ഖുര്‍ ആനില്‍ ഇങ്ങനെയൊരു കല്പനയുണ്ടു്: “അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്.” – അദ്ധ്യായം 068 ഖലം (പേന) : 10
ഒരുവന്‍ എത്ര പ്രാവശ്യം സത്യം ചെയ്യുന്നതു് മുതലാണു് മുഹമ്മദ് നബിയുടെ, അഥവാ അല്ലാഹുവിന്റെ അഭിപ്രായത്തില്‍ സത്യം ചെയ്യല്‍ അധികമാവുന്നതെന്നും നീചമാവുന്നതെന്നും എനിക്കറിയില്ല. മറ്റു് പലനീചത്വങ്ങളും പോലെ, ബഹുഭാര്യത്വവും, പ്രായപൂര്‍ത്തി എത്താത്തവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ നീതിശാസ്ത്രത്തില്‍ നീചവും ശിക്ഷാര്‍ഹവുമായ കാര്യങ്ങളാണെന്നു് എനിക്കറിയുകയും ചെയ്യാം.
അധികമായി സത്യം ചെയ്യുന്നവനെ അനുസരിക്കരുതെന്നു് കല്പിക്കുന്നതോടൊപ്പംതന്നെ അക്കാലത്തു് കാണാനും കേള്‍ക്കാനും കഴിയുമായിരുന്ന മിക്കവാറും എല്ലാറ്റിന്റെയും നാമത്തില്‍ മുഹമ്മദ് നബി സത്യം ചെയ്യുന്നുമുണ്ടു്. വിന്‍ഡോസും ആപ്പിളും ആന്‍ഡ്രോയിഡുമൊന്നും അന്നു് ഉണ്ടായിരുന്നില്ലാത്തതിനാല്‍ മാത്രമാവണം അവയുടെ നാമങ്ങള്‍ കടന്നുവരാതിരുന്നതു്. ഖുര്‍ആനില്‍ നിന്നും മുഹമ്മദ് നബിയുടെ പതിനാറു് സത്യം ചെയ്യലുകള്‍ (ആണയിടലുകള്‍) താഴെ കൊടുക്കുന്നു. കൂടുതല്‍ ഇല്ലാത്തതുകൊണ്ടല്ല. മനസ്സിലാക്കാനാണെങ്കില്‍ അവതന്നെ ധാരാളം എന്നതുകൊണ്ടുമാത്രം. ശ്രദ്ധാപൂര്‍വ്വം വായിച്ചു് ദൈവികതയുടെയും വിശുദ്ധിയുടെയും വിശ്വാസയോഗ്യതയുടെയുമൊക്കെ കാര്യത്തില്‍ സ്വയം ഒരു തീരുമാനത്തിലെത്തുക എന്നേ എനിക്കു് പറയാനുള്ളു.
1. “പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല.” – അദ്ധ്യായം 068 ഖലം (പേന) : 1, 2
2. “എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു: നിങ്ങള്‍ കാണാത്തവയെക്കൊണ്ടും.” – അദ്ധ്യായം 069 ഹാഖ (യഥാര്‍ത്ഥ സംഭവം) : 38, 39
3. “നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം. പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.” – അദ്ധ്യായം 074 മുദ്ദഥിര്‍ (പുതച്ചു് മൂടിയവന്‍) : 32 -34
4. “ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.” – അദ്ധ്യായം 075 ഖിയാമ (ഉയിര്‍ത്തെഴുന്നേല്പു്) : 1, 2
5. “(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം. ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.” – അദ്ധ്യായം 079 നാസിയാത് (ഊരിയെടുക്കുന്നവ) : 1 – 5
6. “പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും, പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.) .” – അദ്ധ്യായം 081 തക്‍വീര്‍ (ചുറ്റിപ്പൊതിയല്‍) : 15 – 18
7. “അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും, ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.” – അദ്ധ്യായം 084 ഇന്‍ഷിഖാഖ് (പൊട്ടി പിളരല്‍) : 16 – 18
8. “നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം. വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.” – അദ്ധ്യായം 085 ബുറൂജ് (നക്ഷത്രമണ്ഡലങ്ങള്‍) : 1 – 3)
9. “ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.” – അദ്ധ്യായം 086 ത്വാരിഖ് (രാത്രിയില്‍ വരുന്നതു്) : 1
10. “പ്രഭാതം തന്നെയാണ സത്യം. പത്തു രാത്രികള്‍ തന്നെയാണ സത്യം. ഇരട്ടയും ഒറ്റയും തന്നെയാണ സത്യം. രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.” – അദ്ധ്യായം 089 ഫജ്ര്‍ (പ്രഭാതം): 1 – 4
11. “ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. … ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.” – അദ്ധ്യായം 090 ബലദ് (രാജ്യം): 1, 3)
12. “സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം. ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍. പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍ രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍. ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം. ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.” – അദ്ധ്യായം 091 ശംസ് (സൂര്യന്‍) : 1 – 7
13. “രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍ പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍ ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം” – അദ്ധ്യായം 092 ലൈല്‍ (രാത്രി) : 1 – 3
14. “പൂര്‍വ്വാഹ്നം തന്നെയാണ സത്യം; രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍” – അദ്ധ്യായം 093 ളുഹാ (പൂര്‍വ്വാഹ്നം) : 1 – 2
15. “അത്തിയും, ഒലീവും, സീനാപര്‍വ്വതവും, നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.” – അദ്ധ്യായം 095 തീന്‍ (അത്തി) : 1 – 3
16. “കിതച്ചു കൊണ്ട് ഓടുന്നവയും, അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും, എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും, അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.” – അദ്ധ്യായം 100 ആദിയാത് (ഓടുന്നവ) : 1 – 6
ഖുര്‍ആന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണു് അല്‍ ഖായിദയും, ഇസിസും, ബൊകൊ ഹറാമുമെല്ലാം വിശുദ്ധ യുദ്ധത്തിനു് ആഹ്വാനം ചെയ്യുന്നതു്. ഈ ഗ്രന്ഥത്തിന്റെ ചുവടുപിടിച്ചാണു് സുന്നികളും ഷിയകളും തമ്മില്‍ത്തമ്മില്‍ കൊല്ലാന്‍ തയ്യാറാവുന്നതു്. ഈ ഗ്രന്ഥത്തിന്റെ ദൈവികമായ അപ്രമാദിത്വത്തില്‍ ഊന്നിയാണു് അന്തര്‍ദേശീയമായ പ്രതിഷേധങ്ങളെ മുഴുവന്‍ അവഗണിച്ചുകൊണ്ടു് ഇറാനില്‍ ഇക്കഴിഞ്ഞ ദിവസം ഒരു 26 വയസ്സുകാരിയുടെ കഴുത്തില്‍ കൊലക്കയര്‍ വീണതും, അവള്‍ അല്ലാഹുവിന്റെ കോടതിയില്‍ തനിക്കു് നീതി ലഭിക്കുമെന്ന പ്രത്യാശയില്‍ മരണത്തെ സ്വീകരിച്ചതും (http://www.bbc.com/news/world-middle-east-29769468).
ആ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു് യഥാര്‍ത്ഥത്തില്‍ എന്താണെന്നു് മനുഷ്യര്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഈ ഭ്രാന്തു് അവസാനിക്കുകയുള്ളു. ഉദാഹരണത്തിനു്, മരണാനന്തരം വരാനിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എന്താണു് മനുഷ്യരെ (പുരുഷന്മാരെ എന്നായിരുന്നേനെ കൂടുതല്‍ ശരി) കാത്തിരിക്കുന്നതെന്നു് ശ്രദ്ധിക്കൂ: തോട്ടങ്ങളും മുന്തിരികളും, വെളുത്തവരും വിശാലമായ നയനങ്ങളുള്ളവരും തുടുത്ത മാര്‍വിടമുള്ളവരും ചിപ്പികളില്‍ ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവരും സമപ്രായക്കാരുമായ തരുണികളും, നിറഞ്ഞ പാനപാത്രങ്ങളും, പരസ്പരം അഭിമുഖമായി ചാരിയിരിക്കാന്‍ കഴിയുന്നവിധം സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളും, കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട് ചുറ്റി നടക്കുന്ന, നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാരും, ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും, കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും! ഈത്തപ്പഴവും ഒട്ടകപ്പാലുമായി മരുഭൂമിയില്‍ കഷ്ടപ്പെട്ടു് ജീവിച്ചിരുന്ന സാധാരണക്കാരായ അറബികളുടെ സങ്കല്പത്തിലെ സ്വര്‍ഗ്ഗമല്ലാതെ മറ്റെന്താണിതു്? ആശയത്തിനോ പലപ്പോഴും വാക്കുകള്‍ക്കു് പോലുമോ മാറ്റമൊന്നുമില്ലാതെ മരണാനന്തരസ്വര്‍ഗ്ഗം എന്ന ഈ വാഗ്ദാനം ഖുര്‍ആനില്‍ പലവട്ടം ആവര്‍ത്തിക്കപ്പെടുന്നുണ്ടു്. പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികള്‍, രുചിഭേദം വരാത്ത പാലിന്‍റെ അരുവികള്‍, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികള്‍, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികള്‍, കൂടാതെ എല്ലാതരം കായ്കനികളും! മരുഭൂമിയില്‍ വസിക്കുന്ന ഒരു നിരക്ഷരനു് ഇതിലപ്പുറം എന്തു് സ്വര്‍ഗ്ഗമാണു് വേണ്ടതു്? “കുടലുകളെ ഛിന്നഭിന്നമാക്കുന്ന കൊടും ചൂടുള്ള വെള്ളം കുടിക്കാന്‍ നല്‍കപ്പെടുന്ന നരക”ത്തില്‍ നിന്നും തികച്ചും വിപരീതവും നിത്യവുമായതിനാല്‍ ഒരു മരുഭൂവാസി ഇതുപോലൊരു സ്വര്‍ഗ്ഗത്തെയല്ലാതെ മറ്റെന്താണു് ജീവിതത്തില്‍ നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതു്? അതേസമയം, ഈ വക സുഖസൗകര്യങ്ങള്‍ മഹാനായ അലക്സാണ്ഡറിന്റെ കാലത്തുതന്നെ (356 – 323 BC) രാജകൊട്ടാരങ്ങളിലും മറ്റും നിലവിലുണ്ടായിരുന്നു എന്നതു് മറ്റൊരു ചരിത്രസത്യം.
Noushad
Nov 10, 2014 at 17:24
പണ്ട് ഒരു കഥ കേട്ടിട്ടുണ്ട് . റമളാൻ വയള് പറയാൻ വന്ന ഉസ്താദ് നോമ്പ് തുറ അഥവാ ഇഫ്താർ നെ കുറിച്ച് വാ തോരാതെ കാച്ചി വിടുന്നു . കൂട്ടത്തിൽ പുള്ളി പറഞ്ഞു “ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും മറ്റൊരാളുടെ നോമ്പിനെ നീ തുറപ്പിക്കുക “. ഇത് കേട്ട ഒരു പാവം കാക്ക ഉസ്താദിനെ അടുത്ത ദിവസത്തേക്ക് നോമ്പ് തുറക്കാൻ തന്റെ വീട്ടിലേക് ക്ഷണിച്ചു.
അടുത്ത ദിവസം നോമ്പ് തുറക്കാൻ പോയ ഉസ്താദിനു കിട്ടിയത് ഒരു കാരക്കയും പച്ച വെള്ളവും മാത്രം.
അബദ്ധം മനസ്സിലാക്കിയ ഉസ്താദ് അന്നത്തെ പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു “ഞാൻ ഇന്നലെ പറഞ്ഞ കാരക്ക നമ്മടെ നാട്ടിൽ കിട്ടുന്ന സാധാരണ കാരക്ക അല്ല സഹോദരങ്ങളെ , അത് പണ്ട് കാലത്ത് അറേബ്യയിൽ ഉണ്ടായിരുന്ന ആനേടെ അത്രേം വലിപ്പുള്ള ഒന്നാണ് “.
പറഞ്ഞു വന്നത് , താൻ ചെയുന്ന സത്യത്തെക്കാളും കൂടുതൽ സത്യം ചെയ്യുന്ന ആളെ വിശ്വസിക്കരുത് എന്നാകും കിതാബ് എഴുതിയ ആള് ഉദ്ദേശിച്ചത് 😉