RSS

Category Archives: ശാസ്ത്രം

പ്രപഞ്ചത്തിന്റെ ജിയോമെട്രി

ഒരു നേർരേഖ പോലെ ആയിരുന്നു ലോകമെങ്കിൽ അതിന്റെ ഗണിതശാസ്ത്രം ഒരേയൊരു ഡൈമെൻഷനിൽ പരിമിതപ്പെടുത്താമായിരുന്നു. ആ രേഖാലോകത്തിൽ രണ്ടു് ദിശകളിലേക്കു് മാത്രം ചലിക്കുന്നവരായി കഴിഞ്ഞുകൂടുന്ന രേഖാജീവികൾക്കു് വിസ്തീർണ്ണം, വ്യാപ്തം മുതലായ വാക്കുകളുടെ ആവശ്യവും വരില്ല. അവിടെ ഏതൊരു ജീവിക്കും സമീപസ്ഥരായ മറ്റു് രണ്ടു് ജീവികളുമായി ബന്ധപ്പെടാനാവുമെന്നതിനാൽ ആ ലോകത്തിലെ ജനങ്ങൾക്കിടയിൽ ആശയവിനിമയവും സാദ്ധ്യമായിരിക്കും – വാർത്താവിതരണത്തിനായി അൽപം കൂടുതൽ സമയം വേണ്ടിവരുമെങ്കിൽത്തന്നെയും. രണ്ടു് ദിശകളിലേക്കും അനന്തമായി നീണ്ടുകിടക്കുന്ന ഒന്നായി ഒരു രേഖാലോകത്തെ സങ്കൽപിക്കാൻ തത്വത്തിലെങ്കിലും വലിയ ബുദ്ധിമുട്ടില്ല – അനന്തത എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് എന്തുതന്നെ ആയാലും. അതേസമയം, രണ്ടു് മാനങ്ങൾ മാത്രമുള്ള ഒരു ലോകത്തിലെ ജീവികൾക്കു് വെറും രേഖകളായി ചുരുങ്ങേണ്ടതില്ല. കാരണം, അവിടെ ജീവികൾക്കു് നീളവും വീതിയും ഉള്ളവയാവാൻ തടസ്സമൊന്നുമില്ല – ഇലകൾ പോലെ പരന്ന ജീവികൾ. അവയ്ക്കു് മുന്നോട്ടും പുറകോട്ടും മാത്രമല്ല. വശങ്ങളിലേക്കും, കോണോടുകോണായും, വൃത്താകൃതിയിലുമെല്ലാം ചലിക്കാനും, തന്മൂലം രേഖാലോകത്തെ അപേക്ഷിച്ചു് കൂടുതൽ സാമൂഹികാംഗങ്ങളുമായി ഒരേസമയം നേരിട്ടു് ആശയവിനിമയം നടത്താനും സാധിക്കും. ഒരു ദ്വിമാനലോകത്തെ അനന്തമായി പരന്നുകിടക്കുന്ന ഒരു പ്രതലമായി സങ്കൽപിക്കാം. ഒരു കടലാസ്സിലെന്നപോലെ ആ പ്രതലത്തിൽ വരയ്ക്കപ്പെടുന്ന ഏതൊരു ത്രികോണത്തിന്റേയും കോണുകളുടെ ആകെത്തുക 180 ഡിഗ്രി ആയിരിക്കും – പ്ലെയിൻ ജിയോമെട്രിയിലെ ബാലപാഠം. ഈ രണ്ടു് ലോകങ്ങളിൽ നിന്നും വ്യത്യസ്തമാണു് മനുഷ്യനു് അനുഭവവേദ്യമായ ത്രിമാനങ്ങളുടെ ലോകം. നീളവും വീതിയും മാത്രമല്ല, ഉയരം അഥവാ, ഘനം കൂടിയുള്ള, നമ്മൾ സാധാരണഗതിയിൽ മനസ്സിലാക്കുന്ന ഈ ലോകത്തിൽ ജീവിക്കുന്നവർക്കു് ഏക-, ദ്വിമാനലോകങ്ങളെ സങ്കൽപിക്കാൻ പ്രയാസമൊന്നുമില്ല. പക്ഷേ, മൂന്നിലധികം ഡൈമെൻഷനുകളുള്ള ഒരു ലോകത്തെ സങ്കൽപിക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ മനുഷ്യന്റെ സാധാരണ ഗ്രഹണശേഷിക്കു് അതീതമാവുന്നു. ഉന്നതഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ അല്ലാതെ അത്തരം ലോകങ്ങളെ മനസ്സിലാക്കാനോ വിശദീകരിക്കാനോ എളുപ്പമല്ല. അതുപോലുള്ള ഒരു ലോകമാണു് സ്പെയ്സിന്റെ മൂന്നു് ഡൈമെൻഷനുകളോടു് സമയത്തെക്കൂടി ചേർക്കുമ്പോൾ ലഭിക്കുന്ന നാലു് (3+1) ഡൈമെൻഷനുകളുള്ള “ഐൻസ്റ്റൈന്റെ ലോകം” (space-time continuum). ആ സ്ഥിതിക്കു്, സ്പെയ്സിന്റെ ഒൻപതു് ഡൈമെൻഷനുകളും സമയവും ചേർന്നു് രൂപം കൊള്ളുന്ന സ്ട്രിംഗ്‌ തിയറിയിലെ പത്തു് ഡൈമെൻഷനുകളെ (9+1) വിഷ്വലൈസ്‌ ചെയ്യുന്നതിന്റെ കാര്യം ചിന്തിക്കുകയേ വേണ്ടൂ. തത്വത്തിൽ, ആദ്യത്തെ രണ്ടുലോകങ്ങളിലെ ജീവികൾക്കും സമയം അനുഭവവേദ്യമാവാം എന്നതിനാൽ സമയത്തിന്റെ ഡൈമെൻഷൻ ചേർത്താൽ അവയും space-time continuum തന്നെ.

സമതലത്തിൽ മാത്രമേ ഒരു രേഖ നേർരേഖയാവുന്നുള്ളു. അതുപോലൊരു തലത്തിൽ വരയ്ക്കപ്പെടുന്ന ഒരു ത്രികോണത്തിന്റെ കോണുകളുടെ ആകെത്തുകയാണു് 180 ഡിഗ്രി. അതേസമയം, ഭൂമി തികഞ്ഞ ഗോളാകൃതിയിലുള്ളതാണെന്നു് സങ്കൽപിച്ചാൽ അതിന്റെ പ്രതലത്തിൽ വരക്കുന്ന രേഖ ഒരു നേർരേഖയാവില്ല, അതു് ഒരു വൃത്തത്തിന്റെ ഭാഗമായ ഒരു വക്രരേഖയേ ആവൂ. വശങ്ങളുടെ വക്രത മൂലം, ഭൂമിയുടെ പ്രതലത്തിൽ വരയ്ക്കപ്പെടുന്ന ഒരു ത്രികോണത്തിന്റെ കോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കൂടുതൽ ആയിരിക്കും. ഈ ഗുണവിശേഷമുള്ള ഒരു ത്രികോണം സ്ഥിതിചെയ്യുന്ന ഒരു പ്രതലത്തെ positively curved (spherical) എന്നു് വിളിക്കുന്നു. ഇതിനു് വിപരീതമായി, വക്രത ഉള്ളിലേക്കു് ആയിട്ടുള്ള പ്രതലങ്ങൾ (ഉദാ. കുതിരയുടെ പുറത്തു് വയ്ക്കുന്ന ജീനി) negatively curved (hyperbolical) ആണു്. അവയിൽ വരയ്ക്കപ്പെടുന്ന ത്രികോണങ്ങളുടെ കോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കുറഞ്ഞതായിരിക്കും. ഇതിലേതാണെന്നു് പ്രപഞ്ചത്തിന്റെ ജിയോമെട്രിയെന്നു് മനസ്സിലാക്കാനുള്ള എളുപ്പവഴി എന്താണു്? സ്പെയ്സിൽ ഏതെങ്കിലും മൂന്നു് ബിന്ദുക്കളെ തമ്മിൽ ഒരു ത്രിമാന ത്രികോണം രൂപമെടുക്കത്തക്കവിധം ചരടുകൾ കൊണ്ടു് ബന്ധിപ്പിക്കുക. അതുപോലുള്ള ഓരോ ത്രികോണങ്ങളുടേയും കോണുകളുടെ ആകെത്തുക 180 ഡിഗ്രി ആണെങ്കിൽ ആ സ്പെയ്സ്‌ ഫ്ലാറ്റ്‌ ആയിരിക്കും, അല്ലെങ്കിൽ അതു് കർവ്വ്ഡ്‌ ആയിരിക്കും. ഈ രണ്ടു് തരം വക്രതയേക്കാൾ സങ്കീർണ്ണമായ ജിയോമെട്രിയും ഉണ്ടായിക്കൂടെന്നില്ല.

രണ്ടു് ഡൈമെൻഷനുകൾ ഉള്ള വക്രമായ ഒരു പ്രതലമാണു് ഒരു ഫുട്ബോളിന്റെ ഉപരിതലം. മലകളും താഴ്‌വരകളുമെല്ലാം മൂലമുള്ള ക്രമരാഹിത്യം അവഗണിച്ചാൽ, ഭൂമിയുടെ ഉപരിതലവും അതുപോലെതന്നെ വക്രവും ദ്വിമാനവുമാണു്. എങ്കിലും, ഭൂമിയുടെ വലിപ്പം മൂലം അതു് പരന്ന ഒരു പ്രതലമാണെന്നപോലെയാണു് നമുക്കുണ്ടാവുന്ന അനുഭവം. അതുകൊണ്ടുതന്നെയാണു്, ഭൂമി പരന്നതാണെന്ന തത്വസംഹിതകൾ പുരാതനകാലങ്ങളിൽ രൂപമെടുത്തതും, അവയ്ക്കു് നൽകപ്പെട്ട ദൈവികമായ ഉറവിടം മൂലം അവയെല്ലാം ഉറപ്പായി വിശ്വസിക്കുന്ന ഏതാനും കോടി മനുഷ്യരെ കണ്ടെത്താൻ ഇന്നും നമുക്കു് പ്രയാസമൊന്നുമില്ലാത്തതും. അനേകലക്ഷം കോടി പ്രകാശവർഷങ്ങൾ വ്യാസമുള്ള ഒരു ഗോളത്തിന്റെ ഉള്ളിലെ ഏതാനും പ്രകാശവർഷങ്ങൾ മാത്രം അകലമുള്ള ഒരു ബിന്ദുവിൽ നിന്നും ആ പ്രതലത്തിന്റെ ഒരു ഭാഗം വീക്ഷിച്ചാൽ അതു് വക്രതയില്ലാത്ത ഒരു ദ്വിമാനപ്രതലമായിട്ടായിരിക്കും അനുഭവപ്പെടുക. അതുപോലൊരു സ്പെയ്സിന്റെ ജിയൊമെട്രി ഫ്ലാറ്റ്‌ ആയിരിക്കുമെന്നു് സാരം.

ന്യൂട്ടോണിയൻ നിയമങ്ങളുടെ ആവിർഭാവത്തോടെ പരമമായ സ്ഥാനം (absolute space/position) എന്നതിനു് പ്രസക്തിയില്ലാതായി. ഒരു ദൈവവിശ്വാസിയായിരുന്ന ന്യൂട്ടൺ അതിൽ (സ്വന്തം കണ്ടെത്തലിൽ) നിരാശനുമായിരുന്നു. ഐൻസ്റ്റൈന്റെ തിയറി ഓഫ്‌ ജെനറൽ റിലേറ്റിവിറ്റി വന്നതോടെ പരമമായ സമയം (absolute time) എന്നതിനും പ്രസക്തിയില്ലാതായി. ഉദാഹരണത്തിനു്, ഗ്രഹങ്ങൾപോലെ ഭാരമേറിയ വസ്തുക്കളുടെ സമീപം സമയം സാവകാശമാണു് നീങ്ങുന്നതു്. അതിൻപ്രകാരം, ഗ്രാവിറ്റി എന്നതു്, മറ്റു് ശക്തികളിൽ നിന്നും വ്യത്യസ്തമായി, സ്പെയ്സ്‌-ടൈമിലെ ദ്രവ്യവും, എനർജ്ജിയും മൂലം അതിനു് സംഭവിക്കുന്ന വക്രതയുടെ ഫലമാണു്. അതിനാൽ, പൊതുവായ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിന്റെ ജിയോമെട്രി ഫ്ലാറ്റ്‌ ആണെന്നു് പറയുമ്പോഴും, ദ്രവ്യവും എനർജ്ജിയും സ്പെയ്സിനെ വക്രമാക്കുന്നു എന്ന ഐൻസ്റ്റൈൻ നിയമത്തിനെ അതു് ബാധിക്കുന്നില്ല. ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി ലളിതവും താരതമ്യേന എളുപ്പം വിശദമാക്കാവുന്നതുമാണെങ്കിൽ, തിയറി ഓഫ്‌ ജെനറൽ റിലേറ്റിവിറ്റി കൂടുതൽ സങ്കീർണ്ണമായ ഗണിതശാസ്ത്രമാണു്.

ശൂന്യമായ സ്പെയ്സിൽ പ്രകാശത്തിന്റെ വേഗത ഒരു സെക്കന്റിൽ 299792458 മീറ്ററാണു് – ജലം, വായു മുതലായ സുതാര്യമാധ്യമങ്ങളിൽ ഇതിനു് അൽപം കുറവു് സംഭവിക്കുമെങ്കിലും. പ്രപഞ്ചത്തിൽ ദ്രവ്യത്തിനും എനർജിക്കും ഇൻഫർമേഷനും സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗതയാണിതു്. ഉദാഹരണത്തിനു്, ഏകദേശം 150 മില്യൺ കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സൂര്യനിൽ നിന്നും ഭൂമിയിൽ എത്താൻ പ്രകാശത്തിനു് വേണ്ടിവരുന്നതു് എട്ടു് മിനുട്ടാണു്. പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വർഷങ്ങൾ ആണെന്നാണു് കണക്കാക്കപ്പെടുന്നതു്. ഒരു വർഷം കൊണ്ടു് പ്രകാശത്തിനു് സഞ്ചരിക്കാൻ കഴിയുന്ന ദൂരമാണു് ഒരു പ്രകാശവർഷം. പ്രപഞ്ചത്തിന്റെ വികാസം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് ഒരു ബലൂൺ അന്തരീക്ഷത്തിലേക്കു് വികസിക്കുന്നതുപോലെ ഒരു സ്പേയ്സ്‌ മറ്റൊരു സ്പെയ്സിലേക്കു് വികസിക്കുന്നതല്ല, സ്പെയ്സിന്റെ സ്വയം വികാസമാണു്. ഗ്യാലക്സികളുടെ ദൂരം കൂടുന്തോറും, അഥവാ പ്രപഞ്ചത്തിന്റെ “അതിർത്തിയോടു്” അടുക്കുന്തോറും, ഈ വികാസത്തിന്റെ ഗതിവേഗവും കൂടിക്കൊണ്ടിരിക്കുകയാണെന്നു് പഠനങ്ങൾ തെളിയിക്കുന്നു. പ്രപഞ്ചവികാസം സംഭവിക്കുന്നതു് പ്രകാശത്തേക്കാൾ കൂടിയ വേഗതയിലാവുന്ന ഒരു സ്പെയ്സിൽ ആ വേഗതയിൽ പരസ്പരം അകന്നുകൊണ്ടിരിക്കുന്ന രണ്ടു് ഗ്യാലക്സികൾക്കു്, ഒന്നിൽ നിന്നുള്ള പ്രകാശത്തിനു് മറ്റേതിൽ എത്താനുള്ള സമയം ലഭിക്കുന്നില്ല എന്നതിനാൽ, തമ്മിൽതമ്മിൽ വീക്ഷിക്കുക സാദ്ധ്യമല്ല. ഒരു സ്റ്റാറ്റിക്‌ പ്രപഞ്ചത്തിൽ വീക്ഷിക്കാൻ കഴിയുന്ന പ്രപഞ്ചം 1375 കോടി പ്രകാശവർഷങ്ങൾക്കു് ഉള്ളിൽ സ്ഥിതി ചെയ്യുന്നതു് മാത്രമാവാനേ കഴിയൂ. അതേസമയം വികാസം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വ്യാസം ഏകദേശം 9300 കോടി പ്രകാശവർഷങ്ങൾ ആണെന്നു് കണക്കാക്കപ്പെടുന്നു. അതുവഴി വീക്ഷിക്കപ്പെടാവുന്ന പ്രപഞ്ചത്തിന്റെ അതിർത്തി 4650 കോടി പ്രകാശവർഷങ്ങൾ ആവുന്നു. വീക്ഷിക്കാവുന്ന എന്നതുകൊണ്ടു് തത്വത്തിൽ അതു് സാദ്ധ്യമാവാമെന്നല്ലാതെ ആ പ്രദേശത്തുനിന്നും വരുന്ന റേഡിയേഷനുകൾ ഇന്നു് ലഭ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു് ഡിറ്റെക്റ്റ്‌ ചെയ്യാമെന്നോ, അത്തരം റേഡിയേഷനുകൾ ഉണ്ടോ എന്നുപോലുമോ വ്യക്തമായി പറയാനാവില്ല. അതിനാൽ, പ്രപഞ്ചത്തിന്റെ ആകെമൊത്തമുള്ള അതിർത്തി എന്നോ ആകൃതി എന്നോ ഒക്കെ പറയുന്നതിനു് വലിയ അർത്ഥമൊന്നും ഇല്ലാതാവുന്നു.

