“ആയിരക്കണക്കിനു് മനുഷ്യരില്‍ ജ്ഞാനസിദ്ധിയിലൂടെയുള്ള പൂര്‍ണ്ണതയ്ക്കായി ഒരുപക്ഷേ ഒരുവന്‍ ശ്രമിക്കുന്നുണ്ടാവാം. അവരില്‍ത്തന്നെ കഷ്ടിച്ചു് ഒരുത്തന്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ എന്നെ അറിയുന്നുള്ളു.” – ഭഗവദ്ഗീത (7: 3)
കൃത്യമായി വേണ്ടവര്‍ക്കു്:
മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്വതഃ
അതായതു്, ജ്ഞാനസിദ്ധിയിലൂടെയുള്ള പൂര്‍ണ്ണത കൈവരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ വളരെ വിരളമാണു്. വിരളമെന്നു് വച്ചാല്‍, ആയിരക്കണക്കിനു് മനുഷ്യരില്‍ കഷ്ടിച്ചു് ഒരാള്‍ എന്ന നിരക്കില്‍ വിരളം. അങ്ങനെ പൂര്‍ണ്ണത കൈവരിച്ചവരില്‍ത്തന്നെ ഒരുത്തന്‍ മാത്രമേ തന്നെ യഥാര്‍ത്ഥത്തില്‍ അറിയുന്നുള്ളു എന്നാണു് ഭഗവാന്‍ പരാതിപ്പെടുന്നതു്. പൂര്‍ണ്ണത കൈവരിച്ച എലീറ്റുകളില്‍ നിന്നും ഏതു് നിരക്കിലാണു് ഫൈനല്‍ എലീറ്റുകള്‍, (എന്ന്വച്ചാല്‍, ഭഗവാന്‍ അര്‍ജ്ജുനനു് പകര്‍ന്നു് നല്‍കിയതുപോലുള്ള, യാതൊന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തില്‍ അവശേഷിക്കുന്നില്ലാത്തതുപോലുള്ള മുഴുവന്‍ “ഫിനോമിനല്‍ ജ്ഞാനവും ന്യൂമിനസ് ജ്ഞാനവും” (3: 2) കൈവരിച്ച “മഹാബാഹുക്കള്‍”!) രൂപമെടുക്കുന്നതെന്നു് ഭഗവാന്‍ വ്യക്തമായി പറയുന്നില്ലെങ്കിലും, ആകെമൊത്തം പൂര്‍ണ്ണന്മാരില്‍ നിന്നും കാളകൂടം പോലെ ഒറ്റയൊരു ഒറിജിനല്‍ ഇന്ദ്രിയാതീന്ദ്രിയജ്ഞാനി മാത്രമേ ഉരുത്തിരിഞ്ഞു് വരികയുള്ളു എന്നാണു് ഭഗവാന്‍ ഉദ്ദേശിച്ചതെന്നു് കരുതുക വയ്യ. അങ്ങനെ സംഭവിച്ചാല്‍ ലോകത്തില്‍ ഒരേയൊരു പരമജ്ഞാനി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. അതുവഴി പരമശിവനു് പണിയാവും എന്നതില്‍ കവിഞ്ഞ നേട്ടമൊന്നുമില്ല. അതുകൊണ്ടു് ഇവിടെയും ആയിരക്കണക്കിനു് ജ്ഞാനികളില്‍ ഒരുവന്‍ എന്ന നിരക്കില്‍ പരമജ്ഞാനിപ്പട്ടവും നേടാനാവും എന്നേ കരുതാനാവൂ. അതായതു്, ജ്ഞാനത്തിന്റെ പുറകെ പരക്കം പായുന്ന ആയിരക്കണക്കിനു് ഭക്തരില്‍ നിന്നും ഒരു ജ്ഞാനി, പരമജ്ഞാനത്തിന്റെ പുറകെ വച്ചുപിടിക്കുന്ന ആയിരക്കണക്കിനു് ജ്ഞാനികളില്‍ നിന്നും ഒരു പരമജ്ഞാനി എന്ന രീതിയിലാവണം കാര്യങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നതു്. ജ്ഞാനറിഫൈനറിയിലെ ആദ്യത്തെ അരിപ്പിനു് ബാധകമായ ആയിരങ്ങളില്‍ ഒന്നു് എന്ന നിരക്കു് പരമജ്ഞാനറിഫൈനറിയിലെ രണ്ടാമത്തെ അരിപ്പിനും ബാധകമാവാതിരിക്കാന്‍ കാരണമൊന്നും ഇല്ലാത്തതുകൊണ്ടാവണം ഭഗവാന്‍ അതു് പ്രത്യേകം സൂചിപ്പിക്കാതിരുന്നതു് എന്നേ കരുതാനാവൂ.
അതെന്തായാലും, ഇതു് ഭഗവാന്‍ നേരിട്ടു് പറയുന്നതാണെന്നതിനാല്‍ സത്യമായിരിക്കണം. ഇനി സത്യമല്ല എന്നു് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതു് അവരുടെ ഭാഷയുടെ പരിമിതി മൂലമാവാനേ വഴിയുള്ളു. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഇതൊരു പ്രശ്നമായിക്കൂടെന്നില്ല. ഉദാഹരണത്തിനു്, ആര്‍ഷഭാരതത്തില്‍ ഭഗവാനെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുള്ള എത്രപേര്‍ ഉണ്ടായിരിക്കും എന്നൊന്നു് അറിയണം എന്നു് ആര്‍ക്കെങ്കിലും തോന്നിയാല്‍ “ആയിരങ്ങളില്‍ ഒന്നു്” എന്നതു് അത്ര സഹായകരമായ ഒരു അനുപാതമല്ല. “ആയിരക്കണക്കിനു്” എന്നു് പറഞ്ഞാല്‍ പല ആയിരങ്ങളാവാമല്ലോ. മുകളിലേക്കു് കൃത്യമായ ഒരു പരിധി നിശ്ചയിക്കുക എന്നതും സാദ്ധ്യമല്ല. പതിനായിരത്തില്‍ ഒന്നും അന്‍പതിനായിരത്തില്‍ ഒന്നും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ടെന്നതു് കണക്കു്. ഭാരതം ഒരു ബനാന റിപ്പബ്ലിക്ക് ആയതിനാല്‍ എല്ലാം കണക്കാണു് എന്നൊരു വാദം ന്യായമാണെങ്കിലും, ഗണിതത്തില്‍ പ്രായോഗികമാക്കാവുന്ന ഒരു വാദമല്ല അതു്. കണ്ണുനിറയെ കൈമടക്കു് കൊടുത്താല്‍ കണിയാനെയും അതുവഴി ഗ്രഹങ്ങളെയും ദൈവങ്ങളെയും വിധിയെയുമൊക്കെ സ്വാധീനിക്കാമെങ്കിലും ഗണിതശാസ്ത്രത്തില്‍ നേര്‍ച്ചപ്പെട്ടികളില്ല, നേര്‍ച്ചയിടുന്ന ചില “ശാസ്ത്രജ്ഞര്‍” അതിലൂടെ ചുറ്റിത്തിരിയുന്നുണ്ടെങ്കിലും.
ചുരുക്കത്തില്‍, ഭാരതത്തിലെ ഒറിജിനല്‍ പരമജ്ഞാനികളുടെ ഒരു കണക്കു് എടുക്കണമെന്നുണ്ടെങ്കില്‍ ഭഗവാന്‍ നല്‍കിയ നിരക്കില്‍ ചില ഒത്തുതീര്‍പ്പുകള്‍ നടത്തുകയല്ലാതെ നിവൃത്തിയില്ല. ആ ഒത്തുതീര്‍പ്പുകള്‍ വഴി ജ്ഞാനികളുടെ എണ്ണം കൂടുകയല്ലാതെ കുറയാന്‍ ഇടവരാത്തവിധത്തിലായിരിക്കാന്‍ വേണ്ടി, ഭാരതത്തില്‍ പതിനായിരം പേരില്‍ ഒരാള്‍ എന്ന തോതില്‍ ഈശ്വരനെ യഥാര്‍ത്ഥത്തില്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്നും, അവരിലെ പതിനായിരം പേരില്‍ ഒരുവന്‍ എന്ന തോതില്‍ യഥാര്‍ത്ഥത്തില്‍ ഭഗവാനെ അറിയാന്‍ മാത്രം പൂര്‍ണ്ണതയെത്തിയവര്‍ ഉണ്ടെന്നും നമുക്കൊന്നു് സങ്കല്പിച്ചുനോക്കാം. ഭാരതത്തിലെ ആകെമൊത്തം ജനങ്ങളില്‍ നൂറുകോടിയും ഭക്തരായ ഹിന്ദുക്കളാണെന്നും കൂടി കരുതിയാല്‍, പതിനായിരത്തില്‍ ഒന്നിന്റെ പതിനായിരത്തില്‍ ഒന്നു് എന്ന നിരക്കില്‍ ആര്‍ഷഭാരതത്തില്‍ ആകെയുള്ള യഥാര്‍ത്ഥ “ഭഗവാന്‍ ജ്ഞാനികള്‍” പത്തെണ്ണം! മോശമില്ല, പത്തെങ്കിലുമുണ്ടല്ലോ!
ആകെ ആശയക്കുഴപ്പത്തിലായി എന്നു് പറഞ്ഞാല്‍ മതിയല്ലോ. ബ്ലോഗിലെ വിര്‍ച്വല്‍ ലോകത്തില്‍ തപ്പിയാല്‍ ഇന്ദ്രിയാതീന്ദ്രിയജ്ഞാനികളായ ഒരു പത്തുപേരെ ഒപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. അപ്പോള്‍ പിന്നെ മജ്ജയും മാംസവും വിശാലമായ ചിരിയും വട്ടമിട്ടു് പിടുത്തവുമായി ഭാരതത്തില്‍ ചുറ്റിത്തിരിയുന്ന മൃതാനന്ദമയി, വായുസ്വാമി, ആസ്വാമി, ഈസ്വാമി മുതലായ ജന്മങ്ങളൊന്നും ഇന്ദ്രിയാതീന്ദ്രിയജ്ഞാനികളല്ലെന്നോ? അതോ വിര്‍ച്വല്‍ ലോകത്തില്‍ സര്‍വ്വജ്ഞാനികള്‍ ചമയുന്ന ആസാമികളാണോ കള്ളനാണയങ്ങള്‍? സാക്ഷാല്‍ ഭഗവാനു് കണക്കു് തെറ്റി എന്നു് എങ്ങനെ കരുതും?
പരമജ്ഞാനികളൊന്നും ആയില്ലെങ്കിലും, ഈശ്വരനില്‍ എത്തിച്ചേരാന്‍ നമ്മള്‍ ഒന്നും അറിയേണ്ടതില്ല, ഭഗവാന്റെ നാമം വെറുതെ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയെന്നും മറ്റുമുള്ള ചില “പരമജ്ഞാനികളുടെ” വ്യാഖ്യാനങ്ങള്‍ വിശ്വസിച്ചു് അന്തംവിട്ടു് ജപിച്ചു് മരിച്ചവര്‍ക്കും, ജപിച്ചുകൊണ്ടു് മരണത്തിലേക്കു് അടുത്തുകൊണ്ടിരിക്കുന്നവര്‍ക്കും അണ്ടി പോയപ്പോള്‍ ശൂന്യമായ സ്വന്തം കൈവെള്ളയിലെ ജീവിതവരയും വിധിവരയും തലവരയും ഹൃദയവരയുമൊക്കെ നോക്കി ദീര്‍ഘനിശ്വാസം വിടേണ്ടിവന്ന അണ്ണാന്റെ അവസ്ഥ വരാതിരുന്നാല്‍ മതിയായിരുന്നു.
ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ, ഹരേരാമ, രാമ രാമ ഹരേഹരേ.
ഒത്തുപിടിച്ചാല്‍ മലയും പോരും!
Vinayakan
Oct 15, 2012 at 10:32
ഹി.. ഹി.. ഹി.. ഈ മാഷിന്റെ ഒരു കാര്യം. ആളെ ചിരിപ്പിച്ചു കൊല്ലും. മലയാള സിനിമയില്‍ തല്‍ക്കാലത്തേക്ക് ജഗതി ശ്രീകുമാറിന്റെ ഒഴിവിലേക്ക് അപ്ലൈ ചെയ്തു നോക്കാമായിരുന്നു മാഷിന്. ഹി.. ഹി.. ഹി..ഹി.. ഹി.. ഹി..ഹി.. ഹി.. ഹി..
c.k.babu
Oct 15, 2012 at 13:30
ചിരിച്ചു് ചാവാനാണെങ്കില്‍ ഭഗവദ് ഗീത വായിക്കുന്നതാണു് നല്ലതു്. എല്ലാ തമാശകളും ഒരിടത്തുനിന്നുതന്നെ ലഭിക്കും. ഭഗവാന്റെ തമാശകള്‍ കുന്നുപോലെ അവിടെയങ്ങനെ കൂട്ടി വച്ചിരിക്കുകയല്ലേ!
മാലയും വളയും കമ്മലും മൂക്കുത്തിയുമൊക്കെ ധരിച്ചു് കയ്യില്‍ അമ്പും വില്ലും ആറ്റം ബോംബുമായി ഒറിജിനല്‍ “വിശ്വരൂപം” പ്രദര്‍ശിപ്പിക്കുന്ന സാക്ഷാല്‍ ജഗദീശ്വരനായിരിക്കും ജഗതിയായി അഭിനയിക്കാന്‍ എന്നെക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍. നക്ഷത്രങ്ങളില്‍ ചന്ദ്രന്‍, വഞ്ചനയില്‍ ചൂതുകളി, മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവ, പാമ്പുകളില്‍ പഴുതാര, കടുവകളില്‍ കിടുവ, ഹാസ്യനടന്മാരില്‍ ജഗതി ശ്രീകുമാര്‍! ഒട്ടും ചേര്‍ച്ചക്കുറവില്ല. കക്ഷിയെ ഒന്നു് സമീപിച്ചു് നോക്കുന്നതു് നന്നായിരിക്കും. മലയാളസിനിമയ്ക്കു് അങ്ങേര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
Vinayakan
Oct 15, 2012 at 13:54
വളരെ കറക്റ്റ്…..! എന്തൊരു മഹത്തായ ഉള്‍ക്കാഴ്ച.! നമോവാകം.!
c.k.babu
Oct 15, 2012 at 14:03
യാത്രാമംഗളങ്ങള്‍! ഗീതയില്‍ ഭഗവാന്‍ പറഞ്ഞിരിക്കുന്ന “മഹത്തായ ഉള്‍ക്കാഴ്ച്ച”ത്തമാശകളൊക്കെ വായിച്ചു് പതിവായി ചിരിക്കാന്‍ മറക്കണ്ട. ചിരി ആരോഗ്യത്തിനു് നല്ലതാണു്.
suseelan
Oct 16, 2012 at 03:57
ദൈവത്തിനു പരാതിയില്ല ആത്മജ്ഞാനം അത്ര പ്രയാസം ആണ് എന്ന് പറയുകയാണ് ചെയ്തിരിക്കുന്നത് ദൈവം അല്ല ഗീത എഴുതിയ ആള്‍
c.k.babu
Oct 16, 2012 at 09:40
“ദൈവം അല്ല ഗീത എഴുതിയ ആള്‍”.
ദൈവമാണു് ഗീത എഴുതിയതെന്നു് ആരു് പറഞ്ഞു? ദൈവമാണു് ഗീത എഴുതിയതെന്നും, ദൈവമല്ല ഗീത എഴുതിയതെന്നുമൊക്കെ അവസരത്തിനനുസരിച്ചു് മാറിമാറിപ്പറയുന്നതു് നിങ്ങളെപ്പോലുള്ളവരല്ലാതെ മറ്റാരുമല്ല. ദൈവത്തില്‍ നിന്നും ലഭിച്ചതുപോലുമല്ല ഗീത. ദൈവത്തില്‍ നിന്നും ലഭിച്ചതാവണമെങ്കില്‍ അതിനു് ദൈവം ഉണ്ടായിരിക്കണം. എല്ലാം അറിയേണ്ടവനായ ഒരു ദൈവം പറയുന്ന കാര്യങ്ങള്‍ കാലങ്ങളെ അതിജീവിക്കുന്നതായിരിക്കണം. അങ്ങനെയല്ല എന്നതാണു് ദൈവമില്ല എന്നതിന്റെ ഒരു പ്രധാന തെളിവു്. ഒരു വേദഗ്രന്ഥത്തില്‍ ഇന്നത്തെ അറിവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത “ജ്ഞാനങ്ങള്‍” വായിക്കുമ്പോള്‍ അതു് പറഞ്ഞതു് യാതൊരു കാരണവശാലും ഒരു ദൈവമായിരിക്കുകയില്ല എന്നു് മനസ്സിലാക്കാന്‍ ലോജിക്കലായി ചിന്തിക്കാന്‍ കഴിയുന്ന ഏതൊരു മനുഷ്യനും കഴിയണം. ചന്ദ്രന്‍ ഒരു നക്ഷത്രവും സൂര്യന്‍ ഒരു ഗ്രഹവുമല്ല എന്നപോലുള്ള, ഇന്നു് ഒരു സ്കൂള്‍ക്കുട്ടിക്കു് പോലും അറിയാവുന്ന ധാരാളം കാര്യങ്ങള്‍ ഗീത വെളിപ്പെടുത്തിക്കൊടുത്ത സര്‍വ്വജ്ഞാനിയായ ഭഗവാനു് അറിയുമായിരുന്നില്ലെങ്കില്‍ ആ ജ്ഞാനത്തെയും ആ ദൈവത്തെയും കാലാതീതം എന്നു് വിളിക്കാനാവുമോ? കാലാതീതമല്ലാത്ത “ജ്ഞാനം” വിളമ്പുന്ന ഒരുവന്‍ ദൈവമാവുമോ? സൂര്യനെയും ചന്ദ്രനെയും പോലുള്ള, സുബോധമുള്ള മനുഷ്യര്‍ക്കു് നിഷേധിക്കാനാവാത്ത എത്രയോ മണ്ടത്തരങ്ങള്‍ വേണമെങ്കിലും “ഭഗവാന്റെ ജ്ഞാനത്തിനു്” തെളിവായി ഗീതയില്‍ ഉണ്ടു്. അതില്‍ ചിലതൊക്കെ എന്റെ പോസ്റ്റുകളില്‍ ഞാന്‍ എഴുതിയിട്ടുണ്ടു്, സമയം പോലെ ഇനിയും എഴുതുകയും ചെയ്യും.
ദൈവമല്ല ഗീത എഴുതിയതെന്നു് അംഗീകരിക്കുന്ന “സുശീലന്‍” തന്നെ “ദൈവത്തിനു പരാതിയില്ല” എന്നും, “ആത്മജ്ഞാനം അത്ര പ്രയാസം ആണു് എന്നു് പറയുകയാണു് ചെയ്തിരിക്കുന്നതു്” എന്നും മറ്റും വളരെ ആധികാരികമായിട്ടെന്നോണം ഉറപ്പിച്ചു് പറയുമ്പോള്‍, അതുവഴി ദൈവത്തിന്റെ മനസ്സിലിരുപ്പുകളും ലക്ഷ്യങ്ങളും എന്തെന്നു് കൃത്യമായി അറിയുന്ന ഒരുവനായി സ്വയം പ്രതിഷ്ഠിക്കുകയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നതു്. “ദൈവത്തിന്റെ ഉള്ളിലിരുപ്പു് മുഴുവന്‍ അറിയുന്നവന്‍” എന്നും മറ്റുമുള്ള രീതിയില്‍ ഇതുപോലെ ഓരോന്നൊക്കെ വിളിച്ചുപറയുന്നതില്‍ സ്വയം ലജ്ജ തോന്നുന്നില്ലെങ്കില്‍ ഞാനെന്തു് പറയാന്‍?
ദൈവമുണ്ടെന്നു് ഉറപ്പിച്ചശേഷം, മുകളില്‍ നിന്നും താഴേക്കു് ചിന്തിച്ചു് ആ ഉറപ്പിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതല്ല, താഴെയുള്ളതും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നതുമായ ചെറിയ ചെറിയ കാര്യങ്ങളിലൂടെ മുകളിലേക്കു് ചിന്തിച്ചു് യുക്തിയുക്തമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതാണു് വിശദീകരണങ്ങള്‍ തേടുന്ന മനുഷ്യബുദ്ധിയുടെ രീതി. അതിനെമാത്രമേ ശാസ്ത്രീയമായ സമീപനം എന്നു് വിളിക്കാനാവൂ. തന്റെ ദൈവത്തെ കൈവിട്ടാല്‍ താന്‍ ഒന്നുമല്ലാതെ ആവും എന്ന ഭയം മൂലം ഒരു വിശ്വാസിക്കു് ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്ത ഒരു രീതിശാസ്ത്രമാണതു്. ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ഏതൊരു ചര്‍ച്ചയും അര്‍ത്ഥശൂന്യമാവുന്നതു് അതുകൊണ്ടാണു്. “ചായക്കട ചര്‍ച്ചകള്‍” പോലെ ചര്‍ച്ചിച്ചുകൊണ്ടിരിക്കാമെന്നല്ലാതെ, അത്തരം ചര്‍ച്ചകള്‍ വഴി ഒരിക്കലും ഒരു കണ്‍ക്ലൂഷനിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു് കഴിയുകയുമില്ല. ഇത്രയുമെങ്കിലും മനസ്സിലാക്കാന്‍ ഒരു വിശ്വാസിക്കു് കഴിഞ്ഞിരുന്നെങ്കില്‍, അവനു് സ്വാഭാവികമായും മനസ്സിലാവാത്ത ശാസ്ത്രത്തെ അപഗ്രഥിക്കാനും ചോദ്യം ചെയ്യാനും നടക്കാതെ അവന്‍ അവന്റെ വിശ്വാസവുമായി ഒതുങ്ങിക്കഴിഞ്ഞേനെ. അതെങ്ങനെ, അവനു് അവന്റെ ദൈവത്തെ രക്ഷിച്ചല്ലേ പറ്റൂ! അതുകൊണ്ടു് എത്ര ആട്ടിയോടിച്ചാലും വീണ്ടും വീണ്ടും തന്റെ ദൈവത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുകയല്ലാതെ അവനു് ഗത്യന്തരമൊന്നുമില്ല.
riju_knr
Oct 16, 2012 at 20:20
മനസ്സിനപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ശാസ്ത്രമാണ് ഗീത.
ചന്ദനം ചൂണ്ടിക്കാണിക്കുന്ന കൈവിരല്‍ ഒരിക്കലും ചന്ദനമല്ല. ശാസ്ത്രം
ചൂണ്ടുപലകമാത്രമാണ്.
c.k.babu
Oct 16, 2012 at 21:03
മനസ്സിന്റെ അപ്പുറത്തു് കോപ്പാണു്. ഈ ഭാഗത്തു് മേലില്‍ കണ്ടുപോകരുതു്. ഇറങ്ങിക്കോളും ഓരോ ഊളകൾ!
kalipp
Oct 18, 2012 at 19:06
ഗീതയിലെ ശാസ്ത്രത്തെ അറിയാന്‍ ഇതുവരെ ഒരു മനുഷ്യനും പൂര്‍ണ്ണമായി സാധിചിട്ടില്ല..അതാണ് ഗീത ഈ സന്ദേശത്തിലൂടെ പറയുന്നത്.. ഗീതയുടെ ഉള്ളിലെ നിഗൂഡതകളിലേക്ക് എത്തിനോക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടു. എന്നാല്‍ അവര്‍ക്കും ഗീതയുടെ അന്തസത്ത നുകരാന്‍ കഴിഞില്ല..
c.k.babu
Oct 19, 2012 at 16:37
അതു് വളരെ ശരിയാണു്. പിച്ചും പേയും എഴുതിവച്ചിരിക്കുന്നതു് ശാസ്ത്രമാണെന്നു് മനസ്സിലാക്കുക അത്ര എളുപ്പമായ കാര്യമല്ല. വായിക്കുന്നതു് മനസ്സിലാക്കാന്‍ ശേഷിയുള്ളവനും, ശാസ്ത്രം എന്നാല്‍ എന്തെന്നു് അറിയുന്നവനുമാണു് വായിക്കുന്നതെങ്കില്‍, ഏറിയാല്‍, അതു് പിച്ചും പേയുമാണെന്നു് മനസ്സിലാക്കാം, അത്രതന്നെ. ഭഗവാന്‍ പറയുന്നതു് വളരെ ആഴത്തിലുള്ളതും ആര്‍ക്കും ഒരുവിധത്തിലും മനസ്സിലാക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളാണെന്നു് സംശയമില്ലാതെ മനസ്സിലാക്കാന്‍, ബോധം നശിച്ചിട്ടില്ലാത്തവര്‍ക്കു്, അങ്ങേര്‍ തുറന്നുകാണിക്കുന്ന തന്റെ “വിശ്വരൂപത്തെ” ഒന്നു് സൂക്ഷിച്ചു് നോക്കിയാല്‍ മതി. ഞാന്‍ “ഭഗവാന്റെ വിശ്വരൂപം” എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. ഒരു മലയാളം ബ്ലോഗ് പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകാത്തവര്‍ക്കു് ഭഗവദ്ഗീതയില്‍ ഒരുപാടു് “നിഗൂഢതകള്‍” ഉണ്ടെന്നും ഇതുവരെ അതൊന്നും മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നുമൊക്കെ തോന്നും, അതില്‍ അത്ഭുതമൊന്നുമില്ല. എന്റെ മതത്തിന്റെ ഗ്രന്ഥം ഒരു ഭയങ്കര സാധനമല്ലായിരുന്നില്ലെങ്കില്‍ “ഈ ഞാന്‍” അതില്‍ വിശ്വസിക്കുമായിരുന്നോ? അതാണു് അതിന്റെ പിന്നിലെ ചേതോവികാരം – വിശ്വാസി അതു് അറിയുന്നില്ലെങ്കിലും. തന്റെ ഗ്രന്ഥം ഒരു ചവറാണെന്നു് തിരിച്ചറിയുന്നവരായിരുന്നു മതവിശ്വാസികളെങ്കില്‍ എല്ലാ മതങ്ങളും പണ്ടേ ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമായിരുന്നു.
ഇന്നലെ പറഞ്ഞതെന്തെന്നു് ഇന്നത്തേക്കു് മറക്കാതിരിക്കാനെങ്കിലും വിശ്വാസികള്‍ക്കു് കഴിഞ്ഞിരുന്നെങ്കില്‍ എന്നേപ്പോലുള്ളവര്‍ക്കു് കേട്ടുകേട്ടു് മടുത്ത കമന്റുകള്‍ക്കു് പറഞ്ഞ മറുപടികള്‍തന്നെ വീണ്ടും വീണ്ടും പറയേണ്ടിവരുന്നതിലെ മനംപിരട്ടലെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കുരങ്ങന്‍ ദൈവമാവുന്ന ലോകത്തില്‍, പാമ്പു് ഭൂമിയെ ചുമക്കുന്ന ലോകത്തില്‍, അച്ഛന്‍ ദൈവം മകന്‍ ദൈവത്തിന്റെ തലവെട്ടി പകരം ആനത്തല വച്ചുപിടിപ്പിക്കുന്ന ലോകത്തില്‍, ദൈവം സ്വന്തം ലിംഗം മുറിച്ചെറിയുന്ന ലോകത്തില്‍, അതിനെയെല്ലാം നിത്യസത്യങ്ങളായി അംഗീകരിക്കാനും, വാച്യമോ, വ്യംഗ്യമോ, പ്രതീകാത്മകമോ, മറ്റെന്തു് വേണമെങ്കിലുമോ ആയി വ്യാഖ്യാനിച്ചു് ന്യായീകരിക്കാനും ലജ്ജയില്ലാത്ത കുറെ മനുഷ്യരുടെ ലോകത്തില്‍ എന്തു് ശാസ്ത്രചിന്ത, എന്തു് ലോജിക്ക്, എന്തു് മനസ്സിലാക്കല്‍?
kalipp
Oct 21, 2012 at 09:51
ശാസ്ത്രം എന്നു പറഞ്ഞാല്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ എന്ന് മാത്രമല്ല അര്‍ഥം . ശാസ്ത്രീയമായ സമീപനം ആണ് ഉദ്ദേശിക്കുന്നത്.
പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക മാത്രമാണ് അത്. മനുഷ്യന്റെ ചിന്തകള്‍ക്ക് ചിറകും ആകാശവും നല്‍കുന്നതാണ് ഈ തത്വശാസ്ത്രം .
ഇതിലെ വാച്യവും വ്യഗ്യവും പ്രതീകവുമെല്ലാം വിവിധ സാധ്യതകളാണെന്ന് മനസ്സിലാക്കിയാല്‍ തെറ്റിദ്ധാരണ ഒഴിവാകും .അതു ചിന്താപരമായ ഔന്നത്യത്തില്‍ നിന്നണു . അല്ലതെ പിചും പേയുമല്ല.
താങളുടെ ഭാവനയില്‍ കാണുന്ന പുതിയതെന്നു തോന്നിക്കുന്ന ഒരു കാര്യം ഇവിടെ എഴുതുക. അതു തീര്‍ച്ചയായും ഈ പറഞ്ഞ പുരാണങ്ങളില്‍ ഉണ്ടാവും .
പിന്നെ വിശ്വാസത്തിന്റെ കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ആരും ഇതൊന്നും വിശ്വസികുന്നവരല്ല. മനസ്സിലാക്കുന്നവരാണ്.
c.k.babu
Oct 21, 2012 at 11:14
ഇതുപോലൊരു കമന്റിനു് മറുപടി എഴുതാന്‍ ഞാന്‍ എന്റെ സമയം നഷ്ടപ്പെടുത്തും എന്നാണു് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു് തെറ്റി എന്നേ പറയാനുള്ളു. മേലില്‍ ഇവിടെ കമന്റ് എഴുതിയാല്‍ അതു് ഞാന്‍ ഡിലീറ്റ് ചെയ്യും.
Santosh
Oct 20, 2012 at 19:53
ഗിതയുടെ ചുരുക്കം എത്രയെ ഉള്ളു എന്നാണ് എനിക്ക് തോനുന്നത്… യുദ്ധം ചെയ്യുന്നത് ക്ഷത്രിയന്‍റെ ധര്‍മ്മമാണ്, അതുകൊണ്ട് അര്‍ജുനന് അക്കാര്യത്തില്‍ സംശയം വേണ്ട.. മുന്നില്‍ നില്‍ക്കുന്നത് അച്ഛനോ മുത്തച്ഛനോ, മക്കളോ ചെറുമക്കളോ ആരുമാകട്ടെ അവരെ കൊല്ലാം. സ്വന്തം കര്‍മ്മം ചെയ്യുക മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതിരിക്കുക. പക്ഷെ ഇത് അര്‍ജുനന് അങ്ങോട്ട് ദഹിക്കുന്നില്ല. അപ്പോള്‍ ഇതിനെ ന്യയികരിക്കാനുള്ള കൃഷ്ണന്‍റെ വാദങ്ങളാണ് ഗീത.. ഇതിനു കൃഷ്ണന്‍ നിരത്തുന്ന പ്രധാന വാദം ആത്മാവ് ജനിക്കുന്നില്ല മരിക്കുന്നില്ല കളപ്പുരകളില്‍ ശേഖരിക്കുന്നില്ല എന്നതാണ്..:) മനുഷ്യശരിരം വെറും ഒരു വസ്ത്രം മാത്രം. ആത്മാവ് വസ്ത്രം മാറുന്നതാണ് ജനനവും മരണവും… അങ്ങനെ നോക്കുമ്പോള്‍ ആരെയും കൊല്ലാം കാരണം ആത്മാവിനെ കൊല്ലാന്‍ കഴിയില്ലല്ലോ..
ഗീത ഒരുവട്ടമെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അത് ആത്മാവ് എന്ന ബെയിസ്മെന്റിനു പുറത്തു പണിതുയര്‍ത്തിയ ഒരു മനോഹര സൌധം ആണ് എന്ന് പെട്ടന്ന് മനസിലാകും… അതുതന്നെയാണ് അതിന്റെ പ്രധാന പോരായ്മയും.. ആത്മാവിന്റെ ഗ്യാസ് പോകുന്നതോടെ ഈ ചിട്ട് കൊട്ടാരം തകര്‍ന്നു വീഴും.. എന്താണ് ഈ ആത്മാവ്? പലരും വ്യഖ്യാനിക്കുന്നത്തിന്‍ പ്രകാരം അത് ഒരു രൂപമില്ലാത്ത ഭാവമില്ലാത്ത ടാന്‍ജെബിള്‍ അല്ലാത്ത ഒരു ഫോം ആണ്.. അതായതു അതിനു തലച്ചോറില്ല, ഇന്ദ്രിയങ്ങള്‍ ഇല്ല അതുകൊണ്ടുതന്നെ അതിനു ബുദ്ധിയില്ല, വികാരങ്ങളില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വായു പോലെ വിദ്യുച്ഛക്തി പോലെ എലെട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ പോലെ ഒരു ഫോം ഓഫ് എനെജി. ഇതിനെയാണ്, ശരീരം ചെയ്യുന്ന ശരി തെറ്റുകള്‍ക്കു വിചാരണചെയ്തു സ്വര്‍ഗത്തില്‍ കൊണ്ടുപോയി ബിരിയാണിയൂട്ടുന്നതും നരകത്തില്‍ കൊണ്ടുപോയി എണ്ണയില്‍ വറക്കുന്നതും!!
(ആത്മാവിനെകുറിച്ച് മാഷ് ഒരു നല്ല ലേഖനം പോസ്റ്റുചെയ്യണം എന്ന് അപേക്ഷിക്കുന്നു.)
c.k.babu
Oct 21, 2012 at 11:12
“പലരും വ്യഖ്യാനിക്കുന്നത്തിന്‍ പ്രകാരം അത് (ആത്മാവു്) ഒരു രൂപമില്ലാത്ത ഭാവമില്ലാത്ത ടാന്‍ജെബിള്‍ അല്ലാത്ത ഒരു ഫോം ആണ്. അതായതു അതിനു തലച്ചോറില്ല, ഇന്ദ്രിയങ്ങള്‍ ഇല്ല അതുകൊണ്ടുതന്നെ അതിനു ബുദ്ധിയില്ല, വികാരങ്ങളില്ല.”
തലച്ചോറും ഇന്ദ്രിയങ്ങളും ഇല്ലാത്തതിനു് ബുദ്ധിയും വികാരങ്ങളുമില്ല എന്നതു് ശരി. അതുകൊണ്ടുതന്നെ “രൂപമില്ലാത്ത ഭാവമില്ലാത്ത ടാന്‍ജെബിള്‍ അല്ലാത്ത ഒരു ഫോം” ആയ “ആത്മാവിനു്” തലച്ചോറും ഇന്ദ്രിയങ്ങളും (തന്മൂലം ബുദ്ധിയും വികാരങ്ങളും) ഇല്ല, ഉണ്ടാവാന്‍ കഴിയില്ല. അതു് മനസ്സിലാക്കാന്‍ സിമ്പിള്‍ ലോജിക്ക് മതി. ജീവാത്മാവും പരമാത്മാവുമെല്ലാം വാക്കുകള്‍ കൊണ്ടുള്ള ട്രപ്പീസ് കളി മാത്രമാണു്. തലച്ചോറില്‍ മാത്രം നടക്കുന്ന, നടക്കാന്‍ കഴിയുന്ന ട്രപ്പീസ് കളി. ഭൂമിശാസ്ത്രം, സംസ്കാരം മുതലായവ വഴി യാദൃച്ഛികതമായി സൃഷ്ടിക്കപ്പെടുന്ന ഭാഷ ഉപയോഗിച്ചു് “മനസ്സിനു് അപ്പുറമുള്ള ആത്യന്തികസത്യങ്ങള്‍” പോലും കണ്ടെത്തി എന്നൊക്കെ അവകാശപ്പെടുന്നവരെപ്പറ്റി എന്തു് പറയാന്‍?
“കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വായു പോലെ വിദ്യുച്ഛക്തി പോലെ എലെട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ പോലെ ഒരു ഫോം ഓഫ് എനെജി.”
വായു വായുവാണു്, വിദ്യുച്ഛക്തി വിദ്യുച്ഛക്തിയാണു്, എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാണു്. അതെല്ലാം എന്താണെന്നു് ഇന്നു് മനുഷ്യനു് വ്യക്തമായി അറിയാം. മാറ്ററും എനര്‍ജിയും ഒന്നിന്റെ രണ്ടു് രൂപങ്ങള്‍ ആയതിനാല്‍ അവയെ എനര്‍ജി എന്നു് വിളിക്കുന്നതില്‍ തെറ്റുമില്ല. പക്ഷേ, യാതൊരു കാരണവശാലും “ആത്മാവു്” എന്ന, തികച്ചും മിഥ്യയായ ഒരു ഭാവനാരൂപവുമായി താരതമ്യം ചെയ്യാവുന്നവയല്ല അവയൊന്നും. അതു് മനസ്സിലാക്കാനും സിമ്പിള്‍ ലോജിക്ക് മതി.
ജീവിതത്തിന്റെ സാമാന്യതകളില്‍ നിന്നു് പുറത്തുകടക്കാന്‍ കഴിവില്ലാത്തവരും, എന്നാല്‍ മുഴുവന്‍ പ്രപഞ്ചരഹസ്യങ്ങളും അറിയാവുന്നവര്‍ എന്നു് ഭാവിക്കാന്‍ മടിയില്ലാത്തവരും ആയവര്‍ക്കുവേണ്ടി, ഇല്ലാത്ത ഒരു ദൈവത്തിന്റെ മറപിടിച്ചു് ദൈനംദിനജീവിതത്തിലെ പ്രതിഭാസങ്ങളിലേക്കു് അടിസ്ഥാനരഹിതവും മിഥ്യയുമായ “ആദ്ധ്യാത്മികത” കൂട്ടിയിളക്കി വിളമ്പുന്ന മതതത്വ”ശാസ്ത്രങ്ങള്‍” ആണു് എല്ലാ വേദഗ്രന്ഥങ്ങളും. അല്ലെങ്കില്‍, മതമെന്തെന്നോ, തത്വമെന്തെന്നോ, ശാസ്ത്രമെന്തെന്നോ അറിയാത്തവരും, അറിയാന്‍ കഴിവോ ആഗ്രഹമോ ഇല്ലാത്തവരുമായ സാമാന്യജനത്തിനുവേണ്ടി കുറെ ചൂഷകരാല്‍ നിര്‍മ്മിക്കപ്പെടുന്ന “ഫിലോസഫി” ആണു് “മതതത്വശാസ്ത്രം”. “ദൈവം” എന്ന ഒറ്റ മറുപടിയില്‍ കൂടിയ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത കാലിക്കൂട്ടങ്ങള്‍ ആത്യന്തികം എന്നു് ആര്‍പ്പിട്ടു് ആഘോഷിക്കുന്ന തത്വശാസ്ത്രം.
ആത്മാവിനെപ്പറ്റി (വായനാരസത്തിനുവേണ്ടി അല്പം ഹാസ്യരസം കലര്‍ത്തിയിട്ടുണ്ടെങ്കിലും വസ്തുതാപരമായ) ഒരു പഴയ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. നിങ്ങള്‍ ഒരു വിശ്വാസിയാണെങ്കില്‍ അതുകൊണ്ടു് ഒരു പ്രയോജനവും ഉണ്ടാവില്ല എന്നു് അറിഞ്ഞുകൊണ്ടുതന്നെയാണു് ലിങ്ക് നല്‍കുന്നതെന്നും കൂടി സൂചിപ്പിക്കട്ടെ.
https://ckbabu.com/2007/12/20/
plumber sasi
Oct 21, 2012 at 21:11
anyway u have more knowledge in religious books than any other stupid believer..it will works when it requires…….just wait till that………..hiihhiihih……..
c.k.babu
Oct 22, 2012 at 08:26
എനിക്കുള്ള അറിവു് തന്റെ ഭഗവാന്‍ ഗീതയില്‍ വിളമ്പുന്നതിനേക്കാള്‍ കൂടുതല്‍ റീസണബിള്‍ ആണു്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.
“it will works”!
ഇതില്‍ നിന്നും “പ്ലമ്പര്‍ ശശി”, “stupid believer” ഒക്കെ ആവാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നു് അറിയാന്‍ കഴിയും, ആ തൊലിഞ്ഞ ഇളി ഇല്ലാതെതന്നെ!
പിന്നെ, തന്റെ വീഡിയോ ഇവിടെ വേണ്ട. പോര്‍ണോ ബ്രാഞ്ചില്‍ എനിക്കു് തന്റത്ര പരിചയമില്ല.
c.k.babu
Oct 22, 2012 at 15:19
ഒരു “ഹനുമാന്‍” ഉവാച:
“സ്വന്തം ജനനത്തീയതി അറിയുന്നതാണു് പാണ്ഡിത്യം.”
സ്വന്തം ജനനത്തീയതി അറിയുന്നതുകൊണ്ടാണു് ഭഗവാനും ഭഗവാന്റെ പുറകെ നടക്കുന്ന ഹനുമാനും മറ്റു് കുരങ്ങന്മാര്‍ക്കുമൊക്കെ ഇത്ര പുത്തി!
‘seekebi‘ എന്ന ഐഡിയില്‍, ‘ckb@gmail.com‘ എന്ന ഇമെയില്‍ അഡ്രസ്സില്‍ “ഇല്ലെങ്കില്‍ അവസാനം പരിതപിക്കേണ്ടി വരും” എന്നും മറ്റും ഒളിച്ചിരുന്നു് എഴുതി ഭീഷണിപ്പെടുത്തുന്ന “ഹനുമാന്റെ” IP അഡ്രസ്സ് 61.17.229.200.
ഇവിടെ കിടക്കട്ടെ, ഒരുവഴി പോകുന്നതല്ലേ.