RSS

നക്ഷത്രഫലവും സത്യവും

05 Feb

നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ സ്വഭാവവും വിധിയുമൊക്കെ പ്രവചിക്കാനാവുമോ? ഇല്ല എന്നു് ഉറപ്പിച്ചു് പറയാൻ മതിയായ അറിവുകൾ ഇന്നു് ലോകത്തിലുണ്ടു്. മറ്റു് ചരാചരങ്ങളെപ്പോലെതന്നെ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന കാര്യത്തിൽ സ്വാഭാവികമായും സംശയത്തിനു് അവകാശമില്ല. അതുപോലെതന്നെ, ഒരിക്കൽ ഏതെങ്കിലും നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സസ്യജാലങ്ങളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെതന്നെയോ ഭാഗമായിരുന്ന കണികകളാണു് മനുഷ്യരുടേതടക്കമുള്ള ഓരോ പുതിയ ശരീരങ്ങളുടെയും ഘടകങ്ങളായി മാറുന്നതു് എന്നതും വ്യക്തമായ കാര്യമാണു്. അതൊഴികെ, ജന്മസമയത്തോ വിവാഹസമയത്തോ മറ്റേതെങ്കിലും ശുഭമോ അശുഭമോ ആയ ‘മുഹൂർത്തങ്ങളിലോ’ ആകാശത്തിൽ നക്ഷത്രങ്ങൾ നിൽക്കുന്നതെവിടെയാണു് എന്നതിന്റെ അടിസ്ഥാനത്തിൽ ചില കണക്കുകൂട്ടലുകൾ നടത്തി മനുഷ്യജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയാനോ, സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാനോ ആവുമെന്ന അവകാശവാദം ശുദ്ധ അസംബന്ധമാണു്. എത്ര പറഞ്ഞാലും ഞാൻ അംഗീകരിക്കില്ല എന്ന പിടിവാശി ഇല്ലെങ്കിൽ ഒരുപാടു് തല പുകയ്ക്കാതെതന്നെ ഈ വസ്തുത മനസ്സിലാക്കാനും പ്രയാസമില്ല. പക്ഷേ, “ആയിരം വട്ടം തെറ്റെന്നു് തെളിയിക്കപ്പെട്ട ഒരു വിശ്വാസപ്രമാണം പോലും തനിക്കതു് ആവശ്യമെങ്കിൽ അതൊരു സത്യമാണെന്നു് വിശ്വസിക്കാൻ മടിക്കാത്തവനാണു് മനുഷ്യൻ” (നീറ്റ്‌സ്‌ഷെ) എന്നതിനാൽ ജ്യോതിഷക്കാരനും ഹസ്തരേഖാശാസ്ത്രക്കാരനും ഓന്തു്-ഗൗളി-ഒട്ടകശാസ്ത്രക്കാരനും അവരെയൊക്കെ സമീപിക്കാൻ മടിക്കാത്ത ഉന്നത ‘ശാസ്ത്രബിരുദധാരികളും’ ലോകത്തിൽ എന്നാളുമുണ്ടാവും.

ആകാശത്തിൽ നക്ഷത്രങ്ങൾ നിൽക്കുന്ന സ്ഥാനങ്ങളുടെ ചിത്രം എന്നു് വിളിക്കാവുന്ന രാശിചക്രം (zodiac) യഥാർത്ഥമായി നിലനിൽക്കുന്ന ഒരു നക്ഷത്രചിത്രമല്ല എന്നതാണു് വസ്തുത. അതു് നമ്മുടെ വെറുമൊരു ഭാവനാചിത്രം മാത്രമാണു്. ആ ചിത്രത്തിലൂടെ വെളിപ്പെടുന്ന നക്ഷത്രങ്ങളും മറ്റു് വാനഗോളങ്ങളും പല കാരണങ്ങളാൽ നമുക്കു് നൽകുന്നതു് ഒരു വ്യാജചിത്രമാണു്. ഉദാഹരണത്തിനു് നക്ഷത്രചിത്രങ്ങൾ പിടിപ്പിച്ചിരിക്കുന്ന ചക്രം (ecliptic) ഏകദേശം 25000 വർഷം കൊണ്ടു് ഒരുവട്ടം തിരിയുന്നതിനാൽ ഒരിക്കൽ മേടം നിന്നിടത്താവും ഇന്നു് മീനം നിൽക്കുന്നതു്. കൂടാതെ, ഭൂമിയോടു് അടുത്തു് നിൽക്കുന്നതിനാൽ നഗ്നനേത്രങ്ങൾക്കു് പണ്ടുമുതൽതന്നെ കാണാൻ കഴിയുമായിരുന്ന വലിപ്പം കുറഞ്ഞ വാനഗോളങ്ങൾ ഭൂത-ഭാവിപ്രവചനങ്ങളിലെ കണക്കുകളിൽ സ്ഥാനം നേടുകയും, അങ്ങനെ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള യോഗ്യത കൈവരിക്കുകയും ചെയ്തപ്പോൾ, വളരെ ദൂരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ആധുനിക ഉപകരണങ്ങൾ വഴി പിൽക്കാലത്തു് മാത്രം കണ്ടെത്താനായ വലിയ വാനഗോളങ്ങൾക്കു് ജ്യോതിഷത്തിന്റെ കണക്കുകളിൽ പങ്കെടുക്കാൻ പോലും അവസരം ലഭിച്ചില്ല. അങ്ങനെ, നക്ഷത്രങ്ങളെ ‘കണ്ട പാതി കാണാത്ത പാതി’ ഒരു ജ്യോതിഷക്കാരൻ നടത്തുന്ന പ്രവചനങ്ങൾ എത്രമാത്രം കുറ്റമറ്റതായിരിക്കുമെന്നു് ചിന്തിക്കാവുന്നതേയുള്ളു.

ആകാശപ്പന്തലിന്റെ അടിത്തട്ടിൽ പരസ്പരം ചേർന്നുചേർന്നു്, അഥവാ, ഭൂമിയിൽ നിന്നും തുല്യദൂരത്തിൽ നിൽക്കുന്നവയല്ല നക്ഷത്രങ്ങൾ. അവ തമ്മിൽത്തമ്മിൽ അനേകം പ്രകാശവർഷങ്ങളുടെ അകലമുണ്ടാവാം. അതുകൊണ്ടുതന്നെ നമ്മൾ കാണുന്ന പല നക്ഷത്രങ്ങളും ഇന്നു് അവിടെ ഉണ്ടാവണമെന്നില്ല. കൂടാതെ, നമ്മൾ ഇതുവരെ കാണാത്ത നക്ഷത്രങ്ങൾ എത്രയോ വർഷങ്ങൾക്കു് മുൻപേ രൂപമെടുത്തിട്ടുണ്ടാവാം. ഉദാഹരണത്തിനു്, ഭൂമിയിൽ നിന്നും ആയിരം പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രത്തിനു് ഇന്നു് മരണം സംഭവിച്ചാൽ മനുഷ്യർ അതറിയുന്നതു് ആയിരം വർഷങ്ങൾക്കു് ശേഷമായിരിക്കും. അഥവാ, ആ നക്ഷത്രം എരിഞ്ഞൊടുങ്ങിയിട്ടു് ആയിരം വർഷങ്ങളായെങ്കിൽ ആ നക്ഷത്രം നമ്മുടെ ദൃഷ്ടിയിൽ നിന്നും മറയുന്നതു് ഇപ്പോൾ മാത്രമാവും. പുതിയ നക്ഷത്രങ്ങൾ രൂപമെടുക്കുന്നതിന്റെ കാര്യവും ഇതുപോലെതന്നെ. മറ്റൊരു പ്രശ്നം, ഗുരുത്വാകർഷണത്തിന്റെ ഫലമായി നക്ഷത്രങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ നേർരേഖയിലുള്ള ഗതിയിൽ വ്യതിചലനം സംഭവിക്കാമെന്നതാണു്. തന്മൂലം, ഒരു നക്ഷത്രം നിൽക്കുന്നതായി നമുക്കു് തോന്നുന്ന സ്ഥാനത്താവണമെന്നില്ല അതു് യഥാർത്ഥത്തിൽ നിൽക്കുന്നതു്. അതുവഴി, നക്ഷത്രങ്ങളുടെ രാശിചക്രത്തിലെ സ്ഥാനവുമായി യഥാർത്ഥസ്ഥാനം പൊരുത്തപ്പെടാതെ വരുന്നു എന്നതിനാൽ, അതിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ‘കണക്കു് കൂട്ടലുകൾ’ കേവലം തെറ്റായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടല്ലോ. ചുരുക്കത്തിൽ, ഉണ്ടെന്നോ ഇല്ലെന്നോ തീർത്തു് പറയാൻ കഴിയാത്ത എത്രയോ നക്ഷത്രങ്ങൾ ഒരുവശത്തു്, കാണുന്ന സ്ഥാനത്തുതന്നെയാണോ നിൽക്കുന്നതെന്നു് ഉറപ്പില്ലാത്ത വേറെ കുറെ നക്ഷത്രങ്ങൾ മറുവശത്തു്! ഈ പൊരുത്തക്കേടുകളുടെയൊക്കെ നടുവിൽ ധ്യാനനിമഗ്നനായി ചമ്പ്രം പടിഞ്ഞിരുന്നു് ഭാവിയും ഭൂതവും പ്രേതവും നിശ്ചയിച്ചു് ഗാന്ധിപ്പടമുള്ള കറൻസിനോട്ടുകൾ വാങ്ങുന്ന ജ്യോതിഷക്കാരനും!

