ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം (continental drift) വഴിയാണു് പർവ്വതനിരകൾ ഉണ്ടാകുന്നതു്. ഏകദേശം 6 കോടി വർഷങ്ങൾക്കു് മുൻപു്, ഇൻഡ്യൻ കോണ്ടിനെന്റൽ പ്ലെയ്റ്റും യുറേഷ്യൻ പ്ലെയ്റ്റും തമ്മിൽ കൂട്ടിയിടിച്ചതിന്റെ ഫലമായി ഉയർന്നുപൊന്തിയതാണു് ഹിമാലയ പർവ്വതനിരകൾ. സമുദ്രജീവികളുടെ ഫോസിലുകളെ ഹിമാലയത്തിൽ നിന്നും കണ്ടെടുക്കാൻ കഴിയുന്നതു് അതുകൊണ്ടാണു്.
ഭൂഖണ്ഡങ്ങളായ ആഫ്രിക്കയെയും യൂറോപ്പിനെയും തെക്കും വടക്കും അമേരിക്കകളെയും തമ്മിൽ വിടവില്ലാത്തവിധം കൂട്ടിച്ചേർക്കാൻ കഴിയുന്നതു്, അവ ഭൂഖണ്ഡസ്ഥാനഭ്രംശം വഴി പരസ്പരം അകന്നുപോയവയാണെന്നതിന്റെ തെളിവാണു്. 15 കോടി വർഷങ്ങൾക്കു് മുൻപു് രൂപം കൊണ്ടതും ഇന്നു് 1500-നും 9000-ത്തിനും ഇടയിൽ കിലോമീറ്റർ വീതിയുള്ളതുമായ അറ്റ്ലാന്റിക് സമുദ്രം ആരംഭത്തിൽ വീതി കുറഞ്ഞ ഒരു അരുവിപോലെ ചെറുതായിരുന്നു.
ചന്ദ്രോപരിതലത്തിൽ നിന്നും വ്യത്യസ്തമായി, പ്ലെയ്റ്റ് ടെക്ടോണിക്സ്, അഗ്നിപർവ്വതങ്ങൾ, മഴ, നദികൾ മുതലായവ വഴിയുള്ള ഇറോഷൻ മൂലം ഭൗമോപരിതലം സ്ഥിരമായ മാറ്റങ്ങൾക്കു് വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണു്, ഇന്നത്തേതിന്റെ ഏകദേശം 70 – 80 % വലിപ്പം ഉണ്ടായിരുന്നപ്പോൾ ഭൂമിയിൽ നിന്നും വേർപെട്ടു് രൂപമെടുത്ത ചന്ദ്രോപരിതലത്തിന്റെ പ്രായം ഭൂമിയുടേതിൽ നിന്നും അല്പം കൂടിയതായി അളക്കപ്പെടുന്നതു്.
പർവ്വതനിരകൾ രൂപം കൊളളുന്നതുപോലെതന്നെ, ജിയോളജിക്കലായ കാലയളവുകളിൽ, ഇറോഷൻ വഴി ഇല്ലാതാവുകയും ചെയ്യുന്നുണ്ടു്. ഏകദേശം 90 കോടി വർഷങ്ങൾക്കു് മുൻപു് രൂപമെടുത്തതും ഇന്നത്തെ ഹിമാലയത്തിന്റെ ഉയരമുണ്ടായിരുന്നതുമായ, US അമേരിക്കയുടെ കിഴക്കൻ തീരത്തെ അപ്പലേഷ്യൻ പർവ്വതനിരകളിൽ (Appalachian Mountains) ഇന്നു് കാര്യമായി ഒന്നും ബാക്കിയില്ല.
അൻപതോ നൂറോ കോടി വർഷങ്ങൾ കഴിയുമ്പോഴേക്കും ഇന്നത്തെ ഹിമാലയപർവ്വതത്തിന്റെ അവസ്ഥയും മറ്റൊന്നായിരിക്കില്ല. ഹിമാലയത്തിൽ ഉത്ഭവിക്കുന്ന നദികൾ താഴ്‌വാരങ്ങളിലേക്കു് എത്തിച്ചുകൊണ്ടിരിക്കുന്ന കല്ലിന്റെയും മണലിന്റെയും അളവുവച്ചു് നൂറുകോടി വർഷങ്ങൾ കൊണ്ടു് എന്തു് സംഭവിക്കുമെന്നു് ചിന്തിക്കാവുന്നതേയുള്ളു.
പരമശിവനും കുടുംബവും കൈലാസത്തിൽ വസിക്കാൻ തുടങ്ങിയിട്ടു് ഏകദേശം 6 കോടി വർഷങ്ങളേ ആയിട്ടുള്ളു എന്നു് സാരം. ഭൂമിയുടെ പ്രായമായ 450 കോടി വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിമാലയം ഒരു ശിശുവാണു്. പ്രപഞ്ചത്തിന്റെ പ്രായമാകട്ടെ 1380 കോടി വർഷങ്ങളും!
450 വയസ്സു് പ്രായമുള്ള ഭൂമി എന്ന ജീവിയുടെ 6 വയസ്സു് പ്രായമുള്ള ഒരു കുഞ്ഞാണു് കൈലാസം സ്ഥിതിചെയ്യുന്ന ഹിമാലയ പർവ്വതനിരകൾ എന്നു് വേണമെങ്കിൽ ആലങ്കാരികമായി പറയാം.
ഒരു കഷണം “ഭൗമകേക്കിന്റെ” ചിത്രം ഇവിടെ കൊടുക്കുന്നു. സൂക്ഷിച്ചു് നോക്കിയാൽ, അതിന്റെ ഒരു മൂലയിൽ, മരിച്ചശേഷം അല്ലാഹു നരകത്തിലേക്കയയ്ക്കുന്ന പാപികളെ പൊരിക്കാനായി ഇബിലീസുകൾ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കുന്ന വറചട്ടികളും എണ്ണവീപ്പകളും കാണാം.
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

Prometheus
Jan 31, 2023 at 13:47
ബ്ലോഗുകളുടെ സുവർണകാലം മുതല് വായിക്കാറുണ്ട് നിങ്ങളുടെ ബ്ലോഗ്. ഇപ്പോഴും തുടരുന്നു എന്നതിൽ സന്തോഷം.