വൃക്ഷലതാദികൾക്കും ജന്തുമൃഗാദികൾക്കുമൊപ്പം മനുഷ്യർ പങ്കിടുന്ന ഭൂമിയെയും അന്തരീക്ഷത്തെയുംപറ്റി അടിസ്ഥാനപരമായ ഒരു ധാരണ ഉണ്ടായിരുന്നാൽ, ആഗോളതാപനം മൂലമുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ അനുദിനം സ്പഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്വബോധത്തോടെയും പെരുമാറാൻ മനുഷ്യരെ ഒരുപക്ഷേ അതു് സഹായിച്ചേക്കുമെന്നു് തോന്നുന്നു.
ആരോഗ്യപരമോ വാർദ്ധക്യസഹജമോ ആയ കാരണങ്ങളാൽ, “ഹൈസ്പീഡ്” നീന്തൽ പണ്ടേപ്പോലെ ഫലിക്കാതെ വരികയോ, ശത്രുക്കളെ യഥാസമയം തിരിച്ചറിയാനുള്ള കഴിവു് നഷ്ടപ്പെടുകയോ ചെയ്യുന്നതുമൂലം, ഇരപിടിയന്മാർക്കു് തീറ്റയായി ജലലോകവാസം വെടിഞ്ഞു് മോക്ഷം പ്രാപിക്കുന്നതുവരെ വെള്ളത്തിലൂടെ നീന്തിത്തുടിച്ചു് ജീവിക്കുന്ന ഒരു ജീവിവർഗ്ഗമാണു് തിരുതയടക്കമുള്ള മത്സ്യങ്ങൾ.
മേല്പറഞ്ഞ കാരണങ്ങളെക്കൂടാതെ, മതം, രാഷ്ട്രീയം മുതലായവ വഴിയുള്ള അപകടസാദ്ധ്യതകൾകൂടി കൂട്ടിച്ചേർത്താൽ, മനുഷ്യരുടെ കാര്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. വ്യത്യസ്തയിനം ചൂണ്ടക്കാർക്കുവേണ്ടി ജീവിച്ചു്, ഇഹലോകവാസം വെടിഞ്ഞു്, സ്വർഗ്ഗത്തിൽ തിന്നും കുടിച്ചും മദിച്ചും നിത്യമായി സുഖിക്കാനോ, വീണ്ടുമൊരു പുനർജ്ജന്മം അധികപ്പറ്റായ ഒടുക്കത്തെ മോക്ഷത്തിനു് അവകാശിയാകുന്നതുവരെ തന്നെയും പിന്നെയും പുനർജ്ജനിച്ചുകൊണ്ടിരിക്കാനോ വിധിക്കപ്പെട്ടു്, അന്തരീക്ഷവായുസമുദ്രത്തിലൂടെ നടന്നും ഇരുന്നും കിടന്നും, മൂളിയും ഞരങ്ങിയും കഴിയുന്ന ഒരു ജീവിവർഗ്ഗമാണു് മനുഷ്യർ. ഒരു സുപ്രഭാതത്തിൽ അന്തരീക്ഷവായു അപ്രത്യക്ഷമായാൽ ഏതാനും സെക്കൻഡുകൾക്കുള്ളിൽ നിത്യമോക്ഷത്തിനു് അവകാശികളാകേണ്ടിവരുന്ന ജനുസ്സുകൾ!
മുകളിലുള്ള ജലത്തിന്റെ മർദ്ദത്തിൽ ഞെങ്ങിച്ചാകാതിരിക്കാൻ ആഴക്കടലിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മത്സ്യങ്ങൾക്കും മറ്റു് ജീവികൾക്കും മതിയായ സൂത്രങ്ങൾ എവൊല്യൂഷൻവഴി ലഭിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു്, അവയിൽ പലതിനും സ്വിം ബ്ലാഡറുകളോ ക്യാവിറ്റികളോ ഇല്ല. ജലമർദ്ദത്തെ നേരിടാൻതക്ക ഉയർന്ന ശാരീരികമായ ആന്തരമർദ്ദം അവയ്ക്കുണ്ടു്. തന്മൂലം, ജലോപരിതലത്തിനോടു് അടുത്താൽ അവ പൊട്ടിച്ചിതറും.
അന്തരീക്ഷവായുസമുദ്രത്തിന്റെ അടിയിൽ ജീവിക്കുന്നവരായ മനുഷ്യർക്കും താങ്ങേണ്ടിവരുന്നതു് ചെറിയ ഭാരമല്ല. അവിശ്വസനീയമെന്നു് തോന്നിയേക്കാമെങ്കിലും, സാധാരണ അന്തരീക്ഷമർദ്ദത്തിലും ഊഷ്മാവിലും, ഒരു ക്യുബിക്ക് മീറ്റർ (m³) വായുവിനു് 1.293 കിലോഗ്രാം ഭാരമുണ്ടു്! ഒരു ചതുരശ്രമീറ്റർ തറവിസ്തൃതിയിൽ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്ന വായുസ്തംഭത്തിന്റെ ഭാരം ഏകദേശം 10000 കിലോഗ്രാമാണു്! മുകളിലേയ്ക്കു് പോകുന്തോറും വായുവിന്റെ മർദ്ദവും ഊഷ്മാവും കുറയുമല്ലോ. പത്തു് ടൺ ഭാരമുള്ള വായുവും “ചുമന്നുകൊണ്ടാണു്” മനുഷ്യരുടെ ഭൂമിയിലൂടെയുള്ള നടപ്പും ഇരുപ്പും കിടപ്പും! എവൊല്യൂഷൻവഴി ലഭിച്ച ഒരു ജോലിയായതുകൊണ്ടു് മനുഷ്യർ അതറിയുന്നില്ല, അതറിയാത്തതുകൊണ്ടു് അതവരെ അലട്ടുന്നുമില്ല. അല്ലെങ്കിൽ, പ്രതിഷേധിക്കാനായി മാത്രം ജന്മമെടുക്കുന്നവരായ മല്ലുക്കളെങ്കിലും അതിനെതിരായി “ആരോടു് പറയാൻ? ആരു് കേൾക്കാൻ?” എന്ന പതിവു് മുദ്രാവാക്യം വിളിച്ചു് ഹൃദയഭേദകമായി “രോധിച്ചേനെ”!
[സമുദ്രനിരപ്പിൽ (പൂജ്യം മീറ്റർ ഉയരത്തിൽ) അന്തരീക്ഷമർദ്ദം 1013.25 ഹെക്ടോപാസ്കാലും (= 100 %), മൗണ്ട് എവറസ്റ്റിൽ (8848 മീറ്റർ ഉയരത്തിൽ) 325 ഹെക്ടോപാസ്കാലുമാണു് (= 32.1 %)].
ഒരു സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തിനു്, 15 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സൂര്യനിൽ നിന്നും ഭൂമിയിലെത്താൻ വേണ്ട സമയം 500 സെക്കൻഡ്, അഥവാ 8 മിനുട്ടും 20 സെക്കൻഡുമാണു്. റേഡിയേഷന്റെ രൂപത്തിൽ ഭൗമാന്തരീക്ഷത്തിലെത്തുന്ന സൗരോർജ്ജത്തിനു് അന്തരീക്ഷത്തിൽ വച്ചും, ഭൂമിയിൽ എത്തിയശേഷവും സംഭവിക്കുന്ന അവസ്ഥാന്തരങ്ങൾ വിശദമായി പഠിച്ചുകൊണ്ടല്ലാതെ ആഗോളതാപനം എന്ന പ്രതിഭാസത്തെ മനസ്സിലാക്കാനാവില്ല. വായുവിലൂടെയും ഭൂമിയിലൂടെയുമുള്ള സൗരോർജ്ജഗതാഗതത്തിന്റെ ഘടകങ്ങളെ ഒറ്റയൊറ്റയായി മനസ്സിലാക്കിയതുകൊണ്ടുമാത്രം അവയുടെ സങ്കീർണമായ പരസ്പരവ്യവഹാരം മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞുകൊള്ളണമെന്നുമില്ല. വളരെ സൂക്ഷ്മവും വിദഗ്ദ്ധവുമായ പഠനങ്ങൾ ആവശ്യമായ ഒരു മേഖലയാണു് ക്ലൈമറ്റോളജി. “ചെന്നതും കോലേ പതിനാറു്” എന്ന രീതിയിലുള്ള സമീപനം പരിസ്ഥിതിയുടെ കാര്യത്തിൽ ദോഷമല്ലാതെ ഗുണമൊന്നുമുണ്ടാക്കില്ലെന്നു് സാരം.
ഭൂഗോളത്തെ പൊതിഞ്ഞിരിക്കുന്ന അന്തരീക്ഷത്തെ ഭൗമോപരിതലത്തിൽനിന്നുള്ള ഉയരവും തദനുസൃതം വ്യത്യസ്തവുമായ ഊഷ്മാവും മർദ്ദവും അനുസരിച്ചു് അഞ്ചു് പാളികളായി തരംതിരിച്ചിട്ടുണ്ടു്. അവയിലെ ഏറ്റവും അടിയിലേതായ ട്രോപ്പോസ്ഫിയറിനു്, ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഏറിയും ധ്രുവപ്രദേശങ്ങളിൽ കുറഞ്ഞും എന്ന തോതിൽ, എട്ടു് മുതൽ പതിനെട്ടു് കിലോമീറ്റർ വരെ കട്ടിയുണ്ടാകാം. വേനല്ക്കാലത്തു് പാളിയുടെ കട്ടി കൂടുകയും, മഞ്ഞുകാലത്തു് കുറയുകയും ചെയ്യും. ശരാശരി പതിമൂന്നു് കിലോമീറ്റർ മാത്രം ഉയരമുള്ള ഈ ട്രോപ്പോസ്ഫിയറിലാണു് മനുഷ്യർ മൃഗങ്ങൾ ചെടികൾ മുതലായ എല്ലാ ജീവിവർഗ്ഗങ്ങളുടെയും ജീവിതങ്ങൾ സംഭവിക്കുന്നതു്. മനുഷ്യന്റെയോ ആനയുടെയോ ജിറാഫിന്റെയോ ഉയരവുമായി താരതമ്യം ചെയ്യുമ്പോൾ പതിമൂന്നു് കിലോമീറ്റർ അത്ര ചെറിയ ഒരു ഉയരമല്ല. പക്ഷേ, ഭൂമിയുടെ ശരാശരി വ്യാസാർദ്ധമായ 6371 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ, കേവലം പതിമൂന്നു് കിലോമീറ്റർ മാത്രം ഘനമുള്ള ട്രോപ്പോസ്ഫിയർ ഭൂമിയെ പൊതിയുന്ന വളരെ നേരിയ ഒരു “പാട” മാത്രമാണു്! കാലാവസ്ഥാവ്യതിയാനം അതർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, ജീവജാലങ്ങളുടെ ജീവിതം സാദ്ധ്യമാക്കുന്ന അന്തരീക്ഷവും അതിന്റെ ഭാഗമായ ട്രോപ്പോസ്ഫിയറും എന്നു് അപ്രത്യക്ഷമായി എന്നു് ചോദിക്കാൻ പോലും ആരും ലോകത്തിൽ അവശേഷിക്കുന്നുണ്ടാവില്ല. തിന്നാതെയും കുടിക്കാതെയും ഏതാനും ദിവസങ്ങൾ ജീവിക്കാൻ കഴിയുമെങ്കിലും, ശ്വസിക്കാൻ കഴിയാതിരുന്നാൽ ഏറിയാൽ ഏതാനും മിനുട്ടുകളല്ലാതെ, അതിൽ കൂടുതൽ ജീവിച്ചിരിക്കാൻ മനുഷ്യർക്കാവില്ല.
അന്തരീക്ഷവായുവിന്റെ 99.96 ശതമാനവും നൈട്രജൻ (78.084 %), ഓക്സിജൻ (20.942 %), ആർഗോൺ (0.934 %) എന്നീ ഗ്യാസുകളുടെ ഒരു മിശ്രിതമാണു്. ബാക്കിവരുന്ന 0.04 % ഭാഗം മാത്രമാണു്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, ഓസോൺ, നീരാവി മുതലായവ പങ്കിടുന്നതു്. ട്രോപ്പോസ്ഫിയറിന്റെ ഉയരം കൂടുന്തോറും ഊഷ്മാവു് കുറയുകയും, രണ്ടാം പാളിയായ സ്ട്രാറ്റസ്ഫിയറുമായുള്ള അതിർത്തിയായ ട്രോപ്പോപ്പോസിൽ എത്തുമ്പോൾ -60 °C-ലേക്കു് താഴുകയും ചെയ്യും. ഊഷ്മാവിനെപ്പോലെതന്നെ, ഉയരം കൂടുന്നതിനനുസരിച്ചു് അന്തരീക്ഷത്തിന്റെ മർദ്ദത്തിലും ഓക്സിജന്റെ അളവിലും കുറവു് സംഭവിക്കും. അന്തരീക്ഷത്തിന്റെ മൊത്തം ഭാരത്തിലെ 80 ശതമാനവും, അന്തരീക്ഷനീരാവിയുടെ മിക്കവാറും മുഴുവൻ ഭാഗവും ട്രോപ്പോസ്ഫിയറിലാണു് സ്ഥിതിചെയ്യുന്നതു്. കാലാവസ്ഥാപരമായ പ്രതിഭാസങ്ങളും ഈ പാളിയ്ക്കുള്ളിലാണു് സംഭവിക്കുന്നതു്. സാധാരണഗതിയിൽ, ട്രോപ്പോസ്ഫിയറിനു് വെളിയിലേയ്ക്കു് വിമാനങ്ങളും കടക്കാറില്ല.
ട്രോപ്പോസ്ഫിയർ, സ്ട്രാറ്റസ്ഫിയർ, മേസസ്ഫിയർ, തേർമസ്ഫിയർ, എക്സോസ്ഫിയർ എന്നിവയാണു്, യഥാക്രമം, ഭൂമിയുടെ ഉപരിതലത്തിൽ നിന്നു് മുകളിലേക്കുള്ള അന്തരീക്ഷത്തിന്റെ അഞ്ചു് പാളികൾ.
സ്ട്രാറ്റസ്ഫിയറിൽ ഏകദേശം 20 കിലോമീറ്റർ വരെ ട്രോപ്പോപ്പോസിലെ ഊഷ്മാവായ -60 °C തന്നെയാണെങ്കിലും, ഉയരം കൂടുന്നതിനനുസരിച്ചു് ഊഷ്മാവു് ക്രമേണ വർദ്ധിച്ചു്, മുകളിലെ മേസസ്ഫിയറുമായുള്ള അതിർത്തിയായ സ്ട്രാറ്റോപ്പോസിൽ എത്തുമ്പോൾ 0 °C ആയിത്തീരുന്നു! ഈ വൈപരീത്യത്തിന്റെ കാരണം, സ്ട്രാറ്റസ്ഫിയറിൽ ധാരാളം ഓസോൺ ഉള്ളതാണു്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ ഓസോൺ ആഗിരണം ചെയ്യുന്നതുവഴി ആ റേഡിയേഷനുകളിലെ എനർജി ഹീറ്റ് എനർജിയായി മാറുകയും സ്ട്രാറ്റസ്ഫിയറിലെ ഊഷ്മാവിന്റെ വർദ്ധനവിനു് കാരണമാവുകയും ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികളുടെ ഗണ്യമായ ഭാഗത്തെ പ്രതിഫലിപ്പിച്ചും ആഗിരണം ചെയ്തും തടഞ്ഞു് ഭൂമിയിലേക്കു് കടത്തിവിടാതെ മനുഷ്യരെ സംരക്ഷിക്കുന്ന ഒരു രക്ഷാകവചമാണു് സ്ട്രാറ്റസ്ഫിയറും അതിലെ ഓസോണും (O₃). ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 20 മുതൽ 50 കിലോമീറ്റർ വരെയാണു് സ്ട്രാറ്റസ്ഫിയർ.
സ്ട്രാറ്റസ്ഫിയറിനു് മുകളിലായി ഏകദേശം 85 കിലോമീറ്റർ വരെയാണു് മേസസ്ഫിയർ. കാര്യമായി ഓസോൺ ഇല്ലാത്തതും, വളരെ കുറഞ്ഞ മർദ്ദം നിലവിലിരിക്കുന്നതുമായ ആ പാളിയിൽ -93 °C വരെ ഊഷ്മാവു് താഴുന്നു. ആസന്നമായിരിക്കുന്ന ആപത്തിന്റെ പേരിൽ മനുഷ്യരെ താക്കീതു് ചെയ്യാനായി ഭൂമിയിലേക്കു് വരുന്ന ഉൽക്കകൾ കൊള്ളിമീനുകളായി എരിഞ്ഞുതീർന്നു് അവയുടെ ദൗത്യം നിറവേറ്റുന്നതു് ഈ പാളിയിലാണു്.
മേസസ്ഫിയറിനു് മുകളിലായി ഏകദേശം 500 കിലോമീറ്റർ വരെയാണു്, ആ പേരു് സൂചിപ്പിക്കുന്നതുപോലെതന്നെ, അന്തരീക്ഷപാളികളിലെ ഏറ്റവും കൂടുതൽ ചൂടുള്ള തേർമസ്ഫിയർ. 1700 °C വരെ ഊഷ്മാവുള്ള തേർമസ്ഫിയറിനെ താഴത്തെ തണുത്ത മേസസ്ഫിയറുമായി വേർതിരിക്കുന്ന അതിർത്തിയാണു് മെസപ്പോസ്. കണികാസാന്ദ്രത വളരെ കുറവായ തേർമസ്ഫിയറിലെ ഗ്യാസ് മോളിക്യൂളുകളുടെ ദ്രുതഗതിയിലുള്ള ചലനമാണു് ഉയർന്ന ഊഷ്മാവിനു് “കാരണഭൂതം” ആകുന്നതു്. ISS പോലുള്ള സ്‌പെയ്‌സ്ഷിപ്പുകളുടെയും, ഔറോറ പൊളാറിസുകളുടെയും വാസസ്ഥലം ഇവിടെയാണു്.
അഞ്ചാമത്തേതും അവസാനത്തേതുമായ അന്തരീക്ഷപാളിയാണു് എക്സോസ്ഫിയർ. നിർവ്വചനാടിസ്ഥാനത്തിൽ, ഭൗമോപരിതലത്തിൽനിന്നും നാനൂറുമുതൽ ആയിരം വരെ കിലോമീറ്റർ ഉയരത്തിൽ തുടങ്ങി, പതിനായിരം കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന എക്സോസ്ഫിയറാണു് ഏറ്റവും കട്ടി കൂടിയ അന്തരീക്ഷപാളി. ഇഹലോകവാസികളുടെ ഫോൺ ചെയ്യലും, റ്റിവി കാണലും, നാവിഗേഷനുമെല്ലാം സാദ്ധ്യമാക്കുന്ന ചില സാറ്റലൈറ്റുകൾ കുടിപാർക്കുന്നതു് എക്സോസ്ഫിയറിലാണു്. ഭൗമാന്തരീക്ഷത്തിനു് പുറത്തുള്ള ശൂന്യാകാശം എക്സോസ്ഫിയറിനു് വെളിയിലേയ്ക്കു് വിശാലമായി വ്യാപിച്ചു് കിടക്കുന്നു. തുടുത്ത മാമ്മങ്ങളുള്ള ഹൂറിച്ച്യാച്ചികളും, രക്തസ്രാവമില്ലാത്ത ആർത്തവങ്ങളും, ലഹരിയില്ലാത്ത മദ്യങ്ങൾ ഒഴുകുന്ന പുഴകളും, ഒട്ടകരോമം പൊതിഞ്ഞ കിടക്കകളും, ഈന്തപ്പഴം നിറച്ച സ്വർണ്ണപ്പാത്രങ്ങളുമെല്ലാമായി സംഭവബഹുലമായ കിടുക്കാച്ചി സുവർക്കത്തിനും എക്സോസ്ഫിയറിനും ഇടയിലായി സ്ഥിതിചെയ്യുന്ന ശൂന്യാകാശത്തിലെ “വെയ്‌റ്റ്‌ലെസ്സ്നെസ്സ്” മേഖലയിലും, നന്മതിന്മകൾക്കപ്പുറമെന്നോണം, നിസ്കാരവും നോമ്പുമൊന്നുമില്ലാതെ കഴിഞ്ഞുകൂടുന്ന ഗതികിട്ടാപ്രേതങ്ങളായ ചില സാറ്റലൈറ്റുകളുണ്ടു്.
ചിത്രത്തിൽ കാണാൻ കഴിയുന്നപോലെ, ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്ന 342 W/m² സൗരോർജ്ജത്തിലെ 77 W/m² മേഘങ്ങൾ, അന്തരീക്ഷത്തിലെ ഗ്യാസുകൾ, എയ്‌റോസോൾ എന്നിവയിൽ തട്ടിയും, 30 W/m² ഭൂമിയുടെ ഉപരിതലത്തിൽനിന്നു് നേരിട്ടും പുറത്തേയ്ക്കു് പ്രതിഫലനം വഴി തിരിച്ചയയ്ക്കപ്പെടുന്നു. ശേഷിക്കുന്നതിലെ 168 W/m² ഭൂമിയും, 67 W/m² അന്തരീക്ഷവും അബ്സോർബ് ചെയ്യുന്നു. (77 + 30 + 168 + 67 = 342). ആഗിരണം വഴി ഒരു അവൻ എന്ന പോലെ ചൂടാകുന്ന ഭൂമിയിൽ നിന്നും കണ്വെക്ഷൻ, ഇവാപ്പൊട്രാൻസ്പിരേഷൻ, സർഫസ് റേഡിയേഷൻ മുതലായവവഴി അന്തരീക്ഷത്തിലേയ്ക്കു് ഉദ്വമിപ്പിക്കപ്പെട്ടു് മേഘങ്ങളിലെത്തുന്ന ഊർജ്ജത്തിൽനിന്നും ഒരു ചെറിയ ഭാഗം ഇൻഫ്രാറെഡ് റേഡിയേഷൻസായി പുറത്തേയ്ക്കു് പോവുകയും, അധികപങ്കും മേഘങ്ങളിൽനിന്നോ ഗ്രീൻഹൌസ് ഗ്യാസുകളിൽനിന്നോ വീണ്ടും ഭൂമിയിലേയ്ക്കു് പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുവഴി ഭൗമോപരിതലം അഡീഷണലായി വീണ്ടും ചൂടാകുന്നു. പച്ചക്കറികളും മറ്റും നട്ടുവളർത്താനായി ഉപയോഗിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള ഗ്രീൻഹൌസുകൾ സൂര്യരശ്മികളെ അകത്തേയ്ക്കു് കടത്തിവിടുകയും പുറത്തേയ്ക്കു് കടത്തിവിടാതിരിക്കുകയും ചെയ്യുന്നതുപോലുള്ള ഒരു പ്രതിഭാസമായതിനാലാണു് ഈ പ്രക്രിയ “ഗ്രീൻഹൌസ് ഇഫക്റ്റ്” എന്നറിയപ്പെടുന്നതു്. ഗ്രീൻഹൌസിലെ ഗ്ലാസ്സിന്റെ ജോലി ചെയ്യുന്നതു് അന്തരീക്ഷത്തിലെ ഗ്രീൻഹൌസ് ഗ്യാസുകളാണെന്ന വ്യത്യാസമേയുള്ളു.
മൊത്തമെടുത്താലും, അന്തരീക്ഷഭാരത്തിന്റെ ഒരു ശതമാനം പോലും വരാത്ത, നീരാവി (H₂O), കാർബൺ ഡൈഓക്സൈഡ് (CO₂), മീഥെയ്‌ൻ (CH₄), നൈട്രസ് ഓക്സൈഡ് (N₂O) , ട്രോപ്പോസ്ഫെറിക്ക് ഓസോൺ (O₃) മുതലായ, പ്രകൃതിയിൽത്തന്നെയുള്ള പദാർത്ഥങ്ങളാണു് നാച്ചുറൽ ഗ്രീൻഹൌസ് ഇഫക്റ്റിനു് കാരണമാകുന്നതു്.
നാച്ചുറൽ ഗ്രീൻഹൌസ് ഇഫക്റ്റും മനുഷ്യപ്രവൃത്തികൾ കാരണമായുള്ള (anthropogenic) ഗ്രീൻഹൌസ് ഇഫക്റ്റും വേർതിരിച്ചറിയേണ്ടതുണ്ടു്. പ്രകൃത്യാ ഉള്ള ഗ്രീൻഹൌസ് ഇഫക്റ്റ് ഇല്ലായിരുന്നെങ്കിൽ മനുഷ്യനു് ജീവിക്കാൻ കഴിയുന്നത്ര ഊഷ്മാവു് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. ഭൂമിയിലേക്കുള്ള യാത്രയിൽ, അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ, ചെറിയ തരംഗദൈർഘ്യമുള്ള (short-wavelength) റേഡിയേഷൻസ് വായുവിനെ ചൂടു് പിടിപ്പിക്കുന്നു. ഭൂമിയിലെത്തുമ്പോൾ, കൂടിയ തരംഗദൈർഘ്യമുള്ള (long-wavelength) റേഡിയേഷൻസായി അവ ഭൂമിയുടെ ഉപരിതലത്തെയും, തൊട്ടുമുകളിലുള്ള വായുവിനെയും ചൂടു് പിടിപ്പിച്ചു് അവയുടെ ഊഷ്മാവു് വർദ്ധിപ്പിക്കുന്നു. ഭൂമിയിലെത്തുന്ന റേഡിയേഷൻസ് മുഴുവൻ ആഗിരണം ചെയ്യപ്പെടാതെ, ഒരംശം തിരിച്ചയക്കപ്പെടുന്നു. അവ മേഘങ്ങളിലും ഗ്രീൻഹൌസ് ഗ്യാസുകളിലും എത്തുന്നു.
[റേഡിയേഷന്റെ എനർജിയും വേവ്ലെങ്തും വിപരീതാനുപാതത്തിലാണു്: E = hc/λ (E=energy, h=Planck constant, c=speed of light in vacuum, λ=wavelength)].
ചെറിയ തരംഗദൈർഘ്യമുള്ള സോളാർ റെയ്സിൽനിന്നും വ്യത്യസ്തമായി, കൂടിയ തരംഗദൈർഘ്യമുള്ള ഹീറ്റ് റെയ്സിനു് അന്തരീക്ഷത്തിലെ ഗ്രീൻഹൌസ് ഗ്യാസുകളിലൂടെ തടസ്സമില്ലാതെ പുറത്തേയ്ക്കു് കടന്നുപോകാനാവില്ല. തന്മൂലം, ഭൂമിയിൽ നിന്നും മേഘങ്ങളിലും ഗ്രീൻഹൌസ് ഗ്യാസുകളിലും എത്തുന്ന ഇൻഫ്രാറെഡ് റേഡിയേഷനുകളിലെ ചെറിയൊരംശം വെളിയിലേയ്ക്കു് എമിറ്റ് ചെയ്യപ്പെടുമെങ്കിലും, അധികപങ്കും വീണ്ടും ഭൂമിയിലേയ്ക്കുതന്നെ മടക്കി അയയ്ക്കപ്പെടുന്നു. ഭൂമിയിലെ ഗ്രീൻഹൌസ് ഇഫക്റ്റിന്റെ തുടക്കം ഇവിടെയാണു്. തിരിച്ചു് ഭൂമിയിലെത്തുന്ന ഹീറ്റ് റെയ്സ് ഭൂമിയുടെ ഉപരിതലത്തെ വീണ്ടും ചൂടു് പിടിപ്പിക്കുന്നു. അതുവഴി, ഇൻഫ്രാറെഡ് റേഞ്ചിലുള്ള ഹീറ്റ് റെയ്സ് അന്തരീക്ഷത്തിലെ ഗ്രീൻഹൌസ് ഗ്യാസുകളിലേയ്ക്കും മേഘങ്ങളിലേയ്ക്കും തുടർന്നും ഉദ്വമനം ചെയ്യപ്പെടുകയും, അതിലൊരുഭാഗം പഴയപോലെ ഭൂമിയിലേയ്ക്കു് പ്രതിഫലനം വഴി മടക്കി അയയ്ക്കപ്പെടുകയും ചെയ്യുന്നു. തെർമ്മൽ എനർജി നിശ്ശേഷമാകുന്നതുവരെ ഇതു് ആവർത്തിച്ചുകൊണ്ടിരിക്കും. ഗ്രീൻഹൌസ് ഇഫക്റ്റ് ഇല്ലായിരുന്നെങ്കിൽ ഭൂമിയിലെ ശരാശരി ഊഷ്മാവു് +15 °C-യ്ക്കു് പകരം, തണുത്തു് മരവിയ്ക്കുന്ന -18 °C ആയിരുന്നേനെ! സുഖപ്രദമായ ഊഷ്മാവിൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുന്നതിനു് നാച്ചുറൽ ഗ്രീൻഹൌസ് ഇഫക്റ്റിനോടു് വാസ്തവത്തിൽ മനുഷ്യർ നന്ദി പറയേണ്ടതുണ്ടു്.
വ്യാവസായികവിപ്ലവത്തോടെ, വാഹനഗതാഗതം, വിമാനയാത്ര, വ്യാവസായികവും, ഡൊമെസ്റ്റിക്കുമായ ആവശ്യങ്ങൾക്കായുള്ള കല്ക്കരി കത്തിക്കൽ, വിപുലമായ തോതിലുള്ള കന്നുകാലിവളര്‍ത്തല്‍ മുതലായവവഴി നാച്ചുറലായ ഈയിനം ഗ്രീൻഹൌസ് ഗ്യാസുകളെ മനുഷ്യർ അന്തരീക്ഷത്തിലേയ്ക്കു് കൂടുതലായി ഉദ്വമിപ്പിച്ചു. അതിനുപുറമെ, വ്യാവസായികമായ തോതിൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ പോലുള്ള രാസപദാർത്ഥങ്ങളും ഗ്രീൻഹൌസ് ഗ്യാസുകളുടെ ഭാഗമായി. ഗ്രീൻഹൌസ് ഗ്യാസുകളുടെ അളവു് കൂടിയതുവഴി, കൂടുതൽ ചൂടു് ഭൂമിയിലേയ്ക്കു് മടക്കി അയയ്ക്കപ്പെടുകയും, അതു് ഭൂമിയുടെ ഉപരിതലത്തിന്റെ ഊഷ്മാവിനെ അഡീഷണലായി വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്തു. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതായതിനാൽ, ഈ രീതിയിലുള്ള ഊഷ്മാവിന്റെ വർദ്ധനവിനെ “ആന്ത്രോപ്പൊജെനിക് ഗ്രീൻഹൌസ് ഇഫക്റ്റ്” എന്നു് വിളിയ്ക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളുടെ ഉരുകൽ, ഉയർന്ന പർവ്വതനിരകളിലെ ഗ്ലേസ്യൽ മെൽറ്റിങ്, വെള്ളപ്പൊക്കങ്ങൾ, വനങ്ങളിലെ തീപിടുത്തങ്ങൾ മുതലായവപോലുള്ള വർദ്ധിതവും അസാധാരണവുമായ കാലാവസ്ഥാവ്യതിയാനങ്ങൾ ആന്ത്രോപ്പൊജെനിക് ഗ്രീൻഹൌസ് ഇഫക്റ്റിന്റെ ഫലമാണെന്നാണു് ശാസ്ത്രമതം.
കാർബൺ ഡൈഓക്സൈഡ് (70%), മീഥെയ്‌ൻ (20%) എന്നിവയെക്കൂടാതെ, നൈട്രസ് ഓക്സൈഡ്, ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ എന്നിവയും ആന്ത്രോപ്പൊജെനിക് ഗ്രീൻഹൌസ് ഇഫക്റ്റിനു് കാരണമാകുന്നു. പ്രകൃത്യാ ഉള്ള ഗ്രീൻഹൌസ് ഇഫക്റ്റിലെ 60 ശതമാനവും സംഭവിക്കുന്നതു് മേഘങ്ങൾ, നീരാവി എന്നിവ മൂലമാണു്. അവയെ പക്ഷേ, മനുഷ്യനു് കാര്യമായി സ്വാധീനിക്കാനാവില്ല.
കൂടുതൽ മേഘങ്ങൾ എന്നതിനു്, കൂടുതൽ ചൂടിനെ ബഹിരാകാശത്തിലേയ്ക്കു് നേരിട്ടു് റിഫ്ലക്റ്റ് ചെയ്തും, കൂടുതൽ ചൂടിനെ അബ്സോർബ് ചെയ്തും (അതിനെ വീണ്ടും ബഹിരാകാശത്തിലേയ്ക്കു് തിരിച്ചയച്ചും) ഭൂമിയെ കൂടുതൽ തണുപ്പിയ്ക്കുമെന്നാണർത്ഥമെന്നതിനാൽ, ഗ്രീൻഹൌസ് ഇഫക്റ്റ് വഴി ഭൗമോപരിതലം കൂടുതൽ ചൂടായാൽ, ഭൂമിയിലും സമുദ്രോപരിതലങ്ങളിലും കൂടുതൽ ബാഷ്പീകരണം സംഭവിക്കുകയും, അതുവഴി കൂടുതൽ മേഘങ്ങൾ രൂപം കൊള്ളുകയും, ഗ്രീൻഹൌസ് ഇഫക്റ്റ് വഴിയുള്ള ആഗോളതാപനത്തെ അതു് കൂടുതൽ പരിമിതപ്പെടുത്തുകയും ചെയ്യും.
ഇതിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നതുപോലെ, “കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും” എന്ന വിഷയം വളരെ കോമ്പ്ലെക്സും കോമ്പ്ലിക്കേറ്റഡുമാണു്. പിണറായി വിജയനെപ്പോലെ “സത്യസന്ധരായ” പല്ലികൾക്കുപോലും താങ്ങാൻ കഴിയാത്തവിധം ഭാരമേറിയതാണു് ഈദൃശമായ ചോദ്യങ്ങളുടെ ഉത്തരം. ആത്യന്തികവും പരമവുമായ ആ ഉത്തരങ്ങൾ തേടി, ചെറിയ മീനല്ലാത്ത നെത്തോലികൾക്കും, വലിയ മീനെന്നു് ഭാവിയ്ക്കുന്ന തിരുതകൾക്കും സ്രാവുകൾക്കിടയിലൂടെ നീന്തുക മാത്രമല്ല, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെയും, പൊക്കിപ്പിടിച്ച പങ്കായങ്ങൾക്കിടയിലൂടെയും ശത്രുവിനെക്കണ്ട അന്തംകമ്മികളെപ്പോലെ അന്തംവിട്ടു് ഓടുകയും ചെയ്യേണ്ടിവരുമെന്നാണു് പ്രശ്നവശാൽ കാണുന്നതു്.
(ചിത്രത്തിനു് ഗൂഗിൾ ചങ്ങായിയോടു് കടപ്പാടു്)
