വിശ്വാസപരമായ കാര്യങ്ങളിൽ ഓരോ വാക്കിനും അതിന്റേതായ സ്ഥാനമുണ്ടു്. ഒരൊറ്റ വാക്കു് സ്ഥാനം തെറ്റി പ്രത്യക്ഷപ്പെട്ടാൽ മതി, വിശ്വാസികൾ അസ്വസ്ഥരാവും. ദൈവം പറയുന്നതു്, അതു് സ്വന്തം മകനെ കുരുതി കഴിക്കാനായാലും ശരി, ഒരക്ഷരംപോലും തെറ്റിക്കാതെ അനുസരിക്കുകയാണു് നിന്റെ കർത്തവ്യം എന്നാണു് വിശ്വാസി ബാല്യം മുതലേ പഠിപ്പിക്കപ്പെടുന്നതു്. അതിൽ നിന്നും വ്യത്യസ്തമായതെന്തെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യുകയോ ചെയ്യേണ്ടിവന്നാൽ, അതു് അവന്റെ ഓറിയെന്റേഷൻ ആകെമൊത്തം താറുമാറാക്കും – പ്രത്യേകിച്ചും, താൻ മനുഷ്യരാൽ വീക്ഷിക്കപ്പെടുന്നുണ്ടു് എന്ന ബോധം അവനുള്ളപ്പോൾ. തിന്മ ചെയ്യുന്നതിലല്ല, താൻ തിന്മ ചെയ്യുന്നതു് ദൈവം അറിയുന്നതിൽ പോലുമല്ല, തന്റെ തിന്മകൾ മനുഷ്യർ അറിയുന്നതിലാണു് അവന്റെ അങ്കലാപ്പു്. വല്ലപ്പോഴും അബദ്ധവശാൽ അവനൊരു നന്മ ചെയ്യുന്നുണ്ടെങ്കിൽ അതു് നാലാൾ അറിയണമെന്നും അവനു് നിർബന്ധമുണ്ടു്.
പൊതുവേ ഓറിയെന്റേഷൻ അൽപം കുറഞ്ഞ ജീവികളാണു് അല്ലെങ്കിൽത്തന്നെ വിശ്വാസികൾ. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്നെ ഇതിനു് തെളിവു് നൽകുന്നുണ്ടു്. (വിവരവും വിദ്യാഭ്യാസവും ബിരുദവുമൊക്കെയുള്ളവർ ഇതൊന്നും വായിക്കുന്നുണ്ടാവുമെന്നു് തോന്നുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ, ഏബ്രഹാം എന്നേ വായിക്കാവൂ, അല്ലെങ്കിൽ അക്ഷരസ്ഫുടതയില്ലായ്മയുടെ പേരിൽ പ്രൊമോഷൻ കിട്ടാതിരിക്കാൻ സാദ്ധ്യതയുണ്ടു്.) ബൈബിൾ പറയുന്നതു് ശരിയാണെങ്കിൽ, ഈ അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറയിൽ നിന്നും ജനിച്ച യിസഹാക്കു് എന്ന പയ്യനെ ദൈവകൽപനപ്രകാരം – കടമറ്റത്തു് കത്തനാർക്കു് പണ്ടൊക്കെ ചില ശുദ്ധമാനകർഷകർ അർപ്പിക്കാറുണ്ടായിരുന്നു എന്നു് കേട്ടിട്ടുള്ള “കോഴിവെട്ടും വെള്ളം കുടിയും” നേർച്ചയുടെ മാതൃകയിൽ – യഹോവക്കു് നരബലിയായി അർപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. ഈ കഥ കേൾക്കാത്തവർ ചുരുക്കമായിരിക്കും. പക്ഷേ, കഥാന്ത്യം The operation was successful, but the patient died എന്ന പ്രയോഗത്തിനു് വിപരീതമായി The operation was not successful, because the patient did not die എന്ന രീതിയിൽ ആയിരുന്നതിനാൽ, ഫോർമാലിറ്റികളിൽ എന്തെങ്കിലും പിഴവു് സംഭവിച്ചോ എന്ന സംശയം ന്യായമായും അബ്രഹാമിനെ അലട്ടിയിട്ടുണ്ടാവണം. തുടർക്കഥക്കു് അങ്ങനെയേ കേൾക്കാൻ കൊള്ളാവുന്ന ഒരു വിശദീകരണം നൽകാനാവൂ എന്നാണെന്റെ പക്ഷം. “നിന്റെ മകനെ എനിക്കായി കുരുതി കഴിക്കണം” എന്ന ദൈവകൽപന താൻ കേട്ടു എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ലാതിരുന്നിട്ടും ബലികർമ്മം എന്തുകൊണ്ടു് നടക്കാതെ പോയി? അതായിരുന്നിരിക്കണം അബ്രഹാമിനെ മഥിച്ചുകൊണ്ടിരുന്ന ചിന്ത. ദൈവത്തിന്റെ വാക്കിനു് മാറ്റം സംഭവിക്കുകയോ? മറ്റെന്തു് സംഭവിച്ചാലും അതുമാത്രം സംഭവിക്കില്ലെന്ന കാര്യം അവനു് ഉറപ്പായിരുന്നു. അപ്പോൾ തനിക്കു് ദാസി ഹാഗാറിൽ നിന്നും ജനിച്ച യിശ്മായേലിന്റെ കാര്യം അബ്രഹാം ഓർത്തുകാണണം. സമ്പത്തുകാലത്തു് തൈപത്തു് വച്ചാൽ ആപത്തു് കാലത്തു് ഉണ്ടാകാവുന്ന ഓരോ ഗുണങ്ങൾ! ഇനിയിപ്പോൾ യഹോവ അറുക്കാൻ പറഞ്ഞതു് യിശ്മായേലിന്റെ കഴുത്തായിരുന്നോ ആവോ? ഓർമ്മക്കുറവു് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രായത്തിലുമായിരുന്നു അബ്രഹാം എന്നും കൂട്ടിക്കോളൂ. പിന്നെ ഒട്ടും താമസിച്ചില്ല, അദ്ദേഹം ഒരുവട്ടം കൂടി മലചവിട്ടാൻ തീരുമാനിച്ചു. ഇത്തവണ ബലികഴിക്കേണ്ടതു് യിശ്മായേലിനെ ആയിരുന്നതിനാലും, ഒരുവന്റെ കഴുത്തറക്കാൻ അവന്റെ കഴുത്തുതന്നെ വേണമെന്നതിനാലും, അവനെയും കൂട്ടിയായിരുന്നു മലകയറ്റം. പക്ഷേ, യിശ്മായേലിന്റെ ഭാഗ്യത്തിനു് ഇത്തവണയും അബ്രഹാമിനു് തന്നിലുള്ള വിശ്വാസം ടെസ്റ്റ് ചെയ്യുക എന്നൊരു ലക്ഷ്യമേ യഹോവക്കുണ്ടായിരുന്നുള്ളു. ചില കാര്യങ്ങളിൽ പരീക്ഷണനിരീക്ഷണങ്ങൾ വഴി ഒരു തീരുമാനത്തിലെത്തുന്നതാണു് ഉത്തമമെന്നു് ദൈവത്തിനുമറിയാം. മൈക്ക് ടെസ്റ്റ് ചെയ്യുന്നതു് കേട്ടിട്ടില്ലേ? ടെസ്റ്റിംഗ്, ടെസ്റ്റിംഗ്, ഹലോ, ഹലോ, വൺ, ടൂ, ത്രീ, ഹലോ അബ്രഹാം, ഹലോ, ടെസ്റ്റിംഗ് ടെസ്റ്റിംഗ്, യുവർ വിശ്വാസം ടെസ്റ്റിംഗ്, ഹിയർ യുവർ യഹോവ, ഹലോ, ടെസ്റ്റിംഗ്, ടെസ്റ്റിംഗ്, …..
ഖുർആൻ രചിച്ചവരുടെ അഭിപ്രായപ്രകാരം ഈ കഥയുടെ രണ്ടാം ഭാഗം സത്യവും ആദ്യഭാഗം നുണയുമാണു്, മോശെയുടെ പുസ്തകങ്ങൾ രചിച്ചവർ ആരോ അവരുടെ അഭിപ്രായത്തിൽ ആദ്യഭാഗം സത്യവും രണ്ടാം ഭാഗം നുണയുമാണു്. ബൈബിൾ അനുസരിച്ചു് ബലി കഴിക്കാൻ കൊണ്ടുപോയതു് യിസഹാക്കിനെയാണു്. ഖുർആൻ പറയുന്നു യിശ്മായേൽ ആയിരുന്നു “ബലിമൃഗത്തിന്റെ” പാർട്ട് അഭിനയിച്ചതെന്നു്. രണ്ടും ദൈവവചനമാണെന്ന കാര്യത്തിൽ അതിലോരോന്നിലും വിശ്വസിക്കുന്നവർക്കു് തെല്ലുപോലും സംശയവുമില്ല. അതിനുവേണ്ടി തിളയ്ക്കുന്ന എണ്ണയിൽ (തിളയ്ക്കുന്നതു് കാരെള്ളെണ്ണ ആയാലും, സൂര്യകാന്തിയെണ്ണ ആയാലും, മണ്ണെണ്ണ ആയാലും) ഭാഗികമായോ പൂർണ്ണമായോ മുങ്ങിക്കുളിക്കാൻ പോലും തയ്യാറാവുന്ന ലക്ഷക്കണക്കിനു് വിശ്വാസികൾ രണ്ടുപക്ഷത്തുമുണ്ടു്. അതുകൊണ്ടാണു് ഒരു യിസഹാക്കു് വേർഷനും ഒരു യിശ്മായേൽ വേർഷനും ആവശ്യമായി വരുന്നതു്. “മതവിഹാരം” വ്രണപ്പെടാതിരിക്കാൻ എന്തെന്തു് ഓയിന്റ്‌മെന്റുകൾ പരുവിനുമീതെ വാരിപ്പൂശാൻ നമ്മൾ തയ്യാറാവുകയില്ല? കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, നമ്മെ സംബന്ധിച്ചു് ഈ അങ്കത്തിൽ ശ്രദ്ധാർഹമായതു്, കർട്ടൻ വീഴുന്നതിനുമുൻപു്, മുറുക്കാൻകല്ലിലും അമ്മിക്കല്ലിലും മാറിമാറിവച്ചു് ഇടിച്ചാലും പൊട്ടാത്ത അടയ്ക്ക പോലെ ഉറച്ച വിശ്വാസത്തിന്റെ ഉടമയാണു് അബ്രഹാം എന്നു് പരീക്ഷിച്ചറിഞ്ഞ യഹോവ അവനു് “സ്വന്തം മക്കളുടെ കഴുത്തറക്കാൻ പോലും മടിക്കാത്തവൻ” എന്ന അർത്ഥത്തിൽ “വിശ്വാസികളുടെ പിതാവു്” എന്ന ബിരുദം നൽകി അഭിനന്ദിച്ചു എന്ന ചരിത്രപ്രധാനമായ വസ്തുതയാണു്.
