RSS

ഭഗവാന്റെ വിശ്വരൂപം

12 Sep

അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (ഭഗവദ് ഗീത 11: 10,11)

അര്‍ജ്ജുനനു്‌ കൃഷ്ണഭഗവാന്‍ വെളിപ്പെടുത്തിക്കൊടുത്ത തന്റെ വിശ്വരൂപത്തിന്റെ ഭഗവദ്ഗീതയിലെ വര്‍ണ്ണനയാണിതു്‌: “അനേകം വായ്കളും, അനേകം കണ്ണുകളും, അത്ഭുതകരങ്ങളായ അനേകം ദര്‍ശനങ്ങളും, ദിവ്യമായ അനേകം ആഭരണങ്ങളും ദിവ്യങ്ങളും മഹത്തരവുമായ അനേകം ആയുധങ്ങളും, ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ധരിച്ചും, ദിവ്യമായ സുഗന്ധങ്ങളാല്‍ അനുലേപനം ചെയ്തും,  എല്ലാ വിധത്തിലും ആശ്ചര്യമയവും ശോഭനവും അനന്തവുമായ വിശ്വരൂപം”.

(വക്ത്രം എന്നാല്‍ വായോ മുഖമോ ആവാമെങ്കിലും, മുഖത്തുതന്നെയുള്ള കണ്ണുകളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടു്‌ എന്നതിനാല്‍ മുഖം എന്നതിനേക്കാള്‍ വായ് എന്ന അര്‍ത്ഥമാവും കൂടുതല്‍ യോജിച്ചതെന്നു്‌ തോന്നുന്നു. ഇനി, മുഖം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചാല്‍, ഒരു മുഖത്തില്‍ അനേകം മുഖാവയവങ്ങള്‍ എന്നതിനു്‌ പകരം, അനേകം മുഖങ്ങളിലായി അനേകം അവയവങ്ങള്‍ എന്നാവുമെന്ന വ്യത്യാസമേയുള്ളു. ഭഗവാന്റെ വിശ്വരൂപം ഏകമുഖരൂപിയാവണമോ അതോ ബഹുമുഖരൂപിയാവണമോ എന്നകാര്യം വിശ്വാസികളുടെ തീരുമാനത്തിനു്‌ വിടുന്നു. ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്ന കാര്യത്തെ അതു്‌ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്നതിനാല്‍ രണ്ടായാലും എനിക്കു്‌ എതിര്‍പ്പൊന്നുമില്ല.)

എന്താണു്‌ ഗീതാകാരന്‍ ഇവിടെ എഴുതിവച്ചിരിക്കുന്നതു്‌? ഇതിനെ പ്രപഞ്ചസ്രഷ്ടാവിന്റെ വിശ്വരൂപം എന്നു്‌ വിളിക്കുന്നതിനേക്കാള്‍ സായിപ്പന്മാരുടെ ഏതോ ആയുധക്കമ്പനികളും, കേരളത്തിലെ ഏതോ ആഭരണക്കടകളും, തുണിക്കടകളും, ബ്യൂട്ടീഷന്‍ യൂണിയനുകളും സംയുക്തമായ ഒരു സംരംഭത്തിലൂടെ പരസ്യത്തിനായി അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന, ജീവിതയോഗ്യമല്ലാത്തതിനാല്‍ അലസിപ്പോയ, ഏതോ വിചിത്രഗര്‍ഭം എന്നു്‌ വിശേഷിപ്പിക്കാനാണു്‌ എനിക്കു്‌ കൂടുതലിഷ്ടം. ദിവ്യവസ്ത്രങ്ങളിലും ആഭരണങ്ങളിലും പൊതിഞ്ഞു്‌, മാല്യങ്ങള്‍ ചാര്‍ത്തി, സെന്റും പൗഡറും പൂശി, കൈകളില്‍ ആധുനിക വെപ്പണ്‍സെല്ലാം ധരിച്ചു്‌ അനേകം കണ്ണുകളും മൂക്കുകളും ചെവികളും വായ്കളുമെല്ലാമായി അങ്ങനെ നിലകൊള്ളുന്ന ഒരു ആര്‍നോള്‍ഡ് ഷ്വാര്‍ത്സെനെഗ്ഗര്‍! അനേകായിരം സൂര്യന്മാര്‍ ഒരുമിച്ചു്‌ ആകാശത്തില്‍ ഉദിച്ചാലെന്ന പോലെ! പക്ഷേ, എന്നിട്ടും ഇപ്പറഞ്ഞ എക്സ്ട്രാ ഫിറ്റിംഗുകള്‍ ഒന്നും ഉണങ്ങിയോ കരിഞ്ഞോ പോകുന്നില്ല എന്നതാണു്‌ ഏറ്റവും അത്ഭുതകരം. എല്ലാം ദിവ്യമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചു്‌ അണ്ണാനും കുരങ്ങനും മുതല്‍ മനുഷ്യരും ദേവന്മാരും വരെയുള്ള ജീവികള്‍ ഒത്തൊരുമിച്ചു്‌ ഭഗവാനുവേണ്ടി സ്പെഷ്യലായി നിര്‍മ്മിച്ച ആടയാഭരണങ്ങളല്ലേ? അതിനാല്‍ ലക്ഷമോ കോടിയോ സൂര്യന്മാരുടെ ചൂടേറ്റാലും തീ പിടിക്കുകയോ ഉരുകുകയോ ചെയ്യില്ല.

അങ്ങനെ, മുഖമോ മുഖങ്ങളോ നിറയെ അവയവങ്ങളുള്ള ഒരു മണവാളനെപ്പോലെ സര്‍വ്വാംഗം ആഭരണവിഭൂഷിതനായി നിലകൊണ്ട ഭഗവാന്റെ ദേഹത്തെ വീക്ഷിച്ച പാര്‍ത്ഥന്‍ സകല ലോകങ്ങളെയും, സാധാരണഗതിയില്‍ അവയെല്ലാം പലതായി വിഭജിക്കപ്പെട്ടവയാണെങ്കിലും, ഒരിടത്തായി കണ്ടു. അതു്‌ മാത്രവുമല്ല, സകല ദേവന്മാരെയും എല്ലാവിധ ഭൂതഗണങ്ങളെയും താമരയില്‍ ആസനസ്ഥനായ ബ്രഹ്മാവിനെയും സകലമാന ദിവ്യസര്‍പ്പങ്ങളെയും അര്‍ജ്ജുനന്‍ കാണുകയുണ്ടായി (11: 15). ആയിരക്കണക്കിനു്‌ സൂര്യന്മാര്‍ക്കിടയിലും അവര്‍ക്കൊന്നും ഒരു കൂസലും ഉണ്ടായിരുന്നില്ല. അവരെല്ലാം അര്‍ജ്ജുനനെ സൗഹൃദപൂര്‍വ്വം കൈവീശിക്കാണിച്ചിട്ടുണ്ടാവണം. അത്ഭുതം എന്നേ പറയേണ്ടൂ. ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കുമൊപ്പം ജനിക്കുന്നവയാണു്‌ അത്ഭുതങ്ങള്‍. അതുപോലെ, ബ്രഹ്മാവു്‌ താമരയിലാണു്‌ സ്ഥിതിചെയ്യുന്നതെങ്കില്‍ താമരയോടു്‌ ഒരു ബഹുമാനക്കുറവു്‌ കാണിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇരിക്കുന്നതിനു്‌ മുന്‍പു്‌ ഇരിപ്പിടം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ ഉണ്ടാക്കിയിരിക്കണം എന്നതിനാല്‍, പ്രായം കൊണ്ടു്‌ ബ്രഹ്മാവിനെക്കാള്‍ മുതിര്‍ന്നതു്‌ താമരയായിരിക്കണം. ആ ഒരു പരിഗണന താമര എന്തായാലും അര്‍ഹിക്കുന്നുണ്ടു്‌ എന്നാണെന്റെ പക്ഷം.

ഭഗവാന്‍ ഈവിധം തന്റെ വിശ്വരൂപം വെളിപ്പെടുത്തിയ സമയത്തു്‌ അര്‍ജ്ജുനനല്ലാതെ, കുരുക്ഷേത്രത്തില്‍ സന്നിഹിതരായിരുന്ന മറ്റാര്‍ക്കും ഈ അത്ഭുതദൃശ്യം വീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും, ഭഗവാന്റെ അത്യുഗ്രമായ വിശ്വരൂപം കണ്ടു്‌ മൂന്നു്‌ ലോകങ്ങളും നടുങ്ങിപ്പോയി എന്നു്‌ (11:20) അര്‍ജ്ജുനന്‍ പറയുന്ന സ്ഥിതിക്കു്‌ അന്യഗ്രഹങ്ങളില്‍ വസിക്കുന്നവര്‍ക്കു്‌ ആ രൂപം കാണാന്‍ കഴിയുമായിരുന്നിരിക്കണം. തന്റെ വിശ്വരൂപം കാണാന്‍ ആവശ്യമായ ദിവ്യചക്ഷുസ്സു്‌ അവര്‍ക്കും ഭഗവാന്‍ വിതരണം ചെയ്തിട്ടുണ്ടായിരുന്നു എന്നും, അതിനെപ്പറ്റി അര്‍ജ്ജുനനു്‌ അറിവുണ്ടായിരുന്നു എന്നും മാത്രമേ അതില്‍ നിന്നും അനുമാനിക്കാന്‍. കഴിയൂ. എന്തെന്തു്‌ അത്ഭുതങ്ങള്‍!

ഭഗവദ് ഗീതയിലെ ഏറ്റവും വലിയ അത്ഭുതമായി എനിക്കു്‌ തോന്നുന്നതു്‌, കുരുക്ഷേത്രത്തില്‍ വച്ചു്‌ ഭഗവാന്‍ അര്‍ജ്ജുനനോടു്‌ ഗീത ഉപദേശിക്കുകയും, വിശ്വരൂപം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സമയത്തു്‌ ഈ കഥകളെല്ലാം ധൃതരാഷ്ട്രരോടു്‌ ‘ഉവാചിക്കുന്ന’ സഞ്ജയന്‍ ആ ഭാഗത്തെങ്ങും ഇല്ലാതിരുന്നു എന്നതാണു്‌. എന്നിട്ടും സംഭവിച്ചതെല്ലാം – അര്‍ജ്ജുനനൊഴികെ ഈ ഭൂമിയില്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന ഭഗവാന്റെ വിശ്വരൂപമടക്കം – നേരില്‍ കണ്ടാലെന്നപോലെ, കിറുകൃത്യമായി വള്ളിപുള്ളിവ്യത്യാസമില്ലാതെ ധൃതരാഷ്ട്രരെ പറഞ്ഞു്‌ മനസ്സിലാക്കാന്‍ കഴിയുക എന്നതു്‌ ഒരു അത്ഭുതമല്ലെങ്കില്‍ പിന്നെയെന്താണു്‌ അത്ഭുതം എന്നു്‌ എനിക്കറിയില്ല. വ്യാസന്റെ അനുഗ്രഹവും തന്റെ ഓര്‍മ്മശക്തിയും സഹകരിച്ചു്‌ പ്രവര്‍ത്തിച്ചതുകൊണ്ടാണു്‌ സഞ്ജയനു്‌ അതു്‌ കഴിഞ്ഞതു്‌ എന്നതു്‌ അത്ഭുതത്തിന്റെ ആഴം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല.

“മതങ്ങളുടെ തെളിവുകളായി അത്ഭുതങ്ങളെ ഉപയോഗിക്കുന്നതു്‌, ഇരുണ്ട ഒരു കാര്യത്തെ അതിനേക്കാള്‍ ഇരുണ്ട മറ്റൊന്നുകൊണ്ടു്‌ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയാണു്‌” – സ്പിനോസ.

“എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ടു്‌ കാണുകയും, സ്വയം പരിശോധിക്കാന്‍ എനിക്കു്‌ അവസരം ലഭിക്കുകയും ചെയ്യുന്നതല്ലാത്തവയാണു്‌ അത്ഭുതങ്ങള്‍, മറ്റുള്ളവര്‍ കണ്ടതെന്നും പരിശോധിച്ചതെന്നും അവകാശപ്പെടുന്നതും, എനിക്കു്‌ ചരിത്രപരമായി മാത്രം അറിയാവുന്നതുമല്ലാത്തവയാണു്‌ അത്ഭുതങ്ങള്‍. അത്ഭുതങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ഭുതങ്ങളല്ല” – ലെസ്സിംഗ്.

ഭഗവദ്ഗീതയും, ഖുര്‍ആനും, ബൈബിളും, എന്നുവേണ്ട, ലോകത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടി മാത്രമാണെന്ന കാര്യത്തില്‍ എനിക്കു്‌ യാതൊരു സംശയവുമില്ല. മതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള, സൃഷ്ടി-സ്ഥിതി-സംഹാരകനായ ഒരു ദൈവം ഇല്ല എന്ന കാര്യത്തിലും എനിക്കു്‌ സംശയമൊന്നുമില്ല. ഞാന്‍ മതഗ്രന്ഥങ്ങളെ വിമര്‍ശിക്കുന്നതു്‌, അവ ദൈവനിര്‍മ്മിതം ആവാത്തതുകൊണ്ടോ, മനുഷ്യനിര്‍മ്മിതം ആയതുകൊണ്ടോ ഒന്നുമല്ല. ഗീത എഴുതിയതു്‌ കൃഷ്ണനായാലും വ്യാസനായാലും എനിക്കൊരുപോലെയാണു്‌. കൃഷ്ണന്‍ പറയനോ പുലയനോ നായരോ നമ്പൂതിരിയോ മറ്റേതെങ്കിലും ജാതിയിലൊ മതത്തിലോ പെട്ടവനോ മുതലായ കാര്യങ്ങള്‍ എന്നെ ഒരുവിധത്തിലും അലട്ടുന്നില്ല. ഒരു വേദഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ അവ ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അംഗീകരിക്കാവുന്നവയാണെങ്കില്‍ അവയെ അംഗീകരിക്കാന്‍ എനിക്കൊരു മടിയുമില്ല. മതങ്ങളും നിരീശ്വരവാദികളും പിന്‍തുടരുന്ന ചില സാരോപദേശങ്ങള്‍ അതില്‍ പെടുന്നവയാണു്‌. ഒരു സത്യം, അതു്‌ പറയുന്നവന്‍ അവന്റേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ കഴിയേണ്ടി വന്നതോ വരുന്നതോ ആയ ഒരു വിഭാഗത്തില്‍ നിന്നും വരുന്നവനാണെങ്കില്‍, അവന്‍, അതേ സത്യം തന്നെ പറയുന്ന ഒരു ‘ഉന്നതവിഭാഗക്കാരന്‍’ അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നവനാണു്‌.

“ഭഗവാന്റെ വിശ്വരൂപം ആഭരണധാരി ആയിരുന്നു” എന്നു്‌ ഗീതയില്‍ വായിക്കുമ്പോള്‍ “ഭഗവാന്റെ വിശ്വരൂപം ആഭരണധാരി ആയിരുന്നു” എന്നുതന്നെ മനസ്സിലാക്കുന്നതാണു്‌ എനിക്കിഷ്ടം. “ജീര്‍ണ്ണിക്കാന്‍ തുടങ്ങിയിരുന്ന ലാസറിന്റെ മൃതശരീരത്തെ യേശു ഉയിര്‍പ്പിച്ചു” എന്നു്‌ ബൈബിളില്‍ വായിക്കുമ്പോള്‍ “ജീര്‍ണ്ണിക്കാന്‍ തുടങ്ങിയിരുന്ന ലാസറിന്റെ മൃതശരീരത്തെ യേശു ഉയിര്‍പ്പിച്ചു” എന്നുതന്നെ മനസ്സിലാക്കുന്നതാണു്‌ എന്റെ രീതി. ഒരു പക്ഷിയെ കഷണങ്ങളാക്കിയശേഷം ആ കഷണങ്ങളെ രണ്ടു്‌ മലകളില്‍ കൊണ്ടുവച്ചശേഷം കൈകൊട്ടി വിളിച്ചാല്‍ അവ ജീവന്‍ വച്ചു്‌ പറന്നുവരും എന്നു്‌ ഖുര്‍ആനില്‍ വായിക്കുമ്പോള്‍ അതിനെ വിഡ്ഢിത്തം എന്നു്‌ വിളിക്കാനാണു്‌ ഞാന്‍ ഇഷ്ടപ്പെടുന്നതു്‌. ഇതുപോലുള്ള എന്റെ നിലപാടുകള്‍ തെറ്റാണെന്നു്‌ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി ദൈവമോ ദൈവവിശ്വാസികളോ എന്നെ ബോദ്ധ്യപ്പെടുത്തുന്നതുവരെ അവ എനിക്കു്‌ ലെജിറ്റിമേറ്റ് ആണു്‌. അന്യായമെന്നു്‌ തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്തിടത്തോളം, ന്യായമെന്നു്‌ സാധൂകരിക്കാന്‍ ഒരു തടസ്സവുമില്ലാത്ത എന്റെ നിലപാടുകളില്‍ നിന്നും എന്നെ തടയാനോ പിന്‍തിരിപ്പിക്കാനോ ഉള്ള ഏതു്‌ ശ്രമവും എന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും നിയമലംഘനവുമാണു്‌. എന്റെ നിലപാടുകള്‍ തെറ്റാണെങ്കില്‍ അവ തെറ്റാണെന്നു്‌ തെളിയിക്കേണ്ടതു്‌ മെതിച്ചുമെതിച്ചു്‌ തേയ്മാനം സംഭവിച്ചു്‌ ചാപിള്ളസമാനമായ വാക്കുകളുടെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുള്ള മെതിക്കലിലൂടെയല്ല,  കോമ്പ്രിഹെന്‍സിബിള്‍ ആയ മാര്‍ഗ്ഗങ്ങളിലൂടെയാണു്‌.

തെറ്റിനെ തെറ്റെന്നു്‌ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഒരു പരിഷ്കൃത-ജനാധിപത്യസമൂഹത്തിന്റെ അവകാശമാണു്‌. ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടവരല്ലാത്തിടത്തോളം അര്‍ത്ഥപൂര്‍വ്വമായ ജനാധിപത്യം സാദ്ധ്യമാവില്ല എന്നു്‌ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഒരു പരിഷ്കൃത-ജനാധിപത്യസമൂഹത്തില്‍ ഒരു പ്രതീകവും, ഒരു വിഗ്രഹവും വിമര്‍ശനാതീതമല്ല. അവ അധികാരത്തിലിരിക്കുന്നവരുടെ അഴിമതിക്കും കൊള്ളയ്ക്കും മറ പിടിയ്ക്കാനും ന്യായീകരണം നല്‍കാനുമായി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടതു്‌ അത്തരം പ്രതീകങ്ങളുടെ ‘വിശുദ്ധി’യെയാണു്‌. പ്രതീകങ്ങള്‍ മനുഷ്യര്‍ക്കു്‌ വേണ്ടിയാണു്‌, മനുഷ്യര്‍ പ്രതീകങ്ങള്‍ക്കു്‌ വേണ്ടിയല്ല. സഹായത്തിനു്‌ പകരം ദോഷം ചെയ്തിട്ടുള്ള എല്ലാ വിഗ്രഹങ്ങളെയും പ്രതീകങ്ങളെയും ലോകചരിത്രത്തില്‍ മനുഷ്യര്‍ തല്ലിയുടച്ചിട്ടുണ്ടു്‌. “ശരാശരിക്കു്‌ മുകളില്‍ ഒരുവിധം സുഖമായി കഴിയാന്‍ വേണ്ട ചുറ്റുപാടുകളൊക്കെ തത്കാലം എനിക്കും എന്റെ വേണ്ടപ്പെട്ടവര്‍ക്കും ഉണ്ടു്‌” എന്ന ബോധം ചില വിമര്‍ശനങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ നന്നായിരുന്നു എന്നു്‌ ചിന്തിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചേക്കാം. അതേ മനസ്ഥിതി തന്നെയാണു്‌ “കലങ്ങിയ വെള്ളത്തില്‍ ഉഴലുന്നതില്‍ അവര്‍ സംതൃപ്തരാണെങ്കില്‍ അവരെ അതിനു്‌ വിടുന്നതല്ലേ നല്ലതു്‌” എന്നും മറ്റുമുള്ള വിദഗ്ദ്ധാഭിപ്രായത്തിലേക്കു്‌ മറ്റു്‌ ചിലരെ നയിക്കുന്നതും. കലങ്ങിയ വെള്ളത്തിലേക്കു്‌ ജനിച്ചു്‌ അതില്‍ത്തന്നെ വളര്‍ന്നു്‌ അവിടെത്തന്നെ അവസാനിക്കുന്നവര്‍ക്കു്‌ അവര്‍ ജീവിക്കുന്നതു്‌ കലങ്ങിയ വെള്ളത്തിലാണെന്ന ബോധമുണ്ടാവാന്‍ കഴിയില്ല. ഒരു വ്യവസ്ഥയെ അതിനുള്ളില്‍ നിന്നുകൊണ്ടു്‌ പൂര്‍ണ്ണമായി വിശകലനം ചെയ്യാന്‍ ആവില്ല എന്നപോലെതന്നെ.

 
9 Comments

Posted by on Sep 12, 2012 in മതം

 

Tags: , ,

9 responses to “ഭഗവാന്റെ വിശ്വരൂപം

  1. Sushil.M

    Sep 13, 2012 at 03:48

    അര്‍ജുനന്‍ ആദ്യമായാണ്‌ വിശ്വരൂപം കാണുന്നതെങ്കിലും കൌരവ സഭയില്‍ ദൂതിന് പോകുമ്പോള്‍ കൃഷ്ണന്‍ തന്റെ വിശ്വരൂപം അവിടെ എല്ലാവരെയും കാണിക്കുന്നുണ്ട് അപ്പോള്‍ ധൃതരാഷ്ട്രരും ഭൃത്യന്‍ ആയ സഞ്ജയനും ഒക്കെ അതിന്റെ ഒരു വിവരണം അന്ന് കിട്ടിയിട്ടുണ്ടാവുമല്ലോ, കുരു ക്ഷേത്ര യുദ്ധം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് കൊട്ടരത്തിനകതിരുന്നു തന്നെ പറഞ്ഞു കൊടുക്കാന്‍ ആണ് സഞ്ജയന് ഈ ശക്തി നല്‍കിയത്, സഞ്ജയന്‍ വെറും സൂതന്‍ ആണ്, പതിനെട്ടും എട്ടും അക്ഷൌഹിണി പടകള്‍ നിരന്നു നില്‍ക്കുന്നതിന്റെ നടുക്കുപോയിട്ടാണ് അര്‍ജുനന് ഗീത ഉപദേശിക്കുന്നത് , ആ സമയത്ത് വിശ്വരൂപം മറ്റുള്ളവര്‍ കാണാന്‍ ഇടയില്ലല്ലോ , ക്രിക്കറ്റ് ഗ്രൌണ്ടില്‍ തന്നെ ടീ വിയില്‍ കാണുന്നപോലെ നമുക്ക് ബൌളര്‍ എന്ത് ചെയ്യുന്നു എന്ന് ഗാലറിയില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ല. ഇതിഹാസങ്ങള്‍ എല്ലാം മനുഷ്യ സൃഷ്ടി ആണല്ലോ , മഹാഭാരതത്തിലെ ഗീത ഉപാഖ്യാനം തന്നെ എച്ചുകെട്ടല്‍ ആണ് എന്ന് പറയാം, പണ്ഡിതര്‍ അങ്ങിനെ സമര്തിക്കുന്നുണ്ട് , സംസ്കൃതം അറിയാതെ ഈ കൃതികള്‍ നമുക്ക് നമ്മുടെത് ആയ വീക്ഷണത്തില്‍ വായിച്ചെടുക്കാന്‍ കഴിയില്ല, കുഞ്ഞിക്കുട്ടന്‍ തമ്പുരാനും എഴുത്തച്ചനും ഒന്നും മഹാഭാരതം ഒറിജിനലില്‍ ഉദ്ദേശിച്ച അര്‍ഥം തന്നെ ആണോ മലയാളീകരിച്ചതെന്നു പറയാന്‍ ആവില്ല. ഏതായാലും ഗുരുക്കന്മാരോട് , അപ്പൂപ്പന്മാരോട് യുദ്ധം ചെയ്യാന്‍ അര്‍ജുനന് വൈമനസ്യം ഉണ്ടായിരുന്നു അത് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു മാറ്റി, അത്ര മാത്രം നമ്മള്‍ ധരിച്ചാല്‍ മതി

     
    • c.k.babu

      Sep 13, 2012 at 08:26

      >>>സംസ്കൃതം അറിയാതെ ഈ കൃതികള്‍ നമുക്ക് നമ്മുടെത് ആയ വീക്ഷണത്തില്‍ വായിച്ചെടുക്കാന്‍ കഴിയില്ല, കുഞ്ഞിക്കുട്ടന്‍ തമ്പുരാനും എഴുത്തച്ചനും ഒന്നും മഹാഭാരതം ഒറിജിനലില്‍ ഉദ്ദേശിച്ച അര്‍ഥം തന്നെ ആണോ മലയാളീകരിച്ചതെന്നു പറയാന്‍ ആവില്ല.<<>>അപ്പൂപ്പന്മാരോട് യുദ്ധം ചെയ്യാന്‍ അര്‍ജുനന് വൈമനസ്യം ഉണ്ടായിരുന്നു അത് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു മാറ്റി, അത്ര മാത്രം നമ്മള്‍ ധരിച്ചാല്‍ മതി<<<

      അതു്‌ മാത്രം ധരിക്കാനാണു്‌ നിങ്ങള്‍ക്കിഷ്ടം എന്നു്‌ പറയൂ! എന്നിട്ടു്‌ നിങ്ങളുടെ “ഇഷ്ടപ്രകാരം” അങ്ങനെ ധരിക്കുകയും ചെയ്യൂ! ഞാന്‍ എന്തു്‌ ധരിക്കണം എന്ന കാര്യം ദയവായി എനിക്കു്‌ വിട്ടുതരൂ. ഞാന്‍ എന്തു്‌ ചെയ്യണം എന്നും എന്തു്‌ പറയണമെന്നും തീരുമാനിക്കാനുള്ള അവകാശം ഇതുവരെ ഞാന്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ല. നിങ്ങള്‍ ഇന്നതേ ചെയ്യാവൂ എന്നു്‌ എനിക്കൊരു നിര്‍ബന്ധവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ആ വിവരം ഞാന്‍ അതു്‌ നിങ്ങളെ നേരിട്ടു്‌ അഭിസംബോധനം ചെയ്തു്‌ പറയുമായിരുന്നു.

      നിങ്ങള്‍ ഇവിടെ നിരത്തുന്നപോലുള്ള ചര്‍വ്വിതചര്‍വ്വണം ഇവിടെ ആവശ്യമില്ല എന്നു്‌ വേണമെങ്കില്‍ ആര്‍ക്കും വായിച്ചു്‌ മനസ്സിലാക്കാവുന്നവിധത്തില്‍ ഞാന്‍ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിരുന്നു, സംസ്കൃതത്തിലല്ല, പച്ച മലയാളത്തില്‍! എന്നാലും വീണ്ടും ചവച്ചതുതന്നെ ചവച്ചുകൊണ്ടു്‌ വരണം! ഒരു ദൈവവിശ്വാസിയുടെ പരിഹാരമില്ലാത്ത വിധിയാണതു്‌. അതുവഴി എനിക്കു്‌ വരുന്ന നഷ്ടം എന്റെ സമയവും.

       
  2. prajith

    Sep 13, 2012 at 12:04

    ‘ “ഭഗവാന്റെ വിശ്വരൂപം ആഭരണധാരി ആയിരുന്നു” എന്നു്‌ ഗീതയില്‍ വായിക്കുമ്പോള്‍ “ഭഗവാന്റെ വിശ്വരൂപം ആഭരണധാരി ആയിരുന്നു” എന്നുതന്നെ മനസ്സിലാക്കുന്നതാണു്‌ എനിക്കിഷ്ടം ‘

    അപ്പോള്‍ ‘ ഗംഗായാം ഘോഷ:’ എന്ന സംസ്കൃത വാക്യം കണ്ടാല്‍ താങ്കള്‍ അതിന്റെ പ്രത്യക്ഷ അര്‍ഥം ആയ ‘ ഗംഗാനദിയുടെ നടുവില്‍ ഒരു ഗ്രാമം ‘ എന്ന് മാത്രമേ എടുക്കുകയുള്ളൂ അല്ലെ,
    അല്ലാതെ ‘ ഗംഗാനദിയുടെ കരയില്‍ ഉള്ള ഗ്രാമം ‘ എന്നല്ല എന്നിതിലൂടെ മനസ്സിലായി.
    യുക്തിയെ ഗംഭീരമായി ഉപയോഗിക്കുന്ന താങ്കള്‍ അത് മാത്രം അല്ല അതിന്റെ കൂടെ തന്റേതായ ചില പിടിവാശികളും(അന്ധവിശ്വാസങ്ങളും) കൂടി ചേര്‍ക്കും എന്ന് മനസ്സിലായതില്‍ സന്തോഷം.

     
    • c.k.babu

      Sep 13, 2012 at 13:57

      ഞാന്‍ അങ്ങനെയൊക്കെയാണു്‌. ക്ഷണക്കത്തൊന്നും അയച്ചിരുന്നില്ലല്ലോ.

      ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നവരുണ്ടു്‌. അവരെയാണു്‌ എന്റെ കുറിപ്പുകള്‍ ലക്ഷ്യമാക്കുന്നതു്‌. കുരങ്ങനെ വരെ ദൈവമായി ആരാധിക്കുകയും അതിനെ ന്യായീകരിക്കാനായി തിരിഞ്ഞും മറിഞ്ഞും എത്ര വേണമെങ്കിലും ഉരുളാന്‍ മടിയില്ലാതിരിക്കുകയും ചെയ്യുന്നവരുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നോ, അവരെ എന്റെ നിലപാടുകള്‍ പറഞ്ഞു്‌ മനസ്സിലാക്കണമെന്നോ യാതൊരു ആഗ്രഹവും എനിക്കില്ല. സത്യം പറഞ്ഞാല്‍, നിങ്ങളെപ്പോലുള്ളവര്‍ എന്നെ വായിക്കാതിരിക്കുന്നതാണു്‌ നിങ്ങളുടെ ഭക്തിക്കും എന്റെ സമയത്തിനും നല്ലതു്‌. ഇതും നിങ്ങള്‍ മനസ്സിലാക്കും എന്ന ധാരണയിലൊന്നും പറയുന്നതല്ല.

       
  3. prajith

    Sep 13, 2012 at 15:02

    ” ഞാന്‍ അങ്ങനെയൊക്കെയാണു്‌. ക്ഷണക്കത്തൊന്നും അയച്ചിരുന്നില്ലല്ലോ. ”
    പിന്നെ ഈ ‘ ഒരു മറുപടി കൊടുക്കുക ‘ എന്ന് വെണ്ടക്ക അക്ഷരത്തില്‍ എഴുതേണ്ട ആവശ്യം എന്താണ്..
    അത് പോര എന്നാണെങ്കില്‍ ബ്രാകറ്റില്‍ ‘ എന്നെ പിന്തുണക്കുന്നവര്‍ മാത്രം ‘ എന്ന് കൂടി എന്നെങ്കിലും മതിയാവും..
    ഞാനും ഇതു നിങ്ങള്‍ മനസ്സിലാക്കും എന്ന ധാരണയിലൊന്നും പറയുന്നതല്ല.
    bye.

     
    • c.k.babu

      Sep 14, 2012 at 08:46

      “വെളിവുള്ളവര്‍ മറുപടി കൊടുക്കുക” എന്നോ “ആ. ഭാ. സം.-കാര്‍ മറുപടി കൊടുക്കാതിരിക്കുക” എന്നോ മറ്റോ ആയിരുന്നു വേണ്ടിയിരുന്നതു്‌. പക്ഷേ, എന്തുചെയ്യാന്‍? ആര്‍ഷഭാരതത്തിലെ ആത്മീയജനുസ്സുകളുമായി അടുത്തു്‌ ഇടപഴകിയിട്ടില്ലാത്തതിനാലാവാം, പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും വെളിവുള്ളവരാണെന്നു്‌ “WordPress” ധരിച്ചതും “ഒരു മറുപടി കൊടുക്കുക” എന്നു്‌ എഴുതിവച്ചതും. യാത്രാമംഗളങ്ങള്‍!

       
  4. jayankr

    Sep 19, 2012 at 07:36

    ഗംഗായാം ഘോഷ എന്നുള്ളത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. ഗംഗയില്‍ ഗ്രാമം പറയുന്പോള്‍ അതിനു സാധ്യത ഇല്ലാത്തതിനാല്‍ ഗംഗാനദിയുടെ തീരത്ത് ഗ്രാമം എന്നെടുക്കണം എന്നുള്ള ഒരു ആലങ്കാരിക പ്രയോഗം വെറുതെ അങ്ങ് കാച്ചിയിട്ടു പോകാതെ സുഹൃത്തേ. ഈശ്വരനുമായി ബന്ധപ്പെട്ട എല്ലാം ഇത്തരത്തില്‍ ആലങ്കാരികമായി എടുത്തുകൊള്ളനമെന്നാണോ താന്കള്‍ പറയുന്നത്. ഈശ്വരന്‍ ഒരു സങ്കല്‍പം മാത്രമാണെന്ന് താങ്കളും മനസ്സിലാക്കുന്നു എന്നു ധരിക്കട്ടെ. എഴുതിവച്ചതു തന്നെ അര്‍ഥം വരുന്ന ഏതെന്കിലും ഭാഗം ഉണ്ടാകുമോ ഈ പുരാണത്തില്‍? അല്ല ഒന്നറിയാനാ. എന്റെ ഡിങ്ക ഭഗവാനെ! വ്യാഖ്യാന ഫാക്ടറിയുടെ കൊയ്ത്തുകാലം ? അല്ലാതെന്തു പറയാന്‍ ?

     
  5. jayankr

    Sep 19, 2012 at 07:39

    ഗംഗായാം ഘോഷ എന്നുള്ളത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. ഗംഗയില്‍ ഗ്രാമം പറയുന്പോള്‍ അതിനു സാധ്യത ഇല്ലാത്തതിനാല്‍ ഗംഗാനദിയുടെ തീരത്ത് ഗ്രാമം എന്നെടുക്കണം എന്നുള്ള ഒരു ആലങ്കാരിക പ്രയോഗം വെറുതെ അങ്ങ് കാച്ചിയിട്ടു പോകാതെ സുഹൃത്തേ. ഈശ്വരനുമായി ബന്ധപ്പെട്ട എല്ലാം ഇത്തരത്തില്‍ ആലങ്കാരികമായി എടുത്തുകൊള്ളണമെന്നാ ണോ താന്കള്‍ പറയുന്നത്. ഈശ്വരന്‍ ഒരു സങ്കല്‍പം മാത്രമാണെന്ന് താങ്കളും മനസ്സിലാക്കുന്നു എന്നു ധരിക്കട്ടെ. എഴുതിവച്ചതു തന്നെ അര്‍ഥം വരുന്ന ഏതെന്കിലും ഭാഗം ഉണ്ടാകുമോ ഈ പുരാണത്തില്‍? അല്ല ഒന്നറിയാനാ. എന്റെ ഡിങ്ക ഭഗവാനെ! വ്യാഖ്യാന ഫാക്ടറിയുടെ കൊയ്ത്തുകാലം ? അല്ലാതെന്തു പറയാന്‍ ?

     
    • c.k.babu

      Sep 19, 2012 at 08:57

      ഗ്രന്ഥത്തില്‍ എവിടെ ആലങ്കാരികം, എവിടെ നേരര്‍ത്ഥം, എവിടെ മാനുഷികം, എവിടെ ദൈവികം, എവിടെ കുലീനമായി നിശബ്ദത പാലിക്കുകയല്ലാതെ നിവൃത്തിയില്ലാത്തവിധം അര്‍ത്ഥശൂന്യമായ വിഡ്ഢിത്തം മുതലായ കാര്യങ്ങളെല്ലാം വിശ്വാസികള്‍ തീരുമാനിക്കും. മാലയും വളയും ധരിച്ച “സര്‍വ്വേശ്വരന്‍” എന്ന ഭ്രാന്തു്‌ അന്തസ്സായി നിശബ്ദത പാലിക്കേണ്ട വകുപ്പില്‍ വരുന്നതാണു്‌. ഗംഗയും ബ്രഹ്മപുത്രയുമൊക്കെ “ചര്‍ച്ചയിലേക്കു്‌” വലിച്ചിഴക്കപ്പെടുന്നതു്‌ ആ ഗതികേടു്‌ മറച്ചുപിടിക്കാനാണു്‌. “നിങ്ങള്‍ക്കൊന്നും എന്റെ ഗ്രന്ഥത്തെപ്പറ്റി ഒരു ചുക്കുമറിയില്ല” എന്നതാണു്‌ ഏതു്‌ വിശ്വാസിയുടെയും മുദ്രാവാക്യം. ഇവരുമായി ഒരിക്കലെങ്കിലും “ചര്‍ച്ചയില്‍” ഏര്‍പ്പെട്ടിട്ടുള്ള സുബോധമുള്ള ആര്‍ക്കുമറിയാം ലോജിക്ക് എന്നതിനെപ്പറ്റി കേട്ടറിവു്‌ പോലുമില്ലാത്ത ഇക്കൂട്ടരുടെ “ചിന്തകള്‍” സഞ്ചരിക്കുന്ന ഊടുവഴികള്‍! മിണ്ടാതിരുന്നാല്‍ വിഡ്ഢിത്തം വെളിപ്പെടാതെങ്കിലും ഇരുന്നേനെ! അതറിയാനായാലും വിഡ്ഢികളല്ലാതിരുന്നാലേ പറ്റൂ!?

       
 
%d bloggers like this: