RSS

Daily Archives: Oct 13, 2009

കൃത്രിമബുദ്ധിയും തലച്ചോറും

മനുഷ്യനു് അപ്രാപ്യമോ അസാദ്ധ്യമോ ആയ പല തൊഴിലുകളും ഏറ്റെടുക്കാനാവും എന്നതാണു് റോബോട്ടുകളെ ശ്രദ്ധാർഹമാക്കുന്നതു്. ശൂന്യാകാശഗവേഷണങ്ങളിൽ, സമുദ്രാന്തർഭാഗപരീക്ഷണങ്ങളിൽ, ജീവാപായസാദ്ധ്യതയുള്ള തൊഴിലുകളിൽ, അപകടകരമായ ശാസ്ത്രീയ പഠനങ്ങളിൽ, വൃദ്ധജനസംരക്ഷണത്തിൽ എല്ലാം റോബോട്ടുകൾക്കു് വിലപ്പെട്ട പങ്കു് വഹിക്കാനാവും. റോബോട്ടുകൾ, അഥവാ, അവയിലെ കൃത്രിമബുദ്ധി നിരന്തരം കൈവരിക്കുന്ന അസൂയാവഹമായ പുരോഗതി ഭാവിയിൽ അവ മനുഷ്യനെത്തന്നെ ഈ ഭൂമിയിൽ അധികപ്പറ്റാക്കുമോ എന്ന ചോദ്യത്തിലേക്കു് ചിലരെയെങ്കിലും നയിച്ചുകൊണ്ടിരിക്കുന്നു. സ്വയം പെരുകാൻ കഴിയുന്ന അവസ്ഥയിലേക്കു് റോബോട്ടുകൾ വളരുന്ന ഭാവിയെപ്പറ്റി വരെ ചിന്തിക്കുന്നവരുണ്ടു്. സയൻസ്‌ ഫിക്ഷൻ സിനിമകളും നോവലുകളും അവരുടെ പേടിസ്വപ്നങ്ങൾക്കു് മതിയായ ആഹാരം നൽകുന്നു. മനുഷ്യന്റെതന്നെ തലച്ചോറിന്റെ സൃഷ്ടിയായ റോബോട്ടുകൾ ഇന്നു് പല പ്രവർത്തനമേഖലകളിലും കൃത്യതയുടെയും വേഗതയുടെയും കാര്യത്തിൽ മനുഷ്യനെ എത്രയോ മടങ്ങു് പിന്നിലാക്കിക്കഴിഞ്ഞു എന്നതൊരു സത്യമാണു്. ഓട്ടോമൊബിൽ നിർമ്മാണത്തിലും, എലക്ട്രിക്കൽ എഞ്ചിനിയറിംഗിലും മറ്റു് പല വ്യാവസായിക മേഖലകളിലും ഈ വിജയം ദർശ്ശിക്കാൻ കഴിയും. ചെസ്സ്‌ കളിയിൽ 1997-ൽ ലോകചാമ്പ്യൻ ഗാറി കസ്പാറോവ്‌ ‘ഡീപ്‌ ബ്ലൂ’ എന്ന കമ്പ്യൂട്ടറിനോടും, 2006-ൽ ലോകചാമ്പ്യൻ വ്ലാഡിമിയർ ക്രമ്നിക്ക്‌ ‘ഡീപ്‌ ഫ്രിറ്റ്‌സ്‌’ എന്ന കമ്പ്യൂട്ടറിനോടും മത്സരിച്ചു് പരാജയപ്പെട്ട കഥ നമ്മിൽ ചിലർക്കെങ്കിലും അറിയാം. എങ്കിൽത്തന്നെയും, മനുഷ്യന്റെ തലച്ചോറിന്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിയുന്നതിൽ നിന്നും റോബോട്ടുകൾ വളരെ ദൂരെയാണെന്നതു് ഒരു യാഥാർത്ഥ്യമാണു്. ഇൻഡസ്ട്രിയിലും ചെസ്‌ കളിയിലും ഒക്കെ ഉപയോഗിക്കുന്ന റോബോട്ടുകളെ (കമ്പ്യൂട്ടറുകളെ) വിജയത്തിലേക്കു് എത്തിക്കുന്നതു് ഇപ്പോഴും അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യബുദ്ധി തന്നെയാണു്. മനുഷ്യനു് കഴിയുന്നതു് അനേകമടങ്ങു് വേഗതയിൽ കഴിയുമെന്നതു് അവയെ ‘അമാനുഷികം’ ആക്കുന്നു എന്നുമാത്രം. കമ്പ്യൂട്ടറുകളുടെ മനുഷ്യരുടെ മേലുള്ള വിജയം സാദ്ധ്യമാക്കുന്ന മറ്റൊരു ഘടകം അവ ഏതു് പ്രവർത്തനമേഖലയിൽ ഉപയോഗിക്കപ്പെടുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. വ്യക്തമായി നിർവചിക്കപ്പെടാവുന്ന, അഥവാ, ഗണിതശാസ്ത്രപരമായ നിശ്ചിതപരിധികൾക്കുള്ളിൽ നിന്നുകൊണ്ടു് മാത്രം ‘തീരുമാനങ്ങൾ’ എടുക്കുകയും അവയെ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതായിട്ടുള്ള സാഹചര്യങ്ങളിൽ മനുഷ്യനു് കമ്പ്യൂട്ടറിനെ – ചുരുങ്ങിയപക്ഷം വേഗതയുടെയും കൃത്യതയുടെയു കാര്യത്തിലെങ്കിലും – തോൽപ്പിക്കാനാവില്ല. ഇന്നു് മിക്കവാറും പൂർണ്ണമായി റോബോട്ടുകളാൽ നിർവഹിക്കപ്പെടുന്ന കമ്പ്യൂട്ടർ നിർമ്മാണവും വാഹനനിർമ്മാണവുമെല്ലാം അത്തരം മേഖലകളാണു്. അതേസമയം, ഗണിതശാസ്ത്രപരമായി അനന്തമായ സാദ്ധ്യതകൾ ഉണ്ടാകാവുന്ന സന്ദർഭങ്ങളിൽ (ഉദാ. ഫുട്ബോൾ കളി) വ്യക്തമായ ഒരു ആൾഗൊരിഥം കണ്ടെത്തുക എളുപ്പമല്ല. അതായതു്, ആദ്യവിഭാഗത്തിന്റെ കാര്യത്തിൽ ഉദാഹരണത്തിനു്, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗിൽ പരിഗണിക്കപ്പെടേണ്ട സാദ്ധ്യതകളുടെ എണ്ണം നിശ്ചിതമായിരിക്കുമ്പോൾ, രണ്ടാമത്തെ വിഭാഗത്തിൽ അനന്തമായ സാദ്ധ്യതകളാണു് പരിഗണിക്കപ്പെടേണ്ടതായി വരുന്നതു്. അതിനാൽ, അതുപോലുള്ള അവ്യക്തമായ സാഹചര്യങ്ങളിൽ റോബോട്ടുകൾ ഇന്നത്തെ അവസ്ഥയിൽ അവയുടെ പരിധിയെ നേരിടേണ്ടിവരുന്നു. അതുകൊണ്ടു്, റോബോട്ടുകൾക്കു് ഭാവിയിൽ ഒരിക്കലും ഫുട്ബോൾ കളിയിലോ സമാനമായ മറ്റു് മേഖലകളിലോ മനുഷ്യർക്കെതിരായി അണിനിരക്കാനോ അവരെ തോൽപിക്കാനോ സാദ്ധ്യമാവില്ല എന്നർത്ഥവുമില്ല. അസാദ്ധ്യം എന്നു് കരുതിയ പലതും സാദ്ധ്യമായി മാറിയ ഭൂതകാല അനുഭവങ്ങൾ അതാണു് വെളിപ്പെടുത്തുന്നതു്. മനുഷ്യന്റെ തലച്ചോറിന്റെ സങ്കീർണ്ണത കൈവരിക്കാൻ ഒരുപക്ഷേ ആയില്ലെങ്കിലും, റോബോട്ടുകൾ സ്വയം പ്രേരിതമായി ഒരു പരിണാമത്തിനു്, ഒരു ‘സ്വയം പെരുകലിനു്’ വേണ്ട കഴിവു് നേടിയേക്കാവുന്ന ഒരു വിദൂരഭാവികാലം പൂർണ്ണമായി തള്ളിക്കളയാൻ ആവില്ല.

ചുറ്റുപാടുകളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു്, മ്യൂട്ടേഷന്റേയും സെലക്ഷന്റെയും അടിസ്ഥാനത്തിൽ ജീവജാലങ്ങളിൽ പരിണാമം സംഭവിക്കുന്നു എന്ന കണ്ടെത്തലിലൂടെ ചാൾസ്‌ ഡാർവിൻ യഥാർത്ഥത്തിൽ ന്യൂട്ടണും ഐൻസ്റ്റൈനും നടത്തിയ കണ്ടുപിടുത്തങ്ങളോടു് കിടപിടിക്കാനാവുന്ന ഒരു പ്രകൃതിനിയമം വെളിപ്പെടുത്തുകയായിരുന്നു. മ്യൂട്ടേഷനും സെലക്ഷനും പക്ഷികൾക്കോ, കുരങ്ങുകൾക്കോ, മറ്റു് ജീവജാലങ്ങൾക്കോ പരിസ്ഥിതിയുടെ സ്വാധീനം മൂലം സംഭവിക്കുന്ന പരിണാമത്തിൽ മാത്രം ഒതുക്കി നിർത്താവുന്ന സിദ്ധാന്തങ്ങളല്ല. പ്രകൃതിയിൽ നിലവിലിരിക്കുന്ന മ്യൂട്ടേഷനുകളിൽ നിന്നും അനുയോജ്യമായതു് തിരഞ്ഞെടുക്കുകയാണു് ‘സെലക്ഷൻ’ ചെയ്യുന്നതു്. അതേസമയം, പ്രകൃതിയിൽ മ്യൂട്ടേഷൻ സംഭവിക്കുന്നതു് യാദൃച്ഛികമായും നിരങ്കുശമായും ലക്ഷ്യബോധമില്ലാതെയും ആണു്. സ്വയംസംഘടന (self organisation) എന്ന ഒരു പ്രധാന പ്രകൃതിനിയമം അതിനു് പിന്നിൽ നമുക്കു് കാണാനാവും. അനുകൂലസാഹചര്യങ്ങളിൽ നിശ്ചിത മൂലകങ്ങളുടെ സംയോജനഫലമായി നിശ്ചിതമായ സംയുക്തങ്ങളും അവയിൽ നിന്നും കൂടുതൽ കൂടുതൽ സങ്കീർണ്ണമായ മറ്റു് പദാർത്ഥങ്ങളും രൂപമെടുക്കുന്നതും, സങ്കീർണ്ണമായവ വിഘടിക്കുന്നതും നമുക്കറിവുള്ള കാര്യമാണു്. അതുപോലെതന്നെ, യാതൊരു ‘ബുദ്ധിയും’ അവകാശപ്പെടാനാവാത്ത, രാസപരമായ വ്യവസ്ഥകളുടെ യാദൃച്ഛികമായ വിതരണത്തിൽ നിന്നും സ്വയംസംഘടന വഴി പുതിയ ഘടനകൾ രൂപമെടുക്കുമെന്നും നമുക്കറിയാം. അതുതന്നെയാണു് ഡാർവിന്റെ ഇവൊല്യൂഷനിൽ അടങ്ങിയിരിക്കുന്ന മൗലികമായ ചിന്തയും. മനുഷ്യൻ എന്നൊരു അന്തിമജീവി പുറത്തുവരുന്നതിനായി പ്രപഞ്ചനിർമ്മാതാവായ ഏതെങ്കിലുമൊരു മൂത്താശാരിയോ, അല്ലെങ്കിൽ ഒരു പ്ലാനിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലുമൊരു ഇന്റലിജെന്റ്‌ ഡിസൈനറോ ലക്ഷ്യബോധത്തോടെ പ്രപഞ്ചാരംഭം മുതലേ പ്രവർത്തിക്കുകയായിരുന്നില്ല എന്നു് സാരം. കോടാനുകോടി വർഷങ്ങളിലൂടെ കേവലമായ മൂലകങ്ങളിൽ നിന്നും സംയുക്തങ്ങളിലേക്കും, അവിടെനിന്നും ആദ്യം സമുദ്രത്തിലെ ഏകകോശജീവികളിലേക്കും പിന്നീടു് ബഹുകോശജീവികളിലേക്കും, കാലാന്തരത്തിൽ സമുദ്രത്തിൽ നിന്നും കരയിലേക്കുള്ള ജീവന്റെ വ്യാപിക്കലിലേക്കും, തുടർന്നു് മനുഷ്യനിലേക്കും അവന്റെ അതിസങ്കീർണ്ണമായ തലച്ചോറിലേക്കും, അതുവഴി ബുദ്ധിയിലേക്കും സംഭവിച്ച പരിണാമം ഏതെങ്കിലും ഒരു ദൈവമോ പിശാചോ ആലോചിച്ചെടുത്ത ഒരു പ്ലാനിന്റെയോ പദ്ധതിയുടെയോ ഭാഗമായിരുന്നില്ല. പ്രകൃതിക്കതീതമായ ഒരു ശക്തിയും അതുപോലൊരു പരിണാമത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടില്ല, പ്രവർത്തിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണു് കൃത്രിമബുദ്ധിയുടെ ഭാവിയിലെ സ്വയം പ്രേരിതപരിണാമം എന്ന സാദ്ധ്യത പൂർണ്ണമായി തള്ളിക്കളയാൻ ആവാത്തതും.

സ്വന്തവലിപ്പവുമായി തട്ടിച്ചു് നോക്കുമ്പോൾ ഭീമാകാരവും ഭംഗിയുടെ കാര്യത്തിൽ ആരെയും അതിശയിപ്പിക്കുന്നവയുമായ ചിതൽപ്പുറ്റുകൾ പണിതീർക്കുന്ന ചിതലുകളിൽ ഓരോന്നിന്റെയും തലയിൽ അത്തരം ഒരു നിർമ്മാണപ്രവൃത്തിക്കു് വേണ്ട ബുദ്ധിയോ പ്ലാനോ ഇല്ല. അവയോടു് എപ്പോൾ എന്തു് ചെയ്യണം എന്നു് കൽപിക്കുന്ന ഒരു രാജാവോ നേതാവോ അവയ്ക്കില്ല. എന്നിട്ടും അതുപോലൊരു നിർമ്മിതിക്കു് അവയെ പ്രാപ്തരാക്കുന്നതിന്റെ പിന്നിലെ രഹസ്യം അവ ഇവൊല്യൂഷൻ വഴി സ്വായത്തമാക്കിയ ഒരു ആൾഗൊരിഥത്തിന്റെ അടിസ്ഥാനത്തിലെ സെൽഫ്‌ ഓർഗ്ഗനൈസേഷൻ എന്ന പ്രതിഭാസമാണു്. ഓരോ ചിതലുകളും തമ്മിൽത്തമ്മിലുള്ള ബയോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾ വഴി ‘ചിതൽസമൂഹം’ എന്നൊരു സൂപ്പർ ഓർഗ്ഗനിസവും അതിന്റേതായ ഒരു ‘പൊതുബുദ്ധിയും’ രൂപമെടുക്കുന്നു. ഇത്തരത്തിലുള്ള സെൽഫ്‌ ഓർഗ്ഗനൈസേഷൻ സാദ്ധ്യമാവണമെങ്കിൽ ആ സംരംഭത്തിലെ പങ്കാളികളുടെ അംഗസംഖ്യ വലുതായിരിക്കണം. ഏതാനും ചിതലുകൾക്കു് മാത്രം സാധിക്കുന്ന ഒരു കാര്യമല്ല അതെന്നു് ചുരുക്കം. തത്വത്തിൽ നമ്മുടെ തലച്ചോറും ഇതിൽ നിന്നും വിഭിന്നമല്ല. തലച്ചോറിലെ ഒരു ന്യൂറോണിനു് ഒറ്റയായെടുത്താൽ അനുഭവിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവില്ല. എങ്കിലും, എത്രയോ ന്യൂറോണുകൾ തമ്മിൽത്തമ്മിൽ സംഭവിക്കുന്ന ന്യൂറോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾ വഴി ബുദ്ധിയും ബോധവും വികാരവും വിചാരവുമെല്ലാം തലച്ചോറിൽ രൂപമെടുക്കുന്നു. അതോടോപ്പം തന്നെ, തലച്ചോറിൽ നിന്നും ലഭിക്കുന്ന ‘കൽപനകളെ’ അന്ധമായി അടിമയെപ്പോലെ പ്രാവർത്തികമാക്കുക എന്ന ജോലി മാത്രമല്ല ശരീരത്തിനുള്ളതു്. പ്രകൃതിയുമായുള്ള ഇന്ററാക്ഷൻ വഴി ശരീരം ഇൻഫർമ്മേഷൻസ്‌ ശേഖരിക്കാതിരുന്നാൽ അവയെ അസ്തിത്വത്തിനു് അനുകൂലമോ പ്രതികൂലമോ എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനും അതിനനുസരിച്ചു് പ്രതികരിക്കാനും അതോടൊപ്പം ഭാവിയിലേക്കായി ആ അനുഭവങ്ങളിൽ നിന്നു് പഠിച്ച പാഠങ്ങൾ ശേഖരിച്ചു് വയ്ക്കുവാനും തലച്ചോറിനു് കഴിയുകയില്ല. ശരീരം എന്നതു് ബുദ്ധി രൂപമെടുക്കുന്നതിനുള്ള പ്രാഥമികമായ ആവശ്യമാണു്. അതോടൊപ്പം അതു് ഇവൊല്യൂഷന്റെ ഒഴിവാക്കാനാവാത്ത നിബന്ധനയുമാണു്. അതായതു്, പ്രകൃതിയിൽ നിന്നും സ്വയം വേർപ്പെടുത്തിക്കൊണ്ടു് പ്രകൃതിയുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ വളർച്ചയോ ബുദ്ധിയോ സാദ്ധ്യമാവില്ല. ആദ്യത്തെ ഏകകോശജീവികൾക്കു് സ്വയം പൊതിയാൻ ഉതകുന്ന തനുസ്തരം ലഭിച്ചപ്പോൾ ഈ നിബന്ധനയാണു് നിറവേറ്റപ്പെട്ടതു്.

ഇന്ദ്രിയാനുഭവങ്ങളുടെ വിലയിരുത്തലുകളുടെയും ചിന്തയുടെയും ബോധത്തിന്റേയും ഇരിപ്പിടമായ തലച്ചോറിന്റെ (cerebrum) പാളികളിലെ നെർവ്വ്‌ സെല്ലുകൾ തമ്മിൽത്തമ്മിൽ ചുരുങ്ങിയപക്ഷം ആകെ ഒരു ലക്ഷം കിലോമീറ്റർ എങ്കിലും നീളം വരുന്ന നെർവ്വ്‌ ഫൈബർ വലകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നെർവ്വ്‌ ഫൈബറുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതു് ബയോകെമിക്കൽ മാർഗ്ഗത്തിലൂടെ മാത്രം മറികടക്കാൻ കഴിയുന്ന സിനാപ്സുകൾ വഴിയും. നെർവ്വ്‌ സെല്ലുകൾക്കു് ഉദ്ദീപനം സംഭവിക്കുമ്പോൾ വ്യത്യസ്ത ബയോകെമിക്കൽ പദാർത്ഥങ്ങൾ ഇവയിലെ നിശ്ചിത ബന്ധിപ്പിക്കലുകളെ ഓണോ ഓഫോ ആക്കുന്നതു് ഓർമ്മ, ബോധം, പ്രതികരണം എന്നിവക്കു് കാരണഭൂതമാവുന്നു. ഗ്രഹണം ബോധം ഭാഷ മുതലായവ തലച്ചോറിലെ ഏതേതു് ഭാഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു എന്നു് കണ്ടെത്താൻ ഇതിനോടകം ആധുനിക ന്യൂറോസയൻസിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ദ്രിയാനുഭവങ്ങൾ മനുഷ്യമനസ്സിലെ വികാരവിചാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, എങ്ങനെ തീരുമാനങ്ങളിലേക്കു് നയിക്കുന്നു എന്നതു് പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. അതേസമയം, ഇന്ദ്രിയപരമായ ഗ്രഹണത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ധിയേയും, പ്രവൃത്തികളെയും നിയന്ത്രിക്കുന്നതിലും നിർമ്മാണാത്മകമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും വികാരങ്ങളും മുൻകാല അനുഭവങ്ങളും പ്രധാന പങ്കു് വഹിക്കുന്നുണ്ടു് എന്നതു് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യവുമാണു്. ചുരുക്കത്തിൽ, നമ്മുടെ തലച്ചോറു് സങ്കീർണ്ണമായതും, ചലനാത്മകമായതും, സ്വയംസംഘടനാ-, സ്വയംഭരണ-, സ്വയംഅധ്യയനശേഷിയുള്ളതും, ചുറ്റുപാടുകളിൽ നിന്നും നിരന്തരം ലഭിക്കുന്ന അനുഭവങ്ങളെ അനുകൂലമോ പ്രതികൂലമോ എന്നു് തിരിച്ചറിഞ്ഞു് അതിനനുസരിച്ചു് പ്രതികരിക്കാൻ കഴിവുള്ളതും, അത്തരം അറിവുകളെ ഏതുസമയവും വീണ്ടും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ശേഷിയുള്ളതുമായ ഒരു വ്യവസ്ഥയാണു്. കോടാനുകോടി വർഷങ്ങൾ പിന്നിട്ട വളർച്ചയുടെ ഒരു ചരിത്രം അതിനു് പറയാനുണ്ടു്.

യുക്തമായ വിധിനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള കഴിവിനെയാണു് നമ്മൾ പൊതുവേ ബുദ്ധി എന്നു് വിശേഷിപ്പിക്കുന്നതു്. ചുറ്റുപാടുകളിൽ നിന്നും ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന സിഗ്നലുകളുടെ പശ്ചാത്തലത്തിൽ ഒരു ജീവി തനിക്കു് അനുകൂലമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. കൃത്രിമബുദ്ധിയുടെ ‘ഉടമകളായ’ റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി, ജന്തുലോകത്തിൽ ഈ സിഗ്നലുകൾ അനുഭവങ്ങളുമാണു്. നിർമ്മാണാത്മകമായ ബുദ്ധി എന്നതു് നിമിഷം കൊണ്ടു് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അതിനനുസരിച്ചു് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള കഴിവാണു്. ഒരു നിശ്ചിത ജോലി ചെയ്യുന്നതിനായി നിർമ്മിക്കപ്പെട്ട ഒരു റോബോട്ട്‌ ചെയ്യുന്നതും മറ്റൊന്നുമല്ല. പക്ഷേ, റോബോട്ടുകളിൽ പ്രോസസിംഗിനായി എത്തിച്ചേരുന്ന സിഗ്നലുകൾ അവയിൽ ഏതെങ്കിലും വിധത്തിലുള്ള വൈകാരികതകൾ ജനിപ്പിക്കുന്നില്ല. വിജയത്തിൽ സന്തോഷമോ, പരാജയത്തിൽ ദുഃഖമോ റോബോട്ടുകൾ അനുഭവിക്കുന്നില്ല. എല്ലാവിധത്തിലും മനുഷ്യനു് തുല്യമായ ഒരു റോബോട്ട്‌ നിർമ്മിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്. സ്വയംഭരണശേഷി, അതിജീവനം എന്ന ലക്ഷ്യം, നന്മയും തിന്മയും, സുഖവും ദുഃഖവും വ്യക്തിപരമായ മുൻകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ തരം തിരിക്കുന്നതിനും അതിനനുസരിച്ചു് തനിക്കു് അനുകൂലമായ ഒരു തീരുമാനത്തിൽ നിമിഷാർദ്ധം കൊണ്ടു് എത്തിച്ചേരുന്നതിനുമുള്ള കഴിവു് – അവയൊക്കെ ഒരു കമ്പ്യൂട്ടറിൽ പണിതോ എഴുതിയോ പിടിപ്പിക്കാവുന്ന കാര്യങ്ങളല്ല. ഒരു യന്ത്രത്തിനു് ആഗ്രഹവും താത്പര്യവുമില്ല, ഉണ്ടാക്കാൻ തത്കാലം ആവുകയുമില്ല. വേദന സന്തോഷം മുതലായ വികാരങ്ങൾ മനുഷ്യനിൽ നിന്നോ മറ്റേതെങ്കിലും ജീവികളിൽ നിന്നോ വേർപ്പെടുത്തിയെടുത്തു് ഒരു കമ്പ്യൂട്ടറിൽ സ്ഥാപിക്കാവുന്നവയല്ല.

എങ്കിൽത്തന്നെയും, പ്രാഥമികസംരംഭങ്ങൾ എന്ന നിലയിൽ ചിതലുകളുടെയും, ഉറുമ്പുകളുടെയും, തേനീച്ചകളുടെയുമൊക്കെ സാമൂഹികപെരുമാറ്റങ്ങളിലെ ആൾഗൊരിഥം മാതൃകയാക്കി ചെറിയ റോബോട്ടുകളുടെ കൂട്ടത്തെ പഠിപ്പിക്കാനുള്ള ശാസ്ത്രീയ പരിശ്രമങ്ങൾ നടക്കുന്നുണ്ടു്. പക്ഷേ, അത്തരം സ്വോം ഇന്റെലിജെൻസിൽ നിന്നും സോഷ്യൽ കോമ്പിറ്റെൻസിലേക്കുള്ള ദൂരം എത്രയോ മടങ്ങു് കൂടുതലാണു്. ഉദാഹരണത്തിനു്, മറ്റു് സസ്തനജീവികൾ പോലും ഫുട്ബോൾ പോയിട്ടു് ചെസ്‌ പോലും കളിക്കാറില്ല. അതായതു്, ലക്ഷക്കണക്കിനു് വർഷങ്ങളിലൂടെ പ്രകൃതി വളർത്തിയെടുത്ത മനുഷ്യന്റെ സോഷ്യൽ കോമ്പിറ്റെൻസിലേക്കു്, പദ്ധതികൾ പ്ലാൻ ചെയ്തു് നടപ്പാക്കാൻ കഴിയുന്ന അവന്റെ ബുദ്ധിയിലേക്കു്, സ്വയം വിശകലനം ചെയ്യാൻ കഴിയുന്ന അവന്റെ ആത്മബോധത്തിലേക്കു് വളർന്നു് അവനോടൊപ്പമെത്താൻ റോബോട്ടുകൾ ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. ആ ലക്ഷ്യത്തിൽ വിദൂരഭാവിയിലെങ്കിലും എത്തിച്ചേരാനും മനുഷ്യന്റെ സഹായമില്ലാതെ റോബോട്ടുകൾക്കു് കഴിയുകയുമില്ല.

 
Leave a comment

Posted by on Oct 13, 2009 in ലേഖനം

 

Tags: ,