RSS

ബീപ്-പ്ളവം നാവിന്‍തുമ്പിലൂടെ

05 Nov

“വിപ്ളവം തോക്കിന്‍ കുഴലിലൂടെ” എന്നൊരു പഴയ മുദ്രാവാക്യമുണ്ടായിരുന്നു. അതോ “അധികാരം തോക്കിന്‍ കുഴലിലൂടെ” എന്നായിരുന്നോ അതെന്നും നല്ല നിശ്ചയമില്ല. രണ്ടായാലും അന്തിമാര്‍ത്ഥം ഒന്നുതന്നെ ആയതിനാല്‍ അതിന്റെ പേരില്‍ കൂട്ടമണിയടിക്കേണ്ട കാര്യമുണ്ടെന്നു്‌ തോന്നുന്നില്ല. തോക്കിന്‍ കുഴലിലൂടെയുള്ള വിപ്ളവവും ലക്ഷ്യമാക്കുന്നതു്‌ അധികാരം പിടിച്ചടക്കല്‍ തന്നെയാണല്ലോ. തോക്കിന്റെ കുഴല്‍ ചൂണ്ടിപ്പിടിച്ചിരിക്കുന്നതു്‌ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവന്റെ നേരെ ആയിരിക്കരുതു്‌ എന്നതു്‌ മാത്രമാണു്‌ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. ഈ വചനത്തിന്റെ കര്‍ത്താവു്‌ മാവോ ആണെന്നതു്‌ നേരാണെങ്കില്‍, തോക്കു്‌ ചൂണ്ടുന്നതു്‌ മാവോയുടെ നേരെ ആയിരിക്കരുതു്‌ എന്നു്‌ സാരം. അതു്‌ തികച്ചും സ്വാഭാവികമായ ഒരു കാര്യമല്ലേ എന്നു്‌ ചോദിക്കാമെങ്കിലും, മാവോയുടെ കാര്യത്തില്‍ ഇതു്‌ എടുത്തു്‌ പറയേണ്ടതുണ്ടു്‌. കാരണം അങ്ങേരുടെ ഭാഷ ചൈനീസ് ആയിരുന്നതിനാല്‍ ട്രാന്‍സ്ലേഷനില്‍, മാവോയുടെ ജീവന്‍ ഉള്‍പ്പെടെ, പലതും നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ടു്‌. കര്‍ത്താവും കര്‍മ്മവും ഒന്നായി വരുന്നതു്‌ വ്യാകരണപരമായി തെറ്റാവണമെന്നില്ല. ഉദാഹരണത്തിനു്‌, മലയാളം എമ്മേക്കു്‌ പഠിക്കുന്ന ഒരു ‘കുട്ടി’ “രാമന്‍ പശുവിനെ അടിച്ചു” എന്നതിനു്‌ പകരം “രാമന്‍ രാമനെ അടിച്ചു” എന്നെഴുതി, ക്രിയയുടെ കര്‍ത്താവും കര്‍മ്മവുമായി രാമനെത്തന്നെ പ്രതിഷ്ഠിച്ചാല്‍ വ്യാകരണത്തിന്റെ വിധികര്‍ത്താവു്‌ അവനു്‌ ഒരുപക്ഷേ കയ്യാമം വച്ചു്‌ ചോദ്യം ചെയ്തേക്കാമെന്നല്ലാതെ, വധശിക്ഷ വിധിക്കാന്‍ സാദ്ധ്യതയില്ല. അടികൊണ്ടതു്‌ മറ്റൊരു രാമനായിക്കൂടെന്നുമില്ലല്ലോ. എങ്കിലും, രണ്ടാമത്തെ വാചകത്തിലെ ക്രിയവഴി, രാമന്‍ നല്ലൊരു ‘അടിയന്‍’ ആണെങ്കില്‍ പ്രത്യേകിച്ചും, അടി കൊണ്ട രാമനു്‌ നല്ലപോലെ നൊന്തേക്കാമെന്നൊരു സാദ്ധ്യത ഇല്ലാതെയുമില്ല.

കാര്യങ്ങളുടെ കിടപ്പു്‌ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നത്തെ ലോകം ഒരുപാടു്‌ പുരോഗമിച്ചു എന്നു്‌ പറയാതെ വയ്യ. ലോകാവസാനത്തോളം വരെ മാറ്റമില്ലാത്തതു്‌ എന്നു്‌ തലമുറകളിലൂടെ പഠിപ്പിക്കപ്പെട്ടതിനാല്‍, നിരുപാധികം വിശ്വസിക്കപ്പെട്ടവയും സംരക്ഷിക്കപ്പെട്ടവയുമായ കല്പനകളും നിയമങ്ങളും, അവയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ചിട്ടകളും ആചാരമര്യാദകളും തിരുത്താനോ നവീകരിക്കാനോ ശ്രമിക്കുന്നവരെ ആട്ടുക, തുപ്പുക, കുത്തുക, അടിക്കുക, കുരിശു്‌ ചുമപ്പിക്കുക, ചാവുന്നതുവരെ ആ കുരിശില്‍ തന്നെ ആണിയടിച്ചു്‌ തൂക്കിയിടുക മുതലായ സദാചാരങ്ങള്‍ ഒരു കാലത്തു്‌ ഈ ലോകത്തില്‍ നിലിവിലിരുന്നു എന്നാലോചിച്ചാലേ ആ പുരോഗതിയുടെ മഹത്വം മനസ്സിലാക്കാന്‍ കഴിയൂ. അക്ഷരവിരോധികളായതിനാല്‍, ലോകത്തില്‍ സംഭവിച്ച ഈ പുരോഗമനം കാണാന്‍മാത്രം മാനസികവളര്‍ച്ച കൈവരിച്ചിട്ടില്ലാത്ത ചില സദാചാരസംരക്ഷകര്‍ ഏറുകല്ലും ഇരുമ്പുവടിയും കൊടുവാളും ഉറുമിയുമൊക്കെയായി എതിരഭിപ്രായം പറയുകയോ എഴുതുകയോ ചെയ്യുന്നവരുടെ കൈയ്യോ തലയോ വെട്ടാനും, വ്യഭിചാരം പോലുള്ള മഹാപാതകങ്ങള്‍ ചെയ്യുന്നവരെ കല്ലെറിഞ്ഞു്‌ കൊല്ലാനുമൊന്നും മടിക്കുന്നില്ല എന്നതൊരു സത്യമാണു്‌. ഒരുവന്റെ ലോകം അവന്റെ തലയ്ക്കുള്ളിലാണു്‌ എന്നതാണു്‌ അതിന്റെ കാരണം. കാണാനും കേള്‍ക്കാനും, താരതമ്യങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനും അവന്റെ ആ ലോകത്തിലുള്ളതല്ലാതെ മറ്റൊന്നും അവനില്ല. പരസ്പരം സ്നേഹിക്കുന്നവര്‍ തമ്മില്‍ മറ്റുള്ളവര്‍ കാണ്‍കെ കവിളിലോ നെറ്റിയിലോ, പ്രണയിക്കുന്നവര്‍ തമ്മില്‍ ചുണ്ടുകളിലോ ചുബിക്കുകയോ, കെട്ടിപ്പുണരുകയോ ഒക്കെ ചെയ്യുന്നതു്‌ കാണുമ്പോള്‍ ആ പ്രവൃത്തികളെ അശ്ലീലമായോ ലൈംഗികവേഴ്ചകളായോ മാത്രമായിട്ടല്ലാതെ മറ്റൊരു അസോഷ്യേഷനു്‌, മറ്റൊരു വിലയിരുത്തലിനു്‌, ആവശ്യമായ ചേരുവകള്‍ വികാസം പ്രാപിക്കാത്ത അവന്റെ തലയില്‍ ലഭ്യമല്ല.

മാവോ അങ്ങനെ പറഞ്ഞതുകൊണ്ടു്‌ എല്ലാ വിപ്ളവങ്ങളും തോക്കിന്‍ കുഴലിലൂടെ സംഭവിക്കുന്നവയാണെന്നോ, സംഭവിക്കേണ്ടവയാണെന്നോ ഒക്കെ കരുതുന്ന മനുഷ്യരുണ്ടു്‌. അതിനവരെ കുറ്റം പറഞ്ഞിട്ടു്‌ കാര്യമില്ല. അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഗോത്രസ്വഭാവമാണു്‌ അതിനുത്തരവാദി. ഗോത്രമൂപ്പന്മാരും ആചാര്യന്മാരുമൊക്കെ പറയുന്നതു്‌ അനിഷേദ്ധ്യമായ സത്യമായിരിക്കും. അതില്‍ വള്ളിപുള്ളി വ്യത്യാസം വരില്ല, വരാന്‍ പാടില്ല. അതാണു്‌ ഏതൊരു ഗോത്രത്തിന്റെയും സ്വഭാവം. അത്തരക്കാരെ നിരാശപ്പെടുത്തിയേക്കാമെങ്കിലും, അല്ലാത്ത തരം വിപ്ളവങ്ങളുമുണ്ടു്‌ എന്നതൊരു യാഥാര്‍ത്ഥ്യമാണു്‌. ഉദാഹരണത്തിനു്‌, ലോകത്തില്‍ നിലവിലിരിക്കുന്ന അംഗീകൃത മാതൃകകളും മൂല്യങ്ങളും രക്തച്ചൊരിച്ചിലുകളൊന്നുമില്ലാതെ തിരുത്തപ്പെടുകയും, അതുവഴി paradigm change-കള്‍ക്കു്‌ കാരണമാവുകയും ചെയ്തിട്ടുള്ള ആശയങ്ങള്‍, കണ്ടെത്തലുകള്‍ മുതലായവ.

സായിപ്പിന്റെ റെവലൂഷനെയാണു്‌ മലയാളി വിപ്ളവം ആക്കിയതെന്നതിനാല്‍, അതുവഴി സമൂഹത്തിന്റെ പൊതുബോധത്തില്‍ ഒരു തെറ്റിദ്ധാരണ കടന്നുകൂടിയിട്ടില്ലേ എന്നു്‌ സംശയിക്കേണ്ടിയിരിക്കുന്നു. വിപ്ളവം എന്നാല്‍ ഒരുതരം ചുറ്റിത്തിരിയലാണു്‌ എന്നെങ്ങാനുമാവുമോ അവന്‍ ധരിച്ചുവച്ചിരിക്കുന്നതു്‌? ഭാഷാപരമായി അതൊരു തെറ്റാണെന്നു്‌ പറയാനും വയ്യ. കാരണം, റെവലൂഷന്‍ എന്നാല്‍ ചുറ്റിത്തിരിയലുമാവാമല്ലോ. പ്രദക്ഷിണങ്ങള്‍ക്കായി തലമുറകളിലൂടെ കണ്ഡീഷന്‍ ചെയ്യപ്പെട്ട മലയാളികള്‍ക്കു്‌, അവരുടെ ചുറ്റിത്തിരിയലുകള്‍ ആരാധനാലയങ്ങള്‍ക്കു്‌ ഉള്ളിലായാലും വെളിയിലായാലും അതില്‍ അസ്വാഭാവികത എന്തെങ്കിലുമുള്ളതായി തോന്നാനുള്ള സാദ്ധ്യതയും വിരളമാണു്‌. എല്ലാരും ചുറ്റുന്നു, ഞാനും ചുറ്റുന്നു, അതിലെന്തു്‌? പോരെങ്കില്‍, അവരുടെ മിക്കവാറും എല്ലാ പെരുമാറ്റങ്ങളിലും ഒരുതരം ചുറ്റിക്കളി ദര്‍ശിക്കുകയും ചെയ്യാം. അതിനാല്‍, അങ്ങനെയൊരു സംശയം അസ്ഥാനത്താവുമോ? വിപ്ളവം ഒരുതരം ചുറ്റിക്കളിയും, ചുറ്റിക്കളി ഒരുതരം വിപ്ളവവും ആയാലെന്നപോലെ? (പ്രദക്ഷിണം ചെയ്യുന്നവര്‍ എന്താണീ പിറുപിറുക്കുന്നതു്‌ എന്നു്‌ അറിയേണ്ടവര്‍ക്കായി: “എന്റെ ദൈവമേ, എന്റെ ദൈവമേ! ഞാനൊരു വിഡ്ഢിയല്ല. ഇടത്തുനിന്നും വലത്തോട്ടു്‌ എന്നപോലെതന്നെ വേണമെങ്കില്‍ വലത്തുനിന്നും ഇടത്തോട്ടു്‌ ചുറ്റാനും എനിക്കു്‌ കഴിയും”.)

ഏതു്‌ വിപ്ളവവും – തോക്കിന്‍ കുഴലിലൂടെയുള്ളതായാലും, മറ്റിനമായാലും – നാവിന്‍തുമ്പിലൂടെയുള്ള മുദ്രാവാക്യങ്ങളായി മാത്രം മുഖം കാണിച്ചു്‌ പിന്‍വാങ്ങുന്ന കേരളം പോലൊരു നാട്ടില്‍ ഈ മാവോസൂക്തത്തെ “വിപ്ളവം നാവിന്‍ തുമ്പിലൂടെ” എന്നു്‌ തിരുത്തുന്നതാവും കൂടുതല്‍ വസ്തുതാപരമെന്നു്‌ തോന്നുന്നു. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ വരവോടെ വിപ്ളവസൂക്തങ്ങളുടെ നിറത്തിലും ഗുണത്തിലും എണ്ണത്തിലും ഭീതിദമായ മാറ്റവും വര്‍ദ്ധനവുമാണുണ്ടായതു്‌. പ്രത്യേകിച്ചും അവയുടെ ഗന്ധത്തില്‍ വന്ന, ശ്വാസം മുട്ടിക്കുന്ന വിധം അസഹനീയമായ അവസ്ഥാന്തരം ഇന്റര്‍നെറ്റിലെ സോഷ്യല്‍ മീഡിയകളെ ഗ്യാസ് മാസ്ക് ഉപയോഗിച്ചുകൊണ്ടല്ലാതെ സന്ദര്‍ശിക്കാനാവില്ല എന്ന നിലയില്‍ കൊണ്ടുചെന്നെത്തിച്ചു എന്നു്‌ പറഞ്ഞാല്‍ മതിയല്ലോ. ഓരോ വരിയിലും മിനിമം രണ്ടു്‌ ‘ബീപ്’ എങ്കിലും പ്രയോഗിക്കാതെ അവയെ സഹ്യമാക്കി മാറ്റാന്‍ കഴിയാത്ത അവസ്ഥയാണു്‌ ഇന്നു്‌ നിലവിലുള്ളതു്‌. വ്യാജ ഐഡിയില്‍ മറഞ്ഞിരുന്നു്‌ വരാനിരിക്കുന്ന തോക്കിന്‍കുഴല്‍ വിപ്ളവത്തിന്റെ കാഹളം മുഴക്കുന്നവനു്‌ അവന്‍ വാരിവിതറുന്നതു്‌ അവന്റെ ചുറ്റുപാടുകളിലെ ചപ്പോ ചവറോ ചെളിയോ അമേധ്യമോ എന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. അതുവഴി തന്റെ പുണ്യപുരാതന വിപ്ളവത്തെ മേലില്‍ ‘ബീപ്-പ്ളവം’ എന്നു്‌ വിളിക്കേണ്ട ഗതികേടിലേക്കാണു്‌ അവന്‍ കൊണ്ടുചെന്നെത്തിച്ചതു്‌ എന്ന വസ്തുത മാത്രം ഒരു ദയനീയ സത്യമായി അവശേഷിക്കുന്നു.

നോര്‍മല്‍ മോര്‍ട്ടലുകള്‍ക്കു്‌ ഇനി ഒന്നേ ചെയ്യാനുള്ളു: മനുഷ്യരാശിയെ സമത്വസുന്ദര ലോകത്തിലേക്കു്‌ നയിക്കാനായി അവന്‍ മുഴക്കുന്ന മുദ്രാവാക്യം, ഇടതൂര്‍ന്ന ബീപ്പുകള്‍ നീന്തിനടക്കുന്ന അവന്റെ സമരകാഹളം, “ബീപ്-പ്ളവം നാവിന്‍ തുമ്പിലൂടെ” എന്നായി രൂപാന്തരപ്പെടുന്ന നല്ല മറ്റെന്നാളേക്കായി ക്ഷമയോടെ കാത്തിരിക്കുക.

 
Comments Off on ബീപ്-പ്ളവം നാവിന്‍തുമ്പിലൂടെ

Posted by on Nov 5, 2014 in പലവക

 

Tags: , ,

Comments are closed.

 
%d bloggers like this: