വെനീസിലെ ഓപ്പെറയും കൂടി സന്ദര്‍ശിച്ചശേഷം നമ്മുടെ തീർത്ഥാടകർ അവിടെനിന്നും യാത്രപറഞ്ഞു് ജർമ്മനിയിലെത്തി. ‘കാൾ ഡെർ ഗ്രോസെ’യുടെ (Charlemagne the Great) കാലത്തു് ചതുപ്പുനിലങ്ങൾ നിറഞ്ഞ വിശാലമായ വനപ്രദേശമായിരുന്ന ആ രാജ്യം ഇപ്പോൾ സമാധാനമുള്ള പട്ടണങ്ങളായി വിരിഞ്ഞുനിൽക്കുന്നതു് സംതൃപ്തിയോടെ അവർ നോക്കിക്കണ്ടു. പണ്ടു് ദരിദ്രരും സംസ്കാരശൂന്യരുമായിരുന്ന നാട്ടുരാജാക്കന്മാർ ധനികരും വിദ്യാസമ്പന്നരുമായി മാറിയിരുന്നു. മാന്തിയെടുത്ത പരുക്കൻ കല്ലുകളിൽ മനുഷ്യബലി അർപ്പിച്ചിരുന്ന വെറും മന്ത്രവാദികളായിരുന്നു പഴയ കാലത്തു് അവിടത്തെ പുരോഹിതന്മാർ. പിന്നീടു്, ‘അവനിലോ, അവനോടു് കൂടെയോ, അവനു് കീഴിലോ’ (Consubstantiation vs Transubstantiation) ആണോ, അതോ അല്ലയോ എന്നു് കൃത്യമായി ആർക്കും അറിവില്ലാതിരുന്നതിനാൽ, രക്തപ്പുഴയായി മാറിയ ആ രാജ്യം ഇപ്പോൾ മൂന്നു് ശത്രുമതങ്ങൾ സമാധാനപരമായും സമാന്തരമായും നിലനിൽക്കുന്നതു് കണ്ടു് അവർ അത്ഭുതപ്പെട്ടു. യുക്തി പറഞ്ഞു: ” ദൈവത്തിനു് സ്തുതി, അവസാനം ഇവിടത്തെ ജനങ്ങൾ അവരുടെ ഭ്രാന്തു് ഉപേക്ഷിച്ചു് എന്നിലേക്കുള്ള വഴി കണ്ടെത്തി.”
വിവേകമുള്ളവൾ മാത്രമല്ല, അതിലും വില നൽകേണ്ടതായ, ഉദാരമനസ്ഥിതി ഉള്ളവളുമായിരുന്ന ഒരു രാജ്ഞിയുടെ സന്നിധിയിലേക്കു് യുക്തിയും സത്യവും ആനയിക്കപ്പെട്ടു (Empress Maria Theresa). ആ തീർത്ഥാടകകൾ അവളിൽ അത്രയേറെ സംതൃപ്തരായിരുന്നതിനാൽ, അവിടെ കണ്ട മനോവ്യഥയുണ്ടാക്കുന്നതായ ചില സമ്പ്രദായങ്ങൾ അവർ കണ്ടില്ലെന്നു് നടിച്ചു. അവളുടെ മകനായ കൈസറിൽ അവർ പ്രണയിതരായി (Joseph II).
അതിനുശേഷം സ്വീഡനിൽ എത്തിയപ്പോൾ അവരുടെ ആശ്ചര്യം പെരുകി. ആവേശത്തോടെ അവർ പറഞ്ഞു: “എത്രയോ പ്രയാസമേറിയ വിപ്ലവം എത്ര പെട്ടെന്നാണു് ഇവിടെ സംഭവിച്ചതു്! അതു് വളരെ അപകടകാരി ആയിരുന്നെങ്കിലും സമാധാനപരമായി നടക്കുകയും ചെയ്തു! ആ മഹത്തായ ദിനത്തിനുശേഷം ഇവിടെ നല്ല കാര്യങ്ങൾ സംഭവിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. അതും, യുക്തിബോധം വളരെ വിരളമായി മാത്രം കാണാൻ കഴിയുമായിരുന്ന ഒരു കാലഘട്ടത്തിൽ! ശ്രദ്ധേയമായ ഈ സംഭവം യൂറോപ്പിനെ ഒന്നടങ്കം വിസ്മയഭരിതമാക്കി എന്നതിനാൽ, നമ്മൾ നമ്മുടെ രഹസ്യവാസസ്ഥലം ഉപേക്ഷിക്കാൻ തീരുമാനിച്ചതു് വളരെ ശരിയായ ഒരു കാര്യമായിരുന്നു.”
സ്വീഡനിൽ നിന്നും അവർ പോളണ്ടിലൂടെ യാത്ര തുടർന്നു. അവിടത്തെ അവസ്ഥ കണ്ടപ്പോൾ സത്യം വ്യാകുലയായി: “പ്രിയ മാതാവേ, എന്തൊരു വൈരുദ്ധ്യം! എനിക്കു് തിരിച്ചു് നമ്മുടെ പഴയ കുളത്തിലേക്കു് പോകാൻ തോന്നുന്നു. മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും പ്രയോജനകരമായ ഭാഗം നശിപ്പിക്കപ്പെട്ടാൽ, കർഷകർ അവരുടെ ഉഴവുകുതിരകളെ കൈകാര്യം ചെയ്യുന്നതുപോലെ കർഷകർ കൈകാര്യം ചെയ്യപ്പെട്ടാൽ, എന്തു് സംഭവിക്കുമെന്നു് നമ്മൾ ഇവിടെ കാണുന്നു. അരാജകത്വത്തിന്റെ കുഴമറിയലുകൾ ലജ്ജാവഹമായ അന്ത്യത്തിലേക്കല്ലാതെ മറ്റെങ്ങോട്ടും നയിക്കുകയില്ല എന്ന ദീർഘവീക്ഷണം എത്ര കൃത്യമായിരുന്നു! ജ്ഞാനിയും ശേഷിയുള്ളവനും മനുഷ്യസ്നേഹിയുമായ ഒരു രാജാവിനെയോർത്തു് ഞാൻ ദുഃഖിക്കുകയും, മറ്റു് രാജാക്കന്മാർ ഇതിനോടകം ആയിത്തീർന്നതുപോലെ അവനും ഒരിക്കൽ ഭാഗ്യവാനായിത്തീരുമെന്നു് ഞാൻ ആശിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, പ്രിയ മാതാവെ, നിന്റെ പ്രകാശത്തിനു് അതിന്റെ കിരണങ്ങൾ കൂടുതൽ കൂടുതൽ വ്യാപിപ്പിക്കുവാൻ കഴിയുമെന്നും ഞാനാശിക്കുന്നു.”
അവൾ തുടർന്നു: “ഇനി നമുക്കു് കൂടുതൽ തൃപ്തികരവും ഏറെ ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു രൂപാന്തരീകരണം കാണാം. എൺപതു് വർഷങ്ങൾക്കു് മുൻപു് അങ്ങേയറ്റം അസംസ്കൃതമായിരുന്നിട്ടുപോലും ഇപ്പോൾ ബോധവത്കരിക്കപ്പെട്ടതും അജയ്യമായതും വിസ്തൃതവുമായ വടക്കൻ പ്രദേശങ്ങളിലേക്കു് നമുക്കു് പോകാം. ഒരു പുതിയ സൃഷ്ടിയുടെ അത്ഭുതം പൂർത്തീകരിച്ച ഒരു രാജ്ഞിക്കു് അഭിവാദ്യങ്ങൾ അർപ്പിക്കാം.” അങ്ങനെ, ഉടനെതന്നെ അവിടേക്കു് പുറപ്പെട്ടുചെന്ന അവർക്കു് അവർ കേട്ടതു് അൽപം പോലും കൂടുതലായിരുന്നില്ല എന്നു് സമ്മതിക്കേണ്ടിവന്നു.
ഏതാനും വർഷങ്ങൾ കൊണ്ടു് ലോകം എത്രമാത്രം മാറിപ്പോയി എന്നവർ വീണ്ടും വീണ്ടും അത്ഭുതപ്പെടുകയും, അതിന്റെ വെളിച്ചത്തിൽ, ഒരുപക്ഷേ ചിലിയും ഓസ്റ്റ്രേലിയയും ഒരിക്കൽ നല്ല സ്വരത്തിന്റേയും അഭിരുചിയുടെയും കേന്ദ്രങ്ങൾ ആയേക്കാമെന്നും, നല്ല ജീവിതരീതികൾ പഠിക്കാൻ മനുഷ്യർക്കു് തെക്കൻ ധ്രുവപ്രദേശത്തേക്കു് പോകേണ്ടിവന്നേക്കാമെന്നുമുള്ള നിഗമനത്തിൽ എത്തുകയും ചെയ്തു.
ഇംഗ്ലണ്ടിൽ എത്തിയപ്പോൾ സത്യം അവളുടെ അമ്മയോടു് പറഞ്ഞു: “ഈ രാജ്യത്തിന്റെ ഭാഗ്യം മറ്റു് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യാവുന്നതല്ല എന്നെനിക്കു് തോന്നുന്നു. എനിക്കറിയാവുന്ന മറ്റെല്ലാ രാജ്യങ്ങളിലെയും മനുഷ്യരേക്കാൾ ഭോഷന്മാരും, സ്വപക്ഷാന്ധരും, ഭീകരരും, നിർഭാഗ്യവാന്മാരുമായിരുന്നെങ്കിലും, ഒരു രാജവാഴ്ചയുടെ എല്ല നല്ല വശങ്ങളും അതിനോടൊപ്പം ഒരു റിപ്പബ്ലിക്കിന്റെ എല്ലാ ആവശ്യകോപാധികളും നിലനിർത്തിക്കൊണ്ടു് ഒരു ഐകരൂപ്യഭരണം നിർമ്മിക്കുന്നതെങ്ങനെയെന്നു് മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും ഇവർക്കു് കഴിഞ്ഞു. യുദ്ധസംബന്ധമായ കാര്യങ്ങളിലും, നിയമനിർമ്മാണപരമായ മേഖലകളിലും, കലകളിലും കച്ചവടത്തിലുമാണു് ഇവരുടെ ശ്രേഷ്ഠത കുടികൊള്ളുന്നതു്. ലോകത്തിന്റെ ഒരുവശത്തു് വടക്കേ അമേരിക്കയോടു് ജയിച്ചതും, മറ്റൊരു വശത്തു് സുന്ദരമായ ഇൻഡ്യൻ പ്രോവിൻസുകളെ കീഴ്പ്പെടുത്തിയതും മാത്രമാണു് ഇവരെ പരുങ്ങലിലാക്കിയതു്. എങ്ങനെയാണു് ഇവർക്കു് ഇവരുടെ ഭാഗ്യത്തിന്റെ ഈ ഇരട്ടഭാരം താങ്ങാനാവുന്നതു്?” അതിനു് മറുപടിയായി യുക്തി പറഞ്ഞു: “പ്രയാസമേറിയതാണു് ആ ഭാരമെങ്കിലും, ഈ രാജ്യം കുറച്ചെങ്കിലും ഞാൻ പറയുന്നതു് കേൾക്കാൻ തയ്യാറായാൽ അതു് ലഘൂകരിക്കാനാവുന്ന മാർഗ്ഗം കണ്ടെത്താൻ അവർക്കു് കഴിയും.”
യാത്രയുടെ അവസാനം യുക്തിയും സത്യവും ഫ്രാൻസിൽ എത്തി. ഈ രാജ്യത്തിൽ അവർ പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അപ്പോഴെല്ലാം അവർ ആട്ടിയോടിക്കപ്പെടുകയായിരുന്നു.
സത്യം യുക്തിയോടു് ചോദിച്ചു: “നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ലുഡ്‌വിഗ് പതിനാലാമന്റെ (Ludwig XIV) പ്രതാപകാലത്തു് ഫ്രാൻസിൽ സ്ഥിരതാമസം ആക്കാനായിരുന്നുവെന്നു് നീ ഓർമ്മിക്കുന്നുണ്ടോ? പക്ഷേ, ജെസുവിസ്റ്റുകളുടെയും, ജാൻസെനിസ്റ്റുകളുടെയും നിന്ദ്യമായ കലഹം നമ്മെ നാടുകടത്തുകയായിരുന്നു. ജനങ്ങളുടെ ഇടവിടാതുള്ള രോദനങ്ങൾക്കുപോലും നമ്മെ തിരിച്ചുവിളിക്കാനായില്ല. ഇപ്പോൾ ഞാൻ കേൾക്കുന്നതു് ഇരുന്നൂറു് ലക്ഷം മനുഷ്യരുടെ ആനന്ദഭരിതമായ ആർപ്പിടലാണു്. ഒരുകൂട്ടർ പറയുന്നു: ‘നമുക്കു് ചിലവൊന്നുമില്ലാത്തതുകൊണ്ടു് ഈ സിംഹാസനാരോഹണം കൂടുതൽ ആഹ്ലാദിപ്പിക്കുന്നതാണു്.’ മറ്റു് ചിലർ വിളിച്ചുപറയുന്നു: ‘ലക്ഷ്വറി പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. ഇരട്ട അധികാരസ്ഥാനങ്ങൾ, അധികപ്പറ്റായ ധനവ്യയം, അളവിൽക്കവിഞ്ഞ സമ്പാദ്യങ്ങൾ ഇവയെല്ലാം നിർത്തലാക്കണം, – അവർ പറയുന്നതു് ശരിയാണു്, – ഓരോ പുതിയ നികുതിയും നിഷേധിക്കപ്പെടണം’, – അവർ പറയുന്നതു് ശരിയല്ല, – കാരണം, പൊതുവിന്റെ ഭാഗ്യത്തിനായാണു് ഓരോരുത്തരും നികുതി നൽകുന്നതു്.”
‘നിയമങ്ങൾ ഏകരൂപമായതായിരിക്കണം.’ ഇത്രയും അഭികാമ്യമായതും അതേസമയം പ്രയാസമേറിയതുമായ മറ്റൊന്നുമില്ല. ‘ദാരിദ്ര്യത്തെ തൊഴിൽപരമായ പ്രതിജ്ഞയിലൂടെ ഏറ്റെടുത്ത ചില വൃഥാ സമയംകളയൽകാരുടെ ഭീമമായ സമ്പത്തു് തൊഴിലെടുക്കുന്നവരും എന്നിട്ടും ദരിദ്രരുമായ ജനങ്ങൾക്കും, പ്രത്യേകിച്ചു്, വകയില്ലാത്തവരായ ഉദ്യോഗസ്ഥന്മാർക്കുമായി വീതിച്ചുകൊടുക്കണം. ‘ചത്ത കൈകളുടെ’ ആൾക്കാർ ചത്ത കൈകളുടെ ആളുകളെ അടിമകളാക്കാൻ പാടില്ല. (പൊതുവ്യവഹാരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നതിന്നാല്‍ സമൂഹത്തിന്റെ ദൃഷ്ടിയില്‍ ‘ചത്ത കൈകള്‍ ‘ ആയിരുന്ന സഭയുടെ ഭൂസ്വത്തുക്കള്‍ ) മുൻകാലത്തെ ജേതാക്കളുടേതു് മാത്രമായിരുന്ന വിശേഷാവകാശങ്ങൾ സൂത്രത്തിൽ ഏറ്റെടുത്തു് തങ്ങളുടെയും അവകാശങ്ങളാക്കി ആസ്വദിക്കുന്ന സന്ന്യാസികൾ കോടതികളുടെ നടത്തിപ്പുകാരായി ചമഞ്ഞു് യാചകമന്ദിരത്തിലെത്തിച്ച അനാഥരെ അവരുടെ പിൻതുടർച്ചാവകാശം കൊണ്ടു് മഠങ്ങളുടെ സമ്പത്തു് വർദ്ധിപ്പിക്കുന്നതിനുവേണ്ടി പിതൃഭവനത്തിൽ നിന്നും പുറത്താക്കുന്ന നടപടി അനുവദിച്ചുകൂടാ. എത്രയോ കുടുംബങ്ങൾ അവർക്കുള്ളതെല്ലാം പിടിച്ചുവാങ്ങിയ മഠങ്ങളുടെ പടിവാതിലുകളിൽ നിഷ്ഫലമായി ഭിക്ഷ യാചിച്ചു് നിൽക്കേണ്ടിവരുന്നതു് കാണാൻ മനുഷ്യർ ആഗ്രഹിക്കുന്നില്ല.’ മറ്റൊന്നും ഒരു രാജാവിനു് തക്കതായതല്ല എന്നതിനാൽ, ദൈവം അവനെ ആ മാറ്റങ്ങൾ നടപ്പിൽ വരുത്താൻ സഹായിക്കട്ടെ. സർഡിനിയൻ രാജാവു് അവന്റെ രാജ്യത്തിൽ വൃത്തികെട്ട ഇത്തരം ദുരാചാരങ്ങൾ നിർത്തലാക്കിക്കഴിഞ്ഞു. അവയ്ക്കെല്ലാം ഫ്രാൻസിലും ഉന്മൂലനം സംഭവിക്കാൻ ഇടവരട്ടെ.
രാജ്യത്തിനു് പ്രയോജനകരമായ ലക്ഷക്കണക്കിനു് കുടുംബങ്ങളിൽ നിലവിലിരിക്കുന്ന ദാമ്പത്യബന്ധം മേലിൽ ‘കാടൻദാമ്പത്യം’ എന്നു് മുദ്രകുത്തപ്പെടരുതെന്നും, ഇത്തരം ദാമ്പത്യബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ‘ജാരസന്തതികൾ ‘ എന്നു് വിളിക്കപ്പെടരുതെന്നും വിളിച്ചുപറയുന്നവരുടെ ശബ്ദം മാതാവേ, നീ കേൾക്കുന്നില്ലേ? പ്രകൃതിയും, നീതിയും, നീയും, പ്രിയ മാതാവേ, നിങ്ങളെല്ലാവരും പ്രധാനമായ ഈ കാര്യത്തിനു് ബുദ്ധിപൂർവ്വമായ ഒരു ക്രമീകരണം ആവശ്യപ്പെടുന്നവരാണു് – രാജ്യത്തിന്റെ ശാന്തിയും സമാധാനവുമായും, എല്ലാവിധ മനുഷ്യാവകാശങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു ക്രമീകരണം.
‘ഒരു പട്ടാളക്കാരനും മേലിൽ ജോലി പരിത്യജിക്കാൻ ശ്രമിക്കാതിരിക്കുന്നതിനുവേണ്ടി അവന്റെ ജോലി ഇനിമുതൽ ആദരണീയമായ ഒന്നായി അംഗീകരിക്കപ്പെടണം.’ അതത്ര എളുപ്പമല്ല, എങ്കിലും സാദ്ധ്യമാണു്. ‘എല്ലാം പരസ്പരം ശരിയായ അനുപാതത്തിൽ ആയിരിക്കണമെന്നതിനാൽ, ചെറിയ കുറ്റകൃത്യങ്ങൾ വലിയ കുറ്റകൃത്യങ്ങൾ ആയാലെന്നപോലെ ശിക്ഷിക്കപ്പെടരുതു്. വ്യക്തമല്ലാത്ത പദപ്രയോഗങ്ങൾ മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കരാളനിയമങ്ങൾ ഉപയോഗിച്ചു് അശ്രദ്ധമായും വിവേകശൂന്യമായും പെരുമാറുന്ന കുഞ്ഞുങ്ങൾ, അവർ അവരുടെ അപ്പനെയും അമ്മയേയും കൊന്നാലെന്നപോലെ, ചങ്ങലയിലും തീയിലും മരിക്കാൻ ഇടവരരുതു്. ശിക്ഷാനിയമപുസ്തകങ്ങളുടെ ഏറ്റവും ഉന്നതമായ ആദര്‍ശം അതായിരിക്കണം.
പിതാക്കൾ ചെയ്ത തെറ്റിനു് മക്കൾ പട്ടിണി കിടന്നു് ചാവേണ്ടിവരാതിരിക്കാനും, രാജാവിനു് അതുപോലെ ദയനീയമായ ഒരു കണ്ടുകെട്ടലിന്റെ ആവശ്യമില്ലാത്തതിനാലും, ഒരു കുടുംബനാഥനുള്ള മുഴുവൻ മുതലുകളും സർക്കാരിലേക്കു് കണ്ടുകെട്ടാൻ പാടില്ല. ഒരു ഭരണാധികാരിയുടെ ഉൽകൃഷ്ടതക്കും അതിലുപരി അവന്റെ മഹാമനസ്ക്കതയ്ക്കും അനുയോജ്യമായ ഒരു നടപടി ആയിരിക്കും അങ്ങനെയൊരു പരിഷ്ക്കാരം.
തെരുവിലെ പിടിച്ചുപറിക്കാർ ആക്രമിക്കപ്പെട്ടവനെ അവന്റെ മുതലുകൾ വിട്ടുകൊടുക്കാൻ നിർബന്ധിക്കുന്നതിനായി കണ്ടുപിടിച്ചതും, ഇന്നു് വളരെ ചുരുക്കം രാജ്യങ്ങളിൽ മാത്രം കടുപ്പക്കാരനായ ഒരു കുറ്റവാളിയെ രക്ഷപെടുത്തുന്നതിനു് വേണ്ടിയോ, ബലഹീനനായ ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കുന്നതിനു് വേണ്ടിയോ ഉപയോഗിക്കപ്പെടുന്നതുമായ ദണ്ഡനമുറകൾ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ, അതും സഹകുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നതിനു് വേണ്ടി മാത്രമായിരിക്കണം പ്രയോഗിക്കപ്പെടേണ്ടതു്. പക്ഷേ, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുകയാണു് കൂടുതൽ നല്ലതു്.
ഇതുപോലുള്ള അഭിപ്രായങ്ങൾ എല്ലായിടത്തും ഞാൻ കേൾക്കുന്നു. സാരമായ ഈ സാമൂഹികമാറ്റങ്ങൾ സത്യം എന്ന ഈ ഞാൻ എന്റെ പുരാവൃത്തത്തിൽ എഴുതിച്ചേർക്കും.
കോടതികളിൽ എല്ലാ വശത്തുനിന്നും ഞാൻ ശ്രദ്ധേയമായ ഇത്തരം പ്രസ്താവനകൾ കേൾക്കുന്നു: ‘രണ്ടിൽ ഒന്നിനേ നിലനിൽക്കാനാവൂ എന്നതിനാൽ, മേലിൽ ഒരിക്കലും ഞങ്ങൾ രണ്ടു് പരമാധികാരങ്ങളെ വിളിക്കുകയില്ല: ഒരു രാജാധിപത്യത്തിൽ രാജാവിന്റെ, അഥവാ, നിയമത്തിന്റെ പരമാധികാരം, ഒരു റിപ്പബ്ലിക്കിൽ ജനങ്ങളുടെ പരമാധികാരം. ദൈവികമായ അധികാരം അടിസ്ഥാനപരമായിത്തന്നെ ഇവയിൽ നിന്നും വ്യത്യസ്തവും ഉത്കൃഷ്ടവുമാണെന്നതിനാൽ മനുഷ്യാവകാശത്തിന്റേതും ഭൗമികവുമായ കൂട്ടിച്ചേർക്കലുകൾ വഴി അതു് അധഃപതിപ്പിക്കപ്പെടരുതു്. അപരിമേയമായതിനു് പരിമേയമായതുമായി ബന്ധിക്കാനാവില്ല. അപരിമേയമായതിനെ സഹായത്തിനു് വിളിക്കാൻ ആദ്യമായി ധൈര്യപ്പെട്ടവൻ ഗ്രിഗറി ഏഴാമൻ മാർപ്പാപ്പയായിരുന്നു(Pope Gregory VII). അതും, അതുവരെ ഒരിക്കലും സംഭവിച്ചിട്ടില്ലായിരുന്ന വിധം അന്യായമായി അവൻ വെറും നശ്വരനായ, അതായതു്, തികച്ചും പരിമിതനായ, ഹെൻറി നാലാമൻ കൈസറുമായി (Henry IV, Holy Roman Emperor) നടത്തിയ യുദ്ധത്തിലും. അവസാനം, പരസ്പരം പൊതുവായി ഒന്നും ഇല്ലാത്തവരായ ഈ രണ്ടു് പ്രതാപവാന്മാരേയും വേർപ്പെടുത്തുന്നതുവരെ ഈ യുദ്ധങ്ങൾ ഏറെക്കാലം യൂറോപ്പിനെ രക്തക്കറയാൽ ആവൃതമാക്കി. സമാധാനം ഉണ്ടാക്കാൻ പര്യാപ്തമായ ഒരേയൊരു മാർഗ്ഗം അതായിരുന്നു.’ രാജ്യത്തിലെ മന്ത്രിമാർ നടത്തുന്ന ഇതുപോലുള്ള പ്രസംഗങ്ങൾ വളരെ സാരഗർഭമായതായി എനിക്കു് തോന്നുന്നു. ചൈനയിലോ ഇൻഡ്യയിലോ, പേർഷ്യയിലോ കോൺസ്റ്റാന്റിനോപ്പിളിലോ, മോസ്കോവിലോ ലണ്ടനിലോ മറ്റെവിടെയെങ്കിലുമോ രണ്ടു് പരമാധികാരത്തെ അംഗീകരിക്കുന്നതായി എനിക്കറിവില്ല. എങ്കിലും, മാതാവേ, എല്ലാം ഞാൻ നിന്നിൽ ഭരമേൽപിക്കുകയും നീ പറഞ്ഞുതരുന്നതു് എഴുതുകയും ചെയ്യുന്നു.
അതിനു് മറുപടിയായി യുക്തി പറഞ്ഞു: “പ്രിയ മകളേ, ഏകദേശം അതുതന്നെയാണു്, പോരാ, അതിലും വളരെ കൂടുതലാണു് ഞാനും ആഗ്രഹിക്കുന്നതെന്നു് നിനക്കറിയാമല്ലോ. അതിനെല്ലാം ഏറെ സമയവും ചിന്തനവും ആവശ്യമാണു്. എനിക്കു് ബുദ്ധിമുട്ടു് വരുത്തിയപ്പോഴെല്ലാം, മറ്റുവിധത്തിൽ എനിക്കു് പിൻതുണ ലഭിച്ചിരുന്നു എന്നതിനാൽ, ഞാൻ എല്ലായ്പ്പോഴും സംതൃപ്തയായിരുന്നു. ഇന്നു് ഞാൻ വളരെ ഭാഗ്യവതിയാണു്.”
“ലോകം അഗാധമായ സമാധാനത്തിൽ കഴിഞ്ഞിരുന്നതും, മിക്കവാറും എല്ലാ രാജാക്കന്മാരും അവരുടെ സമയം സമസ്യാപൂരണങ്ങളിലൂടെ ചിലവഴിച്ചിരുന്നതും, സാബായിലെ സുന്ദരിയായ രാജ്ഞി ശലോമോൻ രാജാവിനു് ലോഗോഗ്രിഫുകൾ നൽകിയിരുന്നതുമായ കാലം നീ ഓർക്കുന്നുണ്ടോ?” “ഉവ്വു്, മാതാവേ, അതൊരു നല്ല കാലമായിരുന്നെങ്കിലും, അധികം നീണ്ടുനിന്നില്ല.” അപ്പോൾ യുക്തി ഇടയിൽക്കയറി പറഞ്ഞു: “പക്ഷേ, അതിനേക്കാൾ എത്രയോ മെച്ചമായതാണു് ഇന്നത്തെ കാലം. അക്കാലത്തു് അൽപം മേധാശക്തി പ്രകടിപ്പിക്കുക എന്നതു് മാത്രമായിരുന്നു മനുഷ്യരുടെ ലക്ഷ്യം. ഇന്നു് പക്ഷേ ഞാൻ കാണുന്നതു്, ജീവിതത്തിലെ കഷ്ടപ്പാടുകൾ കഴിവതും ലഘൂകരിക്കുക എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ പത്തു് പന്ത്രണ്ടു് വർഷങ്ങളായി യൂറോപ്പിൽ മനുഷ്യർ കലകളിലേക്കും ധാർമ്മികമായ മറ്റു് മേഖലകളിലേക്കും തിരിയുന്നതായിട്ടാണു്. സഹസ്രാബ്ദങ്ങളിൽ ചെയ്തിട്ടില്ലാത്തത്ര ആഴത്തിൽ കാര്യങ്ങളെപ്പറ്റി ചിന്തനം ചെയ്യുക എന്ന തീരുമാനമാണു് മനുഷ്യൻ എടുത്തിരിക്കുന്നതെന്നാണു് പൊതുവേ എനിക്കു് തോന്നുന്നതു്. ഒരിക്കലും നുണ പറയാൻ കഴിയാത്തവളായ നീതന്നെ പറയൂ, ഇപ്പോഴല്ലാതെ, എപ്പോഴാണു് നീ ഫ്രാൻസിൽ സ്ഥിരവാസമുറപ്പിക്കാൻ തീരുമാനിക്കുക?”
മകളുടെ മറുപടി: “തങ്ങുന്ന പ്രദേശങ്ങളിലെല്ലാം തീർത്തും കഠിനമായ കാര്യങ്ങൾ പറയുന്നവളാണു് ഞാൻ എന്നാണു് ആളുകൾ പൊതുവേ എന്നെപ്പറ്റി പറയാറുള്ളതു്. അതല്ലാതെ എനിക്കു് മറ്റു് മാർഗ്ഗങ്ങൾ ഇല്ല എന്നു് നിനക്കറിയാമല്ലോ. ഒരുപാടു് എഴുത്തുകാർ ഭൂതകാലത്തെ പ്രശംസിക്കുന്നവരാണെങ്കിലും, ഇന്നത്തെ കാലത്തെപ്പറ്റി നല്ലതേ എനിക്കു് പറയാനുള്ളു എന്നു് ഞാൻ സമ്മതിക്കുന്നു.
ഞെട്ടിപ്പിക്കുന്നതും, മരണകരമായതുമായ ഒരു രോഗത്തെ പ്രതിരോധിക്കുവാനും, മനുഷ്യരെ അവരുടെ വേദനകളിൽ നിന്നും മോചിപ്പിക്കുവാനും, വെള്ളത്തിൽ വീണു് ശ്വാസം നിലച്ചവനെ വീണ്ടും ജീവിപ്പിക്കുവാനും, ഇടിമിന്നലിനെ വഴിതിരിച്ചു് വിട്ടു് അതിൽ നിന്നുള്ള അപകടം ഒഴിവാക്കുവാനും, പടിഞ്ഞാറുനിന്നും കിഴക്കോട്ടു് മാറ്റിസ്ഥാപിക്കാൻ ചിലർ ആഗ്രഹിച്ച ‘സ്ഥിരബിന്ദുവിനെ’ പുനഃസ്ഥാപിക്കുവാനുമൊക്കെ ഈ കാലഘട്ടത്തിലെ മനുഷ്യർ പഠിച്ചുകഴിഞ്ഞു എന്നു് വരുംകാലത്തെ മനുഷ്യരെ അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ധാർമ്മികതയുടെ തലങ്ങളിൽ അതിലേറെ കാര്യങ്ങൾ അവർ ചെയ്തുകഴിഞ്ഞു. ധാർമ്മികത വധശിക്ഷക്കു് വിധിക്കുമായിരുന്ന നിയമങ്ങൾക്കെതിരേ നിയമങ്ങളിൽ നിന്നും നീതി ആവശ്യപ്പെടാൻ മനുഷ്യൻ ധൈര്യപ്പെട്ടു. ഏറ്റവും അവസാനം, സഹിഷ്ണുത എന്ന വാക്കു് ഉച്ചരിക്കുവാൻവരെ മനുഷ്യർ ധൈര്യം നേടി.”
അതുകൊണ്ടു്, പ്രിയ മകളേ, ഇവർ അനുവദിക്കുന്നിടത്തോളം ഇവിടെ കഴിഞ്ഞു് ഈ ദിനങ്ങളെപ്പറ്റി നമുക്കു് സന്തോഷിക്കാം. ഇനി, അപ്രതീക്ഷിതമായി ഇടിമിന്നലും കൊടുംകാറ്റും വരികയാണെങ്കിൽ, നമുക്കു് വീണ്ടും നമ്മുടെ കുളത്തിലേക്കു് മടങ്ങാം.