RSS

Category Archives: മതം

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നിന്റെ രാജ്യം വരേണമേ

നാലാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈജിപ്ഷ്യന്‍ മരുപ്രദേശങ്ങളില്‍ ഏതാണ്ടു്‌ 24000 ക്രൈസ്തവസന്ന്യാസികള്‍ മൃഗതുല്യരായി ജീവിച്ചിരുന്നത്രെ! സാത്താന്റെ കെണികളായ പ്രലോഭനങ്ങളില്‍ നിന്നും മോചനം നേടുന്നതിനായി ആഹാരം വസ്ത്രം മുതലായ പ്രാഥമിക ആവശ്യങ്ങള്‍ വരെ സാദ്ധ്യവും അസാദ്ധ്യവുമായ നിലയിലേക്കു്‌ ചുരുക്കി, സ്വന്തം ശരീരത്തെ പരമാവധി പീഡിപ്പിച്ചുകൊണ്ടു്‌, യേശു വാഗ്ദത്തം ചെയ്തപ്രകാരം ഉടനെ വരാനിരിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ രാജ്യത്തിനുവേണ്ടി നരകിച്ചു്‌ മരിച്ച സാധുക്കള്‍. “മൃഗങ്ങള്‍ക്കുതുല്യം ജീവിക്കുക”, “യഥാര്‍ത്ഥ നോമ്പു്‌ സ്ഥിരമായി പട്ടിണി കിടക്കലാണു്‌”, “ശരീരം എത്ര വീര്‍ത്തതാണോ അത്രയും ചുരുങ്ങിയതും, നേരെ മറിച്ചുമായിരിക്കും ആത്മാവു്‌” മുതലായ ആദിപിതാക്കളുടെ പഠിപ്പിക്കലുകളെ സിമ്പിള്‍ സ്റ്റ്റക്ച്ചേര്‍ഡ് ആയ ഇക്കൂട്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയായിരുന്നു.

ശരീരം മെലിഞ്ഞു്‌ എല്ലും തോലുമാവാനും, അതിനൊപ്പം ആത്മാവു്‌ ബലൂണ്‍ പോലെ വീര്‍ക്കാനുമായി അവര്‍ കണ്ടെത്തിയ ചില മാര്‍ഗ്ഗങ്ങളെ അവിശ്വസനീയം എന്നു്‌ മാത്രമേ വിശേഷിപ്പിക്കാനാവൂ. മതപരമായ കാരണങ്ങളാല്‍ ദേഹം മുഴുവന്‍ ചാരം വാരിത്തേച്ചു്‌ കാട്ടുമൃഗങ്ങളെപ്പോലെ പൊടിമണ്ണില്‍ ജീവിക്കുന്ന പ്രാകൃതമനുഷ്യരെ ഇന്നും കാണാന്‍ സാധിക്കുന്ന ഭാരതം പോലുള്ള ഒരു ചൂടു്‌ രാജ്യത്തില്‍, അവരില്‍ ചിലര്‍ നയിച്ച ജീവിതരീതി അത്ര വലിയ അത്ഭുതത്തിനു്‌ കാരണമാവണമെന്നില്ല എന്നതു്‌ മറക്കുന്നില്ല. കുറെനാള്‍ കാണുമ്പോള്‍ എന്തും മനുഷ്യര്‍ക്കു്‌ ശീലമാവുമല്ലോ – മറ്റൊന്നു്‌ കാണാനും അറിയാനുമുള്ള കഴിവോ, സാദ്ധ്യതയോ, അനുവാദമോ ഇല്ലാത്തിടത്തോളം കാലം പ്രത്യേകിച്ചും. വിശ്വാസത്തിനു്‌ വേണ്ടി ഏതു്‌ നുണയും വിളംബരം ചെയ്യുന്നതു്‌ വിശ്വാസിയുടെ ജീവിതത്തില്‍ തികഞ്ഞ ഒരു സ്വാഭാവികത ആണെന്നതിനാല്‍, പിതാക്കന്മാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതില്‍ സത്യമെത്ര, നുണയെത്ര എന്നൊക്കെ ‘ദൈവത്തിനു്‌’ മാത്രമേ അറിയൂ. ഏതായാലും, ആ ഒരു കാലഘട്ടത്തെ തലകീഴായി നിര്‍ത്തി അജ്ഞാതരായ ഏറെ വിഡ്ഢികളെ കൊലയ്ക്കു്‌ കൊടുത്തുകൊണ്ടു്‌ ചുരുക്കം ചില മിടുക്കന്മാര്‍ക്കു്‌ ‘വിശുദ്ധന്‍’ എന്ന പദവി നേടിയെടുക്കാന്‍ അതുവഴി കഴിഞ്ഞു എന്നതു്‌ ഒരു സത്യമാണു്‌.

ഒട്ടകച്ചാണകത്തില്‍ നിന്നും പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ കൊണ്ടു്‌ ദിവസങ്ങളോ ആഴ്ചകളോ ജീവിച്ച സന്ന്യാസിമാരുണ്ടത്രെ! വിശുദ്ധ സിസിനസിനെപ്പറ്റി തിയോഡൊറെറ്റ് എന്ന ബിഷപ്പ് പറയുന്നതു്‌ ശരിയാണെങ്കില്‍, അവന്‍ ഒരു ശവക്കല്ലറയില്‍ മൂന്നു്‌ വര്‍ഷം “ജീവിച്ചതു്‌” ഇരിക്കുകയോ കിടക്കുകയോ ഒരു ചുവടു്‌ വയ്ക്കുകയോ ചെയ്യാതെയാണു്‌! വിശുദ്ധ മരോണ്‍ പതിനൊന്നു്‌ വര്‍ഷം കഴിച്ചുകൂട്ടിയതു്‌ ഒരു മരത്തിന്റെ, ഉള്ളില്‍ നിറയെ മുള്ളുകളുള്ള വലിയൊരു പൊത്തിലാണു്‌. അതു്‌ പോരാത്തതിനു്‌, നെറ്റിക്കുചുറ്റും തൂങ്ങിക്കിടന്നിരുന്ന കല്ലുകളും അവനെ അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാതിരിക്കാന്‍ സഹായിച്ചിരുന്നു. സന്ന്യാസിനികളും മോശമായിരുന്നില്ല. മരാന, സൈറ എന്നീ രണ്ടു്‌ വിശുദ്ധകള്‍ കഴുത്തില്‍ നിറയെ വാരിച്ചാര്‍ത്തിയിരുന്ന ചങ്ങലകളുടെ ഭാരം മൂലം കുനിഞ്ഞു്‌ മാത്രമേ അവര്‍ക്കു്‌ നടക്കാന്‍ കഴിഞ്ഞിരുന്നുള്ളുവത്രെ! അങ്ങനെ അവര്‍ ജീവിച്ചതു്‌ ഒന്നും രണ്ടുമല്ല, നാല്പത്തിരണ്ടു്‌ വര്‍ഷങ്ങളാണെന്നു്‌ തിയോഡൊറെറ്റ്. വിശുദ്ധ അത്സെപ്സിസ്മസ് വാരിച്ചുറ്റിയിരുന്ന ഇരുമ്പിന്റെ ഭാരം മൂലം വെള്ളം കുടിക്കാനായി അവന്‍ പുറത്തുപോയിരുന്നതു്‌ നാലുകാലില്‍ ഇഴഞ്ഞായിരുന്നു പോലും! വിശുദ്ധ യൂസെബിയസ് ഉണങ്ങിയ ഒരു തടാകത്തിലായിരുന്നു മൂന്നുവര്‍ഷം താമസിച്ചിരുന്നതു്‌. സാധാരണഗതിയില്‍ ഇരുപതു്‌ പൗണ്ട് ഇരുമ്പു്‌ ചങ്ങലകള്‍ വഹിച്ചിരുന്ന അവന്‍ ദിവ്യനായ അഗാപിറ്റസ് വഹിച്ചിരുന്ന അന്‍പതും, മഹാനായിരുന്ന മാര്‍സിയാനസ് ചുമന്നിരുന്ന എണ്‍പതും കൂടി അതിനോടു്‌ കൂട്ടിച്ചേര്‍ത്തു്‌ തന്റെ ‘പാപഭാരം’ നൂറ്റന്‍പതു്‌ പൗണ്ടിലേക്കുയര്‍ത്തി കൃതകൃത്യനായി.

വിശപ്പു്‌, അഴുക്കു്‌, കണ്ണുനീര്‍ ഇവയൊക്കെ അക്കാലത്തെ ക്രൈസ്തവരുടെ ഐഡിയലുകളായിരുന്നു. (ഇതുവരെ നേരം വെളുക്കാത്ത ചില നാടുകളില്‍ ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടുമില്ല). “ഈ മരുഭൂമിയില്‍ പ്രവേശിച്ചതുമുതല്‍ ഞാന്‍ ചീരയോ മറ്റേതെങ്കിലും പച്ചക്കറിയോ, മുന്തിരിങ്ങയോ പഴങ്ങളോ മാംസമോ കഴിച്ചിട്ടില്ല, കുളിച്ചിട്ടുമില്ല” എന്നു്‌ യൂഗാറിയസ് പൊന്തിക്കസ് എന്നൊരു സന്ന്യാസി. വിശുദ്ധ ഇസിഡോറ സന്ന്യാസിനിക്കു്‌ നിന്ദ എത്ര കിട്ടിയാലും മതിയായിരുന്നില്ല. അതായിരുന്നു അവളുടെ പ്രാര്‍ത്ഥനതന്നെ. നഗ്നപാദയായി, കീറത്തുണികള്‍ ധരിച്ചു്‌, താഴെ വീഴുന്ന റൊട്ടിയുടെ പൊട്ടും പൊടിയും തൂത്തുവാരിത്തിന്നും, പാത്രം കഴുകിയ വെള്ളം കുടിച്ചുമാണു്‌ അവള്‍ മഠത്തിലെ അടുക്കളയില്‍ കഴിഞ്ഞിരുന്നതു്‌. താഴാഴ്മ കാണിച്ചില്ല എന്നതിന്റെ പേരില്‍ ദൈവരാജ്യത്തില്‍ അഡ്മിഷന്‍ ലഭിക്കാതെ പോകരുതു്‌ എന്നാവാം അവള്‍ കരുതിയതു്‌. ഹെലെനോപ്പോലീസിലെ (ബിഥീനിയ) ബിഷപ്പായിരുന്ന പല്ലേഡിയസ് സാക്ഷ്യപ്പെടുത്തുന്നു: “ഒരു സഞ്ചാരസന്ന്യാസി ആയിരുന്ന ബെസാറിയണ്‍ ആള്‍ത്താമസമുള്ള ഒരിടത്തും പ്രവേശിക്കുമായിരുന്നില്ല. രാപകലില്ലാതെ മരുഭൂമിയിലൂടെ അലഞ്ഞുകൊണ്ടു്‌ വിലപിക്കലായിരുന്നു അവന്റെ പതിവു്‌. അവന്‍ വിലപിച്ചിരുന്നതു്‌ അവനുവേണ്ടിയോ ലോകത്തിനുവേണ്ടിയോ ആണെന്നു്‌ കരുതിയോ? അല്ലേയല്ല. അവന്‍ വിലപിച്ചിരുന്നതു്‌ ആദിപാപത്തിന്റെ പേരിലായിരുന്നു – ആദാമും ഹവ്വയും കൂടി ഒപ്പിച്ചു്‌ മനുഷ്യരാശിയുടെ നെറുകന്തലയിലേക്കു്‌ കയറ്റിവച്ച ആ പഴയ മഹാപാപത്തിന്റെ പേരില്‍! സ്വന്തം പിതാവു്‌ അവനെ അതുപോലൊരു പാപപ്രൊസീജ്യര്‍ വഴി ജനിപ്പിച്ചതുകൊണ്ടു്‌ അവനു്‌ ആദിപാപത്തിന്റെ പേരില്‍ വിലപിക്കാന്‍ പറ്റി എന്നതൊരു ഭാഗ്യമായാണോ നിര്‍ഭാഗ്യമായാണോ അവന്‍ കരുതിയിരുന്നതു്‌ എന്നു്‌ വ്യക്തമല്ല.

ഇനി, ഈ ആദാമും ഹവ്വയും ദൈവം കല്പിച്ചമാതിരി അത്യാവശ്യം തോട്ടപ്പണിയും അടുക്കളപ്പണിയും കഴിഞ്ഞശേഷം ബാക്കി മുഴുവന്‍ സമയവും സ്വര്‍ഗ്ഗത്തിലേക്കു്‌ ദൃഷ്ടികളുയര്‍ത്തി ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്നു്‌ കരയുക മാത്രമായിരുന്നു എന്നൊന്നു്‌ സങ്കല്പിച്ചു്‌ നോക്കൂ! പഴം പറിച്ചു്‌ കാണിക്കുന്ന പാമ്പിനെ ഹവ്വ നല്ലൊരു വേലിപ്പത്തല്‍ എടുത്തു്‌ അടിച്ചോടിച്ചു എന്നും കൂടി സങ്കല്പിച്ചോളൂ. എങ്കില്‍ ലോകം എന്നാല്‍ ഇന്നും ഒരു ഏദന്‍ തോട്ടവും അതില്‍ “തോട്ടപ്പണിയും അടുക്കളപ്പണിയും പ്രാര്‍ത്ഥനയുമായി” കഴിയുന്ന ആദാമും ഹവ്വയും മാത്രമാവുമായിരുന്നില്ലേ? എങ്കില്‍ ആദിപാപവുമില്ല, അന്തിപാപവുമില്ല. എങ്കില്‍ ബൈബിള്‍ എന്നൊരു പുസ്തകം ഉണ്ടാവുമായിരുന്നോ? സംവിധായകനും നായകനും നായികയുമൊഴികെ മറ്റാരുമില്ലാത്തൊരു ലോകത്തില്‍ ആര്‍ക്കുവേണ്ടി കഥയും നാടകവും സില്‍മയും ഉണ്ടാവണം? “ആദിപാപം” എന്നൊന്നു്‌ സംഭവിച്ചില്ലായിരുന്നെങ്കില്‍ ദൈവത്തിനു്‌ യേശുവിനെ ജനിപ്പിക്കേണ്ട വല്ല ആവശ്യവും വരുമായിരുന്നോ? അത്തരമൊരു ഗതികേടു്‌ ഒഴിവാക്കിത്തന്നതിനു്‌ ആദിപിതാവിനും മാതാവിനും നന്ദി പറയേണ്ടതിനു്‌ പകരമാണു്‌ നമ്മുടെ ബെസാറിയണ്‍ സന്ന്യാസി ആദിപാപത്തിന്റെ പേരില്‍ ചങ്കുതകര്‍ന്നു്‌ വിലപിച്ചുകൊണ്ടു്‌ മരുഭൂമിയിലൂടെ ഓടിനടന്നതു്‌! മതവും, ദൈവവും! മനുഷ്യന്റെ ആത്യന്തികമായ ആശ്രയസ്ഥാപനവും, സ്ഥാനവും!

ഈ ലോകത്തെ ഉപേക്ഷിക്കാനും ദൈവരാജ്യം കരസ്ഥമാക്കാനും സിറിയയിലെ ചില ക്രൈസ്തവര്‍ കണ്ടെത്തിയതു്‌ മറ്റൊരു മാര്‍ഗ്ഗമായിരുന്നത്രെ! മൃഗങ്ങളെപ്പോലെ പുല്ലുതിന്നു്‌ ജീവിക്കുക എന്നതായിരുന്നു അവരുടെ രീതി. സഭാദ്ധ്യാപകനായിരുന്ന എഫ്രയിമിന്റെ സഭാചരിത്രത്തില്‍ മിക്കവാറും നഗ്നരായി മേച്ചില്പുറങ്ങളില്‍ പുല്ലുതിന്നു്‌ നടന്നിരുന്ന ഇക്കൂട്ടരെപ്പറ്റി പറയുന്നുണ്ടു്‌. മനുഷ്യരെ കണ്ടാല്‍ തത്ക്ഷണം ഓടിയൊളിക്കുമായിരുന്ന അവര്‍ ആരെങ്കിലും പിന്തുടരുന്നു എന്നു്‌ തോന്നിയാല്‍ അപാരസ്പീഡില്‍ ഓടി ആര്‍ക്കും അത്ര എളുപ്പം എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളിലേക്കു്‌ രക്ഷപെടുമായിരുന്നത്രെ! യോഹാന്നെസ് മൊഷുസ് എന്നൊരു മങ്കിനു്‌ ഒരു മേച്ചില്പുറസന്ന്യാസി അവനെ പരിചയപ്പെടുത്തിയതു്‌ ഇങ്ങനെ ആയിരുന്നു പോലും: “ഞാന്‍ പത്രോസ്, വിശുദ്ധ യോര്‍ദ്ദാന്റെ തീരത്തു്‌ പുല്ലുതിന്നുന്നവന്‍”.

മനുഷ്യരെ വിഡ്ഢികളാക്കി കൂപ്പിയ കൈകളും മടക്കിയ മുട്ടുകളും ഈശ്വരപ്രാര്‍ത്ഥനയുമായി അന്ധകാരയുഗത്തിലേക്കു്‌ പറഞ്ഞയച്ച ഈ ഭ്രാന്തിന്റെ കഥകള്‍ ഇനിയുമുണ്ടു്‌ വേണ്ടുവോളം. മനുഷ്യരാശിയെ അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും കാര്‍മേഘങ്ങള്‍ കൊണ്ടു്‌ പൊതിഞ്ഞ, ആരോ എഴുതിവച്ച കുറെ നുണക്കഥകളില്‍ “പരമമായ സത്യം” ദര്‍ശിച്ച കുറെ മാനസികവിഭ്രാന്തിക്കാര്‍! അല്പമെങ്കിലും വെളിവുള്ള ആര്‍ക്കും അബദ്ധം എന്നു്‌ മനസ്സിലാക്കാന്‍ കഴിയുന്നതാണു്‌ ദൈവവും അവനിലെ വിശ്വാസവും എന്നതിനാല്‍, “നല്ല” ദൈവവിശ്വാസവും “ചീത്ത” ദൈവവിശ്വാസവും ഉണ്ടെന്നു്‌ സ്ഥാപിച്ചു്‌ സ്വയം രക്ഷപെടുത്താന്‍ പെടാപ്പാടു്‌ പെടുകയാണു്‌ ഇന്നും അത്തരത്തില്‍ പെട്ട ചില മനുഷ്യരെങ്കിലും. ഒരിക്കല്‍ പെട്ടുപോയാല്‍ അത്ര എളുപ്പം തലയൂരാന്‍ കഴിയുന്നതല്ല ദൈവവിശ്വാസം എന്ന നീരാളിപ്പിടുത്തം. ഏതാണു്‌ “നല്ല ദൈവവിശ്വാസം” എന്നു്‌ ചിന്തിച്ചിട്ടുണ്ടോ? ഒരു സംശയവും വേണ്ട, “എന്റെ” ദൈവവിശ്വാസം, അതാണു്‌ കുറ്റമറ്റ, എല്ലാം തികഞ്ഞ, സര്‍വ്വസമ്പൂര്‍ണ്ണമായ ദൈവവിശ്വാസം. ഇത്തരം “നല്ല” ദൈവവിശ്വാസികളുടെ ദൃഷ്ടിയില്‍, ബാക്കിയുള്ള സകലരുടെയും നിലപാടുകള്‍ക്കു്‌, അതു്‌ ദൈവവിശ്വാസമാവട്ടെ, ദൈവത്തില്‍ വിശ്വാസമില്ലായ്മ ആവട്ടെ, ഒരു വിശേഷണമേയുള്ളു: “പൈശാചികം”!

ക്രിസ്തുമതത്തേക്കാള്‍ അഞ്ഞൂറു്‌ വര്‍ഷം മുന്‍പേതന്നെ ഗ്രീസില്‍ രൂപമെടുത്തു്‌ വളരാന്‍ തുടങ്ങിയിരുന്ന ഒരു അത്യുന്നത തത്വചിന്തയെ നശിപ്പിച്ചുകൊണ്ടു്‌ യൂറോപ്പില്‍ വേരോടിയ, അവിടെനിന്നും ലോകം മുഴുവന്‍ “സുവിശേഷഘോഷണം” വഴി വിറ്റഴിക്കപ്പെട്ട, ഇന്നും വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, കോടിക്കണക്കിനു്‌ മനുഷ്യരുടെ മനസ്സിനെ കിനാവള്ളിപോലെ വരിഞ്ഞുമുറുക്കുന്ന, ദൈവഭയം എന്ന ഉമ്മാക്കി മൂലം വലിച്ചെറിയാനാവാതെ ചുമന്നുകൊണ്ടു്‌ നടക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ഒരു ഭ്രാന്തന്‍ ആദര്‍ശത്തിന്റെ അറപ്പുളവാക്കുന്ന കെട്ടുകഥകള്‍! “ദാ വരുന്നു ദൈവരാജ്യം” എന്നു്‌ വിളിച്ചുകൂവുന്ന ഏതാനും ഭ്രാന്തന്മാരെ വിശുദ്ധര്‍ എന്നു്‌ വിശേഷിപ്പിക്കാനും, കൊണ്ടാടുവാനും, അവരോടു്‌ വിദഗ്ദ്ധോപദേശം ചോദിക്കാനും, അവരുടെ “അനുഗ്രഹം” ലഭിക്കുവാനും വേണ്ടി ക്യൂ നില്‍ക്കാന്‍ മടിക്കാത്ത  കുറെയേറെ വിഡ്ഢികള്‍ ഇന്നും ജീവിക്കുന്ന ഒരു ലോകത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌ ദൈവനാമത്തിന്റെ മറ പിടിച്ചുകൊണ്ടുള്ള കാപട്യവും നുണയും വഴി രാജാക്കന്മാരെയും അധികാരികളെയും ചാക്കിട്ടു്‌ കാര്യം നേടാന്‍ എത്രമാത്രം എളുപ്പമായിരുന്നിരിക്കും എന്നു്‌ ചിന്തിച്ചാല്‍ മതി. നാളെ രാവിലെ ഈ ലോകം അവസാനിച്ചു്‌ ദൈവലോകം വരുമെങ്കില്‍ പിന്നെ ആര്‍ക്കുവേണം കലയും ശാസ്ത്രവും സംസ്കാരവുമൊക്കെ? “ഒരുവന്‍ ക്രിസ്ത്യാനി ആണെങ്കില്‍ അവനെന്തിനു്‌ ഈ ലോകത്തിന്റെ വിദ്യാഭ്യാസം? ജീവിതത്തിനു്‌ ആവശ്യമായതു്‌ സഭയില്‍ നിന്നും അവന്‍ കേള്‍ക്കുന്നുണ്ടു്‌, അതു്‌ ധാരാളം മതി” എന്നാണു്‌ ഹെര്‍ട്ലിങ് എന്നൊരു ജെസുവിറ്റ് ഇരുപതാം നൂറ്റാണ്ടിലും ചോദിക്കാന്‍ ധൈര്യപ്പെട്ടതു്‌. മതം മനുഷ്യനെ എത്രമാത്രം മണ്ടന്മാരാക്കുന്നു എന്നതിന്റെ തെളിവാണതു്‌.

മണികിലുക്കം കേള്‍ക്കുമ്പോള്‍ അറിയാതെ കാലു്‌ പൊക്കാന്‍ നിര്‍ബന്ധിതനാവുന്ന ഞരമ്പുരോഗിയായ കുതിരയെപ്പോലെ, “ദൈവസന്നിധിയില്‍” നിന്നും മണിയടിയോ വിളിയോ കേള്‍ക്കുമ്പോള്‍ കൈകള്‍ നെഞ്ചത്തു്‌ ചേര്‍ത്തുവച്ചു്‌ കുനിഞ്ഞ മുതുകുമായി അങ്ങോട്ടേയ്ക്കു്‌ നീങ്ങുകയല്ലാതെ ഗത്യന്തരമൊന്നുമില്ലാത്ത വിശ്വാസി! ആരെങ്കിലും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനരാഹിത്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതോടെ തീരും അവന്റെ ഈ ഭക്തിസ്വപ്നാടനം. അതുപോലൊരു “ശത്രുവിന്റെ” മുന്നില്‍ ഒരു ഗൊറില്ലയെപ്പോലെ നെഞ്ചത്തിടിച്ചു്‌ ആക്രോശിച്ചുകൊണ്ടു്‌ തന്റെ ദൈവത്തെ സംരക്ഷിക്കാന്‍ അവന്‍ നിര്‍ബന്ധിതനായിത്തീരും. എന്തിനും പ്രാപ്തനായ, സര്‍വ്വശക്തനാണു്‌ അവന്റെ ദൈവമെങ്കിലും, ആ ശക്തി വിര്‍ച്വല്‍ ആയ സഹായങ്ങള്‍ക്കു്‌  മാത്രമേ ദൈവം വിനിയോഗിക്കുകയുള്ളു. റിയല്‍ ആയ സഹായങ്ങള്‍ മുഴുവനും വിശ്വാസി ദൈവത്തിനു്‌ അങ്ങോട്ടു്‌ ചെയ്തുകൊടുക്കേണ്ടവയാണു്‌. സാമാന്യബുദ്ധിയില്‍ യാതൊരു അര്‍ത്ഥവും നല്‍കാനില്ലാത്ത ഈ കൊടുക്കല്‍വാങ്ങലില്‍ വിശ്വാസി അനുഭവിക്കുന്ന അദമ്യമായ ആനന്ദാനുഭൂതിയാണു്‌ ദൈവവിശ്വാസം. ഈ മുഴുഭ്രാന്തു്‌ ആവോളം ആടിത്തിമിര്‍ക്കാന്‍ വിശ്വാസിക്കു്‌ കളിയരങ്ങുകള്‍ ഒരുക്കിക്കൊടുത്തു്‌ തുട്ടുണ്ടാക്കുന്ന കച്ചവടസ്ഥാപനങ്ങളാണു്‌ എല്ലാ മതങ്ങളും. ചിലന്തി, വല, കീടങ്ങള്‍!

