RSS

റൂസ്സോ-യുക്രേനിയൻ യുദ്ധത്തിന്റെ വേരുകൾ

01 Mar

യുക്രൈനും, റഷ്യയും, ബെലറൂസും മദ്ധ്യയുഗസാമ്രാജ്യമായിരുന്ന “കീവൻ റൂസ്” തറവാട്ടിലെ അംഗങ്ങളാണു്. സ്കാൻഡിനേവിയയിൽ നിന്നുള്ള കച്ചവടക്കാർ എട്ടാം നൂറ്റാണ്ടിൽ സ്ലാവിക്ക് ഗോത്രങ്ങളുമായി ചേർന്നു് ബാൾട്ടിക്ക് സീയ്ക്കും, ബ്ലായ്ക്ക് സീയ്ക്കും ഇടയിലായി സ്ഥാപിച്ച വിസ്തൃതമായ “Kievan Rus” എന്ന ഈസ്റ്റ് സ്ലാവിക്ക് സ്റ്റെയ്റ്റിൽ നിന്നുമാണു് ഇന്നത്തെ യുക്രൈന്റെയും റഷ്യയുടെയും ബെലറൂസിന്റെയും തുടക്കം. ജർമ്മൻ ഭാഷയിൽ റഷ്യ “റൂസ്സ്ലാൻഡ് ” എന്നും, ബെലറൂസ് “വൈസ്റൂസ്സ്ലാൻഡ്” എന്നുമാണു് വിളിക്കപ്പെടുന്നതു്. പേഗൻ വിശ്വാസികളായിരുന്ന കീവൻ റൂസിന്റെ ഭരണാധികാരികളിൽ ഒരുവനും, പുട്ടിന്റെ “നെയിംസെയ്ക്കുമായ” പ്രിൻസ് വ്ലാഡിമിയർ ഒന്നാമൻ 988-ൽ മാമോദീസാ മുങ്ങി ക്രിസ്ത്യാനി ആകാൻ തീരുമാനിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കാളേറെ, ബൈസാന്തീൻ കൈസറുടെ സഹോദരിയെ കല്യാണം കഴിക്കുക എന്ന സ്ട്രാറ്റേജിക്ക് ലക്ഷ്യമാണു് പ്രിൻസ് വ്ലാഡിമിയറെ മാമോദീസ മുങ്ങാൻ പ്രേരിപ്പിച്ചതു്. തന്നോടൊപ്പം കീവൻ റുസിലെ മൊത്തം മനുഷ്യരെയും മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി യേശുവിനെ സഹായിച്ച പ്രിൻസ് വ്ലാഡിമിയർ “ഗ്രെയ്റ്റ്” മാത്രമല്ല, യുക്രൈനിയൻ ഓർത്തൊഡോക്സ് സഭയിലും റഷ്യൻ ഓർത്തൊഡോക്സ് സഭയിലും അപ്പൊസ്തലതുല്യനായി ആരാധിക്കപ്പെടുന്ന വിശുദ്ധനുമാണു്.

2016-ൽ, സെന്റ് പ്രിൻസ് വ്ലാഡിമിയർ ഒന്നാമൻ ദ ഗ്രെയ്റ്റിന്റെ 16 മീറ്റർ ഉയരമുള്ള ഒരു പ്രതിമ മോസ്കോവിൽ പണി കഴിപ്പിച്ച “പ്രിൻസ് വ്ലാഡിമിയർ രണ്ടാമൻ ദ ഗ്രെയ്‌റ്റ്” പുട്ടിൻ പ്രതിമയുടെ അനാച്ഛാദനവേളയിലെ തന്റെ പ്രസംഗത്തിൽ ഇങ്ങനെ അടിവരയിട്ടു: “ശക്തവും കേന്ദ്രീകൃതവുമായ ഒരു റഷ്യക്കു് വഴിയൊരുക്കിയ സ്ഥാപകപിതാവാണു് സെന്റ് പ്രിൻസ് വ്ലാഡിമിയർ ഒന്നാമൻ ദ ഗ്രെയ്‌റ്റ്”! (https://bit.ly/35hFVRu)

അതിലൊരു പ്രശ്നമുള്ളതു് എന്താന്ന്വച്ചാൽ, ഇതേ പ്രിൻസ് വ്ലാഡിമിയർ ദ ഗ്രെയ്റ്റിനെത്തന്നെയാണു് യുക്രൈനിലെ ജനങ്ങളും അവരുടെ സ്ഥാപകപിതാവായി വാഴിച്ചിരിക്കുന്നതു്! കീവൻ റൂസിലെ നാണയമായ “Hrywnja”-യിൽ നിന്നാണു് ഇന്നത്തെ യുക്രൈൻ കറൻസിയുടെ പേരു് വരുന്നതുപോലും! ചിത്രത്തിലെ ഒരു “hryvna” നോട്ടിൽ കാണുന്നതാണു് പ്രിൻസ് വ്ലാഡിമിയർ ദ ഗ്രെയ്‌റ്റ്.

വ്യത്യസ്തകാലങ്ങളിലായി, പോളിഷ്‌-ലിത്വേനിയ, ത്സാറൻ റഷ്യ, ഓസ്ട്രിയ, സോവ്യറ്റ് റഷ്യ തുടങ്ങിയ 14 രാജ്യങ്ങളുടെ നിയന്ത്രണത്തിൽ കഴിയേണ്ടിവന്ന ഒരു പ്രദേശമാണു് യുക്രൈൻ. അതിർത്തിപ്രദേശം എന്നർത്ഥമുള്ള യുക്രൈൻ എന്ന പേരുതന്നെ 19-ാം നൂറ്റാണ്ടുമുതലാണു് നിലവിൽ വന്നതു്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ, അയൽരാജ്യങ്ങൾ സ്വന്തം രാജ്യത്തിന്റെ ഭാഗമായി കരുതിയിരുന്ന വെറുമൊരു “അതിർത്തിപ്രദേശം”! ഇന്നത്തെ യുക്രൈൻ രൂപമെടുത്തിട്ടു് കേവലം 31 വർഷമേ ആയിട്ടുള്ളു.

പ്രിൻസ് വ്ലാഡിമിയറിന്റെ കാലം മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ കീവൻ റൂസിന്റെ സുവർണ്ണകാലമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ 40000 മനുഷ്യർ വസിച്ചിരുന്ന ഇന്നത്തെ “Kiew” യൂറോപ്പിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ ഒന്നായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചെറിയ പ്രിൻസിപ്പാലിറ്റികളായി വേർപിരിഞ്ഞു് കീവൻ റൂസ് ശിഥിലമായി. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ ഇൻവേഷനോടെ മഹത്തായ കീവൻ റൂസ് സാമ്രാജ്യത്തിന്റെ നാശം പൂർണ്ണമായി.

ആ പ്രിൻസിപ്പാലിറ്റികളിൽ ഒന്നിൽ നിന്നാണു് പിന്നീടു് റഷ്യയായി വളർന്ന മോസ്ക്കോ രൂപം കൊണ്ടതു്. അതുകൊണ്ടു് റഷ്യയുടെ തൊട്ടിൽ എന്നും കീവൻ റൂസ് വിശേഷിപ്പിക്കപ്പെടുന്നു.

ആരാണു് കീവൻ റൂസിന്റെ യഥാർത്ഥ പിൻതുടർച്ചക്കാർ എന്ന വിഷയത്തിൽ യുക്രൈനിലെയും റഷ്യയിലെയും ചരിത്രകാരന്മാരുടെയിടയിൽ ഇന്നും തർക്കം നിലവിലിരിക്കുന്നു. ചരിത്രപരമായി, ഉക്രയിനും, റഷ്യക്കും, ബെലറൂസിനും കീവൻ റൂസ് സാമ്രാജ്യത്തിന്റെ പിൻഗാമിരാജ്യം എന്ന പദവി അവകാശപ്പെടാവുന്നതാണു്. പക്ഷേ, അധീശ്വത്വത്തിനും സ്വാധീനത്തിനും വേണ്ടിയുള്ള കോൺഫ്ലിക്റ്റുകളിൽ റീസണിലും ലോജിക്കിലും അധിഷ്ഠിതമായ ശാസ്ത്രവും, വസ്തുനിഷ്ഠമായ ചരിത്രവുമൊക്കെ ആർക്കു് വേണം? കാരണഭൂതം കൂവും; കുട്ടിഭൂതങ്ങൾ ഏറ്റുകൂവും!

യുക്രൈൻകാർക്കു് അവർ പരമാധികാരമുള്ള ഒരു സ്വതന്ത്ര ജനതയാണു്. റഷ്യക്കാർക്കു്, പ്രത്യേകിച്ചും പുട്ടിനു്, യുക്രൈൻസ് റഷ്യൻ മഹാ ജനതയുടെ ഒരു ഭാഗം മാത്രമാണു്. ത്സാറുകളുടെ കാലത്തു് റഷ്യൻ മനസ്സിൽ ആഴ്ന്നതാണു് അപരിഷ്കൃതമായ ഈ ചിന്തയുടെ വേരുകൾ. കീവൻ റൂസിന്റെ അന്ത്യത്തിനുശേഷം, ഇന്നത്തെ യുക്രൈന്റെ വലിയൊരു ഭാഗം പോളിഷ് രാജഭരണത്തിന്റെ ഭാഗമായി. അതിനെതിരെ ധീരമായി പൊരുതിയവരാണു് കൊസാക്കുകൾ (Cossacks) എന്നറിയപ്പെടുന്ന യുക്രൈൻ കുതിരപ്പോരാളികൾ. പതിനേഴാം നൂറ്റാണ്ടിൽ “Hetmanat” എന്ന പേരിൽ ഏതാനും ദശാബ്ദങ്ങൾ നിലനിന്ന ഒരു സ്വയംഭരണസംവിധാനം സ്ഥാപിക്കാൻ അവർക്കു് കഴിഞ്ഞു. പക്ഷേ, 1654-ൽ ത്സാർ ഭരണത്തിനു് കീഴ്പ്പെടാൻ അവർ തീരുമാനിക്കുന്നു. കുറെയൊക്കെ സ്വയംഭരണാവകാശം അപ്പോഴും ഉണ്ടായിരുന്നെങ്കിലും, റഷ്യൻ ത്സാറിന്റെ ശക്തി വർദ്ധിക്കുന്നതോടൊപ്പം, യുക്രൈൻ പ്രദേശത്തെ ജനതയുടെ മേലുള്ള നിയന്ത്രണങ്ങളും വർദ്ധിതമായിക്കൊണ്ടിരുന്നു.

തത്ഫലമായി, പത്തൊൻപതാം നൂറ്റാണ്ടിൽ യുക്രൈനിൽ ആദ്യമായി ഒരു ദേശീയ ഉണർവ്വു് രൂപമെടുത്തു. അതോടെ, ത്സാർ അലക്സാണ്ഡർ രണ്ടാമൻ യുക്രൈൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ നിരോധിക്കുകയും, യുക്രൈൻ ഭാഷയെ കർഷകർ മാത്രം ഉപയോഗിക്കുന്ന ഒരു ഗ്രാമ്യഭാഷയായി തരംതാഴ്ത്തുകയും ചെയ്തു. യുക്രൈൻ എന്ന വാക്കുപോലും നിരോധിക്കപ്പെട്ടു. പകരം “കുഞ്ഞൻ റഷ്യ” (Little Russia) എന്ന പേരു് പ്രചരിപ്പിക്കപ്പെട്ടു. കൂടാതെ, ബ്ലായ്ക്ക് സീയോടു് ചേർന്നുകിടക്കുന്നതും, കാര്യമായ ജനവാസമില്ലാത്തതുമായ തെക്കൻ യുക്രൈനിലേക്കു് റഷ്യ തന്റെ ടെറിട്ടറി വികസിപ്പിച്ചു്, അതിനെ “നവ റഷ്യ” (New Russia) എന്നു് നാമകരണം ചെയ്തു. കുറേ റഷ്യക്കാരും ചില ജർമ്മൻകാരും റൊമേനിയക്കാരുമെല്ലാം അവിടേയ്ക്കു് കുടിയേറി.

1917-ലെ റഷ്യൻ വിപ്ലവത്തിനും ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തിനും ശേഷം യുക്രൈൻ അല്പകാലത്തേക്കു് “സ്വതന്ത്രം” ആയി. ആ വർഷം തന്നെ യുക്രൈനിയൻസ് അവരുടെ ആദ്യത്തെ പാർലമെന്റ് (“Tsentralna Rada”) രൂപീകരിച്ചു. പക്ഷേ, ആന്തരികമായി ഭിന്നിച്ചു്, ശക്തരായ അയൽക്കാരുടെ മദ്ധ്യേ കഴിഞ്ഞിരുന്ന യുക്രൈനെ, പടിഞ്ഞാറു് പോളണ്ടും റൊമേനിയയും ചെക്കോസ്ലോവാക്കിയയും, കിഴക്കു് റെഡ് ആർമിയും കയ്യേറിയതിനുശേഷം ബാക്കിവന്ന ഭാഗമാണു് 1922-ൽ യുക്രൈൻ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീർന്നതു്. 1991-ലെ USSR-ന്റെ തകർച്ചവരെ യുക്രൈൻ USSR കുടുംബത്തിന്റെ ഭാഗമായിരുന്നു.

USSR കുടുംബത്തിന്റെ ഭാഗമായതിലൂടെ, യുക്രൈന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ രണ്ടു് മഹാദുരന്തങ്ങളാണു് യുക്രൈൻ ജനത അനുഭവിക്കേണ്ടി വന്നതു്. ഒന്നു്, “Holodomor” എന്നറിയപ്പെടുന്ന, 39 ലക്ഷം മനുഷ്യരുടെ ജീവൻ അപഹരിച്ച പട്ടിണിമരണങ്ങൾ (1932 -1933). അക്കാലത്തു്, തീവ്രമായ പട്ടിണിമൂലം മനുഷ്യർ മനുഷ്യമാംസംവരെ ഭക്ഷിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു! സ്റ്റാലിൻ അഗ്രികൾച്ചറൽ സെക്ടറിൽ നടപ്പാക്കിയ ഫോഴ്സ്ഡ് കളക്ടിവൈസേഷനായിരുന്നു ആ ദുരന്തത്തിലേക്കു് നയിച്ചതു്. സോവ്യറ്റ് റഷ്യൻ രാഷ്ട്രീയം അനുശാസിക്കുന്നതനുസരിച്ചു്, സമ്പന്നരായിരുന്ന ആയിരക്കണക്കിനു് യുക്രൈൻ കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി, അവരെ ആന്തരശത്രുക്കളായി പ്രഖ്യാപിച്ചു് സഖാവു് സ്റ്റാലിൻ ലേബർ ക്യാമ്പുകളിലേക്കു് ഡിപ്പോർട്ട് ചെയ്യുകയോ, നിഷ്ഠുരമായി കൊലചെയ്യുകയോ ചെയ്തു! ബലാല്‍ക്കാരമായി നടപ്പാക്കപ്പെട്ട ആവക “പരിഷ്കാരങ്ങൾ” വഴി യുക്രൈനിലെ കാർഷിക സെക്ടറിലെ ഉത്‌പാദനക്ഷമത തകർന്നു് തരിപ്പണമായി. സ്വന്തം മൃഗങ്ങളെ സർക്കാരിനു് നല്കുന്നതിനേക്കാൾ കശാപ്പുചെയ്യുന്നതാണു് നല്ലതെന്നു് കരുതിയ കർഷകർ, കമ്മ്യൂണിസ്റ്റ് മോഡലിൽ അന്യഭൂമിയിൽ കളക്ടീവായി കൃഷിചെയ്യാൻ ഇഷ്ടപ്പെട്ടില്ല. സ്റ്റാലിന്റെ സോവ്യറ്റ് റഷ്യ വരുത്തിവച്ച ഒരു വംശഹത്യ ആയി ഹോളൊഡൊമോർ അംഗീകരിക്കപ്പെടണം എന്നതാണു് യുക്രൈൻ നിലപാടു്.

രണ്ടാം ലോകയുദ്ധത്തിൽ 1939 മുതൽ 1944 വരെ ജർമ്മൻ നാത്സികളിൽ നിന്നും യുക്രൈനിലെ സ്ത്രീകളും കുഞ്ഞുങ്ങളും യഹൂദരുമടക്കമുള്ള ജനങ്ങൾ നേരിട്ട ക്രൂരതകളാണു് രണ്ടാമത്തെ ദുരന്തം. അതുവഴി എൺപതു് ലക്ഷം മനുഷ്യരെങ്കിലും കൊലചെയ്യപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു. നാത്സികൾ കൈവശപ്പെടുത്തിയ യുക്രൈനിൽ നിന്നും സ്ത്രീകളും പുരുഷന്മാരുമടക്കം 24 ലക്ഷം മനുഷ്യർ, “Ostarbeiter” എന്ന നിന്ദാനാമത്തിൽ, നിര്‍ബന്ധിത തൊഴിലുകൾ ചെയ്യാനായി ഡിപ്പോർട്ട് ചെയ്യപ്പെട്ടു. നാലുലക്ഷം യുക്രൈൻകാർ നാത്സി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ തടവുകാരാക്കപ്പെട്ടു.

1945-നുശേഷവും യുക്രൈൻ സോവ്യറ്റ് റഷ്യയുടെ ഭാഗമായി തുടർന്നു. 1954-ൽ റഷ്യൻ-യുക്രേനിയൻ യൂണിറ്റിയുടെ മുന്നൂറാം വാർഷികത്തിനു് (ത്സാറും കൊസാക്കുകളും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ മുന്നൂറാം വാർഷികം!) ഒരു സമ്മാനമായി നികിറ്റാ ക്രൂഷ്ചോവ് അർദ്ധദ്വീപ് ക്രൈമിയയെ യുക്രൈനു് നല്കി അനുഗ്രഹിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ത്സാർ ആർമി കൈവശപ്പെടുത്തുന്നതുവരെ ഓട്ടൊമൻ ഡിനസ്റ്റിയുടെ ഒരു സാമന്തരാജ്യമായിരുന്നു ക്രൈമിയ! ലോക കമ്മ്യൂണിസവും സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയനും എന്നാളും നിലനിന്നിരുന്നെങ്കിൽ കുടുംബനാഥൻ ക്രൂഷ്ചോവ് യുക്രൈനു് നല്കിയ സമ്മാനം ഒരു പ്രശ്നമാകേണ്ട കാര്യമില്ലായിരുന്നു. പക്ഷേ, 1991-ൽ USSR ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു.

1991 ഓഗസ്റ്റ് 24-നു് യുക്രൈൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും USSR-ൽ നിന്നും വേർപെടാൻ തീരുമാനിക്കുകയും ചെയ്‌തു. 1991 ഡിസംബർ 1-ലെ റെഫെറൻഡത്തിൽ 90 ശതമാനം യുക്രൈനിയൻസും അതിനനുകൂലമായി വോട്ടുചെയ്തു. റഷ്യൻ സംസാരിക്കുന്നവർക്കു് ഭൂരിപക്ഷമുള്ള ഡോൺബാസിലെയും (Donbas), ക്രൈമിയയിലെയും (Crimean Peninsula) ജനങ്ങളും യുക്രൈനിനാണു് വോട്ടു് നല്കിയതു്.

1994-ൽ ഒപ്പുവയ്ക്കപ്പെട്ട ബുഡാപെസ്റ്റ് മെമ്മോറാൻഡം വഴി, വലിപ്പത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന യുക്രൈന്റെ മൊത്തം ന്യൂക്ലിയർ ആയുധശേഖരവും റഷ്യക്കു് കൈമാറാൻ യുക്രൈൻ സമ്മതിക്കുന്നു. അതിനു് പകരമായി, റഷ്യയും അമേരിക്കയും ബ്രിട്ടനും സംയുക്തമായി യുക്രൈനു് അവരുടെ രാജ്യാതിർത്തിയുടെ മേലുള്ള പരമാധികാരം വാഗ്ദാനം ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് കാലത്തെ കിഴക്കൻ യൂറോപ്പിലെ മറ്റെല്ലാ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളെയുംപോലെ, സാമ്പത്തിക തിരിമറികളിലും കറപ്‌ഷനിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങി അഴുകിയ യുക്രൈനിലും പ്രശ്നങ്ങൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താറുമാറായ ആ അവസ്ഥ മുതലെടുത്തു് കോടീശ്വരന്മാരായിത്തീരാൻ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ചില ഒളിഗാർക്കുകൾക്കു് അതൊന്നും തടസ്സവുമായില്ല.

2004-ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ പിന്തുണയോടെ മത്സരിച്ച യാനുക്കോവിറ്റ്ഷ് ജയിച്ചതായും, പാശ്ചാത്യ ചായ്വുള്ള യുഷ്റ്റ്ഷെങ്കോ തോറ്റതായും ഫലപ്രഖ്യാപനം വന്നു. പക്ഷേ, അന്തർദ്ദേശീയ നിരീക്ഷകർ തെരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ കണ്ടെത്തിയതിന്റെ പേരിൽ, ജനം കിയേവിലെ മൈദാനിൽ ആഴ്ചകൾ നീണ്ടുനിന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നു. അതുവഴി യുഷ്റ്റ്ഷെങ്കോക്കു് ഭരിക്കാൻ കഴിഞ്ഞെങ്കിലും, ജനം പ്രതീക്ഷിച്ച പോലുള്ള മാറ്റം എന്നിട്ടും സംഭവിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പിൽ അവർ യാനുക്കോവിറ്റ്ഷിനെ ജയിപ്പിക്കുന്നു!

യൂറോപ്യൻ യൂണിയനോടു് സഹകരിക്കുന്നതിനുള്ള ഒരു അസോസിയേഷൻ എഗ്രീമെന്റിനായുള്ള കൂടിയാലോചനകൾ എങ്ങുമെത്താതെ വർഷങ്ങളോളം നീണ്ടുപോയി, 2013-ൽ, ആ ശ്രമം അവസാനനിമിഷം പരാജയപ്പെടുമെന്നു് വന്നപ്പോൾ ജനം വീണ്ടും തെരുവിലിറങ്ങി. ഒരു പ്രതിഷേധസമ്മേളനം ക്രൂരമായി പിരിച്ചുവിടപ്പെട്ടതോടെ, ആ പ്രതിഷേധം “യൂറോ മൈദാൻ” എന്നറിയപ്പെടുന്ന പൊതുജനപ്രക്ഷോഭമായി രൂപാന്തരപ്പെട്ടു. 2014 ഫെബ്രുവരി വരെ നൂറോളം പേർ അതിന്റെ ഫലമായി കൊല്ലപ്പെട്ടു. വർഷങ്ങളായി സഹിക്കുന്ന അസ്വസ്ഥകൾക്കു് ഒരറുതി വരാൻ ആഗ്രഹിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കു് വേണ്ടതു് സുരക്ഷിതത്വവും സമാധാനവുമാണു്. അതുകൊണ്ടാണു് അവർ യൂറോപ്യൻ യൂണിയനിലേക്കും, NATO-യിലേക്കും പ്രതീക്ഷയോടെ തിരിയുന്നതു്.

2014-ൽ കാര്യമായ എതിർപ്പൊന്നുമില്ലാതെ റഷ്യൻ ആർമി ക്രൈമിയൻ പെനിൻസ്യുല പിടിച്ചെടുക്കുന്നു. 1954-ൽ നികിറ്റാ ക്രൂഷ്ചോവ് യുക്രൈനു് സമ്മാനമായി നല്കിയ അതേ അർദ്ധദ്വീപ് ക്രൈമിയ! സമ്മാനമായി കൊടുത്തതു് തിരിച്ചു് വാങ്ങുന്നതു് മര്യാദകേടാണു്. പക്ഷേ, ഇവിടെ, കൊടുത്തതു് സഖാവു് ക്രൂഷ്ചോവും തിരിച്ചുവാങ്ങിയതു് ത്സാർ പുട്ടിനും ആയതുകൊണ്ടു് പ്രശ്നമില്ലായിരിക്കും. അന്തർദ്ദേശീയമായ അംഗീകാരമൊന്നുമില്ലാത്ത ഒരു റെഫെറൻഡത്തിന്റെ അടിസ്ഥാനത്തിൽ, “ക്രൈമിയയെ ഞാൻ റഷ്യൻ ഫെഡറേഷന്റെ ഭാഗമാക്കുന്നു” എന്നു് ത്സാർ വ്ലാഡിമിയർ പുട്ടിൻ സ്വയമങ്ങു് പ്രഖ്യാപിച്ചു, അത്രതന്നെ!

ക്രൈമിയൻ പെനിൻസ്യുല പിടിച്ചെടുത്ത അത്ര എളുപ്പത്തിൽ റഷ്യയുടെ അതിർത്തിയോടു് ചേർന്നു് കിടക്കുന്ന കിഴക്കൻ യുക്രൈനിലെ ഡോൺബാസ്‌ പിടിച്ചെടുക്കൽ നടന്നില്ല. അവിടെ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികൾ യുക്രൈൻ ആർമിയുടെ പ്രതിരോധം നേരിട്ടുകൊണ്ടിരിക്കുന്നു.

ഡോൺ നദി ആസോവ് സീയിലേക്കു് പതിക്കുന്ന തടപ്രദേശം എന്ന നിലയിൽ ഡോൺബാസ് (Donbas) എന്നു് വിളിക്കപ്പെടുന്ന പ്രദേശം ആദ്യം ത്സാർസാമ്രാജ്യത്തിന്റെയും പിന്നീടു് സോവ്യറ്റ് റഷ്യയുടെയും വ്യവസായകേന്ദ്രമായി രൂപാന്തരപ്പെട്ടത്തിന്റെ ചരിത്രം രസകരമാണു്. 1869-ൽ ജോൺ ജെയിംസ് ഹ്യൂഗ് എന്ന ബ്രിട്ടീഷ് വ്യവസായി റഷ്യക്കും ഇന്നത്തെ ഉക്രയിനും ഇടയിൽ ബ്ലായ്ക്ക് സീയോടു് ചേർന്നു് കിടക്കുന്ന ആസോവ് സീയുടെ വടക്കൻ പ്രദേശത്തെത്തുന്നു. കൽക്കരിയും ഇരുമ്പയിരും സമൃദ്ധമായ ആ പ്രദേശത്തു് ഖനനം ചെയ്യലായിരുന്നു ലക്ഷ്യം. അതിനുള്ള അവകാശം ത്സാറിൽ നിന്നും അവൻ നേടിയെടുത്തു. രണ്ടു് വർഷം കഴിഞ്ഞപ്പോൾ അവന്റെ ഫാക്ടറിയിലെ ചൂള പുകയാൻ തുടങ്ങി. തൊഴിലാളികളുടെ അധിവാസത്തിനായി ആ ഫാക്ടറിയുടെ ചുറ്റുപാടുകളിൽ രൂപംകൊണ്ട യുസോവ്ക എന്ന പട്ടണമാണു് ആദ്യം സ്റ്റാലിനോ ആയും, പിന്നീടു്, 1960-കളിൽ ഇന്നറിയപ്പെടുന്നതുപോലെ, ഡൊണെറ്റ്സ്ക് (Donezk) ആയും വളർന്നതു്.

(ചില അന്യഭാഷാവാക്കുകൾ ബ്രാക്കറ്റിൽ കൊടുക്കുന്നതു് കൂടുതൽ അറിയണമെന്നുള്ളവർക്കു് സേർച്ച് ചെയ്യുന്നതിനുള്ള എളുപ്പത്തിനു് വേണ്ടിയാണു്.)

 
Comments Off on റൂസ്സോ-യുക്രേനിയൻ യുദ്ധത്തിന്റെ വേരുകൾ

Posted by on Mar 1, 2022 in Uncategorized

 

Comments are closed.

 
%d bloggers like this: