ഒരു പ്രവൃത്തി വഴിയുള്ള നേട്ടത്തിലല്ല, അതിനു് പിന്നിലുള്ള ഉദ്ദേശ്യത്തിലാണു് ആ പ്രവൃത്തിക്കു് ധാർമ്മികമൂല്യം നല്കുന്ന ഏക സവിശേഷത കുടികൊള്ളുന്നതു് എന്ന ധർമ്മശാസ്ത്രപരമായ വാക്യം ഇമ്മാന്വേൽ കാന്റിന്റേതാണു്. തെറ്റുകൾ പിടിക്കപ്പെടുമ്പോൾ ദൈവത്തിനു് മുന്നിലും, സ്വന്തം മനസ്സാക്ഷിക്കു് മുന്നിലും താൻ നിരപരാധിയാണെന്നു് ആണയിടുന്ന നന്മമരങ്ങളെ വിലയിരുത്തേണ്ടതു് ആ നിലയിലായിരിക്കണം. തന്റെ നിലനില്പിനു് നേർച്ചപ്പെട്ടിയുമായി മനുഷ്യരെ സമീപിക്കാതെ നിവൃത്തിയില്ലാത്ത ഒരു ദൈവം നന്മമരങ്ങളുടെ ചുമതലകൂടി ഏറ്റെടുക്കുമെന്നു് കരുതുക വയ്യ. കാരണം, കഞ്ഞിക്കു് വകയില്ലെങ്കിലും ബുദ്ധിക്കു് ഒട്ടും കുറവില്ലാത്തവനാണു് ദൈവം എന്നാണു് വയ്പു്. പിന്നെ മനസ്സാക്ഷി! നന്മമരം തന്നെയാണു് നന്മമരത്തിന്റെ മനസ്സിൽ വാഴുന്ന സാക്ഷിയും! ഒരുതരം പരസ്പരസഹായസഹകരണസംഘം. ആ കൂട്ടുകെട്ടിൽനിന്നും ബഹിർഗ്ഗമിക്കുന്ന സത്യവാങ്മൂലങ്ങളുടെ വിശ്വാസയോഗ്യതയും അത്രതന്നെ. മുതലുണ്ടാക്കൽ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയപ്രവർത്തനം, വോട്ടുബാങ്കിൽ കണ്ണുവച്ചുള്ള ആതുരസേവനം, കീശയിൽ ആശവച്ചുള്ള ദീനദയാലുത്വം, സ്വയം പ്രമുഖനാക്കലിനായുള്ള സാംസ്കാരികചേഷ്ട തുടങ്ങിയ സാമൂഹികമായ പ്രവൃത്തികളെ ധാർമ്മികമെന്നു് വിളിക്കുന്നതു് സത്യത്തിൽ അശ്ലീലമാണു്. “ഉടയവരുടെ മേശയിൽ നിന്നു് വീഴുന്ന നുറുക്കുകൾ തിന്നു് നായ്ക്കുട്ടികൾ ജീവിക്കുന്നുണ്ടു്” (മത്തായി 15: 27) എന്ന ബൈബിൾവചനത്തിനു്, ഏറിയാൽ, നായ്ക്കുട്ടികൾ നുറുക്കുകൾകൊണ്ടു് തൃപ്തിപ്പെടുന്നവരാണു് എന്നല്ലാതെ, ഉടയവർ ധാർമ്മികതയുള്ളവരാണെന്നു് നിർബന്ധമായും അർത്ഥം വരുന്നില്ല.
ചിന്തയുടെ ലോകത്തെ സ്ഥായിയായി സ്വാധീനിച്ചവയാണു് കാന്റിന്റെ പ്രസിദ്ധമായ മൂന്നു് വിമർശനങ്ങൾ – Critique of Pure Reason, Critique of Practical Reason, Critique of Judgment. വിമർശനം ഒരർത്ഥത്തിൽ ഒരുതരം വിത്തുവിതയ്ക്കലാണു്. അനുയോജ്യമായ മണ്ണിലേ വിത്തിനു് മുളയ്ക്കാനും വളരാനും കഴിയൂ. വിത്തുവിതയ്ക്കുന്നവന്റെ ഉപമ ബൈബിളിലുമുണ്ടു്. വഴിയരികെയും, പാറസ്ഥലത്തും, മുള്ളിനിടയിലും, നല്ല നിലത്തും വീണ വിത്തുകളുടെ അവസ്ഥയാണു് ബൈബിളിലെ പരാമർശം (മത്തായി13: 3 – 9). ബൈബിൾവഴി യേശു വിതയ്ക്കുന്ന വിത്തുകൾ കെട്ടുകഥകളുടേതാണു്. കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരായിരുന്നു എന്നാളും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ള മനുഷ്യർ. റിയൽ ന്യൂസിനെക്കാൾ എളുപ്പം ഫെയ്ക്ക് ന്യൂസ് വിറ്റഴിക്കാൻ കഴിയുന്നതു് കാരണമില്ലാതെയല്ല. ചിന്തിച്ചു് തല പുകയ്ക്കുന്നതിനേക്കാൾ ചിരിച്ചു് ചാവാനാണു് മനുഷ്യർക്കിഷ്ടം. ശാസ്ത്രസത്യങ്ങളെക്കാൾ വിശുദ്ധഅത്ഭുതങ്ങളെ, ഈച്ച അമേധ്യത്തെ എന്നപോലെ, വാരിപ്പുണർന്നാൽ മാത്രം സായുജ്യമടയാൻ കഴിയുന്നവരാണവർ. ബൈബിൾവഴി യേശുവും, മഹാഭാരതത്തിലൂടെ വേദവ്യാസനും, ഖുർആനിലൂടെ മുഹമ്മദും വിതച്ച വിത്തുകളിൽ നിന്നും വ്യത്യസ്തമായി, ഇമ്മാന്വേൽ കാന്റിനെപ്പോലുള്ള ഫിലോസൊഫേഴ്സ് ലോകത്തിൽ പാകിയ വിത്തുകൾ കഥകളുടേതായിരുന്നില്ല. ആ വിത്തുകൾക്കു് ഇപ്പറഞ്ഞ എഴുത്തുകാരുടെ കഥകൾ വളരുന്ന മനസ്സുകളിലെ മണ്ണിൽ വളരാനാവില്ല.
വിമർശനം കവണിയേറുമാണു്. ഫലമുള്ള മാവിലേക്കാണു് എറിയുന്നതെങ്കിൽ, പ്രതിഫലമായി ഒന്നോ രണ്ടോ മാമ്പഴങ്ങൾ എറിയുന്നവനു് മാവു് നല്കിക്കൂടെന്നില്ല. കേരളരാഷ്ട്രീയം പോലെ, പന്നികൾ ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന, മൂക്കറ്റം മുങ്ങുന്ന ചെളിക്കുഴിയിലേക്കാണു് ഏറെങ്കിൽ, തദനുസരണം, പ്രതിഫലവും ചെളിവാരിയെറിയലാവും. തനിക്കുള്ളതല്ലാതെ മറ്റൊന്നു് മറ്റൊരുവനുമായി പങ്കുവയ്ക്കാൻ, പണം എന്ന മാദ്ധ്യമം ഉപയോഗിച്ചു് വസ്തുവകകളും സേവനങ്ങളും എക്സ്ചേഞ്ച് ചെയ്യാൻ തുടങ്ങുന്നതിനും വളരെ മുൻപു് നിലവിലുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിന്റെ കാലഘട്ടത്തിൽ പോലും മനുഷ്യർക്കു് സാദ്ധ്യമായിരുന്നില്ല. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമല്ല. തന്റെ കൈവശം ഇല്ലാത്തതു് മറ്റൊരുവനു് കൊടുക്കാൻ കഴിയില്ല എന്ന കാര്യത്തിനും ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിലെ ഒരു രീതി വച്ചു്, കെട്ടിത്തൂങ്ങിയാൽ പൊട്ടിവീഴില്ലെന്നു് ഉറപ്പുള്ള കയർ തമിഴ്‌നാട്ടിൽ നിന്നും മുൻകൂറായി വാങ്ങി കൂരയുടെ മൂലയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ബ്ലെയ്ഡ് കമ്പനികളിൽ നിന്നും പണം കടം വാങ്ങി “കൈവശം” ആക്കിയശേഷം മറ്റാർക്കെങ്കിലും കൊടുക്കാം. ഉദാഹരണത്തിനു്, സാമൂഹികമായ ആചാരപ്രകാരം, മകളെ ഗർഭിണിയാക്കാൻ മണവാളനെ ഉത്തേജിപ്പിക്കാൻ മതിയായത്ര സ്വർണ്ണാഭരണങ്ങൾ വാങ്ങി മകളുടെ വേണ്ടിടത്തും വേണ്ടാത്തിടത്തും തോരണമാതൃകയിൽ കെട്ടിത്തൂക്കി, സർക്കസിലെ കുതിരകളെപ്പോലെ അണിയിച്ചൊരുക്കാൻ മാതാപിതാക്കൾ അന്യായപലിശക്കു് കടം വാങ്ങുന്ന പൊങ്ങച്ചപ്പണം. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്ന ശാശ്വതമുദ്രാവാക്യമെഴുതി ലോകത്തിലെ മൊത്തം തൊഴിലാളിവർഗ്ഗത്തെയും വിജൃംഭിപ്പിച്ച മാർക്സിനു് അക്കാര്യത്തിലെങ്കിലും “വീഴ്ച” പറ്റി എന്നു് പറയേണ്ടിവന്നതിൽ ഞാൻ അങ്ങെയറ്റം ദുഃഖിക്കുകയും എന്റെ മുതലക്കണ്ണീർ തുരുതുരെ ഇവിടെ ഒഴുക്കുകയും ചെയ്യുന്നു.
കേരളത്തിൽ പന്നികൾ ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടുന്നതു് രാഷ്ട്രീയചെളിക്കുഴികളിൽ മാത്രമാണെന്ന തെറ്റിദ്ധാരണവേണ്ട. ബൗദ്ധികമായി ഒരു സമൂഹം എത്ര ഉയരത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിന്റെ മാനദണ്ഡമാണു് ആ സമൂഹത്തിലെ തീവ്രവാദചെളിക്കുഴികളുടെ എണ്ണം: രാഷ്ട്രീയതീവ്രവാദചെളിക്കുഴികൾ, മതതീവ്രവാദചെളിക്കുഴികൾ, സാംസ്കാരികതീവ്രവാദചെളിക്കുഴികൾ, സാഹിത്യതീവ്രവാദചെളിക്കുഴികൾ, ഭാഷാതീവ്രവാദചെളിക്കുഴികൾ, വേഷതീവ്രവാദചെളിക്കുഴികൾ, തീറ്റത്തീവ്രവാദചെളിക്കുഴികൾ, “അലോപ്പൊതീ”തീവ്രവാദചെളിക്കുഴികൾ, ആയുർവേദതീവ്രവാദചെളിക്കുഴികൾ, ശാസ്ത്രവാദതീവ്രവാദചെളിക്കുഴികൾ, യുക്തിവാദതീവ്രവാദചെളിക്കുഴികൾ, … … … … … …
ബൗദ്ധികകേരളത്തിലെ സാമൂഹികദുരവസ്ഥകളെ വിമർശിക്കാൻ ശ്രമിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചാൽ വേണ്ടില്ല.