അവലംബം: ക്രിസ്തീയതയുടെ കുറ്റകൃത്യചരിതം – കാര്‍‌ള്‍‌ഹൈന്‍ത്സ് ഡെഷ്നെര്‍

 
2 Comments

Posted by on Aug 20, 2012 in മതം

 

Tags: , ,

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പും സുവിശേഷകരും

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ബൈബിളിലെ നാലു്‌ സുവിശേഷങ്ങളില്‍ നടത്തിയിരിക്കുന്ന വര്‍ണ്ണനകളാണു്‌ താഴെ. അവ തമ്മില്‍ താരതമ്യം ചെയ്താല്‍, വെള്ളിയാഴ്ച വൈകിട്ടെപ്പൊഴോ കല്ലറയില്‍ വയ്ക്കപ്പെട്ട യേശുവിന്റെ മൃതശരീരം തേടി ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ അവിടെ എത്തിയവര്‍ ആരെല്ലാം, അവര്‍ അവിടെ കണ്ടതു്‌ ആരെയെല്ലാം, കേട്ടതു്‌ എന്തെല്ലാം മുതലായ കാര്യങ്ങളെ സംബന്ധിച്ചു്‌ സുവിശേഷങ്ങള്‍ എഴുതിയവര്‍ക്കുതന്നെ നല്ല നിശ്ചയമുണ്ടായിരുന്നില്ല എന്നേ ഊഹിക്കാന്‍ കഴിയൂ. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. സ്വയം വായിച്ചു്‌ ബോദ്ധ്യപ്പെടുക. അതില്‍ അപാകതകളൊന്നും കാണാത്തവര്‍ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിലും സ്വര്‍ഗ്ഗാരോഹണത്തിലുമൊക്കെ വിശ്വസിക്കുന്നതില്‍ എനിക്കു്‌ എതിര്‍പ്പൊന്നുമില്ല. ഒരുപക്ഷേ അവര്‍ക്കു്‌ ആകെ കഴിയുന്നതും, അതുകൊണ്ടുതന്നെ അവര്‍ക്കു്‌ നല്ലതും അതായിരിക്കുംതാനും. ഒരുവനു്‌ ചുമക്കാവുന്നതിലും വലിയ ഭാരം അവന്റെ തലയില്‍ വച്ചുകൊടുക്കരുതല്ലോ. പ്രപഞ്ചത്തില്‍ ഒരു ദൈവം ഉണ്ടെന്നു്‌ തെളിയിക്കലും അമേരിക്കയില്‍ ഏതെങ്കിലുമൊരു റോബര്‍ട്ട് ഉണ്ടെന്നു്‌ തെളിയിക്കലും ഒരുപോലെയാണെന്നു്‌ കരുതുന്ന ജനുസ്സുകളല്ലേ വിശ്വാസികള്‍? മത്തിയെ മത്തങ്ങയുമായി താരതമ്യം ചെയ്യുന്നതില്‍ തെറ്റൊന്നും കാണാത്തവര്‍! അതുകൊണ്ടു്‌ വലിയ പ്രതീക്ഷയൊന്നുംവച്ചിട്ടു്‌ കാര്യവുമില്ല.

1. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി മത്തായിയുടെ സുവിശേഷം പറയുന്നതു്‌:

“ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു്‌ വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു്‌ ഇറങ്ങിവന്നു, കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന്നു്‌ ഒത്തതും അവന്റെ ഉടുപ്പു്‌ ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു്‌ പേടിച്ചു്‌ വിറച്ചു്‌ മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോടു്‌: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു്‌ ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്നു്‌ ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു്‌ അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു്‌ മുമ്പെ ഗലീലെക്കു്‌ പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു്‌ പറഞ്ഞിരിക്കുന്നു എന്നു്‌ പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു്‌ അവന്റെ ശിഷ്യന്മാരോടു്‌ അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു്‌ അവന്റെ കാൽ പിടിച്ചു്‌ അവനെ നമസ്കരിച്ചു. യേശു അവരോടു്‌: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു്‌ ഗലീലെക്കു്‌ പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.” (മത്തായി 28: 1 – 10)

2. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി മര്‍ക്കോസിന്റെ സുവിശേഷം പറയുന്നതു്‌:

ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു്‌ അവനെ പൂശേണ്ടതിന്നു്‌ സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു്‌ സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽ നിന്നു്‌ നമുക്കു്‌ വേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു്‌ തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു്‌ ഏറ്റവും വലുതായിരുന്നു. അവർ കല്ലറെക്കകത്തു്‌ കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു്‌ ഭാഗത്തു്‌ ഇരിക്കുന്നതു്‌ കണ്ടു്‌ ഭ്രമിച്ചു. അവൻ അവരോടു്‌: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു്‌ പോകുന്നു എന്നു്‌ പറവിൻ; അവൻ നിങ്ങളോടു്‌ പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു്‌ പറവിൻ എന്നു്‌ പറഞ്ഞു. അവർക്കു്‌ വിറയലും ഭ്രമവും പിടിച്ചു്‌ അവർ കല്ലറ വിട്ടു്‌ ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല. അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു്‌ താൻ ഏഴു്‌ ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു്‌ ആദ്യം പ്രത്യക്ഷനായി. അവൾ ചെന്നു്‌ അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു്‌ അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു്‌ പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു്‌ പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ളവരോടു്‌ അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല. പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു്‌ പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു്‌ വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. (മര്‍ക്കോസ് 16: 1 – 14)

3. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ലൂക്കോസിന്റെ സുവിശേഷം പറയുന്നതു്‌:

അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി — അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു — പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അതു്‌ ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു്‌ പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു്‌ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽ നിന്നു്‌ അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു്‌ കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു്‌ മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു്‌ ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കോസ് 23: 50 – 56)

അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു്‌ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു്‌ കല്ലറെക്കൽ എത്തി, കല്ലറയിൽ നിന്നു്‌ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു്‌ കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ചു്‌ അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു്‌ പുരുഷാന്മാർ അരികെ നില്ക്കുന്നതു്‌ കണ്ടു. ഭയപ്പെട്ടു്‌ മുഖം കുനിച്ചു്‌ നില്ക്കുമ്പോൾ അവർ അവരോടു്‌: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു്‌ എന്തു്‌? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു്‌: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു്‌ ഓർത്തുകൊൾവിൻ എന്നു്‌ പറഞ്ഞു. അവർ അവന്റെ വാക്കു്‌ ഓർത്തു, കല്ലറ വിട്ടു്‌ മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു്‌ ഒക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു്‌ അപ്പൊസ്തലന്മാരോടു്‌ പറഞ്ഞു. ഈ വാക്കു്‌ അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു്‌ കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു്‌ ആശ്ചര്യപ്പെട്ടു്‌ മടങ്ങിപ്പോന്നു. (ലൂക്കോസ് 24: 1 – 12)

4. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി യോഹന്നാന്റെ സുവിശേഷം പറയുന്നതു്‌:

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു്‌ കല്ലറവായ്ക്കൽ നിന്നു്‌ കല്ല് നീങ്ങിയിരിക്കുന്നതു്‌ കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു്‌ പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു്‌ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു്‌ ഞങ്ങൾ അറിയുന്നില്ല എന്നു്‌ അവരോടു്‌ പറഞ്ഞു; അതുകൊണ്ടു്‌ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു്‌ കല്ലറെക്കൽ ചെന്നു. ഇരുവരും ഒന്നിച്ചു്‌ ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി; കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു്‌ കണ്ടു; അകത്തു്‌ കടന്നില്ലതാനും. അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു്‌ കല്ലറയിൽ കടന്നു്‌ ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു്‌ ഒരിടത്തു്‌ ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു്‌ ചെന്നു്‌ കണ്ടു്‌ വിശ്വസിച്ചു. അവൻ മരിച്ചവരിൽ നിന്നു്‌ ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു്‌ അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു്‌ മടങ്ങിപ്പോയി. എന്നാൽ മറിയ കല്ലെറക്കൽ പുറത്തു്‌ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു്‌ വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു്‌ കണ്ടു. അവർ അവളോടു്‌: സ്ത്രീയേ, നീ കരയുന്നതു്‌ എന്തു്‌ എന്നു്‌ ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു്‌ ഞാൻ അറിയുന്നില്ല എന്നു്‌ അവൾ അവരോടു്‌ പറഞ്ഞു. ഇതു പറഞ്ഞിട്ടു്‌ അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു്‌ കണ്ടു; യേശു എന്നു്‌ അറിഞ്ഞില്ല താനും.
യേശു അവളോടു്‌: സ്ത്രീയേ, നീ കരയുന്നതു്‌ എന്തു്‌? ആരെ തിരയുന്നു എന്നു്‌ ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു്‌ നിരൂപിച്ചിട്ടു്‌ അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു്‌ പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു്‌ പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു്‌ കൊണ്ടുപൊയ്ക്കൊള്ളാം എന്നു്‌ അവനോടു്‌ പറഞ്ഞു. യേശു അവളോടു്‌: മറിയയേ, എന്നു്‌ പറഞ്ഞു. അവൾ തിരിഞ്ഞു്‌ എബ്രായഭാഷയിൽ: റബ്ബൂനി എന്നു്‌ പറഞ്ഞു; അതിന്നു്‌ ഗുരു എന്നർത്ഥം. യേശു അവളോടു്‌: എന്നെ തൊടരുതു്‌; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്‌: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു്‌ അവരോടു്‌ പറക എന്നു്‌ പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു്‌ താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു്‌ പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു. (യോഹന്നാന്‍ 20: 1 – 18)

 
1 Comment

Posted by on Apr 19, 2012 in മതം

 

Tags: , , ,

തൂണിലെയും തുരുമ്പിലെയും ദൈവം

ഒരു ഭാരതീയ വിശ്വാസപ്രകാരം തൂണിലും തുരുമ്പിലും (ഈയിടെയായി തലമുടിയിലും!) ദൈവമുണ്ടു്‌. അതുകൊണ്ടാവാം ഒരു കല്ലിന്റെയോ തടിയുടെയോ ആണിയുടെയോ ഒക്കെ മുന്നില്‍ ധ്യാനനിമഗ്നതയുടെ ലക്ഷണങ്ങളായ തൊഴുകയ്യും അടഞ്ഞ കണ്ണുകളുമായി നിശ്ശബ്ദമായോ പിറുപിറുത്തുകൊണ്ടോ ആരെങ്കിലും നില്‍ക്കുന്നതു്‌ കണ്ടാല്‍ ഭാരതീയരില്‍ അതു്‌ അസാധാരണത്വമൊന്നും ഉളവാക്കാറില്ലാത്തതു്‌. ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഇത്തരം നിലപാടുകളും ഉരുള്‍പാടുകളുമൊക്കെ അവനവന്റെ ആരോഗ്യത്തിനും ആസക്തിക്കുമനുസരിച്ചു്‌ സ്വീകരിക്കാനുള്ള “ഭക്തിസ്വാതന്ത്ര്യം” ഇന്‍ഡ്യന്‍ ഭരണഘടന ജനങ്ങള്‍ക്കു്‌ അനുവദിച്ചു്‌ നല്‍കുന്നുമുണ്ടു്‌. (ഭാരതീയനു്‌ ആത്മീയസ്വപ്നങ്ങള്‍ കാണാന്‍ ഭക്തി, ലൗകികസ്വപ്നങ്ങള്‍ കാണാന്‍ സിനിമ – രണ്ടും താരതമ്യേന കുറഞ്ഞ ചിലവില്‍ ആഘോഷിക്കാം, ആസ്വദിക്കാം). ഈ ഭക്തിസ്വാതന്ത്ര്യം പൂര്‍ണ്ണമായും മുതലെടുത്തിരുന്ന ഒരു കൊല്ലപ്പണിക്കാരന്‍ എനിക്കു്‌ ചെറുപ്പത്തില്‍ അയല്‍വാസിയായി ഉണ്ടായിരുന്നു. നേഞ്ചല്‍ നുകം മഴുക്കൈ കോടാലിക്കൈ മുതലായ ഉപകരണങ്ങള്‍ നിര്‍മ്മിക്കലായിരുന്നു അങ്ങേരുടെ ഉപജീവനമാര്‍ഗ്ഗം. ഞങ്ങള്‍ പിള്ളേര്‍ “പണിയ്ക്കന്‍” എന്നു്‌ വിളിച്ചിരുന്ന ആ മനുഷ്യന്റെ “ആരാധനാമൂര്‍ത്തി” ഞങ്ങളുടെ നാട്ടില്‍ “ചാമപ്പൊതിയന്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമാന്യം വലിയ ഒരു കല്ലായിരുന്നു. എവിടെനിന്നോ ഉരുട്ടിക്കൊണ്ടുവന്നു്‌ തന്റെ പത്തുസെന്റിലെ ഒരു മരത്തിന്‍ചുവട്ടില്‍ കുത്തിനിര്‍ത്തിയിരുന്ന ആ  കല്ലിന്റെ മുന്നില്‍ നിന്നുകൊണ്ടു്‌ തേങ്ങ ഉടയ്ക്കല്‍, ആ കല്ലിനു്‌ പലതരം ദ്രാവകങ്ങള്‍ കൊണ്ടു്‌ ധാരകോരല്‍, പലവിധത്തിലുള്ള പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെ നിരത്തിക്കൊണ്ടുള്ള ചില മന്ത്രോച്ചാരണങ്ങള്‍ മുതലായ ചടങ്ങുകള്‍ – നിരുപദ്രവകരമായതിനാലാവാം – പകല്‍ സമയത്തും അങ്ങേര്‍ നടത്താറുണ്ടായിരുന്നതിനാല്‍ അവയെല്ലാം ഇത്തിരി അകലെ നിന്നാണെങ്കിലും ഇടയ്ക്കൊക്കെ നോക്കിക്കാണാന്‍ എനിക്കു്‌ സാധിച്ചിരുന്നു. പക്ഷേ, കോഴിവെട്ടു്‌, വെള്ളം കുടി മുതലായ, രാത്രികാലങ്ങളില്‍ മാത്രം നടത്തപ്പെട്ടിരുന്ന പുത്രകാമേഷ്ടി-, ശത്രുസംഹാരാദിയാഗങ്ങള്‍ “adults only” ആയിരുന്നതിനാല്‍ അവയെപ്പറ്റി ഞങ്ങള്‍ “പൈതങ്ങള്‍ക്കു്‌” കേട്ടറിവേ ഉണ്ടായിരുന്നുള്ളു.

തൊട്ടടുത്തുതന്നെ മറ്റൊരു പത്തുസെന്റില്‍ താമസിച്ചിരുന്ന, ഭക്തിയില്‍ അല്പം പിന്നാക്കമായിരുന്ന, അങ്ങേരുടെ അനുജനു്‌ മൂന്നാമതായി ഒരു ആണ്‍കുഞ്ഞു്‌ പിറക്കുകയും, തന്റെ നാലാമത്തേതും പെണ്‍കുഞ്ഞാവുകയും ചെയ്തതോടെ യാഗാനുഷ്ഠാനങ്ങളുടെ ആവേശത്തിലും ഫ്രീക്വന്‍സിയിലും ശ്രദ്ധാര്‍ഹമായ വര്‍ദ്ധനവുണ്ടായി. “ഒന്നുകില്‍ അവന്റെ ആണ്‍കുരുന്നു്‌ താമസംവിനാ തട്ടിപ്പോകണം, അല്ലെങ്കില്‍ എനിക്കു്‌ ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ത്തന്നെ ഒരു ആണ്‍കുഞ്ഞു്‌ പിറക്കണം” – അതായിരുന്നു ഡിമാന്റ്. എനിക്കു്‌ നന്മ വരുത്തേണ്ടതും എന്റെ ശത്രുവിനു്‌ തിന്മ വരുത്തേണ്ടതും എന്റെ ദൈവത്തിന്റെ ബാദ്ധ്യതയാണു്‌. അല്ലെങ്കില്‍ പിന്നെ എനിക്കു്‌ എന്തിനൊരു ദൈവം? വിശ്വാസകാര്യങ്ങളില്‍ ഈ സ്ട്രാറ്റെജി പിന്‍തുടരാന്‍ ഫൊയര്‍ബാഹിനെ വായിച്ചിട്ടുണ്ടാവണം എന്നു്‌ നിര്‍ബന്ധമൊന്നുമില്ല. കര്‍ശനമായ തന്റെ ഈ ഡിമാന്റ്  ചാമപ്പൊതിയനെക്കൊണ്ടു്‌ അംഗീകരിപ്പിക്കുക എന്നതായിരുന്നു അങ്ങേര്‍ വിധിപ്രകാരം നടത്തിയിരുന്ന  യാഗമാരത്തണുകളുടെ പരമമായ ലക്ഷ്യം. (ഈ വിവരം വീടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നു്‌ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പെണ്ണുങ്ങളില്‍ നിന്നും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഞാന്‍ ചോര്‍ത്തിയതാണു്‌. പുരുഷവര്‍ഗ്ഗം അടുത്തുള്ളപ്പോള്‍ മാത്രമല്ല, അടുത്തില്ലെന്നു്‌ ഉറപ്പുള്ള സന്ദര്‍ഭങ്ങളിലും മ്ലേച്ഛമോ സദാചാരവിരുദ്ധമോ ആയ മൊഴിമുത്തുകളൊന്നും അബദ്ധവശാല്‍ പോലും സ്ത്രീകളുടെ വായില്‍ നിന്നും പുറത്തുവരില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കിയതും അതുപോലുള്ള സന്ദര്‍ഭങ്ങള്‍ വഴിയായിരുന്നു. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെയല്ല, അവര്‍ പൊതുവേ ദൈവവിശ്വാസികളും അതുകൊണ്ടുതന്നെ തങ്കപ്പെട്ട സ്വഭാവത്തിന്റെ ഉടമകളും നല്ലനടപ്പുകാരുമാണെന്ന ബോധോദയം എനിക്കുണ്ടായതു്‌ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നില്ല എന്നു്‌ സാരം.)

ഒരിക്കല്‍ ഒരു പട്ടി ആ കല്ലില്‍ മൂത്രമൊഴിക്കുന്നതു്‌ കാണാനിടയായ ഞാന്‍ ആ വിവരം ആ പണിയ്ക്കനെ അറിയിച്ചതിനുശേഷം ആജന്മശത്രുവായാല്‍ എന്നപോലെയായിരുന്നു അങ്ങേരുടെ എന്നോടുള്ള പെരുമാറ്റം. അതുവഴി ധനനഷ്ടമോ മാനഹാനിയോ ഒന്നും എനിക്കു്‌ സംഭവിച്ചിട്ടില്ല എന്നകാര്യം പ്രതിപക്ഷബഹുമാനത്തിന്റെ പേരില്‍ ഇവിടെ സൂചിപ്പിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണു്‌. ഏതായാലും, പട്ടിമൂത്രാഭിഷേകത്തിന്റെ “ശക്തി” കൊണ്ടാണോ എന്നറിയില്ല, പില്‍ക്കാലത്തു്‌ രണ്ടു്‌ ആണ്മക്കള്‍ അങ്ങേര്‍ക്കു്‌ ജനിക്കുകയുണ്ടായി. പോരെങ്കില്‍, അനുജന്റെ മൂന്നു്‌ ആണ്മക്കളില്‍ ഒന്നു്‌ അസുഖം ബാധിച്ചു്‌ മരിക്കുകയും ചെയ്തു. മരണം സംഭവിച്ച  അന്നുമുതല്‍ കുറെ ദിവസങ്ങളില്‍ നമ്മുടെ “യാഗന്‍” ആനന്ദനൃത്തം ചെയ്യുകയായിരുന്നു! ആ കുഞ്ഞിന്റെ മരണം മുതല്‍ ശവസംസ്കാരം വരെയുള്ള ദിനങ്ങളില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം വിശാലമായ ഒരു “ബ്രൈറ്റ് ബാന്‍ഡ്” ചിരി ആയിരുന്നു ആ തിരുമുഖത്തു്‌ വിരിഞ്ഞുനിന്നിരുന്നതു്‌! ചാമപ്പൊതിയനു്‌ അര്‍പ്പിച്ച ശത്രുസംഹാരയാഗം ഫലിച്ചതിന്റെ പിടിച്ചാല്‍ കിട്ടാത്ത സന്തോഷം! അതാണു്‌ ഒറിജിനല്‍ വിശ്വാസി!

അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും, ദൈവവിശ്വാസികളുടെയിടയില്‍ ഇത്തരം വികൃതജന്മങ്ങളുടെ എണ്ണം വിരളമല്ല. ജീവിതകാലം മുഴുവന്‍ ഈശ്വരനെത്തേടി മടുത്ത ഞാന്‍ എന്റെ മലയാളം ബ്ലോഗിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രം പറഞ്ഞാല്‍, അതു്‌ തങ്ങള്‍ക്കു്‌ തീറെഴുതിക്കിട്ടിയ അവകാശമായാലെന്നപോലെ, ഏറ്റവും കൂടുതല്‍ ഭീഷണിയുടെയും നീചത്വത്തിന്റെയും ഭാഷ ഉപയോഗിക്കുന്നവരും, സ്വന്തം വിശ്വാസം ന്യായീകരിക്കുന്നതിനുവേണ്ടി പച്ചനുണ അടക്കമുള്ള ഏതു്‌ വളഞ്ഞ വഴികളും സ്വീകരിക്കുന്നവരും, പറയുന്ന കാര്യത്തെപ്പറ്റി ഏറ്റവും കുറഞ്ഞ പരിജ്ഞാനമുള്ളവരും വിശ്വാസികളാണു്‌. ഏറ്റവും കൂടുതല്‍ വ്യാജ ID-കൾ ഏറ്റവും എക്സ്ട്രീം ആയ നാമങ്ങള്‍ ഉപയോഗിച്ചു്‌ നിര്‍മ്മിക്കുന്ന കാര്യത്തില്‍ വിശ്വാസികളെ തോല്പിക്കാനാവില്ല. ദൈവനാമത്തിലാണെങ്കില്‍ ഏതു്‌ കള്ളത്തരവും ന്യായീകരിക്കാം എന്നു്‌ കരുതുന്നപോലെയാണു്‌ വിശ്വാസികളുടെ ഓരോ പെരുമാറ്റവും. മതപരമായ സൈറ്റുകളില്‍ ആകാശത്തിലെ “കട്ടപ്പൊഹ” ബിഗ്-ബാങ് ആകുന്നതു്‌ അങ്ങനെയാണു്‌. വിശ്വാസികളുടെ ഉള്ളിലെ അസഹിഷ്ണുതയുടെ തീക്ഷ്ണത പുറത്തുകൊണ്ടുവരാന്‍ അവര്‍ ഉപയോഗിക്കുന്ന അതേ ഭാഷയില്‍ മറുപടി കൊടുത്താല്‍ മതി. ഒരു വിശ്വാസി യാതൊരു സങ്കോചവുമില്ലാതെ ചെയ്യുന്ന കാര്യങ്ങളാണു്‌ അവന്‍ മറ്റുള്ളവരുടെ കുറ്റങ്ങളായി ആരോപിക്കുന്നതെന്നു്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

“നിനക്കൊന്നും എന്റെ ദൈവത്തെയും വിശ്വാസത്തെയും പറ്റി ഒരു ചുക്കുമറിയില്ല, നിന്റെയൊന്നും പഠിപ്പു്‌ തികഞ്ഞിട്ടില്ല, നീ പറയുന്ന കാര്യങ്ങള്‍ എന്റെ ഗ്രന്ഥത്തില്‍ എങ്ങും പറഞ്ഞിട്ടില്ല (ഈ “ഞാന്‍” അതു്‌ പണ്ടേ അരച്ചുകലക്കി കുടിച്ചവനാണല്ലോ!), കോടിക്കണക്കിനു്‌ ആളുകള്‍ വിശ്വസിക്കുന്ന മതവും ദൈവവുമാണു്‌ എന്റേതു്‌, നീയൊന്നും വിചാരിച്ചാല്‍ എന്റെ മതത്തിനെതിരെ ഒന്നും ചെയ്യാനാവില്ല, …..” ഇങ്ങനെ പോകും വിശ്വാസിയുടെ സ്റ്റീരിയോടൈപ്പ് വാദങ്ങള്‍! ഏല്‍ക്കും, അല്ലെങ്കില്‍ ചിലവാവും എന്നു്‌ തോന്നിയാല്‍ പിന്നെ എന്തു്‌ എന്നില്ല, എന്തും ചെയ്യുന്നവനും പറയുന്നവനുമാണു്‌ വിശ്വാസി.

‘ഓം മണിപദ്മേ ഹൂം’ എന്ന എന്റെ ഒരു പഴയ പോസ്റ്റില്‍ ഇന്നലെ വ്യാജ ID-യില്‍ വന്നതും ഞാന്‍ ചവറ്റുകുട്ടയില്‍ ഇട്ടതുമായ ഒരു കമന്റ്: “Blasphemy of the sacred mantra cannot be tolerated .half baked thoughts of a very few people cannot make any impact on the people who strive for enlightenment.” ഈ രീതിയിലുള്ള കമന്റുകളല്ലാതെ വസ്തുതാപരമായി ഒരക്ഷരം വിശ്വാസിയുടേതായി വായിക്കാന്‍ ഇതുവരെ എനിക്കു്‌ കഴിഞ്ഞിട്ടില്ല.

Half baked and obsolete thoughts of the founder of a religion can make deep supernatural impact on full baked potatoes like him. But he is not courageous enough to show his real identity even after his much lauded enlightenment.

വിശ്വാസിയുടെ വിശുദ്ധഭാഷയ്ക്കും വ്യാജ ID-ക്കും ഉദാഹരണങ്ങള്‍ ബ്ലോഗുലകത്തില്‍ത്തന്നെ ധാരാളമുണ്ടു്‌. സേമ്പിള്‍ ആയി ഇന്നു്‌ ഗൂഗിള്‍ പ്ലസില്‍ കണ്ട രണ്ടു്‌ അക്കഡെമികല്‍ കമന്റുകള്‍:

“Johny Walker  –  പുറത്ത് മാർക്കിസ്റ്റും മനസ്സിൽ കാവിയും കൊണ്ടു നടക്കുന്ന പൊലയാടി മോനേ ഇസ്ലാമിനെ തെറിവിളിക്കാൻ കിട്ടുന്ന ഒരു ചാൻസും കളയരുത് പന്നീ”

“Johny Walker  –  ഇത് ഫേക്കാണെന്ന് ആ നായിന്റെ മോൻ അറിയാഞ്ഞിട്ടില്ല കിട്ടിയ ചാൻസ് ഉപയോഗപ്പെടുത്തുകയാണു ഈ മാർക്കിസ്റ്റ് താലിബാനി”

വിശ്വാസസംരക്ഷണത്തിനായി കൈക്കൊണ്ട വ്യാജ ID-ക്കു്‌ സ്കോച്ച് വിസ്ക്കിയും നസ്രാണിയുമായ Johny Walker-നെത്തന്നെ തിരഞ്ഞെടുത്ത ആ ഭക്തന്റെ ദൈവദത്തമായ ബുദ്ധിവൈഭവത്തെ ബഹുമാനിക്കണം, ശുദ്ധമായ ആ മനസ്സിനെ ആദരിക്കണം!

മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ എത്തുന്നവരാണു്‌ നിങ്ങളെങ്കില്‍ ഇതുപോലുള്ള ജോണി വാക്കറുകളുമായിട്ടാവും നിങ്ങള്‍ സ്വര്‍ഗ്ഗീയ തീന്മേശ പങ്കിടുന്നതു്‌. ആശംസകള്‍!

അന്ധമായ ഏതു്‌ വിശ്വാസത്തിനും മനുഷ്യനെ മൃഗമാക്കി മാറ്റാന്‍ കഴിയും. അതിന്റെ തെളിവുകളാണു്‌ ലോകചരിത്രം നിറയെ. കത്തോലിക്കര്‍-പ്രോട്ടസ്റ്റന്റുകാര്‍, സുന്നി-ഷിയ, ബാവാക്കക്ഷി- മെത്രാന്‍കക്ഷി … എല്ലാം സ്നേഹവും സമാധാനവും പതാകകളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു എന്നു്‌ അവകാശപ്പെടുന്ന മതങ്ങളും! ഫ്രാന്‍സിലെ ടുളൂസില്‍ ഇന്നലെ ഒരു ഭ്രാന്തന്‍ ഒരു യൂദസ്കൂളിലെ  ഒരു മതാദ്ധ്യാപകനേയും മൂന്നു്‌ കുട്ടികളെയും കൊലപ്പെടുത്തി. വര്‍ഗ്ഗീയതയാണു്‌ മോട്ടീവ് എന്നു്‌ പറയപ്പെടുന്നു. ഇയാള്‍ മാര്‍ച്ച് 11-നും 15-നും ആ ഭാഗത്തുതന്നെ നടത്തിയ രണ്ടു്‌ ആക്രമണങ്ങള്‍ വഴി മൂന്നു്‌ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അവരില്‍ മൂന്നുപേര്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരായിരുന്നത്രെ. കൊലപാതകിക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണു്‌. പാരീസില്‍ ആയിരക്കണക്കിനു്‌ ജനങ്ങള്‍ മൗനജാഥയായി പ്രതിഷേധം രേഖപ്പെടുത്തി. ആ പ്രദേശത്തു്‌ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ തിരഞ്ഞെടുപ്പു്‌ പ്രചരണങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ക്രിമിനലുകളില്‍ നിന്നും മാനസികരോഗികളില്‍ നിന്നും ഒരു രാഷ്ട്രം ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു്‌ അങ്ങനെയൊക്കെയാണു്‌. ഭാരതത്തിലാണെങ്കില്‍ ക്രിമിനലുകളെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു്‌ മന്ത്രിമാര്‍ വരെയാക്കുന്നതാണു്‌ കീഴ്വഴക്കം. ഏതു്‌ ക്രിമിനലിനും ഓശാനപാടുന്ന കുറെ അനുയായികള്‍ ഉണ്ടായാലത്തെ ഗുണമാണതു്‌. മാഫിയകള്‍ വാഴുന്ന ഭാരതീയ ജനാധിപത്യം!

സ്വന്തമൂത്രം കുടിച്ചിരുന്ന ഒരു പ്രധാനമന്ത്രി വരെ ഉണ്ടായിരുന്ന നാടാണു്‌ ഭാരതം! മിക്കവാറും എല്ലാവരും വിശ്വാസികളായ ഒരു നാട്ടില്‍ അങ്ങേര്‍ ഒരു വിശ്വാസി ആയിരുന്നോ എന്നു്‌ പ്രത്യേകം ചോദിക്കേണ്ട ആവശ്യമില്ല. ജ്യോതിഷശാസ്ത്രത്തിനും ഹസ്തരേഖാശാസ്ത്രത്തിനുമൊക്കെ ഉള്ളതുപോലെതന്നെ മനുഷ്യാത്മാവിന്റെ അഗാധതകളിലേക്കു്‌ ഇറങ്ങിച്ചെന്നു്‌ മഹാരഹസ്യങ്ങള്‍ വെളിപ്പെടുത്താനും മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരുതരം ദിവ്യശക്തി സ്വന്തം മൂത്രത്തിനു്‌ ഉള്ളതുകൊണ്ടാണു്‌ അദ്ദേഹം പ്രധാനമന്ത്രി ആയതു്‌ എന്നുവരെ ഗഹനമായ ചര്‍ച്ചകളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നര്‍ക്കുപോലും ഭാരതത്തില്‍ പഞ്ഞമൊന്നുമുണ്ടാവാന്‍ വഴിയില്ല. ഭാരതമാതാവിനു്‌ എന്തുകൊണ്ടും അഭിമാനിക്കാന്‍ വകയുള്ള മക്കളാണവര്‍.  എന്തായാലും സ്വന്തം മലം മൂത്രം വാതം പിത്തം കഫം മുതലായവ അവനവനുതന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതു്‌ ഭാരതത്തിലെ പരിസ്ഥിതിമലിനീകരണത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഒരു ആശയമാണെന്നു്‌ പറയാതെ വയ്യ. ഏതെങ്കിലും പുരാണത്തില്‍ അതുസംബന്ധമായ വിശദാംശങ്ങള്‍ ഉണ്ടാവേണ്ടതാണു്‌. പുഷ്പകവിമാനത്തിന്റെ മെക്കാനിക്കല്‍ ഡ്രോയിംഗുകള്‍ക്കോ, ആറ്റം ബോംബിന്റെ ബ്ലൂപ്രിന്റുകള്‍ക്കോ മറ്റോ ഇടയില്‍ എക്സ്ക്രിമെന്റ് റീസൈക്ലിംഗിനെ സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ വിവരിക്കുന്ന ശ്ലോകങ്ങള്‍ കാണാതിരിക്കില്ല. കണ്ടുകിട്ടുന്ന തല്പരകക്ഷികളില്‍ ആരെങ്കിലും അതിനെപ്പറ്റി ബ്ലോഗെഴുതുമായിരിക്കും.

അചേതനവസ്തുക്കളെ ആരാധിക്കുന്നതിനെപ്പറ്റിയായിരുന്നല്ലോ നമ്മള്‍ പറഞ്ഞുവന്നതു്‌ – തൂണിലും തുരുമ്പിലും വാഴുന്ന ദൈവത്തെപ്പറ്റി. എങ്ങനെയാണു്‌ പ്രപഞ്ചത്തില്‍ ദൈവം ഉണ്ടായതു്‌? എങ്ങനെയാണു്‌ പ്രപഞ്ചത്തില്‍ ദ്രവ്യം ഉണ്ടായതു്‌? ചുമ്മാ വെറുതെ ഉണ്ടായ ദൈവം കുരുവി കൂടുകൂട്ടുന്നതുപോലെ തൂണും തുരുമ്പും അടക്കമുള്ള ദ്രവ്യങ്ങളെ സൃഷ്ടിച്ചിട്ടു്‌ അതിനുള്ളില്‍ കയറി താമസം ഉറപ്പിക്കുകയായിരുന്നോ?

സങ്കല്പാതീതമായവിധം സാന്ദ്രീകരിച്ചിരുന്ന ഒരു ഊര്‍ജ്ജാവസ്ഥയില്‍ നിന്നും വിവിധഘട്ടങ്ങളിലൂടെയുള്ള വികാസത്തിലൂടെയും പരിണാമത്തിലൂടെയും രൂപമെടുത്തതാണു്‌ പ്രപഞ്ചം എന്ന ശാസ്ത്രീയ നിഗമനപ്രകാരം ആ ഊര്‍ജ്ജത്തില്‍ നിന്നും കാലാന്തരത്തില്‍ രൂപമെടുത്തതാവണം പ്രപഞ്ചത്തില്‍ ഇന്നുള്ള മുഴുവന്‍ ദ്രവ്യവും. ഒന്നിന്റെ പരസ്പരം രൂപാന്തരം സംഭവിക്കാവുന്ന രണ്ടു്‌ വകഭേദങ്ങള്‍ എന്ന നിലയില്‍ ഊര്‍ജ്ജവും ദ്രവ്യവും തത്വത്തില്‍ ഒന്നുതന്നെയാണുതാനും. അതിനാല്‍, ഭൂമിയിലെ കല്ലും മരവും ജീവജാലങ്ങളുമെല്ലാം ആദിപ്രപഞ്ചത്തിലെ ഊര്‍ജ്ജത്തില്‍ നിന്നും വരുന്ന ദ്രവ്യത്തിന്റെ ഒരു ചെറിയ ഭാഗമാണെന്നു്‌ പറഞ്ഞാല്‍ അതു്‌ പരോക്ഷമായെങ്കിലും ശരിയാവണം. അതേ ദ്രവ്യത്തിന്റെ ഒരംശമേ തൂണിലായാലും തുരുമ്പിലായാലും ഉണ്ടാവാന്‍ കഴിയൂ. അവിടേയ്ക്കു്‌ എങ്ങനെ ദൈവം കടന്നുവന്നു? ആദിസ്ഫോടനത്തിനു്‌ (അതിനു്‌ ഭൂമിയില്‍ സംഭവിക്കുന്ന തരം “സ്ഫോടനവുമായി” പുലബന്ധം പോലുമില്ലെങ്കിലും!) ശേഷം കോടാനുകോടി വര്‍ഷങ്ങളിലൂടെ സംഭവിച്ച നക്ഷത്രങ്ങളുടെ രൂപമെടുക്കലും സ്യൂപ്പര്‍നോവകളുമെല്ലാം കഴിഞ്ഞാണു്‌  സൗരയൂഥത്തിന്റെയും ഭൂമിയുടെയുമൊക്കെ ഉത്ഭവം. അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു്‌ ശേഷമാണു്‌ ഭൂമിയില്‍ ഏകകോശജീവികളായി ജീവന്‍ തുടക്കം കുറിച്ചതു്‌.

ആ കാലയളവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ “ഇന്നലെ” എന്നപോലെയാണു്‌ മനുഷ്യന്‍ എന്ന പ്രാകൃതജീവിയുടെ ജന്മമെടുക്കല്‍. ആ ജീവിയുടെ വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മനുഷ്യജീവിതത്തിനു്‌ അനുകൂലവും പ്രതികൂലവുമായവയെന്നു്‌ ലോകത്തിലെ ചില പ്രതിഭാസങ്ങളെ തിരിച്ചറിയാനുള്ള ശേഷി അവനു്‌ കൈവന്നു. ശിലായുഗത്തിലെ മനുഷ്യവര്‍ഗ്ഗത്തിനു്‌ ഉണ്ടായിരുന്ന ശേഷികള്‍ അതിനും മുന്നേ ജീവിച്ചിരുന്ന പ്രാകൃത മനുഷ്യര്‍ക്കു്‌ ഇല്ലായിരുന്നതുകൊണ്ടാണല്ലോ അതുപോലൊരു വേര്‍തിരിവു്‌ ആവശ്യമായതുതന്നെ. അങ്ങനെ ലോകത്തില്‍ വീക്ഷിച്ചതും, ഒരു വിശദീകരണം നല്‍കാന്‍ അവന്‍ അപ്രാപ്തനായിരുന്നതുമായ പ്രതിഭാസങ്ങളെ ഭൂമിയിലേക്കു്‌ “ദൈവങ്ങള്‍” ആയി ആനയിച്ചതു്‌ മനുഷ്യരാണു്‌. അവയായിരുന്നു ദൈവങ്ങളുടെ ആദിമരൂപങ്ങള്‍. മനുഷ്യര്‍ വീണ്ടും വളര്‍ന്നപ്പോള്‍ അവരുടെ ദൈവങ്ങള്‍ക്കും രൂപഭേദം സംഭവിച്ചു. ഒരു സമൂഹത്തിലെ ദൈവങ്ങള്‍ ആ സമൂഹത്തിന്റെ മാനസികവളര്‍ച്ചയുടെ പ്രതിബിംബങ്ങളാണു്‌. ചില മനുഷ്യരെ ശാരീരികമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലും, മാനസികമായി മിനിമം ഇരുപത്തൊന്നു്‌ നൂറ്റാണ്ടുകള്‍ക്കെങ്കിലും പുറകിലും പിടിച്ചുനിര്‍ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതു്‌ ആ കാലഘട്ടത്തില്‍ ജീവിച്ചുകൊണ്ടു്‌ കിനാവള്ളിപോലെ മനുഷ്യരെ ഇന്നും അള്ളിപ്പിടിച്ചു്‌ വരിഞ്ഞുമുറുക്കുന്ന ദൈവങ്ങളാണു്‌.

മനുഷ്യബുദ്ധിയുടെ അന്വേഷണം വഴിമുട്ടുന്നു എന്നു്‌ തോന്നുന്ന ഏതു്‌ സന്ദര്‍ഭത്തിലും ആ വിടവില്‍ തിരുകാവുന്ന ഒരു ഒന്നാംതരം ആപ്പാണു്‌ ദൈവം. അങ്ങനെയാണു്‌ ഓരോരോ കാലഘട്ടങ്ങളില്‍ ദൈവം തൂണിലും തുരുമ്പിലുമൊക്കെ കുടിപാര്‍പ്പിക്കപ്പെട്ടതും, അവിടെയുമിവിടെയുമൊക്കെ പ്രത്യക്ഷപ്പെട്ടു്‌ ചില മനുഷ്യര്‍ക്കു്‌ “ഉത്തരങ്ങള്‍” നല്‍കിക്കൊണ്ടിരുന്നതും. പക്ഷേ ആധുനികശാസ്ത്രം തൂണിനെയും തുരുമ്പിനെയും മാനസികവിഭ്രാന്തിയെയുമെല്ലാം ഇഴകീറി പരിശോധിച്ചു്‌ മനസ്സിലാക്കാന്‍ തുടങ്ങിയതോടെ ദൈവത്തിന്റെ കിടപ്പിടക്ഷാമവും ആരംഭിച്ചു. കൃത്യമായി പറഞ്ഞാല്‍ ദൈവത്തിന്റെ കിടപ്പിടക്ഷാമമല്ല, ദൈവത്തെ എവിടെയെങ്കിലും കുടിയിരുത്താന്‍ ബാദ്ധ്യസ്ഥരെന്നു്‌ കരുതുന്നവരുടെ കഷ്ടകാലമാണു്‌ അതുവഴി ആരംഭിച്ചതു്‌.

പ്രപഞ്ചായുസ്സിന്റെ മിക്കവാറും മുഴുവന്‍ ഭാഗവും പ്രപഞ്ചത്തിലെങ്ങും ഇല്ലാതിരുന്ന, ഉണ്ടാവേണ്ട ആവശ്യവുമില്ലാതിരുന്ന ഒരു ദൈവമോ കുറെ ദൈവങ്ങളോ എങ്ങനെ തൂണിലും തുരുമ്പിലും കയറിപ്പറ്റി എന്നതാണു്‌ നമ്മള്‍ ചോദിക്കേണ്ട ചോദ്യം. അതിനു്‌ ഒരു മറുപടിയേയുള്ളു: അതുവരെ ഇല്ലാതിരുന്ന ദൈവത്തെ, ഉള്ളവന്‍ എന്ന വ്യാജേന മനുഷ്യന്‍ അവനു്‌ വേണ്ടിടത്തൊക്കെ തിരുകിക്കയറ്റി. ഇല്ലാത്ത ദൈവത്തെ ഉണ്ടെന്നു്‌ വരുത്തി ചിലര്‍ ഉപജീവനത്തിനുവേണ്ടി വിലപേശി. ദൈവത്തെ അവര്‍ പടിപടിയായി തൂണില്‍ നിന്നും തുരുമ്പില്‍ നിന്നും സകല പ്രപഞ്ചത്തിലേക്കും അതിനും വെളിയിലേക്കുമൊക്കെ വ്യാപിപ്പിച്ചു. പുരയ്ക്കു്‌ മുകളില്‍ വെള്ളം വന്നാല്‍ അതിനും മുകളില്‍ തോണി! എട്ടുകാലി മമ്മൂഞ്ഞിന്റെ പ്രൊമോഷന്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയുമായി അഭേദ്യമായവിധം ലിങ്ക്ഡ് ആണു്‌.

വസ്തുക്കളിലെല്ലാമുള്ള ദ്രവ്യത്തെ ഈശ്വരന്‍ എന്നു്‌ വിവക്ഷിക്കാന്‍ കഴിയുമോ? തൂണിലും തുരുമ്പിലും ഉള്ളതു്‌ ഈശ്വരനാണെങ്കില്‍ ഓരോ മനുഷ്യന്റെയും ഓരോ തരിയിലും ഉള്ളതും “ഈശ്വരന്‍” തന്നെ ആയിരിക്കണ്ടേ? ഒരു പാറമടയില്‍ പൊട്ടിച്ചിട്ടിരിക്കുന്ന ഒരു കല്ലിന്റെ മുന്നില്‍ ധ്യാനനിമഗ്നനായി നിന്നുകൊണ്ടു്‌ തന്റെ സന്തോഷങ്ങളോ സന്താപങ്ങളോ ആവശ്യങ്ങളോ ആഗ്രഹങ്ങളോ ആ കല്ലുമായി പങ്കിടുന്ന ഒരു മനുഷ്യനെ സങ്കല്പിച്ചുനോക്കൂ. മനുഷ്യനിലെ ഈശ്വരന്‍ കല്ലിലെ ഈശ്വരനുമായി ചില പരിവേദനങ്ങള്‍ പങ്കുവയ്ക്കുന്നു എന്നതല്ലാതെ മറ്റെന്താണു്‌ അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്‌? കല്ലിലെ ഈശ്വരനു്‌ മുന്നില്‍ തന്നിലെ ഈശ്വരനെക്കൊണ്ടു്‌ മുട്ടുകുത്തിക്കുന്ന മനുഷ്യന്‍! എന്തിലും ഏതിലും ഈശ്വരന്‍ ഉണ്ടു്‌ എന്ന വിശ്വാസം ശരിയാണെങ്കില്‍ “ഈശ്വരന്‍ ഈശ്വരനോടു്‌ പ്രാര്‍ത്ഥിക്കുന്നു” എന്നല്ലാതെ മറ്റൊരു വിശദീകരണം മനുഷ്യന്റെ ഈ പ്രവൃത്തിക്കു്‌ നല്‍കാനാവുമോ? ഒരു അചേതനവസ്തുവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതു്‌ ഒറ്റയ്ക്കിരുന്നു്‌ തന്നോടുതന്നെ സംസാരിക്കുന്നതിനേക്കാള്‍ കുറഞ്ഞ ഭ്രാന്താവുമോ?

സാമാന്യമായ അര്‍ത്ഥത്തിലെ വിഗ്രഹാരാധന ഇതിനെയും കടത്തിവെട്ടുന്നതാണു്‌. അവിടെ മനുഷ്യന്‍ അവന്റെ കൈവേല വഴി ദൈവത്തിനു്‌ കല്ലിലോ തടിയിലോ ലോഹത്തിലോ നിശ്ചിത രൂപങ്ങള്‍ കൊത്തിയുണ്ടാക്കുകയും വാര്‍ത്തെടുക്കുകയുമൊക്കെയാണല്ലോ ചെയ്യുന്നതു്‌. മനുഷ്യന്റെ ഭാവനയില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണു്‌ ആ രൂപങ്ങള്‍ വരുന്നതു്‌? ദൈവം മനുഷ്യനെയല്ല, മനുഷ്യന്‍ ദൈവങ്ങളെയാണു്‌ സൃഷ്ടിക്കുന്നതു്‌ എന്നതിന്റെ “മൂര്‍ത്തമായ” തെളിവല്ലാതെ മറ്റെന്താണതു്‌? ചില ഹൈന്ദവതാര്‍ക്കികര്‍ അടിച്ചുവിടുന്നതു്‌ കേട്ടിട്ടുണ്ടു്‌: “ഈശ്വരന് രൂപമില്ല ഗുണമില്ല ഭയമില്ല വികാരമില്ല ബുദ്ധിയില്ല സംഗമില്ല ആദ്യന്തമില്ല ചലനമില്ല പ്രവൃത്തിയില്ല.” ഇതൊന്നുമില്ലെങ്കില്‍ പിന്നെ എന്തു്‌ കോപ്പാണു്‌ തന്റെ ഈശ്വരന്‍ എന്നേ അത്തരക്കാരോടു്‌ ചോദിക്കാനുള്ളു. അതുപോലൊരു ഈശ്വരനു്‌ മനുഷ്യലോകവുമായി എന്തു്‌ ബന്ധം? ഇപ്പറഞ്ഞതൊന്നുമില്ലാത്ത ഒരു ദൈവത്തിനു്‌ നിലനില്പുമില്ല എന്ന ഒരേയൊരു നിഗമനത്തില്‍ മാത്രമേ ലോജിക്കലായി ചിന്തിക്കാന്‍ ശേഷിയുള്ള  ഏതൊരു മനുഷ്യനും എത്തിച്ചേരാനാവൂ. ഒന്നുമില്ലെങ്കിലും എല്ലാമുള്ള എന്തോ ഒന്നു്‌ എന്നു്‌ പറയുന്നതിനു്‌ തുല്യമാണു്‌ ഈ ദൈവവിശേഷണങ്ങള്‍. ദൈവത്തിനു്‌ അതുമില്ല, ഇതുമില്ല, മറ്റേതുമില്ല, നീ പറയുന്നതൊന്നുമില്ല, എന്നാലും എന്റെ ദൈവമുണ്ടു്‌! (നിന്റെ ദൈവമില്ല താനും!) അതാണു്‌ വിശ്വാസിയുടെ യുക്തി! ശിവകാശിയില്‍ നിന്നും ദൈവത്തിന്റെ പടങ്ങള്‍ പടച്ചുവിടുന്ന കൈത്തൊഴിലുകാരും, ഭിത്തിയിലെ ആണികളില്‍ തൂങ്ങുന്ന അത്തരം ഫോട്ടോകള്‍ക്കു്‌ പൂമാല ചാര്‍ത്തി ചന്ദനത്തിരി കത്തിക്കുന്ന ദൈവഭക്തന്മാരും അതൊക്കെ ചെയ്യുന്നതു്‌  “ഈശ്വരന് രൂപമില്ല ഗുണമില്ല ഭയമില്ല വികാരമില്ല ബുദ്ധിയില്ല സംഗമില്ല ആദ്യന്തമില്ല ചലനമില്ല പ്രവൃത്തിയില്ല” എന്നൊക്കെ ചിന്തിച്ചുകൊണ്ടായിരിക്കും! “നീ എന്തുപറഞ്ഞിട്ടും കാര്യമില്ല, എനിക്കെന്റെ സിഗററ്റ് ഇല്ലാതെ, എന്റെ മദ്യമില്ലാതെ ജീവിക്കാനാവില്ല” എന്നു്‌ പറയുന്ന ആഡിക്റ്റുകളെപ്പോലും ലജ്ജിപ്പിക്കുന്നവിധം സ്വന്തം ആത്മബോധത്തെ ഭക്ത്യാസക്തിക്കു്‌ നിരുപാധികം അടിയറവച്ച ദൈവവിശ്വാസികള്‍ക്കേ “യാതൊരു നിറമോ മണമോ മറ്റേതെങ്കിലും വിധത്തിലുള്ള ഒരു ഗുണമോ ഇല്ലെങ്കിലും എനിക്കെന്റെ ദൈവമില്ലാതെ ജീവിക്കാനാവില്ല” എന്നു്‌ പ്രഖ്യാപിക്കാനും അതു്‌ യുക്തിപൂര്‍വ്വം ആണെന്നു്‌ സ്ഥാപിക്കാന്‍ വേണ്ടി കഷ്ടപ്പെടാനും കഴിയൂ.

 
12 Comments

Posted by on Mar 20, 2012 in മതം

 

Tags: , ,

ദൈവനാമത്തില്‍ അരങ്ങേറുന്ന പൈശാചികത്വം

വിശ്വാസികള്‍ സ്നേഹമയനും നീതിമാനുമായ അവരുടെ ദൈവത്തെ പുകഴ്ത്താനായി അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും പലതും ക്വോട്ട് ചെയ്യാറുണ്ടു്‌. അവയില്‍ തന്നെയുള്ള മറ്റു്‌ ചില ഇരുണ്ട ചിത്രങ്ങള്‍ മറഞ്ഞുതന്നെ ഇരിക്കുന്നതാണു്‌ അവര്‍ക്കു്‌ കൂടുതല്‍ ഇഷ്ടം. അതുപോലുള്ള എത്രയോ ഉദാഹരണങ്ങളില്‍ ഒന്നു്‌ – ബൈബിളില്‍ നിന്നും:

>>>അനന്തരം യഹോവ മോശെയോടു്‌ അരുളിച്ചെയ്തതു്‌: “യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി മിദ്യാന്യരോടു്‌ പ്രതികാരം നടത്തുക; അതിനുശേഷം നീ നിന്റെ ജനത്തോടു്‌ ചേരും. … … യഹോവ മോശെയോടു്‌ കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു്‌ യുദ്ധം ചെയ്തു്‌ ആണുങ്ങളെ ഒക്കെയും കൊന്നു. നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു്‌ രാജാക്കന്മാരെയും കൊന്നു. … … യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി. അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവര്‍ പാര്‍ത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു്‌ ചുട്ടുകളഞ്ഞു. … …

മൊശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു്‌ പുറത്തു്‌ അവരെ എതിരേറ്റുചെന്നു. … … എന്നാല്‍ മോശെ സൈന്യനായകന്മാരോടു്‌ കോപിച്ചു്‌ പറഞ്ഞതെന്തെന്നാല്‍: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. … … ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍. പുരുഷനോടുകൂടി ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊള്‍വിന്‍ – സംഖ്യാപുസ്തകം 31.: 1, 18.

(കന്യകമാരോടു്‌ മോശെ കരുണയുള്ളവനാണു്‌. അതിനാല്‍ മൊശെയുടെ നിലപാടേ യഹോവക്കും എടുക്കാനാവൂ! ഭരണാധികാരവും പൗരോഹിത്യവും ഇണ ചേര്‍ന്നപ്പോഴൊക്കെ ജന്മമെടുത്തതു്‌ സമാനതകളില്ലാത്ത ഭീകരരൂപങ്ങളായിരുന്നു.)

ആരായിരുന്നു ഈ മിദ്യാന്യര്‍?

ഒരു മിസ്രയീമ്യനെ (ഈജിപ്ഷ്യന്‍) അടിച്ചുകൊന്നു്‌ മണലില്‍ മറവുചെയ്ത മോശെ നാല്പതുവര്‍ഷം ഒളിച്ചുപാര്‍ത്ത ദേശമാണു്‌ മിദ്യാന്‍. ഒരു മിദ്യാന്യപുരോഹിതന്‍ തന്റെ മകളായ സിപ്പോറയെ മോശെക്കു്‌ ഭാര്യയായി കൊടുക്കുക പോലും ചെയ്തു – പുറപ്പാടു്‌ 2: 11 – 22. അവിടെ വച്ചാണു്‌ സാക്ഷാല്‍ യഹോവ “എരിഞ്ഞുപോകാത്ത മുള്‍മരത്തിന്റെ” രൂപത്തില്‍ മോശെക്കു്‌ പ്രത്യക്ഷപ്പെട്ടതും – പുറപ്പാടു്‌ 3: 1 – 6.

ഈ മിദ്യാന്യര്‍ അബ്രഹാമിനു്‌ അവന്റെ മറ്റൊരു ഭാര്യയായിരുന്ന കെതൂറായില്‍ ജനിച്ച ആറു്‌ ആണ്മക്കളില്‍ ഒരുവനായിരുന്ന മിദ്യാന്റെ വംശമാണെന്നും ബൈബിള്‍ പറയുന്നു – ഉല്പത്തി 25: 1,2.  അതായതു്‌, മിദ്യാന്യനായ ഒരു പ്രവാചകനു്‌ വേണമെങ്കില്‍ അബ്രഹാമിന്റെ മക്കളുടെ (യിസഹാക്ക്, യിശ്മായേല്‍) വംശത്തിന്റെ മതങ്ങളായ യിസ്രായേല്‍, ഇസ്ലാം എന്നിവയോടൊപ്പം മൂന്നാമതൊരു മതം “മിദ്യാനിസം” എന്ന പേരില്‍ സ്ഥാപിക്കുന്നതിനു്‌ പിന്‍തുടര്‍ച്ചാവകാശപ്രകാരം തടസ്സമൊന്നും ഉണ്ടായിരുന്നില്ല. മിദ്യാന്യരോടു്‌ യഹോവ (അല്ലാഹു) പെരുമാറിയ രീതിയെ ന്യായീകരിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലും കാണാനാവും. ഖുര്‍ആന്‍ പ്രകാരം അതൊന്നും അല്ലാഹു അവരോടു്‌ കാണിച്ച അക്രമമല്ല, അവര്‍ അവരോടുതന്നെ ചെയ്ത അക്രമമാണു്‌! (9: 70) മനുഷ്യരക്തം മണക്കുന്ന ഇത്തരം ഗ്രന്ഥങ്ങളും കക്ഷത്തില്‍ വച്ചുകൊണ്ടാണു്‌ സമാധാനത്തിന്റെ മാടപ്രാവുകളായ വിശ്വാസികള്‍ ദൈവത്തെ ന്യായീകരിക്കാനും ശാസ്ത്രത്തെ തെറി പറയാനുമായി ലോകമാസകലം പരക്കം പായുന്നതു്‌.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ പിന്‍തലമുറക്കാരായിരുന്ന, അഭയാര്‍ത്ഥി ആയിരുന്ന സമയത്തു്‌ മോശെക്കു്‌ അഭയം നല്‍കിയ, ഒരു ഭാര്യയെ സമ്മാനിച്ചു്‌ ബഹുമാനിച്ച, തനിക്കു്‌ പ്രത്യക്ഷപ്പെടാനായി യഹോവ തിരഞ്ഞെടുത്ത ഒരു നാട്ടിലെ ജനതയായിരുന്ന മിദ്യാന്യരോടു്‌ പെരുമാറേണ്ടതെങ്ങനെ എന്നു്‌ മാതൃകാപരമായി കാണിച്ചുതരുന്ന മോശെയും സകല മനുഷ്യരുടെയും സ്രഷ്ടാവായ യഹോവയും! അവര്‍ അന്യവിശ്വാസികളായിരുന്നു എന്നതായിരുന്നു കാരണം! ഈ അന്യവിശ്വാസം ഇപ്പറഞ്ഞ അവസരങ്ങളിലൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഈ വസ്തുതക്കു്‌ അന്നത്തെപ്പോലെതന്നെ ഇന്നും മാറ്റമൊന്നുമില്ല. ഞങ്ങള്‍ക്കു്‌ നേട്ടമുണ്ടാക്കുന്നതെന്തോ അതാണു്‌ ഞങ്ങളുടെ ദൈവത്തിന്റെയും ഇഷ്ടം! ഞങ്ങളുടെ ദൈവത്തെയോ, പ്രവാചകന്മാരെയോ, ഗ്രന്ഥങ്ങളെയോ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു്‌. അതേസമയം ഞങ്ങള്‍ക്കു്‌ ആരെയും എന്തിനെയും വിമര്‍ശിക്കാനും തെറിപറയാനും ചെളി വാരിയെറിയാനും അവകാശമുണ്ടുതാനും.  ദൈവവിശ്വാസം എന്ന മൊണോപ്പൊളി!

 
19 Comments

Posted by on Dec 20, 2011 in മതം

 

Tags: , ,

വിഡ്ഢിയാവുക, വിശ്വാസിയാവുക!

വിശ്വാസപരമായ കാര്യങ്ങളിൽ ഓരോ വാക്കിനും അതിന്റേതായ സ്ഥാനമുണ്ടു്‌. ഒരൊറ്റ വാക്കു്‌ സ്ഥാനം തെറ്റി പ്രത്യക്ഷപ്പെട്ടാൽ മതി, വിശ്വാസികൾ അസ്വസ്ഥരാവും. ദൈവം പറയുന്നതു്‌, അതു്‌ സ്വന്തം മകനെ കുരുതി കഴിക്കാനായാലും ശരി, ഒരക്ഷരംപോലും തെറ്റിക്കാതെ അനുസരിക്കുകയാണു്‌ നിന്റെ കർത്തവ്യം എന്നാണു്‌ വിശ്വാസി ബാല്യം മുതലേ പഠിപ്പിക്കപ്പെടുന്നതു്‌. അതിൽ നിന്നും വ്യത്യസ്തമായതെന്തെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യുകയോ ചെയ്യേണ്ടിവന്നാൽ, അതു്‌ അവന്റെ ഓറിയെന്റേഷൻ ആകെമൊത്തം താറുമാറാക്കും – പ്രത്യേകിച്ചും, താൻ മനുഷ്യരാൽ വീക്ഷിക്കപ്പെടുന്നുണ്ടു് എന്ന ബോധം അവനുള്ളപ്പോൾ. തിന്മ ചെയ്യുന്നതിലല്ല, താൻ തിന്മ ചെയ്യുന്നതു് ദൈവം അറിയുന്നതിൽ പോലുമല്ല, തന്റെ തിന്മകൾ മനുഷ്യർ അറിയുന്നതിലാണു് അവന്റെ അങ്കലാപ്പു്. വല്ലപ്പോഴും അബദ്ധവശാൽ അവനൊരു നന്മ ചെയ്യുന്നുണ്ടെങ്കിൽ അതു് നാലാൾ അറിയണമെന്നും അവനു് നിർബന്ധമുണ്ടു്.

പൊതുവേ ഓറിയെന്റേഷൻ അൽപം കുറഞ്ഞ ജീവികളാണു് അല്ലെങ്കിൽത്തന്നെ വിശ്വാസികൾ. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്നെ ഇതിനു് തെളിവു് നൽകുന്നുണ്ടു്. (വിവരവും വിദ്യാഭ്യാസവും ബിരുദവുമൊക്കെയുള്ളവർ ഇതൊന്നും വായിക്കുന്നുണ്ടാവുമെന്നു് തോന്നുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ, ഏബ്രഹാം എന്നേ വായിക്കാവൂ, അല്ലെങ്കിൽ അക്ഷരസ്ഫുടതയില്ലായ്മയുടെ പേരിൽ പ്രൊമോഷൻ കിട്ടാതിരിക്കാൻ സാദ്ധ്യതയുണ്ടു്.) ബൈബിൾ പറയുന്നതു് ശരിയാണെങ്കിൽ, ഈ അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറയിൽ നിന്നും ജനിച്ച യിസഹാക്കു് എന്ന പയ്യനെ ദൈവകൽപനപ്രകാരം – കടമറ്റത്തു് കത്തനാർക്കു് പണ്ടൊക്കെ ചില ശുദ്ധമാനകർഷകർ അർപ്പിക്കാറുണ്ടായിരുന്നു എന്നു് കേട്ടിട്ടുള്ള “കോഴിവെട്ടും വെള്ളം കുടിയും” നേർച്ചയുടെ മാതൃകയിൽ – യഹോവക്കു് നരബലിയായി അർപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. ഈ കഥ കേൾക്കാത്തവർ ചുരുക്കമായിരിക്കും. പക്ഷേ, കഥാന്ത്യം The operation was successful, but the patient died എന്ന പ്രയോഗത്തിനു് വിപരീതമായി The operation was not successful, because the patient did not die എന്ന രീതിയിൽ ആയിരുന്നതിനാൽ, ഫോർമാലിറ്റികളിൽ എന്തെങ്കിലും പിഴവു് സംഭവിച്ചോ എന്ന സംശയം ന്യായമായും അബ്രഹാമിനെ അലട്ടിയിട്ടുണ്ടാവണം. തുടർക്കഥക്കു് അങ്ങനെയേ കേൾക്കാൻ കൊള്ളാവുന്ന ഒരു വിശദീകരണം നൽകാനാവൂ എന്നാണെന്റെ പക്ഷം. “നിന്റെ മകനെ എനിക്കായി കുരുതി കഴിക്കണം” എന്ന ദൈവകൽപന താൻ കേട്ടു എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ലാതിരുന്നിട്ടും ബലികർമ്മം എന്തുകൊണ്ടു് നടക്കാതെ പോയി? അതായിരുന്നിരിക്കണം അബ്രഹാമിനെ മഥിച്ചുകൊണ്ടിരുന്ന ചിന്ത. ദൈവത്തിന്റെ വാക്കിനു് മാറ്റം സംഭവിക്കുകയോ? മറ്റെന്തു് സംഭവിച്ചാലും അതുമാത്രം സംഭവിക്കില്ലെന്ന കാര്യം അവനു് ഉറപ്പായിരുന്നു. അപ്പോൾ തനിക്കു് ദാസി ഹാഗാറിൽ നിന്നും ജനിച്ച യിശ്മായേലിന്റെ കാര്യം അബ്രഹാം ഓർത്തുകാണണം. സമ്പത്തുകാലത്തു് തൈപത്തു് വച്ചാൽ ആപത്തു് കാലത്തു് ഉണ്ടാകാവുന്ന ഓരോ ഗുണങ്ങൾ! ഇനിയിപ്പോൾ യഹോവ അറുക്കാൻ പറഞ്ഞതു് യിശ്മായേലിന്റെ കഴുത്തായിരുന്നോ ആവോ? ഓർമ്മക്കുറവു് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രായത്തിലുമായിരുന്നു അബ്രഹാം എന്നും കൂട്ടിക്കോളൂ. പിന്നെ ഒട്ടും താമസിച്ചില്ല, അദ്ദേഹം ഒരുവട്ടം കൂടി മലചവിട്ടാൻ തീരുമാനിച്ചു. ഇത്തവണ ബലികഴിക്കേണ്ടതു് യിശ്മായേലിനെ ആയിരുന്നതിനാലും, ഒരുവന്റെ കഴുത്തറക്കാൻ അവന്റെ കഴുത്തുതന്നെ വേണമെന്നതിനാലും, അവനെയും കൂട്ടിയായിരുന്നു മലകയറ്റം. പക്ഷേ, യിശ്മായേലിന്റെ ഭാഗ്യത്തിനു് ഇത്തവണയും അബ്രഹാമിനു് തന്നിലുള്ള വിശ്വാസം ടെസ്റ്റ്‌ ചെയ്യുക എന്നൊരു ലക്ഷ്യമേ യഹോവക്കുണ്ടായിരുന്നുള്ളു. ചില കാര്യങ്ങളിൽ പരീക്ഷണനിരീക്ഷണങ്ങൾ വഴി ഒരു തീരുമാനത്തിലെത്തുന്നതാണു് ഉത്തമമെന്നു് ദൈവത്തിനുമറിയാം. മൈക്ക്‌ ടെസ്റ്റ്‌ ചെയ്യുന്നതു് കേട്ടിട്ടില്ലേ? ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, ഹലോ, ഹലോ, വൺ, ടൂ, ത്രീ, ഹലോ അബ്രഹാം, ഹലോ, ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌, യുവർ വിശ്വാസം ടെസ്റ്റിംഗ്‌, ഹിയർ യുവർ യഹോവ, ഹലോ, ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, …..

ഖുർആൻ രചിച്ചവരുടെ അഭിപ്രായപ്രകാരം ഈ കഥയുടെ രണ്ടാം ഭാഗം സത്യവും ആദ്യഭാഗം നുണയുമാണു്, മോശെയുടെ പുസ്തകങ്ങൾ രചിച്ചവർ ആരോ അവരുടെ അഭിപ്രായത്തിൽ ആദ്യഭാഗം സത്യവും രണ്ടാം ഭാഗം നുണയുമാണു്. ബൈബിൾ അനുസരിച്ചു് ബലി കഴിക്കാൻ കൊണ്ടുപോയതു് യിസഹാക്കിനെയാണു്. ഖുർആൻ പറയുന്നു യിശ്മായേൽ ആയിരുന്നു “ബലിമൃഗത്തിന്റെ” പാർട്ട്‌ അഭിനയിച്ചതെന്നു്. രണ്ടും ദൈവവചനമാണെന്ന കാര്യത്തിൽ അതിലോരോന്നിലും വിശ്വസിക്കുന്നവർക്കു് തെല്ലുപോലും സംശയവുമില്ല. അതിനുവേണ്ടി തിളയ്ക്കുന്ന എണ്ണയിൽ (തിളയ്ക്കുന്നതു് കാരെള്ളെണ്ണ ആയാലും, സൂര്യകാന്തിയെണ്ണ ആയാലും, മണ്ണെണ്ണ ആയാലും) ഭാഗികമായോ പൂർണ്ണമായോ മുങ്ങിക്കുളിക്കാൻ പോലും തയ്യാറാവുന്ന ലക്ഷക്കണക്കിനു് വിശ്വാസികൾ രണ്ടുപക്ഷത്തുമുണ്ടു്. അതുകൊണ്ടാണു് ഒരു യിസഹാക്കു് വേർഷനും ഒരു യിശ്മായേൽ വേർഷനും ആവശ്യമായി വരുന്നതു്. “മതവിഹാരം” വ്രണപ്പെടാതിരിക്കാൻ എന്തെന്തു് ഓയിന്റ്‌മെന്റുകൾ പരുവിനുമീതെ വാരിപ്പൂശാൻ നമ്മൾ തയ്യാറാവുകയില്ല? കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, നമ്മെ സംബന്ധിച്ചു് ഈ അങ്കത്തിൽ ശ്രദ്ധാർഹമായതു്, കർട്ടൻ വീഴുന്നതിനുമുൻപു്, മുറുക്കാൻകല്ലിലും അമ്മിക്കല്ലിലും മാറിമാറിവച്ചു് ഇടിച്ചാലും പൊട്ടാത്ത അടയ്ക്ക പോലെ ഉറച്ച വിശ്വാസത്തിന്റെ ഉടമയാണു് അബ്രഹാം എന്നു് പരീക്ഷിച്ചറിഞ്ഞ യഹോവ അവനു് “സ്വന്തം മക്കളുടെ കഴുത്തറക്കാൻ പോലും മടിക്കാത്തവൻ” എന്ന അർത്ഥത്തിൽ “വിശ്വാസികളുടെ പിതാവു്” എന്ന ബിരുദം നൽകി അഭിനന്ദിച്ചു എന്ന ചരിത്രപ്രധാനമായ വസ്തുതയാണു്.

എന്താണു് ദൈവം ഒരു വിശ്വാസിയിൽ നിന്നും ആവശ്യപ്പെടുന്നതെന്നു് എങ്ങനെ അറിയും? അക്കാര്യത്തിൽ വിശ്വാസിക്കു്‌ സംശയമൊന്നുമില്ല. അതു്‌ അവന്റെ ദൈവം വേദഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു് അവനറിയാം. ദൈവത്തിനെ ശരിക്കു് സോപ്പിടുന്നവർക്കു് അപൂർവ്വമായി ചിലതൊക്കെ സ്വപ്നത്തിലൂടെയും ദൈവം വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഏതു് പിശാചു് കുത്തിവച്ച വിഷത്തിന്റെ സ്വാധീനത്താലാണെന്നറിയില്ല, മനുഷ്യർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തവിധം സർവ്വശക്തിയുടെ അധികപങ്കും നഷ്ടപ്പെട്ടു് ദൈവം പക്ഷവാതം ബാധിച്ചവനെപ്പോലെയായി. ഏതു് മതം എന്നതിന്റെ അടിസ്ഥാനത്തിൽ ഇടതുവശം തളർന്ന ദൈവമുണ്ടു്, വലതുവശം തളർന്ന ദൈവമുണ്ടു്. [തലച്ചോറിന്റെ വലത്തുഭാഗത്തുണ്ടാവുന്ന ആഘാതങ്ങൾ (രക്തധമനിയുടെ അടയലോ പൊട്ടലോ) ഇടതുവശത്തിന്റെ തളർച്ചക്കും, അതുപോലെതന്നെ നേരേ മറിച്ചുമാണെന്ന കാര്യം മറക്കാതിരിക്കുക. പക്ഷനിർണ്ണയസംബന്ധമായ വ്യാഖ്യാനങ്ങളിൽ വകതിരിവു് നഷ്ടപ്പെടാതിരിക്കാൻ അതു് സഹായിക്കും]. അതിനാൽ, തന്റെ വചനങ്ങൾ ശരിയായ രീതിയിൽ മനുഷ്യർക്കു് പൊരുൾ തിരിച്ചുകൊടുക്കാൻ ദൈവം തന്നെ വേണ്ടുവോളം വ്യാഖ്യാതാക്കളെയും ചുമതലപ്പെടുത്തി.

അങ്ങനെ എല്ലാം ശുഭമായി കലാശിക്കേണ്ടതായിരുന്നു. പക്ഷേ, ദൈവത്തെ വീണ്ടും നാണം കെടുത്താനായി ഏതോ പിശാചു് ചെയ്ത ക്ഷുദ്രപ്രവൃത്തി മൂലമാവണം, ഓരോ വ്യാഖ്യാതാവിനും ദൈവവചനങ്ങൾ ഓരോ വിധത്തിലാണു് മനസ്സിലാകുന്നതു്. ഫലമോ, ദൈവവചനങ്ങൾ എന്ന പേരിൽ ഓരോരുത്തനും വിളിച്ചുപറയുന്നതു് അവനു് “കൂടോത്രം” ചെയ്ത പിശാചിന്റെ ദൈവശാസ്ത്രമാണു്. ഒരു ദൈവമാണു് സകല മനുഷ്യരെയും സൃഷ്ടിച്ചതെന്നു് പറയുകയും, അതേസമയംതന്നെ അന്യമതസ്ഥരെ അവരുടെ വിശ്വാസത്തിന്റെ മാത്രം പേരിൽ വെറുക്കണമെന്നും നശിപ്പിക്കണമെന്നും പഠിപ്പിക്കുകയും ചെയ്യുന്ന നീതിശാസ്ത്രങ്ങൾ ഒരു പിശാചിന്റെ വായിൽ നിന്നും വരുന്നതാവാതിരിക്കുന്നതെങ്ങനെ? ഏതായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഏതർത്ഥത്തിലും ദൈവത്തേക്കാൾ യോഗ്യനും, ബുദ്ധിമാനും, കാര്യപ്രാപ്തിയുള്ളവനുമാണു് പിശാചു്. ഇതുവരെയുള്ള മതങ്ങളുടെ ചരിത്രം വെളിപ്പെടുത്തുന്നതു് ഈ കേവലസത്യമാണു്. ദൈവത്തേയും പിശാചുക്കളേയും മതങ്ങളേയും സൃഷ്ടിച്ച മനുഷ്യർ ദൈവത്തെ ഏറ്റവും ഉയരത്തിലെ കൊമ്പത്തു് കയറ്റി ഇരുത്താൻ പരമാവധി ശ്രമിച്ചിട്ടും അക്കാര്യത്തിൽ അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്തിനു് പിശാചു്? പ്രപഞ്ചസൃഷ്ടിയുടെ കഥ എഴുതിവച്ചിരിക്കുന്ന ബൈബിളിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, വെറുമൊരു പാമ്പുപോലും ദൈവത്തേക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്ന ജീവിയാണു്. മഹദ്‌വചനപ്രകാരം “അറിവു് ശക്തിയാണു്” എങ്കിൽ, ആ ശക്തി മനുഷ്യനു് ലഭിച്ചതു് പാമ്പുവഴിയാണു്. അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുക്കുതന്നെ നട്ടുപിടിപ്പിച്ചിട്ടു് അതിന്റെ ഫലം തിന്നരുതെന്നു് മനുഷ്യനെ വിലക്കുന്ന ഒരു ശുംഭൻ ദൈവത്തേക്കാൾ എത്രയോ യോഗ്യനാണു് ആ വൃക്ഷത്തിന്റെ ഫലം പറിച്ചു് മനുഷ്യനു് നൽകി “നിങ്ങൾ അറിവു് വർദ്ധിപ്പിക്കൂ കുഞ്ഞുങ്ങളേ” എന്നു് ഉപദേശിച്ച ആ പാമ്പു്? ആ ദൈവിക ശുംഭത്തത്തിന്റെ പിൻഗാമികളാണു് വിശ്വാസികൾ. അവർ മനുഷ്യബുദ്ധിയെ അവഹേളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?

ഒരുവൻ ഏതെങ്കിലും ഒരു മതത്തിലും ആ മതത്തിന്റെ ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നതു് അവന്റെ വ്യക്തിപരമായ കാര്യങ്ങളാണു്. ഒരു മതത്തിൽ ജനിച്ചതുകൊണ്ടും വളർത്തപ്പെട്ടതുകൊണ്ടും ആ മതത്തിൽ തുടരുന്നവരാണു് ബഹുഭൂരിപക്ഷം വിശ്വാസികളും. വളരെ ചെറിയ ഒരു വിഭാഗം മാത്രമേ മുതിർന്നതിനു് ശേഷമുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വഴി ഏതെങ്കിലുമൊരു മതവും അതിലെ ദൈവവും തനിക്കു് പിൻതുടരാൻ മാത്രം യോഗ്യതയുള്ളതാണെന്നു് ബോദ്ധ്യപ്പെട്ടശേഷം വിശ്വാസികളാവുന്നവരായുള്ളു. സൂക്ഷ്മമായി പരിശോധിച്ചാൽ തികച്ചും ലൗകികമായ പരിഗണനകളാണു് അവരെയും ആ തീരുമാനത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചതെന്നു് കാണാൻ കഴിയുകയും ചെയ്യും. നെറ്റിയിൽ “വിശ്വാസി” എന്ന ലേബലും ഒട്ടിച്ചുകൊണ്ടു് നടക്കുന്നവരിൽത്തന്നെ സാമൂഹികമായ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാനായി ദൈവവിശ്വാസമില്ലെങ്കിലും മതവിശ്വാസി ആയി തുടരുന്നവരും കുറവല്ല. ഊരുവിലക്കും തെമ്മാടിക്കുഴിയുമൊന്നും സമൂഹത്തിലെ സ്വൈര്യജീവിതത്തിനു് അത്ര ആശാസ്യമായ കാര്യങ്ങളല്ലല്ലോ. രാവിലെ മുതൽ വൈകുന്നതുവരെ വാചകമടിയുമായി നാൽക്കവലകളിൽ കുത്തിയിരിക്കുന്നവർ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഒരു കാര്യമാണു് ഏതെങ്കിലുമൊരു സമൂഹാംഗത്തിന്റെ പ്രവൃത്തി “നാട്ടുനടപ്പിനു്” പരുക്കേൽപ്പിക്കുന്നുണ്ടോ എന്നതു്. ഇക്കൂട്ടരിൽ നിന്നാണു് “സദാചാരപോലീസ്‌” മുതലായ “തൊഴിലുകൾ” ഉരുത്തിരിയുന്നതുതന്നെ. ഒരു കാർഷികരാജ്യത്തിൽ മനുഷ്യർക്കു് സമയമുണ്ടു്. ധാരാളം സമയമുണ്ടു്. വിളവിറക്കലിനും വിളവെടുപ്പിനുമിടയിൽ തല്ലിക്കൊന്നാലും ചാവാത്തത്ര സമയമുണ്ടു്! യാതൊരു അദ്ധ്വാനവുമില്ലാതെ ഇഷ്ടം പോലെ സമയം ലഭിക്കുമ്പോൾ സമയത്തിന്റെ വില അറിയാനാവില്ല. സാമൂഹികനന്മക്കായി പ്രയോജനപ്പെടുത്താൻ അറിയാത്തതോ കഴിയാത്തതോ ആയ സമായാധിക്യം അലസതയിലേക്കും അതിന്റെ ബൈപ്രോഡക്റ്റ്‌സ്‌ ആയ സ്വാർത്ഥപരതയിലേക്കും പരദ്രോഹത്തിലേക്കുമൊക്കെയേ നയിക്കൂ. ചിലർ ദിവസേന ജോലിക്കു് പോകുന്നതുതന്നെ പത്രം വായിക്കാനും മാസാവസാനം ശമ്പളം വാങ്ങാനുമായിട്ടാണല്ലോ. സമൂഹത്തിന്റെ കഴുത്തറത്തു് ചോര കുടിക്കൽ അഥവാ, ഒരുതരം നോക്കുകൂലി വാങ്ങൽ!

മതങ്ങളെ, പ്രത്യേകിച്ചും മതാധികാരികളെ, പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്ന ചില വിശ്വാസികളുണ്ടു്. പുരോഗമനക്കാർ എന്നാണു് അവർ സ്വയം വിശേഷിപ്പിക്കാറുള്ളതു്. “ഞാൻ ഒരു മതവിശ്വാസിയല്ല, പക്ഷേങ്കി, ഞാനൊരു ദൈവവിശ്വാസിയാണു്” ഇതാണു് അവരുടെ മുദ്രാവാക്യം. ഒരു ദൈവവിശ്വാസിയും സർവ്വശക്തനല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. സർവ്വശക്തനും സർവ്വജ്ഞാനിയുമല്ലാത്ത ഒരു ദൈവമുണ്ടോ? അങ്ങനെയൊരു ദൈവത്തെപ്പറ്റി ഞാനിതുവരെ കേട്ടിട്ടില്ല. അതുപോലൊരു ദൈവത്തിൽ വിശ്വസിച്ചിട്ടു് എന്തു് പ്രയോജനം? തന്നേക്കാൾ ശക്തിയും ജ്ഞാനവും കൂടുതലുള്ള ഒരു ദൈവത്തിനുമുന്നിൽ ആ ദൈവം തീർച്ചയായും സുല്ലിടേണ്ടി വരും. അതുകൊണ്ടു്, എന്റെ ദൈവമാണു് എല്ലാം തികഞ്ഞ ദൈവം എന്നു് വിശ്വസിക്കാനും സ്ഥാപിക്കാനും ശ്രമിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഒരു വിശ്വാസിക്കില്ല. പക്ഷേ, മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയതുപോലെയാണു് വിശ്വാസി ദൈവത്തോടൊത്തു് നടത്തുന്ന തീർത്ഥയാത്രകളും അവസാനിക്കാറു്. ഇത്തിരി ദൂരം പോകുമ്പോഴേക്കും കാറ്റും മഴയും ഒരുമിച്ചു് വരും. മണ്ണാങ്കട്ട മണ്ണിൽ അലിഞ്ഞും കരിയില എങ്ങോട്ടെന്നറിയാതെ പറന്നും അഡ്രസില്ലാതാവുന്ന ശോകപര്യവസായികൾ! ഇവിടെയും അതുതന്നെയാണു് സംഭവിക്കുന്നതു്. മതാധികാരികൾ ചെയ്യുന്നതു് ചൂഷണവും തെമ്മാടിത്തരവുമാണെങ്കിൽ അതു് ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമായിരിക്കുമോ? ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമാണെങ്കിൽ അവർ ദൈവത്തേക്കാൾ “മുടുക്കന്മാർ” ആണെന്നല്ലാതെ മറ്റെന്താണു് അതിനർത്ഥം? അത്ര തികഞ്ഞവനും വിശ്വാസയോഗ്യനുമായ ഒരു ദൈവത്തിലല്ല നമ്മുടെ ദൈവവിശ്വാസി അവന്റെ വിശ്വാസം അർപ്പിക്കുന്നതു് എന്നല്ലാതെ മറ്റെന്തെങ്കിലുമൊന്നു് അതിൽ നിന്നും വായിച്ചെടുക്കാനാവുമോ? ഒരുവൻ വിമർശിക്കുന്ന മതാധികാരികളെ നിയന്ത്രിക്കാനും നേർവഴിക്കാക്കാനും കഴിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നവന്റെ ദൈവവിശ്വാസം കപടവും അവനെത്തന്നെ വഞ്ചിക്കലുമാണു്. അർത്ഥശൂന്യമായ അവന്റെ ഈ നിലപാടിനെപ്പറ്റി ആരെങ്കിലും സൂചിപ്പിച്ചാൽ അതു് ന്യായീകരിക്കാനായി ഏതാനും മുട്ടായുക്തികൾ അവന്റെ കൈവശമുണ്ടു്. ദൈവം മനുഷ്യരുടെയിടയിൽ നടത്തുന്ന ട്രെയിനിംഗ്‌, ദൈവത്തിന്റെ പരൂക്ഷ, ദൈവം മനുഷ്യനു് അനുവദിച്ചിരിക്കുന്ന പ്രൊബേഷൻ പിരിയഡ്‌, അങ്ങനെ പോകും വാലും തലയുമില്ലാത്ത അവന്റെ വാദമുഖങ്ങൾ. അറ്റമെത്തിയാൽ വീണ്ടും ആദ്യം മുതൽ പടം നിരത്തൽ തുടങ്ങും. ഓരോ മനുഷ്യനും ജനനം മുതൽ മരണം വരെ എന്തൊക്കെ ചെയ്യുമെന്നും, അവന്റെ ഓരോ മുടിയും എപ്പോൾ എവിടെ എങ്ങനെ കൊഴിയുമെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും ലോകാരംഭത്തിനു് മുൻപുതന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവം അവന്റെ ഓരോ പ്രവൃത്തികളെയും, അവനു് സംഭവിക്കുന്ന തെറ്റുകുറ്റങ്ങളേയും “സ്വർണ്ണം” തൂക്കുന്ന ത്രാസിൽ തൂക്കിനോക്കി രക്ഷയും ശിക്ഷയും വിധിക്കുമെന്നും മറ്റും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു് അസംബന്ധമാണെന്നു് അതൊക്കെ വായിക്കുന്ന ആർക്കും മനസ്സിലാവും – വിശ്വാസികളുടെ തലയിൽ മാത്രം എത്രവട്ടം ആവർത്തിച്ചാലും എന്തുകൊണ്ടോ അതൊന്നും കയറുകയില്ല.

“പൊങ്ങു്” ദൈവത്തിന്റെ ഇഷ്ടഭോജനമായതിനാലാവാം ദൈവം തലയിൽ കയറിക്കൂടിയാൽ വിശ്വാസിയുടെ തലച്ചോറു് പൊങ്ങായി മാറുന്നതു്. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ മുഴുവൻ അവിശ്വാസികളും “വിവരമില്ലാത്തവർ” ആവുന്നതിന്റെ രഹസ്യം ഈ പൊങ്ങാവണം. ചില വിശ്വാസികളുടെ അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ പൊങ്ങു് എന്നാൽ പൊങ്ങുന്നതു് എന്നതിന്റെ അബ്രിവിയേഷൻ ആണെന്നാണു് അവർ ധരിച്ചുവച്ചിരിക്കുന്നതെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. മറ്റാർക്കും കാണാൻ കഴിയാത്തതു് കാണാനും, മറ്റാർക്കും അനുഭവിക്കാൻ കഴിയാത്തതു് അനുഭവിക്കാനും, എന്തിനു്, പ്രപഞ്ചത്തിനു് അപ്പുറം സംഭവിക്കുന്നതെന്തൊക്കെയെന്നു് തത്സമയംതന്നെ അറിയാൻപോലും ഇന്ദ്രിയശേഷിയുള്ളവരാണു് അവർ. അതു് വട്ടാണെന്നൊന്നും പറയാൻ പോയേക്കരുതു്. പോയാൽ വട്ടു് നിങ്ങൾക്കാണെന്നു് കാര്യകാരണസഹിതം അവർ തെളിയിച്ചുതരും. അവർ വായിക്കുന്ന ഗ്രന്ഥങ്ങൾ നിറയെ അതിനുള്ള തത്വങ്ങളാണു്. അല്ലെങ്കിൽത്തന്നെ, അതൊക്കെ വായിച്ചാൽ “ശരിക്കും” മനസ്സിലാവാത്തതാണല്ലോ നിങ്ങളുടെ പ്രധാന പ്രശ്നവും! ഒരു ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതാണു് വായിക്കേണ്ടതു് എന്ന നിങ്ങളുടെ ചിന്ത തന്നെ തെറ്റാണു്. എഴുതാപ്പുറം വായിക്കാനുള്ള ശേഷിയാണു് ശേഷി. അതു് ദൈവം വിശ്വാസികൾക്കു് മാത്രമായി നേരിട്ടു് നൽകുന്നതാണു്.

യാഥാർത്ഥ്യങ്ങളെ മുഖാമുഖം നോക്കിക്കാണാനുള്ള കരുത്തില്ലെങ്കിൽ മനുഷ്യൻ അവന്റെ മതത്തിലും ദൈവത്തിലും വിശ്വസിച്ചു് പണ്ടാറമടങ്ങണം. ജീവിതത്തെ മിഥ്യാബോധങ്ങളുടെ സഹായമില്ലാതെ നേരിടാനുള്ള കരുത്തുണ്ടെങ്കിൽ ദൈവവും പിശാചും സ്വർഗ്ഗവും നരകവും മതവും പൗരോഹിത്യവുമെല്ലാം ആകെമൊത്തം നാറിയ ഏർപ്പാടാണെന്നു് അംഗീകരിച്ചു് അവയോടെല്ലാം വിടചൊല്ലി മനുഷ്യനായി ജീവിക്കാൻ തുടങ്ങണം. അതുപോലൊരു ജീവിതം സ്വന്തം സമൂഹത്തിൽ സാദ്ധ്യമാവുന്നില്ലെങ്കിൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കണം. അല്ലാതെ “അത്ര ആണുമല്ല, അത്ര പെണ്ണുമല്ല” എന്ന നാണംകെട്ട നിലപാടു് സ്വീകരിക്കുകയും, അതു് ന്യായീകരിക്കാനായി “കാണുന്നവർക്കു് എല്ലാം മനസ്സിലാവുന്നുണ്ടു്” എന്ന വിലാപവുമായി കിടന്നിടത്തുകിടന്നു് വീണ്ടും വീണ്ടും ഉരുളുകയുമല്ല ചെയ്യേണ്ടതു്. കാണുന്നവരിൽ അധികം പേർക്കും വേണ്ടപോലെയൊക്കെ മനസ്സിലാവുന്നുണ്ടു്. പക്ഷേ, കരഞ്ഞാലും ചിരിച്ചാലും പൊങ്ങു് വീണ്ടും തേങ്ങയാവില്ല എന്നറിയാവുന്നതിനാൽ അവഗണിക്കുന്നു, അത്രതന്നെ.

 
30 Comments

Posted by on Dec 4, 2011 in മതം

 

Tags: , ,

പ്രപഞ്ചശക്തി ഗീതയിൽ – 4

ഒന്നാം ഭാഗം     രണ്ടാം ഭാഗം     മൂന്നാം ഭാഗം

പ്രപഞ്ചശക്തി എന്നാൽ എന്താണെന്നാണു് ഗീത പറയുന്നതെന്ന ചോദ്യത്തിന് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടികളാണു് താഴെ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചശക്തി എന്തെന്നറിയാൻ ലളിതമായ നാലു് ചോദ്യങ്ങൾക്കാണു് മറുപടി കിട്ടേണ്ടതു്:

ഇത്ര വലുതും സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന് പിന്നിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തിയുണ്ടെന്നു്‌ കരുതുന്നതല്ലേ യുക്തി എന്നതാണു് ശ്രീ രാധാകൃഷ്ണന്റെ ഒന്നാമത്തെ ചോദ്യം. അതെ എന്നേ സാമാന്യബുദ്ധിയുള്ളവർ മറുപടി പറയൂ എന്നു് അദ്ദേഹം തന്നെ ഉത്തരവും നൽകുന്നു. മറുപടി പറയുന്നവരുടെ ബുദ്ധി സാമാന്യമാവട്ടെ, അസാമാന്യമാവട്ടെ, ഒരു ചോദ്യം എന്തായാലും മറുപടി അർഹിക്കുന്നുണ്ടു്: മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി മാറ്റമില്ലാത്ത ഒന്നിനു് (അതു് ദൈവമായാലും, മറ്റെന്തായാലും) ഏതെങ്കിലും ഒരർത്ഥത്തിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാവുന്നതെങ്ങനെ? ഒരു പഴയ പോസ്റ്റിൽ എഴുതിയതു്‌ ഈ സന്ദർഭത്തിൽ പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു: ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു സനാതനസമ്പൂർണ്ണത, നിരന്തരമായ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തിൽ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുക എന്നതു്‌ ആ പ്രപഞ്ചത്തിനുള്ളിലോ അതിന് ബാഹ്യമായോ യുക്തിസഹമായി സങ്കൽപിക്കുക സാദ്ധ്യമല്ല. പരിവർത്തനമാണു്‌ ഏതൊരു പ്രവർത്തനത്തിന്റെയും പരിണതഫലം. പരിവർത്തനത്തിന്റെ അടിസ്ഥാനസ്വഭാവമാണു്‌ ഒരു മുൻപും ഒരു പിൻപും (ഉണ്ടായിരിക്കുക എന്നതു്). അവയില്ലാത്ത പരിവർത്തനത്തന് യാതൊരു അർത്ഥവുമില്ല. പരിണമിച്ച, അഥവാ, പുതിയ അവസ്ഥ പ്രവർത്തകനിൽ സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങൾ സ്വാഭാവികമായും അവനിൽ പഴയതിൽ നിന്നും ഭിന്നമായ ഒരു അവസ്ഥ സൃഷ്ടിച്ചേ പറ്റൂ. “മാറ്റമില്ലാത്തതിനാൽ” പരിണാമം അസാദ്ധ്യമായ ഒരു ശാശ്വതസമ്പൂർണ്ണതയിൽ അങ്ങനെയൊരു പുതിയ അവസ്ഥ തികഞ്ഞ വൈരുദ്ധ്യമാണു്‌, യുക്തിഹീനമാണു്‌ – ദൈവങ്ങൾ, അർദ്ധദൈവങ്ങൾ – 7. അതായതു്, ഒന്നാമത്തെ ചോദ്യത്തിനു്, ശ്രീ രാധാകൃഷ്ണൻ പ്രതീക്ഷിക്കുന്നതുപോലെ, “അതെ” എന്ന മറുപടി നൽകാൻ എല്ലാവരും തയ്യാറാവുന്നില്ലെങ്കിൽ അതു് അടിസ്ഥാനമില്ലാതെയല്ല. സാമാന്യബുദ്ധിയുടെ കുറവു്, കൂടുതൽ മുതലായ തികച്ചും സബ്ജക്റ്റീവ്‌ ആയ കാര്യങ്ങൾക്കു് ഇവിടെ എന്തെങ്കിലും പ്രസക്തിയുണ്ടെന്നു് തോന്നുന്നുമില്ല.

ചോദ്യം നമ്പർ രണ്ടു്: ആ ശക്തി എവിടെയോ ഇരിക്കുന്നുവെന്നോ, പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടതു്? ഉത്തരം: സർവ്വവ്യാപിയെന്നു് പറയേണ്ടിവരും. ദാണ്ടെ കിടക്കുന്നു! ഒന്നാമത്തെ ചോദ്യത്തിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തി ആയിരുന്നതു് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലാകെ വ്യാപിച്ചു് കിടക്കുകയാണത്രെ! പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയിലാണു് അകലെയുള്ള ഗ്യാലക്സികൾ പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുന്നതെന്നു് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ സങ്കൽപാതീതമായ വേഗതയിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണു് യാതൊരു മാറ്റവുമില്ലാത്തതെന്നു് ശ്രീ രാധാകൃഷ്ണൻ തന്നെ തൊട്ടുമുൻപു് വിശേഷിപ്പിച്ച ഒരു “അധിഷ്ഠാനശക്തി” ഒട്ടും വിടവില്ലാത്തവിധം ആകെമൊത്തം വ്യാപിച്ചുകിടക്കുന്നതു്! പ്രപഞ്ചം വികസിക്കുമ്പോഴും, അതിലാകെ വ്യാപിച്ചുകിടക്കുന്ന അധിഷ്ഠാനശക്തിക്കു് ഒരു തരിയുടെപോലും മാറ്റം സംഭവിക്കാത്ത ഒരു അവസ്ഥയെപ്പറ്റി ഒന്നു് ചിന്തിച്ചുനോക്കൂ. പ്രപഞ്ചം വികസിക്കുമ്പോൾ അതിൽ വ്യാപിച്ചുകിടക്കുന്ന ശക്തി അതിനൊപ്പം വികസിക്കാതിരുന്നാൽ പിന്നെ “വ്യാപനത്തിന്റെ” അർത്ഥമെന്തു്? തന്റെ സർവ്വവ്യാപിത്വത്തിനു് തടസ്സം വരാതിരിക്കണമെങ്കിൽ പ്രപഞ്ചത്തോടൊപ്പം വികസിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാത്ത ഒരു ശക്തിയെ “മാറ്റമില്ലാത്തതു്” എന്നു് വിളിക്കാനാവുമോ? ആദ്ധ്യാത്മികതിമിരം ബാധിച്ച ഏതെങ്കിലും വിശ്വാസികളല്ലാതെ മറ്റാരെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ വിലകൊടുത്തുവാങ്ങി എളിയിൽ തിരുകുമോ? ഈ “കൊടുക്കൽ വാങ്ങലിൽ” ആരെയാണു് നമ്മൾ കുറ്റപ്പെടുത്തേണ്ടതു്? ദൈവം, ആത്മീയം എന്നൊക്കെ കേട്ടാൽ ഏതു് വളിച്ചാർത്തതും വാങ്ങി മോന്തുന്ന സാദാ വിശ്വാസിയെയോ, അവനു് വേണ്ട “ചരക്കു്” വിതരണം ചെയ്തു് തുട്ടുവാരിക്കൂട്ടുന്ന ഉപദേശികളെയോ, അതോ രണ്ടുകൂട്ടരേയുമോ?

അപ്പോൾ നാമും അതിൽതന്നെയല്ലേ നിലനിൽക്കുന്നതെന്നാണു് മൂന്നാമത്തെ ചോദ്യം, അതേ എന്നു് ഉത്തരം. മനുഷ്യർ പ്രപഞ്ചത്തിനു് വെളിയിലാണു് നിലനിൽക്കുന്നതെന്നു് ഇതുവരെ ആരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, “അതിൽത്തന്നെ” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു് ഈ പ്രപഞ്ചത്തിനുള്ളിൽ എന്ന അർത്ഥത്തിലാണെങ്കിൽ അതിനോടു് യോജിക്കാതിരിക്കാൻ ആർക്കെങ്കിലും ആവുമെന്നു് തോന്നുന്നില്ല. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതു് വല്ലതുമുണ്ടെങ്കിൽ അതല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിനു് വെളിയിലായിരിക്കാൻ സാദ്ധ്യതയില്ലല്ലോ. ഇനി, “നാമും അതിൽത്തന്നെ നിലനിൽക്കുന്നു” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു്, പ്രപഞ്ചം മുഴുവൻ “വ്യാപിച്ചുകിടക്കുന്ന” മാറ്റമില്ലാത്ത ഈശ്വരൻ എന്ന ശക്തിയിലാണു് നമ്മൾ നിലനിൽക്കുന്നതു് എന്നാണെങ്കിൽ, ആ അഭിപ്രായത്തെ അർത്ഥശൂന്യം എന്നു് തള്ളിക്കളയാനേ നിർവ്വാഹമുള്ളു. അതിന്റെ കാരണം (മാറുന്ന പ്രപഞ്ചത്തിലെ മാറ്റമില്ലാത്ത സർവ്വവ്യാപി എന്ന അസംബന്ധം) മുകളിലെ പാരഗ്രാഫിൽ വ്യക്തമാക്കിയിട്ടുണ്ടു്. ചുരുക്കത്തിൽ, ശ്രീ രാധാകൃഷ്ണന്റെ ഭാവനയിലെ “പ്രപഞ്ചത്തിൽ” മനുഷ്യർക്കു് നിലനിൽക്കാനാവില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്നവയ്ക്കൊക്കെ (വിശാലമായ അർത്ഥത്തിൽ) എന്തു് സംഭവിക്കുന്നു എന്ന ചോദ്യത്തിനു് യുക്തിസഹമായ ഒരു മറുപടിയേയുള്ളു: ഇന്നു് മനുഷ്യർ, ജീവികൾ, വസ്തുക്കൾ; നാളെ സംയുക്തങ്ങൾ, മൂലകങ്ങൾ; വളരെ വിദൂരമായ ഭാവിയിൽ എന്നെങ്കിലും മൗലികകണികകൾ, ഊർജ്ജം – പ്രപഞ്ചമെന്ന, സ്ഥലകാലവുമായി അഭേദ്യമായി ബന്ധപ്പെട്ടു് കിടക്കുന്ന ദ്രവ്യത്തിന്റെ/ഊർജ്ജത്തിന്റെ ആകെത്തുക. ആത്മാവു്, “പൊന്മാവു്” മുതലായവ മനുഷ്യഭാവന രൂപം നൽകുന്നതും, ജീവനുള്ള ശരീരത്തിൽ മാത്രം നിലനിൽപുള്ളതും, ശരീരം നശിക്കുന്നതോടെ എന്നേക്കുമായി ഇല്ലാതാവുന്നതുമായ സങ്കൽപസൃഷ്ടികൾ മാത്രം – ചില മനുഷ്യമസ്തിഷ്കങ്ങളിൽ വാഴുന്ന ഭൂതങ്ങൾ!

അങ്ങനെയെങ്കിൽ, നമ്മുടെ ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം അതുതന്നെയല്ലേ, അതുമാത്രമല്ലേ എന്ന ചോദ്യമാണു് നാലാമത്തേതും അവസാനത്തേതും. അതിന്റെ മറുപടി “അതേ” എന്നാണെന്നു് അറിയുന്നതോടെ നമ്മൾ വേദാന്തത്തിലെ പ്രഥമ മഹാവാക്യമായ തത്വമസിയിൽ എത്തിച്ചേരുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ. അദ്ദേഹം തുടരുന്നു: തത്വമസി ഗുരുവിന്റെ ഉപദേശമാണു്. അതു് മനസ്സിലിട്ടു് സ്വന്തം അനുഭവമാക്കി മാറ്റുന്നതാണു് അഹം ബ്രഹ്മാസ്മി. അങ്ങനെയുള്ള എനിക്കു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം.

പ്രപഞ്ചശക്തി എന്നാൽ എന്തെന്നു് അറിയാനുള്ള ശ്രീ രാധാകൃഷ്ണന്റെ ഈ നാലു് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ചിട്ടു് എനിക്കു് അറിയാൻ കഴിയാതിരുന്നതു് ഒന്നേയുള്ളു: അതു് പ്രപഞ്ചശക്തി എന്നാൽ എന്തെന്നതാണു്. അതായതു്, എന്തു് മനസ്സിലാക്കിത്തരാനാണോ ശ്രീ രാധാകൃഷ്ണൻ ശ്രമിച്ചതു്, കൃത്യമായി അതുതന്നെയാണു് എനിക്കു് മനസ്സിലാവാതിരുന്നതും. അതിനുപകരം മനസ്സിലായതു് ഏതാനും അബദ്ധങ്ങൾ മാത്രവും: സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന്റെ “പിന്നിലെ” മാറ്റമില്ലാത്ത ഏതോ ഒരു അധിഷ്ഠാനശക്തി എന്ന അബദ്ധം. മാറ്റമില്ലാത്ത ഒരു “ശക്തി” മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്നു എന്ന അബദ്ധം. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ “ദഹിക്കാതെ” കിടക്കാൻ മാത്രം കഴിയുന്ന നിശ്ചലമായ ഒരു സർവ്വശക്തിയുമായി സ്ഥലം പങ്കിടുന്നവരാണു് മനുഷ്യർ എന്ന അബദ്ധം. ശരീരമനോബുദ്ധികൾ നശിച്ചാലും നശിക്കാത്ത എന്തോ ഒരു സാധനത്തേയും വഹിച്ചുകൊണ്ടാണു് മനുഷ്യർ ജീവിക്കുന്നതെന്ന അബദ്ധം. ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, ഒട്ടും സമയനഷ്ടം വരുത്താതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നൽകേണ്ട വട്ടുകേസു് എന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന മറ്റൊരു പരമാബദ്ധം! കേട്ടോളൂ: “ഗുരുവിന്റെ തത്വമസിയെ മനസ്സിലിട്ടു് അരച്ചുപൊടിച്ചു് അഹം ബ്രഹ്മാസ്മി എന്ന അനുഭവമാക്കിമാറ്റിയാൽ പിന്നെ മനുഷ്യനു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം”! ഇതിനെയൊക്കെ അബദ്ധം എന്നു് വിളിക്കുന്നതു് അബദ്ധങ്ങളോടു് ചെയ്യുന്ന മഹാപാതകമായിരിക്കും.

“ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം”! ഇതു് പറയുന്ന ഒരാൾക്കു് വേറെ അസുഖമൊന്നും ഇല്ലാതിരിക്കട്ടെ എന്നാശിക്കാനേ എനിക്കു് കഴിയൂ. ശരീരം നശിച്ചാൽ പിന്നെ മനസ്സെവിടെ? ബുദ്ധിയെവിടെ? വളയത്തിലൂടെ കടക്കുന്ന ചില വിദ്വാന്മാരെ ചെറുപ്പത്തിൽ ചില നാടൻ സർക്കസുകളിൽ കണ്ടിട്ടുണ്ടു്. വളയമില്ലാതെയും വളയത്തിലൂടെ കടക്കാം എന്നു് തെളിയിക്കുന്ന കലയാണു് ശരീരവും മനസ്സും ബുദ്ധിയും നശിച്ചു് നാമാവശേഷമായിട്ടും “നാശരഹിതമായി നിലനിൽക്കുന്ന നാം” എന്ന ശ്രീ രാധാകൃഷ്ണന്റെ പ്രയോഗം. ആദ്ധ്യാത്മികതയുടെ വക്താവു് എന്ന നിലയിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് നാശരഹിതമായ ആത്മാവല്ലാതെ മറ്റെന്താവാൻ? തല്ലിക്കൊന്നാലും ചാവാത്ത ഒരു പരമാത്മാവും അദ്ദ്യത്തിന്റെ കൂട്ടുകൃഷിക്കാരായ കുറെ ജീവാത്മാക്കളും! ഉണ്ടുണ്ടു്, തീർച്ചയായും പരമാത്മാവുമുണ്ടു്, ജീവാത്മാവുമുണ്ടു്. കൊൽക്കത്തയിലെയും മുംബൈയിലേയും ചേരിപ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന പേരിൽ ജീർണ്ണിക്കുന്ന മനുഷ്യശരീരങ്ങളിൽ വസിക്കുന്ന അത്തരം ഒറിജിനൽ ജീവാത്മാക്കളെ കണികണ്ടുകൊണ്ടാവണം ഒറിജിനൽ പരമാത്മാവൻ നിത്യവും ഉറക്കമുണരുന്നതു്! അതു് തിരുസന്നിധിയിലേക്കു് നയനാനന്ദകരമായ ഒരു കാഴ്ച്ച ആയതിനാലാവണം സർവ്വശക്തനായ നമ്മുടെ ഉടയതമ്പ്രാൻ തന്റെ സ്വന്തം (ഹരി)ജനങ്ങളുടെ അവസ്ഥയിൽ യാതൊരു മാറ്റവും വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നതു്.

ഒരു ശരീരത്തിലല്ലാതെ മനസ്സിനും ബുദ്ധിക്കും നിലനിൽപില്ല. ശരീരം നശിച്ചു എന്നു് പറഞ്ഞാൽ മതി, ശരീരമനോബുദ്ധികൾ നശിച്ചു എന്നു് പ്രത്യേകിച്ചു് പറഞ്ഞു് കഷ്ടപ്പെടേണ്ട കാര്യം പോലുമില്ല. ശരീരം നശിക്കുന്നതോടെ ഒരു വ്യക്തിയുടെ എല്ലാ അർത്ഥത്തിലുമുള്ള ഭൗതികാസ്തിത്വവും അവസാനിച്ചു – അങ്ങനെയല്ലെന്നു് വിശ്വസിക്കാൻ ആഗ്രഹസ്വപ്നങ്ങൾ മനുഷ്യനെ അതിശക്തമായി പ്രേരിപ്പിക്കാറുണ്ടെങ്കിലും. മരണാനന്തരം ഒരുവനെ എന്തെങ്കിലും അതിജീവിക്കുന്നുണ്ടെങ്കിൽ അതു് അവൻ ജീവിതകാലത്തു് ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെ സംബന്ധിച്ചു് മറ്റു് മനുഷ്യരുടെ മനസ്സിൽ അവശേഷിക്കുന്ന ഓർമ്മകൾ മാത്രം. അത്തരം ചെയ്തികൾ മനുഷ്യരിൽ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചില ഓർമ്മകൾ സമൂഹത്തിന്റെ പൊതുബോധത്തിലേക്കു് നിരന്തരം പകർന്നുകൊടുക്കപ്പെട്ടു് തലമുറകളെ അതിജീവിച്ചേക്കാം (ഉദാ. ഗാന്ധി, ഹിറ്റ്‌ലർ). അതേസമയം, അത്തരമൊരു പകർന്നുകൊടുക്കൽ സംഭവിക്കാൻ മാത്രം യോഗ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളുമൊന്നും ഉണ്ടാക്കാൻ കഴിയാത്ത ഒരു വ്യക്തിയുടെ ഓർമ്മ ബന്ധുമിത്രാദികളിൽ മാത്രമൊതുങ്ങി കാലക്രമേണ തേഞ്ഞുമാഞ്ഞു് പോവുകയും ചെയ്യും.

ഈ പ്രപഞ്ചത്തിലെ മൂലകങ്ങളിൽ നിന്നും രൂപമെടുത്തതല്ലാത്ത ഒന്നുമില്ല – മനുഷ്യരായാലും, ജീവജാലങ്ങളായാലും, മറ്റു് ദ്രവ്യങ്ങളായാലും. വനാന്തരങ്ങളിൽ പോയി ധ്യാനിച്ചതുകൊണ്ടോ, വിവിധ ആസനങ്ങളിൽ തപസ്സിരുന്നതുകൊണ്ടോ ഇല്ലാത്തവ ഉണ്ടാവുകയില്ല. ഉണ്ടെന്നു് വിശ്വസിക്കാം, പറയാം, ഉണ്ടെന്നപോലെ അഭിനയിച്ചു് പണമുണ്ടാക്കുകയുമാവാം. അതിനപ്പുറമുള്ള ഒരു പ്രസക്തിയും അതിനില്ല. നിനക്കൊരു ചില്ലിക്കാശു്, എനിക്കൊരു നേർച്ചപ്പെട്ടി നിറയെ പണം! ജീവാത്മാവിനെയും പരമാത്മാവിനെയും മഹാശ്ചര്യമാക്കി പ്രതിഷ്ഠിച്ചാൽ നമുക്കും കിട്ടും പണം. പണമുണ്ടെങ്കിൽ ദുഃഖവും സങ്കടവുമൊക്കെ പൊതുവെ കുറയും, ജീവിതത്തിൽ “സുഖവും സദാനന്ദവും പ്രസാദവും” കളിയാടാനുള്ള സാദ്ധ്യത അസാമാന്യമായി പെരുകും. “ഗുരുവിന്റെ തത്വമസിയിലൂടെ അഹം ബ്രഹ്മാസ്മി” എന്ന അനുഭവമുണ്ടായാൽ ജനനമരണങ്ങൾ പോലും ഇല്ലാതാവും എന്നുപോലും വിശ്വസിക്കുന്നവരാണു് “നമ്മുടെ” കേൾവിക്കാർ! ജനനം ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ടു് മരണം ഉണ്ടാവാതിരിക്കുകയുമില്ല എന്നൊന്നും പറഞ്ഞു് അത്തരക്കാരെ ബോധവത്കരിക്കാൻ പോകാതിരുന്നാൽ നിങ്ങൾക്കു് നല്ലതു്. ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളും ഇല്ലാതാക്കി സദാനന്ദവും പ്രസാദവും മാത്രം ഉണ്ടാക്കാനായി ഇത്തിക്കണ്ണികളുടെ വലയിൽ ചെന്നുവീഴാതെ ന്യായമായ എന്തെങ്കിലും ജോലി ചെയ്തു് ജീവിക്കുന്നവർക്കു് സാധാരണഗതിയിൽ മനസ്സമാധാനമില്ലായ്മയുടെ ആവശ്യമില്ല. അഥവാ ഉണ്ടെങ്കിൽ, രോഗമോ, ജോലി ചെയ്തിട്ടും നികത്താനാവാത്ത സാമ്പത്തിക പരാധീനതകളോ ഒക്കെയാവും അതിന്റെ കാരണം. അവയെല്ലാം ഭൗതികമായ പ്രശ്നങ്ങളാണു്. അവയ്ക്കു് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ അതു് ഭൗതികം മാത്രമായിരിക്കും. പൊതുവെ പറഞ്ഞാൽ, “തത്വമസി” പ്രസംഗിക്കുന്ന മിക്കവാറും പേർക്കു് ഉള്ളതും, തത്വമസി വഴി അഹം ബ്രഹ്മാസ്മിയിൽ എത്താമെന്നു് വിശ്വസിക്കുന്ന മിക്കവാറും പേർക്കു് ഇല്ലാത്തതുമായ സാമ്പത്തികഭദ്രതയുണ്ടെങ്കിൽ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയുന്നവയാണവ. ലൗകിക ജീവിതത്തിലെ അതുപോലുള്ള പ്രശ്നങ്ങൾ പോരാഞ്ഞിട്ടെന്നപോലെ, ഭാവനാസൃഷ്ടിയായ ഒരു അലൗകിക ജീവിതവും അതിലെ “വിർച്വൽ” പ്രശ്നങ്ങളും കൂടി മനുഷ്യരുടെ തലയിൽ തിരുകാൻ ശ്രമിക്കുന്ന കുറെ തത്വമസികൾ! അതു് അതേപടി ഏറ്റെടുക്കാൻ ഇടിച്ചുകയറുന്ന, വിഡ്ഢിത്വത്തിനു് മനുഷ്യരൂപം ലഭിച്ചതുപോലുള്ള കുറെ അഹം ബ്രഹ്മാസ്മികളും! വിവാഹത്തിന്റെ ഗുണമെന്നതു്, വിവാഹം കഴിക്കാതിരുന്നാൽ ഉണ്ടാകുമായിരുന്നില്ലാത്ത ഒരുപാടു് പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു ഇണയെ ലഭിക്കും എന്നതാണല്ലോ.

“ഇക്കാണുന്ന എല്ലാം തമ്മിൽ ബന്ധമുണ്ടെന്നല്ലേ അതിനർത്ഥം?” എന്ന ചോദ്യത്തിനു് മറുപടിയായി ശ്രീ രാധാകൃഷ്ണൻ കർമ്മത്തിലേക്കു് കുതിക്കുന്നു! കർമ്മം ചെയ്താൽ മാത്രം മതിയെന്നും, യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായവയെല്ലാം (“കർമ്മം” എന്ന വകുപ്പിൽ പെടാത്തതിനാലാവാം) മൂഢന്മാരുടെ പ്രവൃത്തിയാണെന്നതിനാൽ അനാവശ്യമാണെന്നുമാണു് ഗീത ഉദ്ഘോഷിക്കുന്നതത്രെ! ആ അർത്ഥത്തിൽ, ശ്രീ രാധാകൃഷ്ണൻ ചെയ്യുന്നതു് കർമ്മമല്ല എന്നു് “വ്യാഖ്യാനിച്ചു്” അദ്ദേഹത്തെ ഒരു മൂഢനാക്കാൻ ഞാനേതായാലും ശ്രമിക്കുന്നില്ല. ഏതാണു് കർമ്മം, ഏതാണു് കർമ്മമല്ലാത്തതു് ഇതെല്ലാം നിശ്ചയിക്കലും ശ്രീ രാധാകൃഷ്ണനെപ്പോലുള്ള വ്യാഖ്യാതാക്കളുടെ മാത്രം “കർമ്മം” ആണല്ലോ. അതുകൊണ്ടല്ലേ അവരെപ്പോലെ തൈലാഭിഷിക്തരല്ലാത്ത ആരെങ്കിലും ഗീതയെപ്പറ്റിയോ, വേദങ്ങളെപ്പറ്റിയോ വിമർശനാത്മകമായി എന്തെങ്കിലും പറയുന്നതു് കേട്ടാൽ ജീവാത്മാവിനെയും ചുമന്നുകൊണ്ടു് നടന്നുനടന്നു് മുതുകുകുനിഞ്ഞ അവരുടെ വിശ്വസ്തസേവകർ ഒന്നടങ്കം വളഞ്ഞുകുത്തിനിന്നു് തലയറഞ്ഞു് ചിരിക്കുന്നതു്. ഇവർ തന്നെയാണു് “മൂഢന്മാരുടെ പ്രവൃത്തി’ എന്നു് ഗീത അവഹേളിക്കുന്ന യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായ “കർമ്മങ്ങൾ” പതിവുതെറ്റാതെ ആചരിക്കുന്നതും! മറ്റു് അധികം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയാത്ത ഈ മാതിരി പുരോഗമന ആശയങ്ങൾ മൂഢത്വത്തെപ്പറ്റി വെളിപ്പെടുത്തുന്ന ഗീതയിൽ പറയുന്ന കോസ്മോളജിയിലേക്കു് ആധുനികശാസ്ത്രം എത്തിയിട്ടില്ല എന്നതാണു് വാസ്തവമെന്നു് ശ്രീ രാധാകൃഷ്ണൻ. ഈ വസ്തുതയുടെ വെളിച്ചത്തിൽ, ഏതെങ്കിലും ഒരു മൂലയിൽ പോയിനിന്നു് അൽപത്തിൽക്കൂടുതൽ നാണിക്കുകയല്ലാതെ ആധുനികശാസ്ത്രത്തിനു് മറ്റെന്തു് ചെയ്യാനാവുമെന്നു് എനിക്കറിയില്ല.

“ഗീത കർമ്മനിരാസം ആവശ്യപ്പെടുന്നു എന്നു് അഭിപ്രായമുണ്ടല്ലോ” എന്നു് ചോദ്യകർത്താവു്. (ശ്രദ്ധിക്കുക: ചോദ്യകർത്താവു്, പ്രപഞ്ചകർത്താവല്ല, അതുവഴി വ്യാഖ്യാനത്തിൽ പാളിച്ച സംഭവിക്കാം). അതു് ശരിയല്ലെന്നു് ശ്രീ രാധാകൃഷ്ണൻ. ഗീതയ്ക്കു് നല്ല ചുട്ട അടിയുടെ കുറവുണ്ടെന്നു് മറുപടി പറയാഞ്ഞതു് ഭാഗ്യം. “എല്ലാം ശ്രേഷ്ഠമാണെന്നു് ഗീത പറയുന്നു. ഇന്ദ്രിയങ്ങൾ ശ്രേഷ്ഠം. ഇന്ദ്രിയങ്ങളേക്കാൾ ബുദ്ധി ശ്രേഷ്ഠം. ബുദ്ധിയേക്കാൾ ശ്രേഷ്ഠം ആത്മാവു്.” ഇതൊക്കെ നിർത്തി നിർത്തി ശ്രദ്ധയോടെ വായിക്കണം. നിങ്ങൾ ലൗകികകാര്യങ്ങളിൽ മുഴുകി, അശ്രദ്ധരായി “ശ്രേഷ്ഠത്തേക്കാൾ ബുദ്ധി ആത്മാവു്” എന്നൊക്കെ വായിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല. “നിങ്ങൾ പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടി നിങ്ങളുടെ കർത്താവിനെ സ്നേഹിക്കുക” എന്ന ബൈബിൾ വാക്യം മറക്കാതിരിക്കുക. ഞാനാണെങ്കിൽ, തത്വമസിയിൽ നിന്നും ട്രെയിൻ വഴി അഹം ബ്രഹ്മാസ്മി എന്ന എന്ന ഇന്റർമീഡിയറ്റ്‌ സ്റ്റേഷനിലും അവിടെനിന്നും ഏതെങ്കിലുമൊരു KSRTC ബസിൽ ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളുമില്ലാത്ത ടെർമിനലിലുമെത്തി, അവിടെ എന്നെ കാത്തിരിക്കുന്ന സദാനന്ദന്റെ കയ്യിൽ നിന്നും പ്രസാദം വാങ്ങിത്തിന്നു് അമൃതനാവാനുള്ള ശ്രമത്തിലാണു്. അതുകൊണ്ടു് നിങ്ങൾക്കുവേണ്ടിക്കൂടി ശ്രദ്ധിക്കാൻ എനിക്കു് തത്കാലം സമയപരിമിതിയുണ്ടു് – അമൃതനായശേഷം കാര്യങ്ങളിൽ മാറ്റം വരാനുള്ള സാദ്ധ്യത രാശിയിൽ കാണുന്നുണ്ടെങ്കിലും.

അതുപോലൊരു കുഴഞ്ഞുമറിയലിനെപ്പറ്റി ശ്രീ രാധാകൃഷ്ണനും നമ്മളെ താക്കീതു് ചെയ്യുന്നുണ്ടു്. ആത്മാവിന്റെ നിർദ്ദേശത്താൽ ബുദ്ധികൊണ്ടു് മനസ്സിനെ നിയന്ത്രിക്കണമെന്നാണു് ഗീത പറയുന്നതെന്നും, നേരെ തിരിച്ചായാൽ, (കിടന്നുകൊണ്ടും നടന്നുകൊണ്ടും ഉറങ്ങാൻ കഴിയുന്നവർ ചക്ക പുഴുങ്ങിയാലെന്നപോലെ), ആകെമൊത്തം കുഴയുമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. “നേരെ തിരിച്ചായാൽ” എന്ന്വച്ചാൽ, മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് ബുദ്ധി ആത്മാവിനെ നിർദ്ദേശിച്ചാലോ, മനസ്സിനെ നിർദ്ദേശിച്ചുകൊണ്ടു് ആത്മാവ് ബുദ്ധിയെ നിയന്ത്രിച്ചാലോ, ബുദ്ധി നിർദ്ദേശിച്ചുകൊണ്ടു് മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചാലോ, ആത്മാവു് മനസ്സിൽ ബുദ്ധിച്ചാലോ … സോറി, ഞാൻ വിട്ടു. ഇതിന്റെയെല്ലാം രത്നച്ചുരുക്കം, ഇന്ദ്രിയസുഖങ്ങൾക്കു് പിന്നാലേ മനസ്സും, മനസ്സിന്റെ പിന്നാലേ ബുദ്ധിയും പോകുന്ന ഇന്നിന്റെ അവസ്ഥയിൽ, ബുദ്ധിയുടെ പിന്നാലെ പോകണമോ, അതോ ഇന്ദ്രിയസുഖങ്ങളുടെ മുന്നാലെ പോകണമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വട്ടം ചുറ്റുന്ന ആത്മാവു് ആദ്ധ്യാത്മികരുടെ മുഖത്തുനോക്കി പച്ചത്തെറി പറയുന്നു എന്നതാണു്. ഇതു് നാസ്തികർക്കു് രസകരമായി തോന്നാമെങ്കിലും ആസ്തികരുടെ ദൃഷ്ടിയിൽ ഒട്ടും തമാശയുള്ള ഒരു അവസ്ഥയല്ല. അതുകൊണ്ടാണു് കാര്യങ്ങൾ കൂടുതൽ “കുഴയാതിരിക്കാൻ” ഇടയ്ക്കിടെ ചക്കപ്പുഴുക്കു് വെന്തുകൊണ്ടിരിക്കുന്ന കലത്തിലേക്കു് നോക്കണമെന്നു് ശ്രീ രാധാകൃഷ്ണൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതു്. തികച്ചും ന്യായമായ ഒരു കാര്യം.

ഗീത ഉദ്ഘോഷിക്കുന്ന മാറ്റം സംഭവ്യമാണോ, എല്ലാവരും ഗീത മനസ്സിലാക്കി ജീവിക്കുമെന്നു് കരുതാനാവുമോ എന്ന ചോദ്യത്തിനും കൂടി മറുപടി നൽകിയിട്ടു് ശ്രീ രാധാകൃഷ്ണൻ തന്റെ ഇന്റർവ്യൂ അവസാനിപ്പിക്കുന്നു. അതിങ്ങനെ:

അടിസ്ഥാനപരമായ അറിവു് എല്ലാവർക്കും വേണം. പക്ഷേ കൂടിയേ തീരൂ എന്നില്ല. അതു് കുറച്ചുപേർക്കു് ഉണ്ടായാൽ മതിയാവും. (അതിനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളതു്?) മനുഷ്യരിൽ ഭൂരിപക്ഷവും നല്ലവരാണു്. അവർക്കു് കാര്യങ്ങൾ മനസ്സിലാക്കാനാവും. (അല്ലാതെ എന്റെ കേൾവിക്കാരെ ഞാൻ വിഡ്ഢികൾ എന്നു് വിളിക്കുമെന്നാണോ ഹേ നിങ്ങൾ കരുതുന്നതു്?) ഭൂമിയിലെ ഏറ്റവും പുതിയ ജീവിയാണു് മനുഷ്യൻ. ഏതാണ്ടു് നാലുലക്ഷം കൊല്ലമെന്നു് ശാസ്ത്രം പറയുന്നു. (ഗീതയെന്താണാവോ അതിനെപ്പറ്റി പറയുന്നതു്?) ആധുനികശാസ്ത്രം വേരോടിയിട്ടു് ആയിരം കൊല്ലമേ ആയുള്ളു. (അപ്പോൾ ഏതാണ്ടു് A.D. 1000 മുതൽ നിലവിലുണ്ടു് ഈ ആധുനികശാസ്ത്രമെന്ന സംഗതി!) കഴിഞ്ഞ 500 കൊല്ലം കൊണ്ടു് അതു് ബഹിരാകാശം വരെ നാശമാക്കി. (അപ്പോൾ അത്ര നേരത്തേ തുടങ്ങിയല്ലേ ബഹിരാകാശം നാശമാക്കൽ!?) ഇങ്ങനെ പോയാൽ മാനവരാശിക്കു് നിലനിൽപില്ല. അതിനു് ഈ ലോകത്തോടുള്ള വൈകാരികമായ വ്യതിയാനമുണ്ടാകണം. (മഹാഭാരതയുദ്ധം അതിനൊരു മാതൃകയാക്കാവുന്നതാണു്. അഞ്ചുപേർക്കുവേണ്ടി നൂറുപേരെ നശിപ്പിച്ച കഥ. അതും വേണമെങ്കിൽ രണ്ടുകൂട്ടരെയും നല്ലവരാക്കി നേർവഴിയിൽ എത്തിക്കാൻ കഴിയുമായിരുന്ന ഒരു ഭഗവാന്റെ മേൽനോട്ടത്തിലും, ചതിയുടെയും വഞ്ചനയുടെയും അകമ്പടിയോടെയും നടന്ന മനുഷ്യക്കുരുതിയുടെ കാവ്യാത്മകമായ ആഖ്യാനം.) സ്വന്തം ആവാസവ്യവസ്ഥ ഇങ്ങനെ തകർത്ത മറ്റൊരു ജീവിയുമില്ല, മനുഷ്യനല്ലാതെ. (ശവങ്ങളെ കെട്ടിയൊഴുക്കുന്ന, രാസ-ജൈവ-മാലിന്യങ്ങളുടെ കേളീരംഗമായ ഗംഗയിൽനിന്നും ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാൽ മരണവും മോക്ഷവും ഒപ്പം സംഭവിക്കും. അതിൽ കൂടുതലൊക്കെ ആവാസവ്യവസ്ഥയെ എങ്ങനെ രക്ഷപെടുത്തണമെന്നാണു്!?) ഈ വ്യതിയാനമുണ്ടാക്കാൻ എല്ലാ ഉപനിഷത്തുക്കളുടെയും സത്തയായ ഗീതയ്ക്കേ സാധിക്കൂ. (ആ വ്യതിയാനം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണു് എത്രയോ നൂറ്റാണ്ടുകളായി ഗീത പിന്നെ ചെയ്തുകൊണ്ടിരുന്നതു്? അതും ഭഗവാന്റെ ചുമതലയിൽ? അതൊന്നും മതിയായില്ലെന്നുണ്ടോ? ഇനിയിപ്പോൾ ആ ചുമതല മനുഷ്യർ ഏറ്റെടുക്കണമെന്നാണോ? ആണെങ്കിൽ, അതിനു് വേണ്ടതു് യുക്തിഭദ്രമായ ശാസ്ത്രബോധവും മനുഷ്യബുദ്ധിയുമാണു്. അല്ലാതെ, പ്രായോഗികജീവിതത്തിൽ നിത്യപരാജയം എന്നു് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞ വേദഗ്രന്ഥങ്ങളിലെ സാങ്കൽപികസൃഷ്ടികളുടെ നീട്ടിച്ചൊല്ലലുകളല്ല).

 
33 Comments

Posted by on Nov 19, 2011 in മതം

 

Tags: , , ,

ശാസ്ത്രവും ഗീതയും – 3

ഒന്നാം ഭാഗം       രണ്ടാം ഭാഗം

ജാതിയും മതവും വർണ്ണവും ഉണ്ടാക്കിയതു് ഈശ്വരനാണെന്നു് ചിലർ പറയുന്നുണ്ടെങ്കിലും ഭഗവദ്‌ഗീതയിൽ അങ്ങനെ പറയുന്നില്ലെന്നും, അവയുടെ കർത്താവായും തന്നെ അറിയണമെന്നേ പറയുന്നുള്ളുവെന്നും ശ്രീ രാധാകൃഷ്ണൻ. എങ്ങനെയുണ്ടു് അദ്ദേഹത്തിന്റെ വ്യാഖ്യാനം? ഒരുവൻ കുറെ കുഞ്ഞുങ്ങളെ വിളിച്ചു് തനിക്കുചുറ്റും കൂട്ടിയശേഷം “നിങ്ങളെയൊന്നും ഉണ്ടാക്കിയതു് ഞാനല്ല, പക്ഷേ, നിങ്ങൾ എന്നെ “അപ്പൻ” എന്നു് വിളിക്കണം, കാരണം ഞാൻ നിങ്ങളുടെ കർത്താവാണു്” എന്നു് പറയുന്നതിൽ കവിഞ്ഞ എന്തെങ്കിലും ഒരർത്ഥം ഈ വ്യാഖ്യാനത്തിനു് നൽകേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല. ഏഷ്യനും ആഫ്രിക്കനും യൂറോപ്യനുമായ ചർമ്മങ്ങൾക്കെല്ലാം അവയുടെതായ “വർണ്ണങ്ങൾ” ഉണ്ടു്. അതിന്റെ കാരണങ്ങൾ അതാതു് പ്രദേശങ്ങളിലെ ഭൂമിശാസ്ത്രത്തിലും കാലാവസ്ഥയിലുമൊക്കെയാണു് തേടേണ്ടതു്. ദൈവത്തിന്റെയോ മനുഷ്യന്റെയോ “ഇരുണ്ടതോ കറുത്തതോ വെളുത്തതോ” ആയ കരങ്ങൾ ഒരിക്കലും “വർണ്ണസൃഷ്ടിയുടെ” പിന്നിൽ ഏതായാലും പ്രവർത്തിച്ചിട്ടില്ല. പക്ഷേ, ഒരുവിഭാഗം മനുഷ്യർ, അവർക്കു് മനുഷ്യരുടെ വർണ്ണങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, “വർണ്ണവിവേചനം” എന്നൊരു തിന്മ പടച്ചുവിട്ടിട്ടുണ്ടു്. സവർണ്ണതയുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു കരുതിക്കൂട്ടിയുള്ള ആ സൃഷ്ടിയുടെ ലക്ഷ്യം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി അവർ ആദ്യമേതന്നെ സൃഷ്ടിച്ച ഈശ്വരനെ വർണ്ണഭേദങ്ങളുടെയും കർത്താവായി പ്രതിഷ്ഠിച്ചതും, പലവിധത്തിലുള്ള മുതലെടുപ്പുകൾ ലക്ഷ്യമാക്കി ജാതിയും മതവും അവയുടെ അവാന്തരവിഭാഗങ്ങളും സൃഷ്ടിച്ചു് മനുഷ്യമനസ്സുകളെ വിഷലിപ്തമാക്കിയതും മറ്റാരുമല്ല.

ജാതിയും മതവും വർണ്ണവും ഉണ്ടാക്കിയതു് ഈശ്വരനാണെന്നു് ഗീതയുടെ അടിസ്ഥാനത്തിൽ “ചിലർ” പറയുന്നതും, ഗീതയിൽ അങ്ങനെ പറയുന്നില്ലെന്നും, അവയുടെ കർത്താവായി തന്നെ അറിയണമെന്നേ “ഈശ്വരൻ” അതിൽ പറയുന്നുള്ളുവെന്നു് ശ്രീ രാധാകൃഷ്ണൻ പറയുന്നതും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ജീവിതത്തിൽ നിലവിലിരിക്കുന്ന അനീതികൾ ദൈവേഷ്ടമായി പ്രഖ്യാപിച്ചു് ന്യായീകരിക്കാൻ സാദാ വിശ്വാസിയും, ഏതു് ഗതികേടിൽ നിന്നും ദൈവത്തെ വാചകമടിവഴി മോചിപ്പിക്കാൻ താനൊരു വേദപണ്ഡിതനെന്നു് സ്വയം കരുതുന്ന “അസാദാ” വിശ്വാസിയും എപ്പോഴും ബദ്ധശ്രദ്ധനാണെന്നതിന്റെ മറ്റൊരു തെളിവു്, അത്രതന്നെ. കഴിഞ്ഞ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നതുപോലെ, ഈ രണ്ടു് പ്രസ്താവനകളും ഒരു കാരണവശാലും ഒരു ഈശ്വരനിൽ നിന്നും വരുന്നതല്ല എന്നതിനാൽ, ഇവ രണ്ടും യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത മാനുഷികമായ ജൽപനങ്ങൾ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഇല്ലാത്ത ഒരു ഈശ്വരനു് എന്തിന്റെയെങ്കിലും നിർമ്മാതാവു് താനാണെന്നോ, അവയുടെ “കർത്താവോ കർമ്മമോ ക്രിയയോ” ആയി മനുഷ്യർ തന്നെ അറിയണമെന്നോ പറയാനാവില്ല എന്നതുതന്നെ അതിന്റെ അടിസ്ഥാനകാരണം. തന്റെ കമ്പ്യൂട്ടർ ഉണ്ടാക്കിയതു് ദൈവമാണെന്നു് ഒരുത്തൻ കട്ടായമായി വിശ്വസിച്ചാൽ, അതൊരു തെറ്റായ വിശ്വാസമാണെന്നു് അവനെ മനസ്സിലാക്കാൻ ഒന്നോ രണ്ടോ വട്ടമൊക്കെ ശ്രമിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. എന്റെ കമ്പ്യൂട്ടർ ഉണ്ടാക്കിയതു് ദൈവമാണെന്നു് പറയുകയല്ല, അതിന്റെ കർത്താവായി ദൈവത്തെ അറിയുകയാണു് അവൻ അനുവർത്തിക്കേണ്ട ശരിയായ നടപടിക്രമം എന്നു് ശ്രീ രാധാകൃഷ്ണൻ പറഞ്ഞാലും അതിൽകൂടുതലൊന്നും ചെയ്യാനാവില്ല. വേണമെങ്കിൽ ആകെ ചെയ്യാൻ കഴിയുന്നതു്, ഇതുപോലുള്ള അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും ചിലന്തിവലകളിൽ ചെന്നുപെടാതിരിക്കാനായി, തലച്ചോറു് പൂർണ്ണമായും പണയം വച്ചിട്ടില്ലാത്ത മറ്റു് മനുഷ്യർക്കുവേണ്ടി വസ്തുതകൾ വിശദമാക്കാൻ ശ്രമിക്കുകമാത്രം. വേണ്ടവർക്കു് സ്വീകരിക്കാം, വേണ്ടാത്തവർക്കു് അവരുടെ വഴിയെ പോവുകയുമാവാം.

കൗരവർ തെറ്റുചെയ്ത പല സന്ദർഭങ്ങളിലും അവരെ പുറമെ നിന്നുള്ള ശത്രുക്കൾ ആക്രമിക്കാൻ എത്തിയപ്പോൾ പാണ്ഡവർ കുലധർമ്മത്തിന്റെ പേരിൽ സ്വന്തജീവൻ പണയം വച്ചും അവരെ രക്ഷപെടുത്തിയതു് ശ്രീ രാധാകൃഷ്ണൻ വരവുവയ്ക്കുന്നതു് ബയോളജിക്കൽ അൾട്രൂയിസത്തിന്റെ അക്കൗണ്ടിലേക്കാണു്. അക്രമി ശിക്ഷിക്കപ്പെടണമെന്ന നീതിബോധവും, അയാളെ രക്ഷിക്കണമെന്ന അൾട്രൂയിസവും തമ്മിലുള്ള സംഘർഷമാണത്രെ അർജ്ജുനന്റെ വിഷാദയോഗം! അൾട്രൂയിസവും നീതിബോധവും തമ്മിലുള്ള പോരിൽ നീതിബോധം ജയിക്കണമെന്നും, അത്തരം ജയങ്ങളിലൂടെയാണു് സംസ്കാരം ഉണ്ടാകുന്നതെന്നും ശ്രീ രാധാകൃഷ്ണൻ.

ഈഗോയിസം എന്ന വാക്കിന്റെ പ്രതിരൂപം എന്ന നിലയിലാണു് ഒഗ്യുസ്റ്റ്‌ കോംറ്റിന്റെ (Auguste Comte) വകയായി അൾട്രുയിസം എന്ന വാക്കു് നിലവിൽ വന്നതു്. തനിക്കു് ഗുണത്തേക്കാളേറെ ദോഷം സംഭവിക്കുന്നതു് വകവയ്ക്കാതെ മറ്റൊരു വ്യക്തിക്കു് പ്രയോജനകരമായ രീതിയിലുള്ള ഒരു വ്യക്തിയുടെ പെരുമാറ്റമാണു് അൾട്രൂയിസം. അതായതു്, നിസ്വാർത്ഥമായ പെരുമാറ്റരീതി. എവൊല്യൂഷനറി ബയോളജിയിലെ അൾട്രൂയിസമെന്നതു്, അതിനു് സംഭവിക്കുന്ന നഷ്ടം കണക്കാക്കാതെ മറ്റു് ഓർഗനിസങ്ങൾക്കു് ലാഭമുണ്ടാകുന്ന വിധത്തിൽ ഒരു ഓർഗനിസം പെരുമാറുന്ന രീതിയാണു്. ആദ്യത്തേതിൽ നിന്നു് വ്യത്യസ്തമായി ഇവിടെ ലാഭനഷ്ടങ്ങളുടെയും ഗുണദോഷങ്ങളുടെയുമെല്ലാം മാനദണ്ഡമെന്നതു് പുനരുത്പാദന “സാദ്ധ്യത”യും (reproductive fitness) അതുവഴി ഉണ്ടാകാവുന്ന കുഞ്ഞുങ്ങളുടെ എണ്ണവുമായതിനാൽ, അൾട്രൂയിസ്റ്റിക്‌ ആയ പെരുമാറ്റത്തിനു് ഒരു ഓർഗനിസം നൽകേണ്ടിവരുന്ന വില അതിനു് ജനിപ്പിക്കാൻ കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വരാവുന്ന കുറവാണു്. അതേസമയം, അതിന്റെ ഈ പെരുമാറ്റം വഴി മറ്റു് ഓർഗനിസങ്ങൾക്കു് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനുള്ള സാദ്ധ്യത കൂടുകയും ചെയ്യുന്നു. മറ്റൊരുവനെ ബോധപൂർവ്വം സഹായിക്കുന്ന പെരുമാറ്റരീതിയായ മനുഷ്യരുടെയിടയിലെ അൾട്രൂയിസവും, ബോധപൂർവ്വം ചിന്തിക്കാനുള്ള ശേഷിയില്ല എന്നു് കരുതേണ്ടിയിരിക്കുന്ന വിവിധതരം ജീവികളിലും ചില ബാക്റ്റീരിയകളിൽ പോലും കാണാൻ കഴിയുന്ന ബയോളജിക്കൽ അൾട്രൂയിസവും ഒരേ അർത്ഥത്തിൽ കാണേണ്ടതല്ല. അതിനാൽ, അക്രമിയെ രക്ഷിക്കണമെന്ന ബയോളജിക്കൽ അൾട്രൂയിസവും അവനെ ശിക്ഷിക്കണമെന്ന നീതിബോധവും തമ്മിലുള്ള സംഘർഷമാണു് അർജ്ജുനന്റെ വിഷാദയോഗമെന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് ഒരു ശാസ്ത്രജ്ഞനു് യോജിച്ച “പെരുമാറ്റരീതി” ആണോ എന്നു് ചിന്തിക്കാനുള്ള ബാദ്ധ്യത ശ്രീ രാധാകൃഷ്ണനു് ഉണ്ടെന്നേ പറയാനുള്ളു.

മനസ്സിലുള്ള തിന്മയ്ക്കെതിരെ പൊരുതി ജയിക്കാൻ തുനിയാതെ ആദ്യമേതന്നെ ആയുധം വച്ചു് കീഴടങ്ങുന്നതുകൊണ്ടു് ഇക്കാലത്തു് മിക്കവർക്കും ഇത്തരമൊരു “വിഷാദയോഗം” ഉണ്ടത്രെ. ഇനി, ബയോളജിക്കൽ അൾട്രൂയിസം എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിച്ചതു് ഒരുപക്ഷേ മനുഷ്യരുടെ ഇടയിലുള്ള അൾട്രൂയിസം ആയിരിക്കാമെന്നു് ഒരുനിമിഷം കരുതിയാൽത്തന്നെ, അർജ്ജുനന്റെ മനസ്സിലെ നീതിബോധം പൊരുതിക്കൊണ്ടിരുന്നതു് അവനിലെതന്നെ അൾട്രൂയിസത്തിനു് എതിരെ ആയിരുന്നു എന്നേ അതിനർത്ഥം വരൂ. അതായതു്, ഇവിടെ അർജ്ജുനന്റെ നീതിബോധം നശിപ്പിക്കാൻ ശ്രമിക്കുന്നതു്, അഥവാ ഭഗവാന്റെ നിർദ്ദേശപ്രകാരം നശിപ്പിക്കാൻ അവൻ നിർബന്ധിതനാകുന്നതു്, അൾട്രൂയിസം എന്ന അവന്റെതന്നെ മനസ്സിലെ നിസ്വാർത്ഥതയെയാണു്. മറ്റുവിധത്തിൽ പറഞ്ഞാൽ, മനസ്സിലെ ഏതു് തിന്മയെ ആണോ ആയുധം വച്ചു് കീഴടങ്ങാതെ അതിനെതിരെ പൊരുതി ജയിക്കണമെന്നു് ഭഗവാന്റെ ഉപദേശത്തിന്റെ വെളിച്ചത്തിൽ ശ്രീ രാധാകൃഷ്ണൻ മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു്, ആ “തിന്മ” മനുഷ്യമനസ്സിലെ നിസ്വാർത്ഥതയാണു്! “നീതിബോധത്തിന്റെ വിജയത്തിനുവേണ്ടി നീ സ്വാർത്ഥനാകൂ” എന്നാണു് ഭഗവാനെ സാക്ഷിനിർത്തി ശ്രീ രാധാകൃഷ്ണൻ ലോകത്തോടു് ഉച്ചത്തിൽ വിളിച്ചുപറയുന്നതെന്നു് ചുരുക്കം! ഏതുവിധേനയും സ്വന്ത നിലപാടുകൾ സാധൂകരിക്കാനുള്ള ശ്രമത്തിൽ പൊരുത്തപ്പെടാത്ത ഉപമകളിൽ കയറിപ്പിടിച്ചാൽ ഉണ്ടാകാവുന്ന ഇണ്ടൽ!

ഈ വിശദീകരണങ്ങൾ പോരെന്നു് തോന്നിയതിനാലാവാം, “തിന്മയും നന്മയും” തമ്മിലുള്ള ഈ പൊരുതലിനെ ജീവശാസ്ത്രത്തിലെ പാരമ്പര്യവും വ്യതിയാനവും തമ്മിലുള്ള സംഘർഷമായിക്കൂടി ശ്രീ രാധാകൃഷ്ണൻ താരതമ്യപ്പെടുത്തുന്നു. ഇവിടെ വ്യതിയാനം, അഥവാ പരിണാമമാണു് നീതിബോധത്തിന്റെ സ്ഥാനം വഹിക്കുന്നതു്. വ്യതിയാനം പാരമ്പര്യത്തെ അതിജീവിക്കുമ്പോഴാണു് പരിണാമം സംഭവിക്കുന്നതെന്നും, നീതിബോധത്തിന്റെ പിറവിക്കു് അൽപം വേദന അനിവാര്യമായതിനാൽ അതിൽ സങ്കടപ്പെടേണ്ടതില്ലെന്നു് പറഞ്ഞാണു് ഗീതോപദേശം തുടങ്ങുന്നതുതന്നെയെന്നും ശ്രീ രാധാകൃഷ്ണൻ. ഗീതയിൽ അങ്ങനെ പറയുന്നുണ്ടെങ്കിലും, വ്യതിയാനങ്ങൾ നിയന്ത്രണാതീതമായി കാടുകയറിയേക്കുമോ എന്ന ഭയം മഥിക്കുന്നതിനാലാവാം, പരിണാമത്തെ പാരമ്പര്യത്തിന്റെ കടിഞ്ഞാണിൽ നിന്നും പൂർണ്ണമായും മോചിപ്പിക്കാൻ അദ്ദേഹം ധൈര്യപ്പെടുന്നില്ല. പ്രസവിച്ച ഒന്നാന്തരം ഒരു കുഞ്ഞിനോടൊപ്പം ജീവിതകാലം മുഴുവൻ മറുപിള്ളയെക്കൂടി ചുമന്നുകൊണ്ടു് നടക്കണം എന്ന പിടിവാശിപോലെ! വ്യതിയാനത്തിലൂടെ ഒരു വ്യവസ്ഥ നവീകരിക്കപ്പെടുമ്പോൾ അതിന്റെ നിയന്ത്രണത്തിനുള്ള പുതിയ കടിഞ്ഞാണുകളും അതിനോടൊപ്പം രൂപമെടുക്കുമെന്നും, അതിനു് ഏതു് സമയവും പൊട്ടാവുന്ന വിധം ദ്രവിച്ചുകഴിഞ്ഞ പഴയ കടിഞ്ഞാണുകൾ അല്ലെങ്കിൽത്തന്നെ അപര്യാപ്തമാണെന്നും എന്തുകൊണ്ടോ ആദ്ദേഹം ചിന്തിക്കുന്നില്ല. കാളവണ്ടിയുഗത്തിലെ നിയന്ത്രണോപാധികൾ റോക്കറ്റ്‌ യുഗത്തിൽ പ്രയോജനരഹിതമായിരിക്കുമെന്നു് ഒരു ശാസ്ത്രജ്ഞനെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ ആരറിയാൻ?

നിസാരനായ മനുഷ്യനു് പ്രപഞ്ചതത്വങ്ങൾ അറിഞ്ഞു് പെരുമാറാനാവുമോ എന്ന ചോദ്യത്തിനു്, ടെലിസ്കോപ്പിലൂടെ കാണുന്ന അനന്തകോടി താരസമൂഹങ്ങളുടെയും സൗരയൂഥങ്ങളുടെയും വ്യാപ്തിയും വിസ്തൃതിയും കാണുമ്പോൾ വിശ്വത്തിന്റെ വലിപ്പം വ്യക്തമാകുമെന്നും, എങ്കിൽത്തന്നെയും മനുഷ്യൻ അത്ര നിസാരനല്ലെന്നും, മനുഷ്യനു് മാത്രമേ ഈ മഹാപ്രപഞ്ചത്തെ മുഴുവൻ ഒന്നായി സങ്കൽപിക്കാൻ കഴിയൂ എന്നതാണു് അവന്റെ വലിപ്പമെന്നും, അതുമാത്രമേ ഗീതയും പറയുന്നുള്ളു എന്നുമാണു് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടി. മനുഷ്യനു് പ്രപഞ്ചത്തെ മുഴുവൻ ഒന്നായല്ല, പ്രപഞ്ചത്തിനു് അതീതമായ കാര്യങ്ങൾ പോലും സങ്കൽപിക്കുന്നതിനു് പ്രയാസമൊന്നുമില്ല. (എന്താണു് സങ്കൽപത്തിൽ അവൻ “കണ്ടിരുന്നതു്” എന്നതു് മറ്റൊരു കാര്യം. അതു് മറ്റെന്തുതന്നെ ആയിരുന്നാലും, ഒരു കാരണവശാലും മനുഷ്യർ ടെലിസ്കോപ്പുകളിലൂടെ ഇന്നു് കാണുന്നതും മനസ്സിലാക്കുന്നതുമായ പ്രപഞ്ചമായിരുന്നില്ല എന്നു് ഉറപ്പായും പറയാം). അതുപോലുള്ള ഭാവനാസൃഷ്ടികൾക്കു് പ്രപഞ്ചതത്വങ്ങൾ അറിയണം എന്നൊരു നിർബന്ധവുമില്ലെന്നു് മാത്രമല്ല, പ്രപഞ്ചതത്വങ്ങളെ സംബന്ധിച്ചു് യാതൊരു അറിവും ഇല്ലാതിരിക്കുന്നതാണു് അനായാസമായും, വൈക്ലബ്യമില്ലാതെയും അതുപോലുള്ള സാങ്കൽപികസൃഷ്ടികൾ നടത്താനും അവ വസ്തുതായാഥാർത്ഥ്യങ്ങൾ ആയാലെന്നപോലെ പരസ്യമായി ലോകത്തോടു് വിളിച്ചുപറയാനും ഒരർത്ഥത്തിൽ നല്ലതു്.

ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു എന്നു് ബൈബിൾ. അർദ്ധജ്ഞാനികൾ ഭാഗ്യവാന്മാരാണെന്നൊരു പഴഞ്ചൊല്ല്. ആ സ്ഥിതിക്കു് അജ്ഞാനികൾ ഏറ്റവും കൂടുതൽ ഭാഗ്യം അനുഭവിക്കുന്നവരായിരിക്കണം. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരകനായ ദൈവത്തെ അറിയാൻ കഴിയുന്നതിനേക്കാൾ വലിയ പരമാനന്ദവും ഭാഗ്യവുമുണ്ടോ? ആ അർത്ഥത്തിൽ, വിശ്വാസസംബന്ധമായ ചർച്ചകളിൽ ദൈവത്തെ നേരിട്ടു് അറിയാവുന്നവർ എന്ന ഭാവത്തിലും ആധികാരികമായ രീതിയിലും ദൈവത്തെപ്പറ്റി സംസാരിക്കുന്ന താർക്കികരാണു് മഹാഭാഗ്യവാന്മാർ എന്നേ ചിന്തിക്കാനാവൂ. അതിനാൽ, പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എന്നോടു് ചോദിച്ചാൽ ഞാൻ പറയും: നിങ്ങൾ “ദൈവത്തെപ്രതി” ആദ്യം അജ്ഞരാവുക, പിന്നെ വിശ്വാസികളാവുക, അങ്ങനെ ഭാഗ്യവതികളും ഭാഗ്യവാന്മാരുമാവുക, അവസാനം ഒരു ബോണസ്‌ എന്നോണം മരണാനന്തരം സ്വർഗ്ഗവും അവിടത്തെ നിത്യജീവനും, മാലാഖമാർ ഓരോ ദൈവമക്കൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം തയ്യാറാക്കുന്ന ഗാസ്ട്രോണോമിക്‌ സ്പെഷ്യൽറ്റീസുമെല്ലാം സ്വന്തമാക്കുക!

ഹോ, അതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ എന്റെ വായിൽ നാലു് ടൈറ്റാനിക്കിനു് നിരന്നോടാവുന്ന സാഹചര്യമാണു്! ഒന്നാലോചിച്ചുനോക്കൂ! ശവമായി ശവക്കുഴിയിലും, ഭസ്മമായി “ഉടയതമ്പുരാനു്” മാത്രമറിയാവുന്ന മറ്റെവിടെയൊക്കെയോ ഒരുവക തിന്നാനില്ലാതെ, ആർക്കറിയാം, ഒരുപാടു് വർഷങ്ങളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമൊക്കെ കഴിഞ്ഞശേഷം ലഭിക്കുന്ന സ്വർഗ്ഗത്തിലെ വിഭവസമൃദ്ധമായ സദ്യ! അഞ്ചുകറിയും ഇഞ്ചിയും നാരങ്ങയും! പൊരിച്ച മീൻ വേണ്ടവർക്കു് പൊരിച്ച മീൻ. പൊരിച്ച തവളക്കാൽ വേണ്ടവർക്കു് പൊരിച്ച തവളക്കാൽ. അതും ജീവിതകാലത്തു് അനുഭവിച്ചിരുന്നതോ അനുഭവിക്കാൻ ആഗ്രഹിച്ചിരുന്നതോ ആയ രുചിയിൽ നിന്നും ഒരു “നുവാൻസ്‌” പോലും വ്യത്യാസമില്ലാതെ വളരെ ശ്രദ്ധാപൂർവ്വം പാകം ചെയ്തെടുക്കുന്ന എണ്ണമറ്റ വിഭവങ്ങൾ! ഈ സൗഭാഗ്യം എന്നേക്കുമായി നഷ്ടപ്പെടാതിരിക്കണമെന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും നിങ്ങൾ അറിവിന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചു് തിന്നുകയോ, നിങ്ങളുടെ തലതെറിച്ച സന്തതികൾക്കു് അതിൽ നിന്നും ഒരു കഷണം പോലും തിന്നാൻ കൊടുക്കുകയോ ചെയ്യാതിരിക്കുക. അതു് തിന്നുന്ന നാളിൽതന്നെ നിങ്ങളും മക്കളും ചത്തൊടുങ്ങി പണ്ടാരമടങ്ങും. അത്തരക്കാർക്കു് വിധിച്ചിരിക്കുന്നതു് സ്വർഗ്ഗമല്ല, തെമ്മാടിക്കുഴിയാണു്. അതുകൊണ്ടു്, “വിഡ്ഢിയാവുക, വിശ്വാസിയാവുക” ഇതായിരിക്കട്ടെ നിങ്ങളുടെ മുദ്രാവാക്യം!

“കർത്താവിൽ” പ്രിയരായവരും, പോക്കറ്റിൽ പെഴ്സുള്ളവരുമായ ഇടവകാംഗങ്ങളേ, നിങ്ങൾക്കു് വായിക്കാൻ ക്ഷമയുണ്ടെങ്കിൽ, എങ്ങനെയാണു് ഈ മുദ്രാവാക്യത്തിൽ ഞാൻ എത്തിച്ചേർന്നതെന്നു്, എല്ലാം ചുരുക്കിപ്പറയുന്ന അഹംഭാവികളും, നിഷേധികളും, തേരട്ടകളും, പഴുതാരകളും, ദൈവദോഷികളും, അധികപ്രസംഗികളും, വിനയമില്ലാത്തവരുമായ (കൂടുതൽ വിശേഷണങ്ങൾ എഴുതണമെന്നുണ്ടു്, പക്ഷേ, ഭാഷാപരിമിതി!) നാസ്തികരിൽ നിന്നും വ്യത്യസ്തമായി, ഒരു “അയോട” പോലും, ചുരുക്കാതെ ഇവിടെ വിശദമാക്കാം. ഇടയലേഖനങ്ങൾ കേട്ടുകേട്ടു് ക്ഷമയുടെ നെല്ലിപ്പലകവരെ കണ്ടിട്ടും ഒരു മടിയുമില്ലാതെ കവലകളിലെ ഉപദേശികളുടെ സദാചാരപ്രസംഗങ്ങൾ കേൾക്കുന്നവരും, മലയാളം ചാനലുകളിലെ ചെളിവാരിയെറിയൽ ചർച്ചകൾ പതിവായി വീക്ഷിക്കുന്നവരും, രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനങ്ങൾ കണ്ണടച്ചു് വിശ്വസിക്കുന്നവരും, പിടക്കോഴിക്കു് നാളെ മുലവരുന്നതും, മറ്റന്നാൾ ദൈവപുത്രൻ കാഹളനാദത്തോടെ മേഘത്തിലേറി വരുന്നതുമെല്ലാം ആത്മാർത്ഥതയോടെ വിശ്വസിച്ചു് കാത്തിരിക്കുന്നവരുമാണു് നിങ്ങളെങ്കിൽ ഇതു് നിങ്ങൾക്കൊരു ചിന്നക്കാര്യമായിരിക്കേണ്ടതാണു്. ഇല്ലെങ്കിൽ, നിങ്ങൾക്കു് എവിടെയോ എന്തോ തകരാറുണ്ടെന്നു് കരുതുകയല്ലാതെ വേറെ നിവൃത്തിയില്ല.

ശ്രീബുദ്ധനെപ്പോലെ ബോധിവൃക്ഷത്തിനു് ചുവട്ടിൽ പത്മാസനത്തിൽ ഇരുന്നു് തപസ്സനുഷ്ഠിച്ചിട്ടോ, ഹിമാലയസാനുക്കളിൽ പോയി ശീർഷാസനത്തിൽ (ന്ന്വച്ചാൽ, തലകുത്തിനിന്നു് – കുരച്ചുകുരച്ചു് മലയലം പരയുന്നവർക്കും ഇങ്ങേർ എന്റാനു് ഈ പരയുന്നതെന്നു് പിറ്റികിറ്റണമല്ലോ. ധർമ്മപരിപാലകനായ ഒരു സദാചാരപോലീസായാൽ എവിടെയെല്ലാം ഒളിഞ്ഞുനോക്കണം, എന്തെല്ലാം ഉത്തരവാദിത്തങ്ങൾ വഹിക്കണം, ആരെയെല്ലാം തല്ലിക്കൊല്ലണമെന്റെ കർത്താവേ!) ഭജന “നിന്നിട്ടോ” ഒന്നുമല്ല എനിക്കു് ഈ ദിവ്യവെളിപാടു് ഉണ്ടായതു്. കർത്താവിനുവേണ്ടി നല്ല ഓട്ടം ഓടിയ വിശുദ്ധ പൗലോസ്‌ ശ്ലീഹ വിശുദ്ധ വേദപുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന വിശുദ്ധ വേദവാക്യങ്ങളിൽ നിന്നുമാണു് ദൈവകൃപയാൽ എനിക്കീ ജ്ഞാനോദയം ഉണ്ടായതു്. അപ്പൊസ്തലനായ പൗലോസ്‌ കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിലെ ഒന്നാം അദ്ധ്യായത്തിൽ നിന്നും ആ ദിവ്യവചനങ്ങളിൽ ഒരംശം ഞാനിവിടെ പകർത്തുന്നു: >>>”ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നെഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?<<< അടുത്ത വാചകം പ്രത്യേക ശ്രദ്ധയോടെ വായിക്കുക: >>>ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു് പ്രസാദം തോന്നി<<< – പൗലോസിന്റെ ഈ ജ്ഞാനവാദവാക്യത്തിന്റെ ചുരുക്കെഴുത്താണു്  “വിഡ്ഢിയാവുക, വിശ്വാസിയാവുക” എന്ന മുദ്രാവാക്യം!

ദൈവികവെളിപാടു് ഉണ്ടാവണമെന്നു് ആഗ്രഹമുള്ളവർ ഭയഭക്തിബഹുമാനങ്ങളോടെ തലയിൽ മുണ്ടിട്ടുകൊണ്ടേ ഇതൊക്കെ വായിക്കാവൂ. അല്ലെങ്കിൽ വെളിപാടു് ഉണ്ടാവില്ലെന്നു് മാത്രമല്ല, പണ്ടൊരു കപ്യാരു് കുർബ്ബാനമദ്ധ്യേ സ്ഥലജലഭ്രമം മൂലം “അപ്പൊസ്തലനായ പൗലോസ്‌ കോരമ്പടത്തിൽക്കാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ നിന്നും ആഹായ്‌ ബാറെൿമോർ” എന്നു് വായിച്ചതുപോലെയാവും കാര്യങ്ങൾ. ഈ ലേഖനവായന ആ ഇടവകാംഗങ്ങളുടെയിടയിൽ, ബൈബിളിന്റെ കാലത്തു് സാധാരണമായിരുന്നതുപോലെ, വലിയോരു “കരച്ചിലിനും പല്ലുകടിയ്ക്കും” കാരണമാവുകയുണ്ടായി. പൗലോസ്‌ “ആർക്കൊക്കെയോ എന്തൊക്കെയോ” എഴുതി അയച്ച കൂട്ടത്തിൽ കപ്യാരുടെ അയൽവാസികളായ കോരമ്പടത്തിൽക്കാർക്കും ഒന്നോ രണ്ടോ ലേഖനങ്ങളുടെ കോപ്പികൾ അയച്ചിരുന്നുവെന്നും, ഇറയിൽ സൂക്ഷിച്ചിരുന്ന ആ ചുരുളുകൾ പുരമേച്ചിലിന്റെ അവശിഷ്ടങ്ങൾ തീയിട്ടു് നശിപ്പിച്ച കൂട്ടത്തിൽ നഷ്ടപ്പെടുകയായിരുന്നു എന്നുമുള്ള ഇടവക ഇടയന്റെ വിദഗ്ദ്ധാഭിപ്രായമാണു് ഇടവകയിലെ ആടുകളെ മെത്രാൻകക്ഷി-ബാവാക്കക്ഷി മാതൃകയിലുള്ള ഒരു സത്യവിശ്വാസയുദ്ധത്തിൽ നിന്നും പിന്തിരിപ്പിച്ചതു്.

നമുക്കു് ശ്രീ രാധാകൃഷ്ണനിലേക്കു് മടങ്ങാം. “എവിടെയാണു് ശാസ്ത്രം തോൽക്കുന്നതും ഗീത ജയിക്കുന്നതും” എന്ന ചോദ്യത്തിനു് അദ്ദേഹം നൽകുന്ന മറുപടി അത്ഭുതാവഹമാണു്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നുവെന്നു് എല്ലാവർക്കുമറിയാമെന്നും, അതിന്റെ അളവു് നിർണ്ണയിക്കാൻ ശാസ്ത്രത്തിനാവുമെന്നും ശ്രീ രാധാകൃഷ്ണൻ സമ്മതിക്കുന്നു. എന്നാൽ, എന്തുകൊണ്ടു് അങ്ങനെ സംഭവിക്കുന്നു എന്നു് ചോദിക്കാൻ ഫിസിക്സിൽ ആവില്ലത്രേ! അങ്ങനെയൊരു ചോദ്യം ചോദിക്കരുതെന്നൊരു ഫത്വ ഫിസിക്സിലുണ്ടെന്നുണ്ടോ? അതുകൊണ്ടാവുമോ ഒരു ഫിസിസിസ്റ്റ്‌ ആയ ശ്രീ രാധാകൃഷ്ണൻതന്നെ ആ ചോദ്യം ചോദിക്കാതിരുന്നതു്? അദ്ദേഹം തുടരുന്നു: “ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റാമെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തം ശരിയാണു്. എങ്കിലും ആപേക്ഷികതാസിദ്ധാന്തം ന്യൂക്ലിയർ സ്കെയിലിൽ മൈക്രോസ്കോപ്പിക്കായി അളക്കാനാവില്ല. അതുപോലെതന്നെ, ക്വാണ്ടം മെക്കാനിക്സിൽ മാക്രോസ്കോപ്പിക്‌ അളവുകളും സാദ്ധ്യമല്ല. അടിസ്ഥാനബലങ്ങളെ ശാസ്ത്രം ഇതുവരെ ഏകീകരിച്ചിട്ടില്ല. ന്യൂട്ടന്റെ ഗുരുത്വാകർഷണവും എന്തുകൊണ്ടാണെന്നു് വിശദീകരിക്കപ്പെടുന്നില്ല. സൂര്യൻ ഇല്ലാതായാൽ പൊടുന്നനെ ഭൂമി ആകർഷണം നഷ്ടപ്പെട്ടു് അകന്നുപോകണം. എന്നാൽ പെട്ടെന്നു് സൂര്യൻ ഇല്ലാതായ വിവരം ഭൂമി അറിയണ്ടേ? അപ്പോൾ പ്രകാശത്തേക്കാൾ വേഗമേറിയ എന്തോ ഉണ്ടാവണമല്ലോ. അതു് ആപേക്ഷികതാ സിദ്ധാന്തം അംഗീകരിക്കുന്നില്ല”. അങ്ങനെ, ഇത്തരം തീക്ഷ്ണമായ വാദങ്ങളിലൂടെ “എന്തുകൊണ്ടു്, എന്തുകൊണ്ടു്, എന്തുകൊണ്ടു്?” എന്ന ചോദ്യങ്ങൾക്കൊന്നിനും ശാസ്ത്രത്തിനു് ഒരു മറുപടിയുമില്ലെന്നു് ഏകപക്ഷീയമായി സ്ഥാപിച്ചശേഷം, “സയൻസിനെക്കാൾ പ്രപഞ്ചരഹസ്യം പറഞ്ഞുതരാൻ ഗീതയ്ക്കു് സാധിക്കും” എന്ന ഒറ്റ പ്രഖ്യാപനത്തോടെ ശാസ്ത്രത്തെ അദ്ദേഹം തറപറ്റിച്ചു എന്നു് പറഞ്ഞാൽ മതിയല്ലോ.

ഇതെല്ലാം പറയുന്നതു് ഒരു ഫിസിസിസ്റ്റാണെന്നതു് മാത്രമേ അവിശ്വസനീയമായി തോന്നുന്നുള്ളു. ബ്ലോഗുലകത്തിലെ ദൈവപ്രതിനിധികൾ ആധുനികശാസ്ത്രതത്വങ്ങൾ മുഴുവൻ അതേപടി തങ്ങളുടെ വേദഗ്രന്ഥത്തിലൂടെ ദൈവം വെളിപ്പെടുത്തിയിട്ടുണ്ടെന്നു് സ്ഥാപിക്കാനായി ഖുർആൻ വലത്തോട്ടും, ബൈബിൾ ഇടത്തോട്ടുമൊക്കെ വായിക്കുന്നതു് കണ്ടിട്ടുണ്ടു്. ഇപ്പോൾ ഒരു ശാസ്ത്രജ്ഞൻ സയൻസ്‌ ഇതുവരെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ “പ്രപഞ്ചരഹസ്യങ്ങൾ” ഗീതയിലുണ്ടെന്നു് സ്ഥാപിക്കാൻ മുകളിൽ നിന്നും താഴേക്കായിരിക്കുമോ വായിച്ചതു്? എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു പൊങ്ങച്ചക്കാരൻ ചേട്ടനുണ്ടായിരുന്നു. ഏകദേശം ഒരു രൂപയുടെ വലിപ്പമുള്ള ഒരു ചെറിയ ഡയറിയുടെ ഓരോ പേജുകൾക്കിടയിലും പുതിയ ഒറ്റരൂപാ നോട്ടുകൾ തിരുകലായിരുന്നു അങ്ങേരുടെ ഹോബി. പലചരക്കുകടയിൽ നിന്നും “അരക്കെട്ടു്” ബീഡിയോ മറ്റോ വാങ്ങിയാൽ, പണം കൊടുക്കുന്നതിനു് മുൻപു് “ഒറ്റ രൂപയായിട്ടില്ലല്ലോ” എന്ന കമന്റോടെ പുള്ളി ഡയറിയുടെ പേജുകൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും പലവട്ടം മറിച്ചുകൊണ്ടിരിക്കും. അവസാനം ഏതെങ്കിലും ഒരുരൂപ എടുത്തു് കൊടുക്കുകയും ചെയ്യും. “അപ്പൊ ആ ഇരിക്കുന്നതെല്ലാം ഒറ്റരൂപകളല്ലേ ചേട്ടാ” എന്നാരെങ്കിലും ചോദിച്ചാൽ, അങ്ങേർ വളരെ ഗൗരവത്തിൽ പറയും, “നീ ഒന്നുപോടാ അവിടന്നു്, അതെല്ലാം പത്തുരൂപാനോട്ടുകളാ”. ഏതാണ്ടു് അതുപോലെയാണു് വേദഗ്രന്ഥങ്ങളിൽ ആധുനികശാസ്ത്രം ഇതുവരെ കണ്ടെത്താത്ത രഹസ്യങ്ങൾ മുഴുവനും ഉണ്ടെന്ന അവകാശവാദം. വേദഗ്രന്ഥങ്ങളിൽ ഒരുപാടു് “പത്തുരൂപാനോട്ടുകൾ” ഉണ്ടെന്നു് വിശ്വാസികൾ അവകാശപ്പെടും. പക്ഷേ, അവയൊന്നും എടുത്തുകാണിക്കാൻ പറ്റിയ അവസ്ഥയിലല്ല. ഉണ്ടെന്നു് പറയാൻ ആർക്കുമാവുമെങ്കിലും, എടുത്തുകാണിക്കണമെങ്കിൽ ഉണ്ടാവുകതന്നെവേണം. അറിഞ്ഞുകഴിഞ്ഞ ശാസ്ത്രരഹസ്യങ്ങൾ ഇത്തിരി കഷ്ടപ്പെട്ടാൽ വിശ്വാസികളെ പറ്റിക്കാൻ പറ്റിയ വ്യാഖ്യാനങ്ങളാക്കി തട്ടിക്കൂട്ടാനായേക്കും. പക്ഷേ, ഉണ്ടായിരിക്കാൻ താത്വികമായി സാദ്ധ്യതയുള്ളവയെങ്കിലും ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കിത്താബിൽ ഉണ്ടെന്നു് പറയാൻ കഴിയുന്ന അത്ര എളുപ്പമല്ല, അവയെ വ്യാഖ്യാനിച്ചു് തടിതപ്പാൻ. സർവ്വജ്ഞാനിയായ ഒരു ദൈവത്തിന്റെ സ്വന്തക്കാർ എന്നു് വീമ്പിളക്കിയാലത്തെ ഗതികേടു്, അല്ലാതെന്തു് പറയാൻ? അറിയില്ലെന്നു് അംഗീകരിച്ചാൽ അതു് സർവ്വജ്ഞാനത്തിനു് നാണക്കേടു്, അറിയാമെന്നു് പറഞ്ഞാൽ അതു് തെളിയിക്കാനുള്ള വിവരക്കേടു്.

കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു്, അഥവാ, മാഗ്നെറ്റിക്‌ ഫോഴ്സ്‌ എന്നതു്, അറിയപ്പെടുന്ന നാലു് പ്രപഞ്ചശക്തികളിൽ ഒന്നായ എലക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സിന്റെ ഒരു ശാഖയാണു്. മറ്റൊരു പ്രപഞ്ചശക്തിയായ വീക്‌ ഫോഴ്സും എലക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സും തമ്മിൽ എലക്ട്രോ-വീക്‌ ഫോഴ്സ്‌ എന്നപേരിൽ സംയോജിപ്പിക്കപ്പെട്ടതും അതിന്റെ പേരിൽ മൂന്നു് ശാസ്ത്രജ്ഞർ നോബൽ പ്രൈസ്‌ നേടിയതുമൊന്നും ശ്രീ രാധാകൃഷ്ണന്റെ ലോകത്തിൽ എത്തിയില്ലെന്നുണ്ടോ? കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു് എന്തുകൊണ്ടെന്ന്‌ ചോദിക്കാൻ ഫിസിക്സിൽ ആവില്ലത്രേ! അടിസ്ഥാനബലങ്ങളെ ശാസ്ത്രം ഇനിയും ഏകീകരിച്ചിട്ടില്ലത്രെ! എലക്ട്രോ-വീക്‌ ഫോഴ്സിനോടു് മറ്റു് രണ്ടു് പ്രപഞ്ചശക്തികളായ സ്ട്രോംഗ്‌ ഫോഴ്സും ഗ്രാവിറ്റേഷണൽ ഫോഴ്സും ചേർന്നു് ഒരൊറ്റ മൗലികശക്തിയാവാനുള്ള സാദ്ധ്യതയെ സംബന്ധിച്ചു് താത്വികമായിട്ടാണെങ്കിലും ചില കണക്കുകൂട്ടലുകളൊക്കെ നടന്നുകഴിഞ്ഞു എന്നതൊക്കെ ഒരു ഫിസിസിസ്റ്റ്‌ ആയ ശ്രീ രാധാകൃഷ്ണൻ എന്തിനറിയണം? ബിരുദം ലഭിക്കുന്നതോടെ തീരുന്നതാണല്ലോ ഭാരതത്തിലെ മിക്കവാറും എല്ലാ അക്കാഡെമിക്‌ എജ്യുക്കേഷനും! ആപേക്ഷികതാസിദ്ധാന്തത്തിൽ ന്യൂക്ലിയർ സ്കെയിലിൽ മൈക്രോസ്കോപ്പിക്കായും, ക്വാണ്ടം മെക്കാനിക്സിൽ മാക്രോസ്കോപ്പിക്‌ ആയുമുള്ള അളവുകൾ സാദ്ധ്യമല്ലത്രെ! എന്തുകൊണ്ടാവില്ല, അല്ലെങ്കിൽ എത്രത്തോളം ആവും ഇതൊന്നും ശ്രീ രാധാകൃഷ്ണനെ ബാധിക്കുന്ന കാര്യങ്ങളല്ല. ഗീതയുടെ മുന്നിൽ എന്തു് ആപേക്ഷികതാസിദ്ധാന്തം? എന്തു് ക്വാണ്ടം മെക്കാനിക്സ്‌? പ്രപഞ്ചശക്തികളെപ്പറ്റി ചിലതു് ഇവിടെയും വായിക്കാം: സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ -2

ന്യൂട്ടന്റെ ഗുരുത്വാകർഷണത്തിൽ നിന്നൊക്കെ ലോകം ഒരുപാടു് മുന്നോട്ടുപോയതിനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്തപോലെയാണു് ശ്രീ രാധാകൃഷ്ണൻ ഓരോന്നു് തട്ടിമൂളിക്കുന്നതു്. സൂര്യൻ ഇല്ലാതായാൽ പൊടുന്നനെ ആകർഷണം നഷ്ടപ്പെടുന്ന ഭൂമിക്കു് “രണ്ടാം കെട്ടു് കെട്ടാനായി” പെട്ടെന്നുതന്നെ അകന്നുപോകേണ്ടതുണ്ടെന്നും, “ഇല്ലാതാവുന്ന” നിമിഷം സൂര്യൻ അയക്കുന്ന “SMS” പ്രകാശത്തിന്റേതിനേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിച്ചാലല്ലാതെ വിവരം തൽക്ഷണം ഭൂമി അറിയുന്നതെങ്ങനെ എന്നും മറ്റും ഇത്തിരി ഭയപ്പാടോടുകൂടിത്തന്നെ ശ്രീ രാധാകൃഷ്ണൻ ചോദിക്കുന്നു. ചുറ്റിക്കാൻ സൂര്യന്റെ ആകർഷണമില്ലാത്തതിനാൽ ചുറ്റാനാവാതെ ഭൂമി ചുറ്റിപ്പോകില്ലേ എന്നാവാം അദ്ദേഹത്തിന്റെ ഭയം. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോയി നല്ല സ്പീഡിൽ പ്രദക്ഷിണം വച്ചിട്ടു് പെട്ടെന്നു് ചുറ്റൽ നിർത്തിയാൽ മനുഷ്യർക്കുപോലും തലചുറ്റും, പിന്നെയാണു് ഭൂമി! ശ്രീ രാധാകൃഷ്ണന്റെ ഭാവന കുച്ചിപ്പുടി ആടുന്നതു് ശ്രദ്ധിക്കൂ: യാതൊരു പ്രകോപനവുമില്ലാതെ, സൂര്യൻ ചുമ്മാ അപ്രത്യക്ഷമാവുന്നു, ചുറ്റാൻ എന്ന പേരിൽ ആരെയെങ്കിലും ചുറ്റിക്കാനാവാതെ ഭൂമി കറങ്ങിപ്പോകുന്നു! ഏതു് നിമിഷവും സംഭവിക്കാവുന്ന ഇതുപോലൊരു അപകടസന്ധിയിൽ പോലും പ്രകാശത്തിന്റേതിനേക്കാൾ ഇത്തിരിക്കൂടി കൂടിയ വേഗതയിൽ ഓടാൻ ആപേക്ഷികതാസിദ്ധാന്തം സിഗ്നലുകളെ അനുവദിക്കുന്നുമില്ല! അനാർക്കിസത്തിൽ പോലും കാണാൻ കഴിയാത്ത സൂര്യന്റെ ഈ തോന്നിയവാസത്തിനു് തന്നെ കിട്ടില്ലെന്നും, ഇതിനേക്കാൾ നന്നായി പ്രപഞ്ചരഹസ്യം പറഞ്ഞുതരാൻ ഗീതയ്ക്കു് സാധിക്കുമെന്നും പറഞ്ഞു് ശ്രീ രാധാകൃഷ്ണൻ തന്റെ വാസം അങ്ങോട്ടു് മാറ്റുന്നു! അല്ലെങ്കിൽത്തന്നെ സൂര്യനെ വിശ്വസിക്കാൻ പറ്റില്ല. ഏതെങ്കിലും ദൈവമോ, വാശിയുള്ള മനുഷ്യരോ ഒക്കെ “നിൽക്കവിടെ” എന്നു് കട്ടായമായിപ്പറഞ്ഞപ്പോഴെല്ലാം അങ്ങേർ നിന്നനിൽപിൽ അനങ്ങാതെ നിന്നിട്ടുണ്ടു്. ആ സമയത്തു് ഭൂമിയും മറ്റു് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നും പറയാതിരിക്കുകയാണു് ഭേദം. ഇങ്ങനെയൊക്കെയാണു് വിശ്വാസം പ്രവർത്തിക്കുന്നതു്. അടിസ്ഥാനരഹിതമായ ഇത്തരം മണ്ടത്തരങ്ങളെ പൂർണ്ണയാഥാർത്ഥ്യങ്ങൾ എന്ന രീതിയിൽ തികഞ്ഞ ഗൗരവത്തോടെ കാണുകകൂടി ചെയ്താൽ വിശ്വാസി എന്ന പട്ടം ലഭിക്കും. അത്ഭുതപ്പെടണ്ട, പട്ടാഭിഷേകം കഴിഞ്ഞവരിൽ എഞ്ചിനീയറിംഗിലും, മെഡിസിനിലും, ശാസ്ത്രവിഷയങ്ങളിലുമെല്ലാം ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ എടുത്തവർ പോലും ധാരാളമുണ്ടു്.

(തുടരും)

 
17 Comments

Posted by on Nov 14, 2011 in മതം

 

Tags: , , ,