RSS

ദൈവാത്മജമലയാളി പ്രബുദ്ധനാണു്

22 Sep

ഞാൻ മലയാളം ബ്ലോഗുലകത്തിൽ എത്തിയ കാലത്തു് ഹെഡർ ഇമേജ്‌ ആയി ‘കത്തിയും തോക്കും ഗ്രെനേയ്ഡും’ ഒക്കെ പ്രദർശിപ്പിച്ചിരുന്ന ഒരു ബ്ലോഗർ അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ ഐൻസ്റ്റൈന്റെ എനർജി ഇക്വേഷനെ e=(mc)² എന്നെഴുതിയിരിക്കുന്നതു് കാണാനിടയായി. അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാവുന്ന വെടിമരുന്നുകളും, ബ്രെയിൻവാഷിംഗ്‌ വഴി ആക്റ്റിവേയ്റ്റ്‌ ചെയ്യപ്പെട്ടു് ലോകത്തിന്റെ നിരപരാധനെഞ്ചത്തേക്കു് എറിയപ്പെടുന്ന ദൈവത്തിന്റെ ചാവേറുകളും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലെന്നും, അവ എപ്പോൾ എങ്ങനെ പെരുമാറുമെന്ന കാര്യം അങ്ങേയറ്റം അൺപ്രെഡിക്റ്റബിൾ ആയിരിക്കുമെന്നും അറിവില്ലാതിരുന്നതുകൊണ്ടാവാം ഹെഡറിൽ തന്നെ എലിവാണവും ബോംബും ഗ്രെനേയ്ഡുമൊക്കെ സ്റ്റോക്ക്‌ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചതു്. അല്ലെങ്കിൽത്തന്നെ, കേരളീയ പൗരാണികമാറാപ്പിലെ എല്ലാ അനുഭവമണിമുത്തുകളുടെയും സഹകരണാടിസ്ഥാനത്തിലുള്ള തിളക്കത്തിന്റെ വെളിച്ചത്തിൽ, ഏതു് സംരംഭവും അധികം താമസിയാതെ ശോണിതമെല്ലാമണിഞ്ഞും അഴിയുന്നതൊക്കെയും അഴിഞ്ഞും തറയായി, തറയിലായി, വീണുകിടക്കേണ്ടിവരും എന്നുറപ്പുള്ളതിനാലാണോ എന്നറിയില്ല, എല്ലാത്തരം ആരംഭങ്ങളും വീരശൂരപരാക്രമണം എന്നൊരു സ്ഥായിഭാവത്തിന്റെ മുഴുവൻ സാദ്ധ്യതകളും അസാദ്ധ്യതകളും പ്രകടിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കണം എന്ന കാര്യത്തിൽ യാതൊരു കോമ്പ്രമൈസിനും തയ്യാറാവാത്തവരാണു് മലയാളികൾ. മറ്റെന്തു് പോരായ്മകളും ഏറ്റക്കുറച്ചിലുകളും എവിടെയൊക്കെ ഉണ്ടെങ്കിലും, ഈ ഒരു കാര്യത്തിൽ മലയാളക്കരയിലെ ആണാണ്മയിലും പെണ്ണാണ്മയിലും കാർൾ മാർക്സ്‌ കണ്ടാൽ ഫ്രീഡ്രിഹ്‌ എംഗൽസിനെ കെട്ടിപ്പിടിച്ചു് ഹൃദയംപൊട്ടി കരഞ്ഞുപോകുന്ന വിധത്തിലുള്ള സ്ഥിതിസമത്വം നിലവിലിരിക്കുന്നുണ്ടു്.

മലയാളിയുടെ ആരംഭശൂരത്വത്തിൽ സംശയമുള്ളവർക്കു് ഇടിവെട്ടും സുനാമിയും ഒരുമിച്ചു് വരുന്നത്ര ഭീകരമായ പേരുകളുമായി രംഗപ്രവേശം ചെയ്യുന്ന പുതിയ മലയാളബ്ലോഗുകളും അവയുടെ ഉള്ളടക്കവും വായിച്ചു് സ്വയം ബോദ്ധ്യപ്പെടാവുന്നതാണു്. സാധാരണഗതിയിൽ ബ്ലോഗ്‌ നാമവും തലക്കെട്ടുമൊക്കെ വായിക്കുമ്പോഴേക്കും ബോധം മറയാൻ സാദ്ധ്യതയുള്ളതുകൊണ്ടു് അധികം പേരും ഉള്ളടക്കം വരെ എത്താറില്ല എന്നതു് ഈ നടപടിക്രമത്തിന്റെ ഒരു പരിമിതിയാണെന്നു് പറയാതെ വയ്യ. അതോടൊപ്പംതന്നെ ഏതു് കോണത്തിൽ നിന്നാണു് ഒരുവൻ നോക്കുന്നതു് എന്നതിനനുസരിച്ചു് അതൊരു മികവായിക്കൂടെന്നുമില്ല – വസ്തു എപ്പടി എന്നു് വിലയിരുത്താൻ നോക്കുന്ന മൂലയിൽ നിന്നുകൊണ്ടല്ലല്ലോ വാസ്തു വഴി നാലു് ചില്ലറ ഉണ്ടാക്കാനാവുമോ എന്നറിയാനുള്ള ഗൂഢാലോചനകളുടെ ഹരിശ്രീ കുറിക്കപ്പെടുന്നതു്. ഒരുവൻ ‘കുടികൊള്ളുന്ന’ മൂല, അഥവാ, ഏതു് മൂലയിൽ നിന്നുകൊണ്ടാണു് മനുഷ്യൻ കുടിയും വെടിയും കൊള്ളുന്നതു്, കൊടുക്കുന്നതു്, ‘പതിസഹസ്രകോടിനാമം’ ജപിക്കുന്നതു്, തന്റെ പുഴുക്കടി മാറ്റിത്തരാനായി സ്ഥലകാലാതീതനായ പ്രപഞ്ചനാഥനോടു് കണ്ണീരും അതിന്റെ ഒഴിവാക്കാനാവാത്ത പാർശ്വഫലമായ മൂക്കൊലിപ്പുമായി വലിയവായിൽ കരഞ്ഞുവിളിച്ചു് പ്രാർത്ഥിക്കുമ്പോൾ വാഴ വെട്ടിയിട്ടപോലെ ഏതു് മൂലയിലേക്കാണു് അവൻ വീഴുന്നതു് മുതലായ കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണെന്നതിനാൽ, അവയെ ഒരിക്കലും വില കുറച്ചു് കാണരുതു് എന്നൊരു ‘ഗുണനപാഠം’ കൂടി ഇതിലുണ്ടു്. അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ പിന്നീടൊരിക്കലും തിരുത്താനാവാത്തവിധം ഗുരുതരമായിരിക്കും. ദൈവം സർവ്വവ്യാപിയും പുഴുക്കടിയുള്ളവരോടു് കരുണാകരനുമാകുന്നു. ചുണങ്ങാണു് മാറേണ്ടതെങ്കിൽ പുഴുക്കടി എന്നതിനു് പകരം ചുണങ്ങു് എന്നേ പറയാവൂ. താരനാണു് ശല്യക്കാരനെങ്കിൽ താരൻ എന്നു് പറഞ്ഞാൽ മതി. പറഞ്ഞാൽ മതിയെന്നല്ല, അങ്ങനെതന്നെ പറഞ്ഞേ പറ്റൂ. താരനെയാണോ ചുണങ്ങിനെയാണോ ചുരണ്ടിയെടുത്തു് നരകത്തിലേക്കു് ചുഴറ്റിയെറിയേണ്ടതെന്നു് അറിയാൻ ആവശ്യമായ ഇൻഫർമേഷൻ യഥാസമയം ദൈവത്തിനു് നൽകാതെ ദൈവത്തെക്കൊണ്ടു് വേണ്ടാത്തിടത്തെല്ലാം കയ്യിട്ടു് വാരിച്ചു് നീ നിന്റെ ദൈവത്തെ ചുമ്മാ ദ്വേഷ്യം പിടിപ്പിക്കരുതു് എന്ന ദൈവകൽപന സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന സന്ദർഭം ഓർത്തുകൊൾക. അവൻ ചൊറിയുന്നവൻ മാത്രമല്ല, എല്ലാം അറിയുന്നവനുമാണു്.

