RSS

സത്യനിഷേധികളേ, ഇതിലേ.. ഇതിലേ…

07 Aug

ആധുനികശാസ്ത്രത്തിന്റെ മുഴുവന്‍ കണ്ടെത്തലുകളും ഒറ്റയടിക്കു്‌ കാണണമെന്നും മനസ്സിലാക്കണമെന്നും ആഗ്രഹമുള്ളവര്‍ക്കു്‌ കൈവന്നിരിക്കുന്നതു്‌ ഒരു സുവര്‍ണ്ണാവസരമാണു്‌. അവര്‍ അതുമിതുമെല്ലാം വായിച്ചു്‌ സമയം നഷ്ടപ്പെടുത്തേണ്ടതില്ല. ഏഴാം നൂറ്റാണ്ടില്‍ ദൈവം വെളിപ്പെടുത്തിയ ഒരു കിത്താബുണ്ടു്‌. അതു്‌  വായിച്ചാല്‍ മനുഷ്യന്റെ സകല വിജ്ഞാനദാഹവും ശമിച്ചുകിട്ടും. ഉന്നത ഗണിതശാസ്ത്രം അതേപടി, ഫിസിക്സിലെ നിയമങ്ങള്‍ കിളികിളി പോലെ, ഭൂതവും വര്‍ത്തമാനവും ഭാവിയും പൈങ്കിളിപോലെ ലളിതമായി  … … വെറുതെ വായിക്കുക, ചുമ്മാ പ്രബുദ്ധരാവുക! തുറന്നു്‌ പറഞ്ഞാല്‍, വായിക്കുന്നതിലും നല്ലതു്‌ “വായിച്ചവര്‍” പറയുന്നതു്‌ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണു്‌. ചാകുവോളം സ്വന്തം ചിന്താശേഷിയെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) കേടുവരാതിരിക്കാനായി കല്‍ഭരണിയില്‍ ഉപ്പിലിട്ടു്‌ സൂക്ഷിക്കാന്‍ അതു്‌ സഹായിക്കുകയും ചെയ്യും.

(‘ക്യൂരിയോസിറ്റി’ ചൊവ്വയില്‍ ഇറങ്ങുമെന്നും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടു്‌. ആദിമുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ പ്രപഞ്ചജ്ഞാനവും വര്‍ണ്ണിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തില്‍ അതു്‌ പറഞ്ഞിട്ടില്ലെങ്കില്‍ അതൊരു അത്ഭുതമായിരിക്കും. അതിനാല്‍ പണ്ഡിതര്‍ ആ ഭാഗം കണ്ടെത്താനായി രാപകലില്ലാതെ മുങ്ങിത്തപ്പിക്കൊണ്ടിരിക്കുകയാണു്‌. “മനുഷ്യന്‍ നേരേ ചൊവ്വേ ‘ആകാംക്ഷ’ ഉള്ളവര്‍ ആവും” എന്ന രീതിയിലെങ്കിലും വ്യാഖ്യാനിച്ചൊപ്പിക്കാവുന്ന ഒരു വാക്യം കണ്ടുകിട്ടിയാല്‍ പണ്ഡിതര്‍ക്കു്‌ ദൈവത്തെ രക്ഷിക്കാനാവും. അതില്‍ ഇത്തിരി മയിലെണ്ണ പുരട്ടി നല്ലവണ്ണം ഒന്നു്‌ തിരുമ്മിയാല്‍ മതി, അതിനെ “ക്യൂരിയോസിറ്റി നേരെ ചൊവ്വയില്‍ ഇറങ്ങും” എന്നാണു്‌ ദൈവം ഉദ്ദേശിച്ചതു്‌ എന്നു്‌ വരുത്തിത്തീര്‍ക്കാന്‍! കിണറ്റില്‍ വീണുപോയ ചന്ദ്രനെ പാതാളക്കരണ്ടികൊണ്ടു്‌ വലിച്ചുകയറ്റുന്നതിനിടയില്‍ മലര്‍ന്നടിച്ചു്‌ വീണ മുത്തുപിള്ള കണ്ണില്‍ പൊന്നീച്ചകളെയും ആകാശത്തു്‌ ചന്ദ്രനെയും കണ്ടപ്പോള്‍ തന്റെ ദൗത്യം വിജയിച്ചതില്‍ സന്തുഷ്ടനായതുപോലെ, മാര്‍ഗ്ഗങ്ങള്‍ പഴുത്തു്‌ ചീഞ്ഞതോ, രക്തക്കറ പുരണ്ടതോ, പുഴുത്തുനാറിയതോ  എന്നതിലൊന്നുമല്ല, ലക്ഷ്യം ‘വിശുദ്ധ’മാണോ എന്നതില്‍ മാത്രമാണു്‌ വിശ്വാസപരമായ എല്ലാ കാര്യങ്ങളുടെയും സത്ത കുടികൊള്ളുന്നതു്‌. കുരുക്ഷേത്രയുദ്ധവും, കുരിശുയുദ്ധവും, ജിഹാദുമെല്ലാം കിണഞ്ഞു്‌ പരിശ്രമിക്കുന്നതു്‌ ഈ ഒരു സത്യം മനുഷ്യരെ പഠിപ്പിക്കാനാണു്‌.)

സാധാരണഗതിയില്‍ ദൈവദൂതന്മാരുടെ ഈവക സാഹിത്യസംരംഭങ്ങള്‍ കാണാതെപോവുകയാണു്‌ എന്റെ പതിവു്‌. പക്ഷേ, സുഹൃത്തുക്കളുടെ മെയിലുകളിലെ ലിങ്കുകള്‍ വഴി വല്ലപ്പോഴുമെങ്കിലും ചില അത്ഭുതസൃഷ്ടികളില്‍ എത്തിപ്പെടാറുണ്ടു്‌. ദോഷം പറയരുതല്ലോ, മറ്റേതൊരു തമാശയേക്കാളും ഒറിജിനാലിറ്റി അവകാശപ്പെടാവുന്നവയാണു്‌ ദിവ്യമായ തമാശകള്‍. ചിരി ആരോഗ്യത്തിനു്‌ നല്ലതാണെന്നതിനാല്‍, ഇടയ്ക്കിടെ അവയൊക്കെ ഞാന്‍ ഒന്നോടിച്ചു്‌ വായിച്ചുനോക്കാറുമുണ്ടു്‌. ഒട്ടും തമാശയില്ലെങ്കില്‍ ആരും ശവമടക്കിനു്‌ വരില്ല എന്ന മഹദ്വചനം നമ്മള്‍ മറക്കാനും പാടില്ലല്ലോ. പിശാചു്‌ വേദമോതുന്നതുപോലെ, മതപണ്ഡിതര്‍ വിശ്വാസികളെ പഠിപ്പിക്കുന്ന ‘ആധുനികശാസ്ത്രം’ വായിക്കുന്നതിനേക്കാള്‍ ഭേദം ഏതെങ്കിലും മരുഭൂമിയില്‍ ചെന്നു്‌ നാലു്‌ ഈത്തപ്പനകള്‍ നട്ടുവളര്‍ത്തുന്നതായിരിക്കും എന്നറിയാത്തതുകൊണ്ടല്ല, അവരുടെ പാട്ടുകുര്‍ബ്ബാനയിലെ ഈ ഫലിതഘടകമാണു്‌ അവയെപ്പറ്റി എന്തെങ്കിലും എഴുതാന്‍ എന്നെ പ്രേരിപ്പിക്കാറുള്ളതു്‌. എന്തും ഏതും സാദ്ധ്യമായവന്‍ എന്നു്‌ അവര്‍ വിശ്വസിക്കുന്ന ഒരു ദൈവത്തില്‍ നിന്നും ലഭിച്ചതു്‌ എന്നു്‌ അവര്‍ പറയുന്ന കാര്യങ്ങള്‍, അതേ ദൈവം സൃഷ്ടിച്ചവര്‍ എന്നു്‌ അവര്‍തന്നെ പഠിപ്പിക്കുന്ന മനുഷ്യരുടെ തലയില്‍ കയറാത്തതിനാല്‍, അവര്‍ക്കതു്‌ വ്യാഖ്യാനിച്ചു്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന യോഗ്യന്മാര്‍ ഒന്നുകില്‍ ദൈവത്തേക്കാള്‍ യോഗ്യതയുള്ള ഉന്നതരായിരിക്കണം, അല്ലെങ്കില്‍ പമ്പരവിഡ്ഢികളായിരിക്കണം. ഒരു തീരുമാനം കൈക്കൊള്ളാന്‍ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണു്‌ ഇതെന്നു്‌ അവരൊഴികെ മറ്റാരെങ്കിലും കരുതുമെന്നു്‌ എനിക്കു്‌ തോന്നുന്നില്ല.

അപ്പോള്‍ ശരി, പഠനം തുടങ്ങിക്കോളൂ: (ക്വൊട്ടേഷന്‍ മാര്‍ക്സില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ ആ ലേഖനങ്ങളില്‍ നിന്നുള്ളവയാണു്‌.)

ബിഗ് ബാങ് തിയറി: ഡോ. ഹുസൈന്‍ രണ്ടത്താണി
(http://www.mathrubhumi.com/ramzan_2012/story.php?id=288963)

ഖുര്‍ആന്‍ വരയ്ക്കുന്നതും ‘ദൈവകണങ്ങളി’ല്‍ കണ്‍തുറക്കുന്നതും: ടി.പി.എം. റാഫി
(http://www.mathrubhumi.com/ramzan_2012/story.php?id=292113)

“ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പ്പെടുത്തി. വെള്ളത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളേയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (21/ 30)”

ഇനി, ഖുര്‍ആനില്‍ ഈ ഭാഗം പറയുന്നതെന്താണെന്നു്‌ നോക്കാം. ഏതായാലും അദ്ധ്യായം 21-ലെ വാക്യം 30 വായിക്കാന്‍ തീരുമാനിച്ച സ്ഥിതിക്കു്‌ തുടര്‍ന്നുള്ള മൂന്നു്‌ വാക്യങ്ങള്‍ കൂടി വായിച്ചേക്കൂ. കാര്യങ്ങളുടെ നിജസ്ഥിതി നിശ്ചയിക്കപ്പെടുന്നതു്‌ തലച്ചോറില്‍ ആയാലും വ്യത്യസ്ത ഇന്‍ഫര്‍മേഷനുകളെ തമ്മില്‍തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണല്ലോ. ഇതു്‌ സംഗതി ബിഗ്-ബാംഗ് തന്നെ എന്നു്‌ ഉറപ്പാക്കാന്‍ അതു്‌ സഹായിക്കും.

