ഒന്നാം ഭാഗം രണ്ടാം ഭാഗം മൂന്നാം ഭാഗം
പ്രപഞ്ചശക്തി എന്നാൽ എന്താണെന്നാണു് ഗീത പറയുന്നതെന്ന ചോദ്യത്തിന് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടികളാണു് താഴെ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചശക്തി എന്തെന്നറിയാൻ ലളിതമായ നാലു് ചോദ്യങ്ങൾക്കാണു് മറുപടി കിട്ടേണ്ടതു്:
ഇത്ര വലുതും സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന് പിന്നിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തിയുണ്ടെന്നു് കരുതുന്നതല്ലേ യുക്തി എന്നതാണു് ശ്രീ രാധാകൃഷ്ണന്റെ ഒന്നാമത്തെ ചോദ്യം. അതെ എന്നേ സാമാന്യബുദ്ധിയുള്ളവർ മറുപടി പറയൂ എന്നു് അദ്ദേഹം തന്നെ ഉത്തരവും നൽകുന്നു. മറുപടി പറയുന്നവരുടെ ബുദ്ധി സാമാന്യമാവട്ടെ, അസാമാന്യമാവട്ടെ, ഒരു ചോദ്യം എന്തായാലും മറുപടി അർഹിക്കുന്നുണ്ടു്: മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി മാറ്റമില്ലാത്ത ഒന്നിനു് (അതു് ദൈവമായാലും, മറ്റെന്തായാലും) ഏതെങ്കിലും ഒരർത്ഥത്തിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാവുന്നതെങ്ങനെ? ഒരു പഴയ പോസ്റ്റിൽ എഴുതിയതു് ഈ സന്ദർഭത്തിൽ പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു: ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു സനാതനസമ്പൂർണ്ണത, നിരന്തരമായ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തിൽ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുക എന്നതു് ആ പ്രപഞ്ചത്തിനുള്ളിലോ അതിന് ബാഹ്യമായോ യുക്തിസഹമായി സങ്കൽപിക്കുക സാദ്ധ്യമല്ല. പരിവർത്തനമാണു് ഏതൊരു പ്രവർത്തനത്തിന്റെയും പരിണതഫലം. പരിവർത്തനത്തിന്റെ അടിസ്ഥാനസ്വഭാവമാണു് ഒരു മുൻപും ഒരു പിൻപും (ഉണ്ടായിരിക്കുക എന്നതു്). അവയില്ലാത്ത പരിവർത്തനത്തന് യാതൊരു അർത്ഥവുമില്ല. പരിണമിച്ച, അഥവാ, പുതിയ അവസ്ഥ പ്രവർത്തകനിൽ സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങൾ സ്വാഭാവികമായും അവനിൽ പഴയതിൽ നിന്നും ഭിന്നമായ ഒരു അവസ്ഥ സൃഷ്ടിച്ചേ പറ്റൂ. “മാറ്റമില്ലാത്തതിനാൽ” പരിണാമം അസാദ്ധ്യമായ ഒരു ശാശ്വതസമ്പൂർണ്ണതയിൽ അങ്ങനെയൊരു പുതിയ അവസ്ഥ തികഞ്ഞ വൈരുദ്ധ്യമാണു്, യുക്തിഹീനമാണു് – ദൈവങ്ങൾ, അർദ്ധദൈവങ്ങൾ – 7. അതായതു്, ഒന്നാമത്തെ ചോദ്യത്തിനു്, ശ്രീ രാധാകൃഷ്ണൻ പ്രതീക്ഷിക്കുന്നതുപോലെ, “അതെ” എന്ന മറുപടി നൽകാൻ എല്ലാവരും തയ്യാറാവുന്നില്ലെങ്കിൽ അതു് അടിസ്ഥാനമില്ലാതെയല്ല. സാമാന്യബുദ്ധിയുടെ കുറവു്, കൂടുതൽ മുതലായ തികച്ചും സബ്ജക്റ്റീവ് ആയ കാര്യങ്ങൾക്കു് ഇവിടെ എന്തെങ്കിലും പ്രസക്തിയുണ്ടെന്നു് തോന്നുന്നുമില്ല.
