“Be careful about sharing information with strangers. If you don’t know this person, we recommend that you don’t add them to your circles. You can also block them to prevent further contact from this person.”
ഗൂഗിള്‍ പ്ളസില്‍ എന്നെ ആരെങ്കിലും ആഡ് ചെയ്തതായി മെയില്‍ വരുമ്പോള്‍ കാണുന്ന ഒരു വാണിങ്ങാണിതു്. ഇങ്ങനെയൊരു വാണിങ് പണ്ടും ഉണ്ടായിരുന്നോ എന്നറിയില്ല. ഈയിടെയാണു് ഇതെന്റെ ശ്രദ്ധയില്‍പ്പെട്ടതു്. ഒരു ഐഡിയില്‍ നിന്നും ദോഷമല്ലാതെ ഗുണമൊന്നും ഇല്ലെന്നു് ബോദ്ധ്യമാകുന്ന ആദ്യത്തെ അവസരത്തില്‍ത്തന്നെ അവരെ സര്‍ക്കിളില്‍ നിന്നും നീക്കം ചെയ്യുകയോ, ബ്ളോക്ക് ചെയ്യുകയോ ചെയ്യുന്ന എന്റെ പതിവുരീതിയെ ശരിവക്കുന്നതായിത്തോന്നി ഈ താക്കീതു്. മെയില്‍ കിട്ടുമ്പോള്‍ത്തന്നെ, രണ്ടാമതൊരു ആലോചനയുടെ ആവശ്യമില്ലാതെ, ഗൂഗിളിന്റെ ഈ നിര്‍ദ്ദേശം പോലെതന്നെ, ചവറ്റുകുട്ടയില്‍ എറിയാന്‍ കഴിയുന്ന ചില ഐഡികളുണ്ടു്. ഉദാഹരണത്തിനു്, അപ്പനും അമ്മയും നല്‍കിയ പേരു് മനുഷ്യര്‍ കേള്‍ക്കെ പറയാന്‍ കൊള്ളാത്തതായതിനാല്‍ സ്വന്തം തറവാടിനു് അനുയോജ്യമായ അന്തസ്സോടെ സമൂഹത്തിനു് മുന്നില്‍ സ്വയം അവതരിപ്പിക്കുന്നതിനായി തങ്ങള്‍ക്കു് കൂടുതല്‍ യോജിക്കുന്ന പേരുകള്‍ സ്വീകരിക്കുന്ന ചിലര്‍. “പ്രാപഞ്ചിക കഴപ്പു്” എന്ന ശ്രേഷ്ഠനാമത്തില്‍ സോഷ്യല്‍ മീഡിയകളില്‍ സ്വയം വിവസ്‌ത്രീകരണം നടത്തുന്ന ഒരുവന്റെ/ഒരുവളുടെ മനസ്സില്‍ സ്വന്തം സമൂഹവുമായി പങ്കുവയ്ക്കാനായി വിരിയുന്ന ചിന്താമലരുകള്‍ അമൂല്യങ്ങളായിരിക്കും, അവ കാണാതെയും കേള്‍ക്കാതെയും പോയാല്‍ അതൊരു തീരാനഷ്ടമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടല്ലോ. അപരിചിതരെ മുഴുവന്‍ തുടക്കത്തിലേ ഒഴിവാക്കുക എന്നതു് സദുദ്ദേശത്തോടെ സോഷ്യല്‍ മീഡിയകളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചു് അപ്രായോഗികവും കൗണ്ടര്‍-പ്രൊഡക്റ്റീവും ആയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും, ഒഴിവാക്കേണ്ടവരെ ഒഴിവാക്കേണ്ട സമയത്തുതന്നെ ഒഴിവാക്കുന്നതാണു് നല്ലതെന്നാണു് എന്റെ അഭിപ്രായം. അവരില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും നെഗറ്റീവ് എനര്‍ജിയും വഴി ശ്വാസം മുട്ടാതിരിക്കാന്‍ അതു് സഹായിക്കും.
കേള്‍ക്കുന്നതെന്തും ‘ചൊറിച്ചു് മല്ലിയോ’, ‘കോഡ് ഭാഷ’ ഉപയോഗിച്ചോ അതിന്റെ വള്‍ഗാരിറ്റിയിലേക്കു് പരിഭാഷപ്പെടുത്തി ആഘോഷിക്കാനായി മാത്രം സോഷ്യല്‍ മീഡിയകളില്‍ ഐഡിയെടുത്തു് കാത്തിരിക്കുന്ന ചിലരുണ്ടു്. വസ്തുതാപരവും അര്‍ത്ഥപൂര്‍ണ്ണവുമായ എന്തെങ്കിലുമൊന്നു് സ്വന്തമായി കാഴ്ച വയ്ക്കാന്‍ മതിയായ പരിജ്ഞാനം ഇല്ലാത്തതിനാല്‍, ആരെങ്കിലും എന്തെങ്കിലും ഒന്നു് പറഞ്ഞു് കിട്ടാനും അതിനെ വികലീകരിക്കാനുമായി ഇത്തരം പരാദങ്ങള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു് കാത്തിരിക്കുന്നു – ആതിഥേയശരീരത്തിനായി കാത്തിരിക്കുന്ന വൈറസുകളെപ്പോലെ. മെറ്റാബോളിക് പ്രോസെസ്സുകള്‍ക്കുള്ള ശേഷി സ്വന്തമായി ഇല്ലാത്തതിനാല്‍, അനുയോജ്യമായ ഒരു ആതിഥേയശരീരത്തില്‍ കയറിപ്പറ്റി അതിലെ ഒരു സെല്ലിലേക്കു് സ്വന്തം ജീനോം കടത്തിവിട്ടു്, ആ ശരീരത്തെ തെറ്റിദ്ധരിപ്പിച്ചു്, അതിന്റെ സഹായത്തോടെ റെപ്ളിക്കേയ്റ്റ് ചെയ്തു് പെരുകുക എന്നതല്ലാതെ വൈറസുകള്‍ക്കു് മറ്റൊന്നും ജീവിതത്തില്‍ ചെയ്തുതീര്‍ക്കാനില്ലല്ലോ. ഒരു ശരീരത്തിന്റെ നാശത്തോടെ അതിനുള്ളിലെ വൈറസുകളുടെ പെരുകലും അവസാനിക്കുമെങ്കിലും, അതിനോടകം രക്ഷപെട്ട കുറെയെണ്ണം മറ്റു് ആതിഥേയശരീരങ്ങള്‍ തേടി പോയിട്ടുണ്ടാവും.
സോഷ്യല്‍ മീഡിയകളിലെ ‘വൈറസുകളുടെ’ പ്രവര്‍ത്തനരീതിയും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. സമൂഹത്തെ പിന്നോട്ടല്ലാതെ ഒരുചുവടുപോലും മുന്നോട്ടു് വയ്ക്കാന്‍ അനുവദിക്കാതെ എല്ലാ സാമൂഹികതലങ്ങളെയും ഇന്‍ഫെക്റ്റ് ചെയ്തു് നശിപ്പിച്ചു് നിഷ്ക്രിയമാക്കാനായി കാത്തിരിക്കുന്ന ‘ഇബോള’ വൈറസുകള്‍! ഈ വൈറസുകളുടെ ആക്രമണത്തിനു് വിധേയരായിട്ടുള്ളവരും, ആയിക്കൊണ്ടിരിരിക്കുന്നവരുമായ ഇരകളുടെ ലിസ്റ്റ് വളരെ നീണ്ടതാണു്. മോദി, സോണിയ, രാഹുല്‍, കെജ്രിവാള്‍, ശശി തരൂര്‍, അരുന്ധതി, വി.എസ്., വി.ടി. ബല്‍റാം, എന്നുവേണ്ട, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി മുതല്‍ പേര്‍ തുടങ്ങി പി.സി. ജോര്‍ജ്ജ്, സന്തോഷ് പണ്ഡിറ്റ് വരെയുള്ളവര്‍ ഈ ഓണ്‍ലൈന്‍ വൈറസുകളുടെ ഇന്‍ഫെക്ഷനു് വിധേയരായിക്കൊണ്ടിരിക്കുന്ന അനേകരില്‍ ചിലര്‍ മാത്രം. ചില പ്രത്യേക ആതിഥേയരെ മാത്രം ഇന്‍ഫെക്റ്റ് ചെയ്യാന്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള വൈറസുകളുമുണ്ടു്. രാഷ്ട്രീയക്കാരായ ആതിഥേയരെ മറ്റു് പല കാര്യങ്ങളിലും തോല്പിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും തൊലിക്കട്ടിയുടെ കാര്യത്തില്‍ അത്രയെളുപ്പം തോല്പിക്കാനാവില്ല എന്നതിനാല്‍ വൈറസ്ബാധ വളരെ ചുരുക്കം പേരുടെ കാര്യത്തിലേ അത്തരക്കാരുടെ പൂര്‍ണ്ണമായ നാശത്തിലേക്കു് നയിക്കാറുള്ളു എന്നുമാത്രം. രണ്ടോ മൂന്നോ വട്ടം ചാടിയിട്ടും മുന്തിരിങ്ങ കിട്ടുന്നില്ലെന്നു് വന്നാല്‍ കുറുക്കന്മാര്‍ “പുളിയന്‍ മുന്തിരിങ്ങയ്ക്കു്” വേണ്ടിയുള്ള ചാട്ടം ഉപേക്ഷിക്കാറുണ്ടെന്നാണു് കേള്‍വി. പക്ഷേ ഓണ്‍ലൈന്‍ വൈറസുകള്‍ അങ്ങനെയല്ല, ആതിഥേയശരീരത്തില്‍ കടന്നുകൂടി അതിനെ നശിപ്പിക്കാനുള്ള ശ്രമം സ്വയം നശിക്കുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കണമെന്നാണു് നഴ്സറിയിലേതന്നെ അവയ്ക്കു് ലഭിക്കുന്ന ‘വേദോപദേശം’.
തെറ്റിദ്ധാരണ ഒഴിവാക്കാനായി: പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും സാമൂഹിക-സാംസ്കാരികപ്രവര്‍ത്തകരായാലും ആരും വിമര്‍ശനാതീതരല്ല. വിമര്‍ശനത്തിലൂടെയേ ഒരു സമൂഹത്തിനു് വളരാനും നവീകരിക്കപ്പെടാനും കഴിയൂ. പക്ഷേ, വിമര്‍ശനം വസ്തുതാപരമാവാതെ, വ്യക്തിപരമായ തേജോവധം ലക്ഷ്യമാക്കിയുള്ള വൈറസ്ബാധയായി അധഃപതിക്കുന്നിടത്തു് വളര്‍ച്ചയും നവീകരണവുമല്ല, അധോഗതിയും നശീകരണവും മാത്രമാവും ഫലം.
ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഏതെങ്കിലുമൊരുത്തന്‍ “നായിന്റെ മോന്‍” എന്നു് വിളിച്ചതുകൊണ്ടു് ജനം അയാളെ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കാതിരിക്കണമെന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു് നരേന്ദ്ര മോദി. മോദിയുടെ നയങ്ങളെ അനുകൂലിക്കാം, എതിര്‍ക്കാം. പക്ഷേ അതു് അയാളെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടാവുമ്പോള്‍ അതു് ചെയ്യുന്നവര്‍ അതുവഴി സ്വന്തം പ്രിമിറ്റിവിറ്റി വെളിപ്പെടുത്തുക മാത്രമാണു് ചെയ്യുന്നതു്. മനുഷ്യര്‍ വിലയിരുത്തപ്പെടേണ്ടതു് അവരുടെ മുടന്തോ വിക്കോ, കഷണ്ടിയോ നരയോ, തൊഴിലോ കുടുംബമഹിമയോ, ജാതിയോ മതമോ നോക്കിയല്ല, അവര്‍ പ്രതിനിധീകരിക്കുന്ന ആശയങ്ങളും, മറ്റു് മനുഷ്യരോടുള്ള അവരുടെ നിലപാടുകളും അടിസ്ഥാനമാക്കി ആയിരിക്കണം. ‘ആദ്യകാരണതത്വം’ എന്നൊന്നുണ്ടു്. അതിന്‍പ്രകാരം, അങ്ങോട്ടു് ഒരു പ്രകോപനവും ഉണ്ടാക്കാത്ത ഒരുവന്‍ അനീതിയോ തിന്മയോ നേരിടേണ്ടിവന്നാല്‍ അതിനു് കാരണക്കാരനായവനാണു് കുറ്റവാളി. ഒരു വ്യക്തിയുമായുള്ള ഇടപെടലുകളില്‍ അവന്റെ ശാരീരികമോ മാനസികമോ ആയ ഹാന്‍ഡിക്യാപ്പുകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ – പ്രത്യേകിച്ചും നെഗറ്റീവ് ആയവ – ഒഴിവാക്കുക എന്നതു് പെരുമാറ്റമര്യാദകളിലെ ഒരു ബാലപാഠമാണു്. മനുഷ്യരെ ബാഹ്യമായി മാത്രം നോക്കാനും വിലയിരുത്താനും കഴിയുന്ന, കാര്യങ്ങളെ ഉപരിപ്ളവമായി മാത്രം കാണാനും ചിന്തിക്കാനും കഴിയുന്ന, സിമ്പിള്‍ സ്റ്റ്‌റക്ച്ചേഡ് ആയിട്ടുള്ള മനുഷ്യര്‍ക്കു് കഴിയാതെ പോകുന്ന ഒരു മാനുഷികഗുണം. സഹജീവികളെ പട്ടിയും കഴുതയും പോത്തുമൊക്കെയായി വിശേഷിപ്പിക്കുന്ന ഒരു സ്വയം പ്രഖ്യാപിത കുലീനനു് അവരില്‍ ആ ജീവികളെ കാണാന്‍ കഴിയുന്നതു് അവന്‍ അവരിലേക്കു് തന്നെത്തന്നെ പ്രൊജെക്റ്റ് ചെയ്യുന്നതുകൊണ്ടാണു്. തന്റെ മാനസികലോകത്തിന്റെ പ്രതിബിംബമേ അതുവഴി അവനു് അവരില്‍ കാണാന്‍ കഴിയൂ. അതിലൂടെ ആ മൃഗങ്ങളേക്കാള്‍ അധഃപതിച്ച മാനസികനിലവാരത്തിന്റെ ഉടമയായി അബോധപൂര്‍വ്വം സ്വയം അംഗീകരിക്കുന്ന അവന്‍ സത്യത്തില്‍ ആ മൃഗങ്ങളെ അവനു് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഔന്നത്യത്തിലും, അവന്റെ സ്വന്തം ‘കുലീനത്വത്തെ’ നികൃഷ്ടതയുടെ ആഴങ്ങളിലും പ്രതിഷ്ഠിക്കുകയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നതു്.
ഭാഗ്യത്തിനു് ഈ വിഭാഗം ഒരു ന്യൂനപക്ഷമാണു്. ഒരു എഴുത്തുകാരനെ ഫോളോ ചെയ്യുന്നവരില്‍ തൊണ്ണൂറിലേറെ ശതമാനം പേരും അതു് ചെയ്യുന്നതു് അവനെ വായിക്കാനും മനസ്സിലാക്കാനും വേണ്ടിയായിരിക്കും. ബാക്കിയുള്ളവരില്‍ ആറോ ഏഴോ ശതമാനം മാത്രമായിരിക്കും വൈറസുകളുടെ സ്വഭാവം പ്രകടിപ്പിക്കുന്നവര്‍. ക്വാണ്ടം മെക്കാനിക്സിനെപ്പറ്റി എഴുതുന്ന ഒരു ലേഖനത്തെ “കോണ്ടം” മെക്കാനിക്സ് എന്നു് വിശേഷിപ്പിച്ചുകൊണ്ടു് ചര്‍ച്ച ചെയ്യാന്‍ വരുന്ന ഒരുവനോടു് സുബോധമുള്ള ഒരു മനുഷ്യന്‍ എന്തു്, എന്തിനു് സംവദിക്കാന്‍? ഞാന്‍ വായിക്കാന്‍ ആഗ്രഹിക്കാത്തവരും, എന്നെ വികലമായി മാത്രം വായിക്കാന്‍ കഴിയുന്നവരുമായവരെ ഞാനെന്തിനു് എന്റെ ഫ്രണ്ട് ലിസ്റ്റിലോ സര്‍ക്കിളുകളിലോ വച്ചുകൊണ്ടിരിക്കണം എന്നെനിക്കറിയില്ല. സ്വൈര്യക്കേടു് ഒഴിവാക്കാന്‍ അവരെ ബ്ളോക്ക് ചെയ്യുന്നതാണു് ഏറ്റവും നല്ലതു്. ഇപ്പോള്‍ ഗൂഗിളും അതുതന്നെ ശുപാര്‍ശ ചെയ്യുന്നു. അതേസമയം, ഞാന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, ഞാന്‍ എഴുതുന്നതു് ആശയപരമായി മനസ്സിലാക്കാന്‍ വേണ്ടി വായിക്കുന്നവര്‍ അവരുടെ സര്‍ക്കിളില്‍ എന്നെ ചേര്‍ക്കുന്നതിനോടു് എനിക്കു് വിരോധവുമില്ല.
സോഷ്യല്‍ മീഡിയയെ എതിരഭിപ്രായം പറഞ്ഞുകൊണ്ടു് വരുന്ന ആരുമായും പൊരുതാനുള്ള ഒരു അങ്കത്തട്ടാക്കുക എന്നതൊന്നും എന്റെ ലക്ഷ്യമല്ല. ജീവിതത്തിലെ ബെനാലിറ്റികള്‍ക്കു് അപ്പുറത്തേക്കു് ചിന്തിക്കാന്‍ കഴിയാത്ത മനുഷ്യരുമായി ആഴമേറിയ വിഷയങ്ങളില്‍ നടത്തപ്പെടുന്ന സംവാദങ്ങള്‍ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തുന്ന അര്‍ത്ഥശൂന്യമായ താര്‍ക്കികവ്യായാമങ്ങള്‍ മാത്രമായി അവശേഷിക്കുകയേയുള്ളു. സോഷ്യല്‍ മീഡിയകളിലെതന്നെ എത്രയോ ചര്‍ച്ചകള്‍ അതിനുള്ള തെളിവുകള്‍ നല്‍കുന്നുണ്ടു്. വായനയും പഠനവും ജീവിതാനുഭവങ്ങളും വഴി നേടിയെടുത്ത, അത്ര ലളിതമല്ലാത്ത അറിവുകള്‍ സമൂഹവുമായി പങ്കുവയ്ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരുമായിട്ടാണു് താന്‍ അക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതു് എന്നു് ആദ്യമേ അവര്‍ അറിഞ്ഞിരിക്കണം. അറിവു് ഒരിക്കലും അപ്‌വേര്‍ഡ് കമ്പാറ്റിബിള്‍ അല്ല, ഡൗണ്‍വേര്‍ഡ് കമ്പാറ്റിബിള്‍ ആയിരിക്കണം താനും. തന്റെ നേരെ കുരക്കുന്ന കൊടിച്ചികളുടെ നേരെ തിരിച്ചു് കുരയ്ക്കാതിരിക്കാന്‍ അതു് സഹായിക്കും.
പേപ്പട്ടികളുടെ കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, ഇനി അബദ്ധവശാല്‍ കടിയേറ്റാല്‍ തക്കസമയത്തുതന്നെ പ്രതിരോധകുത്തിവയ്പു് നടത്തുക – അതുമാത്രമാണു് പേപ്പട്ടിവിഷത്തിനുള്ള പ്രതിവിധി. അല്ലാതെ കടിച്ച പേപ്പട്ടിയെ തിരിച്ചു് കടിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കടിയേല്‍ക്കാമെന്നല്ലാതെ പ്രയോജനമൊന്നുമില്ല – അതു് നാലുകാലില്‍ നടക്കുന്ന പേപ്പട്ടികളുടെ കാര്യത്തിലായാലും, മനുഷ്യരെ പട്ടികള്‍ എന്നു് വിളിച്ചുകൊണ്ടു് രണ്ടുകാലില്‍ നടക്കുന്ന പേപ്പട്ടികളുടെ കാര്യത്തിലായാലും.