ഒന്നാം ഭാഗം രണ്ടാം ഭാഗം മൂന്നാം ഭാഗം
പ്രപഞ്ചശക്തി എന്നാൽ എന്താണെന്നാണു് ഗീത പറയുന്നതെന്ന ചോദ്യത്തിന് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടികളാണു് താഴെ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചശക്തി എന്തെന്നറിയാൻ ലളിതമായ നാലു് ചോദ്യങ്ങൾക്കാണു് മറുപടി കിട്ടേണ്ടതു്:
ഇത്ര വലുതും സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന് പിന്നിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തിയുണ്ടെന്നു് കരുതുന്നതല്ലേ യുക്തി എന്നതാണു് ശ്രീ രാധാകൃഷ്ണന്റെ ഒന്നാമത്തെ ചോദ്യം. അതെ എന്നേ സാമാന്യബുദ്ധിയുള്ളവർ മറുപടി പറയൂ എന്നു് അദ്ദേഹം തന്നെ ഉത്തരവും നൽകുന്നു. മറുപടി പറയുന്നവരുടെ ബുദ്ധി സാമാന്യമാവട്ടെ, അസാമാന്യമാവട്ടെ, ഒരു ചോദ്യം എന്തായാലും മറുപടി അർഹിക്കുന്നുണ്ടു്: മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി മാറ്റമില്ലാത്ത ഒന്നിനു് (അതു് ദൈവമായാലും, മറ്റെന്തായാലും) ഏതെങ്കിലും ഒരർത്ഥത്തിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാവുന്നതെങ്ങനെ? ഒരു പഴയ പോസ്റ്റിൽ എഴുതിയതു് ഈ സന്ദർഭത്തിൽ പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു: ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു സനാതനസമ്പൂർണ്ണത, നിരന്തരമായ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തിൽ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുക എന്നതു് ആ പ്രപഞ്ചത്തിനുള്ളിലോ അതിന് ബാഹ്യമായോ യുക്തിസഹമായി സങ്കൽപിക്കുക സാദ്ധ്യമല്ല. പരിവർത്തനമാണു് ഏതൊരു പ്രവർത്തനത്തിന്റെയും പരിണതഫലം. പരിവർത്തനത്തിന്റെ അടിസ്ഥാനസ്വഭാവമാണു് ഒരു മുൻപും ഒരു പിൻപും (ഉണ്ടായിരിക്കുക എന്നതു്). അവയില്ലാത്ത പരിവർത്തനത്തന് യാതൊരു അർത്ഥവുമില്ല. പരിണമിച്ച, അഥവാ, പുതിയ അവസ്ഥ പ്രവർത്തകനിൽ സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങൾ സ്വാഭാവികമായും അവനിൽ പഴയതിൽ നിന്നും ഭിന്നമായ ഒരു അവസ്ഥ സൃഷ്ടിച്ചേ പറ്റൂ. “മാറ്റമില്ലാത്തതിനാൽ” പരിണാമം അസാദ്ധ്യമായ ഒരു ശാശ്വതസമ്പൂർണ്ണതയിൽ അങ്ങനെയൊരു പുതിയ അവസ്ഥ തികഞ്ഞ വൈരുദ്ധ്യമാണു്, യുക്തിഹീനമാണു് – ദൈവങ്ങൾ, അർദ്ധദൈവങ്ങൾ – 7. അതായതു്, ഒന്നാമത്തെ ചോദ്യത്തിനു്, ശ്രീ രാധാകൃഷ്ണൻ പ്രതീക്ഷിക്കുന്നതുപോലെ, “അതെ” എന്ന മറുപടി നൽകാൻ എല്ലാവരും തയ്യാറാവുന്നില്ലെങ്കിൽ അതു് അടിസ്ഥാനമില്ലാതെയല്ല. സാമാന്യബുദ്ധിയുടെ കുറവു്, കൂടുതൽ മുതലായ തികച്ചും സബ്ജക്റ്റീവ് ആയ കാര്യങ്ങൾക്കു് ഇവിടെ എന്തെങ്കിലും പ്രസക്തിയുണ്ടെന്നു് തോന്നുന്നുമില്ല.
ചോദ്യം നമ്പർ രണ്ടു്: ആ ശക്തി എവിടെയോ ഇരിക്കുന്നുവെന്നോ, പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടതു്? ഉത്തരം: സർവ്വവ്യാപിയെന്നു് പറയേണ്ടിവരും. ദാണ്ടെ കിടക്കുന്നു! ഒന്നാമത്തെ ചോദ്യത്തിൽ മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തി ആയിരുന്നതു് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലാകെ വ്യാപിച്ചു് കിടക്കുകയാണത്രെ! പ്രകാശത്തിന്റേതിനോടു് അടുത്ത വേഗതയിലാണു് അകലെയുള്ള ഗ്യാലക്സികൾ പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുന്നതെന്നു് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ സങ്കൽപാതീതമായ വേഗതയിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണു് യാതൊരു മാറ്റവുമില്ലാത്തതെന്നു് ശ്രീ രാധാകൃഷ്ണൻ തന്നെ തൊട്ടുമുൻപു് വിശേഷിപ്പിച്ച ഒരു “അധിഷ്ഠാനശക്തി” ഒട്ടും വിടവില്ലാത്തവിധം ആകെമൊത്തം വ്യാപിച്ചുകിടക്കുന്നതു്! പ്രപഞ്ചം വികസിക്കുമ്പോഴും, അതിലാകെ വ്യാപിച്ചുകിടക്കുന്ന അധിഷ്ഠാനശക്തിക്കു് ഒരു തരിയുടെപോലും മാറ്റം സംഭവിക്കാത്ത ഒരു അവസ്ഥയെപ്പറ്റി ഒന്നു് ചിന്തിച്ചുനോക്കൂ. പ്രപഞ്ചം വികസിക്കുമ്പോൾ അതിൽ വ്യാപിച്ചുകിടക്കുന്ന ശക്തി അതിനൊപ്പം വികസിക്കാതിരുന്നാൽ പിന്നെ “വ്യാപനത്തിന്റെ” അർത്ഥമെന്തു്? തന്റെ സർവ്വവ്യാപിത്വത്തിനു് തടസ്സം വരാതിരിക്കണമെങ്കിൽ പ്രപഞ്ചത്തോടൊപ്പം വികസിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാത്ത ഒരു ശക്തിയെ “മാറ്റമില്ലാത്തതു്” എന്നു് വിളിക്കാനാവുമോ? ആദ്ധ്യാത്മികതിമിരം ബാധിച്ച ഏതെങ്കിലും വിശ്വാസികളല്ലാതെ മറ്റാരെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ വിലകൊടുത്തുവാങ്ങി എളിയിൽ തിരുകുമോ? ഈ “കൊടുക്കൽ വാങ്ങലിൽ” ആരെയാണു് നമ്മൾ കുറ്റപ്പെടുത്തേണ്ടതു്? ദൈവം, ആത്മീയം എന്നൊക്കെ കേട്ടാൽ ഏതു് വളിച്ചാർത്തതും വാങ്ങി മോന്തുന്ന സാദാ വിശ്വാസിയെയോ, അവനു് വേണ്ട “ചരക്കു്” വിതരണം ചെയ്തു് തുട്ടുവാരിക്കൂട്ടുന്ന ഉപദേശികളെയോ, അതോ രണ്ടുകൂട്ടരേയുമോ?
അപ്പോൾ നാമും അതിൽതന്നെയല്ലേ നിലനിൽക്കുന്നതെന്നാണു് മൂന്നാമത്തെ ചോദ്യം, അതേ എന്നു് ഉത്തരം. മനുഷ്യർ പ്രപഞ്ചത്തിനു് വെളിയിലാണു് നിലനിൽക്കുന്നതെന്നു് ഇതുവരെ ആരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, “അതിൽത്തന്നെ” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു് ഈ പ്രപഞ്ചത്തിനുള്ളിൽ എന്ന അർത്ഥത്തിലാണെങ്കിൽ അതിനോടു് യോജിക്കാതിരിക്കാൻ ആർക്കെങ്കിലും ആവുമെന്നു് തോന്നുന്നില്ല. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതു് വല്ലതുമുണ്ടെങ്കിൽ അതല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിനു് വെളിയിലായിരിക്കാൻ സാദ്ധ്യതയില്ലല്ലോ. ഇനി, “നാമും അതിൽത്തന്നെ നിലനിൽക്കുന്നു” എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു്, പ്രപഞ്ചം മുഴുവൻ “വ്യാപിച്ചുകിടക്കുന്ന” മാറ്റമില്ലാത്ത ഈശ്വരൻ എന്ന ശക്തിയിലാണു് നമ്മൾ നിലനിൽക്കുന്നതു് എന്നാണെങ്കിൽ, ആ അഭിപ്രായത്തെ അർത്ഥശൂന്യം എന്നു് തള്ളിക്കളയാനേ നിർവ്വാഹമുള്ളു. അതിന്റെ കാരണം (മാറുന്ന പ്രപഞ്ചത്തിലെ മാറ്റമില്ലാത്ത സർവ്വവ്യാപി എന്ന അസംബന്ധം) മുകളിലെ പാരഗ്രാഫിൽ വ്യക്തമാക്കിയിട്ടുണ്ടു്. ചുരുക്കത്തിൽ, ശ്രീ രാധാകൃഷ്ണന്റെ ഭാവനയിലെ “പ്രപഞ്ചത്തിൽ” മനുഷ്യർക്കു് നിലനിൽക്കാനാവില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്നവയ്ക്കൊക്കെ (വിശാലമായ അർത്ഥത്തിൽ) എന്തു് സംഭവിക്കുന്നു എന്ന ചോദ്യത്തിനു് യുക്തിസഹമായ ഒരു മറുപടിയേയുള്ളു: ഇന്നു് മനുഷ്യർ, ജീവികൾ, വസ്തുക്കൾ; നാളെ സംയുക്തങ്ങൾ, മൂലകങ്ങൾ; വളരെ വിദൂരമായ ഭാവിയിൽ എന്നെങ്കിലും മൗലികകണികകൾ, ഊർജ്ജം – പ്രപഞ്ചമെന്ന, സ്ഥലകാലവുമായി അഭേദ്യമായി ബന്ധപ്പെട്ടു് കിടക്കുന്ന ദ്രവ്യത്തിന്റെ/ഊർജ്ജത്തിന്റെ ആകെത്തുക. ആത്മാവു്, “പൊന്മാവു്” മുതലായവ മനുഷ്യഭാവന രൂപം നൽകുന്നതും, ജീവനുള്ള ശരീരത്തിൽ മാത്രം നിലനിൽപുള്ളതും, ശരീരം നശിക്കുന്നതോടെ എന്നേക്കുമായി ഇല്ലാതാവുന്നതുമായ സങ്കൽപസൃഷ്ടികൾ മാത്രം – ചില മനുഷ്യമസ്തിഷ്കങ്ങളിൽ വാഴുന്ന ഭൂതങ്ങൾ!
അങ്ങനെയെങ്കിൽ, നമ്മുടെ ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം അതുതന്നെയല്ലേ, അതുമാത്രമല്ലേ എന്ന ചോദ്യമാണു് നാലാമത്തേതും അവസാനത്തേതും. അതിന്റെ മറുപടി “അതേ” എന്നാണെന്നു് അറിയുന്നതോടെ നമ്മൾ വേദാന്തത്തിലെ പ്രഥമ മഹാവാക്യമായ തത്വമസിയിൽ എത്തിച്ചേരുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ. അദ്ദേഹം തുടരുന്നു: തത്വമസി ഗുരുവിന്റെ ഉപദേശമാണു്. അതു് മനസ്സിലിട്ടു് സ്വന്തം അനുഭവമാക്കി മാറ്റുന്നതാണു് അഹം ബ്രഹ്മാസ്മി. അങ്ങനെയുള്ള എനിക്കു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം.
പ്രപഞ്ചശക്തി എന്നാൽ എന്തെന്നു് അറിയാനുള്ള ശ്രീ രാധാകൃഷ്ണന്റെ ഈ നാലു് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ചിട്ടു് എനിക്കു് അറിയാൻ കഴിയാതിരുന്നതു് ഒന്നേയുള്ളു: അതു് പ്രപഞ്ചശക്തി എന്നാൽ എന്തെന്നതാണു്. അതായതു്, എന്തു് മനസ്സിലാക്കിത്തരാനാണോ ശ്രീ രാധാകൃഷ്ണൻ ശ്രമിച്ചതു്, കൃത്യമായി അതുതന്നെയാണു് എനിക്കു് മനസ്സിലാവാതിരുന്നതും. അതിനുപകരം മനസ്സിലായതു് ഏതാനും അബദ്ധങ്ങൾ മാത്രവും: സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന്റെ “പിന്നിലെ” മാറ്റമില്ലാത്ത ഏതോ ഒരു അധിഷ്ഠാനശക്തി എന്ന അബദ്ധം. മാറ്റമില്ലാത്ത ഒരു “ശക്തി” മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്നു എന്ന അബദ്ധം. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ “ദഹിക്കാതെ” കിടക്കാൻ മാത്രം കഴിയുന്ന നിശ്ചലമായ ഒരു സർവ്വശക്തിയുമായി സ്ഥലം പങ്കിടുന്നവരാണു് മനുഷ്യർ എന്ന അബദ്ധം. ശരീരമനോബുദ്ധികൾ നശിച്ചാലും നശിക്കാത്ത എന്തോ ഒരു സാധനത്തേയും വഹിച്ചുകൊണ്ടാണു് മനുഷ്യർ ജീവിക്കുന്നതെന്ന അബദ്ധം. ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, ഒട്ടും സമയനഷ്ടം വരുത്താതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകേണ്ട വട്ടുകേസു് എന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന മറ്റൊരു പരമാബദ്ധം! കേട്ടോളൂ: “ഗുരുവിന്റെ തത്വമസിയെ മനസ്സിലിട്ടു് അരച്ചുപൊടിച്ചു് അഹം ബ്രഹ്മാസ്മി എന്ന അനുഭവമാക്കിമാറ്റിയാൽ പിന്നെ മനുഷ്യനു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം”! ഇതിനെയൊക്കെ അബദ്ധം എന്നു് വിളിക്കുന്നതു് അബദ്ധങ്ങളോടു് ചെയ്യുന്ന മഹാപാതകമായിരിക്കും.
“ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം”! ഇതു് പറയുന്ന ഒരാൾക്കു് വേറെ അസുഖമൊന്നും ഇല്ലാതിരിക്കട്ടെ എന്നാശിക്കാനേ എനിക്കു് കഴിയൂ. ശരീരം നശിച്ചാൽ പിന്നെ മനസ്സെവിടെ? ബുദ്ധിയെവിടെ? വളയത്തിലൂടെ കടക്കുന്ന ചില വിദ്വാന്മാരെ ചെറുപ്പത്തിൽ ചില നാടൻ സർക്കസുകളിൽ കണ്ടിട്ടുണ്ടു്. വളയമില്ലാതെയും വളയത്തിലൂടെ കടക്കാം എന്നു് തെളിയിക്കുന്ന കലയാണു് ശരീരവും മനസ്സും ബുദ്ധിയും നശിച്ചു് നാമാവശേഷമായിട്ടും “നാശരഹിതമായി നിലനിൽക്കുന്ന നാം” എന്ന ശ്രീ രാധാകൃഷ്ണന്റെ പ്രയോഗം. ആദ്ധ്യാത്മികതയുടെ വക്താവു് എന്ന നിലയിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് നാശരഹിതമായ ആത്മാവല്ലാതെ മറ്റെന്താവാൻ? തല്ലിക്കൊന്നാലും ചാവാത്ത ഒരു പരമാത്മാവും അദ്ദ്യത്തിന്റെ കൂട്ടുകൃഷിക്കാരായ കുറെ ജീവാത്മാക്കളും! ഉണ്ടുണ്ടു്, തീർച്ചയായും പരമാത്മാവുമുണ്ടു്, ജീവാത്മാവുമുണ്ടു്. കൊൽക്കത്തയിലെയും മുംബൈയിലേയും ചേരിപ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന പേരിൽ ജീർണ്ണിക്കുന്ന മനുഷ്യശരീരങ്ങളിൽ വസിക്കുന്ന അത്തരം ഒറിജിനൽ ജീവാത്മാക്കളെ കണികണ്ടുകൊണ്ടാവണം ഒറിജിനൽ പരമാത്മാവൻ നിത്യവും ഉറക്കമുണരുന്നതു്! അതു് തിരുസന്നിധിയിലേക്കു് നയനാനന്ദകരമായ ഒരു കാഴ്ച്ച ആയതിനാലാവണം സർവ്വശക്തനായ നമ്മുടെ ഉടയതമ്പ്രാൻ തന്റെ സ്വന്തം (ഹരി)ജനങ്ങളുടെ അവസ്ഥയിൽ യാതൊരു മാറ്റവും വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നതു്.
ഒരു ശരീരത്തിലല്ലാതെ മനസ്സിനും ബുദ്ധിക്കും നിലനിൽപില്ല. ശരീരം നശിച്ചു എന്നു് പറഞ്ഞാൽ മതി, ശരീരമനോബുദ്ധികൾ നശിച്ചു എന്നു് പ്രത്യേകിച്ചു് പറഞ്ഞു് കഷ്ടപ്പെടേണ്ട കാര്യം പോലുമില്ല. ശരീരം നശിക്കുന്നതോടെ ഒരു വ്യക്തിയുടെ എല്ലാ അർത്ഥത്തിലുമുള്ള ഭൗതികാസ്തിത്വവും അവസാനിച്ചു – അങ്ങനെയല്ലെന്നു് വിശ്വസിക്കാൻ ആഗ്രഹസ്വപ്നങ്ങൾ മനുഷ്യനെ അതിശക്തമായി പ്രേരിപ്പിക്കാറുണ്ടെങ്കിലും. മരണാനന്തരം ഒരുവനെ എന്തെങ്കിലും അതിജീവിക്കുന്നുണ്ടെങ്കിൽ അതു് അവൻ ജീവിതകാലത്തു് ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെ സംബന്ധിച്ചു് മറ്റു് മനുഷ്യരുടെ മനസ്സിൽ അവശേഷിക്കുന്ന ഓർമ്മകൾ മാത്രം. അത്തരം ചെയ്തികൾ മനുഷ്യരിൽ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചില ഓർമ്മകൾ സമൂഹത്തിന്റെ പൊതുബോധത്തിലേക്കു് നിരന്തരം പകർന്നുകൊടുക്കപ്പെട്ടു് തലമുറകളെ അതിജീവിച്ചേക്കാം (ഉദാ. ഗാന്ധി, ഹിറ്റ്‌ലർ). അതേസമയം, അത്തരമൊരു പകർന്നുകൊടുക്കൽ സംഭവിക്കാൻ മാത്രം യോഗ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളുമൊന്നും ഉണ്ടാക്കാൻ കഴിയാത്ത ഒരു വ്യക്തിയുടെ ഓർമ്മ ബന്ധുമിത്രാദികളിൽ മാത്രമൊതുങ്ങി കാലക്രമേണ തേഞ്ഞുമാഞ്ഞു് പോവുകയും ചെയ്യും.
ഈ പ്രപഞ്ചത്തിലെ മൂലകങ്ങളിൽ നിന്നും രൂപമെടുത്തതല്ലാത്ത ഒന്നുമില്ല – മനുഷ്യരായാലും, ജീവജാലങ്ങളായാലും, മറ്റു് ദ്രവ്യങ്ങളായാലും. വനാന്തരങ്ങളിൽ പോയി ധ്യാനിച്ചതുകൊണ്ടോ, വിവിധ ആസനങ്ങളിൽ തപസ്സിരുന്നതുകൊണ്ടോ ഇല്ലാത്തവ ഉണ്ടാവുകയില്ല. ഉണ്ടെന്നു് വിശ്വസിക്കാം, പറയാം, ഉണ്ടെന്നപോലെ അഭിനയിച്ചു് പണമുണ്ടാക്കുകയുമാവാം. അതിനപ്പുറമുള്ള ഒരു പ്രസക്തിയും അതിനില്ല. നിനക്കൊരു ചില്ലിക്കാശു്, എനിക്കൊരു നേർച്ചപ്പെട്ടി നിറയെ പണം! ജീവാത്മാവിനെയും പരമാത്മാവിനെയും മഹാശ്ചര്യമാക്കി പ്രതിഷ്ഠിച്ചാൽ നമുക്കും കിട്ടും പണം. പണമുണ്ടെങ്കിൽ ദുഃഖവും സങ്കടവുമൊക്കെ പൊതുവെ കുറയും, ജീവിതത്തിൽ “സുഖവും സദാനന്ദവും പ്രസാദവും” കളിയാടാനുള്ള സാദ്ധ്യത അസാമാന്യമായി പെരുകും. “ഗുരുവിന്റെ തത്വമസിയിലൂടെ അഹം ബ്രഹ്മാസ്മി” എന്ന അനുഭവമുണ്ടായാൽ ജനനമരണങ്ങൾ പോലും ഇല്ലാതാവും എന്നുപോലും വിശ്വസിക്കുന്നവരാണു് “നമ്മുടെ” കേൾവിക്കാർ! ജനനം ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ടു് മരണം ഉണ്ടാവാതിരിക്കുകയുമില്ല എന്നൊന്നും പറഞ്ഞു് അത്തരക്കാരെ ബോധവത്കരിക്കാൻ പോകാതിരുന്നാൽ നിങ്ങൾക്കു് നല്ലതു്. ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളും ഇല്ലാതാക്കി സദാനന്ദവും പ്രസാദവും മാത്രം ഉണ്ടാക്കാനായി ഇത്തിക്കണ്ണികളുടെ വലയിൽ ചെന്നുവീഴാതെ ന്യായമായ എന്തെങ്കിലും ജോലി ചെയ്തു് ജീവിക്കുന്നവർക്കു് സാധാരണഗതിയിൽ മനസ്സമാധാനമില്ലായ്മയുടെ ആവശ്യമില്ല. അഥവാ ഉണ്ടെങ്കിൽ, രോഗമോ, ജോലി ചെയ്തിട്ടും നികത്താനാവാത്ത സാമ്പത്തിക പരാധീനതകളോ ഒക്കെയാവും അതിന്റെ കാരണം. അവയെല്ലാം ഭൗതികമായ പ്രശ്നങ്ങളാണു്. അവയ്ക്കു് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ അതു് ഭൗതികം മാത്രമായിരിക്കും. പൊതുവെ പറഞ്ഞാൽ, “തത്വമസി” പ്രസംഗിക്കുന്ന മിക്കവാറും പേർക്കു് ഉള്ളതും, തത്വമസി വഴി അഹം ബ്രഹ്മാസ്മിയിൽ എത്താമെന്നു് വിശ്വസിക്കുന്ന മിക്കവാറും പേർക്കു് ഇല്ലാത്തതുമായ സാമ്പത്തികഭദ്രതയുണ്ടെങ്കിൽ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയുന്നവയാണവ. ലൗകിക ജീവിതത്തിലെ അതുപോലുള്ള പ്രശ്നങ്ങൾ പോരാഞ്ഞിട്ടെന്നപോലെ, ഭാവനാസൃഷ്ടിയായ ഒരു അലൗകിക ജീവിതവും അതിലെ “വിർച്വൽ” പ്രശ്നങ്ങളും കൂടി മനുഷ്യരുടെ തലയിൽ തിരുകാൻ ശ്രമിക്കുന്ന കുറെ തത്വമസികൾ! അതു് അതേപടി ഏറ്റെടുക്കാൻ ഇടിച്ചുകയറുന്ന, വിഡ്ഢിത്വത്തിനു് മനുഷ്യരൂപം ലഭിച്ചതുപോലുള്ള കുറെ അഹം ബ്രഹ്മാസ്മികളും! വിവാഹത്തിന്റെ ഗുണമെന്നതു്, വിവാഹം കഴിക്കാതിരുന്നാൽ ഉണ്ടാകുമായിരുന്നില്ലാത്ത ഒരുപാടു് പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു ഇണയെ ലഭിക്കും എന്നതാണല്ലോ.
“ഇക്കാണുന്ന എല്ലാം തമ്മിൽ ബന്ധമുണ്ടെന്നല്ലേ അതിനർത്ഥം?” എന്ന ചോദ്യത്തിനു് മറുപടിയായി ശ്രീ രാധാകൃഷ്ണൻ കർമ്മത്തിലേക്കു് കുതിക്കുന്നു! കർമ്മം ചെയ്താൽ മാത്രം മതിയെന്നും, യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായവയെല്ലാം (“കർമ്മം” എന്ന വകുപ്പിൽ പെടാത്തതിനാലാവാം) മൂഢന്മാരുടെ പ്രവൃത്തിയാണെന്നതിനാൽ അനാവശ്യമാണെന്നുമാണു് ഗീത ഉദ്ഘോഷിക്കുന്നതത്രെ! ആ അർത്ഥത്തിൽ, ശ്രീ രാധാകൃഷ്ണൻ ചെയ്യുന്നതു് കർമ്മമല്ല എന്നു് “വ്യാഖ്യാനിച്ചു്” അദ്ദേഹത്തെ ഒരു മൂഢനാക്കാൻ ഞാനേതായാലും ശ്രമിക്കുന്നില്ല. ഏതാണു് കർമ്മം, ഏതാണു് കർമ്മമല്ലാത്തതു് ഇതെല്ലാം നിശ്ചയിക്കലും ശ്രീ രാധാകൃഷ്ണനെപ്പോലുള്ള വ്യാഖ്യാതാക്കളുടെ മാത്രം “കർമ്മം” ആണല്ലോ. അതുകൊണ്ടല്ലേ അവരെപ്പോലെ തൈലാഭിഷിക്തരല്ലാത്ത ആരെങ്കിലും ഗീതയെപ്പറ്റിയോ, വേദങ്ങളെപ്പറ്റിയോ വിമർശനാത്മകമായി എന്തെങ്കിലും പറയുന്നതു് കേട്ടാൽ ജീവാത്മാവിനെയും ചുമന്നുകൊണ്ടു് നടന്നുനടന്നു് മുതുകുകുനിഞ്ഞ അവരുടെ വിശ്വസ്തസേവകർ ഒന്നടങ്കം വളഞ്ഞുകുത്തിനിന്നു് തലയറഞ്ഞു് ചിരിക്കുന്നതു്. ഇവർ തന്നെയാണു് “മൂഢന്മാരുടെ പ്രവൃത്തി’ എന്നു് ഗീത അവഹേളിക്കുന്ന യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായ “കർമ്മങ്ങൾ” പതിവുതെറ്റാതെ ആചരിക്കുന്നതും! മറ്റു് അധികം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയാത്ത ഈ മാതിരി പുരോഗമന ആശയങ്ങൾ മൂഢത്വത്തെപ്പറ്റി വെളിപ്പെടുത്തുന്ന ഗീതയിൽ പറയുന്ന കോസ്മോളജിയിലേക്കു് ആധുനികശാസ്ത്രം എത്തിയിട്ടില്ല എന്നതാണു് വാസ്തവമെന്നു് ശ്രീ രാധാകൃഷ്ണൻ. ഈ വസ്തുതയുടെ വെളിച്ചത്തിൽ, ഏതെങ്കിലും ഒരു മൂലയിൽ പോയിനിന്നു് അൽപത്തിൽക്കൂടുതൽ നാണിക്കുകയല്ലാതെ ആധുനികശാസ്ത്രത്തിനു് മറ്റെന്തു് ചെയ്യാനാവുമെന്നു് എനിക്കറിയില്ല.
“ഗീത കർമ്മനിരാസം ആവശ്യപ്പെടുന്നു എന്നു് അഭിപ്രായമുണ്ടല്ലോ” എന്നു് ചോദ്യകർത്താവു്. (ശ്രദ്ധിക്കുക: ചോദ്യകർത്താവു്, പ്രപഞ്ചകർത്താവല്ല, അതുവഴി വ്യാഖ്യാനത്തിൽ പാളിച്ച സംഭവിക്കാം). അതു് ശരിയല്ലെന്നു് ശ്രീ രാധാകൃഷ്ണൻ. ഗീതയ്ക്കു് നല്ല ചുട്ട അടിയുടെ കുറവുണ്ടെന്നു് മറുപടി പറയാഞ്ഞതു് ഭാഗ്യം. “എല്ലാം ശ്രേഷ്ഠമാണെന്നു് ഗീത പറയുന്നു. ഇന്ദ്രിയങ്ങൾ ശ്രേഷ്ഠം. ഇന്ദ്രിയങ്ങളേക്കാൾ ബുദ്ധി ശ്രേഷ്ഠം. ബുദ്ധിയേക്കാൾ ശ്രേഷ്ഠം ആത്മാവു്.” ഇതൊക്കെ നിർത്തി നിർത്തി ശ്രദ്ധയോടെ വായിക്കണം. നിങ്ങൾ ലൗകികകാര്യങ്ങളിൽ മുഴുകി, അശ്രദ്ധരായി “ശ്രേഷ്ഠത്തേക്കാൾ ബുദ്ധി ആത്മാവു്” എന്നൊക്കെ വായിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല. “നിങ്ങൾ പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടി നിങ്ങളുടെ കർത്താവിനെ സ്നേഹിക്കുക” എന്ന ബൈബിൾ വാക്യം മറക്കാതിരിക്കുക. ഞാനാണെങ്കിൽ, തത്വമസിയിൽ നിന്നും ട്രെയിൻ വഴി അഹം ബ്രഹ്മാസ്മി എന്ന എന്ന ഇന്റർമീഡിയറ്റ് സ്റ്റേഷനിലും അവിടെനിന്നും ഏതെങ്കിലുമൊരു KSRTC ബസിൽ ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളുമില്ലാത്ത ടെർമിനലിലുമെത്തി, അവിടെ എന്നെ കാത്തിരിക്കുന്ന സദാനന്ദന്റെ കയ്യിൽ നിന്നും പ്രസാദം വാങ്ങിത്തിന്നു് അമൃതനാവാനുള്ള ശ്രമത്തിലാണു്. അതുകൊണ്ടു് നിങ്ങൾക്കുവേണ്ടിക്കൂടി ശ്രദ്ധിക്കാൻ എനിക്കു് തത്കാലം സമയപരിമിതിയുണ്ടു് – അമൃതനായശേഷം കാര്യങ്ങളിൽ മാറ്റം വരാനുള്ള സാദ്ധ്യത രാശിയിൽ കാണുന്നുണ്ടെങ്കിലും.
അതുപോലൊരു കുഴഞ്ഞുമറിയലിനെപ്പറ്റി ശ്രീ രാധാകൃഷ്ണനും നമ്മളെ താക്കീതു് ചെയ്യുന്നുണ്ടു്. ആത്മാവിന്റെ നിർദ്ദേശത്താൽ ബുദ്ധികൊണ്ടു് മനസ്സിനെ നിയന്ത്രിക്കണമെന്നാണു് ഗീത പറയുന്നതെന്നും, നേരെ തിരിച്ചായാൽ, (കിടന്നുകൊണ്ടും നടന്നുകൊണ്ടും ഉറങ്ങാൻ കഴിയുന്നവർ ചക്ക പുഴുങ്ങിയാലെന്നപോലെ), ആകെമൊത്തം കുഴയുമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. “നേരെ തിരിച്ചായാൽ” എന്ന്വച്ചാൽ, മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് ബുദ്ധി ആത്മാവിനെ നിർദ്ദേശിച്ചാലോ, മനസ്സിനെ നിർദ്ദേശിച്ചുകൊണ്ടു് ആത്മാവ് ബുദ്ധിയെ നിയന്ത്രിച്ചാലോ, ബുദ്ധി നിർദ്ദേശിച്ചുകൊണ്ടു് മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചാലോ, ആത്മാവു് മനസ്സിൽ ബുദ്ധിച്ചാലോ … സോറി, ഞാൻ വിട്ടു. ഇതിന്റെയെല്ലാം രത്നച്ചുരുക്കം, ഇന്ദ്രിയസുഖങ്ങൾക്കു് പിന്നാലേ മനസ്സും, മനസ്സിന്റെ പിന്നാലേ ബുദ്ധിയും പോകുന്ന ഇന്നിന്റെ അവസ്ഥയിൽ, ബുദ്ധിയുടെ പിന്നാലെ പോകണമോ, അതോ ഇന്ദ്രിയസുഖങ്ങളുടെ മുന്നാലെ പോകണമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വട്ടം ചുറ്റുന്ന ആത്മാവു് ആദ്ധ്യാത്മികരുടെ മുഖത്തുനോക്കി പച്ചത്തെറി പറയുന്നു എന്നതാണു്. ഇതു് നാസ്തികർക്കു് രസകരമായി തോന്നാമെങ്കിലും ആസ്തികരുടെ ദൃഷ്ടിയിൽ ഒട്ടും തമാശയുള്ള ഒരു അവസ്ഥയല്ല. അതുകൊണ്ടാണു് കാര്യങ്ങൾ കൂടുതൽ “കുഴയാതിരിക്കാൻ” ഇടയ്ക്കിടെ ചക്കപ്പുഴുക്കു് വെന്തുകൊണ്ടിരിക്കുന്ന കലത്തിലേക്കു് നോക്കണമെന്നു് ശ്രീ രാധാകൃഷ്ണൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതു്. തികച്ചും ന്യായമായ ഒരു കാര്യം.
ഗീത ഉദ്ഘോഷിക്കുന്ന മാറ്റം സംഭവ്യമാണോ, എല്ലാവരും ഗീത മനസ്സിലാക്കി ജീവിക്കുമെന്നു് കരുതാനാവുമോ എന്ന ചോദ്യത്തിനും കൂടി മറുപടി നൽകിയിട്ടു് ശ്രീ രാധാകൃഷ്ണൻ തന്റെ ഇന്റർവ്യൂ അവസാനിപ്പിക്കുന്നു. അതിങ്ങനെ:
അടിസ്ഥാനപരമായ അറിവു് എല്ലാവർക്കും വേണം. പക്ഷേ കൂടിയേ തീരൂ എന്നില്ല. അതു് കുറച്ചുപേർക്കു് ഉണ്ടായാൽ മതിയാവും. (അതിനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളതു്?) മനുഷ്യരിൽ ഭൂരിപക്ഷവും നല്ലവരാണു്. അവർക്കു് കാര്യങ്ങൾ മനസ്സിലാക്കാനാവും. (അല്ലാതെ എന്റെ കേൾവിക്കാരെ ഞാൻ വിഡ്ഢികൾ എന്നു് വിളിക്കുമെന്നാണോ ഹേ നിങ്ങൾ കരുതുന്നതു്?) ഭൂമിയിലെ ഏറ്റവും പുതിയ ജീവിയാണു് മനുഷ്യൻ. ഏതാണ്ടു് നാലുലക്ഷം കൊല്ലമെന്നു് ശാസ്ത്രം പറയുന്നു. (ഗീതയെന്താണാവോ അതിനെപ്പറ്റി പറയുന്നതു്?) ആധുനികശാസ്ത്രം വേരോടിയിട്ടു് ആയിരം കൊല്ലമേ ആയുള്ളു. (അപ്പോൾ ഏതാണ്ടു് A.D. 1000 മുതൽ നിലവിലുണ്ടു് ഈ ആധുനികശാസ്ത്രമെന്ന സംഗതി!) കഴിഞ്ഞ 500 കൊല്ലം കൊണ്ടു് അതു് ബഹിരാകാശം വരെ നാശമാക്കി. (അപ്പോൾ അത്ര നേരത്തേ തുടങ്ങിയല്ലേ ബഹിരാകാശം നാശമാക്കൽ!?) ഇങ്ങനെ പോയാൽ മാനവരാശിക്കു് നിലനിൽപില്ല. അതിനു് ഈ ലോകത്തോടുള്ള വൈകാരികമായ വ്യതിയാനമുണ്ടാകണം. (മഹാഭാരതയുദ്ധം അതിനൊരു മാതൃകയാക്കാവുന്നതാണു്. അഞ്ചുപേർക്കുവേണ്ടി നൂറുപേരെ നശിപ്പിച്ച കഥ. അതും വേണമെങ്കിൽ രണ്ടുകൂട്ടരെയും നല്ലവരാക്കി നേർവഴിയിൽ എത്തിക്കാൻ കഴിയുമായിരുന്ന ഒരു ഭഗവാന്റെ മേൽനോട്ടത്തിലും, ചതിയുടെയും വഞ്ചനയുടെയും അകമ്പടിയോടെയും നടന്ന മനുഷ്യക്കുരുതിയുടെ കാവ്യാത്മകമായ ആഖ്യാനം.) സ്വന്തം ആവാസവ്യവസ്ഥ ഇങ്ങനെ തകർത്ത മറ്റൊരു ജീവിയുമില്ല, മനുഷ്യനല്ലാതെ. (ശവങ്ങളെ കെട്ടിയൊഴുക്കുന്ന, രാസ-ജൈവ-മാലിന്യങ്ങളുടെ കേളീരംഗമായ ഗംഗയിൽനിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മരണവും മോക്ഷവും ഒപ്പം സംഭവിക്കും. അതിൽ കൂടുതലൊക്കെ ആവാസവ്യവസ്ഥയെ എങ്ങനെ രക്ഷപെടുത്തണമെന്നാണു്!?) ഈ വ്യതിയാനമുണ്ടാക്കാൻ എല്ലാ ഉപനിഷത്തുക്കളുടെയും സത്തയായ ഗീതയ്ക്കേ സാധിക്കൂ. (ആ വ്യതിയാനം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണു് എത്രയോ നൂറ്റാണ്ടുകളായി ഗീത പിന്നെ ചെയ്തുകൊണ്ടിരുന്നതു്? അതും ഭഗവാന്റെ ചുമതലയിൽ? അതൊന്നും മതിയായില്ലെന്നുണ്ടോ? ഇനിയിപ്പോൾ ആ ചുമതല മനുഷ്യർ ഏറ്റെടുക്കണമെന്നാണോ? ആണെങ്കിൽ, അതിനു് വേണ്ടതു് യുക്തിഭദ്രമായ ശാസ്ത്രബോധവും മനുഷ്യബുദ്ധിയുമാണു്. അല്ലാതെ, പ്രായോഗികജീവിതത്തിൽ നിത്യപരാജയം എന്നു് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞ വേദഗ്രന്ഥങ്ങളിലെ സാങ്കൽപികസൃഷ്ടികളുടെ നീട്ടിച്ചൊല്ലലുകളല്ല).
Santosh
Nov 19, 2011 at 19:44
വിവാഹത്തിന്റെ ഗുണമെന്നതു്, വിവാഹം കഴിക്കാതിരുന്നാൽ ഉണ്ടാകുമായിരുന്നില്ലാത്ത ഒരുപാടു് പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു ഇണയെ ലഭിക്കും എന്നതാണല്ലോ.
മഹാഭാരതയുദ്ധം അതിനൊരു മാതൃകയാക്കാവുന്നതാണു്. അഞ്ചുപേർക്കുവേണ്ടി നൂറുപേരെ നശിപ്പിച്ച കഥ. അതും വേണമെങ്കിൽ രണ്ടുകൂട്ടരെയും നല്ലവരാക്കി നേർവഴിയിൽ എത്തിക്കാൻ കഴിയുമായിരുന്ന ഒരു ഭഗവാന്റെ മേൽനോട്ടത്തിലും, ചതിയുടെയും വഞ്ചനയുടെയും അകമ്പടിയോടെയും നടന്ന മനുഷ്യക്കുരുതിയുടെ കാവ്യാത്മകമായ ആഖ്യാനം.
Fantastic…
Jay (Dreamer)
Nov 19, 2011 at 21:44
ബാബു ജി, നന്നായിരിക്കുന്നു. ഈ ‘god of gaps ‘ എന്ന് ഇല്ലാതാകുമോ എന്തോ? ഒരിക്കല്‍ പരന്ന ഭൂമി ഉരുണ്ടാതായിട്ടും, അത് തിരുത്തിയവനെ ചുട്ടുകൊന്നിട്ടും, പണ്ട് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു ആയിരുന്ന ഭൂമി ഇപ്പോള്‍ സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം മാത്രമായിട്ടും, പുഷ്പകവിമാനം (വിമാനം എന്നാല്‍ ഒരു നൌക) നമ്മുടെ തേജസ് ഫയ്ടര്‍ ആയിട്ടും ഒരു പാവം ഡാര്‍വിന്‍ പരിണാമസിധാന്തം ഇത്ര മനോഹരമായി പഠിപ്പിച്ചിട്ടും ടെസ്റ്റ് ട്യൂബ് ശിശു ഉണ്ടായിട്ടും കാന്‍സര്‍ കോശങ്ങളെയും എന്തിനു ജീനുകളേയും കണ്ടുപിടിക്കാനും ചികിത്സിക്കാനും തുടങ്ങിയിട്ടും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇപ്പോഴും ദൈവം, പിശാചു, നരകം, മറുത, കുട്ടിച്ചാത്തന്‍, പുക പോലെയുള്ള ആത്മാവ്, രണ്ടാമത്തെയും മൂന്നമാതെയം പിന്നെ എത്രമാതെയും ജന്മം, എല്ലാം എഴുതിവെച്ചിട്ടുള്ള പുരാതന ഗ്രന്ഥം, മാങ്ങതൊലി എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ നടക്കട്ടെ. അവര്‍ നന്നാവില്ല.
അല്ലെങ്കിലും ദൈവം, മതം, മറുത, കുട്ടിച്ചാത്തന്‍ എന്നിവര്‍ ക്രിട്ടിക്കല്‍ തിങ്കിംഗ് ഇന് മീതെയാണല്ലോ.
Bins
Nov 20, 2011 at 14:41
http://hainthavatha.blogspot.com/2011/11/blog-post.html
c.k.babu
Nov 20, 2011 at 18:05
Santosh, Jay (Dreamer),
നന്ദി.
Bins,
ശിവനിൽ നിന്നും വന്ന് ശിവനിലേക്ക് പോകുന്ന ആദ്ധ്യാമിക ഊർജ്ജത്തെപ്പറ്റി എനിക്കൊന്നും പറയാനില്ല. ഊർജ്ജം എന്നതുകൊണ്ട് മൊഡേൺ ഫിസിക്സ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പല പോസ്റ്റുകളിലൂടെ ഞാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടുതാനും. താത്പര്യമുണ്ടെങ്കിൽ അതൊക്കെ വായിച്ചുനോക്കാം.
താങ്കൾ ഇവിടെ ആദ്യമായതുകൊണ്ട് ലിങ്ക് ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. പക്ഷേ, ഭാവിയിൽ ഇതുപോലെ അർത്ഥശൂന്യമായ വാചാടോപങ്ങളുടെ പരസ്യത്തിനായി എന്റെ ബ്ലോഗ് ഉപയോഗിക്കാതിരിക്കുക, നന്ദി.
Bins
Nov 20, 2011 at 18:39
Dear Babu,
I am not here for an argument…as per my understanding and belief, the core idea of Hinduism is Tatwamasi. That means, “that is you”. All creatures of of this universe is holy by itself.There is no need or concept of a god, which is different from you.The entire universe is formed by an energy explosion, science says…all of us have energy with in us…from where all these energy comes? where all these energy goes? some people calls this energy as god… scientists and atheist calls it as energy… try to read Veda’s…it is science…it is not proposing any god…learn,listen and then argue…
c.k.babu
Nov 20, 2011 at 20:02
Dear Bins,
You say “you are not here for an argument”. But still you have argued. And you believers know for sure that you are the only people who argue after thorough learning and listening. I don’t know how many times I have heard the same silly “argument” from believers. The “others” know nothing because they don’t read vedas and manthras and all the thathwamasi bullshit in them. These clever clogs are never tired of repeating this nonsense. Energy comes energy goes, positive energy negative energy, Energy explosion matter implosion, god here god there,… These are the standard themes I hear repeatedly from these “holy masters”.
I have written a lot of essays on such subjects in this blog itself and have tried my best to make my standpoints clear there. I am not at all interested in repeating the same thing as a discussion here, especially because I know from my own experience that it is going to be of no use eventually. That is why I told you to read my posts if you really want to know my opinion about these things.
Ravichandran C
Nov 20, 2011 at 19:33
Excellent post. ശ്രീ.രാധാകൃഷ്ണന്‍ എഴുന്നെള്ളിക്കുന്ന വള്ളിയിടാത്ത പ്രപഞ്ചരഹസ്യങ്ങളൊന്നും മഹാഭൂരിപക്ഷം വിശ്വാസികളേയും അലട്ടുന്ന പ്രശ്‌നമേയല്ല. ആത്മാവും അരിമാവുമൊക്കെ അവര്‍ക്ക് സമംഗുണം. അവര്‍ക്കവരുടെ ഭോഗാസക്തിയും അത്യാഗ്രഹവും വിഡ്ഢിത്തവും വാചോടോപത്തിലൂടെ ന്യായീകരിക്കാനായി കുറേ ദുരൂഹസാഹിത്യം വേണം. പറയുന്നവനോ കേള്‍ക്കുന്നവനോ ആരെങ്കിലുമൊരാള്‍ക്കോ മനസ്സിലായാല്‍ അതിന്റെ വെടി തീര്‍ന്നു.
എഴുതുന്നവനോ വായിക്കുന്നവനോ ആരെങ്കിലുമൊരാള്‍ക്കോ ഗ്രഹിക്കാനായാല്‍ ഈ കപടസാഹിത്യം നിര്‍വാര്യമാക്കപ്പെടുകയും ചെയ്യും. ആരുമിതില്‍ നിന്നും വിജ്ഞാനമോ ഫലമോ പ്രതീക്ഷിക്കുന്നില്ല. ഗീതയില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നുപറഞ്ഞ് നാളെയാരും കേസു ഫയലു ചെയ്യുകയോ നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്യില്ല. ശാസ്ത്രം കണ്ടെത്തുന്നത് വ്യാഖ്യാനഫാക്ടിറി പ്രവര്‍ത്തിപ്പിച്ച് അവകാശപ്പെടുന്ന ജോലി മാത്രമേ മതബന്ധുക്കളായ ശാസ്ത്രജ്ഞര്‍ക്കുള്ളു. സ്വയം വഞ്ചിക്കുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ ആദ്ധ്യാത്മികസിംഹങ്ങള്‍ വയസ്സറിയിക്കുന്നത്.
റോബര്‍ട്ട് പിര്‍സിഗ് കൃത്യമായിത് നിരീക്ഷിക്കുന്നുണ്ട്:
‘ആദ്ധ്യാത്മികതയെന്നാല്‍ ഒരു ഭക്ഷണശാലയാകുന്നു. അവിടെ 300000 ഇനങ്ങളുള്ള ഒരു കൂറ്റന്‍ മെനുകാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കും. പക്ഷ ഭക്ഷണമുണ്ടാവില്ല’
c.k.babu
Nov 20, 2011 at 21:00
Dear Mr. Ravichandran,
രാഷ്ട്രീയത്തിൽ തീപ്പൊരിപ്രാസംഗികർക്കുള്ള ഡിമാൻഡാണല്ലോ ആദ്ധ്യാത്മികതയിൽ ശാസ്ത്രത്തെ തള്ളിപ്പറയുന്ന ശാസ്ത്രജ്ഞന്മാർക്ക്. തൊണ്ണൂറ്റൊൻപത് ശാസ്ത്രജ്ഞരുടേ നിലപാടിനെക്കാൾ, “കൂട് മലീമസമാക്കുന്ന” ഒരു നാമമാത്ര ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിനാണ് അവിടെ കൂടുതൽ വില. അവിടെ അവൻ ആനയും അമ്പാരിയുമായി എഴുന്നള്ളിക്കപ്പെടും. മതങ്ങൾക്ക് പണത്തിന് പഞ്ഞമൊട്ടില്ലതാനും. ഡോക്കിൻസിനെപ്പോലൊരു ശാസ്ത്രജ്ഞന് കോടീശ്വരൻ ആവണമെന്നുണ്ടെങ്കിൽ നാസ്തികത ഉപേക്ഷിച്ചു, ഇനിമുതൽ ഇസ്ലാമിനുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു എന്ന് സൗദി രാജാവിനെ അറിയിച്ചാൽ മതി. കത്തോലിക്കാസഭക്കുവേണ്ടി പ്രവർത്തിക്കാമെന്ന് മാർപ്പാപ്പയെ അറിയിച്ചാലും കാര്യം നേടാം. വരുമാനം സൗദിയിൽ നിന്നും ലഭിക്കുന്ന അത്ര വരില്ലെന്നേയുള്ളു. മറ്റ് മതങ്ങളും അവരുടെ കഴിവിനനുസരിച്ച് നൽകാൻ മടിക്കുകയില്ല. മനുഷ്യരെ പിടിച്ച് അംഗസംഖ്യ വർദ്ധിപ്പിക്കാൻ പൊരിഞ്ഞ മത്സരം നടക്കുന്ന ഒരു മേഖലയാണല്ലോ മതം.
നൽകാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി പണമുണ്ടാക്കുന്ന വഞ്ചനയാണ് മതങ്ങളിൽ നടക്കുന്നത് എന്നറിയാതെ, അറിയാൻ ആഗ്രഹമില്ലാതെ, നിസ്വാർത്ഥമായി അവരെ അതറിയിക്കാൻ ശ്രമിക്കുന്നവരെ തെറി പറയാൻ പോലും മടിയില്ലാതെ, ദൈവവചനം എന്ന പേരിൽ ആരെങ്കിലും വിളമ്പുന്ന വിടുവായത്തരം കേൾക്കാൻ തീനാളത്തിനുനേരെ ഈയാമ്പാറ്റ എന്നപോലെ ആവേശഭരിതരായി പാഞ്ഞുചെല്ലാൻ തയ്യാറുള്ള വിഡ്ഢികൾ ഈ ലോകത്തിൽ ഉള്ളിടത്തോളം കാലം ഈ വിശുദ്ധ ഊഹക്കച്ചവടം ഭംഗിയായിത്തന്നെ നടക്കും.
ജോര്‍ജ് ഏലിയാസ്
Nov 21, 2011 at 05:03
ബാബു മാഷേ..
കലക്കി..
>>മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് ബുദ്ധി ആത്മാവിനെ നിർദ്ദേശിച്ചാലോ, മനസ്സിനെ നിർദ്ദേശിച്ചുകൊണ്ടു് ആത്മാവ് ബുദ്ധിയെ നിയന്ത്രിച്ചാലോ, ബുദ്ധി നിർദ്ദേശിച്ചുകൊണ്ടു് മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചാലോ, ആത്മാവു് മനസ്സിൽ ബുദ്ധിച്ചാലോ << ചിരിച്ചു ഒരു വഴിയായി.
വാക്കുകളെടുത്ത് അമ്മാനമാടുക എന്നൊരു "കര്‍മ്മ"മല്ലാതെ ഈ ദുരൂഹസാഹിത്യ വ്യാഖ്യാതാക്കള്‍ വിശ്വാസികള്‍ക്ക് എന്ത് മെച്ചമാണോ ചെയ്യുന്നത്.
രവി മാഷ് പറഞ്ഞത് പോലെ നാളെയാരും കേസ് ഫയല്‍ ചെയ്യാത്തത് കൊണ്ട് ഒരു ഉത്തരവാദിത്വമില്ലാതെ എന്ത് കുന്തവും പറയാം, എഴുതാം, പ്രസംഗിക്കാം, അരുളി ചെയാം.. പുട്ടിനു പീര പോലെ കുറെ സംസ്കൃതമോ സുരിയാനിയോ അറബിയോ ഇടയില്‍ തിരുകിയാല്‍ മതി , സംഗതി പസ്റ്റ് ആയി.
ജയചന്ദ്രന്‍
Nov 22, 2011 at 14:11
Dear Babu sir ,
sir അറിഞ്ഞായിരുന്നോ ? തന്റെ ജീവിതത്തിലെ അവസാനത്തെ പത്തു വര്‍ഷക്കാലം Einstein ഗീതയോടോപ്പമാണ് കഴിഞ്ഞിരുന്നതത്രേ !
ആസ് ആസ് ലോങ്ങ് ആസ് ഭഗവത്ഗീത ഈസ് വിത്ത് മി , ഐ ഡോണ്ട് ഹാവ് എനി കണ്‍ഫ്യൂഷന്‍ ഇന്‍ മൈ ലൈഫ് … , ഐ ഗെറ്റ് ഇന്‍സ്പിരേഷന്‍ ഫ്രം ഭഗവത്ഗീത ഫോര്‍ ഓള്‍ മൈ തിയരേംസ് ആന്‍ഡ് ഹൈപോതെസിസ് ….
ഇത് പറഞ്ഞത് ആരാ … Einstien ..!
ആദ്യത്തെ അറ്റം ബോംബ് പൊട്ടിച്ച Opeenheimer അതിന്റെ പ്രകാശവും ശബ്ദവും കണ്ടു തൊഴുതുപിടിച്ചു കൊണ്ട് പറഞ്ഞുവത്രേ ..” ദിവി സൂര്‍’യ സഹസ്രസ്യ……………………”
എല്ലാ ക്രിസ്ത്യാനികളും ബൈബിളിനെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി ഗീത വായിക്കണമെന്ന് പോപ്പ് ഡല്‍ഹിയില്‍ വെച്ച് പറഞ്ഞു.. .
ആത്മീയത അന്ധമായി അനുശാസിക്കരുത് !
നെറ്റിയില്‍ കുങ്കുമം തൊടുന്നതെന്തിന് ? നാമജപം എത്രപേര്‍ കേള്‍ക്കാം ? ഗായത്രി മന്ത്രത്തിന്റെ സ്പീഡ് എത്ര ?
പിന്നെ ….ചെവിയില്‍ പൂവെക്കുന്നതെപ്പോള്‍ ? …. തുടങ്ങിയ നിരവധി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.
ചുരുക്കത്തില്‍ , ആത്മീയത സയന്‍സിന്റെ സഹായമില്ലാതെ പഠിച്ചാല്‍ അത് അന്ധ വിശ്വാസങ്ങളിലെയ്ക്ക് നയിക്കും.
യേശു ഇന്ത്യയില്‍ വന്നു യോഗ പഠിച്ചു , ഇന്ത്യയില്‍ 12 വര്ഷം ജീവിച്ചു , ശ്രീ കൃഷ്ണന്റെ എല്ലാ രീതികളും കോപ്പി അടിച്ചുകൊണ്ട് ഇസ്രായല്‍ ലേയ്ക്ക് തിരിച്ചു പോയി .
ജനിക്കുന്നതിനു മുമ്പ് തന്നെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച ലോകത്തിലെ ഒരേ ഒരു വ്യക്തി ആരാ..? കൃഷ്ണന്‍ ..
എന്താ കൃഷ്ണന്റെ ഒരു പ്രത്യേകത ? അദ്ദ്യം കരഞ്ഞിട്ടില്ല്യ .. പിന്നെയോ അദ്ദ്യം ചിരിച്’ചിട്ടൂല്ല്യ .
ഇതുപോലെ ലോകത്തുള്ള ഒരേ ഒരു മറ്റൊരാള്‍ സഖാവ് അച്ചുതാനന്ദന്‍ ആണത്രേ !
(കഴിഞ്ഞ പോസ്റ്റിലെ ശ്രീ mohamed khan സൂചിപ്പിച്ച Dr ഗോപാല കൃഷ്ണന്‍ അവര്‍കളുടെ വീഡിയോ യില്‍ നിന്നുള്ള ചില വചന ഘോഷണങ്ങള്‍ ആണ് മേലുദ്ധരിച്ചത് . 232 MB യുള്ള പ്രസ്തുത വീഡിയോ യ്ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ട്. അതിനെ 7MB MP3 ഫയല്‍ ആക്കി താങ്കളുടെ ഇമെയില്‍ ഐഡി യിലേയ്ക്കു അയച്ചിട്ടുണ്ട്. )
സന്തോഷ് പണ്ഡിറ്റ് വധം ബാലെ ( ശ്രീ സൂരജിനോട് കടപ്പാട്) മീഡിയയില്‍ ആഘോഷിക്കുന്ന പ്രബുദ്ധ ജീവികള്‍ തന്നെയാണ് , ദൈവത്തെ രക്ഷിക്കാന്‍ നടക്കുന്ന ഇത്തരം ഗോപാല രാധാ കൃഷ്ണന്‍ മാരേയും തോളിലേറ്റി നടക്കുന്നത് എന്നത് വൈരുദ്ധ്യം തന്നെ.
സസ്നേഹം ജയചന്ദ്രന്‍ .
Unknown
Nov 24, 2011 at 12:31
“”ഐ ഗെറ്റ് ഇന്‍സ്പിരേഷന്‍ ഫ്രം ഭഗവത്ഗീത ഫോര്‍ ഓള്‍ മൈ തിയരേംസ് ആന്‍ഡ് ഹൈപോതെസിസ് ….
ഇത് പറഞ്ഞത് ആരാ … Einstien ..! “”
ഇതെവിടുന്നു കിട്ടി. ഒന്നാംതരം നുണയാണെന്ന് അറിയാം. പക്ഷെ ഒരു ക്യൂരിയോസിട്ടി …
parthan
Nov 22, 2011 at 17:53
ഉദരപൂരണത്തിന് മതത്തെയും ദൈവത്തെയും കരുവാക്കുന്ന പുരോഹിതവൃന്ദങ്ങള്‍ക്ക് ദൈവ വിശ്വാസം എങ്ങിനെയെല്ലാം നിലനിര്‍ത്തിക്കാണണമോ, അത്രയും തന്നെ സി.കെ. യെപ്പോലെയുള്ള ശാസ്ത്രവാദികള്‍ക്കും ദൈവത്തെ നിലനിര്‍ത്തേണ്ട ആവശ്യമുണ്ട്. എങ്കിലേ ഇത്തരം വാചക കസര്‍ത്തുക്കള്‍ നടത്താന്‍ ഒരു വേദി ലഭിക്കുകയുള്ളൂ. ഹിന്ദുവിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസ്ഥാനത്രയങ്ങള്‍ എന്നറിയപ്പെടുന്നു. ആലങ്കാരികമായി ചിലയിടത്തെല്ലാം സൃഷ്ടിക്കുന്നു എന്നു പറയുന്നതില്‍ പോലും എവിടെയോ ഒരു മൊല്ലാക്കയോ ഒരു താടിക്കാരനോ ഇരുന്നു സൃഷ്ടിക്കുന്നതുപോലെയുള്ള അര്‍ത്ഥം വരുന്നില്ല. ബ്രഹ്മം പല നാമരൂപങ്ങളായി സ്വയം രൂപപ്പെടുന്നു എന്ന് വേദം വ്യക്തമാക്കിയാലും, ആധുനിക പുരാണത്തില്‍ സൃഷ്ടിക്കുന്ന കഥകളെമാത്രം ആശ്രയിച്ച് ഭാരത സംസ്കാരത്തിന്റെ ചരിത്രമെഴുതിയ പാശ്ചാത്യന്റെ അനുയായികള്‍ അതുതന്നെ വീണ്ടും പാടുന്നു. അതു കേട്ടാല്‍ കോള്‍മയിര്‍ കൊള്ളുന്നവര്‍ ഉണ്ടാകാം. അന്ധവിശ്വാസങ്ങള്‍ (അവിദ്യ, മായ, അജ്ഞാനം) ഇല്ലാതായാല്‍ അവിടെ ദൈവം എന്ന രൂപം പോലും ഇല്ല എന്ന് ദര്‍ശനങ്ങള്‍ പറയുന്നത് പഠിക്കാനോ, അത് പ്രചരിപ്പിക്കാനോ ഇത്തരം വാചാടോപങ്ങള്‍ നടത്തുന്നവര്‍ക്കും പഥ്യമല്ല. ശൂന്യതയില്‍ (ഒന്നുമില്ലാത്തിടത്തു നിന്നും) എന്തോ ഒന്ന് ഒരു ദിവസം പൊട്ടിത്തെറിച്ചു, അതിങ്ങനെ ഇപ്പോഴും പാഞ്ഞുകൊണ്ടിരിക്കുന്നു. പൊട്ടിത്തെറിച്ച നിമിഷം മുതലാണ് സമയം പോലും ഉണ്ടായത്. അതൊക്കെ ഞങ്ങള്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാന്ന് വച്ചാല്‍, അതെല്ലാം കടലാസില്‍ എഴുതിയാല്‍ സ്കോളീന്ന് മാര്‍ക്ക് കിട്ടും. അല്ലാതെന്താ. കാല്വിന്‍ ഒരിക്കല്‍ എഴുതിയത് കണ്ടിരുന്നു. ശൂന്യം എന്നു പറഞ്ഞാല്‍ ഒന്നും ഇല്ലാത്ത അവസ്ഥയല്ല. ചക്കവരട്ടി പോലെ എന്തോ ഒന്നുണ്ടായിരുന്നു.
ഇനിപ്പോ ആധുകിക ശാസ്ത്രം അതു കണ്ടു പിടിച്ചു ഇതു കണ്ടു പിടിച്ചു ഗീതയെ മലര്‍ത്തിക്കിടത്തി എന്നൊക്കെ വീമ്പടിക്കുന്നതിലൊന്നും ഒരു അര്‍ത്ഥവും കാണുന്നില്ല. ഇതെല്ലാം കണ്ടു പിടിച്ചിട്ട് ഈ കണ്ടു പിടിക്കുന്നവരുടെ സാമ്പത്തിക നേട്ടമല്ലാതെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്തെങ്കിലും മെച്ചമുണ്ടായോ എന്ന് എവിടെയും പറയുന്നത് കേട്ടിട്ടില്ല. ഇപ്പോഴിതാ പത്തോ പതിനാലോ സോഊരയൂഥങ്ങള്‍ ക്ണ്‍ടെത്തിയെന്നും കേള്‍ക്കുന്നു. അതുകൊണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വല്ല ഗുണവും ഉണ്ടോ എന്നു ചോദിച്ചാല്‍, ങാഹ എന്നു കേള്‍ക്കാം.
Unknown
Nov 24, 2011 at 08:52
ഇനി പനി വരുമ്പോള്‍ പാരസെറ്റമോള്‍ മേടിച്ചു കഴിക്കല്ല്. അപ്പോള്‍ ഗുണം അറിയും
c.k.babu
Nov 22, 2011 at 18:32
പ്രിയ ജോര്‍ജ് ഏലിയാസ്,
നന്ദി.
പ്രിയ ജയചന്ദ്രന്‍,
അയച്ച MP3 ഫയല്‍ ഡൗൺലോഡ് ചെയ്തു. അല്പം കേൾക്കുകയും ചെയ്തു. ഒറ്റപ്പെട്ട ഒരു ദ്വീപിൽ ഒരു മനുഷ്യന്റെ സ്വരം കേൾക്കാൻ കഴിയാതെ പത്തോ പതിനഞ്ചോ അതിൽ കൂടുതലോ വർഷങ്ങൾ കഴിഞ്ഞശേഷം പോലും, ഇതുപോലൊരു വധവുമായി ഒരു മനുഷ്യൻ ആ ദ്വീപിലേക്ക് വന്നാൽ അത് കേൾക്കാതിരിക്കാനായി തീർച്ചയായും ഞാൻ കടലിൽ ചാടി ചാവും. ഇതൊക്കെ ഒരു മണിക്കൂർ കുത്തിയിരുന്ന് സഹിക്കുന്നവർ രണ്ടുകാലിൽ നടക്കുന്ന ജീവികളാണെങ്കിൽ അവരെ സമ്മതിക്കണം. ജീവിതകാലം മുഴുവൻ മനുഷ്യരെ ബോധം കെടുത്താൻ ശേഷിയുള്ള ഒരു മയക്കുമരുന്നേയുള്ളു – അതാണ് ദൈവം! താൻ വിളമ്പുന്നത് ദൈവവചനമാണെന്ന തോന്നലുണ്ടാക്കിയാൽ ഏത് സന്തോഷ് മാധവനും, ഏത് മരപ്പട്ടിക്കും വിശ്വാസിക്കൂട്ടത്തെ ആകർഷിക്കാനാവും. ഈ ജനുസ്സിൽ പെട്ടവർ പ്രാസംഗികന്റെ മുന്നിലിരുന്ന് ദൈവവചനം കേട്ടാലും, അവിടെക്കിടന്ന് ഉറങ്ങിയാലും ഫലം ഒന്നുതന്നെ. അങ്ങേർ വച്ചുകാച്ചുന്ന വിഡ്ഢിത്തങ്ങളുടെ ഒരു ചെറിയ അംശമെങ്കിലും മനസ്സിലാക്കാൻ കഴിയുന്ന ആരെങ്കിലും അഞ്ചുമിനിട്ട് തികച്ച് അവിടെ ഇരിക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഗോപാലകൃഷ്ണൻ പറയുന്നു: ആദ്യത്തെ ഒരുവരിയിൽ ആ ഗ്രന്ഥത്തിലെ മുഴുവൻ സന്ദേശവും നൽകിയിട്ടുള്ള ലോകത്തിലെ ഒറ്റഗ്രന്ഥമാണ് ഭഗവദ്ഗീത! എന്താണ് ആ ആദ്യത്തെ വരി? “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ”! രണ്ടും നാലും വാക്കുകൾ ഇടത്തോട്ടിട്ട് മൂന്നും ഒന്നും വാക്കുകൾ ഒന്ന് തിരിച്ചിട്ടാൽ എന്താവും? “ക്ഷേത്രേ ക്ഷേത്രേ കുരു ധർമ്മം”! അതായത്, അവനവന്റെ കർമ്മമണ്ഡലത്തിൽ അവനവന്റേതായ ധർമ്മം അനുഷ്ഠിക്കുക. ഇതാണ് ഭഗവദ് ഗീതയുടെ സന്ദേശം. (നീ നിന്റെ പണി നോക്ക് എന്നും പറയാം. ഗോപാലകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ, നൂറ്റാണ്ട് ഇരുപത്തൊന്നല്ല, ഇരുപത്തിരണ്ടല്ല, ഇരുപത്തിമൂന്നല്ല, മുപ്പതായാലും ശരി, അങ്ങനെതന്നെ പറയാം, ഉറപ്പിച്ച് പറയാം.)
(മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ
‘കുരു’വൊന്നെങ്കിലും വേണം മാറാതോരോഗണത്തിലും
നടുക്കുയതി പാദാദിപ്പൊരുത്തമിതുകേകയാം.
ഇത് കേകയാണ്, കേകയോട് കളിക്കരുതെന്ന് സാരം)
സമയമുള്ളവർക്ക് പരീക്ഷിക്കാനായി മറ്റ് ചില കോമ്പിനേഷനുകൾ: ക്ഷേത്രേ ധർമ്മേ ക്ഷേത്രേ കുരു, ക്ഷേത്രേ കുരു ക്ഷേത്രേ ധർമ്മേ, ധർമ്മേ കുരു ക്ഷേത്രേ ക്ഷേത്രേ, കുരു ധർമ്മേ ക്ഷേത്രേ ക്ഷേത്രേ, കുരു കുരു ധർമ്മേ ക്ഷേത്രേ, കുരു കുരു കുരു കുരു, ആകെമൊത്തം കുരു, …. (കുരു എന്നതിന് ചെയ്യുക, അനുഷ്ഠിക്കുക മുതലായവ കൂടാതെ, കണ്ണിൽക്കുരു, പഞ്ഞിക്കുരു, മസൂരിക്കുരു, കക്ഷത്തിൽ കുരു, ചുമ്മാ കുരു, വെറും പരു, തപതിയുടെ പുത്രൻ കുരു, കുരുരാജ്യം, കുരുവംശം, … മുതലായ അർത്ഥങ്ങൾ നൽകിയാൽ അത്ഭുതകരമായ പല വ്യാഖ്യാനങ്ങളും ലഭിക്കും. ക്ഷേത്രത്തിനും ധർമ്മത്തിനും പല അർത്ഥങ്ങൾ കല്പിക്കാമെന്നതിനാൽ ചുരുങ്ങിയത് ഒരു രണ്ടുമണിക്കൂർ മനുഷ്യരെ വധിക്കാനുള്ള വക തട്ടിക്കൂട്ടാൻ ബുദ്ധിമുട്ട് വരില്ല.
പ്രിയ പാർത്ഥൻ,
വേണമെങ്കിൽ ജയചന്ദ്രന് കൊടുത്ത കമന്റ് വായിക്കാം. അതിൽ കൂടുതലൊന്നും പറയാനില്ല. പറഞ്ഞിട്ട് പ്രയോജനവുമില്ല.
c.k.babu
Nov 22, 2011 at 18:46
ck എന്ന പേരിൽ എന്നെ ചികിത്സിക്കാൻ വന്ന വൈദ്യനോട്: തന്റെ കമന്റ് ഞാൻ ചവറ്റുകൊട്ടയിലേക്കിട്ടു. ഇനി വരുന്നവയുടെ വിധിയും അതുതന്നെ.
c.k.babu
Nov 24, 2011 at 09:25
Unknown,
ദൈവം പാരാസെറ്റമോളും ആസ്പിരിനുമൊക്കെ ഇറക്കിത്തരുന്നതിന് മുൻപ് പനിവന്നുചത്ത് ദൈവത്തിന്റെ മടയിലെത്തിയ എത്രയോ ലക്ഷം മനുഷ്യർ അറിഞ്ഞതിൽ കൂടിയ എന്ത് ഗുണം അറിയാൻ?
താങ്കളും സ്വർഗ്ഗത്തിലായതിനാലാവുമോ ഊരും പേരുമൊന്നുമില്ലാതെ “Unknown” ആയി കമന്റേണ്ടിവരുന്നത്? സ്വർഗ്ഗത്തിലെ കാര്യങ്ങളൊന്നും എനിക്ക് വലിയ പിടിയില്ല.
Unknown
Nov 24, 2011 at 12:28
Unknown അല്ലാതെ ഇങ്ങനയൊക്കെ മറുപടി കൊടുത്തില്ലേല്‍ ചിലപ്പോള്‍ അധികം താമസമില്ലാതെ നേരെ സ്വര്‍ഗത്തില്‍ ചെല്ലും. ഇനി മുഴുവന്‍ ചെന്നില്ലേലും കയ്യോ കാലോ ഒക്കെ ചെല്ലും. അത് കൊണ്ട…
ജയചന്ദ്രന്‍
Nov 24, 2011 at 10:46
ഡിയര്‍ ബാബു മാഷ് ,
ശ്രീ എ ആര്‍ രാജീവ് എഴുതിയ ഒരു കഥയുണ്ട്. സാന്ദര്‍ഭികമെന്നു തോന്നിയതിനാല്‍ അതിന്റെ സംക്ഷേപം ഇവിടെ പോസ്റ്റുന്നു. ആത്മീയ പുസ്തകങ്ങളിലൂടെയുള്ള അറിവ്, പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമേ അല്ല എന്ന് പറഞ്ഞു കഥ തുടങ്ങുന്നു:
കാളവണ്ടിയില്‍ ശിഷ്യരോടൊത്തുള്ള യാത്രയില്‍ ,യാത്രാവസാനം വരെ പുറത്തിറങ്ങരുതെന്ന് ഗുരു ആജ്ഞാപിക്കുന്നു. ഓണ്‍ ദ വേ… , താഴെ വീണ പൂജാപാത്രം എടുക്കാത്തതും ആജ്ഞ അനുസരിച്ചതു കൊണ്ടു തന്നെയായിരുന്നു എന്ന് ശിഷ്യര്‍ . എന്നാല്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും താഴെ വീണാല്‍ എടുക്കാതിരിക്കരുതെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു .
യാത്ര തുടര്‍ന്നു…. കാള ചാണകമിട്ടത് വാരി വണ്ടിയിലിട്ടതു കണ്ട് കോപാകുലനായ അദ്ദേഹം, താഴെ വീണാല്‍ എടുക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു.
കുറെ കഴിഞ്ഞു , വണ്ടി ഒരു പാലം കടന്ന് , ഒരു വശത്തേയ്ക്ക് ചരിഞ്ഞ് , മാഷ് വെള്ളത്തില്‍ വീണപ്പോള്‍ , ലിസ്റ്റില്‍ പേരില്ലാത്തതുകൊണ്ട് കുട്ടിയോള് അനങ്ങിയതേയില്ല.
പുള്ളി ഒരുവിധം നീന്തി കരപറ്റി പിള്ളാരോട് ഇങ്ങനെ മൊഴിഞ്ഞു :
“പറയുന്നത് അതെ പടി അനുസരിക്കാന്‍ യന്ത്രങ്ങള്‍ മതി. മനുഷ്യന്‍ സന്ദര്‍ഭമനുസരിച്ച് അവന്റെ വിവേചന ബുദ്ധി പ്രയോഗിക്കണം “
c.k.babu
Nov 24, 2011 at 13:01
ഹ ഹ ഹ!
ആഹാരം കഴിക്കുന്നതിടയിൽ തറയിൽ വീഴുന്നത് വല്ലതും എടുത്ത് തിന്നാൻ ശ്രമിക്കുന്ന പേരക്കിടാവിനെ “Was auf dem Boden liegt, hebt man nicht auf” (തറയിൽ കിടക്കുന്നത് ആരും എടുക്കില്ല/എടുത്ത് പൊക്കില്ല) എന്ന് കർശനമായി ശകാരിച്ചും ശിക്ഷിച്ചും വളർത്തിയിരുന്ന ഒരു അമ്മൂമ്മയെപ്പറ്റി ജർമ്മനിൽ ഒരു തമാശയുണ്ട്. പയ്യൻ അല്പം മുതിർന്നശേഷം ഒരിക്കൽ അവനുമായി നടക്കാൻ പോയതിനിടയിൽ കാലിടറി വീണ് തനിയെ എഴുന്നേൽക്കാൻ കഴിയാതെ കിടന്നിടത്ത് കിടന്ന അമ്മൂമ്മ അവനോട് സഹായം ആവശ്യപ്പെട്ടപ്പോൾ അവന്റെ മറുപടി: “Was auf dem Boden liegt, hebt man nicht auf”. 🙂
ഒരു സ്വന്തം അനുഭവം: സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു ആനിവേഴ്സറിയോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച ഒരു നാടകത്തിൽ ഒരു കൊങ്ങിണി കഥാപാത്രമായുണ്ടായിരുന്നു. കൊങ്ങിണിയുടെ പാർട്ട് അഭിനയിച്ച കുട്ടിയോട് കൊങ്ങിണിഭാഷയിൽ തടസ്സമില്ലാതെ സംസാരിക്കാനുള്ള ഒരു സൂത്രം എന്ന നിലയിൽ സംവിധായകൻ പറഞ്ഞിരുന്നു: “ര” എന്ന അക്ഷരം വരുന്നിടത്തൊക്കെ “റ” എന്നേ ഉപയോഗിക്കാവൂ. കഷ്ടകാലത്തിന് നാടകത്തിൽ “ഊരു് ഗോപാലപിള്ളേ ഉടുപ്പൂരു്” എന്നൊരു ഡയലോഗുണ്ടായിരുന്നു. പിള്ളവായിൽ കള്ളമില്ല എന്നതിനാൽ അഭിനേതാവ് “ര” എല്ലാം “റ” ആക്കി പറയുകയും ചെയ്തു. 🙂
c.k.babu
Nov 24, 2011 at 13:14
Unknown,
That is right. True to the motto: “Precaution is the mother of porcelain shops”!
Anish
Nov 25, 2011 at 22:09
Dear Mr. C.K Babu -Excellent & Informative post,, awaiting for more
ജയചന്ദ്രന്‍
Nov 26, 2011 at 11:42
ഡിയര്‍ ബാബു സര്‍ ,
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു കഥ പറയല്‍ മത്സരം നടക്കുന്നു. ഒരാള്‍ സ്റ്റേജില്‍ കയറി കഥനം തുടങ്ങി….. Once there was a man called Mr . Ray ……………..കഥ തുടരുന്നു……….
Once he died and his wife began to cry ……….
Oh ….. my Ray… , Oh …. my Ray…, Oh … my Ray …..
തുടര്‍ന്നുള്ള ആവര്‍ത്തനത്തില്‍ സാറ് സൂചിപ്പിച്ച രസകരമായ നാടക ഡയലോഗിന്റെ reverse process സംഭവിക്കുന്നു. റ യ്ക്ക് പകരം ര…..
Oh my Ray , my Ray .. my Ray … my Ray ….
വളരെ താമസിച്ചാണ് എങ്കിലും , കാര്യം പിടികിട്ടിയ സദസ്സില്‍ നിന്ന് ഒരു ആരവമുയര്‍ന്നു:
ഇറങ്ങി പോടാ my Ray എന്ന്…..
🙂
സാറിന്റെ അനുഭവം വിശദീകരിച്ചത് കൊണ്ട് മാത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം ആ സംഭവം എന്റെ ബ്രെയിന്‍ നു വീണ്ടും ഓര്‍ക്കാന്‍ കഴിഞ്ഞത്.
ദൈവ കാര്യത്തിലല്ലാതെ , ഏതു പറ്റിക്കലും താമസിച്ചാണ് എങ്കിലും, ജനം തിരിച്ച് അറിഞ്ഞേയ്ക്കാം . പക്ഷെ ദൈവത്തിന്റെ ലേബലില്‍ ഉള്ള ഏതു തെറിയും , തെമ്മാടിത്തരവും വിവേചിച്ചറിയാന്‍ വിശ്വാസി സമൂഹത്തിനു ആജീവനാന്തം സാധിക്കുന്നില്ല. എന്നെ ഒത്തിരി ചിന്തിപ്പിച്ച കാര്യമാണിത്. അതിന്റെ സാങ്കേതികത മനസിലാക്കാനായത് അങ്ങയുടെ പോസ്റ്റുകളിലൂടെയും .
പിന്നീട് സമയം കളഞ്ഞില്ല. Mr . GOD നു ഒരു വലിയ റാറ്റ കൊടുത്തു .
ഒരു വെള്ളച്ചാട്ടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുഖം. ഇതിനെയല്ലേ സാക്ഷാല്‍ മോക്ഷം മോക്ഷം എന്ന് പറയുന്നത്. (പാര്‍ഥന്‍ ചേട്ടാ ഒന്ന് ടെസ്റ്റ് ചെയ്യുന്നോ..?)
നന്ദി പ്രകടനത്തിന് എന്റെ ഭാഷ അപര്യാപ്തമെന്നറിയുക.
സസ്നേഹം ജയചന്ദ്രന്‍ .
Ravichandran C
Nov 27, 2011 at 06:31
പ്രിയപ്പെട്ട ജയചന്ദ്രന്‍,
ബാബു സര്‍,
ഹ ഹ ഹ
നിങ്ങളിരുവരുടേയും കഥകള്‍ വായിച്ചു. എനിക്കിത്തരം കഥകള്‍ വളരെ ഇഷ്ടമാണ്. കുറച്ച് സ്റ്റോക്ക് കയ്യിലുണ്ട്. നമുക്കിവ ബ്‌ളോഗിങിലൂടെ ശേഖരിക്കാന്‍ സാധിച്ചാല്‍ നന്നായിരുന്നു. ഓഷോ നിന്നു പിഴച്ചത് ഇത്തരം ഐറ്റങ്ങളിലൂടെയായിരുന്നു. അദ്ദേഹം ലോകത്തെ മുഴുവന്‍ ജോക് ബുക്കുകളും പരതി കഥകളെടുത്ത് തനിക്ക് വേണ്ട രീതിയില്‍ twist ചെയ്ത് അവതരിപ്പിക്കുകയായിരുന്നു.
c.k.babu
Nov 27, 2011 at 10:23
Dear Mr. Ravichandran,
ചെറുപ്പംമുതൽ കേട്ടതും പഠിച്ചതുമായ ധാരാളം കഥകളുണ്ട്. സന്ദർഭോചിതമായി അവയിലോരോന്നും ഓർമ്മയിലെത്തുമെങ്കിലും, ഒരുദിവസം അവയെല്ലാമൊന്ന് സമാഹരിക്കാമെന്ന് കരുതിയാൽ ഞാൻ വിജയിക്കുമെന്ന് തോന്നുന്നില്ല.
പ്രിയ ജയചന്ദ്രന്‍,
ചില ഗുണങ്ങൾ തനിക്ക് ലഭിക്കുന്നു എന്ന് അവൻ ധരിച്ചുവശായിരിക്കുന്ന അവന്റെ വിശ്വാസം അർപ്പിക്കപ്പെട്ടിരിക്കുന്നത് ബുദ്ധിയുടെ വെളിച്ചത്തിൽ യാതൊരുവിധ അടിസ്ഥാനവും നൽകാനാവാത്ത ദൈവം എന്നൊരു മിഥ്യാബോധത്തിലാണ് എന്ന് മനസ്സിലാക്കേണ്ടി വരുന്നതാണ് ഒരു വിശ്വാസിക്ക് ഒട്ടും സഹിക്കാനാവാത്തത്. അതുകൊണ്ടാണ് പറയുന്ന കാര്യങ്ങൾ അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത വിധം ലളിതമായ ഭാഷയിൽ അവനെ അത് മനസ്സിലാക്കാൻ ശ്രമിക്കുന്നവരെ അവൻ വെറുക്കുന്നതും. നാസ്തികരും യുക്തിവാദികളുമൊക്കെ ദുരൂഹമായ ഭാഷയിലാണ് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നതെങ്കിൽ, വിശ്വാസികൾ അകന്ന് നിൽക്കാനാവും കൂടുതൽ ഇഷ്ടപ്പെടുക. ആർക്കും മനസ്സിലാവുന്ന വിധം എവിഡന്റ് ആയ വസ്തുതകളെ നിഷേധിക്കാൻ അവനും ആവില്ല എന്നതിനാൽ, ലഭ്യമായ മറ്റെല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് തർക്കിക്കാൻ അവൻ നിർബന്ധിതനാവുന്നു. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിപരമായ അവഹേളനങ്ങൾ വഴി എതിരാളിയെ നിശബ്ദനാക്കുകയെന്ന തന്ത്രം. മറ്റൊന്ന്, ഞാൻ വിശ്വസിക്കുന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന വലിയ വലിയ കാര്യങ്ങളൊന്നും നീ വായിച്ചിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ല എന്ന നിലപാടാണ്. (“ഗുരുക്കൾ പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ എല്ലാം തികഞ്ഞ എനിക്കുപോലും അതൊന്നും മനസ്സിലായിട്ടില്ല പിന്നെയാണ് നീ” എന്ന ചിന്തയാവാം ഒരുപക്ഷേ മന:ശാസ്ത്രജ്ഞർ അതിന് പിന്നിൽ കാണുന്നത്.) തന്റെ ദൈവവിശ്വാസത്തെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന ഏത് മാർഗ്ഗവും നീതിപൂർവ്വമായതായാണ് വിശ്വാസി കാണുന്നത്. “ലക്ഷ്യം മാർഗ്ഗത്തെ വിശുദ്ധീകരിക്കുന്നു” എന്ന കുരിശുയുദ്ധചിന്താഗതി, അഥവാ കാട്ടാളത്തത്തിന്റെ നീതിശാസ്ത്രം!
ദൈവത്തിന്റെ പൂർണ്ണത, സർവ്വവ്യാപിത്വം, വേദഗ്രന്ഥങ്ങളുടെ ദൈവികത, ….. ഇങ്ങനെ ദൈവ-മതവിശ്വാസത്തിന്റെ അടിത്തറകളെല്ലാം പിഴുതെറിയപ്പെട്ടിട്ടും വിശ്വാസി അതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. അതൊക്കെ കണ്ണുതുറന്ന് കാണാൻ തയ്യാറാവുന്ന അതേനിമിഷം ഒരു നാസ്തികനായി മാറുകയല്ലാതെ തനിക്ക് ഗത്യന്തരമൊന്നുമില്ല എന്നറിയാവുന്നതാണ് അവന്റെ ദുഃഖം. അതുകൊണ്ട് പണ്ടേ നഷ്ടപ്പെട്ടുകഴിഞ്ഞ യുദ്ധം ജയിക്കാനായി അവൻ നിഴലിനുനേരെ ആഞ്ഞാഞ്ഞ് വാൾ വീശിക്കൊണ്ടിരിക്കുന്നു!
c.k.babu
Nov 29, 2011 at 08:18
sajith sankar എന്ന പേരിൽ ഇവിടെ കമന്റിട്ട ചങ്ങാതിയോട്: എന്നെ അഭിനന്ദിച്ചതിന് നന്ദി. കമന്റിന്റെ ലക്ഷ്യം പ്രധാനമായും ഏതോ പത്രത്തിന്റെ പരസ്യമായിരുന്നു എന്നതിനാൽ അതിനെ അതർഹിക്കുന്നിടത്തേക്ക് അയച്ച് ബഹുമാനിക്കുന്നു.
പിന്നെ, സ്വയം നന്നായശേഷം ശാസ്ത്രജ്ഞരെ നന്നാക്കാൻ ശ്രമിക്കുന്നതല്ലേ ഭംഗി?
ജയചന്ദ്രന്‍
Nov 29, 2011 at 09:44
ഡിയര്‍ ബാബു മാഷ്,
എന്റെ ഒരു പഴയ “ആത്മ” സുഹൃത്ത് അഥവാ ആത്മീയാചാര്യ സുഹൃത്തിനു മനുസ്മൃതിയെപറ്റി “ഫയങ്കര ” അറിവായിരുന്നു.
“ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി ” എന്നവസാനിക്കുന്ന ശ്ലോകത്തിനെ അദ്ദേഹം വ്യാഖ്യാനിച്ചത് , അത് എഴുതിയിരിക്കുന്നത് പോലെ “സ്വാതന്ത്ര്യ ” മെന്നല്ല “സ്വതന്ത്ര” മാണെന്നാണ് !
അതായത് “ന സ്ത്രീ സ്വതന്ത്ര മര്‍ഹതി “, എന്ന് വെച്ചാല്‍ സ്ത്രീയെ (ആ ശ്ലോകത്തില്‍ പറയുന്ന തരം പുരുഷ സംരക്ഷകര്‍ ) കലാ കാലം, സ്വന്തം തന്ത്രം ഉപയോഗിച്ച് ജീവിക്കേണ്ടുന്ന ഗതികേടിലേയ്ക്കു നയിക്കാതെ, സംരക്ഷിച്ചു കൊള്ളേണ്ടതാണത്രെ…! അതിനെ പകര്‍ത്തി എഴുതിയവര്‍ ചെയ്ത മിസ്‌ടെയ്ക്ക് ആണുപോല്‍ …. വെവര ദോഷികള്‍ …
ഈ വിവരം താങ്കള്‍ക്കു വെളിപാടായി കിട്ടിയതാണോ എന്ന് ഞാന്‍ ചോദിക്കാനിരിക്കയായിരുന്നു. ഇപ്പോള്‍ പക്ഷെ അങ്ങനെ തോന്നുന്നില്ല. സര്‍ പറഞ്ഞ പോലെ ഇവന്റെയൊക്കെ “ആത്മീയ വയറിളക്കം ” താങ്ങാനുള്ള ധ്രാണി ഇനിയില്ല .
c.k.babu
Nov 29, 2011 at 09:56
പ്രിയ ജയചന്ദ്രൻ,
കേൾക്കുന്നവർ അംഗീകരിക്കുമെന്ന് തോന്നിയാൽ ഏത് നാറുന്ന വ്യാഖ്യാനത്തിനും മടിക്കാത്തവരാണ് വിശ്വ്വാസികൾ. കാര്യസാദ്ധ്യത്തിന് ഏത് വേഷം കെട്ടാനും, ഏത് ആട്ടിൻതോൽ എടുത്തണിയാനും ലജ്ജയില്ലാത്ത ചെന്നായ്ക്കൾ! അതുപോലുള്ള നീചജന്മങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു ദൈവത്തിലാണത്രെ നിഷ്കളങ്കരായ മറ്റ് മനുഷ്യർ വിശ്വസിക്കേണ്ടത്!
harishnethaji
Nov 29, 2011 at 12:43
പണട് ഒരാള്‍ കാളയെ നോക്കിനിന്നശേഷം അതിന്‍െറ കൊമ്പില്‍ പിടിച്ചുമറിച്ചു. കാള അയാളെ കൊമ്പില്‍ കോര്‍ത്ത് ഏറെ നേരം ഓടി.കാളയുടെ പുറകെ ഓടി നാട്ടുകാര്‍ അയാളെ കൊമ്പില്‍ നിന്ന് വലിച്ചിറക്കി.മുറിവു പറ്റി രക്തം വാര്‍ന്ന് നില്‍ക്കുന്ന അയാളോട് ചോദിച്ചു.എന്തിനിതു ചെയ്തു. ഒരുകാര്യം ചെയ്യുംമുന്‍പ് ചിന്തിയ്ക്കണ്ടെ?.അതുമാത്രം പറയരുത് ഞാന്‍ ഏറെനേരം ചിന്തിച്ചിട്ടു ചെയ്തകാര്യമാ! .ഇതുപോലെയാണ് രാധാകൃഷ്ണനും ഗോപാലകൃഷ്ണനും കേശവന്‍നായരുമൊക്കെ .മുനി നാരായണ പ്രസാദ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്‍െറ ഗീതാവാഖ്യാനത്തെക്കുറിച്ച് പറയുന്നു.ആത്മാവ് അറിവാണ്.ആത്മാവ് ചലിയ്ക്കുന്നു.അതുപോലെ അറിവ് ഇളകുന്നു.-ഏതാണ്ട് വയറിളകുന്ന പോലൊരു തോന്നലാണ് ആകെക്കുടി ഉണ്ടാകുന്നത്
c.k.babu
Nov 29, 2011 at 13:45
ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ ആനുകാലികങ്ങളിലൂടെയും മറ്റും വിളിച്ചുപറയാൻ അല്പമല്ല, അല്പം കൂടുതൽ “ഇളക്കം” ഉള്ളവർക്കേ സാധിക്കൂ. അവരിൽ ചിലർ ഭൗതികശാസ്ത്രജ്ഞരാണെന്നൊക്കെ അവകാശപ്പെടുന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ശാസ്ത്രജ്ഞർ എന്ന് മാത്രമായിരുന്നു അവർ സ്വയം വിശേഷിപ്പിക്കുന്നതെങ്കിൽ വല്ല ഗൗളിശാസ്ത്രത്തിലോ, ഹസ്തരേഖാശാസ്ത്രത്തിലോ, തത്തുല്യമായ മറ്റേതെങ്കിലും ശാസ്ത്രങ്ങളിലോ ഒക്കെ ആയിരിക്കാം അവർ ബിരുദമെടുത്തതെന്ന് കരുതാമായിരുന്നു.
sajith sankar
Nov 30, 2011 at 07:42
ഞാന്‍ ഇന്നലെ ഒരു കമന്റ് ഇട്ടിരുന്നു. അതിനു വ്യക്തമായ മറുപടി കണ്ടില്ല. അത് ഏതോ പരസ്യം ആണെന്ന് വിചാരിച്ചു തള്ളിക്കളഞ്ഞു.
മറുപടി ഇല്ലെങ്കിലും എനിക്ക് തോന്നുന്നത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്
എന്നത് പോലെ തന്നെ ആധുനിക ശാസ്ത്രവും ഒരു കറുപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഇപ്പോള്‍ പല ലാബുകളിലും എങ്ങനെ നശീകരണ ശക്തിയുള്ള ആയുധങ്ങളും വയിറസ്സുകളും ഉണ്ടാക്കാമെന്ന് ആലോചിക്കുകയാണ് ശാസ്ത്രഞ്ജന്മാര്‍.
ശാസ്ത്രം(ശാസ്ത്രഞ്ജന്മാര്‍(മനുഷ്യന്‍)) സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള ഒരു സര്‍വ്വശക്തനായ ദൈവം ആയിക്കൊണ്ടിരിക്കുകയാണ്. തിന്മ ശാസ്ത്രത്തിലും ഉണ്ട് മതത്തില്‍ മാത്രമല്ല എന്നത് കൊണ്ട് ഇടയ്ക്ക് അവിടെയും ചില വിമര്‍ശനങ്ങള്‍ ആകാം എന്നേ ഞാന്‍ വിചാരിച്ചുള്ളൂ.
പിന്നെ എനിക്ക് ശാസ്ത്രജ്ഞന്മാരെ നന്നാക്കാനുള്ള ഒരു ഉധേശ്യവുമില്ല .
ഈ ലോകത്തില്‍ ആര്‍ക്കും ആരെയും നന്നാക്കാന്‍ സാധിക്കില്ല എന്ന കാര്യം എനിക്കറിയാം. പിന്നെ എന്റെ നന്നാവലിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളും.
c.k.babu
Nov 30, 2011 at 09:02
“ഈ ലോകത്തില്‍ ആര്‍ക്കും ആരെയും നന്നാക്കാന്‍ സാധിക്കില്ല എന്ന കാര്യം” താങ്കൾക്കറിയാം. എന്നിട്ടും ഞാൻ ശാസ്ത്രത്തെ വിമർശിക്കാത്തതിൽ ദുഃഖവും!
“പിന്നെ എന്റെ നന്നാവലിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളും” എന്ന താങ്കളുടെ നിലപാട് പ്രകാരം ഞാൻ ആരെ വിമർശിക്കണമെന്ന കാര്യം എനിക്ക് വിടുന്നതായിരുന്നില്ലേ ബുദ്ധി? എങ്കിൽ ഒരു കമന്റുമായി എന്റെ ബ്ലോഗിലേക്ക് വരേണ്ട ആവശ്യം പോലുമുണ്ടാവുമായിരുന്നോ?
എനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയല്ലാതെ, മറ്റുള്ളവർ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കൽ എന്റെ രീതി അല്ലാത്തതിനാൽ “ശാസ്ത്രം സൃഷ്ടിസംഹാരങ്ങൾക്ക് ശേഷിയുള്ള സർവ്വശക്തനായ ഒരു ദൈവമായി മാറിക്കൊണ്ടിരിക്കുന്നതിനെയും, ശാസ്ത്രത്തിലെ തിന്മകളെയും” എന്തുകൊണ്ട് ഒരു ബ്ലോഗ് തുടങ്ങി അതിലൂടെ താങ്കൾ വിമർശിക്കുന്നില്ല എന്ന് ഞാൻ ചോദിക്കുന്നില്ല.
sajith sankar
Nov 30, 2011 at 10:02
മറുപടികള്‍ക്കും ഉപദേശത്തിനും വളരെ നന്ദി.
താങ്കളുടെ ബ്ലോഗിലെ പോസ്റ്റുകള്‍ പലതും കണ്ടപ്പോള്‍ തോന്നിയ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. പിന്നെ താഴെ “ഒരു മറുപടി കൊടുക്കുക” എന്ന ഒരു ഭാഗവും കണ്ടു. അത് കൊണ്ട് പറ്റിപ്പോയതാണ്.
ഇനി ആവര്‍ത്തിക്കില്ല. വളരെ ഉപകാരം…!
c.k.babu
Nov 30, 2011 at 10:12
നന്ദി ഞാനാണ് പറയേണ്ടത്. ഇനിയെങ്കിലും കാണുന്നിടത്തെല്ലാം കയറി നിരങ്ങാതിരിക്കുക. ഉപദേശമല്ല, ഒരു അഭ്യർത്ഥന മാത്രം.