RSS

Tag Archives: ദൈവം

സൃഷ്ടിവാദശാസ്ത്രം

എനിക്കു് ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഒരു മാർപ്പാപ്പയാവുക എന്നതായിരുന്നു അതു്. എന്തെന്തു് ത്യാഗങ്ങൾ ഞാൻ അതിനുവേണ്ടി സഹിച്ചില്ല, എത്രയെത്ര നോമ്പുകൾ ഞാൻ നോറ്റില്ല? ഏതു് തത്തമ്മക്കും മാർപ്പാപ്പയാവാൻ കഴിയും എന്ന അനുഭവജ്ഞാനമാണു് സത്യത്തിൽ ആ തൊഴിൽ തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചതു്. മാർപ്പാപ്പ ഒരോ വർഷത്തിലേയും വിശേഷദിവസങ്ങളിൽ വത്തിക്കാൻ കൊട്ടാരത്തിന്റെ ജനാലയ്ക്കൽ, Cuckoo clock-ൽ ഓരോ മണിക്കൂറിലും പ്രത്യക്ഷപ്പെട്ടു്, എത്ര മണിയായോ അത്രവട്ടം കൂവുന്ന കിളിയെപ്പോലെ, Urbi et Orbi എന്നും മറ്റും അരുളിച്ചെയ്യുന്ന പരിപാടി ടിവിയിൽ ആദ്യമായി കണ്ട ആ നിമിഷത്തിൽത്തന്നെ ഞാൻ തീരുമാനിച്ചതാണു്: ഞാൻ എന്നെങ്കിലും എന്തെങ്കിലും ആകുന്നുണ്ടെങ്കിൽ അതൊരു മാർപ്പാപ്പയായിരിക്കും. എല്ലാം പ്രണയത്തിന്റെ യൂണിറ്റിൽ അളക്കുന്നവരുടെ ഭാഷയിൽ പറഞ്ഞാൽ, പാപ്പത്തൊഴിലിനോടു് തോന്നിയ ദിവ്യമായ ഒരുതരം ആദ്യാനുരാഗമായിരുന്നു അതു്. പക്ഷേ, ഇനി എത്ര പറഞ്ഞിട്ടെന്തു് കാര്യം? എല്ലാം പാഴും ശൂന്യവുമായിപ്പോയി. “കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി, അയ്യോ കാക്കച്ചി കൊത്തിപ്പോയി” എന്ന സിൽമാഗാനം പോലെയായി കാര്യങ്ങൾ. മലയാളം ബ്ലോഗോസ്ഫിയറിലെ ദൈവത്തിന്റെ കാവൽപ്പടയാളികൾ എനിക്കു് മാർപ്പാപ്പയാവാനുള്ള യോഗ്യതയില്ല എന്നു് സർട്ടിഫിക്കറ്റ്‌ നൽകിയിരിക്കുന്നു! ഞാൻ മൂലത്തിലോ കുംഭത്തിലോ പാടേണ്ടതിനു് പകരം ഭരണിയിലാണു് പാടുന്നതത്രേ! കണ്ട ഭോഷന്മാർ പറയുന്നതിലൊക്കെ എന്തു് കാര്യം എന്നു് ഒരുപക്ഷേ നിങ്ങൾക്കു് തോന്നുന്നുണ്ടാവാം. അതു് നിങ്ങളുടെ തെറ്റിദ്ധാരണയാണു്; ആത്മീയമായ കാര്യങ്ങളിൽ ഭോഷന്മാർ പറയുന്നതു് മാത്രമാണു് ദൈവതിരുമുൻപിൽ കണക്കിടപ്പെടുന്ന ഒരേയൊരു കാര്യം. മദ്ധ്യസ്ഥപ്രാർത്ഥനയുടെ ചീട്ടിന്റെ വിലയല്ലാതെ, അതിനു് ദൈവം നൽകുന്ന മറ്റേവില അറിയാത്തതുകൊണ്ടാണു് നിങ്ങൾക്കു് കാര്യത്തിന്റെ ഗൗരവം പിടികിട്ടാത്തതു്. പരിണാമസിദ്ധാന്തത്തെ കണ്ടിച്ചു് കഷണിച്ചു്, ഉപ്പും മുളകും പുരട്ടി പൊരിച്ചു് തിന്നുന്ന ബ്ലോഗിലെ സൃഷ്ടിവാദികളുടെ അതിഗഹനമായ ശാസ്ത്രീയ വിശകലനങ്ങൾ കണ്ടിട്ടുള്ളവർക്കു് – അവർ സൃഷ്ടിവാദികളല്ലെങ്കിൽ – ഭോഷത്വത്തിന്റെ വില മനസ്സിലാവാതിരിക്കില്ല.

“മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി” എന്ന പോലെ, അസ്തിത്വസംബന്ധിയായ സംശയങ്ങൾ പരിഹാരമില്ലാതെ തുറിച്ചുനോക്കുമ്പോൾ നിങ്ങൾ സമീപിക്കേണ്ടതു് വേദഗ്രന്ഥങ്ങളെയാണു്. ഉദാഹരണത്തിനു്, ഭോഷത്വസംബന്ധമായ ചോദ്യങ്ങളുടെ ഉത്തരത്തിനു് ബൈബിളിലെ പൗലോസിന്റെ ഒന്നാം കൊരിന്ത്യർ ലേഖനമാണു് നിങ്ങൾ വായിക്കേണ്ടതു്. “ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” എന്ന വിശുദ്ധ പൗലോസിന്റെ വാക്യത്തിലെ ജ്ഞാനത്തിന്റെ അർത്ഥവ്യാപ്തി ഭോഷത്വസംബന്ധമായ നിങ്ങളുടെ സംശയങ്ങളെ ദൂരീകരിക്കും. “ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കി” എന്നു് പറയുന്നതിലൂടെ, ലോകത്തിന്റെ ഭോഷത്വത്തെ ദൈവം ജ്ഞാനമാക്കി എന്നാണു് പൗലോസ്‌ സംശയത്തിനു് ഇടനൽകാതെ സ്ഥാപിക്കുന്നതു്. പൗലോസിന്റെ ജ്ഞാനം ലോകത്തിന്റെ ജ്ഞാനമല്ല, അതു് ലോകത്തിന്റെ ഭോഷത്വമാണെന്നും, ആ ഭോഷത്വത്തെയാണു് ദൈവം ജ്ഞാനമാക്കി മാറ്റിയതെന്നും പൗലോസ്‌ തന്നെ ലോകത്തിലെ വിശ്വാസികളായ ഭോഷന്മാരോടു് പറയുകയാണിവിടെ. ഇത്തരം പൗലോസിയൻ ഡയലെക്ടിക്കിനെയാണു് നമ്മൾ യഥാർത്ഥത്തിൽ യുക്തിഭദ്രമായ ആര്‍ഗ്യുമെന്‍റ്‌ എന്നു് വിളിക്കുന്നതുതന്നെ! ഒരു ദൈവവിശ്വാസിയുടെ ഈഗോസെൻട്രിസം അവനെ ദൈവത്തിനൊപ്പം പൊക്കിപ്പിടിക്കുന്നതിൽപ്പോലും ലജ്ജിക്കാത്ത ഭ്രാന്തിലേക്കു് നയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് പൗലോസ്‌. “അഹം ബ്രഹ്മം” എന്ന മഹദ്വചനത്തെ ചുറ്റിപ്പറ്റി മാത്രം വ്യവഹരിക്കുന്ന മലയാളിക്കു് ഈഗോസെൻട്രിസം പുത്തരിയാവാൻ വഴിയുമില്ല. സാക്ഷാൽ പൗലോസിനേയും കടത്തിവെട്ടുന്ന ഒരു വിഭാഗമാണു് പരിണാമസിദ്ധാന്തമെന്നാൽ ഡാർവിനിസം മാത്രമാണെന്നും, അതിനെ “കണ്ടിക്കാൻ” ഡോക്കിൻസിനെ കണ്ടിച്ചാൽ മതിയെന്നും, ഡോക്കിൻസിനെ കണ്ടിക്കാൻ “നാസ്തികനായ ദൈവത്തെ” കണ്ടിച്ചാൽ മതിയെന്നും, നാസ്തികനായ ദൈവത്തെ കണ്ടിക്കാൻ എവൊല്യൂഷനെപ്പറ്റി കുറെ സൃഷ്ടിവാദികൾ അമേരിക്കൻ ഡോളറിന്റേയും ഓയിൽ ഡോളറിന്റേയും പിൻബലത്തിൽ ശാസ്ത്രം എന്ന പേരിൽ പടച്ചുവിടുന്ന കുറേ നോവലുകളിലെ മുക്കും മൂലയും ചൂണ്ടിക്കാണിച്ചു് ആധുനികശാസ്ത്രമേ മണ്ടത്തരമാണെന്നു് ഏതാനും ചിയർ ഗേൾസിന്റെ സഹായത്തോടെ ആർപ്പുവിളിച്ചാൽ മതിയെന്നും കരുതുന്ന മലയാളം ബ്ലോഗുലോകത്തിലെ “മതശാസ്ത്രപണ്ഡിതർ”. അവരുടെ കാഴ്ചപ്പാടിൽ bright, Jack Rabbit, KP, Mi, അപ്പൂട്ടൻ, കാളിദാസൻ, ബാബുരാജ്‌, ചിത്രഭാനു, മുതലായവരെല്ലാം വിവരദോഷികൾ, സുശീൽകുമാറും, സി. കെ. ബാബുവും ഭരണിയിൽ പാടുന്നവർ, ഇ. എ. ജബ്ബാർ പണ്ടേതന്നെ നരകത്തിലെ വറചട്ടിയ്ക്കു് മാത്രം യോഗ്യൻ! പിന്നെ ആരാണു് എല്ലാം തികഞ്ഞ യോഗ്യന്മാർ? സംശയമെന്തു്? ആറാം നൂറ്റാണ്ടിലെ ദൈവ-ശാസ്ത്രജ്ഞാനം വിളമ്പുന്ന സി. കെ. ലത്തീഫ്‌, ചിന്തകൻ, കാട്ടിപ്പരുത്തി, എൻ.എം. ഹുസൈൻ, “സത്യാ”ന്വേഷി, നാജ്‌, സുബൈർ ഇത്യാദി ജനുസ്സുകളും അവരുടെ കൂട്ടത്തിൽ കൂലിയ്ക്കോ കൂലിയില്ലാതെയോ കൂവാനല്ലാതെ, വിഷയത്തിനെ സംബന്ധിച്ച ABC പോലുമറിയാത്ത, അധികപങ്കും സ്വന്തമായി ഒരു പ്രൊഫെയിൽ പോലുമില്ലാത്ത കുറേ ചിയർ ഗേൾസുമാണു് അറിവുള്ളവർ, മതപണ്ഡിതർ, ശാസ്ത്രജ്ഞാനികൾ! അഡ്രസ്സുള്ള മേൽപടിയാന്മാർ പറയുന്നതുതന്നെ കിടിലൻ പാണ്ഡിത്യമാവുമ്പോൾ പിന്നെ അഡ്രസ്സില്ലാത്ത (അതിൽ മിക്കവരും അഡ്രസ്സുള്ളവരുടെതന്നെ വ്യാജ ID-കൾ തന്നെ!) ചിയർഗേൾസിൽ നിന്നും അതിലും കിടിലോൽക്കിടിലമായ പാണ്ഡിത്യമല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു. വിഷപ്പാമ്പുകളെ നേരിടേണ്ടതു് ഡിപ്ലോമസികൊണ്ടല്ല, വേലിപ്പത്തൽകൊണ്ടാണു് എന്നതിനാൽ, ഇപ്പറഞ്ഞവരുമായി യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു ചർച്ചക്കു് പോകുന്നവരോടു് സഹതപിക്കാനേ നിവൃത്തിയുള്ളു. ആസനത്തിലെ ആൽമരത്തിനെ തണൽമരമായി ആഘോഷിക്കുന്നവർക്കാണോ ആറാം നൂറ്റാണ്ടിലെ പ്രാകൃതത്വത്തെ കൊട്ടിഘോഷിച്ചുകൊണ്ടു് പത്തൊൻപതാം നൂറ്റാണ്ടിലെ ഡാർവിനിസത്തെ വിമർശിക്കാനും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മോഡേൺ എവൊല്യൂഷനറി സിന്തസിസ്‌ കണ്ടില്ലെന്നു് നടിക്കാനും ബുദ്ധിമുട്ടു്? പോരെങ്കിൽ, സൃഷ്ടിവാദികളുടെ ചക്കു് വളരെ പതുക്കെ ആടുന്നതാണു്. പരന്ന ഭൂമിയെ ഉരുട്ടിയെടുക്കാനുള്ള ശ്രമം ചിലർ ഇപ്പോഴും തുടരുന്നതു് നമ്മൾ കാണുന്നുണ്ടല്ലോ. ഒരു പത്തുനൂറു് കൊല്ലം ക്ഷമിച്ചാൽ അവർ മോഡേൺ എവൊല്യൂഷനറി സിന്തസിസിനെ വിമർശിക്കാൻ തുടങ്ങുന്നതു് ഒരുപക്ഷേ കാണാം. ശാസ്ത്രം അപ്പോഴേക്കും അവിടെനിന്നും വളരെദൂരം പോയിട്ടുണ്ടായിരിക്കുമെന്നതു് മറ്റൊരു കാര്യം.

“ലോകത്തിന്റെ ഭോഷത്വം” എന്നതു് ബിഗ്‌ബാംഗിനും, ഇതുവരെ ആർക്കുമറിയാത്ത അതിലും വലിയ സകല “ബാംഗുകൾക്കും” അപ്പുറത്തുനിന്നും വരുന്ന സാക്ഷാൽ ദൈവജ്ഞാനമാണു് എന്നു് വിശ്വസിക്കുന്നവർക്കു് ചത്തശേഷം നൽകാനായി റിസർവ്വ്‌ ചെയ്തിരിക്കുന്ന ട്രോഫികളാണു് സ്വർഗ്ഗരാജ്യവും അതിലെ ഇതിനോടകം പരസ്യമായിക്കഴിഞ്ഞ പലയിനം ചൂടാറാത്ത സ്പെഷ്യൽ സർവ്വീസുകളും. ദൈവം രാവിലെ ഉറക്കമുണർന്നാൽ ആദ്യം നോക്കുന്നതു്, ഇൻബോക്സിൽ ലോകഭോഷന്മാരുടെ പുതിയ ഇ-മെയിലുകൾ വല്ലതും എത്തിയിട്ടുണ്ടോ എന്നാണു്. തനിക്കു് നേർച്ചയിടാനായി ദൈവം തിരഞ്ഞെടുത്തതും, തന്റെ സ്വന്തവുമായ വിശ്വാസികൾ എന്ന വിശുദ്ധജനം ആവശ്യപ്പെടുന്നതല്ലാതെ മറ്റൊന്നും ദൈവം ഇതുവരെ ചെയ്തിട്ടില്ല, ഇനിയൊട്ടു് ചെയ്യുകയുമില്ല. ഉദാഹരണത്തിനു്, എന്നെ മാർപ്പാപ്പയാക്കരുതു് എന്നു് ഒരു ലോകഭോഷൻ (= ദൈവജ്ഞാനി) ദൈവത്തോടു് പറഞ്ഞാൽ അതിനു് പിന്നെ അപ്പീലൊന്നുമില്ല. മാർപ്പാപ്പയാവാൻ വച്ച വെള്ളം അടുപ്പത്തുനിന്നും താഴെയിറക്കി ആ വെള്ളം കൊണ്ടുതന്നെ അടുപ്പിലെ തീ കെടുത്തുകയല്ലാതെ എനിക്കു് ഗത്യന്തരമൊന്നുമില്ല. രണ്ടു് ഇടതുകൈകളും, അവ രണ്ടും കൂടിയാലത്ര നീളമുള്ള ഒരു നാക്കുമായി ഈ ഭൂമിയിലേക്കു് അവതരിക്കുന്ന ഇടതുകയ്യരല്ലാത്ത എല്ലാവരും ചെയ്യുന്ന തൊഴിലായ ദൈവവേല ചെയ്തു് സുഖമായി ജീവിക്കാൻ എനിക്കും കഴിയുമെന്ന ഉത്തമവിശ്വാസം മൂലം മറ്റൊരു തൊഴിലും ഞാൻ പഠിച്ചുമില്ല. അതിനാൽ, ഇനി, പട്ടിണി കൂടാതെ കഴിയണമെങ്കിൽ വല്ല ധ്യാനകേന്ദ്രവും തുടങ്ങുകയേ രക്ഷയുള്ളു. അവിടെയും രക്ഷയില്ലെങ്കിൽ ഡോക്കിൻസിനെ കണ്ടിച്ചുകൊണ്ടു് ഒരഞ്ചാറു് പുസ്തകമെഴുതണം.

ജീവിതത്തിൽ ആരായിത്തീരണം എന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിന്റെ കാര്യത്തിൽ എന്നേക്കാൾ കൂടുതൽ ഭാഗ്യമുള്ളവനായിരുന്നു തോമാസ്‌ അക്വീനാസ്‌. പൗലോസിന്റെ തത്വത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ലോകത്തിന്റെ ഭോഷത്വം ദൈവം ജ്ഞാനമാക്കി മാറ്റുന്നതിന്റെ മറ്റൊരു ഉദാഹരണമാണു് അക്വീനാസ്‌. ഓർക്കുക, ഈ അക്വീനാസാണു് ഒരു മജീഷ്യൻ തന്റെ തൊപ്പിയിൽ നിന്നും മുയലിനെ പുറത്തെടുക്കുന്നപോലെ, തള്ളപ്പൂച്ച കുഞ്ഞിനെയെന്ന മാതൃകയിൽ, സ്വർഗ്ഗത്തിലെ ദൈവത്തിനെ കഴുത്തിനു് പിടിച്ചു് തൂക്കിയെടുത്തു് “സഹലമാന” ലോകത്തിനും കാണിച്ചുകൊടുത്തു എന്നു് ചാവേർ ഗേൾസിനെ ആവേശഭരിതരാക്കിക്കൊണ്ടു് ഹുസൈൻ വീണ്ടും വീണ്ടും വിളിച്ചുപറയുന്നതു്. എല്ലാ മനുഷ്യരും കാണാതെ പഠിക്കുക: അക്വീനാസ്‌ = ദൈവാസ്തിത്വം തെളിയിച്ചവൻ! “എനിക്കൊരു ഡൊമിനിക്കൻ സന്യാസി ആയാൽ മതി, ചത്താലും ഞാനൊരു ബെനെഡിക്റ്റിൻ സന്യാസി ആവില്ല” എന്ന കട്ടായമായ തീരുമാനം തന്റെ പത്തൊൻപതാമത്തെ വയസ്സിൽ കൈക്കൊണ്ട തോമാസ്‌ അക്വീനാസിന്റെ മനസ്സുമാറ്റാനായി അവന്റെ രണ്ടു് സഹോദരന്മാർ ഒരുദിവസം ഒരു വേശ്യയെ വാടകക്കെടുത്തു് അവന്റെ മുറിയിൽ നിക്ഷേപിച്ചത്രേ! അക്വീനാസിനോടാണു് തങ്ങളുടെ കളി എന്നവർ ഓർത്തില്ല. അവൻ സാധാരണ ആയുധങ്ങളായ ചൂരലോ ചാട്ടയോ, ഡ്രാക്കുളയെപ്പോലും പിൻതിരിപ്പിക്കാൻ പോന്ന കുരിശോ വെളുത്തുള്ളിയോ ഒന്നും എടുക്കാൻ പോകാതെ, നല്ല ഒന്നാംതരം ഒരു തീക്കൊള്ളിയുമായി അവളുടെ പുറകെയെത്തി. തീക്കൊള്ളികൊണ്ടു് എന്തു് പ്രയോഗമാണു് അവൻ ലക്ഷ്യമാക്കുന്നതെന്നറിയാത്തതിനാലാവാം, ഒരുമാതിരിപ്പെട്ട Sado-Maso (BDSM) കളികളിലെല്ലാം എൿസ്പെർട്ട്‌ ആയിരുന്നിട്ടും അവൾ ജീവനും കൊണ്ടു് ഓടി രക്ഷപെടുകയായിരുന്നു എന്നു് സഭാചരിത്രം. അവൾ പിന്നെ തിരിച്ചു് ചെന്നില്ലെങ്കിലും, അന്നുരാത്രി അവൻ ഉറങ്ങുകയായിരുന്നപ്പോൾ, രണ്ടു് മാലാഖമാർ അടുത്തു് വന്നിരുന്നു്, അവന്റെ തീരുമാനം ശരിയായിരുന്നു എന്നു് ഉറപ്പുനൽകുകയും, അവന്റെ “മലയെ മാറ്റുന്ന” ജനുസ്സിൽ പെട്ട ഉറച്ചവിശ്വാസത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു എന്നൊരു കഥയുമുണ്ടു്. മതങ്ങൾ ഇന്നോളം പറഞ്ഞുപിടിപ്പിച്ചതു് മുഴുവൻ കഥകളാവുമ്പോൾ ഒന്നോ രണ്ടോ കഥകൾ കൂടിയാലെന്തു്, കുറഞ്ഞാലെന്തു്? ഇതിൽ നിന്നും വെളിപ്പെടുന്ന മറ്റൊരു കാര്യം: അക്കാലത്തു് ഒരു ബെനെഡിക്റ്റിൻ സന്യാസി ആവാൻ ഒരുത്തന്റെ വേശ്യാസഹശയനം ഒരു തടസ്സമായിരുന്നില്ല. ഇന്നും കാര്യങ്ങൾക്കു് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സഹശയനവാർത്തകൾ പുറത്തു് വരരുതെന്നേയുള്ളു. വ്യഭിചരിക്കാം, മദ്യപിക്കാം, ബാലികാബാലന്മാരെവരെ പീഡിപ്പിക്കാം… – പക്ഷേ, സംഗതി രഹസ്യമായിരിക്കണം, അത്രേയുള്ളു. നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ സദാചാരി ലേബലിൽ കറ പിടിപ്പിക്കരുതു്. “നാലാളു് കേട്ടാൽ” എന്തുകരുതും? എപ്പോഴും ഓർമ്മിക്കുക: നമ്മൾ ജീവിക്കുന്നതു് നമുക്കു് വേണ്ടിയല്ല, നാലാൾക്കു് വേണ്ടിയാണു്!

പണ്ടൊക്കെ സദാചാരപരമായ കാര്യങ്ങൾ അത്ര കർശനമായിരുന്നില്ല. അക്വീനാസിനു് മുൻപും അവനു് ശേഷം ഇന്നുവരെയും സഭയുടെ നെടുംതൂണായ വിശുദ്ധ അഗസ്റ്റിൻതന്നെ ലൗകികജീവിതത്തിൽ പിശാചിനോടു് കൂട്ടുകൂടി കളിയെത്ര കളിച്ചശേഷമാണു് ആത്മീയജീവിതത്തിലേക്കു് തിരിഞ്ഞതു് എന്നു് ചരിത്രം അറിയാവുന്നവർക്കൊക്കെ അറിയാം. മുഹമ്മദ്‌ തന്നെ എത്ര പെണ്ണുങ്ങളെ ലൈംഗികമായി അമ്മാനമാടിയില്ല? ഒരർത്ഥത്തിൽ മുഹമ്മദിനെ കുറ്റം പറയാനാവില്ല. ദൈവകൽപന അനുസരിക്കാനായി അയൽനാട്ടുകാരോടെല്ലാം യുദ്ധം ചെയ്തു് പുരുഷവംശം എണ്ണത്തിൽ ചുരുങ്ങിയപ്പോൾ വംശം നശിക്കാതിരിക്കാൻ മുഹമ്മദ്‌ തന്നാലാവുന്നതു് ചെയ്തെന്നേയുള്ളു. നമ്മൾ നേരിട്ടു് ചെയ്താൽ മാത്രം ശരിയാവുന്ന ചില കാര്യങ്ങളുണ്ടു്. അതു് നമ്മൾ മറ്റുള്ളവരെ ഏൽപിക്കരുതു്. കക്കൂസിൽ പോക്കു് ഒരുദാഹരണമാണു്. വംശം നശിക്കാതിരിക്കാൻ ലോത്തിന്റെ രണ്ടു് പെണ്മക്കൾ അപ്പനിൽനിന്നുപോലും ഗർഭം ധരിക്കാൻ മടികാണിച്ചില്ല എന്നു് നമ്മൾ മറക്കരുതു്. (ഇതാണു് നിരീശ്വരവാദിയും യുക്തിവാദിയുമൊക്കെ ആയാലുള്ള ഒരു തകരാറു്. ഒരു വിശുദ്ധകാര്യം കേട്ടാൽപ്പോലും അതിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെല്ലാം ചുഴിഞ്ഞെടുത്തു് അവർ വിളിച്ചുപറയും. വിശ്വാസി ആയാൽ അങ്ങനെയൊരു തകരാറില്ല. കേൾക്കുന്നതു് ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ, അതു് ഒറ്റനോട്ടത്തിൽത്തന്നെ പച്ചക്കള്ളം എന്നു് തിരിച്ചറിയാവുന്നതായാലും ശരി, പറഞ്ഞു – കേട്ടു – വിശ്വസിച്ചു – ഏറ്റെടുത്തു – അനുഷ്ഠിച്ചു – അതാണു് വിശ്വാസി.  അവിടെ പിന്നെ വലിയ സംശയത്തിനോ ചോദ്യത്തിനോ ഒന്നും ഒരു സ്ഥാനവുമില്ല. വിരലുകളിൽ എണ്ണാവുന്നതിൽ കൂടുതൽ കാര്യങ്ങൾ ഒറ്റയടിക്കു് പറയരുതെന്ന ഒറ്റ നിബന്ധനയേയുള്ളു. ഒത്തിരി കാര്യങ്ങൾ ഒരുമിച്ചു് വിശ്വാസിയുടെ തലയിൽ ഒതുങ്ങില്ല.) ഒരു മാർപ്പാപ്പയാവുക എന്ന എന്റെ സുചിന്തിത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി സാത്താന്റെ പ്രലോഭനത്താൽ എന്നെ സമീപിച്ച സ്വർഗ്ഗത്തിലെ ഹൂറികൾ പോലുള്ള അനേകം യുവകന്യകമാരെ, അക്വീനാസിനെ മാതൃകയാക്കി, ഞാനും ആളുന്ന തീക്കൊള്ളിയും, കയ്യെത്താവുന്ന ദൂരത്തിലുണ്ടായിരുന്ന മറ്റു് പലതരം കൊള്ളികളുമൊക്കെ കാണിച്ചു് ഭയപ്പെടുത്തി ഓടിച്ചിട്ടുണ്ടു്. പക്ഷേ, ഡൊമിനിക്കൻ ആവാനുള്ള അക്വീനാസിന്റെ ആഗ്രഹത്തിൽ നിന്നും വിരുദ്ധമായി മാർപ്പാപ്പ ആവാനുള്ള എന്റെ സ്വപ്നം ബ്ലോഗ്‌ ഉപദേശിമാരുടെ ഒരൊറ്റ സർട്ടിഫിക്കറ്റോടെ പാഴായിപ്പോയി. ഞാൻ പാതിരിമാരെപ്പോലെ വീഞ്ഞുമാത്രമല്ല, വിസ്കിയും കുടിക്കുമെന്ന വാർത്ത വിക്കിലീക്സ്‌ വഴി ഇതിനോടകം പുറത്തുവന്നതിനാൽ, മാർപ്പാപ്പ പോയിട്ടു് ഒരു ബിഷപ്പുപോലും ആവാൻ ഇനിയിപ്പോൾ പറ്റുമെന്നു് തോന്നുന്നില്ല. ഇപ്പോൾ ഇവിടെ ബാക്ക്‌ ഗ്രൗണ്ടിൽ മണികെട്ടിയ ഒരു ഭരണിപ്പാട്ടു് അലയടിക്കുന്നതായി നിങ്ങൾക്കു് തോന്നുന്നുണ്ടെങ്കിൽ അതു് യാദൃച്ഛികമല്ല.

എവൊല്യൂഷനെപ്പറ്റിയുള്ള സൃഷ്ടിവാദികളുടെ ഉമ്മാക്കിക്കഥകൾ നിങ്ങൾക്കു് കേൾക്കണോ? ഉമ്മാക്കിക്കഥകൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തി മര്യാദക്കാരാക്കുക എന്ന ലക്ഷ്യം നേടാനായി, അതൊരു പ്രാകൃത രീതിയാണെന്നറിയാൻ കഴിയാതിരുന്ന പുരാതനകാലങ്ങളിൽ മനുഷ്യരുടെ ഭാവനയിൽ രൂപമെടുത്തവയാണു്. ചില മതങ്ങളിൽ പണ്ടാരോ പറഞ്ഞ ചില ഉമ്മാക്കിക്കഥകൾ അക്ഷരംപ്രതി കേട്ടനുസരിച്ചില്ലെങ്കിൽ കുഴിമാടത്തിൽ നിന്നും മനുഷ്യരുടെ ആത്മാവു് നേരിട്ടു് നരകത്തിലെ ഭീമൻ അടുക്കളയിലെ വറചട്ടിയിൽ എത്തുമെന്നും അതിൽ കിടന്നു് പപ്പടം പോലെ പൊരിയേണ്ടിവരുമെന്നുമൊക്കെ കേൾക്കുമ്പോൾ ഭയന്നു് മൂത്രം പോവുന്ന മുതിർന്ന കുഞ്ഞുങ്ങൾ ലോകത്തിലെ പല ഭാഗങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ടു്. ഉമ്മാക്കിക്കഥകൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്ന പഴയ കാലഘട്ടത്തിലെ അത്രപോലും മാനസികവളർച്ചയെത്താത്ത ഏകതാനബുദ്ധികളാണവർ! മിന്നാമിനുങ്ങിനെ വിറകിനടിയിൽ വച്ചു് ഊതിയാൽ തീയുണ്ടാവുമെന്നു് ഉറച്ചു് വിശ്വസിക്കുന്നവരെ ഉപദേശിക്കരുതു്, അവരോടു് സഹതപിക്കരുതു് – അതവരെ ദുഃഖിതരും അതിലുപരി കോപാകുലരുമാക്കും. അതെന്തായാലും, അതിനു് നേരെ വിപരീതമായി, ഒരു മഹാഭാഗ്യമെന്നോണം, ലോകത്തിലെ മറ്റുചില ഭാഗങ്ങളിൽ അത്തരം ഉമ്മാക്കിക്കഥകൾ കേട്ടാൽ അതു് തികഞ്ഞ വിഡ്ഢിത്തമാണെന്നു് മനസ്സിലാക്കാനുള്ള ബൗദ്ധികശേഷി ബാല്യത്തിലേ കൈവരിക്കുന്ന യഥാർത്ഥ കുഞ്ഞുങ്ങളും ജീവിക്കുന്നുണ്ടു്. ലോകം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല.

യഹോവ ആറു് ദിവസങ്ങൾ കൊണ്ടു് സൃഷ്ടിച്ചതാണു് ഈ പ്രപഞ്ചം എന്നു് വിശ്വസിക്കുന്നവരാണു് ക്രിസ്തീയ സൃഷ്ടിവാദികൾ. ബൈബിളാണു് അവരുടെ ആധാരം. അതിൻപ്രകാരം, ഏതു് സെക്റ്റാണു്, ബൈബിളിലെ ഏതേതു് വാക്യങ്ങളുടെ അടിസ്ഥാനത്തിലാണു് കണക്കുകൂട്ടുന്നതു് എന്നൊക്കെ അനുസരിച്ചു് പല നിഗമനങ്ങൾ നിലവിലുണ്ടു്. ഏതു് തത്വം എന്നതിന്റെ വെളിച്ചത്തിൽ, ഏകദേശം അയ്യായിരം മുതൽ പതിമൂവായിരം വർഷങ്ങൾ വരെ നീളാവുന്നതാണു് സൃഷ്ടിവാദികളുടെ പ്രപഞ്ചത്തിന്റെ പ്രായം. ഇതിൽ, ഉൽപത്തിപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്ന രീതി വളരെ എളുപ്പമാണു്. ആദ്യമനുഷ്യനായിരുന്ന ആദാം മുതലുള്ളവരുടെ ജീവിതദൈർഘ്യം ബൈബിളിൽ വർണ്ണിച്ചിട്ടുള്ളതിനാൽ, കടലാസും പെൻസിലുമായി ഏതാനും ദിവസങ്ങൾ കുത്തിയിരുന്നു് ആകെയൊന്നു് കൂട്ടിയെടുത്താൽ മതി. അങ്ങനെ പലരും ഇതിനോടകം കൂട്ടിയെടുത്തിട്ടുണ്ടു്. ഹീബ്രൂ കലണ്ടർ പ്രകാരം പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് 5770 വർഷങ്ങളേ ആയിട്ടുള്ളു. ബിസാന്റിൻ കണക്കുപ്രകാരം 7519 വർഷങ്ങൾ, മായൻ സംസ്കാരപ്രകാരം 5124 വർഷങ്ങൾ, ഹൈന്ദവ പുരാണം അനുസരിച്ചു് 158.7 ട്രില്ല്യൺ വർഷങ്ങൾ. മതങ്ങളിലും സംസ്കാരങ്ങളിലും അധിഷ്ഠിതമായി ഇതുപോലെ മറ്റു് പല കണക്കുകൂട്ടലുകളും പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ചു് നിലവിലുണ്ടു്. ഇതിൽ രസകരമായ ഒന്നു്, ഒരു ക്രൈസ്തവ റേഡിയോ ബ്രോഡ്കാസ്റ്റർ ആയ ഹരോൾഡ്‌ ക്യാമ്പിംഗ്‌ കണക്കുകൂട്ടിയ പ്രായമായ 13023 വർഷങ്ങളാണു്. ഈ ക്യാമ്പിംഗ്‌ തന്നെയാണു് യേശുവിന്റെ രണ്ടാമത്തെ വരവു് 1994-ൽ ആയിരിക്കുമെന്നു് പ്രവചിച്ചതു്. അതു് പാളിപ്പോയെങ്കിലും ക്യാമ്പിംഗ്‌ നിരാശനാവാതെ വീണ്ടും പ്രവചിച്ചു: 2011 മേയ്‌ മാസത്തിൽ യേശു കാഹളനാദവുമായി മേഘത്തിൽ വരും. 89 വയസ്സു് പ്രായമുള്ള ക്യാമ്പിംഗ്‌ ഇപ്പോൾ മുട്ടിപ്പായി ദൈവത്തോടു് പ്രാർത്ഥിക്കുന്നതു് 2011 ഏപ്രിൽ മാസാവസാനത്തിനു് മുൻപു് തട്ടിപ്പോവാൻ അനുഗ്രഹിക്കണമേ എന്നാണോ എന്നെനിക്കറിയില്ല. ഇവന്റെയൊക്കെ പുറകെ നടക്കുന്നവരെ പറഞ്ഞാൽ മതി. അടുത്ത പ്രദേശങ്ങളിൽ എവിടെയെങ്കിലും സുവിശേഷപ്രസംഗം ഉണ്ടെങ്കിൽ അവിടെയൊക്കെ ചെന്നു് ഹാജർ വയ്ക്കുന്ന വിധവയായ ഒരു ചേട്ടത്തിയെ എനിക്കറിയാം. മക്കളിൽ ചിലർ വിദേശത്തായതുകൊണ്ടു് ചേട്ടത്തിയുടെ മടിശീല ബോറഡിച്ചു് കോട്ടുവാ വിടേണ്ട കാര്യവുമില്ല. എന്തിനാണിങ്ങനെ ഷട്ടിൽ സർവ്വീസ്‌ നടത്തുന്നതെന്നു് ചോദിക്കുന്നവരോടു് ചേട്ടത്തിയുടെ സ്ഥിരം കമന്റ്‌ ഇതാണു്: “ഉപദേശിമാർ പറയുന്നതു് തെറ്റും തെറിയുമൊന്നുമല്ലല്ലോ, ദൈവത്തിന്റെ കാര്യമല്ലേ”. മിന്നാമിനുങ്ങിനെ ഊതി തീയുണ്ടാക്കാൻ ശ്രമിക്കുന്ന ബിഗ്‌-ബാംഗ്‌ പൊട്ടിത്തെറിപ്പണ്ഡിതരുടെ ഇടയിലെ മറ്റൊരു മണിമുത്തു്!

ഇനി, ശാസ്ത്രത്തിലേക്കു് വന്നാൽ, പ്രപഞ്ചം എന്നും ഉണ്ടായിരുന്നു എന്നും അതിനാൽ പ്രപഞ്ചത്തിന്റെ പ്രായം എന്നതു് അപ്രസക്തമാണെന്നും, അതേസമയം, ഭൂമി സൂര്യൻ മുതലായവകൾക്കു് ഉത്ഭവവും അതുകൊണ്ടു് പ്രായവുമുണ്ടെന്നുമാണു് steady state തത്വം പറയുന്നതു്. ബിഗ്‌-ബാംഗ്‌ തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വർഷങ്ങളും ഭൂമിയുടേതു് 454 കോടി വർഷങ്ങളുമാണു്. ബിഗ്‌-ബാംഗ്‌ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രായനിർണ്ണയം വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയുള്ള കണക്കുകൂട്ടലുകളെ വലിയ വൈരുദ്ധ്യമില്ലാതെ തൃപ്തിപ്പെടുത്തുന്നു എന്നതിനാലാണു് അതു് ഇന്നത്തെ ശാസ്ത്രീയ കാഴ്ചപ്പാടിൽ ഏറ്റവും പ്ലോസിബിൾ എന്നു് അംഗീകരിക്കപ്പെടുന്നതു്. ഇതുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളെ വിശദീകരിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു നൂതനതത്വം രൂപമെടുത്താൽ സ്വാഭാവികമായും ബിഗ്‌-ബാംഗ്‌ സിദ്ധാന്തത്തെ ശാസ്ത്രലോകം പിൻതള്ളും. തങ്ങളുടെ കിത്താബിലും ബിഗ്‌-ബാംഗ്‌ സൂചിപ്പിച്ചിട്ടുണ്ടു് എന്നു് സ്ഥാപിക്കാൻ കഷ്ടപ്പെടുന്നവർ ഈ വസ്തുത മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! വിശ്വാസികൾക്കു് ഉളുപ്പു് എന്നൊന്നില്ലാത്തതുകൊണ്ടു് ബിഗ്‌-ബാംഗ്‌ സിദ്ധാന്തം തെറ്റായിരുന്നു എന്നു് എന്നെങ്കിലുമൊരിക്കൽ തെളിയിക്കപ്പെട്ടാൽ, അപ്പോഴും എന്തെങ്കിലും മുട്ടായുക്തിയും വ്യാഖ്യാനവുമായി അവർ രംഗപ്രവേശം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഏതാനും ആയിരം വർഷങ്ങൾ മാത്രമാണു് പ്രപഞ്ചത്തിന്റെ പ്രായം എന്ന വിഡ്ഢിത്തം, ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും അളവുകളുടെയും ഫലമായി എത്തിച്ചേരുന്ന പുതിയ അറിവുകൾക്കു് അനുയോജ്യമായി വ്യാഖ്യാനിച്ചു് ഒപ്പിക്കുന്ന സൃഷ്ടിവാദികളുടെ രീതിയെ സാഹിത്യത്തിൽ സാധാരണമായിരുന്ന, ഇപ്പോൾ വിരളമായിക്കൊണ്ടിരിക്കുന്ന സമസ്യാപൂരണത്തിനോടേ ഉപമിക്കാനാവൂ. ഉത്തരത്തിനു് യോജിക്കുന്ന ചോദ്യം ചെത്തിമിനുക്കുക എന്ന, അത്ര മോശമല്ലാത്ത എന്റർട്ടെയിൻമന്റ്‌ വാല്യു ഉള്ള അത്തരം തമാശകളെ ശാസ്ത്രീയം എന്നു് വിളിക്കാമെങ്കിൽ, ഏറ്റവും വലിയ ശാസ്ത്രം ഗൗളിശാസ്ത്രമായിരിക്കും. മാങ്ങാ ഉപ്പിലിടുന്നതിനെ ശാസ്ത്രമെന്നു് വിളിക്കാൻ ഹസ്തരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതിനെ ശാസ്ത്രം എന്നു് വിളിക്കുന്നത്ര ലജ്ജിക്കേണ്ട ആവശ്യം തീർച്ചയായുമില്ല. മാങ്ങ ഉപ്പിലിടുക, കൂടുകുത്തി മീൻ പിടിക്കുക മുതലായ “ശാസ്ത്രങ്ങൾ” പ്രായോഗികമാക്കിയിരുന്ന പുരാതന മനുഷ്യരും ഏതെങ്കിലുമൊക്കെ അർത്ഥത്തിൽ സൃഷ്ടിവാദികളായിരുന്നു. അതിൽ നിന്നും സൃഷ്ടിവാദികൾ എന്തു് മനസ്സിലാക്കുന്നു? ശാസ്ത്രത്തിനു് ജന്മം നൽകിയതു് സൃഷ്ടിവാദികളാണു്! എത്ര സുന്ദരമായ നിഗമനം! സൃഷ്ടിവാദിയുടേയോ, ഹിന്ദുവിന്റേയൊ, മുസ്ലീമിന്റേയോ, ക്രിസ്ത്യാനിയുടെയോ സൃഷ്ടിയല്ല ശാസ്ത്രം. അതു് ജാതിമതഭേദമെന്യേ, മനുഷ്യബുദ്ധിയുടെ വളർച്ചയുടെ തെളിവും നേട്ടവുമാണു്. മനുഷ്യബുദ്ധിയെ ആയിരത്തിനാനൂറും രണ്ടായിരവും വർഷങ്ങൾ പുറകിൽ കൊണ്ടുപോയി കെട്ടിയിടാൻ ശ്രമിക്കുന്ന സൃഷ്ടിവാദികൾ തന്നെ വേണം ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാർ എന്നു് വീമ്പിളക്കാൻ. അതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം, മുകളിൽ സൂചിപ്പിച്ചപോലെ, ഉളുപ്പു് എന്നൊന്നു് ഇക്കൂട്ടർക്കു് പണ്ടേ ഇല്ല, പറയുന്നതെന്തെന്നു് നിശ്ചയമില്ല, അതും പോരെങ്കിൽ, ഇന്നലെ പറഞ്ഞതെന്തെന്നു് ഇന്നേക്കു് ഓർമ്മയുമില്ല. കഴിഞ്ഞ കമന്റിൽ പറഞ്ഞതെന്തെന്നു് അടുത്ത കമന്റെഴുതുമ്പോഴേക്കും മറക്കുന്ന “ഡോക്കിൻസ് കണ്ടകരുടെ” ലോകത്തിൽ അതിലൊക്കെ എന്തത്ഭുതം? ദൈവം കൽപിച്ചതാണെന്നു് ആരോ പറഞ്ഞുകേട്ടതിന്റെ പേരിൽ, ഇക്കൂട്ടർ മുറതെറ്റാതെ അനുഷ്ഠിക്കുന്നതും, സാമാന്യബോധമുള്ള ആരിലും അറപ്പുളവാക്കുന്നതുമായ ഭ്രാന്തുകൾ മാത്രം കണ്ടാൽ മതി, അവരുടേതുപോലൊരു ദൈവം ഈ പ്രപഞ്ചം പോയിട്ടു് ഒരു മീൻകൂടുപോലും സൃഷ്ടിക്കാൻ കഴിയുന്നവനല്ല എന്നു് മനസ്സിലാക്കാൻ.

ഇനി, പ്രപഞ്ചത്തിന്റെ പ്രായം ആറായിരം വർഷമാണെന്ന ക്രിസ്തീയ സൃഷ്ടിവാദികളുടെ അവകാശവാദം ഇസ്ലാം താർക്കികരോടു് പറഞ്ഞാലോ? പ്രപഞ്ചത്തിന്റെ പ്രായം ആറായിരം വർഷമാണെന്നു് ഖുർആനിൽ എങ്ങും പറഞ്ഞിട്ടില്ല എന്നാവും അവരുടെ പ്രതികരണം. സ്വന്തം മതഗ്രന്ഥത്തിന്റെ അടിത്തറയിലെ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിക്കാൻ ആഗ്രഹിക്കുന്നവർ അൽപമെങ്കിലും സത്യസന്ധതയുള്ളവരാണെങ്കിൽ അവർ ചെയ്യേണ്ടതു്, അവരുടെ ഗ്രന്ഥത്തിൽ പ്രപഞ്ചത്തിന്റെ പ്രായം എത്രയെന്നാണു് പറഞ്ഞിരിക്കുന്നതെന്നും, ഏതു് ശാസ്ത്രീയ മാർഗ്ഗത്തിലൂടെയാണു് ആ പ്രസ്താവനയുടെ സാധുത്വം തെളിയിക്കപ്പെടുന്നതെന്നും വളച്ചുകെട്ടില്ലാതെ, വ്യക്തമാക്കുകയാണു്. ഒരുവൻ അവനോടുതന്നെയെങ്കിലും സത്യസന്ധത പുലർത്തണമല്ലോ. ഇസ്ലാമിലെ മതതാർക്കികരുടെ ബൗദ്ധികനിലവാരം അത്ര പിടിയില്ലാതിരുന്നതിന്റെ ഗതികേടുമൂലം ആരംഭകാലത്തു് ബ്ലോഗിൽ നടത്തിയ ചില “ചർച്ചകളിൽ” ഇസ്ലാമിന്റെ ദൈവമായ അല്ലാഹുവും, യഹൂദ-ക്രൈസ്തവവിഭാഗങ്ങളുടെ ദൈവമായ യഹോവയും ഒന്നല്ല എന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞ ഇസ്ലാമികപണ്ഡിതരെ എനിക്കു് കാണേണ്ടി വന്നിട്ടുണ്ടു്. എന്താണു് പറയുന്നതെന്നറിയാതെ, എന്തെങ്കിലും പറയുന്നതാണു് “ചർച്ച” എന്നു് ധരിച്ചുവച്ചിരിക്കുന്ന ഏതാനും വിചിത്ര ജന്മങ്ങൾ! ബൈബിളിൽ നിന്നും ആദാം മുതൽ യേശുവരെയുള്ളവരെ മുഴുവൻ അറബിനാമങ്ങൾ നൽകി “പ്രവാചകരായി” ഏറ്റെടുത്തിരിക്കുന്ന ഗ്രന്ഥമായ ഖുർആനിൽ വിശ്വസിച്ചുകൊണ്ടു് അല്ലാഹു യഹോവയല്ല എന്നൊരുവൻ അഭിപ്രായപ്പെടുന്നുവെങ്കിൽ അവൻ ഏതു് ലോകത്തിലാണു് ജീവിക്കുന്നതെന്നോ, അവനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നതു് എന്തു് നേടാനാണെന്നോ എനിക്കറിയില്ല.

ലോകത്തിലെ ശാസ്ത്രജ്ഞരിൽത്തന്നെ ഏറിയാൽ ഏതാനും ആയിരം പേർക്കു് മാത്രം വേണ്ടവിധം മനസ്സിലായിട്ടുള്ള അതിസങ്കീർണ്ണമായ ശാസ്ത്രീയതകളെ മാത്രമേ അവർക്കു് ഖണ്ഡിക്കേണ്ടതുള്ളു! അതിൽ കുറഞ്ഞതൊന്നും വേണ്ട. ബിഗ്‌-ബാംഗ്‌, നിയോ-ഡാർവിനിയൻ സിന്തെസിസ്‌ മുതലായവയെല്ലാം വെറും ചവറാണെന്നു് സ്ഥാപിക്കാനാണു് പരക്കം പാച്ചിൽ. അവയൊക്കെ വെറും ചവറാണെന്നു് യോഗ്യതയുള്ളവർ ആരെങ്കിലും തെളിയിക്കുന്നതിനു് ശാസ്ത്രലോകത്തിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമുണ്ടാവാനും വഴിയില്ല. പക്ഷേ, അതിനു് ഡാർവിൻ പറഞ്ഞതിനെപ്പറ്റി പൊപ്പർ പറഞ്ഞതിനേപ്പറ്റി ഞാൻ ഊഹിക്കുന്നതിങ്ങനെയാണു് എന്ന ഇളിഭ്യത്തരം വിളിച്ചുപറയുകയല്ല, അവയെല്ലാം തെറ്റാണെന്നു് കാര്യകാരണസഹിതം തെളിയിക്കാനുതകുന്ന ഒരു തീസിസ്‌ തയ്യാറാക്കി ശാസ്ത്രം എന്നാൽ എന്തെന്നറിയാവുന്ന ഏതെങ്കിലും ജേർണ്ണലുകൾക്കു് അയച്ചുകൊടുക്കുകയാണു് ചെയ്യേണ്ടതു്. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ആ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ അതുപോലൊരു പണ്ഡിതശിരോമണിയെ വൈജ്ഞാനികലോകം ഒന്നടങ്കം ആവേശത്തോടെ സ്വീകരിക്കുകയും നോബൽ പ്രൈസ്‌ അടക്കമുള്ള സമ്മാനങ്ങൾ കൊണ്ടു് പൊതിയുകയും ചെയ്യുമായിരുന്നു. അതിനുപകരം, ഏതു് സന്തോഷ്‌ മാധവനും ദൈവമാവാൻ കഴിയുന്ന ഒരു നാട്ടിൽ, സ്ഥാപിതതാത്പര്യത്തിനു് അനുകൂലമെന്നു് തോന്നുന്ന ഏതു് കമ്പോസ്റ്റും ചന്തയിൽ എത്തിക്കാൻ മടിക്കാത്ത പ്രസിദ്ധീകരണശാലകൾ വഴി ശാസ്ത്രം എന്ന പേരിൽ ദുർഗ്ഗന്ധം വമിക്കുന്ന കുറേ മാലിന്യം സമൂഹത്തിൽ എത്തിച്ചു് മനുഷ്യബുദ്ധിയെ ബലാൽസംഗം ചെയ്യുന്നതിനെ “അനുമോദിക്കാൻ” യോജിച്ച ഭരണിപ്പാട്ടുകൾ ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കണമെങ്കിൽ സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കുകയാണു് വേണ്ടതു്. അതല്ലാതെ വേറെ വഴിയില്ല. പക്ഷേ, കാക്ക കുളിച്ചാൽ കൊക്കാവാത്തതുപോലെ, ശാസ്ത്രീയമല്ലാത്തതിനെ ശാസ്ത്രീയമാക്കാനാവില്ല. ശാസ്ത്രത്തിന്റേയും, യുക്തിയുക്തമായി സംവദിക്കാൻ വരുന്നവരുടേയും നേരെ കൊടിച്ചികളുടെ മാതൃകയിൽ കുരച്ചുകാണിച്ചതുകൊണ്ടോ, വ്യക്തിപരമായി അവഹേളിച്ചതുകൊണ്ടോ സൃഷ്ടിവാദം ശാസ്ത്രീയമാവില്ല. കുരച്ചുകാണിക്കൽ ഏതു് തെരുവുനായ്ക്കും, ഏതു് ചിയർ ഗേളിനുമാവും. ഒരു വസ്തുത തെറ്റെന്നു് തെളിയിക്കാനാണെങ്കിലും, ശരിയെന്നു് തെളിയിക്കാനാണെങ്കിലും, അതിനൊരു മെഥഡോളജി ഉണ്ടായിരിക്കണം. നിഴലുകളുടെ നേരെ നോക്കി കുരയ്ക്കൽ ഒരു മെഥഡോളജി അല്ല. റിച്ചാർഡ്‌ ഡോക്കിൻസിനെ ഖണ്ഡിക്കുക എന്നാൽ ഡോക്കിൻസിന്റെ കയ്യോ കാലോ അഗ്രചർമ്മമോ കണ്ടിക്കലോ, അവനെ തേജോവധം ചെയ്യലോ അല്ല, അവൻ പറയുന്ന കാര്യങ്ങളെ സിസ്റ്റമാറ്റിക്‌ ആയി, കാര്യകാരണസഹിതം ഖണ്ഡിക്കുക എന്നാണു് സാധാരണഗതിയിൽ മനുഷ്യർ മനസ്സിലാക്കുന്ന അർത്ഥം. “ദൈവമുണ്ടു്, അതുകൊണ്ടു് ദൈവമുണ്ടു്” എന്നു് പറയുന്നതു് ദൈവാസ്തിത്വത്തിനു് മതിയായ തെളിവായി കരുതുന്നവരുണ്ടാവാം. എന്തും വിശ്വസിക്കുന്ന വിഡ്ഢികൾക്കു് ഈ ലോകത്തിൽ പഞ്ഞമൊന്നുമില്ല. അതുപോലെതന്നെയാണു്, സൃഷ്ടിവാദം പരീക്ഷണപരമായി തെളിയിക്കാവുന്നതും തെളിയിക്കപ്പെട്ടതുമാണെന്നു് ഞാൻ സമർത്ഥിച്ചു എന്നൊരു സൃഷ്ടിവാദി അവകാശപ്പെടുന്നതും. ആരു് എവിടെ തെളിയിച്ചു? ഒരുവൻ പറയുന്ന കാര്യങ്ങൾ അവന്റെ തലച്ചോറിന്റെ സൃഷ്ടിയാണു്. ആ കാര്യങ്ങൾ ശരിയോ തെറ്റോ എന്നറിയണമെങ്കിൽ അവ റാറ്റിഫൈ ചെയ്യപ്പെടണം. റാറ്റിഫൈ ചെയ്യേണ്ടതു് അവനോ, അവന്റെ ചിയർ ഗേൾസോ അല്ല, ആ വിഷയത്തിൽ അവഗാഹമുള്ളവരാണു്. ചെയ്യാത്തകാര്യം ചെയ്തു എന്നവകാശപ്പെടുന്നവന്റെ റാറ്റിഫിക്കേഷനു് എന്തു് വില? വെളിച്ചപ്പാടന്മാർ വിളിച്ചുപറയുന്ന ഭ്രാന്തു് ദൈവവചനമാണെന്നു് മനുഷ്യർ നിരുപാധികം വിശ്വസിച്ചിരുന്ന കാലഘട്ടത്തിൽ ഇന്നും ജീവിക്കുന്നവർക്കു് സ്വന്തം ഊഹങ്ങൾ സത്യങ്ങളെന്നു് സ്വയം സർട്ടിഫൈ ചെയ്യുന്നതിലെ യുക്തിഹീനത മനസ്സിലാവുകയുമില്ല. ശാസ്ത്രത്തെയോ ശാസ്ത്രജ്ഞരെയോ ചെളിവാരി എറിഞ്ഞതുകൊണ്ടു് സൃഷ്ടിവാദം സ്ഥാപിക്കാനാവുമെന്നു് കരുതുന്നതു് മൗഢ്യമാണു്. അതിനു് ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും പുറകെ നടക്കുന്നതു് അതിലേറെ ലജ്ജാവഹവുമാണു്. വല്ലവന്റേയും “കക്കൂസിൽ” അവൻ ആവശ്യപ്പെടാതെ ചെന്നു് കയറിയിട്ടു് അതിൽ നാറ്റമാണു് എന്നു് ഘോഷിക്കുന്നപോലുള്ള നാറിത്തരമാണതു്.

(തുടരും)

 
Comments Off on സൃഷ്ടിവാദശാസ്ത്രം

Posted by on Jan 5, 2011 in മതം

 

Tags: , , ,

നാസ്തികനായ ദൈവം?

ഈശ്വരൻ ഉണ്ടെന്ന വിശ്വാസം ഇല്ലാത്തവൻ എന്നാണു് നാസ്തികൻ എന്ന വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതു് എന്നായിരുന്നു ഈ അടുത്തയിടവരെ ഞാൻ മനസ്സിലാക്കിയിരുന്നതു്. കുറച്ചുകൂടി വിപുലീകരിച്ചാൽ, ഇന്ദ്രിയങ്ങൾവഴി അനുഭവിക്കാനോ, യുക്തിപൂർവ്വമായ തെളിവുകൾവഴി സ്ഥാപിക്കാനോ കഴിയാത്തവയെല്ലാം ഇല്ലാത്തവയാണു് എന്നു് വിശ്വസിക്കുന്നവനാണു് നാസ്തികനെന്നോ, വിശ്വാസം എന്നതു് ആസ്തികരുടെ ഒരു കുത്തകാവകാശമാണെന്നു് അതിനു് അർത്ഥമുണ്ടെന്നോ ഒന്നും കരുതിയിരുന്നില്ല. ഉദാഹരണത്തിനു്, നാസ്തികനായതുകൊണ്ടു് ഒരു ഗവേഷകനു് തന്റെ പരിശ്രമം ഫലവത്താവുമെന്ന ആത്മവിശ്വാസം പാടില്ല എന്നില്ലല്ലോ. നാസ്തികരായ സുഹൃത്തുക്കൾ അവന്റെ വിജയത്തിൽ വിശ്വാസം അർപ്പിച്ചുകൂടാ എന്നുമില്ല. പക്ഷേ, “നാസ്തികനായ ദൈവം” എന്നാൽ എന്താണർത്ഥം? ഈശ്വരൻ ഉണ്ടെന്ന വിശ്വാസം ഇല്ലാത്ത ദൈവം എന്നോ? ഭൂലോകത്തും ബൂലോകത്തും “ആസ്തികരായ പിശാചുക്കൾ” ഉണ്ടെന്നു് നമുക്കറിയാം. അതിനു് തെളിവുകൾക്കും പഞ്ഞമില്ല. പക്ഷേ നാസ്തികനായ ദൈവം!? അതെന്തൊരു ദൈവം? റിച്ചാർഡ്‌ ഡോക്കിൻസിന്റെ “ഗോഡ്‌ ഡെല്യൂഷൻ” എന്ന പുസ്തകത്തെ അധികരിച്ചു് മലയാളഭാഷയിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ പേരു് “നാസ്തികനായ ദൈവം” എന്നാണത്രെ! എത്ര ശ്രമിച്ചിട്ടും ആ പേരു് SMS ആയോ കവിതയായോ, “വാക്കുകളിലൂടെയോ ഇമേജുകളിലൂടെയോ” എന്നെ എങ്ങുമെത്തിച്ചില്ല. ഇതിനു് മുൻപും മലയാളത്തിലെ ചില ആധുനിക സാഹിത്യസൃഷ്ടികളുടെയും, സിനിമാഗാനങ്ങളുടെയുമൊക്കെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു് പലപ്രാവശ്യം ഭീകരമായി പരാജയപ്പെട്ടിട്ടുള്ളതിനാൽ എന്റെ “ഗ്രഹണ”ശക്തിയെപ്പറ്റി പണ്ടേതന്നെ എനിക്കത്രവലിയ മതിപ്പൊന്നുമില്ല. പോരെങ്കിൽ, വേദപണ്ഡിതരുമായി “ബാർട്ടർ” സമ്പ്രദായത്തിൽ വല്ലപ്പോഴും വല്ല വാക്കുകളും കൈമാറേണ്ടിവന്നപ്പോഴെല്ലാം എന്റെ “ഗ്രാഹ്യ”ശേഷിയിലെ ഈ മന്ദത എനിക്കു് കൂടുതൽ ബോദ്ധ്യമാവുകയുമുണ്ടായി. അതുകൊണ്ടാവാം, നാസ്തികനായ ദൈവം എന്ന പ്രയോഗത്തിന്റെ അർത്ഥം പിടികിട്ടാഞ്ഞതു് ഒരു വലിയ പ്രശ്നമായി കണ്ടു് അതിന്റെ പുറകെ വച്ചുപിടിച്ചു് ചുരണ്ടണം എന്നു് തോന്നാതിരുന്നതു്. കേൾക്കാൻ ആഗ്രഹിക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്നതു് വളരെ ക്രൂരമായ ഒരു ഏര്‍പ്പാടാണു്. പക്ഷേ, കേട്ടാലും അറിയാൻ കഴിയാത്ത കാര്യങ്ങൾ കേൾക്കാതിരുന്നാൽ, അറിയാതിരിക്കൽ എന്ന ചടങ്ങു് കൂടുതൽ എളുപ്പമാവും. അതിനാൽ, ചെവിയിൽ ഈയം “ബഡ്ചെയ്തു്” വളർത്തിയെടുക്കുന്നതു് അത്ര മോശം കാര്യമല്ല എന്നു്‌ പറയാതെയും വയ്യ. ഒരുവന്റെ അഭിപ്രായങ്ങൾ കേൾക്കണമോ കേൾക്കാതിരിക്കണമോ എന്നു് തീരുമാനിക്കാനുള്ള മറ്റൊരുവന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാത്തിടത്തേ അഭിപ്രായസ്വാതന്ത്ര്യം പൂർണ്ണമാകുന്നുള്ളു.

തന്റെ ഗോഡ്‌ ഡെല്യൂഷനെ ആസ്പദമാക്കി നാസ്തികനായ ദൈവം എന്നൊരു പുസ്തകം ഗോഡ്സ്‌ ഓൺ കണ്ട്രിയിൽ രചിക്കപ്പെട്ടെന്നു് ഡോക്കിൻസിനു് വല്ല ഗ്രാഹ്യവും ഉണ്ടോ ആവോ. ഗോഡ്‌ ഡെല്യൂഷൻ വായിച്ചിട്ടുണ്ടെങ്കിലും, നാസ്തികനായ ദൈവം ഞാൻ വായിച്ചിട്ടില്ല. അതിനാൽ, അതിൽ എഴുതിയിരിക്കുന്നതു് എന്താണെന്നു് സത്യത്തിൽ എനിക്കു് അറിയുകയുമില്ല. ഒരു പുസ്തകം (ഉദാ. വേദഗ്രന്ഥങ്ങൾ) വായിക്കാതെ അതിലെ ഉള്ളടക്കം കൃത്യമായി അറിയാൻ കഴിവുള്ള കോടിക്കണക്കിനു് മനുഷ്യർ ലോകത്തിലുണ്ടു്. ആ ഭാഗ്യം എന്തുകൊണ്ടോ എനിക്കില്ല. ഏതായാലും, നാസ്തികനായ ദൈവം ആശയപരമായി ഖണ്ഡിക്കപ്പെട്ടാൽ അതു് ഗോഡ്‌ ഡെല്യൂഷനെ ഖണ്ഡിക്കുന്നതിനു് തുല്യമായിരിക്കും എന്നാണു് ജനസംസാരം. അതു് സാക്ഷാൽ ഡോക്കിൻസിനെ നിത്യമായ നരകത്തിൽ എത്തിക്കുകയും ചെയ്യുമത്രെ! യുക്തിവാദികൾക്കു്‌ ശവക്കുഴി തോണ്ടുന്നവർ ഓവര്‍ടൈം ചെയ്താണു് ഡോക്കിൻസിനു് ശവപ്പെട്ടി പണിയുന്നതെന്നും കേൾക്കുന്നു. സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ “ഗോഡ്‌ ഡെല്യൂഷൻ പുട്ട്‌ ഓപ്ഷൻ വാറണ്ടുകളുടെ” ഡിമാൻഡ്‌ നികത്താനാവാത്തവിധം ഭീമമായി പെരുകുന്നതു് ഡോക്കിൻസിന്റെ കാര്യം മിക്കവാറും പോക്കാണെന്നതിന്റെ തെളിവായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുമുണ്ടു്‌. ഭാവിയെ സംബന്ധിച്ചു്‌ മനുഷ്യരുടെ വായില്‍ നിന്നും പ്രവചനരീതിയില്‍ പുറത്തുവരുന്ന ശബ്ദങ്ങളില്‍ അധികവും ഭാവിയില്‍ നടന്നു്‌ കാണാന്‍ അവർ ആഗ്രഹിക്കുന്ന അവരുടെ സ്വന്തം ഇഷ്ടസ്വപ്നങ്ങളാണല്ലോ.

“നാസ്തികനായ ദൈവം” എന്ന പുസ്തകത്തെ (അഥവാ ഗോഡ്‌ ഡെല്യൂഷൻ എന്ന പുസ്തകത്തെ) ഖണ്ഡിക്കാനും, അതുവഴി ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനും തകൃതിയായ ശ്രമങ്ങൾ ഇപ്പോൾ ബ്ലോഗുലോകത്തു് നടക്കുന്നുണ്ടു്. ഏറ്റവും മുതൽ മുടക്കു് കുറഞ്ഞ ഒരു ഹോബിയാണു് ദൈവത്തിനു് വേണ്ടി വാദിക്കുക എന്നതു്. അതിനാൽ, പതിവുപോലെ, ദൈവത്തിന്റെ ഒരു സേനതന്നെ സൃഷ്ടിവാദത്തിന്റെ പ്രതിരോധത്തിനായി അണിനിരന്നിട്ടുണ്ടു്. ദൈവത്തിന്റെ സർവ്വശക്തി അവനെ സ്വയം സംരക്ഷിക്കാൻ പര്യാപ്തമല്ലാത്തതിനാലാവാം, ഓരോ മതത്തിലേയും ദൈവത്തെ സംരക്ഷിക്കേണ്ട ചുമതല ആ മതത്തിലെ ഓരോ വിശ്വാസിയുടേതുമായിരിക്കുന്നതു്. വിശ്വാസികളല്ലാത്തവർക്കു് ഈ രഹസ്യം മനസ്സിലാവണമെന്നില്ല. ഇര മറ്റെവിടെയെങ്കിലുമാണു് ഇരിക്കുന്നതെങ്കിൽ ഉത്തരത്തിനടിയിൽ ഇരിക്കുന്ന പല്ലി ഉത്തരം വിട്ടു് അങ്ങോട്ടു് പോകാറുണ്ടെന്നതിനാൽ, താനാണു് ഉത്തരത്തെ താങ്ങിനിർത്തുന്നതെന്നു് പല്ലികൾ പോലും കരുതുന്നുണ്ടാവാൻ വഴിയില്ല. ഇരിക്കുന്ന കൊമ്പുകൾ മുറിക്കുന്ന മനുഷ്യർ ഉണ്ടെങ്കിലും, താങ്ങുന്ന ഉത്തരത്തെ ഉപേക്ഷിക്കുന്ന പല്ലികൾ തീർച്ചയായും ഉണ്ടാവില്ല. ഉത്തരങ്ങൾ കൊണ്ടുള്ള വീടുപണികൾ – ദൈവാനുഗ്രഹത്താലെന്നേ പറയേണ്ടൂ – ഇക്കാലത്തു് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിനാൽ പല്ലികളും അവയുടെ സ്ട്രാറ്റെജിയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. അതേസമയം, പരിണാമം വഴി മറ്റു് മനുഷ്യരെപ്പോലെ ദൈവവിശ്വാസിക്കും ശാരീരികമായി മനുഷ്യരൂപം ലഭിച്ചിട്ടുണ്ടെങ്കിലും, മാനസികമായി അവൻ പല്ലിയുടെ അത്ര വളർച്ച പ്രാപിച്ചിട്ടില്ല എന്നതിനാലാവാം, വിശ്വാസി എന്ന പല്ലി, ദൈവം എന്ന ഉത്തരത്തെ താങ്ങിനിർത്താൻ ഇന്നും പെടാപ്പാടു് പെടുന്നതു്‌.

അറിവിന്റെ വൃക്ഷത്തിന്റെ ഫലം പാപമാണെന്നു് ലോകാരംഭത്തിൽത്തന്നെ യഹോവയെന്ന ദൈവം (പുരോഹിതനെന്ന ദൈവം എന്നായിരുന്നേനെ കൂടുതല്‍ ശരി) പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, വിദ്യാഭ്യാസം എത്ര കുറഞ്ഞിരിക്കുന്നോ, അത്ര കൂടുതലായിരിക്കും ദൈവത്തിന്റെ പടയാളി ആവാനുള്ള യോഗ്യതയും. ദൈവനാമത്തിൽ പുരോഹിതൻ വിളിച്ചുപറയുന്ന മുഴുവൻ കാര്യങ്ങളും കയ്യും കാലുമില്ലാത്ത വികലജന്മങ്ങളാണെന്ന നേരിയ ബോധം പോലും ഉണ്ടാവാതിരിക്കാനും അതു് സഹായിക്കും. ന്യൂട്ടൺ ആവിഷ്കരിച്ച ചലനനിയമങ്ങൾ എന്താണെന്നു് അറിയുക പോയിട്ടു് അവ തെറ്റുകൂടാതെ പകർത്തി എഴുതാൻ പോലും അറിയാത്തവർക്കും പ്രപഞ്ചാരംഭത്തിനും മുൻപു് നടന്ന കാര്യങ്ങൾ “കിളികിളിപോലെ” വിളമ്പാൻ കഴിയുന്ന ലോകമാണു് മതവിശ്വാസികളുടേതു്‌. വിളിച്ചു് കൂവിയതു് വിഡ്ഢിത്തമാണെന്നു് വെളിവുള്ള ആരെങ്കിലും പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിച്ചാൽ അവൻ ന്യൂട്ടണെ ശരിക്കു് പഠിക്കാത്തതുകൊണ്ടാണെന്നു് വച്ചു് കാച്ചും. യുക്തിഭദ്രമായ മറുപടികളില്ലാത്ത ഏതൊരു ചോദ്യത്തിൽ നിന്നും രക്ഷപെടാൻ മതവിശ്വാസികൾ തലമുറകളായി പരീക്ഷിച്ചു് വിജയിച്ചിട്ടുള്ള ഒരു തന്ത്രമാണതു്. ദൈവവിശ്വാസികൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു എന്നു് മാത്രമല്ല, വിശ്വാസിതന്നെ ഒരു അത്ഭുതമാണു്. പ്രകൃതിനിയമങ്ങളെ അസാധുവാക്കുന്ന പ്രതിഭാസങ്ങളെയാണു് സാധാരണഗതിയിൽ അത്ഭുതങ്ങൾ എന്നു് വിശേഷിപ്പിക്കാറുള്ളതു്. ദൈവത്തിനു് പ്രകൃതിനിയമങ്ങൾ ബാധകമല്ല എന്നതിനു് പല തെളിവുകൾ വേദഗ്രന്ഥങ്ങൾ നിരത്തുന്നുണ്ടു്. “മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം” എന്നപോലെ, വേദഗ്രന്ഥങ്ങളിൽ നിന്നും ഊർജ്ജം സംഭരിക്കുന്ന വിശ്വാസിക്കും പ്രകൃതിനിയമങ്ങൾ ബാധകമല്ല. അത്രയെങ്കിലും ഇല്ലെങ്കിൽ പിന്നെ ഈ ദൈവവിശ്വാസം കൊണ്ടെന്തു് പ്രയോജനം? അതുകൊണ്ടു് വിശ്വാസി ഒരു അത്ഭുതമാണു്, ഒരു അത്ഭുതജീവിതന്നെയാണു്. (ഇപ്പോൾ, എന്താണീ പ്രകൃതിനിയമങ്ങൾ എന്നൊരു ചോദ്യം കേൾക്കുന്നതായി നിങ്ങൾക്കു് തോന്നുന്നുണ്ടെങ്കിൽ, അതൊരു അശരീരിയാണെന്നു് തെറ്റിദ്ധരിക്കണ്ട, നിങ്ങൾ സ്ഥിതി ചെയ്യുന്നതു് ഒരു ദൈവസേനാനിയുടെ സമീപത്താണെന്നും, ദൈവാസ്തിത്വം തെളിയിക്കാൻ അവൻ മുന്നോട്ടു് വയ്ക്കുന്ന ശക്തമായ ഒരു ആർഗ്യുമെന്റാണു് അതെന്നും കരുതിയാൽ മതി. ശാസ്ത്രം ബിഗ്‌-ബാങ്ങിനെപ്പറ്റി പറയുമ്പോൾ, കദിന വെടിയും പൊഹയും  എന്നു്‌ മനസ്സിലാക്കുന്ന ദൈവത്തിന്റെ പോരാളികൾ!)

ഗോഡ്‌ ഡെല്യൂഷനെ ഖണ്ഡിക്കാൻ ഇറങ്ങിത്തിരിച്ചവർ അക്വീനാസിന്റെ എന്നോ കാലഹരണപ്പെട്ട ദൈവാസ്തിത്വത്തെളിവുകൾ ഇന്നും പ്രസക്തമെന്നു് കാഷ്വൽ ആയ ചില പരാമർശങ്ങളിലൂടെ ഒന്നു് സ്പർശിച്ചു് “തെളിയിച്ച” ശേഷം, പിന്നീടു് മുഴുവൻ സമയവും ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ ചുറ്റിത്തിരിയുന്നതു് അതിൽ ഇതുവരെ കണ്ടെത്താത്ത ചില “മിസ്സിംഗ്‌ ലിങ്കുകൾ” ഉണ്ടു് എന്നൊരു ശ്രുതി കേട്ടിട്ടുള്ളതിനാലാണോ എന്നെനിക്കറിയില്ല. മിസ്സിംഗ്‌ ലിങ്കുകളുടെ വിടവുകളിൽ ഒളിച്ചിരുന്നു് ശത്രുക്കളിൽ നിന്നും രക്ഷപെടുന്നതും survival of the fittest എന്ന തത്വത്തിന്റെ ഭാഗമാണു്. ഡാർവ്വിനിസത്തെ എതിർക്കുന്നവർപോലും അവരുടെ സര്‍വൈവലിനു് ഇതുപോലെ ഡാർവ്വിനിയൻ തത്വത്തെ ഉപയോഗിക്കാറുണ്ടെങ്കിലും, അവരുടെ ആന്റെന ദൈവത്തിലേക്കു് തിരിച്ചു് വച്ചിരിക്കുന്നതിനാൽ അവർ അതിലും ദൈവത്തിന്റെ ലീലാവിലാസങ്ങൾ മാത്രമേ കാണൂ. എന്തിനേയും ഏതിനേയും ദൈവം എന്ന കുറ്റിയിൽ കൊണ്ടുപോയി കെട്ടുന്നതാണല്ലോ ദൈവവിശ്വാസം. മുകളിൽ ചുറ്റിപ്പറക്കുന്ന പരുന്തിനെ കാണുമ്പോൾ പാറമുകളിൽ കയറിനിന്നു് പരുന്തിനെ വെല്ലുവിളിക്കുന്ന കോഴിക്കുഞ്ഞു് നല്ല “ഫിറ്റ്‌” ആയിരിക്കാമെങ്കിലും, സർവൈവലിനുള്ള ചാൻസ്‌ അതിനേക്കാൾ കൂടുതൽ പരുന്തിന്റെ ദൃഷ്ടിയിൽ പെടാതെ പാറയുടെ അടിയിലെ വിടവിൽ ഒളിക്കുന്ന അത്ര “ഫിറ്റല്ലാത്ത” കോഴിക്കുഞ്ഞിനായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നാസ്തികനായ ദൈവത്തെ ഖണ്ഡിക്കുന്നതിനു് പകരം, നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലുള്ള എവൊല്യൂഷൻ എന്ന സിദ്ധാന്തത്തെ ആയിരുന്നു ഖണ്ഡിക്കേണ്ടിയിരുന്നതെങ്കിൽ, അതിനു് ഡോക്കിൻസിന്റെതന്നെ The Greatest Show on Earth – The Evidence for Evolution എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിമർശനമോ ചർച്ചയോ ആയിരുന്നു എന്തെങ്കിലും ഫലം ഉളവാക്കാൻ കൂടുതൽ പര്യാപ്തമായിരുന്നതു്. കാരണം, ആ ഗ്രന്ഥത്തിലാണു് ഡോക്കിൻസ്‌ എവൊല്യൂഷനെ യഥാർത്ഥത്തിൽ പ്രതിരോധിക്കുന്നതു്. തന്റെ മറ്റൊരു ഗ്രന്ഥത്തിലും ഇത്ര വിശദമായി എവൊല്യൂഷന്റെ എവിഡൻസ്‌ നൽകിയിട്ടില്ല എന്നു് അതിൽ ഡോക്കിൻസ്‌ തന്നെ സമ്മതിക്കുന്നുമുണ്ടു്. അതേസമയം, ഒരു സ്യൂപ്പർ നാച്യുറൽ ദൈവം നിലനിൽക്കുന്നില്ല എന്നു് മിക്കവാറും ഉറപ്പായി പറയാം എന്നതിനുള്ള വാദമുഖങ്ങളാണു് ഗോഡ്‌ ഡെല്യൂഷനിൽ ആകമാനം ഡോക്കിൻസ്‌ നിരത്തുന്നതു്. എവൊല്യൂഷനും അതിൽ പരാമർശിക്കപ്പെടുന്നുണ്ടു് എന്നതു് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണു്. പക്ഷേ, നരകത്തിലെ വറചട്ടികളിലെ ചൂടു് ലജ്ജിച്ചു് തലതാഴ്ത്തുന്ന വിധത്തിലുള്ള ചൂടോടെ മലയാളം ബ്ലോഗ്‌ ലോകത്തിൽ നടക്കുന്ന ചർച്ചകൾ വീക്ഷിച്ചാൽ, എവൊല്യൂഷന്റെ മാത്രം അടിസ്ഥാനത്തിലാണു് ഡോക്കിൻസ്‌ ഗോഡ്‌ ഡെല്യൂഷനിൽ തന്റെ ദൈവാസ്തിത്വനിരാകരണം സമർത്ഥിച്ചിരിക്കുന്നതു് എന്നേ തോന്നൂ. നാസ്തികതയുടെ തെളിവുകളിലേക്കു് വരുന്നതിനു് മുന്നോടിയായി “Arguments for God’s existence” എന്ന മൂന്നാം അദ്ധ്യായത്തിൽ ദൈവാസ്തിത്വത്തിനു് അനുകൂലമായി രൂപമെടുത്ത ആർഗ്യുമെന്റുകൾ പരാമർശിക്കുന്നിടത്താണു് അക്വീനാസിന്റെ തെളിവുകളും അവയുടെ ഖണ്ഡനവും നൽകിയിരിക്കുന്നതു്. ആ അദ്ധ്യായത്തിൽ ചർച്ച ചെയ്യപ്പെടുന്ന ദൈവാസ്തിത്വത്തിന്റെ “തെളിവുകൾ” ഇവയെല്ലാമാണു്: Thomas Aquinas’ proofs, The ontological argument and other a priori arguments, The argument from beauty, The argument from personal experience, The argument from scripture, The argument from admired religious scientists, Pascal’s Wager, Bayesian arguments.

ഇവയാണു് ആ പുസ്തകത്തിലെ പല ഉപവിഭാഗങ്ങളുള്ള പത്തു് അദ്ധ്യായങ്ങൾ:

1.) A deeply religious non-believer 2.) The God Hypothesis 3.) Arguments for God’s existence 4.) Why there almost certainly is no God 5.) The roots of religion 6.) The roots of morality: why are we good? 7.) The ‘Good’ Book and the changing moral Zeitgeist 8.) What is wrong with religion? Why be so hostile ? 9.) Childhood, abuse and the escape from religion 10.) A much needed gap?

എന്തു് തോന്നുന്നു? അക്വീനാസും ഡാർവിനും മാത്രമാണു് ഗോഡ്‌ ഡെല്യൂഷനിലെ ചർച്ചാവിഷയം എന്നാണോ ഈ ലിസ്റ്റ്‌ പറയുന്നതു്? അങ്ങനെ അല്ലെങ്കിൽ, പരിണാമസിദ്ധാന്തത്തിൽ കിടന്നു് ചുറ്റിക്കളിക്കാതെ, ആ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ ഓരോന്നായി ഖണ്ഡിച്ചു് സൃഷ്ടിവാദമാണു് ശരിയെന്നു് സ്ഥാപിക്കാൻ ശ്രമിക്കുക എന്നേ അതിനായി തുനിഞ്ഞിറങ്ങിയവരോടു് പറയാനുള്ളു. പരിണാമസിദ്ധാന്തത്തിന്റെ പുതിയ രൂപമായ moderm evolutionary synthesis-നെ സംബന്ധിച്ചു് ആധികാരികമായി എന്തെങ്കിലും പറയാൻ കഴിവുള്ള ആരെയും സൃഷ്ടിവാദികളുടെ പക്ഷത്തു് ഇതുവരെ കാണാൻ കഴിഞ്ഞില്ല എന്നതിന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും. “പാണന്റെ കല്യാണം പാണൻ തന്നെ തിന്നും” എന്നപോലെ, സൃഷ്ടിവാദികൾ “ഡാർവ്വിനിസം” എന്നപേരിൽ തട്ടിവിടുന്ന മണ്ടത്തരങ്ങൾ പരിണാമസിദ്ധാന്തമാണെന്നു് സൃഷ്ടിവാദികളിലെതന്നെ കുറെ ചിയർ ഗേൾസിനെക്കൊണ്ടു് ഓശാന പാടിച്ചതുകൊണ്ടു് വെളിവുള്ള മനുഷ്യരുടെ മുന്നിൽ സൃഷ്ടിവാദം തെളിയിക്കപ്പെടുകയില്ല. വിശ്വാസപരമായ ഏതെങ്കിലും ഒരു കാര്യം സൃഷ്ടിവാദികളെ ബോദ്ധ്യപ്പെടുത്താൻ ശാസ്ത്രീയമായ തെളിവുകളുടെ ആവശ്യമൊന്നുമില്ലതാനും. “ദൈവം ആർക്കോ വെളിപ്പെട്ടു് അങ്ങനെയും ഇങ്ങനെയും പറഞ്ഞു, അതെല്ലാം ശാസ്ത്രമാണെന്നും പറഞ്ഞു” എന്നു് പറഞ്ഞാൽത്തന്നെ അവർക്കു് ധാരാളം. ഗോഡ്‌ ഡെല്യൂഷനെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ ആ പുസ്തകത്തിന്റെ ഒരു കോപ്പി പോലും കയ്യിൽ ഇല്ലാത്തവർ ആയിരിക്കുമോ? ദൈവവിശ്വാസികളുടെ കാര്യത്തിൽ അതും അതിലപ്പുറവും സാദ്ധ്യമാണു് എന്നറിയാതെയല്ല ഇതു് പറയുന്നതു്.

ഇന്നലെ 26.12.2004-ലെ റ്റ്‌സുനാമിയുടെ ആറാം വാർഷികസ്മരണയോടനുബന്ധിച്ചു് ഭാരതത്തിൽ സ്ത്രീകൾ കടലിൽ പാലു് ഒഴുക്കുന്നതു് കണ്ടു. പാലുകൊടുത്തു് തൃപ്തിപ്പെടുത്തിയാൽ, ഭാവിയിൽ അത്തരം റ്റ്‌സുനാമികളിൽ നിന്നും കടൽ തങ്ങളെ രക്ഷപെടുത്തുമെന്ന വിശ്വാസമാവാം അതിനു് പിന്നിൽ. കടലിനു് ഏതാനും ലിറ്റർ പാലു് നൽകി ഒഴിവാക്കാവുന്നതായിരുന്നു റ്റ്‌സുനാമിയെങ്കിൽ, കാര്യങ്ങൾ എത്ര എളുപ്പമായിരുന്നു! ആ പാലിനു് കടലിനേക്കാൾ കൂടുതൽ ആവശ്യം ആഹാരത്തിനു് ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്കായിരുന്നില്ലേ? പക്ഷേ, അതാണു് വിശ്വാസം. ദൈവപ്രീതിക്കുവേണ്ടി മൃഗങ്ങളെയും, എന്തിനു്, മനുഷ്യരെപ്പോലും ബലികഴിക്കാൻ മടിക്കാത്തവരോടു് യുക്തിചിന്തയുടെയും, ശാസ്ത്രബോധത്തിന്റെയും ആവശ്യകത പ്രസംഗിച്ചിട്ടു് എന്തുകാര്യം? ഈ വർഷവും റ്റ്‌സുനാമി ഉണ്ടാവുമെന്നു് ഏതോ ജ്യോതിഷക്കാരൻ പ്രവചിച്ചിരുന്നത്രെ! അയാൾ ഇപ്പോൾ അടുത്ത പ്രവചനം തയ്യാറാക്കുന്ന തിരക്കിലാവും. 2000-ത്തിൽ ലോകം അവസാനിക്കുമെന്നു് വിശ്വസിച്ചിരുന്ന ഒരു സെക്റ്റ്‌ ആഫ്രിക്കയിൽ ഉണ്ടായിരുന്നു. പക്ഷേ, ലോകം എന്നിട്ടും അവസാനിക്കാതിരുന്നതുകൊണ്ടു് നേതാവു് അനുയായികളെ മുഴുവൻ വിഷം കൊടുത്തു് കൊന്നു് വിശ്വാസത്തെ രക്ഷിച്ചു. അടുത്ത ലോകാവസാനം ഡിസംബർ 2012-ലാണു്. രണ്ടായിരം വർഷങ്ങളായി ക്രിസ്ത്യാനികൾ യേശുവിന്റെ രണ്ടാം വരവു് കാത്തിരിക്കുന്നു. കോടാനുകോടികളുടെ കണ്ണീരോടെയുള്ള കാത്തിരിപ്പു് ദൈവം എന്തുകൊണ്ടു് കാണുന്നില്ല എന്നുമാത്രം ആർക്കുമറിയില്ല. ഈ ലോകം ഒന്നു് അവസാനിച്ചു് കിട്ടിയിരുന്നെങ്കിൽ മതിയായിരുന്നു എന്ന ഒരൊറ്റ പ്രാർത്ഥനയുമായി കഴിയുന്ന കുറെ ചാവാലിപ്പുഴുക്കൾ. പൊങ്കാല എന്ന പേരിൽ അടുക്കളയിലെ ചട്ടിയും കലവുമായി കുറെ പെണ്ണുങ്ങൾ പെരുവഴിയിലിറങ്ങി കഞ്ഞിവച്ചാൽ ഏതെങ്കിലും ദൈവം പ്രസാദിക്കുമെന്നും, ഭാഗ്യം കൈവരുമെന്നും വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തെ ബോധവത്കരിക്കാനാവുമോ? നാത്സിഭ്രാന്തിൽ മനസ്സുമടുത്ത കുർട്ട്‌ ടുഹോൾസ്കി പറഞ്ഞതുപോലെ, “അത്രയും താഴ്ത്തി വെടി വയ്ക്കാനാവില്ല.”

ഗോഡ്‌ ഡെല്യൂഷനിൽ നിന്നും:

“വിശുദ്ധന്മാർക്കു് സ്വർഗ്ഗീയാനന്ദവും ദൈവത്തിന്റെ മഹത്വവും ഹൃദയം നിറയെ കണ്ടു് ആസ്വദിക്കുന്നതിനുവേണ്ടി നരകത്തിലെ ഗുണം പിടിക്കാത്തവർക്കു് ദൈവം നൽകുന്ന ശിക്ഷ കാണാൻ അവർക്കു് അനുവാദമുണ്ടു്.” ഇതു് ആരു് പറഞ്ഞതാണെന്നു് കരുതി? മറ്റാരുമല്ല, ദൈവാസ്തിത്വം പുഷ്പം പോലെ തെളിയിച്ച വിശുദ്ധനായ സാക്ഷാൽ തോമാസ്‌ അക്വീനാസ്‌ തന്റെ Summa Theologica-ൽ അരുളിച്ചെയ്തതാണിതു്! മിടുമിടുക്കനായ മനുഷ്യസ്നേഹി എന്നല്ലാതെ എന്തു് പറയാൻ?

ഒരു സർവ്വേ പ്രകാരം, അമേരിക്കയിലെ 95 ശതമാനം ജനങ്ങളും മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരാണത്രെ! അവരുടെ വിശ്വാസം ആത്മാർത്ഥമായിരുന്നെങ്കിൽ അവർ ആബട്ട്‌ ഓഫ്‌ ആമ്പിൾഫോർത്തിനെപ്പോലെ പെരുമാറുമായിരുന്നില്ലേ എന്നു് ഡോക്കിൻസ്‌ അത്ഭുതപ്പെടുന്നു. കർദ്ദിനാൾ ബേസിൽ ഹ്യൂം താൻ മരിക്കുകയാണെന്നു് പറഞ്ഞപ്പോൾ, ആമ്പിൾഫോർത്ത്‌ ഇങ്ങനെ പ്രതികരിച്ചത്രെ!: “കൺഗ്രാജുലേഷൻസ്‌! അതൊരു സുന്ദരൻ വാർത്തയാണു്. എനിക്കും നിന്നോടൊപ്പം വരാൻ സാധിച്ചിരുന്നെങ്കിൽ എന്നു് ഞാൻ ആഗ്രഹിക്കുന്നു.” ആ ആബട്ട്‌ ഒരു യഥാർത്ഥ വിശ്വാസി ആയിരുന്നിരിക്കണം. മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുമെന്നു് വിശ്വസിക്കുന്ന ഒരു കർദ്ദിനാളിനു് മരണസമയത്തു് ഇതുപോലുള്ള ആശംസകൾ അർപ്പിക്കുന്നതിനേക്കാൾ നല്ല ഒരു പ്രവൃത്തിയുണ്ടോ? ഇതിനു് സമാനമായ ഒരു പ്രവൃത്തി: നഗ്നയായ ഒരു സ്ത്രീ “Make love not war” എന്നൊരു ബോർഡും പിടിച്ചു് നിൽക്കുന്നതു് കണ്ട ഒരാൾ: “Now that’s what I call sincerity”. ഒരു ബന്ധുവോ സുഹൃത്തോ മരിക്കുന്നു എന്നു് കേൾക്കുമ്പോൾ നമ്മുടെ ആബട്ട്‌ പറഞ്ഞതുപോലുള്ള വാചകങ്ങളെന്തുകൊണ്ടു് മുസ്ലീമുകളും ക്രിസ്ത്യാനികളും പറയുന്നില്ല? രോഗിയും ഭക്തയുമായ ഒരു സ്ത്രീയോടു് അവൾക്കിനി ഏതാനും മാസങ്ങൾ കൂടി മാത്രമേ ജീവിക്കാനുള്ളു എന്നു് അവളുടെ ഡോക്ടർ പറയുമ്പോൾ, ഒരു ലോട്ടറിയിൽ സെയ്ചെൽസ്‌ ദ്വീപിൽ ഹോളിഡേ ലഭിച്ചാലെന്നതുപോലെ എന്തുകൊണ്ടു് അവൾ “അത്രയും കാത്തിരിക്കാൻ എനിക്കാവില്ല” എന്നുപറഞ്ഞു് സന്തോഷം കൊണ്ടു് തുള്ളിച്ചാടുന്നില്ല? എന്തുകൊണ്ടു് ബെഡ്ഡിനു് ചുറ്റും നിൽക്കുന്ന അവളുടെ വിശ്വസ്തരായ സന്ദർശകർ അവരുടെ മരിച്ചുപോയവർക്കു് നൽകാനായി അവളെ ആശംസകളും സ്നേഹാന്വേഷണങ്ങളും കൊണ്ടു് പൊതിയുന്നില്ല? “നീ സ്വർഗ്ഗത്തിൽ അങ്കിൾ റോബർട്ടിനെ കാണുമ്പോൾ എന്റെ സ്നേഹം അവനെ അറിയിക്കുമോ?….”

മതവിശ്വാസികൾ എന്തുകൊണ്ടു് മരണസമയത്തു് അങ്ങനെയൊന്നും പറയുന്നില്ല? അവർ വിശ്വസിക്കുന്നു എന്നു് ഭാവിക്കുന്ന കാര്യങ്ങൾ ഒന്നും അവർ സത്യത്തിൽ വിശ്വസിക്കാത്തതുകൊണ്ടാണോ അതു്? ഒരുപക്ഷേ, അതൊക്കെ വിശ്വസിക്കുന്നുണ്ടെങ്കിലും മരണം എന്ന പ്രക്രിയയെ അവർ ഭയപ്പെടുന്നതുകൊണ്ടാവാമതു്. മൃഗഡോക്ടറുടെ അടുത്തുപോയി ദുരിതത്തിനു് എന്നേക്കുമായി ഒരു അറുതി വരുത്താൻ അനുവാദമില്ലാത്ത ഒരേയൊരു സ്പീഷീസ്‌ മനുഷ്യൻ ആണു്. അതിനു് കാരണവുമുണ്ടാവാം. പക്ഷേ, യൂത്തനേസിയയ്ക്കും, അസിസ്റ്റെഡ്‌ സൂയിസൈഡിനും എതിരായുള്ള നിലപാടു് എന്തുകൊണ്ടു് മതവിശ്വാസികളിൽ നിന്നും വരുന്നു? “ആബട്ട്‌ ഓഫ്‌ ആമ്പിൾഫോർത്ത്‌”, “സെയ്ചെൽസ്‌ ഹോളിഡേ” മുതലായ തരം മരണങ്ങളുടെ കാര്യത്തിൽ മതവിശ്വാസികൾ ഐഹികജീവിതത്തിൽ കടിച്ചുതൂങ്ങാതിരിക്കാൻ ബാദ്ധ്യസ്ഥരല്ലേ? എല്ലാത്തരം കൊലപാതകങ്ങളും പാപമാണെന്നതാവാം ഔദ്യോഗികമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണം. പക്ഷേ, അതുവഴി സ്വർഗ്ഗയാത്ര ത്വരിതപ്പെടുത്തുകയാണെന്നു് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തിനു് അതൊരു പാപമായി പരിഗണിക്കപ്പെടണം? മാർക്ക്‌ ട്വൈൻ പറഞ്ഞപോലെ, മരിക്കുന്നതും ജനിക്കാതിരിക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇന്നത്തെ മനുഷ്യർ ദൈനൊസോറുകളുടെയോ, ഫറവോകളുടെയോ, മഹാനായ അലക്സാണ്ഡറുടെയോ കാലത്തു് എങ്ങനെ ആയിരുന്നോ അന്തുപോലെതന്നെ ആയിരിക്കും, അത്രതന്നെ. അതിൽ ഭയപ്പെടാനൊന്നുമില്ല. നിങ്ങളുടെ വളർത്തുപട്ടി വേദനകൊണ്ടു് പുളഞ്ഞു് മരിക്കുകയാണെങ്കിൽ, മൃഗഡോക്ടറെക്കൊണ്ടു് വേദനയില്ലാതെ മരിക്കാൻ സഹായിക്കുന്ന ഇൻജെക്ഷൻ കൊടുപ്പിക്കാഞ്ഞതിനാൽ നിങ്ങൾ ഒരു ക്രൂരൻ എന്നു് വിധിക്കപ്പെടും. അതേസമയം, വേദനയോടെയുള്ള നിങ്ങളുടെ മരണത്തിന്റെ സമയത്തു്, അതേ സേവനം ഒരു ഡോക്ടർ നിങ്ങൾക്കു് നൽകിയാൽ, അവൻ കൊലപാതകത്തിനു് ഉത്തരവാദിയാവും. നിങ്ങൾ സ്വിറ്റ്‌സർലണ്ടിലോ, നെതർലണ്ടിലോ, ഒറിഗണിലോ ജനിക്കാത്തതിന്റെ കുറ്റം. എന്തുകൊണ്ടാണു് ബോധദീപ്തമായ രാജ്യങ്ങൾ ഇത്ര കുറവു്? അധികപങ്കും മതങ്ങളുടെ സ്വാധീനം കൊണ്ടാണതു്.

(തുടരും)

 
1 Comment

Posted by on Dec 27, 2010 in മതം

 

Tags: , , ,

പ്രകൃത്യതീതനായ ദൈവം

“ഓരോ ദിവസവും, ഓരോ മിനുട്ടിലും നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിക്കുന്നവനും, ആകാശത്തിൽ ജീവിക്കുന്നവനും അദൃശ്യനും ആയ ഒരു മനുഷ്യൻ ഉണ്ടെന്നു് മതം മനുഷ്യരെ യഥാർത്ഥത്തിൽ ബോദ്ധ്യപ്പെടുത്തി. നിങ്ങൾ ചെയ്യരുതെന്നു് അവൻ ആഗ്രഹിക്കുന്നതായ പത്തു് കാര്യങ്ങളുടെ ഒരു പ്രത്യേക ലിസ്റ്റ്‌ അദൃശ്യനായ ആ മനുഷ്യന്റെ കൈവശമുണ്ടു്. ഈ പത്തു് കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു് നിങ്ങൾ ചെയ്താൽ, കാലത്തിന്റെ അവസാനം വരെ എന്നെന്നേക്കുമായി സഹിച്ചും കത്തിക്കരിഞ്ഞും വീർപ്പുമുട്ടിയും കരഞ്ഞും അലമുറയിട്ടും ജീവിക്കാനായി തീയും പുകയും ദഹിപ്പിക്കലും പീഡനവും വേദനയുംകൊണ്ടു് നിറഞ്ഞ ഒരു പ്രത്യേക സ്ഥലത്തേക്കു് അവൻ നിങ്ങളെ അയക്കും – പക്ഷേ, അവൻ നിങ്ങളെ സ്നേഹിക്കുന്നു!” – George Carlin

“അല്ലാത്തപക്ഷം നോർമ്മൽ ആയ മനുഷ്യരെ മാനസികവിഭ്രാന്തിയുടെ ഫലങ്ങൾ ശേഖരിക്കാനും, സ്വയം വിശുദ്ധർ എന്നു് കരുതാനും അനുവദിക്കുന്നു എന്നതാണു് മതപരമായ ഭക്തിയുടെ അപകടം. മറ്റെല്ലാ പ്രസ്താവങ്ങളും സാധൂകരിക്കപ്പെടണം എന്നപോലെ, മതപരമായ പ്രമാണങ്ങൾ സാധൂകരിക്കപ്പെടേണ്ടതില്ല എന്നു് ഓരോ പുതിയ തലമുറയിലേയും കുഞ്ഞുങ്ങൾ പഠിപ്പിക്കപ്പെടുന്നതിനാൽ, മാനവസംസ്കാരം ഇപ്പോഴും അസംബന്ധങ്ങളുടെ പട്ടാളങ്ങളാൽ വളയപ്പെടുന്നു. പുരാതന സാഹിത്യത്തിന്റെ പേരിൽ നമ്മൾ ഇപ്പോഴും നമ്മളെത്തന്നെ കൊല്ലുന്നു. പരിതാപകരമായ ഇതുപോലൊരു യുക്തിഹീനത സാദ്ധ്യമാണെന്നു് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?” – Richard Dawkins

ലോകം മുഴുവൻ മതാധിപത്യം വന്നാൽ

അഫ്ഘാനിസ്ഥാനിലെ ബാമിയാൻ താഴ്‌വരയിലെ ബുദ്ധപ്രതിമകളെ (Buddhas of Bamiyan) 2001-ൽ അല്ലാഹുവിന്റെ കൊലയാളികളായ താലിബാൻ മനഃപൂർവ്വം ഡൈനാമിറ്റ്‌ വച്ചു് തകർത്ത വാർത്ത കേൾക്കാത്തവർ ചുരുങ്ങും. ഗാന്ധാരസംസ്കാരത്തിന്റെയും ഗുപ്തസംസ്കാരത്തിന്റെയും ഒരു അനുപമസമന്വയം എന്നു് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പ്രദേശത്തെ ശിൽപങ്ങൾ UNESCO-യുടെ World Cultural Heritage പദവി ആസ്വദിച്ചിരുന്നു. ഈ കാട്ടാളനടപടിക്കു് നേരെ പരിഷ്കൃതലോകം മുഴുവനും ഉയർത്തിയ പ്രതിഷേധം പോലും താലിബാനെ അല്ലാഹുവിന്റെ നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല. ബുദ്ധന്റെ പ്രതിമകൾ താലിബാന്റെ ദൃഷ്ടിയിൽ വെറും വിഗ്രഹങ്ങളായിരുന്നു. അന്യന്റെ വിഗ്രഹങ്ങളെ ആരാധിക്കാതിരുന്നാൽ മാത്രം പോരാ, അവയെ കാഫിറുകളായ സായിപ്പന്മാർ കണ്ടുപിടിച്ച ഡൈനാമിറ്റ്‌ വച്ചു് നിശ്ശേഷം തകർക്കണമെന്നുമാണു് അല്ലാഹു കൽപിച്ചിരിക്കുന്നതു്. ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും മനുഷ്യർ അവരിൽ അന്തർലീനമായ കലാവാസനകളും നിർമ്മാണശേഷിയും ഉപയോഗിച്ചു് ആവിഷ്കരിച്ച അതുല്യവും അമൂല്യവുമായ സംഭാവനകൾ കാണാൻ കഴിയും. അവയാണു് യഥാർത്ഥത്തിൽ മാനവരാശിയുടെ പൈതൃകങ്ങളായി സംരക്ഷിക്കപ്പെടേണ്ടതു്. അല്ലാതെ, മനുഷ്യരെ ഉത്തമപൗരന്മാരാക്കുന്ന എല്ലാ മഹത്വങ്ങളേയും തല്ലിത്തകർത്തു്, അവരെ ദൈവകൽപന ചൊല്ലിക്കൊടുക്കുന്നവന്റെ പുറകെ നടക്കാൻ മാത്രം കഴിയുന്ന കാലിക്കൂട്ടങ്ങളും മാനസികരോഗികളും മുട്ടുമടക്കികളും പിറുപിറുക്കൽരോഗികളും ആക്കി മാറ്റുന്ന ഏതെങ്കിലും “നിത്യസത്യഗ്രന്ഥത്തിലെ” സ്തോത്രാലാപങ്ങളല്ല. ദൈവം അങ്ങനെ കല്പിച്ചിട്ടുണ്ടെന്നു് പ്രത്യേകം പറഞ്ഞില്ലെങ്കിൽ ശൗചം ചെയ്യാൻ പോലും മടിച്ചിരുന്ന കാലങ്ങളിലും ഗോത്രങ്ങളിലും ഒരുപക്ഷേ അവയൊക്കെ ആവശ്യമായിരുന്നിരിക്കാം. പക്ഷേ, ഇന്നു് യാതൊരു ന്യായീകരണവും നൽകാനില്ലാത്ത പ്രാകൃതത്വമാണു് അവയെല്ലാം. വള്ളിപുള്ളി വ്യത്യാസമില്ലാതെ സകല കാലത്തേക്കുമുള്ള ദൈവത്തിന്റെ അരുളപ്പാടുകളാണു് അവയെന്നവകാശപ്പെടുന്നതു് സമാനതകളില്ലാത്ത അജ്ഞതയുടെ പാരമ്യമല്ലാതെ മറ്റൊന്നുമല്ല.

“ചെകുത്താൻ വേദമോതുന്നു” എന്ന പഴഞ്ചൊല്ലിനോടു് എന്തുകൊണ്ടും കിടപിടിക്കാൻ കഴിയുന്ന ഒരു വാക്യമാണു് “താലിബാൻ ജനാധിപത്യം പ്രസംഗിക്കുന്നു” എന്നതു്. ലോകം മുഴുവൻ താലിബാൻ മാതൃകയിൽ “ജനാധിപത്യഭരണം” വരികയും, ആയിരക്കണക്കിനു് വർഷങ്ങളിലൂടെ എത്രയോ രാജ്യങ്ങളിൽ മനുഷ്യരാശി പടുത്തുയർത്തിയ, ഏതൊരു മനുഷ്യനും അഭിമാനത്തിനു് വകനൽകുന്ന കോട്ടകൾ, സ്മാരകശിലകൾ, ശിൽപങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, പള്ളികൾ ഇവയെല്ലാം ഡൈനാമിറ്റ്‌ വച്ചു് തകർക്കുകയും ചെയ്യുന്ന ഒരു “doomsday scenario” നിങ്ങളൊന്നു് സങ്കൽപിച്ചു് നോക്കൂ! ലോകം മുഴുവനും വ്യത്യസ്ത സംസ്കാരങ്ങളിൽ മനുഷ്യശേഷിയുടെ മഹനീയ മാതൃകകളായി ഉയർന്നുനിൽക്കുന്ന തെളിവുകളെല്ലാം കല്ലു് കല്ലിന്മേൽ ശേഷിക്കാത്ത വിധത്തിൽ വെട്ടിനിരത്തി അറേബ്യയിലെ മണലാരണ്യം പോലെ പാഴും ശൂന്യവുമാക്കി മാറ്റുന്നതും, Great Wall of China, പിരമിഡുകൾ, ശിൽപകലയുടെ ഉജ്ജ്വലമാതൃകകളായ ഭാരതത്തിലെ ക്ഷേത്രഗോപുരങ്ങൾ, എണ്ണിയാലൊടുങ്ങാത്ത മറ്റെത്രയോ കലാസൃഷ്ടികൾ എല്ലാം തകർത്തു് തരിപ്പണമാക്കുന്നതും, ലോകജനത മുഴുവൻ താലിബാന്റെ തോക്കിനുകീഴിൽ നിന്നുകൊണ്ടു് ഒരിക്കൽപ്പോലും മുടങ്ങാതെ ദിവസേന അഞ്ചുനേരം ഏകതാനത്തിൽ “അല്ലാഹു അക്ബർ” എന്നു് ആവർത്തിക്കുന്നതും, ലോകം മുഴുവനുമുള്ള സ്ത്രീകൾ പർദ്ദയിൽ മൂടി നടക്കുന്നതും, മനുഷ്യജീവികളെ എന്തു് കുറ്റത്തിന്റെ പേരിലായാലും നടുറോഡിലിട്ടു് കല്ലെറിഞ്ഞു് കൊല്ലുന്നതുമൊക്കെ ഒന്നാലോചിച്ചു് നോക്കൂ. അതു് അസംഭാവ്യമായ കാര്യങ്ങളാണെന്നു് നിങ്ങൾ കരുതുന്നുവെങ്കിൽ അതു് തെറ്റാണെന്നതിനുള്ള തെളിവു് ഇസ്ലാമിന്റെ ജന്മഭൂമിയായ സൗദി അറേബ്യയിൽ നിന്നുതന്നെ ലഭിക്കും. ഏതു് പരിഷ്കൃതസമൂഹവും ചെയ്യുന്നതുപോലെ, മെക്കയിലെയും മെദീനയിലേയുമൊക്കെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കപ്പെട്ടാൽ, അങ്ങോട്ടേക്കു് സന്ദര്‍ശകരുടെ പ്രവാഹം ഉണ്ടാവുമെന്നും അതു് ബഹുദൈവവിശ്വാസത്തിലേക്കും വിഗ്രഹാരാധനയിലേക്കും നയിക്കുമെന്നും ഉള്ള ഭയം മൂലം സ്വന്തം പൈതൃകത്തെ ബുൾഡോസർ ഉപയോഗിച്ചു്, ഇടിച്ചുനിരത്തുന്ന ഭ്രാന്തിനെപ്പറ്റി Daniel Howden The Independent-ൽ 6.8.2005-ൽ എഴുതിയ ഒരു ലേഖനത്തിൽ വായിക്കാം. The destruction of Mecca: Saudi hardliners are wiping out their own heritage

ശിൽപകലാശേഷിയും ചിത്രകലാശേഷിയും മാനുഷികമായ മറ്റെത്രയോ ബുദ്ധിവൈഭവങ്ങളും അനാവശ്യവും ദൈവദൂഷണവുമായിരുന്നെങ്കിൽ അത്തരം കഴിവുകളൊന്നുമില്ലാത്ത വെറും മാംസപിണ്ഡങ്ങളായി മനുഷ്യരെ സൃഷ്ടിക്കാൻ അല്ലാഹുവിനു് കഴിയേണ്ടതായിരുന്നു. അതോ, അതിനുള്ള ശേഷി ഇല്ലാത്ത ഒന്നിനെയാണോ മുസ്ലീമുകൾ അക്ബറെന്നും സർവ്വശക്തനെന്നുമെല്ലാം വിളിക്കുന്നതു്? അതുപോലെ, പുരുഷവർഗ്ഗത്തിനു് പ്രകൃതിദത്തമായ അഗ്രചർമ്മം ഒരു അനാവശ്യമായിരുന്നെങ്കിൽ അതില്ലാതെ അവരെ സൃഷ്ടിക്കാൻ, അല്ലാഹുവാണു് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവെങ്കിൽ, അവനു് കഴിയേണ്ടതായിരുന്നു. വിളിച്ചുണർത്തിയിട്ടു് അത്താഴമില്ല എന്നു് പറയുന്നതുപോലെ, കൊടുത്തശേഷം മുറിച്ചുമാറ്റാനായി ഒരു അഗ്രചർമ്മം വച്ചുപിടിപ്പിക്കുന്നതു് ഒരു ദൈവമാണെങ്കിൽ ആ ദൈവത്തിന്റെ ബുദ്ധി അപാരമായിരിക്കണം. വേദഗ്രന്ഥങ്ങളിൽ ആദ്യാവസാനം കുത്തിനിറച്ചിരിക്കുന്ന ദൈവികബുദ്ധിയുടെ ഇത്തരം ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ടു്. പക്ഷേ, വിശ്വാസിയുടെ കണ്ണിൽ സ്വന്തം വേദഗ്രന്ഥത്തിലെ വിഡ്ഢിത്തങ്ങൾ എക്കാലത്തേക്കും മറഞ്ഞേ ഇരിക്കൂ. അതും ഒരുതരം ദൈവവിധി ആവാം. ഇതുപോലൊരു ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനാണു് സൃഷ്ടിവാദികൾ ശ്രമിക്കുന്നതെങ്കിൽ അവരുടെ അവസ്ഥ ദയനീയം എന്നേ പറയേണ്ടതുള്ളു. ഇതുപോലെ അങ്ങേയറ്റം പ്രകൃതിവിരുദ്ധനും, മനുഷ്യവർഗ്ഗവിരുദ്ധനും, ബുദ്ധിശൂന്യനും ആയ ഒരു ദൈവത്തേക്കാൾ എല്ലാവിധത്തിലും ഉയർന്ന യോഗ്യത Flying Spaghetti Monster എന്ന ദൈവത്വത്തിനു് അവകാശപ്പെടാം എന്നാണെന്റെ അഭിപ്രായം.

മതഭ്രാന്തന്മാർ എന്ന അർത്ഥത്തിൽ താലിബാൻ അഫ്ഘാനിസ്ഥാനിൽ മാത്രമല്ല, അമേരിക്കയിലെ ചില ക്രൈസ്തവവിഭാഗങ്ങളിലുമുണ്ടു്. 2001-ലെ ട്വിൻ ടവർ തകർക്കലിനുശേഷം അവർക്കു് പിന്തുണ വർദ്ധിച്ചിട്ടുമുണ്ടു്. സ്വന്തം ഇന്റലിജെൻസില്‍  ഒതുങ്ങുന്ന ഒരു ഇന്റലിജെന്റ്‌ ഡിസൈനറെ അല്ലാതെ, അതിനപ്പുറമുള്ള ഒരു ഇന്റലിജെന്‍സിനെ ഉൾക്കൊള്ളാൻ മനുഷ്യർക്കു് ആവില്ല എന്ന കാര്യം ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയാത്തതുകൊണ്ടാവാം, പ്രപഞ്ചവും അതിലുള്ളവയും ഒരു ദൈവത്തിന്റെ “ഇന്റലിജെന്റ്‌ ഡിസൈൻ” ആണെന്നു് അവരിൽ ചിലർ വാദിക്കുന്നതു്. ഹോമോസെക്ഷ്വാലിറ്റി, ഭ്രൂണഹത്യ മുതലായവയ്ക്കെതിരായി നിലകൊള്ളുന്ന അവരിൽ, അന്യമതവിശ്വാസികളുടെ രാജ്യങ്ങളെ, പ്രത്യേകിച്ചും ഇസ്ലാം വിശ്വാസം നിലവിലിരിക്കുന്നവയെ, ആക്രമിച്ചു് ക്രിസ്തീയമാക്കണമെന്നുവരെ വാദിക്കുന്നവരുണ്ടു്. മുസ്ലീം താലിബാനു് വേണ്ടതു് ലോകം മുഴുവൻ ഇസ്ലാമാണെങ്കിൽ, അമേരിക്കയിലെ ക്രൈസ്തവതാലിബാനു് വേണ്ടതു് ലോകം മുഴുവൻ ക്രിസ്തുമതമാണു്. അതിനുള്ള ലെജിറ്റിമേഷൻ ആയി അവർ ഉയർത്തിപ്പിടിക്കുന്നതു് അധികപങ്കും വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയായ രണ്ടു് പഴഞ്ചൻ കഥാപ്പുസ്തകങ്ങളും.

പ്രകൃത്യതീതനായ ദൈവം

ശാസ്ത്രലോകത്തിൽ മാത്രമല്ല, ചിന്താശേഷിയുള്ള ധാരാളം മനുഷ്യരുടെ ഇടയിലും പ്രകൃത്യതീതനായ ഒരു ദൈവം എന്ന ആശയം യുക്തിയുക്തമായ കാരണങ്ങളാൽ അസ്വീകാര്യമാണു്. ഈ നിലപാടു് പുസ്തകരൂപേണ പ്രകടിപ്പിച്ചിട്ടുള്ള പലരിൽ ഒരാൾ മാത്രമാണു് റിച്ചാർഡ്‌ ഡോക്കിൻസ്‌. ഗോഡ്‌ ഡെല്യൂഷൻ എന്ന തന്റെ ഗ്രന്ഥത്തിൽ, മനസ്സിലാക്കണം എന്നു് ആഗ്രഹമുള്ളവർക്കൊക്കെ മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത വിധം ലളിതമായ ഭാഷയിൽ, ഒരു സ്യൂപ്പർ നാച്യുറൽ ദൈവം എന്തുകൊണ്ടു് പ്ലോസിബിൾ അല്ല എന്നു് ഡോക്കിൻസ്‌ വളരെ വ്യക്തമായി വിവരിക്കുന്നുണ്ടു്. എല്ലാം ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കുന്ന സൃഷ്ടിവാദികൾ അതു് വായിച്ചു് അതിലെ വാദമുഖങ്ങളെ ഓരോന്നായി ഖണ്ഡിക്കുകയാണെങ്കിൽ അതിനു് വസ്തുനിഷ്ഠതയും ശാസ്ത്രീയതയും ഉണ്ടെന്നു് പറയാമായിരുന്നു. അതൊന്നുമില്ലാതെ, ആ പുസ്തകത്തെ അധികരിച്ചു് ആരോ എഴുതിയ മറ്റൊരു പുസ്തകത്തെ അധികരിച്ചു് മറ്റാരോ എഴുതിയ ഒരു ബ്ലോഗിനെ അധികരിച്ചു് വേറെ ആരോ നടത്തിയ വിമര്‍ശനത്തിന്റെ പുറകെ നടന്നു് കുറെ കുറുക്കന്മാർ കൂവിയാൽ ഡോക്കിൻസ്‌ ഖണ്ഡിക്കപ്പെടുകയില്ല, സൃഷ്ടിവാദം ശരിയാണെന്നു് തെളിയുകയില്ല, പരിണാമസിദ്ധാന്തം തെറ്റാണെന്നു് സ്ഥാപിക്കപ്പെടുകയുമില്ല. സ്വന്തം വേദഗ്രന്ഥത്തിന്റെ ആത്യന്തികത്വത്തിലും അതിന്റെ ദൈവികമായ ഉറവിടത്തിലും ഉത്തമബോദ്ധ്യമുള്ളവർ, പ്രത്യേകിച്ചും അവർ ശാസ്ത്രത്തേയും ശാസ്ത്രത്തിന്റെ മെഥഡോളജിയേയും അംഗീകരിക്കാത്തവർ കൂടിയാവുമ്പോൾ, ന്യായമായും ചെയ്യേണ്ടതു്, എന്റെ അഭിപ്രായത്തിൽ, സകല ശാസ്ത്രസത്യങ്ങളേയും ആ ഗ്രന്ഥത്തിലെ നിത്യസത്യങ്ങളുടെ മാത്രം വെളിച്ചത്തിൽ ഖണ്ഡിക്കുകയാണു്. അല്ലാതെ, “വല്ലവന്റേയും സദ്യക്കു് വാ, എന്റെ വിളമ്പൽ കാണണമെങ്കിൽ” എന്ന രീതിയിൽ, ശാസ്ത്രത്തിന്റെ പുറകെ നടന്നു് ‘വിടവുകൾ’ ചൂണ്ടിക്കാണിക്കുന്നതു്, ഒരുതരം നാണംകെട്ട ഏർപ്പാടാണു്. ഇന്നുവരെ അറിവിന്റെ മേഖലയിലെ സകല വിടവുകളേയും അതൊക്കെ “ദൈവേഷ്ടം” എന്നു് എഴുതിത്തള്ളിയിട്ടുള്ളതല്ലാതെ, സ്വന്തമായി ഒരു വിടവുപോലും നികത്താൻ ത്രാണിയില്ലാതിരുന്നവർ ശാസ്ത്രം നികത്താത്ത വിടവുകളെ ചൂണ്ടിക്കാണിക്കുന്നതു് അവിടെയൊക്കെ സ്വന്തം ദൈവത്തെ തിരുകിക്കയറ്റുക എന്ന പഴയ അടവാണെന്നു് എല്ലാവർക്കുമറിയാം. പക്ഷേ, ഒളിച്ചിരുന്ന ഓരോ വിടവുകളിൽ നിന്നും വലിച്ചു് പുറത്തിടപ്പെട്ടതിനാൽ ഇന്നു് മിക്കവാറും കിടപ്പിടമില്ലാത്ത അവസ്ഥയിലെത്തിയ ദൈവത്തെ തിരുകിയാൽ മറയുന്നതല്ല അനുദിനമെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ “ശാസ്ത്രീയവിടവുകൾ”. അതുകൊണ്ടു്, വിടവുകൾ നികത്തപ്പെട്ടശേഷം കിത്താബിലെ വരികളെ വ്യാഖ്യാനിച്ചു് ഇടയിൽ തിരുകി സായൂജ്യമടഞ്ഞിരുന്ന സുവർണ്ണകാലം ഇങ്ങിനി വരാതെ മറഞ്ഞുകഴിഞ്ഞു. സൃഷ്ടിവാദികൾക്കു് അതിന്റെ ഒരു അസ്ക്യത അനുഭവപ്പെടുന്നതു് മനസ്സിലാക്കാവുന്ന കാര്യമാണു്. എന്തു് വില നൽകിയും ശാസ്ത്രബോധത്തിന്റെ വെളിച്ചം അനുയായികളുടെ തലയിലേക്കു് കടന്നുചെല്ലാതിരിക്കാൻ ശ്രദ്ധിച്ചാൽ കുറെനാൾകൂടി കഷ്ടിച്ചു് പിടിച്ചുനിൽക്കാനാവും എന്നല്ലാതെ മനുഷ്യരുടെ ബോധമണ്ഡലത്തിന്റെ വികാസത്തിനു് നിർബന്ധമായും കാരണമാവുന്ന “കാലത്തിന്റെ ആത്മാവിനെ” (German: Zeitgeist) എന്നേക്കുമായി തടഞ്ഞുനിർത്താൻ ദൈവവചനഘോഷണം എന്ന വാചാടോപത്തിനു് സാദ്ധ്യമാവില്ല. “എനിക്കുശേഷം പ്രളയം” എന്ന തത്വം മുദ്രാവാക്യമാക്കിയവർക്കു് അതിനപ്പുറത്തേക്കു് ചിന്തിക്കേണ്ട ആവശ്യമില്ല എന്ന വസ്തുതയും ഇവിടെ വിസ്മരിക്കുന്നില്ല.

പ്രപഞ്ചം എങ്ങനെ ഉണ്ടായി, ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി മുതലായ ചോദ്യങ്ങൾക്കു് ക്രിയേഷനിസ്റ്റുകൾക്കു് ഒരു മറുപടിയേയുള്ളു – “ദൈവം”! മറുപടി മറച്ചുപിടിക്കാനോ, അല്ലെങ്കിൽ, മറുപടി അറിയില്ല എന്നു് തെളിച്ചു് പറയുന്നതു് ഒഴിവാക്കാനോ ആയി നാടൻ ഭാഷയിൽ “ആർക്കറിയാം” എന്നോ “ദൈവത്തിനറിയാം” എന്നോ ഒക്കെ പറയുന്ന അതേ അർത്ഥമേ ഈ മറുപടിയ്ക്കും സത്യത്തിൽ നൽകേണ്ടതുള്ളു. ഒരു പിടിയുമില്ലാത്ത ഏതു് കാര്യത്തേസംബന്ധിച്ചും ആർക്കും എപ്പോഴും നൽകാവുന്ന “ദൈവം” എന്ന യൂണിവേഴ്സൽ മറുപടിക്കു്, പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച യുക്തിഭദ്രമായ അറിവു് എന്ന അർത്ഥത്തിൽ യാതൊരു വിലയുമില്ല, വാസ്തവത്തിൽ അതൊരു മറുപടി പോലുമല്ല എന്നതാണു് സത്യം. ചോദ്യം എന്താണെന്നുപോലും അറിയേണ്ട ആവശ്യമില്ലാതെ നൽകാവുന്ന, തെറ്റെന്നോ ശരിയെന്നോ ആർക്കും തെളിയിക്കാനാവാത്ത, ഇടിച്ചാൽ പൊട്ടാത്ത ഒരു “ഇഡിയറ്റ്‌ പ്രൂഫ്‌” മറുപടി എന്നതിൽക്കവിഞ്ഞ ഒരു മൂല്യവുമില്ലാത്ത ഒരു വെറും വാക്കു്, അതുമാത്രമാണു് ദൈവം. ദൈവം എന്ന ഈ മറുപടി, അതിന്റെ അർത്ഥമില്ലായ്മയുടെ അതേ ലെവലിൽത്തന്നെ ലളിതവുമായതിനാൽ, എണ്ണമറ്റ മനുഷ്യരും അവരുടെ മക്കളും മക്കളുടെ മക്കളുടെ മക്കളും തലമുറതലമുറകളായി ഇതിനോടകം ഇല്ലാത്ത ആ ദൈവം കൽപിച്ചതെന്നു് പഠിപ്പിക്കപ്പെട്ട  പ്രാർത്ഥനകൾ ചൊല്ലി, നേർച്ചകാഴ്ചകൾ അർപ്പിച്ചു്, ഏറിയോ കുറഞ്ഞോ സംതൃപ്തരായി ജീവിച്ചു് മരിച്ചിട്ടുണ്ടു്, ഇനിയും മരിക്കുകയും ചെയ്യും. സ്വന്തം പ്രവൃത്തികളെപ്പറ്റി വിമർശനാത്മകമായി ചിന്തിക്കാതിരിക്കുന്നിടത്തോളം, യാതൊരു സങ്കീർണ്ണതയുമില്ലാത്ത, സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്തവർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടൊന്നുമില്ലാത്ത, അത്ര ലളിതമായ ഒരു ആശയമാണു് ദൈവം. പൊതുവേ നോക്കുമ്പോൾ, ലോകജനസംഖ്യയിൽ അധികപങ്കും ദൈവവിശ്വാസികളാണു് എന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണു്. അതേസമയം, നോബെൽ പ്രൈസ്‌ നേടിയവരുടെയും, ശാസ്ത്രജ്ഞരുടെയും ഇടയിൽ നടത്തപ്പെട്ട സർവ്വേകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു് അവരുടെ ഇടയിൽ കാര്യങ്ങൾ നേരെ തിരിച്ചാണെന്നാണു്. പള്ളിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വിശുദ്ധന്മാരുടെ ഫോട്ടോകൾക്കു് മുന്നിൽ തലകുനിച്ചു് വണങ്ങി നടന്ന ഒരു അമ്മൂമ്മ അവസാനം ചെകുത്താന്റെ ഫോട്ടോയ്ക്കു് മുന്നിലും വണങ്ങുന്നതു് കണ്ടു് കാരണം തിരക്കിയപ്പോൾ, ഇനി ചത്തു് ചെല്ലുന്നതു് വല്ല നരകത്തിലെങ്ങാനും ആണെങ്കിലോ എന്നായിരുന്നു ആ ഭക്തയുടെ പ്രതികരണം. മിക്കവാറും ഇതുതന്നെയാണു് അധികം മനുഷ്യരും ദൈവത്തിൽ വിശ്വസിക്കുന്നതിനു് കാരണം. ഇനി, ദൈവമെങ്ങാനും ഉണ്ടെങ്കിലോ? അത്തരം വിശ്വാസം ആത്മാർത്ഥമല്ല എന്നു് മാത്രമല്ല, അടിസ്ഥാനരഹിതവുമാണു്. ഡോക്കിൻസ്‌ പറയുന്നപോലെ, യഹോവയാണു് ദൈവം എന്നുകരുതി വിശ്വസിച്ചു് ആരാധിച്ചിട്ടു് അവസാനം അവിടെയെത്തുമ്പോൾ സ്വർഗ്ഗീയസിംഹാസനത്തിൽ ഇരിക്കുന്നതു് കൊടിയ പിശാചായ Beelzebub എങ്ങാനുമാണെങ്കിൽ? മിനിമം ഒരു മനുഷ്യന്റെ ബുദ്ധിയെങ്കിലും ഉള്ളവനാണു് ദൈവമെങ്കിൽ, തെളിവൊന്നും ഇല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കാതിരുന്നതിന്റെ പേരിൽ, മനുഷ്യരെ കുറ്റം വിധിക്കുകയല്ല, യുക്തിയുക്തമായ അവരുടെ നടപടിയിൽ അവരെ അനുമോദിക്കുകയേ ചെയ്യൂ.

അറിവിന്റെ ഈ യുഗത്തിൽ പേർസ്സോണിഫൈ ചെയ്യപ്പെടുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രജ്ഞൻ എന്ന പദവിക്കു് അർഹനാണോ എന്നു് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നേ പറയാനുള്ളു. വിശ്വാസപരമായ കാര്യങ്ങളിൽ അപവാദങ്ങൾ അപഹസിക്കപ്പെടുന്ന അങ്ങേയറ്റം യാഥാസ്ഥിതികമായ സമൂഹങ്ങളിൽ ശാസ്ത്രജ്ഞരും ഒഴുക്കിനനുകൂലമായി ഒഴുകാൻ ശ്രമിക്കുന്നതു് മനസ്സിലാക്കാവുന്ന കാര്യമാണു്. പക്ഷേ, അത്തരം നിലപാടുകൾക്കു് ശാസ്ത്രലോകത്തിൽ ആകമാനം പ്രാതിനിധ്യസ്വഭാവം ആരോപിക്കുന്നതു് അസംബന്ധമേ ആവൂ. വിശ്വാസപരമായ കാര്യങ്ങൾക്കു് എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽത്തന്നെ, അതു് വ്യക്തിപരമായ തലങ്ങളിൽ മാത്രമായി ഒതുങ്ങുന്ന പരിഷ്കൃതവും സ്വതന്ത്രവുമായ സമൂഹങ്ങളിൽ ദൈവം ശാസ്ത്രലോകത്തിൽ ഒരു ചർച്ചാവിഷയമേ അല്ല. ദൈവാസ്തിത്വത്തിനു് അനുകൂലമായി ഉപയോഗിക്കാൻ പറ്റിയ ഓരോ കച്ചിത്തുരുമ്പുകളും തേടി പരക്കം പായുന്ന ക്രിയേഷനിസ്റ്റുകൾ ആസ്തികചായ്‌വുള്ള ശാസ്ത്രജ്ഞരെ വാനോളം ഉയർത്തിപ്പിടിക്കുന്നതുതന്നെ, ശാസ്ത്രത്തിനു് പരോക്ഷമായി അവർ നൽകുന്ന സ്ഥാനവിലയുടെ തെളിവാണു്. “പ്രപഞ്ചം സൃഷ്ടിച്ചതു് ദൈവമാണെന്നു് Mr. X എന്ന ശാസ്ത്രജ്ഞൻ പോലും അഭിപ്രായപ്പെട്ടു, പിന്നെയാണു് നീ” എന്ന ലൈൻ. ന്യൂട്ടണെപ്പോലുള്ള ശാസ്ത്രജ്ഞർ ദൈവവിശ്വാസികളായിരുന്നു എന്നതു്, ദൈവാസ്തിത്വത്തിന്റെ തെളിവു് എന്നതിനേക്കാൾ, അവർ ജീവിച്ചിരുന്ന സാമൂഹികപശ്ചാത്തലത്തിലേക്കാണു് വിരൽ ചൂണ്ടുന്നതു്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ നിലവിലിരിക്കുന്ന ഊരുവിലക്കുകളുടെ വകഭേദങ്ങൾ ഒരുകാലത്തു് യൂറോപ്യൻ സാമൂഹികജീവിതത്തിന്റേയും ഭാഗമായിരുന്നു. ഇന്നവർ ആസ്വദിക്കുന്ന വ്യക്തിസ്വാതന്ത്ര്യവും, മനുഷ്യാവകാശങ്ങളും ഏതെങ്കിലും ദൈവം സ്വർഗ്ഗത്തിൽ നിന്നും നൂലിൽ കെട്ടി ഇറക്കിക്കൊടുത്തതല്ല, ചിന്താശേഷിയുള്ള മനുഷ്യർ കൈവരിച്ച നേട്ടങ്ങളാണു്.

അതേസമയം, കഴിഞ്ഞ പോസ്റ്റിൽ നമ്മൾ കണ്ടതുപോലെ, ഏകദൈവവിശ്വാസം എന്ന ആശയം തന്നെ ലോകത്തിൽ ആദ്യമായി മനുഷ്യർ കേട്ടതു് ഏതാണ്ടു് 3300 വർഷങ്ങൾക്കു് മുൻപു് ഈജിപ്റ്റിലാണു്. അതിനുശേഷം, ചരിത്രമോ മിത്തോ എന്നു് ഇന്നും നിശ്ചയമില്ലാത്ത ഒരു മോശെക്കു് വെളിപ്പെട്ടു എന്നു് ബൈബിൾ അവകാശപ്പെടുന്ന യഹോവ B.C. 3761-ൽ പ്രപഞ്ചത്തെ സൃഷ്ടിക്കുകയായിരുന്നത്രെ! സൂര്യബിംബത്തെ ആധാരമാക്കിയുള്ള ഏകദൈവത്തെ ഫറവോ അഖേനറ്റെൻ സൃഷ്ടിച്ചപ്പോൾ, ഈ യഹോവ അവനു് പ്രത്യക്ഷപ്പെട്ടു് താനാണു് സാക്ഷാൽ ദൈവമെന്നും, സൂര്യദൈവം അന്യദൈവമാണെന്നും അവനെ ആരാധിക്കരുതെന്നും കൽപിച്ചു് എന്തുകൊണ്ടു് അവന്റെ മേൽ തീമഴ പെയ്യിക്കുകയോ, പുറപ്പാടു് കാലത്തെ മാതൃകയിൽ ഒരു  പത്തു് പന്ത്രണ്ടു് ബാധകൾ വരുത്തുകയോ ചെയ്തില്ല എന്നെനിക്കറിയില്ല. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനായി ഫീനോടൈപ്പും, ജീനോടൈപ്പും, ഞണ്ടും ഞവണിയുമായി ബിഗ്‌-ബാംഗിലേക്കു് കുതിക്കുന്ന അസ്തിത്വവാദികൾ അവരുടെ ദൈവത്തിനു് നൽകുന്ന വിശേഷണങ്ങളും നിർവചനങ്ങളും കേട്ടാൽ നരകത്തിലെ വറചട്ടിയിൽ പൊരിഞ്ഞുകൊണ്ടിരിക്കുന്ന ഫറവോ അഖേനറ്റെനും, സ്വർഗ്ഗത്തിൽ യഹോവയുടെ മടിയിൽ വസിക്കുന്ന മോശെയും ചിരിച്ചുചിരിച്ചു് തലകുത്തിമറിയും. 3300 വർഷങ്ങൾക്കു് മുൻപു് ഒരു ആശയം എന്ന രീതിയിൽ പോലും മനുഷ്യവർഗ്ഗത്തിനു് അജ്ഞാതമായിരുന്ന ഒരു ഏകദൈവത്തെയാണു്, ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ, 1375 കോടി വർഷങ്ങൾ പ്രായമുള്ള ഒരു പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി സൃഷ്ടിവാദികൾ കുടിയിരുത്തി പൂമാല അണിയിക്കുന്നതു്. കുറ്റം പറയരുതല്ലോ, അവരുടെ അഭിപ്രായത്തിൽ പ്രപഞ്ചത്തിനു് പതിനായിരം വർഷം പോലും പ്രായമില്ല. എന്നിട്ടും, വെറും 3300 വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന ഒരു അഖേനറ്റെൻ വേണ്ടിവന്നു തത്വത്തിലെങ്കിലും ഒരു ഏകദൈവത്തെ വിഭാവനം ചെയ്യാൻ! അതിനുശേഷം, മൃഗതൃഷ്ണയും (Fata Morgana) മറ്റു് പലതരം തോന്നലുകളും വിരളമല്ലാത്ത ഒരു മരുപ്രദേശത്തു് തീയുടെ നടുവിൽ എരിയാതെ നിൽക്കുന്ന ഒരു മുൾമരത്തെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ (എങ്കിലും രൂപമോ, നാമമോ ഒന്നുമില്ലാത്ത!) അതു് സകലത്തിന്റേയും സ്രഷ്ടാവായ ഏകദൈവം ആയിരുന്നു എന്നു് മോശെ ഏകപക്ഷീയമായി അങ്ങു് തീരുമാനിക്കുകയായിരുന്നു, എതിർപ്പുകളേയും അന്യനിലപാടുകളേയും മൃഗീയമായ കൊലപാതകങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയായിരുന്നു. ഈ ക്രൂരകൃത്യങ്ങളുടെ ഒരു സമാഹാരമാണു് പഴയനിയമം. പക്ഷേ, ദൈവം അപ്പോഴും സ്നേഹമാണു്!

മനുഷ്യർ അവരുടെ അറിവില്ലായ്മ എന്ന വിടവിൽ തിരുകാൻ കണ്ടുപിടിച്ച ദൈവം എന്ന ഒരർത്ഥവുമില്ലാത്ത ഈ വാക്കു് അതിൽത്തന്നെ ഒരു വലിയ പ്രശ്നമാവാൻ വഴിയില്ല. വേദഗ്രന്ഥങ്ങൾ വർണ്ണിക്കുന്നതുപോലുള്ള ഒരു സ്വഭാവക്കാരനായിരുന്നെങ്കിൽ ദൈവം ഈ ലോകത്തിൽ ദൈവത്തിന്റെ പ്രവാചകന്മാരെയോ, ദൈവപ്രതിനിധികളെയോ ഒരുനിമിഷം വച്ചുപൊറുപ്പിക്കുമായിരുന്നില്ല. മൃഗീയവും ലജ്ജാവഹവുമായ എന്തെല്ലാം കുറ്റകൃത്യങ്ങളാണു് അവർ ദൈവത്തിന്റെ തലയിൽ കെട്ടിവച്ചതു്? ഒരു എന്റിറ്റി എന്ന നിലയിൽ ദൈവത്തെ വരച്ചുകാണിക്കാൻ ശ്രമിക്കുന്ന ഓരോ മതത്തിന്റേയും വേദഗ്രന്ഥം ആ ദൈവത്തിനു് നേരെ ഉയർത്താവുന്നതിൽ വച്ചു് ഏറ്റവും വലിയ ദൈവനിന്ദയാണു്. യുദ്ധത്തിനും, കൊലപാതകങ്ങൾക്കും, വ്യഭിചാരങ്ങൾക്കും, സംസ്കൃതചിത്തനായ ഏതൊരു മനുഷ്യനേയും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള എല്ലാത്തരം ആഭാസത്തിനും കൂട്ടുനിൽക്കുന്നവനായി മാത്രമല്ല, സ്വയം വ്യഭിചാരം ചെയ്യുന്നവനായിപ്പോലും ദൈവത്തെ ചിത്രീകരിച്ചു് വച്ചിരിക്കുന്ന ഇത്തരം മനുഷ്യരെയല്ലാതെ പിന്നെ ആരെയാണു് നമ്മൾ ദൈവദോഷികൾ എന്നു് വിളിക്കേണ്ടതു്? ഈ ലോകത്തിലെ മുഴുവൻ വേദഗ്രന്ഥങ്ങളും ഒന്നൊഴിയാതെ സ്വർഗ്ഗത്തിൽ നിന്നും “തീയും ഗന്ധകവും” ഇറക്കി നിശ്ശേഷം നശിപ്പിക്കപ്പെടുന്നില്ല എന്നതാണു്, എന്റെ അഭിപ്രായത്തിൽ, ഒരു ദൈവം നിലനിൽക്കുന്നില്ല എന്നതിന്റെ ഏറ്റവും ശക്തമായ തെളിവു്. ഇല്ലാത്ത ഒരു ദൈവത്തിനല്ല, ആ ദൈവത്തെ ഭാവനയിൽ സൃഷ്ടിച്ച മനുഷ്യർക്കാണു് എല്ലാ മാനുഷികപ്രശ്നങ്ങളുടെയും ഉത്തരവാദിത്തം. – എവിടെ ദൈവമുണ്ടോ അവിടെ മനുഷ്യരുണ്ടു്, എവിടെ ദൈവവും മനുഷ്യരുമുണ്ടോ അവിടെ മതങ്ങളുണ്ടു്, എവിടെ ദൈവവും മനുഷ്യരും മതങ്ങളുമുണ്ടോ അവിടെ പ്രശ്നങ്ങളുമുണ്ടു് – അതൊരു പ്രശ്നമാണു്, അതു് അത്ര ചെറിയ ഒരു പ്രശ്നമല്ലതാനും.

ഒരു വ്യക്തിതന്നെ പല ശാസ്ത്രശാഖകളിൽ പണ്ഡിതനായിരുന്ന പുരാതനകാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്നു് ഒരു ശാസ്ത്രശാഖയിൽ പല അവാന്തരവിഭാഗങ്ങൾ രൂപമെടുത്തു് വളർന്നുകൊണ്ടിരിക്കുന്നു. ഇന്റർഡിസിപ്ലിനറി ആയ പരസ്പരസഹകരണം ഇല്ലാതെ ഇന്നു് അർത്ഥപൂർവ്വമായ ഗവേഷണങ്ങളും പഠനങ്ങളും സാദ്ധ്യമല്ല. അതുപോലൊരു ശാസ്ത്രീയസങ്കീർണ്ണതയിൽ, ഒരുവിധ ശാസ്ത്രീയ തെളിവുകളുടെയും പിൻബലമില്ലാതെ അതിന്റെയൊക്കെ തലപ്പത്തു് പ്രതിഷ്ഠിക്കപ്പെടുന്ന ഒരു ദൈവം പ്രശ്നങ്ങളുടെ പരിഹാരം എന്നതിനേക്കാൾ, കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനേ ഉതകൂ. ശാസ്ത്രീയസങ്കീർണ്ണതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണു് പരിണാമസിദ്ധാന്തം. 1859-ൽ The Origin of Species എന്ന ഗ്രന്ഥത്തിലൂടെ ചാൾസ്‌ ഡാർവിൻ ആവിഷ്ക്കരിച്ച പരിണാമസിദ്ധാന്തത്തിനോടു് 1930-കളിൽ Mendelian inheritance കൂട്ടിച്ചേർക്കപ്പെട്ടു. ഡാർവിന്റെ മരണശേഷം രൂപമെടുത്തവയോ വികാസം പ്രാപിച്ചവയോ ആയ Genetics, Populationsbiologie, Paleontology, Zoology, Botany, Biological systematics മുതലായ ശാസ്ത്രശാഖകളിൽ നിന്നുള്ള അറിവുകൾ കൂടി സംയോജിപ്പിച്ചു് വിപുലീകരിക്കപ്പെട്ടതാണു് ഇന്നത്തെ modern evolutionary synthesis. ആ അർത്ഥത്തിൽ, പരിണാമസിദ്ധാന്തം ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന ഒരു വസ്തുതയാണു്. പരിമിതികൾ മാത്രം ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏതാനും സൃഷ്ടിവാദികളെ തൃപ്തിപ്പെടുത്തുക എന്നതല്ല ഒരു ശാസ്ത്രത്തിന്റെയും ലക്ഷ്യം. സേപിയൻസ്‌ ഹോമ്യോപ്പതിയോ അലോപ്പതിയോ എന്നു് ചർച്ച ചെയ്യാൻ ഇതിന്റെയൊന്നും ആവശ്യവുമില്ല. നിയോ-ഡാർവിനിയൻ സിന്തെസിസ്‌ എന്തെന്നു് മനസ്സിലാക്കിയവർ എന്നിട്ടും പരിണാമസിദ്ധാന്തം തെറ്റെന്നു് സ്ഥാപിക്കാൻ ശ്രമിക്കുകയും, അതിനേക്കാൾ മെച്ചം സൃഷ്ടിവാദം ആണെന്നു്, വാദിക്കുകയും ചെയ്യുന്നുവെങ്കിൽ, അതിന്റെ കാരണം, ഒന്നുകിൽ അവരുടെ ബുദ്ധിഹീനത, അല്ലെങ്കിൽ അവർക്കു് ബാല്യത്തിലേ സംഭവിച്ച മസ്തിഷ്കപ്രക്ഷാളനം. ഈ രണ്ടു് തകരാറുകൾക്കും കാര്യമായ പ്രതിവിധിയൊന്നുമില്ല. മുകളിൽ സൂചിപ്പിച്ച ഏകദൈവത്തിന്റെ ഉത്ഭവചരിത്രം വായിച്ചിട്ടും ഒരു പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിൽനിന്നും പിടിവിടാൻ കഴിയാത്തവർ എവൊല്യൂഷനറി സിന്തെസിസ്‌ വായിച്ചിട്ടും കാര്യമൊന്നുമില്ല. എല്ലാം ദൈവം സൃഷ്ടിച്ചു, എല്ലാം ദൈവത്തിന്റെ ഗ്രന്ഥത്തിൽ ഉണ്ടു് എന്നൊക്കെ പറയുന്നതും, വസ്തുതകൾ തുറന്നു് പറയുന്നവരെ തെറിവിളിച്ചു് നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതും പോലെ അത്ര എളുപ്പമല്ല ശാസ്ത്രസംബന്ധമായ കാര്യങ്ങൾ. “ഞാൻ പൂച്ചയെ കാക്കയെന്നു് കണ്ടു, അങ്ങനെയല്ലെങ്കിൽ നിനക്കു് വിശദീകരിക്കാം” എന്നു് പറയുന്നതു് ശാസ്ത്രമല്ല, അതിന്റെ പേരു് വേറെയാണു്.

“മനുഷ്യാന്തസ്സിനോടുള്ള അധിക്ഷേപമാണു് മതം. മതമുണ്ടായാലും ഇല്ലെങ്കിലും, നന്മ ചെയ്യുന്ന നല്ല മനുഷ്യരും, തിന്മ ചെയ്യുന്ന ചീത്ത മനുഷ്യരും ഉണ്ടായിരിക്കും. പക്ഷേ, നല്ല മനുഷ്യരെക്കൊണ്ടു് തിന്മ ചെയ്യിക്കാൻ മതം തന്നെ വേണം.” – Steven Weinberg

“മതപരമായ ഉത്തമവിശ്വാസത്തിന്റെ പേരിൽ ചെയ്യുന്നത്ര പൂർണ്ണമായും സന്തോഷത്തോടെയും മനുഷ്യർ ഒരിക്കലും കുറ്റകൃത്യങ്ങൾ ചെയ്യുകയില്ല.” – Blaise Pascal

താത്പര്യമുള്ളവർക്കു് വായിക്കാൻ ബ്ലോഗിലെ ഒരു നല്ല ലേഖനം: പരിണാമം, വസ്തുതകൾ – ബാബുരാജ്‌

(തുടരും)

 
6 Comments

Posted by on Dec 20, 2010 in മതം

 

Tags: , , ,

പ്രപഞ്ചസൃഷ്ടി എന്തെളുപ്പം!

ഈയിടെ കേട്ട ഒരു വിശ്വാസിയുടെ വാദമാണു്: “ദൈവത്തിനു് ആരംഭമില്ല”.

ദൈവത്തിൽ വിശ്വസിച്ചാൽ കാര്യങ്ങൾ പൊതുവേ എളുപ്പമാണെന്നു് കേട്ടിട്ടുണ്ടു്. എന്നാലും ഇത്ര എളുപ്പമാണെന്നു് കരുതിയിരുന്നില്ല. ഈ ദൈവമാണു് ശൂന്യതയിൽ നിന്നും എല്ലാം സൃഷ്ടിച്ചതു് എന്നുകൂടി കേട്ടപ്പോൾ, മരിച്ചു് ജീർണ്ണിക്കാൻ തുടങ്ങിയവനെ ഉയിർപ്പിക്കുന്നതു് നേരിൽ കണ്ടത്ര അത്ഭുതം. പ്രപഞ്ചസൃഷ്ടിയുടെ കഥയിങ്ങനെ: പണ്ടുപണ്ടു് ഒന്നുമുണ്ടായിരുന്നില്ല, ഒന്നും, യാതൊന്നും. എല്ലാം വെറും ശൂന്യം. കാക്കത്തൊള്ളായിരംകോടി ശൂന്യമായ വർഷങ്ങൾ ശൂന്യമായ കലണ്ടറിലൂടെ അങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു. അപ്പോൾ ശൂന്യതയിൽ ശൂന്യനായി നിലകൊള്ളുന്ന ആർക്കോ തോന്നി: “ഇതങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ, എത്ര നാളാണു് ഇങ്ങനെ ഒന്നുമില്ലാതെ ശൂന്യമായിരിക്കുക?” അപ്പോൾ ശൂന്യതയിൽ ശൂന്യനായി നിലകൊള്ളുന്ന മറ്റാർക്കോ തോന്നി: “അതിനെന്തു് പ്രശ്നം, ഇത്രയും നാൾ ഒന്നുമില്ലാതെ ശൂന്യമായിരുന്ന സ്ഥിതിക്കു് ഇനിയും ഒന്നുമില്ലാതെ ശൂന്യമായി ഇരിക്കാമല്ലോ.” ശൂന്യതയിൽ ശൂന്യത ഒഴികെ മറ്റൊന്നുമില്ലാത്തതിനാൽ അവിടെ ഒച്ചവക്കാൻ തൊണ്ടയോ, ശബ്ദതരംഗങ്ങൾക്കു് സഞ്ചരിക്കാൻ അന്തരീക്ഷമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു്, ഇതൊന്നും ആരും പറഞ്ഞുമില്ല, ആരും കേട്ടുമില്ല. പക്ഷേ, പറയാത്തതും കേൾക്കാത്തതും ശൂന്യമായ മനസ്സിൽ “ഉൾക്കൊള്ളാൻ കഴിയുന്ന” ശൂന്യനായ ഒന്നു് ശൂന്യതയിൽ കഴിഞ്ഞിരുന്നു. ഈ ശൂന്യൻ എങ്ങനെ ഈ ശൂന്യതയിൽ എത്തി? അതു് ആ ശൂന്യതക്കും വലിയ പിടിയില്ല. ശൂന്യതയിൽ നിന്നും ഏതു് ശൂന്യൻ ഈ ചോദ്യം ചോദിച്ചാലും “ശൂന്യനായ ഞാൻ ആരംഭശൂന്യനാണു്” എന്ന ഒരൊറ്റക്കരച്ചിൽ മാത്രം ശൂന്യതയിൽ നിന്നും കേൾക്കാം. ശൂന്യതയിൽ വോക്കൽ ഫോൾഡ്സും അന്തരീക്ഷവുമൊന്നും ഇല്ലാത്തതിനാൽ അങ്ങനെ ആരും ചോദിച്ചുമില്ല, കരച്ചിൽ ആരും കേട്ടുമില്ല. ആരംഭമില്ലാത്ത ശൂന്യമായ ഒന്നിനു് ആരംഭം എന്നൊരു (ശൂന്യമായ) ഐഡിയ തോന്നുമോ? നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ തോന്നും എന്നായിരിക്കും മറുപടി. തോന്നില്ല എന്ന സത്യം തോന്നണമെങ്കിൽ നിങ്ങൾ യാഥാർത്ഥ്യബോധമുള്ള ഒരു അവിശ്വാസി ആയിരിക്കണം. ഒരു തികഞ്ഞ ശൂന്യതയിൽ ശൂന്യത ഒഴികെ ബാക്കിയെല്ലാം അസംബന്ധമാണു്. ശൂന്യതയിൽ അസംബന്ധം പോലും അസംബന്ധവും ശൂന്യവുമാണു്. എന്നിട്ടും, ശൂന്യതയിൽ ശൂന്യനായി കഴിഞ്ഞിരുന്ന ആരംഭശൂന്യതക്കു് “ഒരിക്കൽ” ഒരു ആരംഭശൂരത്വം തോന്നി എന്നു് പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച വേദോപദേശം.

നമുക്കു് യാഥാർത്ഥ്യങ്ങളുടെ ലോകത്തിലേക്കു് മടങ്ങി വരാം.

ഏകദേശം 1375 കോടി വർഷങ്ങൾ പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ 454 കോടി വർഷങ്ങൾക്കു് മുൻപു് നമ്മുടെ ഭൂമിയും, കാലക്രമേണ അതിൽ അമീനോ ആസിഡുകളും, ഏകകോശജീവികളും, ബഹുകോശജീവികളും, ജലജീവികളും, കരജീവികളുമൊക്കെ രൂപമെടുത്തു എന്നു് വിശ്വസിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്ന ചിലർക്കു് ഇപ്പറഞ്ഞ മുഴുവൻ വസ്തുതകളും ആറോ എട്ടോ ദിവസം കൊണ്ടു് ഒരു ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കാൻ ബൗദ്ധികമോ യുക്തിപരമോ ആയ ഒരു പ്രശ്നവുമില്ല, അതൊക്കെ വിളിച്ചുപറയാൻ ലജ്ജയുമില്ല. ലിഖിതചരിത്രത്തിനു് ഏതാനും ആയിരം വർഷങ്ങൾ മാത്രമേ പഴക്കമുള്ളു. അതിനപ്പുറമുള്ള മനുഷ്യരാശിയുടേയും, ഭൂമിയുടേയും പ്രപഞ്ചത്തിന്റേയും ചരിത്രം ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യർ മനസ്സിലാക്കാൻ തുടങ്ങിയിട്ടു് ഏതാനും നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളു. “മനുഷ്യനൊഴികെ മറ്റൊരു മൃഗവും സർവ്വകലാശാലകൾ സ്ഥാപിക്കുകയോ, പുസ്തകങ്ങൾ എഴുതുകയോ, ഡോക്ടറേറ്റ്‌ എടുക്കുകയോ ചെയ്തിട്ടില്ല” എന്നതിനാലാവാം, “ദിവസക്കൂലിക്കു്” പ്രപഞ്ചം സൃഷ്ടിച്ച ആ ദൈവം മനുഷ്യവർഗ്ഗം ഉണ്ടാവുന്നതിനു് മുൻപോ, ഉണ്ടായതിനു് ശേഷം അവരുടെ ബുദ്ധി “വൈസ്‌ ചാൻസലർ” ആവാൻ മാത്രം വളർച്ച പ്രാപിക്കുന്നതുവരെയോ ഭൂമിയിൽ ആർക്കും പ്രത്യക്ഷപ്പെട്ടതായി അറിവില്ല. ബോധപൂർവ്വം ചിന്തിക്കാനുള്ള മനുഷ്യരുടെ ശേഷി രൂപമെടുത്തു് അധികം താമസിയാതെതന്നെ, ഏതു് പൊട്ടത്തരവും ആധികാരികം എന്നു് തോന്നുന്ന വിധം തറപ്പിച്ചു് പറഞ്ഞാൽ, പൊതുജനം എന്ന പേരിൽ അറിയപ്പെടുന്ന ബഹുഭൂരിപക്ഷം കഴുതകളും അതു് സത്യം എന്നു് അംഗീകരിക്കുമെന്നു് ചുരുക്കം ചിലർ മനസ്സിലാക്കി. താരതമ്യേന ബുദ്ധിമാന്മാർ എന്നു് പറയാമായിരുന്ന ഇക്കൂട്ടരിൽത്തന്നെ, തത്വദീക്ഷയില്ലാത്തവരായിരുന്ന ചിലർ മനുഷ്യരുടെ ഈ ബലഹീനതയിലെ കച്ചവടസാദ്ധ്യത തിരിച്ചറിയുകയും അവരെ ചൂഷണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ, അവരിലെ കൺകെട്ടുകാരും മന്ത്രവാദികളും ഞൊടിവൈദ്യന്മാരും പണ്ഡിതരായ ഉപദേശികളായി വേഷം കെട്ടി. മനുഷ്യജീവിതത്തിനും മരണത്തിനുപോലും അഭൗമികമായ ഒരു “അർത്ഥം” ഉണ്ടെന്ന അടിസ്ഥാനരഹിതമായ പച്ചനുണ അവർ ലോകം മുഴുവൻ പ്രചരിപ്പിച്ചു. കാലാന്തരത്തിൽ, ഈ മിഥ്യാസങ്കൽപം മനുഷ്യമനസ്സിൽ മുളച്ചുവളർന്നു് പടർന്നുപന്തലിച്ചു് ഒരു തികഞ്ഞ യാഥാർത്ഥ്യമെന്നപോലെ ഒരു വന്മരമായി നിലകൊണ്ടു. ഇന്നും പറിച്ചുമാറ്റാനാവാത്തവിധം പലരെയും ഈ “അർത്ഥംതേടൽ ഭ്രാന്തു്” പിടികൂടിയിരിക്കുന്നു. നഞ്ചുപിടിച്ച മീനുകളെപ്പോലെ, മനുഷ്യജീവിതത്തിനു് ഈ ഭൗതികജീവിതത്തിനും അതീതമായി ഉണ്ടെന്നു് ആരോ പറഞ്ഞുകേട്ട ഏതോ “അഭൗതിക അർത്ഥം” തേടി അലയാൻ തുടങ്ങിയ ജനങ്ങളുടെ ഇടയിൽ വഞ്ചകൻ ദൈവദൂതനും “അദ്ധ്യാപകനും” ആയി അംഗീകരിക്കപ്പെട്ടു. അങ്ങനെ, വായാടികളായ നുണയർ ദൈവത്തിന്റെ പ്രതിനിധികളും, പ്രവാചകന്മാരുമൊക്കെ ആയി രൂപാന്തരം പ്രാപിച്ചു. കാലക്രമേണ, ശുദ്ധമനസ്കരായ മനുഷ്യരെ പാപികളാക്കി മുദ്രകുത്തിയ ഈ കപടന്മാർ അവരുടെ പിടലിയിൽ, പിടിവിടാൻ മടിക്കുന്ന ഒരു കടൽക്കിഴവനെപ്പോലെ, ഇന്നും അള്ളിപ്പിടിച്ചിരിക്കുന്നു. ദൈവത്തിന്റെ പിൻബലത്തോടെ വിളമ്പുന്ന ഏതു് നുണയും വെള്ളം തൊടാതെ വിഴുങ്ങുന്ന വിഡ്ഢികളായി മനുഷ്യർ പതിയെപ്പതിയെ മെരുക്കിയെടുക്കപ്പെട്ടു.

ഏതാണീ ദൈവം? ഈ ദൈവം എവിടെ നിന്നു് വരുന്നു? ചരിത്രം ആ ദൈവത്തെപ്പറ്റി എന്തു് പറയുന്നു? എന്നുമുതലാണു് ഈ ഭൂമിയിൽ ദൈവങ്ങളുടെ തേരോട്ടം ആരംഭിച്ചതു്? സ്വർഗ്ഗത്തിൽ നിന്നും മനുഷ്യരുടെ ഇടയിലേക്കുള്ള ദൈവങ്ങളുടെ യാത്രയിൽ അവരുടെ “തേരുകൾ” അവർ സ്വയം തെളിക്കുകയായിരുന്നോ? സഹസ്രാബ്ദങ്ങളിൽ മനുഷ്യർ ചോദിക്കാതിരുന്ന, ചോദിക്കാൻ ഭയപ്പെട്ടിരുന്ന, ഈ ചോദ്യങ്ങൾ നമുക്കു് നമ്മോടുതന്നെ ഒന്നു് ചോദിച്ചുനോക്കാം. പുരാതനകാലം മുതൽ മനുഷ്യർക്കു് വിശദീകരിക്കാനാവാതിരുന്ന പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളുടെയെല്ലാം പിന്നിൽ “എന്തോ ചിലതു്” മറഞ്ഞിരിക്കുന്നുണ്ടെന്ന കാര്യത്തിൽ മനുഷ്യർക്കു് സംശയമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ദൈവങ്ങൾ ആശയപരമായി ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിലും, ചിന്താശേഷിയുടെ ഒരു പ്രധാന ഘടകമായ “ചോദ്യം ചെയ്യൽ” ചില മറുപടികൾ കണ്ടെത്താനുള്ള അന്വേഷണത്തിനു് അവരെ നിർബന്ധിച്ചു. അതിനുള്ള ശേഷി കൈവരിച്ച ചിലർ ഈ ഭൂമിയിലും, ഭൂമിക്കു് മുകളിൽ ആകാശത്തിലും കാണുന്നതൊക്കെ എന്തെന്നും, മനുഷ്യർക്കു് ഈ ഭൂമിയിൽ എന്തു് കാര്യം എന്നുമൊക്കെ ആലോചിക്കാൻ തുടങ്ങി. ഒരു മൃഗത്തിനു് ഈ ഭൂമിയിൽ എന്തു് കാര്യമുണ്ടോ, അതേ കാര്യമേ മനുഷ്യർക്കും ഉള്ളു എന്നു് സമ്മതിക്കാൻ അവരിൽ പലരും തയ്യാറായിരുന്നില്ല. അത്ര ഉന്നതമായിരുന്നു അവർ മനുഷ്യർക്കു് കൽപിച്ചു് നൽകിയ സ്ഥാനവില. ആകാശവും ഭൂമിയും പോലെ അത്ര വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഭൂമിക്കടിയിലും ചില ലോകങ്ങൾ ഒക്കെ ഉണ്ടാവാമെന്ന കാര്യത്തിൽ അവർക്കു് കാര്യമായ സംശയമൊന്നും ഉണ്ടായിരുന്നില്ല. അതിനോടകം നിത്യോപയോഗത്തിനായി അത്യാവശ്യം ചില വസ്തുക്കളും പണിയായുധങ്ങളുമെല്ലാം നിർമ്മിക്കാൻ അവരിൽ ചിലർക്കു് പ്രാപ്തി കൈവന്നു് കഴിഞ്ഞിരുന്നതിനാൽ, ഇക്കാണുന്നവ മുഴുവൻ അതേ അടിസ്ഥാനത്തിൽ ഏതോ മൂത്താശാരികൾ നിർമ്മിച്ചതായിരിക്കാം എന്ന ന്യായമായ നിഗമനത്തിൽ അവർ എത്തി. കാലക്രമേണ ഓരോ ദൈവത്തിനും അവരുടേതായ ചുമതലകൾ മനുഷ്യർ പകുത്തുനൽകി. ഈ ദൈവങ്ങൾ അവരുടെ ജോലി കൃത്യമായി, എന്നുവച്ചാൽ, മനുഷ്യർക്കു് അനുകൂലമായി, നിറവേറ്റുന്നതിനുവേണ്ടി ബലികളും മറ്റു് കർമ്മങ്ങളും നടത്തപ്പെട്ടു. മനുഷ്യരെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ തൃപ്തിപ്പെടുത്തുന്നവയായിരുന്നു ദൈവങ്ങൾക്കുവേണ്ടി നടത്തപ്പെട്ടിരുന്ന എല്ലാ ചടങ്ങുകളും. മനുഷ്യരെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ദൈവങ്ങളെ എന്തുകൊണ്ടു് തൃപ്തിപ്പെടുത്താതിരിക്കണം?

ഇത്തരം പലദൈവങ്ങളെ സൃഷ്ടിച്ചവരാണു് ഭാരതീയർ, ഈജിപ്റ്റുകാർ, ഗ്രീക്കുകാർ മുതലായവർ. ഈജിപ്റ്റിലെ ബഹുദൈവവിശ്വാസത്തിനു് അന്ത്യം കുറിച്ചുകൊണ്ടു് ചരിത്രത്തിൽ ആദ്യമായി ഫറവോ Akhenaten സൂര്യബിംബത്തിൽ അധിഷ്ഠിതമായ ഒരു ഏകദൈവവിശ്വാസം സ്ഥാപിക്കാൻ ശ്രമിച്ചു. എങ്കിലും അവന്റെ കാലശേഷം ഏകദൈവ ആശയം ഈജിപ്റ്റിലെ പഴയ ബഹുദൈവവിശ്വാസത്തിന്റെ പുരോഹിതന്മാരാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. അതിനുശേഷം നമ്മൾ ഏകദൈവവിശ്വാസം കാണുന്നതു് യഹോവ എന്നൊരു ദൈവത്തിന്റെ നാമത്തിൽ മോശെ സ്ഥാപിച്ച യഹൂദമതത്തിലാണു്. തനിക്കു് സമീപം മറ്റൊരു ദൈവത്തെയും വച്ചുപൊറുപ്പിക്കാത്ത, അങ്ങേയറ്റം അസഹിഷ്ണുവായ, ഒരു മഹാപ്രളയം വഴി മുഴുവൻ ലോകത്തേയും നശിപ്പിക്കാൻ മടിക്കാത്ത, ആകാശത്തിൽ നിന്നും തീയും ഗന്ധകവും ഇറക്കി ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കാൻ സങ്കോചമൊന്നുമില്ലാത്ത ഈ ദൈവത്തിന്റെ നാമത്തിൽ ഇന്നു് മൂന്നു് ലോകമതങ്ങളാണു് നിലവിലിരിക്കുന്നതു് – അബ്രാഹാമിന്റേയും ഇസഹാക്കിന്റേയും യാക്കോബിന്റേയും ദൈവമായ യഹോവയുടെ നാമത്തിൽ മോശെ സ്ഥാപിച്ച യഹൂദമതം, യഹോവയുടെ ഏകജാതനെന്നു് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ നാമത്തിലെ ക്രിസ്തുമതം, മോശെയേയും, അബ്രാഹാമിനേയും, യേശുവിനേയും, ബൈബിളിലെ മറ്റനവധി കഥാപാത്രങ്ങളേയും പ്രവാചകന്മാരായി അംഗീകരിച്ചുകൊണ്ടു്, അല്ലാഹു എന്ന ദൈവത്തിന്റെ നാമത്തിൽ മുഹമ്മദ്‌ സ്ഥാപിച്ച ഇസ്ലാം എന്ന മതം.

ചുരുക്കത്തിൽ, മേൽപറഞ്ഞ ബഹുദൈവങ്ങളും, ഈ ഏകദൈവവും മനുഷ്യരുടെ ജീവിതത്തിലേക്കു് സ്വമേധയാ നുഴഞ്ഞു് കയറുകയായിരുന്നില്ല, ദൈവവിശ്വാസം മനുഷ്യരിൽ അടിച്ചേൽപിച്ചാൽ ഉണ്ടാക്കാൻ കഴിയുന്ന ഭൗതികനേട്ടങ്ങൾ തിരിച്ചറിഞ്ഞ ഒരുകൂട്ടം ഇത്തിക്കണ്ണികൾ പൗരോഹിത്യവേഷം അണിഞ്ഞു് ദൈവങ്ങളെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും സാവകാശം തിരുകിക്കയറ്റുകയായിരുന്നു. ലോകത്തിലെ മുഴുവൻ മനുഷ്യരേയും ഒരു മഹാപ്രളയത്തിൽ മുക്കിക്കൊന്നപ്പോഴും എട്ടു് “നല്ല മനുഷ്യർ” രക്ഷിക്കപ്പെട്ടു എന്ന കെട്ടുകഥയിലൂടെ പുരോഹിതൻ പൊക്കിക്കാണിക്കുന്നതു് ഒരു ഗുണപാഠത്തേക്കാളേറെ മനുഷ്യരാശിക്കുള്ള ഒരു താക്കീതാണു്. മതന്യൂറോസിസ്‌ ബാധിച്ച കോടിക്കണക്കിനു് മനുഷ്യരിലൂടെ ഇന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുപോലെ, ഇതും, ഇതുപോലുള്ള താക്കീതുകളും ഫലം കാണാതെ പോയതുമില്ല. സ്വതന്ത്രചിന്തയിലേക്കു് ഒരു ചുവടുപോലും വയ്ക്കാൻ കഴിയാത്തവിധം മനുഷ്യനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്ന ഒരു കിനാവള്ളിയായി ഇന്നവർ ആ ദൈവത്തെ രൂപാന്തരപ്പെടുത്തിക്കഴിഞ്ഞു. മനുഷ്യഭാവനയിൽ മാത്രമല്ലാതെ, മറ്റേതെങ്കിലും വിധത്തിലുള്ള ഒരു നിലനിൽപുമില്ലാത്ത, മനുഷ്യരുടെ തന്നെ ഭാവനയുടെ വെറുമൊരു സൃഷ്ടി മാത്രമായ ദൈവമെന്ന മസ്തിഷ്കഭൂതത്തെ നോക്കി, ഇടത്തോട്ടു് തിരിയുമ്പോഴും, വലത്തോട്ടു് തിരിയുമ്പോഴും, ജീവിതത്തിലെ ഓരോ പ്രവൃത്തികളും ചെയ്യുമ്പോഴും ഭയന്നു് വിറയ്ക്കുന്നവരാണു് വിശ്വാസികളായ കോടാനുകോടി മനുഷ്യർ. ഈ ഭയത്തിന്റെ നിഴലിൽ നിന്നും സ്വയം മോചിപ്പിച്ചു്, സ്വതന്ത്രമായി ചിന്തിക്കാൻ ഒരു നിമിഷം മനുഷ്യൻ തയ്യാറായാൽ മതി, ഒരിക്കലും മടങ്ങിവരാത്തവിധം ദൈവം എന്ന മിഥ്യാരൂപം എന്നേക്കുമായി ശൂന്യതയിൽ മറയും. മനുഷ്യജീവിതത്തിനു് ദൈവം ഒരു അനിവാര്യതയല്ല. മനുഷ്യൻ സ്വന്തം ആവശ്യത്തിനായി സൃഷ്ടിക്കുന്ന മനഃശാസ്ത്രപരമായ അത്താണികൾക്കു് പ്രകൃത്യതീതമായ ഒരു ദൈവത്തിന്റെ നിലനിൽപുമായി യാതൊരു ബന്ധവുമില്ല. നാൽക്കവലയിലോ ആരാധനാലയങ്ങൾക്കു് മുന്നിലോ ഒരു നേർച്ചപ്പെട്ടിയും വച്ചു് ഇരയെക്കാത്തിരിക്കേണ്ട ഗതികേടുള്ള ഒരു ദൈവത്തിനെ ബിഗ്‌ബാംഗിനും അപ്പുറത്തു് കൊണ്ടുപോയി പ്രതിഷ്ഠിക്കുന്നതു്, പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡിൽ നിന്നും രണ്ടുരൂപയ്ക്കു് വാങ്ങിയ ഏലസ്സിൽ പ്രപഞ്ചസൃഷ്ടിയുടെ ചുമതല അടിച്ചേൽപിക്കുന്നതിനു് തുല്യമാണു്. ഇത്തരം ഭ്രാന്തുകളുടെ ഉത്തരവാദിത്വം ഏലസ്സിനോ ഏതെങ്കിലും ദൈവത്തിനോ അല്ല, ഈ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ആരോ അവർക്കാണു്.

മനുഷ്യൻ ഉണ്ടാവുന്നതിനു് മുൻപു് ദൈവം എന്ന ആശയം പോലും ഉണ്ടാവാൻ കഴിയുമായിരുന്നില്ല എന്നു് മനസ്സിലാക്കാൻ പ്രാഥമിക അറിവേ ആവശ്യമുള്ളു. മനുഷ്യമനസ്സിലല്ലാതെ ഒരു ദൈവത്തിനും നിലനിൽപില്ല, നിലനിൽക്കാനാവില്ല. ഒരു സ്യൂപ്പർ നാച്യുറൽ പവ്വർ എന്ന നിലയിൽ ഒരു ദൈവം മനുഷ്യനു് മുൻപോ, മനുഷ്യനു് ശേഷമോ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ, വ്യത്യസ്ത സംസ്കാരങ്ങളിലെ ബഹുദൈവങ്ങൾ, ഈജിപ്റ്റിലെ ഫറവോ അഖേനറ്റെന്റെ സൂര്യദൈവം “അറ്റെൻ”, മോശെയുടെയും, യേശുവിന്റേയും മുഹമ്മദിന്റേയും ദൈവം യഹോവ/അല്ലാഹു എന്നീ ഏകദൈവങ്ങൾ – ഇത്രയും മാത്രമാണു് ദൈവോത്ഭവം സംബന്ധിച്ച ചരിത്രപരമായ അറിവുകളുടെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നതും രേഖാമൂലം തെളിയിക്കാനാവുന്നതുമായ സത്യങ്ങൾ. അതിനപ്പുറമുള്ളതെല്ലാം ഇവയുടെ വിശദാംശങ്ങളാണു്. ഈ കേന്ദ്രബിന്ദുവിനെ യാതൊരു കാരണവശാലും സ്പര്‍ശിക്കാതെ, വിശദാംശങ്ങളിൽ നിന്നും അനുയോജ്യമായതു് മാത്രം തിരഞ്ഞെടുത്തു്, സ്വന്തനിലപാടുകളുടെ ന്യായീകരണത്തിനായി അവയെപ്പോലും വളച്ചൊടിച്ചു് വ്യാഖ്യാനിക്കുന്നതാണു്  “മതതത്വശാസ്ത്രം”. ശാസ്ത്രത്തിനു് എതിരായ നിലപാടു് സ്വീകരിക്കുന്ന മതങ്ങൾക്കുപോലും അവരുടെ പഠിപ്പിക്കലുകളെ “ഓത്തു്” എന്നു് വിളിക്കുന്നതിനേക്കാൾ മതതത്വ”ശാസ്ത്രം” എന്നു് വിളിക്കുന്നതാണു് ഇഷ്ടം. അങ്ങനെയെങ്കിൽ, ഈ ശാസ്ത്രം എന്നു് പറയുന്ന സംഗതി അത്ര മോശമായിരിക്കാൻ വഴിയില്ല. ഉത്തരത്തിനടിയിലെ പല്ലികൾ പോലും തങ്ങൾ പറയുന്നതു് “ശാസ്ത്രം” ആണെന്നാണു് അവകാശപ്പെടുന്നതു്! അധികം താമസിയാതെ പല്ലികൾ സർവ്വകലാശാലകൾ തുടങ്ങി ഗൗളിശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നൽകാൻ തുടങ്ങിയാലും നമ്മൾ അത്ഭുതപ്പെടേണ്ടതില്ല.

ദൈവാസ്തിത്വം സ്ഥാപിക്കാനായി ബിഗ്‌-ബാംഗ്‌ തിയറിയും ഡാർവിന്റെ പരിണാമസിദ്ധാന്തവുമൊക്കെ തെറ്റാണെന്നു് തെളിയിക്കാൻ നടക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടതു് അവരുടെ ദൈവം എവിടെനിന്നു് വന്നു എന്നതിനെസംബന്ധിച്ച ഈ വസ്തുതകളാണു്. പുരാതനമനുഷ്യർ ഊഹിച്ച പലതരം ദൈവങ്ങളും, അഖേനറ്റെനും, മോശെയും, യേശുവും, മുഹമ്മദും വർണ്ണിച്ച ഏകദൈവങ്ങളും മാത്രമേ ഈ ഭൂമിയിൽ ഉണ്ടായിട്ടുള്ളു. അവരുടെ വർണ്ണനകൾ യാതൊരു എവിഡൻസും ഇല്ലാതെ, അക്കാലത്തെ മനുഷ്യരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട തികച്ചും പ്രാദേശികവും അന്നത്തെ കാലത്തിനു് യോജിച്ചതുമായ അവരുടെ സങ്കൽപങ്ങൾ മാത്രമായിരുന്നു. അവർക്കു് ഓരോരുത്തർക്കും ലഭിച്ച മുൻകാല അറിവുകൾ അവരുടെ ഭാവനയെ ചെത്തിമിനുക്കാൻ സഹായിച്ചിരിക്കാമെന്നതു് പ്രത്യേകം സൂചിപ്പിക്കാതെതന്നെ മനസ്സിലാക്കാവുന്ന കാര്യവുമാണു്. ഒരു വിശ്വാസി എന്തു് വിശ്വസിച്ചാലും, ഇപ്പറഞ്ഞ മതസ്ഥാപകർ എല്ലാവരും മജ്ജയും മാംസവുമുള്ള മനുഷ്യർ മാത്രമായിരുന്നു. ഇത്രയും ലളിതമായ ഒരു സത്യം മനസ്സിലാക്കാൻ എന്തു് കാരണത്തിന്റെ പേരിലായാലും കഴിയാത്തവർ എത്ര ശ്രമിച്ചാലും പിടികിട്ടാത്തത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സങ്കീർണ്ണതകളാണു് ബിഗ്‌-ബാംഗും, നാച്ചുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനും മറ്റെത്രയോ ശാസ്ത്രീയമായ കണ്ടെത്തലുകളുമെല്ലാം. ആർക്കിടെക്ചറിൽ വിദ്യാഭ്യാസം ലഭിക്കാത്ത ഒരു മെഡിക്കൽ ഡോക്ടർക്കു് ഒരു കെട്ടിടത്തിന്റെ ആർക്കിടെക്റ്റ്‌ ആവാൻ കഴിയില്ലായിരിക്കാം. അതേസമയം, ഒരു വണ്ടിനെപ്പോലെ മനുഷ്യരുടെ ചെവിയിൽ നിരന്തരം മൂളിക്കൊണ്ടിരിക്കാനുള്ള ശേഷി ധാരാളം മതി ഒരു മതഘോഷകനാവാൻ. പക്ഷേ, ഒരു മെഡിക്കൽ ഡോക്ടർ ആവാൻ ആ ശേഷി മാത്രം മതിയാവില്ല. ശാസ്ത്രീയമായ ഒരു വിഷയത്തിലും മതോപദേശിസഹജമായ വാചകമടി അറിവിന്റെ മാനദണ്ഡമല്ല. കേരളം പോലുള്ള സ്ഥലങ്ങളിൽ അഴിമതിയും പിടിപാടുമൊക്കെ ബിരുദത്തിലേക്കു് നയിക്കുന്നുണ്ടാവാം. അതു് അത്തരം “പണ്ഡിതരുടെ” അഭിപ്രായപ്രകടനങ്ങളിൽ നമ്മൾ പ്രകടമായി കാണുകയും ചെയ്യുന്നുണ്ടു്.

ശാസ്ത്രത്തെ എതിർക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തീവ്രവിശ്വാസികൾ അവരുടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്നതിനായി എപ്പോഴും ശാസ്ത്രത്തിന്റെ കൂട്ടുപിടിക്കുന്നതു് എന്തിനെന്നു് എനിക്കറിയില്ല. ഇതിനവർ പല മാർഗ്ഗങ്ങൾ സ്വീകരിച്ചു് കാണാറുണ്ടു്. പരിണാമസിദ്ധാന്തം, ബിഗ്‌-ബാംഗ്‌ മുതലായ ശാസ്ത്രീയതകൾ കുറ്റമറ്റതല്ല എന്നു് പിറുപിറുത്തുകൊണ്ടിരിക്കുക എന്നതാണു് അതിലൊന്നു്. അവ കുറ്റമറ്റതല്ല എന്നു് അവർ സ്വയം കണ്ടുപിടിച്ചതൊന്നുമല്ല, ശാസ്ത്രം തന്നെ തുറന്നുപറയുന്നതു് വടക്കുവശത്തു് മറഞ്ഞുനിന്നു് കേട്ടിട്ടു് തെക്കുവശത്തുചെന്നുനിന്നു് വലിയവായിൽ വിളിച്ചുകൂവുന്നതാണു്. ഒരു ശാസ്ത്രീയ നിഗമനത്തിന്റെ പരിമിതികളും പോരായ്മകളും ശാസ്ത്രജ്ഞർ തന്നെ ചൂണ്ടിക്കാണിക്കുന്നതു് ആ വിഷയത്തിൽ കേന്ദ്രീകൃതമായ തുടർഅന്വേഷണങ്ങൾ എവിടെയാണു് ആവശ്യം എന്നു് അന്വേഷകരായ മറ്റു് ശാസ്ത്രജ്ഞരെ അറിയിക്കാൻ കൂടിയാണു്. വിശ്വാസിയുടെ ഏകതാനബുദ്ധിയിൽ അതു് ശാസ്ത്രത്തിന്റെ തോൽവി പ്രഖ്യാപിക്കലായി തോന്നുന്നു. അല്ലെങ്കിൽത്തന്നെ തോന്നലുകളാണല്ലോ അന്ധവിശ്വാസികളുടെ ആഹാരം! ദൈവം ഉണ്ടെന്നു് തെളിയിക്കാൻ വിശ്വാസി സ്വീകരിക്കുന്ന മറ്റൊരു മാർഗ്ഗം, ഇതൊക്കെ ഞങ്ങളുടെ ഗ്രന്ഥത്തിൽ പണ്ടേതന്നെ കുറിച്ചുവച്ചിട്ടുണ്ടു് എന്നു് വിളംബരം ചെയ്യുകയാണു്. ഉദാഹരണത്തിനു്, ബിഗ്‌ബാംഗ്‌ ഞങ്ങളുടെ കിത്താബിൽ രേഖപ്പെടുത്തിയിട്ടുണ്ടു് എന്നവർ വീമ്പിളക്കും. ചന്ദ്രനിലെ വൃദ്ധിക്ഷയങ്ങൾ ഹജ്ജിനു് പോകേണ്ട കാലത്തെ വിളിച്ചറിയിക്കാനുള്ള ഒരേർപ്പാടാണു് എന്നെഴുതിവച്ചിരിക്കുന്ന അതേ കിത്താബിലാണു് ബിഗ്‌ബാംഗ്‌ വർണ്ണിച്ചിരിക്കുന്നതു് എന്നുകൂടി ഓർക്കുക! അതും പോരെങ്കിൽ, ഈ സിദ്ധാന്തം തന്നെയാണു് “പൂർണ്ണമല്ല” എന്നു് ശാസ്ത്രത്തെ കോപ്പിയടിച്ചു് അൽപം മുൻപു് അവർതന്നെ “തെക്കുവശത്തുനിന്നു്” വിളിച്ചുപറയുന്നതു് നമ്മൾ കേട്ടതു്! ഇപ്പോൾ കിഴക്കുവശത്തുനിന്നുകൊണ്ടു് വിളിച്ചുകൂവുന്നതു് അതേ സിദ്ധാന്തം അവരുടെ ഗ്രന്ഥത്തിൽ ഉണ്ടെന്നും! അതായതു്, അത്ര പൂർണ്ണമല്ലാത്ത ബിഗ്‌ബാംഗ്‌ സിദ്ധാന്തം സർവ്വസമ്പൂർണ്ണമായ അവരുടെ ഗ്രന്ഥത്തിൽ ഉണ്ടെന്നു്! എന്താണു് കിത്താബിൽ വ്യക്തമായി പറയുന്ന ഈ ബിഗ്‌-ബാംഗ്‌ എന്നു് സമയവും വിവരവുമുള്ള ആരെങ്കിലും ക്ഷമയോടെ ചോദിക്കുന്നതുവരെ ഈ പല്ലവി തർക്കാവേശം മൂത്ത സത്യവിശ്വാസി നിറുത്താതെ ആവർത്തിച്ചുകൊണ്ടിരിക്കും. ചോദ്യകർത്താവു് വിട്ടുകൊടുക്കുന്നില്ല എന്നു് തോന്നിയാൽ വിശ്വാസി തർക്കത്തിന്റെ സ്വിച്ച്‌ തെറിവിളിയിലേക്കു് മാറ്റിയിടും. ഏതു് ചർച്ചയും തെറിവിളിയിലേക്കു് കൊണ്ടുചെന്നെത്തിക്കാനായി മാത്രം കാത്തുനിൽക്കുന്ന ഏതാനും ചിയർ ഗേൾസുമുണ്ടു് (കടപ്പാടു്: കാളിദാസൻ). ആയിരവും രണ്ടായിരവും വർഷങ്ങളായി ചവയ്ക്കുന്ന ചവറുകൊണ്ടു് ദൈവം, സൃഷ്ടി, മതം മുതലായ വിഷയങ്ങളിൽ ആശയപരമായ ഒരു ചർച്ച നയിക്കാനോ എതിരാളികളെ ബോധ്യപ്പെടുത്താനോ തങ്ങൾക്കാവില്ലെന്നു് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്ത വിശ്വാസികളിൽ നിന്നും പുതിയതെന്തെങ്കിലും യുക്തിബോധമുള്ള ആരെങ്കിലും പ്രതീക്ഷിക്കുമെന്നു് തോന്നുന്നില്ല.

(എന്തുചെയ്യാം, വിശ്വാസികൾക്കു് അരണയുടെ ബുദ്ധിയാണു്. ഇന്നലെ പറഞ്ഞതെന്തെന്നു് ഇന്നത്തേക്കു് അവർ മറന്നുകഴിഞ്ഞിരിക്കും. ശത്രുവിനെ കടിക്കാനായി ഓടുന്നതിനിടയിൽ എന്തിനാണു് ഓടുന്നതെന്ന കാര്യം പാവം അരണ മറക്കുമത്രെ! അരണ കടിച്ചാൽ ഉടനെ മരണമാണെന്നും കേൾക്കുന്നു! മരണം അരണയുടെ കടിയേൽക്കുന്നവന്റേയോ, അതോ അരണയുടേതു് തന്നെയോ എന്നെനിക്കറിയില്ല. ജീവികളുടെ സ്രഷ്ടാവു് മനുഷ്യർക്കു് കഞ്ഞി കുടിക്കാനുള്ള വഴി കാണിച്ചുകൊടുക്കാറില്ലെങ്കിലും, അരണയ്ക്കു് ക്ഷണികത്തിലും താഴ്‌ന്ന “ബുദ്ധി” നൽകി അരണകടിയിൽ നിന്നും നമ്മെ മോചിപ്പിക്കുന്നുണ്ടല്ലോ! മഹാഭാഗ്യം എന്നല്ലാതെ എന്തു് പറയാൻ? രാജവെമ്പാലയ്ക്കും ചേനത്തണ്ടനുമൊക്കെ ഈ അരണബുദ്ധി ജഗന്നിയന്താവു് നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണു് വിഷബാധയേറ്റു് അകാലത്തു് ജീവൻ വെടിയേണ്ടി വന്നവരുടെ പേരിൽ ഞാനിപ്പോൾ ആലോചിക്കുന്നതു്. ഏതായാലും, അരണയുടെ ‘ബുദ്ധി’ അത്ര ക്ഷണികമാണെന്ന അഭിപ്രായം വ്യക്തിപരമായി എനിക്കില്ല. ഇടയ്ക്കിടെ ഏതെങ്കിലും പ്രാണികളെയൊക്കെ പിടിച്ചു് തിന്നണമെന്ന കാര്യം ഇരപിടിക്കാൻ ഓടുന്നതിനിടയിൽ “ക്ഷണികമായി” അരണകൾ മറക്കുമായിരുന്നെങ്കിൽ, അരണവർഗ്ഗം പണ്ടേ ചത്തൊടുങ്ങി വംശനാശം സംഭവിച്ചേനെ. ദൈവം ഇല്ലാതായാൽ, മറ്റൊന്നും സംഭവിക്കുകയില്ലെങ്കിലും, പൗരോഹിത്യത്തിനു് പട്ടിണി മൂലം വംശനാശം സംഭവിക്കും എന്നതുപോലെതന്നെ).

ഒരു ചർച്ചയിൽ തങ്ങളുടെ മതം മണക്കുന്നു എന്നു് തോന്നിയാൽ, സാക്ഷാൽ ചിയർ ഗേൾസിന്റെ മാതൃകയിൽ കുറെപ്പേർ രംഗത്തെത്തി കയ്യും കാലുമൊക്കെ പൊക്കാൻ തുടങ്ങും. ഉള്ളതല്ലേ പൊക്കിക്കാണിക്കാൻ പറ്റൂ. ഏതെങ്കിലും ഒരു ചർച്ചയിൽ വസ്തുനിഷ്ഠവും, യുക്തിസഹമായ അർത്ഥം നൽകാനാവുന്നതുമായ എന്തെങ്കിലും രണ്ടു് വാചകം ഒരുമിച്ചു് പറയാൻ ഇല്ലാത്തവരാണു് ഈ ചിയർ ഗേൾസ്‌. മധുസൂദനൻ ഭട്ടതിരിപ്പാടു്, രാമഭദ്രൻ നമ്പൂതിരിപ്പാടു് എന്നൊക്കെയുള്ള വ്യാജ ID-യുമായിട്ടാണു് ചിലരുടെ വരവു്. സാക്ഷാൽ പേരു് മമ്മദെന്നോ മൊയ്തീൻ എന്നോ മറ്റോ ആയിരിക്കുമെന്നു് അധികം താമസിയാതെ അൽപം വെളിവുള്ളവർക്കെല്ലാം മനസ്സിലാവുകയും ചെയ്യും. കുറുക്കൻ നീലത്തിൽ മുങ്ങിയാലും കൂവുമ്പോൾ ഒറിജിനൽ കുറുക്കന്റെ സ്വരമല്ലേ പുറത്തുവരൂ. ഒരു മഴകൂടി പെയ്താൽ നീലം ഒലിച്ചുപോയി നിറവും പഴയ കുറുക്കന്റേതുതന്നെ. അടുത്തവട്ടം ഗോപാലകൃഷ്ണക്കമ്മത്തു് എന്നോ കുട്ടികൃഷ്ണപിഷാരടി എന്നോ മറ്റോ ആവും ID. തന്റെ സത്യദൈവത്തേയും സമ്പൂർണ്ണമതഗ്രന്ഥത്തേയും പ്രതിനിധീകരിക്കുന്നവനാണു് ഒരുവനെങ്കിൽ, സ്വന്തം പേരിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ എന്താണു് തടസ്സം എന്നെനിക്കറിയില്ല. വ്യാജ ID എന്നതു് തെറിപറയാൻ മാത്രമായി എടുക്കുന്ന ലൈസൻസാണു്. പറയേണ്ടിടത്തു് പറയാനുള്ളതാണു് തെറി. അതു് പറയാൻ വ്യാജ ഐഡിയുടെ ആവശ്യമൊന്നുമില്ല. പ്രത്യേകം ശ്രദ്ധിക്കുക: തെറി പറയലും തുണി പൊക്കിക്കാണിക്കലുമൊക്കെ വിശ്വാസിക്കു് മാത്രമായി ദൈവം അനുവദിച്ചു് നൽകിയിരിക്കുന്ന സ്പെഷ്യൽ അവകാശങ്ങളാണു്. തെറിയുടെ പ്രതികരണമായിപ്പോലും മറ്റുള്ളവർ ആ ഭാഷ പ്രയോഗിച്ചാൽ അതു് സംസ്കാരശൂന്യതയായി ചിയർ ഗേൾസ്‌ വിലയിരുത്തും! വിശ്വാസിക്കു് ആരെയും തെറിവിളിക്കാം, വിശ്വാസിയെ ആരു് തെറി വിളിക്കുന്നതും ദൈവദൂഷണമാണു്, കാരണം, വിശ്വാസി അവന്റെ നോട്ടത്തിൽ ദൈവതുല്യനാണു്. ദൈവതുല്യനെ തെറിവിളിച്ചവരെ കാത്തിരിക്കുന്നതു് നരകത്തിലെ വറചട്ടികളാണു്. ആത്മാർത്ഥമായി പറയട്ടെ: ഒരു കാട്ടിപ്പരുത്തിയോടു് അഞ്ചു് കിലോമീറ്റർ അകലെയിരുന്നുപോലും സ്വർഗ്ഗത്തിലെ മദ്യത്തേയും മദിരാക്ഷികളേയും ആസ്വദിക്കുന്നതിനേക്കാൾ, ചിന്താശേഷി നശിച്ചിട്ടില്ലാത്ത, യുക്തിബോധമുള്ള മനുഷ്യരുമായി നരകത്തിലെ വറചട്ടി പങ്കിടുന്നതാണു് എനിക്കു് കൂടുതൽ ഇഷ്ടം. നരകത്തിലെത്തി, കരിയുന്ന തൊലി വീണ്ടും വീണ്ടും മാറ്റി പുതിയ തൊലി വച്ചുപിടിപ്പിക്കുന്ന ഒരു സാങ്കേതികത്വം പഠിക്കുന്നതു്, സ്വർഗ്ഗത്തിൽ കുടിച്ചു് ബോധം കെട്ടു് “യുവകന്യകകളുമായി” കോണ്ടം ധരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു് കപ്പലും എയിഡ്സും വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദമാണു്. സ്വർഗ്ഗത്തിലെ യുവകന്യകകൾ ആദ്യം കാണുന്ന “രക്തസാക്ഷി” താനാണെന്ന ഓരോ ദൈവത്തിന്റെ പടയാളിയുടെയും ഉറപ്പു്, ദൈവവിശ്വാസം പോലെതന്നെ, മറ്റൊരു വിശ്വാസം മാത്രമാണു്. നിനക്കു് മുന്നേ സ്വർഗ്ഗത്തിലെത്തിയ മറ്റു് പലരേയും രസിപ്പിച്ചവരാണവർ എന്നോർത്താൽ നിനക്കു് നന്നു്.

(തുടരും)

താത്പര്യമുള്ളവർക്കു് തുടര്‍വായനക്കായി എന്റെ ചില പഴയ പോസ്റ്റുകൾ:

ബിഗ്‌-ബാംഗും ബാക്ക്‌ ഗ്രൗണ്ട്‌ റേഡിയേഷനും

ബിഗ്‌-ബാംഗ്‌ ചില അടിസ്ഥാന ശാസ്ത്രീയതകൾ

ബിഗ്‌-ബാംഗ്‌ – സ്ഫോടനം സംഭവിച്ച കോസ്മിക്‌ സൂപ്പ്‌

ഭൂമിയുടെ പരിണാമം

അന്തരീക്ഷ പരിണാമം

ജീവന്റെ ഉത്ഭവത്തെപ്പറ്റി

ഏകദൈവവിശ്വാസവും പരിച്ഛേദനയും

 
13 Comments

Posted by on Dec 13, 2010 in മതം

 

Tags: , , ,

മൂർത്തദൈവം, അമൂർത്തദൈവം

ഡോക്കിൻസിന്റെ വാദമുഖങ്ങളുടെ ഖണ്ഡനം ഇതാ വരുന്നു, അതു് മലയാളം ബ്ലോഗുലകത്തിലെ യുക്തിബോധമുള്ള സകല മനുഷ്യരെയും കിടുകിടാ വിറപ്പിച്ചു് നിശബ്ദരാക്കുമെന്നുമൊക്കെ ചില അനൗൺസ്മെന്റുകളാണു് ഇതുപോലൊരു ലേഖനപരമ്പര എഴുതാൻ എന്നെ പ്രേരിപ്പിച്ചതുതന്നെ. അതിനുവേണ്ടി വലിയവായിൽ പ്രഖ്യാപിക്കപ്പെട്ട ആ ലേഖനങ്ങളുടെ ആരംഭം അൽപം വായിക്കാൻ ഇടവന്നു. ഭാഗ്യത്തിനു്, ആദ്യഭാഗം വായിച്ചപ്പോഴേ മനസ്സിലായി, ഒരു എലിയെയാണു് അവിടെ മലയായി വിളംബരം ചെയ്തിരിക്കുന്നതെന്നു്. ഞാൻ നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ വില ആ ലേഖനപരമ്പരയുടെ വായനയിലൂടെ ലഭിക്കില്ല എന്നു് മനസ്സിലായതിനാൽ തുടർവായന നിർത്തുകയും ചെയ്തു. വായിക്കാനാണെങ്കിൽ വേറെ എത്ര വിലപിടിപ്പുള്ള പുസ്തകങ്ങൾ കിടക്കുന്നു. പിന്നീടു് ബ്ലോഗിലെ ലൈക്‌-മൈൻഡെഡ്‌ ആയവരുടെ സമാനമായ ലേഖനങ്ങളിലൂടെ എന്റെ നിഗമനം പൂർണ്ണമായും ശരിയായിരുന്നുവെന്നു് വ്യക്തമാവുകയും ചെയ്തു.

ഒരു വിശ്വാസി ദൈവം ഉണ്ടെന്നു് ശാസ്ത്രീയമായോ അല്ലാതെയോ തെളിയിക്കാൻ തുടങ്ങുന്നതിനു് മുൻപു് ഏതു്’ ദൈവത്തിന്റെ അസ്തിത്വമാണു് താൻ തെളിയിക്കാൻ തുടങ്ങുന്നതെന്നു് ആരും ആവശ്യപ്പെടാതെതന്നെ അവൻ വെളിപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ, ചുരുങ്ങിയ പക്ഷം, ആരെങ്കിലും അങ്ങനെ ഒരാവശ്യം മുന്നോട്ടു് വയ്ക്കുമ്പോഴെങ്കിലും ഏതാണു് തന്റെ ദൈവം എന്നു് പറയാൻ അവൻ ബാദ്ധ്യസ്ഥനാണു്. ദൈവാസ്തിത്വം തെളിയിക്കാൻ ശ്രമിക്കുന്ന വിശ്വാസി ഒരു മുസ്ലീമാണെങ്കിൽ, തന്റെ ദൈവം അല്ലാഹു ആണെന്നും, ആ ദൈവമാണു് ഏകദേശം 1400 വർഷങ്ങൾക്കു് മുൻപു് മുഹമ്മദിനു് ഖുർആൻ വെളിപ്പെടുത്തിക്കൊടുത്തതെന്നും അംഗീകരിക്കുന്നതിൽ എന്താണു് പ്രശ്നം എന്നെനിക്കറിയില്ല. അതുപോലൊരു ദൈവത്തിന്റെ നാമം പോലും ബിഗ്‌-ബാംഗ്‌, ക്വാണ്ടം മെക്കാനിക്സ്‌ മുതലായ സങ്കീർണ്ണ ശാസ്ത്രജ്ഞാനവുമായി ഒരേ ലെവലിൽ നിർത്താനാവുന്നതല്ലെന്നു് ഖുർആൻ വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമുള്ള ആർക്കും സമ്മതിക്കാതിരിക്കാനാവില്ല. അതുപോലൊരു സാഹചര്യത്തിൽ, ഒരു ദൈവാസ്തിത്വചർച്ച ഒരു നിമിഷം പോലും തുടരേണ്ട ആവശ്യമില്ല. കാരണം, ഖുർആനിൽ പറയുന്നതുപോലൊരു സ്യൂപ്പർ നാച്യുറൽ ഗോഡ്‌ നിലനിൽക്കുന്നില്ല എന്നു് തെളിയിക്കാൻ വലിയ ലേഖനപരമ്പരയൊന്നും ആവശ്യമില്ല. ഒരു വിശ്വാസി അതു് അംഗീകരിക്കുമോ ഇല്ലയോ എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നതു്. ദൈവത്തിനെതിരെ അനിഷേദ്ധ്യമായ എത്ര തെളിവുകൾ നിരത്തിയാലും ദൈവവിശ്വാസിയായ ഒരുവൻ അവയൊന്നും അംഗീകരിക്കുകയില്ല. മറ്റു് വാക്കുകളിൽ പറഞ്ഞാൽ: തന്റെ വേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസഹായമില്ലാതെ മനസ്സിലാക്കാൻ മാത്രം ബൗദ്ധികവളർച്ച പ്രാപിച്ചവനാണു് ഒരുവനെങ്കിൽ, ഒരു വിശ്വാസിയായി തുടരാൻ അവനു് സാദ്ധ്യമല്ലതന്നെ. യുക്തിബോധം എന്നാൽ എന്തെന്നു് മനസ്സിലാക്കാതെ, ഒരു പുസ്തകമോ രണ്ടു് ലേഖനങ്ങളോ വായിച്ചതിന്റെ പേരിൽ “യുക്തിവാദി” ആവുന്നവൻ, അടുത്ത തലവേദന വരുമ്പോൾ വീണ്ടും ദൈവവിശ്വാസിയായി മാറിയിരിക്കും. അത്തരക്കാർ യഥാർത്ഥത്തിൽ ഒരിക്കലും യുക്തിവാദികൾ ആയിത്തീർന്നിരുന്നില്ല എന്നതാണു് സത്യം. അതിനുവേണ്ട ലോജിക്കൽ ആൻഡ്‌ ഫിലോസഫിക്കൽ ഡെപ്ത്‌ അവരുടെ ചിന്തകൾ ഒരിക്കലും കൈവരിച്ചിട്ടുണ്ടായിരുന്നില്ല. അവർ യുക്തിവാദത്തിന്റെ ഇടക്കാല മെഗാഫോണുകൾ മാത്രമായിരുന്നു. അങ്ങനെയുള്ളവർ വിശ്വാസികൾ ആവുന്നതുതന്നെയാണു് അവർക്കും യുക്തിവാദികൾക്കും നല്ലതു്.

അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകൾ താൻ സംശയരഹിതമായി സ്ഥാപിച്ചു എന്നു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരുവൻ പറയുന്നതു്, ഭൂമി പരന്നതാണെന്നു് താൻ തെളിയിച്ചു എന്നു് അവൻ തന്നെ പറയുന്നതിനു് തുല്യമാണു്. ന്യൂട്ടൺ, ഐൻസ്റ്റൈൻ, കാന്റ്‌ മുതലായവരുടെയൊക്കെ ഒപ്പമാണു് അവന്റെ സ്ഥാനം. പക്ഷേ, ഒരുവനു് തോന്നുന്ന മതിഭ്രമം അജ്ഞരുടെ ഇടയിൽ വെളിപാടുകളായി അംഗീകരിക്കപ്പെടുന്നതുപോലെ അത്ര എളുപ്പം ശാസ്ത്രജ്ഞരുടെയോ തത്വചിന്തകരുടെയോ ഇടയിൽ സത്യമായി അംഗീകരിക്കപ്പെടുകയില്ല. “തോമാസ്‌ അക്വീനാസ്‌ നൽകിയ അഞ്ചു് അമൂർത്തമായ തെളിവുകളെ ഡോക്കിൻസ്‌ ഖണ്ഡിക്കാൻ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിലെ അബദ്ധങ്ങൾ വിശദീകരിച്ചു് അക്വീനാസിന്റെ അഞ്ചു് അമൂർത്ത തെളിവുകളേയും ഞാൻ യുക്തിപരമായും ശാസ്ത്രീയമായും സമർത്ഥിക്കുകയും ചെയ്തിരുന്നു.” എന്ന ശ്രീമാൻ എൻ. എം. ഹുസൈന്റെ ഒരൊറ്റ വാചകം മതി അദ്ദേഹം അറിവിന്റെ ഏതു് കാലഘട്ടത്തിലാണു് നിൽക്കുന്നതെന്നു് മനസ്സിലാക്കാൻ. അക്വീനാസിന്റെ തെളിവുകൾ ഡോക്കിൻസ്‌ ഖണ്ഡിക്കാൻ “ശ്രമിക്കുക” മാത്രമല്ല, ഖണ്ഡിക്കുകയും ചെയ്തു എന്നു് ആ പുസ്തകം വായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും. തന്നെയുമല്ല, അക്വീനാസിന്റെ തെളിവുകളെ ഖണ്ഡിച്ചതിന്റെ നേട്ടം ഡോക്കിൻസിന്റേതല്ല, അവ പണ്ടേ ഖണ്ഡിക്കപ്പെട്ടവയാണു്. 6/7 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മുഹമ്മദിന്റെ ഖുർആൻ ദൈവവചനമാണെന്നു് കട്ടായമായും വിശ്വസിക്കുന്ന ശ്രീ എൻ. എം. ഹുസൈൻ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്വീനാസിന്റെ പണ്ടേ ഖണ്ഡിക്കപ്പെട്ട തത്വങ്ങൾ തന്റെ നിലപാടുകൾക്കു് യോജിച്ചതായതുകൊണ്ടു് ഇന്നും സാധുവാണെന്നു് വിശ്വസിക്കുന്നു, അതു് കേൾക്കുന്നവരെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുമെന്നു് കരുതുകയും ചെയ്യുന്നു. ശരിയാണു്, കേരളത്തിലെ നൂറുശതമാനം വിശ്വാസികളും മതഭേദമെന്യേ അതൊക്കെ വിശ്വസിച്ചെന്നുവരും. അക്വീനാസിനെ പോയിട്ടു് സ്വന്തം മതഗ്രന്ഥമായ ഖുർആനോ ബൈബിളോ ഗീതയോ വായിക്കാത്തവരാണു് വിശ്വാസിപ്പട്ടം കെട്ടി കേരളത്തിലൂടെ നടക്കുന്ന മിക്കവാറും മുഴുവൻ പേരും. അതാണു് വ്യാഖ്യാതാക്കളുടെ തുറുപ്പുചീട്ടും. എല്ലാം പൊട്ടന്മാരാവുമ്പോൾ തങ്ങളുടെ ചെമ്പു് തെളിയും എന്ന ഭയം വേണ്ടല്ലോ.

ശ്രീ എൻ. എം. ഹുസൈനുമായി ഗഹനമായ ഒരു ചർച്ചയുടെ അർത്ഥശൂന്യതയാണു് ഇതു് വെളിപ്പെടുത്തുന്നതു്. എന്നിട്ടും ഒരു ചർച്ചക്കു് തയ്യാറായ Jack Rabbit, സുശീൽകുമാർ എന്നിവരുടെ നേരെ പ്രയോഗിക്കുന്ന ശൈലിയിൽ നിന്നും ഏതു് മാർഗ്ഗത്തിലൂടെയാണു് ഹുസൈൻ തന്റെ വാദം “ജയിക്കാൻ” ശ്രമിക്കുന്നതെന്നു് മനസ്സിലാവും. “ഞാൻ ഒരു ആനയാണു്, നീ ഒരു കുഴിയാനയും” എന്ന രീതിയിലുള്ള പൊങ്ങച്ചപ്രകടനം വസ്തുതാപരമായി ആരെയും എങ്ങും എത്തിക്കുന്നില്ല. “അല്ലാഹു എന്ന ഏകദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലാഹു 1400 കൊല്ലം മുൻപു് മുഹമ്മദിനു് ഒരു മാർഗ്ഗനിർദ്ദേശം (ദിവ്യമായ) കൊടുത്തു എന്നും താങ്കൾ കരുതുന്നുണ്ടോ? ദയവായി ഈ ചോദ്യത്തിനു് ഉത്തരം തരിക, ധൈര്യമായി.” എന്ന, ഒറ്റവാക്യത്തിൽ മറുപടി പറയാമായിരുന്ന Dr.Doodo-വിന്റെ ഒരു കമന്റിനു് മറ്റാരോ വന്നു് കുറെ ഗീർവ്വാണം അടിച്ചതല്ലാതെ, ഹുസൈന്റെ വകയായി ഒരുത്തരവും നൽകിക്കണ്ടില്ല. ദൈവത്തെപ്പറ്റിയുള്ള ഒരു ചർച്ചയിൽ നീ ഏതു് ദൈവത്തിലാണു് വിശ്വസിക്കുന്നതു് എന്ന മൗലികമായ ചോദ്യം അനുവദനീയമല്ലെങ്കിൽ പിന്നെ എന്താണു് അനുവദനീയം എന്നെനിക്കറിയില്ല. ഇത്തരം സമീപനം കൊണ്ടു് ഒരു ചവറു് ചർച്ച വെറുതെ നീട്ടിക്കൊണ്ടു് പോകാമെന്നല്ലാതെ, മറ്റു് പ്രയോജനം ഒന്നുമില്ല.

ഇത്രയും എഴുതിയതു്, അവിടെ നടക്കുന്ന ചർച്ചയിൽ ഞാൻ എന്തുകൊണ്ടു് പങ്കെടുക്കുന്നില്ല എന്നു് സൂചിപ്പിക്കാനാണു്. എന്നിട്ടും, ഈ വിഷയത്തിൽ ചില ലേഖനങ്ങൾ എഴുതാൻ ഞാൻ തീരുമാനിച്ചതു് ഹുസൈൻ പറയുന്നതുപോലെയൊന്നുമല്ല ഡോക്കിൻസ്‌ ഈ കാര്യങ്ങൾ വിവരിച്ചിരിക്കുന്നതെന്നു് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവൻ എന്ന നിലയിൽ എന്റെ വായനക്കാരെ അറിയിക്കാൻ ഒരു ബാദ്ധ്യത എനിക്കുണ്ടെന്നു് തോന്നുന്നതുകൊണ്ടാണു്. അതുകൊണ്ടു്, ഇതു് ഹുസൈനുമായുള്ള ഒരു ചർച്ചയായി കാണാതിരിക്കുക. ഹുസൈൻ ജാക്ക്‌ റാബിറ്റും സുശീൽകുമാറുമായി നടത്തുന്ന “ചർച്ച” തന്നെ അത്തരം ഒരു ചർച്ചയുടെ അർത്ഥശൂന്യതയിലേക്കാണു് വിരൽ ചൂണ്ടുന്നതു്. മലയാളക്കരയിലെ ചർച്ചകൾ വ്യക്തിപരമായ ആക്രമണങ്ങളായി അധഃപതിക്കുന്നതു്, എന്റെ അഭിപ്രായത്തിൽ, വിഷയത്തിലുള്ള അജ്ഞത കൊണ്ടാവാനേ തരമുള്ളു.

വിഷയത്തിലേക്കു്:

അമേരിക്കയുടെ മൂന്നാം പ്രസിഡന്റായിരുന്ന തോമസ്‌ ജെഫേഴ്സൺ: “അമൂർത്തമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നതു് ശൂന്യതയെപ്പറ്റി സംസാരിക്കുന്നതുപോലെയാണു്. മനുഷ്യന്റെ ആത്മാവും, മാലാഖമാരും, ദൈവങ്ങളും അമൂർത്തമാണെന്നു് പറയുന്നതു് അവ ഒന്നുമല്ല എന്നു് പറയുന്നതിനു്, അഥവാ, ദൈവമില്ല, മാലാഖമാരില്ല, ആത്മാവില്ല എന്നു് പറയുന്നതിനു് തുല്യമാണു്. സ്വപ്നങ്ങളുടേയും മായക്കാഴ്ച്ചകളുടെയും നിലകാണാനാവാത്ത അഗാധഗർത്തങ്ങളിലേക്കു് വീണുകൊണ്ടല്ലാതെ അവയെ യുക്തിസഹമായി ന്യായീകരിക്കാൻ എനിക്കു് കഴിയുകയില്ല. യഥാർത്ഥത്തിൽ ഉണ്ടായേക്കാമെങ്കിലും, എനിക്കു് യാതൊരു തെളിവുമില്ലാത്തവയെപ്പറ്റി ചിന്തിച്ചു് എന്നെ പീഡിപ്പിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്യാതെതന്നെ, നിലനിൽക്കുന്ന കാര്യങ്ങളിൽ ഞാൻ സംതൃപ്തനും, വേണ്ടത്ര വ്യാപൃതനുമാണു്.”

ദൈവം ഇല്ല എന്നു് തർക്കിക്കേണ്ട ആവശ്യം സത്യത്തിൽ ഒരു നിരീശ്വരവാദിക്കില്ല. ഭൗതികമായ അളവുകളോ, ഗുണങ്ങളോ, നിലനിൽപ്പോ ഇല്ലാത്ത അവസ്ഥയാണു് സാധാരണഗതിയിൽ അമൂർത്തത എന്നതുകൊണ്ടു് വിവക്ഷിക്കുന്നതു്. ഭൗതികമല്ലാത്തതിനാൽ അമൂർത്തത ജീവജാലങ്ങൾക്കു് അനുഭവവേദ്യവുമല്ല. ഞാൻ ദൈവത്തെ അനുഭവം വഴി അറിയുന്നു എന്നൊരു വിശ്വാസി അവകാശപ്പെടുന്നുവെങ്കിൽ, മറ്റാർക്കും അവന്റെ തലയിൽ കയറി നോക്കാൻ ആവില്ലാത്തിടത്തോളം, അവൻ അനുഭവിക്കുന്നതു് എന്താണെന്നു് പറയേണ്ട ചുമതല അവന്റേതുമാത്രമാണു്. (ന്യൂറോസയൻസ്‌ നല്ല മുന്നേറ്റം കൈവരിക്കുന്നുണ്ടെങ്കിലും, തലച്ചോറിന്റെ ഒരു പൂർണ്ണവിശകലനം ഇതുവരെ സാദ്ധ്യമായിട്ടില്ല. അതുകൊണ്ടു് ഒരിക്കലും സാദ്ധ്യമാവുകയില്ല എന്നു് അർത്ഥവുമില്ല.) ഇന്ദ്രിയങ്ങൾ വഴി, തലച്ചോറിലൂടെ വിശ്വാസി അനുഭവിക്കുന്ന ദൈവം, ഭൗതികമായ ഒന്നാണെങ്കിൽ അതു് നിരീശ്വരവാദികളുടെ ഇന്ദ്രിയങ്ങൾക്കും ഗോചരമായിരിക്കണം. ഇനി, ഈ ദൈവം എന്നതു് നിരീശ്വരവാദികൾക്കു് അനുഭവിക്കാനാവാത്ത വല്ല പ്രത്യേകതരം ഭൗതികതയുമാണെങ്കിൽ, “അവനെ” ചുരുങ്ങിയപക്ഷം അന്യമതസ്ഥർക്കെങ്കിലും (ഉദാ. മുസ്ലീമിന്റെ ദൈവത്തെ ഹിന്ദുവിനും, നേരേ മറിച്ചും) കാണാനോ, കേൾക്കാനോ, തൊടാനോ, മണക്കാനോ, രുചിക്കാനോ ഒക്കെ കഴിയണം. കണ്ടെന്നോ, കേട്ടെന്നോ പറഞ്ഞാൽ മാത്രം പോരാ, അതു് വെരിഫയബിൾ ആയിരിക്കുകയും വേണം. അതു് ഇതുവരെ സാദ്ധ്യമായിട്ടില്ലാത്ത ഒരു കാര്യമാണു്. ഒരു കല്ലു് മുകളിലേക്കെറിഞ്ഞാൽ അതു് തിരിച്ചു് ഭൂമിയിൽ പതിക്കുന്നതിനുള്ള പ്രോബബിലിറ്റി 99.9999…. ശതമാനമാണെന്നു് പറയാം. എങ്കിലും അതു് താഴെ വീഴാതെ മുകളിലേക്കുതന്നെ പോയിക്കൊണ്ടിരിക്കുന്നതിനുള്ള ഒരു 0.000….1 ശതമാനം പ്രോബബിലിറ്റി തള്ളിക്കളയാനാവുകയുമില്ല. അതുകൊണ്ടു്, ഒരു ഭൗതികദൈവത്തിന്റെ വെരിഫയബിൾ പെർസ്സെപ്ഷൻ, അവഗണനാർഹമായ വിധം നിസ്സാരമാണെങ്കിലും, തത്വത്തിൽ അങ്ങനെയൊന്നു് അംഗീകരിക്കാതിരിക്കാനാവില്ല. പക്ഷേ, ഒരു കല്ലും ദൈവവും തമ്മിലുള്ള പ്രധാനമായ വ്യത്യാസം, മുകളിലേക്കെറിയുന്ന കല്ലു് തിരിച്ചു് താഴേക്കു് വീഴുന്നതു് കണ്ണുള്ള എല്ലാ മനുഷ്യരും എണ്ണമറ്റ വട്ടം കണ്ടിട്ടുണ്ടെന്നതും, ഭൗതികമായ ഒരു ദൈവത്തെ ആരും ഇതുവരെ കണ്ടിട്ടില്ലെന്നതുമാണു്. കോടാനുകോടി മനുഷ്യർ “അനുഭവിക്കുന്ന” ഒരു ദൈവത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ചും “അവൻ” ഭൗതികനെങ്കിൽ, ഈ വ്യത്യാസം കോടാനുകോടി മറുപടിയില്ലാത്ത ചോദ്യചിഹ്നങ്ങളാണു് ഉയർത്തുന്നതു്.

പിന്നെയൊരു സാദ്ധ്യതയുള്ളതു്, ദൈവം അമൂർത്തമായ ഒരു ആശയവും, മനുഷ്യമനസ്സിലെ ആ ദൈവത്തിന്റെ അനുഭവമെന്നതു്, ഒരു മസ്തിഷ്കഭൂതവും ആയിരിക്കാമെന്നതാണു്. അതാണു് ശരിയും. ഈ വസ്തുത നിത്യേനയെന്നോണം നമ്മൾ കാണുന്നതാണു്. ഔദ്യോഗിക മതങ്ങളിലെ വിശ്വാസികൾ കൂടിച്ചേരുന്നിടത്തു് മാത്രമല്ല, ചെറിയ ചെറിയ സെക്റ്റുകൾ സമ്മേളിക്കുന്നിടത്തും മാനസികവിഭ്രാന്തി ബാധിച്ചാലെന്നതുപോലെ എത്രയോ മനുഷ്യർ അപസ്മാരരോഗികളെപ്പോലെ നിയന്ത്രണാതീതമായ ശാരീരികചേഷ്ടകളിൽ മുഴുകുന്നതു് കാണാൻ കഴിയും. അത്തരം സംഘങ്ങളിൽ ഉൾപ്പെടാതെ അവരെ പുറമെനിന്നു് വീക്ഷിക്കണം എന്നേയുള്ളു. ജനിച്ചുവളർന്ന മതത്തിൽ സാമുദായികമര്യാദകളുടെ പേരിൽ നിലകൊള്ളുകയും, ആവർത്തനം മൂലം റുട്ടീൻ ആയി മാറിയ “കടപ്പാടുകൾ” യാന്ത്രികമായി നിറവേറ്റുകയും ചെയ്യുന്ന നിരുപദ്രവകാരികൾ മുതൽ, ചികിത്സകൊണ്ടുപോലും മാറ്റാൻ കഴിയാത്തവിധം “റിലീജിയസ്‌ മേനിയ” ബാധിച്ചവർ വരെ ഇക്കൂട്ടത്തിൽ പെടും. ഇത്തരം അബ്നോർമാലിറ്റി മതവിശ്വാസത്തിൽ മാത്രമല്ല, മാനസികരോഗികളായവരുടെ ജീവിതത്തിലും കാണാവുന്നതാണു്. മറ്റാർക്കും കാണാൻ കഴിയാത്ത എലിയും പാറ്റയുമൊക്കെ ഭിത്തിയിലൂടെ കയറുന്നതും, നിരന്തരം ആരോ പിന്തുടരുന്നുവെന്ന വിട്ടുമാറാത്ത ഭീതിയും, താൻ മറ്റാരോ ആണെന്ന മിഥ്യാബോധവുമെല്ലാം മാനസികതലത്തിൽ സംഭവിക്കുന്ന പാളംതെറ്റലുകളിൽ ചിലതു് മാത്രമാണു്. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല വിശ്വാസികളായ മനുഷ്യർ മനസ്സിൽ “അനുഭവിച്ചു്” അറിയുന്നു എന്നു് ആണയിടുന്ന അവരുടെ ദൈവവും. ദൈവം എന്നതു് സാങ്കൽപികമായ ഒരു ആശയം മാത്രമാണെന്നും, ഈ ആശയത്തിനു് തലച്ചോർ നൽകുന്ന ഒരു കണ്‍സ്ട്രക്ട് മാത്രമാണു് ദൈവം എന്നതുമാണു് യുക്തിസഹമായ ഒരേയൊരു “ദൈവസാദ്ധ്യത”. നമ്മൾ ഒരു മലയോ മരമോ കാണുമ്പോൾ അവ നമ്മുടെ തലയ്ക്കുള്ളിൽ “മൂർത്തമായി” നിലനിൽക്കുന്നില്ല. സൂര്യനോ ചന്ദ്രനോ പപ്പടം പോലെ ചെറുതോ, നക്ഷത്രങ്ങൾ തിരിവെളിച്ചങ്ങളോ അല്ല. അതേസമയം, തലച്ചോറിനു് പുറമെയുള്ള ഇവയെല്ലാം മൂർത്തമാണുതാനും. ഇതിൽനിന്നും വിരുദ്ധമായി, തലച്ചോറിനു് വെളിയിൽ മൂർത്തമായ ഒരു നിലനിൽപും ഇല്ലാത്ത ഒരു ദൈവം തലച്ചോറിൽ രൂപമെടുക്കുന്നതു് വളർത്തലിലൂടെയാണു്. മുട്ടിലിഴയുന്ന ഒരു കുഞ്ഞു് എഴുന്നേറ്റും വീണും വീണ്ടും എഴുന്നേറ്റും രണ്ടുകാലിൽ ബാലൻസ്‌ ചെയ്തു് നടക്കാൻ ശീലിക്കുന്നതുപോലെയും, നമ്മൾ സൈക്കിൾചവിട്ടൽ, ഡ്രൈവിംഗ്‌ മുതലായവയെല്ലാം പഠിക്കുന്നതുപോലെയും, ഈ ദൈവസൃഷ്ടിയും ഓട്ടോമാറ്റിക്‌ ആയി തലച്ചോറിൽ പതിയുന്ന ഒരു കാര്യമാണു്. ഓരോരുത്തരുടെ തലയിലും അവരുടേതായ ഒരു “ദൈവരൂപം” ആയിരിക്കും ഉണ്ടായിരിക്കുക. പല പുരാതന മതങ്ങളിലും കാണാനാവുന്നപോലെ, അനേകം കൈകാലുകളോ, തലകളോ, മറ്റവയവങ്ങളോ ഉള്ള വിചിത്രരൂപങ്ങളെ സങ്കൽപിക്കാൻ മനുഷ്യനു് ഒരു ബുദ്ധിമുട്ടുമില്ല. ഭാവനയ്ക്കു് പരിധികളില്ല. അതുപോലെതന്നെ, ഇല്ലാത്ത ഒരു ദൈവത്തിനു് ഒരു സാങ്കൽപികരൂപം സൃഷ്ടിച്ചെടുക്കുക എന്നതു് തലച്ചോറിനു് വളരെ എളുപ്പം കഴിയുന്ന ഒരു കാര്യമാണു്. ഉദാഹരണത്തിനു്, പുതിയതായി പരിചയപ്പെടുന്ന ഒരു വ്യക്തിയുടെ രൂപം, ഒരു പുതിയമുറിയിൽ പ്രവേശിക്കുമ്പോൾ ആ മുറിയുടെ ഒരു കോപ്പി, ഇവയൊക്കെ ഓരോ ചെറിയ ഡീറ്റെയിൽസും മനസ്സിലാക്കിയശേഷമല്ല തലച്ചോറിൽ ശേഖരിക്കപ്പെടുന്നതു്. വീണ്ടും തിരിച്ചറിയാൻ മതിയായ ചില മൂലബിന്ദുക്കൾ ആദ്യകാഴ്ചയിൽത്തന്നെ സേവ്‌ ചെയ്യപ്പെടുന്നു. ഓരോ വിശദാംശങ്ങളും പരിശോധിച്ചശേഷമേ ഒരു തിരിച്ചറിയൽ സാദ്ധ്യമാവുമായിരുന്നുള്ളു എങ്കിൽ, ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ.

അനന്തരവനു് എഴുതിയ ഒരെഴുത്തിൽ വീണ്ടും ജെഫേഴ്സൺ: “ബലഹീനമനസ്സുകളെ കീഴടക്കി പാദസേവകരാക്കുന്ന അടിമത്വപരമായ മുൻവിധികളെ എല്ലാം ഒഴിവാക്കുക. യുക്തിയെ അതിന്റെ സീറ്റിൽ ഉറപ്പിച്ചു് ഓരോ വസ്തുതയ്ക്കും ഓരോ അഭിപ്രായത്തിനും അതിന്റെ ന്യായാസനത്തെ ആശ്രയിക്കുക. ദൈവത്തിന്റെ അസ്തിത്വത്തെപ്പോലും ധൈര്യപൂർവ്വം ചോദ്യം ചെയ്യുക, കാരണം, അങ്ങനെയൊന്നു് ഉണ്ടെങ്കിൽ, അവൻ കണ്ണുമൂടപ്പെട്ട ഭയത്തേക്കാൾ, യുക്തിയോടുള്ള ആദരവിനെ കൂടുതൽ അംഗീകരിക്കുന്നവനായിരിക്കണം.”

(തുടരും)

 
4 Comments

Posted by on Dec 4, 2010 in മതം

 

Tags: , , ,

ദൈവാസ്തിത്വത്തിന്റെ ‘തെളിവുകൾ’

“ഗ്രന്ഥം മൂന്നു് പകർത്തുമ്പോൾ മുഹൂർത്തം മൂത്രമായ്‌ വരും” എന്നൊരു ചൊല്ലു് കേട്ടിട്ടുണ്ടു്. ഇതു് പകർത്തി എഴുത്തിന്റെ ഒരു പരിമിതിയെ ആവാം സൂചിപ്പിക്കുന്നതു്. ഒരു ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന വിഷയത്തിൽ അവഗാഹമുള്ള ഒരു പ്രൂഫ്‌ റീഡർ ഉണ്ടെങ്കിൽ ഈ പ്രശ്നം നല്ലൊരു പരിധിവരെ പരിഹരിക്കപ്പെടാവുന്നതേയുള്ളു. പക്ഷേ, പകർപ്പിൽ മുഹൂർത്തത്തിനു് പകരം മൂത്രവും മൂർത്തവും അമൂർത്തവുമൊക്കെ മനഃപൂർവ്വം തിരുകിക്കയറ്റുന്നവർ അതു് തിരുത്തപ്പെടരുതെന്നു് ആഗ്രഹിക്കുന്നവരായിരിക്കും. ഒറിജിനലോ വ്യാഖ്യാനങ്ങളോ വായിക്കാത്തവരെ വഴിതെറ്റിക്കാൻ ഇത്തരം ആധികാരികമായ തെറ്റിപ്പകർത്തലുകൾ ആവശ്യമാണു്. മൂത്രത്തെ വ്യാഖ്യാനിച്ചു് അമൂർത്തമോ മറ്റു് വല്ലതുമോ ആക്കാനും ഈ തന്ത്രം സഹായിക്കും. അടിവീഴാനുള്ള സാദ്ധ്യത മണക്കുമ്പോഴോ, ഇല്ലെങ്കിൽ, ‘പിരികയറ്റി’ അടി വീഴിക്കാനാവുമോ എന്നറിയാനായോ മാളത്തിൽ നിന്നും ഇടയ്ക്കിടെ തല പുറത്തേക്കു് നീട്ടുന്ന കുറെ വിശ്വാസിനീർക്കോലികൾ കൂടിയുണ്ടെങ്കിൽ ബോക്സിങ്ങിന്റെ മലയാളം വേർഷനുകളായ കോഴിപ്പോരിനേയും അങ്കംവെട്ടിനേയും കടത്തിവെട്ടുന്ന ഒരു എന്റർട്ടെയിന്മെന്റിനു് വേണ്ടത്ര ചേരുവകളുമായി. ഒരു ഗ്രന്ഥത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാനും വിമര്‍ശിക്കാനുമൊക്കെ തുടങ്ങുന്ന ഒരാൾ പണ്ഡിതനെങ്കിൽ അവൻ ആദ്യം ചെയ്യേണ്ടതു് മൂലഗ്രന്ഥം സമഗ്രമായി പഠിക്കുകയാണു്. അല്ലെങ്കിൽ, മുഹൂർത്തത്തിനു് പകരം മൂത്രമാവും വിമര്‍ശിക്കപ്പെടുക. അതേസമയം, ഈ മൂത്രം എന്നതു് പലരാൽ പലവട്ടം അരിച്ചും ഹരിച്ചും വിമര്‍ശിക്കപ്പെട്ടതുകൂടിയാവുമ്പോൾ, അതു് അറപ്പുളവാക്കുന്ന ഒരുതരം ചർവ്വിതചർവ്വണം മാത്രമേ ആവുകയുള്ളു. അതാണെങ്കിലോ, ഒട്ടേറെ വിമര്‍ശനങ്ങൾ വന്നുകഴിഞ്ഞ ഒരു ഗ്രന്ഥത്തിന്റെ കാര്യത്തിൽ, ഏറിയാൽ ഒരു തർജ്ജമയിൽ തീരുമായിരുന്ന കാര്യവും.

ദൈവാസ്തിത്വം തെളിയിക്കാൻ ശ്രമിച്ചവരിൽ പ്രധാനിയായ ഒരുവനായിരുന്നു സഭയ്ക്കു് വിശുദ്ധനായ തോമാസ്‌ അക്വീനാസ്‌. അതിനായി അവൻ നിരത്തുന്നതു് അഞ്ചു് തെളിവുകളാണു്. ചില സഭാപിതാക്കൾ ഒരുപക്ഷേ ഇപ്പോഴും അവയൊക്കെ സാധുവായി കരുതുന്നുണ്ടാവാമെങ്കിലും, ബൗദ്ധികലോകം അവയെ പണ്ടേ ഉപരിപ്ലവമായ വാചാടോപം എന്നു് തള്ളിക്കളഞ്ഞവയാണു്. തത്വചിന്തയുമായി എന്തെങ്കിലും ബന്ധമുള്ളവർ ഈ വസ്തുത അറിയാത്തവരായിരിക്കുകയില്ല. ‘ഗോഡ്‌ ഡെല്യൂഷനിൽ’ ഡോക്കിൻസ്‌ ഈ ‘തെളിവുകളെ’ സംക്ഷിപ്തമാക്കി ഒരിക്കൽ കൂടി നിഷേധിക്കുന്നുണ്ടു്. അതിനാൽ, അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകൾ ഇന്നും പ്രസക്തമാണെന്നു് പറയുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണു്. ഈ വിഷയത്തിൽ അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങൾ എന്ന എന്റെതന്നെ ഒരു പഴയ പോസ്റ്റുണ്ടു്. അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകളെ ഡോക്കിൻസ്‌ തള്ളിക്കളയുന്നതു് എങ്ങനെയെന്നു് നോക്കാം.

അതിലെ ആദ്യത്തെ മൂന്നു് തെളിവുകൾ പറയുന്നതു് ഒന്നുതന്നെ ആണെന്നതിനാൽ അവയെ വേണമെങ്കിൽ ഒരു ആര്‍ഗ്യുമെന്റ്‌ ആയി ചുരുക്കാവുന്നതേയുള്ളു.

1. സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവൻ: അരിസ്റ്റോട്ടിലിൽ നിന്നും വരുന്ന ഈ ആശയപ്രകാരം ചലിപ്പിക്കപ്പെടാതെ ഒന്നും ചലിക്കുന്നില്ല. ഇതു് നമ്മെ ഒരു പശ്ചാത്‌ഗതിയിലേക്കും (regress), ദൈവം എന്നൊരു ആദ്യചാലകനിലേക്കും നയിക്കുന്നു എന്നു് അക്വീനാസ്‌ പറയുന്നു.

2. കാരണം വേണ്ടാത്ത കാരണം: ഒന്നും സ്വയം കാരണമല്ല. ഓരോ കാര്യത്തിനും ഒരു കാരണമുണ്ടു്. ഇതും നമ്മെ ഒരു പിന്നോക്കം പോകലിലൂടെ, ആദ്യകാരണത്തിലേക്കു് എത്തിക്കുന്നു. അക്വീനാസ്‌ ഈ ആദ്യകാരണത്തെ ദൈവം എന്നു് വിളിക്കുന്നു.

3. കോസ്മോളജിക്കൽ ആര്‍ഗ്യുമെന്റ്‌: ഭൗതികമായ ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ഇപ്പോൾ ഭൗതികവസ്തുക്കൾ ഉണ്ടെന്നതിനാൽ, നമ്മൾ പിന്നോട്ടു് ചിന്തിക്കുമ്പോൾ, അവയുടെ രൂപമെടുക്കലിനു് അനിവാര്യമായ ഒരു അഭൗതികയിൽ, ഒരു ദൈവത്തിൽ എത്തുമെന്നു് തോമാസ്‌ പഠിപ്പിക്കുന്നു.

ട്രഡീഷണൽ ലോജിക്കിൽ റിഗ്രെസ്‌ എന്നതു് സോപാധികമായതിൽ നിന്നും ഉപാധിയിലേക്കു്, കാര്യത്തിൽ നിന്നും കാരണത്തിലേക്കു്, സവിശേഷമായതിൽ നിന്നും പൊതുവായതിലേക്കു് ഉള്ള ചിന്തയുടെ ഗതിയെ ആണു് സൂചിപ്പിക്കുന്നതു്. ദൈവാസ്തിത്വത്തിന്റെ തെളിവിനായി അക്വീനാസ്‌ നൽകുന്ന ഈ മൂന്നു് ആര്‍ഗ്യുമെന്റ്‌സും അനന്തമായ പശ്ചാത്‌ഗതിയുടെ (infinite regress) ഭാഗമാണു്. അനന്തമായ ഈ ‘ചങ്ങലയെ’ എവിടെയെങ്കിലും അവസാനിപ്പിക്കുന്നതിനായി അക്വീനാസ്‌ നിരങ്കുശം ‘ദൈവം’ എന്ന ആശയത്തെ അതിനിടയിൽ തിരുകുന്നു. എന്തു് കാരണത്താൽ ഈ റിഗ്രെസ്‌ ദൈവത്തിനു് ബാധകമാവുന്നില്ല എന്ന ചോദ്യം എന്തുകൊണ്ടോ അക്വീനാസ്‌ സ്വയം ചോദിക്കുന്നില്ല. ഒരു മറുപടി നിർബന്ധമാണെന്നു് കരുതുന്നതിനാൽ, ദൈവം എന്നൊരു ടെർമ്മിനേയ്റ്ററെ വച്ചു് നമ്മൾ ഈ ഇൻഫിനിറ്റ്‌ റിഗ്രെസിനെ അവസാനിപ്പിച്ചാലും, ആ ടെർമ്മിനേയ്റ്റർ എന്തടിസ്ഥാനത്തിൽ നമ്മൾ സാധാരണഗതിയിൽ ദൈവത്തിനു് നൽകുന്ന വിശേഷണങ്ങൾക്കു് അർഹനാവും? പൂർണ്ണത, പരമസത്യം, നന്മ , സ്നേഹം, സർവ്വവ്യാപകത്വം, സർവ്വജ്ഞത്വം, സർവ്വശക്തിത്വം, (omnipresent, omniscience, omnipotence) മുതലായവയൊക്കെയാണു് ദൈവത്തിനു് മനുഷ്യർ നൽകുന്ന ഗുണങ്ങൾ. പ്രാർത്ഥന കേൾക്കുന്നവൻ, പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്നവൻ, മനുഷ്യരുടെ ചിന്തകളെ അറിയുന്നവൻ, അവരുടെ ഓരോ പ്രവൃത്തികളും കാണുന്നവൻ, …. അങ്ങനെ പോകുന്നു ദൈവവിശേഷണങ്ങൾ. “താൻ കക്കൂസിൽ പോകുന്നതു് ദൈവം കാണുന്നതു് തനിക്കിഷ്ടമില്ല” എന്നു് നിർബന്ധം പിടിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ ഒരു തമാശ നീറ്റ്‌സ്ഷെയുടെ വകയായുണ്ടു്. സർവ്വജ്ഞത്വവും സർവ്വശക്തിയും പരസ്പരം പൊരുത്തപ്പെടുകയില്ല എന്നതു് മറ്റൊരു സത്യം. ഈ വിരോധാഭാസത്തെ Karen Owens ഇങ്ങനെ പ്രകടിപ്പിക്കുന്നു:

Can omniscient God, who
knows the future, find
The omnipotence to
Change His future mind?

അനന്തമായ ഒരു പശ്ചാത്‌ഗതിയെ അവസാനിപ്പിക്കാൻ അതുപോലെതന്നെയോ, അതിൽകൂടുതലോ അന്തവും കുന്തവുമില്ലാത്തതായ ഒരു മിഥ്യാസങ്കൽപത്തെ അതിനിടയിൽ തിരുകുന്നതിലും എത്രയോ ഭേദമായിരുന്നേനെ, ഒന്നുകിൽ ബിഗ്‌-ബാംഗ്‌ സിംഗ്യുലാരിറ്റിയോ, അല്ലെങ്കിൽ ഇതുവരെ അറിവില്ലാത്തതെങ്കിലും അറിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാവാത്ത (തികച്ചും ഭൗതികമായ) ഒരു ആശയമോ ഉപയോഗിച്ചിരുന്നെങ്കിൽ!

4. ആര്‍ഗ്യുമെന്റ്‌ ഫ്രം ഡിഗ്രി: ലോകത്തിൽ നമ്മൾ നന്മ, ഉൽകൃഷ്ടത മുതലായ വിവിധ അവസ്ഥകൾ കാണുന്നു. അവയെ നമ്മൾ വിലയിരുത്തുന്നതു്, ഒരു മാക്സിമവുമായുള്ള താരതമ്യം വഴിയാണു്. മനുഷ്യൻ നല്ലതും ചീത്തയുമാവാമെന്നതിനാൽ, ആ മാക്സിമം മനുഷ്യരിൽ ആവാൻ കഴിയില്ല. തന്മൂലം, പൂർണ്ണതയുടെ മാനദണ്ഡമായി ഒരു മാക്സിമം കൂടിയേ കഴിയൂ. ആ മാക്സിമമാണു് തോമാസിന്റെ അഭിപ്രായത്തിൽ ദൈവം.

ഇതിനെ ഒരു ആര്‍ഗ്യുമെന്റ്‌ എന്നു് വിളിക്കാനാവുമോ എന്നു് ഡോക്കിൻസ്‌ തികച്ചും ന്യായപൂർവ്വം ചോദിക്കുന്നു. ഈ വാദത്തെ നമുക്കു് അർത്ഥവ്യത്യാസമില്ലാതെതന്നെ വേണമെങ്കിൽ ഇങ്ങനെയും അവതരിപ്പിക്കാം: മനുഷ്യരുടെ ഗന്ധം വ്യത്യസ്തമാണു്. എങ്കിലും ഒരു താരതമ്യം നടത്തണമെങ്കിൽ മണക്കാനാവുന്ന ഒരു മാക്സിമം ഗന്ധം നിലനിൽക്കണം. അതായതു്, ദുർഗ്ഗന്ധത്തെ താരതമ്യം ചെയ്യാൻ, നിസ്തുലനും, സർവ്വോത്കൃഷ്ടനുമായ ഒരു നിതാന്തദുർഗ്ഗന്ധവാഹി നിലനിൽക്കണം. അക്വീനാസിന്റെ അഭിപ്രായത്തിൽ, ഈ നിതാന്തദുർഗ്ഗന്ധവാഹിയെ (“പരനാറി” എന്നും വേണമെങ്കിൽ പറയാം) നമ്മൾ ദൈവം എന്നു് വിളിക്കുന്നു. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ, ഓരോരുത്തർക്കും മനസ്സിനിണങ്ങിയപോലെ, ദുർഗ്ഗന്ധത്തിനു് പകരം മറ്റേതൊരു നാറിത്തരവും ഉദാഹരണമാക്കി ദൈവാസ്തിത്വം തെളിയിക്കാൻ കഴിയും.

5. ടെലിയൊളോജിക്കൽ ആര്‍ഗ്യുമെന്റ്‌ (ആര്‍ഗ്യുമെന്റ്‌ ഫ്രം ഡിസൈൻ): ലോകത്തിലെ വസ്തുക്കൾ, പ്രത്യേകിച്ചും ജീവജാലങ്ങൾ, അവ ഡിസൈൻ ചെയ്യപ്പെട്ടവയായാലെന്നപോലെ കാണപ്പെടുന്നു. നമുക്കറിയാവുന്ന ഒരു വസ്തുവും, അതു് ഡിസൈൻ ചെയ്യപ്പെട്ടതല്ലെങ്കിൽ ഡിസൈൻ ചെയ്യപ്പെട്ടതുപോലെ കാണപ്പെടുന്നില്ല. അതുകൊണ്ടു് എല്ലാറ്റിനും ഒരു ഡിസൈനർ ഉണ്ടായിരിക്കണം. അവനെ അക്വീനാസ്‌ ദൈവം എന്നു് വിളിക്കുന്നു.

ദൈവാസ്തിത്വത്തിന്റെ ഇടിച്ചാൽ പൊട്ടാത്ത ഒരു തെളിവായി ചിലരൊക്കെ ഇന്നും കൊട്ടിഘോഷിക്കുന്ന ഒരു ആര്‍ഗ്യുമെന്റാണിതു്. ഡാർവിൻ ഒരു അണ്ടര്‍ഗ്രാജുവേറ്റ്‌ ആയിരുന്ന കാലത്തു് ഈ ആശയത്തിൽ ആകൃഷ്ടനായിരുന്നു. പിൽക്കാലത്തു് ഡാർവിൻ അതു് പൂർണ്ണമായും ഉപേക്ഷിച്ചെങ്കിലും ആസ്തികരിൽ ചിലർക്കു് ഇന്നും അതു് ഡാർവിൻ അംഗീകരിക്കുന്നതും അതുകൊണ്ടുതന്നെ ന്യായമായതുമായ ഒരു തത്വമാണു്. ഡിസൈനർ ആര്‍ഗ്യുമെന്റ്‌ അബദ്ധമാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണു് നാചുറൽ സെലക്ഷൻ വഴിയുള്ള എവൊല്യൂഷൻ രൂപം നൽകുന്ന എണ്ണമറ്റ “ഡിസൈനുകൾ”. ഐസ്‌ ക്രിസ്റ്റൽ മുതൽ മനുഷ്യന്റെ തലച്ചോറുവരെ ഒരു ഡിസൈനറുടെയും സഹായമില്ലാതെയാണു് സെൽഫ്‌ ഓര്‍ഗനൈസേഷൻ വഴി മനോഹരമായ രൂപങ്ങൾ കൈവരിക്കുന്നതു്. ഇതുപോലുള്ള സെൽഫ്‌ ഓര്‍ഗനൈസേഷനു് പ്രകൃതിയിൽ എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.

അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകളിൽ ഒന്നുപോലും ചിന്തിക്കുന്നവരുടെ ലോകത്തിൽ ഇന്നു് അംഗീകാര്യയോഗ്യമായ ആര്‍ഗ്യുമെന്റുകൾ പോലുമല്ല. അക്വീനാസിന്റെ തെളിവുകളെ ഇതുവരെ ആരും ഖണ്ഡിച്ചിട്ടില്ല എന്നൊക്കെ വലിയവായിൽ മുക്രയിടുന്നവർ ഈ വസ്തുത ശ്രദ്ധിച്ചാൽ അവർക്കു് നല്ലതു്. വെറുതെയെന്തിനു് അബദ്ധങ്ങൾ വിളിച്ചുപറഞ്ഞു് ലോകത്തിനു് മുന്നിൽ സ്വയം അപഹാസ്യരാവണം?

ദൈവസ്തിത്വത്തെളിവുകളെ a priori, a posteriori എന്ന രണ്ടു് മുഖ്യവിഭാഗങ്ങളിൽ പെടുത്താം. അ പ്രിയോറി എന്നതു് അനുഭവജ്ഞാനവുമായി ബന്ധമില്ലാതെ, അതിനു് മുൻപെന്നോണം, ചിന്തയുടെ വഴിയിലൂടെ മാത്രം നേടുന്ന അറിവുകൾ. അ പോസ്റ്റെറിയോറി എന്നതു്, അ പ്രിയോറിക്കു് വിപരീതമായി അനുഭവജ്ഞാനത്തിൽ നിന്നും നേടുന്നതോ, അതുവഴി സ്ഥാപിക്കപ്പെടുന്നതോ ആയ അറിവുകൾ. ഈ നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ, ലോകവീക്ഷണത്തിലൂടെ എത്തിച്ചേരുന്നവ എന്നതിനാൽ, തോമാസിന്റെ അഞ്ചു് തെളിവുകളും അ പോസ്റ്റെറിയോറി വിഭാഗത്തിൽ വരുന്നവയാണു്. അ പ്രിയോറി വിഭാഗത്തിൽ പെടുത്താവുന്നതും ഏറ്റവും പ്രസിദ്ധമായതുമായ ദൈവാസ്തിത്വ തെളിവാണു് St Anselm of Canterbury 1078-ൽ മുന്നോട്ടുവച്ച ontological argument. റെനേ ഡെക്കാർട്ട്‌, ഗോട്ട്ഫ്രീഡ്‌ ലൈബ്‌നിറ്റ്‌സ്‌, തോമാസ്‌ അക്വീനാസ്‌, ഡേവിഡ്‌ ഹ്യൂം, ഇമ്മാന്വേൽ കാന്റ്‌, ബെര്‍ട്റാന്‍ഡ്‌ റസ്സൽ മുതലായ ലോകപ്രശസ്ത ചിന്തകരാൽ വ്യത്യസ്തമായ രീതിയിൽ അനുകൂലവും പ്രതികൂലവുമായി വിലയിരുത്തപ്പെട്ട ഒരു വാദമുഖം.

ആൻസെൽമിന്റെ തത്വം: അതിൽ വലിയതു് ഒന്നിനെ സങ്കൽപ്പിക്കാൻ കഴിയാത്തവിധത്തിലുള്ള ഒരു എന്റിറ്റിയെ സങ്കൽപിക്കാൻ മനുഷ്യനു് കഴിയും. ഒരു നിരീശ്വരവാദിക്കുപോലും അതുപോലെ അത്യുത്തമമായ ഒരു അസ്തിത്വത്തെ സങ്കൽപിക്കുവാൻ കഴിയും – അങ്ങനെയൊരു അസ്തിത്വത്തെ യഥാർത്ഥ ലോകത്തിൽ അവൻ നിഷേധിക്കുമെങ്കിൽത്തന്നെയും. യഥാർത്ഥലോകത്തിൽ നിലനിൽപ്പില്ലാത്ത അതുപോലൊരു എന്റിറ്റി, അതിന്റെപേരിൽത്തന്നെ, പരിപൂർണ്ണതയുള്ളതാവില്ല. അതൊരു വൈരുദ്ധ്യമാണു്! അതുകൊണ്ടു്, സിംസലബിം, ദൈവം ഉണ്ടു്! ദാണ്ടെ കിടക്കുന്നു ദൈവത്തിന്റെ തെളിവു്! വേണ്ടവർക്കൊക്കെ എടുക്കാം.

ആൻസെൽമിന്റെ ബാലിശമായ ഈ ആര്‍ഗ്യുമെന്റിനെ ബാല്യസഹജമായ ഭാഷയിൽത്തന്നെ ഡോക്കിൻസ്‌ നേരിടുന്നു:

“ദൈവമുണ്ടെന്നു് തെളിയിക്കാമെന്നു് ഞാൻ ബെറ്റ്‌ വയ്ക്കുന്നു.”
“ഇല്ല, നിനക്കതിനു് കഴിയില്ല എന്നു് ഞാനും ബെറ്റ്‌ വയ്ക്കുന്നു.”
“ശരി. സങ്കൽപിക്കാവുന്നതിൽ ഏറ്റവും പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ഒരു വസ്തുവിനെ സങ്കൽപിക്കൂ.”
“ശരി, സങ്കൽപിച്ചു. ഇനി?”
“പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ആ വസ്തു യഥാർത്ഥമാണോ? അതു് നിലനിൽക്കുന്നുണ്ടോ?”
“ഇല്ല, അതെന്റെ മനസ്സിൽ മാത്രമാണു്.”
“യഥാർത്ഥമായിരുന്നെങ്കിൽ അതു് കൂടുതൽ പരിപൂർണ്ണമായിരുന്നേനെ. കാരണം, യഥാർത്ഥ, യഥാർത്ഥ പരിപൂർണ്ണ വസ്തു മനസ്സിൽ മാത്രം നിലനിൽക്കുന്ന ഒരു പഴഞ്ചൻ പാവം സാങ്കൽപികവസ്തുവിനേക്കാൾ കൂടുതൽ പരിപൂർണ്ണമാണു്. കണ്ടില്ലേ, ദൈവം ഉണ്ടെന്നു് ഞാൻ തെളിയിച്ചു!

ആൻസെൽമിന്റെ ഓന്റൊളോജിക്കൽ ആര്‍ഗ്യുമെന്റിനെ നിരാകരിച്ച തത്വചിന്തകരിൽ പ്രമുഖരായിരുന്നു ഹ്യൂം, കാന്റ്‌, റസ്സൽ എന്നിവർ. അസ്തിത്വം അനാസ്തിത്വത്തേക്കാൾ പരിപൂർണ്ണമാണെന്ന ആൻസെൽമിന്റെ മണ്ടൻ നിഗമനം തുറന്നു് കാണിച്ചതു് കാന്റാണു്.

സങ്കീർത്തനങ്ങൾ പതിനാലാം അദ്ധ്യായത്തിലെ ഒന്നാം വാക്യം ഉദ്ധരിച്ചുകൊണ്ടു് ആൻസെൽം അവന്റെ സാങ്കൽപികശത്രുവായ നിരീശ്വരവാദിയെ മൂഢൻ എന്നാണു് വിശേഷിപ്പിക്കുന്നതു്! “ദൈവം ഇല്ല എന്നു് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.” ബൈബിൾ എഴുതിയവനോ, അതു് പകർത്തിയവനോ, ബൈബിൾ ദൈവവചനമായതിനാൽ, ഇനി യഹോവതന്നെയോ മൂഢനായതുകൊണ്ടാണോ എന്നറിയില്ല, സങ്കീർത്തനങ്ങളിലെ പതിനാലാം അദ്ധ്യായം സങ്കീർത്തനങ്ങളിലെതന്നെ അൻപത്തിമൂന്നാം അദ്ധ്യായത്തിന്റെ ഈച്ചക്കോപ്പിയാണു്. നുണ പറയരുതല്ലോ, ഈച്ചക്കോപ്പി എന്നതു് അത്ര ശരിയല്ല, ഒന്നിലെ ദൈവം മറ്റേതിൽ ചിലയിടത്തൊക്കെ യഹോവ ആയി മാറുന്നുണ്ടു്. ഒന്നിൽ ആകെ ആറു് വാക്യങ്ങളാണു്, മറ്റേതിൽ ആകെ വാക്യങ്ങൾ ഏഴും. 5, 6, 7 വാക്യങ്ങളിൽ സംഭവിച്ച ചില തിരിമറികളുടെ ഫലമാണു് ഈ വ്യത്യാസം. ഈ പിഴവിന്റെ ഉത്തരവാദിത്വം യഹോവയ്ക്കോ അതു് എഴുതിയുണ്ടാക്കിയവനോ എന്നെനിക്കറിയില്ല. ദൈവം പ്രപഞ്ചത്തിന്റെ പ്ലാനിംഗ്‌ കമ്മീഷൻ ചെയര്‍മാന്‍ ആയതുകൊണ്ടു്, ഈ തിരിമറിയുടെ പിന്നിലും എന്തെങ്കിലും ഒരു ലക്ഷ്യം കാണുമെന്നേ കരുതാൻ പറ്റൂ. ഇനി അഥവാ ലക്ഷ്യമൊന്നും ഇല്ലെങ്കിൽത്തന്നെ ഉണ്ടാക്കാനും, വ്യാഖ്യാനസാദ്ധ്യത നിലനിൽക്കുന്നിടത്തോളം, വലിയ ബുദ്ധിമുട്ടുമില്ല.

താൻ പറയുന്ന ദൈവത്തെ യുക്തിപൂർവ്വം ചോദ്യം ചെയ്യുന്നവരെ മൂഢൻ, ഭോഷൻ, വിഡ്ഢി, ബാസ്റ്റാർഡ്‌, പട്ടി, പന്നി മുതലായി ഭാഷയിൽ സാദ്ധ്യവും അസാദ്ധ്യവുമായ നികൃഷ്ടപദങ്ങൾ ഉപയോഗിച്ചു് തെറി വിളിക്കുന്നതു് ബൈബിൾ എഴുതപ്പെട്ട കാലത്തോ, ഖുർആൻ എഴുതപ്പെട്ട കാലത്തോ, ഏകദേശം ആയിരം വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന ആൻസെൽമിന്റെ കാലത്തോ ഒക്കെ മാത്രം ഉണ്ടായിരുന്നതും, ഇപ്പോൾ കാലഹരണപ്പെട്ടതുമായ ഒരു കാടത്തമാണെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കു് തെറ്റി. ആ പെരുമാറ്റരീതി പരമസത്യമായ ദൈവത്തെ പോക്കറ്റിൽ കൊണ്ടുനടക്കുന്നവർ എന്നവകാശപ്പെടുന്നവരുടെ ഉള്ളിന്റെയുള്ളിൽ മായ്ക്കാനും മറയ്ക്കാനുമാവാതെ ഇന്നും കുടികൊള്ളുന്ന ഒരു സ്വഭാവഗുണമാണു്. തെളിവു് വേണ്ടവർ ഏതെന്നില്ല, മതം ദൈവം മുതലായ വിഷയങ്ങളിൽ “ചർച്ച” നടക്കുന്ന ഏതെങ്കിലും ഒരു ബ്ലോഗിൽ നോക്കിയാൽ മതി.

ഫെയ്സ്ബുക്കിൽ വരുന്ന friend request-കൾ സാമാന്യമര്യാദയുടെ പേരിൽ കൺഫേം ചെയ്യുകയാണു് എന്റെ പതിവു്. ദൈവത്തിന്റെ അടിവസ്ത്രങ്ങൾ അലക്കിത്തേച്ചു് കൊടുക്കുന്ന ഒരു “ബ്രദറൻ” തല കാണിച്ചതുവരെ ദൂഷ്യഫലമൊന്നും ഉണ്ടായിട്ടുമില്ല. പാമ്പിനെ കൗപീനത്തിൽത്തന്നെ വച്ചുപൊറുപ്പിക്കണം എന്നു് ഫെയ്സ്ബുക്ക്‌ നിർബന്ധിക്കാത്തതു് ഒരു ഭാഗ്യമാണെന്നു് മനസ്സിലാക്കാൻ ഈ ഫ്രണ്ഡ്ഷിപ്പ്‌ സഹായകമായെന്നു് പറഞ്ഞാൽ മതിയല്ലോ.

Facebook-ൽ: Justin wrote: “ദൈവം ഇല്ല എന്നു് ‘മൂടൻ’ തന്റെ ഹൃദയത്തിൽ പറയുന്നു….!!| Powered by BIBLE”

ബ്ലോഗിലെ ഈ മാന്യന്റെ കമന്റ്‌: “ദൈവം ഇല്ല എന്നു് ‘മൂടൻ’ തന്റെ ഹൃദയത്തിൽ പറയുന്നു….!!| Powered by BIBLE”
justinkwilliams: IP: 117.242.75.235 (brethrenet.com/)

“മൂടനെ” അങ്ങേർ ഹൃദയത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നു് തോന്നുന്നു. ഉള്ളിലുള്ളതല്ലേ പുറത്തേക്കു് വരൂ. അതിനെത്തുടർന്നു്, കീ കൊടുത്താൽ ചില വാക്യങ്ങൾ ആവർത്തിച്ചുകൊണ്ടു് ചുറ്റിത്തിരിയുന്ന പാവയെപ്പോലെ കമന്റുകൾ പൊഴിയാൻ തുടങ്ങി. അത്തരം കമന്റുകളോടു് ഞാൻ സാധാരണ ചെയ്യാറുള്ളതുപോലെ പിന്നീടു് വന്നവയെ അവ അർഹിക്കുന്നിടത്തേക്കയച്ചു് ബഹുമാനിച്ചു.

ഇന്നലെ babutktu@gmail.com (IP: 117.204.124.83)-ൽ നിന്നും എനിക്കൊരു മെയിൽ കമന്റായി വന്നു. ശൈലി കണ്ടിട്ടു് ഉത്ഭവം ഏകദേശം ഒരേ ചാണകക്കുഴി തന്നെ. ബാസ്റ്റാര്‍ഡ് എന്നും മറ്റുമൊക്കെ എഴുതിയിരുന്നു.

എന്താണു് ആ മാന്യദേഹം മെയിലിൽ ഉദ്ദേശിച്ചതെന്നു് എനിക്കു് ശരിക്കും മനസ്സിലായില്ല. എനിക്കു് മനസ്സിലായിടത്തോളം, ഈ ബാബുറ്റികെറ്റു ഒരു വിശ്വാസിയാണെന്നും, അതോടൊപ്പം ഒരു ബാസ്റ്റാർഡ്‌ ആണെന്നും, അമ്മ പറഞ്ഞറിഞ്ഞതല്ലാതെ അപ്പനാരെന്നു് അങ്ങേർക്കറിയില്ലെന്നുമാണു് ചുരുക്കമെന്നു് തോന്നുന്നു. ഒരാൾ സഹായാഭ്യർത്ഥനയുമായി വരുമ്പോൾ കഴിയുമെങ്കിൽ നമ്മൾ നിരാകരിക്കരുതല്ലോ. എനിക്കു് വേണമെങ്കിൽ ആ മെയിലിനു് നേരിട്ടു് മറുപടി എഴുതാമായിരുന്നു. പക്ഷേ, തന്തയില്ലാത്തവർക്കു് മറുപടി എഴുതിയാൽ അതിന്റെ മറുപടികൾ തന്തയില്ലാത്തരത്തിന്റെ ഒരു infinite regress ആയിരിക്കുമെന്നു് കഴിഞ്ഞ മൂന്നുവർഷത്തെ ബ്ലോഗ്‌ ജീവിതംവഴി ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. സാധാരണഗതിയിൽ അത്തരക്കാരുടെ കമന്റുകൾ ഞാൻ ചവറ്റുകുട്ടയിൽ എറിയാറാണു് പതിവു്. “വിശുദ്ധ” ബൈബിളിന്റെ ഭാഷയിൽ പറഞ്ഞാൽ, മച്ചിയുടെ ഗർഭപാത്രം പോലെയാണു് വിശ്വാസികളുമായുള്ള സംവാദം. ബൈബിളിന്റെ കാലത്തിൽ നിന്നും വ്യത്യസ്തമായി, ലക്ഷക്കണക്കിനു് ക്യുബിക്‌ മീറ്റർ വെള്ളം പമ്പുചെയ്തു് കൃത്രിമമായ തടാകങ്ങൾ വരെ സൃഷ്ടിക്കാനുള്ള ശേഷി ഇന്നു് മനുഷ്യർ കൈവരിച്ചിട്ടുണ്ടെന്നതിനാൽ, “എത്ര പമ്പുചെയ്താലും നിറയാത്ത ടാങ്കുപോലെ” എന്നൊരു ഉപമയാവും ബൈബിളിലേതുപോലെ അത്ര നാറ്റമില്ലാതെ പറയാവുന്നതു്.

ഒരു മറുപടിയും അർഹിക്കാത്ത “ബാബുറ്റികെറ്റു”വിന്റെ കമന്റ്‌ ഈ പോസ്റ്റിന്റെ ഭാഗമാക്കുന്നതിന്റെ കാരണം മറ്റൊന്നാണു്. വിശ്വാസികളുടെ കാഴ്ചപ്പാടിൽ മനുഷ്യവർഗ്ഗത്തിന്റെ തന്തപ്പടി ദൈവമാണു്. അതുകൊണ്ടു് നിരീശ്വരവാദികൾ എന്നാൽ തന്തയില്ലാത്തവരാണെന്ന ഒരു “ഉത്തമബോദ്ധ്യം” വിശ്വാസികളുടെ ഇടയിൽ നിലനിൽക്കുന്നുണ്ടു്. ഉത്തമബോദ്ധ്യങ്ങളാണു് സത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്നു്, “ദൈവം ചത്തു” എന്നു് പറഞ്ഞ നീറ്റ്‌സ്ഷെ. വളരെ ബുദ്ധിമാനായിരുന്നുവെങ്കിലും ഇവിടെ നീറ്റ്‌സ്ഷെക്കു് ഒരു തെറ്റുപറ്റി എന്നു് പറയാതെ വയ്യ. ജീവിക്കുന്നവയേ ചാവുകയുള്ളു എന്നതിനാൽ, ദൈവം ചത്തു എന്നതിനേക്കാൾ, “ദൈവം എന്നൊന്നില്ല, ഒരിക്കലും ഉണ്ടായിരുന്നില്ല, ഇനിമേൽ ഉണ്ടാവുകയുമില്ല” എന്നായിരുന്നേനെ എന്റെ അഭിപ്രായത്തിൽ കൂടുതൽ ആപ്തമായിരുന്നതു്.

നമുക്കു് നമ്മുടെ “ബാബുറ്റികെറ്റു”വിന്റെ തന്തയില്ലായ്മപ്രശ്നത്തിനു് എന്തെങ്കിലും പരിഹാരം കണ്ടെത്താനാവുമോ എന്നു് നോക്കാം. അതുവഴി ഒരുപക്ഷേ മനുഷ്യരാശിയുടെ പിതൃത്വത്തിനും ഒരു പരിഹാരം കാണാനാവുമെങ്കിൽ അതു് ഒരു ബോണസുമായി. ഒരു വെടിക്കു് ചത്തുവീഴുന്നതു് രണ്ടു് തന്തപ്രശ്നങ്ങൾ! ശ്രീമാൻ ബാബുറ്റികെറ്റു ഒരു തന്തയില്ലാത്തവനാണെങ്കിൽ, അഥവാ, അമ്മ ചൂണ്ടിക്കാണിച്ച ഒരു തന്തയെ അപ്പാ എന്നു് വിളിക്കേണ്ട ഗതികേടു് ഉള്ളവനും, ആ അപ്പന്റെ അപ്പത്വത്തിൽ അനൽപം സംശയാലുവുമാണെങ്കിൽ, തന്റെ “അപ്പനേയും” കൂട്ടി ജെനെറ്റിക്‌ ടെസ്റ്റ്‌ നടത്തിക്കൊടുക്കുന്ന ഏതെങ്കിലും ഒരു ലബോററ്ററിയിൽ പോവുക. അപ്പൻ കൂടെവരാൻ മടിക്കുന്നുവെങ്കിൽ, “പൂച്ചക്കഴുത്തിൽ കയറിട്ടപോലെ” പിടിച്ചുവലിച്ചു് കൊണ്ടുപോവുക. അവിടെയെത്തി, രണ്ടുപേരുടെയും, അൽപം തുപ്പലോ മറ്റോ കൊടുത്താൽ ഈ തന്ത ബാബുറ്റികെറ്റുമോന്റെ തന്ത തന്നെയോ എന്നു് അവർ പറഞ്ഞും, പാടിയും, നിർബന്ധം പിടിച്ചാൽ ബൈബിൾ മാതൃകയിൽ കാഹളമൂതിയും അറിയിച്ചുതരും. ഇനി, ബാബുറ്റികെറ്റുവിന്റെ അമ്മ അപ്പനെ ചൂണ്ടിക്കാണിക്കാതിരിക്കുകയോ, ചൂണ്ടിക്കാണിക്കാൻ കഴിയുന്നതിനുമുൻപേ അപ്പൻ വടിയായിപ്പോയിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ബാബുറ്റികെറ്റുവിന്റെ കാര്യം അവതാളത്തിലാവും. ചില സ്ത്രീകൾ ഭർത്താവിന്റെ വാസെക്ടമിക്കു് ശേഷവും പ്രസവിക്കാറുണ്ടെന്നതിനാൽ, ആ പ്രദേശത്തുള്ള എല്ലാവരേയും ജെനെറ്റിക്‌ ടെസ്റ്റിനു് വിധേയമാക്കിയാലും ബാബുറ്റികെറ്റുവിന്റെ പ്രത്യേക പരിതസ്ഥിതിയിൽ, തന്തയാരെന്നു് കൃത്യമായി കണ്ടെത്താൻ കഴിയണമെന്നില്ല. നമ്മുടെ ബാബുറ്റികെറ്റു ഒരു വിശ്വാസിയായതിനാലും, അവന്റെ അമ്മ സാധാരണഗതിയിൽ ഒരു സ്ത്രീ ആയിരിക്കണമെന്നതിനാലും, കേരളത്തിന്റെ സാമൂഹികചുറ്റുപാടുകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ, അവളും ഒരു വിശ്വാസി ആയിരിക്കാനാണു് എല്ലാ സാദ്ധ്യതയും. കേരളത്തിൽ, ദൈവവിശ്വാസികളായവർക്കു്, പ്രത്യേകിച്ചും സ്ത്രീകൾക്കു്, ധ്യാനകേന്ദ്രങ്ങളോടു് അസാമന്യമായ ഒരു അഫിനിറ്റി തോന്നാറുണ്ടെന്നതിനാലും, അവിടെ ധ്യാനത്തിനായും, അല്ലാതെയും വന്നുപോയ പ്രായപൂർത്തിയായ പുരുഷന്മാരെയും ധ്യാനപിതാക്കളേയും മുഴുവൻ ഒരു ജെനെറ്റിക്‌ ടെസ്റ്റിനു് വിധേയമാക്കുക എന്നതു് അത്ര പ്രായോഗികമല്ലാത്തതിനാലും, ശ്രീമാൻ ബാബുറ്റികെറ്റു ശിഷ്ടജീവിതം തന്തയില്ലാത്തവനായി തള്ളിനീക്കേണ്ടിവരും എന്ന ദുഃഖസത്യം ഇവിടെ ഹൃദയവേദനയോടെ രേഖപ്പെടുത്തുന്നു. പല സ്ത്രീകളും ഒരു കുഞ്ഞുകാലു് കാണാനുള്ള അഭിനിവേശത്തിന്റെ പേരിലാണു് ധ്യാനമന്ദിരം തേടിച്ചെല്ലുന്നതു്. അതുകൊണ്ടു് ലക്ഷ്യം നേടിയാൽ ദാനം കിട്ടിയ പശുവിനു് പല്ലുണ്ടോ എന്നതുപോയിട്ടു്, അതിനെ തന്നതാരാണെന്നുപോലും ഒരു ധ്യാനക്കാരിയും ചത്താലും പറയില്ല. അല്ലെങ്കിൽത്തന്നെ, അപ്പനാരെന്ന ചോദ്യത്തിനു്, “അമ്മ ചൂണ്ടിക്കാണിക്കുന്നവൻ” എന്ന മറുപടി, ശാസ്ത്രീയമായ അർത്ഥത്തിൽ, ഏറ്റവും മോശമായ ഒരു അപ്പൻതെളിവാണു്. ലോകപരിചയവും, മനുഷ്യജ്ഞാനവും ഉള്ള ആർക്കും ഇപ്പറഞ്ഞതു് കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലാതെതന്നെ മനസ്സിലാവും. ഒരു കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുക എന്നതു്, ജെനെറ്റിക്‌ ടെസ്റ്റ്‌ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന കാലത്തെ അപേക്ഷിച്ചു്, ഇന്നു്, ദൈവത്തിനുപോലും അത്ര എളുപ്പമായ കാര്യമല്ല.

ശ്രീമാൻ ബാബുറ്റികെറ്റുവിനു് മാത്രമല്ല, ജനകൻ ആരെന്നു് നിശ്ചയമില്ലാത്ത ആർക്കും ഉപയോഗിക്കാവുന്ന മാർഗ്ഗങ്ങളാണിവയെല്ലാം. ഒരു ദൈവവിശ്വാസിയെ എങ്ങനെയാണു് ഒരു അവിശ്വാസി ഇതിൽ കൂടുതലൊക്കെ സഹായിക്കുന്നതു്?

ഈ വിശദാംശങ്ങൾ, മാനവരാശിയുടെ സ്രഷ്ടാവു്, അഥവാ, പിതാവു് ആരെന്ന ചോദ്യത്തിന്റെ മറുപടി കണ്ടെത്താൻ ഉപയോഗിച്ചാൽ, ചൂണ്ടിക്കാണിക്കാൻ ഒരമ്മയോ, കണ്ടെത്താൻ ഒരപ്പനോ ഇല്ലാത്ത നമ്മുടെ ബാബുറ്റികെറ്റുവിന്റെ അവസ്ഥയിലേക്കേ അതു് നമ്മെ കൊണ്ടുചെന്നെത്തിക്കൂ. മനുഷ്യവർഗ്ഗത്തിന്റെ “അമ്മ” എന്നു് വേണമെങ്കിൽ വിളിക്കാവുന്നതു് ഈ ഭൂമിയെയാണു്. പക്ഷേ, ഭൂമി ഇതുവരെ തന്റെ മക്കളെ “ദാ, ഇക്കാണുന്നവനാണു് നിങ്ങളുടെ പിതാവു്” എന്നു് ആരെയും ചൂണ്ടിക്കാണിച്ചിട്ടില്ല. മരുഭൂമിയിൽ വേണ്ടത്ര ജലപാനമില്ലാതെ തലച്ചോറുണങ്ങി പിച്ചും പേയും പറഞ്ഞവരോ, സ്വതവേ മതിഭ്രമം ബാധിച്ചിരുന്നവരോ ആയിരുന്ന ചില വെളിപാടുകാർ മനുഷ്യരുടെ പിതാവായ ദൈവം തനിക്കു് മാത്രമായി വെളിപ്പെട്ടുവെന്നും “അവനാണു് നിങ്ങളുടെ തന്തപ്പടി, ഇവനാണു് നിങ്ങളുടെ തന്തപ്പടി” എന്നെല്ലാം കാലാകാലങ്ങളിൽ വിളിച്ചു് കൂവിയിട്ടുണ്ടു്. പലപ്പോഴും “നൂൽബന്ധം” പോലുമില്ലാതെ പൊടിപിടിച്ച മരുഭൂമിയിലൂടെ പരസ്യമായി ഓടിനടന്നിരുന്ന ഇത്തരക്കാർ ഇന്നത്തെ ആധുനിക സമൂഹങ്ങളിലായിരുന്നെങ്കിൽ ആജീവനാന്തം ഭ്രാന്താശുപത്രിക്കുള്ളിൽ കഴിയേണ്ടവരായിരുന്നു. പക്ഷേ, അക്കാലത്തു്, വെളിച്ചപ്പാടുകളുടെ വായിലൂടെ സംസാരിച്ചിരുന്നതു് ദൈവമായിരുന്നതിനാൽ, ഭ്രാന്തു് പരമസത്യമായി, ദൈവമായി അംഗീകരിക്കപ്പെട്ടു. ബൈബിളിലെ യെശയ്യാപ്രവാചകന്റെ പുസ്തകം ഒന്നു് വായിച്ചുനോക്കൂ! എന്തെല്ലാമാണു് അവൻ വിളിച്ചുപറയുന്നതു്! അതുപോലൊരു മനുഷ്യനെ ഇന്നത്തെ ലോകത്തിൽ ആരെങ്കിലും നോർമ്മൽ എന്നു് വിലയിരുത്തുമോ? മഹാനായ അലക്സാണ്ഡറും, അതിലും മഹാനായ നെപ്പോളിയനും, അതിലൊക്കെ വലിയ മഹാനായ ഹിറ്റ്‌ലറുമൊക്കെ ഇന്നും ജീവിക്കുന്നുണ്ടു് – എത്രയോ വട്ടാപ്പീസുകളിലെ കരുതൽ തടങ്കലുകളിൽ! ഭാര്യയെ കൊല്ലണമെന്നും, മകളെ വേൾക്കണമെന്നും, നിരപരാധികളെ ബോംബുവച്ചു് കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നുമൊക്കെയുള്ള ദൈവിക വെളിപാടുകൾ ബാല്യത്തിലേ ചില പ്രത്യേക “ഫ്രീക്വൻസിയിൽ” ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നവർക്കു് ഇന്നും കേൾക്കാൻ കഴിയുന്നുണ്ടു്. ഏതു് നാട്ടിലാണു് ജീവിക്കുന്നതെന്നതിനനുസരിച്ചു് അവർ ദൈവദൂതന്മാരോ മനുഷ്യവർഗ്ഗത്തിനുതന്നെ ഭീഷണിയായ മാനസീകരോഗികളോ ആയി പരിഗണിക്കപ്പെടുകയും അതിനനുസരിച്ചു് കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളു.

അതായതു്, മനുഷ്യരാശിയുടെ പിതാവിനെ ഒരു ജെനെറ്റിക്‌ ടെസ്റ്റ്‌ വഴി നിശ്ചയിക്കാനാവില്ല. ഭൂമിമാതാവിനും അക്കാര്യം വലിയ നിശ്ചയമില്ല. പിന്നെയുള്ള മാർഗ്ഗം, അയൽക്കാർ ചൂണ്ടിക്കാണിക്കുന്നവനെ അപ്പൻ എന്നു് വിളിക്കുക എന്നതാണു്. വിശ്വാസികൾ ചെയ്യുന്നതും അതുതന്നെയാണു്. ആരോ ചൂണ്ടിക്കാണിച്ചവനെ അപ്പാ എന്നു് വിളിക്കൽ. അതിനെയാണു് നമ്മൾ വിശ്വാസമെന്നു് വിളിക്കുന്നതു്. കുട്ടിച്ചാത്തനിൽ വിശ്വസിക്കുന്നതും അതുപോലെതന്നെ. അവനവന്റെ പൊത്തിലിരുന്നു് അറിയാത്ത അപ്പനിൽ വിശ്വസിക്കുകയോ, അവനോടു് പ്രാർത്ഥിക്കുകയോ, ഉറഞ്ഞുതുള്ളുകയോ, തന്നെയും പിന്നെയും കുമ്പിടുകയോ എന്തുവേണമെങ്കിലും ആർക്കും ചെയ്യാം. ദൈവത്തോടുള്ള അട്ടഹാസത്തിന്റേയും കൂട്ടമണിയുടേയും ശബ്ദകോലാഹലം മനുഷ്യരെ രോഗികളാക്കുന്ന നോയിസ്‌ ലെവലിലും താഴെ ആയിരിക്കുന്നിടത്തോളം അവിശ്വാസികൾ ആരെങ്കിലും അതിൽ ഇടപെടുമെന്നു് തോന്നുന്നില്ല. മതങ്ങൾ തമ്മിൽത്തമ്മിൽ നിലവിലിരിക്കുന്ന തിളച്ചുപൊന്തുന്ന വരുമാനക്കുശുമ്പു് ഇവിടെ വിഷയവുമല്ല. ഏതായാലും ഒരുകാര്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ടു്. മനുഷ്യരുടെ വിചിത്രമായ ഫിസിയോളജിയുടെ ഫലമായി ഒരു പരിധിയിൽ കൂടുതൽ നട്ടെല്ലു് വളയ്ക്കാൻ മനുഷ്യർക്കാവില്ല – ചിലരുടെ ഏറ്റവും വലിയ ആഗ്രഹം റബ്ബറുപോലുള്ള നട്ടെല്ലാണെങ്കിലും! സൃഷ്ടിയിലേ സംഭവിച്ച ഈ പ്രത്യേകതമൂലം, മനുഷ്യർ മനസ്സറിഞ്ഞു് കുമ്പിടുമ്പോൾ, ആസനം പീരങ്കിപോലെ ആകാശത്തിലേക്കു് ഉന്നമിടും. കഷ്ടകാലത്തിനു്, ആകാശവും സ്വർഗ്ഗവും പോലെതന്നെ, ദൈവത്തിന്റെ സിംഹാസനവും മുകളിലാണു്. ലോകത്തിലെ കോടാനുകോടി മനുഷ്യർ കുമ്പിട്ടു് പ്രാർത്ഥിക്കുമ്പോൾ, കോടാനുകോടി മനുഷ്യാസനങ്ങൾ ദൈവത്തിനുനേരെ തിരിയുന്നതു് നിങ്ങളൊന്നു് ആലോചിച്ചുനോക്കൂ! ബ്ലാസ്ഫെമി എന്നല്ലാതെ എന്തു് പറയാൻ! ദൈവവിശ്വാസം തലയിൽ അടിച്ചേൽപിച്ചു് കഴിഞ്ഞാൽ മനുഷ്യരെക്കൊണ്ടു് എന്തെന്തു് ഭ്രാന്തുകൾ ചെയ്യിക്കാൻ മതങ്ങൾ മടിക്കുകയില്ല എന്നതിന്റെ ലജ്ജാവഹമായ തെളിവു്! കണ്ടീഷനിംഗിന്റെ ശക്തി! എന്തുകൊണ്ടാണു് യേശുവിനെക്കൊണ്ടു് “കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ!” എന്നു് പറയിപ്പിക്കുന്നതെന്നു് കരുതി? ‘ഞരമ്പുരോഗിയായ കുതിര‘ എന്ന എന്റെ ഒരു പഴയ പോസ്റ്റിൽ conditioned reflex-നെപ്പറ്റി അൽപം കൂടി വിശദമായി വായിക്കാം. പണ്ടൊക്കെ (കേരളത്തിൽ ചിലയിടത്തൊക്കെ ഇപ്പോഴും ഈ ആചാരമുണ്ടെങ്കിലും ഞാൻ അത്ഭുതപ്പെടുകയില്ല.) മെത്രാന്മാരുടെ കൈമൊത്തിയശേഷം സ്ത്രീകൾ പിൻതിരിഞ്ഞു് നടക്കാതെ, റിവേഴ്സ്‌ ഗിയറിൽ പുറകോട്ടു് മാത്രമേ നടക്കാൻ പാടുണ്ടായിരുന്നുള്ളത്രെ. റിവേഴ്സ്‌ പോകുമ്പോൾ ഹോൺ അടിക്കാൻ അനുവാദമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. തിരുമേനിയുടെ നോട്ടം ഷോക്ക്‌ അബ്സോർബറിലേക്കു് തിരിയാതിരിക്കാനാണോ, അതോ തിരുമേനിമാർക്കു് മുൻകാഴ്ച പിൻകാഴ്ചയേക്കാൾ ആസ്വാദ്യകരമായതുകൊണ്ടാണോ വിശുദ്ധമായ ഈ ആചാരം വിശുദ്ധകൈമൊത്തിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ടതെന്നും എനിക്കറിയില്ല.

(തുടരും)

 
1 Comment

Posted by on Nov 28, 2010 in മതം

 

Tags: , , ,

ഐൻസ്റ്റൈന്റെ ദൈവം

വരിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല. പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി വർഷത്തിലൊരിക്കൽ മലയാളക്കര സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നു് ആർക്കും എപ്പോഴും വിശ്വസിക്കാം. ചില പ്രത്യേക ദിവസങ്ങളിൽ ചില കല്ലുകളോ ലോഹങ്ങളോ വാങ്ങി കഴുത്തിൽ തൂക്കുകയോ, മൂക്കിലോ ചെവിയിലോ തിരുകുകയോ ചെയ്താൽ ഒറിജിനൽ ദൈവത്തിന്റെ നിശ്ചയമായ വിധിയെപ്പോലും തനിക്കനുകൂലമാക്കി മാറ്റാമെന്നു് വിശ്വസിക്കാം. ആഭരണം ധരിച്ചാൽ പമ്പ കടക്കുന്ന ദൈവവിധി! ദൈവത്തെ ‘തട്ടാൻ’ ആഭരണം പണിയുന്ന തട്ടാൻ! അത്രേയുള്ളു, അത്രമാത്രമേയുള്ളു ദൈവവിശ്വാസമടക്കമുള്ള ഏതു് വിശ്വാസവും. “നീ വിശ്വസിച്ചാൽ മലയും മാറിപ്പോകും!” എന്നു് ബൈബിൾ. ഒറ്റയ്ക്കോ കൂട്ടമായോ ആരൊക്കെ എത്രയൊക്കെ വിശ്വസിച്ചാലും ഒരു മലയും മാറിപ്പോവുകയില്ല എന്നതു് സത്യം. വിശ്വസിച്ചിട്ടും എന്തുകൊണ്ടു് മല വെറുതെ ഒന്നു് അനങ്ങുക പോലും ചെയ്യുന്നില്ല എന്ന ചോദ്യത്തിനു് നിന്റെ വിശ്വാസം വേണ്ടത്ര ശക്തമായിരുന്നില്ല എന്ന ആർക്കും നിഷേധിക്കാനാവാത്ത മറുപടിയും നൽകാം.

പ്രപഞ്ചത്തേയും മനുഷ്യജീവിതത്തേയും സംബന്ധിച്ച ഏതു് പ്രശ്നവും, ഏതു് ചോദ്യവും ‘ദൈവം’ എന്ന ഇഡിയറ്റ്‌ പ്രൂഫ്‌ ആയ ഒരൊറ്റ മറുപടിയിൽ തീർക്കാം. അതേ രീതിയിലുള്ള ഒറ്റവാക്കുത്തരമാണു് ദൈവ-മതസംബന്ധമായ ചർച്ചകളിൽ ഏതൊരു വിശ്വാസിയും അവന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി നിരീശ്വരവാദികളിൽ നിന്നും യുക്തിവാദികളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നുമൊക്കെ പ്രതീക്ഷിക്കുന്നതു്. പക്ഷേ, പ്രകൃതിശാസ്ത്രത്തിൽ അത്തരം മറുപടികൾ ഇല്ല. ദൈവം എന്ന റെഡിമെയ്ഡ്‌ മറുപടിയിൽ എല്ലാ മനുഷ്യരും എല്ലാക്കാലവും തൃപ്തരായിരുന്നെങ്കിൽ സത്യം തേടിയുള്ള അന്വേഷണമോ ശാസ്ത്രമോ ഉണ്ടാവുമായിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ഒരു കുരങ്ങൻ ഉറക്കമുണർന്നപ്പോൾ താനും കുടുംബവും മനുഷ്യരായി മാറിയിരിക്കുന്നതായി കണ്ടു എന്ന രീതിയിൽ എവൊല്യൂഷനെ മനസ്സിലാക്കുന്നവരുമായി ഒരു ചർച്ചക്കു് ആ ഫാക്കൾട്ടിയുമായി എന്തെങ്കിലും ബന്ധമുള്ള ആരും തയ്യാറാവുകയില്ല. അത്തരം അത്ഭുതപരിണാമങ്ങൾ വേദഗ്രന്ഥങ്ങളിലേ കാണൂ. അതുപോലെതന്നെ, ബിഗ്‌-ബാംഗ്‌ എന്നാൽ ഭൂമിയിലെ ഒരു വലിയ ബോംബ്‌ സ്ഫോടനം പോലെ ഒച്ചയും പ്രകാശവും പുകയുമൊക്കെയുള്ള ഒരു പൊട്ടിത്തെറി ആയിരുന്നെന്നു് ധരിച്ചുവച്ചിരിക്കുന്നവരുമായി പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും മാത്രം ഭ്രാന്തു് ഈ വിഷയം കൈകാര്യം ചെയ്യുന്ന ഏതെങ്കിലുമൊരു ഭൗതികശാസ്ത്രജ്ഞനു് ഉണ്ടാവുമോ എന്നു് സംശയമാണു്.

ഒരു വിശ്വാസിയെ സംബന്ധിച്ചു് ശാസ്ത്രം എന്നു് കേൾക്കുന്നതു് പിശാചു് കുരിശു് കാണുന്നതുപോലെയാണു്. പക്ഷേ, രസകരമായ ഒരു കാര്യം, അറിയപ്പെടുന്ന ഏതെങ്കിലുമൊരു ശാസ്ത്രജ്ഞൻ ദൈവം എന്ന വാക്കുചേർത്തു് ഒരു വാക്യം ഉച്ചരിക്കുകയോ, അതു് എങ്ങനെയെങ്കിലും ദൈവവിശ്വാസത്തിനു് അനുകൂലമായി വ്യാഖ്യാനിക്കാൻ പറ്റിയതാണെന്നു് വിശ്വാസികൾക്കു് തോന്നുകയോ ചെയ്താൽ, പിന്നെ ഏതു് ചർച്ചയിലും ആ വാക്യം ദൈവാസ്തിത്വത്തിനു് തെളിവായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നതാണു്. അക്കാര്യത്തിൽ വിശ്വാസിക്കു് ശാസ്ത്രത്തോടു് അയിത്തമൊന്നുമില്ല. ഇതുപോലുള്ള ചെറി പിക്കിംഗിനു് ഏറെ സാദ്ധ്യതകൾ തുറന്നിട്ട ഒരു ശാസ്ത്രജ്ഞനാണു് ആൽബെർട്ട്‌ ഐൻസ്റ്റൈൻ. കൂട്ടത്തിൽ പറയട്ടെ, ‘ഹാലേലുയ്യ’ ‘അല്ലാഹു അക്ബർ’ മുതലായവ പോലെ, ഏതു് മണുമണപ്പൊട്ടനും എളുപ്പം കാണാതെ പഠിക്കാനും ആവർത്തിക്കാനും പറ്റിയ ഒരു സമവാക്യം (E=mc²) ഐൻസ്റ്റൈനെ ശാസ്ത്രലോകത്തിനു് വെളിയിലും പ്രശസ്തനാക്കിയതിൽ അപ്രധാനമല്ലാത്ത ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഹൈസെൻബെർഗ്ഗ്‌, ഡിറാക്‌, ഷ്ര്യോഡിങ്ങർ മുതലായവർ പറഞ്ഞ കാര്യങ്ങൾ ‘സ്തോത്രം’ ‘E=mc²’ മുതലായവ പോലെ ദിവസത്തിൽ അഞ്ചുവട്ടം ആവർത്തിച്ചു് തലയിൽ കുടിയിരുത്താവുന്നവയല്ല എന്നതിനാൽ, അവ പൊതുവേ വിദഗ്ദ്ധരുടെ വൃത്തത്തിൽ മാത്രമായി ഒതുങ്ങുന്നു. ഐൻസ്റ്റൈനേപ്പോലുള്ളവരുടെ വാക്യങ്ങൾ ഉദ്ധരിക്കുന്നതുവഴി വിശ്വാസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതു് ഇത്ര ഉന്നതനായ ഒരു ശാസ്ത്രജ്ഞൻ പോലും ദൈവവിശ്വാസി ആയിരുന്നു എന്നും അതുകൊണ്ടു് ദൈവവിശ്വാസം എന്നതു് ശാസ്ത്രം പോലെതന്നെ ലോജിക്കൽ ആണെന്നുമാണു്. അതുവരെയെത്തി കാര്യങ്ങൾ! വിശ്വാസിയുടെ ദൈവവിശ്വാസം അറ്റെസ്റ്റ്‌ ചെയ്യാൻ ഏറ്റവും യോഗ്യനായവൻ പാതിരിയും പാമ്പാട്ടിയുമൊന്നുമല്ല, മനുഷ്യന്റെ യുക്തിബോധത്തിൽ ആശ്രയിക്കുന്ന ശാസ്ത്രജ്ഞനാണു്!

വിശ്വാസികളുടെ ഈ തന്ത്രം അറിയാവുന്നതുകൊണ്ടാവണം റിച്ചാർഡ്‌ ഡോക്കിൻസ്‌ ഗോഡ്‌ ഡെല്യുഷൻ എന്ന ഗ്രന്ഥത്തിന്റെ ആദ്യത്തെ അദ്ധ്യായത്തിൽ തന്നെ ഈ വിഷയം പരാമര്‍ശിക്കാൻ തീരുമാനിച്ചതു്. വിശദമായി ആ ഭാഗത്തിലേക്കു് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും, ഒന്നുരണ്ടു് കാര്യങ്ങൾ സൂചിപ്പിക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു. പല വിശ്വാസികളും ആകാംക്ഷയോടെ ചൂണ്ടിക്കാണിക്കുന്ന ഐൻസ്റ്റൈന്റെ ഒരു ഉദ്ധരണിയാണു് “മതമില്ലെങ്കിൽ മുടന്തുള്ള ശാസ്ത്രമില്ലെങ്കിൽ മതം അന്ധമാണു്” എന്നതു്. (Science without religion is lame, religion without science is blind). ഐൻസ്റ്റൈൻ തന്നെ സംശയത്തിനിടയില്ലാതെ മറ്റൊരിടത്തു് പറയുന്നു: “It was, of course, a lie what you read about my religious convictions, a lie which is being systematically repeated. I do not believe in a personal God and I have never denied this but have expressed it clearly. If something is in me which can be called religious then it is the unbounded admiration for the structure of the world so far as our science can reveal it.”

ഐൻസ്റ്റൈൻ വീണ്ടും മറ്റൊരിടത്തു്: “I am a deeply religious nonbeliever. This is a somewhat new kind of religion. ….. The idea of a personal God is quite alien to me and seem even naive.”

മതം എന്ന വാക്കു് ഐൻസ്റ്റൈൻ ഉപയോഗിക്കുന്നതു് വ്യവസ്ഥാനരൂപമായ മതം എന്ന അർത്ഥത്തിലല്ല എന്നതിന്റെ തെളിവുകളായി മതപക്ഷം ഐൻസ്റ്റൈനു് പ്രതിഷേധസൂചകമായി അയച്ച പല കത്തുകളുടെ ഭാഗങ്ങൾ ഡോക്കിൻസ്‌ ആ പുസ്തകത്തിൽ കൊടുത്തിട്ടുണ്ടു്. അതിൽ ഒന്നു്:

From the Founder of the Calvary Tabernacle Association in Oklahoma: “Professor Einstein, I believe that every Christian in America will answer you, ‘We will not give up our belief in our God and his son Jesus Christ, but we invite you, if you do not believe in the God of the people of this nation, to go back where you came from’. I have done everything in my power to be a blessing to Israel, and then you come along and with one statement from your blasphemous tongue, do more to hurt the cause of your people than all the efforts of the Christians who love Israel can do to stamp out anti-Semitism in our land. Professor Einstein, every Christian in America will immediately reply to you, ‘Take your crazy, fallacious theory of evolution and go back to Germany where you came from, or stop trying to break down the faith of a people who gave you a welcome when you were forced to flee your native land’.”

ഐൻസ്റ്റൈനെ അമേരിക്കയിലെ തീവ്രമതവിശ്വാസികൾ എങ്ങനെയാണു് വിലയിരുത്തിയിരുന്നതു് എന്നതിനു് ഇതിൽ കൂടിയ തെളിവു് വേണോ? ഇന്നത്തെ ചില മതവിശ്വാസികൾ വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഒരു കൺവെൻഷണൽ ദൈവവിശ്വാസി ആയിരുന്നില്ല ഐൻസ്റ്റൈൻ എന്നാണു് ഇതു് വ്യക്തമാക്കുന്നതു്. ഡോക്കിൻസ്‌: “He (Einstein) was repeatedly indignant at the suggestion that he was a theist. So, was he a deist, like Voltaire and Diderot? Or a pantheist, like Spinoza, whose philosophy he admired: ‘I believe in Spinoza’s God who reveals himself in the orderly harmony of what exists, not in a God who concerns himself with fates and actions of human beings’?”

“Pantheism is sexed-up atheism. Deism is watered-down theism.”

ഡോക്കിൻസ്‌: “Does it seem that Einstein contradicted himself? That his words can be cherry-picked for quotes to support both sides of an argument? No. By religion Einstein meant something entirely different from what is conventionally meant. As I continue to clarify the distinction between supernatural religion on the one hand and Einsteinian religion on the other, bear in mind that I am calling only supernatural gods delusional.”

പല ശാസ്ത്രജ്ഞരും ദൈവം എന്ന വാക്കു് ഒരു മെറ്റഫോർ ആയി ഉപയോഗിക്കാറുണ്ടു്. നേരേ പറയുന്നതു് മനസ്സിലാവാത്ത വിശ്വാസികൾ ദൈവാസ്തിത്വത്തിനു് തെളിവുതേടി പരക്കം പായുന്നതിനിടയിൽ, കേൾക്കുന്നവയ്ക്കെല്ലാം അവർക്കു് അനുയോജ്യമായ രീതിയിൽ അർത്ഥം നൽകുകയാണു് ചെയ്യാറുള്ളതു്. പലരും അത്തരം വാക്യങ്ങൾ, അവയുടെ പശ്ചാത്തലം എന്തെന്നറിയാതെ, ആരോ അടർത്തിയെടുത്തവ കേട്ടിടത്തു് കേട്ടു് എഴുതുന്നവയാണു് എന്നതിനാൽ അവയ്ക്കു് അതു് പറഞ്ഞവൻ ഉദ്ദേശിച്ച അർത്ഥമല്ല, പകർത്തുന്നവൻ ആഗ്രഹിക്കുന്ന അർത്ഥമാണു് പലപ്പോഴും ലഭിക്കാറുള്ളതു് എന്നതും തെറ്റിദ്ധാരണകൾക്കു് കാരണമാവുന്നു. Stephen Hawking തന്റെ ‘A Brief History of Time’ എന്ന പുസ്തകത്തിൽ ഉപയോഗിക്കുന്ന ‘For then we should know the mind of God’ എന്ന നാടകീയമായ പ്രയോഗം ഹോക്കിംഗ്‌ ഒരു മതവിശ്വാസിയാണു് എന്ന നിഗമനത്തിലാണു് ചില ദൈവവിശ്വാസികളെ കൊണ്ടുചെന്നെത്തിച്ചതു്!

ഒരു ഏകതാനജീവിയായ വിശ്വാസി ഒറ്റവാക്കുത്തരങ്ങൾ മാത്രം മനസ്സിലാക്കാൻ ശീലിച്ചവനാണെന്നും, അവനു് ദൈവവിശ്വാസം എന്നതു് മരണതുല്യം ഗൗരവതരമായ ഒരു കാര്യമാണെന്നും, ദൈവവിഷയങ്ങളിൽ കാർട്ടൂണുകൾ പോലെതന്നെ, തമാശകളും അവനു് താങ്ങാനാവാത്ത വേദന ഉളവാക്കുന്ന കാര്യമാണെന്നും എല്ലാ ശാസ്ത്രജ്ഞരും മനസ്സിലാക്കുകയും, എഴുതുമ്പോഴായാലും പറയുമ്പോഴായാലും ഒരുകാരണവശാലും ദൈവം എന്ന വാക്കു് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. അല്ലെങ്കിൽ വിശ്വാസി എല്ലാറ്റിനേയും പിടിച്ചു് ‘മതവിശ്വാസികൾ’ എന്ന മേശവലിപ്പിൽ അടയ്ക്കും. ഒരു മതവിശ്വാസി മുൻജന്മ, പിൻജന്മ, ഇജ്ജന്മ, തെറിവിളി പാപങ്ങളുടെ ഭാരം മാത്രമല്ല, ഓരോ മനുഷ്യർക്കും നൽകാനുള്ള ലേബലുകൾ ഒട്ടിച്ച ഏറെ മേശവലിപ്പുകളുടെ ഭാരവും കൂടി ചുമക്കുന്നവനാണെന്നു് മറക്കാതിരിക്കുക. കാണുന്നവരോടെല്ലാം അവൻ ആദ്യമേ ചോദിക്കുന്ന ചോദ്യം, “നീ വിശ്വാസപരമായി ഏതു് മേശവലിപ്പിൽ പെടുന്നവനാണു്” എന്നാണു്. ഏതെങ്കിലും ഒരു വിഷയത്തിൽ മറ്റൊരു മനുഷ്യനോടു് സംസാരിക്കുന്നതിനു് മുൻപു് ആദ്യം അവനെ ഒരു മേശവലിപ്പിൽ അടച്ചിരിക്കണം എന്നതു് ഒരു വിശ്വാസിയെസംബന്ധിച്ചു് ജീവവായുവിനു് തുല്യമായ ഒരു അനിവാര്യതയാണു്.

താരതമ്യേന വളരെ കുറച്ചു് മനുഷ്യർക്കേ ജീവിക്കാൻ ഒരു ദൈവം വേണമെന്ന നിർബന്ധം ഇല്ലാതുള്ളു. ഒരു ദൈവത്തെ കൂടാതെ കഴിയാത്തവരാണു് അധികം പേരും. എന്താണു് അവർക്കു് ദൈവത്തെക്കൊണ്ടുള്ള ആവശ്യം? ഈ ചോദ്യത്തിനു് റിച്ചാർഡ്‌ ഡോക്കിൻസ്‌ നൽകുന്ന ചില മറുപടികൾ (ഒരു ഇന്‍റര്‍വ്യൂവിൽ നിന്നും):
1. അസ്തിത്വത്തിന്റെ വിശദീകരണം എന്ന നിലയിൽ – അതുവഴി അസ്തിത്വം വിശദീകരിക്കപ്പെടുന്നില്ല എങ്കിലും.
2.വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ഈ കാണുന്നതിന്റെയൊക്കെ അർത്ഥമെന്തെന്നു് അന്വേഷിക്കുന്നവർക്കും സാന്ത്വനം എന്ന നിലയിൽ.
3. ഭയാശങ്കയുള്ളവർക്കു് സഹായവും, ഏകാകികൾക്കു് താങ്ങും എന്ന നിലയിൽ.

എന്നെ സഹായിക്കുന്നവനായ ഒരു സുഹൃത്തിനെ ഭാവനവഴി സൃഷ്ടിച്ചെടുക്കുന്നതു് തീർച്ചയായും ഒട്ടും പരിഹാസ്യമായ കാര്യമല്ല. ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ ഹൃദ്യമായി ഒരു ഭാവനാസുഹൃത്തു് സഹായിക്കണമെന്നില്ല, പക്ഷേ, ഒരു സാങ്കൽപികസുഹൃത്തുള്ളതു് ഒരു സുഹൃത്തും ഇല്ലാത്തതിനേക്കാൾ എന്തുകൊണ്ടും ഭേദമാണു്. അങ്ങനെയെങ്കിൽ പിന്നെയെന്തിനു് ദൈവവിശ്വാസത്തേയും മതങ്ങളെയും വിമർശ്ശിക്കണമെന്ന ചോദ്യം ഉയരാം. കുറേ മനുഷ്യർ ഒരു സാങ്കൽപികസുഹൃത്തിൽ ആശ്വാസം കണ്ടെത്തുന്നുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. സത്യം തേടുക എന്നതാണു് കാര്യം. മനുഷ്യരൂപവും നരച്ച താടിയുമുള്ള ഒരു ദൈവം ഉണ്ടോ ഇല്ലയോ എന്നതു് മാത്രമല്ല, ഏതെങ്കിലും രൂപത്തിലുള്ള ഒരു പ്രകൃത്യാതീതശക്തി ഉണ്ടോ ഇല്ലയോ എന്നന്വേഷിക്കുക എന്നതാണു് വിഷയം.

ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ പറയുന്നു: “അമ്മയുടെ ഗർഭത്തിൽ നിന്നു് ഷണ്ഡന്മാരായി ജനിച്ചവരുണ്ടു്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു്” (മത്തായി 19: 12). അൽപം വ്യത്യാസത്തോടെയാണെങ്കിലും ഈ വാക്യം മതവിശ്വാസത്തിനും ബാധകമാക്കാവുന്നതാണു്. അമ്മയുടെ ഗർഭത്തിൽ നിന്നും ആരും മതവിശ്വാസിയായി ജനിക്കുന്നില്ല. സ്വർഗ്ഗരാജ്യത്തിനുവേണ്ടി പ്രായപൂർത്തിയായശേഷം ഒരുവൻ മതവിശ്വാസി ആകുന്നുവെങ്കിൽ അതു് അവന്റെ വ്യക്തിസ്വാതന്ത്ര്യം. പക്ഷേ, ആ സ്വാതന്ത്ര്യം ഏകപക്ഷീയമാവാതിരിക്കാൻ അതിനു് ഒരു നിബന്ധന കൂടിയേ തീരൂ: അതേ വ്യക്തിസ്വാതന്ത്ര്യം അന്യ മതങ്ങളിൽ വിശ്വസിക്കാനോ, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനോ, അതുമല്ലെങ്കിൽ, നിരീശ്വരവാദിയോ യുക്തിവാദിയോ ആവാനോ മറ്റോരോരുത്തർക്കും ഉണ്ടു് എന്നുകൂടി അംഗീകരിക്കാനുള്ള ഓരോരുത്തരുടെയും ബാദ്ധ്യതയാണതു്. മുകളിൽ പറഞ്ഞതിലെ രണ്ടാമത്തേതിനു് സമാനമായ വിഭാഗത്തിൽ പെടുത്താവുന്നവരാണു് മനുഷ്യരാൽ മതവിശ്വാസികളാക്കപ്പെടുന്നവർ. ഇവിടെ ഒരു തരംതിരിവു് ആവശ്യമാണു്. സ്വന്തം തീരുമാനങ്ങളുടെ അർത്ഥവ്യാപ്തിയും അതു് അവനിലും അവന്റെ സമൂഹത്തിലും വരുത്തിയേക്കാവുന്ന പരിണതഫലങ്ങളുമൊക്കെ വേർത്തിരിച്ചറിയാൻ മാത്രം മാനസികവളർച്ച പ്രാപിച്ച ഒരുവൻ പൂർണ്ണമനസ്സോടെ ഏതെങ്കിലുമൊരു മതവിശ്വാസം സ്വീകരിക്കുന്നതും, അക്ഷരാഭ്യാസമോ, ലോകപരിജ്ഞാനമോ ഇല്ലാത്തവർക്കു് (ഉദാ. ആദിവാസികൾ) മതവിശ്വാസം വിൽക്കുന്നതും രണ്ടു് വിപരീതധ്രുവങ്ങളിൽ നിർത്തേണ്ട കാര്യങ്ങളാണു്.

ഇതിൽ രണ്ടാമത്തെ വിഭാഗത്തിനോടു് താരതമ്യം ചെയ്യാവുന്നതും, എന്നാൽ അതിനേക്കാളൊക്കെ എത്രയോ ഭയാനകവും, ഒരു വ്യക്തിയുടെ ഭാവിജീവിതത്തിനോടു് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യവുമാണു്, ഒരു കുഞ്ഞിന്റെ മനസ്സിൽ ഏതെങ്കിലുമൊരു മതം കുത്തിവയ്ക്കുന്നതു്. അവനിൽ അടിച്ചേൽപിക്കപ്പെടുന്നതു് എല്ലായ്പോഴുംതന്നെ അവന്റെ മാതാപിതാക്കളുടെ മതമാണു് എന്നതു് ഈ ക്രൂരകൃത്യത്തിന്റെ ന്യായീകരണമാവുന്നില്ല. എന്റെ കുഞ്ഞിനെ എനിക്കിഷ്ടമുള്ളതു് ചെയ്യും എന്ന നിലപാടു് ഇക്കാലത്തു് ഒരു ആധുനിക നിയമരാഷ്ട്രവും അംഗീകരിക്കുന്ന കാര്യമല്ല. ഒരു കുഞ്ഞിന്റെ വളർത്തലിൽ അനാസ്ഥയോ അവഗനണയോ സംഭവിക്കുന്നു എന്നു് ബോദ്ധ്യം വന്നാൽ ആ കുഞ്ഞിനെ രാഷ്ട്രത്തിന്റെ ചിലവിൽ വളർത്താനായി മാതാപിതാക്കളിൽ നിന്നും വേർപ്പെടുത്തി ശിശുസംരക്ഷണകേന്ദ്രങ്ങളിൽ ഏൽപിക്കുന്നതിനുള്ള നിയമപരമായ അധികാരം പോലും അത്തരം രാജ്യങ്ങളിൽ നിലവിലുണ്ടു്. നഴ്‌സറി മുതൽതന്നെ കുട്ടികളുടെ ചിന്താശേഷി ബയാസ്‌ഡ്‌ അല്ലാതെ സ്വതന്ത്രമായി വികസിക്കുവാൻ പര്യാപ്തമായ വിദ്യാഭ്യാസരീതി നിലവിലുള്ളതിനാൽ മതവിശ്വാസമോ രാഷ്ട്രീയ നിലപാടുകളോ മൗലികവാദത്തിലേക്കോ തീവ്രവാദങ്ങളിലേക്കോ വികലീകരിക്കപ്പെടുന്നതിനുള്ള സാദ്ധ്യത പരിമിതമാണു്. ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു് നൽകുകവഴി, കുരങ്ങൻ നിരന്തരം കൊമ്പിൽ നിന്നും കൊമ്പിലേക്കു് ചാടുന്നതുപോലെ, ഗോസിപ്പുകളും, സെൻസേയ്ഷണൽ ന്യൂസുകളും, ഒരായിരം വിഷയങ്ങളിൽ ദിവസേനയെന്നോണം ചർച്ചയും നിർദ്ദേശങ്ങളും കുറ്റപ്പെടുത്തലുകളുമായി, ഒന്നിലും ഒരു തീർച്ചയോ തീരുമാനമോ ഇല്ലാതെ, ശകലീകരണങ്ങളിൽ സ്വയം നഷ്ടപ്പെടുത്താതെ, സാരവത്തായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ശേഷി സാവകാശം വളർത്തിയെടുക്കപ്പെടുന്നു. ഒരു പുതിയ തലമുറ എന്തായിത്തീരുന്നു എന്ന കാര്യം ദൈവത്തിന്റെ പ്ലാനുകൾക്കും പദ്ധതികൾക്കും വിട്ടുകൊടുത്തുകൊണ്ടു്, ഏതെങ്കിലും തുളകളിൽ ഭജനമിരിക്കുകയോ, ധ്യാനത്തിൽ പങ്കെടുക്കുകയോ, ദൈവനാമം ജപിക്കുകയോ അല്ല ഉത്തരവാദിത്വബോധമുള്ള ഒരു ആധുനികസമൂഹം ചെയ്യുന്നതു്. കരുത്തുറ്റ തലമുറകളെ വളർത്തിയെടുക്കേണ്ട ചുമതല സമൂഹത്തിന്റേതാണു്, ദൈവങ്ങളുടേതല്ല. ഇന്നുവരെ ഒരു ദൈവവും ആ ജോലി ഏറ്റെടുത്തിട്ടില്ല, ഒരിക്കലും ഏറ്റെടുക്കുകയുമില്ല.

ഒരു കുഞ്ഞിനു് പാപമെന്തെന്നോ പുണ്യമെന്തെന്നോ അറിയില്ല. സ്വർഗ്ഗവും നരകവും അവനു് അജ്ഞാതമാണു്. ചുറ്റുപാടുകളിൽ കാണുന്നവയെല്ലാം അവനു് പുതിയ അറിവുകളാണു്, പുതിയ ലോകങ്ങളാണു്. ചെറുപ്പത്തിൽ കേൾക്കുന്നതും കാണുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു കുഞ്ഞിന്റെ ബുദ്ധി സ്പോഞ്ച്‌ വെള്ളത്തെയെന്നപോലെ വലിച്ചെടുക്കുന്നു എന്നല്ലാതെ, അവയുടെ ഗുണദോഷങ്ങളെപ്പറ്റി ഒരു വിചിന്തനം ആ പ്രായത്തിൽ സംഭവിക്കുന്നില്ല, സാദ്ധ്യവുമല്ല. ഇളംപ്രായത്തിൽ, ചുരുങ്ങിയ ഏതാനും വർഷങ്ങൾ കൊണ്ടു് ഒരു കുഞ്ഞു് ഹൃദിസ്ഥമാക്കുന്ന വാക്കുകളുടെ എണ്ണം മാത്രം മതി ഒരു ഇളം തലച്ചോറിന്റെ ആഗിരണശേഷി എത്ര വലുതാണെന്നു് മനസ്സിലാക്കാൻ. ബാല്യത്തിൽ പല ഭാഷകൾ കേട്ടു് വളരാൻ കഴിയുന്നവർ ജീവിതകാലം മുഴുവൻ ആ ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരിക്കുമെന്നതു് ഇതിനു് തെളിവു് നൽകുന്നു. അതുപോലെതന്നെ, അതിന്റെ മറുവശമെന്നോണം, കുഞ്ഞുങ്ങളുടെ വളർത്തലിൽ സംഭവിക്കുന്ന വീഴ്ചകൾ തിരുത്താനാവാത്ത മാനസികവും ശാരീരികവുമായ പാകപ്പിഴകളിലേക്കു് നയിക്കുമെന്നതും സംശയരഹിതമായ കാര്യമാണു്. “ദൈവനാമത്തിൽ മനുഷ്യനെ കൊല്ലുക” എന്ന വിശുദ്ധ ‘ആദർശ്ശം’ കാഫിറുകളുടെ പഴയ ആയുധങ്ങൾ ഉപയോഗിച്ചു് ദൈവത്തിനു് അങ്ങേയറ്റം തൃപ്തികരമായ വിധത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില പ്രിമിറ്റീവ്‌ സമൂഹങ്ങളിലെ വേദോപദേശക്ലാസ്സുകളിൽ പായിലോ വെറും തറയിലോ ഇരുന്നു് മുന്നോട്ടും പുറകോട്ടും ആടിക്കൊണ്ടു് അർത്ഥമെന്തെന്നറിയാത്ത ഏതാനും ‘ബ്ലാ ബ്ലാ’ വാക്യങ്ങൾ കാണാതെ പഠിക്കാൻ കുട്ടികൾ നിർബന്ധിതരാക്കപ്പെടുന്ന ദയനീയ ചിത്രങ്ങൾ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും. കൂമ്പും വേരും മുറിച്ചു് എന്നേക്കുമായി മുരടിപ്പിക്കപ്പെടുന്ന പിഞ്ചുതലച്ചോറുകൾ! അത്തരം ‘വിദ്യാഭ്യാസം’ വഴി വാർത്തെടുക്കപ്പെടുന്നതു് ചിന്താശേഷിയോ വിശകലനശേഷിയോ ഇല്ലാത്ത ‘ഇരുക്കാലി മൃഗങ്ങൾ’ മാത്രമായിരിക്കും. കാണാതെ പഠിച്ച സൂക്തങ്ങളും ശ്ലോകങ്ങളും ഉത്തമബോദ്ധ്യങ്ങളും സമയത്തും അസമയത്തും ആവർത്തിക്കാൻ മാത്രം കഴിയുന്ന കാലഹരണപ്പെട്ട ഭ്രാന്തൻ തത്വസംഹിതകളുടെ മെഗാഫോണുകൾ!

ജീവിതാനുഭവങ്ങളെ യാഥാർത്ഥ്യബോധത്തോടെ ബൗദ്ധികവും യുക്തിഭദ്രവുമായ അപഗ്രഥനത്തിനു് വിധേയമാക്കാനും നേരിടാനുമുള്ള ശേഷി വളർത്തിയെടുക്കാൻ പര്യാപ്തമല്ലാത്ത വിദ്യാഭ്യാസം കൊണ്ടു് സൃഷ്ടിക്കപ്പെടുന്നതു് ഇടയന്മാരുടെ പുറകെ നടക്കാനല്ലാതെ മറ്റൊന്നിനും ശേഷിയില്ലാത്ത കുറെ ആട്ടിൻപറ്റങ്ങളായിരിക്കും. ഇടയൻ കൽപിച്ചാൽ ചാവേറാവാൻ പോലും മടിക്കാത്തവിധം മസ്തിഷ്കപ്രക്ഷാളനം ചെയ്തു് മന്ദബുദ്ധികളാക്കപ്പെടുന്നവർ. മനുഷ്യന്റെ സ്വതന്ത്രബുദ്ധിയെ, യുക്തിപൂർവ്വം ചിന്തിക്കാനുള്ള അവന്റെ കഴിവിനെ, അവൻ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ അവഹേളനം ചെയ്യാൻ മാത്രം അധഃപതിച്ച മനുഷ്യനാമധാരികൾ. ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന്റെ വളർച്ചയുടെ മകുടമായ യുക്തിബോധത്തെ കുരങ്ങുകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും യുഗങ്ങളിൽ നിന്നും വരുന്ന ദൈവങ്ങളുടെ പേരിൽ അപഹസിക്കാൻ മടിക്കാത്തവർ. ആ ദൈവങ്ങളുടെ പേരിൽ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ പോലും ധൈര്യം കാണിക്കുന്നവർ. അത്തരക്കാർ, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യവർഗ്ഗത്തിനുതന്നെ അപമാനമാണു്. സകല മനുഷ്യരുടെയും സ്രഷ്ടാവായ ഒരു ദൈവം അവരിൽ ചില മനുഷ്യരെ അവർ അന്യജാതിക്കാരോ അന്യവിശ്വാസികളോ ആണെന്നതിന്റെ മാത്രം പേരിൽ കൊല്ലാൻ കൽപിക്കുന്നു! അതേ ദൈവത്തിന്റെ മതം സ്നേഹത്തിന്റെയും സമാധാനത്തിന്റേയും മതമാണെന്നു് ഒരുത്തൻ ഏറാൻ മൂളി സമ്മതിക്കണമെങ്കിൽ അവൻ മൂളയില്ലാത്തവനായിരിക്കണം, യുക്തിബോധം തൊട്ടുതീണ്ടാത്തവനായിരിക്കണം. അതിനുവേണ്ടിയാണു് മസ്തിഷ്കപ്രക്ഷാളനം മാത്രം ലക്ഷ്യമാക്കി മുളയിലേ നൽകപ്പെടുന്ന വേദോപദേശം. അതു് മതപഠനമല്ല, ഹിപ്നോട്ടിസമാണു്. അതുവഴി, വസ്തുതകൾ മനനം ചെയ്യുന്നതിനുള്ള ശേഷി ആരംഭത്തിലേതന്നെ നശിപ്പിച്ചു്, വിദ്യാർത്ഥികൾ റിമോട്ട്‌ കണ്ട്രോൾഡ്‌ റോബോട്ടുകൾ ആക്കപ്പെടുകയാണു് ചെയ്യുന്നതു്. പഠിപ്പിക്കപ്പെടുന്ന കാര്യങ്ങളെപ്പറ്റി ഒരു വിചിന്തനം വിദ്യാർത്ഥികൾക്കു് അടിസ്ഥാനപരമായിത്തന്നെ അസാദ്ധ്യമായ ഒരു വിദ്യാഭ്യാസം തലയ്ക്കുള്ളിലേക്കു് ഒരു കുനീലിലൂടെ ഒട്ടകച്ചാണകം കലക്കി ഒഴിക്കുന്നതിനു് തുല്യമേ ആവൂ. ബാല്യത്തിലേതന്നെ ദൈവനാമത്തിൽ നടത്തപ്പെടുന്ന ഈ ‘തലച്ചോർ കലക്കൽ’ ഇപ്പോഴും എപ്പോഴും എന്നേക്കും വടക്കുനോക്കിയന്ത്രങ്ങളായ മതഭ്രാന്തന്മാരെ എത്ര ഫലപ്രദമായാണു് നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്നു് ബ്ലോഗിലെ വിവിധ ചർച്ചകൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ബാർബർഷോപ്പ്‌ മാതൃകയിലുള്ള ചർച്ചകളിൽ അത്ര അനുഭവസമ്പന്നനല്ലാതിരുന്ന എന്നെ സംബന്ധിച്ചു്, കഴിഞ്ഞ മൂന്നു് വർഷങ്ങളിലെ മലയാളം ബ്ലോഗ്‌ ലോകവുമായുള്ള ബന്ധം ഈ വിഷയത്തിൽ ഏറെ തെറ്റിദ്ധാരണകൾ നീക്കാൻ സഹായകമായിരുന്നു. ശാസ്ത്രജ്ഞരുടെയും പണ്ഡിതരുടെയും സാമൂഹിക-സാംസ്കാരികനായകരുടെയുമൊക്കെ അലക്കിത്തേച്ച പുറംകുപ്പായത്തിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളും ആരാധനാമൂർത്തികളും പുതിയ പുതിയ അനുഭവങ്ങളായിരുന്നു! മലയാളിസ്വത്വത്തിന്റെ അവിഭാജ്യഘടകമെന്നോണം പുരപ്പുറത്തു് ആർഭാടമായി വിരിച്ചിട്ടിരിക്കുന്ന ദുരഭിമാനത്തിന്റെ വെട്ടിത്തിളങ്ങുന്ന പട്ടുകോണകങ്ങൾ!

“നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നരുതു്; തിന്നുന്ന നാളിൽ നീ മരിക്കും” (ഉൽപത്തി 2:17) എന്നു് ഒരു ദൈവം മനുഷ്യനോടു് കൽപിക്കണമെങ്കിൽ ആ ദൈവം മനുഷ്യന്റെ അറിവിനെ എത്രമാത്രം ഭയപ്പെടുന്നുണ്ടു് എന്നു് ചിന്തിച്ചാൽ മതി. പ്രച്ഛന്നവേഷം ധരിച്ചു് ദൈവമായി പ്രത്യക്ഷപ്പെടുന്ന ഒരു പുരോഹിതനല്ലാതെ, സർവ്വജ്ഞാനിയായ ഒരു ദൈവം മനുഷ്യൻ അറിവുനേടുന്നതു് മരണകാരണമായ ഒരു മഹാപാപമാണെന്നു് ഒരിക്കലും കൽപിക്കുകയില്ല. മനുഷ്യന്റെ അറിവിനെ ഭയപ്പെടേണ്ട ആവശ്യം അവനെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന പുരോഹിതനേ വേണ്ടിവരുന്നുള്ളു. ചാക്കിൽ ഇല്ലാത്ത പൂച്ചയെ വിറ്റു് ജീവിക്കുന്ന പുരോഹിതനോടു് ചാക്കിനുള്ളിൽ പൂച്ച ഉണ്ടോ എന്നു് എനിക്കറിയണമെന്നു് ആവശ്യപ്പെടാൻ മനുഷ്യൻ ഒരിക്കലും ധൈര്യപ്പെടരുതു്. മനുഷ്യൻ അറിയാൻ തുടങ്ങുകയും, അതുവഴി പൗരോഹിത്യം മരിക്കാൻ തുടങ്ങുകയും ചെയ്യാതിരിക്കാനാണു് “അറിവിന്റെ ഫലം തിന്നുന്ന നാളിൽ നീ മരിക്കും” എന്നു് വേദഗ്രന്ഥത്തിന്റെ ആരംഭത്തിൽ തന്നെ പുരോഹിതൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു്. മതമുണ്ടായ കാലം മുതൽ മനുഷ്യർ ആടുമാടുകളായിരുന്നു, പുരോഹിതൻ ഇക്കാലമത്രയും അവയുടെ പാലിന്റേയും മാംസത്തിന്റേയും തോലിന്റേയും സർവ്വാധികാരിയായ ഇടയനും. ഈ സർവ്വാധികാരം ഒരിക്കലും ചോദ്യം ചെയ്യപ്പെടരുതു്. അതിനാണു് പുരോഹിതൻ ദൈവം എന്ന മസ്തിഷ്കഭൂതത്തെ പ്രപഞ്ചാധികാരിയായി വാഴിച്ചതു്. ഇല്ലാത്ത ഈ പ്രപഞ്ചാധികാരിയുടെ ഇഹവും പരവുമായ ലോകത്തിലെ നിയമാനുസൃത പ്രതിനിധിയായി സ്വയം അവരോധിച്ചു്, ഒരിക്കലും തൃപ്തിവരാത്ത ഇത്തിക്കണ്ണികളെപ്പോലെ, ഇടയന്റെ വേഷം ധരിച്ച ചെന്നായ്ക്കൾ ദൈവഭയത്താലും മരണഭയത്താലും നരകഭയത്താലും ‘പാപ’മോചനം തേടി, മോക്ഷം തേടി, അഭയം തേടി, സഹായം യാചിച്ചു് മുട്ടുകുത്തിനിൽക്കുന്ന വിശ്വാസികളായ ആടുകളെ, ചില സൂപ്പർ സ്റ്റാറുകൾ ഫാൻ ക്ലബ്‌ അംഗങ്ങളായ മന്ദബുദ്ധികളെ എന്നപോലെ, മഹാപാപികൾ എന്നു് ആക്രോശിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും അവരുടെ രക്തം ഊറ്റിക്കുടിച്ചു് പോത്തട്ടയെപ്പോലെ വീർക്കുന്നു. ഇതുപോലൊരു മൃഗതുല്യജീവിതത്തിന്റെ ബലിക്കല്ലിലേക്കു് എത്രനാൾ ആടുകൾ സ്വമേധയാ തലനീട്ടിക്കാണിക്കുന്നുവോ, അത്രനാൾ ഇടയന്മാരുടെ അപമാനിക്കലും ചൂഷണവും തുടർന്നുകൊണ്ടിരിക്കും. ഈ ‘പ്രീഹിസ്റ്റോറിക്‌’ ലോകത്തിൽ ഇന്നും ഇടയൻ ആടുകൾക്കാണു് – മനുഷ്യൻ മനുഷ്യർക്കല്ല – ലേഖനങ്ങൾ അയക്കുന്നതു്. ആടുകൾക്കു് അന്നും ഇന്നും ഇടയലേഖനത്തിന്റെ ഉള്ളടക്കം ചക്കായാലും കൊക്കായാലും ഒരുപോലെ. കുറിപ്പടി വായിച്ചുതീർന്നു എന്നതിനു് കപ്യാരുടെ കൈമണികിലുക്കം കേൾക്കുമ്പോൾ തലയിൽ മുണ്ടിട്ടിട്ടുള്ളവരും തോളിൽ മുണ്ടിട്ടിട്ടുള്ളവരും ഒന്നടങ്കം ചെവിയിൽ കടുകുപോയാലെന്ന പോലെ തലകുലുക്കി പൂർണ്ണസമ്മതം ഉറപ്പുനൽകുന്നു. വീട്ടിലായാലും പള്ളിയിലായാലും, തന്നോടു് പ്രാർത്ഥിക്കുമ്പോൾ ഓരോ ‘എട്ടണമറിയവും’ തലയിൽ മുണ്ടിട്ടിരിക്കണമെന്നു് നിർബന്ധമുള്ള ഒരു ദൈവം ഒരു ഒന്നൊന്നേമുക്കാൽ ദൈവമായിരിക്കണം – ബിഗ്‌-ബാംഗിന്റെയൊക്കെ ചുമതലക്കാരനായ സാക്ഷാൽ ദൈവംതമ്പുരാൻ.

(തുടരും)

 
14 Comments

Posted by on Nov 21, 2010 in മതം

 

Tags: , , ,