ചോദ്യം നമ്പർ രണ്ടു്: ആ ശക്തി എവിടെയോ ഇരിക്കുന്നുവെന്നോ, പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടതു്? ഉത്തരം: സർവ്വവ്യാപിയെന്നു് പറയേണ്ടിവരും. ദാണ്ടെ കിടക്കുന്നു! ഒന്നാമത്തെ ചോദ്യത്തിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തി ആയിരുന്നതു് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലാകെ വ്യാപിച്ചു് കിടക്കുകയാണത്രെ! പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയിലാണു് അകലെയുള്ള ഗ്യാലക്സികൾ പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുന്നതെന്നു് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ സങ്കൽപാതീതമായ വേഗതയിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണു് യാതൊരു മാറ്റവുമില്ലാത്തതെന്നു് ശ്രീ രാധാകൃഷ്ണൻ തന്നെ തൊട്ടുമുൻപു് വിശേഷിപ്പിച്ച ഒരു “അധിഷ്ഠാനശക്തി” ഒട്ടും വിടവില്ലാത്തവിധം ആകെമൊത്തം വ്യാപിച്ചുകിടക്കുന്നതു്! പ്രപഞ്ചം വികസിക്കുമ്പോഴും, അതിലാകെ വ്യാപിച്ചുകിടക്കുന്ന അധിഷ്ഠാനശക്തിക്കു് ഒരു തരിയുടെപോലും മാറ്റം സംഭവിക്കാത്ത ഒരു അവസ്ഥയെപ്പറ്റി ഒന്നു് ചിന്തിച്ചുനോക്കൂ. പ്രപഞ്ചം വികസിക്കുമ്പോൾ അതിൽ വ്യാപിച്ചുകിടക്കുന്ന ശക്തി അതിനൊപ്പം വികസിക്കാതിരുന്നാൽ പിന്നെ “വ്യാപനത്തിന്റെ” അർത്ഥമെന്തു്? തന്റെ സർവ്വവ്യാപിത്വത്തിനു് തടസ്സം വരാതിരിക്കണമെങ്കിൽ പ്രപഞ്ചത്തോടൊപ്പം വികസിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാത്ത ഒരു ശക്തിയെ “മാറ്റമില്ലാത്തതു്” എന്നു് വിളിക്കാനാവുമോ? ആദ്ധ്യാത്മികതിമിരം ബാധിച്ച ഏതെങ്കിലും വിശ്വാസികളല്ലാതെ മറ്റാരെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ വിലകൊടുത്തുവാങ്ങി എളിയിൽ തിരുകുമോ? ഈ “കൊടുക്കൽ വാങ്ങലിൽ” ആരെയാണു് നമ്മൾ കുറ്റപ്പെടുത്തേണ്ടതു്? ദൈവം, ആത്മീയം എന്നൊക്കെ കേട്ടാൽ ഏതു് വളിച്ചാർത്തതും വാങ്ങി മോന്തുന്ന സാദാ വിശ്വാസിയെയോ, അവനു് വേണ്ട “ചരക്കു്” വിതരണം ചെയ്തു് തുട്ടുവാരിക്കൂട്ടുന്ന ഉപദേശികളെയോ, അതോ രണ്ടുകൂട്ടരേയുമോ?
അപ്പോൾ നാമും അതിൽതന്നെയല്ലേ നിലനിൽക്കുന്നതെന്നാണു് മൂന്നാമത്തെ ചോദ്യം, അതേ എന്നു് ഉത്തരം. മനുഷ്യർ പ്രപഞ്ചത്തിനു് വെളിയിലാണു് നിലനിൽക്കുന്നതെന്നു് ഇതുവരെ ആരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, “അതിൽത്തന്നെ” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു് ഈ പ്രപഞ്ചത്തിനുള്ളിൽ എന്ന അർത്ഥത്തിലാണെങ്കിൽ അതിനോടു് യോജിക്കാതിരിക്കാൻ ആർക്കെങ്കിലും ആവുമെന്നു് തോന്നുന്നില്ല. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതു് വല്ലതുമുണ്ടെങ്കിൽ അതല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിനു് വെളിയിലായിരിക്കാൻ സാദ്ധ്യതയില്ലല്ലോ. ഇനി, “നാമും അതിൽത്തന്നെ നിലനിൽക്കുന്നു” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു്, പ്രപഞ്ചം മുഴുവൻ “വ്യാപിച്ചുകിടക്കുന്ന” മാറ്റമില്ലാത്ത ഈശ്വരൻ എന്ന ശക്തിയിലാണു് നമ്മൾ നിലനിൽക്കുന്നതു് എന്നാണെങ്കിൽ, ആ അഭിപ്രായത്തെ അർത്ഥശൂന്യം എന്നു് തള്ളിക്കളയാനേ നിർവ്വാഹമുള്ളു. അതിന്റെ കാരണം (മാറുന്ന പ്രപഞ്ചത്തിലെ മാറ്റമില്ലാത്ത സർവ്വവ്യാപി എന്ന അസംബന്ധം) മുകളിലെ പാരഗ്രാഫിൽ വ്യക്തമാക്കിയിട്ടുണ്ടു്. ചുരുക്കത്തിൽ, ശ്രീ രാധാകൃഷ്ണന്റെ ഭാവനയിലെ “പ്രപഞ്ചത്തിൽ” മനുഷ്യർക്കു് നിലനിൽക്കാനാവില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്നവയ്ക്കൊക്കെ (വിശാലമായ അർത്ഥത്തിൽ) എന്തു് സംഭവിക്കുന്നു എന്ന ചോദ്യത്തിനു് യുക്തിസഹമായ ഒരു മറുപടിയേയുള്ളു: ഇന്നു് മനുഷ്യർ, ജീവികൾ, വസ്തുക്കൾ; നാളെ സംയുക്തങ്ങൾ, മൂലകങ്ങൾ; വളരെ വിദൂരമായ ഭാവിയിൽ എന്നെങ്കിലും മൗലികകണികകൾ, ഊർജ്ജം – പ്രപഞ്ചമെന്ന, സ്ഥലകാലവുമായി അഭേദ്യമായി ബന്ധപ്പെട്ടു് കിടക്കുന്ന ദ്രവ്യത്തിന്റെ/ഊർജ്ജത്തിന്റെ ആകെത്തുക. ആത്മാവു്, “പൊന്മാവു്” മുതലായവ മനുഷ്യഭാവന രൂപം നൽകുന്നതും, ജീവനുള്ള ശരീരത്തിൽ മാത്രം നിലനിൽപുള്ളതും, ശരീരം നശിക്കുന്നതോടെ എന്നേക്കുമായി ഇല്ലാതാവുന്നതുമായ സങ്കൽപസൃഷ്ടികൾ മാത്രം – ചില മനുഷ്യമസ്തിഷ്കങ്ങളിൽ വാഴുന്ന ഭൂതങ്ങൾ!
അങ്ങനെയെങ്കിൽ, നമ്മുടെ ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം അതുതന്നെയല്ലേ, അതുമാത്രമല്ലേ എന്ന ചോദ്യമാണു് നാലാമത്തേതും അവസാനത്തേതും. അതിന്റെ മറുപടി “അതേ” എന്നാണെന്നു് അറിയുന്നതോടെ നമ്മൾ വേദാന്തത്തിലെ പ്രഥമ മഹാവാക്യമായ തത്വമസിയിൽ എത്തിച്ചേരുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ. അദ്ദേഹം തുടരുന്നു: തത്വമസി ഗുരുവിന്റെ ഉപദേശമാണു്. അതു് മനസ്സിലിട്ടു് സ്വന്തം അനുഭവമാക്കി മാറ്റുന്നതാണു് അഹം ബ്രഹ്മാസ്മി. അങ്ങനെയുള്ള എനിക്കു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം.
പ്രപഞ്ചശക്തി എന്നാൽ എന്തെന്നു് അറിയാനുള്ള ശ്രീ രാധാകൃഷ്ണന്റെ ഈ നാലു് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ചിട്ടു് എനിക്കു് അറിയാൻ കഴിയാതിരുന്നതു് ഒന്നേയുള്ളു: അതു് പ്രപഞ്ചശക്തി എന്നാൽ എന്തെന്നതാണു്. അതായതു്, എന്തു് മനസ്സിലാക്കിത്തരാനാണോ ശ്രീ രാധാകൃഷ്ണൻ ശ്രമിച്ചതു്, കൃത്യമായി അതുതന്നെയാണു് എനിക്കു് മനസ്സിലാവാതിരുന്നതും. അതിനുപകരം മനസ്സിലായതു് ഏതാനും അബദ്ധങ്ങൾ മാത്രവും: സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന്റെ “പിന്നിലെ” മാറ്റമില്ലാത്ത ഏതോ ഒരു അധിഷ്ഠാനശക്തി എന്ന അബദ്ധം. മാറ്റമില്ലാത്ത ഒരു “ശക്തി” മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്നു എന്ന അബദ്ധം. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ “ദഹിക്കാതെ” കിടക്കാൻ മാത്രം കഴിയുന്ന നിശ്ചലമായ ഒരു സർവ്വശക്തിയുമായി സ്ഥലം പങ്കിടുന്നവരാണു് മനുഷ്യർ എന്ന അബദ്ധം. ശരീരമനോബുദ്ധികൾ നശിച്ചാലും നശിക്കാത്ത എന്തോ ഒരു സാധനത്തേയും വഹിച്ചുകൊണ്ടാണു് മനുഷ്യർ ജീവിക്കുന്നതെന്ന അബദ്ധം. ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, ഒട്ടും സമയനഷ്ടം വരുത്താതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകേണ്ട വട്ടുകേസു് എന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന മറ്റൊരു പരമാബദ്ധം! കേട്ടോളൂ: “ഗുരുവിന്റെ തത്വമസിയെ മനസ്സിലിട്ടു് അരച്ചുപൊടിച്ചു് അഹം ബ്രഹ്മാസ്മി എന്ന അനുഭവമാക്കിമാറ്റിയാൽ പിന്നെ മനുഷ്യനു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം”! ഇതിനെയൊക്കെ അബദ്ധം എന്നു് വിളിക്കുന്നതു് അബദ്ധങ്ങളോടു് ചെയ്യുന്ന മഹാപാതകമായിരിക്കും.
“ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം”! ഇതു് പറയുന്ന ഒരാൾക്കു് വേറെ അസുഖമൊന്നും ഇല്ലാതിരിക്കട്ടെ എന്നാശിക്കാനേ എനിക്കു് കഴിയൂ. ശരീരം നശിച്ചാൽ പിന്നെ മനസ്സെവിടെ? ബുദ്ധിയെവിടെ? വളയത്തിലൂടെ കടക്കുന്ന ചില വിദ്വാന്മാരെ ചെറുപ്പത്തിൽ ചില നാടൻ സർക്കസുകളിൽ കണ്ടിട്ടുണ്ടു്. വളയമില്ലാതെയും വളയത്തിലൂടെ കടക്കാം എന്നു് തെളിയിക്കുന്ന കലയാണു് ശരീരവും മനസ്സും ബുദ്ധിയും നശിച്ചു് നാമാവശേഷമായിട്ടും “നാശരഹിതമായി നിലനിൽക്കുന്ന നാം” എന്ന ശ്രീ രാധാകൃഷ്ണന്റെ പ്രയോഗം. ആദ്ധ്യാത്മികതയുടെ വക്താവു് എന്ന നിലയിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് നാശരഹിതമായ ആത്മാവല്ലാതെ മറ്റെന്താവാൻ? തല്ലിക്കൊന്നാലും ചാവാത്ത ഒരു പരമാത്മാവും അദ്ദ്യത്തിന്റെ കൂട്ടുകൃഷിക്കാരായ കുറെ ജീവാത്മാക്കളും! ഉണ്ടുണ്ടു്, തീർച്ചയായും പരമാത്മാവുമുണ്ടു്, ജീവാത്മാവുമുണ്ടു്. കൊൽക്കത്തയിലെയും മുംബൈയിലേയും ചേരിപ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന പേരിൽ ജീർണ്ണിക്കുന്ന മനുഷ്യശരീരങ്ങളിൽ വസിക്കുന്ന അത്തരം ഒറിജിനൽ ജീവാത്മാക്കളെ കണികണ്ടുകൊണ്ടാവണം ഒറിജിനൽ പരമാത്മാവൻ നിത്യവും ഉറക്കമുണരുന്നതു്! അതു് തിരുസന്നിധിയിലേക്കു് നയനാനന്ദകരമായ ഒരു കാഴ്ച്ച ആയതിനാലാവണം സർവ്വശക്തനായ നമ്മുടെ ഉടയതമ്പ്രാൻ തന്റെ സ്വന്തം (ഹരി)ജനങ്ങളുടെ അവസ്ഥയിൽ യാതൊരു മാറ്റവും വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നതു്.
ഒരു ശരീരത്തിലല്ലാതെ മനസ്സിനും ബുദ്ധിക്കും നിലനിൽപില്ല. ശരീരം നശിച്ചു എന്നു് പറഞ്ഞാൽ മതി, ശരീരമനോബുദ്ധികൾ നശിച്ചു എന്നു് പ്രത്യേകിച്ചു് പറഞ്ഞു് കഷ്ടപ്പെടേണ്ട കാര്യം പോലുമില്ല. ശരീരം നശിക്കുന്നതോടെ ഒരു വ്യക്തിയുടെ എല്ലാ അർത്ഥത്തിലുമുള്ള ഭൗതികാസ്തിത്വവും അവസാനിച്ചു – അങ്ങനെയല്ലെന്നു് വിശ്വസിക്കാൻ ആഗ്രഹസ്വപ്നങ്ങൾ മനുഷ്യനെ അതിശക്തമായി പ്രേരിപ്പിക്കാറുണ്ടെങ്കിലും. മരണാനന്തരം ഒരുവനെ എന്തെങ്കിലും അതിജീവിക്കുന്നുണ്ടെങ്കിൽ അതു് അവൻ ജീവിതകാലത്തു് ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെ സംബന്ധിച്ചു് മറ്റു് മനുഷ്യരുടെ മനസ്സിൽ അവശേഷിക്കുന്ന ഓർമ്മകൾ മാത്രം. അത്തരം ചെയ്തികൾ മനുഷ്യരിൽ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചില ഓർമ്മകൾ സമൂഹത്തിന്റെ പൊതുബോധത്തിലേക്കു് നിരന്തരം പകർന്നുകൊടുക്കപ്പെട്ടു് തലമുറകളെ അതിജീവിച്ചേക്കാം (ഉദാ. ഗാന്ധി, ഹിറ്റ്‌ലർ). അതേസമയം, അത്തരമൊരു പകർന്നുകൊടുക്കൽ സംഭവിക്കാൻ മാത്രം യോഗ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളുമൊന്നും ഉണ്ടാക്കാൻ കഴിയാത്ത ഒരു വ്യക്തിയുടെ ഓർമ്മ ബന്ധുമിത്രാദികളിൽ മാത്രമൊതുങ്ങി കാലക്രമേണ തേഞ്ഞുമാഞ്ഞു് പോവുകയും ചെയ്യും.
ഈ പ്രപഞ്ചത്തിലെ മൂലകങ്ങളിൽ നിന്നും രൂപമെടുത്തതല്ലാത്ത ഒന്നുമില്ല – മനുഷ്യരായാലും, ജീവജാലങ്ങളായാലും, മറ്റു് ദ്രവ്യങ്ങളായാലും. വനാന്തരങ്ങളിൽ പോയി ധ്യാനിച്ചതുകൊണ്ടോ, വിവിധ ആസനങ്ങളിൽ തപസ്സിരുന്നതുകൊണ്ടോ ഇല്ലാത്തവ ഉണ്ടാവുകയില്ല. ഉണ്ടെന്നു് വിശ്വസിക്കാം, പറയാം, ഉണ്ടെന്നപോലെ അഭിനയിച്ചു് പണമുണ്ടാക്കുകയുമാവാം. അതിനപ്പുറമുള്ള ഒരു പ്രസക്തിയും അതിനില്ല. നിനക്കൊരു ചില്ലിക്കാശു്, എനിക്കൊരു നേർച്ചപ്പെട്ടി നിറയെ പണം! ജീവാത്മാവിനെയും പരമാത്മാവിനെയും മഹാശ്ചര്യമാക്കി പ്രതിഷ്ഠിച്ചാൽ നമുക്കും കിട്ടും പണം. പണമുണ്ടെങ്കിൽ ദുഃഖവും സങ്കടവുമൊക്കെ പൊതുവെ കുറയും, ജീവിതത്തിൽ “സുഖവും സദാനന്ദവും പ്രസാദവും” കളിയാടാനുള്ള സാദ്ധ്യത അസാമാന്യമായി പെരുകും. “ഗുരുവിന്റെ തത്വമസിയിലൂടെ അഹം ബ്രഹ്മാസ്മി” എന്ന അനുഭവമുണ്ടായാൽ ജനനമരണങ്ങൾ പോലും ഇല്ലാതാവും എന്നുപോലും വിശ്വസിക്കുന്നവരാണു് “നമ്മുടെ” കേൾവിക്കാർ! ജനനം ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ടു് മരണം ഉണ്ടാവാതിരിക്കുകയുമില്ല എന്നൊന്നും പറഞ്ഞു് അത്തരക്കാരെ ബോധവത്കരിക്കാൻ പോകാതിരുന്നാൽ നിങ്ങൾക്കു് നല്ലതു്. ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളും ഇല്ലാതാക്കി സദാനന്ദവും പ്രസാദവും മാത്രം ഉണ്ടാക്കാനായി ഇത്തിക്കണ്ണികളുടെ വലയിൽ ചെന്നുവീഴാതെ ന്യായമായ എന്തെങ്കിലും ജോലി ചെയ്തു് ജീവിക്കുന്നവർക്കു് സാധാരണഗതിയിൽ മനസ്സമാധാനമില്ലായ്മയുടെ ആവശ്യമില്ല. അഥവാ ഉണ്ടെങ്കിൽ, രോഗമോ, ജോലി ചെയ്തിട്ടും നികത്താനാവാത്ത സാമ്പത്തിക പരാധീനതകളോ ഒക്കെയാവും അതിന്റെ കാരണം. അവയെല്ലാം ഭൗതികമായ പ്രശ്നങ്ങളാണു്. അവയ്ക്കു് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ അതു് ഭൗതികം മാത്രമായിരിക്കും. പൊതുവെ പറഞ്ഞാൽ, “തത്വമസി” പ്രസംഗിക്കുന്ന മിക്കവാറും പേർക്കു് ഉള്ളതും, തത്വമസി വഴി അഹം ബ്രഹ്മാസ്മിയിൽ എത്താമെന്നു് വിശ്വസിക്കുന്ന മിക്കവാറും പേർക്കു് ഇല്ലാത്തതുമായ സാമ്പത്തികഭദ്രതയുണ്ടെങ്കിൽ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയുന്നവയാണവ. ലൗകിക ജീവിതത്തിലെ അതുപോലുള്ള പ്രശ്നങ്ങൾ പോരാഞ്ഞിട്ടെന്നപോലെ, ഭാവനാസൃഷ്ടിയായ ഒരു അലൗകിക ജീവിതവും അതിലെ “വിർച്വൽ” പ്രശ്നങ്ങളും കൂടി മനുഷ്യരുടെ തലയിൽ തിരുകാൻ ശ്രമിക്കുന്ന കുറെ തത്വമസികൾ! അതു് അതേപടി ഏറ്റെടുക്കാൻ ഇടിച്ചുകയറുന്ന, വിഡ്ഢിത്വത്തിനു് മനുഷ്യരൂപം ലഭിച്ചതുപോലുള്ള കുറെ അഹം ബ്രഹ്മാസ്മികളും! വിവാഹത്തിന്റെ ഗുണമെന്നതു്, വിവാഹം കഴിക്കാതിരുന്നാൽ ഉണ്ടാകുമായിരുന്നില്ലാത്ത ഒരുപാടു് പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു ഇണയെ ലഭിക്കും എന്നതാണല്ലോ.
“ഇക്കാണുന്ന എല്ലാം തമ്മിൽ ബന്ധമുണ്ടെന്നല്ലേ അതിനർത്ഥം?” എന്ന ചോദ്യത്തിനു് മറുപടിയായി ശ്രീ രാധാകൃഷ്ണൻ കർമ്മത്തിലേക്കു് കുതിക്കുന്നു! കർമ്മം ചെയ്താൽ മാത്രം മതിയെന്നും, യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായവയെല്ലാം (“കർമ്മം” എന്ന വകുപ്പിൽ പെടാത്തതിനാലാവാം) മൂഢന്മാരുടെ പ്രവൃത്തിയാണെന്നതിനാൽ അനാവശ്യമാണെന്നുമാണു് ഗീത ഉദ്ഘോഷിക്കുന്നതത്രെ! ആ അർത്ഥത്തിൽ, ശ്രീ രാധാകൃഷ്ണൻ ചെയ്യുന്നതു് കർമ്മമല്ല എന്നു് “വ്യാഖ്യാനിച്ചു്” അദ്ദേഹത്തെ ഒരു മൂഢനാക്കാൻ ഞാനേതായാലും ശ്രമിക്കുന്നില്ല. ഏതാണു് കർമ്മം, ഏതാണു് കർമ്മമല്ലാത്തതു് ഇതെല്ലാം നിശ്ചയിക്കലും ശ്രീ രാധാകൃഷ്ണനെപ്പോലുള്ള വ്യാഖ്യാതാക്കളുടെ മാത്രം “കർമ്മം” ആണല്ലോ. അതുകൊണ്ടല്ലേ അവരെപ്പോലെ തൈലാഭിഷിക്തരല്ലാത്ത ആരെങ്കിലും ഗീതയെപ്പറ്റിയോ, വേദങ്ങളെപ്പറ്റിയോ വിമർശനാത്മകമായി എന്തെങ്കിലും പറയുന്നതു് കേട്ടാൽ ജീവാത്മാവിനെയും ചുമന്നുകൊണ്ടു് നടന്നുനടന്നു് മുതുകുകുനിഞ്ഞ അവരുടെ വിശ്വസ്തസേവകർ ഒന്നടങ്കം വളഞ്ഞുകുത്തിനിന്നു് തലയറഞ്ഞു് ചിരിക്കുന്നതു്. ഇവർ തന്നെയാണു് “മൂഢന്മാരുടെ പ്രവൃത്തി’ എന്നു് ഗീത അവഹേളിക്കുന്ന യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായ “കർമ്മങ്ങൾ” പതിവുതെറ്റാതെ ആചരിക്കുന്നതും! മറ്റു് അധികം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയാത്ത ഈ മാതിരി പുരോഗമന ആശയങ്ങൾ മൂഢത്വത്തെപ്പറ്റി വെളിപ്പെടുത്തുന്ന ഗീതയിൽ പറയുന്ന കോസ്മോളജിയിലേക്കു് ആധുനികശാസ്ത്രം എത്തിയിട്ടില്ല എന്നതാണു് വാസ്തവമെന്നു് ശ്രീ രാധാകൃഷ്ണൻ. ഈ വസ്തുതയുടെ വെളിച്ചത്തിൽ, ഏതെങ്കിലും ഒരു മൂലയിൽ പോയിനിന്നു് അൽപത്തിൽക്കൂടുതൽ നാണിക്കുകയല്ലാതെ ആധുനികശാസ്ത്രത്തിനു് മറ്റെന്തു് ചെയ്യാനാവുമെന്നു് എനിക്കറിയില്ല.
“ഗീത കർമ്മനിരാസം ആവശ്യപ്പെടുന്നു എന്നു് അഭിപ്രായമുണ്ടല്ലോ” എന്നു് ചോദ്യകർത്താവു്. (ശ്രദ്ധിക്കുക: ചോദ്യകർത്താവു്, പ്രപഞ്ചകർത്താവല്ല, അതുവഴി വ്യാഖ്യാനത്തിൽ പാളിച്ച സംഭവിക്കാം). അതു് ശരിയല്ലെന്നു് ശ്രീ രാധാകൃഷ്ണൻ. ഗീതയ്ക്കു് നല്ല ചുട്ട അടിയുടെ കുറവുണ്ടെന്നു് മറുപടി പറയാഞ്ഞതു് ഭാഗ്യം. “എല്ലാം ശ്രേഷ്ഠമാണെന്നു് ഗീത പറയുന്നു. ഇന്ദ്രിയങ്ങൾ ശ്രേഷ്ഠം. ഇന്ദ്രിയങ്ങളേക്കാൾ ബുദ്ധി ശ്രേഷ്ഠം. ബുദ്ധിയേക്കാൾ ശ്രേഷ്ഠം ആത്മാവു്.” ഇതൊക്കെ നിർത്തി നിർത്തി ശ്രദ്ധയോടെ വായിക്കണം. നിങ്ങൾ ലൗകികകാര്യങ്ങളിൽ മുഴുകി, അശ്രദ്ധരായി “ശ്രേഷ്ഠത്തേക്കാൾ ബുദ്ധി ആത്മാവു്” എന്നൊക്കെ വായിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല. “നിങ്ങൾ പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടി നിങ്ങളുടെ കർത്താവിനെ സ്നേഹിക്കുക” എന്ന ബൈബിൾ വാക്യം മറക്കാതിരിക്കുക. ഞാനാണെങ്കിൽ, തത്വമസിയിൽ നിന്നും ട്രെയിൻ വഴി അഹം ബ്രഹ്മാസ്മി എന്ന എന്ന ഇന്റർമീഡിയറ്റ് സ്റ്റേഷനിലും അവിടെനിന്നും ഏതെങ്കിലുമൊരു KSRTC ബസിൽ ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളുമില്ലാത്ത ടെർമിനലിലുമെത്തി, അവിടെ എന്നെ കാത്തിരിക്കുന്ന സദാനന്ദന്റെ കയ്യിൽ നിന്നും പ്രസാദം വാങ്ങിത്തിന്നു് അമൃതനാവാനുള്ള ശ്രമത്തിലാണു്. അതുകൊണ്ടു് നിങ്ങൾക്കുവേണ്ടിക്കൂടി ശ്രദ്ധിക്കാൻ എനിക്കു് തത്കാലം സമയപരിമിതിയുണ്ടു് – അമൃതനായശേഷം കാര്യങ്ങളിൽ മാറ്റം വരാനുള്ള സാദ്ധ്യത രാശിയിൽ കാണുന്നുണ്ടെങ്കിലും.
അതുപോലൊരു കുഴഞ്ഞുമറിയലിനെപ്പറ്റി ശ്രീ രാധാകൃഷ്ണനും നമ്മളെ താക്കീതു് ചെയ്യുന്നുണ്ടു്. ആത്മാവിന്റെ നിർദ്ദേശത്താൽ ബുദ്ധികൊണ്ടു് മനസ്സിനെ നിയന്ത്രിക്കണമെന്നാണു് ഗീത പറയുന്നതെന്നും, നേരെ തിരിച്ചായാൽ, (കിടന്നുകൊണ്ടും നടന്നുകൊണ്ടും ഉറങ്ങാൻ കഴിയുന്നവർ ചക്ക പുഴുങ്ങിയാലെന്നപോലെ), ആകെമൊത്തം കുഴയുമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. “നേരെ തിരിച്ചായാൽ” എന്ന്വച്ചാൽ, മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് ബുദ്ധി ആത്മാവിനെ നിർദ്ദേശിച്ചാലോ, മനസ്സിനെ നിർദ്ദേശിച്ചുകൊണ്ടു് ആത്മാവ് ബുദ്ധിയെ നിയന്ത്രിച്ചാലോ, ബുദ്ധി നിർദ്ദേശിച്ചുകൊണ്ടു് മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചാലോ, ആത്മാവു് മനസ്സിൽ ബുദ്ധിച്ചാലോ … സോറി, ഞാൻ വിട്ടു. ഇതിന്റെയെല്ലാം രത്നച്ചുരുക്കം, ഇന്ദ്രിയസുഖങ്ങൾക്കു് പിന്നാലേ മനസ്സും, മനസ്സിന്റെ പിന്നാലേ ബുദ്ധിയും പോകുന്ന ഇന്നിന്റെ അവസ്ഥയിൽ, ബുദ്ധിയുടെ പിന്നാലെ പോകണമോ, അതോ ഇന്ദ്രിയസുഖങ്ങളുടെ മുന്നാലെ പോകണമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വട്ടം ചുറ്റുന്ന ആത്മാവു് ആദ്ധ്യാത്മികരുടെ മുഖത്തുനോക്കി പച്ചത്തെറി പറയുന്നു എന്നതാണു്. ഇതു് നാസ്തികർക്കു് രസകരമായി തോന്നാമെങ്കിലും ആസ്തികരുടെ ദൃഷ്ടിയിൽ ഒട്ടും തമാശയുള്ള ഒരു അവസ്ഥയല്ല. അതുകൊണ്ടാണു് കാര്യങ്ങൾ കൂടുതൽ “കുഴയാതിരിക്കാൻ” ഇടയ്ക്കിടെ ചക്കപ്പുഴുക്കു് വെന്തുകൊണ്ടിരിക്കുന്ന കലത്തിലേക്കു് നോക്കണമെന്നു് ശ്രീ രാധാകൃഷ്ണൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതു്. തികച്ചും ന്യായമായ ഒരു കാര്യം.
ഗീത ഉദ്ഘോഷിക്കുന്ന മാറ്റം സംഭവ്യമാണോ, എല്ലാവരും ഗീത മനസ്സിലാക്കി ജീവിക്കുമെന്നു് കരുതാനാവുമോ എന്ന ചോദ്യത്തിനും കൂടി മറുപടി നൽകിയിട്ടു് ശ്രീ രാധാകൃഷ്ണൻ തന്റെ ഇന്റർവ്യൂ അവസാനിപ്പിക്കുന്നു. അതിങ്ങനെ:
അടിസ്ഥാനപരമായ അറിവു് എല്ലാവർക്കും വേണം. പക്ഷേ കൂടിയേ തീരൂ എന്നില്ല. അതു് കുറച്ചുപേർക്കു് ഉണ്ടായാൽ മതിയാവും. (അതിനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളതു്?) മനുഷ്യരിൽ ഭൂരിപക്ഷവും നല്ലവരാണു്. അവർക്കു് കാര്യങ്ങൾ മനസ്സിലാക്കാനാവും. (അല്ലാതെ എന്റെ കേൾവിക്കാരെ ഞാൻ വിഡ്ഢികൾ എന്നു് വിളിക്കുമെന്നാണോ ഹേ നിങ്ങൾ കരുതുന്നതു്?) ഭൂമിയിലെ ഏറ്റവും പുതിയ ജീവിയാണു് മനുഷ്യൻ. ഏതാണ്ടു് നാലുലക്ഷം കൊല്ലമെന്നു് ശാസ്ത്രം പറയുന്നു. (ഗീതയെന്താണാവോ അതിനെപ്പറ്റി പറയുന്നതു്?) ആധുനികശാസ്ത്രം വേരോടിയിട്ടു് ആയിരം കൊല്ലമേ ആയുള്ളു. (അപ്പോൾ ഏതാണ്ടു് A.D. 1000 മുതൽ നിലവിലുണ്ടു് ഈ ആധുനികശാസ്ത്രമെന്ന സംഗതി!) കഴിഞ്ഞ 500 കൊല്ലം കൊണ്ടു് അതു് ബഹിരാകാശം വരെ നാശമാക്കി. (അപ്പോൾ അത്ര നേരത്തേ തുടങ്ങിയല്ലേ ബഹിരാകാശം നാശമാക്കൽ!?) ഇങ്ങനെ പോയാൽ മാനവരാശിക്കു് നിലനിൽപില്ല. അതിനു് ഈ ലോകത്തോടുള്ള വൈകാരികമായ വ്യതിയാനമുണ്ടാകണം. (മഹാഭാരതയുദ്ധം അതിനൊരു മാതൃകയാക്കാവുന്നതാണു്. അഞ്ചുപേർക്കുവേണ്ടി നൂറുപേരെ നശിപ്പിച്ച കഥ. അതും വേണമെങ്കിൽ രണ്ടുകൂട്ടരെയും നല്ലവരാക്കി നേർവഴിയിൽ എത്തിക്കാൻ കഴിയുമായിരുന്ന ഒരു ഭഗവാന്റെ മേൽനോട്ടത്തിലും, ചതിയുടെയും വഞ്ചനയുടെയും അകമ്പടിയോടെയും നടന്ന മനുഷ്യക്കുരുതിയുടെ കാവ്യാത്മകമായ ആഖ്യാനം.) സ്വന്തം ആവാസവ്യവസ്ഥ ഇങ്ങനെ തകർത്ത മറ്റൊരു ജീവിയുമില്ല, മനുഷ്യനല്ലാതെ. (ശവങ്ങളെ കെട്ടിയൊഴുക്കുന്ന, രാസ-ജൈവ-മാലിന്യങ്ങളുടെ കേളീരംഗമായ ഗംഗയിൽനിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മരണവും മോക്ഷവും ഒപ്പം സംഭവിക്കും. അതിൽ കൂടുതലൊക്കെ ആവാസവ്യവസ്ഥയെ എങ്ങനെ രക്ഷപെടുത്തണമെന്നാണു്!?) ഈ വ്യതിയാനമുണ്ടാക്കാൻ എല്ലാ ഉപനിഷത്തുക്കളുടെയും സത്തയായ ഗീതയ്ക്കേ സാധിക്കൂ. (ആ വ്യതിയാനം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണു് എത്രയോ നൂറ്റാണ്ടുകളായി ഗീത പിന്നെ ചെയ്തുകൊണ്ടിരുന്നതു്? അതും ഭഗവാന്റെ ചുമതലയിൽ? അതൊന്നും മതിയായില്ലെന്നുണ്ടോ? ഇനിയിപ്പോൾ ആ ചുമതല മനുഷ്യർ ഏറ്റെടുക്കണമെന്നാണോ? ആണെങ്കിൽ, അതിനു് വേണ്ടതു് യുക്തിഭദ്രമായ ശാസ്ത്രബോധവും മനുഷ്യബുദ്ധിയുമാണു്. അല്ലാതെ, പ്രായോഗികജീവിതത്തിൽ നിത്യപരാജയം എന്നു് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞ വേദഗ്രന്ഥങ്ങളിലെ സാങ്കൽപികസൃഷ്ടികളുടെ നീട്ടിച്ചൊല്ലലുകളല്ല).