RSS

മനോരമ വീണ്ടും തകർക്കുന്നു

21 Jan

മനോരമയിലെ മാനുവൽ ജോർജിന്റെ ലേഖനത്തിലൂടെ ഭൂമിമലയാളം ദർശിച്ച 3009-ലെ ലോകചിത്രത്തിന്റെ ഞെട്ടലിൽ നിന്നും വായനക്കാർ പൂർണ്ണമായി വിമുക്തരായിട്ടില്ല. അപ്പോഴേക്കും, നോഹയുടെ കാലത്തു് ലോകം മുഴുവൻ മൂടിയതായി ബൈബിളിൽ വർണ്ണിക്കപ്പെടുന്ന മഹാപ്രളയം ഒരു ചരിത്രസത്യമാണെന്നു് തെളിയിക്കാൻ ശാസ്ത്രസത്യങ്ങളുമായി മനോരമ വീണ്ടും എത്തിയിരിക്കുന്നു! ‘നോഹയുടെ പെട്ടകം ഒരു യാഥാർത്ഥ്യം‘ എന്ന ഒരു ലേഖനത്തിലൂടെ ഒരു ഷെവ. കെ. വി. പൗലോസാണു് ഇത്തവണ എല്ലാ വായനക്കാരേയും ദൈവത്തെ സ്തുതിക്കാനായി ക്ഷണിക്കുന്നതു്. “നിങ്ങൾ പ്രാർത്ഥിക്കൂ! ഞങ്ങളെ രക്ഷപെടുത്തൂ”!

എന്താ സംഭവിച്ചതു്? കാര്യമായി ഒന്നും സംഭവിച്ചില്ല. വില്യം റിയാൻ എന്നൊരു ജിയോളജിസ്റ്റും വാൾട്ടർ പിറ്റ്‌മാൻ എന്നൊരു ജിയോ ഫിസിസിസ്റ്റും ചേർന്നു് ‘നോഹയുടെ പ്രളയം’ എന്ന ഒരു പുസ്തകം 1997-ൽ എഴുതിയിരുന്നു. അന്നു് വളരെ ചർച്ച ചെയ്യപ്പെട്ടെങ്കിലും വിദഗ്ദ്ധരുടെ ലോകത്തിലെ വളരെ ചുരുക്കം പേരേ അവരുടെ വാദം മുഖവിലക്കെടുത്തുള്ളു. മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെടുന്നതിനു് മുൻപു് കരിങ്കടലിനു് ഇന്നത്തേതിന്റെ പകുതി വലിപ്പമേ ഉണ്ടായിരുന്നുള്ളുവെന്നും, ആ വെള്ളപ്പൊക്കം വഴി ആ ഭാഗത്തെ സംസ്കാരം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും, ആ പ്രദേശത്തിന്റെ ഇകോസിസ്റ്റത്തിനു് അതുവഴി മൗലികമായ മാറ്റം സംഭവിച്ചു എന്നുമായിരുന്നു അതിലെ പ്രധാനമായ അവകാശവാദം. ഏകദേശം 7500 വർഷങ്ങൾക്കു് മുൻപു് ഈ വെള്ളപ്പൊക്കം സംഭവിച്ചിരിക്കാം എന്നായിരുന്നു അവരുടെ നിഗമനം. അതിലെ സ്പെക്യുലേറ്റീവ്‌ ഘടകം അവരും നിഷേധിച്ചില്ല എന്നതിനാൽ ആ പുസ്തകത്തിന്റെ പ്രസക്തിയും സാവധാനം കുറഞ്ഞു.

അങ്ങനെയിരിക്കെ, യാത്രക്കപ്പലായിരുന്ന ടൈറ്റാനിക്കിന്റേയും, നാറ്റ്‌സി പടക്കപ്പലായിരുന്ന ബിസ്മാർക്കിന്റെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അണ്ടർ വാട്ടർ ആർക്കിയോളജിസ്റ്റ്‌ റോബർട്ട്‌ ബല്യാർഡ്‌ 1999 മുതൽ 2000 അവസാനം വരെ കരിങ്കടലിന്റെ ടർക്കിത്തീരം പഠനവിധേയമാക്കി. പണ്ടു് കരയും ഇന്നു് കടലിനടിയിൽ ആയതുമായ ഭാഗങ്ങളിൽ മനുഷ്യവാസം ഉണ്ടായിരുന്നോ എന്നു് പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം. 100 മീറ്റർ ആഴത്തിൽനിന്നും കിട്ടിയ ആദ്യത്തെ മൂന്നു് അവശിഷ്ടങ്ങളിൽ രണ്ടെണ്ണം A.D. 200-നും 400-നും ഇടയിലും മറ്റൊന്നു് A.D. 500-നും 700-നും ഇടയിലും, 320 മീറ്റർ താഴ്ചയുള്ള മറ്റൊരിടത്തുനിന്നും കിട്ടിയ അവശിഷ്ടങ്ങൾ A.D. 410-നും 520-നും ഇടയിലും മുങ്ങിയ കപ്പലുകളുടേതാവാമെന്നു് പരിശോധനയിൽ തെളിഞ്ഞു.

പക്ഷേ, 2000 നവംബറിൽ ബല്യാർഡ്‌ കണ്ടെത്തിയ അവശിഷ്ടങ്ങൾ കരിങ്കടലിന്റെ തീരത്തിനോടടുത്ത കടൽത്തട്ടിൽ പുരാതനകാലത്തു് മനുഷ്യവാസം ഉണ്ടായിരുന്നിരുന്നു എന്നതിനുള്ള സൂചന ആയിരുന്നു. ഇതു് റിയാനും പിറ്റ്‌മാനും നടത്തിയ നിഗമനത്തെ സാധൂകരിക്കുന്നതാണെന്ന നിഗമനത്തിൽ ബല്യാർഡ്‌ എത്തിച്ചേർന്നു. അവസാനത്തെ ഐസ്‌ ഏയ്ജിനു് ശേഷമുണ്ടായ മഞ്ഞുരുകലിൽ മെഡിറ്ററേനിയൻ കടലും കരിങ്കടലും തമ്മിലുള്ള പ്രകൃതിദത്തമായ ‘അണക്കെട്ടിനെ’ ഭേദിച്ചു് ജലനിരപ്പു് ഉയർന്നതുവഴി ജനവാസമുണ്ടായിരുന്ന പല ഭാഗങ്ങളും കടലിനടിയിലായി. ഭൂമിയിൽ പലവട്ടം സംഭവിച്ചിട്ടുള്ള, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന, ഇനിയും സംഭവിക്കാവുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നായിരുന്നു അതും. ബുദ്ധിപൂർവ്വം വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ കുറെയൊക്കെ പരിഹാരം കാണാമെന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാവുന്നവയല്ല പ്രകൃതിക്ഷോഭങ്ങൾ എന്നു് ഇന്നു് ആർക്കുമറിയാം. അവയൊക്കെ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതത്തിന്റെ ഭാഷയിലേക്കു് തർജ്ജമ ചെയ്യപ്പെടുമ്പോൾ അതിനു് ബൈബിളിലേതുപോലുള്ള വർണ്ണനയുടെ രൂപം ലഭിക്കുന്നു എന്നു് മാത്രം. “നിന്റെ ദൈവം മഹാ കോപിയാണു്, സൂക്ഷിക്കുക, ദൈവദൂതന്മാരായ ഞങ്ങളെ മാത്രം അനുസരിക്കുക” എന്നാണു് അവ മനുഷ്യരെ ഭയപ്പെടുത്തുന്നതു്. 2004 ഡിസംബറിൽ സംഭവിച്ച സുനാമിയും ഹെയ്ത്തിയിലെ ഭൂകമ്പവുമൊക്കെ ദൈവകോപം ആണെന്നു് വ്യാഖ്യാനിക്കാൻ മടിക്കാത്തവരല്ലേ മനുഷ്യരോടു് ദൈവവചനം പ്രസംഗിക്കുന്നവർ? പുരാതനകാലത്തെന്നപോലെ വാർത്താവിതരണം ഇന്നും വായ്മൊഴിയായിട്ടായിരുന്നു എങ്കിൽ ഈ സുനാമിയും ഹെയ്ത്തി ദുരന്തവുമൊക്കെ ഏതാനും തലമുറകൾ കഴിയുമ്പോഴേക്കും ദൈവകോപത്തിന്റെ തെളിവായി മാറ്റാൻ മാത്രമല്ല, അവയെ പരമാവധി ഊതിവീർപ്പിക്കാനും ശേഷിയുള്ള നാവുകളാണു് ദൈവപ്രതിനിധികൾ അവരുടെ വായിൽ കൊണ്ടുനടക്കുന്നതു്. മനോരമ പോലുള്ള പത്രങ്ങൾ ഇന്നും ലോകത്തിനു് മുന്നിൽ വയ്ക്കാൻ ധൈര്യപ്പെടുന്ന ഓരോരോ വാർത്തകളും ലേഖനങ്ങളും ന്യായമായ മറ്റൊരു നിഗമനവും അനുവദിക്കുന്നില്ല.

ശാസ്ത്രത്തിന്റെ ഈ കണ്ടെത്തലുകളും നോഹയുടെ കാലത്തു് നോഹയും അവന്റെ ഏഴു് കുടുംബാംഗങ്ങളും ഒഴികെ ബാക്കി ലോകത്തിലെ സകല മനുഷ്യരെയും യഹോവ മുക്കിക്കൊന്നു എന്നു് ബൈബിളിൽ എഴുതി വച്ചിരിക്കുന്നതും തമ്മിൽ എന്തു് ബന്ധം? ബൈബിളിലെ ആദാം മുതലുള്ളവരുടെ തലമുറകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി രൂപീകരിച്ചിട്ടുള്ള യഹൂദകലണ്ടർ പ്രകാരം പ്രപഞ്ചസൃഷ്ടി B.C. 3760 സെപ്റ്റംബർ 25-നായിരുന്നു. അതനുസരിച്ചു് അടുത്ത സെപ്റ്റംബർ 25 ആവുമ്പോൾ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് കൃത്യം 5770 വർഷമാവും! പിന്നെയെങ്ങനെ 7500 വർഷങ്ങൾക്കു് മുൻപു് ഒരു പ്രളയം സംഭവിക്കും? പ്രപഞ്ചമുണ്ടാവുന്നതിനും മുൻപേ ഭൂമിയിൽ ഒരു പ്രളയമോ? ദൈവത്തിനും കണക്കു് തെറ്റുമോ? വന്നുവന്നു് അവസാനം ദൈവമായ യഹോവ വെളിപ്പെടുത്തിയതല്ല ബൈബിൾ എന്നു് വരുമെന്നുണ്ടോ?

അതുപോലെതന്നെയാണു് ice age-ന്റെ കാര്യവും. 240 കോടി വർഷങ്ങൾക്കു് മുൻപുമുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ ഭൂമിയിൽ പലവട്ടം ഐസ്‌ യുഗങ്ങൾ ഉണ്ടായിട്ടുണ്ടു്. അതും ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യമാണു്. ശാസ്ത്രം പറയുന്ന കാര്യങ്ങളിൽ മതങ്ങൾക്കു് പ്രയോജനമുള്ളവ മാത്രം സത്യം, അല്ലാത്തവയെല്ലാം പച്ചക്കള്ളം എന്നു് വരുമോ?

മഹാപ്രളയത്തേയും നോഹയേയും ഒക്കെപ്പറ്റി അൽപം നർമ്മം കലർത്തി എഴുതിയ എന്റെ മൂന്നു് പഴയ പോസ്റ്റുകൾ:

1. മഹാപ്രളയവും മരണപ്പെട്ടകവും

2. പെട്ടകവും മറ്റു് ചില ഒട്ടകങ്ങളും

3. മദ്യപാനിയായിത്തീരുന്ന ‘പരിശുദ്ധ’നോഹ

 
2 Comments

Posted by on Jan 21, 2010 in മതം

 

Tags: , ,

2 responses to “മനോരമ വീണ്ടും തകർക്കുന്നു

 1. Sreejith

  Jan 30, 2010 at 23:38

  പ്രിയ സീകെബി ,
  ഞാന്‍ ഈയിടക്കാണ് നിങ്ങളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായിക്കാന്‍ ഇടയായത് ഞാന്‍ യുക്തിവാദിയോ ഭക്തിവാദിയോ അല്ല എന്ന് ആദ്യമെപറഞ്ഞുകൊള്ളട്ടെ. എത്രമാത്രമം പോസ്റ്റുകളാണ് നിങ്ങള്‍ മതത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഭക്തി എന്ന വികാരം എന്നത് ഇത്രമാത്രം ചോദ്യം പെടെണ്ടതുണ്ടോ?. എന്റെ അഭിപ്രായത്തില്‍ ഭക്തി എന്നത് മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ സെല്‍ഫ് ഹീലിംഗ് ടെക്നിക് ആണ്. നിങ്ങള്ക്ക് പണമുണ്ടാവാം പദവികള്‍ ഉണ്ടാവാം അറിവുണ്ടാവം വിദ്യാഭ്യസം ഉണ്ടാവാം സുഹുര്തുക്കളും ബന്ടുക്കളും ഉണ്ടാവാം ആരോഗ്യം ഉണ്ടാവാം (ഇനി ഇതൊന്നും ഇല്ലെങ്കിലും നിങ്ങള്ക്ക് മികച്ചൊരു ബ്ലോഗുണ്ട് ) ഭക്തി എന്ന വികാരം നിങ്ങളില്‍ യാതൊരു മോട്ടിവേഷനും സ്രിഷ്ടിക്കില്ലയിരിക്കാം(ഫോണ്ട് കിട്ടുന്നില്ല ) അല്ലെകില്‍ നിങ്ങളുടെ അറിവും യുക്തിയും സാഹചര്യങ്ങളും അതിനനുവദിക്കില്ലയിരിക്കും. പക്ഷെ ഇതൊന്നുമില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട്. കാന്‍സര്‍ പോലൊരു മാറാ വ്യാധി പിടിപെട്ടവന് ഭക്തിയും പുനര്‍ജന്മവും സ്വര്‍ഗ്ഗവും എല്ലാം എത്ര മാത്രം ആശ്വാസം പകരും എന്ന് ചിന്തിക്കാവുന്നതല്ലെയുല്ലു. ജീവിത പ്രതിസന്തികളില്‍ ഭക്തി ഒന്നുകൊണ്ടു മാത്രം എത്ര ആയിരങ്ങള്‍ ആത്മഹത്യയെ (ചെയ്യുന്നതില്‍ നിന്നും) തരണം ചെയ്തിരിക്കുന്നു. അപ്പോള്‍ ഈ ദിവ്യ ഔഷധം (ഭക്തി) തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കയ്മരാന്‍ അനുവദിക്കു. അതിനു ചിലപ്പോള്‍ അതിഭാവുകത്വം നിറഞ്ഞ കഥകളും ചരിത്രങ്ങളും അനുഭവങ്ങളും ആവശ്യമായി വരാം വിചിത്രമായ ആചാരങ്ങള്‍ വേണ്ടിവരാം. അവയൊക്കെ അസത്യഅങ്ങളും അര്‍ത്ഥ (ഫോണ്ട് കിട്ടുന്നില്ല ) സത്യങ്ങളും ആവാം അതിലൊന്നും തന്നെ യാതൊരു യുക്തിയും ഉണ്ടാവണമെന്നില്ല ആയുക്തിയില്ലയ്മയാണ് ഭക്തി എന്ന വികാരത്തിന്റെ വിജയവും നൂറ്റാണ്ടുകളായി അതിനെ നിലനിര്‍ത്തുന്നതും. അപ്പോള്‍ അത്തരം കഥകളെയും ചരിത്രംഗലെയും യുക്തിയുടെ അളവുകൊളുകള്‍ക്ക് വിധേയമാക്കണോ? . അപ്പോള്‍ നിങ്ങളെ പോലുള്ള യുക്തിവാദികള്‍ (? – അറിവുള്ളവര്‍) മതത്തിനും വിശ്വാസത്തിനും എതിരെയല്ല പേനയും നാവും ഉപയോഗിക്കേണ്ടത്, മറിച്ച്ച് മതവും ഭക്തിയും ഉപയോഗിച്ച് സാദാരണകാരനെ ചൂഷണം ചെയ്യുന്ന ആളുകള്കും ആചാരങ്ങള്‍ക്കും എതിരെ ഉപയോഗിക്കു, അതിനു പുതിയ നിയമങ്ങളും ചട്ടങ്ങളും വരട്ടെ അതിനായി എഴുതാം പ്രവര്‍ത്തിക്കാം അല്ലാതെ വിശ്വാസത്തെയും വിശുധഗ്രനധങ്ങളെയും (ഫോണ്ട് കിട്ടുന്നില്ല ) കീറീ മുറീച്ച്ചിട്ടെന്തുകാര്യം. താങ്കളുടെ ലേഖങ്ങളിലെ യുക്തി നിരത്തല്‍ എന്നെപോലയുള്ള കയ്യാലപ്പുറത്തെ ഭക്തിയും കൊണ്ടുനടക്കുന്നവരെ അവിശ്വാസി അക്കുകയെ ഉള്ളു. അവിശ്വാസികളുടെ എണ്ണം കൂടിയാല്‍ ആരാധനാലയങ്ങള്‍ നഷ്ടതിലാകുമെന്നല്ലാതെ ശാസ്ത്രതിനോ രാജ്യത്തിനോ എന്തെകിലും പ്രത്യേക നേട്ടം ഉണ്ടാകും എന്ന് ഞാന്‍ കരുതിന്നില്ല
  സീകെബിയുടെ പോസ്റ്റുകളെല്ലാം നന്നായിട്ടുണ്ട് കൂടുതല്‍ ശാസ്ത്ര ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

   
  • c.k.babu

   Jan 31, 2010 at 15:28

   “അവിശ്വാസികളുടെ എണ്ണം കൂടിയാൽ ആരാധനാലയങ്ങൾ നഷ്ടത്തിലാകുമെന്നല്ലാതെ ശാസ്ത്രത്തിനോ രാജ്യത്തിനോ എന്തെങ്കിലും പ്രത്യേക നേട്ടം ഉണ്ടാകും എന്നു് ഞാൻ കരുതുന്നില്ല” എന്നതിൽ ആദ്യത്തേതു് ശരിയും രണ്ടാമത്തേതു് തെറ്റുമാണു്. വിവിധ പാശ്ചാത്യരാജ്യങ്ങളിലെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണു് ഞാനിതു് പറയുന്നതു്. അടിസ്ഥാനരഹിതമായ ഒരു നിലപാടിനു് വേണ്ടി സമയം നഷ്ടപ്പെടുത്തരുതെന്നു് അറിയാൻ മാത്രം ചിന്താശേഷി എനിക്കുണ്ടെന്നാണെന്റെ വിശ്വാസം.

   സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ആളുകളെയും ആചാരങ്ങളെയും വേരോടെ നശിപ്പിക്കാൻ അവർ ആധാരമാക്കുന്ന ഗ്രന്ഥങ്ങളിലെ നുണകളും പൊള്ളത്തരങ്ങളും തുറന്നുകാട്ടിയാലേ കഴിയൂ. അവ വിശ്വാസികൾ അവകാശപ്പെടുന്നപോലെ ‘ദൈവികവും വിശുദ്ധവും’ ആയിരുന്നെങ്കിൽ എനിക്കതിനു് കഴിയുമായിരുന്നില്ല. രോഗം ശാശ്വതമായി മാറണമെങ്കിൽ രോഗത്തിന്റെ കാരണം ഉന്മൂലനം ചെയ്യപ്പെടണം. അതുകൊണ്ടു് ആയിരക്കണക്കിനു് വർഷങ്ങളിലൂടെ മനുഷ്യമനസ്സിൽ നട്ടുപിടിപ്പിച്ച ഭയവും ഭക്തിയും ഒറ്റയടിക്കു് ഇല്ലാതാവുമെന്നൊന്നും എത്രമേൽ ശുഭാപ്തിവിശ്വാസക്കാരനായവനും കരുതാനാവില്ല. ഇനി, അഥവാ ഇല്ലാതായാലും ഒരു ചുക്കും സംഭവിക്കുകയുമില്ല. കാരണം, ആ അവസ്ഥയിൽ എത്തിയ മനുഷ്യർ അവരുടെ ഭാഗധേയം സ്വന്തം കൈകളിൽ എടുക്കാൻ മാത്രം കരുത്തുള്ളവരായിരിക്കും. അതുപോലുള്ള സമൂഹങ്ങൾ ലോകത്തിൽ ഏറെയുണ്ടു്. അതൊന്നും കാണാത്ത ഭാരതീയനു് അത്തരം ഒരവസ്ഥ താങ്ങാനാവാത്തത്ര ഭീകരമായി തോന്നുന്നതു് സ്വാഭാവികം. കുറേ വിശ്വാസികൾ ഏതു് പരിഷ്കൃതസമൂഹത്തിലുമുണ്ടു്. പക്ഷേ, അവരുടെ പോലും വിശ്വാസത്തിന്റെ ‘ക്വാളിറ്റി’ ഭാരതത്തിലേതിൽ നിന്നും അങ്ങേയറ്റം ഭിന്നമാണെന്നതാണു് നമ്മളിൽ പലർക്കും അറിയാത്തതു്.

   മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും, ട്രേഡ്‌ യൂണിയനുകളിലും, സാമൂഹികവും സാംസ്കാരികവുമായ മറ്റെല്ലാ മേഖലകളിലും ഈ വ്യത്യാസം നിലനിൽക്കുന്നുണ്ടു്.

   വായനക്കും അഭിപ്രായത്തിനും നന്ദി.

    

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: