RSS

Tag Archives: ഡോക്കിന്‍സ്

ഡിസൈനർ ദൈവം

ബേത്ലെഹേമിലെ (പെൻസിൽവേനിയ) Lehigh University -യിൽ ബയോകെമിസ്ട്രി പ്രൊഫെസ്സറായ Michael Behe ഇന്റെലിജെന്റ്‌ ഡിസൈൻ (ID) എന്ന ആശയത്തെ സപ്പോർട്ട്‌ ചെയ്യുന്നതിനായി മുന്നോട്ടുവച്ച ഒരു കൊൺസെപ്റ്റ്‌ ആണു് irreducible complexity (IC). 1952-ൽ ജനിച്ച മൈക്കൽ ബീഹീ അവന്റെ അക്കഡെമിക്‌ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ എവൊല്യൂഷൻ തിയറിയെ പൂർണ്ണമായും അംഗീകരിച്ചിരുന്നു. പക്ഷേ, ‘Evolution: A Theory In Crisis’ എന്ന Michael Dentons-ന്റെ പുസ്തകം വായിച്ചതുമുതൽ ബീഹി എവൊല്യൂഷനെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. ബയോകെമിക്കൽ തലങ്ങളിൽ ലഘൂകരിക്കപ്പെടാനാവാത്തവിധം സങ്കീർണ്ണമായ ഘടനകളുടെ (irreducibly complex systems) സൂചനകൾ ഉണ്ടെന്നും, അതു് നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലുള്ള എവൊല്യൂഷനിലൂടെ സംഭവിച്ചതാവാൻ കഴിയുകയില്ലെന്നും, അതിനാൽ അതു് ബുദ്ധിമാനായ ഒരു ഡിസൈനറാൽ രൂപപ്പെടുത്തിയതാണെന്നതു് മാത്രമാണു് ന്യായീകരിക്കാൻ കഴിയുന്നതെന്നുമാണു് മൈക്കൽ ബീഹീയുടെ നിലപാടു്.

‘Darwin’s Black Box: The Biochemical Challenge to Evolution’ എന്ന തന്റെ പുസ്തകത്തിൽ ഇറെഡ്യൂസിബിൾ കോമ്പ്ലെക്സിറ്റിക്കു് ബീഹി നൽകുന്ന ഡെഫിനിഷൻ ഇതാണു്:  A single system which is composed of several interacting parts that contribute to the basic function, and where the removal of any one of the parts causes the system to effectively cease functioning. ബീഹിയുടെ അഭിപ്രായത്തിൽ, ലഘൂകരിക്കപ്പെടാനാവാത്ത സങ്കീർണ്ണവ്യവസ്ഥകൾ നേരിട്ടും അനുക്രമമായും ഉള്ള എവൊല്യൂഷനിലൂടെ രൂപമെടുക്കാനാവില്ല. ബീഹിയുടെ വാദമുഖങ്ങൾ: “അത്തരം എവൊല്യൂഷൻ സംഭവിക്കുന്നതു് ഭാഗങ്ങൾ പടിപടിയായി കൂട്ടിച്ചേർക്കുന്നതുവഴിയാണു്; നിർവചനപ്രകാരം, ഒരു ഭാഗം ഇല്ലാത്ത ഒരു സിസ്റ്റം പ്രവർത്തനരഹിതമായിരിക്കും; അതിനാൽ, നേരിട്ടും അനുക്രമമായുമുള്ള എവൊല്യൂഷനിലൂടെ പൂർവ്വഗാമികളിൽ നിന്നും രൂപമെടുക്കുന്ന ലഘൂകരിക്കപ്പെടാനാവാത്ത എല്ലാവിധ സങ്കീർണ്ണ വ്യവസ്ഥകളും പ്രവർത്തനരഹിതമായിരിക്കും”. ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ മാത്രമല്ല, അവയെ ഒഴിവാക്കാനും, അവയിൽ മാറ്റങ്ങൾ വരുത്താനും എവൊല്യൂഷനു് കഴിയുമെന്ന കാര്യം ബീഹി മറക്കുന്നു. ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലിനെ തിരിച്ചാക്കുക മാത്രം ചെയ്യുന്നതാണു് ബീഹിയുടെ ആശയമെന്നതിനാൽ, ഒരു വ്യവസ്ഥയുടെ പരിണാമത്തെ സംബന്ധിച്ചു് വ്യക്തമായി എന്തെങ്കിലും പറയാനുള്ള വകുപ്പൊന്നും അതിലില്ല. ഇന്റെലിജെന്റ്‌ ഡിസൈൻ സമൂഹത്തിനു് വെളിയിലുള്ള ശാസ്ത്രജ്ഞർ അശാസ്ത്രീയമായ ഈ ആശയത്തെ അപ്പാടെ തള്ളിക്കളയുന്നവരാണു്. എങ്കിലും, മറ്റു് പരിണാമസിദ്ധാന്ത വിരോധികളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യരടക്കമുള്ള ജീവികളുടെ എവൊല്യൂഷന്റെ അടിസ്ഥാനത്തിലെ പൊതുവായ പൂർവ്വികത്വവും, ഭൂമിയുടേയും പ്രപഞ്ചത്തിന്റെയും ശാസ്ത്രം പ്രതിനിധീകരിക്കുന്നതായ പ്രായവും മൈക്കൽ ബീഹി അംഗീകരിക്കുന്നുമുണ്ടു്.

തന്റെ മാതാപിതാക്കൾ പിന്തുടരുന്ന കത്തോലിക്കാമതവിശ്വാസത്തിൽ നിന്നും രണ്ടുവർഷം മുൻപു് താൻ വേർപെട്ടു എന്നും, ഇപ്പോൾ താനൊരു നിരീശ്വരവാദിയാണെന്നും കഴിഞ്ഞ ഒക്ടോബറിൽ മൈക്കൽ ബീഹീയുടെ മകൻ പരസ്യപ്പെടുത്തിയതു് ഈ അവസരത്തിൽ ശ്രദ്ധാർഹമാണു്. മാതാപിതാക്കൾ വിശ്വാസികളായതുകൊണ്ടോ, അവർ മക്കളെ വിശ്വാസികളായി വളർത്തിയതുകൊണ്ടോ മക്കൾ വിശ്വാസികളാവണമെന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണു് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന റൊണാൾഡ്‌ റേഗന്റെ മകനും നിരീശ്വരവാദിയുമായ Ronald Prescott Reagan. “വിശ്വാസം നല്ലതാണു്, എങ്കിലും തിട്ടം വരുത്തുന്നതു് ഒന്നുകൂടി നല്ലതാണു്” എന്നു് പ്രസിഡന്റ്‌ റേഗനും ലെനിനും പറഞ്ഞിട്ടുണ്ടു്. മറ്റുള്ളവർക്കു് ഉപദേശം നൽകാനാണു് മനുഷ്യർ പൊതുവേ തിടുക്കം കൂട്ടാറുള്ളതു്, അവനവനെത്തന്നെ ഉപദേശിക്കുന്ന കാര്യത്തിൽ മനുഷ്യർക്കു് പണ്ടേതന്നെ വലിയ താത്പര്യമില്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ അതിനു് ആമയുടെ വേഗതയുമായിരിക്കും. പ്രസിഡന്റ്‌ റേഗനും ബീഹീയും “തിട്ടം വരുത്തണമെന്നു്” മറ്റുള്ളവരെ ഉപദേശിച്ചതേയുള്ളു, അതേസമയം, അവരുടെ മക്കൾ അവർക്കു് വിപരീതമായി പിതാക്കന്മാരുടെ ഉപദേശം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. മതപരമായ കാര്യങ്ങളിൽ താൻ എന്താണു് വിശ്വസിക്കുന്നതെന്നു് തിട്ടം വരുത്താൻ ആഗ്രഹിക്കുന്ന സാമാന്യബുദ്ധിയുള്ള ഒരുവനു് ഒരു മത/ദൈവവിശ്വാസിയായി തുടരാനാവില്ല എന്നതൊരു സത്യമാണു്. മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങൾ മാത്രം മതി ഒരുവനെ ഈശ്വരവിശ്വാസി അല്ലാതാക്കി മാറ്റാൻ. മതഗ്രന്ഥങ്ങൾ വായിക്കാനും വായിക്കുന്നതു് യുക്തിബോധത്തോടെ മനസ്സിലാക്കാനും ഉള്ള മിനിമം ബുദ്ധിയും ശേഷിയും അതിനു് വേണമെന്നേയുള്ളു. പക്ഷേ, “മകരജ്യോതി” എന്നതു് മനുഷ്യർ മലമുകളിൽ ചൂട്ടു് കത്തിക്കുന്നതാണെന്നു് അതു് കത്തിക്കുന്നവർ നേരിട്ടുവന്നു് പരസ്യമായി പറഞ്ഞാലും, അതു് ദൈവം കത്തിക്കുന്നതാണെന്നേ ഞാൻ വിശ്വസിക്കൂ എന്നു് നിർബന്ധം പിടിക്കുന്ന ഒരുവനു് വസ്തുതകളെ തുറന്ന മനസ്സോടെ, വിമർശനബുദ്ധിയോടെ മനസ്സിലാക്കാനാവില്ല എന്നതു് മറ്റൊരു സത്യമാണു്.

ഏതെങ്കിലും ഒരു വിശുദ്ധന്റേതെന്ന ധാരണയിൽ പുഴുതിന്ന ഒരു പല്ലോ, ഒടിഞ്ഞ ഒരുകഷണം എല്ലോ കുറേ വർഷങ്ങൾ ഒരിടത്തു് ആരാധിക്കപ്പെട്ടാൽ, പിന്നെ അതു് ഒരു കാളയുടേതോ കഴുതയുടേതോ ആയിരുന്നെന്നു് അതവിടെ കൊണ്ടുചെന്നു് പ്രതിഷ്ഠിച്ചവൻ തന്നെ സാക്ഷ്യപ്പെടുത്താൻ ശ്രമിച്ചാൽ, അവനെ വിശ്വാസിസമൂഹം ദൈവദോഷം എന്ന കുറ്റം ചുമത്തി എപ്പോൾ തല്ലിക്കൊന്നു എന്നു് ചോദിച്ചാൽ മതി. നിരുപാധികമായ ഏതൊരു വിശ്വാസത്തിന്റേയും ഒഴിവാക്കാനാവാത്ത ഒരു സൈഡ്‌ എഫെക്റ്റ്‌ ആണു് മറുപക്ഷത്തിനുനേരെ വളരെ പെട്ടെന്നു് സംഭവിക്കാവുന്ന കൊലപാതകങ്ങൾ. ദൈവം പോലും ഈ കാര്യത്തിൽ ഒരു അപവാദമല്ല. ബൈബിൾ പ്രകാരം, ലോകത്തിൽ ആദ്യം നടന്ന കൊലപാതകത്തിനുതന്നെ ദൈവമാണു് ഉത്തരവാദി. ജ്യേഷ്ഠനായ കയീൻ അർപ്പിച്ച ധാന്യവിളകളുടെ ബലിയേക്കാൾ അനുജൻ ഹാബേൽ അർപ്പിച്ച ആട്ടിൻകുട്ടിയിൽ ദൈവം കൂടുതൽ സംതൃപ്തനായതിൽ അസൂയ മൂത്താണു് കായീൻ ഹാബേലിനെ അടിച്ചുകൊന്നതു്. “ഇന്റെലിജെന്റ്‌ ഡിസൈനർ” എന്ന ഔദ്യോഗികപദവിയിൽ സ്വർഗ്ഗത്തിൽ വാണരുളുന്ന ദൈവത്തിനു് വേണ്ടതു് ചുമ്മാ കഞ്ഞിയും പയറുമല്ല, നല്ല പൊരിച്ച ആട്ടിറച്ചിയാണു് എന്നതു് ഈ കഥയുടെ ഗുണപാഠം. “കല്ലും നെല്ലുമെല്ലാമവിലെന്നുവച്ചിട്ടൊരുപിടി നല്ലപോലെ വാരി വേഗം വയറ്റിലാക്കാൻ” യഹോവ ശ്രീകൃഷ്ണനോ, കയീൻ കുചേലനോ, ഇവർ രണ്ടുപേരും സസ്യഭുക്കുകളോ അല്ല. “മേദസ്സുള്ള” മാംസം നൽകി ദൈവത്തെ തൃപ്തിപ്പെടുത്തിയിട്ടും പാവം ഹാബേലിനു് കിട്ടിയതു് മരണം! അതങ്ങനെയാണു്. ഈ ലോകത്തിൽ എന്നും തിന്മയേ ജയിച്ചിട്ടുള്ളു. എക്കാലവും ലോകത്തിൽ ന്യൂനപക്ഷമായിരുന്ന തിന്മയുടെ വിജയം അധികപങ്കും നല്ലവരായ ഭൂരിപക്ഷത്തിനെക്കൊണ്ടു് നിശ്ശബ്ദമായും സന്തോഷത്തോടെയും അംഗീകരിപ്പിക്കുക എന്നതാണു് ദൈവകൽപനകളുടെ ലക്ഷ്യം തന്നെ.

ഭാരം ചുമക്കുന്ന വിശ്വാസിക്കഴുതകളുടെ മുന്നിൽ പ്രലോഭിപ്പിക്കാനായി തൂക്കുന്ന ക്യാരറ്റാണു് സ്വർഗ്ഗരാജ്യം. ക്യാരറ്റ്‌ കെട്ടിത്തൂക്കുന്ന നീണ്ട കോലും തന്റെ മുതുകത്തുതന്നെയാണു് ഫിറ്റുചെയ്തിരിക്കുന്നതെന്നറിയാതെ ക്യാരറ്റ്‌, ക്യാരറ്റ്‌, ക്യാരറ്റ്‌… എന്നു് ജപിച്ചുകൊണ്ടു് ആവേശഭരിതരായി ഭാരം ചുമന്നു് മുന്നോട്ടു് നീങ്ങുന്ന കഴുതകൾ. പിടക്കോഴികൾ കുഞ്ഞുങ്ങൾക്കു് നൽകുന്ന മുലയൂട്ടു് വാഗ്ദാനം മാത്രമാണു് മതങ്ങൾ വാഗ്ദാനം ചെയ്യുന്ന മരണാനന്തരസ്വർഗ്ഗമെന്നു് മനസ്സിലാക്കാൻ സഹസ്രാബ്ദങ്ങളിലെ ചരിത്രാനുഭവങ്ങൾ തെളിവായി ഉണ്ടായിട്ടുപോലും അതു് കണ്ണുതുറന്നു് കാണാൻ ത്രാണിയില്ലാത്ത വിശ്വാസിസമൂഹം. ക്രൈസ്തവസഭ യൂറോപ്പിൽ കൊടികുത്തിവാണിരുന്ന മദ്ധ്യകാലങ്ങളിൽ ദൈവത്തിന്റെ പാദാരവിന്ദങ്ങളെ മുത്തം വയ്ക്കാനെന്നോണം പണിതുയർത്തപ്പെട്ട ദേവാലയങ്ങളില്‍ നല്ലൊരുപങ്ക് ഇന്നു് ആരാധനയിൽ പങ്കെടുക്കാൻ മനുഷ്യരോ, ദ്രവിച്ചുപോകാതെ മെയിന്റെനൻസ്‌ നടത്താൻ പണമോ ഇല്ലാതെ ഒന്നുകിൽ ഇടിഞ്ഞുപൊളിഞ്ഞു് വീഴുന്നു, അല്ലെങ്കിൽ ഹോട്ടലുകളും ഡിസ്കൊതേക്കുകളും നടത്താനായി കിട്ടുന്ന വിലയ്ക്കു് ആർക്കെങ്കിലുമൊക്കെ വിൽക്കപ്പെടുന്നു! സാമൂഹികമായി ഇന്നും യൂറോപ്യൻ മദ്ധ്യകാലത്തോ, അതിനും പുറകിലോ കഴിയുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ കോടികൾ മുടക്കിയുള്ള പള്ളിപണികൾ തുടങ്ങിയിട്ടേയുള്ളു. മനുഷ്യർക്കു് വിദ്യാഭ്യാസം നൽകി സമൂഹത്തെ സാംസ്കാരികമായി നവീകരിക്കേണ്ടതിന്റെ ആവശ്യകത ആദ്യം മനസ്സിലാക്കേണ്ടതു് ജനങ്ങളെ നയിക്കുന്നവരാണു്. പക്ഷേ, മുന്നിൽ നടക്കുന്നതു് “ഐസ്ക്രീം” ഉറുഞ്ചുന്ന കിഴങ്ങന്മാരാവുമ്പോൾ, പിന്നിൽ നടക്കുന്നവർ കൈവെട്ടുകാരായ കപ്പക്കിഴങ്ങുകൾ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു? പ്രാർത്ഥനയുടെ തീവ്രത പോരാത്തതാണു് കേരളം ബൗദ്ധികമായും സാംസ്കാരികമായും ചെളിക്കുഴിയിൽ നിന്നും ചെളിക്കുഴിയിലേക്കു് കൂപ്പുകുത്തുന്നതിന്റെ കാരണം. അതുകൊണ്ടു് കൂടുതൽ പ്രാർത്ഥിക്കുക, കൂടുതൽ നേർച്ചയിടുക, കൂടുതൽ ധ്യാനിക്കുക, കൂടുതൽ കിഴങ്ങുകളാവുക – അതാണു് വിജയത്തിലേക്കുള്ള വഴി.

സൃഷ്ടിവാദികൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു ചോദ്യമാണു് ഈ പ്രപഞ്ചത്തിലെ സങ്കീർണ്ണതകൾ ആകസ്മികമായി സംഭവിച്ചതാവാൻ കഴിയുമോ എന്നതു്. തീർച്ചയായും ആകസ്മികമായി സംഭവിക്കുന്നവയല്ല അവ. ഒരു സങ്കീർണ്ണതയുടെ സ്റ്റാറ്റിസ്റ്റിക്കലായ അസാദ്ധ്യത എത്ര കൂടുതലാണോ, അത്രയും കുറഞ്ഞതായിരിക്കും അതു് സംഭവിച്ചതിനു് പിന്നിൽ പ്രവർത്തിച്ചതു് ഒരു ആകസ്മികത (chance) ആവാനുള്ള സാദ്ധ്യതയും. അതുപോലെതന്നെ അസംഭവ്യമാണു് ഒരു ഗ്രെയ്റ്റ്‌ ഡിസൈനർ ആണു് ആ സങ്കീർണ്ണതകളെ എല്ലാം മെനഞ്ഞെടുത്തതു് എന്ന വിശ്വാസവും. എണ്ണമറ്റ സങ്കീർണ്ണതകളെ ഒറ്റയടിക്കു് സംഭവിപ്പിക്കാൻ കഴിയുന്ന ഒരു “ഡിസൈനർ” ആ സങ്കീർണ്ണതകളേക്കാളെല്ലാം എത്രയോ മടങ്ങു് സങ്കീർണ്ണമായിരിക്കണം. ആ ഡിസൈനറുടെ സങ്കീർണ്ണത കൂടുന്തോറും, അവൻ എവിടെനിന്നു് വന്നു എന്ന ചോദ്യത്തിന്റെ പ്രസക്തിയും കൂടുകയാണു് ചെയ്യുന്നതു്, കുറയുകയല്ല. ആ ചോദ്യത്തിനു് മറുപടി നൽകാനുള്ള ബാദ്ധ്യത അതുപോലൊരുവനെ പ്രപഞ്ചസൃഷ്ടിയുടെ പിന്നിൽ പ്രതിഷ്ഠിക്കുന്നവരുടേതു് മാത്രമാണു്. ഡിസൈനർ ശൂന്യതയിലായിരുന്നു, അതുകൊണ്ടു് അവനെ ജനിപ്പിക്കാനോ, അവനു് “സ്വയം ജനിക്കാനോ” ഒരു കാരണത്തിന്റെ ആവശ്യമില്ല എന്നും മറ്റുമുള്ള പ്രഖ്യാപനങ്ങൾ മതങ്ങളുടെ അകത്തളങ്ങളിൽ തടവിലാക്കപ്പെട്ടവർ മറുചോദ്യമില്ലാതെ ഐകകണ്ഠ്യേന ഏറ്റുചൊല്ലുമെന്നതും ഇന്നൊരു തർക്കവിഷയം ആവേണ്ട കാര്യമാണെന്നു് തോന്നുന്നില്ല. അതുപോലുള്ള സനാതനസത്യങ്ങളിൽ വിശ്വസിക്കുകയും, ഏതു് വിഡ്ഢിത്തവും ഉച്ചഭാഷിണിയിലൂടെ രാവും പകലുമില്ലാതെ വിളിച്ചുപറഞ്ഞു് മനുഷ്യരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുകയും, ഉറക്കം കെടുത്തുകയും ചെയ്യുന്നവരുടെ കൂട്ടമാണു് മതമെന്ന കൂടുകൾക്കുള്ളിൽ കഴിയുന്ന സ്വർഗ്ഗയാത്രികരായ അന്യഗ്രഹജീവികൾ എന്നതും പൊതുവേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ കാര്യമാണു്. ഗത്യന്തരമൊന്നുമില്ലാത്തതിനാൽ സ്വർഗ്ഗത്തിലേക്കുള്ള യാത്രാമദ്ധ്യേ തത്കാലം ഭൂമിയിൽ കഷ്ടപ്പെട്ടും ബുദ്ധിയും ശ്വാസവും മുട്ടിയും ജീവിക്കുന്നുണ്ടെങ്കിലും, ഇഹലോകജീവിതം എന്നതു് മഹാ പോക്രിത്തരമാണെന്ന കാര്യത്തിൽ കടുകിടപോലും സംശയമില്ലാത്ത കുറേ aliens. മുൻപു് പ്രകാശവേഗതയിൽ കോസ്മോസിൽ സഞ്ചരിച്ചുകൊണ്ടിരുന്നവരായിരുന്നു ഈ മതാഭ്യാസികൾ. ഇവരുടെ ജനനം ഒരു മഹാപാപത്തിന്റെ ഫലമാണെന്ന ദൈവവിധിമൂലം (ഇവരുടെ ഓരോരോ ഗോഷ്ടികൾ കണ്ടാൽ ആ വിധി ശരിയാണെന്നു് തോന്നുകയും ചെയ്യും) UFO കൈമോശം വന്നുപോയ ശൂന്യാകാശസഞ്ചാരികളാണു് കക്ഷികൾ! സാധാരണ മനുഷ്യരെപ്പോലെ പ്രപഞ്ചത്തിലെ കാര്യങ്ങൾ മനസ്സിലാക്കാനോ, ഇന്ദ്രിയാതീതനെന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവവുമായി നേരിട്ടു് ബന്ധപ്പെടാനോ ഒന്നും ഇത്തിരിപ്പോലും ഇന്ദ്രിയത്തിന്റെ സഹായം ഇവർക്കാവശ്യമില്ല. അതുകൊണ്ടാണു് ഭൂമിയിലെ ശാസ്ത്രങ്ങളോടു് ഇവർ തീവ്രമായ ഒരുതരം പുച്ഛം പ്രകടിപ്പിക്കുന്നതു്. ഉദാഹരണത്തിനു്, ഒരു കാരണവുമില്ലാതെ ഉണ്ടായിവന്ന ഒരു ഗ്രെയ്റ്റ്‌ ഡിസൈനർ എന്തു് കാരണത്തിനു് ഇക്കണ്ട പ്രപഞ്ചമെല്ലാം ഉണ്ടാക്കി എന്നു് നമ്മൾ അവരോടു് ചോദിച്ചാൽ മനുഷ്യരെല്ലാം ആ ഡിസൈനറെ താണുവണങ്ങി തൊഴുതു് കുമ്പിടുന്നതിനാണു് എന്ന മറുപടി അണ്ണാൻ അണ്ടിപ്പരിപ്പു് കൊറിക്കുന്ന സ്പീഡിൽ അവർ നമ്മോടു് പറയും. അപ്പോൾ “അമ്പമ്പട ഡിസൈനറേ, നീ ആളു് കൊള്ളാമല്ലോ!” എന്നു് പറയേണ്ട ഒറ്റ ചുമതലയേ നമുക്കുള്ളു. മനുഷ്യനെ തന്റെ മുന്നിൽ മുട്ടുകുത്തിക്കാനായി ലക്ഷക്കണക്കിനു് പ്രകാശവർഷങ്ങൾ അകലെ ഗ്യാലക്സികളേയും നക്ഷത്രങ്ങളേയും ഡിസൈൻ ചെയ്ത മഹാ ബുദ്ധിമാനായ ഡിസൈനർ! സൃഷ്ടിച്ച ദിവസംതന്നെ ആദാം പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ഒരു UFO-യിൽ കയറി “ഇന്നാ, തിന്നോ” എന്നു് പഴവും കാണിച്ചു് നിൽക്കുന്ന ഹവ്വായിൽ നിന്നും രക്ഷപെടാനായി സ്ഥലംവിട്ടു എന്നു് കരുതിയാൽത്തന്നെ, കഴിഞ്ഞ ആറായിരം വർഷം കൊണ്ടു് അവൻ പ്രപഞ്ചത്തിന്റെ “പൂമുഖം” പോലും പിന്നിട്ടിട്ടുണ്ടാവില്ല. (അൽപമെങ്കിലും ഭാരമുള്ള ഒരു വസ്തുവിനും പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കാനാവില്ല എന്ന വസ്തുത ആദാമിനോടുള്ള സ്നേഹം മൂലം തത്കാലം നമുക്കു് മറക്കാം.) ഇതിൽ നിന്നെല്ലാം നമ്മൾ എന്തു് മനസ്സിലാക്കണം? “എല്ലാ കാര്യങ്ങളിലും കൊൺക്രീറ്റ്‌ ആയ ഒരു പ്ലാൻ ഉള്ള ഒരു ഉഗ്രൻ ഡിസൈനറാണു് ദൈവം”.

പ്രപഞ്ചത്തിലെ കോമ്പ്ലെക്സിറ്റിയുടെ കാരണം ചാൻസ്‌ ആണു് എന്നു് പറയുന്ന അത്രതന്നെ അസംബന്ധമാണു് അതിനു് പിന്നിൽ ഒരു ഇന്റെലിജെന്റ്‌ ഡിസൈനർ ആണെന്നു് പറയുന്നതും. ഒന്നുകിൽ അതു്, അല്ലെങ്കിൽ ഇതു്, ഇതുമാത്രം എന്ന രീതിയിൽ, കോമ്പ്ലെക്സിറ്റിയുടെ പിന്നിൽ ചാൻസ്‌ അല്ലെങ്കിൽ പിന്നെ ആകെയുള്ള ഒരേയൊരു ഓപ്ഷൻ ദൈവം എന്ന ഇന്റെലിജെന്റ്‌ ഡിസൈനർ മാത്രമാണെന്ന നിലപാടാണു് സൃഷ്ടിവാദികളുടെ പ്രധാനപ്രശ്നം. ഇതു് രണ്ടുമല്ലാതെ, നാച്യുറൽ സെലക്ഷൻ എന്ന മറ്റൊരു എലിഗന്റ്‌ സൊല്യൂഷൻ ഈ പ്രശ്നത്തിനുണ്ടെന്നു് ഒന്നുകിൽ അവർക്കറിയില്ല, അല്ലെങ്കിൽ, നാച്യുറൽ സെലക്ഷൻ എന്നാൽ എന്തു് എന്നറിയാത്തതിന്റെ പേരിൽ അങ്ങനെയൊന്നേ ഇല്ല എന്ന ഭാവത്തിൽ അതിനേസംബന്ധിച്ചു് അവർ നിശ്ശബ്ദത പാലിക്കുന്നു. പ്രത്യേകതരം പൂക്കളുടേയും, ചെടികളുടേയും ജീവികളുടേയുമെല്ലാം വർണ്ണഭംഗിയുള്ള ചിത്രങ്ങൾ നിരത്തി അവയെല്ലാം തികച്ചും ആകസ്മികമായി ഉണ്ടായവയാണെന്നു് എങ്ങനെ പറയാൻ കഴിയുമെന്നും, അവയെല്ലാം ഒരു ഇന്റെലിജെന്റ്‌ ഡിസൈനറുടെ തെളിവല്ലേ എന്നുമാണു് പല സൃഷ്ടിവാദസൈറ്റുകളിലും ആവർത്തിച്ചു് ചോദിക്കപ്പെടുന്ന ചോദ്യം. ചില പ്രകൃതിപ്രതിഭാസങ്ങൾ സ്റ്റാറ്റിസ്റ്റിക്കലി അസംഭവ്യവും, വർണ്ണിക്കാനാവാത്തവിധം അത്ഭുതപ്പെടുത്തുന്നവയും, ഇഴപിരിക്കാനാവാത്തവിധം സങ്കീർണ്ണവും ആയതിനാൽ, അവ ആകസ്മികമായി ഉണ്ടായവയല്ല, അവയെല്ലാം ഒരു ഡിസൈനർ രൂപം നൽകിയവയാണു് എന്നതു് യുക്തിഹീനമായ ഒരു വാദമാണു്. സങ്കീർണ്ണത എന്നതു് അസംഭവ്യമായ ഒന്നായി തോന്നുന്നതു് അതു് ഒറ്റയടിക്കു് സംഭവിച്ചതാണെന്ന ധാരണ മൂലമാണു്. അതുകൊണ്ടാണു് അതുപോലൊരു മഹാത്ഭുതത്തിനു് പിന്നിൽ ദൈവത്തിന്റെ “കരങ്ങൾ” മാത്രമാണെന്ന എളുപ്പമുള്ള മറുപടിയിൽ സഷ്ടിവാദികൾ എത്തിച്ചേരുന്നതു്. കൂടുതൽ അന്വേഷണത്തിന്റെ ആവശ്യം വരുന്നില്ല എന്നതിനാലാണു്, ദൈവം എന്ന ഒറ്റമൂലി മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ആശ്വാസപ്രദമായ ഒരു സർവ്വരോഗസംഹാരി ആയിരുന്നതും. അസ്തിത്വസംബന്ധമായ ചോദ്യങ്ങൾക്കു് ആത്യന്തികമെന്നു് അവകാശപ്പെടുന്ന ആദ്ധ്യാത്മികതയുടെ ഒറ്റമൂലിമറുപടികൾ അനായാസവും, അതുകൊണ്ടുതന്നെ അജ്ഞാനിക്കുപോലും എളുപ്പം ആശ്വാസദായകവും ആവാമെന്നതിനാലാണു് തിന്നുന്തോറും വിശപ്പു് കൂടുക മാത്രം ചെയ്യുന്ന നേർച്ചപ്പെട്ടികൾക്കു് ആഹാരക്ഷാമം അനുഭവിക്കേണ്ടിവരാത്തതു്. മതങ്ങൾ ഊതിവീർപ്പിച്ചു് വീർപ്പിച്ചു് പ്രപഞ്ചത്തിനും വെളിയിലേക്കു് എത്തിക്കപ്പെട്ട ദൈവം എന്ന ബലൂൺ മനുഷ്യന്റെ ചിന്താശേഷി വളരുന്നതിനനുസരിച്ചു് രൂപമെടുക്കുന്ന ചോദ്യങ്ങൾക്കു് മറുപടി നൽകാനാവാതെ “വീണിതല്ലോ കിടക്കുന്നൂ ധരണിയിൽ, ശോണിതം പോലുമണിയാതെ” എന്നരീതിയിൽ കാറ്റുപോയി ചുക്കിച്ചുളിഞ്ഞു് കിടക്കുന്നു. ഇനി എത്ര ഊതിയിട്ടും വലിയ കാര്യമില്ല എന്നു് സാവകാശമെങ്കിലും തോന്നിത്തുടങ്ങിയതുകൊണ്ടു് ദൈവത്തിന്റെ കാവൽനായ്ക്കൾ ഇപ്പോൾ ശാസ്ത്രത്തിന്റെ പുറകെ തെറി പറഞ്ഞുകൊണ്ടു് നടക്കുകയാണു്. ഈ ശാസ്ത്രജ്ഞന്മാർ പറയുന്നതൊന്നും അത്ര ശരിയായ കാര്യങ്ങളല്ലത്രെ! മലയാളത്തിൽ പറഞ്ഞാൽ, “അവർ പറയുന്നതൊന്നും ഞങ്ങൾക്കു് പിടികിട്ടുന്നില്ല, അതുകൊണ്ടു് അതെല്ലാം തെറ്റാണു്”. പിന്നെ എന്താണു് ശരി? “ആബ്ര കഡാബ്ര, എല്ലാം ഉണ്ടാവട്ടെ!” അപ്പോൾ എല്ലാം ഉണ്ടായി. പാമ്പു് വന്നതും, പഴം പറിച്ചതും, തൊലി പൊളിച്ചതും, തിന്നതുമെല്ലാം വിശദാംശങ്ങൾ.

നാച്യുറൽ സെലക്ഷൻ എന്നതു് സഞ്ചയിക്കുന്ന ഒരു പ്രക്രിയയാണു് (cumulative process). അസംഭവ്യം എന്നു് തോന്നുന്ന ഒരു വലിയ വ്യവസ്ഥയിൽ നാച്യുറൽ സെലക്ഷൻ എത്തിച്ചേരുന്നതു് ചെറിയ ചെറിയ ഘടകങ്ങളെ കീഴടക്കുന്നതിലൂടെയാണു്. ഡോക്കിൻസ്‌ അതിനെ Climbing Mount Improbable-നോടാണു് താരതമ്യം ചെയ്യുന്നതു്. ഒരുവശം കയറാനാവാത്തവിധം കുത്തനെയും, മറുവശം പടിപടിയായി പർവ്വതശൃംഗം വരെ കയറാവുന്നവിധം ഇളം ചരിവുള്ളതുമായ ഒരു പർവ്വതം. നാച്യുറൽ സെലക്ഷൻ പർവ്വതശൃംഗത്തിലേക്കു് എത്തുന്നതു് കുത്തനെയുള്ള വശത്തിലൂടെ ഒറ്റക്കുതിപ്പിനല്ല, മറുവശത്തുള്ള ചെറിയ ചരിവിലൂടെ സാഹചര്യത്തിനനുസരിച്ചു് കുറഞ്ഞതോ കൂടിയതോ ആയ വേഗതയിൽ ചുവടുചുവടായിട്ടാണു്. ദൈവത്തിന്റെ “ആറുദിവസസൃഷ്ടി” ശീലിച്ചുപോയ സൃഷ്ടിവാദിക്കു് പർവ്വതമുകളിലെ സങ്കീർണ്ണതക്കു് ഒറ്റ വിശദീകരണമേയുള്ളു: ഒരു ഇന്റെലിജെന്റ്‌ ഡിസൈനർ! പടിപടിയായിപ്പോലും കയറാൻ കഴിയാത്ത ഇറെഡ്യൂസിബിൾ കോമ്പ്ലെക്സിറ്റി പ്രകൃതിയിൽ ഉണ്ടായിക്കൂടെന്നില്ല. പക്ഷേ, ഇതുവരെ അങ്ങനെയൊന്നു് കണ്ടെത്തപ്പെട്ടിട്ടില്ല. അങ്ങനെയൊരു സങ്കീർണ്ണത കണ്ടെത്തിയാൽ ആ നിമിഷം ഒരു തിയറി എന്ന നിലയിൽ എവൊല്യൂഷൻ തകർന്നുവീഴും. ഡാർവിൻ തന്നെ സൂചിപ്പിച്ചിട്ടുള്ള കാര്യമാണതു്. “അനുസ്യൂതമായ അനേകം ചെറിയ മാറ്റങ്ങളിലൂടെയല്ലാതെ രൂപമെടുത്ത ഒരു സങ്കീർണ്ണ അവയവം നിലനിൽക്കുന്നുണ്ടെന്നു് തെളിയിക്കാനായാൽ, എന്റെ തിയറി നിരുപാധികം അടിയറവു് പറയേണ്ടിവരും. പക്ഷേ, അതുപോലൊന്നു് ഞാൻ കാണുന്നില്ല”. ഡാർവിന്റെ കാലം മുതൽ ഇന്നുവരെ ആർക്കും അതുപോലൊരു സങ്കീർണ്ണത ചൂണ്ടിക്കാണിക്കാനായിട്ടില്ല. എവൊല്യൂഷനെ തറപറ്റിക്കുന്നതിനായി സൃഷ്ടിവാദികൾ ഇതുവരെ നിരത്തിയ ഒറ്റ ഉദാഹരണത്തിനു് പോലും ഈ കടമ്പ കടക്കാനായിട്ടില്ല. ഇനി, ലഘൂകരിക്കപ്പെടാനാവാത്ത ഒരു സങ്കീർണ്ണതയെ എന്നെങ്കിലുമൊരിക്കൽ പ്രകൃതിയിൽ കണ്ടെത്തിയാൽത്തന്നെ, അതു് ഒരു കാരണവശാലും സങ്കീർണ്ണതകളുടെ സങ്കീർണ്ണതയായ ഒരു ഇന്റെലിജെന്റ്‌ ഡിസൈനറുടെ തെളിവാവുകയില്ല. ചുരുക്കിപ്പറഞ്ഞാൽ, IC-യുടെ തെളിവു് ID-യുടെ തെളിവല്ല.

ഫോസിലുകളുടെ കാര്യത്തിലായാലും, മറ്റേതു് വിഷയത്തിലായാലും സൃഷ്ടിവാദികൾക്കു് വേണ്ടതു് വിടവുകളാണു്. ഒരു ലേഖനത്തിലോ, പ്രസംഗത്തിലോ, ആസ്വാദകരിൽ താത്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വാക്യങ്ങൾ വരെ, മുൻ-പിൻഭാഗങ്ങളിൽ നിന്നും മുറിച്ചുമാറ്റി, അവ എവൊല്യൂഷനു് എതിരാണെന്നും, “ഇന്റെലിജെന്റ്‌ ഡിസൈനു്” അനുകൂലമാണെന്നും വരുത്താൻ സൃഷ്ടിവാദികൾക്കു് ഒരു പ്രത്യേക കഴിവുതന്നെയുണ്ടു്. ശാസ്ത്രത്തിനു് ഇതുവരെ തൃപ്തികരമായ മറുപടി ലഭിക്കാത്തതും, പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിഷയങ്ങളുടെ പേരുകൾ തപ്പിയെടുത്തു് അത്തരം വിടവുകളിൽ ദൈവത്തെ കുടിയിരുത്തുന്നതാണു് അവരുടെ പ്രധാന ഹോബി. പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ, ശാസ്ത്രജ്ഞാനത്തിലെ അവശേഷിക്കുന്ന വിടവുകളിലേക്കു് മാറ്റിപ്പാർപ്പിച്ചുപാർപ്പിച്ചു് ഈ വിടവന്വേഷികൾ ദൈവത്തെ തലചായ്ക്കാനിടം ഇല്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചു. ഫോസിലുകളിലെ ഒരു വിടവു് പുതുതായി കണ്ടെത്തിയ ഒരു ഫോസിൽകൊണ്ടു് നികത്തപ്പെട്ടാൽ, “ഇപ്പോൾ രണ്ടു് വിടവുകൾ നികത്താനുണ്ടു്” എന്നു് പറയുന്ന സൃഷ്ടിവാദികളുടെ തലയിൽ എത്ര വിടവുകളും തുളകളുമാണു് ഉള്ളതെന്നു് ആലോചിച്ചാൽ മതി. ഫോസിൽ ചരിത്രത്തിലെ ഒരു വിടവിൽ ഫോസിൽ ഇല്ല എന്നു് വന്നാൽ അതു്, സൃഷ്ടിവാദികളുടെ കാഴ്ചപ്പാടിൽ, എവൊല്യൂഷൻ സംഭവിച്ചിട്ടില്ല എന്നതിനും, സകല പ്രപഞ്ചസങ്കീർണ്ണതകളേയും സൃഷ്ടിച്ചവനായ ഒരു ദൈവം ഉണ്ടു് എന്നതിനും മതിയായ തെളിവാണു്. പക്ഷേ, ഇന്റെലിജെന്റ്‌ ഡിസൈനർ ആയ ഈ ദൈവം ഒപ്പിച്ചതായി ബൈബിളിലും ഖുർആനിലുമൊക്കെ വർണ്ണിച്ചിരിക്കുന്ന സംഭവങ്ങളെപ്പറ്റി ഒരക്ഷരം അവർ പറയുകയുമില്ല. അവിടെയും അവരുടെ ഈ “ഗ്യാപ്പ്‌ സ്നേഹം” മുഖംമൂടിയില്ലാതെ പുറത്തുവരും. വേദഗ്രന്ഥങ്ങളിൽ എന്തെഴുതിയിരിക്കുന്നു എന്നതല്ല, സൃഷ്ടിവാദികളുടെ നിലനിൽപിനു് അനുകൂലമായി എന്തെഴുതിയിരിക്കുന്നു എന്നതാണു് അവർക്കു് പ്രധാനം. അവയിലെ ഇരുണ്ട വശങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്താൽ, ഉരുണ്ടുനേർച്ച നടത്തുകയാണോ എന്നു് തോന്നുന്ന വിധത്തിൽ അവർ തകൃതിയായി ഉരുണ്ടുമറിഞ്ഞുകൊണ്ടിരിക്കും.

ഡോക്കിൻസിന്റെ വാക്കുകൾ കടമെടുത്താൽ, “അജ്ഞേയവാദികൾ അജ്ഞേയതയെ നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ അതിൽ ആഹ്ലാദിക്കുന്നു, ശാസ്ത്രജ്ഞരും അജ്ഞേയതയിൽ ആഹ്ലാദിക്കുന്നു, പക്ഷേ, അവർ ആഹ്ലാദിക്കുന്നതു് മറ്റൊരു കാരണത്തിന്റെ പേരിലാണു്: അജ്ഞേയത അവർക്കു് ചെയ്തുതീർക്കാനായി ചില ജോലികൾ നൽകുന്നു”. കൈവരിച്ച നേട്ടങ്ങൾ ശാസ്ത്രജ്ഞർക്കു് നൽകുന്നതു് സാധാരണഗതിയിൽ വിരസതയാണു്, അവരെ മുന്നോട്ടു് നയിക്കുന്ന ശക്തി കുടികൊള്ളുന്നതു് അജ്ഞതയിലാണു്. അറിയാത്തതു് അറിയില്ലെന്നു് അംഗീകരിച്ചുകൊണ്ടു് അതിനെ അറിയാൻ ശ്രമിക്കുന്നവനാണു് ശാസ്ത്രജ്ഞൻ. എല്ലാം അറിയാവുന്നവനായ ദൈവത്തെപ്പോലും അറിയാം എന്നു് ഭാവിക്കുന്നവനാണു് ദൈവവിശ്വാസി. മനുഷ്യരെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ അനുവദിക്കാതെ, അവരെ എന്നാളും അജ്ഞതയിൽ തളച്ചിടുന്നതിനായി, “നിങ്ങൾ അജ്ഞതയിൽ സംതൃപ്തരായിരിക്കുക എന്നു് ദൈവം കൽപിക്കുന്നു” എന്നു് പഠിപ്പിക്കുന്നതാണു് മതങ്ങൾ മനുഷ്യരോടു് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട തെറ്റുകളിലൊന്നു്.

(തുടരും)

 
4 Comments

Posted by on Feb 24, 2011 in മതം

 

Tags: , , ,

എന്തിനാ അമ്മാവാ എന്നെ തല്ലുന്നേ?

യാതൊരുവിധ ഭാവനാശേഷിക്കും സങ്കൽപിക്കാനാവാത്തവിധം, ദൈവമൊഴികെ മറ്റൊന്നുമില്ലാത്തവിധം, എല്ലാ അർത്ഥത്തിലും ശൂന്യമായ ഒരവസ്ഥയിൽ നിന്നുമാണു് ദൈവം സകലപ്രപഞ്ചത്തേയും സൃഷ്ടിക്കുന്നതു്. അതുപോലൊരു ശൂന്യതയിൽ ഇരുന്നു് കൽപിക്കുകയും മണ്ണു് കുഴക്കുകയും ചെയ്യുന്ന മനുഷ്യരൂപിയായ ഒരു മൂത്താശാരി ആണു് സെമിറ്റിക്‌ മതഗ്രന്ഥങ്ങൾ വരച്ചുകാണിക്കുന്ന ദൈവം. ആ മതങ്ങളിലെ ഒരു വിശ്വാസി അവന്റെ ദൈവസങ്കൽപത്തിലേക്കു്, അവന്റെ സ്വന്തം മനസ്സിലേക്കു് ഒന്നു് തിരിഞ്ഞുനോക്കിയാൽ കാണുന്നതും അതുപോലൊരു സ്യൂപ്പർ മനുഷ്യനെ ആയിരിക്കും. വത്തിക്കാൻ സിറ്റിയിലെ സിസ്റ്റീൻ ചാപ്പലിന്റെ മേൽത്തട്ടിൽ ബൈബിളിലെ സൃഷ്ടിചരിതം ചിത്രങ്ങളായി ആവിഷ്കരിച്ച മൈക്കലാഞ്ചലോയുടെ ഭാവനയിൽപ്പോലും ദൈവം നരച്ച താടിയുള്ള ഒരു മനുഷ്യരൂപിയാണു്. അരൂപി, അനാമി എന്നെല്ലാം ആരെല്ലാം എത്ര വിശേഷിപ്പിച്ചാലും, സംസാരിക്കുകയും, മണ്ണു് കുഴക്കുകയും, ആദാമിന്റെ വാരിയെല്ലു് ഊരിയെടുക്കുകയും, വെയിലാറുമ്പോൾ ഏദൻ തോട്ടത്തിൽ നടക്കാനിറങ്ങുകയും – അങ്ങനെ എല്ലാവിധത്തിലും ഒരു മനുഷ്യനെപ്പോലെ പെരുമാറുന്നവനായി ബൈബിളിൽ വർണ്ണിക്കപ്പെടുന്ന ഒരു ദൈവം ആരംഭത്തിൽ സങ്കൽപിക്കപ്പെട്ടതും, ഇന്നും എല്ലാ വിശ്വസികളുടേയും ചിന്തകളിൽ വാഴുന്നതും, മനുഷ്യരൂപി ആയി മാത്രമാണെന്നതാണു് സത്യം. അല്ലെന്നു് പറയുന്നവൻ അവന്റെ വേദഗ്രന്ഥത്തേയും, അതിൽ പറയുന്ന അവന്റെ ദൈവത്തേയും, സർവ്വോപരി അവനെത്തന്നെയും വഞ്ചിക്കുകയാണു് ചെയ്യുന്നതു്.

കഷ്ടി മുപ്പതു് വാക്യങ്ങളിൽ ഒതുങ്ങുന്നതാണു് ബൈബിളിലെ പ്രപഞ്ചസൃഷ്ടി. എത്ര അബദ്ധജടിലവും, സാമാന്യയുക്തിക്കു് നിരക്കാത്തതുമാണു് അതിലെ ഓരോ വർണ്ണനകളുമെന്നു് കഴിഞ്ഞ പോസ്റ്റിൽ നമ്മൾ കാണുകയും ചെയ്തു. പ്രപഞ്ചാരംഭത്തെപ്പറ്റി ആധുനികശാസ്ത്രം പോസ്റ്റ്യുലേയ്റ്റ്‌ ചെയ്യുന്ന ബിഗ്‌-ബാംഗിനും പിന്നിൽ ഇരുന്നു് ഓന്തിനേയും, അരണയേയും, പിന്നെ മണ്ണുകുഴച്ചു് മനുഷ്യനേയും സൃഷ്ടിക്കുന്ന ദൈവം എന്നൊരു മൂത്താശാരി! എങ്ങനെയുണ്ടു് സൃഷ്ടിവാദത്തിന്റെ ബൗദ്ധികവും ചിന്താപരവുമായ അടിത്തറ? ഇതുപോലൊരു ദൈവത്തിനാണു് ഒരു കാരണം ആവശ്യമില്ല എന്നു് കുറെ സൃഷ്ടിവാദികൾ അവകാശപ്പെടുന്നതു്! പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച വെറും മുപ്പതു് വാക്യങ്ങളിൽ ഒതുങ്ങുന്ന ഒരു സൃഷ്ടിവാദകഥാപ്രസംഗത്തിലെ പകൽവെളിച്ചം പോലെ വ്യക്തമായ വൈരുദ്ധ്യങ്ങൾ പല മനുഷ്യർ പലവട്ടം ചൂണ്ടിക്കാണിച്ചാൽ പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത കുറെ ചീവീടുകളിൽ നിന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതാണു് തെറ്റു്. ഇത്തരം കുറെ “ദൈവാളന്മാർ” തമ്പേറടിച്ചതുകൊണ്ടു് “അതതുതരം” പുല്ലും മരങ്ങളും കാട്ടുജന്തുക്കളും ദൈവകൽപനവഴി ഉണ്ടായിവന്നു എന്ന “ശാസ്ത്രീയസൃഷ്ടിവാദം” യുക്തിസഹമോ, ന്യായീകരണയോഗ്യമോ, അംഗീകാരാർഹമോ ആവുന്നില്ല. അതേസമയം, സകല മനുഷ്യഭാവനയ്ക്കും അതീതമായ പ്രപഞ്ചാരംഭത്തിലെ ഊർജ്ജാവസ്ഥയെ പശു ചാണകമിടുന്നതിനോടും മറ്റും താരതമ്യം ചെയ്യുന്ന പണ്ഡിതന്മാരെ തൃപ്തിപ്പെടുത്താൻ അതിന്റെപോലും ആവശ്യവുമില്ല. പ്രപഞ്ചാരംഭത്തിലെ അവസ്ഥയെ വർണ്ണിക്കാൻ സൃഷ്ടിവാദികൾ ഉപയോഗിക്കുന്ന ഉപമകളും ഉൽപ്രേക്ഷകളും കേട്ടാൽ മരിച്ചവർ പോലും ഉയിർത്തെഴുന്നേൽക്കും. അത്രമാത്രം പൊരുത്തമില്ലാത്തവയാണവ. സ്വന്തം വിശ്വാസത്തിൽ വിശ്വസിക്കുന്നതിനു് തടസ്സമാവാത്ത ഏതു് വിശദീകരണവും – സുബോധമുള്ള മനുഷ്യരുടെ ദൃഷ്ടിയിൽ അതെത്രതന്നെ പരിഹാസ്യമായതായാലും – അത്തരക്കാർക്കു് അതു് സ്വീകാര്യമായിരിക്കും. ഡോക്കിൻസിനെപ്പോലെയുള്ള ശാസ്ത്രജ്ഞർ ശ്രമിക്കുന്നതു്, ഇതുപോലുള്ള സൃഷ്ടിവാദങ്ങൾ സത്യമെന്നു് വിശ്വസിക്കുകയും, അതോടൊപ്പം ഏതു് ശാസ്ത്രീയ വിഷയത്തിലും അഭിപ്രായം പ്രകടിപ്പിക്കാൻ തങ്ങൾ യോഗ്യർ എന്നു് സ്വയം കരുതുകയും ചെയ്യുന്ന അത്തരം വിടുവായന്മാരെ ബോധവത്കരിക്കാനല്ല, ഇക്കൂട്ടരുടെ വലയിൽ പെടാതിരിക്കാൻ മതിയായ ശാസ്ത്രബോധം ബുദ്ധി പണയം വച്ചിട്ടില്ലാത്ത മറ്റു് മനുഷ്യരിൽ വളർത്തിയെടുക്കാനാണു്.

ബൈബിളിനെ അടിസ്ഥാനമാക്കി സൃഷ്ടിവാദത്തിന്റെ പൊള്ളത്തരം തുറന്നു് കാണിക്കുമ്പോൾ അതു് ഖുർആനു് ബാധകമല്ലെന്നും, അതിൽ എല്ലാം ശാസ്ത്രീയമാണു്, അതു് വിശുദ്ധമാണു്, അതു് മദ്ധ്യസ്ഥർ ആരുമില്ലാതെ അല്ലാഹു നേരിട്ടു് നൽകിയ വചനങ്ങളാണു് എന്നെല്ലാമാണു് ഇസ്ലാമികസൃഷ്ടിവാദികൾ അവകാശപ്പെടാറുള്ളതു്. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ ഒരു പ്രവാചകൻ എന്ന നിലയിൽ മനുഷ്യനായ മുഹമ്മദ്‌ നിശ്ശബ്ദം അവരോധിക്കപ്പെടുന്നതു് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത വാസ്തവമായി അംഗീകരിക്കുന്നവരുടെ ഇടയിൽ ഈ അവകാശവാദം ശരിയുമായിരിക്കാം. “നമ്മുടെ ദാസനു് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേതു് പോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിനു് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതാണല്ലോ വേണ്ടതു്)” (2: 23) എന്നു് ഖുർആൻ തന്നെ ഖുർആനെ പുകഴ്ത്തുന്നതു് അതിൽത്തന്നെ ഇല്ലോജിക്കൽ ആണെന്നു് മനസ്സിലാക്കാൻ കഴിവില്ലാത്തവർ ഖുർആൻ സമാനതകളില്ലാത്തതും ലോകാവസാനത്തോളം വലിഡിറ്റി ഉള്ളതുമായ ഒരു ഗ്രന്ഥമാണെന്നു് കരുതുന്നതിൽ അവരെ കുറ്റം പറയാനാവില്ല. സ്പെസിഫിക്കലി ഖുർആൻ വിമർശനം ലക്ഷ്യമാക്കി തുടങ്ങിയ പല ബ്ലോഗുകൾ ഇപ്പോഴും സജീവമായി ഉണ്ടെന്നതിനാൽ ഞാൻ ഖുർആനിലെ പൊരുത്തക്കേടുകളിലേക്കു് വിശദമായി കടക്കേണ്ട ആവശ്യമില്ല. എങ്കിലും ഇസ്ലാമിനെ പ്രതിനിധീകരിച്ചു് ബ്ലോഗിൽ ആക്റ്റീവ്‌ ആയി ചർച്ചകൾ നടത്തുന്നവരിൽനിന്നുവരെ ഇസ്ലാമിന്റെ ദൈവമായ അല്ലാഹുവും യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവമായ യഹോവയും രണ്ടു് വ്യത്യസ്ത ദൈവങ്ങളാണെന്നു് (അത്ഭുതപ്പെടേണ്ട, ആ നിലവാരത്തിലുള്ളതാണു് എല്ലാ “മതപണ്ഡിതരുടേയും” വാദങ്ങൾ!) എന്റെ ബ്ലോഗ്‌ ജീവിതത്തിന്റെ ആരംഭകാലത്തു് നേരിട്ടു് കേൾക്കേണ്ടിവന്നിട്ടുള്ളതുകൊണ്ടു് ഇവർ രണ്ടുപേരും വ്യത്യസ്തദൈവങ്ങളല്ല, ഒന്നുതന്നെയാണെന്നതിനു് തെളിവായി ചില കാര്യങ്ങൾ (വീണ്ടും) ചൂണ്ടിക്കാണിക്കേണ്ടി വരുന്നു.

സാഹിത്യപരമായി നോക്കിയാൽ, ബൈബിളും ഖുർആനും തമ്മിലുള്ള വ്യത്യാസം ഏറെക്കുറെ ഇതുപോലൊരു താരതമ്യത്തിൽ ഒതുക്കാമെന്നു് തോന്നുന്നു: ബൈബിൾ ഒരു അപ്പമാണെങ്കിൽ, ആ അപ്പത്തെ ചെറുകഷണങ്ങളാക്കി അൽപം അറേബ്യൻ മസാലയും ചേർത്തു് പാകപ്പെടുത്തിയ ഒരുതരം മിക്സ്ചറാണു് ഖുർആൻ. ഈ വൈചിത്ര്യം ഈ രണ്ടു് ഗ്രന്ഥങ്ങളും തമ്മിലുള്ള കൊമ്പാക്റ്റ്‌ ആയ ഒരു താരതമ്യം പ്രയാസമേറിയതാക്കുന്നു. ബൈബിളിൽ ഒരു ആശയത്തിന്റെ പൂർണ്ണമായ വിവരണം ഒരിടത്തുനിന്നു് ലഭിക്കുമ്പോൾ, ഖുർആനിൽ അതേ ആശയം പലയിടത്തായി ചിതറിക്കിടക്കുകയാണു്. ഈ രണ്ടു് മതവിശ്വാസങ്ങളുടെയും കണ്ണട വയ്ക്കാത്ത ആർക്കും ആ രണ്ടു് ഗ്രന്ഥങ്ങളും വായിച്ചാൽ ഇതു് മനസ്സിലാക്കാവുന്നതേയുള്ളു. ഇതിലൊന്നുപോലും വായിക്കാത്തവരാണു് ബ്ലോഗിൽ മതപരമായ വിഷയങ്ങളിൽ ചർച്ചക്കു് വരുന്ന വിശ്വാസികളിൽ അധികപങ്കും. ഓരോ വാക്യത്തിനും വിപരീതമായതു് മറുപുറത്തുതന്നെ എഴുതി വച്ചിരിക്കുന്ന മതഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചു് അർത്ഥപൂർണ്ണമായ ഒരു സംവാദം നടത്തി എതിരാളിയെ ബോദ്ധ്യപ്പെടുത്താൻ ഒരിക്കലും സാദ്ധ്യമാവില്ല എന്നറിയാവുന്നതുകൊണ്ടാവാം അവരിൽ അധികം പേരും വ്യാജ ഐഡികളിൽ അരങ്ങേറ്റം നടത്തുന്നതു്. വ്യാജ ഐഡിയും “നിർവ്യാജ” ഐഡിയുമൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, ദൈവവിഷയത്തിൽ തന്റെ നിലപാടുകൾ വസ്തുനിഷ്ഠമായി പ്രകടിപ്പിക്കാൻ ഒരു വിശ്വാസിക്കു് വ്യാജ ഐഡിയുടെ ആവശ്യമുണ്ടെന്നു് വരുന്നതിൽ എന്തോ പൊരുത്തക്കേടുള്ളതായി എനിക്കു് തോന്നുന്നു. അതുപോലൊരു ദൈവവിശ്വാസത്തെ സത്യസന്ധം എന്നു് വിശേഷിപ്പിക്കാനാവുമോ എന്നതാണു് പ്രശ്നം. അതുപോലുള്ളവരാണോ ദൈവരാജ്യത്തിനു് അർഹരാവാനുള്ള യോഗ്യതയുള്ളവർ? അതു് എന്തുതരം സ്വർഗ്ഗരാജ്യമായിരിക്കും?

ബൈബിളുമായുള്ള ഒരു താരതമ്യത്തിനുവേണ്ടി ഖുർആനിലെ രണ്ടാം അദ്ധ്യായത്തിൽ നിന്നും മാത്രം എടുത്ത ചില വാക്യങ്ങൾ (ബ്രാക്കറ്റിലുള്ളതു് അദ്ധ്യായം, വാക്യം എന്നിവയുടെ നമ്പറുകൾ):

“അവനാണു് നിങ്ങൾക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നതു്. പുറമെ ഏഴു് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ടു് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണു്. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (2: 29)

“ആദമേ, നീയും നിന്റെ ഇണയും സ്വർഗ്ഗത്തിൽ താമസിക്കുകയും അതിൽ നിങ്ങൾ ഇച്ഛിക്കുന്നിടത്തുനിന്നു് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ചുപോകരുതു്. എങ്കിൽ നിങ്ങൾ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു് നാം ആജ്ഞാപിച്ചു”. (2: 35)

ബൈബിളിൽ ദൈവം ആദാമിനേയും ഹവ്വായേയും നിരോധിക്കുന്നതു് ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്നാണു്. ആദാമിന്റെ സൃഷ്ടി മണ്ണിൽ നിന്നായിരുന്നെങ്കിലും, ഖുർആൻ പ്രകാരം അവർ വസിക്കുന്നതു് സ്വർഗ്ഗത്തിലാണു്. “ഈ വൃക്ഷത്തെ” സമീപിക്കാൻ പാടില്ല! ഏതു് വൃക്ഷത്തെ? അതു് ദൈവം ചൂണ്ടിക്കാണിച്ചിട്ടുണ്ടാവും എന്ന ഉത്തരം മതിയോ മനുഷ്യബുദ്ധിയെ തൃപ്തിപ്പെടുത്താൻ? സ്വർഗ്ഗത്തിലുമുണ്ടു് നല്ലതും ചീത്തയുമായ മരങ്ങൾ! എവിടെയാണു് മരങ്ങൾ വളരുന്ന ഈ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നതു്? സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തിലോ, അതോ അതിനും വെളിയിലുള്ള മറ്റേതെങ്കിലും ഗ്രഹത്തിലോ? അതോ ഇതും പ്രതീകാത്മകമാണോ?

തൊട്ടടുത്ത വാക്യം: “എന്നാൽ പിശാചു് അവരെ അതിൽ നിന്നും വ്യതിചലിപ്പിച്ചു. അവർ ഇരുവരും അനുഭവിച്ചിരുന്നതിൽ (സൗഭാഗ്യം) നിന്നു് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോടു്) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്കു് ശത്രുക്കളാകുന്നു. നിങ്ങൾക്കു് ഭൂമിയിൽ ഒരു നിശ്ചിതകാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും”. (2: 36)

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് “ഇറങ്ങിപ്പോകുക” എന്നതു് അക്കാലത്തു് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല എന്നേ ഇതിൽ നിന്നും ഊഹിക്കാനാവൂ. ഇറങ്ങിപ്പോകുന്നതു് വെറും രണ്ടുപേർ. അവരിൽ ചിലർ ചിലർക്കു് ശത്രുക്കളും! ആദാമും ഹവ്വായും പരസ്പരം ശത്രുക്കൾ എന്നാവുമോ അല്ലാഹു ഉദ്ദേശിച്ചതു്? എങ്കിൽ അതു് നേരെ അങ്ങു് പറയുന്നതിനു് എന്തു് തടസ്സം? അതോ പിൽക്കാലത്തെ വ്യാഖ്യാതാക്കൾ പണിയില്ലാതെ പട്ടിണി കിടക്കാതിരിക്കാനുള്ള ഒരു മുൻകരുതലോ?

“കടൽ പിളർന്നു് നിങ്ങളെ കൊണ്ടുപോയി നാം രക്ഷപെടുത്തുകയും, നിങ്ങൾ കണ്ടുകൊണ്ടിരിക്കെ ഫിർഔന്റെ കൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദർഭവും (ഓർമ്മിക്കുക)”. (2: 50)

ആദാമിനെ പുറത്താക്കുന്നതു് എഴുതിയിരിക്കുന്നതിന്റെ ഏതാനും വാക്യങ്ങൾ താഴെയാണു് മോശെ (മൂസ) ഇസ്രായേല്യരെ ഈജിപ്റ്റിൽ നിന്നും കടൽ കടത്തി രക്ഷപെടുത്തുന്ന ഈ ഭാഗം ഖുർആനിൽ നമ്മൾ വായിക്കുന്നതു്. ആ രണ്ടു് സംഭവങ്ങളും തമ്മിൽ നീണ്ട ഒരു കാലഘട്ടത്തിന്റെ അകൽച്ചയുണ്ടു്. ആദാമിന്റെ കാലമേതു്, മോശെയുടെ കാലമേതു്? അതുകൊണ്ടാണു് ഞാൻ മുകളിൽ ബൈബിളും ഖുർആനും തമ്മിലുള്ള താരതമ്യം ഒരു “മിക്സ്ചറിനു്” സമമാണെന്നു് പറഞ്ഞതു്. ബൈബിളിലെ വാക്യങ്ങൾ മുറിച്ചെടുത്തു് വാരിവിതറിയശേഷം അതിനിടയിൽ അക്കാലത്തെ കുറേ അറേബ്യൻ ഗോത്രനിയമങ്ങൾ കൂടി കലർത്തിയാൽ ഖുർആനായി. ഫറവോന്റെ അടിമത്തത്തിൽ നിന്നും മോശെ യിസ്രായേൽ ജനത്തെ മോചിപ്പിച്ചു് കനാൻ ദേശത്തേക്കു് നയിക്കുന്നതു് ബൈബിളിൽ പുറപ്പാടു് പുസ്തകത്തിന്റെ ആകെ ഉള്ളടക്കമാണു്. പോരെങ്കിൽ, ആ ചരിതം അടുത്ത പുസ്തകങ്ങളിലേക്കും വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. അതിൽനിന്നും കടലിനെ വേർപിരിച്ച ഭാഗം മാത്രം വേർപെടുത്തി ഖുർആനിൽ രണ്ടാം അദ്ധ്യായത്തിലെ ഒരു വാക്യമാക്കിയിരിക്കുകയാണു്. അതുകൊണ്ടു് മൂസയും ഈജിപ്റ്റിൽ നിന്നുള്ള യഹൂദരുടെ എക്സൊഡസും ഖുർആനിൽ മറ്റെങ്ങും പരാമർശിക്കപ്പെടുന്നില്ല എന്നു് കരുതിയാൽ തെറ്റി. അതിന്റെ വിവരങ്ങൾ കഷണം കഷണമായി, പല അദ്ധ്യായങ്ങളിൽ അവിടെയും ഇവിടെയുമായി ചിതറിത്തെറിച്ചു് കിടക്കുന്നുണ്ടു്. “ഖുർആന്റേതുപോലുള്ള ഒരദ്ധ്യായമെങ്കിലും കൊണ്ടുവരൂ” എന്ന മുകളിൽ സൂചിപ്പിച്ച വെല്ലുവിളി ഇതിന്റെ വെളിച്ചത്തിൽ ഒന്നു് കണ്ടുനോക്കൂ.

“മൂസായ്ക്കു് നാം ഗ്രന്ഥം നൽകി. അദ്ദേഹത്തിനു് ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മർയമിന്റെ മകനായ ഈസാക്കു് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിനു് നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. …” (2: 87 )

“നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്നു് ഞങ്ങൾക്കു് അവതരിപ്പിച്ചു് കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്‌ഹാക്കിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികൾക്കും അവതരിപ്പിച്ചു് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്കു് നൽകപ്പെട്ടതിലും സർവ്വപ്രവാചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്നു് നൽകപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അവനു് (അല്ലാഹുവിനു്) കീഴ്പെട്ടു് ജീവിക്കുന്നവരുമാകുന്നു.” (2: 136)

സാഹിത്യപരമായ എല്ലാ പരിമിതികളേയും മാറ്റി നിർത്തിക്കൊണ്ടുതന്നെ, ഈ വാക്യങ്ങൾ വെളിപ്പെടുത്തുന്ന വസ്തുതകളുടെ അടിത്തറയിൽ ബൈബിളിലെ ദൈവവും ഖുർആനിലെ ദൈവവും രണ്ടുപേരാണു് എന്നു് ഒരുവൻ പറയണമെങ്കിൽ ഒന്നുകിൽ അവൻ ഈ വാക്യങ്ങൾ വായിച്ചിട്ടില്ല, അല്ലെങ്കിൽ അവയിൽ സൂചിപ്പിക്കുന്ന നാമങ്ങൾ കൂടുതൽ വ്യക്തമായും പരസ്പരബന്ധത്തോടെയും ബൈബിളിൽ വർണ്ണിച്ചിട്ടുള്ള കഥാപാത്രങ്ങളാണെന്നു് അവനറിയില്ല. ആദവും മൂസയും (മോശെ) ഈസായും (യേശു) ഇബ്രാഹീമും (അബ്രാഹാം) ഇസ്മാഈലും (യിശ്മായേൽ) ഇസ്‌ഹാക്കും (യിസ്‌ഹാക്കു്) യഅ്ഖൂബും (യാക്കോബു്) എല്ലാം ബൈബിളിലെ കേന്ദ്രകഥാപാത്രങ്ങളാണു്. യാക്കോബിന്റെ ഭാര്യമാരായിരുന്ന ലേയാ, റാഹേൽ എന്നീ സഹോദരികളിൽ നിന്നും, അവരുടെ ദാസികളിൽ നിന്നും ജനിച്ചവരാണു് യിസ്രായേലിലെ പന്ത്രണ്ടു് ഗോത്രപിതാക്കൾ. എന്നിട്ടും ഖുർആൻ മുഹമ്മദിനു് അല്ലാഹു വെളിപ്പെടുത്തിക്കൊടുത്ത ഒരു സ്വതന്ത്ര ദൈവികസൃഷ്ടിയാണെന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതിനെ ഇഗ്നോറൻസ്‌ എന്നെ വിശേഷിപ്പിക്കാൻ പറ്റൂ. ഇബ്രാഹീമിനേയും അവനു് ഈജിപ്ഷ്യൻ ദാസിയായ ഹാഗാറിൽ നിന്നും ജനിച്ച ഇസ്മാഈലിനേയും മാത്രം നിലനിർത്തിക്കൊണ്ടും, ബൈബിളുമായി ബന്ധമുള്ള അതിലെ ബാക്കി എല്ലാ കഥാപാത്രങ്ങളേയും ഒഴിവാക്കിക്കൊണ്ടുമുള്ള ഒരു ഖുർആനു് ഒരു വേദഗ്രന്ഥം എന്ന നിലയിൽ നിലനിൽക്കാനാവില്ല എന്നതാണു് സത്യം. ആ രണ്ടു് ഗ്രന്ഥങ്ങളും വായിച്ചിട്ടുള്ള ഒരാൾക്കു് ഈ വസ്തുത നിഷേധിക്കാനാവില്ല.

നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവച്ചുകൊണ്ടു് ഞാൻ അവതരിപ്പിച്ച സന്ദേശത്തിൽ (ഖുർആനിൽ) നിങ്ങൾ വിശ്വസിക്കൂ. അതിനെ ആദ്യമായിത്തന്നെ നിഷേധിക്കുന്നവർ നിങ്ങളാകരുതു്.” (2: 41)

മറ്റു് വേദഗ്രന്ഥങ്ങൾ ശരിയായവയാണു്. അഥവാ, അവയും ദൈവം നൽകിയവയാണു്. പിന്നെയെന്തിനു് മറ്റൊരു ഗ്രന്ഥം? ദൈവവചനങ്ങൾ പുതുക്കപ്പെടേണ്ടവയാണോ? ഇനി ആണെങ്കിൽത്തന്നെ പഴയതിനെ ഒന്നു് തിരുത്തിയെഴുതിയാൽ തീരുമായിരുന്നില്ലേ ആ പ്രശ്നം? (വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന എന്റെ ഒരു പഴയപോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിക്കു് നൽകിയ കമന്റുകളിൽ ബൈബിൾ-ഖുർആൻ താരതമ്യം കുറച്ചുകൂടി വിശദമായി നൽകിയിട്ടുണ്ടു്.)

ഇസ്ലാമികലോകത്തിലെ സൃഷ്ടിവാദികളിൽ പ്രമുഖനാണു് Harun Yahya എന്ന തൂലികാനാമത്തിൽ എഴുതുന്ന Adnan Oktar. 1956-ൽ അങ്കാറയിൽ ജനിച്ച അദ്നാൻ ഒക്താർ ഇന്റീരിയർ ഡിസൈൻ പഠിച്ചെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ദൈവം ഒരു “ഡിസൈനർ” ആണെന്ന അദ്നാന്റെ സൃഷ്ടിവാദചിന്തക്കു് ഈ പഠനം ഒരു പ്രചോദനമായിട്ടുണ്ടോ എന്നെനിക്കറിയില്ല. പഠനം നിർത്തി ഈസ്റ്റാംബൂളിലെ അപ്പർ ക്ലാസിലെ യുവജനങ്ങളെ പ്രബോധിപ്പിക്കാൻ തുടങ്ങിയ ഈ മാന്യദേഹം അനുയായികളായ സ്ത്രീകളോടു് ഹെഡ്സ്കാർഫ്‌ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും, അഞ്ചുനേരത്തെ നിസ്കാരം മൂന്നുനേരമാക്കി ചുരുക്കുകയുമൊക്കെ ചെയ്തതോടെ ടർക്കിയിലെ യാഥാസ്ഥിതിക മുസ്ലീമുകളുടെ അനിഷ്ടത്തിനു് പാത്രമായി. 2008-ൽ ക്രിമിനൽ ഓർഗനൈസേഷൻ രൂപീകരിച്ചു എന്ന കുറ്റം ചുമത്തി മൂന്നുവർഷത്തെ ശിക്ഷക്കു് വിധിക്കപ്പെട്ടു. പക്ഷേ, നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി മേൽക്കോടതി ആ ശിക്ഷ റദ്ദുചെയ്തതിനാൽ, കേസ്‌ ഇനിയും പുനരാരംഭിക്കേണ്ടി വരും. ചുരുങ്ങിയ പക്ഷം 2000 വരെയെങ്കിലും അവനൊരു Holocaust നിഷേധി ആയിരുന്നു. അദ്നാൻ ഒക്താറിന്റെ ലോകയുദ്ധചരിത്രജ്ഞാനവും ഇസ്രായേൽ വിരോധവും ഇതിൽ നിന്നും വായിച്ചെടുക്കാം.

പഴയ നിയമപ്രകാരം “വിക്കനും തടിച്ച നാവുള്ളവനും” ആയിരുന്ന മോശെയുടെ “വായായിരിക്കാൻ” യഹോവ തിരഞ്ഞെടുത്ത അഹറോന്റെയും (പുറപ്പാടു് 4: 10 – 17), യേശുവിനെ സ്നാനം കഴിപ്പിച്ചവനായി പുതിയനിയമത്തിൽ പ്രതിപാദിക്കപ്പെടുന്ന യോഹന്നാന്റെയും (മത്തായി 3: 1 – 17) പേരുകളെ സമന്വയിപ്പിച്ചാണു് അദ്നാൻ ഒക്താർ “ഹാറുൺ യാഹ്യ” എന്ന തന്റെ തൂലികാനാമം സൃഷ്ടിച്ചതു്. അതായതു്, മലയാളത്തിലെ “അഹറോൻ യോഹന്നാൻ” ആണു് ട്യുർക്കിഷിൽ ഹാറുൺ യാഹ്യ ആയി മാറിയതു്. ഷിയാവിഭാഗത്തിന്റെയും സുന്നിവിഭാഗത്തിന്റെയും എസ്ക്കറ്റോളജിയിൽ വിധിദിനത്തിനു് മുൻപായി ഏഴോ, ഒൻപതോ, പത്തൊൻപതോ വർഷങ്ങൾ (വ്യത്യസ്ത വ്യാഖ്യാനങ്ങൾ) ഭൂമിയിൽ കഴിയുകയും, യേശുവിനോടൊപ്പം നന്മതിന്മകൾക്കനുസരിച്ചു് മനുഷ്യരെ വേർതിരിക്കുകയും ചെയ്യേണ്ടവനാണു് Mahdi. നമ്മുടെ അദ്നാൻ ഒക്താർ ചില ഇന്റർവ്യൂകളിൽ വരാനിരിക്കുന്ന ഈ “മശിഹായുമായി” തനിക്കു് സാമ്യമുണ്ടെന്നു് സൂചിപ്പിക്കാൻ മടിക്കാറില്ല. പുരികക്കൊടി, വീതിയുള്ള നെറ്റിയും അതിലെ ചുളിവുകളും, മുടിയുടെ നിറം, താടി, നേരെയുള്ള പല്ലുകൾ, മറുകു് മുതലായവ ഈ നിഗമനത്തെ ന്യായീകരിക്കുന്നുണ്ടത്രെ! മുഹമ്മദിന്റെ പിൻഗാമിത്വം, അദ്നാൻ എന്ന പേരു്, അവന്റെ ജന്മവർഷമായ 1956-നു് അന്ത്യകാലവുമായുള്ള ബന്ധം, ഡാർവിനിസത്തെ നിലംപരിശാക്കാനായി “മശിഹാ” ഈസ്താംബൂളിലെത്തും മുതലായ കാര്യങ്ങളെല്ലാം ഈ സാമ്യത്തിനു് തെളിവുകളായി അദ്നാൻ നിരത്താറുണ്ടു്. “എങ്കിലും വരാനിരിക്കുന്ന Mahdi ഞാനാണെന്നു് ഞാനൊരിക്കലും അവകാശപ്പെടുകയില്ല”. ഈ ചങ്ങാതി ഒരു മഹാനുഭാവനല്ലെങ്കിൽ, ചുരുങ്ങിയപക്ഷം ഒരു എക്സെന്ട്രിക്‌ എങ്കിലുമാണു് എന്ന കാര്യത്തിൽ അവന്റെ അനുയായികളൊഴികെ മറ്റാർക്കെങ്കിലും സംശയമുണ്ടാവാൻ വഴിയില്ല.

അദ്നാന്റെ ക്രിയേഷനിസം അമേരിക്കൻ ക്രിയേഷനിസവുമായി ബന്ധപ്പെട്ടു് കിടക്കുന്നതാണു്. ഇടക്കാലത്തു് Duane Gish-ന്റെ Institute for Creation Research-മായി സഹകരിച്ചിരുന്ന അദ്നാനു് ഇപ്പോൾ അധികവും “ഇന്റെലിജെന്റ്‌ ഡിസൈൻ” പ്രസ്ഥാനത്തിന്റെ നേതാവായ Michael Behe-യുമായാണു് കൂടുതൽ സഹകരണം. എങ്കിലും ഇന്റെലിജെന്റ്‌ ഡിസൈൻ എന്ന ആശയത്തെപ്പറ്റി അദ്നാൻ പ്രകടിപ്പിച്ച ഒരഭിപ്രായം ഇങ്ങനെയാണു്: “ഇന്റെലിജെന്റ്‌ ഡിസൈൻ എന്ന ആശയം അത്ര സത്യസന്ധമല്ല എന്നാണെന്റെ അഭിപ്രായം. സത്യസന്ധമായി അല്ലാഹുവിൽ വിശ്വസിക്കുകയും, ഇസ്ലാമായാലും ക്രിസ്തുമതമായാലും മതത്തിനുവേണ്ടി പ്രവർത്തിക്കുകയുമാണു് നമ്മൾ ചെയ്യേണ്ടതു്. വസ്തുക്കൾ എങ്ങനെയോ സൃഷ്ടിക്കപ്പെട്ടു എന്നല്ലാതെ, ആരാൽ സൃഷ്ടിക്കപ്പെട്ടു എന്നു് ഇന്റെലിജെന്റ്‌ ഡിസൈൻ എന്ന ആശയം പറയുന്നില്ല. അതു് അല്ലാഹു ആയിരുന്നു എന്നു് വ്യക്തമായി പറയുകയാണു് വേണ്ടതു്”.

അദ്നാന്റെ അഭിപ്രായത്തിൽ എവൊല്യൂഷൻ ഒരു വഞ്ചനയാണു്. ഡാർവിനിസമാണു് ലോകത്തിൽ ഇതുവരെ സംഭവിച്ച എല്ലാ കാട്ടാളത്തത്തിനും കാരണം. ലോകമഹായുദ്ധങ്ങളും, ഫാഷിസവും, റേസിസവും, കമ്മ്യൂണിസവും, ടെററിസവും – എല്ലാറ്റിനും കാരണം ഡാർവിനിസമാണു്. ഉള്ളിയുടെ വില കൂടുന്നതും ഡാർവിനിസം മൂലമാണെന്നു് ആ ചങ്ങാതിക്കു് തോന്നാത്തതു് ഒരുപക്ഷേ ടർക്കിയിൽ ഉള്ളിവില ഇതുവരെ കൂടാത്തതുകൊണ്ടായിരിക്കാം. മലയാളിക്കു് ചുക്കില്ലാത്ത കഷായമാണു് ഇല്ലാത്തതെങ്കിൽ തുർക്കിയ്ക്കു് ഇല്ലാത്തതു് വെളുത്തുള്ളിയില്ലാത്ത ആഹാരമാണു്. വെളുത്തുള്ളിക്കു് വില കൂടിയാൽ ടർക്കിയിൽ വിപ്ലവം പോലും ഉണ്ടായിക്കൂടെന്നില്ല.

ഹാറൂൺ യാഹ്യ 2006-ൽ പ്രസിദ്ധീകരിച്ച The Atlas of Creation എന്ന പുസ്തകത്തിന്റെ പതിനായിരക്കണക്കിനു് കോപ്പികൾ അമേരിക്കയിലേയും യൂറോപ്പിലേയും സ്കൂളുകൾക്കും, ശാസ്ത്രജ്ഞർക്കും, ഗവേഷണസ്ഥാപനങ്ങൾക്കും അവർ ആവശ്യപ്പെടാതെതന്നെ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു. റിച്ചാർഡ്‌ ഡോക്കിൻസും അതിന്റെ കോപ്പി ലഭിച്ച “ഭാഗ്യവാന്മാരിൽ” പെടുന്നു. ഭൂമിയിൽ ഇന്നുള്ള ജീവജാലങ്ങളിൽ ദശലക്ഷക്കണക്കിനു് വർഷങ്ങളിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു് സ്ഥാപിക്കാനാണു് ആ പുസ്തകത്തിൽ അദ്നാൻ ശ്രമിക്കുന്നതു്. അതിൽ വിവരിച്ചിരിക്കുന്ന മണ്ടത്തരങ്ങൾ കുറെയൊക്കെ ഡോക്കിൻസ്‌ അനാവരണം ചെയ്യുന്നുമുണ്ടു്. രണ്ടു് വ്യത്യസ്ത ഫാമിലിയിൽ പെടുന്ന ജീവികളായ Starfish, Brittle star എന്നിവയെ ഒന്നാക്കുന്നതു്, Whitefish-നെ Trout ആക്കുന്നതു്, Ostreidae എന്നുപറഞ്ഞു് Pectinidae-യുടെ ചിത്രം കൊടുത്തിരിക്കുന്നതു് മുതലായവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.

ഹാറുൺ യാഹ്യയുടെ അഭിപ്രായത്തിൽ സായണിസവും റേസിസമാണു്. അതിന്റെയും കാരണം ഡാർവിനിസമാണത്രെ! ഈ നിലപാടു് സ്ഥാപിക്കാൻ അവൻ ആധാരമാക്കുന്നതു് തീവ്ര വലതുപക്ഷക്കാരനും, ഹോളൊക്കോസ്റ്റിനെ നിഷേധിക്കുന്നവനും, അതിന്റെയൊക്കെ പേരിൽ ശിക്ഷക്കു് വിധിക്കപ്പെട്ടവനുമായ ഫ്രഞ്ചുകാരൻ Roger Garaudy-യെ ആണു്. ലോകാവസാനത്തിനു് മുൻപു് അവതരിക്കേണ്ട “മശിഹാ” താനാണു് എന്നു് കണ്ണാടിയിൽ നോക്കിയപ്പോൾ തനിക്കു് മനസ്സിലായി എന്നും മറ്റുമുള്ള അവകാശവാദങ്ങളുമായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരുത്തൻ മനുഷ്യരാശിക്കു് മുന്നിൽ ചാടിക്കളിക്കുന്നുവെങ്കിൽ അവൻ എവിടെ പാർപ്പിക്കപ്പെടേണ്ടവനാണെന്നു് ചിന്തിച്ചാൽ മതി. കൂടുതൽ എന്തെങ്കിലും ശ്രീമാൻ അഹറോൻ യോഹന്നാനെപ്പറ്റി പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല. ഹലൂസിനേഷൻ മതവിശ്വാസത്തിൽ മാത്രമേ ഭ്രാന്തല്ലാതിരിക്കുന്നുള്ളു.

ആരംഭകാലത്തു് എവൊല്യൂഷൻ തിയറിയെ പൂർണ്ണമായി പിന്തുണച്ചിരുന്ന Michael Behe-യെപ്പോലെ അപൂർവ്വം ചില ശാസ്ത്രജ്ഞർ എന്തുകൊണ്ടാണു് പിൽക്കാലത്തു് ശാസ്ത്രത്തെ ഭാഗികമായെങ്കിലും ഉപേക്ഷിച്ചു് ഇന്റെലിജെന്റ്‌ ഡിസൈൻ പോലുള്ള സൃഷ്ടിവാദത്തിലേക്കു് ചേക്കേറുന്നതു്? അവരിൽ ചിലരെങ്കിലും ശാസ്ത്രത്തിന്റെ മൂടി തുറന്നപ്പോൾ പുറത്തുവന്ന “ഭൂതത്തിന്റെ” ഭീമാകാരതയിൽ ധൈര്യം നഷ്ടപ്പെട്ടു് ദൈവത്തിന്റെ മടിയിൽ അഭയം തേടുന്നവരായിക്കൂടെന്നില്ല. അതേസമയം, സ്വന്തം നിലപാടുകൾ ബൗദ്ധികലോകം അംഗീകരിക്കണമെങ്കിൽ അവ ശാസ്ത്രീയമായിരിക്കണം എന്ന ബോധവും അവർക്കുണ്ടു്. തങ്ങളുടെ വിശ്വാസം ശാസ്ത്രീയം എന്നു് വരുത്തിയില്ലെങ്കിൽ മതങ്ങൾക്കുപോലും ഉറക്കം വരാത്ത രീതിയിൽ ശാസ്ത്രം ഇതിനോടകം വളർന്നുകഴിഞ്ഞിട്ടുമുണ്ടല്ലോ. Michael Behe-യുടെ Irreducible complexity പോലുള്ള pseudoscience-കൾ അങ്ങനെ രൂപമെടുക്കുന്നവയാണു്. നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷന്റെ വെളിച്ചത്തിൽ ശാസ്ത്രീയമായി എന്തെങ്കിലും വില അത്തരം സ്യൂഡോസയൻസുകൾക്കു് നൽകേണ്ടതുണ്ടോ? ഡോക്കിൻസ്‌ ഈ വിഷയം എങ്ങനെ കാണുന്നു?

(തുടരും)

 
5 Comments

Posted by on Feb 16, 2011 in മതം

 

Tags: , , ,

ഇതാണു് സാക്ഷാൽ പ്രപഞ്ചസൃഷ്ടി

ചന്ദ്രനും നക്ഷത്രങ്ങൾക്കുമൊപ്പം നാലാം ദിവസമാണു് സൂര്യൻ സൃഷ്ടിക്കപ്പെട്ടതെങ്കിലും അതിനു് മുൻപത്തെ മൂന്നു് ദിവസങ്ങളിലും ഭൂമിയിൽ രാത്രിയും പകലും ഉണ്ടായിക്കൊണ്ടിരുന്നു എന്ന പ്രപഞ്ചസൃഷ്ടിയുടെ ബൈബിൾ വേർഷൻ കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. ഉൽപത്തിപ്പുസ്തകത്തെ അടിസ്ഥാനമാക്കി സൃഷ്ടിവാദത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഒരുവൻ അവനോടുതന്നെ നീതി പുലർത്തുന്നവനാണെങ്കിൽ ആദ്യം ചെയ്യേണ്ടതു് ഒന്നുകിൽ ഈ വൈരുദ്ധ്യത്തെ ഖണ്ഡിക്കാൻ ഉതകുന്ന വസ്തുതകൾ അവതരിപ്പിക്കുകയോ, അതിനു് കഴിയുന്നില്ലെങ്കിൽ, അതൊരു പരമാബദ്ധമാണെന്നു് തുറന്ന മനസ്സോടെ അംഗീകരിക്കുകയോ ആണു്. മതാന്ധത മൂലം ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കും സൃഷ്ടിയിലെ ഈ പൊരുത്തക്കേടു് കാണാതിരിക്കാനാവില്ല. ബൈബിളിലെ ഒരു ദിവസം എന്നതു് ആയിരമോ അൻപതിനായിരമോ വർഷങ്ങളാണെന്ന ഉപദേശി വ്യാഖ്യാനങ്ങളും ഈ പ്രശ്നത്തിന്റെ പരിഹാരമാവുകയില്ല, അവ ഈ വസ്തുതയെ കൂടുതൽ പരിഹാസ്യമാക്കുകയേയുള്ളു. സൂര്യനില്ലായിരുന്നെങ്കിൽ ഈ ഭൂമിയിൽ രാവും പകലും മാത്രമല്ല, യാതൊരുവിധ ജീവനും രൂപമെടുക്കുമായിരുന്നില്ല, അഥവാ, ലാളിത്യത്തിൽ നിന്നും സങ്കീർണ്ണതയിലേക്കുള്ള ജീവന്റെ വളർച്ച സൂര്യോർജ്ജമില്ലാതെ സാദ്ധ്യമാവുമായിരുന്നില്ല. ഏകദേശം 500 കോടി വർഷത്തേക്കു് കൂടി ഊർജ്ജദായകനാവാനുള്ള ഇന്ധനം സൂര്യനിൽ ഉണ്ടെന്നു് കണക്കാക്കപ്പെടുന്നു. ഇതു് കേൾക്കുമ്പോൾ അതു് ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ലോകാവസാനമാണെന്നു് മനസ്സിലാക്കി ആനന്ദനൃത്തം ചെയ്യുന്ന സൃഷ്ടിവാദികളുണ്ടാവാം. അവർതന്നെയാണു് “മാക്കാൻ മൂത്തു് മരക്കാവി” എന്ന രീതിയിൽ എന്തുകൊണ്ടു് മനുഷ്യൻ പരിണമിച്ചു് പുതിയ ജീവികളൊന്നും ഉണ്ടാവുന്നില്ല എന്ന കിടിലൻ ചോദ്യവുമായി എവൊല്യൂഷനിസ്റ്റുകളെ നേരിടുന്നതും. അഞ്ഞൂറുകോടി വർഷങ്ങൾ കഴിയുമ്പോൾ ലോകം അവസാനിക്കും എന്നതിനാൽ ഇനി വാഴക്കൃഷി മുതലായ അദ്ധ്വാനങ്ങളൊന്നും വേണ്ട എന്നും അവർ തീരുമാനിച്ചുകൂടായ്കയില്ല.

ക്രിസ്തുമതത്തിന്റെ ആരംഭഘട്ടത്തിൽ യേശുവിന്റെ രണ്ടാം വരവു് വാഗ്ദാനപ്രകാരം ഉടനെതന്നെ ഉണ്ടാവുമെന്ന വിശ്വാസം മൂലം നല്ലൊരു വിഭാഗം വിശ്വാസികൾ നിഷ്ക്രിയരായി മാറി പ്രാർത്ഥനയുമായി കഴിഞ്ഞിരുന്നു. ദൈവരാജ്യം ഉടനെ വരുമെന്ന പ്രതീക്ഷയിൽ ലോകവിമുഖരായി ആത്മീയകാര്യങ്ങളിലേക്കു് തിരിഞ്ഞവരിൽ ചിലർ സമ്പത്തുമുഴുവനും സഭയ്ക്കു് വിട്ടുകൊടുക്കുക പോലും ചെയ്തിരുന്നു. പള്ളിയും അമ്പലവും പണിതു് സ്വർണ്ണംകൊണ്ടു് പൊതിയാൻ കയ്യയച്ചു് സംഭാവന ചെയ്യുന്ന ഭക്തരെ ഇന്നും നമ്മൾ കാണുന്നുമുണ്ടു്. സമ്പത്തു് പണ്ടുമുതലേ ദൈവത്തിന്റെ ഒരു ബലഹീനതയാണു്. അതുകൊണ്ടു് സ്വന്തം കുടുംബം ചോരുന്ന ഓലപ്പുരയിൽ പട്ടിണി കിടക്കുമ്പോഴും, ദൈവത്തിനു് സുവർണ്ണ ക്ഷേത്രങ്ങൾ പണിയാനായി തന്റെ പങ്കു് ചില്ലിക്കാശു് മനുഷ്യർ അവിടെ എത്തിച്ചുകൊടുക്കുന്നു. വിധവയുടെ ചില്ലിക്കാശിലേക്കു് ദൈവത്തിനു് പണ്ടേതന്നെ ഒരു പ്രത്യേക കണ്ണുണ്ടു്. ദൈവങ്ങളെ നമ്മൾ പ്രീതിപ്പെടുത്തണമെന്നതു് നിലത്തെഴുത്തു് പഠിക്കുന്നതിനും മുന്നേ മനുഷ്യർ ആവർത്തിച്ചു് കാണാപ്പാഠം പഠിക്കുന്ന ഒരുതരം സാമൂഹിക പാഠമാണു്. അതിന്റെ കലാശക്കൊട്ടാണു് “ഹരിശ്രീ ഗണപതായേ നമഃ” എന്നും മറ്റും തുടങ്ങുന്ന വിദ്യാരംഭം. വിശ്വാസസംഹിതക്കനുസരിച്ചു് മാറ്റിയെഴുതപ്പെടാവുന്നവയാണു് ദൈവനാമങ്ങൾ. ഹരി യേശുവും, ഗണപതി അല്ലാഹുവും ഒക്കെ ആയി പരിണമിക്കുന്നതു് വിശ്വാസമേഖലകളിൽ അസാധാരണമായ ഒരു കാര്യമല്ല എന്നു് സാരം. എഴുത്തിനിരുത്തലിൽ ഏതെങ്കിലും ദൈവത്തിന്റെയോ ദൈവങ്ങളുടെയോ മദ്ധ്യസ്ഥത തേടുന്നതു് തെറ്റാവട്ടെ ശരിയാവട്ടെ, എനിക്കു് മനസ്സിലാവാത്തതു് മറ്റൊരു കാര്യമാണു്. ഈ എഴുത്തിനിരുത്തും ഹരിശ്രീ കുറിക്കലുമൊന്നുമില്ലാത്ത സമൂഹങ്ങളിൽ ഉള്ളതിന്റെ നേരിയ ഒരംശം പോലും ശാസ്ത്രജ്ഞരോ, നോബൽ പ്രൈസ്‌ ലഭിക്കുന്നവരോ, മനുഷ്യവർഗ്ഗത്തെ മറ്റുരീതികളിൽ ധന്യമാക്കുന്നവരോ ഒന്നും ഇത്തരം “ദൈവസഹായം” സമൂഹങ്ങളിൽ നിന്നും എന്തുകൊണ്ടു് ഉണ്ടാവുന്നില്ല? മൂക്കില്ലാത്തിടത്തു് ഒരുപാടു് മുറിമൂക്കന്മാർ രാജാക്കന്മാരായി അവരോധിക്കപ്പെടാറുണ്ടെന്നു് അറിയാം. അത്തരം രാജാക്കന്മാരുടെ കൈവശം ഏതു് സാമൂഹികജീർണ്ണതയേയും ന്യായീകരിക്കാനുതകുന്ന റെഡിമെയ്ഡ്‌ വ്യാഖ്യാനങ്ങൾ ഉണ്ടാവുമെന്നതിനും ധാരാളം അനുഭവങ്ങൾ തെളിവു് നൽകുന്നുണ്ടു്. മതപരമായ മണ്ടത്തരങ്ങൾ തിരിച്ചറിയാൻ നാലായിരവും അയ്യായിരവും വർഷങ്ങളിലെ ചരിത്രപരമായ അനുഭവങ്ങൾ മാത്രം മതിയാവുകയില്ല, അതിനു് വളർത്തലിന്റെ ഭാഗമായി തലച്ചോറിൽ ചില ന്യൂറോണൽ നെറ്റ്‌വർക്ക്സ്‌ രൂപമെടുത്തിരിക്കണം. അതു് സംഭവിക്കാതിരിക്കാനാണു് വിശുദ്ധ നാരായത്തിന്റെ മുന ബാല്യത്തിലേതന്നെ തലച്ചോറിലേക്കു് അടിച്ചുകയറ്റുന്നതു്.

എതിർക്കാൻ കഴിയാത്ത ബാല്യത്തിലേ ശ്രമിച്ചാൽ ആൺകുഞ്ഞുങ്ങളുടെ അഗ്രചർമ്മവും പെൺകുഞ്ഞുങ്ങളുടെ ജെനിറ്റൽസും മാത്രമല്ല, കാതും മൂക്കും കുത്തുന്ന ലാഘവത്തോടെ തലച്ചോറും ആമ്പ്യൂട്ടേയ്റ്റ്‌ ചെയ്യാൻ കഴിയും. അതെല്ലാം ഒരു ദൈവം കൽപിച്ചതാണെന്നു് ഏതെങ്കിലുമൊരു കിത്താബു് പൊക്കിക്കാണിച്ചു് സ്ഥാപിക്കാനായാൽ ഏതു് ക്രൂരതയും ഏറ്റുവാങ്ങാൻ മനുഷ്യർ തയ്യാറാവുകയും ചെയ്യും. പല ആഫ്രിക്കൻ രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങളെ ജെനിറ്റൽ മ്യൂട്ടിലേഷനു് വിധേയമാക്കുന്നതിന്റെ ചിത്രങ്ങളെങ്കിലും കണ്ടിട്ടുള്ളവർക്കു്, അവർ മതാന്ധരല്ലെങ്കിൽ, ഞാൻ പറയുന്നതു് എന്താണെന്നു് മനസ്സിലാവും. തുരുമ്പെടുത്ത ഷേവിംഗ്‌ ബ്ലേയ്ഡ്‌ കൊണ്ടു് അങ്ങേയറ്റം അൺഹൈജിനിക്ക്‌ ആയി നടത്തുന്ന ഇത്തരം “ശസ്ത്രക്രിയകൾ” സെപ്റ്റിക്ക്‌ ആയി മരണമടയുന്ന കുട്ടികളും വിരളമല്ല. ആഫ്രിക്കയിലെ ദാരിദ്ര്യത്തിൽ നിന്നും എങ്ങനെയോ രക്ഷപെട്ടു് യൂറോപ്യൻ രാജ്യങ്ങളിലെത്തി ഒരു ജീവിതം പടുത്തുയർത്തിയവരിൽ ചിലർപോലും അവരുടെ പെണ്മക്കളിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ നടത്താറുണ്ടു്. ആൺകുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പല ആധുനികസമൂഹങ്ങളും അതു് അനുവദിക്കാത്തതിനാൽ അതിനുമാത്രമായി അവധിയെടുത്തു് ഒന്നുകിൽ സ്വന്തനാട്ടിൽ പോയോ, രാഷ്ട്രീയകാരണങ്ങളാൽ അതു് സാദ്ധ്യമല്ലാത്തവർ ഈ കാട്ടാളത്തം അനുവദിക്കുന്ന മറ്റു് നാടുകളിൽ പോയോ ആണു് കാര്യം സാധിക്കുന്നതു്. അത്ര കർശനവും ഒഴിവാക്കാനാവാത്തതുമാണു് അജ്ഞരായ മനുഷ്യർക്കു് അല്ലാഹുവിന്റെ കൽപനകൾ. തങ്ങൾക്കു് ഒരു നല്ല ജീവിതം നൽകിയതു് അല്ലാഹുവാണെന്നാണു് ആ സാധുക്കളുടെ വിശ്വാസം. എല്ലാം വിറ്റുപെറുക്കി ഏജന്റന്മാർക്കു് നൽകി അവർ ഏർപ്പാടാക്കുന്ന തട്ടിക്കൂട്ടിയ ബോട്ടുകളിൽ ഒളിച്ചു് യൂറോപ്പിൽ എത്താൻ ശ്രമിക്കുന്നവരിൽ ഒരു നല്ല പങ്കു് ബോട്ടുതകർന്നു് മരിക്കാറുണ്ടെന്നും, അവരെ രക്ഷിക്കാൻ അതേ അല്ലാഹു എന്തുകൊണ്ടു് ഒന്നും ചെയ്യുന്നില്ല എന്നുമൊക്കെ ചോദിക്കാൻ ത്രാണിയുള്ളവരല്ല അവർ. വിദേശത്തു് ചെന്നു് അൽപം പച്ചപിടിച്ചവരുടെ “ആത്മാവിനെ” രക്ഷപെടുത്താൻ കിത്താബുകളും കക്ഷത്തിൽ വച്ചു് എത്തുന്ന ഉപദേശികളാണു് ഏറ്റവും അറപ്പുളവാക്കുന്ന വർഗ്ഗം. സ്വന്തം സമൂഹത്തിൽ ഈ സാധുക്കൾ ജീർണ്ണിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ആത്മാവിനെയും ശരീരത്തെയുമൊന്നും രക്ഷപെടുത്താൻ ഈ അധമന്മാർക്കു് താത്പര്യമുണ്ടായിരുന്നില്ല. ഒരു അന്യസമൂഹത്തിൽ ഇണങ്ങിച്ചേരാൻ ആദ്യതലമുറകൾക്കു് സംസ്കാരത്തിന്റേയും ഭാഷയുടേയും വിശ്വാസത്തിന്റേയുമൊക്കെ പേരിൽ സ്വാഭാവികമായും ഉണ്ടാവാറുള്ള ബുദ്ധിമുട്ടുകൾ മുതലെടുത്തു് ചോര കുടിക്കാൻ എത്തുന്ന ചെന്നായ്ക്കൾ. യുവതലമുറയിൽ നിന്നും ചാവേറുകളെ സൃഷ്ടിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു് ഈ നീചന്മാരാണു്. ഒരു ആധുനികസമൂഹത്തിൽ എത്തിയതുകൊണ്ടുമാത്രം ആർക്കും ഓട്ടോമാറ്റിക്ക്‌ ആയി ഒരു ആധുനികമനസ്സു് ലഭിക്കുകയില്ല. പല കുടിയേറ്റക്കാരും അതുകൊണ്ടുതന്നെ പരാജയപ്പെടാറുമുണ്ടു്.

ഭൂമിയിലെ ജീവൻ നിത്യമായ ഒരവസ്ഥയല്ല, എന്നെങ്കിലും ഇല്ലാതാവേണ്ടതാണതു്. പക്ഷേ, സത്യവിശ്വാസികൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തിച്ചേരുമെന്നു് വിശ്വസിക്കുന്ന മതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സമൂഹങ്ങളിലെ ഭ്രാന്തന്മാരായ നേതാക്കൾ ആറ്റം ബോംബ്‌ പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചു് അകാലത്തിലേതന്നെ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കാതിരുന്നാൽ, വാസയോഗ്യമല്ലാതാവുന്നതിനു് മുൻപു് ഈ ഭൂമിയെ ഉപേക്ഷിച്ചു് അന്യഗ്രഹങ്ങളിൽ കുടിയേറാൻ സഹായകമാവുന്ന സാങ്കേതികവിദ്യകൾ മനുഷ്യർ വിദൂരഭാവിയിലെങ്കിലും കണ്ടെത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. Mankind will not remain on Earth forever, but in its quest for light and space will at first timidly penetrate beyond the confines of the atmosphere, and later will conquer for itself all the space near the Sun. – Konstantin E. Tsiolkovsky. ഈ ഭൂമിയുടെയും ഈ ഭൂമിയെ ആശ്രയിച്ചു് ജീവിക്കുന്ന മനുഷ്യരുടെയും ഭാവി മനുഷ്യരുടെ കയ്യിൽ തന്നെയാണു്. അതു് ദൈവത്തിന്റെ കയ്യിലാണെന്നു് വിശ്വസിക്കുകയും സാമാന്യജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നവരാണു് മനുഷ്യവർഗ്ഗത്തിന്റെ ശത്രുക്കൾ. ചത്തശേഷവും എനിക്കു് ജീവിക്കണം, അതും സ്വർഗ്ഗത്തിൽത്തന്നെ ജീവിക്കണം എന്ന മനുഷ്യരുടെ അളവില്ലാത്ത സ്വാർത്ഥത മുതലെടുക്കുന്നവരാണവർ. സ്വർഗ്ഗീയജീവിതം എന്ന മിഥ്യ ഏറ്റവും എളുപ്പം വിറ്റഴിയുന്നതു് നരകതുല്യമായ ഇഹലോകജീവിതം നയിക്കേണ്ടിവരുന്നവരുടെ ഇടയിലാണെന്നതു് യാദൃച്ഛികമായി സംഭവിക്കുന്ന ഒരു കാര്യമല്ല. “ജീവൻ” ഒരിക്കലും മതമില്ലാത്തവൻ ആയിരിക്കരുതു് എന്നതു് അഗതികൾക്കു് സ്വർഗ്ഗം വിറ്റു് ഭൂമിയിൽ സ്വർഗ്ഗീയഗേഹങ്ങളിൽ വസിക്കുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണു്. ദൈവവും മതങ്ങളും ചോദ്യം ചെയ്യപ്പെട്ടാൽ കട്ടയും പടവും മടക്കേണ്ടിവരും എന്നതിനാൽ അവർ മനുഷ്യരുടെ ബോധവത്കരണത്തെ എതിർക്കുന്നു. അവരുടെ കാഴ്ചപ്പാടിലെങ്കിലും അതു് ബുദ്ധിയാണെന്നതിനാൽ അതു് മനസ്സിലാക്കാനും ബുദ്ധിമുട്ടില്ല. അതുപോലെതന്നെ മനസ്സിലാക്കാവുന്ന കാര്യമാണു്, വിധേയത്വത്തിന്റെ തിമിരം ബാധിച്ച അനുയായികൾ അവരുടെ കണ്ണു് തെളിയിക്കാൻ ശ്രമിക്കുന്നവരെ നിത്യശത്രുക്കളെപ്പോലെ കാണുന്നതും എതിർക്കുന്നതും – അവരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് അതു് നോക്കിക്കാണണമെന്നേയുള്ളു. ബുദ്ധിഹീനതക്കു് സ്വയം തിരിച്ചറിയാനാവില്ല. ഏതു് മനുഷ്യനും അവന്റെ ലോകത്തിൽ കുറ്റമറ്റവനാണു്. പക്ഷേ, മറ്റുള്ളവരുടെ ലോകത്തിൽ മറ്റൊരുത്തനും കുറ്റമറ്റവനല്ല. മനുഷ്യർ ആരും കുറ്റമറ്റവരല്ല എന്നതാണു് സത്യം.

നമുക്കു് സൃഷ്ടിയുടെ രണ്ടാം ദിനത്തിലേക്കു് കടക്കാം. “ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം (firmament) ഉണ്ടാകട്ടെ; അതു് വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു് കൽപിച്ചു. വിതാനം ഉണ്ടാക്കീട്ടു് ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിനു് മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു. ദൈവം വിതാനത്തിനു് ആകാശം (heaven) എന്നു് പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസം”. (6-8)

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ ഭൂമിക്കെന്നപോലെതന്നെ ആകാശത്തിനും പേരുണ്ടായിരുന്നില്ല. പേരില്ലാതെ പിന്നെ എന്തിനെയാണു് ദൈവം സൃഷ്ടിച്ചതു്? “എന്തെങ്കിലും ഉണ്ടായിവരട്ടെ” എന്നോ, “ആബ്ര കഡാബ്ര” എന്നോ കൽപിച്ചപ്പോൾ ദൈവത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടു് ഉണ്ടായിവന്ന രണ്ടു് “സാധനങ്ങളിൽ” ഒന്നിനെ, തിരിച്ചറിയാനുള്ള എളുപ്പത്തിന്റെ പേരിൽ, രണ്ടാം ദിവസം ആകാശം എന്നും, മറ്റേതിനെ മൂന്നാം ദിവസം ഭൂമിയെന്നും വിളിക്കുകയായിരുന്നോ? ഈ ദിവസങ്ങളിലൊന്നും വെള്ളം എന്നൊരു വസ്തു സൃഷ്ടിക്കപ്പെട്ടതായി പറയുന്നില്ല. എങ്കിലും ആരംഭം മുതലേ ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു (2)! “പെണ്ണു് കെട്ടിയാൽ കുഞ്ഞു് സൗജന്യം” എന്നപോലെ, പേരില്ലാതിരുന്ന ആകാശവും ഭൂമിയും എന്ന സാധനങ്ങൾ ഉണ്ടായിവന്നപ്പോൾ കൂട്ടത്തിൽ ഒരു ബോണസെന്നോണം ദൈവം പേരു് നൽകാതെതന്നെ എങ്ങനെയോ പേരുണ്ടായിപ്പോയ വെള്ളവും കൂട്ടത്തിൽ ഉണ്ടായിവന്നതായിരിക്കാം. അതുപോലെ, സൃഷ്ടിക്കാതെ ഉണ്ടായ ഒന്നാണു് ഇരുൾ! “ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു” (2)! ഇരുൾ ഉണ്ടായിരുന്നതുകൊണ്ടാണു് “വെളിച്ചം ഉണ്ടാകട്ടെ” എന്നു് ദൈവത്തിനു് കൽപിക്കേണ്ടിവന്നതു്. വെളിച്ചം എന്നൊന്നു് സൃഷ്ടിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു ലോകത്തിൽ ഇരുൾ എവിടെനിന്നു് വരുന്നു? ഒരു വശം മാത്രമുള്ള ഒരു നാണയം എന്നതിനു് എന്തെങ്കിലും അർത്ഥമുണ്ടോ? താഴെയും മുകളിലുമുള്ള വെള്ളങ്ങളെ തമ്മിൽ വേർപിരിക്കുന്ന ഒരു ആകാശവിതാനം സൃഷ്ടിക്കുന്ന ദൈവത്തിനു് പ്രപഞ്ചം എന്ന പ്രതിഭാസത്തെപ്പറ്റി എന്തെങ്കിലും അറിയാമായിരുന്നെന്നു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ കരുതാനാവുമോ? ബൈബിളിലെ പ്രപഞ്ചസൃഷ്ടി എഴുത്തുകാരന്റെ ഭാവനാസഷ്ടിയാണെന്നതിനു് ഇനിയും തെളിവുകൾ വേണോ? ആകാശത്തട്ടിനു് മുകളിൽ എത്ര ക്യുബിക്‌ മീറ്റർ വെള്ളമാണു് ദൈവം ശേഖരിച്ചിരിക്കുന്നതു്? ആഫ്രിക്കൻ മരുഭൂമിക്കു് മുകളിലായി ആകാശത്തട്ടിൽ ഏതാനും വാൽവുകൾ പിടിപ്പിക്കാൻ ദൈവം ഏതെങ്കിലും പ്രവാചകന്മാരെ ചുമതലപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ മനുഷ്യർക്കു് എന്തെങ്കിലും കൃഷിചെയ്തു് പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുമായിരുന്നില്ലേ? യിസ്രായേൽ ജനത്തിനു് മരുഭൂമിയിൽ മന്നായും കാടപ്പക്ഷിയും ഇറക്കിക്കൊടുത്ത മഹാമനസ്കനായ ഒരു ദൈവം! കിത്താബിൽ ബ്ലാ ബ്ലാ വയ്ക്കുന്നത്ര എളുപ്പമല്ല സോഷ്യൽ എഞ്ചിനിയറിംഗ്‌. അതിനു് ആകാശവിതാനം പണിയുന്ന ദൈവത്തിന്റെ ബുദ്ധി മതിയാവില്ല. സൃഷ്ടിസമയത്തു് പാഴും ശൂന്യവുമായിരുന്നു ഭൂമി എന്നു് എഴുത്തുകാരൻ. എങ്കിൽ താഴെയുണ്ടായിരുന്ന വെള്ളം എവിടെയായിരുന്നു ശേഖരിക്കപ്പെട്ടിരുന്നതു്? അതോ വെള്ളമുള്ള അവസ്ഥ എഴുത്തുകാരന്റെ നിർവചനപ്രകാരം “പാഴും ശൂന്യവും” ആണോ? മുകളിലെ വെള്ളവും താഴത്തെ വെള്ളവും വേർതിരിക്കാൻ ദൈവം ആകാശത്തട്ടു് നിർമ്മിച്ചു എന്നപോലുള്ള വിഡ്ഢിത്തങ്ങൾ വിശ്വസിക്കുന്നവരാണു് എല്ലാവിധത്തിലും പ്ലോസിബിൾ ആയ പരിണാമസിദ്ധാന്തത്തെ ഖണ്ഡിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതു്! ആദിയിൽ ആരാണ്ടോ ഏതാനും ദിവസങ്ങൾകൊണ്ടു് “പുസ്പം പോലെ” സകലവും സൃഷ്ടിച്ചു എന്നതു് വിശ്വസനീയം, പക്ഷേ, കോടിക്കണക്കിനു് വർഷങ്ങളിലൂടെ സംഭവിച്ചതും, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷൻ അവിശ്വസനീയം! അത്തരക്കാർ സൃഷ്ടിവാദികൾ ആവുന്നതു് തന്നെയാണു് നല്ലതും. കാരണം, കൊക്കിൽ ഒതുങ്ങാത്തതു് കൊത്തിയാൽ ശ്വാസം മുട്ടി ചാവാൻ സാദ്ധ്യതയുണ്ടു്.

സൃഷ്ടിയുടെ മൂന്നാം ദിവസം: “ദൈവം ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു് കൽപിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു് ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു് സമുദ്രം എന്നും പേരിട്ടു; നല്ലതു് എന്നു് ദൈവം കണ്ടു. ഭൂമിയിൽ നിന്നു് പുല്ലും വിത്തുള്ള ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം കൽപിച്ചു. അങ്ങനെ സംഭവിച്ചു. ഭൂമിയിൽ നിന്നു് പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലതു് എന്നു് ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.” (9 – 13) (ബോൾഡാക്കിയിരിക്കുന്ന ഭാഗം അധികപ്പറ്റായതിനാൽ ഒഴിവാക്കാമായിരുന്നു.)

വെള്ളം ഒരു സ്ഥലത്തു് കൂടിയപ്പോഴേക്കും ബാക്കി സ്ഥലം ഒറ്റദിവസം കൊണ്ടു് സൂര്യപ്രകാശം ഇല്ലാതെതന്നെ ഉണങ്ങി. ദൈവം കൽപിച്ചാൽ ഉണങ്ങാതെ പറ്റുമോ? സൂര്യൻ അപ്പോഴും സൃഷ്ടിക്കപ്പെട്ടിരുന്നില്ല എന്നതു് ഉണങ്ങാതിരിക്കാൻ മതിയായ ഒഴികഴിവല്ല. എഴുത്തുകാരൻ ഇവിടെ വർണ്ണിക്കുന്നതു് കോണ്ടിനെന്റൽ ഡ്രിഫ്റ്റ്‌ തുടങ്ങുന്നതിനു് മുൻപുള്ള അവസ്ഥയാണു്. ബൈബിൾ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതു് എത്ര കൃത്യമായാണെന്നു് നോക്കൂ! Pangaea എന്ന സ്യൂപ്പർ കോണ്ടിനന്റ്‌ ആണു് ഇവിടെ ഉണങ്ങിയ നിലം എന്നതുകൊണ്ടു് ബൈബിൾ രചയിതാവു് ഉദ്ദേശിക്കുന്നതു്. സൃഷ്ടിവാദിസഹജമായ ഭവ്യതമൂലം Pangaea എന്ന നാക്കുളുക്കിയ്ക്കു് പകരം “ഉണങ്ങിയ നിലം” എന്ന ലളിതമായ പ്രയോഗം ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു എന്നേയുള്ളു. ആറു് ഭൂഖണ്ഡങ്ങളും അഞ്ചു് സമുദ്രങ്ങളുമെല്ലാം പിന്നീടുണ്ടായി വന്നതു് സൃഷ്ടിയുടെ ആരംഭം വർണ്ണിക്കുന്ന എഴുത്തുകാരനെ ബാധിക്കുന്ന കാര്യമല്ലല്ലോ. വെള്ളവും ഇരുളുമൊക്കെപ്പോലെ, ദൈവം കൽപിച്ചില്ലെങ്കിലും സ്വയമേവ ഉണ്ടായി വരുന്ന ഇനത്തിൽപ്പെട്ടവയാണു് ദ്വീപുകളും തടാകങ്ങളും കടലിടുക്കുകളും നദികളുമൊക്കെ. എല്ലാം ദൈവം തന്നെ ചെയ്യണം എന്നൊക്കെപ്പറഞ്ഞാൽ ശരിയാവില്ല, അവനവന്റെ കാര്യം അവനവൻതന്നെ നോക്കണം എന്നറിയാവുന്ന വിഭാഗങ്ങളാണു് ഇത്തരം അജൈവലോകവും, ബൈബിൾ രചയിതാവിനു് സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ലാത്ത മറ്റെത്രയോ ജീവജാലങ്ങളുടെ ലോകവുമെല്ലാം.

“അതതുതരം” വിത്തുള്ള സസ്യങ്ങളും വൃക്ഷങ്ങളും ഉണ്ടായിവരാനും ദൈവകൽപന ധാരാളം മതിയായിരുന്നു. അവയുടെ വളർച്ചക്കും സൂര്യപ്രകാശം ഒരാവശ്യമേ ആയിരുന്നില്ല. സാധാരണഗതിയിൽ ചെടികളുടെ നിലനിൽപുതന്നെ സൂര്യപ്രകാശത്തിൽ അധിഷ്ഠിതമാണു്. പക്ഷേ, ദൈവം വിചാരിച്ചാൽ അസാധു ആക്കാൻ കഴിയാത്ത പ്രകൃതിനിയമങ്ങളെവിടെ? അവയെല്ലാം വിത്തുള്ളവയായി മുളച്ചു് ഒറ്റദിവസം കൊണ്ടു് പ്രായപൂർത്തിയിൽ എത്തുകയായിരുന്നു. അനേക “ചിന്തകർക്കു്” ഇന്നുമൊരു തലവേദനയായ ഒരു വലിയ പ്രഹേളികയ്ക്കു് ഇതൊരു പരിഹാരം ആവേണ്ടതാണു്. അണ്ടിയോ മാവോ മൂത്തതു്, കോഴിയോ മുട്ടയോ ആദ്യം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതു് മുതലായ ജീവന്മരണപ്രശ്നങ്ങൾ ഇനി മനുഷ്യരാശിയെ അലട്ടേണ്ടതില്ല. കോഴിപ്പൂവന്റെ ഇടത്തെ വാരിയെല്ലുകളിൽ നിന്നും ഒന്നെടുത്തു് സൃഷ്ടിക്കപ്പെട്ട കോഴിപ്പിടയെ സാത്താൻ ഒരു ചവണയുടെ രൂപത്തിൽ വന്നു് ഒരാപ്പിളിനുള്ളിൽ നിന്നും നെയ്മുറ്റിയ ഒരു പുഴുവിനെ പുറത്തെടുത്തുകാണിച്ചു് പ്രലോഭിപ്പിക്കുകയും, ചപലയായ പിട അതിൽ വീണുപോവുകയും ചെയ്തതിന്റെ ഫലമായി പിടവർഗ്ഗം ലോകത്തിലേക്കു് ദിനംപ്രതിയെന്നോണം മുട്ടയിടാൻ നിർബന്ധിതരാവുകയായിരുന്നു. കോഴിവർഗ്ഗത്തിനുമേൽ മനസ്സറിയാതെ വന്നുചേർന്നതും, ജന്മപാപം എന്നു് വിശേഷിപ്പിക്കപ്പെടുന്നതുമായ ഈ ആദ്യപാപശാപത്തിൽ നിന്നുമുള്ള മോചനമാണു് കോഴിവെട്ടു്, വെള്ളംകുടി എന്നീ ബലികളിലൂടെ സാദ്ധ്യമാവുന്നതു്. ബലിയർപ്പിക്കപ്പെടുന്ന പൂവൻകോഴികൾ കോഴിസ്വർഗ്ഗത്തിൽ എത്തിച്ചേരും. അവിടെ അഴകൊത്ത 720 കന്നിപ്പിടകൾ ഓരോ പൂവനേയും കാത്തിരിക്കുന്നുണ്ടെന്നു് കോഴിവേദത്തിൽ വായിക്കാം. അതെന്തായാലും, ഇനി മുട്ട കോഴിപ്പിട മുതലായവയുടെ മൂപ്പിളപ്പു് സംബന്ധിച്ചു് ഒരു തർക്കത്തിന്റെ ആവശ്യമില്ല, മുട്ടയേക്കാൾ പിടയും, അണ്ടിയേക്കാൾ മാവുമാണു് മൂത്തതു് എന്നതിനു് ഉൽപത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ സാക്ഷി.

അതതുതരം വൃക്ഷങ്ങളും സസ്യങ്ങളും! ഏതേതുതരം വൃക്ഷങ്ങളും സസ്യങ്ങളും? അതതുതരം വൃക്ഷങ്ങൾ മുളയ്ക്കട്ടെ എന്നു് ദൈവം കൽപിച്ചാലും ഒരു വൃക്ഷത്തിനും മുളയ്ക്കാനാവില്ല. എന്തുകൊണ്ടു് ചില ഭൂപ്രദേശത്തു് കാണുന്ന പുല്ലുകളും സസ്യങ്ങളും വൃക്ഷങ്ങളും മറ്റുചില ഭൂപ്രദേശങ്ങളിൽ വളരുന്നില്ല? ഒറ്റദിവസം കൊണ്ടു് ഒരു വീടുപണിയാൻ വേണ്ടത്ര മരം നൽകാൻ മാത്രം വളർന്നു് പന്തലിക്കുന്ന തേക്കുമരങ്ങൾ! Dendrochronology പ്രകാരം ആ മരത്തിന്റെ പ്രായം നോക്കുന്നവൻ തലകറങ്ങി വീണു് ചാവും. മനുഷ്യൻ അടക്കമുള്ള എല്ലാ ജീവജാലങ്ങളേയും പ്രായപൂർത്തി ആയ അവസ്ഥയിലാണു് ദൈവം സൃഷ്ടിച്ചതു് എന്നതു് ഒരത്ഭുതമാണു്. എല്ലാ ജീവികളിലും ആ ഒരൊറ്റ പ്രാവശ്യം മാത്രമേ അതുപോലൊരു ജന്മമെടുക്കൽ നടന്നിട്ടുള്ളു എന്നതു് അതിനേക്കാൾ അത്ഭുതകരം! ആദാമിനും ഹവ്വായ്ക്കും പൊക്കിൾ ഉണ്ടായിരുന്നോ ആവോ? അമ്മയുടെ വയറ്റിൽ കിടന്നിട്ടില്ലാത്തവർക്കു് പൊക്കിൾക്കൊടിയുടെ ആവശ്യമെന്തു്? പൊക്കിൾക്കൊടി ഇല്ലാതെ പൊക്കിളുണ്ടാവുമോ? എന്താണാവോ ഇതിനു് സൃഷ്ടിവാദികൾ നൽകുന്ന വ്യാഖ്യാനം? പതിവുപോലെ, അത്ഭുതം, മഹാത്ഭുതം എന്നായിരിക്കുമല്ലേ?

സൃഷ്ടിയുടെ നാലാം ദിവസം: “പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു് ദൈവം കൽപിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിനു് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു് വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തേയും ഇരുളിനേയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി. നല്ലതു് എന്നു് ദൈവം കണ്ടു. സന്ധ്യയായി, ഉഷസ്സുമായി നാലാം ദിവസം.” (14 – 19)

ഭാഗ്യം! ഇപ്പോഴെങ്കിലും സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെ സൃഷ്ടിക്കാൻ ദൈവത്തിനു് തോന്നിയല്ലോ! പകലും രാവും തമ്മിൽ ഒന്നാം ദിവസം തന്നെ ദൈവം വേർപിരിച്ചിരുന്നു എങ്കിലും, ഇപ്പോൾ ആകാശവിതാനത്തിൽ ചില വെളിച്ചങ്ങളെ സൃഷ്ടിച്ചു് കാര്യങ്ങൾക്കു് ഒരു അടുക്കും ചിട്ടയും ഭംഗിയും വരുത്താൻ ദൈവം തീരുമാനിച്ചു. അല്ലെങ്കിലും, പന്തലിട്ടശേഷമല്ലേ തോരണം കെട്ടി അലങ്കരിക്കാറുള്ളതു്? സൃഷ്ടിയുടെ നാലാം ദിവസം വരെ ദിവസങ്ങൾ തിരിച്ചറിയാൻപോലും ആവശ്യമില്ലാതിരുന്ന ആകാശത്തിലെ “അടയാളങ്ങൾ” കാലവും സംവത്സരവുമൊക്കെ തിരിച്ചറിയാൻ അക്ഷരാഭ്യാസമില്ലാത്ത ആദാമിനു് ആവശ്യമില്ലെങ്കിലും പിൽക്കാലത്തു് വാനശാസ്ത്രം മനസ്സിലാക്കാൻ പ്രാപ്തി നേടുന്ന മറ്റുചില മനുഷ്യർക്കു് ആവശ്യമാണെന്നു് വെള്ളങ്ങളെ തമ്മിൽ വേർതിരിക്കാൻ ആകാശവിതാനം നിർമ്മിച്ച ദൈവം മുൻകൂട്ടി കണ്ടതും ഭാഗ്യം തന്നെ. ബൈബിളിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിവാദം മെനഞ്ഞെടുക്കാൻ പാടുപെടുന്ന മനുഷ്യർ, അവർ അൽപമെങ്കിലും തത്വദീക്ഷയുള്ളവരാണെങ്കിൽ, നാലാം ദിവസം നടന്നു എന്നു് അവകാശപ്പെടുന്ന സൂര്യന്റെ സൃഷ്ടിയുടെ മാത്രം പേരിൽ ബൈബിളിലെ വർണ്ണനകൾക്കു് യാതൊരുവിധ ആധികാരികതയും നൽകാനാവില്ലെന്നു് നിരുപാധികം അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാവേണ്ടതാണു്. ഇത്രയും വ്യക്തമായ ഒരു വൈരുദ്ധ്യം തിരിച്ചറിയാൻ കഴിയാത്തവർക്കു് എവൊല്യൂഷനെ ഖണ്ഡിക്കാനും, തെർമോഡൈനാമിക്സിനെ അപഗ്രഥിക്കാനും എന്തു് യോഗ്യതയാണുള്ളതെന്നു് എത്ര ശ്രമിച്ചിട്ടും എനിക്കു് പിടി കിട്ടുന്നില്ല. ഇതുപോലുള്ള അബദ്ധങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തപ്പെടുന്ന ഒരു സൃഷ്ടിവാദത്തിനു് എന്തു് ശാസ്ത്രീയതയാണുള്ളതു്?

സൃഷ്ടിയുടെ അഞ്ചാം ദിവസം: “വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു് ദൈവം കൽപിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു് ചരിക്കുന്ന അതതുതരം ജീവജന്തുക്കളേയും അതതുതരം പറവജാതിയെയും സൃഷ്ടിച്ചു. നല്ലതു് എന്നു് ദൈവം കണ്ടു. നിങ്ങൾ വർദ്ധിച്ചു് പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു് കൽപിച്ചു് ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി അഞ്ചാം ദിവസം.” (20 – 23)

ദൈവം ഏറ്റെടുത്താൽ കാര്യങ്ങൾ ക്ഷിപ്രസാദ്ധ്യമാവുന്നതു് കണ്ടോ? ആകാശവും ഭൂമിയും മുതൽ മരങ്ങളേയും മത്സ്യങ്ങളേയും പറവകളേയും വരെ ഒന്നൊഴിയാതെ സൃഷ്ടിക്കാൻ ദൈവത്തിനു് അവയുടെയൊന്നും പേരുപോലും അറിയണമെന്നില്ല. “അതതുതരം ഉണ്ടാവട്ടെ” എന്നു് കൽപിച്ചാൽ അതതുതരം ഉണ്ടാവും. ഉണ്ടായി വരേണ്ടതു് ഏതേതുതരം എന്നു് ദൈവത്തിനോ, ഉണ്ടായിവരേണ്ട ജീവജാലങ്ങൾക്കോ, ഈ മണ്ടത്തരം എഴുതിവച്ചവനോ അറിയില്ല. പാഴും ശൂന്യവുമായിരുന്ന, ജീവന്റെ ഒരു കണിക പോലുമില്ലാതിരുന്ന ഒരു ലോകത്തിൽ അതതുതരം സസ്യങ്ങളും, അതതുതരം മത്സ്യങ്ങളും, അതതുതരം പറവകളും ഉണ്ടാവട്ടെ എന്നു് കൽപിക്കുന്നതിനേക്കാൾ വലിയ ഒരു അർത്ഥശൂന്യതയുണ്ടോ? ഇന്നോളം ലോകം സാക്ഷ്യം വഹിച്ചിട്ടുള്ള മുഴുവൻ വിഡ്ഢിത്തങ്ങളേയും പിന്നിലാക്കുന്ന ഒരു പമ്പരവിഡ്ഢിത്തമാണു് ഈ “അതതുതരം സൃഷ്ടി” വഴി ബൈബിൾ എഴുത്തുകാരൻ അവന്റെ സാങ്കൽപികദൈവത്തിന്റെ തലയിൽ കെട്ടിവച്ചതു്. ആ റിലീജിയസ്‌ ഫിക്ഷൻ എഴുത്തുകാരന്റെ തലയിൽ ദൈവം ഇടിത്തീ വീഴിച്ചില്ല എന്നതുതന്നെയാണു് പ്രപഞ്ചസ്രഷ്ടാവു് എന്നൊരു “യഥാർത്ഥ ദൈവം” നിലനിൽക്കുന്നില്ല, അതു് വെറുമൊരു മനുഷ്യസങ്കൽപം മാത്രമാണു് എന്നതിന്റെ അനിഷേദ്ധ്യമായ മറ്റൊരു തെളിവു്. ഫോട്ടോസിന്തെസിസ്‌ ഇല്ലാതെ ചെടികളെയും മരങ്ങളെയും ഒറ്റദിവസം കൊണ്ടു് വളർത്തിയെടുക്കുന്ന, സൂര്യനില്ലാതെതന്നെ ഭൂമിയിൽ രാത്രിയും പകലും സൃഷ്ടിക്കുന്ന, “അതതുതരം” എന്ന “പേരു്” കേൾക്കുമ്പോൾ ഞണ്ടും ഞവണിയും കാക്കത്തൊള്ളായിരം മറ്റിനങ്ങളും രൂപമെടുത്തു് “അടിയനിതാ പിതാവേ” എന്നു് ദൈവതിരുമുന്നിൽ ഹാജർ വയ്ക്കുന്ന “ആബ്ര കഡാബ്ര സൃഷ്ടിവാദം”! ദൈവം എന്നൊരു ചങ്ങാതി കൂട്ടിനുണ്ടെങ്കിൽ പ്രപഞ്ചസൃഷ്ടി എന്തെളുപ്പം! അതേസമയം ചില മനുഷ്യർക്കു് ഒരു ഇണയെ കണ്ടുപിടിച്ചു് ഒന്നോ രണ്ടോ ജൂണിയേഴ്സിനെ സൃഷ്ടിക്കുക എന്നതുതന്നെ ഒരു ഭഗീരഥപ്രയത്നമാണു്.

സൃഷ്ടിയുടെ ആറാം ദിവസം: ” അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നു് ഉളവാകട്ടെ എന്നു് ദൈവം കൽപിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളോയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളേയും ഉണ്ടാക്കി; നല്ലതു് എന്നു് ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു് കൽപിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (24 – 27)

ഇവിടെയും സൃഷ്ടി എന്നതു് business as usual ആണു്. അതതുതരം പാമ്പും പഴുതാരയുമെല്ലാം ഉണ്ടാകട്ടെ എന്ന ഒരൊറ്റക്കൽപന വഴി സൃഷ്ടിക്കപ്പെടുന്നു! മനുഷ്യസൃഷ്ടിയാണു് ഏറ്റവും ശ്രദ്ധേയമായതു്. “നാം നമ്മുടെ സ്വരൂപത്തിൽ, നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യരെ ഉണ്ടാക്കുക”! നാം, നമ്മുടെ മുതലായ പ്രയോഗങ്ങൾ പൂജകബഹുവചനരൂപത്തിലാവാം ദൈവം ഉപയോഗിച്ചതു്. അൽപം ബഹുമാനം തനിക്കും വേണം എന്നു് ദൈവം കരുതിയാൽ അതിൽ തെറ്റു് പറയാനുമില്ല. പക്ഷേ, ദൈവം ഒറ്റക്കിരുന്നു് ഇതുപോലൊരു ഡയലോഗ്‌ അടിക്കുമോ? എങ്കിൽ അതു് രോഗം വേറെയാണു്. അല്ല, ഇവിടെ ദൈവം ഒറ്റയ്ക്കായിരുന്നിരിക്കാൻ സാദ്ധ്യതയില്ല. ചുരുങ്ങിയപക്ഷം മാലാഖമാരെങ്കിലും സമീപം ഉണ്ടായിരുന്നെങ്കിലേ ഈ ഡയലോഗിനെ ഭ്രാന്തിന്റെ വകുപ്പിൽ പെടുത്താതിരിക്കാനാവൂ. മിക്കവാറും ഈ മാലാഖവർഗ്ഗവും ഏതാണ്ടു് ദൈവസ്വരൂപികൾ ആയിരുന്നിരിക്കാനേ വഴിയുള്ളു. മനുഷ്യർ ദൈവസ്വരൂപികൾ ആണെന്ന കാര്യത്തിൽ അല്ലെങ്കിലും എനിക്കു് സംശയമൊന്നുമില്ല. കേരളത്തിലെ ബസ്‌ സ്റ്റാൻഡുകളിലെ ടോയ്‌ലെറ്റുകളിൽ കയറാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അപൂർവ്വം സന്ദർഭങ്ങളിൽ എന്റെ മനസ്സിലേക്കു് ഒഴുകിവരാറുള്ളതും ഇതുപോലൊരു ദൈവ-മനുഷ്യ ആദ്ധ്യാത്മികചിന്താധാരയാണു്: “ഓ! ദൈവമേ, ഇവിടെനിന്നും നിന്റെ തനിസ്വരൂപിയും തനിസുഗന്ധവാഹിയുമായ ഒരുത്തൻ ഇപ്പോൾ ഇറങ്ങിപ്പോയതേയുള്ളു. ഹാലേലുയ്യാ!”.

മനുഷ്യർ എന്ന നമ്മൾ നമ്മുടെ അസൂയയും കുശുമ്പും മാത്രം പരിഗണിച്ചാൽ മതി, ശാരീരികമായി മാത്രമല്ല, മാനസികമായും നമ്മൾ ദൈവത്തിന്റെ തനിസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നു് മനസ്സിലാക്കാൻ. ദൈവത്തിൽ നിന്നും നമുക്കു് ലഭിച്ച അസൂയയും കുശുമ്പും തീപിടിക്കുന്ന വസ്തുക്കൾ അല്ലാത്തതു് മനുഷ്യരുടെ ഏറ്റവും വലിയ ഭാഗ്യമാണു്. അല്ലെങ്കിൽ ഒരു തീപ്പെട്ടിക്കോൽ ഉരച്ചാൽ മതി, മനുഷ്യരുടെ അവസ്ഥ ഒരു സൂയിസൈഡ്‌ ബോംബറുടേതിനു് തുല്യമാവുമായിരുന്നേനെ. എങ്കിൽ, സ്ഥിരമായി ഒരു ഫയർ എക്സ്റ്റിൻഗ്വിഷറും ചുമന്നുകൊണ്ടു് നടക്കേണ്ട ഗതികേടു് മനുഷ്യർക്കു് വരുമായിരുന്നു. അതുപോലൊരു സാഹചര്യത്തിൽ “highly inflammable” എന്ന ബോർഡ്‌ നെറ്റിയിൽ ഒട്ടിക്കാതെ മനുഷ്യനു് പുറത്തിറങ്ങാൻ ആവുമായിരുന്നോ? നമ്മൾ മലയാളികൾ അതിനു് പ്രത്യേകം നന്ദിയുള്ളവരായിരിക്കണം എന്നേ എനിക്കു് പറയാനുള്ളു. മനുഷ്യർ ദൈവസ്വരൂപികൾ ആണെന്ന കാര്യത്തിൽ എന്നിൽ അവശേഷിക്കുന്ന അവസാനത്തെ സംശയം പോലും മാഞ്ഞുപോകുന്നതു് വ്യാജ ID-യുമായി ദൈവവചനം ഘോഷിക്കുന്നവരെ കാണുമ്പോഴാണു്. എത്രമാത്രം ബുദ്ധിമുട്ടുകളാണു് അവർ ഓരോ വ്യാജ ഐഡിയും സൃഷ്ടിച്ചെടുക്കാനായി സഹിക്കുന്നതു്! അവയൊക്കെ ഓർത്തിരിക്കുക എന്നതുതന്നെ അമാനുഷികമായ ഒരു കഴിവാണു്. അവർക്കു് വേറെ ജോലിയൊന്നുമില്ല എന്ന വാദം ശരിയായിരിക്കാം. എന്നാലും അതൊരു ചില്ലറക്കാര്യമല്ല. ദൈവത്തിനുവേണ്ടി ഗൂഗിളിനേയും മനുഷ്യരേയും വഞ്ചിക്കുക! ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടിയേക്കാൾ എന്തായാലും പ്രയാസമേറിയ പണിയാണതു്. ഗൂഗിൾ രംഗപ്രവേശം ചെയ്തിട്ടില്ലാതിരുന്ന പുരാതന കാലങ്ങളിൽ മനുഷ്യർ മറ്റു് മനുഷ്യരെ ദ്രോഹിക്കാനായി കിലോമീറ്റർ ദൂരം കാൽനടയായി പോകുമായിരുന്നു! പത്തു് തലമുറ മുൻപു് ജീവിച്ചിരുന്ന ഏതെങ്കിലും ഒരു അമ്മായിക്കോ അമ്മാവനോ പുഴുക്കടി ഉണ്ടായിരുന്നു എന്ന ബോംബുമായി മടങ്ങിവന്നു് തന്റെ ശത്രുവിനെ നിലംപരിശാക്കാനാണു് കാൽനടയായുള്ള ഈ തീർത്ഥയാത്ര! തീർച്ചയായും മനുഷ്യൻ ദൈവസ്വരൂപിതന്നെ!

(തുടരും)

 
8 Comments

Posted by on Feb 10, 2011 in മതം

 

Tags: , , ,

ക്രിയേഷനിസം

എന്തുകൊണ്ടാണു് ലളിതമായ ശാസ്ത്രസത്യങ്ങൾ പോലും അംഗീകരിക്കാൻ സൃഷ്ടിവാദികൾക്കു് കഴിയാതെ പോകുന്നതു്? മതപരമായ പഠിപ്പിക്കലുകൾക്കു് മതിയായ എതിർതെളിവുകൾ നൽകുന്നവയാണെന്നു് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാൻ കഴിയുന്നതും, കണ്മുന്നിൽ സംഭവിക്കുന്നതുമായ കാര്യങ്ങളിൽ നിന്നുപോലും യുക്തിയുക്തമായ ഒരു ശാസ്ത്രീയനിഗമനത്തിൽ എത്തിച്ചേരാൻ അവർക്കു് കഴിവില്ലാതാവുന്നതു് സ്വന്തം വേദഗ്രന്ഥങ്ങളോടു് അവർ പ്രകടിപ്പിക്കുന്ന വിശ്വാസം എത്രമാത്രം അന്ധമായതിനാലായിരിക്കണം? വിദ്യാലയങ്ങളിൽ പഠിപ്പിക്കപ്പെടേണ്ടതു് ക്രിയേഷനിസവും ഇന്റെലിജെന്റ്‌ ഡിസൈനും ആണു്, നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനല്ല എന്നും മറ്റും ഒരു (ആധുനിക)സമൂഹത്തിലെ ഗണ്യമായ വിഭാഗം ആവശ്യപ്പെടുന്നുവെങ്കിൽ, ഭക്തി എന്ന ഭ്രാന്തു് അവരെ എത്രമാത്രം ബാധിച്ചിട്ടുണ്ടാവണം? അതു് വിശദമായ പഠനത്തിനു് വിധേയമാക്കേണ്ടുന്ന ഒരു വിഷയമാണെന്ന കാര്യത്തിൽ ബായസ്ഡ്‌ അല്ലാത്ത ഏതെങ്കിലുമൊരു സാമൂഹ്യശാസ്ത്രജ്ഞനു് എതിരഭിപ്രായമുണ്ടാവുമെന്നു് തോന്നുന്നില്ല. ഇത്തരം സാമൂഹിക പുഴുക്കുത്തുകളെ പഠനങ്ങൾകൊണ്ടു് മാത്രം പരിഹരിക്കാനാവുകയുമില്ല. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ മനുഷ്യമനസ്സിലെ തെറ്റായ ധാരണകൾ തിരുത്തിയെഴുതാനാവൂ. മതത്തിൽ അധിഷ്ഠിതമായ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തി അധികാരക്കസേര ഉറപ്പിക്കാൻ തത്രപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിനോ, സാമ്പത്തികമായ വരുമാനം ഇല്ലാതാവുമെന്നതിനാൽ സ്ഥാപിതതാത്പര്യങ്ങളുടെ പ്രതിനിധികളായ സാമുദായിക നേതൃത്വത്തിനോ ജനങ്ങൾ ബോധവത്കരിക്കപ്പെടണം എന്ന വലിയ ആഗ്രഹം ഉണ്ടാവാൻ വഴിയില്ല. ബോധവത്കരിക്കപെട്ട ഒരു സാംസ്കാരികനേതൃത്വത്തിനേ സമൂഹത്തിൽ ഫലപ്രദമായ ഒരു ബോധവത്കരണം സാദ്ധ്യമാവൂ. എനിക്കറിയാത്തതു് ഞാൻ മറ്റൊരാളെ പഠിപ്പിക്കുന്നതെങ്ങനെ? സാംസ്കാരികനേതൃത്വം എന്നതു് മേമ്പൊടിക്കുപോലും കിട്ടാനില്ലാത്ത “അഴീക്കോടൻ” സമൂഹങ്ങളിൽ ആരു് ആരെ പഠിപ്പിക്കാൻ? അത്തരം സമൂഹങ്ങളിൽ അതു് വാഗ്ദാനങ്ങളും ഭംഗിവാക്കുകളും നിറഞ്ഞ അധരവ്യായാമമായി ചുരുങ്ങുകയേയുള്ളു. ജനങ്ങളോടുള്ള ഉത്തരവാദിത്വം അവിടെ എന്നാളും ഒരു പക്ഷത്തുനിന്നും മറുപക്ഷത്തേക്കു് തട്ടിക്കളിക്കപ്പെടുന്ന ഒരു പന്തെന്നപോലെ അവശേഷിക്കുകയാവും അതിന്റെ അന്തിമഫലം. മകരജ്യോതി മനുഷ്യസൃഷ്ടിയാണെന്നു് അംഗീകരിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡ്‌ ചെയർമാന്റെ കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവന ഈ അവസരത്തിൽ വളരെ രസകരമായിരിക്കുമെന്നു് കരുതുന്നു: “മകരജ്യോതി മനുഷ്യസൃഷ്ടിയാണെന്നു് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അതു് ബോർഡും അംഗീകരിക്കുന്നുവെന്നു് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വ്യക്തമാക്കി. മകരജ്യോതി ഹിന്ദുക്കളുടെ വിശ്വാസമാണു്. അതിൽ ഇടപെടാൻ ബോർഡ്‌ ഉദ്ദേശിക്കുന്നില്ല. ദീപം കാണാൻ നിരവധി പേർ വരുന്നുണ്ടു്. തടഞ്ഞതുകൊണ്ടു് അതു് നിയന്ത്രിക്കാനാകില്ല. ഇതു് സംബന്ധിച്ചു് ബോധവത്കരണം നടത്താനും ബോർഡ്‌ ഉദ്ദേശിക്കുന്നില്ല.” – (മാധ്യമം 31.01.2011) ഇതിനെയാണു് നമ്മൾ ഈശ്വരസംബന്ധമായ കാര്യങ്ങളിലെ കാപട്യലേശമില്ലാത്ത സത്യസന്ധത എന്നു് വിളിക്കുന്നതു്! സംശയമുണ്ടെങ്കിൽ ഒന്നുകൂടി വായിച്ചുനോക്കൂ. മകരജ്യോതി വ്യാജമാണെന്നു് എല്ലാവരും പണ്ടേ അംഗീകരിച്ചു. അതുകൊണ്ടു് ദേവസ്വം ബോർഡും അംഗീകരിക്കുന്നു! (എല്ലാവരും അംഗീകരിച്ചതു് കഷ്ടമായിപ്പോയി. അല്ലെങ്കിൽ കുറേനാൾ കൂടി ഈ ഒളിച്ചുകളി തുടരാമായിരുന്നു എന്നും വായിക്കാം) ദേവസ്വം ബോർഡ്‌ തടഞ്ഞതുകൊണ്ടു് ഒരുപക്ഷേ ജനപ്രവാഹം നിയന്ത്രിക്കാനാവില്ലായിരിക്കാം. പക്ഷേ, ഭക്തന്മാരെ ബോധവത്കരിക്കുന്നതിനു് എന്തു് തടസ്സം? മനുഷ്യൻ കത്തിക്കുന്നതെന്നു് പരസ്യമായി സമ്മതിച്ച മകരജ്യോതി ദിവ്യമായ എന്തോ ആണെന്നു് കുറെയേറെ മനുഷ്യർ വിശ്വസിക്കുന്നുവെങ്കിൽ, അതു് അവരുടെ അബദ്ധധാരണയാണെന്ന വിവരം അവരോടു് നേരിട്ടു് തുറന്നുപറയുന്നതല്ലേ ആത്മാർത്ഥത? സത്യമെന്തെന്നു് മനുഷ്യരോടു് തുറന്നുപറഞ്ഞു് ബോധവത്കരിക്കാതെ, അവരെ അജ്ഞതയുടെ അന്ധകാരത്തിൽ തളച്ചിടുന്നതു് വഞ്ചനയല്ലെങ്കിൽ പിന്നെയെന്താണു്? ഒരു ചെപ്പടിവിദ്യയെ ദിവ്യമായ അനുഭവം എന്നു് തെറ്റിദ്ധരിച്ചു് ദൈവികമായ അനുഗ്രഹം നേടാൻ നോമ്പുനോറ്റു്, കഷ്ടപ്പാടുകൾ സഹിച്ചു്, കാടും മലയുംതാണ്ടി എത്തുന്ന സാധുക്കളിൽ നിന്നും സത്യം മറച്ചുപിടിച്ചു് അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുക കൂടി ചെയ്യുന്നതു് വിശ്വാസിസമൂഹത്തോടു് ചെയ്യുന്ന ഒരു ക്രിമിനൽ കുറ്റമല്ലെങ്കിൽ പിന്നെയെന്താണു്?

ഒരു മതത്തിലും വിശ്വസിക്കാത്ത ഒരുവൻ എന്ന നിലയിൽ ഇവിടെ ഒരു പ്രധാന കാര്യം വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നു. മകരജ്യോതി ദിവ്യമായ ഒന്നുമല്ലെന്നും, അതു് മനുഷ്യനിർമ്മിതം മാത്രമാണെന്നും ആയിരം നാവുകളാൽ വിളിച്ചുകൂവുന്ന അന്യമതസ്ഥർ ഇടയ്ക്കിടെയെങ്കിലും അവരുടെ സ്വന്തം മതങ്ങളിലെ അന്ധവിശ്വാസങ്ങളിലേക്കും, അവരുടെ മതം അനുശാസിക്കുന്ന തീർത്ഥാടനങ്ങളിലെ തിക്കിലും തിരക്കിലും മരണമടയേണ്ടിവരുന്ന നൂറുകണക്കിനു് സ്വന്തം വിശ്വാസി സഹോദരങ്ങളിലേക്കും, അവർ അവശേഷിപ്പിച്ചിട്ടു് പോകുന്ന അവരുടെ കുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥയിലേയ്ക്കും ശ്രദ്ധ തിരിക്കുന്നതു് ഒരു മാനസാന്തരത്തിനു് നല്ലതായിരിക്കുമെന്നു് തോന്നുന്നു. സ്വന്തം കണ്ണിലെ കോലു് എടുത്തുമാറ്റാതെ, മറ്റുള്ളവരുടെ കണ്ണിലെ കരടു് ചൂണ്ടിക്കാണിച്ചു് വിമർശിക്കാനുള്ള തിടുക്കം കൂട്ടൽ മറ്റു് മതസ്ഥരിലും, മതമൊന്നും ഇല്ലാത്തവരിലുമൊക്കെ അവജ്ഞയും അറപ്പും ജനിപ്പിക്കാനേ സഹായിക്കൂ. കഴിഞ്ഞ കാലങ്ങളിൽ ഹജ്ജിനിടയിലെ തിക്കിനും തിരക്കിനും ഇടയിൽപ്പെട്ടു് മരണമടഞ്ഞവരുടെ കണക്കു് ഒരു ഉദാഹരണം എന്ന നിലയിൽ ഇവിടെ കൊടുക്കുന്നു. ഈ അത്യാഹിതങ്ങൾ അധികവും സംഭവിക്കുന്നതു് ഹജ്ജിന്റെ ഒരു ഭാഗമായ “ചെകുത്താനെ കല്ലെറിയൽ” എന്ന ചടങ്ങിന്റെ സമയത്താണു്. 2006-ലെ ഹജ്ജിൽ മരണമടഞ്ഞതു് 346 തീർത്ഥാടകരാണു്. 2004-ൽ 251 പേർ, 2003-ൽ 14 പേർ, 2001-ൽ 35 പേർ, 1998-ൽ 118 പേർ, 1994-ൽ 270 പേർ, 1990-ൽ 1426 പേർ. തീർത്ഥാടനസമയത്തു് മരണമടഞ്ഞാൽ സ്വർഗ്ഗം പൂകും എന്നു് വിശ്വസിക്കാൻ മാത്രം മതാന്ധരായിട്ടില്ലാത്ത ആരെയും ഞെട്ടിപ്പിക്കേണ്ടതാണു് ഈ കണക്കുകൾ.

ഇതിനെതിരായും പ്രായോഗികമായി മനുഷ്യനു് ആകെ ചെയ്യാൻ കഴിയുന്നതു് ബോധവത്കരണമാണു്. പക്ഷേ, ഇത്തരം സന്ദർഭങ്ങളിൽ മതപക്ഷത്തുനിന്നും എപ്പോഴും കേൾക്കാൻ കഴിയുന്നതു് മതപരമല്ലാതെ സംഭവിച്ചിട്ടുള്ള മറ്റു് അപകടങ്ങളുമായി താരതമ്യം ചെയ്തു് തീർത്ഥാടനസമയത്തെ അപകടങ്ങളെ ന്യായീകരിക്കാനും ലഘൂകരിക്കാനുമുള്ള മനസ്സാക്ഷിയില്ലാത്ത വ്യഗ്രതയാണു്. ഭ്രാന്തമായ മതവികാരം ഒരു സമൂഹജീവിയെന്ന നിലയിൽ ഒരുവനുണ്ടായിരിക്കേണ്ട മാനുഷികവികാരങ്ങളെ മൃഗീയമായി കീഴ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതു്. തത്ത്വദീക്ഷയില്ലാത്ത ഈ ന്യായീകരണ ശ്രമങ്ങളുടെ ഭാഗമായി വിഗ്രഹാരാധന എന്നാൽ എന്തു് എന്നതിനെപ്പറ്റിയൊക്കെ “പഠിപ്പിക്കുന്ന”, ലജ്ജാവഹം എന്നുമാത്രം വിശേഷിപ്പിക്കേണ്ട രീതിയിലുള്ള വ്യാഖ്യാനങ്ങൾ മലയാളം ബ്ലോഗ്‌ ലോകത്തിൽത്തന്നെ വിരളമല്ലല്ലോ. ആരു് സമ്മതിച്ചാലും ഇല്ലെങ്കിലും, മതപരമായ ഒരു ചടങ്ങിന്റെ ഭാഗമായി ഒരു മനുഷ്യൻ ഒരു പ്രത്യേക രൂപത്തിൽ നിർമ്മിച്ച ഒരു വിഗ്രഹത്തെ വലം വയ്ക്കുന്നതും, ദൈവം എറിഞ്ഞതെന്നു് വിശ്വസിക്കപ്പെടുന്നതോ അല്ലാത്തതോ ആയ ഒരു കല്ലിനേയോ മറ്റെന്തിനെയെങ്കിലുമോ പ്രദക്ഷിണം ചെയ്യുന്നതും വിഗ്രഹാരാധനയുടെ പരിധിയിൽ വരുന്ന കാര്യമാണു്. അങ്ങനെയല്ലെന്നു് സ്ഥാപിക്കാനായി ആരു് എത്ര വാല്യങ്ങൾ എഴുതിത്തള്ളിയാലും, ആരെല്ലാം അതു് കയ്യടിച്ചു് അംഗീകരിച്ചാലും, വസ്തുതയിൽ മാറ്റമൊന്നും വരികയില്ല. മതപരമായ ചില ചടങ്ങുകൾ നിറവേറ്റാനും, അതിന്റെ ഭാഗമായി ഒരു കല്ലിനെ വലം വയ്ക്കാനുമായി പത്തും ഇരുപതും ലക്ഷം മനുഷ്യർ ഓരോ വർഷവും ചില പ്രത്യേക ദിവസങ്ങളിൽ ഒരു പ്രത്യേകസ്ഥലത്തു് എത്തിച്ചേരുന്നതിനെ ആരാധന എന്നല്ലാതെ തമാശ എന്നു് വിളിക്കാൻ മാത്രം രസികനല്ല ഞാൻ. അതുപോലെതന്നെ, ഒരു പുരോഹിതൻ ഗോതമ്പപ്പവും വീഞ്ഞും കാണാതെപഠിച്ച ചില ശീലുകൾ ചൊല്ലിക്കൊണ്ടു് മുകളിലേക്കുയർത്തുമ്പോൾ അതു് യഥാക്രമം ദൈവപുത്രൻ എന്നു് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ മാംസവും രക്തവുമായി പരിണമിക്കുമെന്നു് വിശ്വസിക്കാനും എന്റെ ഇപ്പോഴത്തെ ഭ്രാന്തു് മതിയാവുമെന്നു് തോന്നുന്നില്ല. ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ ഒരു ദൈവം ഭൂമിയിലേക്കു് എറിയുന്ന കല്ലുകളാണെന്നു് വിശ്വസിക്കുന്നതും, ലോകത്തിലെ മനുഷ്യരെ പാപവിമുക്തരാക്കി നിത്യജീവനു് അർഹരാക്കിത്തീർക്കാൻ സർവ്വശക്തനായ ദൈവത്തിനു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു സ്ത്രീയിൽ നിന്നും ഒരു മകനെ ജനിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു എന്നു് വിശ്വസിക്കുന്നതുമെല്ലാം എനിക്കു് കയ്യെത്തിപ്പിടിക്കാൻ ആവാത്തത്ര ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭ്രാന്തുകളാണു്. അതിനു് കഴിയുന്നവർ ഭാഗ്യവാന്മാരായിരിക്കാം. പക്ഷേ, ആ ഭാഗ്യം നന്ദിപൂർവ്വം നിരസിക്കാനാണു് എനിക്കിഷ്ടം.

ശാസ്ത്രീയമായ കാര്യങ്ങളോടുള്ള മനുഷ്യരുടെ നിലപാടുകൾ അപഗ്രഥനം ചെയ്യാനായി നടത്തുന്ന പഠനങ്ങളിലെല്ലാം ശാസ്ത്രത്തിനോടു് സാധാരണ ജനങ്ങൾക്കുണ്ടാവുന്ന അനുകൂലമനോഭാവത്തിനു് പിന്നിലെ ഒരു പ്രധാനഘടകം വിദ്യാഭ്യാസമാണെന്നു് വ്യക്തമായിട്ടുണ്ടു്. എന്തു് കാരണം കൊണ്ടായാലും, വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരും, പൂർത്തിയാക്കാൻ കഴിയാതെ പോയവരും കൂടിയ നിരക്കിൽ അന്ധവിശ്വാസികളായിട്ടാണു് കാണപ്പെടുന്നതു്. താൻ ജീവിക്കുന്ന ലോകത്തിലെ, രാത്രി, പകൽ, കാലാവസ്ഥകൾ മുതലായ പ്രാകൃതമായ പ്രതിഭാസങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നു് അറിയാത്ത ധാരാളം മനുഷ്യർ വികസിതം എന്നു് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ പോലുമുണ്ടു് എന്നതൊരു സത്യമാണു്. യൂറോപ്യൻ കമ്മീഷന്റെ ഔദ്യോഗിക ഏജൻസി ആയ Eurobarometer മുപ്പത്തിരണ്ടു് യൂറോപ്യൻ രാജ്യങ്ങളിൽ 2005-ൽ നടത്തിയ ചില സർവ്വേകളിലെ വിവരങ്ങൾ ചിന്താശേഷിയുള്ള ആരേയും ഞെട്ടിപ്പിക്കേണ്ടതാണു്. അവയിലെ, ജനങ്ങളുടെ ശാസ്ത്രജ്ഞാനത്തിന്റെ നിലവാരം അറിയുന്നതിനുവേണ്ടി തയ്യാറാക്കിയ ചില ചോദ്യങ്ങളും അവയുടെ മറുപടികളും ഒരു ഉദാഹരണമെന്ന നിലയിൽ സ്വയം വെളിപ്പെടുത്തുന്നവയാണു്. ശരി, തെറ്റു്, അറിയില്ല എന്നീ ഉത്തരങ്ങളിൽ ഒന്നു് നൽകേണ്ടിയിരുന്നവയായിരുന്നു ചോദ്യങ്ങൾ. അവയിൽ ചിലതു്:

1. സൂര്യൻ ഭൂമിയെ ചുറ്റുന്നു – ശരി (29%), തെറ്റു് (66%), അറിയില്ല (4%).

2. സൂര്യനെ ചുറ്റാൻ ഭൂമിക്കു് വേണ്ടിവരുന്ന സമയം ഒരു മാസമാണു് – ശരി (17%), തെറ്റു് (66%), അറിയില്ല (16%).

3. എലക്ട്രോണുകൾ ആറ്റങ്ങളേക്കാൾ ചെറുതാണു് – ശരി (46%), തെറ്റു് (29%), അറിയില്ല (25%).

4. ആദിമനുഷ്യർ ദൈനോസൊറുകളുടെ സമകാലീനരാണു് – ശരി (23%), തെറ്റു് (66%), അറിയില്ല (11%).

5. നമ്മൾ ഇന്നു് അറിയുന്നതുപോലുള്ള മനുഷ്യർ പുരാതനകാലത്തെ ജീവികൾ പരിണമിച്ചുണ്ടായതാണു് – ശരി (70%), തെറ്റു് (20%), അറിയില്ല (10%).

7. എല്ലാ റേഡിയോ ആക്റ്റിവിറ്റികളും മനുഷ്യനിർമ്മിതമാണു് – ശരി (27%), തെറ്റു് (59%), അറിയില്ല (14%).

8. നമ്മൾ ജീവിക്കുന്ന ഭൂഖണ്ഡങ്ങൾ ദശലക്ഷക്കണക്കിനു് വർഷങ്ങളായി ചലിച്ചുകൊണ്ടിരിക്കുകയാണു്, ഈ ചലനം ഭാവിയിലും തുടർന്നുകൊണ്ടിരിക്കും – ശരി (87%), തെറ്റു് (6%), അറിയില്ല (8%).

9. ലേസറുകൾ പ്രവർത്തിക്കുന്നതു് ശബ്ദതരംഗങ്ങളെ ഫോക്കസ്‌ ചെയ്യിച്ചുകൊണ്ടാണു് – ശരി (26%), തെറ്റു് (47%), അറിയില്ല (28%).

10. അമ്മയുടെ ജീനുകളാണു് കുട്ടി ആണോ പെണ്ണോ എന്നു് തീരുമാനിക്കുന്നതു് – ശരി (20%), തെറ്റു് (64%), അറിയില്ല (16%).

ഭൂരിപക്ഷം പേരും ശരിയായ ഉത്തരങ്ങളാണു് പറഞ്ഞതെന്നതു് (ബോൾഡ്‌ ആക്കിയിരിക്കുന്നവ) ആശ്വാസദായകമാണെങ്കിലും, യൂറോപ്യൻ സമൂഹങ്ങളിൽ ശരാശരി 29 ശതമാനം പേർ സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നും, 17 ശതമാനം പേർ സൂര്യനെ ചുറ്റാൻ ഭൂമിക്കു് വേണ്ടിവരുന്ന സമയം ഒരു മാസമാണെന്നുമൊക്കെ വിശ്വസിക്കുന്നുവെങ്കിൽ അതു് കണ്ടില്ലെന്നു് നടിച്ചു് അവഗണിക്കാവുന്ന ഒരു കാര്യമല്ല. ഈ സർവ്വേകളുടെ രാജ്യം തിരിച്ചുള്ള ഫലവും ലഭ്യമാണു്. യൂറോപ്യൻ യൂണിയനിലെ അംഗത്വത്തിനുവേണ്ടി ശ്രമിക്കുന്ന ടർക്കിയും ഈ പഠനത്തിൽ ഉണ്ടായിരുന്നു. നമ്മൾ ഇന്നു് അറിയുന്നതുപോലുള്ള മനുഷ്യർ പുരാതനകാലത്തെ ജീവികൾ പരിണമിച്ചുണ്ടായതാണെന്നു് ഐസ്ലന്റിലെ 85 ശതമാനം ആളുകൾ വിശ്വസിക്കുമ്പോൾ, ടർക്കിയിൽ അതു് വിശ്വസിക്കുന്നവർ 27 ശതമാനം മാത്രമാണു്. 51 ശതമാനം ടർക്കുകളും 7 ശതമാനം ഐസ്ലന്റുകാരും അതു് തെറ്റാണെന്നു് കരുതുന്നു. തെറ്റോ ശരിയോ എന്നു് നിശ്ചയമില്ലാത്തവർ ടർക്കിയിൽ 22 ശതമാനം, ഐസ്ലന്റിൽ 8 ശതമാനം. പഠനം നടത്തപ്പെട്ട 32 രാജ്യങ്ങളുടെ ലിസ്റ്റിൽ പരിണാമം അംഗീകരിക്കുന്നവരുടെ ഏറ്റവും പിന്നിലും, അംഗീകരിക്കാത്തവരുടെ ഏറ്റവും മുന്നിലുമാണു് ടർക്കിയുടെ സ്ഥാനം. സൃഷ്ടിവാദികളുടെ മെക്കയായ USA ഈ സർവ്വേയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ, ടർക്കിക്കു് നല്ലൊരു എതിരാളിയെ ലഭിക്കുമായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. അവിടെയാണല്ലോ എല്ലാ മാരിവിൽ വർണ്ണങ്ങളിലുമുള്ള സൃഷ്ടിവാദി ബുദ്ധിരാക്ഷസന്മാർ തിങ്ങിപ്പാർക്കുന്നതു്. ചിട്ടപ്രകാരമുള്ള പ്രാർത്ഥനക്കു് ശേഷമല്ലാതെ ഒരു ദൈനംദിനകർമ്മവും ചെയ്യാൻ ധൈര്യപ്പെടാത്ത അറേബ്യൻ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളെ സർവ്വേയിൽ പങ്കെടുപ്പിച്ചിരുന്നെങ്കിൽ അവർ ടർക്കിയേയും അമേരിക്കയേയും തോൽപിച്ചു് തീർച്ചയായും ചാമ്പ്യന്മാരാവുമായിരുന്നു എന്ന കാര്യത്തിനു് മലയാളം ബ്ലോഗ്‌ ലോകത്തിലെ ഓരോ സൃഷ്ടിവാദിയും നിശ്ചയമായും ജാമ്യം നിൽക്കും.

ഭൂമി ഒരുമാസം കൊണ്ടാണു് സൂര്യനെ ചുറ്റുന്നതെന്നു് വിശ്വസിക്കുന്നവർ ഒരു വർഷം എന്നൊക്കെ പറയുമ്പോൾ, അതുകൊണ്ടു് എന്താണാവോ അവർ ഉദ്ദേശിക്കുന്നതു്? യൂറോപ്പിലെ(!) ഒരു പൊതുസ്ഥലത്തു് കാണുന്ന നൂറുപേരിൽ ഇരുപത്തൊൻപതുപേരും സൂര്യൻ ഭൂമിയെ ചുറ്റിയാണു് കറങ്ങുന്നതെന്നു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വിശ്വസിക്കുന്നു! നമ്മൾ ജീവിക്കുന്ന ഈ ലോകത്തെസംബന്ധിച്ച മൗലികമായ അറിവുകൾ പോലും മനുഷ്യരുടെ ദൈനംദിനജീവിതത്തിനു് ആവശ്യമില്ല എന്നാണതിനർത്ഥം. എന്റെ ഒരു പഴയ ലേഖനത്തിൽ എഴുതിയപോലെ, കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി? പക്ഷേ, അതുപോലൊരു ജീവിതം നയിക്കുന്ന ഒരു മനുഷ്യനും, ഇരതേടൽ, ഇണചേരൽ തുടങ്ങിയ പ്രാഥമിക ജീവിതകർമ്മങ്ങൾ മാത്രം നിറവേറ്റി ജീവിതം അവസാനിപ്പിക്കുന്ന ഒരു മൃഗവും തമ്മിൽ എന്താണു് വ്യത്യാസം? ഒരർത്ഥത്തിൽ ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് എന്നു് സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം, മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഒരു ദൈവത്തിന്റെ അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല. മറ്റൊരു ജീവിയും അദൃശ്യമെങ്കിലും താങ്ങാനാവാത്ത തന്റെ “പാപഭാരം” ഇറക്കിവച്ചു് മോക്ഷം നേടിയെടുക്കാനായി തീർത്ഥാടനകേന്ദ്രങ്ങൾ തേടി പോകാറില്ല. മനുഷ്യനൊഴികെ മറ്റൊരു ജീവിയും സ്വന്തം ജീവിതം ആരുടെയെങ്കിലും ഒരു ആദ്യപാപത്തിന്റെ ഫലമെന്നു് വിവക്ഷിക്കാറില്ല. അങ്ങനെ ചെയ്താൽ അതു് സ്വന്തം മാതാപിതാക്കളെ അവഹേളിക്കുന്നതിനു് തുല്യമായ, തന്നെത്താൻ ഒരു “ബാസ്റ്റാർഡ്‌” എന്നു് വിശേഷിപ്പിക്കുന്നതിനു് തുല്യമായ അധമത്വമാണെന്നറിയാനുള്ള “ആത്മബോധം” മറ്റേതൊരു ജീവിക്കുമുണ്ടു്. മനുഷ്യനൊഴികെ മറ്റൊരു ജീവിയും കുറ്റബോധത്തോടെ തന്റെ കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ടി വരത്തക്കവിധം ലൈംഗികതയെപ്പറ്റി വികലമനസ്സുകളിൽ രൂപമെടുത്ത ആത്മീയകാളകൂടം പിൻതലമുറകളുടെ തലയിലേക്കു് ബാല്യത്തിലേ കുത്തിവയ്ക്കാറില്ല. ലോകത്തിലെ എല്ലാ ജീവികളും, സസ്യങ്ങൾ പോലും, ജീവന്റെ സൗന്ദര്യം അതിന്റെ മൂർദ്ധന്യത്തിലെത്തുന്ന യൗവനത്തെ, തോമാസ്‌ അക്വീനാസിന്റെ മാതൃകയിൽ, പിശാചിന്റെ പരീക്ഷണങ്ങൾ എന്നു് വ്യാഖ്യാനിച്ചു് ആട്ടിയോടിക്കാറില്ല. മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഇഹലോകത്തെ ത്യജിച്ചും പുച്ഛിച്ചും പരലോകത്തിനുവേണ്ടി ജീവിക്കാറില്ല. മനുഷ്യനൊഴികെ മറ്റൊരു ജീവിയും നൽകാനാവാത്ത പരലോകവും അതിലെ സുഖങ്ങളും വാഗ്ദാനം ചെയ്തു് ഇഹലോകത്തിൽ സുഖജീവിതം നയിക്കുന്ന ചൂഷകരെ ആരാധ്യപുരുഷരായി തലയിൽ ചുമന്നുകൊണ്ടു് നടക്കാൻ മാത്രം വിഡ്ഢികളാവാറില്ല. ഒരു വന്യമൃഗവും സ്വന്തവർഗ്ഗത്തെ ഇരയെന്നപോലെയോ, വിശ്വാസത്തിന്റെ പേരിലോ വേട്ടയാടാറില്ല.

എന്തുകൊണ്ടു് മനുഷ്യർ മാത്രം ഇതൊക്കെ ചെയ്യുന്നു? മനുഷ്യരിൽ തലമുറകളിലൂടെ സൃഷ്ടിച്ചെടുത്ത ദൈവഭയമാണതിനു് പിന്നിൽ. മാതാപിതാക്കളിൽ നിന്നും മക്കളിലേക്കു് ഇടതടവില്ലാതെ പകർന്നുകൊടുക്കപ്പെടുന്ന ദൈവവിശ്വാസം എന്ന രോഗത്തിന്റെ വൈറസിൽ നിന്നാണതിന്റെ തുടക്കം. അദൃശ്യനായ ഏതോ ഒരു വലിയ ശക്തി തന്റെ ഓരോ ചലനങ്ങളും കണ്ണിമയ്ക്കാതെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന “പാരനോയ”, അതാണു് ആ രോഗം. ആ ശക്തി തന്നെ വിടാതെ വിടാതെ പിൻതുടരുകയാണെന്ന ചികിത്സയില്ലാത്ത ഒരുതരം പെർസിക്യൂഷൻ മേനിയ! അജ്ഞാതമായിരുന്ന പ്രകൃതിരഹസ്യങ്ങൾക്കു് പിന്നിൽ സങ്കൽപിക്കപ്പെട്ടതും, പിൽക്കാലത്തു് പൗരോഹിത്യം എന്ന ചൂഷകവർഗ്ഗം ഏറ്റെടുത്തു് എല്ലാ മാനുഷികപ്രശ്നങ്ങളുടെയും പരിഹാരി എന്നു് ചാപ്പകുത്തി ചില്ലുകൂട്ടിലടച്ചതുമായ ദൈവം എന്ന മിഥ്യാശക്തി മനുഷ്യനിൽ നിന്നും അവന്റെ യുക്തിബോധത്തെ പിഴുതെറിയുന്നു. ലോകം കണ്ടതിൽ വച്ചു് ഏറ്റവും മികച്ചതും, മനുഷ്യർ പ്രകൃത്യാ ഭാഗ്യാന്വേഷികളാണെന്നതിനാൽ മിക്കവാറും ഒരിക്കലും നശിപ്പിക്കാനാവാത്തതും, പഴക്കം കൊണ്ടു്, വ്യഭിചാരത്തിനുമാത്രം കിടപിടിക്കാനാവുന്നതുമായ ഒരു ഒന്നാം നമ്പർ കച്ചവടതന്ത്രം, അതാണു് ദൈവവിശ്വാസം. തലച്ചോറു് കത്തിപ്പോകാത്ത ഏതൊരു മനുഷ്യന്റേയും കാഴ്ചപ്പാടിൽ, ഇഹലോകജീവിതത്തിനു് എന്തെങ്കിലും ഒരു ലക്ഷ്യമുണ്ടെങ്കിൽ അതു് ഇഹലോകജീവിതം മാത്രമാവാനേ കഴിയൂ. ഒരു ജീവിയുടേയും ജീവിതലക്ഷ്യം മരണമോ മരണാനന്തരജീവിതമോ അല്ല. മനുഷ്യനൊഴികെ മറ്റേതൊരു ജീവിക്കും അതൊരു ചർച്ചാവിഷയമേ അല്ല എന്നു് ചുറ്റുപാടും ഒന്നു് കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. മനുഷ്യനുമാത്രം ഈ ജീവിതമല്ല, മരണാനന്തരജീവിതമാണു് ജീവിതലക്ഷ്യം! ചത്തുകഴിഞ്ഞിട്ടുള്ള ജീവിതത്തിനു് എന്റെ നിഘണ്ടുവിൽ കാണുന്ന അർത്ഥം ഭ്രാന്തു് എന്നാണു്. ഒരു കിത്താബും കക്ഷത്തിൽ വച്ചു് “ലോകാവസാനം ഇതാ അടുത്തിരിക്കുന്നു” എന്നും പറഞ്ഞു് മനുഷ്യരെ മാനസാന്തരപ്പെടുത്താൻ കവലകൾ തോറും ചുറ്റിത്തിരിയുന്ന, വീടുകൾ തോറും കയറിനിരങ്ങുന്ന അഭിശപ്തജന്മങ്ങളിൽ കൂടിയ ഒരു തെളിവു് മനുഷ്യരെ സൃഷ്ടിച്ചതു് ഒരു ദൈവമല്ല എന്നതിനു് എനിക്കാവശ്യമില്ല. അവരെപ്പോലുള്ള മനുഷ്യരെ സൃഷ്ടിച്ചതു് ഒരു ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മനുഷ്യരെപ്പറ്റി എന്തറിയാം, ഈ ലോകത്തെപ്പറ്റി എന്തറിയാം?

പരിണമിച്ചു് ഉണ്ടായതുകൊണ്ടാണോ എന്നെനിക്കറിയില്ല, സൃഷ്ടിവാദികളിൽ പലപല “ഫീനോടൈപ്പുകൾ” ലഭ്യമാണു്. ഓരോരുത്തർക്കും അവരുടേതായ “പ്രത്യയശാസ്ത്രങ്ങൾ” ഉണ്ടു്. Young Earth creationism, Gap creationism, Day-Age creationism, Progressive creationism, Intelligent design എന്ന പലതരം ഗുഹകളിലായി സ്വർഗ്ഗം കാത്തുകഴിയുന്ന ഈ ജീവികളെ കാണാനാവും. ഈ വിഭാഗങ്ങളെല്ലാംതന്നെ ക്രൈസ്തവ വേരുകൾ ഉള്ളവയാണു്. ഇവരിൽ ചിലരുമായി സഹകരിച്ചു് ഒരു കൂട്ടുകൃഷി എന്ന രീതിയിൽ ഇസ്ലാമികലോകത്തിൽ ക്രിയേഷനിസം കഥകളി ആട്ടക്കഥ അവതരിപ്പിക്കുന്ന ഒരു മാന്യദേഹമാണു് Harun Yahya എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന Adnan Oktar എന്ന ടർക്കിക്കാരൻ. അദ്ദേഹം ഒരു നടയ്ക്കു് പോകുന്ന ടൈപ്പല്ല എന്നതിനാൽ തത്കാലം ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ ക്രിയേഷണലിസത്തിലേക്കു് നമുക്കു് വഴിയേ വരാം.

ഇവരിൽ അധികപങ്കും ബൈബിളിലെ ഉൽപത്തിപ്പുസ്തകത്തിന്റെ ആരംഭത്തിൽ വർണ്ണിച്ചിരിക്കുന്ന പ്രപഞ്ചസൃഷ്ടിയിൽ അധിഷ്ഠിതമായ ക്രിയേഷനിസത്തിൽ വിശ്വസിക്കുന്നവരാണു്. ഓരോരുത്തർക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ടു് എന്നതു് മാത്രമാണു് വ്യത്യാസം. ഓരോ വിഭാഗവും എഴുതുന്നതും പറയുന്നതും അവരുടേതായ അനുയായികളെ ലക്ഷ്യം വച്ചാണു്. പ്രപഞ്ചത്തിന്റെ ആരംഭവും, പ്രാപഞ്ചികശക്തികളുമെല്ലാം ഇഴകീറി മനസ്സിലാക്കുവാൻ ലോകത്തിൽ എത്രയോ ശാസ്ത്രജ്ഞർ ഇന്നു് വിശ്രമമില്ലാതെ പരിശ്രമിക്കുന്നുണ്ടു്. അതിനുവേണ്ടി ഗണ്യമായ ഒരു തുകയും ചിലവഴിക്കപ്പെടുന്നുണ്ടു്. പൊതുവായ ഒരു അവലോകനം തന്നെ അസാദ്ധ്യമാണെന്നു് തോന്നുംവിധം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചാരംഭവും ജീവജാലങ്ങളുടെ രൂപമെടുക്കലുമെല്ലാം ബൈബിൾ വെറുമൊരു അദ്ധ്യായത്തിൽ ഒതുക്കി. എഴുത്തുകാരനു് വേണമെങ്കിൽ അതു് പിന്നെയും ചുരുക്കി ഒരു വാചകത്തിൽ ഒതുക്കാമായിരുന്നു. കാണുന്നതും കാണപ്പെടാത്തവയുമായ എല്ലാം “ഉണ്ടാകട്ടെ” എന്ന ഒരൊറ്റ കൽപന വഴി ദൈവം സൃഷ്ടിച്ചു എന്ന ഒരു വാചകത്തിൽ പണി തീരുമായിരുന്നു. ബൈബിൾ എഴുത്തുകാരനു് പ്രപഞ്ചസൃഷ്ടിയെപ്പറ്റി ഉണ്ടായിരുന്ന “ശാസ്ത്രീയജ്ഞാനം” ഒരദ്ധ്യായത്തിൽ ഒതുക്കാനാവുന്നതായിരുന്നു. അതു് അവൻ വടിവൊത്ത അക്ഷരങ്ങളിൽ എഴുതി വയ്ക്കുകയും ചെയ്തു. ഗ്യാലക്സിയോ, സ്യൂപ്പർനോവയോ, കോണ്ടിനെന്റൽ ഡ്രിഫ്റ്റോ, വൈറസോ, ബാക്റ്റീരിയയോ ഒന്നും അവന്റെ ലോകത്തിൽ ഉണ്ടായിരുന്നില്ല. ഒന്നാമദ്ധ്യായത്തിൽത്തന്നെ ഒരായിരം അബദ്ധങ്ങളും ഉത്തരങ്ങളിലേറെ ചോദ്യങ്ങളും കുത്തിനിറച്ചിരിക്കുന്ന സ്ഥിതിക്കു് അവൻ ഒരു തികഞ്ഞ ക്രിയേഷനിസ്റ്റ്‌ ആയിരുന്നെന്നു് ഉറപ്പിക്കാം.

ബൈബിളിലെ ഉൽപത്തിപ്പുസ്തകത്തിലെ ഒന്നാം അദ്ധ്യായം അതെഴുതിയിരിക്കുന്നതുപോലെ നമുക്കൊന്നു് വായിച്ചുനോക്കാം. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതു് വാക്യങ്ങളുടെ നമ്പറുകളാണു്: ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു് ദൈവം കൽപിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു് എന്നു് ദൈവം കണ്ടു. ദൈവം ഇരുളും വെളിച്ചവും തമ്മിൽ വേർപിരിച്ചു. ദൈവം വെളിച്ചത്തിനു് പകൽ എന്നും ഇരുളിനു് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം. (1-5)

എന്താണിവിടെ സംഭവിച്ചതു്? വെളിച്ചവും, നമ്മൾ തുടർന്നു് കാണാൻ പോകുന്നപോലെ, മറ്റെല്ലാ വസ്തുക്കളും ദൈവം സൃഷ്ടിക്കുന്നതു് “ഉണ്ടാകട്ടെ” എന്നപോലുള്ള വാമൊഴികളാലാണു്. ആകാശവും ഭൂമിയും സൃഷ്ടിക്കാൻ മാത്രം ദൈവം അതുപോലെ വാമൊഴി ഒന്നും ഉപയോഗിക്കുന്നില്ല. അവിടെ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന സ്വന്തം അഭിപ്രായം എഴുത്തുകാരൻ തിരുകുക മാത്രം ചെയ്യുന്നു. അതുപോലെ, താൻ സൃഷ്ടിക്കുന്നതെല്ലാം നല്ലതു് എന്നു് കാണുന്ന ദൈവം സൃഷ്ടിച്ച ഭൂമി മാത്രം നല്ലതായിരിക്കേണ്ടതിനു് പകരം പാഴും ശൂന്യവുമായിരിക്കുന്നു! ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു് ദൈവം കൽപിക്കുകയും, ഉണങ്ങിയ നിലത്തിനു് ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു് സമുദ്രം എന്നും പേരിടുകയും (9, 10) ചെയ്യുന്നതു് മൂന്നാം ദിവസമാണു്. മൂന്നാം ദിവസം മാത്രം പേരു് ലഭിക്കുന്ന ഭൂമിയെ ആദിയിൽ ദൈവം സൃഷ്ടിച്ചു എന്നു് എഴുത്തുകാരൻ അവകാശപ്പെടുന്നതെങ്ങനെ? പോരെങ്കിൽ, പേരു് പ്രകാരം ഭൂമി എന്നതുകൊണ്ടു് ദൈവം ഉദ്ദേശിക്കുന്നതു് ഉണങ്ങിയ നിലമാണു്. ആദിയിൽ സൃഷ്ടിച്ചതും പാഴും ശൂന്യവുമായിരുന്നതുമായ ഭൂമി എന്നതും, മൂന്നാം ദിവസം ദൈവംതന്നെ ഭൂമി എന്നു് പേരുനൽകി വിളിക്കുന്ന ഉണങ്ങിയ നിലവും രണ്ടും ഒന്നാവുകയില്ലല്ലോ. ആകാശത്തിൻ കീഴുള്ള ജലം ഒരു സ്ഥലത്തു് കൂട്ടിയതിനുശേഷം മാത്രമാണു് ഭൂമി എന്നു് വിളിക്കപ്പെടാനായി ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടുന്നതുതന്നെ. പാഴും ശൂന്യവുമായിരുന്ന ഭൂമിയിൽ എവിടെനിന്നെന്നറിയില്ല, വെള്ളവും വേണ്ടുവോളം ഉണ്ടായിരുന്നു. ആ വെള്ളത്തിന്മീതെ ദൈവത്തിന്റെ ആത്മാവു് പരിവർത്തിച്ചുകൊണ്ടിരുന്നു. (എവൊല്യൂഷനിസ്റ്റുകൾ സൃഷ്ടിവാദികളെപ്പോലെ നാണമില്ലാത്തവർ ആയിരുന്നെങ്കിൽ, ഈ “പരിവർത്തനത്തെ” പരിണാമത്തിന്റെ ആരംഭഘട്ടമായി വ്യാഖ്യാനിക്കാൻ മടിക്കുമായിരുന്നില്ല. ജീവൻ രൂപമെടുത്തതും വെള്ളത്തിൽ ആയിരുന്നല്ലോ.)

അതുകൊണ്ടു് തീർന്നില്ല സൃഷ്ടിചരിതം. സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ഇവയെല്ലാം സൃഷ്ടിക്കപ്പെടുന്നതു് നാലാം ദിവസമാണെങ്കിലും (14-19), ഒന്നാം ദിവസം തന്നെ ദൈവം വെളിച്ചത്തെ വാമൊഴികൊണ്ടു് സൃഷ്ടിക്കുക മാത്രമല്ല, വെളിച്ചവും ഇരുളും തമ്മിൽ വേർപിരിക്കുകയും ചെയ്യുന്നു! സൂര്യൻ ഉണ്ടാവുന്നതിനുമുൻപേതന്നെ ഭൂമിയിൽ വെളിച്ചവും ഇരുളും തമ്മിൽ വേർപിരിക്കപ്പെട്ടു എന്നു് സാരം. ഇത്രയും ചെയ്തുതീർത്ത സ്ഥിതിക്കു് അവയ്ക്കു് പേരുകൂടി നൽകണമെന്നറിയാമായിരുന്ന ദൈവം വെളിച്ചത്തിനു് പകൽ എന്നും ഇരുളിനു് രാത്രി എന്നും പേരു് നൽകിയശേഷം ഒന്നാം ദിവസത്തെ പണി നിർത്തുന്നു. അതോടെ സന്ധ്യയായി, പിന്നെ ഉഷസ്സായി , അങ്ങനെ ഒന്നാമത്തെ ദിവസവുമായി. ഈവിധം, ഭൂമിയിൽ രാവും പകലും ദിവസങ്ങളും ഉണ്ടാവാൻ സൂര്യന്റെ പോലും ആവശ്യമില്ലാത്ത തരത്തിൽപ്പെട്ട ദൈവികമായ പ്രപഞ്ചസൃഷ്ടിയെ പ്രതിനിധീകരിക്കുന്ന ശാസ്ത്രീയമായ തത്വസംഹിതയാണു് ക്രിയേഷനിസം!

സൃഷ്ടിയുടെ ദിനങ്ങൾ തീർന്നില്ല, ഇനിയും പലതും സൃഷ്ടിക്കപ്പെടാനുണ്ടു്.

(തുടരും)

 
1 Comment

Posted by on Feb 1, 2011 in മതം

 

Tags: , , ,

എവൊല്യൂഷനും സൃഷ്ടിവാദികളും

ആർട്ടിഫിഷ്യൽ സെലക്ഷൻ വഴി വളർത്തുമൃഗങ്ങളിലും സസ്യങ്ങളിലുമെല്ലാം പരിണാമം സംഭവിപ്പിക്കാനാവുമെന്നു് നമുക്കറിയാം. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൾകൊണ്ടു് വളർത്തുമൃഗങ്ങളിലും, (പ്രത്യേകിച്ചും നായ്ക്കളിൽ) വളർത്തുപക്ഷികളിലും, പച്ചക്കറിവർഗ്ഗങ്ങളിലുമെല്ലാം മനുഷ്യനിയന്ത്രണത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ എവൊല്യൂഷൻ കാണാതിരിക്കാനാവില്ലല്ലോ. ആരംഭകാലങ്ങളിൽ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ആഹാരത്തിനായി ചുറ്റിത്തിരിയാൻ തുടങ്ങിയ ചെന്നായ്ക്കളെ കാലക്രമേണയാണു് മനുഷ്യർ വളർത്തുമൃഗങ്ങൾ ആക്കി മാറ്റിയെടുത്തതു്. അവയിൽ നിന്നും ബ്രീഡിംഗ്‌ വഴി വളർത്തിയെടുക്കപ്പെട്ട, അങ്ങേയറ്റം വ്യത്യസ്തമായ നൂറുകണക്കിനു് ശ്വാനവർഗ്ഗങ്ങൾ ഇന്നു് നിലവിലുണ്ടു്. എത്രയോ പശുക്കുട്ടികൾ കുടിച്ചാലും തീരാത്തത്ര പാലു് സാധാരണയിലും കൂടിയ കാലത്തേക്കു് ഉൽപാദിപ്പിക്കാൻ കഴിയുന്നവിധത്തിൽ പശുക്കളുടെ അകിടിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതും നമ്മൾ കാണുന്നുണ്ടു്. തത്വത്തിൽ, ഈ വിധത്തിലുള്ള പരിണാമങ്ങൾ ഓരോന്നും മനുഷ്യരിലും സാദ്ധ്യമാവുന്നവയാണു്. കാബേജ്‌ മുതലായ പച്ചക്കറികൾ, റോസ്‌, ഓർക്കിഡ്‌ തുടങ്ങിയ പൂവുകൾ ഇവയിലെല്ലാം അപൂർവ്വമായ ഇനങ്ങൾ സൃഷ്ടിച്ചെടുക്കാൻ മനുഷ്യനു് കഴിഞ്ഞിട്ടുണ്ടെന്നതും ഇന്നു് ഒരു ദൈനംദിനാനുഭവമാണു്. ആർട്ടിഫിഷ്യൽ സെലക്ഷൻ വഴിയുള്ള പരിണാമത്തിന്റെ അനേകം ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണിവ. ഈ വസ്തുതകളെല്ലാം തെളിയിക്കുന്നതു് എവൊല്യൂഷൻ എന്നതു് ഒരു കെട്ടുകഥയല്ല, പ്രായോഗികമായി നമ്മുടെ കണ്മുന്നിൽത്തന്നെ സാദ്ധ്യമാവുന്ന ഒരു കാര്യമാണെന്നല്ലാതെ മറ്റെന്താണു്? ഇവിടെയെല്ലാം എവൊല്യൂഷനു് വേണ്ടി കൃത്രിമമായി സെലക്ഷൻ നടത്തുന്നതു് മനുഷ്യരാണെങ്കിൽ, നാച്യുറൽ സെലക്ഷൻ വഴിയുള്ള എവൊല്യൂഷനിൽ മനുഷ്യന്റെ സ്ഥാനം പ്രകൃതി ഏറ്റെടുക്കുന്നു എന്ന ഒരു വ്യത്യാസമേയുള്ളു. ഹോബി ആയോ, ബിസിനസ്‌ ലക്ഷ്യമാക്കിയോ മനുഷ്യരുടെ മേൽനോട്ടത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനും, അത്തരം സ്വാർത്ഥമായ താത്പര്യങ്ങളൊന്നുമില്ലാതെ, സര്‍വൈവലിനു് യോഗ്യമായവ പ്രോത്സാഹിപ്പിക്കപ്പെടുന്ന പ്രകൃതിസഹജതയായ നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അവ രണ്ടും സംഭവിക്കാൻ വേണ്ടിവരുന്ന കാലദൈർഘ്യമാണു്. ഉദാഹരണത്തിനു്, നായ്ക്കളുടെ കാര്യത്തിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള പരിണാമങ്ങൾ സംഭവിപ്പിച്ചു് നൂറുകണക്കിനു് വ്യത്യസ്ത ഇനങ്ങളെ സൃഷ്ടിക്കാൻ മനുഷ്യനു് ഏതാനും നൂറ്റാണ്ടുകളിലെ പരിശ്രമമേ വേണ്ടിവന്നുള്ളു. അതേസമയം, നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിൽ, പൊതുവായ ഒരു പൂർവ്വികനിൽനിന്നും വ്യത്യസ്ത സ്പീഷിസ്‌ പരിണമിച്ചുണ്ടാവാൻ വേണ്ടിവരുന്നതു് ലക്ഷക്കണക്കിനു് വർഷങ്ങളാണു്.

എവൊല്യൂഷനിൽ വിശ്വസിക്കാത്ത ക്രിസ്തീയവിശ്വാസികൾക്കുവേണ്ടി ബൈബിളിൽ നിന്നുതന്നെ ഒരു “ആർട്ടിഫിഷ്യൽ സെലക്ഷൻ” കഥ: അൽപം വ്യത്യസ്തമായ രീതിയിലാണെങ്കിലും, കൃത്രിമമായ സെലക്ഷൻ വഴി വരയും പുള്ളിയുമുള്ള ആടുകളെ മാത്രം ജനിപ്പിക്കുന്ന തന്ത്രം ബൈബിളിലും വർണ്ണിക്കുന്നുണ്ടു്. കൗശലക്കാരനായ പുരാതനപിതാവു് യാക്കോബ്‌ അവന്റെ സൂത്രക്കാരനായ അമ്മായപ്പൻ ലാബാൻ തന്റെ പങ്കു് ആടുകളെക്കൂടി ഒപ്പിച്ചെടുക്കാതിരിക്കാനായി ഒരിക്കൽ ഒരു ഉടമ്പടി ഉണ്ടാക്കുന്നു: ചെമ്മരിയാടുകളിൽ കറുത്തവയൊക്കെയും, കോലാടുകളിൽ പുള്ളിയും മറവുമുള്ളവയൊക്കെയും തന്റെ പ്രതിഫലവും ബാക്കിയുള്ളവയെല്ലാം അമ്മായപ്പനുള്ളവയും ആയിരിക്കും. പിന്നീടു് പങ്കുവയ്ക്കുമ്പോൾ, തന്റെ പങ്കിൽ അങ്ങനെയല്ലാത്തവയെ കണ്ടാൽ അവ മോഷ്ടിക്കപ്പെട്ടവയാണെന്നു് കരുതാം. ഈ രണ്ടു് ഗ്രൂപ്പും തമ്മിൽ മൂന്നു് ദിവസത്തെ അകലമുണ്ടായിരിക്കും. ഈ ഉടമ്പടി രണ്ടുപക്ഷവും അംഗീകരിക്കുന്നു. തന്റെ ആടുകളെല്ലാം ഇപ്പറഞ്ഞ ഗുണങ്ങൾ ഉള്ളവയായി ജനിക്കുന്നതിനു് യാക്കോബ്‌ ചെയ്തതായി പറയുന്ന കാര്യങ്ങളെ മുഖവിലയ്ക്കെടുക്കാതെ, ഇന്നത്തെ ബുദ്ധിയുപയോഗിച്ചു് പ്രായോഗികമായി ചിന്തിച്ചാൽ, ഇവിടെ നമുക്കു് കാണാൻ കഴിയുന്നതു് ഒരു പ്രത്യേക ഇനം ആടുകളെ ജനിപ്പിക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന ആർട്ടിഫിഷ്യൽ സെലക്ഷനല്ലാതെ മറ്റൊന്നുമല്ല. താത്പര്യമുള്ളവർക്കു് ഉൽപത്തിപ്പുസ്തകം മുപ്പതാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിൽ ഈ ഭാഗം വിശദമായി വായിക്കാം. ഏതാനും ദശകങ്ങൾ മാത്രം പ്രായമുള്ള ഒരു ശാസ്ത്രശാഖയാണു് ജെനറ്റിക്സ്‌ എന്നതിനാൽ, യാക്കോബിന്റെ കഥയിലെന്നപോലെതന്നെ, ചുരുക്കം നൂറ്റാണ്ടുകൾക്കു് മുൻപു് നായ്ക്കളെ ബ്രീഡ്‌ ചെയ്യാൻ ആരംഭിച്ചവരും ജെനറ്റിക്സ്‌ വിദഗ്ദ്ധർ ഒന്നുമായിരുന്നില്ല.

മനുഷ്യനും കുരങ്ങും ഒരു പൊതുവായ പൂർവ്വികനിൽ നിന്നും വരുന്നു എന്നു് കേൾക്കുമ്പോൾ, സാമാന്യബുദ്ധിയിൽ അതു് അവിശ്വസനീയമായി നമുക്കു് തോന്നുന്നുവെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം, ഈ മാറ്റത്തിനു് വേണ്ടിവരുന്ന ദശലക്ഷക്കണക്കിനു് വർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വസ്തുത കാണാനുള്ള നമ്മുടെ സ്വാഭാവികമായ കഴിവുകേടാണു്. ഇന്നത്തെ അവസ്ഥയിൽ, ഏറിയാൽ എൺപതോ തൊണ്ണൂറോ വർഷങ്ങൾ മാത്രം ആയുസ്സുള്ള മനുഷ്യന്റെ സാമാന്യചിന്തക്കു് ഉൾക്കൊള്ളാനാവുന്നതല്ല അനേക ലക്ഷവും കോടിയും വർഷങ്ങളിലൂടെ ജീവിവർഗ്ഗങ്ങളിൽ നടന്ന പരിണാമങ്ങൾ. ഭൂമിയിലെ അതിജീവനത്തിനുവേണ്ടി ഇരതേടുക, ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയുക, ഇണയെ കണ്ടെത്തുക മുതലായ ലക്ഷ്യങ്ങൾ സാദ്ധ്യമാവുന്നതിനാണു് ഇന്ദ്രിയങ്ങളും ബുദ്ധിയുമെല്ലാം, മറ്റേതൊരു ജീവിയിലുമെന്നപോലെതന്നെ, മനുഷ്യരിലും എവൊല്യൂഷൻ വഴി രൂപമെടുത്തതു്. അതുകൊണ്ടുതന്നെയാണു്, ആണവികതലത്തിൽ എന്തു് സംഭവിക്കുന്നു എന്നോ, ആകാശത്തിനുമപ്പുറമുള്ള ലോകത്തിൽ/ലോകങ്ങളിൽ എന്തു് സംഭവിക്കുന്നു എന്നോ അറിയാനുള്ള ശേഷി നൽകുന്ന ഇന്ദ്രിയങ്ങളൊന്നും മനുഷ്യർക്കില്ലാതെ പോയതു്. ഈ രണ്ടു് മൈക്രോ-മാക്രോ ലോകങ്ങൾക്കിടയിൽ, ഡോക്കിൻസിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരുതരം മധ്യലോകവാസികളായി, ഏതാനും ദശാബ്ദങ്ങൾ മാത്രം ചിലവഴിക്കാൻ കഴിയുന്നവരാണു് മനുഷ്യർ. ഭൂമിയിലെ അതിജീവനത്തിനു് അത്തരം കഴിവുകൾ ഒരു ആവശ്യമല്ല. ആയിരുന്നെങ്കിൽ, അവകൂടി എവൊല്യൂഷൻ വഴി നമുക്കു് ലഭിക്കുമായിരുന്നു എന്നു് ചിന്തിക്കുന്നതിൽ തെറ്റുമില്ല.

മനുഷ്യരെ ഒരു ഉന്നത സ്പീഷിസ്‌ ആയി പരിഗണിക്കുന്നതും അങ്ങേയറ്റം പരിഹാസ്യം എന്നേ പറയാനുള്ളു. മനുഷ്യരേക്കാൾ കൂടുതൽ ഇന്ദ്രിയശേഷിയോ കായികശേഷിയോ വേഗതയോ ഒക്കെ ഉള്ള പലതരം ജീവികൾ ലോകത്തിലുണ്ടു്. നാച്യുറൽ സെലക്ഷൻ വഴിയുള്ള എവൊല്യൂഷനിലൂടെ ആ ജീവികൾ കൈവരിച്ച അതിജീവനോപാധികളാണു് അവയുടെ ഈദൃശ കഴിവുകൾ. മനുഷ്യരിലെ ചില വിഭാഗങ്ങൾ അവരെ ഏതോ ഒരു ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തതാണെന്ന പൊങ്ങച്ചഭ്രാന്തിനെ സ്വന്തം മതം സ്ഥാപിച്ചും, ദൈവം നേരിട്ടു് ഇറക്കിക്കൊടുത്ത ഗ്രന്ഥങ്ങൾ പൊക്കിക്കാണിച്ചും ന്യായീകരിക്കാറുള്ളതു് നമ്മൾ കാണാറുണ്ടു്. ഈ ദൈവം തന്നെയാണു് മറ്റു് മനുഷ്യരെ സൃഷ്ടിച്ചതെന്നും അവർതന്നെ പറയുകയും ചെയ്യും! സ്നേഹസ്വരൂപിയായ ഒരു പിതാവു് ഒരു പ്രത്യേക മകന്റെ കുടുംബത്തെ “സ്വന്തം കുടുംബം” എന്നു് വേർതിരിക്കുന്നതിൽ അങ്ങേരെ കുറ്റപ്പെടുത്താനാവുമോ? പ്രപഞ്ചസ്രഷ്ടാവു് എന്നാൽ ഇത്തിരി വലിയ ഒരു ഗോത്രപിതാവു് എന്ന രൂപത്തിൽ കണ്ടിരുന്ന അറേബ്യൻ പെനിൻസുലയിലെ ഒരു പേട്രിയാർക്കൽ കാലഘട്ടത്തിന്റെ ബാക്കിപത്രമാണു് സെമിറ്റിക്‌ മതങ്ങളിൽ ഇന്നു് കാണുന്ന ദൈവം. എവൊല്യൂഷന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, അതുപോലെ ദൈവത്തിന്റെ സ്വന്തം എന്നു് സ്വയം ഉയർത്തി ദൈവത്തിനൊപ്പം തങ്ങളെ പ്രതിഷ്ഠിച്ച ഒരു ജനവിഭാഗം വേണ്ടത്ര കാലം മറ്റു് മനുഷ്യരിൽ നിന്നും വേർപെട്ടു് ഏതെങ്കിലും ഒരു ഒറ്റപ്പെട്ട ദ്വീപിലോ മറ്റോ കഴിഞ്ഞിരുന്നെങ്കിൽ, കുറേ ആയിരം വർഷങ്ങൾ കഴിയുമ്പോഴെങ്കിലും ആ ദ്വീപിനു് വെളിയിലുള്ള മറ്റു് മനുഷ്യസ്പീഷിസുമായി ഇണചേർന്നു് മക്കളെ ജനിപ്പിക്കാൻ കഴിയാത്തവിധം പരിണാമം സംഭവിച്ചു് ഒരുപക്ഷേ അവർ മറ്റൊരു (സ്വാഭാവികമായും അവരുടെ അഭിപ്രായത്തിൽ ഉന്നതമായ!) സ്പെഷ്യൽ സ്പീഷിസ്‌ ആയി മാറിയേനെ! ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മഹത്വമേറിയ ജനം ആയതിനാലാണു് ഞങ്ങൾ നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിൽ എവൊല്യൂഷൻ വഴി “ഹോമിയോ യഹോവാസ്കുസ്‌” എന്നോ “ഹോമിയോ അറാബിസ്കുസ്‌” എന്നോ മറ്റോ പേരിൽ മറ്റൊരു സ്പീഷിസ്‌ ആയി മാറിയതെന്നു് സമർത്ഥിക്കുകയുമാവാം. ആറുദിവസത്തെ അദ്ധ്വാനം കഴിഞ്ഞപ്പോഴേക്കും ഒരു ദിവസം വീട്ടിലിരുന്നു് വിശ്രമിക്കാതെ ഗത്യന്തരമില്ലാത്തവിധം തളർന്നുപോയ ദൈവത്തിനു് മ്യൂട്ടേഷൻ, സെലക്ഷൻ മുതലായ തലവേദനകൾ ഒഴിവായിക്കിട്ടുന്നതിൽ സന്തോഷമേ ഉണ്ടാവാൻ വഴിയുമുള്ളു.

ഇന്ദ്രിയങ്ങൾ വഴി നേരിട്ടു് അറിയാൻ കഴിയാത്ത കാര്യങ്ങളെ ചെറിയചെറിയ ചുവടുകളിലൂടെ കൃത്രിമമായി അറിയാൻ സഹായിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കാൻ മനുഷ്യർക്കു് കഴിഞ്ഞതും, കഴിയുന്നതും പരിണാമം വഴി മനുഷ്യബുദ്ധിക്കു് സംഭവിച്ച പടിപടിയായുള്ള വളർച്ചയുടെ ഫലമായാണു്. ജീവൻ പോലും പണയപ്പെടുത്തേണ്ടി വന്നേക്കാമായിരുന്ന വിധം പ്രതികൂലമായിരുന്ന സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടു് എത്രയോ ശാസ്ത്രജ്ഞർ നൂറ്റാണ്ടുകളിലൂടെ നടത്തിയ വിശ്രമരഹിതമായ പരിശ്രമങ്ങളുടെ ഫലമായാണു് ഇത്രയൊക്കെ പ്രപഞ്ചരഹസ്യങ്ങൾ ലോകം ഇതിനോടകം മനസ്സിലാക്കിയെടുത്തതു്. ആരംഭകാലത്തു് ശാസ്ത്രജ്ഞർക്കു് ചിതയൊരുക്കിയവരുടെ പിന്മുറക്കാർ ഇന്നും പ്രകൃതിശാസ്ത്രങ്ങളെ “യുദ്ധശാസ്ത്രം” എന്നു് വിശേഷിപ്പിക്കുന്നു. അവർത്തന്നെ ഈ ഇളിഭ്യത്തരം കൊട്ടിഘോഷിക്കാൻ ആധുനികസാങ്കേതികവിദ്യകളുടെ സഹായം തേടുന്നു. ഈ ഇരട്ടത്താപ്പിലെ ഉളുപ്പില്ലായ്മ മറച്ചുപിടിക്കാനായി ശാസ്ത്രീയനേട്ടങ്ങൾ തങ്ങളുടേതു് കൂടിയാണെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്നു. പരിതാപകരമായ ഈ ജന്മങ്ങൾ സ്വന്തം വേദഗ്രന്ഥത്തെ ശാസ്ത്രീയമായി ഊനമറ്റതാണെന്നു് വരുത്താൻ യാതൊരു മടിയുമില്ലാതെ അതേ നാവുകൊണ്ടുതന്നെ അതേ “യുദ്ധശാസ്ത്രത്തിന്റെ” കൂട്ടുപിടിക്കുകയും ചെയ്യുന്നു. അവരുടെ മാന്ത്രിക ഏലസ്സ്‌, വിഗ്രഹങ്ങൾക്കു് വട്ടം ചുറ്റൽ, പള്ളിയുടെയും അമ്പലത്തിന്റെയും മുറ്റത്തെ തറയിൽ ഉരുളൽ, മലയിൽ നിന്നു് മലയിലേക്കു് ഓടൽ, ചെകുത്താനെ കല്ലെറിയൽ, ആത്മപീഡനം, മൃഗബലി, നോമ്പു്, മുട്ടുകുത്തൽ, കുരിശുവര, ശീർഷാസനം, ശവാസനം തുടങ്ങിയ, മതവിശ്വാസത്തിനു് വെളിയിലെ ലോകത്തിൽ ആരുചെയ്താലും അവരെ ഉടനെ മനോരോഗാശുപത്രിയിൽ എത്തിക്കേണ്ടവിധം സംശയരഹിതമെന്നു് ആരും സമ്മതിക്കുന്ന മുഴുഭ്രാന്തുകൾ മുഴുവൻ “യുക്തിഭദ്രം” ആണെന്നു് “തെളിയിക്കാൻ” അവർക്കു് ഏറ്റവും ആധുനികമായ ശാസ്ത്രത്തിൽ കുറഞ്ഞതൊന്നും വേണ്ടതാനും.

മനുഷ്യാസ്തിത്വത്തിനു് സംഭവിക്കാവുന്നതിൽ വച്ചു് ഏറ്റവും ദയനീയമായ അധഃപതനത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണു് വിശ്വാസികൾ എന്ന അസാമാന്യ “സ്പീഷിസ്‌”. ഏതു് സ്പീഷിസും സ്വന്തം വീഴ്ചയിൽ നിന്നും ഏതു് വിധേനയും കരകയറാൻ ശ്രമിക്കുമ്പോൾ, വിശ്വാസിവർഗ്ഗം അവർ സ്വയം ഏറ്റെടുക്കുന്ന അടിമത്വത്തിന്റെ ചെളിക്കുഴിയിൽ കിടന്നു് ആർപ്പുവിളിക്കുന്നതിലും വഴിപോക്കരെ ചെളിവാരി എറിയുന്നതിലും അങ്ങേയറ്റം സായൂജ്യം അനുഭവിക്കുന്നവരാണു്. കാരണം, അവരുടെ കാഴ്ചപ്പാടിൽ, അവർ ഈ ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ല, സ്വർഗ്ഗരാജ്യമാണു് അവരുടെ ലോകം. അങ്ങോട്ടേക്കുള്ള യാത്രാമദ്ധ്യേ ചില പ്രാർത്ഥനകളും പൂജകളും മറ്റുചില തരികിടകളും അർപ്പിക്കുന്നതിനായി അവർ ഈ ഭൂമിയിൽ കുറച്ചുനാൾ തങ്ങുന്നു എന്നുമാത്രം. സാധാരണ മനുഷ്യർക്കു് ഗണിതശാസ്ത്രം എന്നപോലെ, തർക്കശാസ്ത്രമാണു് അവരുടെ മാതൃശാസ്ത്രം. എന്തിനെപ്പറ്റിയാണു് തർക്കിക്കുന്നതു് എന്നുപോലുമറിയാതെയാണു് തർക്കിക്കുന്നതെന്നു് മാത്രം. ഒരു സൃഷ്ടിവാദി വാദപ്രതിവാദങ്ങളിൽ ഉപയോഗിക്കുന്ന ശാസ്ത്രീയപദങ്ങൾ ശ്രദ്ധിച്ചാൽ, ശാസ്ത്രവുമായി ബന്ധമുള്ള ആർക്കും ഇക്കൂട്ടരുടെ “ശാസ്ത്രജ്ഞാനം” മനസ്സിലാക്കാനാവും. ശാസ്ത്രീയപ്രതിഭാസങ്ങളുടെ കടിച്ചാൽ പൊട്ടാത്ത കുറേ നാമങ്ങൾ ഏതെങ്കിലും സൃഷ്ടിവാദവെബ്‌സൈറ്റിൽ നിന്നും പകർത്തിവയ്ക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എവൊല്യൂഷനെപ്പറ്റി ചർച്ച ചെയ്യുമ്പോൾ എവൊല്യൂഷനായിരിക്കണം വിഷയം. സൃഷ്ടിവാദത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ സൃഷ്ടിവാദമായിരിക്കണം വിഷയം. എവൊല്യൂഷനെ തെറിപറഞ്ഞാൽ സൃഷ്ടിവാദത്തിന്റെ തെളിവാവുകയില്ല. അതുവഴി വെറുതെ പടർപ്പിൽ തല്ലി കുറെ ബഹളമുണ്ടാക്കാമെന്നുമാത്രം. തെർമോഡൈനാമിക്സിലെ രണ്ടാം നിയമം എന്നോ, ഫ്രീഡ്മാൻ ഗ്രാഫിൽ എവിടെയോ ഒരു പൂജ്യമുണ്ടെന്നോ ഒക്കെ തട്ടിവിടാൻ എളുപ്പമാണു്. ചിയർ ഗേൾസിനെ തൃപ്തിപ്പെടുത്താൻ അതു് ധാരാളം മതിതാനും. പക്ഷേ, എന്താണു് തെർമോഡൈനാമിക്സ്‌, എന്താണു് ഫ്രീഡ്മാൻ ഗ്രാഫ്‌ മുതലായ കാര്യങ്ങൾ പണ്ഡിതനായ ഒരു ഫിസിസിസ്റ്റുമായി ചർച്ച ചെയ്യാൻ അത്തരം ചപ്പടാച്ചികൾ ഒന്നും പോരാ. മലയാളം ബ്ലോഗുലകത്തിലെ ഏതെങ്കിലുമൊരു സൃഷ്ടിവാദിക്കു് തന്റേടമുണ്ടോ അവൻ എഴുതിവിടുന്ന ശാസ്ത്രീയ പദങ്ങളെ അധികരിച്ചു് ശാസ്ത്രീയമായ അടിത്തറയോടെ ഒരു ലേഖനമെഴുതാൻ? ശാസ്ത്രം എന്ന ലേബലിൽ എഴുതിവിടുന്ന നോവലുകളല്ല ഞാനുദ്ദേശിക്കുന്നതു്. അത്തരം ചാപിള്ളകൾക്കു് പഞ്ഞമൊന്നുമില്ല എന്നു് എനിക്കുമറിയാം. ഒരു സൃഷ്ടിവാദിയുമായി ചർച്ച ചെയ്യാൻ ഒരുമാതിരി വിലയും നിലയുമുള്ള ഒരു ശാസ്ത്രജ്ഞനും വരില്ല എന്ന ഉറപ്പുമൂലം തട്ടിക്കൂട്ടുന്ന ചവറുകളാണു് സൃഷ്ടിവാദികളുടെ ശാസ്ത്രലേഖനങ്ങൾ.

സൃഷ്ടിവാദ വെബ്‌സൈറ്റുകൾ കോപ്പി-പേസ്റ്റ്‌ ചെയ്യുന്നവർത്തന്നെ വിക്കിപീഡിയ തുടങ്ങിയ സൈറ്റുകളെ പരിഹസിക്കുന്നതും ഒരു സാധാരണ കാഴ്ചയാണു്. ആധുനികശാസ്ത്രത്തിലെ അറിവുകൾ പങ്കുവയ്ക്കുന്ന ബായസ്ഡ്‌ അല്ലാത്ത ധാരാളം വെബ്‌സൈറ്റുകളുണ്ടു്. ആധുനികശാസ്ത്രങ്ങളെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർക്കു്, വിക്കിപീഡിയ വേണ്ടെങ്കിൽ, അവയിൽ നിന്നും വേണ്ടതു് തിരഞ്ഞെടുക്കാം. അതല്ലെങ്കിൽ ശാസ്ത്രീയഗ്രന്ഥങ്ങൾ വായിക്കാം. പക്ഷേ, ഫിസിക്സ്‌ എന്നാൽ എന്തെന്നറിയാത്തവർ തെർമോഡൈനാമിക്സ്‌ വായിച്ചിട്ടെന്തു് കാര്യം? അതൊന്നും ചെയ്യാത്തവരാണു്, എന്തിനു്, സ്വന്തമതഗ്രന്ഥം പോലും മനസ്സിരുത്തി വായിക്കാത്തവരാണു് ശാസ്ത്രസത്യങ്ങളെ ഖണ്ഡിക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിക്കുന്ന മുഴുവൻ സൃഷ്ടിവാദികളും. ഇത്തരം അജ്ഞാനികളെയും അൽപജ്ഞാനികളെയും ലക്ഷ്യമാക്കിയാണു് സൃഷ്ടിവാദ “പണ്ഡിതർ” അവരുടെ പുസ്തകങ്ങൾ പടച്ചുവിടുന്നതും. സാമ്പത്തികസ്രോതസ്സായി അവർക്കു് അവിശ്വാസിവർഗ്ഗത്തിന്റെ ഡോളറും വേണ്ടുവോളമുണ്ടു്. ഡോളറിനു് അയിത്തമില്ല. യഥാർത്ഥ ശാസ്ത്രലോകം ഈ വട്ടന്മാരെ അവഗണിക്കാൻ തുടങ്ങിയിട്ടു് കാലമേറെയായെങ്കിലും, അവർ വിട്ടുകൊടുക്കാൻ ഭാവമില്ല. വായിക്കാനറിയില്ലെങ്കിലും പല കളറിലുള്ള നോട്ടീസുകൾ കരസ്ഥമാക്കാൻ അനൗൺസ്മെന്റ്‌ ജീപ്പിന്റെ പിന്നാലെ ഓടുന്ന ഗ്രാമീണബാലികാബാലന്മാരെപ്പോലെ, അവർ “ശാസ്ത്രജീപ്പിന്റെ” പുറകെയെത്തി വീണുകിട്ടുന്ന നോട്ടീസുകളുടെ നിറം നോക്കി ശാസ്ത്രീയമായ അപഗ്രഥനങ്ങൾ നടത്തുന്നു. മുകളിൽ പറഞ്ഞപോലെ, കഠിനമായ ശാസ്ത്രീയ പദങ്ങൾ ജപമാലയിലെ കുരുക്കൾ പോലെ കോർത്തുവച്ചു് ഏതാനും വാക്യങ്ങൾ സൃഷ്ടിക്കുന്നതാണു് സൃഷ്ടിവാദികളുടെ അഭിപ്രായത്തിൽ ശാസ്ത്രീയമായ വിശകലനങ്ങളും ശാസ്ത്രസത്യങ്ങളുടെ ഖണ്ഡനങ്ങളും. ബൗദ്ധികലോകത്തെ ഒന്നടങ്കം പുച്ഛിക്കുന്നതു് പ്രധാന ഹോബിയാക്കിയിരിക്കുന്ന ഇക്കൂട്ടർ വസ്തുതകൾ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഓരോരുത്തരേയും പരിഹസിച്ചുകൊണ്ടു് മൊഴിയുന്നു: “ഞങ്ങളുടെ കളി കാണണമെങ്കിൽ ഞങ്ങൾ ചത്തു് കഴിയുമ്പോൾ നീയൊക്കെ സ്വർഗ്ഗത്തിലേക്കു് വാ, കാണിച്ചുതരാം”. “അയ്യോ, വേണ്ടായേ” എന്നേ എനിക്കു് പറയാനുള്ളു. ഇക്കൂട്ടരുടെ ദൈവം ഏതായാലും ഒരു അത്ഭുതപ്രതിഭാസംതന്നെ എന്നു് സമ്മതിക്കാതെ വയ്യ! മരിച്ചുകഴിഞ്ഞാലും തീയിലിട്ടു് പൊരിക്കാൻ മാത്രം തീവ്രമായ പാപം ചെയ്യാൻ ശേഷിയുള്ള മനുഷ്യരെ സൃഷ്ടിക്കുന്നവനാണു് ആ ദൈവം. രാജവെമ്പാലയെ ജനിപ്പിക്കുന്ന വെമ്പാല! മരിച്ചവരെ വറചട്ടിയിലിട്ടു് വീണ്ടും വീണ്ടും പൊരിച്ചാലും വിദ്വേഷവും വെറുപ്പും തീരാത്ത ഒരു ദൈവം! “ജോണി ഒരിക്കലും ഒന്നും മറക്കുന്നില്ല!” അതുപോലൊരു വിചിത്രദൈവത്തിന്റെ പരിഹാസ്യത എത്രവട്ടം വ്യക്തമാക്കിയാലും മനസ്സിലാക്കാൻ കഴിയാത്ത അതിലും വിചിത്രരായ കുറേ ദൈവവിശ്വാസികൾ! സ്രഷ്ടാവു് എങ്ങനെയാണോ, അതുപോലെതന്നെ സൃഷ്ടിയും. അഥവാ, മനുഷ്യൻ എങ്ങനെയാണോ, അതുപോലെതന്നെ അവൻ സൃഷ്ടിച്ച ദൈവവും!

ഒരു ലാർജ്ജ്‌ ഹാഡ്രോൺ കൊളൈഡർ നിർമ്മിച്ചുകൊണ്ടായിരുന്നില്ല ശാസ്ത്രജ്ഞർ അവരുടെ കണ്ടുപിടുത്തങ്ങൾക്കു് ഹരിശ്രീ കുറിച്ചതു്. പല മൃഗങ്ങളും അതിജീവനത്തിനായി ഉപയോഗിക്കുന്നപോലുള്ള പ്രിമിറ്റീവ്‌ ആയ സഹായവസ്തുക്കളിൽ നിന്നും ആരംഭിച്ചു് പടിപടിയായി മനുഷ്യൻ ആധുനിക ഉപകരണങ്ങളുടെ ലോകത്തിൽ എത്തിച്ചേരുകയായിരുന്നു. അവയിൽ ഒന്നിനെപ്പറ്റിയെങ്കിലും ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത കോടിക്കണക്കിനു് മനുഷ്യർ ഇന്നത്തെ ലോകത്തിൽ ജീവിക്കുന്നുണ്ടെന്നതു് ഒരു യാഥാർത്ഥ്യമാണു്. വ്യത്യസ്ത ചുറ്റുപാടുകളിൽ കഴിയുന്ന ഇന്നത്തെ മനുഷ്യജീവിതങ്ങൾ തമ്മിൽത്തമ്മിൽ അനേകനൂറ്റാണ്ടുകളുടെ അകലം കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല എന്നു് ചുരുക്കം. പിന്നാക്കം നിൽക്കുന്നവരെ പുരോഗതിയിലേക്കു് നയിച്ചു് ഈ അകലം കുറയ്ക്കാൻ സഹായിക്കേണ്ടതിനു് പകരം അവരെ കൂടുതൽ കൂടുതൽ പുറകോട്ടേക്കു് ആട്ടിപ്പായിക്കാൻ ശ്രമിക്കുന്ന യാഥാസ്ഥിതികശക്തികൾ മാനവരാശിയോടു് ചെയ്യുന്നതു് അക്ഷന്തവ്യമായ ഒരു കുറ്റകൃത്യമാണെന്നേ പറയാനുള്ളു. ആ ശക്തികളുടെ മുൻപന്തിയിൽ തന്നെയാണു് മതമേധാവിത്വത്തിന്റെ സ്ഥാനം. ചൂഷണം വഴിയുള്ള സ്ഥാപിതതാത്പര്യസംരക്ഷണം ഒന്നുമാത്രമാണു് അവരുടെ ലക്ഷ്യം. മനുഷ്യരുടെ അജ്ഞത ചൂഷണം ചെയ്യുന്ന കച്ചവടമനസ്ഥിതിക്കാരുടെ നിയന്ത്രണത്തിലായിരുന്നു എക്കാലവും മതങ്ങൾ. ദൈവവിശ്വാസം എന്ന പുകമറ ഉള്ളിടത്തോളം ഒരു വിശ്വാസിക്കു് ഈ ചൂഷകരെ തിരിച്ചറിയാനാവുകയുമില്ല. ചൂഷിതർ ചൂഷകരെ സ്വന്തജീവൻ പോലും നൽകി സംരക്ഷിക്കാൻ മടിക്കാത്ത, ചികിത്സയില്ലാത്ത ഭ്രാന്തിന്റെ പേരാണു് ദൈവവിശ്വാസം. ശാസ്ത്രത്തിന്റെ വളർച്ചയുടെ ഫലമായി മതവിശ്വാസമെന്ന ചീട്ടുകൊട്ടാരത്തിനു് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. മതങ്ങൾക്കു് പണ്ടേതന്നെ ഇല്ലാതിരുന്ന ബൗദ്ധികവും യുക്തിയുക്തവുമായ കെട്ടുറപ്പു് ചിന്താശേഷി പണയം വയ്ക്കാത്ത ഓരോരുത്തർക്കും ഇന്നു് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. അങ്ങനെ ബൗദ്ധികലോകത്തിൽ നിലനിൽപു് ഇല്ലാതായിത്തീർന്ന ദൈവ-മതവിശ്വാസങ്ങളെ യുക്തിഹീനമായ ശാസ്ത്രീയവ്യാഖ്യാനങ്ങൾ (വിശ്വാസത്തിൽ എന്തു് യുക്തി?) കെട്ടിച്ചമച്ചു്, ആടുകൾ ഇടയനെ എന്നപോലെ തങ്ങളെ പിന്തുടരുന്ന അനുയായികളെ തൃപ്തിപ്പെടുത്താൻ സ്വയാവരോധിതരായ സൃഷ്ടിവാദശിങ്കങ്ങൾ നിർബന്ധിതരായിത്തീരുന്നു. അവരേക്കാൾ മന്ദബുദ്ധികളായ കേൾവിക്കാരുടെ ഇടയിൽനിന്നും അവർക്കു് ലഭിക്കുന്ന ഹുറാ വിളിയിൽ ആവേശഭരിതരായി ശാസ്ത്രവിരോധികളും ശാസ്ത്രം എന്നാൽ എന്തെന്നുപോലും അറിയാത്തവരുമായ സൃഷ്ടിവാദികൾ ശാസ്ത്രപണ്ഡിതർ എന്ന ആട്ടിൻതോലണിഞ്ഞു് ശാസ്ത്രസത്യങ്ങളെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു് പുലിവാൽ പിടിച്ചാലെന്നപോലെ അവഹേളിതരാവുന്നു. കാരണം, ശാസ്ത്രവും ലോജിക്കും സംബന്ധിച്ച ചില മൗലികസത്യങ്ങൾ അവർക്കറിയില്ല, അതറിയാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മുൻനിബന്ധനകൾ അവരുടെ “വൈജ്ഞാനിക”ലോകത്തിനു് എത്തിപ്പിടിക്കാനാവാത്തവിധം വെളിയിൽ ആണെന്നതിനാൽ, അവരെ അതറിയിക്കാൻ ആർക്കും ആവുകയുമില്ല. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സകല പ്രപഞ്ചത്തെയും നിയന്ത്രിക്കാൻ മാത്രം വലിയവനും ശക്തിമാനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഒരു ദൈവത്തെ നിർമ്മിക്കുകയും, ആ ദൈവത്തെ അറിയാൻ പോന്ന അതീന്ദ്രിയജ്ഞാനം തനിക്കുണ്ടെന്നു് അവകാശപ്പെടുകയും ചെയ്യുന്ന ആത്മീയചെപ്പടിവിദ്യയുടെ നേരെ വിപരീതമായതാണു് പ്രകൃതിശാസ്ത്രങ്ങൾ. വാചാടോപമല്ല, വസ്തുതകളും എവിഡൻസുകളുമാണു് പ്രകൃതിശാസ്ത്രത്തിന്റെ ആധാരം. വേണ്ടത്ര എതിർതെളിവുകൾ ലഭിച്ചാലും ഉപേക്ഷിക്കപ്പെടാതിരിക്കാൻ മാത്രം ശാശ്വതവും വിശുദ്ധവുമായ ഒരു സത്യവും ശാസ്ത്രത്തിലില്ല. മതവിശ്വാസത്തിലേതുപോലെ, വ്യക്തമായ എതിർതെളിവുകളെപ്പോലും തള്ളിക്കളഞ്ഞു് വിശ്വാസത്തെ രക്ഷപെടുത്തുന്നതിനുവേണ്ടി നടത്തപ്പെടുന്ന വ്യാഖ്യാനക്കസർത്തുകളും, വളച്ചൊടിക്കലുകളും ശാസ്ത്രത്തിന്റെ രീതികളല്ല. സ്ത്രൈണതയെപ്പോലും നാണം കെടുത്തുന്ന വിധം കുറ്റപ്പെടുത്തലുകളും പരാതികളുമായി ശാസ്ത്രത്തിന്റെ പുറകെ സ്വമേധയാ മണത്തുകൊണ്ടു് നടക്കുന്ന സൃഷ്ടിവാദിശിങ്കങ്ങൾ ആദ്യം മനസ്സിലാക്കേണ്ടതു് ഈ വസ്തുതകളാണു്. ശാസ്ത്രലോകത്തിനു് നിങ്ങളെ ആവശ്യമില്ല.

നൂറിലേറെ ശബരിമലതീർത്ഥാടകരുടെ മരണത്തിനിടയാക്കിയ പുല്ലുമേടു് ദുരന്തം മകരവിളക്കും മകരജ്യോതിയുമൊക്കെ സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കു് വഴി വച്ചിരിക്കുന്ന സമയമാണല്ലോ ഇതു്. പ്രകൃത്യതീതമായ ഒരു ദൈവം ഇല്ല എന്നു് ബോദ്ധ്യം വന്നവർക്കു് മകരവിളക്കു് അമാനുഷികമായ ഒരു പ്രതിഭാസമല്ല എന്ന കാര്യത്തിൽ പണ്ടേതന്നെ സംശയമൊന്നും ഉണ്ടാവാൻ വഴിയില്ല. പ്രകൃതിയിലെ ഒരു പ്രതിഭാസവും മനുഷ്യരാൽ ആരാധിക്കപ്പെടേണ്ടതല്ല എന്നും അവർക്കറിയാം. അതു് ദിവ്യമായ എന്തോ ഒന്നു് ആയിരിക്കണം എന്നു് നിർബന്ധമുള്ളവർക്കേ ഇതൊരു തലവേദന ആവേണ്ട കാര്യമുള്ളു. അല്ലാത്തവർക്കെല്ലാം വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തവിധം പല പ്രസ്താവനകളും ഔദ്യോഗികമായിത്തന്നെ ഉണ്ടായിട്ടുമുണ്ടു്. ഏതായാലും, മനുഷ്യർ കത്തിക്കുന്ന മകരവിളക്കും, മലമുകളിൽ നിന്നും മുഖം കാണിക്കുന്ന നക്ഷത്രവും പ്രകൃത്യതീതമോ ദൈവികമോ ആയ ഒരു രഹസ്യവും ഉൾക്കൊള്ളുന്നില്ല എന്നതൊരു യാഥാർത്ഥ്യമാണു്. സിറിയസ്‌ (Sirius) എന്ന “പട്ടിനക്ഷത്രം” (Dog Star) രാത്രിയാകാശത്തിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണു്. ഇതിനേക്കാൾ കൂടുതൽ പ്രകാശം സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളിൽ വീനസ്‌, ജൂപിറ്റർ, മാർസ്സ്‌, മെർക്ക്യുറി എന്നിവയ്ക്കുമേയുള്ളു. ഭൂമിയുടെ പ്രായം ഏകദേശം 455 കോടി വർഷങ്ങളാണു്. ഫോട്ടോസിന്തെസിസ്‌ വഴി ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഏകകോശജീവികളുടെ രൂപത്തിൽ “ജീവൻ” ഉണ്ടായിവന്നതു് ഏകദേശം 350 കോടി വർഷങ്ങൾക്കു് മുൻപാണെന്നു് കണക്കാക്കപ്പെടുന്നു. അതിന്റെ വെളിച്ചത്തിൽ 24 കോടി വർഷങ്ങൾ മാത്രം പ്രായമുള്ള Sirius താരതമ്യേന ശൈശവദശയിൽ കഴിയുന്ന ഒരു നക്ഷത്രമാണെന്നു് പറയാം. സിറിയസ്‌ നക്ഷത്രത്തെ കാണാൻ ശബരിമലയിൽ പോകേണ്ട കാര്യമില്ല. വേണമെങ്കിൽ അവനവന്റെ മുറ്റത്തുനിന്നും കാണാവുന്ന ആ നക്ഷത്രം മലമുകളിൽ പ്രത്യക്ഷപ്പെടുന്നതു് കാണാൻ മാത്രമായി, ഒരു അഡ്വെഞ്ചർ എന്ന രൂപത്തിൽ, ബുദ്ധിമുട്ടുകൾ സഹിച്ചു് ആരെങ്കിലും ശബരിമലയ്ക്കു് പോകുന്നുവെങ്കിൽ അതവരുടെ ഇഷ്ടം എന്നേ പറയാനുള്ളു. പക്ഷേ, ശബരിമലയിലെത്തി ഈ നക്ഷത്രം ഉദിച്ചുയരുന്നതു് കണ്ടാൽ അനുഗ്രഹങ്ങൾ ലഭിക്കുമെന്നു് വിശ്വസിക്കുന്നതിന്റെ പേരിൽ ചില മനുഷ്യർ നോമ്പുനോറ്റു്, ലൗകികസുഖങ്ങൾ ത്യജിച്ചു്, അതിനായി വിധിപ്രകാരമുള്ള പ്രത്യേക തയ്യാറെടുപ്പുകൾ എല്ലാം നടത്തി, പലവിധ അപകടങ്ങൾ പതിയിരിക്കുന്ന കാട്ടിനുള്ളിലൂടെ ദുർഘടം പിടിച്ച വഴികൾ താണ്ടി അവിടേക്കു് പോകുമ്പോൾ അതു് വെറുമൊരു അഡ്വെഞ്ചർ അല്ല, അവരുടെ ദൃഷ്ടിയിൽ തികഞ്ഞ ഭക്തിയുടെ പ്രകടനം കൂടിയാണതു്. സ്വാഭാവികമായും ഈ രണ്ടു് വിഭാഗത്തിനും അതിനുള്ള സ്വാതന്ത്ര്യവുമുണ്ടു്. സമ്പൂർണ്ണ ബോധവത്കരണം സംഭവിച്ച ഒരു സമൂഹത്തിൽ, ആദ്യത്തെ വിഭാഗത്തിൽ പെടുത്താവുന്ന മനുഷ്യർ, ലോകത്തിൽ മറ്റെവിടെയുമെന്നപോലെ, വീണ്ടും അവിടേക്കു് പോയിക്കൂടെന്നില്ല. എവറസ്റ്റ്‌ കൊടുമുടി കയറാൻ ചില മനുഷ്യർ പോകുന്നതു് അവിടെയെത്തി നേർച്ചയിട്ടു് അനുഗ്രഹം നേടാനല്ലല്ലോ. മരണകരമാകാവുന്ന ബൻജി ജമ്പിംഗ്‌, ബെയ്സ്‌ ജമ്പിംഗ്‌ മുതലായ സ്പോർട്ടുകൾ ചെയ്യുന്ന മനുഷ്യരും ഈ ലോകത്തിലുണ്ടു്. അതേസമയം, ശബരിമലയിൽ സംഭവിക്കുന്നതു് ദിവ്യമോ അനുഗ്രഹപ്രദമോ ആയ ഒന്നുമല്ലെന്നു് വ്യക്തമായും അറിയാവുന്ന ഒരുവൻ “ഭക്തിയുടെ പേരിൽ” വീണ്ടും അങ്ങോട്ടു് പോകുന്നുവെങ്കിൽ അതു് ഭോഷത്തം എന്ന ചികിത്സയില്ലാത്ത രോഗമാവാനേ വഴിയുള്ളു. ദൈവനിശ്ചയം എന്നു് വിവക്ഷിക്കപ്പെടുന്ന മനുഷ്യവിധി, ഏതെങ്കിലും ഒരു മകരജ്യോതിക്കോ വെളിപാടുകൾക്കോ സ്വാധീനിക്കാനോ തിരുത്തിയെഴുതാനോ കഴിയുമെന്ന വിശ്വാസം അതിൽത്തന്നെ ഒരു വൈരുദ്ധ്യമാണു്. വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണു് വിശ്വാസം. ഈ സത്യം തിരിച്ചറിയുന്ന ഒരുവനു് വിശ്വാസിയായി തുടരാനാവില്ല. ഓരോ മനുഷ്യനും ഈ സത്യം മനസ്സിലാക്കാൻ മാത്രമുള്ള ബൗദ്ധികവളർച്ചയിലേക്കു് പരിണമിച്ച ഒരു (യുട്ടോപ്പിയൻ)സമൂഹമാണു് സമ്പൂർണ്ണമായി ബോധവത്കരിക്കപ്പെട്ട സമൂഹം.

സിറിയസ്‌ നക്ഷത്രം ജന്മമെടുക്കുന്നതിനു് 325 കോടി വർഷങ്ങൾക്കു് മുൻപുതന്നെ ഏകകോശജീവികൾ ഭൂമിയിൽ രൂപമെടുത്തിരുന്നു. 325-നോടു് ഏഴു് പൂജ്യങ്ങൾ ചേർത്താൽ 325 കോടിയാവുമെന്നു് നമുക്കറിയാം. പക്ഷേ, ഈ ഭീമമായ കാലയളവു് ഉൾക്കൊള്ളാൻ നമുക്കാവുമോ? ഇല്ല എന്നതാണു് സത്യം. അതുപോലൊരു കാലയളവിനെ ഉൾക്കൊള്ളാനാവുന്ന മനുഷ്യൻ എന്ന ഒരു ജീവിയെ രൂപപ്പെടുത്തുക എന്നതായിരുന്നില്ല എവൊല്യൂഷന്റെ ലക്ഷ്യം. (എവൊല്യൂഷനു് ഒരു ലക്ഷ്യവുമില്ല. “ലക്ഷ്യം” മുതലായ വാക്കുകൾ വളരെ സൂക്ഷിച്ചു് ഉപയോഗിക്കേണ്ടവയാണു്. ശാസ്ത്രപക്ഷത്തുനിന്നും വീണുകിട്ടുന്നതിൽ തങ്ങൾക്കു് അനുകൂലം എന്നു് തോന്നുന്ന ഓരോ തരികളും തലയിലേറ്റി പട്ടണം ചുറ്റി പ്രദക്ഷിണം നടത്താൻ കാത്തിരിക്കുന്നവരാണു് ഏകതാനബുദ്ധികളായ സൃഷ്ടിവാദികൾ. കാൾ പൊപ്പർ “ഡാർവിനിസത്തെപ്പറ്റി” എന്തോ പറഞ്ഞതു് കൊള്ളാമെന്നു് തോന്നിയതിനാൽ അതും പൊക്കിപ്പിടിച്ചുകൊണ്ടു് നടത്തപ്പെടുന്ന “മുടിയാട്ടങ്ങൾ” നമ്മൾ കണ്ടുകൊണ്ടിരിക്കുകയുമാണല്ലോ. വിഭവസമൃദ്ധമായ തീന്മേശയിലും ഈച്ച തേടുന്നതു് അമേധ്യമായിരിക്കും. അതിനു് ഈച്ചയെ ശകാരിച്ചിട്ടു് കാര്യമില്ല. ആസ്വദിക്കാൻ കഴിയുന്നതേ ഈച്ചക്കും വേണ്ടൂ). “മധ്യലോകവാസികളായ” നമുക്കു് 325 കോടി വർഷങ്ങൾ കൊണ്ടു് ഏകകോശജീവികളിൽ നിന്നും മനുഷ്യരിലേക്കു് സംഭവിച്ച പരിണാമം ഉൾക്കൊള്ളാൻ ആവാത്തതിന്റെ ഒരു പ്രധാന കാരണം ആ കാലഘട്ടത്തിന്റെ ചിന്താതീതമായ ദൈർഘ്യമാണു്. ഒരു ലക്ഷം പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെപ്പറ്റി ചിന്തിച്ചുനോക്കൂ. ആ നക്ഷത്രത്തിൽ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിൽ എത്താൻ ഒരു ലക്ഷം വർഷങ്ങൾ വേണ്ടിവരും. ആ നക്ഷത്രം ജന്മമെടുത്തതു് ഒരു ലക്ഷം വർഷങ്ങൾക്കു് മുൻപാണെങ്കിൽ, ഇന്നാവും അതിന്റെ പ്രകാശം ഭൂമിയിൽ എത്തുക. ഒരു ദൈവമായിരുന്നു നക്ഷത്രങ്ങളെ സൃഷ്ടിച്ചതെങ്കിൽ, സൃഷ്ടിയോടൊപ്പം തത്സമയം തന്നെ അവയിൽ നിന്നുള്ള പ്രകാശവും ഭൂമിയിൽ എത്തിയിരുന്നിരിക്കണം. അല്ലെങ്കിൽ ആദാമിന്റേയും ഹവ്വായുടേയും കണ്ണുകൾക്കു് അത്തരം നക്ഷത്രങ്ങളെ കാണാനാവുമായിരുന്നില്ലല്ലോ. പ്രകൃതിനിയമമാണു് ദൈവം എന്നു് വാദിക്കുന്നവർ ശ്രദ്ധിക്കാനാണു് ഇതു് പറയുന്നതു്. പുതിയ നക്ഷത്രങ്ങൾ ജന്മമെടുക്കുന്നതു് ശാസ്ത്രം ഇന്നു് വീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ നോക്കിയാൽ, സൃഷ്ടിവാദികൾ പ്രപഞ്ചത്തിനു് നൽകുന്ന പ്രായമായ ഏതാനും ആയിരം വർഷങ്ങൾ എത്ര പരിഹാസ്യമാണെന്നു് മനസ്സിലാവും. ഫോസിലുകളുടെയും മറ്റും പ്രായനിർണ്ണയം ഏതെങ്കിലും ഒരു കിത്താബിന്റെ അടിസ്ഥാനത്തിൽ മാത്രം നടത്തപ്പെടുന്ന വ്യാഖ്യാനങ്ങളിൽ ഊന്നിയുള്ള കൺകെട്ടുകളികളല്ല.

(തുടരും)

 
9 Comments

Posted by on Jan 24, 2011 in മതം

 

Tags: , , ,

മതവും എവൊല്യൂഷനും

ഡോക്കിൻസിന്റെ ഗോഡ്‌ ഡെല്യൂഷനിൽ നിന്നും ഒരു ഭാഗം:

എന്താണു് മതങ്ങളുടെ തകരാറു്? എന്തിനു് മതങ്ങളോടു് ഇത്ര വിരോധം? സജീവമായി എതിർക്കേണ്ടിവരാൻ മാത്രമുള്ള ദ്രോഹം മതങ്ങൾ ചെയ്യുന്നുണ്ടോ? ഇടവംരാശി, വൃശ്ചികരാശി, ക്രിസ്റ്റൽ എനർജ്ജി, ലേ ലൈൻസ്‌ മുതലായവയെന്നപോലെ എന്തുകൊണ്ടു് മതങ്ങളേയും ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന രീതിയിൽ അവഗണിച്ചുകൂടാ? അവയെല്ലാം നിരുപദ്രവകരമായ അസംബന്ധങ്ങൾ മാത്രമല്ലേ? ഇത്തരം ചോദ്യങ്ങൾ പ്രകൃത്യതീതനായ ഒരു ദൈവം ഇല്ല എന്നും, ധാർമ്മികരായി ജീവിക്കാൻ ഒരു മതത്തിന്റെ ആവശ്യമില്ല എന്നും, മതത്തിന്റെയും ധാർമ്മികതയുടെയും വേരുകൾ മതങ്ങളുടേതല്ലാത്ത ഭാഷയിൽ വിശദീകരിക്കാനാവും എന്നുമെല്ലാം പൂർണ്ണമായും അംഗീകരിക്കുന്ന പല നാസ്തികർ പോലും ചോദിക്കാറുണ്ടു്. ഇതിനു് മറുപടിയായി പറയാനുള്ളതു്, മതങ്ങൾക്കെതിരെ നാസ്തികർ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്ന വിരോധം വാക്കുകളിൽ ഒതുങ്ങുന്നവ മാത്രമാണെന്നതാണു്. അല്ലാതെ, അവരാരും മതശാസ്ത്രപരമായ ഭിന്നാഭിപ്രായത്തിന്റെ പേരിൽ ആരെയും ബോംബുവച്ചു് കൊല്ലുന്നില്ല, ആരുടെയും തല വെട്ടുന്നില്ല, ആരെയും കല്ലെറിയുന്നില്ല, ആരെയും ചിതയിൽ ദഹിപ്പിക്കുന്നില്ല, ആരെയും കുരിശിൽ തറയ്ക്കുന്നില്ല, അംബരചുംബികളിലേക്കു് പ്ലെയിൻ പറത്തി അവയേയും അവയിലെ നിരപരാധികളായ മനുഷ്യരേയും നശിപ്പിക്കുന്നില്ല.

നാസ്തികരായ ഈ വിഭാഗക്കാർ തന്നെ ഉയർത്തുന്ന മറ്റൊരു പരാതിയാണു്, ഇതുപോലുള്ള മതവിരോധം മതങ്ങളിലെ മൗലികവാദികളെപ്പോലെതന്നെ നാസ്തികരെയും മൗലികവാദികളാക്കുകയല്ലേ ചെയ്യുന്നതെന്നതു്. ഈ വസ്തുത കൂടുതൽ വിശദീകരണം അർഹിക്കുന്നുണ്ടു്. മതമൗലികവാദികൾ പറയുന്നതു് ശരിയാണെന്നു് അവർ അറിയുന്നതു് അതു് അവരുടെ വിശുദ്ധ ഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളതിനാലാണു്. യാതൊന്നിനും അവരുടെ വിശ്വാസത്തിൽ നിന്നും അവരെ മാറ്റാനാവില്ലെന്നും അവർ മുൻകൂറായി ഉറപ്പിക്കുന്നു. അവരുടെ വിശുദ്ധ ഗ്രന്ഥത്തിലെ സത്യം എന്നതു് റീസണിംഗ്‌ എന്നൊരു പ്രക്രിയയുടെ അന്തിമഫലമായി രൂപമെടുക്കുന്നതല്ല, അതു് അവർക്കൊരു സ്വയംസിദ്ധപ്രമാണമാണു് (axiom). ഗ്രന്ഥം സത്യമാണെന്നതിനാൽ, അതിനെ ഏതെങ്കിലും എവിഡൻസ്‌ നിരാകരിക്കുന്നു എന്നു് തോന്നുന്ന പക്ഷം, തള്ളിക്കളയേണ്ടതു്, അവരുടെ അഭിപ്രായത്തിൽ, ആ എവിഡൻസുകളെയാണു്, അല്ലാതെ ആ ഗ്രന്ഥത്തെയല്ല. അതിൽ നിന്നും വിരുദ്ധമായി, ഒരു ശാസ്ത്രജ്ഞൻ, ഉദാഹരണത്തിനു്, എവൊല്യൂഷനിൽ വിശ്വസിക്കുന്നതു് ഏതെങ്കിലും ഒരു വിശുദ്ധഗ്രന്ഥം വായിച്ചതുകൊണ്ടല്ല, അതിന്റെ എവിഡൻസ്‌ പഠിച്ചതുകൊണ്ടാണു്. ശാസ്ത്രത്തിലെ “വിശ്വാസം” എന്നതു് അടിസ്ഥാനപരമായിത്തന്നെ മറ്റൊരു വസ്തുതയാണു്. എവൊല്യൂഷനെപ്പറ്റിയുള്ള പുസ്തകങ്ങൾ വിശ്വസിക്കപ്പെടുന്നതു് അവ വിശുദ്ധ ഗ്രന്ഥങ്ങൾ ആയതുകൊണ്ടല്ല, അവ മുന്നോട്ടു് വയ്ക്കുന്നതും, വിപുലമായ അളവിൽ പരസ്പരം പിൻതാങ്ങുന്നതുമായ തെളിവുകളുടെ പേരിലാണു്. തത്വത്തിൽ ഏതൊരു വായനക്കാരനും പരിശോധിക്കാവുന്നവയാണു് ആ തെളിവുകൾ. ഒരു ശാസ്ത്രഗ്രന്ഥത്തിൽ തെറ്റുകളുണ്ടെങ്കിൽ ആരെങ്കിലും അതു് കണ്ടുപിടിച്ചാൽ തീർച്ചയായും അവ അടുത്ത ഗ്രന്ഥങ്ങളിൽ തിരുത്തപ്പെടും. വിശുദ്ധഗ്രന്ഥങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായും അതുപോലൊരു തിരുത്തൽ സംഭവിക്കുന്നില്ല.

തത്വചിന്തയിലെ അൽപജ്ഞാനികളും, അതിലേറെ, “കൾചറൽ റിലേറ്റിവിസം” ബാധിച്ചവരും ചർച്ചകളിൽ മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനായി പറയാറുള്ള ഒരു കാര്യമാണു്, എവിഡൻസിൽ ശാസ്ത്രജ്ഞർക്കുള്ള വിശ്വാസം അതിൽത്തന്നെ ഒരുതരം മൗലികതാഭക്തിയാണെന്നു്. അമച്വർ തത്വചിന്തയുടെ അടിത്തറയിൽ നിന്നുകൊണ്ടു് നമ്മൾ പ്രസ്താവിക്കുന്നതു് എന്തുതന്നെയായാലും, നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ എവിഡൻസിൽ വിശ്വസിക്കുന്നവരാണു്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട എന്നോടു് കുറ്റകൃത്യം നടന്ന രാത്രിയിൽ ഞാൻ ചിക്കാഗോയിൽ ആയിരുന്നു എന്നതു് സത്യമാണോ എന്നു് പ്രോസിക്യൂട്ടർ ചോദിക്കുമ്പോൾ, “അതു് സത്യം എന്നതുകൊണ്ടു് നിങ്ങൾ എന്താണു് ഉദ്ദേശിക്കുന്നതു് എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്” എന്ന തത്വചിന്താപരമായ മറുപടി നൽകി തടിതപ്പാൻ എനിക്കാവുകയില്ല. അല്ലെങ്കിൽ, “ചിക്കാഗോയിൽ എന്നതുകൊണ്ടു് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള പാശ്ചാത്യവും ശാസ്ത്രീയവുമായ അർത്ഥത്തിൽ മാത്രമേ ഞാൻ അവിടെ ആയിരുന്നിട്ടുള്ളു, അതേസമയം, ബോൻഗൊളീസിന്റെ അഭിപ്രായത്തിൽ, ഒരു കോലാടിന്റെ ഉണങ്ങിയ വൃഷണത്തിന്റെ പൊടിവലിക്കാൻ അർഹതയുള്ളവനായി തൈലാഭിഷേകം ചെയ്യപ്പെട്ട ഒരു മൂപ്പനാണു് നിങ്ങൾ എങ്കിൽ മാത്രമേ യഥാർത്ഥത്തിൽ ഒരു സ്ഥലത്തിനു് ‘ഉള്ളിൽ’ ആയിരിക്കുവാൻ നിങ്ങൾക്കു് കഴിയുകയുള്ളു” എന്ന മറുപടിയും എന്നെ കൊലക്കുറ്റത്തിൽ നിന്നും രക്ഷപെടുത്താൻ പര്യാപ്തമാവുകയില്ല.

“സത്യം” എന്നതുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതെന്നു് അബ്സ്ട്രാക്റ്റ്‌ ആയ രീതിയിൽ നിർവചിക്കുന്നതിലേക്കു് വരുമ്പോൾ ശാസ്ത്രജ്ഞർ ഒരുപക്ഷേ ഫണ്ടമെന്റലിസ്റ്റുകൾ ആവാം. പക്ഷേ, അതു് ശാസ്ത്രജ്ഞർ മാത്രമല്ല, എല്ലാ മനുഷ്യരും അങ്ങനെതന്നെയാണു്. ന്യൂസീലാന്റ്‌ ദക്ഷിണാർദ്ധഗോളത്തിലാണെന്നതു് സത്യമാണെന്നു് പറയുമ്പോൾ ഞാൻ ആയിരിക്കുന്നതിനേക്കാൾ ഒട്ടും കൂടുതൽ ഫണ്ടമെന്റലിസ്റ്റ്‌ അല്ല, എവൊല്യൂഷൻ സത്യമാണെന്നു് പറയുമ്പോഴും ഞാൻ. തെളിവുകൾ അതിനെ പിൻതാങ്ങുന്നതുകൊണ്ടു് നമ്മൾ എവൊല്യൂഷനിൽ വിശ്വസിക്കുന്നു. അതു് തെറ്റാണെന്നു് തെളിയിക്കുന്ന പുതിയ തെളിവുകൾ വന്നാൽ ആ ദിവസം നമ്മൾ ആ സിദ്ധാന്തത്തെ ഉപേക്ഷിക്കും. ഒരു യഥാർത്ഥ മൗലികവാദി ഒരിക്കലും ഇതുപോലൊരു വാചകം പറയുകയില്ല. ഫണ്ടമെന്റലിസവും അഭിനിവേശവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ എളുപ്പമാണു്. പക്ഷേ, അവ രണ്ടും രണ്ടാണു്. ഫണ്ടമെന്റലിസ്റ്റ്‌ ആയ ഒരു സൃഷ്ടിവാദിയുടെ മുന്നിൽ എവൊല്യൂഷനെ പ്രതിരോധിക്കാൻ ഒരു ശാസ്ത്രജ്ഞൻ ശ്രമിക്കുന്നതു് ഒരു എതിർ ഫണ്ടമെന്റലിസത്തിന്റെ പേരിലല്ല, അതിനുള്ള തെളിവുകൾ വിപുലവും ശക്തവുമായതിനാലാണു്, എവൊല്യൂഷൻ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും, അവയോടൊപ്പം എത്രയോ ശാസ്ത്രസത്യങ്ങളും, വിവരണാതീതമെന്നോണം ആകർഷകവും മനോഹരവുമായതിനാലാണു്. പക്ഷേ, എതിരാളിയായ സൃഷ്ടിവാദിക്കു് ആ തെളിവുകൾ കാണാൻ കഴിയാതെ വരുമ്പോൾ, വിശുദ്ധഗ്രന്ഥത്തിനു് വിരുദ്ധമായതിനാൽ അങ്ങോട്ടു് നോക്കാൻ പോലും അവൻ മടി കാണിക്കുമ്പോൾ, അവനും അവൻ സ്വാധീനിക്കുന്നവർക്കും നഷ്ടപ്പെടുന്നതു് എന്താണെന്നുള്ള ബോധം ഏതു് ശാസ്ത്രജ്ഞനും, അവൻ തെളിവിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ സത്യങ്ങളോടുള്ള അഭിനിവേശത്തിന്റെ പേരിൽ, വേദനാജനകവും ക്ഷോഭകാരണവുമാവുന്നു.

വാദപ്രതിവാദങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ടി ക്രിയേഷനിസ്റ്റുകൾ ശ്രമിക്കുമ്പോഴെല്ലാം “അതു് നിങ്ങളുടെ CV-യിൽ മഹത്തരമായിരിക്കാം, പക്ഷേ എന്റേതിൽ അല്ല” എന്നു് നിരസിക്കുന്ന, ഓസ്റ്റ്രേലിയൻ അക്സെന്റിൽ സംസാരിക്കുന്നവനും തന്റെ സഹപ്രവർത്തകനും ബഹുമാന്യനുമായ ഒരു ശാസ്ത്രജ്ഞനെപ്പറ്റി (പേരു് പറയാതെ) ഡോക്കിൻസ്‌ സൂചിപ്പിക്കുന്നുണ്ടു്. ആ കാരണം പറഞ്ഞു് ക്ഷണം നിരസിക്കാൻ മാത്രമുള്ള chutzpah തനിക്കില്ലെങ്കിലും ക്രിയേഷനിസ്റ്റുകളുമായുള്ള ചർച്ച താനും ഒഴിവാക്കാറാണു് പതിവെന്നും ഡോക്കിൻസ്‌ പറയുന്നു. ക്രിയേഷനിസ്റ്റുകളുമായി എതിർപക്ഷത്തുനിന്നു് “ചർച്ച” നടത്തിയിട്ടുള്ള ആർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ലാത്ത നിലപാടുകളാണിവ. തീവ്രമതവിശ്വാസികളോടു് ചർച്ചയ്ക്കു് പോകുന്നതു് ലഹളപ്രിയരായ സ്ത്രീകളുമായി തർക്കത്തിൽ ഏർപ്പെടുന്നതുപോലെതന്നെ അർത്ഥശൂന്യമായ കാര്യമാണു്. (രണ്ടിനും ആവശ്യത്തിലേറെ തെളിവുകൾ മലയാളം ബ്ലോഗ്‌-ബസ്സ്‌ ലോകത്തിൽത്തന്നെയുണ്ടു്.)

രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ പുലർത്തുന്നവർ പരസ്പരം നിശിതമായി വിമർശിക്കാറുണ്ടു്. സംവാദം ഒരു ജനാധിപത്യ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗവുമാണു്. പക്ഷേ, അവരിലെ മതവിശ്വാസികളായവർ അവരുടെ മത-ദൈവങ്ങളെ എല്ലാ വിമർശനങ്ങൾക്കും അതീതമായി നിലനിർത്താനാണു് ശ്രമിക്കാറുള്ളതു്. എനിക്കു് ആരെയും വിമർശിക്കാം, പക്ഷേ, എനിക്കു് വിലപ്പെട്ടവയെ മറ്റാരും വിമർശിച്ചുകൂടാ എന്ന ഇരട്ടത്താപ്പു്. ഒരു മതവിശ്വാസി എപ്പോഴും മറ്റുള്ളവരിൽ നിന്നും – അവൻ അവർക്കു് അനുവദിക്കാത്ത – സ്പെഷ്യൽ പരിഗണനയാണു് പ്രതീക്ഷിക്കുന്നതു്. അവനെ അതുപോലൊരു പ്രത്യേകാവകാശത്തിനു് അർഹനാക്കുന്ന എന്തു് യോഗ്യതയാണവനുള്ളതു്? ഏതോ കഥാപ്പുസ്തകങ്ങളിൽ കുത്തിനിറച്ചിരിക്കുന്ന പച്ചനുണകൾ കണ്ണുമടച്ചു് വിശ്വസിക്കുന്നതും, അവന്റെ മതത്തിൽപ്പെട്ടവരൊഴികെ ലോകത്തിൽ മറ്റാരും അനുഷ്ഠിക്കാത്ത കുറേ വിചിത്ര ചേഷ്ടകൾ അപസ്മാരരോഗികളെപ്പോലെ തന്നെയും പിന്നെയും ആവർത്തിക്കുന്നതും ഒരു മനുഷ്യനു് പ്രത്യേക പരിഗണനകൾ നൽകി ബഹുമാനിക്കുന്നതിനുള്ള യോഗ്യതയാണോ? തന്റെ ദൈവത്തിനുമുന്നിൽ അങ്ങേയറ്റത്തെ താഴാഴ്മ പ്രകടിപ്പിക്കാൻ നിർബന്ധിതനാക്കപ്പെടുന്ന വിശ്വാസി തന്റെ അപകർഷതാബോധം കോമ്പൻസേറ്റ്‌ ചെയ്യാനായി കണ്ടെത്തുന്ന ഒരു മാർഗ്ഗമാവാം മറ്റുള്ളവരിൽ നിന്നും അതു് തന്റെ ജന്മാവകാശമായാലെന്നതുപോലെ അവൻ ആവശ്യപ്പെടുന്ന ഈ സ്പെഷ്യൽ പരിഗണനയും ബഹുമാനവും. ഒരു മതവിശ്വാസി മറ്റുള്ളവരുടെ “തെറ്റുകൾ” ആയി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ എല്ലാം അതിലെത്രയോ കൂടുതലായി മറ്റുള്ളവരോടു് അവൻ സ്വയം ചെയ്യുന്നവയാണു്. പക്ഷേ, അവൻ ചെയ്യുമ്പോൾ അവ തെറ്റുകളായി അവനു് തോന്നാറില്ലെന്നുമാത്രം. മനുഷ്യൻ അവനെ ദൈവത്തോളം ഊതിവീർപ്പിക്കുന്ന ഒരുതരം ആത്മാരാധനാരോഗമാണു് ദൈവവിശ്വാസം. വിശ്വാസി അവനു് സ്വയം കൽപിച്ചു് നൽകുന്ന, ദൈവത്തിന്റെ സ്വന്തം ആളെന്ന പ്രത്യേക പദവി അവനു് ആരെയും എങ്ങനേയും വിമർശിക്കാമെന്നും അവന്റെ വിശ്വാസത്തെ ആരും വിമർശിക്കാൻ പാടില്ലെന്നുമുള്ള മിഥ്യാധാരണയിൽ അവനെ എത്തിക്കുന്നു. ഒരു ജനാധിപത്യവ്യവസ്ഥിതിക്കു് കടകവിരുദ്ധവും വിചിത്രവുമായ ഒരു നിലപാടാണു് അതെന്നു് പറയാതെ വയ്യ. മതങ്ങൾക്കെതിരായ വിമർശനങ്ങൾക്കു് യുക്തമായ മറുപടി നൽകാൻ കഴിയാത്തതു് മതവിമർശനമേ നിരോധിക്കണം എന്ന നിലപാടിനെ ഒരു കാരണവശാലും നീതീകരിക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ വിഭിന്നമായ പലതരം സാമൂഹികവ്യവസ്ഥിതികളുടെ ഗുണദോഷങ്ങൾ ജീവിച്ചും അനുഭവിച്ചും അറിഞ്ഞശേഷമാണു് ഒരു പരിഷ്കൃതലോകത്തിനു് ഏറ്റവും അനുയോജ്യമായതു് ജനാധിപത്യമാണെന്ന നിഗമനത്തിൽ മനുഷ്യൻ എത്തിച്ചേർന്നതു്. മനുഷ്യരുടെ പ്രാതിനിധ്യമില്ലാതെ “ദൈവങ്ങളാൽ” നിർമ്മിക്കപ്പെടുന്ന നിയമങ്ങൾക്കു് നിരുപാധികം കീഴ്പെട്ടു്, അവകാശങ്ങളൊന്നുമില്ലാതെ കടമകൾ മാത്രം നിർവ്വഹിക്കാൻ മനുഷ്യർ നിർബന്ധിതരാക്കപ്പെടുന്ന ഏകാധിപത്യവ്യവസ്ഥിതികളിൽ നിന്നു് വ്യത്യസ്തമായി, നിയമനിർമ്മാണത്തിൽ ജനങ്ങൾക്കു് ലഭിക്കുന്ന പ്രാതിനിധ്യവും, ഒരു സാമൂഹ്യജീവി എന്ന നിലയിൽ നിറവേറ്റേണ്ട കടമകളുടെ അതേ സ്വാഭാവികതയോടെ അവർക്കു് അനുവദിക്കപ്പെടുന്ന പൗരാവകാശങ്ങളും ജനാധിപത്യത്തെ മേന്മയുള്ളതാക്കുന്നു. ജനാധിപത്യം നൽകുന്ന അത്തരം സ്വാതന്ത്ര്യങ്ങൾ അനുഭവിച്ചുകൊണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടും സ്വന്തം വിശ്വാസപ്രമാണങ്ങൾ തൊടാനും തീണ്ടാനും പാടില്ലാത്തവയാണെന്നു് പ്രഖ്യാപിക്കുന്നവർ ജനാധിപത്യത്തിന്റെ വേരറുക്കുകയാണു് ചെയ്യുന്നതു്. വിമർശനത്തിനു് അതീതമായതൊന്നും ജനാധിപത്യത്തിൽ ഇല്ല. എന്നിരുന്നാലും, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ വിമർശനത്തിനു് എന്തെങ്കിലും അർത്ഥമുണ്ടാവണമെങ്കിൽ, പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പങ്കാളികൾക്കു് മതിയായ അറിവു് നിർബന്ധമായും ഉണ്ടായിരിക്കണം എന്നതു് പ്രാഥമികമായ ഒരു നിബന്ധനയാണു് എന്നും കൂടി പറയേണ്ടിയിരിക്കുന്നു.

ശാസ്ത്രീയ വിഷയങ്ങളിലെ ചർച്ചകളിൽ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുതയാണിതു്. വലിയ ഗ്രാഹ്യമൊന്നുമില്ലാതെതന്നെ ഏതു് വിഷയത്തിലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു “സംവാദം” തീർച്ചയായും സാദ്ധ്യമാവും. വാക്കുകളിൽ കടിച്ചുതൂങ്ങിയും, വ്യക്തികളെ തേജോവധം ചെയ്തും, വിഷയത്തിൽ നിന്നും വഴുതിമാറിയും ഉരുണ്ടുകളിച്ചുകൊണ്ടു് ഒരു സംവാദം വലിച്ചുനീട്ടുക എന്നതു് അത്ര പ്രയാസമുള്ള കാര്യമല്ല. അതുകൊണ്ടു് സമൂഹത്തിനോ വ്യക്തികൾക്കോ എന്തു് പ്രയോജനം എന്നേ ചോദിക്കേണ്ടതുള്ളു. മതവും ശാസ്ത്രവും തമ്മിലുള്ള ഒരു സംവാദം വെറും പാഴ്‌വേലയാണെന്നു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ശാസ്ത്രവുമായി ബന്ധമുള്ളവരെങ്കിലും മനസ്സിലാക്കിയിരിക്കണം. ബെർട്രാന്‍ഡ് ‌ റസ്സലിന്റെ അഭിപ്രായത്തിൽ, പരസ്പരം പൊതുവായ ഒരു ഘടകവും ഇല്ലാത്ത രണ്ടു് തലങ്ങളാണു് ദൈവവും ശാസ്ത്രവും. അതുകൊണ്ടുതന്നെ, എത്ര ചർച്ച ചെയ്താലും അവയെ പൊതുവായ ഒരു ഡിനോമിനേറ്ററിൽ കൊണ്ടുവരാൻ കഴിയുകയുമില്ല. റസ്സലിനു് മുൻപും ശേഷവും എത്രയോ ചിന്തകർ തലപുകച്ചു് പരാജയപ്പെട്ട ഒരു വിഷയമാണിതു്. അതേസമയം, ശാസ്ത്രം ഇതുവരെ കൈവരിച്ച പുരോഗതി ഇന്നു് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ടു്. ഒരു യഹോവയോ, അല്ലാഹുവോ, ബ്രഹ്മാവോ, മനുഷ്യബുദ്ധിയിൽ ഉദിച്ച മറ്റേതെങ്കിലും ദൈവമോ ഈ പ്രപഞ്ചത്തിന്റെ മറുപടി ആവാൻ കഴിയില്ല എന്ന കാര്യത്തിൽ അത്യാവശ്യം വിദ്യാസമ്പന്നരും, ഈ വിഷയത്തെ സംബന്ധിച്ചു് വിമർശനാത്മകമായ ഒരു ചിന്തക്കു് തയ്യാറായിട്ടുള്ളവരുമായ ഇന്നത്തെ മനുഷ്യർക്കു് രണ്ടഭിപ്രായമുണ്ടാവാൻ വഴിയില്ല. നമുക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും, ഭാരതത്തിലെ തൊണ്ണൂറു് ശതമാനം ജനങ്ങളും അതുപോലൊരു വിശകലനത്തിനു് പ്രാപ്തരല്ല എന്നതു് നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണു്. ഉന്നതപദവികൾ അലങ്കരിക്കുന്ന മഹാന്മാർ വരെ ദൈവത്തിൽ വിശ്വസിക്കുക മാത്രമല്ല, “തുലാഭാരം” പോലെ പ്രിമിറ്റീവ്‌ ആയ ആചാരങ്ങൾ അനുഷ്ഠിക്കാൻ പോലും ലജ്ജിക്കുന്നില്ല എന്നതിൽ നിന്നും, ആത്മീയമായ കാര്യങ്ങളിൽ റാഷണൽ ആയി ചിന്തിക്കാൻ വിദ്യാഭ്യാസം മാത്രം പോരാ എന്ന നിഗമനത്തിലേ എത്താനാവൂ. ദൈവവിശ്വാസം എന്നതു് അന്ധമായ വിശ്വാസമാണു്. അതിൽ ശാസ്ത്രീയമായി ഒന്നുമില്ല. ഒരു ശാസ്ത്രജ്ഞനോ സാങ്കേതികവിദഗ്ദ്ധനോ അവൻ ബന്ധപ്പെടുന്ന തൊഴിൽ മേഖലയിൽ എക്സ്‌പെർട്ട്‌ ആണു് എന്നതുകൊണ്ടുമാത്രം വിശ്വാസപരമായ കാര്യങ്ങളിൽ അതേ ശാസ്ത്രബോധം അവൻ പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. ചെറുപ്പത്തിലേ അടിച്ചേൽപിക്കപ്പെടുന്ന, ആത്മീയമായ കാര്യങ്ങൾ നിരുപാധികം അനുഷ്ഠിക്കപ്പെടണം എന്ന ബാദ്ധ്യതയിൽ നിന്നും പിന്നീടൊരു മോചനം മനുഷ്യനു് എളുപ്പമല്ലാത്തതു് അവ സത്യമായതുകൊണ്ടല്ല, ശീലം എന്നതു് പൊതുവേ തലച്ചോറിൽ ശേഖരിക്കപ്പെടുന്നതു് ഇച്ഛാനുസരണം തിരുത്താനാവാത്ത വിധം നമ്മുടെ ബോധപൂർവ്വമായ ഇടപെടൽ ഇല്ലാതെ ഓട്ടൊമാറ്റിക്‌ ആയി തലച്ചോറിൽ സംഭവിക്കുന്ന ഒരു പ്രക്രിയ ആയതിനാലാണു്. ആധുനിക ന്യൂറോസയൻസ്‌ ഈ വസ്തുത സ്ഥിരീകരിക്കുന്നു. ഒരർത്ഥത്തിൽ, ബാല്യത്തിലേ തലച്ചോറിൽ പതിയുന്ന പ്രോഗ്രാമുകൾക്കനുസൃതമായി “പാവകളിക്കാൻ” മാത്രം കഴിയുന്നവരാണു് മനുഷ്യർ. അക്ഷീണവും നിരന്തരവുമായ പരിശ്രമത്തിലൂടെ ശാസ്ത്രജ്ഞന്മാർ ഒന്നിനുപുറകെ ഒന്നായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന അനുപമവും അനവദ്യസുന്ദരവുമായ പ്രപഞ്ചരഹസ്യങ്ങളുടെ ഒരുക്കപ്പെട്ട തീന്മേശ ഒരു വിജ്ഞാനദാഹിയുടെ ദൃഷ്ടിയിൽ വിഭവസമൃദ്ധമായ ഒരു സദ്യയുടെ അനുഭൂതിയാണു് ഉണർത്തുന്നതു്. അതേസമയം, തീട്ടാന്വേഷിയായ ഒരു ഈച്ചയുടെ ശ്രമം അതിലെവിടെയെങ്കിലും അമേധ്യമുണ്ടോ എന്നു് കണ്ടെത്താനായിരിക്കും. പരസ്പരം ബന്ധപ്പെടുത്താൻ പൊതുഘടകങ്ങളൊന്നുമില്ലാത്ത രണ്ടു് വ്യത്യസ്ത ലോകങ്ങൾ!

അതുകൊണ്ടു്, മതത്തിന്റെ കുരുക്കിൽ പെട്ടവരെ മോചിപ്പിക്കുക എന്ന മിക്കവാറും അസാദ്ധ്യമായ ലക്ഷ്യം നേടാൻ അദ്ധ്വാനിച്ചു് സമയം നഷ്ടപ്പെടുത്തുകയല്ല, മതങ്ങളുടെ കെണിയിലേക്കു് അറിവില്ലായ്മ മൂലം ചെന്നു് വീഴാതിരിക്കാൻ കഴിയുന്നത്രപേരെ സഹായിക്കുക എന്നതായിരിക്കണം ശാസ്ത്രബോധമുള്ള മനുഷ്യർ നയിക്കുന്ന സംവാദങ്ങളുടെ ലക്ഷ്യം എന്നാണെന്റെ അഭിപ്രായം.

ഡോക്കിൻസിന്റെ The Greatest Show on Earth-ൽ നിന്നും ചില ഭാഗങ്ങൾ:

പ്രപഞ്ചം ഉത്ഭവിച്ചിട്ടു് പതിനായിരം വർഷങ്ങളിൽ താഴെ മാത്രമേ ആയിട്ടുള്ളു എന്നു് ഘോഷിക്കുന്ന “ചരിത്ര-നിഷേധികൾ” ബയോളജിയിലെ സത്യങ്ങളെ മാത്രമല്ല, ഫിസിക്സിനേയും, ജിയോളജിയേയും, കോസ്മോളജിയേയും, ആർക്കിയോളജിയേയും, ഹിസ്റ്ററിയെയും, കെമിസ്ട്രിയെയും ഒക്കെയാണു് നിഷേധിക്കുന്നതു്. നാച്ചുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലുള്ള എവൊല്യൂഷൻ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം മനസ്സിലാക്കണമെങ്കിൽ ഈ വിഷയങ്ങളിലെല്ലാം അത്യാവശ്യം അറിവു് ഉണ്ടാവാതെ കഴിയുകയുമില്ല. പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരിലെ പണ്ഡിതർ എന്നു് അവകാശപ്പെടുന്നവർപ്പോലും അതെന്താണെന്നു് മനസ്സിലാക്കാത്തവരാണെന്നതാണു് യാഥാർത്ഥ്യം. ചർച്ചകളിൽ അവർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ അതാണു് സൂചിപ്പിക്കുന്നതു്. പലർക്കും വേണ്ടതു് ‘fronkey’, ‘crocoduck’ മുതലായ ഇന്റർമീഡിയറ്റുകളെയാണു്. മനുഷ്യൻ കുരങ്ങിൽ നിന്നും വരുന്നതാണെങ്കിൽ, കുരങ്ങു് ഒരു മനുഷ്യക്കുഞ്ഞിനു് ജന്മം നൽകേണ്ടതല്ലേ എന്നാണു് മറ്റുചിലരുടെ ചോദ്യം. അങ്ങനെയൊരു മനുഷ്യക്കുഞ്ഞിന്റെ ജന്മം കണ്ടാൽ പരിണാമസിദ്ധാന്തത്തെ അംഗീകരിക്കാം എന്നു് പ്രസ്താവിക്കുന്നവരുമുണ്ടു്. ബോധമുള്ള ഒരു എവൊല്യൂഷനിസ്റ്റും പറയുന്നില്ല മനുഷ്യൻ കുരങ്ങിൽ നിന്നും ജനിക്കുന്നു എന്നു്. അതുപോലുള്ള “കുതിച്ചുചാട്ടം” എവൊല്യൂഷനിൽ സംഭവിക്കുക എന്നതു് സൃഷ്ടിവാദക്കാരുടെ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതുപോലെതന്നെ അസംബന്ധവും, സ്റ്റാറ്റിസ്റ്റിക്കലി അസാദ്ധ്യവുമാണു്. മനുഷ്യവർഗ്ഗവും കുരങ്ങുവർഗ്ഗവും ഒരു പൊതുവായ പൂർവ്വികനിൽ നിന്നും വരുന്നു എന്നതിനു് മനുഷ്യൻ കുരങ്ങിൽ നിന്നും ജനിക്കുന്നു എന്നെങ്ങനെ അർത്ഥം വരും? എവൊല്യൂഷൻ എന്നതു് അനുക്രമവും സാവകാശവുമായ ഒരു പ്രക്രിയയാണു്. എവൊല്യൂഷനെ എതിർക്കുന്നതിനു് മുൻപു് എന്തിനെയാണു് എതിർക്കുന്നതു് എന്നറിയാൻ മാത്രമായിട്ടെങ്കിലും അതിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പഠിക്കാൻ സൃഷ്ടിവാദികൾ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! ചർച്ചയിൽ ഏർപ്പെടുന്നവർ പറയുന്നതു് എന്താണെന്നുപോലും മനസ്സിലാക്കാതെ ‘elephanzee’ എവിടെ, ‘buffalion’ എവിടെ എന്നും മറ്റും ചോദിച്ചു് പരിഹാസ്യരാവാതിരിക്കാനെങ്കിലും അതു് സഹായിക്കുമായിരുന്നു. പക്ഷേ, ഉളുപ്പില്ലായ്മ വീണ്ടും വീണ്ടും തെളിയിക്കുന്ന വിശ്വാസികൾക്കു് പരിഹാസമെന്തു്? വിഡ്ഢിത്തമെന്തു്?

ഒരു മനുഷ്യൻ പീഡിപ്പിക്കപ്പെടുന്നതു് കാണുമ്പോൾ സാധാരണ മനുഷ്യർക്കു് അവനോടു് സഹതാപം തോന്നും. പക്ഷേ, പീഡിപ്പിക്കപ്പെടുന്നതിൽ ആനന്ദം അനുഭവിക്കുന്ന ഒരു മാസക്കിസ്റ്റ്‌ ആണു് അവനെങ്കിൽ അവനോടു് സഹതപിക്കുന്നവരെ അവൻ വെറുക്കുകയേ ഉള്ളു. വിശ്വാസിയോടു് അവൻ ചെയ്യുന്ന പ്രവൃത്തികളെപ്പറ്റി സ്വന്തം ബുദ്ധിയുപയോഗിച്ചു് ചിന്തിക്കുവാൻ ആവശ്യപ്പെടുന്നതു്, കീഴ്പെടുന്നതു് സായൂജ്യമായി കരുതുന്നവരെ സ്വാതന്ത്ര്യത്തിന്റെ വില പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലുള്ള ഒരു മൂഢത്വം മാത്രമേ ആവൂ. തന്റെ വിശ്വാസത്തിൽ വിശ്വസിക്കുക എന്നതുമാത്രമാണു് അവന്റെ ബുദ്ധിയിലെ ഒരേയൊരു ശരി. ആത്മാവിൽ അടിമകൾ ആയവർ അടിമത്തത്തിൽ ആനന്ദിക്കുന്നതിനു് അവരെ കുറ്റപ്പെടുത്താനാവില്ല. സമൂഹത്തിൽ നീചത്വങ്ങൾ അനുഭവിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ അവസ്ഥ മെച്ചപ്പെടുത്താൻ അവരിൽ നിന്നുതന്നെ ഉരുത്തിരിയുന്ന പ്രസ്ഥാനങ്ങൾ അന്തിമമായി പരാജയപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം അതിൽ പ്രവർത്തിക്കുന്നവർക്കു് അവരെ സ്വന്തം അപകർഷതാബോധത്തിൽ നിന്നും മോചിപ്പിക്കാൻ കഴിയുന്നില്ല എന്നതാണു്. സ്വന്തം ഇൻഫീരിയോറിറ്റി ഊരിയെറിയുന്നതിനുള്ള പാഴ്‌ശ്രമത്തിനിടയിൽ യഥാർത്ഥ ലക്ഷ്യം എന്തെന്നതു് അവരുടെ കൈവിട്ടുപോകുന്നു. “പാലത്തിനടിയിൽ ജീവിതം തള്ളിനീക്കുന്നവർ ഇന്നുവരെ അവിടെ നിന്നും സ്വയം മോചിപ്പിച്ചിട്ടില്ല” എന്നു് എവിടെയോ വായിച്ചതോർക്കുന്നു.

ഒരു ആധുനിക സ്പീഷീസും മറ്റേതെങ്കിലുമൊരു ആധുനിക സ്പീഷീസിൽ നിന്നും ഉത്ഭവിച്ചതല്ല. ഇന്നായാലും, ലക്ഷക്കണക്കിനു് വർഷങ്ങൾ മുൻപായിരുന്നാലും, ഏതു് ജീവിയുടേയും മാതാപിതാക്കളും കുഞ്ഞുങ്ങളും ആ ജീവിയോടു് സാദൃശ്യമുള്ളവയായിരിക്കും. ഏതായാലും മാതാപിതാക്കളുമായി കുരങ്ങും മനുഷ്യനും തമ്മിലുള്ളപോലുള്ള വ്യത്യാസത്തോടെ ഒരു കുഞ്ഞും ജനിക്കുന്നില്ല. സസ്തനികളുടെ ഏറ്റവും പഴയ പൂർവ്വികരിൽ ഒന്നു് എന്നു് കരുതപ്പെടുന്ന, ഏകദേശം 125 മില്ല്യൺ വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ Eomaia scansoria എന്ന ജീവിയും അതിന്റെ മാതാപിതാക്കളും, ഒരുപക്ഷേ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയും പരസ്പരം സാദൃശ്യമുള്ളവയായിരുന്നിരിക്കും എന്നു് ചുരുക്കം. അതുകൊണ്ടുതന്നെ, ഇന്നുമുതൽ കോടിക്കണക്കിനു് വർഷങ്ങൾ മുൻപുവരെയുള്ള എല്ലാ ജീവികളുടേയും ഫോസിലുകൾ ഒന്നൊഴിയാതെ (ഒറ്റ മിസ്സിംഗ്‌ ലിങ്ക്‌ പോലുമില്ലാതെ) ലഭ്യമായിരുന്നെങ്കിൽ, അവയുടെ തരം തിരിക്കൽ തന്നെ ഒരു വലിയ പ്രശ്നമായിരുന്നേനെ. ഒരു ജീവിയിലും അതിനു് തൊട്ടു് മുന്നിലും പിന്നിലും ഉള്ള തലമുറയിൽ നിന്നും തിരിച്ചറിയത്തക്ക വലിയ മാറ്റങ്ങൾ ഉണ്ടാവുകയില്ല. ഇന്നത്തെ ഒരു മനുഷ്യന്റെ മാതാക്കളെ (പിതാക്കളെയുമാവാം) ഒന്നൊന്നായി നമ്മൾ തലമുറകളിലൂടെ പുറകോട്ടു് നടന്നു് കാണുന്നു എന്നു് സങ്കൽപിച്ചാൽ, ഒരു തലമുറയിലും തൊട്ടടുത്തുള്ളവയിൽ നിന്നും ശ്രദ്ധേയമായ വ്യത്യാസങ്ങൾ ഒന്നുംതന്നെ കാണാൻ കഴിയുകയില്ല. പക്ഷേ, നമ്മുടെ യാത്ര “വേണ്ടത്ര” ദൂരം പുറകോട്ടു് തുടർന്നാൽ, ഒരു “കവലയിൽ” (hairpin bend) ആധുനിക മനുഷ്യനുമായി കാര്യമായ സാമ്യമൊന്നുമില്ലാത്ത ഒരു പൂർവ്വികജീവിയെ നമ്മൾ കണ്ടെത്തും. എവൊല്യൂഷൻ പ്രകാരം അത്തരമൊരു ജീവിയെ കണ്ടെത്തിയേ പറ്റൂ. ആ ജീവി ഒരു മനുഷ്യനോടു് എന്നതിനേക്കാൾ ഒരു കുരങ്ങിനോടു് കൂടുതൽ സാമ്യം പ്രദർശിപ്പിക്കുന്നതായിരിക്കും എന്നു് മിക്കവാറും ഉറപ്പായി പറയാം. ആ കവലയിൽ നിന്നും മറ്റൊരു ശാഖയിലൂടെ യാത്ര “മുന്നോട്ടു്” തുടർന്നാൽ ആ ജീവിക്കു് സംഭവിക്കുന്ന അനുക്രമമായ മാറ്റങ്ങളിലൂടെ അവസാനം നമ്മൾ ചിമ്പാൻസീയിൽ എത്തിച്ചേരും. നമ്മൾ ലക്ഷ്യം വയ്ക്കുന്നതു് ചിമ്പാൻസീയെ അല്ല മറ്റേതെങ്കിലും സ്പീഷീസിനെ ആണെങ്കിൽ അതിനനുസരിച്ചു് കവലകളും ശാഖകളും തിരഞ്ഞെടുക്കുകയേ വേണ്ടൂ. ഏതു് സ്പീഷീസിനും മറ്റേതൊരു സ്പീഷീസുമായി പൊതുവായ ഒരു പൂർവ്വികനുണ്ടു്. ഒന്നിൽ നിന്നും മറ്റേതിൽ എത്താൻ, ആദ്യത്തേതിൽ നിന്നും പുറകോട്ടു് ബന്ധപ്പെട്ട ഹെയർപ്പിൻ ബെൻഡ്‌ വരെ എത്തിയശേഷം അവിടെ നിന്നും രണ്ടാമത്തേതിലേക്കു് മുന്നോട്ടു് യാത്ര തിരിക്കുക. ഇതിന്റെ വെളിച്ചത്തിൽ, മനുഷ്യനു് മറ്റേതെങ്കിലും ജീവിയെ അപേക്ഷിച്ചു് എന്തെങ്കിലും മേന്മയുണ്ടെന്നോ, മനുഷ്യനെ രൂപീകരിക്കുന്നതിനു് വേണ്ടിയായിരുന്നു എവൊല്യൂഷൻ എന്നോ ഒക്കെ പറയുന്നതിൽ ഒരു അർത്ഥവുമില്ല. മനുഷ്യനേക്കാൾ എത്രയോ കോടി വർഷങ്ങൾക്കു് മുൻപു് രൂപമെടുത്തതും, മനുഷ്യൻ ഇവിടെ നിശ്ശേഷം ഇല്ലാതായാൽപ്പോലും (എന്നെങ്കിലും നിശ്ചയമായും സംഭവിക്കേണ്ടുന്ന ഒരു കാര്യമാണതു്) അതിനുശേഷം അനേക കോടി വർഷങ്ങൾ കൂടി ഇവിടെ ഉണ്ടായിരിക്കാൻ എല്ലാ സാദ്ധ്യതയുള്ളതുമായ അനേകം ചെറുജീവികൾക്കും കൂടി അവകാശപ്പെട്ടതാണു് ഈ ഭൂമി. മദ്ധ്യകാലയൂറോപ്പിലെ ക്രൈസ്തവസങ്കൽപപ്രകാരം ഏറ്റവും മുകളിൽ ദൈവം, അതിനു് താഴത്തെ പല പടികളിലായി റാങ്ക്‌ അനുസരിച്ചുള്ള മാലാഖമാർ, അതിനുതാഴെ റാങ്ക്‌ അനുസരിച്ചുള്ള മനുഷ്യർ, അതിനും താഴെ മൃഗങ്ങൾ, വീണ്ടും താഴെ നിരയനുസരിച്ചു് ചെടികൾ, കല്ലുകൾ, ജീവനില്ലാത്ത മറ്റു് വസ്തുകൾ ഇങ്ങനെയൊരു “ഗോവണി മിത്ത്‌” ഡാർവിന്റെ കാലം വരെ നിലനിന്നിരുന്നു. (നമ്മൾ കാണുന്നപോലെ, സൃഷ്ടിവാദികളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നു). പുരുഷമനസ്സുകളിൽ വേരുറച്ചിരുന്ന ഉയർന്ന ജീവികളുടെയും താഴ്‌ന്ന ജീവികളുടെയും ഈ “ഗോവണി” ആണു് മിസ്സിംഗ്‌ ലിങ്ക്‌ എന്ന ആശയത്തിനു് ഇന്നും ഊർജ്ജം പകരുന്നതു്. അതേസമയം, എവൊല്യൂഷന്റെ തെളിവിനു് ഫോസ്സിലുകൾ ഒരു നിർബന്ധമല്ല. ഫോസ്സിലുകൾ അതിനു് അഡീഷണൽ ആയ മറ്റൊരു എവിഡൻസ്‌ കൂടി നൽകുന്നു എന്നേയുള്ളു.

(തുടരും)

 
6 Comments

Posted by on Jan 14, 2011 in മതം

 

Tags: , , ,

സൃഷ്ടിവാദശാസ്ത്രം

എനിക്കു് ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഒരു മാർപ്പാപ്പയാവുക എന്നതായിരുന്നു അതു്. എന്തെന്തു് ത്യാഗങ്ങൾ ഞാൻ അതിനുവേണ്ടി സഹിച്ചില്ല, എത്രയെത്ര നോമ്പുകൾ ഞാൻ നോറ്റില്ല? ഏതു് തത്തമ്മക്കും മാർപ്പാപ്പയാവാൻ കഴിയും എന്ന അനുഭവജ്ഞാനമാണു് സത്യത്തിൽ ആ തൊഴിൽ തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചതു്. മാർപ്പാപ്പ ഒരോ വർഷത്തിലേയും വിശേഷദിവസങ്ങളിൽ വത്തിക്കാൻ കൊട്ടാരത്തിന്റെ ജനാലയ്ക്കൽ, Cuckoo clock-ൽ ഓരോ മണിക്കൂറിലും പ്രത്യക്ഷപ്പെട്ടു്, എത്ര മണിയായോ അത്രവട്ടം കൂവുന്ന കിളിയെപ്പോലെ, Urbi et Orbi എന്നും മറ്റും അരുളിച്ചെയ്യുന്ന പരിപാടി ടിവിയിൽ ആദ്യമായി കണ്ട ആ നിമിഷത്തിൽത്തന്നെ ഞാൻ തീരുമാനിച്ചതാണു്: ഞാൻ എന്നെങ്കിലും എന്തെങ്കിലും ആകുന്നുണ്ടെങ്കിൽ അതൊരു മാർപ്പാപ്പയായിരിക്കും. എല്ലാം പ്രണയത്തിന്റെ യൂണിറ്റിൽ അളക്കുന്നവരുടെ ഭാഷയിൽ പറഞ്ഞാൽ, പാപ്പത്തൊഴിലിനോടു് തോന്നിയ ദിവ്യമായ ഒരുതരം ആദ്യാനുരാഗമായിരുന്നു അതു്. പക്ഷേ, ഇനി എത്ര പറഞ്ഞിട്ടെന്തു് കാര്യം? എല്ലാം പാഴും ശൂന്യവുമായിപ്പോയി. “കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി, അയ്യോ കാക്കച്ചി കൊത്തിപ്പോയി” എന്ന സിൽമാഗാനം പോലെയായി കാര്യങ്ങൾ. മലയാളം ബ്ലോഗോസ്ഫിയറിലെ ദൈവത്തിന്റെ കാവൽപ്പടയാളികൾ എനിക്കു് മാർപ്പാപ്പയാവാനുള്ള യോഗ്യതയില്ല എന്നു് സർട്ടിഫിക്കറ്റ്‌ നൽകിയിരിക്കുന്നു! ഞാൻ മൂലത്തിലോ കുംഭത്തിലോ പാടേണ്ടതിനു് പകരം ഭരണിയിലാണു് പാടുന്നതത്രേ! കണ്ട ഭോഷന്മാർ പറയുന്നതിലൊക്കെ എന്തു് കാര്യം എന്നു് ഒരുപക്ഷേ നിങ്ങൾക്കു് തോന്നുന്നുണ്ടാവാം. അതു് നിങ്ങളുടെ തെറ്റിദ്ധാരണയാണു്; ആത്മീയമായ കാര്യങ്ങളിൽ ഭോഷന്മാർ പറയുന്നതു് മാത്രമാണു് ദൈവതിരുമുൻപിൽ കണക്കിടപ്പെടുന്ന ഒരേയൊരു കാര്യം. മദ്ധ്യസ്ഥപ്രാർത്ഥനയുടെ ചീട്ടിന്റെ വിലയല്ലാതെ, അതിനു് ദൈവം നൽകുന്ന മറ്റേവില അറിയാത്തതുകൊണ്ടാണു് നിങ്ങൾക്കു് കാര്യത്തിന്റെ ഗൗരവം പിടികിട്ടാത്തതു്. പരിണാമസിദ്ധാന്തത്തെ കണ്ടിച്ചു് കഷണിച്ചു്, ഉപ്പും മുളകും പുരട്ടി പൊരിച്ചു് തിന്നുന്ന ബ്ലോഗിലെ സൃഷ്ടിവാദികളുടെ അതിഗഹനമായ ശാസ്ത്രീയ വിശകലനങ്ങൾ കണ്ടിട്ടുള്ളവർക്കു് – അവർ സൃഷ്ടിവാദികളല്ലെങ്കിൽ – ഭോഷത്വത്തിന്റെ വില മനസ്സിലാവാതിരിക്കില്ല.

“മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി” എന്ന പോലെ, അസ്തിത്വസംബന്ധിയായ സംശയങ്ങൾ പരിഹാരമില്ലാതെ തുറിച്ചുനോക്കുമ്പോൾ നിങ്ങൾ സമീപിക്കേണ്ടതു് വേദഗ്രന്ഥങ്ങളെയാണു്. ഉദാഹരണത്തിനു്, ഭോഷത്വസംബന്ധമായ ചോദ്യങ്ങളുടെ ഉത്തരത്തിനു് ബൈബിളിലെ പൗലോസിന്റെ ഒന്നാം കൊരിന്ത്യർ ലേഖനമാണു് നിങ്ങൾ വായിക്കേണ്ടതു്. “ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” എന്ന വിശുദ്ധ പൗലോസിന്റെ വാക്യത്തിലെ ജ്ഞാനത്തിന്റെ അർത്ഥവ്യാപ്തി ഭോഷത്വസംബന്ധമായ നിങ്ങളുടെ സംശയങ്ങളെ ദൂരീകരിക്കും. “ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കി” എന്നു് പറയുന്നതിലൂടെ, ലോകത്തിന്റെ ഭോഷത്വത്തെ ദൈവം ജ്ഞാനമാക്കി എന്നാണു് പൗലോസ്‌ സംശയത്തിനു് ഇടനൽകാതെ സ്ഥാപിക്കുന്നതു്. പൗലോസിന്റെ ജ്ഞാനം ലോകത്തിന്റെ ജ്ഞാനമല്ല, അതു് ലോകത്തിന്റെ ഭോഷത്വമാണെന്നും, ആ ഭോഷത്വത്തെയാണു് ദൈവം ജ്ഞാനമാക്കി മാറ്റിയതെന്നും പൗലോസ്‌ തന്നെ ലോകത്തിലെ വിശ്വാസികളായ ഭോഷന്മാരോടു് പറയുകയാണിവിടെ. ഇത്തരം പൗലോസിയൻ ഡയലെക്ടിക്കിനെയാണു് നമ്മൾ യഥാർത്ഥത്തിൽ യുക്തിഭദ്രമായ ആര്‍ഗ്യുമെന്‍റ്‌ എന്നു് വിളിക്കുന്നതുതന്നെ! ഒരു ദൈവവിശ്വാസിയുടെ ഈഗോസെൻട്രിസം അവനെ ദൈവത്തിനൊപ്പം പൊക്കിപ്പിടിക്കുന്നതിൽപ്പോലും ലജ്ജിക്കാത്ത ഭ്രാന്തിലേക്കു് നയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് പൗലോസ്‌. “അഹം ബ്രഹ്മം” എന്ന മഹദ്വചനത്തെ ചുറ്റിപ്പറ്റി മാത്രം വ്യവഹരിക്കുന്ന മലയാളിക്കു് ഈഗോസെൻട്രിസം പുത്തരിയാവാൻ വഴിയുമില്ല. സാക്ഷാൽ പൗലോസിനേയും കടത്തിവെട്ടുന്ന ഒരു വിഭാഗമാണു് പരിണാമസിദ്ധാന്തമെന്നാൽ ഡാർവിനിസം മാത്രമാണെന്നും, അതിനെ “കണ്ടിക്കാൻ” ഡോക്കിൻസിനെ കണ്ടിച്ചാൽ മതിയെന്നും, ഡോക്കിൻസിനെ കണ്ടിക്കാൻ “നാസ്തികനായ ദൈവത്തെ” കണ്ടിച്ചാൽ മതിയെന്നും, നാസ്തികനായ ദൈവത്തെ കണ്ടിക്കാൻ എവൊല്യൂഷനെപ്പറ്റി കുറെ സൃഷ്ടിവാദികൾ അമേരിക്കൻ ഡോളറിന്റേയും ഓയിൽ ഡോളറിന്റേയും പിൻബലത്തിൽ ശാസ്ത്രം എന്ന പേരിൽ പടച്ചുവിടുന്ന കുറേ നോവലുകളിലെ മുക്കും മൂലയും ചൂണ്ടിക്കാണിച്ചു് ആധുനികശാസ്ത്രമേ മണ്ടത്തരമാണെന്നു് ഏതാനും ചിയർ ഗേൾസിന്റെ സഹായത്തോടെ ആർപ്പുവിളിച്ചാൽ മതിയെന്നും കരുതുന്ന മലയാളം ബ്ലോഗുലോകത്തിലെ “മതശാസ്ത്രപണ്ഡിതർ”. അവരുടെ കാഴ്ചപ്പാടിൽ bright, Jack Rabbit, KP, Mi, അപ്പൂട്ടൻ, കാളിദാസൻ, ബാബുരാജ്‌, ചിത്രഭാനു, മുതലായവരെല്ലാം വിവരദോഷികൾ, സുശീൽകുമാറും, സി. കെ. ബാബുവും ഭരണിയിൽ പാടുന്നവർ, ഇ. എ. ജബ്ബാർ പണ്ടേതന്നെ നരകത്തിലെ വറചട്ടിയ്ക്കു് മാത്രം യോഗ്യൻ! പിന്നെ ആരാണു് എല്ലാം തികഞ്ഞ യോഗ്യന്മാർ? സംശയമെന്തു്? ആറാം നൂറ്റാണ്ടിലെ ദൈവ-ശാസ്ത്രജ്ഞാനം വിളമ്പുന്ന സി. കെ. ലത്തീഫ്‌, ചിന്തകൻ, കാട്ടിപ്പരുത്തി, എൻ.എം. ഹുസൈൻ, “സത്യാ”ന്വേഷി, നാജ്‌, സുബൈർ ഇത്യാദി ജനുസ്സുകളും അവരുടെ കൂട്ടത്തിൽ കൂലിയ്ക്കോ കൂലിയില്ലാതെയോ കൂവാനല്ലാതെ, വിഷയത്തിനെ സംബന്ധിച്ച ABC പോലുമറിയാത്ത, അധികപങ്കും സ്വന്തമായി ഒരു പ്രൊഫെയിൽ പോലുമില്ലാത്ത കുറേ ചിയർ ഗേൾസുമാണു് അറിവുള്ളവർ, മതപണ്ഡിതർ, ശാസ്ത്രജ്ഞാനികൾ! അഡ്രസ്സുള്ള മേൽപടിയാന്മാർ പറയുന്നതുതന്നെ കിടിലൻ പാണ്ഡിത്യമാവുമ്പോൾ പിന്നെ അഡ്രസ്സില്ലാത്ത (അതിൽ മിക്കവരും അഡ്രസ്സുള്ളവരുടെതന്നെ വ്യാജ ID-കൾ തന്നെ!) ചിയർഗേൾസിൽ നിന്നും അതിലും കിടിലോൽക്കിടിലമായ പാണ്ഡിത്യമല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു. വിഷപ്പാമ്പുകളെ നേരിടേണ്ടതു് ഡിപ്ലോമസികൊണ്ടല്ല, വേലിപ്പത്തൽകൊണ്ടാണു് എന്നതിനാൽ, ഇപ്പറഞ്ഞവരുമായി യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു ചർച്ചക്കു് പോകുന്നവരോടു് സഹതപിക്കാനേ നിവൃത്തിയുള്ളു. ആസനത്തിലെ ആൽമരത്തിനെ തണൽമരമായി ആഘോഷിക്കുന്നവർക്കാണോ ആറാം നൂറ്റാണ്ടിലെ പ്രാകൃതത്വത്തെ കൊട്ടിഘോഷിച്ചുകൊണ്ടു് പത്തൊൻപതാം നൂറ്റാണ്ടിലെ ഡാർവിനിസത്തെ വിമർശിക്കാനും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മോഡേൺ എവൊല്യൂഷനറി സിന്തസിസ്‌ കണ്ടില്ലെന്നു് നടിക്കാനും ബുദ്ധിമുട്ടു്? പോരെങ്കിൽ, സൃഷ്ടിവാദികളുടെ ചക്കു് വളരെ പതുക്കെ ആടുന്നതാണു്. പരന്ന ഭൂമിയെ ഉരുട്ടിയെടുക്കാനുള്ള ശ്രമം ചിലർ ഇപ്പോഴും തുടരുന്നതു് നമ്മൾ കാണുന്നുണ്ടല്ലോ. ഒരു പത്തുനൂറു് കൊല്ലം ക്ഷമിച്ചാൽ അവർ മോഡേൺ എവൊല്യൂഷനറി സിന്തസിസിനെ വിമർശിക്കാൻ തുടങ്ങുന്നതു് ഒരുപക്ഷേ കാണാം. ശാസ്ത്രം അപ്പോഴേക്കും അവിടെനിന്നും വളരെദൂരം പോയിട്ടുണ്ടായിരിക്കുമെന്നതു് മറ്റൊരു കാര്യം.

“ലോകത്തിന്റെ ഭോഷത്വം” എന്നതു് ബിഗ്‌ബാംഗിനും, ഇതുവരെ ആർക്കുമറിയാത്ത അതിലും വലിയ സകല “ബാംഗുകൾക്കും” അപ്പുറത്തുനിന്നും വരുന്ന സാക്ഷാൽ ദൈവജ്ഞാനമാണു് എന്നു് വിശ്വസിക്കുന്നവർക്കു് ചത്തശേഷം നൽകാനായി റിസർവ്വ്‌ ചെയ്തിരിക്കുന്ന ട്രോഫികളാണു് സ്വർഗ്ഗരാജ്യവും അതിലെ ഇതിനോടകം പരസ്യമായിക്കഴിഞ്ഞ പലയിനം ചൂടാറാത്ത സ്പെഷ്യൽ സർവ്വീസുകളും. ദൈവം രാവിലെ ഉറക്കമുണർന്നാൽ ആദ്യം നോക്കുന്നതു്, ഇൻബോക്സിൽ ലോകഭോഷന്മാരുടെ പുതിയ ഇ-മെയിലുകൾ വല്ലതും എത്തിയിട്ടുണ്ടോ എന്നാണു്. തനിക്കു് നേർച്ചയിടാനായി ദൈവം തിരഞ്ഞെടുത്തതും, തന്റെ സ്വന്തവുമായ വിശ്വാസികൾ എന്ന വിശുദ്ധജനം ആവശ്യപ്പെടുന്നതല്ലാതെ മറ്റൊന്നും ദൈവം ഇതുവരെ ചെയ്തിട്ടില്ല, ഇനിയൊട്ടു് ചെയ്യുകയുമില്ല. ഉദാഹരണത്തിനു്, എന്നെ മാർപ്പാപ്പയാക്കരുതു് എന്നു് ഒരു ലോകഭോഷൻ (= ദൈവജ്ഞാനി) ദൈവത്തോടു് പറഞ്ഞാൽ അതിനു് പിന്നെ അപ്പീലൊന്നുമില്ല. മാർപ്പാപ്പയാവാൻ വച്ച വെള്ളം അടുപ്പത്തുനിന്നും താഴെയിറക്കി ആ വെള്ളം കൊണ്ടുതന്നെ അടുപ്പിലെ തീ കെടുത്തുകയല്ലാതെ എനിക്കു് ഗത്യന്തരമൊന്നുമില്ല. രണ്ടു് ഇടതുകൈകളും, അവ രണ്ടും കൂടിയാലത്ര നീളമുള്ള ഒരു നാക്കുമായി ഈ ഭൂമിയിലേക്കു് അവതരിക്കുന്ന ഇടതുകയ്യരല്ലാത്ത എല്ലാവരും ചെയ്യുന്ന തൊഴിലായ ദൈവവേല ചെയ്തു് സുഖമായി ജീവിക്കാൻ എനിക്കും കഴിയുമെന്ന ഉത്തമവിശ്വാസം മൂലം മറ്റൊരു തൊഴിലും ഞാൻ പഠിച്ചുമില്ല. അതിനാൽ, ഇനി, പട്ടിണി കൂടാതെ കഴിയണമെങ്കിൽ വല്ല ധ്യാനകേന്ദ്രവും തുടങ്ങുകയേ രക്ഷയുള്ളു. അവിടെയും രക്ഷയില്ലെങ്കിൽ ഡോക്കിൻസിനെ കണ്ടിച്ചുകൊണ്ടു് ഒരഞ്ചാറു് പുസ്തകമെഴുതണം.

ജീവിതത്തിൽ ആരായിത്തീരണം എന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിന്റെ കാര്യത്തിൽ എന്നേക്കാൾ കൂടുതൽ ഭാഗ്യമുള്ളവനായിരുന്നു തോമാസ്‌ അക്വീനാസ്‌. പൗലോസിന്റെ തത്വത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ലോകത്തിന്റെ ഭോഷത്വം ദൈവം ജ്ഞാനമാക്കി മാറ്റുന്നതിന്റെ മറ്റൊരു ഉദാഹരണമാണു് അക്വീനാസ്‌. ഓർക്കുക, ഈ അക്വീനാസാണു് ഒരു മജീഷ്യൻ തന്റെ തൊപ്പിയിൽ നിന്നും മുയലിനെ പുറത്തെടുക്കുന്നപോലെ, തള്ളപ്പൂച്ച കുഞ്ഞിനെയെന്ന മാതൃകയിൽ, സ്വർഗ്ഗത്തിലെ ദൈവത്തിനെ കഴുത്തിനു് പിടിച്ചു് തൂക്കിയെടുത്തു് “സഹലമാന” ലോകത്തിനും കാണിച്ചുകൊടുത്തു എന്നു് ചാവേർ ഗേൾസിനെ ആവേശഭരിതരാക്കിക്കൊണ്ടു് ഹുസൈൻ വീണ്ടും വീണ്ടും വിളിച്ചുപറയുന്നതു്. എല്ലാ മനുഷ്യരും കാണാതെ പഠിക്കുക: അക്വീനാസ്‌ = ദൈവാസ്തിത്വം തെളിയിച്ചവൻ! “എനിക്കൊരു ഡൊമിനിക്കൻ സന്യാസി ആയാൽ മതി, ചത്താലും ഞാനൊരു ബെനെഡിക്റ്റിൻ സന്യാസി ആവില്ല” എന്ന കട്ടായമായ തീരുമാനം തന്റെ പത്തൊൻപതാമത്തെ വയസ്സിൽ കൈക്കൊണ്ട തോമാസ്‌ അക്വീനാസിന്റെ മനസ്സുമാറ്റാനായി അവന്റെ രണ്ടു് സഹോദരന്മാർ ഒരുദിവസം ഒരു വേശ്യയെ വാടകക്കെടുത്തു് അവന്റെ മുറിയിൽ നിക്ഷേപിച്ചത്രേ! അക്വീനാസിനോടാണു് തങ്ങളുടെ കളി എന്നവർ ഓർത്തില്ല. അവൻ സാധാരണ ആയുധങ്ങളായ ചൂരലോ ചാട്ടയോ, ഡ്രാക്കുളയെപ്പോലും പിൻതിരിപ്പിക്കാൻ പോന്ന കുരിശോ വെളുത്തുള്ളിയോ ഒന്നും എടുക്കാൻ പോകാതെ, നല്ല ഒന്നാംതരം ഒരു തീക്കൊള്ളിയുമായി അവളുടെ പുറകെയെത്തി. തീക്കൊള്ളികൊണ്ടു് എന്തു് പ്രയോഗമാണു് അവൻ ലക്ഷ്യമാക്കുന്നതെന്നറിയാത്തതിനാലാവാം, ഒരുമാതിരിപ്പെട്ട Sado-Maso (BDSM) കളികളിലെല്ലാം എൿസ്പെർട്ട്‌ ആയിരുന്നിട്ടും അവൾ ജീവനും കൊണ്ടു് ഓടി രക്ഷപെടുകയായിരുന്നു എന്നു് സഭാചരിത്രം. അവൾ പിന്നെ തിരിച്ചു് ചെന്നില്ലെങ്കിലും, അന്നുരാത്രി അവൻ ഉറങ്ങുകയായിരുന്നപ്പോൾ, രണ്ടു് മാലാഖമാർ അടുത്തു് വന്നിരുന്നു്, അവന്റെ തീരുമാനം ശരിയായിരുന്നു എന്നു് ഉറപ്പുനൽകുകയും, അവന്റെ “മലയെ മാറ്റുന്ന” ജനുസ്സിൽ പെട്ട ഉറച്ചവിശ്വാസത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു എന്നൊരു കഥയുമുണ്ടു്. മതങ്ങൾ ഇന്നോളം പറഞ്ഞുപിടിപ്പിച്ചതു് മുഴുവൻ കഥകളാവുമ്പോൾ ഒന്നോ രണ്ടോ കഥകൾ കൂടിയാലെന്തു്, കുറഞ്ഞാലെന്തു്? ഇതിൽ നിന്നും വെളിപ്പെടുന്ന മറ്റൊരു കാര്യം: അക്കാലത്തു് ഒരു ബെനെഡിക്റ്റിൻ സന്യാസി ആവാൻ ഒരുത്തന്റെ വേശ്യാസഹശയനം ഒരു തടസ്സമായിരുന്നില്ല. ഇന്നും കാര്യങ്ങൾക്കു് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സഹശയനവാർത്തകൾ പുറത്തു് വരരുതെന്നേയുള്ളു. വ്യഭിചരിക്കാം, മദ്യപിക്കാം, ബാലികാബാലന്മാരെവരെ പീഡിപ്പിക്കാം… – പക്ഷേ, സംഗതി രഹസ്യമായിരിക്കണം, അത്രേയുള്ളു. നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ സദാചാരി ലേബലിൽ കറ പിടിപ്പിക്കരുതു്. “നാലാളു് കേട്ടാൽ” എന്തുകരുതും? എപ്പോഴും ഓർമ്മിക്കുക: നമ്മൾ ജീവിക്കുന്നതു് നമുക്കു് വേണ്ടിയല്ല, നാലാൾക്കു് വേണ്ടിയാണു്!

പണ്ടൊക്കെ സദാചാരപരമായ കാര്യങ്ങൾ അത്ര കർശനമായിരുന്നില്ല. അക്വീനാസിനു് മുൻപും അവനു് ശേഷം ഇന്നുവരെയും സഭയുടെ നെടുംതൂണായ വിശുദ്ധ അഗസ്റ്റിൻതന്നെ ലൗകികജീവിതത്തിൽ പിശാചിനോടു് കൂട്ടുകൂടി കളിയെത്ര കളിച്ചശേഷമാണു് ആത്മീയജീവിതത്തിലേക്കു് തിരിഞ്ഞതു് എന്നു് ചരിത്രം അറിയാവുന്നവർക്കൊക്കെ അറിയാം. മുഹമ്മദ്‌ തന്നെ എത്ര പെണ്ണുങ്ങളെ ലൈംഗികമായി അമ്മാനമാടിയില്ല? ഒരർത്ഥത്തിൽ മുഹമ്മദിനെ കുറ്റം പറയാനാവില്ല. ദൈവകൽപന അനുസരിക്കാനായി അയൽനാട്ടുകാരോടെല്ലാം യുദ്ധം ചെയ്തു് പുരുഷവംശം എണ്ണത്തിൽ ചുരുങ്ങിയപ്പോൾ വംശം നശിക്കാതിരിക്കാൻ മുഹമ്മദ്‌ തന്നാലാവുന്നതു് ചെയ്തെന്നേയുള്ളു. നമ്മൾ നേരിട്ടു് ചെയ്താൽ മാത്രം ശരിയാവുന്ന ചില കാര്യങ്ങളുണ്ടു്. അതു് നമ്മൾ മറ്റുള്ളവരെ ഏൽപിക്കരുതു്. കക്കൂസിൽ പോക്കു് ഒരുദാഹരണമാണു്. വംശം നശിക്കാതിരിക്കാൻ ലോത്തിന്റെ രണ്ടു് പെണ്മക്കൾ അപ്പനിൽനിന്നുപോലും ഗർഭം ധരിക്കാൻ മടികാണിച്ചില്ല എന്നു് നമ്മൾ മറക്കരുതു്. (ഇതാണു് നിരീശ്വരവാദിയും യുക്തിവാദിയുമൊക്കെ ആയാലുള്ള ഒരു തകരാറു്. ഒരു വിശുദ്ധകാര്യം കേട്ടാൽപ്പോലും അതിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെല്ലാം ചുഴിഞ്ഞെടുത്തു് അവർ വിളിച്ചുപറയും. വിശ്വാസി ആയാൽ അങ്ങനെയൊരു തകരാറില്ല. കേൾക്കുന്നതു് ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ, അതു് ഒറ്റനോട്ടത്തിൽത്തന്നെ പച്ചക്കള്ളം എന്നു് തിരിച്ചറിയാവുന്നതായാലും ശരി, പറഞ്ഞു – കേട്ടു – വിശ്വസിച്ചു – ഏറ്റെടുത്തു – അനുഷ്ഠിച്ചു – അതാണു് വിശ്വാസി.  അവിടെ പിന്നെ വലിയ സംശയത്തിനോ ചോദ്യത്തിനോ ഒന്നും ഒരു സ്ഥാനവുമില്ല. വിരലുകളിൽ എണ്ണാവുന്നതിൽ കൂടുതൽ കാര്യങ്ങൾ ഒറ്റയടിക്കു് പറയരുതെന്ന ഒറ്റ നിബന്ധനയേയുള്ളു. ഒത്തിരി കാര്യങ്ങൾ ഒരുമിച്ചു് വിശ്വാസിയുടെ തലയിൽ ഒതുങ്ങില്ല.) ഒരു മാർപ്പാപ്പയാവുക എന്ന എന്റെ സുചിന്തിത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി സാത്താന്റെ പ്രലോഭനത്താൽ എന്നെ സമീപിച്ച സ്വർഗ്ഗത്തിലെ ഹൂറികൾ പോലുള്ള അനേകം യുവകന്യകമാരെ, അക്വീനാസിനെ മാതൃകയാക്കി, ഞാനും ആളുന്ന തീക്കൊള്ളിയും, കയ്യെത്താവുന്ന ദൂരത്തിലുണ്ടായിരുന്ന മറ്റു് പലതരം കൊള്ളികളുമൊക്കെ കാണിച്ചു് ഭയപ്പെടുത്തി ഓടിച്ചിട്ടുണ്ടു്. പക്ഷേ, ഡൊമിനിക്കൻ ആവാനുള്ള അക്വീനാസിന്റെ ആഗ്രഹത്തിൽ നിന്നും വിരുദ്ധമായി മാർപ്പാപ്പ ആവാനുള്ള എന്റെ സ്വപ്നം ബ്ലോഗ്‌ ഉപദേശിമാരുടെ ഒരൊറ്റ സർട്ടിഫിക്കറ്റോടെ പാഴായിപ്പോയി. ഞാൻ പാതിരിമാരെപ്പോലെ വീഞ്ഞുമാത്രമല്ല, വിസ്കിയും കുടിക്കുമെന്ന വാർത്ത വിക്കിലീക്സ്‌ വഴി ഇതിനോടകം പുറത്തുവന്നതിനാൽ, മാർപ്പാപ്പ പോയിട്ടു് ഒരു ബിഷപ്പുപോലും ആവാൻ ഇനിയിപ്പോൾ പറ്റുമെന്നു് തോന്നുന്നില്ല. ഇപ്പോൾ ഇവിടെ ബാക്ക്‌ ഗ്രൗണ്ടിൽ മണികെട്ടിയ ഒരു ഭരണിപ്പാട്ടു് അലയടിക്കുന്നതായി നിങ്ങൾക്കു് തോന്നുന്നുണ്ടെങ്കിൽ അതു് യാദൃച്ഛികമല്ല.

എവൊല്യൂഷനെപ്പറ്റിയുള്ള സൃഷ്ടിവാദികളുടെ ഉമ്മാക്കിക്കഥകൾ നിങ്ങൾക്കു് കേൾക്കണോ? ഉമ്മാക്കിക്കഥകൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തി മര്യാദക്കാരാക്കുക എന്ന ലക്ഷ്യം നേടാനായി, അതൊരു പ്രാകൃത രീതിയാണെന്നറിയാൻ കഴിയാതിരുന്ന പുരാതനകാലങ്ങളിൽ മനുഷ്യരുടെ ഭാവനയിൽ രൂപമെടുത്തവയാണു്. ചില മതങ്ങളിൽ പണ്ടാരോ പറഞ്ഞ ചില ഉമ്മാക്കിക്കഥകൾ അക്ഷരംപ്രതി കേട്ടനുസരിച്ചില്ലെങ്കിൽ കുഴിമാടത്തിൽ നിന്നും മനുഷ്യരുടെ ആത്മാവു് നേരിട്ടു് നരകത്തിലെ ഭീമൻ അടുക്കളയിലെ വറചട്ടിയിൽ എത്തുമെന്നും അതിൽ കിടന്നു് പപ്പടം പോലെ പൊരിയേണ്ടിവരുമെന്നുമൊക്കെ കേൾക്കുമ്പോൾ ഭയന്നു് മൂത്രം പോവുന്ന മുതിർന്ന കുഞ്ഞുങ്ങൾ ലോകത്തിലെ പല ഭാഗങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ടു്. ഉമ്മാക്കിക്കഥകൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്ന പഴയ കാലഘട്ടത്തിലെ അത്രപോലും മാനസികവളർച്ചയെത്താത്ത ഏകതാനബുദ്ധികളാണവർ! മിന്നാമിനുങ്ങിനെ വിറകിനടിയിൽ വച്ചു് ഊതിയാൽ തീയുണ്ടാവുമെന്നു് ഉറച്ചു് വിശ്വസിക്കുന്നവരെ ഉപദേശിക്കരുതു്, അവരോടു് സഹതപിക്കരുതു് – അതവരെ ദുഃഖിതരും അതിലുപരി കോപാകുലരുമാക്കും. അതെന്തായാലും, അതിനു് നേരെ വിപരീതമായി, ഒരു മഹാഭാഗ്യമെന്നോണം, ലോകത്തിലെ മറ്റുചില ഭാഗങ്ങളിൽ അത്തരം ഉമ്മാക്കിക്കഥകൾ കേട്ടാൽ അതു് തികഞ്ഞ വിഡ്ഢിത്തമാണെന്നു് മനസ്സിലാക്കാനുള്ള ബൗദ്ധികശേഷി ബാല്യത്തിലേ കൈവരിക്കുന്ന യഥാർത്ഥ കുഞ്ഞുങ്ങളും ജീവിക്കുന്നുണ്ടു്. ലോകം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല.

യഹോവ ആറു് ദിവസങ്ങൾ കൊണ്ടു് സൃഷ്ടിച്ചതാണു് ഈ പ്രപഞ്ചം എന്നു് വിശ്വസിക്കുന്നവരാണു് ക്രിസ്തീയ സൃഷ്ടിവാദികൾ. ബൈബിളാണു് അവരുടെ ആധാരം. അതിൻപ്രകാരം, ഏതു് സെക്റ്റാണു്, ബൈബിളിലെ ഏതേതു് വാക്യങ്ങളുടെ അടിസ്ഥാനത്തിലാണു് കണക്കുകൂട്ടുന്നതു് എന്നൊക്കെ അനുസരിച്ചു് പല നിഗമനങ്ങൾ നിലവിലുണ്ടു്. ഏതു് തത്വം എന്നതിന്റെ വെളിച്ചത്തിൽ, ഏകദേശം അയ്യായിരം മുതൽ പതിമൂവായിരം വർഷങ്ങൾ വരെ നീളാവുന്നതാണു് സൃഷ്ടിവാദികളുടെ പ്രപഞ്ചത്തിന്റെ പ്രായം. ഇതിൽ, ഉൽപത്തിപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്ന രീതി വളരെ എളുപ്പമാണു്. ആദ്യമനുഷ്യനായിരുന്ന ആദാം മുതലുള്ളവരുടെ ജീവിതദൈർഘ്യം ബൈബിളിൽ വർണ്ണിച്ചിട്ടുള്ളതിനാൽ, കടലാസും പെൻസിലുമായി ഏതാനും ദിവസങ്ങൾ കുത്തിയിരുന്നു് ആകെയൊന്നു് കൂട്ടിയെടുത്താൽ മതി. അങ്ങനെ പലരും ഇതിനോടകം കൂട്ടിയെടുത്തിട്ടുണ്ടു്. ഹീബ്രൂ കലണ്ടർ പ്രകാരം പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് 5770 വർഷങ്ങളേ ആയിട്ടുള്ളു. ബിസാന്റിൻ കണക്കുപ്രകാരം 7519 വർഷങ്ങൾ, മായൻ സംസ്കാരപ്രകാരം 5124 വർഷങ്ങൾ, ഹൈന്ദവ പുരാണം അനുസരിച്ചു് 158.7 ട്രില്ല്യൺ വർഷങ്ങൾ. മതങ്ങളിലും സംസ്കാരങ്ങളിലും അധിഷ്ഠിതമായി ഇതുപോലെ മറ്റു് പല കണക്കുകൂട്ടലുകളും പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ചു് നിലവിലുണ്ടു്. ഇതിൽ രസകരമായ ഒന്നു്, ഒരു ക്രൈസ്തവ റേഡിയോ ബ്രോഡ്കാസ്റ്റർ ആയ ഹരോൾഡ്‌ ക്യാമ്പിംഗ്‌ കണക്കുകൂട്ടിയ പ്രായമായ 13023 വർഷങ്ങളാണു്. ഈ ക്യാമ്പിംഗ്‌ തന്നെയാണു് യേശുവിന്റെ രണ്ടാമത്തെ വരവു് 1994-ൽ ആയിരിക്കുമെന്നു് പ്രവചിച്ചതു്. അതു് പാളിപ്പോയെങ്കിലും ക്യാമ്പിംഗ്‌ നിരാശനാവാതെ വീണ്ടും പ്രവചിച്ചു: 2011 മേയ്‌ മാസത്തിൽ യേശു കാഹളനാദവുമായി മേഘത്തിൽ വരും. 89 വയസ്സു് പ്രായമുള്ള ക്യാമ്പിംഗ്‌ ഇപ്പോൾ മുട്ടിപ്പായി ദൈവത്തോടു് പ്രാർത്ഥിക്കുന്നതു് 2011 ഏപ്രിൽ മാസാവസാനത്തിനു് മുൻപു് തട്ടിപ്പോവാൻ അനുഗ്രഹിക്കണമേ എന്നാണോ എന്നെനിക്കറിയില്ല. ഇവന്റെയൊക്കെ പുറകെ നടക്കുന്നവരെ പറഞ്ഞാൽ മതി. അടുത്ത പ്രദേശങ്ങളിൽ എവിടെയെങ്കിലും സുവിശേഷപ്രസംഗം ഉണ്ടെങ്കിൽ അവിടെയൊക്കെ ചെന്നു് ഹാജർ വയ്ക്കുന്ന വിധവയായ ഒരു ചേട്ടത്തിയെ എനിക്കറിയാം. മക്കളിൽ ചിലർ വിദേശത്തായതുകൊണ്ടു് ചേട്ടത്തിയുടെ മടിശീല ബോറഡിച്ചു് കോട്ടുവാ വിടേണ്ട കാര്യവുമില്ല. എന്തിനാണിങ്ങനെ ഷട്ടിൽ സർവ്വീസ്‌ നടത്തുന്നതെന്നു് ചോദിക്കുന്നവരോടു് ചേട്ടത്തിയുടെ സ്ഥിരം കമന്റ്‌ ഇതാണു്: “ഉപദേശിമാർ പറയുന്നതു് തെറ്റും തെറിയുമൊന്നുമല്ലല്ലോ, ദൈവത്തിന്റെ കാര്യമല്ലേ”. മിന്നാമിനുങ്ങിനെ ഊതി തീയുണ്ടാക്കാൻ ശ്രമിക്കുന്ന ബിഗ്‌-ബാംഗ്‌ പൊട്ടിത്തെറിപ്പണ്ഡിതരുടെ ഇടയിലെ മറ്റൊരു മണിമുത്തു്!

ഇനി, ശാസ്ത്രത്തിലേക്കു് വന്നാൽ, പ്രപഞ്ചം എന്നും ഉണ്ടായിരുന്നു എന്നും അതിനാൽ പ്രപഞ്ചത്തിന്റെ പ്രായം എന്നതു് അപ്രസക്തമാണെന്നും, അതേസമയം, ഭൂമി സൂര്യൻ മുതലായവകൾക്കു് ഉത്ഭവവും അതുകൊണ്ടു് പ്രായവുമുണ്ടെന്നുമാണു് steady state തത്വം പറയുന്നതു്. ബിഗ്‌-ബാംഗ്‌ തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വർഷങ്ങളും ഭൂമിയുടേതു് 454 കോടി വർഷങ്ങളുമാണു്. ബിഗ്‌-ബാംഗ്‌ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രായനിർണ്ണയം വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയുള്ള കണക്കുകൂട്ടലുകളെ വലിയ വൈരുദ്ധ്യമില്ലാതെ തൃപ്തിപ്പെടുത്തുന്നു എന്നതിനാലാണു് അതു് ഇന്നത്തെ ശാസ്ത്രീയ കാഴ്ചപ്പാടിൽ ഏറ്റവും പ്ലോസിബിൾ എന്നു് അംഗീകരിക്കപ്പെടുന്നതു്. ഇതുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളെ വിശദീകരിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു നൂതനതത്വം രൂപമെടുത്താൽ സ്വാഭാവികമായും ബിഗ്‌-ബാംഗ്‌ സിദ്ധാന്തത്തെ ശാസ്ത്രലോകം പിൻതള്ളും. തങ്ങളുടെ കിത്താബിലും ബിഗ്‌-ബാംഗ്‌ സൂചിപ്പിച്ചിട്ടുണ്ടു് എന്നു് സ്ഥാപിക്കാൻ കഷ്ടപ്പെടുന്നവർ ഈ വസ്തുത മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! വിശ്വാസികൾക്കു് ഉളുപ്പു് എന്നൊന്നില്ലാത്തതുകൊണ്ടു് ബിഗ്‌-ബാംഗ്‌ സിദ്ധാന്തം തെറ്റായിരുന്നു എന്നു് എന്നെങ്കിലുമൊരിക്കൽ തെളിയിക്കപ്പെട്ടാൽ, അപ്പോഴും എന്തെങ്കിലും മുട്ടായുക്തിയും വ്യാഖ്യാനവുമായി അവർ രംഗപ്രവേശം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഏതാനും ആയിരം വർഷങ്ങൾ മാത്രമാണു് പ്രപഞ്ചത്തിന്റെ പ്രായം എന്ന വിഡ്ഢിത്തം, ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും അളവുകളുടെയും ഫലമായി എത്തിച്ചേരുന്ന പുതിയ അറിവുകൾക്കു് അനുയോജ്യമായി വ്യാഖ്യാനിച്ചു് ഒപ്പിക്കുന്ന സൃഷ്ടിവാദികളുടെ രീതിയെ സാഹിത്യത്തിൽ സാധാരണമായിരുന്ന, ഇപ്പോൾ വിരളമായിക്കൊണ്ടിരിക്കുന്ന സമസ്യാപൂരണത്തിനോടേ ഉപമിക്കാനാവൂ. ഉത്തരത്തിനു് യോജിക്കുന്ന ചോദ്യം ചെത്തിമിനുക്കുക എന്ന, അത്ര മോശമല്ലാത്ത എന്റർട്ടെയിൻമന്റ്‌ വാല്യു ഉള്ള അത്തരം തമാശകളെ ശാസ്ത്രീയം എന്നു് വിളിക്കാമെങ്കിൽ, ഏറ്റവും വലിയ ശാസ്ത്രം ഗൗളിശാസ്ത്രമായിരിക്കും. മാങ്ങാ ഉപ്പിലിടുന്നതിനെ ശാസ്ത്രമെന്നു് വിളിക്കാൻ ഹസ്തരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതിനെ ശാസ്ത്രം എന്നു് വിളിക്കുന്നത്ര ലജ്ജിക്കേണ്ട ആവശ്യം തീർച്ചയായുമില്ല. മാങ്ങ ഉപ്പിലിടുക, കൂടുകുത്തി മീൻ പിടിക്കുക മുതലായ “ശാസ്ത്രങ്ങൾ” പ്രായോഗികമാക്കിയിരുന്ന പുരാതന മനുഷ്യരും ഏതെങ്കിലുമൊക്കെ അർത്ഥത്തിൽ സൃഷ്ടിവാദികളായിരുന്നു. അതിൽ നിന്നും സൃഷ്ടിവാദികൾ എന്തു് മനസ്സിലാക്കുന്നു? ശാസ്ത്രത്തിനു് ജന്മം നൽകിയതു് സൃഷ്ടിവാദികളാണു്! എത്ര സുന്ദരമായ നിഗമനം! സൃഷ്ടിവാദിയുടേയോ, ഹിന്ദുവിന്റേയൊ, മുസ്ലീമിന്റേയോ, ക്രിസ്ത്യാനിയുടെയോ സൃഷ്ടിയല്ല ശാസ്ത്രം. അതു് ജാതിമതഭേദമെന്യേ, മനുഷ്യബുദ്ധിയുടെ വളർച്ചയുടെ തെളിവും നേട്ടവുമാണു്. മനുഷ്യബുദ്ധിയെ ആയിരത്തിനാനൂറും രണ്ടായിരവും വർഷങ്ങൾ പുറകിൽ കൊണ്ടുപോയി കെട്ടിയിടാൻ ശ്രമിക്കുന്ന സൃഷ്ടിവാദികൾ തന്നെ വേണം ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാർ എന്നു് വീമ്പിളക്കാൻ. അതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം, മുകളിൽ സൂചിപ്പിച്ചപോലെ, ഉളുപ്പു് എന്നൊന്നു് ഇക്കൂട്ടർക്കു് പണ്ടേ ഇല്ല, പറയുന്നതെന്തെന്നു് നിശ്ചയമില്ല, അതും പോരെങ്കിൽ, ഇന്നലെ പറഞ്ഞതെന്തെന്നു് ഇന്നേക്കു് ഓർമ്മയുമില്ല. കഴിഞ്ഞ കമന്റിൽ പറഞ്ഞതെന്തെന്നു് അടുത്ത കമന്റെഴുതുമ്പോഴേക്കും മറക്കുന്ന “ഡോക്കിൻസ് കണ്ടകരുടെ” ലോകത്തിൽ അതിലൊക്കെ എന്തത്ഭുതം? ദൈവം കൽപിച്ചതാണെന്നു് ആരോ പറഞ്ഞുകേട്ടതിന്റെ പേരിൽ, ഇക്കൂട്ടർ മുറതെറ്റാതെ അനുഷ്ഠിക്കുന്നതും, സാമാന്യബോധമുള്ള ആരിലും അറപ്പുളവാക്കുന്നതുമായ ഭ്രാന്തുകൾ മാത്രം കണ്ടാൽ മതി, അവരുടേതുപോലൊരു ദൈവം ഈ പ്രപഞ്ചം പോയിട്ടു് ഒരു മീൻകൂടുപോലും സൃഷ്ടിക്കാൻ കഴിയുന്നവനല്ല എന്നു് മനസ്സിലാക്കാൻ.

ഇനി, പ്രപഞ്ചത്തിന്റെ പ്രായം ആറായിരം വർഷമാണെന്ന ക്രിസ്തീയ സൃഷ്ടിവാദികളുടെ അവകാശവാദം ഇസ്ലാം താർക്കികരോടു് പറഞ്ഞാലോ? പ്രപഞ്ചത്തിന്റെ പ്രായം ആറായിരം വർഷമാണെന്നു് ഖുർആനിൽ എങ്ങും പറഞ്ഞിട്ടില്ല എന്നാവും അവരുടെ പ്രതികരണം. സ്വന്തം മതഗ്രന്ഥത്തിന്റെ അടിത്തറയിലെ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിക്കാൻ ആഗ്രഹിക്കുന്നവർ അൽപമെങ്കിലും സത്യസന്ധതയുള്ളവരാണെങ്കിൽ അവർ ചെയ്യേണ്ടതു്, അവരുടെ ഗ്രന്ഥത്തിൽ പ്രപഞ്ചത്തിന്റെ പ്രായം എത്രയെന്നാണു് പറഞ്ഞിരിക്കുന്നതെന്നും, ഏതു് ശാസ്ത്രീയ മാർഗ്ഗത്തിലൂടെയാണു് ആ പ്രസ്താവനയുടെ സാധുത്വം തെളിയിക്കപ്പെടുന്നതെന്നും വളച്ചുകെട്ടില്ലാതെ, വ്യക്തമാക്കുകയാണു്. ഒരുവൻ അവനോടുതന്നെയെങ്കിലും സത്യസന്ധത പുലർത്തണമല്ലോ. ഇസ്ലാമിലെ മതതാർക്കികരുടെ ബൗദ്ധികനിലവാരം അത്ര പിടിയില്ലാതിരുന്നതിന്റെ ഗതികേടുമൂലം ആരംഭകാലത്തു് ബ്ലോഗിൽ നടത്തിയ ചില “ചർച്ചകളിൽ” ഇസ്ലാമിന്റെ ദൈവമായ അല്ലാഹുവും, യഹൂദ-ക്രൈസ്തവവിഭാഗങ്ങളുടെ ദൈവമായ യഹോവയും ഒന്നല്ല എന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞ ഇസ്ലാമികപണ്ഡിതരെ എനിക്കു് കാണേണ്ടി വന്നിട്ടുണ്ടു്. എന്താണു് പറയുന്നതെന്നറിയാതെ, എന്തെങ്കിലും പറയുന്നതാണു് “ചർച്ച” എന്നു് ധരിച്ചുവച്ചിരിക്കുന്ന ഏതാനും വിചിത്ര ജന്മങ്ങൾ! ബൈബിളിൽ നിന്നും ആദാം മുതൽ യേശുവരെയുള്ളവരെ മുഴുവൻ അറബിനാമങ്ങൾ നൽകി “പ്രവാചകരായി” ഏറ്റെടുത്തിരിക്കുന്ന ഗ്രന്ഥമായ ഖുർആനിൽ വിശ്വസിച്ചുകൊണ്ടു് അല്ലാഹു യഹോവയല്ല എന്നൊരുവൻ അഭിപ്രായപ്പെടുന്നുവെങ്കിൽ അവൻ ഏതു് ലോകത്തിലാണു് ജീവിക്കുന്നതെന്നോ, അവനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നതു് എന്തു് നേടാനാണെന്നോ എനിക്കറിയില്ല.

ലോകത്തിലെ ശാസ്ത്രജ്ഞരിൽത്തന്നെ ഏറിയാൽ ഏതാനും ആയിരം പേർക്കു് മാത്രം വേണ്ടവിധം മനസ്സിലായിട്ടുള്ള അതിസങ്കീർണ്ണമായ ശാസ്ത്രീയതകളെ മാത്രമേ അവർക്കു് ഖണ്ഡിക്കേണ്ടതുള്ളു! അതിൽ കുറഞ്ഞതൊന്നും വേണ്ട. ബിഗ്‌-ബാംഗ്‌, നിയോ-ഡാർവിനിയൻ സിന്തെസിസ്‌ മുതലായവയെല്ലാം വെറും ചവറാണെന്നു് സ്ഥാപിക്കാനാണു് പരക്കം പാച്ചിൽ. അവയൊക്കെ വെറും ചവറാണെന്നു് യോഗ്യതയുള്ളവർ ആരെങ്കിലും തെളിയിക്കുന്നതിനു് ശാസ്ത്രലോകത്തിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമുണ്ടാവാനും വഴിയില്ല. പക്ഷേ, അതിനു് ഡാർവിൻ പറഞ്ഞതിനെപ്പറ്റി പൊപ്പർ പറഞ്ഞതിനേപ്പറ്റി ഞാൻ ഊഹിക്കുന്നതിങ്ങനെയാണു് എന്ന ഇളിഭ്യത്തരം വിളിച്ചുപറയുകയല്ല, അവയെല്ലാം തെറ്റാണെന്നു് കാര്യകാരണസഹിതം തെളിയിക്കാനുതകുന്ന ഒരു തീസിസ്‌ തയ്യാറാക്കി ശാസ്ത്രം എന്നാൽ എന്തെന്നറിയാവുന്ന ഏതെങ്കിലും ജേർണ്ണലുകൾക്കു് അയച്ചുകൊടുക്കുകയാണു് ചെയ്യേണ്ടതു്. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ആ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ അതുപോലൊരു പണ്ഡിതശിരോമണിയെ വൈജ്ഞാനികലോകം ഒന്നടങ്കം ആവേശത്തോടെ സ്വീകരിക്കുകയും നോബൽ പ്രൈസ്‌ അടക്കമുള്ള സമ്മാനങ്ങൾ കൊണ്ടു് പൊതിയുകയും ചെയ്യുമായിരുന്നു. അതിനുപകരം, ഏതു് സന്തോഷ്‌ മാധവനും ദൈവമാവാൻ കഴിയുന്ന ഒരു നാട്ടിൽ, സ്ഥാപിതതാത്പര്യത്തിനു് അനുകൂലമെന്നു് തോന്നുന്ന ഏതു് കമ്പോസ്റ്റും ചന്തയിൽ എത്തിക്കാൻ മടിക്കാത്ത പ്രസിദ്ധീകരണശാലകൾ വഴി ശാസ്ത്രം എന്ന പേരിൽ ദുർഗ്ഗന്ധം വമിക്കുന്ന കുറേ മാലിന്യം സമൂഹത്തിൽ എത്തിച്ചു് മനുഷ്യബുദ്ധിയെ ബലാൽസംഗം ചെയ്യുന്നതിനെ “അനുമോദിക്കാൻ” യോജിച്ച ഭരണിപ്പാട്ടുകൾ ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കണമെങ്കിൽ സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കുകയാണു് വേണ്ടതു്. അതല്ലാതെ വേറെ വഴിയില്ല. പക്ഷേ, കാക്ക കുളിച്ചാൽ കൊക്കാവാത്തതുപോലെ, ശാസ്ത്രീയമല്ലാത്തതിനെ ശാസ്ത്രീയമാക്കാനാവില്ല. ശാസ്ത്രത്തിന്റേയും, യുക്തിയുക്തമായി സംവദിക്കാൻ വരുന്നവരുടേയും നേരെ കൊടിച്ചികളുടെ മാതൃകയിൽ കുരച്ചുകാണിച്ചതുകൊണ്ടോ, വ്യക്തിപരമായി അവഹേളിച്ചതുകൊണ്ടോ സൃഷ്ടിവാദം ശാസ്ത്രീയമാവില്ല. കുരച്ചുകാണിക്കൽ ഏതു് തെരുവുനായ്ക്കും, ഏതു് ചിയർ ഗേളിനുമാവും. ഒരു വസ്തുത തെറ്റെന്നു് തെളിയിക്കാനാണെങ്കിലും, ശരിയെന്നു് തെളിയിക്കാനാണെങ്കിലും, അതിനൊരു മെഥഡോളജി ഉണ്ടായിരിക്കണം. നിഴലുകളുടെ നേരെ നോക്കി കുരയ്ക്കൽ ഒരു മെഥഡോളജി അല്ല. റിച്ചാർഡ്‌ ഡോക്കിൻസിനെ ഖണ്ഡിക്കുക എന്നാൽ ഡോക്കിൻസിന്റെ കയ്യോ കാലോ അഗ്രചർമ്മമോ കണ്ടിക്കലോ, അവനെ തേജോവധം ചെയ്യലോ അല്ല, അവൻ പറയുന്ന കാര്യങ്ങളെ സിസ്റ്റമാറ്റിക്‌ ആയി, കാര്യകാരണസഹിതം ഖണ്ഡിക്കുക എന്നാണു് സാധാരണഗതിയിൽ മനുഷ്യർ മനസ്സിലാക്കുന്ന അർത്ഥം. “ദൈവമുണ്ടു്, അതുകൊണ്ടു് ദൈവമുണ്ടു്” എന്നു് പറയുന്നതു് ദൈവാസ്തിത്വത്തിനു് മതിയായ തെളിവായി കരുതുന്നവരുണ്ടാവാം. എന്തും വിശ്വസിക്കുന്ന വിഡ്ഢികൾക്കു് ഈ ലോകത്തിൽ പഞ്ഞമൊന്നുമില്ല. അതുപോലെതന്നെയാണു്, സൃഷ്ടിവാദം പരീക്ഷണപരമായി തെളിയിക്കാവുന്നതും തെളിയിക്കപ്പെട്ടതുമാണെന്നു് ഞാൻ സമർത്ഥിച്ചു എന്നൊരു സൃഷ്ടിവാദി അവകാശപ്പെടുന്നതും. ആരു് എവിടെ തെളിയിച്ചു? ഒരുവൻ പറയുന്ന കാര്യങ്ങൾ അവന്റെ തലച്ചോറിന്റെ സൃഷ്ടിയാണു്. ആ കാര്യങ്ങൾ ശരിയോ തെറ്റോ എന്നറിയണമെങ്കിൽ അവ റാറ്റിഫൈ ചെയ്യപ്പെടണം. റാറ്റിഫൈ ചെയ്യേണ്ടതു് അവനോ, അവന്റെ ചിയർ ഗേൾസോ അല്ല, ആ വിഷയത്തിൽ അവഗാഹമുള്ളവരാണു്. ചെയ്യാത്തകാര്യം ചെയ്തു എന്നവകാശപ്പെടുന്നവന്റെ റാറ്റിഫിക്കേഷനു് എന്തു് വില? വെളിച്ചപ്പാടന്മാർ വിളിച്ചുപറയുന്ന ഭ്രാന്തു് ദൈവവചനമാണെന്നു് മനുഷ്യർ നിരുപാധികം വിശ്വസിച്ചിരുന്ന കാലഘട്ടത്തിൽ ഇന്നും ജീവിക്കുന്നവർക്കു് സ്വന്തം ഊഹങ്ങൾ സത്യങ്ങളെന്നു് സ്വയം സർട്ടിഫൈ ചെയ്യുന്നതിലെ യുക്തിഹീനത മനസ്സിലാവുകയുമില്ല. ശാസ്ത്രത്തെയോ ശാസ്ത്രജ്ഞരെയോ ചെളിവാരി എറിഞ്ഞതുകൊണ്ടു് സൃഷ്ടിവാദം സ്ഥാപിക്കാനാവുമെന്നു് കരുതുന്നതു് മൗഢ്യമാണു്. അതിനു് ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും പുറകെ നടക്കുന്നതു് അതിലേറെ ലജ്ജാവഹവുമാണു്. വല്ലവന്റേയും “കക്കൂസിൽ” അവൻ ആവശ്യപ്പെടാതെ ചെന്നു് കയറിയിട്ടു് അതിൽ നാറ്റമാണു് എന്നു് ഘോഷിക്കുന്നപോലുള്ള നാറിത്തരമാണതു്.

(തുടരും)

 
Comments Off on സൃഷ്ടിവാദശാസ്ത്രം

Posted by on Jan 5, 2011 in മതം

 

Tags: , , ,