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു. (21: 30 – 33):

ആദ്യം ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീടാണു്‌ ദൈവം അവയെ വേര്‍പെടുത്തിയതു്‌. അതിന്‍പ്രകാരം, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതു്‌ ചെകുത്താന്‍ ആവാനാണു്‌ സാദ്ധ്യത. കാരണം, ദൈവത്തിനു്‌ പണിയുണ്ടാക്കി കൊടുക്കുകയാണല്ലോ അവന്റെ പണി. ദൈവമായിരുന്നു അവയെ സൃഷ്ടിച്ചതെങ്കില്‍ ഈ കുന്ത്രാണ്ടങ്ങള്‍ തമ്മില്‍ വേര്‍പെട്ടിരിക്കേണ്ടവയാണെന്നു്‌ മുന്‍കൂട്ടി കാണുകയും, സൃഷ്ടിയിലേതന്നെ അവയെ വേര്‍പെട്ടവയായി സൃഷ്ടിക്കുകയും ചെയ്യുമായിരുന്നില്ലെന്നുണ്ടോ? നെല്‍ച്ചെടിയില്‍ നിന്നും നേരിട്ടു്‌ അരി വിളയിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, നെല്ലുപുഴുങ്ങിക്കുത്തി അരിയാക്കുക എന്ന ബുദ്ധിമുട്ടു്‌ മനുഷ്യന്‍ ഒഴിവാക്കുമായിരുന്നു എന്നാണെനിക്കു്‌ തോന്നുന്നതു്‌. പക്ഷേ, ബാല്യത്തിലേ മുറിച്ചുമാറ്റേണ്ട ഒരു ലിംഗാഗ്രവുമായി മനുഷ്യനെ സൃഷ്ടിക്കുന്നതിലും എളുപ്പം അവരെ ലിംഗാഗ്രം ഇല്ലാത്തവരായി സൃഷ്ടിക്കുകയാണെന്ന സിമ്പിള്‍ ലോജിക്ക് മനസ്സിലാവാത്ത ഒരു ദൈവം ഒട്ടിപ്പിടിച്ചിരിക്കുന്ന ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചശേഷം ഭയങ്കരമായി മൂച്ചുപിടിച്ചു്‌ അവയെ തമ്മില്‍ വേര്‍പെടുത്തുന്നതു്‌ മനസ്സിലാക്കാവുന്നതേയുള്ളു. വേണമെങ്കില്‍ അതിലും നമുക്കു്‌ നല്ലൊരു ദൃഷ്ടാന്തമുണ്ടു്‌ – ഒരു ദൈവത്തെ കണ്ടുപിടിച്ചവനെക്കാള്‍ കൂടിയ ഒരു ബുദ്ധി ആ ദൈവത്തിനു്‌ ഉണ്ടാവാന്‍ കഴിയില്ല എന്നതാണതു്‌.

വെള്ളത്തില്‍ നിന്നുമാണു്‌ എല്ലാ ജീവവസ്തുക്കളെയും ദൈവം ഉണ്ടാക്കിയതു്‌ എന്നതുകൊണ്ടാണല്ലോ ദൈവം മനുഷ്യനെ സൃഷ്ടിക്കാനുള്ള മണ്ണുമായി സമുദ്രത്തിന്റെ അടിയിലേക്കു്‌ മുങ്ങാം കുഴിയിട്ടതു്‌!

പുരുഷനു്‌ അഗ്രചര്‍മ്മം വച്ചുപിടിപ്പിച്ച അതേ ദൈവം സൃഷ്ടിച്ച രാത്രിയും പകലും സൂര്യനും ചന്ദ്രനും അവയുടെ വഴികളിലൂടെ നീന്തിക്കൊണ്ടിരിക്കുന്നതു്‌ ഭൂമിയും കാണാതിരിക്കുന്നില്ല എന്നതിനാല്‍, അവയെപ്പോലെ തനിക്കും ഒന്നു്‌ നീന്തണം എന്നു്‌ ഭൂമിക്കും തോന്നിയാല്‍ എന്തായിരിക്കും ഭൂമിയിലുള്ളവയുടെ ഇളക്കം? അതുപോലുള്ള ഇളക്കമൊന്നും സംഭവിക്കാതിരിക്കാനാണു്‌ ആഴത്തില്‍ കുഴികുത്തി നല്ല ഉറപ്പായി ദൈവം പര്‍വ്വതങ്ങളെ സ്ഥാപിച്ചതു്‌. പര്‍വ്വതങ്ങളെ കാണുമ്പോള്‍ പിക്നിക്കിനു്‌ പോകണം എന്നു്‌ മനുഷ്യര്‍ക്കു്‌ തോന്നുമെന്നു്‌ അറിയാവുന്നതുകൊണ്ടാണു്‌ അവയില്‍ കുറെ നാഷനല്‍ ഹൈവേകളും ആയിക്കോട്ടേ എന്നു്‌ ദൈവം കരുതിയതു്‌. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയില്‍ അവര്‍ക്കു്‌ വഴി തെറ്റിപ്പോകരുതല്ലോ. ദൈവം സൃഷ്ടിച്ച അതുപോലൊരു രാജവീഥിയാണു്‌ ‘സില്‍ക്ക് സ്റ്റ്റീറ്റ്’. ദൈവം എല്ലാം മുന്‍കൂട്ടി കാണുന്നവനാണെന്നു്‌ അഗ്രചര്‍മ്മകാണ്ഡത്തില്‍ നമ്മള്‍ കണ്ടതു്‌ ഓര്‍മ്മിക്കുക. ഒട്ടിപ്പിടിച്ചിരുന്നതിനെ ബലം പ്രയോഗിച്ചു്‌ വേര്‍പെടുത്തിയ ബിഗ്-ബാംഗിന്റെ നടുക്കം തീര്‍ന്ന ഉടനെയാണു്‌ ദൈവം ആകാശമേല്‍പുരയുടെ കെട്ടിമേയല്‍ ആരംഭിച്ചതു്‌.

“ആകാശങ്ങളെ (ഗ്രഹങ്ങളെ) ശക്തിപൂര്‍വം നാം സൃഷ്ടിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. (51/ 47)”

ഇനി, ഖുര്‍ആനിലെ ഈ വാക്യവും അതിനെത്തുടര്‍ന്നുള്ള രണ്ടു്‌ വാക്യങ്ങളും കാണുക:

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.

ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത്‌ വിതാനിച്ചവന്‍ എത്ര നല്ലവന്‍!

എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി. (51: 47 – 49)

ഒട്ടിപ്പിടിച്ചിരുന്ന ആകാശങ്ങളെയും ഭൂമിയെയും വേര്‍പെടുത്താന്‍ വേണ്ടി ചില്ലറ പിടുത്തമാണോ ദൈവം പിടിച്ചതു്‌? അതുകൊണ്ടു്‌ ആകാശത്തെ നിര്‍മ്മിക്കാന്‍ നല്ല ശക്തി പ്രയോഗിക്കേണ്ടിവന്നു എന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ജോര്‍ജ്ജ് ബുഷ് പ്രശ്നം സോള്‍വ് ചെയ്യുന്നവനാണെങ്കില്‍, ദൈവം പ്രശ്നങ്ങളെ വികസിപ്പിക്കുന്നവനാണു്‌. ഭൂമിയെ ദൈവം ആക്കി വച്ചിരിക്കുന്നതു്‌ ഒരു വിരിപ്പു്‌ ആയിട്ടാണു്‌. പില്‍ക്കാലത്തു്‌ അതു്‌ ഉരുണ്ടുപോയെങ്കില്‍ അതിന്റെ പിന്നിലും ആ പിശാചു്‌ തന്നെയാവാനാണു്‌ വഴി. ദൈവത്തിനു്‌ സ്വൈര്യം കൊടുക്കാതിരിക്കാന്‍ വേണ്ടി എത്ര വലിയ നോമ്പും വ്രതവും എടുക്കാന്‍ മടിയില്ലാത്തവനാണു്‌ പിശാചു്‌. പേടിക്കുകയോ പരിഭ്രമിക്കുകയോ വേണ്ട. സമയം പോലെ ദൈവം ഭൂമിയെ വീണ്ടും വിരിപ്പാക്കി മാറ്റിക്കൊള്ളും.

എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട്‌ ഇണകളെ ദൈവം സൃഷ്ടിച്ചതു്‌ നമ്മള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടിയാണു്‌. എന്താണു്‌ നമ്മള്‍ ആലോചിക്കേണ്ടതു്‌? ഇണകളല്ലായിരുന്നെങ്കില്‍ മനുഷ്യര്‍ ഏകകോശജീവികളെപ്പോലെ സ്വയം വിഭജിച്ചു്‌ പെരുകേണ്ടി വരുമായിരുന്നു. അതാണു്‌ നമ്മള്‍ ആലോചിക്കേണ്ടതു്‌. അപ്പോള്‍ മനുഷ്യര്‍ക്കു്‌ ‘പൊട്ടെന്‍ഷ്യല്‍’ ആയ മരണം സംഭവിക്കുമായിരുന്നില്ല. ഒന്നുവച്ചാല്‍ രണ്ടു്‌ എന്ന രീതിയില്‍ പെരുകാമെന്നല്ലാതെ, ഒന്നു്‌ മനസ്സിണങ്ങി ചാകാന്‍ പോലും പറ്റാത്ത അവസ്ഥ! അതല്ലെങ്കില്‍ ദൈവം സ്വന്തം കൈകള്‍ കൊണ്ടു്‌ ഓരോന്നിനേയും വേറേ വേറേ വല്ല അമ്മിക്കല്ലിലും വച്ചു്‌ അരച്ചു്‌ കുഴമ്പുരൂപത്തില്‍ ആക്കി കൊല്ലണം. എന്തൊരു കഷ്ടമായേനെ അതു്‌? അതുവഴി സ്വര്‍ഗ്ഗം, സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍, നരകം, നരകത്തിലെ വറചട്ടികള്‍, നോമ്പു്‌, പ്രാര്‍ത്ഥന, മയ്യത്തു്‌ ചടങ്ങുകള്‍ … … എല്ലാം വ്യര്‍ത്ഥവും അധികപ്പറ്റുമാവുമായിരുന്നില്ലേ? അതല്ലാതെ മറ്റെന്തു്‌ ആലോചിച്ചു്‌ മനസ്സിലാക്കാനാണു്‌ ദൈവം നമ്മോടു്‌ ആവശ്യപ്പെടുന്നതെന്നു്‌ എനിക്കറിയില്ല.

“അവന്‍ പിന്നെ ആകാശത്തിന് നേരെ തിരിഞ്ഞു. അത് വാതകാവസ്ഥയിലായിരുന്നു. ആകാശത്തോടും ഭൂമിയോടും പറഞ്ഞു; ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ അനുസരണയുള്ളവരാവുക എന്ന്. അപ്പോള്‍ അവ രണ്ടും അറിയിച്ചു, ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു. (41/ 11).”

ഇനി, ഖുര്‍ആനിലെ ഈ വാക്യവും അതിനു്‌ മുന്‍പും പിന്‍പുമുള്ള വാക്യങ്ങളും കാണുക:

നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

അതില്‍ (ഭൂമിയില്‍) – അതിന്‍റെ ഉപരിഭാഗത്ത്‌ – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍

അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. (41: 9 – 12)

പ്രത്യേകം ശ്രദ്ധിക്കുക: ആദിപ്രപഞ്ചം ആകാശത്തില്‍ ഒരു പുകയായി അങ്ങനെ നിന്നപ്പോള്‍, എന്തുചെയ്യണം എന്നറിയാതെ ‘താഴെ’ ഭൂമിയും നില്‍ക്കുന്നുണ്ടായിരുന്നു! ആ പുകയോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവയ്ക്കു്‌ ആകെ കണ്‍ഫ്യൂഷനായി. അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ? നിര്‍ബന്ധിതമായോ അനുസരണപൂര്‍വ്വമോ? അനുസരണ ബലിയേക്കാള്‍ നല്ലതാണെന്നു്‌ ഓത്തുപള്ളിക്കൂടത്തില്‍ അവറ്റകള്‍ പഠിച്ചിരുന്നതു്‌ ഒരു മഹാഭാഗ്യമായി എന്നേ പറയേണ്ടൂ, അവസാനം അവ രണ്ടും ഏകസ്വരത്തില്‍ പറഞ്ഞു: “ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു”.

രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമി, നാലു ദിവസ(ഘട്ട)ങ്ങളിലായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍, രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഏഴു്‌ ആകാശങ്ങള്‍! ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ “അനുപാതത്തില്‍” വേണം കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കാന്‍ എന്നു്‌ അറിയാത്തവന്‍ അല്ലല്ലോ ദൈവം! ബ്ലാക്ക് ഹോളും, ഡാര്‍ക്ക് മാറ്ററും, ഡാര്‍ക്ക് എനര്‍ജിയും, കോടാനുകോടി നക്ഷത്രവ്യൂഹങ്ങളും സൃഷ്ടിച്ചു്‌ തൊട്ടുമുകളിലുള്ള ആകാശത്തില്‍ ചില വിളക്കുകളും കൊളുത്താന്‍ രണ്ടുദിവസ(ഘട്ട)ങ്ങള്‍! ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സൃഷ്ടിക്കാന്‍ നാലു്‌ ദിവസ(ഘട്ട)ങ്ങള്‍! എന്നുവച്ചാല്‍, പര്‍വ്വതങ്ങള്‍ക്കു്‌ ഉറപ്പു്‌ ലഭിക്കാന്‍ വേണ്ടത്ര ആഴമുള്ള കുഴികള്‍ കുത്തുന്ന പോലെ അത്ര അദ്ധ്വാനഭാരമുള്ള ജോലിയല്ലല്ലോ ഏഴു്‌ ആകാശങ്ങളും, ‘കുട്ടി പറഞ്ഞപോലുള്ള’ അവയിലെ സാധനങ്ങളും തട്ടിക്കൂട്ടാന്‍!

ഇപ്പറഞ്ഞതെല്ലാം വായിച്ചിട്ടും ഖുര്‍ആന്‍ മുഴുവന്‍ ആധുനികശാസ്ത്രമാണെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കു്‌ ബോദ്ധ്യപ്പെടുന്നില്ലെങ്കില്‍, ദാണ്ടെ ഈ ജ്ഞാനങ്ങള്‍ കൂടി വായിക്കുക.

“സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ സൂക്ഷ്മപദ്ധതിയനുസരിച്ചാണിത്. ചന്ദ്രനും ചില മണ്ഡലങ്ങള്‍ നാം നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ സഞ്ചരിച്ച് അത് ഉണങ്ങിയ ഈത്തപ്പനക്കുലയുടെ തണ്ടു പോലെയായിത്തീരും. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്. (36/ 38-40).” നെഞ്ചത്തു്‌ കൈവച്ചു്‌ സത്യം പറയൂ! ദൈവം വെളിപ്പെടുത്തിത്തന്നില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ മനുഷ്യര്‍ക്കു്‌ അറിയാന്‍ കഴിയുമായിരുന്നു എന്നാണോ നിങ്ങള്‍ കരുതുന്നതു്‌?

അതും പോരാത്തവര്‍ക്കു്‌: ഹബ്ള്‍സ് സ്‌പെയ്‌സ് ടെലസ്‌കോപ്പ്, കാലൈഡൊസ്കോപ്പ്, ലറിംഗോസ്കോപ്പ്, മൈക്രോസ്കോപ്പ്, സ്പെയ്സ്-ടൈം കണ്ടിന്യുവം, ജെനറല്‍ റിലേറ്റിവിറ്റി, ഹിഗ്സ് ഫീല്‍ഡ്, റോയല്‍ എന്‍ഫീല്‍ഡ്,  ഐന്‍‌സ്റ്റൈന്‍, ഫ്രാങ്കെന്‍‌സ്റ്റൈന്‍, ഹോക്കിംഗ്, ബ്രേക്കിംഗ്, ട്രാക്കിംഗ് … … “സത്യനിഷേധികളേ കണ്ടുമനസ്സിലാക്കൂ, വാനലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന രൂപത്തിലായിരുന്നു. നാം അവയെ വിടര്‍ത്തിയെടുത്തു.” ‘നാം’ എന്നതു്‌ കേട്ടു്‌ ഒന്നിലധികം ദൈവമോ എന്നു്‌ തെറ്റിദ്ധരിക്കണ്ട. ദൈവം തനിക്കു്‌ സ്വയം ഒരു പൂജകബഹുവചനം അനുവദിച്ചുകൊടുത്തു എന്നേയുള്ളു, കാര്യമാക്കാനില്ല.

 
9 Comments

Posted by on Aug 7, 2012 in Uncategorized

 

Tags: , , ,

9 responses to “സത്യനിഷേധികളേ, ഇതിലേ.. ഇതിലേ…

 1. sankar

  Aug 8, 2012 at 08:50

  എന്റെ മാഷെ,,,, ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിയെങ്കിലും ഇടരുത്….
  മനുഷ്യന്‍ ചിരിച്ചു ചിരിച്ചു ചാകും….!!!

   
 2. Sagar

  Aug 8, 2012 at 13:45

  “പ്രാപ്യപ്രപഞ്ചമെന്ന Observable Universeന് അപ്പുറം പിന്നെയും ആറു പ്രപഞ്ചങ്ങളുണ്ടെന്ന് മാക്‌സ് ടെഗ്മാര്‍ക്ക് പോലുള്ള സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞര്‍ വാദിക്കുന്നുണ്ട്.”

  ഇങ്ങനെ ഒരു വാദം ഉണ്ടോ ?

   
 3. c.k.babu

  Aug 8, 2012 at 19:52

  ‘അപ്രാപ്യ’പ്രപഞ്ചവും ‘ഒബ്സര്‍വേറ്ററി’ യൂണിവേഴ്സുകളുമൊക്കെ ഉപയോഗിച്ചു്‌ പടര്‍പ്പില്‍ തല്ലുന്ന കാര്യമാണു്‌ ഞാന്‍ അവസാനത്തെ പാരഗ്രാഫില്‍ പറഞ്ഞതു്‌. ന്യൂട്ടോണിയന്‍ മെക്കാനിക്സിലെ ഒരു ഇക്വേഷന്‍ സോള്‍വ് ചെയ്യാന്‍ പോലുമറിയാതെ റിലേറ്റിവിറ്റിയും ‘ഏഴുലോക’ തിയറിയുമായി ഇറങ്ങുന്ന ഇത്തരം ടൈപ്പുകള്‍ക്കു്‌ പിടിച്ചുനില്‍ക്കണമെങ്കില്‍ ‘ഗഹനം’ എന്നു്‌ തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങള്‍ ആവശ്യമാണു്‌. ജ്യോതിഷക്കാരുടെ ഭാഷ ശ്രദ്ധിച്ചിട്ടില്ലേ? മതപണ്ഡിതര്‍ അവരെയൊക്കെ കടത്തിവെട്ടുന്നവരാണു്‌. തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും ഇന്‍സ്റ്റിങ്ക്റ്റീവ് ആയി ലഭിച്ചിട്ടുള്ളവര്‍.

  Hugh Everett-ന്റെ തലയില്‍ 1957-ല്‍ relative state formulation എന്ന പേരില്‍ ഉദിച്ചു്‌ പിന്നീടു്‌ many-worlds interpretration എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയ ഒരു ആശയത്തെപ്പറ്റി കേട്ടിട്ടുണ്ടു്‌. അതു്‌ ആകെമൊത്തം ഏഴു്‌ യൂണിവേഴ്സുകളാവേണ്ടതു്‌ ഒരുപക്ഷേ ഇസ്ലാമിസ്റ്റുകളുടെ ആവശ്യമാവാം. അതിനു്‌ പറ്റിയ ഏതു്‌ ചവറും എവിടെനിന്നെങ്കിലും അവര്‍ തപ്പിയെടുക്കും. അല്ലെങ്കില്‍ ഖുര്‍ആന്‍ സത്യമല്ലെന്നു്‌ വരുമല്ലോ! അതിന്റെയൊക്കെ പുറകെ നടക്കാന്‍ ഞാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല.

   
  • Sagar

   Aug 8, 2012 at 20:35

   കുറച്ചു നാള്‍ മുമ്പ് വരെ അന്തരീക്ഷത്തിലെ ഏഴു ലെയറുകള്‍ ആയിരുന്നു.. ഇപ്പൊ യൂണിവേര്സ് ആയിട്ടുണ്ട്..

   അവിടെ ഒരു കമന്റ് കണ്ടു. കല്ലിനേയും മണ്ണിനേയും ആരാധിച്ചിരുന്നവര്ക്ക് മനസ്സിലാവാന്‍ വേണ്ടി സൂചന കൊടുത്തതാണെന്ന്..അറിവില്ലാത്തവര്‍ക്ക് എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോള്‍, കൂടുതല്‍ വിശദീകരിക്കുകയാണ്‌ സാധാരണ ചെയ്യാറുള്ളത്. ഇത് ദൈവീകമായത് കൊണ്ട് ഒരു വരി “സൂചന”..

   ജഗതി പറഞ്ഞപോലെ “ചാറു മുക്കി നക്കിയാല്‍ മതി..” ആറ്റിറ്റ്യൂഡ്..

    
 4. c.k.babu

  Aug 8, 2012 at 21:45

  അവരുടെ പുറകെ നടക്കുന്നവര്‍ ആരെന്നു്‌ ശ്രദ്ധിച്ചാല്‍ എല്ലാം വ്യക്തമാവും. ശാസ്ത്രജ്ഞര്‍ തുലാഭാരം നടത്തുന്ന നാടല്ലേ? മുടിവെള്ളം കുടിച്ചു്‌ നിര്‍വൃതിയടയാന്‍ ശ്രമിക്കുന്നവര്‍ക്കു്‌ എന്തു്‌ ബിഗ്-ബാംഗ്, എന്തു്‌ മള്‍ട്ടിവേഴ്സ്?

  ആ ലേഖനത്തിലെ ഈ ഭാഗം ശ്രദ്ധിക്കൂ:

  >>>ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രപഞ്ചവിതാനങ്ങളിലെ ലെവല്‍ 1 ആയ ദൃശ്യപ്രപഞ്ചത്തില്‍, സൂപ്പര്‍ ക്ലസ്റ്റര്‍ കോംപ്ലക്‌സിലെ ഒരു ക്ലസ്റ്ററായ വിര്‍ഗോയിലെ ലോക്കല്‍ ഗ്രൂപ്പില്‍, ക്ഷീരപഥത്തിലെ ഒറിയോണ്‍ സൈഗ്‌നസ് കരത്തിന്റെ ഗൗള്‍ഡ് ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന ലോക്കല്‍ ഇന്റര്‍സ്റ്റെല്ലാര്‍ ക്ലൗഡിലെ സൂര്യകുടുംബത്തില്‍ മൂന്നാമത്തെ അംഗമായി നിലകൊള്ളുന്നു, ഭൂമി.<<<

  അമ്പമ്പോ! എന്താ “ശാസ്ത്രീയമായ” പദങ്ങളുടെ ഒരു പക്കമേളം? കേള്‍ക്കുമ്പോള്‍തന്നെ തല കറങ്ങുന്നില്ലേ? ആ കറക്കമാണു്‌ മതപണ്ഡിതന്മാര്‍ക്കു്‌ വേണ്ടതും. ദേശീയഗാനം തലതിരിച്ചു്‌ എഴുതി വച്ചിരുന്നെങ്കിലും ഇതേ ഇഫക്റ്റ് കിട്ടിയേനെ. അവരെ കേള്‍ക്കുന്നവരില്‍ ആര്‍ക്കും ഇതെന്തു്‌ §$%&൫$§ ആണു്‌ നീ ഇവിടെ എഴുതി വച്ചിരിക്കുന്നതു്‌ എന്നു്‌ തന്നോടു്‌ ചോദിക്കാനുള്ള വിവരമില്ല എന്നൊരു ഉറപ്പിന്റെ പേരില്‍, അവിടന്നും ഇവിടന്നും ചുരണ്ടിയെടുത്ത പൊട്ടും പൊടിയുമെല്ലാം പൊടിപ്പും തൊങ്ങലും ചാര്‍ത്തി ആര്‍ഭാടമായി ഛര്‍ദ്ദിച്ചുവയ്ക്കുന്നു, അത്രതന്നെ! നാണം കെട്ട ഏഭ്യന്മാര്‍!

  പോസ്റ്റില്‍ ഞാന്‍ പറഞ്ഞതുപോലെ, ഖുര്‍ ആനില്‍ എഴുതിയിരിക്കുന്നതു്‌ ഇങ്ങനെ: "അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു."

  ഈ ഭാഗത്തെയാണു്‌ നമ്മുടെ പണ്ഡിതന്‍ "സത്യദൈവത്തിന്റെ നാമത്തില്‍" തിരുത്തിയും വ്യാഖ്യാനിച്ചും ഏഴു്‌ യൂണിവേഴ്സുകളാക്കുന്നതു്‌. "സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു" എന്നതിലേക്കു്‌ സൂത്രത്തില്‍ 'നക്ഷത്ര'ത്തെ ഒരു ബ്രാക്കറ്റുമിട്ടു്‌ കുത്തിക്കയറ്റുന്നതും, "സംരക്ഷണം ഏര്‍പ്പെടുത്തിയതിനെ" മുറിച്ചുമാറ്റുന്നതും അതിനുവേണ്ടിയാണു്‌ . അതോടെ സംഗതി ഉഷാര്‍! ഏഴു്‌ പാളികള്‍ എന്ന 'ചിലരുടെ' വാദങ്ങള്‍ ദുര്‍ബലമാകുന്നു, ഏഴു്‌ പ്രപഞ്ചങ്ങള്‍ ശക്തി പ്രാപിക്കുന്നു! വഞ്ചന ദൈവനാമത്തില്‍ ആണെങ്കില്‍ അതു്‌ തെറ്റോ പാപമോ അല്ലെന്നു്‌ മാത്രമല്ല, അതിനു്‌ സ്വര്‍ഗ്ഗത്തില്‍ ബോണസ് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും.

  മതപണ്ഡിതകാപട്യത്തിന്റെ കലാവിരുതു്‌ കാണണമെങ്കില്‍ കണ്ടോളൂ:

  ('ഏഴു വാനങ്ങള്‍' എന്ന പ്രയോഗംകൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിച്ചത് ഭൂമിക്കു മുകളിലെ അന്തരീക്ഷത്തിലെ ഏഴു പാളികളാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. 'ഏറ്റവും അടുത്തുള്ള വാനത്തെ (നക്ഷത്ര)ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു'വെന്ന് ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിച്ചത് ഈ വാദമുഖങ്ങളിലെ ദുര്‍ബലത നമ്മെ ബോധ്യപ്പെടുത്തുന്നു).

  അതുപോലെതന്നെയാണു്‌ "ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു" എന്നതു്‌ "ആകാശങ്ങളെ (ഗ്രഹങ്ങളെ) ശക്തിപൂര്‍വം നാം സൃഷ്ടിച്ചു" എന്നായി മാറുന്നതും. 'ആകാശം' 'ആകാശങ്ങള്‍' ആയി, ആകാശങ്ങള്‍ക്കു്‌ ആരോരുമറിയാതെ ബ്രാക്കറ്റിന്റെ സഹായത്തോടെ 'ഗ്രഹങ്ങള്‍' എന്ന അര്‍ത്ഥവും ഒപ്പിച്ചു! ഇതിനെയാണു്‌ നമ്മള്‍ ദൈവികമായ 'സത്യസന്ധത' എന്നു്‌ വിളിക്കുന്നതു്‌!

  ഫിസിക്സില്‍ ഹൈപ്പോതെസിസുകള്‍ക്കു്‌ പഞ്ഞമൊന്നുമില്ല. അറിയപ്പെടുന്ന പ്രൊഫസ്സറന്മാരോടു്‌ ചോദിച്ചുനോക്കൂ, എത്രയെത്ര 'ഉഗ്രന്‍' തത്വങ്ങളും, നിര്‍ദ്ദേശങ്ങളും, പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുടെ പരിഹാരങ്ങളുമാണു്‌ അവര്‍ക്കു്‌ മെയിലായും മറ്റും കിട്ടിക്കൊണ്ടിരിക്കുന്നതെന്നു്‌. അവരില്‍ അധികവും പ്രൊഫസ്സറുടെ പേരുപോലും ശരിക്കു്‌ എഴുതാന്‍ അറിയാത്തവരാണെന്നതാണു്‌ ഇതിലെ ദയനീയമായ സത്യം എന്നു്‌ ഏതോ ഒരു പ്രൊഫസ്സര്‍ എഴുതിയതു്‌ വായിച്ചിരുന്നു. ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ തനിക്കു്‌ വേണ്ടതു്‌ തപ്പിയെടുക്കാന്‍ ഇന്നു്‌ ആര്‍ക്കും വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഖുര്‍ആനില്‍ എഴുതി വച്ചിരിക്കുന്ന അബദ്ധങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാതെ, മനുഷ്യരെ 'ആധുനികശാസ്ത്രം' പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ നിരത്തുന്ന ചവറുകള്‍ വരുന്നതും അവിടെ നിന്നാണു്‌. അങ്ങനെയാണു്‌ ഒട്ടിപ്പിടിച്ചതിനെ വേര്‍പെടുത്തുന്നതു്‌ ബിഗ്-ബാംഗ് ആവുന്നതും, ഏഴു്‌ ആകാശങ്ങള്‍ ഏഴോ എഴുപതോ ഒക്കെ യൂണിവേഴ്സുകളാവുന്നതും, പരന്നതു്‌ ഉരുളുന്നതും, എലി പുലിയാവുന്നതുമെല്ലാം.

   
 5. anu

  Aug 11, 2012 at 19:16

  kidilam

   
 6. firoz

  Aug 12, 2012 at 10:14

  വിശുദ്ധ ഖുറാന്‍ പരാമര്‍ശങ്ങള്‍ ആധുനിക ശാസ്ത്ര സത്യങ്ങളുമായി ഒത്തുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തന്നെ അല്പപതരമാണ്. ബിഗ്‌ ബാന്ഗ് തിയറി പോലും പരമമായ കണ്ടുപിടുതമല്ല മറിച്ചു സാധ്യത കൂടിയ നിഗമനം മാത്രമാണ.

   
 7. c.k.babu

  Aug 12, 2012 at 12:21

  “ഖുറാന്‍ പരാമര്‍ശങ്ങള്‍ ആധുനിക ശാസ്ത്ര സത്യങ്ങളുമായി ഒത്തുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തന്നെ അല്പപതരമാണെന്നു്‌” അറിയേണ്ടവര്‍ മറ്റാരുമല്ല, അത്തരം അവകാശവാദങ്ങള്‍ മുന്നോട്ടു്‌ വയ്ക്കുന്നര്‍ തന്നെയാണു്‌. ചുരുങ്ങിയപക്ഷം, അതൊക്കെ വിളിച്ചു്‌ പറയുന്നതിനു്‌ മുന്‍പു്‌ ബിഗ്-ബാംഗ് എന്നാല്‍ എന്തെന്നെങ്കിലും അറിയാനുള്ള ബാദ്ധ്യത അവര്‍ക്കുണ്ടു്‌. അവരെ വായിക്കുന്നവരോടു്‌ കാണിക്കേണ്ട ഒരു മിനിമം നീതിയാണതു്‌.

  ഇതുവരെയുള്ള എല്ലാ ശാസ്ത്രീയ കണ്ടെത്തലുകളും ബിഗ്-ബാംഗ് തിയറിയെ ശരിവയ്ക്കുന്നതാണു്‌. അതുകൊണ്ടു്‌ അതു്‌ അന്തിമമായ ഒരു തിയറിയാണെന്നു്‌ ശാസ്ത്രലോകത്തില്‍ ആരെങ്കിലും പറയുമെന്നു്‌ തോന്നുന്നില്ല. അങ്ങനെയൊരു അവകാശവാദം ശാസ്ത്രം എന്നതിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും.

  പ്രപഞ്ചത്തെ സംബന്ധിച്ച ‘ആത്യന്തികസത്യങ്ങള്‍’ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും, ‘ലോകാവസാനം വരെ’ യാതൊരുവിധ തിരുത്തലും ആവശ്യമില്ലാത്തതുമായ ഒരു ഗ്രന്ഥം എന്നു്‌ അതുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്ന ഖുര്‍ആനില്‍, പരമമായ സത്യമാണെന്നു്‌ തീര്‍ത്തു്‌ പറയാനാവാത്ത ഏതെങ്കിലുമൊരു തിയറിയെപ്പറ്റി, അതു്‌ ശരിയാണെന്ന രീതിയില്‍, പറയുന്നുണ്ടു്‌ എന്ന വാദം എത്രമാത്രം പൂര്‍വ്വാപരവിരുദ്ധമാണെന്നു്‌ നേരിയ ബോധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതുപോലുള്ള ലേഖനങ്ങളുമായി ‘മതപണ്ഡിതര്‍’ എന്നു്‌ അവകാശപ്പെടുന്നവര്‍ ലോകത്തിനു്‌ മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നില്ല. മതജ്ഞാനത്തിന്റെ പിടിയില്‍ ഒതുങ്ങുതല്ല ആധുനികശാസ്ത്രം.

   
 8. Ramesh

  Aug 13, 2012 at 08:38

  സംഭവം ആ അഗ്രത്തിന്റെ കാര്യം ഞാനും ഒരുപാട ആലോചിച്ചിരുന്നതാ.

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: