RSS

Category Archives: ശാസ്ത്രം

പിന്നോട്ടൊഴുകാത്ത സമയനദി

“സമയമാം നദി പുറകോട്ടൊഴുകി
സ്മരണതന്‍ പൂവണിത്താഴ്വരയില്‍
സംഭവമലരുകള്‍ വിരിഞ്ഞുവീണ്ടും …”

പക്ഷേ, സമയമാകുന്ന നദി പുറകോട്ടൊഴുകിയാണു്‌ താന്‍ സ്മരണയുടെ താഴ്വരയില്‍ എത്തി, ഭൂതകാലസംഭവങ്ങള്‍ മലരുകളായി വിരിയുന്നതു്‌ ദര്‍ശിച്ചതെന്ന ആ നായികയുടെ അഭിപ്രായം, ഫിസിക്സിന്റെ കാഴ്ചപ്പാടില്‍, നിഷേധിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. സ്വന്തം ഓര്‍മ്മയുടെ അലമാരയില്‍ നിന്നും ചില പഴയ “പുസ്തകങ്ങള്‍” എടുത്തു്‌ മറിച്ചുനോക്കുക മാത്രമാണു്‌ ഇവിടെ ആ നായിക ചെയ്യുന്നതു്‌. അല്ലാതെ, അതു്‌ സമയത്തിലൂടെ പിന്നോട്ടുള്ള അവളുടെ ഒരു യാത്രയല്ല. ചിന്തകളിലൂടെ ഭൂതകാലത്തില്‍ എത്തുന്നതുവഴി ഭൗതികമായി അവളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയോ, അവള്‍ അന്നത്തെ വ്യക്തി ആവുകയോ ചെയ്യുന്നില്ല.

ഇതുപോലെതന്നെയാണു്‌ ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ “ടൈം ട്രാവലും”. അവിടെയും സമയം പിന്നോട്ടു്‌ സഞ്ചരിക്കുന്നില്ല. സംഭവിക്കുന്നതു്‌, ഒന്നോ ഒന്നിലധികമോ മനുഷ്യര്‍, അവര്‍ സ്പെയ്സിന്റെ ഭാഗം ആയിരിക്കുമ്പോള്‍ തന്നെ, ബാക്കി സ്പെയ്സില്‍ നിന്നും വേര്‍പെട്ടു്‌ അവരുടെ ചുറ്റുപാടുകളുടെ ഭൂതകാലത്തില്‍ എത്തിച്ചേരുക മാത്രമാണു്‌. അതുവഴി, യഥാര്‍ത്ഥത്തില്‍ അവരോ മറ്റുള്ള ആരെങ്കിലുമോ സമയത്തിലൂടെ പിന്നോട്ടു്‌ യാത്ര ചെയ്യുന്നില്ല. ഭൂതകാലത്തിലേക്കുള്ള യാത്ര അവരുടെ പ്രായത്തിനേക്കാള്‍ ദൈര്‍ഘ്യമേറിയതായാലും അവര്‍ ഇല്ലാതാവുന്നില്ല, ഭൂതകാലത്തില്‍ എത്തിയശേഷവും സമയത്തിന്റെ ഗതി അവര്‍ക്കും മുന്നോട്ടുതന്നെയാണു്‌, അവിടെയെത്തുന്നതുവഴി ഭാവികാലത്തിന്റെ ഒരു ഭാഗമായി മാറുന്ന അവരുടെ ഓര്‍മ്മയും അവര്‍ക്കു്‌ നഷ്ടപ്പെടുന്നില്ല മുതലായ വസ്തുതകള്‍ അവിടെ സമയത്തിന്റെ ദിശയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതിനു്‌ തെളിവാണു്‌. സിനിമയിലെ ടൈം ട്രാവലും, സമയത്തിലൂടെ പുറകോട്ടുള്ള സഞ്ചാരം എന്ന അര്‍ത്ഥത്തിലെ ശാസ്ത്രീയമായ ടൈം ട്രാവലും രണ്ടും രണ്ടാണെന്നു്‌ സാരം.

“സമയമാം നദി പുറകോട്ടൊഴുകി” എന്ന നായികയുടെ പാട്ടില്‍ തന്നെ സമയത്തിന്റെ പുറകോട്ടുള്ള ഒഴുക്കു്‌ എന്തുകൊണ്ടു്‌ സാദ്ധ്യമാവുന്നില്ല എന്നതിന്റെ വിശദീകരണമുണ്ടു്‌. ഒഴുക്കു്‌ എന്നതു്‌ ഒരു ചലനമാണു്‌. ഒരു നിശ്ചിതസമയത്തിനുള്ളില്‍ സ്പെയ്സില്‍ സംഭവിക്കുന്ന സ്ഥാനവ്യതിയാനമാണു്‌ ചലനം. അതു്‌ സംഭവിക്കുന്നതു്‌ സ്പെയ്സിലോ സമയത്തിലോ മാത്രമായല്ല, സ്പെയ്സ്-ടൈം എന്ന ഏകതയിലാണു്‌. സമയത്തെ ഒഴിവാക്കിക്കൊണ്ടു്‌ സ്പെയ്സിലൂടെ മാത്രമുള്ള ഒരു ചലനത്തിനും, സ്പെയ്സിനെ ഒഴിവാക്കിക്കൊണ്ടു്‌ സമയത്തിലൂടെ മാത്രമുള്ള ഒരു ചലനത്തിനും യാതൊരു അര്‍ത്ഥവുമില്ല. ദിശയില്ലാത്ത ഒരു സമയത്തിനു്‌ നല്‍കേണ്ടിവരുന്ന വില ചലനമില്ലാത്ത ഒരു ലോകമായിരിക്കും. ചലനത്തില്‍ നിന്നും അബ്സ്ട്റാക്റ്റ് ചെയ്തെടുക്കപ്പെടുന്ന സമയം എന്നതു്‌ റിജിഡ് ആയ ഒരു പരാമീറ്റര്‍ അല്ല, മാറ്റങ്ങളും ചലനവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഫോം മാത്രമാണു്‌.

വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തില്‍ “മുന്നോട്ടു്‌” ഒഴുകുന്ന സമയം, പ്രപഞ്ചത്തിന്റെ വികാസം എന്നെങ്കിലും അവസാനിക്കുകയും, അതിനുശേഷം സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു എന്നു്‌ സങ്കല്പിച്ചാല്‍, അപ്പോള്‍ “പിന്നോട്ടു്‌” ഒഴുകേണ്ടതല്ലേ എന്നൊരു ആശയം 1958-ല്‍ തന്നെ തോമസ് ഗോള്‍ഡ് എന്ന ആസ്റ്റ്റോഫിസിസിസ്റ്റ് മുന്നോട്ടു്‌ വച്ചിരുന്നു. ക്വാണ്ടം ഗ്രാവിറ്റേഷന്റെ ഈ വിഷയത്തിലെ പഠനങ്ങള്‍ പൂര്‍ണ്ണമല്ല എന്നതിനാല്‍, സമയത്തിന്റെ അതുപോലൊരു പിന്നോട്ടൊഴുക്കിനുള്ള ഒരു ചെറിയ സാദ്ധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ സാദ്ധ്യതയുള്ളതു്‌, അങ്ങനെ അല്ലാതിരിക്കാനാണു്‌. അതു്‌ നമ്മള്‍ സ്വീകരിക്കുന്ന ഗണിതശാസ്ത്രപരമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇല്യൂഷന്‍ ആവാനാണു്‌ സാദ്ധ്യത. ഉദാഹരണത്തിനു്‌, നമ്മള്‍ ഭൂമദ്ധ്യരേഖയില്‍ നിന്നും ഉത്തരധ്രുവത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്നു എന്നു്‌ കരുതിയാല്‍, ലാറ്റിറ്റ്യൂഡ് കൂടിക്കൂടിവന്നു്‌, അവസാനം ഉത്തരധ്രുവം കടന്നുകഴിയുമ്പോള്‍ വീണ്ടും കുറയാന്‍ തുടങ്ങുന്നു. അതിനര്‍ത്ഥം നമ്മള്‍ പഴയവഴിയേ പിന്നോട്ടു്‌ മടങ്ങുന്നു എന്നല്ലല്ലോ. ധ്രുവബിന്ദു കടന്നശേഷം നമ്മള്‍ സഞ്ചരിക്കുന്ന മറുപുറത്തെ ലോന്‍ജിറ്റ്യൂഡ് മറ്റൊന്നായിരിക്കുമല്ലോ. പ്രപഞ്ചം ഒരിക്കല്‍ ഒരു സങ്കോചാവസ്ഥക്കു്‌  വിധേയമാകുന്നുവെങ്കില്‍ അപ്പോള്‍ സമയം പിന്നോട്ടായിരിക്കും ഒഴുകുക എന്നതിനെ ന്യായീകരിക്കാന്‍ പറ്റിയ കാരണമൊന്നും തത്കാലമില്ലെന്നു്‌ ചുരുക്കം.

ഗണിതശാസ്ത്രപരവും ഭൗതികവുമായ സമയങ്ങള്‍ തമ്മില്‍ തിരിച്ചറിയേണ്ടതുണ്ടു്‌. ഗണിതശാസ്ത്രപരമായ സമയം ഐഡിയലൈസ്ഡ് ആണു്‌. അതുപോലൊരു സമയം വീക്ഷിക്കപ്പെടുന്നില്ല. അതിനു്‌ പകരം നമ്മള്‍ കാണുന്നതു്‌ ദ്രവ്യങ്ങളുടെ കോണ്‍ഫിഗറേഷനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മാത്രമാണു്‌ – ഭൂമിയുമായുള്ള സൂര്യന്റെ ആപേക്ഷികനില, വാച്ചിന്റെ സൂചികളും ഡയലും തമ്മിലുള്ള ആപേക്ഷികസ്ഥാനങ്ങള്‍ മുതലായവ. അന്യദ്രവ്യങ്ങളുടെ സ്വാധീനം എത്രമാത്രം കുറഞ്ഞിരിക്കുന്നുവോ, അത്രയും കൂടുതലായിരിക്കും അത്തരം സമയമാപിനികളുടെ ക്വാളിറ്റി. പ്രപഞ്ചാരംഭം പോലെ ഉയര്‍ന്ന സാന്ദ്രത നിലവിലിരിക്കുന്ന സാഹചര്യങ്ങളില്‍ ദ്രവ്യഘടകങ്ങളുടെ സ്വാധീനം അതിശക്തമായിരിക്കും എന്നതിനാല്‍, അവിടെ സമയമാപിനികളായി പ്രപഞ്ചത്തിന്റെ വ്യാപ്തം പോലുള്ള കോസ്മൊളോജിക്കല്‍ അളവുകള്‍ ഉപയോഗിക്കേണ്ടിവരുന്നു.

ഗണിതശാസ്ത്രപരമായ സമയത്തില്‍ നിന്നും വ്യത്യസ്തമാണു്‌ ഭൗതികമായ, അനുഭവവേദ്യമായ സമയം. രണ്ടാമത്തേതു്‌ മനുഷ്യന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ടതാണെങ്കില്‍, ആദ്യത്തേതു്‌ അതുപോലൊരു ബന്ധം ഇല്ലാത്തവിധം പ്രകൃതിയെ വിശദീകരിക്കാനുള്ളതാണു്‌. വ്യക്തിനിഷ്ഠമായി സമയത്തിന്റെ വേഗതയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാമെങ്കിലും, പിടിച്ചുനിര്‍ത്താനാവാതെ അനുസ്യൂതം “മുന്നോട്ടു്‌” പോയിക്കൊണ്ടിരിക്കുന്ന ഒരു ക്വാണ്ടിറ്റി ആണു്‌ സമയം. ഭൂതകാലത്തെപ്പറ്റി സ്മരിക്കാനും, ഭാവികാലത്തെപ്പറ്റി ചിന്തിക്കാനും ഓര്‍മ്മ എന്ന പ്രതിഭാസമാണു്‌ കാരണമാവുന്നതു്‌. പഴക്കം കുറഞ്ഞ അനുഭവങ്ങള്‍, പഴക്കം കൂടിയ അനുഭവങ്ങളുടെ ഭാവികാലം എന്ന രീതിയില്‍ ഓര്‍മ്മയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. അപ്രസക്തമായ ചില സംഭവങ്ങള്‍ പോലും, നേരിട്ടുള്ള പരിണതഫലം മൂലം, ഈ പ്രക്രിയയില്‍ കാര്യകാരണബന്ധം ഉണ്ടായാലെന്നപോലെയാണു്‌ തിരിച്ചറിയപ്പെടുന്നതു്‌. അതുവഴി, വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ക്കും അതുപോലുള്ള പരിണതഫലങ്ങള്‍ മനുഷ്യര്‍ പ്രതീക്ഷിക്കുന്നു. അനുഭവവേദ്യമായ സമയത്തിനു്‌ എന്റ്റോപ്പിയുടെ അടിസ്ഥാനത്തിലും ഒരു വിശദീകരണം നല്‍കാനാവും. പക്ഷേ അതു്‌ ഈ കുറിപ്പിന്റെ പരിധിയെ ഭേദിക്കുമെന്നതിനാല്‍ ഇവിടെ ഒഴിവാക്കുന്നു.

റിലേറ്റിവിറ്റിക്കു്‌ ശേഷം സ്പെയ്സ്, ടൈം എന്നിവ വ്യത്യസ്തമായ മൂല്യങ്ങളല്ലെന്നും, പരസ്പരം ബന്ധപ്പെട്ടു്‌ കിടക്കുന്നവയും, രൂപാന്തരം സംഭവിക്കാവുന്നവയും ആണെന്നും മനുഷ്യര്‍ മനസ്സിലാക്കി. എങ്കിലും സ്ഥലവും കാലവും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയാണു്‌. സ്ഥലവും കാലവും ഒരുപോലെ പെരുമാറുന്നവ ആയിരുന്നെങ്കില്‍ സമയത്തിലൂടെ പുറകോട്ടു്‌ സഞ്ചരിച്ചു്‌ ഭൂതകാലത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയോ, കളഞ്ഞുപോയ ചാന്‍സുകള്‍ ഉപയോഗപ്പെടുത്തുകയോ ഒക്കെ ചെയ്യാമായിരുന്നു. സമയസഞ്ചാരം ദൈവങ്ങള്‍ക്കും സാദ്ധ്യമല്ലെന്നു്‌ തോന്നുന്നു. അവര്‍ക്കു്‌ ടൈം ട്രാവല്‍ സാദ്ധ്യമാവുമായിരുന്നെങ്കില്‍ ഏതെല്ലാം ദൈവങ്ങള്‍ക്കു്‌ ഭൂതകാലത്തിലേക്കു്‌ യാത്രചെയ്തു്‌ പഴയ നല്ല  ലോകത്തില്‍ എത്തിയശേഷം വേണ്ട തിരുത്തിക്കുറിക്കലുകളൊക്കെ നടത്തി അവരവരുടെ ലോകത്തെ പുതിയൊരു തുടക്കത്തിനു്‌ യോഗ്യതയുള്ളതാക്കി മാറ്റിയെടുക്കാനാവുമായിരുന്നില്ല? പക്ഷേ, ഭാവിലോകവും (മരണാനന്തര ലോകമാണു്‌ കൂടുതല്‍ പഥ്യം) അതിലെ മനുഷ്യരെ പ്രലോഭിപ്പിക്കാന്‍ പോന്ന വാഗ്ദാനങ്ങളും, ഭയപ്പെടുത്താന്‍ മതിയായ ഭീഷണികളുമൊക്കെയല്ലാതെ, ദൈവികമായ സര്‍വ്വശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ മറ്റു്‌ പ്രവര്‍ത്തനമേഖലകളൊന്നും ദൈവങ്ങള്‍ക്കും കൈമുതലായില്ല എന്നതാണു്‌ സത്യം.

അവലംബം: ബിഗ്-ബാംഗിനും പുറകിലേക്കു്‌ – മാര്‍ട്ടിന്‍ ബോയോവാള്‍ഡ്

 
2 Comments

Posted by on Aug 21, 2012 in ശാസ്ത്രം

 

Tags: , ,

സയന്‍സിലെ അന്ധവിശ്വാസം

മാധ്യമത്തില്‍ വന്നതായി ഒരു സുഹൃത്തു്‌ സൂചിപ്പിച്ച സി. രാധാകൃഷ്ണന്റെ ഒരു ലേഖനം വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്നു്‌ തോന്നി.

ലേഖനത്തിന്റെ ലിങ്ക്: http://origin-www.madhyamam.com/news/144055/120106?mid=57144

“ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു്‌ തോന്നും” എന്നു്‌ കേട്ടിട്ടുണ്ടു്‌. അതുപോലെ, ഒരുവന്‍ അന്ധവിശ്വാസി ആയാല്‍ താന്‍ കാണുന്നവര്‍ എല്ലാവരും അന്ധവിശ്വാസികളാണെന്നും ഒരുപക്ഷേ അവനു്‌ തോന്നുമായിരിക്കും. അങ്ങനെ തോന്നുന്നതു്‌ ഒരുതരം സ്വയം ന്യായീകരണത്തിനു്‌ സഹായകവുമാവാം. കണ്ണടയുടെ ഗ്ലാസുകള്‍ നിറം പിടിപ്പിച്ചതായാലും കാഴ്ചയുടെ കാര്യത്തില്‍ ഇതുപോലൊരു പ്രശ്നമുണ്ടു്‌. അതിനേക്കാളൊക്കെ ഗുരുതരമായി കാഴ്ചപ്പാടുകളെ പ്രതികൂലമായി ബാധിക്കുന്നതു്‌ മനസ്സിന്റെ കണ്ണട നിറം പിടിപ്പിച്ചതായാലാണു്‌.  അതു്‌ കണ്ണട പോലെ എടുത്തുമാറ്റി പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല. മനസ്സിലെ വര്‍ണ്ണക്കണ്ണട എടുത്തു്‌ മാറ്റാവുന്നതല്ല. അത്തരം കണ്ണടയുമായി നടക്കുന്നവര്‍ തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമാത്രമേ കാണൂ. “നാളെ ലോകാവസാനം”, “മറ്റന്നാള്‍ വിധിദിനം” മുതലായ “പ്രവചനങ്ങളുമായി” മനുഷ്യരെ ഭയപ്പെടുത്തി തന്‍കാര്യം നേടുന്നവര്‍ക്കു്‌ ലൗകിക ജീവിതത്തിന്റെ എല്ലാ ഭംഗിയും അനുയായികളുടെ മുന്നില്‍ തള്ളിപ്പറയേണ്ടതുണ്ടു്‌. ശാസ്ത്രനിഷേധം അതിന്റെ ഒരു ഭാഗമാണു്‌. അതിനുവേണ്ടി ശാസ്ത്രത്തിന്റെ തന്നെ എല്ലാവിധ ഉപാധികളും ഉപകരണങ്ങളും സ്വയം ഉപയോഗിക്കാന്‍ അവര്‍ക്കു്‌ മടിയുമില്ല.

ശാസ്ത്രം മുഴുവന്‍ അന്ധവിശ്വാസമാണെന്നു്‌ സ്ഥാപിക്കാനുള്ള വിശ്വാസിസമൂഹത്തിന്റെ അടങ്ങാത്ത ത്വരയുടെ പിന്നിലും ഇതുപോലുള്ള ചില മാനസികാവസ്ഥകളാവാം. ശാസ്ത്രത്തില്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ പണം ആവശ്യമാണു്‌. Sputnik എന്ന വാക്കു്‌ കണ്ടുപിടിച്ചവനും, “ശൂന്യാകാശയാത്രയുടെ പിതാവു്‌” എന്നു്‌ വിശേഷിപ്പിക്കപ്പെടുന്നവനും, ബാല്യത്തിലേതന്നെ ഒരു രോഗം മൂലം കേള്‍വിശേഷി നഷ്ടപ്പെട്ടവനുമായ Konstantin Ziolkowsky മൂന്നുവര്‍ഷം മോസ്ക്കോയില്‍ ഫിസിക്സും ആസ്ട്രോണമിയും മെക്കാനിക്സും ജിയോമെട്രിയും പഠിച്ചതു്‌ “ബ്ലാക്ക് ബ്രെഡ്” മാത്രം തിന്നുകൊണ്ടാണെന്നു്‌ കേട്ടിട്ടുണ്ടു്‌. അതേസമയം, സങ്കീര്‍ണ്ണവും വിലപിടിപ്പുള്ളതുമായ ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ഇന്നു്‌ ശാസ്ത്രപഠനം സാദ്ധ്യമല്ല. “പണം ഒന്നിനും പരിഹാരമല്ല”, “അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും എന്റെയടുത്തേക്കു്‌ പോരൂ”, “Poverty and humility lead to heaven” എന്നും മറ്റുമുള്ള ശര്‍ക്കര പുരട്ടിയ വാചകങ്ങള്‍ കൊണ്ടു്‌ പണമില്ലാത്തവനെ സോപ്പിട്ടും കബളിപ്പിച്ചും അവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി സമൂഹത്തിനു്‌ സാമ്പത്തികമോ വൈജ്ഞാനികമോ ആയ ഒരു പ്രയോജനവും നല്‍കാത്ത പള്ളികളും ക്ഷേത്രങ്ങളും മാനംമുട്ടെ പണിതുയര്‍ത്താനോ, സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കാനോ അല്ല ആ പണം വിനിയോഗിക്കപ്പെടുന്നതു്‌. മനുഷ്യന്റെ അറിവു്‌ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണു്‌ ശാസ്ത്രീയമായ പഠനങ്ങളില്‍ നടക്കുന്നതു്‌. അതിനായി പണം നല്‍കുന്നതിനു്‌ മുന്‍പു്‌ എന്താണു്‌ അവന്റെ പഠനലക്ഷ്യമെന്നും, നല്‍കിയശേഷം അവന്‍ അവന്റെ ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കുന്നുണ്ടോ എന്നുമെല്ലാം പരിശോധിക്കാന്‍ എല്ലാ നിയമരാഷ്ട്രങ്ങളിലും സംവിധാനങ്ങളുണ്ടു്‌. ഭാഗ്യത്തിനു്‌, ലോകത്തിലെ മുഴുവന്‍ റിപബ്ലിക്കുകളും “ബനാന”കളല്ലാത്തതുകൊണ്ടു്‌ ശാസ്ത്രവും അതിനോടൊപ്പം മനുഷ്യന്റെ അറിവും വളരുന്നുമുണ്ടു്‌.

അതുകൊണ്ടു്‌ ശാസ്ത്രലോകം എന്നതു്‌ മാലാഖമാര്‍ മാത്രം വിഹരിക്കുന്ന ഒരു ലോകമാണെന്നൊന്നും അര്‍ത്ഥവുമില്ല. മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരും ഉള്ളതുപോലെ, ശാസ്ത്രജ്ഞരുടെ ഇടയില്‍ ഇല്ലാതിരിക്കണമെങ്കില്‍ അവര്‍ മനുഷ്യര്‍ അല്ലാതിരിക്കണം. ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതു്‌ അതൊന്നുമല്ല. ഭാരതം പോലെ അജ്ഞരും അന്ധവിശ്വാസികളും നിറഞ്ഞ ഒരു സമൂഹത്തില്‍ ശാസ്ത്രമെന്നാല്‍ പൈശാചികമായ എന്തോ ആണെന്നും, അതിനോടു്‌ മനുഷ്യര്‍ക്കു്‌ അവജ്ഞയാണു്‌ തോന്നേണ്ടതെന്നും ധ്വനിപ്പിക്കുന്ന തരത്തിലുള്ള ആത്മീയപ്രഭാഷണങ്ങള്‍ “ബോധവത്കരിക്കപ്പെട്ടവന്‍” എന്നു്‌ സാമാന്യജനം ചിന്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ അതു്‌ ഒരു ക്രിമിനല്‍ കുറ്റത്തിനു്‌ തുല്യമായ ചിന്താശൂന്യതയാണു്‌. ഒരു ശാസ്ത്രജ്ഞന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തുന്നതു്‌ രോഗശാന്തിയും കുടുംബസമാധാനവും തേടി ഏതെങ്കിലും “ആസാമികളെ” ചുറ്റിപ്പൊതിയുന്ന വിഭാഗത്തില്‍ പെട്ട മനുഷ്യരല്ല എന്നാണു്‌ ഞാന്‍ കരുതുന്നതു്‌.

ആരുടെയെങ്കിലും പഠനങ്ങളും പരീക്ഷണങ്ങളും അന്തര്‍ദേശീയതലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയെങ്കില്‍ അതു്‌ തീര്‍ച്ചയായും അപലപനീയമാണു്‌. പക്ഷേ, അതു്‌ ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞനെ പഠിപ്പിക്കേണ്ട പാഠം, എന്റെ കാഴ്ചപ്പാടില്‍, ജനങ്ങളെ ആത്മീയതയിലേക്കു്‌ ആട്ടിയോടിക്കുക എന്നതല്ല, അവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം ഉയര്‍ന്നു്‌ വരത്തക്കവിധത്തില്‍ അവരില്‍ ശാസ്ത്രബോധത്തിന്റെ വിത്തുകള്‍ പാകുക എന്നതാണു്‌. മിക്കവാറും എല്ലാവരും ഭക്തരായ ഭാരതത്തില്‍ ആത്മീയത പ്രസംഗിക്കുന്നതു്‌ ഒഴുക്കിനൊപ്പം ഒഴുകലാണെന്നതിനാല്‍ പ്രത്യേകം നീന്തേണ്ട ആവശ്യമില്ല എന്നതു്‌ ശരിതന്നെ. പക്ഷേ, ജനങ്ങളെ വേദം ഉപദേശിക്കുകയാണു്‌ ഒരു വിദ്യാസമ്പന്നന്റെ ലക്ഷ്യമെങ്കില്‍, ലക്ഷങ്ങളും കോടികളും മുടക്കി ഭാരതീയസമൂഹം എന്തിനു്‌ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ദ്ധരെയുമൊക്കെ സൃഷ്ടിച്ചെടുക്കുന്നു എന്നെനിക്കറിയില്ല. ഒരു ശാസ്ത്രജ്ഞന്‍, അവനില്‍ അല്പമെങ്കിലും ശാസ്ത്രബോധം അവശേഷിച്ചിട്ടുണ്ടെങ്കില്‍, ഒരു പത്തുമിനിട്ട് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ നീക്കിവയ്ക്കുന്നതു്‌ നന്നായിരിക്കുമെന്നാണു്‌ എന്റെ അഭിപ്രായം.

ഇന്നു്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ ശാസ്ത്രജ്ഞരിൽ ഒരുവനാണു്‌ Stephen Hawking. അതുകൊണ്ടു്‌ ഹോക്കിംഗിന്റെ തത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നില്ല.  ഹോക്കിംഗ് പൂണൂല്‍ ധരിച്ചിട്ടുണ്ടോ, അങ്ങേര്‍ ആര്‍ക്കൊക്കെ പൂണൂല്‍ നല്‍കിയിട്ടുണ്ടു്‌, ഇതൊന്നും ആശയപരമായി, വസ്തുതാപരമായി ഹോക്കിംഗിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരെ അലട്ടുന്നില്ല. പലരും ഹോക്കിംഗിന്റെ തത്വങ്ങളെ ഭാഗികമായിട്ടെങ്കിലും ചോദ്യം ചെയ്യുന്നുമുണ്ടു്‌. അതു്‌ വിശ്വാസിസമൂഹം ചെയ്യുന്നതുപോലെ, ഹോക്കിംഗിന്റെ രോഗത്തെയോ, മറ്റു്‌ വ്യക്തിപരമായ കാര്യങ്ങളെയോ പരിഹസിച്ചുകൊണ്ടല്ല. ദൈനംദിനജീവിതവുമായി നേരിട്ടു്‌ ബന്ധമൊന്നുമില്ലാത്തവ ആയതിനാല്‍ ശാസ്ത്രലോകത്തിലെ ഏതാനും വ്യക്തികളുടെ താത്പര്യം മാത്രമേ ഇതുവരെ ഹോക്കിംഗിന്റെ തത്വങ്ങള്‍ സജീവമായി ഉണര്‍ത്തിയിട്ടുള്ളു. ആ സ്ഥിതിക്കു്‌ അവയുടെ വിമര്‍ശനങ്ങള്‍ തത്കാലം അതിലും ചെറിയ പ്രൊഫഷണല്‍ സര്‍ക്കിളുകളിലായി ഒതുങ്ങേണ്ടി വരുമെന്നതു്‌ സ്വാഭാവികം. മകരജ്യോതി ഒരു നക്ഷത്രമാണെന്നും, മകരവിളക്കു്‌ ആരോ ചൂട്ടു്‌ കത്തിക്കുന്നതാണെന്നും വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും വഴി തെളിയിച്ചിട്ടും അതിലെല്ലാം ദൈവികതയും അത്ഭുതവും കാണുന്നവരെ ഉന്നത ഗണിതശാസ്ത്രത്തിന്റെ സഹായത്താല്‍ മാത്രം ഇഴപിരിക്കാന്‍ കഴിയുന്ന ആഴമേറിയ പ്രപഞ്ചരഹസ്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എവിടെയെത്തുമെന്നു്‌ ആലോചിച്ചാല്‍ മതി. വിശ്വാസികളുടെ ഈ വിഡ്ഢിസാമ്രാജ്യത്തില്‍ “ശാസ്ത്രജ്ഞന്‍” എന്ന പദവിയുമായി ഒരുവന്‍ പ്രത്യക്ഷപ്പെട്ടു്‌ ശാസ്ത്രം പറയുന്ന കാര്യങ്ങളും, ശാസ്ത്രം തന്നെയും വ്യാജമാണെന്നും, ശാസ്ത്രജ്ഞരുടെയിടയില്‍ “ചാതുര്‍വര്‍ണ്ണ്യം”  സംഹാരതാണ്ഡവം ആടുകയാണെന്നുമൊക്കെ അവകാശപ്പെട്ടാല്‍ അതിനു്‌ അവരുടെയിടയില്‍ “ആധികാരികത” ലഭിക്കുന്നതില്‍ അത്ഭുതത്തിനു്‌ വകയൊന്നുമില്ല. വോട്ടുബാങ്കു്‌ കാണിച്ചു്‌ രാഷ്ട്രീയത്തെ വശത്താക്കി മതങ്ങളെ വിമര്‍ശിക്കുന്നതിനെ നിരോധിക്കുന്നതുപോലുള്ള വിലക്കൊന്നും ശാസ്ത്രത്തെ വിമര്‍ശിക്കുന്നതിനില്ല. പക്ഷേ, ആ വിമര്‍ശനത്തിനു്‌ – ഏതു്‌ വിമര്‍ശനത്തിനും – ലോജിക്കലി കണ്‍സിസ്റ്റന്റ് ആയ ഒരു രീതിശാസ്ത്രം വേണം. അല്ലെങ്കില്‍ അതു്‌ ഏറിയാല്‍ പിച്ചും പേയുമോ, കുറഞ്ഞാല്‍ കൊതിക്കെറുവു്‌ പറച്ചിലോ മാത്രമായേ വിശ്വാസികള്‍ അല്ലാത്തവര്‍ വിലയിരുത്തുകയുള്ളു.

ടാക്യോണുകള്‍ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന “സാങ്കല്പിക” കണികകളാണു്‌. ഇവയുടെ താത്വികമായ സാദ്ധ്യതയെപ്പറ്റിയുള്ള ഹൈപോതെസിസിന്റെ ഉപജ്ഞാതാവായി ജര്‍മ്മന്‍ ഫിസിസിസ്റ്റ് ആയിരുന്ന ആര്‍നോള്‍ഡ് സൊമ്മര്‍ഫെല്‍ഡ് (1868 – 1951) കണക്കാക്കപ്പെടുന്നു. സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയിലെ സമവാക്യങ്ങള്‍ക്കു്‌ പല സൊല്യൂഷനുകളുണ്ടു്‌. അതിലൊന്നിന്റെ അടിസ്ഥാനത്തില്‍ സാധാരണ ദ്രവ്യത്തിനു്‌ എപ്പോഴും പ്രകാശവേഗതയില്‍ താഴെ മാത്രമേ സഞ്ചരിക്കാനാവൂ. മറ്റൊരു സൊല്യൂഷന്‍ പ്രകാരം മറ്റുചില കണങ്ങള്‍ക്കു്‌ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. അവയെ പ്രകാശവേഗതയിലേക്കു്‌ പരിമിതപ്പെടുത്താന്‍ ആവുകയുമില്ല. 1962-ല്‍ Olexa-Myron Bilaniuk, Vijay Deshpande and E. C. G. Sudarshan എന്നിവര്‍ ഈ സാദ്ധ്യത ചൂണ്ടിക്കാണിക്കുകയുണ്ടായി. അവരുമായി ബന്ധമില്ലാതെ Jakow Petrowitsch Terlezki എന്ന റഷ്യന്‍ ഫിസിസിസ്റ്റും അറുപതുകളുടെ തുടക്കത്തില്‍ ഇതേ വസ്തുത വെളിപ്പെടുത്തുകയുണ്ടായി. 1967- ല്‍ കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍ ആയിരുന്ന Gerald Feinberg ആണു്‌ ഈ കണങ്ങളെ Tachyons എന്നു്‌ നാമകരണം ചെയ്തതു്‌. 1958-ല്‍ രണ്ടുതരം ന്യൂട്രിനോകളുടെ അസ്തിത്വം “പ്രവചിച്ചതും” ഫെയ്ന്‍ബെര്‍ഗ് ആണു്‌. അതു്‌ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മൂന്നു്‌ സഹപ്രവര്‍ത്തകര്‍ക്കു്‌ നോബല്‍ പ്രൈസ് ലഭിക്കുകയുമുണ്ടായി. തന്റെ പ്രവചനത്തിനു്‌ നോബല്‍ പ്രൈസ് കിട്ടാത്തതിന്റെ പേരില്‍ ഫെയ്ന്‍ബെര്‍ഗ് കരഞ്ഞുവിളിച്ചു്‌ നടന്നിരുന്നോ എന്നറിയില്ല.

ചുരുക്കത്തില്‍, പ്രകാശവേഗതയേക്കാള്‍ കൂടിയ വേഗത, ഒരു ഹൈപോതെസിസ് എന്ന രൂപത്തിലെങ്കിലും, 1951-ല്‍ മരണമടഞ്ഞ സൊമ്മര്‍ഫെല്‍ഡിന്റെ വകയായി നിലവിലുണ്ടു്‌. പക്ഷേ താത്വികമായ നിഗമനങ്ങള്‍ തെളിവുകളല്ല. ഒരു ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചു്‌ കണങ്ങളെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമൊക്കെ പഠനം നടത്തണമെങ്കില്‍ ആദ്യം അതുപോലൊരു ഉപകരണം നിര്‍മ്മിക്കപ്പെടണം. എവിടെയെങ്കിലും ഒരു പന ഒടിഞ്ഞുവീണാല്‍ അവശേഷിക്കുന്ന കുറ്റി യക്ഷിയോ ശിവനോ ആണെന്നു്‌ കരുതി തടിച്ചുകൂടുന്ന മനുഷ്യര്‍ ഇന്നും കേരളത്തിലുണ്ടു്‌. അതുപോലുള്ളവര്‍ കാള പെറ്റെന്നു്‌ കേട്ടാല്‍ കയറുമായി നാടുനീളെയുള്ള തൊഴുത്തുകള്‍ കയറിയിറങ്ങുന്നതും മനസ്സിലാക്കാവുന്ന കാര്യമാണു്‌. പക്ഷേ, അതില്‍ “ശാസ്ത്രം” ഒന്നുമില്ല. മാത്രവുമല്ല, ഒരു ശാസ്ത്രജ്ഞന്‍ അതിനു്‌ കൊടി പിടിക്കുക കൂടി ചെയ്താല്‍ അതു്‌ അങ്ങേയറ്റം പരിഹാസ്യവുമാണു്‌.

CERN-ലെ ചില പരീക്ഷണങ്ങളില്‍ ന്യൂട്രീനോകളുടെ വേഗത പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയതായി കാണപ്പെട്ടെങ്കില്‍, അതു്‌ ഒരു “പനങ്കുറ്റി ശിവന്‍” പോലെയുള്ള അത്ഭുതമോ, ആര്‍ക്കും അതുവരെ അറിയാമായിരുന്നില്ലാത്ത ഒരു രഹസ്യം ശാസ്ത്രലോകത്തെ നാണംകെടുത്താനെന്നോണം ആകാശത്തില്‍ നിന്നും CERN-ലേക്കു്‌ പൊട്ടിവീണ ഒരു ദിവ്യജ്യോതിയോ ഒന്നുമായിരുന്നില്ല. CERN-ലെ പരീക്ഷണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു്‌ അറിയണമെങ്കില്‍ ഒന്നുകില്‍ അതു്‌ യുണീക് ആയിരിക്കണം, അല്ലെങ്കില്‍ അതു്‌ മറ്റു്‌ സ്ഥലങ്ങളിലെ പരീക്ഷണങ്ങളുടെ ഫലങ്ങളുമായുള്ള താരതമ്യം വഴി സ്ഥിരീകരിക്കപ്പെടണം. അതിനുശേഷം അതിനു്‌ ശാസ്ത്രലോകത്തില്‍ അംഗീകാരം ലഭിക്കാന്‍ തടസ്സമൊന്നുമില്ല. അതുകൊണ്ടു്‌ മറ്റാര്‍ക്കും എതിരഭിപ്രായമൊന്നും ഉണ്ടാവാന്‍ പാടില്ല എന്നൊന്നുമില്ലതാനും. മനുഷ്യര്‍ ഇന്നതേ ചിന്തിക്കാവൂ എന്നു്‌ പറയാന്‍ ആര്‍ക്കവകാശം? അതിലെന്തു്‌ ശാസ്ത്രം? ശാസ്ത്രം ഒരു ഐഡിയോളജിയല്ല. ന്യൂട്രീനോകള്‍ക്കു്‌ പ്രകാശകണികകളെക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നു്‌ യുക്തിസഹമായി തെളിയിക്കപ്പെട്ടാല്‍ എതിരഭിപ്രായക്കാരനായിരുന്ന ഒരു “ശാസ്ത്രജ്ഞബ്രാഹ്മണനും” പൂണൂലില്‍ കെട്ടിത്തൂങ്ങി ചാവുകയുമില്ല. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു – “ഒന്നുകില്‍ കീഴ്പെടുക, അല്ലെങ്കില്‍ ചാവുക” എന്ന “ദൈവവചനം” അരങ്ങു്‌ വാണിരുന്ന ഒരു ഭൂതകാലം. ഭാഗ്യത്തിനു്‌, മതങ്ങള്‍ക്കു്‌ സര്‍വ്വാധികാരം ഉണ്ടായിരുന്ന അത്തരം സമൂഹങ്ങളില്‍ ആരും ഇന്നു്‌ ശാസ്ത്രവിമര്‍ശനവുമായി വിഡ്ഢിവേഷം കെട്ടാറില്ല – അത്രത്തോളം വളരാന്‍ അവര്‍ക്കു്‌ കുറെ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എങ്കിലും. ഭാരതം ഒരുപക്ഷേ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാവുന്ന വളര്‍ച്ച.

ലേഖനത്തിലെ ഒരു ചെറിയ നോട്ടപ്പിശകുകൂടി ചൂണ്ടിക്കാണിക്കുന്നു: “വിദ്യുത്കാന്തബലവും ലഘു ആണവബലവും സംയോജിപ്പിച്ച് “ഇലക്ട്രോ വീക്ക്”(electro- weak) ബലം എന്ന ആശയം അദ്ദേഹമാണ് (E. C. G. Sudarshan) ആദ്യമായി അവതരിപ്പിച്ചത്. പക്ഷേ, അതിന്‍െറ പേരില്‍ നൊബേല്‍ സമ്മാനം നല്‍കിയത് മറ്റ് രണ്ടാള്‍ക്കും!”  അതിന്റെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ചതു്‌ രണ്ടുപേര്‍ക്കായിരുന്നില്ല, മൂന്നുപേര്‍ക്കായിരുന്നു. അവര്‍ ഇവരാണു്‌: Steven Weinberg, Sheldon Glashow and Abdus Salam.

E. C. G. Sudarshan-നെപ്പറ്റി വിക്കിപ്പീഡിയ നല്‍കുന്ന വിവരത്തില്‍ നിന്നും ഒരു വാക്യം:

“He is also deeply interested in Vedanta, on which he lectures frequently.”

വേദാന്തവും, ഭഗവദ് ഗീതയുമൊക്കെ ശ്രീ സി. രാധാകൃഷ്ണന്റെയും ഇഷ്ടവിഷയങ്ങളായതുകൊണ്ടു്‌ സൂചിപ്പിച്ചെന്നേയുള്ളു.

 
9 Comments

Posted by on Jan 7, 2012 in ശാസ്ത്രം

 

Tags: , ,

സ്ഥലകാലരൂപാന്തരീകരണം

സ്ഥലത്തിനും കാലത്തിനും (space, time) സംഭവിക്കുന്ന രൂപാന്തരീകരണം എന്നതു് രാസപ്രവർത്തനങ്ങളിലും മറ്റു് ഭൗതികപ്രക്രിയകളിലും സംഭവിക്കുന്ന മാറ്റങ്ങളിൽ നിന്നും വ്യത്യസ്തമായി മനസ്സിലാക്കേണ്ടതുണ്ടു്. സോഡിയം ക്ലോറൈഡും സൾഫ്യൂറിക്‌ ആസിഡും ചേർന്നു് സോഡിയം സൾഫേറ്റും ഹൈഡ്രജൻ ക്ലോറൈഡും ഉണ്ടാവുന്നതുപോലെയോ, ജീവജാലങ്ങളിൽ ജനനം മുതൽ മരണം വരെയും അതിനു് ശേഷവും സംഭവിക്കുന്ന പരിണാമങ്ങൾ പോലെയോ ഉള്ള മാറ്റങ്ങളല്ല സ്ഥലകാലങ്ങളുടെ രൂപാന്തരീകരണം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. സ്ഥലം എന്നതു് നീളം വീതി ഉയരം (ഘനം) എന്നീ മൂന്നു് അളവുകൾ കൊണ്ടു് നിർവചിക്കപ്പെടാവുന്നതാണു്. ഇവ മൂന്നും പരസ്പരാശ്രയമില്ലാത്തവിധം പരമമോ സ്വതന്ത്രമോ ആയ “ഡൈമെൻഷനുകൾ” അല്ല. ഈ മൂന്നു് മാനങ്ങളും വീക്ഷകന്റെ സ്ഥാനത്തിനു് അനുസരിച്ചു് മാറ്റം സംഭവിക്കാവുന്നവയാണു്.

ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ നിൽക്കുന്നവന്റെ മുകൾവശം ഭൂഗോളത്തിൽ അവനു് നേരെ എതിർവശത്തായി നിൽക്കുന്ന ഒരുവന്റെ കാഴ്ചപ്പാടിൽ താഴ്‌വശമാണെന്നതിനാൽ, അവനു് സുന്ദരമായൊരു “ഹായ്‌” നിമിഷത്തിൽ ഭൂമി തുരക്കണമെന്നു് തോന്നുകയും, തുരന്നുതുരന്നു് നരകവും കടന്നു് ഭൂമിക്കപ്പുറമെത്തിയിട്ടും തുരക്കൽ നിറുത്താൻ തോന്നാതിരിക്കുകയും ചെയ്താൽ ഒന്നാമന്റെ ആകാശപ്പന്തലിലാവും തുള വീഴുന്നതു്. (ബൈബിൾ സാക്ഷ്യപ്പെടുത്തുന്നതു് ശരിയാണെങ്കിൽ, അതുവഴി ആകാശത്തിനു് മുകളിൽ ദൈവം ശേഖരിച്ചു് വച്ചിരിക്കുന്ന ജലം ആകെമൊത്തം താഴേക്കൊഴുകി അവന്റെ ലോകത്തെ മുഴുവൻ മൂടുന്ന ഒരു രണ്ടാം മഹാപ്രളയത്തിനു് അതു് കാരണമായിക്കൂടെന്നുമില്ല. തുളയടക്കാൻ പരിശീലനം ലഭിച്ച പ്ലംബർമാർ സ്വർഗ്ഗത്തിലുണ്ടോ ആവോ. ഏതായാലും എല്ലാ ഭൂലോകവാസികളും നോഹയെ മാതൃകയാക്കി ഒരു കുടുംബത്തിനു് ഒന്നു് എന്ന കണക്കിൽ ഓരോ പെട്ടകം തട്ടിക്കൂട്ടി തട്ടുമ്പുറത്തു് സൂക്ഷിക്കുന്നതു് നല്ലതാണു്. ഭൂമി തുരക്കണം എന്ന തോന്നൽ ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നതിനാൽ അതുപോലൊരു മുൻകരുതൽ അതിജീവനത്തിനു് സഹായിക്കും. പറമ്പിൽ വേണ്ടത്ര സ്ഥലമുണ്ടെങ്കിൽ ഒരു മൃഗശാല തുടങ്ങി അവിടെ എല്ലാ ഇനത്തിലും പെട്ട ജീവികളുടെയും ഇണകളെ വളർത്തുന്നതും നന്നായിരിക്കും. അവ പ്രത്യുത്പാദനശേഷിയുള്ളവയാണെന്നു് നിരന്തരം പരിശോധിച്ചു് ഉറപ്പുവരുത്താനും മറക്കണ്ട.) ഇത്രയൊക്കെയായിട്ടും, തുടങ്ങിയ ചർച്ച നിറുത്താൻ കഴിയാത്ത വിശ്വാസികളെപ്പോലെ, തുടങ്ങിയ തുരക്കൽ നിറുത്താൻ അവനു് കഴിയാതിരിക്കുകയോ തോന്നാതിരിക്കുകയോ ചെയ്താൽ ദൈവത്തിന്റെ സിഹാസനവും, ദൈവം സിംഹാസനത്തിൽ നിന്നും ഇറങ്ങി ഓടാതിരുന്നാൽ ദൈവത്തെത്തന്നെയും അവൻ തുളച്ചു് നാശമാക്കും. എന്നാൽ അവന്റെ സ്വന്തം ആകാശത്തിനോ, ദൈവത്തിനോ, ദൈവസിംഹാസനത്തിനോ തകരാറൊന്നും സംഭവിക്കുകയുമില്ല. തുരക്കൽ തുടർന്നു് പ്രപഞ്ചത്തിനു് അപ്പുറമെത്തിയിട്ടും ആ ചങ്ങാതി നിറുത്താൻ ഭാവമില്ലെങ്കിൽ എന്തു് സംഭവിക്കുമെന്ന കാര്യം എനിക്കറിയില്ല. അതു് അറിയണമെന്നു് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ അവർ ഏതെങ്കിലും വിശ്വാസികളെ സമീപിക്കുക എന്നേ പറയാനുള്ളു. അതീന്ദ്രിയജ്ഞാനികളും പ്രപഞ്ചത്തിനപ്പുറമുള്ള ദൈവത്തിനു് ദിവസേന പലവട്ടം ഷേക്ക്‌ ഹാൻഡ്‌ കൊടുക്കുന്നവരുമാണല്ലോ അവർ! പ്രപഞ്ചാതീതവും ഇന്ദ്രിയാതീതവുമൊക്കെ ആയ കാര്യങ്ങൾ അറിയാനും പറയാനും അപഗ്രഥിക്കാനും കഴിവുള്ളവരായി അവരല്ലാതെ മറ്റാരെങ്കിലും ലോകത്തിൽ എവിടെയെങ്കിലും ഉള്ളതായി എനിക്കു് കേട്ടുകേൾവി പോലും ഇല്ല. (ഒരൽപം തമാശയും വേണം, അല്ലെങ്കിൽ ആരും ശവമടക്കിനു് വരില്ല എന്നാണല്ലോ പഴഞ്ചൊല്ല്.)

ഉയരവും താഴ്ചയും പോലെതന്നെ, അനുയോജ്യമായ രീതിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞുനിന്നുകൊണ്ടു് വീക്ഷിക്കുകയേ വേണ്ടൂ, നീളവും വീതിയും തമ്മിലും മാറിമറിയാൻ. അതിനാൽ, സ്ഥലത്തെ ത്രിമാനമായ ഒരു അഭിന്നതയായിട്ടല്ലാതെ മൂന്നു് വ്യത്യസ്തമായ ദിശകളായി പരിഗണിക്കുന്നതിൽ അർത്ഥമില്ല. സ്ഥലത്തിന്റെ ഡൈമെൻഷനുകൾക്കു് രൂപാന്തരീകരണം സംഭവിക്കുന്നു എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് വീക്ഷണകോണിൽ അധിഷ്ഠിതമായ ഈ മാറ്റമാണു്.

സ്ഥലവും കാലവും തമ്മിൽ രൂപാന്തരീകരണം സംഭവിക്കുന്നതും ഏതാണ്ടു് ഇതേ അർത്ഥത്തിലാണു്. സ്ഥലത്തിന്റെ കാര്യത്തിൽ ത്രിമാനങ്ങൾക്കു് പരസ്പരം രൂപാന്തരീകരണം സംഭവിക്കുന്നതു് വീക്ഷകന്റെ സ്ഥാനത്തിൽ വരുന്ന മാറ്റം വഴി, അഥവാ, അവന്റെ വീക്ഷണകോണിൽ സംഭവിക്കുന്ന മാറ്റം വഴിയാണെങ്കിൽ, സ്ഥലത്തിനും കാലത്തിനും പരസ്പരം സംഭവിക്കുന്ന രൂപാന്തരീകരണം മനസ്സിലാക്കാൻ അവ രണ്ടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അളവിനെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. അതുപോലൊരു അളവാണു് വേഗത (speed). പൊതുവെ പറഞ്ഞാൽ, ഒരു വസ്തു പിന്നിട്ട ദൂരത്തെ അതിനു് വേണ്ടിവന്ന സമയം കൊണ്ടു് ഹരിക്കുമ്പോൾ കിട്ടുന്നതാണു് സ്പീഡ്‌. (ചലനത്തിന്റെ ദിശയും പിന്നിട്ട ദൂരവും ഉൾപ്പെടുത്തിക്കൊണ്ടുള്ളതും ഒരു വെക്ടർ ക്വാണ്ടിറ്റിയുമായ velocity-യെ ഇവിടെ ഒഴിവാക്കുന്നു. എന്തിനു് അനാവശ്യമായ ഭാരങ്ങൾ വേണ്ടാത്തിടത്തേക്കു് ചുമന്നുകൊണ്ടു് ചെല്ലണം? അതു് ശല്യമേ ആവൂ). ഒരു അളവെന്ന നിലയിൽ വേഗതയുടെ കാര്യത്തിൽ, വസ്തുവിന്റെ സ്ഥാനത്തിൽ മാറ്റം വരുന്നതുവഴി സ്ഥലവും, അതിനു് വേണ്ടിവരുന്ന സമയം ഉൾപ്പെടുത്തുന്നതുവഴി കാലവും ഭാഗഭാക്കുകളാവുന്നു. വ്യത്യസ്ത വേഗതയിൽ സഞ്ചരിച്ചുകൊണ്ടു് ഒരു സംഭവത്തെ വീക്ഷിക്കുന്ന രണ്ടുപേർക്കു് അതു് സംഭവിക്കുന്ന കാലത്തിന്റെയും സമയത്തിന്റെയും അകലങ്ങൾ വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. മറ്റു് വാക്കുകളിൽ, വീക്ഷകന്റെ ചലനവേഗതയിൽ വരുന്ന വ്യത്യാസം സ്ഥലകാലങ്ങളുടെ പരസ്പരമുള്ള രൂപാന്തരീകരണത്തിനു് കാരണമാകുന്നു. സാധാരണ വേഗതകളിൽ അവഗണനീയമായവിധം ചെറുതായതിനാൽ അനുഭവവേദ്യമല്ലെങ്കിലും പ്രകാശത്തിന്റേതിനോടടുത്ത ഉയർന്ന വേഗതകളിൽ നീളം ചുരുങ്ങുന്നു, സമയം സാവകാശമാകുന്നു, പിണ്ഡം വർദ്ധിക്കുന്നു. അതായതു്, സ്ഥലത്തിന്റെ മൂന്നു് ദിശകൾ ത്രിമാനമായ ഒരു ‘വസ്തു’ ആകുന്നതുപോലെ, വീക്ഷകന്റെ അഭാവത്തിൽ അടിസ്ഥാനരഹിതമായ സ്ഥലവും കാലവും വീക്ഷകന്റെ ഗതിവേഗതാനുസൃതമായി രണ്ടു് വ്യത്യസ്ത മാനങ്ങളായി വേർതിരിക്കപ്പെടാനാവാത്ത സ്ഥല-കാലം (space-time) എന്ന ഒരു “വസ്തു” ആയി മാറുന്നു. സത്യത്തിൽ ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി പറയുന്നതും മറ്റൊന്നല്ല.

ന്യൂട്ടൺസ്‌ ലോ ഓഫ്‌ യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ അനുസരിച്ചു് രണ്ടു് പിണ്ഡങ്ങൾ തമ്മിലുള്ള ആകർഷണശക്തി അവയുടെ പിണ്ഡങ്ങളുടെ ഗുണനഫലത്തിനു് ആനുപാതികവും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു് വിപരീതാനുപാതികവുമാണു്. ഈ പ്രൊപ്പോർഷണാലിറ്റിയെ ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ്‌ ഉപയോഗിച്ചു് ഒരു സമവാക്യമാക്കുമ്പോൾ ആകർഷണശക്തിയുടെ കൃത്യമായ മൂല്യം ലഭിക്കും (inverse square law). ആകർഷണശക്തി കണക്കാക്കാൻ പിണ്ഡവും ദൂരവും ഒരു കോൺസ്റ്റന്റും മാത്രമേ ആവശ്യമുള്ളു എന്നതിൽ നിന്നും ന്യൂട്ടന്റെ ആകർഷണനിയമത്തിൽ സമയം ഒരു ഘടകമല്ല എന്നു് വ്യക്തമാവുന്നു. പക്ഷേ, അൽപം ശ്രദ്ധിച്ചാൽ ഈ നിയമത്തിൽ ചില അപാകതകളുണ്ടെന്നു് മനസ്സിലാക്കാം. ഈ നിയമപ്രകാരം പിണ്ഡങ്ങൾ തമ്മിലുള്ള ദൂരം എത്രയായാലും ആകർഷണം സംഭവിക്കുന്നതു് സമയനഷ്ടമില്ലാതെ ആയിരിക്കും. വസ്തുക്കൾ വ്യത്യസ്തസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നതു് ഒരേ സമയത്താണെങ്കിൽ പ്രശ്നമൊന്നുമില്ലെന്നു് ചുരുക്കം. പരസ്പരം അകന്നു് സ്ഥിതിചെയ്യുന്ന രണ്ടു് വസ്തുക്കൾ തമ്മിൽ ആകർഷണം സാദ്ധ്യമാവണമെങ്കിൽ, അവ തമ്മിൽ ഒരു ശക്തിയുടെ വ്യാപനം ആവശ്യമാണെന്നതിനാൽ, സമയം ഒരു ഘടകം ആവാതെ നിവൃത്തിയില്ല. വസ്തുക്കൾ തമ്മിൽ ഒരു ശക്തി (തരംഗരൂപത്തിലാവട്ടെ, കണികാരൂപത്തിലാവട്ടെ) കൈമാറ്റം ചെയ്യപ്പെടാൻ സമയം ആവശ്യമാണല്ലോ. പക്ഷേ, ന്യൂട്ടന്റെ കാലത്തു് (അതിനുശേഷം ഒന്നുരണ്ടു് നൂറ്റാണ്ടുകളിൽ പോലും) നിലവിലിരുന്ന ധാരണകൾ സ്പെയ്സിലെ വസ്തുക്കളുടെ സ്ഥാനത്തിനും ദൂരത്തിനും മാറ്റം സംഭവിക്കാമെങ്കിലും, സ്ഥലം എന്നതു് അതിൽത്തന്നെ മാറ്റമില്ലാത്തതാണെന്നും, സമയം ഈവക കാര്യങ്ങളുമായി ബന്ധമൊന്നുമില്ലാതെ സ്വച്ഛന്ദം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നുമൊക്കെ ആയിരുന്നതിനാൽ അതൊരു പ്രശ്നമായി ആർക്കും തോന്നിയില്ല. എങ്കിൽത്തന്നെയും, അകന്നുനിൽക്കുന്ന വസ്തുക്കൾ തമ്മിൽ സമയബന്ധിതമല്ലാതെ സംഭവിക്കുന്ന ആകർഷണത്തിനു് അനുയോജ്യമായ ഒരു വിശദീകരണം നൽകാൻ ആവാത്തതിൽ ന്യൂട്ടൺ അത്ര സംതൃപ്തനായിരുന്നില്ല. ഈ പ്രശ്നത്തിന്റെ വിശദീകരണവും പരിഹാരവുമായാണു് ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി രംഗപ്രവേശം ചെയ്തതു്.

ഐൻസ്റ്റൈന്റെ ഈ തിയറി ഇടപെടുന്നതു് പ്രകാശത്തിന്റേതിനോടോ അതിനോടടുത്തതോ ആയ വേഗതയുടെ ലോകത്തിലാണു്. ന്യൂട്ടന്റെ ആകർഷണശക്തിയിൽ സമയം ഒരു ഘടകമല്ലാതിരുന്നതു് ആദ്യകാലത്തു് ആർക്കും ഒരു പ്രശ്നമാവാതിരുന്നതും പ്രകാശവേഗതയുമായി തട്ടിച്ചുനോക്കുമ്പോൾ ദൈനംദിന ജീവിതത്തിലെ ഗതിവേഗതകൾ അവഗണനീയമായ വിധം ചെറുതായതിനാലാണു്. കടിയനായ ഒരു പട്ടി പുറകെ എത്തുമ്പോഴും ഒരു കംഗാരുവിന്റെ വേഗതയിൽ പോലും ഓടാൻ സാധിക്കാത്ത മനുഷ്യനെ പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയിൽ സ്ഥലകാലങ്ങൾക്കു് സംഭവിക്കുന്ന മാറ്റങ്ങളും മറ്റും എന്തിനു് അലട്ടണം? എങ്കിലും, അസാദ്ധ്യമായ കാര്യങ്ങൾ പോലും ഭാവനയിൽ കാണാൻ ശേഷിയുള്ള ഒരു ജീവിയാണു് മനുഷ്യൻ. സകലമാന ദൈവങ്ങളും പിശാചുക്കളും മാലാഖമാരും ജിന്നും ബ്രാണ്ടിയുമൊക്കെ ജന്മമെടുക്കുന്നതും ആ ലോകത്തിലാണു്. അതെല്ലാം വസ്തുതകളാണെന്നു് വിശ്വസിക്കാൻ കുറെപ്പേർ തയ്യാറാവുമ്പോൾ വിശ്വാസിസമൂഹങ്ങളും മതങ്ങളും രൂപംകൊള്ളുന്നു. എന്റെ ഭ്രാന്താണു് നിന്റേതിനേക്കാൾ ശരിക്കും മൂത്തുവിളഞ്ഞ ഒറിജിനൽ ഭ്രാന്തു് എന്ന വിശ്വാസം വ്യത്യസ്ത മതങ്ങളിൽ ഉത്തമബോദ്ധ്യമായി മാറുന്നതോടെ മതങ്ങൾ തമ്മിലുള്ള സ്പർദ്ധയും ചാവേറുകളുടെ ചാകരയും ആരംഭിക്കുന്നു. ചിന്താപരീക്ഷണങ്ങളുടെ ഒരു മാസ്റ്റർ ആയിരുന്ന ഐൻസ്റ്റൈനും ഏതാണ്ടു് ഇതുപോലൊരു ലോകത്തിൽ ഏറെ സമയം ചിലവിട്ടിരുന്ന വ്യക്തിയാണു്. പക്ഷേ, ആവശ്യത്തിലേറെ ദൈവങ്ങളും മതങ്ങളും അതിനോടകം സൃഷ്ടിക്കപെട്ടു് കഴിഞ്ഞിരുന്നതിനാലാവാം, ഐൻസ്റ്റൈൻ ദൈവത്തിന്റേയും ആദ്ധ്യാത്മികതയുടെയും മായാലോകങ്ങളെയെല്ലാം ഒഴിവാക്കി പ്രകാശത്തിന്റെ വേഗത, ഫോട്ടോഎലക്ട്രിക്‌ എഫെക്റ്റ്‌ മുതലായ പഠിക്കാനും തെളിയിക്കാനും കഴിയുന്നതും, ദൈവത്തെപ്പോലെ ഒത്തിരി വലുതല്ലാത്തതും തീരെ ‘കുഞ്ഞിങ്ങാരി’ ആയതുമായ ഭൗതികയാഥാർത്ഥ്യങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയതു്.

സാമാന്യലോകത്തിൽ വേഗതകളെ തമ്മിൽ കൂട്ടാനും കുറയ്ക്കാനുമൊക്കെ സാധിക്കും. മണിക്കൂറിൽ 400 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ഒരു ട്രെയിനിന്റെ ഉള്ളിൽ മണിക്കൂറിൽ അഞ്ചു് കിലോമീറ്റർ സ്പീഡിൽ മുന്നോട്ടു് നടക്കുന്ന ഒരുവന്റെ സ്വന്തം അനുഭവത്തിൽ (ട്രെയിൻ ഒരു അടഞ്ഞവ്യവസ്ഥ എന്ന നിലയിൽ) സ്പീഡ്‌ അഞ്ചുകിലോമീറ്റർ മാത്രമായിരിക്കുമെങ്കിലും, പുറത്തുനിന്നുകൊണ്ടു് അവനെ വീക്ഷിക്കുന്ന ഒരുവന്റെ ദൃഷ്ടിയിൽ അവന്റെ സ്പീഡ്‌ മണിക്കൂറിൽ 405 കിലോമീറ്ററായിരിക്കും. അതുപോലെ, ട്രെയിനിൽ പിന്നോട്ടാണു് അവൻ നടക്കുന്നതെങ്കിൽ പുറത്തെ വീക്ഷകന്റെ നോട്ടത്തിൽ അവന്റെ സ്പീഡ്‌ 395 കിലോമീറ്റർ ആയിരിക്കും. അങ്ങനെ, വേഗതകളെ പരസ്പരം കൂട്ടാനും കുറയ്ക്കാനും ആവുമെങ്കിലും, പ്രകാശത്തിന്റെ വേഗതയുടെ കാര്യത്തിൽ അതു് അസാദ്ധ്യമാണു്. പ്രകാശവേഗതയോടു് പ്രകാശവേഗത കൂട്ടിയാലും ലഭിക്കുന്നതു് പ്രകാശവേഗത മാത്രമായിരിക്കും. പ്രകാശത്തിന്റെ വാക്യുമിലെ വേഗത ഒരു സെക്കൻഡിൽ 299792458 മീറ്ററാണു്. ഭാവിയിൽ പ്രകാശവേഗതയുടെ കൂടുതൽ കൃത്യമായ അളവു് സാദ്ധ്യമായാൽ അതുവഴി വരുന്ന മാറ്റം മീറ്ററിന്റെ ദൈർഘ്യത്തിൽ മാത്രമാവുകയും, ഈ സംഖ്യയെ അതു് ബാധിക്കാതിരിക്കുകയും ചെയ്യുന്നവിധം, 1983-ലെ General Conference on Weights and Measures ഒരു സെക്കൻഡിന്റെ 299792458-ൽ ഒരംശം കൊണ്ടു് പ്രകാശം ശൂന്യതയിൽ (vacuum) പിന്നിടുന്ന ദൂരം എന്ന നിർവ്വചനം മീറ്ററിനു് നൽകി ഒരു തൊന്തരവു് ഒഴിവാക്കി.

ദ്രവ്യത്തിനും എനർജിക്കും ഇൻഫർമേഷനുമെല്ലാം സഞ്ചരിക്കാൻ കഴിയുന്ന ഏറ്റവും കൂടിയ വേഗതയാണു് ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത. ജലം, വായു മുതലായ സുതാര്യമാദ്ധ്യമങ്ങളിൽ പ്രകാശത്തിന്റെ വേഗത സ്വാഭാവികമായും ഇതിൽ കുറവായിരിക്കും. അത്തരം മാദ്ധ്യമങ്ങളിൽ പ്രകാശം സഞ്ചരിക്കുന്ന വേഗതയേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന സിഗ്നലുകൾ ഉണ്ടാവാമെങ്കിലും, ആ വേഗത പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയേക്കാൾ കുറഞ്ഞതായിരിക്കും. സങ്കൽപങ്ങളിലും ചിന്താപരീക്ഷണങ്ങളിലും ഒതുങ്ങാതെ നിവൃത്തിയില്ലാതിരുന്ന ഐൻസ്റ്റൈന്റെ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്നു് പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ തൃപ്തികരമായ പരീക്ഷണങ്ങൾ നടത്തുക സാദ്ധ്യമാണു്. അതിനു് പറ്റിയ ‘വാച്ചുകൾ’ പ്രകൃതിതന്നെ സജ്ജീകരിച്ചിട്ടുണ്ടു്. അതിലൊന്നാണു് മ്യുഓണുകൾ. ക്ഷീരപഥത്തിനു് വെളിയിൽ നിന്നും ഭൂമിയിലേക്കു് വരുന്ന കോസ്മിക്‌ റേഡിയേഷൻ ഉയർന്ന എനർജിയും, പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയുള്ളതുമാണു്. ഈ റേഡിയേഷനിലെ അധികപങ്കും ഭൂമിയിൽ എത്താതെ ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ വച്ചുതന്നെ അന്തരീക്ഷത്തിലെ കണികകളുടെ അണുകേന്ദ്രങ്ങളുമായി കൂട്ടിയിടിച്ചു് muon എന്നറിയപ്പെടുന്ന പുതിയ കണികകളെ സൃഷ്ടിക്കുന്നു. ഈ കണിക ഒരു സെക്കൻഡിന്റെ പത്തുലക്ഷത്തിൽ ഒരംശം സമയം കൊണ്ടു് ഒരു എലക്ട്രോണും ന്യൂട്രീനോയുടെ രണ്ടുതരം കണികകളുമായി ശിഥിലീകരിക്കപ്പെടുന്നു. അതിൻപ്രകാരം മ്യുഓൺ കണികകൾക്കു് ഏകദേശം 800 മീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ കഴിയില്ല. അതിനുമുന്നേ അവയുടെ ശിഥിലീകരണം സംഭവിച്ചു് കഴിഞ്ഞിരിക്കണം. തന്മൂലം, ഭൂമിയിലെ ഒരു മ്യുഓൺ ഡിറ്റക്ടറിൽ എത്താനുള്ള സമയം അവയ്ക്കില്ലാതിരിക്കേണ്ടതാണു്. പക്ഷേ, ഭൂമിയിൽ നടത്തുന്ന പരീക്ഷണങ്ങളിൽ ഡിറ്റക്ടറുകൾക്കു് ധാരാളം മ്യുഓൺ കണികകളെ സ്വീകരിക്കാൻ കഴിയുന്നുണ്ടു്! ഇതെങ്ങനെ സംഭവിക്കുന്നു? സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി എന്നാണു് ആ ചോദ്യത്തിന്റെ മറുപടി. മ്യുഓൺ കണികകൾ രൂപമെടുക്കുന്ന അന്തരീക്ഷപാളിയുടെ ഉയരം 30 കിലോമീറ്ററിൽ കുറയുന്നില്ലെങ്കിലും പ്രകാശത്തിന്റേതിനോടു് വളരെ അടുത്ത വേഗതയിൽ സഞ്ചരിക്കുന്ന അവയെ സംബന്ധിച്ചു് 30 കിലോമീറ്റർ എന്നതു് ഏകദേശം 800 മീറ്ററിൽ താഴെ ആയാണു് അനുഭവപ്പെടുന്നതു്. ഉന്നതമായ വേഗതയിൽ ദൂരത്തിനു് സംഭവിക്കുന്ന ചുരുങ്ങൽ മൂലം ശിഥിലീകരണം സംഭവിക്കുന്നതിനു് മുൻപുതന്നെ ഭൂമിയിൽ എത്താൻ ആ കണികകൾക്കു് കഴിയുന്നു. മറ്റു് വാക്കുകളിൽ പറഞ്ഞാൽ, ഉന്നത വേഗതയിൽ സഞ്ചരിക്കുന്ന മ്യുഓൺ കണികകളുടെ വാച്ചു് ഭൂമിയിൽ ‘വിശ്രമാവസ്ഥയിൽ’ കഴിയുന്ന നമ്മുടെ വാച്ചുകളിലേതിൽ നിന്നും സാവകാശമാണു് നടക്കുന്നതു് എന്നതിനാൽ ഡിസിന്റഗ്രേഷൻ വഴി നാശം സംഭവിക്കുന്നതിനു് മുൻപു് ഭൂമിയിൽ എത്താനുള്ള സമയം അവയ്ക്കു് ലഭിക്കുന്നു. റിലേറ്റിവിറ്റി തിയറി പറയുന്ന പ്രകാരമുള്ള സ്ഥലകാലങ്ങളുടെ രൂപാന്തരീകരണം സംഭവിക്കാതിരുന്നെങ്കിൽ പത്തുലക്ഷത്തിലൊന്നു് സെക്കൻഡ്‌ സമയം കൊണ്ടു് ഭൂമിയിലെത്താൻ അവയ്ക്കു് കഴിയുമായിരുന്നില്ല. സ്ഥലകാലങ്ങളുടെ രൂപാന്തരീകരണം പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഒന്നുകിൽ മ്യുഓണിന്റേതു് പോലെ പ്രകാശത്തിന്റേതിനോടടുത്ത വേഗതയോ, അല്ലെങ്കിൽ ചെറിയ മാറ്റങ്ങളെ അളക്കാൻ കഴിയുന്ന പ്രിസിഷൻ സമയമാപിനികളോ ആവശ്യമാണു്. ഇന്നു് ആറ്റോമിക്‌ ക്ലോക്കുകൾ ലഭ്യമാണെന്നതിനാൽ, ആധുനിക വിമാനങ്ങളുടെ വേഗതയിൽ സ്ഥലത്തിനും സമയത്തിനും സംഭവിക്കുന്ന രൂപാന്തരീകരണങ്ങൾ പോലും പഠനവിധേയമാക്കാൻ സാധിക്കും – വിമാനത്തിന്റെ ഉയരത്തിനനുസരിച്ചു് ഗ്രാവിറ്റേഷനിൽ സംഭവിക്കുന്ന കുറവുമൂലം ക്ലോക്കുകളുടെ ഗതിവേഗത്തിലും മാറ്റം വരുമെന്നതിനാൽ അതുകൂടി ഗണനത്തിൽ പരിഗണിക്കപ്പെടണമെങ്കിലും.

അൽപമെങ്കിലും പിണ്ഡമുള്ള ഒന്നിനും പ്രകാശവേഗതയിൽ സഞ്ചരിക്കാൻ ആവില്ല എന്നതിനാൽ, വളരെ ചെറിയതെങ്കിലും പൂജ്യത്തിനേക്കാൾ കൂടിയ rest mass ഉള്ള മ്യുഓണിനും പ്രകാശത്തിനോടു് വളരെ അടുത്ത വേഗതയല്ലാതെ അതിനൊപ്പം എത്താൻ ആവില്ല. പിണ്ഡമില്ലാത്ത കണികകൾക്കു് മാത്രം സാദ്ധ്യമായ പ്രകാശവേഗതയിൽ എത്തുമ്പോൾ മുഴുവൻ സമയവും സ്ഥലമായുള്ള രൂപമാറ്റത്തിനായി വിനിയോഗിക്കപ്പെട്ടു് കഴിഞ്ഞിരിക്കും എന്നതിനാലാണു് ഒരു സിഗ്നലിനും പ്രകാശത്തേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കാനാവാത്തതു്. പ്രകാശവേഗതയെ ‘കടത്തിവെട്ടിയ’ ന്യൂട്രീനോ പരീക്ഷണത്തെപ്പറ്റി ശാസ്ത്രലോകം പൊതുവേ സംശയാലുക്കളാവുന്നതിന്റെ കാരണവും അതൊക്കെത്തന്നെയാണു്.

ഏതായാലും ന്യൂട്രീനോയെപ്പറ്റി ഒരൽപം: ഒരു സാങ്കൽപിക കണികയായാണു് ന്യൂട്രീനോ ശാസ്ത്രലോകത്തിലേക്കു് രംഗപ്രവേശം ചെയ്തതു്. 1930-ൽ ചില റേഡിയോ ആക്റ്റീവ്‌ ഡീക്കേകളിൽ ശ്രദ്ധിക്കപ്പെട്ട എനർജിനഷ്ടം വിശദീകരിക്കാൻ മാർഗ്ഗമൊന്നും കാണാതിരുന്ന വോൾഫ്‌ഗാങ്ങ്‌ പൗളി എന്ന ശാസ്ത്രജ്ഞനു് ഫിസിക്സിലെ കൊൺസെർവേഷൻ ഓഫ്‌ എനർജി എന്ന തത്വത്തെ രക്ഷപെടുത്തുന്നതിനുവേണ്ടി ഒരു കണികയെ സങ്കൽപിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. സംശയരഹിതമായിരുന്ന ആ എനർജിനഷ്ടത്തിനു് പിന്നിൽ അങ്ങേയറ്റം ബലഹീനമായ പരസ്പരപ്രവർത്തനം മൂലം ഒരുവിധ അളവുകൾക്കും പിടികൊടുക്കാത്ത ഒരു കണികയായിരിക്കണം എന്നു് പൗളി ഊഹിച്ചു. 1934-ൽ എൻറിക്കോ ഫെർമി എന്ന ശാസ്ത്രജ്ഞൻ ഇറ്റാലിയനിൽ ‘ചെറിയ ന്യൂട്രോൺ’ എന്നർത്ഥമുള്ള ‘ന്യൂട്രീനോ’ എന്ന പേരുനൽകിയ ആ കണികയെ 1956-ൽ Reines, Cowan എന്നീ രണ്ടു് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു് നോബൽ സമ്മാനം നേടി. ഇന്നു് ശാസ്ത്രലോകത്തിൽ നിന്നും മാറ്റിനിർത്താനാവാത്ത പ്രാധാന്യം ന്യൂട്രീനോയ്ക്കുണ്ടു്.

പൂജ്യത്തിനോടടുത്തു് മാത്രം പിണ്ഡമുള്ള ന്യൂട്രീനോ ചാർജില്ലാത്ത എലിമെന്ററി പാർട്ടിക്കിളാണു്. പ്രകാശത്തിന്റെ കണികകളായ ഫോട്ടോണുകളിൽ നിന്നും വ്യത്യസ്തമായി ഇവ ദ്രവ്യത്താൽ ആഗിരണം ചെയ്യപ്പെടുന്നില്ല. അതിനാൽ, പ്രകാശം ഉൾഭാഗത്തെ അപേക്ഷിച്ചു് ഊഷ്മാവു് കുറഞ്ഞ സൂര്യന്റെ ഉപരിതലത്തിൽ നിന്നുമാത്രം പുറപ്പെടുമ്പോൾ, സൂര്യനുള്ളിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ വഴി രൂപമെടുക്കുന്ന ന്യൂട്രീനോകൾക്കു് അവിടെനിന്നും തൽക്ഷണം സ്ഥലം വിടുന്നതിനു് തടസ്സമൊന്നുമില്ല. അങ്ങനെ ഭൂമിയിലെത്തുന്ന ന്യൂട്രീനോകൾക്കു് സൂര്യനു് എതിരായ ഭൂമിയുടെ (രാത്രി)വശത്തു് എത്തുന്നതുപോലും ഒരു പ്രശ്നമല്ല. പ്രപഞ്ചത്തിലെ ഒരു ക്യുബിക്‌ മീറ്റർ സ്പെയ്സിൽ ഏകദേശം മൂന്നു് കോടി ന്യൂട്രീനോകൾ ഉണ്ടെന്നു് കണക്കാക്കപ്പെടുന്നു. ദ്രവ്യവുമായി പരസ്പരപ്രവർത്തനം ഇല്ലാത്തതിനാലും, മിക്കവാറും പൂജ്യം എന്നു് പറയാവുന്ന പിണ്ഡവും മൂലം നിരന്തരം നമ്മുടെ ശരീരത്തെ തുളച്ചു് കടന്നുപോയിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ ന്യൂട്രീനോകൾ നമ്മളെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല.

ഈ ഗുണങ്ങൾ മൂലം, ബിഗ്‌-ബാംഗ്‌ കാലഘട്ടത്തിൽ അനേകായിരം വർഷങ്ങൾക്കു് ശേഷം മാത്രം പ്രപഞ്ചത്തിൽ വ്യാപിക്കാൻ കഴിഞ്ഞ മൈക്രൊവേവ്‌ ബാക്ക്ഗ്രൗണ്ഡ്‌ റേഡിയേഷനേക്കാൾ വളരെ മുൻപുതന്നെ ന്യൂട്രീനോകൾ “പ്രപഞ്ചയാത്ര” ആരംഭിച്ചിട്ടുണ്ടാവും എന്നു് കരുതുന്നതിൽ തെറ്റില്ല. ബിഗ്‌-ബാംഗിനു് ഒരു സെക്കൻഡ്‌ (പ്രപഞ്ചാരംഭത്തിന്റെ അവസ്ഥയിൽ ഒരു സെക്കൻഡ്‌ എന്നതു് വളരെ ദീർഘമായ ഒരു കാലഘട്ടം ആണെങ്കിലും!) കഴിഞ്ഞപ്പോൾ മുതൽ അതുപോലൊരു രക്ഷപെടൽ തത്വത്തിൽ ന്യൂട്രീനോകൾക്കു് സാദ്ധ്യമായിട്ടുണ്ടാവണം. Water water everywhere but not a drop to drink എന്ന ചൊല്ലുപോലെ, എണ്ണമറ്റ ന്യൂട്രീനോകൾ പ്രപഞ്ചം മുഴുവനും ചുറ്റിത്തിരിയുന്നുണ്ടെങ്കിലും, അവയെ കണ്ടെത്താനും, മെരുക്കിയെടുത്തു് ബിഗ്‌-ബാംഗിനോടടുത്ത ആദ്യകാലപ്രപഞ്ചത്തെപ്പറ്റിയും മറ്റും പഠനങ്ങൾ നടത്താനും പറ്റിയ സാങ്കേതികത്വങ്ങൾ ഇന്നില്ലെന്നു് മാത്രമല്ല, അടുത്ത കാലത്തൊന്നും ഉണ്ടാവാനുള്ള സാദ്ധ്യതയും വളരെ വിരളമാണെന്നു് പറയാൻ ഒരു പെസിമിസ്റ്റ്‌ ആയിരിക്കണമെന്നും തോന്നുന്നില്ല.

Reference: Zurueck vor den Urknall – Martin Bojowald

 
8 Comments

Posted by on Oct 9, 2011 in ശാസ്ത്രം

 

Tags: ,

പറക്കും തളികകളും അന്യഗ്രഹജീവികളും

UFO (Unidentified Flying Object) എന്നതുകൊണ്ടു് പൊതുവേ ഉദ്ദേശിക്കാറുള്ളതു് ഭൗമേതര സംസ്കാരങ്ങളിൽ നിന്നും വരുന്നവയെന്നു് വിശ്വസിക്കപ്പെടുന്ന സ്പെയ്സ്ക്രാഫ്റ്റുകളെയാണു്. ആദ്യകാലങ്ങളിൽ കാണപ്പെട്ട UFO-കളുടെ വർണ്ണനകളിലുള്ള രൂപസാദൃശ്യം അവയ്ക്കു് ‘പറക്കും തളിക’ (Flying Saucer) എന്ന പേരു് നേടിക്കൊടുത്തു. പല രൂപങ്ങളിൽ കാണപ്പെട്ടിട്ടുള്ളവയും, വിശദമായ പരിശോധനകൾക്കു് ശേഷം പരിചിതമായ വസ്തുക്കളോ പ്രതിഭാസങ്ങളോ എന്നു് തിരിച്ചറിയപ്പെട്ടവയും, അല്ലാത്തവയുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടെന്നതിനാൽ, തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനായി UFO എന്നതിനു് പകരം തിരിച്ചറിയപ്പെടാത്ത വാനപ്രതിഭാസം എന്ന അർത്ഥത്തിൽ UAP (Unidentified Aerial Phenomenon) എന്ന പ്രയോഗവും നിലവിലുണ്ടു്.

കണ്ണുകൾക്കു് കാര്യമായ തകരാറൊന്നുമില്ലെങ്കിൽ മനുഷ്യർക്കു് പലതും കാണാനുള്ള കഴിവുണ്ടെന്നു് നമുക്കറിയാം – കേരളത്തിൽ ചാനലുകൾ വന്നശേഷം ഒന്നും കാണാതിരിക്കാനുള്ള കഴിവാണു് കൂടുതൽ ആശാവഹമെന്നു് കാണാൻ കണ്ണുള്ളവർക്കൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടെങ്കിലും. മങ്ങിയ വെളിച്ചത്തിൽ കാണുന്ന വസ്തുക്കൾ അകന്നു് നിൽക്കേണ്ടവിധം അപകടകാരികളായ ജീവികളോ മനുഷ്യരോ ഒക്കെ ആണെന്നു് തോന്നി ഭയപ്പെടുന്ന ചില മനുഷ്യരുണ്ടു്. മേഘങ്ങളിലും പൊട്ടറ്റോ ചിപ്സിലും മറ്റും പരിചിതമായ രൂപങ്ങളും വിശുദ്ധരുടെ മുഖങ്ങളുമൊക്കെ ദർശിക്കുന്നവരുമുണ്ടു്. രാശിചക്രത്തിലെ പന്ത്രണ്ടു് രാശികൾക്കു് മേടം ഇടവം മിഥുനം മുതലായ പേരുകൾ ലഭിച്ചതിന്റെ കാരണവും ഈ അക്കൗണ്ടിൽ പെടുത്താവുന്നതാണു്. ഏതെങ്കിലുമൊരു വസ്തുവിനെ കാണുമ്പോൾ അതു് മറ്റൊന്നാണു് എന്നു് തോന്നുന്നതു് കവിതയാവാം, ഭ്രാന്തുമാവാം. ഈ രണ്ടു് ലോകങ്ങളെയും തമ്മിൽ പൊതുഘടകങ്ങൾ ഒന്നുമില്ലാത്തവിധം വേർതിരിക്കുന്ന ഒരു “ബെർലിൻമതിൽ” പണിയുക അത്ര എളുപ്പമല്ലെന്നു് ചുരുക്കം.

ചില പ്രത്യേക മാനസികാവസ്ഥയിൽ ഇല്ലാത്ത വസ്തുക്കൾ കാണാനുള്ള കഴിവുപോലുമുള്ള ജീവിയാണു് മനുഷ്യൻ. അതുപക്ഷേ വേറെ വകുപ്പാണു്. മറ്റുചിലർക്കാണെങ്കിൽ ശത്രുക്കളെ കാണുമ്പോൾ – കേരളരാഷ്ട്രീയത്തിലെന്നപോലെ മൂത്തുപോയ ചില കേസുകെട്ടുകളിൽ അവരെപ്പറ്റി ചിന്തിക്കുമ്പോൾ പോലും – തലയിൽ ഉറുമ്പരിച്ചു് കയറുന്നതുപോലെ തോന്നുമത്രേ! എക്സ്‌ട്രീം ആയ കേയ്സുകളിൽ ശവക്കുഴി വരെ മനുഷ്യരോടൊപ്പമുണ്ടാവാൻ സാദ്ധ്യതയുള്ള ഈവിധ തരുതരിപ്പുകൾ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുമോ എന്നറിയാനെന്നോണം, ഒരു ജർമ്മൻ ബിഹേവിയറൽ ഫിസിയോളജിസ്റ്റും ബയോളജിസ്റ്റും ആയിരുന്ന എറിഹ്‌ ഫോൺ ഹോൾസ്റ്റ്‌ (Erich von Holst) കോഴികളിൽ നടത്തിയ രസകരമായ ഒരു പരീക്ഷണമുണ്ടു്. ബോധം കെടുത്തിയശേഷം അവയുടെ തലച്ചോറിൽ മുടിനാരിഴപോലെ നേരിയ കമ്പികൾ പിടിപ്പിക്കുകയായിരുന്നു ആദ്യപടി. മുറിവുണങ്ങിയശേഷം അവയിൽ ചിലതു് ഒന്നും സംഭവിക്കാത്തപോലെ വർഷങ്ങളോളം ജീവിക്കുകയും ചെയ്തത്രെ. അങ്ങനെ അരോഗദൃഢഗാത്രരായി തികച്ചും വ്യവസ്ഥാപിതമായ രീതിയിൽ പേരുദോഷങ്ങളൊന്നും കേൾപിക്കാതെ കൊക്കിയും കൂവിയും, കടമുള്ള ദിവസങ്ങളിൽ പ്രാർത്ഥനാനിരതരായി ധ്യാനങ്ങളിൽ പങ്കെടുത്തും ജീവിക്കാൻ തുടങ്ങിയ കോഴികളിലായിരുന്നു ഹോൾസ്റ്റിന്റെ പരീക്ഷണങ്ങൾ. തലച്ചോറിൽ സ്ഥാപിക്കപ്പെട്ട അഗ്രമൊഴികെ ബാക്കിഭാഗം ഇൻസുലേറ്റ്‌ ചെയ്തതും, പുറത്തേക്കു് നയിക്കപ്പെട്ടിരുന്നതുമായ ഈ നേരിയ വയറിലൂടെ നെർവ്‌ ഇമ്പൾസിന്റെ അതേ ശക്തിയിലുള്ള വൈദ്യുതി കടത്തിവിട്ടപ്പോൾ, ഏതു് ഭാഗമാണു് എനെർജൈസ്‌ ചെയ്യപ്പെടുന്നതു് എന്നതിന്റെ അടിസ്ഥാനത്തിൽ, കോഴികൾ (ഉദാഹരണത്തിനു്) ഒരു ശത്രുവിനെ കണ്ടാലെന്നപോലെ പെരുമാറുകയും, “ഇല്ലാത്ത നിന്നെയിഹ ഉണ്ടെന്നു് കണ്ടു്”, അതിനെ ആക്രമിക്കാൻ തയ്യാറാവുകയും ചെയ്തു. വൈദ്യുതി വേർപ്പെടുത്തിയാൽ കോഴി വീണ്ടും പഴയപടി “നോർമൽ”. കോഴിയെ ആയാലും, മനുഷ്യനെ ആയാലും, ഒരു പ്രത്യേക പെരുമാറ്റത്തിലേക്കു് നയിക്കാൻ പ്രേരിപ്പിക്കുന്നവിധം തലച്ചോറിലെ ബന്ധപ്പെട്ട ഭാഗങ്ങൾ എനർജൈസ്‌ ചെയ്യപ്പെടുന്നതു് പ്രകൃതിസഹജമായ അനുഭവങ്ങൾ വഴി രൂപമെടുക്കുന്ന രാസ-വൈദ്യുതഘടകങ്ങളുടെ ഫലമായാണോ, അതോ കൃത്രിമമായ ഇമ്പൾസുകൾ വഴിയാണോ എന്നതു് തലച്ചോറിന്റെ പ്രതികരണത്തെ നിർബന്ധമായും ബാധിക്കുന്ന കാര്യമല്ലെന്ന നിഗമനത്തിലെത്താൻ അതുവഴി ഹോൾസ്റ്റിനു് കഴിഞ്ഞു.

അതുപോലെതന്നെ, മയക്കുമരുന്നുകൾ, രോഗം, തലക്കേൽക്കുന്ന പരിക്കുകൾ, ജീവിതസാഹചര്യങ്ങൾ ഇവയെല്ലാം ന്യൂറൽ നെറ്റ്‌വർക്ക്സിൽ പൊരുത്തക്കേടുകൾക്കു് കാരണമാവാം. ചില മനുഷ്യർ അവർക്കു് നേരിട്ടുണ്ടായതായി വർണ്ണിക്കുന്ന അഭൗമികദർശനങ്ങളും, ദിവ്യാനുഭവങ്ങളും, അത്ഭുതപ്രതിഭാസങ്ങളുമെല്ലാം അവരുടെ “അനുഭവങ്ങൾക്കു്” അവരുടെതന്നെ തലച്ചോറു് നൽകുന്ന “വഴിതെറ്റിയ” വ്യാഖ്യാനങ്ങളാണു്. ഇന്ദ്രിയങ്ങൾ വഴി മനുഷ്യർക്കു് ഉണ്ടാവുന്ന “ശരിയായ” അനുഭവങ്ങളും തലച്ചോറിന്റെ നിർമ്മിതി മാത്രമാണെന്നു് നമുക്കറിയാം. സ്വന്തം ശരീരത്തെയും, ബാഹ്യലോകത്തെയും വിവിധതരം അനുഭവങ്ങളിലൂടെ വിലയിരുത്തുന്നതിനുള്ള തലച്ചോറിന്റെ ആന്റെനകൾ മാത്രമാണു് ഇന്ദ്രിയങ്ങൾ. അതിനാൽ അവയിൽ നിന്നുള്ള സിഗ്നലുകളെ സ്വീകരിക്കാനും, തരം തിരിക്കാനും, പുനർനടപടികൾ സമയനഷ്ടമില്ലാതെ നിർദ്ദേശിക്കാനും ശേഷിയുള്ള തലച്ചോർ എന്നൊരു റിസീവറും അതിലെ കണ്ട്രോൾ സിസ്റ്റവും ഇല്ലെങ്കിൽ അനുഭവങ്ങളില്ല, അറിവില്ല, ജ്ഞാനമില്ല, ആത്മാവില്ല, തേന്മാവില്ല, തേന്മാവിൽ കസ്തൂരിമാമ്പഴങ്ങളുമില്ല. അതുപോലൊരു അവസ്ഥയിൽ അതീന്ദ്രിയജ്ഞാനം എന്ന അത്ഭുതപ്രതിഭാസം ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ എന്നു് ചോദിച്ചാൽ, പ്രിയ സുഹൃത്തുക്കളെ, എനിക്കറിയില്ല. പക്ഷേ, “കൊല്ലെടാ, അവനെ”, “വെട്ടെടാ, കഴുത്തു്” മുതലായ വിശുദ്ധകൽപനകൾ വഴി സംസ്കാരസമ്പന്നമാക്കപ്പെടാൻ ചുരുങ്ങിയപക്ഷം ആകൃതിയിലെങ്കിലും ഒരു തലച്ചോറു് ആവശ്യമാണെന്നതിനാൽ അതില്ലാത്തവരിലെ അതീന്ദ്രിയജ്ഞാനം എന്ന “ആത്മീയ” ഭ്രാന്തു് ആളുപദ്രവത്തിനു് കാരണമാവാൻ എന്തായാലും വഴിയില്ലെന്നാണെന്റെ വിശ്വാസം. (കണ്ടോ, ഞാൻ വിശ്വാസം എന്ന വാക്കുപയോഗിച്ചു! ഞാനൊരു വിശ്വാസിയാണെന്നതിനു് ഇതിൽ കൂടിയ ഒരു തെളിവു് വേണോ?)

ദൈവത്തേയും മാലാഖമാരേയുമൊക്കെ കണ്ടിട്ടുള്ള ചില മനുഷ്യരുണ്ടെന്നു് കേൾക്കാത്തവർ ചുരുങ്ങും. കോടാനുകോടി മനുഷ്യർ ജീവിച്ചു് മരിക്കുന്ന ഈ ലോകത്തിൽ തന്റെ നവീകരിക്കപ്പെട്ട ചില ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഏതാനും സഹസ്രാബ്ദങ്ങൾ കൂടുമ്പോൾ (മാത്രം) സർവ്വശക്തനായ ഒരു ദൈവത്തിനു് ഒരു മനുഷ്യന്റെ സഹായം ആവശ്യം വരുന്നുവെങ്കിൽ അതെന്തൊരു ദൈവമായിരിക്കണം? ഒറ്റവാക്കുകൊണ്ടു് ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ കഴിയുന്ന ദൈവം മനുഷ്യരുടെ ഇടയിൽ തന്റെ ചില കർമ്മപരിപാടികൾ നടപ്പിലാക്കാൻ ഒറ്റയാന്മാരെ തേടുന്നു! അതും ഏതു് തരത്തിൽപെട്ട ഒറ്റയാന്മാർ! അതിനായി ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണു് താൻ എന്നൊരു തോന്നൽ ഒരുവന്റെ തലച്ചോറിൽ ഉണ്ടാകുന്നുവെങ്കിൽ അവന്റേതു് എത്രമാത്രം രോഗാതുരമായ ഒരു തലച്ചോറായിരിക്കണം എന്നു് ചിന്തിച്ചാൽ മതി. ഏതായാലും ഒരുകാര്യം ഉറപ്പാണു്: അജ്ഞത മൂലം, മാനസികവിഭ്രാന്തിയാണു് അവയുടെ ഉറവിടം എന്നറിയാതെ, അത്തരം ജൽപനങ്ങളെ ദൈവികവെളിപാടുകളായി അംഗീകരിക്കാനും, അനന്തര തലമുറകൾക്കു് പകർന്നുകൊടുക്കാനും മനുഷ്യർ തയ്യാറാവാത്തിടത്തോളം വെളിപാടുകാരന്റെ തലച്ചോർ മരിക്കുന്ന കൂട്ടത്തിൽ മരിക്കുന്ന ദൈവങ്ങളും മാലാഖമാരും കൽപനകളുമൊക്കെയാണു് അവയോരോന്നും. അങ്ങനെ കാലാകാലങ്ങളിൽ ദൈവം ഓരോ തോന്നലുകൾക്കനുസരിച്ചു് മാറിമാറി അപ്പപ്പോൾ കണ്ടവർക്കു് പകർന്നുനൽകിയ ആശയസംഹിതകൾ എവിടെയെങ്കിലും അകാലനിര്യാണം പ്രാപിക്കാതിരുന്നിട്ടുണ്ടെങ്കിൽ അവിടെയെല്ലാം ഈ “നിത്യ-താത്കാലിക” ഏകസത്യവിശ്വാസം സ്ഥാപിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി കൊല്ലും കൊലയും വംശനശീകരണവും സംഭവിച്ചിട്ടുണ്ടെന്നതിനു് ലോകചരിത്രം സാക്ഷി.

മനുഷ്യവംശങ്ങളെ തമ്മിലടിപ്പിക്കുന്നതിനുവേണ്ടി പൊതിച്ചോറുമായി ഇടയ്ക്കിടെ ഭൂമിയിലെത്തി ഏതെങ്കിലുമൊരു ഒറ്റയാനു് മുന്നിൽ പ്രത്യക്ഷപ്പെട്ടു് പിന്നീടു് പരസ്യമാക്കപ്പെടേണ്ടുന്ന രഹസ്യസംഭാഷണങ്ങളിൽ ഏർപ്പെടുന്ന സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും നാഥനും അമ്മായപ്പനുമായ ഒന്നാന്തരത്തിൽപ്പെട്ട ഒരു ഉഗ്രൻ ദൈവം! മനുഷ്യരെ കാലാകാലങ്ങളായി തമ്മിലടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവത്തിനല്ലാതെ മറ്റാർക്കാണു് സകല മനുഷ്യരുടെയും തന്തപ്പടിയെന്നു് അവകാശപ്പെടാനുള്ള യോഗ്യത? ഇല്ലാത്ത ദൈവത്തെ ഉള്ളവനെന്നു് വരുത്തി, മനുഷ്യഭാവനയിൽ മാത്രം നിലനിൽപുള്ള ആ നിഴൽദൈവം സ്വാഭാവികമായും ഒരിക്കലും പറയാത്ത (ഇല്ലാത്ത ദൈവത്തിന്റെ ശബ്ദതരംഗങ്ങൾ ശൂന്യതയിലൂടെ പടരുന്നു എന്നു് വിശ്വസിക്കുക. അതൊക്കെയല്ലേ മനുഷ്യനു് ജീവിതത്തിൽ ആകെയുള്ള ഒരു രസം) കാര്യങ്ങൾ അവന്റെ വായിൽ കുത്തിത്തിരുകുന്നവരും, പിഞ്ചുമനസ്സു് മുതലേ തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടുന്ന ദൈവഭയം മൂലം സ്വന്തം പ്രവൃത്തികളെ വിമർശനാത്മകമായ ഒരു നേരിയ പരിശോധനക്കുപോലും വിധേയമാക്കാനുള്ള ശേഷിയില്ലാതെ ആജീവനാന്തം വിധേയത്വത്തിന്റെ അടയാളങ്ങളായ കുനിഞ്ഞ മുതുകും നെഞ്ചോടു് ചേർത്ത കൈകളുമായി ആ ആത്മീയകച്ചവടക്കാരെ പിൻതുടരുന്നവരുമാണു് മനുഷ്യബുദ്ധിക്കുമുന്നിൽ വളരെ ഗൗരവപൂർവ്വം ആടിത്തിമിർക്കുന്ന മതം എന്ന ചവിട്ടുനാടകത്തിലെ അഭിനേതാക്കൾ. വെള്ളം വീഞ്ഞാവുക, വീഞ്ഞു് മനുഷ്യരക്തമാവുക, ഗോതമ്പു് മനുഷ്യശരീരമാവുക, മനുഷ്യൻ രായ്ക്കുരാവു് സ്വർഗ്ഗത്തിൽ പോയി മടങ്ങിവരിക, മരിച്ചവരിൽ ചിലർ വീണ്ടും ചാവാനായും, മറ്റുചിലർ സ്വർഗ്ഗത്തിലേക്കു് കരേറാനായും ഉയിർത്തെഴുന്നേൽക്കുക, കുരങ്ങൻ മല ചുമക്കുക, കോഴിക്കു് മുല വരിക, മനുഷ്യരുടെ ഇടയിൽ സ്ഥിതിസമത്വം നിലവിൽ വരിക… ഇവയെല്ലാം അവയിൽത്തന്നെ വേണ്ടുവോളം ചിരിക്കാൻ വക നൽകുന്ന തമാശകളാണു്. അതൊന്നും പോരാഞ്ഞിട്ടെന്നപോലെ, അത്തരം തമാശകൾ ദൈവത്തിന്റെ മരണം നേരിട്ടു് കണ്ട വിശ്വാസിയുടെ ഗൗരവഭാവം വിടാതെ പറയാനുംകൂടി കഴിയുന്നവരാണു് സാക്ഷാൽ ചാർലി ചാപ്ലിനെ വരെ ലജ്ജിപ്പിക്കാൻപോന്ന യഥാർത്ഥ കുഞ്ഞാടുകൾ. ഈ നാടകത്തിൽ അവർ അഭിനയിക്കുകയല്ല, ആ കെട്ടുകഥകളെല്ലാം അക്ഷരം പ്രതി സത്യമാണെന്ന ഉറപ്പിൽ ഏതോ ഒരു (വിർച്വൽ)ദൈവവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടു് ജീവിക്കുകയാണു് ചെയ്യുന്നതെന്നതിനാൽ ചിരിക്കാനുള്ള വകയൊന്നും അവരതിൽ കാണുകയില്ല. അവരുടെ ഗ്രന്ഥങ്ങൾ അവർ പ്രതീക്ഷിക്കുന്നതുപോലെ മനസ്സിലാക്കാത്തതിനാലാണു് മറ്റുള്ളവർ അതൊക്കെ വായിച്ചു് തലകുത്തിനിന്നു് ചിരിക്കുന്നതെന്നാണു് അവരുടെ ഭാഷ്യം. നിങ്ങൾക്കു് അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതിരുന്നുകൂടെ എന്നാണവരുടെ ചോദ്യം. ഞങ്ങൾ നിങ്ങളെപ്പോലെയൊന്നുമല്ല, ഞങ്ങൾക്കു് ദൈവത്തെവരെ അറിയാം എന്നാണവരുടെ ഭാവം. “വട്ടാശുപത്രികളിൽ” എത്തുന്ന ചിലർ അമേരിക്കൻ പ്രസിഡന്റോ, സ്റ്റാലിനോ, ഹിറ്റ്‌ലറോ ഒക്കെയാണെന്നു് പറഞ്ഞാണു് സ്വയം പരിചയപ്പെടുത്താറുള്ളതെന്നു് കേൾക്കുന്നു. ആ സ്ഥിതിക്കു് ദൈവത്തെ എനിക്കറിയാം എന്ന ഒരു വിശ്വാസിയുടെ അവകാശവാദത്തിൽ കഴമ്പില്ലെന്നു് പറയാനാവുമോ? താനൊരു ദൈവമാണെന്നു് സായിബാബക്കുണ്ടായിരുന്ന തോന്നലോളം വരുമോ ദൈവത്തെ തനിക്കറിയാമെന്ന ഒരു വിശ്വാസിയുടെ തോന്നൽ? എനിക്കു് ദൈവത്തെ അറിയാം, ദൈവത്തിനു് എന്നെ അറിയാം. “ഇന്തോ ചീനാ ഭായി ഭായി.”

എന്റെ ഗ്രന്ഥം എങ്ങനെ വ്യാഖ്യാനിക്കണമെന്നു് തീരുമാനിക്കുന്നതു് നീയോ അതോ ഞാനോ? അതാണു് വിശ്വാസിയുടെ നിലപാടു്. താൻ ഉരുണ്ടും ഇഴഞ്ഞും നീങ്ങിക്കൊണ്ടിരിക്കുന്ന തന്റെ വഴി മാത്രമാണു് സത്യം എന്ന ഒരൊറ്റ വിശ്വാസപ്രമാണമേ വിശ്വാസിയുടെ ലോകത്തിലുള്ളു. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ കൂടിയാട്ടമാണെന്നതിനാൽ, സ്വന്തഗ്രന്ഥം ഉപയോഗിച്ചു് തന്റെ വഴി മാത്രമാണു് ശരി എന്നു് സ്ഥാപിക്കുന്നതിലും എത്രയോ മടങ്ങു് എളുപ്പമാണു് അന്യഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിച്ചു് അതു് തെറ്റായ വഴിയാണു് എന്നു് വരുത്തിത്തീർക്കൽ. ഈ തന്ത്രം മറുപക്ഷത്തിനും അതുപോലെതന്നെ പ്രയോഗിക്കാവുന്നതാണെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ലതാനും. കൊച്ചിയിലെ ഓടകളേക്കാൾ അസഹ്യമായ ദുർഗ്ഗന്ധവാഹികളാണു് ഏതു് മതവും എന്നു് പുറത്തറിയാതിരിക്കാൻ എല്ലാ മതങ്ങളും സ്വാഗതം ചെയ്യുന്ന “ആപ്തവാക്യം” ഇതാണു്: “മതവികാരം വ്രണപ്പെടുത്തരുതു്”. കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളെ താങ്ങിനിർത്തുന്നതുതന്നെ മതങ്ങളാണെന്നതിനാൽ ഇതോ ഇതിൽ കൂടിയതോ ആയ ഏതു് തരം വിഡ്ഢിത്തത്തിനും നിയമസാധുത്വം നേടിയെടുക്കാൻ പ്രയാസവുമില്ല. സദാചാരത്തിന്റെ അപ്പൊസ്തലന്മാരായി ചമയുകയും, അതോടൊപ്പം അംഗീകൃത സദാചാരവിരുദ്ധരെ തിരഞ്ഞെടുത്തു് അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നവരുടെയും പോരെങ്കിൽ ദൈവത്തിന്റെയും സ്വന്തം നാടല്ലേ? അതങ്ങനെയേ വരൂ. ശരിയാണു്: തിന്മയുടെ തീരാരോഗവാഹികളായ പഴുപ്പും ചോരയും തിങ്ങിവിങ്ങുന്ന മതങ്ങൾ പോലുള്ള വ്രണങ്ങളെ സ്പർശിക്കരുതു്. അവയെ തൊട്ടാൽ പൊട്ടിയൊലിക്കുന്നതു് ഓടകളെ തോൽപിക്കുന്ന വിഷവും ദുർഗ്ഗന്ധവുമായിരിക്കും. പണ്ടേ തൂത്തുവാരിക്കൂട്ടി തീയിട്ടു് നശിപ്പിക്കേണ്ടിയിരുന്ന ജീർണ്ണതകളിൽ അട്ടകളെപ്പോലെ ഇഴഞ്ഞുല്ലസിക്കുന്നവർക്കു് അവരും അവരുടെ പരിസരങ്ങളും ചീഞ്ഞുനാറുന്നു എന്നാരെങ്കിലും പറയുന്നതു് ഇഷ്ടപ്പെടുകയില്ല. കാരണം, ശുചീകരണം എപ്പോഴും അദ്ധ്വാനമാണു്, അതു് പലപ്പോഴും ഇഷ്ടസ്വർഗ്ഗങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും വലിച്ചെറിഞ്ഞുകൊണ്ടും മാത്രമേ നടപ്പിലാക്കാൻ കഴിയൂ.

മനുഷ്യരെ ചില കാര്യങ്ങൾ അറിയിക്കാനായി ദൈവം അയക്കുന്നവയാണു് പറക്കും തളികകൾ എന്നു് വിശ്വസിക്കുന്നവരുടെ കൂട്ടങ്ങളും നിലവിലുണ്ടു്. UFO-കൾ വഴി ദൈവം അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ളവർ എന്നു് അവകാശപ്പെടുന്നവരാണു് അത്തരം സെക്റ്റുകളുടെ തലവന്മാർ. ദൈവത്തിന്റെ ഓരോ കഷ്ടപ്പാടുകൾ! ഒട്ടകപ്പാലിനോടും ഈത്തപ്പഴത്തിനോടുമുള്ള വ്യാക്കൂണുമൂലമാവാം, പണ്ടൊക്കെ ദൈവം നേരിട്ടു് സന്ദേശങ്ങൾ മരുഭൂമിയിൽ എത്തിക്കുകയായിരുന്നു പതിവു്. മനുഷ്യർ റോബോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ദൈവം UFO-യെ ഉപയോഗിക്കാൻ തുടങ്ങി. “നാടു് നീങ്ങുമ്പോൾ നടുവെ നീങ്ങണം” എന്നോ മറ്റോ ഒരു ചൊല്ലുണ്ടെന്നു് ദൈവത്തിനും അറിയാമായിരിക്കണം. ഉള്ളവയെ കാണുന്നതിനേക്കാൾ ഇല്ലാത്തവയെ കാണാനുള്ള മനുഷ്യരുടെ പ്രത്യേക താത്പര്യത്തിന്റേയും ശേഷിയുടെയും വെളിച്ചത്തിൽ പറക്കും തളികകളെ ദർശിച്ചു എന്ന ചില മനുഷ്യരുടെ അവകാശവാദങ്ങളെ ആദ്യമേതന്നെ ഒരു തരംതിരിക്കൽ നടത്തിയാൽ ആ കഥകളിലെ തൊണ്ണൂറു് ശതമാനം “UFO”-കളും വിശദീകരിക്കാനാവുന്ന പ്രതിഭാസങ്ങൾ എന്ന നിലയിൽ തുടക്കത്തിലേ അവഗണിക്കാവുന്നവയാണെന്നു് കാണാനാവും. UFO ആണെന്നു് തെറ്റിദ്ധരിക്കപ്പെട്ട ദർശനങ്ങളിൽ ഗ്രഹങ്ങൾ മുതൽ തിരിനാളങ്ങളുടെയും മറ്റും ചൂടുകൊണ്ടു് മുകളിലേക്കു് ഉയരുന്ന ദീപങ്ങൾ വരെ ഉൾപ്പെടും. കാലാവസ്ഥാബലൂണുകൾ, സ്കൈബീമർ, റോക്കറ്റുകൾ, ഏറിയൽ ഡ്രോൺസ്‌, ബോൾ ലൈറ്റ്‌നിംഗ്‌, Satellite/Iridium flare, Lenticular clouds ഇവയെല്ലാം UFO-കൾ ആണെന്നു് പലപ്പോഴായി ചിലരെങ്കിലും തെറ്റിദ്ധരിച്ച വസ്തുക്കളോ പ്രതിഭാസങ്ങളോ ആണു്. അത്തരം കാഴ്ചകൾക്കു് സ്വന്തം ഭാവനാശേഷിക്കനുസരിച്ചു് മനുഷ്യർ നൽകുന്ന വർണ്ണനകളിലെ സത്യാസത്യങ്ങൾ അപഗ്രഥിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം. ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ, ഭൗമേതരമായ ഒരു സംസ്കാരത്തിലെ ജീവികൾ ഭൂമിയെ തേടി വരുന്നതിനുള്ള എന്തെങ്കിലും സാദ്ധ്യത ശാസ്ത്രീയവും സാങ്കേതികവുമായ അർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്നൊരു പരിശോധനയാണു് ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നതു്.

നമ്മുടെ ഗ്യാലക്സിയിലോ അതിനു് വെളിയിൽ എവിടെയെങ്കിലുമോ ഉള്ളതും, ജീവന്റെ നിലനിൽപ്പു് സാദ്ധ്യമാക്കുന്ന ചുറ്റുപാടുകൾ നിലവിലിരിക്കുന്നതുമായ ഏതെങ്കിലുമൊരു ഗ്രഹത്തിൽ നിന്നും വരുന്നവരായിരിക്കണം നമ്മുടെ ഭൂമിയെ സന്ദർശിക്കാൻ ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ ആ വിരുന്നുകാർ എന്ന കാര്യത്തിൽ എന്തായാലും ഒരു സംശയത്തിനു് സ്ഥാനമില്ല. കോടാനുകോടി ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള ഈ പ്രപഞ്ചത്തിൽ ജീവൻ രൂപമെടുക്കാനും അവയിൽ നിന്നും കാലക്രമേണയുള്ള പരിണാമത്തിലൂടെ ജീവജാലങ്ങളും ബുദ്ധിയുള്ള ജീവികളും ഉരുത്തിരിയാനും അനുയോജ്യമായ സാഹചര്യങ്ങൾ നിലവിലിരിക്കുന്ന ആയിരമോ പതിനായിരമോ ഒരുപക്ഷേ അതിൽ കൂടുതലോ ഗ്രഹങ്ങൾ ഉണ്ടായിക്കൂടെന്നില്ല, ഉണ്ടായേ തീരൂ എന്നു് നിർബന്ധവുമില്ല. ആ സന്ദർശകർ നമ്മുടെ ഗ്യാലക്സിയിൽ എവിടെനിന്നെങ്കിലും വരുന്നവരാണെങ്കിൽ ഒരു ഇന്റർസ്റ്റെല്ലാർ ഫ്ലൈറ്റ്‌ സംഘടിപ്പിക്കാൻ മാത്രം ബൗദ്ധികവളർച്ച പ്രാപിച്ചവരായിരിക്കണം അവർ. മറ്റു് ഗ്യാലക്സികളിൽ നിന്നും ഉള്ളവരാണെങ്കിൽ ഒരു ഇന്റർഗാലക്റ്റിക്‌ ഫ്ലൈറ്റ്‌ തന്നെ ഓർഗനൈസ്‌ ചെയ്യാതെ അവർക്കു് ഭൂമിയിൽ എത്തിച്ചേരാൻ കഴിയില്ല. പ്രപഞ്ചത്തിൽ എവിടെയെങ്കിലുമുള്ള പ്രിമിറ്റീവ്‌ ആയ ജീവികളിൽ നിന്നും അതുപോലൊരു ബൗദ്ധികശേഷി പ്രതീക്ഷിക്കാനാവില്ല എന്നതിനാൽ, ഭൂമിയിലൊഴികെ മറ്റൊരിടത്തും ബുദ്ധിയുള്ള ജീവികളിലേക്കു് വളരാൻ ജീവനു് കഴിഞ്ഞിട്ടില്ലെങ്കിൽ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ എവിടെനിന്നെങ്കിലും ആരെങ്കിലും ഭൂമിയിലേക്കു് വിരുന്നുവരും എന്ന പ്രതീക്ഷയിൽ നമ്മളിവിടെ കാത്തിരുന്നിട്ടു് കാര്യമൊന്നുമില്ല.

അന്യഗ്രഹങ്ങളിൽ എവിടെയെങ്കിലും ബൗദ്ധികവളർച്ചയുടെ ആരംഭഘട്ടം പിന്നിടാതെ കഴിഞ്ഞുകൂടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരെ അലട്ടുന്നതു് പ്രധാനമായും നിലനിൽപിന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരവും വംശവർദ്ധനവുമൊക്കെ ആയിരിക്കും. പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ബുദ്ധിയുള്ള ജീവികൾ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവരുടെ ലോകത്തിലെ പ്രശ്നങ്ങളാവില്ല. അത്തരം കാര്യങ്ങൾ അവരുടെ ബുദ്ധിയിലും ചിന്തകളിലും ഉദിച്ചിട്ടുപോലും ഉണ്ടാവില്ല. സ്വന്തഗ്രഹത്തെപ്പറ്റിത്തന്നെ പഠിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടില്ലാത്ത ആരെങ്കിലും ഭൂമിയെ തേടിവരുമെന്ന തോന്നൽ അസംബന്ധമാണു്. പിന്നെ അതിനു് ശ്രമിക്കാൻ നേരിയ സാദ്ധ്യതയെങ്കിലുമുള്ളതു് മനുഷ്യരുടെ ഏകദേശം അതേ ബൗദ്ധികത കൈവരിച്ചുകഴിഞ്ഞ അന്യഗ്രഹജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവരാണു്. പക്ഷേ, അതുപോലൊരു വിഭാഗത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വളർച്ചയും മനുഷ്യരുടേതിൽ നിന്നും അധികം വ്യത്യസ്തമാവാൻ വഴിയില്ലാത്തതിനാൽ, അവർ നമ്മെ കണ്ടെത്താനുള്ള അതേ ചാൻസ്‌ നമുക്കു് അവരെ കണ്ടെത്താനുമുണ്ടു്. നമ്മൾ ഇതുവരെ അന്യഗ്രഹജീവികളെ കണ്ടെത്തിയിട്ടില്ല, ഈ അടുത്ത കാലത്തൊന്നും അതിനുള്ള സാദ്ധ്യതയുമില്ല. ആ സ്ഥിതിക്കു്, നമ്മുടെ അതേ നിലവാരത്തിലുള്ള ഏതെങ്കിലും അന്യഗ്രഹജീവികൾ നമ്മളെ ഈ അടുത്ത കാലത്തൊന്നും സന്ദർശിക്കുമെന്നു് കരുതുന്നതിൽ അർത്ഥമൊന്നുമില്ല. അതിനർത്ഥം, UFO വഴി സത്യാവസ്ഥയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തുന്നുണ്ടെങ്കിൽ അവർ മനുഷ്യരേക്കാൾ ബൗദ്ധികമായി വളരെ ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞവരായിരിക്കണം. ഇനി, UFO എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നവ ഉള്ളിൽ ജീവികളില്ലാത്ത റിമോട്ട്‌ കണ്ട്രോൾഡ്‌ സ്പെയ്സ്ക്രാഫ്റ്റുകളാണെന്നു് കരുതിയാൽ തന്നെ, അവയെ ആരെങ്കിലും അയച്ചതാവണമെന്നതിനാൽ, അതിനുള്ള സാങ്കേതികജ്ഞാനം കൈവരിച്ച അന്യഗ്രഹജീവികൾക്കേ അതു് സാദ്ധ്യമാവൂ. മനുഷ്യനു് ഇതുവരെ കൈവരിക്കാൻ കഴിഞ്ഞതിനേക്കാൾ വളരെ ഉയർന്ന ബുദ്ധിശക്തി അതിനു് ആവശ്യമാണു്.

സസ്യവർഗ്ഗത്തിന്റെ നിലനിൽപിനു് കാർബൺ ഡയോക്സൈഡ്‌ അത്യന്താപേക്ഷിതമാണെങ്കിൽ, മനുഷ്യനു് ജീവിക്കാൻ ഓക്സിജൻ കൂടാതെ കഴിയില്ല. നേരെ മറിച്ചായാൽ ഭൂമിയിൽ ഈ രണ്ടു് വിഭാഗത്തിന്റേയും അന്ത്യമാവും ഫലം. കാർബൺ ഡയോക്സൈഡ്‌ മനുഷ്യർക്കു് “ജീവവായു” അല്ല, “മാരകവായു” ആണെന്നു് ചുരുക്കം. അതുകൊണ്ടു്, ഭൂമിയിലേതുപോലെ, കാർബണിന്റെ അടിസ്ഥാനത്തിലല്ലാതെ, മറ്റെവിടെയെങ്കിലും മറ്റേതെങ്കിലുമൊരു മൂലകത്തിന്റെ അടിസ്ഥാനത്തിൽ “ജീവൻ” രൂപമെടുക്കുന്നതിനു് തത്വത്തിൽ തടസ്സമൊന്നുമില്ല. അവ ഏതുവിധത്തിലുള്ളവ ആയിരിക്കും എന്നതിനെ സംബന്ധിച്ചു് തലപുകച്ചിട്ടു് തത്കാലം വലിയ കാര്യവുമില്ല. പ്രപഞ്ചത്തിലെ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ രൂപമെടുത്തു എന്നതുകൊണ്ടു് അതു് ബുദ്ധിയുള്ള ജീവികളുടെ നിലയിലേക്കു് പരിണാമത്തിലൂടെ വളർന്നുകൊള്ളണമെന്നില്ല. പ്രപഞ്ചത്തിൽ സ്ഥിരമെന്നോണം സംഭവിക്കുന്ന കോസ്മിക്‌ കറ്റാസ്റ്റ്രൊഫീകൾ, മാതൃനക്ഷത്രത്തിന്റെ അന്ത്യം, ജീവികൾക്കിടയിലെതന്നെ യുദ്ധങ്ങൾ അങ്ങനെ പല കാരണങ്ങളാൽ ഒരു ഗ്രഹത്തിലെ ജീവന്റെ വളർച്ച എന്നേക്കുമായി നശിപ്പിക്കപ്പെടാം. സ്വന്തം മാതൃനക്ഷത്രം ജീവജാലങ്ങളുടെ സംരക്ഷണത്തിനു് ഉതകാത്ത ഒരു അവസ്ഥയിലേക്കു് എത്തുന്നതിനു് മുൻപു് സ്വന്തഗ്രഹത്തെ ഉപേക്ഷിച്ചു് തുടർജീവിതം സാദ്ധ്യമാവുന്ന അന്യഗ്രഹങ്ങളിൽ ഏതിലെങ്കിലും കുടിയേറാൻ മാത്രം ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്ത എല്ലാ സംസ്കാരങ്ങളും എന്നെങ്കിലും നശിക്കാൻ വിധിക്കപ്പെട്ടവയാണു്. 1370 കോടി വർഷങ്ങൾ പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ ഇതിനോടകം പല ഗ്രഹങ്ങളും സംസ്കാരങ്ങളും അവയുടെ വളർച്ചയുടെ പല ഘട്ടങ്ങളിൽ വച്ചു് നാശത്തെ നേരിട്ടിട്ടുണ്ടാവാമെന്നതു് അവഗണിക്കാനാവാത്ത ഒരു സാദ്ധ്യതയാണു്. അന്യസംസ്കാരങ്ങളിൽ നിന്നുമുള്ള ഒരുവിധ സിഗ്നലുകളും സ്വീകരിക്കാൻ നമുക്കു് കഴിയാത്തതിന്റെ കാരണവും ഒരുപക്ഷേ അതായിരിക്കാം. നമ്മൾ തന്നെ എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളുടെയും മറ്റും രൂപത്തിൽ “ഏയ്‌, കൂയ്‌, അവിടെ ആരെങ്കിലുമുണ്ടോ?” എന്നു് വിളിച്ചുചോദിക്കാൻ തുടങ്ങിയിട്ടു് (അതിനാൽ, ആ വിളി അവിടെ പുറത്തുള്ളവരിൽ കേൾക്കാൻ “ചെവിയുള്ള” ആരെങ്കിലും കേൾക്കാനുള്ള സാദ്ധ്യതതന്നെ തുടങ്ങിയിട്ടും) ഏതാണ്ടു് നൂറു് വർഷങ്ങളേ ആയിട്ടുള്ളു. സമുദ്രത്തിലെ ഒരു തുള്ളി വെള്ളം പോലെ 1370 കോടി വർഷങ്ങൾക്കിടയിലെ നൂറു് വർഷങ്ങൾ!

സൗരയൂഥത്തിനോടു് ഏറ്റവും അടുത്തു് നിൽക്കുന്ന സ്റ്റാർ സിസ്റ്റം ആയ Alpha Centauri ഏകദേശം 4.3 പ്രകാശവർഷങ്ങൾ അകലെയാണു് സ്ഥിതി ചെയ്യുന്നതു്. അതിനർത്ഥം, ആൽഫ സെന്റൗറിയുടെ പരിസരത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തിച്ചേരാൻ ഒരു സ്പെയ്സ്ക്രാഫ്റ്റിനു്, അതു് പ്രകാശവേഗതയിൽ (ഒരു സെക്കൻഡിൽ മൂന്നു് ലക്ഷം കിലോമീറ്റർ) സഞ്ചരിച്ചാൽ പോലും, ഏകദേശം നാലര വർഷത്തോളം യാത്ര ചെയ്യേണ്ടി വരും. ഭൂമിയിൽ നിന്നും എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളുടെ രൂപത്തിൽ അയക്കുന്ന ഒരു സന്ദേശം സ്വീകരിക്കാനും തിരിച്ചു് മറുപടി അയക്കാനും കഴിവുള്ള ജീവികൾ അവിടെ ഏതെങ്കിലുമൊരു ഗ്രഹത്തിൽ ഉണ്ടെന്നു് സങ്കൽപിച്ചാൽ തന്നെ, അതുപോലൊരു മറുപടിക്കുവേണ്ടി നമ്മൾ ഏകദേശം ഒൻപതു് വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു് വരുത്തുന്ന” ഒരു “ഭവാനി” മുകളിലെവിടെയോ ഉണ്ടെന്നതിനാൽ മറുപടി കിട്ടുന്നതിനു് മുൻപു് മേഘസന്ദേശം അയച്ചവനെ “ഭവാനി” ചേനയും കാച്ചിലും അടിയിൽ നിന്നും നോക്കിക്കണ്ടു് ഗൃഹാതുരത്വത്തിന്റെ തീച്ചൂളയിൽ വെന്തെരിയേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ടാവാനും മതി. ആൽഫ സെന്റൗറി 4.3 പ്രകാശവർഷങ്ങൾ അകലെയാണെങ്കിൽ, NGC 4414 എന്ന, 55000 പ്രകാശവർഷങ്ങൾ വ്യാസമുള്ള, സ്പൈറൽ ഗ്യാലക്സി ഭൂമിയിൽ നിന്നും ആറുകോടി പ്രകാശവർഷങ്ങൾ അകലെയാണു് സ്ഥിതി ചെയ്യുന്നതു്. റിലേറ്റിവിറ്റി പ്രകാരം വേഗത വർദ്ധിക്കുമ്പോൾ സമയം സാവകാശമാവും. ബുദ്ധിയുടെ കാര്യത്തിൽ നമ്മെക്കാൾ ആയിരമോ പതിനായിരമോ ഒക്കെ വർഷങ്ങൾ മുന്നിലെത്തിക്കഴിഞ്ഞിട്ടുള്ള ഒരു സംസ്കാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ, പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ സഞ്ചരിക്കാനുള്ള സാങ്കേതികത്വം അവർ വികസിപ്പിച്ചിട്ടുണ്ടെങ്കിൽ, അതുപോലൊരു യാത്രയിൽ പങ്കെടുക്കുന്നവർക്കു്, അവരുടെ വേഗതയുടെ അടിസ്ഥാനത്തിൽ, അവർ യാത്ര തുടങ്ങിയിട്ടു് ഒരു വർഷമായി എന്നു് തോന്നുമ്പോൾ ഭൂമിയിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. അതുപോലെതന്നെ, ആ “ഒരു വർഷം” കൊണ്ടു് സ്വന്തം ഗ്രഹത്തിലെ അവരുടെ ബന്ധുക്കളും മിത്രങ്ങളുമെല്ലാം, അവർ പഴയനിയമത്തിലെ പിതാക്കളെപ്പോലെ ആയിരത്തിലേറെ വർഷങ്ങൾ ജീവിക്കുന്ന അത്ഭുതജീവികളല്ലെങ്കിൽ, പണ്ടെതന്നെ മരിച്ചുകഴിഞ്ഞിട്ടുണ്ടാവും. ചുരുക്കത്തിൽ, അന്യഗ്രഹജീവികൾ UFO എന്ന “കുപ്പിപ്പിഞ്ഞാണത്തിൽ” കയറി ഭൂലോകവാസികളെ സന്ദർശിക്കനെത്തുക എന്നതു് അങ്ങേയറ്റം അസംഭവ്യമായ കാര്യമാണു്.

സങ്കൽപാതീതമായ അത്തരമൊരു ശാസ്ത്രീയനേട്ടം കൈവരിക്കാൻ മാത്രം വളർന്ന ഒരു സംസ്കാരത്തിനു് ഭൗമാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളിൽ നിന്നും ഭൂമിയെ സംബന്ധിച്ചു് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ തളികപ്പുറത്തുകയറി ഭൂമിയിൽ വന്നിറങ്ങേണ്ട ആവശ്യമൊന്നുമില്ല. അത്രയും ഉന്നതമായ ഒരു സംസ്കാരം കെട്ടിപ്പടുക്കണമെങ്കിൽ ഈ ഭൂമിയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നിലവിലിരിക്കുന്നതിൽ നിന്നും നേർവിപരീതമായ ഒരു സാഹചര്യം ഉണ്ടെങ്കിലേ സാദ്ധ്യമാവൂ. അജ്ഞതയും, ദാരിദ്ര്യവും, രോഗങ്ങളും, മതഭ്രാന്തും, യുദ്ധങ്ങളും, പരിസ്ഥിതിമലിനീകരണം വഴി സ്വയം നശിപ്പിക്കാനുള്ള മടിയില്ലായ്മയും, ആകെയുള്ള ഒരു ജീവിതത്തേക്കാൾ ഒരടിത്തറയുമില്ലാതെ ഉണ്ടെന്നു് ആരോ എവിടെയോ പറഞ്ഞുകേട്ട ഒരു മരണാനന്തരജീവിതത്തിനു് മുൻതൂക്കം നൽകാൻ മാത്രമുള്ള ഒറിജിനൽ വിഡ്ഢിത്തവും മുഖമുദ്രയായ ഒരു ലോകത്തിൽ വന്നിറങ്ങിയിട്ടു് അതുപോലൊരു ഉന്നത ജീവിവർഗ്ഗം എന്തുനേടാൻ?

 
5 Comments

Posted by on Aug 1, 2011 in ശാസ്ത്രം

 

Tags: , ,

പ്രപഞ്ചത്തിന്‍റെ സ്വയം രൂപമെടുക്കല്‍ – 3

സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ – (3)

ഒരുപക്ഷേ പലരും മനസ്സിലാക്കി വച്ചിരിക്കുന്നതുപോലെ, Heisenberg Uncertainty Principle എന്ന തത്വം പ്രപഞ്ചരഹസ്യങ്ങളുടെ ആഴങ്ങളിലേക്കു് വെളിച്ചം വീശാൻ അനുയോജ്യമായ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ ഇതുവരെ ശാസ്ത്രത്തിനു് കഴിയാത്തതുകൊണ്ടുള്ള ഒരു പരിമിതിയല്ല. ടെലസ്കോപ്പും മൈക്രോസ്കോപ്പും ദൂരെയുള്ളവയോ, വളരെ ചെറുതായവയോ ആയ വസ്തുക്കളെ കാണാൻ മനുഷ്യനേത്രങ്ങൾക്കുള്ള പരിമിതികളെ മറികടക്കുന്നതിനുള്ള ഉപകരണങ്ങളാണെന്നതിനാൽ, അതുപോലുള്ള ഏതെങ്കിലും ഒരു ഉപകരണത്തിന്റെ അഭാവമാണു് ഈ തത്വം സൂചിപ്പിക്കുന്നതെന്ന നിഗമനത്തിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണെങ്കിലും വസ്തുത അതല്ല എന്നതാണു് സത്യം. ഗ്രീക്ക്‌ തത്വചിന്തയെ ‘സോക്രട്ടീസിനു് മുൻപു്, സോക്രട്ടീസിനു് ശേഷം’ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതുപോലെ, ഫിസിക്സിനെ ഡിറ്റർമിനിസ്റ്റിക്‌ ആയ ക്ലാസ്സിക്കൽ യുഗമെന്നും, പ്രോബബിലിസ്റ്റിക്‌ ആയ ആധുനികയുഗമെന്നും വേർതിരിക്കുന്നതു് ഈ തത്വമാണെന്നതിൽ നിന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളു. ന്യൂട്ടൺ, മാക്സ്‌വെൽ, ഐൻസ്റ്റൈൻ മുതലായ മഹാരഥന്മാരുടെ എല്ലാം തത്വങ്ങളെ ‘പഴഞ്ചൻ’ ആക്കി മാറ്റിയ അത്യാധുനികതത്വമാണതു്. അതുകൊണ്ടു് അവരുടെയെല്ലാം തത്വങ്ങൾ പഴകി കാലഹരണപ്പെട്ടു എന്നു് ഒരിക്കലും അർത്ഥവുമില്ല. അവയുടേതായ ലോകത്തിൽ, അവയുടേതായ കോണ്ടക്സ്റ്റിൽ ആ നിയമങ്ങളുടെ വലിഡിറ്റി നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയുമില്ല. ഒരു യൂണിവേഴ്സൽ കോൺസ്റ്റന്റായ പ്രകാശത്തിന്റെ വാക്യുമിലെ വേഗത മാറ്റമില്ലാത്ത ഒരു മൂല്യമായതിനു് കാരണം ഒരുവിധത്തിലും ഉപകരണസാങ്കേതികത്വത്തിന്റെ പരിമിതി അല്ലാത്തതുപോലെ, അൺസെർട്ടെന്റി പ്രിൻസിപ്പിളും ഒരു യൂണിവേഴ്സൽ നിയമമാണു് – മുഴുവൻ പ്രപഞ്ചത്തിനും ബാധകമായ നിയമം. “ഒഴുക്കനെ” പറഞ്ഞാൽ, ഒരേസമയം ഒരു വസ്തുവിന്റെ സ്ഥാനവും വേഗതയും തീരുമാനിക്കാനാവില്ല എന്നതാണു് ആ തത്വത്തിന്റെ ചുരുക്കം. വീക്ഷണവിധേയമായ ഒരു വസ്തുവിന്റെ സ്ഥാനനിർണ്ണയത്തിലെ അനിശ്ചിതത്വം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ വേഗതയിലെ അനിശ്ചിതത്വം കൂടും; നേരെ മറിച്ചും. ഈ വസ്തുതയെ പരുക്കൻ ഗണിതശാസ്ത്രത്തിലേക്കു് ലളിതമാക്കിയാൽ: ഒരു വസ്തുവിന്റെ പിണ്ഡം, അതിന്റെ സ്ഥാനത്തിലെ അൺസെർട്ടെന്റി, വേഗതയിലെ അൺസെർട്ടെന്റി ഇവ മൂന്നും തമ്മിലുള്ള ഗുണനഫലം എപ്പോഴും പ്ലാങ്ക്‌ കോൺസ്റ്റന്റിനേക്കാൾ കൂടുതലായിരിക്കും. Planck Constant വളരെ ചെറിയതാണെന്നതിനാൽ, സാധാരണജീവിതത്തിൽ മനുഷ്യർ ഇടപെടുന്ന അളവുകളിലുള്ള പിണ്ഡം, സ്ഥാനം, വേഗത മുതലായവയിൽ ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെടാനും മാത്രമില്ലെങ്കിലും, സബ്‌ആറ്റോമിക്‌ പാർട്ടിക്കിളുകളുമായി ഇടപെടുന്ന ക്വാണ്ടം ലോകത്തിന്റെ സ്ഥിതി അതല്ല.

ഒരു ഉദാഹരണം: ഹീലിയം ഗ്യാസിന്റെ കുറെ ആറ്റങ്ങൾ നിറച്ചതും ഭദ്രമായി അടച്ചതുമായ ഒരു ചെറിയ പാത്രം ചൂടാക്കിയാൽ അതിലെ കണങ്ങൾ പരസ്പരം കൂട്ടിമുട്ടിയും, പാത്രത്തിന്റെ ഉൾഭിത്തിയിൽ ഇടിച്ചും, ഊഷ്മാവു് കൂടുന്നതിനനുസരിച്ചു് വർദ്ധിക്കുന്ന വേഗതയിൽ (അഥവാ എനർജിയിൽ) ചലിക്കാനും ഉള്ളിലെ മർദ്ദം കൂടാനും തുടങ്ങും. അതുപോലെ, ആ പാത്രം തണുപ്പിച്ചാൽ അതിലെ കണങ്ങളുടെ എനർജിയും വേഗതയും കുറയുകയും ചെയ്യും. ഊഷ്മാവു് കുറഞ്ഞു് അബ്സൊല്യൂട്ട്‌ സീറോയിൽ എത്തുമ്പോൾ, (- 273,15 ഡിഗ്രി സെൽസ്യസ്‌) മുഴുവൻ എനർജിയും നഷ്ടപ്പെടുന്ന ആറ്റങ്ങൾ പൂർണ്ണമായ വിശ്രമാവസ്ഥയിൽ ആയിരിക്കും. അതോടെ പാത്രത്തിനുള്ളിലെ മർദ്ദവും അപ്രത്യക്ഷമാവും. (താത്വികമായ ഈ ഊഷ്മാവിൽ entropy അതിന്റെ ഏറ്റവും കുറഞ്ഞ മൂല്യത്തിൽ എത്തുന്നു. കണികകളുടെ ചലനം പൂർണ്ണമായും നിലയ്ക്കുന്ന ഈ അവസ്ഥയിൽ നിന്നും താഴേക്കു് ഊഷ്മാവിനെ കുറയ്ക്കുക സാദ്ധ്യമല്ല.) ഇതുപോലൊരു പരീക്ഷണത്തിൽ നിന്നും ക്ലാസ്സിക്കൽ ഫിസിക്സ്‌ പ്രതീക്ഷിക്കുന്നതു് ഇത്തരം ഒരു ഫലമാണു്. പക്ഷേ, ഹൈസെൻബെർഗിന്റെ അൺസെർട്ടെന്റി പ്രിൻസിപ്പിൾ പ്രകാരം അതുപോലൊരു പരിണതി അസാദ്ധ്യമാണു്. എന്താണു് ഈ നിലപാടിന്റെ അടിസ്ഥാനം?

ആ പാത്രത്തിന്റെ അളവു് നിശ്ചിതമായതിനാലും, കണങ്ങൾ അതിനു് പുറത്തു് കടക്കുന്നില്ല എന്നതിനാലും, കണങ്ങളുടെ സ്ഥാനത്തിൽ വരാവുന്ന അനിശ്ചിതത്വം ആ പാത്രത്തിന്റെ അളവിലും കുറവായിരിക്കുമല്ലോ. അതുപോലെ, അബ്സൊല്യൂട്ട്‌ സീറോ ടെമ്പറേച്ചറിൽ കണങ്ങൾ ചലിക്കുന്നില്ലെങ്കിൽ, അഥവാ, വേഗത പൂജ്യമാണെങ്കിൽ, അവയുടെ വേഗതയിലുള്ള അൺസെർട്ടെന്റിയും പൂജ്യമായിരിക്കും. മുകളിൽ പറഞ്ഞ മൂന്നു് ഘടകങ്ങളിൽ ഒന്നാണു് അതുവഴി പൂജ്യമാവുന്നതെന്നതിനാൽ, അവയുടെ ഗുണനഫലവും പൂജ്യമായേ മതിയാവൂ. പ്ലാങ്ക്‌ കോൺസ്റ്റന്റ്‌ എത്ര ചെറുതാണെങ്കിലും, അതു് പൂജ്യത്തേക്കാൾ വലുതാണെന്നതിനാൽ, ആ ഗുണനഫലം എപ്പോഴും പ്ലാങ്ക്‌ കോൺസ്റ്റന്റിനെക്കാൾ കൂടിയതായിരിക്കണമെന്ന അൺസെർട്ടെന്റി പ്രിൻസിപ്പിളിന്റെ നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല എന്നർത്ഥം. കൂടാതെ, ഈ നിബന്ധനയുടെ ഫലമായി, വേഗതയിലെ അൺസെർട്ടെന്റി പൂജ്യമാണെങ്കിൽ സ്ഥാനത്തിലെ അൺസെർട്ടെന്റി അനന്തമായിരിക്കേണ്ടതാണു്. പക്ഷേ, ഇവിടെ അതു് പാത്രത്തിന്റെ അളവിലും താഴെ മാത്രമേ ആവാൻ കഴിയൂ എന്നതിനാൽ, അബ്സൊല്യൂട്ട്‌ സീറോയിൽ കണങ്ങളുടെ ചലനം പൂർണ്ണമായി നിലയ്ക്കുമെന്നതു് സംഭവ്യമല്ല. ground state എന്നറിയപ്പെടുന്ന ഈ അവസ്ഥയിലെ കണങ്ങളുടെ ചലനം zero point motion അല്ലെങ്കിൽ, quantum jitters എന്നറിയപ്പെടുന്നു.

ഇനി, എന്തുകൊണ്ടാണു് അൺസെർട്ടെന്റി പ്രിൻസിപ്പിൾ ഒരു മൗലികതത്വമാവുന്നതു് എന്നു് നോക്കാം. പക്ഷേ, അതിനു് മുൻപു് കാഴ്ച എന്ന പ്രതിഭാസത്തെപ്പറ്റി പൊതുവേ ഒരൽപം: മനുഷ്യനു് അനുഭവവേദ്യമായ പ്രകാശസ്പെക്ട്രത്തിന്റെ തരംഗദൈർഘ്യം ഏകദേശം 630-740 നാനോമീറ്റർ (ചുവപ്പു്) മുതൽ 380-450 നാനോ മീറ്റർ (വയലറ്റ്‌) വരെയാണു്. റെറ്റിനയിൽ പതിക്കുന്ന പ്രകാശസ്പെക്ട്രത്തിന്റെ തരംഗദൈർഘ്യങ്ങൾക്കനുസരിച്ചു് സിഗ്നലുകളെ ചുവപ്പു്, നീല, പച്ച മുതലായ ഓരോരോ നിറങ്ങളായി തലച്ചോറു് ഇന്റർപ്രെറ്റ്‌ ചെയ്യുന്നു. തരംഗങ്ങളുടെ ദൈർഘ്യവും ഫ്രീക്വൻസിയും വിപരീതാനുപാതത്തിലാണു് (inversely proportional). വയലറ്റ്‌ നിറം ഓസിലേറ്റ്‌ ചെയ്യുന്ന ഫ്രീക്വൻസി സെക്കൻഡിൽ 785-665 റ്റെറാഹെർട്ട്സ്‌ ആണെങ്കിൽ, ചുവപ്പിന്റേതു് ഏകദേശം അതിന്റെ പകുതി (480-405 THz) മാത്രമാണെന്നതിൽ നിന്നും ഇതു് മനസ്സിലാക്കാവുന്നതാണു്. വയലറ്റിനു് മുകളിലേക്കു് ഗ്യാമ റെയ്സ്‌ വരെയും, റെഡിനു് താഴേക്കു് റേഡിയോ റെയ്സ്‌ വരെയും വ്യാപിച്ചു് കിടക്കുന്ന പ്രകാശത്തിന്റെ ആകെ സ്പെക്ട്രമായ എലക്ട്രോമാഗ്നെറ്റിക്‌ റേഡിയേഷനുകൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവയുടെ വേവ്‌ ലെങ്ങ്‌തുകൾ (ഫ്രീക്വൻസികൾ) വ്യത്യസ്തമാണെന്നതു് മാത്രമാണു്. വിശാലമായ ആ ഫ്രീക്വൻസി സ്പെക്ട്രത്തിലെ നേരിയ ഒരംശമായ ചുവപ്പുമുതൽ വയലറ്റ്‌ വരെയുള്ള ഭാഗം മാത്രം നഗ്നനേത്രങ്ങൾകൊണ്ടു് കാണാൻ മനുഷ്യനു് കഴിയുന്നതു്, സൂര്യന്റെ റേഡിയേഷനിലെ ഏറ്റവും ഇന്റെൻസ്‌ ആയ സ്പെക്ട്രം അതായതിനാൽ ഭൂമിയിലെ മനുഷ്യന്റെ സര്‍വൈവലിനു് സ്വാഭാവികമായും കൂടുതൽ പ്രയോജനകരമായ ആ സ്പെക്ട്രത്തെ സ്വീകരിക്കുന്നതിനു് യോജിച്ചവിധം എവൊല്യൂഷൻ വഴി മനുഷ്യനേത്രങ്ങൾ ട്യൂൺ ചെയ്യപ്പെട്ടതുകൊണ്ടാണു്. എതിരെ വരുന്നതു് ശത്രുവോ മിത്രമോ ഇണയോ എന്നൊക്കെ എത്ര പെട്ടെന്നു് തിരിച്ചറിയാനും തദനുസൃതം തീരുമാനങ്ങൾ കൈക്കൊള്ളാനും കഴിയുന്നോ അത്രയും എളുപ്പമായിരിക്കും എല്ലാ അർത്ഥത്തിലും സർവൈവ്‌ ചെയ്യാനുള്ള ചാൻസും എന്ന കാര്യത്തിൽ സംശയം വേണ്ടല്ലോ. സൂര്യൻ മനുഷ്യർക്കുവേണ്ടി അവരുടെ വിഷ്വൽ സ്പെക്ട്രം തയ്യാറാക്കുകയായിരുന്നില്ല, സൂര്യനിൽ നിന്നുള്ള റേഡിയേഷന്റെ സിംഹഭാഗം അതായതിനാൽ അതിനൊപ്പിച്ചു് മനുഷ്യനേത്രങ്ങൾ ഇവോൾവ്‌ ചെയ്യുകയായിരുന്നു – തന്റെ സൃഷ്ടികളുടെയെല്ലാം സുവർണ്ണകിരീടമായി ദൈവം മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു, അഥവാ, മല മുഹമ്മദിനെത്തേടി വരികയായിരുന്നു എന്നൊക്കെ വിശ്വാസികൾ യുക്തിയുക്തം തെളിയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും.

ഒരു വസ്തുവിന്റെ രണ്ടു് സമയത്തുള്ള സ്ഥാനങ്ങളിൽ നിന്നും സഞ്ചരിച്ച ദൂരം നിശ്ചയിക്കുകയും അതിനെ സമയം കൊണ്ടു് ഹരിയ്ക്കുകയും ചെയ്താണല്ലോ സാധാരണഗതിയിൽ അതിന്റെ വേഗത കണ്ടുപിടിക്കുന്നതു്. ഒരു വസ്തുവിന്റെ സ്ഥാനം നമ്മൾ കാണുന്നതു് പകലാണെങ്കിൽ അതിന്റെ നേരെ നോക്കിയും, രാത്രിയാണെങ്കിൽ ടോർച്ചടിച്ചു് നോക്കിയുമൊക്കെയാണു്. സൂര്യനിൽ നിന്നോ ടോർച്ചിൽ നിന്നോ ആ വസ്തുവിൽ പതിച്ചു് പ്രതിഫലിക്കുന്ന പ്രകാശത്തെ സ്വീകരിച്ചു് അതിന്റെ സ്ഥാനം, അതു് ചലിക്കുന്ന വസ്തുവാണെങ്കിൽ, അതിന്റെ വേഗത മുതലായവ നിർണ്ണയിക്കുന്നതിനുള്ള ‘സാങ്കേതികത്വം’ എവൊല്യൂഷന്റെ സംഭാവനയായി മനുഷ്യരുടെ കണ്ണുകൾക്കും തലച്ചോറിനും ലഭിച്ചിട്ടുണ്ടു്. പക്ഷേ, വീക്ഷിക്കേണ്ട വസ്തുക്കൾ electron പോലെ വളരെ ചെറിയവ ആവുമ്പോൾ ഈ രീതികൊണ്ടു് ഒരു പ്രയോജനവുമില്ല. മനുഷ്യനു് സ്വീകരിക്കാൻ കഴിയുന്ന തരംഗദൈർഘ്യങ്ങൾ എലക്ട്രോണിന്റെ അളവുകളെക്കാൾ കൂടിയതാണെന്നതാണു് അതിനു് കാരണം. അതിനാൽ, ഒരു മൈക്രോസ്കോപ്പിന്റെ സഹായത്തോടെ എലക്ട്രോണിൽ പതിച്ചു് പ്രതിഫലിക്കുന്ന പ്രകാശത്തെ ഒരു ഇമേജ്‌ ആയി ഫോക്കസ്‌ ചെയ്യിക്കുക എന്നതേ ചിന്തനീയമായിട്ടുള്ളു. പക്ഷേ, പ്രകാശത്തിന്റെ തരംഗദൈർഘ്യം കുറയുന്നതിനനുസരിച്ചു് അതിന്റെ ഫ്രീക്വൻസി മാത്രമല്ല, എനർജിയും വർദ്ധിക്കുമെന്നതു് ഒരു പ്രശ്നമാണു്. അതുപോലെ, പ്രകാശത്തെ അതിന്റെ കണമായ ഒരു ഫോട്ടോണിലും ചെറുതാക്കാനും ആവില്ല. അതായതു്, എലക്ട്രോണിനെ ‘കാണാനായി’ ആകെ ചെയ്യാൻ കഴിയുന്നതു് അതിന്റെ അളവുമായി ചേരുന്നത്ര ചെറിയ തരംഗദൈർഘ്യമുള്ള ഒരു ഫോട്ടോൺ കൊണ്ടു് അതിനെ പ്രകാശിപ്പിക്കുകയാണു്. ചെറിയ തരംഗദൈർഘ്യം കൂടിയ എനർജി ആണെന്നതിനാൽ, കുരുവിയെ പീരങ്കികൊണ്ടു് വെടി വയ്ക്കുന്നതുപോലെ, അതുവഴി എലക്ട്രോൺ തട്ടിത്തെറിപ്പിക്കപ്പെടുകയാവും ഫലം. ഇനി, അൽപം കൂടിയ തരംഗദൈർഘ്യം ഉപയോഗിച്ചാൽ കൃത്യമായ ഫോക്കസിംഗ്‌ സാദ്ധ്യമാവില്ല. സാധിച്ചാൽത്തന്നെ, എലക്ട്രോണിന്റെ ഒരു മങ്ങിയ ഇമേജ്‌ മാത്രമേ അതുവഴി ലഭിക്കൂ. അതായതു്, തത്വത്തിൽ, ചെറിയ തരംഗദൈർഘ്യങ്ങൾ ഉപയോഗിച്ചു് ഒരു എലക്ട്രോണിന്റെ സ്ഥാനവും, ഉയർന്ന തരംഗദൈർഘ്യങ്ങൾ ഉപയോഗിച്ചു് വേഗതയും കണ്ടുപിടിക്കാനാവുമെങ്കിലും, ഒന്നിന്റെ അളവു് മറ്റേതിന്റെ അളവിനെ അസാദ്ധ്യമാക്കുമെന്നതിനാൽ, ഒരിക്കലും ഇവ രണ്ടുംകൂടി ഒരേസമയം അളക്കാനാവില്ല. ഇതാണു് ഹൈസെൻബെർഗ്ഗിന്റെ അനിശ്ചിതത്വനിയമം. ഇതു് ക്വാണ്ടം തിയറി മൂലമുള്ള പ്രശ്നമാണു്.

അതിലും വലിയ മറ്റൊരു പ്രശ്നമുള്ളതു് റിലേറ്റിവിറ്റി തിയറി മൂലമുള്ളതാണു്. ഇതുപോലൊരു പരീക്ഷണത്തിനായി വളരെ ചെറിയ തരംഗദൈർഘ്യമുള്ള ഒരു റേഡിയേഷൻ ഉപയോഗിച്ചാൽ ആ റേഡിയേഷൻ, അതിന്റെ വളരെ ഉയർന്ന എനർജി മൂലം, മാറ്ററും ആന്റിമാറ്ററും ആയി മാറുകയാവും ഫലം. അതായതു്, എലക്ട്രോണിനെ കാണാനായി ഉപയോഗിച്ച റേഡിയേഷൻ അതിനെ കാണിച്ചു് തരുന്നതിനു് പകരം, സ്വയം മാറ്ററും ആന്റിമാറ്ററുമായി പരിണമിക്കുന്നു! ക്വാക്കുകളുടെ കാര്യവും ഇതുപോലെതന്നെ. കൂടുതൽ അറിയുമ്പോൾ, എനർജി ദ്രവ്യവും ദ്രവ്യം എനർജിയുമായി മാറുന്ന ഒരു വിചിത്രലോകമാണു് കണങ്ങളുടേതു്! വീക്ഷിക്കുന്നതുവഴി മാറ്റം സംഭവിക്കുന്ന ഒരു ലോകത്തിൽ, വീക്ഷിക്കപ്പെടാത്ത അവസ്ഥയിലെ ഒരു ലോകത്തെ, അഥവാ, ഒബ്ജക്റ്റീവ്‌ ആയ ഒരു ലോകത്തെ, വീക്ഷിക്കുക എന്നതു് സാദ്ധ്യമാവുന്നതെങ്ങനെ? അതുകൊണ്ടു്, “ഉണ്ടാകട്ടെ” എന്നു് ഏതോ ഒരു ദൈവം കൽപിച്ചപ്പോഴോ, മറ്റേതോ ദൈവം വയറ്റുവേദനമൂലം ചിലവട്ടം ഛർദ്ദിച്ചപ്പോഴോ ഒക്കെ ഉണ്ടായതാണു് ഈ ലോകം എന്ന ‘നിത്യസത്യങ്ങളെ’ ഈ വസ്തുതകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണു് വിലയിരുത്താൻ ശ്രമിക്കേണ്ടതു്. തന്റെ വിശ്വാസപ്രമാണം ഛർദ്ദിയിലോ, അതിസാരത്തിലോ അധിഷ്ഠിതം എന്നതിനേക്കാൾ, അതിലൂടെ നിർവൃതി അടയാനും, നിർവാണം പ്രാപിക്കാനും തനിക്കു് കഴിയുന്നുണ്ടോ എന്നതാണല്ലോ മതവിശ്വാസിയെ നയിക്കുന്ന പ്രധാന ശക്തി.

തെർമോഡൈനാമിക്സിലെ ഒന്നാം നിയമം എന്നറിയപ്പെടുന്ന The law of conservation of energy അനുസരിച്ചു് പ്രപഞ്ചത്തിലെ ആകെമൊത്തം എനർജി സ്ഥിരമായ ഒരു മൂല്യമാണു്. രൂപമാറ്റം സംഭവി(പ്പി)ക്കാമെന്നല്ലാതെ, എനർജിയെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. പൊട്ടൻഷ്യൽ, കൈനെറ്റിക്‌, കെമിക്കൽ, തെർമൽ, എലക്ട്രിക്കൽ, ന്യൂക്ലിയർ മുതലായ വ്യത്യസ്ത രൂപങ്ങളിൽ എനർജി പ്രപഞ്ചത്തിൽ കാണപ്പെടുന്നു. ഐൻസ്റ്റൈന്റെ ഊർജ്ജസമവാക്യമായ E=mc^2 പ്രകാരം വസ്തുക്കളുടെ പിണ്ഡവും (mass) എനർജിയുടെ മറ്റൊരു രൂപമായതിനാൽ, പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യത്തിന്റെയും പിണ്ഡത്തെ എനർജി ആയി പരിഗണിക്കുന്നതിൽ തെറ്റില്ല. അതിൽ നിന്നും എനർജി എന്ന പ്രതിഭാസത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പ്രപഞ്ചനിർവചനം സാദ്ധ്യമല്ല എന്നു് വ്യക്തമാവുന്നു. ശൂന്യത (empty space, vacuum) എന്നതു് ‘ഒന്നും ഇല്ലായ്മ’ അല്ല. അവിടെ vacuum fluctuations എന്നറിയപ്പെടുന്ന എലക്ട്രോമാഗ്നെറ്റിക്‌ ഫീൽഡിന്റെ നിരന്തരമായ ആന്ദോളനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടു്. Quantum field theory-യുടെ ഒരു പരിണതഫലമായ ഈ ചലനങ്ങളും quantum jitters തന്നെ. ശൂന്യതയിൽ നിന്നും ഒഴിവാക്കാനോ, ലഘൂകരിക്കാനോ കഴിയാത്ത ഈ ക്വാണ്ടം ഫ്ലക്ചുവേഷൻസ്‌ വളരെ തീവ്രമാണെങ്കിലും, ശൂന്യതയുടെ എനർജി മറ്റിനങ്ങളേക്കാൾ പരിമിതമായതിനാൽ നമ്മുടെ ശരീരത്തിനു് അതു് അനുഭവവേദ്യമാവുകയില്ല. ക്വാണ്ടം ജിറ്റേഴ്സിൽ നിന്നും വ്യത്യസ്തമായതും മനുഷ്യനു് അനുഭവവേദ്യവുമായ ഒന്നാണു് തെർമൽ ജിറ്റേഴ്സ്‌. (ക്വാണ്ടം ഫീൽഡ്‌ തിയറിയുടെ ഗണിതശാസ്ത്രം ഉപയോഗിച്ചാണു് ബ്ലാക്ക്‌ ഹോൾ മൂലം വാക്യും ഫ്ലക്ചുവേഷൻസിനു് സംഭവിക്കുന്ന ഡിസ്റ്റർബൻസ്‌ ‘ഹോക്കിങ്ങ്‌ റേഡിയേഷനു്’ കാരണമാവുന്നു എന്ന കണ്ടെത്തൽ സ്റ്റീവൻ ഹോക്കിങ്ങ്‌ നടത്തിയതു്. പക്ഷേ, അതു് മറ്റൊരു വിഷയം.)

എങ്കിലും, പ്രപഞ്ചം എങ്ങനെ ശൂന്യതയിൽ നിന്നും രൂപമെടുക്കുന്നു എന്നറിയാൻ സ്റ്റീവൻ ഹോക്കിംഗിന്റെ അഭിപ്രായം നമുക്കു് ആവശ്യമുണ്ടു്. The Grand Design-ൽ അദ്ദേഹം പറയുന്നതിലെ പ്രസക്തമായ കാര്യങ്ങൾ എളുപ്പത്തിനുവേണ്ടി ഒരു സ്വതന്ത്ര തർജ്ജമയായി ഞാൻ ഇവിടെ കൊടുക്കുന്നു: ജനറൽ റിലേറ്റിവിറ്റിയിൽ സ്ഥലവും സമയവും തമ്മിൽ സംയോജിപ്പിക്കപ്പെട്ടെങ്കിലും (space-time continuum), പ്രപഞ്ചത്തിന്റെ ആരംഭം, അവസാനം മുതലായ കാര്യങ്ങളിലെ അവയുടെ സംയോജനത്തിനു് അതു് പര്യാപ്തമായിരുന്നില്ല. പക്ഷേ, ജനറൽ റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയും ബാധകമാവുന്ന വലിപ്പം മാത്രമുണ്ടായിരുന്ന ആദ്യകാലപ്രപഞ്ചത്തിന്റെ വക്രതയിൽ സമയം സ്പെയ്സിന്റെ മറ്റൊരു ഡിമെൻഷൻ ആയാലെന്നപോലെ പെരുമാറും. നാലു് ഡൈമെൻഷനുകളും സ്പെയ്സിന്റേതാകുമ്പോൾ, സമയത്തിന്റെ ആരംഭം എന്ന പ്രശ്നവും പ്രപഞ്ചാരംഭത്തിനു് മുൻപു് എന്തായിരുന്നു എന്ന ചോദ്യവും അസംബന്ധമായി മാറുന്നു. സ്പെയ്സ്‌-ടൈമിനു് അതിർത്തി ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നിടത്തു് (no-boundary condition) തെക്കേ ധ്രുവത്തിനും തെക്കു് എന്തു് എന്ന ചോദ്യം അർത്ഥശൂന്യമാവുന്നപോലെ. സ്വാഭാവികമായും ഇതു് ഉയർന്ന ഗണിതശാസ്ത്രം ആവശ്യമായ ഒരു തിയറിയാണു്.

ഒരു വസ്തുവിനെ നിർമ്മിക്കാൻ എനർജി ആവശ്യമാണെന്നതു് ഒരു പ്രപഞ്ചനിയമമാണു്. അതുകൊണ്ടുതന്നെ, ശൂന്യതയിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിന്റെ എനർജി പോസിറ്റീവ്‌ ആയിരിക്കണം. വസ്തുക്കളുടെ എനർജി നെഗറ്റീവ്‌ ആയിരുന്നെങ്കിൽ ശൂന്യസ്ഥലത്തെ അസ്ഥിരമാക്കിക്കൊണ്ടു് അവയ്ക്കു് യഥേഷ്ടം എവിടെ, എപ്പോൾ വേണമെങ്കിലും രൂപമെടുക്കാൻ തടസ്സമൊന്നുമില്ലായിരുന്നു. അതിനു് ചലനം വഴിയുള്ള അവയുടെ പോസിറ്റീവ്‌ എനർജി ധാരാളം മതിയായേനെ. പക്ഷേ, നമ്മൾ മുകളിൽ കണ്ടതുപോലെ, പ്രപഞ്ചത്തിലെ മൊത്തം എനർജി സ്ഥിരമായതിനാൽ, പോസിറ്റീവ്‌ എനർജി വഴി വസ്തുക്കൾ രൂപമെടുക്കുമ്പോൾ ശൂന്യസ്ഥലത്തിന്റെ അസ്ഥിരത എന്ന പ്രശ്നം ഉദിക്കുന്നില്ല. കൂടാതെ, ശൂന്യസ്ഥലത്തിന്റെ എനർജി എന്നതു് സ്പെയ്സ്‌, ടൈം എന്നിവ അനുസരിച്ചു് മാറ്റമൊന്നും സംഭവിക്കാത്ത സ്ഥിരമായ ഒരു മൂല്യമാണു്. പ്രപഞ്ചത്തിലെ ആകെ എനർജി പൂജ്യമായിരുന്നെങ്കിൽ, വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതിനു് ആവശ്യമായ പോസിറ്റീവ്‌ എനർജി ലഭ്യമാവാൻ വഴിയൊന്നുമുണ്ടാവുമായിരുന്നില്ല. അതുപോലെ, ഒരു ആകർഷണശക്തിയായ ഗ്രാവിറ്റിയുടെ എനർജി നെഗറ്റീവ്‌ ആണു്. കാരണം, ആകർഷണശക്തിയാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു വ്യവസ്ഥയെ (സൂര്യൻ, ഭൂമി, ചന്ദ്രൻ…) തമ്മിൽ വേർപ്പെടുത്താൻ ജോലി (work) ചെയ്യേണ്ടതുണ്ടു്. (ട്രാൻസ്ഫർ ചെയ്യപ്പെടുന്ന എനർജി ആണു് ഫിസിക്സിലെ ‘വർക്ക്‌’.) ഈ നെഗറ്റീവ്‌ എനർജിക്കു് ദ്രവ്യം സൃഷ്ടിക്കപ്പെടുന്നതിനു് ആവശ്യമായ പോസിറ്റീവ്‌ എനർജിയെ ബാലൻസ്‌ ചെയ്യാനാവും. പക്ഷേ, ഉദാഹരണത്തിനു്, ഭൂമിയുടെ നെഗറ്റീവ്‌ ഗ്രാവിറ്റേഷണൽ എനർജിയുടെ എത്രയോ കോടി മടങ്ങു് കൂടുതലാണു് ഭൂമിയുടെ സൃഷ്ടിക്കു് ആവശ്യമായ ദ്രവ്യകണങ്ങളുടെ പോസിറ്റീവ്‌ എനർജി. ഒരു നക്ഷത്രത്തിന്റെ ഗ്രാവിറ്റേഷണൽ എനർജി ഭൂമിയുടേതിനേക്കാൾ വളരെ കൂടിയതാവാമെങ്കിലും, അതിനു് ആ നക്ഷത്രത്തിന്റെ രൂപമെടുക്കലിനു് ആവശ്യമായ ദ്രവ്യത്തിന്റെ പോസിറ്റീവ്‌ എനർജിയെക്കാൾ കൂടുതലാവാൻ കഴിയില്ല. കാരണം, അതിനു് മുൻപു് ആ നക്ഷത്രം ഒരു ബ്ലാക്ക്‌ ഹോൾ ആയി മാറിയിരിക്കും. ബ്ലാക്ക്‌ ഹോളുകളുടെ എനർജി പോസിറ്റീവ്‌ ആണു്. അതുകൊണ്ടു്, നക്ഷത്രങ്ങളും ബ്ലാക്ക്‌ ഹോളുകളും പോലുള്ള വസ്തുക്കൾക്കു് – അവ ‘പ്രാദേശികം’ ആയതിനാൽ – ശൂന്യതയിൽ നിന്നും രൂപമെടുക്കാൻ ആവുകയില്ല. പക്ഷേ, മുഴുവൻ പ്രപഞ്ചത്തിന്റേയും മാനദണ്ഡത്തിൽ നോക്കുമ്പോൾ, ഗ്രാവിറ്റിയുടെയും ദ്രവ്യത്തിന്റെയും വിപരീത എനർജികൾ തമ്മിൽ ബാലൻസ്‌ ചെയ്യപ്പെടുമെന്നതിനാൽ, പ്രപഞ്ചങ്ങളുടെ രൂപമെടുക്കലിനു് – അവ ‘പ്രാപഞ്ചികം’ ആയതിനാൽ – തടസ്സമൊന്നുമില്ലതാനും. ഗ്രാവിറ്റിയെന്ന നിയമം സൃഷ്ടിയിലെ ഈ ‘ഇരട്ടത്താപ്പു്’ സാദ്ധ്യമാക്കുന്നു. ഈ രണ്ടു് പ്രതിഭാസങ്ങൾക്കും ദൈവത്തിന്റെയോ, പ്രകൃത്യതീതമായ മറ്റേതെങ്കിലും ഒരു ബാഹ്യശക്തിയുടെയോ ആവശ്യമില്ല. (എട്ടുകാലി മമ്മൂഞ്ഞുകൾ എനർജിയെപ്പിടിച്ചു് ദൈവം ആക്കാനുള്ള സാദ്ധ്യത ഞാൻ കാണുന്നുണ്ടെങ്കിലും! ഏതെങ്കിലും ഒരു ദൈവം ഇല്ലാതെ ഞമ്മക്കു് പറ്റൂല്ല, പറ്റൂല്ല.) ഹോക്കിംഗിന്റെ അഭിപ്രായത്തിൽ, ഒരു സ്യൂപ്പർസിമട്രിക്‌ തിയറി ആയ M-theory ഫൈനൈറ്റ്‌ ആണെന്നു് തെളിയിക്കപ്പെട്ടാൽ, അതു് മാത്രമാണു് സ്വയം സൃഷ്ടിക്കുന്ന പ്രപഞ്ചത്തെ മുഴുവനായും വിശദീകരിക്കാൻ പ്രാപ്തിയുള്ള ഒരേയൊരു സമ്പൂർണ്ണ തിയറി.

ദൈവങ്ങളുടെ ലോകത്തിൽ നിന്നും മറ്റീരിയലിസ്റ്റിക്‌ ലോകത്തിലെത്താൻ, ആറ്റത്തിൽ നിന്നും ക്വാക്കുകളിൽ എത്താൻ, ന്യൂട്ടോണിയൻ ഡിറ്റർമിനിസ്റ്റിക്‌ ലോകത്തിൽ നിന്നും ക്വാണ്ടം ഫിസിക്സിന്റെ പ്രോബബിലിസ്റ്റിക്‌ ലോകത്തിലെത്താൻ – അതിനെല്ലാം പിന്നിട്ട വഴികളിൽ വച്ചു് പലവട്ടം മനുഷ്യർക്കു് അവരുടെ തലച്ചോറിലെ ‘വയറിംഗ്‌’ തിരുത്തേണ്ടി വന്നിട്ടുണ്ടു്. ചിന്തയുടെ അച്ചുകളിൽ മാറ്റം വരാതെ ചിന്തകളിൽ മാറ്റം വരികയില്ല. ചിന്തയുടെ അച്ചുകൾ പറിച്ചെറിയാനാവാത്തവിധം എത്ര ആഴത്തിലാണു് മനസ്സിൽ പതിയുന്നതു് എന്നതിനു് അന്നോളമില്ലാതിരുന്ന വിപ്ലവാത്മകതത്വങ്ങളുമായി ലോകത്തിലേക്കു് പ്രവേശിച്ച ഐൻസ്റ്റൈൻ തന്നെയാണു് ഏറ്റവും നല്ല ഉദാഹരണം. കൂടുതൽ ഇവിടെ: ഐൻസ്റ്റൈനും ബോറും തമ്മിലെ മത്സരം

 
4 Comments

Posted by on Jul 6, 2011 in ശാസ്ത്രം

 

Tags:

സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ – 2

ഒബ്ജക്റ്റീവ്‌ റിയാലിറ്റി എന്നതിനു് യുക്തിപരമായ ഒരടിസ്ഥാനവും കണ്ടെത്താൻ നമുക്കു് കഴില്ലെങ്കിലും അങ്ങനെയൊന്നുണ്ടെന്ന രീതിയിൽ പെരുമാറുകയല്ലാതെ മനുഷ്യർക്കു് മറ്റു് നിവൃത്തിയൊന്നുമില്ലെന്നു് തത്വചിന്തകൻ ഡേവിഡ്‌ ഹ്യൂം. ലോകത്തെയും തന്നെയും കുറിച്ചു് അൽപമെന്തെങ്കിലുമൊക്കെ അറിയാൻ മനുഷ്യനു് അവന്റെ ഇന്ദ്രിയജ്ഞാനത്തെ ആശ്രയിക്കുകയും വിശ്വസിക്കുകയുമല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ല. ഇന്ദ്രിയാനുഭവങ്ങൾക്കു് തലച്ചോറു് നൽകുന്ന ഇന്റർപ്രെറ്റേഷനിലൂടെ തനിക്കു് മനസ്സിലാക്കാൻ കഴിയുന്നതുതന്നെയാണു് യഥാർത്ഥത്തിൽ ‘അവിടെ പുറത്തു്’ സ്ഥിതി ചെയ്യുന്ന ലോകമെന്നു് തെളിയിക്കാനോ, ആ ലോകം താൻ ഇല്ലാത്തപ്പോഴും അവിടെ അങ്ങനെതന്നെ നിലനിൽക്കുന്നുണ്ടോ എന്നറിയാനോ മനുഷ്യനു് ഒരു വഴിയുമില്ല. ഒരുപക്ഷേ അതുകൊണ്ടുകൂടിയാണു് ഈ ലോകം എന്നതു് ഏതെങ്കിലുമൊരു ദൈവം ഉച്ചയുറക്കത്തിൽ കണ്ട ഒരു ‘കിരാത’സ്വപ്നമാണെന്നോ, അസ്തിത്വമെന്നതു് മനുഷ്യമനസ്സിൽ മാത്രം നിലനിൽപുള്ള ഒരു ആശയമാണെന്നോ, വിശപ്പും ദാഹവും വേദനയുമെല്ലാം ഒന്നുമില്ലായ്മയുടെ എന്തുമാകായ്മയായ വെറും മായ മാത്രമാണെന്നോ ഒക്കെ ചുണ്ടിന്റെ വളർച്ചയ്ക്കും നീളത്തിനുമനുസരിച്ചു് നീട്ടിപ്പാടാൻ മനുഷ്യർക്കു് കഴിഞ്ഞതും കഴിയുന്നതും. കോതപ്പാട്ടു് ശരിയാണെന്നു് തെളിയിക്കാൻ പാടുന്നവർക്കു് കഴില്ലെങ്കിലും, അതു് തെറ്റാണെന്നു് തെളിയിക്കാൻ കേൾക്കുന്നവർക്കു് ആഗ്രഹവുമില്ലാത്തതിനാൽ പാട്ടുകച്ചേരി അനന്തമായി നീളുകയും ചെയ്യാം – “ഹാ മായ, മായ, സകലവും മായ” എന്നും മറ്റുമുള്ള സഭാപ്രസംഗിയുടെ ‘പാട്ടുകൾ’ സഹസ്രാബ്ദങ്ങൾ കടന്നു് ഇന്നും ബൈബിളിന്റെ ലോകത്തിൽ അലയടിക്കുന്നതുപോലെ. മതങ്ങൾ വരച്ചുകാണിക്കുന്ന മായയുടേയും മന്ത്രത്തിന്റേയുമൊക്കെ ലോകവുമായി പ്രകൃതിശാസ്ത്രങ്ങൾക്കു് ബന്ധമൊന്നുമില്ല. സത്യം തേടൽ ശാസ്ത്രലോകത്തിന്റെ ലക്ഷ്യവുമല്ല. “യഥാർത്ഥ സത്യം, അതു് ദൈവങ്ങൾക്കു് മാത്രമുള്ളതാണു്”. ലെസ്സിംഗ്‌ ഇതു് പറഞ്ഞിട്ടു് ഏതാണ്ടു് 250 വർഷങ്ങൾ കഴിഞ്ഞു. പോരെങ്കിൽ, ശാസ്ത്രം മനുഷ്യരുടെ ലോകമാണു്, ദൈവങ്ങളുടെയല്ല. പ്രത്യയശാസ്ത്രങ്ങളും മതങ്ങളും ചെയ്യുന്നപോലെ സാർവ്വലൗകികപ്രശ്നങ്ങൾക്കു് സമ്പൂർണ്ണപരിഹാരം എന്ന ഒറ്റമൂലി മുന്നോട്ടു് വയ്ക്കുന്ന ഒരു അടഞ്ഞ ചിന്താവ്യവസ്ഥയല്ല (closed system of thought) ശാസ്ത്രം. തുറന്നതും, നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നതും, ആവർത്തിച്ചു് തെളിയിക്കാൻ കഴിയുന്ന നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും അധിഷ്ഠിതമായതുമായ ഒരു സ്വതന്ത്രചിന്താരീതിയാണതു്. അതുകൊണ്ടുതന്നെ, ഉപകരണ-സാങ്കേതികവിദ്യയുടെ പുരോഗതിമൂലവും മറ്റും കണ്ടെത്തപ്പെടുന്ന പുതിയ അറിവുകൾ പഴയവയെ ഉപേക്ഷിക്കേണ്ടതോ, തിരുത്തേണ്ടതോ നിർബന്ധിതമാക്കിത്തീർക്കുമ്പോൾ, രക്തച്ചൊരിച്ചിലുകൾക്കൊന്നും കാരണമാവാതെതന്നെ, അവ ശാസ്ത്രലോകത്തിൽ അംഗീകരിക്കപ്പെടുന്നു. ശാസ്ത്രം ഇടപെടുന്ന ലോകം quarks, leptons, bosons എന്നീ വിഭാഗങ്ങളിൽ പെട്ട ആണവഘടകങ്ങൾകൊണ്ടു് പണിതുയർത്തപ്പെട്ടിട്ടുള്ള ഒരു ആഗ്രിഗെയ്റ്റാണു്. ഇത്തരം എലെമെന്ററി പാർട്ടിക്കിളുകൾ കൊണ്ടുള്ള – ജീവജാലങ്ങൾ അടക്കമുള്ള – പ്രപഞ്ചത്തിന്റെ നിർമ്മാണം നാലു് മൗലികശക്തികളാൽ നിയന്ത്രിക്കപ്പെടുന്നു – electromagnetism, strong interaction, weak interaction, gravitation.

ഫിസിക്സിനും എലക്ട്രിക്കൽ എഞ്ചിനീയറിംഗിനുമൊക്കെ നേരെ ഊരിയ വാളുമായി നിൽക്കുന്നവരെ ആശ്വസിപ്പിക്കാനായി ഈ നാലു് ശക്തികളെപ്പറ്റി ഒരൽപം:

എലെക്ട്രോമാഗ്നെറ്റിസം രണ്ടുവിധത്തിൽ പ്രത്യക്ഷപ്പെടുന്നു: എലക്ട്രിക്‌ ഫീൽഡ്‌, മാഗ്നെറ്റിക്‌ ഫീൽഡ്‌ – ഒരു പ്രതിഭാസത്തിന്റെ രണ്ടു് മുഖങ്ങൾ. രണ്ടുതരം ചാർജ്ജുകൾ: പോസിറ്റീവ്‌ ചാർജ്ജ്‌, നെഗറ്റീവ്‌ ചാർജ്ജ്‌. എലക്ട്രിക്‌ ഫീൽഡിൽ വരുന്ന മാറ്റങ്ങൾ മാഗ്നെറ്റിക്‌ ഫീൽഡിനു് കാരണമാവും – നേരെ മറിച്ചും. അങ്ങനെയല്ലായിരുന്നെങ്കിൽ ജെനറേറ്ററുകളും മോട്ടറുകളും, ട്രാൻസ്ഫോർമ്മറുകളും എലക്ട്രിസിറ്റി ബോർഡും ഒന്നും ഉണ്ടാവുമായിരുന്നില്ല. എലെക്ട്രോമാഗ്നെറ്റിസത്തിലെ വ്യത്യസ്ത ചാർജ്ജുകൾ തമ്മിൽ ആകർഷിക്കുകയും, ഒരേതരത്തിലുള്ള ചാർജ്ജുകൾ തമ്മിൽ വികർഷിക്കുകയും ചെയ്യുന്നു. ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ ന്യൂക്ലിയസിൽ ഒരു പ്രോട്ടോണും അതിനു് ചുറ്റുമായി (ആണവലോകത്തിന്റെ മാനദണ്ഡത്തിൽ നോക്കുമ്പോൾ വളരെ വളരെ അകലത്തിൽ) ചലിക്കുന്ന ഒരു എലക്ട്രോണുമാണുള്ളതു്. പ്രോട്ടോണിന്റെ പോസിറ്റീവ്‌ ചാർജ്ജും എലക്ട്രോണിന്റെ നെഗറ്റീവ്‌ ചാർജ്ജും മൂലം ഹൈഡ്രജൻ ആറ്റത്തിന്റെ മൊത്തം ചാർജ്ജ്‌ പൂജ്യവും, അതുവഴി അതു് പുറം ലോകത്തിന്റെ നോട്ടത്തിൽ ന്യൂട്രലും ആകുന്നു. വേണമെങ്കിൽ അയൊണിസേഷൻ വഴി ആ എലക്ട്രോണിനെ പുറത്തു് ചാടിക്കാം. അപ്പോൾ ഹൈഡ്രജന്റെ ന്യൂക്ലിയസിൽ പ്രോട്ടോൺ ഒറ്റയ്ക്കാവും. സാധാരണഗതിയിൽ മറ്റു് എല്ലാ ന്യൂക്ലിയസുകളിലും പ്രോട്ടോണുകളെ കൂടാതെ ന്യൂട്രോണുകളും ഉണ്ടെങ്കിലും അവയ്ക്കു് ചാർജ്ജില്ല. അത്രയും നല്ലതു്.

പ്രോട്ടോണുകളുടെ ചാർജ്ജ്‌ പോസിറ്റീവ്‌ ആയതിനാൽ അവ തമ്മിൽ വികർഷിക്കുമെന്നു് നമ്മൾ കണ്ടു. അവ തമ്മിലുള്ള അകലം കുറയുന്നതിനനുസരിച്ചു് ഈ ശക്തി വൻതോതിൽ വർദ്ധിക്കും (inverse square law). അതായതു്, ന്യൂക്ലിയസിൽ അവ തമ്മിൽത്തമ്മിൽ ചേർന്നു് നിൽക്കണമെങ്കിൽ എലക്ട്രോമാഗ്നെറ്റിസം മൂലമുള്ള വികർഷണത്തിന്റെ ശക്തിയെ മറികടക്കാൻ പോന്ന മറ്റൊരു വൻശക്തി ഉണ്ടായാലേ പറ്റൂ. ആ ശക്തിയാണു് ന്യൂക്ലിയസിനു് വെളിയിൽ പ്രവർത്തിക്കുകയോ സാന്നിദ്ധ്യമറിയിക്കുകയോ ചെയ്യാതെ ഉള്ളിൽ മാത്രം തന്റെ വിശ്വരൂപം കാണിക്കുന്ന സ്റ്റ്രോങ്ങ്‌ ഇന്ററാക്ഷൻ/സ്റ്റ്രോങ്ങ്‌ ഫോഴ്സ്‌. ഇതാണു് അണുകേന്ദ്രവിഭജനം സംഭവിക്കുമ്പോൾ പുറത്തുവരുന്ന ആണവശക്തി. നിയന്ത്രണവിധേയമായ ന്യൂക്ലിയർ ഫിഷൻ വഴി ലഭിക്കുന്ന ചൂടു് സ്റ്റീം ടർബൈനുകളെയും അതുവഴി ജെനറേറ്ററുകളെയും പ്രവർത്തിപ്പിക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാമെങ്കിലും മാനുഷികമോ അല്ലാത്തതോ ആയ കാരണങ്ങളാൽ നിയന്ത്രണം കൈവിട്ടുപോയാൽ എന്തു് സംഭവിക്കുമെന്നു് കാണാൻ ജപ്പാനിലേക്കു് നോക്കിയാൽ മതി. അണുകേന്ദ്രത്തെ നിയന്ത്രണമില്ലാതെ വിഭജിക്കാൻ അനുവദിച്ചാൽ സംഭവിക്കുന്നതെന്തെന്നു് അനുഭവത്തിലൂടെ അറിഞ്ഞതും ജപ്പാനിലെ ജനങ്ങൾ തന്നെയായിരുന്നു – 1945 ഓഗസ്റ്റ്‌ ആറിനും ഒൻപതിനും ഹിരോഷിമയിലും നാഗസാക്കിയിലും ജീവിക്കുകയായിരുന്ന ജനങ്ങൾ. ശാസ്ത്രത്തിന്റെ കാര്യം പൊതുവേ അങ്ങനെയാണു് – ശാസ്ത്രജ്ഞാനം ആരുടെ കയ്യിൽ അകപ്പെടുന്നു എന്നതു് ഒട്ടും അപ്രധാനമായ കാര്യമല്ല.

ചില എലെമെന്റുകളിലെ ന്യൂക്ലിയസുകളിൽ Radioactive decay സംഭവിക്കുന്നതിന്റെ പിന്നിലെ ശക്തിയാണു് വീക്‌ ഇന്ററാക്ഷൻ/വീക്‌ ഫോഴ്സ്‌. സ്റ്റ്രോങ്ങ്‌ ഫോഴ്സ്‌ പോലെതന്നെ ഇതും ന്യൂക്ലിയസിനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ശക്തിയാണു്. ഉദാഹരണത്തിനു്, വീക്‌ ഫോഴ്സാണു് റേഡിയോആക്റ്റീവ്‌ ആയ മൂലകങ്ങളിലെ പ്രോട്ടോണുകളെ ന്യൂട്രോണുകളും, ന്യൂട്രോണുകളെ പ്രോട്ടോണുകളും ആയി മാറാൻ സഹായിക്കുന്നതു്. അതുവഴി പ്രോട്ടോണിലെ ഒരു up-quark down-quark ആയി മാറുകയും (ന്യൂട്രോണിൽ നേരെ മറിച്ചും) വിവിധതരം എലെമെന്ററി പാർട്ടിക്കിളുകളുടെ എമിഷനോ അബ്സോർപ്ഷനോ സംഭവിക്കുകയും ചെയ്യുന്നു. 1968-ൽ ഇലക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സും വീക്‌ ഫോഴ്സും തമ്മിൽ എലെക്ട്രോ-വീക്‌ ഫോഴ്സ്‌ എന്ന പേരിൽ സംയോജിപ്പിക്കപ്പെട്ടു. ഈ രണ്ടു് ശക്തികളും താഴ്‌ന്ന ഊർജ്ജാവസ്ഥയിൽ വളരെ വ്യത്യസ്തമാണെങ്കിലും, ബിഗ്‌-ബാംഗിനോടടുത്തെന്നപോലെ ഉന്നതമായ എനർജ്ജി (ഒന്നിനോടു് പതിനഞ്ചു് പൂജ്യം ചേർത്താൽ ലഭിക്കുന്നത്ര ഊഷ്മാവു്) നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ഒന്നാവുന്നതാണു് ഈ സംയോജിപ്പിക്കലിനു് നിദാനം. Abdus Salam, Sheldon Glashow, Steven Weinberg എന്നിവർക്കു് അതിന്റെ പേരിൽ 1979-ൽ ഫിസിക്സിനുള്ള നോബൽ പ്രൈസും ലഭിച്ചു. എനർജി വീണ്ടും കൂടിയാൽ എലക്ട്രോ-വീക്ഫോഴ്സിനോടു് സ്റ്റ്രോങ്ങ്‌ ഫോഴ്സും ഗ്രാവിറ്റിയും ചേർന്നു് ഒരൊറ്റ മൗലികശക്തിയായി മാറാമെന്നു് ചിലർ കണക്കുകൂട്ടിയിട്ടുണ്ടു്. ആ ശക്തിയാവാം പിന്നീടു് നാലായി പിരിഞ്ഞതു്. പൊരുത്തപ്പെട്ടു് ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മനുഷ്യരും പിരിഞ്ഞുപോകാറാണു് പതിവെന്നു് കേൾക്കുന്നു. അതുകൊണ്ടു് തമ്മിൽ പിരിഞ്ഞതിന്റെ പേരിൽ മൗലികശക്തികളെ നമ്മൾ കുറ്റം പറയരുതു്.

പ്രപഞ്ചത്തിലെ നാലാമത്തെ ശക്തിയാണു് ഗ്രാവിറ്റി. എനർജിയിൽ നിന്നും മൂലകങ്ങളും, സംയുക്തങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഗ്യാലക്സികളും, ഈ ഭൂമിയും, അതിലിരുന്നു് ഓരോരോ കണക്കുകൾ കൂട്ടുകയും ബ്ലോഗ്‌ പോസ്റ്റുകൾ എഴുതുകയും വായിക്കുകയുമെല്ലാം ചെയ്യുന്ന മനുഷ്യരുമൊക്കെ ഉണ്ടായതു് ഈ ഒരു ശക്തി മൂലമാണു്. മറ്റു് രണ്ടു് ശക്തികളിൽ നിന്നും വ്യത്യസ്തമായി, തത്വത്തിൽ അനന്തമായ റേഞ്ച്‌ ഉള്ള ശക്തികളാണു് എലെക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സും ഗ്രാവിറ്റേഷണൽ ഫോഴ്സും. പക്ഷേ, ഗ്രാവിറ്റേഷണൽ ഫോഴ്സിൽ ചാർജ്ജ്‌ എന്നൊന്നില്ല. മറ്റു് മൂന്നു് ഫോഴ്സുകളെക്കാൾ ഏറെ ബലഹീനമായ ഗ്രാവിറ്റിയ്ക്കു് ആകർഷണശക്തി മാത്രമേയുള്ളു. ന്യൂട്ടന്റെ നിയമപ്രകാരം വസ്തുക്കൾ തമ്മിലുള്ള ആകർഷണം അവയുടെ പിണ്ഡങ്ങൾക്കു് ആനുപാതികവും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു് വിപരീതാനുപാതികവുമാണു് (inverse square law). പ്രപഞ്ചത്തിൽ അധികപങ്കും ശൂന്യതയാണെങ്കിലും ചുറ്റുപാടുകളെ അപേക്ഷിച്ചു് അൽപം ദ്രവ്യം എവിടെയെങ്കിലുമൊക്കെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതായി കണ്ണിൽ പെട്ടാൽ അവിടെ ഗ്രാവിറ്റി ആധിപത്യം സ്ഥാപിക്കും. അതിന്റെ ഫലമായി കൂടുതൽ കൂടുതൽ ദ്രവ്യം അങ്ങോട്ടേക്കു് ആകർഷിക്കപ്പെടും. (പ്രപഞ്ചം തൂത്തുവാരി കൂട്ടലാണു് ഗ്രാവിറ്റിയുടെ പ്രഥമജോലി. പക്ഷേ, പ്രപഞ്ചംതൂപ്പുകാരൻ എന്നു് ഗ്രാവിറ്റിയെ അവഗണിക്കാൻ വരട്ടെ, ഗ്രാവിറ്റിയുടെ തനിസ്വരൂപം വഴിയേ പിടികിട്ടും.) അതുവഴി പിണ്ഡവും (mass) തന്മൂലം ഗ്രാവിറ്റിയും പിന്നേയും വർദ്ധിക്കും. അത്തരം ഇടങ്ങളിൽ പിണ്ഡത്തിന്റെ അളവു് അനുയോജ്യമായ മൂല്യത്തിൽ എത്തുമ്പോൾ, ദ്രവ്യം അതിന്റെ സ്വന്തം ഭാരത്തിൽ അതിലേക്കുതന്നെ വീഴുന്നതിന്റെ ഫലമായി നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും രൂപമെടുക്കുന്നു.

ഒരു നക്ഷത്രത്തിന്റെ വ്യാപ്തത്തിനു് (അഥവാ റേഡിയസിനു്) വ്യത്യാസം വരാതെ അതിന്റെ മാസ്‌ വർദ്ധിക്കുന്നു എന്നു് കരുതിയാൽ, (മാസിനു് വ്യത്യാസം വരാതെ റേഡിയസ്‌ കുറഞ്ഞുകൊണ്ടിരുന്നാലും) മാസ്‌ ഒരു പ്രത്യേക അളവിൽ എത്തുമ്പോൾ, ഗ്രാവിറ്റിയുടെ ഫലമായി അതിന്റെ എലക്ട്രോണുകൾ പ്രോട്ടോണുകളിലേക്കു് ഞെക്കിച്ചേർക്കപ്പെടുകയും, അവ ന്യൂട്രോണുകളായി മാറുകയും ചെയ്യും. അതുവഴി ന്യൂട്രോൺ സ്റ്റാറുകൾ ജനിക്കുന്നു. പിണ്ഡം വീണ്ടും കൂടിക്കൊണ്ടിരുന്നാൽ, ഗ്രാവിറ്റിയുടെ ശക്തി ന്യൂട്രോൺ നക്ഷത്രത്തിനുപോലും പിടിച്ചുനിൽക്കാനാവാത്ത വിധം വർദ്ധിക്കുകയും എപ്പോഴെങ്കിലും അതൊരു അന്തിമമായ ഇമ്പ്ലോഷനിലൂടെ അനന്തമായ സാന്ദ്രതയുള്ള ഒരു സിൻഗ്യുലാരിറ്റി ആയി – ഒരു ബ്ലാക്ക്‌ ഹോൾ ആയി – മാറുകയും ചെയ്യും. അവിടെ നിന്നുള്ള escape velocity പ്രകാശത്തിന്റെ വേഗതയിലും കൂടുതലാണെന്നതിനാൽ ഒരിക്കൽ അതിൽ പെട്ടുപോയാൽ പുഷ്പകവിമാനം ഉണ്ടായാൽ പോലും അവിടെ നിന്നും രക്ഷപെടാനാവില്ല. സ്റ്റ്രോങ്ങ്‌ ഫോഴ്സാണെന്നോ, എലെമെന്ററി പാർട്ടിക്കിളാണെന്നോ, ഭാരതത്തിലെ ഏതെങ്കിലും പ്രമുഖമന്ത്രിയുടെ സ്വന്തമാണെന്നോ ഒന്നും പറഞ്ഞിട്ടു് ഒരു കാര്യവുമില്ല. ബ്ലാക്ക്‌ ഹോൾ ആളൊരു സ്ഥിതിസമത്വക്കാരനാണു്. നാടൻ ഭാഷയിൽ പറഞ്ഞാൽ തനി കമ്മൂണിഷ്ട്‌. ഇതുകേട്ടു് ഉടിയെപ്ഫിലെ ഒടിയന്മാർക്കു് തങ്ങളും ഇടിച്ചുനിരത്തപ്പെടുമോ എന്ന ഭയം വേണ്ട. ഭൂമിയോടു് ഏറ്റവും അടുത്ത ബ്ലാക്ക്‌ ഹോൾ 1500 പ്രകാശവർഷങ്ങൾ അകലെയാണു്.

അതുകൊണ്ടു്, ഗ്രാവിറ്റിയെ ആപ്പിൾ വന്നു് തലയിൽ വീഴുന്നപോലുള്ള എന്തോ ഒരു ചിന്നകാര്യമായി നിസ്സാരവത്കരിക്കരുതു്. ഇതുവരെ ശാസ്ത്രത്തിനു് ശരിക്കും പിടികൊടുക്കാത്ത ഒരു ശക്തിയാണതു്. 1687-ൽ Philosophiae Naturalis Principia Mathematica എന്ന ഗ്രന്ഥത്തിൽ ലോകത്തിലാദ്യമായി ഈ ശക്തിയെപ്പറ്റി എഴുതിയ ന്യൂട്ടൺ പോലും ഗ്രാവിറ്റിയുടെ കാര്യത്തിൽ അത്ര സംതൃപ്തനായിരുന്നില്ല. ഗ്രാവിറ്റി ശുദ്ധമായ ആകർഷണശക്തിയായതിനാൽ പ്രപഞ്ചത്തിലെ ദ്രവ്യം മുഴുവൻ – സായിബാബയുടെ സ്വർണ്ണശേഖരം ഉൾപ്പെടെ – തകർന്നുവീഴേണ്ടതല്ലേ എന്ന ചിന്തയാണു് ന്യൂട്ടണെ അലട്ടിയതു്. എങ്ങോട്ടു് വീണാലും വേണ്ടില്ല, തന്റെ പുറത്തേക്കു് വീഴാതിരുന്നാൽ മതിയെന്ന ചിന്തയിൽ പഠിച്ച പ്രാർത്ഥനകളെല്ലാം ഉരുവിട്ടുകൊണ്ടു് ഭൂമി പതിവുപോലെ വട്ടം ചുറ്റിക്കൊണ്ടിരുന്നതിനിടയിൽ പിന്നെയും കഴിഞ്ഞുപോയി പത്തിരുന്നൂറു് വർഷങ്ങൾ. സമയം പോകുന്ന ഒരു പോക്കേ! അങ്ങനെയിരിക്കെയാണു്, “On the Electrodynamics of Moving Bodies” എന്ന പേരിൽ ഒരു പേപ്പർ 1905-ൽ പ്രസിദ്ധീകരിച്ചുകൊണ്ടു് സ്വിറ്റ്‌സർലണ്ടിലെ ബേൺ എന്ന സ്ഥലത്തു് ഒരു പേറ്റന്റ്‌ ഓഫീസിൽ ക്ലർക്ക്‌ ആയിരുന്ന ആൽബെർട്ട്‌ ഐൻസ്റ്റൈൻ എന്നൊരു 26 വയസ്സുകാരൻ ഈ പുലിവാലിൽ കയറി പിടിച്ചതു്. ആ പേപ്പറിന്റെ ഉള്ളടക്കമാണു് ഇന്നു് സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി എന്നപേരിൽ അറിയപ്പെടുന്നതു്. ഐൻസ്റ്റൈൻ ഈ കണ്ടെത്തൽ നടത്തിയതു് കേരളത്തിൽ ഒരു ഗുമസ്തൻ ആയി ജോലി നോക്കുമ്പോഴാവാതിരുന്നതു് മനുഷ്യവർഗ്ഗത്തിന്റെ ഭാഗ്യം. എറ്റവും നല്ല പൂമാല കുരങ്ങന്റെ കയ്യിൽ ഏൽപിക്കുക, ഏറ്റവും നല്ല ആശയങ്ങൾ മലയാളികളെ ഏൽപിക്കുക എന്നാണല്ലോ മഹദ്വചനം. പലരും ആദ്യജോലികൾ തീർത്തിരുന്നതിനാൽ ഐൻസ്റ്റൈന്റെ ഈ കണ്ടെത്തൽ ഉജ്ജ്വലമെങ്കിലും ശാസ്ത്രലോകത്തിൽ അത്ര അപ്രതീക്ഷിതമായിരുന്നില്ല. നാൽപതാം വയസ്സിൽ ക്ഷയരോഗം മൂലം മരിച്ച Bernhard Riemann, നാൽപത്തിനാലാം വയസ്സിൽ ‘വെറുമൊരു’ അപ്പെൻഡിസൈറ്റിസ്‌ (അക്കാലത്തു് അതു് ഓപറേറ്റ്‌ ചെയ്യുന്ന രീതി ഇല്ലായിരുന്നു) മൂലം നിര്യാതനായ Hermann Minkowski മുതലായവരുടെ പേരുകൾ എടുത്തു് പറയേണ്ടതാണു്. ആദ്യകാലത്തു് മിങ്കോവ്സ്കിയുടെ four dimensional space-time continuum എന്ന ആശയത്തെ നിഷേധിച്ചിരുന്ന ഐൻസ്റ്റൈൻ അതുതന്നെ തന്റെ ജെനറൽ റിലേറ്റിവിറ്റി തിയറിയിൽ ഉപയോഗിക്കുകയായിരുന്നു. ജീന്യസ്‌ എന്ന വാക്കു് ആരെങ്കിലും അർഹിക്കുന്നുണ്ടെങ്കിൽ അതു് പതിനെട്ടാം നൂറ്റാണ്ടു് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയുള്ള കാലഘട്ടത്തിൽ ഈ ലോകത്തിൽ ജീവിച്ചിരുന്ന കുറെ മനുഷ്യരാണു്. മാനവരാശിയെ എക്കാലവും രോമാഞ്ചമണിയിക്കേണ്ട പ്രതിഭകൾ!

സ്പെഷ്യൽ തിയറി ചർച്ച ചെയ്യുന്നതു് യൂണിഫോമായും ആപേക്ഷികമായും ചലിക്കുന്ന റെഫ്രെൻസ്‌ ഫ്രെയ്മുകളെ (inertial frames of reference) സംബന്ധിച്ചാണു്. ഫ്ലാറ്റ്‌ ആയ ഒരു പ്രപഞ്ചത്തിൽ യൂണിഫോമായി ചലിക്കുന്ന റെഫ്രെൻസ്‌ ഫ്രെയ്മുകൾ പരസ്പരം എങ്ങനെ പെരുമാറുന്നു, അപ്പോഴെല്ലാം ഫിസിക്സിന്റെ നിയമങ്ങൾക്കുള്ള ഇൻവേര്യൻസും പ്രകാശവേഗതയുടെ കോൺസ്റ്റൻസിയും – ഇത്രയൊക്കെയാണു് തത്വത്തിൽ സ്പെഷ്യൽ തിയറി. ചുരുക്കത്തിൽ, വ്യത്യസ്ത വേഗതയിൽ ചലിക്കുന്ന വാച്ചുകളിലെ സമയങ്ങൾ തമ്മിലുള്ള വ്യത്യാസമാണു് അതിന്റെ കേന്ദ്രവിഷയം. പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ ചലിക്കുമ്പോൾ വസ്തുക്കളുടെ നീളം കുറയും, സമയം സാവകാശമാകും, മാസ്‌ വർദ്ധിക്കും. അതുവഴി, നീളവും (സ്പെയ്സ്‌) സമയവും വേഗതയ്ക്കനുസരിച്ചു് മാറുമെന്നും, അവ അബ്സൊല്യൂട്ട്‌ ആയ മൂല്യങ്ങളല്ല എന്നും വരുന്നു. ന്യൂട്ടന്റെ യൂണിവേഴ്സൽ ലോ ഓഫ്‌ ഗ്രാവിറ്റേഷൻ പ്രകാരം, വസ്തുക്കൾ തമ്മിലുള്ള ആകർഷണശക്തി അവ തമ്മിൽ ആ സമയത്തുള്ള ദൂരത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നതു്. പക്ഷേ, അബ്സൊല്യൂട്ട്‌ ആയ സമയം എന്നൊന്നില്ലെങ്കിൽ എപ്പോഴാണു് അവ തമ്മിലുള്ള ദൂരം അളക്കേണ്ടതു് എന്നറിയാൻ വഴിയൊന്നുമില്ല. ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റിയും ന്യൂട്ടന്റെ ഗ്രാവിറ്റേഷണൽ ലോയും തമ്മിൽ പൊരുത്തപ്പെടുകയില്ല എന്നർത്ഥം. അതിനാൽ, സ്പെഷ്യൽ തിയറിയെ പരിഷ്ക്കരിക്കാതെ ഐൻസ്റ്റൈനു് നിവൃത്തിയില്ലാതെ വന്നു. ഐൻസ്റ്റൈൻ പിടിച്ചതു് ഒരു പുലിവാലായതു് അങ്ങനെയാണു്. ഈ പ്രശ്നത്തിന്റെ പരിഹാരമായാണു് പതിനൊന്നു് വർഷത്തെ ശ്രമഫലമായി ജനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി രൂപമെടുത്തതു്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഐൻസ്റ്റൈൻ അതിനു് ഉപയോഗിച്ചതു്, റീമാനും മിങ്കോവ്സ്കിയുമൊക്കെ വിഭാവനം ചെയ്തു് വച്ചിരുന്ന ആക്സെലറേഷനു് വിധേയമായ റെഫ്രെൻസ്‌ ഫ്രെയ്മുകളാണു് (non-inertial frames of reference).

സ്രഷ്ടാവിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലെന്നു് സ്ഥാപിക്കാൻ ഒരു മിസ്റ്റർ എം. പി. പരമേശ്വരൻ എഴുതിയിട്ടുള്ളതായി ചില വാചകങ്ങൾ Adv T K Sujith ഫെയ്സ്‌ ബുക്ക്‌ വഴി എന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എം. പി. പരമേശ്വരനെ ഞാൻ വായിച്ചിട്ടില്ല എന്ന ക്ഷമാപണത്തോടെ, കാര്യം മനസ്സിലാക്കാനുള്ള എളുപ്പത്തിനായി സുജിത്‌ എഴുതിയതിലെ പ്രസക്തമായ ഭാഗം ഇവിടെ ചേർക്കുന്നു:

“സ്ഥലം എന്നതു് ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടമാണു്. സ്ഥലത്തെ ദ്രവ്യത്തിന്റെ ചലനമാണു് സമയം ആയി നാം മനസ്സിലാക്കുന്നതു്. വാച്ചിൽ സൂചികളുടെ ചലനം, സൂര്യന്റെ ചലനം, ആറ്റങ്ങളുടെ ചലനം തുടങ്ങി സ്ഥലത്തിലുള്ള ദ്രവ്യത്തിന്റെ ചലനത്തിലൂടെ നമുക്കു് സമയം മനസ്സിലാക്കാം. അപ്പോൾ ഇത്രായിരം കോടി വർഷങ്ങൾക്കു് മുൻപു് ഒരു പ്രത്യേക ‘നിമിഷത്തിൽ’ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു് പറഞ്ഞാൽ ആ ‘നിമിഷം’ അളക്കുന്നതിനും അവിടെ അപ്പോൾ ദ്രവ്യം വേണമല്ലോ. ആ ദ്രവ്യം പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ. അപ്പോൾ നിങ്ങൾക്കു് ദ്രവ്യമില്ലാതെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട സമയം കണ്ടുപിടിക്കാനാവില്ല. അതായതു് എല്ലായ്പോഴും ദ്രവ്യമുണ്ടു് അഥവാ, പ്രപഞ്ചമുണ്ടു്. … എന്നു് സൃഷ്ടിക്കപ്പെട്ടു എന്നു് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരു ദിവസം ഇല്ലെങ്കിൽ അത്തരം സ്രഷ്ടാവിനെപ്പറ്റിയും ചിന്തിക്കേണ്ടതില്ലല്ലോ” – എം. പി. പരമേശ്വരൻ

ഐൻസ്റ്റൈനെപ്പറ്റി ഇവിടെ പരാമർശിച്ചതിന്റെ കാരണംതന്നെ പ്രധാനമായും ഈ കുറിപ്പാണു്. സമയത്തെപ്പറ്റിയും സ്പെയ്സിനെപ്പറ്റിയുമുള്ള ശ്രീ എം. പി. പരമേശ്വരന്റെ വിലയിരുത്തലുകൾ ഉപരിപ്ലവവും വസ്തുതയിൽ നിന്നും വളരെ അകന്നു് നിൽക്കുന്നവയുമാണു്. സ്ഥലം എന്നതു് ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടമാണെന്നതു് പകുതി സത്യമേ ആകുന്നുള്ളു. ജോൺ വീലറുടെ പ്രസിദ്ധമായ ഒരു വാചകം: “space(-time) tells bodies how to move and and bodies tell space(-time) how to curve”. ദ്രവ്യം ഊർജ്ജത്തിന്റെ മറ്റൊരു രൂപമാണെന്നു് ഐൻസ്റ്റൈന്റെ E=mc^2 നമ്മെ പഠിപ്പിക്കുന്നു. ബിഗ്‌-ബാംഗിനു് ശേഷമുള്ള ആദ്യകാല പ്രപഞ്ചത്തിൽ ഉണ്ടായിരുന്നതുപോലെ വളരെ ഉയർന്ന താപനിലയിൽ ദ്രവ്യം (elementary particles) പൂർണ്ണമായും ഊർജ്ജരൂപത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളു. മുകളിൽ നമ്മൾ കണ്ടതുപോലെ, പ്രപഞ്ചശക്തികൾതന്നെ ഒന്നായിത്തീരുന്ന ഒരു ഊർജ്ജാവസ്ഥയിൽ, ശ്രീ എം. പി. പരമേശ്വരൻ അവകാശപ്പെടുന്നതുപോലെ, ദ്രവ്യത്തിന്റെയോ ആറ്റങ്ങളുടെയോ ചലനമായും മറ്റും സമയത്തെ നിർവചിക്കുന്നതിൽ അർത്ഥമൊന്നുമില്ല. മാത്രവുമല്ല, ദ്രവ്യം അതിന്റെ നാടകങ്ങൾ അവതരിപ്പിക്കുന്ന പാസീവ്‌ ആയ ഒരു സ്റ്റേജ്‌ മാത്രമല്ല സ്പേയ്സ്‌-ടൈം എന്നു് ഐൻസ്റ്റൈനു് ശേഷമെങ്കിലും നമുക്കറിയാം. ദ്രവ്യവും സ്പെയ്സ്‌-ടൈമും പരസ്പരം സ്വാധീനിക്കുന്നതും, പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്നതുമായ ഒരു യൂണിറ്റാണു്. അനാളജികൾ പൊതുവേ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുമെങ്കിലും, ഫിസിക്സിൽ അവ പലപ്പോഴും തെറ്റായ വിഷ്വലൈസേഷനിലേക്കു് നയിച്ചുകൂടായ്കയില്ല. അതു് മറക്കാതിരുന്നാൽ, സ്പെയ്സ്‌-ടൈമിനെ ദ്രവ്യത്തിന്റെ സാന്നിദ്ധ്യവും ചലനവും വഴി മാറ്റങ്ങൾ സംഭവിക്കുന്നതും, പ്രപഞ്ചം മുഴുവൻ വ്യാപിച്ചു് കിടക്കുന്നതുമായ ഒരു ‘ദ്രാവകം’ ആയി സങ്കൽപിക്കുന്നതിൽ തെറ്റില്ല. ദ്രവ്യം/എനർജ്ജി മൂലം സ്പെയ്സ്‌-ടൈമിനു് സംഭവിക്കുന്ന കർവേച്ചർ വ്യക്തമാക്കുന്നതിനായി പലപ്പോഴും വർണ്ണിക്കാറുള്ള അനാളജിയായ വലിച്ചുകെട്ടിയ ഒരു റബ്ബർ ഷീറ്റും, ഭാരമുള്ള ഒരു ഗോളത്തെ അതിൽ വയ്ക്കുമ്പോൾ അതിനു് സംഭവിക്കുന്ന വക്രതയും ഈ രീതിയിൽ മനസ്സിലാക്കേണ്ടതാണു്. റബ്ബർ ഷീറ്റിനു് സംഭവിക്കുന്ന വക്രത ഭൂമിയുടെ ഗ്രാവിറ്റി കൊണ്ടാണെന്നതിനാൽ, ഗ്രാവിറ്റിയെ വിശദമാക്കാൻ ഗ്രാവിറ്റിയെത്തന്നെ ഉപയോഗിക്കുന്നു എന്ന പരിമിതി ഈ അനാളജിയ്ക്കുണ്ടു്. ഇവിടെ വിഷയം ഫോർ ഡൈമെൻഷനലായ സ്പെയ്സ്‌-ടൈം കണ്ടിന്യുവം ആണു്.

(തുടരും)

 
2 Comments

Posted by on Jun 22, 2011 in ശാസ്ത്രം

 

Tags: , ,

സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ – 1

ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ ഉരുത്തിരിയുക എന്നതു് മനുഷ്യന്റെ സാമാന്യബുദ്ധിക്കു് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണു്. സ്രഷ്ടാവില്ലാത്തൊരു സൃഷ്ടി അനുഭവലോകത്തിൽ സാധാരണമല്ല എന്നതിനാൽ, ദൈവനിർമ്മിതിയല്ലാത്ത ഒരു പ്രപഞ്ചത്തിനു് മനുഷ്യഭാവനയിൽ സ്ഥാനം ലഭിക്കുക അത്ര എളുപ്പമല്ല. അതേസമയം, മനുഷ്യൻ പരിധിയില്ലാത്ത ഭാവനാശേഷിയുടെ ഉടമയാണുതാനും. നരസിംഹവും, ഗണപതിയും, സൂര്യനേയും ചന്ദ്രനേയും മണിക്കൂറുകളോളം നിശ്ചലമാക്കി നിർത്തിയവരും, ചങ്കും കരളും ആമാശയവും സഹിതം സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി മടങ്ങിവന്നവരും, മടങ്ങിവരാനിരിക്കുന്നവരും, അവിടെത്തന്നെ സ്ഥിരമായി സുഖമായി വാഴുന്നവരും, എന്നുവേണ്ട, ന്യായീകരിക്കാനാവുന്ന ഏതെങ്കിലുമൊരു അടിത്തറയോ അർത്ഥമോ നൽകാനാവാത്ത ആയിരക്കണക്കിനു് സ്വപ്നങ്ങളും, സങ്കൽപങ്ങളും, ദൈവികവെളിപാടുകളും രൂപമെടുത്ത അളവും അന്തവുമില്ലാത്ത അത്ഭുതസാമ്രാജ്യമാണു് മനുഷ്യരുടെ ഭാവനാലോകം. ഇന്നത്തെ അറിവിൽ, സ്വാർത്ഥതാത്പര്യം ലക്ഷ്യമാക്കിയുള്ള വഞ്ചനാപരമായ നുണയെന്നോ, മാനസികവിഭ്രാന്തിയെന്നോ, യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട രോഗാതുരമായ മനസ്സിൽനിന്നും ഉതിരുന്ന വിടുവാക്കുകളെന്നോ തിരിച്ചറിയപ്പെടുമായിരുന്ന എത്രയോ ഭ്രാന്തൻ ആശയങ്ങൾക്കു് നിരുപാധികമായ അംഗീകാരം നൽകി ജനകോടികൾ അവയെ അന്ധമായി അനുഗമിച്ചതിന്റെയും ആരാധിച്ചതിന്റെയും തുടർക്കഥകളാണു് സാമൂഹികവും മതപരവുമായ ലോകചരിത്രം. കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ ഇടയ്ക്കിടെ മുളച്ചുപൊന്തി വേറിട്ടുനിന്ന എതിർപ്പിന്റെ ഒറ്റപ്പെട്ട ശബ്ദങ്ങൾ സാമൂഹികനേതൃത്വത്തിന്റെ സജീവമായ പിൻതുണയോടെ ശ്രദ്ധാപൂർവ്വം ഉന്മൂലനം ചെയ്യപ്പെട്ടു. തത്ഫലമായി കൂട്ടത്തിനോടു് ചേർന്നു് കൂവുന്നതാണു് നിലനിൽപിനു് ഏറ്റവും അനുയോജ്യമായ നിലപാടെന്നു് വന്നു. അതോടെ, നിലനിൽപിന്റെ അടിസ്ഥാനതത്വമായ നാച്യുറൽ സെലക്ഷനിലൂടെയുള്ള എവൊല്യൂഷന്റെ മാനദണ്ഡം, അഥവാ, സർവൈവലിനുള്ള ഫിറ്റ്‌നസിന്റെ അളവുകോൽ എന്നതു് കൂട്ടത്തിനോടു് ചേർന്നുള്ള കൂവൽസന്നദ്ധതയിലേക്കു് പരിമിതപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും, വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും, ജോലിയുടെയും കൂലിയുടെയുമെല്ലാം അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ട കൂട്ടങ്ങൾ ഓരോന്നും കൂട്ടം തിരിഞ്ഞുനിന്നു് നിരന്തരം അങ്ങോട്ടുമിങ്ങോട്ടും ഓരിയിട്ടുകൊണ്ടിരുന്നപ്പോൾ തിരുത്തപ്പെടാനാവാത്തവിധം മ്യൂട്ടേഷൻ സംഭവിച്ചു് അവരിലെ ഓരോ കൂട്ടവും മറ്റു് കൂട്ടങ്ങളുമായി കാര്യമായ പൊതുഘടകങ്ങൾ ഒന്നുമില്ലാത്ത ഒരുതരം എയ്‌ലിയൻ സ്പീഷീസ്‌ എന്ന അവസ്ഥയിലേക്കു് പരിണമിച്ചുകൊണ്ടിരുന്നു. മനഃപൂർവ്വം വരുത്തിവയ്ക്കുന്ന ഇത്തരം ‘ജനിതകവ്യതിയാനങ്ങളുടെ’ ഗതിവേഗം ഈ രീതിയിൽ തുടരുന്ന പക്ഷം മനുഷ്യൻ എന്ന പൊതുവർഗ്ഗത്തിലെ ഒരു ജാതിയിൽനിന്നും മക്കളെ ജനിപ്പിക്കാൻ മറ്റൊരു ജാതിക്കു് കഴിയാത്തവിധം ഭാരതത്തിലെ മനുഷ്യജാതിക്കു് പരിണാമം സംഭവിക്കുന്ന കാലം അതിവിദൂരമാണെന്നു് തോന്നുന്നില്ല. അല്ലെങ്കിൽത്തന്നെ, യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു് ജീവിക്കാൻ ശ്രമിക്കുന്ന മറ്റു് ലോകസമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി, ആജീവനാന്തം സ്വപ്നലോകത്തിൽ വിഹരിക്കുന്ന ഒരു ‘വിഹാരജീവി’ ആണു് ഭാരതീയൻ. സാഹിത്യവും കലകളുമൊക്കെയാണു് സാധാരണഗതിയിൽ മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്നതിനു് ഒരു സമൂഹത്തിനു് പ്രയോജനപ്പെടുത്താൻ കഴിയുന്ന ചൂരൽക്കഷായങ്ങൾ. പക്ഷേ, അതിനുവേണ്ടി ആരെങ്കിലും ശ്രമിച്ചാൽ ഭാരതീയന്റെ വിഹാരം വല്ലാതെ വ്രണപ്പെടും. വിഹാരം വ്രണപ്പെട്ടാൽ അവൻ നിർത്താതെ നിലവിളിക്കാൻ തുടങ്ങും. കുഞ്ഞുങ്ങൾ അങ്ങനെയാണു്. ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്നു് പറഞ്ഞാൽ – അതു് പറയുന്നതു് താൻ തട്ടിപ്പോകാതിരിക്കാനാണെന്നു് അറിയാൻ മാത്രം ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്തതിനാൽ – അതുതന്നെ ചെയ്യുന്നതും, അതിന്റെ പേരിൽ പെടകിട്ടിയാൽ വലിയകൂട്ടം ഇടുന്നതുമാണു് അവരുടെ ഇഷ്ടവിനോദം. പുരാണകഥകൾ കേട്ടു് ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്ന പ്രായത്തിൽ നിത്യമായി തളച്ചിടപ്പെട്ട ഭാരതീയസമൂഹം ചെയ്യുന്നതും മറ്റൊന്നല്ല.

സൃഷ്ടിയുടെ നിർബന്ധനിബന്ധനയായി ഏതെങ്കിലുമൊരു സ്രഷ്ടാവോ വിവിധ സ്രഷ്ടാക്കളോ അവരോധിക്കപ്പെട്ടതും മനുഷ്യന്റെ ബോധമനസ്സിനു് സംഭവിച്ചുകൊണ്ടിരുന്ന പരിണാമപ്രക്രിയയുടെ വൈകിയ ഏതോ ഒരു കാലഘട്ടത്തിൽ ആയിരുന്നിരിക്കണം. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിലവിലിരുന്നതും, അവിടങ്ങളിലെ ഭൂമിശാസ്ത്രവും ഫ്ലോറയും ഫോണയുമായി അഭേദ്യമെന്നോണം ബന്ധപ്പെട്ടിരുന്നതുമായ പ്രപഞ്ചസൃഷ്ടിസങ്കൽപങ്ങൾ പ്രപഞ്ചസ്രഷ്ടാക്കളായ ദൈവങ്ങളുടെ സൃഷ്ടി മനുഷ്യഭാവനയിൽ മാത്രം സംഭവിച്ചതാണെന്ന സത്യം വിളിച്ചോതുന്നവയാണു്. ഒരു ആഫ്രിക്കൻ പുരാണപ്രകാരം മനുഷ്യരൂപിയും വെളുത്ത തൊലിയുള്ളവനുമായ Mbombo എന്ന ദൈവം കലശലായ വയറ്റുവേദന മൂലം ഒന്നുരണ്ടുവട്ടം ഛർദ്ദിച്ചപ്പോൾ പുറത്തുവന്നതാണു് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും. അതിനു് മുൻപു് മ്പോംബൊ ദൈവം ഏകനും, ഭൂമി അന്ധകാരത്താലും വെള്ളത്താലും മൂടിയതുമായിരുന്നു. സൂര്യപ്രകാശത്തിന്റെ ചൂടേറ്റപ്പോൾ വെള്ളം ആവിയായി, മേഘങ്ങളുണ്ടായി, ഉണങ്ങിയ മലകൾ കാണാറായി. വയറ്റുവേദന എന്നിട്ടും കുറയാത്തതിനാൽ ദൈവം പിന്നെയും ഛർദ്ദിച്ചു. അപ്പോൾ പുറത്തുവന്നതു് ഒൻപതു് മൃഗങ്ങളായിരുന്നു. അവയോരോന്നും സ്വന്തം പോർട്ട്ഫോളിയോ അനുസരിച്ചു് സൃഷ്ടിച്ചവയാണു് ലോകത്തിലെ മറ്റെല്ലാത്തരം ജീവികളും. ഇതിനൊക്കെ ശേഷവും അൽപം വയറ്റുവേദന ബാക്കിനിന്നതിനാൽ മ്പോംബൊ ഒരിക്കൽ കൂടി ഛർദ്ദിച്ചു എന്നും, അപ്പോൾ അവനെപ്പോലെ വെളുത്തനിറമുള്ള ഒരു മകൻ ഉൾപ്പെടെ ധാരാളം മനുഷ്യർ പുറത്തുവന്നു എന്നും മറ്റുമായി ആഫ്രിക്കൻ മോഡൽ സൃഷ്ടിയുടെ കഥ തുടരുന്നു.

ഭൂമദ്ധ്യരേഖയോടടുത്ത ചൂടൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ലോകസൃഷ്ടിചരിതങ്ങൾ ഏകദേശം ഈ രീതിയിലുള്ളവയാണെങ്കിൽ, ധ്രുവപ്രദേശത്തോടടുത്ത മഞ്ഞുരാജ്യങ്ങൾക്കു് പറയാനുള്ളതു് തികച്ചും വ്യത്യസ്തമായ സൃഷ്ടികഥകളാണു്. ഉദാഹരണത്തിനു്, നോർസ്‌ മിഥോളജിക്കു് പറയാനുള്ള പ്രപഞ്ചസൃഷ്ടിപുരാണം അനുസരിച്ചു് ആദിയിൽ ഒന്നുമുണ്ടായിരുന്നില്ല – മുകളിൽ ആകാശമോ താഴെ ഭൂമിയോ ഒന്നും. പക്ഷേ, എങ്ങനെയെന്നു് ആർക്കുമറിയില്ല, ഈ ശൂന്യതയുടെ വടക്കും തെക്കുമായി മഞ്ഞുലോകവും അഗ്നിലോകവും നീണ്ടുനിവർന്നു് കിടന്നിരുന്നു. അഗ്നിലോകത്തിന്റെ ചൂടേറ്റു് മഞ്ഞുലോകം ഉരുകിയപ്പോൾ ഇറ്റുവീണുകൊണ്ടിരുന്ന ജലത്തുള്ളികളിൽ നിന്നും Ymir എന്നൊരു രാക്ഷസൻ രൂപമെടുത്തു. ഭാഗ്യവശാൽ, അവിടെ അവനെക്കൂടാതെ അകിടിൽ നിന്നും നാലു് പാലരുവികൾ പ്രവഹിച്ചുകൊണ്ടിരുന്ന Audhumla എന്നൊരു പശുവുമുണ്ടായിരുന്നതിനാൽ അവൻ പട്ടിണി കിടന്നു് ചാവാതെ അവളുടെ പാലു് കുടിച്ചു് ജീവിച്ചുകൊണ്ടിരുന്നു. അവളാകട്ടെ ഉപ്പുരസമുള്ള മഞ്ഞുകട്ടകൾ നക്കിത്തിന്നായിരുന്നു ജീവിച്ചിരുന്നതു്. അവളുടെ നക്കലിന്റെ ഫലമായി ആദ്യദിവസം വൈകിട്ടു് ഒരു മനുഷ്യന്റെ തലമുടിയും, രണ്ടാം ദിവസം ഒരു മനുഷ്യത്തലയും മൂന്നാം ദിവസം ഒരു പൂർണ്ണമനുഷ്യനും പുറത്തുവന്നു. Buri എന്നു് വിളിക്കപ്പെട്ട ഇവനാണു് ആദ്യത്തെ ദൈവം. ഈ ദൈവത്തിന്റെ മകൻ Borr, അവന്റെ മകൻ Odin. എങ്ങനെയെങ്കിലും ഒരു ദൈവം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ മനുഷ്യർ രക്ഷപെട്ടു. പ്രപഞ്ചത്തിലെ സൃഷ്ടി-സ്ഥിതി-സംഹാരം സംബന്ധിച്ച ബാക്കി സകല കാര്യങ്ങളുടെയും ചുമതല ആ ദൈവത്തിന്റെ തലയിൽ വച്ചുകെട്ടുക എന്നതു് പിന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങനെയാണല്ലോ പുരാണങ്ങൾ രൂപം കൊള്ളുന്നതുതന്നെ.

ഇന്നു് കേൾക്കുമ്പോൾ ഏറിയാൽ ഒരു ഇളം ചിരിക്കു് മാത്രം വക നൽകുന്നവയാണു് എല്ലാ മതപുരാണങ്ങളുമെങ്കിലും, അന്നു് ആരെങ്കിലും അവയെപ്പറ്റി ഗൗരവതരമായ താഴാഴ്മയോടെയല്ലാതെ സംസാരിക്കുകയോ, ദൈവവും പുരോഹിതനുമായുള്ള സിന്ക്രണൈസേഷൻ സംഭവിക്കുന്ന വിശുദ്ധസ്ഥലങ്ങളെ സമീപിക്കുകപോലുമോ ചെയ്താൽ അവർക്കു് നേരിടേണ്ടിയിരുന്നതു് പീഡനവും മരണവും പോലുള്ള ഗുരുതരമായ ഭവിഷ്യത്തുകളായിരുന്നു. ഇതുവരെ യുക്തിബോധത്തിന്റെ സൂര്യൻ ഉദിച്ചിട്ടില്ലാത്ത ചില രാജ്യങ്ങളിൽ ഇപ്പോഴും ഈ അവസ്ഥ നിലനിൽക്കുന്നുമുണ്ടു്. ഈജിപ്റ്റിലും യെമനിലും ലിബിയയിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ, സ്വേച്ഛാധിപത്യപ്രഭുക്കളാൽ അടിച്ചമർത്തപ്പെട്ടിരുന്ന മനുഷ്യർ ഈയിടെയായി ജനാധിപത്യത്തിനുള്ള മുറവിളി കൂട്ടുന്നുണ്ടെങ്കിലും, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നശിപ്പിക്കപ്പെട്ട അത്തരം സമൂഹങ്ങൾക്കു് ഏറെക്കാലത്തെ കഠിനമായ അദ്ധ്വാനം കൊണ്ടുമാത്രമേ ജനങ്ങളുടെ സ്വയംഭരണം എന്ന ലക്ഷ്യത്തിൽ അന്തിമമായി എത്തിച്ചേരാൻ കഴിയൂ. അതിനിടയിൽ അതിനേക്കാൾ എളുപ്പവും വിജയകരവുമായി സംഭവിക്കാൻ സാദ്ധ്യതയുള്ളതു് – അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു് ആശിക്കുമ്പോഴും – ജനകീയവിപ്ലവത്തിന്റെ ഫലമായി തറയിൽ വീണുരുണ്ട കുറെ ചൂഷകതലകളുടെ സ്ഥാനത്തു് അതേ സ്ഥാപിതതാത്പര്യങ്ങളുടെ ലായത്തിൽ നിന്നുതന്നെ വരുന്ന വേറെ കുറെ ചൂഷകതലകൾ അവരോധിക്കപ്പെടുക എന്നതായിരിക്കും.

പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ചതുമൂലമാവാം, താരതമ്യേന അൽപം ലിബറൽ എന്നു് വിശേഷിപ്പിക്കാവുന്ന ഒരു സൗദി രാജകുമാരൻ ഒരു ഇന്റർവ്യൂവിൽ പ്രകടിപ്പിച്ച അഭിപ്രായം ഈയവസരത്തിൽ പ്രസക്തമാണെന്നു് തോന്നുന്നു: “പാശ്ചാത്യരാജ്യങ്ങളിൽ നിലവിലിരിക്കുന്നതുപോലുള്ള ഒരു ജനാധിപത്യം അറേബ്യൻ രാജ്യങ്ങളിൽ എന്നെങ്കിലും സാദ്ധ്യമാവുമെന്നു് തോന്നുന്നില്ല. കാരണം, അത്ര ശക്തമാണു് അവിടത്തെ ജനങ്ങളുടെ മേലുള്ള മതത്തിന്റെ നീരാളിപ്പിടുത്തം”. മറ്റൊന്നു് കണ്ടിട്ടില്ലാത്ത ജനങ്ങൾ, അന്യം ആയതെല്ലാം അപകടകരമെന്ന മനുഷ്യസഹജമായ ഭയവും, അജ്ഞതയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികചുറ്റുപാടുകളും മൂലം പ്രത്യേകിച്ചും, വാസ്തവത്തിൽ അവർ ഒരു ജീവിതപുരോഗതി ആഗ്രഹിക്കുമ്പോൾത്തന്നെ, അതിനു് തടസ്സമായി നിൽക്കുന്ന സമൂഹികഘടകങ്ങളെ, അവ പൊതുമനസ്സാക്ഷിയിൽ വേരുറച്ചുപോയതുമൂലം, യഥാർത്ഥ പ്രശ്നങ്ങളായി തിരിച്ചറിയാനും അവയിൽ നിന്നും സ്വയം മോചിപ്പിക്കുവാനും ധൈര്യപ്പെടുകയില്ല. ദീർഘമായ കാലങ്ങളിലൂടെ സംഭവിച്ച കണ്ഡീഷനിംഗിൽ നിന്നുള്ള സാമൂഹികമനസ്സാക്ഷിയുടെ മോചനം പുതിയ തലമുറകൾക്കു് അനുയോജ്യമായ വിദ്യാഭ്യാസവും ബോധവത്കരണവും നൽകുന്നതുവഴി മാത്രമേ സാദ്ധ്യമാവൂ. പക്ഷേ, ഈ ജോലിയുടെ ചുമതല ഏറ്റെടുക്കേണ്ട അധ്യാപകർതന്നെ അതേ കണ്ഡീഷനിംഗിൽ നിന്നും മോചിതരല്ല എന്നതാണു് അതുപോലുള്ള രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം – വശങ്ങളിലേക്കു് മാത്രം നടക്കാൻ കഴിയുകയും, അതു് ലോകാവസാനത്തോളം പാലിക്കേണ്ട ദൈവനീതിയെന്നു് വിശ്വസിക്കുകയും ചെയ്യുന്ന മുതിർന്ന ഞണ്ടുകൾക്കു് ഇളം ഞണ്ടുകളെ നേരെ നടക്കുന്നതെങ്ങനെയെന്നു് പഠിപ്പിക്കാനാവാത്തതുപോലുള്ള ഗൗരവതരമായ ഒരു പ്രശ്നം. ഐസ്ക്രീമിനും ഗോവിന്ദച്ചാമിക്കും സിൽസിലയ്ക്കും ശേഷം ഇപ്പോൾ കേരളത്തിൽ സജീവമായ ചർച്ചാവിഷയമായിരിക്കുന്നതു് അധ്യയനഭാഷയാണല്ലോ. വിധ്യാർത്തികൾ എട്ടുവരെ മുതലെങ്കിലും അദ്യാപകരെ ബുദ്ദിപൂർവ്വം ബാഷ കണക്കിനു് ചൊല്ലിക്കൊടുത്തു് പടിപ്പിക്കണമെന്നാണു് എന്റെയും അദിപ്രായം.

സെമിറ്റിക്‌ മതങ്ങളിലും, ഹിന്ദുമതത്തിലും, എന്നുവേണ്ട, ലോകത്തിൽ നിലനിന്നിരുന്നതും നിലനിൽക്കുന്നതുമായ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും ആ സമൂഹങ്ങളിലെയും അതാതു് കാലഘട്ടങ്ങളിലെയും ചുറ്റുപാടുകൾക്കും ബൗദ്ധികശേഷിയ്ക്കും പൊരുത്തപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ക്രിയേഷൻ മിത്തുകൾ കാണാനാവും. അവയൊക്കെ വാക്കുവാക്കായും അക്ഷരം അക്ഷരമായും സത്യമെന്നും, ഇന്നും നിരുപാധികം പിന്തുടരേണ്ടവയെന്നും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവരോടു് സഹാനുഭൂതി പ്രകടിപ്പിക്കുന്നതുപോലും മനുഷ്യബുദ്ധിയോടുള്ള അവഹേളനമേ ആവൂ. പീഡൊഫൈലുകളോടും സ്ത്രീപീഡകരോടും അഴിമതിക്കാരോടും “ഒരു ജനം എന്ന നിലയിൽ ഞങ്ങളുടെ ഭാഗധേയം നിശ്ചയിക്കൂ” എന്ന മുദ്രാവാക്യവുമായി അവരെ ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു് അധികാരക്കസേരയിൽ എത്തിയ്ക്കാൻ മാത്രം മനുഷ്യബുദ്ധിയെ മയക്കി നിർവീര്യമാക്കാനുള്ള അത്ഭുതസിദ്ധി മതവിശ്വാസത്തിനുണ്ടു്. മനുഷ്യരെ മയക്കാൻ മാത്രമല്ല, അന്യമതവിശ്വാസികളിൽ നിന്നും ഭിന്നമായ ഒരു സ്പീഷീസ്‌ ആക്കി മനുഷ്യരെ പരിണമിപ്പിക്കാൻ പോലും കഴിയുന്നത്ര മാരകമായ വിഷം പേറുന്നവയാണു് മിക്കവാറും എല്ലാ മതങ്ങളും. അത്തരത്തിൽ ജനിതകമാറ്റം സംഭവിച്ചവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നാണെങ്കിൽ, അവർ സഭ്യതയുടെയും സദാചാരത്തിന്റെയും ധാർമ്മികതയുടെയും മൊത്തക്കച്ചവടക്കാരും കാവൽപ്പടയാളികളുമായി സ്വയം അവരോധിച്ചിട്ടുള്ളവരാണെന്നതിനാൽ, അവരെ തിരിച്ചറിയുന്നത്ര എളുപ്പമായ മറ്റൊരു കാര്യവും ലോകത്തിലില്ല എന്നേ പറയാനുള്ളു. “അധാർമ്മികവും അസഭ്യവുമായ” തീട്ടം, മൂത്രം, കീഴ്ശ്വാസം, തമിഴിലെ രോമം മുതലായ വാക്കുകൾ കേൾക്കുമ്പോൾ കുരിശു് കണ്ട പിശാചിനെപ്പോലെയോ, വെളുത്തുള്ളി മണത്ത ഡ്രാക്കുളയെപ്പോലെയോ, വെള്ളം കണ്ട പേപ്പട്ടിവിഷബാധിതനെപ്പോലെയോ ഒക്കെ പൊട്ടിത്തെറിച്ചു്, തട്ടിക്കയറി, കത്തിയുടെ മൂർച്ചക്കുറവുമൂലം പകുതിമുറിഞ്ഞ കഴുത്തുമായി മരണവെപ്രാളത്താൽ തല്ലിപ്പിടയ്ക്കുന്ന കോഴിയെപ്പോലെയോ, ചയ്കോവ്സ്കിയുടെ സ്വാൻ ലെയ്കിൽ അരയന്നത്തിന്റെ അന്ത്യരംഗമാടുന്ന ബാലേ നർത്തകിയെപ്പോലെയോ ഒക്കെ ബ്രേക്ക്‌ ഡാൻസ്‌ ചെയ്യുന്ന ഹോമോ സേപ്പിയൻസിനെക്കണ്ടാൽ രണ്ടാമതു് ഒരാലോചനയില്ലാതെ കട്ടായമായും മനസ്സിൽ ഉറപ്പിക്കാം: വേദോപദേശം വഴി ബുദ്ധിരാക്ഷസരായി വളർന്നു് വികസിച്ചു് ദൈവത്തിന്റെ പുന്നാരമക്കളായി രൂപാന്തരം പ്രാപിച്ചവർ ഇവർതന്നെ! ദൈവനിഷേധികളും നിത്യനരകത്തിനു് അവകാശികളുമായ ഞാനും നിങ്ങളും പോലുള്ള സാദാ മനുഷ്യർ അതുപോലുള്ള മഹാത്മാക്കളുമായി ഇടപെടേണ്ടിവരുന്ന സാഹചര്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുകയാണു് ബുദ്ധി. ഇനി അബദ്ധവശാലെങ്ങാനും അവരുടെ കെണിയിൽചെന്നു് പെട്ടുപോയാൽ ആത്മരക്ഷാർത്ഥം നമ്മൾ ഉടനടി ചെയ്യേണ്ടതു്, അപകടമേഖലയിലേയ്ക്കു് പ്രവേശിക്കാതെ അനുയോജ്യമായ, അഥവാ ആസ്ഫാൾട്ട്‌ പെഡഗോഗുകളിൽ നിന്നും പാലിക്കേണ്ടതായി ഡ്രൈവിംഗ്‌ സ്കൂളിൽ പഠിച്ച മിനിമം ദൂരത്തിൽ അകന്നുനിൽക്കുക എന്നതാണു്. വെജിറ്റേറിയനും നോൺ-വെജിറ്റേറിയനുമായ മുഴുവൻ ആർഷഭാരതസംസ്കാരത്തിന്റേയും, ഭൗമികവും അഭൗമികവുമായ സകല ആദ്ധ്യാത്മികമീമാംസയുടെയും, പച്ചയും ഉണക്കയുമായ മറ്റെല്ലാ മീന്മാംസങ്ങളുടെയും അതീന്ദ്രിയജ്ഞാനപരിവേഷത്തിന്റെ ചിതൽപ്പുറ്റിനാൽ ആവരണം ചെയ്യപ്പെട്ടവരോടു് മാനുഷികമായ എക്സ്‌ക്രിമെന്റുകളെയും ദുർഗന്ധങ്ങളെയും സൂചിപ്പിക്കുന്ന നീചമായ വാക്കുകൾ ഉച്ചരിക്കുകയോ? ഒരിക്കലും പാടില്ല! അതൊക്കെ വളരെ മോശമായ കാര്യങ്ങളാണു്. ആസാമികൾക്കു് യോഗാസനങ്ങൾ പലതുണ്ടെങ്കിലും ജന്തുലോകസഹജവും, അതുകൊണ്ടുതന്നെ മോശവുമായ ഇൻലെറ്റുകളും ഔട്ട്‌ലെറ്റുകളും ഫിറ്റ്‌ ചെയ്തിട്ടുള്ള സാദാ ആസനമില്ലെന്നറിയുക. സദാചാരമൂല്യമില്ലാത്തതും സംസ്കാരശൂന്യവുമായ പദാവലികൾ കേട്ടാൽ ദിവ്യപുരുഷന്മാരുടെ മർദ്ദം കൂടും, അതേസമയം, വീർക്കാവുന്നതിന്റെ പരമാവധി പണ്ടേ വീർത്തുകഴിഞ്ഞിട്ടുള്ളതിനാൽ ശാരീരികവ്യാപ്തത്തിനു് കൂടുതൽ വർദ്ധിക്കാൻ ആവുകയുമില്ല. ഒരു തെർമോഡൈനാമിക്സ്‌ തത്വപ്രകാരം മർദ്ദവും വ്യാപ്തവും ഇൻവേഴ്സിലി പ്രൊപ്പോർഷണലായതിനാൽ ഇത്തരമൊരവസ്ഥയിൽ ആസാമികളുടെ ആകമാന പൊട്ടിത്തെറി സുനിശ്ചിതം. മലയാളക്കരയിലെ പതിരില്ലാത്ത ഒരു ചൊല്ലു് പ്രകാരം “തൂറാത്തവൻ തൂറിയാൽ തീട്ടം കൊണ്ടു് ആറാട്ടു്”! ആ സ്ഥിതിക്കു്, ഉന്നതകുലജാതരായതിനാൽ സാധാരണ നാട്ടുനടപ്പനുസരിച്ചു് അമേധ്യവും മറ്റും പുറത്തുപോകേണ്ടുന്ന എക്സോസ്റ്റ്‌ പൈപ്പുകൾ സ്വാഭാവികമായും ഇല്ലാത്തവരായ ആത്മീയരും അൽമായരുമൊക്കെ പൊട്ടിത്തെറിച്ചാൽ തീട്ടത്തിലുള്ള ആറാട്ടിനിടയിൽ തോട്ടപൊട്ടിയാലത്തെ അവസ്ഥയായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടല്ലോ. അതുകൊണ്ടാണു് ആളപായമുണ്ടാവാതിരിക്കാൻ സുരക്ഷിതമായ അകലം പാലിക്കേണ്ടതു് ആവശ്യമായി വരുന്നതു്.

മനുഷ്യജീവിതവുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുത്താവുന്ന ലൗകികവും അലൗകികവുമായ എല്ലാ മേഖലകളുടെയും സർവ്വാധികാരം തങ്ങളുടെ ചുമതലയിലാണെന്നു് മനുഷ്യരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നതും, അതിൽ അനായാസം വിജയിച്ചിരുന്നതും എക്കാലവും മതങ്ങൾ ആയിരുന്നു. മനുഷ്യന്റെ മാനസികശേഷി വളരുന്നതിനനുസരിച്ചു് ദൈവസങ്കൽപങ്ങളുടെ ആകൃതിയും പ്രകൃതിയും കാലാനുസൃതമായി പുതിയപുതിയ വ്യാഖ്യാനങ്ങളിലൂടെ തിരുത്തിക്കുറിക്കുന്നതിലും അവർ ബദ്ധശ്രദ്ധരായിരുന്നു. ഇടിയും മിന്നലും പ്രകൃതിക്ഷോഭങ്ങളുമൊക്കെയായിരുന്നു ഒരുകാലത്തു് അധികം മനുഷ്യരുടെയും ദൈവങ്ങൾ. കാലക്രമേണ, വിരൂപി, സ്വരൂപി, അരൂപി മുതലായ വിവിധ ഘട്ടങ്ങൾ കടന്നു് ശൂന്യതയിൽ നിന്നും സൃഷ്ടി നടത്താൻ പ്രാപ്തിയുള്ളവൻ എന്ന നിലയിലേക്കു് ദൈവത്തെ അവർ പരിണമിപ്പിച്ചിട്ടു് അധികനാളുകളായിട്ടില്ല. ഒന്നുമില്ലാത്ത ഒരവസ്ഥയിൽനിന്നും എല്ലാം ഉണ്ടാക്കാൻ കഴിയുന്നവൻ! അതിൽ കൂടിയ ഒരു വിശേഷണം ദൈവത്തിനു് നൽകാനാവുമോ? സത്യത്തിൽ ഇതു് ഒരു പുതിയ നിലപാടല്ല. ആർക്കും കഴിയാത്തതു് കഴിയുന്നവനും, ആർക്കും അറിയാത്തതു് അറിയുന്നവനുമൊക്കെയായിരുന്നു എക്കാലവും മനുഷ്യമനസ്സിലെ ദൈവം. പക്ഷേ, തടവറകൾക്കും ഇരുമ്പുചങ്ങലകൾക്കും ചിതകൾക്കും തോൽപിക്കാനാവാതെ മനുഷ്യന്റെ ബുദ്ധിയും കഴിവും അറിവും നിരന്തരമെന്നോണം (ചില രാജ്യങ്ങളിലെങ്കിലും) വളരുന്നു എന്നു് കണ്ടപ്പോൾ ദൈവത്തിന്റെ അംഗരക്ഷകരായ ഫീൽഡ്‌ മാർഷൽമാരും ബ്രിഗെഡിയർ ജനറൽമാരും ചാടിക്കെട്ടിച്ചവിട്ടി വീശിയടിച്ച പൂഴിക്കടകനടി ആയിരുന്നു ശൂന്യതയിൽ നിന്നുള്ള ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി. കാലം മാറുമ്പോൾ മനുഷ്യരുടെ കോലം മാത്രമല്ല, ദൈവത്തിന്റെ കോലവും മാറും! ഇനി, വെറും ശൂന്യതയിൽ പ്രത്യക്ഷപ്പെട്ട ആ ദൈവത്തെ ആരു് സൃഷ്ടിച്ചു എന്ന തികച്ചും ന്യായമായ ചോദ്യം ആരെങ്കിലും ചോദിച്ചാലോ? ചോദ്യം ചോദിക്കൽ വിശ്വാസിക്കു് മാത്രം അവകാശപ്പെട്ട കാര്യമായതിനാൽ മറുപടി ലഭിക്കാനുള്ള സാദ്ധ്യത കുറവാണു്. ഇനി അഥവാ ലഭിച്ചാൽത്തന്നെ, ദൈവം ആദ്യകാരണമാണെന്നോ, മദ്ധ്യതോരണമാണെന്നോ, അന്ത്യമാരണമാണെന്നോ, അതുകൊണ്ടു് ദൈവത്തിനെ ആരും സൃഷ്ടിക്കേണ്ടതില്ലെന്നോ ഒക്കെയാവും മറുപടി. അതുവഴി നമ്മൾ വിശ്വാസികളുമായുള്ള ഏതു് ചർച്ചകളിലുമെന്നപോലെ വീണ്ടും തുടങ്ങിയിടത്തു് തന്നെ എത്തിച്ചേരുന്നു: “എല്ലാം കഴിയുന്നവനാണു് ദൈവം”! അതായതു്, വിശ്വാസികൾ അവരുടെ ദൈവത്തിനു് ചാർത്തിക്കൊടുക്കുന്ന സ്വഭാവഗുണങ്ങൾ വച്ചു് നോക്കിയാൽ, എട്ടുകാലി മമ്മൂഞ്ഞിന്റെ ഇരട്ടയായി പിറന്നവനാവാൻ എന്തുകൊണ്ടും യോഗ്യതയുള്ളവനാണു് അവർ തലയിൽ ചുമന്നുകൊണ്ടുനടക്കുകയും പ്രപഞ്ചസ്രഷ്ടാവെന്നു് വാഴ്ത്തുകയും ചെയ്യുന്ന അവരുടെ ദൈവം. “ഇതും എന്റെ ദൈവത്തിന്റേതു്, മറ്റേതും എന്റെ ദൈവത്തിന്റേതു്, അതിനപ്പുറം വല്ലതുമുണ്ടെങ്കിൽ അതും എന്റെ ദൈവത്തിന്റേതു്”!

മ്പോംബൊ ദൈവം സൃഷ്ടിച്ച ആഫ്രിക്കൻ രാജ്യത്തിൽ ഇന്നു് ജീവിക്കുന്നതു് മുസ്ലീമുകളോ ക്രിസ്ത്യാനികളോ ആണെങ്കിൽ ലോകസൃഷ്ടിയുടെ ചുമതല ഇതിനോടകം അല്ലാഹുവോ യഹോവയോ ഏറ്റെടുത്തിട്ടുണ്ടാവണം. യൂറോപ്പിൽ പൊതുവെ എന്നപോലെ, സ്കാൻഡിനേവിയൻ രാജ്യങ്ങളിലും മിക്കവാറും പൂർണ്ണമായി മതപരമായ സർവ്വാധിപത്യം സ്ഥാപിക്കാൻ ക്രിസ്തുമതത്തിനു് കഴിഞ്ഞതിനാൽ പശു നക്കിനക്കി പുറത്തുകൊണ്ടുവന്ന ദൈവത്തിന്റെ സ്ഥാനം പണ്ടേതന്നെ യഹോവ ഏറ്റെടുക്കുകയും ചെയ്തു – അവിടത്തെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ബൈബിളിൽ വർണ്ണിക്കുന്ന പ്രപഞ്ചസൃഷ്ടിക്കു് ഒരു പുരാണകഥ എന്നതിൽ കവിഞ്ഞ വിലയൊന്നും ഇന്നു് നൽകുന്നില്ലെങ്കിൽ പോലും. ഒരു മതം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ആ മതം വരച്ചുകാണിച്ച പ്രപഞ്ചസൃഷ്ടിപുരാണത്തിനും, അതിലെ പ്രോട്ടഗോണിസ്റ്റായ ദൈവത്തിനും നിലനിൽക്കാനാവൂ. അതാണു് മണ്മറഞ്ഞ എത്രയോ മതങ്ങളുടെയും ദൈവങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്ന വസ്തുത. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അത്തരം ഓരോ ദൈവങ്ങളും, ആ ദൈവങ്ങളുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട മതങ്ങളുടെ നീതിശാസ്ത്രങ്ങളും “ഒറ്റവാക്കും കൊഴിഞ്ഞുപോകാതെ” ലോകാന്ത്യത്തോളം നിലനിൽക്കുമെന്നായിരുന്നു അവയോരോന്നിലും അധികാരസ്ഥാനങ്ങൾ കയ്യാളി മനുഷ്യരെ ചൂഷണം ചെയ്തിരുന്നവർ വീമ്പിളക്കിക്കൊണ്ടിരുന്നതു്. ശൂന്യതയിൽ നിന്നും പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതുൾപ്പെടെ എന്തും ചെയ്യാൻ കഴിയുന്നവിധം സർവ്വശക്തനാണു് ദൈവമെന്നു് ഇന്നും ഘോഷിക്കുന്നവരുടെ ജൽപനങ്ങൾക്കും അതിൽ കൂടിയ എന്തെങ്കിലും ഒരർത്ഥമോ വിലയോ നൽകാൻ ചരിത്രം അറിയാവുന്നവർ തയ്യാറാവാത്തതും അതുകൊണ്ടുതന്നെ. ഏതെങ്കിലും ആശയങ്ങളെയോ വിശ്വാസപ്രമാണങ്ങളേയോ കുറെ ലക്ഷങ്ങളോ കോടികളോ പിൻതുടരുന്നുവെന്നതു് ആ മാർഗ്ഗങ്ങളെ നീതീകരിക്കാൻ മതിയായ മാനദണ്ഡമല്ല. ഏതെങ്കിലുമൊരു മതം ഏറെക്കാലമായിട്ടും നശിച്ചുപോകാതെ ലോകത്തിൽ നിലനിൽക്കുന്നു എന്ന അവകാശവാദം വിളിച്ചുപറയുന്നതു് ഒന്നുമാത്രമാണു്: ഇത്രയും കാലമായിട്ടും അതിന്റെ അനുയായികൾക്കു് ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിലേക്കു് സ്വന്തം വിശ്വാസപ്രമാണങ്ങളെ നീക്കിനിർത്തി അവയുടെ അർത്ഥശൂന്യത തിരിച്ചറിയുന്നതിനുള്ള ബൗദ്ധികശേഷി കൈവരിക്കാനായിട്ടില്ല എന്ന ലളിതസത്യം – മാനവചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ കാലാകാലങ്ങളിൽ വീണുകിടന്നു് ജീർണ്ണിക്കുന്ന “നിത്യസത്യങ്ങൾ” എല്ലാംതന്നെ മനുഷ്യരുടെ മേൽ അടിച്ചേൽപിക്കപ്പെട്ടവയും, കാലത്തിന്റെ കുത്തിയൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ പിൽക്കാലത്തു് കടപുഴകി വീണവയുമാണെന്ന അടിസ്ഥാനസത്യം. പക്ഷേ, അതറിയാൻ ആദ്യം ലോകചരിത്രം അറിയണം. അതാണെങ്കിൽ, സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ഏതെങ്കിലുമൊരു ദൈവത്തിന്റെ തലയിൽ ഏൽപിച്ചുകൊടുത്തിട്ടു് ചൊറിയും കുത്തി സീരിയൽ കാണുന്നപോലെ അത്ര എളുപ്പമായ കാര്യവുമല്ല.

പ്രപഞ്ചത്തിന്റെ സൃഷ്ടിയെപ്പറ്റി ലോകത്തിലെ എല്ലാ പുരാണങ്ങൾക്കും പറയാനുള്ളതു് ഇവിടെ സൂചിപ്പിച്ചതുപോലുള്ള കെട്ടുകഥകൾ മാത്രമാണു്. മാനവരാശി അതിന്റെ ബാല്യം പിന്നിട്ടിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ മനുഷ്യരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുവാൻ അവ മതിയായിരുന്നു, അഥവാ, അവയിൽ കൂടിയ വിശദീകരണങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യർ അശക്തരായിരുന്നു. മനുഷ്യബുദ്ധി/ബോധം എന്നതു് നിരന്തരമായ പരിണാമത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ബയോളജിക്കൽ ആഗ്രിഗെയ്റ്റ്‌ ആയ തലച്ചോറിൽ സംഭവിക്കുന്ന വൈദ്യുതവും രാസപരവുമായ പ്രക്രിയകളുടെ ഫലമായി രൂപമെടുക്കുന്ന ഒരു പ്രതിഭാസമാണു്. തലച്ചോറിൽ കൂടുതൽ കൂടുതൽ സർക്യൂട്ടുകൾ രൂപമെടുക്കുന്നതിനനുസരിച്ചു് അതിന്റെ പ്രവർത്തനശേഷിയും വർദ്ധിച്ചുകൊണ്ടിരിക്കും. ഒരുകാലത്തു് ഛർദ്ദിക്കാരനായ ഒരു മ്പോംബൊയോ, പശുനക്കി പുറത്തുകൊണ്ടുവന്ന ഒരു ബുറിയോ, മറ്റു് പലതരം വിചിത്ര രൂപങ്ങളോ ഒക്കെ ആയിരുന്ന ദൈവങ്ങളിൽ നിന്നും കാലക്രമേണ, അരൂപിയോ, കാരണമാവശ്യമില്ലാത്ത ആദ്യകാരണമായി ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുന്നതോ, മനുഷ്യഭാവനയും വാക്കുകളും അനുവദിക്കുന്നിടത്തോളം മറ്റെന്തൊക്കെയോ എത്രയൊക്കെയോ യോഗ്യതകളും കഴിവുകളും വേണമെങ്കിലും കൽപിച്ചുനൽകാൻ തടസ്സമൊന്നുമില്ലാത്തതോ ആയ ഒരു അവനോ, അവളോ, അതോ എന്ന നിലകളിലേക്കു് ദൈവം വളരുന്നതു് മനുഷ്യന്റെ ബുദ്ധിക്കും യുക്തിബോധത്തിനും സംഭവിക്കുന്ന വളർച്ചയ്ക്കനുസരിച്ചു് “ദൈവത്തെ” രക്ഷപെടുത്തി സ്വന്തം ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിനായി മതങ്ങൾ കണ്ടെത്തുന്ന വാചകമടി മാത്രമായ മുട്ടായുക്തികളിലൂടെയാണു്. സ്വഭാവത്തിൽത്തന്നെ ഇത്തിക്കണ്ണികളായ മതനേതാക്കൾ സ്വാർത്ഥതാത്പര്യസംരക്ഷണാർത്ഥം നടത്തുന്ന ഈ കള്ളക്കളി എപ്പോഴും ദൈവത്തെ മുന്നിൽ നിർത്തി ആണെന്നതിനാൽ, ദൈവമില്ലാതെ അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലേക്കു് സ്വയം തള്ളിക്കയറ്റിയ ഒരു വിശ്വാസിക്കു് ഒരിക്കലും അതിലെ കാപട്യവും ദുരുദ്ദേശ്യവും തിരിച്ചറിയാനാവില്ല. മനുഷ്യന്റെ അജ്ഞതയിലാണു് മതങ്ങളുടെ വേരുകൾ ഉറപ്പിയ്ക്കപ്പെടുന്നതു്. തന്റെ ദൈവത്തിനു് മുൻപും ഈ ലോകത്തിൽ ദൈവങ്ങൾ ഉണ്ടായിരുന്നുവെന്നും, ആ ദൈവങ്ങളുടെ ഗുണഗണങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നും മനസ്സിലാക്കിയിട്ടുള്ള ഒരു മനുഷ്യനു് ഒരിക്കലും ഒരു വിശ്വാസി ആയിരിക്കാൻ സാധിക്കുകയില്ല. അതായതു്, ഒരു നിരീശ്വരൻ ദൈവത്തെ നിഷേധിക്കുമ്പോൾ അവൻ നിഷേധിക്കുന്നതു്, മൗലികമായ അർത്ഥത്തിൽ, ഇന്നോളം ലോകത്തിൽ മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട ഓരോ മ്പോംബൊകളെയുമാണു്. മ്പോംബൊ ഒരു ദൈവമല്ലെങ്കിൽ ഇന്നു് ലോകത്തിൽ ആരാധിക്കപ്പെടുന്ന ഒരു ദൈവവും ദൈവമല്ല. മറ്റുവാക്കുകളിൽ പറഞ്ഞാൽ, യഹോവ ദൈവമാണെങ്കിൽ, അല്ലാഹു ദൈവമാണെങ്കിൽ, ഇന്നത്തെ മറ്റു് മതങ്ങളിലെ ദൈവങ്ങൾ ദൈവങ്ങളാണെങ്കിൽ മ്പോംബൊയും, ബുറിയും, മനുഷ്യമനസ്സിൽ ഇന്നോളം ജനിച്ചു് വളർന്നു് മരിച്ച എല്ലാ ദൈവങ്ങളും ദൈവങ്ങളാണു്. ചുരുക്കത്തിൽ, ഒരു ദൈവത്തിന്റെ അസ്തിത്വത്തിനും ശാസ്ത്രീയമായ അടിത്തറയില്ല – മണ്മറഞ്ഞ ദൈവങ്ങളായാലും, മതങ്ങൾ ഇന്റൻസീവ്‌ കെയറിൽ കിടത്തി ജീവൻ നിലനിർത്താൻ പെടാപ്പാടു് പെടുന്ന ഇന്നത്തെ ദൈവങ്ങളായാലും.

ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ രൂപമെടുക്കാൻ ദൈവത്തിന്റെയോ പ്രകൃത്യതീതമായ മറ്റേതെങ്കിലുമൊരു ശക്തിയുടെയോ ആവശ്യമില്ല. അതു് വിശദീകരിക്കാൻ മാത്രം ശാസ്ത്രം ഇന്നു് വളർന്നുകഴിഞ്ഞു. ദൈവത്തെ തൃപ്തിപ്പെടുത്താനായി മനുഷ്യരെ കുരുതികൊടുക്കുന്നതുപോലും ന്യായം എന്ന രീതിയിൽ ആരോ എവിടെയോ എഴുതിവച്ച ഭ്രാന്തൻ ജൽപനങ്ങളെ സ്വന്തം ദൈവത്തിന്റെ വായിൽ തിരുകാൻ മടിക്കാത്ത ഏതാനും മാനസികരോഗികളൊഴികെ മറ്റേതൊരു മനുഷ്യജന്മവും ശാസ്ത്രലോകം കൈവരിക്കുന്ന ഓരോ നേട്ടത്തിലും അഭിമാനിക്കുകയേയുള്ളു. കാരണം, ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യബുദ്ധിയുടെ വളർച്ചയാണു്. ദൈവത്തിന്റെ പക്ഷം ചേർന്നു് മനുഷ്യബുദ്ധിയെ അപഹസിക്കാൻ മാത്രമുള്ള ദൈവികപൊങ്ങച്ചവും മാനുഷികനീചത്വവും തലയിൽ പേറുന്നവർക്കു് ഇതു് മനസ്സിലാവുമോ എന്നെനിക്കറിയില്ല. അതിനുവേണ്ട മിനിമം ചിന്താശേഷിയെങ്കിലും അവർക്കുണ്ടായിരുന്നെങ്കിൽ, അവർതന്നെ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നപോലെ, സകലത്തിന്റേയും സ്രഷ്ടാവു് അവരുടെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിന്റെതന്നെ സൃഷ്ടിയായിരിക്കണം കൂടുതൽ കൂടുതൽ ആഴത്തിൽ പ്രപഞ്ചരഹസ്യങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന വിധം കഴിഞ്ഞ മൂന്നു് നാലു് നൂറ്റാണ്ടുകളിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതും, ഇന്നും വളർന്നുകൊണ്ടിരിക്കുന്നതുമായ മനുഷ്യബുദ്ധിയും എന്നു് മനസ്സിലാക്കാൻ അവർക്കു് കഴിയേണ്ടതായിരുന്നു. ഞങ്ങളുടെ ദൈവം ഞങ്ങളെ സൃഷ്ടിച്ചതു് വളർച്ച പ്രാപിക്കാനല്ല, ആരോ ചൂണ്ടിക്കാണിച്ച ദിക്കിലേക്കു് നോക്കിയപടി നോക്കിക്കൊണ്ടു് ഇരുത്തിയിടത്തു് ഇരിക്കാനാണു് എന്നു് കുറെപ്പേർ പിടിവാശി പിടിച്ചാൽ എന്തുചെയ്യാൻ? ദൈവത്തിന്റെ വക്കാലത്തു് ഏറ്റെടുത്തു്, ശാസ്ത്രതത്വങ്ങൾ ശരിയോ തെറ്റോ എന്നതിന്റെ മാനദണ്ഡം എട്ടുകാലി മമ്മൂഞ്ഞുകൾ അവ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണെന്നു് വിളിച്ചുകൂവാനുള്ള മനുഷ്യരുടെ മടിയില്ലായ്മയെ മനുഷ്യാധമത്വത്തിനു് മാത്രം സാദ്ധ്യമാവുന്ന അജ്ഞതയുടെയും അഹംഭാവത്തിന്റെയും ലജ്ജയില്ലായ്മയുടെയും ക്രൈറ്റീരിയൻ ആയി പ്രഖ്യാപിക്കേണ്ടതാണു്.

ശൂന്യതയിൽ നിന്നുള്ള പ്രപഞ്ചത്തിന്റെ രൂപമെടുക്കലിനെ സംബന്ധിച്ചു് ശാസ്ത്രത്തിനു് പറയാനുള്ളതു് അടുത്ത ഭാഗത്തിൽ.

(തുടരും)

 
7 Comments

Posted by on Jun 12, 2011 in ശാസ്ത്രം

 

Tags: , ,