RSS

ശാസ്ത്രം ഗീതയുടെ നിഴലിൽ – 2

05 Nov

(ഒന്നാം ഭാഗം ഇവിടെ)

ജീവിതവിജയത്തിനു് ഏതുവഴി തിരഞ്ഞെടുക്കണമെന്നു് നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ ആശ്രയിക്കാനാണു് ഗീത നൽകുന്ന ഉപദേശമെന്നും എന്നാലിതു് ആധുനികശാസ്ത്രമല്ല, അദ്ധ്യാത്മവിദ്യയാണെന്നും ശ്രീ രാധാകൃഷ്ണൻ.

“എന്നു് ശ്രീ രാധാകൃഷ്ണൻ പറയുന്നു” എന്ന കൂട്ടിച്ചേർക്കലിൽ കൂടിയ ഒരു മറുപടി അദ്ദേഹത്തിന്റെ ഈ “കൂടുവിട്ടു് കൂടുമാറൽ” ജാലവിദ്യക്കു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ഗീതയിലെന്നല്ല, ഏതു് ഗ്രന്ഥത്തിലായാലും, എഴുതിയിരിക്കുന്നതല്ല, ഒരുവനു് വേണ്ടതേ അവൻ അതിൽ നിന്നും വായിച്ചെടുക്കൂ. വായിക്കുന്നവനു് വേണ്ടതു് ചേമ്പാണെങ്കിൽ ഗ്രന്ഥത്തിലെ പാമ്പിനെ അവൻ ചേമ്പാക്കി മാറ്റും. വ്യാഖ്യാനം എന്ന കലയുടെ ലക്ഷ്യംതന്നെ അതാണു്. ശാസ്ത്രത്തിനു് മനുഷ്യരുടെയിടയിൽ വർദ്ധിച്ചുവരുന്ന വിശ്വാസയോഗ്യത മൂലം, ഈയിടെയായി അദ്ധ്യാത്മവിദ്യയെ മാത്രമല്ല, ഗൗളിശാസ്ത്രം മുതൽ തലയിൽ കാക്ക തൂറിയാൽ കഴുകണമോ വേണ്ടയോ എന്നു് മനുഷ്യരെ ഉപദേശിക്കുന്ന കാക്കതൂറൽശാസ്ത്രവ്യഖ്യാനം വരെയുള്ള ചാവാലിപ്പശുക്കളെ മുഴുവൻ ശുഭമുഹൂർത്തം നോക്കി ആധുനികശാസ്ത്രത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതാണു് വിശ്വാസികളുടെയിടയിലെ പുതിയ ട്രെൻഡ്‌. എല്ലാം അറിയുന്നവനായ ദൈവം നേരിട്ടോ ശുപാർശ വഴിയോ ഈ കേസുകെട്ടിൽ ഇടപെട്ടു് അവറ്റകൾ എങ്ങാനും ചനവച്ചു് കിട്ടിയാൽ രക്ഷപെടുകയും ചെയ്യാം. വൃദ്ധയായിരുന്നതിനാൽ സ്ത്രീകൾക്കുള്ള പതിവു് (അതെന്താണാവോ?) നിന്നുപോയിരുന്ന സാറയെയും, പുരുഷനെ ഫേസ്ബുക്ക്‌ വഴിപോലും അറിഞ്ഞിട്ടില്ലാതിരുന്ന മറിയയെയും ഗർഭം ധരിപ്പിക്കാൻ വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത ദൈവത്തിനു് വേണമെങ്കിൽ ചാവാലിപ്പശുക്കളെയും ചനവയ്പ്പിക്കാൻ കഴിയും. പ്രസവിക്കുന്നതു് പശുക്കുട്ടി ആണെങ്കിൽ ഒന്നുകൂടി ഭംഗിയായി. മനുഷ്യവർഗ്ഗത്തിൽ പെൺവർഗ്ഗം ജനിക്കുന്നതു് ഭാരതീയർക്കു് അനഭിലഷണീയമാണെങ്കിലും പശു, ആടു്, പോത്തു് മുതലായ വളർത്തുമൃഗങ്ങൾ പെൺജാതിയെ പ്രസവിക്കുന്നതിൽ പൊതുവേ സന്തോഷിക്കുന്നവരാണവർ.

മൃഗങ്ങളിലെ സ്ത്രീവർഗ്ഗത്തിനു് ഹണിമൂൺ ആഘോഷിക്കാൻ ഒരുപാടു് ആഭരണങ്ങളുടെ ആവശ്യമില്ലാത്തതാവാം ഈ വിവേചനത്തിനു് കാരണം. ഒരു തട്ടയോ, മണിയോ ഉണ്ടെങ്കിൽ ധാരാളം. ഒരർത്ഥത്തിൽ അതുപോലെ അടക്കവും ഒതുക്കവും ഇല്ലാത്ത കണ്ഠാഭരണങ്ങൾ ഇല്ലാതിരിക്കുന്നതാണു് നല്ലതു്. പൂച്ചകളുടെ ഗർഭധാരണം എന്ന നാടകം അരങ്ങേറുന്നതു് രാത്രിയുടെ മറവിലായിട്ടുപോലും, ആ ചടങ്ങിനു് ആർപ്പുവിളിയും അട്ടഹാസവും കലർന്ന ബാക്ക്ഗ്രൗണ്ഡ്‌ മ്യൂസിക്കിന്റെ അകമ്പടി ഒഴിവാക്കാൻ ആവാത്തതിനാലാണല്ലോ അവറ്റകളുടെയിടയിൽ അത്ഭുതഗർഭങ്ങൾ ഉണ്ടാവാത്തതു്. തന്റേതു് ഒരു അത്ഭുതഗർഭമാണെന്നു് പറഞ്ഞാൽ, കേൾക്കുന്നവർ ഏറിയാൽ അർത്ഥഗർഭമായി ഒന്നു് ചിരിച്ചേക്കാമെന്നല്ലാതെ, ഇക്കാലത്തു് ആരെങ്കിലും വിശ്വസിക്കുമോ? പണ്ടത്തേപ്പോലെ മനസ്സറിഞ്ഞു് ഒരു നുണപറയാൻ പോലും പറ്റാത്തതാണു് ഇന്നത്തെ കാലം. അതുകൊണ്ടാവാം ഈയിടെയായി ഭൂമിയിലേക്കു് ദൈവം പോലും വരാത്തതു്. ദൈവമക്കളെപ്പോലെ, അത്ഭുതമെന്നു് കേട്ടാൽ, കാണാതെ വിശ്വസിക്കുന്ന ഭാഗ്യവാന്മാർ പൂച്ചകളുടെയിടയിൽ ഇല്ല. ഒരു പൂച്ചപ്പെണ്ണു് തന്റേതു് അത്ഭുതഗർഭമാണെന്നു് അവകാശപ്പെടുന്നതു്, ചന്തയിൽ നിന്നു് വരുമ്പോൾ വിശ്വാസിക്കുഞ്ഞുങ്ങൾക്കു് വാങ്ങിക്കൊണ്ടുവരേണ്ട സാധനസാമഗ്രികളുടെയും, സാധിച്ചുകൊടുക്കേണ്ട ആഗ്രഹങ്ങളുടെയും നീണ്ട ലിസ്റ്റ്‌ മനുഷ്യന്റെ സ്വൈര്യം കെടുത്തുന്നവിധം ഉച്ചഭാഷിണിയിലൂടെ ദൈവത്തോടു് ദിവസേന ദേവാലയങ്ങളിൽ നിന്നു് വിളിച്ചുപറയുന്നവർ വെളിയിൽ വരുമ്പോൾ അവിടെ നടന്നതു് മൗനവ്രതമെടുത്ത പെണ്ണാടുകളുടെ ധ്യാനമായിരുന്നു എന്നു് പറയുന്നപോലിരിക്കും.

ശ്രീ രാധാകൃഷ്ണൻ തുടരുന്നു: “അങ്ങേയറ്റംവരെ എത്തിനിൽക്കുന്ന അറിവു് എന്നാണു് വേദാന്തം എന്ന വാക്കിനർത്ഥം. സയൻസിനു് അങ്ങനെയൊരർത്ഥമില്ല. അതുകൊണ്ടു് പരാവിദ്യയെ സയൻസുകൊണ്ടും, അപരാവിദ്യയെ ഗീതകൊണ്ടും അളക്കാനൊരു ശ്രമം നടത്തി”. “അങ്ങേയറ്റം” വരെ എത്തിനിൽക്കുന്ന അറിവു്! സർവ്വത്തിലും വലിയതു്, സർവ്വജ്ഞാനവും ഉൾക്കൊള്ളുന്നതു്, സർവ്വശക്തിയും കേന്ദ്രീകരിക്കുന്നതു്, സർവ്വപ്രപഞ്ചത്തിലും വ്യാപിക്കുന്നതു്, അങ്ങനെ മൗണ്ട്‌ എവറസ്റ്റിനെവരെ നാണിപ്പിക്കുംവിധം എല്ലാത്തരം സ്യുപ്പർലറ്റീവുകളെയും ഒന്നൊഴിയാതെ തൂത്തുവാരിക്കൂട്ടിയ മഹാപർവ്വതമെന്നോണം, അങ്ങേയറ്റത്തിന്റെ അങ്ങേയറ്റം വരെ എത്തിനിൽക്കാത്ത എന്തെങ്കിലുമുണ്ടോ ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ അവന്റെ ദൈവത്തിലും അവന്റെ വിശ്വാസത്തിലും? നാമവിശേഷണങ്ങളിലെ ധാരാളിത്തം കൊണ്ടു് അർത്ഥത്തിലെ പഞ്ഞവും പൈത്യവും കോമ്പൻസേറ്റ്‌ ചെയ്യാനാവുമെന്നു് കരുതാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ടെങ്കിലും, വിശ്വാസികളുടെ ഇടയിലെന്നപോലെ എല്ലായിടത്തും അതു് വിലപ്പോകും എന്ന ധാരണ മൗഢ്യമാണു്. അതുപോലെതന്നെയാണു് യൂണിറ്റ്‌സ്‌ ആൻഡ്‌ മെഷേഴ്സ്‌ എന്നാൽ എന്തെന്നു് അറിയേണ്ടുന്ന ഒരു ഫിസിസിസ്റ്റ്‌ പരാവിദ്യയെ സയൻസുകൊണ്ടും, അപരാവിദ്യയെ ഗീതകൊണ്ടും അളക്കുന്നതിൽ അഭിമാനപുളകിതനാവുന്നതു്! തികച്ചും ശാസ്ത്രീയമായ ഒരു മെഷർമെന്റ്‌ എന്നല്ലാതെ എന്തു് പറയാൻ? സമുദ്രത്തിലെ ജലത്തിന്റെ വ്യാപ്തം സെക്കൻഡിലും, ആഴം ഇടങ്ങഴിയിലും അളക്കുന്നതുപോലെ, ബ്രഹ്മജ്ഞാനത്തെ സയൻസുകൊണ്ടും, ഭൗതികജ്ഞാനമായ ശാസ്ത്രത്തെ ഗീതകൊണ്ടും അളക്കുക! ഭാവനയിലൂടെ സങ്കൽപിക്കാമെന്നല്ലാതെ, മനുഷ്യബുദ്ധിക്കു് അറിയാനോ അപഗ്രഥിക്കാനോ കഴിയാത്ത ആദ്ധ്യാത്മികതയുടെ അളവുകോൽ കൊണ്ടു് മനുഷ്യബുദ്ധിയുടെ സൃഷ്ടിയായ സയൻസിനെ അളന്നുകുറിക്കുക! ശ്രീ രാധാകൃഷ്ണൻ അപ്ലൈഡ്‌ ഫിസിക്സിനോടൊപ്പം സർവേയിങ് ആൻഡ്‌ ലെവലിങ് കൂടി പഠിക്കാഞ്ഞതു് എന്തുകൊണ്ടെന്നാണു് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതു്. ഏതായാലും, പാരപണിയൽ, പാരവയ്ക്കൽ, പാരകയറ്റൽ മുതലായ പാരാപരമായ വിദ്യകൾ പാരമ്പര്യമായിത്തന്നെ പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന കേരളത്തിൽ പരാവിദ്യ, അപരാവിദ്യ മുതലായ അപാരവിദ്യകൾക്കു് കസ്റ്റമേഴ്സ്‌ ഇല്ലാതെ പോകും എന്ന ഒരു ഭയം വേണ്ട.

പ്രപഞ്ചത്തിലെ സമസ്ത ഉരുവങ്ങളും പ്രപഞ്ചം മൊത്തത്തിലും സജീവമാണു് എന്നതാണു് ഗീതയുടെ അടിസ്ഥാനസങ്കൽപമെന്നും, ഈ പെരും കൂട്ടായ്മ മോക്ഷത്തിലേക്കു് നടത്തുന്ന പ്രസ്ഥാനത്തിന്റെ കഥയാണു് വ്യാസൻ പറയുന്നതെന്നും ശ്രീ രാധാകൃഷ്ണൻ. പ്രപഞ്ചം മൊത്തത്തിൽ സജീവമാണെന്ന കാര്യത്തിൽ ആധുനികശാസ്ത്രത്തിനും സംശയമൊന്നും ഉണ്ടാവാൻ വഴിയില്ല. പക്ഷേ, ഗ്യാലക്സികളും, ബ്ലാക്ക്‌ ഹോളുകളും, ഡാർക്ക്‌ എനർജിയും ഡാർക്ക്‌ മാറ്ററും, എന്നുവേണ്ട, പ്രപഞ്ചം ഒന്നടങ്കം ആക്റ്റീവ്‌ ആയിരിക്കുന്നതിനെ അവ മോക്ഷത്തിലേക്കു് നടത്തുന്ന ഒരു “ജാഥയായി” ഒരു ഫിസിസിസ്റ്റ്‌ വിശേഷിപ്പിച്ചാൽ അതിനെ നായിവിറ്റി എന്നല്ലാതെ എന്താണു് വിളിക്കേണ്ടതു്? ചില ഉൽക്കകളുടെയൊക്കെ കൊടിയും പിടിച്ചുകൊണ്ടുള്ള ഓട്ടം കണ്ടാൽ സത്യത്തിൽ അങ്ങനെയൊരു സംശയം ആർക്കുമുണ്ടാവാമെന്നതു് ന്യായമാണു്. സംസാരദുഃഖങ്ങളിൽ നിന്നും അന്തിമമായി നിവൃത്തി നേടുന്നതുവഴി ആത്മാവിനു് സംഭവിക്കുന്ന പരമാനന്ദത്തിന്റെ ഒരുതരം കിരുകിരുപ്പുണ്ടാക്കുന്ന സ്വർഗ്ഗീയാവസ്ഥയാണല്ലോ മോക്ഷം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. ആ സ്ഥിതിക്കു് മോക്ഷം തേടി ഓടുന്ന ഉൽക്കകളെ കുറ്റപ്പെടുത്തുന്നതു് ക്രൂരതയാണെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം, “സംസാരം” വഴി അവറ്റകൾക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തീവ്രദുഃഖത്തിന്റെ ആഴം എത്ര “ഇടങ്ങഴി” എന്നു് ഉൽക്കകൾക്കല്ലാതെ നമ്മൾ മനുഷ്യർക്കു് അറിയാൻ കഴിയില്ലല്ലോ. അറിയാത്ത കാര്യങ്ങളിൽ കയറി ഇടപെടുന്നതു് മര്യാദകേടാണു്. ഉൽക്കകളുടെ കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ അങ്ങനെ ഒരുവിധം പൊരുത്തപ്പെടാവുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരാമെങ്കിലും, മൊത്തം പ്രപഞ്ചവും പരക്കം പായുന്നതു് മോക്ഷത്തിനുവേണ്ടിയാണെന്ന ശ്രീ രാധാകൃഷ്ണന്റെ നിഗമനത്തെ ഏതു് നിർവാണം വാഗ്ദാനം ചെയ്താൽ എന്നെ വിശ്വസിപ്പിക്കാനാവുമെന്നു് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏതു് വിഷയത്തേയും ആത്മീയതയിലും ദൈവത്തിലും മോക്ഷത്തിലും കൊണ്ടുചെന്നെത്തിക്കാനുള്ള ഭാരതീയന്റെ അപൂർവ്വസിദ്ധി പണ്ടേ പ്രസിദ്ധമാണല്ലോ.

അവിശ്വസനീയം എന്നു് തോന്നാമെങ്കിലും, തങ്ങൾ ദൈവത്തിന്റെ തനി സ്വരൂപികളാണെന്നു് വിശ്വസിക്കുന്ന ചില മനുഷ്യർ വാസ്തവത്തിൽ ഈ ലോകത്തിലുണ്ടു്. അവർക്കെന്നല്ല, കുന്നുകളും കുഴികളും പൊത്തുകളും ഗുഹകളും “സുഗന്ധ”വാഹികളായ നീരൊഴുക്കുകളും പൊട്ടിത്തെറിയുടെ അകമ്പടിയോടെയുള്ള ലാവാപ്രവാഹങ്ങളുമായി സ്വർഗ്ഗീയത വഴിഞ്ഞൊഴുകുന്ന മനുഷ്യശരീരം ശ്രദ്ധിച്ചിട്ടുള്ള ആർക്കും മനുഷ്യൻ ദൈവസ്വരൂപിയാണെന്ന കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല. മറ്റു് ജീവികളിലും ഈ സംഗതികളൊക്കെ ഏറിയോ കുറഞ്ഞോ പല രൂപത്തിലുമുണ്ടെങ്കിലും, അവയെ സൃഷ്ടിച്ചതും ദൈവമാണെന്നു് ആ മനുഷ്യർ വിശ്വസിക്കുന്നുണ്ടെങ്കിലും, ദൈവസ്വരൂപികളായി അവയെ അംഗീകരിക്കാൻ അവർ തയ്യാറാവാറില്ല. മനുഷ്യൻ സൃഷ്ടിയുടെ മകുടമായതിനാലാണത്രെ അവനു് ദൈവത്തിന്റെ തനിസ്വരൂപം കിട്ടിയതു്! ഒരു തരംതിരിവുമില്ലാതെ കാണുന്നവരിൽ നിന്നൊക്കെ മക്കളെ ജനിപ്പിച്ച ചില പ്രഭുക്കന്മാർക്കു് ഇതുപോലുള്ള ചില അവകാശത്തർക്കങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതായി കേട്ടിട്ടുണ്ടു്. ക്യാരക്റ്ററിസ്റ്റിക്സ്‌ വച്ചുനോക്കുമ്പോൾ, ദൈവവും ഒരു വലിയ പ്രഭു തന്നെയാണല്ലോ. പ്രഭുക്കന്മാരുടെ പ്രഭു! രാജാധിരാജൻ! അതുപോലൊരു ദൈവത്തിന്റെ തനിസ്വരൂപിയാവുക എന്നതു് ചെറിയ കാര്യമല്ല. ഞങ്ങൾ വരുന്നതു് ഉന്നത കുലങ്ങളിൽ നിന്നാണു് എന്നു് വരുത്തിത്തീർക്കാൻ ചില മനുഷ്യർ പെടുന്ന പാടുകൾ നമ്മൾ നിത്യേനയെന്നോണം കാണുന്നതുമല്ലേ? ആരും സൂത്രത്തിൽ തന്റെ ദൈവസ്വരൂപം കാണാതിരിക്കാനായി ചില സ്ഥലങ്ങളിൽ മനുഷ്യർ ദൈവകൽപനക്കനുസൃതമായി അവരുടെ ശരീരം മുഴുവൻ മൂടിക്കെട്ടിക്കൊണ്ടുപോലും നടക്കാറുണ്ടു്. ദൈവത്തെ കാണണമെന്നുള്ളവർ നേർച്ചയിടട്ടെ എന്നാണവരുടെ ന്യായമായ നിലപാടു്. ദൈവസ്വരൂപികളെ സംബന്ധിച്ചു്, മോക്ഷം തേടുന്ന ഒരു പ്രപഞ്ചം എന്നതു് ഒരിക്കലും ഒരു അസാദ്ധ്യതയാവാൻ വഴിയില്ല. എത്രയൊക്കെ ആയാലും ദൈവസൃഷ്ടിയായ പ്രപഞ്ചവും ഒരു ജീവി തന്നെയല്ലോ എന്നാവും അവർ ഹാലേലുയ്യായുടെ അകമ്പടിയോടെ ആർപ്പിടുന്നതു്. യഥാർത്ഥമായ പരമാനന്ദം പ്രപഞ്ചത്തിനു് വെളിയിലാണെന്നു് ചില “അതീന്ദ്രിയജ്ഞാനികൾ” ഇടതടവില്ലാതെ പിറുപിറുത്തുകൊണ്ടിരിക്കുന്നതു് വെറുതെയല്ലെന്നു് ഇപ്പോഴെങ്കിലും നമുക്കു് കാര്യകാരണസഹിതം വ്യക്തമായല്ലോ.

ശ്രീ രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ, ഗീതോപദേശത്തിനുവേണ്ടി വ്യാസൻ മെനഞ്ഞെടുത്തതാണു് മഹാഭാരതകഥ. ഈ അഭിപ്രായം വഴി, മഹാഭാരതകഥയും ഭഗവദ്‌ഗീതയും വ്യാസന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നു് പ്രത്യക്ഷമായി അംഗീകരിക്കുകയാണു് താൻ ചെയ്യുന്നതെന്നു് അറിയാതെയാണു് ഒരു ശാസ്ത്രജ്ഞനായ ശ്രീ രാധാകൃഷ്ണൻ ആ പ്രസ്താവന നടത്തിയതെന്നു് കരുതാൻ എനിക്കാവുന്നില്ല. മഹാഭാരതം വ്യാസന്റെ ഭാവനാസൃഷ്ടിയാണെങ്കിൽ, മഹാഭാരതയുദ്ധം എന്നൊന്നു് യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെങ്കിൽ, ഏതു് അർജ്ജുനനോടു് ഏതു് ഭഗവാൻ ഏതു് സന്ദർഭത്തിൽ എന്തിനായി ഒരു ഗീതോപദേശം നടത്തണം? ഗീതോപദേശത്തിനുവേണ്ടി മഹാഭാരതകഥ (ആ കഥയുടെ ആദ്യരൂപമെങ്കിലും) മെനഞ്ഞെടുക്കുന്ന വ്യാസൻ തന്നെയാണു് ഗീതോപദേശങ്ങൾ നൽകുന്ന “ഭഗവാൻ” എന്നതല്ലേ സാമാന്യയുക്തിയുടെ വെളിച്ചത്തിൽ സത്യമാവാൻ എന്തെങ്കിലും സാദ്ധ്യതയുള്ളതു്? ഏതായാലും, ഇവിടെ ശ്രീ രാധാകൃഷ്ണൻ വസ്തുതാപരമായി യാഥാർത്ഥ്യത്തോടു് കൂടുതൽ അടുത്തു് നിൽക്കുന്നു എന്നതിനാൽ അഭിനന്ദിക്കാതെ വയ്യ താനും. ഏതു് വേദഗ്രന്ഥവും മനുഷ്യസൃഷ്ടി മാത്രമാണെന്നും, എഴുത്തുകാരൻ അവന്റെ മനസ്സിൽ രൂപംകൊള്ളുന്ന അത്തരം ഭാവനാസൃഷ്ടികളിൽ ദൈവം എന്നൊരു കഥാപാത്രത്തിനു് നായകവേഷം നൽകി അണിയിച്ചൊരുക്കി മനുഷ്യരുടെ മുന്നിൽ അവതരിപ്പിക്കുന്ന അദ്ധ്യാത്മികപാവകളിയിലെ ഒരു സാങ്കൽപികവേഷം മാത്രമാണു് ഈശ്വരൻ എന്നും പറയാതെ പറയുകയല്ലാതെ മറ്റെന്താണു് ശ്രീ രാധാകൃഷ്ണൻ ഇവിടെ ചെയ്യുന്നതു്? അതിന്റെ വെളിച്ചത്തിൽ, താനെല്ലാം പറഞ്ഞുകഴിഞ്ഞു എന്നും, അതു് കമ്പോടു് കമ്പു് പഠിച്ചശേഷം ഇനി എല്ലാവർക്കും ഇഷ്ടം പോലെ വ്യാഖ്യാനിക്കാമെന്നും ഭഗവാൻ പറയുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ തുടർന്നു് സൂചിപ്പിക്കുമ്പോൾ, അതു് പറയുന്നതു് സത്യത്തിൽ ഭഗവാനോ അതോ ഇല്ലാത്ത ഒരു ഭഗവാനെ സൃഷ്ടിച്ചൊരുക്കിയ വ്യാസനോ എന്നു് ചോദിക്കാതിരിക്കാനാവുമോ? മറ്റുള്ളവർക്കു് (മനുഷ്യർക്കു്) വ്യാഖ്യാനിക്കാൻ അവസരവും അനുവാദവും നൽകുന്നതുവഴി, തന്റെ ഉപദേശങ്ങൾ വ്യാഖ്യാനത്തിനു് അതീതമല്ലെന്നും, അതിൽ സംശയരഹിതമായും നികത്തപ്പെടേണ്ടതോ നീക്കപ്പെടേണ്ടതോ ആയ പഴുതുകളുണ്ടെന്നും സംശയത്തിനു് ഇടനൽകാത്തവിധം കുറ്റസമ്മതം നടത്തുന്നതു് ഭഗവാനോ, അതോ ആ ഭഗവാനെ സൃഷ്ടിച്ചു് മനുഷ്യരുടെ ഇടയിലേക്കു് ആട്ടിയിറക്കിയ വ്യാസനോ എന്നു് തന്നോടുതന്നെ ചോദിക്കാനുള്ള ബാദ്ധ്യത എന്തുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ശ്രദ്ധിച്ചില്ല? ഏതെങ്കിലും ഒരർത്ഥത്തിൽ നിലനിൽക്കുന്ന ഒരു (റിയൽ)ദൈവമാണു് സ്വന്തം പരിമിതിയെ പരസ്യമായി അംഗീകരിച്ചുകൊണ്ടു് ഇതുപോലൊരു കുറ്റസമ്മതം നടത്തുന്നതെങ്കിൽ, ഒരു ദൈവം എന്ന നിലയിൽ തന്റെ ദൈവികസിംഹാസനത്തിൽ നിന്നും സ്വയം സ്ഥാനഭ്രഷ്ടനാക്കുകയല്ലേ അതുവഴി അവൻ ചെയ്യുന്നതു്? തന്റെ അപൂർണ്ണതയെപ്പറ്റി പൂർണ്ണമായ ബോധമുള്ളതിനാൽ ആ വസ്തുത വളച്ചുകെട്ടില്ലാതെ തുറന്നുപറയുന്ന ഒരു ദൈവം എങ്ങനെ സമ്പൂർണ്ണൻ എന്ന വിശേഷണത്തിനു് അർഹനാവും? സമ്പൂർണ്ണനല്ലാത്ത ഒന്നിനെ ദൈവമായി അംഗീകരിക്കാൻ ഏതെങ്കിലുമൊരു വിശ്വാസി തയ്യാറാവുമോ? അതിനവൻ തയ്യാറാവണമെന്നു് ആവശ്യപ്പെടാൻ ശ്രീ രാധാകൃഷ്ണൻ ധൈര്യപ്പെടുമോ?

കുട്ടികൾക്കു് ശരിയായ രീതിയിൽ ഗീത പറഞ്ഞുകൊടുത്താൽ അവർക്കുപിന്നെ ജീവിതത്തിൽ മറ്റൊരു ഉപദേശത്തിന്റെയും ആവശ്യം വരില്ലത്രെ! എല്ലാ മതങ്ങളും പതിവായി പാടാറുള്ള ഒരു പല്ലവിയാണിതു്. “കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ” എന്നു് യേശു പറഞ്ഞുവെന്നാണു് ബൈബിൾ പഠിപ്പിക്കുന്നതു്. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങൾ കുഞ്ഞുങ്ങൾ ജനിച്ചു് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരെ “ജ്ഞാനസ്നാനം” ചെയ്യാറുണ്ടു്! ഒരാഴ്ച മാത്രം പ്രായമുള്ള, എന്തിനു്, ഒരു മാസമോ, ഒരു വർഷമോ പ്രായമുള്ള ഒരു കുഞ്ഞിനു് എന്തു് ജ്ഞാനമാണു് ഒരു സ്നാനത്തിലൂടെ ഏറ്റെടുക്കാനാവുന്നതു്? ദൈവപുത്രന്റെ അമലോത്ഭവവും, ഗോതമ്പപ്പവും വീഞ്ഞും മനുഷ്യപുത്രന്റെ ശരീരവും രക്തവുമാവുന്നതും, തലയും വാലുമില്ലാത്ത മറ്റെത്രയോ “നിത്യസത്യങ്ങളും” ഒന്നടങ്കം പരിശോധിച്ചു് നിജസ്ഥിതി ഉറപ്പുവരുത്തിയശേഷമാണല്ലോ ഒരു കുഞ്ഞു് “വിജ്ഞാനസ്നാനം” ഏൽക്കുന്നതു്!! യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടവർക്കല്ലാതെ ഇതുപോലുള്ള ഭ്രാന്തൻ നടപടികളെ പിന്തുണക്കാനും പ്രതിരോധിക്കാനുമാവുമോ?

ബാല്യത്തിലേതന്നെ കുഞ്ഞുങ്ങളെ ബലാൽക്കാരമെന്നോണം ദൈവമക്കളാക്കി മാറ്റാനുള്ള ഈ തിടുക്കംകൂട്ടൽ ഇസ്ലാമിലും യഹൂദരിലും, എന്നുവേണ്ട മിക്കവാറും എല്ലാ മതങ്ങളിലും ഒരു അനിവാര്യതയെന്നപോലെയാണു് അനുവർത്തിക്കപ്പെടുന്നതു്. പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലുമെല്ലാം ഭയം തളം കെട്ടുന്ന മുഖവുമായി തറയിലിരുന്നു് മുന്നോട്ടും പുറകോട്ടും ആടിക്കൊണ്ടു് തത്തക്കിളിയെപ്പോലെ വേദവാക്യങ്ങൾ ചൊല്ലിപ്പഠിക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയമായ ചിത്രം കാണേണ്ടിവന്നിട്ടുണ്ടു്. അതുപോലെ ഭയത്തിൽ വളർത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിന്താശേഷി എങ്ങനെ വികസിക്കാനാണു്? വായിക്കുന്നതിനെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത പ്രായത്തിലുള്ള വായനയും പഠിത്തവും കൗണ്ടർപ്രൊഡക്റ്റീവ്‌ മാത്രമേ ആവൂ. ഭയത്തിൽ ചിന്താശേഷി പ്രവർത്തനരഹിതമാണു്. ബാല്യത്തിലേ അടിച്ചേൽപ്പിക്കപ്പെടുന്ന മതവിശ്വാസപഠനം വഴി മനുഷ്യബുദ്ധിയെ കാർന്നുതിന്നുന്ന തീരാരോഗത്തിന്റെ അണുക്കളാണു് കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കപ്പെടുന്നതു്.

ഈ വസ്തുതകളെയെല്ലാം അവഗണിച്ചുകൊണ്ടു് ബാല്യകാലത്തിൽ നൽകുന്ന “ശരിയായ” ഗീതാപഠനം സങ്കടങ്ങൾ മറികടക്കാനും സംശയങ്ങളെ അകറ്റാനും ലോകത്തോടു് പെരുമാറാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുമെന്ന ശ്രീ രാധാകൃഷ്ണന്റെ അവകാശവാദം എത്രത്തോളം അടിസ്ഥാനരഹിതമാണെന്നതിനു് ഫിസിക്സ്‌ പഠനത്തിനും ഒബ്സർവേറ്ററിയിലെ ജോലിവഴി പ്രപഞ്ചത്തിന്റെ വിദൂരതകളുടെ വീക്ഷണത്തിനും ശേഷവും വ്യാസൻ എഴുതിയുണ്ടാക്കിയതെന്നു് സ്വയം സമ്മതിക്കുന്ന ഒരു ഗ്രന്ഥത്തിൽ സാക്ഷാൽ ഭഗവാന്റെ ഉപദേശങ്ങൾ ദർശിക്കുന്ന ശ്രീ രാധാകൃഷ്ണനിൽ കൂടിയ ഒരു തെളിവു് ഹാജരാക്കേണ്ടതായിട്ടുണ്ടോ? ഒരു കുഞ്ഞിന്റെ തലയിലേക്കു് ഗീതയിലോ, ഖുർആനിലോ, ബൈബിളിലോ, മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളിലോ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ആദ്ധ്യാത്മികജൽപനങ്ങളുടെ പാറക്കഷണങ്ങൾ കുത്തിത്തിരുകാൻ ശ്രമിക്കുന്നവർ അതുവഴി അവരുടെ മതങ്ങൾക്കുവേണ്ടി പ്രതികരണശേഷിയില്ലാത്ത നിശബ്ദബലിയാടുകളെ പരുവപ്പെടുത്തിയെടുക്കുകയാണു് ചെയ്യുന്നതു്. മനുഷ്യബുദ്ധിയോടു് ചെയ്യുന്ന അക്ഷന്തവ്യമായ ഈ കുറ്റകൃത്യത്തിനു്, അതു് ചെയ്യപ്പെടുന്നതു് ദൈവനാമത്തിലാണു് എന്നതിനാൽ, തലമുറകളായി അതേ രീതിയിൽത്തന്നെ വളർത്തപ്പെട്ട സാമൂഹികാംഗങ്ങളുടെ അംഗീകാരവും ലഭിക്കുന്നു. അതും, മുകളിൽ നമ്മൾ കണ്ടതുപോലെ, ദൈവത്തിന്റേതെന്ന പേരിൽ വേദഗ്രന്ഥങ്ങളിൽ നിരത്തിയിരിക്കുന്ന വിടുവായത്തരം വഴി സ്വയം ദൈവമല്ലാതാക്കി മാറ്റാൻ മാത്രം വിഡ്ഢികളായ കുറെ ദൈവങ്ങളുടെ നാമത്തിൽ! വേദഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കിയവരുടെ ബുദ്ധിയിൽ കൂടിയ ബുദ്ധിയും, അവരുടെ വിഡ്ഢിത്തത്തിൽ കുറഞ്ഞ വിഡ്ഢിത്തവും അവരുടെ ദൈവങ്ങളിൽ നിന്നും പ്രതീക്ഷിക്കാനാവില്ല എന്നതിന്റെ തെളിവല്ലാതെ മറ്റെന്താണതു്? മനസ്സിരുത്തി വായിച്ചാൽ, എല്ലാ വേദഗ്രന്ഥങ്ങളുടെയും കഥ ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല എന്നു് മനസ്സിലാക്കാനാവും. അതുപോലൊരു മനസ്സിലാക്കൽ അസാദ്ധ്യമാക്കിത്തീർക്കാനാണു് ബാല്യത്തിലേ തന്നെ വേദോപദേശം വഴി തലച്ചോറു് ആമ്പ്യുട്ടേറ്റ്‌ ചെയ്തു് അവിടെ പൊത്തടയ്ക്കുന്നതുപോലെ മതവിശ്വാസത്തിന്റെ കോൺക്രീറ്റ്‌ ഇട്ടു് ഉറപ്പിച്ചു് ദൈവമക്കളുടെ തലയിലേക്കു് ബോധോദയത്തിന്റെ വെളിച്ചം കടക്കാതാക്കുന്നതു്.

സ്വന്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചതു് ശാസ്ത്രമാണെന്നും, ശാസ്ത്രത്തിന്റെ ഈ വെളിച്ചം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണു് ആദിശങ്കരൻ മുതലുള്ളവരുടെ കണ്ണുകളിലൂടെ ഗീതയെ കാണാൻ ശ്രമിക്കാതിരുന്നതെന്നും ശ്രീ രാധാകൃഷ്ണൻ. പക്ഷേ, ശാസ്ത്രം നൽകിയ സ്വന്തമായ കാഴ്ചപ്പാടു് ഉപയോഗിച്ചു് ഗീതയെ പരിശോധിക്കുന്നതിനു് പകരം വ്യാസൻ പറഞ്ഞ (ശ്രീ രാധാകൃഷ്ണന്റെ സ്വന്തം അഭിപ്രായത്തിൽ) ഒരു സാങ്കൽപിക കഥയെ ഭഗവാൻ അരുളിച്ചെയ്ത ദിവ്യോപദേശമായി തെറ്റിദ്ധരിക്കുകയും അതിനനുസരിച്ചു് വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ, ഗീതയെ ആദിശങ്കരന്റെയും മറ്റും കണ്ണുകളിലൂടെപ്പോലും കാണാതിരിക്കാൻ മാത്രം കരുത്താർജ്ജിച്ചിരുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം എവിടെപ്പോയി ഒളിച്ചു എന്നു് എനിക്കറിയില്ല. ഏതായാലും, ശ്രീ രാധാകൃഷ്ണന്റെ ഈ അഭിപ്രായം പരിശോധിച്ചാൽ, സ്വന്തമായ ഒരു കാഴ്ചപ്പാടു് ഉണ്ടാക്കാൻ ശാസ്ത്രീയമായ ജ്ഞാനത്തിലൂടെയേ കഴിയൂ എന്നതിനാൽ, കഴിയുന്നത്ര മനുഷ്യരെ ശാസ്ത്രബോധമുള്ളവരാക്കുക എന്നതാണു് പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്നു് അദ്ദേഹവും പരോക്ഷമായെങ്കിലും അംഗീകരിക്കുകയാണു് ചെയ്യുന്നതെന്നു് കാണാൻ കഴിയും. അതുവഴി ഏറ്റവും ചുരുങ്ങിയപക്ഷം, “രഹസ്യങ്ങളിൽ രഹസ്യം” എന്നു് ശ്രീ രാധാകൃഷ്ണൻ വിശേഷിപ്പിക്കുന്ന ഗീതയിലെ അറിവു് ആദിശങ്കരന്റെയോ, ശ്രീ രാധാകൃഷ്ണന്റെയോ, മറ്റാരുടെയെങ്കിലുമോ കണ്ണുകളിലൂടെയല്ലാതെ, അഥവാ വ്യാഖ്യാനങ്ങളിലൂടെയല്ലാതെ സ്വന്തം കാഴ്ചപ്പാടിലൂടെ കാണാനും മനസ്സിലാക്കാനും അവർക്കും കഴിയും. അതു് ഗീതയിൽ മാത്രമായി ഒതുങ്ങേണ്ട ഒരു കാര്യമല്ലതാനും. കേരളത്തിൽ കുന്നുകൂടുന്ന മതപരമായ ലിഖിതങ്ങളിൽ അധികപങ്കും അവ എഴുതപ്പെട്ടിരിക്കുന്ന കടലാസിന്റെ വിലപോലും അർഹിക്കാത്തവയാണെന്നു് അങ്ങനെയേ ജനം തിരിച്ചറിയൂ. അതിന്റെ അന്തിമഫലമെന്നോണം വായിക്കാനാളില്ലാത്തവയുടെ പ്രിന്റിംഗ്‌ കുറയും, പേപ്പർ നിർമ്മാണത്തിനു് വേണ്ടിയുള്ള വനനശീകരണം കുറയും, അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അളവു് കൂടും, കൂടുതൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ മനുഷ്യനും മറ്റു് ജീവജാലങ്ങൾക്കും കഴിയും. മുകളിൽ സൂചിപ്പിച്ചതുപോലെ, എന്തിലും ഏതിലും, ശാസ്ത്രത്തിലും യുക്തിയിലും പോലും, ദൈവത്തെയും ആത്മീയതയേയും കൊണ്ടുപോയി കുടിയിരുത്തിയേ അടങ്ങൂ എന്ന, തലമുറകളായി ബാധിച്ചിരിക്കുന്ന ഭ്രാന്തിൽ നിന്നും തന്നെ മോചിപ്പിക്കാൻ ഭാരതീയനു് കഴിഞ്ഞാൽ നേടാൻ കഴിയുന്ന പ്രയോജനകരമായ എത്രയോ കാര്യങ്ങളിൽ ചിലതു് മാത്രമാണിവ.

ഗീത പറഞ്ഞാലും ഇല്ലെങ്കിലും, വ്യതിയാനം എന്നതു് ഒരു പ്രപഞ്ചനിയമമാണു്. അതിനു് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടോ എന്നതു് മറ്റൊരു കാര്യം. ഏതെങ്കിലുമൊരു വേദഗ്രന്ഥം പറഞ്ഞതുകൊണ്ടു് ഉണ്ടാവുന്ന ഒന്നല്ല വ്യതിയാനത്തിനുള്ള ആ സ്വാതന്ത്ര്യം. അതുപോലെതന്നെ, അവനവന്റെ പ്രശ്നങ്ങൾ “അഴിച്ചെടുക്കൽ” ഓരോരുത്തന്റെയും ചുമതലയാണെങ്കിൽ, പണ്ടേ കാലഹരണപ്പെട്ട കുറെ തത്വങ്ങളും സൂക്തങ്ങളുമല്ലാതെ, ഇന്നത്തെ പ്രായോഗികജീവിതത്തിനു് യാതൊരു പ്രയോജനവുമില്ലാത്ത വേദഗ്രന്ഥങ്ങൾ എന്തിനവിടെ ചുറ്റിത്തിരിയണം? വിശക്കുന്ന ഒരുവനു് വേണ്ടതു് ഭക്ഷണമാണു്, രോഗിയായ ഒരുവനു് വേണ്ടതു് ചികിത്സയാണു്, മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കാൻ ഒരുവനു് വേണ്ടതു് അതിനു് മതിയാവുന്ന വരുമാനമുള്ള ഒരു ജോലിയാണു്, അതു് നേടാൻ അവനു് വേണ്ടതു് അനുയോജ്യമായ വിദ്യാഭ്യാസമാണു് – ലളിതമായ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ, ശ്രീ രാധാകൃഷ്ണൻ പറയുന്നപോലെ, ഗീത ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായി ഉപദേശിക്കുന്ന “രഹസ്യങ്ങളിൽ വച്ചു് രഹസ്യമായ” അറിവുകളുടെ ആവശ്യം എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനുഷ്യന്റെ മേൽപറഞ്ഞ പ്രാഥമികമായ ആവശ്യങ്ങൾ എഴുതാനും വായിക്കാനും അറിയാത്തവനുപോലും ഒഴിവാക്കാനാവാത്ത കാര്യങ്ങളാണു്. നിരക്ഷരനായ ഒരു പട്ടിണിക്കാരനു് അവന്റെ വിശപ്പു് മാറ്റാൻ ഗീതയിൽ മറഞ്ഞിരിക്കുന്ന രഹസ്യജ്ഞാനമോ, അതിന്റെ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളോ വായിക്കാനാവുമോ? അവനു് വായിക്കാനറിയാമെങ്കിൽതന്നെ അതുവഴി അവന്റെ വിശപ്പു് മാറുമോ? ബൈബിളിലേതുപോലെ, “മനുഷ്യപുത്രൻ അപ്പം കൊണ്ടു് മാത്രമല്ല, ദൈവത്തിന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ കൊണ്ടും ജീവിക്കുന്നു” മുതലായ, പൗരോഹിത്യവായിൽ നിന്നും വരുന്ന അർത്ഥശൂന്യമായ ഭംഗിവാക്കുകളല്ലാതെ, മനുഷ്യജീവിതത്തിലെ പ്രാഥമികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമായ ഒന്നും ഒരു വേദഗ്രന്ഥത്തിലും കാണാനാവില്ല എന്ന വസ്തുതയ്ക്കു് അടിവരയിടുകയല്ലാതെ മറ്റെന്താണു് ശ്രീ രാധാകൃഷ്ണന്റെ വ്യാഖ്യാനം ചെയ്യുന്നതു്? “ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നില്ല”. വിതയ്ക്കാതെയും കൊയ്യാതെയും കളപ്പുരകളിൽ ശേഖരിക്കാൻ പറവകൾ പുരോഹിതരല്ലല്ലോ. വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നില്ലെങ്കിലും നല്ലപോലെ കഷ്ടപ്പെട്ടുതന്നെയാണു് ഏതു് പറവകളും ജീവിക്കുന്നതു്. മഞ്ഞുകാലവും മറ്റും മൂലം ആഹാരസമ്പാദനം സാദ്ധ്യമല്ലാത്ത പ്രദേശങ്ങളിൽ ആഹാരപദാർത്ഥങ്ങൾ സുരക്ഷിതമായി ശേഖരിച്ചു് വയ്ക്കുന്ന ജീവികളുണ്ടു്, മഞ്ഞുകാലം തീരുന്നതുവരെ ചൂടുരാജ്യങ്ങളിലേക്കു് കുടിയേറുന്ന പറവകളുണ്ടു്. യേറുശലേമിലെയും പരിസരപ്രദേശങ്ങളിലെയും കാലാവസ്ഥയിൽ നിന്നും നേർവിരുദ്ധമായ കാലാവസ്ഥയും അതിനനുസരിച്ച ജീവിതരീതികളും നിലവിലിരിക്കുന്ന രാജ്യങ്ങളും ലോകത്തിലുണ്ടു് എന്നു് അറിയാൻ ദൈവപുത്രനായാൽ മാത്രം പോരാ, അതുപോലുള്ള പ്രദേശങ്ങളിലൊക്കെ യാത്രചെയ്തും വേണ്ടത്രനാൾ ജീവിച്ചുമൊക്കെ അനുഭവങ്ങൾ സമ്പാദിക്കണം. അല്ലെങ്കിൽ ഏതു് ഗിരിപ്രഭാഷണവും കവലപ്രസംഗത്തിനു് അപ്പുറമെത്തില്ല.

ശങ്കരാചാര്യർ പറഞ്ഞതു് എല്ലാം മിഥ്യയാണെന്നാണെന്നും, എല്ലാം മിഥ്യയാണെങ്കിൽ പിന്നെ ആരും ഒന്നും ചെയ്യേണ്ടതില്ലല്ലോ എന്നും ശ്രീ രാധാകൃഷ്ണൻ. ശങ്കരാചാര്യർ പറഞ്ഞതിനെ ആദ്ധ്യാത്മികതയുടെ കുപ്പായത്തിൽ പൊതിയാതെ കാണാൻ ശ്രമിച്ചാൽ അതിൽ അൽപം വസ്തുതയുണ്ടെന്നു് മനസ്സിലാക്കാനാവും. ബാഹ്യലോകത്തെപ്പറ്റിയുള്ള നമ്മുടെ അറിവിനെ “മിഥ്യ” എന്നു് വിശേഷിപ്പിക്കുന്നതു് നിരുപാധികം തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. ഓരോരുത്തനും മനസ്സിലാക്കുന്ന ലോകം അവന്റെ തലച്ചോറിന്റെ ഒരു നിർമ്മിതി മാത്രമാണു്. ബാഹ്യലോകത്തിലെ മരങ്ങളോ, മലകളോ, കെട്ടിടങ്ങളോ ഒക്കെ നമ്മൾ കാണുന്നതു് അവ തലച്ചോറിനുള്ളിലേക്കു് “പ്രവേശിക്കാൻ” കഴിയുന്നവ ആയതുകൊണ്ടല്ലല്ലോ. “ഞാൻ കാണുന്നതു് നീയും കാണുന്നുണ്ടോ, അതിന്റെ രൂപവും ഭാവവുമെല്ലാം എങ്ങനെയാണു്” എന്നെല്ലാമുള്ള ആശയവിനിമയത്തിലൂടെ നമ്മൾ കാണുന്നവയുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ നമുക്കാവുമെങ്കിലും, ആ കാഴ്ചകൾ പോലെതന്നെ, നമ്മുടെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ഒരു സ്വപ്നമാണെന്നും മിഥ്യയാണെന്നും ആരെങ്കിലും അവകാശപ്പെട്ടാൽ ആ അവകാശവാദത്തെ യുക്തിസഹമായി ഖണ്ഡിക്കാൻ മനുഷ്യർക്കു് മാർഗ്ഗമൊന്നുമില്ല. അതുകൊണ്ടാണു് ഒബ്ജക്റ്റീവ്‌ റിയാലിറ്റി എന്നതിനു് യുക്തിപരമായ ഒരടിസ്ഥാനവും കണ്ടെത്താൻ നമുക്കു് കഴിയില്ലെന്നും, അങ്ങനെയൊന്നു് ഉണ്ടെന്ന രീതിയിൽ പെരുമാറുകയല്ലാതെ മനുഷ്യർക്കു് ഗത്യന്തരമൊന്നുമില്ലെന്നും തത്വചിന്തകനായ ഡേവിഡ്‌ ഹ്യൂം പ്രസ്താവിച്ചതു്. ഈ അതിർത്തിപ്രദേശത്തെ അന്ധകാരത്തിൽ, ശൂന്യതയിൽ നിന്നെന്നോണം ആവിർഭവിക്കുന്നവയാണു് ദൈവങ്ങളും മതങ്ങളും സ്വർഗ്ഗവും നരകവും മരണാനന്തരജീവിതവും മനുഷ്യാത്മാക്കളുമായി ബന്ധപ്പെട്ട മറ്റെല്ലാ ഫാക്കൾട്ടികളും. ഇല്ലാത്ത ദൈവത്തിനും ഇല്ലാത്ത പിശാചിനും ഇല്ലാത്ത ആത്മാവിനെ കൂട്ടിക്കൊടുത്തു് വിഡ്ഢികളായ ധാരാളം മനുഷ്യരെ കബളിപ്പിച്ചു് ഉപജീവനം കഴിക്കുന്ന ഏതാനും ചിലന്തികൾ വലകെട്ടി കാത്തിരിക്കുന്ന ഇരുൾ മൂടിയ തരിശുനിലം. കഞ്ചാവു് മണക്കുന്ന ആദ്ധ്യാത്മികതയുടെ മൂടൽമഞ്ഞിലൂടെ അങ്ങോട്ടേയ്ക്കുള്ള വിശ്രമമില്ലാത്ത യാത്രമൂലം കണ്ണുകാണാതായ ഭാരതീയനു് പണ്ടെങ്ങോ അവന്റെ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടു. കാണുന്നതെന്തും ആ മൂടൽമഞ്ഞിലൂടെ മാത്രം കാണാൻ കഴിയുന്ന അവനു് വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുമില്ല.

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ എന്നൊരു പഴയ പോസ്റ്റിൽ മിഥ്യയെപ്പറ്റി ഞാൻ അൽപംകൂടി വിശദമായി എഴുതിയിട്ടുണ്ടു്.

(തുടരും)

 
18 Comments

Posted by on Nov 5, 2011 in മതം

 

Tags: , , ,

18 responses to “ശാസ്ത്രം ഗീതയുടെ നിഴലിൽ – 2

  1. Justin K Williams OpenSoft

    Nov 5, 2011 at 12:51

    ഞാന്‍ പഠിച്ച ഫിസിക്സ്‌ നു എന്റെ ന്യായമായ സംശയങ്ങള്ഉടെ ഉത്തരം നല്‍കാനായില്ല ..

     
  2. c.k.babu

    Nov 5, 2011 at 13:01

    തന്റെ ആത്മീയ വയറിളക്കത്തിനുള്ള സ്ഥലം ഇതല്ല. പണ്ടൊരിക്കൽ ഓടിച്ചിട്ടും താൻ പഠിച്ചില്ലേ‌? ഒരു ബ്രദറനുമായി ചർച്ച ചെയ്യേണ്ട ഗതികേട് ഉണ്ടാവുമ്പോൾ ഞാൻ അറിയിക്കാം.

     
  3. Ganesh

    Nov 5, 2011 at 15:52

    എനിക്ക് ഈ വിഷയത്തെ പറ്റി അറിയാവുന്നത് പറഞ്ഞ് കൊള്ളട്ടെ…

    വേദങ്ങള്‍ ആണ് ആദ്യം ഉണ്ടായത്‌… അതില്‍ ജീവിതത്തെ പറ്റി ഉള്ള കാഴ്ച പാടുകള്‍ ആണ് ഉള്ളത്… ” തത്വമസി ” അഹം ബ്രഹ്മാസ്മി ” തുടങ്ങിയവ അതിന്റെ മെസ്സേജ് ആയിരുന്നു… പക്ഷെ അല്പം പ്രയാസമുള്ള ഭാഷയില്‍ വ്യഘാനിച്ചത് കൊണ്ട് ആകും (നമ്മുടെ ഈ ബ്ലോഗ്‌ പോലെ ) അത് ജനങ്ങളില്‍ നേരായ രീതിയില്‍ എത്തിയില്ല… തത്വമസി സോഷ്യലിസം മായി വളരെ അടുത്ത് നിലക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു…

    ഇവ എല്ലാവരിലും എത്തികാനയാണ്‌ പുരാണങ്ങള്‍ ഉണ്ടായതു..അവ സത്യമാണെന്ന് ആരും പറയുന്നില്ല… 18 ആളുകള്‍ പറയുന്നവയാണ് ആ പുരാണങ്ങള്‍… ചില നോവലുകള്‍ക്ക് ചരിത്രം കഥാതന്തു ആകും പോലെ അവയ്ക്ക് ചില വ്യക്തികള്‍ കാരണമായേക്കാം.. ( തീര്‍ച്ചയായും അവര്‍ ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…) പക്ഷെ ദൈവം പറയുന്നു എന്ന് ആളുകള്‍ക്ക് തോനിയാല്‍ ജനം പെട്ടനവ മനസിലാക്കും എന്ന് അവര്‍ക്ക് തോനിയിരിക്കും… അക്കാലത്ത് തന്നെ ഇന്ത്യക്കാര്‍ ശാസ്ത്രത്തില്‍ വളരെ മുന്‍പില്‍ ആയതിനാല്‍ അക്കാലത്തു ഉണ്ടായ ഇതൊരു ഗ്രന്ഥ ത്തെ കാളും അവയ്ക്ക് ശാസ്ത്രഅടിത്തറ ഉണ്ട്..( ഞാന്‍ വായിച്ചതില്‍ നിന്ന് ).. തീര്‍ച്ചയായും ഭഗവത്‌ ഗീത വ്യാസന്‍ എന്ന പണ്ഡിതന്റെ മാത്രം സൃഷ്ടിയാണ്…

    എന്ന് കരുതി അവയിലുള്ളത് തെറ്റെന്നു പറയാനാവില്ല.. മുഴുവന്‍ ശേരിയെന്നു.. ഞാന്‍ വായിച്ചതു വച്ച് അവ ഒന്നും മനുഷ്യനില്‍ അടിചെല്‍പ്പികുന്നില്ല … ( ഡോ. രാധ കൃഷ്ണന്റെ കാര്യം വേറെയാകാം.. ഗീതയില്‍ വ്യക്തമായി ഉണ്ട്..”.. ഇത് കേട്ടിട്ട് നിന്റെ ബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കുക എന്ന്…”

    മറ്റൊന്ന് കൂടി.. ജനം ഈ പറയുന്ന ഭഗവത്‌ ഗീതയെ കാണാതെ പുരണ കഥകളെ വിശ്വസിക്കുകയും കോടാനുകോടി ദൈവങ്ങളെ ഉണ്ടാക്കിയതും ചരിത്രം…

    ഇവ ഈ പറയുന്ന ഡോ . രാധാകൃഷണന്നും വ്യക്തമായി അറിയാം എന്ന് ഞാന്‍ കരുതുന്നു .. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ദൈവം പറഞ്ഞു എന്ന് പറഞ്ഞാലേ ആളുകള്‍ അവ ശ്രെദ്ധിക്കുന്നു എന്ന അവസ്ഥ മൂലമാകും ആ രീതിയിലുള്ള വ്യാഖ്യാനം…

    വേദങ്ങളില്‍ ഇന്നത്തെ ജീവിതത്തെ ബാധിക്കുന്ന ഒന്നും ഇല്ല എന്ന വാദത്തോട് പൂര്‍ണമായും വിജോയിപ്പുണ്ട്..