ജന്മസമയത്തു് ജാതകം കുറിക്കുന്നതാണു് ഇതിലൊക്കെ രസകരം. ഒരു പ്രത്യേകനക്ഷത്രത്തിൽ ജനിച്ചാൽ മനുഷ്യനു് പണ്ടൊക്കെ രാജാവു് വരെ ആവാമായിരുന്നു. ഇന്നു് കാലം മാറിയതുകൊണ്ടു് ഒരുപക്ഷേ, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഗവർണ്ണറോ പ്രസിഡന്റോ ഒക്കെയാവും ആവുക. അത്തരം കാര്യങ്ങളിൽ ജ്യോതിഷം ഫ്ലെക്സിബിൾ ആണു്. (രാജയോഗമാണെങ്കിലും ശംഖുചക്രം ആസനത്തിൽ വന്നു് ഭവിച്ചാൽ ചിലപ്പോൾ പിച്ചക്കാരനും ആയെന്നിരിക്കും. പക്ഷേ, അത്തരം ഒരു വിധിയിലേക്കല്ല മനുഷ്യരുടെ നോട്ടം എന്നതിനാൽ ദോഷം മാറ്റിയെടുക്കാനുള്ള മാർഗ്ഗങ്ങളും സ്വാഭാവികമായും ജ്യോതിഷിക്കറിയാം. അല്ലാതെ പിന്നെ എന്തു് ജ്യോതിഷം! നല്ലകാലത്തിനുവേണ്ടി അൽപം ചില്ലറ മുടക്കേണ്ടിവരുമെന്നതു് പ്രത്യേകം പറയാതെതന്നെ ആവശ്യക്കാർ അറിയേണ്ട കാര്യമാണു്. അതെല്ലാവർക്കും അറിയുകയും ചെയ്യാം. അതറിയാത്തവർ അങ്ങോട്ടുപോകാറില്ല എന്നതാണു് സത്യം.) പക്ഷേ ഈ വിഷയത്തിൽ ഒരു പന്തികേടുള്ളതു് ഇക്കാലത്തു് പ്രസവത്തിന്റെ സമയം നീട്ടാനോ കുറുക്കാനോ ഒക്കെ വൈദ്യശാസ്ത്രത്തിനു് കഴിയുമെന്നതാണു്. അതായതു്, കുംഭത്തിൽ പിറക്കേണ്ട ശിശുവിനെ വേണമെങ്കിൽ മകരത്തിലോ മീനത്തിലോ ഒക്കെ പിറവിയെടുപ്പിക്കാനാവും. അല്ലെങ്കിൽ, ഭരണിയിലേക്കു് ജനിക്കേണ്ടതിനെ അശ്വതിയിലേക്കോ കാർത്തികയിലേക്കോ അതിനുമപ്പുറത്തേക്കോ ഒക്കെ മാറ്റി ജനിപ്പിക്കുക ഇന്നു് വലിയ ഒരു പ്രശ്നമല്ല. ഉരുവാവുന്നതു് എട്ടൊൻപതു് മാസം മുൻപാണെങ്കിലും ശിശുവിന്റെ ജാതകം നിശ്ചയിക്കപ്പെടുന്നതു് നാരിയോ നരനോ ആയി ഭൂമിയിലെ നരകവാരിധിയുടെ നടുവിലേക്കോ അരികിലേക്കോ ഒക്കെ ജനിക്കുന്ന നിമിഷത്തിലാണല്ലോ. അതായതു്, ‘കശ്മലനായ’ ഒരു ഡോക്ടർക്കു് വേണമെങ്കിൽ ഒരു മനുഷ്യജീവിയുടെ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലെ ജീവിതത്തിന്റേയും മരണത്തിന്റേയും വിധി നല്ലതോ ചീത്തയോ ആയി കീഴ്മേൽ മറിക്കാനാവും! അതിൻപ്രകാരം, സാദാ പ്രസവത്തിന്റെ ജാതകം വഴി തൊണ്ണൂറാം ദിവസം ചാവേണ്ടവൻ ഡോക്ടറുടെ തിരിമറിപ്രസവം വഴിയുള്ള ജാതകത്തിലൂടെ തൊണ്ണൂറു് വയസ്സുവരെ ജീവിച്ചിരിക്കാം. നേരേ മറിച്ചും സംഭവിപ്പിക്കാം. ഇതുപോലൊരു അവസ്ഥയിൽ, മനുഷ്യരുടെ വിധി തങ്ങളുടെ കയ്യിൽ ഭദ്രം എന്നു് വ്യാമോഹിച്ചിരുന്ന ആകാശത്തിലെ നക്ഷത്രങ്ങൾ ഇളിഭ്യരായി പരസ്പരം നോക്കി സ്വയം ശപിക്കുകയല്ലാതെ മറ്റെന്തു് ചെയ്യാൻ? ഇത്രയൊക്കെയേയുള്ളു ജ്യോതിഷം എന്ന ശാസ്ത്രം!

പ്രവചനം ശരിയാവാം എന്ന മനുഷ്യരുടെ വിശ്വാസമാണു് പ്രവാചകരെ സൃഷ്ടിക്കുന്നതു്. ഒരു ദൈവം ആവശ്യമാണെന്നു് മനുഷ്യർ വിശ്വസിക്കുന്നതുകൊണ്ടു് മാത്രമാണു് ദൈവം നിലനിൽക്കുന്നതു്. അല്ലാതെ, നേർച്ച കാഴ്ച പ്രാർത്ഥന നോമ്പു് ധ്യാനം മുതലായ തന്ത്രങ്ങളിലൂടെ മാനിപ്യുലേറ്റ്‌ ചെയ്തു് ഇഹലോക-പരലോകജീവിതങ്ങളെ തനിക്കനുകൂലമാക്കി മാറ്റാമെന്ന മണ്ടൻ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ ആരാധിക്കുന്ന തരത്തിലുള്ള ഒരു പ്രപഞ്ചനിയന്ത്രകശക്തി ഉണ്ടാവാൻ കഴിയില്ല എന്നു് തെളിയിക്കാൻ ആർക്കും കഴിയാത്തതുകൊണ്ടല്ല. അതിനു് സിമ്പിൾ ലോജിക്ക്‌ ധാരാളം മതി. ജീവിക്കാത്തതു് മരിക്കുകയില്ല. ദൈവം ഒരിക്കലും ജീവിച്ചിട്ടില്ല, ദൈവത്തെ മനുഷ്യർ ജീവിപ്പിക്കുകയായിരുന്നു എന്നതിനാൽ ദൈവത്തിനും മനുഷ്യൻ അനുവദിക്കാതെ മരിക്കാൻ ആവില്ല. മരിച്ച ദൈവത്തെ അഴുകാൻ അനുവദിക്കുന്നതിനേക്കാൾ ഉയിർപ്പിക്കുന്നതാണു് ലാഭകരമായ ഏർപ്പാടെന്നു് ഇന്നു് ക്രിസ്തീയ വിശ്വാസികൾ ഒഴികെ മറ്റാർക്കാണു് അറിയാത്തതു്?

വിശ്വാസം വഴി ഇതുവരെ ഒരു മലയും മാറിപ്പോയിട്ടില്ലെങ്കിലും, ഒരു മലയും ഒരിക്കലും മാറിപ്പോവുകയില്ലെങ്കിലും വിശ്വസിച്ചാൽ മല മാറിപ്പോവും എന്നു് വിശ്വസിക്കാനാണു് മനുഷ്യർക്കിഷ്ടം. ആ വിശ്വാസം വേണ്ട വഴിയിലൂടെ തിരിച്ചുവിട്ടു് അവരെ മുതലെടുക്കുന്നവർ അവരുടെ ദൃഷ്ടിയിൽ തൻകാര്യം നേടുന്ന കച്ചവടക്കാരല്ല, അവരുടെ രക്ഷകരായ ആരാദ്ധ്യപുരുഷന്മാരാണു്! ഉള്ളിലെ യാഥാർത്ഥ്യത്തേക്കാൾ സോപ്പുകുമിളയുടെ പുറത്തെ വർണ്ണക്കാഴ്ചകളാണു് മനുഷ്യർക്കാവശ്യം. വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണു് അവരുടെ ജന്മശത്രുക്കൾ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, പുരോഹിതൻ ജ്യോതിഷി മുതലായ വിഭാഗത്തിൽപെട്ടവർ ആരാദ്ധ്യർ, ശാസ്ത്രജ്ഞർ യുക്തിവാദികൾ മുതലായ വിഭാഗം ശത്രുക്കൾ! എന്തു് കണ്ടാലും എന്തു് കേട്ടാലും, അവയിൽനിന്നും തനിക്കു് വേണ്ടതു്, അഥവാ, സെലക്ടീവ്‌ ആയി മാത്രം കാണാനും കേൾക്കാനുമേ മനുഷ്യർക്കു് കഴിയൂ. മനുഷ്യരാശിയെ പൊതുവായി ബാധിക്കുന്ന ഈ വിധി ഏതെങ്കിലും നക്ഷത്രഫലമാണോ എന്നറിയാൻ പറ്റിയ ജ്യോതിഷം ഉണ്ടോ ആവോ!

 

38 responses to “നക്ഷത്രഫലവും സത്യവും

  1. SONY.M.M.

    Feb 5, 2010 at 23:28

    ജ്യോതിഷ ശാസ്ത്രം (?) പഠിച്ച് (പഠിപ്പിച്ചും) കുറെ ആള്‍ക്കാരെ നന്നാക്കാമെന്ന് വച്ചാല്‍ ഈ സീ കെ ബാബു സാറ് സമ്മതിക്കത്തില്ല അല്ലിയോ

     
  2. സത്യാന്വേഷി

    Feb 6, 2010 at 02:22

    "Mad house that is IndiaG. K. SHETIn India, hypocrisy masquerades as culture and religion and is celebrated. The rich and the famous in India have mortgaged their brains to their astrologers/purohits/pandits/bhat-jies who have assured them wealth, pleasure and also a place in the heaven (vaikunta) — of course upon performing the necessary rituals/pujas to a score of deities while the first group, the vast majority, live by the nihilistic religiosity and impoverished conditions. Historian Arnold Toynbee said “the master activity in Indic civilisation was religious ministry”, whereas in Chinese civilisation, there had been a fusion of Confucianism, Tao, Budhism and communism with the concepts of governance. Go into the period of history at the end of the Gupta dynasty and find the causes for the shaping of the present Indian mindset.Read a few Brahminical works, probably of the 3rd and 2nd century BC which actually laid the foundation for the present poisonous cocktail of religion and politics and the mess of quota politics. Those are Vedanta Darshan (Uttar Mimamsa), Agamaas and 18 Puranas. Khushwant Singh, had some two decades back wrote in the Illustrated Weekly that India needed a new religion.(keshavashet@yahoo.com)"http://www.dalitvoice.org/Templates/feb2010/articles.htm

     
  3. നന്ദന

    Feb 6, 2010 at 07:27

    അറിവ് തേറ്റുന്നവർ വായ്യിച്ചിരിക്കേണ്ട പോസ്റ്റ് അഭിപ്രായങ്ങൽ വരട്ടെ.(കടുപ്പം കുറഞ്ഞ് പോയോ എന്നൊരു സംശയം)

     
  4. ea jabbar

    Feb 6, 2010 at 09:06

    ചിന്തയെ ഉദ്ധീപിപ്പിക്കുന്ന ലേഖനം !പക്ഷെ വിശ്വാസിക്കൂട്ടം ഇതു വല്ലതും കാണുന്നുണ്ടോ ?ചിന്തിക്കുന്നുണ്ടോ? ഇത് ഞാന്‍ ‘യുക്തിവിചാര‘ത്തില്‍ കൂടി കൊടുത്തോട്ടെ?

     
  5. എറക്കാടൻ / Erakkadan

    Feb 6, 2010 at 10:20

    അങ്ങിനെ മുഴുവൻ സമ്മതിക്കാൻ പറ്റുമോ മാഷേ….ചില സാഹചര്യങ്ങളിൽ മനുഷ്യൻ വിശ്വസിക്കണം..അല്ലാതെപിന്നെ…വിശ്വാസം അതല്ലേ എല്ലാം,…..

     
  6. സി.കെ.ബാബു

    Feb 6, 2010 at 12:33

    SONY.M.M.,:)സത്യാന്വേഷി,വിശ്വാസം ഇത്രമാത്രം അന്ധവിശ്വാസമായി മാറിയ മറ്റേതെങ്കിലും സമൂഹം ലോകത്തിൽ ഉണ്ടെന്നു് തോന്നുന്നില്ല. അതു് ഭാരതീയന്റെ ബുദ്ധിയുടെ കുറവുകൊണ്ടു് ആയിരുന്നുവെങ്കിൽ സഹിക്കാവുന്ന കാര്യമായിരുന്നു. മനുഷ്യരുടെ വിശ്വാസത്തെ ഭ്രാന്താക്കി മാറ്റി ഉപജീവനം കഴിക്കുന്ന വക്രബുദ്ധികളായ കുറെ എലിപിടിയന്മാരുടെ നിയന്ത്രണത്തിലാണു് ഇന്നു് ഭാരതീയർ.നന്ദന,അക്ഷരങ്ങളിൽ തൂങ്ങിയുള്ള അഭിപ്രായങ്ങളല്ലാതെ വസ്തുതാപരമായ അഭിപ്രായങ്ങൾ വിശ്വാസികളിൽ നിന്നും പ്രതീക്ഷിക്കാനില്ല. അത്തരം കുരകൾക്കു് വേണ്ടി നഷ്ടപ്പെടുത്താൻ എനിക്കു് സമയവുമില്ല. അനുഭവമാണല്ലോ ഗുരു. അല്ലാത്തവർക്കു് സ്വാഗതം.Rajesh,ലോകം ഇപ്പൊ അവസാനിക്കും, ഇപ്പൊ അവസാനിക്കും എന്നു് കരുതി മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും അവസാനിക്കുന്നില്ല അല്ലേ? സകല മനുഷ്യരും ഒറ്റയടിക്കു് ഒന്നു് ചത്തു് കിട്ടുന്നതിലുള്ള ആ ഒരു ആനന്ദമേ! രണ്ടായിരം വർഷത്തെ വളിപ്പുമണം ഉണ്ടല്ലോ ലിങ്കിലെ വിഭവങ്ങൾക്കു്! ഏതായാലും അതു് തത്കാലം ഡിലീറ്റ്‌ ചെയ്യുന്നില്ല. 'ദൈവം' വരുന്ന വളഞ്ഞ വഴികൾ എന്റെ മറ്റു് വായനക്കാരും അറിഞ്ഞിരിക്കട്ടെ.ജബ്ബാർ മാഷ്‌,Yes, you can. (കടപ്പാടു്: ഒബാമയുടെ "yes we can" മുദ്രാവാക്യത്തിനോടു്. :)എറക്കാടന്‍,ഏതാണ്ട് ഇതേ ചോദ്യം ടോംസ് കോനുമഠവും ചോദിച്ചിരുന്നു. അവിടത്തെ മറുപടി ഇവിടെയും കിടക്കട്ടെ: "അങ്ങനാച്ചാ അങ്ങനെ. അല്ലാച്ചാ ഇങ്ങനെ".

     
  7. Rajesh

    Feb 6, 2010 at 14:26

    ബാബു സാറേ, തെറ്റിദ്ധരിക്കല്ലേ.. ശ്രദ്ധ ക്ഷണിച്ചതാ… മേഴ്സി ചേച്ചീടെ പോലെ ഒരു ഐറ്റം കിട്ടിയപ്പോ ഇങ്ങനെ ഒക്കെയാണ്‌ ഇവരുടെ പ്ലാനുകള്‍ എന്ന് നാലുപേര്‍ അറിഞ്ഞോട്ടെ എന്ന് വിചാരിച്ചു.. മിശ്രവിവാഹം അരുത്, കഞ്ഞികുടിക്കാന്‍ പ്രാപ്തിയില്ലെങ്കിലും "പ്രൊഡക്ഷന്" കുറവൊന്നും ഉണ്ടാകരുത്…നിങ്ങള്‍ നിങ്ങള്ക്ക് തോന്നിയ പോലെ ഒക്കെ തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ എങ്ങനെ "കോണ്ടാസയേലും ബെന്സേലും" കേറി നെരങ്ങും എന്നാണ്‌ അത് വായിച്ചിട്ട് എനിക്ക് മനസ്സിലായത്..

     
  8. സി.കെ.ബാബു

    Feb 6, 2010 at 14:36

    Rajesh,ഹ ഹ ഹ. Rajesh എന്ന പ്രൊഫൈലില്‍ ഒന്നും കണ്ടില്ല. അതിനാല്‍ ഞാന്‍ കരുതി മേഴ്സി ആംസ്ട്രോങ്ങ് വിഭാഗമായിരിക്കുമെന്ന്. ഏതായാലും ഞാന്‍ പറഞ്ഞതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. പറഞ്ഞതെല്ലാം ആ ലിങ്കിലെ എലിപിടുത്തക്കാരോടായി കരുതിയാല്‍ മതി. 🙂

     
  9. ബിജു ചന്ദ്രന്‍

    Feb 6, 2010 at 17:00

    പണ്ടൊരിക്കല്‍ ഏഷ്യാനെറ്റില്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട ഒരു നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ജ്യോതിഷത്തെ ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ISRO ശാസ്ത്രജ്നനെ കണ്ടിരുന്നു. ഒരു ഉളുപ്പുമില്ലാതെ ആ ചങ്ങായി ജ്യോതിഷത്തിനു ശാസ്ത്രീയ അടിത്തറ ഉണ്ടെന്നൊക്കെ വെച്ച് കാച്ചുന്നു. ഇത്തരം അന്ധവിശ്വാസികളെയൊക്കെ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കേണ്ടിയിരിക്കുന്നു. കഥകളിപ്പദം-വാഴക്കൊല – തുലാഭാരം ചങ്ങായിമാരൊക്കെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ളവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. ജ്യോതിഷം എന്ന ഈ ഉഡായിപ്പ് ശാസ്ത്രം കേരളത്തിലെ കല്യാണം കഴിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ക്കുണ്ടാക്കുന്ന പങ്കപ്പാടുകള്‍ ചെറുതല്ല. ഏതാണ്ട് 95 % കല്യാണങ്ങളും കേരളത്തില്‍ ജ്യോതിഷി എന്ന ക്ഷുദ്ര ജീവിയാണ് നിശ്ചയിക്കുക എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല…Nb : കര്‍പ്പൂരം കത്തിച്ചു കാണിച്ചു ജനലക്ഷങ്ങളെ എല്ലാ വര്‍ഷവും പറ്റിച്ചു, കോടികള്‍ പോക്കറ്റിലാക്കുന്ന ഭരണ കര്‍ത്താക്കളുള്ള നാട്ടില്‍ ഇത്തരം കപട ശാസ്ത്രവും അതിന്റെ ഉപഭോക്താകളും എന്നുമുണ്ടാകും.

     
  10. സുബിന്‍ പി തോമസ്‌

    Feb 6, 2010 at 17:23

    ആറ്റുകാൽ അങ്കിൾ മകനെ കാണാതെ പോയപ്പോ പോലീസിൽ പരാതിപ്പെട്ട്‌ സകല വിശ്വാസികൾക്കും ഒരു പാഠം നൽകി. നക്ഷത്രങ്ങൾ കഥ പറയുന്നതും നോക്കി ഇനിയും ഇരിക്കുന്ന വിശ്വാസികളോട്‌ നമ്മൾ എന്ത്‌ പറയാൻ..

     
  11. സുബിന്‍ പി തോമസ്‌

    Feb 6, 2010 at 20:13

    ഇതൊന്നും അല്ല, കഴിഞ്ഞ ജന്മങ്ങൾ കാണിച്ച്‌ കൊടുത്ത്‌ ആൾക്കാരുടെ പല പ്രശ്നങ്ങൾക്കും കാരണം കണ്ട്‌ പിടിക്കുന്ന അനേകം ടീമുകൾ ഇറങ്ങിയിരിക്കുന്നു. സനൽ ഇടമറുക്‌ എന്ന ടാഗിൽ യൂ ട്യൂബിൽ ചിലത്‌ കാണാം. പിന്നെ ഏഷ്യാനെറ്റിലെ വാസ്തവികം(?) എന്ന പരിപാടിയിലും കണ്ടു. സംഭവം ഇങ്ങനെ ഒക്കെ: അയൽക്കാരനുമായി തീരാത്ത ശത്രുത. അങ്ങനെ നോക്കുമ്പോളാണ്‌ മനസ്സിലായത്‌ മൂന്നു ജന്മം മുൻപെ ആദ്യത്തെ ആൾ മീൻ കച്ചവടക്കാരൻ ആയിരുന്നപ്പോൾ മറ്റെ ആൾക്ക്‌ ചില്ലറ എന്തോ ബാക്കി കൊടുക്കാൻ ഉണ്ടായിരുന്നു. അതിനാലാണ്‌ ശത്രുത തീരാതെ ഇരുന്നത്‌. ഹോ ഭയങ്കരം തന്നെ.. ഇങ്ങനെ ഇന്ത്യ പാക്‌ ശത്രുതയുടെ ഒക്കെ 'ശരിയായ' കാരണങ്ങൾ കണ്ടൂപിടിച്ചിരുന്നെങ്കിൽ..

     
  12. ജയരാജന്‍

    Feb 6, 2010 at 20:50

    "മനുഷ്യരാശിയെ പൊതുവായി ബാധിക്കുന്ന ഈ വിധി ഏതെങ്കിലും നക്ഷത്രഫലമാണോ എന്നറിയാൻ പറ്റിയ ജ്യോതിഷം ഉണ്ടോ ആവോ!"മനുഷ്യകുലം പിറവിയെടുത്തപ്പോ ജാതകം ഉണ്ടാക്കിയില്ലല്ലോ, ഇനി ഇപ്പോ എന്താ ചെയ്യാ? 🙂

     
  13. cALviN::കാല്‍‌വിന്‍

    Feb 6, 2010 at 20:54

    ആറ്റുകാല്‍നെപ്പോലെയുള്ളവരോടൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. അവരുടെ ജോലി.എന്നാല്‍ വി.എസ്.എസ്.സയിലും മറ്റുമുള്ളവരും പി.എച്ഡിയും പേറ്റെന്‍ഡുകളും ഒക്കെയുള്ളവരെന്ന് സ്വയം പരിചയപ്പെടുത്തി ശാസ്ത്രജ്ഞനെന്ന് നടിക്കുന്നവരും ഒക്കെ ജ്യോതിഷത്തെ പ്രോമോട് ചെയ്യുന്നതിനെയാണ്‌ സൂക്ഷിക്കേണ്ടത്. ഇവര്‍ സാദാ ജ്യോതിഷികളെ തള്ളിപ്പറയുകയാണ്‌ ആദ്യം ചെയ്യുക. തങ്ങള്‍ അന്ധവിശ്വാസികള്‍ക്കെതിരാണ്‌ എന്ന് ഒരു ജാമ്യമെടുക്കാന്‍. എന്നിട്ട് ജ്യോതിഷം അപാരമായ സയന്റിഫിക് ബേസ് ഉള്ളതാണെന്നും അത് നേരെ പ്രയോഗിക്കാന്‍ ഈ വി.എസ്,എസ്,എസിയിലുള്ള വേന്ദ്രന്മാര്‍ക്കേ കഴിയൂ എന്നുമൊക്കെ അടിച്ചുവിടും. പാവം വിശ്വാസികള്‍ അത് നേരെന്ന് കരുതും. മൊണറ്റോറിയല്‍ ബെനിഫിറ്റിനേക്കാള്‍ ഇത് ഒരു തരം പൊളിറ്റിക്കല്‍ അജണ്ടയാണ്‌. തൂത്തെറിയപ്പെട്ട ചില ജീര്‌ണിച്ച സാമൂഹ്യാവസ്ഥകള്‍ തിരികെ കൊണ്ടുവരാന്‍ ഉള്ള ശ്രമം.സമവാക്യം ഇങ്ങനെ.സാദാ ജ്യോതിഷം/ജ്യോതിഷി – അന്ധവിശ്വാസം/ തട്ടിപ്പ്ഞങ്ങള്‍ പറയുന്ന ജ്യോതിഷം – ശാസ്ത്രം/അപാരം/സത്യം.രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം എന്തെന്ന് ചോദിച്ചാല്‍, പുലബന്ധമില്ലാത്ത കുറേ ശ്ലോകങ്ങള്‍ എടുത്ത് അര്‍ഥം മാറ്റി വ്യാഖ്യാനിക്കും. സയന്‍സിനെ തങ്ങള്‍ക്ക് തോന്നിയ പോലെ വ്യാഖ്യാനിക്കും. കേള്‍ക്കുന്നവര്‍ എല്ലാം ഇത് രണ്ടും അറിയുന്നവര്‍ അല്ലല്ലോ. നിങ്ങള്‍ പറയുന്ന സയന്‍സ് അപ്പടീ തെറ്റാണല്ലോ എന്ന് ചോദിച്ചാല്‍ എനിക്ക് നാല്‌ പി.എച് ഡീ. ഉണ്ടെന്ന് പറയും. സൂത്രം എപ്പടി 🙂

     
  14. Rare Rose

    Feb 7, 2010 at 14:39

    നമ്മളവിടെയുണ്ടെന്നു കരുതുന്ന നക്ഷത്രങ്ങളൊക്കെ മുന്‍പേ മരിച്ചു കഴിഞ്ഞവരാണെന്നോ,സ്ഥാനചലനം സംഭവിച്ചവരാണെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഒരാശ്ചര്യം.പിന്നെ തുടര്‍ച്ചയായി ഒന്നും നടക്കാതെ വരുമ്പോള്‍ എന്തിലെങ്കിലും അഭയം കണ്ടെത്തുകയെന്നുള്ളത് മനുഷ്യന്റെ ഒരടിസ്ഥാന സ്വഭാവമാണല്ലോ.നമ്മുടെ താരങ്ങള്‍ വരെ പേരിലക്ഷരങ്ങള്‍ കൂട്ടിയും കുറച്ചും സമാധാനം കണ്ടെത്തുമ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ.:)

     
  15. BS Madai

    Feb 7, 2010 at 20:04

    ബാബു മാഷെ, ഒരുപാട് നാളായി ഒരു ഹലോ പറഞ്ഞിട്ട് – പോസ്റ്റ് എല്ലാം മുടങ്ങാതെ വായിക്കാറുണ്ട്. Sincere thanks for your efforts.മാഷ് എഴുതുമ്പോള്‍ വിഷയത്തിനു നല്ല തെളിമ – തുറന്ന മനസ്സുമായി വായിക്കുന്നവര്‍ക്ക്, ശരിക്കും ഉപകാരപ്രദം. (പോസ്റ്റിനെപ്പറ്റി – as usual, another very good/useful/ quality post). നന്ദി ഒരിക്കല്‍കൂടി.

     
  16. സി.കെ.ബാബു

    Feb 7, 2010 at 23:07

    ബിജു ചന്ദ്രൻ,
    സാമൂഹികപ്രശ്നങ്ങളുടെ പരിഹാരത്തിനു് ഒറ്റമൂലികൾ ഇല്ല. ശരിയായ ദിശയിലുള്ള ഓരോ ചുവടും വിലപ്പെട്ടതാണു്. പക്ഷേ മനുഷ്യർ ഒരു ചുവടു് മുന്നോട്ടു് വയ്ക്കാൻ ശ്രമിക്കുമ്പോൾ അവരെ രണ്ടു് ചുവടു് പിന്നോട്ടു് വലിക്കുന്നവരാണു് സമൂഹത്തിന്റെ എല്ലാ മേഖലകളിലും തലപ്പത്തു് അള്ളിപ്പിടിച്ചിരിക്കുന്നവർ എന്നതാണു് ഒരു പ്രധാന പ്രശ്നം. ഒരു കാർഷികസമൂഹത്തിന്റെ എല്ലാ ബലഹീനതകളും തലമുറകളായി വേർപ്പെടുത്താനാവാത്തവിധം സ്വായത്തമാക്കിയവരെ റാഷണൽ തിങ്കിങ്ങിനു് പ്രാപ്തരാക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. പുതിയ തലമുറകളിലൂടെ സാവകാശം മാത്രമേ അതു് നേടിയെടുക്കാനാവൂ. അതുവഴി സമൂഹത്തിന്റെ പൊതുബോധത്തിൽ വരുന്ന മാറ്റമേ ശാശ്വതമാവൂ.കേരളത്തിലെ റോഡുകളിലൂടെ ഓടുന്ന എല്ലാ പോലീസ്‌ വാഹനങ്ങളിലും POLICE എന്നു് എഴുതിവച്ചിട്ടുണ്ടു്. അതു് പലവട്ടം കണ്ടിട്ടുള്ള ആർക്കും അതുപോലെ 'വരച്ചുവയ്ക്കാൻ' എങ്കിലും കഴിയേണ്ടതാണു്. കേരളത്തിൽ ഒരാൾക്കു് മന്ത്രിയാവാൻ ആ യോഗ്യത പോലും ആവശ്യമില്ല. ഇതല്ലേ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ? സാമൂഹികപരിഷ്കരണം പോലും! പൂജ്യത്തെ എത്ര വലിയ സംഖ്യ കൊണ്ടു് ഗുണിച്ചാലും ഫലം പൂജ്യമേ ആവൂ.

    സുബിൻ പി തോമസ്‌,
    വായനക്കു് നന്ദി. പൊരുതൽ തുടരുക. ആശംസകൾ.

    ജയരാജൻ,നമുക്കൊരു ജ്യോതിഷിയെ സമീപിച്ചാലോ? 🙂

    കാൽവിൻ,
    മാമൂലുകൾക്കു് പോറലേൽക്കാതിരിക്കണമെങ്കിൽ അറിവു് ജനങ്ങളിൽ എത്താതിരിക്കണം. മനുഷ്യർ നിത്യമണ്ടന്മാരായിരിക്കേണ്ടതു് യാഥാസ്ഥിതികത്വത്തിന്റെ നിലനിൽപിന്റെ പ്രശ്നമാണു്.പക്ഷേ, ഒരു പഴയ യാഥാസ്ഥിതികത്വത്തിൽ ഉത്പതിഷ്ണുത്വം ആയിരുന്നതാണു് കാലപ്പഴക്കത്തിൽ വീണ്ടും (പുതിയ) യാഥാസ്ഥിതികത്വം ആയി മാറുന്നതു് എന്നു് മറക്കുന്നിടത്താണു് പല പുരോഗമനവാദികളുടെയും കാലിടറുന്നതു്. ചരിത്രം എന്നതു് മാറ്റമില്ലാത്ത, നിത്യമായ ഒരു അന്ത്യാവസ്ഥ ഇല്ലാത്തവിധം ചലനാത്മകമാണു്.

    Rare Rose,
    ഈ ലോകത്തിൽ ഒന്നും – നക്ഷത്രങ്ങളും അവയുടെ സ്ഥാനങ്ങൾ പോലും – ഉറപ്പായ കാര്യമല്ല എന്നതു് ആശ്ചര്യജനകമാണെങ്കിലും ഒരു യാഥാർത്ഥ്യമാണു്.എന്തിലെങ്കിലും അഭയം കണ്ടെത്താനുള്ള മനുഷ്യരുടെ ദാഹം – അതൊരു പ്രശ്നമാണു്. ബുദ്ധിയിൽ അതിനു് ന്യായീകരണമേയുള്ളു വിശദീകരണമില്ല. മനുഷ്യൻ പൊതുവേ ബലഹീനനായതിനാൽ ഒരു അത്താണി, ഒരു അഭയം, മാനസികമായ ഒരു ഉറപ്പു് ജീവിതത്തിലെ പല ഘട്ടങ്ങളിലും ആവശ്യമായി അവനു് തോന്നുന്നു. അവനെ നിർഭാഗ്യവാനാക്കാതിരിക്കാൻ ഈ ആവശ്യം അവന്റെ അവകാശമായി അംഗീകരിക്കുന്നതാണു് നല്ലതു്. മനഃശാസ്ത്രപരമായ മനുഷ്യന്റെ ഒരു ആവശ്യം – അതു് മാത്രമാണു് അതിന്റെ ന്യായീകരണം. അതേസമയം, റാഷണൽ ആയ ഒരു വിശദീകരണം അതിനു് നൽകുക സാദ്ധ്യമല്ല. കാരണം, അഭയം എന്നു് മനുഷ്യർ കരുതുന്നതിനു് – അതു് ദൈവമാവട്ടെ, മറ്റെന്തുമാവട്ടെ – ലോജിക്കൽ ആയി ഒരു വിശദീകരണം നൽകാനില്ല.ഞാൻ ഉദ്ദേശിക്കുന്നതു് സംസ്കാരത്തിന്റെയും വളർത്തലിന്റെയും ഒക്കെ ഭാഗമായി മനുഷ്യമനസ്സിൽ വേരുറയ്ക്കുന്നതും അതിനെതിരായി എന്തെങ്കിലും ചെയ്യാൻ അവൻ അശക്തനായതുമായ ആത്മീയതയുടെ ഘടകമാണു്. അതേസമയം, ആ അഭയം തേടൽ മന്ത്രക്കല്ലുകളിലേക്കും, പേരിലെ അക്ഷരങ്ങളോടു് സമരം പ്രഖ്യാപിക്കുന്നതിലേക്കും ഒക്കെ എത്തിയാൽ അതു് പരിതാപകരമായ ഒരവസ്ഥയാണെന്നു് പറയാതെ നിവൃത്തിയില്ല. കാരണം, അതുവഴി മനുഷ്യൻ ചൂഷണത്തിനു് അങ്ങോട്ടു് ഏൽപിച്ചു് കൊടുക്കുകയാണു് ചെയ്യുന്നതു്. അപ്പോഴും, ഒരു ബോധവത്കരണം അവനെ കൂടുതൽ നിർഭാഗ്യവാനാക്കുകയേ ഉള്ളുവെങ്കിൽ അവനെ അവന്റെ മാർഗ്ഗം പിൻതുടരാൻ അനുവദിക്കുന്നതാണു് എനിക്കിഷ്ടം. നമ്മൾ കാണേണ്ടിവരുന്ന ഓരോ വ്യക്തിവിധികളും പരിഹരിക്കുക എന്നതു് മനുഷ്യസാദ്ധ്യമല്ല. അതിനു് ശ്രമിച്ചാൽ നമ്മൾ സ്വയം നിർഭാഗ്യവാന്മാരാവുകയേയുള്ളു.

    പിന്നെ, പോസ്റ്റ്‌ ഞാൻ വായിച്ചിരുന്നു. വളരെ നന്നായി എഴുതി. ആശംസകള്‍

    BS Madai,ലിസ്റ്റിൽ ഉള്ളതുകൊണ്ടു് വായിക്കുന്നുണ്ടെന്നു് അറിയാമായിരുന്നു. എങ്കിലും ഇവിടെ കണ്ടതിൽ സന്തോഷം. എല്ലാ നന്മകളും നേരുന്നു.

     
  17. അപ്പൂട്ടന്‍

    Feb 8, 2010 at 07:47

    ബാബുമാഷെ,ഇക്കണ്ട ഗ്രഹങ്ങളേയെല്ലാം (ഗ്രഹമാണോ നക്ഷത്രമാണോ ഉൽക്കയാണോ എന്നതൊക്കെ അവിടെ നിൽക്കട്ടെ) തന്റെ മരപ്പലകയിലെ കട്ടകളിലേയ്ക്ക്‌ ആവാഹിച്ച്‌ അവിടിരുത്തി മൂക്കുകൊണ്ട്‌ (ഗ്രഹങ്ങൾക്ക്‌ മൂക്കുണ്ടോ എന്ന് ചോദിക്കരുത്‌) ശ, ശു, ക്ഷ, ബ്ല വരപ്പിച്ചിട്ടല്ലെ മുന്നിലിരിക്കുന്ന രാജയോഗക്കാരൻ നിർഭാഗ്യവാന്റെ ഗതി എന്തെന്ന് പറയിപ്പിക്കുന്നത്‌. അങ്ങിനെ കട്ടയ്ക്കകത്തിരുത്തിയാൽ ഏത്‌ ഗ്രഹവും (ബാബുമാഷ്‌ പോലും) കാര്യം പറഞ്ഞുപോകും.കുജനും ശുക്രനും അടുത്തടുത്തിരുന്നാൽ ഗ്യാസ്‌ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും എന്നൊക്കെ പ്രവചിക്കാൻ എനിക്ക്‌ പറ്റും (സംശയമുണ്ടെങ്കിൽ ഇത്‌ ജ്യോത്സ്യഭാഷയിൽ അടുത്തടുത്ത കളങ്ങളിൽ എഴുതിനോക്കൂ, നിങ്ങൾക്കും പറ്റും), അപ്പോൾ പഠിച്ച ജ്യോത്സ്യനോ, എന്തൊക്കെ പറയാനാവും?

     
  18. സി.കെ.ബാബു

    Feb 8, 2010 at 11:07

    അപ്പൂട്ടന്‍,'അന്ധവിശ്വാസങ്ങള്‍ വരുന്ന വഴികളേ' എന്ന കാല്‍വിന്‍റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നതുപോലെ മനഃശാസ്ത്രം ജ്യോതിഷത്തില്‍ അതിപ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. സത്യത്തില്‍ അത് മാത്രമേ എന്തെങ്കിലും പങ്ക് വഹിക്കുന്നുള്ളൂ. ജ്യോതിഷി ഒരു മനഃശാസ്ത്രജ്ഞന്‍ ആണെന്നല്ല ഇതിനര്‍ത്ഥം. തന്റെ മുന്നില്‍ ഇരിക്കുന്നവനെ ഏകദേശം ഒന്ന് വിലയിരുത്തുന്നതിനുള്ള കഴിവും അതോടൊപ്പം അനുയോജ്യമായി വാചകം അടിക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ഇല്ലാത്തവന്‍ ജ്യോതിഷി ആയാല്‍ പട്ടിണി കിടന്ന്‍ ചാവുകയേ ഉള്ളൂ. 🙂

     
  19. മജീദ്

    Feb 8, 2010 at 16:05

    Dear Babu,Nice work. Congrats.

     
  20. ചാര്‍വാകന്‍

    Feb 9, 2010 at 09:54

    മുഷിയരുത്,യുക്തിവാദി/കമ്യുണിസ്റ്റു വീട്ടില്‍‌ ജനിച്ചുവളര്‍‌ന്നതിനാല്‍‌,ജാതകമില്ലായിരുന്നു.നക്ഷത്രവും(നാള്‍)അറിയില്ലായിരുന്നു.പ്രേമിച്ച് നടന്നപ്പോള്‍‌ ഇതൊരു കുരിശാവുമെന്ന് കരുതിയുമില്ല.അവസാനം സ്വന്തം നാളുതീരുത്തിപറഞ്ഞ്(ചേരുന്ന)ജോത്സയന്റെയടുക്കല്‍‌ നിന്നും N.O.C.യും വാങ്ങിയാ.കെട്ടിയത്.എന്തായാലും,മൂന്നു കുട്ടികള്‍‌ക്കും ഈരോഗം ഇതുവരെ പിടിപെട്ടിട്ടില്ല.പോസ്റ്റ്കളെല്ലാം വിടാതെ വായിക്കാറുണ്ട്.

     
  21. ഉസ്മാനിക്ക

    Feb 9, 2010 at 10:18

    ബ്വാബുമാഷ്,വായിക്കുന്നുണ്ട്. അപ്പൂട്ടാ,ഹ ഹ ഹ..

     
  22. സി.കെ.ബാബു

    Feb 9, 2010 at 10:43

    മജീദ്,നന്ദി.ചാര്‍വാകന്‍,ജാതകം തിരുത്തിയല്ലേ? ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്. എന്തോ തകരാറുണ്ടല്ലോ എന്ന് ഒറ്റനോട്ടത്തില്‍ എനിക്കും തോന്നിയിരുന്നു. എത്രയും വേഗം ഒരു ജ്യോത്സനെ കണ്ട് പ്രശ്നം വയ്പ്പിച്ച് പരിഹാരം ചെയ്താല്‍ കൂടുതല്‍ ഗുലുമാലുകള്‍ സംഭവിക്കാതിരിക്കും. ഇതുപോലൊരു സംഭവം എന്റെ തൊട്ട അയല്‍പക്കത്തുണ്ടായിട്ടുണ്ട്. അതല്ലേ രസം! അതുകൊണ്ടാ ഇത്ര ഉറപ്പായിട്ട് പറയുന്നത്. :)ഉസ്മാനിക്ക,നന്ദി.

     
  23. himler

    Feb 10, 2010 at 11:18

    viswasikkunnavar viswasikkatte bhaai, angane governmentinu panam kittunnuntenkil athum aakatte. kadam vaangunnathilum nallathalle?

     
  24. anonymallu

    Feb 10, 2010 at 12:54

    പക്ഷെ ചന്ദ്രനും നക്ഷത്രങ്ങളും മനുഷ്യന്റെ മേല്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്ന് എങ്ങിനെ വിശ്വസിക്കാതിരിക്കും? ചന്ദ്രന്‍ ഭൂമിക്കു കൂടുതല്‍ അടുക്കുംബോളും, പൂര്‍ണച്ചന്ദ്രനും ആസ്ത്മ കാര്‍ക്ക് അസുഖം കൂടുന്നു! ഇതെന്താ കാര്യം?ഇനി, വ്യാജ ഡോക്ടര്‍ മാര്‍ കാരണം എല്ലാ ഡോക്ടര്‍ മാറും കള്ളന്മാരകുമോ? കാണാന്‍ പോകുന്ന ഡോക്ടറിന്റെ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ ചോദിക്കുമോ? ഇല്ലാത്ത പക്ഷം ഡോക്ടറിനെയും, ജ്യോതിഷിയെയും തിരഞ്ഞെടുക്കുന്ന രീതി നിങ്ങള്‍ സൂക്ഷിക്കണം!

     
  25. അപ്പൂട്ടന്‍

    Feb 10, 2010 at 16:03

    anonymallu,കാൽവിന്റെ ബ്ലോഗിൽ ഇട്ട കമന്റിന്റെ ഒരു ഭാഗമാണ്‌. താങ്കളുടെ കമന്റിന്റെ രണ്ടാം ഭാഗം വായിച്ചപ്പോൾ ഇവിടെയും പ്രസക്തമെന്നു തോന്നുന്നു.ഏതുമേഖലയിലും കള്ളനാണയങ്ങൾ ഉണ്ടാവും. ശാസ്ത്രത്തിലായാലും നിയമത്തിലായാലും തത്വചിന്തയിലായാലും ഒക്കെ കാണും ഇക്കൂട്ടർ. ശാസ്ത്രം അറിയാത്ത ഒരാൾ തന്റെയത്രയും പോലും ശാസ്ത്രമറിയാത്ത ഒരാളെ പറ്റിച്ചെന്നുമിരിയ്ക്കും. അതൊരു ജനറൽ ട്രെൻഡ്‌ ആയി കാണാൻ സാധിക്കില്ല.മറ്റൊന്ന്‌ വരുന്നത്‌ തെറ്റായ പ്രയോഗമാണ്‌. ശാസ്ത്രവും തെറ്റായി പ്രയോഗിക്കപ്പെടാം, അറിയാതെയാണെങ്കിലും. ഡോക്ടർമാരുടെ രോഗനിർണ്ണയം തെറ്റാറുണ്ടല്ലൊ, പലപ്പോഴും.പക്ഷെ ഇവിടെയെല്ലാം പ്രയോഗത്തിലാണ്‌ തെറ്റു പറ്റുന്നത്‌.ജ്യോതിഷം ശാസ്ത്രീയമല്ലെന്ന അറിവ്‌ ഉണ്ടെന്നിരിക്കെ അത്‌ ശരിയാവാനുള്ള സാധ്യതകൾ ഇല്ല തന്നെ. പ്രിൻസിപ്പിൾ ശരിയാണെങ്കിലും പ്രയോഗം തെറ്റാം. പക്ഷെ പ്രിൻസിപ്പിൾ തന്നെ തെറ്റാണെങ്കിൽ, എത്ര ഉദ്ദേശ്യശുദ്ധി ഉണ്ടെങ്കിലും, പ്രയോഗം ശരിയായി വരില്ല.

     
  26. anonymallu

    Feb 11, 2010 at 08:43

    >> ജ്യോതിഷം ശാസ്ത്രീയമല്ലെന്ന അറിവ്‌ ഉണ്ടെന്നിരിക്കെ അത്‌ ശരിയാവാനുള്ള സാധ്യതകൾ ഇല്ല തന്നെ. ശാസ്തൃയം ആല്ലെന്ന് അറിവ് ആര്‍ക്കു ഉണ്ട് ? അമേരിക്ക കാരനോ? അവര്‍ക്ക് ലാബില്‍ തെളിയിക്കാന്‍ പറ്റാത്തത് കൊണ്ട്!ഇതേ കാരണം കൊണ്ട് തന്നെ ആയുര്‍വേദം ശാസ്ത്രം അല്ലെന്നും, അവിടെ ഉപയോഗിക്കാന്‍ പാടില്ലെന്നും പറയുന്നു. നിങ്ങള്‍ വിശ്വസിക്കുന്നോ? ഇവിടെ മുറി വൈദ്യന്മാരില്ലേ ?ഇതേ 'ശാസ്ത്രങ്ങള്‍' എഴുതിയിരിക്കുന്ന വേദങ്ങളില്‍ തന്നെ ഉള്ളതാണ് astrology . നിങ്ങളുടെ അത്രെയും 'വിവരവും', 'technology ' യും ഒന്നും ഇല്ലാതിരുന്ന ഭാരതീയര്‍ ഭൂമിയില്‍ ഇരുന്നു ആകാശത്ത് എന്തൊക്കെ ഉണ്ടെന്നു എഴുതി വെച്ചത്. ആ അറിവ് എങ്ങനെ ഉപയോകിക്കമെന്നും പറഞ്ഞുതന്നു. പക്ഷെ, 800 വര്‍ഷങ്ങളായിട്ടുള്ള ഇസ്ലാമിന്റെയും വെള്ളക്കരുടെയും invasionലും, അവരുടെ education systemത്തില്‍ കൂടി ഉള്ള യാത്രയില്‍ നമ്മളില്‍ പലരും confused ആയി. പലരും യുക്തി വാദികളായി.പലരും പണത്തിനു വേണ്ടി പലതും അവര്കിഷ്ടപെട്ട പോലെ ഉപയോഗിക്കാന്‍ തുടങ്ങി!

     
  27. സുബിന്‍ പി തോമസ്‌

    Feb 11, 2010 at 09:06

    അനോണി മല്ലു അങ്ങനെ ഐടന്റിടി വെളിപ്പെടുത്തി വരുന്നു.. അവിടെയും വര്‍ഗ്ഗീയത.. എവിടെന്നോ വന്ന ആര്യന്മാര്‍ കൊണ്ടു വന്ന ദൈവങ്ങളെയും വേദങ്ങളെയും പൊക്കിപ്പിടിച്ച് ഭാരതീയ ദൈവ സങ്കല്‍പ്പങ്ങളെ തന്നെ അട്ടിമറിച്ചു രാവണനെയും പകുതി ദ്രാവിഡനെയും രാക്ഷസന്മാരും ബാക്കി വന്നനരെ കുരങ്ങന്മാരും ആക്കിയ ചരിത്ര നെറികേടിന്റെ ആരാധകര്‍..

     
  28. anonymallu

    Feb 11, 2010 at 09:22

    എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ട് പിടിക്കുന്നവര്‍ എന്ത് കൊണ്ട് 'ആര്യ സിധാന്ധം' തെളിയിക്കാന്‍ പറ്റുന്നില്ല? ഈ സിദ്ധാന്തം പറഞ്ഞു തുടങ്ങിയ അതെ ശാസ്ത്രജ്ഞന്‍ തന്നെ അത് പിന്നെ മാറ്റി പറഞ്ഞു.ഇത്രയും എഴുതി വെക്കാമായിരുന്ന 'ആര്യന്മാര്‍ക്ക്' ' സ്വന്തമായി എവിടെന്നു വന്നു എന്നുകൂടി എഴുതി വെച്ചുകൂടയിരുന്നോ? അവര് വേറെ എവിടെ നിന്നെങ്ങിലും വന്നതെങ്കില്‍ ഇന്ത്യയില്‍ അല്ലാതെ വെരോരിടെതും ഇത് പോലൊന്നും എഴുതി വെക്കതതെന്താ ?

     
  29. സി.കെ.ബാബു

    Feb 11, 2010 at 11:15

    anonymallu,സൂരജിന്റെ ഒരു പുതിയ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. താത്പര്യമുണ്ടെങ്കില്‍ ആ പോസ്റ്റും അതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളുമൊക്കെ വായിക്കുക. പോരെങ്കില്‍ എന്‍റെ പല പോസ്റ്റുകളിലും ഈ വിഷയത്തെപ്പറ്റി വിശദമായി എഴുതിയിട്ടുമുണ്ട്. കൂടുതലൊന്നും എനിക്ക് ചെയ്യാനാവില്ല. ഈ വഴി വന്നതിന് നന്ദി.

     
  30. അപ്പൂട്ടന്‍

    Feb 11, 2010 at 11:42

    പക്ഷെ, 800 വർഷങ്ങളായിട്ടുള്ള ഇസ്ലാമിന്റെയും വെള്ളക്കരുടെയും invasionലും, അവരുടെ education systemത്തിൽ കൂടി ഉള്ള യാത്രയിൽ നമ്മളിൽ പലരും confused ആയി. പലരും യുക്തി വാദികളായി.ആർക്കാണ്‌ കൺഫ്യൂഷൻ അനോണിമല്ലൂ. ശാസ്ത്രം നമുക്ക്‌ പുതിയ കാര്യങ്ങൾ പഠിപ്പിച്ചുതന്നപ്പോൾ സ്വന്തമായി ലോജിക്‌ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ ഇപ്പറഞ്ഞത്‌ അബദ്ധധാരണകളാണെന്ന് മനസിലായി. ഇല്ലെങ്കിൽ ഒരുപക്ഷെ രാഹു സൂര്യനെ വിഴുങ്ങുന്നതും നോക്കി പേടിച്ചേനെ.എന്റെ ഭാവിപ്രവചനം അല്ലെങ്കിൽ സമയനിർണ്ണയം കൃത്യമായിരിക്കണമെങ്കിൽ (പറഞ്ഞത്‌ അച്ചട്ടായിരിക്കണമെങ്കിൽ) എന്നെ മാത്രമല്ല, എന്നോട്‌ ഇടപഴകുന്ന എല്ലാവരേയും ഈ ഗ്രഹങ്ങൾ സ്വാധീനിക്കണം. എന്റെ "ചീത്തകാലത്ത്‌" ഞാനൊരു ഇന്റർവ്വ്യൂവിന്‌ പോയി നന്നായി പെർഫോം ചെയ്തിട്ടും പരാജയപ്പെടണമെങ്കിൽ എന്നെ മാത്രം ഗ്രഹം സ്വാധീനിച്ചാൽ പോരല്ലോ, ഇന്റർവ്വ്യൂ ബോർഡിനേയും സ്വാധീനിക്കണം. ഇത്തരത്തിൽ എന്റെ ഒരു കാര്യത്തിനു വേണ്ടി അഞ്ചോ പത്തോ ആളുകളെ സ്വാധീനിക്കുന്ന ഗ്രഹങ്ങൾ എന്തുതരത്തിലുള്ള സ്വാധീനമാണ്‌ ഉണ്ടാക്കുന്നത്‌?ചന്ദ്രൻ ആസ്ത്മക്കാരെ ശാരീരികമായി സ്വാധീനിക്കുന്നു എന്നതാണ്‌ താങ്കൾ പറഞ്ഞ ഒരു ഉദാഹരണം. അങ്ങിനെയെങ്കിൽ തണുപ്പ്‌, പൊടി എന്നിവയൊക്കെ ആസ്ത്മ കൂട്ടും, അതൊന്നും കവിടി നിരത്തുമ്പോൾ കാണാറില്ലല്ലൊ. അതുമാത്രമല്ല, ഇതൊരുവിധം എല്ലാ ആസ്ത്മാരോഗികൾക്കും സംഭവിക്കുന്നതാണ്‌. 37 കൊല്ലം മുൻപ്‌ ഞാൻ ജനിച്ച ഗ്രഹങ്ങളുടെ പൊസിഷൻ വെച്ച്‌ എങ്ങിനെയാണ്‌ ഗ്രഹങ്ങൾ എന്നെ വ്യത്യസ്തമായി സ്വാധീനിക്കുന്നത്‌, ജനനം ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതുകൊണ്ട്‌ ഈ ഗ്രഹങ്ങൾ എങ്ങിനെയാണ്‌ തങ്ങളുടെ സ്വാധീനം മാറ്റുന്നത്‌?ഇതുകൂടാതെ, ജ്യോതിഷികൾ തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട്‌. ഇന്ന ദൈവത്തെ പ്രാർത്ഥിച്ചാൽ കാലക്കേട്‌ മാറും എന്നത്‌ അതിലൊന്നാണ്‌. അതെന്താ, ഗ്രഹങ്ങൾ തങ്ങളുടെ സ്വാധീനം കുറയ്ക്കുമോ? പ്രത്യേകപൂജകൾ ചെയ്താൽ കോടാനുകോടി കിലോമീറ്ററുകൾക്കപ്പുറം സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങൾക്ക്‌ എന്ത്‌ മാറ്റമുണ്ടാവാനാണ്‌? വിശ്വസിച്ചാലേ ഫലമുണ്ടാകൂ എന്നു പറയുന്നത്‌ എന്ത്‌ ശാസ്ത്രമാണ്‌?ജ്യോതിഷത്തിൽ വിശ്വാസമില്ലാതിരിക്കാൻ ഇതിലൊന്നും പെടാത്ത ഒരു കാര്യം കൂടിയുണ്ട്‌. എന്റെ ഭാവി കൃത്യമായി എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കിലേ അതൊക്കെ പ്രവചിക്കാനാവൂ. എനിക്ക്‌ കഷ്ടകാലമാണെന്നും 40 വയസു കഴിഞ്ഞാൽ ശരിയാവുമെന്നും പറയണമെങ്കിൽ ഞാൻ 40 വയസുവരെ ജീവിച്ചിരിക്കണം, എന്റെ വിധി എവിടെയും എഴുതിവെച്ചിട്ടില്ലെങ്കിൽ അതിനിടയ്ക്ക്‌ ഈ കഷ്ടകാലത്ത്‌ സംഭവിക്കുന്ന കാര്യങ്ങളാൽ ഞാൻ മരിച്ചുപോകില്ലെന്ന്‌ എങ്ങിനെ അറിയാൻ?ഇതൊന്നും താങ്കൾ മറുപടി പറയണമെന്നുകരുതി ചോദിക്കുന്നതല്ല. അടുത്തെങ്ങാനും ഒരു ജ്യോത്സ്യനെ കാണാൻ പോകുന്നുണ്ടെങ്കിൽ അദ്ദേഹത്തോട്‌ ചോദിച്ച്‌ സ്വയം ഉറപ്പുവരുത്തൂ.നക്ഷത്രങ്ങളുടെ എണ്ണവും സ്ഥാനവും ഒക്കെ ബാബു പറഞ്ഞതിനാൽ കൂടുതൽ പറയുന്നില്ല.

     
  31. അപ്പൂട്ടന്‍

    Feb 11, 2010 at 11:42

    Babu,Saw your comments only after publishing mine, sorry.

     
  32. സുബിന്‍ പി തോമസ്‌

    Feb 11, 2010 at 11:57

    അങ്ങനെ ഉണ്ടെങ്കില്‍ ഗ്രഹനില ഒക്കെ ഒത്തു വരുന്ന സമയം നോക്കി ഒരു സിസേറിയന്‍ അങ്ങ് നടത്തിയാല്‍ എല്ലാവരും ദീര്‍ഘയുസ്സുകളും രാജാക്കന്മാരും ആകുമല്ലോ.. അതെന്താ ആവോ ആരും നോക്കാത്തത്..

     
  33. സി.കെ.ബാബു

    Feb 11, 2010 at 12:06

    അപ്പൂട്ടന്‍‍,No problem. You can even discuss with him further, if you want.

     
  34. anonymallu

    Feb 12, 2010 at 08:00

    അറിവ് (experience ) മനുഷ്യര്‍ക്ക്‌ ഉപയോഗിക്കാനുള്ളതാണ്, ഇല്ലാത്തവര്‍ മണ്ടന്‍. ഇത് നിങ്ങള്‍ ആരും നിഷേധിക്കും എന്ന് തോന്നുനില്ല.ഓരോരുത്തരും അവരുടെ അറിവ് വെച്ച് അവരുടെ അടുത്ത തലമുറയെ വളര്‍ത്തുന്നു.. ചിലര്‍ അത് എഴുതി വെച്ച് മറ്റുള്ളവര്‍ക് ഉപയോഗ പ്രഥമാക്കുന്നു. അതില്‍ എല്ലാവരും ആ അറിവേ എങ്ങനെ ആണ് ഉണ്ടായതു, അല്ലെങ്കില്‍ ഉണ്ടാക്കിയത് എന്ന് എഴുതി വെച്ചെന്ന് വരില്ല.ഭാരതത്തില്‍ എഴുതപെട്ടിട്ടുള്ള അറിവുകള്‍ ആരും ചില മതങ്ങളില്‍ പറയുന്ന പോലെ ഇനി മാറ്റാന്‍ പാടില്ലതതാണെന്ന് പറഞ്ഞിട്ടില്ല. പഠിക്കാന്‍ താത്പരിയം ഉള്ളവര്‍ക്ക് അത് പഠിക്കാനും തിരുത്തുകള്‍ / കൂട്ടിചേര്‍ക്കലുകള്‍ വേണമെങ്ങില്‍ വരുത്തി പുതിയ അറിവ് ഉണ്ടാക്കുവാനും സ്വതന്ത്രം ഉണ്ട്.നിങ്ങള്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ എതിര്‍ക്കാനും തിരിച്ചു മനസിലാക്കി തരാനും ഉള്ള അറിവ് എനിക്കില്ല. ഞാന്‍ ഇത്തരം പ്രവചനങ്ങള്‍ എന്റെ വ്യക്തി ജീവിതത്തില്‍ കേട്ടിട്ടുണ്ട്, ശരി ആണെന്ന് തോന്നിയിട്ടുണ്ട്, അത് " എന്റെ യുക്തിക്കനുസരിച്ച് " ഉപയോഗിച്ചിട്ടുണ്ട്.നിങ്ങള്‍ ചിലപ്പോള്‍ science ഉം ജ്യോതിഷവും നന്നായി പഠിച്ചിട്ടുണ്ടാവും എന്നിട്ടയിരിക്കും ജ്യോതിഷം പൊട്ട തെറ്റാണെന്ന് മനസിലാക്കിയത്.. ഒരു സാദാരണക്കാരനായ എനിക്ക് ഇതുവരെ അതിനു കഴിഞില്ല.. എന്റെ കമന്റിനു ശേഷം കണ്ട പല ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ട്.. അതിനു ഉത്തരം കാണണം എങ്കില്‍ ഭാരത സംസ്കാരം (hinduism ) പഠിക്കണം. താനേ ഉത്തരം കിട്ടും.

     
  35. anonymallu

    Feb 12, 2010 at 08:08

    >>ആർക്കാണ്‌ കൺഫ്യൂഷൻ അനോണിമല്ലൂ. ശാസ്ത്രം നമുക്ക്‌ പുതിയ കാര്യങ്ങൾ പഠിപ്പിച്ചുതന്നപ്പോൾ …confused ആയ ജനതയാണ് കപട ജ്യോതിഷി കളുടെ വലയില്‍ വീഴുന്നത്. .. ശാസ്ത്രം പഠിച്ച ആള്‍ക്കാര്‍ അല്ലെങ്ങില്‍ ഇതും തേടി വരുന്നതെന്തിനാ?'fist hand information ' അയാളുടെ കയ്യില്‍ ഉണ്ടെകില്‍ വല്ല വിവരക്കെടിലും വീഴുമോ? മണ്ടന്‍ മാരകേണ്ടി വരുമോ?

     
  36. - സാഗര്‍ : Sagar -

    Feb 12, 2010 at 18:23

    നക്ഷത്രഫലോക്കെ സത്യാ….എനിക്കനുഭംണ്ടേ…

     
  37. അപ്പൂട്ടന്‍

    Feb 13, 2010 at 21:40

    അനോണിമല്ലൂ,താങ്കളുടെ അനുഭവത്തിൽ ചില പ്രവചനങ്ങൾ ശരിയായി തോന്നിയിട്ടുണ്ടെന്നും അതിനപ്പുറം താങ്കൾക്ക്‌ ജ്യോതിഷത്തിൽ അറിവില്ലെന്നും താങ്കൾ തന്നെ പറയുന്നു. പിന്നെയെങ്ങിനെ താങ്കൾക്ക്‌ പറയാൻ കഴിയും ഭാരതസംസ്കാരം പഠിച്ചാൽ എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം താനെ കിട്ടും എന്ന്‌. താങ്കൾ പഠിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്കും കിട്ടേണ്ടതല്ലേ? അതോ ഇനിയും പഠിക്കാൻ ബാക്കിയുണ്ടോ? പഠിക്കാതെ താങ്കൾക്ക്‌ ഉറപ്പിച്ച്‌ പറയാനാവുമോ ഉത്തരം ഉണ്ടെന്ന്‌?സ്വാനുഭവത്തിൽ നിന്നും ശരിയെന്ന്‌ തോന്നിയത്‌ (അറിഞ്ഞത്‌ തന്നെയായിക്കോട്ടെ) ശാസ്ത്രീയമാണെന്ന്‌ പറഞ്ഞാൽ അപകടമാകും. ഒടിയൻ, മറുത, യക്ഷി, ബാധ, ബാധയൊഴിപ്പിക്കൽ, മാരണം, കൂടോത്രം, ഏലിയൻ അബ്‌ഡക്ഷൻ ഒക്കെ ശാസ്ത്രീയമാകും. അയിത്തം വരെ ശാസ്ത്രീയമാക്കാം.ഓരോരുത്തരും അവരുടെ അറിവ്‌ വെച്ച്‌ അവരുടെ അടുത്ത തലമുറയെ വളർത്തുന്നു.. ചിലർ അത്‌ എഴുതി വെച്ച്‌ മറ്റുള്ളവർക്ക്‌ ഉപയോഗ പ്രഥമാക്കുന്നു. അതിൽ എല്ലാവരും ആ അറിവേ എങ്ങനെ ആണ്‌ ഉണ്ടായതു, അല്ലെങ്കിൽ ഉണ്ടാക്കിയത്‌ എന്ന്‌ എഴുതി വെച്ചെന്ന്‌ വരില്ല.അതുകൊണ്ടുതന്നെയാണ്‌ അത്‌ അശാസ്ത്രീയമാകുന്നതും. സ്വയം മനസിലാവാത്തത്‌ എന്തിനാണ്‌ കൊണ്ടുനടക്കുന്നത്‌? Verify ചെയ്യാൻ സാധിക്കില്ലെങ്കിൽ ശരിയാണെന്ന് എങ്ങിനെ ഉറപ്പിച്ചു പറയും? ഓർക്കുക, അയിത്തവും ഇത്തരത്തിൽ തന്നെ തലമുറകളായി ദൈവീകമാണെന്ന് പറഞ്ഞു കൊണ്ടുവന്ന ഒന്നാണ്‌.confused ആയ ജനതയാണ്‌ കപട ജ്യോതിഷി കളുടെ വലയിൽ വീഴുന്നത്‌താങ്കളെ വിശ്വസിപ്പിച്ചതു ഒരു കപടജ്യോതിഷി അല്ലെന്ന്‌ എന്താണുറപ്പ്‌? ഒറിജിനലാര്‌ കപടനാര്‌ എന്നറിയാൻ എന്താണ്‌ താങ്കൾ മുന്നോട്ടുവെയ്ക്കുന്ന confusion-free criteria?നിങ്ങളൊക്കെ വല്യ പഠിപ്പുകാര്‌ എന്ന മട്ടിലുള്ള പ്രയോഗവും മറ്റുമതങ്ങൾക്കുള്ള കൊട്ടും അവഗണിക്കുന്നു. ഗുണപരമായി ഒന്നും കാണാനില്ലെങ്കിൽ താങ്കളുടെ തുടർകമന്റുകളും അവഗണിച്ചേയ്ക്കും, എനിക്കോ താങ്കൾക്കൊ താങ്കളുടെ കമന്റുകളും എന്റെ മറുപടിയും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. മനുഷ്യന്റെ വിശകലനശേഷിയെക്കുറിച്ച്‌ ശുഭപ്രതീക്ഷയുള്ളയാളാണ്‌ ഞാൻ, പക്ഷെ ചിലയിടത്തെങ്കിലും ബാബുമാഷിന്റെ നയമാണ്‌ നല്ലതെന്ന് തോന്നുന്നു 🙂

     
 
%d bloggers like this: