RSS

Daily Archives: Nov 16, 2009

ഉത്തരാധുനികം ‘ദക്ഷിണാധുനികം’

ഇടവേള എന്ന കഴിഞ്ഞ പോസ്റ്റിൽ ആധുനികകവിതകളെപ്പറ്റി അതിമാത്രസൂചകമെന്നോണം നടത്തിയ പരാമർശത്തിനു് ലഭിച്ച ചില കമന്റുകൾക്കു് എന്റെ രണ്ടാഴ്ചത്തെ അസാന്നിദ്ധ്യം മൂലം മറുപടി നൽകാൻ കഴിഞ്ഞില്ല. മറുപടി പ്രതീക്ഷിക്കുന്നതായി തോന്നിയ മറ്റു് ചില കമന്റുകളും പല പോസ്റ്റുകളിലായി മോഡറേഷനിൽ കിടന്നിരുന്നു. പ്രധാനമായും ഹാരിസിന്റെ കമന്റിനാണു് മറുപടി എങ്കിലും മറ്റു് കമന്റുകളുടെ മറുപടിയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടു്. ലേഖനഗതിയിൽ വ്യതിചലനങ്ങൾ തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം അതാണു്.

ഹാരിസ്‌ എഴുതിയ കമന്റ്‌:

“ലളിത ജീവിതം ലളിതമായി പറയാം. ആധുനിക ജീവിതം സങ്കീർണ്ണമെന്നുവരികിൽ ആധുനിക കവിതയും സങ്കീർണ്ണമാകാതെ വയ്യ. അത്തരം സങ്കീർണ്ണമായ കാര്യങ്ങൾ താങ്കളെഴുതുന്നതും സങ്കീർണ്ണമായിത്തന്നെ. ഗദ്യമാണെന്നുമാത്രം. മുഴുവൻ പുതുകവിതകളെയും മുൻവിധികളോടെ തള്ളിപ്പറയുന്നതുകേട്ടപ്പോൾ ഒരു സംശയം. താങ്കൾ കവിത വായിക്കാറുള്ള, പുതിയ അഭിരുചികളെ പിന്തുടരുന്ന, ഒരാളാണോ? അതോ തനിക്കു് ഇഷ്ടമല്ലാത്തതിനെയൊക്കെ പാടേ നിഷേധിക്കുന്ന മലയാളി മനസ്സോ?”

മറുപടി:

“വായിക്കുന്ന നൂറിൽ പത്തുപേർ പതിനഞ്ചുവിധത്തിൽ മനസ്സിലാക്കുന്ന, ബാക്കി തൊണ്ണൂറുപേർക്കും ചുക്കെന്നോ ചുണ്ണാമ്പെന്നോ തിരിയാത്ത ‘തകൃതികളും’ ഒരുപക്ഷേ സാഹിത്യമായിരിക്കാം. അല്ലെന്നോ ആണെന്നോ പറയാൻ ഞാനാളല്ല. എന്റെ ഏറ്റവും വലിയ ഭാഗ്യം, അത്തരം മഹാകൃതികൾ വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നതാണു്. അദ്ധ്വാനിച്ചു് ജീവിക്കുന്നവനെസംബന്ധിച്ചു് സമയത്തിന്റെ മാത്രം പേരിൽ അതുപോലൊരു സ്വാതന്ത്ര്യം ചില്ലറക്കാര്യമല്ല” എന്നു് ഞാൻ അവിടെ എഴുതിയിരുന്നു. സത്യത്തിൽ ഈ വിഷയത്തിലെ എന്റെ നിലപാടു് സംശയത്തിനു് ഇടയില്ലാത്തവിധം ഈ വാക്കുകളിൽ അടങ്ങിയിട്ടുണ്ടു്. ഒരു ആധുനിക കവിത വായിച്ചു് മനസ്സിലാക്കാൻ വേണ്ടത്ര ഭാഷാപാണ്ഡിത്യമോ ആഴമേറിയ ആസ്വാദനശേഷിയോ ഒന്നും ആവശ്യമില്ലാതെ, സാമാന്യമായ മലയാളഭാഷ അറിയാവുന്ന ആർക്കും വായിച്ചെടുക്കാവുന്ന അർത്ഥമേ അവയ്ക്കുള്ളു എന്നാണെന്റെ വിശ്വാസം. അതെന്തായാലും, ആരും ആധുനികകവിതകൾ എഴുതരുതെന്നോ, എഴുതുന്നവരെ തൂക്കിലേറ്റണമെന്നോ ‘ധ്വനിപ്പിക്കാവുന്ന’ ഒന്നും തീർച്ചയായും അതിലില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവുമെന്നു് തോന്നുന്നില്ല. (എതിർക്കാൻ വേണ്ടി മാത്രം എതിർക്കുന്നവരെയും തർക്കിക്കാൻ വേണ്ടി മാത്രം തർക്കിക്കുന്നവരെയും അല്ല ഇവിടെ ഉദ്ദേശിക്കുന്നതു്.) എങ്കിൽത്തന്നെയും ഞാൻ എഴുതിയതു് കവിതയോ കഥയോ പൂർണ്ണമായും നർമ്മമോ ആയിരുന്നില്ല, ചില വസ്തുതകളും എന്റെ നിലപാടുകളുമായിരുന്നു എന്നതിനാൽ അതു് വായിക്കുന്നവർ ഉന്നയിക്കുന്ന ആത്മാർത്ഥമായ സംശയങ്ങൾ ദൂരീകരിക്കാനുള്ള ബാദ്ധ്യത എനിക്കുണ്ടെന്നുതന്നെയാണു് എന്റെ വിശ്വാസം. അതേസമയം, ഒരു കഥയോ കവിതയോ സർവ്വോപരി നർമ്മമോ അനുവാചകനെ വിശദീകരിച്ചു് മനസ്സിലാക്കി കൊടുക്കേണ്ടി വരിക എന്നതു് അതെഴുതിയവനെ സംബന്ധിച്ചിടത്തോളം ദയനീയമായ ഒരു കാര്യമായിരിക്കുമെന്നതിൽ സംശയത്തിനു് അവകാശവുമില്ല.

ആധുനികതയേയോ സങ്കീർണ്ണതയേയോ അതിൽത്തന്നെ എതിർക്കുന്നവനല്ല ഞാൻ. ബ്ലോഗ്‌ എഴുതിത്തുടങ്ങിയ കാലത്തു് അഗ്രിഗേറ്ററിൽ വരുന്ന മിക്കവാറും മുഴുവൻ പോസ്റ്റുകളും ഞാൻ ഓടിച്ചെങ്കിലും നോക്കുമായിരുന്നു. ഏതു് ചിപ്പിയിലാണു് മുത്തു് ഒളിച്ചിരിക്കുന്നതെന്നു് അറിയാൻ ഒരു തുടക്കക്കാരനു് എല്ലാം തുറന്നുനോക്കുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ലല്ലോ. മലയാളഭാഷയിൽ നിന്നും ഏറെനാൾ അകന്നു് നിൽക്കേണ്ടിവന്നവൻ എന്ന നിലയിൽ ഭാഷയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ സ്വാഗതാർഹമായ ഒരു സംരംഭം കൂടിയായിരുന്നു എന്നെസംബന്ധിച്ചു് മലയാളം ബ്ലോഗുകൾ. അന്നു് വായിച്ചവയുടെ കൂട്ടത്തിൽ ഒന്നോ രണ്ടോ വരികൾ വായിച്ചശേഷം വായന നിർത്തിയ പോസ്റ്റുകളുണ്ടു്. ഒന്നോ രണ്ടോ പോസ്റ്റുകൾ വായിച്ചശേഷം പിന്നീടൊരിക്കലും വായിക്കാതിരിക്കാനായി വായന നിർത്തിയ ബ്ലോഗുകളുണ്ടു്. ഇന്നും അഗ്രിഗേറ്ററിൽ കണ്ടാൽ വായിക്കാതിരിക്കാൻ കഴിയാത്ത ബ്ലോഗുകളുമുണ്ടു്. അതുകൊണ്ടു് എതെങ്കിലും ഒരു ബ്ലോഗിലെ എല്ലാ പോസ്റ്റുകളും എപ്പോഴും ഞാൻ മുഴുവനായി വായിക്കാറുണ്ടെന്നോ ആസ്വദിക്കാറുണ്ടെന്നോ അതിനർത്ഥമില്ല. വായിക്കാൻ വേണ്ടി എന്റെ ജീവിതത്തിൽ നിന്നും ഞാൻ ചിലവഴിക്കുന്ന സമയത്തിനെ നീതീകരിക്കാൻ മതിയായ എന്തെങ്കിലും പ്രയോജനം അതുവഴി എനിക്കു് ലഭിക്കുന്നുണ്ടോ എന്നതാണു് ഒരു പോസ്റ്റ്‌ തുടർന്നു് വായിക്കുന്നതിനുള്ള എന്റെ മാനദണ്ഡം. ഒരു സാഹിത്യസൃഷ്ടിയിൽ ഹാരിസ്‌ പറയുന്ന അതേ ‘ജീവിതത്തിന്റെ’ പച്ചയായ അംശം എത്രത്തോളം അടങ്ങിയിട്ടുണ്ടു് എന്നതിൽ അധിഷ്ഠിതമാണു് ഞാൻ ആ സൃഷ്ടിക്കു് നൽകുന്ന വില. എന്നെ ആകർഷിക്കാൻ കഴിയുന്ന എന്തോ ഒന്നിലൂടെ ഞാൻ അവയെ തിരിച്ചറിയുന്നു. എനിക്കു് ആസ്വദിക്കാനും അനുഭവിക്കാനുമല്ലാതെ, ലോകത്തിലെ മറ്റേതെങ്കിലുമൊരു മനുഷ്യനു് വർണ്ണിച്ചോ വിശദീകരിച്ചോ മനസ്സിലാക്കിക്കൊടുക്കാനോ, അനുഭവവേദ്യമാക്കിക്കൊടുക്കാനോ അസാദ്ധ്യമായ എന്തോ ഒന്നു്. കലയും സംഗീതവുമൊക്കെ ഞാൻ ആസ്വദിക്കുന്നതും അതുപോലെതന്നെ. ഒരു പ്രത്യേക ഗായകൻ പാടിയതുകൊണ്ടു്, ഒരു പ്രത്യേക ചിത്രകാരൻ വരച്ചതുകൊണ്ടു്, ഒരു പ്രത്യേക എഴുത്തുകാരൻ എഴുതിയതുകൊണ്ടു് അവരുടെ സൃഷ്ടികൾ എല്ലാം ഒരുപോലെ ആസ്വദിക്കാൻ ആവുമോ? എനിക്കെന്തായാലും അതിനാവില്ല. തീർച്ചയായും അതു് മറ്റേതൊരും മനുഷ്യനെയും പോലെ എന്റെയും വ്യക്തിപരമായ അനുഭവവും വിലയിരുത്തലുമാണെന്നു് ഞാൻ സമ്മതിക്കുന്നു. അതായതു്, എന്റെ വായനകളെ ഞാൻ വ്യത്യസ്തമായ മേശവലിപ്പുകളിൽ ആക്കുന്നുവെങ്കിൽ അതു് ഞാൻ നേരിട്ടറിഞ്ഞ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണു്. ഒരർത്ഥത്തിൽ അതൊരു മുൻവിധിയാവാം. പക്ഷേ, പരിശോധിച്ചറിഞ്ഞ, അനുഭവിച്ചറിഞ്ഞ, വൈയക്തികമായ എന്റെ ‘മുൻവിധി’. അത്തരം ഒരു മുൻവിധിക്കുള്ള സ്വാതന്ത്ര്യം എന്നേപ്പോലെതന്നെ മറ്റേതൊരു മനുഷ്യനുമുണ്ടെന്നാണു് ഞാൻ വിശ്വസിക്കുന്നതും. സംശയദൂരീകരണത്തിനായി മലയാളം ബ്ലോഗ്‌ ലോകത്തുനിന്നും രണ്ടുദാഹരങ്ങൾ: ലാപുടയുടെ കവിതകൾ ഞാൻ വായിക്കാറുണ്ടു്, അവയിൽ പലതും ആസ്വദിക്കാറുമുണ്ടു്. ഖുർആനിലെ ശാസ്ത്രീയതയെപ്പറ്റി എഴുതുന്ന ലേഖനങ്ങൾ ഞാൻ വായിക്കാറില്ല. അതിനുവേണ്ടി ഞാൻ ചിലവാക്കുന്ന സമയം എനിക്കു് നഷ്ടമാണെന്ന വ്യക്തമായ തിരിച്ചറിവിലൂടെ നേടിയ എന്റെ ബോധമാണതിനു് അടിസ്ഥാനം. രണ്ടും വ്യക്തിപരമായ വായനാനുഭവങ്ങളുടെ വെളിച്ചത്തിൽ എടുത്ത തീരുമാനങ്ങളാണു്, അഥവാ, ബോധപൂർവ്വം ഞാൻ കൈക്കൊണ്ട ‘മുൻവിധികൾ’! എന്റെ വായനയിൽ ഈ രണ്ടു് വിഭാഗത്തിലും പെടുത്താവുന്ന മറ്റു് പല ബ്ലോഗുകളും തീർച്ചയായുമുണ്ടു്.

ആത്മാവിഷ്കരണസ്വാതന്ത്ര്യം എഴുത്തുകാരന്റേയും, വായിച്ചതിനെപ്പറ്റി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം വായനക്കാരന്റെയും മൗലികമായ അവകാശമായിരിക്കണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതു് ഇവിടത്തെ വിഷയവുമല്ല. എങ്കിൽത്തന്നെയും, എന്തിനുവേണ്ടി അല്ലെങ്കിൽ ആർക്കുവേണ്ടി എഴുതുന്നു എന്നൊരു ആത്മപരിശോധന സാഹിത്യസ്രഷ്ടാവു് നടത്തുന്നതിൽ തെറ്റില്ലെന്നാണെന്റെ പക്ഷം. അതിന്റെ മറുപടി എന്താണെന്നതിനേക്കാൾ കൂടുതൽ പ്രസക്തി ആ ചോദ്യത്തിനുതന്നെയാണു്. ലോകോത്തരമായ കവിതകളും കഥകളും നോവലുകളും എഴുതിയവരിലും ചിത്രങ്ങൾ വരച്ചവരിലും ചിലരെങ്കിലും മാനസികവിഭ്രാന്തി ഉള്ളവരായിരുന്നു. അതുകൊണ്ടു് മാനസികവിഭ്രാന്തി നല്ല സൃഷ്ടികൾ രൂപമെടുക്കുന്നതിനുള്ള നിബന്ധനയാണെന്നു് വരുമോ? അല്ലെങ്കിൽ മതിഭ്രമമുള്ളവനെപ്പോലെ എഴുതുകയോ വരക്കുകയോ ചെയ്താൽ അതു് നിർബന്ധമായും ഉത്തമസൃഷ്ടികൾ ആവണമെന്നുണ്ടോ? കൂടുതൽ ആസ്വാദകഹൃദയങ്ങളെ (ആസ്വാദക അഭിനേതാക്കളെയല്ല!) ആകർഷിച്ചു് പിടിച്ചുനിർത്താൻ കഴിയുന്ന ‘എന്തോ ഒന്നു്’ ഉള്ളവയേ കാലത്തെ അതിജീവിക്കുകയുള്ളു. അത്തരം സാഹിത്യ-, കലാസൃഷ്ടികൾ നടത്തുന്നതിനുള്ള ശേഷി ഒരു സ്രഷ്ടാവിനു് ഉണ്ടെങ്കിൽ ഉണ്ടു്, ഇല്ലെങ്കിൽ ഇല്ല. അതില്ലാത്തവരുടെ സൃഷ്ടികൾക്കു് ബയസ്ഡ്‌ ആയ ആസ്വാദകവൃന്ദം ആഘോഷപൂർവ്വം ചാർത്തിക്കൊടുക്കുന്ന വ്യാഖ്യാനവെള്ളപൂശൽ ആദ്യത്തെ മഴക്കാലം വരെയേ നിലനിൽക്കൂ. ചരിത്രം തെളിവു്.

എഴുത്തുകാരൻ സാമൂഹികപ്രതിബദ്ധത ഉള്ളവനായിരിക്കണമെന്നോ, അവൻ എഴുതുന്നതു് എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നോ നിർബന്ധം പിടിക്കാൻ തീർച്ചയായും മറ്റാർക്കും അവകാശമൊന്നുമില്ല. അതുപോലെതന്നെ അനിഷേദ്ധ്യമായ കാര്യമാണു്, താൻ എഴുതുന്നതു് വായിക്കുന്ന നൂറിൽ തൊണ്ണൂറുപേർക്കും മനസ്സിലാവാത്ത ഒരു സാഹിത്യത്തിന്റെ സ്രഷ്ടാവിനു് തന്റെ അനുവാചകവൃന്ദം പൊതുസമൂഹമാണു് എന്ന അവകാശവാദം ഉന്നയിക്കാനാവില്ലെന്നതും. വായിക്കുന്ന നൂറുപേരേക്കാൾ എത്രയോ ആയിരം മടങ്ങു് കൂടുതലാണു് വായിക്കാത്തവരുടെ എണ്ണം എന്ന വസ്തുതകൂടി പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. അതായതു്, പൊതുസമൂഹത്തിനു് മനസ്സിലാവണമെന്നു് നിർബന്ധമൊന്നുമില്ലാതെ കൃതികൾ രചിക്കുന്ന ഒരു എഴുത്തുകാരൻ ലക്ഷ്യമാക്കുന്നതു് ഒന്നുകിൽ അവനെ ഉൾക്കൊള്ളാൻ ആവുമെന്നു് അവൻ വിശ്വസിക്കുന്ന ഒരു പരിമിതവിഭാഗത്തെയായിരിക്കണം. അതല്ലെങ്കിൽ യാതൊരുവിധ അനുവാചകരെയും ലക്ഷ്യമാക്കാതെ അവന്റെ ആത്മസംതൃപ്തിക്കുവേണ്ടി മാത്രമായിരിക്കണം അവൻ എഴുതുന്നതു്. യഥാർത്ഥത്തിൽ അതുപോലൊരു ആത്മസംതൃപ്തി മാത്രമാണു് രചയിതാവു് ഉദ്ദേശിക്കുന്നതെങ്കിൽ തന്റെ രചനകൾ ഏതെങ്കിലും വനത്തിലിരുന്നു് എഴുതി പൂർത്തിയാക്കിയശേഷം അവ അടുത്ത പുഴയിലൂടെ ഒഴുക്കിയാലും അതു് ലഭിക്കേണ്ടതാണു്. പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ. താൻ എഴുതുന്നതു് ബ്ലോഗിലോ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിക്കുന്ന ഏതൊരു എഴുത്തുകാരനും, അവൻ സമ്മതിച്ചാലും ഇല്ലെങ്കിലും, തന്റെ സൃഷ്ടികൾ മറ്റുള്ളവർ വായിക്കണമെന്നും ആസ്വദിക്കണമെന്നും ആഗ്രഹിക്കുന്നവനായിരിക്കും.

ഒരു എഴുത്തുകാരനു് മറ്റേതൊരു മനുഷ്യനെയും പോലെ ഏതെങ്കിലും ഒരു സമൂഹത്തിന്റെ ഭാഗമായി മാത്രമേ തന്റെ ജീവിതം ജീവിച്ചുതീർക്കാനാവൂ. സമൂഹത്തിൽ നിന്നും വേർപ്പെട്ടു് ഏകാന്തതയിൽ ജീവിക്കാനായി വനാന്തരങ്ങളിലേക്കോ മരുഭൂമിയിലേക്കോ പോകുന്നവനും തലച്ചോറിൽ അവന്റെ സമൂഹം കോറിയിട്ട മായ്ക്കാനാവാത്ത പാടുകൾ വഹിച്ചുകൊണ്ടല്ലാതെ അവിടേക്കു് പോകാൻ കഴിയില്ല. ജന്മം മുതൽ ഭാഷ, ആചാരങ്ങൾ, മര്യാദകൾ, വിശ്വാസങ്ങൾ മുതലായ വേർപ്പെടുത്താനാവാത്ത എത്രയോ ചരടുകൾ വഴി മനുഷ്യൻ അവന്റെ സമൂഹവുമായി പിന്നീടൊരിക്കലും പൂർണ്ണമായൊരു മോചനം സാദ്ധ്യമല്ലാത്തവിധം എന്നേക്കുമായി ബന്ധിപ്പിക്കപ്പെടുന്നു. ബന്ധങ്ങളും ബന്ധനങ്ങളും വേർപ്പെടുത്തുന്നതിനുള്ള ഏതൊരു ആഗ്രഹത്തിന്റെയും ശ്രമത്തിന്റേയും സ്വാഭാവികമായ മുൻനിബന്ധന പോലും അതുപോലുള്ള ബന്ധങ്ങളും ബന്ധനങ്ങളും മനുഷ്യനിൽ ഉണ്ടായിരിക്കണം എന്നതാണു്. ചുരുക്കത്തിൽ, സമൂഹത്തിൽ നിന്നും ഒരുപക്ഷേ ശാരീരികമായി അകന്നുമാറാൻ ഒരുവനു് കഴിഞ്ഞാൽ തന്നെയും, മാനസികമായി അവന്റെ സമൂഹം അവനിൽ പതിപ്പിച്ച കയ്യൊപ്പുകളെ ഭാഗികമായല്ലാതെ പൂർണ്ണമായി തുടച്ചുമാറ്റാൻ അവനു് സാദ്ധ്യമാവുകയില്ല. “എനിക്കു് യാതൊരു സാമൂഹികപ്രതിബദ്ധതയുമില്ല” എന്നു് അവകാശപ്പെടുന്ന ആധുനികരോ അല്ലാത്തവരോ ആയ എഴുത്തുകാരും കലാകാരന്മാരുമൊക്കെ തീർച്ചയായും ഉണ്ടാവാം. മനുഷ്യർ എന്തെന്തെല്ലാം അവകാശപ്പെടുന്നില്ല!? “ഞാൻ ഈ സമൂഹത്തെ അവഗണിക്കുന്നു” എന്നു് ഒരു വ്യക്തി വിളിച്ചുപറയുന്നതു്, അവനു് മാനസികവിഭ്രാന്തി ഇല്ലാത്തിടത്തോളം, ആ സമൂഹത്തോടല്ലാതെ മറ്റാരോടാണു്? സ്വന്തസമൂഹത്തെ തെറി വിളിക്കുമ്പോഴും ഒരുവൻ ആ സമൂഹവുമായി ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഒരു സംവേദനമാണു് ആഗ്രഹിക്കുന്നതു്, അല്ലെന്നു് തോന്നുന്നുണ്ടോ?

തിരഞ്ഞെടുക്കപ്പെട്ടതോ അല്ലാത്തതോ ആയ ഒരു ചെറുവിഭാഗത്തിനുവേണ്ടി എഴുതുന്ന ഒരെഴുത്തുകാരനും തന്റെ വായനക്കാരുടെ ആ വിഭാഗം വിപുലമായിക്കൊണ്ടിരിക്കുന്നതിൽ പരാതി ഉണ്ടാവാൻ വഴിയില്ല. ‘ലയൺസ്‌ ക്ലബ്ബിൽ’ അംഗമാവാൻ, ഏതെങ്കിലും ഒരു മതത്തിലോ സമുദായത്തിലോ അംഗമാവാൻ, ഒരു പ്രത്യയശാസ്ത്രത്തെ പിൻതുടരാൻ, അങ്ങനെ പലതിനും മനുഷ്യർ ചില നിബന്ധനകൾ പാലിച്ചിരിക്കണം, അത്തരം ലായങ്ങൾ നിർദ്ദേശിക്കുന്ന ചില ചട്ടക്കൂടുകളിൽ നിരുപാധികം ഒതുങ്ങാൻ മനുഷ്യൻ തയ്യാറായിരിക്കണം. നാറ്റ്‌സികൾ ആവേശത്തോടെ ധരിച്ചിരുന്ന സ്വസ്തിക ചിഹ്നം, സിക്കുകളുടെ തലപ്പാവു്, യഹൂദ, മുസ്ലീം പുരുഷന്മാരുടെ അഗ്രചർമ്മം മുറിക്കൽ മുതലായ ഇത്തരം നിബന്ധനകളിലൂടെ, അടയാളങ്ങളിലൂടെ ഓരോ ലായത്തിലേയും അംഗങ്ങൾ വിളിച്ചുപറയുന്ന സന്ദേശം ഇതാണു്: “ഞങ്ങൾ നിങ്ങളെപ്പോലെയല്ല, ഞങ്ങൾ വ്യത്യസ്തരാണു്, അതുകൊണ്ടുതന്നെ ഞങ്ങൾ നിങ്ങളേക്കാൾ ഭേദപ്പെട്ടവരാണു്, ഉന്നതരാണു്!” അതിരുകൾ എപ്പോഴും ‘അന്യരെ’ സൃഷ്ടിക്കുന്നു. അംഗങ്ങളെ യോജിപ്പിച്ചു് നിർത്താനും അതിരുകൾ എന്നാളും നിലനിൽക്കാനും അതിരിനു് വെളിയിലുള്ള അന്യർ അപകടകാരികളും ശത്രുക്കളുമായി നിരന്തരം മുദ്ര കുത്തപ്പെട്ടുകൊണ്ടിരിക്കണം. കാലാകാലങ്ങളായി മതവും രാഷ്ട്രീയവും പിന്തുടരുന്ന തന്ത്രം. മനുഷ്യർ തമ്മിൽത്തമ്മിലുള്ള ഇത്തരം അതിർത്തിരിക്കലുകൾ വഴി ലോകത്തിൽ ഒഴുകിയ, ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യരക്തത്തിനു് അളവില്ല.

പക്ഷേ, സാംസ്കാരികതയുടെ തലങ്ങളിൽ കർമ്മനിരതരായവർക്കു് സമൂഹത്തെ ഒന്നായി കാണാൻ ബാദ്ധ്യതയുണ്ടെന്നതിനാൽ, പൊതുസമൂഹത്തിന്റെ നന്മ എന്ന അവർക്കുണ്ടായിരിക്കേണ്ട ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ തമ്മിൽത്തമ്മിൽ ഇത്തരം തരംതിരിക്കലുകൾ ആശാസ്യമായിരിക്കുകയില്ല. അതുകൊണ്ടുതന്നെയാണു് പ്രലോഭനങ്ങളും വാഗ്ദാനങ്ങളും തുച്ഛമായ പ്രതിഫലങ്ങളും നൽകി വിവിധ ലായങ്ങൾ സാംസ്കാരികനായകന്മാരെ വിലയ്ക്കുവാങ്ങാൻ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതു്. സ്വന്തം സമൂഹത്തിന്റെ ജീർണ്ണത കാണാതെ ‘ആധുനികർ’ എന്നും ‘എലീറ്റ്‌’ എന്നും സ്വയം വേർത്തിരിക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞോ അറിയാതെയോ മറക്കുന്ന ഒരു പ്രധാന കാര്യം അവർ എന്നാളും മറ്റു് സമൂഹങ്ങളുടെ ദൃഷ്ടിയിൽ ഒരു ജീർണ്ണിച്ച സമൂഹത്തിൽ നിന്നും വരുന്ന ‘ആധുനികർ’ മാത്രമായിരിക്കുമെന്ന സത്യമാണു്. അതായതു്, എല്ലാ തലങ്ങളിലുമുള്ള സാമൂഹിക ജീർണ്ണതകളെയും അടിസ്ഥാനപരമായ തിരുത്തലുകളിലൂടെ നവീകരിക്കാത്തിടത്തോളം തുടച്ചാലും കഴുകിയാലും പോവാത്ത ഒരു സ്റ്റിഗ്മയായി സാമൂഹികജീർണ്ണതയുടെ ദുർഗ്ഗന്ധം അഗതികളിലും ആലംബഹീനരിലും എന്നതിൽ കൂടുതലായി ഒട്ടിപ്പിടിക്കുന്നതു് ആ സമൂഹത്തിൽ സ്വയം ഉന്നതരെന്നും യോഗ്യരെന്നും ആധുനികരെന്നും കരുതുന്നവരിൽ തന്നെയായിരിക്കും. തീർച്ചയായും ഒരു സമൂഹത്തിനു് കഴിവും യോഗ്യതയുമുള്ള മുൻനിരക്കാരെ ആവശ്യമാണു്. പക്ഷേ, അവർ സമൂഹത്തിന്റെ പൊതുനന്മയെ മറ്റെല്ലാറ്റിലുമുപരി വിലമതിക്കുന്നവരായിരിക്കണം. ഇന്നത്തെ ചുറ്റുപാടിൽ കേരളത്തിൽ സങ്കൽപിക്കാൻ പോലുമാവാത്ത അവസ്ഥ! കഴിവും യോഗ്യതയുമല്ല, ലായങ്ങളിലെ അംഗത്വമാണല്ലോ കേരളത്തിൽ നേതൃത്വത്തിന്റെ മാനദണ്ഡം! ‘ആരിൽ’ നിന്നുമാണു് ‘ഉയർന്നതു്’ എന്നതിന്റെ അടിസ്ഥാനത്തിലാണു് ഏതൊരു ‘ഉയർച്ചയുടെയും’ മൂല്യം നിശ്ചയിക്കപ്പെടുന്നതെന്നു് ‘ഉയർന്നവർ’ എന്നു് ഭാവിക്കുന്നവർ മനസ്സിലാക്കിയിരുന്നാൽ നല്ലതു്. ഒറ്റമുണ്ടു് മാത്രം സ്വന്തമായുള്ളവന്റെ മുന്നിൽ ഷർട്ടും ഡബിളുമുള്ളവനും മുതലാളിയായി അഭിനയിക്കാം!

ഒരു സമൂഹത്തിന്റെ ഗതിയിലെ പാകപ്പിഴകൾ ദീർഗ്ഘദൃഷ്ടിയോടെ കാലേകൂട്ടി തിരിച്ചറിഞ്ഞു് താക്കീതു് നൽകിയും നിയന്ത്രിച്ചും വഴിതിരിച്ചുവിട്ടു് സമൂഹത്തെ നാശത്തിൽ നിന്നും രക്ഷപെടുത്താൻ ബാദ്ധ്യതപ്പെട്ടവരാണു് ആ സമൂഹത്തിലെ സാഹിത്യകാരന്മാർ, കലാകാരന്മാർ, ബുദ്ധിജീവികൾ മുതലായവർ. അങ്ങനെയുള്ളവർ പറയുന്നതും എഴുതുന്നതും സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു് മാത്രമേ മനസ്സിലാകുന്നുള്ളു എങ്കിൽ, ബഹുഭൂരിപക്ഷം ജനങ്ങൾക്കും അതു് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ അതു് അവരെ നയിക്കുന്ന സാംസ്കാരികനായകന്മാരുടെ പരാജയം മാത്രമായേ വിലയിരുത്താനാവൂ. എത്രയോ തലമുറകളിലൂടെ ജനകോടികളെ വർഗ്ഗവും വർണ്ണവും ജാതിയും തിരിച്ചു് അക്ഷരത്തിൽ നിന്നും അതുവഴി അറിവിൽ നിന്നും അകറ്റിനിർത്തിയ ഭാരതത്തിലെ സമൂഹികനേതൃത്വത്തിന്റെ അധമത്വത്തിൽ നിന്നും എന്തു് വ്യത്യാസമാണു് ഇന്നത്തെ അത്തരം സാഹിത്യസ്രഷ്ടാക്കൾക്കും നേതാക്കൾക്കും ഉള്ളതെന്നു് എനിക്കു് മനസ്സിലാവുന്നില്ല. വിലപിടിപ്പുള്ളതും പദവി വിളിച്ചറിയിക്കുന്നതുമായ വസ്ത്രങ്ങളും, അതിനു് മകുടമെന്നോണം സ്വസ്തിക ചിഹ്നവും ചാർത്തി, അതോടൊപ്പം, ജീവിക്കാൻ അർഹതയില്ലാത്തവരായി മുദ്രകുത്തപ്പെട്ട യഹൂദതടവുകാർക്കു് ചൈനയിലെ സാദാ തൊഴിലാളികൾ ധരിക്കുന്നതുപോലുള്ള കോറക്കുപ്പായത്തിൽ ദാവീദ്‌ നക്ഷത്രം തയ്ച്ചുപിടിപ്പിച്ചാലെന്നതുപോലുള്ള വസ്ത്രങ്ങൾ നൽകി അവരെ തെരുവുനായ്ക്കളെക്കാൾ കഷ്ടമായി കൈകാര്യം ചെയ്തപ്പോൾ നാറ്റ്‌സികൾക്കു് ലഭിച്ച ഔന്നത്യബോധത്തേക്കാൾ എന്തു് മഹത്വമാണു് അജ്ഞതയിലും അന്ധകാരത്തിലും തളച്ചിട്ടിരിക്കുന്ന ഭാരതീയ സമൂഹത്തെ കാണാനോ അതിനെതിരെ ശബ്ദമുയർത്താനോ കഴിയാതെ ‘പാക്കാനേയും മാക്കാനേയും’ പ്രതീകങ്ങൾ ആക്കി കയ്യുടെ സ്ഥാനത്തു് കാലും മൂക്കിന്റെ സ്ഥാനത്തു് നാക്കും വരച്ചുപിടിപ്പിക്കപ്പെടുന്ന പിക്കാസോ ചിത്രങ്ങൾ പോലെയുള്ള ഭാവനാസൃഷ്ടികൾ പടച്ചുവിടുന്ന ആധുനിക മലയാള സാഹിത്യകാരന്മാർക്കു് നൽകേണ്ടതു്? പിക്കാസോയെസംബന്ധിച്ചു് പോർട്ട്രേയുടെ ലോകവും അന്യമായിരുന്നില്ല എന്നെങ്കിലും വേണമെങ്കിൽ ചിന്തിക്കാൻ വകയുണ്ടു്. അൽപം ബുദ്ധിമുട്ടിയാൽ പിക്കാസോ വരച്ചതുപോലുള്ള ചില വികൃതരൂപങ്ങൾ വരച്ചൊപ്പിക്കാൻ ഒരുപക്ഷേ പലർക്കും കഴിഞ്ഞെന്നുവരും. അതുകൊണ്ടു് അവരെല്ലാവരും പിക്കാസോ ആവുമോ? അത്തരം ചിത്രങ്ങൾ പോലും ആസ്വദിക്കാൻ കഴിയുന്ന ചിലരെങ്കിലും ഉണ്ടായിക്കൂടെന്നുമില്ല. ധാരാളം ആളുകൾ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ഡ്യൂപ്ലിക്കേറ്റുകൾ വാങ്ങി വീടുകൾ അലങ്കരിക്കാറുമുണ്ടു്. ഇതിൽ സ്പെഷ്യലൈസ്‌ ചെയ്യുന്ന കലാകാരന്മാർ പോലുമുണ്ടു്. മായം ചേർക്കലിൽ ലോകചാമ്പ്യന്മാരായ മലയാളികളോടു് അതു് പ്രത്യേകം പറയേണ്ട കാര്യവുമില്ല. പാശ്ചാത്യസാഹിത്യവും കലയുമൊക്കെ ആധുനികതയുടെ പേരിൽ കുറുക്കുവഴികളിലൂടെ അനുകരിക്കാൻ ശ്രമിക്കുന്ന കേരളീയൻ ആദ്യം അറിയാൻ ശ്രമിക്കേണ്ടതു് അവിടങ്ങളിൽ മനുഷ്യർ കടന്നുവന്ന സാമൂഹികപശ്ചാത്തലങ്ങളിലെ വഴിത്താരകളിൽ ആഴത്തിൽ പടർന്നുകിടക്കുന്ന രക്തഗന്ധിയായ വേരുകളും കാടുകളും പടലുകളുമാണു്, മനുഷ്യാദ്ധ്വാനം വഴി അവർ നേടിയെടുത്ത സാമൂഹികസുരക്ഷിതത്വവും സാംസ്കാരികനിലവാരവുമാണു്.

പാശ്ചാത്യർ അവരുടെ ഒരു ജീവിതത്തിൽ ചുരുങ്ങിയതു് പത്തു് ഭാരതീയ ജീവിതങ്ങളെങ്കിലും ആസ്വദിച്ചും അനുഭവിച്ചും കഴിവതും സന്തോഷപൂർവ്വം ജീവിച്ചു് തീർക്കുമ്പോൾ, ഭാരതീയൻ തനിക്കു് ലഭിക്കുന്ന ഒരേയൊരു ജീവിതത്തെ ഭക്തിയിലും ലഹരിയിലും ഹോമിച്ചു് നിത്യമായ മോക്ഷത്തിനായി, മൂട്ടിൽ നിന്നും നാരായവേരും പാർശ്ശ്വവേരുകളും ഇറങ്ങി അവ സ്വന്തം വിസർജ്ജ്യം ആഗിരണം ചെയ്തു് തന്നെത്തന്നെ ഊട്ടാൻ തുടങ്ങിയാലും വകവയ്ക്കാതെ ഭക്തിഗീതങ്ങൾ എന്ന പേരിൽ മുക്കലും മൂളലും മുരങ്ങലും ഞരങ്ങലും ഓരിയിടലുമായി മനഃപൂർവ്വം കുത്തിയിരുന്നു് ജീർണ്ണിക്കാൻ അനുവദിച്ചു് സമാധിയടയുന്നു. പാശ്ചാത്യൻ അവൻ സ്വയം തിരഞ്ഞെടുക്കുന്ന തൊഴിലിൽ, അല്ലെങ്കിൽ അവനു് ലഭിക്കുന്ന ജോലിയിൽ കഠിനമായി അദ്ധ്വാനിച്ചു് അതിന്റെ ഫലം കൊണ്ടു് ആനദഭരിതനായി ജീവിക്കാൻ ശ്രമിക്കുമ്പോൾ, ഭാരതീയൻ അവന്റെ ആത്മാവിൽ അന്തർലീനമായ അദ്ധ്വാനിക്കാനുള്ള മടിയെ ആദ്ധ്യാത്മികതയെന്ന ഓമനപ്പേരു് നൽകി മഹത്വീകരിച്ചു് യോഗ്യത ‘നടിക്കുന്നു’. ആത്മാവിൽ മടിയനായവന്റെ ഈ ജീവിതരീതി പ്രാവർത്തികമാക്കാൻ ഇരുന്ന ഇരുപ്പിൽ ഇരുന്നു് ശ്വാസംപിടിക്കാനും ശ്വാസംവിടാനും കഴിയുന്ന യോഗാസനത്തിലെ പത്മാസനത്തിലും അനുയോജ്യമായ മാർഗ്ഗമെവിടെ? ഒരു മൂന്നു് ‘വട്ടൻ’ സായിപ്പന്മാരെ ചാക്കിട്ടുപിടിച്ചു് വിവിധ യോഗാസനങ്ങളിൽ ഇരുത്തി “ഓം ശാന്തി” പറയിപ്പിക്കാൻ കഴിഞ്ഞാൽ കാര്യം നേടി. “സകല പാശ്ചാത്യരും യോഗാസനത്തിലേക്കു് ഇടിച്ചുകയറുന്നു” എന്നാവും അടുത്ത പ്രചരണം. കാരണം, സംഗതി ഭാരതീയമെങ്കിലും അതിന്റെ നിലവാരത്തിന്റെ മാനദണ്ഡം അപ്പോഴും ഇപ്പോഴും എപ്പോഴും സായിപ്പിന്റെ അംഗീകാരം ഉണ്ടോ ഇല്ലയോ എന്നതിൽ അധിഷ്ഠിതമാണു്. അഭിനയമാണു് ഭാരതീയന്റെ പകുതി ജീവിതവും! ബാക്കി പകുതി കാപട്യവും! എല്ലാവർക്കും മക്കളെ സിനിമാനടന്മാരും നടികളുമാക്കിയാൽ മതി! അതുകൊണ്ടാണല്ലോ ചാനലുകളിൽ തകൃതിയായി നടക്കുന്ന ‘മുക്രയിടൽ’ മത്സരങ്ങളിലേക്കു് പണം പലിശക്കു് കടമെടുക്കേണ്ടിവന്നാലും വകവയ്ക്കാതെ പോത്തുകൾ കാളച്ചന്തയിലേക്കെന്നപോലെ മക്കളേയും ആട്ടിയടിച്ചു് മാതാപിതാക്കൾ എന്നു് വിളിക്കപ്പെടുന്ന ഏഭ്യവർഗ്ഗം ഇരുപൊതിച്ചോറുമായി എഴുന്നള്ളുന്നതു്!

‘ആധുനിക’ കേരളീയ സാഹിത്യകാരന്മാർ അനുകരിക്കാൻ ശ്രമിക്കുന്ന സായിപ്പന്മാർ ഉള്ളിന്റെയുള്ളിൽ കേരളീയനെ/ഭാരതീയനെ എങ്ങനെ വിലയിരുത്തുന്നു എന്നു് മനസ്സിലാക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ അവൻ ആദ്യം തന്റെ സ്വന്തമുറ്റം അടിച്ചുവാരി വൃത്തിയാക്കാനും തന്റെ ഗൃഹപാഠങ്ങൾ ചെയ്യാനും മടിക്കുമായിരുന്നില്ല. ആശയങ്ങളെ ആശയങ്ങൾ കൊണ്ടു് നേരിടാൻ ആശയദാരിദ്ര്യം മൂലം കഴിവില്ലാത്തതിനാലാവാം എതിരാളിയുടെ അക്ഷരത്തെറ്റുകൾ തേടിയോ, അല്ലെങ്കിൽ അവന്റെ മുടന്തോ കോങ്കണ്ണോ പോലെ മറ്റാർക്കും ഇടപെടേണ്ടതോ വിമർശ്ശിക്കേണ്ടതോ ആയ യാതൊരു ആവശ്യവുമില്ലാത്ത, തികച്ചും വ്യക്തിപരമായ കുറവുകളോ ബലഹീനതകളോ ചൂണ്ടിക്കാണിച്ചു് പരിഹസിച്ചോ യോഗ്യനാവാൻ ശ്രമിക്കുന്നതാണു് മലയാളിയുടെ ജന്മസിദ്ധമായ രീതി. ഇളിഭ്യച്ചിരിയാണു് അവന്റെ മുഖമുദ്ര. തനിക്കു് അറിയാവുന്നതിൽ അപ്പുറം ഒരറിവില്ല എന്നതു് മലയാളിയുടെ ഉത്തമബോദ്ധ്യമാണു്. കാലാകാലങ്ങളായി ശീലിച്ചതിൽ നിന്നും നേരിയ വ്യത്യാസം ഉള്ളതെന്തെങ്കിലും മണത്താൽ മതി അവന്റെ തലച്ചോറിലെ സദാചാരപ്പുഴുക്കൾ ഞുളയാനും പുളയാനും തുടങ്ങും! ആ കിരുകിരുപ്പു് തുടങ്ങിയാൽ പിന്നെ എന്തിനേയും ഏതിനേയും കണ്ണുമടച്ചു് എതിർക്കുക എന്നതാണു് അവന്റെ രക്തഗുണം. ഇതൊരുതരം ഇളക്കമായതിനാൽ ബാധിച്ചുകഴിഞ്ഞാൽ പേപ്പട്ടിയെപ്പോലെ നാക്കുനീട്ടി ഒലിപ്പിച്ചുകൊണ്ടു് ഓടിനടന്നു് കാണുന്നവയെ എല്ലാം കടിച്ചു് കടി തീർക്കുകയല്ലാതെ അവനു് ഗത്യന്തരമൊന്നുമില്ല. അവന്റെ ഊർജ്ജത്തിന്റെയും സർഗ്ഗാത്മകതയുടെയും (അങ്ങനെയൊന്നു് അവനിലുണ്ടെങ്കിൽ!) അധികപങ്കും ഈ ചൊറിച്ചിൽ തീർക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ചിലവഴിക്കാൻ മലയാളിക്കു് മടിയൊന്നുമില്ല. മറ്റൊരുവനെ ദ്രോഹിക്കാൻ ഉതകുമെന്നുണ്ടെങ്കിൽ ഏതു് കഠിനാദ്ധ്വാനവും സന്തോഷത്തോടെ അവൻ ഏറ്റെടുക്കും. കിലോമീറ്ററുകൾ കാൽനടയായി നടന്നുതള്ളും. രാപകലില്ലാതെ അന്യന്റെ ID തപ്പും. മറ്റു് മനുഷ്യർ എങ്ങനെ ജീവിക്കണം, എന്തു് ചെയ്യണം, എന്തു് ചെയ്യരുതു് എന്നു് തീട്ടൂരം ഇറക്കുകയാണു് മലയാളിയുടെ പ്രധാന ഹോബി! ചെറുപ്പത്തിലെതന്നെ തലയിൽ കോരിയൊഴിച്ചു് കാണാതെ പഠിപ്പിക്കുന്ന മൂന്നേമുക്കാൽ വാക്യങ്ങളൊഴികെ ബോധമുണ്ടാവാൻ സഹായകമായ മറ്റേതെങ്കിലും ഒരു പുസ്തകം വായിക്കാനോ, അവയിലെ ആശയങ്ങളെ ഉൾക്കൊള്ളാനോ, പുരോഗതി പ്രാപിച്ച മറ്റു് സമൂഹങ്ങളെ കണ്ടു് പഠിക്കാനോ ശേഷിയില്ലാതാക്കുന്നവിധം മലയാളിയുടെ തലയിലെ മച്ചിങ്ങയെ കരണ്ടുതിന്നുന്ന ഈ മണ്ഡരിബാധയുടെ കാരണം മലയാളമണ്ണിൽ അടങ്ങിയിരിക്കുന്ന ഏതോ ഒരു ലവണം കുടിവെള്ളത്തിൽ ലയിച്ചു് അവന്റെ രക്തത്തിൽ അലിഞ്ഞുചേരുന്നതു് മൂലമാണെന്നാണു് എന്റെ ബലമായ സംശയം. മലയാളിയുടെ തലമണ്ടയിൽ അവന്റെ സ്വയം നശീകരണത്തിലേക്കു് നയിക്കുന്ന എലിമടകൾ വീഴുന്നതിനു് മറ്റു് ന്യായമായ കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല.

ഉന്നതരായ ശാസ്ത്രജ്ഞന്മാരുടെ തലച്ചോറിനെ ഈ മണ്ഡരി ബാധിച്ചാൽ ഏതെങ്കിലും തുലാസിന്റെ തട്ടിൽ കയറി ഒറ്റമുണ്ടും കോണകവുമായി ചമ്പ്രം പടിഞ്ഞു് ഇരിക്കണം എന്നു് തോന്നുമത്രെ! ദേഹോപദ്രവം തുടങ്ങാത്തതു് സഹജീവനക്കാരുടെ ഭാഗ്യം എന്നേ പറയാനുള്ളു. ഭാഗ്യമല്ല ഒരു ശാസ്ത്രജ്ഞന്റെ കൈമുതൽ. ഒരു യഥാർത്ഥ ശാസ്ത്രജ്ഞൻ ആശ്രയിക്കുന്നതു് അവന്റെ അറിവിലും വൈദഗ്ദ്ധ്യത്തിലുമാണു്. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവൻ എങ്ങനെ ശാസ്ത്രജ്ഞനാവും? സ്വന്തം ശേഷിയിൽ വിശ്വാസമില്ലാതെ തുലാഭാരം വഴി ലഭിക്കുന്ന അനുഗ്രഹത്തിൽ അധിഷ്ഠിതമായി റോക്കറ്റിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്ന ഒരു ശാസ്ത്രജ്ഞൻ തട്ടിക്കൂട്ടുന്ന റോക്കറ്റിൽ കയറി ശൂന്യാകാശത്തിലേക്കു് പോകാൻ വിധിക്കപ്പെട്ട ഏതൊരു വ്യക്തിയും ഒരുറപ്പിനു് ഒന്നോ രണ്ടോ തുലാഭാരമോ പത്തോ പതിനഞ്ചോ വെള്ളിക്കോൽഭാരമോ അർപ്പിക്കുന്നതായിരിക്കും ഉത്തമം എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. ചില ഭാരതീയ സന്യാസിമാരെപ്പോലെ നാക്കോ മൂക്കോ പുറമോ മറ്റു് വല്ലയിടമോ തുളച്ചു് ചൂണ്ട കോർത്തോ, വലിച്ചാൽ നീളുന്ന ശരീരഭാഗങ്ങളിൽ കടുംകെട്ടിട്ടു് കൊളുത്തു് പിടിപ്പിച്ചോ വെള്ളിക്കോലിലും തൂക്കാം. ഒരു സാഡിസ്റ്റ്‌ ആയതിനാലാവാം മനുഷ്യരുടെ ആത്മപീഡനം ദൈവത്തിനു് പണ്ടുമുതലേ വളരെ ഇഷ്ടമാണുതാനും! അതിനാൽ ചേളാകത്തിൽ വളച്ചൊടിച്ചുകിടത്തി തൂക്കുന്നതിനേക്കാൾ ശരീരം തുളച്ചു് തൂക്കിയാൽ അനുഗ്രഹം കൂടുകയല്ലാതെ കുറയാൻ വഴിയില്ല. തുലാഭാരത്തിൽ നിന്നും വെള്ളിക്കോൽഭാരത്തിലേക്കുള്ള പരിണാമം ശൂന്യാകാശഗവേഷണത്തിന്റെ യുഗത്തിൽ തീർച്ചയായും ‘ആധുനികം’ ആയിരിക്കും താനും. പറ്റുമെങ്കിൽ ഈ ‘ഗരുഡൻ തൂക്കത്തിനു്’ ഒരാഴ്ച മുൻപുമുതൽ തീറ്റ കൂട്ടുകയും കക്കൂസിൽ പോകാതിരിക്കുകയും ചെയ്യുക. തൂക്കവും അതുവഴി അനുഗ്രഹവും കൂടാൻ അതു് സഹായിക്കും! സർവ്വോപരി, ദൈവത്തെ ശരീരഭാരത്തിനൊത്ത വഴിപാടു് നൽകി പ്രീതിപ്പെടുത്തിയാൽ പർവ്വതം പറിച്ചെടുത്തു് ട്രാൻസ്പോർട്ട്‌ ചെയ്യാൻ വരെ കഴിയുന്ന തന്റെ വാനരസേനയിൽപ്പെട്ട ഏതെങ്കിലും ഒരു കുരങ്ങച്ചനെ മനുഷ്യനെ തലച്ചുമടായി ശൂന്യാകാശത്തിൽ എത്തിക്കാനായി ദൈവം ചുമതലപ്പെടുത്തിക്കൂടെന്നുമില്ല. റോക്കറ്റിനും ഇന്ധനത്തിനുമൊന്നും പത്തുപൈസ ചിലവാക്കാതെ കഴിക്കാം! അതുപോലെ, ദൈവാനുഗ്രഹം ഉണ്ടെകിൽ ഒറ്റമുണ്ടുടും കോണകവുമായി നേരിട്ടു് ശൂന്യാകാശത്തിലേക്കു് പോകാനും കഴിയും. യേശു സ്വർഗ്ഗത്തിലേക്കു് കരേറിയതു് സ്പെയ്സ്‌ സ്യൂട്ടും ഓക്സിജൻ മാസ്കും മാങ്ങാത്തൊലിയുമൊക്കെ ധരിച്ചു് റോക്കറ്റിൽ കയറി ‘റ്റാറ്റാ ബൈ ബൈ’ പറഞ്ഞുകൊണ്ടൊന്നുമായിരുന്നില്ലല്ലോ! അതോ ആയിരുന്നോ?

മലയാളം ബ്ലോഗുകളിലെ തൊണ്ണൂറു് ശതമാനം സൃഷ്ടികളും ഞാൻ മുകളിലെ ഖണ്ഡികകളിൽ പറഞ്ഞ കാര്യങ്ങൾക്കു് തെളിവായി ചൂണ്ടിക്കാണിക്കാവുന്നവയാണു്. വ്യക്തിപൂജയൂടെ, വ്യക്തിഹത്യയുടെ ‘ഠ’ വട്ടത്തിൽ നിന്നും പുറത്തുകടക്കാനാവാതെ ചാണകപ്പുഴുക്കളെപ്പോലെ ഇഴയുന്ന മലയാളിമനസ്സു്! അനുഗ്രഹം ലഭിക്കാനായോ, ‘മോക്ഷം’ ലഭിക്കാനായോ പശുവിന്റെ മുതുകു് ‘തൊട്ടുനക്കുന്നതു്’ മഹത്വം! (എന്റെ ഒറിജിനൽ ഭാഷയിൽ ‘മുതുകു്’ എന്നതിനേക്കാൾ യോജിച്ച വാക്കുകളുണ്ടു്. ഇല്ലാത്തതുകൊണ്ടല്ല!) പക്ഷേ, ‘cattle class’ എന്ന, സാമാന്യബോധമുള്ള മനുഷ്യരുടെ ഇടയിൽ യാതൊരുവിധ ചൊറിച്ചിലും ഉണ്ടാക്കാൻ ഇടയില്ലാത്ത ഒരു പ്രയോഗം വിദ്യാഭ്യാസവും വിവേകവുമുള്ള, അനേകവർഷം ഒരു ഡിപ്ലോമാറ്റ്‌ എന്ന നിലയിൽ വിദേശത്തു് ജീവിച്ച, ലക്ഷക്കണക്കിനു് കേരളീയർ വോട്ടു് നൽകി ജയിപ്പിച്ച ഒരു മന്ത്രി ‘തെറിക്കുത്തരം മുറിപ്പത്തൽ’ എന്ന രൂപത്തിൽ തമാശയായി ഒരു ചോദ്യത്തിനു് മറുപടിയായി നൽകിയാൽ ‘ആർഷഭാരതസംസ്കാരം’ ഇടിഞ്ഞുവീഴും! ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ പുലർക്കാലേ ട്രെയിനിൽ യാത്ര ചെയ്യുന്ന, കണ്ണിനു് കാഴ്ച നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കും റെയിൽ പാളങ്ങളുടെ ഇരുവശങ്ങളിലും തൂറാനായി കുത്തിയിരിക്കുന്ന അനേകം ‘ആർഷഭാരതസന്തതികളെ’ കാണാം. പാപ്പയായാലും പട്ടിയായാലും ഭാരതീയനായാലും തൂറാതെ നിവൃത്തിയില്ല ഭാരതീയ സദാചാരമൂങ്ങകളേ! അതുപോലും നിങ്ങൾക്കു് പറഞ്ഞുതരേണ്ടി വരുന്നതു് കഷ്ടമാണു്. പക്ഷേ, ‘ഒളിച്ചുതൂറാൻ’ വെളിച്ചമുദിക്കുന്നതിനുമുൻപേ റെയിൽപാളങ്ങളുടെ പാർശ്ശ്വങ്ങൾ തേടേണ്ടിവരുന്ന അനേകം ഭാരതീയരേക്കാൾ ‘അന്തസ്സായി’ തൂറാൻ സൗകര്യമുള്ള പട്ടികളും പൂച്ചകളും ജീവിക്കുന്ന അനേകം രാജ്യങ്ങൾ ലോകത്തിലുണ്ടെന്നു് നിങ്ങൾക്കറിയില്ലെങ്കിൽ അതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം, ചായച്ചട്ടിക്കു് അപ്പുറമെത്തുന്നതല്ലല്ലോ നിങ്ങളുടെ നോട്ടം! ‘cattle class’ എന്ന ശശി തരൂറിന്റെ തമാശയെപ്പറ്റി ധാർമ്മികരോഷം കൊള്ളുന്നവർ ആദ്യം ചെയ്യേണ്ടതു് ഓരോ ഭാരതീയനും തിന്നാനുള്ള വകയും പരസ്യമായി open air തൂറൽ നടത്തേണ്ട ഗതികേടു് ഇല്ലാത്ത അവസ്ഥയും ഉണ്ടാക്കിക്കൊടുക്കുകയാണു്. സാമൂഹികജീവിതത്തിൽ പ്രയോറിറ്റി നിശ്ചയിക്കാൻ മനുഷ്യനു് കഴിയണം. വെരുകു് കൂട്ടിനു് അകത്തോ പുറത്തോ എന്നതിനല്ല ഏറ്റവും ഉയർന്ന പ്രയോറിറ്റി നൽകേണ്ടതു് എന്നു് തിരിച്ചറിയാൻ മനുഷ്യൻ ആദ്യം വെരുകിൻ കൂട്ടിന്റെ സങ്കുചിതത്വത്തിൽ നിന്നും പുറത്തുകടക്കണം. കുരങ്ങൻ പർവ്വതം പറിച്ചുകൊണ്ടു് പറന്നു എന്നു് കേൾക്കുമ്പോൾ അർത്ഥഗർഭമായ ഒരു പുഞ്ചിരി മുഖത്തു് വിരിയേണ്ടതിനുപകരം ഭക്തിയുടെ ‘ഗൗരവം’ ശരീരമാസകലം കയറി മൂടുന്നവർക്കു് തമാശ മനസ്സിലാവുന്നതെങ്ങനെ? അതുപോലുള്ളവരുടെ നാടു് നന്നാവുന്നതെങ്ങനെ?

സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന വ്യാവസായികമോ സാംസ്കാരികമോ ആയ ഏതൊരു പദ്ധതിയും മുളയിലേ നുള്ളി നശിപ്പിക്കാൻ മലയാളിക്കു് അന്യരുടെ യാതൊരു സഹായവും ആവശ്യമില്ല. അതിനു് അവൻ തന്നെ ധാരാളം മതി. ഇരിക്കുന്ന കൊമ്പു് മുറിക്കുമ്പോഴും വലിയ വായിൽ ‘ചർച്ച’ നടത്താൻ ഉളുപ്പില്ലാത്ത വിടുവായന്മാർ! ‘പൊലീസിന്റെയോ മറ്റാരുടെയെങ്കിലുമോ ഇടിയും തൊഴിയും കൊണ്ടവൻ’ എന്നതാണു് തങ്ങളെ നയിക്കേണ്ടവന്റെ, തങ്ങളെ ഭരിക്കേണ്ടവന്റെ യോഗ്യതയെന്നു് വിളിച്ചു് പറയുന്ന ഒരു ജനവിഭാഗം കേരളത്തിലല്ലാതെ ലോകത്തിലെ മറ്റേതെങ്കിലുമൊരു സമൂഹത്തിൽ ഉണ്ടാവുമെന്നു് തോന്നുന്നില്ല. ഒരു ഗാന്ധിയുടെയോ നെൽസൺ മണ്ടേലയുടെയോ പശ്ചാത്തലവും ചരിത്രവും മറ്റൊന്നാണു്. അറുപത്തിരണ്ടു് വർഷങ്ങളായി ഒരു സ്വതന്ത്രസമൂഹത്തിൽ ജീവിക്കുന്ന ഒരു ജനവിഭാഗത്തിനു് ഇന്നും എങ്ങനെ ആത്മാവിന്റെ അഗാധതയിൽ അടിമത്വം ഒരു വിശുദ്ധവികാരം എന്നപോലെ കാത്തുസൂക്ഷിക്കുവാൻ ആകുന്നു എന്നെനിക്കു് മനസ്സിലാവുന്നില്ല. ഏതു് സമൂഹത്തിലും പ്രശ്നങ്ങളുണ്ടു്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ആഗ്രഹിക്കുന്നവയാണു്. പക്ഷേ സ്വാതന്ത്ര്യലബ്ധിക്കു് ശേഷവും വലിച്ചെറിയേണ്ടതിനുപകരം ഒരു പൈതൃകസ്വത്തെന്നപോലെ ആവേശപൂർവ്വം കെട്ടിപ്പുണർന്നു് ആരാധിക്കപ്പെടാൻ പോന്ന ആകർഷണീയത ഭാരതീയന്റെ ഈ അടിമത്വമനോഭാവത്തിനു് എങ്ങനെ ലഭിക്കുന്നു? തൊപ്പിയും തലപ്പാവുമുള്ള ആരുടെ മുന്നിലും സന്തോഷത്തോടെ കീഴ്പ്പെടാനുള്ള, മുട്ടുകുത്താനുള്ള, പൂഴിയിൽ ഉരുളാനുള്ള, തെരുവുനായെപ്പോലെ ഏതവസരത്തിലും യാതൊരെതിർപ്പും പ്രകടിപ്പിക്കാതെ വാലുമടക്കി കൗപീനമാക്കാനുള്ള ഒരു സമൂഹത്തിന്റെ അടങ്ങാത്ത ഈ അഭിനിവേശം?

ഞാൻ എഴുതുന്ന ലേഖനങ്ങളിലെ ഹാരിസ്‌ സൂചിപ്പിച്ച സങ്കീർണ്ണതയെപ്പറ്റി:

സ്വഭാവത്തിൽത്തന്നെ സങ്കീർണ്ണമായ ശാസ്ത്രസത്യങ്ങൾ അവ ആയിരിക്കുന്നതുപോലെ എഴുതിയാൽ ശാസ്ത്രവുമായി ബന്ധമില്ലാത്തവർക്കു് അവ മനസ്സിലാക്കുക സാദ്ധ്യമല്ല എന്നതു് ഒരു വസ്തുതയാണു്. ശാസ്ത്രത്തിൽ സാധാരണമായ ചിഹ്നങ്ങൾ (scientific and mathematical notations) അറിയാത്തവർക്കു് അതുപോലൊരു ലേഖനം വായിക്കാൻ പോലും കഴിഞ്ഞെന്നു് വരില്ല. അത്തരം സങ്കീർണ്ണതകളെ പരമാവധി ലഘൂകരിച്ചാലും അതു് എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. അതു് മനസ്സിലാക്കാൻ അവർക്കു് ആഗ്രഹമുണ്ടെങ്കിൽ പോലും ശാസ്ത്രയാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ആവശ്യമായ ചില അടിസ്ഥാന നിബന്ധനകൾ നിറവേറ്റപ്പെട്ടിട്ടില്ലെങ്കിൽ വേണ്ടവിധത്തിലുള്ള മനസ്സിലാക്കൽ സാദ്ധ്യമാവുകയില്ല. അതു് ശാസ്ത്രം എന്ന പ്രതിഭാസത്തിന്റെ സ്വഭാവത്തിൽ അന്തർലീനമായ കാര്യമാണു്. ബ്ലോഗിലെ സങ്കീർണ്ണമെന്നു് പലരും പരാതിപ്പെടുന്ന പല ശാസ്ത്രീയലേഖനങ്ങളും പലമടങ്ങു് ലഘൂകരിച്ചു് എഴുതപ്പെടുന്നവയാണു്. ചുരുങ്ങിയതു്, ഞാൻ എഴുതുന്ന ലേഖനങ്ങളെയും, ഞാൻ സാധാരണ വായിക്കാറുള്ള മറ്റുള്ളവരുടെ ലേഖനങ്ങളെയും സംബന്ധിച്ചെങ്കിലും അതൊരു യാഥാർത്ഥ്യമാണു്. ഞാൻ എഴുതുന്നതു് മറ്റുള്ളവർക്കു് മനസ്സിലാവരുതു് എന്നായിരുന്നു എന്റെ ലക്ഷ്യമെങ്കിൽ വെറുതെ ബ്ലോഗെഴുതി സമയം നഷ്ടപ്പെടുത്താതിരിക്കുന്നതല്ലേ അതിനെക്കാൾ എത്രയോ എളുപ്പമായ കാര്യം? ഒരളവിൽ കൂടുതൽ ലളിതമാക്കാവുന്നതല്ല ശാസ്ത്രം. എല്ലാറ്റിലുമുപരി, ആധുനികസാഹിത്യത്തെ മനസ്സിലാക്കുന്നതും ശാസ്ത്രസത്യങ്ങളെ മനസ്സിലാക്കുന്നതും പരസ്പരം താരതമ്യം ചെയ്യാവുന്ന കാര്യങ്ങളേ അല്ല. ആദ്യത്തേതു് ഭാവനയുടെ ലോകമാണെങ്കിൽ രണ്ടാമത്തേതു് ലോജിക്കിന്റേയും റിയാലിറ്റിയുടെയും ലോകമാണു്. ഒന്നു് പരിധികളില്ലാത്ത സാങ്കൽപികതയുടെ ലോകമാണെങ്കിൽ മറ്റേതു് കൃത്യമായി നിർവചിക്കപ്പെടുന്ന, യുക്തിയിൽ അധിഷ്ഠിതമായ പ്രായോഗികതയുടെ ലോകമാണു്. ഒരു ശാസ്ത്രലേഖനത്തെ പലർ പല അർത്ഥങ്ങളിൽ വായിക്കുക എന്നതു് അസാദ്ധ്യമാണു് – വായിക്കുന്നവനു് ശാസ്ത്രത്തെസംബന്ധിച്ചു് സാമാന്യമായ ബോധമെങ്കിലുമുണ്ടെങ്കിൽ. ശാസ്ത്രത്തിനു് ആർക്കും പരിശോധിക്കാവുന്ന ഒരടിത്തറയുണ്ടു്. ശാസ്ത്രത്തിൽ ഒരു വാക്കിനു് വ്യക്തമായി നിർവചിക്കപ്പെടുന്ന ഒരർത്ഥമുണ്ടു്. അവിടെ ‘വെരുകു്’ വെരുകാണു്, പെരുമ്പാമ്പല്ല. ‘ആന’ ആനയാണു്, കുഴിയാനയല്ല. സാഹിത്യത്തിന്റെ കാര്യം അങ്ങനെയല്ല. ഒരു സാഹിത്യകാരന്റെ ഭാവനയുടെയും സങ്കൽപത്തിന്റേയും ലോകം മറ്റൊരാൾക്കും പൂർണ്ണമായ പ്രവേശനം അനുവദിക്കുന്നില്ല. പ്രത്യേകിച്ചും ഭാവനാലോകത്തിന്റെ വർണ്ണന മനഃപൂർവ്വം സങ്കീർണ്ണമാക്കപ്പെടുമ്പോൾ. ഇതു് പറയുന്നതു് സാഹിത്യകാരൻ എന്തെഴുതണം എന്നതിനു് പെരുമാറ്റച്ചട്ടങ്ങൾ വേണം എന്ന അർത്ഥത്തിലോ, അവൻ മറ്റാരുടെയെങ്കിലും ആജ്ഞാനുവർത്തിയാവണം എന്ന അർത്ഥത്തിലോ അല്ല. സമൂഹവുമായി ഒരു സംവേദനത്തിനു് തുനിയുന്ന എഴുത്തുകാരന്റെ സ്വന്തം താത്പര്യമായിരിക്കണം താൻ പറയുന്നതു്, താൻ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ, ആ സമൂഹത്തിനു് മനസ്സിലാവുന്നുണ്ടെന്നു് ഉറപ്പുവരുത്തുക എന്നതു്. ഉദ്ദേശിക്കുന്ന ആശയം മനസ്സിലാക്കപ്പെടാത്ത രീതിയിൽ നടത്തപ്പെടുന്ന ഒരു സംഭാഷണം ഭ്രാന്തജൽപനങ്ങൾക്കു് തുല്യമാണെന്നെങ്കിലും ചിന്താശേഷിയുള്ള ഒരെഴുത്തുകാരൻ അറിഞ്ഞിരിക്കണമെന്നാണെന്റെ അഭിപ്രായം. ആരോടെന്നില്ലാതെ എന്തെങ്കിലും വിളിച്ചുപറയുന്നതാണു് തന്റെ ശൈലി എന്നു് അവകാശപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഞാനാരുമല്ല. എന്താണു് പറയുന്നതെന്നോ, ആരോടാണു് പറയുന്നതെന്നോ, പറയുന്നതു് അവൻ കേൾക്കുന്നുണ്ടോ എന്നോ, കേൾക്കുന്നതു് മനസ്സിലാക്കപ്പെടുന്നുണ്ടോ എന്നോ ഉറപ്പില്ലാത്ത ‘ഡയലോഗുകളോടു്’ താരതമ്യം ചെയ്യാവുന്ന മറ്റൊന്നുണ്ടു്: ഉണ്ടോ ഇല്ലയോ എന്നു് തെളിയിക്കാനാവാത്ത ഒരു ദൈവം ഉണ്ടെന്നു് വിശ്വസിച്ചു് ഒരു വിശ്വാസി നടത്തുന്ന പ്രാർത്ഥനകൾ! അഥവാ, ഒരു ഡയലോഗ്‌ എന്നതിനേക്കാൾ ഒരു മോണൊലോഗ്‌ എന്ന പേരു് കൂടുതൽ അനുയോജ്യമായ വിശ്വാസിയുടെ ഒരു ദിവസത്തിൽ പലവട്ടം ആവർത്തിക്കപ്പെടുന്ന ആത്മഗതങ്ങൾ! അതായിരിക്കണമോ ഒരു സാഹിത്യസൃഷ്ടി? തീരുമാനിക്കേണ്ടതു് സാഹിത്യസ്രഷ്ടാവാണു്. ചിത്രകല, ശിൽപകല എന്നിവ ആസ്വദിക്കപ്പെടുന്നപോലെയുള്ള ഒരു ആസാദ്വനമാണോ ഒരു സാഹിത്യസൃഷ്ടിയിൽ നിന്നും അനുവാചകനു് ലഭിക്കേണ്ടതു് എന്ന കാര്യത്തിലും ചില ചോദ്യചിഹ്നങ്ങൾ മറുപടിയില്ലാതെ നിൽക്കുന്നുണ്ടു്.

ശാസ്ത്രത്തേയും സാഹിത്യത്തേയും തമ്മിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നതുപോലെതന്നെ അബദ്ധം എന്നു് വിളിക്കാവുന്ന മറ്റൊരു ശ്രമമാണു് ശാസ്ത്രം ഉപയോഗിച്ചു് ദൈവാസ്തിത്വം തെളിയിക്കാമെന്നു് വ്യാമോഹിക്കുന്നവർ നടത്തുന്നതും. കാരണം, ഇവ രണ്ടും തമ്മിലും യാതൊരുവിധ ബന്ധവുമില്ല. എന്നാളും അങ്ങനെ ആയിരിക്കുകയും ചെയ്യും. ശാസ്ത്രത്തിൽ പൂർണ്ണതക്കും ആത്യന്തികസത്യത്തിനുമൊന്നും ഒരർത്ഥവുമില്ല. ഭാവനയിൽ, സങ്കൽപത്തിൽ, വിശ്വാസത്തിൽ, മതങ്ങളിൽ എല്ലാം വാക്കുകൾ വ്യാഖ്യാനിക്കപ്പെടുക മാത്രമാണു് ചെയ്യുന്നതു്. വാക്കുകൾ മനുഷ്യനുണ്ടായി വളരെ നാളുകൾക്കു് ശേഷം മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടവയാണു്. അവയുപയോഗിച്ചു് ‘ആത്യന്തികസത്യം’ തെളിയിക്കാൻ ശ്രമിക്കുന്നതു് നിരർത്ഥകമാണെന്നു് പ്രത്യേകം പറയണോ?

ആധുനികസാഹിത്യം ഉള്ളടക്കത്തിന്റെ കാഠിന്യം മൂലമോ, വാചകഘടനയുടെ സങ്കീർണ്ണത മൂലമോ മനസ്സിലാക്കാൻ പ്രയാസമുള്ളതായിക്കൂടെന്നില്ല. അതുകൊണ്ടു് മനസ്സിലാവാത്ത രചനകൾ എല്ലാം ആധുനികസാഹിത്യം ആണെന്ന ധാരണ എഴുത്തുകാരനോ അവന്റെ ‘ക്ലബ്ബിലെ’ അംഗങ്ങളോ വച്ചുപുലർത്തുന്നുവെങ്കിൽ അതു് അവരുടെ സ്വാതന്ത്ര്യം എന്നു് അവഗണിക്കുകയേ നിവൃത്തിയുള്ളു. ഒരിക്കലും പാടിത്തീർക്കാനാവാത്ത ഒരു കവിതയുണ്ടു്, ഒരുനാളും പറഞ്ഞുതീർക്കാനാവാത്ത ഒരു കഥയുണ്ടു്, ആർക്കും എഴുതിത്തീർക്കാനാവാത്ത ഒരു റാപ്സഡിയുണ്ടു് – അതാണു് ജീവിതം! ലോകത്തിലെ മുഴുവൻ ഇന്ദ്രിയങ്ങൾക്കും ഒരിക്കലും പൂർണ്ണമായി ഉൾക്കൊള്ളാനാവാത്ത, അങ്ങേയറ്റം സർഗ്ഗശേഷിയുള്ള ഒരു സാഹിത്യസ്രഷ്ടാവിനുപോലും അവനു് ഉൾക്കൊള്ളാൻ കഴിയുന്നതിലെ നേരിയ ഒരംശമെങ്കിലും കുറ്റവും കുറവും കലർപ്പുമില്ലാതെ മറ്റാർക്കും പകർന്നുനൽകാനാവാത്ത ജീവിതം എന്ന പ്രഹേളിക! വ്യക്തിയും സമൂഹവും തമ്മിലുള്ള പരസ്പരപ്രവർത്തനത്തിന്റെ ആകെത്തുക. സാഹിത്യകാരനു് അവന്റെ ജീവിതാനുഭവങ്ങളും ഭാവനകളും സങ്കൽപങ്ങളും സ്വപ്നങ്ങളും പകർന്നുനൽകാൻ ആകെയുള്ള പണിയായുധം എണ്ണത്തിൽ പരിമിതമായ, മനുഷ്യന്റെ തന്നെ സൃഷ്ടിയായ ഏതാനും വാക്കുകൾ മാത്രമാണു്. അവയുടെ സമ്മിശ്രണം എത്ര ‘എണ്ണമറ്റതായാലും’ ജീവിതം എന്ന സങ്കീർണ്ണതയെ വർണ്ണിക്കാൻ അവ പര്യാപ്തമല്ല എന്നതൊരു സത്യമാണു്. ജീവിതം എന്ന വറ്റാത്ത ഉറവയിൽ നിന്നും നേരിട്ടു് ദാഹജലം കോരിയെടുക്കാൻ ഒരുവനു് കഴിയുമെങ്കിൽ അതിൽ കവിഞ്ഞ ഒരു ആസ്വാദനവുമില്ല. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുന്നവനേയും ആഴങ്ങളിൽ നിന്നു് കോരുന്നവനേയും തമ്മിൽ പൊതുജനം തിരിച്ചറിയുന്നില്ല – നീറ്റ്‌സ്‌ഷെ. പ്രപഞ്ചത്തിന്റെ ആഴങ്ങളിലെവിടെയോ, സമയത്തിന്റെ വിദൂരതകളിലെവിടെയോ ആരംഭിച്ചു് മനുഷ്യനു് നേരിട്ടു് അനുഭവവേദ്യമല്ലാതെ രാപകലില്ലാതെ പ്രപഞ്ചം മുഴുവൻ അലയടിച്ചുകൊണ്ടിരിക്കുന്ന ആദിസ്ഫോടനത്തിന്റെ അവശിഷ്ടതരംഗങ്ങൾ! ഏതു് സാഹിത്യകാരനാണു് അതു് വർണ്ണിക്കാനാവുക? രാത്രിയുടെ നിശബ്ദതയിൽ അനന്തമെന്നോണം കർണ്ണപുടങ്ങളെ തേടിയെത്തുന്ന എത്രയോ ചെറുജീവികളുടെ ഗാനാലാപങ്ങൾ! ഒരു സിംഫണി ഓർക്കെസ്റ്റ്രക്കും അതേപടി പകർത്താനാവാത്ത പ്രപഞ്ചകാവ്യശിൽപങ്ങൾ! ആകാശനീലിമയിൽ ഒരിക്കലും ആവർത്തിക്കപ്പെടാതെ അനന്തമെന്നോണം രൂപമെടുത്തു് മറയുന്ന എത്രയോ അത്ഭുത വർണ്ണചിത്രങ്ങൾ! എത്ര ചിത്രകാരന്മാർ ചേർന്നാലാണു് അവയെ മുഴുവൻ മാറ്റമൊന്നുമില്ലാതെ വരയ്ക്കാനാവുക? അതുപോലെതന്നെ, അവനവനിൽ, അന്യരിൽ, പ്രകൃതിയിൽ എല്ലാം വർണ്ണനാതീതമായ എത്രയെത്ര കഥകൾ, കാവ്യങ്ങൾ, ചിത്രങ്ങൾ! ചുരുക്കം ചിലർ വ്യത്യസ്തവും ഭാഗികവുമായി മാത്രം അനുഭവിക്കുകയോ, മറ്റു് ചിലരുടെ അനുഭവലോകത്തിനു് എന്നാളും അന്യമായിരിക്കുകയോ ചെയ്യുന്ന പ്രപഞ്ചത്തിലെ എണ്ണമറ്റ പ്രതിഭാസങ്ങൾ!

മനസ്സിലാവുന്നതോ അല്ലാത്തതോ, ആധുനികമോ അല്ലാത്തതോ ആയ സാഹിത്യസൃഷ്ടികൾ നടത്താൻ സാഹിത്യസ്രഷ്ടാവിനു് സ്വാതന്ത്ര്യമുള്ളതുപോലെ അവ വായിക്കാനോ വായിക്കാതിരിക്കാനോ, അഭിപ്രായം പറയാനോ പറയാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വായനക്കാരനുമുണ്ടു്. മുകളിൽ സൂചിപ്പിച്ചപോലെ, വിഷയത്തെ പഠിക്കുകയും അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനേക്കാൾ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങി വ്യക്തിയെ ആക്രമിക്കുകയും ചെളിവാരി എറിയുകയും ചെയ്യാൻ തത്രപ്പെടുന്ന മലയാളിമനസ്സിന്റെ വൈകല്യമാണു് പലപ്പോഴും ഇത്തരം വിഷയങ്ങളിലെ ചർച്ചകളെ അസഭ്യവർഷത്തിലേക്കു് നയിക്കുന്നതു്. ഇതു് കേരളീയ സമൂഹത്തിലെ എല്ലാ മേഖലകളിലും കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണു്. മലയാളക്കരയിൽ വ്യക്തിക്കു് സ്വന്തമായി അഭിപ്രായമില്ല. വ്യക്തിയുടെ അഭിപ്രായം അവൻ ഉൾക്കൊള്ളുന്ന ചെറുതോ വലുതോ ആയ ലായത്തിന്റെ അഭിപ്രായമാണു്. ലായത്തിന്റെ അഭിപ്രായം എന്നതു് കാലങ്ങൾക്കു് മുൻപേ ഏതോ വിശ്വാസപ്രമാണങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ മൂശയിൽ ഉരുക്കിയൊഴിച്ചു്, വാർത്തെടുത്തു്, തൊടാനോ ചോദ്യം ചെയ്യപ്പെടാനോ പാടില്ലാത്തതെന്നു് വിശുദ്ധീകരിക്കപ്പെട്ടു് പട്ടുവസ്ത്രങ്ങളിൽ പൊതിഞ്ഞു് മനുഷ്യമനസ്സുകളിൽ കുടിയിരുത്തപ്പെടുന്ന വിഗ്രഹങ്ങളും! ലായത്തിന്റെ അഭിപ്രായത്തോടു് ഇഴുകിച്ചേർന്നു് കഴിയുമ്പോൾ അനാവശ്യമായിത്തീരുന്ന സ്വതന്ത്രചിന്ത ഉപയോഗശൂന്യതമൂലം ‘മണ്ഡരി’ ബാധിച്ചു് മുരടിച്ചു് വളർച്ച നശിക്കുന്നു. അങ്ങനെ, സ്വന്തം മൂഢസ്വർഗ്ഗത്തിൽ, സ്വന്തം നിലപാടുകളുടെ ആത്യന്തികതയുടെ ഉറപ്പിൽ, അവയുടെ മൂല്യത്തിന്റെ സംശയരഹിതമായ ‘ഉത്തമബോദ്ധ്യത്തിൽ’ സ്വയം അടച്ചിട്ടു്, യുക്തിസഹമായ എതിരഭിപ്രായങ്ങളെപ്പോലും ‘കാറ്റഗോറിക്കലി’ നിഷേധിച്ചു് അവയുടെ നേരെ കൊഞ്ഞനം കുത്തുന്ന ‘സർവ്വജ്ഞാനിയായ’ മലയാളി! വാഴ്ക, വാഴ്ക, നീണാൾ വാഴ്ക!!

 

Tags: ,