ഒരു പ്രവൃത്തി തുടങ്ങാൻ തന്നെ യോഗ്യനാക്കുന്ന തന്റെ അറിവുകളെപ്പറ്റിയും കഴിവുകളെപ്പറ്റിയും എത്രമാത്രം ഉറപ്പും ഉത്തമബോദ്ധ്യവുമുള്ളവനാണു് മലയാളി എന്നതിന്റെ ഒരിക്കലും പാളാനിടയില്ലാത്ത ഒരു തെളിവാണു് കുട്ടിച്ചാത്തസേവയായാലും തുടക്കം ഈശ്വരപ്രാർത്ഥനയിൽ ആയിരിക്കണമെന്ന അവന്റെ അലിഖിതനിയമം. അതോ പൗരധർമ്മത്തിലൂന്നിയ അങ്ങനെയൊരു ലിഖിതനിയമം ഭരണഘടനയിലുണ്ടോ? ഉണ്ടെങ്കിൽ ഒന്നുകൂടി നല്ലതു്. എന്തിനും നിയമപരമായ ഒരു അടിത്തറ ഉണ്ടായിരിക്കുന്നതു് ആശാവഹമാണു്. ജനങ്ങളുടെ നികുതിപ്പണം ഏതാനും പേർക്കു് തീർത്ഥാടനം നടത്തി മോക്ഷം പ്രാപിക്കാനായി വീതിച്ചുകൊടുത്തു് വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തി അടുത്തവട്ടവും ഇരിക്കാൻ അധികാരക്കസേരയും, കയ്യിട്ടുവാരാൻ ചക്കരക്കുടവും ഉറപ്പുവരുത്തുന്ന ഒരു ‘ആധുനിക ജനാധിപത്യ’ രാഷ്ട്രമല്ലേ? എന്തും സംഭവിക്കാവുന്ന ഒരു പ്രബുദ്ധസമൂഹത്തിൽ ഭരണഘടനയിൽ പോലും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതു് ‘യുഗേ യുഗേ’ മാത്രമേ ആകാവൂ എന്നു് നിർബന്ധമൊന്നുമില്ല. എന്തും സംഭവിക്കാവുന്നിടത്തു് ഒന്നും സംഭവിക്കാതിരുന്നാലും അത്ഭുതപ്പെടേണ്ട ആവശ്യവുമില്ല. “പട്ടിത്തൂമണമേറ്റുകിടക്കും എല്ലിനുമുണ്ടാം ഒരു പട്ടിമണം” എന്ന ശ്വാനമഹാകാവ്യത്തിലെ ഉണർത്തുപാട്ടു് ആയിരത്തൊന്നുവട്ടം ആവർത്തിച്ചാൽ അതുപോലുള്ള സംസാരദുഃഖങ്ങളിൽ നിന്നും മോചനം പ്രാപിച്ചു് നന്മതിന്മകൾക്കപ്പുറമെത്തി നിർവാണനിർവൃതിയിൽ നിത്യമായി വിലയം പ്രാപിക്കാവുന്നതേയുള്ളു. ആർഷഭാരതസംസ്കാരത്തിൽ ധർമ്മാധർമ്മവിവേചനത്തിന്റെ ഊടും പാവുമാണു് ഇത്തരം മണിപ്രവാളകിളപ്പാട്ടുകൾ.

ആയുർവേദവിധിപ്രകാരം ഒരു കഞ്ചാവുബീഡി വലിച്ചാലും ഈ ധ്യാനപ്പാനി മോന്തുന്ന ഫലം ലഭിക്കുമെന്നു് കേൾക്കുന്നു. ദശമൂലാരിഷ്ടത്തോടു് ചേർത്തു് വിധിപ്രകാരം വലിച്ചാൽ അടുത്തുകാണുന്ന ശവശരീരത്തെ (മനുഷ്യന്റെ ശവശരീരമാണു് ഇവിടെ വിവക്ഷ. സംസാരഭാഷ അതു് കേൾക്കുന്നവനും, എഴുത്തുഭാഷ അതു് വായിക്കുന്നവനും, ശാസ്ത്രഭാഷ അതു് കേൾക്കാനോ വായിക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്ത മതവിശ്വാസിക്കും വേണ്ടിയായിരിക്കാൻ നമ്മൾ കഴിവതും ശ്രമിക്കണമല്ലോ) ഇൻഡ്യൻ മസാല ചേർത്തോ ചേർക്കാതെയോ ചുട്ടോ പുഴുങ്ങിയോ പച്ചക്കോ തിന്നിട്ടായാലും വേണ്ടില്ല, മോക്ഷം പ്രാപിച്ചാൽ മതിയെന്ന ദൈവിക വെളിപാടു് മനുഷ്യർക്കു് ഉണ്ടാവുമത്രേ! കയ്യെത്തുന്ന ദൂരത്തു് ശവശരീരങ്ങളൊന്നും കണ്ണിൽപ്പെടാതിരുന്ന അപൂർവസാഹചര്യങ്ങളിൽ, വാലിൽ ആരംഭിച്ചു് തലയിൽ അവസാനിക്കുംവിധം വിഴുങ്ങി സ്വയം അപ്രത്യക്ഷമാവുന്ന പാമ്പുകളെപ്പോലെ, സ്വന്തം ശരീരം തിന്നുതീർത്തു് മോക്ഷത്തിലേക്കു് അപ്രത്യക്ഷരായവർ പോലുമുണ്ടെന്നാണു് ശുദ്ധമായ ആത്മീയതയെ അടിവസ്ത്രംകൊണ്ടുപോലും മറയ്ക്കാതെ പൊക്കിക്കാണിക്കൽ അടിസ്ഥാന ധർമ്മമായി ഏറ്റെടുത്തിരിക്കുന്ന ആനുകാലികങ്ങളിലെ പത്രമുത്തശ്ശിറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു്.

ഭാരതീയർ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവർ മാത്രമല്ല, സ്വയം അത്ഭുതജന്മങ്ങളുമാണു്. മായം ചേർക്കാത്ത ആന്തരികമൂല്യങ്ങളെ കണക്കില്ലാതെ വിലമതിക്കുന്നവനാണു് ഏതൊരു ഭാരതീയനും. ലോകത്തിൽ അവൻ ഒറ്റയ്ക്കല്ലാത്തതിനാൽ മാത്രമാണു് എല്ലാ ആന്തരികമൂല്യങ്ങളും ദിഗംബരമായിരിക്കണം എന്ന തന്റെ അടിസ്ഥാനനിലപാടിനെ പർദ്ദയിട്ടു് മൂടി സദാചാരിയാവാൻ അവൻ തത്രപ്പെടുന്നതു്. നഗ്നത അതിൽത്തന്നെയല്ല, ആ നഗ്നത തന്നെക്കൂടാതെ മറ്റുള്ളവരും കാണുന്നതും ആസ്വദിക്കുന്നതുമാണു് അവനു് അസഹ്യമായ കാര്യം. കൊടിഞ്ഞി കുത്തുന്നതുപോലെയുള്ള ഒരു വേദനയാണു് അന്യന്റെ സന്തോഷവും സുഖവുമൊക്കെ കാണുമ്പോൾ അവനു് അനുഭവപ്പെടുന്നതു്. അതിനാൽ മറ്റാരും ഒരുകാരണവശാലും താനിഴയുന്ന തറ ലവലിൽ നിന്നും ഒരു പടിപോലും ഉയരാതിരിക്കാൻ അവൻ സദാ ജാഗ്രത പുലർത്തുന്നു. ഈ മാനസികവൈകല്യത്തെ ധാർമ്മികതയെന്നും, സദാചാരപരിപാലനമെന്നും, സത്യാന്വേഷണമെന്നുമൊക്കെ വിശേഷിപ്പിക്കാനുള്ള തൊലിക്കട്ടി കൂടി നേടിയാൽ ഒന്നിനെപ്പറ്റിയും വ്യക്തമായി ഒന്നുമറിയാതെ എല്ലാറ്റിനെപ്പറ്റിയും എന്തും പറയാൻ അവകാശമുള്ള സാക്ഷാൽ ഭാരതീയ വല്യേട്ടൻസ്‌ നാൽക്കവലക്ലബ്ബുകളിലെ (ചായക്കട, ബാർബർഷോപ്പ്‌, കള്ളുഷാപ്പു്, ഫോട്ടോഷോപ്പ്‌ മുതലായവ) ആയുഷ്കാലമെമ്പർഷിപ്പു് അവനു് സ്വന്തം. സമൂഹത്തെ ഒരു ചുവടുപോലും മുന്നോട്ടു് നീങ്ങാൻ അനുവദിക്കാത്ത ഈ കടന്നൽക്കൂട്ടത്തെ സ്വന്തവും സ്വതന്ത്രവുമായി ചിന്തിക്കുന്ന എല്ലാ മനുഷ്യരും ഒരു പകർച്ചവ്യാധിയെ എന്നപോലെ അകറ്റിനിർത്താൻ എക്കാലവും ശ്രമിച്ചിട്ടുണ്ടു്. അവരുടെ മുൻനിരയിൽത്തന്നെയാണു് ഐൻസ്റ്റൈനെപ്പോലൊരു ജീനിയസിന്റെയും സ്ഥാനം എന്നതിൽ അത്ഭുതത്തിനു് വകയില്ല.

അങ്ങനെ, നഗ്നമായ സത്യം മാത്രം അന്വേഷിക്കുന്ന, ആരും തുറക്കാത്ത സത്യത്തിന്റെ പൂമുഖവാതിൽക്കൽ ചെന്നു് ഇടത്തോട്ടും വലത്തോട്ടും നോക്കി അന്തരീക്ഷം ശുദ്ധമെന്നു് ഉറപ്പുവരുത്തി കോളിംഗ്‌ ബെൽ അമർത്താൻ മാത്രം ദാഹിക്കുന്ന, ആഴമുള്ള സത്യത്തിന്റെ പുഞ്ചിരി കണ്ടു് സായൂജ്യമടയാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗവും ഭാഗധേയവുമാവാൻ ഭാഗ്യം ലഭിച്ചവർ എന്ന നിലയിൽ, വലിയൊരു ഉത്തരവാദിത്വമാണു് നമ്മുടെ തലയിൽ വന്നുവീണിരിക്കുന്നതു്. എന്തും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം. മുന്നിലേക്കല്ല, പിന്നിലേക്കായിരിക്കണം എപ്പോഴും നമ്മുടെ ദൃഷ്ടി തിരിഞ്ഞിരിക്കേണ്ടതു്. ചരിത്രാതീതകാലം മുതൽ ഒരുത്തനേയും നമ്മൾ മുന്നോട്ടു് കടത്തിവിട്ടിട്ടില്ല എന്നതിനാൽ, മുന്നിൽ നിന്നും ഒരാക്രമണം ഭയപ്പെടേണ്ടതില്ല. നമ്മൾ കുത്തുന്നതും നമ്മളെ കുത്തുന്നതും എപ്പോഴും പിന്നിൽ നിന്നുമുള്ള ആക്രമണം എന്ന രീതിയിലായിരിക്കും, ആയിരിക്കണം. ഏറ്റവും അനുചിതമായ അവസരത്തിൽ പോലും ശത്രുക്കൾ വിഷുക്കൈനീട്ടങ്ങളുമായി നമ്മെ പിന്നിൽ നിന്നും പ്രലോഭിപ്പിക്കാമെന്ന ‘ഋജുവേദവാക്യം’ ഒരിക്കലും നമ്മുടെ സ്മൃതിപഥത്തിൽ നിന്നും മാഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുന്നതു്, കഞ്ചാധൂമപടലങ്ങളിലൂടെ ആദ്ധ്യാത്മികചിന്തയുടെ ഗഹനതകളിൽ നിന്നും യോഗസാന്ദ്രമായ സാദാചന്തിയുടെ അഗാധതകളിലേക്കുള്ള പരകായപ്രവേശനത്തിന്റെ ജന്മജന്മാന്തരതീർത്ഥാടനങ്ങളിൽ പരബ്രഹ്മത്തിന്റെ ഹൊറൈസണിൽ നിന്നും അപ്രതീക്ഷിതമായി ‘അപരബ്രഹ്മ’തമോഗർത്തത്തിന്റെ ചുഴിയിലേക്കു് വലിച്ചുതാഴ്ത്തപ്പെടാതിരിക്കാൻ സഹായിക്കും.

നശിപ്പിക്കാൻ കഴിയാത്തതിനെ കഴിവതും ഭംഗിയായി മറച്ചുവയ്ക്കുക എന്നതൊരു പ്രകൃതിസഹജതയാണെന്നപോലെ തോന്നുന്നു – ‘ഭംഗി’ എന്നതു് സ്ഥിതിചെയ്യുന്നതു് വീക്ഷകന്റെ കണ്ണുകളിലാണെങ്കിലും. ആയതിനാൽ, ആരംഭത്തിലെ മൈലാഞ്ചിപൂശലിന്റെയും കെട്ടിപ്പൊക്കലിന്റെയും പിന്നിലെ ചേതോവികാരങ്ങൾ മനസ്സിലാക്കാൻ സാധാരണഗതിയിൽ വലിയ ബുദ്ധിമുട്ടിന്റെ ആവശ്യമില്ല. ഏതായാലും, അധികം താമസിയാതെ മേൽപ്പറഞ്ഞ ബ്ലോഗ്‌ അപ്രത്യക്ഷമായതിനാൽ, ഹെഡറിൽ സംഭവിച്ച അനവസരത്തിലെ അപ്രതീക്ഷിതമായ ഏതോ ഒരു ‘ആദി’സ്ഫോടനത്തിലൂടെ ആ മാന്യദേഹം ആയിരം കഷണങ്ങളായി ചിതറി സ്വർഗ്ഗത്തിലെത്തി മദ്യനിളയിൽ നീന്തൽ പഠിപ്പിക്കുന്ന നിത്യയുവസുന്ദരികളോടൊപ്പം നീന്തിയും നീരാടിയും പണ്ടേതന്നെ പാമ്പായി പരിണമിച്ചിട്ടുണ്ടായിരിക്കാം എന്നാണെന്റെ ഒരു ഊഹം. ഐൻസ്റ്റൈന്റെ സമവാക്യത്തെ അടിസ്ഥാനമാക്കി തീപ്പൊരി ചിതറുന്ന ചില വാദമുഖങ്ങളൊക്കെ അദ്ദേഹം അവിടെ നിരത്തിയിട്ടുമുണ്ടായിരുന്നു. e=mc² എന്ന ഐൻസ്റ്റൈന്റെ എനർജി ഇക്വേഷനെ e=(mc)² എന്നെഴുതിയാൽ ബ്രാക്കറ്റ്‌ മാറ്റുമ്പോൾ അതു് e=m²c² ആവുമെന്നതു് ഗണിതശാസ്ത്രത്തിലെ പ്രാഥമികജ്ഞാനമാണു്. ഐൻസ്റ്റൈൻ പറയുന്നപോലെ, പിണ്ഡത്തെ പ്രകാശത്തിന്റെ വേഗതയുടെ വർഗ്ഗം കൊണ്ടു് ഗുണിക്കുമ്പോഴല്ല, പിണ്ഡത്തിന്റെ വർഗ്ഗത്തേയും പ്രകാശവേഗതയുടെ വർഗ്ഗത്തേയും തമ്മിൽ ഗുണിക്കുമ്പോഴാണു് എനർജി കിട്ടുന്നതെങ്കിലാണു് ഇങ്ങനെ എഴുതേണ്ടിവരുന്നതു്. അതാണെങ്കിലും ബ്രാക്കറ്റ്‌ ഒഴിവാക്കിയ രീതിയിൽ എഴുതേണ്ട കാര്യമേയുള്ളു. ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ, പിണ്ഡത്തെ ഒരു കിലോഗ്രാമിൽ നിന്നും രണ്ടു് കിലോഗ്രാം ആയി ഉയർത്തിയാൽ, ഐൻസ്റ്റൈന്റെ തത്വപ്രകാരം എനർജ്ജി വർദ്ധിച്ചു് രണ്ടിരട്ടി ആവുമെങ്കിൽ, ഗ്രെനേയ്ഡ് കാരന്റെ തത്വപ്രകാരം അതു് നാലിരട്ടി ആവും, മൂന്നു് കിലോഗ്രാമായിട്ടാണു് ഉയർത്തുന്നതെങ്കിൽ എനർജി മൂന്നിൽ നിന്നും ഒൻപതിരട്ടിയായി പെരുകും. അതൊരു ഗുരുതരമായ തെറ്റാണെന്നു് പറയേണ്ടതില്ലല്ലോ. ഗ്രെനേയ്ഡും ബോംബും കാണിച്ചു് ഭയപ്പെടുത്തിയതുകൊണ്ടു് ആ തെറ്റു് ശരിയായി മാറുകയുമില്ല.

ആ ബ്ലോഗർ പൂമുഖത്തു് വഴിപോക്കരെ ഇന്റിമിഡേറ്റ്‌ ചെയ്യാനായി പ്രദർശിപ്പിച്ചിരുന്ന സ്ഫോടനാത്മകതകളോടുള്ള ഭയം കൊണ്ടു് മാത്രമായിരുന്നില്ല എന്റേതായ എന്തെങ്കിലും ഒരഭിപ്രായം അന്നവിടെ കുറിക്കാൻ ഞാൻ ധൈര്യപ്പെടാതിരുന്നതു്. വിദേശജീവിതം മൂലം മലയാളഭാഷയുമായി കാര്യമായ ബന്ധമൊന്നുമില്ലാതെ കടന്നുപോയ ഏറെ വർഷങ്ങൾക്കുശേഷം ബൂലോകമല ചവിട്ടാൻ തീരുമാനിച്ച ഒരു കന്നിസ്വാമി എന്ന നിലയിൽ എവിടെയാണു് മുത്തുകൾ മറഞ്ഞിരിക്കുന്നതെന്നു് അറിയാൻ വഴിയരികിൽ കാണുന്ന മിക്കവാറും എല്ലാ കരിയിലകളും മറിച്ചുനോക്കിക്കൊണ്ടിരുന്ന അവിശ്രാന്തപരിശ്രമത്തിന്റെ ഒരു കാലഘട്ടമായിരുന്നു അതു്. മാവേലിവാഴുംകാലത്തു് പൂച്ചകൾ കണ്ണടച്ചു് പാലുകുടിച്ചശേഷം ഒരു റിച്വൽ എന്ന രീതിയിൽ ധ്യാനനിരതമായും അതീവരഹസ്യമായും അൽപസമയമെങ്കിലും തപസ്സിരുന്നിട്ടുള്ള ചാരക്കുഴികളിൽനിന്നും ഗതകാലസമൃദ്ധിയുടെ അനിഷേദ്ധ്യമായ തെളിവുകൾ ശേഖരിക്കാൻ ആധുനിക കാലത്തു് archaeological excavation നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തുന്നതുപോലുള്ള മമ്മികളെയും ആർട്ടിഫാക്റ്റുകളെയും കാക്കപ്പൊന്നുകളെയുമെല്ലാം മറച്ചുവയ്ക്കാനുള്ള ശേഷി കരിയിലകൾക്കുണ്ടെന്ന വിലയേറിയ ബോധോദയങ്ങൾ പകർന്നു് നൽകി എന്റെ ജീവിതത്തെ ‘സുഗന്ധപൂരിത’മാക്കി കടന്നുപോയിക്കൊണ്ടിരുന്ന സ്പെയ്സ്‌-ടൈം കണ്ടിന്യുവത്തിലെ വിധിനിർണ്ണായകമായ ഏതാനും ക്വാണ്ടൈസ്ഡ്‌ സെഗ്മെന്റുകളായിരുന്നു ആ കാലം.

കിത്താബുകളിൽ മിത്തില്ലാത്തതുകൊണ്ടു് മിത്തിന്റെ കാര്യമാവുമ്പോൾ കിത്താബുകളുടെ കാര്യം കൂട്ടത്തിൽ പറയാമോ എന്നറിയില്ല, എങ്കിലും പറയുന്നു: ബൈബിളിലെ പഴയനിയമപ്രകാരം, പുരാതനപിതാക്കൾ മിതത്തിൽ അധികമായ ദുഃഖം വരുമ്പോൾ രട്ടുടുത്തുകൊണ്ടു് ചാരക്കുഴിയിൽ ഇറങ്ങിയിരുന്നാൽ ദൈവം അവർക്കു് ആശ്വാസം നൽകുമായിരുന്നു. അന്നൊക്കെ സ്വർഗ്ഗം വിട്ടാൽ ഭൂമി, ഭൂമി വിട്ടാൽ സ്വർഗ്ഗം – അതായിരുന്നു ദൈവത്തിന്റെ സ്ഥിരം റൂട്ടു്. പ്രപഞ്ചത്തിനു് വെളിയിലേക്കു് യാത്ര ചെയ്യുന്ന രീതിയൊക്കെ ഈയടുത്തയിട തുടങ്ങിയതാണു്. അതുകൊണ്ടു് ചാരക്കുഴിയിലിരുന്നു് തലയിൽ ചാരം വാരിത്തേച്ചു് ദുഃഖം പ്രകടിപ്പിച്ചു് നൊലോളിച്ചുകൊണ്ടിരുന്ന പിതാക്കന്മാരുടെ ചികിത്സയുടെ മുഴുവൻ ചുമതലയും ഏറ്റെടുക്കാൻ ദൈവത്തിനു് സമയക്കുറവൊന്നും ഉണ്ടായിരുന്നില്ല. ബൈബിൾ റെക്കമൻഡ്‌ ചെയ്യുന്നു എന്ന പരിഗണനയുടെ പേരിൽ ഇതൊരു നല്ല ചികിത്സാവിധിയാണെന്നു് ആർക്കെങ്കിലുമൊക്കെ തോന്നുകയും, അതീവദുഃഖം വരുമ്പോൾ ആശ്വാസത്തിനായി ചാരക്കുഴിയിൽ ഇറങ്ങണം എന്നൊരു ടെംപ്റ്റേഷൻ അവർക്കുണ്ടാവുകയും ചെയ്തുകൂടായ്കയില്ല. പക്ഷേ, വിശ്വാസത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്ന രോഗശാന്തിശുശ്രൂഷകളിൽ ആവേശത്തിൽ നിന്നും ആസക്തിയിലേക്കു് ഒരു പൂച്ചച്ചാട്ടത്തിൽ കൂടുതൽ ദൂരമില്ല എന്നതിനാൽ, രട്ടുടുക്കാതെ ഉടുക്കാക്കുണ്ടിയായി ചാരത്തിൽ പടിയണമെന്ന മോഹം ചിലരിലെങ്കിലും കലശലാവാൻ സാദ്ധ്യതയുണ്ടു്. എങ്കിലും, അതുപോലൊരു റാഡിക്കൽ തെറാപ്പി ഒഴിവാക്കുന്നതായിരിക്കും പലതുകൊണ്ടും ഉചിതമെന്നാണു് എന്റെ അഭിപ്രായം. എങ്കിലും എന്റെ ഇഷ്ടമല്ല, നിങ്ങളുടെ ഇഷ്ടം തന്നെയാണു് അന്തിമമായി നിറവേറ്റപ്പെടേണ്ടതു്.

ഏതായാലും ആ വിഷയം വിടുന്നു. അല്ലെങ്കിൽ, പൂച്ചക്കാഷ്ഠമുള്ള ചാരക്കുഴിയിൽ ഇറങ്ങിയിരുന്നാൽ ആയുർവ്വേദപരമായും ‘യുനാനിമസ്‌’-അനോണിമസ്‌-ഹോമിയോപ്പതിപരമായും മറ്റും നേടാൻ കഴിയുന്ന റിക്കോൺവലെസെൻസിനെപ്പറ്റി പോസ്റ്റൽ ആയും ‘ഇൻ സിറ്റ്യു’ ആയുമുള്ള ധാരകോരൽ നേരിടേണ്ടി വന്നേക്കാം. ചെറുപ്പത്തിൽ ഒരു പാമ്പുകടിയുടെ പേരിൽ കുറേ ധാരകോരലുകളും നസ്യം ചെയ്യലുമെല്ലാം ഏൽക്കേണ്ടിവന്നവനാണു് ഞാൻ. അതുകൊണ്ടു് ഞാൻ പറയുന്നതു് എന്താണെന്നു് എനിക്കറിയാം. അതു് വിശ്വാസികൾ ദൈവത്തെപ്പറ്റി പറയുന്നതുപോലെയല്ല. ആ ബാല്യകാലാനുഭവത്തിന്റെ വെളിച്ചത്തിൽ വിഷപ്പാമ്പുകളോടു് എനിക്കൊരപേക്ഷയുണ്ടു്: കടികൊള്ളുന്നവൻ ചാവാൻ പാകത്തിനു് കടിക്കാനറിയില്ലെങ്കിൽ കടിക്കാൻ പോകരുതു്. പാമ്പുകടി പോലുള്ള പ്രിസിഷൻ വർക്കുകൾ തുടക്കക്കാർക്കു് പറഞ്ഞിട്ടുള്ള കലയല്ല. കാളിയനായാലും തന്റെ കർമ്മം പ്രതിഫലേച്ഛയില്ലാതെ നിർവഹിക്കുകയായിരുന്നു. ഒന്നാലോചിച്ചുനോക്കൂ: ദൃക്‌സാക്ഷിവിവരണപ്രകാരം, ബാലഗോപാലൻ പത്തികളിൽ കയറിനിന്നു് തന്റെ കർമ്മമായ ചവിട്ടുനാടകവും താഢനവും പീഡനവും തുടർന്നുകൊണ്ടിരുന്നപ്പോൾ പുതുഗർഭിണിയെപ്പോലെ വിഷം ഛർദ്ദിച്ചു് അവശനാവേണ്ടിവന്നിട്ടും പത്തികൾ പൊക്കിപ്പിടിക്കുക എന്ന തന്റെ പ്രാഥമിക കർമ്മത്തിൽ നിന്നും ഒരു നിമിഷം പോലും പിന്തിരിയാതിരുന്നവനാണു് കാളിയൻ. അതല്ലാതെ, തല താഴ്ത്തി ഭഗവാനെ വെള്ളത്തിലാക്കുന്ന തല്ലുകൊള്ളിത്തരം കാണിക്കുകയായിരുന്നില്ല. ഇട്ടിക്കാലൻ തോട്ടം വെട്ടുന്നതുപോലെ മുൻപിൻ നോക്കാതെ അവനവന്റെ കർമ്മം ചെയ്യുകയാണു് മനുഷ്യധർമ്മം എന്ന ഗുണപാഠമാണു് കാളിയൻ നമ്മെ സ്വന്തം പ്രവൃത്തിയിലൂടെ മാതൃകാപരമായി കാണിച്ചുതരുന്നതു്. പക്ഷേ, അതുപോലെ നിസ്തുലമായ കർമ്മനിർവഹണം സാദ്ധ്യമാവണമെങ്കിൽ എന്താണു് തന്റെ കർമ്മമെന്നും എങ്ങനെയാണു് അതു് ചെയ്യേണ്ടതെന്നും ആദ്യമേതന്നെ ഓരോരുത്തനും അറിഞ്ഞിരിക്കണം. അതു് സണ്ഡേസ്കൂളിൽനിന്നും പെട്ടകം പണിയിൽ ബിരുദാനന്തരബിരുദം എടുത്തശേഷം ഒരു സ്പാനറും ഒരു സ്ക്രൂഡ്രൈവറും ഉപയോഗിച്ചു് കാറും ലോറിയും ട്രാക്ടറും ടൈമ്പീസും കമ്പ്യൂട്ടറും മാറിമാറി റിപ്പയർ ചെയ്യുന്നതുപോലെ (ഒത്താൽ കാതുകുത്തും അതുകൊണ്ടുതന്നെ ഒപ്പിക്കും) അത്ര എളുപ്പമായ കാര്യമല്ല. ഇതെങ്ങനെ സാധിക്കുന്നു ചങ്ങാതി എന്നാരെങ്കിലും ചോദിച്ചാൽ അടിച്ചങ്ങു് കയറ്റും എന്ന മറുപടി ധാരാളം മതി അവനെ നിശബ്ദനാക്കാൻ.

ഇവിടെ ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ടു്: മനുഷ്യർ തലയും വാലുമെല്ലാം പൊക്കിപ്പിടിക്കുന്നതും താഴ്ത്തിപ്പിടിക്കുന്നതുമൊക്കെ മേലാളന്മാരോടു് അവർക്കുണ്ടായിരിക്കേണ്ട നിരുപാധികമായ വിധേയത്വം പ്രകടിപ്പിക്കാനായിരിക്കണം. കാളിയനെ തല പൊക്കിപ്പിടിക്കാൻ നിർബന്ധിച്ച അതേ ചേതോവികാരമാണു് വാമനനു് മുന്നിൽ തല താഴ്ത്തിപ്പിടിക്കാൻ മാവേലിയെ പ്രേരിപ്പിച്ചതും. പാമ്പുകളിലും പഴയതാണു് നല്ലതു്. അതിനാൽ, പൂർവ്വികപാമ്പുകൾ സോമരസം കുടിച്ചു് ഇഴഞ്ഞിരുന്ന പാത പിൻതുടർന്നു് സ്വയം പാമ്പാവാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കി ഗുരുത്വദോഷം വാങ്ങിക്കെട്ടാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചാൽ നല്ലതു്. ‘മാതാപിതാഗുരുദൈവം’! ന്ന്വച്ചാൽ, മാതാവിനും പിതാവിനും കുരുവന്നാലും ദൈവത്തിനോടു് വിവരം പറയാനേ പാടുള്ളു, ഒരിക്കലും ചികിത്സിക്കാനൊന്നും പോയേക്കരുതു്. ഈശ്വരോ രക്ഷതു – രക്ഷ കെട്ടിയവനാരോ അവൻ ഈശ്വരൻ.

തെറ്റു് പറ്റുക മനുഷ്യസഹജമാണെന്നതിനാൽ, സങ്കീർണ്ണമായ കാര്യങ്ങളിൽ തീർച്ചയായും തെറ്റുകൾ കടന്നുകൂടാം. ശാസ്ത്രജ്ഞാനം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമൊന്നും അതിനില്ല. പക്ഷേ, അദ്ദേഹം അവിടെ പകർത്തിവച്ച എനർജി ഇക്വേഷൻ പോലെ ലളിതമായ ഒന്നിൽ ഇതുപോലൊരു മണ്ടത്തരം കടന്നുകൂടണമെങ്കിൽ ഗണിതശാസ്ത്രത്തിൽ സ്കൂൾവിജ്ഞാനം ഉള്ളവർക്കുപോലും വല്ലാത്ത കഷ്ടപ്പാടു് അനുഭവിക്കാതെ പറ്റുമെന്നു് തോന്നുന്നില്ല. എനർജി ഇക്വേഷനെപ്പറ്റി അടിസ്ഥാനവിവരമുള്ള ആർക്കും ഈ വിഷയത്തിൽ ഇത്രമാത്രം നയീവ്‌ ആയ ഒരു വ്യക്തിയുമായി ഒരു തർക്കത്തിൽ ഏർപ്പെടുന്നതിന്റെ അർത്ഥശൂന്യത മനസ്സിലാക്കാൻ ബുദ്ധിമുട്ടുമുണ്ടാവില്ല. താനുമായി ഒരു ചർച്ചക്കു് ആരും തയ്യാറാവാത്തതെന്തുകൊണ്ടെന്ന കാര്യം മനസ്സിലാക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടു് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതു് നമ്മുടെ ഗ്രെനേയ്ഡ് കാരനും, അദ്ദേഹം അവിടെ അവതരിപ്പിച്ചിരിക്കുന്നതു് ഹൈ ഗ്രേഡ്‌ ശാസ്ത്രമാണെന്നു് ഉത്തമബോദ്ധ്യമുള്ള വല്ല ചിയർ ഗേൾസുമുണ്ടെങ്കിൽ അവർക്കും മാത്രമായിരിക്കും.

കിത്താബിലെ ദൈവത്തിനു് ശാസ്ത്രീയമായ ഒരു അടിത്തറ ഉണ്ടാക്കിയെടുക്കാനാവുമെന്ന വ്യാമോഹമാണു് അർത്ഥമറിയാത്ത ശാസ്ത്രപദങ്ങളുടെ ചാപിള്ളകളെ മനുഷ്യബുദ്ധിയുടെ മുന്നിൽ പ്രസവിച്ചിടാൻ വിശ്വാസികളെ നിർബന്ധിക്കുന്നതു്. സർവ്വവ്യാപി ആവുന്നതിനു് മുൻപു് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന കുലത്തൊഴിൽ പ്രകാരം കുശവനായിരുന്ന ഒരു ദൈവത്തെ ആധുനികശാസ്ത്രത്തിന്റെ മടിയിൽ കുടിയിരുത്താനുള്ള കുടിലതന്ത്രങ്ങൾ! ദൈവാസ്തിത്വം ശാസ്ത്രീയമായ ‘ആർഗ്യുമെന്റുകൾ’ വഴി തെളിയിക്കാമെന്ന മിഥ്യാബോധത്തിൽ ശാസ്ത്രത്തിനുനേരെ എറിയുന്ന ചൂണ്ടകളിൽ വിശ്വാസികളൊഴികെ മറ്റാരും തിരിഞ്ഞുനോക്കുക പോലും ചെയ്യാത്തവിധം ചീഞ്ഞളിഞ്ഞ ഇരകളല്ലാതെ മറ്റൊന്നും കൊത്തിയിടാൻ പോലും വകയില്ലാതായ വിശ്വാസികളുടെ ദയനീയാവസ്ഥ. പരിണാമസിദ്ധാന്തത്തെ പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്നവരുടെ ഇടയിൽ പോലും വിഷയം വിശ്വാസമാവുമ്പോൾ കുശവനായ ദൈവത്തിനു് സർവ്വവ്യാപിയായി പരിണാമം സംഭവിക്കുന്നതു് തികച്ചും സ്വാഭാവികമാണു്, അതിനൊരു ന്യായീകരണം പോലും ആവശ്യവുമില്ല. അതും ചെറിയ തോതിലുള്ള പരിണാമമൊന്നുമല്ല, കുശവന്റെ പണിക്കുപ്പായം ഊരിവച്ചു് സ്വർഗ്ഗത്തിന്റെ ഏറ്റവും മോളിലെ തട്ടുമ്പുറത്തു് ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന ദൈവം ബോറഡിച്ചപ്പോൾ ആദ്യം പ്രപഞ്ചം നിറഞ്ഞുനിൽക്കുന്ന സർവ്വവ്യാപിയായി മേക്കപ്പിട്ടു, മുഖത്തിന്റെ ചുളിവുകൾ മറയ്ക്കാൻ മേക്കപ്പും പര്യാപ്തമല്ല എന്നു് വന്നപ്പോൾ ശൂന്യതയിലേക്കു് മുങ്ങാം കുഴിയിട്ടു, അവിടെ ശ്വാസം മുട്ടു് അനുഭവപ്പെട്ടതുകൊണ്ടാവാം, അങ്ങേർ ഇപ്പോൾ പ്രപഞ്ചത്തിനും വെളിയിലേക്കു് ട്രാൻസ്ഫർ വാങ്ങിയിരിക്കുകയാണത്രെ! പ്രപഞ്ചത്തിനുള്ളിൽ എവിടെയൊക്കെ സ്വർഗ്ഗത്തിന്റെ കോളണികൾ ഉണ്ടെന്നു് ആർക്കും കൃത്യമായ അറിവൊന്നുമില്ലെങ്കിലും ഭൂമിയിൽ ദൈവത്തിന്റെ ബ്രാഞ്ചുകൾക്കും അവിടങ്ങളിൽ അപ്രമാദിത്വത്തിന്റെ കാര്യത്തിൽ ദൈവത്തെക്കാൾ ഒരുപടി മുന്നിലല്ലാതെ, അൽപം പോലും പിന്നിലല്ലാത്ത പ്രശ്ചന്നവേഷധാരികൾക്കും പഞ്ഞമൊന്നുമില്ലാത്തതിനാൽ, ഒരിക്കലും ഈ പ്രപഞ്ചത്തിലോ, ഭൂമിയിലോ, മറ്റെവിടെയെങ്കിലുമോ ഇല്ലാതിരുന്ന ഒരു ദൈവം കുറെ നാളത്തേക്കെന്നല്ല, എന്നാളത്തേക്കും എല്ലായിടത്തുനിന്നും മാറിനിന്നാലും ഒരു ചുക്കും സംഭവിക്കുകയുമില്ല. അതുവഴി, ഭണ്ഡാരത്തിൽ വീഴുന്ന നേർച്ചക്കാശിൽ ഒരു ചില്ലിക്കാശിന്റെപോലും കുറവു് വരുമെന്നു് ഭയപ്പെടേണ്ടതുമില്ല. മതപരമായ അതിസാരോപദേശങ്ങളുടെ അനവരതമായ ആവർത്തനത്തിനു് ഒരൊറ്റ ലക്ഷ്യമേയുള്ളു: വിഡ്ഢിത്തത്തെ വിർച്യൂ ആക്കി മാറ്റുക!

വിശ്വാസികൾ ദൈവത്തെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിൽ ഇതിനേക്കാൾ എത്രയോ അടിസ്ഥാനരഹിതവും അസ്വീകാര്യവുമായ തെറ്റുകൾ ഉപയോഗിച്ചു് കാണാറുള്ളതുകൊണ്ടാണു് ഇതിവിടെ പറഞ്ഞതു്. ദൈവം പ്രപഞ്ചാതീതനാണെന്നു് അവർ പറയുന്നു, ദൈവത്തിനു് അതേസമയം തന്നെ പ്രപഞ്ചത്തിനുള്ളിൽ ആയിരിക്കാനാവുമെന്നു് അവർ പറയുന്നു, ദൈവം ദ്രവ്യമാവാമെന്നും ദ്രവ്യമല്ലാതിരിക്കാമെന്നും അവർ പറയുന്നു. അവരുടെ ദൈവം, അവരുടെ വിശ്വാസം, അവരുടെ വാദമുഖങ്ങൾ, അവരുടെ ശരികൾ! പക്ഷേ, അവയ്ക്കൊക്കെ ശാസ്ത്രവുമായി എന്തു് ബന്ധം? ആധുനികശാസ്ത്രം യൂറോപ്പിൽ വളരാൻ ആരംഭിച്ച കാലഘട്ടത്തിൽ മതം അവിടെ ശക്തമായിരുന്നു. അതിനാൽ, ശാസ്ത്രജ്ഞാനത്തെ പൗരോഹിത്യത്തിനു് മുന്നിൽ ന്യായീകരിക്കേണ്ടതു് ഒരു ബാദ്ധ്യതയായി ശാസ്ത്രജ്ഞരിൽ അടിച്ചേൽപ്പിക്കാൻ അക്കാലത്തു് മതത്തിനു് കഴിഞ്ഞിരുന്നു. അതേസമയം, മതങ്ങളുടെ വിടുവായത്തങ്ങൾക്കു് ഒരു മറുപടി കൊടുക്കേണ്ട ബാദ്ധ്യതപോലും ഇല്ലാത്ത വിശ്വാസയോഗ്യത ഇന്നു് ചിന്തയുടെ ലോകം ശാസ്ത്രത്തിനു് അംഗീകരിച്ചുനൽകിക്കഴിഞ്ഞു. അതേസമയം, മതത്തിന്റെ വിശ്വാസയോഗ്യത എന്നതിനു് മനുഷ്യരുടെ അജ്ഞത എന്നതിൽ കവിഞ്ഞ ഒരർത്ഥം ഇന്നു് ബൗദ്ധികലോകത്തിൽ നിലവിലില്ല എന്നതാണു് വാസ്തവം. വിശ്വാസികൾക്കു് അതു് മനസ്സിലാവുന്നില്ലെങ്കിൽ അതു് അവരുടെ മാത്രം പ്രശ്നമാണു്, അതിനു് മറ്റാരെയും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല.

ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്നതു്, കപ്യാർക്കും, ‘ള്ള’ക്കുഞ്ഞിനും മനസ്സിലാവുന്ന ‘പാപ്പക്കഞ്ഞി’ രഹസ്യങ്ങൾ മാത്രമായിരുന്നു കൈവെട്ടലിലും, കണ്ണു് ചൂഴ്‌ന്നെടുക്കലിലും, കല്ലെറിഞ്ഞു് കൊല്ലലിലും ഡോക്ടറേറ്റുള്ള പഴയ ദൈവം ലോകാവസാനത്തോളം ലിപി പരിഷ്കരണം വഴിപോലും ഒരു വള്ളിയോ പുള്ളിയോ മാറിപ്പോവാൻ താൻ സമ്മതിക്കില്ലെന്നു് വീമ്പിളക്കി ഇതുവരെ വിളമ്പിക്കൊണ്ടിരുന്ന പ്രപഞ്ചരഹസ്യങ്ങൾ. ഇപ്പോൾ കപ്യാരും മുക്രിയുമെല്ലാം പള്ളികളിലെ പ്രാർത്ഥനാവേളകളിൽ സ്റ്റ്രിംഗ്‌ തിയറിയും ലൂപ്പ്‌ ക്വാണ്ടം ഗ്രാവിറ്റേഷനുമൊക്കെയാണു് മുക്രയിട്ടുകൊണ്ടിരിക്കുന്നതു് എന്നതിനാലാവാം, പ്രപഞ്ചരഹസ്യങ്ങളെപ്പറ്റിയുള്ള പ്രേഷിതവേലകളിൽ ഇനിയൊരൽപം ഡിഫറൻഷ്യൽ ഇക്വേഷനുകളൊക്കെയായി അൽപം ഗണിതശാസ്ത്രം കൂടി കൂട്ടിച്ചേർക്കുന്നതിൽ തെറ്റില്ല എന്നു് മഹാനുഭാവനായ ദൈവത്തിനു് തോന്നിത്തുടങ്ങി എന്നു് ദൈവമക്കൾക്കു് തോന്നിത്തുടങ്ങിയതു്! ദൈവത്തിന്റെ സ്വന്തക്കാർ എപ്പോഴും അങ്ങനെയാണു്: ആണികളിൽ തൂങ്ങുന്നതിനാൽ കുരിശിൽ നിന്നും ഇറങ്ങിവന്നു് കരണക്കുറ്റിക്കടിക്കാൻ യേശുവിനാവില്ല എന്ന ഉറപ്പിന്റെ പേരിൽ ജനാധിപത്യത്തിന്റെ (‘അൽമായരുടെ പരമമായ ആധിയുടെയും പൈത്യത്തിന്റെയും’ എന്നു് കൂടുതൽ ശരി) ഉജ്ജാലയിൽ മുങ്ങിക്കുളിച്ചു് നീലക്കുറുക്കന്മാരായി ലോകമദ്ധ്യേ പ്രത്യക്ഷപ്പെടാൻ മടിക്കാത്ത കത്തോലിക്കാപ്പുരോഹിതരെ ശ്രദ്ധിക്കുക. നയാഗ്ര വെള്ളച്ചാട്ടത്തിനടിയിൽ നാലുദിവസം നിർത്തിയശേഷം ചോദിച്ചാലും സ്വന്തം നീലനിറത്തിനു് അൽപം പോലും മങ്ങൽ വന്നിട്ടില്ല എന്ന ഉത്തമബോദ്ധ്യമേ പ്രതികരണമായി അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളു. ഏത് വിശ്വാസിയും അതുപോലെതന്നെ.

 
5 Comments

Posted by on Sep 22, 2011 in പലവക

 

Tags: ,

5 responses to “ദൈവാത്മജമലയാളി പ്രബുദ്ധനാണു്

 1. Santosh

  Sep 22, 2011 at 16:52

  Good…. Continue…

   
 2. Ravichandran C

  Sep 23, 2011 at 06:50

  തന്റെ പുഴുക്കടി മാറ്റിത്തരാനായി സ്ഥലകാലാതീതനായ പ്രപഞ്ചനാഥനോടു് കണ്ണീരും അതിന്റെ ഒഴിവാക്കാനാവാത്ത പാർശ്വഫലമായ മൂക്കൊലിപ്പുമായി വലിയവായിൽ കരഞ്ഞുവിളിച്ചു് പ്രാർത്ഥിക്കുമ്പോൾ വാഴ വെട്ടിയിട്ടപോലെ ഏതു് മൂലയിലേക്കാണു് അവൻ വീഴുന്നതു് മുതലായ കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണെന്നതിനാൽ, അവയെ ഒരിക്കലും വില കുറച്ചു് കാണരുതു് എന്നൊരു ‘ഗുണനപാഠം’ കൂടി ഇതിലുണ്ടു്. അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ പിന്നീടൊരിക്കലും തിരുത്താനാവാത്തവിധം ഗുരുതരമായിരിക്കും. ദൈവം സർവ്വവ്യാപിയും പുഴുക്കടിയുള്ളവരോടു് കരുണാകരനുമാകുന്നു. ചുണങ്ങാണു് മാറേണ്ടതെങ്കിൽ പുഴുക്കടി എന്നതിനു് പകരം ചുണങ്ങു് എന്നേ പറയാവൂ. താരനാണു് ശല്യക്കാരനെങ്കിൽ താരൻ എന്നു് പറഞ്ഞാൽ മതി. പറഞ്ഞാൽ മതിയെന്നല്ല, അങ്ങനെതന്നെ പറഞ്ഞേ പറ്റൂ. താരനെയാണോ ചുണങ്ങിനെയാണോ ചുരണ്ടിയെടുത്തു് നരകത്തിലേക്കു് ചുഴറ്റിയെറിയേണ്ടതെന്നു് അറിയാൻ ആവശ്യമായ ഇൻഫർമേഷൻ യഥാസമയം ദൈവത്തിനു് നൽകാതെ ദൈവത്തെക്കൊണ്ടു് വേണ്ടാത്തിടത്തെല്ലാം കയ്യിട്ടു് വാരിച്ചു് നീ നിന്റെ ദൈവത്തെ ചുമ്മാ ദ്വേഷ്യം പിടിപ്പിക്കരുതു് എന്ന ദൈവകൽപന സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന സന്ദർഭം ഓർത്തുകൊൾക. അവൻ ചൊറിയുന്നവൻ മാത്രമല്ല, എല്ലാം അറിയുന്നവനുമാണു്.>

  മനുഷ്യരെ മന:പൂര്‍വം ചിരിപ്പിച്ചുകൊല്ലാനുള്ള ഗൂഡാലോചന നടത്തിയതിന് എ.പി.സി 123/23-B പ്രകാരം താങ്കള്‍ക്ക് ഘോരദണ്ഡന ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്.

   
  • c.k.babu

   Sep 23, 2011 at 07:07

   സാറ്റയർ പോലും ഏൽക്കാതായ ഒരു സമൂഹത്തെ എഴുതിത്തള്ളുകയല്ലാതെ വേറേ നിവൃത്തിയൊന്നുമില്ലെന്ന് ഇരുപതാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ എഴുത്തുകാരൻ. അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ടാവണം. 🙂

    
 3. sankarvp

  Sep 27, 2011 at 09:21

  ന്യുട്രിനോയെ കുറിച്ച് ഒരു പുതിയ പോസ്റ്റ്‌ ഇടുന്നില്ലേ ……..?

   
  • c.k.babu

   Sep 27, 2011 at 20:06

   ന്യുട്രിനോയുടെ വേഗത പ്രകാശത്തിന്റേതിനേക്കാൾ കൂടിയതാണോ എന്ന സംശയത്തിന് ഇടം നൽകുന്ന ആ മെഷർമെന്റിനെക്കുറിച്ച് ശാസ്ത്രസമൂഹം പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ന്യുട്രിനോയുടെ പിണ്ഡത്തെ സംബന്ധിച്ചുതന്നെ പൊതുവായ ഒരു ധാരണ ഇതുവരെ നിലവിലില്ല. പൂജ്യമെന്നും പൂജ്യത്തിൽ നിന്നും ഭിന്നമെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ന്യുട്രിനോയെ പരീക്ഷണവിധേയമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ അറിയാവുന്നവർക്ക് അതൊക്കെ മനസ്സിലാക്കാനും പ്രയാസമുണ്ടാവില്ല. പക്ഷേ, വിശ്വാസിസമൂഹം മറ്റേത് കാര്യത്തിലുമെന്നപോലെ ഇവിടെയും കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്നത് സ്വാഭാവികം. അതിന് വലിയ ചിലവുമില്ല. അവർക്ക് കഴിയുന്നതിൽ കൂടുതൽ അവരിൽ നിന്നും പ്രതീക്ഷിക്കുന്നതാണ് തെറ്റ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നരകത്തിലെ വറചട്ടിയിലും സ്വർഗ്ഗത്തിലെ യുവസുന്ദരികളിലുമൊക്കെ വിശ്വസിക്കുന്ന ദയനീയാത്മാക്കൾ നടത്തുന്ന “ശാസ്ത്രീയാപഗ്രഥനങ്ങൾക്ക്” എന്ത് വിലനൽകണമെന്ന് ചിന്തിച്ചാൽ മതി. അത്തരം ജല്പനങ്ങളെ അവ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം. “എല്ലാം ദൈവം” എന്ന രണ്ടുവാക്ക് മറുപടിയിൽ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം കാണാനല്ലാതെ മറ്റൊന്നിനും ശേഷിയില്ലാതെ, കോൺസ്പിരസി തിയറികളും ഊഹാപോഹങ്ങളുമായി ഉലകം ചുറ്റുന്ന കുറെ ഉസ്താദുമാർ!

   ശാസ്ത്രലേഖനങ്ങൾ എഴുതാൻ സമയദാരിദ്ര്യമല്ലാതെ വിഷയദാരിദ്ര്യം ആർക്കെങ്കിലും ഒരു പ്രശ്നമാവേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത്ര വിശാലമാണ് ആ ലോകം. ആയിരവും രണ്ടായിരവും അതിലൊക്കെ കൂടുതലും വർഷങ്ങൾ സത്യത്തിന്റെ “മൂർത്തവും അമൂർത്തവും” (മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതും) ആയ ദൈവത്തിന്റെ വിശ്വരൂപത്തോടൊത്ത് സഹവസിച്ചിട്ടും “സത്യാന്വേഷണം” മാത്രം ഇന്നും പൂർത്തിയാവാത്ത, എന്നെങ്കിലും പൂർത്തിയാവാൻ സാദ്ധ്യതയുമില്ലാത്ത വിശ്വാസിക്കൂട്ടങ്ങൾക്കും വിഷയദാരിദ്ര്യമില്ല: “ദൈവം ഒരുപാട് വലിയതാണ്” എന്ന ഒരു വാചകം തന്നെ അവർക്ക് എടുത്താൽ പൊങ്ങാത്തതാണ്. (“ഒരുപാട് വലിയത്” എന്ന വാക്കാവാം ഒരുപക്ഷേ അതിന്റെ കാരണം) അതുകൊണ്ട് അവർ അത് തന്നെയും പിന്നെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. “പയ്യെത്തിന്നാൽ പനയും തിന്നാം”. ഈ ഹോബിയിൽ മുഴുകുന്നതുവഴി അവർക്ക് സമയദാരിദ്ര്യവുമില്ല. ഒരു ജീവിതകാലം മുഴുവനുമാണ് അവർക്ക് അതിനായുള്ളത്.

   കേൾക്കുന്നത് എന്തെന്ന് പോയിട്ട് പറയുന്നത് എന്തെന്നുപോലും അറിയാൻ കഴിയാതെ എന്തെങ്കിലുമൊക്കെ വിളിച്ച് പറയേണ്ടിവരുന്ന ഒരു മാനസികാവസ്ഥയെ ദയനീയം എന്നേ വിശേഷിപ്പിക്കാൻ പറ്റൂ. അങ്ങനെ വിശേഷിപ്പിച്ചാലും അവസ്ഥയിൽ മാറ്റമൊന്നും വരികയില്ല എന്നതാണ് അതിനേക്കാൾ കഷ്ടം! ഈയിടെയായി ദൈവംതന്നെയാണ് സ്രഷ്ടാവ് എന്നൊരു തോന്നൽ എനിക്കുമുണ്ട് – ചുരുങ്ങിയപക്ഷം വിശ്വാസികളെയെങ്കിലും സൃഷ്ടിച്ചുവിടുന്നത് അവനായിരിക്കണം. വിത്തുഗുണം പത്തുഗുണം! ഇതുപോലൊരു വിത്ത് “നിത്യജീവി”യായ ഒരു ദൈവത്തിൽ നിന്നുമല്ലാതെ മറ്റേതെങ്കിലുമൊരു നശ്വരജീവിയിൽ നിന്നും വരുന്നതാണെന്ന് വിശ്വസിക്കാൻ എനിക്കാവുന്നില്ല. നിത്യതയിൽ നിന്നല്ലാതെ നിത്യമായി മാറ്റമില്ലാത്ത ജന്മങ്ങൾ രൂപമെടുക്കുമോ?

    

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: