നാലാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈജിപ്ഷ്യന്‍ മരുപ്രദേശങ്ങളില്‍ ഏതാണ്ടു് 24000 ക്രൈസ്തവസന്ന്യാസികള്‍ മൃഗതുല്യരായി ജീവിച്ചിരുന്നത്രെ! സാത്താന്റെ കെണികളായ പ്രലോഭനങ്ങളില്‍ നിന്നും മോചനം നേടുന്നതിനായി ആഹാരം വസ്ത്രം മുതലായ പ്രാഥമിക ആവശ്യങ്ങള്‍ വരെ സാദ്ധ്യവും അസാദ്ധ്യവുമായ നിലയിലേക്കു് ചുരുക്കി, സ്വന്തം ശരീരത്തെ പരമാവധി പീഡിപ്പിച്ചുകൊണ്ടു്, യേശു വാഗ്ദത്തം ചെയ്തപ്രകാരം ഉടനെ വരാനിരിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ രാജ്യത്തിനുവേണ്ടി നരകിച്ചു് മരിച്ച സാധുക്കള്‍. “മൃഗങ്ങള്‍ക്കുതുല്യം ജീവിക്കുക”, “യഥാര്‍ത്ഥ നോമ്പു് സ്ഥിരമായി പട്ടിണി കിടക്കലാണു്”, “ശരീരം എത്ര വീര്‍ത്തതാണോ അത്രയും ചുരുങ്ങിയതും, നേരെ മറിച്ചുമായിരിക്കും ആത്മാവു്” മുതലായ ആദിപിതാക്കളുടെ പഠിപ്പിക്കലുകളെ സിമ്പിള്‍ സ്റ്റ്റക്ച്ചേര്‍ഡ് ആയ ഇക്കൂട്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയായിരുന്നു.
ശരീരം മെലിഞ്ഞു് എല്ലും തോലുമാവാനും, അതിനൊപ്പം ആത്മാവു് ബലൂണ്‍ പോലെ വീര്‍ക്കാനുമായി അവര്‍ കണ്ടെത്തിയ ചില മാര്‍ഗ്ഗങ്ങളെ അവിശ്വസനീയം എന്നു് മാത്രമേ വിശേഷിപ്പിക്കാനാവൂ. മതപരമായ കാരണങ്ങളാല്‍ ദേഹം മുഴുവന്‍ ചാരം വാരിത്തേച്ചു് കാട്ടുമൃഗങ്ങളെപ്പോലെ പൊടിമണ്ണില്‍ ജീവിക്കുന്ന പ്രാകൃതമനുഷ്യരെ ഇന്നും കാണാന്‍ സാധിക്കുന്ന ഭാരതം പോലുള്ള ഒരു ചൂടു് രാജ്യത്തില്‍, അവരില്‍ ചിലര്‍ നയിച്ച ജീവിതരീതി അത്ര വലിയ അത്ഭുതത്തിനു് കാരണമാവണമെന്നില്ല എന്നതു് മറക്കുന്നില്ല. കുറെനാള്‍ കാണുമ്പോള്‍ എന്തും മനുഷ്യര്‍ക്കു് ശീലമാവുമല്ലോ – മറ്റൊന്നു് കാണാനും അറിയാനുമുള്ള കഴിവോ, സാദ്ധ്യതയോ, അനുവാദമോ ഇല്ലാത്തിടത്തോളം കാലം പ്രത്യേകിച്ചും. വിശ്വാസത്തിനു് വേണ്ടി ഏതു് നുണയും വിളംബരം ചെയ്യുന്നതു് വിശ്വാസിയുടെ ജീവിതത്തില്‍ തികഞ്ഞ ഒരു സ്വാഭാവികത ആണെന്നതിനാല്‍, പിതാക്കന്മാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതില്‍ സത്യമെത്ര, നുണയെത്ര എന്നൊക്കെ ‘ദൈവത്തിനു്’ മാത്രമേ അറിയൂ. ഏതായാലും, ആ ഒരു കാലഘട്ടത്തെ തലകീഴായി നിര്‍ത്തി അജ്ഞാതരായ ഏറെ വിഡ്ഢികളെ കൊലയ്ക്കു് കൊടുത്തുകൊണ്ടു് ചുരുക്കം ചില മിടുക്കന്മാര്‍ക്കു് ‘വിശുദ്ധന്‍’ എന്ന പദവി നേടിയെടുക്കാന്‍ അതുവഴി കഴിഞ്ഞു എന്നതു് ഒരു സത്യമാണു്.
ഒട്ടകച്ചാണകത്തില്‍ നിന്നും പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ കൊണ്ടു് ദിവസങ്ങളോ ആഴ്ചകളോ ജീവിച്ച സന്ന്യാസിമാരുണ്ടത്രെ! വിശുദ്ധ സിസിനസിനെപ്പറ്റി തിയോഡൊറെറ്റ് എന്ന ബിഷപ്പ് പറയുന്നതു് ശരിയാണെങ്കില്‍, അവന്‍ ഒരു ശവക്കല്ലറയില്‍ മൂന്നു് വര്‍ഷം “ജീവിച്ചതു്” ഇരിക്കുകയോ കിടക്കുകയോ ഒരു ചുവടു് വയ്ക്കുകയോ ചെയ്യാതെയാണു്! വിശുദ്ധ മരോണ്‍ പതിനൊന്നു് വര്‍ഷം കഴിച്ചുകൂട്ടിയതു് ഒരു മരത്തിന്റെ, ഉള്ളില്‍ നിറയെ മുള്ളുകളുള്ള വലിയൊരു പൊത്തിലാണു്. അതു് പോരാത്തതിനു്, നെറ്റിക്കുചുറ്റും തൂങ്ങിക്കിടന്നിരുന്ന കല്ലുകളും അവനെ അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാതിരിക്കാന്‍ സഹായിച്ചിരുന്നു. സന്ന്യാസിനികളും മോശമായിരുന്നില്ല. മരാന, സൈറ എന്നീ രണ്ടു് വിശുദ്ധകള്‍ കഴുത്തില്‍ നിറയെ വാരിച്ചാര്‍ത്തിയിരുന്ന ചങ്ങലകളുടെ ഭാരം മൂലം കുനിഞ്ഞു് മാത്രമേ അവര്‍ക്കു് നടക്കാന്‍ കഴിഞ്ഞിരുന്നുള്ളുവത്രെ! അങ്ങനെ അവര്‍ ജീവിച്ചതു് ഒന്നും രണ്ടുമല്ല, നാല്പത്തിരണ്ടു് വര്‍ഷങ്ങളാണെന്നു് തിയോഡൊറെറ്റ്. വിശുദ്ധ അത്സെപ്സിസ്മസ് വാരിച്ചുറ്റിയിരുന്ന ഇരുമ്പിന്റെ ഭാരം മൂലം വെള്ളം കുടിക്കാനായി അവന്‍ പുറത്തുപോയിരുന്നതു് നാലുകാലില്‍ ഇഴഞ്ഞായിരുന്നു പോലും! വിശുദ്ധ യൂസെബിയസ് ഉണങ്ങിയ ഒരു തടാകത്തിലായിരുന്നു മൂന്നുവര്‍ഷം താമസിച്ചിരുന്നതു്. സാധാരണഗതിയില്‍ ഇരുപതു് പൗണ്ട് ഇരുമ്പു് ചങ്ങലകള്‍ വഹിച്ചിരുന്ന അവന്‍ ദിവ്യനായ അഗാപിറ്റസ് വഹിച്ചിരുന്ന അന്‍പതും, മഹാനായിരുന്ന മാര്‍സിയാനസ് ചുമന്നിരുന്ന എണ്‍പതും കൂടി അതിനോടു് കൂട്ടിച്ചേര്‍ത്തു് തന്റെ ‘പാപഭാരം’ നൂറ്റന്‍പതു് പൗണ്ടിലേക്കുയര്‍ത്തി കൃതകൃത്യനായി.
വിശപ്പു്, അഴുക്കു്, കണ്ണുനീര്‍ ഇവയൊക്കെ അക്കാലത്തെ ക്രൈസ്തവരുടെ ഐഡിയലുകളായിരുന്നു. (ഇതുവരെ നേരം വെളുക്കാത്ത ചില നാടുകളില്‍ ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടുമില്ല). “ഈ മരുഭൂമിയില്‍ പ്രവേശിച്ചതുമുതല്‍ ഞാന്‍ ചീരയോ മറ്റേതെങ്കിലും പച്ചക്കറിയോ, മുന്തിരിങ്ങയോ പഴങ്ങളോ മാംസമോ കഴിച്ചിട്ടില്ല, കുളിച്ചിട്ടുമില്ല” എന്നു് യൂഗാറിയസ് പൊന്തിക്കസ് എന്നൊരു സന്ന്യാസി. വിശുദ്ധ ഇസിഡോറ സന്ന്യാസിനിക്കു് നിന്ദ എത്ര കിട്ടിയാലും മതിയായിരുന്നില്ല. അതായിരുന്നു അവളുടെ പ്രാര്‍ത്ഥനതന്നെ. നഗ്നപാദയായി, കീറത്തുണികള്‍ ധരിച്ചു്, താഴെ വീഴുന്ന റൊട്ടിയുടെ പൊട്ടും പൊടിയും തൂത്തുവാരിത്തിന്നും, പാത്രം കഴുകിയ വെള്ളം കുടിച്ചുമാണു് അവള്‍ മഠത്തിലെ അടുക്കളയില്‍ കഴിഞ്ഞിരുന്നതു്. താഴാഴ്മ കാണിച്ചില്ല എന്നതിന്റെ പേരില്‍ ദൈവരാജ്യത്തില്‍ അഡ്മിഷന്‍ ലഭിക്കാതെ പോകരുതു് എന്നാവാം അവള്‍ കരുതിയതു്. ഹെലെനോപ്പോലീസിലെ (ബിഥീനിയ) ബിഷപ്പായിരുന്ന പല്ലേഡിയസ് സാക്ഷ്യപ്പെടുത്തുന്നു: “ഒരു സഞ്ചാരസന്ന്യാസി ആയിരുന്ന ബെസാറിയണ്‍ ആള്‍ത്താമസമുള്ള ഒരിടത്തും പ്രവേശിക്കുമായിരുന്നില്ല. രാപകലില്ലാതെ മരുഭൂമിയിലൂടെ അലഞ്ഞുകൊണ്ടു് വിലപിക്കലായിരുന്നു അവന്റെ പതിവു്. അവന്‍ വിലപിച്ചിരുന്നതു് അവനുവേണ്ടിയോ ലോകത്തിനുവേണ്ടിയോ ആണെന്നു് കരുതിയോ? അല്ലേയല്ല. അവന്‍ വിലപിച്ചിരുന്നതു് ആദിപാപത്തിന്റെ പേരിലായിരുന്നു – ആദാമും ഹവ്വയും കൂടി ഒപ്പിച്ചു് മനുഷ്യരാശിയുടെ നെറുകന്തലയിലേക്കു് കയറ്റിവച്ച ആ പഴയ മഹാപാപത്തിന്റെ പേരില്‍! സ്വന്തം പിതാവു് അവനെ അതുപോലൊരു പാപപ്രൊസീജ്യര്‍ വഴി ജനിപ്പിച്ചതുകൊണ്ടു് അവനു് ആദിപാപത്തിന്റെ പേരില്‍ വിലപിക്കാന്‍ പറ്റി എന്നതൊരു ഭാഗ്യമായാണോ നിര്‍ഭാഗ്യമായാണോ അവന്‍ കരുതിയിരുന്നതു് എന്നു് വ്യക്തമല്ല.
ഇനി, ഈ ആദാമും ഹവ്വയും ദൈവം കല്പിച്ചമാതിരി അത്യാവശ്യം തോട്ടപ്പണിയും അടുക്കളപ്പണിയും കഴിഞ്ഞശേഷം ബാക്കി മുഴുവന്‍ സമയവും സ്വര്‍ഗ്ഗത്തിലേക്കു് ദൃഷ്ടികളുയര്‍ത്തി ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്നു് കരയുക മാത്രമായിരുന്നു എന്നൊന്നു് സങ്കല്പിച്ചു് നോക്കൂ! പഴം പറിച്ചു് കാണിക്കുന്ന പാമ്പിനെ ഹവ്വ നല്ലൊരു വേലിപ്പത്തല്‍ എടുത്തു് അടിച്ചോടിച്ചു എന്നും കൂടി സങ്കല്പിച്ചോളൂ. എങ്കില്‍ ലോകം എന്നാല്‍ ഇന്നും ഒരു ഏദന്‍ തോട്ടവും അതില്‍ “തോട്ടപ്പണിയും അടുക്കളപ്പണിയും പ്രാര്‍ത്ഥനയുമായി” കഴിയുന്ന ആദാമും ഹവ്വയും മാത്രമാവുമായിരുന്നില്ലേ? എങ്കില്‍ ആദിപാപവുമില്ല, അന്തിപാപവുമില്ല. എങ്കില്‍ ബൈബിള്‍ എന്നൊരു പുസ്തകം ഉണ്ടാവുമായിരുന്നോ? സംവിധായകനും നായകനും നായികയുമൊഴികെ മറ്റാരുമില്ലാത്തൊരു ലോകത്തില്‍ ആര്‍ക്കുവേണ്ടി കഥയും നാടകവും സില്‍മയും ഉണ്ടാവണം? “ആദിപാപം” എന്നൊന്നു് സംഭവിച്ചില്ലായിരുന്നെങ്കില്‍ ദൈവത്തിനു് യേശുവിനെ ജനിപ്പിക്കേണ്ട വല്ല ആവശ്യവും വരുമായിരുന്നോ? അത്തരമൊരു ഗതികേടു് ഒഴിവാക്കിത്തന്നതിനു് ആദിപിതാവിനും മാതാവിനും നന്ദി പറയേണ്ടതിനു് പകരമാണു് നമ്മുടെ ബെസാറിയണ്‍ സന്ന്യാസി ആദിപാപത്തിന്റെ പേരില്‍ ചങ്കുതകര്‍ന്നു് വിലപിച്ചുകൊണ്ടു് മരുഭൂമിയിലൂടെ ഓടിനടന്നതു്! മതവും, ദൈവവും! മനുഷ്യന്റെ ആത്യന്തികമായ ആശ്രയസ്ഥാപനവും, സ്ഥാനവും!
ഈ ലോകത്തെ ഉപേക്ഷിക്കാനും ദൈവരാജ്യം കരസ്ഥമാക്കാനും സിറിയയിലെ ചില ക്രൈസ്തവര്‍ കണ്ടെത്തിയതു് മറ്റൊരു മാര്‍ഗ്ഗമായിരുന്നത്രെ! മൃഗങ്ങളെപ്പോലെ പുല്ലുതിന്നു് ജീവിക്കുക എന്നതായിരുന്നു അവരുടെ രീതി. സഭാദ്ധ്യാപകനായിരുന്ന എഫ്രയിമിന്റെ സഭാചരിത്രത്തില്‍ മിക്കവാറും നഗ്നരായി മേച്ചില്പുറങ്ങളില്‍ പുല്ലുതിന്നു് നടന്നിരുന്ന ഇക്കൂട്ടരെപ്പറ്റി പറയുന്നുണ്ടു്. മനുഷ്യരെ കണ്ടാല്‍ തത്ക്ഷണം ഓടിയൊളിക്കുമായിരുന്ന അവര്‍ ആരെങ്കിലും പിന്തുടരുന്നു എന്നു് തോന്നിയാല്‍ അപാരസ്പീഡില്‍ ഓടി ആര്‍ക്കും അത്ര എളുപ്പം എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളിലേക്കു് രക്ഷപെടുമായിരുന്നത്രെ! യോഹാന്നെസ് മൊഷുസ് എന്നൊരു മങ്കിനു് ഒരു മേച്ചില്പുറസന്ന്യാസി അവനെ പരിചയപ്പെടുത്തിയതു് ഇങ്ങനെ ആയിരുന്നു പോലും: “ഞാന്‍ പത്രോസ്, വിശുദ്ധ യോര്‍ദ്ദാന്റെ തീരത്തു് പുല്ലുതിന്നുന്നവന്‍”.
മനുഷ്യരെ വിഡ്ഢികളാക്കി കൂപ്പിയ കൈകളും മടക്കിയ മുട്ടുകളും ഈശ്വരപ്രാര്‍ത്ഥനയുമായി അന്ധകാരയുഗത്തിലേക്കു് പറഞ്ഞയച്ച ഈ ഭ്രാന്തിന്റെ കഥകള്‍ ഇനിയുമുണ്ടു് വേണ്ടുവോളം. മനുഷ്യരാശിയെ അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും കാര്‍മേഘങ്ങള്‍ കൊണ്ടു് പൊതിഞ്ഞ, ആരോ എഴുതിവച്ച കുറെ നുണക്കഥകളില്‍ “പരമമായ സത്യം” ദര്‍ശിച്ച കുറെ മാനസികവിഭ്രാന്തിക്കാര്‍! അല്പമെങ്കിലും വെളിവുള്ള ആര്‍ക്കും അബദ്ധം എന്നു് മനസ്സിലാക്കാന്‍ കഴിയുന്നതാണു് ദൈവവും അവനിലെ വിശ്വാസവും എന്നതിനാല്‍, “നല്ല” ദൈവവിശ്വാസവും “ചീത്ത” ദൈവവിശ്വാസവും ഉണ്ടെന്നു് സ്ഥാപിച്ചു് സ്വയം രക്ഷപെടുത്താന്‍ പെടാപ്പാടു് പെടുകയാണു് ഇന്നും അത്തരത്തില്‍ പെട്ട ചില മനുഷ്യരെങ്കിലും. ഒരിക്കല്‍ പെട്ടുപോയാല്‍ അത്ര എളുപ്പം തലയൂരാന്‍ കഴിയുന്നതല്ല ദൈവവിശ്വാസം എന്ന നീരാളിപ്പിടുത്തം. ഏതാണു് “നല്ല ദൈവവിശ്വാസം” എന്നു് ചിന്തിച്ചിട്ടുണ്ടോ? ഒരു സംശയവും വേണ്ട, “എന്റെ” ദൈവവിശ്വാസം, അതാണു് കുറ്റമറ്റ, എല്ലാം തികഞ്ഞ, സര്‍വ്വസമ്പൂര്‍ണ്ണമായ ദൈവവിശ്വാസം. ഇത്തരം “നല്ല” ദൈവവിശ്വാസികളുടെ ദൃഷ്ടിയില്‍, ബാക്കിയുള്ള സകലരുടെയും നിലപാടുകള്‍ക്കു്, അതു് ദൈവവിശ്വാസമാവട്ടെ, ദൈവത്തില്‍ വിശ്വാസമില്ലായ്മ ആവട്ടെ, ഒരു വിശേഷണമേയുള്ളു: “പൈശാചികം”!
ക്രിസ്തുമതത്തേക്കാള്‍ അഞ്ഞൂറു് വര്‍ഷം മുന്‍പേതന്നെ ഗ്രീസില്‍ രൂപമെടുത്തു് വളരാന്‍ തുടങ്ങിയിരുന്ന ഒരു അത്യുന്നത തത്വചിന്തയെ നശിപ്പിച്ചുകൊണ്ടു് യൂറോപ്പില്‍ വേരോടിയ, അവിടെനിന്നും ലോകം മുഴുവന്‍ “സുവിശേഷഘോഷണം” വഴി വിറ്റഴിക്കപ്പെട്ട, ഇന്നും വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, കോടിക്കണക്കിനു് മനുഷ്യരുടെ മനസ്സിനെ കിനാവള്ളിപോലെ വരിഞ്ഞുമുറുക്കുന്ന, ദൈവഭയം എന്ന ഉമ്മാക്കി മൂലം വലിച്ചെറിയാനാവാതെ ചുമന്നുകൊണ്ടു് നടക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ഒരു ഭ്രാന്തന്‍ ആദര്‍ശത്തിന്റെ അറപ്പുളവാക്കുന്ന കെട്ടുകഥകള്‍! “ദാ വരുന്നു ദൈവരാജ്യം” എന്നു് വിളിച്ചുകൂവുന്ന ഏതാനും ഭ്രാന്തന്മാരെ വിശുദ്ധര്‍ എന്നു് വിശേഷിപ്പിക്കാനും, കൊണ്ടാടുവാനും, അവരോടു് വിദഗ്ദ്ധോപദേശം ചോദിക്കാനും, അവരുടെ “അനുഗ്രഹം” ലഭിക്കുവാനും വേണ്ടി ക്യൂ നില്‍ക്കാന്‍ മടിക്കാത്ത കുറെയേറെ വിഡ്ഢികള്‍ ഇന്നും ജീവിക്കുന്ന ഒരു ലോകത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുന്‍പു് ദൈവനാമത്തിന്റെ മറ പിടിച്ചുകൊണ്ടുള്ള കാപട്യവും നുണയും വഴി രാജാക്കന്മാരെയും അധികാരികളെയും ചാക്കിട്ടു് കാര്യം നേടാന്‍ എത്രമാത്രം എളുപ്പമായിരുന്നിരിക്കും എന്നു് ചിന്തിച്ചാല്‍ മതി. നാളെ രാവിലെ ഈ ലോകം അവസാനിച്ചു് ദൈവലോകം വരുമെങ്കില്‍ പിന്നെ ആര്‍ക്കുവേണം കലയും ശാസ്ത്രവും സംസ്കാരവുമൊക്കെ? “ഒരുവന്‍ ക്രിസ്ത്യാനി ആണെങ്കില്‍ അവനെന്തിനു് ഈ ലോകത്തിന്റെ വിദ്യാഭ്യാസം? ജീവിതത്തിനു് ആവശ്യമായതു് സഭയില്‍ നിന്നും അവന്‍ കേള്‍ക്കുന്നുണ്ടു്, അതു് ധാരാളം മതി” എന്നാണു് ഹെര്‍ട്ലിങ് എന്നൊരു ജെസുവിറ്റ് ഇരുപതാം നൂറ്റാണ്ടിലും ചോദിക്കാന്‍ ധൈര്യപ്പെട്ടതു്. മതം മനുഷ്യനെ എത്രമാത്രം മണ്ടന്മാരാക്കുന്നു എന്നതിന്റെ തെളിവാണതു്.
മണികിലുക്കം കേള്‍ക്കുമ്പോള്‍ അറിയാതെ കാലു് പൊക്കാന്‍ നിര്‍ബന്ധിതനാവുന്ന ഞരമ്പുരോഗിയായ കുതിരയെപ്പോലെ, “ദൈവസന്നിധിയില്‍” നിന്നും മണിയടിയോ വിളിയോ കേള്‍ക്കുമ്പോള്‍ കൈകള്‍ നെഞ്ചത്തു് ചേര്‍ത്തുവച്ചു് കുനിഞ്ഞ മുതുകുമായി അങ്ങോട്ടേയ്ക്കു് നീങ്ങുകയല്ലാതെ ഗത്യന്തരമൊന്നുമില്ലാത്ത വിശ്വാസി! ആരെങ്കിലും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനരാഹിത്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതോടെ തീരും അവന്റെ ഈ ഭക്തിസ്വപ്നാടനം. അതുപോലൊരു “ശത്രുവിന്റെ” മുന്നില്‍ ഒരു ഗൊറില്ലയെപ്പോലെ നെഞ്ചത്തിടിച്ചു് ആക്രോശിച്ചുകൊണ്ടു് തന്റെ ദൈവത്തെ സംരക്ഷിക്കാന്‍ അവന്‍ നിര്‍ബന്ധിതനായിത്തീരും. എന്തിനും പ്രാപ്തനായ, സര്‍വ്വശക്തനാണു് അവന്റെ ദൈവമെങ്കിലും, ആ ശക്തി വിര്‍ച്വല്‍ ആയ സഹായങ്ങള്‍ക്കു് മാത്രമേ ദൈവം വിനിയോഗിക്കുകയുള്ളു. റിയല്‍ ആയ സഹായങ്ങള്‍ മുഴുവനും വിശ്വാസി ദൈവത്തിനു് അങ്ങോട്ടു് ചെയ്തുകൊടുക്കേണ്ടവയാണു്. സാമാന്യബുദ്ധിയില്‍ യാതൊരു അര്‍ത്ഥവും നല്‍കാനില്ലാത്ത ഈ കൊടുക്കല്‍വാങ്ങലില്‍ വിശ്വാസി അനുഭവിക്കുന്ന അദമ്യമായ ആനന്ദാനുഭൂതിയാണു് ദൈവവിശ്വാസം. ഈ മുഴുഭ്രാന്തു് ആവോളം ആടിത്തിമിര്‍ക്കാന്‍ വിശ്വാസിക്കു് കളിയരങ്ങുകള്‍ ഒരുക്കിക്കൊടുത്തു് തുട്ടുണ്ടാക്കുന്ന കച്ചവടസ്ഥാപനങ്ങളാണു് എല്ലാ മതങ്ങളും. ചിലന്തി, വല, കീടങ്ങള്‍!
അവലംബം: ക്രിസ്തീയതയുടെ കുറ്റകൃത്യചരിതം – കാര്‍ള്‍ഹൈന്‍ത്സ് ഡെഷ്നെര്‍
Sagar
Aug 21, 2012 at 13:31
നോമ്പ് ദിവസങ്‌ങളില്‍ കപ്പയില മാത്രം തിന്നിരുന്ന ഒരു വിശ്വാസി കോഴിക്കോട് ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പോള്‍ ഉണ്ടൊ എന്നറിയില്ല..
“ക്രിസ്തുമതത്തേക്കാള്‍ അഞ്ഞൂറു് വര്‍ഷം മുന്‍പേതന്നെ ഗ്രീസില്‍ രൂപമെടുത്തു് വളരാന്‍ തുടങ്ങിയിരുന്ന ഒരു അത്യുന്നത തത്വചിന്തയെ നശിപ്പിച്ചുകൊണ്ടു്”
ഇത് മനസ്സിലായില്ല.
c.k.babu
Aug 21, 2012 at 13:50
http://en.wikipedia.org/wiki/Ancient_Greek_philosophy