RSS

തൂണിലെയും തുരുമ്പിലെയും ദൈവം

20 Mar

ഒരു ഭാരതീയ വിശ്വാസപ്രകാരം തൂണിലും തുരുമ്പിലും (ഈയിടെയായി തലമുടിയിലും!) ദൈവമുണ്ടു്‌. അതുകൊണ്ടാവാം ഒരു കല്ലിന്റെയോ തടിയുടെയോ ആണിയുടെയോ ഒക്കെ മുന്നില്‍ ധ്യാനനിമഗ്നതയുടെ ലക്ഷണങ്ങളായ തൊഴുകയ്യും അടഞ്ഞ കണ്ണുകളുമായി നിശ്ശബ്ദമായോ പിറുപിറുത്തുകൊണ്ടോ ആരെങ്കിലും നില്‍ക്കുന്നതു്‌ കണ്ടാല്‍ ഭാരതീയരില്‍ അതു്‌ അസാധാരണത്വമൊന്നും ഉളവാക്കാറില്ലാത്തതു്‌. ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഇത്തരം നിലപാടുകളും ഉരുള്‍പാടുകളുമൊക്കെ അവനവന്റെ ആരോഗ്യത്തിനും ആസക്തിക്കുമനുസരിച്ചു്‌ സ്വീകരിക്കാനുള്ള “ഭക്തിസ്വാതന്ത്ര്യം” ഇന്‍ഡ്യന്‍ ഭരണഘടന ജനങ്ങള്‍ക്കു്‌ അനുവദിച്ചു്‌ നല്‍കുന്നുമുണ്ടു്‌. (ഭാരതീയനു്‌ ആത്മീയസ്വപ്നങ്ങള്‍ കാണാന്‍ ഭക്തി, ലൗകികസ്വപ്നങ്ങള്‍ കാണാന്‍ സിനിമ – രണ്ടും താരതമ്യേന കുറഞ്ഞ ചിലവില്‍ ആഘോഷിക്കാം, ആസ്വദിക്കാം). ഈ ഭക്തിസ്വാതന്ത്ര്യം പൂര്‍ണ്ണമായും മുതലെടുത്തിരുന്ന ഒരു കൊല്ലപ്പണിക്കാരന്‍ എനിക്കു്‌ ചെറുപ്പത്തില്‍ അയല്‍വാസിയായി ഉണ്ടായിരുന്നു. നേഞ്ചല്‍ നുകം മഴുക്കൈ കോടാലിക്കൈ മുതലായ ഉപകരണങ്ങള്‍ നിര്‍മ്മിക്കലായിരുന്നു അങ്ങേരുടെ ഉപജീവനമാര്‍ഗ്ഗം. ഞങ്ങള്‍ പിള്ളേര്‍ “പണിയ്ക്കന്‍” എന്നു്‌ വിളിച്ചിരുന്ന ആ മനുഷ്യന്റെ “ആരാധനാമൂര്‍ത്തി” ഞങ്ങളുടെ നാട്ടില്‍ “ചാമപ്പൊതിയന്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമാന്യം വലിയ ഒരു കല്ലായിരുന്നു. എവിടെനിന്നോ ഉരുട്ടിക്കൊണ്ടുവന്നു്‌ തന്റെ പത്തുസെന്റിലെ ഒരു മരത്തിന്‍ചുവട്ടില്‍ കുത്തിനിര്‍ത്തിയിരുന്ന ആ  കല്ലിന്റെ മുന്നില്‍ നിന്നുകൊണ്ടു്‌ തേങ്ങ ഉടയ്ക്കല്‍, ആ കല്ലിനു്‌ പലതരം ദ്രാവകങ്ങള്‍ കൊണ്ടു്‌ ധാരകോരല്‍, പലവിധത്തിലുള്ള പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെ നിരത്തിക്കൊണ്ടുള്ള ചില മന്ത്രോച്ചാരണങ്ങള്‍ മുതലായ ചടങ്ങുകള്‍ – നിരുപദ്രവകരമായതിനാലാവാം – പകല്‍ സമയത്തും അങ്ങേര്‍ നടത്താറുണ്ടായിരുന്നതിനാല്‍ അവയെല്ലാം ഇത്തിരി അകലെ നിന്നാണെങ്കിലും ഇടയ്ക്കൊക്കെ നോക്കിക്കാണാന്‍ എനിക്കു്‌ സാധിച്ചിരുന്നു. പക്ഷേ, കോഴിവെട്ടു്‌, വെള്ളം കുടി മുതലായ, രാത്രികാലങ്ങളില്‍ മാത്രം നടത്തപ്പെട്ടിരുന്ന പുത്രകാമേഷ്ടി-, ശത്രുസംഹാരാദിയാഗങ്ങള്‍ “adults only” ആയിരുന്നതിനാല്‍ അവയെപ്പറ്റി ഞങ്ങള്‍ “പൈതങ്ങള്‍ക്കു്‌” കേട്ടറിവേ ഉണ്ടായിരുന്നുള്ളു.

തൊട്ടടുത്തുതന്നെ മറ്റൊരു പത്തുസെന്റില്‍ താമസിച്ചിരുന്ന, ഭക്തിയില്‍ അല്പം പിന്നാക്കമായിരുന്ന, അങ്ങേരുടെ അനുജനു്‌ മൂന്നാമതായി ഒരു ആണ്‍കുഞ്ഞു്‌ പിറക്കുകയും, തന്റെ നാലാമത്തേതും പെണ്‍കുഞ്ഞാവുകയും ചെയ്തതോടെ യാഗാനുഷ്ഠാനങ്ങളുടെ ആവേശത്തിലും ഫ്രീക്വന്‍സിയിലും ശ്രദ്ധാര്‍ഹമായ വര്‍ദ്ധനവുണ്ടായി. “ഒന്നുകില്‍ അവന്റെ ആണ്‍കുരുന്നു്‌ താമസംവിനാ തട്ടിപ്പോകണം, അല്ലെങ്കില്‍ എനിക്കു്‌ ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ത്തന്നെ ഒരു ആണ്‍കുഞ്ഞു്‌ പിറക്കണം” – അതായിരുന്നു ഡിമാന്റ്. എനിക്കു്‌ നന്മ വരുത്തേണ്ടതും എന്റെ ശത്രുവിനു്‌ തിന്മ വരുത്തേണ്ടതും എന്റെ ദൈവത്തിന്റെ ബാദ്ധ്യതയാണു്‌. അല്ലെങ്കില്‍ പിന്നെ എനിക്കു്‌ എന്തിനൊരു ദൈവം? വിശ്വാസകാര്യങ്ങളില്‍ ഈ സ്ട്രാറ്റെജി പിന്‍തുടരാന്‍ ഫൊയര്‍ബാഹിനെ വായിച്ചിട്ടുണ്ടാവണം എന്നു്‌ നിര്‍ബന്ധമൊന്നുമില്ല. കര്‍ശനമായ തന്റെ ഈ ഡിമാന്റ്  ചാമപ്പൊതിയനെക്കൊണ്ടു്‌ അംഗീകരിപ്പിക്കുക എന്നതായിരുന്നു അങ്ങേര്‍ വിധിപ്രകാരം നടത്തിയിരുന്ന  യാഗമാരത്തണുകളുടെ പരമമായ ലക്ഷ്യം. (ഈ വിവരം വീടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നു്‌ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പെണ്ണുങ്ങളില്‍ നിന്നും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഞാന്‍ ചോര്‍ത്തിയതാണു്‌. പുരുഷവര്‍ഗ്ഗം അടുത്തുള്ളപ്പോള്‍ മാത്രമല്ല, അടുത്തില്ലെന്നു്‌ ഉറപ്പുള്ള സന്ദര്‍ഭങ്ങളിലും മ്ലേച്ഛമോ സദാചാരവിരുദ്ധമോ ആയ മൊഴിമുത്തുകളൊന്നും അബദ്ധവശാല്‍ പോലും സ്ത്രീകളുടെ വായില്‍ നിന്നും പുറത്തുവരില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കിയതും അതുപോലുള്ള സന്ദര്‍ഭങ്ങള്‍ വഴിയായിരുന്നു. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെയല്ല, അവര്‍ പൊതുവേ ദൈവവിശ്വാസികളും അതുകൊണ്ടുതന്നെ തങ്കപ്പെട്ട സ്വഭാവത്തിന്റെ ഉടമകളും നല്ലനടപ്പുകാരുമാണെന്ന ബോധോദയം എനിക്കുണ്ടായതു്‌ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നില്ല എന്നു്‌ സാരം.)

ഒരിക്കല്‍ ഒരു പട്ടി ആ കല്ലില്‍ മൂത്രമൊഴിക്കുന്നതു്‌ കാണാനിടയായ ഞാന്‍ ആ വിവരം ആ പണിയ്ക്കനെ അറിയിച്ചതിനുശേഷം ആജന്മശത്രുവായാല്‍ എന്നപോലെയായിരുന്നു അങ്ങേരുടെ എന്നോടുള്ള പെരുമാറ്റം. അതുവഴി ധനനഷ്ടമോ മാനഹാനിയോ ഒന്നും എനിക്കു്‌ സംഭവിച്ചിട്ടില്ല എന്നകാര്യം പ്രതിപക്ഷബഹുമാനത്തിന്റെ പേരില്‍ ഇവിടെ സൂചിപ്പിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണു്‌. ഏതായാലും, പട്ടിമൂത്രാഭിഷേകത്തിന്റെ “ശക്തി” കൊണ്ടാണോ എന്നറിയില്ല, പില്‍ക്കാലത്തു്‌ രണ്ടു്‌ ആണ്മക്കള്‍ അങ്ങേര്‍ക്കു്‌ ജനിക്കുകയുണ്ടായി. പോരെങ്കില്‍, അനുജന്റെ മൂന്നു്‌ ആണ്മക്കളില്‍ ഒന്നു്‌ അസുഖം ബാധിച്ചു്‌ മരിക്കുകയും ചെയ്തു. മരണം സംഭവിച്ച  അന്നുമുതല്‍ കുറെ ദിവസങ്ങളില്‍ നമ്മുടെ “യാഗന്‍” ആനന്ദനൃത്തം ചെയ്യുകയായിരുന്നു! ആ കുഞ്ഞിന്റെ മരണം മുതല്‍ ശവസംസ്കാരം വരെയുള്ള ദിനങ്ങളില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം വിശാലമായ ഒരു “ബ്രൈറ്റ് ബാന്‍ഡ്” ചിരി ആയിരുന്നു ആ തിരുമുഖത്തു്‌ വിരിഞ്ഞുനിന്നിരുന്നതു്‌! ചാമപ്പൊതിയനു്‌ അര്‍പ്പിച്ച ശത്രുസംഹാരയാഗം ഫലിച്ചതിന്റെ പിടിച്ചാല്‍ കിട്ടാത്ത സന്തോഷം! അതാണു്‌ ഒറിജിനല്‍ വിശ്വാസി!

അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും, ദൈവവിശ്വാസികളുടെയിടയില്‍ ഇത്തരം വികൃതജന്മങ്ങളുടെ എണ്ണം വിരളമല്ല. ജീവിതകാലം മുഴുവന്‍ ഈശ്വരനെത്തേടി മടുത്ത ഞാന്‍ എന്റെ മലയാളം ബ്ലോഗിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രം പറഞ്ഞാല്‍, അതു്‌ തങ്ങള്‍ക്കു്‌ തീറെഴുതിക്കിട്ടിയ അവകാശമായാലെന്നപോലെ, ഏറ്റവും കൂടുതല്‍ ഭീഷണിയുടെയും നീചത്വത്തിന്റെയും ഭാഷ ഉപയോഗിക്കുന്നവരും, സ്വന്തം വിശ്വാസം ന്യായീകരിക്കുന്നതിനുവേണ്ടി പച്ചനുണ അടക്കമുള്ള ഏതു്‌ വളഞ്ഞ വഴികളും സ്വീകരിക്കുന്നവരും, പറയുന്ന കാര്യത്തെപ്പറ്റി ഏറ്റവും കുറഞ്ഞ പരിജ്ഞാനമുള്ളവരും വിശ്വാസികളാണു്‌. ഏറ്റവും കൂടുതല്‍ വ്യാജ ID-കൾ ഏറ്റവും എക്സ്ട്രീം ആയ നാമങ്ങള്‍ ഉപയോഗിച്ചു്‌ നിര്‍മ്മിക്കുന്ന കാര്യത്തില്‍ വിശ്വാസികളെ തോല്പിക്കാനാവില്ല. ദൈവനാമത്തിലാണെങ്കില്‍ ഏതു്‌ കള്ളത്തരവും ന്യായീകരിക്കാം എന്നു്‌ കരുതുന്നപോലെയാണു്‌ വിശ്വാസികളുടെ ഓരോ പെരുമാറ്റവും. മതപരമായ സൈറ്റുകളില്‍ ആകാശത്തിലെ “കട്ടപ്പൊഹ” ബിഗ്-ബാങ് ആകുന്നതു്‌ അങ്ങനെയാണു്‌. വിശ്വാസികളുടെ ഉള്ളിലെ അസഹിഷ്ണുതയുടെ തീക്ഷ്ണത പുറത്തുകൊണ്ടുവരാന്‍ അവര്‍ ഉപയോഗിക്കുന്ന അതേ ഭാഷയില്‍ മറുപടി കൊടുത്താല്‍ മതി. ഒരു വിശ്വാസി യാതൊരു സങ്കോചവുമില്ലാതെ ചെയ്യുന്ന കാര്യങ്ങളാണു്‌ അവന്‍ മറ്റുള്ളവരുടെ കുറ്റങ്ങളായി ആരോപിക്കുന്നതെന്നു്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

“നിനക്കൊന്നും എന്റെ ദൈവത്തെയും വിശ്വാസത്തെയും പറ്റി ഒരു ചുക്കുമറിയില്ല, നിന്റെയൊന്നും പഠിപ്പു്‌ തികഞ്ഞിട്ടില്ല, നീ പറയുന്ന കാര്യങ്ങള്‍ എന്റെ ഗ്രന്ഥത്തില്‍ എങ്ങും പറഞ്ഞിട്ടില്ല (ഈ “ഞാന്‍” അതു്‌ പണ്ടേ അരച്ചുകലക്കി കുടിച്ചവനാണല്ലോ!), കോടിക്കണക്കിനു്‌ ആളുകള്‍ വിശ്വസിക്കുന്ന മതവും ദൈവവുമാണു്‌ എന്റേതു്‌, നീയൊന്നും വിചാരിച്ചാല്‍ എന്റെ മതത്തിനെതിരെ ഒന്നും ചെയ്യാനാവില്ല, …..” ഇങ്ങനെ പോകും വിശ്വാസിയുടെ സ്റ്റീരിയോടൈപ്പ് വാദങ്ങള്‍! ഏല്‍ക്കും, അല്ലെങ്കില്‍ ചിലവാവും എന്നു്‌ തോന്നിയാല്‍ പിന്നെ എന്തു്‌ എന്നില്ല, എന്തും ചെയ്യുന്നവനും പറയുന്നവനുമാണു്‌ വിശ്വാസി.

‘ഓം മണിപദ്മേ ഹൂം’ എന്ന എന്റെ ഒരു പഴയ പോസ്റ്റില്‍ ഇന്നലെ വ്യാജ ID-യില്‍ വന്നതും ഞാന്‍ ചവറ്റുകുട്ടയില്‍ ഇട്ടതുമായ ഒരു കമന്റ്: “Blasphemy of the sacred mantra cannot be tolerated .half baked thoughts of a very few people cannot make any impact on the people who strive for enlightenment.” ഈ രീതിയിലുള്ള കമന്റുകളല്ലാതെ വസ്തുതാപരമായി ഒരക്ഷരം വിശ്വാസിയുടേതായി വായിക്കാന്‍ ഇതുവരെ എനിക്കു്‌ കഴിഞ്ഞിട്ടില്ല.

Half baked and obsolete thoughts of the founder of a religion can make deep supernatural impact on full baked potatoes like him. But he is not courageous enough to show his real identity even after his much lauded enlightenment.

വിശ്വാസിയുടെ വിശുദ്ധഭാഷയ്ക്കും വ്യാജ ID-ക്കും ഉദാഹരണങ്ങള്‍ ബ്ലോഗുലകത്തില്‍ത്തന്നെ ധാരാളമുണ്ടു്‌. സേമ്പിള്‍ ആയി ഇന്നു്‌ ഗൂഗിള്‍ പ്ലസില്‍ കണ്ട രണ്ടു്‌ അക്കഡെമികല്‍ കമന്റുകള്‍:

“Johny Walker  –  പുറത്ത് മാർക്കിസ്റ്റും മനസ്സിൽ കാവിയും കൊണ്ടു നടക്കുന്ന പൊലയാടി മോനേ ഇസ്ലാമിനെ തെറിവിളിക്കാൻ കിട്ടുന്ന ഒരു ചാൻസും കളയരുത് പന്നീ”

“Johny Walker  –  ഇത് ഫേക്കാണെന്ന് ആ നായിന്റെ മോൻ അറിയാഞ്ഞിട്ടില്ല കിട്ടിയ ചാൻസ് ഉപയോഗപ്പെടുത്തുകയാണു ഈ മാർക്കിസ്റ്റ് താലിബാനി”

വിശ്വാസസംരക്ഷണത്തിനായി കൈക്കൊണ്ട വ്യാജ ID-ക്കു്‌ സ്കോച്ച് വിസ്ക്കിയും നസ്രാണിയുമായ Johny Walker-നെത്തന്നെ തിരഞ്ഞെടുത്ത ആ ഭക്തന്റെ ദൈവദത്തമായ ബുദ്ധിവൈഭവത്തെ ബഹുമാനിക്കണം, ശുദ്ധമായ ആ മനസ്സിനെ ആദരിക്കണം!

മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ എത്തുന്നവരാണു്‌ നിങ്ങളെങ്കില്‍ ഇതുപോലുള്ള ജോണി വാക്കറുകളുമായിട്ടാവും നിങ്ങള്‍ സ്വര്‍ഗ്ഗീയ തീന്മേശ പങ്കിടുന്നതു്‌. ആശംസകള്‍!

അന്ധമായ ഏതു്‌ വിശ്വാസത്തിനും മനുഷ്യനെ മൃഗമാക്കി മാറ്റാന്‍ കഴിയും. അതിന്റെ തെളിവുകളാണു്‌ ലോകചരിത്രം നിറയെ. കത്തോലിക്കര്‍-പ്രോട്ടസ്റ്റന്റുകാര്‍, സുന്നി-ഷിയ, ബാവാക്കക്ഷി- മെത്രാന്‍കക്ഷി … എല്ലാം സ്നേഹവും സമാധാനവും പതാകകളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു എന്നു്‌ അവകാശപ്പെടുന്ന മതങ്ങളും! ഫ്രാന്‍സിലെ ടുളൂസില്‍ ഇന്നലെ ഒരു ഭ്രാന്തന്‍ ഒരു യൂദസ്കൂളിലെ  ഒരു മതാദ്ധ്യാപകനേയും മൂന്നു്‌ കുട്ടികളെയും കൊലപ്പെടുത്തി. വര്‍ഗ്ഗീയതയാണു്‌ മോട്ടീവ് എന്നു്‌ പറയപ്പെടുന്നു. ഇയാള്‍ മാര്‍ച്ച് 11-നും 15-നും ആ ഭാഗത്തുതന്നെ നടത്തിയ രണ്ടു്‌ ആക്രമണങ്ങള്‍ വഴി മൂന്നു്‌ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അവരില്‍ മൂന്നുപേര്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരായിരുന്നത്രെ. കൊലപാതകിക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണു്‌. പാരീസില്‍ ആയിരക്കണക്കിനു്‌ ജനങ്ങള്‍ മൗനജാഥയായി പ്രതിഷേധം രേഖപ്പെടുത്തി. ആ പ്രദേശത്തു്‌ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ തിരഞ്ഞെടുപ്പു്‌ പ്രചരണങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ക്രിമിനലുകളില്‍ നിന്നും മാനസികരോഗികളില്‍ നിന്നും ഒരു രാഷ്ട്രം ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു്‌ അങ്ങനെയൊക്കെയാണു്‌. ഭാരതത്തിലാണെങ്കില്‍ ക്രിമിനലുകളെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു്‌ മന്ത്രിമാര്‍ വരെയാക്കുന്നതാണു്‌ കീഴ്വഴക്കം. ഏതു്‌ ക്രിമിനലിനും ഓശാനപാടുന്ന കുറെ അനുയായികള്‍ ഉണ്ടായാലത്തെ ഗുണമാണതു്‌. മാഫിയകള്‍ വാഴുന്ന ഭാരതീയ ജനാധിപത്യം!

സ്വന്തമൂത്രം കുടിച്ചിരുന്ന ഒരു പ്രധാനമന്ത്രി വരെ ഉണ്ടായിരുന്ന നാടാണു്‌ ഭാരതം! മിക്കവാറും എല്ലാവരും വിശ്വാസികളായ ഒരു നാട്ടില്‍ അങ്ങേര്‍ ഒരു വിശ്വാസി ആയിരുന്നോ എന്നു്‌ പ്രത്യേകം ചോദിക്കേണ്ട ആവശ്യമില്ല. ജ്യോതിഷശാസ്ത്രത്തിനും ഹസ്തരേഖാശാസ്ത്രത്തിനുമൊക്കെ ഉള്ളതുപോലെതന്നെ മനുഷ്യാത്മാവിന്റെ അഗാധതകളിലേക്കു്‌ ഇറങ്ങിച്ചെന്നു്‌ മഹാരഹസ്യങ്ങള്‍ വെളിപ്പെടുത്താനും മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരുതരം ദിവ്യശക്തി സ്വന്തം മൂത്രത്തിനു്‌ ഉള്ളതുകൊണ്ടാണു്‌ അദ്ദേഹം പ്രധാനമന്ത്രി ആയതു്‌ എന്നുവരെ ഗഹനമായ ചര്‍ച്ചകളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നര്‍ക്കുപോലും ഭാരതത്തില്‍ പഞ്ഞമൊന്നുമുണ്ടാവാന്‍ വഴിയില്ല. ഭാരതമാതാവിനു്‌ എന്തുകൊണ്ടും അഭിമാനിക്കാന്‍ വകയുള്ള മക്കളാണവര്‍.  എന്തായാലും സ്വന്തം മലം മൂത്രം വാതം പിത്തം കഫം മുതലായവ അവനവനുതന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതു്‌ ഭാരതത്തിലെ പരിസ്ഥിതിമലിനീകരണത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഒരു ആശയമാണെന്നു്‌ പറയാതെ വയ്യ. ഏതെങ്കിലും പുരാണത്തില്‍ അതുസംബന്ധമായ വിശദാംശങ്ങള്‍ ഉണ്ടാവേണ്ടതാണു്‌. പുഷ്പകവിമാനത്തിന്റെ മെക്കാനിക്കല്‍ ഡ്രോയിംഗുകള്‍ക്കോ, ആറ്റം ബോംബിന്റെ ബ്ലൂപ്രിന്റുകള്‍ക്കോ മറ്റോ ഇടയില്‍ എക്സ്ക്രിമെന്റ് റീസൈക്ലിംഗിനെ സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ വിവരിക്കുന്ന ശ്ലോകങ്ങള്‍ കാണാതിരിക്കില്ല. കണ്ടുകിട്ടുന്ന തല്പരകക്ഷികളില്‍ ആരെങ്കിലും അതിനെപ്പറ്റി ബ്ലോഗെഴുതുമായിരിക്കും.

അചേതനവസ്തുക്കളെ ആരാധിക്കുന്നതിനെപ്പറ്റിയായിരുന്നല്ലോ നമ്മള്‍ പറഞ്ഞുവന്നതു്‌ – തൂണിലും തുരുമ്പിലും വാഴുന്ന ദൈവത്തെപ്പറ്റി. എങ്ങനെയാണു്‌ പ്രപഞ്ചത്തില്‍ ദൈവം ഉണ്ടായതു്‌? എങ്ങനെയാണു്‌ പ്രപഞ്ചത്തില്‍ ദ്രവ്യം ഉണ്ടായതു്‌? ചുമ്മാ വെറുതെ ഉണ്ടായ ദൈവം കുരുവി കൂടുകൂട്ടുന്നതുപോലെ തൂണും തുരുമ്പും അടക്കമുള്ള ദ്രവ്യങ്ങളെ സൃഷ്ടിച്ചിട്ടു്‌ അതിനുള്ളില്‍ കയറി താമസം ഉറപ്പിക്കുകയായിരുന്നോ?

സങ്കല്പാതീതമായവിധം സാന്ദ്രീകരിച്ചിരുന്ന ഒരു ഊര്‍ജ്ജാവസ്ഥയില്‍ നിന്നും വിവിധഘട്ടങ്ങളിലൂടെയുള്ള വികാസത്തിലൂടെയും പരിണാമത്തിലൂടെയും രൂപമെടുത്തതാണു്‌ പ്രപഞ്ചം എന്ന ശാസ്ത്രീയ നിഗമനപ്രകാരം ആ ഊര്‍ജ്ജത്തില്‍ നിന്നും കാലാന്തരത്തില്‍ രൂപമെടുത്തതാവണം പ്രപഞ്ചത്തില്‍ ഇന്നുള്ള മുഴുവന്‍ ദ്രവ്യവും. ഒന്നിന്റെ പരസ്പരം രൂപാന്തരം സംഭവിക്കാവുന്ന രണ്ടു്‌ വകഭേദങ്ങള്‍ എന്ന നിലയില്‍ ഊര്‍ജ്ജവും ദ്രവ്യവും തത്വത്തില്‍ ഒന്നുതന്നെയാണുതാനും. അതിനാല്‍, ഭൂമിയിലെ കല്ലും മരവും ജീവജാലങ്ങളുമെല്ലാം ആദിപ്രപഞ്ചത്തിലെ ഊര്‍ജ്ജത്തില്‍ നിന്നും വരുന്ന ദ്രവ്യത്തിന്റെ ഒരു ചെറിയ ഭാഗമാണെന്നു്‌ പറഞ്ഞാല്‍ അതു്‌ പരോക്ഷമായെങ്കിലും ശരിയാവണം. അതേ ദ്രവ്യത്തിന്റെ ഒരംശമേ തൂണിലായാലും തുരുമ്പിലായാലും ഉണ്ടാവാന്‍ കഴിയൂ. അവിടേയ്ക്കു്‌ എങ്ങനെ ദൈവം കടന്നുവന്നു? ആദിസ്ഫോടനത്തിനു്‌ (അതിനു്‌ ഭൂമിയില്‍ സംഭവിക്കുന്ന തരം “സ്ഫോടനവുമായി” പുലബന്ധം പോലുമില്ലെങ്കിലും!) ശേഷം കോടാനുകോടി വര്‍ഷങ്ങളിലൂടെ സംഭവിച്ച നക്ഷത്രങ്ങളുടെ രൂപമെടുക്കലും സ്യൂപ്പര്‍നോവകളുമെല്ലാം കഴിഞ്ഞാണു്‌  സൗരയൂഥത്തിന്റെയും ഭൂമിയുടെയുമൊക്കെ ഉത്ഭവം. അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു്‌ ശേഷമാണു്‌ ഭൂമിയില്‍ ഏകകോശജീവികളായി ജീവന്‍ തുടക്കം കുറിച്ചതു്‌.

ആ കാലയളവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ “ഇന്നലെ” എന്നപോലെയാണു്‌ മനുഷ്യന്‍ എന്ന പ്രാകൃതജീവിയുടെ ജന്മമെടുക്കല്‍. ആ ജീവിയുടെ വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മനുഷ്യജീവിതത്തിനു്‌ അനുകൂലവും പ്രതികൂലവുമായവയെന്നു്‌ ലോകത്തിലെ ചില പ്രതിഭാസങ്ങളെ തിരിച്ചറിയാനുള്ള ശേഷി അവനു്‌ കൈവന്നു. ശിലായുഗത്തിലെ മനുഷ്യവര്‍ഗ്ഗത്തിനു്‌ ഉണ്ടായിരുന്ന ശേഷികള്‍ അതിനും മുന്നേ ജീവിച്ചിരുന്ന പ്രാകൃത മനുഷ്യര്‍ക്കു്‌ ഇല്ലായിരുന്നതുകൊണ്ടാണല്ലോ അതുപോലൊരു വേര്‍തിരിവു്‌ ആവശ്യമായതുതന്നെ. അങ്ങനെ ലോകത്തില്‍ വീക്ഷിച്ചതും, ഒരു വിശദീകരണം നല്‍കാന്‍ അവന്‍ അപ്രാപ്തനായിരുന്നതുമായ പ്രതിഭാസങ്ങളെ ഭൂമിയിലേക്കു്‌ “ദൈവങ്ങള്‍” ആയി ആനയിച്ചതു്‌ മനുഷ്യരാണു്‌. അവയായിരുന്നു ദൈവങ്ങളുടെ ആദിമരൂപങ്ങള്‍. മനുഷ്യര്‍ വീണ്ടും വളര്‍ന്നപ്പോള്‍ അവരുടെ ദൈവങ്ങള്‍ക്കും രൂപഭേദം സംഭവിച്ചു. ഒരു സമൂഹത്തിലെ ദൈവങ്ങള്‍ ആ സമൂഹത്തിന്റെ മാനസികവളര്‍ച്ചയുടെ പ്രതിബിംബങ്ങളാണു്‌. ചില മനുഷ്യരെ ശാരീരികമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലും, മാനസികമായി മിനിമം ഇരുപത്തൊന്നു്‌ നൂറ്റാണ്ടുകള്‍ക്കെങ്കിലും പുറകിലും പിടിച്ചുനിര്‍ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതു്‌ ആ കാലഘട്ടത്തില്‍ ജീവിച്ചുകൊണ്ടു്‌ കിനാവള്ളിപോലെ മനുഷ്യരെ ഇന്നും അള്ളിപ്പിടിച്ചു്‌ വരിഞ്ഞുമുറുക്കുന്ന ദൈവങ്ങളാണു്‌.

മനുഷ്യബുദ്ധിയുടെ അന്വേഷണം വഴിമുട്ടുന്നു എന്നു്‌ തോന്നുന്ന ഏതു്‌ സന്ദര്‍ഭത്തിലും ആ വിടവില്‍ തിരുകാവുന്ന ഒരു ഒന്നാംതരം ആപ്പാണു്‌ ദൈവം. അങ്ങനെയാണു്‌ ഓരോരോ കാലഘട്ടങ്ങളില്‍ ദൈവം തൂണിലും തുരുമ്പിലുമൊക്കെ കുടിപാര്‍പ്പിക്കപ്പെട്ടതും, അവിടെയുമിവിടെയുമൊക്കെ പ്രത്യക്ഷപ്പെട്ടു്‌ ചില മനുഷ്യര്‍ക്കു്‌ “ഉത്തരങ്ങള്‍” നല്‍കിക്കൊണ്ടിരുന്നതും. പക്ഷേ ആധുനികശാസ്ത്രം തൂണിനെയും തുരുമ്പിനെയും മാനസികവിഭ്രാന്തിയെയുമെല്ലാം ഇഴകീറി പരിശോധിച്ചു്‌ മനസ്സിലാക്കാന്‍ തുടങ്ങിയതോടെ ദൈവത്തിന്റെ കിടപ്പിടക്ഷാമവും ആരംഭിച്ചു. കൃത്യമായി പറഞ്ഞാല്‍ ദൈവത്തിന്റെ കിടപ്പിടക്ഷാമമല്ല, ദൈവത്തെ എവിടെയെങ്കിലും കുടിയിരുത്താന്‍ ബാദ്ധ്യസ്ഥരെന്നു്‌ കരുതുന്നവരുടെ കഷ്ടകാലമാണു്‌ അതുവഴി ആരംഭിച്ചതു്‌.

പ്രപഞ്ചായുസ്സിന്റെ മിക്കവാറും മുഴുവന്‍ ഭാഗവും പ്രപഞ്ചത്തിലെങ്ങും ഇല്ലാതിരുന്ന, ഉണ്ടാവേണ്ട ആവശ്യവുമില്ലാതിരുന്ന ഒരു ദൈവമോ കുറെ ദൈവങ്ങളോ എങ്ങനെ തൂണിലും തുരുമ്പിലും കയറിപ്പറ്റി എന്നതാണു്‌ നമ്മള്‍ ചോദിക്കേണ്ട ചോദ്യം. അതിനു്‌ ഒരു മറുപടിയേയുള്ളു: അതുവരെ ഇല്ലാതിരുന്ന ദൈവത്തെ, ഉള്ളവന്‍ എന്ന വ്യാജേന മനുഷ്യന്‍ അവനു്‌ വേണ്ടിടത്തൊക്കെ തിരുകിക്കയറ്റി. ഇല്ലാത്ത ദൈവത്തെ ഉണ്ടെന്നു്‌ വരുത്തി ചിലര്‍ ഉപജീവനത്തിനുവേണ്ടി വിലപേശി. ദൈവത്തെ അവര്‍ പടിപടിയായി തൂണില്‍ നിന്നും തുരുമ്പില്‍ നിന്നും സകല പ്രപഞ്ചത്തിലേക്കും അതിനും വെളിയിലേക്കുമൊക്കെ വ്യാപിപ്പിച്ചു. പുരയ്ക്കു്‌ മുകളില്‍ വെള്ളം വന്നാല്‍ അതിനും മുകളില്‍ തോണി! എട്ടുകാലി മമ്മൂഞ്ഞിന്റെ പ്രൊമോഷന്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയുമായി അഭേദ്യമായവിധം ലിങ്ക്ഡ് ആണു്‌.

വസ്തുക്കളിലെല്ലാമുള്ള ദ്രവ്യത്തെ ഈശ്വരന്‍ എന്നു്‌ വിവക്ഷിക്കാന്‍ കഴിയുമോ? തൂണിലും തുരുമ്പിലും ഉള്ളതു്‌ ഈശ്വരനാണെങ്കില്‍ ഓരോ മനുഷ്യന്റെയും ഓരോ തരിയിലും ഉള്ളതും “ഈശ്വരന്‍” തന്നെ ആയിരിക്കണ്ടേ? ഒരു പാറമടയില്‍ പൊട്ടിച്ചിട്ടിരിക്കുന്ന ഒരു കല്ലിന്റെ മുന്നില്‍ ധ്യാനനിമഗ്നനായി നിന്നുകൊണ്ടു്‌ തന്റെ സന്തോഷങ്ങളോ സന്താപങ്ങളോ ആവശ്യങ്ങളോ ആഗ്രഹങ്ങളോ ആ കല്ലുമായി പങ്കിടുന്ന ഒരു മനുഷ്യനെ സങ്കല്പിച്ചുനോക്കൂ. മനുഷ്യനിലെ ഈശ്വരന്‍ കല്ലിലെ ഈശ്വരനുമായി ചില പരിവേദനങ്ങള്‍ പങ്കുവയ്ക്കുന്നു എന്നതല്ലാതെ മറ്റെന്താണു്‌ അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്‌? കല്ലിലെ ഈശ്വരനു്‌ മുന്നില്‍ തന്നിലെ ഈശ്വരനെക്കൊണ്ടു്‌ മുട്ടുകുത്തിക്കുന്ന മനുഷ്യന്‍! എന്തിലും ഏതിലും ഈശ്വരന്‍ ഉണ്ടു്‌ എന്ന വിശ്വാസം ശരിയാണെങ്കില്‍ “ഈശ്വരന്‍ ഈശ്വരനോടു്‌ പ്രാര്‍ത്ഥിക്കുന്നു” എന്നല്ലാതെ മറ്റൊരു വിശദീകരണം മനുഷ്യന്റെ ഈ പ്രവൃത്തിക്കു്‌ നല്‍കാനാവുമോ? ഒരു അചേതനവസ്തുവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതു്‌ ഒറ്റയ്ക്കിരുന്നു്‌ തന്നോടുതന്നെ സംസാരിക്കുന്നതിനേക്കാള്‍ കുറഞ്ഞ ഭ്രാന്താവുമോ?

സാമാന്യമായ അര്‍ത്ഥത്തിലെ വിഗ്രഹാരാധന ഇതിനെയും കടത്തിവെട്ടുന്നതാണു്‌. അവിടെ മനുഷ്യന്‍ അവന്റെ കൈവേല വഴി ദൈവത്തിനു്‌ കല്ലിലോ തടിയിലോ ലോഹത്തിലോ നിശ്ചിത രൂപങ്ങള്‍ കൊത്തിയുണ്ടാക്കുകയും വാര്‍ത്തെടുക്കുകയുമൊക്കെയാണല്ലോ ചെയ്യുന്നതു്‌. മനുഷ്യന്റെ ഭാവനയില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണു്‌ ആ രൂപങ്ങള്‍ വരുന്നതു്‌? ദൈവം മനുഷ്യനെയല്ല, മനുഷ്യന്‍ ദൈവങ്ങളെയാണു്‌ സൃഷ്ടിക്കുന്നതു്‌ എന്നതിന്റെ “മൂര്‍ത്തമായ” തെളിവല്ലാതെ മറ്റെന്താണതു്‌? ചില ഹൈന്ദവതാര്‍ക്കികര്‍ അടിച്ചുവിടുന്നതു്‌ കേട്ടിട്ടുണ്ടു്‌: “ഈശ്വരന് രൂപമില്ല ഗുണമില്ല ഭയമില്ല വികാരമില്ല ബുദ്ധിയില്ല സംഗമില്ല ആദ്യന്തമില്ല ചലനമില്ല പ്രവൃത്തിയില്ല.” ഇതൊന്നുമില്ലെങ്കില്‍ പിന്നെ എന്തു്‌ കോപ്പാണു്‌ തന്റെ ഈശ്വരന്‍ എന്നേ അത്തരക്കാരോടു്‌ ചോദിക്കാനുള്ളു. അതുപോലൊരു ഈശ്വരനു്‌ മനുഷ്യലോകവുമായി എന്തു്‌ ബന്ധം? ഇപ്പറഞ്ഞതൊന്നുമില്ലാത്ത ഒരു ദൈവത്തിനു്‌ നിലനില്പുമില്ല എന്ന ഒരേയൊരു നിഗമനത്തില്‍ മാത്രമേ ലോജിക്കലായി ചിന്തിക്കാന്‍ ശേഷിയുള്ള  ഏതൊരു മനുഷ്യനും എത്തിച്ചേരാനാവൂ. ഒന്നുമില്ലെങ്കിലും എല്ലാമുള്ള എന്തോ ഒന്നു്‌ എന്നു്‌ പറയുന്നതിനു്‌ തുല്യമാണു്‌ ഈ ദൈവവിശേഷണങ്ങള്‍. ദൈവത്തിനു്‌ അതുമില്ല, ഇതുമില്ല, മറ്റേതുമില്ല, നീ പറയുന്നതൊന്നുമില്ല, എന്നാലും എന്റെ ദൈവമുണ്ടു്‌! (നിന്റെ ദൈവമില്ല താനും!) അതാണു്‌ വിശ്വാസിയുടെ യുക്തി! ശിവകാശിയില്‍ നിന്നും ദൈവത്തിന്റെ പടങ്ങള്‍ പടച്ചുവിടുന്ന കൈത്തൊഴിലുകാരും, ഭിത്തിയിലെ ആണികളില്‍ തൂങ്ങുന്ന അത്തരം ഫോട്ടോകള്‍ക്കു്‌ പൂമാല ചാര്‍ത്തി ചന്ദനത്തിരി കത്തിക്കുന്ന ദൈവഭക്തന്മാരും അതൊക്കെ ചെയ്യുന്നതു്‌  “ഈശ്വരന് രൂപമില്ല ഗുണമില്ല ഭയമില്ല വികാരമില്ല ബുദ്ധിയില്ല സംഗമില്ല ആദ്യന്തമില്ല ചലനമില്ല പ്രവൃത്തിയില്ല” എന്നൊക്കെ ചിന്തിച്ചുകൊണ്ടായിരിക്കും! “നീ എന്തുപറഞ്ഞിട്ടും കാര്യമില്ല, എനിക്കെന്റെ സിഗററ്റ് ഇല്ലാതെ, എന്റെ മദ്യമില്ലാതെ ജീവിക്കാനാവില്ല” എന്നു്‌ പറയുന്ന ആഡിക്റ്റുകളെപ്പോലും ലജ്ജിപ്പിക്കുന്നവിധം സ്വന്തം ആത്മബോധത്തെ ഭക്ത്യാസക്തിക്കു്‌ നിരുപാധികം അടിയറവച്ച ദൈവവിശ്വാസികള്‍ക്കേ “യാതൊരു നിറമോ മണമോ മറ്റേതെങ്കിലും വിധത്തിലുള്ള ഒരു ഗുണമോ ഇല്ലെങ്കിലും എനിക്കെന്റെ ദൈവമില്ലാതെ ജീവിക്കാനാവില്ല” എന്നു്‌ പ്രഖ്യാപിക്കാനും അതു്‌ യുക്തിപൂര്‍വ്വം ആണെന്നു്‌ സ്ഥാപിക്കാന്‍ വേണ്ടി കഷ്ടപ്പെടാനും കഴിയൂ.

 
12 Comments

Posted by on Mar 20, 2012 in മതം

 

Tags: , ,

12 responses to “തൂണിലെയും തുരുമ്പിലെയും ദൈവം

  1. sajivichoo

    Mar 20, 2012 at 14:38

    അങ്ങയുടെ വാദങ്ങളോട് ഞാന്‍ കുറെയൊക്കെ യോജിക്കുന്നു. ഒരു ചോദ്യം പ്രസക്തമാണിവിടെ; മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയാത്ത, നിസ്സഹായമായ അവസ്ഥകളില്‍ വിസ്വസിക്കാനൊരു ദൈവം ആവശ്യമല്ലേ ?. സ്വന്തം കഴിവുകള്‍ പരിമിതമാകുമ്പോള്‍ ആത്മവിശ്വാസം നല്കാന്‍ ഒരു വിശ്വാസം ഉള്ളത് നല്ലതല്ലേ?

    ഒരുപക്ഷെ ഇന്ന് ദൈവങ്ങളാണ് ഈ ഭൂമിയിലെ സമാധാനകേട്‌……, മനുഷ്യന്‍ അവനു വേണ്ടി സൃഷ്ടിച്ചതാണ് ഇന്ന് കാണുന്നതും കാണാത്തതുമായ ദൈവങ്ങളെ, ഇതല്ലെങ്കില്‍ മറ്റൊന്നിന്‍റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്തുകൊണ്ടിരിക്കും, വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല മനുഷ്യന്‍ ചൂഷണം ചെയ്യപെട്ടിട്ടുള്ളത്, യുക്തിവാദികളും ഇന്ന് മനുഷ്യരെ ചൂഷണത്തിന് ഇരയക്കുന്നുണ്ട്. അവര്‍ക്ക് കേവലം ഒരു വിശ്വാസിയെ സത്യം മനസിലാക്കികൊടുക്കുക എന്നാ ഒറ്റ ലക്ഷ്യമാണ് ഉള്ളതെന്ന് തോന്നുന്നില്ല. പിന്നെ അവര്‍ മനസിലാക്കേണ്ടത് ഒന്ന് മാത്രമാണ് വിശ്വാസങ്ങള്‍ എല്ലാം ചീത്തയും സത്യങ്ങള്‍ എല്ലാം നല്ലതും ആവണമെന്നില്ല.

    എനിക്ക് ഒന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത് ആദ്യം നമുക്ക് അറിയാന്‍ ശ്രമിക്കാം നമുക്ക് പുറത്തുള്ളതല്ല നമ്മളെത്തന്നെ പിന്നീട് നമ്മളിലൂടെ മറ്റുള്ളതിനെ അറിയാന്‍ ശ്രമിക്ക, പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ന് മറ്റുള്ളവരിലൂടെയാണ് നമ്മളെയും നമുക്ക് ചുറ്റുമുള്ളതിനെയും നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നത്.

    എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ സദയം ക്ഷമിക്കുക .. എന്റെ വിശ്വാസങ്ങള്‍ എന്നെ രക്ഷിക്കട്ടെ….

     
  2. c.k.babu

    Mar 20, 2012 at 15:45

    എന്റെ അഭിപ്രായങ്ങളോടു്‌ യോജിക്കുന്നതും യോജിക്കാതിരിക്കുന്നതുമൊക്കെ താങ്കളുടെ ഇഷ്ടം. ഞാന്‍ അറിഞ്ഞതും പഠിച്ചതുമൊക്കെയാണു്‌ എന്റെ ബ്ലോഗിലൂടെ ഞാന്‍ എഴുതുന്നതു്‌. താങ്കള്‍ എന്തൊക്കെ പഠിച്ചു എന്നു്‌ എനിക്കോ, ഞാന്‍ എന്തൊക്കെ പഠിച്ചു എന്നു്‌ താങ്കള്‍ക്കോ അറിയില്ല. “നമുക്കു്‌ പഠിക്കാന്‍ ശ്രമിക്കാം” എന്ന എന്ന രീതിയിലുള്ള ബഹുവചനപ്രയോഗങ്ങളോടു്‌ പണ്ടേതന്നെ എനിക്കു്‌ പ്രതിപത്തിയുമില്ല. അവനവനു്‌ വേണ്ടതു്‌ അവനവന്‍ പഠിക്കുക, പഠിച്ചതു്‌ മറ്റുള്ളവരെ അറിയിക്കണമെന്നുണ്ടെങ്കില്‍ സ്വന്തമായി ബ്ലോഗോ പുസ്തകമോ ഒക്കെ എഴുതുക എന്ന നിലപാടുകാരനാണു്‌ ഞാന്‍. താങ്കളുടെ അഭിപ്രായത്തില്‍ നിന്നും നേരെ വിപരീതമായി, മറ്റുള്ളവരില്‍ നിന്നും, എന്റെ ചുറ്റുപാടുകളില്‍ നിന്നും ഒന്നും പഠിക്കുകയും അറിയുകയും ചെയ്തില്ലായിരുന്നെങ്കില്‍ എനിക്കു്‌ ഞാനാവാന്‍ പോലും ആകുമായിരുന്നില്ല. എന്നിലേക്കു്‌ നോക്കിയിരിക്കാനുള്ളതല്ല, ലോകത്തില്‍ ജീവിച്ചു്‌ തീര്‍ക്കാനുള്ളതാണു്‌ എനിക്കു്‌ ജീവിതം. നിസ്സഹായതയിലും കഴിവിന്റെ പരിമിതികളിലുമെല്ലാം മനുഷ്യരുടെ സഹായമല്ലാതെ ദൈവത്തിന്റെ സഹായം ലഭിച്ച ആരും നിശ്ചയമായും ഇന്നുവരെ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. അതിനാല്‍ പ്രതികൂലസാഹചര്യങ്ങളില്‍ സഹായം ലഭിക്കാന്‍ സാദ്ധ്യതയുള്ള ഇടങ്ങളിലേയ്ക്കല്ലാതെ, ദൈവത്തിലേയ്ക്കു്‌ നോക്കിയാല്‍ ഒരു പ്രയോജനവും ലഭിക്കുകയില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവും എനിക്കില്ല. ആരുടെയെങ്കിലും സഹായത്താല്‍ ജീവിതത്തില്‍ ഓരോ കടമ്പ കടന്നുകഴിയുമ്പോള്‍ “അതു്‌ ദൈവകരുണയായിരുന്നു” എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിനു്‌ ദൈവത്തിന്റെ പോലും ആവശ്യവുമില്ല. എന്നെസംബന്ധിച്ചു്‌ ആത്മവിശ്വാസമല്ല, മനുഷ്യനെ നിഷ്ക്രിയനാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുതരം ആത്മവഞ്ചനയാണു്‌ ദൈവം. ചിലര്‍ക്കു്‌ ദൈവം ആത്മവിശ്വാസമായി തോന്നുന്നുവെങ്കില്‍ അവര്‍ക്കു്‌ അവരുടെ വഴി. അതുകൊണ്ടു്‌ താങ്കള്‍ക്കു്‌ വേണ്ടതു്‌ താങ്കള്‍ പഠിക്കുകയും എഴുതുകയുമൊക്കെ ചെയ്യുക, എനിക്കു്‌ വേണ്ടതു്‌ പഠിക്കാനും എഴുതാനുമൊക്കെയായി എന്നെ എന്റെ വഴിക്കു്‌ വിടുക. ഇതുവഴി വന്നതിനും കമന്റിനും നന്ദി.

     
  3. Santosh

    Mar 20, 2012 at 20:37

    “ഒരു പാറമടയില്‍ പൊട്ടിച്ചിട്ടിരിക്കുന്ന ഒരു കല്ലിന്റെ മുന്നില്‍ ധ്യാനനിമഗ്നനായി നിന്നുകൊണ്ടു്‌ തന്റെ സന്തോഷങ്ങളോ സന്താപങ്ങളോ ആവശ്യങ്ങളോ ആഗ്രഹങ്ങളോ ആ കല്ലുമായി പങ്കിടുന്ന ഒരു മനുഷ്യനെ സങ്കല്പിച്ചുനോക്കൂ.” കാസ്റ്റ് എവേ എന്ന സിനിമയില്‍ ഏകാന്തമായ ഒരു ദ്വിപില്‍ ഒറ്റപ്പെട്ടുപോകുന്ന നായകന്‍ ഒരു ഉണങ്ങിയ തെങ്ങയാനെന്നു തോന്നുന്നു എടുത്തു അതിനോട് സംസാരിച്ചും മറ്റും വര്‍ഷങ്ങള്‍ ജീവിക്കുകയും പിന്നീടു രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ ആ തെങ്ങ കടലില്‍ ഒഴുകി പോകുമ്പോള്‍ ഭ്രന്തനെ പോലെ കരയുകയും രക്ഷപെടാനുള്ള മോഹം നശിച്ചു ശ്രമം ഉപേക്ഷിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ആണ് ഓര്‍മ മാറുന്നത്.. സിനിമയില്‍ അല്ലായിരുന്നെങ്കില്‍ എന്തെല്ലാം വ്യഖ്യാനങ്ങള്‍ കൊടുക്കാമായിരുന്നു….:)

     
  4. c.k.babu

    Mar 20, 2012 at 21:44

    ആ സിനിമ ഞാന്‍ കണ്ടിരുന്നു. തേങ്ങയായിരുന്നില്ല, അതൊരു വോളിബോള്‍ ആയിരുന്നു. ഒരു ആത്മഹത്യാശ്രമത്തിനുശേഷം കയ്യിലെ രക്തം കൊണ്ടു്‌ അതില്‍ ഒരു മുഖം വരച്ചുണ്ടാക്കി ഒരു പേരുമിട്ടു്‌ അതുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതും മറ്റും. അവസാനം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തട്ടിക്കൂട്ടിയ ചങ്ങാടവും തകര്‍ന്നു്‌ പന്തു്‌ ഒഴുകിപ്പോകുമ്പോള്‍ അതിനെ രക്ഷപെടുത്താന്‍ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വന്ത ജീവിതം അപകടത്തില്‍ പെടാതിരിക്കാനായി വീണ്ടും ചങ്ങാടത്തിന്റെ അവശിഷ്ടത്തിലേക്കു്‌ മടങ്ങുകയാണു്‌ അവന്‍ ചെയ്യുന്നതു്‌. ഏതാനും ആഴ്ചകള്‍ക്കുശേഷം മൃതപ്രായനായി കിടക്കുന്ന അവനെ അതുവഴി വന്ന ഒരു ചരക്കുകപ്പലിലെ ജീവനക്കാര്‍ രക്ഷപെടുത്തി വീട്ടിലെത്തിക്കുകയായിരുന്നു.

    പക്ഷേ, എന്റെ “നായകന്‍” അങ്ങനെ ജീവിതത്തില്‍ ആരോടും സംസാരിക്കാനാവാതെ ഒറ്റപ്പെട്ടു്‌ ജീവിച്ചിരുന്നവനൊന്നുമല്ല. വീടും കുടിയും മക്കളുമൊക്കെയായി മറ്റുള്ളവരോടു്‌ ഇടപെടാനും വേണ്ടത്ര സംസാരിക്കാനുമൊന്നും മടിയില്ലാതെ കഴിഞ്ഞിരുന്ന ഒരു “സമൂഹജീവി”യും ഞങ്ങളുടെ ഒരു പണിക്കാരനുമായിരുന്നു. അല്ലെങ്കില്‍ അവന്റെ ഇത്തരം പെരുമാറ്റങ്ങള്‍ക്കു്‌ എന്തു്‌ പ്രത്യേകത? ഒറ്റപ്പെട്ട ദ്വീപിലോ മറ്റോ അകപ്പെടുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ഇതുമായി ബന്ധപ്പെടുത്തുന്നതില്‍ കാര്യമില്ല.

     
  5. Santosh

    Mar 21, 2012 at 20:20

    “കണ്ടുകിട്ടുന്ന തല്പരകക്ഷികളില്‍ ആരെങ്കിലും അതിനെപ്പറ്റി ബ്ലോഗെഴുതുമായിരിക്കും.” – മൂത്രത്തിന്റെ രാസ ഖടകങ്ങള്‍ വ്യക്തമാക്കുന്ന ബ്ലോഗ്‌ വന്നു കഴിഞ്ഞല്ലോ??

     
  6. c.k.babu

    Mar 21, 2012 at 21:31

    ഒരു പ്രധാനമന്ത്രി സ്വന്തം മൂത്രം കുടിച്ചതിനെ പരിഹസിക്കുമ്പോള്‍ അതു്‌ അതിന്റെ സ്പിരിറ്റില്‍ എടുക്കാന്‍ കഴിയാതെ മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ മഹത്വം ആവേശപൂര്‍വ്വം വര്‍ണ്ണിക്കുന്നവര്‍ വളച്ചുകെട്ടില്ലാത്ത ഒരു ഭാഷയാണു്‌ സംസാരിക്കുന്നതു്‌. അവര്‍ എന്തിനെ പ്രതിനിധീകരിക്കുന്നവരാണെന്നു്‌ മനസ്സിലാക്കാന്‍ ഒരുപാടു്‌ ചുഴിഞ്ഞു്‌ ആലോചിക്കേണ്ട കാര്യമില്ല – മറ്റുള്ളവര്‍ അതു്‌ മനസ്സിലാക്കുന്നുണ്ടെന്നു്‌ അവര്‍ സ്വയം അറിയുന്നില്ലെങ്കിലും. അത്തരക്കാര്‍ക്കു്‌ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ആ പ്രധാനമന്ത്രിയെ അനുകരിക്കുക എന്നതാണുതാനും. ഓലക്കെട്ടും നാരായവുമായി മറ്റുള്ളവരെ പഠിപ്പിക്കാന്‍ കച്ചകെട്ടി കുത്തിയിരിക്കുന്ന, കടുക്കക്കഷായം കുടിച്ച പരുവത്തിലെത്തിയ അതുപോലത്തെ കുറെ മുന്‍ഷിമാരുണ്ടു്‌ മലയാളം ബ്ലോഗുലകത്തില്‍. ഏതു്‌ ആധുനികശാസ്ത്രം കേട്ടാലും അതിനെതിരായി ഓലക്കെട്ടില്‍ നിന്നും നാലു്‌ പൊട്ടശീലുകള്‍ പാടിക്കേള്‍പ്പിക്കാനല്ലാതെ മറ്റൊരു ഗന്ധവുമില്ലാത്ത അത്തരക്കാര്‍ മൂത്രമോ നഞ്ചുപോലുമോ കുടിച്ചതുകൊണ്ടും പ്രത്യേക മാറ്റമൊന്നും വരാനുമില്ല. അങ്ങോട്ടു്‌ പറയുന്നതു്‌ മനസ്സിലാവുകയില്ലെന്നതോ പോകട്ടെ, ഇങ്ങോട്ടു്‌ പറയുന്ന കാര്യങ്ങളിലെ സിമ്പിള്‍ ലോജിക്കിന്റെ അടിസ്ഥാനത്തിലുള്ള വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും പോലും തിരിച്ചറിയാന്‍ കഴിയാതെ വായില്‍ തോന്നുന്നതു്‌ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്ന ലോകമെന്തെന്നറിയാത്ത കുറെ ജന്മങ്ങള്‍. ഭാരതീയസംസ്കാരത്തിന്റെ കാവല്പടയാളികളാണത്രെ! ഭാരതമാതാവിനു്‌ കയ്യില്ലാത്തതു്‌ അവരുടെ ഭാഗ്യം.

     
  7. Arun

    Mar 22, 2012 at 11:59

    ” അന്ധമായ ഏതു്‌ വിശ്വാസത്തിനും മനുഷ്യനെ മൃഗമാക്കി മാറ്റാന്‍ കഴിയും. അതിന്റെ തെളിവുകളാണു്‌ ലോകചരിത്രം നിറയെ കത്തോലിക്കര്‍-പ്രോട്ടസ്റ്റന്റുകാര്‍, സുന്നി-ഷിയ, ബാവാക്കക്ഷി- മെത്രാന്‍കക്ഷി ….”
    താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ കുറച്ച് ഉദാഹരണം കൂടി പറയാമായിരുന്നു,
    ആറ്റം ബോംബ്‌, ഹിരോഷിമ, E=mc2, ഒറ്റ മിനിറ്റ് കൊണ്ട് ഭൂമിയിലെ സര്‍വതും ഇല്ലാതാക്കാനുള്ള ശാസ്ത്രമിടുക്ക്..etc

     
  8. c.k.babu

    Mar 22, 2012 at 12:21

    ആറ്റം ബോംബിട്ടും നശിപ്പിക്കാന്‍ കഴിയാത്ത ചിലതുണ്ടു്‌. ചക്കിനെപ്പറ്റി പറയുമ്പോള്‍ എന്തുകൊണ്ടു്‌ കൊക്കിനെപ്പറ്റിക്കൂടി പറഞ്ഞില്ല എന്നു്‌ ചോദിക്കുന്ന തരം അല്പന്മാര്‍ അതില്‍ പെടും.

     
  9. c.k.babu

    Mar 22, 2012 at 15:31

    അല്പന്മാരും സ്വയാനുകമ്പക്കാരും ഇവിടെ സ്വാഗതം ചെയ്യപ്പെടുന്നില്ല.

     
  10. Ravichandran C

    Mar 23, 2012 at 13:25

    I salute your anger. Genuine anger occurs when one is brutally honest about what he says and yet can’t find a way to convince the dull wits

     
  11. c.k.babu

    Mar 23, 2012 at 14:42

    Especially when you hear the same nauseous rubbish x-times from x-persons trying to defend their god, who is at the same time omnipotent, according to their own belief. An almighty god who wants to be protected by human worms! The authenticity with which these warriors of god present their illusions is really disgusting. And they are profoundly convinced that this insanity represents the ultimate truth. They don’t know that not everyone is a believer to repeat the same sentences to something inexistent five or more times per day in regular intervals.

     
  12. unknown

    Mar 28, 2012 at 08:20

    ‘തൂണിലും തുരുമ്പിലും നിറഞ്ഞു നിക്കുന്ന ദൈവത്തെ’ പോലെ തന്നെ വളെരെയധികം വിറ്റു പോകുന്ന മറ്റൊരു വിവരക്കേടാണ് ‘പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പോസിടീവും നെഗടീവും ആയ ഊര്‍ജം’ . ഈ ഊര്‍ജത്തിന്റെ ശക്തികളെ പറ്റി വാചാലനായ ഒരു വിവര ദോഷിയോട് ഈയിടെ ഒന്ന് തര്‍ക്കിച്ചു നോക്കി. പറഞ്ഞിട്ട് എന്റെ വായിലെ വെള്ളം വറ്റിയത് മിച്ചം. ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ശാസ്ത്രം എടുതിട്ടാരുന്നു വിദ്വാന്റെ തര്‍ക്കം.
    എന്റെ ഭാഗ്യത്തിന് അയാള്‍ക്ക് dirac നെയൊന്നും അറിഞ്ഞു കൂടരുന്നു.

     
 
%d bloggers like this: