(റൂസ്സോയുടെ എമിലിൽ നിന്നും: സ്വതന്ത്ര പരിഭാഷ)
ക്ലേശകരമായ ഒരു വിഡ്ഢിത്തം വരച്ചുകാണിക്കേണ്ടിവന്നാൽ, കുട്ടികളെ മതപരമായ പ്രശ്നോത്തരപാഠം (catechism) പഠിപ്പിക്കുന്ന ഒരു പണ്ഡിതമ്മന്യനെ ആയിരിക്കും ഞാൻ വരച്ചുകാണിക്കുക; ഒരു കുട്ടിയെ വിഡ്ഢിയാക്കണമെന്നുണ്ടെങ്കിൽ ഞാൻ ചെയ്യുന്നതു്, അവൻ ക്യാറ്റെക്കിസം ഉരുവിടുമ്പോൾ, എന്താണവൻ പറയുന്നതെന്നു് വിശദീകരിക്കാൻ അവനെ നിർബന്ധിക്കുകയായിരിക്കും. ക്രൈസ്തവസിദ്ധാന്തങ്ങൾ അധികവും നിഗൂഢമാണെന്നും (mystery) മനുഷ്യബുദ്ധിക്കു് അതു് പിടികിട്ടാനാവുന്നതുവരെ കാത്തിരിക്കണമെന്നുമാവും ഇതിനു് എനിക്കു് ലഭിച്ചേക്കാവുന്ന മറുപടി. പക്ഷേ, അതിനർത്ഥം, ആ കുട്ടി പ്രായപൂർത്തിയാവുന്നതുവരെ കാത്തിരിക്കുക എന്നല്ല, മനുഷ്യനേ ഇല്ലാതാവുന്നതുവരെ കാത്തിരിക്കുക എന്നതായിരിക്കും. എന്തെന്നാൽ, ഒന്നാമതായി എനിക്കു് പറയാനുള്ളതു്: മനുഷ്യനു് മനസ്സിലാക്കാൻ മാത്രമല്ല, വിശ്വസിക്കാൻ പോലും അസാദ്ധ്യമായ മിസ്റ്ററികൾ ഉണ്ടു്. അവയൊക്കെ കുട്ടികളെ പഠിപ്പിക്കുന്നതുവഴി, അവരെ ബാല്യത്തിലേതന്നെ നുണപറയാൻ പഠിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണു് മനുഷ്യൻ നേടുന്നതെന്നു് എനിക്കു് മനസ്സിലാവുന്നില്ല. എനിക്കു് തുടർന്നു് പറയാനുള്ളതു്: മിസ്റ്ററികളെ ഞാൻ അംഗീകരിക്കണമെങ്കിൽ, അവ ദുര്‍ഗ്രഹമാണെന്നെങ്കിലും ചുരുങ്ങിയപക്ഷം ഞാൻ ഗ്രഹിച്ചിരിക്കണം. പക്ഷേ, അതുപോലൊരു ഗ്രഹിക്കലിനുള്ള ശേഷി കുട്ടികൾക്കു് കൈവന്നിട്ടില്ല. എല്ലാം മിസ്റ്ററിയായ ഇളംപ്രായത്തിൽ യഥാർത്ഥത്തിൽ മിസ്റ്ററി എന്നൊന്നു് ഇല്ല.
“അനുഗൃഹീതനാവാൻ മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കണം”. തെറ്റായി മനസ്സിലാക്കപ്പെടുന്ന ഈ സിദ്ധാന്തമാണു് യുക്തിഭദ്രതയ്ക്കു് മാരകമായ പ്രഹരമേൽപിക്കുന്ന, രക്തരൂഷിതമായ എല്ലാ അസഹിഷ്ണുതയുടെയും, ദുരഭിമാനത്തിലൂന്നിയ എല്ലാ അദ്ധ്യയനങ്ങളുടെയും അടിത്തറ. കാരണം, അതു് വാക്കുകൾ കൊണ്ടു് കബളിപ്പിക്കപ്പെടാൻ മനുഷ്യനെ ശീലിപ്പിക്കുന്നു. തീർച്ചയായും, ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ നിത്യമായ അനുഗ്രഹം നേടിയെടുക്കണമെന്നാണു് കുട്ടികൾ പഠിപ്പിക്കപ്പെടുന്നതു്. പക്ഷേ, അതിനു് ഏതാനും വാക്കുകൾ മുറതെറ്റാതെ ആവർത്തിച്ചാൽ മതിയെങ്കിൽ, സ്വർഗ്ഗലോകം കുട്ടികളെക്കൊണ്ടു് എന്നപോലെതന്നെ, തത്തകളെയും മൈനകളെയും കൊണ്ടും നിറയ്ക്കുന്നതിനു് എന്താണു് തടസ്സം എന്നെനിക്കു് മനസ്സിലാവുന്നില്ല.
വിശ്വസിക്കാനുള്ള ബാദ്ധ്യതയുടെ മുൻ നിബന്ധന അതിനുള്ള സാധ്യതയാണു്. താൻ രൂപപ്പെടുത്തിയെടുത്തെ യുക്തിയുക്തതയെ തെറ്റായി വിനിയോഗിക്കുന്നു എന്നതിനാൽ, അതിൽ വിശ്വസിക്കാത്ത ഒരു തത്വചിന്തകന്റെ പ്രവൃത്തി ശരിയല്ലെന്നു് പറയാം. പക്ഷേ, ക്രിസ്തുമതം ഏറ്റുപറയുന്ന ഒരു കുട്ടി എന്താണു് വിശ്വസിക്കുന്നതു്? അവനു് പിടികിട്ടുന്നതാണു് അവൻ വിശ്വസിക്കുന്നതു്. പക്ഷേ, അവനു് പിടികിട്ടുന്നതു് വളരെക്കുറച്ചു് മാത്രമാണെന്നതിനാൽ, അതിനു് നേരേ വിപരീതമായതും അവൻ ഏറ്റുപറയാൻ തയ്യാറാവും. കുട്ടികളുടെയും മുതിർന്ന ധാരാളം മനുഷ്യരുടെയും വിശ്വാസം തികച്ചും ഭൂമിശാസ്ത്രപരമായ ഒരു കാര്യമാണു്. മെക്കയിൽ ജനിക്കുന്നതിനുപകരം റോമിൽ ജനിച്ചതിന്റെ പേരിൽ അവർക്കു് പ്രതിഫലം ലഭിക്കുമോ? ഒരു കുട്ടിയോടു് പറയുന്നു: മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണു്, അവൻ അതേറ്റുപറയുന്നു: മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണു്. മറ്റേ കുട്ടിയോടു് പറയുന്നു: മുഹമ്മദ് ഒരു തെമ്മാടിയാണു്, അവൻ ഏറ്റുപറയുന്നു: മുഹമ്മദ് ഒരു തെമ്മാടിയാണു്. അവരെ രണ്ടുപേരേയും പരസ്പരം സ്ഥലം മാറ്റിയാൽ ഓരോരുത്തരും മറ്റവൻ ഏറ്റുപറഞ്ഞതു് ഏറ്റുപറയാൻ തയ്യാറാവും. തുല്യമായ ഈ രണ്ടു് അഭിപ്രായങ്ങളുടെ പേരിൽ ഒരുവനെ സ്വർഗ്ഗത്തിലും മറ്റവനെ നരകത്തിലും അയക്കാനാവുമോ? ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്നൊരു കുട്ടി പറയുമ്പോൾ അവൻ വിശ്വസിക്കുന്നതു് ദൈവത്തിലല്ല, ദൈവം എന്ന എന്തോ ഒന്നുണ്ടു് എന്നു് അവനോടു് പറഞ്ഞ ഒരു പീറ്ററിലോ ജാക്കിലോ ആണു്. സ്വന്തം ഇച്ഛാശക്തി വരുത്തുന്ന തെറ്റുകളുടെ പേരിൽ മാത്രമേ ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടുകയുള്ളു എന്നും, സ്വന്തനിയന്ത്രണത്തിനു് അതീതമായ അജ്ഞാനം മൂലം സംഭവിക്കുന്ന തെറ്റുകൾ ഒരുവൻ ചെയ്യുന്ന കുറ്റകൃത്യങ്ങളായി കണക്കിടപ്പെടുകയില്ലെന്നും യുക്തിബോധം നമ്മോടു് പറയുന്നു. അതിനർത്ഥം, ഒരു നിത്യനീതിപീഠത്തിനു് മുന്നിൽ, സത്യവിശ്വാസത്തിന്റെയോ, അല്ലെങ്കിൽ സത്യത്തിനുനേരെ മുഖം തിരിക്കുന്ന ശിക്ഷാർഹമായ അവിശ്വാസത്തിന്റേയോ പേരിൽ ഒരുവൻ വിധിക്കപ്പെടണമെങ്കിൽ ആ വിശ്വാസവും, അതുപോലെതന്നെ അവിശ്വാസവും ആവശ്യമായ ഉൾക്കാഴ്ച്ചയോടെ സംഭവിച്ചതായിരിക്കണം.
ഉൾക്കൊള്ളാൻ കഴിയാത്തവർക്കു് സത്യം വെളിപ്പെടുത്തി കൊടുക്കുന്നതു് ഒരു തെറ്റായിരിക്കുമെന്നതിനാൽ, ആ തെറ്റു് ചെയ്യാതിരിക്കാൻ നമുക്കു് ശ്രദ്ധിക്കാം. ദൈവത്വത്തെപ്പറ്റി നീചമോ, ഭാവനാപരമോ, അസഭ്യമോ, അയോഗ്യമോ ആയ പദങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ യാതൊരുവിധ പദപ്രയോഗങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണു് നല്ലതു്. ദൈവം എന്ന ഒന്നിനെ അറിയാതിരിക്കുന്നതാണു് ദൈവത്തിനെ ദുഷിക്കുന്നതിനേക്കാൾ കുറഞ്ഞ തിന്മ. എത്ര വലിയ ബുദ്ധിമുട്ടാണു് ഇവിടെ എനിക്കു് മുന്നിൽ പ്രത്യക്ഷപ്പെടുന്നതു്! ആ ബുദ്ധിമുട്ടു് ആ വസ്തുതയിൽ എന്നതിനേക്കാൾ, ആ വസ്തുതയെ തരണം ചെയ്യുന്നതിനുള്ള അവരുടെ ചങ്കൂറ്റമില്ലായ്മയിലാണു് കുടികൊള്ളുന്നതു് എന്നതിനാൽ, അത്രമാത്രം വലിപ്പമേറിയതാണതു്. ഒരു കുട്ടി അവന്റെ പിതാവിന്റെ മതത്തിൽ വളർത്തപ്പെടുന്നു. അതു് ഏതു് മതമായാൽത്തന്നെയും, അതു് മാത്രമാണു് പരമാർത്ഥമായ ഒരേയൊരു മതമെന്നും, മറ്റെല്ലാ മതങ്ങളും ഭ്രാന്തവും അർത്ഥശൂന്യവുമാണെന്നും വളരെ സംക്ഷിപ്തമായി എപ്പോഴും അവനോടു് സമർത്ഥിക്കപ്പെട്ടുകൊണ്ടിരിക്കും. അതിനുള്ള പ്രചോദനത്തിന്റെ ശക്തി അതു് ഉന്നയിക്കപ്പെടുന്നതു് ഏതു് രാജ്യത്തിൽ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ക്രിസ്തുമതം പരിഹാസ്യമായ ഒന്നായി കാണുന്ന കോൺസ്റ്റാന്റിനോപ്പിളിലെ ഒരു ടർക്കിക്കാരൻ, പാരീസിൽ ചെന്നു് നോക്കിയാൽ, അവിടെ മുഹമ്മദനിസത്തെപ്പറ്റി ആളുകൾ എന്തു് ചിന്തിക്കുന്നു എന്നു് കാണാം. മതത്തിന്റെ മേഖലയിൽ മുൻവിധികളാണു് എപ്പോഴും വിജയം ആഘോഷിക്കുന്നതു്. നമ്മൾ, എല്ലായിടത്തും മതത്തിന്റെ നുകം കുടഞ്ഞെറിയുന്നവരായ നമ്മൾ, പ്രാമാണികത്വത്തിനു് ഒന്നും അനുവദിച്ചുകൊടുക്കാത്തവരായ നമ്മൾ, ഓരോ രാജ്യത്തും അവൻ സ്വയം പഠിക്കുന്നവയല്ലാതെ, മറ്റൊന്നും നമ്മുടെ എമിലിനെ അനുശാസിക്കാൻ ആഗ്രഹിക്കാത്തവരായ ഈ നമ്മൾ, ഏതു് മതത്തിലേക്കാണു് നമ്മൾ അവനെ പഠിപ്പിക്കേണ്ടതു്? ഏതു് സെക്റ്റിലേക്കാണു് പ്രകൃതിയിലെ മനുഷ്യരെ നമ്മൾ പറഞ്ഞുവിടേണ്ടതു്? മറുപടി ലളിതമാണു്: ഇതിലേക്കോ അതിലേക്കോ അല്ല! അവന്റെ യുക്തിയുക്തതയുടെ ഏറ്റവും നല്ല പ്രയോജനപ്പെടുത്തൽ അവനെ കൊണ്ടെത്തിക്കുന്ന ഒരു മതം തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരവസ്ഥയിലേക്കു് അവനെ എത്തിക്കുക എന്നതു് മാത്രമാണു് നമ്മൾ ആഗ്രഹിക്കുന്നതു്.
വായനക്കാരാ, ഞാൻ എന്റെ ആദര്‍ശവചനം ഒരിക്കലും മറക്കില്ല, പക്ഷേ, എന്റെ വിധിനിർണ്ണയത്തെ സന്ദേഹിക്കാൻ എനിക്കു് അനുവാദമുണ്ടാവണം. ഞാൻ എന്തു് ചിന്തിക്കുന്നു എന്നു് പറയുന്നതിനു് പകരം, എന്നേക്കാൾ വിലയുള്ളവനായിരുന്ന ഒരു മനുഷ്യൻ ചിന്തിച്ചതു് എന്തെന്നു് ഞാൻ നിങ്ങളോടു് പറയാം. ഞാൻ പറയുന്ന വസ്തുതകളുടെ വാസ്തവികതക്കായി ഞാൻ നിലകൊള്ളുന്നു. മറ്റൊരുവന്റെയോ എന്റെതന്നെയോ ഉത്തമബോദ്ധ്യങ്ങളെ ഒരു ആദര്‍ശമായി കുത്തിനിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവയെ പരിശോധനക്കായി നിങ്ങളുടെ മുന്നിൽ നിരത്തുക എന്നതു് മാത്രമാണു് എന്റെ ആഗ്രഹം.