ഒരു ബിഗ്‌-ബാംഗിൽ അധിഷ്ഠിതമായ പ്രപഞ്ചാരംഭമോഡൽ അംഗീകരിച്ചുകൊണ്ടു് അതിന്റെ അവശിഷ്ടമായി ഇന്നു് പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്ന കോസ്മിക്‌ ബാക്‌ൿഗ്രൗണ്ട്‌ റേഡിയേഷനിലെ ഊഷ്മാവിലുള്ള വ്യത്യാസങ്ങൾ അളക്കുകയാണു് Wilkinson Microwave Anisotropy Probe (WMAP) ചെയ്തതു്. അതായതു്, WMAP അടിസ്ഥാനമാക്കുന്ന പ്രപഞ്ചമോഡൽ ശരിയാണെന്ന നിഗമനത്തിലാണു് ആ അളവുകൾ നടത്തപ്പെട്ടതു്. ആ മോഡലിന്റെ അടിത്തറയിലുള്ള വിവിധ കോസ്മോളജിക്കൽ പരാമീറ്ററുകളുടെ മൂല്യങ്ങളാണു് അതുവഴി കണ്ടെത്തപ്പെട്ടതും. പ്രപഞ്ചത്തിന്റെ ഫ്ലാറ്റ്‌നെസ്‌ എന്ന ആശയം WMAP-നു് മുൻപും 15 ശതമാനം അലവൻസോടെ നിലനിന്നിരുന്നു. WMAP-ന്റെ നേട്ടം ആ എറർ ഫാക്ടർ 2 ശതമാനമാക്കി ചുരുക്കി എന്നതാണു്.

പ്രപഞ്ചത്തിന്റെ സാന്ദ്രത ഒരു ക്രിട്ടിക്കൽ സാന്ദ്രതയേക്കാൾ (ഹബിൾ കോൺസ്റ്റന്റിന്റെ വർഗ്ഗത്തിനു് ആനുപാതികം) കുറഞ്ഞതെങ്കിൽ പ്രപഞ്ചം അനന്തമായി വികസിച്ചുകൊണ്ടിരിക്കും. കൂടുതലെങ്കിൽ, ഗ്രാവിറ്റിയുടെ ആകർഷണശക്തി എപ്പോഴെങ്കിലും വികാസം മൂലമുള്ള മൊമെന്റത്തേക്കാൾ കൂടുകയും പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങുകയും ചെയ്യും (Big Crunch). WMAP-ൽ നിന്നുള്ള വിവരങ്ങളുടെയും, വീക്ഷിക്കപ്പെട്ട വിദൂര സ്യൂപ്പർ നോവകളുടെയും അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ വികാസം ത്വരിതപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിനാൽ, പ്രപഞ്ചം എന്നേക്കുമായി വികസിച്ചുകൊണ്ടിരിക്കുമെന്നു് കരുതേണ്ടിവരുന്നു. ഇതു് അതിശക്തമായ ന്യൂനമർദ്ദമുള്ള ഒരു ദ്രവ്യത്തിന്റെ (= ഊർജ്ജത്തിന്റെ) സാന്നിദ്ധ്യം പ്രപഞ്ചത്തിൽ ഉണ്ടാവണമെന്ന സാദ്ധ്യതയിലേക്കു് വിരൽ ചൂണ്ടുന്നു. ഡാർക്ക്‌ എനർജ്ജി എന്നും അറിയപ്പെടുന്ന ഐൻസ്റ്റൈന്റെ കോസ്മോളജിക്കൽ കോൺസ്റ്റന്റ്‌. ജെനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി രൂപമെടുത്തപ്പോൾ, അതിൻപ്രകാരം ഒന്നുകിൽ പ്രപഞ്ചം വികസിക്കുന്നതോ, അല്ലെങ്കിൽ ചുരുങ്ങുന്നതോ ആയിരിക്കേണ്ടിയിരുന്നു. പക്ഷേ, ഒരു സ്റ്റാറ്റിക്‌ യൂണിവേഴ്സിൽ വിശ്വസിച്ചിരുന്ന ഐൻസ്റ്റൈൻ ആ ലക്ഷ്യം നേടാനായി സമവാക്യത്തിൽ ഒരു കോസ്മോളജിക്കൽ കോൺസ്റ്റന്റ്‌ തിരുകിക്കയറ്റി. റഷ്യൻ ഗണിതശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടർ ഫ്രീഡ്മാൻ ആ “തെറ്റു്” തിരുത്തി വികസിക്കുന്ന ഒരു പ്രപഞ്ചമോഡൽ നിർദ്ദേശിച്ചു. എഡ്‌വിൻ ഹബിൾ സമീപഗ്യാലക്സികളിൽ നടത്തിയ വീക്ഷണങ്ങൾ പ്രപഞ്ചം വികസിക്കുകയാണെന്നു് സ്ഥിരീകരിക്കുക കൂടി ചെയ്തപ്പോൾ, “തന്റെ ഏറ്റവും വലിയ തെറ്റു്” എന്നു് അംഗീകരിച്ചുകൊണ്ടു് ഐൻസ്റ്റൈൻ ആ ഘടകം നീക്കം ചെയ്തു. പക്ഷേ, ഇന്നു് പല ശാസ്ത്രജ്ഞരും തത്വവും നിരീക്ഷണങ്ങളും തമ്മിൽ കൂടുതൽ പൊരുത്തപ്പെടുന്നു എന്നതിന്റെ പേരിൽ ആ ഘടകത്തെ വീണ്ടും പുനരധിവസിപ്പിക്കണമെന്ന പക്ഷക്കാരാണു്.

ഫ്രീഡ്മാൻ യൂണിവേഴ്സിൽ യഥാർത്ഥ സാന്ദ്രതയും ക്രിട്ടിക്കൽ സാന്ദ്രതയും തമ്മിലുള്ള അനുപാതമാണു് ഡെൻസിറ്റി പരാമീറ്റർ. പ്രപഞ്ചത്തിന്റെ ലോക്കൽ ജിയോമെട്രി ഈ പരാമീറ്ററിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ പരാമീറ്റർ ഒന്നിൽ കൂടിയതെങ്കിൽ അതു് സ്ഫെരിക്കലും, ഒന്നിൽ കുറഞ്ഞതെങ്കിൽ അതു് ഹൈപെർബോളിക്കും, ഒന്നു് എങ്കിൽ അതു് ഫ്ലാറ്റുമായിരിക്കും. അതേസമയം, ഗ്ലോബൽ ജിയോമെട്രി എന്നതുകൊണ്ടുദ്ദേശിക്കുന്നതു്, വീക്ഷിക്കാവുന്നതും അതിനു് അതീതവുമായ പ്രപഞ്ചത്തിന്റെ ആകമാന ജിയോമെട്രിയാണു്. അതു് നമുക്കു് അളക്കാവുന്നതോ അളക്കാൻ കഴിയാത്തതോ ആവാം. പ്രപഞ്ചം അനന്തമോ, പരിമിതമോ, വീക്ഷിക്കാവുന്ന പ്രപഞ്ചം ആകമാനപ്രപഞ്ചം തന്നെയോ, അതോ അതിൽ ചെറുതോ, എങ്കിൽ എത്രമാത്രം ചെറുതു് മുതലായ ഘടകങ്ങളെയെല്ലാം ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്. പോരെങ്കിൽ പ്രപഞ്ചം ഒരു സിലിൻഡർ പോലെ, ചില ഡൈമെൻഷനുകളിൽ ചെറുതും മറ്റു് ചിലതിൽ വലുതും ആവാം. ഇനിയും ഏറെ വഴികൾ പോകേണ്ടതുണ്ടെന്നു് ചുരുക്കം.

തിയറീസ്‌ ഓഫ്‌ റിലേറ്റിവിറ്റിയും, ബിഗ്‌-ബാംഗും ഒക്കെ ദൈവം വേദഗ്രന്ഥങ്ങളിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ടു് എന്ന രഹസ്യം മതപണ്ഡിതർ കണ്ടെത്തുകയും, വ്യാഖ്യാനത്തിലൂടെ അതിന്റെ നിജസ്ഥിതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നു് നമുക്കറിയാം. വേദഗ്രന്ഥങ്ങൾ അനന്തകാലത്തേക്കായി എഴുതപ്പെട്ടിട്ടുള്ളവയാണെന്നതിനാൽ സ്ട്രിംഗ്‌ തിയറിയും, പ്രപഞ്ചം ഒരു പലകപോലെ പരന്നതാണെന്നും, കൂടാതെ, മുകളിൽ സൂചിപ്പിച്ചതും അല്ലാത്തതും ശാസ്ത്രീയപഠനങ്ങളെ വഴിമുട്ടിക്കുന്നതുമായ ധാരാളം കാര്യങ്ങളും തീർച്ചയായും അവയിൽ എവിടെയെങ്കിലും അതിഗൂഢമായ ഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ടാവണം. അങ്ങനെ ചില കാര്യങ്ങൾ ഉണ്ടെന്നറിയാത്തതിന്റെ പേരിൽ ആരും അവയെ മതഗ്രന്ഥങ്ങളിൽ തപ്പാതിരിക്കേണ്ട എന്നു് സൂചിപ്പിക്കാനും കൂടിയാണു് ഞാൻ ഇതെഴുതുന്നതു്. അവർ അതെല്ലാം ഉടനെ കണ്ടെത്തിയാൽ കാര്യങ്ങളുടെ ആൽഫയും ഒമേഗയും കാലേകൂട്ടി മനസ്സിലാക്കാനും, അടുത്തവർഷത്തെ ലോകാവസാനത്തിനായി തയ്യാറെടുക്കാനും മനുഷ്യർക്കു് കഴിയുമായിരുന്നു. എനിക്കു് മനസ്സിലാവാത്തതു്, വിശുദ്ധഗ്രന്ഥങ്ങൾ വായിക്കാൻ ആദിമുതലേ അനുവാദമുണ്ടായിരുന്ന, തൈലാഭിഷേകം ചെയ്യപ്പെട്ടവർ ഓരോ വാക്യങ്ങളും മുന്നോട്ടും പുറകോട്ടും വായിച്ചിട്ടും സമഗ്രമായി പഠിച്ചിട്ടും അവയിൽ കിറുകൃത്യമായി വെളിപ്പെടുത്തിയിട്ടുള്ള പ്രപഞ്ചരഹസ്യങ്ങൾ എന്തുകൊണ്ടു് അനേക നൂറ്റാണ്ടുകൾ ആ ദൈവികരുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞിരുന്നു എന്നതാണു്. തലയോട്ടി അത്ര കട്ടി കുറഞ്ഞ സാധനമല്ലാത്തതിനാൽ നെറുകയിലെ തൈലാഭിഷേകം തലച്ചോറിനെ ഉപയോഗശൂന്യമാക്കിയതാണെന്നും കരുതാൻ വയ്യ. തൈലാഭിഷേകം എന്നാൽ തൈലംകൊണ്ടുള്ള ഒരുതരം പൂശലാണു്, അല്ലാതെ അതു് മനുഷ്യനെ ഉടലും തലയുമടക്കം തൈലത്തിൽ ഉപ്പിലിടുന്ന പരിപാടിയോ നസ്യം ചെയ്യലോ ഒന്നുമല്ല എന്നാണെന്റെ കേട്ടറിവു്. ബാല്യകാലം മുതൽ ഒരു ഗ്രന്ഥത്തിൽ നിന്നും സാമാന്യയുക്തിക്കു് നിരക്കാത്തതും പരസ്പരവിരുദ്ധവുമായ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു് വെള്ളം ചേർക്കാതെ വിഴുങ്ങേണ്ടിവരുന്ന ഒരു തലച്ചോറിനു് അതിന്റെ പ്രവർത്തനക്ഷമതയുടെ സ്വിച്ച്‌ എന്നേക്കുമായി ഓഫ്‌ ചെയ്തു് നിഷ്ക്രിയമായി കഴിയുകയല്ലാതെ മറ്റെന്താണൊരു പോംവഴി? പതിവായി മലയാളം പത്രങ്ങൾ വായിക്കുകയോ, മല്ലു സിൽമ കാണുകയോ ചെയ്യുന്ന മനുഷ്യരിൽ സംഭവിക്കുന്നതും ഏതാണ്ടു് ഇതേ മ്യൂട്ടേഷൻ തന്നെയായിരിക്കണം. അത്തരക്കാരുടെ ഭാഷയും ഭാവവും പെരുമാറ്റരീതികളുമൊക്കെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്വന്തം അമ്മയ്ക്കുപോലും തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോകുന്നതിനു് അല്ലാതെന്തു് വിശദീകരണമാണുള്ളതു്? കരഞ്ഞുതീർക്കലിൽ കവിഞ്ഞ കവിതയോ സാഹിത്യമോ ഒന്നും അവരുടെയിടയിൽ രൂപമെടുക്കാത്തതിന്റെ രഹസ്യവും ഒരുപക്ഷേ അതായിരിക്കുമെന്നു് തോന്നുന്നു.

 
5 Comments

Posted by on Apr 13, 2011 in ശാസ്ത്രം

 

Tags: ,

ആധുനിക കലണ്ടര്‍ വന്ന വഴി

ഇരുളും വെളിച്ചവുമായി കടന്നുപോയിക്കൊണ്ടിരിക്കുന്ന രാത്രികളും പകലുകളും, വേനലും മഴയും വസന്തവും ഇലപൊഴിയും കാലവുമായി വന്നുപോവുന്ന വര്‍ഷങ്ങളും മാത്രമല്ല, സൂര്യ-ചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും എക്കാലവും മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷേ ഇവയെ സമാഹരിച്ചു് കുറ്റമറ്റ നിയമത്തിന്‍ കീഴില്‍ ഒരു കലണ്ടര്‍ ആക്കുക എന്നതു് ആയിരക്കണക്കിനു് വര്‍ഷങ്ങളിലും ഒരു തലവേദനയായി അവശേഷിക്കുകയായിരുന്നു. ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വര്‍ഷങ്ങളും തമ്മില്‍ത്തമ്മില്‍ പൊരുത്തക്കേടില്ലാതെ കൂട്ടിയിണക്കാനാവാത്ത അവസ്ഥ. ചന്ദ്രപക്ഷങ്ങളില്‍ അധിഷ്ഠിതമായി ഒരു കലണ്ടര്‍ ആദ്യമായി രൂപപ്പെടുത്തിയതു് ബാബിലോണിലെ സുമേറിയക്കാര്‍ ആണെന്നാണു് പണ്ഡിതമതം. ഒരു വര്‍ഷത്തെ പന്ത്രണ്ടു് മാസങ്ങളായി തിരിച്ചുകൊണ്ടുള്ളതായിരുന്നു ഈ കലണ്ടര്‍. ഈ ചന്ദ്രവര്‍ഷവും, കാലാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള വര്‍ഷവും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാന്‍ അവര്‍ നാലു് വര്‍ഷത്തിലൊരിക്കല്‍ ഒരു പതിമൂന്നാം മാസം ഇതിനോടു് ചേര്‍ക്കുകയായിരുന്നു. പുരാതന ഈജിപ്റ്റുകാരും, ഗ്രീക്കുകാരും, സെമിറ്റിക്‌ രാജ്യങ്ങളും ഈ കലണ്ടര്‍ പകര്‍ത്തി. പിന്നീടു് ഈജിപ്റ്റുകാര്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഒരു കലണ്ടറിനു് രൂപം നല്‍കി.

പുരാതന റോമിലും ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറായിരുന്നു. 355 ദിവസം ഒരു വര്‍ഷം, മാര്‍ച്ച്‌, മെയ്‌, ജുലൈ, ഒക്ടോബര്‍ ഇവ 31 ദിവസം, ഫെബ്രുവരി 28 ദിവസം, മറ്റു് മാസങ്ങള്‍ 29 ദിവസങ്ങള്‍ വീതം. നാലു് വര്‍ഷം കൂടുമ്പോള്‍ ഒരു പുതിയ മാസം കൂട്ടിച്ചേര്‍ക്കും. പ്രധാനപുരോഹിതന്റെ നിയന്ത്രണത്തിലായിരുന്നു ഈ കലണ്ടര്‍. അമാവാസി ദിവസം അദ്ദേഹം ആ മാസത്തെ പൂര്‍ണ്ണചന്ദ്രന്‍ എന്നാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിളംബരം ചെയ്യും. ഇവരുടെ പിടിപ്പുകേടു് മൂലം, ജൂലിയസ്‌ സീസറിന്റെ കാലമായപ്പോഴേക്കും, വേനല്‍ക്കാലമാസങ്ങള്‍ വസന്തകാലത്തിലേ വരാന്‍ തുടങ്ങി! ഇതിനു് പരിഹാരമായി B.C. 46-ല്‍ സീസര്‍ ‘ജൂലിയന്‍ കലണ്ടര്‍’ എന്നറിയപ്പെടുന്ന കലണ്ടര്‍ നടപ്പിലാക്കി. ഈജിപ്ഷ്യന്‍ കലണ്ടറിന്റെ അടിസ്ഥാനത്തില്‍, പഴയ കലണ്ടറില്‍ കൂടുതലുണ്ടായിരുന്ന പത്തു് ദിവസങ്ങള്‍, 29 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന മാസങ്ങള്‍ക്കു് വീതിച്ചു് ഇന്നു് നമ്മള്‍ അറിയുന്ന രീതിയിലുള്ള പന്ത്രണ്ടു് മാസങ്ങളും, 365 ദിവസങ്ങളുമുള്ള ഒരു വര്‍ഷമാക്കി. ഓരോ നാലുവര്‍ഷവും ഫെബ്രുവരിയോടു് ഒരു ദിവസം കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. Quintilis എന്നറിയപ്പെട്ടിരുന്ന മാസത്തിനു് ജൂലിയസ്‌ സീസറിനെ ബഹുമാനിക്കാനായി ജൂലൈ എന്ന പേരും നല്‍കി. അടുത്ത ചക്രവര്‍ത്തിയായിരുന്ന Augustus ആണു് Sextilis എന്ന മാസത്തിനു് August എന്നു് പേരു് നല്‍കിയതു്. (ജൂലിയസ്‌ സീസറിനെക്കാള്‍ ഒട്ടും മോശക്കാരനാവാതിരിക്കാന്‍ 30 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന August-നെ അദ്ദേഹം 31 ദിവസങ്ങള്‍ ആക്കുകയായിരുന്നു എന്നൊരു കഥയുണ്ടു്!)

നൂറ്റാണ്ടുകള്‍ കൊഴിഞ്ഞുവീണതിനൊപ്പം, നാലു് വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം ഫെബ്രുവരിയോടു് ചേര്‍ക്കുന്ന രീതിമൂലം, കലണ്ടര്‍ വര്‍ഷത്തിന്റെ നീളം കാലാവസ്ഥാടിസ്ഥാനത്തിലെ വര്‍ഷത്തേക്കാള്‍ കൂടിക്കൊണ്ടിരുന്നു. തന്മൂലം, വാര്‍ഷീകാഘോഷങ്ങള്‍ നേരത്തേ വരാന്‍ തുടങ്ങി. 1582-ല്‍ വസന്തകാലാരംഭം (vernal equinox) മാര്‍ച്‌ 21-നു് പകരം മാര്‍ച്ച്‌ 11-നായിരുന്നു! ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍പ്പാപ്പാ ഗ്രിഗറി പതിമൂന്നാമന്‍ 1582-ലെ ഒക്ടോബര്‍ മാസത്തില്‍നിന്നും പത്തു് ദിവസം ‘എഴുതിത്തള്ളി’, അഥവാ, ഒക്ടോബര്‍ 4-നു് ശേഷം അഞ്ചിനു് പകരം, പതിനഞ്ചാക്കി! ഓരോ നാനൂറു് വര്‍ഷങ്ങളിലും, മൂന്നു് പ്രാവശ്യം ഫെബ്രുവരിയെ നാലുവര്‍ഷത്തിലൊരിക്കല്‍ 29 ദിവസങ്ങള്‍ ആക്കുന്ന ഏര്‍പ്പാടു് ഒഴിവാക്കാനും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതാണു് New Style (N.S.) അല്ലെങ്കില്‍ gregorian calendar എന്നപേരില്‍ നമ്മള്‍ ഇന്നുപയോഗിക്കുന്ന കലണ്ടര്‍.

ലോകം മുഴുവന്‍ ഈ കലണ്ടര്‍ ഒറ്റയടിക്കു് ഏറ്റെടുക്കുകയായിരുന്നില്ല. റോമന്‍ കത്തോലിക്കാരാജ്യങ്ങള്‍ ഇതംഗീകരിച്ചെങ്കിലും, കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ Julian calendar അഥവാ, Old Style (O.S.) കലണ്ടര്‍ തുടര്‍ന്നും ഉപയോഗിച്ചുപോന്നു. ഇംഗ്ലണ്ടു് പതിനൊന്നു് ദിവസങ്ങള്‍ ഒഴിവാക്കി 1752-ല്‍ ഈ പുതിയ കലണ്ടര്‍ സ്വീകരിച്ചു. കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ പതിമൂന്നു് ദിവസങ്ങള്‍ നഷ്ടപ്പെടുത്തി 1923-ലും, ചൈന 1912-ലും മാത്രമാണു് ന്യൂ സ്റ്റൈല്‍ എന്ന ഇന്നത്തെ കലണ്ടര്‍ അംഗീകരിച്ചതു്. gregorian calendar വഴി നടപ്പായ മറ്റൊരു പരിഷ്കാരം ജനുവരി ഒന്നിനെ വര്‍ഷാരംഭമായി പൊതുവേ അംഗീകരിക്കപ്പെട്ടതാണു്. അതിനു് മുന്‍പു് പുതുവര്‍ഷാരംഭം ചിലര്‍ക്കു് ഡിസംബര്‍ 25, ചിലര്‍ക്കു് ജനുവരി ഒന്നു്, ഇംഗ്ലണ്ടില്‍ മാര്‍ച്ച്‌ 25 (1752- വരെ) ഒക്കെയായിരുന്നു.

കലണ്ടറിനും, കലണ്ടറിലെ ചില പ്രത്യേകദിനങ്ങള്‍ക്കുമൊക്കെ അസാധാരണത്വവും, ദൈവികത്വവും ഒക്കെ നല്‍കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്നു് മനസ്സിലാക്കാന്‍ ഇങ്ങനെയുള്ള ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കുന്നതു് നല്ലതാണെന്നു് തോന്നുന്നതുകൊണ്ടാണു് ഇതിവിടെ കുറിക്കുന്നതു്.

കലണ്ടര്‍ വര്‍ഷത്തില്‍നിന്നു് വിരുദ്ധമായി, ഒരു യഥാര്‍ത്ഥ വര്‍ഷമെന്നതു്, ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ ഒരു പ്രത്യേക പോയിന്റില്‍ തിരിച്ചെത്താന്‍ എടുക്കുന്ന സമയമാണു്. ഈ റെഫറന്‍സ്‌ പോയിന്റ്‌ നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യത്തില്‍ വ്യത്യാസങ്ങള്‍ വരും. പൊതുവേ മൂന്നു് റെഫറന്‍സ്‌ പോയിന്റുകള്‍ അംഗീകരിക്കപ്പെടുന്നുണ്ടു്. സൂര്യനും ഭൂമിയും ഒരു പ്രത്യേക നക്ഷത്രവുമായി ചേര്‍ന്നുവരുന്ന ഒരു പോയിന്റിനെ അടിസ്ഥാനമാക്കുന്ന വര്‍ഷമാണു് sidereal year. (നക്ഷത്രം എന്നര്‍ത്ഥമുള്ള sidus എന്ന Latin പദത്തില്‍നിന്നും) ദൈര്‍ഘ്യം 365 ദിവസം, 6 മണിക്കൂര്‍, 9 മിനിട്ട്‌ 9,5 സെക്കന്റ്‌.

സൂര്യനില്‍ നിന്നുള്ള ഒരു രേഖയുമായി ഭൂമിയുടെ അച്ചുതണ്ടു് 90 ഡിഗ്രിയില്‍ (ലംബം) ആവുന്നതു് (ഇതു് വര്‍ഷത്തില്‍ രണ്ടു് പ്രാവശ്യം സംഭവിക്കുന്നു) റെഫറന്‍സ്‌ പോയിന്റ്‌ ആക്കുന്നതാണു് tropical year. ദൈര്‍ഘ്യം 365 ദിവസം, 5 മണിക്കൂര്‍, 48 മിനിട്ട്‌ 46 സെക്കന്റ്‌. അച്ചുതണ്ടിനെ ആധാരമാക്കുന്നതിനാല്‍, കാലങ്ങളുടെ അടിസ്ഥാനത്തിലെ വര്‍ഷം tropical year-നു് തുല്യമാണു്.

മൂന്നാമത്തെ റെഫറന്‍സ്‌ പോയിന്റ്‌ ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോടു് ഏറ്റവും അടുത്തുവരുന്ന perihelion ആണു്. ഈ പോയിന്റ്‌ പക്ഷേ ഭൂമി ചലിക്കുന്ന ദിശയില്‍ സാവധാനം നീങ്ങുന്നതിനാല്‍, anomalistic year എന്നറിയപ്പെടുന്ന ഈ വര്‍ഷമാണു് ദൈര്‍ഘ്യമേറിയതു്. (365 ദിവസം, 6 മണിക്കൂര്‍, 13 മിനിട്ട്‌ 53 സെക്കന്റ്‌.)

 

Tags: , , ,

ജ്യോതിഷം ഒരു ശാസ്ത്രമോ?

ശാസ്ത്രങ്ങളുടെ മാതാവു് എന്നു് വിളിക്കാവുന്ന ഗണിതശാസ്ത്രം പണിതുയര്‍ത്തിയിരിക്കുന്നതു് ചില സ്വയംസിദ്ധ സിദ്ധാന്തങ്ങളുടെ (axioms) അടിസ്ഥാനത്തിലാണു്. ഉദാ. റിയല്‍ നംബേഴ്സിന്റെ കമ്യുട്ടെറ്റിവിറ്റി, അസൊസിയെറ്റിവിറ്റി മുതലായവ. ഹയര്‍ മാതമാറ്റിക്സില്‍ ഇവക്കു് ചില അപവാദങ്ങളുണ്ടെങ്കില്‍പ്പോലും, അടിസ്ഥാന റെഫറന്‍സ്‌ ഫ്രെയിമില്‍ ഇന്റ്യുവിറ്റിവ്ലി അറിയാന്‍ കഴിയുന്ന ഈ സിദ്ധാന്തങ്ങള്‍ അതില്‍ത്തന്നെ നിഷേധിക്കപ്പെടേണ്ടതാണെന്നു് വന്നാല്‍ ഗണിതശാസ്ത്രത്തിനു് നിലനില്‍ക്കാനാവില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ഏതൊരു ആദര്‍ശവും, ഏതൊരു തത്വശാസ്ത്രവും, ആ നിഗമനങ്ങള്‍ ഖണ്ഡിക്കപ്പെടുമ്പോള്‍ അര്‍ത്ഥശൂന്യമാവുന്നു, അവയ്ക്കു് അസ്തിത്വാര്‍ഹത ഇല്ലാതാവുന്നു. റിലെറ്റിവിറ്റിയുടെ ലോകത്തില്‍ ന്യൂട്ടോണിയന്‍ ഫിസിക്സ്‌ നിലനില്‍ക്കുന്നതു് നിബന്ധനകള്‍ക്കു് വിധേയമായാണു്. ആ നിബന്ധനകള്‍ക്കുള്ളിലേ അതിനെ നീതീകരിക്കാനാവൂ. ജ്യോതിഷം ആധാരമാക്കുന്ന വസ്തുതകള്‍ അടിസ്ഥാനനിബന്ധന എന്ന നിലയില്‍ പരാജയപ്പെടുകയാണെങ്കില്‍ ഒരു ശാസ്ത്രമെന്ന പദവിക്കു് അതിനു് അര്‍ഹതയുണ്ടാവില്ല. ഈ വസ്തുതയുടെ വെളിച്ചത്തില്‍ വേണം ജ്യോതിഷം ഒരു ശാസ്ത്രമോ അല്ലയോ എന്നു് പരിശോധിക്കേണ്ടതു്.

ജ്യോതിഷം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, മനുഷ്യജീവിതങ്ങളുടെ ഗതിവിഗതികളെ, പ്രത്യേകിച്ചും ഓരോ വ്യക്തിയുടെയും വിധിയെ, ഭാവിജീവിതത്തെ, ‘ഗ്രഹനിലയുടെ’ അടിസ്ഥാനത്തില്‍ പ്രവചിക്കുന്ന രീതിയെയാണു്‌. കൈനോട്ടവും മുഖലക്ഷണം പറയലുമെല്ലാം ഇതിന്റെ വകഭേദങ്ങള്‍ മാത്രം. ഭൂമിയും അതില്‍ ജീവിക്കുന്ന മനുഷ്യരും, വാനഗോളങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചം എന്ന പൊതുവിന്റെ ഒരു ഭാഗം മാത്രമാണെന്നും, അതിനുള്ളിലെ താളംതെറ്റലുകള്‍ ഭൂമിയേയും, തദ്വാരാ ഭൂമിയിലെ മനുഷ്യരുടെ നിലനില്‍പിനെയും ബാധിക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യം മറ്റൊരു കാര്യമാണു്. കാലങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും, കാലാവസ്ഥയെ പഠിക്കുന്നതിനുമൊക്കെ ഗ്രഹങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും, ജ്യോതിഷം വഴി ജന്മസമയത്തുതന്നെ ജാതകത്തിലൂടെയോമറ്റോ, മനുഷ്യരുടെ വിവാഹവും മരണവുമൊക്കെ പ്രവചിക്കുന്നതും രണ്ടും രണ്ടായി കാണേണ്ട കാര്യങ്ങളാണു്. ആദ്യത്തേതു് ഗണിതം, രണ്ടാമത്തേതു് ജീവിക്കാന്‍ വേണ്ടിയുള്ള വേഷം കെട്ടു്, അഥവാ കച്ചവടം.

മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ ഒരു വലിയ കച്ചവടസാദ്ധ്യത മറഞ്ഞിരിക്കുന്നുണ്ടു്. ലോട്ടറിയില്‍ ജയിക്കാം, തോല്‍ക്കാം. ടിക്കറ്റ്‌ എടുക്കുന്ന ലക്ഷങ്ങളുടെ പണമാണു് കുന്നുകൂടി ചുരുക്കം ചില പോക്കറ്റുകളില്‍ എത്തിച്ചേരുന്നതു്. പങ്കെടുക്കുന്ന ആര്‍ക്കും വിജയശ്രീലാളിതനാവാന്‍  കഴിയുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോബബിലിറ്റി ലോട്ടറിയെ ആകര്‍ഷണീയമാക്കുമ്പോള്‍, ടിക്കറ്റ്‌ എടുക്കാനും എടുക്കാതിരിക്കാനുമുള്ള മനുഷ്യരുടെ  സ്വാതന്ത്ര്യം അതിനെ കുറ്റവിമുക്തവുമാക്കുന്നു. പക്ഷേ, ആരു് ജയിച്ചാലും തോറ്റാലും എപ്പോഴും ജയിക്കുന്ന ചിലരാണു് ലോട്ടറി നടത്തുന്നവരും, ഏജന്റന്മാരും. തെരുവിലൂടെ നടന്നു് അതു് വില്‍ക്കുന്ന സാധുക്കളാണു്‌ ഇക്കൂട്ടരുടെ പണിയാളുകള്‍. ഏതു് മതവും, ഏതു് ജ്യോതിഷവും, ഏതു് ഹസ്തരേഖാശാസ്ത്രവും, ഏതു് ഗൗളിശാസ്ത്രവും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്, ഭാവിയുടെ അനിശ്ചിതത്വം മൂലം, ഭാഗ്യത്തില്‍ വിശ്വസിക്കാനുള്ള മനുഷ്യരുടെ ‘നൈസര്‍ഗ്ഗികം’ എന്നു് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വാസനയിലാണു്. മേല്‍പ്പറഞ്ഞ ഭാഗ്യക്കുറിയുടെ കമ്പോളാടിസ്ഥാനത്തിലെ ഘടകങ്ങള്‍ ഏറിയും കുറഞ്ഞും ഇവയിലോരോന്നിലും ദര്‍ശിക്കാന്‍ കഴിയും. ഇവിടെ പക്ഷേ നമ്മുടെ വിഷയം ജ്യോതിഷമാണു്.

ഇന്നത്തേതുപോലെ ടെലസ്കോപ്പുകളോ മറ്റു് ശാസ്ത്രീയ ഉപകരണങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്തു് വാനഗോളങ്ങളെപ്പറ്റിയുള്ള മനുഷ്യരുടെ ധാരണകള്‍ അങ്ങേയറ്റം അപൂര്‍ണ്ണവും അപക്വവുമായിരുന്നു എന്നു് പറയേണ്ടതില്ലല്ലോ. “എവിടെ ആരോഗ്യമുണ്ടോ അവിടെ ലൈഫ്ബോയ്‌ ഉണ്ടു്” എന്നപോലെ, എവിടെ അജ്ഞതയുണ്ടോ അവിടെയൊക്കെ അജ്ഞതയെ മുതലെടുക്കുന്നവരുമുണ്ടാവും. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍പനക്കാരും! demand and supply.

