ബൈബിളിലെ തോറ, തൗറാത്ത് എന്നൊക്കെ വിളിക്കപ്പെടുന്ന പഴയനിയമഭാഗം വായിക്കുക, അനുഗ്രഹം നേടുക:
അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു് പറഞ്ഞതു്: നിങ്ങൾ ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു്:
“ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു് വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു്.” (പുറപ്പാടു് 35 : 1- 3)
(ആറുദിവസം ജോലി ചെയ്യാതിരിക്കുന്നതും അനുസരണയില്ലായ്മ ആണെന്നതിനാല്‍ അതിനും “മരണശിക്ഷ” നല്‍കാമായിരുന്നു. )
മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു്:
“യഹോവ കല്പിച്ചതു എന്തെന്നാൽ: നിങ്ങളുടെ ഇടയിൽ നിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു് കൊണ്ടുവരേണം. പൊന്നു്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ തഹശൂതോൽ, ഖദിരമരം, വിളക്കിന്നു് എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം, ഗോമേദകക്കല്ല്, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നേ. നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം. തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന്നു നിലവിളക്കു്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു് എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാര വാതിലിന്റെ മറ, തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ.” – (പുറപ്പാടു് 35 : 4 – 19)
പുറപ്പാടു് ഇരുപതാം അദ്ധ്യായത്തില്‍ വെളിപ്പെടുന്ന മോശെയുടെ (യഹോവയുടെ!) മറ്റൊരു മുഖം:
അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു്: “നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു് നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു്. എനിക്കു് മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു് സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും. കല്ലു കൊണ്ടു് എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു് അതു പണിയരുതു്; നിന്റെ ആയുധംകൊണ്ടു് അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും. എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു്.” (പുറപ്പാടു് 20 : 22 – 26)
അംഗഹീനരെ “ശുദ്ധീകരിക്കുന്ന” യഹോവ!:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു്: “നീ അഹരോനോടു പറയേണ്ടതു് എന്തെന്നാൽ: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുതു്. അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു്; കുരുടൻ, മുടന്തൻ, പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കയ്യൊടിഞ്ഞവൻ, കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു്. പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിപ്പാൻ അടുത്തു വരരുതു്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ അടുത്തുവരരുതു്. തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു് ഭക്ഷിക്കാം. എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.” (ലേവ്യ 21: 16-23)
പഴയനിയമത്തിലെ ഒരദ്ധ്യായത്തിലെതന്നെ രണ്ടു് പ്രസ്താവനകള്‍:
“ഒരുത്തൻ തന്റെ സ്നേഹിതനോടു് സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു് അഭിമുഖമായി സംസാരിച്ചു.” (പുറപ്പാടു് 33: 11)
“നിനക്കു് എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു് ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു. … … നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറപ്പാടു് 33: 20 – 23)
(അതുകൊണ്ടു് ഇതു് രണ്ടും വിളക്കിച്ചേര്‍ത്തു് ന്യായീകരിക്കാന്‍ പറ്റിയ വ്യാഖ്യാനമൊന്നും വിശ്വാസിയുടെ പക്കല്‍ ഇല്ല എന്നു് കരുതണ്ട. ഏതു് വൈരുദ്ധ്യത്തിനും പറ്റിയ മുട്ടായുക്തികള്‍ ഇല്ലായിരുന്നെങ്കില്‍ വിശ്വാസി വിശ്വാസി ആവുമായിരുന്നില്ലല്ലോ. വിശ്വാസിയുടെ കാഴ്ചപ്പാടില്‍ ഹനുമാന്‍ ദൈവമാകുന്നതും ഡിങ്കന്‍ ദൈവമല്ലാതാകുന്നതും അങ്ങനെയാണു്.)
ഇതിന്റെയെല്ലാം കുറ്റം പുരോഹിതന്മാരില്‍ ആരോപിക്കുന്നവര്‍ അവരുടേതിനെ വിശേഷിപ്പിക്കുന്നതു് “ശരിയായ ദൈവവിശ്വാസം” എന്നാണു്. ദൈവം തന്നെ പുരോഹിതസൃഷ്ടിയാണെന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കാനാണു് അവര്‍ക്കിഷ്ടം. “സകല മനുഷ്യരുടെയും സ്രഷ്ടാവായ”, ശബ്ബത്തില്‍ ജോലി ചെയ്യുന്നവനു് മരണശിക്ഷ വിധിക്കുന്ന, “സ്നേഹസ്വരൂപിയായ” ഒരു ദൈവം! ആശുപത്രി, പോലീസ്, ഫയര്‍ഫോഴ്സ്, വാഹനഗതാഗതം മുതലായ അത്യാവശ്യസര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ ശബ്ബത്തിലും ജോലി ചെയ്യുന്നവരാണെന്നതിനാല്‍ അവരെ എന്താണാവോ “ശരിയായ സത്യവിശ്വാസികള്‍” ആരും കല്ലെറിഞ്ഞു് കൊല്ലാത്തതു്? ദൈവകല്പനകളെ നിഷേധിക്കുന്നവരെ കാത്തിരിക്കുന്നതു് നിത്യനരകമാണെന്നു് അവര്‍ മറന്നുവെന്നുണ്ടോ?