RSS

Tag Archives: പള്ളി

പള്ളി – ദൈവത്തിന്റെ ശവക്കല്ലറ

Friedrich Nietzsche-യുടെ Gay Science-ലെ ‘ഭ്രാന്തനായ മനുഷ്യന്‍’ എന്ന short essay-യുടെ ഒരു സ്വതന്ത്ര തര്‍ജ്ജമ)

നല്ല തെളിച്ചമുള്ള ഒരു പ്രഭാതത്തില്‍ റാന്തലും കത്തിച്ചുപിടിച്ചു് “ഞാന്‍ ദൈവത്തെ അന്വേഷിക്കുന്നു! ഞാന്‍ ദൈവത്തെ അന്വേഷിക്കുന്നു!” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് ചന്തയിലൂടെ നടന്ന ‘ഭ്രാന്തനായ ആ മനുഷ്യനെപ്പറ്റി’ നിങ്ങള്‍ കേട്ടിട്ടില്ലേ? അവിടെ കൂടിനിന്നവര്‍ എല്ലാവരും ദൈവത്തില്‍ വിശ്വസിക്കാത്തവരായിരുന്നതിനാല്‍ അതു് കേട്ടപ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഒരുവന്‍ ചോദിച്ചു: “എന്താ അവന്‍ കൈമോശം വന്നുപോയോ?” വേറൊരുവന്റെ ചോദ്യം: “അവനെന്താ ഒരു കൊച്ചുകുട്ടിയെപ്പോലെ നിന്നെ വിട്ടു് പലായനം ചെയ്തോ?” “അതോ അവന്‍ ഒളിച്ചിരിക്കുകയാണോ?” “അവനു് നമ്മളെ ഭയമാണോ?” “അവന്‍ കപ്പലുകയറിയോ?” “നാടുവിട്ടുപോയോ?” എന്നൊക്കെ ആയി മറ്റുള്ളവര്‍. അങ്ങനെ അവര്‍ ബഹളം വക്കാനും ഉറക്കെ ചിരിക്കാനും തുടങ്ങി.

ആ മനുഷ്യന്‍ അവരുടെ നടുവില്‍ ചാടിവീണു് അവരെ രൂക്ഷമായി നോക്കി. “ദൈവം എങ്ങോട്ടു് പോയി എന്നോ?” അവന്‍ ഉറക്കെ ചോദിച്ചു. “അതു് ഞാന്‍ നിങ്ങളോടു് പറയാം! നമ്മള്‍ അവനെ കൊന്നു – നിങ്ങളും ഞാനും! നമ്മളെല്ലാവരുമാണു് അവന്റെ കൊലയാളികള്‍! പക്ഷേ, എങ്ങനെയാണു് നമ്മള്‍ അതു് ചെയ്തതു്? എങ്ങനെയാണു് നമുക്കു് കടലിനെ കുടിച്ചുവറ്റിക്കാന്‍ കഴിഞ്ഞതു്? ചക്രവാളത്തെ മുഴുവന്‍ തുടച്ചുമാറ്റാന്‍ കഴിയുന്ന ‘സ്പഞ്ജ്‌’ ആരാണു് നമുക്കു് നല്‍കിയതു്? ഈ ഭൂമിയെ അവളുടെ സൂര്യന്റെ ചങ്ങലയില്‍ നിന്നും അഴിച്ചുവിട്ടതുവഴി എന്താണു് നമ്മള്‍ ചെയ്തതു്? ഭൂമി ഇപ്പോള്‍ എങ്ങോട്ടാണു് ചലിക്കുന്നതു്? എങ്ങോട്ടാണു് നമ്മള്‍ ചലിക്കുന്നതു്? എല്ലാ സൂര്യന്മാരില്‍ നിന്നും അകലേക്കു്? പിന്നിലേയ്ക്കു്, പാര്‍ശ്വങ്ങളിലേയ്ക്കു്, മുന്നിലേയ്ക്കു്, എല്ലാ വശങ്ങളിലേക്കും? നമ്മള്‍ നിരന്തരം അടിപതറിവീഴുകില്ലേ? മുകളും താഴെയുമെന്നൊന്നുണ്ടോ? അന്തമില്ലാത്ത ശൂന്യതയിലെന്നപോലെ നമ്മള്‍ വഴിതെറ്റി നടക്കേണ്ടിവരില്ലേ? ശൂന്യത നമ്മില്‍ ഇളംകാറ്റുപോലെ അലയടിക്കില്ലേ? തണുപ്പിന്റെ കട്ടി കൂടുകയല്ലേ? അനുസ്യൂതമായ രാത്രികള്‍, പിന്നെയും പിന്നെയും രാത്രികള്‍ മാത്രമല്ലേ വരുന്നതു്? റാന്തലുകള്‍ നമ്മള്‍ പ്രഭാതത്തിലും കത്തിച്ചു് വയ്ക്കേണ്ടേ? ദൈവത്തിന്റെ ശവക്കുഴി തോണ്ടുന്നവരുടെ ഒച്ചയും ബഹളവും ഇതുവരെ നമ്മള്‍ കേള്‍ക്കുന്നില്ലേ? ദൈവത്തിന്റെ മൃതശരീരം ജീര്‍ണ്ണിക്കുന്നതിന്റെ ദുര്‍ഗ്ഗന്ധം ഇപ്പോഴും നമ്മള്‍ മണക്കുന്നില്ലേ? – ദൈവങ്ങളും ചീഞ്ഞളിയും! ദൈവം മരിച്ചവനായി അവശേഷിക്കുന്നു. നമ്മള്‍ അവനെ കൊന്നു! കൊലയാളികളുടെ കൊലയാളികളായ നമ്മള്‍ നമ്മെ എങ്ങനെ ആശ്വസിപ്പിക്കും? ലോകത്തിനു് ഇതുവരെ സ്വന്തമായിരുന്നതില്‍ ഏറ്റവും വിശുദ്ധവും, ഏറ്റവും ശക്തവുമായതു് നമ്മുടെ കത്തിയുടെ കീഴില്‍ രക്തം വാര്‍ത്തു – ആ രക്തം നമ്മില്‍ നിന്നും ആരു് തുടച്ചു് മാറ്റും? ഏതു് ജലം കൊണ്ടു് നമുക്കു് നമ്മെ ശുദ്ധീകരിക്കാനാവും? ഏതു് പ്രായശ്ചിത്തപ്പെരുന്നാളാണു്, ഏതെല്ലാം വിശുദ്ധലീലകളാണു് അതിനായി നമ്മള്‍ കണ്ടുപിടിക്കേണ്ടതു്? നമ്മുടെ ഈ ചെയ്തിയുടെ വലിപ്പം നമുക്കു് താങ്ങാവുന്നതിലും വലുതല്ലേ? ഈ പ്രവൃത്തിക്കു് യോഗ്യരാണെന്നു് തോന്നണമെങ്കില്‍ നമ്മള്‍ സ്വയം ദൈവങ്ങളായി മാറേണ്ടേ? ഇതിനുമുന്‍പു് ഒരിക്കലും ഇതിലും വലിയ ഒരു പ്രവൃത്തി ഉണ്ടായിട്ടില്ല – നമുക്കു് ശേഷം ജനിക്കുന്നവര്‍ ആരുതന്നെ ആയാലും അവര്‍ ഈ ഒരു പ്രവൃത്തിയുടെ മാത്രം പേരില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ചരിത്രങ്ങളിലും വലിയ ഒരു ചരിത്രത്തിന്റെ ഭാഗമായിത്തീരും.”

ഇത്രയും പറഞ്ഞുകഴിഞ്ഞു് ആ മനുഷ്യന്‍ നിശ്ശബ്ദനായി. അതിനുശേഷം അവന്‍ അവന്റെ കേള്‍വിക്കാരെ നോക്കി. അവരും നിശ്ശബ്ദരായി അവനെ വല്ലായ്മയോടെ നോക്കി. പിന്നീടു് അവന്‍ തന്റെ റാന്തല്‍ വലിച്ചെറിഞ്ഞു. അതു് അണഞ്ഞു് പല കഷണങ്ങളായി തകര്‍ന്നു് ചിതറി. അവസാനം അവന്‍ പറഞ്ഞു: “ഞാന്‍ വന്നതു് വളരെ നേരത്തെയാണു്. എന്റെ സമയം ആയിട്ടില്ല. ഭീകരമായ ആ സംഭവം വഴിമദ്ധ്യേ യാത്രയിലാണു് – മനുഷ്യരുടെ ചെവികളില്‍ അതു് ഇതുവരെ എത്തിയിട്ടില്ല. ഇടിക്കും മിന്നലിനും സമയം വേണം, പ്രകാശത്തിനും നക്ഷത്രസമൂഹങ്ങള്‍ക്കും സമയം വേണം, പ്രവര്‍ത്തികള്‍ക്കു് സമയം വേണം – അവ ചെയ്യപ്പെട്ടശേഷവും കാണപ്പെടാനും കേള്‍ക്കപ്പെടാനും സമയം വേണം. ആ പ്രവൃത്തി അവര്‍ക്കു് ഏറ്റവും അകന്ന നക്ഷത്രത്തേക്കാള്‍ അകലെയാണു് – എന്നിരുന്നാലും അവര്‍ അതുതന്നെയാണു് ചെയ്തതു്.”

‘ഭ്രാന്തനായ ആ മനുഷ്യന്‍’ അതേദിവസം തന്നെ പല പള്ളികളില്‍ പ്രവേശിച്ചു എന്നും, അവയ്ക്കുള്ളില്‍ “ദൈവത്തിനു് നിത്യശാന്തി” (Requiem aeternam dei)** ആലപിച്ചു എന്നും ആളുകള്‍ പറയുന്നു. പള്ളികളില്‍ നിന്നും പുറത്തിറക്കി ചോദ്യം ചെയ്തപ്പോള്‍ അവന്‍ മറുപടിയായി പറഞ്ഞതു് ഇതുമാത്രമായിരുന്നു: “ദൈവത്തിന്റെ ശവക്കുഴികളും ശവക്കല്ലറകളുമല്ലാതെ മറ്റെന്താണു് ഈ പള്ളികള്‍?”

** റോമന്‍ ലിറ്റര്‍ജിയിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയില്‍ ‘(ദൈവം) അവര്‍ക്കു് നിത്യശാന്തി നല്‍കട്ടെ’ (Requiem aeternam dona eis) എന്ന പ്രാര്‍ത്ഥനയെ നീറ്റ്‌സ്‌ഷെ ‘നമുക്കു് ദൈവത്തിനു് നിത്യശാന്തി നേരാം’ എന്നു് രൂപാന്തരപ്പെടുത്തിയതു്.

ആ പുസ്തകത്തിന്റെ epilogue-ല്‍ നിന്നും ചില ഭാഗങ്ങള്‍:

അതുവരെയുള്ള മെറ്റഫിസിക്സിന്റെ അന്ത്യമായി വ്യാഖ്യാനിക്കപ്പെട്ട “ദൈവം മരിച്ചു” എന്ന നീറ്റ്‌സ്‌ഷെയുടെ പ്രസ്താവനയുടെ ഞെട്ടിപ്പിക്കുന്ന ഒരു ആവിഷ്കരണമാണു് ഈ ചെറിയ ഉപന്യാസം. അതിന്റെ ചിന്താപരമായ സ്ഫോടനാത്മകതയുടെയും, ശൈലീപരമായ ശക്തിയുടെയും പേരില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ടെക്സ്റ്റാണിതു്. നീറ്റ്‌സ്‌ഷെ തന്റെ കാഴ്ചപ്പാടുകളില്‍ മുഖ്യമായ ഒന്നിനെ ശ്രേഷ്ഠനായ ആ മനുഷ്യനെക്കൊണ്ടു് പറയിപ്പിക്കുന്നു. അതൊരു പ്രശ്നമാണെന്ന ധ്വനി സൃഷ്ടിക്കുന്നു. ഇവിടെ കഥാനായകന്‍ ‘നമ്മുടെ രക്ഷകന്‍ മരിച്ചു’ എന്ന അത്ര സന്തോഷകരമല്ലാത്ത ‘സുവിശേഷം’ ഘോഷിക്കുക മാത്രമല്ല, കേള്‍വിക്കാരില്‍ നിന്നുള്ള അതിന്റെ പ്രതിധ്വനി ശ്രദ്ധിക്കുകയും, അതുവഴി തന്റെ വാര്‍ത്തയുടെ ബീഭത്സതയും, എന്നിട്ടും അതിനെ ശ്രോതാക്കള്‍ ഞെട്ടിപ്പിക്കുന്നവിധത്തില്‍ നിസ്സാരമായി എടുക്കുന്നതും തമ്മിലുള്ള പൊരുത്തമില്ലായ്മയില്‍ നിന്നും, ഇതുവരെ പ്രാധാന്യം തിരിച്ചറിയപ്പെടാത്തതും, ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പു് ഉണ്ടാവുകയില്ലാത്തതുമായ ദൈവത്തിന്റെ മരണത്തെസംബന്ധിച്ച നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

“ഭ്രാന്തനായ ആ മനുഷ്യന്‍” ഏതെങ്കിലും വിധത്തില്‍ ദൈവത്തിന്റെ കൊലയാളികളെ ശിക്ഷ വിധിക്കുന്നില്ല. ദൈവത്തിന്റെ മരണം റദ്ദാക്കുന്നുമില്ല. രാത്രിയില്‍ അവര്‍ എന്താണു് ചെയ്തതെന്നു് റാന്തല്‍ വെളിച്ചത്തില്‍ തിരിച്ചറിയാന്‍ വേണ്ടി അവരെ കുലുക്കിയുണര്‍ത്തുക മാത്രമാണു് അവന്റെ ലക്ഷ്യം. തങ്ങളുടെ പ്രവൃത്തിയുടെ വലിപ്പം ഉള്‍ക്കൊണ്ടാലേ എത്രമാത്രം കഷ്ടപ്പെട്ടാലാണു് ഈ നഷ്ടം പരിഹരിക്കാനാവുക എന്നു് അവര്‍ക്കു് മനസ്സിലാവൂ. “നമ്മള്‍ സ്വയം ദൈവങ്ങളായി മാറിയാലല്ലേ ഈ പ്രവൃത്തിയുടെ വലിപ്പത്തിനു് തുല്യമായ യോഗ്യത നമുക്കുണ്ടാവുകയുള്ളു?

ദൈവത്തിന്റെ കൊലയാളികളുടെ നിലപാടിലെ നിരാശക്കിടയിലും, ദൈവത്തിന്റെ മരണം നീറ്റ്‌സ്‌ഷെയെ സംബന്ധിച്ചു് കുണ്ഠിതത്തിനു് കാരണമാവുന്നില്ല. അതു് മനുഷ്യരില്‍ ദുഃഖത്തിനു് പകരം ഒരു പുതിയ സന്തോഷമായി ഉണര്‍ന്നു്, ഒരു വിമോചനത്തിനു് നിദാനമാവുകയാണു്. അതു് മനുഷ്യരെ അപ്രതീക്ഷിതമായ പ്രത്യാശകളിലേക്കു്, നിര്‍ഗ്ഗമനങ്ങളിലേക്കു്, പാതകളിലേക്കു് ഉത്തേജിപ്പിക്കുന്നു – അവയുടെ ചക്രവാളങ്ങള്‍ തത്കാലം അന്ധകാരത്തിലാണു് കഴിയുന്നതെങ്കിലും! യഥാര്‍ത്ഥത്തില്‍ അതുപോലൊരു പര്യവേക്ഷണം അനിവാര്യമായും നയിക്കുന്നതു് മെറ്റഫിസിക്കല്‍ സ്വയംസിദ്ധതത്വങ്ങളില്‍ (axioms) അധിഷ്ഠിതമായ സത്യങ്ങളെ, അതായതു്, മുന്‍വ്യവസ്ഥകള്‍ ആവശ്യമില്ലെന്ന മിഥ്യാബോധത്തില്‍ അധിഷ്ഠിതമായ സത്യങ്ങളെ, അനാവരണം ചെയ്യുന്നതിലേക്കായിരിക്കും….

 
6 Comments

Posted by on Dec 8, 2008 in ഫിലോസഫി

 

Tags: , ,