകം അവകാശപ്പെടുന്ന ഒറിജിനാലിറ്റി അതിനുണ്ടോ എന്നു് അറിയണം. അല്ലെങ്കിൽ അതു് മാർപ്പാപ്പയുടെ അപ്രമാദിത്വം സ്ഥാപിക്കൽ പോലെയാവും. “മാർപ്പാപ്പ തെറ്റു് പറ്റാത്തവനായതുകൊണ്ടു് പാപ്പ വിശ്വസിക്കുന്നതെല്ലാം ശരിയാണു്. താൻ തെറ്റു് പറ്റാത്തവനാണെന്നും പാപ്പ വിശ്വസിക്കുന്നു. അതിനാൽ മാർപ്പാപ്പ യഥാർത്ഥത്തിൽ തെറ്റു് പറ്റാത്തവനാണു്.”

ബർണബാസ്‌ സുവിശേഷത്തിന്റെ അൽപം ചരിത്രം:

ദീര്‍ഘകാലം ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ഇറ്റാലിയൻ പ്രതിയെപ്പറ്റി മാത്രമേ വിവരമുണ്ടായിരുന്നുള്ളു. അതു് ഇന്നു് വിയന്നയിലെ (ഓസ്ട്രിയ) നാഷണൽ ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുന്നു. അതുകൂടാതെ, പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്നതായി സൂചനകളുള്ള രണ്ടു് സ്പാനിഷ്‌ കയ്യെഴുത്തുപ്രതികളിൽ ഒന്നു് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാമത്തേതു് അപൂർണ്ണമായ രൂപത്തിൽ 1976-ൽ സിഡ്നിയിൽ പ്രത്യക്ഷപ്പെടുകയും ഇന്നും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പറഞ്ഞ മൂന്നു് പ്രതികളൊഴികെ, ഗ്രീക്കിലോ ലാറ്റിനിലോ എബ്രായഭാഷയിലോ ഉള്ള ഏതെങ്കിലും ഒരു കോപ്പിയോ, പതിനാറാം നൂറ്റാണ്ടിനു് മുൻപു് ഒരു ബർണ്ണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നതിനു് ചരിത്രപരമായ തെളിവോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പ്രശ്നത്തിന്റെ ആരംഭം:

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ സുവിശേഷത്തിൽ നിന്നും ചില കഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതുവഴി ഇസ്ലാം ലോകത്തിലെ ക്രിസ്ത്യാനികൾക്കു് ഒട്ടേറെ കിംവദന്തികൾ നേരിടേണ്ടിവന്നു. തത്ഫലമായി ഈ ഇറ്റാലിയൻ പ്രതിയുടെ ഒരു സമ്പൂർണ്ണ തർജ്ജമ പുറത്തിറക്കാൻ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിൽപ്പെട്ട രണ്ടുപേർ തീരുമാനിക്കുന്നു (Lonsdale and Laura Ragg). അങ്ങനെയാണു് ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ദ്വിഭാഷാപ്പതിപ്പു് (ഇറ്റാലിയൻ-ഇംഗ്ലിഷ്‌) 1907-ൽ പുറത്തുവരുന്നതു്. അതായതു്, ആ സുവിശേഷത്തിന്റെ ഒരു പൂർണ്ണരൂപം ലോകത്തിനു് ആദ്യമായി ലഭ്യമാക്കിയതുതന്നെ ക്രിസ്ത്യാനികളാണു്, മുസ്ലീമുകളല്ല. ഒരുവർഷത്തിനുശേഷം, 1908-ൽ അതിന്റെ ഒരു അറബി പരിഭാഷ രൂപമെടുത്തു. അതുമുതലാണു് ഇസ്ലാംതാർക്കികർ ബർണബാസ്‌ സുവിശേഷത്തെ ക്രിസ്തുമതത്തിനെതിരായ ഒരു ആയുധമായി ഉപയോഗപ്പെടുത്തുന്നതുതന്നെ.

ഇസ്ലാം തള്ളിക്കളയുന്ന പല ക്രിസ്തീയ വിശ്വാസങ്ങളും ബർണബാസ്‌ സുവിശേഷവും തള്ളിക്കളയുന്നുണ്ടെന്നതു് ഈ പുസ്തകത്തിനോടുള്ള മുസ്ലീം താർക്കികരുടെ താത്പര്യം വർദ്ധിപ്പിച്ചു. ക്രിസ്തീയരുടെ മൗലികവിശ്വാസങ്ങളായ യേശുവിന്റെ ദൈവപുത്രത്വവും, മനുഷ്യരുടെ പാപമോചനത്തിനായുള്ള കുരിശുമരണവും, ഉയിർത്തെഴുന്നേൽപ്പും ബർണബാസ്‌ സുവിശേഷം നിഷേധിക്കുന്നതിനാൽ, പൗലോസിന്റെ ക്രിസ്തുമതം വ്യാജക്രിസ്തുമതമാണെന്നും, യഥാർത്ഥ ക്രിസ്തുമതം ഇസ്ലാമുമായി, അഥവാ, ഖുർആനുമായി പൊരുത്തപ്പെടുന്നതാണെന്നുമുള്ള പൊതുവായ മുസ്ലീം നിലപാടിനു് ‘ക്രിസ്തീയതയിൽ’ നിന്നുതന്നെയുള്ള ശക്തമായ ഒരു തെളിവായി അവർ ഈ സുവിശേഷത്തെ ഉയർത്തിപ്പിടിക്കാൻ തുടങ്ങി.

യഹൂദ-, ക്രൈസ്തവ-, മുസ്ലീംവിശ്വാസങ്ങളുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ബർണബാസ്‌ സുവിശേഷം യേശുക്രിസ്തുവിന്റെ ജന്മം സംബന്ധിച്ചുണ്ടായ വെളിപാടു് മുതൽ അന്ത്യം വരെയുള്ള കഥകൾ വർണ്ണിക്കുന്നതുകൂടാതെ, അവന്റെ ശിഷ്യന്മാരെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും ഉപമകളിലൂടെയുള്ള അവന്റെ പഠിപ്പിക്കലുകളെപ്പറ്റിയും അവസാനത്തെ അത്താഴത്തെപ്പറ്റിയും ഒറ്റിക്കൊടുക്കലിനെപ്പറ്റിയും വിചാരണയെപ്പറ്റിയുമൊക്കെ വിവരിക്കുന്നുണ്ടു്. പക്ഷേ, ആ സുവിശേഷപ്രകാരം കുരിശുമരണം വരിക്കുന്നതു് യേശുവല്ല, യൂദാസ്‌ ആണു് എന്നിടത്തു് അതിനൊരു ഇസ്ലാമികനിറം ലഭിക്കുന്നു. അതേസമയം, യേശു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നു് ഖുർആനിൽ വായിക്കാനാവുന്നതു് ഒരേയൊരിടത്തു് മാത്രമാണു്.

ആ ഭാഗം ഇതാണു്: “അല്ലാഹുവിന്റെ ദൂതനായ, മർയമിന്റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും (അവർ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (യാഥാർത്ഥ്യം) അവർക്കു് തിരിച്ചറിയാതാവുകയാണുണ്ടായതു്. തീർച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കു് ഉയർത്തുകയത്രേ ചെയ്തതു്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ഖുർആൻ 4, 157-158). അതായതു്, ക്രൂശിക്കപ്പെടാൻ അനുവദിക്കാതെ യേശുവിനെ അല്ലാഹു സ്വർഗ്ഗത്തിലേക്കു് ഉയർത്തി എന്നല്ലാതെ, ആരാണു് യഥാർത്ഥത്തിൽ ക്രൂശിക്കപ്പെട്ടതെന്നതിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കാത്ത ഖുർആനിലെ ഈ പ്രസ്താവന, ക്രൂശിക്കപ്പെട്ടതു് യൂദാസ്‌ ആയിരുന്നു എന്ന ബർണബാസ്‌ സുവിശേഷത്തിലെ വിശദീകരണം വഴി മൂർത്തീകരിക്കപ്പെടുന്നു. പക്ഷേ അതുവഴി, ബർണബാസ്‌ സുവിശേഷം ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാണെന്നും, വിശ്വാസപരമായ പൊരുത്തക്കേടുകളാൽ പൗലോസിന്റെ ക്രിസ്തുസഭ അതിനെ മനഃപൂർവ്വം നശിപ്പിക്കുകയായിരുന്നു എന്നുമുള്ള മുസ്ലീം പണ്ഡിതരുടെ ഇന്നത്തെ ആരോപണത്തിൽ സാമാന്യബുദ്ധിക്കു് നിരക്കാത്ത ഒരു വൈരുദ്ധ്യം ഉടലെടുക്കുന്നു. യൂദാസാണു് യേശുവിനു് പകരം കുരിശിൽ മരിച്ചതു് എന്നു് ആരംഭകാലക്രിസ്തുമതത്തിൽ തന്നെ ബർണബാസ്‌ രേഖപ്പെടുത്തിയിരുന്നിട്ടും അതിനും ഏഴു് നൂറ്റാണ്ടുകൾക്കുശേഷം രൂപമെടുത്ത ഖുർആനിൽ “ഈസായുടെ കാര്യത്തിൽ ഭിന്നിച്ചവർ ഊഹാപോഹങ്ങളെ പിന്തുടരുന്നല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല” എന്നു് എഴുതേണ്ടിവരുന്നതിൽനിന്നും ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റി മുഹമ്മദിനും അറിവുണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്? അതുപോലെതന്നെ അർത്ഥശൂന്യമാണു്, ജനസമക്ഷത്തിൽ നിന്നും ഈ സുവിശേഷം മറച്ചുപിടിക്കണം എന്നൊരു ഗൂഢോദ്ദേശ്യം ക്രിസ്ത്യാനികൽക്കുണ്ടെന്നുള്ള ആരോപണവും. 1907-ൽ ഈ സുവിശേഷം ഇറ്റാലിയനിൽ നിന്നും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്തതും, അതുവഴി ഇന്നു് പലഭാഷകളിൽ അതിന്റെ പരിഭാഷ ഉണ്ടാവാൻ വഴിതെളിച്ചതും ക്രിസ്ത്യാനികളാണെന്ന യാഥാർത്ഥ്യം ഈ ആരോപണത്തെ അടിസ്ഥാനരഹിതമാക്കുന്നു.

ബർണബാസ്‌ സുവിശേഷം വ്യാജമാണെന്ന നിഗമനത്തിന്റെ ചില തെളിവുകൾ

മുൻവിധി ഇല്ലാതെയും പക്ഷം ചേരാതെയും കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറുള്ള ആർക്കും ബർണബാസ്‌ സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ സ്പെയിനിൽ രൂപമെടുത്തതാവാം ഈ സുവിശേഷം എന്ന നിഗമനത്തിലേക്കാണു് എല്ലാ സൂചനകളും നയിക്കുന്നതു്. ക്രിസ്തീയ സഭ ഈ കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്ന ഇൻക്വിസിഷനോടുള്ള പ്രതികാരം എന്നനിലയിൽ രൂപമെടുത്തിരിക്കാൻ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാൻ നല്ല സാദ്ധ്യതയുണ്ടു്. ക്രിസ്തുമതത്തിലും ഇസ്ലാമിലും എഴുത്തുകാരൻ പ്രദര്‍ശിപ്പിക്കുന്ന മതിയായ പരിജ്ഞാനം അതിനൊരു ന്യായീകരണമാണു്. പക്ഷേ, മുസ്ലീം താർക്കികർ ഇതു് ക്രിസ്തുമതത്തിന്റെ ആരംഭകാലത്തു് ജന്മമെടുത്തതാണെന്ന ധാരണ പുലർത്തുന്നതിനാൽ, ആ കാലഘട്ടത്തിലെ രേഖകളിലെല്ലാം അവർ ഈ സുവിശേഷത്തിന്റെ മൂലകർത്താവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. അവയിൽ ഒന്നാണു് ബർണബാസിന്റെ ലേഖനം. പക്ഷേ, അതു് 21 ചെറിയ അദ്ധ്യായങ്ങളുടെ ഒരു സമാഹാരമാണു്. ബർണബാസ്‌ സുവിശേഷമാകട്ടെ 222 നീണ്ട അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതും! മുസ്ലീം താർക്കികർ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്നു് ബർണബാസിന്റെ പ്രവൃത്തികളാണു് (Acts of Barnabas). അതു് പക്ഷേ, അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു വ്യാജസൃഷ്ടിയാണു്. 4/5 നൂറ്റാണ്ടു് കാലഘട്ടത്തിൽ നിന്നുള്ള Gelasian Decree എന്നറിയപ്പെടുന്ന “കിട്ടിയതും കിട്ടാത്തതുമായ” പുസ്തകങ്ങളുടെ ലിസ്റ്റിലും 7/8 നൂറ്റാണ്ടുകളിൽ നിന്നുള്ള “60 പുസ്തകങ്ങളുടെ” ലിസ്റ്റിലും (The List of Sixty Books) ഒരു ബര്‍ണബാസ് സുവിശേഷത്തെപ്പറ്റി പേരെടുത്തു് പറയുന്നുണ്ടെങ്കിലും ആ രണ്ടു് ലിസ്റ്റിലും “ഒന്നും നിലവിലില്ല” (nothing extant) എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ രണ്ടു് ലിസ്റ്റുകളിലെ സൂചനക്കു് ശേഷം ബര്‍ണബാസ് സുവിശേഷത്തെപ്പറ്റി പിന്നീടു് എന്തെങ്കിലും കേൾക്കുന്നതു് ഇവിടത്തെ വിഷയമായ മദ്ധ്യകാലത്തെ ഇറ്റാലിയൻ/സ്പാനിഷ്‌ സുവിശേഷങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ മാത്രമാണു്.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വൈരുദ്ധ്യങ്ങൾ

യേശുവിനോടൊപ്പം ജീവിച്ച ഒരു ബർണബാസ്‌ ആണു് ഈ സുവിശേഷരചയിതാവു് എങ്കിൽ പലസ്റ്റൈൻ പ്രദേശത്തെപ്പറ്റി അവനു് അറിയാതിരിക്കാൻ കഴിയില്ല. പക്ഷേ ഈ സുവിശേഷത്തിലെ സൂചനകൾ യഥാർത്ഥ പലസ്റ്റൈനുമായി ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ പൊരുത്തപ്പെടുന്നവയല്ല. ചില ഉദാഹരണങ്ങൾ: ബർണബാസ്‌ സുവിശേഷത്തിൽ പറയുന്നപോലെ, നസറേത്ത്‌ കിടക്കുന്നതു് ഗലീലിയ കടലിന്റെ (Sea of Genneseret) തീരത്തല്ല, ഒരു കുന്നിൻ മുകളിലാണു്. ബർണബാസ്‌ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നപ്രകാരം യേശു ഒരു കപ്പലിൽ കയറി യേറുശലേമിലേക്കു് പോയി എന്നതു് സാദ്ധ്യമായ കാര്യമല്ല, കാരണം, യേറുശലേം കിടക്കുന്നതു് ഒരു ഉൾപ്രദേശത്താണു്. ഈ സുവിശേഷത്തിൽ പറയുന്നപോലെ, നൈനവെ കിടക്കുന്നതു് മെഡിറ്ററേനിയൻ തീരത്തല്ല, ഉൾപ്രദേശത്തുള്ള ടൈഗ്രിസിനോടു് ചേർന്നാണു്. ബർണബാസ്‌ സുവിശേഷത്തിൽ പറയുന്ന യേശുവിന്റെ ജനനകാലം പീലാത്തോസിന്റെയും അനന്യാസിന്റെയും കയ്യഫായുടെയും ചരിത്രപരമായ ഭരണകാലവുമായി ഒത്തുപോകുന്നതല്ല. പലസ്റ്റൈനിൽ ആരംഭകാലക്രിസ്തുമതത്തിന്റെ കാലത്തു് 600000 റോമൻ പടയാളികൾ ഉണ്ടായിരുന്നതായി ഈ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, അക്കാലത്തു്, റോമാസാമ്രാജ്യത്തിൽ ആകെമൊത്തം ഏകദേശം അത്രയും പടയാളികളേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ പലസ്റ്റൈനിൽ മാത്രം ഒരുവിധത്തിലും അത്രയും റോമൻ പടയാളികൾ ഉണ്ടായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. അതുപോലെ, പഴയനിയമകാലത്തു് ഉണ്ടായിരുന്ന 17000 പരീശന്മാരെപ്പറ്റി ബർണബാസ്‌ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, പരീശരുടെ പാർട്ടി രൂപമെടുക്കുന്നതുതന്നെ ക്രി. മു. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണു്. ബർണബാസ്‌ സുവിശേഷം വർണ്ണിക്കുന്ന വേനൽക്കാലം യൂറോപ്യൻ വേനൽക്കാലമാണു്. പലസ്റ്റൈനിൽ, യൂറോപ്യൻ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി, മഞ്ഞുകാലത്തു് മഴയും വേനൽക്കാലത്തു് വരണ്ട കാലാവസ്ഥയുമാണു്.

മദ്ധ്യകാലത്തെ രൂപമെടുക്കലിനെ ന്യായീകരിക്കുന്ന ചില വസ്തുതകൾ

മുഹമ്മദിനെപ്പറ്റിയല്ലാതെ ഔദ്യോഗികമായി ഇസ്ലാമിനെപ്പറ്റി പരാമർശമൊന്നുമില്ലെങ്കിലും ബർണബാസ്‌ സുവിശേഷം ഉൾക്കൊള്ളുന്നതു് ഇസ്ലാം ചിന്താധാരയാണു്. ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാൽ അതു് ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാവാൻ കഴിയില്ല.

ബർണബാസ്‌ സുവിശേഷം ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്ത Lonsdale Ragg മദ്ധ്യകാല ഇറ്റാലിയൻ സാഹിത്യസംബന്ധമായ കാര്യങ്ങളിൽ ഒരു പണ്ഡിതനാണു്. ബർണബാസ്‌ സുവിശേഷവും ഡാന്റെയുടെ (Dante Alighieri: 1265-1321) The Divine Comedy അടക്കമുള്ള ഗ്രന്ഥങ്ങളും തമ്മിൽ ശ്രദ്ധേയമായ സമാനതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഡിവൈൻ കോമെഡിയിൽ ഡാന്റെ വർണ്ണിക്കുന്ന സ്വർഗ്ഗവും നരകവും പറുദീസയും ബർണ്ണബാസ്‌ സുവിശേഷത്തിലെ സ്വർഗ്ഗ-നരക വർണ്ണനകളുമായി ഒത്തുചേർന്നു് പോകുന്നവയാണു്. ഉദാഹരണത്തിനു്, ബർണബാസ്‌ സുവിശേഷത്തിലെ ഒൻപതു് (പറുദീസ അടക്കം പത്തു്) സ്വർഗ്ഗങ്ങളും, ഏഴു് ‘കേന്ദ്രങ്ങൾ’ ആയി തരംതിരിച്ചിരിക്കുന്ന നരകവുമെല്ലാം ഡാന്റെയുടെ ഡിവൈൻ കൊമെഡിയിലെ വർണ്ണനകളുമായി കൃത്യമായി യോജിച്ചുപോകുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ, ഡാന്റെയുടെ ഡിവൈൻ കോമെഡിയും ബർണബാസ്‌ സുവിശേഷവും തമ്മിൽ – നേരിട്ടുള്ള പരസ്പരബന്ധം ഇല്ലെങ്കിൽ തന്നെയും, അവയുടെ പശ്ചാത്തലവുമായി – നിഷേധിക്കാനാവാത്ത ബന്ധം പുലർത്തുന്നർത്തായി അദ്ദേഹം വിലയിരുത്തുന്നു. ഇത്തരം പരിഗണനകളുടെ എല്ലാം വെളിച്ചത്തിൽ, ബർണബാസ്‌ സുവിശേഷം A.D. 1300-നും 1350-നും ഇടയിൽ എഴുതപ്പെട്ടതാവാമെന്ന നിഗമനത്തിൽ Lonsdale Ragg എത്തുമ്പോൾ, പിന്നീടു് വന്ന ഗവേഷകർ അതിന്റെ രൂപമെടുക്കലിനു് പതിനാറാം നൂറ്റാണ്ടുവരെയുള്ള ഒരു കാലഘട്ടം ഒരു സാദ്ധ്യതയായി പരിഗണിക്കുന്നു.

ബർണബാസ്‌ സുവിശേഷപ്രകാരം ‘യോബേൽ സംവത്സരം’ ആഘോഷിക്കപ്പെടുന്നതു് ഓരോ നൂറു് വർഷങ്ങൾ കൂടുമ്പോഴുമാണു്. പക്ഷേ, ‘യോബേൽ സംവത്സരം’ എന്ന, മോശെയുടെ പഴയനിയമപ്രകാരം ഓരോ അൻപതു് വർഷങ്ങൾ കൂടുമ്പോഴും ആചരിക്കേണ്ട ഈ ഉത്സവം (ലേവ്യപുസ്തകം 25: 8-മുതലുള്ള വാക്യങ്ങൾ കാണുക) A.D.1300-ൽ അന്നത്തെ മാർപ്പാപ്പ ആയിരുന്ന St. Boniface VIII 100 വർഷത്തിൽ ഒരിക്കൽ എന്നു് തിരുത്തിയെങ്കിലും, 1343-ൽ തന്നെ, അന്നത്തെ മാർപ്പാപ്പയായിരുന്ന Clement VI വീണ്ടും അതു് പഴയപടി അൻപതുവർഷം ആക്കുകയും അടുത്ത ഉത്സവം 1350-ൽ ആയിരിക്കുമെന്നു് പ്രഖ്യാപിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, യോബേൽ സംവത്സരാഘോഷം 100 വർഷത്തിൽ ഒരിക്കൽ എന്നതു് A.D. 1300 മുതൽ A.D. 1343 വരെയുള്ള കാലഘട്ടത്തിൽ മാത്രമേ സഭയിൽ നിലനിന്നിരുന്നുള്ളു. (പിന്നീടു്, 1389-ൽ യോബേൽ സംവത്സരം 33 വർഷത്തിൽ ഒരിക്കൽ എന്നും, 1470-ൽ അതു് 25 വർഷത്തിൽ ഒരിക്കൽ എന്നും വീണ്ടും തിരുത്തപ്പെട്ടു. ആ ചട്ടം സഭ ഇന്നുവരെ പിന്തുടരുകയും ചെയ്യുന്നു.) അതായതു്. 100 വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന യോബേൽ സംവത്സരത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ബർണബാസ്‌ സുവിശേഷം ഒരിക്കലും A.D.1300-നു് മുൻപു് എഴുതപ്പെട്ടതാവാൻ കഴിയില്ല. പോരെങ്കിൽ, ആ സുവിശേഷം പ്രതിനിധീകരിക്കുന്ന പെരുമാറ്റച്ചിട്ടകളായ, ചിരിക്കുന്നതു് പാപം, കരയുന്നതു് ആത്മീയതയുടെ അടയാളം മുതലായ, മദ്ധ്യകാലത്തു് പ്രബലമായിരുന്ന, സന്യാസജീവിതത്തിന്റെ പെരുമാറ്റരീതികളും അതിന്റെ രൂപമെടുക്കൽ ആ കാലഘട്ടത്തിലായിരിക്കുമെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.

(തുടരും)

 
1 Comment

Posted by on Mar 9, 2010 in മതം

 

Tags: , ,