പണ്ടത്തേപ്പോലെ തന്നെ ഇന്നും നഗ്നമായ നേത്രങ്ങള്‍ കൊണ്ടു് തെളിഞ്ഞ രാത്രികളില്‍ ആകാശത്തേക്കു് നോക്കുന്ന മനുഷ്യര്‍ കാണുന്നതു് ഏതാനും ആയിരം നക്ഷത്രങ്ങള്‍ മാത്രമാണു്. അതേസമയം ഇന്നു്, ഏകദേശം പതിനായിരം കോടി ഗാലക്സികളും, അവയിലോരൊന്നിലും പതിനായിരം കോടി നക്ഷത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭയാനകമായ അപാരതയാണു് പ്രപഞ്ചമെന്നു് മനുഷ്യര്‍ മനസ്സിലാക്കിക്കഴിഞ്ഞു. VLT (Very Large Telescope) എന്ന എട്ടു് മീറ്റര്‍ വീതം വ്യാസമുള്ള, ഒറ്റയൊറ്റയായി പ്രവര്‍ത്തിക്കാനും, അതുപോലെതന്നെ, കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി പരസ്പരം ബന്ധിപ്പിച്ചു് 120 മീറ്റര്‍ വരെ ആക്കാന്‍ കഴിയുന്നതുമായ, നാലു് റിഫ്ലെക്റ്റര്‍ ടെലെസ്കോപ്പുകളാണു്‌ ഇന്നു് വിശ്രമമില്ലാതെ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കു് നോക്കി നക്ഷത്രലോകത്തെപ്പറ്റി പുതിയ പുതിയ അറിവുകള്‍ മനുഷ്യനു് നല്‍കിക്കൊണ്ടിരിക്കുന്നതു്. അതിലും വലിയവ നിര്‍മ്മാണത്തിലുമാണു്.

അതായതു്, ജ്യോതിഷം പരിഗണനക്കെടുക്കുന്ന ഗ്രഹങ്ങളുടെ എണ്ണം ഇന്നറിയപ്പെടുന്ന നക്ഷത്രങ്ങളുടെ എണ്ണത്തിന്റെ ‘അഞ്ചയലക്കത്തു്’ പോലും വരില്ല. പ്രപഞ്ചവികാസം, ബ്ലാക്ക് ഹോള്‍, ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി മുതലായവയെപ്പറ്റി മിണ്ടാതിരിക്കുകയാണു് ഭേദം. വ്യക്തിജീവിതത്തിലെ വിധിവിശേഷങ്ങളെ ഗ്രഹനില നോക്കി മനസ്സിലാക്കാന്‍ കഴിയുമെന്നു് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ, ഗ്രഹങ്ങളുടെ സ്വാധീനം എന്നതില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും, എല്ലാ വാനഗോളങ്ങള്‍ക്കും, അതുപോലെതന്നെ, മറ്റു് വാനപ്രതിഭാസങ്ങള്‍ക്കും പങ്കുണ്ടാവണം. അതോ, അവയ്ക്കൊന്നും വലിയ ആള്‍സ്വാധീനശക്തി ഇല്ലെന്നാണോ?

പുരാതന ജ്യോതിഷത്തിന്റെ ദൃഷ്ടിയില്‍ സൂര്യനും ചന്ദ്രനും ഗ്രഹങ്ങള്‍ ആയിരുന്നല്ലോ (Sunday, Monday) ആഴ്ച്ചയിലെ ഏഴു് ദിവസങ്ങള്‍ക്കു് അന്നു് അറിയപ്പെട്ടിരുന്ന ഗ്രഹങ്ങളുടെ പേരുകള്‍ നല്‍കുകയായിരുന്നു. ചില ഭാഷകളില്‍ ഇന്നും ആ പേരുകള്‍ ഉപയോഗിക്കുന്നുമുണ്ടു്. കോടാനുകോടി എന്നു് പറയാമെന്നല്ലാതെ, കൃത്യമായി നക്ഷത്രങ്ങളുടെ എണ്ണം എത്രയെന്നു് പറയാന്‍ പോലും ഇതുവരെ നമുക്കു് കഴിയില്ലെന്നിരിക്കെ, അവയ്ക്കോരോന്നിനും എത്ര ഗ്രഹങ്ങള്‍ ഉണ്ടെന്നു് പറയാന്‍ സാധിക്കുന്നതെങ്ങനെ? ഗ്രഹങ്ങള്‍ക്കു് മനുഷ്യരില്‍ സ്വാധീനമുണ്ടെങ്കില്‍ നക്ഷത്രങ്ങളുടെ സ്വാധീനം എത്ര കൂടുതലായിരിക്കണം!?

ഏതെങ്കിലും ഒരു ഭൂവാസിയില്‍ ഈ നക്ഷത്രകോടികള്‍ക്കുള്ള സ്വാധീനം കണക്കുകൂട്ടി പറയാന്‍ ഒരു കണിയാനു് കഴിയുമെങ്കില്‍ “അമ്പമ്പട രാഭണാ” എന്നു് അത്ഭുതപ്പെട്ടു് പന്തം കൊളുത്തി സിന്ദാബാദ്‌ വിളിക്കുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കെങ്കിലുമാവുമെന്നു്‌ എനിക്കു് തോന്നുന്നില്ല.

 

Tags: , ,

കണ-പ്രതികണ-നശീകരണം

(Matter-antimatter annihilation)

“താരാപഥത്തിനു്‌ ഒരു മറുപടി” എന്ന എന്റെ പോസ്റ്റിലെ കമന്റുകളില്‍ മാറ്റര്‍-ആന്റിമാറ്റര്‍ അനായിലേഷന്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിനൊരു ചെറിയ വിശദീകരണമാണിതു്.

ഐന്‍സ്റ്റൈന്റെ സമവാക്യപ്രകാരം ഒരു എലെമെന്ററി പാര്‍ട്ടിക്കിളിന്റെ എനര്‍ജി E² = m²c*4 + p²c² ആണു്. (c*4 എന്നതു്, c raised to 4 എന്നു് വായിക്കുക). (E = energy, m = mass, c= velocity of light, p = impulse)

ഈ സമവാക്യത്തില്‍ ഇംപള്‍സ് പൂജ്യം ആകുന്ന അവസ്ഥയില്‍, p²c² = 0 ആവുന്നതിനാല്‍, ഈ സമവാക്യം E²=m²c*4 ആയി ചുരുങ്ങും. ഇതിനെ വീണ്ടും രണ്ടുവശത്തും വര്‍ഗ്ഗമൂലമായി ചുരുക്കുന്നതാണു് E = mc² എന്ന ഐന്‍സ്റ്റൈന്റെ പ്രസിദ്ധമായ സമവാക്യം. പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ടു്. 2 x 2 മാത്രമല്ല, (-2)x(-2) എന്നതിന്റെയും ഫലം 4 തന്നെയാണു്. അതായതു്, 2² = 4; (-2)² = 4. സാധാരണ ജീവിതത്തിലെ പ്രതിഭാസങ്ങളില്‍ ഈ രണ്ടാമത്തെ സാദ്ധ്യതയെ ‘അര്‍ത്ഥശൂന്യം’ എന്നു് അവഗണിച്ചു്, നമുക്കു് വേണ്ടതായ ആദ്യത്തേതിനെ സ്വീകരിക്കുകയാണു് പതിവു്.

എലെമെന്ററി പാര്‍ട്ടിക്കിക്കിള്‍സിന്റെ ലോകത്തിലെ മാനദണ്ഡം മറ്റൊന്നായതിനാല്‍, E = mc² മാത്രമല്ല, E = (-mc²) എന്നതും അവിടെ അര്‍ത്ഥപൂര്‍ണ്ണമാണു്. 1933-ല്‍ Erwin Schroedinger-നോടൊപ്പം ഫിസിക്‍സില്‍ നോബല്‍ പ്രൈസ്‌ പങ്കുവച്ച Paul Dirac ഈ രണ്ടാമത്തെ സാദ്ധ്യതയെ തള്ളിക്കളയാതെ, അതേപറ്റി ചിന്തിക്കാന്‍ തയ്യാറായി. റിലേറ്റിവിറ്റിയുടെ അടിസ്ഥാനത്തിലെ ക്വാണ്ടം മെക്കാനിക്സില്‍ രണ്ടു് എനര്‍ജി ലെവലുണ്ടു്‌. ഒന്നു്, പോസിറ്റീവായ mc² മറ്റൊന്നു്, നെഗറ്റീവായ, അഥവാ -mc². എന്താണിതിന്റെ അര്‍ത്ഥം? ഏറ്റവും ‘കൂടിയ’ നെഗറ്റീവ് എനര്‍ജി ലെവല്‍ പോലും ഏറ്റവും ‘കുറഞ്ഞ’ പോസിറ്റീവ് എനര്‍ജി ലെവലിനേക്കാള്‍ കുറഞ്ഞതാണെന്നിരിക്കെ, എന്തുകൊണ്ടു് പ്രപഞ്ചത്തിലെ എലക്ട്രോണ്‍സ് മുഴുവന്‍ ഈ താഴ്‌ന്ന ലെവലിലേക്കു് വീണു് മറയുന്നില്ല?

Dirac-ന്റെ അഭിപ്രായത്തില്‍, അതു് സംഭവിക്കാത്തതിന്റെ കാരണം, ഈ നെഗറ്റീവ് എനര്‍ജി ലെവല്‍സ് ഓക്യുപ്പൈഡ് ആയതിനാലാണു്. നമ്മള്‍ ‘ശൂന്യത’ എന്നു് പറയുന്ന ഇടം അതുപോലുള്ള ആന്റിപാര്‍ട്ടിക്കിള്‍സിന്റെ ഒരു സമുദ്രമാണു്. ഈ പാര്‍ട്ടിക്കിള്‍സിനു്‌ വേണ്ടത്ര എനര്‍ജി നല്‍കാന്‍ കഴിഞ്ഞാല്‍, അവ real particles ആയി പ്രത്യക്ഷപ്പെടും. (-mc²)-നെ (+mc²) ആക്കാന്‍, (2mc²) എനര്‍ജി ആവശ്യമാണു്. ഒരു എലക്ട്രോണിന്റെ കാര്യത്തില്‍ ഏകദേശം ഒരു MeV (= 1 മില്യണ്‍ എലക്ട്രോണ്‍ വോള്‍ട്ട്). ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന എലക്ട്രോണ്‍ പക്ഷേ, നെഗറ്റീവ് എനര്‍ജിയുടെ ലോകത്തില്‍ ഒരു ‘വിടവു്’ ഉപേക്ഷിക്കുന്നു. ഈ വിടവു്, തത്വത്തില്‍, ഒരു പോസിറ്റീവ്‌ലി ചാര്ജ്ഡ് പാര്‍ട്ടിക്കിളിനു്‌ തുല്യമാണു്. എലക്ട്രോണിന്റെ ആന്റിപാര്‍ട്ടിക്കിളാണു് പോസിട്രോണ്‍. (ഈ ഹൈപോതെസിസ് രൂപീകരിക്കുന്ന സമയത്തു് പോസിട്രോണ്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്നതിനാല്‍, Dirac അതു് പ്രോട്ടോണ്‍ ആയിരിക്കാമെന്ന തെറ്റായ നിഗമനം പുലര്‍ത്തിയിരുന്നു.)

ഈവിധം സൃഷ്ടിക്കപ്പെടുന്ന പുതിയ പാര്‍ട്ടിക്കിള്‍സ് അവയുടെ ആന്റിപാര്‍ട്ടിക്കിള്‍സിനെ ‘കണ്ടുമുട്ടുമ്പോള്‍’ സ്വന്തം രൂപീകരണത്തിനു് വേണ്ടിവന്ന എനര്‍ജി (= 2mc²) സ്വതന്ത്രമാക്കിക്കൊണ്ടു് അവയോടു് കൂടിച്ചേര്‍ന്നു് അപ്രത്യക്ഷമാവുന്നു. ഈ പ്രക്രിയയാണു് മാറ്റര്‍-ആന്റിമാറ്റര്‍ അനായിലേഷന്‍.

 

Tags: , ,

സൂരജിനു് ഒരു മറുപടി

പ്രിയ സൂരജ്‌,

താരാപഥത്തിന്റെ കമന്റിലെ രണ്ടും മൂന്നും പോയിന്റുകളുടെ എന്റെ മറുപടിക്കു് (മനുഷ്യരുടെ പെരുമാറ്റം, മരണം മുതലായവയെ സംബന്ധിച്ചവ) താങ്കള്‍ നല്‍കിയ അനുബന്ധങ്ങള്‍ യുക്തമാണു്. അവയെ അതേപടി അംഗീകരിച്ചുകൊണ്ടു്, കാര്യകാരണങ്ങളെ സംബന്ധിച്ച ഒന്നാമത്തെ പോയിന്റിനു് നല്‍കിയ മറുപടിയില്‍ എനിക്കുള്ള അല്പം വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ ഇവിടെ സൂചിപ്പിക്കട്ടെ. കമന്റിന്റെ ഫ്രെയിമില്‍ ഒതുക്കാന്‍ മാത്രം ചെറുതല്ലാത്തതിനാലാണു്‍ പോസ്റ്റുന്നതു്.

അള്‍ട്ടിമേറ്റ് റിയാലിറ്റി എന്നതു് മതങ്ങളുടെ ഭാഷയില്‍ ദൈവമാണു്. മതങ്ങളുടെ ഭാഷ ഇവിടെ ആദ്യമേ ഒഴിവാക്കുന്നു. ഭൗതികതയുടെ ഭാഷയിലെ അള്‍ട്ടിമേറ്റ് റിയാലിറ്റി വിശദീകരിക്കാന്‍ ഇതുവരെ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടില്ല. മാത്തമാറ്റിക്കല്‍ ഇന്‍ഡക്ഷന്‍ പോലെ, ഒന്നിനു് പുറകെ ഒന്നായി ‘ചെറിയ ചെറിയ’ റിയാലിറ്റികള്‍ അറിയാന്‍ കഴിയുമ്പോള്‍, അതിലും ആഴമേറിയ, ഭൗതികമായ ഒരു റിയാലിറ്റി ഉണ്ടാവാം എന്നു് ഊഹിക്കുകയും, അതിനോടു് സാവകാശം സമീപിക്കാന്‍ ശ്രമിക്കുകയും മാത്രമാണു് ശാസ്ത്രം ഇതുവരെ ചെയ്തതും, ഇപ്പോഴും ചെയ്ത്കൊണ്ടിരിക്കുന്നതും. അള്‍ട്ടിമേറ്റ് റിയാലിറ്റിയില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നും, ഒരുപക്ഷേ എന്നും ആയിരിക്കുമെന്നും ഉള്ളതിനു് ഏറ്റവും നല്ല ഉദാഹരണമാണു് ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി മുതലായവ. ‘ഭാരമേറിയ’ 30000 കോടി ‘സൂര്യന്മാര്‍’ മണിക്കൂറില്‍ എട്ടു് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ കറങ്ങുന്ന ഒരു ഗാലക്സി, സത്യത്തില്‍ കോടാനുകോടി കഷണങ്ങളായി ചിതറിത്തെറിക്കേണ്ടതാണു്. പക്ഷേ അതു് സംഭവിക്കുന്നില്ല. അതു് നിയന്ത്രിക്കുന്ന ശക്തികളാവാന്‍ സാദ്ധ്യതയുള്ളവയാണു് ഡാര്‍ക്ക് മാറ്റര്‍, ഗ്രാവിറ്റേഷണല്‍ ലെന്‍സ് മുതലായവ. പ്രപഞ്ചത്തിന്റെ 85 ശതമാനം വരുന്ന ഈ പ്രതിഭാസങ്ങളെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ശാസ്ത്രം കൈവരിക്കുന്നതു് ഒരു വലിയ നേട്ടമായിരിക്കും. അറിവിന്റെ ലോകത്തില്‍ അതു് വരുത്തുന്ന മൗലികമായ മാറ്റത്തെ പണ്ടു് ഗലീലിയുടെ കാലത്തു് സൂര്യനല്ല, ഭൂമിയാണു് ‘കറങ്ങുന്നതെന്ന’ കണ്ടുപിടുത്തത്തിന്റെ വിപ്ലവാത്മകതയുമായി മാത്രമേ താരതമ്യം ചെയ്യാനാവൂ.

നമുക്കു് പരിചിതമായ ഒരു ലളിത ആറ്റം മാതൃക എടുക്കാം. പ്രോട്ടോണും, ന്യൂട്രോണും അടങ്ങുന്ന കേന്ദ്രവും, അതിനെ ‘ചുറ്റുന്ന’ എലക്ട്രോണുകളും. സ്കൂള്‍ പുസ്തകങ്ങളില്‍ പലപ്പോഴും അര പേജു് നിറച്ചു് വരച്ചുകാണിക്കുന്ന മാതൃക. ഒരു മില്ലീമീറ്റര്‍ അളവിനുള്ളില്‍ ഒതുങ്ങുന്നതു് ഏകദേശം ഒരുകോടി ആറ്റം ആണെന്ന വസ്തുത മനസ്സിലാക്കാന്‍ ആ മാതൃക സഹായിക്കുന്നില്ലതാനും. കേന്ദ്രത്തിലെ അണുഘടകങ്ങളുടെ ഭാരവും, എലക്ട്രോണുകളുടെ അവയില്‍നിന്നുള്ള അകലവും, ഭാരവും സംഖ്യാപരമായി ‘കാണുവാന്‍’ കഴിഞ്ഞാലേ ഒരു ആറ്റത്തില്‍ ദ്രവ്യം എന്നു് പറയാവുന്നതു് നിസ്സാരമായ ഒരംശം മാത്രമാണെന്നും, അധികപങ്കും ശൂന്യതയാണെന്നും മനസ്സിലാക്കാനാവൂ. അതായതു്, ഈ ‘ശൂന്യതയെ’ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍, അതുവഴി രൂപമെടുക്കുന്ന പുതിയ ഭൂമി ‘കയ്യിലൊതുങ്ങുന്ന’ വ്യാപ്തത്തിലേക്കു് ചുരുങ്ങും. ഈ പുതിയ ദ്രവ്യത്തിന്റെ ഭാരം ഒരു ലിറ്റര്‍ വെള്ളത്തിന്റേതു് പോലെ ഒരു കിലോഗ്രാമല്ല, എത്രയോ കോടി കിലോഗ്രാം ആയിരിക്കുമെന്നു് മാത്രം. ലോകത്തില്‍ ദ്രവ്യം എന്നു് നമ്മള്‍ മനസ്സിലാക്കുന്ന വസ്തുക്കളിലും, യഥാര്‍ത്ഥത്തില്‍, ദ്രവ്യമല്ല ശൂന്യത ആണു് കൂടുതലും. എന്താണു് ഈ ശൂന്യത? അതു് തികച്ചും ‘ശൂന്യം’ ആണോ?

മുകളില്‍ സൂചിപ്പിച്ച ‘നിസ്സാരമായ’ അളവു് മൂലം ഒരു ആറ്റത്തിന്റെ ആന്തരജീവിതം പരിശോധിക്കാന്‍ ഇതുവരെയുള്ള ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും അപര്യാപ്തമായിരുന്നു. ഈ കുറവു് പരിഹരിക്കാനുതകുന്ന ഒരു ഉപകരണം ഏതാണ്ടു് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഉപകരണത്തിന്റെ ആറ്റോസെക്കന്റ്‌ മേഖലയിലെ എക്സ്-റേ ‘ഫ്ലാഷുകള്‍’ ഉപയോഗിച്ചു് പ്രകാശതരംഗങ്ങളുടെ മാത്രമല്ല, ആറ്റത്തിന്റെ ഉള്ളിലെയും ‘ഫോട്ടോ’ എടുക്കാന്‍ സാധിക്കും. ഒരു ആറ്റോ സെക്കന്റ്‌ (as) = 0,000 000 000 000 000 001 സെക്കന്റ്‌. ഒരു ആറ്റോ സെക്കന്റും ഒരു സെക്കന്റും തമ്മിലുള്ള അനുപാതം, ഏകദേശം ഒരു സെക്കന്റും പ്രപഞ്ചത്തിന്റെ പ്രായവും തമ്മിലേതിനു് തുല്യമാണു്! ഈ വസ്തുതകളെല്ലാം വെളിപ്പെടുത്തുന്നതു് അള്‍ട്ടിമേറ്റ് റിയാലിറ്റിയില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നല്ലേ? അള്‍ട്ടിമേറ്റ് റിയാലിറ്റി വിശദീകരിക്കാന്‍ ശാസ്ത്രത്തിനാവുമെന്നു് പറയാറായിട്ടില്ലെന്നു് സൂചിപ്പിക്കാനാണു് ഞാന്‍ ശ്രമിച്ചതു്. എല്ലാം അറിയാം എന്നു് അവകാശപ്പെടാനുള്ള ധൈര്യം മതങ്ങള്‍ക്കേ ഉള്ളൂ. അവര്‍ക്കു് കൂട്ടിനു് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവവുമുണ്ടുതാനും.

ദൈനംദിനജീവിതത്തിലും, ശാസ്ത്രത്തിലും കാര്യകാരണബന്ധം നിലനില്‍ക്കുന്ന പ്രതിഭാസങ്ങളുണ്ടു്. ന്യൂട്ടോണിയന്‍ ഫിസിക്സിലും, കെമിസ്ട്രിയിലുമൊക്കെ അവയ്ക്കു് ഉദാഹരണങ്ങളുമുണ്ടു്. പക്ഷേ അതു് “ഏതു് A-യില്‍ നിന്നും ഒരു B ഉണ്ടാവുന്നു” എന്നതിനു് നീതീകരണമായി ഉപയോഗിക്കാവുന്നതല്ല. തന്റെ അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിളിനു്‌ ഫിസിക്സ്‌ നോബല്‍പ്രൈസ്‌ നേടിയവനും തത്വചിന്തകനുമായിരുന്ന വെര്‍ണര്‍ ഹൈസെന്‍ബെര്‍ഗ്‌ പറയുന്നു: “പിണ്ഡം, ഊഷ്മാവു്, സ്ഥാനം മുതലായവയുടെ നിലവിലിരിക്കുന്ന പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തില്‍, സ്ഥല-കാലങ്ങളില്‍ തുടരുന്നതും അടുത്തതുമായ അവസ്ഥകളെ കണക്കു് കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതാണു് കോസാലിറ്റി എന്നതു്. അങ്ങനെയുള്ള ഒരു പ്രവചനം അസാദ്ധ്യമായ പ്രപഞ്ചത്തില്‍ കോസാലിറ്റി അടിസ്ഥാനരഹിതമാണു്. അവിടെ സ്റ്റാറ്റിസ്റ്റിക്കല്‍ നിയമങ്ങളേ ഉള്ളൂ. വ്യക്തമായ നിയമങ്ങള്‍ അനിവാര്യമായ കോസാലിറ്റി അവിടെ അസ്ഥാനത്താണു്.” ക്വാണ്ടം ഫിസിക്സില്‍ എലെമെന്ററി പാര്‍ട്ടിക്കിള്‍സിന്റെ സ്വയം രൂപമെടുക്കലിലും നശീകരണത്തിലും ഈ വസ്തുത ദര്‍ശിക്കാന്‍ കഴിയും. Kant, Hume, Helmholts, Comte, Mach, Hegel, Einstein തുടങ്ങി എത്രയോ പേര്‍ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ടു് പൊരുതിയ ഒരു വിഷയമാണിതു്. എഴുതപ്പെട്ട പുസ്തകങ്ങളും കുറവല്ല.

അതുപോലെ സൂരജ്‌ സൂചിപ്പിച്ച മെറ്റ്രിക് ടെന്സറിലെ two dimensions നമുക്കു് പരിചിതമായ നീളം, വീതി എന്ന രണ്ടു് ഡൈമെന്‍ഷനുകളുമായി തത്തുല്യമല്ല. Riemann surface is a multilayered surface on which a multivalued function of a complex variable can be interpreted as a single-valued function. നമുക്കു് അനുഭവമായ മൂന്നു് ഡൈമെന്‍ഷനുകള്‍ മാത്രമല്ല, എണ്ണമറ്റ ഡൈമെന്‍ഷനുകള്‍ താത്വികമായി ഗണിതശാസ്ത്രത്തില്‍ സാദ്ധ്യമാണെന്നറിയാമല്ലോ. പ്രപഞ്ചവികാസം സംബന്ധിച്ച മറ്റഭിപ്രായങ്ങളോടു് യോജിക്കുന്നു.

ബിഗ് ബാങ് എന്നാല്‍ പള്ളിപ്പെരുന്നാളുകളിലേതിനേക്കാള്‍ ഇത്തിരി വലിയ ഒരു ‘കതിനവെടി’ എന്നു് കരുതുന്നവര്‍ പ്രപഞ്ചവികാസം എന്നാല്‍ ഒരു ബലൂണ്‍ വീര്‍ക്കല്‍ ആണെന്നും കരുതും, അത്രതന്നെ. പ്രപഞ്ചത്തിനു് അതില്‍ത്തന്നെ വികസിക്കാനാവുമെന്നും, പ്രപഞ്ചം അതില്‍ത്തന്നെ അതിര്‍ത്തിയും ഉള്ളടക്കവുമാവാമെന്നുമൊക്കെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. അതിരും പരിധിയുമൊന്നുമില്ലാത്ത പ്രപഞ്ചം എന്തു് പ്രപഞ്ചം!? നമ്മെ സംബന്ധിച്ചു് ഇന്നും സൂര്യന്‍ കിഴക്കുദിച്ചു് പടിഞ്ഞാറു് അസ്തമിക്കുകയല്ലാതെ ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു് കറങ്ങുകയല്ലല്ലോ! “ആദിസ്ഫോടനം ഉണ്ടാവാന്‍ അന്നു് oxygen ഉണ്ടായിരുന്നോ?” എന്നു് ചോദിച്ച ഒരു പുരോഹിതനെ എനിക്കു് പരിചയപ്പെടേണ്ടി വന്നിട്ടുണ്ടു്. തന്റെ അറിവു് ഖണ്ഡിക്കപ്പെടാവുന്നതല്ല എന്ന പൂര്‍ണ്ണവിശ്വാസവും, പുരോഹിതന്‍ എന്ന പദവിയുടെ തലക്കനവും, ദൈവത്തിന്റെ പിന്‍ബലം തനിക്കുണ്ടെന്ന ഉറപ്പുമെല്ലാം മൂലം അധികാരത്തിന്റെ പ്രത്യേകതയായ ഒരുതരം പുച്ഛസ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിഡ്ഢിത്ത വിളംബരം.

സാമാന്യബുദ്ധിക്കു് ഭ്രാന്തു് എന്നു് തോന്നുന്ന പലതും ശാസ്ത്രത്തിന്റെ കയ്യില്‍ പണിയായുധങ്ങള്‍ ആവാറുണ്ടെന്നതു് ശരിതന്നെ. ഉദാഹരണത്തിനു് minus one (-1) ന്റെ വര്‍ഗ്ഗമൂലം. ശാസ്ത്രത്തില്‍ പലപ്പോഴും നേരിടേണ്ടിവരുന്ന കോംപ്ലെക്സ് നംബേഴ്സ് ആവിഷ്കരിക്കാന്‍  ഉപയോഗിക്കുന്ന ‘imaginary’. ഇങ്ങനെ ഒരു ‘അസാദ്ധ്യതയുടെ’ സഹായമില്ലാതെ ഉന്നത ഗണിതശാസ്ത്രത്തിലെയോ, എലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങിലേയോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമായിരുന്നോ? ലോന്‍ജിറ്റ്യൂഡും ലാറ്റിറ്റ്യൂഡും ഭൂമിയില്‍ കാണാനാവില്ലല്ലോ. ഉണ്ടായതെല്ലാം സ്വയമേവ ഉണ്ടായി. ഉണ്ടാക്കിയതെല്ലാം മനുഷ്യന്റെ കൈവേലയും!

 

Tags: ,

താരാപഥത്തിനു് ഒരു മറുപടി

താരാപഥത്തിന്റെ കമന്റ്‌:

വായിക്കുന്നുണ്ട്‌. ചില കാര്യങ്ങള്‍ യോജിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. അത്‌ താങ്കളുടെ കാഴ്ചപ്പാട്‌ എനിക്ക്‌ ഇല്ലാത്തതുകൊണ്ടാവാം.
(1) കാര്യകാരണങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍, അതിനെ ഒരു നിയമവും ഭരിക്കുന്നില്ല എന്നു പറയുന്നുണ്ട്‌. പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തു ഒരേ സമയം കാരണവുമാണ്‌, കാര്യവുമാണ്‌. അതുകൊണ്ട്‌ മാറ്റിനിര്‍ത്തുന്നത്‌ യുക്തിയല്ല എന്നു തോന്നുന്നു.
(2) മനുഷ്യരുടെ പെരുമാറ്റരീതികളുടെ അടിസ്ഥാനം ജനനം മുതല്‍ തലച്ചോറിലെത്തുന്ന ഓര്‍മ്മസമ്പത്താണ്‌ എന്ന് പറയുന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. ഒരേ തരത്തിലുള്ള കാര്യങ്ങള്‍ കേട്ടും കണ്ടും പഠിച്ചും വളരാന്‍ മാത്രം അനുവദിച്ചിട്ടുള്ള കുട്ടികളില്‍ നിന്ന് ഒരേതരത്തിലുള്ള പെരുമാറ്റവും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ ഒരേ തീരുമാനവും പ്രതീക്ഷിക്കാമോ. ചില കാര്യങ്ങള്‍ കണ്ടീഷ്യന്‍ ചെയ്തെടുക്കാം എന്നല്ലാതെ.
(3) ദൈവത്തിന്‌ മരണം ഒഴിവാക്കാന്‍ കഴ്യാതെവരുമ്പോള്‍ വിശ്വാസി നിരീശ്വരവാദിയാകും എന്നു പറയുന്നതിനോടും യോചിക്കാന്‍ കഴിയുന്നില്ല. ജനനവും മരണവും അനിവാര്യമായതാണ്‌ എന്ന് പഠിപ്പിക്കുന്ന ദര്‍ശ്ശനങ്ങള്‍ നിരവധിയുണ്ടല്ലോ ഭാരതത്തില്‍. അതിനോടെല്ലാം നിഷേധാത്മകമായ നിലപാടാണെങ്കില്‍ എല്ലാ വാദവും പിന്നാലെ വന്നുകൊള്ളും. ( ഭ.ഗീ. 2-22 ഉം, 2-27 ഉം ശ്ലോകം താങ്കള്‍ക്കും അറിയാമെന്നു തോന്നുന്നു.)

മറുപടി:

(1) കാര്യവും കാരണവുമെല്ലാം ഒരു സുപ്രഭാതത്തില്‍ ലോകത്തില്‍ രൂപമെടുത്ത ആശയങ്ങളല്ല. “സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവന്‍” എന്ന ചിന്ത അരിസ്റ്റോട്ടിലിന്റേതായിരുന്നു. അവിടെനിന്നും, “അചഞ്ചലനായ ദൈവം, നിമിത്തങ്ങള്‍ക്കു് നിമിത്തമാവാന്‍ സ്വയം നിമിത്തം ആവശ്യമില്ലാത്ത ഒരു ആദ്യനിമിത്തം” മുതലായ ദൈവാസ്തിത്വത്തിന്റെ അഞ്ചു് തെളിവുകളിലെത്തിച്ചേരാന്‍ തോമാസ്‌ അക്വീനാസിനു് കഴിഞ്ഞതു് ഏകദേശം 1750 വര്‍ഷങ്ങള്‍ക്കു് ശേഷമാണു്. പക്ഷേ, കത്തോലിക്കാസഭ അക്വീനാസിന്റെ തത്വങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതു് അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു് ശേഷം മാത്രം. ‘അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങള്‍’ എന്ന എന്റെ ഒരു പഴയ പോസ്റ്റില്‍ ഇതു് കുറച്ചുകൂടി വിശദമായി ഞാന്‍ വിവരിച്ചിട്ടുണ്ടു്. ദൈവികമെന്നും പൂര്‍ണ്ണമെന്നും മതങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ചരിത്രത്തില്‍ എത്രയോ പ്രാവശ്യം മനുഷ്യബുദ്ധിക്കു് വേണ്ടി തിരുത്തപ്പെടേണ്ടിവന്നു. ദൈവവചനങ്ങള്‍ കാലാകാലങ്ങളില്‍, മനുഷ്യബുദ്ധിയുടെ വളര്‍ച്ചക്കനുസരിച്ചു് ഗത്യന്തരമില്ലാതെ മതാധികാരികള്‍ക്കു് തിരുത്തേണ്ടി വരുന്നു എന്നതു്, തിരുത്താന്‍ കഴിയുന്നു എന്നതു്, ദൈവത്തിനുമേലുള്ള മനുഷ്യരുടെ നിയന്ത്രണാധികാരത്തിന്റെ തെളിവല്ലാതെ മറ്റെന്താണു്? താരാപഥം സൂചിപ്പിച്ചതുപോലെ, പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തു, (അല്ലെങ്കില്‍ സ്വയം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചം), ഒരേസമയം കാരണവും കാര്യവുമാവുമ്പോള്‍ ആ വസ്തുവിന്റേതു് ഏതെങ്കിലും അര്‍ത്ഥത്തിലുള്ള ബാഹ്യസ്വാധീനത്തില്‍നിന്നും സ്വതന്ത്രമായ ഒരു അവസ്ഥയാണു്. അവിടെ ഒരു ദൈവമെവിടെ? എന്തിനു്? അവിടെ ദേവാലയങ്ങള്‍ക്കു് എന്തര്‍ത്ഥം? പ്രാര്‍ത്ഥനയും ഉപവാസവുമെല്ലാം അവിടെ സ്വന്തം വിധിയുടെ അനിശ്ചിതത്വത്തില്‍നിന്നും മോചനം നേടാനുള്ള തികച്ചും മനഃശാസ്ത്രപരമായ പരിശ്രമങ്ങള്‍ മാത്രമല്ലേ? മനുഷ്യരുടെ ഈ ബലഹീനത ഒരു ബിസിനസ്‌ ആശയമായി മാറുന്നതല്ലേ മതങ്ങളും, ദേവാലയങ്ങളും? ബുദ്ധന്റെ പ്രതിമ തീര്‍ത്തു് സ്വര്‍ണ്ണം പൂശി ക്ഷേത്രം പണിതു് അതില്‍ കുടിയിരുത്തുന്നതു് ബുദ്ധനോ, അതോ ബുദ്ധമതവിശ്വാസികളോ? ലോകത്തിലെ തിന്മയുടെ കാരണവും പരിഹാരവും തേടിയ ബുദ്ധന്‍ അതുപോലൊരവസ്ഥ സ്വപ്നം പോലും കണ്ടിരിക്കാന്‍ ഇടയില്ല. ഗണിതശാസ്ത്രം എന്തെന്നറിയാത്ത ഒരാള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടു്  വെക്ടര്‍ അള്‍ജിബ്ര മനസ്സിലാക്കാനാവുമോ? ചെലവാകുമെന്നുണ്ടെങ്കില്‍ അതുപോലുള്ളതോ, അതില്‍ കൂടുതലോ ഒക്കെ ‘ദൈവത്തിനു് എല്ലാം സാദ്ധ്യം’ എന്ന ലേബലില്‍ ചെലവാക്കാന്‍ മടിക്കാത്തവരല്ലേ അധികപങ്കു് ദൈവത്തിന്റെ വക്കീലന്മാരും? ജന്മവൈകല്യങ്ങള്‍ വരെ ദൈവികമാക്കി വിറ്റു് കാശാക്കാന്‍ മടിക്കാത്ത മനുഷ്യരുടെ നാട്ടിലല്ലേ നമ്മള്‍ ജീവിക്കുന്നതു്?

(2) ‘ഒരേതരത്തിലുള്ള കാര്യങ്ങള്‍’ കണ്ടും കേട്ടും പഠിച്ചും കുട്ടികളെ വളരാന്‍ അനുവദിക്കുക എന്നതു് ഒരുതരം Utopia എന്നേ പറയാനാവൂ.ന്യൂറോ സയന്‍സ് വെളിപ്പെടുത്തുന്ന തലച്ചോറിന്റെ സങ്കീര്‍ണ്ണത ഇതിനു് തെളിവാണു്. ഒരു മനുഷ്യന്റെ സ്വഭാവരൂപീകരണം എന്നതു് ഒരു പരിധിവരെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണു്. അതിന്റെ ഭീമമായ പങ്കും സംഭവിക്കുന്നതു് ബാല്യകാലത്തിലാണു് എന്നതിനാല്‍, പില്‍ക്കാലജീവിതത്തില്‍ അതിനുള്ള പങ്കും അതിനനുസരി‍ച്ചു് ഏറിയിരിക്കും. കുറ്റവാളികളില്‍ പലരേയും മാനസിക ചികിത്സ വഴി സാമൂഹികജീവിതത്തിലേക്കു് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നുണ്ടെന്നതു് ഇതിനു് തെളിവാണു്. ഒന്നിനുമേല്‍ ഒന്നെന്ന രീതിയില്‍ നെയ്തെടുക്കുന്ന പതിനായിരക്കണക്കിനു് അനുഭവപാഠങ്ങളുടെ ലോകം ഒരുപോലെ വളര്‍ത്തിയെടുക്കാവുന്നതല്ല. അതുകൊണ്ടുതന്നെ, ഒരേ കാഴ്ച കാണുന്നവര്‍ അതു് ഒരേ രീതിയില്‍ മനസ്സിലാക്കിക്കൊള്ളണമെന്നുമില്ല. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നെങ്കില്‍ ഐന്‍സ്റ്റൈനെ ക്ലോണ്‍ ചെയ്തു് ഇഷ്ടം പോലെ ഐന്‍സ്റ്റെനുകളെ ഉണ്ടാക്കാമായിരുന്നല്ലോ! കുഞ്ഞുങ്ങളുടെ വളര്‍ത്തല്‍ എത്ര ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട കാര്യമാണെന്നതിലേക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.

(3) മരണം പോലുള്ള അനുഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയാതെ വരുമ്പോള്‍ നിരീശ്വരവാദികള്‍ ദൈവവിശ്വാസികളാവുന്നതും, വിശ്വാസികള്‍ നിരീശ്വരവാദികളാവുന്നതും അനുഭവങ്ങളുടെ തീവ്രത മനുഷ്യരുടെ ജീവിതത്തില്‍ മൗലികമായ മാറ്റങ്ങള്‍ക്കു് നിദാനമാവാം എന്നതിനു് ഉദാഹരണമായി സൂചിപ്പിച്ചതാണു്. അല്ലാതെ, എപ്പോഴും അങ്ങനെ സംഭവിക്കും എന്ന അര്‍ത്ഥത്തിലല്ല. പാമ്പുവിഷബാധയേറ്റു് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന, നിരീശ്വരവാദിയായിരുന്ന എന്റെ ഒരു സഹപാഠി അവന്റെ വാപ്പയും ഉമ്മയും നിറുത്താതെ കെഞ്ചിയിട്ടും, മരണസമയത്തുപോലും തന്റെ നിരീശ്വര നിലപാടില്‍നിന്നും വ്യതിചലിക്കാന്‍ തയ്യാറാവാതിരുന്ന ഒരനുഭവം എനിക്കു് നേരിട്ടു് ഉണ്ടായിട്ടുണ്ടു്. അതുപോലെതന്നെ, “ദൈവേഷ്ടം അങ്ങനെയെങ്കില്‍ അങ്ങനെയാവട്ടെ” എന്നു് സ്വയം ആശ്വസിപ്പിച്ചു് കഷ്ടകാലത്തിലും ദൈവവിശ്വാസത്തില്‍ മുറുകെപ്പിടിക്കുന്നവരും തീര്‍ച്ചയായും ഉണ്ടു്. ഇവയൊക്കെ, എത്ര സങ്കീര്‍ണ്ണമാണു് മനുഷ്യമനസ്സു് എന്നതിന്റെ തെളിവുകളാണു് നമുക്കു് നല്‍കുന്നതു്.

ഭഗവദ്‌ ഗീതയിലെ രണ്ടു് ശ്ലോകങ്ങളെപറ്റി. ഒന്നാമത്തെ ശ്ലോകം: (2-22):
‘ഒരു മനുഷ്യന്‍ പഴയ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നപോലെ, പഴകി ഉപയോഗശൂന്യമായ ശരീരത്തെ ഉപേക്ഷിച്ചു് ആത്മാവു് പുതിയ ശരീരം സ്വീകരിക്കുന്നു.’

രണ്ടു് കാരണങ്ങള്‍ കൊണ്ടു് ഈ ശ്ലോകം അംഗീകരിക്കാന്‍ എനിക്കു് ബുദ്ധിമുട്ടുണ്ടു്. ഒന്നു്, പുനര്‍ജ്ജന്മം എന്ന ആഴമേറിയ ഒരു വിഷയത്തെ വെറുമൊരു വസ്ത്രം മാറല്‍ പോലെ ലഘുതരമായ ഒരു ഉപമകൊണ്ടു് സ്ഥാപിക്കാന്‍ ശ്രമിച്ചതു്. സാമാന്യജനങ്ങള്‍ക്കു് മനസ്സിലാവുക എന്നതാണു് അതുകൊണ്ടു് ലക്‍ഷ്യമാക്കിയതു് എന്ന വാദമുഖം ബലഹീനമാണു്. കാരണം, ഗീതയെ വ്യാഖ്യാനിക്കേണ്ടവര്‍, പൊരുള്‍ തിരിക്കേണ്ടവര്‍ അതിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണെന്നതുതന്നെ. രണ്ടാമത്തെ കാരണം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണു്. ആത്മാവു് എന്ന മനുഷ്യനിര്‍മ്മിതവാക്കിനു് അക്കാലത്തെ അര്‍ത്ഥം നല്‍കുവാന്‍ ഇന്നത്തെ അറിവിന്റെ നിലയിലുള്ള ബുദ്ധിമുട്ടാണതു്. ആത്മാവു് എന്നതു് മരണസമയത്തു് ശരീരത്തെ ഉപേക്ഷിക്കാവുന്ന, ഭൗതികശരീരത്തില്‍ നിന്നും വേര്‍പെട്ടു് നിലനില്‍പുള്ള എന്തോ ഒന്നു് ആവാന്‍ കഴിയില്ല. രോഗമോ, അപകടങ്ങളോ വഴി മനുഷ്യനു് ഓര്‍മ്മശക്തി നഷ്ടപ്പെടാം, താന്‍ ആരാണെന്ന ബോധം ഇല്ലാതാവാം, വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവു് ഇല്ലാതാവാം. പക്ഷേ മറ്റു് കഴിവുകള്‍ ഉണ്ടായിരിക്കുകയും ചെയ്യാം. അതായതു്, അതുവഴി മനുഷ്യന്‍ മരിക്കുന്നില്ല, അവന്‍ അവനല്ലാതാവുന്നുമില്ല. കയ്യോ കാലോ മുറിച്ചുമാറ്റപ്പെട്ട ഒരു ശരീരം ഒരു അപൂര്‍ണ്ണമനുഷ്യശരീരമാണു്. എങ്കില്‍, ശാരീരികാവയവങ്ങള്‍ എല്ലാം ഉണ്ടെങ്കിലും, ‘ആത്മാവിന്റേതായ’ ചില കഴിവുകള്‍ ഇല്ലാതാവുമ്പോള്‍ ആത്മാവു് ‘അപൂര്‍ണ്ണ ആത്മാവു്’ ആവേണ്ടതല്ലേ? ആത്മാവും ജീവിതവും എന്ന ഒരു പോസ്റ്റില്‍ ഞാന്‍ ഈ വിഷയം കുറച്ചുകൂടി വിശദമായി സൂചിപ്പിച്ചിരുന്നു.

രണ്ടാമത്തെ ശ്ലോകം: (2-27‍):
‘ജനിച്ചവനു് മരണം നിശ്ചയം, മരിച്ചവനു് ജനനം നിശ്ചയം. അതിനാല്‍, ഒഴിവാക്കാനാവാത്ത കാര്യങ്ങളെപ്പറ്റി നീ പരാതിപ്പെടരുതു്.’

ജനിച്ചവനു് മരണം നിശ്ചയം എന്നതു് ഇന്നത്തെ അറിവില്‍ ശരിതന്നെ. പക്ഷേ, ആയിരം വര്‍ഷങ്ങള്‍ക്കു് ശേഷവും അങ്ങനെതന്നെ ആയിരിക്കും എന്നു് തീര്‍ത്തു് പറയാന്‍ കഴിയുമോ? മരിച്ചവനു് ജനനം നിശ്ചയം ആണോ എന്നറിയില്ല എന്നു് പറയാനേ എനിക്കു് കഴിയൂ. ഒഴിവാക്കാനാവാത്ത കാര്യങ്ങളെപ്പറ്റി നീ പരാതിപ്പെടരുതു് എന്നതു്, അവ വിധിവിഹിതമോ, അതോ ചിലര്‍ മറ്റുചിലരില്‍ മനഃപൂര്‍വ്വം അടിച്ചേല്‍പ്പിച്ചതോ എന്നതില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് തോന്നുന്നു.

വിധിവൈപരീത്യം മൂലം സംഭവിക്കുന്ന (ഉദാ: വേണ്ടപ്പെട്ടവരുടെ മരണവും മറ്റും) ഒഴിവാക്കാനാവാത്ത കാര്യങ്ങളെ സഹിക്കാന്‍ തയ്യാറാവുക എന്നൊരു ഉപദേശം ‘How to Stop Worrying and Start Living’ എന്ന പുസ്തകത്തില്‍ Dale Carnegie നല്‍കുന്നുണ്ടു്.

അഭൗതിക വൈജ്ഞാനികശാഖകളിലെ പ്രതിഭാസങ്ങളും നിയമങ്ങളും ഇന്നത്തെ ഭൗതികശാസ്ത്രത്തിലെ പ്രതിഭാസങ്ങളുടെയും നിയമങ്ങളുടെയും ചട്ടക്കൂടുകളില്‍ ഒതുക്കി വിശദീകരിക്കാനാവണമെന്നതു് ഒരു ശാസ്ത്രീയമായ നിലപാടല്ല. അങ്ങനെ ആയിരിക്കണമെന്നതു് ഒരു മിഥോളജിക്കല്‍ നിലപാടാണു്. അങ്ങനെ ഒരു വിശദീകരണം സാദ്ധ്യമാവില്ല എന്നു് മനസ്സിലാക്കാന്‍ സാമാന്യബോധം മതി താനും. സാങ്കല്‍പികലോകം പ്രായോഗികലോകത്തിലേക്കു് ലഘൂകരിക്കപ്പെടാവുന്നതല്ല. പുരാണം ശാസ്ത്രമല്ല, സാങ്കല്‍പികമാണു്, ഭാവനാസൃഷ്ടിയാണു്. അവിടെ സൂര്യനെ പാമ്പിനു് വിഴുങ്ങാനാവും. അവിടെ യോനാപ്രവാചകനു് മൂന്നുരാവും മൂന്നുപകലും ഒരു മത്സ്യത്തിന്റെ വയറ്റില്‍ ശ്വാസോച്ഛ്വാസം പോലും ചെയ്യാതെ ജീവിക്കാനും, മൂന്നാം ദിവസം മത്സ്യം ഛര്‍ദ്ദിക്കുമ്പോള്‍ ‘മണിമണിയായി’ യാതൊരു പരിക്കുമില്ലാതെ പുറത്തുവരാനും സാധിക്കും. ചോദ്യം ചെയ്യാന്‍ ആരുമില്ലാതിരുന്ന കാലങ്ങളില്‍ ഇവ അക്ഷരം പ്രതി ശരിയാണെന്നു് പഠിപ്പിക്കപ്പെട്ടിരുന്നു. പിന്നീടു്, സംശയാലുക്കള്‍ ഉണ്ടായപ്പോള്‍ അവ പ്രതീകാത്മകമോ, സാദാ ജനങ്ങള്‍ക്കു് മനസ്സിലാവാത്ത രഹസ്യങ്ങളോ ഒക്കെയായി വിവക്ഷിക്കപ്പെട്ടു. ഈദൃശ കെട്ടുകഥകള്‍ക്കു് ശാസ്ത്രീയമായ വിശദീകരണം നല്‍കാനുള്ള കഴിവോ, ബാദ്ധ്യതയോ ശാസ്ത്രത്തിനില്ല. ബുദ്ധിയുടെയും, യുക്തിയുടെയും അടിസ്ഥാനത്തിലുള്ള പ്രായോഗികചിന്തയാണു് ശാസ്ത്രത്തിന്റെ ലോകം. ഭാവനാസൃഷ്ടികളെയും, സങ്കല്‍പകഥകളേയും യുക്തിയുടെ വെളിച്ചത്തില്‍ അപഗ്രഥിച്ചു് മനസ്സിലാക്കാന്‍ ശ്രമിച്ചു് നൂറ്റാണ്ടുകളാണു് മനുഷ്യബുദ്ധി നഷ്ടപ്പെടുത്തിയതു്. യേശുവിന്റെ ദൈവത്വവും, മനുഷ്യത്വവും, ഏകദൈവത്തിന്റെ ത്രിത്വവും മറ്റും സംബന്ധിച്ചു് നടന്ന ചൂടുപിടിച്ച ചര്‍ച്ചകളുടെ ചരിത്രം ഇന്നു് ഹാസ്യരസത്തോടെയല്ലാതെ വായിക്കാന്‍ നിഷ്പക്ഷമതികള്‍ക്കു് കഴിയുകയില്ല. അര്‍ത്ഥശൂന്യമായ, പണ്ടത്തെ ബാര്‍ബര്‍ഷോപ്പിലെ ചര്‍ച്ചകളേക്കാള്‍ ആവേശമേറിയ വാദപ്രതിവാദങ്ങള്‍! ന്യായപൂര്‍ണ്ണമായ വാദമുഖങ്ങളെക്കാള്‍, ഭരണാധികാരികളെ വശത്താക്കാന്‍ കഴിയുന്ന പക്ഷത്തിനായിരുന്നു മിക്കവാറും എല്ലായ്പോഴും വിജയവും. ശാസ്ത്രലോകം കൈക്കൊണ്ട തീരുമാനങ്ങളില്‍ ഏറ്റവും ഉചിതവും, ലോകത്തിനു് ഏറ്റവും കൂടുതല്‍ പ്രയോജനപ്രദവുമായതു് ദൈവത്തേയും, പിശാചിനേയും, സ്വര്‍ഗ്ഗത്തേയും നരകത്തേയുമൊക്കെ പള്ളിക്കു് വിട്ടുകൊടുത്തതായിരുന്നു. അങ്ങനെ മനുഷ്യരുടെ പ്രശ്നങ്ങള്‍ പഠിക്കാനും, അവയ്ക്കു് പരിഹാരം തേടാനും ശാസ്ത്രജ്ഞര്‍ക്കു് സമയം ലഭിച്ചു.

പുരാതനമനുഷ്യര്‍ അവരുടെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നു. പക്ഷേ, ആധുനിക ശാസ്ത്രവിജ്ഞാനം എക്സ്റ്റ്രാപൊളേറ്റ് ചെയ്തുകൊണ്ടുള്ള ഒരു പുരാണവ്യാഖ്യാനം തെറ്റായ രീതിയാണു്. കാലഹരണപ്പെട്ടവയെ നീതീകരിക്കാനുള്ള ശ്രമം പുറകോട്ടു് നടക്കുന്നതിനു് തുല്യമേ ആവൂ. അക്ഷരങ്ങള്‍ മനുഷ്യനിര്‍മ്മിതമാണു്, ആത്യന്തികമല്ല. പരിശോധിക്കാന്‍ കഴിയുന്ന, തെളിയിക്കാന്‍ കഴിയുന്ന, വസ്തുതകളിലൂടെ യാഥാര്‍ത്ഥ്യങ്ങളോടു് പടിപടിയായി അടുക്കുന്നതാണു് ശാസ്ത്രം. മനുഷ്യരുടെ, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുക, അവയ്ക്കു് പരിഹാരം തേടുക ഇവയ്ക്കൊക്കെയാണു് മുന്‍ഗണന നല്‍കേണ്ടതു്. മനുഷ്യരുടെ ഗത്യന്തരമില്ലായ്മയില്‍ അവര്‍ ‘അത്ഭുതസങ്കേതങ്ങള്‍’ തേടിച്ചെല്ലുന്നതു് സ്വാഭാവികമാണു്. സ്വന്തം ശോചനീയാവസ്ഥ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണു് അതിനുപിന്നില്‍. അതിനവരെ കുറ്റപ്പെടുത്താനാവില്ല. അതുവഴി ഒന്നും നേടാന്‍ അവര്‍ക്കാവില്ലെന്നും, അവര്‍ ബലിയാടുകളോ, ഉപകരണങ്ങളോ ആക്കപ്പെടുകയാണെന്നുമുള്ള വസ്തുത സാവകാശമെങ്കിലും അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടതു് ഒരു സാമൂഹികചുമതലയാണു്. പക്ഷേ, ഈ ചുമതല ഏറ്റെടുക്കേണ്ടവരാണു് ജനങ്ങളുടെ ദുരവസ്ഥയില്‍നിന്നു് എറ്റവും കൂടുതല്‍ മുതലെടുക്കുന്നതെങ്കില്‍, അവര്‍ അതിനു് തയ്യാറാവുമോ? ഭൂമികുലുക്കമോ, വെള്ളപ്പൊക്കമോ അല്ല, മനുഷ്യരുടെ ഗതികേടു് മതപരമോ രാഷ്ട്രീയമോ വ്യക്തിപരമോ ആയ താല്‍പര്യസംരക്ഷണത്തിനു് അനുയോജ്യം എന്നു് കരുതുന്ന നേതൃത്വമാണു് ഒരു സമൂഹത്തിനു് നേരിടേണ്ടിവരുന്നതില്‍ ഏറ്റവും വലിയ കറ്റാസ്റ്റ്രൊഫി .

 

Tags: ,

അണുബാധയും ആരോഗ്യപരിപാലനവും

എന്റെ കൈവശം 1996-ലെ ഒരു ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം ഡിക്‍ഷ്‌ണറിയുണ്ടു്.* കേരളത്തിലെ ചില ആശുപത്രികളില്‍ അണുബാധയുണ്ടായതായി കേട്ടപ്പോള്‍, ഈ അണുവിനെ അടുത്തറിയാനായി ആ ഗ്രന്ഥം ഒന്നു് തുറന്നു് നോക്കാമെന്നു് കരുതി. സ്വാഭാവികമായും ബാക്റ്റീരിയ എന്ന പദമാണു് ആദ്യം തേടിയതു്. ഏകവചനമായ bacterium ജീവാണു, രോഗാണു എന്നും, ബഹുവചനം bacteria എന്നും രേഖപ്പെടുത്തിയിരുന്നു. ശൂന്യാകാശത്തില്‍ ഡാര്‍ക്ക് മാറ്ററിന്റെ അസ്തിത്വം കണ്ടെത്തിയ ശാസ്ത്രജ്ഞന്റെ സന്തോഷമായിരുന്നു എനിക്കു്. കാരണം, സാധാരണഗതിയില്‍ തേടുന്നതു് കാണാന്‍ കഴിയാത്തതും, തേടാത്തവ കാണേണ്ടിവരുന്നതും ഈ ഗ്രന്ഥത്തിന്റെ സ്വഭാവഗുണമായതിനാല്‍, കഴിയുമെങ്കില്‍ അതു് ഉപയോഗിക്കരുതെന്നു് ഞാന്‍ എന്നെ പഠിപ്പിച്ചിരുന്നു. ഇന്‍ഫെക്ഷനു്‌ വൈറസും കാരണമാവാം എന്നതിനാല്‍ ആ വാക്കുകൂടി നോക്കാം എന്നു് കരുതിയപ്പോഴാണു് ഞാന്‍ വളരെ നേരത്തെയാണു് സന്തോഷിച്ചതെന്നു് മനസ്സിലായതു്. 1040-ാ‍മത്തെ പേജിലെ viceroy-യോടു് വിട പറഞ്ഞ എന്നെ നേരിട്ടതു് 1073-ാ‍മത്തെ പേജിലെ wolf ആണു്! അതായതു്, ആ ഗ്രന്ഥത്തില്‍ 32 പേജുകള്‍ ഇല്ല! ബൈന്‍ഡ് ചെയ്തപ്പോല്‍ പിണഞ്ഞ അബദ്ധമോ, കടലാസ്‌ ലാഭിക്കാന്‍ ചെയ്ത സൂത്രമോ എന്നറിയില്ല. വൈസ്‌റോയ്‌ക്കും വോള്‍ഫിനും ഇടയ്ക്കു് വരാവുന്ന ഏതെങ്കിലും ഒരു വാക്കു് തേടേണ്ടതായ ആവശ്യം ഇതിനു് മുന്‍പു് എനിക്കു് ഉണ്ടായിട്ടില്ല എന്നതിനാലാണു്‌ ഈ തട്ടിപ്പു് ഇതുവരെ എനിക്കു് അറിയാന്‍ കഴിയാതെ പോയതു്‌. അതാണു് കേരളത്തിന്റെ ഒരു പ്രത്യേകത. കേരളത്തിലെ ഒരു ഉത്പന്നം ഒരിക്കല്‍ വാങ്ങിയവന്‍ പിന്നീടു് ഒരു കേരളീയ ഉത്പന്നം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കും. ഒരു മുന്‍കരുതല്‍, അത്രതന്നെ! ക്വാളിറ്റി കണ്ട്രോള്‍ എന്ന ഒരേര്‍പ്പാടു് കേരളീയനു് അജ്ഞാതമാണല്ലോ. ഒരു സ്ക്രൂഡ്രൈവര്‍ അവനു് പ്ലൈയേഴ്സും, വെട്ടുകത്തിയും, കോടാലിയുമാണു്. ഒക്കുമെങ്കില്‍ ചെവിതോണ്ടിയും പല്ലുകുത്തിയും അതുകൊണ്ടുതന്നെ ഒപ്പിക്കും. കേരളീയ വര്‍ക്ക്മാന്‍ഷിപ്പിന്റെ മേന്മ മൂലമാവാം, തൂങ്ങിമരിക്കാനുള്ള കയറുതന്നെ കഴിയുമെങ്കില്‍ തമിഴ്‌നാട്ടില്‍നിന്നും ഇറക്കുമതി ചെയ്യാനാണു് ഇപ്പോള്‍ കേരളീയനു് താത്പര്യം. തമിഴന്റെ കയറില്‍ തൂങ്ങിയാല്‍ പൊട്ടി താഴെവീഴാതെ ചാവുമെന്നെങ്കിലും ഉറപ്പുണ്ടു്.

അണുഗവേഷണം മതിയാക്കി കേരളകൗമുദിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ വായിക്കാമെന്നു് കരുതി. ജന്മനാട്ടില്‍ പുതിയ വല്ല അഴിമതിയോ അണുബാധയോ കയ്യേറ്റമോ കയ്യാങ്കളിയോ ഉണ്ടാവുന്നതു് ഞാന്‍ അറിയാതെ പോകരുതു്. അതില്‍ “പാവം അണുക്കള്‍” എന്നൊരു ലേഖനം കണ്ടു.** ഞാന്‍ പ്രധാനമായും അറിയാനിച്‌ഛിച്ചതും കേരളകൗമുദി വച്ചുനീട്ടിയതും അണുക്കള്‍! അതുകൊണ്ടു്‌ മനം കുളിര്‍ക്കെ വായിച്ചു. ഒരു മരണപരമ്പര സൃഷ്ടിക്കാന്‍ തക്ക ശേഷിയൊന്നും ബാക്റ്റീരിയക്കില്ലെന്നും, ആഹരിക്കുക വിസര്‍ജ്ജിക്കുക പ്രത്യുത്പാദനം നടത്തുക എന്നിവയൊഴികെ മറ്റു് യാതൊരു ദുരുദ്ദേശവും അവയ്ക്കില്ലെന്നും ആ ലേഖനത്തില്‍ നിന്നും മനസ്സിലാക്കി. അതിപ്പോള്‍ അത്ര വലിയ ഒരു കാര്യമാണോ? ഈ മൂന്നു് കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളികളും ചെയ്യാറില്ലല്ലോ. പിന്നെ എങ്ങനെ ഈ അണുബാധ കേരളസമൂഹത്തെ പിടിച്ചുകുലുക്കി ഭയത്തിലാഴ്ത്താന്‍ മാത്രം വളര്‍ന്നു് പന്തലിച്ചു? അതു് തെറ്റു് മറച്ചുപിടിക്കാന്‍ മോഡേണ്‍ മെഡിസിന്‍ നടത്തിയ ഒരു പ്രോപഗാന്‍ഡ ആയിരുന്നു എന്ന വാര്‍ത്ത ശരിയായിരിക്കുമോ? തെറ്റു് സമ്മതിക്കല്‍ ചിലര്‍ക്കെങ്കിലും പരാജയപ്പെടലാണു്. അതു് മനസ്സിലാക്കാം. തെറ്റു് സമ്മതിച്ചതുകൊണ്ടാണു് ആദാമും ഹവ്വായും പറുദീസയില്‍ നിന്നു് പുറത്താക്കപ്പെട്ടതുതന്നെ. മനുഷ്യന്റെ സ്വയംപരിപാലനത്തെ സഹായിക്കാനായി ഭാവിയിലെങ്കിലും മനുഷ്യന്‍ തെറ്റു് സമ്മതിക്കാതിരിക്കുകയാണു് വേണ്ടതെന്നതും നീതീകരിക്കാം. എന്നിട്ടും എന്തോ ഒരു അസ്വസ്ഥത. ഒരഭിപ്രായം കേട്ടാല്‍, എല്ലാവരും അതേ അഭിപ്രായക്കാരാണോ, അതോ ചിലരെങ്കിലും അതിനു് വിപരീതമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു് അന്വേഷിക്കണമെന്ന, വിശപ്പും ദാഹവും പോലെ എന്നെ പിടി കൂടിയിരിക്കുന്ന ഒരുതരം രോഗമാണു് ഈ അസ്വസ്ഥതയുടെ കാരണം. എന്റെ ഭാഗ്യത്തിനും ഭാരത്തിനുമെന്നേ പറയേണ്ടൂ, ആകാശത്തിനു് മുകളിലും താഴെയുമുള്ള മിക്കവാറും എല്ലാ കാര്യങ്ങളെപ്പറ്റിയും ആരെങ്കിലും എന്നെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടും കുറിച്ചുവച്ചിട്ടുമുണ്ടു്‌. നിരോധനം ലംഘിച്ചു് പഴം പറിച്ചുതിന്നു് അതിന്റെ സ്വാദു് മറ്റുള്ളവരെ എഴുതി അറിയിച്ചതിന്റെ പേരില്‍ “ദൈവങ്ങള്‍” കൊന്നുകളഞ്ഞവരും അവരുടെ ഇടയില്‍ വിരളമല്ല. പക്ഷേ, എനിക്കവരെ ബഹുമാനമാണു്. കാരണം, അവരില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്നതിനേക്കാള്‍ വളരെയേറെ മണ്ടനായിരുന്നേനെ!

കോടാനുകോടി ബാക്റ്റീരിയ നമുക്കു് ചുറ്റും വസിക്കുന്നുണ്ടെങ്കിലും, ഒരു ബാക്റ്റീരിയക്കടലിലാണു് നമ്മുടെ കിടപ്പും നടപ്പുമെങ്കിലും, എന്തുകൊണ്ടു് നമ്മള്‍ “പച്ചപ്പടക്കനേന്നു്” ചത്തുവീഴുന്നില്ല എന്നു് ലേഖകന്‍ ചോദിക്കുന്നു. ഈ ചോദ്യം ലാഘവബുദ്ധിയോടെയല്ല അദ്ദേഹം ചോദിക്കുന്നതെന്നു് ഞാന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു. കാരണം, 1347 മുതല്‍ 1351 വരെയുള്ള വെറും നാലു് വര്‍ഷങ്ങളില്‍ പശ്ചിമയൂറോപ്പിലെ മൂന്നിലൊന്നു് ജനങ്ങളുടെ (ഏകദേശം 250 ലക്ഷം മനുഷ്യര്‍!) ജീവന്‍ അപഹരിച്ച പ്ലേഗിനെപ്പറ്റി കേട്ടിട്ടുള്ളവര്‍, അണുബാധയും പകര്‍ച്ചവ്യാധിയും ശുചിത്വമില്ലായ്മയും പരിസ്ഥിതിമലിനീകരണവുമൊന്നും ലാഘവബുദ്ധിയോടെ കാണുമെന്നു് കരുതാന്‍ എനിക്കു് കഴിയുന്നില്ല. പ്ലേഗില്‍ മരിച്ചവര്‍ അഗതികളും, ചേരിപ്രദേശത്തുള്ളവരും മാത്രമായിരുന്നില്ല. രാജാവും, രാജ്ഞിയും, കര്‍ദ്ദിനാളും, ബിഷപ്പുമെല്ലാം ആ “ബ്ലാക്ക് ഡെത്തിനു്‌” മുന്‍പില്‍ അടിയറവു്‌ പറയേണ്ടിവന്നു. അതുകൊണ്ടു്‌, ഗൌരവതരമായ ശ്രദ്ധ ഇല്ലാതിരുന്നാല്‍ മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീഴാമെന്നു് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നതു് നല്ലതാണു്.

മാരകമായ രോഗങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരും മൃഗങ്ങളും യഥേഷ്ടം തുറസ്സായി നിക്ഷേപിക്കുന്ന മലവും മൂത്രവും കഫവും ഛര്‍ദ്ദിയും മഴയിലൊലിച്ചു്, വെയിലിലുണങ്ങി, കാറ്റില്‍ പറന്നു് അന്തരീക്ഷത്തില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്ന തെരുവുകളിലൂടെ ഉന്തുവണ്ടിയില്‍ ആഹാരങ്ങള്‍ വില്‍ക്കുന്നവരില്‍ നിന്നും അതു് വാങ്ങി കഴിക്കുന്നവര്‍ ഉടനെയോ, ഭാവിയിലോ രോഗബാധിതരാവുന്നുണ്ടോ, അതുവഴി മരിക്കുന്നുണ്ടോ എന്നൊക്കെ ആരാണു് പഠിക്കുന്നതു്? പരിശോധിക്കുന്നതു്? ആഹാരം അധികപങ്കും തിളച്ച വെള്ളത്തില്‍ വേവിച്ചും, എണ്ണയില്‍ പൊരിച്ചുമൊക്കെയാണു് വില്‍ക്കുന്നതു് എന്നതു് അതിലെ രോഗാണുക്കള്‍ നശിക്കുന്നതിനു് സഹായകമാവുന്നുണ്ടാവാം. ചെറുപ്പം മുതലേ അതുപോലുള്ള സാഹചര്യങ്ങളില്‍ വളരുന്ന മനുഷ്യരില്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തിയും അതിനനുസരിച്ചു് വളരുന്നുണ്ടാവാമെന്നതു് ഒരു പരിധി വരെയെങ്കിലും രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്നതിന്റെ കാരണവുമാവാം. ചൂടുകൂടിയ രാജ്യങ്ങളില്‍ ബാക്റ്റീരിയ തണുത്ത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ പെരുകുമെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണു് വേണ്ടതു്. AIDS-നെതിരെ പൂര്‍ണ്ണവിജയം നേടാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്ന വസ്തുതയുടെ വെളിച്ചത്തില്‍, ഒരു മ്യൂട്ടേഷന്റെ ഫലമായി രൂപമെടുത്തേക്കാവുന്ന പുതിയ ബാക്റ്റീരിയയുടെയോ, വൈറസിന്റെയോ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉടനടി മനുഷ്യനു് കഴിയണമെന്നില്ല. മനുഷ്യരില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന അത്രതന്നെ പ്രാധാന്യമേറിയതാണു് അപായസാദ്ധ്യതകളെ അവഗണിക്കരുതെന്നതും. ഒരു ചെറിയ അംശം ഭയം നല്‍കിയാണു് പ്രകൃതി ജീവജാലങ്ങളെ ഭൂമിയില്‍ ആക്കിയിരിക്കുന്നതു്. അതു് നിലനില്‍പിനു് അനുപേക്ഷണീയവുമാണു്. അതൊരു ബലഹീനതയല്ല. പക്ഷേ, മനുഷ്യന്റെ ഓരോ ചിന്തയും, ഓരോ പ്രവൃത്തിയും നിരന്തരം വീക്ഷിക്കപ്പെടുന്നു എന്നു് പഠിപ്പിക്കപ്പെടുമ്പോള്‍, ഭയം പിന്‍തുടരല്‍ഭീതിയായി, കുറ്റബോധമായി, പരിണമിക്കുന്നതുമൂലം അതൊരു ബലഹീനതയായി മാറുന്നു എന്നു് മാത്രം. വീക്ഷകനായ ഒരു “ബിഗ് ബ്രദറിനെ” പ്രതിനിധീകരിക്കുന്നവര്‍ക്കു് മനുഷ്യനെ ആജ്ഞാനുവര്‍ത്തിയാക്കാന്‍ തന്മൂലം വലിയ ബുദ്ധിമുട്ടുമില്ല.

