RSS

ദൈവാസ്തിത്വത്തിന്റെ ‘തെളിവുകൾ’

28 Nov

(ഈ ലേഖനത്തിലെ ആശയങ്ങളിൽ ഒരു നല്ല പങ്കു് റിച്ചാർഡ്‌ ഡോക്കിൻസിന്റെ ഗോഡ്‌ ഡെല്യൂഷനിൽ നിന്നും എടുത്തതാണു്.)

“ഗ്രന്ഥം മൂന്നു് പകർത്തുമ്പോൾ മുഹൂർത്തം മൂത്രമായ്‌ വരും” എന്നൊരു ചൊല്ലു് കേട്ടിട്ടുണ്ടു്. ഇതു് പകർത്തി എഴുത്തിന്റെ ഒരു പരിമിതിയെ ആവാം സൂചിപ്പിക്കുന്നതു്. ഒരു ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന വിഷയത്തിൽ അവഗാഹമുള്ള ഒരു പ്രൂഫ്‌ റീഡർ ഉണ്ടെങ്കിൽ ഈ പ്രശ്നം നല്ലൊരു പരിധിവരെ പരിഹരിക്കപ്പെടാവുന്നതേയുള്ളു. പക്ഷേ, പകർപ്പിൽ മുഹൂർത്തത്തിനു് പകരം മൂത്രവും മൂർത്തവും അമൂർത്തവുമൊക്കെ മനഃപൂർവ്വം തിരുകിക്കയറ്റുന്നവർ അതു് തിരുത്തപ്പെടരുതെന്നു് ആഗ്രഹിക്കുന്നവരായിരിക്കും. ഒറിജിനലോ ‘വ്യാഖ്യാനങ്ങളോ’ വായിക്കാത്തവരെ വഴിതെറ്റിക്കാൻ ഇത്തരം ‘ആധികാരികമായ’ തെറ്റിപ്പകർത്തലുകൾ ആവശ്യമാണു്. മൂത്രത്തെ വ്യാഖ്യാനിച്ചു് അമൂർത്തമോ മറ്റു് വല്ലതുമോ ആക്കാനും ഈ തന്ത്രം സഹായിക്കും. അടിവീഴാനുള്ള സാദ്ധ്യത മണക്കുമ്പോഴോ, ഇല്ലെങ്കിൽ, ‘പിരികയറ്റി’ അടി വീഴിക്കാനാവുമോ എന്നറിയാനായോ മാളത്തിൽ നിന്നും ഇടയ്ക്കിടെ തല പുറത്തേക്കു് നീട്ടുന്ന കുറെ വിശ്വാസിനീർക്കോലികൾ കൂടിയുണ്ടെങ്കിൽ ബോക്സിങ്ങിന്റെ മലയാളം വേർഷനുകളായ കോഴിപ്പോരിനേയും അങ്കംവെട്ടിനേയും കടത്തിവെട്ടുന്ന ഒരു എന്റർട്ടെയിന്മെന്റിനു് വേണ്ടത്ര ചേരുവകളുമായി. ഒരു ഗ്രന്ഥത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാനും വിമര്‍ശിക്കാനുമൊക്കെ തുടങ്ങുന്ന ഒരാൾ പണ്ഡിതനെങ്കിൽ അവൻ ആദ്യം ചെയ്യേണ്ടതു് മൂലഗ്രന്ഥം സമഗ്രമായി പഠിക്കുകയാണു്. അല്ലെങ്കിൽ, മുഹൂർത്തത്തിനു് പകരം മൂത്രമാവും വിമര്‍ശിക്കപ്പെടുക. അതേസമയം, ഈ മൂത്രം എന്നതു് പലരാൽ പലവട്ടം അരിച്ചും ഹരിച്ചും വിമര്‍ശിക്കപ്പെട്ടതുകൂടിയാവുമ്പോൾ, അതു് അറപ്പുളവാക്കുന്ന ഒരുതരം ചർവ്വിതചർവ്വണം മാത്രമേ ആവുകയുള്ളു. അതാണെങ്കിലോ, ഒട്ടേറെ വിമര്‍ശനങ്ങൾ വന്നുകഴിഞ്ഞ ഒരു ഗ്രന്ഥത്തിന്റെ കാര്യത്തിൽ, ഏറിയാൽ ഒരു തർജ്ജമയിൽ തീരുമായിരുന്ന കാര്യവും.

ദൈവാസ്തിത്വം തെളിയിക്കാൻ ശ്രമിച്ചവരിൽ പ്രധാനിയായ ഒരുവനായിരുന്നു സഭയ്ക്കു് വിശുദ്ധനായ തോമാസ്‌ അക്വീനാസ്‌. അതിനായി അവൻ നിരത്തുന്നതു് അഞ്ചു് തെളിവുകളാണു്. ചില സഭാപിതാക്കൾ ഒരുപക്ഷേ ഇപ്പോഴും അവയൊക്കെ സാധുവായി കരുതുന്നുണ്ടാവാമെങ്കിലും, ബൗദ്ധികലോകം അവയെ പണ്ടേ ഉപരിപ്ലവമായ വാചാടോപം എന്നു് തള്ളിക്കളഞ്ഞവയാണു്. തത്വചിന്തയുമായി എന്തെങ്കിലും ബന്ധമുള്ളവർ ഈ വസ്തുത അറിയാത്തവരായിരിക്കുകയില്ല. ‘ഗോഡ്‌ ഡെല്യൂഷനിൽ’ ഡോക്കിൻസ്‌ ഈ ‘തെളിവുകളെ’ സംക്ഷിപ്തമാക്കി ഒരിക്കൽ കൂടി നിഷേധിക്കുന്നുണ്ടു്. അതിനാൽ, അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകൾ ഇന്നും പ്രസക്തമാണെന്നു് പറയുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണു്. ഈ വിഷയത്തിൽ ‘അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങൾ‘ എന്ന എന്റെതന്നെ ഒരു പഴയ പോസ്റ്റുണ്ടു്. അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകളെ ഡോക്കിൻസ്‌ തള്ളിക്കളയുന്നതു് എങ്ങനെയെന്നു് നോക്കാം.

അതിലെ ആദ്യത്തെ മൂന്നു് തെളിവുകൾ പറയുന്നതു് ഒന്നുതന്നെ ആണെന്നതിനാൽ അവയെ വേണമെങ്കിൽ ഒരു ആര്‍ഗ്യുമെന്റ്‌ ആയി ചുരുക്കാവുന്നതേയുള്ളു.

1. സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവൻ: അരിസ്റ്റോട്ടിലിൽ നിന്നും വരുന്ന ഈ ആശയപ്രകാരം ചലിപ്പിക്കപ്പെടാതെ ഒന്നും ചലിക്കുന്നില്ല. ഇതു് നമ്മെ ഒരു പശ്ചാത്‌ഗതിയിലേക്കും (regress), ദൈവം എന്നൊരു ആദ്യചാലകനിലേക്കും നയിക്കുന്നു എന്നു് അക്വീനാസ്‌ പറയുന്നു.

2. കാരണം വേണ്ടാത്ത കാരണം: ഒന്നും സ്വയം കാരണമല്ല. ഓരോ കാര്യത്തിനും ഒരു കാരണമുണ്ടു്. ഇതും നമ്മെ ഒരു പിന്നോക്കം പോകലിലൂടെ, ആദ്യകാരണത്തിലേക്കു് എത്തിക്കുന്നു. അക്വീനാസ്‌ ഈ ആദ്യകാരണത്തെ ദൈവം എന്നു് വിളിക്കുന്നു.

3. കോസ്മോളജിക്കൽ ആര്‍ഗ്യുമെന്റ്‌: ഭൗതികമായ ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ഇപ്പോൾ ഭൗതികവസ്തുക്കൾ ഉണ്ടെന്നതിനാൽ, നമ്മൾ പിന്നോട്ടു് ചിന്തിക്കുമ്പോൾ, അവയുടെ രൂപമെടുക്കലിനു് അനിവാര്യമായ ഒരു അഭൗതികയിൽ, ഒരു ദൈവത്തിൽ എത്തുമെന്നു് തോമാസ്‌ പഠിപ്പിക്കുന്നു.

ട്രഡീഷണൽ ലോജിക്കിൽ റിഗ്രെസ്‌ എന്നതു് സോപാധികമായതിൽ നിന്നും ഉപാധിയിലേക്കു്, കാര്യത്തിൽ നിന്നും കാരണത്തിലേക്കു്, സവിശേഷമായതിൽ നിന്നും പൊതുവായതിലേക്കു് ഉള്ള ചിന്തയുടെ ഗതിയെ ആണു് സൂചിപ്പിക്കുന്നതു്. ദൈവാസ്തിത്വത്തിന്റെ തെളിവിനായി അക്വീനാസ്‌ നൽകുന്ന ഈ മൂന്നു് ആര്‍ഗ്യുമെന്റ്‌സും അനന്തമായ പശ്ചാത്‌ഗതിയുടെ (infinite regress) ഭാഗമാണു്. അനന്തമായ ഈ ‘ചങ്ങലയെ’ എവിടെയെങ്കിലും അവസാനിപ്പിക്കുന്നതിനായി അക്വീനാസ്‌ നിരങ്കുശം ‘ദൈവം’ എന്ന ആശയത്തെ അതിനിടയിൽ തിരുകുന്നു. എന്തു് കാരണത്താൽ ഈ റിഗ്രെസ്‌ ദൈവത്തിനു് ബാധകമാവുന്നില്ല എന്ന ചോദ്യം എന്തുകൊണ്ടോ അക്വീനാസ്‌ സ്വയം ചോദിക്കുന്നില്ല. ഒരു മറുപടി നിർബന്ധമാണെന്നു് കരുതുന്നതിനാൽ, ദൈവം എന്നൊരു ടെർമ്മിനേയ്റ്ററെ വച്ചു് നമ്മൾ ഈ ഇൻഫിനിറ്റ്‌ റിഗ്രെസിനെ അവസാനിപ്പിച്ചാലും, ആ ടെർമ്മിനേയ്റ്റർ എന്തടിസ്ഥാനത്തിൽ നമ്മൾ സാധാരണഗതിയിൽ ദൈവത്തിനു് നൽകുന്ന വിശേഷണങ്ങൾക്കു് അർഹനാവും? പൂർണ്ണത, പരമസത്യം, നന്മ , സ്നേഹം, സർവ്വവ്യാപകത്വം, സർവ്വജ്ഞത്വം, സർവ്വശക്തിത്വം, (omnipresent, omniscience, omnipotence) മുതലായവയൊക്കെയാണു് ദൈവത്തിനു് മനുഷ്യർ നൽകുന്ന ഗുണങ്ങൾ. പ്രാർത്ഥന കേൾക്കുന്നവൻ, പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്നവൻ, മനുഷ്യരുടെ ചിന്തകളെ അറിയുന്നവൻ, അവരുടെ ഓരോ പ്രവൃത്തികളും കാണുന്നവൻ, …. അങ്ങനെ പോകുന്നു ദൈവവിശേഷണങ്ങൾ. ‘താൻ കക്കൂസിൽ പോകുന്നതു് ദൈവം കാണുന്നതു് തനിക്കിഷ്ടമില്ല’ എന്നു് നിർബന്ധം പിടിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ ഒരു തമാശ നീറ്റ്‌സ്ഷെയുടെ വകയായുണ്ടു്. സർവ്വജ്ഞത്വവും സർവ്വശക്തിയും പരസ്പരം പൊരുത്തപ്പെടുകയില്ല എന്നതു് മറ്റൊരു സത്യം. ഈ വിരോധാഭാസത്തെ Karen Owens ഇങ്ങനെ പ്രകടിപ്പിക്കുന്നു:

Can omniscient God, who
knows the future, find
The omnipotence to
Change His future mind?

അനന്തമായ ഒരു പശ്ചാത്‌ഗതിയെ അവസാനിപ്പിക്കാൻ അതുപോലെതന്നെയോ, അതിൽകൂടുതലോ അന്തവും കുന്തവുമില്ലാത്തതായ ഒരു മിഥ്യാസങ്കൽപത്തെ അതിനിടയിൽ തിരുകുന്നതിലും എത്രയോ ഭേദമായിരുന്നേനെ, ഒന്നുകിൽ ബിഗ്‌-ബാംഗ്‌ സിംഗ്യുലാരിറ്റിയോ, അല്ലെങ്കിൽ ഇതുവരെ അറിവില്ലാത്തതെങ്കിലും അറിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാവാത്ത (തികച്ചും ഭൗതികമായ) ഒരു ആശയമോ ഉപയോഗിച്ചിരുന്നെങ്കിൽ!

4. ആര്‍ഗ്യുമെന്റ്‌ ഫ്രം ഡിഗ്രി: ലോകത്തിൽ നമ്മൾ നന്മ, ഉൽകൃഷ്ടത മുതലായ വിവിധ അവസ്ഥകൾ കാണുന്നു. അവയെ നമ്മൾ വിലയിരുത്തുന്നതു്, ഒരു മാക്സിമവുമായുള്ള താരതമ്യം വഴിയാണു്. മനുഷ്യൻ നല്ലതും ചീത്തയുമാവാമെന്നതിനാൽ, ആ മാക്സിമം മനുഷ്യരിൽ ആവാൻ കഴിയില്ല. തന്മൂലം, പൂർണ്ണതയുടെ മാനദണ്ഡമായി ഒരു മാക്സിമം കൂടിയേ കഴിയൂ. ആ മാക്സിമമാണു് തോമാസിന്റെ അഭിപ്രായത്തിൽ ദൈവം.

ഇതിനെ ഒരു ആര്‍ഗ്യുമെന്റ്‌ എന്നു് വിളിക്കാനാവുമോ എന്നു് ഡോക്കിൻസ്‌ തികച്ചും ന്യായപൂർവ്വം ചോദിക്കുന്നു. ഈ വാദത്തെ നമുക്കു് അർത്ഥവ്യത്യാസമില്ലാതെതന്നെ വേണമെങ്കിൽ ഇങ്ങനെയും അവതരിപ്പിക്കാം: മനുഷ്യരുടെ ഗന്ധം വ്യത്യസ്തമാണു്. എങ്കിലും ഒരു താരതമ്യം നടത്തണമെങ്കിൽ മണക്കാനാവുന്ന ഒരു മാക്സിമം ഗന്ധം നിലനിൽക്കണം. അതായതു്, ദുർഗ്ഗന്ധത്തെ താരതമ്യം ചെയ്യാൻ, നിസ്തുലനും, സർവ്വോത്കൃഷ്ടനുമായ ഒരു നിതാന്തദുർഗ്ഗന്ധവാഹി നിലനിൽക്കണം. അക്വീനാസിന്റെ അഭിപ്രായത്തിൽ, ഈ നിതാന്തദുർഗ്ഗന്ധവാഹിയെ (‘പരനാറി’ എന്നും വേണമെങ്കിൽ പറയാം) നമ്മൾ ദൈവം എന്നു് വിളിക്കുന്നു. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ, ഓരോരുത്തർക്കും മനസ്സിനിണങ്ങിയപോലെ, ദുർഗ്ഗന്ധത്തിനു് പകരം മറ്റേതൊരു നാറിത്തരവും ഉദാഹരണമാക്കി ദൈവാസ്തിത്വം തെളിയിക്കാൻ കഴിയും.

5. ടെലിയൊളോജിക്കൽ ആര്‍ഗ്യുമെന്റ്‌ (ആര്‍ഗ്യുമെന്റ്‌ ഫ്രം ഡിസൈൻ): ലോകത്തിലെ വസ്തുക്കൾ, പ്രത്യേകിച്ചും ജീവജാലങ്ങൾ, അവ ഡിസൈൻ ചെയ്യപ്പെട്ടവയായാലെന്നപോലെ കാണപ്പെടുന്നു. നമുക്കറിയാവുന്ന ഒരു വസ്തുവും, അതു് ഡിസൈൻ ചെയ്യപ്പെട്ടതല്ലെങ്കിൽ ഡിസൈൻ ചെയ്യപ്പെട്ടതുപോലെ കാണപ്പെടുന്നില്ല. അതുകൊണ്ടു് എല്ലാറ്റിനും ഒരു ഡിസൈനർ ഉണ്ടായിരിക്കണം. അവനെ അക്വീനാസ്‌ ദൈവം എന്നു് വിളിക്കുന്നു.

ദൈവാസ്തിത്വത്തിന്റെ ഇടിച്ചാൽ പൊട്ടാത്ത ഒരു തെളിവായി ചിലരൊക്കെ ഇന്നും കൊട്ടിഘോഷിക്കുന്ന ഒരു ആര്‍ഗ്യുമെന്റാണിതു്. ഡാർവിൻ ഒരു അണ്ടര്‍ഗ്രാജുവേറ്റ്‌ ആയിരുന്ന കാലത്തു് ഈ ആശയത്തിൽ ആകൃഷ്ടനായിരുന്നു. പിൽക്കാലത്തു് ഡാർവിൻ അതു് പൂർണ്ണമായും ഉപേക്ഷിച്ചെങ്കിലും ആസ്തികരിൽ ചിലർക്കു് ഇന്നും അതു് ഡാർവിൻ അംഗീകരിക്കുന്നതും അതുകൊണ്ടുതന്നെ ന്യായമായതുമായ ഒരു തത്വമാണു്. ഡിസൈനർ ആര്‍ഗ്യുമെന്റ്‌ അബദ്ധമാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണു് നാചുറൽ സെലക്ഷൻ വഴിയുള്ള എവൊല്യൂഷൻ രൂപം നൽകുന്ന എണ്ണമറ്റ ‘ഡിസൈനുകൾ’. ഐസ്‌ ക്രിസ്റ്റൽ മുതൽ മനുഷ്യന്റെ തലച്ചോറുവരെ ഒരു ഡിസൈനറുടെയും സഹായമില്ലാതെയാണു് സെൽഫ്‌ ഓര്‍ഗനൈസേഷൻ വഴി മനോഹരമായ രൂപങ്ങൾ കൈവരിക്കുന്നതു്. ഇതുപോലുള്ള സെൽഫ്‌ ഓര്‍ഗനൈസേഷനു് പ്രകൃതിയിൽ എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.

അക്വീനാസിന്റെ ദൈവാസ്തിത്വതെളിവുകളിൽ ഒന്നുപോലും ചിന്തിക്കുന്നവരുടെ ലോകത്തിൽ ഇന്നു് അംഗീകാര്യയോഗ്യമായ ആര്‍ഗ്യുമെന്റുകൾ പോലുമല്ല. അക്വീനാസിന്റെ തെളിവുകളെ ഇതുവരെ ആരും ഖണ്ഡിച്ചിട്ടില്ല എന്നൊക്കെ വലിയവായിൽ മുക്രയിടുന്നവർ ഈ വസ്തുത ശ്രദ്ധിച്ചാൽ അവർക്കു് നല്ലതു്. വെറുതെയെന്തിനു് അബദ്ധങ്ങൾ വിളിച്ചുപറഞ്ഞു് ലോകത്തിനു് മുന്നിൽ സ്വയം അപഹാസ്യരാവണം?

ദൈവസ്തിത്വത്തെളിവുകളെ a priori, a posteriori എന്ന രണ്ടു് മുഖ്യവിഭാഗങ്ങളിൽ പെടുത്താം. അ പ്രിയോറി എന്നതു് അനുഭവജ്ഞാനവുമായി ബന്ധമില്ലാതെ, അതിനു് മുൻപെന്നോണം, ചിന്തയുടെ വഴിയിലൂടെ മാത്രം നേടുന്ന അറിവുകൾ. അ പോസ്റ്റെറിയോറി എന്നതു്, അ പ്രിയോറിക്കു് വിപരീതമായി അനുഭവജ്ഞാനത്തിൽ നിന്നും നേടുന്നതോ, അതുവഴി സ്ഥാപിക്കപ്പെടുന്നതോ ആയ അറിവുകൾ. ഈ നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ, ലോകവീക്ഷണത്തിലൂടെ എത്തിച്ചേരുന്നവ എന്നതിനാൽ, തോമാസിന്റെ അഞ്ചു് തെളിവുകളും അ പോസ്റ്റെറിയോറി വിഭാഗത്തിൽ വരുന്നവയാണു്. അ പ്രിയോറി വിഭാഗത്തിൽ പെടുത്താവുന്നതും ഏറ്റവും പ്രസിദ്ധമായതുമായ ദൈവാസ്തിത്വ തെളിവാണു് St Anselm of Canterbury 1078-ൽ മുന്നോട്ടുവച്ച ontological argument. റെനേ ഡെക്കാർട്ട്‌, ഗോട്ട്ഫ്രീഡ്‌ ലൈബ്‌നിറ്റ്‌സ്‌, തോമാസ്‌ അക്വീനാസ്‌, ഡേവിഡ്‌ ഹ്യൂം, ഇമ്മാന്വേൽ കാന്റ്‌, ബെര്‍ട്റാന്‍ഡ്‌ റസ്സൽ മുതലായ ലോകപ്രശസ്ത ചിന്തകരാൽ വ്യത്യസ്തമായ രീതിയിൽ അനുകൂലവും പ്രതികൂലവുമായി വിലയിരുത്തപ്പെട്ട ഒരു വാദമുഖം.

ആൻസെൽമിന്റെ തത്വം: അതിൽ വലിയതു് ഒന്നിനെ സങ്കൽപ്പിക്കാൻ കഴിയാത്തവിധത്തിലുള്ള ഒരു എന്റിറ്റിയെ സങ്കൽപിക്കാൻ മനുഷ്യനു് കഴിയും. ഒരു നിരീശ്വരവാദിക്കുപോലും അതുപോലെ അത്യുത്തമമായ ഒരു അസ്തിത്വത്തെ സങ്കൽപിക്കുവാൻ കഴിയും – അങ്ങനെയൊരു അസ്തിത്വത്തെ യഥാർത്ഥ ലോകത്തിൽ അവൻ നിഷേധിക്കുമെങ്കിൽത്തന്നെയും. യഥാർത്ഥലോകത്തിൽ നിലനിൽപ്പില്ലാത്ത അതുപോലൊരു എന്റിറ്റി, അതിന്റെപേരിൽത്തന്നെ, പരിപൂർണ്ണതയുള്ളതാവില്ല. അതൊരു വൈരുദ്ധ്യമാണു്! അതുകൊണ്ടു്, സിംസലബിം, ദൈവം ഉണ്ടു്! ദാണ്ടെ കിടക്കുന്നു ദൈവത്തിന്റെ തെളിവു്! വേണ്ടവർക്കൊക്കെ എടുക്കാം.

ആൻസെൽമിന്റെ ബാലിശമായ ഈ ആര്‍ഗ്യുമെന്റിനെ ബാല്യസഹജമായ ഭാഷയിൽത്തന്നെ ഡോക്കിൻസ്‌ നേരിടുന്നു:

“ദൈവമുണ്ടെന്നു് തെളിയിക്കാമെന്നു് ഞാൻ ബെറ്റ്‌ വയ്ക്കുന്നു.”
“ഇല്ല, നിനക്കതിനു് കഴിയില്ല എന്നു് ഞാനും ബെറ്റ്‌ വയ്ക്കുന്നു.”
“ശരി. സങ്കൽപിക്കാവുന്നതിൽ ഏറ്റവും പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ഒരു വസ്തുവിനെ സങ്കൽപിക്കൂ.”
“ശരി, സങ്കൽപിച്ചു. ഇനി?”
“പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ആ വസ്തു യഥാർത്ഥമാണോ? അതു് നിലനിൽക്കുന്നുണ്ടോ?”
“ഇല്ല, അതെന്റെ മനസ്സിൽ മാത്രമാണു്.”
“യഥാർത്ഥമായിരുന്നെങ്കിൽ അതു് കൂടുതൽ പരിപൂർണ്ണമായിരുന്നേനെ. കാരണം, യഥാർത്ഥ, യഥാർത്ഥ പരിപൂർണ്ണ വസ്തു മനസ്സിൽ മാത്രം നിലനിൽക്കുന്ന ഒരു പഴഞ്ചൻ പാവം സാങ്കൽപികവസ്തുവിനേക്കാൾ കൂടുതൽ പരിപൂർണ്ണമാണു്. കണ്ടില്ലേ, ദൈവം ഉണ്ടെന്നു് ഞാൻ തെളിയിച്ചു. അയ്യയ്യേ, നിരീശ്വരവാദികളെല്ലാം മൂഢന്മാരാണേ, ട്രല്ലലല്ലലാ!”

ആൻസെൽമിന്റെ ഓന്റൊളോജിക്കൽ ആര്‍ഗ്യുമെന്റിനെ നിരാകരിച്ച തത്വചിന്തകരിൽ പ്രമുഖരായിരുന്നു ഹ്യൂം, കാന്റ്‌, റസ്സൽ എന്നിവർ. അസ്തിത്വം അനാസ്തിത്വത്തേക്കാൾ പരിപൂർണ്ണമാണെന്ന ആൻസെൽമിന്റെ മണ്ടൻ നിഗമനം തുറന്നു് കാണിച്ചതു് കാന്റാണു്.

സങ്കീർത്തനങ്ങൾ പതിനാലാം അദ്ധ്യായത്തിലെ ഒന്നാം വാക്യം ഉദ്ധരിച്ചുകൊണ്ടു് ആൻസെൽം അവന്റെ സാങ്കൽപികശത്രുവായ നിരീശ്വരവാദിയെ മൂഢൻ എന്നാണു് വിശേഷിപ്പിക്കുന്നതു്! “ദൈവം ഇല്ല എന്നു് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.” ബൈബിൾ എഴുതിയവനോ, അതു് പകർത്തിയവനോ, ബൈബിൾ ദൈവവചനമായതിനാൽ, ഇനി യഹോവതന്നെയോ മൂഢനായതുകൊണ്ടാണോ എന്നറിയില്ല, സങ്കീർത്തനങ്ങളിലെ പതിനാലാം അദ്ധ്യായം സങ്കീർത്തനങ്ങളിലെതന്നെ അൻപത്തിമൂന്നാം അദ്ധ്യായത്തിന്റെ ഈച്ചക്കോപ്പിയാണു്. നുണ പറയരുതല്ലോ, ഈച്ചക്കോപ്പി എന്നതു് അത്ര ശരിയല്ല, ഒന്നിലെ ദൈവം മറ്റേതിൽ ചിലയിടത്തൊക്കെ യഹോവ ആയി മാറുന്നുണ്ടു്. ഒന്നിൽ ആകെ ആറു് വാക്യങ്ങളാണു്, മറ്റേതിൽ ആകെ വാക്യങ്ങൾ ഏഴും. 5, 6, 7 വാക്യങ്ങളിൽ സംഭവിച്ച ചില തിരിമറികളുടെ ഫലമാണു് ഈ വ്യത്യാസം. ഈ പിഴവിന്റെ ഉത്തരവാദിത്വം യഹോവയ്ക്കോ അതു് എഴുതിയുണ്ടാക്കിയവനോ എന്നെനിക്കറിയില്ല. ദൈവം പ്രപഞ്ചത്തിന്റെ പ്ലാനിംഗ്‌ കമ്മീഷൻ ചെയര്‍മാന്‍ ആയതുകൊണ്ടു്, ഈ തിരിമറിയുടെ പിന്നിലും എന്തെങ്കിലും ഒരു ലക്ഷ്യം കാണുമെന്നേ കരുതാൻ പറ്റൂ. ഇനി അഥവാ ലക്ഷ്യമൊന്നും ഇല്ലെങ്കിൽത്തന്നെ ഉണ്ടാക്കാനും, വ്യാഖ്യാനസാദ്ധ്യത നിലനിൽക്കുന്നിടത്തോളം, വലിയ ബുദ്ധിമുട്ടുമില്ല.

താൻ പറയുന്ന ദൈവത്തെ യുക്തിപൂർവ്വം ചോദ്യം ചെയ്യുന്നവരെ മൂഢൻ, ഭോഷൻ, വിഡ്ഢി, ബാസ്റ്റാർഡ്‌, പട്ടി, പന്നി മുതലായി ഭാഷയിൽ സാദ്ധ്യവും അസാദ്ധ്യവുമായ നികൃഷ്ടപദങ്ങൾ ഉപയോഗിച്ചു് തെറി വിളിക്കുന്നതു് ബൈബിൾ എഴുതപ്പെട്ട കാലത്തോ, ഖുർആൻ എഴുതപ്പെട്ട കാലത്തോ, ഏകദേശം ആയിരം വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന ആൻസെൽമിന്റെ കാലത്തോ ഒക്കെ മാത്രം ഉണ്ടായിരുന്നതും, ഇപ്പോൾ കാലഹരണപ്പെട്ടതുമായ ഒരു കാടത്തമാണെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കു് തെറ്റി. ആ പെരുമാറ്റരീതി പരമസത്യമായ ദൈവത്തെ പോക്കറ്റിൽ കൊണ്ടുനടക്കുന്നവർ എന്നവകാശപ്പെടുന്നവരുടെ ഉള്ളിന്റെയുള്ളിൽ മായ്ക്കാനും മറയ്ക്കാനുമാവാതെ ഇന്നും കുടികൊള്ളുന്ന ഒരു സ്വഭാവഗുണമാണു്. തെളിവു് വേണ്ടവർ ഏതെന്നില്ല, മതം ദൈവം മുതലായ വിഷയങ്ങളിൽ ‘ചർച്ച’ നടക്കുന്ന ഏതെങ്കിലും ഒരു ബ്ലോഗിൽ നോക്കിയാൽ മതി.

ഫെയ്സ്ബുക്കിൽ വരുന്ന friend request-കൾ സാമാന്യമര്യാദയുടെ പേരിൽ കൺഫേം ചെയ്യുകയാണു് എന്റെ പതിവു്. ദൈവത്തിന്റെ അടിവസ്ത്രങ്ങൾ അലക്കിത്തേച്ചു് കൊടുക്കുന്ന ഒരു ‘ബ്രദറൻ’ തല കാണിച്ചതുവരെ ദൂഷ്യഫലമൊന്നും ഉണ്ടായിട്ടുമില്ല. പാമ്പിനെ കൗപീനത്തിൽത്തന്നെ വച്ചുപൊറുപ്പിക്കണം എന്നു് ഫെയ്സ്ബുക്ക്‌ നിർബന്ധിക്കാത്തതു് ഒരു ഭാഗ്യമാണെന്നു് മനസ്സിലാക്കാൻ ഈ ‘ഫ്രണ്ഡ്ഷിപ്പ്‌’ സഹായകമായെന്നു് പറഞ്ഞാൽ മതിയല്ലോ.

Facebook-ൽ: Justin wrote: “ദൈവം ഇല്ല എന്നു് ‘മൂടൻ’ തന്റെ ഹൃദയത്തിൽ പറയുന്നു….!!| Powered by BIBLE”

ബ്ലോഗിലെ ഈ മാന്യന്റെ കമന്റ്‌: “ദൈവം ഇല്ല എന്നു് ‘മൂടൻ’ തന്റെ ഹൃദയത്തിൽ പറയുന്നു….!!| Powered by BIBLE”
justinkwilliams: IP: 117.242.75.235 (brethrenet.com/)

‘മൂടനെ’ അങ്ങേർ ഹൃദയത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നു് തോന്നുന്നു. ഉള്ളിലുള്ളതല്ലേ പുറത്തേക്കു് വരൂ. അതിനെത്തുടർന്നു്, കീ കൊടുത്താൽ ചില വാക്യങ്ങൾ ആവർത്തിച്ചുകൊണ്ടു് ചുറ്റിത്തിരിയുന്ന പാവയെപ്പോലെ കമന്റുകൾ പൊഴിയാൻ തുടങ്ങി. അത്തരം കമന്റുകളോടു് ഞാൻ സാധാരണ ചെയ്യാറുള്ളതുപോലെ പിന്നീടു് വന്നവയെ അവ അർഹിക്കുന്നിടത്തേക്കയച്ചു് ബഹുമാനിച്ചു.

ഇന്നലെ babutktu@gmail.com (IP: 117.204.124.83)-ൽ നിന്നും എനിക്കൊരു മെയിൽ കമന്റായി വന്നു. ശൈലി കണ്ടിട്ടു് ഉത്ഭവം ഏകദേശം ഒരേ ചാണകക്കുഴി തന്നെ. ബാസ്റ്റാര്‍ഡ് എന്നും മറ്റുമൊക്കെ എഴുതിയിരുന്നു.

എന്താണു് ആ മാന്യദേഹം മെയിലിൽ ഉദ്ദേശിച്ചതെന്നു് എനിക്കു് ശരിക്കും മനസ്സിലായില്ല. എനിക്കു് മനസ്സിലായിടത്തോളം, ഈ ‘ബാബുറ്റികെറ്റു’ ഒരു വിശ്വാസിയാണെന്നും, അതോടൊപ്പം ഒരു ബാസ്റ്റാർഡ്‌ ആണെന്നും, അമ്മ പറഞ്ഞറിഞ്ഞതല്ലാതെ അപ്പനാരെന്നു് അങ്ങേർക്കറിയില്ലെന്നുമാണു് ചുരുക്കമെന്നു് തോന്നുന്നു. ഒരാൾ സഹായാഭ്യർത്ഥനയുമായി വരുമ്പോൾ കഴിയുമെങ്കിൽ നമ്മൾ നിരാകരിക്കരുതല്ലോ. എനിക്കു് വേണമെങ്കിൽ ആ മെയിലിനു് നേരിട്ടു് മറുപടി എഴുതാമായിരുന്നു. പക്ഷേ, തന്തയില്ലാത്തവർക്കു് മറുപടി എഴുതിയാൽ അതിന്റെ മറുപടികൾ തന്തയില്ലാത്തരത്തിന്റെ ഒരു ‘infinite regress’ ആയിരിക്കുമെന്നു് കഴിഞ്ഞ മൂന്നുവർഷത്തെ ബ്ലോഗ്‌ ജീവിതംവഴി ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. സാധാരണഗതിയിൽ അത്തരക്കാരുടെ കമന്റുകൾ ഞാൻ ചവറ്റുകുട്ടയിൽ എറിയാറാണു് പതിവു്. ‘വിശുദ്ധ’ ബൈബിളിന്റെ ഭാഷയിൽ പറഞ്ഞാൽ, മച്ചിയുടെ ഗർഭപാത്രം പോലെയാണു് വിശ്വാസികളുമായുള്ള സംവാദം. ബൈബിളിന്റെ കാലത്തിൽ നിന്നും വ്യത്യസ്തമായി, ലക്ഷക്കണക്കിനു് ക്യുബിക്‌ മീറ്റർ വെള്ളം പമ്പുചെയ്തു് കൃത്രിമമായ തടാകങ്ങൾ വരെ സൃഷ്ടിക്കാനുള്ള ശേഷി ഇന്നു് മനുഷ്യർ കൈവരിച്ചിട്ടുണ്ടെന്നതിനാൽ, ‘എത്ര പമ്പുചെയ്താലും നിറയാത്ത ടാങ്കുപോലെ’ എന്നൊരു ഉപമയാവും ബൈബിളിലേതുപോലെ അത്ര നാറ്റമില്ലാതെ പറയാവുന്നതു്. (ജർമ്മനിയിലെ ഡോർട്ട്‌മുണ്ടിൽ ‘Phoenix See’-യുടെ flooding 1. October 2010-നു് ആരംഭിച്ചു. ജർമ്മൻ ഭാഷയിലെ വിവരണവും ചില ചിത്രങ്ങളും താത്പര്യമുള്ളവർക്കായി ഇവിടെ).

ഒരു മറുപടിയും അർഹിക്കാത്ത ‘ബാബുറ്റികെറ്റു’വിന്റെ കമന്റ്‌ ഈ പോസ്റ്റിന്റെ ഭാഗമാക്കുന്നതിന്റെ കാരണം മറ്റൊന്നാണു്. വിശ്വാസികളുടെ കാഴ്ചപ്പാടിൽ മനുഷ്യവർഗ്ഗത്തിന്റെ തന്തപ്പടി ദൈവമാണു്. അതുകൊണ്ടു് നിരീശ്വരവാദികൾ എന്നാൽ തന്തയില്ലാത്തവരാണെന്ന ഒരു ‘ഉത്തമബോദ്ധ്യം’ വിശ്വാസികളുടെ ഇടയിൽ നിലനിൽക്കുന്നുണ്ടു്. ‘ഉത്തമബോദ്ധ്യങ്ങളാണു്’ സത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്നു്, “ദൈവം ചത്തു” എന്നു് പറഞ്ഞ നീറ്റ്‌സ്ഷെ. വളരെ ബുദ്ധിമാനായിരുന്നുവെങ്കിലും ഇവിടെ നീറ്റ്‌സ്ഷെക്കു് ഒരു തെറ്റുപറ്റി എന്നു് പറയാതെ വയ്യ. ജീവിക്കുന്നവയേ ചാവുകയുള്ളു എന്നതിനാൽ, ‘ദൈവം ചത്തു’ എന്നതിനേക്കാൾ, ‘ദൈവം എന്നൊന്നില്ല, ഒരിക്കലും ഉണ്ടായിരുന്നില്ല, ഇനിമേൽ ഉണ്ടാവുകയുമില്ല’ എന്നായിരുന്നേനെ എന്റെ അഭിപ്രായത്തിൽ കൂടുതൽ ആപ്തമായിരുന്നതു്.

നമുക്കു് നമ്മുടെ ‘ബാബുറ്റികെറ്റു’വിന്റെ തന്തയില്ലായ്മപ്രശ്നത്തിനു് എന്തെങ്കിലും പരിഹാരം കണ്ടെത്താനാവുമോ എന്നു് നോക്കാം. അതുവഴി ഒരുപക്ഷേ മനുഷ്യരാശിയുടെ പിതൃത്വത്തിനും ഒരു പരിഹാരം കാണാനാവുമെങ്കിൽ അതു് ഒരു ബോണസുമായി. ഒരു വെടിക്കു് ചത്തുവീഴുന്നതു് രണ്ടു് തന്തപ്രശ്നങ്ങൾ! ശ്രീമാൻ ബാബുറ്റികെറ്റു ഒരു തന്തയില്ലാത്തവനാണെങ്കിൽ, അഥവാ, അമ്മ ചൂണ്ടിക്കാണിച്ച ഒരു തന്തയെ അപ്പാ എന്നു് വിളിക്കേണ്ട ഗതികേടു് ഉള്ളവനും, ആ അപ്പന്റെ അപ്പത്വത്തിൽ അനൽപം സംശയാലുവുമാണെങ്കിൽ, തന്റെ ‘അപ്പനേയും’ കൂട്ടി ജെനെറ്റിക്‌ ടെസ്റ്റ്‌ നടത്തിക്കൊടുക്കുന്ന ഏതെങ്കിലും ഒരു ലബോററ്ററിയിൽ പോവുക. അപ്പൻ കൂടെവരാൻ മടിക്കുന്നുവെങ്കിൽ, ‘പൂച്ചക്കഴുത്തിൽ കയറിട്ടപോലെ’ പിടിച്ചുവലിച്ചു് കൊണ്ടുപോവുക. അവിടെയെത്തി, രണ്ടുപേരുടെയും, അൽപം തുപ്പലോ മറ്റോ കൊടുത്താൽ ‘ഈ തന്ത ബാബുറ്റികെറ്റുമോന്റെ തന്ത തന്നെയോ’ എന്നു് അവർ പറഞ്ഞും, പാടിയും, നിർബന്ധം പിടിച്ചാൽ ബൈബിൾ മാതൃകയിൽ കാഹളമൂതിയും അറിയിച്ചുതരും. ഇനി, ബാബുറ്റികെറ്റുവിന്റെ അമ്മ അപ്പനെ ചൂണ്ടിക്കാണിക്കാതിരിക്കുകയോ, ചൂണ്ടിക്കാണിക്കാൻ കഴിയുന്നതിനുമുൻപേ അപ്പൻ വടിയായിപ്പോയിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ബാബുറ്റികെറ്റുവിന്റെ കാര്യം അവതാളത്തിലാവും. ചില സ്ത്രീകൾ ഭർത്താവിന്റെ വാസെക്ടമിക്കു് ശേഷവും പ്രസവിക്കാറുണ്ടെന്നതിനാൽ, ആ പ്രദേശത്തുള്ള എല്ലാവരേയും ജെനെറ്റിക്‌ ടെസ്റ്റിനു് വിധേയമാക്കിയാലും ബാബുറ്റികെറ്റുവിന്റെ പ്രത്യേക പരിതസ്ഥിതിയിൽ, തന്തയാരെന്നു് കൃത്യമായി കണ്ടെത്താൻ കഴിയണമെന്നില്ല. നമ്മുടെ ബാബുറ്റികെറ്റു ഒരു വിശ്വാസിയായതിനാലും, അവന്റെ അമ്മ സാധാരണഗതിയിൽ ഒരു സ്ത്രീ ആയിരിക്കണമെന്നതിനാലും, കേരളത്തിന്റെ സാമൂഹികചുറ്റുപാടുകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ, അവളും ഒരു വിശ്വാസി ആയിരിക്കാനാണു് എല്ലാ സാദ്ധ്യതയും. കേരളത്തിൽ, ദൈവവിശ്വാസികളായവർക്കു്, പ്രത്യേകിച്ചും സ്ത്രീകൾക്കു്, ധ്യാനകേന്ദ്രങ്ങളോടു് അസാമന്യമായ ഒരു അഫിനിറ്റി തോന്നാറുണ്ടെന്നതിനാലും, അവിടെ ധ്യാനത്തിനായും, അല്ലാതെയും വന്നുപോയ പ്രായപൂർത്തിയായ പുരുഷന്മാരെയും ധ്യാനപിതാക്കളേയും മുഴുവൻ ഒരു ജെനെറ്റിക്‌ ടെസ്റ്റിനു് വിധേയമാക്കുക എന്നതു് അത്ര പ്രായോഗികമല്ലാത്തതിനാലും, ശ്രീമാൻ ബാബുറ്റികെറ്റു ശിഷ്ടജീവിതം തന്തയില്ലാത്തവനായി തള്ളിനീക്കേണ്ടിവരും എന്ന ദുഃഖസത്യം ഇവിടെ ഹൃദയവേദനയോടെ രേഖപ്പെടുത്തുന്നു. പല സ്ത്രീകളും ‘ഒരു കുഞ്ഞുകാലു് കാണാനുള്ള’ അഭിനിവേശത്തിന്റെ പേരിലാണു് ധ്യാനമന്ദിരം തേടിച്ചെല്ലുന്നതു്. അതുകൊണ്ടു് ലക്ഷ്യം നേടിയാൽ ദാനം കിട്ടിയ പശുവിനു് പല്ലുണ്ടോ എന്നതുപോയിട്ടു്, അതിനെ തന്നതാരാണെന്നുപോലും ഒരു ധ്യാനക്കാരിയും ചത്താലും പറയില്ല. അല്ലെങ്കിൽത്തന്നെ, അപ്പനാരെന്ന ചോദ്യത്തിനു്, “അമ്മ ചൂണ്ടിക്കാണിക്കുന്നവൻ” എന്ന മറുപടി, ശാസ്ത്രീയമായ അർത്ഥത്തിൽ, ഏറ്റവും മോശമായ ഒരു അപ്പൻതെളിവാണു്. ലോകപരിചയവും, മനുഷ്യജ്ഞാനവും ഉള്ള ആർക്കും ഇപ്പറഞ്ഞതു് കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലാതെതന്നെ മനസ്സിലാവും. ഒരു കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുക എന്നതു്, ജെനെറ്റിക്‌ ടെസ്റ്റ്‌ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന കാലത്തെ അപേക്ഷിച്ചു്, ഇന്നു്, ദൈവത്തിനുപോലും അത്ര എളുപ്പമായ കാര്യമല്ല.

ശ്രീമാൻ ബാബുറ്റികെറ്റുവിനു് മാത്രമല്ല, ജനകൻ ആരെന്നു് നിശ്ചയമില്ലാത്ത ആർക്കും ഉപയോഗിക്കാവുന്ന മാർഗ്ഗങ്ങളാണിവയെല്ലാം. ഒരു ദൈവവിശ്വാസിയെ എങ്ങനെയാണു് ഒരു അവിശ്വാസി ഇതിൽ കൂടുതലൊക്കെ സഹായിക്കുന്നതു്?

ഈ വിശദാംശങ്ങൾ, മാനവരാശിയുടെ സ്രഷ്ടാവു്, അഥവാ, പിതാവു് ആരെന്ന ചോദ്യത്തിന്റെ മറുപടി കണ്ടെത്താൻ ഉപയോഗിച്ചാൽ, ചൂണ്ടിക്കാണിക്കാൻ ഒരമ്മയോ, കണ്ടെത്താൻ ഒരപ്പനോ ഇല്ലാത്ത നമ്മുടെ ബാബുറ്റികെറ്റുവിന്റെ അവസ്ഥയിലേക്കേ അതു് നമ്മെ കൊണ്ടുചെന്നെത്തിക്കൂ. മനുഷ്യവർഗ്ഗത്തിന്റെ ‘അമ്മ’ എന്നു് വേണമെങ്കിൽ വിളിക്കാവുന്നതു് ഈ ഭൂമിയെയാണു്. പക്ഷേ, ഭൂമി ഇതുവരെ തന്റെ മക്കളെ “ദാ, ഇക്കാണുന്നവനാണു് നിങ്ങളുടെ പിതാവു്” എന്നു് ആരെയും ചൂണ്ടിക്കാണിച്ചിട്ടില്ല. മരുഭൂമിയിൽ വേണ്ടത്ര ജലപാനമില്ലാതെ തലച്ചോറുണങ്ങി പിച്ചും പേയും പറഞ്ഞവരോ, സ്വതവേ മതിഭ്രമം ബാധിച്ചിരുന്നവരോ ആയിരുന്ന ചില വെളിപാടുകാർ മനുഷ്യരുടെ പിതാവായ ദൈവം തനിക്കു് മാത്രമായി വെളിപ്പെട്ടുവെന്നും “അവനാണു് നിങ്ങളുടെ തന്തപ്പടി, ഇവനാണു് നിങ്ങളുടെ തന്തപ്പടി” എന്നെല്ലാം കാലാകാലങ്ങളിൽ വിളിച്ചു് കൂവിയിട്ടുണ്ടു്. പലപ്പോഴും ‘നൂൽബന്ധം’ പോലുമില്ലാതെ പൊടിപിടിച്ച മരുഭൂമിയിലൂടെ പരസ്യമായി ഓടിനടന്നിരുന്ന ഇത്തരക്കാർ ഇന്നത്തെ ആധുനിക സമൂഹങ്ങളിലായിരുന്നെങ്കിൽ ആജീവനാന്തം ഭ്രാന്താശുപത്രിക്കുള്ളിൽ കഴിയേണ്ടവരായിരുന്നു. പക്ഷേ, അക്കാലത്തു്, വെളിച്ചപ്പാടുകളുടെ വായിലൂടെ സംസാരിച്ചിരുന്നതു് ദൈവമായിരുന്നതിനാൽ, ഭ്രാന്തു് പരമസത്യമായി, ദൈവമായി അംഗീകരിക്കപ്പെട്ടു. ബൈബിളിലെ യെശയ്യാപ്രവാചകന്റെ പുസ്തകം ഒന്നു് വായിച്ചുനോക്കൂ! എന്തെല്ലാമാണു് അവൻ വിളിച്ചുപറയുന്നതു്! അതുപോലൊരു മനുഷ്യനെ ഇന്നത്തെ ലോകത്തിൽ ആരെങ്കിലും നോർമ്മൽ എന്നു് വിലയിരുത്തുമോ? മഹാനായ അലക്സാണ്ഡറും, അതിലും മഹാനായ നെപ്പോളിയനും, അതിലൊക്കെ വലിയ മഹാനായ ഹിറ്റ്‌ലറുമൊക്കെ ഇന്നും ജീവിക്കുന്നുണ്ടു് – എത്രയോ വട്ടാപ്പീസുകളിലെ കരുതൽ തടങ്കലുകളിൽ! ഭാര്യയെ കൊല്ലണമെന്നും, മകളെ വേൾക്കണമെന്നും, നിരപരാധികളെ ബോംബുവച്ചു് കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്നുമൊക്കെയുള്ള ദൈവിക വെളിപാടുകൾ ബാല്യത്തിലേ ചില പ്രത്യേക ‘ഫ്രീക്വൻസിയിൽ’ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നവർക്കു് ഇന്നും കേൾക്കാൻ കഴിയുന്നുണ്ടു്. ഏതു് നാട്ടിലാണു് ജീവിക്കുന്നതെന്നതിനനുസരിച്ചു് അവർ ദൈവദൂതന്മാരോ മനുഷ്യവർഗ്ഗത്തിനുതന്നെ ഭീഷണിയായ മാനസീകരോഗികളോ ആയി പരിഗണിക്കപ്പെടുകയും അതിനനുസരിച്ചു് കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളു.

അതായതു്, മനുഷ്യരാശിയുടെ പിതാവിനെ ഒരു ജെനെറ്റിക്‌ ടെസ്റ്റ്‌ വഴി നിശ്ചയിക്കാനാവില്ല. ഭൂമിമാതാവിനും അക്കാര്യം വലിയ നിശ്ചയമില്ല. പിന്നെയുള്ള മാർഗ്ഗം, അയൽക്കാർ ചൂണ്ടിക്കാണിക്കുന്നവനെ അപ്പൻ എന്നു് വിളിക്കുക എന്നതാണു്. വിശ്വാസികൾ ചെയ്യുന്നതും അതുതന്നെയാണു്. ആരോ ചൂണ്ടിക്കാണിച്ചവനെ അപ്പാ എന്നു് വിളിക്കൽ. അതിനെയാണു് നമ്മൾ വിശ്വാസമെന്നു് വിളിക്കുന്നതു്. കുട്ടിച്ചാത്തനിൽ വിശ്വസിക്കുന്നതും അതുപോലെതന്നെ. അവനവന്റെ പൊത്തിലിരുന്നു് അറിയാത്ത അപ്പനിൽ വിശ്വസിക്കുകയോ, അവനോടു് പ്രാർത്ഥിക്കുകയോ, ഉറഞ്ഞുതുള്ളുകയോ, തന്നെയും പിന്നെയും കുമ്പിടുകയോ എന്തുവേണമെങ്കിലും ആർക്കും ചെയ്യാം. ദൈവത്തോടുള്ള അട്ടഹാസത്തിന്റേയും കൂട്ടമണിയുടേയും ശബ്ദകോലാഹലം മനുഷ്യരെ രോഗികളാക്കുന്ന നോയിസ്‌ ലെവലിലും താഴെ ആയിരിക്കുന്നിടത്തോളം അവിശ്വാസികൾ ആരെങ്കിലും അതിൽ ഇടപെടുമെന്നു് തോന്നുന്നില്ല. മതങ്ങൾ തമ്മിൽത്തമ്മിൽ നിലവിലിരിക്കുന്ന തിളച്ചുപൊന്തുന്ന വരുമാനക്കുശുമ്പു് ഇവിടെ വിഷയവുമല്ല. ഏതായാലും ഒരുകാര്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ടു്. മനുഷ്യരുടെ വിചിത്രമായ ഫിസിയോളജിയുടെ ഫലമായി ഒരു പരിധിയിൽ കൂടുതൽ നട്ടെല്ലു് വളയ്ക്കാൻ മനുഷ്യർക്കാവില്ല – ചിലരുടെ ഏറ്റവും വലിയ ആഗ്രഹം റബ്ബറുപോലുള്ള നട്ടെല്ലാണെങ്കിലും! സൃഷ്ടിയിലേ സംഭവിച്ച ഈ പ്രത്യേകതമൂലം, മനുഷ്യർ മനസ്സറിഞ്ഞു് കുമ്പിടുമ്പോൾ, ആസനം പീരങ്കിപോലെ ആകാശത്തിലേക്കു് ഉന്നമിടും. കഷ്ടകാലത്തിനു്, ആകാശവും സ്വർഗ്ഗവും പോലെതന്നെ, ദൈവത്തിന്റെ സിംഹാസനവും മുകളിലാണു്. ലോകത്തിലെ കോടാനുകോടി മനുഷ്യർ കുമ്പിട്ടു് പ്രാർത്ഥിക്കുമ്പോൾ, കോടാനുകോടി മനുഷ്യാസനങ്ങൾ ദൈവത്തിനുനേരെ തിരിയുന്നതു് നിങ്ങളൊന്നു് ആലോചിച്ചുനോക്കൂ! ബ്ലാസ്ഫെമി എന്നല്ലാതെ എന്തു് പറയാൻ! ദൈവവിശ്വാസം തലയിൽ അടിച്ചേൽപിച്ചു് കഴിഞ്ഞാൽ മനുഷ്യരെക്കൊണ്ടു് എന്തെന്തു് ഭ്രാന്തുകൾ ചെയ്യിക്കാൻ മതങ്ങൾ മടിക്കുകയില്ല എന്നതിന്റെ ലജ്ജാവഹമായ തെളിവു്! കണ്ടീഷനിംഗിന്റെ ശക്തി! എന്തുകൊണ്ടാണു് യേശുവിനെക്കൊണ്ടു് “കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ!” എന്നു് പറയിപ്പിക്കുന്നതെന്നു് കരുതി? ‘ഞരമ്പുരോഗിയായ കുതിര‘ എന്ന എന്റെ ഒരു പഴയ പോസ്റ്റിൽ conditioned reflex-നെപ്പറ്റി അൽപം കൂടി വിശദമായി വായിക്കാം. പണ്ടൊക്കെ (കേരളത്തിൽ ചിലയിടത്തൊക്കെ ഇപ്പോഴും ഈ ആചാരമുണ്ടെങ്കിലും ഞാൻ അത്ഭുതപ്പെടുകയില്ല.) മെത്രാന്മാരുടെ കൈമൊത്തിയശേഷം സ്ത്രീകൾ പിൻതിരിഞ്ഞു് നടക്കാതെ, റിവേഴ്സ്‌ ഗിയറിൽ പുറകോട്ടു് മാത്രമേ നടക്കാൻ പാടുണ്ടായിരുന്നുള്ളത്രെ. റിവേഴ്സ്‌ പോകുമ്പോൾ ഹോൺ അടിക്കാൻ അനുവാദമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. തിരുമേനിയുടെ നോട്ടം ഷോക്ക്‌ അബ്സോർബറിലേക്കു് തിരിയാതിരിക്കാനാണോ, അതോ തിരുമേനിമാർക്കു് മുൻകാഴ്ച പിൻകാഴ്ചയേക്കാൾ ആസ്വാദ്യകരമായതുകൊണ്ടാണോ വിശുദ്ധമായ ഈ ആചാരം വിശുദ്ധകൈമൊത്തിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ടതെന്നും എനിക്കറിയില്ല.

(തുടരും)

 
1 Comment

Posted by on Nov 28, 2010 in മതം

 

Tags: , , ,

One response to “ദൈവാസ്തിത്വത്തിന്റെ ‘തെളിവുകൾ’

  1. Santosh

    Nov 29, 2010 at 17:37

    Haha…
    Continue….

     

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: