കോടിയേരി ബാലകൃഷ്ണൻ പിരിവിനുള്ള ബക്കറ്റില്ലാതെ പാലായിലും മരടിലുമെല്ലാം ചുറ്റിത്തിരിയുന്നതായി CID റിപ്പോർട്ടിലൂടെ മനസ്സിലാക്കിയ പിണറായി വിജയന്റെ സംയമനശേഷിയുടെ അവസാനത്തെ തുള്ളികൂടി ആവിയായ പശ്ചാത്തലത്തിലാണു് ഏകാങ്കം അരങ്ങേറുന്നതു്. റെഡ് വാളണ്ടിയേഴ്‌സിന്റെ കമ്മാന്റർ- ഇൻ-ചീഫ് എന്ന നിലയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന സമയത്തുൾപ്പെടെ, കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനസെക്രട്ടറിയുടെ കൈവശം എപ്പോഴും ഉണ്ടായിരിക്കേണ്ട ഒരു സാമാനമാണു് ബക്കറ്റ്. ഫ്രാങ്കോ ബിഷപ്പിനു് അംശവടി എന്താണോ, അതാണു് കോടിയേരി ബാലകൃഷ്ണനു് ബക്കറ്റ് – ഉത്തരവാദിത്വത്തിന്റെയും അധികാരത്തിന്റെയും പ്രതീകം! സംസ്ഥാനസെക്രട്ടറി തന്റെ ഉന്നതപദവിക്കു് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയാൽ, പോളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിൽ പിണറായി വിജയനും അതു് പേരുദോഷമുണ്ടാക്കുന്ന കാര്യമാണു്. കോമാളിത്തത്തിലെ വൈലക്ഷണ്യം ഒരു “കാദർ” പാർട്ടിക്കു് വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റത്തിന്റെ തീക്ഷ്ണത അനുസരിച്ചു് വാക്കാൽ ശാസനയോ, കർമ്മാൽ ശിക്ഷയോ അനിവാര്യമായും അപരാധിക്കു് നൽകിയിരിക്കണം. ചുരുങ്ങിയതു്, എന്തോ നൽകിയിട്ടുണ്ടു് എന്നൊരു തോന്നൽ ന്യായീകരണവാൽനക്ഷത്രങ്ങളിൽ ജനിപ്പിക്കുകയെങ്കിലും ചെയ്തിരിക്കണം. പ്രശ്നം നിലനിൽപ്പിന്റേതാണു്.
അവതരണഗാനം വേണമെന്നുണ്ടെങ്കിൽ “വാറ്റുചാരായങ്ങളേ, ബലികുടീരങ്ങളേ” എന്ന സാമൂഹികസാമ്പത്തികവിപ്ലവഗാനമാവാം. കർട്ടൻ ഉയരുമ്പോൾ സിംഹാസനത്തിൽ അർശ്ശസ്സുള്ളവനെപ്പോലെ ഞെരിപിരികൊണ്ടു് അക്ഷമനായി ഇരിക്കുന്ന പിണറായി വിജയൻ. സൈഡിൽ നിന്നും ആദ്യം പാദം, പിന്നെ ഉദരം, അവസാനം തല എന്ന ക്രമത്തിൽ, ലംബത്തിൽ നിന്നും പത്തു് ഡിഗ്രി പിന്നോട്ടു് ചാഞ്ഞ പതിവു് ശൈലിയിൽ പ്രവേശിക്കുന്ന മനുഷ്യരൂപം കോടിയേരിയാണെന്നു് മനസ്സിലാക്കാൻ സദസ്യർക്കു് ബുദ്ധിമുട്ടില്ല.
പിൺറോയ്‌സ് വിജിലിൻസ്കി: ബക്കറ്റെവിട്രാ ബാലേഷ്‌ണാ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: (കഷണ്ടി മാന്തിക്കൊണ്ടു്) അതു്… ബ ബ്ബ ബ്ബ…
പിൺറോയ്‌സ് വിജിലിൻസ്കി: നീയെന്താണ്ട്രാ ഉമ്മാനോവ് ചാണ്ട്യേവിച്ചിനു് പഠിക്കുവാ? ബക്കറ്റില്ലാതെ പുറത്തിറങ്ങരുതെന്നു് നിന്നോടു് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട്രാ ഹമുക്കേ? കണ്ണൂരിയൻ കമ്മ്യൂണിഷ്ട് പാർട്ടിയുടെ പൊഹ കാണാനുള്ള പുറപ്പാടാണെങ്കിൽ ഉപ്പിട്ടു് മൂടും ഞാൻ!
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ഇനി ആവർത്തിക്കില്ല ബോസ്.
പിൺറോയ്‌സ് വിജിലിൻസ്കി: ബക്കറ്റ്വാഹിയല്ലാത്ത നിന്നെക്കണ്ടു് ചെന്നിത്തല്ലിക്കൊൽക്കോവ് രമേശ്നോവ്സ്കി താനല്ലയോ ഇവാൻ ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി എന്നു് ജനത്തിനു് വർണ്ണ്യത്തിൽ മൂത്രശങ്ക തോന്നിയാൽ, പിന്നെ ചത്തേച്ചാൽ മതി. പാർട്ടിയുടെ കഥയും നമ്മുടെ കഞ്ഞികുടിയും അതോടെ തീരും.
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: അത്രയ്ക്കങ്ങടു് നിരീച്ചില്യ. വീഴ്ച പറ്റി.
പിൺറോയ്‌സ് വിജിലിൻസ്കി: വീഴ്ച പറ്റും. അതിൽ അത്ഭുതമില്ല. ചിന്താന്യോവ ജെറോമൊസ്കോവാ വല്ലതും മൊഴിഞ്ഞോ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: പോരാൾനിഷ്ക്കോവ് ഷാജ്യാന്യോവ് റിപ്പോർട്ട് ഒന്നും തന്നില്ല. മണിയാൻസ്കി ആശാന്യോവിച്ച് എന്തോ പുലമ്പിയെന്നു് വീണാങ്കാ ഗോർഗോവ്സ്കായ പറഞ്ഞു് കേട്ടു.
പിൺറോയ്‌സ് വിജിലിൻസ്കി: ചതിച്ചോ? എന്തായിരുന്നു പുലമ്പൽ വിഷയം?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: സഖാവ് ലംബോവ് ദുരോസ്‌കിയുടെ ഭൂപരിഷ്കരണനിയമമായിരുന്നത്രെ!
പിൺറോയ്‌സ് വിജിലിൻസ്കി: അതിനെ സംബന്ധിച്ചു് മണിയാൻസ്കിക്കു് വല്ലതും അറിയാമോ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ഇല്ല.
പിൺറോയ്‌സ് വിജിലിൻസ്കി: എനിക്കും നിനക്കും പാർട്ടിക്കും അതിനെ സംബന്ധിച്ചു് ഒരു ചുക്കും അറിയില്ല. മനസ്സിലായോ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ആയി.
പിൺറോയ്‌സ് വിജിലിൻസ്കി: അപ്പോൾ ശരി. എല്ലാം പറഞ്ഞപോലെ. കടക്കു് പുറത്തു്!
(കർട്ടൻ)