RSS

Daily Archives: Sep 28, 2009

ആഹാരം, ഡാർവിൻ, ലാമാർക്ക്‌

“നീ കഴിക്കുന്നതെന്തോ അതാണു് നീ” എന്നൊരു ചൊല്ലുണ്ടു്. അതു് മിക്കവാറും ശരിയാണെന്നു് അംഗീകരിക്കേണ്ടിവരുന്ന വിധത്തിലാണു് താരതമ്യേന ഒരു പുതിയ ശാസ്ത്രശാഖയായ എപ്പിജെനറ്റിക്സ്‌ (Epigenetics) നടത്തിക്കൊണ്ടിരിക്കുന്ന കണ്ടെത്തലുകൾ. നമ്മുടെ ആഹാരരീതികൾ ജീനുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിലും അവയുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാനോ നിഷ്ക്രിയമാക്കുവാനോ അവ പര്യാപ്തമാണു്. അത്തരം എപ്പിജെനറ്റിക്കൽ മാറ്റങ്ങൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുകയും ചെയ്യുന്നുണ്ടു്. ആഹാരം വഴി മാത്രമല്ല, പരിസ്ഥിതിയിൽ നിന്നുള്ള മറ്റു് ഘടകങ്ങൾവഴിയും ഈവിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാം. എപ്പിജെനറ്റിക്കൽ ആയി സംഭവിച്ച മാറ്റങ്ങൾ അടുത്ത തലമുറയിലേക്കു് പകർന്നു് കൊടുക്കപ്പെടാം എന്നതു് ചാൾസ്‌ ഡാർവിൻ നിഷേധിച്ചിരുന്ന ഒരു കാര്യമായിരുന്നു എന്നതിനാൽ ഈ കണ്ടെത്തലിനും, അതുപോലെതന്നെ, ഭാഗികമായെങ്കിലും ലാമാർക്കിനും പ്രസക്തിയേറുന്നു.

അണ്ഡവും ബീജവും തമ്മിലുള്ള സംയോജനം വഴി ഒരു പുതിയ ജീവൻ രൂപമെടുക്കുന്നതിനു് പിന്നിൽ ജീനുകൾ മാത്രമാണു് പ്രവർത്തിക്കുന്നതെന്ന ധാരണയായിരുന്നു പൊതുവേ ഇതുവരെ ഉണ്ടായിരുന്നതു്. ജീനുകളിലെ മ്യൂട്ടേഷൻസ്‌ മാത്രമേ ശാശ്വതമായി പകർന്നുകൊടുക്കപ്പെടുന്നുള്ളു എന്നും, ജീനുകളെ ഓണും ഓഫും ആക്കുന്നതിനു് ആവശ്യമായ എപ്പിജെനറ്റിക്കൽ ഇൻഫർമ്മേഷൻസ്‌ സംയോജനസമയത്തു് ‘പൂജ്യമാക്കി’ മാറ്റി അകറ്റിനിർത്തപ്പെടുമെന്നുമായിരുന്നു ശാസ്ത്രപുസ്തകങ്ങൾ ഇതുവരെ പൊതുവേ നൽകിയിരുന്ന അറിവു്. പക്ഷേ, ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എപ്പിജെനറ്റിക്സ്‌ കൈവരിക്കുന്ന പുരോഗതി ഈ അഭിപ്രായത്തെ തിരുത്തി എഴുതാൻ പര്യാപ്തമായവയാണു്.

പരിസ്ഥിതിയുടെ സ്വാധീനം ജീവികളിൽ പ്രത്യക്ഷമായ പരിണാമത്തിനു് കാരണമാവുമെന്നും ആ മാറ്റങ്ങൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുമെന്നുമുള്ളതിന്റെ ഒരു തെളിവാണു് സ്വിറ്റ്‌സർലണ്ടിലെ റെനാറ്റോ പാറൊ എന്ന എപിജെനറ്റിക്സ്‌ വിദഗ്ദ്ധൻ ഒരേ തരം ജീനുകളുള്ള പഴഈച്ചകളുടെ മുട്ടകളിൽ നടത്തിയ പരീക്ഷണം. ഒരുവിഭാഗം മുട്ടകൾക്കു് 37°C ചൂടിൽ ഒരു ഹീറ്റ്‌ ഷോക്ക്‌ നൽകപ്പെട്ടു. അത്തരം ഒരു ഷോക്ക്‌ പരിസ്ഥിതിസ്വാധീനത്തിന്റെ പരിധിയിൽ വരുന്ന ലഘുവായ ഒരു അനുഭവം ആണു്. ജീനുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന റേഡിയോ ആക്റ്റിവിറ്റി പോലെ ശക്തമായ ഒരു പ്രവർത്തനം അല്ലെന്നു് സാരം. ഷോക്ക്‌ നൽകപ്പെട്ട മുട്ടകൾ വിരിഞ്ഞപ്പോൾ സാധാരണഗതിയിൽ വെളുത്തനിറമായിരിക്കേണ്ട അവയുടെ കണ്ണുകൾ ചുവന്ന നിറമുള്ളവയായി മാറിയിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ നീതീകരണത്തിനായി അത്തരം ഏറെ ഈച്ചകളെ സാധാരണ രീതിയിൽ (ഹീറ്റ്‌ ഷോക്ക്‌ നൽകാതെ) തുടർന്നു് വളരാൻ അനുവദിച്ചു. അവയുടെ മുട്ടകളിൽ നിന്നും വിരിഞ്ഞ രണ്ടാമത്തെ തലമുറയും ചുവന്ന കണ്ണുകളുള്ളവയായി വിരിഞ്ഞതു് അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ഈ വസ്തുത പൊതുവേ പിൻതള്ളപ്പെട്ടുകഴിഞ്ഞ ലാമാർക്കിസത്തെ ഭാഗികമായെങ്കിലും പുനരധിവസിപ്പിക്കുന്നതിനു് തുല്യമാണു്. ജീവിതകാലത്തു് ആർജ്ജിച്ച സവിശേഷതകൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുന്നുണ്ടു് എന്നതാണു് (soft inheritance) ഡാർവിനു് 65 വർഷം മുൻപു് ജനിച്ച ലാമാർക്കിന്റെ സിദ്ധാന്തം. എപ്പിജെനറ്റിക്ക്‌ ഇൻഫർമ്മേഷൻസ്‌ ജെനറ്റിക്‌ ഇൻഫർമ്മേഷനുകളെ അപേക്ഷിച്ചു് ലളിതമായി സ്വാധീനിക്കപ്പെടാവുന്നതാണു്. എപ്പിജെനറ്റിക്‌ സ്വാധീനം വഴി ഒരേ തലമുറയിൽ തന്നെ പരിണാമം സാദ്ധ്യമാണു് എന്നതിനർത്ഥം, ജീവികളിൽ സംഭവിക്കുന്ന പരിണാമം പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചു് അങ്ങേയറ്റം ത്വരിതപ്പെടുത്താവുന്നവയാണെന്നാണല്ലോ. ഈ വസ്തുത ഡാർവിന്റെ പരിണാമസിദ്ധാന്തവുമായി കൂട്ടി വായിക്കുമ്പോൾ തന്റെ പരിണാമസിദ്ധാന്തത്തിനു് ഡാർവിനു് അത്ര തൃപ്തികരമായി നൽകാൻ കഴിയാതിരുന്ന ഒരു വിശദീകരണം നമുക്കു് ലഭിക്കുന്നു, അഥവാ, പരിണാമത്തിന്റെ ഗതിവേഗവർദ്ധനവിനു് നൽകാൻ കഴിയുന്ന തൃപ്തികരമായ ഒരു വിശദീകരണം.

എപ്പിജെനറ്റിക്കൽ ആയി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കു് ഏറ്റവും അനുയോജ്യരായ മറ്റൊരു വിഭാഗമാണു് ബാല്യവും കൗമാരവും മാതാപിതാക്കളോടൊപ്പം കഴിഞ്ഞശേഷം വിദ്യാഭ്യാസത്തിനും മറ്റുമായി വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഏകഅണ്ഡഇരട്ടകൾ. ആഫ്രിക്കയിലേയും തെക്കേ അമേരിക്കയിലേയും യൂറോപ്പിലേയുമൊക്കെ കാലാവസ്ഥക്കും, സാമൂഹികചുറ്റുപാടുകൾക്കും അനുസൃതമായി അവിടങ്ങളിലെ ആഹാരരീതികളും മറ്റു് പരിസ്ഥിതിസ്വാധീനങ്ങളും പരസ്പരം വ്യത്യസ്തമായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ വ്യത്യസ്തസമൂഹങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഇരട്ടകളുടെ ജീവിതരീതികളും ശീലങ്ങളും രോഗങ്ങളും അവരുടെ ജീനുകളും പഠനവിധേയമാക്കപ്പെടുകയായിരുന്നു. ആഹാരരീതികളിലെ വ്യത്യാസങ്ങൾ ഏകഅണ്ഡഇരട്ടകളിൽ പോലും വ്യക്തമായ മാറ്റങ്ങൾ (ഒരേ തലമുറയിൽ തന്നെ) വരുത്താനാവും എന്നതായിരുന്നു പഠനഫലം.

അതുപോലെ, യുദ്ധം മൂലമോ മറ്റു് കാരണങ്ങളാലോ ദാരിദ്ര്യം അനുഭവിക്കേണ്ടിവന്ന മനുഷ്യരേയും അവരുടെ പിൻതലമുറകളെയും പരിശോധനാവിധേയരാക്കി. ഉദാഹരണത്തിനു്, രണ്ടാം ലോകമഹായുദ്ധകാലത്തു് 1944-ലെ വിന്ററിൽ നാറ്റ്‌സികൾ ഒരു ശിക്ഷയായി ഹോളണ്ടിലെ ആഹാരപദാർത്ഥങ്ങളുടെ സപ്ലൈ തടഞ്ഞതുവഴി അനേകം ഹോളണ്ടുകാർ ദാരിദ്ര്യം മൂലം മരണമടഞ്ഞിരുന്നു. ദാരിദ്ര്യത്തിന്റെ ഏറ്റവും തിക്തമായ ഫലം അനുഭവിക്കേണ്ടിവന്നതു് സ്വാഭാവികമായും ഗർഭിണികളും കുഞ്ഞുങ്ങളുമായിരുന്നു. ആറുമാസം നീണ്ടുനിന്ന ആ ക്ഷാമകാലത്തു് ജനിക്കുകയും അതിജീവിക്കുകയും ചെയ്തവരിലും അവരുടെ പിൻതലമുറകളിലും ദീർഗ്ഘകാലപഠനങ്ങൾ നടത്തി അവ മറ്റു് കാലഘട്ടങ്ങളിലെ സ്റ്റാറ്റിസ്റ്റിക്സുമായി താരതമ്യം ചെയ്യപ്പെട്ടു. ജനനമരണങ്ങളുടെ വിശദമായ കണക്കുകളും വിവരങ്ങളും നൂറ്റാണ്ടുകളിലൂടെ കൃത്യമായി എഴുതി സൂക്ഷിക്കുന്ന ആശുപത്രികൾ, മറ്റു് സാമൂഹികസ്ഥാപനങ്ങൾ മുതലായവ ഇത്തരം പഠനങ്ങൾക്കു് സഹായകമായി. ദാരിദ്ര്യം പോലുള്ള സാമൂഹികസാഹചര്യങ്ങൾ മൂലം വേണ്ടത്ര ഭാരമില്ലാതെ ജനിക്കേണ്ടിവരുന്ന കുഞ്ഞുങ്ങൾക്കു് ഭാവിയിൽ ഡയബെറ്റിസ്‌, ഹൃദയസംബന്ധമായ രോഗങ്ങൾ മുതലായവ ബാധിക്കുന്നതിനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന വസ്തുതയിലേക്കാണു് ഈ പഠനങ്ങൾ വിരൽ ചൂണ്ടിയതു്. അതായതു്, ശൈശവത്തിലെ പോഷകാഹാരക്കുറവു് സെല്ലുകളിൽ ഒരു ഓർമ്മയായി സൂക്ഷിക്കപ്പെടുന്നു.

എന്തൊക്കെയാണു് നമ്മുടെ ജീനുകളെ പ്രവർത്തനരഹിതമാക്കാനും വീണ്ടും പ്രവർത്തനക്ഷമമാക്കാനും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? പ്രധാനമായും നമ്മുടെ ആഹാരരീതികൾ, പുകവലി, മദ്യം ഇവയെല്ലാമാണവ. കൂടാതെ, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്‌ രശ്മികൾ, നമ്മൾ സ്പർശ്ശിക്കുന്ന പ്ലാസ്റ്റിക്‌ ഉത്പന്നങ്ങൾ, തൊഴിൽപരമോ അല്ലാത്തതോ ആയ സ്ട്രെസ്‌ മൂലം ശരീരത്തിൽ രൂപമെടുക്കുന്ന ഹോർമ്മോണുകൾ ഇവയെല്ലാം ജീനുകളിലെ ആക്റ്റിവിറ്റിയെ സ്വാധീനിക്കുന്ന കാര്യത്തിൽ അവയുടേതായ പങ്കു് വഹിക്കുന്നുണ്ടു്.

കൈകൊണ്ടു് ആഹാരം കഴിക്കുന്ന ഭാരതീയർ പാശ്ചാത്യരുടെ കാഴ്ചപ്പാടിൽ ഒരുപക്ഷേ വേണ്ടത്ര ഹൈജീൻ പാലിക്കാത്തവരാണെങ്കിലും, പൊതുവേ അവർ ആരോഗ്യവാന്മാരാണു്. മതപരമായ കാരണങ്ങളാൽ മാംസാഹാരം പാടേ ഉപേക്ഷിക്കുന്ന ജനവിഭാഗങ്ങൾ പോലും ഭാരതത്തിൽ ആയിരിക്കുന്നിടത്തോളം അനാരോഗ്യവാന്മാരല്ല. പക്ഷേ, അവരിൽത്തന്നെ പലരും ശുചിത്വത്തിനും ആഹാരപദാർത്ഥങ്ങളുടെ നൂറുശതമാനം വൃത്തിക്കും പരമപ്രാധാന്യം നൽകുന്ന പാശ്ചാത്യരാജ്യങ്ങളിൽ കുടിയേറി പാർക്കുമ്പോൾ ഹൃദയസംബന്ധമായ ബലഹീനതകൾക്കു് വിധേയരാവുന്നു! അതിന്റെ കാരണം തേടി അവരുടെ ആഹാരരീതികൾ പഠനവിധേയമാക്കിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതു് നൂറൂശതമാനം ശുദ്ധീകരിക്കപ്പെട്ടു് മാർക്കറ്റിൽ എത്തുന്ന പാശ്ചാത്യപച്ചക്കറികളിൽ നിന്നും ജന്മനാട്ടിലെ പച്ചക്കറികളിലെ മൈക്രോ ഓർഗ്ഗനിസങ്ങളിലൂടെ അവർക്കു് ലഭിച്ചുകൊണ്ടിരുന്ന വൈറ്റമിൻ B-12 ലഭിക്കുന്നില്ല എന്നതായിരുന്നു. അതായതു്, എപ്പിജെനറ്റിക്കൽ ആയി പ്രാധാന്യം അർഹിക്കുന്ന ഒരു പദാർത്ഥം അവർ ഉപയോഗിച്ചിരുന്ന പാശ്ചാത്യപച്ചക്കറികളിൽ നിന്നും അവർക്കു് ലഭിച്ചിരുന്നില്ല.

അതുപോലെതന്നെ രസകരമായ മറ്റൊരു വസ്തുതയാണു് വ്യാവസായികപുരോഗതിയിലും ജീവിതത്തിരക്കിലും തത്തുല്യമായ സമൂഹങ്ങളെ അപേക്ഷിച്ചു് ജപ്പാൻകാരുടെ ഇടയിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം പൊതുവേ കുറവാണെന്നതു്. ജപ്പാനിൽ സർവ്വവ്യാപകമായി പാനം ചെയ്യപ്പെടുന്ന ഗ്രീൻ റ്റീ ആണു് അതിന്റെ കാരണമായി മനസ്സിലാക്കപ്പെടുന്നതു്. ചൂടുവെള്ളവുമായി ചേരുമ്പോൾ സ്വതന്ത്രമാക്കപ്പെടുന്ന ഈ ചായയിലെ സ്വാഭാവികമായ ഒരു രാസപദാർത്ഥം വാർദ്ധക്യത്തിൽ സാധാരണഗതിയിൽ നിഷ്ക്രിയമാക്കപ്പെടുന്ന ഒരു പ്രത്യേക ജീനിനെ വീണ്ടും ആക്റ്റിവേറ്റ്‌ ചെയ്യാൻ പര്യാപ്തമാണെന്നു് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടു്. അങ്ങനെ, DNA Methylation മൂലം ഓഫ്‌ ചെയ്യപ്പെട്ടിരുന്ന ജീൻ ആക്റ്റീവ്‌ ആവുന്നതോടെ ശരീരത്തിന്റെ സ്വന്തവും ക്യാൻസറിനെ നേരിടാൻ കഴിവുള്ളതുമായ ഒരു പദാർത്ഥം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണു് ജപ്പാനിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഗ്രീൻ റ്റീയുടെ പ്രവർത്തനത്തിനു് പിന്നിലെ എപ്പിജെനറ്റിക്‌ രഹസ്യം.

നമ്മുടെ എല്ലാ രോഗങ്ങളുടെയും പിന്നിൽ പ്രധാനപ്പെട്ട ഒരു എപ്പിജെനറ്റിക്‌ ഘടകം ഉണ്ടാവണം. കാരണം, നമ്മുടെ ജീനോമിലെ മിക്കവാറും എല്ലാ ജീനുകളും എപ്പിജെനറ്റിക്കൽ ‘മുദ്രകളാൽ’ നിയന്ത്രിക്കപ്പെടുന്നവയാണു്. ശരീരത്തിലെ സെല്ലുകളുടെ നവീകരണത്തിനുവേണ്ടി ജീവിതകാലത്തിലുടനീളം സംഭവിക്കുന്ന സെൽവിഭജനത്തിന്റെ വേഗത ഭയാനകവും, നമ്മൾ കഴിക്കുന്ന ആഹാരം അതിന്റെ ഒരു അവിഭാജ്യഘടകവുമാണു്. ഒരേയൊരു DNA-യിൽ 320 കോടി Base pairs ആണു് ഉള്ളതു്! അതായതു്, ഇരുപതു് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സെൽ വിഭജനത്തിൽ ഒരു സെക്കന്റിൽ(!) 44000-ത്തിലേറെ Base pairs ആണു് കൃത്യമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെടേണ്ടതു്! ക്ഷാമകാലങ്ങളിൽ സെൽ വിഭജനത്തിനു് ആവശ്യമായ പല പോഷകപദാർത്ഥങ്ങളും ശരീരത്തിൽ ഉണ്ടാവാറില്ല എന്നതിനാൽ പല ജെനറ്റിക്‌ ഇൻഫർമ്മേഷൻസും നഷ്ടപ്പെട്ടുപോകാം. സെൽ വിഭജനത്തിൽ ജീനുകളിലെ മുഴുവൻ ‘സർക്ക്യൂട്ടുകളും’ തെറ്റുകൂടാതെ പകർത്തപ്പെടുന്നതിനു് നിർബന്ധമായും വേണ്ട പദാർത്ഥങ്ങളാണു് Folic acid, vitamin B-12 മുതലായവ. ഗർഭപാത്രത്തിൽ തന്നെ ഇത്തരം പദാർത്ഥങ്ങൾ ഭ്രൂണത്തിനു് ലഭ്യമല്ലെന്നുവന്നാൽ ഭാവിയിലെ രോഗങ്ങൾ അവിടെ വച്ചുതന്നെ നിശ്ചയിക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഫാഷൻ ലോകത്തിൽ മാർക്കറ്റുകളുടെ ഡിമാൻഡിനെ തൃപ്തിപ്പെടുത്താനായി മനഃപൂർവ്വം ആഹാരം ഉപേക്ഷിച്ചു് എല്ലും തൊലിയും മാത്രമായി ഉണങ്ങിവരണ്ട മോഡലുകൾ ഗർഭിണികളായാൽ അതു് കുഞ്ഞിന്റെ ആരോഗ്യത്തെ തീർച്ചയായും പ്രതികൂലമായി ബാധിക്കും. ‘മാതൃകാ’സൗന്ദര്യത്തിനുവേണ്ടിയോ, അതോ ദാരിദ്ര്യം മൂലമോ പട്ടിണി കിടന്നതെന്ന കാര്യം പ്രകൃതിക്കു് അറിയണമെന്നു് നിർബന്ധമില്ല. ഗർഭിണികൾ ആവാൻ ആഗ്രഹിക്കുന്നവർ അവരുടെ ആഹാരം ബോധപൂർവ്വം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണു് ഇതു് വിരൽ ചൂണ്ടുന്നതു്. അതുപോലെതന്നെ, ഗർഭധാരണത്തിനു് മുൻപുള്ള കാലഘട്ടത്തിൽ ഭർത്താവു് അമിതമായ മദ്യോപയോഗത്തിനു് അടിമയായിരുന്നുവെങ്കിൽ കുഞ്ഞിന്റെ പ്രസവസമയത്തെ ഭാരം കുറഞ്ഞിരിക്കുമെന്നു് പഠനങ്ങൾ തെളിയിക്കുന്നു. നമ്മൾ എന്തു് കഴിക്കുന്നു എന്നതു് ഏതു് വിധത്തിൽ നോക്കിയാലും അപ്രധാനമായ ഒരു കാര്യമല്ല.

schizophrenia, autism മുതലായ മാനസികരോഗങ്ങൾ ഉള്ളവരിൽ തലച്ചോറിൽ ഒരു വാഹകപദാർത്ഥം രൂപമെടുക്കുന്നതിനെ തടയുന്ന ഒരു എപ്പിജെനറ്റിക്‌ ബയോമാർക്കർ കണ്ടെത്താനായിട്ടുണ്ടു്. ഈ ബയോമാർക്കർ ആഹാരം വഴി രൂപമെടുക്കുന്നതാണെന്നതും മിക്കവാറും ഉറപ്പായ കാര്യമാണു്. മേഥിൽ ഗ്രൂപ്‌ (Methyl group) അടങ്ങുന്ന ആഹാരങ്ങൾ കഴിക്കുന്നതുവഴി methylisation സാദ്ധ്യമാക്കുന്ന എൻസൈമുകൾ ആക്റ്റീവ്‌ ആവുമെന്നതിനാൽ ജീനുകളിലെ സ്വിച്ചുകളുടെ ഓൺ-ഓഫ്‌ പ്രക്രിയ നിയന്ത്രിക്കാനാവും. ഈ നിയന്ത്രണസാദ്ധ്യത ചികിത്സാരംഗത്തിനു് തീർച്ചയായും ഒരു മുതൽക്കൂട്ടാവുമെന്ന കാര്യം ഉറപ്പാണു്.

അതായതു്, നമ്മുടെ ജീനുകൾ മാത്രമല്ല, അവയുടെ ‘സർക്ക്യൂട്ട്‌ പ്ലാനുകളും’ തലമുറയിൽ നിന്നും തലമുറയിലേക്കു് പകർന്നു് കൊടുക്കപ്പെടുന്നുണ്ടു്. ഒരു കുഞ്ഞിന്റെ ആദ്യമാസങ്ങളിലെ ആഹാരം ഭാവിജീവിതത്തെ മുഴുവൻ ബാധിക്കത്തക്ക വിധത്തിൽ ശരീരത്തിൽ സ്ഥിരമായി പ്രോഗ്രാം ചെയ്യപ്പെടുന്നു എന്നു് ചുരുക്കം. ആഹാരം മാത്രമല്ല, ഒരു കുഞ്ഞിന്റെ ശരീരം നേരിട്ടു് ബന്ധപ്പെടേണ്ടിവരുന്ന ഉപകരണങ്ങൾ ഏതു് പദാർത്ഥം കൊണ്ടുള്ളതാണെന്നതുവരെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണു്. ഉദാഹരണത്തിനു്, കുഞ്ഞിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാവുന്ന ഒരു പദാർത്ഥമാണു് പല നിത്യോപയോഗ പ്ലാസ്റ്റിക്‌ ഉപകരണങ്ങളിലുമെന്നപോലെതന്നെ പോളികാർബണേറ്റ്‌ മുലക്കുപ്പികളിലെയും ഒരു രാസഘടകമായ Bisphenol A. ചൂടാക്കുന്നതുവഴി ചെറിയ തോതിൽ വേർപ്പെടുന്ന ഈ രാസഘടകം കുഞ്ഞുങ്ങൾ പാലിനോടൊപ്പം ഉള്ളിലാക്കുന്നു. Bisphenol A നേരിട്ടു് ഒരു വിഷമല്ലെങ്കിലും അതിന്റെ പ്രത്യേക മോളിക്യൂൾ ഘടനയുടെ ഫലമായി അതു് എസ്റ്റ്രോജെൻ റിസപ്റ്റേഴ്സിൽ പറ്റിപ്പിടിക്കുകയും അതുവഴി ഓഫ്‌ ആയിരിക്കേണ്ട ജീനുകളിലെ സ്വിച്ചുകളെ ഓൺ ആക്കി മാറ്റുകയും ചെയ്യുന്നു. പെൺകുട്ടികളിൽ അതു്, ഉദാഹരണത്തിനു്, ബാല്യത്തിൽ തന്നെ യൗവനാരംഭത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുന്നതിനു് കാരണമാവാം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധാലുക്കളായ മാതാപിതാക്കൾ ഒന്നുകിൽ ഗ്ലാസ്‌ കുപ്പികൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ബിസ്ഫിനോൾ എ ഇല്ലാത്ത പ്ലാസ്റ്റിക്ക്‌ കുപ്പികൾ (അവ ലഭ്യമായ രാജ്യങ്ങളിൽ) ഉപയോഗിക്കുകയോ ചെയ്യുന്നതു് ഉത്തമമായിരിക്കും.

(അവലംബം: ഇന്റർനെറ്റ്‌ അടക്കം വിവിധ സോഴ്സുകൾ)

 
2 Comments

Posted by on Sep 28, 2009 in ലേഖനം

 

Tags: ,