    ഒന്നേ പറയാനുള്ളൂ… ഭഗവത്‌ ഗീത വായിക്കാന്‍ ശ്രേമിക്കുക.. ഒരു മത ഗ്രന്ഥമായല്ല… ഒരു നല്ല പണ്ഡിതന്റെ ഉപദേശമായി.. തീര്ച്ചയും നമ്മുടെ ജീവിതത്തെ നല്ല രീതിയില്‍ നയിക്കാനുള്ള പലതും അതിലുണ്ട്…

     
  4. c.k.babu

    Nov 5, 2011 at 16:49

    Ganesh,
    അഭിപ്രായത്തിന് നന്ദി.

    ഒരു ഫിസിസിസ്റ്റ് ആയ രാധാകൃഷ്ണൻ വായിച്ച് മനസ്സിലാക്കിയ ഗീതയെയാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. അതിനെയാണ് ഞാൻ വിമർശിച്ചത്. ദൈവം പറയാത്തതിനെ ആളുകളെ ശ്രദ്ധിപ്പിക്കാൻ വേണ്ടി ദൈവം പറഞ്ഞതാണെന്ന പേരിൽ വിളമ്പുന്നതിനെ ഞാൻ വിളിക്കുന്നത് വഞ്ചന എന്നാണ്. ആരുചെയ്താലും അതൊരു തെറ്റാണെന്നിരിക്കെ, ഒരു ശാസ്ത്രജ്ഞൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണത്. സത്യം പറയാൻ കഴിയില്ലെങ്കിൽ അസത്യം പറയാതിരിക്കുകയെങ്കിലും ചെയ്യാൻ മനുഷ്യൻ ബാദ്ധ്യസ്ഥനാണ്, പ്രത്യേകിച്ചും മനുഷ്യരെ നേർവഴി കാണിക്കുക എന്ന ലക്ഷ്യമാണ് അതുവഴി താൻ പിന്തുടരുന്നതെന്ന് ഒരുവൻ അവകാശപ്പെടുക കൂടി ചെയ്യുമ്പോൾ.

    വേദങ്ങളില്‍ ഇന്നത്തെ ജീവിതത്തെ ബാധിക്കുന്ന ഒന്നും ഇല്ല എന്നല്ല, അതൊക്കെ അറിയാൻ വേദങ്ങളുടെയോ ഗീതയുടെയോ ആവശ്യമില്ല എന്നേ പറഞ്ഞുള്ളു. ഗീത എന്നാൽ എന്തെന്നറിയാത്തവരും സംസ്കാരസമ്പന്നരുമായ ധാരാളം മനുഷ്യർ ജീവിക്കുന്ന ലോകമാണിത്. ഏത് പുരാണവും മനുഷ്യർ എഴുതിയവയാണെന്നതിനാൽ, മനുഷ്യജീവിതത്തിന്റെ അംശങ്ങൾ അവയിൽ ഉണ്ടാവാതിരുന്നാലല്ലേ അത്ഭുതമുള്ളു. പക്ഷേ, ആധുനിക ലോകത്തിലെ മനുഷ്യന്റെ സംസ്കാരവും സാഹചര്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളുമാണ് വിഷയം.

    പിന്നെ, ഗീത വായിക്കുക, ബൈബിൾ വായിക്കുക, ഖുർആൻ വായിക്കുക അതൊക്കെ അതാത് മതത്തിലെ വിശ്വാസികൾ അവരെ വിമർശിക്കുന്നവരോട് പതിവായി പറയുന്ന വളരെ പഴയ പല്ലവികളാണ്. ഞാനൊഴികെ മറ്റാരും ഇതൊന്നും വായിക്കാറില്ലെന്ന ധാരണയാണ് അവയുടെ ഉറവിടം. ഓരോ മതവിശ്വാസിയും അവന്റെ മതഗ്രന്ഥം വായിക്കേണ്ടവിധം വായിച്ചിരുന്നെങ്കിൽ അവൻ തന്നെ പറയുമായിരുന്ന കാര്യങ്ങളേ ഞാനിവിടെ പറഞ്ഞുള്ളു. വേദവായന വിമർശനാത്മകമാവാതിരിക്കാനായി ബാല്യത്തിലേ നടത്തുന്ന ശ്രമങ്ങളെപ്പറ്റി ലേഖനത്തിൽ ഞാൻ ഒരുവിധം വിശദമായി എഴുതിയിരുന്നു.

     
  5. mohamed khan

    Nov 5, 2011 at 18:16

    രാധാക്രിഷ്ണന്മാരുടെയും ഗോപാലക്രിഷ്ണന്മാരുടെയും ഗീതോപദേശവും പ്രക്രിതിജീവനവും യോഗയും ഒക്കെകൂടി ഭാരതത്തെ ഒന്നാം ലോകരാജ്യമാക്കി മാറ്റുമെന്ന് നമുക്ക് സമാധനിക്കാം.ഇന്നേവരെ സാധിക്കാതെ പോയത് ഗാന്ധിയും ശങ്കരനും കാളവണ്ടീയില്‍ വെച്ച് അവ വായിച്ചതുകൊണ്ടാവാം.ഒബ്സര്‍വേറ്ററിയില്‍ ഇരുന്നു വായിച്ചതിന്റെ മാറ്റം ഇനി അനുഭവിച്ച് സായൂജ്യമടയാം.ഗീതാമാതാക്കീ ജേയ്!!!!!!!!!

     
  6. Santosh

    Nov 5, 2011 at 20:39

    ആ പാവം ബ്രദര്‍ പൊക്കോട്ടെ…. തന്റെ ഭയങ്കരമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ എല്ലാവരും തോറ്റുപോയി എന്നു കരുതി പാവത്തിന് കുറച്ചു മനസമാധാനം കിട്ടുമെങ്കില്‍ നല്ലതല്ലേ??

     
  7. അനോണിമസ്

    Nov 6, 2011 at 05:29

    വേദങ്ങളിലല്ല ഉപനിഷത്തുക്കളിലാണ് അഹം ബ്രഹ്മാസ്മിയും തത്വമസിയും ഒക്കെ ഉള്ളത്.
    അവസാന പാരഗ്രാഫിൽ ബാബുമാഷ് പറയും പോലെ ഇക്കാണുന്നതൊന്നും ഇല്ലാത്തതാണ് എന്നതാണ് വേദാന്തം എന്നു സുപരിചിതമായ താത്വിക ചിന്താ രീതിയുടെ ഒരു അടിസ്ഥാനമായ കണ്ടെത്തൽ. ഇവിടെയുള്ളത് നാമരൂപങ്ങളാണ് (Name & Forms).

    ബോധമുള്ളതുകൊണ്ടാണ് (consciousness) നാമവും രൂപവും ഇവിടെയുള്ളത്. ബോധമില്ലെങ്കിൽ അതൊന്നും ഇവിടെയില്ല. ബോധമുണ്ടോ ജഗത്തുണ്ട്, ബോധമില്ലേ ജഗത്തില്ല. ആ ബോധത്തെയാണ് ഉപനിഷത്തുകൾ ബ്രഹ്മമെന്ന് വിളിയ്ക്കുന്നത്. നാരായണഗുരു അറിവെന്ന് വിളിയ്ക്കുന്നത്. ചില ബൗദ്ധ ചിന്തകർ ശൂന്യമായി കണാക്കാക്കുന്നത്.

    അത് യഹോവയേയോ അള്ളായേയോ പോലെ active അല്ലെന്നാണ് ആ ചിന്തകരുടെ പക്ഷം. ബോധം ഒന്നിനേയും സൃഷ്ടിക്കുന്നില്ല. മരുഭൂമിയിൽ കാണുന്ന മരീചിക പോലെ, കയറിനെ രാത്രികാലത്ത് ദൂരെനിന്ന് കണ്ടപ്പൊ പാമ്പാണെന്ന് തോന്നിയപോലെ ബോധത്തിൽ അരോപിക്കപ്പെട്ടതാണ് നാമരൂപങ്ങളെല്ലാം.

    ചട്ടമ്പി സ്വാമികളുടെ അദ്വൈത ചിന്താപദ്ധതി പറയുന്നു: “അഖണ്ഡ പരിപൂർണ്ണ സച്ചിതാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മ വസ്തുവിൽ രജ്ജുവിൽ സർപ്പം, സ്ഥാണുവിൽ പുരുഷൻ, ശുക്തിയിൽ രജതം, ആകാശത്തിൽ കൃഷ്ണവർണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതു പോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവർത്തമായി ശേഷിച്ചു. ആ മൂലപ്രകൃതിയിൽ നിന്ന് ബ്രഹ്മ സന്നിധാന വിശേഷത്താൽ സത്വം രജസ്സ് തമസ്സ് എന്നിങ്ങനെ മൂന്ന് വികൃത ഗുണങ്ങൾ ഉണ്ടായി”

    ഇല്ലാത്ത മൂലപ്രകൃതിയിൽ നിന്ന് സത്വം രജസ്സ് തമസ്സ് എന്നിങ്ങനെ ഇല്ലാത്തത് ഉണ്ടായതായി തോന്നുന്നു. ആർക്ക് തോന്നുന്നു. ?
    എനിയ്ക്ക്?
    അപ്പൊ അരാണ് ഞാൻ?

    ശരീരമാണോ?
    മനസ്സാണോ?
    ബുദ്ധിയാണോ?
    ദ്രവ്യം (matter) ആണോ?
    പ്രാണൻ (Energy) ആണോ? (ആർഷ ഭാരത വക്താക്കളുടെ മെറ്റാഫിസിക്കൽ ആയ പ്രാണനല്ല എനർജി എന്നേ അർത്ഥമാക്കേണ്ടൂ)

    പ്രാണൻ എവിടെ നിന്ന് സ്പന്ദിക്കുന്നു? (സ്പന്ദന രൂപത്തിലാണ് പ്രാണന്റെ നിലനിൽപ്പെന്ന് വേദാന്തം)

    ബോധത്തിൽ നിന്ന് പ്രാണൻ സ്പന്ദിക്കുന്നെന്ന് ശരീരവും മനസ്സും ബുദ്ധിയും പ്രാണനും ഞാനല്ല എന്ന് അറിയുമ്പോൾ മനസ്സിലാകുമെന്നാണ് അറിവുള്ളവർ പറഞ്ഞിരിയ്ക്കുന്നത്.അല്ലാതെ മനുഷ്യനെന്ന ജീവിയെ മണ്ടനായി ഉണ്ടാക്കിയിട്ട് പിന്നെ ബുദ്ധി കൊടുക്കാനായി വേദങ്ങളും ഭഗവത്ഗീതയും എഴുതിയെന്നല്ല. എഴുതിയെങ്കിൽ ഒന്നും ഉള്ളതാവാൻ വഴിയില്ല.എഴുതപ്പെട്ടതൊന്നും സത്യമാവാൻ മേൽപ്പറഞ്ഞ യുക്തിയിൽ പറ്റില്ല. “അനുഭവിയാതറിവീല” എന്ന് നാരായണഗുരു.

    ഇതൊരു ചിന്താരീതി മാത്രമാണ്. മതമാവാൻ ഇതിന്റെ അടിസ്ഥാന പ്രമാണങ്ങളാൽ തന്നെ സാധ്യമല്ല. മതങ്ങളെല്ലാം ബുദ്ധിയ്ക്ക് ഏകാഗ്രത കിട്ടാൻ ഒരു വഴിയെന്നേയുള്ളൂ.
    (മനസ്സും ബുദ്ധിയും ഏകാഗ്രപ്പെട്ട് അടങ്ങുമ്പോൾ അതിന്റെ അടിസ്ഥാനമായിരിയ്ക്കുന്ന അറിവ് തനിയേ “ഒരുകോടി ദിവാകരരൊത്തുയരും വഴി പാരൊടു നീരനലാദിയൊടും കെടുമാറു കിളർന്നു വരും” എന്നു നാരായണഗുരു. {അർത്ഥം : ഒരു കോടി സൂര്യന്മാർ ഉദിച്ചുയരുന്ന പോലെ പഞ്ചഭൂതങ്ങളായ ഭൂമി ജലം അഗ്നിയൊക്കെ ഇല്ലാതെയായി ബോധം ഉണരും} )

    ഉദാഹരണമായി ശ്രീരാമകൃഷ്ണൻ ദേവിയേയും അള്ളായേയും യേശുവിനേയും ഒക്കെ ഒരുപാടു ഭജിച്ചു. ദേവിയുടെ രൂപത്തിൽ പരമമായ ഏകാഗ്രത കിട്ടി. ഗുരുവായ തോത്താപ്പൂരിയുടെ സഹായത്താൽ അവസാനം ദേവീരൂപത്തേക്കൂടി അവിടെ നിന്ന് മാറ്റിയപ്പോൾ പരിപൂർണ്ണ അനുഭവം സാധ്യമായി എന്നു കഥ.

    ഇത് മിഥ്യയാണെന്ന് വച്ച് ആർക്കും എവിടേക്കും ഓടിയൊളിക്കാനാവില്ല. ഇത് ഇല്ലാത്തതെങ്കിൽ ഒന്നും ഇല്ലാത്തതാണ്. ഹരിദ്വാറിലോ, മൂകാംബികയിലോ പോയിരുന്നാൽ ഇല്ലാത്തതൊന്നും ഉണ്ടായിവരില്ല. മേൽപ്പറഞ്ഞത് അറിയണമെന്ന് അതിയായ ആഗ്രഹം നയിയ്ക്കുകയാണെങ്കിൽ ചിലരുടെ വാസനകൾ പോലെ ഏകാഗ്രത കിട്ടാൽ ചിലയിടങ്ങൾ സഹായകമായേക്കും എന്നേയുള്ളൂ. പുരാതന ഭാരതത്തിൽ മാത്രമല്ല ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് മനസ്സിലാക്കി മറ്റുള്ളവർക്ക് പറഞ്ഞ് കൊടുത്തിട്ടുള്ള തത്വചിന്തകർ എവിടെയും ഓടിപ്പോയവരല്ല.

    ഉപനിഷത്തുദ് ഋഷിമാർ മിക്കവരും കല്യാണമൊക്കെ കഴിച്ച് ഗംഭീരമായി ജീവിച്ചിരുന്നവരാണ്. ഭാഗവതം ഒന്നു നോക്കിയാൽ അതിൽപ്പറയുന്നതും ഇതുതന്നെ. അതിൽ പറഞ്ഞിരിയ്ക്കുന്നവരിൽ സർവശ്രീ ഋഷഭൻ, ഭരതൻ, മഹാബലി, ശുകൻ, വാമനൻ, ഹിരണ്യകശുപു (ഭാഗവതം വായിച്ചു നോക്കുക. ഹിരണ്യകശുപുവിനേക്കാൾ വലിയ വേദാന്തിയില്ല), പ്രഹ്ലാദൻ, ഒക്കെ ഒക്കെ ഈ സത്യം മനസ്സിലാക്കി സന്തോഷമായി പലരും ചക്രവർത്തിമാരായി ജീവിച്ചവരെന്നാണ് ഭാഗവതം. കൃഷ്ണൻ ദേഹം വെടിയുവാനായി യാത്രപോകുന്നതിനു മുൻപ് ഏറ്റവുമടുത്ത ചങ്ങാതിയായ ഉദ്ധവർക്ക് ഉപദേശിയ്ക്കുന്ന ഉദ്ധവഗീത എന്നറിയപ്പെടുന്ന ഭാഗം മാത്രം മതി ഭാഗവതം എന്താണ് പറയുന്നതെന്ന് മനസ്സിലാവാൻ.

    ഗീതയും ഉപനിഷത്തുമൊക്കെ വായിച്ചെങ്കിലേ സത്യമറിയാനാകൂ എന്നുവന്നാൽ മേൽപ്പറഞ്ഞ സർവ വാദങ്ങളും ശരിയല്ലെന്നു വരും.മഹാഭാരതത്തിൽ സത്യമറിയാൻ കാട്ടില്പോയിൊരുപാടുകാലം ധ്യാനിച്ചിരുന്ന ഒരു ബ്രാഹ്മണ സന്യാസി അവസാനം കാര്യം മനസ്സിലാക്കാനായി ഒരു ഇറച്ചിവെട്ടുകാരന്റെയടുത്തേക്ക് പറഞ്ഞുവിട്ട വ്യാസനെക്കൂടി കളിയാക്കലാവും (Search : Vyadha Gita ) ഗീത കാണാപ്പാഠം പഠിച്ചാലേ കാര്യം മനസ്സിലാവൂ എന്ന പിടിവാശി. അറിയാനുള്ള ആഗ്രഹം മാത്രമാണ് ഒറ്റ കാര്യം.

    ബാബിമാഷിനു നന്ദി. ഇതിനെയൊക്കെ പൊളിച്ചടുക്കാൻ കാട്ടുന്ന ക്ഷമയ്ക്ക്

    (ഇതൊക്കെ എന്റെയല്ല. വഴക്കുകൂടാൻ താൽപ്പര്യമില്ല. ദീർഖിപ്പിച്ചതിനു ക്ഷമാപണം)

     
  8. vsjayb4u

    Nov 6, 2011 at 08:00

    Sir,
    Tracking

     
  9. c.k.babu

    Nov 6, 2011 at 08:47

    mohamed khan,
    കാലാകാലങ്ങളായി ഗീതോപദേശവും വേദോപദേശവും പുരാണകഥകളുമൊക്കെ കേട്ട് മൂടിപ്പുതച്ച് ഉറങ്ങുന്ന ഭാരതീയൻ ഉണരാതിരിക്കാനായി ഇടവിട്ട് നൽകുന്ന സെഡെറ്റീവ്സ് ആണ് രാധാകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയുമൊക്കെ വ്യാഖ്യാനക്കസർത്തുകൾ. ഭാരതീയന്റെ തലയിൽ ഐസ് വെള്ളം കോരിയൊഴിച്ച് പിടച്ചെഴുന്നേൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ എത്തിക്കുകയാവണം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ബോധവത്കരണത്തിന്റെയും ലക്ഷ്യം.

    Santosh,
    ആ പയ്യന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയുന്നതിന് എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ, നായ്ക്കൾ വഴിനീളെ കാലുപൊക്കി “തുള്ളിപ്പരുവത്തിൽ” മൂത്രിച്ച് തന്റെ ഏറിയ അടയാളപ്പെടുത്തുന്നതുപോലെ, പോസ്റ്റിൽ നിന്നും ഒന്നോ രണ്ടോ വാക്കുകൾ പെറുക്കിനിരത്തി പണ്ഡിതനും യോഗ്യനുമാവാൻ ശ്രമിക്കുന്ന ഏർപ്പാടുകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. അവനേപ്പോലെയുള്ളവർ സ്തോത്രം ചൊല്ലരുതെന്നൊന്നും ഇവിടെ ആരും പറയുന്നുമില്ല. പറയുന്നത് മനസ്സിലാവുന്നവരോടല്ലേ പറഞ്ഞിട്ട് പ്രയോജനമുള്ളു.

    അനോണിമസ്,
    വിശദീകരണത്തിന് നന്ദി. ദൈവത്തിനെ (ആത്മീയതയെ) കൂട്ടുപിടിച്ചുകൊണ്ടല്ലാതെ മനുഷ്യനെപ്പറ്റിയും ഈ പ്രപഞ്ചത്തെപ്പറ്റിയും ചിന്തിക്കാൻ സാധിക്കും. ആധുനികശാസ്ത്രമെന്നതുതന്നെ ഗ്രീസിൽ ഉത്ഭവമെടുത്ത ആ രീതിയിലുള്ള ചിന്തകളുടെ തുടർച്ചയാണ്. അടുത്ത ഭാഗത്തിൽ ഞാൻ അതിനെപ്പറ്റി എഴുതുന്നുണ്ട്. വേണമെങ്കിൽ ഭാരതീയനും അതേവഴിയിലൂടെ പോകാമായിരുന്നു. അതിന് ആവശ്യമായ തുടക്കം കുറിക്കപ്പെട്ടിരുന്നു. പക്ഷേ, ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, ആദ്ധ്യാത്മികതയുടെ പുകപടലങ്ങളിലൂടെ തപ്പിത്തടയാനാണ് അവൻ തീരുമാനിച്ചത്. അത് അവന്റെ വിധിയാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും കൂടി ചെയ്തതോടെ അവൻ മനുഷ്യന്റെ എല്ലാ അന്വേഷണത്വരകളുടെയും വേരറുക്കുകകയും ചെയ്തു.

     
  10. parthan

    Nov 6, 2011 at 23:54

    കെ.ജയകുമാർ (IAS) മായി ഒരു അഭിമുഖം (06-11-11 : 10.30pm) ജയ്ഹിന്ദ് ടി.വി.യിൽ കാണാൻ ഇടയായി. അതിനിടയിൽ അദ്ദേഹത്തോടൊരു ചോദ്യം. വയാലാറിനെപ്പോലെയോ ദേവരാജൻ മാസ്റ്ററെപ്പോലെയോ നിരീശ്വരവാദിയാണോ താങ്കളും? ഇത്തരം വിഷയങ്ങളിൽ ഒരു അഭിപ്രായം പറഞ്ഞ് വിവാദം ഉണ്ടാക്കുന്നില്ല എന്നായിരുന്നു അതിനുള്ള മറുപടി പറഞ്ഞത്. പക്ഷെ എന്തെങ്കിലും ഒരു നല്ല സാഹിത്യ സൃഷ്ടി ഉണ്ടാകുന്നുണ്ടെങ്കിൽ അത് എഴുതുന്ന ആളുടെ ബുദ്ധിയെക്കാൾ കവിഞ്ഞ ഒരു പ്രവർത്തനം അവിടെ നടക്കുന്നുണ്ട്. അതല്ലായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ആളുകളാകുമായിരുന്നു ഏറ്റവും നല്ല സാഹിത്യ കൃതികൾ സൃഷ്ടിച്ചിട്ടുണ്ടാവുക. ഏറ്റവും നല്ല സാഹിത്യകാരന്മാരിൽ അധികവും അബദ്ധങ്ങൾ പ്രവർത്തിക്കുന്നവരായിരുന്നു. അദ്ദേഹം ആ അദൃശ്യ ശക്തിയെ ഈശ്വരൻ എന്നു വിളിക്കാൻ താല്പര്യപ്പെടുന്നു. മുകളിൽ പറഞ്ഞ വയലാറും ദേവരാജൻ മാസ്റ്ററും ‘അതിനെ‘ ഒരു ‘പ്രചോദനം’ കണക്കാക്കുന്നു. എന്തായാലും ബുദ്ധിമാന്മാരുടെ കഴിവായി കരുതാൻ വയ്യ എന്ന് അദ്ദേഹത്തിന്റെ അഭിപ്രായം.
    [ഇക്കാര്യത്തിൽ എന്തെങ്കിൽ ചോദിക്കാനുണ്ടെങ്കിൽ ജയ്ഹിന്ദ് ടി.വി. യോടോ, ജയകുമാർ (IAS) നോടോ ചോദിക്കേണ്ടിവരും. ]

    NOTE :- വേദം അപൌരുഷേയമാണ്. വേദത്തെ (അറിവിനെ) നിഷേധിക്കുന്നവർ നാസ്തികരാണ്. വേദം ഋഷിമാരാൽ സൃഷ്ടിക്കപ്പെട്ടതല്ല. എങ്ങിനെയെന്നാൽ; സ്വർണ്ണപ്പണിക്കാരൻ സ്വർണ്ണത്തെയല്ല സൃഷ്ടിക്കുന്നത്, ആഭരണത്തെയാണ്. ഇവിടെ സ്വർണ്ണം അപൌരുഷേയവും, ആഭരണങ്ങൾ പൌരുഷേയവുമാണ്.

     
  11. c.k.babu

    Nov 7, 2011 at 09:39

    parthan,
    പാർത്ഥൻ എഴുതിയതിൽ നിന്നും ഒരു കാര്യം വ്യക്തമാവുന്നുണ്ട്: കെ.ജയകുമാർ IAS ഒരു ബുദ്ധിമാനാണ്. ജനങ്ങളുടെ അതൃപ്തി സമ്പാദിക്കാതിരിക്കാൻ അവർ ഒഴുകുന്ന കൂട്ടത്തിൽ ഒഴുകുന്നതാണ് നല്ലത്. കെ.ജയകുമാർ ചെയ്തത് ആ അർത്ഥത്തിൽ തീർച്ചയായും ഒരുതരം ബുദ്ധിതന്നെ. കേരളത്തിലെ ടിവി ചാനലുകളും ബുദ്ധിയുടെ കാര്യത്തിൽ, ആ രീതിയിൽ നോക്കുമ്പോൾ ഒട്ടും പിന്നിലല്ല.

    ഭൗതികശാസ്ത്രത്തിൽ നിലവിലിരുന്ന ധാരണകളെ ആകെമൊത്തം തിരുത്തിയെഴുതി ലോകത്തെ ഗതിമാറിയൊഴുകുകയല്ലാതെ ഗത്യന്തരമില്ലാത്ത അവസ്ഥയിൽ എത്തിച്ച ഐൻസ്റ്റെൻ ചെയ്തത് ബുദ്ധിയല്ലെന്ന് ആരെങ്കിലും പറയുമോ‌? – അത് മറ്റൊരുതരം ബുദ്ധി.

    കെ.ജയകുമാറിനും, രാധാകൃഷ്ണനും, പാർത്ഥനും, എനിക്കുമെല്ലാം സ്വന്തനിലപാടുകൾ തുറന്നുപറയാൻ അനുവദിക്കുന്ന ജനാധിപത്യവ്യവസ്ഥിതിയിലേക്ക് ലോകം എത്തിയതും ഒഴുക്കിനെതിരെ ജീവൻ പണയപ്പെടുത്തിയും നീന്താൻ കുറെപ്പേർ ധൈര്യപ്പെട്ടതുകൊണ്ടാണ്. അത് മനുഷ്യബുദ്ധിയുടെ വളർച്ചയുടെ മറ്റൊരു ഫലവും തെളിവും.

    ടോൾസ്റ്റോയ് വളരെ നല്ല സാഹിത്യങ്ങൾ രചിച്ചിട്ടുണ്ട്. സാഹിത്യരചനയ്ക്കുള്ള വാസനയും ശേഷിയുമാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്. ഹൈസൻബെർഗ് ഫിസിക്സിൽ അടിസ്ഥാനപരം എന്ന് വിശേഷിപ്പിക്കേണ്ട ഒരു തത്വം കണ്ടെത്തിയിട്ടുണ്ട്. ഇവർ രണ്ടുപേരും ബുദ്ധിമാന്മാരാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ വഴിയുമില്ല. പക്ഷേ, അവരുടെ ബുദ്ധികൊണ്ട് ഹൈസൻബെർഗിന് ഒരു നോവൽ എഴുതാനും ടോൾസ്റ്റോയ്ക്ക് അൺസെർട്ടെന്റി പ്രിൻസിപ്പിൾ കണ്ടെത്താനും കഴിയുമായിരുന്നു എന്ന് പറയാൻ ഒരുപാട് ഭാവനാശേഷി ആവശ്യമാണ്. ഇനി, ഇവർ രണ്ടുപേരും ബീഥോവനെപ്പോലെ സിംഫണികൾ എഴുതാൻ ശ്രമിച്ചാലോ?

    അതുകൊണ്ട് സാഹിത്യരചനയെയും ബുദ്ധിയെയും കലാപരമായ മറ്റ് കഴിവുകളെയുമൊക്കെ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിലും, ഒരു സാഹിത്യസൃഷ്ടി ഉണ്ടാകുമ്പോൾ സ്രഷ്ടാവിന്റെ ബുദ്ധിയെക്കാൾ കവിഞ്ഞ എന്തോ ഒരു പ്രവർത്തനം അവിടെ നടക്കുന്നു എന്നൊക്കെയുള്ള നിഗമനങ്ങളിൽ എത്തുന്നതിലും അർത്ഥമൊന്നുമില്ല. തേങ്ങയെ മാങ്ങയുമായി താരതമ്യം ചെയ്യലാണ് അവിടെ സംഭവിക്കുന്നത്.

    നിങ്ങൾ വിശ്വാസികളുടെ ഉപമകൾ അത്യുഗ്രമെന്നേ പറയാനുള്ളു. മനുഷ്യപ്രയത്നഫലമായി സ്വർണ്ണത്തിൽ നിന്നും ആഭരണങ്ങൾ ഉണ്ടാവുന്നതും, മനുഷ്യന്റെ ഭാവനയിൽ വേദങ്ങൾ രൂപമെടുക്കുന്നതും തമ്മിൽ അവ രണ്ടും മനുഷ്യസൃഷ്ടിയാണെന്നതിൽ കവിഞ്ഞ എന്ത് താരതമ്യമാണ് സാദ്ധ്യമാവുന്നത്? സ്വർണ്ണം മൗലികമായി പ്രകൃതിദത്തമായ ഒരു ലോഹമാണ്. അതിനെ ആഭരണം പണിയാൻ പറ്റിയ വിധം വേർതിരിച്ച് ശുദ്ധീകരിക്കുന്നതും അതുപയോഗിച്ച് ആഭരണങ്ങൾ പണിയുന്നതും മനുഷ്യരാണ്. അതായത് ഈ രണ്ട് പ്രവൃത്തിയും പുരുഷന്മാർ ചെയ്യുന്നതാണ്. അഥവാ, “പൗരുഷേയം” ആണ്. (അതുകൊണ്ട് സ്ത്രീകൾക്ക് ഈ പണി അസാദ്ധ്യമാണെന്ന അർത്ഥമൊന്നുമില്ലതാനും) .

    വേദം അപൗരുഷേയമാണെന്ന് പാർത്ഥൻ പറയുന്നതും, ഗീത ഭഗവാനിൽ നിന്നും വരുന്നു എന്ന് ശ്രീ രാധാകൃഷ്ണനും മറ്റ് പലരും പറയുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ടാമത്തേതിൽ ഭഗവാന് യാതൊരു പങ്കുമില്ലെന്ന് ലേഖനം വായിച്ചിട്ടും പാർത്ഥന് മനസ്സിലായില്ലെങ്കിൽ എനിക്കൊന്നും ചെയ്യാനാവില്ല. ഒരു മതത്തിന്റെ വേദം മനുഷ്യനിർമ്മിതമാണെന്ന് എത്ര വ്യക്തമായി സ്ഥാപിച്ചാലും ആ മതത്തിൽ പെട്ടവർ അത് അംഗീകരിക്കില്ല എന്നത് വസ്തുത. അതേസമയം മറ്റ് മതക്കാർ സന്തോഷപൂർവ്വം അത് അംഗീകരിക്കുകയും ചെയ്യും.

    വേദം അപൗരുഷേയമാണെന്നും ആത്യന്തികമായ അറിവാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണല്ലോ പാർത്ഥനെപ്പോലുള്ളവർ അത് പിന്തുടരുന്നത്. അത് നിങ്ങളുടെ സ്വാതന്ത്ര്യം. ഈ അവകാശവാദത്തിൽ യാതൊരു കഴമ്പുമില്ല എന്ന വ്യക്തമായതിനാൽ നാസ്തികർ അതിനെ നിഷേധിക്കുന്നു. അത് അവരുടെ സ്വാതന്ത്ര്യം.

     
  12. അനോണിമസ്

    Nov 7, 2011 at 11:59

    നമുക്കീ അപൌരുഷെയത്തിനെയൊന്ന് ഡീ മിസ്റ്റിഫൈ ചെയ്തു നോക്കാം.
    വേദം എന്നാൽ അറിവ് എന്നാണർത്ഥം എന്നാണീയുള്ളവൻ ധരിച്ചിട്ടുള്ളത്. ഒരറിവും ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. സയൻസടക്കം.

    ഗുരുത്വാകർഷണം, ചലനനിയമങ്ങൾ ഒന്നും ന്യൂട്ടന്റെ സൃഷ്ടിയല്ല. റിലേറ്റിവിറ്റി, ഫോട്ടോഇലക്ട്രിക് എഫക്റ്റ് ഒന്നും ഐൻസ്റ്റീന്റെ സൃഷ്ടിയുമല്ല. ആവിയന്ത്രം ജയിംസ് വാട്ടിന്റെ കണ്ടുപിടിത്തവുമല്ല. ആവിയന്ത്രം അവിടെയുണ്ടായിരുന്നു. ജയിംസ് വാട്ടിനു അതിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലായപ്പൊ സ്വർണ്ണപ്പണിക്കാരൻ ആഭരണത്തെ ഉണ്ടാക്കിയതുപോലെ ആവിയന്ത്രം ഉണ്ടാക്കി. അയാൾക്കു മുന്നേ അത് വെളിപ്പെട്ടു കിട്ടിയില്ലാത്തതുകൊണ്ട് അതവിടെയില്ല എന്നുള്ള ന്യായം ന്യായമല്ല.പ്രപഞ്ചത്തിലെ അടിസ്ഥാന ഭൌതിക ബലങ്ങൾ രൂപപ്പെട്ടയന്നു തന്നെ (അതിനു മുന്നേ സമയം വളഞ്ഞും ബലങ്ങൾ പരന്നുമൊക്കെ ഇരിയ്ക്കുകയായിരുന്നോണ്ട് പറ്റുമോ എന്നറിയില്ല) ആരെങ്കിലും അതുപോലെ ഒരു മെക്കാനിസം ഉണ്ടാക്കിയിരുന്നെങ്കിൽ അതും ആവിയന്ത്രമായി പ്രവർത്തിച്ചേനേ.

    തമോദ്വാരങ്ങളും, അഖണ്ഡകോടി ബ്രഹ്മാണ്ഡങ്ങളും, ആറ്റം പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ക്വാർക്കുകൾ അവയുടെ രുചി തുടങ്ങി ഹിഗ്സ് ഫീൽഡ് അതിന്റെ ബോസോണുകൾ എന്നിവയെപ്പറ്റിയുള്ള അറിവുകൾ ഒന്നും ആരും ഉണ്ടാക്കിയതല്ല. അത് അപൌരുഷേയമാണ്. സ്വർണ്ണപ്പണിക്കാരൻ ആഭരണത്തെ ഉണ്ടാക്കിയതുപോലെ സയന്റിസ്റ്റുകൾ എന്ന് ഇന്ന് വിളിയ്ക്കുന്ന ഋഷിമാർക്ക് തെളിഞ്ഞ് കിട്ടിയതാണ് (അനേഷിച്ച് ചെന്നപ്പൊ മനസ്സിലായത്) എല്ലാ അറിവുകളും.

    സീ പ്രോഗ്രാമിങ്ങും ലിനക്സും പക്ഷേ പൌരുഷേയമാണ്.അതുകൊണ്ടാണല്ലോ ഫിസിസിസ്റ്റുകൾ മന്ത്രദൃഷ്ടാക്കളും സോഫ്റ്റ്വേറുകാർ പൂജാരികളും ആയത്:)

     
  13. c.k.babu

    Nov 7, 2011 at 13:38

    അനോണിമസ്,

    പ്രപഞ്ചത്തേയും അറിവിനേയും ഡീമിസ്റ്റിഫൈ ചെയ്തു എന്നതാണ് ശാസ്ത്രം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്. മിസ്റ്റിക്കുകളുടെ തലയിൽ ഇതുവരെ എത്താത്തതും, മിസ്റ്റിക്കുകളായതിനാൽ തന്നെ ഒരുപക്ഷേ ഒരിക്കലും എത്താൻ സാദ്ധ്യതയില്ലാത്തതുമായ ഒരു യാഥാർത്ഥ്യം. ഇരുളിന്റെ മറവിലും, ഓരോ കുറ്റിക്കാടുകൾക്കിടയിലും അവർ തുടർന്നും ഭൂതപ്രേതാദികളുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊണ്ടിരിക്കും. വേണമെങ്കിൽ ഒരുതരം വിധി എന്ന് വിളിക്കാവുന്ന ദയനീയാവസ്ഥ!

     
  14. parthan

    Nov 7, 2011 at 23:15

    [സംസാരദുഃഖങ്ങളിൽ നിന്നും അന്തിമമായി നിവൃത്തി നേടുന്നതുവഴി ആത്മാവിനു് സംഭവിക്കുന്ന പരമാനന്ദത്തിന്റെ ഒരുതരം കിരുകിരുപ്പുണ്ടാക്കുന്ന സ്വർഗ്ഗീയാവസ്ഥയാണല്ലോ മോക്ഷം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. ]

    ഇത്തരം വ്യാഖ്യാതക്കൾ പലപ്പോഴും പാമ്പിനെ ചേമ്പാക്കിയതിന്റെ പരിണതഫലമാണ് ഇപ്പോൾ ജനങ്ങൾ നുകർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾ എല്ലാംതന്നെ.

    ആഗ്രഹങ്ങളെ (കാമം) നിയന്ത്രിക്കാൻ ശീലിച്ചാൽ ലഭിക്കുന്ന ആനന്ദമാണ് മോക്ഷം. ആഗ്രഹങ്ങൾ നിയന്ത്രണാധീതമാകുമ്പോഴാണ് ദുഃഖമുണ്ടാകുന്നത്. ആ ദുഃഖത്തിൽ നിന്നും മോചനം ഉണ്ടായാൽ പരമാനന്ദം അനുഭവിക്കാം. അനുഭവിക്കുന്നത് എന്റെ ശരീരമല്ലാത്തതുകൊണ്ട് അത് ആത്മാവായ എന്റെ ഉണ്മയാണ് അനുഭവിക്കുന്നത് എന്ന് ആദ്ധ്യാത്മിക ഭാഷ്യം. അല്ലാതെ ചത്തുപോയതിനുശേഷം പരലോകത്തോ ഏതെങ്കിലും ഏകദൈവത്തിന്റെ കാൽ ചുവട്ടിലോ കിടക്കുമ്പോൾ ലഭിക്കുന്നതല്ല.
    പുരുഷാർത്ഥങ്ങൾ ഈ ലോകത്ത് അനുഷ്ഠിക്കാനുള്ളതാണ്. അതിന്റെ ഫലവും ഇവിടെത്തന്നെ അനുഭവിക്കാം. ഫലം സ്വർഗ്ഗത്ത് ചെന്നാൽ ലഭിക്കും എന്നു പറയുന്നത് ഭാരതീയ ദർശനങ്ങളിൽ പെടുന്നതല്ല. പാശ്ചാത്യന്റെ ‘വിശ്വാസം‘ ആധിപത്യം സ്ഥാപിച്ചപ്പോൾ, ചില പാവങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ പെട്ടുപോയതാണ് . സ്വർഗ്ഗവും നരകവും ബന്ധമോക്ഷവും എല്ലാം ഈ ലോകത്തുതന്നെ അനുഭവിക്കാനുള്ളതാണെന്ന് മനസ്സിലാക്കി തരുന്ന ചില ‘ചെപ്പടി വിദ്യകൾ‘ വേണ്ടവർക്ക് പരീക്ഷിക്കാവുന്ന തരത്തിൽ ഇപ്പൊഴും തുരുമ്പെടുക്കാതെ കിടക്കുന്നുണ്ട്.

     
    • c.k.babu

      Nov 8, 2011 at 09:05

      >>>[സംസാരദുഃഖങ്ങളിൽ നിന്നും അന്തിമമായി നിവൃത്തി നേടുന്നതുവഴി ആത്മാവിനു് സംഭവിക്കുന്ന പരമാനന്ദത്തിന്റെ ഒരുതരം കിരുകിരുപ്പുണ്ടാക്കുന്ന സ്വർഗ്ഗീയാവസ്ഥയാണല്ലോ മോക്ഷം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. ]<<

      വേദം, ആത്മാവ്, മോക്ഷം, മുതലായ കാര്യങ്ങൾ പാർത്ഥനെപ്പോലുള്ളവർ വളരെ ഗൗരവപൂർവ്വം കാണുന്ന കാര്യങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ എഴുതിയതാണത്. അങ്ങനെയല്ലാതെ കാണുന്ന ചിലരും എനിക്ക് വായനക്കാരായുണ്ട്.

      >>ആഗ്രഹങ്ങളെ (കാമം) നിയന്ത്രിക്കാൻ ശീലിച്ചാൽ ലഭിക്കുന്ന ആനന്ദമാണ് മോക്ഷം.ആഗ്രഹങ്ങൾ നിയന്ത്രണാധീതമാകുമ്പോഴാണ് ദുഃഖമുണ്ടാകുന്നത്. ആ ദുഃഖത്തിൽ നിന്നും മോചനം ഉണ്ടായാൽ പരമാനന്ദം അനുഭവിക്കാം. അനുഭവിക്കുന്നത് എന്റെ ശരീരമല്ലാത്തതുകൊണ്ട് അത് ആത്മാവായ എന്റെ ഉണ്മയാണ് അനുഭവിക്കുന്നത് എന്ന് ആദ്ധ്യാത്മിക ഭാഷ്യം. അല്ലാതെ ചത്തുപോയതിനുശേഷം പരലോകത്തോ ഏതെങ്കിലും ഏകദൈവത്തിന്റെ കാൽ ചുവട്ടിലോ കിടക്കുമ്പോൾ ലഭിക്കുന്നതല്ല.<<<

      ഇതൊക്കെ പാർത്ഥൻ പറയുന്നതല്ലേ? ഇതൊക്കെ എത്ര പ്രാവശ്യം ചവച്ചുതുപ്പിയ കാര്യങ്ങളാണെന്നറിയാതെയാണോ പാർത്ഥൻ ഇതൊക്കെ പിന്നെയും പറയുന്നത്? പണ്ട് മലയാളം വ്യാകരണക്ലാസിൽ പഠിച്ചതുപോലെ "രാമൻ പശുവിനെ അടിച്ചു" എന്നുപറഞ്ഞാൽ കാര്യമെന്താണെന്ന് ഒരുമാതിരിക്കാർക്കൊക്കെ മനസ്സിലാവും. മറ്റുചിലരാകട്ടെ "പശുവിനെ രാമൻ അടിച്ചു", "അടിച്ചു രാമൻ പശുവിനെ" എന്നിങ്ങനെയൊക്കെ ശ്വാസം നിലയ്ക്കുവോളം ആവർത്തിച്ചുകൊണ്ടിരിക്കും. എന്നാലും കാര്യമെന്തെന്ന് മനസ്സിലാക്കുകയുമില്ല. അവസ്ഥ ദയനീയമാണ്, പക്ഷേ പരിഹാരമൊന്നും ഞാൻ കാണുന്നില്ല.

      എത്രയോ മനുഷ്യർക്കെന്നപോലെ, എനിക്കും കാമം തോന്നുമ്പോൾ അത് ശമിപ്പിക്കുന്നതാണ് ആനന്ദം. അതുപോലെതന്നെ, നല്ല ആഹാരം കഴിക്കാനും, നല്ല വസ്ത്രം ധരിക്കാനും, യൂറോപ്യൻ സായിപ്പോ ജപ്പാൻകാരനോ നിർമ്മിച്ച ഒരു നല്ല എലക്ട്രോണിക് ഉപകരണം വാങ്ങാനുമൊക്കെ ഒരാഗ്രഹം തോന്നിയാൽ, അത് വാങ്ങി ആ ആഗ്രഹം ശമിപ്പിക്കുന്നതാണ് എനിക്ക് ആനന്ദാനുഭവം. ജീവിതത്തിലെ ഇത്തരം ആനന്ദങ്ങളുടെ ആകെത്തുകയാണ് എന്നെ സംബന്ധിച്ച് 'മോക്ഷം'. അല്ലാതെ "ചത്തുപോയതിനുശേഷം പരലോകത്തോ ഏതെങ്കിലും ഏകദൈവത്തിന്റെ കാൽ ചുവട്ടിലോ കിടക്കുമ്പോൾ ലഭിക്കുന്നതാണ് മോക്ഷമെന്ന്" ഇവിടെയല്ല മറ്റെവിടെയെങ്കിലും ഞാൻ പറഞ്ഞതായി എനിക്കോർമ്മയില്ല. പാർത്ഥന് ആ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത്തരം അവകാശവാദങ്ങൾ നടത്തുന്നവരുമായി ഒരു പരിഹാരത്തിന് ശ്രമിക്കുന്നതല്ലേ നല്ലത്? ആഗ്രഹമോചനം, പരമാനന്ദം, മോക്ഷം, ആത്മാവ്, ഉണ്മ, എന്റെ ചങ്ങാതി, എനിക്ക് വയ്യ!

      ഏതായാലും, ദൈവത്തിന് പിശാച് എന്നപോലെ, ഭാരതീയ “ദാർശനികന്” സായിപ്പ് എന്നൊരു ശത്രുചിത്രമുള്ളത് നല്ലതാണ്. സ്വന്തം ദാർശനികദാരിദ്ര്യം വ്യത്യസ്തമായ സാമൂഹികമേഖലകളിൽ വരുത്തിക്കൂട്ടിയ ദയനീയമായ പരാജയങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ അവന്റെ തലയിലേക്ക് ചാർത്തിക്കൊടുക്കാമല്ലോ.

       
  15. parthan

    Nov 7, 2011 at 23:36

    [ശ്രീ രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ, ഗീതോപദേശത്തിനുവേണ്ടി വ്യാസൻ മെനഞ്ഞെടുത്തതാണു് മഹാഭാരതകഥ. ഈ അഭിപ്രായം വഴി, മഹാഭാരതകഥയും ഭഗവദ്‌ഗീതയും വ്യാസന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നു് പ്രത്യക്ഷമായി അംഗീകരിക്കുകയാണു് താൻ ചെയ്യുന്നതെന്നു് അറിയാതെയാണു് ഒരു ശാസ്ത്രജ്ഞനായ ശ്രീ രാധാകൃഷ്ണൻ ആ പ്രസ്താവന നടത്തിയതെന്നു് കരുതാൻ എനിക്കാവുന്നില്ല. മഹാഭാരതം വ്യാസന്റെ ഭാവനാസൃഷ്ടിയാണെങ്കിൽ, മഹാഭാരതയുദ്ധം എന്നൊന്നു് യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെങ്കിൽ, ഏതു് അർജ്ജുനനോടു് ഏതു് ഭഗവാൻ ഏതു് സന്ദർഭത്തിൽ എന്തിനായി ഒരു ഗീതോപദേശം നടത്തണം? ഗീതോപദേശത്തിനുവേണ്ടി മഹാഭാരതകഥ (ആ കഥയുടെ ആദ്യരൂപമെങ്കിലും) മെനഞ്ഞെടുക്കുന്ന വ്യാസൻ തന്നെയാണു് ഗീതോപദേശങ്ങൾ നൽകുന്ന ‘ഭഗവാൻ’ ]

    മുകളിൽ പറഞ്ഞ പ്രസ്താവനയിൽ ഒരു വാക്ക് ഒഴിവാക്കിയാൽ ബാക്കിയെല്ലാം സമ്മതമാണ്. “വ്യാസന്റെ ഭാവനാസൃഷ്ടി” – ലോകത്തിലെ ഏതൊരു കൃതിയെയും സാഹിത്യത്തിന്റെ പട്ടികയിൽ പെടുത്തുന്നത് അതിലെ ഭാവനാപരവും സാംസ്കാരികവുമായ ഭാഷാപ്രയോഗത്തിന്റെ മേന്മകൊണ്ടാണ്. വ്യാസൻ വസ്തുതാപരമായ ഒരു സംഭവത്തിൽ നിന്നുകൊണ്ട് ഒരു ഭാവനാസൃഷ്ടി നടത്തിയെങ്കിൽ അത് വെറും ഭാവന മാത്രമാണ് എന്ന് വിശ്വസിക്കണം എന്ന നിർബ്ബന്ധമുണ്ടോ എന്നറിയില്ല. ഇന്ന് ലോകത്ത് അറിയപ്പെടുന്ന കഥകളെല്ലാം ഭാവന മാത്രമാണെങ്കിൽ മഹാഭാരതവും ഭാവന മാത്രമാണെന്ന് വിധിയെഴുതാം. ഇത് ഒരു കഥയാണെന്ന് വ്യാസൻ തന്നെ പറയുന്നുണ്ട്. ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള മഹാഭാരതം എഴുതാൻ കഴിവുള്ള ഒരാൾക്ക് 700 ശ്ലോകങ്ങൾ അതിനുള്ളിൽ തിരുകിക്കയറ്റാൻ ഭഗവാന്റെ (?) സഹായം ആവശ്യമായിരുന്നു എന്ന് തീരുമാനിക്കുന്ന പണ്ഡിതശിരോമണികൾ ആരെല്ലാമാണ്. വ്യാസൻ മഹാഭാരതം എന്ന കൃതിയിലെ ഓരോ കഥാപാത്രത്തെയും വ്യക്തമായ ഉദ്ദേശത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് അതിലെ ഓരോ വ്യക്തിയുടെയും പേരുകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. പേരിൽ നിന്നുതന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ മനസ്സിലാക്കിത്തരുന്ന ഒരു ജാലവിദ്യ അതിൽ ദർശിക്കാം.

    എന്നതല്ലേ സാമാന്യയുക്തിയുടെ വെളിച്ചത്തിൽ സത്യമാവാൻ എന്തെങ്കിലും സാദ്ധ്യതയുള്ളതു്?

     
    • c.k.babu

      Nov 8, 2011 at 09:11

      >>>മുകളിൽ പറഞ്ഞ പ്രസ്താവനയിൽ ഒരു വാക്ക് ഒഴിവാക്കിയാൽ ബാക്കിയെല്ലാം സമ്മതമാണ്.<<<

      മുകളിൽ പറഞ്ഞ പ്രസ്താവനയിൽ ഒരു വാക്കുപോലും ഒഴിവാക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നില്ല. പാർത്ഥൻ അത് സമ്മതിച്ചേ തീരൂ എന്ന് ഒരു നിർബന്ധവും എനിക്കില്ല. അതിനാൽ, കമന്റിന്റെ ബാക്കി ഭാഗത്തോട് പ്രതികരിക്കുന്നില്ല.

       
  16. parthan

    Nov 7, 2011 at 23:40

    [ശ്രീ രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ, ഗീതോപദേശത്തിനുവേണ്ടി വ്യാസൻ മെനഞ്ഞെടുത്തതാണു് മഹാഭാരതകഥ. ഈ അഭിപ്രായം വഴി, മഹാഭാരതകഥയും ഭഗവദ്‌ഗീതയും വ്യാസന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നു് പ്രത്യക്ഷമായി അംഗീകരിക്കുകയാണു് താൻ ചെയ്യുന്നതെന്നു് അറിയാതെയാണു് ഒരു ശാസ്ത്രജ്ഞനായ ശ്രീ രാധാകൃഷ്ണൻ ആ പ്രസ്താവന നടത്തിയതെന്നു് കരുതാൻ എനിക്കാവുന്നില്ല. മഹാഭാരതം വ്യാസന്റെ ഭാവനാസൃഷ്ടിയാണെങ്കിൽ, മഹാഭാരതയുദ്ധം എന്നൊന്നു് യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെങ്കിൽ, ഏതു് അർജ്ജുനനോടു് ഏതു് ഭഗവാൻ ഏതു് സന്ദർഭത്തിൽ എന്തിനായി ഒരു ഗീതോപദേശം നടത്തണം? ഗീതോപദേശത്തിനുവേണ്ടി മഹാഭാരതകഥ (ആ കഥയുടെ ആദ്യരൂപമെങ്കിലും) മെനഞ്ഞെടുക്കുന്ന വ്യാസൻ തന്നെയാണു് ഗീതോപദേശങ്ങൾ നൽകുന്ന ‘ഭഗവാൻ’ എന്നതല്ലേ സാമാന്യയുക്തിയുടെ വെളിച്ചത്തിൽ സത്യമാവാൻ എന്തെങ്കിലും സാദ്ധ്യതയുള്ളതു്?]

    മുകളിൽ പറഞ്ഞ പ്രസ്താവനയിൽ ഒരു വാക്ക് ഒഴിവാക്കിയാൽ ബാക്കിയെല്ലാം സമ്മതമാണ്. “വ്യാസന്റെ ഭാവനാസൃഷ്ടി” – ലോകത്തിലെ ഏതൊരു കൃതിയെയും സാഹിത്യത്തിന്റെ പട്ടികയിൽ പെടുത്തുന്നത് അതിലെ ഭാവനാപരവും സാംസ്കാരികവുമായ ഭാഷാപ്രയോഗത്തിന്റെ മേന്മകൊണ്ടാണ്. വ്യാസൻ വസ്തുതാപരമായ ഒരു സംഭവത്തിൽ നിന്നുകൊണ്ട് ഒരു ഭാവനാസൃഷ്ടി നടത്തിയെങ്കിൽ അത് വെറും ഭാവന മാത്രമാണ് എന്ന് വിശ്വസിക്കണം എന്ന നിർബ്ബന്ധമുണ്ടോ എന്നറിയില്ല. ഇന്ന് ലോകത്ത് അറിയപ്പെടുന്ന കഥകളെല്ലാം ഭാവന മാത്രമാണെങ്കിൽ മഹാഭാരതവും ഭാവന മാത്രമാണെന്ന് വിധിയെഴുതാം. ഇത് ഒരു കഥയാണെന്ന് വ്യാസൻ തന്നെ പറയുന്നുണ്ട്. ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള മഹാഭാരതം എഴുതാൻ കഴിവുള്ള ഒരാൾക്ക് 700 ശ്ലോകങ്ങൾ അതിനുള്ളിൽ തിരുകിക്കയറ്റാൻ ഭഗവാന്റെ (?) സഹായം ആവശ്യമായിരുന്നു എന്ന് തീരുമാനിക്കുന്ന പണ്ഡിതശിരോമണികൾ ആരെല്ലാമാണ്. വ്യാസൻ മഹാഭാരതം എന്ന കൃതിയിലെ ഓരോ കഥാപാത്രത്തെയും വ്യക്തമായ ഉദ്ദേശത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് അതിലെ ഓരോ വ്യക്തിയുടെയും പേരുകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. പേരിൽ നിന്നുതന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ മനസ്സിലാക്കിത്തരുന്ന ഒരു ജാലവിദ്യ അതിൽ ദർശിക്കാം.

    കഥാപാത്രത്തിന്റെ സ്വഭാവത്തെ മനസ്സിലാക്കിത്തരുന്ന ഒരു ജാലവിദ്യ അതിൽ ദർശിക്കാം.

    എന്നതല്ലേ സാമാന്യയുക്തിയുടെ വെളിച്ചത്തിൽ സത്യമാവാൻ എന്തെങ്കിലും സാദ്ധ്യ