എല്ലാ റോഡുകളും റോമിലേക്കു് നയിക്കുന്നു എന്നൊരു പ്രയോഗമുണ്ടു്. ഏകദേശം രണ്ടു് സഹസ്രാബ്ദങ്ങൾക്കു് മുൻപു് റോം ലോകശക്തി ആയിരുന്ന കാലത്താവണം അതിന്റെ ഉത്ഭവം. അതിൽ നിന്നും വന്നതാണോ എന്നറിയില്ല, എല്ലാ വഴികളും ദൈവത്തിലേക്കു് നയിക്കുന്നു എന്നും ചിലർ പറയാറുണ്ടു്. താൻ സഹിഷ്ണുതയുള്ള ഒരു ദൈവഭക്തനാണെന്നു് വരുത്തുക എന്നതാണു് ആ പ്രയോഗത്തിന്റെ പ്രധാന ലക്ഷ്യം. ഭൂമിയിൽ യഥാർത്ഥമായി നിലനിൽക്കുന്ന റോമിലേക്കു് ഭൗതികമായതും, സങ്കല്പസൃഷ്ടിയായതിനാൽ യഥാർത്ഥമായ നിലനില്പില്ലാത്ത ദൈവത്തിലേക്കു് ഭൗതികമല്ലാത്തതുമായ പല വഴികൾ സാദ്ധ്യമാണു്. ദൈവത്തിലേക്കുള്ള പല വഴികളുടെ സാദ്ധ്യതയാണു് മനുഷ്യരുടെ ഇടയിൽ വ്യത്യസ്തമതങ്ങൾ രൂപമെടുക്കാൻ കാരണമായതു്. റോമിലേക്കുള്ള പല വഴികൾ വ്യത്യസ്തഹൈവേകൾക്കു് ജന്മം നൽകി.
അതുപോലെതന്നെ, മിക്കവാറും എല്ലാ കാര്യങ്ങൾക്കും വ്യത്യസ്തമായ സാദ്ധ്യതകളുണ്ടു്. ഉദാഹരണത്തിനു്, വോട്ടിങ് മെഷീനു് വേണമെങ്കിൽ – പ്രോഗ്രാം സ്പെസിഫിക് ആയി – കുത്തുന്ന വോട്ടു് കുത്തിയതുപോലെ കാണിക്കാം, എങ്ങും കുത്താത്തതുപോലെ കാണിക്കാം, കുത്തിയിടത്തല്ല കുത്തിയതെന്നു് കാണിക്കാം, വേണ്ടാത്തിടത്താണു് കുത്തിയതെന്നു് കാണിക്കാം. അവസാനം, ഒരു ഉപസംഹാരഉപഹാരം എന്നപോലെ, അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിൽ ആനന്ദനു് കിത്താബ് വായിക്കാൻ മണ്ണെണ്ണദീപം കൊളുത്തിവച്ച ശ്രീമാൻ പരമൻ പ്രകാശനെപ്പറ്റി രണ്ടു് വരി കവിത ചൊല്ലി സമ്മതിദായകനെ കേൾപ്പിക്കുകയുമാവാം.
ഭൂമി ഉരുണ്ടതോ, പരന്നതോ, ചതുരക്കട്ട മോഡലോ ആവാം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടാവാം ഇല്ലായിരിക്കാം. വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമിച്ചതു് ഇസ്ലാമിസ്റ്റുകളോ ജൂതരോ മങ്ഗോളിയരോ ആവാം. എല്ലാം കോൺസ്പിരസി തിയറികൾക്കു് വളക്കൂറുള്ള മണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സാദ്ധ്യതകളാണു്. അത്തരം സാദ്ധ്യതകളിൽ നിന്നും മനുഷ്യർ അവരുടെ തലയ്ക്കു് താങ്ങാവുന്നതും, നിലപാടുകൾക്കു് ഗുണകരവുമായ ഒരു സാദ്ധ്യത തിരഞ്ഞെടുക്കുന്നു. സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാൻ നിർബന്ധിതരാവുന്ന സമ്മതിദായകർ വോട്ടിങ് മെഷീന്റെ കാര്യത്തിൽ ചെയ്യുന്നതും അതുതന്നെ.
ഒരു വ്യക്തിയുടെ സ്വഭാവവും സംസ്കാരവും നിലപാടുകളും ആ വ്യക്തി വളർന്നതും, വളർത്തപ്പെട്ടതുമായ സാഹചര്യങ്ങൾക്കനുസരിച്ചുള്ള അനുഭവങ്ങളുടെയും കണ്ഡീഷനിങ്ങിന്റെയും ഫലമായി, ഒരു തിരുത്തൽ മിക്കവാറും അസാദ്ധ്യമാക്കുന്നവിധം, സ്ഥിരമായി മനസ്സിൽ രൂപപ്പെടുന്നവയായതിനാൽ, ഒരുവൻ തിരഞ്ഞെടുക്കുന്ന വ്യക്തിനിഷ്ഠമായ സാദ്ധ്യതകൾക്കു് വെളിയിലുള്ളവയെ, അവ വസ്തുനിഷ്ഠമായവയായാൽ പോലും, തന്റെ നിലപാടുകളുമായി യോജിക്കുന്നതല്ല എന്നതിന്റെ മാത്രം പേരിൽ അവയെ തള്ളിക്കളയാൻ അവനു് മടിയുണ്ടാവില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ചു് മനസ്സിലാക്കിയശേഷം അംഗീകരിക്കപ്പെടുകയും അനുഗമിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളെ, ബുദ്ധിയും യുക്തിയും ഉപയോഗിച്ചു് ക്രമേണയെങ്കിലും ഒരുപക്ഷേ തിരുത്താൻ കഴിഞ്ഞേക്കാം. ഒരിക്കൽ ശരിയായിരുന്ന കാര്യങ്ങൾ നവീനമായ ശാസ്ത്രോപകരണങ്ങളുടെ സഹായത്തോടെയും മറ്റും, തെറ്റായിരുന്നു എന്നു് പിന്നീടു് തെളിയിക്കപ്പെട്ടാൽ, പഴയ ധാരണകളെ തിരുത്താൻ മനുഷ്യർക്കു് ബുദ്ധിമുട്ടൊന്നും വരാറില്ല എന്നതുപോലെ. പക്ഷേ, പൈതൃകവും ആചാരപരവും, തന്മൂലം വൈകാരികവുമായി ഏറ്റെടുക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ അതു് പര്യാപ്തമല്ലെന്നു് മാത്രമല്ല, ഒരു തിരുത്തൽ മിക്കവാറും അസാദ്ധ്യവുമായിരിക്കും. കാരണം, പൊതുവായ ഒരു റെഫെറെൻസ് ഫ്രെയിം ഇല്ലാത്തിടത്തു് ആശയപരമായ ഒരു എക്സ്ചേഞ്ച് ദുഷ്കരമാണു്.
ശ്രീലങ്കയിൽ മുന്നൂറിലേറെ മനുഷ്യർ കൊലചെയ്യപ്പെട്ട ചാവേറാക്രമണം അങ്ങേയറ്റം നീചമായ ഒരു ക്രൂരകൃത്യമാണെന്നു് നിരുപാധികം അംഗീകരിക്കാൻ ചിലർക്കെങ്കിലും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. മതപരവും സാംസ്കാരികവുമായ കണ്ഡീഷനിങ് വഴി “വൺ വേ ട്രാഫിക്” മോഡസിലേക്കു് ഉടച്ചുവാർക്കപ്പെട്ട യാന്ത്രികജീവികൾക്കു് സ്വപക്ഷത്തിന്റെ തെറ്റുകൾ അംഗീകരിക്കുന്നതു് മരിക്കുന്നതിനു് തുല്യമാണു്. തങ്ങളെ ആരും പ്രതിക്കൂട്ടിലാക്കാതിരിക്കാൻ മിന്നൽ വേഗതയിലാവും ഇക്കൂട്ടർ ഇത്തരം വാർത്തകളോടു് പ്രതികരിക്കുന്നതു്. വാർത്ത വന്നു് സെക്കന്റുകൾക്കുള്ളിലുള്ള അവരുടെ പ്രതികരണങ്ങൾ കണ്ടാൽ, അതുപോലുള്ള വാർത്തകൾക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ചു് കാത്തിരുന്നു് പ്രതികരിക്കാനായി ആരോ അവരെ കൂലികൊടുത്തു് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നേ തോന്നൂ. ചാവേറാക്രമണം I. S. ഏറ്റെടുത്താലും, “I. S. പാവങ്ങൾ” ഈവിധം ക്രൂരകൃത്യങ്ങൾ ചെയ്യുന്നതു് ഗതികേടു് കൊണ്ടാണെന്നും, അതിന്റെയെല്ലാം അടിസ്ഥാനകാരണം അമേരിക്കയോ, ഇസ്ലാമിസ്റ്റുകൾ അവരുടെ നിത്യശത്രുക്കളായി വാഴിച്ചു്, നിത്യേന സന്ദർശിച്ചു്, പൂജയും ഹോമവും അർപ്പിക്കുന്ന, യുക്തിവാദികളടക്കമുള്ള മറ്റാരെങ്കിലുമോ ആണെന്നും സ്ഥാപിച്ചില്ലെങ്കിൽ സ്വസ്ഥത കിട്ടാത്ത, ഒരു പ്രത്യേകതരം അതിജീവനതന്ത്രത്തിന്റെ ഉടമകളാണവർ! അതിനായി അവർ നിരത്താറുള്ള ആർഗ്യുമെന്റുകളാണു് അതിലും ഉദാത്തം! അബ്‌സെർഡിറ്റിയുടെ ലോകത്തിലെ അതുല്യമുത്തുമണികളായി വാഴ്ത്തപ്പെടേണ്ട അമൂല്യതകളാണവയോരോന്നും!
ഇത്തരം “ഒബ്സെസിവ്-കംപൽസിവ് ന്യുറോസിസ്” ബാധിച്ച പ്രതികരണത്തൊഴിലാളികളെ മതങ്ങളിൽ മാത്രമേ കാണാൻ കഴിയൂ എന്ന തെറ്റിദ്ധാരണ വേണ്ട. കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ ഇത്തരക്കാരുടെ “ചാകര” തന്നെയുണ്ടു്.
അത്യാവശ്യമായി ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള ഒരു കുഞ്ഞുമായി ആശുപത്രിയിലേക്കു് പോകുന്ന ആംബുലൻസിന്റെ ബ്ലൂ ലൈറ്റ് കണ്ടാലോ, സൈറൺ കേട്ടാലോ വഴി കൊടുക്കുന്നവരല്ല “പ്രബുദ്ധറൗഡികളായ” മലയാളികൾ. മല്ലുക്കളുടെ നാട്ടിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ തിയറിയിലും പ്രാക്ടീസിലും പരീക്ഷകൾ പാസ്സാകണമെന്ന നിബന്ധനയൊന്നുമില്ല. കൈമടക്കു് കൊടുത്താൽ ലൈസൻസ് നേടാം, കയ്യൂക്കുണ്ടെങ്കിൽ എവിടെയും ഇടിച്ചു് കയറാം. മന്ത്രിയുടെ വാഹനവ്യൂഹത്തിനുവേണ്ടി അത്യാസന്നാവസ്ഥയിലെത്തിയ രോഗിയുമായി പോകുന്ന ആംബുലൻസ് ആയാലും, സൈഡൊതുക്കി നിർത്തിയിടേണ്ടതു് ആംബുലൻസ് ഡ്രൈവറുടെ “ഭരണഘടനാപരമായ” ബാദ്ധ്യതയും, നിലനില്പിന്റെ അനിവാര്യതയുമാണെന്നു് കരുതുക മാത്രമല്ല, അതിനുവേണ്ടി – മന്ത്രി ഞമ്മന്റെ പാർട്ടിക്കാരനാണെങ്കിൽ – രാപകലില്ലാതെ വാദിക്കുക കൂടി ചെയ്യുന്ന ഊളകളുടെ നാട്ടിൽ, ആംബുലൻസ് വരുന്നതു് കണ്ടാൽ, പബ്ലിക് റോഡുകളുടെ സമ്പൂർണ്ണാവകാശികളായ “നാട്ടിൽ പ്രഭുക്കൾ” അവരുടെ വണ്ടി സൈഡൊതുക്കിക്കൊടുക്കും എന്നു് കരുതുന്നതാണു് വിഡ്ഢിത്തം.
“മോളിൽ നല്ല പിടുത്തമുള്ളവരാണു്” നാട്ടിൽ പ്രഭുക്കൾ. അതുകൊണ്ടാണു്, ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള ഒരു കുഞ്ഞുമായി ആശുപത്രിയിലേക്കു് പോകുന്ന ആംബുലൻസിനു് വഴികൊടുക്കൂ എന്നു്, “ആളകലം പാറവെടിയേയ്” എന്ന പാറവെടിക്കാരന്റെ കൂവലിനെ ഓർമ്മിപ്പിക്കുമാറു്, മുഖ്യമന്ത്രി ആപ്പീസിനു് ഫെയ്‌സ്ബുക്കിലൂടെ അലമുറയിടേണ്ടി വരുന്നതു്. ഒരു പരിഷ്കൃതസമൂഹത്തിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത അവസ്ഥ! ആ കുഞ്ഞിനെ ട്രാൻസ്‌പോർട്ട് ചെയ്യാൻ എന്തുകൊണ്ടു് ഒരു ഹെലികോപ്റ്റർ ഉപയോഗിച്ചില്ല എന്ന ചോദ്യത്തെ തത്സമയപ്രതികരണചാവേറുകൾ നേരിട്ടതു്, പറന്നുയരുന്ന ഹെലികോപ്റ്ററിലെ അന്തരീക്ഷമർദ്ദവ്യതിയാനം താങ്ങാൻ കുഞ്ഞിനു് കഴിയില്ല എന്ന ആർഗ്യുമെന്റിലൂടെയായിരുന്നു. ബരോമീറ്ററുകൾ ഫിറ്റ് ചെയ്ത ഹെലികോപ്റ്ററുകൾ പൊങ്ങിയും താണും മർദ്ദത്തിന്റെ ഓസിലേഷൻസ് വിവരാവകാശനിയമപ്രകാരം ലൈവ് ഷോയിലൂടെ ജനത്തെ അറിയിച്ചുകൊണ്ടിരുന്നു.
സിംപതിയുടെ പാളത്തിലൂടെ വണ്ടി ഉരുട്ടിയാൽ നാലു് വോട്ടു് കൂടുതൽ കിട്ടുമെങ്കിൽ, അപ്പനെയോ, അമ്മയെയോ, രണ്ടുപേരെയും ഒരുമിച്ചോ കൊന്നിട്ടായാലും, കുഞ്ഞിനുവേണ്ടി കരയാൻ പറ്റിയ ഒരു സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടമായി കരുതുന്നവനെയേ മല്ലുക്കൾ രാഷ്ട്രീയത്തിലെ ഹീറോയോ, ഭീഷ്മരോ, ഹനുമാനോ, സുഗ്രീവനോ ഒക്കെ ആയി അംഗീകരിക്കൂ! അതാണു് സമൂഹത്തിന്റെ സംസ്കാരമെങ്കിൽ, രാഷ്ട്രീയക്കാർ പിന്നെയെന്തു് ചെയ്യാൻ? അവർക്കും ചെയ്യണ്ടേ ചൂഷണം? അതല്ലേ ജനാധിപത്യം?
കേരളമുഖ്യമന്ത്രി വോട്ടു് ചെയ്യാനെത്തിയ സ്‌കൂളിന്റെ ഹൈജീനിക് അവസ്ഥ വിലയിരുത്താൻ പറ്റിയ ഒരു ഫോട്ടോ കണ്ടിരുന്നു. ആ ഫോട്ടോ കണ്ടപ്പോൾ ആദ്യം തോന്നിയതു്, വോട്ടു് ചെയ്യാനായി കേരളമുഖ്യമന്ത്രി എന്തിനു് മോദിയുടെ ഗുജറാത്തിൽ പോയി എന്നായിരുന്നു. BJP- യോ, കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലാതെ, നംബർ വൺ കേരളത്തിലെ സ്‌കൂളുകളിൽ അതുപോലൊരു ദയനീയാവസ്ഥ സ്ഥിതി ചെയ്യുന്നുണ്ടെന്നു് ചിന്തിക്കാൻ പോലും എനിക്കു് കഴിയുമായിരുന്നില്ല. മാർക്സിയൻ സഖാക്കൾ അവരുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളിലൂടെ അവരുടെയത്ര ബുദ്ധിയില്ലാത്ത ജനങ്ങളെ ബോധവത്കരിക്കാനായി പ്രചരിപ്പിക്കുന്ന വിവരണങ്ങളും വിശദീകരണങ്ങളും കംപ്ലീറ്റ് വസ്തുനിഷ്ഠമാണെന്നു് വിശ്വസിക്കുന്ന ഒരു “നിഷ്ക്കു” എന്ന നിലയിൽ, അതൊരു ഫോട്ടോ ഷോപ്പ് ചതിയാണെന്ന നിഗമനത്തിൽ എത്തുകയേ എനിക്കു് നിവൃത്തിയുണ്ടായിരുന്നുള്ളു.
ഭാഗ്യത്തിനു്, അടുത്ത സെക്കൻഡിൽത്തന്നെ, വളഞ്ഞ വാലിനെ നേരെയാക്കുന്ന പതിവു് രീതിയിലുള്ള ഒരു വിശദീകരണം ഒരു സഖാവിന്റേതായി വന്നു: അതൊരു പ്രൈവറ്റ് സ്‌കൂളാണത്രെ! ആ പ്രൈവറ്റ് സ്‌കൂൾ കേരളത്തിലാണെങ്കിലും, സംഭവത്തിന്റെ ദൂഷ്യവശം ബൂർഷ്വാസിയുടെ തലയിൽ വച്ചുകെട്ടാമെന്നറിഞ്ഞതു് എനിക്കു് നൽകിയ ആശ്വാസം ചില്ലറയല്ല. എങ്കിലും, ഒരു ബൂർഷ്വാസി സ്‌കൂളിലെ പൂപ്പൽ പിടിച്ച മുറിയിൽ പോയി ഒരു ഇടതൻ മുഖ്യമന്ത്രി വോട്ടു് ചെയ്തതു് എനിക്കൊരല്പം ശ്വാസതടസ്സം ഉണ്ടാക്കിയെന്ന വസ്തുത, ഒരിക്കലും നുണ പറഞ്ഞിട്ടില്ലാത്ത ഒരു ശുദ്ധഹൃദയൻ എന്ന നിലയിൽ, വായനക്കാർക്കു് മുന്നിൽ ഞാൻ മറച്ചു് വയ്ക്കുന്നില്ല.
സാദ്ധ്യതകളും ഗൂഢാലോചനകളും
25
Apr