എന്താണു് ദൈവം ഒരു വിശ്വാസിയിൽ നിന്നും ആവശ്യപ്പെടുന്നതെന്നു് എങ്ങനെ അറിയും? അക്കാര്യത്തിൽ വിശ്വാസിക്കു് സംശയമൊന്നുമില്ല. അതു് അവന്റെ ദൈവം വേദഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു് അവനറിയാം. ദൈവത്തിനെ ശരിക്കു് സോപ്പിടുന്നവർക്കു് അപൂർവ്വമായി ചിലതൊക്കെ സ്വപ്നത്തിലൂടെയും ദൈവം വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഏതു് പിശാചു് കുത്തിവച്ച വിഷത്തിന്റെ സ്വാധീനത്താലാണെന്നറിയില്ല, മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തവിധം സർവ്വശക്തിയുടെ അധികപങ്കും നഷ്ടപ്പെട്ടു് ദൈവം പക്ഷവാതം ബാധിച്ചവനെപ്പോലെയായി. ഏതു് മതം എന്നതിന്റെ അടിസ്ഥാനത്തിൽ ഇടതുവശം തളർന്ന ദൈവമുണ്ടു്, വലതുവശം തളർന്ന ദൈവമുണ്ടു്. [തലച്ചോറിന്റെ വലത്തുഭാഗത്തുണ്ടാവുന്ന ആഘാതങ്ങൾ (രക്തധമനിയുടെ അടയലോ പൊട്ടലോ) ഇടതുവശത്തിന്റെ തളർച്ചക്കും, അതുപോലെതന്നെ നേരേ മറിച്ചുമാണെന്ന കാര്യം മറക്കാതിരിക്കുക. പക്ഷനിർണ്ണയസംബന്ധമായ വ്യാഖ്യാനങ്ങളിൽ വകതിരിവു് നഷ്ടപ്പെടാതിരിക്കാൻ അതു് സഹായിക്കും]. അതിനാൽ, തന്റെ വചനങ്ങൾ ശരിയായ രീതിയിൽ മനുഷ്യർക്കു് പൊരുൾ തിരിച്ചുകൊടുക്കാൻ ദൈവം തന്നെ വേണ്ടുവോളം വ്യാഖ്യാതാക്കളെയും ചുമതലപ്പെടുത്തി.
അങ്ങനെ എല്ലാം ശുഭമായി കലാശിക്കേണ്ടതായിരുന്നു. പക്ഷേ, ദൈവത്തെ വീണ്ടും നാണം കെടുത്താനായി ഏതോ പിശാചു് ചെയ്ത ക്ഷുദ്രപ്രവൃത്തി മൂലമാവണം, ഓരോ വ്യാഖ്യാതാവിനും ദൈവവചനങ്ങൾ ഓരോ വിധത്തിലാണു് മനസ്സിലാകുന്നതു്. ഫലമോ, ദൈവവചനങ്ങൾ എന്ന പേരിൽ ഓരോരുത്തനും വിളിച്ചുപറയുന്നതു് അവനു് “കൂടോത്രം” ചെയ്ത പിശാചിന്റെ ദൈവശാസ്ത്രമാണു്. ഒരു ദൈവമാണു് സകല മനുഷ്യരെയും സൃഷ്ടിച്ചതെന്നു് പറയുകയും, അതേസമയംതന്നെ അന്യമതസ്ഥരെ അവരുടെ വിശ്വാസത്തിന്റെ മാത്രം പേരിൽ വെറുക്കണമെന്നും നശിപ്പിക്കണമെന്നും പഠിപ്പിക്കുകയും ചെയ്യുന്ന നീതിശാസ്ത്രങ്ങൾ ഒരു പിശാചിന്റെ വായിൽ നിന്നും വരുന്നതാവാതിരിക്കുന്നതെങ്ങനെ? ഏതായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഏതർത്ഥത്തിലും ദൈവത്തേക്കാൾ യോഗ്യനും, ബുദ്ധിമാനും, കാര്യപ്രാപ്തിയുള്ളവനുമാണു് പിശാചു്. ഇതുവരെയുള്ള മതങ്ങളുടെ ചരിത്രം വെളിപ്പെടുത്തുന്നതു് ഈ കേവലസത്യമാണു്. ദൈവത്തേയും പിശാചുക്കളേയും മതങ്ങളേയും സൃഷ്ടിച്ച മനുഷ്യർ ദൈവത്തെ ഏറ്റവും ഉയരത്തിലെ കൊമ്പത്തു് കയറ്റി ഇരുത്താൻ പരമാവധി ശ്രമിച്ചിട്ടും അക്കാര്യത്തിൽ അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്തിനു് പിശാചു്? പ്രപഞ്ചസൃഷ്ടിയുടെ കഥ എഴുതിവച്ചിരിക്കുന്ന ബൈബിളിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, വെറുമൊരു പാമ്പുപോലും ദൈവത്തേക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്ന ജീവിയാണു്. മഹദ്‌വചനപ്രകാരം “അറിവു് ശക്തിയാണു്” എങ്കിൽ, ആ ശക്തി മനുഷ്യനു് ലഭിച്ചതു് പാമ്പുവഴിയാണു്. അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുക്കുതന്നെ നട്ടുപിടിപ്പിച്ചിട്ടു് അതിന്റെ ഫലം തിന്നരുതെന്നു് മനുഷ്യനെ വിലക്കുന്ന ഒരു ശുംഭൻ ദൈവത്തേക്കാൾ എത്രയോ യോഗ്യനാണു് ആ വൃക്ഷത്തിന്റെ ഫലം പറിച്ചു് മനുഷ്യനു് നൽകി “നിങ്ങൾ അറിവു് വർദ്ധിപ്പിക്കൂ കുഞ്ഞുങ്ങളേ” എന്നു് ഉപദേശിച്ച ആ പാമ്പു്? ആ ദൈവിക ശുംഭത്തത്തിന്റെ പിൻഗാമികളാണു് വിശ്വാസികൾ. അവർ മനുഷ്യബുദ്ധിയെ അവഹേളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?
ഒരുവൻ ഏതെങ്കിലും ഒരു മതത്തിലും ആ മതത്തിന്റെ ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നതു് അവന്റെ വ്യക്തിപരമായ കാര്യങ്ങളാണു്. ഒരു മതത്തിൽ ജനിച്ചതുകൊണ്ടും വളർത്തപ്പെട്ടതുകൊണ്ടും ആ മതത്തിൽ തുടരുന്നവരാണു് ബഹുഭൂരിപക്ഷം വിശ്വാസികളും. വളരെ ചെറിയ ഒരു വിഭാഗം മാത്രമേ മുതിർന്നതിനു് ശേഷമുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വഴി ഏതെങ്കിലുമൊരു മതവും അതിലെ ദൈവവും തനിക്കു് പിൻതുടരാൻ മാത്രം യോഗ്യതയുള്ളതാണെന്നു് ബോദ്ധ്യപ്പെട്ടശേഷം വിശ്വാസികളാവുന്നവരായുള്ളു. സൂക്ഷ്മമായി പരിശോധിച്ചാൽ തികച്ചും ലൗകികമായ പരിഗണനകളാണു് അവരെയും ആ തീരുമാനത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചതെന്നു് കാണാൻ കഴിയുകയും ചെയ്യും. നെറ്റിയിൽ “വിശ്വാസി” എന്ന ലേബലും ഒട്ടിച്ചുകൊണ്ടു് നടക്കുന്നവരിൽത്തന്നെ സാമൂഹികമായ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാനായി ദൈവവിശ്വാസമില്ലെങ്കിലും മതവിശ്വാസി ആയി തുടരുന്നവരും കുറവല്ല. ഊരുവിലക്കും തെമ്മാടിക്കുഴിയുമൊന്നും സമൂഹത്തിലെ സ്വൈര്യജീവിതത്തിനു് അത്ര ആശാസ്യമായ കാര്യങ്ങളല്ലല്ലോ. രാവിലെ മുതൽ വൈകുന്നതുവരെ വാചകമടിയുമായി നാൽക്കവലകളിൽ കുത്തിയിരിക്കുന്നവർ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഒരു കാര്യമാണു് ഏതെങ്കിലുമൊരു സമൂഹാംഗത്തിന്റെ പ്രവൃത്തി “നാട്ടുനടപ്പിനു്” പരുക്കേൽപ്പിക്കുന്നുണ്ടോ എന്നതു്. ഇക്കൂട്ടരിൽ നിന്നാണു് “സദാചാരപോലീസ്” മുതലായ “തൊഴിലുകൾ” ഉരുത്തിരിയുന്നതുതന്നെ. ഒരു കാർഷികരാജ്യത്തിൽ മനുഷ്യർക്കു് സമയമുണ്ടു്. ധാരാളം സമയമുണ്ടു്. വിളവിറക്കലിനും വിളവെടുപ്പിനുമിടയിൽ തല്ലിക്കൊന്നാലും ചാവാത്തത്ര സമയമുണ്ടു്! യാതൊരു അദ്ധ്വാനവുമില്ലാതെ ഇഷ്ടം പോലെ സമയം ലഭിക്കുമ്പോൾ സമയത്തിന്റെ വില അറിയാനാവില്ല. സാമൂഹികനന്മക്കായി പ്രയോജനപ്പെടുത്താൻ അറിയാത്തതോ കഴിയാത്തതോ ആയ സമായാധിക്യം അലസതയിലേക്കും അതിന്റെ ബൈപ്രോഡക്റ്റ്‌സ് ആയ സ്വാർത്ഥപരതയിലേക്കും പരദ്രോഹത്തിലേക്കുമൊക്കെയേ നയിക്കൂ. ചിലർ ദിവസേന ജോലിക്കു് പോകുന്നതുതന്നെ പത്രം വായിക്കാനും മാസാവസാനം ശമ്പളം വാങ്ങാനുമായിട്ടാണല്ലോ. സമൂഹത്തിന്റെ കഴുത്തറത്തു് ചോര കുടിക്കൽ അഥവാ, ഒരുതരം നോക്കുകൂലി വാങ്ങൽ!
മതങ്ങളെ, പ്രത്യേകിച്ചും മതാധികാരികളെ, പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്ന ചില വിശ്വാസികളുണ്ടു്. പുരോഗമനക്കാർ എന്നാണു് അവർ സ്വയം വിശേഷിപ്പിക്കാറുള്ളതു്. “ഞാൻ ഒരു മതവിശ്വാസിയല്ല, പക്ഷേങ്കി, ഞാനൊരു ദൈവവിശ്വാസിയാണു്” ഇതാണു് അവരുടെ മുദ്രാവാക്യം. ഒരു ദൈവവിശ്വാസിയും സർവ്വശക്തനല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. സർവ്വശക്തനും സർവ്വജ്ഞാനിയുമല്ലാത്ത ഒരു ദൈവമുണ്ടോ? അങ്ങനെയൊരു ദൈവത്തെപ്പറ്റി ഞാനിതുവരെ കേട്ടിട്ടില്ല. അതുപോലൊരു ദൈവത്തിൽ വിശ്വസിച്ചിട്ടു് എന്തു് പ്രയോജനം? തന്നേക്കാൾ ശക്തിയും ജ്ഞാനവും കൂടുതലുള്ള ഒരു ദൈവത്തിനുമുന്നിൽ ആ ദൈവം തീർച്ചയായും സുല്ലിടേണ്ടി വരും. അതുകൊണ്ടു്, എന്റെ ദൈവമാണു് എല്ലാം തികഞ്ഞ ദൈവം എന്നു് വിശ്വസിക്കാനും സ്ഥാപിക്കാനും ശ്രമിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഒരു വിശ്വാസിക്കില്ല. പക്ഷേ, മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയതുപോലെയാണു് വിശ്വാസി ദൈവത്തോടൊത്തു് നടത്തുന്ന തീർത്ഥയാത്രകളും അവസാനിക്കാറു്. ഇത്തിരി ദൂരം പോകുമ്പോഴേക്കും കാറ്റും മഴയും ഒരുമിച്ചു് വരും. മണ്ണാങ്കട്ട മണ്ണിൽ അലിഞ്ഞും കരിയില എങ്ങോട്ടെന്നറിയാതെ പറന്നും അഡ്രസില്ലാതാവുന്ന ശോകപര്യവസായികൾ! ഇവിടെയും അതുതന്നെയാണു് സംഭവിക്കുന്നതു്. മതാധികാരികൾ ചെയ്യുന്നതു് ചൂഷണവും തെമ്മാടിത്തരവുമാണെങ്കിൽ അതു് ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമായിരിക്കുമോ? ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമാണെങ്കിൽ അവർ ദൈവത്തേക്കാൾ “മുടുക്കന്മാർ” ആണെന്നല്ലാതെ മറ്റെന്താണു് അതിനർത്ഥം? അത്ര തികഞ്ഞവനും വിശ്വാസയോഗ്യനുമായ ഒരു ദൈവത്തിലല്ല നമ്മുടെ ദൈവവിശ്വാസി അവന്റെ വിശ്വാസം അർപ്പിക്കുന്നതു് എന്നല്ലാതെ മറ്റെന്തെങ്കിലുമൊന്നു് അതിൽ നിന്നും വായിച്ചെടുക്കാനാവുമോ? ഒരുവൻ വിമർശിക്കുന്ന മതാധികാരികളെ നിയന്ത്രിക്കാനും നേർവഴിക്കാക്കാനും കഴിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നവന്റെ ദൈവവിശ്വാസം കപടവും അവനെത്തന്നെ വഞ്ചിക്കലുമാണു്. അർത്ഥശൂന്യമായ അവന്റെ ഈ നിലപാടിനെപ്പറ്റി ആരെങ്കിലും സൂചിപ്പിച്ചാൽ അതു് ന്യായീകരിക്കാനായി ഏതാനും മുട്ടായുക്തികൾ അവന്റെ കൈവശമുണ്ടു്. ദൈവം മനുഷ്യരുടെയിടയിൽ നടത്തുന്ന ട്രെയിനിംഗ്, ദൈവത്തിന്റെ പരൂക്ഷ, ദൈവം മനുഷ്യനു് അനുവദിച്ചിരിക്കുന്ന പ്രൊബേഷൻ പിരിയഡ്, അങ്ങനെ പോകും വാലും തലയുമില്ലാത്ത അവന്റെ വാദമുഖങ്ങൾ. അറ്റമെത്തിയാൽ വീണ്ടും ആദ്യം മുതൽ പടം നിരത്തൽ തുടങ്ങും. ഓരോ മനുഷ്യനും ജനനം മുതൽ മരണം വരെ എന്തൊക്കെ ചെയ്യുമെന്നും, അവന്റെ ഓരോ മുടിയും എപ്പോൾ എവിടെ എങ്ങനെ കൊഴിയുമെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും ലോകാരംഭത്തിനു് മുൻപുതന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവം അവന്റെ ഓരോ പ്രവൃത്തികളെയും, അവനു് സംഭവിക്കുന്ന തെറ്റുകുറ്റങ്ങളേയും “സ്വർണ്ണം” തൂക്കുന്ന ത്രാസിൽ തൂക്കിനോക്കി രക്ഷയും ശിക്ഷയും വിധിക്കുമെന്നും മറ്റും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു് അസംബന്ധമാണെന്നു് അതൊക്കെ വായിക്കുന്ന ആർക്കും മനസ്സിലാവും – വിശ്വാസികളുടെ തലയിൽ മാത്രം എത്രവട്ടം ആവർത്തിച്ചാലും എന്തുകൊണ്ടോ അതൊന്നും കയറുകയില്ല.
“പൊങ്ങു്” ദൈവത്തിന്റെ ഇഷ്ടഭോജനമായതിനാലാവാം ദൈവം തലയിൽ കയറിക്കൂടിയാൽ വിശ്വാസിയുടെ തലച്ചോറു് പൊങ്ങായി മാറുന്നതു്. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ മുഴുവൻ അവിശ്വാസികളും “വിവരമില്ലാത്തവർ” ആവുന്നതിന്റെ രഹസ്യം ഈ പൊങ്ങാവണം. ചില വിശ്വാസികളുടെ അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ പൊങ്ങു് എന്നാൽ പൊങ്ങുന്നതു് എന്നതിന്റെ അബ്രിവിയേഷൻ ആണെന്നാണു് അവർ ധരിച്ചുവച്ചിരിക്കുന്നതെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. മറ്റാർക്കും കാണാൻ കഴിയാത്തതു് കാണാനും, മറ്റാർക്കും അനുഭവിക്കാൻ കഴിയാത്തതു് അനുഭവിക്കാനും, എന്തിനു്, പ്രപഞ്ചത്തിനു് അപ്പുറം സംഭവിക്കുന്നതെന്തൊക്കെയെന്നു് തത്സമയംതന്നെ അറിയാൻപോലും ഇന്ദ്രിയശേഷിയുള്ളവരാണു് അവർ. അതു് വട്ടാണെന്നൊന്നും പറയാൻ പോയേക്കരുതു്. പോയാൽ വട്ടു് നിങ്ങൾക്കാണെന്നു് കാര്യകാരണസഹിതം അവർ തെളിയിച്ചുതരും. അവർ വായിക്കുന്ന ഗ്രന്ഥങ്ങൾ നിറയെ അതിനുള്ള തത്വങ്ങളാണു്. അല്ലെങ്കിൽത്തന്നെ, അതൊക്കെ വായിച്ചാൽ “ശരിക്കും” മനസ്സിലാവാത്തതാണല്ലോ നിങ്ങളുടെ പ്രധാന പ്രശ്നവും! ഒരു ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതാണു് വായിക്കേണ്ടതു് എന്ന നിങ്ങളുടെ ചിന്ത തന്നെ തെറ്റാണു്. എഴുതാപ്പുറം വായിക്കാനുള്ള ശേഷിയാണു് ശേഷി. അതു് ദൈവം വിശ്വാസികൾക്കു് മാത്രമായി നേരിട്ടു് നൽകുന്നതാണു്.
യാഥാർത്ഥ്യങ്ങളെ മുഖാമുഖം നോക്കിക്കാണാനുള്ള കരുത്തില്ലെങ്കിൽ മനുഷ്യൻ അവന്റെ മതത്തിലും ദൈവത്തിലും വിശ്വസിച്ചു് പണ്ടാറമടങ്ങണം. ജീവിതത്തെ മിഥ്യാബോധങ്ങളുടെ സഹായമില്ലാതെ നേരിടാനുള്ള കരുത്തുണ്ടെങ്കിൽ ദൈവവും പിശാചും സ്വർഗ്ഗവും നരകവും മതവും പൗരോഹിത്യവുമെല്ലാം ആകെമൊത്തം നാറിയ ഏർപ്പാടാണെന്നു് അംഗീകരിച്ചു് അവയോടെല്ലാം വിടചൊല്ലി മനുഷ്യനായി ജീവിക്കാൻ തുടങ്ങണം. അതുപോലൊരു ജീവിതം സ്വന്തം സമൂഹത്തിൽ സാദ്ധ്യമാവുന്നില്ലെങ്കിൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കണം. അല്ലാതെ “അത്ര ആണുമല്ല, അത്ര പെണ്ണുമല്ല” എന്ന നാണംകെട്ട നിലപാടു് സ്വീകരിക്കുകയും, അതു് ന്യായീകരിക്കാനായി “കാണുന്നവർക്കു് എല്ലാം മനസ്സിലാവുന്നുണ്ടു്” എന്ന വിലാപവുമായി കിടന്നിടത്തുകിടന്നു് വീണ്ടും വീണ്ടും ഉരുളുകയുമല്ല ചെയ്യേണ്ടതു്. കാണുന്നവരിൽ അധികം പേർക്കും വേണ്ടപോലെയൊക്കെ മനസ്സിലാവുന്നുണ്ടു്. പക്ഷേ, കരഞ്ഞാലും ചിരിച്ചാലും പൊങ്ങു് വീണ്ടും തേങ്ങയാവില്ല എന്നറിയാവുന്നതിനാൽ അവഗണിക്കുന്നു, അത്രതന്നെ.
Ravichandran C
Dec 5, 2011 at 06:12
‘ദൈവവിശ്വാസിയാണ് പക്ഷെ മതവിശ്വാസിയല്ല” എന്ന് വാദിക്കുന്ന കാപട്യക്കാരെക്കൊണ്ട് വഴി നടക്കാനാവാത്ത അവസ്ഥയുണ്ട്. മതവും മതാചാരങ്ങളും ന്യായീകരിക്കാന്‍ ബൗദ്ധികമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഇക്കൂട്ടര്‍ മതത്തെ തള്ളിപ്പറഞ്ഞ് മതവിശ്വാസിയായി ജീവിക്കാന്‍ ശ്രമിക്കുന്നത്. ഒരു നായ അതിന്റെ വാലില്‍ കടിക്കാന്‍ ശ്രമിക്കുന്നക്കുന്നതുപോലെ ഒരു തരം വൃഥാവ്യായാമം. മതം ശരിയല്ലെങ്കില്‍ മതദൈവമെങ്ങനെ ശരിയാവും? മതം അംഗീകരിക്കുകയും മതത്തെ അംഗീകരിക്കുകയും ചെയ്യുന്ന ദൈവത്തോടാണ് ഈ പരാക്രമം! മുങ്ങിക്കുളിക്കണം പക്ഷെ തല നനയാന്‍ പാടില്ല.
എഴുതാപ്പുറം വായിക്കുന്നതാണ് മതവിശ്വാസിയാകാനുള്ള മുഖ്യയോഗ്യത. എഴുതിയിരിക്കുന്നത് അതുപോലെ വായിച്ചാല്‍ തീര്‍ന്നു. പക്ഷെ യാഥാര്‍ത്ഥ്യവുമായി പുലബന്ധമെങ്കിലുമുള്ള ഏതെങ്കിലുമൊരു വരിയുണ്ടെങ്കില്‍ അത് അപ്പടി തന്നെ വായിക്കണം. അത് നിര്‍ബന്ധമാണ്. അവിടെപ്പിന്നെ വ്യാഖ്യാനവും എഴുതാപ്പുറവുമൊന്നുമില്ല. ഭൂരിഭാഗം വരുന്ന നഴ്‌സറിവരികള്‍ക്കാണ് വ്യാഖ്യാനവും എഴുതാപ്പുറ ഇന്‍ജെക്ഷനും നല്‍കേണ്ടത്.
പിന്നെ തെളിവ്?! തെളിവുണ്ടെങ്കില്‍ വിശ്വസിക്കാന്‍ ഏതൊരു കൂറയ്ക്കും സാധിക്കും. യാതൊരു തെളിവുമില്ലാതെ വിശ്വസിക്കണം, അതാണ് സാക്ഷാല്‍ കഴിവ്!!
Ranjith
Dec 5, 2011 at 10:03
ഇത് കലക്കി ബാബു ചേട്ടാ..
പണ്ട് ഞാന്‍ മുകളില്‍ പറഞ്ഞ, മതവിശ്വാസിയല്ലാത്ത ദൈവവുമായി ഡയറക്റ്റ് വിശ്വാസം മാത്രമുള്ള ഒരുവനുമായി ഒടുക്കത്തെ debate നടത്തിയിരുന്നു. അന്ന് മൂപ്പര് പിടിച്ച കച്ചിതുരുമ്പ് ഏതാണ്ട് ഈ ലൈന്‍ ഇല്‍ തന്നെ ആയിരുന്നു. അതായത് ദൈവത്തിന്റെ ഡേ-ടൂ-ഡേ പരിപാടികളെ കുറിച്ച് ചോദിക്കരുത് കാരണം മൂപ്പരുടെ ദൈവം ആ ടൈപ്പ് അല്ല.. ദൈവത്തിന്റെ കഷ്ട്ടപെടുന്നവരെ കുറിച്ചുള്ള പ്ലാന്‍ ചോദിക്കരുത് കാരണം വീണ്ടും മൂപ്പരുടെ ദൈവം ആ ടൈപ്പ് അല്ല.. അങ്ങനെ ചുരുക്കി പറഞ്ഞാല്‍ ഉത്തരത്തിനു ബുദ്ധിമുട്ടുള്ള ഒന്നും ചോദിക്കരുത് ഒരു abstract entity ആണ് ദൈവം. ആകെ ഒരു പുക types ആകുന്നു ദൈവം എന്ന ലൈന്‍..
ഈ അവസരങ്ങളില്‍ പ്രയോഗിക്കാന്‍ പറ്റിയ ഒരു quote ഉണ്ട്; Daniel Dennett വക.. അന്ന് ഇത് പ്രയോഗിക്കാന്‍ പറ്റിയില്ല പിന്നീടാണ് അത് കേട്ടത്…. “talking about God has become something like talking about ‘wodgifoop’ – what’s that? Don’t ask; it’s beyond saying …” കൃത്യം വാക്കുകള്‍ ഒര്കുന്നില്ല.
അനന്യന്‍
Dec 5, 2011 at 10:04
പ്രിയ ബാബു സാര്‍
വളരെ നല്ല ലേഖനം. ഐതിഹ്യ കഥാപാത്രങ്ങളെ കീറിമുറിചു വിശകലനം ചെയ്യുമ്പോള്‍ താങ്കളുടെ വാക്കുകള്‍ (കുഞ്ഞുണ്ണി മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വാക്കുകളുടെ ഊക്ക് ) എത്ര ശക്തമാണ്.
വിശ്വാസികള്‍ മറ്റുള്ളവരുടെ മത സങ്കല്‍പ്പങ്ങള്‍ തെറ്റാണെന്ന് സമര്‍ഥിക്കാന്‍ ഉപയോഗിയ്ക്കുന്ന യുക്തിയുടെ കണ്ണാടി സ്വന്തം മതസങ്കല്പങ്ങല്‍ക്കെതിരെ ഒന്ന് നീട്ടിപ്പിടിച്ചിരുന്നു എങ്കില്‍ മതപ്പുഴുക്കള്‍ ഇത്ര നുളയ്ക്കില്ലായിരുന്നു. ചെറുപ്പം മുതല്‍ ഏതോ ഒരു ശക്തി തങ്ങളെ കാണാതെ എവിടെയോ ഇരുപ്പുണ്ട്, അത് തങ്ങളുടെ ചുറ്റും ഉണ്ട് എന്നാ ഒരു ഭീതി എല്ലാ വിശ്വാസികളിലും രൂടമൂലമാണ്. ഓരോരുത്തരിലും ആ സന്ഗ്കല്പങ്ങള്‍ക്ക് തന്റെ സ്വന്തം ദൈവത്തിന്റെ രൂപമായിരിയ്ക്കും. ആ ശക്തിയെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യുന്നവന്‍ ക്ലാസ്സിലെ നല്ല കുട്ടി ചമയാന്‍ ശ്രമിയ്ക്കുന്ന പിള്ളേരുടെ ചിന്തയെ പിന്‍പറ്റുന്നവരായിരിയ്ക്കും.
അനന്യന്‍
Dec 5, 2011 at 10:12
പിന്നെ മറ്റൊരു കാര്യം പറയാന്‍ മറന്നു. അങ്ങയുടെ പേജ് വായിക്കുമ്പോള്‍ അതിലൂടെ ഒരു വെളുത്ത ഡോട്ട് (page animation) ഓടി പോകുന്നതിനാല്‍ വായനയ്ക്ക് ഒരു തടസ്സമുന്റ്റ്. അക്ഷരങ്ങലൂടെ ഈ white dots കടന്നു പോകുന്പോള്‍ ശ്രദ്ധ നഷ്ടപെടുന്നില്ലേ എന്നൊരു തോന്നല്‍.. അത് എന്റെ ശ്രധക്കുരവാണോ എന്നറിയില്ല. എങ്കിലും സുഗമമായി വായിച്ചു പോകാന്‍ ആ ആനിമേഷന്‍ സമ്മതിക്കുന്നില്ല എന്ന് എനിയ്ക്ക് തോന്നി.
c.k.babu
Dec 5, 2011 at 10:15
Dear Mr. Ravichandran,
താൻ ഒരുപാട് അന്വേഷണങ്ങൾ നടത്തിയ ശേഷമാണ് ഇപ്പോഴത്തെ വിശ്വാസത്തിൽ എത്തിച്ചേർന്നത് എന്നൊക്കെയാണ് തന്റേത് കപടവിശ്വാസമല്ല എന്ന് വരുത്താനായി ഇക്കൂട്ടർ എപ്പോഴും അവതരിപ്പിക്കുന്ന മുഖവുര. തുടർന്ന് പതിവ് വാചാടോപങ്ങൾക്കുശേഷം എന്റെ “ഡിങ്കൻ” ആണ് യഥാർത്ഥ ദൈവം, അല്ലെങ്കിൽ എന്റെ “യോഗ” ആണ് യഥാർത്ഥ ദൈവത്തെ കണ്ടെത്താനുള്ള വഴി മുതലായ അത്ഭുതകരമായ നിഗമനത്തിൽ എത്തുകയും ചെയ്യും. ഈയിടെ ഈശ്വരനെ എങ്ങനെ പരിചയപ്പെടാം എന്നൊരു ബ്ലോഗ് കണ്ടിരുന്നു. ഞാൻ ഇപ്പറഞ്ഞതിന്റെ ഏറ്റവും നല്ല ഉദാഹരണമാണത്. അത് കണ്ടപ്പോൾ ഈശ്വരനെ കണ്ടെത്താൻ ഏറ്റവും നല്ലത് ഒട്ടു സമയം നഷ്ടപ്പെടുത്താതെ എത്രയും വേഗം ചത്ത് സ്വർഗ്ഗത്തിൽ എത്തുകയാണെന്നാണ് പറയാൻ തോന്നിയത്. ഇത്തരക്കാരുമായുള്ള ചർച്ചയിൽ നിന്നും കഴിവതും അകന്നുനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളതെന്നതിനാൽ മൗനം ഭജിച്ചു. വിഡ്ഢിത്തത്തിന്റെ ചിലന്തിവലയിലേക്ക് ഞാനായിട്ട് ആരെയും പറഞ്ഞുവിടാതിരിക്കണമെന്ന് നിർബന്ധമുള്ളതിനാൽ അതിന്റെ ലിങ്ക് മനഃപൂർവ്വം ഇവിടെ നൽകുന്നില്ല. അതിൽ നിന്നും ചിലത്:
“ഞാന്‍ ആരാണ് ? എന്തിനുവേണ്ടിയാണ് ഈ ജീവിതം? ഇതിന്റെ ലക്ഷ്യമെന്ത്? ഈ പ്രപഞ്ചവും ചരാചരങ്ങളും എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ഈശ്വരന്‍ എന്ന ശക്തി ഉണ്ടോ? ഉണ്ടെങ്കില്‍ അദ്ദേഹം ആരാണ് ? എവിടെയാണിരിക്കുന്നത് ? രൂപമെന്ത് ? ലൗകികജീവിതത്തില്‍ നാം അനുഭവിക്കുന്ന ദുഃഖങ്ങള്‍ക്ക് കാരണമെന്ത്? തെറ്റുകളൊന്നും ചെയ്യാത്തവരും കഷ്ടപ്പാടുകളനുഭവിക്കാന്‍ ഇടയാകുന്നതെന്തുകൊണ്ട്? ഈ പ്രപഞ്ചത്തിനൊരവസാനമുണ്ടോ? തുടങ്ങി ഒട്ടനേകം ചോദ്യങ്ങള്‍ നമ്മില്‍ പലരും സ്വയം ചോദിച്ചിട്ടുണ്ടായിരിക്കും.” ഇത് വായിച്ചാൽ ഈ ചോദ്യങ്ങളുടെ മുഴുവൻ മറുപടി ഈ ചങ്ങാതി താമസിയാതെ വെളിപ്പെടുത്തുമെന്നേ തോന്നൂ.
തുടർന്ന്, “ഇപ്പോൾ എനിക്കുള്ള ജ്ഞാനം ലഭിക്കുന്നതിന് മുൻപ് ഞാൻ കടന്നുപോയ” കടമ്പകളുടെയും വായിച്ച പുസ്തകങ്ങളുടെയും പെട്ട പെടാപ്പാടുകളുടെയും ഹൃദയഭേദകമായ വർണ്ണനയാണ്.
ഈശ്വരനെ പരിചയപ്പെടാനുള്ള ഈ വിദ്യ യാതൊരു ലാഭേച്ഛയുമില്ലാതെ പകർന്നുനൽകപ്പെടുന്നതാണെന്ന് വരുത്തലാണ് അടുത്ത പടി. ഏത് പൊന്തെക്കൊസ്ത് സ്വീകരിക്കുന്നതും ഇതേ രീതിയാണ്.
“വളരെ സ്പഷ്ടവും യുക്തിസഹവുമായ രീതിയില്‍ വിസ്മയകരമായ പ്രപഞ്ചരഹസ്യങ്ങള്‍ എന്റെ മുന്നില്‍ വിടര്‍ന്നുവന്നു. അലൗകികമായ ഒരു ആനന്ദവും ശാന്തിയും മനസ്സില്‍ നിറഞ്ഞു” എന്ന സ്വർഗ്ഗീയസുഖത്തിന്റെ സാക്ഷിപത്രം സഹിതമുള്ള വലവീശലോടെ ഈശ്വരനെ പരിചയപ്പെടാനുള്ള കുറുക്കുവഴി വിവരിക്കുന്ന നാടകത്തിന്റെ ഒന്നാം അങ്കത്തിന് തിരശ്ശീല വീഴുന്നു! അതോടെ സ്വതവേ തന്നെ ചഞ്ചലമാനസരായ ദൈവാന്വേഷികളും സത്യാന്വേഷികളും ഉരുകിയൊലിക്കാൻ തുടങ്ങും. ഈശ്വരൻ എന്ന മിഥ്യയെ ചൂണ്ടിക്കാണിച്ച് തൻകാര്യം നേടുന്ന എല്ലാ വഞ്ചകരും പിൻതുടരുന്നതും, വിശ്വാസികളുടെയിടയിൽ എപ്പോഴും വിജയകരമായ രീതിയിൽ നടപ്പാക്കാൻ കഴിയുന്നതുമായ സ്ഥിരം തന്ത്രമാണിത്.
c.k.babu
Dec 5, 2011 at 11:05
Ranjith,
ദൈവാസ്തിത്വം തെളിയിക്കാനായി വിശ്വാസികൾ ശാസ്ത്രത്തിന്റെ കൂട്ടുപിടിക്കുന്നതാണ് അസഹ്യം. ദൈവം എന്ന സങ്കല്പത്തിന് ലോജിക്കലായി യാതൊരു അടിത്തറയുമില്ല എന്നറിയാമായിരുന്നെങ്കിൽ അവർ ദൈവവിശ്വാസം ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചേനെ. ജീവിതത്തിൽ ഇതുവരെ നേരിടേണ്ടിവന്നതിൽ ജയിക്കാൻ കഴിഞ്ഞ എല്ലാ പരീക്ഷകളും തന്റെ ദൈവവിശ്വാസം ഒന്നുകൊണ്ട് മാത്രം ജയിച്ചതാണെന്ന് തിരുത്താനാവാത്തവിധം ഒരുവന്റെ മനസ്സിൽ ഉറച്ചുപോയാൽ അതിൽ നിന്നും അവനെ രക്ഷിക്കാൻ “ദൈവത്തിനുപോലും” കഴിയില്ല. conditioned reflex: https://ckbabu.com/2007/12/02/
അനന്യന്‍,
ചൂണ്ടിക്കാണിച്ച പ്രശ്നം എനിക്കില്ലല്ലോ. ഇനി, ദൈവം എന്നെ പരൂക്ഷിക്കണ്ട എന്ന് തീരുമാനിച്ചതാണോ? 🙂
വിന്ററിൽ ഒരു മാസത്തേക്ക് ബ്ലോഗിൽ മഞ്ഞുപെയ്യിക്കുന്ന ഒരേർപ്പാട് Word Press-ന് ഉണ്ടായിരുന്നു. പക്ഷേ അതാണെങ്കിൽ എന്റെ കമ്പ്യൂട്ടറിലും ഉണ്ടാവണമല്ലോ.
parthan
Dec 5, 2011 at 16:12
[ഈശ്വരന് രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, ബുദ്ധിയില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവൃത്തിയില്ല.]
ഈ ഈശ്വരനെ ആര്‍ക്കും വേണ്ട. പോട്ടെ, ഇങ്ങനെ പറയുന്നതിന്റെ കാരണം പോലും ആര്‍ക്കും അന്വേഷിക്കണ്ട. പുച്ഛം പരമ പുച്ഛം. സായിപ്പിനെ കുറ്റം പറഞ്ഞാല്‍ പിന്നെ പറയേം വേണ്ട.
Ranjith
Dec 6, 2011 at 08:26
ശ്ശൊ.. അതല്ലേ എന്റെ പാര്‍ഥന്‍ ചേട്ടാ പറഞ്ഞത് ദൈവം wodgifoop ആണെന്ന്.. പ്രശ്നം തീര്‍ന്നില്ലേ…
c.k.babu
Dec 5, 2011 at 18:27
Mr.Parthan,
Sorry to say that you are a hopeless case. I cannot justify myself when I spend one more second to answer your comments. Your future comments will be deleted. Enough is enough.
Santosh
Dec 5, 2011 at 18:38
നല്ല ലേഘനം… പലവുരു പറഞ്ഞതാണ് പക്ഷെ എന്ത് പ്രയോജനം? മഞ്ഞു ഇവിടെയും പെയ്യുന്നുണ്ട്.. ഇനി ജെര്‍മിനിയില്‍ എന്താ പ്രശ്നം എന്ന് അറിയില്ല..:)
c.k.babu
Dec 5, 2011 at 18:59
Santosh,
എനിക്ക് മഞ്ഞുപെയ്യൽ ഇല്ലാതിരുന്നതുകൊണ്ട് അനന്യന്റെ കമന്റിൽ മഞ്ഞാണ് ഉദ്ദേശിച്ചതെന്ന് കരുതിയില്ല. ഇപ്പോൾ ഞാൻ സെറ്റിംഗ്സിൽ മാറ്റം വരുത്തിയിട്ടുണ്ട്. മഞ്ഞുപെയ്യലാണെങ്കിൽ അത് ഇപ്പോൾ മാറിയിട്ടുണ്ടാവണം.
Santosh
Dec 5, 2011 at 19:30
ശരിയായി… പുറത്തു മഞ്ഞു പെയ്യുന്നെന്കിലും സിസ്റ്റത്തില്‍ ഇല്ല ഇപ്പോള്‍ …:)
c.k.babu
Dec 6, 2011 at 15:12
സ്വന്തം ദൈവത്തിന്റെ നാറുന്ന സ്വഭാവം വെളിപ്പെടുത്താനെന്നോണം babu എന്ന വ്യാജ ID യുമായി ഇവിടെ വന്ന് മൂന്ന് കമന്റുകളിട്ട ശുംഭനോട്: തന്റെ ദൈവത്തിന് ഞാൻ നൽകുന്ന വില $%&§&%$ ആണ്. പിന്നെയാണ് താൻ! ഇവിടെ നാറാതിരിക്കാൻ തന്റെ “ഉപദേശങ്ങൾ” ഞാൻ ചവറ്റുകുട്ടയിലും തന്നെ സ്പാമിലും ഇടുന്നു. ഇനി മറ്റൊരു ID-യിൽ ശ്രമിക്കാം. എന്റെ “സഹ ഉദരൻ” ആണുപോലും!
ജയചന്ദ്രന്‍
Dec 7, 2011 at 11:04
ഡിയര്‍ ബാബു സര്‍ ,
വിവര സാങ്കേതികതയുടെ സവിശേഷ സാധ്യതകളെ മലിനപ്പെടുത്തുന്ന പ്രസ്തുത മനോരോഗികള്‍ ആദ്യം കുമ്പിടേണ്ടത് , ഇതെല്ലാം ഒരുക്കിയ ബില്‍ഗേറ്റ് സ് നെ പ്പോലുള്ള മനുഷ്യസ്നേഹികളെയാണ്.
ജാതി വര്‍ഗ്ഗ വ്യത്യാസമില്ലാതെ, ഭൂമി ശാസ്ത്രപരമായ വിവേചനങ്ങളില്ലാതെ, പരലോക പ്രതിഫലേച്ഛയില്ലാതെ ജനനന്മയ്ക്കായി ഇവര്‍ കോടികള്‍ ചെലവിടുമ്പോള്‍ മതദൈവങ്ങളെ കൊണ്ടാടുന്ന വിഡ്ഢികള്‍ , സര്‍വ്വ ആധുനിക സൌകര്യങ്ങളും ഉപയോഗപ്പെടുത്തി ശാസ്ത്രത്തെ വെല്ലുവിളിക്കുന്നു.
c.k.babu
Dec 7, 2011 at 11:43
പ്രിയ ജയചന്ദ്രൻ,
മുകളിൽ സൂചിപ്പിച്ച മനോരോഗി ആരാണെന്ന് ഒരു ഏകദേശരൂപം ഉള്ളതുകൊണ്ടാണ് ആ മറുപടി ഞാൻ കൊടുത്തത്. അതുകൊണ്ട് ആ യോഗ്യൻ തന്റെ “സത്യവിളംബരം” നിറുത്തുകയില്ലെന്നും നല്ലപോലെ അറിയാം. മിക്കി മൗസിന്റെ കാർട്ടൂൺ കണ്ടാൽ അതൊരു ഡോക്യുമെന്ററി ആണെന്ന് കരുതാൻ മാത്രം വിഡ്ഢികളാണ് അധികപങ്ക് വിശ്വാസികളും എന്നതൊരു സത്യമാണ്. (ഈ അർത്ഥത്തിൽ ഒരു കമന്റ് ഡോ. സൂരജ് ഒരിക്കൽ എഴുതിയിരുന്നു.) അതുകൊണ്ട് ഒരു വസ്തുത എത്ര ലോജിക്കലായി എത്രവട്ടം വിശദീകരിച്ചാലും ആ കിഴങ്ങുകൾക്ക് മനസ്സിലാവുകയില്ല. മനസ്സിലാക്കാൻ അവർക്ക് കഴിവില്ലെന്നതോ പോകട്ടെ, അത് മനസ്സിലാക്കരുതെന്ന് അവർക്ക് നിർബന്ധവുമുണ്ട്.
“സര്‍വ്വ ആധുനിക സൌകര്യങ്ങളും ഉപയോഗപ്പെടുത്തി ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന” ഇക്കൂട്ടരുടെ ഉളുപ്പില്ലായ്മയെപ്പറ്റി എത്രയോപേർ എത്രയോവട്ടം ബ്ലോഗിൽത്തന്നെ എഴുതിയിട്ടുണ്ട്. അതുപോലുള്ള കാര്യങ്ങൾക്ക് മറുപടി പറയുകയല്ല, വണ്ടിക്കാളകളുടെ പിൻഭാഗത്തെന്നപോലെ, തലച്ചോറിൽ ചെറുപ്പത്തിലേതന്നെ മായ്ക്കാനാവാത്തവിധം ആരോ “വാതം കോച്ചി” അടയാളപ്പെടുത്തിയ മൂന്നേമുക്കാൽ “ദൈവവചനങ്ങൾ” (മനുഷ്യബുദ്ധിയിൽ വാരിത്തേയ്ക്കുന്ന തീട്ടം എന്ന് ഞാൻ അതിനെ വിളിക്കും) ആവർത്തിക്കുകയാണ് അവരുടെ രീതി. ഇന്നലെ ഒരു അയ്യപ്പഭക്തന് കൊടുത്ത മറുപടിപോലെ, “തന്തയുടെ വ്യഭിചാരത്തെപ്പറ്റിപ്പറയുമ്പോൾ, തള്ളയും വ്യഭിചരിക്കുന്നുണ്ടല്ലോ എന്ന് ന്യായീകരിക്കാൻ മടിക്കാത്ത” മലയാളിജന്മങ്ങളുടെ ഉളുപ്പില്ലായ്മ! ഭക്തിയുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും, മറ്റെല്ലാ സാമൂഹിക മേഖലകളിലും മലയാളി സ്വീകരിക്കുന്ന ഒരു നാണം കെട്ട ഏർപ്പാടാണ് മറ്റൊരുവന്റെ കുറ്റം ചൂണ്ടിക്കാട്ടി സ്വന്തം കുറ്റം നീതീകരിക്കുക എന്നത്. അതുവഴി സമൂഹത്തിൽ തിന്മ ആപേക്ഷികവത്കരിക്കപ്പെടുന്നു. ഒരു സാമൂഹികകുറ്റകൃത്യമായി പരിഗണിക്കപ്പെടേണ്ട ഈ ഏഭ്യത്തരം ബോധമുള്ള ഒരു സമൂഹവും അംഗീകരിക്കുകയില്ല.
ജയചന്ദ്രന്‍
Dec 8, 2011 at 23:33
ഡിയര്‍ ബാബു സര്‍ ,
“മനസ്സിലാക്കാൻ അവർക്ക് കഴിവില്ലെന്നതോ പോകട്ടെ, അത് മനസ്സിലാക്കരുതെന്ന് അവർക്ക് നിർബന്ധവുമുണ്ട്. ”
ഇന്ന് ടി വി യില്‍ വാര്‍ത്ത കാണുമ്പോള്‍ സാറിന്റെ ഈ വാക്യം ഓര്‍മ്മയില്‍ വന്നു.
ഒരു പ്രശസ്ത (?) കോളെജിലെ ജീവനക്കാര്‍ വേതന വര്‍ധനയ്ക്കായി സമരം നടത്തി. പക്ഷെ അവരുടെ വേദനയാണ് വര്‍ധിച്ചത് . മര്‍ദ്ദനമേറ്റവരില്‍ ഒരുവന്റെ മുട്ടു ചിരട്ട നാലായി തകര്‍ന്നു. (അപാദചൂഡമുളള മുറിവുകള്‍ വേറെ)
ഏഴാം ക്ളാസും ഗുസ്തിയും മാത്രമുള്ള ക്ളാസ് ഫോര്‍ ജീവനക്കാരന്റെ ശമ്പളം 12000 മുതല്‍ക്കാണ് . പക്ഷെ പത്തും, പന്ത്രണ്ടും, 4 വര്‍ഷ നഴ്സിംഗ് പഠനവും കഴിഞ്ഞ professionally educated ആയ അവിടത്തെ അടിമകള്‍ക്ക് അതിന്റെ നാലില്‍ ഒന്ന് വേതനമില്ല .
സ്വന്തം അവകാശങ്ങള്‍ ശരിയായി തിരിച്ചറിയാത്ത, മന്ദ ബുദ്ധികളായ ആത്മീയ അടിമകള്‍ സ്വയം വിഡ്ഢിയാക്കപ്പെടുന്നതിന്റെ നിര്‍വൃതിയോടെ “അമ്മയുടെ കാരുണ്യത്തിനായി അമ്മയുടെ മക്കള്‍ ” എന്നെഴുതിയ പ്ളക്കാഡുമായി നില്‍ക്കുന്ന കാഴ്ച്ച പരമ ദയനീയമായി തോന്നി. (“അമ്മുമ്മയുടെ……” എന്നു തിരുത്തി വായിക്കണം !)
കാരുണ്യത്തിന്റെ നിറദീപം………, അമൃത സാന്ത്വനം…………..
കേള്‍ക്കുമ്പോള്‍ കോള്‍മയിരോടു കോള്‍മയിരാണ്…..
c.k.babu
Dec 9, 2011 at 09:24
അസമത്വങ്ങൾക്കും അനീതിക്കുമെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശം ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ്. തൊഴിൽസമരങ്ങളെ ഗുണ്ടകളെ അഴിച്ചുവിട്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യമല്ല, ഗുണ്ടായിസമാണ്. കേരളത്തിൽ “മാഫിയാധിപത്യം” സ്ഥാപിച്ചെടുക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് മത-രാഷ്ട്രീയനേതൃത്വം. പണ്ടേതന്നെ നിരുപാധികമായ ദൈവവിശ്വാസത്തിന് അടിമകളായ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ആർഷഭാരതസംസ്കാരത്തിന്റെയും ധാർമ്മികതയുടെയുമൊക്കെ മുഖംമൂടി അണിഞ്ഞുകൊണ്ടാണ് ഇക്കൂട്ടർ പൊതുസമൂഹത്തിന് “ദർശനം” നൽകുന്നത്.
ജനങ്ങളെ കബളിപ്പിക്കാൻ ഏറ്റവും എളുപ്പം ദൈവത്തിന്റെ മറ പിടിക്കലാണ്. അതിന് മനശ്ചാഞ്ചല്യമില്ലാത്ത ഏത് “അമ്മായിഅമ്മയേയും” അവർ ദൈവമായി വാഴിച്ചിട്ടുണ്ട്, ഓരോരുത്തനും അവന്റെ പ്രാപ്തിക്കനുസരിച്ച് നേർച്ചയിട്ട് സന്തോഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ മനസ്സിലാക്കാനുള്ള ശേഷിയോ ആഗ്രഹമോ ഇല്ലാത്തതിനാൽ അങ്ങനെ ശേഖരിക്കപ്പെടുന്ന സമ്പത്തിന് മുകളിലിരുന്ന് “നിധി കാക്കുന്ന ആൾദൈവഭൂതങ്ങളുടെ” യഥാർത്ഥമുഖം തിരിച്ചറിയാൻ നിരുപാധികഭക്തിയുടെ തിമിരം കയറി മൂടി അന്ധവിശ്വാസികളായവർക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല, സ്വന്തം ദൈവഭൂതങ്ങളെ സംരക്ഷിക്കാനായി അവർ ഏതറ്റം വരെയും പോവുകയും ചെയ്യും. ബോധവത്കരിക്കപ്പെട്ട ഒരു പുതിയ തലമുറയിലൂടെയല്ലാതെ ഈ ദുരവസ്ഥയിൽ നിന്നും ഒരു മോചനം സാദ്ധ്യമല്ല.
sanal babu (@sanalbabu)
Dec 9, 2011 at 14:25
ബാബു സാറും ഒരു കാലത്ത് ദൈവമാകും …യുക്തിവാദികളുടെ…എപ്പടി…:-)
c.k.babu
Dec 10, 2011 at 09:02
എന്നെ ദൈവമാക്കിയാൽ ഉപജീവനം തരപ്പെടുത്താമെന്ന് കരുതുന്ന ഏതാനും പുരോഹിതന്മാരും, അവരെ പിൻതുടരാൻ തയ്യാറാവുന്ന യുക്തിബോധം ഇല്ലാത്ത കുറേ യുക്തിവാദികളും (നാമമാത്ര യുക്തിവാദികൾ) ഉണ്ടാവുന്ന ഒരു കാലം വന്നാൽ അന്ന് അതൊരു സാദ്ധ്യതയായിക്കൂടെന്നില്ല. ഇതുവരെ മതദൈവങ്ങൾ ഉണ്ടായിട്ടുള്ളതും ഏകദേശം ആ രീതിയിൽ തന്നെയാണ്. കല്ലിലും ലോഹത്തിലും മരത്തിലും കൊത്തിയെടുത്ത രൂപങ്ങളും ദൈവങ്ങളായി ആരാധിക്കപ്പെടുന്നില്ലേ? അതിന് ആദ്യം വേണ്ടത് അത്തരം വസ്തുക്കളും അവയെ അനുയോജ്യമായ രൂപങ്ങളായി പണിതൊപ്പിക്കാൻ കഴിവുള്ള മനുഷ്യരുമാണ്. ലോഹങ്ങളുടെ കാര്യത്തിലാണെങ്കിൽ അവ ആദ്യം കണ്ടെത്തപ്പെടണം. ചെമ്പും നാകവും കണ്ടെത്താനും സംയോജിപ്പിക്കാനും കഴിയുന്നതിന് മുൻപ് പിച്ചളയും പിച്ചളവിഗ്രഹങ്ങളും ഉണ്ടാവില്ലാത്തപോലെ. വിഗ്രഹങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ, ദൈവം എന്ന ആശയം പണ്ടേതന്നെ മനുഷ്യമനസ്സുകളിൽ പറിച്ചെറിയാനാവാത്തവിധം ആണിയടിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നതിനാൽ, അവ പ്രതീകാത്മകമായ ദൈവങ്ങളാണെന്ന് വ്യാഖ്യാനിച്ച് സ്ഥാപിക്കേണ്ട ജോലിയേ പുരോഹിതന്മാർക്കുള്ളു. മറ്റൊരു ജോലിയും വ്യാഖ്യാനം പോലെ ഭംഗിയായി ചെയ്യാൻ കഴിയാത്ത ജീവികളാണ് പുരോഹിതർ എന്നറിയപ്പെടുന്നതെന്നതിനാൽ ആരാധനയ്ക്കായി വിശ്വാസികൾ ഈയാം പാറ്റകളെപ്പോലെ എത്തുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. എലിയെപ്പിടിക്കാൻ എലിക്കെണിയിൽ എലിപിടുത്തക്കാർ വയ്ക്കുന്ന ചീസ് പോലെയാണ് മനുഷ്യരെ പിടിക്കാൻ മതക്കെണിയിൽ പുരോഹിതർ വയ്ക്കുന്ന ദൈവം എന്ന ഇഷ്ടഭോജനം. മീൻ പിടിച്ച് ജീവിക്കുന്നതിനേക്കാൾ എളുപ്പമാണ് വിഡ്ഢികളായ മനുഷ്യരെപ്പിടിച്ച് ജീവിക്കുന്നത്. അതുകൊണ്ടല്ലേ “നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു പറഞ്ഞപ്പോൾ മീൻപിടുത്തകാരായിരുന്ന ശിഷ്യന്മാർ മുൻപിൻനോക്കാതെ അങ്ങേരുടെ പുറകെ പോയത്? അത് ശരിയായിരുന്നു എന്നല്ലേ നമ്മുടെ സഭാപിതാക്കൾ ഇന്നും സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുന്നതും?
sanal babu (@sanalbabu)
Dec 12, 2011 at 09:15
You Said it Babu Sir……..
shaji
Dec 14, 2011 at 11:25
• ജയചന്ദ്രന്‍ said, <>
• c.k.babu said, <>
അതാണ് എനിക്കും പറയാനുള്ളത്, സര്വ്വ് ആധുനിക സൌകര്യങ്ങളും ഉപയോഗപ്പെടുത്തി
ദൈവത്തെ വെല്ലുവിളിക്കുന്ന നിങ്ങളുടെ ഉളുപ്പില്ലായ്മ. ആധുനിക സൌകര്യങ്ങളുപയോഗപ്പെടുത്തി
ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ കൂട്ടരേ ….അതിനു പറ്റില്ലെങ്കില്‍ ചുരുങ്ങിയത് ദൈവത്തെ ഉപദ്രവിക്കാതെയെന്കിലും ഇരിക്കൂ………പ്ലീസ്………പാവം ദൈവവും ഈ കുഞ്ഞാടുകളും ജീവിച്ചു പൊക്കോട്ടെ…. പ്ലീസ് …………….പ്ലീസ് .
c.k.babu
Dec 14, 2011 at 12:20
എല്ലാ ആധുനികസൗകര്യങ്ങളും മനുഷ്യർക്ക് നേരിട്ട് കൊണ്ടുവന്ന് കൊടുത്ത ദൈവം ഇരക്കുന്ന കാഴ്ച കൊള്ളാം. ഇരക്കുന്നത് “ദൈവം” നേരിട്ടാവുമ്പോൾ അതിന്റെ ഭംഗി ഒന്ന് വേറേ തന്നെ! ഉളുപ്പില്ലാത്ത “ദൈവത്തിന്റെ” പ്രത്യേക ഭംഗി! ദൈവികമാണെങ്കിൽ ഇരക്കാം, ഉരയ്ക്കാം, മറ്റെന്തും ചെയ്യാം. അതിന് ഉളുപ്പ് വേണമെന്ന് ആരുപറഞ്ഞു? പറഞ്ഞാലും ഇല്ലാത്തത് ഉണ്ടാവുമോ?
shaji
Dec 14, 2011 at 19:03
ദൈവം വേറൊന്നും ആവശ്യപ്പെടുന്നില്ലല്ലോ, നിങ്ങള്‍ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കനല്ലേ പറയുന്നുള്ളൂ.അത് ചെയ്യുന്നതിന് പകരം അങ്ങോര് തന്നെ ഇല്ലെന്നു സ്ഥാപിച്ചിട്ടു എന്ത് നേടാന്‍ ഈ ചുരുങ്ങിയ ജീവിതത്തില്‍? മരിച്ചു ചെല്ലുമ്പോള്‍ ഇനി പൊട്ടഭാഗ്യത്തിന് അങ്ങോര് അവിടെ ഉണ്ടെങ്കില്‍ എവിടെ പോയി ഒളിക്കും? അല്ലാ , ഇനി ബിരിയാണി gate il കൊടുക്കുന്നുണ്ടെങ്കിലോ……..യേത്……
c.k.babu
Dec 14, 2011 at 19:12
എന്റെ പൊന്നുചങ്ങാതീ, നിങ്ങൾ ഒളിക്കുകയോ കുളിക്കുകയോ പൊളിക്കുകയോ ബിരിയാണി തിന്നുകയോ എന്താന്ന് വച്ചാൽ ചെയ്യ്. ഇവിടെ ആർക്കും അതിനൊന്നും ഒരു പരാതിയുമില്ല. പക്ഷേ, ഇത് വേറെ ലോകം, ഇവിടെ വേറെ നിയമങ്ങൾ. അപ്പോൾ ശരി. ഞാൻ വഴി തടയുന്നില്ല.
ജയചന്ദ്രന്‍
Dec 14, 2011 at 20:39
ഡിയര്‍ ബാബു സര്‍ ,
പാവം ഷാജിയ്ക്ക് പകുതി മനസാണ്. കമിഴ്ന്നു വീണിട്ടും കൈ നീട്ടി വിളിച്ചിട്ടും വലിയ ഗുണമൊന്നുമില്ലെന്നു മനസ് പറയുന്നു. പക്ഷെ, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍ തയ്യാര്‍ .ആ നിലയ്ക്ക് ഈ സ്വര്‍ഗ്ഗീയ വാഗ്ദാന പ്രലോഭനങ്ങളുടെ കാര്യം പറയണോ… ?
ഹോ… പൊട്ട നിര്‍ഭാഗ്യത്തിനു അതെങ്ങാനും മിസ്സ് ആയാല്‍ …. ?
എന്നാലും…… ഒന്നുറപ്പിക്കാന്‍ വന്നതല്ലേ …..? ഇറക്കി വിടണ്ടായിരുന്നു……. 🙂
c.k.babu
Dec 15, 2011 at 07:35
പ്രിയ ജയചന്ദ്രൻ,
മറ്റൊരു കമന്റിൽ ഞാൻ പറഞ്ഞപോലെ, ഇതൊക്കെ എത്രയോ പ്രാവശ്യം അരിച്ചുപെറുക്കിയിട്ടുള്ള കാര്യങ്ങളാണ്. എന്നാലും വിശ്വാസി വള വളാന്ന് അതൊക്കെത്തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. വിശ്വാസിയുടെ സമയത്തിന് വിലയില്ല, ഉളുപ്പും കമ്മി! ഇറക്കിവിടലിലൊന്നും അവൻ കുലുങ്ങില്ല. അവൻ ഇറങ്ങിപ്പോയാൽ അവന്റെ ദൈവം പിന്നെ എന്തുചെയ്യും? ദൈവം ആരും ആശ്രയമില്ലാത്തവനാവുകയില്ലേ? മനുഷ്യൻ സംരക്ഷിച്ചില്ലെങ്കിൽ നിലനിൽക്കാനാവാത്ത ഒരു ദൈവത്തെ സംരക്ഷകനാക്കുന്ന ചിന്താശൂന്യതയെ വിഡ്ഢിത്തം എന്ന് വിളിച്ചാൽ മതിയോ?
shaji
Dec 15, 2011 at 06:16
ദൈവത്തെ താങ്കള്‍ വല്ലാതെ ക്രൂശിക്കുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ പറഞ്ഞു പോയതാ ചങ്ങാതീ.എന്നെ എന്ത് വേണേല്‍ പറഞ്ഞോ , എന്റെ ദൈവത്തെ ഒന്നും പറയരുതേ…, അതെനിക്ക് സഹിക്കാന്‍ മേലാ ….ങാ ……
shaji
Dec 15, 2011 at 09:41
ജയചന്ദ്രന്‍ said <>
കമിഴ്ന്നു വീണിട്ടും കൈ നീട്ടി വിളിച്ചിട്ടും വലിയ ഗുണമുണ്ടെന്ന് മനസ് പറയുന്നു. എന്റെ നോട്ടത്തില്‍ ദൈവമില്ലാ ദൈവമില്ലാ എന്ന് കൂവിയിട്ടുഎന്ത് ഗുണം ?സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും,കൊടുത്താല്‍ മനസ്സമാധാനത്തോടെ മരിക്കാമല്ലോ കൂട്ടുകാരെ, നമ്മുടെ അപ്പനപ്പൂപ്പന്മാരോക്കെ അതല്ലേ ചെയ്തത്.ഞാനൊക്കെ അങ്ങനാ !!നിങ്ങടെ കാര്യം ഓര്‍ക്കുമ്പോഴാ വിഷമം.കര്‍ത്താവെ , ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ …ആമേന്‍ …
ജയചന്ദ്രന്‍
Dec 15, 2011 at 12:08
ഡിയര്‍ ബാബു സര്‍ ,
@ ഷാജി:
ഏതു ദൈവത്തിനെന്നു തെളിച്ചു പറയൂ ഷാജി .. നിങ്ങള്‍ പറയുന്നത് കേട്ട് ഞാന്‍ യേശുവിനു കൊടുത്താല്‍ അള്ളായും, കൃഷ്ണനും വെറുതെയിരിക്കോ….?
ഡിങ്കന്‍ വെറുതെയിരിക്കോ…?
ഇപ്പോള്‍ ഡിങ്കന്‍ ഇവരെക്കാളും വലിയ ദൈവമാണെന്നതിനു തെളിവും ഉണ്ട്. പക്ഷെ നിങ്ങള്‍ എന്നെ കളിയാക്കിയാലും ഡിങ്കനെ കളിയാക്കരുത് .
സഹിക്കാന്‍ വയ്യാതെ പറഞ്ഞു പോയതാ ചങ്ങാതീ…..എന്നെ എന്ത് വേണേല്‍ പറഞ്ഞോ , എന്റെ ദൈവത്തെ ഒന്നും പറയരുതേ…, അതെനിക്ക് സഹിക്കാന്‍ മേലാ …ങാ….
നീ ഒന്ന് വേഗം വന്നാ മത്യാരുന്നു…..
എന്റെ ഡിങ്കാ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോട് പൊറുക്കേണമേ …..
c.k.babu
Dec 15, 2011 at 13:12
സോറി, ജയചന്ദ്രൻ. “ദൈവം” തന്റെ ഒറിജിനൽ സ്വഭാവമായ ചെകുത്താന്റെ സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. വ്രണത്തിൽ നിന്നും പഴുപ്പല്ലാതെ മറ്റെന്ത് പുറത്തുവരാൻ? അതുകൊണ്ട് “ദൈവത്തിന്റെ” ഇനിയുള്ള കമന്റുകൾ ഞാൻ സ്പാമിലേക്ക് വിടുന്നു. ഇതുപോലുള്ള അല്പന്മാരെ അവഗണിക്കാൻ ശീലിക്കുകയാണ് നല്ലത്. അത് മനസ്സിലാക്കാൻ എനിക്കും അല്പസമയം വേണ്ടിവന്നു.