RSS

ചരമപ്രസംഗങ്ങൾ

10 Apr

മരിച്ചവരോടു് മനുഷ്യർ ആദരവു് പ്രകടിപ്പിക്കാതിരിക്കുന്നതു് മര്യാദകേടാണു്. എന്നോർത്തു് എല്ലാ മരിച്ചവരേയും ആദരിക്കാനൊന്നും പോയേക്കരുതു്. മാണിയെ ആദരിക്കുന്നതുപോലെ ടി.പി.യെ ആദരിക്കരുതു്. സ്റ്റാലിനെ ആദരിക്കുന്നതുപോലെ ട്രോട്സ്കിയെ ആദരിക്കരുതു്. പ്രതിഷേധം അർഹിക്കുന്ന മരണങ്ങളുടെ കാര്യവും അതുപോലെ തന്നെ. വടക്കേ ഇൻഡ്യൻ കർഷകരുടെ ആത്മഹത്യകളിൽ നിർബന്ധമായും നമ്മൾ കേരളീയർ പ്രതിഷേധിച്ചിരിക്കണം. അതേസമയം, കേരളത്തിലെ കർഷകരുടെ ആത്മഹത്യയിൽ ഒരുവിധ പ്രതിഷേധവും ഉയരാതിരിക്കാനും നമ്മൾ ശ്രദ്ധിച്ചിരിക്കണം. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ കൊലചെയ്ത മനഷ്യരെയും, സാംസ്കാരിക വിപ്ലവത്തിൽ മാവോ കൊല ചെയ്തവരേയും ഒരേ കണ്ണുകൊണ്ടു് കാണുന്നതു് അത്ര ശരിയല്ല. അങ്ങനെ, ഇരട്ടത്താപ്പു് കാണിക്കേണ്ട ധാരാളം മരണാവസരങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വരുന്നവരാണു് കേരളീയരായ നമ്മൾ.

കാര്യങ്ങൾ വിവേചനബുദ്ധിയോടെ വീക്ഷിക്കാൻ നമുക്കു് കഴിയണം. അതു് ഒരിക്കലും നമ്മുടെ സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ചായിരിക്കരുതു് താനും. വിഗ്രഹങ്ങളെപ്പോലെ നമ്മൾ മനസ്സിൽ അവരോധിച്ചു് ആരാധിക്കുന്ന നേതാക്കളുടെ വിവേചനബുദ്ധി ഉപയോഗിച്ചു് കാര്യങ്ങൾ കാണാൻ കഴിയുന്നതിലൂടെയാകണം, വിശ്വസ്തരായ പാർട്ടി അടിമകൾ, മതഭക്തർ തുടങ്ങിയ നിലകളിൽ നമ്മൾ നമ്മുടെ യഥാർത്ഥശക്തി പ്രകടമാക്കേണ്ടതു്.

നോർത്ത് കൊറിയൻ സോഷ്യലിസം നിർവിഘ്നം ഒഴുകുന്നതിനുവേണ്ടി സുപ്രീം ലീഡർ കിം ജോങ് യുന്നിനു് ചിലപ്പോൾ തന്റെ അമ്മാവനെയോ മറ്റാരെയെങ്കിലുമോ ഒക്കെ കൊന്നൊടുക്കേണ്ടി വരും. അതിന്റെ പേരിൽ സുപ്രീം ലീഡർക്കു് സിന്താവാ വിളിക്കുകയല്ലാതെ, മരിച്ചവരോടു് ആദരവു് പ്രകടിപ്പിക്കാൻ സുബോധമുള്ള വടക്കൻ കൊറിയക്കാർ ആരെങ്കിലും തയ്യാറാവുമോ? അവരിൽ നമുക്കു് നല്ലൊരു ദൃഷ്ടാന്തമുണ്ടു്.

പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാൻ ഒരു ദളിത് സ്ത്രീ ധൈര്യപ്പെട്ടാൽ, തന്റെ ഞരമ്പുകളിലൂടെ സവർണ്ണരക്തമാണു് ഒഴുകുന്നതെന്നു് ഉറപ്പുള്ള ഏതൊരു ഞരമ്പിനും അവളെ അവഹേളിക്കണം എന്നു് തോന്നും. തികച്ചും സ്വാഭാവികം! ആ പ്രവൃത്തിയെ ഒരു സംസ്കാരശൂന്യന്റെ ഊളത്തരം എന്നോ, ഇനി, മാർക്സിസ്റ്റുകൾക്കുകൂടി മനസ്സിലാകണം എന്നുണ്ടെങ്കിൽ, മാർക്സിയൻ ശ്രേഷ്ഠഭാഷയിൽ, ഒരു നികൃഷ്ടജീവിയുടെ നാറിത്തരം എന്നോ ചുരുങ്ങിയ വാക്കുകളിൽ അപലപിച്ചു് തടിതപ്പുകയല്ല, എന്തെല്ലാം കാരണങ്ങൾകൊണ്ടു് ആ മഹാത്മാവിന്റേതു് ഒരു സദ്പ്രവൃത്തി ആയിരുന്നു എന്നു് സ്ഥാപിക്കാൻ പത്തു് പേജിൽ കുറയാതെ ഉപന്യസിക്കുകയോ, അഞ്ചു് പേജിൽ കവിയാത്ത ഒരു തുറന്ന കത്തെഴുതി പേരറിയാവുന്ന ആർക്കെങ്കിലും അയക്കുകയോ ചെയ്യാനാണു് നമ്മൾ ശ്രമിക്കേണ്ടതു്. എപ്പോഴും ഓർമ്മിക്കുക: ശരിയെ ശരിയെന്നു് പറയാനും, തെറ്റിനെ തെറ്റെന്നു് പറയാനും ഒരുപാടു് വായിട്ടലക്കേണ്ട കാര്യമില്ല. നമ്മുടെ ലക്ഷ്യം പക്ഷേ മറ്റൊന്നായതിനാൽ, സ്ഥിരം വായിട്ടലക്കാനും, കഷ്ടപ്പെട്ടു് അദ്ധ്വാനിക്കാനും നമ്മൾ സന്നദ്ധരായിരിക്കണം.യേശു പറഞ്ഞതുപോലെ, നമ്മൾ ലോകത്തിന്റെ ഉപ്പാണു്. അതും വെറുമുപ്പല്ല, സാക്ഷാൽ വെടിയുപ്പു്!

മോശെയും ബുദ്ധനും ജൈനനും യേശുവും മുഹമ്മദും മാർക്സും എനിക്കറിയാവുന്നവരും അറിയാത്തവരുമായ വേറെ ഒരുപാടു് പേരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലോകം ശരിയായ ലെവലിലേക്കു് ഇതുവരെ എത്തിയിട്ടില്ല. അക്കാര്യം അറിയാത്തവരായി ആരെങ്കിലുമുണ്ടെന്നു് തോന്നുന്നില്ല. ആ ജോലി പൂർത്തീകരിക്കാനായി വാക്കാലും അദ്ധ്വാനത്താലും ബുദ്ധിമുട്ടി കഷ്ടപ്പെടുന്ന ഒരുവൻ എന്ന നിലയിൽ, ശരിയെ തെറ്റാക്കാനും, തെറ്റിനെ ശരിയാക്കാനും ശ്രമിക്കുന്ന ആർക്കു് വേണമെങ്കിലും എന്നെ ഒരു മാതൃകയാക്കാവുന്നതാണു്.

 
Comments Off on ചരമപ്രസംഗങ്ങൾ

Posted by on Apr 10, 2019 in Uncategorized

 

Comments are closed.