ബൈബിളിന്റെ തുടക്കത്തിൽ എഴുതപ്പെട്ടിരിക്കുന്ന വിഖ്യാതമായ കഥ വേണ്ടവിധത്തിൽ മനസ്സിലാക്കപ്പെട്ടോ? ശാസ്ത്രത്തിനു് നേരെയുള്ള ദൈവത്തിന്റെ നരകഭീതിയെപ്പറ്റിയുള്ള കഥ? ഇല്ല, അതു് ശരിയായി മനസ്സിലാക്കപ്പെട്ടില്ല. ആ പുരോഹിതപുസ്തകത്തിനു് അനുയോജ്യമെന്നോണം അതു് ആരംഭിക്കുന്നതുതന്നെ പുരോഹിതന്റെ ഏറ്റവും വലിയ ആന്തരവൈഷമ്യവുമായിട്ടാണു്: പുരോഹിതനു് ഒരു പ്രധാനവൈഷമ്യമേ ഉള്ളു, തൻനിമിത്തം “അവന്റെ ദൈവത്തിനും” ഒരു പ്രധാനവൈഷമ്യമേ ഉള്ളു.
പൂർണ്ണ “ആത്മാവും”, പൂർണ്ണ മഹാപുരോഹിതനും, സർവ്വസമ്പൂർണ്ണതയുമായ വൃദ്ധദൈവം അവന്റെ തോട്ടത്തിൽ ഉലാത്തുന്നു; പക്ഷേ, അവൻ വിരസനാണു്. വിരസതയ്ക്കെതിരായി ദൈവങ്ങൾ പോലും നിഷ്ഫലയത്നമാണു് നടത്തുന്നതു്. അവൻ എന്താണു് ചെയ്യുന്നതു്? അവൻ മനുഷ്യനെ കണ്ടുപിടിക്കുന്നു – മനുഷ്യൻ വിനോദിപ്പിക്കുന്നവനാണു്. പക്ഷേ, നോക്കൂ! മനുഷ്യനും വിരസനായിത്തീരുന്നു. എല്ലാ പറുദീസകളേയും വ്യതിരിക്തമാക്കുന്ന ദൈവത്തിന്റെ കേവലതീവ്രദുഃഖസഹാനുഭൂതിക്കു് അതിരുകളില്ല: അതിനാൽ അവൻ ഒപ്പം മറ്റു് മൃഗങ്ങളേയും സൃഷ്ടിക്കുന്നു. ദൈവത്തിന്റെ ആദ്യത്തെ തെറ്റു്: മനുഷ്യൻ മൃഗങ്ങളെ വിനോദിപ്പിക്കുന്നവയായി കണ്ടില്ല – പകരം അവൻ അവയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണു് ചെയ്തതു്, “മൃഗം” ആവാൻ പോലും അവൻ ആഗ്രഹിച്ചില്ല. – തത്ഫലമായി ദൈവം സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ തീർച്ചയായിട്ടും വിരസതക്കു് ഒരു് അറുതിവന്നു – അതോടൊപ്പം മറ്റു് പല കാര്യങ്ങൾക്കും! ദൈവത്തിന്റെ രണ്ടാമത്തെ തെറ്റായിരുന്നു സ്ത്രീ. “സ്ത്രീ സ്വഭാവം കൊണ്ടു് പാമ്പാണു്, Heva” – ഏതു് പുരോഹിതനും അതറിയാം; “ലോകത്തിലെ മുഴുവൻ അത്യാപത്തുകളും വരുന്നതു് സ്ത്രീയിൽ നിന്നുമാണു്” – അതും ഏതു് പുരോഹിതനും അറിയാം. “തത്ഫലമായി ശാസ്ത്രം വരുന്നതും അവളിൽ നിന്നുതന്നെ.” ജ്ഞാനവൃക്ഷത്തിന്റെ ഫലത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞതും സ്ത്രീയിൽക്കൂടിയാണു്.
എന്താ സംഭവിച്ചതു്? വൃദ്ധനായ ദൈവത്തെ നരകഭീതി പിടികൂടി. മനുഷ്യൻ തന്നെ ദൈവത്തിന്റെ ഏറ്റവുംവലിയ തെറ്റായി മാറി; ദൈവം അവനുതന്നെ ഒരു എതിരാളിയെ സൃഷ്ടിക്കുകയായിരുന്നു; ശാസ്ത്രം മനുഷ്യനെ ദൈവതുല്യൻ ആക്കുന്നു, – മനുഷ്യൻ ശാസ്ത്രീയനായാൽ അതു് ദൈവങ്ങളുടെയും പുരോഹിതന്മാരുടെയും അന്ത്യമാണു്! – ഗുണപാഠം: ശാസ്ത്രം അതിൽത്തന്നെ വിലക്കപ്പെട്ടതാണു് – അതു് മാത്രമാണു് വിലക്കപ്പെട്ടതു്. ശാസ്ത്രമാണു് ഒന്നാമത്തെ പാപം, എല്ലാ പാപങ്ങളുടെയും ബീജം, ആദ്യപാപം. – “നീ അറിയരുതു്” – ഇതു് മാത്രമാണു് സദാചാരം. ബാക്കിയെല്ലാം അതിൽ നിന്നും വരുന്നു.
ദൈവത്തിന്റെ നരകഭീതി അവന്റെ കൗശലത്തിനു് ഒരു തടസ്സമായിരുന്നില്ല. എങ്ങനെ ശാസ്ത്രത്തിനെ ചെറുക്കാൻ കഴിയും? അതായിരുന്നു ദീർഘനാളത്തേക്കു് അവന്റെ പ്രധാന പ്രശ്നം. മറുപടി: മനുഷ്യനെ പറുദീസയിൽ നിന്നും പുറത്തു് ചാടിക്കുക! ആനന്ദവും അലസതയും മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കും – എല്ലാ ചിന്തകളും ചീത്ത ചിന്തകളാണു്. അതിനാൽ മനുഷ്യൻ ചിന്തിക്കരുതു്. അങ്ങനെ “തനിപ്പുരോഹിതൻ” ദുരിതവും, മരണവും, ഗർഭധാരണത്തിലെ മരണകരമായ അപകടസാദ്ധ്യതകളും, എല്ലാവിധ കഷ്ടതയും, വാർദ്ധക്യവും, ക്ലേശവും, എല്ലാറ്റിലുമുപരി രോഗവും – എല്ലാം ശാസ്ത്രത്തോടു് പൊരുതാനുള്ള ഉപാധികൾ – കണ്ടെത്തുന്നു! ദുരിതം മനുഷ്യനെ ചിന്തിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ടും! ഭയാനകം! സ്വർഗ്ഗത്തെ പിടിച്ചടക്കാനെന്നപോലെ, ദൈവങ്ങളെ ഇരുട്ടുകൊണ്ടു് മൂടാനെന്നപോലെ വിജ്ഞാനത്തിന്റെ സൗധം ഉയരുന്നു – എന്തു് ചെയ്യും? – വൃദ്ധനായ ദൈവം യുദ്ധം കണ്ടുപിടിക്കുന്നു, അവൻ മനുഷ്യരെ തമ്മിൽ വേർപ്പെടുത്തുന്നു, അവൻ അവരെ പരസ്പരം ഉന്മൂലനം ചെയ്യുന്നവരാക്കി മാറ്റുന്നു. (- പുരോഹിതന്മാർക്കു് യുദ്ധം എന്നും ആവശ്യമായിരുന്നു.) യുദ്ധം – മറ്റു് പലതിന്റെയും കൂട്ടത്തിൽ ശാസ്ത്രത്തെ ശല്യം ചെയ്യുന്ന ഒന്നാണു്! – അവിശ്വസനീയം! ജ്ഞാനം, അഥവാ, പുരോഹിതന്മാരിൽ നിന്നുള്ള വിമോചനം, യുദ്ധം ഉണ്ടായിട്ടുപോലും വീണ്ടും വളരുന്നു. – വൃദ്ധനായ ദൈവം അന്തിമമായ ഒരു തീരുമാനമെടുക്കുന്നു: “മനുഷ്യൻ ശാസ്ത്രീയനായിക്കഴിഞ്ഞു – മറ്റു് മാർഗ്ഗമൊന്നുമില്ല, അവൻ മുക്കിക്കൊല്ലപ്പെടണം!”
– നിങ്ങൾ എന്നെ മനസ്സിലാക്കി. ബൈബിളിന്റെ തുടക്കം ഉൾക്കൊള്ളുന്നതു് പുരോഹിതന്റെ മുഴുവൻ മനഃശാസ്ത്രവുമാണു്. – തനിക്കു് സംഭവിക്കാവുന്ന വലിയതായ ഒരേയൊരു അപകടം മാത്രമേ പുരോഹിതനു് അറിയാവൂ: അതു് ശാസ്ത്രമാണു്, – കാരണത്തേയും ഫലത്തേയും കുറിച്ചുള്ള നിരാമയധാരണ. പക്ഷേ, സന്തുഷ്ടമായ സാഹചര്യങ്ങളിലേ ശാസ്ത്രം മൊത്തത്തിൽ വളർന്നു് വികസിക്കുകയുള്ളു – അറിവു്’ സാദ്ധ്യമാവണമെങ്കിൽ സമയവും ചിന്താശേഷിയും ജാസ്തിയായി ഉണ്ടായാലേ കഴിയൂ എന്നു് സാരം. “തന്മൂലം മനുഷ്യൻ അസന്തുഷ്ടനാക്കപ്പെടണം” – ഏതു് കാലത്തും ഇതായിരുന്നു പുരോഹിതന്റെ ലോജിക്ക്. ഈ ലോജിക്ക് പ്രകാരം എന്താണു് ലോകത്തിലേക്കു് ആദ്യമായി അവതരിപ്പിക്കപ്പെട്ടതു് എന്നു് നിങ്ങൾ ഊഹിച്ചുകാണും: “പാപം”. കുറ്റവും ശിക്ഷയും എന്ന ആശയവും, മുഴുവൻ “ലോകസദാചാരവ്യവസ്ഥയും” ശാസ്ത്രത്തിനു് എതിരായി കണ്ടുപിടിക്കപ്പെട്ടവയാണു്, – അഥവാ, പുരോഹിതനിൽ നിന്നുമുള്ള മനുഷ്യന്റെ വിമോചനത്തിനു് എതിരായി. മനുഷ്യൻ പുറത്തേക്കു് നോക്കരുതു്, അവൻ അവന്റെ ഉള്ളിലേക്കു് മാത്രമേ നോക്കാവൂ; ഒരു വിദ്യാർത്ഥിയെപ്പോലെ അവൻ ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവും വസ്തുക്കളിലേക്കു് നോക്കരുതു്, അവൻ നോക്കുകയേ ചെയ്യരുതു്, അവൻ നരകിക്കുക മാത്രം ചെയ്യണം. ഏതു് സമയവും ഒരു പുരോഹിതനെ ആവശ്യമായി വരുന്നവിധത്തിൽ ആയിരിക്കണം അവൻ നരകിക്കുന്നതു്. വൈദ്യന്മാരെ എന്നേക്കുമായി ഒഴിവാക്കുക! ഒരു രക്ഷകൻ ആവശ്യമാണു്. – കുറ്റവും ശിക്ഷയും എന്ന ആശയം – “ദൈവകൃപ”, “വീണ്ടെടുപ്പു്”, “മാപ്പു്” മുതലായ സിദ്ധാന്തങ്ങൾ ഉൾപ്പെടെ – മനഃശാസ്ത്രപരമായ യാതൊരു യാഥാർത്ഥ്യവും ഇല്ലാത്ത കല്ലുവെച്ച നുണകൾ മാത്രമാണു് – അവ കണ്ടുപിടിക്കപ്പെട്ടതു് മനുഷ്യന്റെ കാര്യകാരണബോധം നശിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു: കാരണ-ഫലങ്ങൾക്കുനേരെയുള്ള വധശ്രമമായിരുന്നു അവ. മുഷ്ടികൊണ്ടോ, കത്തികൊണ്ടോ, വെറുപ്പിലും സ്നേഹത്തിലും ഉള്ള സത്യസന്ധത കൊണ്ടോ ഉള്ള വധശ്രമമായിരുന്നില്ല! പകരം, അങ്ങേയറ്റം ഭീരുത്വപരമായ, അങ്ങേയറ്റം വഞ്ചനാപരമായ, ഏറ്റവും നീചമായ സഹജവാസനയിൽ നിന്നും രൂപമെടുത്ത ഒന്നു്! ഒരു പുരോഹിത-അക്രമം! ഒരു പരോപജീവി-അക്രമം! രക്തം കുടിക്കുന്ന ഒരു വിളറിയ അധോലോകവേതാള-അക്രമം!
ഒരു കർമ്മത്തിന്റെ സ്വാഭാവികമായ പരിണതഫലം “സ്വാഭാവികം” അല്ലാതിരിക്കുകയും, പകരം അവ സംഭവിക്കുന്നതിന്റെ കാരണം അന്ധവിശ്വാസത്തിലെ ആശയഭൂതങ്ങൾ വഴി, ദൈവം വഴി, പ്രേതങ്ങൾ വഴി, ആത്മാവുകൾ വഴി അവ ധാർമ്മികമായ പരിണതഫലങ്ങളോ, പ്രതിഫലമോ, ശിക്ഷയോ, മാർഗ്ഗനിർദ്ദേശമോ, വിദ്യാഭ്യാസോപാധിയോ ആയാലെന്നപോലെ കരുതി ചിന്തിക്കപ്പെടുമ്പോൾ അറിവിന്റെ മുൻനിബന്ധനകൾ നശിപ്പിക്കപ്പെടുകയാണു് ചെയ്യുന്നതു് – അങ്ങനെ മനുഷ്യരാശിയോടു് ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യപ്പെട്ടു. – ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു, പാപം, മനുഷ്യന്റെ നിരുപാധികമായ സ്വയംപങ്കിലമാക്കലിന്റെ ഈ രൂപം, ശാസ്ത്രത്തേയും, സംസ്കാരത്തേയും, മനുഷ്യന്റെ എല്ലാ ശ്രേഷ്ഠതയേയും, മാഹാത്മ്യത്തേയും അസാദ്ധ്യമാക്കിത്തീർക്കുന്നതിനു് വേണ്ടിയാണു് കണ്ടുപിടിക്കപ്പെട്ടതു്; പാപത്തിന്റെ കണ്ടുപിടുത്തം വഴിയാണു് പുരോഹിതൻ മനുഷ്യരുടെമേൽ ഭരണാധികാരം ഏറ്റെടുത്തതു്.