വേണ്ടത്ര വൈദഗ്ദ്ധ്യമോ, പരിശീലനമോ ഇല്ലാതെ, എന്തിനും ഏതിനും മാരകമായ മരുന്നുകള്‍ കോരിയൊഴിച്ചു് വിളനിലത്തെ വിഷനിലമാക്കുന്നതും, മുന്‍പു് സൂചിപ്പിച്ച മലിനീകരണങ്ങളുമൊക്കെ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നും, അമ്മമാര്‍ ചാപിള്ളകളേയും, വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളേയുമൊക്കെ പ്രസവിക്കുന്നതിനു് കാരണമാവുന്നുണ്ടോ എന്നുമൊക്കെ അറിയാന്‍, വേണ്ടത്ര പഠനം നടത്തുവാന്‍, കേരളത്തില്‍ ആര്‍ക്കെവിടെ സമയം? വളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കാനുള്ള സാദ്ധ്യത കുറവാണെന്നതു്, അവര്‍ക്കോ, മറ്റു് കുഞ്ഞുങ്ങള്‍ക്കോ അണുബാധയുണ്ടാവുന്നതിന്റെ നീതീകരണമാവുകയില്ല. കുഞ്ഞുങ്ങളായാലും, മുതിര്‍ന്നവരായാലും, രോഗികള്‍ കിടക്കുന്ന മുറികള്‍ അണുവിമുക്തമായി സൂക്ഷിക്കുവാനുള്ള കടമ ജീവനക്കാര്‍ക്കുണ്ടു്. ശുചിത്വത്തിനും ആരോഗ്യപരിപാലനത്തിനും തടസ്സമായി നില്‍ക്കുന്നതു് സന്ദര്‍ശകരുടെ എണ്ണമോ പെരുമാറ്റമോ മറ്റെന്തുതന്നെയോ ആയാലും, അതിനെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു് നടപ്പാക്കാനുള്ള കടമ മാത്രമല്ല, അധികാരവും അവകാശവും ജീവനക്കാര്‍ക്കുണ്ടായിരിക്കണം. ജോലിയുടെ സാങ്കേതിക വശങ്ങള്‍ അറിയുന്നതും അറിയേണ്ടതും ജോലിക്കാരാണു്, സന്ദര്‍ശകരല്ല.

ജനനം മുതല്‍ മരണം വരെ മനുഷ്യര്‍ നേരിടേണ്ടിവരുന്നതു് ശത്രുതാപരമായ ചുറ്റുപാടുകളെയാണു്. മനോഹരമായ പ്രകൃതിയുടെ മറുവശം ക്രൂരമാണു്. പിഴയ്ക്കുന്ന ഒരു ചുവടു് അവസാനചുവടായി മാറാം. എത്ര ശ്രദ്ധിച്ചാലും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നും വരാം. മനുഷ്യനു് ശ്രദ്ധിക്കാന്‍ കഴിയാത്ത ഒട്ടേറെ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ പ്രകൃതി തയ്യാറായിരുന്നില്ലെങ്കില്‍ യുഗങ്ങളിലൂടെയുള്ള യാത്ര മനുഷ്യന്‍ അതിജീവിക്കുമായിരുന്നോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിനു്, മനുഷ്യശരീരത്തില്‍ രോഗപ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ മനുഷ്യര്‍ അണുക്കളുടെ ആക്രമണഫലമായി ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായേനെ! ചര്‍മ്മവും, ശ്ലേഷ്മപാളികളും അണുക്കള്‍ ശരീരത്തില്‍ കടക്കാതെ നമ്മെ സംരക്ഷിക്കുന്നു. ബോധപൂര്‍വ്വമായ നമ്മുടെ പങ്കാളിത്തം പോലും പലപ്പോഴും അതിനു് ആവശ്യമില്ല. തുമ്മല്‍, ചുമ മുതലായ reflex വഴി സ്വയംപ്രേരിതമായി ശരീരം നമ്മെ അപകടകരമാവുമായിരുന്ന എത്രയോ സാഹചര്യങ്ങളില്‍ നിന്നു് രക്ഷപെടുത്തുന്നു. അണുക്കളിലെ പ്രയോജനകരമായവയെ ശരീരത്തില്‍ കുടിയിരുത്താനും, അല്ലാത്തവയെ നശിപ്പിക്കാനുമുള്ള ശേഷി യുഗങ്ങളിലൂടെ പ്രകൃതി മനുഷ്യരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. എന്തെങ്കിലും കാരണത്താല്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ കയറിപ്പറ്റുന്ന ബാക്റ്റീരിയയെയും, വൈറസിനെയും ചെറുക്കാന്‍ ശരീരത്തിനു് കഴിയാതെ വരുന്നതിനാലാണു് അതു് രോഗത്തിനു് നിദാനമായിത്തീരുന്നതു്.

മനുഷ്യനെ കൊല്ലാനൊന്നും കഴിയില്ലെങ്കിലും ബാക്റ്റീരിയയുടെ വിസര്‍ജ്ജ്യം വിഷമാണെന്നു് ലേഖകന്‍ പറയുന്നു. പക്ഷേ, മനസ്സിനിണങ്ങി ഒന്നു് കക്കൂസില്‍ പോകാം എന്ന ലക്‍ഷ്യവുമായല്ല അണുക്കള്‍ ശരീരത്തില്‍ കയറിപ്പറ്റുന്നതു്. മിടുക്കര്‍ എന്നു് സ്വയം കരുതുന്ന ചില മനുഷ്യര്‍ സമൂഹത്തിന്റെ പൊതുസ്വത്തായ വനഭൂമി കയ്യേറുന്നതുപോലെ, ആതിഥേയശരീരത്തില്‍ കുടിയേറിപ്പാര്‍ത്തു് പെരുകുകയാണു് പരോപജീവികളായ അവയുടെ ലക്‍ഷ്യം. അതിനു് അവ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അങ്ങേയറ്റം വിഭിന്നവുമാണു്. കൂണ്‍ജാതികള്‍ (fungi), ആദിമജീവികള്‍ (protozoans), വിരകള്‍, കൃമികള്‍, ബാക്റ്റീരിയ, വൈറസ്‌ മുതലായ എത്രയോ പാരസൈറ്റുകള്‍ക്കു് ഓരോന്നിനും സ്വന്തവളര്‍ച്ച സാദ്ധ്യമാക്കിത്തീര്‍ക്കാന്‍ അവയുടേതായ പ്രത്യേകരീതികളുണ്ടു്. വളരാനും വംശം വര്‍ദ്ധിപ്പിക്കാനും ഒരു ആതിഥേയശരീരം കൂടാതെ കഴിയില്ലെന്നതാണു് ഇവക്കെല്ലാം പൊതുവായ സ്വഭാവം. കൃമികള്‍ക്കു് അവയുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുമ്പോള്‍, വൈറസിനു് നിലനില്‍ക്കാനും, പെരുകാനും ജീവനുള്ള ഒരു സെല്ലില്‍ പ്രവേശിക്കാതെ സാധിക്കുകയില്ല. അതേസമയം, ബാക്റ്റീരിയകളില്‍ പലതിനും കുറേനാളത്തേക്കു് ജീവനില്ലാത്ത പദാര്‍ത്ഥങ്ങളിലും ജീവിക്കാനും വളരാനും കഴിയും.

ഒരു വൈറസ് ഇന്‍ഫെക്ഷന്‍ ഉദാഹരണമായി എടുക്കാം. പ്രൊട്ടീന്‍ ഉറയില്‍ പൊതിഞ്ഞ ഒരു ജീന്‍ മാത്രമാണു് വൈറസ്‌. ചലിക്കാന്‍ പോലും കഴിയാത്ത വൈറസിനു് പെരുകുക എന്നതല്ലാതെ മറ്റെന്തെങ്കിലും ഒരു ലക്‍ഷ്യമോ കഴിവോ ഇല്ല. അതിനുപോലും ജീവനുള്ള ഒരു സെല്ലില്‍ പ്രവേശിക്കാതെ അതിനു് കഴിയുകയുമില്ല. സ്പര്‍ശനം വഴിയോ മറ്റോ ഒരു സെല്‍ പ്രതലത്തിലെത്തിയാല്‍, തന്റെ മൈക്രൊ കാലുകള്‍ കൊണ്ടു് ആ സെല്‍ തനിക്കു് കുടിയേറാന്‍ അനുയോജ്യമോ എന്നു് വൈറസ്‌ പരിശോധിക്കുന്നു. അനുയോജ്യമെങ്കില്‍ തന്റെ പല്ലുകള്‍ സെല്‍ഭിത്തിയില്‍ കടിച്ചുപിടിച്ചുകൊണ്ടു് ഭിത്തി തുരന്നു് ഉറയില്‍ പൊതിഞ്ഞിരുന്ന ജീന്‍ (DNA) സെല്ലിനുള്ളിലേക്കു് ഒഴുക്കുന്നു. അതോടെ വൈറസിന്റെ ജീവിതലക്‍ഷ്യം നിറവേറ്റപ്പെട്ടു. അതിനുശേഷം ഉറ നശിക്കുന്നു. അകത്തുകടന്ന ജീന്‍ (അഥവാ ഉറയില്ലാത്ത വൈറസ്‌) സെല്‍-DNA-യുടെ ഇടയിലെത്തി അതിനോടു് പറ്റിച്ചേരുന്നു. സെല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന കോഡില്‍ അതുവഴി വ്യത്യാസം വരുന്നതിനാല്‍ പുതിയ പ്രൊട്ടീനുകള്‍ നിര്‍മ്മിക്കാന്‍ ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ചുകൊണ്ടു്, ചതി മനസ്സിലാക്കാതെ, തങ്ങള്‍ക്കു് ആവശ്യമെന്ന ധാരണയില്‍ സെല്‍-DNA പ്രൊട്ടീനുകള്‍ നിര്‍മ്മിക്കുന്നു. അവ സെല്ലില്‍ കുടിയേറിയ വൈറസിന്റെ തനിപ്പകര്‍പ്പുകളാണെന്നു് മാത്രം. തിരുത്തപ്പെട്ട കല്‍പനകളാണു് തങ്ങള്‍ക്കു് ലഭിക്കുന്നതെന്നു് തിരിച്ചറിയാതെ, ആത്മഹത്യാപരമായി, സെല്‍-DNA സ്വന്തം വിഭവശേഷി മുഴുവന്‍ വൈറസിന്റെ (ഉറ സഹിതമുള്ള) കോപ്പികള്‍ നിര്‍മ്മിക്കാന്‍ വിനിയോഗിക്കുന്നു. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ സെല്‍ മരിക്കുന്നു. അങ്ങനെ രൂപമെടുക്കുന്ന വൈറസുകള്‍ അടുത്ത സെല്ലുകളിലേക്കു് കുടിയേറുന്നു. ബാക്റ്റീരിയയും, കൂണുകളും, കൃമികളുമൊക്കെ അവയുടെ സ്വന്തമായ മാര്‍ഗ്ഗങ്ങളിലൂടെ പരോപജീവിതം വിജയകരമാക്കാന്‍ ശ്രമിക്കുന്നു.

അണുബാധ നിരുപദ്രവകരമായ എന്തോ ആണെന്ന ധാരണ സാമാന്യജനങ്ങളില്‍ ഉണ്ടായേക്കാവുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉത്തരവാദിത്വമുള്ളവരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണു്. ആരോഗ്യപൂര്‍വ്വം ജീവിക്കുവാന്‍ ശുചിത്വം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു് ജനങ്ങളെ പഠിപ്പിക്കുകയാണു് ആവശ്യം. ആ ലേഖകന്‍ ആധികാരികമായി പ്രഖ്യാപിക്കുന്നപോലെ, “പട്ടിയും, പൂച്ചയും, കാക്കയും മക്കളെ ലേബര്‍ റൂമില്‍ പ്രസവിക്കാഞ്ഞിട്ടും അവയുടെ വംശം നശിക്കുന്നില്ലാത്തതുകൊണ്ടു്” മനുഷ്യര്‍ അവയെ അനുകരിക്കണമെന്നില്ല. കാരണം, മനുഷ്യര്‍ മൃഗങ്ങളല്ല. ചേരിപ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ അണുബാധയേറ്റു് മരിക്കുന്നില്ല (!?) എന്നതിനാല്‍, എല്ലാ കുഞ്ഞുങ്ങളേയും അവിടേക്കു് പറഞ്ഞുവിടുകയല്ല, സ്വന്തകുറ്റത്താലല്ലാതെ ചേരികളില്‍ ജനിക്കേണ്ടിയും ജീവിക്കേണ്ടിയും വരുന്നവരെ വിദ്യാഭ്യാസം നല്‍കി, ബോധവല്‍ക്കരിച്ചു് അവിടെനിന്നു് രക്ഷപെടേണ്ടതിന്റെ ആവശ്യം സ്വയം ബോദ്ധ്യമാവുന്ന നിലയിലേക്കു് വളര്‍ത്തിക്കൊണ്ടു് വരികയാണു് വേണ്ടതു്. മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവവിധിയാണെന്നു്‌ യുഗങ്ങളിലൂടെ തലയില്‍ അടിച്ചേല്‍പിച്ചവരെ ആ അന്ധവിശ്വാസത്തില്‍ നിന്നും, അതേ അന്ധവിശ്വാസത്തിന്റെ അടിത്തറയായ ദൈവവിശ്വാസത്തിലൂടെയോ, “ശാസ്ത്രങ്ങളുടെ ശാസ്ത്രം” എന്നും മറ്റും കൊട്ടിഘോഷിക്കപ്പെടുന്ന പ്രത്യയശാസ്ത്രവിഡ്ഢിത്തങ്ങളിലൂടെയോ മോചിപ്പിക്കാനാവില്ല. മൃഗങ്ങള്‍ക്കു് മനുഷ്യരേക്കാള്‍ സ്ഥാനവില കല്‍പിക്കുന്ന ഒരു സമൂഹത്തില്‍ മനുഷ്യര്‍ മൃഗങ്ങളേപ്പോലെ ജീര്‍ണ്ണിക്കേണ്ടിവരുന്നതു്, ആ ഗതികേടില്ലാത്ത അവസ്ഥയില്‍ എങ്ങനെയോ എത്തിച്ചേര്‍ന്നവരാല്‍ നീതീകരിക്കപ്പെട്ടു എന്നും വരാം. പക്ഷേ, സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍ ഉയരാന്‍ കഴിയാതെ പോയവര്‍ക്കു് വഴി കാണിച്ചു്‌ മിടുക്കന്മാര്‍ ചമയാന്‍ ശ്രമിക്കുമ്പോള്‍, കാലാനുസൃതമായ അറിവിന്റെ പിന്‍ബലം അവര്‍ക്കുണ്ടായിരിക്കേണ്ടതാണു്.

നീറ്റ്സ്‌ഷെ പറഞ്ഞപോലെ, ആഴത്തില്‍ നിന്നു്‌ കോരുന്നവനേയും, കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നവനേയും തമ്മില്‍ വളരെ എളുപ്പം തെറ്റിപ്പോകുന്നവരാണു്‌ പൊതുജനമെങ്കിലും, ആ ബലഹീനത മുതലെടുക്കാനുള്ള അധികാരം അവരെ തെളിക്കുന്നവരെന്നു്‌ അവകാശപ്പെടുന്ന ഇടയന്മാര്‍ക്കില്ല.

———————————-
* English-English-Malayalam Dictionary, T. Ramalingampillai, 46th Edition, D.C. Books 1996

** പാവം അണുക്കള്‍: ചിറ്റാറ്റിന്‍കര എന്‍. കൃഷ്ണപിള്ള വൈദ്യകലാനിധി, നേത്രവൈദ്യവിശാരദ്‌, Kerala Kaumudi online Edition 15.05.2007

 

Tags: , , ,