RSS

പരിഹാസാതീതമായ വിശ്വാസം

20 Jun

ദൈവത്തെപ്പറ്റിയും, മതത്തെപ്പറ്റിയും, ആത്യന്തികത അവകാശപ്പെടുന്ന മറ്റു്‌ വിശ്വാസസംഹിതകളെപ്പറ്റിയുമൊക്കെ പറയുമ്പോള്‍ ഒരിക്കലും പുച്ഛരസം പാടില്ല. അതു്‌ വിശ്വാസികള്‍ വിശുദ്ധമെന്നു്‌ കരുതുന്ന അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. വ്രണങ്ങള്‍ വളരെ സന്തോഷത്തോടെ ചെയ്യുന്ന ഒരു പ്രധാന കാര്യം അളിയുക എന്നതായതിനാല്‍ വ്രണപ്പെട്ടുകഴിഞ്ഞാല്‍ ഉടനെതന്നെ വികാരങ്ങളും അളിയാനും പൊട്ടിയൊലിക്കാനും തുടങ്ങും. അതുവഴി വിശ്വാസി കണ്ണിലുണ്ണി പോലെ കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ പരിശുദ്ധി അസഹ്യമായ ദുര്‍ഗന്ധവാഹിയായി മാറും. ഈ സത്യം യുക്തിബോധമുള്ള മനുഷ്യരുമായി ഒരിക്കലെങ്കിലും ഇടപെട്ടിട്ടുള്ള എല്ലാ വിശ്വാസികള്‍ക്കുമറിയാം. അതുകൊണ്ടാണു്‌ സ്വന്തം വിശ്വാസങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു്‌ അവര്‍ക്കിഷ്ടമല്ലാത്തതു്‌. എന്നാല്‍, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും നിലപാടുകളെയും പുച്ഛിക്കുന്നതിനോ എതിര്‍ത്തു്‌ നശിപ്പിക്കുന്നതിനോ ഈ വസ്തുത അവര്‍ക്കു്‌ യാതൊരു വിധത്തിലും ഒരു തടസ്സമാവുന്നുമില്ല. പക്ഷേ, ഒരാശയത്തെ മറ്റൊരാശയം കൊണ്ടു്‌ നേരിടണമെങ്കില്‍ രണ്ടിലും സാമാന്യത്തില്‍ അധികമായ പ്രാവീണ്യം ഉണ്ടായിരിക്കണം എന്ന ലളിതസത്യം മൂലം, എതിരാളിയെ വ്യക്തിപരമായോ, പറ്റിയാല്‍ അവന്റെ വീട്ടുകാരെ ആകെമൊത്തമായോ തെറി പറഞ്ഞു്‌ നിശബ്ദനാക്കുക എന്ന എളുപ്പമാര്‍ഗ്ഗമാവും അവര്‍ സ്വീകരിക്കുക. സംഘം ചേര്‍ന്നു്‌ കലപില കൂട്ടുക, ബഹളം വയ്ക്കുക എന്നതില്‍ കവിഞ്ഞുള്ള ശേഷിയൊന്നും അതിനു്‌ ആവശ്യവുമില്ല. കേരളക്കരയിലെ മാദ്ധ്യമലോകത്തില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു്‌ കയറിയിറങ്ങിയാല്‍ ഈ വിഷയത്തിലെ അവസാനത്തെ സംശയവും ദൂരീകരിക്കാനാവും. അതുപോലെതന്നെ, സാദ്ധ്യമാവുന്നിടത്തു്‌ എതിര്‍പക്ഷത്തുള്ള മനുഷ്യരെ കൊലചെയ്തുപോലും സ്വന്തവിശ്വാസം സംരക്ഷിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ വിശ്വാസത്തിന്റെ അടിമകള്‍ക്കു്‌ മനസ്സാക്ഷിക്കുത്തോ മടിയോ ഇല്ല എന്നതിന്റെ അനിഷേദ്ധ്യമായ തെളിവുകളാണു്‌ ഭൂതകാല-, വര്‍ത്തമാനകാലലോകചരിത്രത്തിന്റെ സിംഹഭാഗവും നമ്മെ വരച്ചുകാണിക്കുന്നതു്‌.

ബ്ലോഗ് ലോകത്തില്‍ വിശ്വാസപരമായ കാര്യങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കണ്ടാല്‍ ഉടനെ വിശ്വാസികള്‍ അതില്‍ ‘ഇടപെടും’. ‘ഇടപെടാന്‍’ അവര്‍ക്കു്‌ ആകെയുള്ള ‘ആര്‍ഗ്യുമെന്റ്സ്’ (മുട്ടായുക്തി എന്നു്‌ വായിക്കുക) വിരലിലെണ്ണാവുന്നതേയുള്ളു. അവയുടെയെല്ലാം രത്നച്ചുരുക്കം: “ദൈവത്തിന്റെ കയ്യൊപ്പുള്ള എന്റെ ഗ്രന്ഥത്തെപ്പറ്റിയും, എന്റെ വിശ്വാസത്തിലെ യുക്തിയെപ്പറ്റിയുമൊന്നും നിനക്കൊന്നും ഒരു ചുക്കും അറിയില്ല”. അതുപോലുള്ള ഏതാനും പ്രസ്താവനകളോടൊപ്പം, മറ്റുള്ളവര്‍ക്കു്‌ അവര്‍ നിഷേധിക്കുന്നതായ അതേ പുച്ഛവും അവഹേളനവും വേണ്ടുവോളം കൂട്ടിച്ചേര്‍ത്താല്‍ വിശ്വാസിയുടെ ‘ചര്‍ച്ച’ ആയി. ഈ ‘ഇടപെടല്‍’ കൊണ്ടു്‌ അവര്‍ നേടാനാഗ്രഹിക്കുന്നതു്‌ സത്യം തുറന്നു്‌ പറയാനാഗ്രഹിക്കുന്ന വിമര്‍ശകരെ നിരുത്സാഹപ്പെടുത്തി അവരുടെ ഉദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണു്‌. അങ്ങനെയേ ‘തിരുത്തല്‍ ആവശ്യമില്ലാത്ത’ തങ്ങളുടെ ആത്യന്തികസത്യങ്ങളല്ലാതെ മറ്റു്‌ സത്യങ്ങളില്ല എന്ന വിഡ്ഢിത്തത്തില്‍ ജനങ്ങളെ പിടിച്ചുനിര്‍ത്താന്‍ ആവുകയുള്ളു. അവര്‍ക്കറിയാത്തതു്‌, “ഞാനൊഴികെ മറ്റു്‌ ദൈവങ്ങളില്ല” എന്നു്‌ അവകാശപ്പെടുന്ന ഒരു ദൈവം ചെയ്യുന്നതു്‌ മറ്റു്‌ ദൈവങ്ങള്‍ ഉണ്ടെന്നു്‌ പരോക്ഷമായി സമ്മതിക്കുക മാത്രമാണെന്ന യാഥാര്‍ത്ഥ്യമാണു്‌. മറ്റു്‌ ദൈവങ്ങള്‍ എന്നൊന്നു്‌ ഇല്ലെങ്കില്‍ മറ്റു്‌ ദൈവങ്ങള്‍ എന്ന ആശയം എവിടെ നിന്നു്‌ വരുന്നു? ആ ആശയത്തിനു്‌ എന്തെങ്കിലുമൊരു അടിസ്ഥാനമുണ്ടാവുന്നതെങ്ങനെ? സ്വന്തം ദൈവത്തെ സകലരുടെയും ദൈവമാക്കാന്‍ ആഗ്രഹിക്കുന്ന ഏതാനും മനുഷ്യര്‍ ഇല്ലാത്ത ഒരു ദൈവത്തിന്റെ വായില്‍ ഈ വാചകം തിരുകുന്നതില്‍ നിന്നുമല്ലാതെ മറ്റെവിടെനിന്നുമാണു്‌ ഈ വിരോധാഭാസം വരുന്നതു്‌?

ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവന്‍ അതിനെ പരിഹസിക്കാതിരിക്കുന്നതു്‌ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. പക്ഷേ, അതില്‍ വിശ്വസിക്കാത്തവരും അതിനെ ബഹുമാനിച്ചുകൊള്ളണം എന്ന തിട്ടൂരത്തില്‍ എന്തു്‌ ന്യായം എന്നെനിക്കറിയില്ല. ബഹുമാനം അര്‍ഹിക്കുന്ന കാര്യങ്ങളാണു്‌ അതിന്റെ ഉള്ളടക്കമെങ്കില്‍, നിര്‍ബന്ധമാണെങ്കില്‍, അംഗീകരിച്ചേക്കാം എന്നു്‌ കരുതാമായിരുന്നു. ബൈബിളില്‍ യഹോവയായ ദൈവം ഒരു കഴുതയിലൂടെ തന്റെ ‘ശക്തി’ തെളിയിക്കുന്ന താഴെക്കൊടുക്കുന്ന ഭാഗം വായിച്ചിട്ടു്‌ അതു്‌ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തിന്റെ വചനമാണു്‌ എന്നു്‌ ഒരുവന്‍ പറഞ്ഞാല്‍ ആ അസാമാന്യബുദ്ധിമാനെ ഇക്കാലത്തു്‌ കഴുതകള്‍ പോലും പരിഹസിക്കുമെന്ന കാര്യത്തില്‍ സംശയം വേണോ?

“യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു്‌ അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു്‌ ബിലെയാമിനോടു്‌: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു്‌ എന്തു്‌ ചെയ്തു എന്നു ചോദിച്ചു. ബിലെയാം കഴുതയോടു്‌: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു്‌ പറഞ്ഞു. കഴുത ബിലെയാമിനോടു്‌: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു്‌? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു്‌ കാണിച്ചിട്ടുണ്ടോ എന്നു്‌ ചോദിച്ചു. ഇല്ല എന്നു്‌ അവൻ പറഞ്ഞു. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുതുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്‍ക്കുന്നതു്‌ അവൻ കണ്ടു്‌ സാഷ്ടാംഗം വീണു്‌ നമസ്കരിച്ചു.” (സംഖ്യാപുസ്തകം 22: 27 – 31). വായിച്ചാല്‍ പുച്ഛം തോന്നുകയില്ല എന്നു്‌ ഉറപ്പുള്ളവരും അല്ലാത്തവരുമായ ആവശ്യക്കാര്‍ക്കു്‌ ഇരുപത്തി രണ്ടാം അദ്ധ്യായത്തില്‍ ഉത്തരവാദിത്വബോധമുള്ള ഈ കഴുതയെപ്പറ്റിയും, ദൈവത്തിന്റെ ദൂതനെപ്പറ്റിയും, യഹോവയുടെ ഇതുപോലൊരു ഗൗരവതരമായ ഇടപെടല്‍ ആവശ്യമായി വന്ന സാഹചര്യത്തെപ്പറ്റിയും കുറച്ചുകൂടി വിശദമായി വായിക്കാം.

ആരെങ്കിലും സംസാരിക്കുന്ന കഴുതയില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ അവരുടെ വഴിക്കു്‌ വിടുന്നതല്ലേ നല്ലതു്‌ എന്നും മറ്റും ചിലര്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ ശ്രമിക്കാറുണ്ടു്‌. എന്ന്വച്ചാല്‍, കുറെപ്പേര്‍ തെറ്റായ വഴിയിലൂടെയാണു്‌ പോകുന്നതെങ്കിലും, അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും, അവരുടേതു്‌ തെറ്റായ വഴിയാണെന്നു്‌ അവരെന്നല്ല, മറ്റാരും അറിയാന്‍ ഇടവരരുതെന്നു്‌! മറ്റു്‌ വാക്കുകളില്‍ പറഞ്ഞാല്‍, തെറ്റായ വഴി തിരഞ്ഞെടുത്ത കുറെ വിഡ്ഢികളാല്‍ ആയിരിക്കണം ഈ ലോകത്തിലെ ബാക്കി മനുഷ്യരും നയിക്കപ്പെടേണ്ടതെന്നു്‌! തെറ്റിനെ മനഃപൂര്‍വ്വം ശരി എന്നു്‌ വിളിക്കലല്ലാതെ മറ്റെന്താണതു്‌?

പുച്ഛം തോന്നാനോ പരിഹസിക്കാനോ പാടില്ലാത്തവ ബൈബിളിലേ ഉള്ളു എന്നു്‌ കരുതണ്ട. ദൈവത്തിന്റെ അത്തരം ലീലാവിലാസങ്ങള്‍ ഖുര്‍ആനും വേണ്ടുവോളം കാഴ്ചവയ്ക്കുന്നുണ്ടു്‌. മരണപ്പെട്ടവരെ ദൈവം ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ഖുര്‍ ആനിലെ ഒരു വര്‍ണ്ണന: (പണ്ടൊരു പോസ്റ്റിലും ഞാന്‍ ഇതിനെപ്പറ്റി എഴുതിയിരുന്നു)

“എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.” 2:260

ഇതോ ഇതിനും അപ്പുറത്തുള്ളതോ കേട്ടാലും ആരും പുച്ഛിക്കരുതു്‌, പരിഹസിക്കരുതു്‌; ആമീന്‍ ചൊല്ലി അംഗീകരിക്കുക മാത്രം ചെയ്യുക!

സര്‍ക്കാസം സര്‍ക്കാസമാണെന്നു്‌ മനസ്സിലാവണമെങ്കില്‍, പരാമര്‍ശവിധേയമാവുന്ന കാര്യത്തിന്റെ യഥാര്‍ത്ഥമായ അവസ്ഥയെപ്പറ്റി ഒരു മിനിമം അറിവു്‌ ഉണ്ടായാലേ പറ്റൂ. നിരുപദ്രവകരമായ ഒരു തമാശ കേട്ടാല്‍ ചിരിക്കാനോ, ഒരു സാറ്റയര്‍ വായിച്ചാല്‍ ആസ്വദിക്കാനോ കഴിയാത്ത വിധം മനുഷ്യബുദ്ധിയുടെ എവൊല്യൂഷന്റെ ഏതോ ഘട്ടത്തില്‍ കുറെ മനുഷ്യരെ വിശ്വാസികളാക്കി പിടിച്ചുനിര്‍ത്തി മുരടിപ്പിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമായും ഏറ്റെടുക്കേണ്ടവര്‍ ദൈവത്തിന്റേതെന്ന പേരില്‍ കുറെ ചണ്ടികള്‍ എഴുതിയുണ്ടാക്കി അവരെ പാടിപ്പഠിപ്പിച്ച കുറെ മനുഷ്യര്‍ മാത്രമാണു്‌. ഈ കുറ്റകൃത്യത്തിന്റെ ചുമതല ഒരു കാരണവശാലും പ്രകൃതിയുടെ തലയില്‍ വച്ചുകെട്ടാനാവുന്നതല്ല.

 
2 Comments

Posted by on Jun 20, 2012 in പലവക

 

Tags: , ,

2 responses to “പരിഹാസാതീതമായ വിശ്വാസം

 1. mukkuvan

  Jun 26, 2012 at 00:01

  ഇതോ ഇതിനും അപ്പുറത്തുള്ളതോ കേട്ടാലും ആരും പുച്ഛിക്കരുതു്‌, പരിഹസിക്കരുതു്‌; ആമീന്‍ ചൊല്ലി അംഗീകരിക്കുക മാത്രം ചെയ്യുക!

  Amen

   
 2. Rajesh

  Jul 17, 2012 at 08:57

  സര്‍, പോസ്റ്റുമായി ബന്ധമില്ലാത്ത ഒരു സംശയം…

  ഭൂമിയുടെ നോര്‍ത്ത് പോളില്‍ നിന്ന് മുകളിലേക്ക് ഒരു സ്പെയ്സ് ക്രാഫ്റ്റ് വിക്ഷേപിച്ചാല്‍, അത് എങ്ങോട്ടായിരിക്കും പോവുക..? അതില്‍ ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് എന്തൊക്കെ ആയിരിക്കും കാണാന്‍ കഴിയുക?

  സമയം അനുവദിക്കുമെങ്കില്‍, ഇതിനു ഒരു ഉത്തരം തരുമോ?

   
 
%d bloggers like this: