RSS

ക്രിയേഷനിസം

01 Feb

എന്തുകൊണ്ടാണു് ലളിതമായ ശാസ്ത്രസത്യങ്ങൾ പോലും അംഗീകരിക്കാൻ സൃഷ്ടിവാദികൾക്കു് കഴിയാതെ പോകുന്നതു്? മതപരമായ പഠിപ്പിക്കലുകൾക്കു് മതിയായ എതിർതെളിവുകൾ നൽകുന്നവയാണെന്നു് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാൻ കഴിയുന്നതും, കണ്മുന്നിൽ സംഭവിക്കുന്നതുമായ കാര്യങ്ങളിൽ നിന്നുപോലും യുക്തിയുക്തമായ ഒരു ശാസ്ത്രീയനിഗമനത്തിൽ എത്തിച്ചേരാൻ അവർക്കു് കഴിവില്ലാതാവുന്നതു് സ്വന്തം വേദഗ്രന്ഥങ്ങളോടു് അവർ പ്രകടിപ്പിക്കുന്ന വിശ്വാസം എത്രമാത്രം അന്ധമായതിനാലായിരിക്കണം? വിദ്യാലയങ്ങളിൽ പഠിപ്പിക്കപ്പെടേണ്ടതു് ക്രിയേഷനിസവും ഇന്റെലിജെന്റ്‌ ഡിസൈനും ആണു്, നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനല്ല എന്നും മറ്റും ഒരു (ആധുനിക)സമൂഹത്തിലെ ഗണ്യമായ വിഭാഗം ആവശ്യപ്പെടുന്നുവെങ്കിൽ, ഭക്തി എന്ന ഭ്രാന്തു് അവരെ എത്രമാത്രം ബാധിച്ചിട്ടുണ്ടാവണം? അതു് വിശദമായ പഠനത്തിനു് വിധേയമാക്കേണ്ടുന്ന ഒരു വിഷയമാണെന്ന കാര്യത്തിൽ ബായസ്ഡ്‌ അല്ലാത്ത ഏതെങ്കിലുമൊരു സാമൂഹ്യശാസ്ത്രജ്ഞനു് എതിരഭിപ്രായമുണ്ടാവുമെന്നു് തോന്നുന്നില്ല. ഇത്തരം സാമൂഹിക പുഴുക്കുത്തുകളെ പഠനങ്ങൾകൊണ്ടു് മാത്രം പരിഹരിക്കാനാവുകയുമില്ല. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ മനുഷ്യമനസ്സിലെ തെറ്റായ ധാരണകൾ തിരുത്തിയെഴുതാനാവൂ. മതത്തിൽ അധിഷ്ഠിതമായ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തി അധികാരക്കസേര ഉറപ്പിക്കാൻ തത്രപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിനോ, സാമ്പത്തികമായ വരുമാനം ഇല്ലാതാവുമെന്നതിനാൽ സ്ഥാപിതതാത്പര്യങ്ങളുടെ പ്രതിനിധികളായ സാമുദായിക നേതൃത്വത്തിനോ ജനങ്ങൾ ബോധവത്കരിക്കപ്പെടണം എന്ന വലിയ ആഗ്രഹം ഉണ്ടാവാൻ വഴിയില്ല. ബോധവത്കരിക്കപെട്ട ഒരു സാംസ്കാരികനേതൃത്വത്തിനേ സമൂഹത്തിൽ ഫലപ്രദമായ ഒരു ബോധവത്കരണം സാദ്ധ്യമാവൂ. എനിക്കറിയാത്തതു് ഞാൻ മറ്റൊരാളെ പഠിപ്പിക്കുന്നതെങ്ങനെ? സാംസ്കാരികനേതൃത്വം എന്നതു് മേമ്പൊടിക്കുപോലും കിട്ടാനില്ലാത്ത ‘അഴീക്കോടൻ’ സമൂഹങ്ങളിൽ ആരു് ആരെ പഠിപ്പിക്കാൻ? അത്തരം സമൂഹങ്ങളിൽ അതു് വാഗ്ദാനങ്ങളും ഭംഗിവാക്കുകളും നിറഞ്ഞ അധരവ്യായാമമായി ചുരുങ്ങുകയേയുള്ളു. ജനങ്ങളോടുള്ള ഉത്തരവാദിത്വം അവിടെ എന്നാളും ഒരു പക്ഷത്തുനിന്നും മറുപക്ഷത്തേക്കു് തട്ടിക്കളിക്കപ്പെടുന്ന ഒരു പന്തെന്നപോലെ അവശേഷിക്കുകയാവും അതിന്റെ അന്തിമഫലം. മകരജ്യോതി മനുഷ്യസൃഷ്ടിയാണെന്നു് അംഗീകരിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡ്‌ ചെയർമാന്റെ കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവന ഈ അവസരത്തിൽ വളരെ രസകരമായിരിക്കുമെന്നു് കരുതുന്നു: “മകരജ്യോതി മനുഷ്യസൃഷ്ടിയാണെന്നു് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അതു് ബോർഡും അംഗീകരിക്കുന്നുവെന്നു് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വ്യക്തമാക്കി. മകരജ്യോതി ഹിന്ദുക്കളുടെ വിശ്വാസമാണു്. അതിൽ ഇടപെടാൻ ബോർഡ്‌ ഉദ്ദേശിക്കുന്നില്ല. ദീപം കാണാൻ നിരവധി പേർ വരുന്നുണ്ടു്. തടഞ്ഞതുകൊണ്ടു് അതു് നിയന്ത്രിക്കാനാകില്ല. ഇതു് സംബന്ധിച്ചു് ബോധവത്കരണം നടത്താനും ബോർഡ്‌ ഉദ്ദേശിക്കുന്നില്ല.” – (മാധ്യമം 31.01.2011) ഇതിനെയാണു് നമ്മൾ ഈശ്വരസംബന്ധമായ കാര്യങ്ങളിലെ കാപട്യലേശമില്ലാത്ത സത്യസന്ധത എന്നു് വിളിക്കുന്നതു്! സംശയമുണ്ടെങ്കിൽ ഒന്നുകൂടി വായിച്ചുനോക്കൂ. മകരജ്യോതി വ്യാജമാണെന്നു് എല്ലാവരും പണ്ടേ അംഗീകരിച്ചു. അതുകൊണ്ടു് ദേവസ്വം ബോർഡും അംഗീകരിക്കുന്നു! (എല്ലാവരും അംഗീകരിച്ചതു് കഷ്ടമായിപ്പോയി. അല്ലെങ്കിൽ കുറേനാൾ കൂടി ഈ ഒളിച്ചുകളി തുടരാമായിരുന്നു എന്നും വായിക്കാം) ദേവസ്വം ബോർഡ്‌ തടഞ്ഞതുകൊണ്ടു് ഒരുപക്ഷേ ജനപ്രവാഹം നിയന്ത്രിക്കാനാവില്ലായിരിക്കാം. പക്ഷേ, ഭക്തന്മാരെ ബോധവത്കരിക്കുന്നതിനു് എന്തു് തടസ്സം? മനുഷ്യൻ കത്തിക്കുന്നതെന്നു് പരസ്യമായി സമ്മതിച്ച മകരജ്യോതി ദിവ്യമായ എന്തോ ആണെന്നു് കുറെയേറെ മനുഷ്യർ വിശ്വസിക്കുന്നുവെങ്കിൽ, അതു് അവരുടെ അബദ്ധധാരണയാണെന്ന വിവരം അവരോടു് നേരിട്ടു് തുറന്നുപറയുന്നതല്ലേ ആത്മാർത്ഥത? സത്യമെന്തെന്നു് മനുഷ്യരോടു് തുറന്നുപറഞ്ഞു് ബോധവത്കരിക്കാതെ, അവരെ അജ്ഞതയുടെ അന്ധകാരത്തിൽ തളച്ചിടുന്നതു് വഞ്ചനയല്ലെങ്കിൽ പിന്നെയെന്താണു്? ഒരു ചെപ്പടിവിദ്യയെ ദിവ്യമായ അനുഭവം എന്നു് തെറ്റിദ്ധരിച്ചു് ദൈവികമായ അനുഗ്രഹം നേടാൻ നോമ്പുനോറ്റു്, കഷ്ടപ്പാടുകൾ സഹിച്ചു്, കാടും മലയുംതാണ്ടി എത്തുന്ന സാധുക്കളിൽ നിന്നും സത്യം മറച്ചുപിടിച്ചു് അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുക കൂടി ചെയ്യുന്നതു് വിശ്വാസിസമൂഹത്തോടു് ചെയ്യുന്ന ഒരു ക്രിമിനൽ കുറ്റമല്ലെങ്കിൽ പിന്നെയെന്താണു്?

ഒരു മതത്തിലും വിശ്വസിക്കാത്ത ഒരുവൻ എന്ന നിലയിൽ ഇവിടെ ഒരു പ്രധാന കാര്യം വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നു. മകരജ്യോതി ദിവ്യമായ ഒന്നുമല്ലെന്നും, അതു് മനുഷ്യനിർമ്മിതം മാത്രമാണെന്നും ആയിരം നാവുകളാൽ വിളിച്ചുകൂവുന്ന അന്യമതസ്ഥർ ഇടയ്ക്കിടെയെങ്കിലും അവരുടെ സ്വന്തം മതങ്ങളിലെ അന്ധവിശ്വാസങ്ങളിലേക്കും, അവരുടെ മതം അനുശാസിക്കുന്ന തീർത്ഥാടനങ്ങളിലെ തിക്കിലും തിരക്കിലും മരണമടയേണ്ടിവരുന്ന നൂറുകണക്കിനു് സ്വന്തം വിശ്വാസി സഹോദരങ്ങളിലേക്കും, അവർ അവശേഷിപ്പിച്ചിട്ടു് പോകുന്ന അവരുടെ കുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥയിലേയ്ക്കും ശ്രദ്ധ തിരിക്കുന്നതു് ഒരു മാനസാന്തരത്തിനു് നല്ലതായിരിക്കുമെന്നു് തോന്നുന്നു. സ്വന്തം കണ്ണിലെ കോലു് എടുത്തുമാറ്റാതെ, മറ്റുള്ളവരുടെ കണ്ണിലെ കരടു് ചൂണ്ടിക്കാണിച്ചു് വിമർശിക്കാനുള്ള തിടുക്കം കൂട്ടൽ മറ്റു് മതസ്ഥരിലും, മതമൊന്നും ഇല്ലാത്തവരിലുമൊക്കെ അവജ്ഞയും അറപ്പും ജനിപ്പിക്കാനേ സഹായിക്കൂ. കഴിഞ്ഞ കാലങ്ങളിൽ ഹജ്ജിനിടയിലെ തിക്കിനും തിരക്കിനും ഇടയിൽപ്പെട്ടു് മരണമടഞ്ഞവരുടെ കണക്കു് ഒരു ഉദാഹരണം എന്ന നിലയിൽ ഇവിടെ കൊടുക്കുന്നു. ഈ അത്യാഹിതങ്ങൾ അധികവും സംഭവിക്കുന്നതു് ഹജ്ജിന്റെ ഒരു ഭാഗമായ ‘ചെകുത്താനെ കല്ലെറിയൽ’ എന്ന ചടങ്ങിന്റെ സമയത്താണു്. 2006-ലെ ഹജ്ജിൽ മരണമടഞ്ഞതു് 346 തീർത്ഥാടകരാണു്. 2004-ൽ 251 പേർ, 2003-ൽ 14 പേർ, 2001-ൽ 35 പേർ, 1998-ൽ 118 പേർ, 1994-ൽ 270 പേർ, 1990-ൽ 1426 പേർ. തീർത്ഥാടനസമയത്തു് മരണമടഞ്ഞാൽ സ്വർഗ്ഗം പൂകും എന്നു് വിശ്വസിക്കാൻ മാത്രം മതാന്ധരായിട്ടില്ലാത്ത ആരെയും ഞെട്ടിപ്പിക്കേണ്ടതാണു് ഈ കണക്കുകൾ.

ഇതിനെതിരായും പ്രായോഗികമായി മനുഷ്യനു് ആകെ ചെയ്യാൻ കഴിയുന്നതു് ബോധവത്കരണമാണു്. പക്ഷേ, ഇത്തരം സന്ദർഭങ്ങളിൽ മതപക്ഷത്തുനിന്നും എപ്പോഴും കേൾക്കാൻ കഴിയുന്നതു് മതപരമല്ലാതെ സംഭവിച്ചിട്ടുള്ള മറ്റു് അപകടങ്ങളുമായി താരതമ്യം ചെയ്തു് തീർത്ഥാടനസമയത്തെ അപകടങ്ങളെ ന്യായീകരിക്കാനും ലഘൂകരിക്കാനുമുള്ള മനസ്സാക്ഷിയില്ലാത്ത വ്യഗ്രതയാണു്. ഭ്രാന്തമായ മതവികാരം ഒരു സമൂഹജീവിയെന്ന നിലയിൽ ഒരുവനുണ്ടായിരിക്കേണ്ട മാനുഷികവികാരങ്ങളെ മൃഗീയമായി കീഴ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതു്. തത്ത്വദീക്ഷയില്ലാത്ത ഈ ന്യായീകരണ ശ്രമങ്ങളുടെ ഭാഗമായി വിഗ്രഹാരാധന എന്നാൽ എന്തു് എന്നതിനെപ്പറ്റിയൊക്കെ ‘പഠിപ്പിക്കുന്ന’, ലജ്ജാവഹം എന്നുമാത്രം വിശേഷിപ്പിക്കേണ്ട രീതിയിലുള്ള വ്യാഖ്യാനങ്ങൾ മലയാളം ബ്ലോഗ്‌ ലോകത്തിൽത്തന്നെ വിരളമല്ലല്ലോ. ആരു് സമ്മതിച്ചാലും ഇല്ലെങ്കിലും, മതപരമായ ഒരു ചടങ്ങിന്റെ ഭാഗമായി ഒരു മനുഷ്യൻ ഒരു പ്രത്യേക രൂപത്തിൽ നിർമ്മിച്ച ഒരു വിഗ്രഹത്തെ വലം വയ്ക്കുന്നതും, ദൈവം എറിഞ്ഞതെന്നു് വിശ്വസിക്കപ്പെടുന്നതോ അല്ലാത്തതോ ആയ ഒരു കല്ലിനേയോ മറ്റെന്തിനെയെങ്കിലുമോ പ്രദക്ഷിണം ചെയ്യുന്നതും വിഗ്രഹാരാധനയുടെ പരിധിയിൽ വരുന്ന കാര്യമാണു്. അങ്ങനെയല്ലെന്നു് സ്ഥാപിക്കാനായി ആരു് എത്ര വാല്യങ്ങൾ എഴുതിത്തള്ളിയാലും, ആരെല്ലാം അതു് കയ്യടിച്ചു് അംഗീകരിച്ചാലും, വസ്തുതയിൽ മാറ്റമൊന്നും വരികയില്ല. മതപരമായ ചില ചടങ്ങുകൾ നിറവേറ്റാനും, അതിന്റെ ഭാഗമായി ഒരു കല്ലിനെ വലം വയ്ക്കാനുമായി പത്തും ഇരുപതും ലക്ഷം മനുഷ്യർ ഓരോ വർഷവും ചില പ്രത്യേക ദിവസങ്ങളിൽ ഒരു പ്രത്യേകസ്ഥലത്തു് എത്തിച്ചേരുന്നതിനെ ആരാധന എന്നല്ലാതെ തമാശ എന്നു് വിളിക്കാൻ മാത്രം രസികനല്ല ഞാൻ. അതുപോലെതന്നെ, ഒരു പുരോഹിതൻ ഗോതമ്പപ്പവും വീഞ്ഞും കാണാതെപഠിച്ച ചില ശീലുകൾ ചൊല്ലിക്കൊണ്ടു് മുകളിലേക്കുയർത്തുമ്പോൾ അതു് യഥാക്രമം ദൈവപുത്രൻ എന്നു് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ മാംസവും രക്തവുമായി പരിണമിക്കുമെന്നു് വിശ്വസിക്കാനും എന്റെ ഇപ്പോഴത്തെ ഭ്രാന്തു് മതിയാവുമെന്നു് തോന്നുന്നില്ല. ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ ഒരു ദൈവം ഭൂമിയിലേക്കു് എറിയുന്ന കല്ലുകളാണെന്നു് വിശ്വസിക്കുന്നതും, ലോകത്തിലെ മനുഷ്യരെ പാപവിമുക്തരാക്കി നിത്യജീവനു് അർഹരാക്കിത്തീർക്കാൻ സർവ്വശക്തനായ ദൈവത്തിനു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു സ്ത്രീയിൽ നിന്നും ഒരു മകനെ ജനിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു എന്നു് വിശ്വസിക്കുന്നതുമെല്ലാം എനിക്കു് കയ്യെത്തിപ്പിടിക്കാൻ ആവാത്തത്ര ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭ്രാന്തുകളാണു്. അതിനു് കഴിയുന്നവർ ഭാഗ്യവാന്മാരായിരിക്കാം. പക്ഷേ, ആ ഭാഗ്യം നന്ദിപൂർവ്വം നിരസിക്കാനാണു് എനിക്കിഷ്ടം.

ശാസ്ത്രീയമായ കാര്യങ്ങളോടുള്ള മനുഷ്യരുടെ നിലപാടുകൾ അപഗ്രഥനം ചെയ്യാനായി നടത്തുന്ന പഠനങ്ങളിലെല്ലാം ശാസ്ത്രത്തിനോടു് സാധാരണ ജനങ്ങൾക്കുണ്ടാവുന്ന അനുകൂലമനോഭാവത്തിനു് പിന്നിലെ ഒരു പ്രധാനഘടകം വിദ്യാഭ്യാസമാണെന്നു് വ്യക്തമായിട്ടുണ്ടു്. എന്തു് കാരണം കൊണ്ടായാലും, വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരും, പൂർത്തിയാക്കാൻ കഴിയാതെ പോയവരും കൂടിയ നിരക്കിൽ അന്ധവിശ്വാസികളായിട്ടാണു് കാണപ്പെടുന്നതു്. താൻ ജീവിക്കുന്ന ലോകത്തിലെ, രാത്രി, പകൽ, കാലാവസ്ഥകൾ മുതലായ പ്രാകൃതമായ പ്രതിഭാസങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നു് അറിയാത്ത ധാരാളം മനുഷ്യർ വികസിതം എന്നു് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ പോലുമുണ്ടു് എന്നതൊരു സത്യമാണു്. യൂറോപ്യൻ കമ്മീഷന്റെ ഔദ്യോഗിക ഏജൻസി ആയ Eurobarometer മുപ്പത്തിരണ്ടു് യൂറോപ്യൻ രാജ്യങ്ങളിൽ 2005-ൽ നടത്തിയ ചില സർവ്വേകളിലെ വിവരങ്ങൾ ചിന്താശേഷിയുള്ള ആരേയും ഞെട്ടിപ്പിക്കേണ്ടതാണു്. അവയിലെ, ജനങ്ങളുടെ ശാസ്ത്രജ്ഞാനത്തിന്റെ നിലവാരം അറിയുന്നതിനുവേണ്ടി തയ്യാറാക്കിയ ചില ചോദ്യങ്ങളും അവയുടെ മറുപടികളും ഒരു ഉദാഹരണമെന്ന നിലയിൽ സ്വയം വെളിപ്പെടുത്തുന്നവയാണു്. ശരി, തെറ്റു്, അറിയില്ല എന്നീ ഉത്തരങ്ങളിൽ ഒന്നു് നൽകേണ്ടിയിരുന്നവയായിരുന്നു ചോദ്യങ്ങൾ. അവയിൽ ചിലതു്:

1. സൂര്യൻ ഭൂമിയെ ചുറ്റുന്നു – ശരി (29%), തെറ്റു് (66%), അറിയില്ല (4%).

2. സൂര്യനെ ചുറ്റാൻ ഭൂമിക്കു് വേണ്ടിവരുന്ന സമയം ഒരു മാസമാണു് – ശരി (17%), തെറ്റു് (66%), അറിയില്ല (16%).

3. എലക്ട്രോണുകൾ ആറ്റങ്ങളേക്കാൾ ചെറുതാണു് – ശരി (46%), തെറ്റു് (29%), അറിയില്ല (25%).

4. ആദിമനുഷ്യർ ദൈനോസൊറുകളുടെ സമകാലീനരാണു് – ശരി (23%), തെറ്റു് (66%), അറിയില്ല (11%).

5. നമ്മൾ ഇന്നു് അറിയുന്നതുപോലുള്ള മനുഷ്യർ പുരാതനകാലത്തെ ജീവികൾ പരിണമിച്ചുണ്ടായതാണു് – ശരി (70%), തെറ്റു് (20%), അറിയില്ല (10%).

7. എല്ലാ റേഡിയോ ആക്റ്റിവിറ്റികളും മനുഷ്യനിർമ്മിതമാണു് – ശരി (27%), തെറ്റു് (59%), അറിയില്ല (14%).

8. നമ്മൾ ജീവിക്കുന്ന ഭൂഖണ്ഡങ്ങൾ ദശലക്ഷക്കണക്കിനു് വർഷങ്ങളായി ചലിച്ചുകൊണ്ടിരിക്കുകയാണു്, ഈ ചലനം ഭാവിയിലും തുടർന്നുകൊണ്ടിരിക്കും – ശരി (87%), തെറ്റു് (6%), അറിയില്ല (8%).

9. ലേസറുകൾ പ്രവർത്തിക്കുന്നതു് ശബ്ദതരംഗങ്ങളെ ഫോക്കസ്‌ ചെയ്യിച്ചുകൊണ്ടാണു് – ശരി (26%), തെറ്റു് (47%), അറിയില്ല (28%).

10. അമ്മയുടെ ജീനുകളാണു് കുട്ടി ആണോ പെണ്ണോ എന്നു് തീരുമാനിക്കുന്നതു് – ശരി (20%), തെറ്റു് (64%), അറിയില്ല (16%).

ഭൂരിപക്ഷം പേരും ശരിയായ ഉത്തരങ്ങളാണു് പറഞ്ഞതെന്നതു് (ബോൾഡ്‌ ആക്കിയിരിക്കുന്നവ) ആശ്വാസദായകമാണെങ്കിലും, യൂറോപ്യൻ സമൂഹങ്ങളിൽ ശരാശരി 29 ശതമാനം പേർ സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നും, 17 ശതമാനം പേർ സൂര്യനെ ചുറ്റാൻ ഭൂമിക്കു് വേണ്ടിവരുന്ന സമയം ഒരു മാസമാണെന്നുമൊക്കെ വിശ്വസിക്കുന്നുവെങ്കിൽ അതു് കണ്ടില്ലെന്നു് നടിച്ചു് അവഗണിക്കാവുന്ന ഒരു കാര്യമല്ല. ഈ സർവ്വേകളുടെ രാജ്യം തിരിച്ചുള്ള ഫലവും ലഭ്യമാണു്. യൂറോപ്യൻ യൂണിയനിലെ അംഗത്വത്തിനുവേണ്ടി ശ്രമിക്കുന്ന ടർക്കിയും ഈ പഠനത്തിൽ ഉണ്ടായിരുന്നു. ‘നമ്മൾ ഇന്നു് അറിയുന്നതുപോലുള്ള മനുഷ്യർ പുരാതനകാലത്തെ ജീവികൾ പരിണമിച്ചുണ്ടായതാണെന്നു്’ ഐസ്ലന്റിലെ 85 ശതമാനം ആളുകൾ വിശ്വസിക്കുമ്പോൾ, ടർക്കിയിൽ അതു് വിശ്വസിക്കുന്നവർ 27 ശതമാനം മാത്രമാണു്. 51 ശതമാനം ടർക്കുകളും 7 ശതമാനം ഐസ്ലന്റുകാരും അതു് തെറ്റാണെന്നു് കരുതുന്നു. തെറ്റോ ശരിയോ എന്നു് നിശ്ചയമില്ലാത്തവർ ടർക്കിയിൽ 22 ശതമാനം, ഐസ്ലന്റിൽ 8 ശതമാനം. പഠനം നടത്തപ്പെട്ട 32 രാജ്യങ്ങളുടെ ലിസ്റ്റിൽ പരിണാമം അംഗീകരിക്കുന്നവരുടെ ഏറ്റവും പിന്നിലും, അംഗീകരിക്കാത്തവരുടെ ഏറ്റവും മുന്നിലുമാണു് ടർക്കിയുടെ സ്ഥാനം. സൃഷ്ടിവാദികളുടെ മെക്കയായ USA ഈ സർവ്വേയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ, ടർക്കിക്കു് നല്ലൊരു എതിരാളിയെ ലഭിക്കുമായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. അവിടെയാണല്ലോ എല്ലാ മാരിവിൽ വർണ്ണങ്ങളിലുമുള്ള സൃഷ്ടിവാദി ബുദ്ധിരാക്ഷസന്മാർ തിങ്ങിപ്പാർക്കുന്നതു്. ചിട്ടപ്രകാരമുള്ള പ്രാർത്ഥനക്കു് ശേഷമല്ലാതെ ഒരു ദൈനംദിനകർമ്മവും ചെയ്യാൻ ധൈര്യപ്പെടാത്ത അറേബ്യൻ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളെ സർവ്വേയിൽ പങ്കെടുപ്പിച്ചിരുന്നെങ്കിൽ അവർ ടർക്കിയേയും അമേരിക്കയേയും തോൽപിച്ചു് തീർച്ചയായും ചാമ്പ്യന്മാരാവുമായിരുന്നു എന്ന കാര്യത്തിനു് മലയാളം ബ്ലോഗ്‌ ലോകത്തിലെ ഓരോ സൃഷ്ടിവാദിയും നിശ്ചയമായും ജാമ്യം നിൽക്കും.

ഭൂമി ഒരുമാസം കൊണ്ടാണു് സൂര്യനെ ചുറ്റുന്നതെന്നു് വിശ്വസിക്കുന്നവർ ഒരു വർഷം എന്നൊക്കെ പറയുമ്പോൾ, അതുകൊണ്ടു് എന്താണാവോ അവർ ഉദ്ദേശിക്കുന്നതു്? യൂറോപ്പിലെ(!) ഒരു പൊതുസ്ഥലത്തു് കാണുന്ന നൂറുപേരിൽ ഇരുപത്തൊൻപതുപേരും സൂര്യൻ ഭൂമിയെ ചുറ്റിയാണു് കറങ്ങുന്നതെന്നു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വിശ്വസിക്കുന്നു! നമ്മൾ ജീവിക്കുന്ന ഈ ലോകത്തെസംബന്ധിച്ച മൗലികമായ അറിവുകൾ പോലും മനുഷ്യരുടെ ദൈനംദിനജീവിതത്തിനു് ആവശ്യമില്ല എന്നാണതിനർത്ഥം. എന്റെ ഒരു പഴയ ലേഖനത്തിൽ എഴുതിയപോലെ, കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി? പക്ഷേ, അതുപോലൊരു ജീവിതം നയിക്കുന്ന ഒരു മനുഷ്യനും, ഇരതേടൽ, ഇണചേരൽ തുടങ്ങിയ പ്രാഥമിക ജീവിതകർമ്മങ്ങൾ മാത്രം നിറവേറ്റി ജീവിതം അവസാനിപ്പിക്കുന്ന ഒരു മൃഗവും തമ്മിൽ എന്താണു് വ്യത്യാസം? ഒരർത്ഥത്തിൽ ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് എന്നു് സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം, മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഒരു ദൈവത്തിന്റെ അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല. മറ്റൊരു ജീവിയും അദൃശ്യമെങ്കിലും താങ്ങാനാവാത്ത തന്റെ ‘പാപഭാരം’ ഇറക്കിവച്ചു് മോക്ഷം നേടിയെടുക്കാനായി തീർത്ഥാടനകേന്ദ്രങ്ങൾ തേടി പോകാറില്ല. മനുഷ്യനൊഴികെ മറ്റൊരു ജീവിയും സ്വന്തം ജീവിതം ആരുടെയെങ്കിലും ഒരു ആദ്യപാപത്തിന്റെ ഫലമെന്നു് വിവക്ഷിക്കാറില്ല. അങ്ങനെ ചെയ്താൽ അതു് സ്വന്തം മാതാപിതാക്കളെ അവഹേളിക്കുന്നതിനു് തുല്യമായ, തന്നെത്താൻ ഒരു ‘ബാസ്റ്റാർഡ്‌’ എന്നു് വിശേഷിപ്പിക്കുന്നതിനു് തുല്യമായ അധമത്വമാണെന്നറിയാനുള്ള ‘ആത്മബോധം’ മറ്റേതൊരു ജീവിക്കുമുണ്ടു്. മനുഷ്യനൊഴികെ മറ്റൊരു ജീവിയും കുറ്റബോധത്തോടെ തന്റെ കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ടി വരത്തക്കവിധം ലൈംഗികതയെപ്പറ്റി വികലമനസ്സുകളിൽ രൂപമെടുത്ത ആത്മീയകാളകൂടം പിൻതലമുറകളുടെ തലയിലേക്കു് ബാല്യത്തിലേ കുത്തിവയ്ക്കാറില്ല. ലോകത്തിലെ എല്ലാ ജീവികളും, സസ്യങ്ങൾ പോലും, ജീവന്റെ സൗന്ദര്യം അതിന്റെ മൂർദ്ധന്യത്തിലെത്തുന്ന യൗവനത്തെ, തോമാസ്‌ അക്വീനാസിന്റെ മാതൃകയിൽ, പിശാചിന്റെ പരീക്ഷണങ്ങൾ എന്നു് വ്യാഖ്യാനിച്ചു് ആട്ടിയോടിക്കാറില്ല. മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഇഹലോകത്തെ ത്യജിച്ചും പുച്ഛിച്ചും പരലോകത്തിനുവേണ്ടി ജീവിക്കാറില്ല. മനുഷ്യനൊഴികെ മറ്റൊരു ജീവിയും നൽകാനാവാത്ത പരലോകവും അതിലെ സുഖങ്ങളും വാഗ്ദാനം ചെയ്തു് ഇഹലോകത്തിൽ സുഖജീവിതം നയിക്കുന്ന ചൂഷകരെ ആരാധ്യപുരുഷരായി തലയിൽ ചുമന്നുകൊണ്ടു് നടക്കാൻ മാത്രം വിഡ്ഢികളാവാറില്ല. ഒരു വന്യമൃഗവും സ്വന്തവർഗ്ഗത്തെ ഇരയെന്നപോലെയോ, വിശ്വാസത്തിന്റെ പേരിലോ വേട്ടയാടാറില്ല.

എന്തുകൊണ്ടു് മനുഷ്യർ മാത്രം ഇതൊക്കെ ചെയ്യുന്നു? മനുഷ്യരിൽ തലമുറകളിലൂടെ സൃഷ്ടിച്ചെടുത്ത ദൈവഭയമാണതിനു് പിന്നിൽ. മാതാപിതാക്കളിൽ നിന്നും മക്കളിലേക്കു് ഇടതടവില്ലാതെ പകർന്നുകൊടുക്കപ്പെടുന്ന ദൈവവിശ്വാസം എന്ന രോഗത്തിന്റെ വൈറസിൽ നിന്നാണതിന്റെ തുടക്കം. അദൃശ്യനായ ഏതോ ഒരു വലിയ ശക്തി തന്റെ ഓരോ ചലനങ്ങളും കണ്ണിമയ്ക്കാതെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ‘പാരനോയ’, അതാണു് ആ രോഗം. ആ ശക്തി തന്നെ വിടാതെ വിടാതെ പിൻതുടരുകയാണെന്ന ചികിത്സയില്ലാത്ത ഒരുതരം പെർസിക്യൂഷൻ മേനിയ! അജ്ഞാതമായിരുന്ന പ്രകൃതിരഹസ്യങ്ങൾക്കു് പിന്നിൽ സങ്കൽപിക്കപ്പെട്ടതും, പിൽക്കാലത്തു് പൗരോഹിത്യം എന്ന ചൂഷകവർഗ്ഗം ഏറ്റെടുത്തു് എല്ലാ മാനുഷികപ്രശ്നങ്ങളുടെയും പരിഹാരി എന്നു് ചാപ്പകുത്തി ചില്ലുകൂട്ടിലടച്ചതുമായ ദൈവം എന്ന മിഥ്യാശക്തി മനുഷ്യനിൽ നിന്നും അവന്റെ യുക്തിബോധത്തെ പിഴുതെറിയുന്നു. ലോകം കണ്ടതിൽ വച്ചു് ഏറ്റവും മികച്ചതും, മനുഷ്യർ പ്രകൃത്യാ ഭാഗ്യാന്വേഷികളാണെന്നതിനാൽ മിക്കവാറും ഒരിക്കലും നശിപ്പിക്കാനാവാത്തതും, പഴക്കം കൊണ്ടു്, വ്യഭിചാരത്തിനുമാത്രം കിടപിടിക്കാനാവുന്നതുമായ ഒരു ഒന്നാം നമ്പർ കച്ചവടതന്ത്രം, അതാണു് ദൈവവിശ്വാസം. തലച്ചോറു് കത്തിപ്പോകാത്ത ഏതൊരു മനുഷ്യന്റേയും കാഴ്ചപ്പാടിൽ, ഇഹലോകജീവിതത്തിനു് എന്തെങ്കിലും ഒരു ലക്ഷ്യമുണ്ടെങ്കിൽ അതു് ഇഹലോകജീവിതം മാത്രമാവാനേ കഴിയൂ. ഒരു ജീവിയുടേയും ജീവിതലക്ഷ്യം മരണമോ മരണാനന്തരജീവിതമോ അല്ല. മനുഷ്യനൊഴികെ മറ്റേതൊരു ജീവിക്കും അതൊരു ചർച്ചാവിഷയമേ അല്ല എന്നു് ചുറ്റുപാടും ഒന്നു് കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. മനുഷ്യനുമാത്രം ഈ ജീവിതമല്ല, മരണാനന്തരജീവിതമാണു് ജീവിതലക്ഷ്യം! ചത്തുകഴിഞ്ഞിട്ടുള്ള ജീവിതത്തിനു് എന്റെ നിഘണ്ടുവിൽ കാണുന്ന അർത്ഥം ഭ്രാന്തു് എന്നാണു്. ഒരു കിത്താബും കക്ഷത്തിൽ വച്ചു് “ലോകാവസാനം ഇതാ അടുത്തിരിക്കുന്നു” എന്നും പറഞ്ഞു് മനുഷ്യരെ മാനസാന്തരപ്പെടുത്താൻ കവലകൾ തോറും ചുറ്റിത്തിരിയുന്ന, വീടുകൾ തോറും കയറിനിരങ്ങുന്ന അഭിശപ്തജന്മങ്ങളിൽ കൂടിയ ഒരു തെളിവു് മനുഷ്യരെ സൃഷ്ടിച്ചതു് ഒരു ദൈവമല്ല എന്നതിനു് എനിക്കാവശ്യമില്ല. അവരെപ്പോലുള്ള മനുഷ്യരെ സൃഷ്ടിച്ചതു് ഒരു ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മനുഷ്യരെപ്പറ്റി എന്തറിയാം, ഈ ലോകത്തെപ്പറ്റി എന്തറിയാം?

പരിണമിച്ചു് ഉണ്ടായതുകൊണ്ടാണോ എന്നെനിക്കറിയില്ല, സൃഷ്ടിവാദികളിൽ പലപല ‘ഫീനോടൈപ്പുകൾ’ ലഭ്യമാണു്. ഓരോരുത്തർക്കും അവരുടേതായ ‘പ്രത്യയശാസ്ത്രങ്ങൾ’ ഉണ്ടു്. Young Earth creationism, Gap creationism, Day-Age creationism, Progressive creationism, Intelligent design എന്ന പലതരം ഗുഹകളിലായി സ്വർഗ്ഗം കാത്തുകഴിയുന്ന ഈ ജീവികളെ കാണാനാവും. ഈ വിഭാഗങ്ങളെല്ലാംതന്നെ ക്രൈസ്തവ വേരുകൾ ഉള്ളവയാണു്. ഇവരിൽ ചിലരുമായി സഹകരിച്ചു് ഒരു കൂട്ടുകൃഷി എന്ന രീതിയിൽ ഇസ്ലാമികലോകത്തിൽ ക്രിയേഷനിസം കഥകളി ആട്ടക്കഥ അവതരിപ്പിക്കുന്ന ഒരു മാന്യദേഹമാണു് Harun Yahya എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന Adnan Oktar എന്ന ടർക്കിക്കാരൻ. അദ്ദേഹം ഒരു നടയ്ക്കു് പോകുന്ന ടൈപ്പല്ല എന്നതിനാൽ തത്കാലം ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ ക്രിയേഷണലിസത്തിലേക്കു് നമുക്കു് വഴിയേ വരാം.

ഇവരിൽ അധികപങ്കും ബൈബിളിലെ ഉൽപത്തിപ്പുസ്തകത്തിന്റെ ആരംഭത്തിൽ വർണ്ണിച്ചിരിക്കുന്ന പ്രപഞ്ചസൃഷ്ടിയിൽ അധിഷ്ഠിതമായ ക്രിയേഷനിസത്തിൽ വിശ്വസിക്കുന്നവരാണു്. ഓരോരുത്തർക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ടു് എന്നതു് മാത്രമാണു് വ്യത്യാസം. ഓരോ വിഭാഗവും എഴുതുന്നതും പറയുന്നതും അവരുടേതായ അനുയായികളെ ലക്ഷ്യം വച്ചാണു്. പ്രപഞ്ചത്തിന്റെ ആരംഭവും, പ്രാപഞ്ചികശക്തികളുമെല്ലാം ഇഴകീറി മനസ്സിലാക്കുവാൻ ലോകത്തിൽ എത്രയോ ശാസ്ത്രജ്ഞർ ഇന്നു് വിശ്രമമില്ലാതെ പരിശ്രമിക്കുന്നുണ്ടു്. അതിനുവേണ്ടി ഗണ്യമായ ഒരു തുകയും ചിലവഴിക്കപ്പെടുന്നുണ്ടു്. പൊതുവായ ഒരു അവലോകനം തന്നെ അസാദ്ധ്യമാണെന്നു് തോന്നുംവിധം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചാരംഭവും ജീവജാലങ്ങളുടെ രൂപമെടുക്കലുമെല്ലാം ബൈബിൾ വെറുമൊരു അദ്ധ്യായത്തിൽ ഒതുക്കി. എഴുത്തുകാരനു് വേണമെങ്കിൽ അതു് പിന്നെയും ചുരുക്കി ഒരു വാചകത്തിൽ ഒതുക്കാമായിരുന്നു. കാണുന്നതും കാണപ്പെടാത്തവയുമായ എല്ലാം “ഉണ്ടാകട്ടെ” എന്ന ഒരൊറ്റ കൽപന വഴി ദൈവം സൃഷ്ടിച്ചു എന്ന ഒരു വാചകത്തിൽ പണി തീരുമായിരുന്നു. ബൈബിൾ എഴുത്തുകാരനു് പ്രപഞ്ചസൃഷ്ടിയെപ്പറ്റി ഉണ്ടായിരുന്ന ‘ശാസ്ത്രീയജ്ഞാനം’ ഒരദ്ധ്യായത്തിൽ ഒതുക്കാനാവുന്നതായിരുന്നു. അതു് അവൻ വടിവൊത്ത അക്ഷരങ്ങളിൽ എഴുതി വയ്ക്കുകയും ചെയ്തു. ഗ്യാലക്സിയോ, സ്യൂപ്പർനോവയോ, കോണ്ടിനെന്റൽ ഡ്രിഫ്റ്റോ, വൈറസോ, ബാക്റ്റീരിയയോ ഒന്നും അവന്റെ ലോകത്തിൽ ഉണ്ടായിരുന്നില്ല. ഒന്നാമദ്ധ്യായത്തിൽത്തന്നെ ഒരായിരം അബദ്ധങ്ങളും ഉത്തരങ്ങളിലേറെ ചോദ്യങ്ങളും കുത്തിനിറച്ചിരിക്കുന്ന സ്ഥിതിക്കു് അവൻ ഒരു തികഞ്ഞ ക്രിയേഷനിസ്റ്റ്‌ ആയിരുന്നെന്നു് ഉറപ്പിക്കാം.

ബൈബിളിലെ ഉൽപത്തിപ്പുസ്തകത്തിലെ ഒന്നാം അദ്ധ്യായം അതെഴുതിയിരിക്കുന്നതുപോലെ നമുക്കൊന്നു് വായിച്ചുനോക്കാം. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതു് വാക്യങ്ങളുടെ നമ്പറുകളാണു്: ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു് ദൈവം കൽപിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു് എന്നു് ദൈവം കണ്ടു. ദൈവം ഇരുളും വെളിച്ചവും തമ്മിൽ വേർപിരിച്ചു. ദൈവം വെളിച്ചത്തിനു് പകൽ എന്നും ഇരുളിനു് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം. (1-5)

എന്താണിവിടെ സംഭവിച്ചതു്? വെളിച്ചവും, നമ്മൾ തുടർന്നു് കാണാൻ പോകുന്നപോലെ, മറ്റെല്ലാ വസ്തുക്കളും ദൈവം സൃഷ്ടിക്കുന്നതു് “ഉണ്ടാകട്ടെ” എന്നപോലുള്ള വാമൊഴികളാലാണു്. ആകാശവും ഭൂമിയും സൃഷ്ടിക്കാൻ മാത്രം ദൈവം അതുപോലെ വാമൊഴി ഒന്നും ഉപയോഗിക്കുന്നില്ല. അവിടെ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന സ്വന്തം അഭിപ്രായം എഴുത്തുകാരൻ തിരുകുക മാത്രം ചെയ്യുന്നു. അതുപോലെ, താൻ സൃഷ്ടിക്കുന്നതെല്ലാം ‘നല്ലതു്’ എന്നു് കാണുന്ന ദൈവം സൃഷ്ടിച്ച ‘ഭൂമി’ മാത്രം നല്ലതായിരിക്കേണ്ടതിനു് പകരം പാഴും ശൂന്യവുമായിരിക്കുന്നു! ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു് ദൈവം കൽപിക്കുകയും, ഉണങ്ങിയ നിലത്തിനു് ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു് സമുദ്രം എന്നും പേരിടുകയും (9, 10) ചെയ്യുന്നതു് മൂന്നാം ദിവസമാണു്. മൂന്നാം ദിവസം മാത്രം പേരു് ലഭിക്കുന്ന ഭൂമിയെ ആദിയിൽ ദൈവം സൃഷ്ടിച്ചു എന്നു് എഴുത്തുകാരൻ അവകാശപ്പെടുന്നതെങ്ങനെ? പോരെങ്കിൽ, പേരു് പ്രകാരം ഭൂമി എന്നതുകൊണ്ടു് ദൈവം ഉദ്ദേശിക്കുന്നതു് ഉണങ്ങിയ നിലമാണു്. ആദിയിൽ സൃഷ്ടിച്ചതും പാഴും ശൂന്യവുമായിരുന്നതുമായ ‘ഭൂമി’ എന്നതും, മൂന്നാം ദിവസം ദൈവംതന്നെ ഭൂമി എന്നു് പേരുനൽകി വിളിക്കുന്ന ഉണങ്ങിയ നിലവും രണ്ടും ഒന്നാവുകയില്ലല്ലോ. ആകാശത്തിൻ കീഴുള്ള ജലം ഒരു സ്ഥലത്തു് കൂട്ടിയതിനുശേഷം മാത്രമാണു് ‘ഭൂമി’ എന്നു് വിളിക്കപ്പെടാനായി ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടുന്നതുതന്നെ. പാഴും ശൂന്യവുമായിരുന്ന ‘ഭൂമിയിൽ’ എവിടെനിന്നെന്നറിയില്ല, വെള്ളവും വേണ്ടുവോളം ഉണ്ടായിരുന്നു. ആ വെള്ളത്തിന്മീതെ ദൈവത്തിന്റെ ആത്മാവു് പരിവർത്തിച്ചുകൊണ്ടിരുന്നു. (എവൊല്യൂഷനിസ്റ്റുകൾ സൃഷ്ടിവാദികളെപ്പോലെ നാണമില്ലാത്തവർ ആയിരുന്നെങ്കിൽ, ഈ ‘പരിവർത്തനത്തെ’ പരിണാമത്തിന്റെ ആരംഭഘട്ടമായി വ്യാഖ്യാനിക്കാൻ മടിക്കുമായിരുന്നില്ല. ജീവൻ രൂപമെടുത്തതും വെള്ളത്തിൽ ആയിരുന്നല്ലോ.)

അതുകൊണ്ടു് തീർന്നില്ല സൃഷ്ടിചരിതം. സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ഇവയെല്ലാം സൃഷ്ടിക്കപ്പെടുന്നതു് നാലാം ദിവസമാണെങ്കിലും (14-19), ഒന്നാം ദിവസം തന്നെ ദൈവം വെളിച്ചത്തെ വാമൊഴികൊണ്ടു് സൃഷ്ടിക്കുക മാത്രമല്ല, വെളിച്ചവും ഇരുളും തമ്മിൽ വേർപിരിക്കുകയും ചെയ്യുന്നു! സൂര്യൻ ഉണ്ടാവുന്നതിനുമുൻപേതന്നെ ഭൂമിയിൽ വെളിച്ചവും ഇരുളും തമ്മിൽ വേർപിരിക്കപ്പെട്ടു എന്നു് സാരം. ഇത്രയും ചെയ്തുതീർത്ത സ്ഥിതിക്കു് അവയ്ക്കു് പേരുകൂടി നൽകണമെന്നറിയാമായിരുന്ന ദൈവം വെളിച്ചത്തിനു് പകൽ എന്നും ഇരുളിനു് രാത്രി എന്നും പേരു് നൽകിയശേഷം ഒന്നാം ദിവസത്തെ പണി നിർത്തുന്നു. അതോടെ സന്ധ്യയായി, പിന്നെ ഉഷസ്സായി , അങ്ങനെ ഒന്നാമത്തെ ദിവസവുമായി. ഈവിധം, ഭൂമിയിൽ രാവും പകലും ദിവസങ്ങളും ഉണ്ടാവാൻ സൂര്യന്റെ പോലും ആവശ്യമില്ലാത്ത തരത്തിൽപ്പെട്ട ദൈവികമായ പ്രപഞ്ചസൃഷ്ടിയെ പ്രതിനിധീകരിക്കുന്ന ശാസ്ത്രീയമായ തത്വസംഹിതയാണു് ക്രിയേഷനിസം!

സൃഷ്ടിയുടെ ദിനങ്ങൾ തീർന്നില്ല, ഇനിയും പലതും സൃഷ്ടിക്കപ്പെടാനുണ്ടു്.

(തുടരും)

 
1 Comment

Posted by on Feb 1, 2011 in മതം

 

Tags: , , ,

One response to “ക്രിയേഷനിസം

 1. biju chandran

  Feb 8, 2011 at 11:09

  വായിച്ചു.
  മതം എന്ന സ്വതന്ത്ര ചിന്തയെ ബാധിക്കുന്ന ഈ പകര്‍ച്ച വ്യാധി ഈ നൂറ്റാണ്ടിലെങ്കിലും അവസാനിക്കും എന്ന് പ്രത്യാശിക്കുന്നു.
  ശാസ്ത്രവുമായി കൂട്ടിക്കുഴച്ച ചില അശ്ലീലങ്ങള്‍ കണ്ടനമാണെന്ന പേരില്‍ ചില പ്രതിലോമ ശക്തികള്‍ സൈബര്‍ സ്പേസില്‍ പ്രചരിപ്പിക്കുന്ന ഇക്കാലത്ത് വായിച്ചിരിക്കേണ്ട ലേഖനം .

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: