RSS

Category Archives: ലേഖനം

വെല്ലുവിളിക്കുന്ന (ഖുര്‍ആന്‍) വിശ്വാസികള്‍

അവിശ്വാസികളുടെ നേരെ ആക്രമണം നടത്തുന്ന വിശ്വാസികളുടെ അവസ്ഥ, മുറിയില്‍ അകപ്പെട്ടിട്ടു്‌ വെളിയിലേക്കു്‌ പോകാന്‍ തത്രപ്പെടുന്ന ഈച്ചകളുടെ ഗതികേടിനു്‌ തുല്യമാണു്‌. പറന്നുചെന്നു്‌ ജനല്‍പ്പാളിയില്‍ തട്ടി താഴെ വീണു്‌, വേദനമൂലം കുറെനേരം കിടന്നകിടപ്പു്‌ കിടക്കുമ്പോഴേക്കും സംഭവിച്ച കാര്യം ഈച്ച മറന്നുകഴിഞ്ഞിരിക്കും. അതിനാല്‍ വീണ്ടും പുറത്തേക്കു്‌ പോകാനുള്ള പറക്കല്‍. വീണ്ടും ജനല്‍പ്പാളിയില്‍ തട്ടി താഴെ വീഴല്‍. മറവിമൂലം ഈച്ച ഈ യജ്ഞം ഇങ്ങനെ, എപ്പോഴെങ്കിലും വീണു്‌ ചാവുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. അതുപോലെതന്നെ, തന്റെ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എത്ര റീസണബിള്‍ ആയും അനിഷേദ്ധ്യമായും ഖണ്ഡിക്കപ്പെട്ടാലും ഒന്നുറങ്ങി ഉറക്കമുണര്‍ന്നാല്‍ വീണ്ടും പഴയ പല്ലവികളുമായി വിശ്വാസി ഗോദയില്‍ എത്തിയിരിക്കും. പാലും തേനുമൊഴുകുന്ന തന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര തുടങ്ങുന്നതുവരെ ഈ പൊരുതല്‍ അവന്‍ തുടര്‍ന്നുകൊണ്ടിരിക്കാനാണു്‌ സാദ്ധ്യത. ഈച്ചയാണല്ലോ അവന്റെ മാതൃക!

സ്വന്തനിലപാടുകള്‍ കുറ്റമറ്റതാണെന്ന ഉത്തമബോദ്ധ്യം മുതുകത്തെ മുഴയെന്നപോലെ സ്ഥിരം ചുമന്നുകൊണ്ടു്‌ നടക്കുന്നവരാണു്‌ എല്ലാത്തരം വിശ്വാസികളും. മതവിശ്വാസികളെ സംബന്ധിച്ചു്‌ പറഞ്ഞാല്‍, ഈ കുറ്റമില്ലായ്മയുടെ കുറ്റം അവരുടെ ദൈവത്തിനു്‌ തന്നെയാണു്‌. കാരണം, ഏതൊരു മതത്തിലെയും ദൈവം സര്‍വ്വവ്യാപിയാണു്‌, സര്‍വ്വശക്തനാണു്‌, സര്‍വ്വജ്ഞാനിയാണു്‌. ഇക്കാര്യത്തെ ചോദ്യം ചെയ്യുന്ന ആര്‍ക്കും ഒരു വിശ്വാസിയില്‍ നിന്നും ലഭിക്കുന്ന മറുപടി ഇതായിരിക്കും: “അങ്ങനെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു”. ഒരു കടുകുമണിപോലും കൂട്ടിച്ചേര്‍ക്കാനില്ലാത്തവിധം സമ്പൂര്‍ണ്ണനായ ദൈവത്തിന്റെ പൂര്‍ണ്ണതയില്‍നിന്നും ഏതാനും കടുകുമണികള്‍ കിഴിച്ചാല്‍ കിട്ടുന്നതാണു്‌ വിശ്വാസി എന്നറിയപ്പെടുന്ന മനുഷ്യരൂപം. പൂര്‍ണ്ണതയുടെ കാര്യത്തില്‍ വിശ്വാസിയും അവന്റെ ദൈവവും തമ്മില്‍ കൈനീട്ടിയാല്‍ പിടിക്കാവുന്ന ദൂരമേയുള്ളു എന്നു്‌ സാരം. അതിനാല്‍, വിശ്വാസിയുടെ കുറ്റമില്ലായ്മയെ, അവന്റെ അപ്രമാദിത്വത്തെ സംശയിക്കുന്നതു്‌ ദൈവത്തിന്റെ പൂര്‍ണ്ണതയെ സംശയിക്കുന്നതിനു്‌ തുല്യമാണു്‌. അതവനു്‌ ഒട്ടും ഇഷ്ടമല്ല. കുറ്റമില്ലാത്ത മനുഷ്യരോ എന്നു്‌ അത്ഭുതപ്പെടുന്നവര്‍ക്കു്‌ കഴിഞ്ഞ ഏകദേശം രണ്ടായിരം വര്‍ഷങ്ങളിലൂടെ കത്തോലിക്കാസഭയില്‍ മാറിമാറി അധികാരത്തിലിരുന്ന മാര്‍പ്പാപ്പമാരെ നോക്കി സംശയനിവൃത്തി വരുത്താവുന്നതാണു്‌. മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, ഹിറ്റ്ലര്‍, മാവോ, പോള്‍ പോട്ട് തുടങ്ങിയവര്‍ക്കു്‌ ഏകദേശദൈവങ്ങളായി കഴിയേണ്ടിയും അവസാനിക്കേണ്ടിയും വന്നതും സമ്പൂര്‍ണ്ണദൈവങ്ങളാവാന്‍ അവര്‍ക്കു്‌ ഏതാനും കടുകുമണികളുടെ കുറവു്‌ ഉണ്ടായിരുന്നതിനാലാണു്‌ .

ഈ അപ്രമാദിത്വത്തിന്റെ വെളിച്ചത്തിലാവണം, തീവ്രവിശ്വാസികളായ ചില മുസ്ലീമുകള്‍ ബൈബിളില്‍ നിന്നും കോപ്പിയടിച്ചതായ ഒരു വാക്കെങ്കിലും ഖുര്‍ആനില്‍ കാണിച്ചുതരാന്‍ നിങ്ങള്‍ക്കു്‌ കഴിയുമോ എന്നും മറ്റുമുള്ള വെല്ലുവിളികള്‍ ഫെയ്സ്ബുക്കിലെ ചില സ്വതന്ത്രചിന്താഗ്രൂപ്പുകളില്‍ നടത്താറുള്ളതു്‌. പല ഗ്രൂപ്പുകളിലും എങ്ങനെയോ ഞാനും അംഗമായെങ്കിലും ബോധപൂര്‍വ്വംതന്നെ ഞാന്‍ അവിടത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. ബൈബിളിലെ ഒരു വാക്യത്തിന്റെ ആശയം കടമെടുത്തു്‌ പറഞ്ഞാല്‍, മച്ചിയെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശ്രമം പോലെയാണു്‌ വിശ്വാസികളില്‍ യുക്തിബോധം സൃഷ്ടിക്കാനുള്ള ശ്രമവും. വഞ്ചിയെ തിരുനക്കരെനിന്നും ഒരടിപോലും നീക്കാനാവില്ല എന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ഊര്‍ജ്ജവും സമയവും നഷ്ടപ്പെടുത്തണം? അതേസമയം, കേരളസമൂഹത്തില്‍ അവിടവിടെയായി രൂപമെടുക്കുന്ന ചില “മ്യൂട്ടേഷനുകള്‍”, ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ചില നിഷ്കാമകര്‍മ്മികള്‍, മുള പൊട്ടുമ്പോഴേ വേരോടേ പിഴുതെറിയപ്പെടാതിരിക്കാന്‍ അവര്‍ക്കു്‌ “fire protection” നല്‍കേണ്ടതു്‌ സ്വതന്ത്രചിന്തകരായ ഓരോരുത്തരുടെയും കടമയാണുതാനും. ജനങ്ങളുടെ ബൗദ്ധികവളര്‍ച്ച സ്വന്തം നിലനില്പിന്റെ കണ്ഠകോടാലിയായി മാറുമെന്നു്‌ വ്യക്തമായി അറിയാമെന്നതിനാല്‍, ആ പുതുനാമ്പുകളെ ഉന്മൂലനം ചെയ്യാനായി പുരോഗമനം പ്രസംഗിക്കുന്ന ‘ആധുനികര്‍’ പോലും തിടുക്കം കൂട്ടുന്ന ഇന്നത്തെ കേരളീയസാഹചര്യത്തില്‍ അതുപോലൊരു “സംരക്ഷണം” പണ്ടെന്നത്തേക്കാളും കൂടുതല്‍ പ്രസക്തവുമാണു്‌.

ഇനി, കോപ്പിയടിയിലേക്കു്‌ വന്നാല്‍, ബൈബിളില്‍ നിന്നും കോപ്പിയടിച്ച ഒരു വാക്കല്ല, ബൈബിളില്‍ നിന്നും ‘മോശമായി’ കോപ്പിയടിച്ച എത്രയോ വാക്കുകളും ആശയങ്ങളും വേണമെങ്കിലും ഖുര്‍ആനിലുണ്ടു്‌. കോപ്പിയടി എന്നൊക്കെ പറയുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പവും സത്യവും, ബൈബിള്‍ ഇല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ ഉണ്ടാവുകപോലും ഇല്ലായിരുന്നു എന്നു്‌ പറയുന്നതായിരിക്കും. ഇതറിയാന്‍ ഒരു വഴിയേയുള്ളു: ആ രണ്ടു്‌ ഗ്രന്ഥങ്ങളും മനസ്സിലാക്കി വായിക്കുക. ഏതൊരു വിശ്വാസിയും അവിശ്വാസികളോടു്‌ പറയാറുള്ളതും ഇതുതന്നെയാണു്‌ എന്നതാണു്‌ ഏറെ രസകരം: “നീ ആദ്യം പോയി ‘എന്റെ’ ഗ്രന്ഥം പഠിച്ചിട്ടു്‌ വാ”. അങ്ങനെ ഒരുവന്‍ പറയുന്നതു്‌ കേട്ടാല്‍ ഉറപ്പിക്കാം: അവന്‍ ആ ഗ്രന്ഥം ഒന്നുകില്‍ വായിച്ചിട്ടില്ല, അല്ലെങ്കില്‍ വായിക്കുന്നതു്‌ മനസ്സിലാക്കാന്‍ കഴിവുള്ളവനല്ല അവന്‍. സ്വന്തം ഗ്രന്ഥമെങ്കിലും വായിച്ചു്‌ മനസ്സിലാക്കാന്‍ കഴിയുന്നവരായിരുന്നു വിശ്വാസികളെങ്കില്‍ മതം എന്നൊരു ഏര്‍പ്പാടു്‌ പണ്ടേ ലോകത്തില്‍ നിന്നും അപ്രത്യക്ഷമായേനെ. അതുകൊണ്ടു്‌ ഖുര്‍ആന്‍ വായിച്ചു്‌ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മുസ്ലീം ബൈബിള്‍ വായിച്ചിട്ടോ, ബൈബിള്‍ വായിച്ചു്‌ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ക്രിസ്ത്യാനി ഖുര്‍ആന്‍ വായിച്ചിട്ടോ വലിയ കാര്യമൊന്നുമില്ല. അല്ലാത്തവര്‍ക്കു്‌, ബൈബിളില്‍ ഉള്ള എന്തൊക്കെ ഖുര്‍ആനില്‍ ഉണ്ടു്‌ എന്നറിയാന്‍ അവ രണ്ടും വായിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ആദ്യം ബൈബിള്‍ പിന്നെ ഖുര്‍ആന്‍ എന്ന രീതിയില്‍ വായിക്കുന്നതായിരിക്കും അതിനു്‌ ഏറ്റവും യോജിച്ചതു്‌. കാരണം, ബൈബിളില്‍ ഒരിടത്തു്‌ ക്രമാനുസൃതമായി പറയുന്ന കാര്യങ്ങള്‍ വാലും തലയും വേര്‍പെടുത്തി പലയിടങ്ങളിലായി വാരിവിതറുന്ന രീതിയാണു്‌ ഖുര്‍ആന്‍ പിന്‍തുടരുന്നതു്‌. അതുകൊണ്ടു്‌, ഒരു സംഭവമോ സന്ദര്‍ഭമോ ബൈബിളിലെ ഒരിടത്തെ വര്‍ണ്ണനയില്‍ നിന്നും മുഴുവനായി മനസ്സിലാക്കിയശേഷം ഖുര്‍ആന്‍ വായിച്ചാല്‍ അതേ കാര്യം എത്ര ഇടങ്ങളിലായും എത്ര അപൂര്‍ണ്ണമായിട്ടുമാണു്‌ അതില്‍ വരച്ചുവച്ചിരിക്കുന്നതെന്നു്‌ മനസ്സിലാക്കാന്‍ എളുപ്പമുണ്ടു്‌.

നോഹ, ലോത്തു്‌, അബ്രാഹാം, അവന്റെ മക്കള്‍ യിശ്മയേല്‍, ഇസഹാക്ക്, ഇസഹാക്കിന്റെ മകന്‍ യാക്കോബ്, ഫറവോ, മോശെ, അഹറോന്‍, ദാവീദ്, അവന്റെ മകന്‍ ശലോമോന്‍, മറിയം, അവളുടെ മകന്‍ യേശു മുതലായ ബൈബിളിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടു്‌. ഖുര്‍ആനില്‍ ഇവിടെ പറഞ്ഞവരുടെ പേരുകള്‍ യഥാക്രമം ഇങ്ങനെയാണു്‌: നൂഹ്‌, ലൂത്വ്‌, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌, ഫിര്‍ഔന്‍, മൂസാ, ഹാറൂന്‍, ദാവൂദ്‌, സുലൈമാന്‍, മര്‍യം, ഈസാ. ഈ ലിസ്റ്റ് പൂര്‍ണ്ണമല്ലതാനും. A.D. ഏഴാം നൂറ്റാണ്ടില്‍ രൂപമെടുത്ത ഖുര്‍ആനില്‍, ഏകദേശം B. C. 440-തോടെ ലിഖിതരൂപത്തിലായ പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു്‌ പുസ്തകങ്ങളുടെയും (Torah), A.D. ഒന്നാം നൂറ്റാണ്ടുമുതല്‍ രൂപമെടുത്ത പല സൃഷ്ടികളില്‍ നിന്നും നാലാം നൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ട പുതിയനിയമത്തിന്റെയും ഉള്ളടക്കം ഉണ്ടാവുന്നതില്‍ എന്തത്ഭുതം?

ഖുര്‍ആന്‍ പറയുന്നു: “ഈ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. അതല്ല, ഇത്‌ അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? അല്ല, അത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.” (32 സജദ: 2, 3). ഖുര്‍ആനെക്കാള്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള തോറയിലും അറുന്നൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള സുവിശേഷങ്ങളിലും (ഖുര്‍ആനില്‍ ഇന്‍ജീല്‍) പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മുഹമ്മദ് നബിയെ അറിയിക്കണമെന്നു്‌ ആഗ്രഹിക്കുന്ന സാമാന്യബോധമുള്ള ആരും അവനോടു്‌ ആ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ പറയുകയോ, ഇനി അവനു്‌ വായിക്കാന്‍ അറിയില്ലെങ്കില്‍, വായിക്കാന്‍ അറിയാവുന്ന ആരെയെങ്കിലും വായിച്ചു്‌ കേള്‍പ്പിക്കാനുള്ള ചുമതല ഏല്പിക്കുകയോ അല്ലേ ചെയ്യുക? ഇവിടെ ഒരു അദൃശ്യശക്തിയുടെയോ സര്‍വ്വലോകരക്ഷിതാവായ ഒരു അല്ലാഹുവിന്റെയോ നേരിട്ടോ, അല്ലെങ്കില്‍, ഏതെങ്കിലും മാലാഖയെ (ഗബ്രിയേല്‍/ജിബ്രീല്‍) മധ്യസ്ഥനായി നിയമിച്ചുകൊണ്ടുള്ളതോ ആയ ഒരു ഇടപെടലിന്റെ എന്തു്‌ ആവശ്യമാണുള്ളതു്‌? സര്‍വ്വശക്തന്‍ എന്നാല്‍ വിഡ്ഢിത്തത്തിന്റെ ഉസ്താദ് എന്നോ മറ്റോ ആണോ ഇനി അര്‍ത്ഥം? “മുന്‍പു്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനത”ക്കു്‌, “അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിക്കൊണ്ടു്‌” (35 ഫാത്വിര്‍ : 31) ഒരു ഗ്രന്ഥം നല്‍കാന്‍ അല്ലാഹു തീരുമാനിക്കുമ്പോള്‍, പഴയതില്‍ ഇല്ലാത്തതായ ഒന്നും അതിലില്ലെങ്കില്‍ പിന്നെയെന്തിനൊരു പുതിയ ഗ്രന്ഥം? പഴയതിന്റെ കോപ്പികള്‍ വിതരണം ചെയ്താല്‍ ധാരാളം പോരേ? ഇനി പുതിയതായിട്ടു്‌ എന്തെങ്കിലുമുണ്ടെങ്കില്‍ത്തന്നെ ആ പുതിയവ മാത്രം ഒരു അനുബന്ധമായി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നേനെ? ഇതൊന്നും പോരാഞ്ഞിട്ടു്‌, “(നബിയേ,) നിനക്ക്‌ മുമ്പുണ്ടായിരുന്ന ദൂതന്‍മാരോട്‌ പറയപ്പെട്ടതല്ലാത്ത ഒന്നും നിന്നോട്‌ പറയപ്പെടുന്നില്ല” (41 ഫുസ്സിലത് : 43) എന്നുകൂടി അല്ലാഹു കല്പിക്കുമ്പോള്‍, പിന്നെ എന്തിനായിരുന്നു ഇക്കണ്ട വെളിപ്പെടുത്തലുകളും ഓതിക്കൊടുക്കലുമെന്നൊക്കെ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനു്‌ അവരെ കുറ്റപ്പെടുത്താനാവുമോ? അല്ലെങ്കില്‍ത്തന്നെ, എന്നോടു്‌ ദൈവം ഇക്കാര്യം പറഞ്ഞു എന്നതിനു്‌ ഞാന്‍ സാക്ഷി എന്നോ, അല്ലെങ്കില്‍ അതിനു്‌ ദൈവം സാക്ഷി എന്നോ ഞാന്‍ തന്നെ പറഞ്ഞാല്‍ ആ സാക്ഷ്യത്തിനു്‌ എന്തു്‌ വിലയാണു്‌ നല്‍കാനാവുക?

അന്ധമായി ഖുര്‍ആനില്‍ വിശ്വാസിക്കുന്നവരെ ബോദ്ധ്യപ്പെടുത്താനാവില്ല എന്ന കാര്യം ഉറപ്പാണെങ്കിലും, അറിയണമെന്നു്‌ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കായി തോറയുടെ ഉപജ്ഞാതാവെന്നു്‌ വാഴ്ത്തപ്പെടുന്ന മോശെയുടെ (മൂസയുടെ) ജനനം സംബന്ധിച്ചു്‌ ബൈബിളും ഖുര്‍ആനും നല്‍കുന്ന വര്‍ണ്ണനയും അവ തമ്മിലുള്ള പൊരുത്തക്കേടുകളും താഴെ കൊടുക്കുന്നു (ബൈബിളില്‍ നിന്നുള്ളതു്‌ ദൈര്‍ഘ്യം മൂലം ചുരുക്കത്തിലും, ഖുര്‍ആനില്‍ നിന്നുള്ളതു്‌ അതേപടിയും). വിശദമായി അറിയണമെന്നുള്ളവര്‍ ബൈബിള്‍ പഴയനിയമത്തിലെ പുറപ്പാടു്‌ പുസ്തകം ഒന്നാം അദ്ധ്യായം ആറാം വാക്യം മുതല്‍ രണ്ടാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം വരെ വായിക്കുക. ഖുര്‍ആനിലേതു്‌ ഖസസ് (അര്‍ത്ഥം: കഥാകഥനം!!) എന്ന ഇരുപത്തെട്ടാം അദ്ധ്യായത്തിലെ മൂന്നുമുതല്‍ പതിനാലുവരെയുള്ള വാക്യങ്ങളില്‍ വായിക്കാം.

ആദ്യം ബൈബിളില്‍ നിന്നുള്ള കഥ: ഈജിപ്റ്റില്‍ ജോലി (അടിമവേല എന്നു്‌ ബൈബിള്‍) ചെയ്തു്‌ ജീവിച്ചിരുന്ന യാക്കോബിന്റെ പന്ത്രണ്ടു്‌ മക്കളും (യിസ്രായേലിലെ പന്ത്രണ്ടു്‌ ഗോത്രപിതാക്കള്‍) അവരുടെ പിന്‍തലമുറകളും എണ്ണം കൊണ്ടും സമ്പത്തുകൊണ്ടും പെരുകിയപ്പോള്‍ അവരെ നിയന്ത്രിക്കാനായി ഫറവോ അവരെക്കൊണ്ടു്‌ കഠിനവേല ചെയ്യിക്കുന്നു. എന്നിട്ടും അവര്‍ പെരുകിയതല്ലാതെ കുറഞ്ഞില്ല. അതിനാല്‍, എബ്രായരുടെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം പ്രസവസമയത്തുതന്നെ കൊന്നുകളയാന്‍ അവന്‍ വയറ്റാട്ടികളോടു്‌ കല്പിക്കുന്നു. പക്ഷേ അവര്‍ ദൈവഭയം മൂലം കുഞ്ഞുങ്ങളെ കൊല്ലാതെ വിട്ടു. എബ്രായരുടെ പെണ്ണുങ്ങള്‍ ഈജിപ്റ്റിലെ പെണ്ണുങ്ങളെപ്പോലെയല്ല; ഞങ്ങള്‍ ചെല്ലുമ്പോഴെക്കും അവര്‍ പ്രസവിച്ചുകഴിഞ്ഞിരിക്കും എന്നൊരു നുണയും പറഞ്ഞു. അപ്പോള്‍ ഫറവോയുടെ അടുത്ത കല്പന വന്നു: ജനിക്കുന്ന ആണ്‍കുട്ടികളെ മുഴുവന്‍ നദിയില്‍ ഇടുക എന്നതായിരുന്നു അതു്‌. അങ്ങനെയിരിക്കെയാണു്‌ മോശെയുടെ ജനനം. അപ്പനും അമ്മയും ലേവികുടുംബാംഗങ്ങള്‍. സുന്ദരനായിരുന്നതിനാല്‍ അവനെ അവര്‍ മൂന്നുമാസം ഒളിപ്പിച്ചു്‌ വച്ചു (അല്ലെങ്കില്‍ ഉടനെ നദിയില്‍ എറിഞ്ഞേനെ!). അതിനുശേഷം ഒരു ഞാങ്ങണപെട്ടി വാങ്ങി അവനെ അതില്‍ കിടത്തി ഞാങ്ങണകള്‍ക്കിടയില്‍ കൊണ്ടുവച്ചു. എന്തു്‌ സംഭവിക്കുമെന്നറിയാന്‍ അവന്റെ പെങ്ങള്‍ ദൂരത്തുനിന്നു്‌ വീക്ഷിച്ചുകൊണ്ടിരുന്നു. അപ്പോള്‍ കുളിക്കാനെത്തിയ ഫറവോയുടെ മകള്‍ ആ പെട്ടകം കാണുകയും, അതു്‌ എടുത്തുകൊണ്ടുവരുവാന്‍ ദാസിയെ അയക്കുകയും, അതു്‌ തുറന്നുനോക്കി കുഞ്ഞിനെ കാണുകയും അതു്‌ എബ്രായരുടെ കുഞ്ഞു്‌ എന്നു്‌ തിരിച്ചറിയുകയും ചെയ്യുന്നു. കരയുന്ന കുഞ്ഞിനു്‌ മുലകൊടുക്കാന്‍ ഞാനൊരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെ എന്നു്‌ അവന്റെ പെങ്ങള്‍ ചോദിക്കുകയും രാജകുമാരി അതിനു്‌ അനുവാദം നല്‍കുകയും ചെയ്യുന്നു. അവള്‍ സ്വാഭാവികമായും കുഞ്ഞിന്റെ അമ്മയെത്തന്നെ കൊണ്ടുവരികയും, അവള്‍ കുഞ്ഞിനെ കൊണ്ടുപോയി കൂലിക്കു്‌ വളര്‍ത്താനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു. കുഞ്ഞു്‌ വളര്‍ന്നപ്പോള്‍ അവള്‍ അവനെ കൊട്ടാരത്തില്‍ എത്തിക്കുകയും രാജകുമാരി “ഞാൻ അവനെ വെള്ളത്തിൽനിന്നു്‌ വലിച്ചെടുത്തു” എന്ന അര്‍ത്ഥത്തില്‍ അവനു്‌ മോശെ എന്നു്‌ പേരിടുകയും ചെയ്യുന്നു. (“Der Mann Moses und die monotheistische Religion” എന്ന പുസ്തകത്തില്‍ മോശെ ഒരു ഈജിപ്ഷ്യന്‍ ആയിരുന്നു എന്നു്‌ Sigmund Freud സ്ഥാപിക്കുന്നുണ്ടു്‌. അതു്‌ മറ്റൊരു വിഷയം. അല്ലെങ്കില്‍ത്തന്നെ ഒരിക്കല്‍ പൊതുജനം ഒരു കാര്യം വിശ്വസിച്ചു്‌ കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കുവേണം വിപരീതാഭിപ്രായങ്ങളും അവയെ സാധൂകരിക്കുന്ന പഠനങ്ങളുമൊക്കെ?)

ഇനി ഈ കഥ ഖുര്‍ആനില്‍ നിന്നും അതേപടി ക്വോട്ട് ചെയ്തതു്‌: “വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക്‌ നാം ഓതികേള്‍പിക്കുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്‌ അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു. നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌. അവര്‍ക്ക്‌ (ആ മര്‍ദ്ദിതര്‍ക്ക്‌) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന്‌ തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത്‌ കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു.) മൂസായുടെ മാതാവിന്‌ നാം ബോധനം നല്‍കി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക്‌ ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌. എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല. മൂസായുടെ മാതാവിന്‍റെ മനസ്സ്‌ (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌.) അവള്‍ അവന്‍റെ (മൂസായുടെ) സഹോദരിയോട്‌ പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന്‌ അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല. അതിനു മുമ്പ്‌ മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന്‌ മുലകൊടുക്കുന്നതിന്‌ നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക്‌ വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിവ്‌ തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും. അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ്‌ കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന്‌ അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക്‌ തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്‌ നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ്‌ സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.”

ബൈബിളില്‍ കുഞ്ഞിനെ ദത്തെടുക്കുന്നതു്‌ ഫറവോയുടെ മകള്‍. ഖുര്‍ആനിലാകട്ടെ, ഫറവോയുടെ ഭാര്യയും! ബൈബിളില്‍ രാജകുമാരിയുടെ ദാസികളുടെ സ്ഥാനം ഖുര്‍ആനില്‍ “ഫിര്‍ഔന്‍റെ ആളുകള്‍” ഏറ്റെടുക്കുന്നു! ഫറവോയുടെ ആളുകള്‍ എന്നു്‌ കാടടച്ചു്‌ വെടിവച്ചാല്‍ അതില്‍ സ്വാഭാവികമായും ദാസികളും ഉള്‍പ്പെടുമല്ലോ. കാര്യങ്ങള്‍ കൃത്യമായി അറിയാത്തവര്‍ സാധാരണ സ്വീകരിക്കുന്ന രീതിയാണിതു്‌. ബൈബിളില്‍ നിന്നും വിഭിന്നമായി ഖുര്‍ആനില്‍, അമ്മ മുലയൂട്ടുന്നതിനു്‌ മുന്‍പു്‌ അന്യസ്ത്രീകള്‍ കുഞ്ഞിനു്‌ മുലകൊടുക്കുന്നതിനു്‌ അല്ലാഹു തടസ്സമുണ്ടാക്കുന്നുമുണ്ടു്‌. അല്ലാഹുവിന്റെ ഓരോരോ ഉത്തരവാദിത്തങ്ങള്‍!

ബൈബിളിലെയും ഖുര്‍ആനിലേയും ഈ ഭാഗങ്ങള്‍ തുടര്‍ന്നു്‌ വായിച്ചാല്‍ മറ്റു്‌ പല പൊരുത്തക്കേടുകളും കണ്ടെത്താം. ഒന്നുമാത്രം ഇവിടെ സൂചിപ്പിക്കുന്നു: ബൈബിള്‍ പ്രകാരം, ഒരു ഈജിപ്ഷ്യനെ കൊന്നതിന്റെ പേരില്‍ മിദ്യാനിലേക്കു്‌ ഒളിച്ചോടുന്ന മോശെക്കു്‌ അവിടെ അഭയം കൊടുക്കുന്നതു്‌ റെഗൂവേല്‍ എന്ന പുരോഹിതനാണു്‌. അയാള്‍ക്കു്‌ ഏഴു്‌ പെണ്മക്കളാണുള്ളതു്‌. അതില്‍ സപ്പോറ എന്നവളെയാണു്‌ പ്രത്യേക നിബന്ധനകള്‍ ഒന്നുമില്ലാതെതന്നെ റെഗൂവേല്‍ മോശെക്കു്‌ ഭാര്യയായി നല്‍കുന്നതു്‌. ഖുര്‍ആന്‍ പ്രകാരം, മൂസക്കു്‌ ‘മദ്‌യനില്‍’ സംരക്ഷണം നല്‍കുന്ന ‘വൃദ്ധനു്‌’ ഏഴല്ല, രണ്ടു്‌ പെണ്മക്കളാണുള്ളതു്‌. തനിക്കുവേണ്ടി എട്ടുവര്‍ഷം (ഇനി പത്തുവര്‍ഷമായാലും പുള്ളിക്കു്‌ എതിരൊന്നുമില്ല!) കൂലിവേല ചെയ്യണമെന്ന നിബന്ധനയിലാണു്‌ അതിലൊരുത്തിയെ വിവാഹം ചെയ്തുകൊടുക്കാന്‍ ‘വൃദ്ധന്‍’ വാക്കുകൊടുക്കുന്നതും, മൂസ സമ്മതിക്കുന്നതും!

എന്തുകൊണ്ടു്‌ ഈ വ്യത്യാസം എന്നറിയില്ല. ഒരു സാദ്ധ്യത: ഇസഹാക്കിന്റെ മകന്‍ യാക്കോബ് അപ്പന്റെ നിര്‍ദ്ദേശപ്രകാരം പെണ്ണുതേടി ചെന്നുപെട്ട (അവന്റെ ബന്ധുവായിരുന്ന) ലാബാനു്‌ രണ്ടു്‌ പെണ്മക്കളായിരുന്നു. ഇളയവള്‍ സുന്ദരിയായിരുന്ന റാഹേലും, മൂത്തവള്‍ “ശോഭ കുറഞ്ഞ കണ്ണുള്ള” ലേയയും. റാഹേലിനുവേണ്ടി ഏഴു്‌ വര്‍ഷം ലാബാനെ സേവിച്ച യാക്കോബിന്റെ മണിയറയിലേക്കു്‌ ലാബാന്‍ പക്ഷേ തള്ളി വിട്ടതു്‌ ലേയയെ ആയിരുന്നു. രാത്രിയില്‍ എല്ലാ പൂച്ചകള്‍ക്കും ചാരനിറമായതിനാല്‍ നേരം വെളുത്തപ്പോഴാണു്‌ യാക്കോബ് കാര്യമറിഞ്ഞതു്‌. മൂത്തവള്‍ നില്‍ക്കെ ഇളയവളെ കൊടുക്കുന്ന രീതി ഞങ്ങളുടെയിടയില്‍ ഇല്ലെന്നും, ഇനിയും ഏഴു്‌ വര്‍ഷം കൂടി എന്നെ സേവിച്ചാല്‍ ഞാന്‍ റാഹേലിനെയും നിനക്കു്‌ തരാമെന്നും ലാബാന്‍ പറഞ്ഞപ്പോള്‍ യാക്കോബ് സമ്മതിക്കുകയും, അങ്ങനെ വീണ്ടും ഏഴു്‌ വര്‍ഷങ്ങള്‍ക്കു്‌ ശേഷം റാഹേലിനെ അവന്‍ സ്വന്തമാക്കുകയും ചെയ്തു. ഒരുപക്ഷേ ഈ കഥയെങ്ങാനുമാവാം മൂസയുടെ കല്യാണക്കഥയില്‍ രണ്ടു്‌ പെണ്മക്കളും, എട്ടോ (അല്ലെങ്കില്‍ പത്തോ!) വര്‍ഷങ്ങളും ആയി മാറിയതു്‌. ആര്‍ക്കറിയാം? അല്ലാഹുവിനറിയാം.

 
6 Comments

Posted by on Nov 10, 2014 in ലേഖനം

 

Tags: , , ,

മനസ്സിലാക്കല്‍ എന്ന പ്രക്രിയ

മനസ്സിലാക്കല്‍ എങ്ങനെ സാദ്ധ്യമാവുന്നു? മനസ്സിലാക്കല്‍ എന്നാല്‍ എന്താണു്‌? മനസ്സിലാക്കുന്നു എന്നു്‌ പറയുമ്പോള്‍ എന്താണു്‌ മനുഷ്യന്‍ മനസ്സിലാക്കുന്നതു്‌? ‘ട്രൂത്ത് ആന്‍ഡ് മേഥഡ്’ എന്ന തന്റെ ഗ്രന്ഥത്തില്‍ ജര്‍മ്മന്‍ തത്വചിന്തകന്‍ ഗാഡാമര്‍ (Hans-Georg Gadamer) പരിശോധിക്കുന്നതു്‌ ഇക്കാര്യങ്ങളൊക്കെയാണു്‌. പക്ഷേ, ഗാഡാമറുടെ ‘ഫിലൊസോഫിക്കല്‍ ഹെര്‍മെന്യൂട്ടിക്സ്’ വാക്യങ്ങളുടെയോ, കലാരൂപങ്ങളുടെയോ വ്യാഖ്യാനത്തില്‍ ഒതുങ്ങുന്നതല്ല, ഭാഷ എന്ന മാദ്ധ്യമത്തിലൂടെ വെളിപ്പെടുന്ന ലോകത്തിന്റെ വിവിധതരത്തിലുള്ള മനസ്സിലാക്കലും അതില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക് മിഥോളജി പ്രകാരം ദൈവകല്പനകള്‍ നശ്വരരായ മനുഷ്യരില്‍ എത്തിക്കുക, അവര്‍ക്കു്‌ മനസ്സിലാകുന്ന ഭാഷയില്‍ അതു്‌ തര്‍ജ്ജമ ചെയ്തു്‌ കൊടുക്കുക തുടങ്ങിയ കാര്യങ്ങളുടെ ചുമതലക്കാരനായിരുന്ന ഹെര്‍മെസില്‍ നിന്നും വരുന്നതാണു്‌ ഹെര്‍മെന്യൂട്ടിക്സ് എന്ന വാക്കു്‌. മറ്റൊരു ലോകത്തില്‍ നിന്നുള്ള ആശയങ്ങളും അര്‍ത്ഥങ്ങളും പരസ്പരബന്ധങ്ങളും അവനവന്റെ ലോകത്തിലേക്കു്‌ മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ പകര്‍ത്തുന്നതിലാണു്‌ ഹെര്‍മെന്യൂട്ടിക്സിന്റെയും ശക്തി സ്ഥിതി ചെയ്യുന്നതു്‌.

ഗാഡാമറുടെ കാഴ്ചപ്പാടില്‍ ഭാഷ എന്നതു്‌ വളരെ വിശാലമായ ഒരു സംജ്ഞയാണു്‌. ആംഗ്യം, നോട്ടം, മൗനം മുതലായവയിലൂടെ സംഭവിക്കുന്ന ആശയവിനിമയങ്ങളും മനസ്സിലാക്കലുകളുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. മനസ്സിലാക്കല്‍ എന്നതു്‌ മനുഷ്യന്റെ ഒരു അടിസ്ഥാനഗുണമാണു്‌. ‘മനസ്സിലാക്കുന്ന’ വ്യക്തി ജീവിക്കുന്നതു്‌ ചരിത്രപരമായ ഒരു ലോകത്തിലും, അറിഞ്ഞോ അറിയാതെയോ, ആ ലോകത്തിലെ ട്രഡീഷനുകളുടെ സ്വാധീനത്തിലുമാണു്‌. അതിനനുസരിച്ച മുന്‍വിധികളാണു്‌ അവന്റെ വര്‍ത്തമാനകാലചക്രവാളം രൂപപ്പെടുത്തുന്നതു്‌. അതിനു്‌ അപ്പുറം കാണുക എന്നതു്‌ അവനു്‌ അസാദ്ധ്യമായിരിക്കും. മനുഷ്യന്റെ എല്ലാ അനുഭവശേഷിയുടെയും ദിശ മുന്‍വിധികള്‍ വഴി മുന്‍കൂറായി നിശ്ചയിക്കപ്പെടുന്നതാണു്‌. അനുഭവവേദ്യതക്കു്‌ ആവശ്യമായ മുന്‍ശേഷി എന്നു്‌ വിളിക്കാവുന്ന ഈ മുന്‍വിധികള്‍ ഇല്ലായിരുന്നെങ്കില്‍ മനസ്സിലാക്കല്‍ അസാദ്ധ്യമായിരുന്നേനെ എന്നു്‌ ഗാഡാമര്‍. അതിനാല്‍, മുന്‍വിധിയെ നെഗറ്റീവ് ആയി കണ്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിന്റെ രീതിയില്‍ നിന്നും വിപരീതമായി, – പഴഞ്ചന്‍ സമ്പ്രദായങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിരുന്ന ജ്ഞാനോദയക്കാരുടെ മുന്‍വിധികളോടുള്ള മുന്‍വിധി മനസ്സിലാക്കാവുന്നതാണെങ്കിലും – സൃഷ്ടിപരമായ മുന്‍വിധിയെ ഗാഡാമര്‍ പ്രതിരോധിക്കുന്നു. പക്ഷേ, ഗാഡാമറെ സംബന്ധിച്ചു്‌ ഒരു മുന്‍വിധി ശരിയോ തെറ്റോ എന്നതു്‌ പലപ്പോഴും അതിന്റെ ‘കാലദൂരത്തെ’ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്‌. നമ്മുടെ മുന്‍വിധികള്‍ (biases of our openness to the world) തിരുത്തപ്പെടാന്‍ കഴിയുന്നതാണോ എന്നതാണു്‌ പ്രധാനം.

ഗാഡാമറുടെ അഭിപ്രായത്തില്‍, മനസ്സിലാക്കലിന്റേതു്‌ ഒരു വൃത്തഘടനയാണു്‌. മൊത്തത്തെ ഒറ്റയൊറ്റകളില്‍ നിന്നും, ഒറ്റകളെ മൊത്തത്തില്‍ നിന്നും മനസ്സിലാക്കുക എന്ന ദുഷ്കരവൃത്തത്തിന്റെ ഘടന – ‘ഹെര്‍മെന്യൂട്ടിക് സര്‍ക്കിള്‍’. മൊത്തത്തിന്റെ സാരം മനസ്സിലാക്കാന്‍ വിശദാംശങ്ങള്‍ അറിയണം, മറിച്ചു്‌, വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ മൊത്തത്തിന്റെ സാരം അറിയണം. മനസ്സിലാക്കലിന്റെ സര്‍ക്യുലാരിറ്റി എന്നാല്‍, പ്രതീക്ഷകളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു രൂപരേഖ തയ്യാറാക്കലും, കൂടുതല്‍ ആഴത്തിലേക്കു്‌ ചുവടുചുവടായി ഇറങ്ങി അതിനെ നിരന്തരം ഭേദപ്പെടുത്തലുമാണു്‌. അല്ലാതെ, ഹെര്‍മെന്യൂട്ടിക് സര്‍ക്കിള്‍ ലോജിക്കലായ ഒരു തെറ്റോ, ഒഴിവാക്കപ്പെടേണ്ടതോ അല്ല.

“മനസ്സിലാക്കലിന്റെ സര്‍ക്കിള്‍ എന്നതു്‌ ഒരു മെഥഡൊളോജിക്കല്‍ സര്‍ക്കിള്‍ അല്ല, അതു്‌ മനസ്സിലാക്കലിന്റെ ഒരു ‘സ്റ്റ്റക്ചറല്‍ മൊമെന്റ്’ ആണു്‌”. അതായതു്‌, ഗാഡാമറുടെ ഫിലോസഫിക്കല്‍ ഹെര്‍മെന്യൂട്ടിക്സ് ഒരു മേഥഡോ, ഫോര്‍മലായ ഒരു മാര്‍ഗനിര്‍ദ്ദേശകരേഖയോ അല്ല. ചരിത്രപരമായി മനസ്സിലാക്കപ്പെടുന്നതും, ഭാഷാപരമായി പോഷണം പ്രാപിച്ചതുമായ ഒരു ലോകത്തിലെ മനുഷ്യജീവിതത്തെയാണതു്‌ വിവരിക്കുന്നതു്‌. ഇവിടെയാണു്‌ ‘ഇഫക്റ്റീവ് ഹിസ്റ്ററി’ എന്നു്‌ ഗാഡാമര്‍ വിളിക്കുന്ന സംജ്ഞയുടെ പ്രസക്തി. മനസ്സിലാക്കലില്‍ ട്രഡീഷനു്‌ ഉള്ള സ്വാധീനമാണു്‌ അതു്‌ സൂചിപ്പിക്കുന്നതു്‌. ‘മനസ്സിലാക്കുന്ന’ വ്യക്തി, അവന്‍ അറിയുന്നതിനേക്കാള്‍ കൂടുതലായി, അവനെ സ്വാധീനിക്കുന്ന ചരിത്രത്തിന്റെ ഭാഗമാണു്‌. മുന്‍വിധികള്‍ അബോധമനസ്സിലാണു്‌ സ്ഥിതിചെയ്യുന്നതെന്നതിനാല്‍, അവയെ പൂര്‍ണ്ണമായും ബോധമനസ്സിലേക്കു്‌ എത്തിക്കുക എന്നതു്‌ അസാദ്ധ്യമായ കാര്യമാണു്‌. ഈ പരിമിതി മൂലം, അവനു്‌ അറിയാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതലായി അവന്റെ ബോധമനസ്സു്‌ ‘ഇഫക്റ്റീവ് ഹിസ്റ്ററി’യാല്‍ നയിക്കപ്പെടുന്നു. സത്യത്തില്‍, ചരിത്രം നമ്മുടേതല്ല, നമ്മള്‍ ചരിത്രത്തിന്റേതാണു്‌. അനുസ്മരണത്തിലൂടെ നമ്മള്‍ നമ്മെത്തന്നെ മനസ്സിലാക്കുന്നതിനും വളരെ മുന്‍പേ, സ്വാഭാവികമായെന്നോണം, ജീവിക്കുന്ന കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലും നമ്മള്‍ നമ്മെ മനസ്സിലാക്കുന്നുണ്ടു്‌. സബ്ജെക്റ്റിവിറ്റിയുടെ കേന്ദ്രം ഒരു വക്രക്കണ്ണാടിയാണു്‌. വ്യക്തിയുടെ സെല്‍ഫ്-റിഫ്ലെക്ഷന്‍ എന്നതു്‌ ചരിത്രപരമായ ജീവിതവലയത്തിലെ ഒരു മിന്നിമറയല്‍ മാത്രമാണു്‌. മനസ്സിലാക്കല്‍ എന്നതു്‌, ആത്മനിഷ്ഠാതീതമായി, വ്യക്ത്യതീതമായി, മനുഷ്യന്റെ ‘ഇഫക്റ്റീവ് ഹിസ്റ്ററി’ അവനില്‍ പ്രാബല്യം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയാണു്‌. മനസ്സിലാക്കുന്നവര്‍ എന്ന നിലയില്‍, നമ്മള്‍ ഒരു ‘ട്രൂത്ത് ഇവന്റിലെ’ ഭാഗഭാക്കുകളാണു്‌ – എന്താണു്‌ വിശ്വസിക്കേണ്ടതു്‌ എന്നു്‌ അറിയാന്‍ ആഗ്രഹിക്കുകയും അവിടേക്കു്‌ താമസിച്ചെത്തുകയും ചെയ്യുന്ന ഭാഗഭാക്കുകള്‍. മറ്റു്‌ വാക്കുകളില്‍: “നമ്മള്‍ ചെയ്യുന്നതോ, നമ്മള്‍ ചെയ്യേണ്ടതോ അല്ല, നമ്മുടെ ചെയ്തികള്‍ക്കും ആഗ്രഹങ്ങള്‍ക്കും അതീതമായി നമ്മളില്‍ സംഭവിക്കുന്നതെന്തോ, അതാണു്‌ പ്രശ്നം”. ചരിത്രപരമായ ട്രഡീഷനുകളും, വ്യാഖ്യാനപരമായ നീക്കങ്ങളും തമ്മില്‍ പരസ്പരം നടക്കുന്ന, മനുഷ്യനു്‌ രക്ഷപെടാനാവാത്ത ഈ മത്സരക്കളിയെയാണു്‌ ജീവതത്ത്വശാസ്‌ത്രപരമായി (ontologically) മനസ്സിലാക്കപ്പെടുന്ന ‘ഹെര്‍മെന്യൂട്ടിക് സര്‍ക്കിള്‍’ വിവരിക്കുന്നതു്‌.

നമ്മുടെ ചിന്തകളോടു്‌ ഭീതിദമെന്നോണം അടുത്താണു്‌ ഭാഷയെങ്കിലും വസ്തുനിഷ്ഠമായി ഭാഷയെ തിരിച്ചറിയാന്‍ നമുക്കാവില്ല. അതുകൊണ്ടു്‌, മനുഷ്യന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഭാഷയിലൂടെയാണു്‌ പ്രകടമാകുന്നതു്‌ എന്നിരിക്കെത്തന്നെ, ഭാഷ അങ്ങേയറ്റം ഇരുണ്ട ഒന്നായി അവശേഷിക്കുന്നു. ലോകത്തിനുനേരെ ഭാഷക്കു്‌ സ്വന്തവും സ്വതന്ത്രവുമായ ഒരു അസ്തിത്വം ഇല്ലെങ്കിലും, ലോകത്തിന്റെ അസ്തിത്വം രചിക്കപ്പെടുന്നതു്‌ ഭാഷയിലൂടെയാണു്‌. മനുഷ്യനു്‌ ഒരു ലോകം ഉണ്ടെന്നതുതന്നെ ഭാഷയില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്‌. ലോകം അതിലൂടെ വെളിപ്പെടുന്നു എന്നതു്‌ മാത്രമാണു്‌ യഥാര്‍ത്ഥത്തില്‍ ഭാഷയുടെ അസ്തിത്വം. ഭാഷ ഒരു പണിയായുധമോ, ലഭ്യമായ ഒരു സമ്പത്തോ അല്ല, മൗലികമായ ഒരു ജീവിതപ്രക്രിയയാണതു്‌. ഗാഡാമറുടെ ചിന്തയില്‍, മനസ്സിലാക്കപ്പെടാന്‍ കഴിയുന്ന അസ്തിത്വമാണു്‌ ഭാഷ.

വായനയിലെ നായിവിറ്റിയെ തരണം ചെയ്യാന്‍ സഹായിക്കുകവഴി, മനുഷ്യരില്‍ ഹെര്‍മെന്യൂട്ടിക് കോണ്‍ഷ്യസ്നെസ്സ് ഉണര്‍ത്തുക എന്നതാണു്‌ ഗാഡാമര്‍ ലക്ഷ്യമാക്കിയതു്‌. ഒരു ടെക്സ്റ്റ് വായിക്കുമ്പോള്‍ അതില്‍ നിന്നും സ്വന്തം പ്രതീക്ഷകള്‍ മാത്രം വായിച്ചെടുക്കാതിരിക്കാന്‍ അതില്‍ മാത്രമല്ല, സ്വന്തം മുന്‍ധാരണകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടു്‌. അതായതു്‌, മനസ്സിലാക്കല്‍ എന്നതു്‌ ഒരു സ്വയംമനസ്സിലാക്കല്‍ കൂടിയാണു്‌. ഒരു ടെക്സ്റ്റ് മനസ്സിലാക്കുക എന്നാല്‍, അതുമായി ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നാണു്‌; നമ്മോടു്‌ എന്തെങ്കിലും പറയാന്‍ അതിനെ അനുവദിക്കുക എന്നാണു്‌. വായിക്കുക എന്നാല്‍ എഴുതപ്പെട്ടിരിക്കുന്നതു്‌ വെറുതെ വായിക്കലല്ല. ചോദ്യം ആവശ്യപ്പെടാത്ത ഒരു ടെക്സ്റ്റുമില്ല എന്നതിനാല്‍, അതിന്റെ മറുപടിക്കു്‌ വേണ്ടിയുള്ള ചെവിയോര്‍ക്കലാണു്‌ വായന. അങ്ങനെ അവിടെ എഴുതിയിട്ടുണ്ടല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ അതു്‌ ചിരിയുണര്‍ത്താന്‍ ഉതകുന്ന ഒരു വാക്യം മാത്രമേ ആവൂ എന്നു്‌ ഗാഡാമര്‍.

 

അവലംബം:

http://en.wikipedia.org/wiki/Hans-Georg_Gadamer

Kleine Geschichte der Philosophie: Volker Spierling

 
1 Comment

Posted by on Mar 25, 2014 in ലേഖനം

 

Tags: , , ,

പാപ്പയ്ക്കും തന്‍പള്ളി പൊന്‍പള്ളി

ആകാശത്തട്ടിനു്‌ മുകളില്‍ ഒരു സ്വര്‍ഗ്ഗമോ ഭൂമിക്കടിയില്‍ ഒരു നരകമോ ഇല്ലെന്നു്‌ കോപ്പര്‍നിക്കസിന്റെ ഹീലിയോസെന്റ്റിക് മോഡലിനു്‌ ശേഷമോ, ഏറ്റവും വൈകിയാല്‍ പ്രപഞ്ചവികസനം എന്ന ആശയം ഹബ്ബിള്‍ കണ്ടെത്തിയതിനു്‌ ശേഷമെങ്കിലുമോ ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവണം. അതിനേക്കാള്‍ എത്രയോ കൂടുതല്‍ മനുഷ്യര്‍, ദൈവപുത്രനായിരുന്ന ഒരു യേശു കുരിശില്‍ മരിച്ചെന്നും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ പോയെന്നും, ജീവിച്ചിരിക്കുന്നവരിലേയും മരിച്ചവരിലേയും നല്ലവരായ മനുഷ്യരെ മുഴുവന്‍ അതേ സ്വര്‍ഗ്ഗത്തിലേക്കു്‌ കൂട്ടിക്കൊണ്ടുപോകാനായി ഇന്നോ നാളെയോ മേഘത്തിന്റെ പുറത്തു്‌ കയറി മടങ്ങിവരുമെന്നും വിശ്വസിച്ചു്‌ കാത്തിരിക്കുന്നവരായുണ്ടു്‌. ബൈബിളിലെ പുതിയനിയമത്തില്‍ ഉള്ള കാര്യങ്ങള്‍ മുഴുവന്‍ യേശു നേരിട്ടു്‌ പറഞ്ഞതോ ചെയ്തതോ ഒക്കെ ആണെന്ന തെറ്റായ ധാരണ പുലര്‍ത്തുന്നവരാണു്‌ അവരില്‍ അധികവും. മറ്റെല്ലാ മതങ്ങളെയും പോലെതന്നെ, സത്യത്തിന്റെ അംശം പോലും അവകാശപ്പെടാനില്ലാത്ത കുറെ കഥകളുടെ അടിസ്ഥാനത്തിലാണു്‌ ക്രൈസ്തവമതങ്ങളും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്‌. അത്തരം മതവിഭാഗങ്ങളില്‍ ഒന്നാണു്‌ മാര്‍പ്പാപ്പ നയിക്കുന്ന കത്തോലിക്കാസഭയും.

ഏതെങ്കിലുമൊരു മാര്‍പ്പാപ്പയ്ക്കു്‌ ഒരു സുപ്രഭാതത്തില്‍ ഈ കാത്തിരിപ്പും വിശ്വാസവും ആകെമൊത്തം അടിസ്ഥാനരഹിതവും അബദ്ധവുമാണെന്നു്‌ മനസ്സിലാക്കാന്‍ മതിയായ ശാസ്ത്രബോധം ഉദിച്ചാല്‍ പോലും അങ്ങേര്‍ അതു്‌ ഒരു ഇടയലേഖനം വഴി തന്നെ പിന്‍തുടരുന്ന വിശ്വാസികളെ മുഴുവന്‍ അറിയിക്കുമെന്നു്‌ കരുതാന്‍ മാത്രം വിഡ്ഢിത്തം കത്തോലിക്കാസഭ നശിച്ചു്‌ കാണണം എന്നു്‌ ആഗ്രഹിക്കുന്നവര്‍ക്കുപോലും ഉണ്ടായിരിക്കുമെന്നു്‌ തോന്നുന്നില്ല. കാരണം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സഭ മനുഷ്യരെ ദൈവികമെന്നും നിത്യമെന്നും പറഞ്ഞു്‌ പഠിപ്പിച്ച ആദര്‍ശസത്യങ്ങളുടെ അന്ത്യമായിരിക്കുമതു്‌. ഇനി, ഒരു മാര്‍പ്പാപ്പ സത്യമായും അങ്ങനെ ചെയ്തു എന്നു്‌ കരുതുക! അടുത്തനിമിഷം പുറത്തു്‌ തെരുവുകളില്‍ ആ പാപ്പയുടെ രക്തത്തിനു്‌ വേണ്ടിയുള്ള അലര്‍ച്ചകളാവും ഉയരുന്നതു്‌. കോപ്പര്‍നിക്കസിന്റെ അസ്റ്റ്റോണമിയോ, മാര്‍പ്പാപ്പയ്ക്കുണ്ടായ പുതിയ ശാസ്ത്രബോധമോ ഒന്നുമല്ല വിശ്വാസികള്‍ക്കു്‌ വേണ്ടതു്‌. അവര്‍ മാര്‍പ്പാപ്പയെ ചുമക്കുന്നതു്‌ തലമുറകളിലൂടെ നടന്നുനടന്നു്‌ പുല്ലുപോലും മുളക്കാതായ വഴികളിലൂടെ അവന്‍ തങ്ങളെ തുടര്‍ന്നും നയിക്കുമെന്ന പ്രതീക്ഷയിലാണു്‌. അതിനു്‌ തയ്യാറില്ലാത്ത പാപ്പയെ എടുത്തു്‌ ദൂരെയെറിഞ്ഞു്‌ തങ്ങളുടെ സ്വപ്നാടനത്തിനു്‌ തടസ്സം നില്‍ക്കാത്ത മറ്റൊരു പാപ്പയെ അവര്‍ വാഴിക്കും. അതാണു്‌ മനുഷ്യര്‍. ജനക്കൂട്ടത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും റാഷണല്‍ ആയിരുന്നിട്ടില്ല, അവ എക്കാലവും ഇമോഷണലേ ആയിരുന്നിട്ടുള്ളു. ഇന്നു്‌ പുകഴ്ത്തുന്നവനെ നാളെ ഇകഴ്ത്താനും, വേണമെങ്കില്‍ അവനെത്തന്നെ മറ്റന്നാള്‍ വീണ്ടും പുകഴ്ത്താനും മടിയില്ലാത്തവരായിരുന്നു എന്നാളും ജനക്കൂട്ടം.

ഇതു്‌ മാര്‍പ്പാപ്പയെയും കത്തോലിക്കാസഭയേയും മാത്രം ബാധിക്കുന്ന ഒരു കാര്യമാണെന്നു്‌ കരുതണ്ട. സുവര്‍ണ്ണവാഗ്ദാനങ്ങളുടെ പുറകെ മണത്തുകൊണ്ടു്‌ നടക്കുന്ന ഏതു്‌ കൂട്ടത്തിനും ബാധകമായ കാര്യമാണിതു്‌. ഉദാഹരണത്തിനു്‌ തൊഴിലാളികളുടെ ലോകാധിപത്യം എന്ന മാര്‍ക്സിയന്‍ സ്വപ്നം ഇന്നല്ലെങ്കില്‍ നാളെ ലോകത്തില്‍ സംജാതമാകുമെന്നു്‌ വിശ്വസിക്കുന്നവരാണു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകള്‍. ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഒട്ടേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടു്‌, രക്തപ്പുഴകള്‍ ഒഴുകിയിട്ടുണ്ടു്‌. എന്നിട്ടും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശാശ്വതമായി വേരുറപ്പിക്കാന്‍ മാര്‍ക്സിസത്തിനു്‌ കഴിഞ്ഞില്ല എന്നതു്‌ കഴിഞ്ഞ മുപ്പതു്‌ വര്‍ഷങ്ങളിലെ ലോകചരിത്രം. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മാര്‍ക്സിസം ഒരു പരാജയമായിരുന്നു എന്നു്‌ താന്‍ അംഗീകരിക്കുന്നു എന്നു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരതത്തിലെ നേതാവു്‌ ശ്രീ പ്രകാശ് കാരാട്ടു്‌ ഒരു പ്രസ്താവന ഇറക്കും എന്നു്‌ പ്രതീക്ഷിക്കാനാവുമോ? അതും, കത്തോലിക്കാസഭയുടെ നിലപാടുകള്‍ കാലോചിതമോ സാമാന്യബോധത്തിനു്‌ നിരക്കുന്നതോ അല്ലെന്നൊരു പ്രസ്താവന മാര്‍പ്പാപ്പ ഇറക്കും എന്നു്‌ പ്രതീക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പ്രകാശ് കാരാട്ടു്‌ അങ്ങനെ പ്രസ്താവിച്ചാല്‍ അതില്‍ സന്തോഷിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാവുമെന്നപോലെതന്നെ, മാര്‍പ്പാപ്പ താന്‍ ഇരിക്കുന്ന കൊമ്പു്‌ മുറിക്കുന്നതു്‌ കാണാന്‍ ആഗ്രഹിക്കുന്ന പാപ്പാവിരുദ്ധരും തീര്‍ച്ചയായും ഉണ്ടാവും. സൗദി രാജാവോ, ഇറാനിലെ അയത്തൊള്ളമാരോ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളല്ല എന്ന സത്യം ഒരിക്കല്‍ അംഗീകരിക്കും എന്നു്‌ കരുതുന്നപോലെയോ, ഭഗവദ്ഗീതയും ഭഗവാനും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം ഹൈന്ദവപണ്ഡിതര്‍ എന്നെങ്കിലും സമ്മതിച്ചുതരുമെന്നു്‌ വ്യാമോഹിക്കുന്നതുപോലെയോ ഒക്കെത്തന്നെ.

കാരാട്ടു്‌ അങ്ങനെ ഒരു പ്രസ്താവന ഇറക്കിയാല്‍, അബദ്ധം ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച പാപ്പയുടെ കാര്യത്തില്‍ എന്നപോലെതന്നെ, അതുവരെ കാരാട്ടിനെ ചുമന്നവര്‍ കാരാട്ടിന്റെ രക്തം കിട്ടുന്നതുവരെ മുറവിളി കൂട്ടിക്കൊണ്ടിരിക്കും. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു്‌ നേരിടാന്‍ കഴിവില്ലാത്തവര്‍ രക്തം കൊണ്ടേ തൃപ്തിപ്പെട്ടിട്ടുള്ളു. കൈകാലുകള്‍ വെട്ടല്‍, തലവെട്ടല്‍ മുതലായവയൊക്കെയാണു്‌ അവര്‍ക്കു്‌ ആകെ അറിയാവുന്ന മാര്‍ഗ്ഗങ്ങള്‍. ചാവുന്നതു്‌ ഞാനോ എനിക്കു്‌ വേണ്ടപ്പെട്ടവരോ അല്ലാതിരിക്കുകയും, എന്റെ ശത്രുപക്ഷത്തില്‍ പെട്ടവര്‍ ആയിരിക്കുകയും ചെയ്യുന്നിടത്തോളം അതെന്നെ അലട്ടുന്നില്ലെന്നു്‌ മാത്രമല്ല, സന്തോഷപ്രദമായ കാര്യവുമായിരിക്കും.

സ്ഥാപനങ്ങളായി മാറിയ എല്ലാ മത-രാഷ്ട്രീയ വ്യവസ്ഥകളും മനുഷ്യരക്തം കൊണ്ടു്‌ കുതിര്‍ന്ന മണ്ണിലാണു്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്‌. അവനവന്റെ ശരികള്‍ക്കും നീതിശാസ്ത്രങ്ങള്‍ക്കും വേണ്ടി കൊന്നവരും ചത്തവരും. അവര്‍ക്കിടയില്‍ പെട്ടുപോയതുകൊണ്ടുമാത്രം ചാവേണ്ടിവന്ന നിരപരാധികള്‍ അതിലേറെയും! തങ്ങളെ രക്ഷപെടുത്താനായി അവതരിക്കുന്ന മശിഹായെ കാത്തിരിക്കുന്നവരാണു്‌ പൊതുവേ മനുഷ്യര്‍. അവരുടെ ഇടയിലേക്കു്‌ ലോകത്തെ രക്ഷപെടുത്താനുള്ള ഒറ്റമൂലിസിദ്ധാന്തങ്ങളുമായി എത്തുന്നവര്‍ അതിനാലാണു്‌ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതു്‌. ഈ മശിഹാമാരുടെയെല്ലാം യഥാര്‍ത്ഥ ചിത്രവും, ലോകത്തിന്റെ യഥാര്‍ത്ഥ ചരിത്രവും എന്തെന്നു്‌ മനസ്സിലാക്കാനും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും മനുഷ്യര്‍ക്കു്‌ കഴിയുമായിരുന്നെങ്കില്‍ ആത്യന്തികപരിഹാരമായി കരുതി മനുഷ്യര്‍ പിന്‍തുടര്‍ന്ന എല്ലാ ആദര്‍ശസത്യങ്ങളും നീതിശാസ്ത്രങ്ങളും പൊള്ളയായ വിടുവാക്കുകളായിരുന്നു എന്നു്‌ അവര്‍ തിരിച്ചറിഞ്ഞേനെ. ചുരുങ്ങിയപക്ഷം, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി നേടിയെടുക്കാന്‍ മാത്രം യോഗ്യതയുള്ള ഒരു ശാശ്വതസത്യവും, ഒരു നീതിശാസ്ത്രവും, ഒരു ദൈവസ്നേഹവും, ഒരു മനുഷ്യസ്നേഹവും, ഒരു തൊഴിലാളിസ്നേഹവും, ഇന്നോളം ലോകത്തില്‍ ഉണ്ടായിട്ടില്ല എന്നറിയാനെങ്കിലും അതവരെ സഹായിച്ചേനെ.

 
Comments Off on പാപ്പയ്ക്കും തന്‍പള്ളി പൊന്‍പള്ളി

Posted by on Feb 19, 2013 in ലേഖനം

 

Tags: , ,

നക്ഷത്രഫലവും സത്യവും

നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ സ്വഭാവവും വിധിയുമൊക്കെ പ്രവചിക്കാനാവുമോ? ഇല്ല എന്നു് ഉറപ്പിച്ചു് പറയാൻ മതിയായ അറിവുകൾ ഇന്നു് ലോകത്തിലുണ്ടു്. മറ്റു് ചരാചരങ്ങളെപ്പോലെതന്നെ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന കാര്യത്തിൽ സ്വാഭാവികമായും സംശയത്തിനു് അവകാശമില്ല. അതുപോലെതന്നെ, ഒരിക്കൽ ഏതെങ്കിലും നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സസ്യജാലങ്ങളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെതന്നെയോ ഭാഗമായിരുന്ന കണികകളാണു് മനുഷ്യരുടേതടക്കമുള്ള ഓരോ പുതിയ ശരീരങ്ങളുടെയും ഘടകങ്ങളായി മാറുന്നതു് എന്നതും വ്യക്തമായ കാര്യമാണു്. അതൊഴികെ, ജന്മസമയത്തോ വിവാഹസമയത്തോ മറ്റേതെങ്കിലും ശുഭമോ അശുഭമോ ആയ ‘മുഹൂർത്തങ്ങളിലോ’ ആകാശത്തിൽ നക്ഷത്രങ്ങൾ നിൽക്കുന്നതെവിടെയാണു് എന്നതിന്റെ അടിസ്ഥാനത്തിൽ ചില കണക്കുകൂട്ടലുകൾ നടത്തി മനുഷ്യജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയാനോ, സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാനോ ആവുമെന്ന അവകാശവാദം ശുദ്ധ അസംബന്ധമാണു്. എത്ര പറഞ്ഞാലും ഞാൻ അംഗീകരിക്കില്ല എന്ന പിടിവാശി ഇല്ലെങ്കിൽ ഒരുപാടു് തല പുകയ്ക്കാതെതന്നെ ഈ വസ്തുത മനസ്സിലാക്കാനും പ്രയാസമില്ല. പക്ഷേ, “ആയിരം വട്ടം തെറ്റെന്നു് തെളിയിക്കപ്പെട്ട ഒരു വിശ്വാസപ്രമാണം പോലും തനിക്കതു് ആവശ്യമെങ്കിൽ അതൊരു സത്യമാണെന്നു് വിശ്വസിക്കാൻ മടിക്കാത്തവനാണു് മനുഷ്യൻ” (നീറ്റ്‌സ്‌ഷെ) എന്നതിനാൽ ജ്യോതിഷക്കാരനും ഹസ്തരേഖാശാസ്ത്രക്കാരനും ഓന്തു്-ഗൗളി-ഒട്ടകശാസ്ത്രക്കാരനും അവരെയൊക്കെ സമീപിക്കാൻ മടിക്കാത്ത ഉന്നത ‘ശാസ്ത്രബിരുദധാരികളും’ ലോകത്തിൽ എന്നാളുമുണ്ടാവും.

ആകാശത്തിൽ നക്ഷത്രങ്ങൾ നിൽക്കുന്ന സ്ഥാനങ്ങളുടെ ചിത്രം എന്നു് വിളിക്കാവുന്ന രാശിചക്രം (zodiac) യഥാർത്ഥമായി നിലനിൽക്കുന്ന ഒരു നക്ഷത്രചിത്രമല്ല എന്നതാണു് വസ്തുത. അതു് നമ്മുടെ വെറുമൊരു ഭാവനാചിത്രം മാത്രമാണു്. ആ ചിത്രത്തിലൂടെ വെളിപ്പെടുന്ന നക്ഷത്രങ്ങളും മറ്റു് വാനഗോളങ്ങളും പല കാരണങ്ങളാൽ നമുക്കു് നൽകുന്നതു് ഒരു വ്യാജചിത്രമാണു്. ഉദാഹരണത്തിനു് നക്ഷത്രചിത്രങ്ങൾ പിടിപ്പിച്ചിരിക്കുന്ന ചക്രം (ecliptic) ഏകദേശം 25000 വർഷം കൊണ്ടു് ഒരുവട്ടം തിരിയുന്നതിനാൽ ഒരിക്കൽ മേടം നിന്നിടത്താവും ഇന്നു് മീനം നിൽക്കുന്നതു്. കൂടാതെ, ഭൂമിയോടു് അടുത്തു് നിൽക്കുന്നതിനാൽ നഗ്നനേത്രങ്ങൾക്കു് പണ്ടുമുതൽതന്നെ കാണാൻ കഴിയുമായിരുന്ന വലിപ്പം കുറഞ്ഞ വാനഗോളങ്ങൾ ഭൂത-ഭാവിപ്രവചനങ്ങളിലെ കണക്കുകളിൽ സ്ഥാനം നേടുകയും, അങ്ങനെ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള യോഗ്യത കൈവരിക്കുകയും ചെയ്തപ്പോൾ, വളരെ ദൂരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ആധുനിക ഉപകരണങ്ങൾ വഴി പിൽക്കാലത്തു് മാത്രം കണ്ടെത്താനായ വലിയ വാനഗോളങ്ങൾക്കു് ജ്യോതിഷത്തിന്റെ കണക്കുകളിൽ പങ്കെടുക്കാൻ പോലും അവസരം ലഭിച്ചില്ല. അങ്ങനെ, നക്ഷത്രങ്ങളെ ‘കണ്ട പാതി കാണാത്ത പാതി’ ഒരു ജ്യോതിഷക്കാരൻ നടത്തുന്ന പ്രവചനങ്ങൾ എത്രമാത്രം കുറ്റമറ്റതായിരിക്കുമെന്നു് ചിന്തിക്കാവുന്നതേയുള്ളു.

ആകാശപ്പന്തലിന്റെ അടിത്തട്ടിൽ പരസ്പരം ചേർന്നുചേർന്നു്, അഥവാ, ഭൂമിയിൽ നിന്നും തുല്യദൂരത്തിൽ നിൽക്കുന്നവയല്ല നക്ഷത്രങ്ങൾ. അവ തമ്മിൽത്തമ്മിൽ അനേകം പ്രകാശവർഷങ്ങളുടെ അകലമുണ്ടാവാം. അതുകൊണ്ടുതന്നെ നമ്മൾ കാണുന്ന പല നക്ഷത്രങ്ങളും ഇന്നു് അവിടെ ഉണ്ടാവണമെന്നില്ല. കൂടാതെ, നമ്മൾ ഇതുവരെ കാണാത്ത നക്ഷത്രങ്ങൾ എത്രയോ വർഷങ്ങൾക്കു് മുൻപേ രൂപമെടുത്തിട്ടുണ്ടാവാം. ഉദാഹരണത്തിനു്, ഭൂമിയിൽ നിന്നും ആയിരം പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രത്തിനു് ഇന്നു് മരണം സംഭവിച്ചാൽ മനുഷ്യർ അതറിയുന്നതു് ആയിരം വർഷങ്ങൾക്കു് ശേഷമായിരിക്കും. അഥവാ, ആ നക്ഷത്രം എരിഞ്ഞൊടുങ്ങിയിട്ടു് ആയിരം വർഷങ്ങളായെങ്കിൽ ആ നക്ഷത്രം നമ്മുടെ ദൃഷ്ടിയിൽ നിന്നും മറയുന്നതു് ഇപ്പോൾ മാത്രമാവും. പുതിയ നക്ഷത്രങ്ങൾ രൂപമെടുക്കുന്നതിന്റെ കാര്യവും ഇതുപോലെതന്നെ. മറ്റൊരു പ്രശ്നം, ഗുരുത്വാകർഷണത്തിന്റെ ഫലമായി നക്ഷത്രങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ നേർരേഖയിലുള്ള ഗതിയിൽ വ്യതിചലനം സംഭവിക്കാമെന്നതാണു്. തന്മൂലം, ഒരു നക്ഷത്രം നിൽക്കുന്നതായി നമുക്കു് തോന്നുന്ന സ്ഥാനത്താവണമെന്നില്ല അതു് യഥാർത്ഥത്തിൽ നിൽക്കുന്നതു്. അതുവഴി, നക്ഷത്രങ്ങളുടെ രാശിചക്രത്തിലെ സ്ഥാനവുമായി യഥാർത്ഥസ്ഥാനം പൊരുത്തപ്പെടാതെ വരുന്നു എന്നതിനാൽ, അതിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ‘കണക്കു് കൂട്ടലുകൾ’ കേവലം തെറ്റായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടല്ലോ. ചുരുക്കത്തിൽ, ഉണ്ടെന്നോ ഇല്ലെന്നോ തീർത്തു് പറയാൻ കഴിയാത്ത എത്രയോ നക്ഷത്രങ്ങൾ ഒരുവശത്തു്, കാണുന്ന സ്ഥാനത്തുതന്നെയാണോ നിൽക്കുന്നതെന്നു് ഉറപ്പില്ലാത്ത വേറെ കുറെ നക്ഷത്രങ്ങൾ മറുവശത്തു്! ഈ പൊരുത്തക്കേടുകളുടെയൊക്കെ നടുവിൽ ധ്യാനനിമഗ്നനായി ചമ്പ്രം പടിഞ്ഞിരുന്നു് ഭാവിയും ഭൂതവും പ്രേതവും നിശ്ചയിച്ചു് ഗാന്ധിപ്പടമുള്ള കറൻസിനോട്ടുകൾ വാങ്ങുന്ന ജ്യോതിഷക്കാരനും!

ജന്മസമയത്തു് ജാതകം കുറിക്കുന്നതാണു് ഇതിലൊക്കെ രസകരം. ഒരു പ്രത്യേകനക്ഷത്രത്തിൽ ജനിച്ചാൽ മനുഷ്യനു് പണ്ടൊക്കെ രാജാവു് വരെ ആവാമായിരുന്നു. ഇന്നു് കാലം മാറിയതുകൊണ്ടു് ഒരുപക്ഷേ, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഗവർണ്ണറോ പ്രസിഡന്റോ ഒക്കെയാവും ആവുക. അത്തരം കാര്യങ്ങളിൽ ജ്യോതിഷം ഫ്ലെക്സിബിൾ ആണു്. (രാജയോഗമാണെങ്കിലും ശംഖുചക്രം ആസനത്തിൽ വന്നു് ഭവിച്ചാൽ ചിലപ്പോൾ പിച്ചക്കാരനും ആയെന്നിരിക്കും. പക്ഷേ, അത്തരം ഒരു വിധിയിലേക്കല്ല മനുഷ്യരുടെ നോട്ടം എന്നതിനാൽ ദോഷം മാറ്റിയെടുക്കാനുള്ള മാർഗ്ഗങ്ങളും സ്വാഭാവികമായും ജ്യോതിഷിക്കറിയാം. അല്ലാതെ പിന്നെ എന്തു് ജ്യോതിഷം! നല്ലകാലത്തിനുവേണ്ടി അൽപം ചില്ലറ മുടക്കേണ്ടിവരുമെന്നതു് പ്രത്യേകം പറയാതെതന്നെ ആവശ്യക്കാർ അറിയേണ്ട കാര്യമാണു്. അതെല്ലാവർക്കും അറിയുകയും ചെയ്യാം. അതറിയാത്തവർ അങ്ങോട്ടുപോകാറില്ല എന്നതാണു് സത്യം.) പക്ഷേ ഈ വിഷയത്തിൽ ഒരു പന്തികേടുള്ളതു് ഇക്കാലത്തു് പ്രസവത്തിന്റെ സമയം നീട്ടാനോ കുറുക്കാനോ ഒക്കെ വൈദ്യശാസ്ത്രത്തിനു് കഴിയുമെന്നതാണു്. അതായതു്, കുംഭത്തിൽ പിറക്കേണ്ട ശിശുവിനെ വേണമെങ്കിൽ മകരത്തിലോ മീനത്തിലോ ഒക്കെ പിറവിയെടുപ്പിക്കാനാവും. അല്ലെങ്കിൽ, ഭരണിയിലേക്കു് ജനിക്കേണ്ടതിനെ അശ്വതിയിലേക്കോ കാർത്തികയിലേക്കോ അതിനുമപ്പുറത്തേക്കോ ഒക്കെ മാറ്റി ജനിപ്പിക്കുക ഇന്നു് വലിയ ഒരു പ്രശ്നമല്ല. ഉരുവാവുന്നതു് എട്ടൊൻപതു് മാസം മുൻപാണെങ്കിലും ശിശുവിന്റെ ജാതകം നിശ്ചയിക്കപ്പെടുന്നതു് നാരിയോ നരനോ ആയി ഭൂമിയിലെ നരകവാരിധിയുടെ നടുവിലേക്കോ അരികിലേക്കോ ഒക്കെ ജനിക്കുന്ന നിമിഷത്തിലാണല്ലോ. അതായതു്, ‘കശ്മലനായ’ ഒരു ഡോക്ടർക്കു് വേണമെങ്കിൽ ഒരു മനുഷ്യജീവിയുടെ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലെ ജീവിതത്തിന്റേയും മരണത്തിന്റേയും വിധി നല്ലതോ ചീത്തയോ ആയി കീഴ്മേൽ മറിക്കാനാവും! അതിൻപ്രകാരം, സാദാ പ്രസവത്തിന്റെ ജാതകം വഴി തൊണ്ണൂറാം ദിവസം ചാവേണ്ടവൻ ഡോക്ടറുടെ തിരിമറിപ്രസവം വഴിയുള്ള ജാതകത്തിലൂടെ തൊണ്ണൂറു് വയസ്സുവരെ ജീവിച്ചിരിക്കാം. നേരേ മറിച്ചും സംഭവിപ്പിക്കാം. ഇതുപോലൊരു അവസ്ഥയിൽ, മനുഷ്യരുടെ വിധി തങ്ങളുടെ കയ്യിൽ ഭദ്രം എന്നു് വ്യാമോഹിച്ചിരുന്ന ആകാശത്തിലെ നക്ഷത്രങ്ങൾ ഇളിഭ്യരായി പരസ്പരം നോക്കി സ്വയം ശപിക്കുകയല്ലാതെ മറ്റെന്തു് ചെയ്യാൻ? ഇത്രയൊക്കെയേയുള്ളു ജ്യോതിഷം എന്ന ശാസ്ത്രം!

പ്രവചനം ശരിയാവാം എന്ന മനുഷ്യരുടെ വിശ്വാസമാണു് പ്രവാചകരെ സൃഷ്ടിക്കുന്നതു്. ഒരു ദൈവം ആവശ്യമാണെന്നു് മനുഷ്യർ വിശ്വസിക്കുന്നതുകൊണ്ടു് മാത്രമാണു് ദൈവം നിലനിൽക്കുന്നതു്. അല്ലാതെ, നേർച്ച കാഴ്ച പ്രാർത്ഥന നോമ്പു് ധ്യാനം മുതലായ തന്ത്രങ്ങളിലൂടെ മാനിപ്യുലേറ്റ്‌ ചെയ്തു് ഇഹലോക-പരലോകജീവിതങ്ങളെ തനിക്കനുകൂലമാക്കി മാറ്റാമെന്ന മണ്ടൻ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ ആരാധിക്കുന്ന തരത്തിലുള്ള ഒരു പ്രപഞ്ചനിയന്ത്രകശക്തി ഉണ്ടാവാൻ കഴിയില്ല എന്നു് തെളിയിക്കാൻ ആർക്കും കഴിയാത്തതുകൊണ്ടല്ല. അതിനു് സിമ്പിൾ ലോജിക്ക്‌ ധാരാളം മതി. ജീവിക്കാത്തതു് മരിക്കുകയില്ല. ദൈവം ഒരിക്കലും ജീവിച്ചിട്ടില്ല, ദൈവത്തെ മനുഷ്യർ ജീവിപ്പിക്കുകയായിരുന്നു എന്നതിനാൽ ദൈവത്തിനും മനുഷ്യൻ അനുവദിക്കാതെ മരിക്കാൻ ആവില്ല. മരിച്ച ദൈവത്തെ അഴുകാൻ അനുവദിക്കുന്നതിനേക്കാൾ ഉയിർപ്പിക്കുന്നതാണു് ലാഭകരമായ ഏർപ്പാടെന്നു് ഇന്നു് ക്രിസ്തീയ വിശ്വാസികൾ ഒഴികെ മറ്റാർക്കാണു് അറിയാത്തതു്?

വിശ്വാസം വഴി ഇതുവരെ ഒരു മലയും മാറിപ്പോയിട്ടില്ലെങ്കിലും, ഒരു മലയും ഒരിക്കലും മാറിപ്പോവുകയില്ലെങ്കിലും വിശ്വസിച്ചാൽ മല മാറിപ്പോവും എന്നു് വിശ്വസിക്കാനാണു് മനുഷ്യർക്കിഷ്ടം. ആ വിശ്വാസം വേണ്ട വഴിയിലൂടെ തിരിച്ചുവിട്ടു് അവരെ മുതലെടുക്കുന്നവർ അവരുടെ ദൃഷ്ടിയിൽ തൻകാര്യം നേടുന്ന കച്ചവടക്കാരല്ല, അവരുടെ രക്ഷകരായ ആരാദ്ധ്യപുരുഷന്മാരാണു്! ഉള്ളിലെ യാഥാർത്ഥ്യത്തേക്കാൾ സോപ്പുകുമിളയുടെ പുറത്തെ വർണ്ണക്കാഴ്ചകളാണു് മനുഷ്യർക്കാവശ്യം. വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണു് അവരുടെ ജന്മശത്രുക്കൾ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, പുരോഹിതൻ ജ്യോതിഷി മുതലായ വിഭാഗത്തിൽപെട്ടവർ ആരാദ്ധ്യർ, ശാസ്ത്രജ്ഞർ യുക്തിവാദി മുതലായ വിഭാഗം ശത്രുക്കൾ! എന്തു് കണ്ടാലും എന്തു് കേട്ടാലും, അവയിൽനിന്നും തനിക്കു് വേണ്ടതു്, അഥവാ, സെലക്ടീവ്‌ ആയി മാത്രം കാണാനും കേൾക്കാനുമേ മനുഷ്യർക്കു് കഴിയൂ. മനുഷ്യരാശിയെ പൊതുവായി ബാധിക്കുന്ന ഈ വിധി ഏതെങ്കിലും നക്ഷത്രഫലമാണോ എന്നറിയാൻ പറ്റിയ ജ്യോതിഷം ഉണ്ടോ ആവോ!

 

ചർച്ചയാണു് താരം

അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം. അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം. ഇതു് രണ്ടുമാവില്ലെങ്കിൽ ഭാവിയിൽ ആ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കാനെങ്കിലും അവർക്കു് കഴിയണം. ഇതിനൊന്നിനും തയ്യാറാവാത്ത ചർച്ചകളെല്ലാം കാലിപ്പാട്ടകളുടെ കലപിലയാണു്.

പറയുന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള അർഹത തനിക്കുണ്ടോ എന്നു് ചർച്ചിക്കാൻ വരുന്നതിനു് മുൻപേ ഒരുവൻ അറിഞ്ഞിരിക്കണം. ബുദ്ധിയുടെ മാത്രമല്ല, ബുദ്ധിയെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയുമൊക്കെയുള്ള ചിന്താശേഷിയുടെ ഉറവിടവും തലച്ചോറാണു്. സ്വന്തം ബൗദ്ധികപരിമിതികളെപ്പറ്റി മനുഷ്യനു് പൊതുവെ അറിയാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണു്. ഉള്ള തലച്ചോറുകൊണ്ടല്ലാതെ ചിന്തിക്കാനാവുമോ? എല്ലാം അറിയാവുന്നവനായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനായി അവരോധിക്കുന്നതുവഴി ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ വിശ്വാസികളല്ലാത്ത മറ്റു് മനുഷ്യർ അറിവു് കുറഞ്ഞവർ ആണെന്ന തോന്നൽ ഉണ്ടാവുന്നു. ബ്ലോഗിലെ ‘അംഗീകൃത അവിശ്വാസികളായ’ ബ്രൈറ്റ്‌, സൂരജ്‌, ജബ്ബാർ മാഷ്‌ മുതലായവരെ ബൗദ്ധികമായി അവരുടെ അഞ്ചയലക്കത്തു് എത്താൻ പോലും യോഗ്യതയില്ലാത്തവരായ ബ്ലോഗിലെ വേദവാക്യകോപ്പിയിസ്റ്റുകൾക്കു് ‘കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാത്തവർ’ എന്നു് ഉളുപ്പില്ലാതെ പരിഹസിക്കാനും തെറി പറയാനും കഴിയുന്നതു് അതുകൊണ്ടാണു്. കാര്യങ്ങളുടെ കിടപ്പും, എവിടെയാണു് സത്യത്തിൽ പന്തികേടു് എന്നും ഞങ്ങൾ അറിയുന്നുണ്ടെന്നു് അവരുടെ ലായത്തിൽ പെടാത്തവർ എത്രവട്ടം പറഞ്ഞാലും എന്തുകൊണ്ടോ അതൊന്നും അവരുടെ തലയിൽ കയറുന്നില്ല.

ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ: സ്ഥിരമായി എല്ലാ ബ്ലോഗുകളിലും ചെന്നു് മിക്കവാറും ഒരേ വാചകം തന്നെ കമന്റായി എഴുതി തന്റെ ബ്ലോഗ്‌ അഡ്രസ്സും പതിപ്പിച്ചു് സ്ഥലം വിടുന്ന ‘റ്റോംസ്‌ കോനുമഠം’ എന്നൊരു ബ്ലോഗറുണ്ടു്. (എനിക്കു് ആ മാന്യദേഹത്തെ പരിചയമോ, വ്യക്തിപരമായി അങ്ങേരോടു് എന്തെങ്കിലും വിരോധമോ ഇല്ല.) താൻ ചെയ്യുന്ന കൃത്യം പരിഹാസ്യമാണെന്നു്, ചുരുങ്ങിയപക്ഷം ബാലിശമാണെന്നു്, അറിയാമായിരുന്നെങ്കിൽ അയാൾ അതു് ചെയ്യുമായിരുന്നോ? ആരെങ്കിലും അതിനെപ്പറ്റി അയാളോടു് പറഞ്ഞാലും ആ പരിപാടി നിർത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാൻ അയാൾക്കു് മാത്രമേ കഴിയൂ. ഇതുതന്നെയാണു് ബ്ലോഗെഴുതി ദൈവത്തെ സഹായിക്കുന്നവരുടെ മാനസികാവസ്ഥയും. സ്വന്തം പ്രവൃത്തിയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശേഷി അവർക്കില്ല. ബാല്യത്തിലേ വിശ്വാസഭ്രാന്തു് അടിച്ചേൽപിച്ചാൽ മനുഷ്യബുദ്ധി മുരടിപ്പിക്കപ്പെടുമെന്നതിന്റെ തെളിവു്. കേൾക്കുന്ന കാര്യങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാവണം ബാല്യകാലം മുതലേ വിദ്യാഭ്യാസം. ചെറുപ്പകാലങ്ങളിലുള്ള ശീലം…

മതങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവങ്ങൾക്കു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നതു് പലരും പല ബ്ലോഗ്‌ പോസ്റ്റുകളിലൂടെ സംശയത്തിനു് ഇടയില്ലാത്തവണ്ണം തെളിയിച്ചുകഴിഞ്ഞ കാര്യമാണു്. എന്നിട്ടും ഓരോ പുതിയ പോസ്റ്റുകൾ വരുമ്പോഴും പഴയ പല്ലവികളുമായി ‘ഒന്നു്’ എന്നു് വീണ്ടും വീണ്ടും പിന്നെയും വീണ്ടും തുടങ്ങുന്നവരാണു് വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാവൽക്കാർ. ദൈവത്തിനു് മനുഷ്യന്റെ സംരക്ഷണവും പിന്തുണയും വേണമോ? പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു് മനുഷ്യർക്കു് എന്തു് ബാദ്ധ്യത? അതിനു് ആരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടെങ്കിൽ അതു് അവരെ ആ നിലയിൽ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റാരെയാണു്? അർത്ഥം മനസ്സിലാക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലാത്തതിനു് അന്യനെ കുറ്റപ്പെടുത്തിയിട്ടു് എന്തുകാര്യം?

കേരളത്തിലെ ബാർബർഷോപ്പുകളിലും ചായക്കടകളിലും സ്ഥിരമായി നടക്കുന്നതും, മലയാളികൾക്കു് ചിരപരിചിതവുമായ സമയംകൊല്ലി ചർച്ചകൾ ബ്ലോഗിലേക്കു് പറിച്ചുനടാൻ ഒരു ചിലവുമില്ലാത്ത ഒരു ഇ-മെയിൽ അഡ്രസ്സും ഒരു ID-യും മതി. ഇണ്ടാപ്പി എന്നോ, അതിബുദ്ധിമാൻ എന്നോ, xyz എന്നോ, H.G.Ramkumar എന്നോ ഒരു പേരുമായി ഏതു് ‘പോത്തുകച്ചവടക്കാരനും’ (കടപ്പാടു്: maneesarang) ആദിസ്ഫോടനത്തിലെ ‘ചെവിപൊട്ടിപ്പോകുന്ന’ ഒച്ചയേയും ‘കണ്ണഞ്ചിപ്പോകുന്ന’ പ്രകാശത്തേയുമൊക്കെപ്പറ്റി ശാസ്ത്രീയ ചർച്ചകളിൽ അഭിപ്രായം പറയാം. താൻ പറയുന്നതു് ‘ആധികാരികമായേ’ അവനു് തോന്നുകയുള്ളു. പക്ഷേ, ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും ‘പോത്തുകച്ചവടക്കാർ’ അല്ലാത്തതിനാൽ ആരെങ്കിലും ‘രാജാവിന്റെ ഈ തുണിയില്ലായ്മ’ ചൂണ്ടിക്കാണിക്കും. അതോടെ ലായത്തിലെ ഒന്നോ ഒന്നിലധികമോ കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും. താമസിയാതെ ഏതു് വിഷയത്തിലും സ്വന്തം താത്പര്യം തന്മയത്വമായി സംരക്ഷിക്കാൻ അറിയാവുന്ന കുറെ ‘വല്യ കുരങ്ങന്മാർ’ രംഗത്തെത്തി അവരുടെ അംശം രക്തം നക്കിക്കുടിക്കാൻ തുടങ്ങും. ഇതാണു് മലയാളം ബ്ലോഗ്‌ ലോകത്തിൽ ‘ചർച്ച’ എന്നതുകൊണ്ടു് ഒരുവൻ മനസ്സിലാക്കേണ്ടതു്. മതപ്രതിനിധികൾ പങ്കെടുക്കുന്ന ഏതു് ചർച്ചക്കും ഒരേയൊരു ലക്ഷ്യമേയുള്ളു: യാതൊരു കാരണവശാലും മനുഷ്യന്റെ തലയിലേക്കു് ബുദ്ധിയുടെ വെളിച്ചം കടക്കരുതു് – മറ്റെന്തെങ്കിലുമൊരു നിലപാടു് മതപ്രതിനിധികളുടെ ലായങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാണു്.

മതവിമർശനങ്ങളെ സാമാന്യബുദ്ധിക്കു് അംഗീകരിക്കാവുന്ന വിധത്തിൽ ഖണ്ഡിക്കാൻ കഴിവുള്ള ഒരൊറ്റ ബ്ലോഗറും ഇന്നു് മലയാളം ബ്ലോഗോസ്ഫിയറിൽ ഇല്ല എന്നതു് ഒരു സത്യമാണു്. ‘ചളു ചളു’ എന്നു് ആവർത്തിച്ചു് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാനോ, ചൂണ്ടിക്കാണിക്കപ്പെട്ട പോയിന്റുകളെ ഓരോന്നോരോന്നായി എടുത്തു് കാര്യകാരണസഹിതം തെറ്റെന്നു് തെളിയിക്കാനോ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു് ഇപ്പോഴും അതിനു് അവസരമുണ്ടു്. അതല്ലാതെ, ഏതെങ്കിലും കൂലിയെഴുത്തുകാർ വെറുതെ ‘ബ്ലാ ബ്ലാ’ വയ്ക്കുന്നതല്ല ആശയപരമായ ചർച്ച.

ഇതൊന്നും വെറുതെ പറയുന്നതല്ല എന്നതിനു് തെളിവായി ഞാൻ ഇവിടെ എന്റെ ബ്ലോഗിൽ നിന്നുതന്നെ ചില ലിങ്കുകൾ നൽകുന്നു. അവ കൂടാതെ, വിശ്വാസികൾ ഇതുവരെ ഉന്നയിച്ചതായി ശ്രദ്ധയിൽ പെട്ട പല എതിർവാദങ്ങളുടെയും അർത്ഥശൂന്യത എന്റെ മറ്റു് പല പോസ്റ്റുകളിലൂടെ ഞാൻ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ‘പോത്തുകച്ചവടക്കാർക്കു്’ അതൊന്നും മനസ്സിലാക്കാൻ ആവില്ല എന്നു് എനിക്കു് നല്ലപോലെ അറിയാം. അല്ലെങ്കിൽ അവയ്ക്കൊക്കെ വസ്തുനിഷ്ഠമായ മറുപടികൾ ലഭിക്കുമായിരുന്നല്ലോ. അതുകൊണ്ടാണു് അത്തരക്കാർ അവരുടെ വിശ്വാസവും, നോമ്പും, പ്രാർത്ഥനയും, കുമ്പസാരവും, ദൈവവും, സ്വർഗ്ഗവും നരകവുമൊക്കെയായി സന്തുഷ്ടജീവിതം നയിക്കുക എന്നു് വീണ്ടും വീണ്ടും എനിക്കു് പറയേണ്ടി വരുന്നതും. പക്ഷേ, അവർക്കു് എന്തുകൊണ്ടോ അതും മനസ്സിലാവുന്നില്ല.

1. വിശ്വാസികളുമായി ചർച്ച ചെയ്തില്ല എന്ന പരാതിയുള്ള മുസ്ലീം വിശ്വാസികൾക്കായി:

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

2. ശാസ്ത്രത്തെ പരിഹസിക്കുന്ന ക്രിസ്തുമത വിശ്വാസികൾക്കായി:

3009-ലും ലോകമോ?

3. അറിവിന്റെ ആത്യന്തികതയെപ്പറ്റി ‘ഉത്തമബോദ്ധ്യമുള്ള’ എല്ലാ മതസ്ഥർക്കുമായി:

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

ഈ പോസ്റ്റുകളും അതിലെ കമന്റുകളും (പ്രത്യേകിച്ചും ആദ്യത്തെ രണ്ടു് പോസ്റ്റുകൾ) വായിക്കുന്നവർ അവയിലെ വിശ്വാസികളുടെ പ്രതികരണങ്ങളിലെ വസ്തുനിഷ്ഠത ശ്രദ്ധിക്കുക. ശ്രദ്ധിക്കാൻ പറയുന്നതു് വിശ്വാസികളോടല്ല. അവർക്കു് അവരുടെ പ്രതികരണങ്ങളിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിയില്ലല്ലോ. എന്റെ പോസ്റ്റുകൾ വിശ്വാസികൾക്കു് വേണ്ടിയുള്ളതല്ല എന്നു് ഞാൻ ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു. കാരണം, വിശ്വാസികളുടെ റേഞ്ച്‌ അവർക്കറിയില്ലെങ്കിലും ഞാൻ അറിഞ്ഞിരിക്കണം.

ഇവയൊന്നും പോരെങ്കിൽ എന്റെ ബ്ലോഗുകൾ എല്ലാം തന്നെ നേരിട്ടോ അല്ലാതെയോ വിശ്വാസപരവും ശാസ്ത്രപരവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണു്. സൈഡ്‌ ബാറിലെ ലിങ്കുകൾ വഴി എന്റെ മറ്റു് ബ്ലോഗുകളിൽ എത്താം.

കൂടാതെ, “കൂടുതൽ അറിയാൻ ഇതാ ലിങ്ക്‌, ഇതാ ലിങ്ക്‌” എന്നു് കമന്റും മെയിലുമായി ശല്യം ചെയ്യുന്ന ജ്ഞാനപീഠം കയറിയ മതപണ്ഡിതർക്കായി മൂന്നു് അപരബ്ലോഗുകളുടെ ലിങ്കുകൾ. ‘ലിങ്ക്‌ ദാനം’ വൺവേ ആവരുതല്ലോ. (ഈ ലിങ്കുകൾ നൽകുന്നതിനു് ബ്ലോഗുടമകൾക്കു് എതിർപ്പുണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതായിരിക്കും)

1. ea jabbar

2. suraj::സൂരജ്‌

3. bright

“ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ” എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.

 

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

“ഒരിക്കലും ഒന്നിനും നിസ്സാരം പോലുമായ ഒരർത്ഥവുമില്ല.” – Jean-Paul Sartre

മനുഷ്യന്റെ ‘അനുഭവജ്ഞാനം’ എത്ര ഉറപ്പില്ലാത്ത തറയിലാണു് നിലകൊള്ളുന്നതെന്നു് മനസ്സിലാക്കിയിരിക്കുന്നതു് പലതുകൊണ്ടും നല്ലതാണു്. ജീവിതത്തിന്റെ ‘അർത്ഥവും ലക്ഷ്യവും’ ഇവിടെയെങ്ങുമല്ല, മറ്റെവിടെയോ ആണെന്നു് നമ്മെ പഠിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില മനുഷ്യരുണ്ടു്. സകല മനുഷ്യരുടെയും ആത്മാക്കളെ ദൈവത്തിനു് കൂട്ടിക്കൊടുത്തു് കഴിഞ്ഞിട്ടല്ലാതെ ഉറങ്ങുകയില്ല എന്നു് ശപഥമെടുത്തിരിക്കുന്നവരാണവർ. ദൈവത്തിന്റെ സ്പോൺസർമാരായി ചമഞ്ഞു് അങ്ങേർക്കു് ഭൂമിയിൽ വിസ സംഘടിപ്പിച്ചുകൊടുക്കാൻ ചുമതലപ്പെട്ടവർ എന്നു് സ്വയം കരുതുന്ന അത്തരം മതപണ്ഡിതരുടെ എണ്ണം ലോകത്തിൽ, പ്രത്യേകിച്ചും അജ്ഞരും ദരിദ്രരും കൂടുതലുള്ള സമൂഹങ്ങളിൽ, കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. അവർ ഇല പഴുക്കുന്നതും പാലു് പിരിയുന്നതുമൊക്കെ ‘ഇടിച്ചാൽപൊട്ടാത്ത’ തെളിവുകളായി ചൂണ്ടിക്കാണിച്ചു് ഇന്ദ്രിയജ്ഞാനത്തിൽ നിന്നും അതീന്ദ്രിയജ്ഞാനത്തിലേക്കും, ജീവാത്മാവിൽ നിന്നും പരമാത്മാവിലേക്കും, ചുമ്മാസത്യത്തിൽ നിന്നും പരമസത്യത്തിലേക്കും, അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കും, ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്കുമൊക്കെ (വാക്കുകൾ, വാക്കുകൾ! മനുഷ്യനിർമ്മിതമായ വാക്കുകൾ! ഭാരതത്തിലാണെങ്കിൽ ഒരു സംസ്ഥാനത്തിന്റെ അതിർത്തി കടന്നാൽ പോലും അർത്ഥശൂന്യമാവുന്നത്ര ദയനീയമായ, വ്യക്തിനിഷ്ഠമായ വാക്കുകൾ!) മലക്കം മറിഞ്ഞു്, കുതിച്ചുചാടി ജീവിതത്തിന്റെ ‘അർത്ഥവും ലക്ഷ്യവും’ പഠിപ്പിക്കുമ്പോൾ വാപിളർന്നു് കണ്ണുതള്ളി കേട്ടുനിൽക്കുകയല്ലാതെ നമുക്കു് മറ്റു് പോംവഴികളില്ല. അതേസമയം, നമ്മൾ വലിയ കാര്യമായി കരുതി മനസ്സിലാക്കിവച്ചിരിക്കുന്ന നമ്മുടെ സാദാ ‘അർത്ഥങ്ങൾ’ പോലും അർത്ഥശൂന്യമാണെന്നു് അറിയാൻ കഴിഞ്ഞാൽ നമ്മുടെ മുന്നിൽ സാക്ഷാൽ ദൈവത്തെ ഇഴകീറിമുറിച്ചു് കുളിപ്പിച്ചു് കിടത്തുന്ന, വേദോപദേശം തൊഴിലാക്കിയ ആത്മീയലാടഗുരുക്കളുടെ അമാനുഷികതയിലും ഇന്ദ്രിയാതീതമായ ജ്ഞാനശേഷിയിലും കൂടുതൽ കൂടുതൽ അത്ഭുതപരതന്ത്രരാവാനും അന്തം വിടാനും നമുക്കു് കഴിയും. പോരെങ്കിൽ, നമ്മൾ കാണുന്നതും കേൾക്കുന്നതുമൊക്കെ നമ്മുടെ തലച്ചോറിന്റെ ചില സൂത്രപ്പണികൾ ആണെന്നു് തിരിച്ചറിഞ്ഞാൽ, നമുക്കു് ഒത്തിരി ‘മൂച്ചു്’ കൂടാതിരിക്കും. ദൈവവുമായി നേരിട്ടു് ഇടപെടുന്നവരോടു് ബഹുമാനം വർദ്ധിക്കാൻ അതു് തീർച്ചയായും സഹായിക്കുകയും ചെയ്യും. ദൈവം അങ്ങനെ എല്ലാവരോടും ഇടപെടുന്നവനല്ല. ഉദാഹരണത്തിനു്, യഹോവ/അല്ലാഹു എന്ന ഏകദൈവം ഇങ്ങോട്ടു് വന്നു് ഇടപെട്ടവർ ആദാം, നോഹ, മോശെ, മറിയ, മുഹമ്മദ്‌ എന്നീ ഏതാനും പേരാണു്. അവസാനം വന്നുപോയിട്ടുതന്നെ ഒന്നൊന്നരസഹസ്രാബ്ദമായി. ദൈവത്തെ കണ്ടു എന്നു് പറഞ്ഞവർ കണ്ടതു് എന്തായിരിക്കാം? അവരിൽ ആരെങ്കിലും സാധാരണമായ കാഴ്ചയുടെ അവസ്ഥ എന്തെന്നു് അറിയാവുന്നവരായിരുന്നോ? നോഹക്കും മറിയക്കും മുഹമ്മദിനുമൊക്കെ പ്രകാശസ്പെക്ട്രത്തെപ്പറ്റിയൊക്കെ അറിയുമായിരുന്നോ ആവോ? അവരെല്ലാവരും മരിച്ചുപോയതുകൊണ്ടു് ചോദിച്ചറിയാം എന്നു് കരുതണ്ട. പക്ഷേ, “ഇനി പ്രളയമുണ്ടാവില്ല എന്നതിന്റെ അടയാളമായി ഞാൻ മഴവില്ലു് ആകാശത്തിൽ വയ്ക്കുന്നു” എന്നു് യഹോവ പറഞ്ഞപ്പോൾ നോഹ “Objection Your Honour, Mr. Yahova” എന്നു് പറഞ്ഞതായി ബൈബിൾ എഴുത്തുകാരൻ എന്തായാലും ഒരു സൂചനയും തരുന്നില്ല എന്നതിനാൽ നോഹയുടെ കാര്യത്തിലെങ്കിലും വലിയ പ്രതീക്ഷ വച്ചിട്ടു് കാര്യമില്ല. അതുപോട്ടെ. നമുക്കു് നമ്മൾ ഒരോന്നു് കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുന്നതിലെ ചില രസകരമായ കാര്യങ്ങൾ ശ്രദ്ധിക്കാം.

നമ്മൾ കാണുന്ന പ്രകൃതി വർണ്ണശബളമാണു്. പക്ഷേ, പ്രകൃതി അതിൽത്തന്നെ വർണ്ണശബളമാണോ? ഇരുണ്ട രാത്രിയിൽ ഒരു പൂവിന്റെ വർണ്ണങ്ങൾ നമുക്കു് കാണാനാവുമോ? ഇല്ലെന്നു് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടാണു് “രാത്രിയിൽ എല്ലാ പൂച്ചകളും ഇരുണ്ടതാണു്” എന്ന പഴഞ്ചൊല്ലിൽ പതിരൊന്നും നമ്മൾ കാണാത്തതും. എങ്കിലും, പകൽവെളിച്ചത്തിൽ നമ്മൾ കാണുന്ന പ്രകൃതിയിലെ എത്രയോ നിറങ്ങൾ സ്വാഭാവികമായും (പകലെന്നപോലെതന്നെ രാത്രിയിലും) നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ നമുക്കു് സാധാരണഗതിയിൽ സംശയമൊന്നും ഉണ്ടാവാൻ വഴിയില്ല. എന്നാൽ, സ്വയം നിലനിൽപുള്ള ഒന്നല്ല നിറങ്ങൾ എന്നതാണു് സത്യം. അതിനെപ്പറ്റി അധികം ആലോചിക്കാറില്ലാത്തതിനാൽ ഈ യാഥാർത്ഥ്യം നമ്മൾ അറിയുന്നില്ല എന്നുമാത്രം. നിങ്ങൾ ഈ അഭിപ്രായത്തോടു് യോജിക്കുന്നില്ലെങ്കിൽ, അഥവാ, വർണ്ണങ്ങൾക്കു് അവയിൽത്തന്നെ അസ്തിത്വം ഉണ്ടെന്നു് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഏതെങ്കിലും ഒരു നിറം, ഉദാഹരണത്തിനു് ചുവപ്പു്, എന്നാൽ എന്താണെന്നു് ജന്മനാ അന്ധനായ ഒരുവനെ പറഞ്ഞു് മനസ്സിലാക്കുന്നതിനെപ്പറ്റി ഒന്നു് സങ്കൽപിച്ചുനോക്കൂ. ചെമ്പരത്തിപ്പൂവുപോലെയെന്നോ, രക്തം പോലെയെന്നോ ഒക്കെയുള്ള വർണ്ണനകൾ അവനെ ഒരു നിഗമനത്തിലും എത്തിക്കുകയില്ല. അതുപോലുള്ള താരതമ്യങ്ങൾ കൊണ്ടു് അവയൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത അവൻ എന്തു് ആരംഭിക്കാൻ? ചുരുക്കത്തിൽ, ചുവപ്പു് എന്നാൽ എന്തെന്നു് ജന്മനാ അന്ധനായ ഒരുവനെ മനസ്സിലാക്കിക്കൊടുക്കുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. അതേസമയം, “ചെമ്പരത്തിപ്പൂവിന്റെ നിറമാണു് ചുവപ്പു്” എന്നു് മറ്റുള്ളവരോടു് പറയാൻ അവനു് കേട്ടറിവിന്റെ ആവശ്യമേയുള്ളുതാനും. “തുമ്പപ്പൂവിന്റെ നിറമാണു് ചുവപ്പു്” എന്നേ അവൻ അവന്റെ ജീവിതത്തിൽ കേട്ടിട്ടുള്ളുവെങ്കിൽ അവൻ വിശ്വസിക്കുന്നതും മറ്റുള്ളവരോടു് പറയുന്നതുമായ ‘ചുവപ്പുനിറം’ തുമ്പപ്പൂവിന്റേതായിരിക്കും.

പ്രകാശതരംഗങ്ങൾ/കണികകൾ വ്യത്യസ്ത വസ്തുക്കളിൽ തട്ടി പ്രതിഫലിച്ചു് കണ്ണുകളിലും അവിടെനിന്നും തലച്ചോറിലും എത്തുമ്പോൾ അവയുടെ തരംഗദൈർഘ്യവും ഫ്രീക്വൻസിയും അനുസരിച്ചു് നമ്മുടെ തലച്ചോറു് സ്വയം സൃഷ്ടിക്കുന്നതാണു് ആ വസ്തുക്കളിലെ നിറങ്ങൾ എന്ന നമ്മുടെ അനുഭവം. പക്ഷേ പ്രകാശത്തിന്റെ വേവ്‌ ലെങ്ങ്ത്‌, ഫ്രീക്വൻസി എന്നീ രണ്ടു് മാനങ്ങൾക്കും അവയിൽത്തന്നെ ‘നിറം’ എന്ന ഗുണം ഇല്ല. തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിലെ ചലനങ്ങൾ രജിസ്റ്റർ ചെയ്യാനോ, കറുപ്പും വെളുപ്പും തിരിച്ചറിയാനോ മാത്രമല്ലാതെ നിറങ്ങൾ കാണാൻ കഴിവില്ലാത്ത ജീവികളുടെ ലോകവും വർണ്ണശബളമല്ല എന്നു് പ്രത്യേകം പറയേണ്ടല്ലോ. പോരെങ്കിൽ, ഇതുപോലെ കൂടിയോ കുറഞ്ഞോ ചുറ്റുപാടുകളെ വീക്ഷിക്കുന്നതിനുള്ള ജീവികളുടെ ശേഷിയുടെ അടിസ്ഥാന നിബന്ധനയായ പ്രകാശത്തിന്റെ കണികകൾക്കുപോലും അവ വീക്ഷിക്കപ്പെടുകയോ, അഥവാ, അളക്കപ്പെടുകയോ ചെയ്യാത്തിടത്തോളം ഒബ്ജക്റ്റീവ്‌ ആയ ഒരു നിലനിൽപു് ഇല്ല എന്നു് ഡബിൾ സ്ലിറ്റ്‌ പരീക്ഷണം (double slit experiment) നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

അതുപോലെതന്നെയാണു് നമ്മൾ കേൾക്കുന്ന വിവിധതരം ശബ്ദങ്ങൾക്കും സ്വരങ്ങൾക്കും ഉണ്ടെന്നു് ശീലം മൂലം നമ്മൾ കരുതുന്ന വസ്തുനിഷ്ഠതയുടെ കാര്യവും. ശബ്ദത്തെ ‘വേർപെടുത്തി’ പരിശോധിക്കാൻ ശ്രമിക്കുമ്പോൾ നമുക്കു് നേരിടേണ്ടിവരുന്ന പരാജയം അവയും വെറും ഇല്യൂഷൻ മാത്രമാണെന്നു് അംഗീകരിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഒരുദാഹരണം: വിജനവും വിശാലവുമായ ഒരു മരുഭൂമിയിൽ ഇടിവെട്ടിയാൽ അതാരും കേൾക്കുന്നില്ല. ഇടിവെട്ടുവഴി സ്വതന്ത്രമാവുന്ന ഊർജ്ജം മൂലം സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷവായുവിലെ മർദ്ദതരംഗങ്ങൾ ആർക്കും അനുഭവവേദ്യമാവാതെ അവയിലെ ഊർജ്ജം സാവകാശം അന്തരീക്ഷത്തിലേക്കു് പകർന്നു് ക്ഷയിച്ചില്ലാതാവുന്നു. ഇടിവെട്ടിലെ ഊർജ്ജം അന്തരീക്ഷവായുവിൽ മർദ്ദതരംഗങ്ങൾ ജനിപ്പിക്കുകയും അവ കർണ്ണപുടങ്ങളിൽ പതിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ആന്ദോലനങ്ങൾ നെർവ്‌ സിഗ്നലുകളായി തലച്ചോറിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണു് അവ ഇടിവെട്ടിന്റെ ശബ്ദമായി ‘വ്യാഖ്യാനിക്കപ്പെടുന്നതും’ ആ രീതിയിൽ നമുക്കതു് അനുഭവവേദ്യമാവുന്നതും. ഒരു ടേപ്പിലോ സിഡിയിലോ ഈ ശബ്ദം (മറ്റേതു് ശബ്ദവും പോലെതന്നെ) റെക്കോർഡ്‌ ചെയ്തു് അതാതു് പ്ലെയറുകളിലൂടെ പിന്നീടു് കേൾക്കാൻ നമുക്കു് കഴിയുന്നതു് അന്തരീക്ഷവായുവിലെ മർദ്ദവ്യതിയാനങ്ങളെ എനർജിയുടെ വ്യത്യസ്ത രൂപങ്ങളായി (ഇലക്ട്രോമാഗ്നെറ്റിക്‌ എനർജി, മെക്കാനിക്കൽ എനർജി മുതലായവ) ആവശ്യാനുസരണം പരസ്പരം ട്രാൻസ്ഫോം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും നമുക്കു് കഴിയുന്നതുകൊണ്ടു് മാത്രമാണു്. ലൗഡ്‌സ്പീക്കറിന്റെ ഡയഫ്രത്തിൽ നിന്നും കർണ്ണപുടങ്ങളിൽ എത്തുന്ന മർദ്ദതരംഗങ്ങളുടെയും അടിസ്ഥാനസ്വഭാവം ഫ്രീക്വൻസിയും തരംഗദൈർഘ്യവുമാണു്. അല്ലാതെ അവ അവയിൽത്തന്നെ ‘ശബ്ദം’ എന്ന ഗുണമല്ല. കർണ്ണപുടങ്ങളിൽ നിന്നും എത്തുന്ന ‘ശബ്ദമല്ലാത്ത’ സിഗ്നലുകളെ വ്യാഖ്യാനിക്കുന്നതും, ശബ്ദം എന്ന അനുഭവം നമ്മിൽ ജനിപ്പിക്കുന്നതും തലച്ചോറാണു്. ക്യാമറ വഴി നമ്മൾ പിടിച്ചെടുക്കുന്നതുമൂലം പിന്നീടു് പലവട്ടം ആവർത്തിച്ചു് കാണാൻ സാദ്ധ്യമാവുന്ന ചിത്രങ്ങളുടെ കാര്യവും ഇതിൽനിന്നും വ്യത്യസ്തമല്ല. അതായതു്, കാണുന്നവയിലെ വിവിധ നിറങ്ങളെ എന്നപോലെതന്നെ, കേൾക്കുന്നവയിലെ വ്യത്യസ്ത ശബ്ദങ്ങളെയും തിരിച്ചറിയാൻ ഒരു ബോധമനസ്സിന്റെ സാന്നിദ്ധ്യം ആവശ്യമാണു്.

വ്യത്യസ്തമായ വർണ്ണങ്ങൾക്കും ശബ്ദങ്ങൾക്കും ബോധമനസ്സിൽ നിന്നും സ്വതന്ത്രമായ ഒരു നിലനിൽപില്ല, അഥവാ, അവയ്ക്കു് കേവലമായ അസ്തിത്വം ഇല്ല. ഒരു താരതമ്യം സാദ്ധ്യമല്ലാത്തിടത്തോളം ഉയർച്ച-താഴ്ച, മുകൾഭാഗം-അടിഭാഗം, ചലനം-നിശ്ചലത മുതലായ, നമ്മൾ തികച്ചും സ്വാഭാവികം എന്നു് കരുതുന്ന പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങൾക്കും പ്രക്രിയകൾക്കും യാതൊരു അടിസ്ഥാനമോ അർത്ഥമോ കൽപിക്കാനാവില്ല. അളവുകൾ എന്നാൽ താരതമ്യം ചെയ്യലാണു്. പ്രപഞ്ചത്തെ മനസ്സിലാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി വസ്തുക്കളെയും പ്രക്രിയകളെയും അളക്കാനും തിട്ടപ്പെടുത്താനും മനുഷ്യനെ പ്രാപ്തനാക്കിയതു് ഗണിതശാസ്ത്രമാണു്. ഗണിതശാസ്ത്രമില്ലാതെ മറ്റു് ശാസ്ത്രങ്ങൾ സാദ്ധ്യമാവുമായിരുന്നില്ല. ഭൂമിയിൽ അക്ഷാംശരേഖകളും രേഖാംശരേഖകളുമില്ല. ഭൂമിയെ പരിശോധിക്കാനും, അളക്കാനും, വിശദീകരിക്കാനുമെല്ലാമായി മനുഷ്യനാൽ ആസൂത്രണം ചെയ്യപ്പെട്ട സാങ്കൽപികരേഖകൾ മാത്രമാണവ. അതുപോലെതന്നെ, ഉയരത്തിൽ ഇരിക്കുന്ന ഒരു കല്ലിൽ അടങ്ങിയിരിക്കുന്ന പൊട്ടൻഷ്യൽ എനർജി, താഴേക്കു് വീഴുന്ന കല്ലിലെ കൈനറ്റിക്‌ എനർജി, തീയിലെ ഹീറ്റ്‌ എനർജി ഇവയെല്ലാം അവയിൽത്തന്നെ നിലനിൽപുള്ളവയല്ല. മാഗ്നറ്റിക്‌ ഫീൽഡ്‌, എലക്ട്രിക്‌ ഫീൽഡ്‌, എനർജിയുടെ വിവിധ രൂപങ്ങൾ മുതലായവയെല്ലാം പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളും, പ്രക്രിയകളും, വസ്തുക്കളുടെ അളവുകളും ഗുണങ്ങളും വർണ്ണിക്കാനും നിർണ്ണയിക്കാനുമുള്ള (ഗണിത)ശാസ്ത്രപരമായ അബ്‌സ്ട്രാക്ഷൻസ്‌ മാത്രമാണു്. അവ യഥാർത്ഥത്തിൽ, അഥവാ, ഒബ്ജക്റ്റീവ്‌ ആയി നിലനിൽക്കുന്ന റിയാലിറ്റികളല്ല.

മനുഷ്യന്റെ അന്വേഷണത്വര അവനെ മറ്റു് ചില വസ്തുതകൾ കൂടി മനസ്സിലാക്കിക്കൊടുത്തു: ഒബ്ജക്റ്റീവ്‌ റിയാലിറ്റിയുമായി പൊരുത്തമില്ലാത്തതാണെങ്കിലും, ഭംഗിയും അഭംഗിയും, നന്മയും തിന്മയും, ചൂടും തണുപ്പും, കറുപ്പും വെളുപ്പും, എരിവും പുളിയുമൊക്കെയായി തലച്ചോറു് മനുഷ്യനു് വെളിപ്പെടുത്തിത്തരുന്ന ‘ഈ സ്വൽപം പ്രപഞ്ചാംശം’ എന്നതു് മുഴുവൻ പ്രപഞ്ചത്തിന്റേയും അഞ്ചോ ആറോ ശതമാനമേ വരൂ എന്നതാണതു്. അതായതു്. ബാക്കി തൊണ്ണൂറ്റഞ്ചു് ശതമാനത്തെപ്പറ്റിയും നമുക്കു് പൂജ്യം വിവരമേ ഉള്ളു.

ഈ വസ്തുതകളുടെ വെളിച്ചത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ എത്തിച്ചേരുന്നതു് യാതൊന്നിനും ഒരർത്ഥവുമില്ല എന്ന, ആരംഭത്തിൽ സൂചിപ്പിച്ച, സാർത്രിന്റെ അഭിപ്രായത്തിലായിരിക്കും. “ക്വാണ്ടം തിയറി കേട്ടിട്ടു് ഞെട്ടാത്തവർക്കു് അതു് എന്താണെന്നു് മനസ്സിലായിട്ടില്ല” എന്നു് നീൽസ്‌ ബോർ (Niels Bohr) പറഞ്ഞതും ഏതാണ്ടു് ഇതേ അർത്ഥത്തിലാണു്. മനുഷ്യന്റെ അനുഭവവേദ്യതകൾക്കു് യാതൊരു അർത്ഥവുമില്ലാതാവുന്ന ലോകമാണു് സബ്‌ ന്യൂക്ലിയർ പാർട്ടിക്കിളുകളുടെ ലോകം. അതിസൂക്ഷ്മമായ ഉപകരണങ്ങളുടെ സഹായം ഒന്നുകൊണ്ടു് മാത്രം വെളിച്ചം വീശാനായ ക്വാണ്ടം ലോകം മനുഷ്യന്റെ ദൈനംദിനാനുഭവങ്ങളുടെ ലോകമല്ല. ഏതാനും ദശകങ്ങൾക്കു് മുൻപുവരെപോലും അതു് അജ്ഞാതലോകവുമായിരുന്നു. അതുപോലെതന്നെയാണു് മനുഷ്യന്റെ സ്വാഭാവികമായ അനുഭവലോകത്തിൽ നിന്നും മറഞ്ഞിരിക്കുന്ന X-ray-യുടെ കാര്യവും. സാധാരണഗതിയിൽ ആർക്കും അനുഭവവേദ്യമായ വർണ്ണങ്ങളുടെയും ശബ്ദങ്ങളുടെയും ലോകത്തിന്റെ അവസ്ഥ നമ്മൾ മുകളിൽ കണ്ടുകഴിഞ്ഞു. ഇത്തരം ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഇങ്ങനെയെല്ലാമാണു് മനുഷ്യജീവിതത്തിലെ അനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും സത്യങ്ങളുടെയുമൊക്കെ അവസ്ഥ. ‘സത്യം’ എന്ന വാക്കിനു് ഒരർത്ഥം നൽകണമെന്നു് നിർബന്ധമാണെങ്കിൽ അങ്ങേയറ്റം നൽകാൻ കഴിയുന്നതു് ‘വസ്തുതായാഥാർത്ഥ്യം’ എന്നൊരർത്ഥം മാത്രമാണു്. കൃത്യമായി പറഞ്ഞാൽ ഈ അർത്ഥം തന്നെ അത്ര അനുയോജ്യമല്ല എന്നിരിക്കെ, അതിൽ കവിഞ്ഞതായി സത്യം എന്ന വാക്കിനു് നൽകപ്പെടുന്ന ഏതൊരർത്ഥവും സാങ്കൽപികലോകത്തിൽ മാത്രം നിലനിൽപുള്ള ഭാവനാസൃഷ്ടിയേ ആവൂ.

നേരിട്ടു് അറിയാൻ കഴിയുന്ന കാര്യങ്ങളേക്കാൾ എത്രയോ മടങ്ങു് കൂടുതലാണു് നേരിട്ടറിയാൻ കഴിയാത്തവ എന്നതിനാൽ മനുഷ്യരുടെ ഇടയിൽ സംഭവിക്കുന്ന ആശയവിനിമയങ്ങളിൽ നല്ലൊരു പങ്കും കേട്ടറിവു് എന്ന കാറ്റഗറിയിൽ പെടുത്താവുന്നവയാണു്. പ്രത്യേകിച്ചും, ആദ്ധ്യാത്മികതയുടെ തലങ്ങളിൽ ദൈവത്തിന്റെ പ്രതിനിധികൾ എന്ന ഔന്നത്യത്തിന്റെയും ആധികാരികതയുടെയും പരിവേഷം ചാർത്തി ജനങ്ങളുടെ ഇടയിൽ മറുചോദ്യമില്ലാതെ അംഗീകാരം നേടിയെടുക്കാൻ തങ്ങളെത്തന്നെ വിശേഷവസ്ത്രങ്ങളിൽ പൊതിയുന്ന പുരോഹിതവർഗ്ഗം (‘അൽമായർ’ എന്ന ‘കാശിനു് കൊള്ളാത്ത’ വേറൊരു വർഗ്ഗമാണു് ഇവർക്കു് ചിലവിനു് കൊടുക്കാൻ ബാദ്ധ്യസ്ഥർ! അവരിൽ ചിലരാണു് പട്ടക്കാരുടെ പാട്ടകൊട്ടുകാരായോ, മെഗാഫോണുകളായോ വർത്തിച്ചു് മനുഷ്യരെ വധിക്കുന്ന കൂലിയില്ലാത്ത കൂലിപ്പട!) നിരന്തരം അസ്തിത്വങ്ങളിലെ അനിശ്ചിതത്വം, മരണം, വിധിദിനം, സ്വർഗ്ഗം, നരകം, ദൈവം, പിശാചു് മുതലായ ഭയങ്ങളുടെ നഞ്ചു് കലക്കുന്ന ജീവിതം എന്ന ചെളിവെള്ളത്തിൽ സ്വപക്ഷാന്ധത ബാധിച്ചു് ഉഴലുന്ന സാമാന്യജനങ്ങളിലേക്കു് പകർന്നൊഴിക്കപ്പെടുന്ന എല്ലാ ‘മൊഴിമുത്തുകളും’ അപവാദമെന്യേ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്നവയാണു്. കേൾക്കുന്ന അന്ധർ ഉപദേശിക്കുന്ന അന്ധരുടെ അന്ധത മനസ്സിലാക്കാതിരിക്കാൻ, കേൾവിക്കാരിൽ അങ്ങനെയൊരു നേരിയ സംശയം പോലും ഒരുനാളും ഉടലെടുക്കാതിരിക്കാൻ, അതിനവരെ പ്രാപ്തരാക്കിയേക്കാവുന്ന ചിന്താശേഷി എന്ന ഒരു ഗുണം ഒരിക്കലും അവരിൽ നാമ്പെടുക്കാതിരിക്കാൻ ഭയനഞ്ചു് കലക്കിയ വിശ്വാസാന്ധതയുടെ ചെളിവെള്ളം ഒരിക്കലും തെളിയാതിരിക്കണം. മനുഷ്യർ കണ്ണറിയാതെ നീന്തിത്തുലയുന്ന ഈ ചെളിവെള്ളം വീണ്ടും വീണ്ടും കലക്കിക്കൊണ്ടിരിക്കുക – അതാണു് നിത്യസത്യസൂക്ഷിപ്പുകാരുടെ നിരന്തരജാഗ്രതയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം! മനുഷ്യന്റെ അറിവിന്റെ ചക്രവാളത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്ന അതിരുകളേ അവന്റെ വീക്ഷണത്തിന്റെ വിശാലതക്കും ഉണ്ടാവാൻ കഴിയൂ. അതിനർത്ഥം, അറിവിന്റെ വിപുലീകരണത്തിലൂടെയല്ലാതെ വീക്ഷണചക്രവാളത്തിന്റെ വിപുലീകരണം എന്ന ലക്ഷ്യം നേടുക മനുഷ്യനു് സാദ്ധ്യമാവുന്ന കാര്യമല്ല. ഒറ്റക്കിത്താബിൽ അടങ്ങിയിരിക്കുന്ന സർവ്വജ്ഞാനം ഒറ്റക്കക്ഷത്തിൽ ഒതുങ്ങുന്ന ജ്ഞാനമേ ആവൂ.

വാക്കുകളുടെ യഥേഷ്ടമായ സമ്മിശ്രണം വഴി യാതൊരു പ്ലോസിബിലിറ്റിയും അവകാശപ്പെടാനില്ലാത്ത വാചകങ്ങൾ നിർമ്മിക്കാൻ ആർക്കും കഴിയും. ആദ്ധ്യാത്മികലോകത്തിൽ ഇത്തരം വാചകങ്ങൾ എത്ര വേണമെങ്കിലും ഉണ്ടു്. പാമ്പു് സൂര്യനെ വിഴുങ്ങുന്നതും, മരിച്ചവർ ഉയിർക്കുന്നതും, മനുഷ്യൻ ഒറ്റരാത്രികൊണ്ടു് സ്വർഗ്ഗത്തിൽ പോയി മടങ്ങുന്നതും ഇന്നത്തെ മനുഷ്യബുദ്ധിയിൽ പ്ലോസിബിൾ ആയ കാര്യങ്ങളാണോ? അല്ലെന്നു് മറ്റാരും അറിഞ്ഞില്ലെങ്കിലും വിദ്യാസമ്പന്നരും ശാസ്ത്രജ്ഞരുമൊക്കെയെങ്കിലും അറിയണമെന്നാണു് എന്റെ അഭിപ്രായം. എന്നിട്ടും എന്തുകൊണ്ടു് ഇവയെല്ലാം ചിന്താശേഷി ഉള്ളവർ എന്നു് കരുതേണ്ടവരടക്കം ചിലരെങ്കിലും ഇന്നും വിശ്വസിക്കുന്നു? ഉത്തരം ലളിതമാണു്: ഭാവനാസൃഷ്ടികൾ എന്നു് നിസ്സംശയം പറയാവുന്ന ആദ്ധ്യാത്മികതയിലെ സാങ്കൽപികകഥകൾ മനുഷ്യൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനു് കാരണം ‘ദൈവം’ എന്ന മറ്റൊരു സങ്കൽപവും മനുഷ്യനിൽ ജന്മസിദ്ധമായ ഭയവുമാണു്. ആദ്ധ്യാത്മികതയുടെ വക്താക്കളായ മതങ്ങൾ മനുഷ്യരിലെ ഈ സഹജവാസനയെ ഊതിവീർപ്പിച്ചു് അവരെ ‘ഭയരോഗികൾ’ ആക്കിമാറ്റുന്നു. നിരന്തരവും അവിശ്രാന്തവുമായ ദീർഘകാല പരിശ്രമത്തിന്റെ ഫലമായി മതങ്ങൾ മനുഷ്യരിലെ നൈസർഗ്ഗികമായ ഭയത്തെ ഒരു മാനസികരോഗമാക്കി മാറ്റുക മാത്രമല്ല, പാപം, ശിക്ഷാവിധി മുതലായ മസ്തിഷ്കഭൂതങ്ങളെ കാണിച്ചു് ഈ ഭ്രാന്തിനെ ജീവിതത്തിനു് അപ്പുറത്തേക്കുകൂടി (മരണാനന്തര ‘ജീവിതം’ എന്നതു് മറ്റൊരു ഭാവനാസൃഷ്ടി) കൃത്രിമമായി വലിച്ചുനീട്ടുന്നു! ആരോഗ്യകരമായ ഒരംശം ഭയം മനുഷ്യരിലും മറ്റെല്ലാ ജീവികളിലും ഒരു നൈസർഗ്ഗികതയാണു്. നിലനിൽപിനു് അതാവശ്യവുമാണു്. ശത്രുവിനെ നേരിടാൻ കഴിവുണ്ടെങ്കിൽ ജയിക്കാനായി നേരിടുക, അല്ലെങ്കിൽ ഓടിയോ, ഒളിച്ചോ രക്ഷപെടുക – അതാണു് പ്രകൃതിയിലെ എല്ലാ ജീവികളും പിന്തുടരുന്ന സ്വാഭാവികനിയമം. എല്ലാ ജീവികളിലും അതിനനുയോജ്യമായ കഴിവുകളും ഗുണങ്ങളും ജന്മസിദ്ധമായി പ്രകൃതി നൽകിയിട്ടുണ്ടു്. മറ്റൊരു ‘ജീവനെ’ ആഹരിച്ചുകൊണ്ടല്ലാതെ ഒരു ‘ജീവനും’ നിലനിൽക്കാനാവില്ല. “ശത്രുവിനെ സ്നേഹിക്കുക” എന്ന ഉപദേശം അതുകൊണ്ടുതന്നെ ജീവികളിലെ നൈസർഗ്ഗികതക്കെതിരാണു്. അത്തരം ഒരു നിലപാടുകൊണ്ടു് ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതു് ശത്രുവിനു് മാത്രമായിരിക്കും. മനുഷ്യരോടു് അവരുടെ ശത്രുക്കളായ മനുഷ്യരെ സ്നേഹിക്കാൻ കൽപന നൽകുന്നതു് ഒരു ദൈവമാണെങ്കിൽ ആ ദൈവം നിലകൊള്ളുന്നതു് ശത്രുക്കളുടെ പക്ഷത്താണു്. അതുവഴി മനുഷ്യരുടെ ശത്രുക്കളുടെ മുന്നിലുള്ള തന്റെ നിസഹായതയാണു് ദൈവം വെളിപ്പെടുത്തുന്നതു്. ഈ ഭൂമിയിൽ മനുഷ്യർ ഒഴികെ മറ്റെല്ലാ ജീവികളും ഇതുപോലൊരു കൽപന അതു് നൽകുന്നവന്റെ മുഖത്തേക്കു് വലിച്ചെറിഞ്ഞുകൊണ്ടാവും പ്രതികരിക്കുക.

ഇടിയും മിന്നലും, സൂര്യ-ചന്ദ്രഗ്രഹണങ്ങളും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, മഴയും മഴവില്ലും മുതൽ പ്രകൃതിയിലെ സാധാരണവും അസാധാരണവുമായ എല്ലാ പ്രതിഭാസങ്ങൾക്കും പുരാതനമനുഷ്യർക്കു് ഒരൊറ്റ മറുപടി ധാരാളം മതിയായിരുന്നു – ദൈവശക്തി! ദുഷിപ്പുകളുടെയും തിന്മകളുടെയും ഉത്തരവാദിത്തം ചാർത്തിക്കൊടുക്കാൻ പിശാചു് എന്നൊരു സങ്കൽപം കൂടി രംഗപ്രവേശം ചെയ്തതോടെ ദൈവത്തിന്റെ പ്രതിനിധികൾ ദൈവത്തേക്കാൾ സർവ്വശക്തരായി. ഗ്രീസിൽ മുളയെടുത്തു് വികസിക്കാൻ ആരംഭിച്ച യുക്തിബോധത്തിൽ അധിഷ്ഠിതമായ മനുഷ്യബുദ്ധിയെ വെള്ളം വീഞ്ഞാക്കുന്ന യഹൂദകാപട്യം കഴുത്തു് ഞെരിച്ചു് കൊല്ലുകയായിരുന്നു. പിന്നെയങ്ങോട്ടു് അത്ഭുതഗർഭവും പടിക്കലെത്തിനിൽക്കുന്ന ദൈവരാജ്യവുമൊക്കെ നൂറ്റാണ്ടുകളിലൂടെ അരങ്ങുതകർക്കുകയായിരുന്നു. ഒരു ദൈവത്തിനും തോൽപിക്കാനാവാത്ത മനുഷ്യബുദ്ധി എന്നിട്ടും ഉയിർത്തെഴുന്നേറ്റു. പൗരോഹിത്യം കല്ലറയിൽ അടച്ച മനുഷ്യബുദ്ധി കല്ലറ പിളർന്നു് പുറത്തുവന്നതു് രാത്രിയുടെ അന്ധകാരത്തിലും വിജനതയിലുമല്ല, പരസ്യമായിട്ടായിരുന്നു, ആർക്കും എപ്പോഴും പരിശോധിക്കാവുന്ന വിധത്തിൽ. അതുമുതൽ ഞായറാഴ്ചകൾ തോറും ‘മനുഷ്യപുത്രന്റെ’ രക്തം കുടിക്കുകയും അവന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നതിനാൽ ‘നരഭോജികൾ’ എന്നു് നീറ്റ്‌സ്‌ഷെ വിശേഷിപ്പിച്ച ദൈവരഹസ്യത്തിന്റെ സൂക്ഷിപ്പുകാർ തിരുശേഷിപ്പുകൾ ചുമന്നുകൊണ്ടു് ചുവടുചുവടായി പുറകോട്ടു് മാറേണ്ടിവന്നു. ഓരോ ചുവടു് പിന്നോട്ടു് വയ്ക്കുമ്പോഴും അന്വേഷണദാഹിയായ മനുഷ്യമനസ്സിനെ പല്ലിളിച്ചു് കാണിക്കാതിരിക്കാൻ ധാർഷ്ട്യവും അഹംഭാവവും അവരെ അനുവദിക്കുന്നുമില്ല. അവർ സർവ്വശക്തനായ ദൈവത്തിന്റെ സ്വന്തക്കാരാണല്ലോ. അറിയാത്ത മുഴുവൻ കാര്യങ്ങളുടെയും ചുമതലക്കാരനും സർവ്വജ്ഞാനിയുമായി പൗരോഹിത്യം വാഴിച്ചിരുന്ന ദൈവത്തിന്റെ പുരയിടവിസ്തീർണ്ണം ശാസ്ത്രലോകം കൈവരിച്ച ഓരോ നേട്ടങ്ങൾക്കുമൊപ്പം കുറഞ്ഞുകുറഞ്ഞു് ദൈവത്തിനു് തലചായ്ക്കാൻ ഇടയില്ലാത്ത അവസ്ഥയിലെത്തി. തങ്ങളുടെ ദൈവത്തിനു് തലചായ്ക്കാൻ ഇടം തേടി അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും മൊത്തവിൽപനക്കാരായ പൗരോഹിത്യം അവരുടെ വിശുദ്ധരഹസ്യങ്ങൾ എന്ന നുണ മുഖവിലക്കെടുക്കാൻ മാത്രം വിഡ്ഢികളായവരെത്തേടി നാലുപാടും അലഞ്ഞു. മൂന്നാം ലോകങ്ങളിൽ അവർ അവരുടെ കസ്റ്റമേഴ്സിനെ കണ്ടെത്തി. ദൈവത്തിനു് കിടപ്പിടം ഇല്ലാത്ത അവസ്ഥയിലെത്തിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാർ അവിടങ്ങളിൽ രക്ഷാസങ്കേതങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണിപ്പോൾ!

ഇപ്പോൾ നമ്മൾ വന്നുപെട്ടതു് ഒരു അതിർത്തിമേഖലയിലാണു്. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതലേ വാക്കും വാളും ഉപയോഗിച്ചു് ആത്മീയതയും ഭൗതികതയും തമ്മിൽ കഠോരമായ പോരാട്ടം നടക്കുന്ന ആശയഭിന്നതകളുടെ അതിർത്തിപ്രദേശം. രക്തരൂഷിതമായിരുന്നു ആ പോരാട്ടങ്ങൾ അധികവും. ആദ്യകാലങ്ങളിൽ, അനേകനാളുകളിൽ ആദ്ധ്യാത്മികതക്കായിരുന്നു വിജയം. അറിവിന്റെ പൂർണ്ണത എന്നു് പഠിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ പക്ഷം ചേർന്നു് പൊരുതിയവർക്കു് എന്തിനും ഏതിനും മറുപടിയുണ്ടായിരുന്നു – ചിന്താശേഷി ആവശ്യമില്ലാതെ ആർക്കും എളുപ്പം എത്തിച്ചേരാവുന്ന ഒരു മറുപടി – ദൈവം എന്ന മറുപടി! ചിന്തിക്കുക എന്ന ജോലി മറ്റുള്ളവർക്കു് വിട്ടുകൊടുക്കുന്നതിനേക്കാൾ സന്തോഷത്തോടെ മനുഷ്യർ ചെയ്യുന്ന മറ്റൊരു കാര്യവുമില്ലാത്തതുകൊണ്ടു് അന്നത്തെപ്പോലെതന്നെ ഇന്നും അനുയായികൾക്കു് പഞ്ഞമൊന്നുമില്ല. ഫ്രഞ്ചു് തത്വചിന്തകൻ റൂസോ കൃത്യമായി മനസ്സിലാക്കിയതുപോലെ, മനുഷ്യരുടെ ‘ഉത്തമബോദ്ധ്യങ്ങളുടെ’ ഉത്ഭവം തേടിയാൽ നമ്മൾ എത്തിച്ചേരുന്നതു് ഏതെങ്കിലും വിശുദ്ധപിതാവിലോ “എനിക്കു് ദൈവം വെളിപ്പെട്ടു” എന്നു് അവകാശപ്പെടുന്ന ഏതെങ്കിലും മനുഷ്യനിലോ ആയിരിക്കും. ചോദ്യം ചെയ്യപ്പെടാതെ സ്വതഃസ്പഷ്ടമെന്നോണം മനുഷ്യർ ഏറ്റെടുത്തു് വിശ്വസിച്ചു് ഉത്തമബോദ്ധ്യങ്ങളാവുന്ന എല്ലാ ‘ആത്യന്തികസത്യങ്ങളും’ ഏതെങ്കിലും ഒരു മനുഷ്യവായിൽനിന്നു്, ഒരു മനുഷ്യന്റെ തൂലികയിൽനിന്നു് പുറപ്പെട്ടവയാണു്. പഠിപ്പിക്കുന്നവർക്കു് തെളിയിച്ചുതരാൻ കഴിവില്ലാത്തതിനാൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവയെന്നു് വിശുദ്ധീകരിക്കപ്പെടുന്ന ‘ഉത്തമബോദ്ധ്യങ്ങൾ’. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാതിരുന്നവ എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, മറുപടി കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യാൻ പാടില്ലെന്ന വിശുദ്ധി കൽപിക്കപ്പെടുന്ന ‘ഉത്തമബോദ്ധ്യങ്ങളാണു്’ മനുഷ്യബുദ്ധിയുടെ, മനുഷ്യവർഗ്ഗത്തിന്റെതന്നെ, വളർച്ചയുടെ പ്രധാനശത്രു.

 
Comments Off on നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

Posted by on Nov 29, 2009 in ലേഖനം

 

Tags: , ,

കൃത്രിമബുദ്ധിയും തലച്ചോറും

മനുഷ്യനു് അപ്രാപ്യമോ അസാദ്ധ്യമോ ആയ പല തൊഴിലുകളും ഏറ്റെടുക്കാനാവും എന്നതാണു് റോബോട്ടുകളെ ശ്രദ്ധാർഹമാക്കുന്നതു്. ശൂന്യാകാശഗവേഷണങ്ങളിൽ, സമുദ്രാന്തർഭാഗപരീക്ഷണങ്ങളിൽ, ജീവാപായസാദ്ധ്യതയുള്ള തൊഴിലുകളിൽ, അപകടകരമായ ശാസ്ത്രീയ പഠനങ്ങളിൽ, വൃദ്ധജനസംരക്ഷണത്തിൽ എല്ലാം റോബോട്ടുകൾക്കു് വിലപ്പെട്ട പങ്കു് വഹിക്കാനാവും. റോബോട്ടുകൾ, അഥവാ, അവയിലെ കൃത്രിമബുദ്ധി നിരന്തരം കൈവരിക്കുന്ന അസൂയാവഹമായ പുരോഗതി ഭാവിയിൽ അവ മനുഷ്യനെത്തന്നെ ഈ ഭൂമിയിൽ അധികപ്പറ്റാക്കുമോ എന്ന ചോദ്യത്തിലേക്കു് ചിലരെയെങ്കിലും നയിച്ചുകൊണ്ടിരിക്കുന്നു. സ്വയം പെരുകാൻ കഴിയുന്ന അവസ്ഥയിലേക്കു് റോബോട്ടുകൾ വളരുന്ന ഭാവിയെപ്പറ്റി വരെ ചിന്തിക്കുന്നവരുണ്ടു്. സയൻസ്‌ ഫിക്ഷൻ സിനിമകളും നോവലുകളും അവരുടെ പേടിസ്വപ്നങ്ങൾക്കു് മതിയായ ആഹാരം നൽകുന്നു. മനുഷ്യന്റെതന്നെ തലച്ചോറിന്റെ സൃഷ്ടിയായ റോബോട്ടുകൾ ഇന്നു് പല പ്രവർത്തനമേഖലകളിലും കൃത്യതയുടെയും വേഗതയുടെയും കാര്യത്തിൽ മനുഷ്യനെ എത്രയോ മടങ്ങു് പിന്നിലാക്കിക്കഴിഞ്ഞു എന്നതൊരു സത്യമാണു്. ഓട്ടോമൊബിൽ നിർമ്മാണത്തിലും, എലക്ട്രിക്കൽ എഞ്ചിനിയറിംഗിലും മറ്റു് പല വ്യാവസായിക മേഖലകളിലും ഈ വിജയം ദർശ്ശിക്കാൻ കഴിയും. ചെസ്സ്‌ കളിയിൽ 1997-ൽ ലോകചാമ്പ്യൻ ഗാറി കസ്പാറോവ്‌ ‘ഡീപ്‌ ബ്ലൂ’ എന്ന കമ്പ്യൂട്ടറിനോടും, 2006-ൽ ലോകചാമ്പ്യൻ വ്ലാഡിമിയർ ക്രമ്നിക്ക്‌ ‘ഡീപ്‌ ഫ്രിറ്റ്‌സ്‌’ എന്ന കമ്പ്യൂട്ടറിനോടും മത്സരിച്ചു് പരാജയപ്പെട്ട കഥ നമ്മിൽ ചിലർക്കെങ്കിലും അറിയാം. എങ്കിൽത്തന്നെയും, മനുഷ്യന്റെ തലച്ചോറിന്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിയുന്നതിൽ നിന്നും റോബോട്ടുകൾ വളരെ ദൂരെയാണെന്നതു് ഒരു യാഥാർത്ഥ്യമാണു്. ഇൻഡസ്ട്രിയിലും ചെസ്‌ കളിയിലും ഒക്കെ ഉപയോഗിക്കുന്ന റോബോട്ടുകളെ (കമ്പ്യൂട്ടറുകളെ) വിജയത്തിലേക്കു് എത്തിക്കുന്നതു് ഇപ്പോഴും അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യബുദ്ധി തന്നെയാണു്. മനുഷ്യനു് കഴിയുന്നതു് അനേകമടങ്ങു് വേഗതയിൽ കഴിയുമെന്നതു് അവയെ ‘അമാനുഷികം’ ആക്കുന്നു എന്നുമാത്രം. കമ്പ്യൂട്ടറുകളുടെ മനുഷ്യരുടെ മേലുള്ള വിജയം സാദ്ധ്യമാക്കുന്ന മറ്റൊരു ഘടകം അവ ഏതു് പ്രവർത്തനമേഖലയിൽ ഉപയോഗിക്കപ്പെടുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. വ്യക്തമായി നിർവചിക്കപ്പെടാവുന്ന, അഥവാ, ഗണിതശാസ്ത്രപരമായ നിശ്ചിതപരിധികൾക്കുള്ളിൽ നിന്നുകൊണ്ടു് മാത്രം ‘തീരുമാനങ്ങൾ’ എടുക്കുകയും അവയെ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതായിട്ടുള്ള സാഹചര്യങ്ങളിൽ മനുഷ്യനു് കമ്പ്യൂട്ടറിനെ – ചുരുങ്ങിയപക്ഷം വേഗതയുടെയും കൃത്യതയുടെയു കാര്യത്തിലെങ്കിലും – തോൽപ്പിക്കാനാവില്ല. ഇന്നു് മിക്കവാറും പൂർണ്ണമായി റോബോട്ടുകളാൽ നിർവഹിക്കപ്പെടുന്ന കമ്പ്യൂട്ടർ നിർമ്മാണവും വാഹനനിർമ്മാണവുമെല്ലാം അത്തരം മേഖലകളാണു്. അതേസമയം, ഗണിതശാസ്ത്രപരമായി അനന്തമായ സാദ്ധ്യതകൾ ഉണ്ടാകാവുന്ന സന്ദർഭങ്ങളിൽ (ഉദാ. ഫുട്ബോൾ കളി) വ്യക്തമായ ഒരു ആൾഗൊരിഥം കണ്ടെത്തുക എളുപ്പമല്ല. അതായതു്, ആദ്യവിഭാഗത്തിന്റെ കാര്യത്തിൽ ഉദാഹരണത്തിനു്, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗിൽ പരിഗണിക്കപ്പെടേണ്ട സാദ്ധ്യതകളുടെ എണ്ണം നിശ്ചിതമായിരിക്കുമ്പോൾ, രണ്ടാമത്തെ വിഭാഗത്തിൽ അനന്തമായ സാദ്ധ്യതകളാണു് പരിഗണിക്കപ്പെടേണ്ടതായി വരുന്നതു്. അതിനാൽ, അതുപോലുള്ള അവ്യക്തമായ സാഹചര്യങ്ങളിൽ റോബോട്ടുകൾ ഇന്നത്തെ അവസ്ഥയിൽ അവയുടെ പരിധിയെ നേരിടേണ്ടിവരുന്നു. അതുകൊണ്ടു്, റോബോട്ടുകൾക്കു് ഭാവിയിൽ ഒരിക്കലും ഫുട്ബോൾ കളിയിലോ സമാനമായ മറ്റു് മേഖലകളിലോ മനുഷ്യർക്കെതിരായി അണിനിരക്കാനോ അവരെ തോൽപിക്കാനോ സാദ്ധ്യമാവില്ല എന്നർത്ഥവുമില്ല. അസാദ്ധ്യം എന്നു് കരുതിയ പലതും സാദ്ധ്യമായി മാറിയ ഭൂതകാല അനുഭവങ്ങൾ അതാണു് വെളിപ്പെടുത്തുന്നതു്. മനുഷ്യന്റെ തലച്ചോറിന്റെ സങ്കീർണ്ണത കൈവരിക്കാൻ ഒരുപക്ഷേ ആയില്ലെങ്കിലും, റോബോട്ടുകൾ സ്വയം പ്രേരിതമായി ഒരു പരിണാമത്തിനു്, ഒരു ‘സ്വയം പെരുകലിനു്’ വേണ്ട കഴിവു് നേടിയേക്കാവുന്ന ഒരു വിദൂരഭാവികാലം പൂർണ്ണമായി തള്ളിക്കളയാൻ ആവില്ല.

ചുറ്റുപാടുകളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു്, മ്യൂട്ടേഷന്റേയും സെലക്ഷന്റെയും അടിസ്ഥാനത്തിൽ ജീവജാലങ്ങളിൽ പരിണാമം സംഭവിക്കുന്നു എന്ന കണ്ടെത്തലിലൂടെ ചാൾസ്‌ ഡാർവിൻ യഥാർത്ഥത്തിൽ ന്യൂട്ടണും ഐൻസ്റ്റൈനും നടത്തിയ കണ്ടുപിടുത്തങ്ങളോടു് കിടപിടിക്കാനാവുന്ന ഒരു പ്രകൃതിനിയമം വെളിപ്പെടുത്തുകയായിരുന്നു. മ്യൂട്ടേഷനും സെലക്ഷനും പക്ഷികൾക്കോ, കുരങ്ങുകൾക്കോ, മറ്റു് ജീവജാലങ്ങൾക്കോ പരിസ്ഥിതിയുടെ സ്വാധീനം മൂലം സംഭവിക്കുന്ന പരിണാമത്തിൽ മാത്രം ഒതുക്കി നിർത്താവുന്ന സിദ്ധാന്തങ്ങളല്ല. പ്രകൃതിയിൽ നിലവിലിരിക്കുന്ന മ്യൂട്ടേഷനുകളിൽ നിന്നും അനുയോജ്യമായതു് തിരഞ്ഞെടുക്കുകയാണു് ‘സെലക്ഷൻ’ ചെയ്യുന്നതു്. അതേസമയം, പ്രകൃതിയിൽ മ്യൂട്ടേഷൻ സംഭവിക്കുന്നതു് യാദൃച്ഛികമായും നിരങ്കുശമായും ലക്ഷ്യബോധമില്ലാതെയും ആണു്. സ്വയംസംഘടന (self organisation) എന്ന ഒരു പ്രധാന പ്രകൃതിനിയമം അതിനു് പിന്നിൽ നമുക്കു് കാണാനാവും. അനുകൂലസാഹചര്യങ്ങളിൽ നിശ്ചിത മൂലകങ്ങളുടെ സംയോജനഫലമായി നിശ്ചിതമായ സംയുക്തങ്ങളും അവയിൽ നിന്നും കൂടുതൽ കൂടുതൽ സങ്കീർണ്ണമായ മറ്റു് പദാർത്ഥങ്ങളും രൂപമെടുക്കുന്നതും, സങ്കീർണ്ണമായവ വിഘടിക്കുന്നതും നമുക്കറിവുള്ള കാര്യമാണു്. അതുപോലെതന്നെ, യാതൊരു ‘ബുദ്ധിയും’ അവകാശപ്പെടാനാവാത്ത, രാസപരമായ വ്യവസ്ഥകളുടെ യാദൃച്ഛികമായ വിതരണത്തിൽ നിന്നും സ്വയംസംഘടന വഴി പുതിയ ഘടനകൾ രൂപമെടുക്കുമെന്നും നമുക്കറിയാം. അതുതന്നെയാണു് ഡാർവിന്റെ ഇവൊല്യൂഷനിൽ അടങ്ങിയിരിക്കുന്ന മൗലികമായ ചിന്തയും. മനുഷ്യൻ എന്നൊരു അന്തിമജീവി പുറത്തുവരുന്നതിനായി പ്രപഞ്ചനിർമ്മാതാവായ ഏതെങ്കിലുമൊരു മൂത്താശാരിയോ, അല്ലെങ്കിൽ ഒരു പ്ലാനിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലുമൊരു ഇന്റലിജെന്റ്‌ ഡിസൈനറോ ലക്ഷ്യബോധത്തോടെ പ്രപഞ്ചാരംഭം മുതലേ പ്രവർത്തിക്കുകയായിരുന്നില്ല എന്നു് സാരം. കോടാനുകോടി വർഷങ്ങളിലൂടെ കേവലമായ മൂലകങ്ങളിൽ നിന്നും സംയുക്തങ്ങളിലേക്കും, അവിടെനിന്നും ആദ്യം സമുദ്രത്തിലെ ഏകകോശജീവികളിലേക്കും പിന്നീടു് ബഹുകോശജീവികളിലേക്കും, കാലാന്തരത്തിൽ സമുദ്രത്തിൽ നിന്നും കരയിലേക്കുള്ള ജീവന്റെ വ്യാപിക്കലിലേക്കും, തുടർന്നു് മനുഷ്യനിലേക്കും അവന്റെ അതിസങ്കീർണ്ണമായ തലച്ചോറിലേക്കും, അതുവഴി ബുദ്ധിയിലേക്കും സംഭവിച്ച പരിണാമം ഏതെങ്കിലും ഒരു ദൈവമോ പിശാചോ ആലോചിച്ചെടുത്ത ഒരു പ്ലാനിന്റെയോ പദ്ധതിയുടെയോ ഭാഗമായിരുന്നില്ല. പ്രകൃതിക്കതീതമായ ഒരു ശക്തിയും അതുപോലൊരു പരിണാമത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടില്ല, പ്രവർത്തിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണു് കൃത്രിമബുദ്ധിയുടെ ഭാവിയിലെ സ്വയം പ്രേരിതപരിണാമം എന്ന സാദ്ധ്യത പൂർണ്ണമായി തള്ളിക്കളയാൻ ആവാത്തതും.

സ്വന്തവലിപ്പവുമായി തട്ടിച്ചു് നോക്കുമ്പോൾ ഭീമാകാരവും ഭംഗിയുടെ കാര്യത്തിൽ ആരെയും അതിശയിപ്പിക്കുന്നവയുമായ ചിതൽപ്പുറ്റുകൾ പണിതീർക്കുന്ന ചിതലുകളിൽ ഓരോന്നിന്റെയും തലയിൽ അത്തരം ഒരു നിർമ്മാണപ്രവൃത്തിക്കു് വേണ്ട ബുദ്ധിയോ പ്ലാനോ ഇല്ല. അവയോടു് എപ്പോൾ എന്തു് ചെയ്യണം എന്നു് കൽപിക്കുന്ന ഒരു രാജാവോ നേതാവോ അവയ്ക്കില്ല. എന്നിട്ടും അതുപോലൊരു നിർമ്മിതിക്കു് അവയെ പ്രാപ്തരാക്കുന്നതിന്റെ പിന്നിലെ രഹസ്യം അവ ഇവൊല്യൂഷൻ വഴി സ്വായത്തമാക്കിയ ഒരു ആൾഗൊരിഥത്തിന്റെ അടിസ്ഥാനത്തിലെ സെൽഫ്‌ ഓർഗ്ഗനൈസേഷൻ എന്ന പ്രതിഭാസമാണു്. ഓരോ ചിതലുകളും തമ്മിൽത്തമ്മിലുള്ള ബയോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾ വഴി ‘ചിതൽസമൂഹം’ എന്നൊരു സൂപ്പർ ഓർഗ്ഗനിസവും അതിന്റേതായ ഒരു ‘പൊതുബുദ്ധിയും’ രൂപമെടുക്കുന്നു. ഇത്തരത്തിലുള്ള സെൽഫ്‌ ഓർഗ്ഗനൈസേഷൻ സാദ്ധ്യമാവണമെങ്കിൽ ആ സംരംഭത്തിലെ പങ്കാളികളുടെ അംഗസംഖ്യ വലുതായിരിക്കണം. ഏതാനും ചിതലുകൾക്കു് മാത്രം സാധിക്കുന്ന ഒരു കാര്യമല്ല അതെന്നു് ചുരുക്കം. തത്വത്തിൽ നമ്മുടെ തലച്ചോറും ഇതിൽ നിന്നും വിഭിന്നമല്ല. തലച്ചോറിലെ ഒരു ന്യൂറോണിനു് ഒറ്റയായെടുത്താൽ അനുഭവിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവില്ല. എങ്കിലും, എത്രയോ ന്യൂറോണുകൾ തമ്മിൽത്തമ്മിൽ സംഭവിക്കുന്ന ന്യൂറോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾ വഴി ബുദ്ധിയും ബോധവും വികാരവും വിചാരവുമെല്ലാം തലച്ചോറിൽ രൂപമെടുക്കുന്നു. അതോടോപ്പം തന്നെ, തലച്ചോറിൽ നിന്നും ലഭിക്കുന്ന ‘കൽപനകളെ’ അന്ധമായി അടിമയെപ്പോലെ പ്രാവർത്തികമാക്കുക എന്ന ജോലി മാത്രമല്ല ശരീരത്തിനുള്ളതു്. പ്രകൃതിയുമായുള്ള ഇന്ററാക്ഷൻ വഴി ശരീരം ഇൻഫർമ്മേഷൻസ്‌ ശേഖരിക്കാതിരുന്നാൽ അവയെ അസ്തിത്വത്തിനു് അനുകൂലമോ പ്രതികൂലമോ എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനും അതിനനുസരിച്ചു് പ്രതികരിക്കാനും അതോടൊപ്പം ഭാവിയിലേക്കായി ആ അനുഭവങ്ങളിൽ നിന്നു് പഠിച്ച പാഠങ്ങൾ ശേഖരിച്ചു് വയ്ക്കുവാനും തലച്ചോറിനു് കഴിയുകയില്ല. ശരീരം എന്നതു് ബുദ്ധി രൂപമെടുക്കുന്നതിനുള്ള പ്രാഥമികമായ ആവശ്യമാണു്. അതോടൊപ്പം അതു് ഇവൊല്യൂഷന്റെ ഒഴിവാക്കാനാവാത്ത നിബന്ധനയുമാണു്. അതായതു്, പ്രകൃതിയിൽ നിന്നും സ്വയം വേർപ്പെടുത്തിക്കൊണ്ടു് പ്രകൃതിയുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ വളർച്ചയോ ബുദ്ധിയോ സാദ്ധ്യമാവില്ല. ആദ്യത്തെ ഏകകോശജീവികൾക്കു് സ്വയം പൊതിയാൻ ഉതകുന്ന തനുസ്തരം ലഭിച്ചപ്പോൾ ഈ നിബന്ധനയാണു് നിറവേറ്റപ്പെട്ടതു്.

ഇന്ദ്രിയാനുഭവങ്ങളുടെ വിലയിരുത്തലുകളുടെയും ചിന്തയുടെയും ബോധത്തിന്റേയും ഇരിപ്പിടമായ തലച്ചോറിന്റെ (cerebrum) പാളികളിലെ നെർവ്വ്‌ സെല്ലുകൾ തമ്മിൽത്തമ്മിൽ ചുരുങ്ങിയപക്ഷം ആകെ ഒരു ലക്ഷം കിലോമീറ്റർ എങ്കിലും നീളം വരുന്ന നെർവ്വ്‌ ഫൈബർ വലകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നെർവ്വ്‌ ഫൈബറുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതു് ബയോകെമിക്കൽ മാർഗ്ഗത്തിലൂടെ മാത്രം മറികടക്കാൻ കഴിയുന്ന സിനാപ്സുകൾ വഴിയും. നെർവ്വ്‌ സെല്ലുകൾക്കു് ഉദ്ദീപനം സംഭവിക്കുമ്പോൾ വ്യത്യസ്ത ബയോകെമിക്കൽ പദാർത്ഥങ്ങൾ ഇവയിലെ നിശ്ചിത ബന്ധിപ്പിക്കലുകളെ ഓണോ ഓഫോ ആക്കുന്നതു് ഓർമ്മ, ബോധം, പ്രതികരണം എന്നിവക്കു് കാരണഭൂതമാവുന്നു. ഗ്രഹണം ബോധം ഭാഷ മുതലായവ തലച്ചോറിലെ ഏതേതു് ഭാഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു എന്നു് കണ്ടെത്താൻ ഇതിനോടകം ആധുനിക ന്യൂറോസയൻസിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ദ്രിയാനുഭവങ്ങൾ മനുഷ്യമനസ്സിലെ വികാരവിചാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, എങ്ങനെ തീരുമാനങ്ങളിലേക്കു് നയിക്കുന്നു എന്നതു് പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. അതേസമയം, ഇന്ദ്രിയപരമായ ഗ്രഹണത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ധിയേയും, പ്രവൃത്തികളെയും നിയന്ത്രിക്കുന്നതിലും നിർമ്മാണാത്മകമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും വികാരങ്ങളും മുൻകാല അനുഭവങ്ങളും പ്രധാന പങ്കു് വഹിക്കുന്നുണ്ടു് എന്നതു് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യവുമാണു്. ചുരുക്കത്തിൽ, നമ്മുടെ തലച്ചോറു് സങ്കീർണ്ണമായതും, ചലനാത്മകമായതും, സ്വയംസംഘടനാ-, സ്വയംഭരണ-, സ്വയംഅധ്യയനശേഷിയുള്ളതും, ചുറ്റുപാടുകളിൽ നിന്നും നിരന്തരം ലഭിക്കുന്ന അനുഭവങ്ങളെ അനുകൂലമോ പ്രതികൂലമോ എന്നു് തിരിച്ചറിഞ്ഞു് അതിനനുസരിച്ചു് പ്രതികരിക്കാൻ കഴിവുള്ളതും, അത്തരം അറിവുകളെ ഏതുസമയവും വീണ്ടും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ശേഷിയുള്ളതുമായ ഒരു വ്യവസ്ഥയാണു്. കോടാനുകോടി വർഷങ്ങൾ പിന്നിട്ട വളർച്ചയുടെ ഒരു ചരിത്രം അതിനു് പറയാനുണ്ടു്.

യുക്തമായ വിധിനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള കഴിവിനെയാണു് നമ്മൾ പൊതുവേ ബുദ്ധി എന്നു് വിശേഷിപ്പിക്കുന്നതു്. ചുറ്റുപാടുകളിൽ നിന്നും ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന സിഗ്നലുകളുടെ പശ്ചാത്തലത്തിൽ ഒരു ജീവി തനിക്കു് അനുകൂലമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. കൃത്രിമബുദ്ധിയുടെ ‘ഉടമകളായ’ റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി, ജന്തുലോകത്തിൽ ഈ സിഗ്നലുകൾ അനുഭവങ്ങളുമാണു്. നിർമ്മാണാത്മകമായ ബുദ്ധി എന്നതു് നിമിഷം കൊണ്ടു് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അതിനനുസരിച്ചു് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള കഴിവാണു്. ഒരു നിശ്ചിത ജോലി ചെയ്യുന്നതിനായി നിർമ്മിക്കപ്പെട്ട ഒരു റോബോട്ട്‌ ചെയ്യുന്നതും മറ്റൊന്നുമല്ല. പക്ഷേ, റോബോട്ടുകളിൽ പ്രോസസിംഗിനായി എത്തിച്ചേരുന്ന സിഗ്നലുകൾ അവയിൽ ഏതെങ്കിലും വിധത്തിലുള്ള വൈകാരികതകൾ ജനിപ്പിക്കുന്നില്ല. വിജയത്തിൽ സന്തോഷമോ, പരാജയത്തിൽ ദുഃഖമോ റോബോട്ടുകൾ അനുഭവിക്കുന്നില്ല. എല്ലാവിധത്തിലും മനുഷ്യനു് തുല്യമായ ഒരു റോബോട്ട്‌ നിർമ്മിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്. സ്വയംഭരണശേഷി, അതിജീവനം എന്ന ലക്ഷ്യം, നന്മയും തിന്മയും, സുഖവും ദുഃഖവും വ്യക്തിപരമായ മുൻകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ തരം തിരിക്കുന്നതിനും അതിനനുസരിച്ചു് തനിക്കു് അനുകൂലമായ ഒരു തീരുമാനത്തിൽ നിമിഷാർദ്ധം കൊണ്ടു് എത്തിച്ചേരുന്നതിനുമുള്ള കഴിവു് – അവയൊക്കെ ഒരു കമ്പ്യൂട്ടറിൽ പണിതോ എഴുതിയോ പിടിപ്പിക്കാവുന്ന കാര്യങ്ങളല്ല. ഒരു യന്ത്രത്തിനു് ആഗ്രഹവും താത്പര്യവുമില്ല, ഉണ്ടാക്കാൻ തത്കാലം ആവുകയുമില്ല. വേദന സന്തോഷം മുതലായ വികാരങ്ങൾ മനുഷ്യനിൽ നിന്നോ മറ്റേതെങ്കിലും ജീവികളിൽ നിന്നോ വേർപ്പെടുത്തിയെടുത്തു് ഒരു കമ്പ്യൂട്ടറിൽ സ്ഥാപിക്കാവുന്നവയല്ല.

എങ്കിൽത്തന്നെയും, പ്രാഥമികസംരംഭങ്ങൾ എന്ന നിലയിൽ ചിതലുകളുടെയും, ഉറുമ്പുകളുടെയും, തേനീച്ചകളുടെയുമൊക്കെ സാമൂഹികപെരുമാറ്റങ്ങളിലെ ആൾഗൊരിഥം മാതൃകയാക്കി ചെറിയ റോബോട്ടുകളുടെ കൂട്ടത്തെ പഠിപ്പിക്കാനുള്ള ശാസ്ത്രീയ പരിശ്രമങ്ങൾ നടക്കുന്നുണ്ടു്. പക്ഷേ, അത്തരം സ്വോം ഇന്റെലിജെൻസിൽ നിന്നും സോഷ്യൽ കോമ്പിറ്റെൻസിലേക്കുള്ള ദൂരം എത്രയോ മടങ്ങു് കൂടുതലാണു്. ഉദാഹരണത്തിനു്, മറ്റു് സസ്തനജീവികൾ പോലും ഫുട്ബോൾ പോയിട്ടു് ചെസ്‌ പോലും കളിക്കാറില്ല. അതായതു്, ലക്ഷക്കണക്കിനു് വർഷങ്ങളിലൂടെ പ്രകൃതി വളർത്തിയെടുത്ത മനുഷ്യന്റെ സോഷ്യൽ കോമ്പിറ്റെൻസിലേക്കു്, പദ്ധതികൾ പ്ലാൻ ചെയ്തു് നടപ്പാക്കാൻ കഴിയുന്ന അവന്റെ ബുദ്ധിയിലേക്കു്, സ്വയം വിശകലനം ചെയ്യാൻ കഴിയുന്ന അവന്റെ ആത്മബോധത്തിലേക്കു് വളർന്നു് അവനോടൊപ്പമെത്താൻ റോബോട്ടുകൾ ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. ആ ലക്ഷ്യത്തിൽ വിദൂരഭാവിയിലെങ്കിലും എത്തിച്ചേരാനും മനുഷ്യന്റെ സഹായമില്ലാതെ റോബോട്ടുകൾക്കു് കഴിയുകയുമില്ല.

 
Comments Off on കൃത്രിമബുദ്ധിയും തലച്ചോറും

Posted by on Oct 13, 2009 in ലേഖനം

 

Tags: ,