RSS

വെള്ളമടിക്കാത്ത ചന്ദ്രൻ

21 Jul

ഇതൊരു കോൺസ്പിരസി തിയറിയാണു്. അതു് തലക്കെട്ടു് കണ്ടാൽ തന്നെ അറിയരുതോ? വെള്ളമടിക്കുന്ന ചന്ദ്രനെ വെള്ളപൂശി വെള്ളമടിക്കാത്തവനെന്നു് വരുത്താനുള്ള അമേരിക്കൻ ഗൂഢാലോചനയാണു് ഇതിന്റെ പിന്നിൽ. അതുപോലെ, നാറ്റ്‌സി ജർമ്മനി ഒരൊറ്റ യഹൂദനെയും കൊന്നിട്ടില്ല. അതും അമേരിക്ക-ഇസ്രായേൽ അച്ചുതണ്ടു് പറഞ്ഞുപരത്തുന്ന ഒരു കൺസ്പിരസി തിയറിയാണു്. രണ്ടാം ലോകയുദ്ധാരംഭം, യുദ്ധാവസാനം, Stauffenberg-ന്റെ നേതൃത്വത്തിൽ ഹിറ്റ്‌ലറിനുനേരെ നടന്ന വധശ്രമം അങ്ങനെ യുദ്ധചരിത്രസംബന്ധമായി പ്രധാന്യമുള്ള എല്ലാ സംഭവങ്ങളുടെയും വാർഷികദിനങ്ങളിൽ ജർമ്മൻ മാധ്യമങ്ങൾ നാറ്റ്‌സി ക്രൂരതയുടെ ചിത്രങ്ങളും വാർത്തകളുമെല്ലാം പ്രസിദ്ധീകരിക്കാറുണ്ടു്. (ഇന്നലെ ആ വധശ്രമത്തിന്റെ അറുപത്തേഴാം വാർഷികമായിരുന്നു.) സ്വന്തസമൂഹത്തിന്റെ കറുത്ത ഭൂതകാലം ജനങ്ങൾ മറക്കാതിരിക്കുക, അതിൽ നിന്നും പാഠം ഉൾക്കൊള്ളുക ഇതൊക്കെയാണു് അവർ അതുവഴി ലക്ഷ്യമാക്കുന്നതു്. അങ്ങനെ, യൂദർ, ജിപ്സികൾ, മന്ദബുദ്ധികൾ, പോളണ്ടുകാർ, ഹോമോസെക്ഷ്വൽസ്‌, യഹോവാസാക്ഷികൾ തുടങ്ങിയ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയ സ്വന്തം പൂർവ്വകാലചരിത്രം ജർമ്മൻ സമൂഹം പരസ്യമായി അംഗീകരിച്ചു് പശ്ചാത്താപം പ്രകടിപ്പിക്കുമ്പോഴും, ലോകചരിത്രം എന്നു് കേൾക്കുമ്പോൾ തല മണലിൽ പൂഴ്ത്തുന്ന കുറെ ഒട്ടകപ്പക്ഷികൾക്കു് അതിനേക്കാളൊക്കെ വിശ്വസനീയമായതു് ഇറാൻ പ്രസിഡന്റ്‌ അഹ്മദി നെജാദോ അതുപോലുള്ള വേറെ കുറെ എക്സെന്ട്രിക്കുകളോ യാതൊരു അടിസ്ഥാനവുമില്ലാതെ വിളമ്പുന്ന വിഡ്ഢിത്തങ്ങളാണു്. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്നു് വരുത്താനുള്ള കുത്സിതശ്രമങ്ങളാണു് അതെല്ലാമെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കും ഒരടിത്തറയുണ്ടാവുന്നതു് നല്ലതാണെന്നതിനാൽ Holocaust-ന്റെ ഒരു ലിങ്ക്‌ ഇവിടെ കൊടുക്കുന്നു. അതല്ലാതെ, ചരിത്രനിഷേധികളെ കൺവിൻസ്‌ ചെയ്യിക്കാമെന്ന വ്യാമോഹമോ, ചെയ്യിക്കണമെന്ന യാതൊരു നിർബന്ധമോ എനിക്കില്ല.

തനിക്കു് കേൾക്കേണ്ടതു് മാത്രം കേൾക്കാൻ കഴിയുന്ന മനുഷ്യൻ എന്ന ജീവി അതു് പറയുന്നവനു്, അവൻ പറയുന്നതു് എത്ര വലിയ മണ്ടത്തരമായാലും, “ആഹോയ്‌” വിളിച്ചുകൊണ്ടിരിക്കും. യുദ്ധകാലത്തെ ക്രൂരതകളും ദുരിതങ്ങളും നേരിട്ടു് കണ്ടവരിലും അനുഭവിച്ചവരിലും ഇന്നും ജീവിച്ചിരിക്കുന്ന മനുഷ്യർ നൽകുന്ന സാക്ഷ്യപത്രങ്ങളൊന്നും അത്തരക്കർക്കു് ബാധകമായ കാര്യങ്ങളല്ല. അല്ലെങ്കിൽത്തന്നെ, വസ്തുനിഷ്ഠമായ ലോകചരിത്രം അവരുടെ ഗുഹകളിൽ എത്താറില്ല, എത്താൻ അവരുടെ കാവൽനായ്ക്കൾ അനുവദിക്കാറുമില്ല. ഓരോ കൂട്ടവും അവരുടേതായ ലോകചരിത്രങ്ങൾ തട്ടിക്കൂട്ടിയിട്ടുണ്ടു്. അവരുടേതായ ദൈവം, അവരുടേതായ മതം, അവരുടേതായ വിശ്വാസപ്രമാണങ്ങൾ, അവരുടേതായ ലോകചരിത്രം … അതിനു് വെളിയിലുള്ളവ മുഴുവൻ ഒന്നുകിൽ തെറ്റാണു്, അല്ലെങ്കിൽ തങ്ങൾക്കെതിരായുള്ള ഗൂഢാലോചനകളാണു്. അവർക്കു് ഇഷ്ടമല്ലാത്ത അഭിപ്രായങ്ങൾ പറയുന്ന മനുഷ്യരെല്ലാം, അവരുടെ വിശ്വസനീയതയും ആധികാരികതയും ലോകത്തിൽ പൊതുവെ അംഗീകരിക്കപ്പെടുന്നതാണെങ്കിൽ പോലും, ശത്രുക്കൾക്കു് വേണ്ടി ചാരപ്രവൃത്തി ചെയ്യുന്നവരാണു്. തലമുറകളിലൂടെ വളർത്തിയെടുത്തതും, നിരന്തരം ഊട്ടിയുറപ്പിക്കപ്പെടുന്നതുമായ ഈ പാരനോയ മൂലം കണ്ണും മനസ്സും മൂടപ്പെട്ടതിനാൽ സ്വന്തം വിശ്വാസം മാത്രമാണു് ശരി എന്നതൊഴികെ മറ്റേതെങ്കിലും ഒരു കാര്യത്തിൽ വസ്തുനിഷ്ഠമോ യുക്തിസഹമോ ആയ ഒരു കൺക്ലൂഷനിൽ എത്തിച്ചേരാൻ അവർക്കാവുകയുമില്ല. അന്യചിന്തകളേയും, വിശ്വാസങ്ങളേയും, മനുഷ്യന്റെ മാനസികവളർച്ചയുടെ തെളിവായ യുക്തിബോധത്തേയും പൈശാചീകരിക്കുക കൂടി ചെയ്യുമ്പോൾ, സ്വന്തം മാനസികവിഭ്രാന്തി മറ്റുള്ളവരുടേതാണെന്നു് വരുത്താൻ വളരെ എളുപ്പമാണുതാനും.

അമേരിക്ക മനുഷ്യനെ ചന്ദ്രനിൽ ഇറക്കി എന്നതു് യുക്തിവാദികളും നിരീശ്വരവാദികളും പറഞ്ഞുപരത്തുന്ന ഒരു പച്ചക്കള്ളമാണു്. 1969 മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ Apollo-11, Apollo-12, Apollo-14, Apollo-15, Apollo-16, Apollo-17 എന്നീ പ്രോഗ്രാമുകൾ വഴി ഓരോവട്ടവും ഈരണ്ടുപേർ വീതം പന്ത്രണ്ടു് പേരെ ചന്ദ്രനിൽ എത്തിച്ചു എന്ന അമേരിക്കയുടെ അവകാശവാദം പൊള്ളയാണു്. അപ്പോളൊ എന്നൊരു പ്രോഗ്രാമേ ഉണ്ടായിട്ടില്ല. എല്ലാം വ്യാജ വീഡിയോകൾ കാണിച്ചുകൊണ്ടുള്ള തട്ടിപ്പായിരുന്നു. ഭാവിയിലേക്കു് ഒരു മുൻകരുതൽ എന്ന നിലയിൽ പട്ടി എല്ലു് മണ്ണിൽ കുഴിച്ചിടുന്നതുപോലെ, ശ്രീമാനായ സദ്ദാം ഹുസൈൻ (എന്തെങ്കിലും കാരണവശാൽ വഴിതെറ്റി ഇവിടെ എത്തുന്ന വ്യാകരണക്കാർ “ശ്രീമാനായിരുന്ന സദ്ദാം ഹുസൈൻ” എന്നു് വായിക്കുക. ശാപമോക്ഷം കിട്ടിയില്ലെങ്കിലും പേരുദോഷം ഉണ്ടാവരുതല്ലോ), മരുഭൂമി നിറയെ മാസ്‌ ഡിസ്ട്രക്ഷനുള്ള “ABC” ആയുധങ്ങൾ കുഴിച്ചിട്ടിരിക്കുകയാണെന്നു് നുണ പറഞ്ഞു് ജോർജ്‌ “ഡബിൾ യു” ബുഷ്‌ നമ്മളെ പറ്റിച്ചതും മതപരിവർത്തനയോഗങ്ങളിലെ പടം കാട്ടിപ്രസംഗം പോലെ “തുണ്ടുപടങ്ങൾ” കാണിച്ചല്ലേ? ഉഗ്രപ്രതാപിയായ പഞ്ചപാവം കോളിൻ പവ്വൽ പോലും ആ കെണിയിൽ വീണു് “തത്തമ്മ പൂച്ച പൂച്ച” പോലെ എല്ലാം ഏറ്റുപാടിക്കൊണ്ടു് ബുഷിന്റെ പുറകെ നടന്നില്ലേ, കുറച്ചുനാളാണെങ്കിൽ കുറച്ചുനാൾ? ദൈവം എല്ലാം അറിയുന്നവനാണു്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന കാര്യം മാത്രമല്ല, അമേരിക്കയിൽ ബുഷ്‌ മൂന്നാമതൊരു വട്ടം കൂടി പ്രസിഡന്റ്‌ ആവുകയില്ലെന്നും ദൈവത്തിനു് അറിയാമായിരുന്നു. അഥവാ ആയിരുന്നെങ്കിൽ ദൈവം ബുഷിനെ കളി പഠിപ്പിക്കുമായിരുന്നു. അക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ? ഉണ്ടെങ്കിൽ ഒന്നുകിൽ ഇപ്പോൾ പറയണം. അല്ലെങ്കിൽ, ചത്തൊടുങ്ങുന്നതുവരെ നിശബ്ദത പാലിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണു്. ചില യൂറോപ്യൻ പള്ളികളിൽ കല്യാണസമയത്തു് സന്നിഹിതരായിരിക്കുന്നവരോടു് പുരോഹിതൻ പറയാറുള്ളതും അങ്ങനെതന്നെയാണു്: ഈ കല്യാണത്തിനു് ആർക്കെങ്കിലും സ്ഥാവരമോ ജംഗമമോ ആയ എതിർപ്പുകൾ വല്ലതുമുണ്ടെങ്കിൽ ഇപ്പോൾ, ഈ നിമിഷം പറഞ്ഞുകൊള്ളണം, അല്ലെങ്കിൽ മരണം വരെ “മൗനം ഭജ, മൗനം ഭജ, ഭജ മൗനം നീ മൂഢമതേ”! (പുരോഹിതന്റെ “മൂഢമതേ” എന്ന അഭിസംബോധന സ്ത്രീപുരുഷഭേദമെന്യേ ഭക്തരിൽ കെട്ടഴിച്ചുവിടുന്ന ആത്മീയഓർഗാസം അതിഭയങ്കരമായിരിക്കണം! “മൂഢാ” എന്ന പുരോഹിതവിളി കേൾക്കുമ്പോൾ വിനയാന്വിതനായി “എന്തോ” എന്നു് വിളി കേൾക്കുന്നവനാണു് യഥാർത്ഥ ദൈവവിശ്വാസി. അതുകൊണ്ടാവണം തിരുവാസനങ്ങളെക്കൊണ്ടു് “മൂഢാ” എന്നു് വിളിപ്പിക്കാനും വിളി കേൾക്കാനും ഭക്തജനങ്ങൾ ഇത്ര ആവേശം കാണിക്കുന്നതു്.)

ഞാൻ നിങ്ങളോടു് ഒരു രഹസ്യം പറയാം. ഈ ലോകം മുഴുവൻ ഗൂഢാലോചനകളാണു്. നമുക്കു് മനസ്സിലാവാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ വിവരങ്ങളും ഒന്നടങ്കം വിവരദോഷങ്ങളും കൺസ്പിരസിയുടെ ഫലവുമാണു്. വിവരസാങ്കേതികവിദ്യ വിപ്ലവാത്മകമായി വികസിക്കുന്നു എന്നൊക്കെ എന്നെപ്പോലെതന്നെ നിങ്ങളും കേൾക്കാറുണ്ടല്ലോ. പക്ഷേ, ആരുടെയെങ്കിലും വിവരം അൽപമെങ്കിലും വികസിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരത്തിൽപെട്ട ആരെയെങ്കിലും റിയൽ ലോകത്തിലോ വിർച്വൽ ലോകത്തിലോ നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. അതുപോലൊരു മ്യൂട്ടന്റിനെ കാണാനുള്ള ഭാഗ്യം എനിക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഈ “ഐടി ഇൻഫ്ലേഷൻ” തിയറിയും ഒരു യൂറോ-അമേരിക്കൻ കൺസ്പിരസിയുടെ ഫലമാണു്. വിദ്യ വികസിക്കുമ്പോഴും വിവരം വികസിക്കുന്നില്ലെങ്കിൽ അതിനെ വിവരസാങ്കേതികവിദ്യയുടെ വികാസം എന്നെങ്ങനെ വിളിക്കും? പറയുമ്പോൾ നമ്മൾ എപ്പോഴും സദാചാരത്തിന്റെയും സിൽസിലയുടെയും കാര്യം മാത്രം പറഞ്ഞാൽ പോരല്ലോ, വ്യാകരണത്തിന്റെ കാര്യവും പറയേണ്ടേ? നിങ്ങൾ ഈ ലോകത്തെ രക്ഷപെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ? വ്യാകരണത്തെപ്പറ്റി നിശബ്ദത പാലിച്ചുകൊണ്ടു് ഈ ലോകത്തെ രക്ഷപെടുത്താമെന്നാണു് നിങ്ങൾ കരുതുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല. അതു് സംബന്ധമായി ഉള്ളകാര്യം ഞാൻ പറഞ്ഞാൽ ഉറിയുംകൂടി ചിരിക്കും. ചെറുപ്പത്തിൽ എനിക്കു് മഞ്ഞപ്പിത്തമാണെന്നു് കണ്ടെത്തി ഒരു പൊട്ട നാട്ടുവൈദ്യൻ എന്നെക്കൊണ്ടു് ദിവസങ്ങളോളം ആട്ടിൻകാട്ടം പോലുള്ള ഗുളികകൾ വിഴുങ്ങിക്കുകയും, ദിവസേന അതിരാവിലെ തണുത്ത വെള്ളത്തിൽ അൻപത്തൊന്നുവട്ടം മുങ്ങിക്കുകയും, ഈ കലാപരിപാടികൾ അന്ത്യം കാണുന്നതുവരെ കഠിനമായ പഥ്യം നോക്കണമെന്നു് കർശനമായി കൽപിക്കുകയും ചെയ്ത കാലം മുതൽ ഉറിയുടെ ചിരി കാണുന്നതു് എനിക്കത്ര പഥ്യമല്ല. അത്രയും രുചിയോടെ നല്ല നാടൻ പച്ചമുളകു് കീറിയിട്ടു് പുഴമീനിനെ കുടമ്പുളി പറ്റിച്ചതു് ആ പഥ്യകാലത്തിനു് മുൻപോ അതിനുശേഷമോ ഞാൻ കഴിച്ചിട്ടില്ല. മനുഷ്യരെ തല്ലിക്കൊല്ലാൻ മാത്രമുള്ള ആരോഗ്യം എനിക്കു് ഉണ്ടാവുന്നതിനു് മുൻപു് ആ വൈദ്യസ്വരൂപി ഇഹലോകവാസം വെടിഞ്ഞതു് അങ്ങേരുടെ ഭാഗ്യം, ഒരർത്ഥത്തിൽ എന്റേയും.

ഗൂഢാലോചനക്കാർ മീനിനെ പറ്റിക്കുന്നതുപോലെ നമ്മളെ നിർദ്ദാക്ഷിണ്യം ഒട്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം: ഈ സൈറ്റിൽ പോയാൽ നിങ്ങൾക്കു് ഒരു Timeline of Solar System exploration കാണാം. അതു് മുഴുവൻ നുണയാണു്. റഷ്യ, അമേരിക്ക, ജപ്പാൻ, ചൈന എല്ലാം കൂടി ഒത്തൊരുമിച്ചു് ലോകസമൂഹത്തെ വഞ്ചിക്കാനായി നടത്തുന്ന ഒരു കള്ളക്കളിയാണതു്. ഈ കളിയിൽ ഇപ്പോൾ ഇൻഡ്യയും ചേർന്നിരിക്കുന്നു! ഇതുപോലുള്ള പടങ്ങൾ, വീഡിയോകൾ, ലേഖനങ്ങൾ മുതലായവ വ്യാജമായി നിർമ്മിച്ചു് ഇന്റർനെറ്റ്‌ നിറയ്ക്കാനായി അവരെല്ലാം കൂടി കൂലികൊടുത്തു് ആളുകളെ നിർത്തിയിരിക്കുകയാണു്. രഹസ്യ അജൻഡ എന്നു് കേട്ടിട്ടില്ലേ? അതാണു് സാധനം. നമ്മൾ വളരെ കരുതിയിരിക്കണം. ഇക്കാര്യത്തിൽ കൂടുതൽ വിശദമാക്കാൻ എനിക്കു് തത്കാലം നിർവാഹമില്ല. പെന്റഗൺ എന്നെ വീക്ഷിക്കുന്നുണ്ടു്. ഇതു് ഞാൻ A Beautiful Mind-ലെ പ്രൊഫസ്സർ നാഷ്‌ പറയുന്നപോലെ പറയുന്നതല്ല. ഇതെല്ലാം ദൈവവെളിപാടു് പോലെ സത്യമായ കാര്യങ്ങളാണു്. ഗൂഗിളും കൺസ്പിരേറ്റർമ്മാരുടെ പക്ഷത്താണു്. ഗൂഗിളിനു് ഈ പണമെല്ലാം എവിടെനിന്നു് കിട്ടുന്നു എന്നാണു് നിങ്ങളുടെ വിചാരം? എല്ലാം ഒത്തുകളിയാണു്. അല്ലെങ്കിൽ നമ്മുടെ ചോദ്യങ്ങൾക്കു് അവരാരും മറുപടി പറയാത്തതു് എന്തുകൊണ്ടു്? ഞാൻ എന്റെ ടിറ്ററിലും പീസ്‌ ബുക്കിലും ഗൂഗിൾ ബസിലും ഒബാമയെ ഒന്നിലധികം പ്രാവശ്യം നേരിട്ടു് വെല്ലുവിളിക്കുകയുണ്ടായി. 1. “നിങ്ങൾ സത്യത്തിൽ ചന്ദ്രനിൽ ഇറങ്ങിയോ?” 2. “ചന്ദ്രനിൽ നിങ്ങൾ യഥാർത്ഥത്തിൽ വെള്ളം കണ്ടെങ്കിൽ എത്ര കുടം വെള്ളമാണു് കണ്ടതെന്നു് വെളിപ്പെടുത്താൻ എന്താണു് നിങ്ങൾക്കിത്ര മടി?” ഈ രണ്ടു് നിസ്സാരചോദ്യങ്ങളായിരുന്നു എന്റേതു്. ഇതുവരെ ഒരൊറ്റ മറുപടിപോലും അങ്ങേർ എനിക്കു് നൽകിയിട്ടില്ല. അതെന്തുകൊണ്ടാണെന്നു് കരുതി? സംഗതി ടോപ്‌ സീക്രട്ട്‌ ആയതിനാൽ ഉള്ളിൽ പേടിയില്ലാതിരിക്കുമോ? മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും, ചന്ദ്രനിൽ വെള്ളമടി ഇല്ലെന്നുമുള്ള സത്യം ലോകമറിഞ്ഞാൽ പ്രസിഡന്റ്‌ പദവി കുളിക്കാൻ പോകുമെന്നും ആകെ നനയുമെന്നും അറിയാവുന്നതുകൊണ്ടു് ഒബാമ മിണ്ടാതിരിക്കുകയാണു്. ഇനി അഥവാ അങ്ങേർ മറുപടി പറഞ്ഞാൽത്തന്നെ “ചന്ദ്രനിൽ ഇറങ്ങാത്ത നിങ്ങൾ ചന്ദ്രനിൽ വെള്ളമടി ഇല്ല എന്നു് എങ്ങനെ മനസ്സിലാക്കി” എന്ന മൂന്നാമതൊരു എമണ്ടൻ ചോദ്യം കൂടി ഞാൻ അങ്ങോട്ടു് ചോദിച്ചാൽ അങ്ങേരുടെ മുണ്ടാട്ടം മുട്ടിപ്പോകില്ലേ? അതുപോലൊരു നാണക്കേടു് വലിച്ചു് തലയിൽ വച്ചാൽ അങ്ങേരുടെ രണ്ടു് പെൺപിള്ളേർക്കു് നാലു് മലയാളികൾ കേട്ടാൽ “കൊള്ളാം” എന്നു് പറയുന്ന ഒരു തറവാട്ടിൽനിന്നും ആണത്തവും ദൈവവിശ്വാസവും സിനിമാനടന്മാരെപ്പോലെ സൗന്ദര്യവും മലചവിട്ടി പരിചയവുമുള്ള യുവാക്കളേയും കൂട്ടി കല്യാണാലോചനയുമായി ഏതെങ്കിലുമൊരു ബ്രോക്കർ വൈറ്റ്‌ ഹൗസിൽ ചെല്ലുമോ? അതുകൊണ്ടു് കുടുംബകലഹം ഒഴിവാക്കാനായി ഇക്കാര്യത്തിൽ ഒരു മറുപടി പറയുന്നതിൽ നിന്നും C.I.A. ഒബാമയെ കർശനമായി വിലക്കിയിരിക്കുകയാണു്.

അതുപോലെതന്നെയുള്ള മറ്റൊരു ഗൂഢാലോചനയുടെ ഫലമാണു് മനുഷ്യനിർമ്മിതമായ ഒരുപാടു് സാധനങ്ങൾ ചന്ദ്രോപരിതലത്തിൽ കിടക്കുന്നുണ്ടെന്ന നുണ. ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യർ കുടിച്ചുതീർത്ത കൊക്ക കോളയുടെ ക്യാനുകളും, വിസ്കിയുടെ കാലിക്കുപ്പികളും, വലിച്ചുതീർത്ത സിഗററ്റുകളുടെ പായ്ക്കറ്റുകളുമൊക്കെ അവർ തിരിച്ചുകൊണ്ടുവരികയായിരുന്നോ എന്നു് ആരെങ്കിലും ചോദിച്ചാൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ചക്രശ്വാസം വലിക്കില്ലേ? ടൂറിസ്റ്റുകൾ പോലും ഈവക വസ്തുക്കൾ തിരിച്ചു് സ്വന്തം നാട്ടിലേക്കു് കൊണ്ടുപോകാറില്ലാത്ത സ്ഥിതിക്കു് ആസ്റ്റ്രൊണോട്ടുകൾ അവയൊക്കെ തിരിച്ചു് കൊണ്ടുവന്നു എന്നു് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? മലയാളികളും അവർക്കു് ഉള്ള വേസ്റ്റ്‌ വെളിയിൽ നിക്ഷേപിക്കാറുണ്ടു്. എങ്കിലും, കേരളത്തിൽ നാടൻ പന്നിക്കും പട്ടിക്കും വെളിമ്പ്രദേശത്തു് പിക്നിക്ക്‌ നടത്താൻ പ്രത്യേക വിസയുടെ ആവശ്യമില്ലാത്തതിനാൽ പ്രശ്നം അത്ര ഗുരുതരമല്ല. പക്ഷേ, ചില പ്രത്യേക ട്രേഡ്‌ മാർക്ക്‌ അരിയും പൊടിയുമെല്ലാം പറനിറയെ മാർക്കറ്റിൽ എത്തിയതോടെ അമേധ്യഭോജനം വഴി ഉപജീവനം നടത്തിയിരുന്ന പക്ഷിമൃഗാദികളുടെ മരണനിരക്കിൽ വൻപിച്ച വർദ്ധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ്‌ വെളിപ്പെടുത്തുന്നു. എന്നിട്ടും അത്തരം ഹൈ ക്വാളിറ്റി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന മനുഷ്യർ ചത്തൊടുങ്ങാത്തതിന്റെ പേരിൽ ബന്ധപ്പെട്ട കമ്പനി നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണത്രെ! “ഒന്നുകിൽ മനുഷ്യർ ഞങ്ങൾ നൽകുന്ന കമ്പോസ്റ്റും ഫാക്റ്റം ഫോസും എല്ലുപൊടിയും വാങ്ങി തിന്നിട്ടു് മിണ്ടാതിരിക്കുക, അല്ലെങ്കിൽ തിന്നശേഷം തല്ലിപ്പിടഞ്ഞു് ചാവുക” – ഇതാണു് കമ്പനിയുടെ ഡിമാൻഡ്‌. ഈ ഡിമാൻഡ്‌ അപ്പാടെ അംഗീകരിച്ചില്ലെങ്കിൽ ഭാരതമൊട്ടാകെ അനിശ്ചിതകാലത്തേക്കു് ബന്ത്‌ നടത്തി ജനജീവിതം സ്തംഭിപ്പിക്കുമെന്നു് ‘നെല്ലുകുത്തി അരിയുണ്ടാക്കി കളർ കയറ്റി മനുഷ്യരെ തീറ്റിക്കുന്ന ട്രേഡ്‌ യൂണിയൻ’ (NAKKMTTU) പ്രഖ്യാപിച്ചിട്ടുണ്ടു്. ജീവികൾ ഇല്ലാത്ത ചന്ദ്രനിൽ കേരളീയ മാതൃകയിലുള്ള ഒരു വേസ്റ്റ്‌ ഡിസ്പോസൽ സാദ്ധ്യമാവില്ലല്ലോ. ചുരുങ്ങിയ സമയം കൊണ്ടു് രണ്ടു് ആസ്റ്റ്രൊണോട്ടുകൾക്കു് തിന്നുതീർക്കാവുന്ന അളവിനുമില്ലേ ഒരു പരിധിയൊക്കെ. അതുകൊണ്ടു് അത്തരം സാധനങ്ങൾ എല്ലാം അവിടെത്തന്നെ ഇട്ടിട്ടു് പോരുകയായിരുന്നു എന്നു് അവർക്കു് വീണ്ടും നുണ പറയേണ്ടി വന്നു. പതിവുപോലെ, ഈ നുണയും നേരാണെന്നു് വരുത്താൻ പറ്റിയ ഒരു ലിസ്റ്റുണ്ടാക്കി ഇന്റർനെറ്റിലുമിട്ടു. വിശ്വസിക്കുന്നില്ലെങ്കിൽ ഈ സൈറ്റിൽ പോയാൽ നിങ്ങൾക്കതു് നേരിൽ കണ്ടു് ബോദ്ധ്യപ്പെടാം: List of man-made objects on the Moon.

ഇത്രയും നുണകൾ വെളിപ്പെടുത്തിയ സ്ഥിതിക്കു് ഒരേയൊരു സത്യം കൂടി പറഞ്ഞു് അവസാനിപ്പിച്ചേക്കാം.

മുകളിൽ കൊടുത്ത ലിങ്കിലെ ലിസ്റ്റിൽ ഇല്ലാത്ത ചില ചെറിയ വസ്തുക്കളും മനുഷ്യന്റെ വകയായി ചന്ദ്രോപരിതലത്തിൽ ഉണ്ടു്. അവയിൽ പെട്ടതാണു് അപ്പോളൊ-11, 14, 15 എന്നിവയിലെ ആസ്റ്റ്രൊണോട്ടുകൾ അവിടെ ഫിറ്റുചെയ്തിട്ടുപോന്ന Retroreflektors. അവയിലേക്കയക്കുന്ന ലേസർ രശ്മികളെ അതേ ദിശയിൽതന്നെ തിരിച്ചയക്കുമെന്നതാണു് അവയുടെ പ്രത്യേകത. അതുവഴി ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരവും, ചന്ദ്രന്റെ ഓർബിറ്റുമെല്ലാം കൃത്യമായി അളന്നു് തിട്ടപ്പെടുത്താൻ സാധിക്കും. അത്തരം അളവുകൾക്കു് അനുയോജ്യമായ ഒന്നാണു് ജർമ്മനിയിലെ ബവേറിയയിൽ വെറ്റ്‌സെൽ എന്ന സ്ഥലത്തുള്ള ഈ ഗ്രൗണ്ട്‌ സ്റ്റേഷൻ.

 
4 Comments

Posted by on Jul 21, 2011 in പലവക, Uncategorized

 

Tags: ,

4 responses to “വെള്ളമടിക്കാത്ത ചന്ദ്രൻ

  1. Santosh

    Jul 21, 2011 at 18:54

    കൊള്ളാം ബാബുസാര്‍…

     
  2. Ravichandran C

    Jul 31, 2011 at 17:56

    സര്‍,
    താങ്കളുടെ ‘വെള്ളമടിക്കാത്ത ചന്ദ്രന്‍’ എന്ന പോസ്റ്റ് വായിച്ച് അപ്പോളോ യാത്ര തട്ടിപ്പാണെന്നും ചന്ദ്രനില്‍ ജലമില്ലെന്നുമാണ് താങ്കള്‍ പറയുന്നതെന്നും അതിന്റെ കാരണം വിശദീകരിക്കാമോ എന്നും ചോദിച്ചുകൊണ്ട് എന്റെ ബ്‌ളോഗില്‍ ഒരു കമന്റ് വന്നിട്ടുണ്ട്.

     
  3. c.k.babu

    Jul 31, 2011 at 19:36

    Thanks, Santosh.

    ശ്രീ രവിചന്ദ്രന്‍,

    (ഈ കമന്‍റ് ഞാന്‍ താങ്കളുടെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.)

    എന്‍റെ ലേഖനത്തിന്റെ ലേബല്‍ തന്നെ “നര്‍മ്മം” എന്നായിരുന്നു. പോരെങ്കില്‍ തെറ്റിദ്ധാരണ വരാതിരിക്കാനും വസ്തുത എന്തെന്ന് അറിയാനും ഞാന്‍ ലേഖനത്തിലെ എല്ലാ പ്രധാന പോയിന്റുകള്‍ക്കും വിക്കിയിലേക്ക് ലിങ്കും കൊടുത്തിരുന്നു.

    ശാസ്ത്രം പോലെ ഗഹനമായ കാര്യങ്ങളുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുപോലും സര്‍ക്കാസം മനസ്സിലാവുന്നില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.

    വസ്തുതാപരമായി ശ്രീ രവിചന്ദ്രന്‍ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിനോട് എനിക്കൊരു
    വിയോജിപ്പുമില്ല.

     
  4. Jayan;KR

    Aug 4, 2011 at 13:35

    മാപ്പ് ……നന്ദി…..സന്തോഷം….
    സീകെബി സാറിന്റെ “വെള്ളമടിക്കാത്ത ചന്ദ്രന്‍” വെള്ളമടിച്ചിരുന്നു വായിക്കുന്നത് പോലെ വായിച്ചിട്ടാവാം അത് വായിച്ചുതീരുന്നതുവരെ ഞാനാകെ സീരിയസായി ഇരുന്നു പോയി. നര്‍മം എന്നാ വിഭാഗത്തിലാണ് ഇതു വന്നത് എന്നാ കാര്യം നോക്കുവാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. കാര്യങ്ങള്‍ വേണ്ടപോലെ മനസ്സിലാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒരു അബദ്ധവും പറ്റി. അത് നേരെ രവിചന്ദ്രന്‍ സാറിനോട് കേറി ചോദിക്കുകയും ചെയ്തു. ഛെ! .
    ഞാന്‍ ഈ ലോകത്ത് പുതിയതാണ്. പക്ഷെ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതില്‍ പുതിയതോ പഴയതോ എന്നതിന് പ്രസക്തിയില്ല എന്നെനിക്കറിയാം . ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്‌ ക്രിയേറ്റ് ചെയ്തിട്ട് ആദ്യമായി മലയാളത്തില്‍ അയയ്ക്കുന്ന ഒരു കമെന്റ് ആണിത്. അതും
    സീകെബി സാറിനോടുള്ള എന്റെ ക്ഷമാപണവും……….
    എന്റെ തെറ്റ് മനസ്സിലാക്കിത്തന്ന രവിചന്ദ്രന്‍ സാറിനോടുള്ള നന്ദിയും………
    രേഖപ്പെടുതിക്കൊന്ടു തുടങ്ങാനായതില്‍ അല്പം സന്തോഷവും.

     
 
%d bloggers like this: