മാധ്യമത്തില്‍ വന്നതായി ഒരു സുഹൃത്തു് സൂചിപ്പിച്ച സി. രാധാകൃഷ്ണന്റെ ഒരു ലേഖനം വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്നു് തോന്നി.
ലേഖനത്തിന്റെ ലിങ്ക്: http://origin-www.madhyamam.com/news/144055/120106?mid=57144
“ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു് തോന്നും” എന്നു് കേട്ടിട്ടുണ്ടു്. അതുപോലെ, ഒരുവന്‍ അന്ധവിശ്വാസി ആയാല്‍ താന്‍ കാണുന്നവര്‍ എല്ലാവരും അന്ധവിശ്വാസികളാണെന്നും ഒരുപക്ഷേ അവനു് തോന്നുമായിരിക്കും. അങ്ങനെ തോന്നുന്നതു് ഒരുതരം സ്വയം ന്യായീകരണത്തിനു് സഹായകവുമാവാം. കണ്ണടയുടെ ഗ്ലാസുകള്‍ നിറം പിടിപ്പിച്ചതായാലും കാഴ്ചയുടെ കാര്യത്തില്‍ ഇതുപോലൊരു പ്രശ്നമുണ്ടു്. അതിനേക്കാളൊക്കെ ഗുരുതരമായി കാഴ്ചപ്പാടുകളെ പ്രതികൂലമായി ബാധിക്കുന്നതു് മനസ്സിന്റെ കണ്ണട നിറം പിടിപ്പിച്ചതായാലാണു്. അതു് കണ്ണട പോലെ എടുത്തുമാറ്റി പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല. മനസ്സിലെ വര്‍ണ്ണക്കണ്ണട എടുത്തു് മാറ്റാവുന്നതല്ല. അത്തരം കണ്ണടയുമായി നടക്കുന്നവര്‍ തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമാത്രമേ കാണൂ. “നാളെ ലോകാവസാനം”, “മറ്റന്നാള്‍ വിധിദിനം” മുതലായ “പ്രവചനങ്ങളുമായി” മനുഷ്യരെ ഭയപ്പെടുത്തി തന്‍കാര്യം നേടുന്നവര്‍ക്കു് ലൗകിക ജീവിതത്തിന്റെ എല്ലാ ഭംഗിയും അനുയായികളുടെ മുന്നില്‍ തള്ളിപ്പറയേണ്ടതുണ്ടു്. ശാസ്ത്രനിഷേധം അതിന്റെ ഒരു ഭാഗമാണു്. അതിനുവേണ്ടി ശാസ്ത്രത്തിന്റെ തന്നെ എല്ലാവിധ ഉപാധികളും ഉപകരണങ്ങളും സ്വയം ഉപയോഗിക്കാന്‍ അവര്‍ക്കു് മടിയുമില്ല.
ശാസ്ത്രം മുഴുവന്‍ അന്ധവിശ്വാസമാണെന്നു് സ്ഥാപിക്കാനുള്ള വിശ്വാസിസമൂഹത്തിന്റെ അടങ്ങാത്ത ത്വരയുടെ പിന്നിലും ഇതുപോലുള്ള ചില മാനസികാവസ്ഥകളാവാം. ശാസ്ത്രത്തില്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ പണം ആവശ്യമാണു്. Sputnik എന്ന വാക്കു് കണ്ടുപിടിച്ചവനും, “ശൂന്യാകാശയാത്രയുടെ പിതാവു്” എന്നു് വിശേഷിപ്പിക്കപ്പെടുന്നവനും, ബാല്യത്തിലേതന്നെ ഒരു രോഗം മൂലം കേള്‍വിശേഷി നഷ്ടപ്പെട്ടവനുമായ Konstantin Ziolkowsky മൂന്നുവര്‍ഷം മോസ്ക്കോയില്‍ ഫിസിക്സും ആസ്ട്രോണമിയും മെക്കാനിക്സും ജിയോമെട്രിയും പഠിച്ചതു് “ബ്ലാക്ക് ബ്രെഡ്” മാത്രം തിന്നുകൊണ്ടാണെന്നു് കേട്ടിട്ടുണ്ടു്. അതേസമയം, സങ്കീര്‍ണ്ണവും വിലപിടിപ്പുള്ളതുമായ ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ഇന്നു് ശാസ്ത്രപഠനം സാദ്ധ്യമല്ല. “പണം ഒന്നിനും പരിഹാരമല്ല”, “അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും എന്റെയടുത്തേക്കു് പോരൂ”, “Poverty and humility lead to heaven” എന്നും മറ്റുമുള്ള ശര്‍ക്കര പുരട്ടിയ വാചകങ്ങള്‍ കൊണ്ടു് പണമില്ലാത്തവനെ സോപ്പിട്ടും കബളിപ്പിച്ചും അവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി സമൂഹത്തിനു് സാമ്പത്തികമോ വൈജ്ഞാനികമോ ആയ ഒരു പ്രയോജനവും നല്‍കാത്ത പള്ളികളും ക്ഷേത്രങ്ങളും മാനംമുട്ടെ പണിതുയര്‍ത്താനോ, സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കാനോ അല്ല ആ പണം വിനിയോഗിക്കപ്പെടുന്നതു്. മനുഷ്യന്റെ അറിവു് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണു് ശാസ്ത്രീയമായ പഠനങ്ങളില്‍ നടക്കുന്നതു്. അതിനായി പണം നല്‍കുന്നതിനു് മുന്‍പു് എന്താണു് അവന്റെ പഠനലക്ഷ്യമെന്നും, നല്‍കിയശേഷം അവന്‍ അവന്റെ ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കുന്നുണ്ടോ എന്നുമെല്ലാം പരിശോധിക്കാന്‍ എല്ലാ നിയമരാഷ്ട്രങ്ങളിലും സംവിധാനങ്ങളുണ്ടു്. ഭാഗ്യത്തിനു്, ലോകത്തിലെ മുഴുവന്‍ റിപബ്ലിക്കുകളും “ബനാന”കളല്ലാത്തതുകൊണ്ടു് ശാസ്ത്രവും അതിനോടൊപ്പം മനുഷ്യന്റെ അറിവും വളരുന്നുമുണ്ടു്.
അതുകൊണ്ടു് ശാസ്ത്രലോകം എന്നതു് മാലാഖമാര്‍ മാത്രം വിഹരിക്കുന്ന ഒരു ലോകമാണെന്നൊന്നും അര്‍ത്ഥവുമില്ല. മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരും ഉള്ളതുപോലെ, ശാസ്ത്രജ്ഞരുടെ ഇടയില്‍ ഇല്ലാതിരിക്കണമെങ്കില്‍ അവര്‍ മനുഷ്യര്‍ അല്ലാതിരിക്കണം. ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതു് അതൊന്നുമല്ല. ഭാരതം പോലെ അജ്ഞരും അന്ധവിശ്വാസികളും നിറഞ്ഞ ഒരു സമൂഹത്തില്‍ ശാസ്ത്രമെന്നാല്‍ പൈശാചികമായ എന്തോ ആണെന്നും, അതിനോടു് മനുഷ്യര്‍ക്കു് അവജ്ഞയാണു് തോന്നേണ്ടതെന്നും ധ്വനിപ്പിക്കുന്ന തരത്തിലുള്ള ആത്മീയപ്രഭാഷണങ്ങള്‍ “ബോധവത്കരിക്കപ്പെട്ടവന്‍” എന്നു് സാമാന്യജനം ചിന്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ അതു് ഒരു ക്രിമിനല്‍ കുറ്റത്തിനു് തുല്യമായ ചിന്താശൂന്യതയാണു്. ഒരു ശാസ്ത്രജ്ഞന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തുന്നതു് രോഗശാന്തിയും കുടുംബസമാധാനവും തേടി ഏതെങ്കിലും “ആസാമികളെ” ചുറ്റിപ്പൊതിയുന്ന വിഭാഗത്തില്‍ പെട്ട മനുഷ്യരല്ല എന്നാണു് ഞാന്‍ കരുതുന്നതു്.
ആരുടെയെങ്കിലും പഠനങ്ങളും പരീക്ഷണങ്ങളും അന്തര്‍ദേശീയതലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയെങ്കില്‍ അതു് തീര്‍ച്ചയായും അപലപനീയമാണു്. പക്ഷേ, അതു് ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞനെ പഠിപ്പിക്കേണ്ട പാഠം, എന്റെ കാഴ്ചപ്പാടില്‍, ജനങ്ങളെ ആത്മീയതയിലേക്കു് ആട്ടിയോടിക്കുക എന്നതല്ല, അവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം ഉയര്‍ന്നു് വരത്തക്കവിധത്തില്‍ അവരില്‍ ശാസ്ത്രബോധത്തിന്റെ വിത്തുകള്‍ പാകുക എന്നതാണു്. മിക്കവാറും എല്ലാവരും ഭക്തരായ ഭാരതത്തില്‍ ആത്മീയത പ്രസംഗിക്കുന്നതു് ഒഴുക്കിനൊപ്പം ഒഴുകലാണെന്നതിനാല്‍ പ്രത്യേകം നീന്തേണ്ട ആവശ്യമില്ല എന്നതു് ശരിതന്നെ. പക്ഷേ, ജനങ്ങളെ വേദം ഉപദേശിക്കുകയാണു് ഒരു വിദ്യാസമ്പന്നന്റെ ലക്ഷ്യമെങ്കില്‍, ലക്ഷങ്ങളും കോടികളും മുടക്കി ഭാരതീയസമൂഹം എന്തിനു് ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ദ്ധരെയുമൊക്കെ സൃഷ്ടിച്ചെടുക്കുന്നു എന്നെനിക്കറിയില്ല. ഒരു ശാസ്ത്രജ്ഞന്‍, അവനില്‍ അല്പമെങ്കിലും ശാസ്ത്രബോധം അവശേഷിച്ചിട്ടുണ്ടെങ്കില്‍, ഒരു പത്തുമിനിട്ട് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ നീക്കിവയ്ക്കുന്നതു് നന്നായിരിക്കുമെന്നാണു് എന്റെ അഭിപ്രായം.
ഇന്നു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ ശാസ്ത്രജ്ഞരിൽ ഒരുവനാണു് Stephen Hawking. അതുകൊണ്ടു് ഹോക്കിംഗിന്റെ തത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നില്ല. ഹോക്കിംഗ് പൂണൂല്‍ ധരിച്ചിട്ടുണ്ടോ, അങ്ങേര്‍ ആര്‍ക്കൊക്കെ പൂണൂല്‍ നല്‍കിയിട്ടുണ്ടു്, ഇതൊന്നും ആശയപരമായി, വസ്തുതാപരമായി ഹോക്കിംഗിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരെ അലട്ടുന്നില്ല. പലരും ഹോക്കിംഗിന്റെ തത്വങ്ങളെ ഭാഗികമായിട്ടെങ്കിലും ചോദ്യം ചെയ്യുന്നുമുണ്ടു്. അതു് വിശ്വാസിസമൂഹം ചെയ്യുന്നതുപോലെ, ഹോക്കിംഗിന്റെ രോഗത്തെയോ, മറ്റു് വ്യക്തിപരമായ കാര്യങ്ങളെയോ പരിഹസിച്ചുകൊണ്ടല്ല. ദൈനംദിനജീവിതവുമായി നേരിട്ടു് ബന്ധമൊന്നുമില്ലാത്തവ ആയതിനാല്‍ ശാസ്ത്രലോകത്തിലെ ഏതാനും വ്യക്തികളുടെ താത്പര്യം മാത്രമേ ഇതുവരെ ഹോക്കിംഗിന്റെ തത്വങ്ങള്‍ സജീവമായി ഉണര്‍ത്തിയിട്ടുള്ളു. ആ സ്ഥിതിക്കു് അവയുടെ വിമര്‍ശനങ്ങള്‍ തത്കാലം അതിലും ചെറിയ പ്രൊഫഷണല്‍ സര്‍ക്കിളുകളിലായി ഒതുങ്ങേണ്ടി വരുമെന്നതു് സ്വാഭാവികം. മകരജ്യോതി ഒരു നക്ഷത്രമാണെന്നും, മകരവിളക്കു് ആരോ ചൂട്ടു് കത്തിക്കുന്നതാണെന്നും വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും വഴി തെളിയിച്ചിട്ടും അതിലെല്ലാം ദൈവികതയും അത്ഭുതവും കാണുന്നവരെ ഉന്നത ഗണിതശാസ്ത്രത്തിന്റെ സഹായത്താല്‍ മാത്രം ഇഴപിരിക്കാന്‍ കഴിയുന്ന ആഴമേറിയ പ്രപഞ്ചരഹസ്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എവിടെയെത്തുമെന്നു് ആലോചിച്ചാല്‍ മതി. വിശ്വാസികളുടെ ഈ വിഡ്ഢിസാമ്രാജ്യത്തില്‍ “ശാസ്ത്രജ്ഞന്‍” എന്ന പദവിയുമായി ഒരുവന്‍ പ്രത്യക്ഷപ്പെട്ടു് ശാസ്ത്രം പറയുന്ന കാര്യങ്ങളും, ശാസ്ത്രം തന്നെയും വ്യാജമാണെന്നും, ശാസ്ത്രജ്ഞരുടെയിടയില്‍ “ചാതുര്‍വര്‍ണ്ണ്യം” സംഹാരതാണ്ഡവം ആടുകയാണെന്നുമൊക്കെ അവകാശപ്പെട്ടാല്‍ അതിനു് അവരുടെയിടയില്‍ “ആധികാരികത” ലഭിക്കുന്നതില്‍ അത്ഭുതത്തിനു് വകയൊന്നുമില്ല. വോട്ടുബാങ്കു് കാണിച്ചു് രാഷ്ട്രീയത്തെ വശത്താക്കി മതങ്ങളെ വിമര്‍ശിക്കുന്നതിനെ നിരോധിക്കുന്നതുപോലുള്ള വിലക്കൊന്നും ശാസ്ത്രത്തെ വിമര്‍ശിക്കുന്നതിനില്ല. പക്ഷേ, ആ വിമര്‍ശനത്തിനു് – ഏതു് വിമര്‍ശനത്തിനും – ലോജിക്കലി കണ്‍സിസ്റ്റന്റ് ആയ ഒരു രീതിശാസ്ത്രം വേണം. അല്ലെങ്കില്‍ അതു് ഏറിയാല്‍ പിച്ചും പേയുമോ, കുറഞ്ഞാല്‍ കൊതിക്കെറുവു് പറച്ചിലോ മാത്രമായേ വിശ്വാസികള്‍ അല്ലാത്തവര്‍ വിലയിരുത്തുകയുള്ളു.
ടാക്യോണുകള്‍ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന “സാങ്കല്പിക” കണികകളാണു്. ഇവയുടെ താത്വികമായ സാദ്ധ്യതയെപ്പറ്റിയുള്ള ഹൈപോതെസിസിന്റെ ഉപജ്ഞാതാവായി ജര്‍മ്മന്‍ ഫിസിസിസ്റ്റ് ആയിരുന്ന ആര്‍നോള്‍ഡ് സൊമ്മര്‍ഫെല്‍ഡ് (1868 – 1951) കണക്കാക്കപ്പെടുന്നു. സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയിലെ സമവാക്യങ്ങള്‍ക്കു് പല സൊല്യൂഷനുകളുണ്ടു്. അതിലൊന്നിന്റെ അടിസ്ഥാനത്തില്‍ സാധാരണ ദ്രവ്യത്തിനു് എപ്പോഴും പ്രകാശവേഗതയില്‍ താഴെ മാത്രമേ സഞ്ചരിക്കാനാവൂ. മറ്റൊരു സൊല്യൂഷന്‍ പ്രകാരം മറ്റുചില കണങ്ങള്‍ക്കു് പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. അവയെ പ്രകാശവേഗതയിലേക്കു് പരിമിതപ്പെടുത്താന്‍ ആവുകയുമില്ല. 1962-ല്‍ Olexa-Myron Bilaniuk, Vijay Deshpande and E. C. G. Sudarshan എന്നിവര്‍ ഈ സാദ്ധ്യത ചൂണ്ടിക്കാണിക്കുകയുണ്ടായി. അവരുമായി ബന്ധമില്ലാതെ Jakow Petrowitsch Terlezki എന്ന റഷ്യന്‍ ഫിസിസിസ്റ്റും അറുപതുകളുടെ തുടക്കത്തില്‍ ഇതേ വസ്തുത വെളിപ്പെടുത്തുകയുണ്ടായി. 1967- ല്‍ കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍ ആയിരുന്ന Gerald Feinberg ആണു് ഈ കണങ്ങളെ Tachyons എന്നു് നാമകരണം ചെയ്തതു്. 1958-ല്‍ രണ്ടുതരം ന്യൂട്രിനോകളുടെ അസ്തിത്വം “പ്രവചിച്ചതും” ഫെയ്ന്‍ബെര്‍ഗ് ആണു്. അതു് പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മൂന്നു് സഹപ്രവര്‍ത്തകര്‍ക്കു് നോബല്‍ പ്രൈസ് ലഭിക്കുകയുമുണ്ടായി. തന്റെ പ്രവചനത്തിനു് നോബല്‍ പ്രൈസ് കിട്ടാത്തതിന്റെ പേരില്‍ ഫെയ്ന്‍ബെര്‍ഗ് കരഞ്ഞുവിളിച്ചു് നടന്നിരുന്നോ എന്നറിയില്ല.
ചുരുക്കത്തില്‍, പ്രകാശവേഗതയേക്കാള്‍ കൂടിയ വേഗത, ഒരു ഹൈപോതെസിസ് എന്ന രൂപത്തിലെങ്കിലും, 1951-ല്‍ മരണമടഞ്ഞ സൊമ്മര്‍ഫെല്‍ഡിന്റെ വകയായി നിലവിലുണ്ടു്. പക്ഷേ താത്വികമായ നിഗമനങ്ങള്‍ തെളിവുകളല്ല. ഒരു ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചു് കണങ്ങളെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമൊക്കെ പഠനം നടത്തണമെങ്കില്‍ ആദ്യം അതുപോലൊരു ഉപകരണം നിര്‍മ്മിക്കപ്പെടണം. എവിടെയെങ്കിലും ഒരു പന ഒടിഞ്ഞുവീണാല്‍ അവശേഷിക്കുന്ന കുറ്റി യക്ഷിയോ ശിവനോ ആണെന്നു് കരുതി തടിച്ചുകൂടുന്ന മനുഷ്യര്‍ ഇന്നും കേരളത്തിലുണ്ടു്. അതുപോലുള്ളവര്‍ കാള പെറ്റെന്നു് കേട്ടാല്‍ കയറുമായി നാടുനീളെയുള്ള തൊഴുത്തുകള്‍ കയറിയിറങ്ങുന്നതും മനസ്സിലാക്കാവുന്ന കാര്യമാണു്. പക്ഷേ, അതില്‍ “ശാസ്ത്രം” ഒന്നുമില്ല. മാത്രവുമല്ല, ഒരു ശാസ്ത്രജ്ഞന്‍ അതിനു് കൊടി പിടിക്കുക കൂടി ചെയ്താല്‍ അതു് അങ്ങേയറ്റം പരിഹാസ്യവുമാണു്.
CERN-ലെ ചില പരീക്ഷണങ്ങളില്‍ ന്യൂട്രീനോകളുടെ വേഗത പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയതായി കാണപ്പെട്ടെങ്കില്‍, അതു് ഒരു “പനങ്കുറ്റി ശിവന്‍” പോലെയുള്ള അത്ഭുതമോ, ആര്‍ക്കും അതുവരെ അറിയാമായിരുന്നില്ലാത്ത ഒരു രഹസ്യം ശാസ്ത്രലോകത്തെ നാണംകെടുത്താനെന്നോണം ആകാശത്തില്‍ നിന്നും CERN-ലേക്കു് പൊട്ടിവീണ ഒരു ദിവ്യജ്യോതിയോ ഒന്നുമായിരുന്നില്ല. CERN-ലെ പരീക്ഷണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു് അറിയണമെങ്കില്‍ ഒന്നുകില്‍ അതു് യുണീക് ആയിരിക്കണം, അല്ലെങ്കില്‍ അതു് മറ്റു് സ്ഥലങ്ങളിലെ പരീക്ഷണങ്ങളുടെ ഫലങ്ങളുമായുള്ള താരതമ്യം വഴി സ്ഥിരീകരിക്കപ്പെടണം. അതിനുശേഷം അതിനു് ശാസ്ത്രലോകത്തില്‍ അംഗീകാരം ലഭിക്കാന്‍ തടസ്സമൊന്നുമില്ല. അതുകൊണ്ടു് മറ്റാര്‍ക്കും എതിരഭിപ്രായമൊന്നും ഉണ്ടാവാന്‍ പാടില്ല എന്നൊന്നുമില്ലതാനും. മനുഷ്യര്‍ ഇന്നതേ ചിന്തിക്കാവൂ എന്നു് പറയാന്‍ ആര്‍ക്കവകാശം? അതിലെന്തു് ശാസ്ത്രം? ശാസ്ത്രം ഒരു ഐഡിയോളജിയല്ല. ന്യൂട്രീനോകള്‍ക്കു് പ്രകാശകണികകളെക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നു് യുക്തിസഹമായി തെളിയിക്കപ്പെട്ടാല്‍ എതിരഭിപ്രായക്കാരനായിരുന്ന ഒരു “ശാസ്ത്രജ്ഞബ്രാഹ്മണനും” പൂണൂലില്‍ കെട്ടിത്തൂങ്ങി ചാവുകയുമില്ല. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു – “ഒന്നുകില്‍ കീഴ്പെടുക, അല്ലെങ്കില്‍ ചാവുക” എന്ന “ദൈവവചനം” അരങ്ങു് വാണിരുന്ന ഒരു ഭൂതകാലം. ഭാഗ്യത്തിനു്, മതങ്ങള്‍ക്കു് സര്‍വ്വാധികാരം ഉണ്ടായിരുന്ന അത്തരം സമൂഹങ്ങളില്‍ ആരും ഇന്നു് ശാസ്ത്രവിമര്‍ശനവുമായി വിഡ്ഢിവേഷം കെട്ടാറില്ല – അത്രത്തോളം വളരാന്‍ അവര്‍ക്കു് കുറെ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എങ്കിലും. ഭാരതം ഒരുപക്ഷേ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാവുന്ന വളര്‍ച്ച.
ലേഖനത്തിലെ ഒരു ചെറിയ നോട്ടപ്പിശകുകൂടി ചൂണ്ടിക്കാണിക്കുന്നു: “വിദ്യുത്കാന്തബലവും ലഘു ആണവബലവും സംയോജിപ്പിച്ച് “ഇലക്ട്രോ വീക്ക്”(electro- weak) ബലം എന്ന ആശയം അദ്ദേഹമാണ് (E. C. G. Sudarshan) ആദ്യമായി അവതരിപ്പിച്ചത്. പക്ഷേ, അതിന്‍െറ പേരില്‍ നൊബേല്‍ സമ്മാനം നല്‍കിയത് മറ്റ് രണ്ടാള്‍ക്കും!” അതിന്റെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ചതു് രണ്ടുപേര്‍ക്കായിരുന്നില്ല, മൂന്നുപേര്‍ക്കായിരുന്നു. അവര്‍ ഇവരാണു്: Steven Weinberg, Sheldon Glashow and Abdus Salam.
E. C. G. Sudarshan-നെപ്പറ്റി വിക്കിപ്പീഡിയ നല്‍കുന്ന വിവരത്തില്‍ നിന്നും ഒരു വാക്യം:
“He is also deeply interested in Vedanta, on which he lectures frequently.”
വേദാന്തവും, ഭഗവദ് ഗീതയുമൊക്കെ ശ്രീ സി. രാധാകൃഷ്ണന്റെയും ഇഷ്ടവിഷയങ്ങളായതുകൊണ്ടു് സൂചിപ്പിച്ചെന്നേയുള്ളു.
Roshan PM
Jan 8, 2012 at 09:56
Well Said CKB. Keep up the good work
Nishad Hussain Kaippally
Jan 8, 2012 at 13:02
ബാബു അണ്ണോ.
ഈ post ഇതേപോലെ മാദ്ധ്യമത്തിന്റെ comment box പൂശു.
c.k.babu
Jan 8, 2012 at 13:18
പൂശിയല്ലോ.
മുഹമ്മദ് ഖാന്‍
Jan 8, 2012 at 17:47
ഇതുപോലൊരു ലേഖനം“ ഇസ്ലാമിലെ ശാസ്ത്രത്തെ“ വിമര്‍ശിച്ച് രാധാക്രിഷ്ണന്‍ മാധ്യമത്തിനു കൊടുത്തുനോക്കെട്ടെ,അപ്പോള്‍ അറിയാം മാധ്യമത്തിന്റെ തനികൊണം.മാധ്യമത്തിന്റെ പൂണൂല്‍ രാധാക്രിഷ്ണന്റെ തൊണ്ട വലിച്ചുമുറുക്കും,പിന്നെ അടിയാന് “ക്ഷ“എന്നൊരക്ഷരം ഉരിയാടാന്‍ ഒക്കില്ല.എന്നാല്‍ മേല്‍ പടിയാന് ഏതു ശാസ്ത്രജേര്‍നലിലും‘ വസ്തുനിഷ്ടമായി ‘കാര്യങ്ങള്‍ എഴുതാന്‍ വിലക്കുണ്ടാവും എന്ന് കരുതാനാവില്ല.ഇത് മലയാളക്കരയിലെ മലയാളമാധ്യമത്തിന്റെ കൊണം.അങ്ങ്
അറബി മാധ്യമത്തിലായാല്‍ പിന്നെ ശ്രീ രാധാക്രിഷ്ണന്‍ തൊണ്ടയില്‍ പൂണൂല് മുറുകി…………“ലേറ്റ് “രാധാക്രിഷ്ണന്റെ തുടര്‍എഴുത്ത് പരലോകത്തായിരിക്കും.
c.k.babu
Jan 9, 2012 at 14:23
ഏതേതു് മതങ്ങളിലാണു്, ഏതേതു് വിഭാഗങ്ങളിലാണു് മതപരമായ അസഹിഷ്ണുതയുടെ തീവ്രത ഏറ്റവും കൂടുതല്‍ നിലവിലിരിക്കുന്നതു് എന്നതിന്റെ മറ്റൊരു മാനദണ്ഡം ബ്ലോഗുലകത്തിലും കാണാം. മതവിമര്‍ശന ബ്ലോഗുകളിലെ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളുടെ എണ്ണവും തീക്ഷ്ണതയും മതങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നു് തരം തിരിച്ചാല്‍ മതി. കേരളത്തിലെ മനുഷ്യരുടെ മനസ്സുകളില്‍ ഒരു ക്യാന്‍സര്‍ പോലെ നുഴഞ്ഞുകയറി സ്ഥിരവാസം ആരംഭിച്ച മതഭ്രാന്തും അസഹിഷ്ണുതയുമെല്ലാം അനേകവര്‍ഷങ്ങള്‍ക്കുമുന്‍പു് നാടുവിട്ടശേഷം ഒരു ‘വിസിറ്റിംഗ് ഇന്‍ഡ്യന്‍’ എന്ന രീതിയില്‍ വല്ലപ്പോഴും നാട്ടില്‍ വന്നുപോയിക്കൊണ്ടിരുന്ന ഒരുവന്‍ എന്ന നിലയില്‍ അധികം മനസ്സിലാക്കാന്‍ എനിക്കു് കഴിഞ്ഞിരുന്നില്ല. മലയാളത്തില്‍ ഒരു ബ്ലോഗും അതുവഴി ചില മതവിമര്‍ശനങ്ങളും ആരംഭിക്കുകയും അവയോടുള്ള ചില ദൈവജ്ഞാനികളുടെ പ്രതികരണങ്ങള്‍ വായിക്കുകയും ചെയ്തതോടെയാണു് മലയാളി എത്തി നില്‍ക്കുന്ന സാംസ്കാരികവും വൈജ്ഞാനികവുമായ ചെളിക്കുണ്ടിന്റെ ആഴം ഏറെക്കുറെ മനസ്സിലാക്കാനായതു്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്ന പിശാചിന്റെ സ്വന്തം വീട്ടുകാര്‍!
ശ്രീ സി. രാധാകൃഷ്ണനെപ്പോലുള്ള സ്ഥിരം “ഭൂതകാലവാസികള്‍” അയക്കുന്ന ലേഖനങ്ങള്‍ അല്പം നിലയും വിലയുമുള്ള ഒരു ശാസ്ത്രജേര്‍ണലും പ്രസിദ്ധീകരിക്കുകയില്ല. “ശാസ്ത്രം” എന്ന ലേബലല്ല, ഉള്ളടക്കമാണു് അവര്‍ വിലയിരുത്തുന്നതു്. ആത്മീയതയെ എണ്ണ തേച്ചു് കുളിപ്പിക്കാനായി ശാസ്ത്രം എന്ന പേരില്‍ എഴുതപ്പെടുന്ന ലേഖനങ്ങള്‍ കേരളത്തിലല്ലാതെ ലോകത്തില്‍ മറ്റെവിടെയെങ്കിലുമുള്ള ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നു് എനിക്കു് തോന്നുന്നില്ല.
മുക്കുവന്‍
Jan 9, 2012 at 18:13
well said CKB. good post.
yukthijalakam
Jan 12, 2012 at 16:56
പ്രിയപ്പെട്ട ബാബു സര്‍ ! and
ബൂലോകവാസികളെ !
ബൂലോകത്തില്‍ നീന്താന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. അപ്പോഴാണ് ഇതൊരു കടലാണെന്നറിഞ്ഞത്. യുക്തിചിന്തയില്‍ അതീവതല്പരനാണ്. എന്നാല്‍ യുക്തിപരമായ ബ്ലോഗുകള്‍ പലയിടത്തായി ചിതറിക്കിടക്കുകയാണ്. അവയെല്ലാം ഒന്നിച്ചു ഒരു ബ്ലോഗില്‍ ലഭിച്ചാല്‍ നനായിരിയ്ക്ക്കും എന്ന് ഒരു തോന്നല്‍ ഉണ്ടായതിനാല്‍ അതിനു വേണ്ടിയുള്ള ഒരു ശ്രമം നടത്തി നോക്കി. അങ്ങിനെയാണ് “യുക്തിജാലകം” എന്ന ബ്ലോഗ് ഉണ്ടാകുന്നത്.
എന്റെ ഒരു എളിയ സംരംഭം ആണിത്. ചെറുതായിട്ടുള്ള തുടക്കമാണ്. എങ്കിലും സന്ദര്‍ശിച്ച് വേണ്ടതായ പ്രോത്സാഹനം നളകണമെന്നു അഭ്യര്ഥിനയ്ക്കുന്നു.
link : yukthijalakam.blogspot.com
ssrameez
Jan 14, 2012 at 18:33
Good One.. right response…
yukthijalakam
Jan 18, 2012 at 12:13
പ്രിയപ്പെട്ട ചങ്ങാതി…
യുക്തിചിന്താപരമായ ബ്ലോഗുകളെല്ലാം ഇനി ഒരു ബ്ലോഗില്‍ വായിയ്ക്കാം.
യുക്തിപരമായ ബ്ലോഗുകകള്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഈ ബ്ലോഗ് ഒരു ഉപകാരമായിരിയ്ക്കും എന്ന് ഞാന്‍ കരുതുന്നു.
ഇത്തരത്തിലുള്ള മറ്റേതെങ്കിലും ബ്ലോഗുകളെക്കുറിച്ച് താങ്കള്‍ക്ക് അറിയാമെന്കില്‍ അറിയിയ്ക്കണമെന്നു താല്‍പ്പര്യപ്പെടുന്നു.
ഈ എളിയ സംരംഭത്തില്‍ നിങ്ങളുടെയും സഹായസഹ
കരണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കട്ടെ…
അഭിപ്രായങ്ങള്‍ അറിയിയ്ക്കുമല്ലോ.
സ്നേഹത്തോടെ
ജയന്‍
ലിങ്ക് ഇതാ യുക്തിജാലകം
യുക്തിജാലകം